വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​ത​കൾ

“ഞാൻ യഹോ​വയെ സ്‌തു​തി​ക്കും; ഞാൻ ഉള്ള കാല​ത്തോ​ളം എന്റെ ദൈവ​ത്തി​ന്നു കീർത്തനം ചെയ്യും.” (സങ്കീ. 146:2) മുമ്പെ​ന്ന​ത്തെ​ക്കാ​ളു​മ​ധി​ക​മാ​യി യഹോവ സ്‌തു​തി​ക്ക​പ്പെ​ടുന്ന ഇക്കാലത്ത്‌ സങ്കീർത്ത​ന​ക്കാ​രൻ ജീവി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നെ​ങ്കിൽ അദ്ദേഹം എത്ര പുളകി​ത​നാ​കു​മാ​യി​രു​ന്നു! ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​ക​മാണ്‌ യഹോ​വ​യ്‌ക്ക്‌ ഇത്തരം സ്‌തുതി ലഭിക്കാൻ ഇടയാ​ക്കു​ന്നത്‌. ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം ആരാഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന അനേക​രു​ടെ​യും ഹൃദയ​ങ്ങ​ളു​ടെ ആഴങ്ങളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലാൻ പോന്ന​താണ്‌ ഈ പുസ്‌തകം.—പ്രവൃ. 17:27.

ഇനിയും അനേകരെ സത്യം അറിയി​ക്കാൻ പ്രസാ​ധ​ക​രെ​യും പയനി​യർമാ​രെ​യും സഹായി​ച്ചു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്ക​പ്പെ​ടുന്ന സ്‌തുതി വർധി​പ്പി​ക്കു​ന്ന​തി​നാ​യി പല ബ്രാഞ്ചു​ക​ളും ഭാഷാ ക്ലാസ്സുകൾ നടത്തി​യി​ട്ടുണ്ട്‌. മറ്റൊരു ഭാഷ പഠിച്ചു​കൊണ്ട്‌ ശുശ്രൂഷ വികസി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കാൻ ഒരുപക്ഷേ നിങ്ങളും പ്രേരി​ത​രാ​യേ​ക്കാം.

“വിടുതൽ സമീപം!” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ അറിയി​ക്കുന്ന നോട്ടീസ്‌ വിതരണം ചെയ്‌ത​താണ്‌ യഹോ​വ​യ്‌ക്കു സ്‌തുതി ലഭിക്കാൻ ഇടയാ​ക്കിയ മറ്റൊരു സന്ദർഭം. 155-ഓളം ദേശങ്ങ​ളിൽ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ നടന്നു. മൂന്നാ​ഴ്‌ചത്തെ ഈ ആഗോള പ്രചാരണ പരിപാ​ടി​യിൽ, 98,000-ത്തിലധി​കം സഭകളി​ലുള്ള ദശലക്ഷ​ക്ക​ണ​ക്കി​നു രാജ്യ​പ്ര​സാ​ധകർ പങ്കെടു​ത്തു. ഇതു​പോ​ലൊന്ന്‌ ആദ്യമാ​യാണ്‌ നടക്കു​ന്നത്‌. ഒരു കൺ​വെൻ​ഷൻ കമ്മിറ്റി ഇങ്ങനെ എഴുതി: “ചില പുതി​യവർ പ്രസാ​ധ​ക​രാ​യി​ത്തീ​രാ​നും നിഷ്‌ക്രി​യ​രായ ചിലർ പുനഃ​ക്രി​യ​രാ​യി​ത്തീ​രാ​നും അതു സഹായി​ച്ചു.” ഒരു സഹോ​ദരൻ 35 വർഷമാ​യി നിഷ്‌ക്രി​യ​നാ​യി​രു​ന്നു. തന്റെ വീട്ടു​വാ​തിൽക്കൽ ഈ നോട്ടീസ്‌ ലഭിച്ച​തി​നു​ശേഷം അദ്ദേഹം ഒരു യോഗം​പോ​ലും മുടക്കി​യി​ട്ടില്ല! പല ബ്രാഞ്ചു​ക​ളിൽനി​ന്നു ലഭിച്ച ഏതാനും അനുഭ​വ​ങ്ങ​ളാണ്‌ താഴെ.

ഫ്രാൻസ്‌

കത്തോ​ലിക്ക മതത്തിൽപ്പെട്ട ഒരു സ്‌ത്രീ​യും ഭർത്താ​വും ഒരു ബന്ധുവി​ന്റെ വീട്‌ സന്ദർശി​ച്ച​പ്പോൾ ഈ നോട്ടീസ്‌ കാണാ​നി​ട​യാ​യി. അതിലെ ചോദ്യ​ങ്ങൾ അവരുടെ താത്‌പ​ര്യ​മു​ണർത്തി. അവരും മൂന്നു മക്കളും കൺ​വെൻ​ഷനു ഹാജരാ​യി. കൺ​വെൻ​ഷൻ സ്ഥലത്ത്‌ എത്തിയ​പ്പോൾ ഒരു സേവകൻ അവരെ ഊഷ്‌മ​ള​മാ​യി സ്വാഗതം ചെയ്‌തു. തുടർന്ന്‌ അവർക്ക്‌ ബൈബി​ളു​കൾ നൽകി​യിട്ട്‌ അവരുടെ വീട്ടിൽനിന്ന്‌ വെറും 3 കിലോ​മീ​റ്റർ ദൂരെ താമസി​ക്കുന്ന ഒരു സാക്ഷി​ക്കു​ടും​ബ​ത്തോ​ടൊ​പ്പം അവരെ കൊണ്ടു​ചെന്ന്‌ ഇരുത്തി! ആ ദിവസം മുഴുവൻ ഈ രണ്ടു കുടും​ബ​ങ്ങ​ളും ഒരുമി​ച്ചു സമയം ചെലവ​ഴി​ച്ചു, ഒരു ബൈബി​ള​ധ്യ​യ​ന​വും ക്രമീ​ക​രി​ച്ചു. കൺ​വെൻ​ഷൻ കഴിഞ്ഞുള്ള ആഴ്‌ച ഈ കുടും​ബം ഒരു സഭാ​യോ​ഗ​ത്തി​നു ഹാജരാ​യി. അതൊരു സന്ദർശന വാരമാ​യി​രു​ന്നു.

ഇന്ത്യ

പേരു​കേട്ട ഒരു ഗായി​ക​യാണ്‌ സുനിറ്റ. ഒരു പരിപാ​ടി​ക്കാ​യി അവർ കാനഡ​യിൽ പോയി. അവി​ടെ​വെച്ച്‌ സാക്ഷികൾ അവരെ കണ്ടുമു​ട്ടു​ക​യും പഞ്ചാബി​യിൽ നടക്കുന്ന ഒരു യോഗ​ത്തി​നു ക്ഷണിക്കു​ക​യും ചെയ്‌തു. യോഗ​ത്തി​നു ഹാജരായ അവർ പരിപാ​ടി​ക​ളെ​ല്ലാം ആസ്വദി​ച്ചു, അതെല്ലാം ബൈബി​ളി​ന്റെ അടിസ്ഥാ​ന​ത്തിൽ ആണെന്ന​താ​യി​രു​ന്നു അതിന്റെ മുഖ്യ കാരണം. കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചുള്ള നോട്ടീസ്‌ കിട്ടി​യ​പ്പോൾ, അതിൽ മൂന്നു ദിവസ​വും സംബന്ധി​ക്കാ​നാ​യി അവർ തന്റെ പരിപാ​ടി​ക​ളെ​ല്ലാം റദ്ദാക്കി. ആ തീരു​മാ​ന​ത്തെ​പ്രതി സുനിറ്റ ഖേദി​ച്ചില്ല. “ഇതാണ്‌ സത്യം,” ഒന്നാം ദിവസ​ത്തി​ന്റെ അവസാനം അവർ പറഞ്ഞു. ഇന്ത്യയി​ലേക്കു തിരി​കെ​വ​ന്ന​പ്പോൾ അവർ തന്റെ അമ്മയെ​യും മകനെ​യും ആങ്ങളയു​ടെ മകനെ​യും ഒരു കൂട്ടു​കാ​രി​യെ​യും കൂട്ടി പ്രാ​ദേ​ശിക രാജ്യ​ഹാ​ളിൽ പോയി. മുൻ പാസ്റ്റർമാർ സുനി​റ്റയെ കാണാ​നെ​ത്തി​യ​പ്പോൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീ​രുക എന്നതാണ്‌ തന്റെ ഉറച്ച തീരു​മാ​നം എന്ന്‌ അവർ പറഞ്ഞു. രാജ്യ​ഹാ​ളിൽ വരാൻ സുനിറ്റ ആ പാസ്റ്റർമാ​രോ​ടും ആവശ്യ​പ്പെ​ട്ട​ത്രേ!

സെർബിയ

ഒരു ചൈനീസ്‌ വനിത​യു​ടെ കാര്യ​മെ​ടു​ക്കുക. ബെൽ​ഗ്രേ​ഡിൽ താമസി​ക്കുന്ന അവരെ നമുക്ക്‌ മെയ്‌ലി എന്നു വിളി​ക്കാം. 2006 മുതൽ അവർ വീക്ഷാ​ഗോ​പു​രം തന്റെ മാതൃ​ഭാ​ഷ​യിൽ വായി​ക്കാൻ തുടങ്ങി. ജർമനി​യി​ലെ ലൈപ്‌സി​ഗിൽ നടക്കുന്ന ചൈനീസ്‌ കൺ​വെൻ​ഷനു ക്ഷണിച്ചു​കൊ​ണ്ടുള്ള നോട്ടീസ്‌ ലഭിച്ച മെയ്‌ലി അതിൽ ഹാജരാ​കാൻ തീരു​മാ​നി​ച്ചു, ബെൽ​ഗ്രേ​ഡിൽ നിന്ന്‌ അവി​ടേക്ക്‌ ഏകദേശം 1,000 കിലോ​മീ​റ്റർ ദൂരമു​ണ്ടെ​ങ്കി​ലും. അവർ മൂന്നു ദിവസ​ത്തേ​ക്കുള്ള ഒരു വിസ സംഘടി​പ്പിച്ച്‌ മ്യൂണി​ക്കി​ലേക്കു പറന്നു. അവി​ടെ​നിന്ന്‌ ട്രെയിൻമാർഗം ലൈപ്‌സി​ഗി​ലേക്കു പോയി. അവരുടെ രണ്ടു മാസത്തെ വേതന​ത്തി​നു തുല്യ​മായ തുകയാണ്‌ ആ യാത്ര​യ്‌ക്കാ​യി ചെലവി​ട്ടത്‌. പരിപാ​ടി​ക​ളിൽനി​ന്നും മറ്റുള്ള​വ​രു​മാ​യുള്ള സംഭാ​ഷ​ണ​ത്തിൽനി​ന്നും പഠിച്ച കാര്യങ്ങൾ അവരിൽ ആഴമായ മതിപ്പു​ള​വാ​ക്കി. മെയ്‌ലി തിരിച്ചു ബെൽ​ഗ്രേ​ഡിൽ വന്നപ്പോൾ, അവരും അമ്മയും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇരുവ​രും ചൈനീസ്‌ ഭാഷയിൽ നടക്കുന്ന ഒരു പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നും ഹാജരാ​കു​ന്നുണ്ട്‌.

ഐക്യനാടുകൾ

ഒരു കൺ​വെൻ​ഷൻ കമ്മിറ്റി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “മൂന്നു ദിവസ​വും സന്ദർശ​ക​രാ​യി പലരും എത്തിയി​രു​ന്നു. അങ്ങനെ വന്ന ഒരു സ്‌ത്രീ​യു​ടെ കാര്യം ശ്രദ്ധി​ക്കുക. ജീവി​ത​ത്തിൽ ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ത്തി​നാ​യി പ്രാർഥി​ച്ച​തി​ന്റെ പിറ്റേ​ന്നാണ്‌ അവർക്ക്‌ ഈ നോട്ടീസ്‌ കിട്ടു​ന്നത്‌. ശനിയാ​ഴ്‌ച​യും ഞായറാ​ഴ്‌ച​യും രണ്ടു മണിക്കൂർവീ​തം കാറോ​ടിച്ച്‌ അവർ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കാ​നെത്തി. അവർ ഒരു ബൈബി​ള​ധ്യ​യനം സ്വീക​രി​ച്ചു.” ആ റിപ്പോർട്ട്‌ ഇങ്ങനെ തുടരു​ന്നു: “തന്റെ പിന്നാലെ ഒരാൾ തെരു​വി​ലൂ​ടെ ഓടി​വ​രു​ന്നത്‌ ഒരു സഹോ​ദരൻ കണ്ടു. അയാളു​ടെ മകന്‌ ഈ സഹോ​ദരൻ ഒരു നോട്ടീസ്‌ നൽകി​യി​രു​ന്നു. എന്താണ്‌ സംഭവി​ക്കാൻ പോകു​ന്ന​തെന്ന്‌ അറിയാ​തെ സഹോ​ദരൻ പകച്ചു​നി​ന്നു. എന്നാൽ ഒരു ചർച്ചയ്‌ക്കു​വേണ്ടി തന്റെ വീട്ടി​ലേക്ക്‌ വരണ​മെന്ന്‌ അഭ്യർഥി​ക്കാ​നാണ്‌ അയാൾ ഓടി​വ​ന്ന​തെന്ന്‌ അറിഞ്ഞ​പ്പോൾ സഹോ​ദ​ര​നു​ണ്ടായ സന്തോഷം പറയേ​ണ്ട​തി​ല്ല​ല്ലോ! അയാൾ ധാരാളം ചോദ്യ​ങ്ങൾ ചോദി​ച്ചു, കൈയിൽ ഒരു ബൈബി​ളും ഉണ്ടായി​രു​ന്നു. തുടർന്ന്‌ ഒരു അധ്യയനം ആരംഭി​ച്ചു.”

നിർമാ​ണം നടന്നു​കൊ​ണ്ടി​രി​ക്കുന്ന സ്ഥലത്തെ ഒരാൾക്ക്‌ ഒരു സഹോ​ദരൻ നോട്ടീസ്‌ കൊടു​ത്തു. “ഇതേക്കു​റിച്ച്‌ ഞാൻ മറ്റുള്ള​വ​രോ​ടും പറഞ്ഞോ​ട്ടേ?” അദ്ദേഹം ചോദി​ച്ചു.

“അതി​നെന്താ, പറഞ്ഞോ​ളൂ,” സഹോ​ദരൻ മറുപടി നൽകി. ശനിയാഴ്‌ച രാവി​ലെ​ക​ളിൽ അദ്ദേഹം റേഡി​യോ​യിൽ ഒരു പരിപാ​ടി അവതരി​പ്പി​ക്കു​ന്നു​ണ്ടെന്ന കാര്യം ഈ സഹോ​ദ​രന്‌ അറിയി​ല്ലാ​യി​രു​ന്നു. തന്റെ പരിപാ​ടി​യു​ടെ സമയത്ത്‌ ആ ക്ഷണം വായി​ച്ചു​കൊണ്ട്‌ അദ്ദേഹം മറ്റുള്ള​വ​രോട്‌ അതേക്കു​റി​ച്ചു പറഞ്ഞു! അതുകേട്ട അനേകർ ആ നോട്ടീ​സി​നെ​ക്കു​റിച്ച്‌ ആരാഞ്ഞു.

12 വയസ്സുള്ള മോർഗൻ ഒരു സഹായ പയനി​യ​റാണ്‌. നോട്ടീസ്‌ വിതരണം ആരംഭി​ക്കു​ന്ന​തിന്‌ ഒരാഴ്‌ച മുമ്പ്‌ ഈ പെൺകു​ട്ടി കണ്ടുമു​ട്ടിയ ഒരാൾ ബൈബി​ളി​നെ​ക്കു​റി​ച്ചു ധാരാളം ചോദ്യ​ങ്ങൾ ചോദി​ച്ചു. അവൾ അദ്ദേഹത്തെ പ്രാ​ദേ​ശിക രാജ്യ​ഹാ​ളി​ലെ ഒരു പരസ്യ​പ്ര​സം​ഗ​ത്തി​നു ക്ഷണിച്ചു. ഒരു ബന്ധുവി​ന്റെ ശവസം​സ്‌കാര ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തി​നാ​യി പെട്ടെന്നു പോക​ണ​മാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം പരസ്യ​പ്ര​സം​ഗ​ത്തി​നു വന്നു. വിതര​ണ​പ​രി​പാ​ടി തുടങ്ങി​യ​പ്പോൾ മോർഗൻ ഈ താത്‌പ​ര്യ​ക്കാ​രന്‌ ഒരു നോട്ടീസ്‌ കൊടു​ത്തു. “ശനിയും ഞായറും ഞാൻ തീർച്ച​യാ​യും വരാം; പക്ഷേ വെള്ളി​യാഴ്‌ച പറ്റില്ല, ജോലി​യുണ്ട്‌,” അദ്ദേഹം പറഞ്ഞു. ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ സാക്ഷികൾ എന്താണ്‌ ചെയ്യാ​റു​ള്ളത്‌ എന്ന്‌ അദ്ദേഹം ചോദി​ച്ചു. “സാധാ​ര​ണ​ഗ​തി​യിൽ അവർ അവധി​യെ​ടു​ക്കും, ചില​പ്പോൾ ജോലി രാജി​വെ​ക്കേ​ണ്ടി​വ​രും,” മോർഗൻ പറഞ്ഞു.

മോർഗൻ വീണ്ടും സന്ദർശി​ച്ച​പ്പോൾ, അദ്ദേഹം ഇങ്ങനെ പറഞ്ഞു, ‘വെള്ളി​യാഴ്‌ച ലീവ്‌ തരാൻ ഞാൻ ബോസി​നോട്‌ ആവശ്യ​പ്പെട്ടു, അല്ലാത്ത​പക്ഷം ജോലി രാജി​വെ​ക്കു​മെ​ന്നും പറഞ്ഞു. അപ്പോൾ, ഞാൻ വളരെ വേണ്ടപ്പെട്ട ഒരു തൊഴി​ലാ​ളി​യാ​യ​തി​നാൽ എന്നെ നഷ്ടപ്പെ​ടാൻ ആഗ്രഹി​ക്കു​ന്നി​ല്ലെ​ന്നും വെള്ളി​യാഴ്‌ച മാത്രമല്ല, പോകാ​നുള്ള തയ്യാ​റെ​ടു​പ്പു​കൾക്കാ​യി വ്യാഴാ​ഴ്‌ച​യും ലീവ്‌ എടുത്തു​കൊ​ള്ളാൻ ബോസ്‌ എന്നോടു പറഞ്ഞു.’

അദ്ദേഹം മൂന്നു ദിവസ​വും കൺ​വെൻ​ഷനു സംബന്ധി​ച്ചു, പക്ഷേ ഒറ്റയ്‌ക്ക​ല്ലാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തി​ലെ 8 പേരും 12 സുഹൃ​ത്തു​ക്ക​ളും അവരുടെ കുടും​ബാം​ഗ​ങ്ങ​ളും ഉൾപ്പെടെ മൊത്തം 35 പേർ ഉണ്ടായി​രു​ന്നു! തന്റെ കൂടെ ഏതാണ്ട്‌ 30 പേരും​കൂ​ടെ കാണു​മെന്നു പറഞ്ഞ​പ്പോൾ “ഇത്രയും സീറ്റ്‌ പിടി​ച്ചു​വെ​ക്കാൻ എനിക്കാ​വില്ല” എന്നായി​രു​ന്നു മോർഗന്റെ മറുപടി.

“സാഹച​ര്യം എനിക്ക​റി​യാം, എവി​ടെ​യി​രി​ക്കാ​നും ഞങ്ങൾ തയ്യാറാണ്‌,” അദ്ദേഹം പറഞ്ഞു. എങ്കിലും അവർക്കെ​ല്ലാം സുഖ​പ്ര​ദ​മായ ഇരിപ്പി​ടങ്ങൾ ലഭിച്ചു.

‘ഈ പുസ്‌തകം യേശു പഠിപ്പി​ച്ച​തു​പോ​ലെ പഠിപ്പി​ക്കു​ന്നു’

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന ബൈബിൾ പഠന സഹായി പ്രസം​ഗ​വേ​ലയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരനു​ഗ്ര​ഹ​മാ​ണെ​ന്നാണ്‌ റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നത്‌. “കണ്ണു തുറപ്പി​ക്കു​ന്ന​തും ഹൃദയ​ത്തെ​യും മനസ്സി​നെ​യും പോഷി​പ്പി​ക്കു​ന്ന​തു​മാണ്‌ ഇത്‌,” ഒരു ബൈബിൾ വിദ്യാർഥി​നി അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​രകൻ ഇങ്ങനെ പറയുന്നു: “യേശു പഠിപ്പി​ച്ച​തു​പോ​ലെ പഠിപ്പി​ച്ചു​കൊണ്ട്‌ ഈ പുസ്‌തകം നിങ്ങളു​ടെ ശ്രദ്ധയാ​കർഷി​ക്കു​ന്നു. ഇത്‌ കാര്യ​മാ​ത്ര​പ്ര​സ​ക്‌ത​വും വളച്ചു​കെ​ട്ടി​ല്ലാ​തെ വിവരങ്ങൾ അവതരി​പ്പി​ക്കു​ന്ന​തും വ്യക്തവും ഹൃദ​യോ​ഷ്‌മ​ള​വു​മാണ്‌.” പിൻവ​രുന്ന അനുഭ​വങ്ങൾ ശ്രദ്ധി​ക്കുക.

ഓസ്‌ട്രേലിയ

സുഖമി​ല്ലാ​യി​രുന്ന ഒരു സ്‌ത്രീ​യു​ടെ വീട്ടിൽ ചില അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യു​ക​യാ​യി​രു​ന്നു ഒരു സഹോ​ദരൻ. അദ്ദേഹം അവരു​മാ​യി രാജ്യ​പ്ര​ത്യാ​ശ പങ്കു​വെച്ചു. ഏതാനും ദിവസം കഴിഞ്ഞ്‌ സഹോ​ദരൻ ഒരു പയനിയർ സഹോ​ദ​രി​യെ​യും കൂട്ടി മടങ്ങി​ച്ചെ​ന്ന​പ്പോൾ ആ സ്‌ത്രീ അന്ത്യകാ​ല​ത്തെ​ക്കു​റി​ച്ചു ചോദി​ച്ചു. സഹോ​ദ​രങ്ങൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ “നാം ജീവി​ക്കു​ന്നത്‌ ‘അന്ത്യകാ​ല​ത്തോ?’” എന്ന 9-ാം അധ്യായം അവരു​മാ​യി ചർച്ച ചെയ്‌തു. ബൈബി​ളിൽ ഇത്രയ​ധി​കം കാര്യ​ങ്ങ​ളു​ണ്ടെന്ന്‌ മനസ്സി​ലാ​ക്കി​യ​പ്പോൾ അവർ അതിശ​യി​ച്ചു​പോ​യി. “എന്റെ സഭ എന്നെ അജ്ഞതയു​ടെ തടവറ​യിൽ പൂട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു,” ആ സ്‌ത്രീ പറഞ്ഞു.

സഹോ​ദ​രൻ ഇങ്ങനെ എഴുതു​ന്നു: “പിറ്റേ​ത്തവണ ഞങ്ങൾ, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം എന്ത്‌?” എന്ന 1-ാം അധ്യാ​യ​വും അതിന്റെ അനുബ​ന്ധ​വും പഠിച്ചു. ചില ബൈബി​ളു​ക​ളിൽ ദൈവ​നാ​മം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്ന​തി​ന്റെ കാരണം വ്യക്തമാ​ക്കു​ന്ന​താണ്‌ ആ അനുബന്ധം. പരിഭാ​ഷകർ ‘യഹോവ’യ്‌ക്കു പകരം ‘കർത്താവ്‌’ ആണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ തന്റെ സ്വന്തം ബൈബി​ളി​ന്റെ ആമുഖ​ത്തിൽ വായി​ച്ച​പ്പോൾ ആ സ്‌ത്രീ​ക്കു ദേഷ്യം​വന്നു. കാരണം ആ ബൈബിൾ നല്ല പരിഭാ​ഷ​യാ​ണെ​ന്നാണ്‌ അവരെ പറഞ്ഞു വിശ്വ​സി​പ്പി​ച്ചി​രു​ന്നത്‌. ക്രിസ്‌തീയ യോഗ​ങ്ങൾക്കു വരാൻ ആ സ്‌ത്രീ ആഗ്രഹം പ്രകടി​പ്പി​ച്ചി​രി​ക്കു​ക​യാണ്‌.

ബെൽജിയം

യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റി​ച്ചു മുൻവി​ധി​യുള്ള ഒരു ആഫ്രിക്കൻ സ്‌ത്രീ​യെ ഇങ്‌ഗ്രിറ്റ്‌ എന്നൊരു സഹോ​ദരി കണ്ടുമു​ട്ടാ​നി​ട​യാ​യി. സഹോ​ദരി, ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ദയാപു​ര​സ്സരം പരിച​യ​പ്പെ​ടു​ത്തി​യ​പ്പോൾ അവരുടെ മനോ​ഭാ​വ​ത്തി​നു മയംവന്നു. കാരണം, ദൈവ​വ​ചനം മനസ്സി​ലാ​ക്ക​ണ​മെന്ന്‌ വളരെ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു അവർക്ക്‌. അവർ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതിച്ചു, അധ്യയ​ന​സ​മ​യത്ത്‌ എല്ലാ തിരു​വെ​ഴു​ത്തും വായി​ക്ക​ണ​മെന്ന നിബന്ധ​ന​യി​ലാ​യി​രു​ന്നെന്നു മാത്രം. ഈ സ്‌ത്രീ ഇപ്പോൾ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും ഇടയ്‌ക്കി​ടെ ഉത്തരങ്ങൾ പറയു​ക​യും ചെയ്യു​ന്നുണ്ട്‌. ഒരു രാജ്യ​പ്ര​സാ​ധിക ആയിത്തീ​ര​ണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം.

ബ്രസീൽ

കൗമാ​ര​പ്രാ​യ​ത്തിൽ പൗലൂ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ചി​രു​ന്നു. എന്നാൽ അവന്‌ 16 വയസ്സു​ള്ള​പ്പോൾ അവരുടെ കുടും​ബം തകർന്നു. അമ്മയെ നോക്കാൻവേണ്ടി പൗലൂ സാമ്പ നൃത്തസം​ഘ​ത്തോ​ടൊ​പ്പം ചേർന്നു. താമസി​യാ​തെ​തന്നെ അവൻ അധാർമി​ക​ത​യി​ലേർപ്പെ​ടു​ക​യും മുഴു​ക്കു​ടി​യി​ലേക്കു തിരി​യു​ക​യും ചെയ്‌തു. എങ്കിലും ചില ബൈബിൾ സത്യങ്ങൾ അവന്റെ മനസ്സിൽ അപ്പോ​ഴും ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു വൂഡൂ കേന്ദ്ര​ത്തിൽ സംഗീ​ത​പ​രി​പാ​ടി അവതരി​പ്പി​ക്കേ​ണ്ടി​വന്ന അവനെ മനസ്സാക്ഷി കുത്തി​നോ​വി​ച്ചു. കാരണം, വൂഡൂ​വിന്‌ ഭൂതങ്ങ​ളു​മാ​യി ബന്ധമു​ണ്ടെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. തന്റെ ജീവിതം എത്ര നിരർഥ​ക​മാ​ണെന്ന്‌ അവൻ തിരി​ച്ച​റി​യാ​നും തുടങ്ങി. അങ്ങനെ​യി​രി​ക്കെ 2005-ൽ ഒരു യുവസ​ഹോ​ദരൻ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം പരിച​യ​പ്പെ​ടു​ത്തി​യ​പ്പോൾ, പൗലൂ​യ്‌ക്ക്‌ വീണ്ടും താത്‌പ​ര്യം തോന്നു​ക​യും പഠിക്കാൻ ആരംഭി​ക്കു​ക​യും ചെയ്‌തു. വൈകാ​തെ​തന്നെ അവൻ ആ നൃത്തസം​ഘ​ത്തിൽനി​ന്നു പോന്നു. ഇപ്പോൾ ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നുണ്ട്‌.

ബ്രിട്ടൻ

വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ ആയിരി​ക്കെ മെർലിൻ എന്നു പേരുള്ള സഹോ​ദരി മെലനി എന്ന ചെറു​പ്പ​ക്കാ​രി​യായ ഒരമ്മയെ കണ്ടുമു​ട്ടി. അവർക്കു ബൈബി​ളിൽ താത്‌പ​ര്യ​മു​ണ്ടാ​യി​രു​ന്നു. മെർലിൻ അവർക്ക്‌ ഒരു ലഘുലേഖ കൊടു​ത്തിട്ട്‌ മടങ്ങി​ച്ചെ​ല്ലാ​മെന്നു പറഞ്ഞു. പലതവണ ശ്രമി​ച്ച​തി​നു​ശേ​ഷ​മാണ്‌ അവരെ വീണ്ടു​മൊ​ന്നു കണ്ടുകി​ട്ടി​യത്‌. മെർലിൻ പറയുന്നു: “നേരിട്ട്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ലേക്കു കടക്കാ​നാ​ണു ഞാൻ തീരു​മാ​നി​ച്ചത്‌. അത്‌ പുരോ​ഗ​മ​നാ​ത്മ​ക​മായ ഒരു ബൈബി​ള​ധ്യ​യ​ന​ത്തിൽ കലാശി​ച്ചു. ക്രിസ്‌തു​മ​സ്സിന്‌ ഏതാനും ദിവസം മുമ്പ്‌, ഇത്‌ എന്റെ അവസാ​നത്തെ ക്രിസ്‌തു​മസ്സ്‌ ട്രീയാ​യി​രി​ക്കു​മെന്ന്‌ അവർ പറഞ്ഞ​പ്പോൾ ഞാൻ അതിശ​യി​ച്ചു​പോ​യി. അധ്യയ​ന​ത്തി​നു മുമ്പേ​തന്നെ പുസ്‌തകം വായി​ച്ചി​രുന്ന അവർ ക്രിസ്‌തു​മ​സ്സി​നെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കി​യി​രു​ന്നു.”

കൊളംബിയ

ഒരു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ന്ന​തി​നാ​യി കോൺസ്യൂ​ലോ അവധി​യെ​ടു​ത്തു. അവൾ അവധി​ക​ഴിഞ്ഞ്‌ ജോലി​യിൽ പ്രവേ​ശി​ച്ച​പ്പോൾ, സൂപ്പർ​വൈസർ കൺ​വെൻ​ഷ​നെ​ക്കു​റി​ച്ചു ചോദി​ച്ചു, തുടർന്ന്‌ രസകര​മാ​യൊ​രു ചർച്ച നടന്നു. കോൺസ്യൂ​ലോ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം കാണി​ച്ച​പ്പോൾ, അതൊന്നു വായി​ക്കാൻ തരാമോ എന്നായി അവർ. രണ്ടു ദിവസം കഴിഞ്ഞ്‌ അവർ അതു തിരികെ നൽകി. വായി​ക്കാൻ പറ്റിയ നല്ലൊരു പുസ്‌ത​ക​മാണ്‌ അതെന്നും പറഞ്ഞു. “ഇതു വായി​ക്കാൻ മാത്രമല്ല പഠിക്കാ​നും ഉള്ളതാണ്‌” എന്നു പറഞ്ഞിട്ട്‌ കോൺസ്യൂ​ലോ, പഠിക്കുന്ന വിധം അവരെ കാണി​ച്ചു​കൊ​ടു​ത്തു. “എനിക്ക്‌ ഈ പുസ്‌തകം പഠിക്കാ​നാ​കു​മെ​ന്നാ​ണോ നീ ഉദ്ദേശി​ക്കു​ന്നത്‌?” സൂപ്പർ​വൈസർ കോൺസ്യൂ​ലോ​യോ​ടു ചോദി​ച്ചു. അവർക്ക്‌ ഒരു അധ്യയനം ക്രമീ​ക​രി​ച്ചു. തുടർന്ന്‌ ആ സ്‌ത്രീ കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. ഇപ്പോൾ ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നു, ഒപ്പം മകനും വല്യമ്മ​യും ചില​പ്പോ​ഴൊ​ക്കെ വരാറുണ്ട്‌.

ഗയാന

ജോസഫ്‌ ഒരു സാധാരണ പയനി​യ​റാണ്‌. തലസ്ഥാ​ന​മായ ജോർജ്‌ടൗ​ണിൽവെച്ച്‌ വർഷങ്ങൾക്കു​മുമ്പ്‌ സാക്ഷി​കളെ കണ്ടുമു​ട്ടി​യി​ട്ടുള്ള ഒരു വ്യക്തി​യു​മാ​യി അദ്ദേഹം ഒരു അധ്യയനം ആരംഭി​ച്ചു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​മാണ്‌ അതിന്‌ ഉപയോ​ഗി​ച്ചത്‌. ജോസഫ്‌ ആദ്യത്തെ അധ്യയ​ന​ത്തി​നാ​യി ചെല്ലു​മ്പോൾ ആ വ്യക്തി​യും അദ്ദേഹ​ത്തി​ന്റെ മുതിർന്ന രണ്ടു പുത്ര​ന്മാ​രും അവരുടെ ഭാര്യ​മാ​രും കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അവരും ഈ പുസ്‌ത​ക​ത്തി​ന്റെ പ്രതികൾ സ്വീക​രി​ച്ചു. പിറ്റേ​യാഴ്‌ച ചെന്ന​പ്പോൾ, തന്റെ പുസ്‌തകം പ്രദേ​ശത്തെ ഒരു സ്‌കൂ​ള​ധ്യാ​പകൻ കൊണ്ടു​പോ​യി വായി​ച്ചെന്ന്‌ ആ പിതാവ്‌ പറഞ്ഞു. “ഇതിൽ സത്യമുണ്ട്‌,” ആ അധ്യാ​പകൻ പറഞ്ഞു. അദ്ദേഹ​വും അധ്യയ​ന​ത്തിന്‌ ഇരുന്നു. ഇതിനി​ടെ, അധ്യയ​ന​ത്തെ​ക്കു​റി​ച്ചു കേട്ട ഒരു അയൽവാ​സി, താനും അതിൽ പങ്കെടു​ത്തോ​ട്ടെ എന്നു ചോദി​ച്ചു. ഏതാണ്ട്‌ ആ സമയത്ത്‌ ജോസഫ്‌ എല്ലാവ​രെ​യും സ്‌മാ​ര​ക​ത്തി​നു ക്ഷണിച്ചു. സുഖമി​ല്ലാ​ഞ്ഞ​തി​നാൽ ആദ്യം പഠിച്ചു​തു​ട​ങ്ങിയ വ്യക്തിക്ക്‌ വരാനാ​യി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ കുടും​ബാം​ഗ​ങ്ങ​ളും കൂടാതെ അധ്യാ​പ​ക​നും കുടും​ബ​വും അതിനു ഹാജരാ​യി. എല്ലാവ​രും ഇപ്പോൾ നല്ല രീതി​യിൽ പുരോ​ഗ​മി​ച്ചു​വ​രു​ന്നു.

പോളണ്ട്‌

തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കെ ലൂറ്റ്‌സ്യാൻ 50 വയസ്സുള്ള യാനിനെ കണ്ടുമു​ട്ടി. സ്‌കൂ​ളിൽവെച്ച്‌ സുഹൃ​ത്തു​ക്ക​ളാ​യി​രുന്ന ഇവർ വർഷങ്ങൾക്കു​ശേഷം തമ്മിൽ കാണു​ക​യാ​യി​രു​ന്നു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ലേത്‌ ഉൾപ്പെ​ടെ​യുള്ള ആശയങ്ങൾ ചർച്ച​ചെ​യ്യവേ, തന്റെ ഭാര്യ മരിച്ചു​പോ​യെ​ന്നും താൻ ഇപ്പോൾ പുകവ​ലി​യി​ലേ​ക്കും മദ്യത്തി​ലേ​ക്കും തിരി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും യാൻ പറഞ്ഞു. ലൂറ്റ്‌സ്യാൻ പറയുന്നു: “ഏതാനും ദിവസം കഴിഞ്ഞ്‌ ഞാനും ഒരു സുഹൃ​ത്തും അദ്ദേഹത്തെ സന്ദർശി​ച്ചു. അദ്ദേഹം ഞങ്ങളെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹം ആവശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌ ഞങ്ങൾ ഉടൻതന്നെ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം പഠിക്കാൻ തുടങ്ങി.” സത്യം അദ്ദേഹ​ത്തി​ന്റെ ഉള്ളി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലു​ന്നുണ്ട്‌, മോശ​മായ ശീലങ്ങ​ളും സംസാ​ര​വും നിയ​ന്ത്രി​ക്കാൻ അദ്ദേഹം ഇപ്പോൾ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

സ്‌പെയിൻ

ഒരു വിഷാ​ദ​രോ​ഗി​യോട്‌ ബൈബിൾ പഠിക്കാൻ ഒരു ഡോക്ടർ ആവശ്യ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌? ഒരു ആശുപ​ത്രി ഏകോപന സമിതി​യി​ലെ രണ്ടു പേർ ഈ ഡോക്ടറെ സന്ദർശിച്ച്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം കൊടു​ത്തി​രു​ന്നു. ഗുരു​ത​ര​മായ രോഗ​ങ്ങൾക്ക്‌ അടിമ​ക​ളാ​യി​രു​ന്ന​തി​നാൽ അദ്ദേഹ​വും അദ്ദേഹ​ത്തി​ന്റെ ചികി​ത്സ​യി​ലാ​യി​രുന്ന ഒരു സ്‌ത്രീ​യും വിഷാ​ദ​ത്തി​ന്റെ പിടി​യി​ലാ​യി​രു​ന്നു. ഈ പുസ്‌ത​ക​ത്തിൽ മതിപ്പു​തോ​ന്നിയ അദ്ദേഹം അത്‌ തന്റെ രോഗി​യെ കാണിച്ചു. മാത്രമല്ല സാക്ഷി​ക​ളു​ടെ സഹായ​ത്താൽ ഇതു പഠിച്ചാൽ ഭാവി സംബന്ധിച്ച്‌ ശുഭാ​പ്‌തി​വി​ശ്വാ​സം ഉണ്ടായി​രി​ക്കാ​നാ​കു​മെന്ന്‌ അവർക്ക്‌ ഉറപ്പു കൊടു​ക്കു​ക​യും ചെയ്‌തു. ഏതാനും ദിവസ​ത്തി​നു​ള്ളിൽ, തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെ​ട്ടി​രുന്ന ഒരു പയനിയർ സഹോ​ദരി ആ സ്‌ത്രീ​യെ കണ്ടുമു​ട്ടി, അവർ ഒരു അധ്യയ​ന​ത്തി​നു സമ്മതിച്ചു. ആ ഡോക്ട​റും പഠിക്കാൻ ആരംഭി​ച്ചു. ഇപ്പോൾ അദ്ദേഹം ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നുണ്ട്‌.

സാംബിയ

ഗോല്യാത്ത്‌ ഒരു ഗ്രാമ​ത്ത​ല​വ​നാണ്‌. രണ്ടു ഭാര്യ​മാ​രും പത്തു മക്കളു​മുണ്ട്‌. ഇദ്ദേഹ​വും കുടും​ബാം​ഗ​ങ്ങ​ളും ആത്മീയ​മാ​യി വളരെനല്ല പുരോ​ഗ​തി​യാ​ണു വരുത്തി​യി​രി​ക്കു​ന്നത്‌. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം വായി​ച്ചു​ക​ഴി​ഞ്ഞ​യു​ടൻ ഗോല്യാത്ത്‌ മാറ്റങ്ങൾ വരുത്താൻ തുടങ്ങി. 2006 ജനുവരി മുതൽ അദ്ദേഹ​വും കുടും​ബ​വും ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നുണ്ട്‌. ഫെബ്രു​വ​രി​യിൽ അദ്ദേഹം രണ്ടാം ഭാര്യയെ പറഞ്ഞയ​ച്ചിട്ട്‌ ഒന്നാം ഭാര്യ​യു​മാ​യുള്ള വിവാഹം നിയമ​പ​ര​മാ​ക്കി. (മത്താ. 19:4-6; 1 തിമൊ. 3:2) മാർച്ചിൽ അദ്ദേഹം ഗ്രാമ​ത്ത​ലവൻ എന്ന സ്ഥാനം രാജി​വെച്ചു. ഏപ്രി​ലിൽ അദ്ദേഹ​വും ഭാര്യ എസ്ഥേറും സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രാ​യി. യഹോ​വയെ സേവി​ക്കു​ക​യെന്ന അവരുടെ തീരു​മാ​നം ഭൂതങ്ങളെ ചൊടി​പ്പി​ച്ചി​രി​ക്കണം. അവർ എസ്ഥേറി​നെ ഉപദ്ര​വി​ക്കാൻ തുടങ്ങി. എങ്കിലും യാക്കോബ്‌ 4:7-നോടുള്ള ചേർച്ച​യിൽ അവർ ഭൂതങ്ങ​ളോട്‌ എതിർത്തു​നി​ന്നു. ഫലമോ? “ഭൂതങ്ങൾ ഇപ്പോൾ ഞങ്ങളെ വിട്ടു​പോ​യി​രി​ക്കു​ന്നു,” എസ്ഥേർ പറയുന്നു.

മറ്റു ഭാഷക്കാ​രോ​ടു സാക്ഷീ​ക​രി​ക്കാ​നുള്ള ശ്രമങ്ങൾ

പല രാജ്യ​ങ്ങ​ളി​ലേ​ക്കും മറ്റു ഭാഷക്കാർ കൂട്ട​ത്തോ​ടെ കുടി​യേ​റു​ന്നുണ്ട്‌. അവരിൽ മിക്കവ​രും വന്നിരി​ക്കു​ന്നത്‌ പ്രസം​ഗ​വേല സ്വത​ന്ത്ര​മാ​യി ചെയ്യാൻ കഴിയാത്ത സ്ഥലങ്ങളിൽനി​ന്നാണ്‌. അതിനാൽ ‘വലി​യൊ​രു വാതി​ലാണ്‌ തുറന്നി​രി​ക്കു​ന്നത്‌.’ മറ്റൊരു ഭാഷ പഠിച്ചു​കൊണ്ട്‌ അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ആ വാതി​ലി​ലൂ​ടെ പ്രവേ​ശി​ക്കു​ന്നു. (1 കൊരി. 16:9) അതിനു പുറമേ, ചില രാജ്യ​ങ്ങ​ളിൽ ഗണ്യമായ അളവിൽ തദ്ദേശീ​യ​രായ ന്യൂന​ഭാ​ഷാ കൂട്ടങ്ങ​ളും ഉണ്ട്‌. രാജ്യ​പ്ര​സാ​ധകർ ഈ ഭാഷക​ളും പഠിക്കു​ന്നുണ്ട്‌. സമൃദ്ധ​മായ ഫലങ്ങളാണ്‌ അവർക്കു ലഭിക്കു​ന്നത്‌.

അത്തരം പ്രദേ​ശ​ങ്ങ​ളി​ലെ വേലയു​ടെ ഉന്നമനാർഥം പല ബ്രാഞ്ചു​ക​ളും ഭാഷാ​ക്ലാ​സ്സു​കൾ സംഘടി​പ്പി​ച്ചി​ട്ടുണ്ട്‌. പഠനത്തിന്‌ ആക്കംകൂ​ട്ടാൻ ഉദ്ദേശി​ച്ചു​ള്ള​താ​ക​യാൽ, ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രുന്ന യഥാർഥ സാഹച​ര്യ​ങ്ങളെ കേന്ദ്രീ​ക​രി​ച്ചാണ്‌ മിക്ക പാഠങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. “ഭാഷയിൽ പൂർണ​മാ​യി മുഴു​കാൻ ഈ കോഴ്‌സ്‌ നിങ്ങളെ സഹായി​ക്കും” എന്ന്‌ അൽബേ​നി​യൻ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഇലൈസ പറയുന്നു.

ബെൽജിയം

പത്തു ഭാഷക​ളി​ലാ​യി നടത്തപ്പെട്ട 17 ക്ലാസ്സു​ക​ളിൽ 300-ലധികം പ്രസാ​ധകർ സംബന്ധി​ച്ചു​വെ​ന്നും വിദ്യാർഥി​കൾ 9 മുതൽ 71 വരെ പ്രായ​മു​ള്ള​വ​രാ​യി​രു​ന്നു​വെ​ന്നും ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു. “ഞാൻ ടർക്കിഷ്‌ ഭാഷ വശമാ​ക്കു​ക​യും ആളുകളെ സ്‌നേ​ഹി​ക്കുന്ന കാര്യ​ത്തിൽ ഏറെ മെച്ച​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ ഇനോറാ പറയുന്നു. ആനിലിസ്‌ ചൈനീസ്‌ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അവരു​മാ​യി നാഷണൽ ടെലി​വി​ഷൻ നെറ്റ്‌വർക്കി​ലെ ഒരു റിപ്പോർട്ടർ അഭിമു​ഖം നടത്തി. ജീവി​ത​ത്തിൽ പുതിയ കാര്യങ്ങൾ എന്തെങ്കി​ലും ചെയ്യുന്ന ഒരാ​ളെ​ക്കു​റി​ച്ചുള്ള ഒരു പരിപാ​ടി സം​പ്രേ​ക്ഷണം ചെയ്യാ​നാണ്‌ അദ്ദേഹം ആഗ്രഹി​ച്ചത്‌. താൻ ചൈനീസ്‌ പഠിക്കു​ന്ന​തി​ന്റെ കാരണം ആനിലിസ്‌ വ്യക്തമാ​ക്കി. ഒരു വർഷം കഴിഞ്ഞ്‌ ആ റിപ്പോർട്ടർ തിരി​ച്ചു​വ​ന്ന​പ്പോൾ, ശുശ്രൂ​ഷ​യിൽ തനിക്കു ലഭിച്ചി​രി​ക്കുന്ന നല്ല ഫലങ്ങ​ളെ​ക്കു​റിച്ച്‌ ആനിലിസ്‌ അദ്ദേഹ​ത്തോ​ടു വിശദീ​ക​രി​ച്ചു. റിപ്പോർട്ടർക്ക്‌ അതിൽ മതിപ്പു​തോ​ന്നി​യി​രി​ക്കണം; കാരണം നാഷണൽ ചാനലിൽ, ഏറ്റവു​മ​ധി​കം ആളുകൾ ടിവി കാണുന്ന സമയത്ത്‌ പ്രസ്‌തുത പരിപാ​ടി സം​പ്രേ​ക്ഷണം ചെയ്യു​ക​യു​ണ്ടാ​യി. അതിൽ, ആനിലി​സു​മാ​യുള്ള ഒരു അഭിമു​ഖ​വും അവർ ബസ്റ്റോ​പ്പിൽവെച്ച്‌ ചൈനീസ്‌ ഭാഷയിൽ സാക്ഷീ​ക​രി​ക്കുന്ന ഒരു രംഗവും ഉൾപ്പെ​ടു​ത്തി​യി​രു​ന്നു.

നെതർലൻഡ്‌സ്‌

“വിദേ​ശ​ഭാ​ഷാ വയലിന്‌ കൂടുതൽ വേലക്കാ​രെ ലഭിച്ചു​വെ​ന്നതു മാത്രമല്ല ഈ ഭാഷാ​കോ​ഴ്‌സി​ന്റെ പ്രയോ​ജനം. സഭയിൽ നേതൃ​ത്വ​മെ​ടു​ക്കാ​നും ഇതു സഹോ​ദ​ര​ന്മാ​രെ സഹായി​ച്ചി​ട്ടുണ്ട്‌” എന്ന്‌ ബ്രാഞ്ച്‌ എഴുതു​ന്നു. നെതർലൻഡ്‌സി​ലെ താരത​മ്യേന പുതു​തായ റൊ​മേ​നി​യൻ വയലിൽ അടിയ​ന്തി​ര​മായ ഒരു ആവശ്യ​മു​ണ്ടാ​യി​രു​ന്നു. യോഗങ്ങൾ ഇടയ്‌ക്കി​ടെ നടത്താ​നുള്ള ക്രമീ​ക​രണം ബ്രാഞ്ച്‌ ചെയ്‌തി​രു​ന്നെ​ങ്കി​ലും നേതൃ​ത്വ​മെ​ടു​ക്കാൻ ഒരു സഹോ​ദരൻ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ, അദ്ദേഹ​ത്തി​ന്റെ ആരോ​ഗ്യ​നി​ല​യാ​ണെ​ങ്കിൽ വളരെ മോശ​വു​മാ​യി​രു​ന്നു. എന്നാൽ ഭാഷാ​കോ​ഴ്‌സി​ന്റെ സഹായ​ത്താൽ യോഗ്യ​രായ മറ്റു സഹോ​ദ​ര​ന്മാർക്ക്‌ നേതൃ​ത്വ​മെ​ടു​ക്കാൻ കഴിഞ്ഞി​രി​ക്കു​ന്നു. ഒരു സഹോ​ദരൻ പ്രതി​വാര പുസ്‌ത​കാ​ധ്യ​യ​ന​വും മറ്റൊരു സഹോ​ദരൻ വീക്ഷാ​ഗോ​പുര അധ്യയ​ന​വും നടത്തു​ന്നുണ്ട്‌. ഇനിയും മൂന്നാ​മ​തൊ​രാൾ ഡച്ച്‌ ഭാഷയിൽ നടക്കുന്ന പ്രസം​ഗ​ങ്ങ​ളു​ടെ പരിഭാ​ഷ​ക​നാണ്‌.

സ്‌പെയിൻ

2003 മുതൽ ബ്രാഞ്ച്‌ പത്തു ഭാഷക​ളി​ലാ​യി 48 ക്ലാസ്സുകൾ നടത്തു​ക​യു​ണ്ടാ​യി. അതിന്റെ ഫലമായി ബൈബി​ള​ധ്യ​യ​ന​ങ്ങ​ളു​ടെ എണ്ണത്തിൽ ഒരു വൻ കുതിപ്പ്‌ അനുഭ​വ​പ്പെട്ടു, ഏകദേശം 50,000. ഹ്വാൻ പാസ്‌, മാരി പാസ്‌ എന്ന പ്രത്യേക പയനിയർ ദമ്പതി​മാ​രെ റൊ​മേ​നി​യ​ക്കാ​രായ ഒരു കുടും​ബം വീട്ടി​ലേക്കു ക്ഷണിച്ചു. പയനി​യർമാർ പറയു​ന്നത്‌ കേൾക്കാ​നാ​യി ഉടൻതന്നെ 16 പേർ കൂടി​വന്നു. അതിൽ, അതീവ​ശ്ര​ദ്ധ​യോ​ടെ കേട്ട മാരി​യോ എന്ന 19-കാരനും ഉണ്ടായി​രു​ന്നു. അവനു സ്‌പാ​നീ​ഷും പയനി​യർമാർക്ക്‌ റൊ​മേ​നി​യ​നും അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവൻ തന്റെ ഭാഷയി​ലുള്ള ആവശ്യം ലഘുപ​ത്രിക സ്വീക​രി​ച്ചു. പിറ്റേ ആഴ്‌ച മാരി​യോ ഒരു ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെ​ടു​ക​യും ഒരു പ്രത്യേക സമ്മേളന ദിനത്തി​നു ഹാജരാ​കു​ക​യും ചെയ്‌തു, കാര്യ​മാ​യൊ​ന്നും മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും. ഏതാനും ആഴ്‌ച​യ്‌ക്കു​ള്ളിൽ, അവൻ സഭാ​യോ​ഗ​ങ്ങൾക്കു ക്രമമാ​യി വരാനും സ്‌പാ​നീ​ഷിൽ ചെറി​യ​ചെ​റിയ ഉത്തരങ്ങൾ പറയാ​നും തുടങ്ങി. തുടർന്ന്‌ വസ്‌ത്ര​ധാ​ര​ണ​ത്തി​ലും മറ്റും മാറ്റങ്ങൾ വരുത്തിയ അവൻ തന്റെ പുതിയ പ്രത്യാശ മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കാ​നും ആരംഭി​ച്ചു. ഇപ്പോൾ ഒരു റൊ​മേ​നി​യൻ ദമ്പതി​കൾക്ക്‌ അവൻ അധ്യയനം നടത്തു​ന്നുണ്ട്‌. അവർ നന്നായി പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

ഇതിനി​ട​യിൽ റൊ​മേ​നി​യൻ പഠനം ആരംഭിച്ച ഹ്വാനും മാരി​ക്കും താമസി​യാ​തെ​തന്നെ ആ ഭാഷയിൽ 30 അധ്യയ​നങ്ങൾ ആരംഭി​ക്കാ​നാ​യി! ഹ്വാൻ റൊ​മേ​നി​യ​നിൽ ഒരു പുസ്‌ത​കാ​ധ്യ​യ​ന​വും നടത്തു​ന്നുണ്ട്‌. അധ്യയ​ന​ത്തി​നു ശേഷം നടത്തുന്ന റൊ​മേ​നി​യൻ ഭാഷാ​ക്ലാ​സ്സിൽ പത്തു പ്രസാ​ധകർ സംബന്ധി​ക്കു​ന്നുണ്ട്‌. അധ്യാ​പകൻ ആരാ​ണെ​ന്നോ? ആദ്യത്തെ ബൈബിൾ വിദ്യാർഥി​യായ മാരി​യോ!

ഐക്യനാടുകൾ

അഞ്ചു​കോ​ടി​യി​ല​ധി​കം ആളുകൾ ഇംഗ്ലീഷ്‌ അല്ലാത്ത ഒരു ഭാഷയാണ്‌ വീട്ടിൽ ഉപയോ​ഗി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലെ 2,54,000-ത്തോളം പ്രസാ​ധകർ 3,052 സ്‌പാ​നീഷ്‌ സഭകളി​ലും 53 കൂട്ടങ്ങ​ളി​ലു​മാണ്‌ ഉള്ളത്‌. വേറെ 26,000 പ്രസാ​ധകർ സ്‌പാ​നീഷ്‌ അല്ലാത്ത 690 ഇതരഭാ​ഷാ സഭക​ളോ​ടും കൂട്ടങ്ങ​ളോ​ടും ഒപ്പമാണ്‌ സഹവസി​ക്കു​ന്നത്‌. വൈവി​ധ്യ​മാർന്ന ഈ വലിയ പ്രദേ​ശത്തെ വേല സുഗമ​മാ​ക്കാ​നാ​യി ബ്രാഞ്ച്‌ 29 ഭാഷക​ളി​ലാ​യി 450-ലധികം ക്ലാസ്സുകൾ നടത്തി​യി​രി​ക്കു​ന്നു. “കഴിഞ്ഞ രണ്ടു വർഷത്തി​നു​ള്ളിൽ ഞങ്ങളുടെ സർക്കി​ട്ടിൽ നാലു പുതിയ സഭകളാണ്‌ ഉണ്ടായത്‌. അതിൽ മൂന്നെണ്ണം ഫ്രഞ്ച്‌ ഭാഷാ​ക്ലാ​സ്സു​ക​ളു​ടെ നേരി​ട്ടുള്ള ഫലമാണ്‌,” ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ റിപ്പോർട്ടു ചെയ്യുന്നു.

സ്‌പാ​നീഷ്‌ പഠിച്ച ഒരു സഹോ​ദ​രന്റെ വാക്കുകൾ ശ്രദ്ധി​ക്കുക: “ഞങ്ങളുടെ സ്വപ്‌ന സാക്ഷാ​ത്‌കാ​ര​മാ​ണിത്‌. മിഷന​റി​മാ​രാ​കാൻ ഞാനും ഭാര്യ​യും വർഷങ്ങ​ളാ​യി ആഗ്രഹി​ച്ചി​രു​ന്നു. പക്ഷേ രണ്ടു കുട്ടി​ക​ളു​ണ്ടാ​യി​രു​ന്ന​തി​നാൽ അതിനു സാധി​ച്ചില്ല. ഇപ്പോൾ കുട്ടികൾ വലുതാ​യി, മാത്രമല്ല ഞാൻ ജോലി​യിൽനി​ന്നു വിരമി​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ മൂന്നു മാസം മുമ്പ്‌ ഞാനും ഭാര്യ​യും ഒരു സ്‌പാ​നീഷ്‌ സഭയി​ലേക്കു മാറി. ഇതി​നോ​ടകം ഞങ്ങൾക്ക്‌ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ നിയമ​നങ്ങൾ ലഭിച്ചു. ഞങ്ങൾക്ക്‌ നിരവധി മടക്കസ​ന്ദർശ​ന​ങ്ങ​ളും അഞ്ചു ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും ഉണ്ട്‌. ഭാഷാ​പ​ഠ​ന​ത്തിന്‌ പ്രായം ഒരു തടസ്സമല്ല എന്ന്‌ 67-ഉം 64-ഉം വയസ്സുള്ള ഞങ്ങൾ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.”

നിങ്ങളു​ടെ പ്രദേ​ശത്ത്‌ അധിക​മാ​രും ശിഷ്യ​രാ​യി​ത്തീ​രു​ന്നി​ല്ലെ​ങ്കിൽ, സാഹച​ര്യം അനുവ​ദി​ക്കു​ന്ന​പക്ഷം വിദേ​ശ​ഭാ​ഷ​യോ തദ്ദേശീ​യ​മായ മറ്റൊരു ഭാഷയോ ഉപയോ​ഗി​ക്കുന്ന പ്രദേ​ശ​ത്തേക്കു മാറാ​നുള്ള ലക്ഷ്യത്തിൽ വേറൊ​രു ഭാഷ പഠിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പ്രാർഥ​നാ​പൂർവം ചിന്തി​ക്ക​രു​തോ? അത്തര​മൊ​രു മാറ്റം വളരെ ഫലപ്ര​ദ​മാ​യി​രു​ന്നേ​ക്കു​മെന്നു മാത്രമല്ല അതു നിങ്ങളു​ടെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഒരു പുത്തൻ ഉണർവ്‌ നൽകു​ക​യും ചെയ്യും.

ജർമനി

ഈ രാജ്യത്ത്‌ ഭാഷാ​കോ​ഴ്‌സു​കൾ തുടങ്ങി​യിട്ട്‌ 30-ലധികം വർഷം പിന്നി​ട്ടി​രി​ക്കു​ന്നു. അൽബേ​നി​യൻ മുതൽ വിയറ്റ്‌നാ​മീസ്‌ വരെയുള്ള, ഒമ്പതു ഭാഷക​ളിൽ ഇതുവരെ 1,000-ത്തിലധി​കം വിദ്യാർഥി​ക​ളാണ്‌ പരിശീ​ലനം നേടി​യത്‌. “ഞാൻ പഠിച്ച സർവക​ലാ​ശാ​ലാ കോഴ്‌സി​നെ​ക്കാൾ പതിന്മ​ടങ്ങ്‌ മെച്ചമാ​ണിത്‌,” ഒരു സഹോ​ദരി പറയുന്നു. മറ്റു രാജ്യ​ക്കാർ ചിന്തി​ക്കുന്ന വിധം​കൂ​ടെ വിദ്യാർഥി​കൾ പഠിക്കു​ന്ന​തി​നാൽ, കേൾവി​ക്കാ​രെ പ്രചോ​ദി​പ്പി​ക്കും വിധം സാക്ഷീ​ക​രി​ക്കാൻ അവർ ഏറെ സജ്ജരാണ്‌.

82 വയസ്സുള്ള പൗളാ എന്ന സ്‌ത്രീ വിയറ്റ്‌നാ​മീസ്‌ ഭാഷ പഠിക്കാൻ തുടങ്ങി. യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാ​നാ​യി അവർ 150 കിലോ​മീ​റ്റ​റോ​ളം യാത്ര ചെയ്യു​ന്നുണ്ട്‌. “ഭാഷാ​പ​ര​മാ​യി എനിക്കു വലിയ കഴി​വൊ​ന്നു​മില്ല. എങ്കിലും ഇത്രയ​ധി​കം സന്തോഷം അനുഭ​വി​ക്കാൻ കഴിഞ്ഞ​തിൽ എനിക്കു യഹോ​വ​യോ​ടു നന്ദിയുണ്ട്‌,” അവർ പറയുന്നു. പൗളാ ഒരു വിയറ്റ്‌നാ​മീസ്‌ കുടും​ബ​ത്തിന്‌ അധ്യയ​ന​മെ​ടു​ത്തു. സത്യ​ത്തോട്‌ ഭർത്താവ്‌ ആദ്യം താത്‌പ​ര്യം കാണിച്ചു, പിന്നെ ഭാര്യ​യും. രണ്ടു​പേ​രും ഇപ്പോൾ സ്‌നാ​പ​ന​മേ​റ്റി​രി​ക്കു​ന്നു.

സ്‌നാ​പ​ന​ത്തെ തുടർന്ന്‌, മാതൃ​രാ​ജ്യത്ത്‌ യഹോ​വയെ സേവി​ക്ക​ണ​മെന്ന ഈ ദമ്പതി​ക​ളു​ടെ​യും അവരുടെ മകളു​ടെ​യും ആഗ്രഹം ഒരു യാഥാർഥ്യ​മാ​യി. സഭാ​യോ​ഗങ്ങൾ നടത്താൻ പാകത്തിന്‌ അവർ ഒരു വീട്‌ പണിതു. ഭർത്താവ്‌ ഇപ്പോൾ ഒരു മൂപ്പനും സഹായ പയനി​യ​റു​മാ​യി സേവി​ക്കു​ക​യാണ്‌. ഭാര്യ ഒരു സാധാരണ പയനി​യ​റാണ്‌. പിതാവ്‌ സ്വന്തം മകളെ സ്‌നാ​പനം കഴിപ്പി​ച്ചു​വെന്ന്‌ അറിയി​ച്ചു​കൊ​ണ്ടുള്ള ഒരു കത്ത്‌ ഈ കുടും​ബ​ത്തിൽനി​ന്നു ലഭിച്ച​പ്പോൾ പൗളാ​യു​ടെ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു. പൗളാ​യ്‌ക്കുള്ള ഒരു കത്തിൽ ആ പെൺകു​ട്ടി ഇങ്ങനെ പറഞ്ഞു: “പ്രിയ ‘മുത്തശ്ശീ.’ എന്നോ​ടൊ​പ്പം ഇല്ലാത്ത​തിൽ വളരെ വിഷമ​മുണ്ട്‌. ഞാൻ എപ്പോ​ഴും മുത്തശ്ശി​യെ​ക്കു​റിച്ച്‌ ഓർക്കാ​റുണ്ട്‌. മുത്തശ്ശി എന്നും എന്റെ പ്രിയ​പ്പെട്ട മുത്തശ്ശി ആയിരി​ക്കും. മുത്തശ്ശി​യെ എനി​ക്കെ​ന്തി​ഷ്ട​മാ​ണെ​ന്നോ!” പ്രായാ​ധി​ക്യ​ത്തി​ലും ഇങ്ങനെ​യൊ​രു വെല്ലു​വി​ളി ഏറ്റെടുത്ത നമ്മുടെ ആ സഹോ​ദ​രിക്ക്‌ എത്ര സന്തോ​ഷ​ക​ര​വും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു ഇത്‌!

കാനഡ

2002 മുതൽ പത്തു നഗരങ്ങ​ളി​ലാ​യി നടത്തപ്പെട്ട 31 ഭാഷാ​ക്ലാ​സ്സു​ക​ളിൽ മൊത്തം 554 വിദ്യാർഥി​കൾ പങ്കെടു​ത്തു​ക​ഴി​ഞ്ഞു. ഒരു മൂപ്പനായ പോളി​ന്റെ കാര്യ​മെ​ടു​ക്കുക. അദ്ദേഹ​ത്തി​ന്റെ അരയ്‌ക്കു കീഴ്‌പോട്ട്‌ തളർന്നു പോയി​രി​ക്കു​ക​യാണ്‌. ഈ സഹോ​ദരൻ മാൻഡ​റിൻ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ പാർട്ട്‌-ടൈം നഴ്‌സായ ലിൻഡ ചൈന​ക്കാ​രി​യാണ്‌. അവളുടെ സഭ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ദുഷി​ച്ചു​സം​സാ​രി​ച്ചി​രു​ന്ന​തി​നാൽ രാജ്യ​സ​ന്ദേശം കേൾക്കാൻ ലിൻഡ​യ്‌ക്ക്‌ ആഗ്രഹ​മി​ല്ലാ​യി​രു​ന്നു. ഒരിക്കൽ, മാൻഡ​റിൻ ഭാഷയിൽ ഒരു പരസ്യ​പ്ര​സം​ഗം കേൾക്കാ​നാ​യി തന്നെ രാജ്യ​ഹാ​ളി​ലേക്കു കൊണ്ടു​പോ​കാൻ പോൾ അവരോട്‌ ആവശ്യ​പ്പെട്ടു. രാജ്യ​ഹാ​ളിൽ വന്നെങ്കി​ലും അവൾ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക​യോ ഏതെങ്കി​ലും കാര്യ​ത്തിൽ താത്‌പ​ര്യം കാണി​ക്കു​ക​യോ ചെയ്‌തില്ല. അതുക​ഴിഞ്ഞ്‌ അധികം നാളാ​കു​ന്ന​തി​നു മുമ്പ്‌ അവർ പോളി​നെ ഒരു പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നു കൊണ്ടു​പോ​യി. കുട്ടി​കളെ തനിച്ചു വളർത്തി​ക്കൊ​ണ്ടു​വ​രുന്ന ഈ സ്‌ത്രീ ഇത്തവണ ശ്രദ്ധിച്ചു. കാരണം, അന്നു പഠിച്ചത്‌ കുടുംബ ജീവി​ത​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. തുടർന്ന്‌ ഒരു പയനിയർ സഹോ​ദരി അവരു​മാ​യി ഒരു ബൈബി​ള​ധ്യ​യനം ക്രമീ​ക​രി​ച്ചു. ശീഘ്ര​ഗ​തി​യിൽ ആത്മീയ പുരോ​ഗതി വരുത്തിയ അവർ ഇപ്പോൾ നമ്മുടെ ഒരു സഹോ​ദ​രി​യാണ്‌.

സ്വന്തം ഭാഷ സംസാ​രി​ക്കുന്ന തദ്ദേശീ​യ​രായ നിരവ​ധി​പേർ കാനഡ​യി​ലുണ്ട്‌. ഏതാനും വർഷം മുമ്പ്‌ കാർമ എന്നൊരു പയനിയർ സഹോ​ദരി ബ്ലാക്‌ഫൂട്ട്‌ ഇന്ത്യക്കാ​ര​നായ ഒരു വ്യക്തി​യോ​ടു സാക്ഷീ​ക​രി​ച്ചു. മാതാ​പി​താ​ക്ക​ളോ​ടൊ​പ്പം ബ്ലാക്‌ഫൂട്ട്‌ റിസർവിൽ താമസി​ക്കുന്ന കാർമ ഇങ്ങനെ പറയുന്നു: “ആ മനുഷ്യ​നോട്‌ ഇംഗ്ലീ​ഷിൽ സാക്ഷീ​ക​രി​ക്കാൻ ശ്രമി​ച്ച​പ്പോൾ, അദ്ദേഹം കൂട്ടാ​ക്കി​യില്ല. നിങ്ങൾ വെള്ളക്കാ​രു​ടെ മതത്തിൽപ്പെ​ട്ട​താ​ണെ​ന്നും ബൈബിൾ വെള്ളക്കാ​രു​ടെ പുസ്‌ത​ക​മാ​ണെ​ന്നും അദ്ദേഹം എന്നോടു പറഞ്ഞു. ‘ബ്ലാക്‌ഫൂട്ട്‌ ഭാഷ​യെ​യും അവരുടെ സംസ്‌കാ​ര​ത്തെ​യും പറ്റി എനിക്കു കൂടുതൽ അറിയാ​മാ​യി​രു​ന്നെ​ങ്കിൽ, അദ്ദേഹം എന്നെ ശ്രദ്ധി​ച്ചേനെ’ എന്ന്‌ എനിക്കു തോന്നി.” കാർമ ആ ഭാഷ പഠിക്കാൻ തീരു​മാ​നി​ക്കു​ക​യും പിന്നീട്‌ ആഴ്‌ച​തോ​റും നടത്തി​യി​രുന്ന ബ്ലാക്‌ഫൂട്ട്‌ ഭാഷാ ക്ലാസ്സിൽ സംബന്ധിച്ച 23 പ്രസാ​ധ​കരെ സഹായി​ക്കു​ക​യും ചെയ്‌തു.

അതിൽ ഒരു വിദ്യാർഥി ഒരു ബ്ലാക്‌ഫൂട്ട്‌ ദമ്പതി​ക​ളോ​ടു സാക്ഷീ​ക​രി​ച്ചു. ചികി​ത്സ​യി​ലാ​യി​രുന്ന അവരുടെ മകനെ കാണാൻ ആശുപ​ത്രി​യിൽ വന്നപ്പോ​ഴാ​യി​രു​ന്നു അത്‌. ഈ സഹോ​ദരി തങ്ങളുടെ ഭാഷ​യോട്‌ കാണിച്ച താത്‌പ​ര്യ​ത്തിൽ ആ ദമ്പതി​കൾക്ക്‌ വളരെ മതിപ്പു​തോ​ന്നി. അവർ സഹോ​ദ​രിക്ക്‌ അവരുടെ മേൽവി​ലാ​സം നൽകി. ഒരു വർഷം മുമ്പ്‌ താൻ കണ്ടുമു​ട്ടിയ അതേ വ്യക്തി​ത​ന്നെ​യാ​ണ​ല്ലോ ആ ഭർത്താവ്‌ എന്ന്‌ കാർമ​യ്‌ക്കു മനസ്സി​ലാ​യി! അതു​കൊണ്ട്‌ മടക്കസ​ന്ദർശ​ന​ത്തി​നാ​യി കാർമ ആ സഹോ​ദ​രി​യോ​ടൊ​പ്പം പോയി. “അവർ ശ്രദ്ധി​ച്ചെന്നു മാത്രമല്ല ബൈബിൾ പറയുന്ന കാര്യ​ങ്ങ​ളോട്‌ യോജിപ്പ്‌ പ്രകട​മാ​ക്കു​ക​യും ചെയ്‌തു. ആ സഹോ​ദരി അവർക്ക്‌ ഒരു ബൈബി​ളും ഒരു പഠന സഹായി​യും നൽകി. ഈറന​ണിഞ്ഞ കണ്ണുക​ളോ​ടെ ആ സ്‌ത്രീ രണ്ടു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും മാറോ​ടു ചേർത്തു​പി​ടി​ച്ചു. തലയാ​ട്ടി​ക്കൊണ്ട്‌ അവരുടെ ഭർത്താ​വും അതി​നോട്‌ സമ്മതം പ്രകടി​പ്പി​ച്ചു. അവർ ഇപ്പോൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌, ഭർത്താ​വും ശ്രദ്ധി​ക്കാ​റുണ്ട്‌,” കാർമ പറയുന്നു.

ഭാഷാ​ക്ലാസ്സ്‌ വിജയ​മാ​യി​രു​ന്നു. ബ്ലാക്‌ഫൂട്ട്‌ ഭാഷയിൽ 2006-ൽ നടന്ന സ്‌മാ​ര​ക​ത്തിന്‌ ബ്ലാക്‌ഫൂ​ട്ടു​കാ​രായ 34 പേർ ഹാജരാ​യെന്ന്‌ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യുന്നു.

ഇറ്റലി

18 ഭാഷക​ളി​ലാ​യി നടത്തപ്പെട്ട ക്ലാസ്സു​ക​ളിൽ ഏതാണ്ട്‌ 7,200 പ്രസാ​ധകർ സംബന്ധി​ച്ചു. ഈ വിദ്യാർഥി​ക​ളി​ലൊ​രാൾ, രാജ്യ​പ്ര​വർത്തനം നിരോ​ധി​ച്ചി​രി​ക്കുന്ന ഒരു സ്ഥലത്തു​നി​ന്നു​വന്ന സാംസണെ കണ്ടുമു​ട്ടി. 24-ാം വയസ്സിൽ, മരുഭൂ​മി കുറു​കെ​ക്ക​ടന്ന്‌ കടൽമാർഗം ഇറ്റലി​യി​ലേക്കു സഞ്ചരി​ച്ചു​കൊണ്ട്‌ സാംസൺ ഒരു യാത്ര​യ്‌ക്കു തുടക്കം​കു​റി​ച്ചു. പ്രത്യാ​ശാ​യാ​ത്ര എന്നാണ്‌ അയാൾ അതിനെ വിളി​ച്ചത്‌. തന്റെ ഭാഷ പഠിച്ചി​ട്ടുള്ള ഒരു സഹോ​ദ​രനെ ഇറ്റലി​യിൽവെച്ച്‌ ഇദ്ദേഹം കണ്ടുമു​ട്ടി. സാംസൺ വളരെ താത്‌പ​ര്യ​ത്തോ​ടെ ശ്രദ്ധി​ക്കു​ക​യും ഒരു ക്രിസ്‌തീയ യോഗ​ത്തി​നു ഹാജരാ​കു​ക​യും ചെയ്‌തു. പത്തുമാ​സത്തെ ഇടവേ​ള​യ്‌ക്കു​ശേഷം ഇരുവ​രും വീണ്ടും കണ്ടുമു​ട്ടി. തുടർന്ന്‌ നമ്മുടെ സഹോ​ദരൻ സാംസ​ണു​മാ​യി ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. അധ്യയനം നടന്നി​രു​ന്നത്‌ ഫാസ്റ്റ്‌ഫുഡ്‌ കടകളി​ലും, ഭൂഗർഭ സ്റ്റേഷനു​ക​ളി​ലും പാർക്കിങ്‌ സ്ഥലങ്ങളി​ലും വെച്ചാ​യി​രു​ന്നു. സ്‌മാ​ര​ക​ത്തി​നു ഹാജരായ സാംസൺ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി, ഒരു വർഷ​ത്തോ​ള​മാ​യി തന്റെ കൂടെ​യു​ണ്ടാ​യി​രുന്ന ഒരു സ്‌ത്രീ​യു​മാ​യുള്ള ബന്ധവും അവസാ​നി​പ്പി​ച്ചു. അദ്ദേഹം ഇപ്പോൾ നമ്മുടെ ഒരു സഹോ​ദ​ര​നാണ്‌.

നിക്കരാ​ഗ്വ

തദ്ദേശീ​യ​രായ മയോ​ങ്‌നോൻ ജനവി​ഭാ​ഗ​ത്തിന്‌ ആദ്യമാ​യി നല്ലൊരു സാക്ഷ്യം നൽകാൻ 2006-ൽ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞു. മയോ​ങ്‌നോൻമാ​രിൽ ഭൂരി​ഭാ​ഗ​വും ഒരു പ്രൊ​ട്ട​സ്റ്റന്റ്‌ വിഭാ​ഗ​മായ മൊ​റേ​വി​യൻ മതത്തിൽപ്പെ​ട്ട​വ​രാണ്‌. ഓരോ പട്ടണത്തി​ലെ​യും അനൗ​ദ്യോ​ഗിക മേയർ മിക്ക​പ്പോ​ഴും പാസ്റ്റർ ആയിരു​ന്നു. എന്നാൽ അതി​ലൊ​രു പാസ്റ്റർ തങ്ങളുടെ പാരമ്പ​രാ​ഗത രീതി പിൻപ​റ്റാൻ കൂട്ടാ​ക്കി​യില്ല. പ്രത്യേക പയനി​യർമാ​രായ ഹാമിൽട്ട​നെ​യും എബ്‌നെ​റി​നെ​യും പട്ടണത്തിൽ താമസി​ക്കാൻ അദ്ദേഹം അനുവ​ദി​ച്ചു. കൂടാതെ അവർക്കു​വേണ്ടി താമസ​സൗ​ക​ര്യം തരപ്പെ​ടു​ത്തു​ക​യും മയോ​ങ്‌നോ ഭാഷയി​ലുള്ള ഒരു സമ്പൂർണ ബൈബിൾ അവർക്കു നൽകു​ക​യും ചെയ്‌തു. ഈ സഹോ​ദ​ര​ന്മാർ ആ ഭാഷ പഠിച്ചു, താമസി​യാ​തെ​തന്നെ നിരവധി അധ്യയ​ന​ങ്ങ​ളും കിട്ടി. സർക്കിട്ട്‌ മേൽവി​ചാ​രകൻ ആദ്യമാ​യി സന്ദർശിച്ച സമയത്ത്‌ ഈ പ്രത്യേക പയനി​യർമാ​രാണ്‌ പരിഭാ​ഷ​ക​രാ​യി സേവി​ച്ചത്‌. 13 പേർ അന്നത്തെ യോഗ​ത്തി​നും 90 പേർ സ്‌മാ​ര​ക​ത്തി​നും ഹാജരാ​യി. സ്‌മാ​ര​ക​ത്തി​നു​വേണ്ടി ഈ സഹോ​ദ​ര​ന്മാർ രണ്ടു പാട്ടുകൾ മയോ​ങ്‌നോ ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. എല്ലാവ​രും അത്യു​ത്സാ​ഹ​ത്തോ​ടെ അത്‌ ആലപിച്ചു!

ആളുക​ളു​ടെ അസാധാ​ര​ണ​മായ താത്‌പ​ര്യം നിമിത്തം ആ രണ്ടു പയനി​യർമാ​രെ​യും അനിശ്ചി​ത​കാ​ല​ത്തേക്ക്‌ അവി​ടെ​ത്തന്നെ തുടരാൻ ബ്രാഞ്ച്‌ അനുവ​ദി​ച്ചു. പക്ഷേ, പ്രാ​ദേ​ശിക അധികാ​രി​കൾ അത്‌ അംഗീ​ക​രി​ക്കു​മാ​യി​രു​ന്നോ? ഒരു ടൗൺ യോഗ​ത്തിൽവെച്ച്‌, യഹോ​വ​യു​ടെ സാക്ഷികൾ എതിർക്രി​സ്‌തു​ക്ക​ളാ​ണെന്ന്‌ ചിലർ ആരോ​പ​ണ​മു​ന്ന​യി​ച്ചു. എന്നാൽ ടൗൺ കൗൺസി​ലി​ലെ ഒരംഗം യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിച്ചി​ട്ടുള്ള ഒരാളാ​യി​രു​ന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഈ രണ്ടു ചെറു​പ്പ​ക്കാർ നമ്മുടെ പട്ടണത്തിൽ വന്നതിൽപ്പി​ന്നെ ആരെങ്കി​ലും അവർക്കു​വേണ്ടി ആഹാരം​പാ​കം ചെയ്യു​ന്ന​തോ തുണി​യ​ല​ക്കു​ന്ന​തോ ഞാൻ കണ്ടിട്ടില്ല. അതെല്ലാം അവർ സ്വന്തമാ​യാണ്‌ ചെയ്യു​ന്നത്‌. അവർ നമ്മുടെ ഭാഷ​പോ​ലും പഠിച്ചു​ക​ഴി​ഞ്ഞു! തന്നെയു​മല്ല, ഞങ്ങൾ ഒരിക്ക​ലും അറിയാത്ത കാര്യങ്ങൾ അവർ ബൈബി​ളിൽനിന്ന്‌ ഞങ്ങളെ പഠിപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ഈ ചെറു​പ്പ​ക്കാർക്കു ദൈവ​നി​യോ​ഗ​മി​ല്ലാ​യി​രു​ന്നെ​ങ്കിൽ, അവർ പണ്ടേ ഈ പ്രവർത്തനം നിറു​ത്തി​യേനേ.” ആ സഹോ​ദ​ര​ന്മാർക്ക്‌ അവിടെ തുടരാൻ അനുമതി ലഭിച്ചു.

ബധിരർക്കാ​യുള്ള പരിഭാഷ

ഐക്യനാടുകൾ

2006-ൽ മത്തായി​യു​ടെ സുവി​ശേഷം അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ പ്രകാ​ശനം ചെയ്യ​പ്പെട്ടു. ഡിവിഡി-കളായി​ട്ടാ​യി​രു​ന്നു അത്‌. അങ്ങനെ ജീവി​ത​ത്തിൽ ആദ്യമാ​യി ബധിര​രായ പ്രസാ​ധ​കർക്ക്‌ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ മത്തായി​യു​ടെ സുവി​ശേഷം മുഴുവൻ സ്വന്തം ഭാഷയിൽ വായി​ക്കാ​നാ​യി. “എനിക്ക്‌ യഹോ​വ​യിൽനി​ന്നു ലഭിച്ചി​ട്ടുള്ള കത്തുക​ളിൽ ഏറ്റവും നല്ലത്‌ ഇതാണ്‌,” ബധിര​നായ ഒരു മൂപ്പൻ പറയുന്നു. മറ്റൊ​രാൾ ഇങ്ങനെ പറഞ്ഞു: “ഓരോ വാക്യ​ത്തി​നും സന്ദർഭ​വു​മാ​യുള്ള പൊരു​ത്തം മനസ്സി​ലാ​ക്കാൻ ഇപ്പോൾ എനിക്കു കഴിയു​ന്നുണ്ട്‌.” ദിവസ​വും ഒരു അധ്യായം തീർക്കാൻ ലക്ഷ്യം വെച്ചി​രി​ക്കുന്ന ഒരു സഹോ​ദരി പറയുന്നു: “ഒറ്റയി​രി​പ്പിന്‌ നാലോ അഞ്ചോ അധ്യായം തീർത്ത​തി​നാൽ സമയത്തി​ന്റെ കാര്യം മറന്നു​പോ​യി. അതു​കൊണ്ട്‌ ചെല്ലാ​മെന്നു പറഞ്ഞി​രുന്ന ഒരു സ്ഥലത്ത്‌ താമസി​ച്ചാണ്‌ എനിക്ക്‌ എത്തി​ച്ചേ​രാ​നാ​യത്‌.”

ബ്രസീൽ

ആംഗ്യ​ഭാ​ഷാ പ്രദേ​ശത്തെ പ്രവർത്തനം ശീഘ്ര​ഗ​തി​യിൽ മുന്നേ​റു​ക​യാണ്‌. ഇപ്പോൾ ഇവിടെ 232 ആംഗ്യ​ഭാ​ഷാ​സ​ഭ​ക​ളുണ്ട്‌. പത്തു സർക്കി​ട്ടു​ക​ളും ഒരു ഡിസ്‌ട്രി​ക്‌റ്റു​മാണ്‌ ഇത്‌. മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​മാ​യി 1,000-ത്തിലധി​കം പേരുണ്ട്‌. പ്രത്യേക പയനി​യർമാ​രാ​യി 146 പേരു​ള്ള​തിൽ 8 പേർ ബധിര​രാണ്‌. എല്ലാവ​രും ആംഗ്യ​ഭാ​ഷാ​സ​ഭ​ക​ളി​ലും വയലി​ലു​മാ​യി പ്രവർത്തി​ക്കു​ന്നു. മൂപ്പന്മാ​രി​ലും ശശ്രൂ​ഷാ​ദാ​സ​ന്മാ​രി​ലു​മാ​യി 100-ലധികം പേർ തങ്ങളുടെ ആത്മീയ വളർച്ച​യ്‌ക്കു നിദാ​ന​മാ​യി ചൂണ്ടി​ക്കാ​ട്ടു​ന്നത്‌ യഹോ​വ​യു​ടെ സംഘടന ബധിരർക്കാ​യി തയ്യാറാ​ക്കുന്ന നല്ലനല്ല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌. ഈ പഠനസ​ഹാ​യി​ക​ളിൽ ചിലതാണ്‌ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം, ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു?, ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ!, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?, വീക്ഷാ​ഗോ​പു​രം എന്നിവ. 2006 മുതൽ, ആംഗ്യ​ഭാ​ഷാ​സ​ഭകൾ ആ ഭാഷയി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ തയ്യാറാ​ക്കിയ പ്രത്യേ​കം ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ പട്ടിക​യാ​ണു പിൻപ​റ്റു​ന്നത്‌.

30 വയസ്സുള്ള ഒരു സ്‌കൂൾ അധ്യാ​പിക പറയു​ന്നതു ശ്രദ്ധി​ക്കുക: “ഞാൻ പല പള്ളിക​ളി​ലെ​യും ശുശ്രൂ​ഷ​ക​ളിൽ സംബന്ധി​ച്ചി​ട്ടുണ്ട്‌. എങ്കിലും യഹോ​വ​യു​ടെ സാക്ഷി​കൾക്കു മാത്രമേ ബധിരരെ ബൈബിൾ പഠിപ്പി​ക്കാൻ കഴിയൂ എന്ന്‌ ഞാൻ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു.” യുക്തി​ഹീ​ന​വും അപ്രാ​യോ​ഗി​ക​വു​മായ കാര്യ​ങ്ങ​ളാണ്‌ തന്റെ സഭ പഠിപ്പി​ച്ചി​രു​ന്ന​തെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. സുഹൃ​ത്തു​ക്ക​ളിൽനി​ന്നുള്ള സമ്മർദ​മു​ണ്ടെ​ങ്കി​ലും അവർ ക്രിസ്‌തീയ യോഗ​ങ്ങൾക്ക്‌ തുടർന്നും ഹാജരാ​കാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാണ്‌. പരമാർഥ​ഹൃ​ദ​യ​രായ അത്തരം ആളുകളെ യഹോവ ഇനിയും തന്റെ പുത്ര​നി​ലേക്ക്‌ ആകർഷി​ക്കട്ടെ!—യോഹ. 6:44; വെളി. 14:6.

നിയമ​പ​ര​മായ സംഭവ​വി​കാ​സ​ങ്ങൾ

എറിട്രിയ

ദേശീയ തെര​ഞ്ഞെ​ടു​പ്പിൽ നമ്മുടെ സഹോ​ദ​രങ്ങൾ വോട്ടു ചെയ്യാ​ഞ്ഞ​തി​നാൽ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പൗരത്വം എടുത്തു​ക​ള​യാൻ 1994-ൽ പ്രസി​ഡന്റ്‌ ഉത്തരവി​ട്ടു. ഈ തീരു​മാ​നം നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ വലിയ സാമ്പത്തിക ബുദ്ധി​മു​ട്ടു​കൾ വരുത്തി​വെച്ചു. അഭയം​തേടി നൂറു​ക​ണ​ക്കി​നു​പേർ അവി​ടെ​നി​ന്നു പലായനം ചെയ്‌തു. സ്‌കൂൾ പ്രായ​ത്തി​ലുള്ള കുട്ടി​ക​ളുള്ള മാതാ​പി​താ​ക്കൾ ഉൾപ്പെടെ ചിലർ അവി​ടെ​ത്തന്നെ തങ്ങി. ഒമ്പതാം ക്ലാസ്സിൽ എത്തു​മ്പോൾ സൈനി​ക​സേ​വ​ന​ത്തി​നാ​യി പെൺകു​ട്ടി​ക​ളും ആൺകു​ട്ടി​ക​ളും ഉൾപ്പെടെ എല്ലാ കുട്ടി​ക​ളു​ടെ​യും പേര്‌ രജിസ്‌റ്റർ ചെയ്യുന്ന പതിവാണ്‌ ഇവിടെ. അതു​കൊണ്ട്‌ എട്ടാം ക്ലാസ്സിൽവെച്ച്‌ പല കുട്ടി​ക​ളും പഠിപ്പു​നി​റു​ത്തി.

സഭാ​യോ​ഗ​ങ്ങൾക്കു പോകു​ന്ന​തും പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ന്ന​തും അപകട​ക​ര​മാ​യി​ത്തീർന്നു. സഭകൾ മൊത്ത​മാ​യി​ത്തന്നെ അറസ്റ്റു​ചെ​യ്യ​പ്പെട്ട സന്ദർഭങ്ങൾ ഉണ്ടായി​ട്ടുണ്ട്‌! എന്നിട്ടും ധൈര്യ​ത്തോ​ടെ നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ “മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസരി”ക്കുന്നതിൽ തുടരു​ന്നു. (പ്രവൃ. 5:29) ഇപ്പോൾ 31 സഹോ​ദ​രങ്ങൾ ജയിലി​ലാണ്‌. അവരിൽ നെതർലൻഡ്‌സ്‌ പൗരത്വ​മുള്ള 73-കാരനായ ഒരു സഹോ​ദ​ര​നു​മുണ്ട്‌. സൈനിക സേവനം നിരസി​ച്ച​തി​നാ​ലാണ്‌ മറ്റു ചിലരെ തടവി​ലാ​ക്കി​യത്‌. പൗലോസ്‌ ഇയാസു, ഇസക്‌ മോ​ഗോസ്‌, നെഗെഡെ ടെക്ലെ​മാ​രി​യാം എന്നീ മൂന്നു സഹോ​ദ​ര​ന്മാർ 1994 മുതൽ ഇരുമ്പ​ഴി​കൾക്കു​ള്ളി​ലാണ്‌.

ഫ്രാൻസ്‌

യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനിന്ന്‌ അന്യാ​യ​മാ​യി ഈടാ​ക്കുന്ന നികുതി സംബന്ധിച്ച്‌ 2005 ഫെബ്രു​വരി 25-ന്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തിക്ക്‌ രാജ്യ​ത്തെ​മ്പാ​ടു​മുള്ള 8,74,000-ത്തിലധി​കം പേർ ഒപ്പിട്ട ഒരു പരാതി നൽകു​ക​യു​ണ്ടാ​യി. എന്നിട്ടും 2006 ജനുവ​രി​യിൽ, അടയ്‌ക്കാ​നുള്ള നികു​തി​യു​ടെ ബാക്കി തുക നൽകാൻ അധികാ​രി​കൾ സഹോ​ദ​ര​ങ്ങ​ളോട്‌ ആവശ്യ​പ്പെട്ടു.

ഈ സംഭവ​ത്തെ​ക്കു​റിച്ച്‌ അറിയി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യെ അടിയ​ന്തി​ര​മാ​യി സമീപി​ച്ചു. സഹോ​ദ​ര​ന്മാ​രു​ടെ പരാതി​യി​ന്മേൽ കോടതി ഉടൻതന്നെ ഒരു പ്രാഥ​മിക അന്വേ​ഷണം ആരംഭി​ച്ചു. കേസ്‌ രേഖാ​മൂ​ലം സമർപ്പി​ക്കാൻ കോടതി 2006 മേയ്‌ 4-ന്‌ ഫ്രഞ്ച്‌ ഗവൺമെ​ന്റി​നോട്‌ ആവശ്യ​പ്പെട്ടു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസ്വാ​ത​ന്ത്ര്യം ലംഘി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നും ഏതെങ്കി​ലും തരത്തി​ലുള്ള വിവേ​ചനം നടന്നി​ട്ടു​ണ്ടോ​യെ​ന്നും നിശ്ചയി​ക്കു​ക​യാണ്‌ ഇതിന്റെ ലക്ഷ്യം.

ജർമനി

ജർമനി​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ എന്ന മതസമി​തി​യെ ബെർലിൻ സ്റ്റേറ്റ്‌ ഒരു പബ്ലിക്‌ കോർപ്പ​റേ​ഷ​നാ​യി അംഗീ​ക​രി​ക്ക​ണ​മെന്ന്‌ ലൈപ്‌സി​ഗി​ലുള്ള ഫെഡറൽ അഡ്‌മി​നി​സ്‌​ട്രേ​റ്റീവ്‌ കോടതി 2006 ഫെബ്രു​വരി 10-ന്‌ ഉത്തരവി​ട്ടു. ഇതോടെ 15 വർഷമാ​യി നടക്കുന്ന നിയമ​യു​ദ്ധ​ത്തിന്‌ വിരാ​മ​മാ​യി. മുഖ്യ​ധാ​രാ മതങ്ങൾക്കുള്ള നികു​തി​യൊ​ഴി​വും മറ്റാനു​കൂ​ല്യ​ങ്ങ​ളും ഇപ്പോൾ ഈ മതസമി​തി​ക്കു ലഭ്യമാണ്‌. 2006 ജൂൺ 13-ന്‌ ബെർലിൻ സ്റ്റേറ്റ്‌ അതിന്റെ ഔദ്യോ​ഗിക വിജ്ഞാ​പനം പുറ​പ്പെ​ടു​വി​ക്കു​ക​യും ജൂലൈ 5-ന്‌ അതു സംബന്ധിച്ച രേഖകൾ രണ്ടു ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കു കൈമാ​റു​ക​യും ചെയ്‌തു.

ഗ്രീസ്‌

വർഷങ്ങ​ളോ​ള​മാ​യി, രാജ്യ​ഹാ​ളു​കൾ നിർമി​ക്കാ​നോ ഉപയോ​ഗി​ക്കാ​നോ ഉള്ള അനുമതി ലഭിക്കാൻ കാലതാ​മസം വരുക​യോ അത്‌ നിഷേ​ധി​ക്ക​പ്പെ​ടു​ക​യോ ആണ്‌ ചെയ്‌തി​ട്ടു​ള്ളത്‌. ഇതിനാ​യി ആദ്യം ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ ബിഷപ്പു​മാ​രു​ടെ അനുവാ​ദം നേടണ​മെന്ന്‌ നിയമം അനുശാ​സി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​ണിത്‌. എന്നാൽ ഇനിമു​തൽ ഓർത്ത​ഡോ​ക്‌സ്‌ സഭകൾ ഒഴി​കെ​യു​ള്ള​വ​യു​ടെ കാര്യ​ത്തിൽ തീരു​മാ​ന​മെ​ടു​ക്കു​ന്നത്‌ ദേശീയ വിദ്യാ​ഭ്യാ​സ-മതകാര്യ മന്ത്രാ​ല​യ​മാ​യി​രി​ക്കും എന്നൊരു നിയമം 2006 മേയ്‌ 30-ന്‌ പാർല​മെന്റ്‌ പാസാക്കി.

2005 ജൂലൈ 15-ന്‌, കൊരി​ന്തി​ലെ ലൂട്രാ​ക്കി​യി​ലുള്ള ഒരു പബ്ലിക്‌ സ്റ്റേഡി​യ​ത്തി​ന്റെ ഭരണസ​മി​തി, ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​വേണ്ടി സഹോ​ദ​ര​ങ്ങൾക്ക്‌ അതു വാടക​യ്‌ക്ക്‌ കൊടു​ക്കാ​നുള്ള തീരു​മാ​നം റദ്ദാക്കി. യഹോ​വ​യു​ടെ സാക്ഷികൾ “അറിയ​പ്പെ​ടുന്ന മത”മാണോ എന്നതാ​യി​രു​ന്നു അധികാ​രി​ക​ളു​ടെ സംശയം. ഇക്കാര്യ​ത്തിൽ ഒരു അന്വേ​ഷ​ണോ​ദ്യോ​ഗസ്ഥൻ ഇടപെട്ടു. അങ്ങനെ, യഹോ​വ​യു​ടെ സാക്ഷികൾ ഒരു അംഗീ​കൃത മതമാണ്‌ എന്നതിന്റെ വെളി​ച്ച​ത്തിൽ അവരുടെ പുതിയ അപേക്ഷകൾ പരിഗ​ണി​ക്കാ​മെന്ന്‌ 2006 ഫെബ്രു​വ​രി​യിൽ സ്‌റ്റേ​ഡി​യം അധികാ​രി​കൾ ഉറപ്പു​കൊ​ടു​ത്തി​രി​ക്കു​ക​യാണ്‌.

നേപ്പാൾ

ഒരു മതം എന്നനി​ല​യിൽ 2005 ഒക്ടോ​ബ​റിൽ യഹോ​വ​യു​ടെ സാക്ഷികൾ രജിസ്റ്റർ ചെയ്യ​പ്പെട്ടു. “ആധ്യാ​ത്മിക വിദ്യാ​ഭ്യാ​സത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുക” എന്നതാണ്‌ സംഘട​ന​യു​ടെ ചാർട്ട​റിൽ പറഞ്ഞി​രി​ക്കുന്ന ഉദ്ദേശ്യ​ങ്ങ​ളി​ലൊന്ന്‌. ഹിന്ദു​മതം ആധിപ​ത്യം പുലർത്തുന്ന ഈ രാജ്യത്ത്‌ സുവാർത്ത​യു​ടെ വ്യാപ​നത്തെ ഈ പുതിയ സ്ഥിതി​വി​ശേഷം സഹായി​ക്കു​ക​തന്നെ ചെയ്യും.

റൊമേനിയ

ഒരു മതമെന്ന നിലയിൽ 1990-ൽ രജിസ്റ്റർ ചെയ്‌ത​താ​ണെ​ങ്കി​ലും 1997-ൽ ഗവൺമെന്റ്‌ പുറത്തി​റ​ക്കിയ അംഗീ​കൃത മതങ്ങളു​ടെ പട്ടിക​യിൽ യഹോ​വ​യു​ടെ സാക്ഷികൾ ഇല്ലായി​രു​ന്നു. അതിനാൽ സഹോ​ദ​ര​ങ്ങൾക്ക്‌ രാജ്യ​ഹാ​ളു​കൾ പണിയാൻ അനുവാ​ദം ഉണ്ടായി​രു​ന്നില്ല, സൈനിക സേവന​ത്തിൽനി​ന്നു വിട്ടു​നിൽക്കാ​നുള്ള അവകാ​ശ​വും നിഷേ​ധി​ക്ക​പ്പെട്ടു, അംഗീ​കൃത മതങ്ങൾക്ക്‌ ഇവയൊ​ക്കെ അനുവ​ദി​ച്ചി​രു​ന്ന​താ​ണെ​ങ്കി​ലും. യഹോ​വ​യു​ടെ സാക്ഷി​കളെ ഒരു മതമായി അംഗീ​ക​രി​ക്കാൻ റൊ​മേ​നി​യൻ സുപ്രീം കോടതി ഗവൺമെ​ന്റിന്‌ ഉത്തരവു നൽകി​യെ​ങ്കി​ലും ഗവൺമെന്റ്‌ പലപ്പോ​ഴും അതി​നോ​ടു മറുത്തു നിൽക്കു​ക​യാ​ണു​ണ്ടാ​യത്‌. 2006 മാർച്ചിൽ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യു​ടെ സഹായ​ത്തോ​ടെ ഗവൺമെന്റ്‌ സൗഹൃ​ദ​പൂർവം യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി പ്രശ്‌നം ചർച്ച​ചെ​യ്‌തു പരിഹ​രി​ച്ചു. അങ്ങനെ ഒമ്പതു വർഷം നീണ്ടു​നിന്ന നിയമ​യു​ദ്ധ​ത്തി​നു തിരശ്ശീല വീണു. അംഗീ​കൃത മതങ്ങൾക്ക്‌ “നിയമം അനുശാ​സി​ക്കുന്ന എല്ലാ അവകാ​ശ​ങ്ങ​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും” നമ്മുടെ സംഘട​ന​യ്‌ക്ക്‌ ഉണ്ടായി​രി​ക്കേ​ണ്ട​താ​ണെന്ന്‌ ഗവൺമെന്റ്‌ സമ്മതി​ക്കു​ക​യു​ണ്ടാ​യി.

ടർക്കി

ഒരു മതമെന്ന നിലയിൽ അംഗീ​കാ​രം ലഭിക്കാ​നുള്ള അപേക്ഷ ബ്രാഞ്ച്‌ സമർപ്പി​ച്ചെ​ങ്കി​ലും, അതു നടപ്പുള്ള കാര്യ​മ​ല്ലെ​ന്നാണ്‌ ഗവൺമെ​ന്റി​ന്റെ പക്ഷം. യൂറോ​പ്യൻ യൂണി​യന്റെ നിലവാ​ര​ങ്ങൾക്ക്‌ ചേരും​വി​ധം നിയമ​ത്തിൽ ഭേദഗതി വരുത്തി​യി​ട്ടു​കൂ​ടി​യാ​ണിത്‌. ഈ കേസ്‌ ഇപ്പോൾ ആഭ്യന്തര കോട​തി​ക​ളാണ്‌ കൈകാ​ര്യം​ചെ​യ്യു​ന്നത്‌. എങ്കിലും താമസി​യാ​തെ​തന്നെ ഇത്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യു​ടെ പരിഗ​ണ​ന​യ്‌ക്കു വരു​മെ​ന്നാ​ണു പ്രതീ​ക്ഷി​ക്കു​ന്നത്‌.

സൈനിക സേവന​ത്തോ​ടു ബന്ധപ്പെ​ട്ട​താണ്‌ മറ്റൊരു പ്രശ്‌നം. സൈനിക സേവന​ത്തി​നുള്ള പ്രായ​പ​രി​ധി കഴിയു​ന്ന​തു​വരെ ഓരോ വർഷവും മൂന്നോ നാലോ പ്രാവ​ശ്യം സഹോ​ദ​ര​ന്മാ​രെ അധികാ​രി​കൾ വിളി​ക്കാ​റുണ്ട്‌. അങ്ങനെ വിളി​ക്കുന്ന ഓരോ തവണയും അവർക്ക്‌ ശിക്ഷയും ലഭിക്കു​ന്നു. ചിലർക്ക്‌ തുട​രെ​ത്തു​ടരെ പിഴയ​ട​യ്‌ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു, മറ്റു ചിലർക്കാ​കട്ടെ തടവും. 2004-ൽ, യൂനുസ്‌ എർചെപ്‌ എന്നൊരു സഹോ​ദരൻ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തിക്ക്‌ ഒരു പരാതി നൽകി. പല തവണ പിഴയ​ട​യ്‌ക്കേ​ണ്ടി​വന്ന സഹോ​ദ​രനെ 2005 ഒക്ടോ​ബ​റിൽ 12 മാസത്തെ തടവിനു വിധിച്ചു. അഞ്ചു മാസം കഴിഞ്ഞ​പ്പോൾ അദ്ദേഹത്തെ വിട്ടയച്ചു. മോചി​ത​നായ ദിവസം കോടതി അദ്ദേഹത്തെ വിളിച്ച്‌ മുൻ സന്ദർഭ​ങ്ങ​ളിൽ സൈനിക സേവനം നിരസി​ച്ച​തിന്‌ പിഴയ​ട​യ്‌ക്കാൻ ആവശ്യ​പ്പെട്ടു.

ഉസ്‌ബക്കിസ്ഥാൻ

നമ്മുടെ സഹോ​ദ​ര​ങ്ങളെ അറസ്റ്റു ചെയ്യു​ക​യും കസ്റ്റഡി​യിൽവെ​ക്കു​ക​യും അടിക്കു​ക​യും അവരിൽനി​ന്നു പിഴ ഈടാ​ക്കു​ക​യും ചെയ്‌ത​തി​ന്റെ 1,100-ലധികം കേസുകൾ കഴിഞ്ഞ നാലു വർഷത്തി​നി​ടെ ഉണ്ടായി​ട്ടുണ്ട്‌. ഇവയിൽ 800-ലധികം സംഭവ​ങ്ങ​ളും അരങ്ങേ​റി​യത്‌ 2005-ലെയും 2006-ലെയും സ്‌മാ​ര​ക​കാ​ല​ത്താണ്‌. പല സ്ഥലങ്ങളി​ലും ലാത്തി ഏന്തിയ പോലീ​സു​കാർ ബസ്സുക​ളിൽ എത്തി ഹാജരാ​യി​രുന്ന എല്ലാവ​രെ​യും അറസ്റ്റു ചെയ്യു​ക​യു​മു​ണ്ടാ​യി. പലരിൽനി​ന്നും പിഴ ഈടാക്കി; ചിലരെ വല്ലാതെ മർദ്ദിച്ചു.

എന്നിട്ടും നല്ലൊരു സാക്ഷ്യം നൽകാൻ സഹോ​ദ​ര​ങ്ങൾക്കു കഴിഞ്ഞു. ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​ക​യും പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കു​ക​യും ചെയ്‌ത​തു​നി​മി​ത്തം ക്രിമി​നൽ കുറ്റത്തിന്‌ കോടതി കയറേ​ണ്ടി​വന്ന ഒരു സഹോ​ദ​ര​ന്റെ​യും സഹോ​ദ​രി​യു​ടെ​യും കാര്യ​മെ​ടു​ക്കുക. അറസ്റ്റു ചെയ്‌ത​പ്പോൾ കണ്ടെടുത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ കോട​തി​മു​റി​യിൽവെച്ച്‌ വിശദ​പ​രി​ശോ​ധ​ന​യ്‌ക്കു വിധേ​യ​മാ​ക്കാൻ അവരുടെ വക്കീൽ ആവശ്യ​പ്പെട്ടു. പരിജ്ഞാ​നം പുസ്‌ത​ക​വും ആവശ്യം ലഘുപ​ത്രി​ക​യും ഉറക്കെ വായിച്ചു, ജഡ്‌ജി​യും വായി​ക്കാൻ കൂടി. പരിജ്ഞാ​നം പുസ്‌ത​ക​ത്തി​ലെ “ദൈവം ആരുടെ ആരാധന സ്വീക​രി​ക്കു​ന്നു?” എന്ന അഞ്ചാം അധ്യാ​യ​ത്തോട്‌ ജഡ്‌ജിക്ക്‌ പ്രത്യേക താത്‌പ​ര്യം തോന്നി​യ​തി​നാൽ, ഉച്ചഭക്ഷ​ണ​വേ​ള​യി​ലും വായന തുടരാൻ അദ്ദേഹം ആജ്ഞാപി​ച്ചു.

മത്തായി 28:19, 20 ഉദ്ധരി​ച്ച​പ്പോൾ ജഡ്‌ജി ഇങ്ങനെ പറഞ്ഞു, “ഓ, അപ്പോൾ അതു​കൊ​ണ്ടാണ്‌ നിങ്ങൾ പ്രസം​ഗി​ക്കു​ന്നത്‌!” യഹോ​വ​യു​ടെ സാക്ഷി​കളെ ഹിറ്റ്‌ല​റു​ടെ നാസി​ഭ​രണം പീഡി​പ്പി​ച്ച​തി​ന്റെ കാരണം എന്താ​ണെന്നു ചോദിച്ച അദ്ദേഹ​ത്തിന്‌ പർപ്പിൾ ട്രയാം​ഗിൾസ്‌, യഹോ​വ​യു​ടെ സാക്ഷികൾ നാസി ആക്രമ​ണ​ത്തി​നെ​തി​രെ ഉറച്ചു​നിൽക്കു​ന്നു, ബൈബിൾ—കൃത്യ​ത​യുള്ള ചരി​ത്ര​വും ആശ്രയ​യോ​ഗ്യ​മായ പ്രവച​ന​വും (ഇവ മലയാ​ള​ത്തിൽ ലഭ്യമല്ല) എന്നീ മൂന്നു വീഡി​യോ​കൾ നൽകി. നമ്മുടെ ഈ സഹോ​ദ​ര​നും സഹോ​ദ​രി​ക്കും പിഴയ​ട​യ്‌ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും തങ്ങൾ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത വിധത്തിൽ കോട​തി​യി​ലെ ഉദ്യോ​ഗ​സ്ഥ​ന്മാ​രോ​ടും പോലീ​സു​കാ​രോ​ടും സാക്ഷീ​ക​രി​ക്കാൻ അവർക്കു സാധിച്ചു.—ലൂക്കൊ. 21:12, 13.

സുഡാൻ

2006 ജൂൺ ആയപ്പോ​ഴേ​ക്കും യഹോ​വ​യു​ടെ സാക്ഷികൾ രജിസ്റ്റർ ചെയ്യപ്പെട്ട സ്റ്റേറ്റു​ക​ളു​ടെ എണ്ണം എട്ടായി. ഈ പ്രദേ​ശ​ങ്ങ​ളിൽ സഹോ​ദ​രങ്ങൾ രാജ്യ​ഹാൾ നിർമി​ക്കു​ക​യും പരസ്യ​മാ​യി വലിയ സമ്മേള​നങ്ങൾ നടത്തു​ക​യും ചെയ്യു​ന്നുണ്ട്‌. നമ്മുടെ സാഹി​ത്യ​ങ്ങൾ ഇറക്കു​മതി ചെയ്യു​ന്ന​തിൽ തടസ്സങ്ങ​ളൊ​ന്നു​മില്ല. കാർട്ടൂ​മിൽ നമുക്കി​പ്പോൾ ഒരു ഓഫീസ്‌ ഉണ്ട്‌.

റഷ്യ

മോസ്‌കോ​യിൽ, 200 പേർ അടങ്ങുന്ന ഒരു സഭ 2006 ഏപ്രിൽ 12-ന്‌ വാടക​യ്‌ക്കെ​ടുത്ത ഒരു കെട്ടി​ട​ത്തിൽ സ്‌മാ​രകം ആഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ 50-ലധികം​വ​രുന്ന പോലീ​സു​കാർ ഹാളി​ലേക്ക്‌ ഇരച്ചു​ക​യറി. ല്യൂബ്ലി​നൊ​യി​ലെ പോലീസ്‌ ഡിപ്പാർട്ടു​മെ​ന്റി​ന്റെ തലവൻ യോഗം നിറു​ത്തി​ച്ചു. മോസ്‌കോ​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ വിലക്കു​ള്ള​തി​നാൽ ഇത്തരം യോഗങ്ങൾ നടത്താ​നാ​വി​ല്ലെ​ന്നാ​യി അദ്ദേഹം. സേവക​ന്മാ​രായ സഹോ​ദ​ര​ന്മാ​രു​ടെ തിരി​ച്ച​റി​യൽ രേഖകൾ പോലീസ്‌ പരി​ശോ​ധി​ച്ചു, സാഹി​ത്യ​ങ്ങൾ കണ്ടു​കെട്ടി, 14 സഹോ​ദ​ര​ങ്ങളെ ല്യൂബ്ലി​നൊ​യി​ലെ പോലീസ്‌ സ്റ്റേഷനി​ലേക്ക്‌ കൊണ്ടു​പോ​യി. അവരെ നാലു മണിക്കൂ​റി​ല​ധി​കം കസ്റ്റഡി​യിൽവെച്ചു. അവർക്കു​വേണ്ട നിയമ​പ​ര​മായ സഹായം ചെയ്യാ​നാ​യി പോലീസ്‌ സ്റ്റേഷനിൽ ചെന്ന ഒരു സഹോ​ദ​രനെ നിലത്തു തള്ളിയി​ടു​ക​യും കത്തികാ​ട്ടി ഭീഷണി​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. പരാതി​യും​കൊണ്ട്‌ എങ്ങോ​ട്ടും പോക​രു​തെന്നു പറഞ്ഞ്‌ അവർ അദ്ദേഹത്തെ വിരട്ടി. എങ്കിലും ഏപ്രിൽ 17-ന്‌ 14 പേരിൽ നാലു പേർ ല്യൂബ്ലി​നൊ പോലീസ്‌ ഡിപ്പാർട്ടു​മെ​ന്റിന്‌ എതിരെ പരാതി നൽകി.

മോസ്‌കോ​യി​ലെ ല്യൂബ്ലി​നൊ ഡിസ്‌ട്രി​ക്‌റ്റ്‌ കോട​തി​യിൽ മേയ്‌ 16-ാം തീയതി വിചാരണ ആരംഭി​ച്ചു. ഇസഡ്‌. വി. സൂബ്‌കോ​വാ ആയിരു​ന്നു ജഡ്‌ജി. റെയ്‌ഡിൽ പങ്കെടുത്ത പോലീ​സു​കാർ ആരും കോട​തി​യിൽ ഹാജരാ​യില്ല, അവരുടെ വക്കീൽ മാത്രമേ എത്തിയു​ള്ളൂ. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വക്കീൽമാ​രു​ടെ 50 എതിർവാ​ദ​ങ്ങ​ളും അവരുടെ മിക്ക നിർദേ​ശ​ങ്ങ​ളും യാതൊ​രു വിശദീ​ക​ര​ണ​വും കൂടാതെ ജഡ്‌ജി തള്ളിക്ക​ളഞ്ഞു. അതേസ​മയം, യഹോ​വ​യു​ടെ സാക്ഷി​കളെ മോസ്‌കോ​യിൽ നിരോ​ധി​ച്ചു​കൊ​ണ്ടുള്ള ഗൊ​ലൊ​വിൻസ്‌കി​യി​ലെ ഇന്റർമു​നി​സി​പ്പിൽ ഡിസ്‌ട്രി​ക്‌റ്റ്‌ കോട​തി​യു​ടെ തീരു​മാ​ന​ത്തി​ന്റെ​യും അന്നു നടന്ന വിചാ​ര​ണാ​വേ​ള​യിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കെ​തി​രെ സാക്ഷി​പറഞ്ഞ ഒരു മനശ്ശാ​സ്‌ത്ര​ജ്ഞ​നായ എൽ. വി. കൂലി​കോ​വി​ന്റെ മൊഴി​യു​ടെ​യും ഒരു പകർപ്പ്‌ സ്വീക​രി​ക്കാ​നുള്ള പോലീസ്‌ ഡിപ്പാർട്ടു​മെന്റ്‌ വക്കീലി​ന്റെ നിർദേശം ജഡ്‌ജി അംഗീ​ക​രി​ച്ചു.

2006 ജൂൺ 15-ന്‌, പരാതി​ക്കാ​രെ കസ്റ്റഡി​യിൽവെ​ച്ചത്‌ നിയമ​വി​രു​ദ്ധ​മാ​ണെന്ന്‌ ജഡ്‌ജി വിധി​ച്ചെ​ങ്കി​ലും സ്‌മാ​ര​കാ​ച​രണം അലങ്കോ​ല​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ വിധി പ്രസ്‌താ​വി​ക്കു​ന്ന​തിൽ വീഴ്‌ച​വ​രു​ത്തി. ഒരു മതശു​ശ്രൂ​ഷ​യ്‌ക്ക്‌ ഉതകുന്ന തരത്തി​ലു​ള്ളതല്ല ആ ഓഡി​റ്റോ​റി​യം എന്നും കോടതി പറഞ്ഞു. 2006 ജൂൺ 30-ന്‌, മോസ്‌കോ സിറ്റി കോട​തി​യിൽ യഹോ​വ​യു​ടെ സാക്ഷികൾ അപ്പീൽ കൊടു​ത്തു. മറ്റു സംഗതി​ക​ളോ​ടൊ​പ്പം, ല്യൂബ്ലി​നൊ ഡിസ്‌ട്രി​ക്‌റ്റ്‌ കോട​തി​യിൽ വിചാ​ര​ണ​യ്‌ക്കി​ടെ നടന്ന ക്രമ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും അതിൽ പരാമർശി​ച്ചി​ട്ടുണ്ട്‌. മോസ്‌കോ​യി​ലെ മറ്റ്‌ 22 സ്ഥലങ്ങളിൽ സ്‌മാ​ര​കാ​ച​രണം തടസ്സങ്ങ​ളൊ​ന്നും കൂടാതെ നടന്നു.

സവി​ശേ​ഷ​ത​കൾ എന്ന ഈ ഭാഗത്തി​ന്റെ പ്രാരംഭ ഖണ്ഡിക സങ്കീർത്ത​ന​ക്കാ​രന്റെ ആഗ്രഹം എന്താ​ണെന്നു പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി: “ഞാൻ യഹോ​വയെ സ്‌തു​തി​ക്കും. ഞാൻ ഉള്ള കാല​ത്തോ​ളം എന്റെ ദൈവ​ത്തി​ന്നു കീർത്തനം ചെയ്യും.” (സങ്കീ. 146:2) അതേ ആഗ്രഹം മനസ്സിൽ ജ്വലി​പ്പി​ച്ചു​നി​റു​ത്തി​യി​രി​ക്കു​ന്നവർ ഇക്കാല​ത്തു​മുണ്ട്‌ എന്ന്‌ തങ്ങളുടെ ജീവി​തം​കൊണ്ട്‌ തെളി​യി​ച്ചി​ട്ടു​ള്ള​വ​രാണ്‌ ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന യഹോ​വ​യു​ടെ സാക്ഷികൾ. ഈ വ്യവസ്ഥി​തി ഉള്ളിട​ത്തോ​ളം കാലം, സ്വർഗീയ പിതാ​വി​നെ സ്‌തു​തി​ക്കു​ന്ന​തിൽനിന്ന്‌ ജയില​റ​ക​ളോ ഔദ്യോ​ഗിക ഉത്തരവു​ക​ളോ ഭാഷാ പ്രതി​ബ​ന്ധ​ങ്ങ​ളോ ഒന്നും നമ്മെ തടയാ​തി​രി​ക്കട്ടെ!

[9-ാം പേജിലെ ചതുരം/ ചിത്രം]

വെറുമൊരു ക്ഷണക്കത്ത്‌ അല്ല

നോട്ടീ​സിൽ ഒരു കൂപ്പണും ഉണ്ടായി​രു​ന്നു. ബൈബി​ള​ധ്യ​യനം, ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവയിൽ ഏതെങ്കി​ലു​മോ രണ്ടും​കൂ​ടെ​യോ ആവശ്യ​പ്പെ​ടാൻ ഇതു ആളുകളെ സഹായി​ച്ചു. വിതരണം തുടങ്ങി​യ​ശേഷം പൂരി​പ്പിച്ച കൂപ്പണു​കൾ ലോക​ത്തെ​മ്പാ​ടു​മുള്ള ബ്രാഞ്ചു​കൾക്ക്‌ ഉടൻതന്നെ ലഭിച്ചു​തു​ടങ്ങി. ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ച്‌ റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌, അവിടെ 2,000-ത്തോളം കൂപ്പണു​കൾ ലഭിച്ചു, അതിൽ 300 എണ്ണം ബൈബി​ള​ധ്യ​യനം ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. ഈ നോട്ടീസ്‌ വിതര​ണ​ത്തോ​ട​നു​ബ​ന്ധിച്ച്‌ സഹോ​ദ​രങ്ങൾ ചെയ്‌ത കഠിനാ​ധ്വാ​നം തുടർന്നും സത്‌ഫ​ലങ്ങൾ ഉളവാ​ക്കു​മെ​ന്ന​തിൽ യാതൊ​രു സംശയ​വു​മില്ല.

[13-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ചൂടപ്പം​പോ​ലെ . . .

2006 ജൂലൈ അവസാ​ന​ത്തോ​ടെ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ 4 കോടി 70 ലക്ഷത്തി​ല​ധി​കം പ്രതികൾ 155 ഭാഷക​ളി​ലാ​യി അച്ചടി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. 10 ബ്രെയിൽ എഡിഷ​നു​കൾ ഉൾപ്പെ​ടു​ത്താ​തെ​യാ​ണിത്‌. ഐക്യ​നാ​ടു​ക​ളി​ലെ ഒരു മാസത്തെ മാത്രം കണക്കെ​ടു​ത്താൽ, പ്രതി​ദി​നം ശരാശരി 42,000 പ്രതി​ക​ളാണ്‌ സഭകൾ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നത്‌. ഇവയിൽ മൂന്നി​ലൊന്ന്‌ അടിയ​ന്തിര ഓർഡ​റു​ക​ളാ​യി​രു​ന്നു. സഹോ​ദ​ര​ങ്ങ​ളു​ടെ കൈവശം ഇത്തരം സാഹി​ത്യ​ങ്ങൾ എത്തിക്കാൻ കഠിനാ​ധ്വാ​നം ചെയ്യു​ന്ന​തി​നെ ആഗോള ബെഥേൽ കുടും​ബം ഒരു പദവി​യാ​യി വീക്ഷി​ക്കു​ന്നു.

[28, 29 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ബ്രാഞ്ച്‌ സമർപ്പ​ണ​ങ്ങൾ

അൽബേനിയ

അരനൂ​റ്റാ​ണ്ടാ​യി നമ്മുടെ വേലയ്‌ക്കു​ണ്ടാ​യി​രുന്ന നിരോ​ധനം 1992-ൽ അവസാ​നി​ച്ചു. തലസ്ഥാ​ന​മായ റ്റിറാ​ന​യു​ടെ പ്രാന്ത​പ്ര​ദേ​ശത്ത്‌ സ്ഥിതി​ചെ​യ്യുന്ന പുതിയ ബ്രാഞ്ചി​ന്റെ സമർപ്പ​ണ​വേ​ള​യിൽ 325 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പങ്കെടു​ത്തു. നിരോ​ധ​ന​കാ​ലത്ത്‌ വിശ്വ​സ്‌ത​മാ​യി സേവി​ച്ചി​രുന്ന പ്രായാ​ധി​ക്യ​മുള്ള നാലു​പേർ അക്കൂട്ട​ത്തിൽ ഉണ്ടായി​രു​ന്നു. 32 വിദേശ രാജ്യ​ങ്ങ​ളിൽനി​ന്നുള്ള പ്രതി​നി​ധി​ക​ളും സന്നിഹി​ത​രാ​യി​രു​ന്നു. 1992-ൽ മിഷന​റി​മാർ എത്തി​ച്ചേർന്ന​പ്പോൾ ആ രാജ്യത്ത്‌ സ്‌നാ​പ​ന​മേറ്റ 9 സാക്ഷി​കളേ ഉണ്ടായി​രു​ന്നു​ള്ളൂ. ഇപ്പോ​ള​വി​ടെ 3,617 പേരുണ്ട്‌. കൊ​സോ​വോ​യിൽ 148-ഉം. 2006 ജൂൺ 3-ന്‌ നടന്ന സമർപ്പ​ണ​വേ​ള​യിൽ ഭരണസം​ഘാം​ഗ​ങ്ങ​ളായ തിയോ​ഡർ ജാരറ്റ്‌സ്‌, ഗെരിറ്റ്‌ ലോഷ്‌ എന്നിവർ പ്രസം​ഗി​ച്ചു. പിറ്റേന്ന്‌, തുറസ്സായ ഒരു സ്‌റ്റേ​ഡി​യ​ത്തിൽവെച്ച്‌ അവർ 5,153 പേരെ അഭിസം​ബോ​ധന ചെയ്‌തു. ശക്തമായ മഴയു​ണ്ടാ​യി​രു​ന്നി​ട്ടും എല്ലാവ​രും സാകൂതം ശ്രദ്ധിച്ചു.

ക്രൊയേഷ്യ

പോയ​വർഷം രണ്ട്‌ അനു​ഗ്ര​ഹ​ങ്ങൾക്കു സാക്ഷ്യം വഹിച്ചു: ക്രൊ​യേ​ഷ്യൻ ഭാഷയി​ലുള്ള വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ സമ്പൂർണ പതിപ്പ്‌ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ പ്രകാ​ശനം ചെയ്യ​പ്പെ​ട്ട​തും സാഗ്‌രെ​ബി​ലെ ബ്രാഞ്ചി​നോട്‌ അടുത്ത​യി​ടെ കൂട്ടി​ച്ചേർത്ത പുതിയ കെട്ടി​ട​സ​മു​ച്ച​യ​ത്തി​ന്റെ സമർപ്പ​ണ​വും. ആഗസ്റ്റ്‌ 11 വെള്ളി​യാഴ്‌ച ജാരറ്റ്‌സ്‌ സഹോ​ദരൻ 142 പേർ അടങ്ങുന്ന ഒരു സദസ്സിനു മുമ്പാകെ സമർപ്പണ പ്രസംഗം നിർവ​ഹി​ച്ചു. ഏഴു വർഷം മുമ്പ്‌, അതായത്‌ 1999-ൽ ആയിരു​ന്നു ആദ്യത്തെ സമർപ്പണം.

സ്ലോവേനിയ

തലസ്ഥാ​ന​മായ ല്യൂബ്ലി​യാ​ന​യ്‌ക്ക്‌ ഏകദേശം 20 കിലോ​മീ​റ്റർ വടക്കും ക്രൊ​യേ​ഷ്യ​യി​ലെ സാഗ്‌രെ​ബിൽനിന്ന്‌ ഏതാണ്ട്‌ 130 കിലോ​മീ​റ്റർ പടിഞ്ഞാ​റു​മാ​യി സ്ഥിതി​ചെ​യ്യുന്ന കാംനിക്‌ പട്ടണത്തി​ലെ പുതിയ ബ്രാഞ്ചിൽ ആഗസ്റ്റ്‌ 12 ശനിയാഴ്‌ച ജാരറ്റ്‌സ്‌ സഹോ​ദരൻ സമർപ്പണ പ്രസംഗം നടത്തി. അതുവരെ തലസ്ഥാ​ന​ന​ഗ​രി​യിൽ പല അപ്പാർട്ടു​മെ​ന്റു​ക​ളി​ലാ​യാണ്‌ ബെഥേൽ കുടും​ബം താമസി​ച്ചി​രു​ന്നത്‌. അതു​കൊണ്ട്‌, ഒരു കുടും​ബ​മെന്ന നിലയിൽ ഒരു കൂരയ്‌ക്കു​കീ​ഴിൽ വന്നത്‌ അവരെ വളരെ സന്തോ​ഷി​പ്പി​ച്ചു. സന്നിഹി​ത​രായ 144 പേർ 20 രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ളവർ ആയിരു​ന്നു.

[ചിത്രങ്ങൾ]

അൽബേനിയ ബ്രാഞ്ച്‌ ഓഫീസ്‌

ഒരു പ്രത്യേക യോഗ​ത്തിൽ 5,153 പേർ സംബന്ധി​ച്ചു

ക്രൊയേഷ്യയിലെ വിപു​ലീ​ക​രിച്ച ബ്രാഞ്ച്‌

സ്ലോവേനിയ ബ്രാഞ്ച്‌

[6-ാം പേജിലെ ചിത്രം]

ഒരു ബധിര​യോ​ടു സാക്ഷീ​ക​രി​ക്കു​ന്നു, ബ്രസീൽ

[17-ാം പേജിലെ ചിത്രം]

ആദ്യത്തെ ഹിന്ദി ക്ലാസ്സ്‌, ജർമനി

[19-ാം പേജിലെ ചിത്രം]

ലിൻഡയും പോളും

[19-ാം പേജിലെ ചിത്രം]

ബ്ലാക്‌ ഫൂട്ട്‌ ഭാഷയിൽ സാക്ഷീ​ക​രണം നടത്തുന്ന കാർമ

[20-ാം പേജിലെ ചിത്രം]

സ്‌പാനീഷ്‌ ഭാഷാ​ക്ലാസ്സ്‌, റോം, ഇറ്റലി

[20-ാം പേജിലെ ചിത്രം]

സാംസണോടു സാക്ഷീ​ക​രി​ക്കു​ന്നു

[21-ാം പേജിലെ ചിത്രം]

ഹാമിൽട്ടനും എബ്‌നെ​റും മയോ​ങ്‌നോ ഭാഷയിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു

[27-ാം പേജിലെ ചിത്രം]

തെക്കൻ സുഡാ​നി​ലെ രാജ്യ​ഹാൾ