വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സാംബിയ

സാംബിയ

സാംബിയ

ചിത്രത്തുന്നലുകളാൽ അലംകൃ​ത​മായ ഒരു ഉടയാ​ട​പോ​ലെ​യാണ്‌ ആഫ്രിക്ക. പഞ്ചസാ​ര​മണൽ നിറഞ്ഞ മെഡി​റ്റ​റേ​നി​യൻ തീരം, അതിന​പ്പു​റത്ത്‌ സ്വർണ​വർണ​മാർന്ന സഹാറാ മരുഭൂ​മി, മരതക​പ്പ​ച്ച​മേ​ലാ​പ്പ​ണിഞ്ഞ വനഭൂ​മി​കൾ, പിന്നെ ആർത്തലച്ച്‌ തീരത്തെ പുൽകുന്ന അലമാ​ലകൾ വെൺനു​ര​ക​ളാ​യി ചിതറുന്ന ഗുഡ്‌ഹോപ്പ്‌ മുനമ്പ്‌, എല്ലാം ആഫ്രി​ക്ക​യു​ടേ​താണ്‌. ലോക​ജ​ന​സം​ഖ്യ​യിൽ പത്തി​ലൊ​ന്നി​ന്റെ അഭയസ​ങ്കേ​ത​മാ​ണ​വി​ടം. നൈൽ, നൈജർ, കോം​ഗോ നദി, സാംബസി നദി എന്നിങ്ങനെ ആഫ്രി​ക്ക​യ്‌ക്ക്‌ ഊടും​പാ​വും നെയ്യുന്ന ജലവാ​ഹി​നി​കൾ ഒട്ടനവധി. സ്വർണം, ചെമ്പ്‌, വിലപി​ടി​പ്പുള്ള കല്ലുകൾ എന്നിങ്ങനെ, ആ ഉടയാ​ട​യു​ടെ ഞൊറി​കൾക്കി​ട​യിൽ ഒളിഞ്ഞി​രി​ക്കു​ന്നു നിധി​ശേ​ഖ​ര​ങ്ങ​ളു​ടെ അക്ഷയഖ​നി​കൾ.

കോം​ഗോ നദീത​ട​ത്തി​ലെ ഉഷ്‌ണ​മേ​ഖലാ മഴക്കാ​ടു​കൾ തൊട്ടു​രു​മ്മി​നിൽക്കുന്ന മധ്യ ആഫ്രിക്കൻ പീഠഭൂ​മി​യി​ലാണ്‌ സാംബിയ. നിമ്‌നോ​ന്ന​ത​ങ്ങ​ളായ സാവന്ന പുൽമേ​ടു​ക​ളാൽ അലംകൃ​ത​മാണ്‌ ഈ പീഠഭൂ​മി. ഭൂപട​ത്തിൽ പറന്നു​വ​ന്നി​രി​ക്കുന്ന, ഒരു ചിറകി​നു വലുപ്പ​ക്കൂ​ടു​ത​ലുള്ള ഒരു ഭീമൻ ചിത്ര​ശ​ല​ഭ​ത്തി​ന്റെ രൂപമാണ്‌ ഈ രാജ്യ​ത്തി​നെന്ന്‌ ചിലർ പറഞ്ഞി​ട്ടുണ്ട്‌. കോള​നി​വാ​ഴ്‌ച​യു​ടെ പിന്തു​ടർച്ച​യാ​യി കിട്ടിയ അതിർത്തി​ക​ളാണ്‌ രാജ്യ​ത്തിന്‌ ഈ സവിശേഷ രൂപം​നൽകു​ന്നത്‌, രാജ്യ​ത്തി​ന്റെ വിസ്‌തീർണം ഏഴരല​ക്ഷ​ത്തി​ല​ധി​കം ചതുരശ്ര കിലോ​മീ​റ്റ​റാണ്‌. യു.എസ്‌.എ.-യിലെ ടെക്‌സാസ്‌ സ്റ്റേറ്റി​നെ​ക്കാൾ വലുപ്പ​മുണ്ട്‌ ഇതിന്‌.

ഇന്ന്‌ സാംബിയ എന്നറി​യ​പ്പെ​ടുന്ന പ്രദേ​ശ​ത്തി​ന്റെ വടക്കു​കി​ഴ​ക്കാണ്‌ മഹാ​ഭ്രം​ശ​താ​ഴ്‌വര. പടിഞ്ഞാ​റും തെക്കും അതിരു​ച​മ​യ്‌ക്കു​ന്നത്‌ കരുത്ത​യായ സാംബസി നദിയാണ്‌. 19-ാം നൂറ്റാ​ണ്ടി​ന്റെ അന്ത്യപാ​ദം​വരെ, സ്വർണ​ത്തി​നും ആനക്കൊ​മ്പി​നും അടിമ​കൾക്കും വേണ്ടി ആഫ്രിക്ക കൊള്ള​യ​ടിച്ച വിദേ​ശി​ക​ളു​ടെ കണ്ണിൽപ്പെ​ടാ​തെ കിടക്കു​ക​യാ​യി​രു​ന്നു ഈ മണ്ണ്‌. 1855-ൽ ഒരു സ്‌കോ​ട്ടിഷ്‌ മില്ലു​തൊ​ഴി​ലാ​ളി​യു​ടെ മകനും പര്യ​വേ​ക്ഷ​ക​നു​മായ ഡേവിഡ്‌ ലിവി​ങ്‌സ്റ്റൺ, വിക്ടോ​റിയ വെള്ളച്ചാ​ട്ട​ത്തി​നും അപ്പുറ​ത്തുള്ള ഈ ഭൂവി​ഭാ​ഗ​ത്തി​ലേക്ക്‌ ഒരു ജാലകം ലോക​ത്തി​നു മുന്നിൽ തുറന്നു​വെച്ചു. അവിട​ത്തു​കാർ ഈ അതിഗം​ഭീര വെള്ളച്ചാ​ട്ടത്തെ “ഗർജി​ക്കുന്ന പുകച്ചു​രുൾ” എന്നാണു വിളി​ച്ചി​രു​ന്നത്‌. പിന്നീട്‌ ലിവി​ങ്‌സ്റ്റൺ ഇതിന്‌ ഇംഗ്ലണ്ടി​ലെ വിക്ടോ​റി​യാ രാജ്ഞി​യു​ടെ ബഹുമാ​നാർഥം വിക്ടോ​റിയ വെള്ളച്ചാ​ട്ടം എന്നു നാമക​രണം ചെയ്യു​ക​യാ​യി​രു​ന്നു.

താമസി​യാ​തെ ക്രൈ​സ്‌തവ മിഷന​റി​മാ​രു​ടെ വരവു​തു​ടങ്ങി. “ക്രിസ്‌ത്യാ​നി​ത്വം, വാണി​ജ്യം, സംസ്‌കാ​രം” എന്നിവ ഉന്നമി​പ്പി​ച്ചു​കൊണ്ട്‌ ഭൂഖണ്ഡ​ത്തി​ന്റെ ഹൃദയ​ഭാ​ഗത്തെ പുരോ​ഗ​തി​യു​ടെ വെളി​ച്ച​ത്തി​ലേക്കു നയിക്കാ​നുള്ള അതിയായ വാഞ്‌ഛ​യോ​ടെ​യാണ്‌ അവർ എത്തിയത്‌. പക്ഷേ അവരുടെ പ്രവർത്ത​ന​രീ​തി​കൾ പലപ്പോ​ഴും അവരുടെ ശുശ്രൂ​ഷ​യ്‌ക്ക്‌ ആക്ഷേപ​മാ​യി​രു​ന്നു. എന്നാൽ അധികം താമസി​യാ​തെ​തന്നെ ദൈവ​ത്തി​ന്റെ സഹായ​ത്താൽ അവന്റെ ശുശ്രൂ​ഷ​ക​രെന്നു സ്വയം തെളി​യി​ച്ചു​കൊണ്ട്‌ മറ്റുചി​ലർ അവി​ടെ​യെത്തി.—2 കൊരി. 6:3-10.

ആദ്യനാ​ളു​കൾ

1890 ആയപ്പോ​ഴേക്ക്‌ ഇന്ന്‌ സാംബിയ എന്നറി​യ​പ്പെ​ടുന്ന പ്രദേ​ശത്തെ മണ്ണിൽ അഞ്ച്‌ മിഷനറി സൊ​സൈ​റ്റി​കൾ സ്ഥാപി​ത​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. പുതിയ നൂറ്റാണ്ട്‌ പിറന്ന​പ്പോ​ഴേ​ക്കും, കോള​നി​ശ​ക്തി​ക​ളു​ടെ മുന്നേ​റ്റ​വും വാണിജ്യ സംരം​ഭ​ങ്ങ​ളു​ടെ തള്ളിക്ക​യ​റ്റ​വും കൊണ്ട്‌ പരി​ഭ്രാ​ന്ത​രായ ആഫ്രിക്കൻ ജനതയു​ടെ ഒരു വലിയ പങ്കും ജീവി​ത​ത്തിൽ മാർഗ​നിർദേ​ശ​ങ്ങൾക്കാ​യി പരതു​ക​യാ​യി​രു​ന്നു. അസാധാ​ര​ണ​വും വിചി​ത്ര​വും ആയ മതപ്ര​സ്ഥാ​നങ്ങൾ ഭൂഖണ്ഡ​ത്തിൽ പലയി​ട​ങ്ങ​ളി​ലും പൊട്ടി​മു​ളച്ചു. എന്നിരു​ന്നാ​ലും, യഥാർഥ ആത്മീയ സഹായം അപ്പോ​ഴേ​ക്കും ലഭ്യമാ​യി​ത്തു​ടങ്ങി. 1911 ആയപ്പോൾത്തന്നെ വേദാ​ധ്യ​യന പത്രിക സാംബി​യ​യി​ലെ പരമാർഥ ഹൃദയ​രു​ടെ കൈക​ളിൽ എത്തിക്ക​ഴി​ഞ്ഞി​രു​ന്നു. ഈ പുസ്‌ത​ക​ങ്ങ​ളിൽ അടങ്ങിയ ബൈബിൾ സത്യങ്ങൾ അതി​വേഗം വടക്കോ​ട്ടു വ്യാപി​ച്ചു, എല്ലായ്‌പോ​ഴും അത്‌ ദൈവത്തെ സേവി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ച്ച​വ​രു​ടെ കൈക​ളി​ലൂ​ടെ അല്ലായി​രു​ന്നെ​ങ്കിൽപ്പോ​ലും.

1910-ൽ, അന്ന്‌ രാജ്യ​പ്ര​സം​ഗ​വേ​ല​യു​ടെ മേൽനോ​ട്ടം​വ​ഹി​ച്ചി​രുന്ന ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌ഗോ​യിൽനി​ന്നുള്ള വില്യം ഡബ്ലിയു. ജോൺസ്റ്റണെ ന്യാസാ​ലാൻഡി​ലെ (ഇപ്പോൾ മലാവി) സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ അയച്ചു. ആശ്രയ​യോ​ഗ്യ​നും കാര്യ​ഗൗ​ര​വ​മു​ള്ള​വ​നും ആയിരു​ന്നു അദ്ദേഹം. ദുഃഖ​ക​ര​മെന്നു പറയട്ടെ സഹോ​ദ​രനു മുമ്പേ അവി​ടേ​ക്കു​പോയ ഏതാനും പേർ—തദ്ദേശീ​യ​രും വിദേ​ശി​ക​ളും—സ്വാർഥ താത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി തിരു​വെ​ഴു​ത്തു സത്യങ്ങൾ വളച്ചൊ​ടി​ച്ചു. തുടർന്നു​വന്ന വർഷങ്ങ​ളിൽ സ്വപ്ര​ഖ്യാ​പിത മതപ്ര​സം​ഗ​ക​രും പാസ്റ്റർമാ​രും ഉത്തര റൊ​ഡേ​ഷ്യ​യി​ലെത്തി (ഇന്നത്തെ സാംബിയ), മതത്തി​ന്റെ​യും വിമോ​ചന വാഗ്‌ദാ​ന​ങ്ങ​ളു​ടെ​യും മ്ലേച്ഛമായ ജീവി​ത​രീ​തി​ക​ളു​ടെ​യും ഒരു മിശ്രണം അവതരി​പ്പി​ച്ചു, അത്‌ അവിട​ത്തു​കാ​രെ ആവേശം​കൊ​ള്ളി​ച്ചു. ന്യാസാ​ലാൻഡിൽ എത്തി​ച്ചേർന്ന ജോൺസ്റ്റൺ സഹോ​ദരൻ അവി​ടെ​യു​ള്ള​വരെ സഹായി​ച്ചു, “ദൈവ​വ​ച​നത്തെ അടുത്ത​റി​യാൻ അദമ്യ​മാ​യി ആഗ്രഹി​ച്ചവർ” എന്നാണ്‌ സഹോ​ദരൻ അവരെ വിശേ​ഷി​പ്പി​ച്ചത്‌. എന്നാൽ ന്യാസാ​ലാൻഡി​നു പടിഞ്ഞാ​റുള്ള പ്രദേ​ശ​ങ്ങൾക്ക്‌ (ഉത്തര റൊ​ഡേ​ഷ്യ​യ്‌ക്ക്‌) നേരിട്ട്‌ ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല. ഉത്തര റൊ​ഡേ​ഷ്യ​യിൽ തപാൽവ​ഴി​യും കുടി​യേറ്റ തൊഴി​ലാ​ളി​കൾവ​ഴി​യും ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എത്തി​ച്ചേർന്നു. പക്ഷേ ആ വർഷങ്ങ​ളി​ലെ രാജ്യ​പ്ര​സം​ഗ​വേല അധിക​പ​ങ്കും മേൽനോ​ട്ട​മി​ല്ലാ​തെ​യാ​ണു നടത്ത​പ്പെ​ട്ടത്‌.

അനിശ്ചി​ത​ത്വ​ത്തി​ന്റെ ഒരു കാലഘട്ടം

1920-കളുടെ പ്രാരം​ഭം അനിശ്ചി​ത​ത്വ​ത്തി​ന്റെ ഒരു കാലയ​ള​വാ​യി​രു​ന്നു. അവി​ടെ​ത്തന്നെ പൊട്ടി​മു​ളച്ച “വാച്ച്‌ടവർ പ്രസ്ഥാ​നങ്ങൾ” ദൈവ​ദാ​സ​ന്മാ​രു​ടെ യഥാർഥ ക്രിസ്‌തീയ ശുശ്രൂ​ഷ​യ്‌ക്ക്‌ അപകീർത്തി​വ​രു​ത്തുന്ന ഒട്ടേറെ കാര്യങ്ങൾ ചെയ്‌തു​കൂ​ട്ടി. ബൈബിൾ സത്യ​ത്തെ​ക്കു​റിച്ച്‌ ഒട്ടും​തന്നെ ഗ്രാഹ്യ​മി​ല്ലാ​തി​രു​ന്ന​വ​രും എന്നാൽ ബൈബിൾ വിദ്യാർഥി​ക​ളു​മാ​യി (യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അങ്ങനെ​യാണ്‌) സഹവസി​ക്കു​ന്നു​വെന്ന്‌ വ്യാജ​മാ​യി അവകാ​ശ​പ്പെ​ട്ടി​രു​ന്ന​വ​രും ആയ ചിലർക്കി​ട​യിൽ ഭാര്യ​മാ​രെ വെച്ചു​മാ​റു​ന്ന​തും മറ്റു ദുഷ്‌പ്ര​വ​ണ​ത​ക​ളും റിപ്പോർട്ടു ചെയ്യ​പ്പെട്ടു. എന്നിരു​ന്നാ​ലും ബൈബിൾ തത്ത്വങ്ങ​ളോട്‌ ആത്മാർഥ​മാ​യി പറ്റിനിൽക്കു​ക​യും തീക്ഷ്‌ണ​മാ​യി പ്രസം​ഗി​ക്കു​ക​യും ചെയ്‌ത നിരവധി കൂട്ടങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു, അവരുടെ നടത്ത അവർ സത്യത്തി​നു ചേർച്ച​യിൽ ജീവി​ക്കു​ന്ന​വ​രാ​ണെന്നു തെളി​യി​ച്ചു.

ദൈവത്തെ സേവി​ക്കാൻ ആത്മാർഥ​മാ​യി ആഗ്രഹി​ക്കു​ന്ന​വരെ തിരി​ച്ച​റി​യുക ഒരു വെല്ലു​വി​ളി​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, 1924-ൽ ബ്രിട്ട​നിൽനിന്ന്‌ തോമസ്‌ വാൽഡ​റും ജോർജ്‌ ഫിലി​പ്‌സും ബൈബിൾ വിദ്യാർഥി​ക​ളു​ടെ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ കേപ്‌ ടൗൺ ഓഫീ​സിൽ എത്തി. വാച്ച്‌ടവർ എന്ന പേരു​മാ​യി ബന്ധമുള്ള ആരൊ​ക്കെ​യു​ണ്ടെന്നു കണ്ടുപി​ടി​ക്കാൻ 30-കളുടെ തുടക്ക​ത്തി​ലാ​യി​രുന്ന വാൽഡർ സഹോ​ദരൻ ഉത്തര-ദക്ഷിണ റൊ​ഡേ​ഷ്യ​ക​ളി​ലൂ​ടെ ചുറ്റി സഞ്ചരിച്ചു. ഇവിട​ങ്ങ​ളിൽ വളർന്നു​വ​രുന്ന കൂട്ടങ്ങളെ സന്ദർശി​ക്കാൻ പിറ്റേ​വർഷം യൂറോ​പ്പിൽനി​ന്നുള്ള വില്യം ഡോസ​ണി​നെ നിയമി​ച്ചു. സ്വയം അവരോ​ധി​ത​രായ ചില പാസ്റ്റർമാർ ആളുകളെ കൂട്ട​ത്തോ​ടെ സ്‌നാ​പ​ന​പ്പെ​ടു​ത്തു​ന്ന​താ​യി ഡോസൺ സഹോ​ദരൻ കണ്ടെത്തി, ഈ ആളുക​ളിൽ മിക്കവ​രും ബൈബിൾ സത്യ​ത്തെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യ​മി​ല്ലാ​ത്ത​വ​രും അതിനെ വിലമ​തി​ക്കാ​ത്ത​വ​രും ആയിരു​ന്നു. ലെവെ​ലിൻ ഫിലി​പ്‌സ്‌ (ജോർജ്‌ ഫിലി​പ്‌സു​മാ​യി ബന്ധമില്ല) പിന്നീട്‌ ഇങ്ങനെ എഴുതി: “ആളുക​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും ‘വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരി​ച്ച​റി​ഞ്ഞു​കൂ​ടാത്ത’ നിനെ​വേ​ക്കാ​രെ​പ്പോ​ലെ ആയിരു​ന്നെന്ന്‌ നല്ലവണ്ണം വ്യക്തമാ​യി.” (യോനാ 4:11) അനേക​രും ആത്മാർഥ​ത​യു​ള്ള​വ​രാ​യി​രു​ന്നു, പക്ഷേ തദ്ദേശ​ഭാ​ഷ​ക​ളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒന്നും​തന്നെ ലഭ്യമ​ല്ലാ​യി​രു​ന്ന​തി​നാൽ ആളുകൾക്ക്‌ സത്യം ഗ്രഹി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. വേലയു​ടെ​മേൽ സ്ഥിരമാ​യി മേൽനോ​ട്ടം ഉണ്ടായി​രി​ക്കാ​നുള്ള ഗവൺമെ​ന്റി​ന്റെ അനുമ​തി​ക്കു​വേണ്ടി അധികാ​രി​ക​ളോ​ടു നടത്തിയ അഭ്യർഥ​ന​ക​ളൊ​ന്നും വിജയി​ക്കാ​തെ​പോ​യ​പ്പോൾ പരസ്യ​മായ പ്രസം​ഗ​പ്ര​വർത്ത​ന​വും സ്‌നാ​പ​ന​വും വെട്ടി​ച്ചു​രു​ക്കാൻ കേപ്‌ ടൗൺ ഓഫീസ്‌ ഒരു തീരു​മാ​ന​മെ​ടു​ത്തു. ബൈബിൾ പഠന​ത്തെ​യും ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​ന്ന​തി​നെ​യും നിരു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും, ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു സ്ഥിരം പ്രതി​നി​ധി​യെ നിയമി​ക്കു​ന്ന​തു​വരെ മേൽപ്പറഞ്ഞ താത്‌കാ​ലിക തീരു​മാ​ന​ത്തോ​ടു സഹകരി​ക്കാൻ ആഹ്വാനം ചെയ്‌തു​കൊണ്ട്‌ വാൽഡർ സഹോ​ദരൻ താത്‌പ​ര്യ​ക്കാ​രു​ടെ കൂട്ടങ്ങൾക്ക്‌ കത്തെഴു​തി.

റെയിൽപ്പാ​ത​യ്‌ക്ക്‌ അരികി​ലൂ​ടെ

ഉപകര​ണങ്ങൾ ഉണ്ടാക്കാ​നും അലങ്കാ​രാ​വ​ശ്യ​ങ്ങൾക്കും വേണ്ടി തദ്ദേശ​വാ​സി​കൾ ഭൂമി​യു​ടെ ഉപരി​ത​ല​ത്തിൽനി​ന്നു കിട്ടുന്ന ചെമ്പ്‌ നൂറ്റാ​ണ്ടു​ക​ളോ​ളം ഉപയോ​ഗി​ച്ചി​രു​ന്നു. എന്നാൽ 1920-കളുടെ മധ്യ​ത്തോ​ടെ, ബ്രിട്ടീഷ്‌ സൗത്ത്‌ ആഫ്രിക്ക കമ്പനി ഈ ലോഹ​ത്തി​ന്റെ വിശാ​ല​മായ ഭൂഗർഭ ശേഖരങ്ങൾ ചൂഷണം ചെയ്യാൻ തുടങ്ങി, ആ പ്രദേ​ശ​ത്തി​ന്മേ​ലുള്ള ആധിപ​ത്യ​വും ഖനനാ​വ​കാ​ശ​ങ്ങ​ളു​ടെ മേലുള്ള നിയ​ന്ത്ര​ണ​വും കമ്പനി​ക്കാ​യി​രു​ന്നു. ഇതിന്‌ ജോലി​ക്കാ​രെ ആവശ്യ​മാ​യി​വന്നു, ആയിര​ക്ക​ണ​ക്കി​നു തൊഴി​ലാ​ളി​കൾ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽനി​ന്നു വന്ന്‌—കേപ്‌ ടൗൺ മുതൽ കെയ്‌റോ​വരെ നീട്ടു​ക​യെന്ന ഉദ്ദേശ്യ​ത്തിൽ സ്ഥാപിച്ച—ഒരു റെയിൽവേ ലൈനി​ന്റെ ഓരങ്ങ​ളിൽ പുതു​താ​യി രൂപം​കൊ​ണ്ടു​കൊ​ണ്ടി​രുന്ന പട്ടണങ്ങ​ളി​ലും നഗരങ്ങ​ളി​ലും താമസ​മു​റ​പ്പി​ച്ചു.

ജെയിംസ്‌ ലുക്ക മ്‌വാ​ങ്‌ഗോ ഇപ്രകാ​രം അനുസ്‌മ​രി​ച്ചു: “അന്ന്‌ കമ്പനികൾ എന്നറി​യ​പ്പെ​ട്ടി​രുന്ന സഭകൾ ഇന്നത്തെ നമ്മുടെ സംഘട​ന​യു​ടേ​തിൽനി​ന്നു തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. 1930-നു മുമ്പ്‌, ബൈബിൾ പഠിക്കു​ന്ന​തി​നു​വേണ്ടി ചെറിയ കൂട്ടങ്ങൾ മാത്രമേ കൂടി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു​ള്ളൂ. താത്‌പ​ര്യ​ക്കാ​രിൽ ചിലർ കേപ്‌ ടൗണിലെ ഓഫീ​സു​മാ​യി ബന്ധപ്പെട്ടു, മറ്റുചി​ലർ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ നേരിട്ടു ബ്രുക്ലിന്‌ എഴുതി. സാഹി​ത്യ​ങ്ങൾ ഇംഗ്ലീ​ഷിൽ ആയിരു​ന്ന​തി​നാൽ സത്യം ശരിയാ​യി മനസ്സി​ലാ​ക്കു​ന്നത്‌ അനേകർക്കും ബുദ്ധി​മു​ട്ടാ​യി​രു​ന്നു.” കൂട്ടങ്ങൾ പൊതു​വേ ചെറു​താ​യി​രു​ന്നെ​ങ്കി​ലും അവർ പുരോ​ഗതി വരുത്തി​ക്കൊ​ണ്ടി​രു​ന്നു. അവരുടെ ശുഷ്‌കാ​ന്തി​യും നിശ്ചയ​ദാർഢ്യ​വും സംഘടി​ത​മായ പ്രസം​ഗ​വേ​ല​യി​ലേക്കു തിരി​ച്ചു​വി​ട്ടു​കൊ​ണ്ടി​രു​ന്നു. എന്നാൽ ഇതൊ​ന്നും ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​വർഗ​ത്തി​ന്റെ കണ്ണിൽപ്പെ​ടാ​തെ പോയില്ല.

ഒരു അടിച്ച​മർത്തൽ നടപടി

1935 മേയ്‌മാ​സ​ത്തോ​ടെ, നല്ല സ്വാധീ​ന​മു​ണ്ടാ​യി​രുന്ന മതവി​ഭാ​ഗങ്ങൾ ഉത്തര റൊ​ഡേ​ഷ്യ​യു​ടെ നിയമ​വ്യ​വ​സ്ഥ​യിൽ ഒരു ഭേദഗ​തി​ക്കാ​യി മുറവി​ളി​കൂ​ട്ടി. അതിന്റെ ഫലമായി, രാജ്യ​ദ്രോ​ഹ​പ​ര​മെന്നു മുദ്ര​കു​ത്ത​പ്പെട്ട സാഹി​ത്യ​ങ്ങ​ളു​ടെ ഇറക്കു​മ​തി​യും വിതര​ണ​വും ഗുരു​ത​ര​മായ കുറ്റകൃ​ത്യം ആയിത്തീർന്നു. എന്നാൽ ഈ സാഹി​ത്യ​ങ്ങൾ രാജ്യ​ദ്രോ​ഹ​പ​ര​മാ​ണെ​ന്നോ വിധ്വം​സ​ക​മാ​ണെ​ന്നോ പറഞ്ഞവർ രാഷ്‌ട്രീയ-മത പ്രേരി​ത​മായ സ്വന്തം ചിന്താ​ഗ​തി​ക​ളാ​ലാണ്‌ അങ്ങനെ ചെയ്‌തത്‌ എന്നതിൽ തർക്കമില്ല. പിന്നീ​ടുള്ള സംഭവങ്ങൾ കാര്യ​ങ്ങ​ളു​ടെ ഉള്ളുകള്ളി വെളി​ച്ച​ത്തു​കൊ​ണ്ടു​വന്നു. അതേ, യഹോ​വ​യു​ടെ സാക്ഷി​കളെ നിരോ​ധി​ക്കാ​നാ​യി ഒരു മുടന്തൻന്യാ​യം തേടു​ക​യാ​യി​രു​ന്നു അവർ.

ഒരു പുതിയ നികു​തി​യെ​ക്കു​റി​ച്ചുള്ള അറിയിപ്പ്‌ ഖനി​ത്തൊ​ഴി​ലാ​ളി സമൂഹ​ത്തിൽ ലഹളയ്‌ക്കു കളമൊ​രു​ക്കി. സാക്ഷി​കളെ ഗവൺമെന്റു വിരു​ദ്ധ​രാ​യി മുദ്ര​കു​ത്താൻ പറ്റിയ ഒരു അവസര​മാ​യി എതിരാ​ളി​കൾ ഇതിനെ കണ്ടു. ആ മാസം ആരംഭ​ത്തിൽ ലുസാ​ക്കാ​യിൽവെച്ച്‌ സാക്ഷി​ക​ളു​ടെ ഒരു സമ്മേളനം നടന്നി​രു​ന്നു. ആ ചെറിയ സമ്മേള​ന​ത്തിന്‌ ഏതൊ​ക്കെ​യോ വിധത്തിൽ 300 കിലോ​മീ​റ്റ​റി​ലേറെ വടക്കു​മാ​റി​യുള്ള പ്രദേ​ശത്തെ ലഹളയു​മാ​യി ബന്ധമു​ണ്ടെന്ന്‌ എതിരാ​ളി​കൾ സമർഥി​ച്ച​താ​യി തോന്നു​ന്നു. അന്ന്‌ ഒരു യുവാ​വാ​യി​രുന്ന തോംസൺ കാങ്‌ഗാല ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “പ്രശ്‌നങ്ങൾ ഉരുണ്ടു​കൂ​ടു​ന്ന​താ​യി ഞങ്ങൾ മനസ്സി​ലാ​ക്കി. പുറത്തു​പോ​യി പ്രസം​ഗി​ക്കു​ന്ന​തി​നു പകരം വീടി​നു​ള്ളിൽ അടച്ചി​രുന്ന്‌ രാജ്യ​ഗീ​തങ്ങൾ പാടി​പ്പ​ഠി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. സമരങ്ങ​ളി​ലോ അക്രമ​ങ്ങ​ളി​ലോ ഉൾപ്പെ​ടാൻ പാടി​ല്ലെന്ന്‌ ഞങ്ങൾക്ക​റി​യാ​മാ​യി​രു​ന്നു.” പക്ഷേ, സഹോ​ദ​രങ്ങൾ അറസ്റ്റി​ലാ​യി. പല പട്ടണങ്ങ​ളി​ലും അവരെ സ്വന്തം വീടു​ക​ളിൽനി​ന്നു തുരത്തി, അവരുടെ ബൈബിൾ സാഹി​ത്യ​ങ്ങൾ കണ്ടു​കെ​ട്ടു​ക​യോ നശിപ്പി​ക്കു​ക​യോ ചെയ്‌തു. നമ്മുടെ 20 പ്രസി​ദ്ധീ​ക​ര​ണങ്ങൾ നിരോ​ധി​ച്ചു​കൊണ്ട്‌ ഗവർണർ ഒരു പ്രഖ്യാ​പനം പുറ​പ്പെ​ടു​വി​ച്ചു.

കുഴപ്പ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ ഒരു അന്വേഷണ കമ്മീഷൻ നിയോ​ഗി​ക്ക​പ്പെട്ടു. പ്രശ്‌നങ്ങൾ പ്രധാ​ന​മാ​യും ബാധിച്ച പ്രദേ​ശത്തെ ജില്ലാ കമ്മീഷണർ ഇപ്രകാ​രം പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷി​ക​ളും ഒരു സംഘട​ന​യെന്ന നിലയിൽ വാച്ച്‌ട​വ​റും സമരത്തിൽ ഒരുത​ര​ത്തി​ലും ഉൾപ്പെ​ട്ടി​ട്ടില്ല.” യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരാൾക്കു​പോ​ലും ഒരു ലഹളയി​ലും പങ്കില്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും കോപ്പർബെൽറ്റി​ലെ ക്രിസ്‌ത്യാ​നി​കൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “അന്വേഷണ കമ്മീഷൻ . . . തീരെ ദുർബ​ല​മായ തെളി​വു​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ നിരവധി ഗുരു​ത​ര​മായ ആരോ​പ​ണങ്ങൾ അംഗീ​ക​രി​ച്ചു. അതിന്റെ റിപ്പോർട്ടി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാഹി​ത്യ​ങ്ങൾ നിരോ​ധി​ക്ക​പ്പെട്ടു. ഏതാനും ചില ജില്ലക​ളിൽ തീവ്ര​മായ അടിച്ച​മർത്തൽ നടപടി​യു​മാ​യി രംഗത്തി​റ​ങ്ങിയ [ഗോത്ര] മുഖ്യ​ന്മാർ വാച്ച്‌ട​വ​റി​ന്റെ യോഗ​സ്ഥ​ലങ്ങൾ കത്തിച്ചു.”

അതിനി​ടെ കേപ്‌ ടൗൺ ഓഫീസ്‌, കോള​നി​ക​ളു​ടെ മേൽനോ​ട്ട​മുള്ള ബ്രിട്ടീഷ്‌ ഗവൺമെ​ന്റി​ന്റെ സ്റ്റേറ്റ്‌ സെക്ര​ട്ട​റിക്ക്‌ തുട​രെ​ത്തു​ടരെ അഭ്യർഥ​ന​ക​ള​യച്ചു. “തങ്ങളുടെ ദൈവ​മായ യഹോ​വയെ ആരാധി​ക്കാ​നുള്ള ദൈവ​ദ​ത്ത​മായ അവകാശം തടസ്സങ്ങ​ളി​ല്ലാ​തെ സ്വന്തം മനസ്സാ​ക്ഷി​ക്കു ചേർച്ച​യിൽ ഉപയോ​ഗി​ക്കാൻ” സാക്ഷി​കളെ “അനുവ​ദി​ക്കണം” എന്നതാ​യി​രു​ന്നു അഭ്യർഥന. ഒരു സ്ഥിരം ഓഫീ​സും അവി​ടെ​യൊ​രു പ്രതി​നി​ധി​യും ഉണ്ടായി​രി​ക്കാൻ അനുവ​ദി​ക്ക​ണ​മെ​ന്നും അഭ്യർഥി​ക്കു​ക​യു​ണ്ടാ​യി. ഈ ശ്രമങ്ങളെ യഹോവ അനു​ഗ്ര​ഹി​ച്ചു. ലുസാ​ക്കാ​യിൽ ഒരു ഡിപ്പോ സ്ഥാപി​ക്കു​ന്ന​തി​നും ലെവെ​ലിൻ ഫിലി​പ്‌സി​നെ പ്രതി​നി​ധി​യാ​യി നിയമി​ക്കു​ന്ന​തി​നും ഉള്ള അനുമതി 1936 മാർച്ചിൽ സ്റ്റേറ്റ്‌ സെക്ര​ട്ട​റി​യിൽനി​ന്നു ലഭിച്ചു.

നാലു നിബന്ധ​ന​കൾ

ലുസാ​ക്കാ​യിൽ ഡിപ്പോ സ്ഥാപി​ച്ചത്‌ ഒരു നാഴി​ക​ക്ക​ല്ലാ​യി​രു​ന്നു. പക്ഷേ, സഭകളു​ടെ മേൽനോ​ട്ടം കൂടുതൽ സംഘടി​ത​മാ​യി നടക്കു​ന്നു​ണ്ടെ​ന്നു​ള്ള​തിന്‌ ഉപോ​ദ്‌ബ​ല​ക​മായ തെളി​വു​കൾ ഹാജരാ​ക്കാൻ കഴിയു​ന്ന​തു​വരെ, യഹോ​വ​യു​ടെ സാക്ഷി​കളെ ഒരു മത സംഘട​ന​യാ​യി നിയമ​പ​ര​മാ​യി തിരി​ച്ച​റി​യി​ക്കു​ന്ന​തി​നുള്ള നിയമാം​ഗീ​കാ​രം ഗവർണർ പിടി​ച്ചു​വെച്ചു. തുടർന്നു​വന്ന വർഷങ്ങ​ളിൽ, ആത്മാർഥ ഹൃദയ​രാ​യ​വരെ സഹായി​ക്കാ​നും ബലപ്പെ​ടു​ത്താ​നും തിരു​വെ​ഴു​ത്തു​വി​രുദ്ധ നടപടി​കൾ ഉന്നമി​പ്പി​ക്കു​ന്ന​വരെ ബഹിഷ്‌ക​രി​ക്കാ​നും വേണ്ടി ഫിലി​പ്‌സ്‌ സഹോ​ദരൻ മറ്റു വിശ്വസ്‌ത സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം കഠിനാ​ധ്വാ​നം ചെയ്‌തു. പഠിപ്പി​ക്കൽ സംബന്ധി​ച്ചും ധാർമി​ക​വും സംഘട​നാ​പ​ര​വു​മായ കാര്യ​ങ്ങ​ളി​ലും പയനി​യർമാർക്കു പരിശീ​ലനം നൽകി, അവർ ചെന്ന്‌ കൂട്ടങ്ങ​ളെ​യും സഭക​ളെ​യും സഹായി​ച്ചു.

ഈ കാലഘ​ട്ട​ത്തെ​ക്കു​റിച്ച്‌ ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “സാംബി​യ​യി​ലെ പ്രസാ​ധ​കരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറ്റവും നല്ല വർഷം 1940 ആയിരു​ന്നു. 1925 മുതൽ നിറു​ത്തി​വെ​ച്ചി​രുന്ന സ്‌നാ​പ​ന​ക്ര​മീ​ക​രണം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടത്‌ ആ വർഷമാണ്‌.”

ജെയിംസ്‌ മവാങ്‌ഗോ സഹോ​ദരൻ പറയുന്നു: “ബൈബിൾ വിദ്യാർഥി​യെ സ്‌നാ​പ​ന​പ്പെ​ടാൻ അനുവ​ദി​ക്കു​ന്ന​തി​നു മുമ്പ്‌, നാലു നിബന്ധ​നകൾ എന്നു ഞങ്ങൾ വിളിച്ച സംഗതി​ക​ളെ​ക്കു​റിച്ച്‌ ആ വ്യക്തി പഠി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. തുടർന്ന്‌ സ്‌നാ​പ​ന​പ്പെ​ടു​ത്തു​ന്ന​യാ​ളോ കമ്പനി ദാസൻ നിയമിച്ച മറ്റൊരു സഹോ​ദ​ര​നോ ആ നിബന്ധ​ന​ക​ളു​ടെ അർഥം അദ്ദേഹ​ത്തോ​ടു ചോദി​ക്കും. സത്യം കേൾക്കുക എന്നതാ​യി​രു​ന്നു ആദ്യ​ത്തേത്‌; രണ്ടാമ​ത്തേത്‌ പശ്ചാത്താ​പം; മൂന്നാ​മ​ത്തേത്‌ ദൈവ​വ​ച​ന​ത്തി​ന്റെ പഠനം; നാലാ​മ​ത്തേത്‌ സമർപ്പണം. ഈ നാലു​കാ​ര്യ​ങ്ങ​ളും വിദ്യാർഥി ശരിയാ​യി മനസ്സി​ലാ​ക്കി​യാൽ അയാൾക്കു സ്‌നാ​പ​ന​മേൽക്കാം. സ്‌നാ​പ​ന​പ്പെ​ടു​ന്ന​വർക്ക്‌ തങ്ങൾ ചെയ്യു​ന്ന​തെ​ന്താ​ണെന്നു ബോധ്യ​മു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താ​നാ​യി​രു​ന്നു ഈ നടപടി​ക്രമം.”

സാഹി​ത്യ​നി​രോ​ധനം

വിശേ​ഷിച്ച്‌ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌ ഗവൺമെന്റ്‌ ഉദ്യോ​ഗസ്ഥർ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാ​ടി​നെ ഗവൺമെ​ന്റി​ന്റെ റിക്രൂ​ട്ട്‌മെന്റ്‌ നയത്തോ​ടുള്ള എതിർപ്പാ​യി കരുതി. 1940 ഡിസം​ബ​റിൽ നേരത്തേ നിരോ​ധ​ന​ത്തി​ലാ​യി​രുന്ന പുസ്‌ത​ക​ങ്ങ​ളു​ടെ കൂടെ സാക്ഷി​ക​ളു​ടെ മുഴു​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ചേർത്തു. നമ്മുടെ സാഹി​ത്യ​ങ്ങ​ളു​ടെ ഇറക്കു​മ​തി​യും നിരോ​ധി​ച്ചു. വാച്ച്‌ടവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൈവ​ശം​വെ​ച്ചി​രി​ക്കു​ന്നവർ അത്‌ അധികാ​രി​കളെ ഏൽപ്പി​ച്ചി​ല്ലെ​ങ്കിൽ കുറ്റവി​ചാ​ര​ണ​യും ചില​പ്പോൾ ജയിൽശി​ക്ഷ​യും നേരി​ടേ​ണ്ടി​വ​രും എന്ന്‌ 1941-ലെ വസന്തത്തിൽ ഗവൺമെന്റ്‌ ഒരു പ്രഖ്യാ​പ​ന​മി​റക്കി.

ഒരു സഞ്ചാര മേൽവി​ചാ​ര​ക​നും പിന്നീട്‌ ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​യും ആയിത്തീർന്ന സോളമൻ ലിയം​ബെലാ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “വഞ്ചിക​ളിൽ സാഹി​ത്യം നിറച്ച്‌ ഞങ്ങൾ സാംബസി നദിയിൽ ഒളിപ്പി​ച്ചു. പുസ്‌ത​കങ്ങൾ ഞങ്ങൾ കിടക്ക​കൾക്ക്‌ അടിയിൽ അവയോ​ടു ചേർത്തു​വെച്ച്‌ കെട്ടി, ചോള​വും തിനയും സൂക്ഷി​ച്ചു​വെ​ച്ചി​രു​ന്നി​ട​ത്തും ഞങ്ങൾ അവ ഒളിപ്പി​ച്ചു.”

മറ്റൊരു സഹോ​ദ​രന്റെ വാക്കുകൾ: “ഞങ്ങൾക്ക്‌ പുസ്‌ത​കങ്ങൾ കുഴി​ച്ചി​ടേ​ണ്ടി​വന്നു. എന്നാൽ ഞങ്ങൾ പ്രിയ​ങ്ക​ര​മാ​യി​ക്ക​രു​തിയ ബെരിയൻ ബൈബി​ളിന്‌ നിരോ​ധനം ഏർപ്പെ​ടു​ത്തി​യി​രു​ന്നില്ല. അതിനാൽ അത്‌ ഒളിപ്പി​ക്കേ​ണ്ടി​വ​ന്നില്ല. ഞങ്ങൾക്ക്‌ ഒരുപാ​ടു പുസ്‌ത​കങ്ങൾ നഷ്ടപ്പെട്ടു, ചിലത്‌ ചിതലു​കൾ തിന്നു, കുറെ കള്ളന്മാർ മോഷ്ടി​ച്ചു. പുസ്‌ത​കങ്ങൾ കുഴി​ച്ചിട്ട സ്ഥലത്ത്‌ ഞങ്ങൾ മിക്കവാ​റും പോയി നോക്കു​മാ​യി​രു​ന്ന​തി​നാൽ കള്ളന്മാർ വിചാ​രി​ച്ചത്‌ ഞങ്ങൾ വിലപി​ടി​പ്പു​ള്ള​തെ​ന്തോ കുഴി​ച്ചി​ട്ടി​ട്ടു​ണ്ടെ​ന്നാണ്‌. ഒരുദി​വസം ഞാൻ പഠിക്കാൻ വേണ്ടി കുറ്റി​ക്കാ​ട്ടിൽ ചെന്ന​പ്പോൾ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം ചിതറി​ക്കി​ട​ക്കു​ന്നു. ഞങ്ങൾ അതെല്ലാം പെറു​ക്കി​ക്കൂ​ട്ടി വേറൊ​രു സ്ഥലത്ത്‌ ഒളിപ്പി​ച്ചു.”

നിരോ​ധി​ക്ക​പ്പെട്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ ലെവെ​ലിൻ ഫിലി​പ്‌സ്‌ ധൈര്യ​പൂർവം ഗവർണർക്കൊ​രു പരാതി അയച്ചു. സൈനി​ക​സേ​വനം നിരസി​ച്ച​തി​ന്റെ പേരിൽ ആ വർഷാ​രം​ഭ​ത്തിൽ തടവിൽ കിട​ക്കേ​ണ്ടി​വന്ന സഹോ​ദ​രന്‌ മറ്റൊരു ആറുമാ​സത്തെ ശിക്ഷകൂ​ടി ലഭിച്ചു. ലുസാക്കാ ഡിപ്പോ​യിൽ താത്‌കാ​ലി​ക​മാ​യി സേവിച്ച ഒരു സ്വമേ​ധാ​സേ​വകൻ പറഞ്ഞു: “കുറ്റാ​ന്വേ​ഷണ വിഭാ​ഗ​ത്തി​ലു​ള്ളവർ ഞങ്ങളെ കൂടെ​ക്കൂ​ടെ സന്ദർശി​ക്കു​മാ​യി​രു​ന്നു. ലെവെ​ലിൻ സഹോ​ദ​രന്‌ പോലീസ്‌ സ്റ്റേഷനിൽ പോകാ​നേ നേരമു​ണ്ടാ​യി​രു​ന്നു​ള്ളൂ.” എന്നിരു​ന്നാ​ലും, ലെവെ​ലിൻ സഹോ​ദരൻ സഭകളിൽ കാര്യങ്ങൾ ക്രമ​പ്പെ​ടു​ത്തു​ന്ന​തി​ലും തീക്ഷ്‌ണത പകരു​ന്ന​തി​ലും തുടർന്നു. സഹോ​ദ​ര​ന്മാർ പ്രാപ്‌തി​നേ​ടി​യ​പ്പോൾ അവരെ പരിശീ​ലി​പ്പിച്ച്‌ സഞ്ചാര​ശു​ശ്രൂ​ഷകർ അഥവാ സഹോ​ദ​ര​ങ്ങ​ളു​ടെ സേവകർ ആയി അയച്ചു. 1943-ൽ പ്രസാ​ധ​ക​രു​ടെ എണ്ണം 3,409 എന്ന അത്യു​ച്ച​ത്തി​ലെ​ത്താൻ ഇടയാ​യ​തിൽ അവരുടെ പ്രയത്‌ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

കൂടുതൽ കൂടുതൽ സ്വാത​ന്ത്ര്യം കൈവ​രു​ന്നു

യുദ്ധാ​ന​ന്തരം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രിട്ട​നി​ലെ​യും ദക്ഷിണാ​ഫ്രി​ക്ക​യി​ലെ​യും ഓഫീ​സു​കൾ, ലണ്ടനിലെ കൊ​ളോ​ണി​യൽ ഓഫീ​സി​ലേക്ക്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ നിയമാം​ഗീ​കാ​ര​ത്തി​നു​വേണ്ടി തുട​രെ​ത്തു​ടരെ അഭ്യർഥ​ന​ക​ള​യച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വിദ്യാ​ഭ്യാ​സ വേല​യോ​ടുള്ള പിന്തുണ പ്രകട​മാ​ക്കി​ക്കൊണ്ട്‌ 40,000-ത്തിലധി​കം പേർ ഒപ്പിട്ട അപേക്ഷ ലഭിച്ച​തി​നെ​ത്തു​ടർന്ന്‌ ഗവൺമെന്റ്‌ ഏതാനും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​മേ​ലുള്ള നിരോ​ധനം നീക്കി. പക്ഷേ, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ മേലുള്ള നിരോ​ധനം തുടർന്നു.

1948 ജനുവ​രി​യിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രുക്ലിൻ ആസ്ഥാന​ത്തു​നിന്ന്‌ നേഥൻ നോർ, മിൽട്ടൺ ഹെൻഷൽ എന്നിവർ ആദ്യമാ​യി ഈ രാജ്യം സന്ദർശി​ച്ചു. ലുസാ​ക്കാ​യിൽ ഒരു ചതുർദിന സമ്മേള​ന​ത്തിൽ പങ്കെടു​ത്ത​ശേഷം അവർ ആഭ്യന്ത​ര​കാ​ര്യാ​ദി​ക​ളു​ടെ സെക്ര​ട്ട​റി​യും അറ്റോർണി ജനറലും ആയി കൂടി​ക്കാഴ്‌ച നടത്തി. താമസി​യാ​തെ ശേഷി​ക്കുന്ന നിരോ​ധ​ന​ങ്ങ​ളും നീക്കം​ചെ​യ്യ​പ്പെ​ടു​മെന്ന്‌ അവർ സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു. ഒടുവിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വേലയ്‌ക്ക്‌ നിയമാം​ഗീ​കാ​രം ലഭിച്ചു, എത്ര സന്തോ​ഷ​ഭ​രി​ത​മായ സന്ദർഭം! 1948 സെപ്‌റ്റം​ബർ 1-ന്‌ ഒരു പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ത​മാ​യി, വാച്ച്‌ ടവർ സൊ​സൈറ്റി എന്ന പേരിലല്ല, യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേരിൽ. അധികാ​രി​ക​ളു​ടെ​യും പൊതു​ജ​ന​ങ്ങ​ളു​ടെ​യും എന്തിന്‌ സഹോ​ദ​ര​ങ്ങ​ളു​ടെ​പോ​ലും മനസ്സിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരു​മാ​യി ഒരു ബന്ധവു​മി​ല്ലാത്ത പ്രാ​ദേ​ശി​ക​മാ​യി പൊട്ടി​മു​ളച്ച “വാച്ച്‌ ടവർ” മതഭേ​ദ​ങ്ങ​ളും തമ്മിലുള്ള വ്യത്യാ​സം വ്യക്തമാ​കാൻ പോകു​ക​യാ​യി​രു​ന്നു.

ക്രിസ്‌തു ശിഷ്യരെ ഉളവാ​ക്കു​ന്ന​തിൽ ഒട്ടും​തന്നെ താത്‌പ​ര്യ​മി​ല്ലാ​തി​രുന്ന മത എതിരാ​ളി​കൾ ഇക്കഴിഞ്ഞ 40 വർഷക്കാ​ലം സുവാർത്ത​യ്‌ക്കു ചെവി​കൊ​ടു​ത്ത​വ​രു​ടെ വിശ്വാ​സത്തെ തകർത്തു​ക​ള​യു​ന്ന​തി​നുള്ള തന്ത്രങ്ങൾ മെനഞ്ഞ്‌ പ്രയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​കളെ അവർ ‘ചതിയൻമാ​രാ​യി’ മുദ്ര​കു​ത്തി. പക്ഷേ ദൈവ​ജനം സത്യവാ​ന്മാ​രായ ദൈവ​ശു​ശ്രൂ​ഷ​ക​രാ​ണു തങ്ങളെന്നു തെളി​യി​ച്ചു​കൊ​ണ്ടി​രു​ന്നു. (2 കൊരി. 6:8) യുദ്ധാ​ന​ന്ത​ര​കാ​ലത്ത്‌ വരാനി​രി​ക്കുന്ന സ്വാത​ന്ത്ര്യം മുൻക​രു​തി, രാജ്യ​വർധ​ന​യ്‌ക്കാ​യി കാര്യങ്ങൾ ഒരുക്കു​ന്ന​തിൽ അവർ ഉത്സാഹ​ത്തോ​ടെ ഏർപ്പെട്ടു.

മിഷനറി സേവനം

“യഹോവ തന്റെ ഉദ്ദേശ്യ​നി​വൃ​ത്തി​ക്കാ​യി എല്ലാത്ത​ര​ത്തി​ലും​പെട്ട സ്‌ത്രീ​പു​രു​ഷ​ന്മാ​രെ ഉപയോ​ഗി​ക്കുന്ന വിധം കാണാൻ കഴിയു​ന്നത്‌ മിഷനറി സേവന​ത്തി​ന്റെ ചാരി​താർഥ്യ​ജ​ന​ക​മായ ഏടുക​ളിൽ ഒന്നാണ്‌. ആത്മീയ സഹായം ലഭിക്കു​ന്ന​വ​രു​ടെ വിലമ​തി​പ്പിൻ പ്രകട​നങ്ങൾ കാണു​ന്ന​തും മനസ്സിനെ ആനന്ദനിർഭ​ര​മാ​ക്കു​ന്നു,” സാംബി​യ​യിൽ വളരെ​ക്കാ​ലം സേവന​മ​നു​ഷ്‌ഠിച്ച ഇയൻ (ജോൺ) ഫെർഗസൻ പറഞ്ഞു. മറ്റു മതങ്ങളു​ടെ മിഷന​റി​മാർ പലപ്പോ​ഴും സാമൂ​ഹി​ക​വും സാമ്പത്തി​ക​വു​മായ പ്രശ്‌ന​ങ്ങ​ളിൽ മുഴു​കി​ക്ക​ഴി​യു​മ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മിഷന​റി​മാർ ക്രിസ്‌തീയ ശിഷ്യരെ ഉളവാ​ക്കുന്ന വേലയിൽ തികച്ചും വ്യാപൃ​ത​രാണ്‌. ഈ ദിവ്യ​നി​യോ​ഗം നിറ​വേ​റ്റവേ, ഈ മിഷന​റി​മാർ തങ്ങളു​ടേത്‌ “നിർവ്യാ​ജ​സ്‌നേഹം” ആണെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു.—2 കൊരി. 6:6.

ഒന്നാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെ​ടു​ന്ന​തിന്‌ ഏതാനും വർഷം​മുമ്പ്‌ തെക്കൻ ആഫ്രി​ക്ക​യി​ലെത്തി ആ പ്രദേ​ശ​മാ​കെ യാത്ര​ചെയ്‌ത വില്യം ജോൺസ്റ്റ​ണെ​പ്പോ​ലെ​യു​ള്ളവർ മിഷനറി ആത്മാവി​ന്റെ മകു​ടോ​ദാ​ഹ​ര​ണ​ങ്ങ​ളാണ്‌. പിറ്റ്‌ ഡി യാഹെർ, പാരി വില്യംസ്‌ എന്നിവ​രും മറ്റു ചിലരും 1921-ന്റെ തുടക്ക​ത്തിൽത്തന്നെ സാംബി​യ​യു​ടെ അയൽദേ​ശ​മായ ദക്ഷിണ റൊ​ഡേ​ഷ്യ​യു​ടെ (ഇപ്പോൾ സിംബാ​ബ്‌വേ) തലസ്ഥാ​ന​മായ സോൾസ്‌ബെ​റി​യിൽ (ഇപ്പോൾ ഹരാരേ) എത്തി​ച്ചേർന്നി​രു​ന്നു. ജോർജ്‌ ഫിലി​പ്‌സ്‌, തോമസ്‌ വാൽഡർ, വില്യം ഡോസൺ എന്നിവർ 1920-കളുടെ മധ്യത്തിൽ ഉത്തര റൊ​ഡേ​ഷ്യ​യിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ച്ചു. ഉത്തര റൊ​ഡേ​ഷ്യ​യിൽ ജനിച്ച​വ​രും ഇതര​ദേ​ശ​ങ്ങ​ളിൽ തൊഴിൽചെ​യ്യവേ ബൈബിൾ വിദ്യാർഥി​ക​ളു​മാ​യി ബന്ധപ്പെ​ടാൻ ഇടയാ​യ​വ​രു​മായ ചിലർ “നന്മ സുവി​ശേ​ഷി​ക്കുന്ന”തിനായി തിരി​കെ​യെത്തി. (റോമർ 10:15) മാനാസെ ൻകോമാ, ഒലിവർ കാബു​ങ്‌ഗോ എന്നിവർക്ക്‌ ആ ആദ്യവർഷ​ങ്ങ​ളിൽ സുവാർത്താ പ്രസം​ഗ​വേ​ല​യിൽ വലിയ പങ്കുണ്ടാ​യി​രു​ന്നു. സാംബി​യ​ക്കാ​ര​നായ ജോസഫ്‌ മുലെം​വാ, ഉത്തര സിംബാ​ബ്‌വേ​യി​ലെ വങ്കി ഖനിയിൽവെച്ച്‌ (ഇപ്പോൾ ഹ്വങ്‌ഗേ) സത്യവു​മാ​യി സമ്പർക്ക​ത്തിൽവന്നു, പിന്നീട്‌ പശ്ചിമ സാംബി​യ​യിൽ അദ്ദേഹം വിശ്വ​സ്‌ത​നാ​യി സേവിച്ചു. ആ പ്രദേ​ശത്തെ ആദ്യത്തെ സഞ്ചാര മേൽവി​ചാ​രകൻ ഫ്രെഡ്‌ കാബോം​ബോ ആയിരു​ന്നു. ഈ സഹോ​ദ​ര​ങ്ങ​ളെ​ല്ലാം സുവാർത്ത​യു​ടെ യഥാർഥ മുന്നണി​പ്ര​വർത്തകർ തന്നെയാ​യി​രു​ന്നു. അവർ സുവാർത്ത അധികം ചെന്നെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തോ പ്രസം​ഗി​ച്ചി​ട്ടേ​യി​ല്ലാ​ത്ത​തോ ആയ പ്രദേ​ശ​ങ്ങ​ളിൽ ചെന്നെ​ത്തു​ക​യും ഭാവി വളർച്ച​യ്‌ക്കു​വേണ്ടി കരുത്തുറ്റ അടിസ്ഥാ​ന​മി​ടു​ക​യും ചെയ്‌തു.

രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ക്കാ​റാ​യ​പ്പോൾ പടിഞ്ഞാ​റൻ പ്രവി​ശ്യ​യി​ലുള്ള താത്‌പ​ര്യ​ക്കാ​രു​ടെ കൂട്ടങ്ങളെ സന്ദർശി​ക്കാൻ കേപ്‌ ടൗണിലെ ഓഫീ​സിൽനിന്ന്‌ ജോർജ്‌ ഫിലി​പ്‌സി​ന്റെ ക്ഷണം സ്വീക​രിച്ച്‌ ദക്ഷിണാ​ഫ്രി​ക്ക​യിൽനി​ന്നുള്ള ചാൾസ്‌ ഹോളി​ഡേ എത്തി​ച്ചേർന്നു. ഒരു പ്രാ​ദേ​ശിക സഹോ​ദ​രനെ പരിഭാ​ഷ​ക​നാ​യി കൂട്ടി​ക്കൊണ്ട്‌ ചാൾസ്‌ സഹോ​ദരൻ തോണി​യി​ലും തടി കൊണ്ടു​പോ​കുന്ന ട്രെയി​നി​ലും കൈ​കൊ​ണ്ടു പ്രവർത്തി​പ്പി​ക്കുന്ന ചെറിയ ഒരുതരം റെയിൽവേ വാഹന​ത്തി​ലും യാത്ര​ചെ​യ്‌തു. വിക്ടോ​റിയ വെള്ളച്ചാ​ട്ട​ത്തിന്‌ ഏതാണ്ട്‌ 250 കിലോ​മീ​റ്റർ വടക്കുള്ള സെനാൻഗാ എന്ന കൊച്ചു​പ​ട്ട​ണ​ത്തിൽ എത്തിയ​പ്പോൾ ഒരു വലിയ ജനക്കൂട്ടം അവരെ സ്വാഗതം ചെയ്‌തു. അവരിൽ ചിലർ ദിവസ​ങ്ങ​ളോ​ളം നടന്നാണ്‌ അവി​ടെ​യെ​ത്തി​യത്‌. ഈ സന്ദർശകൻ ബൈബിൾ സത്യങ്ങൾ വിശദീ​ക​രി​ക്കു​ന്നതു കേൾക്കാ​നുള്ള അതിയായ താത്‌പ​ര്യ​മാ​യി​രു​ന്നു അതിനുള്ള പ്രചോ​ദനം.

ഗിലെ​യാദ്‌ മിഷന​റി​മാർ എത്തി​ച്ചേ​രു​ന്നു

1948-ൽ ഹാരി ആർനട്ട്‌, ഇയൻ ഫെർഗസൻ എന്നീ മിഷന​റി​മാർ സാംബി​യ​യിൽ എത്തി. ചെമ്പ്‌ ഖനനവു​മാ​യി ബന്ധപ്പെട്ട്‌ അവി​ടേക്കു കുടി​യേ​റി​പ്പാർത്ത ആയിര​ക്ക​ണ​ക്കി​നു യൂറോ​പ്യ​ന്മാ​രി​ലേക്ക്‌ ഇപ്പോൾ ശ്രദ്ധ തിരി​ക്കു​ക​യു​ണ്ടാ​യി. പ്രതി​ക​രണം ആവേശ​ജ​ന​ക​മാ​യി​രു​ന്നു. ആ വർഷം വയൽശു​ശ്രൂ​ഷ​യിൽ സജീവ​മാ​യി പങ്കുപ​റ്റുന്ന സാക്ഷി​ക​ളു​ടെ എണ്ണത്തിൽ 61 ശതമാനം വർധന​യു​ണ്ടാ​യി.

പല സ്ഥലങ്ങളി​ലും ബൈബി​ള​ധ്യ​യ​നങ്ങൾ ആവശ്യ​മു​ള്ള​വ​രു​ടെ വെയ്‌റ്റിങ്‌ ലിസ്റ്റ്‌ മിഷന​റി​മാർക്ക്‌ അത്ര പുതു​മ​യൊ​ന്നു​മ​ല്ലാ​യി​രു​ന്നു. വ്യവസായ കേന്ദ്ര​ങ്ങൾക്ക​പ്പു​റ​ത്തുള്ള പ്രദേ​ശ​ങ്ങ​ളിൽ എത്തി​ച്ചേ​രാൻവേണ്ടി ബ്രാഞ്ച്‌ ഓഫീസ്‌ അടച്ചു​കെ​ട്ടിയ ഒരു വാഹനം വാങ്ങി, പത്തുവർഷം പഴക്കമുള്ള ഒരു ഡോഡ്‌ജ്‌ പാനൽ ട്രക്ക്‌. മിഷന​റി​മാ​രായ രണ്ട്‌ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രാണ്‌ ഇത്‌ ഉപയോ​ഗി​ച്ചത്‌. “അത്‌ വളരെ ഉപയോ​ഗ​പ്ര​ദ​മാ​യി​രു​ന്നു,” ബ്രാഞ്ചിൽനി​ന്നുള്ള ഒരു റിപ്പോർട്ട്‌ പറയുന്നു. “ചില​പ്പോ​ഴൊ​ക്കെ ഏന്തിവ​ലി​ഞ്ഞോ ഞരങ്ങി​യോ ഒക്കെ ആയിരു​ന്നു അത്‌ ബ്രാഞ്ചിൽ തിരി​ച്ചെ​ത്തി​യി​രു​ന്നത്‌.”

1951 ആയപ്പോ​ഴേക്ക്‌ രാജ്യത്ത്‌ മിഷന​റി​മാ​രു​ടെ എണ്ണം ആറായി. 1953 ഡിസം​ബ​റോ​ടെ സഹായ​ഹ​സ്‌ത​വു​മാ​യി വേറെ ആറു മിഷന​റി​മാർകൂ​ടെ എത്തി. ഇക്കൂട്ട​ത്തിൽ വലോറ മിൽസും ഭർത്താവ്‌ ജോണും ഉണ്ടായി​രു​ന്നു. സാംബി​യ​യിൽ ആറുവർഷം സേവി​ച്ച​ശേഷം അവർക്ക്‌ സിംബാ​ബ്‌വേ​യി​ലേ​ക്കും പിന്നീട്‌ ലെസോ​ത്തോ​യി​ലേ​ക്കും മാറ്റം കിട്ടി. തുടർന്നു​വന്ന വർഷങ്ങ​ളിൽ കൂടുതൽ മിഷന​റി​മാർ എത്തി​ച്ചേർന്നു: ജോസഫ്‌ ഹോരി​ലക്‌, ജോൺ റെൻടൻ, ഇയൻ റെൻടൻ, യൂജിൻ കിനഷുക്‌, പോൾ ഓൻഡ​കോ, പീറ്റർ പാലി​സെർ, വേരാ പാലി​സെർ, ഏവിസ്‌ മോർഗൻ എന്നിവ​രും മറ്റുപ​ല​രും തങ്ങളുടെ സ്‌നേ​ഹ​നിർഭ​ര​മായ പിന്തുണ ഉദാര​മാ​യി നൽകി​യ​വ​രാണ്‌. തങ്ങളെ ഏൽപ്പിച്ച സവിശേഷ സേവന​ത്തിൽ ഫലപ്ര​ദ​രാ​യി​രി​ക്കു​ന്ന​തിൽ അവർക്ക്‌ ത്യാഗ​ങ്ങ​ളും പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

“ഇവനൊ​രു പയ്യനല്ലേ!”

“എവി​ടെ​യോ തെറ്റു​പ​റ്റി​യി​ട്ടു​ണ്ടെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു,” സാംബി​യ​യി​ലേ​ക്കുള്ള നിയമനം കിട്ടി​യ​പ്പോ​ഴത്തെ തന്റെ വികാ​രങ്ങൾ വെയ്‌ൻ ജോൺസൺ അനുസ്‌മ​രി​ക്കു​ന്നു. 36-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നു ബിരു​ദ​മെ​ടുത്ത വെയ്‌ൻ, ഏൾ ആർചി​ബോൾഡി​നൊ​പ്പം 1962 ആരംഭ​ത്തി​ലാണ്‌ ഇവിടെ എത്തി​ച്ചേ​രു​ന്നത്‌. ഇപ്പോൾ ഭാര്യ ഗ്രേസു​മൊത്ത്‌ കാനഡ​യിൽ സഞ്ചാര​ശു​ശ്രൂ​ഷ​യി​ലാ​യി​രി​ക്കുന്ന വെയ്‌ൻ ഓർക്കു​ന്നു: “എനിക്കന്ന്‌ വെറും 24 വയസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ, കാഴ്‌ച​യ്‌ക്ക്‌ അതിലും ചെറുപ്പം. ഞാൻ ചിൻയാൻജാ ഭാഷ [ചിച്ചവ എന്നും അറിയ​പ്പെ​ടു​ന്നു] പഠിക്കവേ എന്നെ ആദ്യം കാണുന്ന സഹോ​ദ​രി​മാർ ‘ഇവനൊ​രു പയ്യനല്ലേ!’ എന്ന്‌ അർഥം വരുന്ന ‘ആലി മ്‌വാന’ എന്നു പരസ്‌പരം അടക്കം പറയു​ന്നത്‌ ഞാൻ കേട്ടി​ട്ടുണ്ട്‌.”

“യഹോ​വ​യി​ലും അവന്റെ സംഘട​ന​യി​ലും അങ്ങേയറ്റം ആശ്രയി​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു,” വെയ്‌ൻ പറയുന്നു. “പ്രവൃ​ത്തി​കൾ 16:4-ലെ തത്ത്വത്തി​നു ചേർച്ച​യിൽ, യഹോ​വ​യും അവന്റെ സംഘട​ന​യും തയ്യാറാ​ക്കുന്ന വിവര​ങ്ങ​ളും നിർദേ​ശ​ങ്ങ​ളും അറിയി​ക്കു​ക​മാ​ത്ര​മാ​ണു ഞാൻ ചെയ്യു​ന്നത്‌ എന്ന്‌ എല്ലാവ​രും മനസ്സി​ലാ​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. മറ്റുള്ള​വർക്കു സ്വീകാ​ര്യ​മായ വിധത്തിൽ കാര്യങ്ങൾ ചെയ്യാ​നും ഞാൻ ശ്രമിച്ചു. പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ എനിക്ക്‌ ലഭിച്ച ആ മഹത്തായ പദവി​യോർത്ത്‌ ഞാൻ ഇന്നും അതിശ​യി​ച്ചു​പോ​കാ​റുണ്ട്‌.”

നാടു​ക​ടത്തൽ!

1960-കളും 1970-കളും മാറ്റങ്ങ​ളു​ടെ വർഷങ്ങ​ളാ​യി​രു​ന്നു. പലസന്ദർഭ​ങ്ങ​ളി​ലാ​യി രാജ്യ​ത്തു​ട​നീ​ളം പീഡന​ത്തി​ന്റെ അലകൾ ആഞ്ഞടിച്ചു. 1964-ൽ സാംബിയ സ്വത​ന്ത്ര​യാ​യ​തി​നെ തുടർന്ന്‌ പതാക​വ​ന്ദനം, ദേശീ​യ​ഗാ​നാ​ലാ​പനം തുടങ്ങിയ വിഷയ​ങ്ങ​ളിൽ സഹോ​ദ​ര​ങ്ങൾക്ക്‌ ഏറിയ ബുദ്ധി​മു​ട്ടു​കൾ സഹി​ക്കേ​ണ്ടി​വന്നു. 1960-കളുടെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ചില രാഷ്‌ട്രീ​യ​ക്കാർ മിഷന​റി​മാ​രു​ടെ സ്വാധീ​നം ഗവൺമെന്റ്‌ ലക്ഷ്യങ്ങൾക്ക്‌ ഒരു വിലങ്ങു​ത​ടി​യാ​യി കരുതി. തുടർന്ന്‌ സംഭവി​ച്ച​തെ​ന്താ​ണെന്ന്‌ ബ്രാഞ്ചിൽനി​ന്നുള്ള ഒരു റിപ്പോർട്ട്‌ പറയുന്നു: “1968 ജനുവരി 20-ാം തീയതി വെളു​പ്പിന്‌ ബ്രാഞ്ചി​ലേക്ക്‌ മിക്ക ഇംഗ്ലീഷ്‌ സഭകളിൽനി​ന്നു​മുള്ള മേൽവി​ചാ​ര​ക​ന്മാ​രു​ടെ ഫോൺവി​ളി​കൾ എത്താൻ തുടങ്ങി. അവരോ​ടെ​ല്ലാം രാജ്യം​വി​ട​ണ​മെന്ന്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. രസകര​മെന്നു പറയട്ടെ ഈ നാടു​ക​ടത്തൽ ആജ്ഞ മറ്റുരാ​ജ്യ​ക്കാ​രായ സാക്ഷി​കൾക്കു മാത്ര​മാ​യി​രു​ന്നില്ല, സാംബി​യ​യി​ലെ പൗരന്മാർക്കും ലഭിച്ചി​രു​ന്നു, അവരിൽ രണ്ടു​പേ​രാ​യി​രു​ന്നു ജോർജ്‌ മോർട്ട​ണും ഐസക്ക്‌ ചിപ്പുൻഗു​വും.”

പിന്നെ എല്ലാം പെട്ടെ​ന്നാ​യി​രു​ന്നു. അവി​ടെ​യു​ണ്ടാ​യി​രുന്ന അഞ്ച്‌ മിഷനറി ദമ്പതി​കൾക്ക്‌ രാജ്യം​വി​ടാ​നുള്ള നോട്ടീ​സു​മാ​യി അന്നുതന്നെ രാവിലെ പത്തുമ​ണി​യാ​യ​പ്പോൾ ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ ബ്രാഞ്ചി​ലെത്തി. മിഷന​റി​യായ ഫ്രാങ്ക്‌ ലൂയിസ്‌ അനുസ്‌മ​രി​ക്കു​ന്നു: “എത്ര പെട്ടെ​ന്നാ​ണെ​ന്നോ അവർ ബ്രാഞ്ചി​ന്റെ പടിവാ​തിൽക്ക​ലെ​ത്തി​യത്‌. ഇത്തര​മൊ​രു സാഹച​ര്യം വരു​മ്പോൾ ബ്രാഞ്ച്‌ ഓഫീ​സി​ലെ മിഷനറി സഹോ​ദ​ര​ന്മാർ പിൻവാ​തി​ലി​ലൂ​ടെ കടന്ന്‌ ഒരു സഹോ​ദ​രന്റെ വീട്ടി​ലേക്ക്‌ പോക​ണ​മെന്ന്‌ നേരത്തേ തീരു​മാ​നി​ച്ചി​രു​ന്നു. ഒരു നിരോ​ധനം ഉണ്ടാകു​ന്ന​പക്ഷം എന്തൊക്കെ ചെയ്യാൻ തീരു​മാ​നി​ച്ചി​രു​ന്നോ അതൊക്കെ ചെയ്‌തു​തു​ട​ങ്ങാ​നാ​യി​രു​ന്നു അത്‌. എന്നിരു​ന്നാ​ലും ഞങ്ങൾ പോകാൻ മടിച്ചു, കാരണം ഒരു മിഷനറി സഹോ​ദരി മുകളി​ലത്തെ നിലയിൽ കടുത്ത മലേറിയ ബാധിച്ച്‌ കിടപ്പി​ലാ​യി​രു​ന്നു. സഹോ​ദ​രി​യു​ടെ കാര്യം അവർ ശ്രദ്ധി​ച്ചു​കൊ​ള്ളാ​മെ​ന്നും ഞങ്ങൾ അവി​ടെ​നി​ന്നു മാറണ​മെ​ന്നും പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ നിർബന്ധം പിടിച്ചു. അവർ വാക്കു​പാ​ലി​ക്കു​മെന്നു ഞങ്ങൾക്ക​റി​യാ​മാ​യി​രു​ന്നു.”

“തുടർന്ന്‌ ടൈംസ്‌ ഓഫ്‌ സാംബിയ പത്രത്തിൽ വാച്ച്‌ടവർ—അവർ ഞങ്ങളെ അങ്ങനെ​യാണ്‌ വിളി​ച്ചത്‌—നിരോ​ധി​ച്ചി​രി​ക്കു​ന്നു​വെ​ന്നും, അതിന്റെ ‘നേതാ​ക്ക​ന്മാർ’ ഒളിവി​ലാ​ണെ​ന്നും വായി​ച്ച​പ്പോൾ ഞങ്ങൾക്ക്‌ വല്ലാ​ത്തൊ​രു വികാ​ര​മാ​യി​രു​ന്നു ഉള്ളിൽ. പത്രത്തി​ന്റെ മുൻപേ​ജിൽ ഞങ്ങളുടെ പേരു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഞങ്ങൾക്കാ​യി അധികാ​രി​കൾ പട്ടണത്തിൽ വീടു​വീ​ടാ​ന്തരം പരി​ശോ​ധന നടത്തു​ന്നു​ണ്ടെ​ന്നും അതിലു​ണ്ടാ​യി​രു​ന്നു! ബ്രാഞ്ചിൽ തങ്ങിയ പ്രാ​ദേ​ശിക സഹോ​ദ​രങ്ങൾ തങ്ങളുടെ ജോലി ഭംഗി​യാ​യി നിറ​വേറ്റി. അവർ ഫയലു​ക​ളും സാഹി​ത്യ​ങ്ങ​ളും പല സ്ഥലങ്ങളി​ലേക്കു മാറ്റി. അതെല്ലാം കഴിഞ്ഞ​പ്പോൾ പിറ്റേന്ന്‌ ഞങ്ങൾ ബ്രാഞ്ചി​ലേക്കു തിരി​ച്ചു​ചെന്നു, അധികാ​രി​കൾക്കു പിടി​കൊ​ടു​ക്കാൻ.”

ബ്രാഞ്ച്‌ ഓഫീ​സിൽ ഒരു പോലീസ്‌ ഗാർഡി​നെ നിയമി​ച്ചി​രു​ന്നു. പെട്ടെ​ന്നു​തന്നെ ചില മിഷന​റി​മാർക്കും മറ്റു വിദേശ പൗരന്മാർക്കും രാജ്യം​വി​ടാ​നുള്ള നോട്ടീസ്‌ നൽകി. “ഒടുവിൽ പോ​കേ​ണ്ടി​യി​രു​ന്ന​വ​രു​ടെ കൂട്ടത്തി​ലാ​യി​രു​ന്നു ഞങ്ങൾ,” ലൂയിസ്‌ സഹോ​ദരൻ പറഞ്ഞു. “ഞങ്ങൾ വ്യക്തി​പ​ര​മാ​യി അറിയു​ക​പോ​ലു​മി​ല്ലാത്ത കുറെ സഹോ​ദ​രി​മാർ കുഞ്ഞു​ങ്ങ​ളെ​യും​കൊണ്ട്‌ കലുലൂ​ഷി പട്ടണത്തിൽനിന്ന്‌ 25 കിലോ​മീ​റ്റർ നടന്ന്‌ അവി​ടെ​വന്നു, ഞങ്ങളെ ഒന്നു നേരിൽക്കണ്ട്‌ കൈപി​ടിച്ച്‌ യാത്ര​പ​റ​യാൻവേണ്ടി മാത്രം. ആ രംഗം ഓർക്കു​മ്പോൾ ഇന്നും ഞങ്ങളുടെ കണ്ണുനി​റ​യും.”

നാടു​ക​ട​ത്ത​ലി​ന്റെ രണ്ടാം​ത​രം​ഗം

നാളുകൾ കടന്നു​പോ​യി. 1975-ൽ ഒരുദി​വസം പെട്ടെന്ന്‌ ബ്രാഞ്ചിൽ പോലീ​സെത്തി. ഇപ്പോൾ സാംബി​യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യിൽ സേവി​ക്കുന്ന ആൽബർട്ട്‌ മുസോണ്ട അന്ന്‌ ബെഥേ​ലിൽ അക്കൗണ്ടിങ്‌ ഡിപ്പാർട്ട്‌മെ​ന്റിൽ ഒരു സ്വമേ​ധാ​സേ​വ​ക​നാ​യി ജോലി​ചെ​യ്യുന്ന ഒരു 22-കാരനാ​യി​രു​ന്നു. “മിഷന​റി​മാർക്ക്‌ രാജ്യം​വി​ടാൻ അവർ രണ്ടുദി​വ​സത്തെ സമയം​പോ​ലും നൽകി​യില്ല,” അദ്ദേഹം പറഞ്ഞു.

ജോൺ ജേസൺ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “1975 ഡിസം​ബ​റിൽ ഇമി​ഗ്രേഷൻ ഓഫീ​സിൽനിന്ന്‌ ഞങ്ങൾക്കൊ​രു കത്തുകി​ട്ടി. 36 മണിക്കൂ​റി​നു​ള്ളിൽ രാജ്യം​വി​ടണം എന്ന ഉത്തരവ്‌ ആയിരു​ന്നു അതിൽ.” സ്ഥലത്തെ ഒരു വക്കീൽ മുഖേന അധികാ​രി​കൾക്ക്‌ ഒരു അപ്പീൽ സമർപ്പി​ച്ച​പ്പോൾ കുറെ സമയം നീട്ടി​ക്കി​ട്ടി, മിഷന​റി​മാർക്ക്‌ തങ്ങളുടെ വ്യക്തി​പ​ര​മായ ചില സാധന​സാ​മ​ഗ്രി​ക​ളു​ടെ കാര്യ​മൊ​ക്കെ തീരു​മാ​നി​ക്കാൻ അൽപ്പം സമയം കിട്ടി. “അതുക​ഴി​ഞ്ഞ​പ്പോൾ, ഞങ്ങൾ ഏറെ സ്‌നേ​ഹി​ച്ചു​പോയ ആളുകളെ വേർപി​രി​യു​ന്ന​തി​നുള്ള സമയം​വന്നു,” ജോൺ സഹോ​ദരൻ പറയുന്നു.

ആൽബർട്ടി​ന്റെ ഭാര്യ ഡൈ​ലെസ്‌ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “സഹോ​ദ​ര​ങ്ങളെ യാത്ര​യാ​ക്കാ​നാ​യി ഞങ്ങൾ അവരോ​ടൊ​പ്പം സൗത്ത്‌ഡൗൺ വിമാ​ന​ത്താ​വ​ള​ത്തി​ലേക്കു പോയി. ജോൺ ജേസൺ സഹോ​ദരൻ കെനി​യ​യി​ലേ​ക്കാ​ണു പോയത്‌, ഇയൻ ഫെർഗസൻ സഹോ​ദരൻ സ്‌പെ​യി​നി​ലേ​ക്കും.” നാടു​ക​ട​ത്ത​ലി​ന്റെ ഈ രണ്ടാം​ത​രം​ഗ​ത്തിന്‌ വഴിമ​രു​ന്നി​ട്ടത്‌ എന്തായി​രു​ന്നു?

1975-ലെ കൺ​വെൻ​ഷ​നാണ്‌ ‘പൊട്ടി​ത്തെ​റി​ക്കു കാരണ​മായ തീപ്പൊ​രി’ ആയി അനേക​രു​ടെ​യും മനസ്സിൽ ഉണ്ടായി​രു​ന്നത്‌. “പ്രക്ഷു​ബ്ധ​മായ ആ കാലഘ​ട്ട​ത്തിൽ നടത്തപ്പെട്ട ഏറ്റവും വലിയ കൺ​വെൻ​ഷ​നു​ക​ളിൽ ഒന്നായി​രു​ന്നു അത്‌. മൊത്തം 40,000-ത്തിലധി​കം പേർ അതിൽ സംബന്ധി​ച്ചു,” ജോൺ ജേസൺ സഹോ​ദരൻ ഓർക്കു​ന്നു. സന്ദർഭ​വ​ശാൽ അടുത്തു​തന്നെ ഒരു രാഷ്‌ട്രീയ സമ്മേള​ന​വും നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ രാഷ്‌ട്രീയ നിഷ്‌പ​ക്ഷ​ത​നി​മി​ത്തം അവർക്കെ​തി​രെ ശക്തമായ നടപടി​യെ​ടു​ക്ക​ണ​മെന്ന്‌ ആ സമ്മേള​ന​ത്തിൽ ചിലർ ആഹ്വാ​നം​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. രാഷ്‌ട്രീയ സമ്മേള​ന​ത്തിന്‌ ആളുകു​റ​ഞ്ഞത്‌ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷൻ നടക്കു​ന്ന​തി​നാ​ലാ​ണെന്ന്‌ ആരോ​പണം ഉണ്ടായ​താ​യി ജോൺ സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു.

മിഷന​റി​മാർ മടങ്ങി​യെ​ത്തു​ന്നു

പത്തുവർഷ​ങ്ങൾക്കു ശേഷമാണ്‌ മിഷന​റി​മാർ സാംബി​യ​യിൽ തിരി​ച്ചെ​ത്തി​യത്‌. രാഷ്‌ട്രീ​യ​സ്ഥി​തി കൂടുതൽ സുസ്ഥി​ര​മാ​കു​ക​യും വേലയു​ടെ​മേ​ലുള്ള നിയ​ന്ത്ര​ണങ്ങൾ കുറയു​ക​യും ചെയ്‌ത കാലഘ​ട്ട​മാ​യി​രു​ന്നു 1980-കൾ. 1986-ൽ എഡ്വേർഡ്‌ ഫിൻചും ഭാര്യ ലിൻഡ​യും ഗാംബി​യ​യിൽനിന്ന്‌ എത്തി​ച്ചേർന്നു. പിന്നാലെ മറ്റു മിഷന​റി​മാ​രും വന്നു, ആൽഫ്രഡ്‌ ക്യൂവും ഹെലനും ഡിറ്റ്‌മാർ ഷ്‌മി​റ്റും സേ​ബൈ​നും അതിൽപ്പെ​ടു​ന്നു.

1987 സെപ്‌റ്റം​ബ​റിൽ ഡാറെൽ ഷാർപ്പും സുസാ​നും സയറിൽനിന്ന്‌ (ഇന്ന്‌ കോം​ഗോ ജനാധി​പത്യ റിപ്പബ്ലിക്ക്‌) ദക്ഷിണാ​ഫ്രി​ക്ക​വഴി എത്തി​ച്ചേർന്നു. 1969-ൽ ഗിലെ​യാ​ദിൽനിന്ന്‌ ബിരുദം നേടിയ അവർ കോം​ഗോ​യി​ലു​ട​നീ​ളം സഞ്ചാര​വേല ചെയ്‌തി​രു​ന്നു. മധ്യാ​ഫ്രി​ക്കൻ ജീവി​ത​രീ​തി അവർക്ക്‌ അതി​നോ​ട​കം​തന്നെ പരിചി​ത​മാ​യി​രു​ന്നു. അരോ​ഗ​ദൃ​ഢ​ഗാ​ത്ര​നായ ഡാറെൽ ഇപ്പോൾ 40-ലേറെ വർഷമാ​യി പ്രത്യേക മുഴു​സമയ സേവന​ത്തി​ലാണ്‌. അദ്ദേഹം പറയുന്നു: “വർഷങ്ങ​ളോ​ളം ഞങ്ങളുടെ മിഷനറി ഭവനം അതിർത്തിക്ക്‌ തൊട്ട​പ്പു​റത്ത്‌ ലുബും​ബാ​ഷി​യി​ലാ​യി​രു​ന്നു. ഞങ്ങൾ പതിവാ​യി സാംബി​യ​യി​ലേക്കു യാത്ര​ചെ​യ്‌തി​രു​ന്നു.”

സുസാ​നിന്‌ ആ കാലഘ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള മിഴി​വാർന്ന സ്‌മര​ണ​ക​ളുണ്ട്‌. “1970-കളുടെ പ്രാരം​ഭ​ത്തിൽ കോം​ഗോ​യിൽ ഭക്ഷ്യദൗർല​ഭ്യം ഉണ്ടായ​പ്പോൾ ഏതാനും മാസം കൂടു​മ്പോ​ഴെ​ല്ലാം ഭക്ഷ്യവ​സ്‌തു​ക്കൾ വാങ്ങാൻ സാംബി​യ​യിൽ പോക​ണ​മാ​യി​രു​ന്നു,” സഹോ​ദരി പറയുന്നു: “അങ്ങനെ​യി​രി​ക്കെ 1987-ന്റെ തുടക്ക​ത്തിൽ ഭരണസം​ഘം ഞങ്ങളോട്‌ കോം​ഗോ വിട്ട്‌ പുതി​യൊ​രു നിയമ​ന​സ്ഥ​ല​ത്തേക്കു പോകാൻ ആവശ്യ​പ്പെട്ടു. എവി​ടേ​ക്കാ​യി​രു​ന്നെ​ന്നോ? സാംബി​യ​യി​ലേക്ക്‌!” കോം​ഗോ​യിൽ വേലയു​ടെ​മേൽ നിയ​ന്ത്ര​ണങ്ങൾ കൂടി​വ​ന്നി​രു​ന്ന​തി​നാൽ സഹോ​ദ​ര​ങ്ങൾക്ക്‌ കൂടുതൽ മതസ്വാ​ത​ന്ത്ര്യം ലഭ്യമാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു രാജ്യ​ത്തേക്കു മാറി​പ്പാർക്കു​ന്ന​തിൽ ഷാർപ്പ്‌ ദമ്പതി​കൾക്ക്‌ അതിയായ സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നു.

വയലി​ലും ബ്രാഞ്ചി​ലും ചില പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ ആവശ്യ​മാ​യി​രു​ന്നു. പരസ്യ വയൽശു​ശ്രൂഷ ഭാഗി​ക​മാ​യി നിരോ​ധി​ച്ചി​രു​ന്ന​തി​നാൽ മിക്ക സഹോ​ദ​ര​ങ്ങ​ളും ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ക​മാ​ത്രമേ ചെയ്‌തി​രു​ന്നു​ള്ളൂ. വീടു​തോ​റും പരസ്യ​മാ​യി പ്രസം​ഗി​ക്കുക എന്ന സംഗതി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പരസ്യ​ശു​ശ്രൂ​ഷ​യു​ടെ ഒരു സുപ്ര​ധാന സവി​ശേഷത ആയിരു​ന്നി​ട്ടു​കൂ​ടി, പല പ്രസാ​ധ​കർക്കും അത്‌ അപരി​ചി​ത​വും എന്തിന്‌ പരി​ഭ്രമം ഉളവാ​ക്കു​ന്ന​തു​പോ​ലും ആയിരു​ന്നു. അതു​കൊണ്ട്‌ വീടു​തോ​റു​മുള്ള വേലയിൽ കൂടുതൽ ധൈര്യം പ്രകട​മാ​ക്കാൻ സഹോ​ദ​ര​ങ്ങൾക്കു പ്രോ​ത്സാ​ഹനം ലഭിച്ചു, പ്രത്യേ​കി​ച്ചും രാജ്യത്തെ സാഹച​ര്യ​ങ്ങൾക്കു കുറച്ച്‌ അയവു​വ​രി​ക​യും പോലീസ്‌ നമ്മുടെ പ്രവർത്ത​ന​ങ്ങ​ളിൽ അത്ര ശ്രദ്ധി​ക്കാ​താ​കു​ക​യും ചെയ്‌ത സ്ഥിതിക്ക്‌.

പിന്നോ​ട്ടല്ല, മുന്നോട്ട്‌

1970-കളിൽ ഒട്ടും വളർച്ച ഉണ്ടാകാ​ത്ത​താ​യി കാണ​പ്പെ​ട്ടത്‌ ബ്രാഞ്ച്‌ കമ്മിറ്റി​യെ ആകുല​പ്പെ​ടു​ത്തി​യി​രു​ന്നു. പ്രാ​ദേ​ശിക പാരമ്പ​ര്യ​ങ്ങൾ സഹോ​ദ​ര​ങ്ങൾക്ക്‌ സ്വന്തം കുട്ടി​ക​ളോ​ടൊ​ത്തു ബൈബി​ള​ധ്യ​യനം നടത്തുക ബുദ്ധി​മു​ട്ടാ​ക്കി​ത്തീർത്തു, വീടു​തോ​റു​മുള്ള സാക്ഷീ​ക​രണം നിരോ​ധി​ച്ചി​രു​ന്ന​തി​നാൽ മക്കളെ മറ്റുള്ള​വ​രോ​ടൊത്ത്‌ ബൈബിൾ പഠിക്കാൻ പിതാ​ക്ക​ന്മാർ അനുവ​ദി​ക്കു​ന്നത്‌ സാധാ​ര​ണ​മാ​യി​ത്തീർന്നു. പകരം പിതാ​ക്ക​ന്മാർ മറ്റുള്ള​വ​രു​ടെ കുട്ടി​കളെ ബൈബിൾ പഠിപ്പി​ക്കും. ധൈര്യ​സ​മേതം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള സമയമാ​യി​രു​ന്നു അത്‌. തുടർന്നു​വന്ന വർഷങ്ങ​ളിൽ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മായ പാരമ്പ​ര്യ​ങ്ങ​ളും ആചാര​ങ്ങ​ളും ഉപേക്ഷി​ക്കാൻ പ്രസാ​ധകർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു. സഭകൾ അതി​നോ​ടു പ്രതി​ക​രി​ച്ച​പ്പോൾ അവ അനു​ഗ്ര​ഹി​ക്ക​പ്പെട്ടു, ബൈബിൾ തത്ത്വങ്ങ​ളോ​ടും ലോക​വ്യാ​പക സഹോ​ദ​ര​വർഗ​ത്തോ​ടു​മുള്ള ചേർച്ച​യിൽ തങ്ങളുടെ ജീവിതം പൊരു​ത്ത​പ്പെ​ടു​ത്താൻ സഹോ​ദ​രങ്ങൾ കഠിനാ​ധ്വാ​നം​തന്നെ ചെയ്‌തു.

1975-ലെ നാടു​ക​ട​ത്ത​ലി​നെ തുടർന്നുള്ള അഞ്ചുവർഷം പ്രസാ​ധ​ക​രു​ടെ എണ്ണത്തിൽ ഏതാണ്ട്‌ 11 ശതമാനം കുറവു​ണ്ടാ​യി. എന്നാൽ മിഷന​റി​മാർ 1986-ൽ മടങ്ങി​വ​ന്ന​തി​നെ തുടർന്നുള്ള അഞ്ചുവർഷ​ങ്ങ​ളിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 50 ശതമാ​ന​ത്തി​ല​ധി​കം വർധി​ച്ചു​കൊണ്ട്‌ അത്യു​ച്ച​ത്തി​ലെത്തി. ആ വർഷം മുതൽ ഇന്നുവരെ നോക്കി​യാൽ സജീവ പ്രസാ​ധ​ക​രു​ടെ എണ്ണം ഇരട്ടി​യി​ല​ധി​ക​മാ​യി വർധി​ച്ചി​രി​ക്കു​ന്നു.

ബ്രാഞ്ചി​നു​ള്ള ഒരു കത്തിൽ ഒരു മുൻ സഞ്ചാര മേൽവി​ചാ​ര​ക​നായ സൈലാസ്‌ ചിവ്‌വെക ഇങ്ങനെ പറഞ്ഞു: “1950-കൾ മുതൽ ഗിലെ​യാദ്‌ പരിശീ​ലനം ലഭിച്ച മിഷന​റി​മാർ മറ്റുള്ള​വരെ പക്വത​യി​ലെ​ത്താൻ സഹായി​ച്ചി​ട്ടുണ്ട്‌. ആ മിഷന​റി​മാർ ക്ഷമാശീ​ല​രും സഹാനു​ഭൂ​തി​യു​ള്ള​വ​രും ദയയു​ള്ള​വ​രും ആയിരു​ന്നു. പ്രസാ​ധ​ക​രു​മാ​യി അടുത്തു സഹവസി​ക്കു​ക​വഴി ഏതുകാ​ര്യ​ത്തി​ലാണ്‌ തിരുത്തൽ ആവശ്യ​മു​ള്ളത്‌ എന്നവർ തിരി​ച്ച​റി​ഞ്ഞു.” മിഷന​റി​മാ​രു​ടെ ഭാഗത്തെ അത്തരം നിഷ്‌ക​പ​ട​വും സ്‌നേ​ഹ​പു​ര​സ്സ​ര​വു​മായ സഹായം ഇന്നും ഇവിടത്തെ വളർച്ച​യ്‌ക്കു പിൻബ​ല​മേ​കു​ന്നു.

അച്ചടിച്ച പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ

പൗലൊ​സി​നെ​യും സഹകാ​രി​ക​ളെ​യും​പോ​ലെ യഹോ​വ​യു​ടെ ആധുനി​ക​കാല സാക്ഷി​ക​ളും “ഇടത്തും വലത്തും നീതി​യു​ടെ ആയുധങ്ങൾ ധരിച്ചു​കൊ​ണ്ടു” തങ്ങൾ ദൈവ​ശു​ശ്രൂ​ഷ​ക​രാ​ണെന്നു തെളി​യി​ക്കു​ന്നു. (2 കൊരി. 6:7) ആത്മീയ പോർക്ക​ള​ത്തിൽ അവർ നീതി​യു​ടെ “ആയുധങ്ങൾ” അഥവാ മാർഗങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സത്യാ​രാ​ധന ഉന്നമി​പ്പി​ക്കു​ന്ന​തിൽ തുടരു​ന്നു.

ആദ്യകാ​ല​ങ്ങ​ളിൽ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളൊ​ക്കെ ഇംഗ്ലീ​ഷിൽ മാത്രമേ ലഭ്യമാ​യി​രു​ന്നു​ള്ളൂ. ആഫ്രി​ക്ക​യു​ടെ തെക്കു​ഭാ​ഗ​ത്തുള്ള ചിലർ 1909 മുതൽത്തന്നെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വരിക്കാ​രാ​യി​രു​ന്നെ​ങ്കി​ലും ബൈബിൾ സത്യം വ്യാപി​ച്ചത്‌ ഏറെയും വാമൊ​ഴി​യാ​യി​ട്ടാ​യി​രു​ന്നു. ആ കാലയ​ള​വിൽ ജീവി​ച്ചി​രുന്ന ഒരു സഹോ​ദരൻ ഇപ്രകാ​രം പറഞ്ഞു: “പൊതു​ജന താത്‌പ​ര്യ​മുള്ള കാര്യങ്ങൾ പരസ്യ​മാ​യി അവതരി​പ്പി​ക്കാ​നുള്ള ഒരു [സ്ഥലം] എല്ലാ ഗ്രാമ​ങ്ങ​ളി​ലു​മുണ്ട്‌. ഇംഗ്ലീഷ്‌ അറിയാ​വുന്ന ഒരു സഹോ​ദരൻ ഈ സ്ഥലങ്ങ​ളൊ​ക്കെ സന്ദർശിച്ച്‌ ഖണ്ഡികകൾ പ്രാ​ദേ​ശിക ഭാഷയി​ലേക്ക്‌ ലളിത​മായ വിധത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തും. തുടർന്ന്‌ സദസ്യർക്കു ചോദ്യ​ങ്ങൾ ചോദി​ക്കാം.” എന്നാൽ സത്യം എത്ര കൃത്യ​ത​യോ​ടെ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു എന്നത്‌ വലി​യൊ​ര​ള​വു​വരെ, പരിഭാഷ ചെയ്യുന്ന വ്യക്തി​യു​ടെ പ്രാപ്‌തി​യെ​യും ആന്തര​ത്തെ​യും ആശ്രയി​ച്ചി​രു​ന്നു. അതു​കൊണ്ട്‌ താത്‌പ​ര്യ​ക്കാ​രിൽ ഐക്യം ഉന്നമി​പ്പി​ക്കു​ന്ന​തി​നും കൂടുതൽ മെച്ചമാ​യി സൂക്ഷ്‌മ​പ​രി​ജ്ഞാ​നം നേടാൻ അവരെ സഹായി​ക്കു​ന്ന​തി​നും അവരുടെ സ്വന്തം ഭാഷയിൽ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ ക്രമമാ​യും ആശ്രയ​യോ​ഗ്യ​മായ വിധത്തി​ലും ലഭ്യമാ​കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.

പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ക്കു​ന്നു

1930-കളുടെ തുടക്ക​ത്തിൽ ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌തകം, (ഇംഗ്ലീഷ്‌) ചില ചെറു​പു​സ്‌ത​കങ്ങൾ എന്നിവ ചിൻയാൻജാ (ഇപ്പോൾ ചിച്ചവ) ഭാഷയി​ലേക്കു വിവർത്തനം ചെയ്‌തു പ്രസി​ദ്ധീ​ക​രി​ച്ചു. 1934 ആയപ്പോ​ഴേക്ക്‌ സജീവ​പ്ര​സാ​ധ​ക​രു​ടെ ചെറിയ കൂട്ടം സാഹി​ത്യ​ങ്ങ​ളു​ടെ 11,000-ത്തിലധി​കം പ്രതികൾ വിതരണം ചെയ്‌തു​ക​ഴി​ഞ്ഞി​രു​ന്നു. ഇത്‌ എതിരാ​ളി​കളെ ചൊടി​പ്പി​ച്ചു. പിന്നീട്‌ അവർ “നിയമം​വഴി ദുരിത”മുണ്ടാക്കി. (സങ്കീ. 94:20, പി.ഒ.സി. ബൈബിൾ) എന്നിരു​ന്നാ​ലും 1949-ന്റെ ഒടുക്കം വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ നിരോ​ധനം നീക്കി​യ​പ്പോൾ സിബെം​ബാ ഭാഷയിൽ ഒരു പ്രതി​മാസ പതിപ്പ്‌ മിമി​യോ​ഗ്രാഫ്‌ ഉപയോ​ഗി​ച്ചു പകർപ്പെ​ടുത്ത്‌ വരിക്കാർക്ക്‌ അയച്ചു​കൊ​ണ്ടി​രു​ന്നു.

1950-കളുടെ ആരംഭ​ത്തിൽ മാസി​കകൾ തയ്യാറാ​ക്കി​യി​രു​ന്ന​തി​നെ​ക്കു​റിച്ച്‌ ജോനസ്‌ മൻജോ​നി അനുസ്‌മ​രി​ക്കു​ന്നു. “സിബെം​ബാ പരിഭാ​ഷ​യ്‌ക്ക്‌ ഞാൻ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ, ഇംഗ്ലീഷ്‌ പതിപ്പ്‌ എനിക്കു​കി​ട്ടും, ഞാൻ അത്‌ പരിഭാ​ഷ​പ്പെ​ടു​ത്തി തിരു​ത്ത​ലു​കൾ വരുത്തും. പിന്നെ അതെല്ലാം ഒരു സ്റ്റെൻസി​ലി​ലേക്കു വീണ്ടും ടൈപ്പു​ചെ​യ്യും, എന്നിട്ട്‌ അതുപ​യോ​ഗിച്ച്‌ പകർപ്പു​ക​ളെ​ടു​ക്കും. അതിന്‌ ഏറെ സമയം വേണമാ​യി​രു​ന്നു. ചില​പ്പോൾ ഓരോ ലക്കത്തി​ന്റെ​യും 7,000 പകർപ്പു​ക​ളൊ​ക്കെ വേണ്ടി​വ​രു​മാ​യി​രു​ന്നു. ഓരോ മാസി​ക​യു​ടെ​യും താളുകൾ ഞാൻ കൈ​കൊ​ണ്ടു നിർമിച്ച്‌ ഒന്നിച്ചു​വെച്ചു പിൻചെ​യ്യു​ക​യാ​യി​രു​ന്നു. പിന്നെ മാസി​കകൾ സഭകൾക്ക്‌ തപാലിൽ അയയ്‌ക്കും. മാസികാ ചുരു​ളു​ക​ളിൽ സ്റ്റാമ്പ്‌ പതിക്കു​ന്ന​തും കാർട്ട​ണു​ക​ളി​ലാ​ക്കി പോസ്റ്റ്‌ ഓഫീ​സി​ലേക്കു കൊണ്ടു​പോ​കു​ന്ന​തും വൻസം​രം​ഭം തന്നെയാ​യി​രു​ന്നു,” അദ്ദേഹം പറയുന്നു.

അക്കാലത്ത്‌ സാങ്കേ​തി​ക​വി​ദ്യ​യൊ​ക്കെ പരിമി​ത​മാ​യി​രു​ന്നെ​ങ്കി​ലും പരിഭാഷ ചെയ്‌തവർ തങ്ങൾ ചെയ്യുന്ന വേലയു​ടെ പ്രയോ​ജ​നങ്ങൾ നന്നായി തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അർപ്പണ മനോ​ഭാ​വം പ്രകട​മാ​ക്കി. ജെയിംസ്‌ മവാങ്‌ഗോ സഹോ​ദരൻ സഞ്ചാര​വേ​ല​യു​ടെ തിരക്കി​ലാ​യി​രു​ന്ന​പ്പോ​ഴും കൈ​കൊ​ണ്ടു പരിഭാ​ഷ​ചെ​യ്‌തി​രു​ന്നു, അതും മിക്ക​പ്പോ​ഴും മെഴു​കു​തി​രി​വെ​ട്ട​ത്തിൽ. “ഈ ജോലി ചെയ്യാൻ പറ്റാത്തത്ര ക്ഷീണ​മൊ​ന്നും എനി​ക്കൊ​രി​ക്ക​ലും തോന്നി​യി​ട്ടില്ല. എന്റെ സഹോ​ദ​ര​ങ്ങൾക്ക്‌ ആത്മീയ ഭക്ഷണം നൽകു​ന്ന​തി​ലും അങ്ങനെ അവർ പക്വത​യി​ലേക്കു വളരു​ന്ന​തി​ലും എന്റെ പരിഭാ​ഷാ​വേല സഹായി​ക്കു​ന്നു​വെന്ന അറിവ്‌ എനിക്ക്‌ സന്തോഷം പകർന്നു,” അദ്ദേഹം പറഞ്ഞു.

‘കൈകൾ വെച്ചു​മാ​റൽ’

സത്യം ശരിയാ​യി പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെ​ങ്കിൽ ഒരു പരിഭാ​ഷ​കന്‌ സ്വന്തം ഭാഷയിൽമാ​ത്രമല്ല ഇംഗ്ലീ​ഷി​ലും മികച്ച ഗ്രാഹ്യം​വേണം. ആരൻ മപ്പുലൻഗാ ഇങ്ങനെ പറഞ്ഞു: “പരിഭാഷ ചെയ്യു​മ്പോൾ, ചില പദസഞ്ച​യ​ങ്ങൾക്ക്‌ അവയിലെ വാക്കുകൾ ദ്യോ​തി​പ്പി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാ​വുന്ന അർഥമാ​യി​രി​ക്കില്ല യഥാർഥ​ത്തി​ലു​ള്ളത്‌. ‘റ്റു ചെയ്‌ഞ്ച്‌ ഹാൻഡ്‌സ്‌’ എന്ന ഒരു ഇംഗ്ലീഷ്‌ പദപ്ര​യോ​ഗ​ത്തെ​പ്പറ്റി ചർച്ചന​ട​ന്നത്‌ ഞാൻ ഓർക്കു​ന്നു. ഏലീയാ​വിൽനിന്ന്‌ എലീശാ​യി​ലേക്ക്‌ ഉത്തരവാ​ദി​ത്വ​ങ്ങൾ കൈമാ​റ്റം ചെയ്യ​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ചാണ്‌ പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ചർച്ച​ചെ​യ്‌തി​രു​ന്നത്‌. ഒരു സഹോ​ദരൻ ഇത്‌ അക്ഷരാർഥ​ത്തിൽ പരിഭാ​ഷ​പ്പെ​ടു​ത്തി. ശരിക്കും ഇതി​ന്റെ​യർഥം ‘കൈകൾ വെച്ചു​മാ​റൽ’ എന്നാ​ണോ​യെന്ന്‌ ഞാൻ സംശയ​മു​ന്ന​യി​ച്ചു. മറ്റു സഹോ​ദ​ര​ങ്ങ​ളോട്‌ അഭി​പ്രാ​യം ആരാഞ്ഞ​പ്പോൾ ഞങ്ങൾക്ക്‌ അതിന്റെ ശരിയായ അർഥം മനസ്സി​ലാ​യി. അതു​പോ​ലെ പദാനു​പദ പരിഭാഷ ഒഴിവാ​ക്കാൻ ഞങ്ങളോ​ടു പറഞ്ഞത്‌ ഞാൻ ഓർക്കു​ന്നു, അങ്ങനെ ചെയ്‌താൽ പരിഭാ​ഷ​യ്‌ക്ക്‌ ഒരു ഇംഗ്ലീഷ്‌ ചുവയു​ണ്ടാ​യി​രി​ക്കും. പദാനു​പദ തർജമ ഒഴിവാ​ക്കി പരിഭാ​ഷ​യ്‌ക്ക്‌ ലക്ഷ്യഭാ​ഷ​യു​ടെ തനിമ പകർന്നു​നൽകാൻ ഞങ്ങൾ ശ്രമിച്ചു.”

സാങ്കേ​തി​ക​വി​ദ്യ സഹായ​ത്തി​നെ​ത്തു​ന്നു

1986 മുതൽ ബ്രാഞ്ച്‌ ഓഫീ​സു​കൾക്ക്‌ മെപ്‌സ്‌ (ബഹുഭാ​ഷാ ഇലക്‌​ട്രോ​ണിക്‌ ഫോ​ട്ടോ​ടൈ​പ്പ്‌സെ​റ്റിങ്‌ സംവി​ധാ​നം) ലഭ്യമാ​യി​രി​ക്കു​ന്നു. ഇത്‌ പരിഭാഷ, ചെക്കിങ്‌, കോം​പ​സി​ഷൻ എന്നിവ ത്വരി​ത​ഗ​തി​യി​ലാ​ക്കാൻ ഏറെ സഹായി​ച്ചി​ട്ടുണ്ട്‌. അടുത്ത​കാ​ലത്ത്‌ വാച്ച്‌ടവർ ട്രാൻസ്‌ലേഷൻ സിസ്റ്റം സോഫ്‌റ്റ്‌വെ​യ​റും ട്രാൻസ്‌ലേഷൻ ടൂൾസും വ്യാപ​ക​മാ​യി ഉപയോ​ഗി​ച്ചു​തു​ടങ്ങി. പ്രധാ​ന​പ്പെട്ട പല പ്രാ​ദേ​ശിക ഭാഷക​ളി​ലും ഇന്ന്‌ പരിഭാ​ഷാ​സം​ഘ​ങ്ങ​ളുണ്ട്‌. മിക്ക സാംബി​യ​ക്കാർക്കും മനസ്സി​ലാ​കുന്ന വിധത്തിൽ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ക്കാൻ ഇവരുടെ പ്രവർത്തനം സഹായി​ക്കു​ന്നു. യഹോ​വയെ അറിയാൻ ആത്മാർഥ ഹൃദയ​രായ ആളുകളെ സഹായി​ക്കു​ന്ന​തിൽ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​നും മറ്റ്‌ “നീതി​യു​ടെ ആയുധങ്ങൾ”ക്കും തുടർന്നും ഒരു പങ്കുണ്ടാ​യി​രി​ക്കും.—2 കൊരി. 6:7.

അഭയാർഥി​കൾക്കു സഹായം

ആഫ്രി​ക്ക​യിൽ ശാന്തി​യി​ലും സന്തുഷ്ടി​യി​ലും ജീവിതം ആസ്വദി​ക്കുന്ന നിരവ​ധി​പ്പേ​രുണ്ട്‌. എന്നാൽ യുദ്ധത്തി​ന്റെ കെടു​തി​കൾക്കി​ര​യാ​കുന്ന ആളുക​ളു​ടെ എണ്ണം വർധി​ക്കു​ക​യാ​ണെ​ന്നു​ള്ള​താ​ണു ദുഃഖ​കരം. നിനച്ചി​രി​ക്കാ​തെ​യാണ്‌ അയൽക്കാർ ശത്രു​ക്ക​ളാ​കു​ന്നത്‌. ഓർക്കാ​പ്പു​റത്ത്‌ നിരപ​രാ​ധി​കൾക്ക്‌ വീടു​വി​ട്ടു പലായനം ചെയ്യേ​ണ്ടി​വ​രു​ന്നു, സമുദാ​യങ്ങൾ സംഘർഷ​പൂ​രി​ത​മാ​കു​ന്നു. അഭയാർഥി​കൾ കൈയിൽ ഒതുങ്ങു​ന്നതു മാത്രം എടുത്ത്‌, പേടി​ക്കാ​തെ അന്തിയു​റ​ങ്ങാ​നൊ​രി​ടം തേടി​പ്പോ​കു​ന്നു. ഇന്ന്‌ ലക്ഷക്കണ​ക്കി​നാ​ളു​ക​ളു​ടെ അനുഭ​വ​ക​ഥ​യാ​ണിത്‌.

1999 മാർച്ചിൽ കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കി​ലെ സംഘട്ട​ന​ങ്ങ​ളിൽനിന്ന്‌ രക്ഷപ്പെ​ട്ടോ​ടിയ ആയിര​ക്ക​ണ​ക്കി​നു​പേർ സാംബി​യ​യി​ലേക്ക്‌ ഒഴുകു​ക​യാ​യി​രു​ന്നു. പല യുദ്ധങ്ങ​ളി​ലെ​യും​പോ​ലെ മുന്നേ​റുന്ന സൈന്യം ഓടി​പ്പോ​യ​വരെ കൊള്ള​യ​ടി​ച്ചു, പുരു​ഷ​ന്മാ​രെ​ക്കൊണ്ട്‌ കനത്തചു​മ​ടു​ക​ളെ​ടു​പ്പി​ച്ചു, സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും ദ്രോ​ഹി​ച്ചു. ആയുധ​മെ​ടു​ക്കാ​ത്ത​തി​ന്റെ പേരിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരെ​യും അപമാ​നി​ക്കു​ക​യും കിരാ​ത​മാ​യി മർദി​ക്കു​ക​യും ചെയ്‌തു. തീക്ഷ്‌ണ​ത​യുള്ള ഒരു സാധാ​ര​ണ​പ​യ​നി​യ​റായ, 50-കളുടെ മധ്യത്തി​ലാ​യി​രി​ക്കുന്ന കറ്റാറ്റു സോൻഗ അനുസ്‌മ​രി​ക്കു​ന്നു: “എന്നെ സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും മുമ്പാകെ കിടത്തി ബോധം​കെ​ടും​വരെ ചാട്ടയ്‌ക്ക്‌ അടിച്ചു.”

അത്തരം ദ്രോഹം ഒഴിവാ​ക്കാ​നാ​യി അനേകം കുടും​ബങ്ങൾ പലായനം ചെയ്‌തു. ഒരു കാട്ടി​ലൂ​ടെ ഓടി​പ്പോ​കു​ന്ന​വഴി, മപെങ്‌ഗോ കിറ്റാം​ബോ സഹോ​ദ​ര​നും പുത്ര​ന്മാ​രും രണ്ടുവ​ഴി​ക്കാ​യി​പ്പോ​യി. അദ്ദേഹം പറയുന്നു: “കാണാ​തെ​പോ​യ​വർക്കു​വേണ്ടി തിരയാൻ ഞങ്ങൾക്കു സമയമി​ല്ലാ​യി​രു​ന്നു. ഞങ്ങളുടെ പ്രിയ​പ്പെ​ട്ടവർ എവി​ടെ​യാ​ണെ​ന്നോർത്ത്‌ ഉള്ളുനീ​റി​യെ​ങ്കി​ലും ഞങ്ങൾക്കു യാത്ര തുടരാ​തെ നിവൃ​ത്തി​യി​ല്ലാ​യി​രു​ന്നു.” സുരക്ഷിത സ്ഥാന​ത്തെ​ത്താ​നാ​യി പലർക്കും കാൽന​ട​യാ​യോ സൈക്കി​ളി​ലോ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ പലായനം ചെയ്യേ​ണ്ടി​വന്നു.

അഭയാർഥി​ക​ളു​ടെ കുത്തൊ​ഴുക്ക്‌ കപൂട്ട എന്ന കൊച്ചു​പ​ട്ട​ണത്തെ വീർപ്പു​മു​ട്ടി​ച്ചു. അക്കൂട്ട​ത്തിൽ ഏകദേശം 5,000 സഹോ​ദ​ര​ങ്ങ​ളും അവരുടെ കുടും​ബ​ങ്ങ​ളും ഉണ്ടായി​രു​ന്നു. കഠിന​മായ ദീർഘ​യാ​ത്ര ഏവരെ​യും പരിക്ഷീ​ണ​രാ​ക്കി​യി​രു​ന്നു. അഭയാർഥി​കളെ പ്രതീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ആ പട്ടണത്തി​ലു​ണ്ടാ​യി​രുന്ന 200 രാജ്യ​പ്ര​സാ​ധകർ സന്തോ​ഷ​പൂർവം തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ക്രിസ്‌തീയ ആതിഥ്യ​മ​രു​ളി. ഒരു അഭയാർഥി​യായ മൻഡ ൻറ്റോംപ അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങളോ​ടു കാണിച്ച സ്‌നേ​ഹ​വും അതിഥി​പ്രി​യ​വും ഞങ്ങളിൽ ആഴമായ മതിപ്പു​ള​വാ​ക്കി. ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അവിടത്തെ സഹോ​ദ​രങ്ങൾ സ്വന്തം വീടു​ക​ളി​ലേക്കു ഞങ്ങളെ കൂട്ടി​ക്കൊ​ണ്ടു​പോ​യി. അവർക്ക്‌ സമൃദ്ധി ഇല്ലായി​രു​ന്നെ​ങ്കി​ലും ഉള്ള ആഹാരം ഞങ്ങളു​മാ​യി പങ്കു​വെ​ക്കു​ന്ന​തി​നു മനസ്സു​കാ​ട്ടി, സാരെ​ഫാ​ത്തി​ലെ വിധവ​യെ​പ്പോ​ലെ.”

വടക്ക്‌ മ്‌വേറു തടാക​ത്തി​ന്റെ തീരത്തി​ന​ടുത്ത്‌ പ്രാ​ദേ​ശിക സാക്ഷി​ക​ളു​ടെ ഒരു ചെറിയ കൂട്ടം നൂറു​ക​ണ​ക്കിന്‌ അഭയാർഥി​ക​ളു​ടെ കാര്യങ്ങൾ നോക്കി​ന​ടത്തി. സംഘടി​ത​മായ രീതി​യിൽ അവർ ഭക്ഷണവും താമസ​സൗ​ക​ര്യ​ങ്ങ​ളും ഏർപ്പെ​ടു​ത്തി. അടുത്തുള്ള സഭകൾ കസാവ​യും മീനും നൽകി. മൂന്നു​മാ​സ​ത്തി​നു ശേഷം കോം​ഗോ​ക്കാ​രായ സാക്ഷി​ക​ളു​ടെ പേരു രജിസ്റ്റർ ചെയ്‌ത്‌ അവരെ അഭയാർഥി ക്യാമ്പി​ലേക്കു മാറ്റി.

ഉഗ്രമായ സംഘട്ട​നങ്ങൾ ഭയന്ന്‌ പലായനം ചെയ്യു​മ്പോൾ പുസ്‌ത​ക​ങ്ങ​ളും മാസി​ക​ക​ളും ഒക്കെ കൂടെ​ക്ക​രു​തു​ന്നവർ വിരള​മാണ്‌. നിധി​പോ​ലെ കരുതിയ പലതും ഉപേക്ഷി​ച്ചാണ്‌ പലപ്പോ​ഴും ആളുകൾ ഓടി​പ്പോ​കുക. എന്നാൽ ദൈവ​ജ​ന​ത്തി​നി​ട​യിൽ ഒരു വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. പരി​ഭ്രാ​ന്തി​യിൽ വീടും​കു​ടി​യും ഉപേക്ഷിച്ച്‌ പായു​മ്പോ​ഴും അവരിൽ ചിലർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൂടെ​ക്ക​രു​തി. എന്നിട്ടും ബൈബി​ളു​ക​ളും ബൈബി​ള​ധി​ഷ്‌ഠിത സാഹി​ത്യ​ങ്ങ​ളും തീരെ​ക്കു​റ​വാ​യി​രു​ന്നു. സാധാരണ 150 പേർ അടങ്ങുന്ന ഒരു യോഗ​ത്തിൽ അഞ്ച്‌ പുസ്‌ത​ക​ങ്ങ​ളാ​കും ഉണ്ടാകുക. സന്നിഹി​ത​രാ​യി​രി​ക്കുന്ന എല്ലാവ​രും പങ്കുപ​റ്റി​യി​രു​ന്നത്‌ എങ്ങനെ​യാണ്‌? ഒരു സഹോ​ദരൻ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ബൈബി​ളു​ള്ളവർ അതെടു​ത്തു നോക്കും, എന്നാൽ അതില്ലാ​ത്തവർ നന്നായി ശ്രദ്ധി​ച്ചി​രി​ക്കും. അങ്ങനെ എല്ലാവർക്കും യോഗ​ങ്ങ​ളിൽ അഭി​പ്രാ​യങ്ങൾ പറഞ്ഞു​കൊണ്ട്‌ യഹോ​വയെ സ്‌തു​തി​ക്കാ​നും പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും കഴിഞ്ഞി​രു​ന്നു.”

ഭൗതി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റ​പ്പെ​ടു​ന്നു

അഭയാർഥി​ക​ളിൽ ഭൂരി​ഭാ​ഗ​വും സ്‌ത്രീ​ക​ളും കുട്ടി​ക​ളു​മാണ്‌. ആരോ​ഗ്യം ക്ഷയിച്ചും വിശന്നു​വ​ല​ഞ്ഞു​മാണ്‌ മിക്കവ​രും എത്തുന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ അവരെ എങ്ങനെ​യാ​ണു സഹായി​ച്ചി​രി​ക്കു​ന്നത്‌? ടൈംസ്‌ ഓഫ്‌ സാംബിയ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഗ്രേറ്റ്‌ ലേക്ക്‌സ്‌ പ്രദേ​ശത്തെ അഭയാർഥി​ക​ളു​ടെ ദുരവ​സ്ഥ​യിൽ ഒരു താങ്ങെ​ന്ന​വണ്ണം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സാംബിയ അസോ​സി​യേഷൻ മുൻ സയറി​ലേക്ക്‌ സന്നദ്ധ​സേ​വ​ക​രെ​യും ദുരി​താ​ശ്വാ​സ പ്രവർത്ത​ക​രെ​യും അയച്ചത്‌ തികച്ചും ആശ്വാ​സ​ക​ര​മാണ്‌.” ബെൽജി​യം, ഫ്രാൻസ്‌, സ്വിറ്റ്‌സർലൻഡ്‌ എന്നിവി​ട​ങ്ങ​ളി​ലെ സാക്ഷികൾ “അഭയാർഥി​കൾക്കാ​യി മൊത്തം 500 കിലോ​ഗ്രാം മരുന്ന്‌, 10 ടൺ വിറ്റാ​മിൻ ഉത്‌പ​ന്നങ്ങൾ, 20 ടൺ ഭക്ഷ്യവ​സ്‌തു​ക്കൾ, 90 ടണ്ണില​ധി​കം വസ്‌ത്രം, 18,500 ജോടി ചെരു​പ്പു​കൾ, 1,000 കമ്പിളി​പ്പു​ത​പ്പു​കൾ എന്നിങ്ങനെ എല്ലാം കൂടി ഏകദേശം 10 ലക്ഷം യുഎസ്‌ ഡോള​റി​ന്റെ സാധനങ്ങൾ അയച്ചു​കൊ​ടു​ത്തു” എന്ന്‌ ലേഖനം വ്യക്തമാ​ക്കി.

ൻറ്റോംപ സഹോ​ദരൻ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “സാധനങ്ങൾ എത്തി​ച്ചേർന്ന​പ്പോൾ ഞങ്ങൾക്കെ​ല്ലാ​വർക്കും എന്തെന്നി​ല്ലാത്ത ആഹ്ലാദം തോന്നി, വിശ്വാ​സത്തെ ബലപ്പെ​ടു​ത്തുന്ന ഒന്നായി​രു​ന്നു ആ സംഭവം. നാം എത്ര കരുത​ലുള്ള ഒരു സംഘട​ന​യു​ടെ ഭാഗമാണ്‌! സ്‌നേ​ഹ​ത്തി​ന്റെ ഈ ഉദാത്ത പ്രകടനം പല സഹോ​ദ​ര​ങ്ങ​ളു​ടെ​യും അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങളെ സംബന്ധിച്ച്‌ ഒരു വഴിത്തി​രി​വാ​യി​രു​ന്നു. അന്നുമു​തൽ അവരിൽ ചിലർ ഞങ്ങളോ​ടൊ​പ്പം ചേർന്നു, ദൈവാ​രാ​ധ​ക​രെന്ന നിലയിൽ നല്ല പുരോ​ഗതി വരുത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.” ദുരി​താ​ശ്വാ​സ സാമ​ഗ്രി​കൾ പക്ഷപാ​തി​ത്വ​മി​ല്ലാ​തെ അഭയാർഥി​കൾക്കെ​ല്ലാം വിതരണം ചെയ്‌തു.

1999 അവസാനം ആയപ്പോ​ഴേക്ക്‌ സ്വന്തം നാടു​വിട്ട്‌ അവിടെ എത്തി​ച്ചേർന്ന​വ​രു​ടെ എണ്ണം 2,00,000 കവിഞ്ഞു. ഒരു പ്രാ​ദേ​ശിക പത്രം ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “പോരാ​ട്ട​ങ്ങ​ളു​ടെ ഭീകര​ത​യിൽനി​ന്നു പലായനം ചെയ്യുന്ന ആഫ്രിക്കൻ അഭയാർഥി​ക​ളു​ടെ ഏറ്റവും വലിയ അഭയ​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കു​ന്നു സാംബിയ.” അവരുടെ ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള അധികാ​രി​ക​ളു​ടെ ശ്രമങ്ങ​ളു​ണ്ടാ​യി​രു​ന്നി​ട്ടും അഭയാർഥി മനസ്സു​ക​ളിൽ പുകയുന്ന നിരാ​ശ​യും അതൃപ്‌തി​യും അവിടം മറ്റൊരു പോർക്ക​ള​മാ​ക്കി. ഒരു ലഹള​യെ​ത്തു​ടർന്ന്‌ ക്യാമ്പ്‌ അധികൃ​തർ സർക്കിട്ട്‌ മേൽവി​ചാ​ര​കനെ സമീപി​ച്ചു. അവിടെ ക്രമസ​മാ​ധാ​നം സ്ഥാപി​ക്കാൻ അദ്ദേഹം ഒട്ടും​തന്നെ സഹായി​ച്ചി​ല്ലെന്ന്‌ പരാതി​പ്പെ​ട്ടു​കൊ​ണ്ടാ​യി​രു​ന്നു അവരുടെ വരവ്‌. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കാ​കട്ടെ ആ ലഹളയിൽ ഒരു പങ്കുമി​ല്ലാ​യി​രു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​രകൻ ദയാപു​ര​സ്സരം എന്നാൽ ദൃഢമാ​യി ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളെ സഹായി​ച്ച​ല്ലോ! ലഹളയു​ണ്ടാ​ക്കി​യ​വ​രു​ടെ കൂടെ ഒരു 5,000 പേരും​കൂ​ടെ ഉണ്ടായി​രു​ന്നെ​ങ്കിൽ സ്ഥിതി എന്തായി​രി​ക്കു​മാ​യി​രു​ന്നെന്ന്‌ ഊഹി​ച്ചു​നോ​ക്കൂ? അതു​കൊണ്ട്‌ 5,000 അഭയാർഥി​കൾ പങ്കെടു​ക്കാ​തി​രു​ന്ന​തി​നെ ദയവായി വിലമ​തി​ക്കുക. അവർ അതിൽ പങ്കെടു​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ? അവർ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌, എന്റെ സഹോ​ദ​രങ്ങൾ!”

അഭയാർഥി സമൂഹ​ത്തിൽ ശാന്തമായ അന്തരീക്ഷം സൃഷ്ടി​ക്കു​ന്ന​വ​രെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷികൾ തിരി​ച്ച​റി​യ​പ്പെ​ടു​ന്നു. ഒരു ഗവൺമെന്റ്‌ ഉദ്യോ​ഗസ്ഥൻ പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ വളരെ മതഭക്ത​രാ​ണെന്ന്‌ ഞങ്ങൾ കേട്ടു, അതു​കൊണ്ട്‌ ഞങ്ങൾ അവരിൽ പലരെ​യും ക്യാമ്പി​ന്റെ ഓരോ​രോ കാര്യ​ങ്ങ​ളു​ടെ മേൽനോ​ട്ടം ഏൽപ്പിച്ചു. അന്നുമു​തൽ ക്യാമ്പിൽ സമാധാ​ന​മുണ്ട്‌, എല്ലാവ​രും ബൈബിൾ വായന​യിൽ ശ്രദ്ധി​ക്കു​ന്നുണ്ട്‌. ക്യാമ്പിൽ സമാധാ​നം നിലനിൽക്കു​ന്ന​തിന്‌ ദൈവ​ത്തി​നു നന്ദിപ​റ​യു​ന്നു. ഇത്തരം ആളുകൾ ഈ ക്യാമ്പിൽ തുടർന്നും ഞങ്ങളോ​ടൊ​പ്പം ഉണ്ടായി​രി​ക്ക​ണ​മെ​ന്നാണ്‌ എന്റെ പ്രാർഥന.”

രക്തം സംബന്ധിച്ച ദിവ്യ​വി​ലക്ക്‌ അനുസ​രി​ക്കു​ന്നു

“രക്തം . . . വർജ്ജിക്കു”ക എന്ന തിരു​വെ​ഴു​ത്തു വിലക്കി​ലെ പ്രാ​യോ​ഗിക ജ്ഞാനം വ്യക്തമാ​യിട്ട്‌ ദീർഘ​നാ​ളാ​യെ​ങ്കി​ലും, സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേ​ശത്ത്‌ രക്തരഹിത വൈദ്യ​ചി​കി​ത്സ​യെ​ക്കു​റിച്ച്‌ മുൻവി​ധി​യും തെറ്റി​ദ്ധാ​ര​ണ​യും പ്രബല​മാ​യി​രു​ന്നു. (പ്രവൃ. 15:28, 29) ദുഃഖ​ക​ര​മെന്നു പറയട്ടെ, ഇതിന്റെ പേരിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ പരുഷ​വും അപകീർത്തി​ക​ര​വു​മായ പെരു​മാ​റ്റങ്ങൾ സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ക്ക​പ്പെട്ട കുട്ടിയെ രാത്രി​യിൽ മാതാ​പി​താ​ക്കൾ അറിയാ​തെ എടുത്തു​കൊ​ണ്ടു​പോ​യി രക്തം കയറ്റുക അവിടെ സാധാ​ര​ണ​മാ​യി​രു​ന്നു.

ജനലാ മുകൂ​സാ​വോ​യു​ടെ ആറുവ​യ​സ്സുള്ള കൊച്ചു​മകൻ മൈക്ക​ലി​ന്റെ കാര്യ​മെ​ടു​ക്കാം. ജനലാ​യു​ടെ കൂടെ​നി​ന്നാണ്‌ അവൻ വളർന്നത്‌. ഗുരു​ത​ര​മായ വിളർച്ച ബാധിച്ച്‌ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ച്ച​താ​യി​രു​ന്നു അവനെ. ഡോക്ടർമാർ രക്തപ്പകർച്ച ആവശ്യ​പ്പെട്ടു. ജനലാ സഹോ​ദരി സമ്മതി​ക്കാ​തി​രു​ന്ന​തി​നാൽ നാലു​ദി​വ​സം​വരെ അവരെ ഭീഷണി​പ്പെ​ടു​ത്തു​ക​യും ദ്രോ​ഹി​ക്കു​ക​യും ചെയ്‌തു. സഹോ​ദരി പറയുന്നു: “ഞാൻ അവരോട്‌ അപേക്ഷി​ച്ചു, എന്റെ വൈദ്യ നിർദേശം കാർഡ്‌ കാണിച്ചു, പക്ഷേ ഒന്നും കേൾക്കാൻ അവർ കൂട്ടാ​ക്കി​യില്ല. എന്റെ പേരക്കി​ടാ​വി​നെ കൊല്ലാൻ തുനിഞ്ഞ ഒരു ദുർമ​ന്ത്ര​വാ​ദി​നി​യാ​ണു ഞാൻ എന്നുപ​റഞ്ഞ്‌ നഴ്‌സു​മാർ എന്നെ അധി​ക്ഷേ​പി​ച്ചു.”

ഇത്തരം പ്രശ്‌നങ്ങൾ നിലവി​ലി​രി​ക്കു​ന്ന​തു​കൊണ്ട്‌ ചിലർ ആശുപ​ത്രി​യിൽ പോകാൻ വിമുഖത കാട്ടി. കാര്യ​ജ്ഞാ​ന​ത്തോ​ടെ​യുള്ള തിര​ഞ്ഞെ​ടു​പ്പിന്‌ രോഗിക്ക്‌ അവകാ​ശ​മു​ണ്ടെ​ന്നുള്ള കാര്യം പല ഡോക്ടർമാ​രും അവഗണി​ച്ചു. ചില ഡോക്ടർമാർ സഹായി​ക്കാൻ മുന്നോ​ട്ടു​വ​ന്നാൽത്തന്നെ, അസ്വീ​കാ​ര്യം എന്നു പലരും കരുതുന്ന ചികിത്സ നടത്തു​ന്ന​തിന്‌ സഹഡോ​ക്ടർമാർ അവരെ നിശി​ത​മാ​യി വിമർശി​ക്കു​ക​യും കൂട്ടത്തിൽനിന്ന്‌ ഒറ്റപ്പെ​ടു​ത്തു​ക​പോ​ലും ചെയ്യു​മാ​യി​രു​ന്നു. ചികി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അപര്യാ​പ്‌ത​ത​യും രക്തത്തിനു പകരമുള്ള ചികി​ത്സോ​പാ​ധി​ക​ളു​ടെ ലഭ്യത​ക്കു​റ​വും വെല്ലു​വി​ളി​ക​ളു​യർത്തി. എന്നിരു​ന്നാ​ലും, 1989-ൽ ചെമ്പു​ഖനന വ്യവസായ മേഖല​യി​ലെ മുഖ്യ മെഡിക്കൽ ഓഫീസർ ഇങ്ങനെ പറഞ്ഞു: “ആളുക​ളു​ടെ ഇഷ്ടത്തിനു വിരു​ദ്ധ​മാ​യി രക്തപ്പകർച്ച നടത്തരുത്‌.” വൈദ്യ​ശാ​സ്‌ത്ര​രം​ഗ​ത്തുള്ള ചിലരു​ടെ​യെ​ങ്കി​ലും വീക്ഷണങ്ങൾ മയപ്പെട്ടു തുടങ്ങി​യ​തി​ന്റെ തെളി​വാ​യി​രു​ന്നു അത്‌.

പ്രഭാവം ചെലു​ത്തിയ കമ്മിറ്റി​കൾ

1995-ൽ ഹോസ്‌പി​റ്റൽ ഇൻഫർമേഷൻ സർവീ​സ​സും അതുമാ​യി ബന്ധപ്പെട്ട ആശുപ​ത്രി ഏകോപന സമിതി​ക​ളും സാംബി​യ​യിൽ സ്ഥാപി​ത​മാ​യി. ഈ കമ്മിറ്റി​കൾ രോഗി​യു​ടെ അവകാ​ശ​ങ്ങ​ളു​ടെ​യും രക്തരഹിത ചികി​ത്സ​യു​ടെ​യും കാര്യ​ത്തിൽ വൈദ്യ​ശാ​സ്‌ത്ര രംഗത്തു​ള്ള​വ​രു​ടെ വീക്ഷണ​ത്തി​ന്മേൽ കാതലായ പ്രഭാവം ചെലു​ത്തു​മെന്ന്‌ അധിക​മാ​രും ചിന്തി​ച്ചി​രു​ന്നില്ല. ആശുപ​ത്രി ഏകോപന സമിതി​ക​ളു​ടെ ധർമങ്ങ​ളിൽ ആശുപ​ത്രി​കൾ സന്ദർശി​ക്കുക, ഡോക്ടർമാ​രു​മാ​യി അഭിമു​ഖങ്ങൾ നടത്തുക, ആരോ​ഗ്യ​പ്ര​വർത്ത​ക​രു​ടെ മുമ്പാകെ അവതര​ണങ്ങൾ നടത്തുക എന്നിവ​യൊ​ക്കെ ഉൾപ്പെ​ടു​ന്നു, പരസ്‌പര സഹകരണം സാധ്യ​മാ​ക്കു​ക​യും സംഘർഷം ഒഴിവാ​ക്കു​ക​യും ചെയ്യു​ക​യാണ്‌ ഇതി​ന്റെ​യെ​ല്ലാം ഉദ്ദേശ്യം. ഈ അവതര​ണ​ങ്ങ​ളിൽ പ്രകട​മാ​യി​രുന്ന വൈദ​ഗ്‌ധ്യം ചികി​ത്സാ​രം​ഗ​ത്തു​ള്ള​വ​രിൽ മതിപ്പു​ള​വാ​ക്കി. രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗ​ത്തുള്ള ഒരു ആശുപ​ത്രി​യി​ലെ ഒരു ഉദ്യോ​ഗസ്ഥൻ സഹോ​ദ​ര​ന്മാ​രോട്‌ ഇപ്രകാ​രം പറയാൻ പ്രേരി​ത​നാ​യി: “നിങ്ങൾ ഡോക്ടർമാർത​ന്നെ​യാണ്‌, അതു സമ്മതി​ക്കാൻ നിങ്ങൾ ഇഷ്ടപ്പെ​ടു​ന്നില്ല എന്നുമാ​ത്രം.”

പശ്ചിമ സാംബി​യ​യി​ലുള്ള ഒരു ജില്ലാ ആശുപ​ത്രി​യിൽ ജോലി​ചെ​യ്യുന്ന ഡച്ചുകാ​ര​നായ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു: “രക്തപ്പകർച്ച​യോ​ടു ബന്ധപ്പെട്ട അപകടങ്ങൾ കാരണം രക്തത്തിന്റെ ഉപയോ​ഗം പരമാ​വധി കുറയ്‌ക്കാ​നുള്ള മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ രണ്ടാഴ്‌ച മുമ്പ്‌ ഞങ്ങൾ ചർച്ച ചെയ്‌ത​തേ​യു​ള്ളൂ, ഇപ്പോ​ഴി​താ അതേക്കു​റി​ച്ചു ഞങ്ങളോ​ടു സംസാ​രി​ക്കാൻ പ്രഗത്ഭ​ന്മാർതന്നെ ഇവി​ടെ​യെ​ത്തി​യി​രി​ക്കു​ന്നു.” താമസി​യാ​തെ​തന്നെ ഏകോപന സമിതി​യു​ടെ അവതര​ണങ്ങൾ കണ്ടുമ​ന​സ്സി​ലാ​ക്കിയ ഡോക്ടർമാ​രും നഴ്‌സു​മാ​രും മറ്റും ഈ പരിപാ​ടി​യിൽ പങ്കെടു​ക്കാൻ തങ്ങളുടെ സഹപ്ര​വർത്ത​കരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​തു​ടങ്ങി. ഈ പരിപാ​ടി ചികി​ത്സാ​രം​ഗ​ത്തു​ള്ള​വ​രു​ടെ പ്രത്യേക ശ്രദ്ധ പിടി​ച്ചു​പറ്റി. അങ്ങനെ ആശയസം​ഘ​ട്ട​നങ്ങൾ ക്രമേണ ആശയ​പ്പൊ​രു​ത്ത​ങ്ങൾക്കു വഴിമാ​റി.

കമ്മിറ്റി​യം​ഗ​ങ്ങ​ളിൽ ചിലർക്ക്‌ അപര്യാ​പ്‌തതാ ബോധത്തെ തരണം​ചെ​യ്യേ​ണ്ട​താ​യി​വന്നു, കാരണം അവർ സമീപി​ക്കു​ന്നത്‌ ഡോക്ടർമാ​രെ​യാ​യി​രു​ന്നു, ആളുകൾ വർഷങ്ങ​ളാ​യി ഏതാണ്ട്‌ ദൈവ​ങ്ങ​ളെ​പ്പോ​ലെ കരുതി​പ്പോ​ന്ന​വരെ. ലുസാക്കാ കമ്മിറ്റി​യു​ടെ ചെയർമാ​നാ​യി​രുന്ന സ്‌മാർട്ട്‌ ഫിറി സഹോ​ദരൻ അനുസ്‌മ​രി​ക്കു​ന്നു: “യാതൊ​രു വൈദ്യ​ശാ​സ്‌ത്ര പശ്ചാത്ത​ല​വു​മി​ല്ലാത്ത എനിക്ക്‌ ഒട്ടും ആത്മവി​ശ്വാ​സം തോന്നി​യില്ല.”

എന്നിരു​ന്നാ​ലും, കാല​ക്ര​മേണ സ്ഥിരോ​ത്സാ​ഹ​വും യഹോ​വ​യി​ലുള്ള ആശ്രയ​വും ഫലംകണ്ടു. മറ്റൊരു കമ്മിറ്റി​യം​ഗം ആദ്യകാ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ഞങ്ങൾ മൂന്നു​പേർ ഒരു ഡോക്ടറെ കാണാൻ പോയി, വളരെ സ്വാധീ​ന​മുള്ള ഒരാളാ​യി​രുന്ന അദ്ദേഹം, ആരോ​ഗ്യ​മ​ന്ത്രി​യാ​യി സേവന​മ​നു​ഷ്‌ഠി​ച്ചി​ട്ടുണ്ട്‌. ഞങ്ങൾക്കാ​കെ പരി​ഭ്ര​മ​മാ​യി. ഡോക്ട​റു​ടെ ഓഫീ​സി​നു മുന്നി​ലാ​യി ഇടനാ​ഴി​യിൽ നിൽക്കു​മ്പോൾ സംസാ​രി​ക്കാ​നുള്ള ധൈര്യം​തന്നു സഹായി​ക്ക​ണ​മേ​യെന്ന്‌ ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഓഫീ​സിൽ ചെന്നു​ക​ഴി​ഞ്ഞ​പ്പോൾ ഞങ്ങൾ നല്ലൊരു ചർച്ചന​ടത്തി. അദ്ദേഹം ഞങ്ങളോട്‌ അങ്ങേയറ്റം സഹകരി​ച്ചു. ഞങ്ങൾക്ക്‌ യഹോ​വ​യു​ടെ പിന്തു​ണ​യു​ണ്ടെ​ന്നും ഒന്നും ഭയക്കാ​നി​ല്ലെ​ന്നും ഞങ്ങൾ തിരി​ച്ച​റി​ഞ്ഞു.”

കുറെ വർഷങ്ങൾക്കു മുമ്പാ​ണെ​ങ്കിൽ, രക്തപ്പകർച്ച നടത്താൻ സമ്മതി​ക്കാ​ത്ത​പക്ഷം ഏറ്റെടു​ക്കു​ക​യി​ല്ലാ​തി​രുന്ന വെല്ലു​വി​ളി നിറഞ്ഞ കേസു​കൾപോ​ലും ഏറ്റെടു​ക്കാൻ ഇന്നു ഡോക്ടർമാർ സന്നദ്ധത കാണി​ക്കു​ന്നുണ്ട്‌. ഏകോപന സമിതി​ക​ളു​ടെ​യും ചികി​ത്സാ​രം​ഗ​ത്തു​ള്ള​വ​രു​ടെ​യും ഇടയിൽ വർധി​ച്ചു​വ​രുന്ന സഹകര​ണ​ത്തി​ന്റെ തെളി​വാ​ണിത്‌. 2000 ഒക്ടോ​ബ​റിൽ, കോം​ഗോ ജനാധി​പത്യ റിപ്പബ്ലി​ക്കിൽനി​ന്നുള്ള ആറുമാ​സം പ്രായ​മുള്ള ബിയ​ട്രിസ്‌ എന്ന പെൺകു​ഞ്ഞി​ന്റെ ശസ്‌ത്ര​ക്രിയ നടത്താൻ രണ്ടു സർജൻമാർ സധൈ​ര്യം മുന്നോ​ട്ടു​വന്നു. കുഞ്ഞിന്റെ പിത്തനാ​ളി​ക​ളി​ലെ തടസ്സം നീക്കു​ന്ന​തി​നുള്ള ശസ്‌ത്ര​ക്രിയ രക്തപ്പകർച്ച​കൂ​ടാ​തെ വിജയ​ക​ര​മാ​യെ​ങ്കി​ലും ഇതിന്റെ പേരിൽ ഒട്ടേറെ രൂക്ഷ വിമർശ​നങ്ങൾ നേരി​ടേ​ണ്ടി​വന്നു.

എന്നിരു​ന്നാ​ലും, ശസ്‌ത്ര​ക്രിയ നടത്തിയ ഡോക്ടർമാ​രു​ടെ സംഘത്തി​ന്റെ തലവനായ പ്രൊ​ഫസർ ലുപാൻഡോ മുങ്കോൻഗേ നടത്തിയ ഒരു പത്ര​പ്ര​സ്‌താ​വ​ന​യി​ലൂ​ടെ കാര്യങ്ങൾ നേരെ തിരി​ഞ്ഞു​വന്നു. ബിയ​ട്രി​സി​ന്റെ മാതാ​പി​താ​ക്ക​ളു​ടെ നിലപാ​ടി​നോ​ടുള്ള തന്റെ ആദരവ്‌ അദ്ദേഹം വ്യക്തമാ​ക്കി. മാധ്യ​മ​ങ്ങ​ളി​ലൂ​ടെ​യുള്ള വിമർശ​നങ്ങൾ കെട്ടട​ങ്ങാൻ ഇത്‌ ഏറെ സഹായി​ച്ചു. രണ്ടുമാ​സ​ത്തി​നു ശേഷം, ഒരു ടെലി​വി​ഷൻ ഡോക്യു​മെ​ന്റ​റി​യിൽ ഈ കേസ്‌ അവതരി​പ്പി​ക്കു​ക​യു​ണ്ടാ​യി. രക്തരഹിത വൈദ്യ​ചി​കി​ത്സ​യു​ടെ​യും ശസ്‌ത്ര​ക്രി​യ​യു​ടെ​യും കാര്യ​ത്തി​ലുള്ള നമ്മുടെ നിലപാ​ടി​നെ അനുകൂ​ലി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു പ്രസ്‌തുത പരിപാ​ടി.

“വേഗം ചെയ്യണേ”

ഏതാനും ഡോക്ടർമാർ മാത്രമേ രക്തം സംബന്ധിച്ച സാക്ഷി​ക​ളു​ടെ മനസ്സാ​ക്ഷി​പ​ര​മായ നിലപാ​ടി​നെ ഇപ്പോ​ഴും സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ക്കു​ന്നു​ള്ളൂ. പകരചി​കി​ത്സകൾ ആഫ്രി​ക്ക​യു​ടെ നാട്ടിൻപു​റ​ങ്ങ​ളിൽപ്പോ​ലും സുരക്ഷി​ത​വും ലളിത​വും ഫലപ്ര​ദ​വു​മാ​ണെന്ന്‌ മിക്ക ഡോക്ടർമാ​രും ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു. പല രോഗി​ക​ളും ഇപ്പോൾ തങ്ങളുടെ അവകാ​ശ​ങ്ങ​ളെ​ക്കു​റിച്ച്‌ ധൈര്യ​പൂർവം സംസാ​രി​ക്കാൻ പഠിച്ചി​രി​ക്കു​ന്നു. ഇത്തരം സുപ്ര​ധാന വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ അവബോ​ധം വളർത്തി​യെ​ടു​ക്കു​ന്ന​തും മനസ്സാ​ക്ഷി​പ​ര​മായ നിലപാ​ടു​കൾ ധൈര്യ​പൂർവം തുറന്നു​പ​റ​യേ​ണ്ടത്‌ എങ്ങനെ​യെന്നു മനസ്സി​ലാ​ക്കു​ന്ന​തും ഇതിൽ ഉൾപ്പെ​ടു​ന്നു.

കുട്ടി​കൾക്കു​പോ​ലും ‘ശിഷ്യ​ന്മാ​രു​ടെ നാവ്‌’ അഥവാ പഠിപ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ നാവ്‌ നൽക​പ്പെ​ട്ടി​രി​ക്കു​ന്നു. (യെശ. 50:4) എട്ടുവ​യ​സ്സു​കാ​ര​നായ നേഥന്‌ ഇടതു തുട​യെ​ല്ലിൽ അസ്ഥിമ​ജ്ജ​വീ​ക്കം പിടി​പെട്ടു. ശസ്‌ത്ര​ക്രി​യ​യ്‌ക്കു​മുമ്പ്‌ അവൻ തന്റെ ഡോക്ടർമാ​രോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ഓപ്പ​റേഷൻ വേഗം ചെയ്യണേ. അല്ലെങ്കിൽ കൂടുതൽ രക്തം നഷ്ടപ്പെ​ടും. എനിക്കു രക്തപ്പകർച്ച വേണ്ട. അങ്ങനെ ചെയ്‌താൽ എന്റെ ഡാഡി​യും മമ്മിയും യഹോ​വ​യും നിങ്ങ​ളോ​ടു ക്ഷമിക്കില്ല.” മകനെ ഇത്രന​ന്നാ​യി പരിശീ​ലി​പ്പി​ച്ച​തിന്‌ ശസ്‌ത്ര​ക്രി​യ​യ്‌ക്കു​ശേഷം സംഘത്തി​ലെ ഒരു ഡോക്ടർ നേഥന്റെ മാതാ​പി​താ​ക്കളെ അനു​മോ​ദി​ക്കു​ക​യു​ണ്ടാ​യി. വിനയാ​ന​ത​നാ​യി അദ്ദേഹം പറഞ്ഞു: “ദൈവത്തെ ബഹുമാ​നി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ഒരു കൊച്ചു രോഗി എന്നെ ഓർമ​പ്പെ​ടു​ത്തു​ന്നത്‌ ഇത്‌ ആദ്യമാ​യി​ട്ടാണ്‌.”

പൗലൊസ്‌ അപ്പൊ​സ്‌തലൻ പറഞ്ഞു: “ഞങ്ങളെ​ത്തന്നേ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​ന്മാ​രാ​യി കാണി​ക്കു​ന്നു; . . . ഉറക്കിളെ”ച്ചുകൊ​ണ്ടു​പോ​ലും. സഹവി​ശ്വാ​സി​ക​ളോ​ടുള്ള താത്‌പ​ര്യം നിമി​ത്ത​വും സത്യാ​രാ​ധ​ന​യു​ടെ ഉന്നമന​ത്തി​നാ​യി ശ്രമി​ക്കു​മ്പോ​ഴും ദൈവ​ദാ​സർക്ക്‌ പലപ്പോ​ഴും ഉറക്കമി​ള​യ്‌ക്കേ​ണ്ട​താ​യി​വ​രു​ന്നു. (2 കൊരി. 6:3-5) ആശുപ​ത്രി ഏകോപന സമിതി​ക​ളിൽ പ്രവർത്തി​ക്കു​ന്ന​വ​രു​ടെ കാര്യ​ത്തിൽ ഇതു മിക്ക​പ്പോ​ഴും അങ്ങനെ​യാണ്‌. അത്തരം ആത്മത്യാ​ഗ​പ​ര​മായ ശ്രമങ്ങൾ ശ്രദ്ധി​ക്ക​പ്പെ​ടാ​തെ പോകു​ക​യില്ല. ഒരു സഹോ​ദരി ഇങ്ങനെ പറഞ്ഞു: “എന്റെ വിലമ​തിപ്പ്‌ പ്രകടി​പ്പി​ക്കാൻ വാക്കു​ക​ളില്ല. വളരെ പെട്ടെന്ന്‌ എന്റെ സഹായ​ത്തി​നെ​ത്തിയ ഏകോപന സമിതി​യം​ഗ​ങ്ങ​ളു​ടെ ആത്മത്യാ​ഗ​പ​ര​മായ മനോ​ഭാ​വം എത്ര ഹൃദ​യോ​ഷ്‌മ​ള​വും സാന്ത്വ​ന​ദാ​യ​ക​വു​മാ​യി​രു​ന്നു. ഏതുസ​മ​യ​ത്തും സഹായ​ഹ​സ്‌ത​വു​മാ​യി അവരു​ണ്ടാ​യി​രു​ന്നു. 24 മണിക്കൂ​റി​നു​ള്ളിൽത്തന്നെ എന്നെ രണ്ടാമ​തും ശസ്‌ത്ര​ക്രി​യാ​മു​റി​യിൽ പ്രവേ​ശി​പ്പി​ച്ചു, പക്ഷേ എനിക്കു പരി​ഭ്രമം തോന്നി​യില്ല. സഹോ​ദ​ര​ന്മാ​രു​ടെ പ്രോ​ത്സാ​ഹന വാക്കുകൾ എന്നെ ഏറെ ബലപ്പെ​ടു​ത്തി​യി​രു​ന്നു.” യഹോ​വ​യു​ടെ സാക്ഷികൾ “ദുഷ്‌കീർത്തി”ക്കു പാത്ര​മാ​കേ​ണ്ടി​വ​രു​ന്നെ​ങ്കി​ലും ചികി​ത്സാ​രം​ഗ​ത്തു​ള്ള​വ​രോ​ടു മനസ്സോ​ടെ സഹകരി​ച്ചു​കൊണ്ട്‌ തങ്ങൾ ദൈവ​ശു​ശ്രൂ​ഷ​ക​രാ​ണെന്ന്‌ സ്വയം തെളി​യി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. (2 കൊരി. 6:8) “സല്‌ക്കീർത്തി”കളാൽ ബലപ്പെട്ട്‌ “രക്തം . . . വർജ്ജിക്കു”ക എന്ന ദിവ്യ ആജ്ഞ അനുസ​രി​ക്കു​ന്ന​തിൽ തുടരാൻ അവർ ദൃഢചി​ത്ത​രാണ്‌.

ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ

“പല രാജ്യ​ങ്ങ​ളി​ലും 25-ഓളം യുവാ​ക്ക​ന്മാ​ര​ട​ങ്ങുന്ന ഒരു സംഘത്തെ കുഴപ്പ​ക്കാ​രെന്ന മട്ടിൽ വീക്ഷി​ക്കാ​നി​ട​യുണ്ട്‌,” സാംബി​യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗ​മായ സൈറസ്‌ ന്യാങ്‌ഗു പറയുന്നു. “എന്നാൽ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളു​ക​ളു​ടെ കഴിഞ്ഞ 31 ക്ലാസ്സു​ക​ളിൽ ഊർജ​സ്വ​ല​ത​യും അർപ്പണ ബോധ​വു​മുള്ള ക്രിസ്‌തീയ പുരു​ഷ​ന്മാ​രു​ടെ കൂട്ടങ്ങളെ പരിശീ​ലി​പ്പി​ക്കാൻ കഴിഞ്ഞു. അവരുടെ സേവനം സമൂഹ​ത്തി​നു തികച്ചും ഒരു അനു​ഗ്ര​ഹ​മാണ്‌.” ഈ അന്തർദേ​ശീയ സ്‌കൂ​ളു​ക​ളിൽനിന്ന്‌ 600-ലേറെ ബിരു​ദ​ധാ​രി​കൾ ആഫ്രി​ക്ക​യു​ടെ തെക്കു ഭാഗത്തുള്ള ആറു രാജ്യ​ങ്ങ​ളി​ലാ​യി മുഴു​സമയ ശുശ്രൂ​ഷ​യു​ടെ വിവിധ മേഖല​ക​ളിൽ സേവന​മ​നു​ഷ്‌ഠി​ക്കു​ന്നു. സാംബി​യ​യി​ലെ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രിൽ പകുതി​യി​ലേ​റെ​യും ശുശ്രൂ​ഷാ സ്‌കൂൾ ബിരു​ദ​ധാ​രി​ക​ളാണ്‌. ഇങ്ങനെ​യൊ​രു സ്‌കൂൾ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ നേട്ട​മെ​ന്താണ്‌?

1993-ലായി​രു​ന്നു ആദ്യത്തെ സ്‌കൂൾ. അന്നുമു​തൽ സാംബി​യ​യി​ലെ സജീവ​പ്ര​സാ​ധ​ക​രു​ടെ എണ്ണത്തിൽ ഏകദേശം 60 ശതമാ​ന​ത്തി​ന്റെ വർധന ഉണ്ടായി​ട്ടുണ്ട്‌. എന്നിട്ടും സഭകളെ പരിപാ​ലി​ക്കാൻ യോഗ്യ​ത​യുള്ള പുരു​ഷ​ന്മാ​രു​ടെ ആവശ്യം ഇനിയു​മുണ്ട്‌. വിശേ​ഷിച്ച്‌ ബൈബിൾ തത്ത്വങ്ങൾക്കു വിരു​ദ്ധ​മായ പാരമ്പ​ര്യ​ങ്ങ​ളോ​ടും ആചാര​ങ്ങ​ളോ​ടും സമരസ​പ്പെ​ട്ടു​പോ​കാൻ സമൂഹ​ത്തിൽനിന്ന്‌ വർധിച്ച സമ്മർദം ഉള്ളസ്ഥി​തിക്ക്‌. ഇടയവേല ചെയ്യാ​നും പഠിപ്പി​ക്കാ​നും പ്രാപ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ ആവശ്യം എടുത്തു​കാ​ട്ടി​ക്കൊണ്ട്‌ ഒരു ബിരു​ദ​ധാ​രി ഇപ്രകാ​രം പറഞ്ഞു: “ഞങ്ങളുടെ വയലിലെ ഒരു പ്രശ്‌നം, ഇവിടെ ആളുകൾ ദുഷ്‌കൃ​ത്യ​ങ്ങൾ വെച്ചു​പൊ​റു​പ്പി​ക്കാൻ ചായ്‌വു കാണി​ക്കു​ന്നു​വെ​ന്ന​താണ്‌. എന്നാൽ ശരിയാ​യ​തി​നു​വേണ്ടി ഉറച്ചു​നിൽക്കു​ക​യും [ദൈവ​വ​ച​ന​ത്തിൽ] എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോകാ​തി​രി​ക്കു​ക​യും വേണം എന്ന്‌ ഞാൻ പഠിച്ചു.”

ആദ്യ​മൊ​ക്കെ, പഠിക്കാൻ പോകുന്ന വിവരങ്ങൾ എത്ര വൈവി​ധ്യ​മാർന്ന​താണ്‌ എന്നതി​നെ​ക്കു​റി​ച്ചോ അവയുടെ ആഴത്തെ​ക്കു​റി​ച്ചോ വിദ്യാർഥി​കൾക്ക്‌ അറിവു​ണ്ടാ​കില്ല. എന്നാൽ അവരെ സഹായി​ക്കാൻ അധ്യാ​പകർ അതീവ തത്‌പ​ര​രാണ്‌. അധ്യാ​പ​ക​രിൽ ഒരാളായ സാറെൽ ഹാർട്ട്‌ പറഞ്ഞു: “ഓരോ ക്ലാസ്സി​നെ​യും പഠിപ്പി​ക്കു​ന്നത്‌ ഒരു മലമ്പാ​ത​യി​ലൂ​ടെ വിനോ​ദ​സ​ഞ്ചാ​രി​ക​ളെ​യും​കൊ​ണ്ടു പോകു​ന്ന​തു​പോ​ലെ​യാണ്‌. തുടക്ക​ത്തിൽ എല്ലാവ​രും അപരി​ചി​തർ, പരിച​യ​മി​ല്ലാത്ത ഭയഗം​ഭീ​ര​മായ ചുറ്റു​പാ​ടു​ക​ളു​മാ​യി പരിചി​ത​രാ​കാൻ ശ്രമി​ക്കു​ക​യാ​യി​രി​ക്കും അവര​പ്പോൾ. ചില​പ്പോൾ വലിയ ഉരുളൻപാ​റകൾ വഴിയിൽ തടസ്സമാ​യി നിൽപ്പു​ണ്ടാ​കും. മാർഗ​ത​ട​സ്സങ്ങൾ മറിക​ടന്ന്‌ വീണ്ടും കയറ്റം തുടരുന്ന വിദ്യാർഥി തങ്ങൾ കടന്നു​പോന്ന ദുർഗ​മ​മായ പാതയി​ലേക്കു പിന്തി​രി​ഞ്ഞു നോക്കു​ന്നു, അവയൊ​ന്നും ഇനി​യൊ​രു പ്രതി​ബ​ന്ധ​മേ​യ​ല്ലെന്ന്‌ അവർക്ക​റി​യാം.”

ഈ സ്‌കൂ​ളിൽ സംബന്ധി​ച്ച​തി​നെ തുടർന്ന്‌ തങ്ങൾക്കു​ണ്ടായ ആത്മീയ പുരോ​ഗ​തി​യെ സമ്പൂർണ​മായ ഒരു രൂപാ​ന്ത​ര​പ്ര​ക്രിയ എന്നാണ്‌ അവരിൽ മിക്കവ​രും വർണി​ക്കു​ന്നത്‌. ഇപ്പോൾ പ്രത്യേക പയനി​യ​റാ​യി പ്രവർത്തി​ക്കുന്ന ഇലഡ്‌ ഇങ്ങനെ പറഞ്ഞു: “പഠിപ്പി​ക്കാ​നുള്ള യോഗ്യ​ത​യൊ​ന്നും എനിക്കി​ല്ലെ​ന്നും കൂടു​ത​ലായ സഭാ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കാൻമാ​ത്രം എനിക്കു പ്രായ​മാ​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു എന്റെ ചിന്ത. എന്നാൽ എനിക്ക്‌ സഭയിൽ ഉപകാ​ര​മു​ള്ള​വ​നാ​യി​രി​ക്കാൻ കഴിയു​മെന്നു തിരി​ച്ച​റി​യാൻ ഈ സ്‌കൂൾ സഹായി​ച്ചു. എനിക്ക്‌ ആദ്യം നിയമനം ലഭിച്ച സഭയി​ലുള്ള 16 പ്രസാ​ധ​കർക്ക്‌ പുരോ​ഗ​മ​നാ​ത്മ​ക​മായ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്താൻ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. വയൽസേ​വ​ന​ത്തി​നു മുമ്പ്‌ ഞങ്ങൾ ക്രമമാ​യി നിർദേ​ശങ്ങൾ പരിചി​ന്തി​ക്കു​ക​യും അവതര​ണങ്ങൾ പരിശീ​ലി​ക്കു​ക​യും ചെയ്‌തു. 2001 ആയപ്പോ​ഴേക്ക്‌ സഭയിലെ പ്രസാ​ധ​ക​രു​ടെ എണ്ണം 60 ആയി, ഒപ്പം 20 പേർ അടങ്ങുന്ന ഒരു ഒറ്റപ്പെട്ട കൂട്ടവും രൂപം​കൊ​ണ്ടു.”

വിജയ​ത്തി​ന്റെ മാനദ​ണ്ഡ​ങ്ങൾ

ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​നെ വിജയ​മാ​ക്കി​ത്തീർക്കുന്ന ചില ഘടകങ്ങൾ എന്തൊ​ക്കെ​യാണ്‌? “ഭാവി​ക്കേ​ണ്ട​തി​നു മീതെ ഭാവി​ക്ക​രു​തെ​ന്നുള്ള കാര്യ​ത്തി​നു മുൻതൂ​ക്കം നൽകി​ക്കൊണ്ട്‌ എല്ലായ്‌പോ​ഴും താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഞങ്ങൾ ഊന്നി​പ്പ​റ​യു​ന്നു,” അധ്യാ​പ​ക​രി​ലൊ​രാ​ളായ റിച്ചാർഡ്‌ ഫ്രുഡ്‌ പറയുന്നു. “പക്വത, സഹാനു​ഭൂ​തി, കടുത്ത വെല്ലു​വി​ളി​കൾ കൈകാ​ര്യം ചെയ്യു​ക​യും തുടർന്നും പ്രസന്ന​ഭാ​വം നിലനി​റു​ത്തു​ക​യും ചെയ്യാ​നുള്ള പ്രാപ്‌തി എന്നിവ​യു​ണ്ടോ എന്നാണു ഞങ്ങൾ നോക്കു​ന്നത്‌. സഹോ​ദ​ര​ന്മാർ മറ്റുള്ള​വ​രോ​ടു ദയാപു​ര​സ്സരം ഇടപെ​ടു​ന്നെ​ങ്കിൽ, മറ്റുള്ള​വ​രു​ടെ ശുശ്രൂഷ ആഗ്രഹി​ക്കാ​തെ അവരെ ശുശ്രൂ​ഷി​ക്കാൻ മുന്നി​ട്ടി​റ​ങ്ങു​ന്നെ​ങ്കിൽ, ഈ സ്‌കൂൾ അതിന്റെ ലക്ഷ്യം സാധി​ച്ചു​വെന്ന്‌ ഞങ്ങൾക്കു പറയാൻ കഴിയും.”

വിദ്യാർഥി​കൾ ആ വാക്കു​ക​ളു​ടെ സത്യത തിരി​ച്ച​റി​യു​ന്നു. 14-ാമത്തെ ക്ലാസ്സിൽ പങ്കുപ​റ്റിയ ഇമാന്യു​വൽ പറഞ്ഞു: “ഒരു സഭയിൽ നിയമി​ക്ക​പ്പെ​ട്ടെന്നു കരുതി അവി​ടെ​യുള്ള കാര്യങ്ങൾ അടിമു​ടി നേരെ​യാ​ക്കാ​നാ​യി എടുത്തു​ചാ​ട​രുത്‌. പകരം, സുവാർത്താ പ്രസംഗം എന്ന സുപ്ര​ധാന വേലയിൽ സഭയോ​ടൊ​പ്പം പങ്കുപ​റ്റു​ന്ന​തി​ലാ​ണു ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കേ​ണ്ടത്‌.”

മോസസ്‌ എന്ന പയനി​യ​റു​ടെ അഭി​പ്രാ​യം ഇതായി​രു​ന്നു: “യഹോ​വ​യ്‌ക്ക്‌ താഴ്‌മ​യുള്ള ആരെയും ഉപയോ​ഗി​ക്കാൻ കഴിയു​മെ​ന്നും അതിനു ചില​പ്പോൾ അറിവോ അനുഭ​വ​മോ ഒന്നും പ്രശ്‌ന​മ​ല്ലെ​ന്നും ഞാൻ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. സഭയി​ലും വയലി​ലും ഉള്ളവ​രോ​ടുള്ള സ്‌നേഹം, മറ്റുള്ള​വ​രോ​ടുള്ള സഹകരണം എന്നിവ​യാണ്‌ അവൻ നോക്കു​ന്നത്‌.”

വലിയ കൂടി​വ​ര​വു​കൾ

ക്രിസ്‌തീയ പൂർവ​കാ​ലത്ത്‌ ഇസ്രാ​യേൽ ജനതയു​ടെ ഉത്സവങ്ങ​ളും ‘വിശു​ദ്ധ​സ​ഭാ​യോ​ഗ​ങ്ങ​ളും’ സന്തോ​ഷ​നിർഭ​ര​മായ അവസര​ങ്ങ​ളാ​യി​രു​ന്നു. ആത്മീയ കാര്യ​ങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കാൻ അത്‌ സന്നിഹി​ത​രാ​യി​രു​ന്ന​വരെ സഹായി​ച്ചു. (ലേവ്യ. 23:21; ആവ. 16:13-15) ദൈവ​ജ​ന​ത്തി​ന്റെ ഇക്കാലത്തെ കൂടി​വ​ര​വു​ക​ളും അങ്ങനെ​ത​ന്നെ​യാണ്‌. വെട്ടി​ത്തി​ള​ങ്ങുന്ന ആധുനിക സ്‌പോർട്‌സ്‌ കോം​പ്ല​ക്‌സു​ക​ളി​ലൊ​ന്നു​മല്ല സാംബി​യ​യി​ലെ കൺ​വെൻ​ഷ​നു​കൾ നടക്കു​ന്നത്‌. അവിടെ സഹോ​ദ​ര​ങ്ങൾതന്നെ ഒരു കൺ​വെൻ​ഷൻ ഗ്രാമം ഉണ്ടാക്കും, ഉറങ്ങാ​നുള്ള കൊച്ചു​കൂ​ടാ​ര​ങ്ങ​ളും അതിലു​ണ്ടാ​കും.

വർഷങ്ങൾ കടന്നു​പോ​കവേ, കൂടുതൽ സ്ഥിരമായ നിർമി​തി​കൾ ആ സ്ഥലങ്ങളിൽ പണിതു​യർത്തി. എന്നിരു​ന്നാ​ലും ആ ആദ്യകാ​ല​ങ്ങ​ളിൽ സമ്മേള​നങ്ങൾ ഭംഗി​യാ​യി സംഘടി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി സാഹച​ര്യ​ത്തി​നൊ​ത്തു പുതിയ ഓരോ​രോ കണ്ടുപി​ടി​ത്തങ്ങൾ നടത്തേ​ണ്ടി​യി​രു​ന്നു. വെല്ലു​വി​ളി നിറഞ്ഞ ആ കാല​ത്തെ​ക്കു​റിച്ച്‌ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “സർക്കിട്ട്‌ സമ്മേളനം നടത്താൻ തീരു​മാ​നി​ക്കുന്ന സ്ഥലത്ത്‌ സഹോ​ദ​രങ്ങൾ എനിക്കു​വേണ്ടി ഒരു കുടിൽ പണിയും. മിക്കവാ​റും അത്‌ പുല്ലു​കൊ​ണ്ടാ​യി​രി​ക്കും. പിന്നെ ഇരിക്കാ​നാ​യി തയ്യാറാ​ക്കിയ സ്ഥലത്തിനു ചുറ്റും ഒരു വേലി കെട്ടി​ത്തി​രി​ക്കും. മൺകൂ​ന​ക​ളിൽ പുല്ലു​കൊ​ണ്ടുള്ള ‘കുഷ്യൻ’ വെച്ചാണ്‌ ഇരിപ്പി​ടങ്ങൾ ഉണ്ടാക്കി​യി​രു​ന്നത്‌. ചില​പ്പോൾ ഉപേക്ഷി​ക്ക​പ്പെട്ട ഒരു ചിതൽപ്പു​റ്റി​ന്റെ മേൽഭാ​ഗം നിരപ്പാ​ക്കി​യി​ട്ടാ​യി​രി​ക്കും പ്ലാറ്റ്‌ഫോം പണിയു​ന്നത്‌. അതിനു​മു​ക​ളിൽ ഒരു കൊച്ചു​പ​ന്ത​ലു​ണ്ടാ​ക്കും. പരിപാ​ടി​കൾ അവതരി​പ്പി​ക്കു​ന്നത്‌ ഇവി​ടെ​നി​ന്നു​കൊ​ണ്ടാണ്‌.”

പീറ്റർ പാലിസർ എന്ന മിഷനറി ഇങ്ങനെ സ്‌മരി​ക്കു​ന്നു: “ഒരു കൺ​വെൻ​ഷ​നിൽ പ്ലാറ്റ്‌ഫോം അൽപ്പം ഉയരത്തിൽ നിർമി​ക്കാ​മെന്ന്‌ സഹോ​ദ​രങ്ങൾ തീരു​മാ​നി​ച്ചു. സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ ഉപയോ​ഗി​ക്കു​ന്ന​തിൽ സമർഥ​നാ​യി​രു​ന്നു ഒരു സഹോ​ദരൻ. ഉറുമ്പു​കൾ ഉപേക്ഷി​ച്ചു​പോയ ഏകദേശം 6 മീറ്റർ ഉയരമുള്ള ഒരു പുറ്റ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നു, അദ്ദേഹം അതിന്റെ മേൽഭാ​ഗം സ്‌ഫോ​ട​ക​വ​സ്‌തു​ക്കൾ ഉപയോ​ഗി​ച്ചു തകർത്തു. അപ്പോൾ ഞങ്ങൾക്ക്‌ ഉയരത്തിൽ ഒരു പ്ലാറ്റ്‌ഫോം കിട്ടി, അവിടെ ഞങ്ങൾ ഒരു പ്രസം​ഗ​പീ​ഠം പണിതു.”

കൂടി​വ​ര​വു​ക​ളിൽ സംബന്ധി​ക്കു​ന്ന​തി​നുള്ള ശ്രമങ്ങൾ

മിക്ക കൺ​വെൻ​ഷൻ സ്ഥലങ്ങളും പ്രധാന റോഡു​ക​ളിൽനിന്ന്‌ അകലെ​യാ​യി​രു​ന്നു, എത്തി​പ്പെ​ടാൻ പ്രയാ​സ​മുള്ള പ്രദേ​ശ​ങ്ങ​ളാ​യി​രു​ന്നു ഇവ. റോബിൻസൺ ഷാമൂ​ലൂ​മാ 1959-ൽ താൻ പങ്കെടുത്ത ഒരു കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ ഓർക്കു​ന്നു: “ഞങ്ങൾ ഏകദേശം 15 പേർ മധ്യ​പ്ര​വി​ശ്യ​യി​ലെ കാബ്‌വേ​യി​ലേക്ക്‌ സൈക്കി​ളിൽ പുറ​പ്പെട്ടു. ഭക്ഷണത്തിന്‌ ചോള​വും ഉണക്കമീ​നും കരുതി. രാത്രി​ക​ളിൽ ഞങ്ങൾ കാട്ടി​ലു​റങ്ങി. കാബ്‌വേ​യിൽ ചെന്ന്‌ ട്രെയിൻ പിടിച്ച്‌ കൺ​വെൻ​ഷൻ സ്ഥലത്ത്‌ എത്തി​ച്ചേർന്നു, ഏകദേശം നാലു​ദി​വ​സത്തെ യാത്ര.”

ഒരു കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാ​നാ​യി തന്റെ ആറുമ​ക്ക​ളോ​ടൊ​പ്പം നടന്നും സൈക്കി​ളി​ലു​മാ​യി ഏകദേശം 130 കിലോ​മീ​റ്റർ യാത്ര​ചെയ്‌ത ഒരു സഹോ​ദ​ര​നെ​ക്കു​റിച്ച്‌ ലാംപ്‌ ചിസെ​ങ്‌ഗാ ഓർക്കു​ന്നു. അദ്ദേഹം പറഞ്ഞു: “യാത്ര​യ്‌ക്കി​ട​യിൽ കഴിക്കാൻ കസാവാ ചുട്ടതും നിലക്ക​ട​ല​യും പീനട്ട്‌ ബട്ടറും അവർ തയ്യാറാ​ക്കി. അവർക്ക്‌ കാട്ടിൽ തങ്ങേണ്ടി​വന്നു, പലപ്പോ​ഴും അതു സുരക്ഷി​ത​മ​ല്ലാ​യി​രു​ന്നു താനും.”

സമ്മേള​ന​ങ്ങ​ളിൽ സംബന്ധി​ക്കാൻ അനേക​രും നടത്തുന്ന ശ്രമ​ത്തെ​ക്കു​റിച്ച്‌ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കവേ വെയ്‌ൻ ജോൺസൺ സഹോ​ദരൻ നേരിട്ടു മനസ്സി​ലാ​ക്കു​ക​യു​ണ്ടാ​യി. അദ്ദേഹം എഴുതി: “ഒരു പ്രത്യേക പയനിയർ സമ്മേള​ന​ത്തിന്‌ എത്താനാ​യി ഏകദേശം ഒരാഴ്‌ച സൈക്കി​ളിൽ യാത്ര​ചെ​യ്‌തു. ട്രക്കു​ക​ളു​ടെ പുറകിൽ കയറി​യാണ്‌ ചിലർ എത്തി​ച്ചേർന്നത്‌. പലരും നേരത്തേ, സമ്മേള​ന​മോ കൺ​വെൻ​ഷ​നോ നടക്കുന്ന വാരത്തി​ന്റെ ആരംഭ​ത്തിൽത്തന്നെ എത്തി​ച്ചേർന്നു. തീകൂട്ടി അതിനു ചുറ്റു​മി​രുന്ന്‌ രാത്രി​യിൽ അവർ പാട്ടു​പാ​ടി. ചില​പ്പോൾ വയൽസേ​വ​ന​ത്തിന്‌ ഒരുപാ​ടു പേരു​ള്ള​തി​നാൽ, ആ ആഴ്‌ച​യിൽത്തന്നെ ഞങ്ങൾ പ്രദേശം മൂന്നു​തവണ ചെയ്‌തു തീർക്കു​മാ​യി​രു​ന്നു.”

എതിർപ്പി​ന്മ​ധ്യേ​യും കൂടി​വ​രു​ന്നു

വലിയ കൂടി​വ​ര​വു​കൾ ഇന്നും സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. ഇന്ന്‌ കൺ​വെൻ​ഷ​നു​ക​ളോട്‌ ആളുകൾക്ക്‌ ഏറെ അനുകൂ​ല​മായ പ്രതി​ക​ര​ണ​മാ​ണു​ള്ളത്‌. എന്നാൽ രാഷ്‌ട്രീയ മാറ്റങ്ങ​ളു​ടെ കാലയ​ള​വി​ലും വിശേ​ഷിച്ച്‌ 1960-കളിലും 1970-കളിലും അത്തരം കൂടി​വ​ര​വു​കൾ സംശയ​ദൃ​ഷ്ടി​യോ​ടെ വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. ഭരണരം​ഗ​ത്തു​ള്ള​വർതന്നെ നമ്മുടെ ആരാധ​ന​യ്‌ക്കു വിഘ്‌നം വരുത്താൻ ആവുന്നത്ര ശ്രമി​ച്ചി​രു​ന്നു. ദേശീ​യ​ഗാ​നം പാടാൻ വിസമ്മ​തി​ക്കു​ന്ന​തു​മൂ​ലം പോലീ​സു​കാർ സഹോ​ദ​ര​ങ്ങൾക്ക്‌ പൊതു​കൂ​ടി​വ​ര​വു​കൾക്കുള്ള അനുമതി നൽകി​യി​രു​ന്നില്ല. പിന്നീട്‌ കൂടി​വ​രു​ന്ന​വ​രു​ടെ എണ്ണം പരിമി​ത​പ്പെ​ടു​ത്തി​ക്കൊണ്ട്‌ നിയ​ന്ത്രണം വന്നു. “യഹോ​വ​യു​ടെ സാക്ഷികൾ അവസാ​ന​മാ​യി പരസ്യ​യോ​ഗങ്ങൾ സംഘടി​പ്പി​ച്ചത്‌ 1974-ലാണ്‌,” ഡാർലി​ങ്‌ടൻ സെഫൂക്ക ഓർമി​ക്കു​ന്നു. “ദേശീ​യ​ഗാ​നം പാടു​ക​യും പതാക പ്രദർശി​പ്പി​ക്കു​ക​യും ചെയ്യാ​ത്തി​ട​ത്തോ​ളം പരസ്യ​യോ​ഗ​ങ്ങ​ളൊ​ന്നും അനുവ​ദ​നീ​യ​മ​ല്ലെന്ന്‌ ആഭ്യന്ത​ര​മ​ന്ത്രി അറിയി​പ്പു​നൽകി.” എന്നിരു​ന്നാ​ലും സഹോ​ദ​ര​ങ്ങൾക്ക്‌ പ്രാ​ദേ​ശിക രാജ്യ​ഹാ​ളു​ക​ളിൽ കൂടി​വ​രാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു, പക്ഷേ ചുറ്റി​ലും പുൽവേ​ലി​കെട്ടി മറയ്‌ക്ക​ണ​മാ​യി​രു​ന്നു. ഈ സാഹച​ര്യ​ത്തോട്‌ പൊരു​ത്ത​പ്പെ​ട്ടു​കൊണ്ട്‌ ബ്രാഞ്ച്‌ ഓഫീസ്‌ രാജ്യ​ഹാ​ളു​ക​ളിൽവെച്ച്‌ സർക്കിട്ട്‌ സമ്മേള​നങ്ങൾ നടത്താ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. പലപ്പോ​ഴും ഒന്നോ രണ്ടോ സഭകൾ വീതമാ​യി​രു​ന്നു ഇവയിൽ സംബന്ധി​ച്ചി​രു​ന്നത്‌.

ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളും ലളിത​മായ തോതിൽ നടത്തു​ക​യു​ണ്ടാ​യി. “ഒരു വലിയ കൺ​വെൻ​ഷനു പകരം ചെറിയ 20 എണ്ണമാ​യി​രി​ക്കും ഞങ്ങൾക്ക്‌” കൺ​വെൻ​ഷൻ സംഘാ​ട​ന​ത്തിൽ പ്രവർത്തിച്ച ഒരു സഹോ​ദരൻ ഓർക്കു​ന്നു. “പരിപാ​ടി​കൾക്കും ഡിപ്പാർട്ട്‌മെ​ന്റു​കൾക്കും വേണ്ടി നിരവധി സഹോ​ദ​ര​ങ്ങളെ പരിശീ​ലി​പ്പി​ക്കു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ നിരോ​ധനം നീങ്ങി​യ​പ്പോൾ കൺ​വെൻ​ഷ​നു​ക​ളും സമ്മേള​ന​ങ്ങ​ളും സംഘടി​പ്പി​ക്കാൻ അനുഭ​വ​സ​മ്പ​ന്ന​രായ സഹോ​ദ​ര​ന്മാർ അനേക​രു​ണ്ടാ​യി​രു​ന്നു.”

സ്‌നാ​പ​ന​ങ്ങൾ

സ്‌നാ​പ​ന​മേൽക്കു​ന്നവർ അതിന്റെ പ്രാധാ​ന്യം നന്നായി മനസ്സി​ലാ​ക്കു​ന്നു​ണ്ടെന്ന്‌ ഉറപ്പു​വ​രു​ത്താ​നുള്ള ശ്രമങ്ങൾ 1940-കളുടെ പ്രാരം​ഭ​ത്തിൽത്തന്നെ തുടങ്ങി​യി​രു​ന്നു. ‘മഹാബാ​ബി​ലോ​ണിൽ’നിന്നും വ്യാജമത ആചാര​ങ്ങ​ളിൽനി​ന്നും പൂർണ​മാ​യി വിട്ടു​പോ​രാൻ ചിലർക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. (വെളി. 18:2, 4) താരത​മ്യേന കുറച്ചു​പേർക്കേ നന്നായി വായി​ക്കാൻ അറിയാ​മാ​യി​രു​ന്നു​ള്ളൂ, പല സഭകളി​ലും ബൈബിൾ പഠന സഹായി​കൾ ആവശ്യ​ത്തി​നു ലഭ്യവു​മ​ല്ലാ​യി​രു​ന്നു. ഇതൊക്കെ മേൽപ്പറഞ്ഞ പ്രശ്‌നം കൂടുതൽ വഷളാ​ക്കി​ത്തീർത്തു. അതിനാൽ സർക്കിട്ട്‌-ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർ ഓരോ സ്‌നാ​പ​നാർഥി​ക​ളു​മാ​യും അഭിമു​ഖം നടത്തി സ്‌നാ​പ​ന​ത്തി​നു യോഗ്യ​രാ​ണോ​യെന്നു തീരു​മാ​നി​ക്കു​മാ​യി​രു​ന്നു. 33-ാമത്തെ ഗിലെ​യാദ്‌ ക്ലാസ്‌ ബിരു​ദ​ധാ​രി​യായ ജെഫ്രി ഹ്വിലർ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “കൊച്ചു​കു​ഞ്ഞു​ങ്ങ​ളുള്ള അമ്മമാർ സ്‌നാ​പ​ന​പ്പെ​ടാൻ എത്തു​മ്പോൾ ഞങ്ങൾ കുഞ്ഞു​ങ്ങളെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കു​മാ​യി​രു​ന്നു, എന്തെങ്കി​ലും മന്ത്രമാ​ല​യോ ഏലസ്സോ മറ്റോ ഉണ്ടോ​യെന്നു കണ്ടുപി​ടി​ക്കാൻ. സ്‌നാ​പ​നാർഥി​ക​ളാ​യി ഒരുപാ​ടു പേരു​ള്ള​തി​നാൽ സമ്മേളന വാരത്തി​ന്റെ ഓരോ ദിവസ​വും മിക്ക​പ്പോ​ഴും പാതി​രാ​ത്രി​വരെ ഞങ്ങൾക്ക്‌ ഉണർന്നി​രി​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു.” സഭാമൂ​പ്പ​ന്മാർക്ക്‌ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ നൽകിയ ദയാപു​ര​സ്സ​ര​മായ സഹായ​വും “നിന്റെ വചനം എന്റെ കാലിനു ദീപം” (ഇംഗ്ലീഷ്‌) എന്നിവ​പോ​ലെ പിന്നീട്‌ പുറത്തി​റ​ക്കിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും സംഘട​നാ​പ​ര​മായ കൂടുതൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും വന്നപ്പോൾപ്പി​ന്നെ ഇത്തരം അഭിമു​ഖ​ങ്ങ​ളു​ടെ ആവശ്യം അധിക​മു​ണ്ടാ​യില്ല.

സഭാകമ്പം!

ആളുകൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട കൺ​വെൻ​ഷൻ സവി​ശേ​ഷ​ത​ക​ളി​ലൊ​ന്നാണ്‌ വേഷഭൂ​ഷാ​ദി​ക​ളോ​ടു കൂടിയ ബൈബിൾ നാടകങ്ങൾ. ഓരോ അഭി​നേ​താ​വും തന്റെ കഥാപാ​ത്രത്തെ മുഴു​വി​കാ​ര​ങ്ങ​ളോ​ടെ​യും അവതരി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം ഗൗരവ​ത്തോ​ടെ ഏറ്റെടു​ക്കു​ന്നു, സാംബി​യ​ക്കാ​രിൽ മിക്കവ​രും വളരെ നന്നായി അഭിന​യി​ക്കാൻ അറിയാ​വു​ന്ന​വ​രാണ്‌. മുൻ മിഷന​റി​യും ഇപ്പോൾ ഐക്യ​നാ​ടു​ക​ളി​ലെ ബെഥേൽകു​ടും​ബാം​ഗ​വു​മായ ഫ്രാങ്ക്‌ ലൂയിസ്‌ അനുസ്‌മ​രി​ക്കു​ന്നു: “മുൻ നാടക​ങ്ങ​ളു​ടെ​യൊ​ന്നും ടേപ്പ്‌ ഞങ്ങൾക്കി​ല്ലാ​യി​രു​ന്നു. വ്യത്യസ്‌ത കഥാപാ​ത്ര​ങ്ങളെ അവതരി​പ്പി​ക്കുന്ന സഹോ​ദ​രങ്ങൾ തങ്ങൾക്കു പറയാ​നു​ള്ള​തെ​ല്ലാം മനഃപാ​ഠ​മാ​ക്ക​ണ​മാ​യി​രു​ന്നു. ഞങ്ങളുടെ ആദ്യ നാടകം അരങ്ങേ​റിയ വടക്കൻ പ്രവി​ശ്യ​യി​ലെ ഒരു സമ്മേളനം ഞാനോർക്കു​ന്നു, യോ​സേ​ഫി​നെ​ക്കു​റി​ച്ചുള്ള നാടക​മാ​യി​രു​ന്നു അത്‌. തപാലിൽ സാധനങ്ങൾ എത്തി​ച്ചേർന്നത്‌ താമസി​ച്ചാ​യ​തി​നാ​ലും സഹോ​ദ​ര​ങ്ങൾക്കു സ്‌ക്രി​പ്‌റ്റ്‌ കിട്ടാ​തി​രു​ന്ന​തി​നാ​ലും ഓരോ​രു​ത്ത​രു​ടെ​യും ഭാഗങ്ങൾ മനഃപാ​ഠം പഠിപ്പി​ക്കാൻ ഞങ്ങൾക്ക്‌ രാത്രി വൈകി​യും അധ്വാ​നി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അങ്ങനെ നാടകാ​വ​ത​ര​ണ​ത്തി​നുള്ള സമയമാ​യി, യോ​സേഫ്‌ തന്നെ ബലാത്സം​ഗം ചെയ്യാൻ ശ്രമി​ച്ചു​വെന്ന്‌ പോത്തീ​ഫ​റി​ന്റെ ഭാര്യ അദ്ദേഹ​ത്തോട്‌ നിലവി​ളി​ച്ചു​പ​റ​യുന്ന രംഗം​വന്നു. അപ്പോൾ പോത്തീ​ഫ​റി​ന്റെ ഭാഗം അഭിന​യി​ക്കുന്ന സഹോ​ദ​രനെ സഭാകമ്പം പിടി​കൂ​ടി, അദ്ദേഹം സ്റ്റേജിൽനിന്ന്‌ ഇറങ്ങി​പ്പോ​ന്നു. മറന്നു​പോ​കുന്ന കാര്യങ്ങൾ പറഞ്ഞു​കൊ​ടു​ത്തു​കൊണ്ട്‌ കഥാപാ​ത്ര​ങ്ങളെ സഹായി​ക്കു​ന്ന​തി​നാ​യി ഞാൻ സ്റ്റേജിനു പുറകി​ലു​ണ്ടാ​യി​രു​ന്നു, അദ്ദേഹം ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. പെട്ടെ​ന്നു​തന്നെ, അദ്ദേഹ​ത്തി​നു പറയാ​നു​ള്ള​തി​ന്റെ ആദ്യത്തെ ഏതാനും വരികൾ ഓർമ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തിട്ട്‌ ഞാൻ അദ്ദേഹത്തെ ഉന്തിത്തള്ളി സ്റ്റേജി​ലേക്കു വിട്ടു. സ്റ്റേജി​ലെ​ത്തിയ അദ്ദേഹം വ്യക്തമായ ഭാഷയിൽ, വികാ​ര​വി​ക്ഷോ​ഭ​ങ്ങ​ളോ​ടെ മുന്നിൽ നിൽക്കുന്ന ‘കുറ്റവാ​ളി​യെ’ ശക്തമായി അധി​ക്ഷേ​പി​ച്ചു, അതു വളരെ ഭംഗി​യാ​യി അദ്ദേഹം ചെയ്‌തു! അങ്ങനെ കൺ​വെൻ​ഷ​നി​ലെ ചെറി​യൊ​രു അപാക​ത​യാ​യി തീരാ​മാ​യി​രുന്ന ഒരു രംഗം ഒഴിവാ​യി. കാര്യം ഇത്‌ അബദ്ധത്തിൽ സംഭവി​ച്ച​താ​ണെ​ങ്കി​ലും ഈ ബൈബിൾ ഭാഗം വായി​ക്കു​മ്പോ​ഴെ​ല്ലാം ഞാൻ ചിന്തി​ക്കും: ‘ചില​പ്പോൾ സംഭവം ഇങ്ങനെ​യാ​യി​രി​ക്കും. കോപാ​ക്രാ​ന്ത​നാ​യി പോത്തീ​ഫർ മുറിക്കു പുറത്തു​പോ​യിട്ട്‌, സംയമനം പാലിച്ച്‌ തിരി​ച്ചെത്തി യോ​സേ​ഫി​നെ ശകാരി​ച്ചു​കാ​ണണം!’”

സമ്മേള​ന​ങ്ങ​ളു​ടെ​യും കൺ​വെൻ​ഷ​നു​ക​ളു​ടെ​യും വലുപ്പം കുറച്ചു​കൊ​ണ്ടു ഗവൺമെന്റു വരുത്തിയ നിരോ​ധ​ന​ത്തിന്‌ നാലു​വർഷ​ങ്ങൾക്കു ശേഷം 1978-ൽ അയവു​വന്നു, “വിജയ​പ്രദ വിശ്വാസ” കൺ​വെൻ​ഷൻ ഈ സാഹച​ര്യ​ത്തിൽ ഒരു വെല്ലു​വി​ളി​യു​യർത്തി. ഒരു മുൻ സഞ്ചാര മേൽവി​ചാ​രകൻ പറയുന്നു: “കഴിഞ്ഞ വർഷങ്ങ​ളിൽ ഞങ്ങൾക്ക്‌ അവതരി​പ്പി​ക്കാൻ കഴിയാ​തി​രുന്ന നാടക​ങ്ങ​ളെ​ല്ലാം ഞങ്ങൾ ഇത്തവണ നടത്തി. കാരണം അതുവരെ രാജ്യ​ഹാ​ളു​ക​ളിൽ മാത്രം കൂടി​വ​രാ​നുള്ള അനുവാ​ദമേ ഉണ്ടായി​രു​ന്നു​ള്ളൂ. ഈ കൺ​വെൻ​ഷൻ അഞ്ചുദി​വ​സ​ത്തേ​താ​യി​രു​ന്നു, ഞങ്ങൾ അഞ്ചു നാടകങ്ങൾ അവതരി​പ്പി​ച്ചു, ഓരോ ദിവസ​വും ഓരോന്ന്‌. ഞങ്ങൾക്കു നടത്താൻ കഴിയാ​തെ​പോയ എല്ലാ നാടക​ങ്ങ​ളും ഞങ്ങൾ അവതരി​പ്പി​ച്ചു! എല്ലാവർക്കും വളരെ സന്തോ​ഷ​മാ​യി, പക്ഷേ ബെഥേൽ പ്രതി​നി​ധി ആകെ മടുത്തു​പോ​യി, കാരണം അവർക്ക്‌ ഈ നാടക​ങ്ങ​ളെ​ല്ലാം പുനര​വ​ലോ​കനം നടത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഭാരിച്ച പണിയാ​യി​രു​ന്നു അത്‌!”

“ഞാൻ പങ്കെടു​ത്തി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും ആസ്വാ​ദ്യ​മായ കൺ​വെൻ​ഷ​നു​ക​ളാ​യി​രു​ന്നു അവ എന്നതാണു വാസ്‌തവം,” ഒരു ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗം പറഞ്ഞു. “രാവിലെ വൃത്തി​യുള്ള വസ്‌ത്രങ്ങൾ ധരിച്ച്‌ ഭംഗി​യാ​യി ഒരുങ്ങി കുടും​ബ​ങ്ങ​ളെ​ല്ലാം അവരവ​രു​ടെ കൊച്ചു​കൂ​ടാ​ര​ങ്ങ​ളിൽനി​ന്നു പുറത്തു​വ​രും, തങ്ങൾക്കു​ള്ള​തിൽ ഏറ്റവും മേൽത്ത​ര​മാ​യതു ധരിച്ചാണ്‌ അവർ യഹോ​വ​യു​ടെ സന്നിധി​യിൽവ​രു​ന്നത്‌. ഇരിപ്പി​ട​ങ്ങ​ളിൽ പലപ്പോ​ഴും തണൽ ഉണ്ടാകാ​ത്ത​തി​നാൽ വെയി​ല​ത്തി​രി​ക്കേ​ണ്ടി​വ​രും. എന്നാലും ദിവസം മുഴു​വ​നും അവർ അവി​ടെ​യി​രുന്ന്‌ പരിപാ​ടി​കൾക്ക്‌ അതീവ ശ്രദ്ധ നൽകും. ആ കാഴ്‌ച അതിമ​നോ​ഹ​ര​മാണ്‌.” ഒരുമി​ച്ചു കൂടി​വ​രു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആരാധ​ന​യു​ടെ ഒരു അവിഭാ​ജ്യ ഘടകമാണ്‌. (എബ്രാ. 10:24, 25) വ്യക്തി​പ​ര​മായ പ്രയാ​സ​ങ്ങ​ളോ മതപര​മായ എതിർപ്പോ നിമിത്തം “ദുഃഖി”ക്കുന്നവ​രാ​ണെ​ങ്കി​ലും അല്ലെങ്കി​ലും വലിയ കൂടി​വ​ര​വു​ക​ളിൽ സംബന്ധി​ക്കു​ന്നത്‌ “എപ്പോ​ഴും സന്തോ​ഷി​ക്കുന്ന”തിനുള്ള വകനൽകു​ന്നു​വെന്ന്‌ യഹോ​വ​യു​ടെ ജനത്തിന്‌ നന്നായി അറിയാം.—2 കൊരി. 6:10.

രാജ്യ​ഹാൾ നിർമാ​ണം

“സ്വന്തമാ​യി ഭൂമി​യു​ണ്ടാ​യി​രി​ക്കാൻ [യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ] മേൽപ്പറഞ്ഞ സഭയെ അധികാ​ര​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​താണ്‌ എന്റെ ഈ കത്ത്‌. ഈ സ്ഥലം എന്നും അവരു​ടേ​താ​യി​രി​ക്കും, 150 വർഷം അവി​ടെ​യു​ണ്ടാ​യി​രി​ക്കാൻ ഞാൻ അവർക്ക്‌ അനുവാ​ദം നൽകി​യി​രി​ക്കു​ന്നു. പറുദീസ വരുന്ന​തു​വരെ അവരെ ആരും ശല്യ​പ്പെ​ടു​ത്ത​രുത്‌.”—മുഖ്യൻ കാലി​ലെലി.

കഴിഞ്ഞ നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭം മുതൽത്തന്നെ ആഫ്രി​ക്ക​യു​ടെ തെക്കു​ഭാ​ഗ​ത്തുള്ള സത്യാ​ന്വേ​ഷി​കൾ ആരാധ​ന​യ്‌ക്കാ​യി ഒരുമി​ച്ചു​കൂ​ടു​ന്ന​തി​ന്റെ ആവശ്യം തിരി​ച്ച​റി​ഞ്ഞി​രു​ന്നു. അടിക്കടി വളരുന്ന കൂട്ടങ്ങൾ പരമ്പരാ​ഗത നിർമാണ സാമ​ഗ്രി​കൾ ഉപയോ​ഗിച്ച്‌ യോഗ​സ്ഥ​ലങ്ങൾ പണിത​താ​യി ഏകദേശം 1910-ൽ വില്യം ജോൺസ്റ്റൺ റിപ്പോർട്ടു ചെയ്‌തു. ഇവയിൽ ചിലതിന്‌ 600 ആളുകൾക്കു കൂടി​വ​രാ​നുള്ള വലുപ്പ​മു​ണ്ടാ​യി​രു​ന്നു. ആരാധ​നാ​സ്ഥ​ലങ്ങൾ വേണ​മെ​ന്നുള്ള അതിയായ ആഗ്രഹം പലർക്കും ഉണ്ടായി​രു​ന്നെ​ങ്കി​ലും എല്ലാവ​രു​മൊ​ന്നും ആ അഭി​പ്രാ​യ​ക്കാ​രാ​യി​രു​ന്നില്ല. 1930-കളുടെ പ്രാരം​ഭ​ത്തിൽ സത്യം പഠിച്ച ഹോളണ്ട്‌ മുഷിംബ അനുസ്‌മ​രി​ക്കു​ന്നു: “ആരാധ​ന​യ്‌ക്കു കൂടി​വ​രുന്ന കാര്യം പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഒരു സ്ഥിരം യോഗ​സ്ഥ​ല​ത്തി​ന്റെ ആവശ്യം സംബന്ധിച്ച്‌ അവിട​ത്തു​കാ​രായ സഹോ​ദ​ര​ങ്ങൾക്ക്‌ അത്രവ​ലിയ താത്‌പ​ര്യ​മൊ​ന്നും ഉണ്ടായി​രു​ന്നില്ല. ഒത്തുകി​ട്ടുന്ന ഒരിടത്തു കൂടി​വ​രുന്ന പതിവാ​യി​രു​ന്നു അന്നു ഞങ്ങൾക്ക്‌, ഒരു വലിയ മരത്തണ​ലി​ലോ, ഏതെങ്കി​ലും സഹോ​ദ​ര​ങ്ങ​ളു​ടെ വീട്ടു​മു​റ്റ​ത്തോ മറ്റോ. ലൂക്കൊസ്‌ 9:58 ആയിരു​ന്നു ചിലരു​ടെ വീക്ഷണ​ങ്ങൾക്ക്‌ അടിസ്ഥാ​നം. യേശു​വി​നു​പോ​ലും സ്ഥിരമായ ഒരു സംഗമ​സ്ഥാ​ന​മി​ല്ലാ​യി​രു​ന്നു. പിന്നെ നമ്മളെ​ന്തി​നാണ്‌ ഒരെണ്ണം പണിയു​ന്ന​തി​നെ​ക്കു​റിച്ച്‌ ആശങ്ക​പ്പെ​ടു​ന്നത്‌? ഇതായി​രു​ന്നു ചിലരു​ടെ ചിന്ത.”

1950-നു മുമ്പ്‌ യോഗ​സ്ഥ​ലങ്ങൾ മിക്കവ​യും തീർത്തും ലളിത​മാ​യി​രു​ന്നു, മണ്ണും ചെത്തി​മി​നു​ക്കാത്ത തടിയും കൊണ്ട്‌ നിർമിച്ച ദുർബ​ല​മായ നിർമി​തി​കൾ. തിര​ക്കേ​റിയ കോപ്പർബെൽറ്റ്‌ പ്രദേ​ശത്ത്‌ ഒരു രാജ്യ​ഹാ​ളി​നുള്ള സ്ഥലം അനുവ​ദി​ക്കാൻ ഇയൻ ഫെർഗസൻ ഒരു ഖനി മാനേ​ജ​രെ​ക്കൊ​ണ്ടു സമ്മതി​പ്പി​ച്ചു. അങ്ങനെ 1950-ൽ വുസി​കി​ലി​യിൽ ആദ്യത്തെ രാജ്യ​ഹാൾ നിർമി​ച്ചു. പിന്നെ​യും പത്തുവർഷം​കൂ​ടി കഴിഞ്ഞാണ്‌ ഒരേ മാതൃ​ക​യി​ലുള്ള രാജ്യ​ഹാ​ളു​കൾ പണിയു​ന്ന​തി​നുള്ള പ്ലാൻ തയ്യാറാ​ക്കു​ന്നത്‌. ആ പ്ലാനുകൾ അനുസ​രി​ച്ചു നിർമിച്ച ആദ്യത്തെ രാജ്യ​ഹാൾ നല്ല ഉറപ്പും ബലവു​മുള്ള, പരന്ന മേൽക്കൂ​ര​യോ​ടു​കൂ​ടി​യ​താ​യി​രു​ന്നു, വന്ന ചെലവ്‌ സാംബി​യൻ പണമായ ഏകദേശം 12,000 ക്വാച്ചാ. അന്ന്‌ ഇതു വലി​യൊ​രു തുകയാ​യി​രു​ന്നു, പക്ഷേ പണപ്പെ​രു​പ്പ​ത്താൽ വലയുന്ന ഇന്നത്തെ സമ്പദ്‌വ്യ​വ​സ്ഥ​യിൽ ഇതിന്റെ മൂല്യം മൂന്ന്‌ യുഎസ്‌ ഡോള​റിൽ താഴെ​യേ​വരൂ!

സാക്ഷികൾ രാഷ്‌ട്രീയ പാർട്ടി കാർഡു​കൾ വാങ്ങാൻ കൂട്ടാ​ക്കാ​ത്ത​തി​നാൽ, ഉള്ളിൽ രാജ്യ​സ്‌നേഹം ആളിക്ക​ത്തിയ തീവ്ര​വാ​ദി​കൾ അവർക്കെ​തി​രെ വ്യാപ​ക​മാ​യി അക്രമം അഴിച്ചു​വി​ട്ടു​കൊ​ണ്ടി​രു​ന്നു. ആരാധ​നാ​സ്ഥ​ലങ്ങൾ കത്തിച്ചു. കൂടു​ത​ലായ ആക്രമ​ണങ്ങൾ ഉണ്ടാ​യേ​ക്കു​മെന്നു ഭയന്ന ചില സഹോ​ദ​ര​ങ്ങൾക്ക്‌ ഇനിമു​തൽ രാജ്യ​ഹാൾ പണി​യേ​ണ്ട​തില്ല, മറിച്ച്‌ തുറസ്സായ സ്ഥലത്ത്‌ കൂടി​വ​രു​ന്ന​താ​ണു നല്ലത്‌ എന്നു തോന്നി. 1970-കളുടെ തുടക്ക​ത്തിൽ കൂടുതൽ നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി​യ​തി​നെ തുടർന്ന്‌ ഒരു നിലം​വാ​ങ്ങു​ക​യെ​ന്നത്‌ ഒന്നി​നൊന്ന്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നു. യഹോ​വ​യു​ടെ സാക്ഷികൾ ഒരു പാർട്ടി​യെ​യും പിന്തു​ണ​യ്‌ക്കു​ക​യി​ല്ലെന്ന കാര്യം പരക്കെ അറിയാ​മാ​യി​രു​ന്നി​ട്ടും, ഏത്‌ അപേക്ഷ​ക​ളു​ടെ​യും കൂടെ പാർട്ടി കാർഡു​കൾ നൽകണ​മെന്ന്‌ ചില പ്രദേ​ശ​ങ്ങ​ളിൽ അധികാ​രി​കൾ ശഠിച്ചു.

വിസ്റ്റൺ സിങ്കാല അനുസ്‌മ​രി​ക്കു​ന്നു: “ഒരു നിലം​വാ​ങ്ങാൻപോ​ലും ഞങ്ങൾക്കു വിലക്കാ​യി​രു​ന്നു, രാജ്യ​ഹാൾ പണിക്ക്‌ അനുവാ​ദം കിട്ടുന്ന കാര്യം പിന്നെ പറയാ​നു​ണ്ടോ. ഈ വിവേ​ച​ന​യ്‌ക്കെ​തി​രെ കേസു​കൊ​ടു​ക്കാൻ പോകു​ക​യാ​ണെന്ന്‌ ഞങ്ങൾ നഗരസ​ഭയെ അറിയി​ച്ചു. പക്ഷേ ഞങ്ങൾ തമാശ പറയു​ക​യാ​ണെ​ന്നാണ്‌ അവർ കരുതി​യത്‌. ഞങ്ങൾക്കു​വേണ്ടി വാദി​ക്കാൻ പ്രാപ്‌ത​നായ ഒരു വക്കീലി​നെ ഞങ്ങൾക്കു കിട്ടി, രണ്ടുവർഷ​ത്തി​നു​ശേഷം ഞങ്ങൾക്ക്‌ അനുകൂ​ല​മാ​യി വിധി​വന്നു. രാജ്യ​ഹാ​ളു​കൾക്ക്‌ ആവശ്യ​മായ സ്ഥലം കൊടു​ക്കാൻ നഗരസ​ഭ​യോട്‌ ഉത്തരവി​ട്ടു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അത്‌. സ്വാത​ന്ത്ര്യ​ത്തി​ന്റെ പുലരി​യി​ലേ​ക്കുള്ള ആദ്യകി​ര​ണ​മാ​യി​രു​ന്നു ഈ കേസ്‌ എന്നു പറയാം.”

കറുത്ത കുതിര

അധികാ​രി​കൾ സഭകൾക്ക്‌ അപൂർവ​മാ​യേ സ്ഥലങ്ങളു​ടെ ആധാരം നടത്തി​ക്കൊ​ടു​ത്തി​രു​ന്നു​ള്ളൂ. വെട്ടി​ത്തെ​ളി​ച്ചെ​ടു​ത്തി​ട്ടി​ല്ലാത്ത തുണ്ടു​ഭൂ​മി​കൾ സഹോ​ദ​രങ്ങൾ പലയി​ട​ങ്ങ​ളി​ലും കണ്ടെത്തി​യെ​ങ്കി​ലും ശരിയായ രേഖക​ളി​ല്ലാ​തെ അവിടെ സ്ഥിരമാ​യി ഒരു കെട്ടിടം പണിയുക സാധ്യ​മ​ല്ലാ​യി​രു​ന്നു. നിർമാണ സാമ​ഗ്രി​കൾക്കാ​ണെ​ങ്കിൽ തീപി​ടിച്ച വിലയും, അതിനാൽ ഇരുമ്പു തകിടു​ക​ളോ ഇന്ധനം​കൊ​ണ്ടു​വ​രുന്ന കാലി​വീ​പ്പകൾ പിളർന്ന്‌ തല്ലിനി​വർത്തി​യ​തോ എടുത്ത്‌ തടി​കൊ​ണ്ടുള്ള ഒരു ചട്ടത്തിൽ ചേർത്ത്‌ ആണിയ​ടി​ക്കും, ഇങ്ങനെ​യാ​ണു പലരും ചെയ്‌തി​രു​ന്നത്‌. ഇത്തര​മൊ​രു നിർമി​തി​യെ​ക്കു​റിച്ച്‌ ഒരു മൂപ്പൻസ​ഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഇരുമ്പു തകിടി​ന്മേൽ ടാർ പൂശി​യി​രു​ന്നു, ദൂരെ​നി​ന്നു രാജ്യ​ഹാൾ കണ്ടാൽ ഒരു കറുത്ത ഭീമൻകു​തി​ര​യെ​പ്പോ​ലെ തോന്നും. അതിന​കത്തെ ചൂട്‌ അസഹനീ​യ​മാ​യി​രു​ന്നു.”

ഒരു മുൻ സർക്കിട്ട്‌ മേൽവി​ചാ​രകൻ പറഞ്ഞു: “ഇന്നു പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ തട്ടിക്കൂ​ട്ടിയ അത്തരം കൂരകളെ രാജ്യ​ഹാ​ളു​കൾ എന്നു പറയാൻ എനിക്കു മടിയാണ്‌. അവയൊ​ന്നും അത്യുന്നത ദൈവ​മായ യഹോ​വയെ പ്രതി​നി​ധാ​നം ചെയ്യാൻ കൊള്ളാ​വു​ന്നവ ആയിരു​ന്നി​ല്ലെ​ന്നു​ള്ള​താ​ണു വാസ്‌തവം.”

ചില സഭകൾ ഹാളുകൾ വാടക​യ്‌ക്ക്‌ എടുത്തു. അധികം ചെലവി​ല്ലാത്ത ഒരു പരിഹാ​ര​മാർഗ​മാ​യി​രു​ന്നു ഇതെങ്കി​ലും ഇവി​ടെ​യും പ്രശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 1970-കളിൽ ലുസാ​ക്കാ​യി​ലെ ഏക ഇംഗ്ലീഷ്‌ സഭയോ​ടൊ​ത്തു സഹവസി​ച്ചി​രുന്ന ഇഡ്രിസ്‌ മുണ്ടി എന്ന സഹോ​ദരി പറയുന്നു: “ഡിസ്‌കോ​യ്‌ക്കു വേണ്ടി ഉപയോ​ഗി​ച്ചി​രുന്ന ഒരു ഹാളാണ്‌ ഞങ്ങൾ വാടക​യ്‌ക്കെ​ടു​ത്തത്‌. എല്ലാ ശനിയാ​ഴ്‌ച​യും ആളുകൾ അവി​ടെ​വന്ന്‌ മദ്യപി​ക്കു​ക​യും നൃത്തം ചെയ്യു​ക​യും ചെയ്യും, നേരം വെളു​ക്കു​ന്ന​തു​വരെ. അതു​കൊണ്ട്‌ ഞായറാഴ്‌ച നേര​ത്തേ​തന്നെ ഞങ്ങൾ അവി​ടെ​യെത്തി എല്ലാം വൃത്തി​യാ​ക്ക​ണ​മാ​യി​രു​ന്നു. ഹാളിൽ ബിയറി​ന്റെ​യും സിഗര​റ്റി​ന്റെ​യും മണം തളം​കെ​ട്ടി​നി​ന്നു. യഹോ​വയെ ആരാധി​ക്കാൻ പറ്റിയ ഒരു സ്ഥലമേ അല്ലായി​രു​ന്നു അത്‌.”

ഇഡ്രി​സി​ന്റെ ഭർത്താവ്‌ ജാക്‌സൺ അനുസ്‌മ​രി​ക്കു​ന്നു: “ഒരു ഞായറാഴ്‌ച യോഗം നടന്നു​കൊ​ണ്ടി​രി​ക്കെ ഒരു യുവാവ്‌ കയറി​വന്നു. യാതൊ​രു സങ്കോ​ച​വു​മി​ല്ലാ​തെ നേരെ മുമ്പി​ലേക്കു ചെന്നിട്ട്‌ തലേരാ​ത്രി താൻ അവി​ടെ​വെ​ച്ചി​ട്ടു​പോയ ബിയറി​ന്റെ പെട്ടി എടുത്തു​കൊണ്ട്‌ ഇറങ്ങി​പ്പോ​യി. അവിടെ അത്രയും പേർ കൂടി​വ​ന്നി​ട്ടു​ണ്ടെ​ന്നുള്ള യാതൊ​രു വിചാ​ര​വു​മി​ല്ലാ​തെ.” ഇതൊ​ക്കെ​യാ​കു​മ്പോൾ സ്വന്തം രാജ്യ​ഹാൾ ഉണ്ടായി​രി​ക്കാൻ സഹോ​ദ​രങ്ങൾ എത്രമാ​ത്രം ആഗ്രഹി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കു​മെന്ന്‌ ഊഹി​ക്കാ​മ​ല്ലോ!

ചരിത്രം സൃഷ്ടിച്ച നിർമാ​ണ​വേല

കൂടുതൽ ആളുകൾ രാജ്യ​സ​ന്ദേ​ശ​ത്തോ​ടു നന്നായി പ്രതി​ക​രി​ച്ച​പ്പോൾ മാന്യ​മായ രാജ്യ​ഹാ​ളു​ക​ളു​ടെ ആവശ്യ​വും വർധിച്ചു. എന്നാൽ സഹോ​ദ​ര​ങ്ങൾക്ക്‌ അങ്ങേയറ്റം ഉത്സാഹ​വും തീക്ഷ്‌ണ​ത​യും ഒക്കെയു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അവരിൽ ചിലർ കുടും​ബത്തെ പോറ്റാൻതന്നെ നെട്ടോ​ട്ട​മോ​ടു​ക​യാ​യി​രു​ന്നു. അവർക്ക്‌ എങ്ങനെ​യാണ്‌ രാജ്യ​ഹാൾ നിർമാ​ണ​ത്തി​നു പണംമു​ട​ക്കാൻ കഴിയുക? യഹോ​വ​യു​ടെ കൈ ഒരിക്ക​ലും കുറു​കി​പ്പോ​കു​ന്നില്ല, അവൻ അവർക്കു​വേണ്ടി വിസ്‌മ​യ​ക​ര​മായ ഒരു സംഗതി കരുതി​വെ​ച്ചി​രു​ന്നു.

ലോക​മൊ​ട്ടാ​കെ​യുള്ള 40 വികസ്വര ദേശങ്ങ​ളിൽ 8,000-ത്തിലധി​കം രാജ്യ​ഹാ​ളു​കൾ ആവശ്യ​മു​ണ്ടെന്ന്‌ ഒരു സർവേ​യി​ലൂ​ടെ കണ്ടെത്തി. അതിനാൽ ഭരണസം​ഘം നിർമാ​ണ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ ആക്കംകൂ​ട്ടാൻ തീരു​മാ​നി​ച്ചു. എന്നാൽ ചിലയി​ട​ങ്ങ​ളിൽ ഈ നിർമാണ പ്രവർത്ത​നങ്ങൾ നിർവ​ഹി​ക്കാൻ ആവശ്യ​ത്തി​നു തൊഴിൽവി​ദ​ഗ്‌ധരെ കിട്ടാ​നി​ല്ലാ​യി​രു​ന്നു, ഒപ്പം പണിയാ​യു​ധ​ങ്ങ​ളു​ടെ ദൗർല​ഭ്യ​വും ഉണ്ടായി​രു​ന്നു. കൂടാതെ, വികസ്വര രാജ്യ​ങ്ങ​ളി​ലെ പല സഭകൾക്കും വലിയ ലോണു​കൾ തിരി​ച്ച​ട​യ്‌ക്കാ​നുള്ള സാമ്പത്തിക ശേഷി​യു​മി​ല്ലാ​യി​രു​ന്നു. അതോ​ടൊ​പ്പം പ്രസാ​ധ​ക​രു​ടെ ത്വരി​ത​വർധന നിമിത്തം സുസം​ഘ​ടി​ത​മായ നിർമാണ പദ്ധതി വികസി​പ്പി​ച്ചെ​ടു​ക്കാൻ ചില ബ്രാഞ്ചു​കൾക്ക്‌ ബുദ്ധി​മു​ട്ടു നേരിട്ടു. ഇതെല്ലാം കണക്കി​ലെ​ടുത്ത്‌ ലോക​വ്യാ​പ​ക​മാ​യുള്ള രാജ്യ​ഹാൾ നിർമാണ വേലയു​ടെ വികസ​ന​ത്തിൽ മേൽനോ​ട്ടം​വ​ഹി​ക്കാൻ ഭരണസം​ഘം ഐക്യ​നാ​ടു​ക​ളിൽ ഒരു കമ്മിറ്റി രൂപീ​ക​രി​ച്ചു, രാജ്യ​ഹാ​ളു​ക​ളു​ടെ രൂപകൽപ്പന, നിർമാ​ണം എന്നിവ​യ്‌ക്കു മേൽനോ​ട്ടം വഹിക്കുന്ന ഒരു കമ്മിറ്റി. വിഭവ​ശേഷി പരിമി​ത​മാ​യി​രി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ രാജ്യ​ഹാൾ പണിയു​ന്ന​തി​നുള്ള മാർഗ​രേ​ഖകൾ രൂപീ​ക​രി​ച്ചു, അതു​പോ​ലെ വൈദ​ഗ്‌ധ്യം​നേ​ടിയ സ്വമേ​ധയാ സേവകരെ മറ്റു ദേശങ്ങ​ളി​ലെ നിർമാണ പദ്ധതി​കൾക്കാ​യി നിയമി​ക്കു​ക​യും ചെയ്‌തു.

ചില​പ്പോ​ഴൊ​ക്കെ പരമ്പരാ​ഗത നിർമാണ രീതി​ക​ളി​ലും ആശയങ്ങ​ളി​ലും പൊരു​ത്ത​പ്പെ​ടു​ത്തൽ വരു​ത്തേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, സാംബി​യ​യിൽ സ്‌ത്രീ​കൾ വെള്ളം​കോ​രു​ക​യും മണൽ ചുമക്കു​ക​യും ഭക്ഷണം പാക​പ്പെ​ടു​ത്തു​ക​യും ചെയ്‌തു​കൊണ്ട്‌ നിർമാ​ണ​ങ്ങ​ളിൽ സ്വമേ​ധയാ സഹായി​ച്ചു. എന്നാൽ നിർമാണ സംഘങ്ങൾ ശരിക്കുള്ള കെട്ടി​ട​നിർമാ​ണ​ത്തിൽ സഹോ​ദ​രി​മാ​രെ ഉൾപ്പെ​ടു​ത്താൻ ആഗ്രഹി​ച്ചു, ലഭ്യമായ തൊഴിൽശേഷി പരമാ​വധി ഉപയോ​ഗി​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇത്‌.

കിഴക്കൻ പ്രവി​ശ്യ​യിൽനി​ന്നുള്ള ഒരു മുഖ്യന്‌, ഒരു സഹോ​ദരി രാജ്യ​ഹാ​ളി​ന്റെ ഭിത്തി കെട്ടു​ന്നത്‌ തികച്ചും അവിശ്വ​സ​നീ​യ​മാ​യി തോന്നി. അദ്ദേഹം വിസ്‌മ​യ​ഭ​രി​ത​നാ​യി പറഞ്ഞു: “ഒരു സ്‌ത്രീ ഇഷ്ടികകൾ പെറു​ക്കി​വെച്ച്‌ കെട്ടു​ന്നത്‌, അതും ഇത്ര ഭംഗി​യാ​യി ചെയ്യു​ന്നത്‌ എന്റെ ജീവി​ത​ത്തിൽ ആദ്യമാ​യി കാണു​ക​യാ​ണു ഞാൻ! എനിക്ക്‌ അതു കാണാ​നുള്ള ഭാഗ്യം ലഭിച്ച​ല്ലോ.”

“ഞങ്ങളുടെ ആത്മീയ ആതുരാ​ലയം”

നിർമാ​ണ​പ​രി​പാ​ടി സമുദാ​യ​ങ്ങ​ളിൽ ആഴമായ പ്രഭാവം ചെലുത്തി. ആളുക​ളിൽ പലരും ഒരിക്കൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു നിസ്സംഗത പുലർത്തി​യി​രു​ന്ന​വ​രോ അവരെ എതിർത്ത​വ​രോ ആയിരു​ന്നു. ഇപ്പോൾ അത്തരം വീക്ഷണ​ങ്ങ​ളു​ടെ കനമൊ​ന്നു കുറഞ്ഞു. ഉദാഹ​ര​ണ​ത്തിന്‌, കിഴക്കൻ പ്രവി​ശ്യ​യി​ലെ ഒരു മുഖ്യൻ തന്റെ പ്രദേ​ശത്ത്‌ രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തി​നെ ആദ്യം എതിർത്തി​രു​ന്നു, പക്ഷേ പിന്നീട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആദ്യം ഞാൻ നിങ്ങളു​ടെ പദ്ധതി എതിർത്തത്‌ സ്വമന​സ്സാ​ലെ ആയിരു​ന്നില്ല, മറ്റു മതവി​ഭാ​ഗ​ങ്ങ​ളു​ടെ പുരോ​ഹി​ത​വർഗ​ത്തി​ന്റെ ഒത്താശ​യാ​യി​രു​ന്നു അതിനു പിന്നിൽ. നിങ്ങൾ ഇവിടെ വന്നിരി​ക്കു​ന്നത്‌ ഒരു നല്ല ഉദ്ദേശ്യ​ത്തി​നാ​ണെന്ന്‌ ഇപ്പോൾ എനിക്കു മനസ്സി​ലാ​യി. ഈ മനോ​ഹ​ര​മായ കെട്ടിടം ഇപ്പോൾ ഞങ്ങളുടെ ആത്മീയ ആതുരാ​ല​യ​മാണ്‌.”

പ്രാഥ​മി​ക ക്രിസ്‌തീയ ശുശ്രൂഷ എന്നുപ​റ​യു​ന്നത്‌ “രാജ്യ​ത്തി​ന്റെ . . . സുവി​ശേഷം” പ്രസം​ഗി​ക്കു​ക​യെ​ന്ന​താണ്‌. (2 കൊരി. 6:5; മത്താ. 24:14) എന്നാൽ പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ജ​നത്തെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു പ്രേരി​പ്പി​ക്കു​ന്ന​തു​പോ​ലെ​തന്നെ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി മാന്യ​മായ യോഗ​സ്ഥ​ലങ്ങൾ നിർമി​ക്കാൻ കഠിനാ​ധ്വാ​നം ചെയ്യു​ന്ന​തി​നും അവരെ പ്രചോ​ദി​പ്പി​ക്കു​ന്നു. സഭകൾക്ക്‌ ഇപ്പോൾ അവയുടെ ഉദ്ദേശ്യം സംബന്ധിച്ച്‌ മെച്ചമായ അവബോ​ധ​മുണ്ട്‌. ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “ഇന്ന്‌ വയൽസേ​വ​ന​ത്തി​നു പോയി ആളുകളെ യോഗ​ങ്ങൾക്കു ക്ഷണിക്കാൻ ഞങ്ങൾക്ക്‌ ആത്മവി​ശ്വാ​സ​മുണ്ട്‌. കാരണം അവർ വരുന്നത്‌ തട്ടിക്കൂ​ട്ടിയ ഒരു കൂരയി​ലേക്കല്ല, മറിച്ച്‌ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്തുന്ന രാജ്യ​ഹാ​ളി​ലേ​ക്കാ​ണെന്ന്‌ ഞങ്ങൾക്ക​റി​യാം.”

മറ്റൊരു സഹോ​ദരൻ പറഞ്ഞു: “ഈ കാട്ടിൽ ഇത്ര മനോ​ഹ​ര​മായ ഒരു രാജ്യ​ഹാ​ളു​ണ്ടാ​യി​രി​ക്കാ​നുള്ള അർഹത ഞങ്ങൾക്കി​ല്ലാ​യി​രി​ക്കാം, പക്ഷേ യഹോ​വ​യ്‌ക്കുണ്ട്‌. മെച്ചപ്പെട്ട ആരാധ​നാ​സ്ഥ​ലങ്ങൾ യഹോ​വ​യ്‌ക്കു മഹത്ത്വം കൈവ​രു​ത്തു​ന്ന​തിൽ ഞാൻ സന്തുഷ്ട​നാണ്‌.”

സഞ്ചാര​വേല

ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​കർക്ക്‌ സഹിഷ്‌ണുത അനിവാ​ര്യ​മാണ്‌. (കൊലൊ. 1:24, 25) രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തിന്‌ സ്വയം വിട്ടു​കൊ​ടു​ത്തു​കൊ​ണ്ടു മാതൃ​ക​വെ​ക്കു​ന്ന​വ​രാണ്‌ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ. സഭകളെ ബലപ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇടയവേല ചെയ്യുന്ന അവരുടെ സ്‌നേ​ഹ​മ​സൃ​ണ​മായ പ്രയത്‌നം അവർ ‘മനുഷ്യ​രാം ദാനങ്ങൾ’ ആണെന്നു തെളി​യി​ച്ചി​രി​ക്കു​ന്നു.—എഫെസ്യർ 4:8, NW; 1 തെസ്സ. 1:2, 3.

1930-കളുടെ അന്ത്യപാ​ദ​ത്തിൽ പ്രാപ്‌ത​രായ പുരു​ഷ​ന്മാർ മേഖലാ ദാസന്മാ​രാ​യും പ്രദേശ ദാസന്മാ​രാ​യും സേവി​ക്കാൻ പരിശീ​ലി​പ്പി​ക്ക​പ്പെട്ടു. ഇന്ന്‌ ഇവർ സർക്കിട്ട്‌-ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​ന്മാർ എന്നറി​യ​പ്പെ​ടു​ന്നു. “സഭകളി​ലേ​ക്കുള്ള യാത്ര അത്ര എളുപ്പ​മാ​യി​രു​ന്നില്ല,” ജെയിംസ്‌ മവാങ്‌ഗോ പറയുന്നു. “ഞങ്ങൾക്കു സഞ്ചരി​ക്കാൻ സൈക്കി​ളു​കൾ തന്നിട്ടു​ണ്ടാ​യി​രു​ന്നു. പക്ഷേ ഞങ്ങളുടെ സാധനങ്ങൾ ചുമന്നു​കൊ​ണ്ടു ഞങ്ങളുടെ കൂടെ പോന്ന സഹോ​ദ​ര​ന്മാർക്ക്‌ നടക്കു​കയേ നിവൃ​ത്തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ലക്ഷ്യസ്ഥാ​ന​ങ്ങ​ളി​ലെ​ത്താൻ ദിവസങ്ങൾ വേണമാ​യി​രു​ന്നു. ഓരോ സഭയോ​ടു​മൊത്ത്‌ ഞങ്ങൾ രണ്ടാഴ്‌ച ചെലവ​ഴി​ച്ചി​രു​ന്നു.”

“അദ്ദേഹം ഉടൻ ബോധം​കെ​ട്ടു​വീ​ണു”

ഗ്രാമാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ​യുള്ള യാത്ര ഇന്നത്തെ​പ്പോ​ലെ​തന്നെ വെല്ലു​വി​ളി നിറഞ്ഞ​താ​യി​രു​ന്നു. ഇപ്പോൾ 80-നുമേൽ പ്രായ​മുള്ള റോബിൻസൺ ഷമുലു​മ​യും ഭാര്യ ജൂലി​യാ​നാ​യും സഞ്ചാര​വേ​ല​യി​ലാ​യി​രു​ന്നു. ഒരു മഴക്കാ​ലത്ത്‌ അസാധാ​ര​ണ​മായ ഒരു പെരു​മ​ഴ​യിൽ കുടു​ങ്ങി​പ്പോ​യത്‌ സഹോ​ദരൻ ഓർക്കു​ന്നു. കാറ്റും മഴയും ശമിച്ച​പ്പോൾ അവർക്കു പോ​കേ​ണ്ടുന്ന വഴിനി​റയെ സൈക്കി​ളി​ന്റെ സീറ്റിന്റെ അത്രയും പൊക്ക​ത്തിൽ ചെളി​വെ​ള്ള​മു​ണ്ടാ​യി​രു​ന്നു! അവർ അടുത്ത സഭയിൽ എത്തിയ​പ്പോ​ഴേ​ക്കും ജൂലി​യാ​നാ സഹോ​ദരി തളർന്ന്‌ അവശയാ​യി​രു​ന്നു, അൽപ്പം വെള്ളം​പോ​ലും കുടി​ക്കാ​നുള്ള ശേഷി​യി​ല്ലാ​യി​രു​ന്നു അപ്പോൾ.

1960-കളിലും 1970-കളിലും സർക്കിട്ട്‌ വേലയി​ലും ഡിസ്‌ട്രി​ക്‌റ്റ്‌ വേലയി​ലും സേവി​ച്ചി​രുന്ന ഈനോക്ക്‌ ചീറുവ സഹോ​ദരൻ പറയുന്നു: “തിങ്കളാഴ്‌ച വളരെ ബുദ്ധി​മു​ട്ടു​പി​ടിച്ച ഒരു ദിവസ​മാ​യി​രു​ന്നു, അന്നാണ്‌ യാത്ര​യു​ടെ ദിവസം. എന്നാലും അടുത്ത സഭയിൽ ചെല്ലു​മ്പോൾ യാത്രാ​ക്ലേ​ശ​മൊ​ക്കെ ഞങ്ങൾ മറക്കു​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ആയിരി​ക്കു​ന്നത്‌ ഞങ്ങളെ ഏറെ സന്തോ​ഷി​പ്പി​ച്ചു.”

ദൂരവും യാത്രാ​ക്ലേ​ശ​വും മാത്ര​മാ​യി​രു​ന്നില്ല തടസ്സങ്ങൾ. രാജ്യ​ത്തി​ന്റെ വടക്കുള്ള ഒരു സഭ സന്ദർശി​ക്കാ​നുള്ള യാത്ര​യിൽ ലാംപ്‌ ചിസെ​ങ്‌ഗാ സഹോ​ദ​ര​നോ​ടൊ​പ്പം രണ്ടു സഹോ​ദ​ര​ന്മാ​രും ഉണ്ടായി​രു​ന്നു. പൊടി​നി​റഞ്ഞ ഒരു വഴിയിൽ കുറെ ദൂരെ ഏതോ ഒരു മൃഗം ഇരിക്കു​ന്നത്‌ അവരുടെ കണ്ണിൽപ്പെട്ടു. “സഹോ​ദ​ര​ന്മാർക്ക്‌ അതിനെ വ്യക്തമാ​യി കാണാൻ കഴിഞ്ഞില്ല,” ചിസെ​ങ്‌ഗാ സഹോ​ദരൻ പറഞ്ഞു. “ഒരു നായ്‌ ഇരിക്കു​ന്ന​തു​പോ​ലെ അതു വഴിയി​ലി​രി​ക്കു​ക​യാണ്‌. ‘സഹോ​ദ​രനു കാണാ​മോ? എന്താ​ണെന്നു മനസ്സി​ലാ​യോ?’ ഞാൻ ചോദി​ച്ചു. അതൊരു സിംഹ​മാ​ണെന്ന്‌ പെട്ടെ​ന്നു​തന്നെ ഒരു സഹോ​ദ​രനു മനസ്സി​ലാ​യി. നിലവി​ളി​ച്ചു​കൊണ്ട്‌ അദ്ദേഹം ഉടൻ ബോധം​കെ​ട്ടു​വീ​ണു. സിംഹം കാട്ടി​ലേക്കു പോകു​ന്ന​തു​വരെ കാത്തു​നിൽക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു.”

ജോൺ ജേസണും ഭാര്യ കേയും സാംബി​യ​യി​ലെ തങ്ങളുടെ 26 വർഷത്തെ സേവന​ത്തി​ന്റെ ഒരുഭാ​ഗം ഡിസ്‌ട്രി​ക്‌റ്റ്‌ വേലയി​ലാ​ണു ചെലവ​ഴി​ച്ചത്‌. യാന്ത്രിക തകരാ​റു​കൾ വരു​മ്പോൾ ക്ഷമ കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം അവർ പഠിച്ചു. ജോൺ പറഞ്ഞു: “ഒരിക്കൽ ഞങ്ങൾക്ക്‌ ഒടിഞ്ഞ സസ്‌പെൻഷൻ കോയി​ലു​മാ​യി 150 കിലോ​മീ​റ്റർ വണ്ടി​യോ​ടി​ക്കേണ്ടി വന്നു; കാരണം, മാറി​യി​ടാൻ ഞങ്ങളുടെ പക്കൽ മറ്റൊന്ന്‌ ഇല്ലായി​രു​ന്നു. സഹായം വേണ​മെന്നു വിളിച്ച്‌ അറിയി​ക്കാ​നും യാതൊ​രു സൗകര്യ​വു​മി​ല്ലാ​യി​രു​ന്നു. മറ്റൊരു സന്ദർഭ​ത്തിൽ വണ്ടി കേടായി വഴിയിൽ കിട​ക്കേണ്ടി വന്നു. കണക്കി​ലേറെ ചൂടായ ഒരു വാഹന​ത്തിൽ നിസ്സഹാ​യ​രാ​യി ഇരിക്കുന്ന ഞങ്ങൾക്ക്‌ ഒന്നേ ചെയ്യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ, അവസാ​നത്തെ കപ്പ്‌ ചായയ്‌ക്കുള്ള വെള്ളം മാറ്റി​വെ​ച്ചിട്ട്‌ ബാക്കി​വെള്ളം മുഴു​വ​നും എടുത്ത്‌ എഞ്ചിൻ തണുപ്പി​ക്കുക. സമീപ​ത്തെ​ങ്ങും ആരുമില്ല, ചുട്ടു​പൊ​ള്ളുന്ന ചൂട്‌, തളർന്ന്‌ അവശരായ ഞങ്ങൾ വണ്ടിയി​ലി​രുന്ന്‌ സഹായ​ത്തി​നാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നു​മ​ണി​യാ​യി​ക്കാ​ണും റോഡിൽ കേടാ​യി​ക്കി​ട​ക്കുന്ന വാഹനങ്ങൾ നന്നാക്കി​ക്കൊ​ടു​ക്കുന്ന ഒരു വണ്ടി അതുവ​ഴി​വന്നു. അന്നത്തെ ആദ്യത്തെ വണ്ടിയാ​യി​രു​ന്നു അത്‌. ഞങ്ങളുടെ കഷ്ടപ്പാട്‌ കണ്ടിട്ട്‌ അതിലെ ജോലി​ക്കാർ ആ വണ്ടിയിൽക്കെട്ടി ഞങ്ങളുടെ വാഹനം വലിച്ചു​കൊ​ണ്ടു​പോ​കാ​മെന്ന്‌ ഏറ്റു. അങ്ങനെ ഒടുവിൽ സന്ധ്യമ​യ​ങ്ങി​യ​പ്പോൾ ഞങ്ങൾ സഹോ​ദ​ര​ങ്ങ​ളു​ടെ അടുത്ത്‌ എത്തി​ച്ചേർന്നു.”

ആശ്രയി​ക്കാൻ പഠിക്കു​ന്നു

ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ തങ്ങളുടെ ആശ്രയം വ്യക്തി​ഗ​ത​മായ പ്രാപ്‌തി​ക​ളി​ലോ ഭൗതിക കാര്യ​ങ്ങ​ളി​ലോ വെക്കു​ന്ന​തി​നു പകരം പിന്തു​ണ​യു​ടെ കൂടുതൽ ആശ്രയ​യോ​ഗ്യ​മായ ഉറവു​ക​ളിൽ, യഹോ​വ​യാം ദൈവ​ത്തി​ലും ക്രിസ്‌തീയ സഹോ​ദ​ര​വർഗ​ത്തി​ലും ആശ്രയ​മർപ്പി​ക്കാൻ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ പെട്ടെന്നു പഠിക്കു​ന്നു. (എബ്രാ. 13:5, 6) “ഞങ്ങൾ ഡിസ്‌ട്രി​ക്‌റ്റ്‌ വേല തുടങ്ങി വെറും മൂന്ന്‌ ആഴ്‌ച​യാ​യ​പ്പോൾ ഒരു വെല്ലു​വി​ളി നേരിട്ടു,” ജെഫ്രി ഹ്വിലർ പറയുന്നു. “വാരാ​ന്ത​ത്തിൽ സമ്മേളനം നടക്കാ​നി​രി​ക്കുന്ന സ്ഥലത്താ​യി​രു​ന്നു ഞങ്ങൾ, എനിക്ക്‌ ഒരു സ്റ്റൗ കിട്ടി​യി​രു​ന്നു. അതിന്‌ എന്തോ കുഴപ്പ​മു​ണ്ടാ​യി​രു​ന്നു. അന്ന്‌ കാറ്റും നല്ല ചൂടു​മുള്ള ദിവസ​മാ​യി​രു​ന്നു, ഞാൻ സ്റ്റൗ കത്തിച്ച​തും തീ ആളിപ്പ​ടർന്നു. മിനി​ട്ടു​കൾക്കകം അതു നിയ​ന്ത്ര​ണാ​തീ​ത​മാ​യി. [ഞങ്ങളുടെ വാഹന​മായ] ലാൻഡ്‌ റോവ​റി​ന്റെ മുമ്പി​ലത്തെ ടയറിനു തീപി​ടി​ച്ചു. നിമി​ഷ​ങ്ങൾക്കു​ള്ളിൽ വാഹനത്തെ അപ്പാടെ തീവി​ഴു​ങ്ങി.”

വാഹനം കത്തിന​ശി​ച്ചത്‌ വലി​യൊ​രു നഷ്ടമാ​യി​രു​ന്നു. എന്നാൽ പ്രശ്‌നം അവിടം​കൊ​ണ്ടു തീർന്നില്ല. ജെഫ്രി പറയുന്നു: “ഞങ്ങളുടെ വസ്‌ത്രങ്ങൾ വണ്ടിക്ക​കത്ത്‌ കറുത്ത ഒരു സ്റ്റീൽ ട്രങ്കി​ലാ​യി​രു​ന്നു. വസ്‌ത്ര​ങ്ങൾക്കു തീപി​ടി​ച്ചി​ല്ലെ​ങ്കി​ലും അവ ചുരു​ങ്ങി​പ്പോ​യി! സഹോ​ദ​രങ്ങൾ കത്തുന്ന വണ്ടിയു​ടെ മറ്റേ വശത്തു​കൂ​ടെ വന്ന്‌ അകത്തു​നിന്ന്‌ ഞങ്ങളുടെ കിടക്ക​യും ഒരു ഷർട്ടും എന്റെ ടൈപ്പ്‌​റൈ​റ്റ​റും വലിച്ചു പുറ​ത്തെ​ടു​ത്തു. പെട്ടെന്ന്‌ ചിന്തിച്ച്‌ അവർ അത്രയും ചെയ്‌ത​തിൽ ഞങ്ങൾ വളരെ നന്ദിയു​ള്ള​വ​രാ​യി​രു​ന്നു!” ഈ സഹോ​ദ​ര​ങ്ങ​ളു​ടെ പല സാധന​ങ്ങ​ളും വണ്ടിയി​ലി​രു​ന്നു കത്തിന​ശി​ച്ചു. അടുത്ത രണ്ടുമാ​സ​ത്തേക്ക്‌ പട്ടണത്തി​ലേക്കു പോകാൻ അവർക്കു കഴിയു​ക​യു​മി​ല്ലാ​യി​രു​ന്നു. അവർ പിന്നെ എന്തു​ചെ​യ്‌തു? ജെഫ്രി പറയുന്നു: “ഒരു സഹോ​ദരൻ എനിക്ക്‌ ഒരു ടൈ കടംതന്നു. റബ്ബർ ഷൂസ്‌ ധരിച്ചാണ്‌ ഞാൻ പരസ്യ​പ്ര​സം​ഗം നടത്തി​യത്‌. അങ്ങനെ​യൊ​ക്കെ ഞങ്ങൾ വേല തുടർന്നു. അനുഭ​വ​പ​രി​ചയം ഒട്ടുമി​ല്ലാത്ത തങ്ങളുടെ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​കനെ സഹായി​ക്കാൻ സഹോ​ദ​രങ്ങൾ തങ്ങളാ​ലാ​വ​തെ​ല്ലാം ചെയ്‌തു.”

പാമ്പു​കളെ പേടി​ക്കാ​തെ ഉറങ്ങാൻ

“അതിഥി​സ​ല്‌ക്കാ​രം ആചരി”ക്കുന്ന സഭകളു​ടെ സ്‌നേ​ഹ​വും പരിഗ​ണ​ന​യും സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കും ഭാര്യ​മാർക്കും അവരുടെ ആത്മത്യാ​ഗ​പ​ര​മായ സേവന​ത്തിൽ തുടരാൻ പ്രചോ​ദ​ന​മേ​കു​ന്നു. തങ്ങൾക്കു​തന്നെ ഭൗതി​ക​മാ​യി വേണ്ടത്ര ഇല്ലാതി​രി​ക്കെ, സഞ്ചാര​വേ​ല​യി​ലാ​യി​രി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്ക്‌ സഭകൾ സ്‌നേ​ഹ​പൂർവം കരുതൽ ചെയ്യു​ന്ന​തി​ന്റെ എണ്ണമറ്റ വിവര​ണ​ങ്ങ​ളുണ്ട്‌, അവയെ​ല്ലാം ആഴമായി വിലമ​തി​ക്ക​പ്പെ​ടു​ന്നു.—റോമ. 12:13; സദൃ. 15:17.

സഞ്ചാര മേൽവി​ചാ​ര​ക​ന്മാർക്കുള്ള താമസ​സൗ​ക​ര്യ​ങ്ങൾ പലപ്പോ​ഴും പ്രാകൃ​ത​രീ​തി​യി​ലു​ള്ള​താ​യി​രു​ന്നെ​ങ്കി​ലും ആ കരുത​ലി​ന്റെ പിന്നി​ലു​ള്ളത്‌ എല്ലായ്‌പോ​ഴും കറകളഞ്ഞ സ്‌നേ​ഹ​മാ​യി​രു​ന്നു. സാംബി​യ​യു​ടെ വടക്കൻ പ്രവി​ശ്യ​യി​ലുള്ള ഒരു ഗ്രാമ​ത്തിൽ രാത്രി​യിൽ എത്തി​ച്ചേർന്ന​തി​നെ​ക്കു​റി​ച്ചുള്ള സ്‌മരണ അയവി​റ​ക്കു​ക​യാണ്‌ ഫ്രെഡ്‌ കാഷി​മോ​ട്ടോ സഹോ​ദരൻ. 1980-കളുടെ ആദ്യപാ​ദ​ത്തിൽ അദ്ദേഹം സർക്കിട്ട്‌ വേലയി​ലാ​യി​രു​ന്നു. സഹോ​ദ​രങ്ങൾ അദ്ദേഹ​ത്തി​നു ഹൃദ്യ​മായ സ്വാഗ​ത​മ​രു​ളി. പിന്നീട്‌ അവരെ​ല്ലാം ഒരു ചെറിയ വീട്ടി​ലേക്കു കയറി. സഹോ​ദ​രങ്ങൾ അദ്ദേഹ​ത്തി​ന്റെ സാധന​ങ്ങ​ളെ​ല്ലാം ഒരു വലിയ മേശയു​ടെ പുറത്തു​വെച്ചു, കഴകൾകൊണ്ട്‌ ഏതാണ്ട്‌ 1.5 മീറ്റർ ഉയരത്തിൽ ഉണ്ടാക്കി​യ​താ​യി​രു​ന്നു മേശ. രാത്രി​യേറെ ചെന്ന​പ്പോൾ കാഷി​മോ​ട്ടോ സഹോ​ദരൻ ചോദി​ച്ചു: “ഞാൻ എവി​ടെ​യാണ്‌ ഉറങ്ങു​ന്നത്‌?”

ആ മേശ ചൂണ്ടി​ക്കാ​ട്ടി സഹോ​ദ​രങ്ങൾ പറഞ്ഞു: “അതാ, അതാണു കിടക്ക.” പാമ്പുകൾ ധാരാ​ള​മു​ള്ള​തി​നാൽ സഹോ​ദ​രന്‌ പേടി​ക്കാ​തെ ഉറങ്ങാൻ അവിടത്തെ സഹോ​ദ​രങ്ങൾ പണിത​താ​യി​രു​ന്നു അത്‌. അതി​ന്റെ​മേൽ പുല്ലു​വി​രിച്ച്‌ മെത്ത​പോ​ലെ​യാ​ക്കി, കാഷി​മോ​ട്ടോ സഹോ​ദരൻ ഉറങ്ങാൻ കിടന്നു.

നാട്ടിൻപു​റ​ങ്ങ​ളിൽ സമ്മാന​മാ​യി നൽകു​ന്നത്‌ പലപ്പോ​ഴും ഫാമു​ക​ളി​ലുള്ള എന്തെങ്കി​ലു​മാ​യി​രി​ക്കും. “ഒരിക്കൽ, സഹോ​ദ​രങ്ങൾ ഒരു കോഴി​യെ തന്നു,” ജെഫ്രി ഹ്വിലർ സഹോ​ദരൻ പുഞ്ചി​രി​യോ​ടെ പറയുന്നു. “സന്ധ്യമ​യ​ങ്ങി​യ​പ്പോൾ ഞങ്ങൾ അതിനെ പുറത്തുള്ള കുഴി കക്കൂസി​ന്റെ മറയിൽ ഒരു കമ്പിന്മേൽ വെച്ചു, പക്ഷേ ഇരുന്ന കമ്പിൽനി​ന്നും താഴേ​ക്കു​ചാ​ടിയ അത്‌ നേരെ​ചെന്നു വീണത്‌ കക്കൂസ്‌ കുഴി​യി​ലാണ്‌. ഒരു തൂമ്പ​കൊണ്ട്‌ ഞങ്ങൾ അതിനെ ഒരു തരത്തിൽ പൊക്കി​യെ​ടു​ത്തു. ഭാര്യ അതിനെ സോപ്പും ചൂടു​വെ​ള്ള​വും ഇഷ്ടം​പോ​ലെ അണുനാ​ശി​നി​യും ഉപയോ​ഗിച്ച്‌ കഴുകി വൃത്തി​യാ​ക്കി. വാരാ​ന്ത​ത്തിൽ ഞങ്ങൾ അതിനെ കശാപ്പു​ചെ​യ്‌തു, നല്ല രുചി​യു​ണ്ടാ​യി​രു​ന്നു കേട്ടോ!”

സമാന​മാ​യ രീതി​യിൽ ഉദാര​മ​ന​സ്ഥി​തി​യു​ടെ നന്മ അനുഭ​വി​ച്ച​വ​രാണ്‌ ജേസൺ സഹോ​ദ​ര​നും ഭാര്യ​യും. “ഇടയ്‌ക്കി​ടെ സഹോ​ദ​രങ്ങൾ ഞങ്ങൾക്ക്‌ ജീവനുള്ള ഓരോ കോഴി​യെ തരും,” ജോൺ സഹോ​ദരൻ പറയുന്നു. “ഞങ്ങൾക്ക്‌ ഒരു ചെറിയ കൂട ഉണ്ടായി​രു​ന്നു. ഞങ്ങൾ ഞങ്ങളുടെ ഡിസ്‌ട്രി​ക്‌റ്റി​ലൂ​ടെ സഞ്ചരി​ക്കവേ ഒരു പിട​ക്കോ​ഴി​യെ അതിലി​ട്ടു കൊണ്ടു​പോ​യി. ദിവസ​വും രാവിലെ അവൾ ഓരോ മുട്ടയി​ടും, അതു​കൊണ്ട്‌ അതിനെ കൊന്നു​തി​ന്നേ​ണ്ട​യെന്നു ഞങ്ങൾ തീരു​മാ​നി​ച്ചു. പുതിയ ഒരിട​ത്തേക്കു പോകാൻ ഞങ്ങൾ എല്ലാം പെറു​ക്കി​ക്കെ​ട്ടു​മ്പോ​ഴേ​ക്കും, ഞങ്ങളോ​ടൊ​പ്പം വരു​ന്നെ​ന്നുള്ള സൂചന തന്നുക​ഴി​യും അവൾ.”

ചലച്ചി​ത്ര​ങ്ങൾ

പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ (ഇംഗ്ലീഷ്‌) എന്നതും ഒപ്പം മറ്റുചില ചലച്ചി​ത്ര​ങ്ങ​ളും 1954 മുതൽ പ്രദർശി​പ്പി​ച്ചു​തു​ടങ്ങി, ഇത്‌ പ്രചോ​ദ​നാ​ത്മ​ക​മായ ഒരു വിദ്യാ​ഭ്യാ​സ പരിപാ​ടി​യാ​യി​രു​ന്നു. “ശുശ്രൂ​ഷ​യി​ലും സഭയി​ലും കഠിനാ​ധ്വാ​നം ചെയ്യാൻ ഇത്‌ അനേകർക്കും പ്രചോ​ദ​ന​മേകി” എന്ന്‌ അന്നത്തെ ഒരു ബ്രാഞ്ച്‌ റിപ്പോർട്ട്‌ പറയു​ക​യു​ണ്ടാ​യി. ചിലരാ​ണെ​ങ്കിൽ ഒരു ചിത്ര​പ്ര​ദർശനം കഴിഞ്ഞ്‌ സമ്മേളന പന്തൽ അഴിക്കു​മ്പോൾ പിൻവ​രു​ന്ന​പ്ര​കാ​രം പറയു​മാ​യി​രു​ന്നു: “നമുക്ക്‌ ‘പുതി​യ​ലോക സമുദാ​യം പ്രവർത്ത​ന​ത്തിൽ’ മോഡ​ലിൽ പന്തൽ അഴിക്കാം,” എന്നു​വെ​ച്ചാൽ “അത്യു​ത്സാ​ഹ​ത്തോ​ടെ!” ഈ ചിത്രം പുറത്തി​റ​ക്കിയ ആദ്യ വർഷം 42,000-ത്തിലേ​റെ​പ്പേർ അതുകണ്ടു. അക്കൂട്ട​ത്തിൽ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥ​രും വിദ്യാ​ഭ്യാ​സ മേഖല​യി​ലു​ള്ള​വ​രും ഒക്കെയു​ണ്ടാ​യി​രു​ന്നു. അത്‌ അവരിൽ ആഴമായ മതിപ്പു​ള​വാ​ക്കി. കാലാ​ന്ത​ര​ത്തിൽ സാംബി​യ​യി​ലു​ട​നീ​ളം പത്തുല​ക്ഷ​ത്തി​ലേറെ ആളുകൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യും അവരുടെ ക്രിസ്‌തീയ സംഘട​ന​യു​മാ​യും പരിച​യ​ത്തി​ലാ​യി.

ഈ ചിത്ര​ങ്ങ​ളു​ടെ പ്രഭാ​വ​ത്തെ​ക്കു​റിച്ച്‌ വെയ്‌ൻ ജോൺസൺ പറയുന്നു: “ഏറെ ദൂരം യാത്ര​ചെ​യ്‌താണ്‌ ആളുകൾ ചിത്രങ്ങൾ കാണാ​നെ​ത്തി​യി​രു​ന്നത്‌, അവരെ യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റി​ച്ചു പഠിപ്പി​ക്കു​ന്ന​തിൽ ഇവ നിർണാ​യക പങ്കുവ​ഹി​ച്ചു. പലപ്പോ​ഴും പരിപാ​ടി​ക്കി​ടെ കാതട​പ്പി​ക്കുന്ന കരഘോ​ഷം ഏറെ​നേരം മുഴങ്ങു​മാ​യി​രു​ന്നു.”

കുറെ​നാ​ള​ത്തേക്ക്‌ സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളിൽ ശനിയാ​ഴ്‌ചത്തെ സായാഹ്ന പരിപാ​ടി​യിൽ ഇത്തരം ഏതെങ്കി​ലും ഒരു ചിത്രം പ്രദർശി​പ്പി​ക്കു​മാ​യി​രു​ന്നു. കാട്ടു​പ്ര​ദേ​ശത്ത്‌ ഇതൊക്കെ വലി​യൊ​രു സംഭവ​മാ​യി​രു​ന്നു. മറ്റു ദേശങ്ങ​ളി​ലെ ജീവി​ത​രീ​തി​യെ​ക്കു​റിച്ച്‌ ഒന്നുമ​റി​യാത്ത സദസ്യർ ചില രംഗങ്ങ​ളൊ​ക്കെ തെറ്റി​ദ്ധ​രി​ച്ചെ​ങ്കി​ലും ഈ പ്രദർശ​നങ്ങൾ ആളുക​ളിൽ വർധിച്ച പ്രഭാവം ചെലുത്തി. ഒരു ചിത്ര​ത്തിൽ ന്യൂ​യോർക്ക്‌ നഗരത്തി​ലെ ഒരു ഭൂഗർഭ പാതയിൽനിന്ന്‌ ആളുകൾ കൂട്ട​ത്തോ​ടെ പുറ​ത്തേ​ക്കൊ​ഴു​കുന്ന രംഗമു​ണ്ടാ​യി​രു​ന്നു. കൂടി​യി​രു​ന്ന​വ​രിൽ പലരും കരുതി​യത്‌ അത്‌ പുനരു​ത്ഥാ​ന​ത്തി​ന്റെ ചിത്രീ​ക​ര​ണ​മാ​ണെ​ന്നാണ്‌! എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ സാക്ഷി​കളെ ഏറെ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ ഈ ചിത്രങ്ങൾ ഒരു നിമി​ത്ത​മാ​യി. പക്ഷേ സാഹച​ര്യം മാറി​മ​റി​യാൻ പോകു​ക​യാ​യി​രു​ന്നു. നാടിനു സ്വാത​ന്ത്ര്യം ലഭിക്കു​ക​യെന്ന അടങ്ങാത്ത അഭിനി​വേശം പല സാംബി​യ​ക്കാ​രെ​യും സഹോ​ദ​ര​ങ്ങൾക്കെ​തി​രെ തിരി​യാൻ ഇടയാ​ക്കു​മാ​യി​രു​ന്നു. സഭകളും സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രും ഒരു​പോ​ലെ വലിയ അളവിൽ സഹിഷ്‌ണുത ആവശ്യ​മായ സാഹച​ര്യ​ങ്ങളെ അഭിമു​ഖീ​ക​രി​ക്കാൻ പോകു​ക​യാ​യി​രു​ന്നു.

രാഷ്‌ട്രീയ ഇടപെടൽ

1964 ഒക്ടോബർ 24-ന്‌ ഉത്തര റൊ​ഡേഷ്യ ബ്രിട്ടന്റെ കീഴിൽനി​ന്നു സ്വാത​ന്ത്ര്യം നേടി സാംബിയ റിപ്പബ്ലിക്ക്‌ ആയിത്തീർന്നു. ഈ കാലഘ​ട്ട​ത്തിൽ രാഷ്‌ട്രീ​യ​രം​ഗം പുകയു​ക​യാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാട്‌ അവർ കോള​നി​വാ​ഴ്‌ചയെ മൗനമാ​യി പിന്തു​ണ​യ്‌ക്കു​ന്ന​വ​രാ​ണെന്നു ദുർവ്യാ​ഖ്യാ​നം ചെയ്യാൻ ഇടയാക്കി.

ഈ കാലയ​ള​വിൽ ബങ്‌ഗ്വെ​യു​ലു തടാക​പ്ര​ദേ​ശ​ത്തേക്കു പോയ​കാ​ര്യം ലാംപ്‌ ചിസെ​ങ്‌ഗാ സഹോ​ദരൻ ഓർമി​ക്കു​ന്നു. ഒരു ബോട്ടിൽ കയറി ദ്വീപ​പ്ര​ദേ​ശ​ങ്ങ​ളി​ലുള്ള മുക്കു​വ​രായ സാക്ഷി​കളെ സന്ദർശി​ക്കാൻ സഹോ​ദരൻ പരിപാ​ടി​യി​ട്ടി​രു​ന്നു. ആദ്യം, തടാക​ക്ക​ര​യിൽ എത്താനാ​യി സഹോ​ദരൻ ബസ്സിൽ യാത്ര​യാ​രം​ഭി​ച്ചു. ബസ്സിൽനിന്ന്‌ ഇറങ്ങിയ ഉടൻ അദ്ദേഹ​ത്തോട്‌ ചിലർ പാർട്ടി കാർഡ്‌ കാണി​ക്കാൻ ആവശ്യ​പ്പെട്ടു. അദ്ദേഹ​ത്തി​ന്റെ കൈയി​ലെ​വി​ടു​ന്നാണ്‌ പാർട്ടി കാർഡ്‌? രാഷ്‌ട്രീയ പാർട്ടി​പ്ര​വർത്തകർ അദ്ദേഹ​ത്തി​ന്റെ ബ്രീഫ്‌കെ​യ്‌സ്‌ പിടി​ച്ചു​വാ​ങ്ങി. അപ്പോൾ അവരിൽ ഒരാൾ “വാച്ച്‌ടവർ” എന്നെഴു​തിയ ഒരു പെട്ടി​കണ്ടു. ഉടനെ അയാൾ ഉച്ചത്തിൽ തന്റെ വിസിൽ ഊതി​യിട്ട്‌ “വാച്ച്‌ടവർ! വാച്ച്‌ടവർ!” എന്നു വിളി​ച്ചു​കൂ​വാൻ തുടങ്ങി.

സംഗതി കുഴപ്പ​മാ​കു​മെന്നു കണ്ട ഒരു ഉദ്യോ​ഗസ്ഥൻ സഹോ​ദ​രനെ ബസ്സിന​ക​ത്തേക്കു തള്ളിക്ക​യറ്റി, ബാഗു​ക​ളും അകത്തേ​ക്കി​ട്ടു. അപ്പോ​ഴേ​ക്കും ഒരു വലിയ ജനക്കൂട്ടം വന്നുകൂ​ടി, ബസ്സിനു നേർക്ക്‌ കല്ലെറി​യാ​നും, വാതി​ലി​ലും ടയറു​ക​ളി​ലും ജനലു​ക​ളി​ലു​മൊ​ക്കെ ഇടിക്കാ​നും തുടങ്ങി. ഡ്രൈവർ വണ്ടി​യെ​ടുത്ത്‌ ഒരിട​ത്തും നിറു​ത്താ​തെ ഏകദേശം 90 കിലോ​മീ​റ്റർ അകലെ​യുള്ള സാംഫ്യാ ലക്ഷ്യമാ​ക്കി പാഞ്ഞു. രാത്രി​കൊണ്ട്‌ ബഹളം കെട്ടടങ്ങി. പിറ്റേന്നു രാവിലെ തികച്ചും ശാന്തനാ​യി ലാംപ്‌ സഹോ​ദരൻ ഒരു ബോട്ടിൽക്ക​യറി തടാക​ത്തി​നു ചുറ്റു​മുള്ള കൊച്ചു​കൊ​ച്ചു സഭകളെ സന്ദർശി​ക്കാൻ പോയി.

“ബഹു സഹിഷ്‌ണുത” കാണി​ച്ചു​കൊണ്ട്‌ സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ തങ്ങൾ ദൈവ​ശു​ശ്രൂ​ഷ​ക​രാ​ണെന്നു പ്രകടി​പ്പി​ക്കു​ന്ന​തിൽ തുടരു​ന്നു. (2 കൊരി. 6:4) സാംബസി നദിക്ക​ര​യി​ലുള്ള ഒരു പ്രദേ​ശ​മാ​യി​രു​ന്നു ഫാൻവെൽ ചിസെ​ങ്‌ഗാ​യു​ടെ സർക്കിട്ട്‌. അദ്ദേഹം പറയുന്നു: “ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്ക​ണ​മെ​ങ്കിൽ മുഴു​ഹൃ​ദയാ ഉള്ള അർപ്പണ മനോ​ഭാ​വ​വും ആത്മത്യാ​ഗ​വും കൂടിയേ തീരൂ.” ഈ പ്രദേ​ശ​ത്തുള്ള സഭകൾ സന്ദർശി​ക്കു​ന്ന​തിന്‌ ഹിപ്പൊ​പ്പൊ​ട്ടാ​മ​സു​കൾ ഉള്ള നദിയി​ലൂ​ടെ ദീർഘ​ദൂ​രം യാത്ര​ചെ​യ്യ​ണ​മാ​യി​രു​ന്നു, അതും പഴകിയ, തുളവീണ വള്ളങ്ങളിൽ. അവറ്റകൾക്കു ദേഷ്യം​വ​ന്നാൽ ഒരു ചുള്ളി​ക്കമ്പ്‌ ഒടിക്കുന്ന ലാഘവ​ത്തോ​ടെ ഒറ്റക്കടി​ക്കു വള്ളം തവിടു​പൊ​ടി​യാ​ക്കും. എന്നിട്ടും സഞ്ചാര​വേ​ല​യിൽ തുടരാൻ ഫാൻവെ​ല്ലി​നു പ്രചോ​ദ​ന​മേ​കി​യത്‌ എന്തായി​രു​ന്നു? ഒരു നദിക്ക​ര​യി​ലേക്കു തന്നെ അനുഗ​മിച്ച സഭാം​ഗ​ങ്ങ​ളു​ടെ ചിത്ര​ത്തിൽ കണ്ണുന​ട്ടു​കൊണ്ട്‌ പുഞ്ചി​രി​യോ​ടെ അദ്ദേഹം തനിക്ക്‌ എന്നും പ്രചോ​ദനം പകർന്ന ഒരു ഘടക​ത്തെ​ക്കു​റി​ച്ചു പറഞ്ഞു; തന്റെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ. ആ കാല​ത്തെ​ക്കു​റി​ച്ചുള്ള മധുര​സ്‌മ​ര​ണ​ക​ളോ​ടെ അദ്ദേഹം ചോദി​ക്കു​ന്നു: “കാലു​ഷ്യം നിറഞ്ഞ ഈ ലോക​ത്തിൽ ഇത്ര സന്തോ​ഷ​നിർഭ​ര​മായ മുഖങ്ങൾ മറ്റെവി​ടെ കണ്ടെത്താ​നാ​കും?”

നിഷ്‌പ​ക്ഷത

“സൈനി​ക​സേ​വ​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന പടയാളി, തന്നെ സൈന്യ​ത്തിൽ ചേർത്ത ആളിന്റെ ഇഷ്ടം നിറ​വേ​റ്റാ​നു​ള്ള​തി​നാൽ മറ്റു കാര്യ​ങ്ങ​ളിൽ തലയി​ടാ​റില്ല,” പൗലൊസ്‌ അപ്പൊ​സ്‌തലൻ എഴുതി. (2 തിമൊ. 2:4, പി.ഒ.സി. ബൈബിൾ) നായക​നായ യേശു​ക്രി​സ്‌തു​വി​നു​വേണ്ടി സേവ​ചെ​യ്യാൻ ക്രിസ്‌ത്യാ​നി​കൾ മുഴു​വ​നാ​യി അർപ്പി​ത​രാ​യി​രി​ക്കു​ന്ന​തി​നാൽ അവർ ലോക​ത്തി​ന്റെ രാഷ്‌ട്രീ​യ​വും മതപര​വു​മായ ഘടകങ്ങ​ളു​ടെ വ്യാപാ​ര​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്നത്‌ ഒഴിവാ​ക്കു​ന്നു. ലൗകി​ക​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പക്ഷത പാലി​ക്കാൻ ആഗ്രഹി​ക്കുന്ന സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ഈ നിലപാ​ടു​മൂ​ലം അവർക്കു വെല്ലു​വി​ളി​ക​ളും “കഷ്ട”ങ്ങളും സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌.—യോഹ. 15:19.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​കാ​ലത്ത്‌, “ദേശഭക്തി” പ്രകടി​പ്പി​ക്കാ​ത്ത​തി​ന്റെ പേരിൽ കിരാ​ത​മായ പീഡന​ങ്ങൾക്കു വിധേ​യ​രാ​യവർ അനവധി​യാണ്‌. “സൈനി​ക​സേ​വ​ന​ത്തി​നു വിസമ്മ​തി​ച്ച​തി​നെ​പ്രതി പ്രായ​മുള്ള പുരു​ഷ​ന്മാ​രെ ട്രക്കു​ക​ളി​ലേക്ക്‌ ചോള​ച്ചാ​ക്കു​കൾ എറിയു​ന്ന​തു​പോ​ലെ എറിയു​ന്നതു ഞങ്ങൾ കണ്ടിട്ടുണ്ട്‌,” പിന്നീട്‌ തീക്ഷ്‌ണ​നായ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി​ത്തീർന്ന ബെൻസൺ ജഡ്‌ജ്‌ പറയുന്നു. “‘ടിഡ്‌സ​ഫേറ സ മുലു​ങ്‌ഗു’ (ഞങ്ങൾ ദൈവ​ത്തി​നു​വേണ്ടി മരിക്കും) എന്ന്‌ ഈ പുരു​ഷ​ന്മാർ പറയു​ന്നതു ഞങ്ങൾ കേട്ടു.”

യുദ്ധകാ​ല​ഘ​ട്ട​ത്തിൽ നിഷ്‌പ​ക്ഷ​ത​യു​ടെ പ്രശ്‌നം കൂടെ​ക്കൂ​ടെ പൊന്തി​വ​ന്നി​രു​ന്ന​താ​യി മുകോ​സി​കു സിനാലി നല്ലവണ്ണം ഓർക്കു​ന്നു, അദ്ദേഹം അന്ന്‌ സ്‌നാ​പ​ന​മേ​റ്റി​രു​ന്നില്ല. “ഓരോ​രു​ത്ത​രും മാം​ബോ​ങ്‌ഗോ വള്ളിയു​ടെ വേര്‌ മാന്തി​യെ​ടു​ത്തു ശേഖരി​ക്ക​ണ​മാ​യി​രു​ന്നു. ഈ വേരുകൾ റബ്ബർപോ​ലെ​യുള്ള, വിലപി​ടി​പ്പുള്ള ഒരു വസ്‌തു ഉത്‌പാ​ദി​പ്പി​ക്കും, വേരുകൾ തൊലി​ക​ളഞ്ഞ്‌ ചതച്ചെ​ടുത്ത്‌ നാട​പോ​ലെ​യാ​ക്കി കെട്ടു​ക​ളാ​ക്കും. തുടർന്ന്‌ റബ്ബറിന്‌ ഒരു ബദൽ ഉത്‌പ​ന്ന​മെ​ന്ന​വണ്ണം ഇതു സംസ്‌ക​രി​ച്ചെ​ടുത്ത്‌ പട്ടാള​ക്കാർക്ക്‌ ബൂട്ടുകൾ ഉണ്ടാക്കു​മാ​യി​രു​ന്നു. സാക്ഷികൾ ഈ വേരു മാന്തി​യെ​ടു​ക്കാൻ വിസമ്മ​തി​ച്ചു, ഇതിന്‌ യുദ്ധവു​മാ​യി ബന്ധമു​ണ്ടാ​യി​രു​ന്ന​താ​ണു കാരണം. ഫലമോ? നിസ്സഹ​ക​ര​ണ​ത്തിന്‌ സഹോ​ദ​ര​ങ്ങൾക്കു ശിക്ഷ ലഭിച്ചു. അവരെ ‘ദുർഗു​ണ​ന്മാ​രാ​യി’ വീക്ഷിച്ചു.”

അത്തര​മൊ​രു “ദുർഗു​ണൻ” ആയിരു​ന്നു ജോസഫ്‌ മുലെം​വാ. ദക്ഷിണ റൊ​ഡേ​ഷ്യ​ക്കാ​ര​നായ അദ്ദേഹം 1932-ലാണ്‌ ഉത്തര റൊ​ഡേ​ഷ്യ​യു​ടെ പടിഞ്ഞാ​റൻ പ്രവി​ശ്യ​യിൽ എത്തിയത്‌. ‘രാജ്യം സമീപി​ച്ചി​രി​ക്കു​ന്ന​തി​നാൽ’ വയലു​ക​ളിൽ കൃഷി​യി​റ​ക്കേ​ണ്ട​തി​ല്ലെന്ന്‌ അദ്ദേഹം ആളുകളെ ധരിപ്പി​ക്കു​ന്ന​താ​യി ചിലർ ആരോ​പി​ച്ചു. അദ്ദേഹ​ത്തോ​ടു വിരോ​ധ​മുള്ള, മവും​ബോ മിഷനിൽപ്പെട്ട ഒരു പുരോ​ഹി​ത​നാണ്‌ ഈ നുണ പ്രചരി​പ്പി​ച്ചത്‌. ജോസ​ഫി​നെ അറസ്റ്റു​ചെ​യ്‌തിട്ട്‌ ഒരു മാനസി​ക​രോ​ഗി​യു​ടെ കൈ​യോ​ടു ചേർത്ത്‌ വിലങ്ങു​വെച്ചു. അയാൾ ജോസ​ഫി​നെ ആക്രമി​ക്കു​മെന്നു ചിലർ കരുതി. എന്നാൽ ജോസഫ്‌ അയാളെ ശാന്തനാ​ക്കി. മോചി​ത​നാ​യ​ശേഷം, ജോസഫ്‌ പ്രസം​ഗ​വേ​ല​യി​ലും സഭകൾ സന്ദർശി​ക്കു​ന്ന​തി​ലും തുടർന്നു. 1980-കളുടെ മധ്യത്തിൽ മരിക്കു​വോ​ളം അദ്ദേഹം വിശ്വ​സ്‌ത​നാ​യി​രു​ന്നു.

പരി​ശോ​ധ​ന​കൾക്കാ​യി ശക്തിസം​ഭ​രി​ക്കു​ന്നു

ദേശീ​യ​വി​കാ​ര​ങ്ങ​ളും സമുദാ​യ​ങ്ങൾക്കു​ള്ളി​ലെ പിരി​മു​റു​ക്ക​ങ്ങ​ളും രാഷ്‌ട്രീയ കാര്യാ​ദി​ക​ളിൽ ഉൾപ്പെ​ടാൻ മനസ്സാക്ഷി അനുവ​ദി​ക്കാ​ത്ത​വ​രു​ടെ​മേൽ ഭീഷണി അഴിച്ചു​വി​ടു​ന്ന​തി​ലേക്കു നയിച്ചു. രാജ്യം പ്രശ്‌ന​ക​ലു​ഷി​ത​മാ​യി​രി​ക്കു​മ്പോ​ഴും 1963-ൽ കിറ്റ്‌വേ​യിൽ വെച്ചു​ന​ട​ത്തിയ “ധീര ശൂശ്രൂ​ഷകർ” ദേശീയ സമ്മേളനം യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ ഐക്യ​ത്തെ​യും സമാധാ​ന​ത്തെ​യും വിളി​ച്ചോ​തി. 25,000-ത്തോളം പേർ പങ്കെടുത്ത ആ പഞ്ചദിന സമ്മേള​ന​ത്തി​നാ​യി ചിലർ എത്തിയത്‌, കൂടാ​ര​വും ട്രെയി​ല​റും ആയിട്ടാ​യി​രു​ന്നു. നാലു​ഭാ​ഷകൾ ഉണ്ടായി​രു​ന്ന​തിൽ അവർക്ക്‌ ഇഷ്ടപ്പെട്ട ഭാഷയിൽ അവർ പരിപാ​ടി ശരിക്കും ആസ്വദി​ച്ചു. ക്രിസ്‌ത്യാ​നി​കൾക്ക്‌ രാഷ്‌ട്ര​വു​മാ​യുള്ള ബന്ധത്തെ​ക്കു​റി​ച്ചുള്ള മിൽട്ടൺ ഹെൻഷൽ സഹോ​ദ​രന്റെ പ്രസംഗം ശ്രദ്ധേ​യ​മാ​യി​രു​ന്നു. ഫ്രാങ്ക്‌ ലൂയിസ്‌ അനുസ്‌മ​രി​ക്കു​ന്നു: “നിഷ്‌പക്ഷത എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ സഹോ​ദരൻ ഞങ്ങളോ​ടു പറയു​ന്ന​തോർക്കു​ന്നു. തക്കസമ​യത്തെ ആ ബുദ്ധി​യു​പ​ദേ​ശത്തെ പ്രതി ഞങ്ങൾ എത്ര സന്തോ​ഷ​ഭ​രി​ത​രാ​യി​രു​ന്നു! കാരണം കടുത്ത പരി​ശോ​ധ​നകൾ തൊട്ടു​മു​മ്പി​ലു​ണ്ടാ​യി​രു​ന്നു, സാംബി​യ​യി​ലെ മിക്ക സഹോ​ദ​ര​ങ്ങ​ളും അവ വിജയ​ക​ര​മാ​യി നേരി​ടു​ക​യും യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ക​യും ചെയ്‌തു.”

എതിരാ​ളി​കൾ 1960-കളിലു​ട​നീ​ളം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​മേൽ വ്യാപ​ക​മാ​യി കൊടിയ പീഡനങ്ങൾ അഴിച്ചു​വി​ടു​ക​യും അവരുടെ വസ്‌തു​വ​കകൾ നശിപ്പി​ക്കു​ക​യും ചെയ്‌തു. വീടു​ക​ളും രാജ്യ​ഹാ​ളു​ക​ളും തകർത്തു. എന്നാൽ ഗവൺമെന്റ്‌ എടുത്ത നടപടി ശ്ലാഘനീ​യ​മാ​യി​രു​ന്നു, സാക്ഷി​കളെ ഭീഷണി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ രംഗത്തി​റ​ങ്ങി​യ​വ​രു​ടെ ഒരു ഗണ്യമായ സംഖ്യ അന്നു ജയിലി​ലാ​യി. ഉത്തര റൊ​ഡേഷ്യ സാംബിയ റിപ്പബ്ലി​ക്കാ​യി​ത്തീർന്ന​പ്പോൾ, അടിസ്ഥാന മനുഷ്യാ​വ​കാ​ശങ്ങൾ സംരക്ഷി​ക്ക​പ്പെ​ടാ​നാ​യി പുതിയ ഭരണഘടന രൂപം​നൽകിയ ഒരു ക്രമീ​ക​രണം യഹോ​വ​യു​ടെ സാക്ഷികൾ നന്നായി ഉപയോ​ഗ​പ്പെ​ടു​ത്തി. എന്നാൽ ദേശഭ​ക്തി​യു​ടെ അലകൾ, ആക്രമണം തീരെ പ്രതീ​ക്ഷി​ക്കാ​തി​രുന്ന ഒരുകൂ​ട്ടം ഇരകളെ ലക്ഷ്യമാ​ക്കി ആഞ്ഞടി​ക്കാൻ പോകു​ക​യാ​യി​രു​ന്നു.

ദേശീയ ചിഹ്നങ്ങൾ

കോള​നി​വാ​ഴ്‌ച​ക്കാ​ലത്ത്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടികൾ ശിക്ഷ ഏറ്റുവാ​ങ്ങി​യി​രു​ന്നു. യൂണിയൻ ജാക്ക്‌ എന്നറി​യ​പ്പെ​ടുന്ന ബ്രിട്ടീഷ്‌ പതാകയെ വന്ദിക്കാൻ മതപര​മായ കാരണ​ങ്ങ​ളാൽ അവർ വിസമ്മ​തി​ച്ച​താ​യി​രു​ന്നു കാരണം. ദേശീ​യ​ഗാ​നം പാടാ​തി​രു​ന്ന​തി​നും അവരെ ശിക്ഷിച്ചു. എന്നാൽ അധികാ​രി​കൾക്കു​മു​മ്പാ​കെ നിവേ​ദനം സമർപ്പി​ച്ച​തി​നെ​ത്തു​ടർന്ന്‌ വിദ്യാ​ഭ്യാ​സ വകുപ്പ്‌ അതിന്റെ വീക്ഷണം മയപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഇങ്ങനെ എഴുതി: “പതാകാ​വ​ന്ദനം സംബന്ധിച്ച നിങ്ങളു​ടെ [വിഭാ​ഗ​ത്തി​ന്റെ] കാഴ്‌ച​പ്പാട്‌ പരക്കെ അറിയാ​വു​ന്ന​തും മാനി​ക്ക​പ്പെ​ടു​ന്ന​തു​മാണ്‌, അതു​കൊണ്ട്‌ പതാക വന്ദിക്കാൻ വിസമ്മ​തി​ക്കുന്ന ഒരു കുട്ടിയെ അതിന്റെ പേരിൽ ഒരുത​ര​ത്തി​ലും ശിക്ഷി​ക്കാൻ പാടു​ള്ളതല്ല.” പുതിയ റിപ്പബ്ലി​ക്കൻ ഭരണഘടന രൂപീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ മനസ്സാക്ഷി സ്വാത​ന്ത്ര്യം, ചിന്താ സ്വാത​ന്ത്ര്യം, മത സ്വാത​ന്ത്ര്യം എന്നിവ ഉൾപ്പെ​ടെ​യുള്ള മൗലിക സ്വാത​ന്ത്ര്യ​ങ്ങൾ ഉറപ്പാ​ക്ക​പ്പെ​ടു​മെന്ന്‌ സാക്ഷികൾ പ്രത്യാ​ശി​ച്ചു. എന്നിരു​ന്നാ​ലും പുതിയ പതാക​യും ദേശീ​യ​ഗാ​ന​വും ജനമന​സ്സു​ക​ളിൽ രാജ്യ​സ്‌നേഹം വാരി​നി​റച്ചു. സ്‌കൂ​ളു​ക​ളിൽ ദിവസ​വും പതാകാ​വ​ന്ദ​ന​വും ദേശീ​യ​ഗാ​നാ​ലാ​പ​ന​വും ഒരു പതിവാ​ക്കി, അതും മുമ്പെ​ത്തെ​ക്കാൾ വീറോ​ടെ. ഇതിൽനി​ന്നു വിട്ടു​നിൽക്കാൻ ചില സാക്ഷി​ക്കു​ട്ടി​കളെ അനുവ​ദി​ച്ചെ​ങ്കി​ലും പലരും അടി​കൊ​ണ്ടു, ചിലരെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കു​ക​പോ​ലും ചെയ്‌തു.

അങ്ങനെ​യി​രി​ക്കെ 1966-ൽ ഒരു പുതിയ വിദ്യാ​ഭ്യാ​സ നിയമം നിലവിൽവന്നു. ഇത്‌ പ്രതീ​ക്ഷ​യ്‌ക്കു വകയൊ​രു​ക്കി. കുട്ടിയെ മത ശുശ്രൂ​ഷ​ക​ളിൽനി​ന്നും ആചാര​ങ്ങ​ളിൽനി​ന്നും ഒഴിവാ​ക്കി​ത്ത​ര​ണ​മെന്ന അപേക്ഷ നൽകാൻ കുട്ടി​യു​ടെ രക്ഷകർത്താ​ക്ക​ളിൽ ഒരാളെ അനുവ​ദി​ക്കുന്ന ഒരു ക്രമീ​ക​രണം അതിൽ ഉൾക്കൊ​ള്ളി​ച്ചി​രു​ന്നു. തത്‌ഫ​ല​മാ​യി സ്‌കൂ​ളിൽനിന്ന്‌ സസ്‌പെൻഡു ചെയ്യു​ക​യോ പുറത്താ​ക്കു​ക​യോ ചെയ്‌ത കുട്ടി​ക​ളിൽ പലരെ​യും തിരി​ച്ചെ​ടു​ത്തു. എന്നിരു​ന്നാ​ലും, താമസി​യാ​തെ​തന്നെ ഈ വിദ്യാ​ഭ്യാ​സ നിയമ​ത്തോട്‌ ചില വ്യവസ്ഥകൾ കൂട്ടി​ച്ചേർത്തു, ഏറെക്കു​റെ രഹസ്യ​മാ​യി​ട്ടാ​ണി​തു ചെയ്‌തത്‌. അതിൻപ്ര​കാ​രം പതാക​യെ​യും ദേശീ​യ​ഗാ​ന​ത്തെ​യും ദേശീയ അവബോ​ധം ഉന്നമി​പ്പി​ക്കാ​നുള്ള മതേതര ചിഹ്നങ്ങ​ളാ​യി ചിത്രീ​ക​രി​ച്ചു. ഗവൺമെന്റ്‌ അധികാ​രി​ക​ളു​മാ​യി സഹോ​ദ​രങ്ങൾ ചർച്ചകൾ നടത്തി​യെ​ങ്കി​ലും നിഷ്‌പക്ഷത പാലി​ച്ച​തി​ന്റെ പേരിൽ 1966-ന്റെ അവസാ​ന​ത്തോ​ടെ 3,000-ത്തിലേറെ കുട്ടികൾ സ്‌കൂ​ളു​ക​ളിൽനി​ന്നു പുറത്താ​ക്ക​പ്പെട്ടു.

ഫേലി​യ​യ്‌ക്ക്‌ ഇനി സ്‌കൂ​ളിൽ പ്രവേ​ശ​ന​മി​ല്ല

കാര്യങ്ങൾ ഇങ്ങനെ​യൊ​ക്കെ​യായ സ്ഥിതിക്ക്‌ ഇത്തര​മൊ​രു നടപടി​യു​ടെ നിയമ​സാ​ധുത പരി​ശോ​ധി​ക്കേ​ണ്ട​താ​യി​വന്നു. ഒരു കേസ്‌ ഇതിനാ​യി തിര​ഞ്ഞെ​ടു​ത്തു. കോപ്പർബെൽറ്റി​ലെ ബുയന്റൻഷി സ്‌കൂ​ളി​ലെ വിദ്യാർഥി​നി​യാ​യി​രു​ന്നു ഫേലിയ കചസൂ. മാതൃകാ വിദ്യാർഥി​നി​യാ​യി​ട്ടു​പോ​ലും അവളെ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കി​യി​രു​ന്നു. ഈ കേസ്‌ കോട​തി​യിൽ എത്തി​ച്ചേർന്ന​വി​ധം ഫ്രാങ്ക്‌ ലൂയിസ്‌ അനുസ്‌മ​രി​ക്കു​ന്നു: “മിസ്റ്റർ റിച്ച്‌മൊണ്ട്‌ സ്‌മി​ത്താണ്‌ ഞങ്ങളുടെ കേസ്‌ അവതരി​പ്പി​ച്ചത്‌, ഇത്‌ ഗവൺമെ​ന്റിന്‌ എതിരെ ആയതി​നാൽ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. പതാകയെ വന്ദിക്കാ​ത്ത​തി​ന്റെ കാരണം ഫേലി​യ​യിൽനി​ന്നു​തന്നെ കേട്ട്‌ ബോധ്യ​പ്പെട്ട അദ്ദേഹം ഈ കേസ്‌ ഏറ്റെടു​ത്തു വാദി​ക്കാൻ മുന്നോ​ട്ടു​വ​രി​ക​യാ​യി​രു​ന്നു.”

അക്കാലത്ത്‌ ലുസാ​ക്കാ​യി​ലെ ഒരു സ്‌കൂൾ വിദ്യാർഥി​നി​യാ​യി​രുന്ന ഡെയ്‌ലസ്‌ മുസോണ്ട ഇങ്ങനെ പറയുന്നു: “ഫേലി​യ​യു​ടെ കേസ്‌ കോട​തി​യി​ലെ​ത്തി​യ​പ്പോൾ നമുക്ക്‌ അനുകൂ​ല​മായ ഒരു വിധി ഉണ്ടാകു​മെന്ന തികഞ്ഞ പ്രതീ​ക്ഷ​യി​ലാ​യി​രു​ന്നു ഞങ്ങൾ. കോട​തി​വി​ചാ​ര​ണ​യിൽ സംബന്ധി​ക്കാൻ സഹോ​ദ​രങ്ങൾ മുഫു​ലി​റ​യിൽനിന്ന്‌ യാത്ര​ചെ​യ്‌ത്‌ എത്തി. എന്നെയും സഹോ​ദ​രി​യെ​യും വിളി​പ്പി​ച്ചി​രു​ന്നു. കോട​തി​മു​റി​യിൽ വെള്ള​ത്തൊ​പ്പി​യും ഇളംനി​റ​മുള്ള ഉടുപ്പു​മിട്ട്‌ ഫേലിയ നിൽക്കു​ന്നത്‌ ഞാൻ ഇന്നും ഓർക്കു​ന്നു. നടപടി​കൾ മൂന്നു ദിവസം നീണ്ടു​നി​ന്നു. മിഷന​റി​മാ​രിൽ ചിലർ രാജ്യത്ത്‌ അപ്പോ​ഴും ഉണ്ടായി​രു​ന്നു; ഫിലി​പ്‌സ്‌ സഹോ​ദ​ര​നും ഫെർഗസൻ സഹോ​ദ​ര​നും വാദം കേൾക്കാ​നെത്തി. അവരുടെ സാന്നി​ധ്യം സഹായ​ക​മാ​കു​മെന്നു ഞങ്ങൾ കരുതി.”

ചീഫ്‌ ജസ്റ്റിസ്‌ ഇപ്രകാ​രം പറഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ ഉൾപ്പെട്ട ഈ കേസിൽ, അവർ ദേശീയ ഗാന​ത്തോ​ടോ ദേശീയ പതാക​യോ​ടോ അനാദ​രവു കാണി​ക്കുന്ന എന്തെങ്കി​ലും ചെയ്‌ത​താ​യി യാതൊ​രു സൂചന​യു​മില്ല.” എന്നിരു​ന്നാ​ലും, ഈ ചിഹ്നങ്ങൾ ഉപയോ​ഗി​ച്ചുള്ള ചടങ്ങുകൾ മതേത​ര​മാ​ണെ​ന്നും ഫേലി​യ​യ്‌ക്ക്‌ എത്ര അടിയു​റച്ച വിശ്വാ​സ​മു​ണ്ടെ​ങ്കി​ലും വിദ്യാ​ഭ്യാ​സ നിയമ​ത്തി​ന്റെ പിൻബ​ല​ത്തിൽ ഈ ചടങ്ങു​ക​ളിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കാൻ അവൾക്ക്‌ അഭ്യർഥി​ക്കാ​നാ​വി​ല്ലെ​ന്നും അദ്ദേഹം വിധി പ്രസ്‌താ​വി​ച്ചു. ദേശീയ സുരക്ഷാ താത്‌പ​ര്യ​ങ്ങൾ കണക്കി​ലെ​ടു​ക്കു​മ്പോൾ അത്തരം ചടങ്ങുകൾ ആവശ്യ​മാ​ണെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചു. പ്രായ​പൂർത്തി​യാ​കാത്ത ഒരു വ്യക്തി​യു​ടെ​മേൽ അത്തര​മൊ​രു വ്യവസ്ഥ അടി​ച്ചേൽപ്പി​ക്കു​ക​വഴി ദേശീയ താത്‌പ​ര്യം സംരക്ഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌ എന്നതിന്‌ വിശദീ​ക​ര​ണ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഫേലിയ തന്റെ ക്രിസ്‌തീയ വിശ്വാ​സങ്ങൾ മുറുകെ പിടി​ക്കു​ന്നി​ട​ത്തോ​ളം സ്‌കൂ​ളിൽ പ്രവേ​ശ​ന​മി​ല്ലാ​യി​രു​ന്നു.

ഡെയ്‌ലസ്‌ ഓർമി​ക്കു​ന്നു: “ഞങ്ങൾക്ക്‌ എന്തെന്നി​ല്ലാത്ത നിരാശ തോന്നി. പക്ഷേ ഞങ്ങൾ എല്ലാം യഹോ​വ​യു​ടെ കൈക​ളിൽ ഏൽപ്പിച്ചു.” പ്രശ്‌നങ്ങൾ വർധി​ച്ച​പ്പോൾ ഡെയ്‌ല​സും സഹോ​ദ​രി​യും 1967-ൽ സ്‌കൂ​ളി​ന്റെ പടിയി​റങ്ങി. 1968-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 6,000-ത്തോളം കുട്ടികൾ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്ക​പ്പെട്ടു.

പരസ്യ​യോ​ഗ​ങ്ങൾക്ക്‌ നിയ​ന്ത്ര​ണം

എല്ലാ പരസ്യ​യോ​ഗ​ങ്ങ​ളും ദേശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആരംഭി​ക്കണം എന്ന്‌ 1966-ലെ പബ്ലിക്‌ ഓർഡർ ആക്ട്‌ നിഷ്‌കർഷി​ച്ചു. പുറത്തു​ള്ള​വ​രെ​യും പങ്കെടു​പ്പി​ച്ചു​കൊ​ണ്ടുള്ള സമ്മേള​നങ്ങൾ നടത്താൻ ഇതൊരു തടസ്സമാ​യി. ഗവൺമെ​ന്റി​ന്റെ ഈ നടപടി​യെ മാനി​ച്ചു​കൊണ്ട്‌ സഹോ​ദ​രങ്ങൾ പരസ്യ​മാ​യ​ല്ലാ​തെ വലിയ യോഗങ്ങൾ സംഘടി​പ്പി​ച്ചു. പലപ്പോ​ഴും രാജ്യ​ഹാ​ളു​കൾക്കു ചുറ്റും പുല്ലു​കൊണ്ട്‌ വേലി​കെ​ട്ടി​ത്തി​രി​ച്ചാണ്‌ ഇതു നടത്തി​യി​രു​ന്നത്‌. എന്താണു നടക്കു​ന്ന​തെന്ന്‌ അറിയാ​നുള്ള ആകാം​ക്ഷ​യോ​ടെ താത്‌പ​ര്യ​ക്കാർ ഇവി​ടേക്ക്‌ കൂട്ടമാ​യെത്തി. ഫലമോ? യോഗ​ഹാ​ജർ കുത്തനെ ഉയർന്നു. 1967-ലെ, ക്രിസ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തിന്‌ ഏകദേശം 1,20,025 പേർ സന്നിഹി​ത​രാ​യി.

“ഈ കാലയ​ള​വിൽ അക്രമാ​സ​ക്ത​മായ എതിർപ്പ്‌ പൊട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു,” ലാംപ്‌ ചിസെ​ങ്‌ഗാ അനുസ്‌മ​രി​ക്കു​ന്നു. “സാംഫ്യാ പ്രദേ​ശത്ത്‌ ഒരു ജനക്കൂട്ടം കട്ടാൻഷാ സഭയിൽനി​ന്നുള്ള മബോ സഹോ​ദ​രനെ ആക്രമിച്ച്‌ അദ്ദേഹത്തെ കൊന്നു. ചില​പ്പോ​ഴൊ​ക്കെ യോഗ​സ്ഥ​ല​ത്തു​വെച്ച്‌ സഹോ​ദ​രങ്ങൾ ആക്രമ​ണ​ത്തി​നു വിധേ​യ​രാ​യി. നിരവധി രാജ്യ​ഹാ​ളു​കൾക്കു തീവെച്ചു. എന്നിരു​ന്നാ​ലും അധികാ​രി​കൾ യഹോ​വ​യു​ടെ സാക്ഷി​കളെ മാനിച്ചു, പീഡക​രിൽ ചിലരെ അറസ്റ്റു​ചെ​യ്‌തു ശിക്ഷിച്ചു.”

അവരുടെ സ്വന്തം വ്യോ​മ​സേന!

എതിരാ​ളി​കൾ സാക്ഷി​കൾക്കെ​തി​രെ​യുള്ള വ്യാജാ​രോ​പ​ണങ്ങൾ തുടർന്നു. സാക്ഷികൾ അതിധ​നി​ക​രാ​ണെ​ന്നും അവരാ​യി​രി​ക്കും അടുത്ത ഗവൺമെന്റ്‌ രൂപീ​ക​രി​ക്കു​ന്ന​തെ​ന്നും ഇക്കൂട്ടർ പറയാൻ തുടങ്ങി. ഒരു ദിവസം പൊടു​ന്നനെ ഭരണക​ക്ഷി​യു​ടെ സെക്ര​ട്ടറി കിറ്റ്‌വേ​യി​ലെ ബ്രാഞ്ചി​ലെത്തി. നിരവധി പോലീസ്‌ ഉദ്യോ​ഗസ്ഥർ ഗേറ്റിങ്കൽ എത്തിയ​പ്പോ​ഴാണ്‌ സഹോ​ദ​രങ്ങൾ സംഭവം അറിഞ്ഞ​തു​തന്നെ. ബ്രാഞ്ച്‌ പ്രതി​നി​ധി​ക​ളു​മാ​യുള്ള ഒരു കൂടി​ക്കാ​ഴ്‌ച​യിൽ അദ്ദേഹം കയർത്തു: “ഈ കെട്ടി​ട​ങ്ങ​ളൊ​ക്കെ പണിയാൻ അനുമതി തന്നതു ഞങ്ങളാണ്‌, നിങ്ങൾ അവയൊ​ക്കെ എന്തിനു​വേ​ണ്ടി​യാണ്‌ ഉപയോ​ഗി​ക്കു​ന്നത്‌? ഇതൊക്കെ നിങ്ങളു​ടെ ഗവൺമെന്റ്‌ ഓഫീ​സു​ക​ളാ​ണോ?”

ചില അധികാ​രി​കൾ ഇത്തരം പച്ചക്കള്ളങ്ങൾ തുടർന്നും വിശ്വ​സി​ച്ചു. സാംബി​യ​യു​ടെ വടക്കു​പ​ടി​ഞ്ഞാ​റൻ പ്രവി​ശ്യ​യിൽ ഒരു കൺ​വെൻ​ഷൻ പോലീസ്‌ കണ്ണീർവാ​തകം പ്രയോ​ഗി​ച്ചു കലക്കാൻ ശ്രമിച്ചു. സഹോ​ദ​രങ്ങൾ ബ്രാഞ്ച്‌ ഓഫീ​സിന്‌ അടിയ​ന്തി​ര​മാ​യി ഒരു ടെല​ഗ്രാം അയച്ചു. അവിടത്തെ വിദേ​ശി​യായ ഒരു കർഷകന്‌ ഒരു ചെറിയ വിമാ​ന​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം ബ്രാഞ്ചിൽനി​ന്നുള്ള കൂടുതൽ പ്രതി​നി​ധി​ക​ളു​മാ​യി സംഭവ​സ്ഥ​ല​മായ കബോം​പോ​യി​ലേക്കു പറന്നു. സാഹച​ര്യം ശാന്തമാ​ക്കാ​നും തെറ്റി​ദ്ധാ​ര​ണകൾ മാറ്റാ​നും ആയിരു​ന്നു അവരുടെ വരവ്‌. സങ്കടക​ര​മെന്നു പറയട്ടെ കാര്യ​മാ​യി ഒന്നും ചെയ്യാ​നാ​യില്ല, അപവാ​ദി​കൾക്ക്‌ മറ്റൊരു കാരണം കൂടി കിട്ടി​യ​തു​മി​ച്ചം, സാക്ഷി​കൾക്ക്‌ സ്വന്തമാ​യി വ്യോ​മ​സേ​ന​യു​ണ്ടെ​ന്നാ​യി അടുത്ത ആരോ​പണം!

സഹോ​ദ​ര​ങ്ങൾ സംഭവ​സ്ഥ​ല​ത്തു​നിന്ന്‌ കണ്ണീർവാ​തക ക്യാനു​കൾ ശേഖരി​ച്ചു. പിന്നീട്‌ ബ്രാഞ്ച്‌ പ്രതി​നി​ധി​കൾ പരാതി ബോധി​പ്പി​ക്കാൻ ഗവൺമെന്റ്‌ ഉദ്യോ​ഗ​സ്ഥരെ സന്ദർശി​ച്ച​പ്പോൾ അനാവശ്യ ബലപ്ര​യോ​ഗ​ത്തി​ന്റെ തെളി​വാ​യി ഈ ക്യാനു​കൾ കാണി​ച്ചു​കൊ​ടു​ത്തു. ഈ സംഭവം പരക്കെ അറിയാ​നി​ട​യാ​യി, സാക്ഷി​ക​ളു​ടെ ശാന്തമായ പ്രതി​ക​രണം ശ്രദ്ധി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.

നമ്മുടെ നിലപാട്‌ വ്യക്തമാ​ക്കു​ന്നു

യഹോ​വ​യു​ടെ സാക്ഷി​കളെ നിയമം​കൊണ്ട്‌ നിശ്ശബ്ദ​രാ​ക്കാൻ അണിയ​റ​യിൽ സത്വര​ന​ട​പ​ടി​കൾ തുടർന്നും അരങ്ങേ​റി​ക്കൊ​ണ്ടി​രു​ന്നു. ഗവൺമെ​ന്റി​നോട്‌ നമ്മുടെ നിഷ്‌പ​ക്ഷ​നി​ല​പാ​ടു വ്യക്തമാ​ക്കാൻ ബ്രാഞ്ച്‌ ആഗ്രഹി​ച്ചു. സ്‌മാർട്ട്‌ ഫിറി, ജോനസ്‌ മൻജോ​നി എന്നിവരെ തിര​ഞ്ഞെ​ടുത്ത്‌ വിവിധ മന്ത്രി​മാ​രു​ടെ സമക്ഷം കാര്യങ്ങൾ അവതരി​പ്പി​ക്കാൻ നിയമി​ച്ചു. അവതര​ണ​ത്തി​നി​ട​യ്‌ക്ക്‌ ഒരു മന്ത്രി സഹോ​ദ​ര​ന്മാർക്കെ​തി​രെ പൊട്ടി​ത്തെ​റി​ച്ചു: “നിന്നെ​യൊ​ക്കെ പുറത്തു​കൊ​ണ്ടു​പോ​യി രണ്ടെണ്ണം തരാൻ എന്റെ കൈ തരിക്കു​ന്നു! നിങ്ങൾ കാട്ടി​ക്കൂ​ട്ടി​യി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്ന​റി​യാ​മോ? ഞങ്ങളുടെ ഏറ്റവും നല്ല പൗരന്മാ​രെ തട്ടി​യെ​ടു​ത്തിട്ട്‌ കുറെ കൊല​പാ​ത​കി​ക​ളെ​യും വ്യഭി​ചാ​രി​ക​ളെ​യും കള്ളന്മാ​രെ​യും മിച്ചം​വെ​ച്ചി​രി​ക്കു​ന്നു!”

ഉടൻവന്നു സഹോ​ദ​ര​ന്മാ​രു​ടെ മറുപടി: “അവരിൽ ചിലർ അത്തരക്കാർ ആയിരു​ന്നു! അവർ കള്ളന്മാ​രും വ്യഭി​ചാ​രി​ക​ളും കൊല​പാ​ത​കി​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു. എന്നാൽ ബൈബിൾ അവരിൽ പ്രഭാവം ചെലു​ത്തി​യ​പ്പോൾ അവർ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി, സാംബി​യ​യി​ലെ അത്യുത്തമ പൗരന്മാ​രാ​യി​ത്തീർന്നു. അതു​കൊ​ണ്ടാണ്‌ ഞങ്ങളെ സ്വത​ന്ത്ര​മാ​യി പ്രസം​ഗി​ക്കാൻ അനുവ​ദി​ക്ക​ണ​മെന്ന്‌ ഞങ്ങൾ നിങ്ങ​ളോട്‌ അപേക്ഷി​ക്കു​ന്നത്‌.”—1 കൊരി. 6:9-11.

നാടു​ക​ട​ത്ത​ലും ഭാഗി​ക​മായ നിരോ​ധ​ന​വും

നാം മുമ്പു കണ്ടതു​പോ​ലെ​തന്നെ മിഷന​റി​മാ​രോട്‌ രാജ്യം​വി​ടാൻ ആവശ്യ​പ്പെട്ടു. “ഞങ്ങൾ 1968 ജനുവരി മാസം ഒരിക്ക​ലും മറക്കില്ല,” ഫ്രാങ്ക്‌ ലൂയിസ്‌ പറഞ്ഞു. “ഒരു ഇമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥൻ തന്റെ വീട്ടിൽനിന്ന്‌ ഇപ്പോൾ പോയ​തേ​യു​ള്ളൂ എന്ന്‌ അറിയി​ക്കാൻ ഒരു സഹോ​ദരൻ ഞങ്ങൾക്കു ഫോൺ ചെയ്‌തു. ഉദ്യോ​ഗസ്ഥൻ ആ സഹോ​ദ​രന്‌ നാടു​ക​ടത്തൽ രേഖകൾ നൽകി, ഏഴുദി​വ​സം​കൊണ്ട്‌ സാംബി​യ​യി​ലെ ഇടപാ​ടു​ക​ളെ​ല്ലാം അവസാ​നി​പ്പിച്ച്‌ രാജ്യം​വി​ട്ടു​കൊ​ള്ളണം എന്നതാ​യി​രു​ന്നു നിബന്ധന. പെട്ടെ​ന്നു​തന്നെ വേറൊ​രു ഫോൺകോൾ വന്നു, തുടർന്ന്‌ മറ്റൊന്ന്‌. ഒടുവിൽ, കിറ്റ്‌വേ​യി​ലുള്ള ഒരു വലിയ കോം​പ്ല​ക്‌സ്‌ ആണ്‌ അവരുടെ അടുത്ത ലക്ഷ്യ​മെന്നു താൻ കേട്ടതാ​യി മറ്റൊരു സഹോ​ദരൻ വിളി​ച്ചിട്ട്‌ പറഞ്ഞു.” ഇത്തരം കടുത്ത നടപടി​കൾ കൈ​ക്കൊ​ണ്ടത്‌ സാക്ഷി​ക​ളു​ടെ ഐക്യം തകർക്കാ​നും അവരുടെ തീക്ഷ്‌ണ​മായ പ്രവർത്ത​നത്തെ മന്ദീഭ​വി​പ്പി​ക്കാ​നും ആയിരു​ന്നു എന്നതിൽ തർക്കമില്ല.

പിറ്റേ​വർഷം പ്രിസർവേഷൻ ഓഫ്‌ പബ്ലിക്‌ സെക്യൂ​രി​റ്റി ഓർഡ​റിന്‌ പ്രസി​ഡന്റ്‌ ഔദ്യോ​ഗിക അംഗീ​കാ​രം നൽകി. തന്മൂലം വീടു​തോ​റു​മുള്ള പ്രസം​ഗ​വേല നിയമ​വി​രു​ദ്ധ​മാ​യി. സാക്ഷി​ക​ളു​ടെ പ്രവർത്തനം ഏതാണ്ട്‌ നിരോ​ധ​ന​ത്തിൻ കീഴി​ലായ ഈ സാഹച​ര്യ​ത്തിൽ സഹോ​ദ​ര​ങ്ങൾക്ക്‌ ശുശ്രൂ​ഷ​യു​ടെ കാര്യാ​ദി​കൾ ഒന്ന്‌ അഴിച്ചു​പ​ണി​യേ​ണ്ട​താ​യി വന്നു. അനൗപ​ചാ​രിക സാക്ഷീ​ക​രണം മുൻപ​ന്തി​യി​ലേ​ക്കു​യർന്നു. നമ്മുടെ രാജ്യ ശുശ്രൂഷ, നമ്മുടെ മാസം​തോ​റു​മുള്ള കത്ത്‌ ആയി മാറി. “സുവാർത്ത പ്രസം​ഗി​ക്കൽ” എന്ന ഭാഗം “നമ്മുടെ ആഭ്യന്തര ശുശ്രൂഷ” എന്ന പുതിയ തലക്കെ​ട്ടിൽ പ്രത്യ​ക്ഷ​പ്പെട്ടു. ഗവൺമെന്റ്‌ സെൻസർമാ​രു​ടെ ശ്രദ്ധയാ​കർഷി​ക്കാ​തി​രി​ക്കാൻ ഇതൊക്കെ സഹായി​ച്ചു. 1971 ഏപ്രി​ലിൽ 48,000-ത്തോളം ബൈബി​ള​ധ്യ​യ​നങ്ങൾ എന്ന അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. വേല തടസ്സ​പ്പെ​ടു​ത്താൻ മെനഞ്ഞ തന്ത്രങ്ങൾക്കൊ​ന്നും സഹോ​ദ​ര​ങ്ങ​ളു​ടെ മനസ്സി​ടി​ക്കാൻ കഴിഞ്ഞില്ല എന്നതിന്റെ സുവ്യ​ക്ത​മായ തെളി​വാ​യി​രു​ന്നു ഇത്‌.

ഇപ്പോൾ ഇംഗ്ലണ്ടിൽ താമസി​ക്കുന്ന ക്ലൈവ്‌ മൗണ്ട്‌ഫോർഡ്‌ നിരവധി മിഷന​റി​മാ​രു​ടെ കൂടെ പ്രവർത്തി​ച്ച​യാ​ളാണ്‌. അദ്ദേഹം അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങൾ സാക്ഷീ​ക​ര​ണ​ത്തി​നാ​യി കണ്ടെത്തിയ ഒരു മാർഗം ആളുകളെ ഞങ്ങളുടെ കാറിൽ കയറ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​താണ്‌. അപ്പോൾ ഞങ്ങൾ അവരോ​ടു സത്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ക്കും. കാറിൽ എപ്പോ​ഴും മാസി​കകൾ കാണും അതിൽ കയറി​യി​രി​ക്കു​ന്ന​വർക്ക്‌ പെട്ടെ​ന്നു​തന്നെ കാണത്തക്ക രീതി​യി​ലാ​യി​രി​ക്കും അതു വെച്ചി​രി​ക്കു​ന്നത്‌.”

ബൈബിൾ ചർച്ചകൾ നടത്തു​ന്നത്‌ നിയമ​വി​രു​ദ്ധം അല്ലായി​രു​ന്നെ​ങ്കി​ലും ഒരാളെ സന്ദർശി​ക്കു​ന്ന​തിന്‌ മുൻകൂ​ട്ടി അയാളു​ടെ അനുവാ​ദം വാങ്ങി​യി​രി​ക്ക​ണ​മെന്ന്‌ നിയമം അനുശാ​സി​ച്ചി​രു​ന്നു. അതിന്‌ സഹോ​ദ​ര​ങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ ബന്ധുക്ക​ളു​ടെ​യോ മുൻ സഹപാ​ഠി​ക​ളു​ടെ​യോ സഹജോ​ലി​ക്കാ​രു​ടെ​യോ മറ്റോ വീട്ടി​ലേക്ക്‌ ഒരു സൗഹൃ​ദ​സ​ന്ദർശനം നടത്തി​യാൽ മതിയാ​യി​രു​ന്നു. ഇങ്ങനെ​യുള്ള സന്ദർശ​ന​വേ​ള​ക​ളിൽ സംഭാ​ഷണം വളരെ നയപര​മാ​യി ആത്മീയ വിഷയ​ങ്ങ​ളി​ലേക്കു തിരി​ച്ചു​വി​ടാൻ കഴിഞ്ഞി​രു​ന്നു. സ്വന്തക്കാ​രും ബന്ധുക്ക​ളു​മാ​യി അനേക​രു​ണ്ടാ​യി​രു​ന്ന​തി​നാൽ അവരിൽ നിരവ​ധി​പ്പേ​രു​മാ​യും സമൂഹ​ത്തി​ലെ ഒട്ടനവധി അംഗങ്ങ​ളു​മാ​യും സമ്പർക്ക​ത്തിൽ വരാൻ കഴിയു​മാ​യി​രു​ന്നു.

1975 ആയപ്പോ​ഴേക്ക്‌ ബ്രാഞ്ച്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ഞങ്ങളുടെ പ്രദേ​ശ​ത്തുള്ള ആയിര​ക്ക​ണ​ക്കി​നു പ്രസാ​ധകർ വീടു​തോ​റു​മുള്ള പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാ​തി​രു​ന്നി​ട്ടും പുതിയ ശിഷ്യർ ഉളവാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, ബൃഹത്തായ ഒരു സാക്ഷ്യ​വും നൽക​പ്പെ​ട്ടി​രി​ക്കു​ന്നു.” വീടു​തോ​റു​മുള്ള പ്രവർത്ത​ന​ത്തി​ന്മേൽ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തിയ സ്ഥിതിക്ക്‌ സാക്ഷ്യം​നൽകാൻ സഹോ​ദ​രങ്ങൾ മറ്റു രീതികൾ ഉപയോ​ഗി​ച്ചു. ഒരു ഗവൺമെന്റ്‌ തസ്‌തി​ക​യിൽ രേഖകൾ സൂക്ഷി​ക്കുന്ന ജോലി​നോ​ക്കി​യി​രുന്ന ഒരു സഹോ​ദ​രന്റെ അനുഭവം ശ്രദ്ധേ​യ​മാണ്‌. പൊതു​ജ​ന​ങ്ങ​ളു​ടെ പേരും വിശദാം​ശ​ങ്ങ​ളും രേഖ​പ്പെ​ടു​ത്തുന്ന ജോലി​യാ​യി​രു​ന്നു അദ്ദേഹ​ത്തിന്‌. ബൈബിൾ പേരുകൾ ഉള്ള ആളുക​ളിൽ അദ്ദേഹം പ്രത്യേ​കം താത്‌പ​ര്യ​മെ​ടു​ത്തു, അദ്ദേഹം അവരോട്‌ തങ്ങളുടെ അതേ പേരുള്ള ബൈബിൾ കഥാപാ​ത്ര​ങ്ങ​ളെ​ക്കു​റിച്ച്‌ എന്തറി​യാം എന്നു ചോദി​ക്കും. സാക്ഷ്യം നൽകാ​നുള്ള നിരവധി അവസരങ്ങൾ ഇങ്ങനെ തുറന്നു​കി​ട്ടി. ഒരിക്കൽ ഒരു അമ്മയും മകളും അദ്ദേഹ​ത്തി​ന്റെ ഓഫീ​സിൽ എത്തി. മകളുടെ പേര്‌ ഈഡൻ (ഏദെൻ) എന്നാണ്‌ എന്നു സഹോ​ദരൻ മനസ്സി​ലാ​ക്കി. “ഈഡൻ” എന്നതിന്റെ അർഥം അറിയാ​മോ​യെന്ന്‌ ചോദി​ച്ച​പ്പോൾ അറിയി​ല്ലെന്ന്‌ അമ്മ മറുപ​ടി​പ​റഞ്ഞു. അപ്പോൾ, സമീപ​ഭാ​വി​യിൽ ഭൂമി മുഴുവൻ ആദിയി​ലെ ഏദെൻതോ​ട്ടം​പോ​ലെ മനോ​ഹ​ര​മാ​യി​ത്തീ​രു​മെന്ന്‌ ചൂണ്ടി​ക്കാ​ണി​ച്ചു​കൊണ്ട്‌ അതിന്റെ അർഥം സഹോ​ദരൻ ചുരു​ക്ക​മാ​യി വിവരി​ച്ചു. അതിൽ താത്‌പ​ര്യം തോന്നിയ ആ സ്‌ത്രീ തന്റെ മേൽവി​ലാ​സം സഹോ​ദ​രനു കൊടു​ത്തു. ആ സ്‌ത്രീ​യു​ടെ ഭർത്താ​വി​നും താത്‌പ​ര്യം​തോ​ന്നി, കുടും​ബം യോഗ​ങ്ങ​ളിൽ സംബന്ധി​ച്ചു​തു​ടങ്ങി, ക്രമേണ അവരിൽ ചിലർ സ്‌നാ​പ​ന​മേറ്റു.

മറ്റു ചില പ്രസാ​ധ​ക​രും ജോലി​സ്ഥ​ലത്തെ സാഹച​ര്യ​ങ്ങൾ നന്നായി ഉപയോ​ഗി​ച്ചു. റോയ്‌ഡ്‌ ഒരു ഖനന കമ്പനി​യിൽ ജോലി​ചെ​യ്യു​ക​യാ​യി​രു​ന്നു, ഉച്ചഭക്ഷണ വേളയിൽ അദ്ദേഹം വ്യത്യസ്‌ത തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യം സഹജോ​ലി​ക്കാ​രോ​ടു ചോദി​ക്കു​മാ​യി​രു​ന്നു. “മത്തായി 16:18-ൽ പറയുന്ന ‘പാറ’ ആരാ​ണെ​ന്നാണ്‌ നിങ്ങൾക്കു തോന്നു​ന്നത്‌?” “റോമർ 9:32-ൽ പറഞ്ഞി​രി​ക്കുന്ന ‘ഇടർച്ച​ക്കല്ല്‌’ ആരാണ്‌?” എന്നിങ്ങനെ. തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള വിശദീ​ക​രണം കേൾക്കാൻ പലപ്പോ​ഴും ഖനി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ഒരു വലിയ കൂട്ടം​തന്നെ കൂടി​വ​രു​മാ​യി​രു​ന്നു. ഇത്തരം അനൗപ​ചാ​രിക ചർച്ചക​ളു​ടെ ഫലമായി റോയ്‌ഡി​ന്റെ സഹപ്ര​വർത്ത​ക​രിൽ പലരും സമർപ്പി​ച്ചു സ്‌നാ​പ​ന​മേറ്റു.

യുവസാ​ക്ഷി​കൾ സ്‌കൂ​ളിൽ ഒരു ദൃഢമായ നിലപാ​ടു സ്വീക​രി​ച്ച​തു​മൂ​ല​വും മറ്റുള്ള​വർക്ക്‌ സത്യ​ത്തെ​ക്കു​റിച്ച്‌ അറിയാൻ അവസരം കിട്ടി. ഒരുകൂ​ട്ടം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടാൻ വിസമ്മ​തി​ച്ച​തി​നെ​ത്തു​ടർന്ന്‌ അധ്യാ​പകൻ രോഷാ​കു​ല​നാ​യി ക്ലാസ്സിനെ മുഴുവൻ പുറത്തി​റക്കി നിറുത്തി. ആ കൂട്ടത്തി​ലെ ഒരു കുട്ടി ഓർമി​ക്കു​ന്നു: “ഞങ്ങൾ ഞങ്ങളുടെ മതപര​മായ പാട്ടു​കൾപോ​ലും പാടു​ക​യി​ല്ലെ​ന്നാ​യി​രി​ക്കണം ടീച്ചർ ധരിച്ചു​വെ​ച്ചി​രു​ന്നത്‌. ടീച്ചർ ഞങ്ങളെ കളിയാ​ക്കാ​നുള്ള ഒരു അവസര​മാ​യി അതിനെ കണ്ടു. ഒരേ മതവി​ഭാ​ഗ​ത്തിൽ പെട്ടവർ ഒന്നിച്ചു നിൽക്കാൻ ടീച്ചർ പറഞ്ഞു. ഓരോ വിഭാ​ഗ​ത്തോ​ടും അവരുടെ മതത്തിന്റെ ഒന്നോ രണ്ടോ പാട്ടുകൾ പാടാൻ ആവശ്യ​പ്പെട്ടു. രണ്ടു കൂട്ടങ്ങൾക്ക്‌ പാട്ടൊ​ന്നും ഓർമ​യു​ണ്ടാ​യി​രു​ന്നില്ല. പിന്നെ ടീച്ചർ ഞങ്ങളുടെ നേർക്കു തിരിഞ്ഞു. ഞങ്ങൾ പാടാൻ തുടങ്ങി, ‘ഇത്‌ യഹോ​വ​യു​ടെ ദിനമാ​കു​ന്നു’ എന്ന പാട്ട്‌. ഞങ്ങൾ മനോ​ഹ​ര​മാ​യി പാടി, സ്‌കൂ​ളി​ന്റെ പരിസ​ര​ത്തു​കൂ​ടെ പോയ ആളുകൾ അവിടെ നിന്ന്‌ പാട്ട്‌ കേൾക്കു​ന്നു​ണ്ടാ​യി​രു​ന്നു. ‘യഹോ​വ​തന്നെ രാജാ​വാ​യി​രി​ക്കു​ന്നു!’ എന്നതാ​യി​രു​ന്നു അടുത്ത പാട്ട്‌. ടീച്ചർ ഉൾപ്പെടെ എല്ലാവ​രും ഉച്ചത്തിൽ കരഘോ​ഷം മുഴക്കി. ഞങ്ങൾ ക്ലാസ്സി​ലേക്കു മടങ്ങി. ഇത്ര മനോ​ഹ​ര​മായ ഗീതങ്ങൾ എവി​ടെ​നി​ന്നാ​ണു പഠിച്ച​തെന്നു ചോദി​ച്ചു​കൊണ്ട്‌ സഹപാ​ഠി​ക​ളിൽ പലരും ഞങ്ങളെ സമീപി​ച്ചു. അവരിൽ ചിലർ ഞങ്ങളോ​ടൊ​പ്പം യോഗ​ങ്ങൾക്കു വന്നു, പിന്നീട്‌ സജീവ​സാ​ക്ഷി​ക​ളാ​യി​ത്തീർന്നു.”

“പുസ്‌ത​കങ്ങൾ ഇട്ടിട്ടു​പോ​കു​ന്നവർ”

ഈ കാലഘ​ട്ട​ത്തു​ട​നീ​ളം സഹോ​ദ​രങ്ങൾ “പാമ്പി​നെ​പ്പോ​ലെ ബുദ്ധി​യു​ള​ള​വ​രും പ്രാവി​നെ​പ്പോ​ലെ കളങ്കമി​ല്ലാ​ത്ത​വ​രും” ആയിരി​ക്കാൻ നന്നേ ശ്രദ്ധി​ച്ചി​രു​ന്നു. (മത്താ. 10:16) അവരുടെ വിശേ​ഷ​ത​ര​മായ സാഹി​ത്യ​ങ്ങ​ളും ബൈബിൾ പഠനസ​ഹാ​യി​ക​ളു​ടെ ശുഷ്‌കാ​ന്തി​യോ​ടെ​യുള്ള ഉപയോ​ഗ​വും നിമിത്തം യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു വിളി​പ്പേരു വീണു; അബപോൺയ ഇഫിറ്റ​ബോ, “പുസ്‌ത​കങ്ങൾ ഇട്ടിട്ടു​പോ​കു​ന്നവർ” എന്നർഥം. സഹോ​ദ​ര​ങ്ങളെ നിശ്ശബ്ദ​രാ​ക്കാൻ എതിരാ​ളി​കൾ കച്ചകെട്ടി ഇറങ്ങി​യെ​ങ്കി​ലും രാജ്യ​പ്ര​സം​ഗ​വേല അതിശീ​ഘ്രം മുന്നോ​ട്ടു കുതിച്ചു. ഇടയ്‌ക്കി​ടെ അക്രമാ​സ​ക്ത​മായ എതിർപ്പു​കൾ പൊട്ടി​പ്പു​റ​പ്പെ​ട്ടി​രു​ന്നു. വർഷങ്ങ​ളോ​ളം ഈ അവസ്ഥ തുടർന്നെ​ങ്കി​ലും 1980-കളുടെ പ്രാരം​ഭ​ത്തോ​ടെ എതിർപ്പു​ക​ളു​ടെ തീവ്രത കുറഞ്ഞു.

രാജ്യം സ്വാത​ന്ത്ര്യം പ്രാപി​ച്ച​ശേ​ഷ​മുള്ള 25 വർഷം​കൊണ്ട്‌ 90,000-ത്തോളം പേർ സ്‌നാ​പ​ന​മേറ്റു. എന്നാൽ സജീവ പ്രസാ​ധ​ക​രു​ടെ എണ്ണമോ? ഏകദേശം 42,000. ബാക്കി​യു​ള്ള​വർക്ക്‌ എന്തുപറ്റി? ചില​രൊ​ക്കെ മരിച്ചു​പോ​യി​രു​ന്നി​രി​ക്കണം, വേറെ ചിലർ മറ്റു സ്ഥലങ്ങളി​ലേക്കു ചേക്കേ​റി​യി​ട്ടു​മു​ണ്ടാ​കണം. പക്ഷേ, “മാനുഷ ഭയവും ഒരു ഘടകമാ​യി​രു​ന്നു,” ആ കാലഘ​ട്ട​ത്തിൽ ബ്രാഞ്ച്‌ ഓഫീ​സിൽ സേവനം അനുഷ്‌ഠി​ച്ചി​രുന്ന നെൽഡി പറയുന്നു. നിരവ​ധി​പ്പേർ ശുശ്രൂ​ഷ​യിൽ ക്രമമി​ല്ലാ​ത്ത​വ​രോ നിഷ്‌ക്രി​യ​രോ ആയിത്തീർന്നു. മാത്രമല്ല സ്വാത​ന്ത്ര്യാ​ന​ന്തരം പല മാറ്റങ്ങ​ളു​മു​ണ്ടാ​യി. വിദേ​ശി​കൾക്കാ​യി മാനേ​ജ്‌മെന്റ്‌-ബിസി​നസ്സ്‌ അഡ്‌മി​നി​സ്‌​ട്രേഷൻ മേഖല​ക​ളിൽ മുമ്പു നീക്കി​വെ​ച്ചി​രുന്ന തസ്‌തി​ക​ക​ളിൽ ആളെ ആവശ്യ​മാ​യി​വന്നു. പാർപ്പി​ടം, തൊഴിൽ, വിദ്യാ​ഭ്യാ​സം എന്നിവ​യ്‌ക്കാ​യുള്ള പുതിയ അവസരങ്ങൾ വന്നതോ​ടെ മിക്ക കുടും​ബ​ങ്ങ​ളും ആത്മീയ ലക്ഷ്യങ്ങ​ളൊ​ക്കെ വിട്ട്‌ ഭൗതി​ക​ത്വ​ത്തി​ന്റെ പിന്നാലെ പോയി.

ഇങ്ങനെ​യൊ​ക്കെ ആയിരു​ന്നെ​ങ്കി​ലും വേല പുരോ​ഗ​മി​ച്ചു. ജ്ഞാനി​യായ ശലോ​മോൻ രാജാവ്‌ എഴുതി: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകു​ന്നേ​രത്തു [“വൈകു​ന്നേ​രം​വരെ,” NW] നിന്റെ കൈ ഇളെച്ചി​രി​ക്ക​രു​തു; ഇതോ, അതോ, ഏതു സഫലമാ​കും എന്നും രണ്ടും ഒരു​പോ​ലെ നന്നായി​രി​ക്കു​മോ എന്നും നീ അറിയു​ന്നി​ല്ല​ല്ലോ.” (സഭാ. 11:6) സഹോ​ദ​രങ്ങൾ സത്യത്തി​ന്റെ വിത്തു​വി​ത​യ്‌ക്കു​ന്ന​തിൽ വ്യാപൃ​ത​രാ​യി, ഏറെ അനുകൂ​ല​മായ സാഹച​ര്യ​ങ്ങ​ളിൽ അവ സമൃദ്ധ​മാ​യി ഫലംകാ​യ്‌ക്കു​മെന്ന പ്രതീ​ക്ഷ​യിൽ. അടി​വെ​ച്ച​ടി​വെ​ച്ചുള്ള പുരോ​ഗതി ദൃശ്യ​മാ​യി, വർധി​ച്ചു​വ​രുന്ന ആവശ്യ​മ​നു​സ​രിച്ച്‌ സാഹി​ത്യ​ങ്ങൾ എത്തിക്കു​ന്ന​തിന്‌ 1976-ൽ ഒരു പുതിയ ട്രക്ക്‌ വാങ്ങേ​ണ്ടി​വന്നു. 1982-ൽ പുതിയ അച്ചടി സൗകര്യ​ങ്ങ​ളു​ടെ നിർമാ​ണം തുടങ്ങി, ബെഥേ​ലിൽനിന്ന്‌ ഏതാനും കിലോ​മീ​റ്റർ അകലെ​യാ​യി​രു​ന്നു ഇത്‌. ഇത്തരം പ്രാ​യോ​ഗിക വികസ​ന​ന​ട​പ​ടി​കൾ ഭാവി​വ​ളർച്ച​യ്‌ക്ക്‌ അടിത്ത​റ​പാ​കു​ന്ന​താ​യി​രു​ന്നു.

സാംബി​യ​യെ​പ്പോ​ലെ ആഭ്യന്തര കലാപ​ത്തി​ന്റെ ദുരി​തം​പേ​റാത്ത, താരത​മ്യേന സമാധാ​നം പുലരുന്ന അധികം രാജ്യങ്ങൾ മധ്യാ​ഫ്രി​ക്ക​യി​ലില്ല. ഇവിടെ ഇന്ന്‌ സാഹച​ര്യ​ങ്ങൾ ‘നന്മ സുവി​ശേ​ഷി​ക്കാൻ’ അങ്ങേയറ്റം അനുകൂ​ല​മാണ്‌. എങ്കിലും അനുഭ​വിച്ച ‘കഷ്ടങ്ങളെ’ കുറി​ച്ചുള്ള ഓർമകൾ “നിത്യ​ജീ​വ​ങ്ക​ലേക്കു വിളവു കൂട്ടി​വെ​ക്കുന്ന”തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്ന​തിൽ തുടരാൻ വിശ്വ​സ്‌തരെ പ്രചോ​ദി​പ്പി​ക്കു​ന്നു.—റോമ. 10:15; 2 കൊരി. 6:4; യോഹ. 4:36.

ബ്രാഞ്ച്‌ വിപു​ലീ​ക​ര​ണം

1930-കളിൽ ലെവെ​ലിൻ ഫിലി​പ്‌സും സഹകാ​രി​ക​ളും തങ്ങളുടെ നിയമ​നങ്ങൾ നിർവ​ഹി​ച്ചി​രു​ന്നത്‌ ലുസാ​ക്കാ​യി​ലെ രണ്ടുമു​റി​ക​ളുള്ള ഒരു വാടക​ക്കെ​ട്ടി​ട​ത്തി​ലാണ്‌. 250-ലേറെ സ്വമേ​ധയാ സേവകർക്ക്‌ താമസ​സൗ​ക​ര്യ​മുള്ള 270 ഏക്കർ വിസ്‌തൃ​തി​യി​ലുള്ള ഇന്നത്തെ ബെഥേൽ സമുച്ച​യ​ത്തെ​പ്പറ്റി അന്ന്‌ എത്ര പേർ ചിന്തി​ച്ചു​കാ​ണും? സ്വമേ​ധയാ സേവക​രായ ഈ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പ്രസാ​ധ​ക​രും പയനി​യർമാ​രും ഉൾപ്പെടെ 1,25,000-ത്തിലേറെ പേരുടെ ആത്മീയ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നു. നമുക്ക്‌ ഈ വളർച്ച​യു​ടെ പടവു​ക​ളി​ലൂ​ടെ ഒന്നിറ​ങ്ങി​ച്ചെ​ല്ലാം.

നാം മുമ്പു കണ്ടതു​പോ​ലെ 1936 ആയപ്പോ​ഴേക്ക്‌ അധികാ​രി​ക​ളു​ടെ സമീപനം മയപ്പെട്ടു, ലുസാ​ക്കാ​യിൽ ഒരു സാഹി​ത്യ​ഡി​പ്പോ തുറക്കാൻ അതു വഴി​തെ​ളി​ച്ചു. സത്വര വളർച്ച​യു​ടെ ഫലമായി കുറെ​ക്കൂ​ടെ വലിയ ഒരു കെട്ടി​ട​ത്തി​ലേക്കു മാറേ​ണ്ടി​വന്നു. സെൻട്രൽ പോലീസ്‌ സ്റ്റേഷനു സമീപം ഒരു വീടെ​ടു​ത്തു. “അതിനു രണ്ടു കിടക്ക​മു​റി​ക​ളു​ണ്ടാ​യി​രു​ന്നു,” ജോനസ്‌ മൻജോ​നി ഓർക്കു​ന്നു. “തീൻമു​റി സേവന ഡിപ്പാർട്ട്‌മെ​ന്റാ​യി ഉപയോ​ഗി​ച്ചു, ഒരു വരാന്ത ഷിപ്പിങ്‌ ഡിപ്പാർട്ട്‌മെ​ന്റാ​യും.” 1951-ൽ ജോനസ്‌ തന്റെ തൊഴി​ലിൽനിന്ന്‌ രണ്ടാഴ്‌ച അവധി​യെ​ടുത്ത്‌ ബെഥേ​ലിൽ സേവിച്ചു, പിന്നീട്‌ അദ്ദേഹം ബെഥേൽ അംഗമാ​യി​മാ​റി. “എല്ലാം സുസം​ഘ​ടി​ത​മാ​യി​രു​ന്നു, സന്തുഷ്ടി​യു​ടെ ആത്മാവ്‌ എങ്ങും നിറഞ്ഞി​രു​ന്നു,” അദ്ദേഹം പറയുന്നു. “ഞാൻ ഫിലി​പ്‌സ്‌ സഹോ​ദ​ര​നോ​ടൊ​പ്പം ഷിപ്പിങ്‌ ഡിപ്പാർട്ട്‌മെ​ന്റി​ലാ​യി​രു​ന്നു, വരിസം​ഖ്യ​യു​ടെ കാര്യം നോക്കു​ക​യും മാസി​ക​യു​ടെ ചുരു​ളു​ക​ളിൽ സ്റ്റാമ്പ്‌ ഒട്ടിക്കു​ക​യു​മാ​യി​രു​ന്നു പണി. ഞങ്ങൾ സഹോ​ദ​ര​ങ്ങളെ സേവി​ക്കു​ക​യാ​ണ​ല്ലോ എന്നോർത്ത​പ്പോൾ ഞങ്ങൾക്ക്‌ എന്തെന്നി​ല്ലാത്ത സന്തോ​ഷം​തോ​ന്നി.” പിന്നീട്‌ ഹാരി ആർനട്ട്‌ ലെവെ​ലിൻ ഫിലി​പ്‌സി​നൊ​പ്പം ചേർന്നു. അവർ ജോബ്‌ സിചേല, ആൻഡ്രൂ ജോൺ മൂലബക്ക, ജോൺ മുട്ടലേ, പോത്തീ​ഫർ കാചെപാ, മോർട്ടൺ ചിസൂ​ലോ എന്നീ പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാർക്കൊ​പ്പം പ്രവർത്തി​ച്ചു.

സാംബി​യ​യി​ലെ കോപ്പർബെൽറ്റിൽ ഖനനവ്യ​വ​സാ​യം തഴച്ചു​വ​ള​രു​ക​യാ​യി​രു​ന്നു. ഗതാഗത വാർത്താ​വി​തരണ സൗകര്യ​ങ്ങ​ളും മറ്റും അതി​വേഗം വികസി​ച്ചു, അതോ​ടൊ​പ്പം രാജ്യ​ത്തി​ന്റെ നാനാ​ഭാ​ഗ​ത്തു​നി​ന്നും ആളുകൾ കോപ്പർബെൽറ്റിൽ വന്നുപാർക്കാ​നും തുടങ്ങി. ഈ കാരണ​ങ്ങ​ളാൽ ലുസാ​ക്കാ​യെ​ക്കാൾ കോപ്പർബെൽറ്റ്‌ പ്രദേ​ശ​ത്തിന്‌ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങി. ഇയൻ ഫെർഗ​സ​നി​ന്റെ നിർദേ​ശ​പ്ര​കാ​രം, ഖനനം നടക്കുന്ന ഒരു പട്ടണത്തിൽത്തന്നെ വസ്‌തു​വാ​ങ്ങി. 1954-ൽ ബ്രാഞ്ച്‌ ഓഫീസ്‌ ലൂയാൻഷാ​യി​ലെ കിങ്‌ ജോർജ്‌ അവന്യൂ​വി​ലേക്കു മാറ്റി. എന്നാൽ താമസി​യാ​തെ അതിശീ​ഘ്രം വികസി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന വയലിന്റെ ആവശ്യ​ങ്ങൾക്കാ​യി വേണ്ടവി​ധം കരുതാൻ ഈ സ്ഥലം പര്യാ​പ്‌ത​മ​ല്ലാ​താ​യി, വയൽപ്ര​വർത്ത​നങ്ങൾ പൂർവാ​ഫ്രി​ക്ക​യി​ലെ മിക്കയി​ട​ങ്ങ​ളി​ലേ​ക്കും വ്യാപി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. 1959-ലെ, “ശുശ്രൂ​ഷ​കരേ ഉണരു​വിൻ” എന്ന ഡിസ്‌ട്രി​ക്‌റ്റ്‌ സമ്മേള​ന​ത്തിൽ സംബന്ധി​ക്കാൻ ലോക ആസ്ഥാന​ത്തു​നി​ന്നു​മെ​ത്തിയ നേഥൻ നോർ സഹോ​ദരൻ ഒരു പുതിയ ബ്രാഞ്ച്‌ പണിയാൻ പറ്റിയ ചില സ്ഥലങ്ങൾ പോയി​ക്കാ​ണു​ക​യും നിർമാണ പദ്ധതി​ക​ളു​മാ​യി മുമ്പോ​ട്ടു​പോ​കാൻ അനുമതി നൽകു​ക​യും ചെയ്‌തു. “ഫ്രാങ്ക്‌ ലൂയി​സും യൂജിൻ കിനസ്‌ചു​കും ഞാനും കൂടി ഒരു ആർക്കി​ടെ​ക്‌റ്റി​നെ​യും കൂട്ടി​ക്കൊണ്ട്‌ കിറ്റ്‌വേ​യി​ലെ സ്ഥലത്തു ചെന്ന്‌ പുതിയ ബെഥേൽ കെട്ടി​ടങ്ങൾ പണിയാ​നുള്ള കൃത്യ​സ്ഥാ​നം അടയാ​ള​പ്പെ​ടു​ത്തി,” ജെഫ്രി ഹ്വിലർ ഓർക്കു​ന്നു. 1962 ഫെബ്രു​വരി 3-ന്‌ ഹോം സൗകര്യ​ങ്ങൾ, അച്ചടി​ക്കു​വേണ്ടി ഒരു മുറി, ഒരു രാജ്യ​ഹാൾ എന്നിവ​യ​ട​ങ്ങുന്ന പുതിയ ബ്രാഞ്ച്‌ ഓഫീസ്‌ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. സമർപ്പണ പരിപാ​ടി​ക​ളു​ടെ പരിസ​മാ​പ്‌തി​യിൽ അന്നത്തെ ബ്രാഞ്ച്‌ ദാസനാ​യി​രുന്ന ഹാരി ആർനട്ട്‌, കൂടുതൽ പ്രാധാ​ന്യ​മേ​റിയ ആത്മീയ നിർമാണ പരിപാ​ടി​യി​ലേക്കു ശ്രദ്ധ ക്ഷണിച്ചു. വിശ്വാ​സം, പ്രത്യാശ, സ്‌നേഹം എന്നീ ഗുണങ്ങ​ളാ​കുന്ന നിർമാ​ണ​ഘ​ട​ക​ങ്ങൾകൊണ്ട്‌ ഓരോ​രു​ത്ത​രും കഠിനാ​ധ്വാ​നം ചെയ്‌തു പണി​യേ​ണ്ട​തുള്ള ഒന്നി​ലേക്ക്‌.

ഈ പുതിയ സൗകര്യ​ങ്ങ​ളും പെട്ടെ​ന്നു​തന്നെ പോരാ​തെ​വന്നു. കാരണം അടുത്ത പത്തു വർഷം​കൊണ്ട്‌ രാജ്യ​പ്ര​സാ​ധ​ക​രു​ടെ എണ്ണം 30,129-ൽനിന്ന്‌ ഏകദേശം 57,000 ആയി വർധിച്ചു. “ഞങ്ങളുടെ അച്ചടി​പ്ര​വർത്ത​നങ്ങൾ വിപു​ല​പ്പെ​ടു​ത്താൻ നോർ സഹോ​ദരൻ ഞങ്ങളോ​ടു പറഞ്ഞു,” ഇയൻ ഫെർഗസൻ ഓർമി​ച്ചു. “സഹോ​ദ​ര​ങ്ങളെ കണ്ടു സംസാ​രി​ക്കാ​നാ​യി ഞാൻ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഇലാൻസ്‌ഫോൺടെ​യ്‌നി​ലുള്ള ബ്രാഞ്ച്‌ സന്ദർശി​ച്ചു. പെട്ടെ​ന്നു​തന്നെ വിമാ​ന​മാർഗം അവി​ടെ​നിന്ന്‌ ഒരു പ്രസ്സ്‌ കിറ്റ്‌വേ​യിൽ എത്തിച്ചു.”

സാഹി​ത്യ​ങ്ങൾക്കും മാസി​ക​കൾക്കും പുറമേ കെനി​യ​യി​ലെ​യും മറ്റു പൂർവാ​ഫ്രി​ക്കൻ പ്രദേ​ശ​ങ്ങ​ളി​ലെ​യും ആവശ്യ​ത്തി​നാ​യി മാസം​തോ​റു​മുള്ള നമ്മുടെ രാജ്യ ശുശ്രൂ​ഷ​യും കിറ്റ്‌വേ​യിൽ അച്ചടിച്ചു. പെട്ടെ​ന്നു​തന്നെ ഈ ചെറിയ അച്ചടി​മു​റി തിങ്ങി​നി​റഞ്ഞു. അച്ചടി​പ്ര​വർത്ത​നങ്ങൾ മറ്റൊ​രി​ട​ത്തേക്കു മാറ്റിയേ മതിയാ​കൂ എന്നായി. ഒരു സ്ഥലം കിട്ടി​യെ​ങ്കി​ലും ഞങ്ങൾ അത്‌ ഉപയോ​ഗി​ക്കു​ന്ന​തിന്‌ നഗരസഭ ചില തടസ്സങ്ങൾ ഉന്നയിച്ചു, അപ്പോൾത്തന്നെ ഒരു സഹോ​ദരൻ തന്റെ കുറെ സ്ഥലം തന്നു. 1984-ൽ കെട്ടിടം പണി പൂർത്തി​യാ​യി. മൂന്നു ദശകങ്ങൾ കിറ്റ്‌വേ സാംബി​യ​യി​ലെ പ്രസം​ഗ​വേ​ല​യു​ടെ സിരാ​കേ​ന്ദ്ര​മാ​യി വർത്തിച്ചു.

മിഷന​റി​മാർക്ക്‌ രാജ്യം​വി​ടേ​ണ്ടി​വ​ന്ന​തി​നെ തുടർന്നുള്ള ദുഷ്‌ക​ര​മായ വർഷങ്ങ​ളിൽ ബ്രാഞ്ച്‌ ഓഫീ​സിൽ ജോലി​ചെ​യ്യു​ന്ന​വ​രു​ടെ എണ്ണംവർധി​ച്ചു, അങ്ങനെ അവരിൽ 14 പേർക്ക്‌ ബെഥേ​ലി​നു വെളി​യിൽ കുടും​ബ​ത്തോ​ടൊ​പ്പം താമസി​ക്കേ​ണ്ട​താ​യി​വന്നു. മുമ്പി​ലുള്ള വേലയ്‌ക്കു​വേണ്ടി നന്നായി കരുതാൻ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരു​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ക്രമേണ, രണ്ടു വീടുകൾ വിലയ്‌ക്കു​വാ​ങ്ങു​ക​യും ഒരെണ്ണം വാടക​യ്‌ക്ക്‌ എടുക്കു​ക​യും ചെയ്‌തു. അങ്ങനെ ബെഥേൽ കുടും​ബ​ത്തി​ന്റെ വലുപ്പം വർധി​പ്പി​ക്കുക സാധ്യ​മാ​യി. എങ്കിലും പുതിയ സൗകര്യ​ങ്ങൾ ആവശ്യ​മാ​ണെന്ന കാര്യം വ്യക്തമാ​യി​രു​ന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ കാര്യ​ങ്ങ​ളെ​ല്ലാം പെട്ടെ​ന്നു​തന്നെ മെച്ച​പ്പെ​ടാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. 1986-ൽ പുതിയ ബ്രാഞ്ച്‌ പണിയാൻ സ്ഥലം നോക്കു​ന്ന​തിന്‌ നല്ല സൗകര്യ​ങ്ങ​ളുള്ള പ്രദേ​ശ​ങ്ങ​ളിൽ താമസി​ക്കുന്ന സഹോ​ദ​ര​ന്മാ​രെ ഏർപ്പാടു ചെയ്‌തു. അങ്ങനെ, തലസ്ഥാന നഗരി​യിൽനിന്ന്‌ ഏകദേശം 15 കിലോ​മീ​റ്റർ പടിഞ്ഞാറ്‌, 270 ഏക്കർ കൃഷി​യി​ടം വാങ്ങാൻ കഴിഞ്ഞു. ഇഷ്ടം​പോ​ലെ ഭൂഗർഭ​ജ​ല​മുള്ള ഈ ഭൂവി​ഭാ​ഗം തിര​ഞ്ഞെ​ടു​ത്തത്‌ തികച്ചും അനു​യോ​ജ്യ​മാ​യി​രു​ന്നു. ഡാറെൽ ഷാർപ്പ്‌ ഇങ്ങനെ പറഞ്ഞു: “മനോ​ഹ​ര​മായ ഈ ഭൂവി​ഭാ​ഗ​ത്തി​ലേക്ക്‌ യഹോ​വ​ത​ന്നെ​യാണ്‌ നമ്മെ കൊ​ണ്ടെ​ത്തി​ച്ച​തെന്നു ഞാൻ കരുതു​ന്നു.”

സമർപ്പ​ണ​വും വളർച്ച​യും

1993 ഏപ്രിൽ 24 ശനിയാഴ്‌ച നടത്തിയ പുതിയ ബ്രാഞ്ചി​ന്റെ സമർപ്പ​ണ​ത്തിൽ സംബന്ധി​ക്കാൻ ദീർഘ​കാ​ല​മാ​യി യഹോ​വയെ സേവി​ക്കുന്ന നൂറു​ക​ണ​ക്കി​നു​പേർ ഹാജരാ​യി​രു​ന്നു. സദസ്സിൽ 4,000 പ്രാ​ദേ​ശിക സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ കൂടാതെ മറ്റു ദേശങ്ങ​ളിൽനി​ന്നു​വന്ന 160-ലേറെ പേരു​മു​ണ്ടാ​യി​രു​ന്നു, അവരിൽ ചിലർ ഏകദേശം 20 വർഷത്തി​നു മുമ്പ്‌ നാടു​വി​ടേ​ണ്ടി​വന്ന മിഷന​റി​മാ​രാ​യി​രു​ന്നു. ഭരണസം​ഘ​ത്തിൽനി​ന്നുള്ള രണ്ടുപേർ സന്നിഹി​ത​രാ​യി​രു​ന്നു. അവരിൽ ഒരാളായ തിയോ​ഡർ ജാരറ്റ്‌സ്‌ ‘നമ്മെത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി കാണിക്കൽ’ എന്ന വിഷയത്തെ ആധാര​മാ​ക്കി സംസാ​രി​ച്ചു. വർഷങ്ങ​ളോ​ളം വിശ്വ​സ്‌ത​മാ​യി സേവി​ച്ചവർ സഹിച്ചു​നി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കിൽ ഇവിടെ ഇങ്ങനെ​യൊ​രു ബ്രാഞ്ച്‌ പണിയേണ്ട ആവശ്യം വരില്ലാ​യി​രു​ന്നു എന്ന്‌ സഹോ​ദരൻ അവരോ​ടു പറഞ്ഞു. കൊരി​ന്ത്യ​രോ​ടുള്ള പൗലൊ​സി​ന്റെ വാക്കുകൾ പരാമർശി​ക്കവേ, ഒരു യഥാർഥ ശുശ്രൂ​ഷകൻ പ്രയാസ സാഹച​ര്യ​ങ്ങ​ളും പരി​ശോ​ധ​ന​ക​ളും കഷ്ടങ്ങളും സഹിക്കാൻ തന്നെ പ്രാപ്‌ത​നാ​ക്കുന്ന ആത്മാവി​ന്റെ ഫലം നട്ടുവ​ളർത്തു​മെന്ന്‌ അദ്ദേഹം ഊന്നി​പ്പ​റഞ്ഞു. “നിങ്ങൾ നിങ്ങ​ളെ​ത്തന്നെ ദൈവ​ത്തി​ന്റെ ശുശ്രൂ​ഷ​ക​രാ​യി കാണി​ച്ചി​രി​ക്കു​ന്നു,” സഹോ​ദരൻ പറഞ്ഞു. “വേലയു​ടെ വ്യാപനം നിമി​ത്ത​മാണ്‌ നമുക്ക്‌ ഈ പുതിയ ബ്രാഞ്ച്‌ ഇവിടെ പണി​യേ​ണ്ടി​വ​ന്നത്‌.”

2004-ൽ 32 മുറി​ക​ളുള്ള ഒരു പുതിയ നാലു​നി​ല​ക്കെ​ട്ടി​ടം താമസ​സൗ​ക​ര്യ​ത്തി​നാ​യി തയ്യാറാ​യി. ഏകദേശം 1,000 ചതുരശ്ര മീറ്റർ വരുന്ന പ്രിന്ററി ഒന്നു പുതു​ക്കി​പ്പ​ണി​തു. പരിഭാ​ഷ​യ്‌ക്കാ​യുള്ള 47 ഓഫീ​സു​കൾക്കും ഫയലുകൾ സൂക്ഷി​ക്കാ​നുള്ള സൗകര്യ​ങ്ങൾ, കോൺഫ​റൻസ്‌ റൂമുകൾ, ലൈ​ബ്രറി എന്നിവ​യ്‌ക്കും വേണ്ടി​യാ​യി​രു​ന്നു ഈ പുതുക്കൽ.

സാമ്പത്തിക പരാധീ​ന​ത​ക​ളും മറ്റു ബുദ്ധി​മു​ട്ടു​ക​ളും ഉണ്ടെങ്കി​ലും സാംബി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ദൈവ​സേ​വ​ന​ത്തിൽ സമ്പന്നരാണ്‌. തങ്ങളുടെ പക്കലുള്ള ആത്മീയ ധനം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തി​നെ ഒരു പദവി​യാ​യി അവർ കരുതു​ന്നു.—2 കൊരി. 6:10.

സകലർക്കും സത്യം ശുപാർശ​ചെ​യ്യു​ന്നു

കുടും​ബ​ത്തിന്‌ വളരെ​യേറെ പ്രാധാ​ന്യം കൽപ്പി​ക്കുന്ന സമൂഹ​മാണ്‌ സാംബി​യ​യി​ലേത്‌. അതിനാൽ വർഷങ്ങ​ളി​ലു​ട​നീ​ളം അനേകർക്ക്‌ സത്യത്തി​ന്റെ പാതയിൽ വളർന്നു​വ​രാൻ അവസരം കിട്ടി​യി​ട്ടുണ്ട്‌. ‘പശുവിന്‌ അതിന്റെ കൊമ്പു​കൾ ഒരു ഭാരമല്ല,’ സാംബി​യ​യു​ടെ പടിഞ്ഞാ​റൻ പ്രവി​ശ്യ​യി​ലുള്ള ഒരു പഴമൊ​ഴി​യാ​ണിത്‌. സ്വന്തം കുടും​ബത്തെ നോക്കേണ്ട ഉത്തരവാ​ദി​ത്വം ഒരു ഭാരമാ​യി കാണരു​തെ​ന്നർഥം. ദൈവ​മു​മ്പാ​കെ തങ്ങൾ കണക്കു​ബോ​ധി​പ്പി​ക്കേ​ണ്ട​വ​രാ​ണെന്ന്‌ തിരി​ച്ച​റി​യുന്ന ഇവിടത്തെ ക്രിസ്‌തീയ മാതാ​പി​താ​ക്കൾ ക്രിസ്‌തീയ ശുശ്രൂ​ഷയെ വാക്കു​ക​ളാ​ലും പ്രവൃ​ത്തി​യാ​ലും പിന്താ​ങ്ങി​ക്കൊണ്ട്‌ മക്കളു​ടെ​മേൽ ക്രിയാ​ത്മ​ക​മായ ഒരു സ്വാധീ​നം ചെലു​ത്തു​ന്നു. ഇന്നത്തെ തീക്ഷ്‌ണ​ത​യുള്ള ദൈവ​ദാ​സ​രിൽ പലരും ആ വിശ്വ​സ്‌ത​രു​ടെ മക്കളാണ്‌.—സങ്കീ. 128:1-4.

യഹോ​വ​യു​ടെ ദീർഘ​ക്ഷ​മ​യും പിന്തു​ണ​യും നിമിത്തം കൈവന്ന നേട്ടങ്ങ​ളെ​പ്രതി സാംബി​യ​യി​ലെ സാക്ഷികൾ ആഹ്ലാദ​ഭ​രി​ത​രാണ്‌. (2 പത്രൊ. 3:14, 15) ആദ്യകാ​ല​ങ്ങ​ളിൽ ബൈബി​ള​ധി​ഷ്‌ഠിത “സത്യ”വിശ്വാ​സങ്ങൾ, അനിശ്ചി​ത​ത്വം നിറഞ്ഞ ഒരു കാലഘ​ട്ട​ത്തിൽ സഹിച്ചു​നിൽക്കാൻ അവരെ പ്രാപ്‌ത​രാ​ക്കി. ഒളിമ​ങ്ങാത്ത “നിർവ്യാ​ജ​സ്‌നേഹം” വിവിധ ഗോ​ത്ര​ങ്ങ​ളിൽനി​ന്നു​ള്ള​വരെ ഇപ്പോ​ഴും ഒറ്റക്കെ​ട്ടാ​യി നിറു​ത്തു​ന്നു. കൂടാതെ, ഇത്‌ അനാവശ്യ വേദനകൾ ഒഴിവാ​ക്കി അവരെ പടിപ​ടി​യാ​യി ആത്മീയ വളർച്ച​യി​ലേക്ക്‌ ഉയർത്തി​യി​രി​ക്കു​ന്നു. “നീതി​യു​ടെ ആയുധങ്ങൾ” ധരിച്ചു​കൊണ്ട്‌ “ദയ”യോടെ പ്രതി​വാ​ദം ചെയ്യു​ക​യും കാര്യങ്ങൾ വിശദ​മാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്ന​തി​നാൽ അവർക്ക്‌ അധികാ​രി​കൾ ഉൾപ്പെടെ അനേക​രു​ടെ കണ്ണുതു​റ​പ്പി​ക്കാൻ കഴിഞ്ഞി​ട്ടുണ്ട്‌, പലപ്പോ​ഴും അതൊക്കെ “സല്‌ക്കീർത്തി”കളിൽ കലാശി​ച്ചി​ട്ടു​മുണ്ട്‌. ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളിൽ പങ്കെടുത്ത പ്രാപ്‌ത​രായ പുരു​ഷ​ന്മാർ ആവശ്യ​മായ മേൽനോ​ട്ടം വഹിക്കവേ ഇപ്പോൾ ഇവിടെ 2,100-ലേറെ സഭകൾ “പരിജ്ഞാന”ത്താൽ ഉറപ്പായി സ്ഥാപി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കൂടുതൽ വലിയ “കഷ്ട”ങ്ങൾ ഭാവി​യിൽ ആഞ്ഞടി​ക്കാൻ ഇടയു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അവരുടെ കൂടി​വ​ര​വു​കൾ “എപ്പോ​ഴും സന്തോ​ഷി​ക്കുന്ന”തിനുള്ള അവസര​മാ​യി​രി​ക്കു​മെന്ന്‌ വിശ്വ​സി​ക്കു​ന്ന​തി​നു സകല കാരണ​വു​മുണ്ട്‌.—2 കൊരി. 6:4-10.

യേശു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​രകം ആചരി​ക്കാ​നുള്ള കൽപ്പന​യോട്‌ സേവന​വർഷം 1940-ൽ 5,000-ത്തോളം പേർ പ്രതി​ക​രി​ച്ചു. അതായത്‌ ജനസം​ഖ്യ​യിൽ ഏതാണ്ട്‌ 200 പേരിൽ ഒരാൾ എന്ന തോതിൽ. സമീപ വർഷങ്ങ​ളിൽ അഞ്ചുല​ക്ഷ​ത്തി​ല​ധി​കം പേർ—2005-ൽ 5,69,891 പേർ—അതായത്‌ ഏതാണ്ട്‌ ഓരോ 20 പേരി​ലും ഒരാൾവീ​തം, ആ സവിശേഷ സന്ധ്യയിൽ യഹോ​വയെ മഹത്ത്വ​പ്പെ​ടു​ത്താ​നാ​യി കൂടി​വന്നു. (ലൂക്കൊ. 22:19) ഇത്ര വലിയ വിജയം കൊയ്യാൻ യഹോ​വ​യു​ടെ ജനത്തിനു കഴിഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌? അതിന്റെ ബഹുമതി യഹോ​വ​യ്‌ക്കു​ള്ള​താണ്‌, അവനാണ്‌ ആത്മീയ വളർച്ച​യു​ടെ കാരണ​ഭൂ​തൻ.—1 കൊരി. 3:7.

എന്നിരു​ന്നാ​ലും, സാംബി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ പങ്ക്‌ നന്നായി നിർവ​ഹി​ച്ചി​രി​ക്കു​ന്നു. “ഞങ്ങൾ സുവാർത്ത പ്രസം​ഗി​ക്കാൻ ലജ്ജിക്കു​ന്നില്ല; ഞങ്ങൾക്ക്‌ അതൊരു പദവി​യാണ്‌,” ഒരു ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗം പറയുന്നു. യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ശുശ്രൂഷ മാന്യ​ത​യോ​ടെ, നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യാ​ണു നടത്തു​ന്ന​തെന്ന്‌ അവിടം സന്ദർശി​ക്കു​ന്ന​വർക്കു മനസ്സി​ലാ​കും. ഫലമോ? ജനസം​ഖ്യ​യിൽ ഏതാണ്ട്‌ 90 പേർക്ക്‌ 1 പ്രസാ​ധകൻ എന്നതാണ്‌ അവിടത്തെ അനുപാ​തം! എങ്കിലും ഇനിയും ധാരാളം ചെയ്യാ​നുണ്ട്‌.

“യഹോ​വ​യു​ടെ നാമം ബലമുള്ള ഗോപു​രം; നീതി​മാൻ അതി​ലേക്കു ഓടി​ച്ചെന്നു അഭയം പ്രാപി​ക്കു​ന്നു.” (സദൃ. 18:10) യോജിച്ച മനോ​നി​ല​യു​ള്ള​വർക്ക്‌ യഹോ​വ​യു​ടെ പക്ഷത്തേക്ക്‌ ഓടി​ച്ചെ​ല്ലു​ന്ന​തി​നുള്ള അവസരം ഇപ്പോ​ഴാണ്‌, അത്‌ അടിയ​ന്തി​ര​വു​മാണ്‌. ഇപ്പോൾ ഓരോ മാസവും സാംബി​യ​യിൽ 2,00,000-ത്തോളം ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നുണ്ട്‌. ഇനിയും അനേകർ യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ അവന്റെ തീക്ഷ്‌ണ​ത​യുള്ള ശുശ്രൂ​ഷ​ക​രാ​യി​ത്തീ​രാൻ ഇത്‌ ഇടയാ​ക്കും. സാംബി​യ​യി​ലെ 1,25,000-ത്തിലേറെ വരുന്ന സജീവ​സാ​ക്ഷി​കൾക്ക്‌ ആ ഗതി പിന്തു​ട​രാൻ ആളുക​ളോ​ടു ശുപാർശ​ചെ​യ്യാൻ സകല കാരണ​വു​മുണ്ട്‌.

[168-ാം പേജിലെ ചതുരം]

സാംബിയ—ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി: ചുറ്റും കരപ്ര​ദേ​ശങ്ങൾ അതിരു​തീർക്കുന്ന വൃക്ഷസ​മൃ​ദ്ധ​മായ ഒരു സമതല​പ്ര​ദേ​ശ​മാണ്‌ സാംബിയ. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഏകദേശം 1,200 മീറ്റർ ഉയരത്തിൽ ഒരു പീഠഭൂ​മി​യി​ലാ​ണി​തി​ന്റെ കിടപ്പ്‌. തെക്കൻ അതിർത്തി​യു​ടെ ഏറിയ​പ​ങ്കും സാംബസി നദിയാണ്‌.

ജനങ്ങൾ: മിക്ക സാംബി​യ​ക്കാ​രും സാക്ഷര​രും ക്രിസ്‌ത്യാ​നി​ക​ളെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന​വ​രു​മാണ്‌. ഗ്രാമീണ വസതികൾ പുല്ലു​മേഞ്ഞ വീടു​ക​ളാണ്‌. സമീപത്തു കൃഷി​യി​ട​വും ഉണ്ടായി​രി​ക്കും.

ഭാഷ: 70-ലധികം തദ്ദേശ ഭാഷകൾ സംസാ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഔദ്യോ​ഗിക ഭാഷ ഇംഗ്ലീ​ഷാണ്‌.

ഉപജീവന മാർഗം: പ്രധാന വ്യവസാ​യ​ങ്ങ​ളിൽപ്പെ​ടു​ന്ന​താണ്‌ ചെമ്പു ഖനനവും സംസ്‌ക​ര​ണ​വും. കാർഷിക വിഭവ​ങ്ങ​ളിൽ മെയ്‌സ്‌, സോർഗം [മറ്റൊ​രു​തരം ചോളം], നെല്ല്‌, നിലക്കടല എന്നിവ ഉൾപ്പെ​ടു​ന്നു.

ആഹാരം: മെയ്‌സ്‌ ഒരു പ്രധാന ആഹാര​മാണ്‌. എങ്‌ഷിമ എന്ന പേരിൽ അറിയ​പ്പെ​ടുന്ന കൊഴുത്ത മെയ്‌സ്‌കു​റു​ക്കാണ്‌ ഇഷ്ടവി​ഭ​വ​ങ്ങ​ളി​ലൊന്ന്‌.

കാലാവസ്ഥ: ഒരു ദക്ഷിണ-മധ്യ ആഫ്രിക്കൻ രാജ്യത്തു പ്രതീ​ക്ഷി​ക്കാ​വു​ന്ന​തി​ലും രൂക്ഷത കുറഞ്ഞ കാലാ​വ​സ്ഥ​യാണ്‌ ഇവിടെ, രാജ്യ​ത്തി​ന്റെ ഉയർന്ന ഭൂനി​ര​പ്പാണ്‌ ഇതിനു കാരണം. ഇടയ്‌ക്കൊ​ക്കെ വരൾച്ച ഉണ്ടാകാ​റുണ്ട്‌.

[173-175 പേജു​ക​ളി​ലെ ചതുരം/ചിത്രം]

എനിക്കു കിട്ടി​യത്‌ 17 മാസത്തെ തടവു​ശി​ക്ഷ​യും 24 അടിയും

കൊസാമു മ്‌വാൻസാ

ജനനം: 1886

സ്‌നാപനം: 1918

സംക്ഷിപ്‌ത വിവരം: പീഡന​ത്തെ​യും കള്ളസ​ഹോ​ദ​ര​ന്മാ​രെ​യും സഹി​ക്കേ​ണ്ടി​വന്നു. ഒരു പയനി​യ​റും മൂപ്പനും ആയിരുന്ന അദ്ദേഹം 1989-ൽ തന്റെ ഭൗമിക ജീവി​ത​ഗതി പൂർത്തി​യാ​ക്കു​ന്ന​തു​വരെ വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു.

സൈന്യ​ത്തിൽ ചേർന്ന ഞാൻ ഒന്നാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ പ്രാരം​ഭ​ഘ​ട്ട​ത്തിൽ ഉത്തര റൊ​ഡേഷ്യ റെജി​മെ​ന്റിൽ ഒരു ആശുപ​ത്രി അറ്റൻഡ​ന്റാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. 1917 ഡിസം​ബ​റിൽ ഞാൻ അവധി​യി​ലാ​യി​രി​ക്കെ, ബൈബിൾ വിദ്യാർഥി​ക​ളു​മാ​യി സഹവസി​ച്ചി​രുന്ന ദക്ഷിണ റൊ​ഡേ​ഷ്യ​യിൽനി​ന്നുള്ള രണ്ടു പുരു​ഷ​ന്മാ​രെ കണ്ടുമു​ട്ടി. അവർ എനിക്ക്‌ വേദാ​ധ്യ​യന പത്രി​ക​യു​ടെ ആറു വാല്യങ്ങൾ തന്നു. മൂന്നു ദിവസം ഞാൻ ഈ പുസ്‌ത​ക​ങ്ങ​ളി​ലെ വിവരങ്ങൾ ആർത്തി​യോ​ടെ വായി​ക്കു​ക​യാ​യി​രു​ന്നു. പിന്നെ ഞാൻ യുദ്ധമു​ഖ​ത്തേക്കു മടങ്ങി​പ്പോ​യില്ല.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​മാ​യുള്ള കത്തിട​പാ​ടു​ക​ളൊ​ക്കെ ആ സമയത്തു ദുഷ്‌ക​ര​മാ​യി​രു​ന്നു. അതിനാൽ ഞാനും കൂടെ​യുള്ള സഹോ​ദ​ര​ന്മാ​രും മാർഗ​നിർദേ​ശ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ്രവർത്തനം തുടങ്ങി. ഞങ്ങൾ ഗ്രാമം​തോ​റും പോയി, ആളുകളെ കൂട്ടി​വ​രു​ത്തി, പ്രസം​ഗങ്ങൾ നടത്തി, കേൾവി​ക്കാ​രു​ടെ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ ശ്രമിച്ചു. പിന്നീട്‌ രാജ്യ​ത്തി​ന്റെ വടക്കു​ഭാ​ഗത്ത്‌ ഒരു കേന്ദ്ര യോഗ​സ്ഥലം ഞങ്ങൾ തിര​ഞ്ഞെ​ടു​ത്തു, ഗാലിലി എന്നായി​രു​ന്നു അതിന്റെ പേര്‌. ബൈബിൾ വിശദീ​ക​ര​ണങ്ങൾ കേൾക്കാൻ താത്‌പ​ര്യ​ക്കാ​രെ ഞങ്ങൾ അവി​ടേക്കു ക്ഷണിച്ചു. കാര്യ​ങ്ങ​ളു​ടെ മേൽനോ​ട്ടം എന്നെ ഏൽപ്പിച്ചു. സങ്കടക​ര​മെന്നു പറയട്ടെ, നിരവധി കള്ളസ​ഹോ​ദ​ര​ന്മാർ രംഗത്തു​വന്ന്‌ അവി​ടെ​യെ​ങ്ങും ചിന്താ​ക്കു​ഴപ്പം സൃഷ്ടിച്ചു.

പ്രസം​ഗി​ക്കാൻ ഞങ്ങൾക്ക്‌ അത്യു​ത്സാ​ഹ​മാ​യി​രു​ന്നു. പക്ഷേ ഞങ്ങളുടെ പ്രവർത്ത​നങ്ങൾ ആ പ്രദേ​ശത്തെ കത്തോ​ലിക്ക, പ്രൊ​ട്ട​സ്റ്റന്റ്‌ മിഷന​റി​മാ​രു​ടെ മേച്ചിൽപ്പു​റ​ങ്ങളെ ഇളക്കി​മ​റി​ച്ചു. ഞങ്ങൾ തുടർന്നും വലിയ യോഗങ്ങൾ സംഘടി​പ്പി​ച്ചു. 1919 ജനുവ​രി​യിൽ ഇസോ​ക്ക​യ്‌ക്ക്‌ സമീപ​മുള്ള കുന്നിൻപു​റ​ങ്ങ​ളിൽ ഏകദേശം 600 പേർ കൂടി​വ​ന്നത്‌ ഞാൻ ഓർക്കു​ന്നു. ഞങ്ങളുടെ യോഗ​ത്തി​ന്റെ ലക്ഷ്യം മനസ്സി​ലാ​കാ​തെ പോലീ​സും പട്ടാള​വും എത്തി ബൈബി​ളു​ക​ളും പുസ്‌ത​ക​ങ്ങ​ളും നശിപ്പി​ക്കു​ക​യും ഞങ്ങളിൽ പലരെ​യും അറസ്റ്റു​ചെ​യ്യു​ക​യും ചെയ്‌തു. കുറെ​പ്പേരെ കാസാ​മാ​യ്‌ക്ക​ടു​ത്തുള്ള ഒരിടത്ത്‌ തടവി​ലാ​ക്കി, വേറെ ചിലരെ എബാല​യി​ലും, മറ്റുചി​ലരെ അങ്ങു തെക്ക്‌ ലിവി​ങ്‌സ്റ്റ​ണി​ലും. ചിലർക്ക്‌ മൂന്നു​വർഷത്തെ തടവു​ശി​ക്ഷ​കി​ട്ടി, എനിക്ക്‌ 17 മാസത്തെ തടവും പൃഷ്‌ഠ​ഭാ​ഗത്ത്‌ ചാട്ടവാ​റു​കൊണ്ട്‌ 24 അടിയും.

ജയിൽമോ​ചി​ത​നാ​യ​ശേഷം ഞാൻ സ്വഗ്രാ​മ​ത്തിൽ തിരി​ച്ചു​ചെന്ന്‌ പ്രസം​ഗ​വേല തുടർന്നു. എന്നെ വീണ്ടും അറസ്റ്റു​ചെ​യ്‌തു, കുറെ​ക്കൂ​ടെ അടിച്ച​ശേഷം തടവി​ലാ​ക്കി. എതിർപ്പ്‌ തുടർന്നു. സഹോ​ദ​ര​ങ്ങളെ ഗ്രാമ​ത്തിൽനി​ന്നു പുറത്താ​ക്കാൻ ഗ്രാമ​മു​ഖ്യൻ തീരു​മാ​നി​ച്ചു. ഞങ്ങളെ​ല്ലാം​കൂ​ടി വേറൊ​രു ഗ്രാമ​ത്തി​ലേക്കു പോയി, അവിടത്തെ മുഖ്യൻ ഞങ്ങളെ സ്വാഗതം ചെയ്‌തു. ഞങ്ങൾ അവിടെ താമസ​മാ​ക്കി, അദ്ദേഹ​ത്തി​ന്റെ അനുവാ​ദ​ത്തോ​ടെ ഞങ്ങൾ സ്വന്തം ഗ്രാമം പണിതു നസറെത്ത്‌ എന്നു പേരിട്ടു. ഞങ്ങളുടെ പ്രവർത്ത​നങ്ങൾ അവിടത്തെ സമാധാ​ന​ത്തി​നു ഭംഗം​വ​രു​ത്താ​ത്തി​ട​ത്തോ​ളം കാലം ഞങ്ങൾക്ക്‌ അവിടെ താമസി​ക്കാൻ അനുവാ​ദം കിട്ടി. ഞങ്ങളുടെ പെരു​മാ​റ്റം ഗ്രാമ​മു​ഖ്യ​നെ പ്രീതി​പ്പെ​ടു​ത്തി.

1924-ന്റെ അവസാ​ന​ത്തോ​ടെ ഞാൻ വടക്കുള്ള ഇസോ​ക്ക​യി​ലേക്കു തിരി​ച്ചു​ചെന്നു, അവിടത്തെ ദയാലു​വായ ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കമ്മീഷണർ ഇംഗ്ലീഷ്‌ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ച്ചു. ആ കാലഘ​ട്ട​ത്തിൽ നേതാ​ക്ക​ന്മാ​രാ​യി സ്വയം അവരോ​ധി​ത​രായ ചിലയാ​ളു​കൾ രംഗത്തു​വന്ന്‌ വളച്ചൊ​ടിച്ച കാര്യങ്ങൾ പഠിപ്പിച്ച്‌ അനേകരെ വഴി​തെ​റ്റി​ച്ചു. എന്നിരു​ന്നാ​ലും, ഞങ്ങൾ കരുത​ലോ​ടെ സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ കൂടി​വ​ന്നു​കൊ​ണ്ടി​രു​ന്നു. ഏതാനും വർഷങ്ങൾക്കു​ശേഷം ലുസാ​ക്കാ​യിൽ ചെന്ന്‌ ലെവെ​ലിൻ ഫിലി​പ്‌സി​നെ കാണാൻ എനിക്കു ക്ഷണം ലഭിച്ചു. ഫിലി​പ്‌സ്‌ സഹോ​ദരൻ എന്നെ സാംബി​യ​യ്‌ക്കും ടാൻസാ​നി​യ​യ്‌ക്കും ഇടയിലെ അതിർത്തി​യി​ലുള്ള സഭകൾ സന്ദർശി​ക്കാൻ നിയമി​ച്ചു. സഹോ​ദ​ര​ങ്ങളെ ബലപ്പെ​ടു​ത്താ​നാ​യി ഞാൻ ടാൻസാ​നി​യ​യി​ലെ എംബേയ വരെ പോയി. ഒരുവട്ടം സന്ദർശനം പൂർത്തി​യാ​ക്കു​മ്പോൾ ഞാൻ എന്റെ പ്രാ​ദേ​ശിക സഭയിൽ തിരി​ച്ചെ​ത്തു​മാ​യി​രു​ന്നു. 1940-കളിൽ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രെ നിയമി​ക്കു​ന്ന​തു​വരെ ഞാൻ ഇതു തുടർന്നു.

[184-186 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

വടക്കുള്ള അയൽക്കാർക്ക്‌ സഹായം

പുതു​താ​യി രൂപം​കൊണ്ട ഉത്തര റൊ​ഡേ​ഷ്യാ ബ്രാഞ്ച്‌ 1948-ൽ, ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ആഫ്രിക്ക എന്നറി​യ​പ്പെ​ട്ടി​രുന്ന പ്രദേ​ശ​ത്തി​ന്റെ മിക്കഭാ​ഗ​ങ്ങ​ളി​ലെ​യും രാജ്യ​പ്ര​സം​ഗ​വേ​ല​യു​ടെ മേൽനോ​ട്ടം ഏറ്റെടു​ത്തു. സാംബി​യ​യ്‌ക്കു വടക്കുള്ള അയൽരാ​ജ്യ​ങ്ങ​ളു​ടെ മലമ്പ്ര​ദേ​ശ​ങ്ങ​ളിൽ അക്കാലത്ത്‌ പ്രസാ​ധ​ക​രു​ടെ എണ്ണം വളരെ കുറവാ​യി​രു​ന്നു. വിദേശ മിഷന​റി​മാർ അവിടെ പ്രവേ​ശി​ക്കു​ന്ന​തിന്‌ അന്നത്തെ അധികാ​രി​കൾ കടുത്ത നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​രു​ന്ന​തി​നാൽ എളിയ​വ​രായ ആളുകളെ സത്യം പഠിക്കാൻ ആർ സഹായി​ക്കു​മാ​യി​രു​ന്നു?

സാംബി​യ​യു​ടെ മധ്യ​പ്ര​വി​ശ്യ​യിൽ ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കാൻ ഹാപ്പി ചിസെ​ങ്‌ഗാ സന്നദ്ധത പ്രകടി​പ്പി​ച്ചു. എന്നാൽ അദ്ദേഹത്തെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌, ടാൻസാ​നി​യ​യി​ലെ എങ്‌ജോം​ബേ​യ്‌ക്ക​ടു​ത്തുള്ള ഒരു ഒറ്റപ്പെട്ട പ്രദേ​ശത്ത്‌ സേവി​ക്കാൻ അദ്ദേഹ​ത്തി​നു ക്ഷണം ലഭിച്ചു. “‘ഒറ്റപ്പെ​ട്ടത്‌’ എന്ന വാക്കു​ക​ണ്ട​പ്പോൾ ഞാനും ഭാര്യ​യും വിചാ​രി​ച്ചത്‌ പ്രാ​ദേ​ശിക പ്രസാ​ധ​ക​രോ​ടൊ​പ്പം ഉൾപ്ര​ദേ​ശത്ത്‌ എവി​ടെ​യോ സേവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌. എന്നാൽ ആരും ഇതുവരെ പ്രസം​ഗി​ച്ചി​ട്ടി​ല്ലാത്ത സ്ഥലമാ​ണ​തെന്ന്‌ താമസി​യാ​തെ ഞങ്ങൾക്കു മനസ്സി​ലാ​യി. തദ്ദേശീ​യരെ അവരു​ടെ​തന്നെ ബൈബി​ളിൽനിന്ന്‌ യഹോവ എന്ന നാമവും അർമ​ഗെ​ദോ​നും അതു​പോ​ലെ​യുള്ള മറ്റു പദങ്ങളും പരിച​യ​പ്പെ​ടു​ത്തി​യ​പ്പോൾ അവർ ശ്രദ്ധി​ക്കാൻ തുടങ്ങി. പെട്ടെ​ന്നു​തന്നെ ഞങ്ങൾക്ക്‌ ഇരട്ട​പ്പേ​രും വീണു, എനിക്ക്‌ യഹോ​വ​യെ​ന്നും ഭാര്യക്ക്‌ അർമ​ഗെ​ദോ​നെ​ന്നും. ഞങ്ങൾക്ക്‌ അവി​ടെ​നിന്ന്‌ ആരൂഷ​യി​ലേക്കു മാറ്റം​കി​ട്ടി​യ​പ്പോ​ഴേ​ക്കും അവിടെ സജീവ പ്രസാ​ധ​ക​രു​ടെ ഒരു കൂട്ടമു​ണ്ടാ​യി​രു​ന്നു.”

1957-ൽ വില്യം ലാംപ്‌ ചിസെ​ങ്‌ഗാ​യ്‌ക്ക്‌ ടാൻസാ​നി​യ​യി​ലെ എംബേയ പ്രദേ​ശ​ത്തി​നു ചുറ്റു​മുള്ള പർവത​പ്ര​ദേ​ശ​ങ്ങ​ളിൽ പ്രത്യേക പയനിയർ ആയി സേവി​ക്കാൻ നിയമനം കിട്ടി. “ഞാനും ഭാര്യ മേരി​യും രണ്ടുമ​ക്ക​ളും നവംബ​റിൽ ഇവി​ടെ​യെത്തി, ഹോട്ടൽമു​റി​ക​ളെ​ല്ലാം നിറഞ്ഞി​രു​ന്ന​തി​നാൽ ഞങ്ങൾ ബസ്‌സ്റ്റാൻഡിൽത്തന്നെ രാത്രി കഴിച്ചു​കൂ​ട്ടി. മഴയുള്ള തണുത്ത രാത്രി​യാ​യി​രു​ന്നു അത്‌, യഹോവ എങ്ങനെ​യാ​ണു കാര്യങ്ങൾ നയിക്കു​ക​യെന്നു കാണാൻ ഞങ്ങൾ കാത്തി​രു​ന്നു. പിറ്റേന്നു രാവിലെ, ഞാൻ കുടും​ബത്തെ അവി​ടെ​ത്ത​ന്നെ​യി​രു​ത്തി​യിട്ട്‌ താമസ​സ്ഥലം അന്വേ​ഷിച്ച്‌ പോയി. എവി​ടേ​ക്കാ​ണു പോകു​ന്ന​തെന്ന്‌ ഒരു നിശ്ചയ​വു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ പ്രതികൾ ഞാൻ കൈയി​ലെ​ടു​ത്തി​രു​ന്നു. ഒടുവിൽ ഞാൻ ഒരു തപാലാ​ഫീ​സിൽ എത്തി​ച്ചേർന്നു. എന്നാൽ അതിനു​മുമ്പ്‌ വഴിമ​ധ്യേ കണ്ടുമു​ട്ടിയ ജോൺസൺ എന്ന ആൾക്ക്‌ ഞാൻ കുറെ മാസി​കകൾ കൊടു​ത്തു. ‘എവിടെ നിന്നാ? എങ്ങോട്ടു പോകു​ന്നു?’ ജോൺസൺ ചോദി​ച്ചു. സുവാർത്ത പ്രസം​ഗി​ക്കാൻ വന്നതാ​ണെന്ന കാര്യം ഞാൻ പറഞ്ഞു. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​ണു ഞാനെ​ന്ന​റി​ഞ്ഞ​പ്പോൾ, താൻ സാംബി​യ​യു​ടെ കിഴക്കൻ പ്രവി​ശ്യ​യി​ലുള്ള ലുണ്ടസി​യിൽനി​ന്നു​ള്ള​താ​ണെ​ന്നും സ്‌നാ​പ​ന​മേറ്റു സാക്ഷി​യാ​യെ​ങ്കി​ലും ഇപ്പോൾ നിഷ്‌ക്രി​യ​നാ​ണെ​ന്നും അദ്ദേഹം പറഞ്ഞു. വൈകാ​തെ ഞങ്ങൾ രണ്ടു​പേ​രും​കൂ​ടി എന്റെ കുടും​ബ​ത്തെ​യും സാധന​സാ​മ​ഗ്രി​ക​ളെ​യും അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേക്കു മാറ്റാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. ഇടക്കാ​ലം​കൊണ്ട്‌ ജോൺസ​ണും ഭാര്യ​യും ആത്മീയ ആരോ​ഗ്യം വീണ്ടെ​ടു​ത്തു. സ്വാഹി​ലി ഭാഷ പഠിക്കാൻ അവർ ഞങ്ങളെ സഹായി​ച്ചു. കാലാ​ന്ത​ര​ത്തിൽ അദ്ദേഹം സാംബി​യ​യി​ലേക്കു തിരി​ച്ചു​പോ​യി അവിടെ സുവാർത്ത​യു​ടെ ഒരു സജീവ​പ്ര​സം​ഗ​ക​നാ​യി തുടർന്നു. നമ്മെ സഹായി​ക്കാ​നുള്ള യഹോ​വ​യു​ടെ പ്രാപ്‌തി​യെ ഒരിക്ക​ലും വിലകു​റച്ചു കാണരുത്‌. അതു​പോ​ലെ മറ്റുള്ള​വരെ സഹായി​ക്കാ​നുള്ള അവസരങ്ങൾ ഒരിക്ക​ലും നാം നിസ്സാ​ര​മാ​യെ​ടു​ക്ക​രുത്‌. ഈ അനുഭവം എന്നെ പഠിപ്പിച്ച പാഠങ്ങ​ള​താണ്‌.

ബർണാർഡ്‌ മുസി​ങ്‌ഗാ​യു​ടെ മുഴു​സ​മ​യ​സേ​വ​ന​ത്തി​ന്റെ ഭാഗമാ​യി അദ്ദേഹ​ത്തി​നും ഭാര്യ പോളി​നും കുട്ടി​കൾക്കും ഉഗാണ്ട, കെനിയ, എത്യോ​പ്യ തുടങ്ങിയ വൈവി​ധ്യ​മാർന്ന പ്രദേ​ശ​ങ്ങ​ളി​ലേക്കു പോ​കേ​ണ്ട​താ​യി​വന്നു. സെയ്‌ഷെൽസി​ലെ സന്ദർശ​ന​ത്തെ​ക്കു​റിച്ച്‌ ബർണാർഡ്‌ ഇപ്രകാ​രം പറയുന്നു: “മനോ​ഹ​ര​മായ പ്രാലാൻ ദ്വീപി​ലെ ഒരു കൂട്ടത്തെ സന്ദർശി​ക്കാൻ 1976-ൽ എനിക്കു നിയമനം ലഭിച്ചു. കടുത്ത കത്തോ​ലി​ക്ക​രാ​യി​രു​ന്നു അവിട​ത്തു​കാർ, ചില അബദ്ധധാ​ര​ണകൾ ഉടലെ​ടു​ക്കു​ക​യും ചെയ്‌തി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു പുതിയ പ്രസാ​ധ​കന്റെ മകൻ സ്‌കൂ​ളി​ലെ കണക്കു​ചെ​യ്യു​മ്പോൾ അധിക​ചി​ഹ്നം ഉപയോ​ഗി​ക്കാൻ വിസമ്മ​തി​ക്കു​ക​യു​ണ്ടാ​യി, ‘അത്‌ കുരി​ശാണ്‌, കുരി​ശിൽ ഞാൻ വിശ്വ​സി​ക്കു​ന്നില്ല’ എന്നായി​രു​ന്നു മറുപടി. ഫലമോ? ‘യഹോ​വ​യു​ടെ സാക്ഷികൾ കുട്ടി​കളെ കണക്കു​പ​ഠി​ക്കാൻ അനുവ​ദി​ക്കാ​ത്ത​വ​രാണ്‌’ എന്നുപ​റഞ്ഞ്‌ മതനേ​താ​ക്കൾ യഹോ​വ​യു​ടെ സാക്ഷി​കളെ അധി​ക്ഷേ​പി​ച്ചു. വിദ്യാ​ഭ്യാ​സ​മ​ന്ത്രി​യു​മാ​യുള്ള ഒരു യോഗ​ത്തിൽ ഞങ്ങൾ നമ്മുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ആദരപൂർവം വിശദീ​ക​രി​ക്കു​ക​യും തെറ്റി​ദ്ധാ​രണ തിരു​ത്തു​ക​യും ചെയ്‌തു. ആ മന്ത്രി​യു​മാ​യി സൗഹൃദം സ്ഥാപി​ക്കാൻ കഴിഞ്ഞത്‌ മിഷന​റി​മാർക്ക്‌ അവി​ടേക്കു വരാനുള്ള വഴിതു​റന്നു.”

[ചിത്രം]

ഹാപ്പി മ്‌വാബാ ചിസെ​ങ്‌ഗാ

[ചിത്രം]

വില്യം ലാംപ്‌ ചിസെ​ങ്‌ഗാ

[ചിത്രം]

ബർണാർഡ്‌ മുസി​ങ്‌ഗാ​യും ഭാര്യ പോളി​നും

[191, 192 പേജു​ക​ളി​ലെ ചതുരം/ചിത്രം]

“താങ്കൾ ഭാവി കളഞ്ഞു​കു​ളി​ക്കു​ക​യാണ്‌!”

മുകോസികു സിനാലി

ജനനം: 1928

സ്‌നാപനം: 1951

സംക്ഷിപ്‌ത വിവരം: ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​യും മുൻ പരിഭാ​ഷ​ക​നു​മായ ഇദ്ദേഹം ഇപ്പോൾ ഒരു സഭാമൂ​പ്പ​നാ​യി സേവി​ക്കു​ന്നു.

എന്റെ സ്‌നാപന ദിവസം മിഷന​റി​യായ ഹാരി ആർനൊട്ട്‌ എന്നെ സമീപി​ച്ചു. സിലോ​സി ഭാഷയിൽ പരിഭാ​ഷ​യ്‌ക്ക്‌ ആളെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. “താങ്കൾക്കു സഹായി​ക്കാ​മോ?” അദ്ദേഹം ചോദി​ച്ചു. പെട്ടെ​ന്നു​തന്നെ എനിക്ക്‌ നിയമ​ന​ക്ക​ത്തും വീക്ഷാ​ഗോ​പു​രം മാസി​ക​യു​ടെ ഒരു പ്രതി​യും ലഭിച്ചു. അന്നു വൈകു​ന്നേ​രം​തന്നെ ഞാൻ ഉത്സാഹ​ത്തോ​ടെ ജോലി ആരംഭി​ച്ചു. മഷി​യൊ​ഴി​ക്കുന്ന ഒരു പഴയ പേന​കൊണ്ട്‌ മണിക്കൂ​റു​ക​ളോ​ളം എഴുതുക ദുഷ്‌ക​ര​മാ​യി​രു​ന്നു. സിലോ​സി ഭാഷയി​ലെ നിഘണ്ടു​വും എന്റെ പക്കലി​ല്ലാ​യി​രു​ന്നു. പകൽ ഞാൻ തപാലാ​പ്പീ​സിൽ ജോലി​ചെ​യ്യും, രാത്രി​യിൽ പരിഭാ​ഷ​യും. ചില​പ്പോൾ ബ്രാഞ്ചിൽനിന്ന്‌ ഓർമ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള കത്ത്‌ കിട്ടും: “ദയവായി പരിഭാഷ എത്രയും പെട്ടെന്ന്‌ അയയ്‌ക്കുക.” പലപ്പോ​ഴും ഞാൻ ചിന്തിച്ചു, ‘എന്തു​കൊണ്ട്‌ എനിക്ക്‌ മുഴു​സമയ സേവനം ഏറ്റെടു​ത്തു​കൂ​ടാ?’ ക്രമേണ ഞാൻ തപാലാ​പ്പീ​സി​ലെ ജോലി രാജി​വെച്ചു. അധികാ​രി​കൾക്ക്‌ എന്നിൽ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഞാൻ രാജി​സ​മർപ്പി​ച്ചത്‌ അവരിൽ സംശയ​മു​ണർത്തി. ഞാൻ ഫണ്ട്‌ മോഷ്ടി​ച്ചി​രി​ക്കു​മോ എന്നായി​രു​ന്നു അവരുടെ സംശയം. പരി​ശോ​ധ​ന​യ്‌ക്കാ​യി തപാലാ​പ്പീ​സിൽനിന്ന്‌ യൂറോ​പ്യ​ന്മാ​രായ രണ്ടു​പേരെ വിട്ടു. അവർ അരിച്ചു​പെ​റു​ക്കി നോക്കി​യി​ട്ടും ഒന്നും കണ്ടെത്തി​യില്ല. ഞാൻ രാജി​വെ​ച്ചത്‌ എന്തിനാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​യില്ല. അവി​ടെ​ത്തന്നെ തുടരാൻ എന്റെ തൊഴി​ലു​ട​മകൾ എനിക്കു തൊഴിൽക്ക​യറ്റം വാഗ്‌ദാ​നം ചെയ്‌തു. ഞാൻ അതു നിരസി​ച്ച​പ്പോൾ അവർ മുന്നറി​യി​പ്പു നൽകി: “താങ്കൾ ഭാവി കളഞ്ഞു​കു​ളി​ക്കു​ക​യാണ്‌!”

അതു സത്യമ​ല്ലാ​യി​രു​ന്നു. 1960-ൽ എന്നെ ബെഥേ​ലി​ലേക്കു ക്ഷണിച്ചു. താമസി​യാ​തെ ഗിലെ​യാദ്‌ സ്‌കൂ​ളിൽ സംബന്ധി​ക്കാ​നുള്ള ക്ഷണംവന്നു. എനിക്ക്‌ ഉള്ളി​ലൊ​രു പേടി​യു​ണ്ടാ​യി​രു​ന്നു. ആദ്യമാ​യി​ട്ടാ​യി​രു​ന്നു ഞാൻ വിമാ​ന​ത്തിൽ കയറു​ന്നത്‌, ആദ്യം പാരീ​സി​ലേക്ക്‌, അവി​ടെ​നിന്ന്‌ ആംസ്റ്റർഡാം, പിന്നെ ന്യൂ​യോർക്ക്‌. ‘സ്വർഗ​ത്തി​ലേക്കു പോകു​മ്പോൾ അഭിഷി​ക്തർക്ക്‌ ഇങ്ങനെ​യാ​ണോ അനുഭ​വ​പ്പെ​ടു​ന്നത്‌?’ എന്നു വിമാ​ന​ത്തി​ലി​രു​ന്നു ചിന്തി​ച്ചത്‌ ഞാനോർക്കു​ന്നു. ലോകാ​സ്ഥാ​നത്ത്‌ എനിക്കു ലഭിച്ച സ്‌നേ​ഹാർദ്ര​മായ സ്വാഗതം എത്ര ഹൃദയ​സ്‌പർശി​യാ​യി​രു​ന്നു! വിനയാ​ന​ത​രായ ആ സഹോ​ദ​ര​ങ്ങ​ളിൽ മുൻവി​ധി​യു​ടെ ഒരു കണിക​പോ​ലു​മി​ല്ലാ​യി​രു​ന്നു. എനിക്ക്‌ സാംബി​യ​യി​ലേ​ക്കു​തന്നെ നിയമനം കിട്ടി, അവിടെ ഞാൻ പരിഭാ​ഷാ വേലയിൽ തുടർന്നു.

[194-ാം പേജിലെ ചതുരം/ചിത്രം]

കഴുകന്മാരെക്കാൾ വേഗം

ശാരീ​രിക വൈക​ല്യ​മുള്ള വ്യക്തി​യാ​ണു കാറ്റൂക്കൂ ഇങ്കോ​ബോ​ങ്‌ഗോ, അദ്ദേഹ​ത്തി​നു നടക്കാൻ സാധി​ക്കില്ല. സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​വാ​ര​ത്തി​ലെ ഞായറാഴ്‌ച ഒരു വാർത്ത​പ​രന്നു; വിമത സേനകൾ കാറ്റൂ​ക്കൂ​വി​ന്റെ ഗ്രാമം ലക്ഷ്യമാ​ക്കി വരുന്നു​ണ്ടെന്ന്‌. എല്ലാവ​രും ഓടി. സർക്കിട്ട്‌ മേൽവി​ചാ​രകൻ മിയാ​ങ്‌ഗാ മബോ​ഷോ ആയിരു​ന്നു ഏറ്റവും ഒടുവിൽ ഗ്രാമം​വി​ട്ട​വ​രിൽ ഒരാൾ. അദ്ദേഹം തന്റെ സൈക്കി​ളിൽ കയറി രക്ഷപ്പെ​ടാൻ തുടങ്ങി​യ​പ്പോൾ, അടുത്തുള്ള കുടി​ലിൽനിന്ന്‌ ഒരു നിലവി​ളി​കേട്ടു. “എന്റെ സഹോ​ദരാ, എന്നെ ഇവിടെ വിട്ടിട്ടു പോകു​ക​യാ​ണോ?” അത്‌ കാറ്റൂക്കൂ ആയിരു​ന്നു. പെട്ടെന്ന്‌ സർക്കിട്ട്‌ മേൽവി​ചാ​രകൻ അദ്ദേഹത്തെ സൈക്കി​ളിൽ കയറ്റി, എന്നിട്ട്‌ അദ്ദേഹ​ത്തെ​യും​കൊണ്ട്‌ ഗ്രാമ​ത്തി​നു പുറ​ത്തേക്കു പാഞ്ഞു.

തെക്ക്‌ സാംബി​യ​യി​ലേക്കു നീങ്ങിയ അവർക്ക്‌ ദുർഘ​ട​മായ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ക്ക​ണ​മാ​യി​രു​ന്നു. കാറ്റൂക്കൂ സഹോ​ദ​രന്‌ കുത്ത​നെ​യുള്ള കുന്നിൻചെ​രി​വു​ക​ളി​ലൂ​ടെ ഇഴഞ്ഞി​ഴഞ്ഞു കയറണ​മാ​യി​രു​ന്നു. സർക്കിട്ട്‌ മേൽവി​ചാ​രകൻ അനുസ്‌മ​രി​ക്കു​ന്നു: “രണ്ടു കാലും സ്വാധീ​ന​മുള്ള ഞാൻ മുകളിൽ ചെന്നു​പ​റ്റു​ന്ന​തി​നു മുമ്പേ അദ്ദേഹം കുന്നിൻമു​ക​ളിൽ എത്തിക്ക​ഴി​ഞ്ഞി​രി​ക്കും! ‘ഈ മനുഷ്യ​നു മുടന്തുണ്ട്‌, പക്ഷേ ചിറക​ടി​ച്ചു കയറു​ന്ന​തു​പോ​ലെ​യാണ്‌ അദ്ദേഹ​ത്തി​ന്റെ വേഗം!’ ഞാൻ പറഞ്ഞു. ഒടുവിൽ ഞങ്ങൾ സുരക്ഷി​ത​സ്ഥാ​ന​ത്തെത്തി, ഞങ്ങൾക്കു ഭക്ഷണവും കിട്ടി, അപ്പോൾ ഞാൻ ആ സഹോ​ദ​ര​നോട്‌ പ്രാർഥി​ക്കാൻ പറഞ്ഞു. അദ്ദേഹ​ത്തി​ന്റെ ഹൃദയ​സ്‌പർശി​യായ പ്രാർഥ​ന​യിൽ എന്റെ കണ്ണുനി​റഞ്ഞു. യെശയ്യാ​വു 40-ാം അധ്യാ​യ​ത്തി​ലെ വാക്കുകൾ ഉദ്ധരി​ച്ചു​കൊണ്ട്‌ അദ്ദേഹം പ്രാർഥി​ച്ചു: ‘യഹോവേ നിന്റെ വാക്കുകൾ എത്ര സത്യമാണ്‌. ബാല്യ​ക്കാർ ക്ഷീണിച്ചു തളർന്നു​പോ​കും, യൗവന​ക്കാ​രും ഇടറി​വീ​ഴും. എങ്കിലും നിന്നെ കാത്തി​രി​ക്കു​ന്നവർ ശക്തിയെ പുതു​ക്കും. അവർ കഴുക​ന്മാ​രെ​പ്പോ​ലെ ചിറക​ടി​ച്ചു കയറും; അവർ തളർന്നു​പോ​കാ​തെ ഓടു​ക​യും ക്ഷീണി​ച്ചു​പോ​കാ​തെ നടക്കു​ക​യും ചെയ്യും,’ അദ്ദേഹം തുടർന്നു, ‘എനിക്ക്‌ ആകാശ​ത്തി​ലെ കഴുക​ന്മാ​രെ​ക്കാൾ വേഗത്തിൽ സഞ്ചരി​ക്കാ​നുള്ള കഴിവു​ത​ന്ന​തിന്‌ യഹോവേ, നിനക്കു നന്ദി.’”

[204, 205 പേജു​ക​ളി​ലെ ചതുരം/ചിത്രം]

കാക്കിനിക്കറും ബ്രൗൺ ടെന്നീസ്‌ ഷൂസും

ഫിലെമോൻ കസിപോ

ജനനം: 1948

സ്‌നാപനം: 1966

സംക്ഷിപ്‌ത വിവരം: സാംബി​യ​യിൽ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നും ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ അധ്യാ​പ​ക​നും കോ-ഓർഡി​നേ​റ്റ​റും ആയി സേവി​ക്കു​ന്നു.

വല്ല്യപ്പ​ച്ച​നാണ്‌ ശുശ്രൂ​ഷ​യിൽ എന്നെ പരിശീ​ലി​പ്പി​ച്ചത്‌. പല തവണ അദ്ദേഹം എന്നെ സ്‌കൂ​ളി​ലെ എന്റെ കൂട്ടു​കാ​രു​ടെ അടുത്തു കൊണ്ടു​പോ​യിട്ട്‌ അവർക്കു സാക്ഷ്യം​നൽകാൻ ആവശ്യ​പ്പെ​ടു​മാ​യി​രു​ന്നു. വല്ല്യപ്പച്ചൻ ക്രമമാ​യി കുടും​ബാ​ധ്യ​യനം നടത്തി​യി​രു​ന്നു, അതിനി​ട​യിൽ ഉറക്കം​തൂ​ങ്ങാൻ ആരെയും സമ്മതി​ക്കില്ല. കുടും​ബാ​ധ്യ​യ​ന​ത്തി​നാ​യി ഞാൻ എല്ലായ്‌പോ​ഴും ആകാം​ക്ഷ​യോ​ടെ കാത്തി​രി​ക്കു​മാ​യി​രു​ന്നു.

ഞങ്ങളുടെ വീടി​ന​ടു​ത്തുള്ള നദിയി​ലാണ്‌ ഞാൻ സ്‌നാ​പ​ന​മേ​റ്റത്‌. ഒരു മാസം കഴിഞ്ഞ​പ്പോൾ ഞാൻ സഭയിലെ എന്റെ ആദ്യ വിദ്യാർഥി പ്രസംഗം നടത്തി. അന്ന്‌ ഞാൻ ധരിച്ചി​രു​ന്നത്‌ ഒരു പുതിയ കാക്കി​നി​ക്ക​റും ബ്രൗൺ നിറത്തി​ലുള്ള ടെന്നീസ്‌ ഷൂസു​മാ​യി​രു​ന്നു. അബദ്ധവ​ശാൽ ഷൂസിന്റെ ലേസ്‌ കെട്ടി​യത്‌ വല്ലാതെ മുറു​കി​പ്പോ​യി​രു​ന്നു. എനിക്ക്‌ വളരെ അസ്വസ്ഥത തോന്നി. സഭാദാ​സൻ ഇതു കണ്ടു. അദ്ദേഹം സ്റ്റേജി​ലേ​ക്കു​വന്ന്‌ എന്റെ ഷൂ ലേസ്‌ അയച്ചു​കെട്ടി, ഞാൻ നിശ്ശബ്ദ​നാ​യി നിന്നു. പ്രസംഗം നല്ല രീതി​യിൽ നടത്താൻ കഴിഞ്ഞു, എന്നോടു കാണിച്ച ആ ദയാ​പ്ര​വൃ​ത്തി​യിൽനിന്ന്‌ ഞാൻ ചിലതു പഠിച്ചു. യഹോവ എനിക്ക്‌ വളരെ​യേറെ പരിശീ​ലനം നൽകി​യി​ട്ടു​ണ്ടെന്ന്‌ ഞാൻ മനസ്സി​ലാ​ക്കു​ന്നു.

യെശയ്യാ​വു 60:22-ന്റെ നിവൃത്തി ഞാൻ സ്വന്തക​ണ്ണാ​ലെ കണ്ടു. സഭകൾ എണ്ണത്തിൽ പെരു​കു​മ്പോൾ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കാൻ സുസജ്ജ​രായ മൂപ്പന്മാ​രു​ടെ​യും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​ടെ​യും കൂടുതൽ ആവശ്യ​മുണ്ട്‌. ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ അതിന്‌ ഉതകുന്നു. ഈ യുവാ​ക്ക​ന്മാ​രെ പഠിപ്പി​ക്കു​ക​യെ​ന്നത്‌ തികച്ചും ആനന്ദദാ​യ​ക​മാണ്‌. യഹോവ നമ്മെ ഒരു ജോലി​യേൽപ്പി​ച്ചാൽ അതു ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി അവൻ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ​യും തന്നിരി​ക്കും എന്ന കാര്യം ഞാൻ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു.

[207-209 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

“ഓ, ഇതൊ​ന്നും ഒന്നുമല്ല”

ഡ്വേർഡ്‌ ഫിൻചും ലിൻഡ​യും

ജനനം: 1951

സ്‌നാപനം: യഥാ​ക്രമം 1969, 1966

സംക്ഷിപ്‌ത വിവരം: 69-ാമത്‌ ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നു ബിരുദം നേടി​യവർ. എഡ്വേർഡ്‌ സാംബി​യ​യി​ലെ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡി​നേ​റ്റ​റാ​യി സേവി​ക്കു​ന്നു.

ഒരു കൺ​വെൻ​ഷൻ സമയം. ഞങ്ങൾ രാജ്യ​ത്തി​ന്റെ വടക്കു​ഭാ​ഗ​ത്തു​കൂ​ടി വാഹന​മോ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. അവിടെ ഏതാനും റോഡു​കൾ മാത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌, അതാകട്ടെ ആളുകൾ വഴിന​ട​ന്നു​ണ്ടാ​യ​വ​യും. ഞങ്ങൾ വാഹന​മോ​ടി​ച്ചു​പോ​കവേ ഒരു ഗ്രാമ​ത്തിൽനി​ന്നു പല കിലോ​മീ​റ്റ​റു​കൾക്കി​പ്പു​റ​ത്തു​വെച്ച്‌ എതിരെ കുറെ​യാ​ളു​കൾ നടന്നു​വ​രു​ന്നതു കണ്ടു. വടികു​ത്തി കൂനി​ന​ട​ക്കുന്ന ഒരു വൃദ്ധനും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബൂട്ടുകൾ ഊരി കൂട്ടി​ക്കെട്ടി ഒരു കൊച്ചു ഭാണ്ഡത്തി​നൊ​പ്പം അദ്ദേഹം തന്റെ മുതു​കിൽ ഇട്ടിരു​ന്നു. അടുത്തു​വ​ന്ന​പ്പോൾ അദ്ദേഹ​വും കൂടെ​യു​ള്ള​വ​രും കൺ​വെൻ​ഷൻ ബാഡ്‌ജു​കൾ ധരിച്ചി​രി​ക്കു​ന്നത്‌ ഞങ്ങളുടെ കണ്ണിൽപ്പെട്ടു. അവർ എവി​ടെ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന​റി​യാൻ ഞങ്ങൾ വണ്ടി നിറുത്തി. പ്രായം​ചെന്ന സഹോ​ദരൻ അൽപ്പ​മൊ​ന്നു നിവർന്നു​നി​ന്നിട്ട്‌ പറഞ്ഞു: “ഇത്ര പെട്ടെന്ന്‌ മറന്നോ? നമ്മൾ ചാൻസ​യിൽ കൺ​വെൻ​ഷന്‌ ഒരുമി​ച്ചു​ണ്ടാ​യി​രു​ന്ന​ല്ലോ. ഇതാ ഞങ്ങളുടെ വീടെ​ത്താ​റാ​യി.”

“നിങ്ങൾ കൺ​വെൻ​ഷൻ സ്ഥലത്തു​നിന്ന്‌ എപ്പോൾ പുറ​പ്പെട്ടു?” ഞങ്ങൾ ചോദി​ച്ചു.

“ഞായറാഴ്‌ച പരിപാ​ടി തീർന്ന​പ്പോൾ.”

“പക്ഷേ ഇപ്പോൾ ബുധനാഴ്‌ച ഉച്ചകഴി​ഞ്ഞി​ല്ലേ. മൂന്നു ദിവസം നിങ്ങൾ നടന്നോ?”

“ഉവ്വ്‌. ഇന്നലെ രാത്രി​യി​ലാ​ണെ​ങ്കിൽ സിംഹങ്ങൾ ഗർജി​ക്കു​ന്നതു ഞങ്ങൾ കേട്ടു.”

“കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ക്കാൻ നിങ്ങൾ ചെയ്യുന്ന ത്യാഗ​ങ്ങൾക്കും നിങ്ങളു​ടെ സന്മനോ​ഭാ​വ​ത്തി​നും നിങ്ങളെ എത്ര അനു​മോ​ദി​ച്ചാ​ലും മതിയാ​കില്ല.”

ഭാണ്ഡവു​മെ​ടുത്ത്‌ നടക്കാൻ തുടങ്ങിയ പ്രായം​ചെന്ന സഹോ​ദരൻ പറഞ്ഞു “ഓ, ഇതൊ​ന്നും ഒന്നുമല്ല. നിങ്ങൾ ചെന്ന്‌ പുതിയ കൺ​വെൻ​ഷൻ സ്ഥലത്തിന്‌ ബ്രാഞ്ച്‌ ഓഫീ​സി​നോ​ടു നന്ദിപ​റയൂ, കഴിഞ്ഞ വർഷം ഞങ്ങൾക്ക്‌ അഞ്ചുദി​വസം നടക്കണ​മാ​യി​രു​ന്നു, ഇക്കൊല്ലം മൂന്നു​ദി​വസം നടന്നാൽ മതിയാ​യി​രു​ന്ന​ല്ലോ.”

1992-ൽ സാംബി​യ​യി​ലു​ണ്ടായ വരൾച്ച അധികം​പേ​രും ഓർക്കു​ന്നു. ഞങ്ങൾ സാംബസി നദിക്ക​ര​യിൽ ഒരു കൺ​വെൻ​ഷ​നി​ലാ​യി​രു​ന്നു, ആ നദിയി​ലെ പ്രസി​ദ്ധ​മായ വിക്ടോ​റിയ വെള്ളച്ചാ​ട്ട​ത്തിന്‌ ഏതാണ്ട്‌ 200 കിലോ​മീ​റ്റർ ഇപ്പുറത്തു മാറി​യാ​യി​രു​ന്നു കൺ​വെൻ​ഷൻ. വൈകു​ന്നേരം ഞങ്ങൾ കുടും​ബ​ങ്ങളെ സന്ദർശി​ച്ചു, മിക്കവ​രും അവരുടെ കൊച്ചു കൂടാ​ര​ങ്ങൾക്കു മുമ്പിൽ കൂട്ടിയ തീയ്‌ക്കു​ചു​റ്റും വട്ടംകൂ​ടി​യി​രി​ക്കു​ക​യാ​യി​രു​ന്നു. 20-ഓളം പേരട​ങ്ങുന്ന ഒരു കൂട്ടം രാജ്യ​ഗീ​തങ്ങൾ പാടി​ക്കൊ​ണ്ടി​രു​ന്നു. എട്ടുദി​വസം നടന്നാണ്‌ അവർ കൺ​വെൻ​ഷൻ സ്ഥലത്തെ​ത്തി​യ​തെന്ന്‌ ഞങ്ങളറി​ഞ്ഞു. എന്നാൽ തങ്ങൾ ഏതാണ്ട്‌ വലിയ​കാ​ര്യം ചെയ്‌തെന്ന യാതൊ​രു ഭാവവും ആ സഹോ​ദ​ര​ങ്ങൾക്കി​ല്ലാ​യി​രു​ന്നു. ഭക്ഷ്യവ​സ്‌തു​ക്കൾ, പാചക​ത്തി​നുള്ള പാത്രങ്ങൾ മറ്റ്‌ അത്യാ​വശ്യ സാധനങ്ങൾ എന്നിവ​യെ​ല്ലാം മൃഗങ്ങ​ളു​ടെ പുറത്ത്‌ വെച്ചു​കെട്ടി കൊച്ചു​കു​ട്ടി​ക​ളെ​യും അവയുടെ പുറത്തി​രു​ത്തി​യാണ്‌ അവർ പുറ​പ്പെ​ട്ടത്‌, എവി​ടെ​വെച്ച്‌ നേരമി​രു​ട്ടു​ന്നോ അവിടെ കിടന്നു​റ​ങ്ങും.

പിറ്റേന്ന്‌ ഒരു അറിയി​പ്പു​വന്നു; പലരും വരൾച്ച​യു​ടെ പിടി​യി​ലാ​ണെ​ന്നും ആവശ്യ​മു​ള്ള​വർക്ക്‌ സഹായം നൽകി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും. അന്നു വൈകു​ന്നേരം മൂന്നു സഹോ​ദ​ര​ന്മാർ ഞങ്ങളുടെ കുടി​ലി​ലെത്തി. അവർ ഷൂസി​ട്ടി​രു​ന്നില്ല, വസ്‌ത്ര​ങ്ങ​ളാ​ണെ​ങ്കിൽ പഴകി​യ​തും. വരൾച്ച തങ്ങളെ ബാധി​ച്ചത്‌ എങ്ങനെ​യെന്ന്‌ അവർ ഞങ്ങളോ​ടു പറയാൻ പോകു​ക​യാ​ണെന്നു ഞങ്ങൾ വിചാ​രി​ച്ചു. എന്നാൽ സംഭവി​ച്ചത്‌ മറ്റൊ​ന്നാണ്‌. വരൾച്ചാ ബാധി​ത​രായ ചില സഹോ​ദ​ര​ങ്ങ​ളു​ടെ ദുരവ​സ്ഥ​യിൽ തങ്ങൾക്കു വളരെ ദുഃഖം തോന്നി​യെന്ന്‌ ആ സഹോ​ദ​ര​ന്മാർ പറഞ്ഞു. അവരി​ലൊ​രാൾ തന്റെ പോക്ക​റ്റിൽനിന്ന്‌ ഒരു കവർ പുറ​ത്തെ​ടു​ത്തു, അതിൽ നിറയെ പണമാ​യി​രു​ന്നു. “ആ സഹോ​ദ​രങ്ങൾ പട്ടിണി​കി​ട​ക്ക​രുത്‌. ഇതാ, ഇതു​കൊ​ടുത്ത്‌ അവർക്കു ഭക്ഷണം വാങ്ങി​ക്കോ​ളൂ,” അവർ പറഞ്ഞു. വികാ​ര​ങ്ങ​ളു​ടെ തിക്കു​മു​ട്ട​ലിൽ ഒരു നന്ദിവാ​ക്കു​പോ​ലും പറയാൻ ഞങ്ങൾക്കാ​യില്ല. ഞങ്ങൾ സ്ഥലകാ​ല​ബോ​ധം വീണ്ടെ​ടു​ത്ത​പ്പോ​ഴേ​ക്കും അവർ പോയി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഇത്രയും തുക സംഭാവന ചെയ്യണം എന്ന്‌ മനസ്സിൽക്ക​രു​തി​യല്ല അവർ കൺ​വെൻ​ഷനു വന്നത്‌. അതു​കൊണ്ട്‌ ആ സംഭാവന അവരുടെ ഭാഗത്തെ വലിയ ത്യാഗ​മാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളോ​ടുള്ള ഞങ്ങളുടെ അടുപ്പം ഊട്ടി​യു​റ​പ്പി​ക്കു​ന്ന​വ​യാണ്‌ ഇത്തരം അനുഭ​വങ്ങൾ.

[ചിത്രങ്ങൾ]

കഷ്ടങ്ങളുണ്ടെങ്കിലും, അനേക​രും സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും പങ്കെടു​ക്കാൻ വളരെ​യേറെ ദൂരം യാത്ര​ചെ​യ്യു​ന്നു

മുകളിൽ: കൺ​വെൻ​ഷൻ സ്ഥലത്ത്‌ അത്താഴ​മൊ​രു​ക്കു​ന്നു

ഇടത്ത്‌: വെളി​യിൽ അടുപ്പു​കൂ​ട്ടി റൊട്ടി​യു​ണ്ടാ​ക്കു​ന്നു

[211-213 പേജു​ക​ളി​ലെ ചതുരം/ചിത്രം]

കൂടിവരാൻ ദൃഢചി​ത്തർ

ആരൻ മപ്പുലൻഗാ

ജനനം: 1938

സ്‌നാപനം: 1955

സംക്ഷിപ്‌ത വിവരം: ബെഥേൽ കുടും​ബാം​ഗം, പരിഭാ​ഷകൻ, ബ്രാഞ്ച്‌ കമ്മിറ്റി​യം​ഗം എന്നീ സേവന​പ​ദ​വി​ക​ളിൽ സേവി​ച്ചി​ട്ടുണ്ട്‌. ഇപ്പോൾ ഒരു കുടും​ബ​നാ​ഥ​നായ അദ്ദേഹം ഒരു സഭാമൂ​പ്പ​നാ​യി സേവി​ക്കു​ന്നു.

വർഷം 1974, കസാമ​യ്‌ക്ക്‌ പത്തുകി​ലോ​മീ​റ്റർ കിഴക്കാ​യി​രു​ന്നു ഞങ്ങളുടെ കൺ​വെൻ​ഷൻ സ്ഥലം. കൺ​വെൻ​ഷന്‌ പ്രാ​ദേ​ശിക മുഖ്യന്റെ അനുമ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഞങ്ങൾ പിരി​ഞ്ഞു​പോ​ക​ണ​മെന്ന്‌ പോലീസ്‌ ശഠിച്ചു. പെട്ടെന്ന്‌ ഒരു കമാൻഡിങ്‌ ഓഫീസർ സ്ഥലത്തെത്തി. ആജാനു​ബാ​ഹു​വായ അദ്ദേഹ​ത്തോ​ടൊ​പ്പം ഏകദേശം നൂറ്‌ അർധ​സൈ​നിക ഉദ്യോ​ഗ​സ്ഥ​രും ഉണ്ടായി​രു​ന്നു, അവർ ഞങ്ങളുടെ ക്യാമ്പ്‌ വളഞ്ഞു. പുല്ലു​കൊ​ണ്ടു കെട്ടി​പ്പൊ​ക്കിയ ഒരു ഓഫീസ്‌ മുറി​യിൽ ഒരു ചൂടേ​റിയ ചർച്ച നടക്കവേ ഞങ്ങൾ കൺ​വെൻ​ഷൻ പരിപാ​ടി​കൾ തുടർന്നു. കൺ​വെൻ​ഷന്‌ അനുമതി നൽകു​ന്ന​തി​നെ​ക്കു​റി​ച്ചും അവിടെ ദേശീ​യ​ഗാ​നം വേണമോ എന്നതി​നെ​ക്കു​റി​ച്ചും ആയിരു​ന്നു ചർച്ച.

എന്റെ പ്രസം​ഗ​ത്തി​നുള്ള സമയമാ​യ​പ്പോൾ കമാൻഡിങ്‌ ഓഫീ​സ​റും എന്റെ പിന്നാലെ സ്റ്റേജി​ലേക്കു കയറി, മുഖ്യ​വി​ഷയ പ്രസംഗം നടത്തു​ന്ന​തിൽനിന്ന്‌ എന്നെ തടയു​ക​യാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം. അടുത്ത​താ​യി എന്തു സംഭവി​ക്കു​മെന്ന്‌ സദസ്യർ ആശങ്ക​പ്പെട്ടു. ഏകദേശം 12,000 വരുന്ന സദസ്സിനെ അൽപ്പ​നേരം തുറി​ച്ചു​നോ​ക്കി​നി​ന്നിട്ട്‌ ഒരു കൊടു​ങ്കാ​റ്റു​പോ​ലെ അദ്ദേഹം അവി​ടെ​നി​ന്നി​റ​ങ്ങി​പ്പോ​യി. ഞാൻ പ്രസംഗം കഴിഞ്ഞു​ചെ​ല്ലു​മ്പോൾ എന്നെക്കാത്ത്‌ സ്റ്റേജിനു പിറകിൽ വളരെ അസ്വസ്ഥ​നാ​യി അദ്ദേഹം നിൽക്കു​ന്നത്‌ ഞാൻ കണ്ടു. കൂട്ടത്തെ പിരി​ച്ചു​വി​ടാൻ അദ്ദേഹം തന്റെ ആളുക​ളോട്‌ ആജ്ഞാപി​ച്ചെ​ങ്കി​ലും മുതിർന്ന ഉദ്യോ​ഗ​സ്ഥ​ന്മാർക്കി​ട​യിൽ ഒരു തർക്കം ഉടലെ​ടു​ത്ത​തി​നെ​ത്തു​ടർന്ന്‌ അവരെ​ല്ലാം വണ്ടി​യെ​ടു​ത്തു സ്ഥലംവി​ട്ടു. അൽപ്പ​നേ​ര​ത്തി​നു​ള്ളിൽ അവർ തിരി​ച്ചെത്തി, കൈയിൽ ഒരു വലിയ പുസ്‌ത​ക​വും ഉണ്ടായി​രു​ന്നു. കമാൻഡിങ്‌ ഓഫീസർ അത്‌ എന്റെ മുമ്പി​ലുള്ള മേശപ്പു​റ​ത്തു​വെ​ച്ചിട്ട്‌ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഭാഗം വായി​ക്കാൻ എന്നോട്‌ ആവശ്യ​പ്പെട്ടു. ഞാൻ ആ ഖണ്ഡിക മൗനമാ​യി വായിച്ചു.

“ഈ പറയു​ന്നത്‌ ശരിയാ​ണ​ല്ലോ,” ഞാൻ പറഞ്ഞു. “‘സമാധാ​ന​ത്തി​നു ഭീഷണി ഉയർത്തുന്ന ഏതൊരു കൂട്ട​ത്തെ​യും പിരി​ച്ചു​വി​ടാൻ ഓഫീ​സറെ അധികാ​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു’ എന്നാണ്‌ ഇതിൽപ്പ​റ​യു​ന്നത്‌.” എന്നിട്ട്‌ അദ്ദേഹ​ത്തി​ന്റെ ബെൽറ്റി​ലേ​ക്കും റിവോൾവ​റു​ക​ളി​ലേ​ക്കും നോക്കി ഞാൻ തുടർന്നു: “ഇവിടെ ഇപ്പോൾ ഞങ്ങൾക്കുള്ള ഒരേ​യൊ​രു ഭീഷണി, ആയുധ​ധാ​രി​ക​ളായ താങ്കളു​ടെ​യും താങ്കളു​ടെ ആളുക​ളു​ടെ​യും സാന്നി​ധ്യ​മാണ്‌. ഞങ്ങളുടെ കൈയി​ലാ​ണെ​ങ്കിൽ ബൈബി​ളേ​യു​ള്ളൂ.”

അദ്ദേഹം പൊടു​ന്നനെ ഒരു രഹസ്യാ​ന്വേ​ഷണ ഉദ്യോ​ഗ​സ്ഥന്റെ നേർക്കു തിരിഞ്ഞ്‌ പറഞ്ഞു: “ഞാൻ തന്നോടു പറഞ്ഞതല്ലേ? വാ പോകാം!” അവർ പോയ​പ്പോൾ എന്നെയും കൊണ്ടു​പോ​യി, പോലീസ്‌ സ്റ്റേഷനി​ലേക്ക്‌.

ഓഫീ​സിൽ ചെന്നു​ക​ഴിഞ്ഞ്‌ അദ്ദേഹം ടെലി​ഫോ​ണിൽ മറ്റേതോ ഓഫീ​സ​റോട്‌ സംസാ​രി​ക്കാൻ തുടങ്ങി. ആ സമയം​വരെ ഞങ്ങൾ തമ്മിൽ ഇംഗ്ലീ​ഷി​ലാ​യി​രു​ന്നു സംസാരം. ഇപ്പോൾ അദ്ദേഹം മറ്റേയാ​ളോട്‌ സിലോ​സി ഭാഷയിൽ സംസാ​രി​ക്കാൻ തുടങ്ങി. ആ ഭാഷ എനിക്കും വശമാ​ണെന്ന്‌ അദ്ദേഹ​മു​ണ്ടോ അറിയു​ന്നു! അവർ എന്നെക്കു​റി​ച്ചാ​ണു സംസാ​രി​ച്ചത്‌. ഞാനാ​ണെ​ങ്കിൽ എനി​ക്കൊ​ന്നും മനസ്സി​ലാ​കു​ന്നി​ല്ലേ എന്നമട്ടിൽ അവിടെ മിണ്ടാതെ ഇരുന്നു. റിസീവർ താഴെ​വെ​ച്ചിട്ട്‌ എന്റെ നേർക്കു തിരിഞ്ഞ്‌ അദ്ദേഹം ഇംഗ്ലീ​ഷിൽ പറഞ്ഞു: “ഇനി, പറയു​ന്നതു കേൾക്ക്‌!”

ഞാൻ സിലോ​സി ഭാഷയിൽ പ്രതി​വ​ചി​ച്ചു, “എനി ഷാ ന റ്റേലെസ!” “ഉവ്വ്‌ സർ, ഞാൻ കേൾക്കു​ന്നുണ്ട്‌!” എന്നർഥം. അദ്ദേഹ​ത്തി​ന്റെ ഭാവ​മെ​ന്താ​യി​രു​ന്നെന്ന്‌ പറയേ​ണ്ട​തി​ല്ല​ല്ലോ? ഒന്നും മിണ്ടാതെ അദ്ദേഹം എന്നെ കുറെ​നേരം നോക്കി​യി​രു​ന്നു. എന്നിട്ട്‌ എഴു​ന്നേ​റ്റു​പോ​യി ഓഫീ​സി​ന്റെ മൂലയ്‌ക്കി​രി​ക്കുന്ന ഒരു വലിയ ഫ്രിഡ്‌ജു​തു​റന്ന്‌ ഒരു തണുത്ത പാനീയം എനിക്കു​വേണ്ടി കൊണ്ടു​വന്നു. സാഹച​ര്യ​ത്തിന്‌ ആകെക്കൂ​ടെ ഒരു അയവു​വന്നു.

ആ പ്രദേ​ശത്തെ മാന്യ​നായ ഒരു ബിസി​ന​സ്സു​കാ​ര​നാ​യി​രുന്ന ഒരു സഹോ​ദ​ര​നും കുറെ കഴിഞ്ഞ​പ്പോൾ അവിടെ എത്തി. ഞങ്ങൾ ചില പ്രാ​യോ​ഗിക നിർദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ച്ച​പ്പോൾ ഓഫീ​സ​റു​ടെ ഭയം തെല്ലൊ​ന്നു കുറഞ്ഞു, സാഹച​ര്യ​ത്തിന്‌ അയവു​വന്നു. യഹോ​വ​യു​ടെ സഹായ​ത്താൽ കൺ​വെൻ​ഷൻ ക്രമീ​ക​ര​ണ​ങ്ങ​ളെ​ല്ലാം കൂടുതൽ എളുപ്പ​മാ​യി.

[221-ാം പേജിലെ ചതുരം/ചിത്രം]

ചുള്ളിക്കമ്പുപോലെ മെലി​ഞ്ഞു​ണ​ങ്ങി

മിഖായേൽ മുകനു

ജനനം: 1928

സ്‌നാപനം: 1954

സംക്ഷിപ്‌ത വിവരം: സഞ്ചാര മേൽവി​ചാ​ര​ക​നാ​യി​രുന്ന അദ്ദേഹം ഇപ്പോൾ സാംബിയ ബെഥേ​ലിൽ സേവി​ക്കു​ന്നു.

എന്റെ സർക്കി​ട്ട്‌മേഖല കിഴു​ക്കാം​തൂ​ക്കായ ഒരു കുന്നിൻചെ​രി​വി​നു പിന്നിലെ താഴ്‌വ​ര​പ്ര​ദേ​ശം​വരെ നീണ്ടു​കി​ടന്നു. സെറ്റ്‌സി ഈച്ചക​ളു​ടെ ശല്യം പലപ്പോ​ഴും എനിക്കു സഹി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. അടുത്ത സഭയി​ലേക്കു പോ​കേ​ണ്ട​തു​ള്ള​പ്പോൾ പ്രാണി​ശ​ല്യ​വും പകലത്തെ കടുത്ത ചൂടും ഒഴിവാ​ക്കാൻ ഞാൻ വെളു​പ്പിന്‌ ഒരു മണിക്കേ എഴു​ന്നേറ്റ്‌ കുന്നും മലയും കയറി​ത്തു​ട​ങ്ങും. ദീർഘ​ദൂ​രം നടക്കാ​നു​ള്ള​തു​കൊണ്ട്‌ വളരെ കുറച്ചു സാധന​ങ്ങളേ കൂടെ​ക്ക​രു​തി​യി​രു​ന്നു​ള്ളൂ. കഴിക്കാൻ പേരി​നു​മാ​ത്രം ഭക്ഷണം, അതു​കൊണ്ട്‌ ഞാൻ ചുള്ളി​ക്ക​മ്പു​പോ​ലെ മെലി​ഞ്ഞു​ണ​ങ്ങി​യാ​ണി​രു​ന്നത്‌. എനിക്കു നിയമനം മാറ്റി​ത്ത​രാ​മോ എന്ന്‌ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ബ്രാഞ്ചിന്‌ എഴുതുന്ന കാര്യം സർക്കി​ട്ടി​ലെ സഹോ​ദ​രങ്ങൾ ചിന്തിച്ചു, കാരണം ഇങ്ങനെ​പോ​യാൽ ഞാൻ മരിച്ചു​പോ​കു​മെ​ന്നാണ്‌ അവർ കരുതി​യത്‌. അവർ എന്നോട്‌ ഇക്കാര്യം പറഞ്ഞ​പ്പോൾ ഞാൻ പറഞ്ഞു: “അതു വളരെ നല്ല ഒരു നിർദേ​ശ​മാണ്‌. എന്നാൽ നിങ്ങൾ ഒന്നോർക്കണം: എന്റെ നിയമനം യഹോ​വ​യിൽനി​ന്നാണ്‌ കിട്ടി​യത്‌, അതു മാറ്റി​ത്ത​രാ​നും അവനറി​യാം. ഇനി ഞാൻ മരിക്കുന്ന കാര്യം, എന്താ ഇതിനു മുമ്പ്‌ വേറെ​യാ​രും ഇവിടെ മരിച്ചി​ട്ടി​ല്ലേ? ഈ നിയമ​ന​ത്തിൽ തുടരാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. ഞാൻ മരിക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ബ്രാഞ്ച്‌ ഓഫീ​സി​നെ ഒന്ന്‌ അറിയി​ച്ചേ​ക്കുക.”

മൂന്ന്‌ ആഴ്‌ച കഴിഞ്ഞ​പ്പോ​ഴി​താ എനിക്കു നിയമ​ന​മാ​റ്റം വന്നു. യഹോ​വയെ സേവി​ക്കു​ക​യെ​ന്നത്‌ ചില​പ്പോൾ ഒരു വെല്ലു​വി​ളി​യാ​യി​രി​ക്കാം. പക്ഷേ നമ്മൾ അതിൽ തുടരണം. യഹോവ സന്തുഷ്ട​നായ ദൈവ​മാണ്‌. തന്റെ ദാസന്മാർ സന്തുഷ്ട​ര​ല്ലെ​ങ്കിൽ, തന്നെ സന്തോ​ഷ​ത്തോ​ടെ തുടർന്നും സേവി​ക്കാൻ അവർക്കു കഴിയ​ത്ത​ക്ക​വണ്ണം എന്തെങ്കി​ലും ചെയ്യാൻ അവനു കഴിയും.

[223, 224 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ഞങ്ങൾ അന്ധവി​ശ്വാ​സ​ങ്ങൾക്കു കൂട്ടു​നിൽക്കി​ല്ല

ഹാർക്കിൻസ്‌ മുകി​ങ്‌ഗ

ജനനം: 1954

സ്‌നാപനം: 1970

സംക്ഷിപ്‌ത വിവരം: ഭാര്യ​യോ​ടൊ​പ്പം മുമ്പ്‌ സഞ്ചാര വേലയി​ലാ​യി​രു​ന്നു, ഇപ്പോൾ സാംബിയ ബെഥേ​ലിൽ സേവി​ക്കു​ന്നു.

സഞ്ചാര​വേ​ല​യിൽ ആയിരു​ന്ന​പ്പോൾ ഞാനും ഭാര്യ ഐഡാ​യും രണ്ടുവ​യ​സ്സുള്ള ഞങ്ങളുടെ ഏകമക​നെ​യും കൂടെ കൊണ്ടു​പോ​യി. ഒരു സഭയിൽ എത്തി​ച്ചേർന്ന​പ്പോൾ അവിടത്തെ സഹോ​ദ​രങ്ങൾ ഞങ്ങളെ ഹാർദ​മാ​യി സ്വാഗതം ചെയ്‌തു. എന്നാൽ വ്യാഴാഴ്‌ച രാവിലെ ഞങ്ങളുടെ മകൻ നിറു​ത്താ​തെ കരയാൻ തുടങ്ങി. 8 മണിയാ​യ​പ്പോൾ ഞാൻ അവനെ ഐഡാ​യു​ടെ അടുത്താ​ക്കി​യിട്ട്‌ വയൽസേവന യോഗ​ത്തി​നു പോയി. ഒരു മണിക്കൂർ കഴിഞ്ഞ്‌ ഞാൻ ഒരു ബൈബി​ള​ധ്യ​യനം നടത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോൾ വാർത്ത​വന്നു, ഞങ്ങളുടെ മകൻ മരിച്ചു​പോ​യെന്ന്‌. എന്നാൽ അവനിട്ട്‌ ആരോ കൂടോ​ത്രം ചെയ്‌ത​തു​കൊ​ണ്ടാണ്‌ അവൻ മരിച്ചു​പോ​യ​തെന്ന്‌ കുറെ സഹോ​ദ​രങ്ങൾ പറഞ്ഞത്‌ ഞങ്ങളെ ഒന്നുകൂ​ടെ വിഷമി​പ്പി​ച്ചു. അവിട​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി​രി​ക്കുന്ന ഒരു ഭയമാ​യി​രു​ന്നു ഇത്‌. ഞങ്ങൾ അതിന്റെ തെറ്റു​പ​റ​ഞ്ഞു​കൊ​ടു​ത്തു​കൊണ്ട്‌ അവരു​മാ​യി ന്യായ​വാ​ദം ചെയ്യാൻ ശ്രമിച്ചു, പക്ഷേ ഈ വാർത്ത അവി​ടെ​യെ​ങ്ങും കാട്ടു​തീ​പോ​ലെ പടർന്നു. സാത്താനു ശക്തിയുണ്ട്‌ ശരിതന്നെ, പക്ഷേ യഹോ​വ​യെ​യും അവന്റെ വിശ്വസ്‌ത ദാസന്മാ​രെ​യും കവച്ചു​വെ​ക്കാൻ അവനു കഴിയി​ല്ലെന്ന്‌ ഞാൻ വിശദീ​ക​രി​ച്ചു. “കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും” നമ്മെ​യെ​ല്ലാം ബാധി​ക്കാ​വു​ന്ന​താ​ണെ​ന്നും എന്നാൽ ഭയത്തിന്റെ അടിസ്ഥാ​ന​ത്തിൽ തിടു​ക്ക​ത്തിൽ ഇങ്ങനെ​യുള്ള നിഗമ​ന​ങ്ങ​ളിൽ എത്തി​ച്ചേ​ര​രു​തെ​ന്നും ഞാൻ പറഞ്ഞു​കൊ​ടു​ത്തു.—സഭാ​പ്ര​സം​ഗി 9:11, NW.

പിറ്റേന്ന്‌ ഞങ്ങളുടെ മകന്റെ ശവസം​സ്‌കാ​രം നടത്താൻ തീരു​മാ​നി​ച്ചു. ശവസം​സ്‌കാ​ര​ത്തി​നു​ശേഷം ഞങ്ങൾ യോഗങ്ങൾ നടത്തി. സഹോ​ദ​രങ്ങൾ ഇതിൽനിന്ന്‌ ചില പാഠങ്ങൾ ഉൾക്കൊ​ണ്ടു: ഞങ്ങൾ ദുഷ്ടാ​ത്മാ​ക്കളെ പേടി​ക്കു​ക​യോ അന്ധവി​ശ്വാ​സ​ങ്ങൾക്കു കൂട്ടു​നിൽക്കു​ക​യോ ചെയ്യു​ന്നി​ല്ലെന്ന കാര്യം. കുഞ്ഞു മരിച്ച​തി​ന്റെ കടുത്ത വേദന​യി​ലും ഞങ്ങൾ ആ പ്രത്യേക വാരത്തി​ലെ ബാക്കി പ്രവർത്ത​ന​ങ്ങ​ളിൽ പങ്കുപ​റ്റി​യ​ശേഷം അടുത്ത സഭയി​ലേക്കു പോയി. വാസ്‌ത​വ​ത്തിൽ ഞങ്ങൾക്കാണ്‌ ആശ്വാസം ആവശ്യ​മാ​യി​രു​ന്നത്‌. എന്നാൽ, മരണമി​ല്ലാത്ത ഒരു സമീപ​ഭാ​വി​യെ​ക്കു​റി​ച്ചു പറഞ്ഞു​കൊണ്ട്‌ ഞങ്ങൾ സഭകളി​ലെ സഹോ​ദ​ര​ങ്ങളെ ആശ്വസി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു.

[228, 229 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ഞങ്ങൾ ധൈര്യം സംഭരി​ച്ചു

ലെനർഡ്‌ മുസോണ്ട

ജനനം: 1955

സ്‌നാപനം: 1974

സംക്ഷിപ്‌ത വിവരം: 1976 മുതൽ മുഴു​സമയ സേവന​ത്തിൽ. ആറു വർഷം സഞ്ചാര​വേ​ല​യി​ലാ​യി​രു​ന്നു. ഇപ്പോൾ സാംബിയ ബെഥേ​ലിൽ സേവി​ക്കു​ന്നു.

1985-നോട​ടുത്ത്‌ രാജ്യ​ത്തി​ന്റെ വടക്കേ​യ​റ്റത്ത്‌ സഭകൾ സന്ദർശി​ക്കാൻ പോയത്‌ ഞാനോർക്കു​ന്നു. മുൻകാ​ല​ങ്ങ​ളിൽ അവിടെ രാഷ്‌ട്രീയ രംഗത്തു​നി​ന്നുള്ള ശക്തമായ എതിർപ്പു​ണ്ടാ​യി​രു​ന്നു. ഞാൻ സർക്കിട്ട്‌ വേലയിൽ നിയമി​ത​നാ​യതേ ഉണ്ടായി​രു​ന്നു​ള്ളൂ. വിശ്വാ​സ​വും ധൈര്യ​വും പ്രകട​മാ​ക്കാ​നുള്ള ഒരു സന്ദർഭം എനിക്കു​മു​മ്പിൽ വീണു​കി​ട്ടി. ഒരു ദിവസം വയൽസേവന യോഗം കഴിഞ്ഞ​പ്പോൾ അടുത്തുള്ള ഒരു ഗ്രാമം സന്ദർശി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. എന്നാൽ, സാക്ഷികൾ അവിടെ ചെന്ന്‌ പ്രസം​ഗി​ച്ചാൽ ഗ്രാമം മുഴു​വ​നും അവരെ തല്ലിച്ച​ത​യ്‌ക്കാൻ തയ്യാറാ​യി​രി​ക്കു​ക​യാ​ണെന്ന്‌ താൻ കേട്ടതാ​യി ഒരു സഹോ​ദരൻ പറഞ്ഞു. 1960-കളുടെ ഒടുവി​ലും 1970-കളുടെ പ്രാരം​ഭ​ത്തി​ലും കൂട്ട ആക്രമണം ഉണ്ടായി​രു​ന്നെ​ങ്കി​ലും ഒരു ഗ്രാമം മുഴു​വ​നും ഇപ്പോൾ ഞങ്ങൾക്കെ​തി​രെ തിരി​യു​മെ​ന്നത്‌ എനിക്കങ്ങു വിശ്വ​സി​ക്കാ​നാ​യില്ല.

എന്നിരു​ന്നാ​ലും, ഇതു​കേ​ട്ട​പ്പോൾ ചില പ്രസാ​ധ​കർക്കു പേടി​യാ​യി, അവർ ഉൾവലി​ഞ്ഞു. ഞങ്ങൾ കുറെ​യേ​റെ​പ്പേർ ധൈര്യം സംഭരിച്ച്‌ ഗ്രാമ​ത്തി​ലേക്കു നടന്നു. ഞങ്ങളെ അതിശ​യി​പ്പി​ക്കുന്ന ഒന്നാണ്‌ അവിടെ സംഭവി​ച്ചത്‌. കണ്ടുമു​ട്ടി​യ​വ​രു​മാ​യി സൗഹൃ​ദ​പ​ര​മാ​യി ചർച്ചകൾ നടത്താ​നും നിരവധി മാസി​കകൾ സമർപ്പി​ക്കാ​നും കഴിഞ്ഞു. എന്നാൽ ഞങ്ങൾ ഗ്രാമ​ത്തി​ലേക്കു കടക്കു​ന്നതു കണ്ടപാടെ ചിലർ അവിടം വിട്ടോ​ടി​പ്പോ​യി. അടുപ്പത്തു വെച്ചി​രി​ക്കുന്ന കലങ്ങ​ളൊ​ക്കെ അതുപടി വിട്ട്‌, വീടിന്റെ വാതി​ലു​കൾപോ​ലും മലർക്കെ തുറന്നി​ട്ടി​ട്ടാണ്‌ അവർ സ്ഥലം വിട്ടത്‌. ഞങ്ങൾ ചെന്ന​പ്പോൾ കലങ്ങൾ അടുപ്പ​ത്തി​രു​ന്നു തിളച്ചു​തൂ​വു​ന്ന​താ​ണു കണ്ടത്‌. അങ്ങനെ ഞങ്ങൾ ഒരു ഏറ്റുമു​ട്ട​ലി​നു വിധേ​യ​രാ​കു​ന്ന​തി​നു പകരം ആളുകൾ ഞങ്ങളെ​ക്കണ്ടു പിൻവ​ലി​യു​ന്ന​താണ്‌ ഞങ്ങൾ കണ്ടത്‌.

[232, 233 പേജു​ക​ളി​ലെ ചതുരം/ചിത്രം]

ഞാൻ ജീവനും​കൊണ്ട്‌ ഓടി

ഡാർലിങ്‌ടൺ സെഫുക്ക

ജനനം: 1945

സ്‌നാപനം: 1963

സംക്ഷിപ്‌ത വിവരം: ഒരു പ്രത്യേക പയനി​യ​റും സഞ്ചാര മേൽവി​ചാ​ര​ക​നും ആയിരുന്ന അദ്ദേഹം സാംബിയ ബെഥേ​ലി​ലും സേവി​ച്ചി​ട്ടുണ്ട്‌.

1963 പ്രക്ഷു​ബ്ധ​മായ ഒരു സമയമാ​യി​രു​ന്നു. ഞങ്ങൾ വയൽ ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും രാഷ്‌ട്രീയ പ്രേരി​ത​രായ ചെറു​പ്പ​ക്കാ​രു​ടെ കൂട്ടങ്ങൾ ഞങ്ങളുടെ മുമ്പിൽ നടന്ന്‌ ആ പ്രദേ​ശ​ത്തു​ള്ള​വർക്ക്‌ ഞങ്ങൾ പറയു​ന്നത്‌ കേൾക്ക​രു​തെന്ന്‌ മുന്നറി​യി​പ്പു​നൽകും. കേൾക്കു​ക​യെ​ങ്ങാ​നും ചെയ്‌താൽ അവരുടെ ജനലു​ക​ളും വാതി​ലു​ക​ളും തല്ലി​പ്പൊ​ളി​ക്കു​മെന്ന്‌ ഭീഷണി​യും മുഴക്കും.

ഒരു വൈകു​ന്നേരം 15 പേരട​ങ്ങുന്ന ഒരുകൂ​ട്ടം ചെറു​പ്പ​ക്കാർ എന്നെ തല്ലിച്ച​തച്ചു, എന്റെ സ്‌നാ​പനം കഴിഞ്ഞിട്ട്‌ രണ്ടുദി​വസം ആയതേ ഉണ്ടായി​രു​ന്നു​ള്ളൂ. വായിൽനി​ന്നും മൂക്കിൽനി​ന്നും രക്തം ഒഴുകി. വേറൊ​രു വൈകു​ന്നേരം ഏകദേശം 40 പേർ അടങ്ങുന്ന ഒരുകൂ​ട്ടം എന്റെ താമസ​സ്ഥ​ലം​വരെ പുറകെ വന്നിട്ട്‌ എന്നെയും മറ്റൊരു സഹോ​ദ​ര​നെ​യും കൈ​യേറ്റം ചെയ്‌തു. കർത്താ​വായ യേശു​വി​ന്റെ അനുഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ ഓർത്തത്‌ എന്നെ ബലപ്പെ​ടു​ത്തി. ഒരു ക്രിസ്‌ത്യാ​നി​യു​ടെ ജീവിതം പ്രശ്‌ന​ര​ഹി​ത​മാ​യി​രി​ക്കില്ല എന്ന്‌ എന്റെ സ്‌നാപന പ്രസംഗം നടത്തിയ ജോൺ ജേസൺ സഹോ​ദരൻ വ്യക്തമാ​ക്കി​യി​രു​ന്നു. ഈ സംഗതി​ക​ളൊ​ക്കെ സംഭവി​ച്ച​പ്പോൾ ഞാൻ ഒട്ടും അതിശ​യി​ച്ചു​പോ​യില്ല, മറിച്ച്‌ പ്രോ​ത്സാ​ഹ​ന​മാ​ണു തോന്നി​യത്‌.

ആ കാലഘ​ട്ട​ത്തിൽ രാഷ്‌ട്രീയ നേതാ​ക്ക​ന്മാർക്ക്‌ തങ്ങളുടെ സ്വാത​ന്ത്ര്യ​പോ​രാ​ട്ട​ത്തിൽ പിന്തുണ ആവശ്യ​മാ​യി​രു​ന്നു. ഞങ്ങളുടെ നിഷ്‌പ​ക്ഷ​നി​ല​പാ​ടു കണ്ടപ്പോൾ ഞങ്ങൾ യൂറോ​പ്യ​ന്മാ​രെ​യും അമേരി​ക്ക​ക്കാ​രെ​യും പിന്തു​ണ​യ്‌ക്കു​ക​യാ​ണെന്ന്‌ അവർക്കു തോന്നി. രാഷ്‌ട്രീയ കക്ഷികൾക്ക്‌ ഒത്താശ ചെയ്‌ത മതമേ​ലാ​ള​ന്മാർ ഞങ്ങളെ​ക്കു​റി​ച്ചുള്ള അപവാ​ദ​ങ്ങൾക്കെ​ല്ലാം എരിവു​പ​കർന്നു. സ്വാത​ന്ത്ര്യ​ത്തി​നു മുമ്പ്‌ കാര്യങ്ങൾ ദുഷ്‌ക​ര​മാ​യി​രു​ന്നു, സ്വാത​ന്ത്ര്യാ​ന​ന്ത​ര​വും അവ വെല്ലു​വി​ളി​നി​റ​ഞ്ഞ​താ​യി തുടർന്നു. പാർട്ടി കാർഡി​ല്ലാ​ത്ത​തി​നാൽ നിരവധി സഹോ​ദ​ര​ങ്ങ​ളു​ടെ ബിസി​നസ്‌ നഷ്ടപ്പെട്ടു. ആളുകൾ രാഷ്‌ട്രീയ കാര്യ​ങ്ങൾക്കു​വേണ്ടി പിരി​വു​കൾ ചോദി​ച്ചു​വ​രു​ന്നത്‌ ഒഴിവാ​ക്കാ​നാ​യി ചില സഹോ​ദ​രങ്ങൾ നഗര​പ്ര​ദേ​ശ​ങ്ങ​ളിൽനിന്ന്‌ സ്വഗ്രാ​മ​ങ്ങ​ളിൽ മടങ്ങി​യെത്തി. അവിടെ അവർ കുറഞ്ഞ വരുമാ​ന​മുള്ള ഏതെങ്കി​ലും ഉപജീ​വ​ന​മാർഗം കണ്ടെത്തി.

കൗമാ​ര​പ്രാ​യ​ത്തിൽ എന്നെ സംരക്ഷി​ച്ചി​രു​ന്നത്‌ അമ്മയുടെ ജ്യേഷ്‌ഠ​ത്തി​യു​ടെ മകനാ​യി​രു​ന്നു. അദ്ദേഹം സാക്ഷി​യാ​യി​രു​ന്നില്ല. എന്റെ നിഷ്‌പ​ക്ഷ​നി​ല​പാ​ടി​ന്റെ പേരിൽ അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും ഭീഷണി​നേ​രി​ട്ടു. അവർക്കു ഭയമായി. ഒരു ദിവസം അദ്ദേഹം ജോലി​ക്കു പോകാ​നി​റ​ങ്ങി​യ​പ്പോൾ എന്നോടു പറഞ്ഞു: “ഞാൻ വൈകു​ന്നേരം തിരി​ച്ചു​വ​രു​മ്പോൾ നിന്നെ ഇവിടെ കണ്ടു​പോ​ക​രുത്‌.” ആ പട്ടണത്തിൽ എനിക്ക്‌ വേറെ ബന്ധുക്കൾ ആരുമി​ല്ലാ​ത്ത​തി​നാൽ അദ്ദേഹം വെറുതെ പറഞ്ഞതാ​യി​രി​ക്കു​മെ​ന്നാണ്‌ ഞാൻ കരുതി​യത്‌. എനിക്കു പോകാൻ ഒരിട​വും ഇല്ലായി​രു​ന്നു. പക്ഷേ, അദ്ദേഹം കാര്യ​മാ​യി​ട്ടു പറഞ്ഞതാ​ണെന്ന്‌ പെട്ടെ​ന്നു​തന്നെ എനിക്കു മനസ്സി​ലാ​യി. വൈകു​ന്നേരം അദ്ദേഹം തിരി​ച്ചു​വ​ന്ന​പ്പോൾ ഞാൻ വീട്ടി​ലുണ്ട്‌. അദ്ദേഹം കോപാ​കു​ല​നാ​യി. കൈയിൽ കല്ലുമാ​യി അദ്ദേഹം എന്നെ പിന്തു​ടർന്നു. “നിന്റെ കൂടെ​യുള്ള ആ നായ്‌ക്ക​ളു​ടെ അടു​ത്തേക്കു ചെല്ല്‌!” അദ്ദേഹം ആക്രോ​ശി​ച്ചു. ഞാൻ ജീവനും​കൊണ്ട്‌ ഓടി.

സംഭവ​മെ​ല്ലാം അറിഞ്ഞ എന്റെ പിതാ​വി​ന്റെ വാക്കുകൾ ഇതായി​രു​ന്നു: “നീ നിന്റെ നിഷ്‌പ​ക്ഷ​ത​യും കൊണ്ടി​രി​ക്കു​ക​യാ​ണെ​ങ്കിൽ എന്റെ വീടിന്റെ പടി ചവിട്ട​രുത്‌.” എനിക്കു വയസ്സ്‌ പതി​നെ​ട്ടേ​യു​ള്ളൂ, ഞാൻ സങ്കടത്തി​ലാ​യി. എന്നെ ആരു സ്വീക​രി​ക്കും? എന്റെ സഭ എന്നെ കൈ​ക്കൊ​ണ്ടു. ദാവീദ്‌ രാജാ​വി​ന്റെ പിൻവ​രുന്ന വാക്കുകൾ പലപ്പോ​ഴും എന്റെ മനസ്സിൽ അലയടി​ക്കാ​റുണ്ട്‌: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു; എങ്കിലും യഹോവ എന്നെ ചേർത്തു​കൊ​ള്ളും.” (സങ്കീ. 27:10) യഹോവ വാക്കു​പാ​ലി​ക്കു​ന്ന​വ​നാണ്‌, എന്റെ അനുഭ​വ​ത്തിൽനിന്ന്‌ എനിക്കതു പറയാ​നാ​കും.

[236, 237 പേജു​ക​ളി​ലെ ചതുരം/ചിത്രം]

എന്റെ പെരു​മാ​റ്റം നിരവധി അധ്യാ​പ​ക​രു​ടെ ആദരവു നേടി​ത്ത​ന്നു

ജാക്‌സൺ കപോബെ

ജനനം: 1957

സ്‌നാപനം: 1971

സംക്ഷിപ്‌ത വിവരം: സഭാമൂ​പ്പ​നാ​യി സേവി​ക്കു​ന്നു.

1964-ൽ സാക്ഷി​ക​ളു​ടെ മക്കളെ സ്‌കൂ​ളു​ക​ളിൽനി​ന്നു പുറത്താ​ക്കി​ത്തു​ടങ്ങി. ആ സാഹച​ര്യ​ത്തോ​ടു പൊരു​ത്ത​പ്പെ​ടാൻ കുട്ടി​കളെ നന്നായി ഒരു​ക്കേ​ണ്ട​തി​ന്റെ ആവശ്യം മനസ്സി​ലാ​ക്കാൻ ബ്രാഞ്ച്‌ ഓഫീസ്‌ മാതാ​പി​താ​ക്കളെ സഹായി​ച്ചു. സ്‌കൂൾ വിട്ടു​വ​രു​മ്പോൾ ഡാഡി എന്നോ​ടൊ​പ്പ​മി​രുന്ന്‌ പുറപ്പാ​ടു 20:4, 5 ചർച്ച​ചെ​യ്യു​ന്നത്‌ ഞാനോർക്കു​ന്നു.

സ്‌കൂൾ അസംബ്ലി​യിൽ ഒരു ഏറ്റുമു​ട്ടൽ ഒഴിവാ​ക്കാൻ ഞാൻ പുറകിൽ പോയി​നി​ന്നു. ആരെങ്കി​ലും ദേശീ​യ​ഗാ​നം പാടാ​ത്ത​താ​യി​ക്ക​ണ്ടാൽ അവരോ​ടു മുമ്പിൽ ചെന്നു നിൽക്കാൻ ആവശ്യ​പ്പെ​ടും. ഞാൻ പാടാ​ത്ത​തി​ന്റെ കാരണം ഹെഡ്‌മാ​സ്റ്റർ ചോദി​ച്ച​പ്പോൾ ബൈബി​ളിൽനിന്ന്‌ ഞാൻ ഉത്തരം നൽകി. “നീ വായി​ക്കാൻ പഠിച്ചു, പക്ഷേ ദേശീ​യ​ഗാ​നം പാടില്ല!” അധ്യാ​പകൻ പരിഹാ​സ​ത്തോ​ടെ പറഞ്ഞു. എന്നെ വായി​ക്കാൻ പഠിപ്പി​ക്കു​ന്ന​തിന്‌ ഒരു സ്‌കൂൾതന്ന ഗവൺമെ​ന്റി​നോ​ടു കൂറു​പു​ലർത്താൻ ഞാൻ കടപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അദ്ദേഹം ന്യായ​വാ​ദം ചെയ്‌തു.

ഒടുവിൽ 1967 ഫെബ്രു​വ​രി​യിൽ എന്നെയും സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്കി. എനിക്കു വിഷമ​മാ​യി, കാരണം പഠിക്കാൻ ഇഷ്ടമുള്ള, മിടു​ക്ക​നായ ഒരു വിദ്യാർഥി ആയിരു​ന്നു ഞാൻ. ഇതിന്റെ പേരിൽ സഹപ്ര​വർത്ത​ക​രു​ടെ​യും വിശ്വാ​സ​ത്തി​ലി​ല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സമ്മർദം ഡാഡി​ക്കു​മു​ണ്ടാ​യെ​ങ്കി​ലും ഞാൻ ചെയ്‌തത്‌ ശരിയാ​ണെന്ന്‌ അദ്ദേഹം എനിക്ക്‌ ഉറപ്പു​തന്നു. മമ്മിയും മാനസിക സംഘർഷം അനുഭ​വി​ച്ചു. ജോലി​ചെ​യ്യാ​നാ​യി ഞാൻ മമ്മി​യോ​ടൊ​പ്പം കൃഷി​യി​ട​ത്തി​ലേക്കു പോകു​മ്പോൾ മറ്റു സ്‌ത്രീ​കൾ ഞങ്ങളെ കളിയാ​ക്കി ചോദി​ക്കും: “ഇവനെന്താ സ്‌കൂ​ളിൽ പോകാ​ത്തത്‌?”

എന്നാൽ എന്റെ വിദ്യാ​ഭ്യാ​സം നിറു​ത്തി​ക്ക​ള​ഞ്ഞൊ​ന്നു​മില്ല. 1972-ൽ സഭയിൽത്തന്നെ സാക്ഷരതാ ക്ലാസ്സുകൾ സംഘടി​പ്പി​ക്കു​ന്ന​തി​നു വലിയ പ്രാധാ​ന്യം നൽക​പ്പെട്ടു. കാലം കടന്നു​പോ​കവേ സ്‌കൂ​ളു​ക​ളി​ലെ സാഹച​ര്യം മയപ്പെട്ടു. ഞങ്ങളുടെ വീടി​ന​ടു​ത്തുള്ള റോഡിന്‌ അപ്പുറ​ത്താ​യി​രു​ന്നു സ്‌കൂൾ. കുടി​ക്കാൻ തണുത്ത വെള്ളം എടുക്കാ​നും ക്ലാസ്സ്‌ മുറികൾ അടിച്ചു​വാ​രാൻ ചൂലെ​ടു​ക്കാ​നും ഹെഡ്‌മാ​സ്റ്റർ പലപ്പോ​ഴും വീട്ടിൽ വരുമാ​യി​രു​ന്നു. ഒരിക്കൽ പണം കടംവാ​ങ്ങാ​നും അദ്ദേഹം വന്നു! ഞങ്ങളുടെ കുടും​ബം അദ്ദേഹ​ത്തോ​ടു കാണിച്ച ദയാ​പ്ര​വൃ​ത്തി​കൾ അദ്ദേഹത്തെ സ്‌പർശി​ച്ചു​കാ​ണണം, ഒരു ദിവസം അദ്ദേഹം ചോദി​ച്ചു: “നിങ്ങളു​ടെ മകന്‌ വീണ്ടും സ്‌കൂ​ളിൽ വന്നു പഠിക്കാൻ ആഗ്രഹ​മു​ണ്ടോ?” യഹോ​വ​യു​ടെ സാക്ഷികൾ എന്നനി​ല​യിൽ തങ്ങളുടെ നിലപാ​ടിന്‌ ഒരു മാറ്റവു​മി​ല്ലെന്ന്‌ ഡാഡി അദ്ദേഹ​ത്തോ​ടു പറഞ്ഞു. “അതൊ​ന്നും കുഴപ്പ​മില്ല” എന്നായി​രു​ന്നു അദ്ദേഹ​ത്തി​ന്റെ മറുപടി. “നിനക്ക്‌ ഏതു ഗ്രേഡിൽ പഠിക്കാ​നാ​ണി​ഷ്ടം?” ചോദ്യം എന്നോ​ടാ​യി​രു​ന്നു. ഞാൻ ആറാം ഗ്രേഡ്‌ തിര​ഞ്ഞെ​ടു​ത്തു. അതേ സ്‌കൂൾ, അതേ ഹെഡ്‌മാ​സ്റ്റർ, അതേ സഹപാ​ഠി​കൾ. രാജ്യ​ഹാ​ളി​ലെ സാക്ഷരതാ ക്ലാസ്സു​ക​ളിൽ പങ്കെടു​ത്ത​തി​നാൽ എന്റെ വായനാ​പ്രാ​പ്‌തി മിക്ക സഹപാ​ഠി​ക​ളു​ടേ​തി​നെ​ക്കാ​ളും മെച്ചമാ​യി​രു​ന്നു എന്നൊരു വ്യത്യാ​സം മാത്രം.

എന്റെ കഠിനാ​ധ്വാ​ന​വും നല്ല പെരു​മാ​റ്റ​വും നിരവധി അധ്യാ​പ​ക​രു​ടെ ആദരവു നേടി​ത്തന്നു, അങ്ങനെ സ്‌കൂൾ ജീവിതം കൂടുതൽ എളുപ്പ​മാ​യി. ഞാൻ നന്നായി പഠിച്ചു, ഉദ്യോ​ഗാർഥി​കൾക്കാ​യുള്ള ചില പരീക്ഷകൾ എഴുതി, തത്‌ഫ​ല​മാ​യി ഖനിക​ളിൽ ഉത്തരവാ​ദി​ത്വ​മുള്ള ഒരു ജോലി ഏറ്റെടു​ക്കാ​നും പിന്നീട്‌ ഒരു കുടും​ബത്തെ പോറ്റാ​നും എനിക്കു കഴിഞ്ഞു. ദേശീ​യ​ഗാ​നം പാടി​ക്കൊണ്ട്‌ അനുര​ഞ്‌ജ​ന​പ്പെ​ടാ​തി​രു​ന്ന​തി​നെ​പ്രതി ഞാൻ സന്തോ​ഷി​ക്കു​ന്നു.

[241, 242 പേജു​ക​ളി​ലെ ചതുരം/ചിത്രം]

“പ്രസം​ഗി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്ക്‌ എങ്ങനെ കഴിയും?”

ജോനസ്‌ മൻജോ​നി

ജനനം: 1922

സ്‌നാപനം: 1950

സംക്ഷിപ്‌ത വിവരം: സാംബിയ ബെഥേ​ലിൽ 20-ലധികം വർഷം സേവിച്ചു. ഇപ്പോൾ ഒരു മൂപ്പനും സാധാരണ പയനി​യ​റു​മാണ്‌.

രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ മധ്യത്തിൽ എന്റെ സഹോ​ദരൻ ടാൻസാ​നി​യ​യിൽനി​ന്നു മടങ്ങി​വ​ന്ന​പ്പോൾ ഒരു ബൈബി​ളും ഗവൺമെന്റ്‌, (ഇംഗ്ലീഷ്‌) അനുര​ഞ്‌ജനം (ഇംഗ്ലീഷ്‌) എന്നിവ ഉൾപ്പെടെ കുറെ പുസ്‌ത​ക​ങ്ങ​ളും കൊണ്ടു​വന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അപ്പോ​ഴും നിരോ​ധ​ന​ത്തിൽ ആയിരു​ന്ന​തി​നാൽ എന്താണ്‌ അതിന്റെ കാരണം എന്നറി​യാൻ എനിക്കു താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. അനുര​ഞ്‌ജനം ഞാൻ വായിച്ചു, പക്ഷേ മനസ്സി​ലാ​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഏതാനും വർഷം കഴിഞ്ഞ്‌ ഞാൻ എന്റെ സഹോ​ദ​രനെ സന്ദർശി​ച്ച​പ്പോൾ ഒരു സഭാ​യോ​ഗ​ത്തി​നു ഞാനും പോയി. അവിടെ രാജ്യ​ഹാൾ ഇല്ലായി​രു​ന്നു. കാടു വെട്ടി​ത്തെ​ളിച്ച്‌ ഉണ്ടാക്കി​യെ​ടുത്ത ഒരു തുറസ്സായ സ്ഥലത്താ​യി​രു​ന്നു യോഗം. യോഗ​സ്ഥലം മുള​കൊണ്ട്‌ വേലി​കെട്ടി തിരി​ച്ചി​രു​ന്നു. അച്ചടിച്ച ബാഹ്യ​രേ​ഖകൾ ഒന്നും ഉപയോ​ഗി​ച്ചില്ല. എന്നാൽ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നേരി​ട്ടെ​ടുത്ത ഒരു പ്രസംഗം കേൾക്കു​ന്നത്‌ എത്ര സംതൃ​പ്‌തി​ദാ​യ​ക​മാ​യി​രു​ന്നു! അവിടെ കേട്ട ബൈബിൾ വിശദീ​ക​രണം എന്റെ പള്ളിയി​ലേ​തിൽനിന്ന്‌ ഏറെ വ്യത്യ​സ്‌ത​മാ​യി​രു​ന്നു. അവി​ടെ​യാ​ണെ​ങ്കിൽ പതാകയെ വന്ദിക്കാ​നും ചെണ്ടയ​ടി​ക്കാ​നും ആണ്‌ ആളുകൾക്കി​ഷ്ടം. ഗോ​ത്ര​വ്യ​ത്യാ​സ​ങ്ങ​ളെ​പ്ര​തി​യും ഏതു ഭാഷയിൽ പാട്ടു​പാ​ടണം എന്നതി​നെ​ച്ചൊ​ല്ലി​യും പള്ളിയിൽ വാഗ്വാ​ദ​ങ്ങൾപോ​ലും ഉണ്ടാകാ​റു​ണ്ടാ​യി​രു​ന്നു! എന്നാൽ ഈ യോഗ​സ്ഥ​ലത്ത്‌ യഹോ​വയെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള മനോ​ഹ​ര​മായ ഗീതങ്ങൾ ഞാൻ കേട്ടു, കുടും​ബങ്ങൾ ഒന്നടങ്കം ആത്മീയ വിഭവങ്ങൾ ആസ്വദി​ക്കു​ന്നതു ഞാൻ കണ്ടു.

ഞാൻ സ്‌നാ​പ​ന​മേറ്റു. ആ സമയത്ത്‌ ഞാൻ ഒരു ആശുപ​ത്രി​യിൽ ജോലി​നോ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ജോലി​യു​ടെ ഭാഗമാ​യി ഖനി​പ്ര​ദേ​ശ​ങ്ങ​ളി​ലെ പട്ടണങ്ങൾതോ​റും ഞാൻ സഞ്ചരി​ക്ക​ണ​മാ​യി​രു​ന്നു. 1951-ൽ ഞാൻ രണ്ടാഴ്‌ച അവധി​യെ​ടുത്ത്‌ ലുസാ​ക്കാ​യി​ലെ ബ്രാഞ്ച്‌ ഓഫീ​സിൽ സഹായി​ക്കാൻ പോയി. താമസി​യാ​തെ​തന്നെ എന്നെ ബെഥേൽ സേവന​ത്തി​നു ക്ഷണിച്ചു. ആദ്യം ഞാൻ ഷിപ്പി​ങ്ങി​ലാ​യി​രു​ന്നു. പിന്നീട്‌ ഓഫീസ്‌ ലൂയാൻഷാ​യി​ലേക്കു മാറ്റി​യ​പ്പോൾ ഞാൻ കറസ്‌പോ​ണ്ടൻസ്‌ വിഭാ​ഗ​ത്തി​ലും പരിഭാ​ഷാ​വി​ഭാ​ഗ​ത്തി​ലും സേവിച്ചു. 1960-കളുടെ തുടക്ക​ത്തിൽ രാഷ്‌ട്രീ​യ​രം​ഗത്ത്‌ മാറ്റത്തി​ന്റെ കാറ്റു വീശി​യ​പ്പോ​ഴും സഹോ​ദ​രങ്ങൾ നല്ല ഫലങ്ങൾ പുറ​പ്പെ​ടു​വി​ക്കു​ന്ന​തിൽ തുടർന്നു. രാഷ്‌ട്രീയ പ്രക്ഷു​ബ്ധ​ത​യു​ടെ ആ നാളു​ക​ളിൽ തങ്ങളുടെ നിഷ്‌പക്ഷത കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്‌തു.

അക്കാലത്ത്‌ ഞാൻ പല തവണ ഡോ. കെന്നത്ത്‌ കൗണ്ടയെ കാണാൻ പോയി​രു​ന്നു. 1963 മാർച്ചി​ലും ഞാൻ അദ്ദേഹത്തെ സന്ദർശി​ച്ചു. അദ്ദേഹം താമസി​യാ​തെ സാംബി​യ​യു​ടെ പ്രസി​ഡന്റ്‌ പദവി​യി​ലേക്കു വരാനി​രി​ക്കു​ക​യാ​യി​രു​ന്നു. രാഷ്‌ട്രീയ പാർട്ടി​ക​ളിൽ ചേരാ​നോ പാർട്ടി കാർഡു​കൾ വാങ്ങാ​നോ ഞങ്ങൾ വിസമ്മ​തി​ക്കു​ന്ന​തി​ന്റെ കാരണം ഞാൻ വിശദീ​ക​രി​ച്ചു. രാഷ്‌ട്രീ​യ​ക്കാ​രിൽനി​ന്നുള്ള ഭീഷണി ഒഴിവാ​യി​ക്കി​ട്ടാൻ ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ സഹായം ആവശ്യ​പ്പെ​ട്ട​പ്പോൾ അദ്ദേഹം കൂടുതൽ വിവരങ്ങൾ ഞങ്ങളിൽനിന്ന്‌ ആവശ്യ​പ്പെട്ടു. ഏതാനും വർഷങ്ങൾക്കു​ശേഷം ഡോ. കൗണ്ട ഞങ്ങളെ സ്റ്റേറ്റ്‌ ഹൗസി​ലേക്കു ക്ഷണിച്ചു, അവിടെ പ്രസി​ഡ​ന്റി​നോ​ടും മന്ത്രി​മു​ഖ്യ​ന്മാ​രോ​ടും സംസാ​രി​ക്കാ​നുള്ള പദവി ഞങ്ങൾക്കു ലഭിച്ചു. കൂടി​ക്കാഴ്‌ച വൈകു​ന്നേ​രം​വരെ നീണ്ടു. ഒരു മതവി​ഭാ​ഗം എന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ എതിർപ്പൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും, മറ്റു മതങ്ങ​ളെ​പ്പോ​ലെ ഞങ്ങളും പ്രസം​ഗ​പ്ര​വർത്ത​ന​മൊ​ന്നും നടത്താതെ വെറുതെ കൂടി​വ​ന്നാൽപ്പോ​രെ എന്ന്‌ പ്രസി​ഡന്റ്‌ ചോദി​ച്ചു. “പ്രസം​ഗി​ക്കാ​തി​രി​ക്കാൻ ഞങ്ങൾക്ക്‌ എങ്ങനെ കഴിയും?” ഞങ്ങൾ മറുപടി പറഞ്ഞു. “യേശു പ്രസം​ഗി​ച്ചു. അവൻ അന്നത്തെ പരീശ​ന്മാർക്കി​ട​യിൽ ഒരു ആലയ​മൊ​ക്കെ പണിത്‌ അവിടെ കൂടു​ക​യ​ല്ലാ​യി​രു​ന്നു.”

ഞങ്ങൾ അപ്പീലു​കൾ സമർപ്പി​ച്ചെ​ങ്കി​ലും നമ്മുടെ ശുശ്രൂ​ഷ​യു​ടെ ചില വശങ്ങൾക്കു നിരോ​ധനം ഏർപ്പെ​ടു​ത്തി. എന്നിരു​ന്നാ​ലും, എല്ലാ സന്ദർഭ​ത്തി​ലെ​യും​പോ​ലെ തന്റെ ഉദ്ദേശ്യ​ങ്ങൾ നിവർത്തി​ക്കാൻ തന്റെ ദാസന്മാ​രെ ഉപയോ​ഗി​ക്കുന്ന യഹോ​വ​യ്‌ക്ക്‌ ബഹുമ​തി​യും മഹത്ത്വ​വും നൽകാൻ ഞങ്ങൾ മറ്റു മാർഗങ്ങൾ കണ്ടെത്തി.

[245, 246 പേജു​ക​ളി​ലെ ചതുരം/ചിത്രം]

പഠിക്കാൻ എനിക്ക്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു

ഡാനിയേൽ സകാല

ജനനം: 1964

സ്‌നാപനം: 1996

സംക്ഷിപ്‌ത വിവരം: ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.

ഞാൻ ‘സീയോൻ ആത്മീയ സഭ’യിൽ അംഗമാ​യി​രി​ക്കു​മ്പോ​ഴാണ്‌ എഴുത്തും വായന​യും പഠിക്കുക (ഇംഗ്ലീഷ്‌) എന്ന ചെറു​പു​സ്‌ത​ക​ത്തി​ന്റെ ഒരു പ്രതി എനിക്കു കിട്ടു​ന്നത്‌. അക്ഷരാ​ഭ്യാ​സ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും കാര്യങ്ങൾ പഠിക്കാൻ എനിക്ക്‌ അതിയായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഈ ചെറു​പു​സ്‌തകം കിട്ടി​ക്ക​ഴി​ഞ്ഞ​പ്പോൾ മുതൽ ഞാൻ അതിനു​വേണ്ടി ഏറെ സമയം ചെലവ​ഴി​ച്ചു. പുതിയ വാക്കുകൾ മനസ്സി​ലാ​ക്കാൻ സഹായി​ക്കാ​മോ​യെന്നു ഞാൻ മറ്റുള്ള​വ​രോ​ടു ചോദി​ക്കു​മാ​യി​രു​ന്നു. അങ്ങനെ എന്നെ പഠിപ്പി​ക്കാൻ ആരുമി​ല്ലാ​തി​രു​ന്നി​ട്ടും ഞാൻ പുരോ​ഗ​മി​ച്ചു, കുറച്ചു​കാ​ലം​കൊ​ണ്ടു​തന്നെ എഴുത്തി​ന്റെ​യും വായന​യു​ടെ​യും ബാലപാ​ഠങ്ങൾ ഞാൻ അഭ്യസി​ച്ചു.

അങ്ങനെ എനിക്കു ബൈബിൾ വായി​ക്കാൻ കഴിഞ്ഞു! എന്റെ പള്ളിയിൽ പഠിപ്പി​ക്കു​ന്ന​തും ബൈബിൾ പറയു​ന്ന​തു​മാ​യി പല കാര്യ​ങ്ങ​ളി​ലും വൈരു​ധ്യ​മു​ണ്ടെന്ന്‌ ഞാൻ കണ്ടെത്തി. യഹോ​വ​യു​ടെ സാക്ഷി​യായ എന്റെ അളിയൻ എനിക്ക്‌ മരിച്ച​വ​രു​ടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവ യഥാർഥ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​ണ്ടോ? (ഇംഗ്ലീഷ്‌) എന്ന ലഘുപ​ത്രിക അയച്ചു​തന്നു. അതിൽ വായിച്ച കാര്യങ്ങൾ എന്റെ പാസ്റ്റ​റോട്‌ ചില ചോദ്യ​ങ്ങൾ ചോദി​ക്കാൻ എന്നെ പ്രേരി​പ്പി​ച്ചു. ഒരു ദിവസം പള്ളിയിൽവെച്ച്‌ ആവർത്ത​ന​പു​സ്‌തകം 18:10, 11 വായി​ച്ചിട്ട്‌ ഞാൻ ചോദി​ച്ചു: “ബൈബിൾ കുറ്റം​വി​ധി​ക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?”

“നമുക്ക്‌ നമ്മു​ടേ​തായ പങ്കുണ്ട്‌,” പാസ്റ്ററു​ടെ മറുപടി അതായി​രു​ന്നു. അയാൾ പറഞ്ഞത്‌ എന്താ​ണെന്ന്‌ എനിക്കു മനസ്സി​ലാ​യില്ല.

പിന്നെ ഞാൻ സഭാ​പ്ര​സം​ഗി 9:5 വായി​ച്ചിട്ട്‌ ചോദി​ച്ചു, “മരിച്ചവർ ‘ഒന്നും അറിയു​ന്നില്ല’ എന്നു ബൈബിൾ പറയുന്ന സ്ഥിതിക്ക്‌ മരിച്ച​വരെ ആദരി​ക്ക​ണ​മെന്നു നമ്മൾ ആളുക​ളോ​ടു പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?” ഈ ചോദ്യ​ത്തിന്‌ പാസ്റ്ററി​നും സദസ്സി​നും ഒന്നും പറയാ​നി​ല്ലാ​യി​രു​ന്നു.

അതൊക്കെ കഴിഞ്ഞ്‌ ചില പള്ളിയം​ഗങ്ങൾ എന്നെ സമീപി​ച്ചി​ട്ടു പറഞ്ഞു: “ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​കളല്ല, പിന്നെ ഞങ്ങളെ​ന്തിന്‌ മരിച്ച​വരെ ആദരി​ക്കു​ന്നതു നിറു​ത്തു​ക​യും ഇന്നുവരെ പിന്തു​ടർന്നു​വന്ന ആചാര​ങ്ങ​ളൊ​ക്കെ വലി​ച്ചെ​റി​യു​ക​യും ചെയ്യണം?” ഈ പ്രസ്‌താ​വന എന്നെ കുഴക്കി. ഞാൻ ചർച്ചയിൽ ബൈബിൾ മാത്രമേ ഉപയോ​ഗി​ച്ചു​ള്ളൂ, എന്നിട്ടു​മി​താ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ചേർന്നി​രി​ക്കു​ന്നു​വെന്ന്‌ അവർ ഒന്നടങ്കം നിഗമനം ചെയ്‌തി​രി​ക്കു​ന്നു! അപ്പോൾ മുതൽ ഞാൻ രാജ്യ​ഹാ​ളിൽ യോഗ​ങ്ങൾക്കു സംബന്ധി​ക്കാൻ തുടങ്ങി, ഒപ്പം എന്റെ പള്ളിയിൽനി​ന്നുള്ള രണ്ടു​പേ​രും ഉണ്ടായി​രു​ന്നു. ആദ്യത്തെ മൂന്നു മാസത്തി​നു​ള്ളിൽ എന്റെ അടുത്ത ബന്ധുക്ക​ളിൽ പലരെ​യും ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ പങ്കുപ​റ്റു​ന്ന​തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കാൻ എനിക്കു കഴിഞ്ഞു. എന്റെ ഭാര്യ ഉൾപ്പെടെ അവരിൽ മൂന്നു​പേർ ഇപ്പോൾ സ്‌നാ​പ​ന​മേറ്റ ക്രിസ്‌ത്യാ​നി​ക​ളാണ്‌.

[176, 177 പേജു​ക​ളി​ലെ ചാർട്ട്‌/ഗ്രാഫ്‌]

സാംബിയ സുപ്ര​ധാന സംഭവങ്ങൾ

1910

1911: വേദാ​ധ്യ​യന പത്രിക സാംബി​യ​യിൽ എത്തുന്നു.

1919: കൊസാ​മു മ്‌വാൻസാ​യെ​യും മറ്റു 150-ഓളം പേരെ​യും അടിപ്പിച്ച്‌ തടവി​ലാ​ക്കു​ന്നു.

1925: ബൈബിൾ വിദ്യാർഥി​ക​ളു​ടെ കേപ്‌ ടൗൺ ഓഫീസ്‌ സ്‌നാ​പ​ന​വും പ്രസം​ഗ​പ്ര​വർത്ത​ന​വും വെട്ടി​ച്ചു​രു​ക്കു​ന്നു.

1935: സാഹിത്യ ഇറക്കു​മ​തിക്ക്‌ ഗവൺമെന്റ്‌ നിയ​ന്ത്ര​ണം​കൊ​ണ്ടു​വ​രു​ന്നു, 20 പ്രസി​ദ്ധീ​ക​ര​ണങ്ങൾ നിരോ​ധി​ക്കു​ന്നു.

1936: ലെവെ​ലിൻ ഫിലി​പ്‌സ്‌ സഹോ​ദ​രന്റെ മേൽനോ​ട്ട​ത്തിൽ ലുസാ​ക്കാ​യിൽ ഡിപ്പോ തുറക്കു​ന്നു.

1940

1940: ഗവൺമെന്റ്‌ നമ്മുടെ സാഹി​ത്യ​ത്തി​ന്റെ ഇറക്കു​മ​തി​യും വിതര​ണ​വും നിരോ​ധി​ക്കു​ന്നു, സ്‌നാ​പനം വീണ്ടും തുടങ്ങു​ന്നു.

1948: ആദ്യത്തെ ഗിലെ​യാദ്‌ ബിരു​ദ​ധാ​രി​കൾ എത്തി​ച്ചേ​രു​ന്നു.

1949: ഗവൺമെന്റ്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്മേ​ലുള്ള നിരോ​ധനം നീക്കുന്നു.

1954: ബ്രാഞ്ച്‌ ഓഫീസ്‌ ലൂയാൻഷാ​യി​ലേക്കു മാറ്റുന്നു.

1962: ബ്രാഞ്ച്‌ ഓഫീസ്‌ കിറ്റ്‌വേ​യി​ലേക്കു മാറ്റുന്നു.

1969: ഗവൺമെന്റ്‌ പരസ്യ​മാ​യുള്ള പ്രസം​ഗ​വേല നിരോ​ധി​ക്കു​ന്നു.

1970

1975: മിഷന​റി​മാ​രെ നാടു​ക​ട​ത്തു​ന്നു.

1986: മിഷന​റി​മാർക്കു വീണ്ടും പ്രവേ​ശനം അനുവ​ദി​ക്കു​ന്നു.

1993:ലുസാ​ക്കാ​യി​ലെ ഇപ്പോ​ഴത്തെ ബ്രാഞ്ചി​ന്റെ സമർപ്പണം.

2000

2004:ലുസാ​ക്കാ​യി​ലെ വിപു​ല​പ്പെ​ടു​ത്തിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ സമർപ്പണം.

2005:സാംബി​യ​യിൽ 1,27,151 സജീവ പ്രസാ​ധ​ക​രുണ്ട്‌.

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

1,30,000

65,000

1910 1940 1970 2000

[169-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

കോംഗോ ജനാധി​പത്യ റിപ്പബ്ലിക്ക്‌

സാംബിയ

കാപൂട്ടാ

എംബാലാ

ഇസോക്ക

കാസാമാ

സാംഫ്യാ

ലുണ്ടസി

മുഫു​ലി​റാ

കലുലൂ​ഷി

കിറ്റ്‌വേ

ലൂയാൻഷാ

കാബ്‌വേ

ലുസാക്കാ

സെനാൻഗാ

സാംബസി നദി

ലിവി​ങ്‌സ്റ്റൺ

ബോട്‌സ്വാന

സിംബാബ്‌വേ

മൊസാമ്പിക്ക്‌

മലാവി

[162-ാം പേജിലെ ചിത്രം]

[167-ാം പേജിലെ ചിത്രം]

തോംസൺ കാങ്‌ഗാ​ല

[170-ാം പേജിലെ ചിത്രം]

ലെവെലിൻ ഫിലി​പ്‌സ്‌

[178-ാം പേജിലെ ചിത്രം]

ഹാരി ആർനട്ട്‌, നേഥൻ നോർ, കേ ജേസൺ, ജോൺ ജേസൺ, ഇയൻ ഫെർഗസൻ എന്നിവർ 1952-ൽ

[193-ാം പേജിലെ ചിത്രം]

വലത്ത്‌: മൻഡ ൻറ്റോം​പ​യും കുടും​ബ​വും മവാങ്‌ഗെ അഭയാർഥി ക്യാമ്പിൽ, 2001

[193-ാം പേജിലെ ചിത്രം]

താഴെ: ഒരു അഭയാർഥി ക്യാമ്പ്‌

[201-ാം പേജിലെ ചിത്രം]

സാംബിയയിലെ ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂ​ളി​ന്റെ ആദ്യ ക്ലാസ്‌, 1993

[202-ാം പേജിലെ ചിത്രം]

ശുശ്രൂഷാ പരിശീ​ലന സ്‌കൂൾ അധ്യാ​പ​ക​രായ റിച്ചാർഡ്‌ ഫ്രുഡും ഫിലെ​മോൻ കസി​പോ​യും ഒരു വിദ്യാർഥി​യോ​ടൊ​പ്പം

[206-ാം പേജിലെ ചിത്രം]

കൺ​വെൻ​ഷൻ സൗകര്യ​ങ്ങൾ പണിയാൻ ചെളി, പുല്ല്‌, മറ്റു പ്രാ​ദേ​ശിക വസ്‌തു​ക്കൾ എന്നിവ ഉപയോ​ഗി​ച്ചു

[215-ാം പേജിലെ ചിത്രം]

ഇടത്‌: വേഷഭൂ​ഷാ​ദി​ക​ളോ​ടു​കൂ​ടിയ ബൈബിൾ നാടകം, 1991

[215-ാം പേജിലെ ചിത്രം]

താഴെ: “ദൈവ​സ​മാ​ധാന സന്ദേശ​വാ​ഹകർ” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലെ സ്‌നാ​പ​നാർഥി​കൾ, 1996

[235-ാം പേജിലെ ചിത്രം]

മിസ്റ്റർ റിച്ച്‌മൊണ്ട്‌ സ്‌മിത്ത്‌, ഫേലിയ കചസൂ​വി​നോ​ടും അവളുടെ പിതാവ്‌ പോളി​നോ​ടു​മൊ​പ്പം

[251-ാം പേജിലെ ചിത്രങ്ങൾ]

ലുസാക്കായിലെ ഇപ്പോ​ഴത്തെ ബ്രാഞ്ചി​ന്റെ നിർമാ​ണ​ത്തിൽ പങ്കെടു​ക്കുന്ന സന്തുഷ്ട​രായ ജോലി​ക്കാർ

[252, 253 പേജു​ക​ളി​ലെ ചിത്രങ്ങൾ]

(1, 2) അടുത്ത​കാ​ലത്തു പണിത രാജ്യ​ഹാ​ളു​കൾ

(3, 4) ലുസാ​ക്കാ​യി​ലെ സാംബിയ ബ്രാഞ്ച്‌

(5) വിപു​ല​പ്പെ​ടു​ത്തിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ സമർപ്പ​ണ​ത്തിൽ സ്റ്റീഫൻ ലെറ്റ്‌, 2004 ഡിസംബർ

[254-ാം പേജിലെ ചിത്രം]

ബ്രാഞ്ച്‌ കമ്മിറ്റി, ഇടത്തു​നി​ന്നു വലത്തോട്ട്‌: ആൽബർട്ട്‌ മുസോണ്ട, ആൽഫ്രഡ്‌ ക്യൂ, എഡ്വേർഡ്‌ ഫിൻച്‌, സൈറസ്‌ ന്യാങ്‌ഗു, ഡാറെൽ ഷാർപ്പ്‌