വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ദക്ഷിണാ​ഫ്രി​ക്ക

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ തിര​ക്കേ​റിയ ഒരു നഗരത്തി​ലൂ​ടെ നടക്കു​ക​യാ​ണു നിങ്ങളി​പ്പോൾ. എണ്ണക്കറു​പ്പു​മു​തൽ തൂവെ​ള്ള​വരെ വ്യത്യസ്‌ത നിറങ്ങ​ളി​ലുള്ള ആളുകളെ നിങ്ങൾ കാണുന്നു. വാഹന​ങ്ങ​ളു​ടെ ശബ്ദകോ​ലാ​ഹ​ല​ങ്ങൾക്കി​ട​യി​ലൂ​ടെ ഒന്നു കാതോർത്തു​നോ​ക്കൂ. പലപല ഭാഷക​ളി​ലുള്ള സംഭാ​ഷ​ണ​ങ്ങ​ളു​ടെ നുറു​ങ്ങു​കൾ കേൾക്കു​ന്നി​ല്ലേ? അതാ, അവിടെ ആകാശം​മു​ട്ടെ ഉയർന്നു​നിൽക്കുന്ന ഓഫീസ്‌ കെട്ടി​ടങ്ങൾ, സൂര്യന്റെ ചുട്ടു​പൊ​ള്ളുന്ന രശ്‌മി​കൾ നിങ്ങളെ സ്‌പർശി​ക്കാ​തി​രി​ക്കാൻ അവ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നുണ്ട്‌. ആ കെട്ടി​ടങ്ങൾ കനിഞ്ഞു​നൽകിയ തണലു​പ​റ്റി​യ​ങ്ങനെ നടക്കു​മ്പോൾ റോഡി​ന്റെ വശങ്ങളി​ലാ​യി പഴങ്ങളും വാസ്‌തു​ശിൽപ്പ​ങ്ങ​ളും വസ്‌ത്ര​ങ്ങ​ളു​മൊ​ക്കെ വിൽക്കു​ന്ന​വരെ നിങ്ങൾ കാണുന്നു. എന്താ, മുടി​യൊ​ന്നു വെട്ടി​യാൽ കൊള്ളാ​മെന്നു തോന്നു​ന്നു​ണ്ടോ? മടിക്കേണ്ട, വഴിവ​ക്കിൽ കാണുന്ന ആ ബാർബ​റി​ല്ലേ, അദ്ദേഹ​ത്തി​ന്റെ അടു​ത്തേക്കു ചെന്നോ​ളൂ.

വ്യത്യ​സ്‌ത വർഗങ്ങ​ളിൽപ്പെട്ട നാലു​കോ​ടി അറുപ​തു​ല​ക്ഷ​ത്തി​ല​ധി​കം വരുന്ന ഇവിടത്തെ നിവാ​സി​കൾക്കി​ട​യിൽ ഒരു തനി ദക്ഷിണാ​ഫ്രി​ക്ക​ക്കാ​രനെ കണ്ടുപി​ടി​ക്കാൻ ബുദ്ധി​മു​ട്ടാണ്‌. മൊത്തം ജനസം​ഖ്യ​യു​ടെ ഏകദേശം 75 ശതമാനം വരുന്ന ഇവിടത്തെ കറുത്ത​വർഗ​ക്കാർ സുളു, ഘോസ, സോത്തോ, പെഡി, ത്‌സ്വാ​നാ, മറ്റു ചെറിയ കൂട്ടങ്ങൾ എന്നിവ​യൊ​ക്കെ ഉൾപ്പെ​ടു​ന്ന​താണ്‌. വെള്ളക്കാ​രിൽ മുഖ്യ​മാ​യും ഇംഗ്ലീഷ്‌ സംസാ​രി​ക്കു​ന്ന​വ​രും ആഫ്രി​ക്കാൻസ്‌ സംസാ​രി​ക്കു​ന്ന​വ​രും ആണുള്ളത്‌. 17-ാം നൂറ്റാ​ണ്ടി​ന്റെ മധ്യത്തിൽ ഇവി​ടെ​യെ​ത്തിയ ഡച്ചുകാ​രു​ടെ പിൻഗാ​മി​ക​ളും ഡച്ചുകാ​രെ​ത്തു​ടർന്ന്‌ ഫ്രാൻസിൽ നിന്നെ​ത്തിയ ഹ്യൂജി​നോ​ട്ടു​ക​ളും ആണ്‌ ആഫ്രി​ക്കാൻസ്‌ സംസാ​രി​ക്കു​ന്ന​വ​രിൽപ്പെ​ടു​ന്നത്‌. ഇംഗ്ലീ​ഷു​കാ​രായ കുടി​യേ​റ്റ​ക്കാർ എത്തി​ച്ചേർന്നത്‌ 19-ാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തി​ലാണ്‌.

ഇന്ത്യക്കാ​രു​ടെ ഒരു വലിയ സമൂഹ​വു​മുണ്ട്‌ ഇവിടെ. നേറ്റാ​ലി​ലെ (ഇന്നത്തെ ക്വാസു​ളു-നേറ്റൽ) കരിമ്പിൻ തോട്ട​ങ്ങ​ളിൽ ജോലി ചെയ്യാൻ എത്തിയ തൊഴി​ലാ​ളി​ക​ളു​ടെ പിൻഗാ​മി​ക​ളാ​ണി​വർ. ഒരുപാ​ടു വർഗങ്ങ​ളും സംസ്‌കാ​ര​ങ്ങ​ളും ഇടകലർന്നു ജീവി​ക്കുന്ന ദക്ഷിണാ​ഫ്രി​ക്ക​യ്‌ക്ക്‌ ‘റയിൻബോ നേഷൻ’ എന്ന പേര്‌ നന്നേ ഇണങ്ങും.

മുമ്പ്‌ വർഗങ്ങൾക്കി​ട​യിൽ പ്രശ്‌നങ്ങൾ നിലനി​ന്നി​രു​ന്നു. വർണവി​വേചന നയം നിമിത്തം ലോകം മുഴുവൻ ദക്ഷിണാ​ഫ്രി​ക്കയെ ശപിച്ചു. എന്നാൽ അടുത്ത​കാ​ലത്ത്‌ വർണവി​വേ​ചനം നിർമാർജനം ചെയ്യു​ന്ന​തി​നും ജനാധി​പ​ത്യ​പ​ര​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഗവൺമെ​ന്റി​നു തുടക്കം​കു​റി​ക്കു​ന്ന​തി​നും വലിയ പ്രചാ​രണം നൽക​പ്പെട്ടു.

ഇന്നി​പ്പോൾ എല്ലാ വർഗങ്ങൾക്കും പരസ്‌പരം ഇഴുകി​ച്ചേ​രു​ന്ന​തി​നുള്ള സ്വാത​ന്ത്ര്യ​മുണ്ട്‌. സിനി​മാ​തീ​യേറ്റർ, റസ്റ്ററന്റു​കൾ എന്നിങ്ങനെ ഏതു പൊതു​സ്ഥ​ല​ത്തും ആർക്കും കയറി​ച്ചെ​ല്ലാം. ഏതു വർഗത്തിൽപ്പെ​ട്ട​വർക്കും അവരുടെ സാമ്പത്തിക സ്ഥിതി​യ​നു​സ​രിച്ച്‌ ഇഷ്ടമു​ള്ളി​ടത്തു താമസി​ക്കാം.

പക്ഷേ തുടക്ക​ത്തി​ലെ ആവേശം കെട്ടട​ങ്ങി​യ​പ്പോൾ ചില ചോദ്യ​ങ്ങൾ തലപൊ​ക്കി. പുതിയ ഗവൺമെന്റ്‌ വർണവി​വേ​ച​ന​ത്തി​ന്റെ ഭവിഷ്യ​ത്തു​കൾ എത്ര​ത്തോ​ളം ഇല്ലാതാ​ക്കും? അതിന്‌ എത്ര സമയം എടുക്കും? വർണവി​വേ​ചനം അവസാ​നിച്ച്‌ പത്തു വർഷത്തി​നു​ശേ​ഷ​വും ഗുരു​ത​ര​മായ ചില പ്രശ്‌നങ്ങൾ അവശേ​ഷി​ച്ചു. ഒന്നി​നൊ​ന്നു വർധി​ച്ചു​വ​രുന്ന അക്രമം, 41 ശതമാ​ന​ത്തെ​യും ഗ്രസി​ച്ചി​രി​ക്കുന്ന തൊഴി​ലി​ല്ലായ്‌മ, എച്ച്‌ഐവി ബാധി​ത​രായ 50 ലക്ഷം പേർ എന്നിവ ഗവൺമെ​ന്റി​ന്റെ മുന്നി​ലുള്ള ‘കീറാ​മു​ട്ടി’കളിൽ ചിലതു​മാ​ത്രം. ഇത്തരം പ്രശ്‌നങ്ങൾ ഇല്ലാതാ​ക്കാൻ മനുഷ്യ ഭരണകൂ​ട​ങ്ങൾക്കു കഴിയി​ല്ലെന്ന വസ്‌തുത തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അനേക​രും പരിഹാ​ര​ത്തി​നാ​യി മറ്റൊരു ഉറവി​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്നു.

പ്രകൃ​തി​സൗ​ന്ദ​ര്യം വഴി​ഞ്ഞൊ​ഴു​കു​ന്നി​ടം

പ്രശ്‌ന​ങ്ങ​ളു​ടെ ഈ ദേശം പക്ഷേ വിനോ​ദ​സ​ഞ്ചാ​രി​കളെ ആകർഷി​ക്കാൻ പോന്നത്ര മനോ​ഹ​ര​മാ​ണു കേട്ടോ. സൂര്യ​പ്ര​കാ​ശ​ത്തിൽ കുളിച്ചു നിൽക്കുന്ന കടൽത്തീ​രങ്ങൾ, പ്രൗഢി​യോ​ടെ തലയു​യർത്തി​നിൽക്കുന്ന പർവതങ്ങൾ, അനുപ​മ​മായ ഒരു സവാരി​യു​ടെ സുഖം സമ്മാനി​ക്കുന്ന വൈവി​ധ്യ​മാർന്ന നടപ്പാ​തകൾ എന്നിവ​യെ​ല്ലാം വിനോ​ദ​സ​ഞ്ചാ​രി​കളെ ഇവി​ടേക്ക്‌ ആകർഷി​ക്കു​ന്നു. നഗരങ്ങ​ളിൽ നിങ്ങൾക്ക്‌ ലോക​പ്ര​ശ​സ്‌ത​ങ്ങ​ളായ കടകളും റസ്റ്ററന്റു​ക​ളും കാണാം. മിതകാ​ലാ​വ​സ്ഥ​യാണ്‌ ദക്ഷിണാ​ഫ്രി​ക്ക​യു​ടെ മറ്റൊരു സവി​ശേഷത.

ഇവിടത്തെ ഒരു പ്രമുഖ ആകർഷ​ണീ​യ​ത​യാണ്‌ വൈവി​ധ്യ​മാർന്ന വന്യജീ​വി​കൾ. 200 ഇനം സസ്‌ത​ന​ങ്ങ​ളും 800 ഇനം പക്ഷിക​ളും 20,000 ഇനം പൂച്ചെ​ടി​ക​ളും ദക്ഷിണാ​ഫ്രി​ക്ക​യ്‌ക്ക്‌ സ്വന്തമാ​യുണ്ട്‌. ക്രൂഗർ നാഷണൽ പാർക്ക്‌ പോലുള്ള വന്യജീ​വി​സ​ങ്കേ​ത​ങ്ങ​ളി​ലേക്ക്‌ ആളുക​ളു​ടെ പ്രവാ​ഹ​മാണ്‌. അവിടെ ചെന്നാൽ ആഫ്രി​ക്ക​യു​ടെ “അഞ്ച്‌ വീരന്മാ​രെ” നിങ്ങൾക്കു കാണാം: ആന, കാണ്ടാ​മൃ​ഗം, സിംഹം, പുള്ളി​പ്പു​ലി, കേയ്‌പ്പ്‌ എരുമ.

ദക്ഷിണാ​ഫ്രി​ക്ക​യു​ടെ വനാന്ത​രങ്ങൾ നിങ്ങൾക്ക്‌ അവിസ്‌മ​ര​ണീ​യ​മായ ഒരു അനുഭൂ​തി പകരും. പ്രകൃ​തി​യു​ടെ പ്രശാ​ന്ത​ത​യിൽ നിങ്ങൾക്ക്‌ പ്രത്യേ​ക​തരം പന്നൽച്ചെ​ടി​കൾ, കൽപ്പാ​യ​ലു​കൾ, ആരു​ടെ​യും ഭാവനയെ തൊട്ടു​ണർത്തുന്ന നിറപ്പ​കി​ട്ടാർന്ന കിളികൾ, പ്രാണി​കൾ എന്നിവ ഒരുക്കുന്ന വിസ്‌മയ പ്രപഞ്ചം ആവോളം നുകരാം. തലയെ​ടു​പ്പോ​ടെ നിൽക്കുന്ന യെല്ലോ​വുഡ്‌ മരത്തെ നോക്കി​നിൽക്കവേ, ഇത്തിരി​പ്പോന്ന ഒരു വിത്തി​നു​ള്ളി​ലാ​ണ​ല്ലോ ഈ ഭീമാ​കാ​രൻ ഒളിച്ചി​രു​ന്നത്‌ എന്ന ചിന്ത നിങ്ങളിൽ വിസ്‌മയം നിറയ്‌ക്കു​ന്നു. ഈ വമ്പന്മാ​രു​ടെ കൂട്ടത്തി​ലെ ചിലർക്ക്‌ 50 മീറ്റർ ഉയരം​വെ​ക്കും; ആയുസ്സ്‌ എത്രയാ​ണെ​ന്ന​റി​യേണ്ടേ? ആയിരം വർഷം.

സവി​ശേ​ഷ​മാ​യ മറ്റൊ​രി​നം വിത്ത്‌ ദക്ഷിണാ​ഫ്രി​ക്ക​യിൽ പാകാ​നും വളരാ​നും തുടങ്ങി​യിട്ട്‌ ഒരു നൂറ്റാ​ണ്ടാ​യി. ഈ വിത്ത്‌ പക്ഷേ വിതച്ചി​രി​ക്കു​ന്നത്‌ ദക്ഷിണാ​ഫ്രി​ക്ക​യു​ടെ മണ്ണിലല്ല, ഇവിട​ത്തു​കാ​രു​ടെ ഹൃദയ​ത്തി​ലാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത​യാണ്‌ അത്‌. “നീതി​മാൻ പനപോ​ലെ തഴെക്കും; ലെബാ​നോ​നി​ലെ ദേവദാ​രു​പോ​ലെ വളരും” എന്ന്‌ എഴുതി​യ​പ്പോൾ സങ്കീർത്ത​ന​ക്കാ​രൻ സുവാർത്ത സ്വീക​രി​ക്കു​ന്ന​വരെ വലിയ വൃക്ഷങ്ങ​ളോട്‌ ഉപമി​ക്കു​ക​യാ​യി​രു​ന്നു. (സങ്കീ. 92:12) അത്തരം നീതി​മാ​ന്മാർ ഏറ്റവും പഴക്കമുള്ള യെല്ലോ​വുഡ്‌ മരത്തെ​ക്കാ​ളും ജീവി​ച്ചി​രി​ക്കും. കാരണം യഹോവ അവർക്കു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നത്‌ എന്നേക്കു​മുള്ള ജീവി​ത​മാണ്‌.—യോഹ. 3:16.

വളർച്ച ഏതാനും വിത്തു​ക​ളിൽനിന്ന്‌

19-ാം നൂറ്റാ​ണ്ടിൽ യുദ്ധവും രാഷ്‌ട്രീയ പോരാ​ട്ട​ങ്ങ​ളും നിമിത്തം പ്രക്ഷു​ബ്ധ​മാ​യി​രു​ന്നു ദക്ഷിണാ​ഫ്രിക്ക. എന്നാൽ ആ നൂറ്റാ​ണ്ടി​ന്റെ രണ്ടാം പകുതി​യിൽ വജ്രവും സ്വർണ​വും കണ്ടെത്തി​യത്‌ ദക്ഷിണാ​ഫ്രി​ക്ക​യു​ടെ മുഖഛാ​യ​തന്നെ മാറ്റി​മ​റി​ച്ചു. ദ മൈൻഡ്‌ ഓഫ്‌ സൗത്ത്‌ ആഫ്രിക്ക എന്ന പുസ്‌ത​ക​ത്തിൽ അല്ലിസ്റ്റർ സ്‌പാർക്‌സ്‌ ഇങ്ങനെ വിശദീ​ക​രി​ച്ചു: “ഗ്രാമീ​ണത തുളു​മ്പി​നിന്ന ദേശം ഒറ്റ രാത്രി​കൊണ്ട്‌ ഒരു വ്യാവ​സാ​യിക രാഷ്‌ട്ര​മാ​യി മാറു​ക​യാ​യി​രു​ന്നു, നാട്ടിൻപു​റ​ത്തു​ള്ളവർ നഗരങ്ങ​ളി​ലേക്കു ചേക്കേറി, അവരുടെ ജീവി​ത​വും മാറി​പ്പോ​യി.”

1902-ൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ​ത്തിയ ഹോള​ണ്ടിൽനി​ന്നുള്ള ഒരു പുരോ​ഹി​തൻ ബൈബിൾ സത്യത്തി​ന്റെ ചില വിത്തുകൾ കൂടെ​ക്കൊ​ണ്ടു​വന്നു. എങ്ങനെ​യെ​ന്നല്ലേ? അദ്ദേഹ​ത്തി​ന്റെ കയ്യിലു​ണ്ടാ​യി​രുന്ന ഒരു പെട്ടി​യിൽ, ബൈബിൾ വിദ്യാർഥി​കൾ—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—പുറത്തി​റ​ക്കിയ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉണ്ടായി​രു​ന്നു. ക്ലർക്‌ഡോപ്‌ പട്ടണത്തിൽവെച്ച്‌ ഫ്രാൻസ്‌ ആബെർസോൺ, സ്റ്റോഫെൽ ഫുറീ എന്നിവർക്ക്‌ ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ കിട്ടി. അതിൽ പറഞ്ഞി​രുന്ന കാര്യങ്ങൾ സത്യമാ​ണെന്നു മനസ്സി​ലാ​ക്കിയ അവർ മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ തുടങ്ങി. ഫുറീ കുടും​ബ​ത്തി​ലെ അഞ്ചു തലമു​റ​ക​ളിൽനി​ന്നാ​യി 80-ലധികം പേരും ആബെർസോൺ കുടും​ബ​ത്തി​ലെ അനേക​രും സമർപ്പിച്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നു. ഫുറീ കുടും​ബ​ത്തി​ലെ ഒരംഗം ഇന്ന്‌ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചിൽ സേവി​ക്കു​ന്നുണ്ട്‌.

1910-ൽ സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌ഗോ​യിൽനി​ന്നുള്ള വില്യം ഡബ്ലിയു. ജോൺസ്റ്റൺ ദക്ഷിണാ​ഫ്രി​ക്ക​യിൽ ബൈബിൾ വിദ്യാർഥി​ക​ളു​ടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ ആരംഭി​ക്കുക എന്ന ദൗത്യ​വു​മാ​യി അവി​ടെ​യെത്തി. അന്ന്‌ അദ്ദേഹം 30-കളുടെ ആരംഭ​ത്തി​ലാ​യി​രു​ന്നി​രി​ക്കണം; കാര്യ​ഗൗ​ര​വ​മു​ള്ള​വ​നും ആശ്രയ​യോ​ഗ്യ​നു​മാ​യി​രു​ന്നു അദ്ദേഹം. ഡർബനി​ലുള്ള ഒരു കെട്ടി​ട​ത്തി​ലെ ഒരു ചെറിയ മുറി, അതായി​രു​ന്നു അദ്ദേഹം തുടങ്ങി​വെച്ച ബ്രാഞ്ച്‌ ഓഫീസ്‌. വിസ്‌തൃ​ത​മായ ഒരു പ്രദേ​ശ​ത്തി​ന്റെ, അതായത്‌ ഭൂമധ്യ​രേ​ഖ​യ്‌ക്കു തെക്കുള്ള, ആഫ്രി​ക്ക​യു​ടെ മിക്ക ഭാഗങ്ങ​ളു​ടെ​യും, പ്രസം​ഗ​വേ​ല​യു​ടെ ഉത്തരവാ​ദി​ത്വം ഈ ഓഫീ​സി​നാ​യി​രു​ന്നു.

ആ പ്രാരംഭ വർഷങ്ങ​ളിൽ വെള്ളക്കാ​രാണ്‌ പ്രമു​ഖ​മാ​യും സുവാർത്ത സ്വീക​രി​ച്ചത്‌. അന്ന്‌ ബൈബിൾ വിദ്യാർഥി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡച്ചിലും ഇംഗ്ലീ​ഷി​ലും മാത്രമേ അച്ചടി​ച്ചി​രു​ന്നു​ള്ളൂ. അനേകം വർഷങ്ങൾക്കു ശേഷമാണ്‌ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ പ്രാ​ദേ​ശിക ഭാഷക​ളി​ലേക്കു വിവർത്തനം ചെയ്യ​പ്പെ​ട്ടത്‌. വെള്ളക്കാർ, കറുത്ത​വർഗ​ക്കാർ, മിശ്ര​വർഗ​ക്കാർ, ഇന്ത്യക്കാർ എന്നിങ്ങനെ നാലു വിഭാ​ഗ​ങ്ങൾക്കി​ട​യി​ലും ക്രമേണ പ്രസം​ഗ​വേല പുരോ​ഗ​മി​ച്ചു.

1911 മുതൽ കറുത്ത വർഗക്കാർക്കി​ട​യിൽ പുരോ​ഗതി ഉണ്ടായി​ട്ടു​ണ്ടെന്ന്‌ രേഖ പ്രകട​മാ​ക്കു​ന്നു. യോഹാ​നസ്‌ ഷാങ്‌ഗെ എന്ന വ്യക്തി ഡർബന​ടു​ത്തുള്ള ഡ്വേഡ്വേ എന്ന തന്റെ സ്വന്തം പട്ടണത്തി​ലേക്കു തിരി​ച്ചു​വന്നു. ബൈബിൾസ​ത്യം മനസ്സി​ലാ​ക്കി​യി​രുന്ന അദ്ദേഹം ആ അറിവ്‌ മറ്റുള്ള​വർക്കു പകർന്നു​കൊ​ടു​ത്തു. ഇംഗ്ലീ​ഷി​ലുള്ള വേദാ​ധ്യ​യന പത്രിക ഉപയോ​ഗിച്ച്‌ അദ്ദേഹം ചെറി​യൊ​രു കൂട്ടത്തെ ക്രമമാ​യി ബൈബിൾ പഠിപ്പി​ച്ചി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ കൂട്ടമാണ്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ കറുത്ത വർഗക്കാ​രു​ടെ ആദ്യത്തെ സഭയാ​യി​ത്തീർന്നത്‌.

ഈ ചെറി​യ​കൂ​ട്ടം സ്ഥലത്തെ വൈദി​ക​രു​ടെ ശ്രദ്ധയിൽപ്പെ​ടാ​തി​രു​ന്നില്ല. അവർ സഭാപ​ഠി​പ്പി​ക്ക​ലു​ക​ളോ​ടു പറ്റിനിൽക്കു​ന്നു​ണ്ടോ​യെന്ന്‌, വെസ്ലിയൻ മെഥഡിസ്റ്റ്‌ സഭയിലെ അംഗങ്ങൾ അവരോ​ടു ചോദി​ച്ചു. ബൈബി​ളി​ലുള്ള കാര്യ​ങ്ങ​ളാണ്‌ തങ്ങൾ പഠിപ്പി​ക്കു​ന്നത്‌ എന്നായി​രു​ന്നു മറുപടി. അനേകം ചർച്ചകൾക്കു​ശേഷം, ബൈബിൾ പഠിച്ചു​കൊ​ണ്ടി​രുന്ന ഈ കൂട്ടത്തെ സഭയിൽനി​ന്നു പുറത്താ​ക്കി. ജോൺസ്റ്റൺ സഹോ​ദരൻ ആ കൂട്ടവു​മാ​യി ബന്ധപ്പെ​ടു​ക​യും യോഗങ്ങൾ നടത്താ​നും അവർക്ക്‌ ആവശ്യ​മായ സഹായം നൽകാ​നു​മാ​യി അവരെ ക്രമമാ​യി സന്ദർശി​ക്കു​ക​യും ചെയ്‌തു. ബൈബിൾ വിദ്യാർഥി​ക​ളു​ടെ എണ്ണം വളരെ കുറവാ​യി​രു​ന്നെ​ങ്കി​ലും പ്രസംഗ പ്രവർത്തനം വലിയ അളവിൽ നിർവ​ഹി​ക്ക​പ്പെട്ടു. 61,808 ലഘു​ലേ​ഖകൾ വിതരണം ചെയ്യ​പ്പെ​ട്ട​താ​യി 1912-ലെ ഒരു റിപ്പോർട്ട്‌ സൂചി​പ്പി​ക്കു​ന്നു. മാത്രമല്ല, 1913 അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും ദക്ഷിണാ​ഫ്രി​ക്ക​യി​ലെ 11 പത്രങ്ങൾ നാലു ഭാഷക​ളി​ലാ​യി സി. റ്റി. റസ്സലിന്റെ പ്രഭാ​ഷ​ണങ്ങൾ പ്രസി​ദ്ധ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു.

യുദ്ധകാ​ല​ഘ​ട്ട​ങ്ങ​ളിൽ ദിവ്യാ​ധി​പത്യ പുരോ​ഗ​തി

ലോക​മെ​മ്പാ​ടു​മുള്ള ദൈവ​ജ​ന​ത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ, ദക്ഷിണാ​ഫ്രി​ക്ക​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചെറിയ കൂട്ടത്തെ സംബന്ധി​ച്ചി​ട​ത്തോ​ള​വും 1914 എന്ന വർഷം പ്രധാ​ന​മാ​യി​രു​ന്നു. ആ സമയത്ത്‌ പലരും തങ്ങളുടെ സ്വർഗീയ പ്രതി​ഫലം ലഭിക്കു​മെന്ന്‌ പ്രതീ​ക്ഷി​ച്ചു. ബ്രുക്ലി​നി​ലുള്ള ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലേക്ക്‌ അയച്ച വാർഷിക റിപ്പോർട്ടിൽ ജോൺസ്റ്റൺ സഹോ​ദരൻ ഇങ്ങനെ എഴുതി​യി​രു​ന്നു: “മുൻ വർഷത്തെ റിപ്പോർട്ടിൽ അടുത്ത വാർഷിക റിപ്പോർട്ടു സമർപ്പി​ക്കു​ന്നത്‌ സ്വർഗ​ത്തി​ലെ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലാ​യി​രി​ക്കു​മെന്ന്‌ ഞാൻ പറഞ്ഞി​രു​ന്നു. ആ പ്രതീക്ഷ പൂവണി​ഞ്ഞില്ല.” എന്നിരു​ന്നാ​ലും അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “കഴിഞ്ഞു​പോയ വർഷം ആഫ്രി​ക്ക​യി​ലെ കൊയ്‌ത്തു​വേ​ല​യു​ടെ ചരി​ത്ര​ത്തി​ലെ ഏറ്റവും തിര​ക്കേ​റിയ വർഷമാ​യി​രു​ന്നു.” കൂടുതൽ വേല ചെയ്യ​പ്പെ​ടേ​ണ്ട​തു​ണ്ടെന്നു തിരി​ച്ച​റിഞ്ഞ അനേക​രും സന്തോ​ഷ​ത്തോ​ടെ അതിൽ പങ്കു​ചേർന്നു. ഈ വർധനയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു 1915-ലെ റിപ്പോർട്ട്‌. അതിൻപ്ര​കാ​രം വേദാ​ധ്യ​യന പത്രി​ക​യു​ടെ 3,141 കോപ്പി​കൾ വിതരണം ചെയ്യ​പ്പെട്ടു, മുൻ വർഷ​ത്തേ​തി​ന്റെ ഇരട്ടി​യോ​ള​മാ​യി​രു​ന്നു അത്‌.

യാപ്പി തെറോൺ ആണ്‌ ഇക്കാലത്ത്‌ സത്യം സ്വീക​രിച്ച ഒരാൾ. സമർഥ​നായ ഒരു വക്കീലാ​യി​രു​ന്നു അദ്ദേഹം. ബൈബിൾ വിദ്യാർഥി​കൾ പതിറ്റാ​ണ്ടു​കൾക്കു​മു​മ്പു പുറത്തി​റ​ക്കിയ ഒരു പ്രസി​ദ്ധീ​ക​ര​ണത്തെ കുറിച്ച്‌ ഡർബൻ വർത്തമാ​ന​പ്പ​ത്ര​ത്തിൽ വന്ന ഒരു ലേഖനം അദ്ദേഹം വായിച്ചു. 1914 മുതൽ അരങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കുന്ന സംഭവങ്ങൾ, ബൈബിൾ പ്രവച​നങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ണ്ടുള്ള വേദാ​ധ്യ​യന പത്രിക എന്നറി​യ​പ്പെ​ടുന്ന വാല്യ​ങ്ങ​ളിൽ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു എന്ന്‌ ആ പത്രം ചൂണ്ടി​ക്കാ​ണി​ച്ചു. യാപ്പി ഇപ്രകാ​രം എഴുതി: “എനിക്ക്‌ ഈ പുസ്‌തകം വേണമാ​യി​രു​ന്നു; ഇതിനു​വേണ്ടി ഞാൻ കയറി​യി​റ​ങ്ങാത്ത പുസ്‌ത​ക​ക്ക​ട​ക​ളി​ല്ലെന്നു തന്നെ പറയാം; അവസാനം ഡർബനി​ലെ ബ്രാഞ്ച്‌ ഓഫീ​സി​ലേ​ക്കെ​ഴു​തി, അങ്ങനെ എനിക്ക്‌ ഒരു സെറ്റ്‌ കിട്ടി. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം അതൊരു വെളി​പ്പാ​ടു​പോ​ലെ​യാ​യി​രു​ന്നു! ‘മറഞ്ഞി​രുന്ന ഈ കാര്യങ്ങൾ’ മനസ്സി​ലാ​ക്കാൻ കഴിഞ്ഞ​തിൽ എനിക്ക്‌ എന്തെന്നി​ല്ലാത്ത ആഹ്ലാദം തോന്നി.” അധികം താമസി​യാ​തെ യാപ്പി സ്‌നാ​പ​ന​മേറ്റു, 1921-ൽ ഒരു അസുഖം ബാധിച്ച്‌ മരിക്കു​ന്ന​തു​വരെ ബൈബിൾ സത്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തിൽ അദ്ദേഹം ശുഷ്‌കാ​ന്തി​യോ​ടെ ഏർപ്പെട്ടു.

1914 ഏപ്രി​ലിൽ അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​ക​ളു​ടെ കൺ​വെൻ​ഷൻ ജോഹാ​ന​സ്‌ബർഗിൽ നടന്നു, ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ആദ്യത്തെ കൺ​വെൻ​ഷൻ ആയിരു​ന്നു അത്‌. 34 പേർ ഹാജരായ ആ കൺ​വെൻ​ഷ​നിൽ 16 പേർ സ്‌നാ​പ​ന​മേറ്റു.

1916 ആയപ്പോ​ഴേ​ക്കും “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” ലഭ്യമാ​യി; രാജ്യ​ത്തെ​മ്പാ​ടും അതിനു നല്ല പ്രചാരം ലഭിച്ചു. കേപ്‌ ആർഗസ്‌ വർത്തമാ​ന​പ്പ​ത്രം ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “ഇത്ര ബുദ്ധി​മു​ട്ടുള്ള ഒരു സംരംഭം ഏറ്റെടു​ത്ത​തി​നും ഈ രാജ്യത്ത്‌ അത്‌ അവതരി​പ്പി​ക്കാൻ അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി​കൾ കാണിച്ച ദീർഘ​ദൃ​ഷ്ടി​ക്കും ഫലമു​ണ്ടാ​യി, ഫോട്ടോ നാടക​ത്തി​ന്റെ വിജയം അതാണു കാണി​ക്കു​ന്നത്‌.” “ഫോട്ടോ നാടകം” വയലിൽ ഉളവാ​ക്കിയ ഫലം ആദ്യം അത്ര പ്രകട​മ​ല്ലാ​യി​രു​ന്നു. എന്നാൽ അവതരണം ജനങ്ങളെ ആകർഷി​ക്കു​ക​യും ചുരു​ങ്ങിയ സമയം​കൊണ്ട്‌ വലി​യൊ​രു പ്രദേ​ശത്ത്‌ ഫലപ്ര​ദ​മായ സാക്ഷ്യം നൽകു​ന്ന​തിന്‌ ഇടയാ​ക്കു​ക​യും ചെയ്‌തു. ഫോട്ടോ നാടകം പ്രദർശി​പ്പി​ക്കു​ന്ന​തി​നാ​യി ജോൺസ്റ്റൺ സഹോ​ദരൻ രാജ്യ​ത്തു​ട​നീ​ളം 8,000-ത്തോളം കിലോ​മീ​റ്റർ യാത്ര ചെയ്‌തു.

ആ വർഷം സംഭവിച്ച റസ്സൽ സഹോ​ദ​രന്റെ മരണം ദക്ഷിണാ​ഫ്രി​ക്ക​യി​ലെ പ്രസംഗ പ്രവർത്ത​നത്തെ താത്‌കാ​ലി​ക​മാ​യൊ​ന്നു മന്ദീഭ​വി​പ്പി​ച്ചു. മറ്റു രാജ്യ​ങ്ങ​ളി​ലെ സ്ഥിതി​യും വ്യത്യ​സ്‌ത​മാ​യി​രു​ന്നില്ല. അദ്ദേഹ​ത്തി​ന്റെ മരണ​ശേഷം ചില മാറ്റങ്ങൾ ആവശ്യ​മാ​യി​വന്നു. എന്നാൽ ചിലർ അതി​നോ​ടു വിയോ​ജി​ക്കു​ക​യും സഭയിൽ പിളർപ്പു​ണ്ടാ​ക്കു​ക​യും ചെയ്‌തു. ഉദാഹ​ര​ണ​ത്തിന്‌, ഡർബനി​ലെ ഭൂരി​ഭാ​ഗം സഭകളും വെവ്വേറെ യോഗങ്ങൾ നടത്താൻ തുടങ്ങി. “അസ്സോ​സി​യേ​റ്റഡ്‌ ബൈബിൾ വിദ്യാർഥി​കൾ” എന്നാണ്‌ അവർ തങ്ങളെ​ത്തന്നെ വിശേ​ഷി​പ്പി​ച്ചി​രു​ന്നത്‌. ഈ ഗ്രൂപ്പി​സ​ത്തി​ലൊ​ന്നും പെടാ​ത്ത​താ​യി 12 പേർ മാത്ര​മാ​ണു​ണ്ടാ​യി​രു​ന്നത്‌, ഭൂരി​ഭാ​ഗ​വും സഹോ​ദ​രി​മാ​രാ​യി​രു​ന്നു. ഇത്‌ ആയിടെ സ്‌നാ​പ​ന​മേറ്റ ഹെൻറി മ്യൂർഡാൽ എന്ന യുവ സഹോ​ദ​രനെ കുഴപ്പ​ത്തി​ലാ​ക്കി. അവന്റെ പിതാവ്‌ എതിർഗ്രൂ​പ്പി​ലാ​യി​രു​ന്നു; എണ്ണത്തിൽ കുറവാ​യി​രു​ന്നെ​ങ്കി​ലും സഭയോ​ടൊ​ത്തു സഹവസി​ക്കു​ക​യാ​യി​രു​ന്നു അമ്മ. സംഗതി​യെ​ക്കു​റിച്ച്‌ നന്നായി ആലോ​ചി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌ത​ശേഷം സഭയിൽ തുടരാൻ തന്നെ ഹെൻറി തീരു​മാ​നി​ച്ചു. സാധാരണ സംഭവി​ക്കാ​റു​ള്ള​തു​പോ​ലെ, പിളർന്നു​പോ​യ​വ​രു​ടെ കൂട്ടം അധിക​കാ​ലം നിന്നില്ല.

1917-ൽ ബ്രാഞ്ച്‌ ഓഫീസ്‌ ഡർബനിൽനിന്ന്‌ കേപ്‌ടൗ​ണി​ലേക്കു മാറ്റി. പ്രസാ​ധ​ക​രു​ടെ എണ്ണം വർധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ആ വർഷം അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും യൂറോ​പ്യൻ വംശജ​രായ 200 മുതൽ 300 വരെ ബൈബിൾ വിദ്യാർഥി​ക​ളും കറുത്ത വർഗക്കാർക്കി​ട​യിൽ തഴച്ചു​വ​ളർന്നു​കൊ​ണ്ടി​രി​ക്കുന്ന അനേകം സഭകളും ഉള്ളതായി കണക്കാ​ക്ക​പ്പെട്ടു.

1917-ൽ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌ ഓഫീസ്‌ ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: “നാട്ടു​ഭാ​ഷ​ക​ളിൽ സാഹി​ത്യ​ങ്ങ​ളൊ​ന്നും ഇല്ലെന്നി​രി​ക്കെ, ലഭ്യമായ സത്യ​ത്തെ​ക്കു​റിച്ച്‌ ഇവിടത്തെ സഹോ​ദ​ര​ങ്ങൾക്കുള്ള ഗ്രാഹ്യം അസാധാ​ര​ണ​മാണ്‌.” ‘ഇതു യഹോ​വ​യാൽ സംഭവി​ച്ചു, നമ്മുടെ ദൃഷ്ടി​യിൽ ആശ്ചര്യം ആയിരി​ക്കു​ന്നു’ എന്നു പറയാൻ മാത്രമേ ഞങ്ങൾക്കു കഴിയൂ.” ദക്ഷിണാ​ഫ്രി​ക്ക​യിൽ പ്രവർത്തി​ക്കു​ന്ന​തി​നാ​യി ന്യാസാ​ലൻഡിൽനിന്ന്‌ (ഇപ്പോ​ഴത്തെ മലാവി) ചില സഹോ​ദ​രങ്ങൾ വന്നു, കറുത്ത​വർക്കി​ട​യി​ലെ ധാരാളം പേരെ ശിഷ്യ​രാ​യി​ത്തീ​രാൻ സഹായി​ക്കു​ക​യും ചെയ്‌തു. അങ്ങനെ ദക്ഷിണാ​ഫ്രി​ക്ക​യിൽ എത്തിയ സഹോ​ദ​ര​ന്മാ​രിൽ ചിലരാ​യി​രു​ന്നു ജയിംസ്‌ നാപ്പിയർ, മക്കോഫി ങ്‌ഗുലു തുടങ്ങി​യവർ.

നിർഭയം സത്യത്തി​നാ​യി പോരാ​ടി​യ​വർ

ആ ആദ്യകാല വർഷങ്ങ​ളിൽ രാജ്യ​ഘോ​ഷ​ക​രു​ടെ ഒരു ചെറിയ കൂട്ടം സത്യത്തി​നു​വേണ്ടി നിർഭയം പോരാ​ടി. ഉത്തര ട്രാൻസ്‌വാ​ളി​ലുള്ള (ഇപ്പോ​ഴത്തെ ലിം​പോ​പോ പ്രവിശ്യ) നേൽസ്‌ട്രൂ​വം എന്ന സ്ഥലത്തെ രണ്ടു സ്‌കൂൾക്കു​ട്ടി​കൾക്ക്‌ നരക​ത്തെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​കൾ എന്തു പറയുന്നു? (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്ന ചെറു​പു​സ്‌തകം കിട്ടി. അതു വായിച്ച അവർക്ക്‌ മരിച്ച​വ​രെ​ക്കു​റിച്ച്‌ അറിയാൻ ആകാം​ക്ഷ​യാ​യി. പോൾ സ്‌മിത്‌ എന്നായി​രു​ന്നു ഒരു കുട്ടി​യു​ടെ പേര്‌. അവൻ ഇപ്രകാ​രം പറഞ്ഞു: “പള്ളിയിൽ പഠിപ്പി​ക്കു​ന്ന​തൊ​ന്നും ശരിയ​ല്ലെന്ന്‌ സ്‌കൂൾക്കു​ട്ടി​ക​ളായ ഞങ്ങൾ വളരെ വ്യക്തമാ​യി അറിയി​ച്ച​പ്പോൾ നേൽസ്‌ട്രൂ​വം ഇളകി​മ​റി​ഞ്ഞു, ഒരു കൊടു​ങ്കാറ്റ്‌ ആഞ്ഞടിച്ച പ്രതീ​തി​യാ​യി​രു​ന്നു എങ്ങും. ഈ പുതിയ മതം പെട്ടെ​ന്നു​തന്നെ വർഗ-വർണ ഭേദമി​ല്ലാ​തെ എല്ലാവ​രു​ടെ​യും സംസാ​ര​വി​ഷ​യ​മാ​യി. ദൈവ​ജ​ന​ത്തി​നെ​തി​രെ വ്യാജാ​രോ​പ​ണങ്ങൾ ഉന്നയി​ക്കു​ക​യും അവരെ പീഡി​പ്പി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ വൈദി​ക​വർഗം തങ്ങളുടെ ‘പേര്‌’ നിലനി​റു​ത്തി. മാസങ്ങ​ളോ​ളം എന്തിന്‌, വർഷങ്ങ​ളോ​ളം​പോ​ലും അവരുടെ പ്രഭാ​ഷ​ണ​ങ്ങ​ളു​ടെ കേന്ദ്ര​ബി​ന്ദു ഈ ‘വ്യാജ​മതം’ ആയിരു​ന്നു.” ഇങ്ങനെ​യൊ​ക്കെ​യാ​യി​രു​ന്നി​ട്ടും, 1924 ആയപ്പോ​ഴേ​ക്കും നേൽസ്‌ട്രൂ​വ​മിൽ 13 സജീവ പ്രസാ​ധ​ക​രു​ടെ ഒരു കൂട്ടം രൂപീ​ക​രി​ക്ക​പ്പെട്ടു.

1917-ൽ പിറ്റ്‌ ഡി യാഹെർ, സ്റ്റെലെൻബോഷ്‌ യൂണി​വേ​ഴ്‌സി​റ്റി​യിൽ ദൈവ​ശാ​സ്‌ത്ര പഠനത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കൂടെ പഠിച്ചി​രുന്ന ഒരു വ്യക്തി ബൈബിൾ വിദ്യാർഥി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​ക​യും അതി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഇത്‌ പള്ളി അധികാ​രി​കളെ വിഷമ​ത്തി​ലാ​ക്കി. ആ വിദ്യാർഥി​യോ​ടു സംസാ​രി​ക്കാ​നും ക്രിസ്‌തീയ വിദ്യാർഥി സംഘടന ക്രമീ​ക​രി​ച്ചു നടത്തുന്ന ഒരു പ്രതി​വാര ബൈബി​ള​ധ്യ​യ​ന​ത്തി​നു ഹാജരാ​കാൻ അവനെ ക്ഷണിക്കാ​നും അവർ പിറ്റിനെ ചുമത​ല​പ്പെ​ടു​ത്തി. എന്നാൽ ഫലം അധികാ​രി​കൾ ഉദ്ദേശി​ച്ച​തു​പോ​ലെ​യാ​യില്ല. പിറ്റ്‌ സത്യം സ്വീക​രി​ച്ചു. ആത്മാവ്‌, നരകം തുടങ്ങിയ വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ പ്രൊ​ഫ​സർമാ​രു​മാ​യി സംവാ​ദ​ത്തിൽ ഏർപ്പെ​ട്ടെ​ങ്കി​ലും ഫലമു​ണ്ടാ​യില്ല. അങ്ങനെ പിറ്റ്‌ യൂണി​വേ​ഴ്‌സി​റ്റി വിട്ടു.

പിന്നീട്‌, ഡച്ച്‌ നവോ​ത്ഥാന ദൈവ​ശാ​സ്‌ത്ര​ത്തിൽ ഡോക്ട​റേറ്റ്‌ നേടിയ ഡ്‌​വൈറ്റ്‌ സ്‌നേ​യ്‌മൊ​നും പിറ്റും തമ്മിലുള്ള ഒരു ചർച്ച ക്രമീ​ക​രി​ക്ക​പ്പെട്ടു. 1,500 വിദ്യാർഥി​കൾ ഉണ്ടായി​രു​ന്നു സദസ്സിൽ. സംഭവ​ത്തെ​ക്കു​റിച്ച്‌ ആറ്റി സ്‌മിത്ത്‌ സഹോ​ദ​രന്റെ ഭാഷ്യം ഇതായി​രു​ന്നു: “പണ്ഡിത​നായ ഡോക്ട​റു​ടെ എല്ലാ വാദമു​ഖ​ങ്ങ​ളെ​യും പിറ്റ്‌ ഖണ്ഡിച്ചു. സഭയ്‌ക്ക്‌ ബൈബി​ളി​നു വിരു​ദ്ധ​മായ ഉപദേ​ശ​ങ്ങ​ളു​ണ്ടെന്ന്‌ ബൈബി​ളിൽനി​ന്നു തെളി​യി​ച്ചു. ഒരു വിദ്യാർഥി തന്റെ വീക്ഷണം ഇങ്ങനെ സംഗ്ര​ഹി​ച്ചു: ‘പിറ്റ്‌ ഡി യാഹെർ പറയു​ന്നതു തെറ്റാ​ണെന്നു ഞാൻ വിശ്വ​സി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കിൽ, അദ്ദേഹം പറഞ്ഞത്‌ ശരിയാ​ണെന്ന്‌ ഞാൻ ആണയിട്ടു പറയു​മാ​യി​രു​ന്നു, കാരണം എല്ലാ കാര്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അദ്ദേഹം ബൈബി​ളിൽനിന്ന്‌ തെളി​യി​ച്ചു!’”

മറ്റു വർഗക്കാർക്കി​ട​യിൽ വിത്തു വിതയ്‌ക്കു​ന്നു

സ്റ്റെലെൻബോ​ഷി​ന​ടു​ത്തുള്ള ഫ്രാൻസ്‌ഹൂക്‌ എന്ന കൊച്ചു​പ​ട്ടണം സന്ദർശി​ക്കെ ജോൺസ്റ്റൺ സഹോ​ദരൻ അവിടെ താമസി​ച്ചി​രുന്ന മിശ്ര​വർഗ​ക്കാ​രിൽ ചിലരു​മാ​യി ബന്ധപ്പെട്ടു. വർഷങ്ങൾക്കു മുമ്പ്‌, അവിടത്തെ ആഡാം ഫാൻ ഡീമൻ എന്ന ഒരു സ്‌കൂ​ള​ധ്യാ​പകൻ ഡച്ച്‌ നവോ​ത്ഥാന സഭ ഉപേക്ഷിച്ച്‌ ഒരു ചെറിയ കൂട്ടായ്‌മ രൂപീ​ക​രി​ച്ചി​രു​ന്നു. ജോൺസ്റ്റൺ സഹോ​ദരൻ അദ്ദേഹത്തെ സന്ദർശി​ച്ചു; അദ്ദേഹം തനിക്കും സുഹൃ​ത്തു​ക്കൾക്കും വേണ്ടി സാഹി​ത്യം സ്വീക​രി​ച്ചു.

ഫാൻ ഡീമനും ചില സുഹൃ​ത്തു​ക്ക​ളും സത്യം സ്വീക​രി​ക്കു​ക​യും മനസ്സി​ലാ​ക്കിയ കാര്യങ്ങൾ തീക്ഷ്‌ണ​ത​യോ​ടെ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ക​യും ചെയ്‌തു. മിശ്ര​വർഗ​ക്കാർക്കി​ട​യിൽ രാജ്യ​സു​വാർത്ത വ്യാപി​ക്കു​ന്ന​തിന്‌ ഇത്‌ നല്ലൊരു അടിസ്ഥാ​ന​മാ​യി. ഇക്കാലത്ത്‌ 17 വയസ്സു​ണ്ടാ​യി​രുന്ന ജി. എ. ഡാനി​യേൽസ്‌ സത്യം പഠിക്കു​ക​യും ശിഷ്ടജീ​വി​തം യഹോ​വയെ സേവി​ക്കു​ന്ന​തി​നാ​യി സമർപ്പി​ക്കു​ക​യും ചെയ്‌തു.

തുടർന്നു​വന്ന വർഷങ്ങ​ളിൽ, മിശ്ര​വർഗ​ക്കാ​ര​നായ ഡേവിഡ്‌ ടെയ്‌ലർ എന്ന സഹോ​ദ​ര​നും മിശ്ര​വർഗ​ക്കാ​രു​മാ​യി ബൈബിൾസ​ത്യം പങ്കു​വെ​ക്കു​ന്ന​തിൽ ശുഷ്‌കാ​ന്തി​യോ​ടെ പങ്കെടു​ത്തു. 17 വയസ്സു​ള്ള​പ്പോ​ഴാണ്‌ അദ്ദേഹം ബൈബിൾ വിദ്യാർഥി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി​യത്‌. 1950-ൽ അദ്ദേഹം ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ത​നാ​യി. അദ്ദേഹ​ത്തിന്‌ രാജ്യത്തെ മിശ്ര​വർഗ​ക്കാ​രു​ടെ എല്ലാ സഭകളും ഒറ്റപ്പെട്ട കൂട്ടങ്ങ​ളും സന്ദർശി​ക്ക​ണ​മാ​യി​രു​ന്നു. അപ്പോ​ഴേ​ക്കും അവയുടെ എണ്ണം 24 ആയിത്തീർന്നി​രു​ന്നു. ഇതിനാ​യി ട്രെയി​നി​ലും ബസ്സിലു​മാ​യി ധാരാളം യാത്ര ചെയ്യണ​മാ​യി​രു​ന്നു.

പ്രയാസ സാഹച​ര്യ​ങ്ങ​ളിൽ ദിവ്യാ​ധി​പത്യ പുരോ​ഗ​തി

1918-ൽ ജോൺസ്റ്റൺ സഹോ​ദ​രന്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ രാജ്യ​പ്ര​സംഗ വേലയു​ടെ മേൽനോ​ട്ടം വഹിക്കാ​നുള്ള നിയമനം ലഭിച്ചു. ഹെൻറി അങ്കെറ്റിൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ത​നാ​യി. അദ്ദേഹം മുമ്പ്‌ നേറ്റൽ നിയമ​നിർമാണ സഭയിലെ ഒരംഗ​മാ​യി​രു​ന്നു. റിട്ടയർ ചെയ്‌ത ആ പ്രായ​ത്തി​ലും, അടുത്ത ആറു വർഷം അദ്ദേഹം തന്റെ നിയമനം ഭംഗി​യാ​യി നിർവ​ഹി​ച്ചു.

യുദ്ധത്തി​ന്റെ പ്രക്ഷു​ബ്ധ​ത​ക​ളും സംഘട​നാ​പ​ര​മായ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​ക​ളും ഒക്കെ ഉണ്ടായി​രു​ന്നി​ട്ടും പലരും ബൈബിൾ സത്യ​ത്തോ​ടു നന്നായി പ്രതി​ക​രി​ച്ച​തി​ന്റെ ഫലമായി വർധന തുടർന്നു. 1921-ൽ റെയിൽപ്പാത നന്നാക്കി​യി​രുന്ന ഒരു ടീമിന്റെ സൂപ്പർ​വൈ​സ​റാ​യി​രുന്ന ക്രിസ്റ്റ്യൻ ഫെൻറ്റർ റെയി​ലി​ന​ടി​യിൽ ഒരു കടലാസ്‌ കുരു​ങ്ങി​ക്കി​ട​ക്കു​ന്നതു കണ്ടു. ബൈബിൾ വിദ്യാർഥി​കൾ പ്രസി​ദ്ധീ​ക​രിച്ച ഒരു ലഘു​ലേ​ഖ​യാ​യി​രു​ന്നു അത്‌. അതു വായിച്ച അദ്ദേഹം തന്റെ മരുമകൻ എബ്രഹാം സെല്യ​യു​ടെ അടു​ത്തേക്ക്‌ ഓടി​ച്ചെന്ന്‌ ഇങ്ങനെ അറിയി​ച്ചു: “ഞാൻ ഇന്നു സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു!” ഒട്ടും താമസി​യാ​തെ അവർ ഇരുവ​രും കൂടുതൽ വിവരങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ എഴുതി. ദക്ഷിണാ​ഫ്രി​ക്കൻ ബ്രാഞ്ച്‌ ഉടനെ കൂടുതൽ ബൈബിൾ സാഹി​ത്യ​ങ്ങൾ അയച്ചു​കൊ​ടു​ത്തു. രണ്ടു​പേ​രും സമർപ്പിച്ച്‌ സ്‌നാ​പ​ന​മേൽക്കു​ക​യും സത്യം പഠിക്കാൻ അനേകരെ സഹായി​ക്കു​ക​യും ചെയ്‌തു. അവരുടെ പിൻത​ല​മു​റ​ക്കാ​രിൽ നൂറി​ല​ധി​കം പേർ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാണ്‌.

കൂടുതൽ പുരോ​ഗ​തി

1924 ആയപ്പോ​ഴേ​ക്കും കേപ്‌ടൗ​ണി​ലേക്ക്‌ ഒരു അച്ചടി​യ​ന്ത്രം കൊണ്ടു​വ​ന്നി​രു​ന്നു. കൂടാതെ ആവശ്യ​മായ സഹായം നൽകു​ന്ന​തി​നാ​യി ബ്രിട്ട​നിൽനിന്ന്‌ രണ്ടു സഹോ​ദ​ര​ന്മാ​രും എത്തി​ച്ചേർന്നു—ബ്രാഞ്ച്‌ മേൽവി​ചാ​രകൻ ആയിത്തീർന്ന തോമസ്‌ വാൽഡ​റും ഏതാനും വർഷങ്ങൾക്കു​ശേഷം അതേ സ്ഥാന​ത്തേക്കു നിയമി​ക്ക​പ്പെട്ട ജോർജ്‌ ഫിലി​പ്‌സും. ഏകദേശം 40 വർഷം ആ പദവി​യിൽ സേവിച്ച ഫിലി​പ്‌സ്‌ സഹോ​ദരൻ ദക്ഷിണാ​ഫ്രി​ക്ക​യിൽ രാജ്യ​വേല ഉന്നമി​പ്പി​ക്കു​ന്ന​തി​ലും ഉറപ്പി​ക്കു​ന്ന​തി​ലും മുഖ്യ​പങ്കു വഹിക്കു​ക​യും ചെയ്‌തു.

യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ സ്വീക​രി​ക്കാ​നുള്ള പ്രമേയം 1931-ൽ സുവി​ശേ​ഷ​വേ​ല​യു​ടെ ആക്കം വർധി​പ്പി​ച്ചു. രാജ്യം, ലോക​ത്തി​ന്റെ പ്രത്യാശ (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്നൊരു ചെറു​പു​സ്‌തകം ആ സമയത്ത്‌ പ്രകാ​ശനം ചെയ്യ​പ്പെട്ടു. “യഹോ​വ​യിൽനി​ന്നുള്ള മുന്നറി​യിപ്പ്‌” എന്ന തലക്കെ​ട്ടോ​ടെ ഈ പ്രമേ​യ​ത്തി​ന്റെ മുഴു​ഭാ​ഗ​വും അതിലു​ണ്ടാ​യി​രു​ന്നു. രാജ്യ​മെ​മ്പാ​ടും അതു വിതരണം ചെയ്‌തു. എല്ലാ പുരോ​ഹി​ത​ന്മാർക്കും രാഷ്‌ട്രീ​യ​ക്കാർക്കും സ്ഥലത്തെ പ്രമുഖ ബിസി​ന​സ്സു​കാർക്കും ഓരോ കോപ്പി നൽകാ​നുള്ള ശ്രമം നടത്തു​ക​യു​ണ്ടാ​യി.

ഒരു പുതിയ ബ്രാഞ്ച്‌ ഓഫീസ്‌

1933-ൽ കേപ്‌ടൗ​ണി​ലെ വാടക​യ്‌ക്കെ​ടുത്ത വലി​യൊ​രു കെട്ടി​ട​ത്തി​ലേക്ക്‌ ബ്രാഞ്ച്‌ ഓഫീസ്‌ മാറ്റി; 1952 വരെ അത്‌ അവി​ടെ​ത്തന്നെ തുടർന്നു. അപ്പോ​ഴേ​ക്കും ബെഥേ​ലം​ഗ​ങ്ങ​ളു​ടെ എണ്ണം 21 ആയി വർധി​ച്ചി​രു​ന്നു. ആ ബെഥേ​ലം​ഗങ്ങൾ സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. ഓരോ ദിവസ​വും ഓഫീ​സി​ലേ​ക്കും പ്രിന്റ​റി​യി​ലേ​ക്കും അവർക്ക്‌ യാത്ര ചെയ്യണ​മാ​യി​രു​ന്നു. ദിവസ​വും രാവിലെ ജോലി തുടങ്ങു​ന്ന​തി​നു​മു​മ്പാ​യി അവർ, വസ്‌ത്രം മാറുന്ന മുറി​യിൽ ഒത്തുകൂ​ടു​മാ​യി​രു​ന്നു. എന്തിനാ​ണെ​ന്നോ, ദിനവാ​ക്യം ചർച്ച ചെയ്യാൻ. അതിനു​ശേഷം അവർ ഒരുമിച്ച്‌ കർത്താ​വി​ന്റെ പ്രാർഥന ചൊല്ലു​മാ​യി​രു​ന്നു.

ചിലർ ഉച്ചഭക്ഷ​ണ​ത്തിന്‌ വീട്ടിൽ പോകാൻ പറ്റാത്തത്ര ദൂരെ​യാ​ണു താമസി​ച്ചി​രു​ന്നത്‌. അവർക്ക്‌ ഒരു നേരത്തെ ഭക്ഷണത്തി​നാ​യി ഒരു ഷില്ലി​ങ്ങും 6 പെന്നി​യും (ദക്ഷിണാ​ഫ്രി​ക്ക​യി​ലെ കറൻസി​യായ 15 സെന്റ്‌) കൊടു​ത്തി​രു​ന്നു. അതിന്‌ റെയിൽവേ സ്റ്റേഷൻ കഫേയിൽനിന്ന്‌ ഉടച്ചെ​ടുത്ത, ഒരു പ്ലേറ്റ്‌ ഉരുള​ക്കി​ഴ​ങ്ങും ഒരു ചെറിയ സോ​സേ​ജും കിട്ടു​മാ​യി​രു​ന്നു. അല്ലെങ്കിൽ ഒരു കഷണം റൊട്ടി​യും കുറച്ചു പഴവർഗ​ങ്ങ​ളും വാങ്ങാ​മാ​യി​രു​ന്നു.

1935-ൽ, കേപ്‌ടൗൺ ബ്രാഞ്ചി​നെ അച്ചടി പ്രവർത്ത​ന​ത്തിൽ സഹായി​ക്കു​ന്ന​തി​നാ​യി അച്ചടി​യിൽ വിദഗ്‌ധ​നായ ആൻഡ്രൂ ജാക്കിനെ അങ്ങോ​ട്ട​യച്ചു. ചുണ്ടിൽ ഒരു പുഞ്ചി​രി​യും കൊലു​ന്ന​നെ​യുള്ള ശരീര​പ്ര​കൃ​തി​യു​മുള്ള സ്‌കോ​ട്ടി​ഷ്‌കാ​ര​നാ​യി​രു​ന്നു അദ്ദേഹം. ലിത്വാ​നി​യ​യി​ലെ ബാൾട്ടിക്‌ സ്റ്റേറ്റുകൾ, ലട്‌വിയ, എസ്‌തോ​ണിയ എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം അദ്ദേഹം മുഴു​സമയ ശുശ്രൂഷ ആസ്വദി​ച്ചി​ട്ടുണ്ട്‌. ആൻഡ്രൂ ദക്ഷിണാ​ഫ്രി​ക്ക​യിൽ വന്നതി​നു​ശേഷം അച്ചടി​ക്കുള്ള കൂടുതൽ ഉപകര​ണങ്ങൾ എത്തി​ച്ചേർന്നു. പെട്ടെ​ന്നു​തന്നെ ‘ഒറ്റയാൾ-പ്രിന്ററി’ പ്രവർത്തനം ആരംഭി​ച്ചു. 1937-ൽ ആദ്യത്തെ ഓട്ടോ​മാ​റ്റിക്‌ പ്രിന്റിങ്‌ പ്രസ്സ്‌, ഫ്രോൻറ്റെ​ക്‌സ്‌, സ്ഥാപിച്ചു. 40 വർഷ​ത്തോ​ളം ഇത്‌ ആഫ്രി​ക്കാൻസ്‌ ഭാഷയിൽ ദശലക്ഷ​ക്ക​ണ​ക്കിന്‌ ഹാൻഡ്‌ബി​ല്ലു​ക​ളും ഫോമു​ക​ളും മാസി​ക​ക​ളും ഉത്‌പാ​ദി​പ്പി​ച്ചു.

ശേഷിച്ച കാലം ആൻഡ്രൂ ദക്ഷിണാ​ഫ്രിക്ക ബെഥേ​ലിൽ സേവിച്ചു. പ്രായാ​ധി​ക്യ​ത്തി​ലും വയൽശു​ശ്രൂ​ഷ​യിൽ ക്രമമായ ഒരു പങ്കുവ​ഹി​ച്ചു​കൊണ്ട്‌ ബെഥേൽ കുടും​ബ​ത്തിന്‌ അദ്ദേഹം ഒരു നല്ല മാതൃക വെച്ചു. 58 വർഷത്തെ സമർപ്പിത ജീവി​ത​ത്തി​നു​ശേഷം 1984-ൽ, വിശ്വ​സ്‌ത​നായ ഈ അഭിഷിക്ത സഹോ​ദരൻ തന്റെ ഭൗമിക ജീവി​ത​ഗതി പൂർത്തി​യാ​ക്കി, 89-ാം വയസ്സിൽ.

യുദ്ധകാ​ലത്തെ വലിയ പുരോ​ഗ​തി

ആഫ്രി​ക്ക​യി​ലും ഇറ്റലി​യി​ലും അനേകം ദക്ഷിണാ​ഫ്രി​ക്ക​ക്കാർ യുദ്ധത്തിൽ പങ്കെടു​ത്തെ​ങ്കി​ലും രണ്ടാം ലോക​മ​ഹാ​യു​ദ്ധം യൂറോ​പ്പിൽ ഉളവാ​ക്കിയ അത്ര നാടകീ​യ​മായ ഫലം ദക്ഷിണാ​ഫ്രി​ക്ക​യിൽ ഉളവാ​ക്കി​യില്ല. യുദ്ധത്തിന്‌ വലിയ പ്രചാരം നൽക​പ്പെട്ടു; ജനപി​ന്തുണ നേടു​ന്ന​തി​നും സൈനി​ക​സേ​വ​ന​ത്തി​ലേക്ക്‌ ആളുകളെ ആകർഷി​ക്കു​ന്ന​തി​നും വേണ്ടി​യാ​യി​രു​ന്നു അത്‌. ദേശീയ വികാരം ശക്തമാ​യി​രു​ന്നെ​ങ്കി​ലും, സേവന​വർഷം 1940-ൽ 881 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം ഉണ്ടായി. മുൻവർഷത്തെ 555 എന്ന അത്യു​ച്ച​ത്തെ​ക്കാൾ 58.7 ശതമാനം വർധന!

1939 ജനുവ​രി​യിൽ ആശ്വാസം (ഇപ്പോൾ ഉണരുക!) ആദ്യമാ​യി ആഫ്രി​ക്കാൻസിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു. ദക്ഷിണാ​ഫ്രി​ക്ക​യിൽ അച്ചടി​ക്ക​പ്പെട്ട, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ആദ്യത്തെ മാസി​ക​യാ​യി​രു​ന്നു അത്‌. അച്ച്‌ കൈ​കൊ​ണ്ടു നിരത്തി​യാണ്‌ ഈ മാസിക ഉത്‌പാ​ദി​പ്പി​ച്ചത്‌; വളരെ സാവധാ​ന​ത്തി​ലുള്ള പ്രക്രി​യ​യാ​ണിത്‌. അധികം താമസി​യാ​തെ, വീക്ഷാ​ഗോ​പു​രം ആഫ്രി​ക്കാൻസിൽ പ്രസി​ദ്ധീ​ക​രി​ക്കാൻ തീരു​മാ​നി​ച്ചു. അന്ന്‌ സഹോ​ദ​ര​ങ്ങൾക്ക്‌ അതു മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും യൂറോ​പ്പിൽ ഭാവി​യിൽ സംഭവി​ക്കാ​നി​രുന്ന സംഭവ​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽ തികച്ചും അനു​യോ​ജ്യ​മായ ഒരു തീരു​മാ​ന​മാ​യി​രു​ന്നു അത്‌. ഒരു ലൈ​നോ​ടൈ​പ്പും ഫോൾഡർ മെഷീ​നും സ്ഥാപിച്ചു. 1940 ജൂൺ 1-ന്‌ ആദ്യ ലക്കം പുറത്തി​റങ്ങി.

അന്നോളം ആഫ്രി​ക്കാൻസ്‌ വായന​ക്കാർക്കു​വേണ്ടി സഹോ​ദ​രങ്ങൾ നെതർലൻഡ്‌സിൽനിന്ന്‌ ഡച്ച്‌ വീക്ഷാ​ഗോ​പു​രം വരുത്തി​യി​രു​ന്നു, രണ്ടു ഭാഷക​ളും തമ്മിൽ സാമ്യ​മു​ണ്ടാ​യി​രു​ന്നു എന്നതാണു കാരണം. എന്നാൽ 1940 മേയിൽ ഹിറ്റ്‌ലർ നെതർലൻഡ്‌സ്‌ ആക്രമി​ച്ച​തി​നെ​ത്തു​ടർന്ന്‌ ബ്രാഞ്ച്‌ പെട്ടെ​ന്നു​തന്നെ അടച്ചു​പൂ​ട്ടി. എന്നാൽ ദക്ഷിണാ​ഫ്രി​ക്ക​യിൽ ആഫ്രി​ക്കാൻസ്‌ ഭാഷയി​ലുള്ള വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ അച്ചടി തുടങ്ങി​യി​രു​ന്ന​തി​നാൽ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു ലക്കം​പോ​ലും നഷ്ടപ്പെ​ട്ടില്ല. മാസി​ക​ക​ളു​ടെ പ്രതി​മാസ വിതരണം 17,000 ആയി വർധിച്ചു.

നിയ​ന്ത്ര​ണ​ത്തി​ന്മ​ധ്യേ​യും പുരോ​ഗ​തി

1940-ൽ, ക്രൈ​സ്‌തവ നേതാ​ക്ക​ന്മാ​രിൽനി​ന്നുള്ള സമ്മർദ​വും നമ്മുടെ നിഷ്‌പക്ഷ നിലപാ​ടി​ലുള്ള ഗവൺമെ​ന്റി​ന്റെ ആശങ്കയും നിമിത്തം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും വരിക്കാർക്ക്‌ അവരുടെ കോപ്പി​കൾ കിട്ടാ​തെ​യാ​യി. സെൻസർഷിപ്പ്‌ അധികാ​രി​കൾ അതു കണ്ടു​കെ​ട്ടി​യ​താ​യി​രു​ന്നു കാരണം. ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ നിരോ​ധി​ച്ചു​കൊ​ണ്ടുള്ള ഒരു ഔദ്യോ​ഗിക അറിയിപ്പ്‌ ഉണ്ടായി. കടൽ കടന്നെ​ത്തിയ മാസി​ക​ക​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും എത്തിയ ഉടനെ പിടി​ച്ചെ​ടു​ത്തു.

എന്നിട്ടും സഹോ​ദ​ര​ങ്ങൾക്ക്‌ തക്കസമ​യത്ത്‌ ആത്മീയാ​ഹാ​രം ലഭിച്ചു​കൊ​ണ്ടി​രു​ന്നു. ഇംഗ്ലീ​ഷി​ലുള്ള വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു കോപ്പി എങ്ങനെ​യെ​ങ്കി​ലും ബ്രാഞ്ച്‌ ഓഫീ​സിൽ എത്തിയി​രു​ന്നു. അവിടെ അത്‌ ടെപ്പ്‌സെറ്റ്‌ ചെയ്‌ത്‌ അച്ചടി​ച്ചി​രു​ന്നു. ജോർജ്‌ ഫിലി​പ്‌സ്‌ ഇപ്രകാ​രം എഴുതി: “നിരോ​ധനം പ്രാബ​ല്യ​ത്തിൽ ആയിരു​ന്ന​പ്പോൾ, തന്റെ ജനത്തോ​ടുള്ള യഹോ​വ​യു​ടെ സ്‌നേ​ഹ​പൂർവ​ക​മായ കരുത​ലി​ന്റെ​യും സംരക്ഷ​ണ​ത്തി​ന്റെ​യും ഏറ്റവും വിസ്‌മ​യ​ക​ര​മായ തെളിവ്‌ . . . ഞങ്ങൾ അനുഭ​വി​ച്ച​റി​ഞ്ഞു. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഒരു ലക്കം​പോ​ലും ഞങ്ങൾക്കു കിട്ടാ​തി​രു​ന്നില്ല. പലപ്പോ​ഴും ഒരു കോപ്പി മാത്ര​മാണ്‌ ഞങ്ങൾക്കു ലഭിച്ചി​രു​ന്നത്‌. അതു ചില​പ്പോൾ ഉത്തര റൊ​ഡേ​ഷ്യ​യി​ലോ ദക്ഷിണ റൊ​ഡേ​ഷ്യ​യി​ലോ [ഇന്നത്തെ സാംബി​യ​യും സിംബാ​ബ്‌വേ​യും] പോർച്ചു​ഗീസ്‌ പൂർവാ​ഫ്രി​ക്ക​യി​ലോ [ഇന്നത്തെ മൊസാ​മ്പിക്‌] ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഒരു ഒറ്റപ്പെട്ട ഫാമി​ലെ​യോ വരിക്കാ​ര​നി​ലൂ​ടെ ആയിരി​ക്കാം ലഭിക്കു​ന്നത്‌; അല്ലെങ്കിൽ ഒരുപക്ഷേ കേപ്‌ടൗൺ സ്‌പർശി​ച്ചു കടന്നു​പോ​കുന്ന ഒരു ബോട്ടു​സ​ഞ്ചാ​രി​യി​ലൂ​ടെ ആയിരി​ക്കാം.”

1941 ആഗസ്റ്റിൽ ബ്രാഞ്ചിൽനിന്ന്‌ അയച്ച എല്ലാ കത്തുക​ളും, യാതൊ​രു വിശദീ​ക​ര​ണ​വും നൽകാതെ സെൻസർഷിപ്പ്‌ അധികാ​രി​കൾ പിടി​ച്ചെ​ടു​ത്തു. തുടർന്ന്‌ ആ വർഷം​തന്നെ, ആഭ്യന്തര മന്ത്രി രാജ്യത്ത്‌ സംഘട​ന​യു​ടെ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും കണ്ടു​കെ​ട്ടാ​നുള്ള ഉത്തരവ്‌ പുറ​പ്പെ​ടു​വി​ച്ചു. ഒരിക്കൽ രാവിലെ പത്തു മണിക്ക്‌ കുറ്റാ​ന്വേ​ഷണ വിഭാ​ഗ​ത്തി​ലെ ഉദ്യോ​ഗ​സ്ഥ​ന്മാർ (സിഐഡി) ട്രക്കു​ക​ളു​മാ​യി ബ്രാഞ്ചി​ലെത്തി. എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നീക്കം​ചെ​യ്യുക എന്നതാ​യി​രു​ന്നു ലക്ഷ്യം. ഫിലി​പ്‌സ്‌ സഹോ​ദരൻ വാറണ്ട്‌ പരി​ശോ​ധി​ച്ചു; അത്‌ പൂർണ​മാ​യും നിയമാ​നു​സൃ​ത​മ​ല്ലെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി. നീക്കം​ചെ​യ്യേണ്ട പുസ്‌ത​ക​ങ്ങ​ളു​ടെ പേരുകൾ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു, വാസ്‌ത​വ​ത്തിൽ ഗവൺമെന്റ്‌ വിജ്ഞാ​പനം അത്‌ വ്യവസ്ഥ ചെയ്‌തി​രു​ന്നു.

ഒരു വക്കീലു​മാ​യി ബന്ധപ്പെ​ടു​ന്ന​തിന്‌ തനിക്ക്‌ അൽപ്പസ​മയം അനുവ​ദി​ക്ക​ണ​മെന്ന്‌ ഫിലി​പ്‌സ്‌ സഹോ​ദരൻ സിഐഡി ഉദ്യോ​ഗ​സ്ഥ​ന്മാ​രോട്‌ അഭ്യർഥി​ച്ചു. പ്രസി​ദ്ധീ​ക​ര​ണങ്ങൾ പിടി​ച്ചെ​ടു​ക്കാ​നുള്ള ആഭ്യന്ത​ര​മ​ന്ത്രി​യു​ടെ ഉത്തരവി​നെ​തി​രെ സുപ്രീം​കോ​ട​തി​യിൽനിന്ന്‌ ഒരു ഉത്തരവ്‌ നേടി​യെ​ടു​ക്കു​ന്ന​തി​നു​വേണ്ടി അദ്ദേഹം അടിയ​ന്തി​ര​മാ​യി ഒരു അപേക്ഷ സമർപ്പി​ക്കു​ക​യും ചെയ്‌തു. അതിനു ഫലമു​ണ്ടാ​യി. ഉച്ചയോ​ടെ മന്ത്രി​യു​ടെ ഉത്തരവിന്‌ എതി​രെ​യുള്ള വിധി വന്നു. അങ്ങനെ പോലീസ്‌ വെറും​ക​യ്യോ​ടെ മടങ്ങി. അഞ്ചു ദിവസ​ത്തി​നു​ശേഷം മന്ത്രി ഉത്തരവു പിൻവ​ലി​ക്കു​ക​യും നിയമ​ന​ട​പ​ടി​ക​ളോ​ടു ബന്ധപ്പെട്ട്‌ സൊ​സൈ​റ്റിക്ക്‌ ചെലവായ പണം നൽകു​ക​യും ചെയ്‌തു.

നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ നിരോ​ധ​ന​ത്തോ​ടു ബന്ധപ്പെട്ട നിയമ​യു​ദ്ധം ഏതാനും വർഷങ്ങൾകൂ​ടെ നീണ്ടു​നി​ന്നു. സഹോ​ദ​രങ്ങൾ തങ്ങളുടെ വീടു​ക​ളിൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഒളിച്ചു​വെച്ചു. വയലിൽ കൊടു​ക്കു​ന്ന​തി​നാ​യി വളരെ കുറച്ചു പ്രസി​ദ്ധീ​ക​ര​ണ​ങ്ങളേ ഉണ്ടായി​രു​ന്നു​ള്ളൂ എങ്കിലും അവർ അത്‌ ബുദ്ധി​പൂർവം ഉപയോ​ഗി​ച്ചു. ബൈബിൾ പഠിക്കാൻ ആഗ്രഹ​മു​ള്ള​വർക്ക്‌ അവർ പുസ്‌ത​കങ്ങൾ ‘കടമായി’ കൊടു​ക്കു​മാ​യി​രു​ന്നു. അനേകർ ഇക്കാലത്ത്‌ സത്യം സ്വീക​രി​ച്ചു.

1943-ന്റെ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും മറ്റൊ​രാൾ ആഭ്യന്ത​ര​മ​ന്ത്രി​യാ​യി സ്ഥാന​മേറ്റു. നിരോ​ധനം നീക്കു​ന്ന​തി​നു​വേണ്ടി ഒരപേക്ഷ സമർപ്പി​ച്ചു. അതിനു ഫലമു​ണ്ടാ​യി. 1944-ന്റെ തുടക്ക​ത്തിൽ നിരോ​ധനം പിൻവ​ലി​ക്കു​ക​യും അധികാ​രി​കൾ പിടി​ച്ചെ​ടുത്ത സാഹി​ത്യ​ശേ​ഖരം ബ്രാഞ്ചി​ലേക്ക്‌ അയയ്‌ക്കു​ക​യും ചെയ്‌തു.

രാജ്യ​പ്ര​സം​ഗ വേല നിറു​ത്തി​ക്കാ​നുള്ള എതിരാ​ളി​ക​ളു​ടെ ശ്രമങ്ങൾ വിജയി​ച്ചോ? തന്റെ വിശ്വസ്‌ത ദാസന്മാ​രു​ടെ സേവനത്തെ യഹോവ അനു​ഗ്ര​ഹി​ച്ചെ​ന്നാണ്‌ 1945 സേവന വർഷത്തി​ലെ കണക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌. മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി വേല പുരോ​ഗ​മി​ച്ചു. ശരാശരി 2,991 പ്രസാ​ധകർ 3,70,264 പ്രസി​ദ്ധീ​ക​ര​ണങ്ങൾ സമർപ്പി​ക്കു​ക​യും 4,777 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ക​യും ചെയ്‌തു. 1940-ലെ പ്രസാധക അത്യു​ച്ച​മായ 881-നെ അപേക്ഷി​ച്ചു നോക്കു​മ്പോൾ ഇത്‌ മഹത്തായ ഒരു പുരോ​ഗ​തി​യാ​യി​രു​ന്നു.

ദിവ്യാ​ധി​പത്യ പരിശീ​ല​ന​ത്തി​ന്റെ പ്രയോ​ജ​ന​ങ്ങൾ

1943-ൽ ആരംഭിച്ച ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ കോഴ്‌സ്‌ (ഇന്ന്‌ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ എന്നറി​യ​പ്പെ​ടു​ന്നു) പരസ്യ പ്രസം​ഗ​ത്തിൽ യോഗ്യത കൈവ​രി​ക്കു​ന്ന​തിന്‌ അനേകം സഹോ​ദ​ര​ന്മാർക്കു പരിശീ​ലനം നൽകി. വയൽശു​ശ്രൂ​ഷ​യിൽ ഫലപ്ര​ദ​രാ​യി​രി​ക്കു​ന്ന​തിന്‌ അത്‌ അനേകരെ സഹായി​ക്കു​ക​യും ചെയ്‌തു. 1945 ആയപ്പോ​ഴേ​ക്കും പരിശീ​ലനം നേടിയ നല്ലൊരു ശതമാനം പ്രസം​ഗകർ ഉണ്ടായി​രു​ന്നു. പരസ്യ​യോ​ഗ​ങ്ങൾക്കുള്ള പ്രചാ​രണം ആരംഭി​ച്ചു. നോട്ടീ​സു​ക​ളും പ്ലാക്കാർഡു​ക​ളും ഉപയോ​ഗിച്ച്‌ സഹോ​ദ​രങ്ങൾ പ്രസം​ഗങ്ങൾ പരസ്യ​പ്പെ​ടു​ത്തി.

അന്നത്തെ ഒരു യുവപ​യ​നി​യ​റാ​യി​രു​ന്നു പിറ്റ്‌ വെന്റ്‌സെൽ. ആ ആദ്യകാ​ല​ത്തെ​ക്കു​റിച്ച്‌ അയവി​റ​ക്കി​ക്കൊണ്ട്‌ അദ്ദേഹം പറയുന്നു: “എന്നെ ഫിറാ​നാ​ഗിങ്‌ എന്ന നഗരത്തിൽ നിയമി​ച്ചു. ഫ്രാൻസ്‌ മളർ ആയിരു​ന്നു എന്റെ പയനിയർ പങ്കാളി. 1945 ജൂ​ലൈ​യിൽ പരസ്യ​യോഗ പ്രചാ​രണം ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌, നടത്തേണ്ട നാലു പ്രസം​ഗ​ങ്ങ​ളിൽ രണ്ടെണ്ണം ഞാൻ തയ്യാറാ​ക്കി. ദിവസ​വും ഉച്ചഭക്ഷണ സമയത്ത്‌ പുഴക്ക​ര​യിൽ ചെന്ന്‌ ഒരു മണിക്കൂർ ഞാൻ പുഴ​യോ​ടും മരങ്ങ​ളോ​ടും പ്രസം​ഗി​ക്കു​മാ​യി​രു​ന്നു. അങ്ങനെ ഒരു മാസം ഞാൻ എന്റെ പ്രസം​ഗങ്ങൾ പരിശീ​ലി​ച്ചു. അതോടെ ഒരു സദസ്സിനെ അഭിസം​ബോ​ധന ചെയ്‌ത്‌ സംസാ​രി​ക്കാ​നുള്ള ആത്മവി​ശ്വാ​സം എനിക്കു ലഭിച്ചു.” ഫിറാ​നാ​ഗി​ങ്ങിൽ ആദ്യത്തെ പ്രസംഗം നടത്തി​യ​പ്പോൾ താത്‌പ​ര്യ​ക്കാ​രായ 37 പേർ സന്നിഹി​ത​രാ​യി. പിന്നീട്‌ രൂപീ​ക​രി​ക്ക​പ്പെ​ടാ​നി​രുന്ന സഭയുടെ അടിസ്ഥാ​ന​മാ​യി​രു​ന്നു അത്‌.

വർഷങ്ങ​ളോ​ളം സഞ്ചാര​വേല ചെയ്‌ത​തി​നു​ശേഷം പിറ്റി​നും ഭാര്യ ലീനോ​യ്‌ക്കും ബെഥേ​ലിൽ സേവി​ക്കാ​നുള്ള ക്ഷണം ലഭിച്ചു. ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി​യി​ലെ ഒരംഗ​മായ അദ്ദേഹം ശുശ്രൂ​ഷ​യി​ലെ തന്റെ തീക്ഷ്‌ണത നിലനി​റു​ത്തി​യി​രി​ക്കു​ന്നു. ഇപ്പോ​ഴും അദ്ദേഹം ബൈബി​ളി​ന്റെ ഒരു നല്ല പഠിതാ​വാണ്‌. 59 വർഷത്തെ മുഴു​സമയ സേവന​ത്തി​നു​ശേഷം 2004 ഫെബ്രു​വരി 12-ന്‌ ലീനോ മരിച്ചു.

സ്‌നേ​ഹ​പു​ര​സ്സ​ര​മായ സഹായം

സഹോ​ദ​ര​ങ്ങളെ സേവി​ക്കു​ന്ന​തി​നു​വേണ്ടി സഹോ​ദ​ര​ന്മാ​രെ നിയമി​ച്ച​താ​യി​രു​ന്നു ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ന്റെ നിർദേ​ശ​പ്ര​കാ​രം ഉണ്ടായ മറ്റൊരു മാറ്റം. ഇന്നത്തെ സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രു​ടെ മുൻഗാ​മി​ക​ളാ​യി​രു​ന്നു ഇവർ. തിരക്കു​പി​ടിച്ച പട്ടിക പിൻപ​റ്റാൻ കഴിയുന്ന, നല്ല ആരോ​ഗ്യ​വും പ്രസരി​പ്പു​മുള്ള അവിവാ​ഹി​ത​രായ പുരു​ഷ​ന്മാ​രെ​യാ​ണു നിയമി​ച്ചി​രു​ന്നത്‌.

ആദ്യ​മൊ​ക്കെ, വലിയ സഭകൾക്ക്‌ രണ്ടോ മൂന്നോ ദിവസത്തെ സന്ദർശനം ക്രമീ​ക​രി​ച്ചു; ചെറിയ കൂട്ടങ്ങ​ളു​ടെ സന്ദർശനം ഒരു ദിവസം മാത്രം നീണ്ടു​നിൽക്കു​ന്ന​താ​യി​രു​ന്നു. അതു​കൊണ്ട്‌ നിയമി​ത​രായ സഹോ​ദ​ര​ന്മാർക്ക്‌ വളരെ​യ​ധി​കം യാത്ര ചെയ്യണ​മാ​യി​രു​ന്നു. മുഖ്യ​മാ​യും അവർ പൊതു വാഹന സൗകര്യ​ങ്ങ​ളെ​യാണ്‌ ആശ്രയി​ച്ചത്‌; പലപ്പോ​ഴും ട്രെയി​നി​ലും ബസ്സിലും മറ്റും അസമയത്ത്‌ യാത്ര ചെയ്യണ​മാ​യി​രു​ന്നു. സന്ദർശന സമയത്ത്‌ അവർ ശ്രദ്ധാ​പൂർവം സഭകളു​ടെ റെക്കോർഡു​കൾ പരി​ശോ​ധി​ച്ചി​രു​ന്നു. എങ്കിലും അവരുടെ മുഖ്യ ലക്ഷ്യം സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം വയലിൽ പ്രവർത്തി​ക്കു​ക​യും ശുശ്രൂ​ഷ​യിൽ അവരെ പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യുക എന്നതാ​യി​രു​ന്നു.

1943-ൽ സഞ്ചാര​ദാ​സ​നാ​യി നിയമി​ക്ക​പ്പെട്ട ഗെർട്ട്‌ നെൽ, ഉത്തര ട്രാൻസ്‌വാ​ളിൽ ഒരു സ്‌കൂ​ള​ധ്യാ​പ​ക​നാ​യി ജോലി നോക്കു​മ്പോ​ഴാണ്‌ സത്യ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞത്‌. 1934-ലായി​രു​ന്നു അത്‌. ധാരാളം പ്രസാ​ധ​കരെ അദ്ദേഹം സഹായി​ച്ചു; പലരും അദ്ദേഹ​ത്തി​ന്റെ വിശ്വസ്‌ത സേവനം ഇന്നും ഓർക്കു​ന്നു. ഉയരമുള്ള, വണ്ണംകു​റഞ്ഞ ശരീര​പ്ര​കൃ​തി​യാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റേത്‌. കാഴ്‌ച​യ്‌ക്ക്‌ ഗൗരവ​ക്കാ​ര​നാ​യി​രുന്ന അദ്ദേഹം സത്യത്തി​ന്റെ തീക്ഷ്‌ണ​ത​യുള്ള ഒരു പോരാ​ളി​യാ​യി​രു​ന്നു. ഓർമ​ശ​ക്തിക്ക്‌ പേരു​കേട്ട വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം; അദ്ദേഹ​ത്തിന്‌ ആളുക​ളോട്‌ വലിയ സ്‌നേഹം ഉണ്ടായി​രു​ന്നു. രാവിലെ ഏഴു മണിമു​തൽ രാത്രി ഏഴോ എട്ടോ മണിവരെ വിശ്ര​മ​മി​ല്ലാ​തെ അദ്ദേഹം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​മാ​യി​രു​ന്നു. സഞ്ചാര വേലയ്‌ക്കി​ടെ, രാത്രി​യെ​ന്നോ പകലെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ അദ്ദേഹം ട്രെയി​നിൽ യാത്ര ചെയ്‌തി​രു​ന്നു; എന്നിട്ട്‌ സഭയുടെ വലുപ്പം അനുസ​രിച്ച്‌ ഏതാനും ദിവസം അദ്ദേഹം ഓരോ സഭയോ​ടൊ​ത്തും പ്രവർത്തി​ക്കു​മാ​യി​രു​ന്നു. അതിനു​ശേഷം അടുത്ത സ്ഥലത്തേക്കു പോകും; അതായി​രു​ന്നു പതിവ്‌. 1946-ൽ, ഒരു ആഫ്രി​ക്കാൻസ്‌ പരിഭാ​ഷ​ക​നെന്ന നിലയിൽ സേവി​ക്കു​ന്ന​തി​നാ​യി അദ്ദേഹത്തെ ബെഥേ​ലി​ലേക്ക്‌ ക്ഷണിച്ചു; 1991-ൽ മരിക്കു​ന്ന​തു​വരെ അദ്ദേഹം വിശ്വ​സ്‌ത​നാ​യി അവിടെ സേവിച്ചു. ദക്ഷിണാ​ഫ്രിക്ക ബെഥേ​ലിൽ സേവിച്ച അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളിൽ അവസാ​നത്തെ വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം. മറ്റ്‌ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളായ ജോർജ്‌ ഫിലി​പ്‌സ്‌, ആൻഡ്രൂ ജാക്‌, ജെറൾഡ്‌ ഗാരാർഡ്‌ എന്നിവർ 1982-നും 1985-നും ഇടയ്‌ക്ക്‌ തങ്ങളുടെ ഭൗമിക ജീവി​ത​ഗതി പൂർത്തി​യാ​ക്കി.

മറ്റുള്ള​വർക്കാ​യി ജീവിതം ഉഴിഞ്ഞു​വെ​ച്ച​വർ

സഭകളെ ആത്മീയ​മാ​യി ശക്തി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അർപ്പണ​ബോ​ധ​ത്തോ​ടെ പ്രവർത്തി​ക്കുന്ന സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും ഭാര്യ​മാ​രു​ടെ​യും സേവനം യഹോ​വ​യു​ടെ ദാസന്മാർ വളരെ വിലമ​തി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, 1965-ൽ ലൂക്‌ ഡ്‌ലാ​ഡ്‌ലാ​യ്‌ക്ക്‌ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമനം ലഭിച്ചു. ഇപ്പോൾ അദ്ദേഹം ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കു​ന്നു. അദ്ദേഹം പറയു​ന്നതു ശ്രദ്ധി​ക്കുക: “ഇന്ന്‌, അതായത്‌ 2005-ൽ, എനിക്ക്‌ 79 വയസ്സുണ്ട്‌; എന്റെ ഭാര്യക്ക്‌ 68-ഉം. പക്ഷേ ഇപ്പോ​ഴും, ഞങ്ങളുടെ പ്രദേ​ശത്ത്‌ സുവാർത്ത അറിയി​ക്കു​ന്ന​തി​നാ​യി മലകൾ കയറി​യി​റ​ങ്ങാ​നും നദി കുറുകെ കടക്കാ​നും ഒക്കെ ഞങ്ങൾക്കു കഴിയു​ന്നുണ്ട്‌. ഏകദേശം 50 വർഷം ഞങ്ങൾ വയലിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്നു.”

1954-ൽ ആൻഡ്രൂ മാസോൺഡൊ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ത​നാ​യി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “1965-ൽ എനിക്ക്‌ ബോട്‌സ്വാ​ന​യി​ലേക്കു നിയമനം ലഭിച്ചു, അത്‌ ഒരു മിഷനറി നിയമ​നം​പോ​ലെ ആയിരു​ന്നു. മൂന്നു വർഷമാ​യി മഴ പെയ്‌തി​ട്ടി​ല്ലാ​യി​രു​ന്ന​തി​നാൽ ദേശം ക്ഷാമത്തി​ന്റെ പിടി​യി​ലാ​യി​രു​ന്നു. അത്താഴം കഴിക്കാ​തെ ഉറങ്ങേ​ണ്ടി​വ​രിക, രാവിലെ വെറും​വ​യ​റോ​ടെ വയൽശു​ശ്രൂ​ഷ​യ്‌ക്കു പോകുക എന്നതി​ന്റെ​യൊ​ക്കെ അർഥ​മെ​ന്താ​ണെന്ന്‌ ഞാനും ഭാര്യ ജോർജി​ന​യും അനുഭ​വി​ച്ച​റി​ഞ്ഞു. സാധാരണ ഒരു നേരമാണ്‌ ഞങ്ങൾ ഭക്ഷണം കഴിച്ചി​രു​ന്നത്‌, ഉച്ചയ്‌ക്കു മാത്രം.

“ദക്ഷിണാ​ഫ്രി​ക്ക​യിൽ തിരി​ച്ചെ​ത്തി​യ​പ്പോൾ എനിക്ക്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി നിയമനം ലഭിച്ചു; ഏണസ്റ്റ്‌ പൻഡചുക്ക്‌ സഹോ​ദ​ര​നാണ്‌ എനിക്കു പരിശീ​ലനം നൽകി​യത്‌. യാത്ര​ചൊ​ല്ലി പിരി​ഞ്ഞ​പ്പോൾ അദ്ദേഹം എന്നോട്‌ ഇങ്ങനെ പറഞ്ഞു: ‘സഹോ​ദ​ര​ങ്ങ​ളെ​ക്കാൾ തലയു​യർത്ത​രുത്‌; പകരം വിളഞ്ഞ്‌, തലതാ​ഴ്‌ത്തി നിൽക്കുന്ന ഒരു ധാന്യ​ക്ക​തി​രു​പോ​ലെ ആയിരി​ക്കുക; ധാരാളം ധാന്യ​മ​ണി​ക​ളുള്ള ഒരു കതിരു​പോ​ലെ.’”

ആദ്യത്തെ സർക്കിട്ട്‌ സമ്മേളനം

1947 ഏപ്രി​ലിൽ ഡർബനിൽവെച്ച്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ആദ്യത്തെ സർക്കിട്ട്‌ സമ്മേളനം നടന്നു. അഞ്ചാമത്തെ ഗിലെ​യാദ്‌ ക്ലാസ്സിൽനി​ന്നു പരിശീ​ലനം നേടി ദക്ഷിണാ​ഫ്രി​ക്ക​യിൽ എത്തിയ ആദ്യത്തെ മിഷന​റി​യാ​യി​രുന്ന മിൽട്ടൺ ബാർട്ട്‌ലെറ്റ്‌, സമ്മേള​ന​ത്തിൽ പങ്കെടുത്ത സഹോ​ദ​ര​ങ്ങ​ളെ​പ്പറ്റി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “കറുത്ത​വർഗ​ക്കാ​രായ സാക്ഷി​ക​ളു​ടെ മനോ​ഭാ​വം മനസ്സി​ലാ​ക്കാൻ കഴിഞ്ഞത്‌ സന്തോ​ഷ​ക​ര​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു. ശാന്തരും ശുദ്ധി​യു​ള്ള​വ​രു​മാ​യി​രു​ന്നു അവർ; നല്ല വസ്‌ത്ര​ധാ​ര​ണ​വും ചമയവും ഉണ്ടായി​രു​ന്നു. സത്യ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാ​നുള്ള ആത്മാർഥ​മായ ആഗ്രഹ​വും വയൽസേ​വ​ന​ത്തോ​ടുള്ള ബന്ധത്തിൽ അടങ്ങാത്ത ആവേശ​വും അവർക്കു​ണ്ടാ​യി​രു​ന്നു.”

കറുത്ത വർഗക്കാർക്കി​ട​യിൽ താത്‌പ​ര്യം വർധി​ച്ചു​കൊ​ണ്ടി​രു​ന്ന​തി​നാൽ കൂടുതൽ സഹായം നൽകാ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യ​പ്പെട്ടു. സുളു ഭാഷയിൽ പുറത്തി​റ​ങ്ങിയ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ആദ്യ ലക്കം 1949 ജനുവരി 1 ആയിരു​ന്നു. കേപ്‌ടൗ​ണി​ലെ ബ്രാഞ്ച്‌ ഓഫീ​സി​ലെ, കൈ​കൊ​ണ്ടു പ്രവർത്തി​ക്കാ​വുന്ന ഒരു ചെറിയ ഡ്യൂപ്ലി​ക്കേ​റ്റിങ്‌ മെഷീ​നി​ലാണ്‌ അത്‌ അച്ചടി​ച്ചത്‌. ഇന്നത്തേ​തു​പോ​ലുള്ള വർണപ്പ​കി​ട്ടാർന്ന ആകർഷ​ക​മായ മാസി​ക​യ​ല്ലാ​യി​രു​ന്നെ​ങ്കി​ലും വിലതീ​രാത്ത ആത്മീയ ആഹാര​ത്തി​ന്റെ ഉറവാ​യി​രു​ന്നു അത്‌. 1950-ൽ ആറു ഭാഷക​ളിൽ സാക്ഷരതാ ക്ലാസ്സുകൾ ആരംഭി​ച്ചു. ഈ ക്ലാസ്സുകൾ, ദൈവ​വ​ചനം സ്വന്തമാ​യി വായി​ക്കാൻ തീക്ഷ്‌ണ​ത​യുള്ള നൂറു​ക​ണ​ക്കി​നു സഹോ​ദരീ സഹോ​ദ​ര​ന്മാ​രെ പ്രാപ്‌ത​രാ​ക്കി.

പ്രസംഗ പ്രവർത്തനം പുരോ​ഗ​മി​ച്ച​തോ​ടെ, അനു​യോ​ജ്യ​മായ യോഗ​സ്ഥ​ലങ്ങൾ ആവശ്യ​മാ​യി വന്നു. 1948-ൽ കേപ്‌ടൗ​ണി​ന​ടു​ത്തുള്ള സ്‌ട്രാൻഡ്‌ പട്ടണത്തി​ലേക്ക്‌ ഒരു പയനി​യറെ നിയമി​ച്ചു. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ആദ്യത്തെ രാജ്യ​ഹാ​ളി​ന്റെ നിർമാണ പ്രവർത്ത​ന​ങ്ങ​ളു​ടെ സംഘാ​ട​ക​നാ​യി സേവി​ക്കാ​നുള്ള പദവി അദ്ദേഹ​ത്തി​നു ലഭിച്ചു. സ്ഥലത്തെ ഒരു സഹോ​ദരി പദ്ധതിക്ക്‌ സാമ്പത്തിക സഹായം നൽകി. ജോർജ്‌ ഫിലി​പ്‌സ്‌ ഇങ്ങനെ പറഞ്ഞു: “ഈ പുതിയ ഹാളിനു ചക്രങ്ങൾ ഘടിപ്പിച്ച്‌ ഇത്‌ രാജ്യ​ത്തെ​ങ്ങും കൊണ്ടു​ന​ട​ക്കാ​നാ​യെ​ങ്കിൽ എന്നു ഞാൻ ആശിച്ചു​പോ​കു​ന്നു, എന്തിനാ​ണെ​ന്നോ? കൂടുതൽ രാജ്യ​ഹാ​ളു​കൾ പണിയാൻ സഹോ​ദ​ര​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‌.” രാജ്യ​വ്യാ​പ​ക​മാ​യി സംഘടിത രാജ്യ​ഹാൾ നിർമാ​ണം നിലവിൽവ​ന്നത്‌ പിന്നെ​യും വർഷങ്ങൾക്കു ശേഷമാണ്‌.

ഇന്ത്യൻ വംശജർക്കി​ട​യിൽ നല്ല പ്രതി​ക​ര​ണം

1860-നും 1911-നും ഇടയ്‌ക്കുള്ള വർഷങ്ങ​ളിൽ നേറ്റലി​ലെ കരിമ്പിൻ തോട്ട​ങ്ങ​ളിൽ കരാറ​ടി​സ്ഥാ​ന​ത്തിൽ ജോലി ചെയ്യു​ന്ന​തി​നാ​യി ഇന്ത്യയിൽനിന്ന്‌ തൊഴി​ലാ​ളി​കളെ കൊണ്ടു​വന്നു. കരാറ​നു​സ​രി​ച്ചുള്ള ജോലി തീർന്ന​തി​നു​ശേഷം അനേകർ അവി​ടെ​ത്തന്നെ തങ്ങി; ഇന്നിവി​ടെ പത്തുല​ക്ഷ​ത്തി​ല​ധി​കം ഇന്ത്യക്കാ​രുണ്ട്‌. 1950-കളുടെ ആരംഭം​മു​തൽ ഇന്ത്യക്കാർ ബൈബിൾസ​ത്യ​ത്തോ​ടു താത്‌പ​ര്യം കാണി​ച്ചു​തു​ടങ്ങി.

1915-ലാണ്‌ വെല്ലൂ നൈക്കെർ ജനിച്ചത്‌. ഒമ്പതു കുട്ടി​ക​ളുള്ള കുടും​ബ​ത്തി​ലെ നാലാ​മ​ത്ത​വ​നാ​യി​രു​ന്നു നൈക്കെർ. കരിമ്പിൻതോ​ട്ട​ത്തി​ലെ തൊഴി​ലാ​ളി​ക​ളാ​യി​രു​ന്നു അവന്റെ മാതാ​പി​താ​ക്കൾ; ഉറച്ച ഹിന്ദുമത വിശ്വാ​സി​ക​ളും. സ്‌കൂ​ളി​ലെ ബൈബിൾ ക്ലാസ്സുകൾ അവന്റെ താത്‌പ​ര്യം തൊട്ടു​ണർത്തി. വെല്ലൂ വളർന്ന്‌ ഒരു യുവാ​വാ​യ​പ്പോൾ ആരോ അവന്‌ ഒരു ബൈബിൾ കൊടു​ത്തു. ദിവസ​വും അവനതു വായിച്ചു; നാലു വർഷം​കൊണ്ട്‌ അവൻ മുഴു​ബൈ​ബി​ളും വായി​ച്ചു​തീർത്തു. അവൻ ഇപ്രകാ​രം എഴുതി: “മത്തായി 5:6-ലെ വാക്കുകൾ എനിക്ക്‌ ആകർഷ​ക​മാ​യി​ത്തോ​ന്നി; ഒരുവൻ സത്യത്തി​നും നീതി​ക്കും വേണ്ടി ദാഹി​ക്കു​ന്നത്‌ ദൈവത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു​വെന്ന്‌ അതു വായി​ച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി.”

അവസാനം യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടിയ വെല്ലൂ ബൈബിൾ പഠിക്കാൻ തുടങ്ങി. 1954-ൽ അദ്ദേഹം സ്‌നാ​പ​ന​മേറ്റു. ദക്ഷിണാ​ഫ്രി​ക്ക​യിൽ സ്‌നാ​പ​ന​മേറ്റ ആദ്യത്തെ ഇന്ത്യക്കാ​ര​നാ​യി​രു​ന്നു അദ്ദേഹം. അക്‌റ്റൊൻവിൽ പട്ടണത്തി​ലെ ഗൗറ്റെ​ങ്ങി​ലാണ്‌ അദ്ദേഹം അപ്പോൾ താമസി​ച്ചി​രു​ന്നത്‌, അവിടത്തെ ഹിന്ദു​ക്കൾക്ക്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു കടുത്ത എതിർപ്പാ​യി​രു​ന്നു. സ്ഥലത്തെ ഒരു പ്രധാനി വെല്ലൂ​വി​ന്റെ ജീവ​നെ​ടു​ക്കു​മെന്ന്‌ ഭീഷണി​പ്പെ​ടു​ത്തു​ക​പോ​ലും ചെയ്‌തു. ഒരു ഡ്രൈ​ക്ലീ​നിങ്‌ സ്ഥാപന​ത്തി​ന്റെ മാനേ​ജ​രാ​യി ജോലി നോക്കു​ക​യാ​യി​രു​ന്നു വെല്ലൂ; ബൈബിൾസ​ത്യ​ത്തി​നു വേണ്ടി ഉറച്ച നിലപാട്‌ എടുത്തതു നിമിത്തം, ആ ജോലി​യും നഷ്ടപ്പെട്ടു. എന്നിട്ടും, 1981-ൽ മരിക്കു​ന്ന​തു​വരെ അദ്ദേഹം വിശ്വ​സ്‌ത​ത​യോ​ടെ യഹോ​വയെ സേവിച്ചു. അദ്ദേഹ​ത്തി​ന്റെ നല്ല മാതൃ​ക​യ്‌ക്കു ഫലമു​ണ്ടാ​യി; ഇന്ന്‌ നാലു തലമു​റ​ക​ളിൽനി​ന്നാ​യി, വിവാഹം വഴി ബന്ധുക്ക​ളാ​യവർ ഉൾപ്പെടെ, 190-ലധികം കുടും​ബാം​ഗങ്ങൾ യഹോ​വയെ സേവി​ക്കു​ന്നു.

14 വയസ്സു​ള്ള​പ്പോ​ഴാണ്‌ ഗോപൽ കൂപ്‌സാ​മി തന്റെ അമ്മാവ​നായ വെല്ലൂ​വിൽനിന്ന്‌ സത്യ​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞത്‌. “യുവ​പ്രാ​യ​ത്തി​ലാ​യി​രുന്ന ഞങ്ങളിൽ ചില​രോട്‌ അമ്മാവൻ ബൈബി​ളി​നെ​ക്കു​റി​ച്ചു സംസാ​രി​ക്കു​മാ​യി​രു​ന്നു, പക്ഷേ ഞാൻ ബൈബിൾ പഠിച്ചി​രു​ന്നില്ല,” ഗോപൽ ഓർക്കു​ന്നു. “ഹിന്ദു​വായ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം, തികച്ചും അപരി​ചി​ത​മായ ഒരു പുസ്‌ത​ക​മാ​യി​രു​ന്നു ബൈബിൾ. എന്നാൽ ഞാൻ വായിച്ച ചില സംഗതി​ക​ളിൽ കാര്യ​മു​ണ്ടെന്ന്‌ എനിക്കു തോന്നി. ഒരു ദിവസം അമ്മാവൻ സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​നു പോകു​ന്നതു ഞാൻ കണ്ടു. എന്നെക്കൂ​ടെ കൂട്ടാ​മോ എന്നു ചോദി​ച്ച​പ്പോൾ അദ്ദേഹം സമ്മതിച്ചു. അന്നുമു​തൽ ഇന്നോളം ഞാൻ യോഗങ്ങൾ മുടക്കി​യി​ട്ടില്ല. ബൈബി​ളി​നെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കാൻ ഞാൻ ആഗ്രഹി​ച്ചു; അതു​കൊണ്ട്‌ ഞാനൊ​രു പബ്ലിക്‌ ലൈ​ബ്ര​റി​യിൽ പോയി, അവിടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ കണ്ടു. വീട്ടിൽ ഭയങ്കര എതിർപ്പാ​യി​രു​ന്നു. എന്നാൽ സങ്കീർത്തനം 27:10-ലെ വാക്കുകൾ എപ്പോ​ഴും എന്റെ മനസ്സിൽ ഉണ്ടായി​രു​ന്നു: ‘എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷി​ച്ചി​രി​ക്കു​ന്നു; എങ്കിലും യഹോവ എന്നെ ചേർത്തു​കൊ​ള്ളും.’ 1955-ൽ, 15-ാം വയസ്സിൽ ഞാൻ സ്‌നാ​പ​ന​മേറ്റു.”

ഗോപ​ലും ഭാര്യ സൂശി​ലാ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭയോ​ടൊ​ത്തു സഹവസി​ക്കു​ന്നു; അവിടത്തെ അധ്യക്ഷ മേൽവി​ചാ​ര​ക​നാണ്‌ ഗോപൽ. യഹോ​വ​യു​ടെ സമർപ്പിത ദാസന്മാ​രാ​യി​ത്തീ​രാൻ 150-ഓളം വ്യക്തി​കളെ അവർ സഹായി​ച്ചി​രി​ക്കു​ന്നു. ഇതെങ്ങനെ സാധി​ച്ചു​വെന്നു ചോദി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ മറുപടി ഇതായി​രു​ന്നു: “ഞങ്ങളുടെ അനേകം കുടും​ബാം​ഗങ്ങൾ ഞങ്ങൾ താമസി​ക്കു​ന്നി​ട​ത്താ​ണു താമസി​ച്ചി​രു​ന്നത്‌. ഞാൻ അവരോ​ടു സാക്ഷീ​ക​രി​ച്ചു. പലരും നന്നായി പ്രതി​ക​രി​ച്ചു. പിന്നെ, ഞാൻ സ്വന്തമാ​യി ബിസി​നസ്സ്‌ ചെയ്യു​ക​യാ​യി​രു​ന്നു; അതു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കാൻ എനിക്ക്‌ അൽപ്പം സമയം ലഭിച്ചി​രു​ന്നു. നാലു വർഷം ഞാൻ പയനി​യ​റിങ്‌ ചെയ്‌തു. ശുശ്രൂ​ഷ​യിൽ ഞാൻ വളരെ കഠിനാ​ധ്വാ​നം ചെയ്‌തു. താത്‌പ​ര്യം കാണിച്ച എല്ലാവർക്കും ഞാൻ മടക്കസ​ന്ദർശനം നടത്തി.”

സ്‌നേ​ഹ​ത്തി​നും ക്ഷമയ്‌ക്കും ഫലമു​ണ്ടാ​കു​ന്നു

യഥാ​ക്രമം 1956-ലും 1957-ലുമായി ഗിലെ​യാദ്‌ പരിശീ​ലനം പൂർത്തി​യാ​ക്കി​യ​വ​രാണ്‌ ഡോറിൻ കിൽഗോ​റും ഇസബെല്ല എലറേ​യും. ഡർബന്റെ പ്രാന്ത​പ്ര​ദേ​ശ​മായ ചാറ്റ്‌സ്‌വർത്തി​ലെ ഇന്ത്യക്കാർക്കി​ട​യിൽ 24 വർഷം അവർ സേവിച്ചു.

അവിടത്തെ പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ ഡോറിൻ വിശദീ​ക​രി​ക്കു​ന്നു: “നല്ല ക്ഷമ വേണമാ​യി​രു​ന്നു. ചിലർ ആദാമി​നെ​യും ഹവ്വാ​യെ​യും കുറി​ച്ചു​പോ​ലും കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു. അതിഥി​പ്രി​യ​രാ​യി​രു​ന്നു അവിട​ത്തു​കാർ. വീട്ടിൽ വരുന്ന​വരെ വാതിൽക്കൽ നിറു​ത്തു​ന്നതു തെറ്റാ​ണെ​ന്നാണ്‌ ഹിന്ദുക്കൾ വിശ്വ​സി​ക്കു​ന്നത്‌. ‘ചായ കുടി​ച്ചി​ട്ടു പോകാം’ എന്നവർ പറയു​മാ​യി​രു​ന്നു. എന്നു​വെ​ച്ചാൽ ചായ കുടി​ക്കാ​തെ അവി​ടെ​നിന്ന്‌ പോകാ​നാ​കു​മാ​യി​രു​ന്നില്ല എന്നർഥം. കുറച്ചു കഴിഞ്ഞ​പ്പോൾ, ചായയിൽ ‘മുങ്ങി​പ്പോ​കു​ന്ന​തു​പോ​ലെ’ ഞങ്ങൾക്കു തോന്നി. ഇന്ത്യക്കാർ അവരുടെ ഉറച്ച മതവി​ശ്വാ​സം ഉപേക്ഷിച്ച്‌ യഹോ​വ​യു​ടെ ആരാധ​ക​രാ​യി​ത്തീർന്ന ഓരോ സന്ദർഭ​വും ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു അത്ഭുത​മാ​യി​രു​ന്നു.”

ഇസബെല്ല പിൻവ​രുന്ന അനുഭവം പറഞ്ഞു: “വയൽശു​ശ്രൂ​ഷ​യിൽ ആയിരി​ക്കെ, എന്നെ ശ്രദ്ധിച്ച ഒരു മനുഷ്യൻ മാസി​കകൾ സ്വീക​രി​ച്ചു. അദ്ദേഹ​ത്തി​ന്റെ ഭാര്യ ഡാറി​ഷ്‌നീ പള്ളിയിൽ പോയി വന്നതേ ഉണ്ടായി​രു​ന്നു​ള്ളൂ. അവർ കുട്ടിയെ കയ്യിൽ പിടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഡാറി​ഷ്‌നീ​യും സംഭാ​ഷ​ണ​ത്തിൽ പങ്കു​ചേർന്നു. ചർച്ച വളരെ ആസ്വാ​ദ്യ​മാ​യി​രു​ന്നു, ഞാൻ മടങ്ങി​ച്ചെ​ല്ലാ​നുള്ള ക്രമീ​ക​രണം ചെയ്‌തു. പക്ഷേ ചെന്ന​പ്പോ​ഴൊ​ന്നും ഡാറി​ഷ്‌നീ വീട്ടിൽ ഇല്ലായി​രു​ന്നു. ഞാൻ ചെല്ലുന്ന സമയം നോക്കി വീട്ടിൽനി​ന്നു പോക​ണ​മെന്ന്‌ പാസ്റ്റർ അവരോ​ടു പറഞ്ഞി​രു​ന്ന​താ​യി പിന്നീട്‌ അവർ പറഞ്ഞു. അങ്ങനെ​യാ​കു​മ്പോൾ, ഡാറി​ഷ്‌നീക്ക്‌ ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മി​ല്ലെന്ന്‌ ഞാൻ കരുതി​ക്കൊ​ള്ളു​മെന്ന്‌ അദ്ദേഹം ചിന്തിച്ചു. ഇതിനി​ടെ ഞാൻ എന്റെ കുടും​ബാം​ഗ​ങ്ങളെ കാണാ​നാ​യി ഇംഗ്ലണ്ടി​ലേക്കു പോയി. അവിടെ ആയിരു​ന്ന​പ്പോ​ഴും ഞാൻ ഡാറി​ഷ്‌നീ​യെ​പ്പറ്റി സദാ ചിന്തി​ക്കു​മാ​യി​രു​ന്നു. ദക്ഷിണാ​ഫ്രി​ക്ക​യിൽ മടങ്ങി​യെ​ത്തി​യ​ശേഷം ഞാൻ അവരെ കാണാൻ പോയി. ഞാൻ അതുവരെ എവി​ടെ​യാ​യി​രു​ന്നു എന്ന്‌ ഡാറി​ഷ്‌നീ ചോദി​ച്ചു. അവർ പറഞ്ഞു: ‘എനിക്ക്‌ താത്‌പ​ര്യ​മി​ല്ലെന്ന്‌ നിങ്ങൾ കരുതി​ക്കാ​ണു​മെന്ന്‌ എനിക്ക്‌ ഉറപ്പാ​യി​രു​ന്നു. വീണ്ടും കാണാ​നാ​യ​തിൽ വളരെ സന്തോഷം.’ അങ്ങനെ ഞങ്ങൾ അധ്യയനം ആരംഭി​ച്ചു, പക്ഷേ അവരുടെ ഭർത്താവ്‌ അധ്യയ​ന​ത്തിന്‌ ഇരുന്നില്ല. ഡാറി​ഷ്‌നീ ഉത്സാഹ​ത്തോ​ടെ ബൈബിൾ പഠിച്ചു, സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

“ഹൈന്ദ​വാ​ചാ​രം അനുസ​രിച്ച്‌, വിവാഹം കഴിഞ്ഞ സ്‌ത്രീ​കൾ ഒരു സ്വർണാ​ഭ​രണം മഞ്ഞച്ചര​ടിൽ കോർത്ത്‌ കഴുത്തിൽ ധരിക്കണം. താലി എന്നാണ്‌ അതിന്റെ പേര്‌. ഭർത്താവ്‌ മരിക്കു​മ്പോൾ മാത്രമേ അത്‌ മാറ്റാൻ പാടുള്ളൂ. ഡാറി​ഷ്‌നീ പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കാൻ തീരു​മാ​നി​ച്ച​പ്പോൾ, തന്റെ താലി മാറ്റേ​ണ്ടി​വ​രു​മെന്ന്‌ അവർക്കു മനസ്സി​ലാ​യി. എന്തു​ചെ​യ്യ​ണ​മെന്ന്‌ അവർ എന്നോടു ചോദി​ച്ചു. ആദ്യം ഭർത്താ​വി​നോ​ടു​തന്നെ ചോദി​ക്കാ​നും അദ്ദേഹ​ത്തി​ന്റെ പ്രതി​ക​രണം എന്താ​ണെന്ന്‌ അറിയാ​നും ഞാൻ അവരോ​ടു പറഞ്ഞു. അവർ ചോദി​ച്ചെ​ങ്കി​ലും അദ്ദേഹം സമ്മതി​ച്ചില്ല. ക്ഷമയോ​ടെ കാത്തി​രി​ക്കാ​നും അദ്ദേഹം നല്ലൊരു മാനസി​കാ​വ​സ്ഥ​യിൽ ആയിരി​ക്കു​മ്പോൾ വീണ്ടും ചോദി​ക്കാ​നും ഞാൻ അവരോ​ടു പറഞ്ഞു. അവസാനം അദ്ദേഹ​ത്തി​ന്റെ സമ്മത​ത്തോ​ടെ അതു മാറ്റാൻ ഡാറി​ഷ്‌നീ​ക്കു കഴിഞ്ഞു. നയം ഉള്ളവർ ആയിരി​ക്കാ​നും ഹിന്ദു വിശ്വാ​സ​ങ്ങ​ളോട്‌ ആദരവ്‌ കാണി​ക്കാ​നും അതേസ​മ​യം​തന്നെ ബൈബിൾസ​ത്യ​ത്തി​നു വേണ്ടി ഒരു നിലപാട്‌ എടുക്കാ​നും ഞങ്ങൾ വിദ്യാർഥി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതു​കൊണ്ട്‌ അനാവ​ശ്യ​മാ​യി സുഹൃ​ത്തു​ക്ക​ളു​ടെ​യും ബന്ധുക്ക​ളു​ടെ​യും വികാ​ര​ങ്ങളെ മുറി​പ്പെ​ടു​ത്തു​ന്നത്‌ ഒഴിവാ​ക്കാൻ അവർക്കു കഴിഞ്ഞു; അങ്ങനെ ബൈബിൾ വിദ്യാർഥി​ക​ളു​ടെ മതംമാ​റ്റം അംഗീ​ക​രി​ക്കു​ന്നത്‌ അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം എളുപ്പ​മാ​യി.”

മിഷന​റി​യെന്ന നിലയിൽ സഹിച്ചു​നിൽക്കാൻ സഹായി​ച്ചത്‌ എന്താ​ണെന്നു ചോദി​ച്ച​പ്പോൾ ഡോറി​ന്റെ മറുപടി ഇതായി​രു​ന്നു: “ഞങ്ങൾ ആളുകളെ സ്‌നേ​ഹി​ച്ചു. നിയമ​ന​ത്തി​ലാ​യി​രു​ന്നു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ. ഞങ്ങളത്‌ നന്നായി ആസ്വദി​ച്ചു.” ഇസബെല്ല ഇങ്ങനെ കൂട്ടി​ച്ചേർത്തു: “ഞങ്ങൾക്ക്‌ ഒരുപാ​ടു നല്ല സുഹൃ​ത്തു​ക്കളെ കിട്ടി. നിയമനം ഉപേക്ഷി​ച്ചു​പോ​കു​ന്ന​തിൽ ഞങ്ങൾക്കു സങ്കടം തോന്നി, പക്ഷേ ഞങ്ങളുടെ ആരോ​ഗ്യം മോശ​മാ​യി​രു​ന്നു. ബെഥേ​ലിൽ സേവി​ക്കാ​നുള്ള ദയാപു​ര​സ്സ​ര​മായ ക്ഷണം ഞങ്ങൾ നന്ദി​യോ​ടെ സ്വീക​രി​ച്ചു.” 2003 ഡിസംബർ 22-ന്‌ ഇസബെല്ല അന്തരിച്ചു.

ചാറ്റ്‌സ്‌വർത്തിൽ സേവിച്ച മറ്റു മിഷന​റി​മാർക്കും പ്രായാ​ധി​ക്യം മൂലം തങ്ങളുടെ നിയമനം തുടരാ​നോ മിഷനറി ഭവനം നടത്തി​ക്കൊ​ണ്ടു​പോ​കാ​നോ കഴിഞ്ഞില്ല. അതു​കൊണ്ട്‌ അവർക്കും ബെഥേ​ലിൽ സേവി​ക്കാ​നുള്ള നിയമനം ലഭിച്ചു. എറിക്‌ കൂക്‌, മിർട്ട്‌ൽ കൂക്‌, മൗറീൻ സ്റ്റീൻബെർഗ്‌, റോൺ സ്റ്റീഫൻസ്‌ എന്നിവ​രാ​യി​രു​ന്നു അവർ. റോൺ സ്റ്റീഫൻസ്‌ ഇപ്പോൾ ജീവി​ച്ചി​രി​പ്പില്ല.

ഒരു ബൃഹത്‌പ​ദ്ധ​തി

1948-ൽ, ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സിൽനിന്ന്‌ നേഥൻ നോറും മിൽട്ടൺ ഹെൻഷ​ലും ദക്ഷിണാ​ഫ്രിക്ക സന്ദർശി​ച്ചു. ബെഥേൽ ഭവനത്തി​നും അച്ചടി​ശാ​ല​യ്‌ക്കു​മാ​യി ജോഹാ​ന​സ്‌ബർഗിന്‌ അടുത്തുള്ള ഇലാൻസ്‌ഫോൺടെ​യ്‌നിൽ ഒരു സ്ഥലം വാങ്ങാൻ തദവസ​ര​ത്തിൽ തീരു​മാ​നി​ക്കു​ക​യു​ണ്ടാ​യി. 1952-ൽ അതിന്റെ പണി പൂർത്തി​യാ​യി. അങ്ങനെ ആദ്യമാ​യി ബെഥേൽ കുടും​ബ​ത്തി​ലെ എല്ലാവ​രും ഒരൊറ്റ മേൽക്കൂ​ര​യ്‌ക്കു കീഴി​ലാ​യി. ഫ്‌ളാ​റ്റ്‌ബെഡ്‌ പ്രസ്സ്‌ ഉൾപ്പെടെ, കൂടുതൽ പ്രിന്റിങ്‌ ഉപകര​ണങ്ങൾ സ്ഥാപിച്ചു. വീക്ഷാ​ഗോ​പു​രം എട്ടു ഭാഷക​ളി​ലും ഉണരുക! മൂന്നു ഭാഷക​ളി​ലും പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു.

1959-ൽ ബെഥേൽ ഭവനവും അച്ചടി​ശാ​ല​യും വികസി​പ്പി​ച്ചു. പുതു​താ​യി പണിത കെട്ടിടം ആദ്യ​ത്തേ​തി​നെ​ക്കാൾ വലുതാ​യി​രു​ന്നു. ഒരു പുതിയ ടിംസൺ പ്രസ്സ്‌ സ്ഥാപി​ക്ക​പ്പെട്ടു, ബ്രാഞ്ചി​ലെ ആദ്യത്തെ റോട്ടറി പ്രസ്സാ​യി​രു​ന്നു അത്‌.

അച്ചടി​യോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ സഹായി​ക്കു​ന്ന​തി​നാ​യി കാനഡ​യിൽനി​ന്നുള്ള നാലു യുവസ​ഹോ​ദ​ര​ങ്ങളെ നോർ സഹോ​ദരൻ ദക്ഷിണാ​ഫ്രി​ക്ക​യി​ലേക്കു ക്ഷണിച്ചു. ബിൽ മക്ലിലൻ, ഡെന്നിസ്‌ ലിച്ച്‌, കെൻ നോർഡിൻ, ജോൺ കികോട്ട്‌ എന്നിവ​രാ​യി​രു​ന്നു അവർ. 1959 നവംബ​റിൽ അവർ ദക്ഷിണാ​ഫ്രി​ക്ക​യിൽ എത്തി. ബിൽ മക്ലില​നും ഭാര്യ മെറി​ലി​നും ഇപ്പോ​ഴും ദക്ഷിണാ​ഫ്രിക്ക ബെഥേ​ലിൽ സേവി​ക്കു​ന്നു; ജോൺ കികോ​ട്ടും ഭാര്യ ലോറ​യും ബ്രുക്ലിൻ ബെഥേ​ലിൽ സേവി​ക്കു​ന്നു. കെൻ നോർഡി​നും ഡെന്നിസ്‌ ലിച്ചും വിവാഹം കഴിച്ച്‌ കുടും​ബ​ത്തോ​ടൊ​പ്പം ദക്ഷിണാ​ഫ്രി​ക്ക​യിൽത്തന്നെ കഴിയു​ന്നു. രാജ്യ താത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തിൽ അവർ ഇപ്പോ​ഴും നന്നായി പ്രവർത്തി​ക്കു​ന്നു. കെന്നിന്റെ രണ്ടു മക്കളും ദക്ഷിണാ​ഫ്രിക്ക ബെഥേ​ലി​ലാണ്‌.

വിപു​ല​മാ​ക്ക​പ്പെട്ട ബെഥേ​ലും പുതിയ ഉപകര​ണ​ങ്ങ​ളും, രാജ്യത്ത്‌ വർധി​ച്ചു​വ​ന്നു​കൊ​ണ്ടി​രുന്ന താത്‌പ​ര്യം ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി വിനി​യോ​ഗി​ക്ക​പ്പെട്ടു. 1952-ൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണം 10,000 കവിഞ്ഞു. 1959 ആയപ്പോ​ഴേ​ക്കും ആ സംഖ്യ 16,776 ആയി വർധി​ച്ചി​രു​ന്നു.

വർണവി​വേ​ച​ന​ത്തിൻ കീഴി​ലും ക്രിസ്‌തീയ ഐക്യം

വർണവി​വേചന വ്യവസ്ഥ​യിൻ കീഴിൽ സഹോ​ദ​രങ്ങൾ അനുഭ​വിച്ച പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തിന്‌ അതെങ്ങനെ പ്രാബ​ല്യ​ത്തിൽ വന്നു എന്നു മനസ്സി​ലാ​ക്കു​ന്നത്‌ സഹായ​ക​മാ​കും. കറുത്ത​വ​രെ​യും വെള്ളക്കാ​രെ​യും (യൂറോ​പ്യൻ വംശജർ) മിശ്ര​വർഗ​ക്കാ​രെ​യും ഇന്ത്യക്കാ​രെ​യും നഗരങ്ങ​ളിൽ, ഒരേ ഫാക്ടറി​യി​ലോ ഓഫീ​സി​ലോ റസ്റ്ററന്റി​ലോ ജോലി ചെയ്യാൻ നിയമം അനുവ​ദി​ച്ചി​രു​ന്നു. എന്നാൽ രാത്രി ഓരോ വർഗക്കാ​രും തങ്ങൾക്കാ​യി വേർതി​രി​ച്ചി​രുന്ന താമസ​സ്ഥ​ല​ത്തേക്കു പോക​ണ​മാ​യി​രു​ന്നു. ഓരോ വർഗത്തി​നും വെവ്വേറെ ക്വാർട്ടേ​ഴ്‌സു​കൾ ഉണ്ടായി​രു​ന്നു. ഭക്ഷണം കഴിക്കു​ന്ന​തി​നും ടോയ്‌ലെറ്റ്‌ സൗകര്യ​ങ്ങൾക്കും മറ്റുമാ​യി എല്ലാ കെട്ടി​ട​ങ്ങ​ളി​ലും വെള്ളക്കാർക്കും മറ്റു വർഗക്കാർക്കും പ്രത്യേ​കം പ്രത്യേ​കം സ്ഥലങ്ങൾ വേണമാ​യി​രു​ന്നു.

ഇലാൻസ്‌ഫോൺടെ​യ്‌നിൽ ആദ്യത്തെ ബ്രാഞ്ച്‌ പണിത​പ്പോൾ, കറുത്ത​വ​രെ​യും മിശ്ര​വർഗ​ക്കാ​രെ​യും ഇന്ത്യക്കാ​രെ​യും വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം താമസി​ക്കാൻ അധികാ​രി​കൾ അനുവ​ദി​ച്ചില്ല. അപ്പോൾ ബെഥേ​ലിൽ ഭൂരി​ഭാ​ഗ​വും വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങ​ളാ​യി​രു​ന്നു; മറ്റു വർഗക്കാർക്ക്‌ നഗരങ്ങ​ളിൽ ജോലി ചെയ്യാ​നുള്ള അനുമതി കിട്ടാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു എന്നതാ​യി​രു​ന്നു കാരണം. എന്നിരു​ന്നാ​ലും കറുത്ത​വ​രും മിശ്ര​വർഗ​ക്കാ​രു​മായ 12 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ബെഥേ​ലിൽ ഉണ്ടായി​രു​ന്നു. പ്രാ​ദേ​ശിക ഭാഷാ പരിഭാ​ഷകർ ആയിരു​ന്നു മിക്കവ​രും. പ്രധാന കെട്ടി​ട​ത്തോ​ടു ചേർന്ന​ല്ലാ​തെ അതിന്റെ പുറകി​ലാ​യി അഞ്ചു മുറി​ക​ളുള്ള ഒരു കെട്ടിടം പണിത്‌ ഈ സഹോ​ദ​ര​ങ്ങളെ അവിടെ താമസി​പ്പി​ക്കാൻ ഗവൺമെന്റ്‌ അനുമതി നൽകി. വർണവി​വേചന നിയമങ്ങൾ കൂടുതൽ കർശന​മാ​ക്കി​യ​തോ​ടെ അനുമതി പിൻവ​ലി​ച്ചു. ഫലമോ? നമ്മുടെ സഹോ​ദ​ര​ന്മാർക്കു താമസി​ക്കു​ന്ന​തി​നാ​യി ബ്രാഞ്ചി​നോട്‌ ഏറ്റവും അടുത്തുള്ള, കറുത്ത​വർക്കാ​യി വേർതി​രി​ച്ചി​രുന്ന പ്രദേ​ശ​ത്തേക്ക്‌ ദിവസ​വും യാത്ര​ചെ​യ്യ​ണ​മാ​യി​രു​ന്നു. ഏകദേശം 20 കിലോ​മീ​റ്റർ ദൂരെ​യാ​യി​രു​ന്നു അത്‌. അവിടെ പുരു​ഷ​ന്മാർക്കുള്ള ഒരു ഹോസ്റ്റ​ലി​ലാണ്‌ സഹോ​ദ​ര​ന്മാർ താമസി​ച്ചി​രു​ന്നത്‌. രണ്ടു സഹോ​ദ​രി​മാ​രാ​കട്ടെ അവി​ടെ​യുള്ള സാക്ഷി​ക​ളു​ടെ വീട്ടി​ലും.

പ്രധാന ഊണു​മു​റി​യി​ലി​രുന്ന്‌ വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻപോ​ലും നിയമം ഈ സഹോ​ദ​ര​ങ്ങളെ അനുവ​ദി​ച്ചില്ല. നിയമ​ത്തിൽ വീഴ്‌ച വരുത്തു​ന്നു​ണ്ടോ എന്നറി​യാ​നാ​യി സ്ഥലത്തെ മുനി​സി​പ്പാ​ലി​റ്റി ഉദ്യോ​ഗ​സ്ഥ​ന്മാർ അവരെ നിരീ​ക്ഷി​ച്ചി​രു​ന്നു. പക്ഷേ തനിച്ചി​രു​ന്നു ഭക്ഷണം കഴി​ക്കേണ്ടി വന്നത്‌ വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങൾക്ക്‌ ഉൾക്കൊ​ള്ളാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ ഊണു​മു​റി​യി​ലെ ജനാല​ക​ളിൽ സുതാ​ര്യ​മായ ഗ്ലാസ്സു​കൾക്കു പകരം അവർ അതാര്യ​മായ ഗ്ലാസ്സുകൾ ഇട്ടു; അങ്ങനെ ബെഥേൽ കുടും​ബ​ത്തി​ലെ എല്ലാവർക്കും ശല്യ​മൊ​ന്നു​മി​ല്ലാ​തെ ഒരുമി​ച്ചി​രു​ന്നു ഭക്ഷണം കഴിക്കാൻ കഴിഞ്ഞു.

ഭാര്യ സ്റ്റെല്ലയു​ടെ ആരോ​ഗ്യ​നില വഷളാ​യ​തു​കൊണ്ട്‌ ജോർജ്‌ ഫിലി​പ്‌സിന്‌ 1966-ൽ ബെഥേ​ലിൽനി​ന്നു പോ​കേ​ണ്ടി​വന്നു. തുടർന്ന്‌ ഹാരി ആർനൊറ്റ്‌ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി. നല്ല കഴിവും പ്രാപ്‌തി​യു​മുള്ള അദ്ദേഹം രണ്ടു വർഷം ആ പദവി​യിൽ തുടർന്നു. 1968 മുതൽ ഫ്രാൻസ്‌ മളർ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യും പിന്നീട്‌ ബ്രാഞ്ച്‌ കമ്മിറ്റി കോ-ഓർഡി​നേ​റ്റ​റാ​യും സേവിച്ചു.

വളർച്ചയെ ഉദ്ദീപി​പ്പിച്ച ഒരു നീല ബോംബ്‌

1968-ലെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം പ്രകാ​ശനം ചെയ്‌തു. നീല ബോംബ്‌ എന്ന ഓമന​പ്പേ​രിൽ അറിയ​പ്പെട്ട ഇതിന്‌ വയലിൽ പ്രചോ​ദ​നാ​ത്മ​ക​മായ സ്വാധീ​നം ചെലു​ത്താൻ കഴിഞ്ഞു. ഷിപ്പിങ്‌ ഡിപ്പാർട്ടു​മെന്റ്‌ വർഷം​തോ​റും ഏകദേശം 90,000 പുസ്‌ത​ക​ങ്ങ​ളാണ്‌ സഭകൾക്ക്‌ അയച്ചു​കൊ​ണ്ടി​രു​ന്ന​തെ​ങ്കിൽ, സേവന​വർഷം 1970 ആയതോ​ടെ അത്‌ 4,47,000 ആയി വർധിച്ചു.

1971-ൽ നോർ സഹോ​ദരൻ വീണ്ടും ദക്ഷിണാ​ഫ്രിക്ക സന്ദർശി​ച്ചു. ആ സമയമാ​യ​പ്പോ​ഴേ​ക്കും ബെഥേ​ലം​ഗ​ങ്ങ​ളു​ടെ എണ്ണം പിന്നെ​യും കുറഞ്ഞി​രു​ന്നു. 68 പേരേ അപ്പോൾ ബെഥേ​ലിൽ ഉണ്ടായി​രു​ന്നു​ള്ളൂ. ബെഥേൽ സൗകര്യ​ങ്ങൾ വിപു​ലീ​ക​രി​ക്കു​ന്ന​തി​നുള്ള തീരു​മാ​നങ്ങൾ എടുക്കു​ക​യും സഹോ​ദ​രങ്ങൾ സ്വമന​സ്സാ​ലെ അവരുടെ സേവന​വും പണവും അതിനാ​യി ചെലവി​ടു​ക​യും ചെയ്‌തു. 1972 ജനുവരി 30-ഓടെ നിർമാ​ണം പൂർത്തി​യാ​യി. 1978-ൽ വീണ്ടും വിപു​ലീ​ക​രണം നടന്നു. ഗവൺമെന്റ്‌ അധികാ​രി​ക​ളിൽനി​ന്നുള്ള വർധി​ച്ചു​വന്ന സമ്മർദ​ങ്ങ​ളിൻ മധ്യേ​യും ഈ വിപു​ലീ​ക​ര​ണ​ങ്ങ​ളെ​ല്ലാം സാധ്യ​മാ​യത്‌ യഹോ​വ​യു​ടെ പിന്തുണ ഒന്നു​കൊ​ണ്ടു മാത്ര​മാ​ണെന്ന്‌ ദൈവ​ജ​ന​ത്തിന്‌ ബോധ്യ​മു​ണ്ടാ​യി​രു​ന്നു.

നിഷ്‌പ​ക്ഷ​ത​യു​ടെ പരി​ശോ​ധന

ബ്രിട്ടീഷ്‌ കോമൺവെൽത്തിൽനി​ന്നു സ്വത​ന്ത്ര​മായ ദക്ഷിണാ​ഫ്രിക്ക 1961 മേയിൽ ഒരു റിപ്പബ്ലി​ക്കാ​യി​ത്തീർന്നു. രാജ്യത്ത്‌ രാഷ്‌ട്രീയ കോളി​ള​ക്ക​ങ്ങ​ളു​ടെ​യും വർധിച്ച അക്രമ​ങ്ങ​ളു​ടെ​യും നാളു​ക​ളാ​യി​രു​ന്നു അത്‌. സ്ഥിതി​ഗ​തി​കൾ നിയന്ത്രണ വിധേ​യ​മാ​ക്കു​ന്ന​തി​നുള്ള ശ്രമത്തി​ന്റെ ഭാഗമാ​യി, നിലവി​ലി​രുന്ന സർക്കാർ ദേശീയ വികാ​ര​ങ്ങളെ ആളിക്ക​ത്തി​ച്ചു. തുടർന്നുള്ള നാളുകൾ യഹോ​വ​യു​ടെ സാക്ഷി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രശ്‌ന​പൂ​രി​ത​മാ​യി​രു​ന്നു.

വർഷങ്ങ​ളോ​ളം യഹോ​വ​യു​ടെ സാക്ഷി​കൾക്കു സൈനിക സേവനം നിർബ​ന്ധ​മാ​ക്കി​യി​രു​ന്നില്ല. എന്നാൽ 1960-കളുടെ ഒടുവിൽ രാജ്യം നമീബി​യ​യി​ലെ​യും അംഗോ​ള​യി​ലെ​യും സൈനിക പ്രവർത്ത​ന​ങ്ങ​ളിൽ കൂടു​ത​ലാ​യി ഉൾപ്പെ​ടാൻ തുടങ്ങി​യ​തോ​ടെ സ്ഥിതി​ഗ​തി​കൾക്കു മാറ്റം​വന്നു. വെള്ളക്കാ​രും അരോ​ഗ​ദൃ​ഢ​ഗാ​ത്ര​രു​മായ യുവാ​ക്കൾക്ക്‌ സൈനി​ക​സേ​വനം നിർബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടുള്ള പുതിയ നിയമം നിലവിൽ വന്നു. വിസമ്മ​തിച്ച സഹോ​ദ​ര​ന്മാർക്ക്‌ സൈനിക തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ 90 ദിവസത്തെ ശിക്ഷവി​ധി​ച്ചു.

സൈനിക കുപ്പാ​യ​ങ്ങ​ളും ഹെൽമ​റ്റു​ക​ളും ധരിക്കാൻ വിസമ്മ​തി​ച്ച​തി​ന്റെ പേരിൽ തടവി​ലായ ഒരാളാ​യി​രു​ന്നു മൈക്ക്‌ മാർക്‌സ്‌. അദ്ദേഹം ഇങ്ങനെ അനുസ്‌മ​രി​ക്കു​ന്നു: “പട്ടാള​ത്തി​ന്റെ ഭാഗമാ​യി തിരി​ച്ച​റി​യ​പ്പെ​ടാൻ ആഗ്രഹി​ക്കാ​ഞ്ഞ​തി​നാൽ ഞങ്ങൾ അതിനു വിസമ്മ​തി​ച്ചു. കമാൻഡിങ്‌ ഓഫീ​സ​റായ ക്യാപ്‌റ്റൻ ചില അവകാ​ശങ്ങൾ ഞങ്ങൾക്കു നിഷേ​ധി​ക്കു​ക​യും അൽപ്പം മാത്രം ആഹാരം നൽകി ഞങ്ങളെ ഏകാന്ത തടവി​ലാ​ക്കു​ക​യും ചെയ്‌തു.” അതിന്റ​യർഥം സഹോ​ദ​ര​ങ്ങൾക്ക്‌ കത്തുകൾ എഴുതാ​നോ സ്വീക​രി​ക്കാ​നോ സന്ദർശ​കരെ സ്വീക​രി​ക്കാ​നോ വായി​ക്കു​ന്ന​തി​നാ​യി ബൈബിൾ ഒഴി​കെ​യുള്ള ഒന്നും കൈവ​ശം​വെ​ക്കാ​നോ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു എന്നാണ്‌. സാധാ​ര​ണ​ഗ​തി​യിൽ കടുത്ത കുറ്റവാ​ളി​കൾക്ക്‌ അനുവ​ദി​ച്ചി​രുന്ന അതേ ഭക്ഷണ​ക്ര​മ​മാ​യി​രു​ന്നു ഞങ്ങളുടെ കാര്യ​ത്തി​ലും പിൻപ​റ്റി​യി​രു​ന്നത്‌. രണ്ടു ദിവസ​ത്തേക്ക്‌ ദിവസ​വും അരമുറി റൊട്ടി​യും വെള്ളവും മാത്രം. തുടർന്ന്‌ ഏഴു ദിവസ​ത്തേക്ക്‌ സാധാരണ പട്ടാള​റേഷൻ. അതിനു​ശേഷം വീണ്ടും രണ്ടു ദിവസ​ത്തേക്ക്‌ റൊട്ടി​യും വെള്ളവും, ഇതായി​രു​ന്നു ക്രമം. സാധാരണ ഭക്ഷണം എന്നു വിളി​ക്ക​പ്പെ​ട്ടി​രു​ന്ന​തു​പോ​ലും മിക്ക​പ്പോ​ഴും അളവി​ലും ഗുണത്തി​ലും തീരെ നിലവാ​ര​മി​ല്ലാ​ത്ത​താ​യി​രു​ന്നു.

സഹോ​ദ​ര​ന്മാ​രു​ടെ നിർമലത തകർക്കാൻ എല്ലാവിധ ശ്രമവും നടന്നി​രു​ന്നു. ഓരോ​രു​ത്ത​രെ​യും ഒരു ചെറിയ ജയില​റ​യി​ലാണ്‌ ഇട്ടിരു​ന്നത്‌. കുറെ നാള​ത്തേക്ക്‌ കുളി​ക്കാൻ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. അതിനു പകരം ഓരോ​രു​ത്തർക്കും ടോയ്‌ല​റ്റാ​യി ഉപയോ​ഗി​ക്കാ​നും കൈയും മുഖവു​മൊ​ക്കെ കഴുകാ​നു​മാ​യി ഓരോ ബക്കറ്റ്‌ നൽകി. എന്നാൽ പിന്നീട്‌ ഇതിനു മാറ്റം​വന്നു.

തങ്ങൾക്കു​ണ്ടാ​യ അനുഭ​വ​ത്തെ​ക്കു​റിച്ച്‌ കിത്ത്‌ വിഗിൽ പറയുന്നു: “തണു​പ്പേ​റിയ ഒരു ശൈത്യ​കാല ദിവസം ഞങ്ങൾ തണുത്ത വെള്ളത്തിൽ കുളി​ച്ചു​ക​ഴിഞ്ഞ ഉടനെ പാറാ​വു​കാർ ഞങ്ങളുടെ മെത്തക​ളും കമ്പിളി​പ്പു​ത​പ്പു​ക​ളും എടുത്തു​മാ​റ്റി. ഞങ്ങളുടെ സാധാരണ വസ്‌ത്രം ധരിക്കാൻ അനുവ​ദി​ക്കാ​ഞ്ഞ​തി​നാൽ നിക്കറും ബനിയ​നും മാത്ര​മാ​ണു ഞങ്ങൾക്കു ധരിക്കാ​നാ​യത്‌. ഞങ്ങൾ ഉറങ്ങി​യ​താ​കട്ടെ, ഐസു​പോ​ലെ തണുത്ത കോൺക്രീറ്റ്‌ തറയിൽ നനഞ്ഞ തോർത്ത്‌ വിരി​ച്ചും. രാവിലെ സന്തുഷ്ട​രും ആരോ​ഗ്യ​മു​ള്ള​വ​രു​മാ​യി ഞങ്ങളെ കണ്ടത്‌ പട്ടാള​മേ​ധാ​വി​യെ ശരിക്കും അത്ഭുത​പ്പെ​ടു​ത്തി. മരം​കോ​ച്ചുന്ന ആ തണുത്ത രാത്രി​യിൽ ഞങ്ങളെ സംരക്ഷി​ച്ചത്‌ ഞങ്ങളുടെ ദൈവ​മാ​ണെന്ന്‌ അദ്ദേഹം സമ്മതി​ക്കു​ക​യു​ണ്ടാ​യി.”

യൂണി​ഫോം ധരിക്കു​ക​യോ മറ്റ്‌ യുദ്ധത്ത​ട​വു​കാ​രോ​ടൊ​പ്പം പരിശീ​ന​ത്തി​ലേർപ്പെ​ടു​ക​യോ ചെയ്യാ​ഞ്ഞ​തി​നാൽ 90 ദിവസത്തെ ശിക്ഷാ​കാ​ലാ​വധി പൂർത്തി​യാ​കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ സഹോ​ദ​ര​ങ്ങളെ വീണ്ടും കോട​തി​യി​ലേക്കു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. എന്നിട്ട്‌ വീണ്ടും തടവി​ലേ​ക്കു​തന്നെ മടക്കി അയയ്‌ക്കു​ക​യും. മേലാൽ പട്ടാള​സേ​വ​ന​ത്തി​നു യോഗ്യ​ര​ല്ലാ​താ​യി​ത്തീ​രുന്ന 65 വയസ്സ്‌ എത്തുന്ന​തു​വരെ സഹോ​ദ​ര​ന്മാ​രെ ഇങ്ങനെ വീണ്ടും വീണ്ടും തടവി​ലാ​ക്കാൻ ഉദ്ദേശി​ക്കു​ന്ന​താ​യി അധികാ​രി​കൾ വ്യക്തമാ​ക്കി.

ശക്തമായ പൊതു​ജന-രാഷ്‌ട്രീയ സമ്മർദത്തെ തുടർന്ന്‌ 1972-ൽ നിയമ​ത്തി​നു മാറ്റം​വന്നു. സൈനിക പരിശീ​ലന കാലത്തി​നു തുല്യ​മായ കാലയ​ള​വി​ലേ​ക്കുള്ള ഒരു ഏകകാല ജയിൽശിക്ഷ അവർക്കു വിധിച്ചു. തുടക്ക​ത്തിൽ ഈ ശിക്ഷ 12 മുതൽ 18 മാസം​വരെ ആയിരു​ന്നു. പിന്നീട്‌ അത്‌ മൂന്നു വർഷ​ത്തേ​ക്കും ഒടുവിൽ ആറു വർഷ​ത്തേ​ക്കു​മാ​യി വർധി​പ്പി​ച്ചു. എന്നാൽ പിന്നീട്‌ ചില ഇളവുകൾ വരുത്തിയ അധികാ​രി​കൾ സഹോ​ദ​ര​ന്മാർക്ക്‌ ആഴ്‌ച​യിൽ ഒരിക്കൽ യോഗം നടത്താ​നുള്ള അനുവാ​ദ​വും നൽകി.

തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ ആയിരി​ക്കവേ, ശിഷ്യരെ ഉളവാ​ക്കാ​നുള്ള ക്രിസ്‌തു​വി​ന്റെ കൽപ്പന സഹോ​ദ​രങ്ങൾ മറന്നു​ക​ള​ഞ്ഞില്ല. (മത്താ. 28:19, 20) അധികാ​രി​ക​ളോ​ടും സഹ അന്തേവാ​സി​ക​ളോ​ടും തങ്ങൾ സമ്പർക്ക​ത്തിൽവന്ന മറ്റുള്ള​വ​രോ​ടും അവർ സംസാ​രി​ച്ചു. ശനിയാഴ്‌ച ഉച്ചതി​രി​ഞ്ഞുള്ള സമയത്ത്‌ കത്തുകൾ എഴുതി​ക്കൊണ്ട്‌ സുവാർത്ത പങ്കു​വെ​ക്കു​ന്ന​തി​നു​പോ​ലും കുറേ​നാ​ള​ത്തേക്ക്‌ അവരെ അനുവ​ദി​ച്ചി​രു​ന്നു.

ഒരിക്കൽ, 350 പേരട​ങ്ങിയ സാക്ഷികൾ, മറ്റു 170 തടവു​കാ​രോ​ടൊ​പ്പം ഭക്ഷണം കഴിക്കാൻ സൈനിക അധികാ​രി​കൾ ഉത്തരവി​ട്ടു. രണ്ടു സാക്ഷി​കൾക്ക്‌ സാക്ഷി​യ​ല്ലാത്ത ഒരു ആൾ എന്ന അനുപാ​ത​മുള്ള ഏക പ്രദേ​ശ​മാ​യി​ത്തീർന്നു ആ തടങ്കൽപ്പാ​ളയം. ആയതി​നാൽ സഹോ​ദ​ര​ന്മാർ മേലാൽ മറ്റുള്ള​വ​രോ​ടൊ​പ്പം ഭക്ഷണം കഴിക്കേണ്ട എന്ന്‌ അധികാ​രി​കൾ പെട്ടെ​ന്നു​തന്നെ തീരു​മാ​നി​ച്ചു.

ക്രൈ​സ്‌ത​വ​ലോ​ക​വും നിഷ്‌പ​ക്ഷ​ത​യും

നിർബ​ന്ധിത സൈനി​ക​സേ​വ​ന​ത്തോ​ടുള്ള ക്രൈ​സ്‌ത​വ​സ​ഭ​ക​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു? 1974 ജൂ​ലൈ​യിൽ ദ സൗത്ത്‌ ആഫ്രിക്കൻ കൗൺസിൽ ഓഫ്‌ ചർച്ചസ്‌ (എസ്‌എ​സി​സി) മനസ്സാ​ക്ഷി​പ​ര​മായ വിസമ്മതം സംബന്ധിച്ച ഒരു പ്രമേയം പാസാക്കി. മതവി​ശ്വാ​സ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആയിരി​ക്കു​ന്ന​തി​നു പകരം രാഷ്‌ട്രീയ ലക്ഷ്യങ്ങളെ മുൻനി​റു​ത്തി​യാ​യി​രു​ന്നു അത്‌. “നീതി​കേ​ടി​നും വിവേ​ച​ന​ത്തി​നും ഒത്താശ ചെയ്യുന്ന ഒരു സമൂഹത്തെ” പിന്തു​ണ​യ്‌ക്കുന്ന സൈന്യം നടത്തുന്ന യുദ്ധം അന്യാ​യ​മാണ്‌ എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ അത്‌ മനസ്സാ​ക്ഷി​പ​ര​മായ വിസമ്മതം പ്രകടി​പ്പി​ച്ചത്‌. ആഫ്രി​ക്കാൻസ്‌ സഭകളും മറ്റു മതസമൂ​ഹ​ങ്ങ​ളും എസ്‌എ​സി​സി പ്രമേ​യത്തെ അംഗീ​ക​രി​ച്ചി​രു​ന്നില്ല.

ഡച്ച്‌ റിഫോംഡ്‌ ചർച്ച്‌ ഗവൺമെ​ന്റി​ന്റെ സൈനിക നടപടി​കളെ പിന്തു​ണ​യ്‌ക്കു​ക​യു​ണ്ടാ​യി. റോമർ 13-ാം അധ്യാ​യ​ത്തി​ന്റെ ലംഘന​മെ​ന്ന​നി​ല​യിൽ അത്‌ എസ്‌എ​സി​സി പ്രമേ​യത്തെ തിരസ്‌ക​രി​ച്ചു. എസ്‌എ​സി​സി നിലപാ​ടി​നെ എതിർത്ത മറ്റൊരു കൂട്ടം ദക്ഷിണാ​ഫ്രി​ക്കൻ പ്രതി​രോ​ധ​സേ​ന​യിൽ സേവി​ച്ചി​രുന്ന മതശു​ശ്രൂ​ഷ​ക​രാണ്‌, എസ്‌എ​സി​സി-യിൽ അംഗത്വം ഉണ്ടായി​രുന്ന സഭകളി​ലെ പുരോ​ഹി​ത​ന്മാ​രും അവരിൽപ്പെ​ട്ടി​രു​ന്നു. ഇംഗ്ലീഷ്‌ ഭാഷാ​സ​ഭ​ക​ളി​ലെ മതശു​ശ്രൂ​ഷ​ക​രു​ടെ ഒരു സംയുക്ത പ്രസ്‌താ​വ​ന​യിൽ ഈ പ്രമേ​യത്തെ എതിർത്തു​കൊണ്ട്‌ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “നമ്മുടെ സഭാം​ഗങ്ങൾ എല്ലാവ​രും, വിശേ​ഷാൽ യുവാക്കൾ, രാജ്യ​ത്തി​ന്റെ പ്രതി​രോ​ധ​ത്തി​നു​വേണ്ടി വ്യക്തി​ഗ​ത​മായ സഹായം നൽകാൻ ഞങ്ങൾ . . . ആഹ്വാനം ചെയ്യുന്നു.”

എന്നുത​ന്നെ​യല്ല, എസ്‌എ​സി​സി അംഗത്വ​മു​ണ്ടാ​യി​രുന്ന സഭകൾ നിഷ്‌പക്ഷത സംബന്ധിച്ച്‌ വ്യക്തമായ ഒരു നിലപാട്‌ കൈ​ക്കൊ​ണ്ടി​രു​ന്നില്ല. യുദ്ധവും മനസ്സാ​ക്ഷി​യും—ദക്ഷിണാ​ഫ്രിക്ക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ സമ്മതി​ക്കു​ന്നു: “മിക്ക സഭകളും . . . സഭാം​ഗ​ങ്ങ​ളോട്‌ ഇതു സംബന്ധിച്ച തങ്ങളുടെ നിലപാട്‌ വ്യക്തമാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു. മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളു​ടെ പേരിൽ സൈനി​ക​സേ​വ​ന​ത്തിൽനി​ന്നു വിട്ടു​നിൽക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല എന്ന കാര്യം പറയേ​ണ്ട​തു​മില്ല.” ആ പുസ്‌തകം പറയു​ന്ന​തു​പോ​ലെ എസ്‌എ​സി​സി പ്രമേ​യ​ത്തോ​ടുള്ള ഗവൺമെ​ന്റി​ന്റെ നിയമ പിന്തു​ണ​യോ​ടു​കൂ​ടിയ ശക്തമായ എതിർപ്പു നിമിത്തം തങ്ങളുടെ നിലപാ​ടിൽ അയവു​വ​രു​ത്താൻ സഭകൾ പ്രേരി​ത​രാ​യി. അത്‌ പറയുന്നു: “സഭയെ ക്രിയാ​ത്മക പ്രവർത്ത​ന​ങ്ങൾക്കാ​യി പ്രേരി​പ്പി​ക്കു​ന്ന​തി​നുള്ള ശ്രമങ്ങൾ പരാജ​യ​മ​ടഞ്ഞു.”

എന്നാൽ ഇതിനു വിപരീ​ത​മാ​യി പുസ്‌തകം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “മനസ്സാ​ക്ഷി​പ​ര​മായ വിസമ്മ​തത്തെ തുടർന്ന്‌ തടവി​ലാ​ക്ക​പ്പെ​ട്ട​വ​രിൽ ഭൂരി​ഭാ​ഗ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു.” അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളു​ടെ പേരിൽ യുദ്ധത്തെ എതിർക്കാ​നുള്ള ഒരു വ്യക്തി​യു​ടെ അവകാ​ശത്തെ യഹോ​വ​യു​ടെ സാക്ഷികൾ ഉയർത്തി​പ്പി​ടി​ച്ചു.”

സാക്ഷി​ക​ളു​ടെ നിലപാട്‌ തികച്ചും മതപര​മാ​യി​രു​ന്നു. ‘അധികാ​രങ്ങൾ ദൈവ​ത്താൽ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു’ എന്നു സമ്മതി​ക്കു​ന്നെ​ങ്കി​ലും സാക്ഷികൾ രാഷ്‌ട്രീയ കാര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷ​രാണ്‌. (റോമ. 13:1) അവരുടെ കൂറ്‌ മുഖ്യ​മാ​യും യഹോ​വ​യോ​ടാണ്‌. സത്യാ​രാ​ധകർ യുദ്ധത്തിൽ പങ്കെടു​ക്കില്ല എന്ന്‌ അവൻ തന്റെ വചനമായ ബൈബി​ളി​ലൂ​ടെ വെളി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.—യെശ. 2:2-4; പ്രവൃ. 5:29.

സൈനി​ക​സേ​വ​ന​ത്തി​നു വിസമ്മ​തി​ക്കു​ന്ന​വരെ തടവി​ലാ​ക്കുന്ന രീതി വർഷങ്ങ​ളോ​ളം നിലനി​ന്നി​ട്ടും അതിൽനിന്ന്‌ രക്ഷപ്പെ​ടാ​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ നിലപാ​ടിൽ യാതൊ​രു വിട്ടു​വീ​ഴ്‌ച​യും ചെയ്യി​ല്ലെന്ന്‌ വ്യക്തമാ​യി. മാത്രമല്ല, തടങ്കൽപ്പാ​ള​യങ്ങൾ നിറഞ്ഞു​ക​വി​ഞ്ഞു, അത്‌ വലിയ വാർത്ത​യാ​കു​ക​യും ചെയ്‌തു. സഹോ​ദ​ര​ങ്ങളെ സിവിൽ ജയിലു​ക​ളി​ലേക്ക്‌ അയയ്‌ക്കു​ന്ന​തിന്‌ ചില ഉദ്യോ​ഗ​സ്ഥ​വൃ​ന്ദ​ങ്ങ​ളിൽനിന്ന്‌ ശക്തമായ സമ്മർദം ഉണ്ടായി​രു​ന്നു.

സാക്ഷി​ക​ളോട്‌ അനുകൂല മനോ​ഭാ​വം പുലർത്തി​യി​രുന്ന ചില സൈനിക അധികാ​രി​കൾ ഇതി​നോ​ടു യോജി​ച്ചില്ല. നമ്മുടെ യുവ സഹോ​ദ​ര​ന്മാ​രു​ടെ ഉയർന്ന ധാർമിക നിലവാ​ര​ങ്ങളെ അവർ ആദരി​ച്ചി​രു​ന്നു. സഹോ​ദ​ര​ങ്ങളെ സിവിൽ ജയിലി​ലേക്ക്‌ അയച്ചി​രു​ന്നെ​ങ്കിൽ അവരുടെ പേരിൽ ഒരു ക്രിമി​നൽ രേഖ ഉണ്ടാകു​മാ​യി​രു​ന്നു. തന്നെയു​മല്ല, അവർ സമൂഹ​ത്തി​ലെ ഏറ്റവും വലിയ ക്രിമി​ന​ലു​കൾക്കൊ​പ്പം കഴി​യേ​ണ്ടി​വ​രു​ക​യും ലൈം​ഗിക പീഡന​ത്തിന്‌ ഇരയാ​കു​ക​യും ചെയ്യു​മാ​യി​രു​ന്നു. ആയതി​നാൽ സൈന്യ​സേ​വ​ന​വു​മാ​യി ബന്ധമി​ല്ലാത്ത ഗവൺമെന്റ്‌ ഡിപ്പാർട്ടു​മെ​ന്റു​ക​ളി​ലെ സാമൂ​ഹിക സേവന​ത്തി​നാ​യി അവരെ നിയോ​ഗി​ച്ചു. 1990-കളിൽ രാജ്യത്തെ രാഷ്‌ട്രീയ അന്തരീ​ക്ഷ​ത്തി​നു മാറ്റം വന്നതോ​ടെ നിർബ​ന്ധിത സൈനിക സേവനം നിറു​ത്ത​ലാ​യി.

ജീവി​ത​ത്തി​ലെ അത്തര​മൊ​രു നിർണാ​യക ഘട്ടത്തിൽ ദീർഘ​കാ​ലം തടവിൽ കഴി​യേ​ണ്ടി​വ​ന്നത്‌ നമ്മുടെ സഹോ​ദ​ര​ന്മാ​രെ എങ്ങനെ​യാണ്‌ ബാധി​ച്ചത്‌? അനേക​രും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​കൊണ്ട്‌ ഒരു സത്‌പേര്‌ നേടി. ദൈവ​വ​ചനം പഠിക്കാ​നും ആത്മീയ​മാ​യി വളരാ​നു​മാ​യി അവർ ഈ അവസരം ജ്ഞാനപൂർവം ഉപയോ​ഗി​ച്ചു. ക്ലിഫ്‌ വില്യംസ്‌ ഇങ്ങനെ പറയുന്നു: “തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലെ വാസം എന്റെ ജീവി​ത​ത്തി​ലെ ഒരു വഴിത്തി​രി​വാ​യി​രു​ന്നു. ആ സമയത്തു​ട​നീ​ളം യഹോ​വ​യു​ടെ സംരക്ഷ​ണ​വും അനു​ഗ്ര​ഹ​വും ഞാൻ രുചി​ച്ച​റി​ഞ്ഞു. ഇത്‌ രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തി​നാ​യി കൂടുതൽ ചെയ്യാ​നുള്ള ഒരു പ്രേര​ക​ശ​ക്തി​യാ​യി വർത്തിച്ചു. 1973-ൽ മോചി​ത​നാ​യി അധികം താമസി​യാ​തെ ഞാൻ സാധാരണ പയനി​യ​റിങ്‌ ആരംഭി​ച്ചു. അതിന​ടുത്ത വർഷം ബെഥേൽ സേവന​ത്തിൽ പ്രവേ​ശിച്ച ഞാൻ ഇന്നും അതിൽ തുടരു​ന്നു.”

17-ാമത്തെ വയസ്സിൽ തടങ്കലി​ലായ സ്റ്റീഫൻ വെന്റെർ ഇപ്രകാ​രം പറഞ്ഞു: “സത്യ​ത്തെ​ക്കു​റിച്ച്‌ പരിമി​ത​മായ അറിവു​ണ്ടാ​യി​രുന്ന, സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധ​ക​നാ​യി​രു​ന്നു ഞാൻ. പ്രഭാ​ത​ത്തിൽ തറ പോളീഷ്‌ ചെയ്യു​മ്പോൾ നടത്തി​യി​രുന്ന ദിനവാ​ക്യ​പ​രി​ചി​ന്തനം, ക്രമമായ യോഗങ്ങൾ, നല്ല അനുഭ​വ​പ​രി​ച​യ​മുള്ള ഒരു സഹോ​ദരൻ നടത്തിയ ബൈബി​ള​ധ്യ​യനം എന്നിവ​യി​ലൂ​ടെ​യെ​ല്ലാം ലഭിച്ച ആത്മീയ പിന്തുണ എല്ലാം സഹിക്കാൻ എന്നെ സഹായി​ച്ചു. അവിടെ ബുദ്ധി​മു​ട്ടേ​റിയ സമയങ്ങൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും അതൊ​ന്നും ഞാൻ കാര്യ​മാ​യി ഓർക്കു​ന്നില്ല എന്നതാണ്‌ വിസ്‌മ​യാ​വ​ഹ​മായ സംഗതി! വാസ്‌ത​വ​ത്തിൽ, തടങ്കലി​ലാ​യി​രുന്ന ആ മൂന്നു വർഷക്കാ​ല​മാണ്‌ എന്റെ ജീവി​ത​ത്തി​ലെ സുവർണ​കാ​ലം. കൗമാ​ര​ത്തിൽനി​ന്നു പുരു​ഷ​ത്വ​ത്തി​ലേ​ക്കുള്ള പരിവർത്ത​ന​ത്തിന്‌ ആ അനുഭവം എന്നെ സഹായി​ച്ചു. ഞാൻ യഹോ​വയെ അടുത്ത​റി​ഞ്ഞു, മുഴു​സമയ സേവനം തിര​ഞ്ഞെ​ടു​ക്കാൻ അതെനി​ക്കു പ്രചോ​ദ​ന​മാ​യി.”

അന്യാ​യ​മാ​യി​ട്ടാ​ണെ​ങ്കി​ലും സഹോ​ദ​രങ്ങൾ തടങ്കലി​ലാ​യ​തു​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വും ഉണ്ടായി. തടങ്കൽപ്പാ​ള​യ​ത്തിൽ സഹോ​ദ​ര​ങ്ങളെ സന്ദർശിച്ച ഗിഡി​യൊൻ ബനാഡീ ഇപ്രകാ​രം എഴുതി: “ഒന്നാ​ലോ​ചി​ച്ചു നോക്കി​യാൽ, ശക്തമായ ഒരു സാക്ഷ്യ​മാണ്‌ അതു മുഖാ​ന്തരം നൽകാ​നാ​യത്‌.” നമ്മുടെ സഹോ​ദ​ര​ന്മാർക്കു നേരി​ടേ​ണ്ടി​വന്ന പരി​ശോ​ധ​ന​ക​ളെ​യും ശിക്ഷാ​ന​ട​പ​ടി​ക​ളെ​യും കുറി​ച്ചുള്ള നിരവധി വാർത്ത​ക​ളും അവരുടെ സഹിഷ്‌ണു​ത​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ നിഷ്‌പക്ഷ നിലപാ​ടി​ന്റെ ഒരു അനശ്വര രേഖയാ​യി​ത്തീർന്നു. അത്‌ സൈനി​ക​രു​ടെ​യും മുഴു ജനതയു​ടെ​യും​മേൽ ശക്തമായ സ്വാധീ​നം ചെലുത്തി.

കറുത്ത വർഗക്കാ​രായ സഹോ​ദ​ര​ങ്ങ​ളു​ടെ നിർമ​ല​താ​പാ​ലനം

വർണവി​വേ​ച​ന​ത്തി​ന്റെ പ്രാരം​ഭ​കാ​ലത്ത്‌ നിഷ്‌പ​ക്ഷ​ത​യു​ടെ കാര്യ​ത്തിൽ, വെള്ളക്കാ​രായ സഹോ​ദ​രങ്ങൾ അഭിമു​ഖീ​ക​രിച്ച പരി​ശോ​ധ​ന​ക​ളാ​യി​രു​ന്നില്ല കറുത്ത​വ​രായ സഹോ​ദ​ര​ങ്ങൾക്ക്‌ അനുഭ​വി​ക്കേണ്ടി വന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, കറുത്ത​വരെ സൈന്യ​ത്തിൽ എടുത്തി​രു​ന്നില്ല. എന്നാൽ, കറുത്ത​വർഗ​ക്കാ​രു​ടെ രാഷ്‌ട്രീയ കക്ഷികൾ നിലവി​ലി​രുന്ന വർണവി​വേ​ച​നത്തെ എതിർത്ത​പ്പോൾ കറുത്ത​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്ക്‌ കടുത്ത പരി​ശോ​ധ​നകൾ നേരിട്ടു. ചിലരെ വധിച്ചു, മറ്റു ചിലരെ അടിച്ചു, വേറെ ചിലർക്കാ​ണെ​ങ്കിൽ തങ്ങളുടെ ഭവനങ്ങ​ളും വസ്‌തു​വ​ക​ക​ളും അഗ്നിക്കി​ര​യാ​ക്ക​പ്പെ​ട്ട​പ്പോൾ പലായനം ചെയ്യേ​ണ്ടി​വന്നു. നിഷ്‌പക്ഷത പാലി​ച്ച​തി​ന്റെ പരിണത ഫലങ്ങളാ​യി​രു​ന്നു ഇവയെ​ല്ലാം. ‘ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്ക​രുത്‌’ എന്ന യേശു​വി​ന്റെ കല്‌പന അനുസ​രി​ക്കാൻ അവർ ദൃഢചി​ത്ത​രാ​യി​രു​ന്നു.—യോഹ. 15:19, NW.

ചില രാഷ്‌ട്രീയ പാർട്ടി​കൾ ആ പ്രദേ​ശ​ത്തു​ള്ള​വ​രോട്‌ പാർട്ടി കാർഡു​കൾ വാങ്ങാൻ ആവശ്യ​പ്പെട്ടു. ആയുധങ്ങൾ വാങ്ങു​ന്ന​തി​നോ വെള്ളക്കാ​രു​ടെ സൈന്യ​വു​മാ​യുള്ള ഏറ്റുമു​ട്ട​ലിൽ കൊല്ല​പ്പെട്ട അവരുടെ സഹകാ​രി​ക​ളു​ടെ ശവസം​സ്‌കാ​ര​ച്ച​ട​ങ്ങി​നുള്ള ചെലവി​നോ ആയി പണം പിരി​ക്കു​ന്ന​തിന്‌ ഈ പാർട്ടി​ക​ളു​ടെ പ്രതി​നി​ധി​കൾ വീടുകൾ കയറി​യി​റങ്ങി. കറുത്ത​വ​രായ സഹോ​ദ​രങ്ങൾ പണം നൽകാൻ ആദരപൂർവം വിസമ്മ​തി​ച്ച​പ്പോൾ, വർണവി​വേചന ഭരണകൂ​ട​ത്തി​ന്റെ ചാരന്മാ​രാ​യി അവരെ മുദ്ര​കു​ത്തി. വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കെ ചില സഹോ​ദ​രങ്ങൾ ആക്രമി​ക്ക​പ്പെ​ടു​ക​യും വെള്ളക്കാ​രായ ആഫ്രി​ക്ക​ക്കാ​രു​ടെ പ്രചാ​ര​ക​രാ​യി കുറ്റം ആരോ​പി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.

ഉദാഹ​ര​ണ​മാ​യി, എലൈജാ ഡ്‌ളോ​ഡ്‌ളോ​യു​ടെ കാര്യം പരിചി​ന്തി​ക്കുക. കായി​ക​രം​ഗത്തു തനിക്ക്‌ എത്തിപ്പി​ടി​ക്കാ​നാ​കു​മാ​യി​രുന്ന പല നേട്ടങ്ങ​ളും വേണ്ടെ​ന്നു​വെ​ച്ചി​ട്ടാണ്‌ അദ്ദേഹം യഹോ​വ​യു​ടെ ഒരു സമർപ്പിത സാക്ഷി​യാ​യി​ത്തീർന്നത്‌. ദക്ഷിണാ​ഫ്രി​ക്ക​യു​ടെ ആദ്യത്തെ ജനാധി​പത്യ തെര​ഞ്ഞെ​ടു​പ്പു നടക്കു​ന്ന​തി​നു രണ്ടാഴ്‌ച​മുമ്പ്‌, ആർക്കാ​യി​രി​ക്കും ജയം എന്നതി​നോ​ടു ബന്ധപ്പെട്ട്‌ കറുത്ത വർഗക്കാ​രു​ടെ ഇരു വിഭാ​ഗ​ങ്ങൾക്കും ഇടയിൽ ഉദ്വേ​ഗ​ജ​ന​ക​മായ ഒരു സ്ഥിതി​വി​ശേഷം സംജാ​ത​മാ​യി. എലൈ​ജ​യു​ടെ സഭ, അല്‌പം ദൂരെ​യുള്ള വല്ലപ്പോ​ഴും മാത്രം പ്രവർത്തി​ക്കുന്ന ഒരു പ്രദേ​ശത്ത്‌ വയൽസേ​വനം ക്രമീ​ക​രി​ച്ചു. വെറും രണ്ടു മാസം മുമ്പു മാത്രം സ്‌നാ​പ​ന​മേറ്റ എലൈ​ജയെ, സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത രണ്ട്‌ ആൺകു​ട്ടി​ക​ളോ​ടൊ​പ്പം പ്രവർത്തി​ക്കാ​നാണ്‌ നിയമി​ച്ചത്‌. ഒരു സ്‌ത്രീ​യു​മാ​യി അവരുടെ വീട്ടു​വാ​തിൽക്കൽ സംഭാ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാണ്‌ ഒരു രാഷ്‌ട്രീയ പാർട്ടി​യു​ടെ പ്രവർത്ത​ക​രായ കുറെ ചെറു​പ്പ​ക്കാർ അതുവഴി വന്നത്‌. ആ ചെറു​പ്പ​ക്കാ​രു​ടെ നേതാ​വി​ന്റെ കൈയിൽ ഒരു ഷാമ്പോക്ക്‌, അതായത്‌ തോൽകൊ​ണ്ടുള്ള വലി​യൊ​രു ചാട്ട ഉണ്ടായി​രു​ന്നു. “നിങ്ങൾ എന്താണ്‌ ചെയ്യു​ന്നത്‌?” അദ്ദേഹം അധികാ​ര​സ്വ​ര​ത്തിൽ ചോദി​ച്ചു.

“ഞങ്ങൾ ബൈബിൾ കാര്യങ്ങൾ സംസാ​രി​ക്കു​ക​യാണ്‌,” ആ വീട്ടു​കാ​രി പറഞ്ഞു.

കുപി​ത​നാ​യ അദ്ദേഹം വീട്ടു​കാ​രി​യെ അവഗണി​ച്ചു​കൊണ്ട്‌ എലൈ​ജ​യോ​ടും കൂടെ​യു​ള്ള​വ​രോ​ടു​മാ​യി ഇപ്രകാ​രം പറഞ്ഞു: “നിങ്ങൾ മൂന്നു​പേ​രും ഞങ്ങളോ​ടൊ​പ്പം വാ. ബൈബി​ളും പൊക്കി​പ്പി​ടി​ച്ചു നടക്കാ​നുള്ള സമയമ​ല്ലിത്‌; നമ്മുടെ അവകാ​ശ​ങ്ങൾക്കാ​യി പോരാ​ടാ​നുള്ള സമയമാ​ണിത്‌.”

എലൈജ ധൈര്യ​പൂർവം ഇപ്രകാ​രം മറുപടി പറഞ്ഞു: “യഹോ​വ​യ്‌ക്കാ​യി പ്രവർത്തി​ക്കു​ന്ന​വ​രെന്ന നിലയിൽ ഞങ്ങൾക്കതു ചെയ്യാ​നാ​വില്ല.”

ആ മനുഷ്യൻ എലൈ​ജയെ പിടി​ച്ചൊ​രു തള്ളു​കൊ​ടു​ത്തു, എന്നിട്ട്‌ ഷാമ്പോ​ക്കു​കൊണ്ട്‌ അടിക്കാൻ തുടങ്ങി. ഓരോ പ്രാവ​ശ്യം അടിക്കു​മ്പോ​ഴും ആ മനുഷ്യൻ ഇപ്രകാ​രം ആക്രോ​ശി​ച്ചു, “വാ ഞങ്ങളുടെ കൂടെ!” ആദ്യത്തെ അടിക്കു​ശേഷം എലൈ​ജ​യ്‌ക്കു വേദന അനുഭ​വ​പ്പെ​ട്ട​തേ​യില്ല. ക്രിസ്‌ത്യാ​നി​ക​ളായ സകലർക്കും “ഉപദ്രവം ഉണ്ടാകും” എന്നു പറഞ്ഞ അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ വാക്കുകൾ എലൈ​ജ​യ്‌ക്ക്‌ ശക്തിപ​കർന്നു.—2 തിമൊ. 3:12.

അവസാനം ആ മനുഷ്യൻ മടുത്തു പിന്മാറി. അപ്പോൾ അവരുടെ കൂട്ടത്തിൽത്ത​ന്നെ​യുള്ള ഒരാൾ, എലൈജ നമ്മുടെ സമുദാ​യ​ത്തിൽപ്പെ​ട്ട​വനല്ല എന്നു പറഞ്ഞ്‌ ഷാമ്പോക്ക്‌ പിടി​ച്ചി​രുന്ന വ്യക്തിയെ വിമർശി​ച്ചു. അതോടെ അവർ പരസ്‌പരം ഏറ്റുമു​ട്ടാൻ തുടങ്ങി. അതിന്റെ ഫലമായി നേതാ​വിന്‌ സ്വന്തം ഷാമ്പോ​ക്കു​കൊ​ണ്ടു​തന്നെ പൊതി​രെ തല്ലുകി​ട്ടി. അതിനി​ട​യിൽ എലൈ​ജ​യും കൂടെ​യു​ണ്ടാ​യി​രുന്ന രണ്ടു​പേ​രും രക്ഷപ്പെട്ടു. ആ പരി​ശോ​ധന എലൈ​ജ​യു​ടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കി​ത്തീർത്തു. അങ്ങനെ, അദ്ദേഹം സുവാർത്ത​യു​ടെ ഒരു നിർഭയ ഘോഷ​ക​നാ​യി പുരോ​ഗതി പ്രാപി​ക്കു​ക​യും ചെയ്‌തു. ഇന്ന്‌ അദ്ദേഹം വിവാ​ഹി​ത​നാണ്‌, കുട്ടി​ക​ളുണ്ട്‌, സഭയിൽ ഒരു മേൽവി​ചാ​ര​ക​നു​മാണ്‌.

കറുത്ത​വർഗ​ക്കാ​രായ സഹോ​ദ​രി​മാ​രും സുവാർത്ത പ്രസംഗം നിറു​ത്താ​നുള്ള സമ്മർദത്തെ ധീരമാ​യി നേരിട്ടു. ഫ്‌ളോ​റാ മലിൻഡാ​യു​ടെ കാര്യം നോക്കുക. ആ സഹോ​ദ​രി​യു​ടെ സ്‌നാ​പ​ന​മേറ്റ മകളെ ഒരു സംഘം യുവാക്കൾ ജീവ​നോ​ടെ ചുട്ടെ​രി​ച്ചു. അവരുടെ രാഷ്‌ട്രീയ പ്രസ്ഥാ​ന​ത്തിൽ ചേരാൻ വിസമ്മ​തിച്ച തന്റെ ചേട്ടനെ അനുകൂ​ലി​ച്ചു സംസാ​രി​ച്ച​താ​യി​രു​ന്നു കാരണം. താങ്ങാ​നാ​വാത്ത ആ നഷ്ടത്തെ​പ്രതി പകയും വിദ്വേ​ഷ​വും വെച്ചു​പു​ലർത്തു​ന്ന​തി​നു പകരം ഫ്‌ളോ​റാ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽ തുടർന്നു. ഒരിക്കൽ, മകളെ കൊല​പ്പെ​ടു​ത്തിയ രാഷ്‌ട്രീയ പ്രസ്ഥാ​ന​ത്തി​ലെ ആളുകൾ, തങ്ങളോ​ടൊ​പ്പം ചേരു​ന്ന​താണ്‌ നല്ലതെ​ന്നും ഇല്ലെങ്കിൽ പ്രത്യാ​ഘാ​തങ്ങൾ നേരി​ടേ​ണ്ടി​വ​രു​മെ​ന്നും അവരോ​ടു പറഞ്ഞു. അയൽവാ​സി​കൾ അവരുടെ രക്ഷയ്‌ക്ക്‌ എത്തി. ഫ്‌ളോ​റാ ഒരു രാഷ്‌ട്രീയ കക്ഷി​യെ​യും പിന്തു​ണ​യ്‌ക്കു​ന്നി​ല്ലെ​ന്നും ബൈബിൾ പഠിക്കാൻ ആളുകളെ സഹായി​ക്കു​ന്ന​തിൽ തിര​ക്കോ​ടെ പ്രവർത്തി​ക്കു​ക​യാ​ണെ​ന്നും അവർ വിവരി​ച്ചു. അത്‌ ആ പ്രവർത്ത​കർക്കി​ട​യിൽ തർക്കത്തി​നി​ട​യാ​ക്കു​ക​യും അവസാനം അവർ ഫ്‌ളോ​റാ​യെ വെറുതെ വിടാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. പ്രയാ​സ​മേ​റിയ ആ കാലഘ​ട്ട​മുൾപ്പെടെ ഇന്നോളം ഫ്‌ളോ​റാ ഒരു സാധാരണ പയനി​യ​റാ​യി വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ന്നു.

ഒരു സാധാരണ പയനിയർ തന്റെ നിയമിത പ്രദേ​ശ​ത്തേ​ക്കുള്ള ബസ്‌ യാത്ര​യ്‌ക്കി​ട​യിൽ സംഭവി​ച്ച​തി​നെ​ക്കു​റി​ച്ചു പറയുന്നു. ഒരു യുവ രാഷ്‌ട്രീയ പ്രവർത്തകൻ അദ്ദേഹത്തെ പിടിച്ച്‌ ഒരു തള്ളു​കൊ​ടു​ത്തിട്ട്‌ ‘എന്തിനാണ്‌ വെള്ളക്കാ​രു​ടെ പുസ്‌ത​കങ്ങൾ കൊണ്ടു​ന​ടന്ന്‌ കറുത്ത വർഗക്കാർക്കു വിൽക്കു​ന്നത്‌’ എന്നു ചോദി​ച്ചു. തുടർന്ന്‌ എന്തുണ്ടാ​യെന്ന്‌ ആ സഹോ​ദരൻ വിശദീ​ക​രി​ക്കു​ന്നു: “എന്റെ പക്കലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ പുറ​ത്തേ​ക്കെ​റി​യാൻ അയാൾ ആജ്ഞാപി​ച്ചു. ഞാൻ അതിനു വിസമ്മ​തി​ച്ച​പ്പോൾ അയാൾ എന്റെ ചെകി​ട്ട​ത്ത​ടി​ക്കു​ക​യും സിഗര​റ്റു​കൊണ്ട്‌ എന്റെ കവിൾ പൊള്ളി​ക്കു​ക​യും ചെയ്‌തു. എനിക്ക്‌ ഒരു ഭാവ​ഭേ​ദ​വു​മു​ണ്ടാ​യില്ല. അപ്പോൾ അയാൾ എന്റെ ബാഗ്‌ പിടി​ച്ചു​മേ​ടിച്ച്‌ പുറ​ത്തേ​ക്കെ​റി​ഞ്ഞു. ഞാൻ ധരിച്ചി​രുന്ന ടൈ കണ്ടിട്ട്‌ ‘അതു വെള്ളക്കാ​ര​ന്റേ​താണ്‌’ എന്നു പറഞ്ഞ്‌ അതിൽ പിടി​ച്ചു​വ​ലി​ച്ചു. എന്നെ​പ്പോ​ലെ​യു​ള്ള​വരെ ജീവ​നോ​ടെ ചുട്ടെ​രി​ക്കു​ക​യാണ്‌ വേണ്ടത്‌ എന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം എന്നെ അവഹേ​ളി​ക്കു​ക​യും കളിയാ​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. യഹോവ എന്നെ സംരക്ഷി​ച്ചു; കാരണം കൂടു​ത​ലായ ആക്രമണം നേരി​ടാ​തെ ആ ബസ്സിൽനിന്ന്‌ ഇറങ്ങി​പ്പോ​കാൻ എനിക്കു കഴിഞ്ഞു. എന്നാൽ അതൊ​ന്നും സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽനിന്ന്‌ എന്നെ പിന്തി​രി​പ്പി​ച്ചില്ല.”

കറുത്ത​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങ​ളു​ടെ നിർമ​ല​ത​യെ​ക്കു​റി​ച്ചുള്ള നിരവധി കത്തുകൾ വ്യക്തി​ക​ളിൽനി​ന്നും സഭകളിൽനി​ന്നും ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചി​നു ലഭിക്കു​ക​യു​ണ്ടാ​യി. ക്വാസു​ളു-നേറ്റൽ സഭയിലെ ഒരു മൂപ്പനിൽനി​ന്നാ​യി​രു​ന്നു അവയി​ലൊന്ന്‌. അതിൽ ഇപ്രകാ​രം എഴുതി​യി​രു​ന്നു: “പ്രിയ​ങ്ക​ര​നായ മോസസ്‌ ന്യാമൂ​സ്വാ സഹോ​ദ​രന്റെ വേർപാ​ടി​നെ​ക്കു​റിച്ച്‌ അറിയി​ക്കാ​നാണ്‌ ഈ കത്ത്‌ എഴുതു​ന്നത്‌. അദ്ദേഹ​ത്തി​ന്റെ തൊഴിൽ കാർ വെൽഡി​ങ്ങും റിപ്പയ​റി​ങ്ങും ആയിരു​ന്നു. ഒരിക്കൽ ഒരു രാഷ്‌ട്രീയ പാർട്ടി​ക്കാർ തങ്ങൾ നിർമിച്ച തോക്ക്‌ വെൽഡ്‌ ചെയ്യാൻ ആവശ്യ​പ്പെട്ടു. എന്നാൽ അദ്ദേഹം അതിനു വിസമ്മ​തി​ച്ചു. തുടർന്ന്‌, 1992 ഫെബ്രു​വരി 16-ന്‌ അവർ നടത്തിയ രാഷ്‌ട്രീയ ജാഥ​യോ​ട​നു​ബ​ന്ധിച്ച്‌ എതിർ പാർട്ടി​ക്കാ​രു​മാ​യി ഒരു ഏറ്റുമു​ട്ട​ലു​ണ്ടാ​യി. അന്നു വൈകു​ന്നേരം പോരാ​ട്ടം കഴിഞ്ഞ്‌ മടങ്ങവേ അവർ ഷോപ്പിങ്‌ സെന്ററി​ലേക്ക്‌ പോകു​ക​യാ​യി​രുന്ന സഹോ​ദ​രനെ കണ്ടു. തങ്ങളുടെ പക്കൽ ഉണ്ടായി​രുന്ന കുന്തം ഉപയോ​ഗിച്ച്‌ ആ സഹോ​ദ​രനെ അവർ കൊല​പ്പെ​ടു​ത്തി. അതിനുള്ള കാരണം എന്തായി​രു​ന്നു? ‘നീ ഞങ്ങളുടെ തോക്കു വെൽഡു ചെയ്യാൻ വിസമ്മ​തി​ച്ച​തി​നാൽ ഇപ്പോൾ ഞങ്ങളുടെ സഹപ്ര​വർത്തകർ പോരാ​ട്ട​ത്തിൽ കൊല്ല​പ്പെട്ടു.’ ഇതു മുഴു സഹോ​ദ​ര​ങ്ങ​ളെ​യും അതിയാ​യി വേദനി​പ്പി​ച്ചു, എങ്കിലും ഞങ്ങൾ സധൈ​ര്യം ശുശ്രൂ​ഷ​യിൽ തുടരു​ക​തന്നെ ചെയ്യും.”

സ്‌കൂ​ളു​ക​ളി​ലെ എതിർപ്പ്‌

കറുത്ത​വർഗ​ക്കാർ മാത്രം ഉണ്ടായി​രുന്ന പ്രദേ​ശത്തെ സ്‌കൂ​ളു​ക​ളിൽ പ്രശ്‌നങ്ങൾ സംജാ​ത​മാ​കാൻ തുടങ്ങി. സാക്ഷി​ക​ളു​ടെ കുട്ടികൾ രാവിലെ നടക്കുന്ന അസംബ്ലി​ക​ളി​ലെ പ്രാർഥ​ന​ക​ളി​ലും മതകീർത്ത​ന​ങ്ങ​ളു​ടെ ആലാപ​ന​ങ്ങ​ളി​ലും പങ്കെടു​ക്കാൻ വിസമ്മ​തി​ച്ച​താ​യി​രു​ന്നു കാരണം. വെള്ളക്കാ​രായ കുട്ടികൾ പഠിക്കുന്ന സ്‌കൂ​ളു​ക​ളിൽ ഇതൊരു പ്രശ്‌ന​മാ​യി​രു​ന്നില്ല. തങ്ങളുടെ നിലപാട്‌ വിശദീ​ക​രി​ച്ചു​കൊ​ണ്ടുള്ള ഒരു കത്ത്‌ മാതാ​പി​താ​ക്കൾ കൊടു​ത്താൽ അവരുടെ കുട്ടി​കളെ അതിൽനിന്ന്‌ ഒഴിവാ​ക്കു​മാ​യി​രു​ന്നു. എന്നാൽ, കറുത്ത​വർഗ​ക്കാ​രു​ടെ സ്‌കൂ​ളു​ക​ളി​ലാ​കട്ടെ മതപര​മായ ആചാര​ങ്ങ​ളിൽ സംബന്ധി​ക്കു​ന്ന​തി​ലുള്ള വിസമ്മതം, സ്‌കൂൾ അധികാ​രി​ക​ളോ​ടുള്ള അനാദ​ര​വാ​യി​ട്ടാ​ണു കരുതി​യി​രു​ന്നത്‌. ഇത്തരത്തി​ലുള്ള വിസമ്മതം അധ്യാ​പ​കർക്കു പരിച​യ​മി​ല്ലാ​യി​രു​ന്നു. സാക്ഷി​ക​ളു​ടെ നിലപാ​ടു വ്യക്തമാ​ക്കു​ന്ന​തി​നാ​യി മാതാ​പി​താ​ക്കൾ അധ്യാ​പ​കരെ സന്ദർശി​ച്ച​പ്പോൾ യാതൊ​രു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറല്ല എന്നായി​രു​ന്നു അവരുടെ മറുപടി.

സ്‌കൂൾ സംബന്ധ​മായ അറിയി​പ്പു​കൾ രാവി​ലത്തെ അസംബ്ലി​യിൽ നടത്തി​യി​രു​ന്ന​തി​നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടികൾ അതിൽ പങ്കെടു​ത്തേ തീരൂ എന്ന്‌ അധികാ​രി​കൾ നിർബന്ധം പിടിച്ചു. കുട്ടികൾ അതിൽ സംബന്ധി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും പാട്ടി​ന്റെ​യും പ്രാർഥ​ന​യു​ടെ​യും സമയത്ത്‌ മൗനമാ​യി നിൽക്കു​ക​യും അങ്ങനെ അതിൽ പങ്കെടു​ക്കാ​തി​രി​ക്കു​ക​യും ചെയ്‌തു. പ്രാർഥ​നാ​സ​മ​യത്ത്‌ കുട്ടികൾ കണ്ണടയ്‌ക്കു​ക​യും മതകീർത്ത​നങ്ങൾ ആലപി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ എന്നറി​യു​ന്ന​തി​നാ​യി അധ്യാ​പ​ക​രിൽ ചിലർ നിരയു​ടെ ഇടയി​ലൂ​ടെ നടക്കു​മാ​യി​രു​ന്നു. എന്നാൽ, ഈ കുട്ടികൾ, ചിലർ നന്നേ ചെറു​പ്പ​മാ​യി​രു​ന്നെ​ങ്കി​ലും, ധൈര്യ​പൂർവം തങ്ങളുടെ നിർമലത കാത്തു​സൂ​ക്ഷി​ച്ചത്‌ അത്യന്തം ഹൃദയാ​വർജ​ക​മാണ്‌.

ഒരു നല്ല ശതമാനം കുട്ടികൾ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്ക​പ്പെ​ട്ട​തോ​ടെ സഹോ​ദ​രങ്ങൾ കോട​തി​യെ സമീപി​ക്കാൻ തീരു​മാ​നി​ച്ചു. 1976 ആഗസ്റ്റ്‌ 10-ാം തീയതി ജോഹാ​ന​സ്‌ബർഗി​ലെ സുപ്രീം കോടതി ഒരു സ്‌കൂ​ളി​ലെ 15 കുട്ടികൾ ഉൾപ്പെ​ടുന്ന സുപ്ര​ധാന കേസിനു തീർപ്പു കൽപ്പിച്ചു. വിധി​ന്യാ​യം ഇപ്രകാ​രം പ്രസ്‌താ​വി​ക്കു​ന്നു: “പ്രാർഥ​ന​ക​ളിൽ പങ്കെടു​ക്കു​ന്ന​തിൽനി​ന്നും മതകീർത്ത​നങ്ങൾ ആലപി​ക്കു​ന്ന​തിൽനി​ന്നും വിട്ടു​നിൽക്കു​ന്ന​തിന്‌ പരാതി​ക്കാ​രു​ടെ മക്കൾക്ക്‌ അവകാശം ഉണ്ടെന്നും . . . പുറത്താ​ക്കൽ നടപടി നിയമ​പ​ര​മാ​യി​രു​ന്നി​ല്ലെ​ന്നും . . . സ്‌കൂൾ അധികൃ​തർ സമ്മതി​ച്ചി​രി​ക്കു​ന്നു.” ഇത്‌ ഒരു സുപ്ര​ധാന നിയമ​വി​ജയം ആയിരു​ന്നു. കാല​ക്ര​മേണ അത്തരത്തി​ലുള്ള എല്ലാ സ്‌കൂ​ളു​ക​ളി​ലും ആ പ്രശ്‌നം പരിഹ​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌തു.

സ്‌കൂ​ളു​ക​ളി​ലെ മറ്റു പ്രശ്‌ന​ങ്ങൾ

വെള്ളക്കാർക്കു​വേ​ണ്ടി​യുള്ള സ്‌കൂ​ളു​ക​ളി​ലെ അനേകം കുട്ടി​കൾക്കും നേരി​ടേണ്ടി വന്നത്‌ മറ്റൊ​രു​തരം പരി​ശോ​ധ​ന​യാണ്‌, അതിന്റെ പേരിൽ അവർ സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. വർണവി​വേചന നയത്തെ പിന്താ​ങ്ങാൻ തക്കവണ്ണം വെള്ളക്കാ​രായ കുട്ടി​കളെ വാർത്തെ​ടു​ക്കാൻ ഗവൺമെന്റ്‌ ആഗ്രഹി​ച്ചു. 1973-ൽ യൂത്ത്‌ പ്രി​പ്പേർഡ്‌നസ്‌ എന്ന ഒരു പരിപാ​ടി ഗവൺമെന്റ്‌ ആവിഷ്‌ക​രി​ക്കു​ക​യു​ണ്ടാ​യി. മാർച്ചു ചെയ്യു​ന്ന​തും സ്വയര​ക്ഷ​യ്‌ക്കാ​യി പ്രവർത്തി​ക്കു​ന്ന​തും മറ്റു ദേശഭ​ക്തി​പ​ര​മായ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തും അതിൽ ഉൾപ്പെ​ട്ടി​രു​ന്നു.

സാക്ഷി​ക​ളാ​യ ചില മാതാ​പി​താ​ക്കൾ നിയമ​സ​ഹാ​യം തേടി. അങ്ങനെ പ്രശ്‌നം വിദ്യാ​ഭ്യാ​സ മന്ത്രി​യു​ടെ മുമ്പാകെ അവതരി​പ്പി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ഫലമൊ​ന്നും ഉണ്ടായില്ല. യൂത്ത്‌ പ്രി​പ്പേർഡ്‌നസ്‌ പരിപാ​ടി തികച്ചും വിദ്യാ​ഭ്യാ​സ​പ​ര​മാ​ണെന്ന്‌ മന്ത്രി അവകാ​ശ​പ്പെട്ടു. ഈ പ്രശ്‌ന​ത്തോ​ടുള്ള ബന്ധത്തിൽ ഗവൺമെന്റ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ വളരെ മോശ​മായ വാർത്തകൾ പ്രചരി​പ്പി​ച്ചു. ചില സ്‌കൂ​ളു​ക​ളി​ലെ വിശാല ഹൃദയ​രായ പ്രിൻസി​പ്പൽമാർ ഈ പരിപാ​ടി​യി​ലെ തിരു​വെ​ഴു​ത്തു വിരു​ദ്ധ​മായ പ്രവർത്ത​ന​ങ്ങ​ളിൽനി​ന്നു കുട്ടി​കളെ ഒഴിവാ​ക്കി. എന്നാൽ മറ്റു സ്‌കൂ​ളു​കൾ കുട്ടി​കളെ പുറത്താ​ക്കു​ക​യാ​ണു​ണ്ടാ​യത്‌.

ചില ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്ക്‌ തങ്ങളുടെ കുട്ടി​കളെ സ്വകാര്യ സ്‌കൂ​ളു​ക​ളിൽ അയച്ചു പഠിപ്പി​ക്കാൻ കഴിഞ്ഞു. മറ്റു ചില മാതാ​പി​താ​ക്കൾ കുട്ടി​കൾക്ക്‌ തപാലി​ലൂ​ടെ​യുള്ള പഠനത്തി​നു ക്രമീ​ക​രണം ചെയ്‌തു. അധ്യാ​പ​ക​രാ​യി​രുന്ന സാക്ഷികൾ കുട്ടി​കളെ വീട്ടി​ലി​രു​ത്തി പഠിപ്പി​ച്ചു. എന്നിരു​ന്നാ​ലും സ്‌കൂ​ളിൽനി​ന്നു പുറത്താ​ക്ക​പ്പെട്ട പല കുട്ടി​കൾക്കും തങ്ങളുടെ അടിസ്ഥാന ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കാ​നാ​യില്ല. എന്നാൽ, വീട്ടിൽനി​ന്നും സഭയിൽനി​ന്നും ലഭിച്ച തിരു​വെ​ഴു​ത്തു പരിശീ​ല​ന​ത്തിൽനിന്ന്‌ അവർ പ്രയോ​ജനം നേടി. (യെശ. 54:13) അവരിൽ അനേകർ മുഴു​സമയ ശുശ്രൂ​ഷ​യിൽ പ്രവേ​ശി​ച്ചു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ച്ചു​കൊണ്ട്‌ പരി​ശോ​ധ​ന​യിൽ സഹിച്ചു​നി​ന്ന​തിൽ ആ ചെറു​പ്പ​ക്കാർ അങ്ങേയറ്റം സന്തോ​ഷി​ക്കു​ന്നു. (2 പത്രൊ. 2:9) കാലാ​ന്ത​ര​ത്തിൽ രാജ്യത്തെ രാഷ്‌ട്രീയ സ്ഥിതി​ഗ​തി​കൾ മാറി. ദേശഭ​ക്തി​പ​ര​മായ പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാ​ത്ത​തി​ന്റെ പേരിൽ നമ്മുടെ കുട്ടി​കളെ പിന്നീട്‌ പുറത്താ​ക്കി​യി​ട്ടില്ല.

വർണവി​വേ​ച​ന​വും കൺ​വെൻ​ഷ​നു​ക​ളും

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ നിയമം അനുസ​രിച്ച്‌, ഓരോ വർഗക്കാർക്കു​മാ​യി പ്രത്യേ​കം കൺ​വെൻ​ഷ​നു​കൾ ക്രമീ​ക​രി​ക്ക​ണ​മാ​യി​രു​ന്നു. 1952-ൽ ജോഹാ​ന​സ്‌ബർഗി​ലുള്ള വെംബ്ലി സ്‌റ്റേ​ഡി​യ​ത്തിൽ നടന്ന കൺ​വെൻ​ഷ​നി​ലാ​യി​രു​ന്നു ആദ്യമാ​യി എല്ലാ വർഗങ്ങ​ളും ഒന്നിച്ചു കൂടി​വ​ന്നത്‌. ആ സമയത്ത്‌ നോർ സഹോ​ദ​ര​നും ഹെൻഷൽ സഹോ​ദ​ര​നും ദക്ഷിണാ​ഫ്രിക്ക സന്ദർശി​ക്കു​ക​യും ആ കൺ​വെൻ​ഷ​നിൽ പ്രസം​ഗങ്ങൾ നടത്തു​ക​യും ചെയ്‌തു. വർണവി​വേചന നിയമം അനുശാ​സി​ക്കുന്ന പ്രകാരം ഓരോ വർഗവും പ്രത്യേ​കം പ്രത്യേ​കം ഇടങ്ങളിൽ ഇരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. വെള്ളക്കാർക്ക്‌ സ്റ്റേഡി​യ​ത്തിൽ പടിഞ്ഞാ​റു​വ​ശ​ത്തും കറുത്ത​വർഗ​ക്കാർക്ക്‌ കിഴക്കു​വ​ശ​ത്തും മിശ്ര​വർഗ​ക്കാർക്കും ഇൻഡ്യ​ക്കാർക്കും വടക്കു​ഭാ​ഗ​ത്തും ആയിരു​ന്നു ഇരിപ്പി​ടങ്ങൾ. ലഘുഭ​ക്ഷ​ണ​ശാ​ല​യും ഓരോ വർഗത്തി​നു​മാ​യി പ്രത്യേ​കം ക്രമീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഇത്തരം നിയ​ന്ത്ര​ണങ്ങൾ ഉണ്ടായി​രു​ന്നി​ട്ടും നോർ സഹോ​ദരൻ ആ കൺ​വെൻ​ഷ​നെ​ക്കു​റിച്ച്‌ ഇപ്രകാ​രം എഴുതി: “വിശുദ്ധ വസ്‌ത്ര​മ​ണിഞ്ഞ ഞങ്ങളെ​ല്ലാം സ്റ്റേഡി​യ​ത്തിൽ ഒന്നിച്ചി​രുന്ന്‌ യഹോ​വയെ ആരാധി​ച്ചത്‌ വളരെ സന്തോ​ഷ​ക​ര​മായ ഒരനു​ഭ​വ​മാ​യി​രു​ന്നു.”

1974 ജനുവ​രി​യിൽ ജോഹാ​ന​സ്‌ബർഗിൽ മൂന്നു കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെട്ടു, കറുത്ത​വർഗ​ക്കാർക്കു​ള്ള​തും വെള്ളക്കാർക്കു​ള്ള​തും മിശ്ര​വർഗ​ക്കാർക്കും ഇൻഡ്യ​ക്കാർക്കും വേണ്ടി​യു​ള്ള​തും. എന്നാൽ കൺ​വെൻ​ഷന്റെ അവസാന ദിനത്തിൽ ഒരു പ്രത്യേക ക്രമീ​ക​രണം ചെയ്‌തു: ഉച്ചതി​രി​ഞ്ഞുള്ള പരിപാ​ടി​ക്കാ​യി എല്ലാ വർഗക്കാ​രും ജോഹാ​ന​സ്‌ബർഗി​ലുള്ള റാന്റ്‌ സ്റ്റേഡി​യ​ത്തിൽ ഒത്തു​ചേ​രുക. മൊത്തം 33,408 പേർ കൂടി​വന്നു. അത്യന്തം ആനന്ദക​ര​മായ ഒരു സമയമാ​യി​രു​ന്നു അത്‌! പ്രസ്‌തുത വേളയിൽ എല്ലാ വർഗക്കാ​രും സ്വത​ന്ത്ര​മാ​യി ഇടകല​രു​ക​യും ഒരുമിച്ച്‌ ഇരിക്കു​ക​യും ചെയ്‌തു. യൂറോ​പ്പിൽ നിന്നുള്ള അനേക സന്ദർശ​ക​രും അവി​ടെ​യു​ണ്ടാ​യി​രു​ന്നു, അതു കൺ​വെൻ​ഷന്റെ മാറ്റു കൂട്ടി. എങ്ങനെ​യാണ്‌ ഇതു സാധ്യ​മാ​യത്‌? കൺ​വെൻ​ഷൻ സംഘാ​ടകർ ബുക്ക്‌ ചെയ്‌തത്‌ അന്തർദേ​ശീ​യ​മായ, വർഗ​ഭേ​ദ​മെ​ന്യേ​യുള്ള പരിപാ​ടി​കൾക്കാ​യി വേർതി​രി​ച്ചി​ട്ടി​രുന്ന സ്റ്റേഡി​യ​മാ​യി​രു​ന്നു. മാത്രമല്ല, ഈ സെഷനു​വേണ്ടി പ്രത്യേക അനുമ​തി​യും ആവശ്യ​മി​ല്ലാ​യി​രു​ന്നു, ബുക്കു ചെയ്‌ത സമയത്ത്‌ സംഘാ​ടകർ അതൊ​ന്നും അറിഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും.

മുൻവി​ധി​യും കൺ​വെൻ​ഷ​നും

ഏതാനും വർഷം​മുമ്പ്‌, ജോഹാ​ന​സ്‌ബർഗിൽ ഒരു ദേശീയ കൺ​വെൻ​ഷ​നു​വേ​ണ്ടി​യുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്യു​ക​യു​ണ്ടാ​യി. എന്നാൽ, പ്രി​ട്ടോ​റി​യാ​യിൽനി​ന്നുള്ള ഒരു ഗവൺമെന്റ്‌ പ്രതി​നി​ധി (കറുത്ത​വർഗ​ക്കാ​രി​ലെ) ബാന്റു വിഭാ​ഗ​ത്തിൽപ്പെ​ട്ട​വ​രു​ടെ കാര്യാ​ദി​ക​ളോ​ടു ബന്ധപ്പെട്ട്‌ ജോഹാ​ന​സ്‌ബർഗി​ലെ ഗവൺമെന്റ്‌ ഓഫീ​സു​കൾ സന്ദർശി​ച്ചു. തദവസ​ര​ത്തിൽ, അവരുടെ മീറ്റി​ങ്ങി​ന്റെ കുറി​പ്പിൽനിന്ന്‌ മൊ​ഫോ​ലോ പാർക്ക്‌ കറുത്ത​വർഗ​ക്കാ​രായ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു​വേണ്ടി ബുക്ക്‌ ചെയ്‌തി​ട്ടു​ള്ള​താ​യി അദ്ദേഹം മനസ്സി​ലാ​ക്കി.

അദ്ദേഹം പ്രി​ട്ടോ​റി​യാ​യി​ലുള്ള ബാന്റു കാര്യ​വ​കുപ്പ്‌ ആസ്ഥാനത്ത്‌ വിവരം അറിയി​ച്ചു. നമ്മു​ടേത്‌ “അംഗീ​കൃത മതം” അല്ല എന്നു പറഞ്ഞു​കൊണ്ട്‌ അവർ ഉടനെ​തന്നെ ബുക്കിങ്‌ റദ്ദാക്കി. അതേസ​മയം, വെള്ളക്കാ​രായ സഹോ​ദ​രങ്ങൾ ജോഹാ​ന​സ്‌ബർഗി​ന്റെ ഹൃദയ​ഭാ​ഗ​ത്തുള്ള മിൽനെർ പാർക്ക്‌ ഷോ ഗ്രൗണ്ടിൽ തങ്ങളുടെ കൺവൻഷൻ നടത്താൻ ബുക്കു ചെയ്‌തി​രു​ന്നു. മിശ്ര​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങ​ളാ​കട്ടെ, നഗരത്തി​ന്റെ പടിഞ്ഞാ​റൻ പ്രാന്ത​പ്ര​ദേ​ശ​ത്തുള്ള യൂണിയൻ സ്റ്റേഡി​യ​ത്തി​ലും.

ബെഥേ​ലിൽനി​ന്നു രണ്ടു സഹോ​ദ​ര​ന്മാർ, ബന്ധപ്പെട്ട മന്ത്രിയെ കാണാ​നാ​യി പുറ​പ്പെട്ടു. അദ്ദേഹം മുമ്പ്‌ ഡച്ച്‌ റിഫോംഡ്‌ ചർച്ചിലെ ഒരു പുരോ​ഹി​ത​നാ​യി​രു​ന്നു. അനേക വർഷങ്ങ​ളാ​യി സാക്ഷികൾ മൊ​ഫോ​ലോ പാർക്കിൽ കൺ​വെൻ​ഷൻ നടത്തു​ന്ന​താണ്‌, വെള്ളക്കാ​രായ സഹോ​ദ​ര​ങ്ങൾക്കും മിശ്ര​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്കും തങ്ങളുടെ കൺ​വെൻ​ഷൻ നടത്താൻ അനുവാ​ദ​വു​മുണ്ട്‌, ആ സ്ഥിതിക്ക്‌ കറുത്ത​വർഗ​ക്കാർക്കു കൂടി​വ​രാ​നുള്ള അവകാശം നിഷേ​ധി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അവർ ചോദി​ച്ചു. എന്നാൽ മന്ത്രി​യു​ടെ നിലപാ​ടിൽ മാറ്റ​മൊ​ന്നും ഇല്ലായി​രു​ന്നു.

മൊ​ഫോ​ലോ പാർക്ക്‌ ജോഹാ​ന​സ്‌ബർഗി​ന്റെ പശ്ചിമ​ഭാ​ഗ​ത്താ​യി​രു​ന്നു. എന്നാൽ ജോഹാ​ന​സ്‌ബർഗി​ന്റെ പൂർവ​ഭാ​ഗത്ത്‌ കൺ​വെൻ​ഷൻ നടത്താ​നുള്ള സാധ്യ​ത​യെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ ഈ രണ്ടു സഹോ​ദ​ര​ന്മാർ തീരു​മാ​നി​ച്ചു. കറുത്ത​വർഗ​ക്കാർ ധാരാ​ള​മാ​യി താമസി​ച്ചി​രുന്ന പ്രദേ​ശങ്ങൾ അവി​ടെ​യും ഉണ്ടായി​രു​ന്നു. അവർ, ബാന്റു കാര്യാ​ദി​ക​ളു​ടെ മേൽനോ​ട്ടം വഹിച്ചി​രുന്ന ഡയറക്ടറെ പോയി കണ്ടു, എന്നാൽ പ്രി​ട്ടോ​റി​യാ​യിൽ മന്ത്രിയെ കണ്ട കാര്യം അവർ അദ്ദേഹ​ത്തോ​ടു പറഞ്ഞില്ല. കൺ​വെൻ​ഷൻ നടത്തു​ന്ന​തി​നുള്ള അനുമതി ചോദി​ച്ച​പ്പോൾ വളരെ സഹതാപം തോന്നിയ അദ്ദേഹം വാറ്റ്‌വി​ല്ലെ സ്റ്റേഡിയം ഉപയോ​ഗി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​രണം ചെയ്‌തു. മൊ​ഫോ​ലോ പാർക്കിൽ ഇല്ലാതി​രുന്ന ഇരിപ്പിട സൗകര്യ​ങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.

കൺ​വെൻ​ഷൻസ്ഥ​ലം മാറിയ വിവരം സഹോ​ദ​ര​ങ്ങ​ളെ​യെ​ല്ലാം പെട്ടെ​ന്നു​തന്നെ അറിയി​ച്ചു. 15,000 പേർ ഹാജരാ​യി. കൺ​വെൻ​ഷൻ വിജയ​ക​ര​മാ​യി​രു​ന്നു. അതും, പ്രി​ട്ടോ​റി​യാ​യിൽനി​ന്നുള്ള യാതൊ​രു ഇടപെ​ട​ലു​ക​ളും കൂടാ​തെ​തന്നെ. തുടർന്നുള്ള കുറെ വർഷ​ത്തേക്ക്‌ പ്രശ്‌ന​ങ്ങ​ളൊ​ന്നും കൂടാതെ വാറ്റ്‌വി​ല്ലെ സ്റ്റേഡി​യ​ത്തി​ലാണ്‌ കൺവൻഷൻ നടത്ത​പ്പെ​ട്ടത്‌.

നിയമ​പ​ര​മായ ഒരു സമിതി രൂപം​കൊ​ള്ളു​ന്നു

1981 ജനുവരി 24-ന്‌ ഭരണസം​ഘ​ത്തി​ന്റെ നിർദേ​ശ​പ്ര​കാ​രം 50 അംഗങ്ങ​ള​ട​ങ്ങുന്ന, ‘ദക്ഷിണാ​ഫ്രി​ക്ക​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ’ എന്ന നിയമ​പ​ര​മായ ഒരു സമിതി രൂപീ​ക​രി​ക്ക​പ്പെട്ടു. ആത്മീയ താത്‌പ​ര്യ​ങ്ങളെ ഉന്നമി​പ്പി​ക്കാൻ പല വിധങ്ങ​ളിൽ ഈ സമിതി സഹായ​ക​മാ​യി.

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ തങ്ങളുടെ ഇടയിൽനി​ന്നുള്ള ഒരു വിവാ​ഹ​ര​ജി​സ്‌ട്രാർ ഉണ്ടായി​രി​ക്കാ​നുള്ള അനുമ​തിക്ക്‌ വർഷങ്ങ​ളാ​യി ബ്രാഞ്ച്‌ ശ്രമി​ച്ചെ​ങ്കി​ലും അതിനു സാധി​ച്ചി​രു​ന്നില്ല. ഫ്രാൻസ്‌ മളർ പറയുന്നു: “സ്വന്തമാ​യി ഒരു വിവാ​ഹ​ര​ജി​സ്‌ട്രാ​റെ നിയമി​ക്കാൻതക്ക നിലയും വിലയു​മൊ​ന്നും ഇല്ലാത്ത ഒന്നായി​ട്ടാണ്‌ ഗവൺമെന്റ്‌ അധികാ​രി​കൾ നമ്മുടെ മതത്തെ കണക്കാ​ക്കി​യത്‌. അതിനാൽ ഓരോ തവണയും അവർ അതിനുള്ള അനുമതി നിരസി​ച്ചു.”

കൂടാതെ, നിയമ​പ​ര​മായ ഒരു സമിതി ഇല്ലാതി​രു​ന്ന​തി​നാൽ കറുത്ത​വ​രു​ടെ മേഖല​ക​ളിൽ രാജ്യ​ഹാ​ളു​കൾ പണിയു​ന്ന​തി​നുള്ള അനുമതി നേടി​യെ​ടു​ക്കാ​നും സാധി​ച്ചി​രു​ന്നില്ല. “നിങ്ങൾ ഒരു അംഗീ​കൃത മതമല്ല” എന്നു പറഞ്ഞ്‌ അധികാ​രി​കൾ എല്ലായ്‌പോ​ഴും അപേക്ഷ തള്ളിക്ക​ള​ഞ്ഞി​രു​ന്നു.

എന്നാൽ, സമിതി രൂപീ​കൃ​ത​മാ​യി അധികം താമസി​യാ​തെ, സഹോ​ദ​ര​ങ്ങൾക്ക്‌ വിവാ​ഹ​ര​ജി​സ്‌ട്രാർ ഉണ്ടായി​രി​ക്കാ​നുള്ള അനുമതി ലഭിച്ചു. കറുത്ത വർഗക്കാ​രു​ടെ പ്രദേ​ശ​ങ്ങ​ളിൽ രാജ്യ​ഹാ​ളു​കൾ നിർമി​ക്കാ​നും അനുവാ​ദം നൽക​പ്പെട്ടു. വിവാ​ഹ​ര​ജി​സ്‌ട്രാർമാ​രാ​യി ദക്ഷിണാ​ഫ്രി​ക്ക​യിൽ ഇപ്പോൾ 100-ലേറെ മൂപ്പന്മാർ ഉണ്ട്‌. അവർക്ക്‌ ഇപ്പോൾ രാജ്യ​ഹാ​ളിൽവെ​ച്ചു​തന്നെ വിവാഹം നടത്താം, ആദ്യം കച്ചേരി​യിൽ പോയി നിയമ​ന​ട​പ​ടി​കൾ നടത്തേ​ണ്ട​തില്ല.

അച്ചടി​രം​ഗത്തെ വിപ്‌ള​വം

അച്ചടി​രം​ഗത്തെ പുതു​പു​ത്തൻ സാങ്കേ​തി​ക​ത​യു​ടെ വരവോ​ടെ ലെറ്റർ പ്രസ്സ്‌ കാലഹ​ര​ണ​പ്പെട്ടു തുടങ്ങി. മാത്രമല്ല, സ്‌പെ​യർപാർട്ടു​കൾ ലഭിക്കുക പ്രയാ​സ​മാ​യി​ത്തീർന്നു, അഥവാ ലഭിച്ചാൽത്തന്നെ തീപി​ടിച്ച വിലയും. അതോടെ കമ്പ്യൂ​ട്ടർവ​ത്‌കൃത ഫോ​ട്ടോ​ടൈ​പ്പ്‌സെ​റ്റി​ങ്ങി​ലേ​ക്കും ഓഫ്‌സെറ്റ്‌ അച്ചടി​യി​ലേ​ക്കും മാറേ​ണ്ടത്‌ അനിവാ​ര്യ​മാ​യി​ത്തീർന്നു. അങ്ങനെ വിവര​ശേ​ഖ​ര​ണ​ത്തി​നും ഫോ​ട്ടോ​ടൈ​പ്പ്‌സെ​റ്റി​ങ്ങി​നും ഉള്ള ഉപകര​ണങ്ങൾ വാങ്ങിച്ചു. 1979-ൽ ഒരു റ്റികെ​എസ്‌ റോട്ടറി പ്രസ്സ്‌ സ്ഥാപി​ത​മാ​യി. ജപ്പാൻ ബ്രാഞ്ചി​ന്റെ ഉദാര​മായ സംഭാ​വ​ന​യാ​യി​രു​ന്നു അത്‌.

യഹോ​വ​യു​ടെ സാക്ഷികൾ നിരവധി ഭാഷക​ളിൽ സാഹി​ത്യ​ങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​ന്ന​തി​നാൽ തങ്ങളുടെ സ്വന്തം ഫോ​ട്ടോ​ടൈ​പ്പ്‌സെ​റ്റിങ്‌ സിസ്റ്റം വികസി​പ്പി​ച്ചെ​ടു​ക്കു​ന്നത്‌ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കു​മെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞു. 1979-ൽ ന്യൂ​യോർക്കി​ലെ ബ്രുക്ലി​നി​ലുള്ള സഹോ​ദ​രങ്ങൾ മെപ്‌സ്‌ എന്ന്‌ അറിയ​പ്പെ​ടാ​നി​ട​യായ ഒരു സിസ്റ്റം വികസി​പ്പി​ക്കാൻ തുടങ്ങി (മൾട്ടി​ലാം​ഗ്വേജ്‌ ഇലക്‌​ട്രോ​ണിക്‌ ഫോ​ട്ടോ​ടൈ​പ്പ്‌സെ​റ്റിങ്‌ സിസ്റ്റം എന്നതിന്റെ ചുരു​ക്ക​പ്പേ​രാണ്‌ മെപ്‌സ്‌). ദക്ഷിണാ​ഫ്രി​ക്ക​യിൽ 1984-ൽ മെപ്‌സ്‌ സ്ഥാപിച്ചു. പരിഭാ​ഷ​യ്‌ക്കും ഫോ​ട്ടോ​ടൈ​പ്പ്‌സെ​റ്റി​ങ്ങി​നു​മാ​യി കമ്പ്യൂ​ട്ട​റു​കൾ ഉപയോ​ഗി​ക്കാൻ തുടങ്ങി​യ​തോ​ടെ പല ഭാഷക​ളിൽ ഏകകാ​ലി​ക​മാ​യി സാഹി​ത്യ​ങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കുക സാധ്യ​മാ​യി​ത്തീർന്നു.

വളർച്ച മുന്നിൽക്കണ്ട്‌

1980-കളുടെ ആരംഭ​ത്തോ​ടെ, വയലിലെ വർധിച്ച ആവശ്യങ്ങൾ നിർവ​ഹി​ക്കാൻ ഇലാൻസ്‌ഫോൺടെ​യ്‌നി​ലുള്ള ബെഥേൽ പോരാ​തെ​വന്നു. അക്കാര​ണ​ത്താൽ ക്രൂഗർസ്‌ഡോർപ്‌ പട്ടണത്തിൽ 215 ഏക്കർ സ്ഥലം വാങ്ങി. ജോഹാ​ന​സ്‌ബർഗിൽനിന്ന്‌ 30-മിനിട്ട്‌ യാത്രയേ ഉള്ളൂ അങ്ങോട്ട്‌. മനോ​ഹ​ര​മായ കുന്നിൻപ്ര​ദേ​ശ​മാ​ണിത്‌, അതി​നോ​ടു ചേർന്ന്‌ സുന്ദര​മായ ഒരു അരുവി​യും ഉണ്ട്‌. കെട്ടിട നിർമാ​ണ​ത്തിൽ സഹായി​ക്കു​ന്ന​തി​നാ​യി പല സഹോ​ദ​ര​ങ്ങ​ളും ജോലി രാജി​വെച്ചു, മറ്റനേകർ തങ്ങളുടെ അവധി സമയങ്ങ​ളിൽ സഹായി​ക്കാ​നെത്തി. ന്യൂസി​ലൻഡ്‌, ഐക്യ​നാ​ടു​കൾ എന്നീ രാജ്യ​ങ്ങ​ളിൽനിന്ന്‌ ചില സ്വമേ​ധ​യാ​സേ​വ​ക​രും എത്തി. നിർമാ​ണം ആറു വർഷം​കൊണ്ട്‌ പൂർത്തി​യാ​യി.

കറുത്ത​വർഗ​ത്തിൽപ്പെട്ട സാക്ഷി​കൾക്ക്‌—ഏറെയും പരിഭാ​ഷ​ക​രാ​യി​രു​ന്നു—ബെഥേ​ലിൽ താമസി​ക്കു​ന്ന​തി​നുള്ള അനുമതി ലഭിക്കുക എന്നിട്ടും വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അവസാനം അനുമതി ലഭിച്ചു, എന്നാൽ 20 പേർക്കു​മാ​ത്രം, അതും അവർക്കാ​യി പ്രത്യേ​കം താമസ​സൗ​ക​ര്യ​ങ്ങൾ പണിയാ​മെന്ന വ്യവസ്ഥ​യിൽ. കാല​ക്ര​മേണ വർണവി​വേചന നയങ്ങളിൽ ഗവൺമെന്റ്‌ അയവു​വ​രു​ത്തി. അങ്ങനെ എല്ലാ വർഗത്തി​ലും​പെട്ട സഹോ​ദ​ര​ങ്ങൾക്ക്‌ ബെഥേ​ലിൽ എവി​ടെ​വേ​ണ​മെ​ങ്കി​ലും താമസി​ക്കാ​മെ​ന്നാ​യി.

എല്ലാവിധ സൗകര്യ​ങ്ങ​ളോ​ടും കൂടിയ മനോ​ഹ​ര​മായ മുറികൾ താമസ​ത്തി​നാ​യി ലഭിച്ച​തിൽ ബെഥേൽ കുടും​ബാം​ഗങ്ങൾ അത്യന്തം സന്തുഷ്ട​രാ​യി. ചുടു​ക​ട്ട​യു​ടെ തനതായ ചുവ​പ്പോ​ടു കൂടിയ മൂന്നു​നില കെട്ടി​ട​ത്തി​നു ചുറ്റും മനോ​ഹ​ര​മായ പൂന്തോ​ട്ട​ങ്ങ​ളുണ്ട്‌. ക്രൂഗർസ്‌ഡോർപ്പിൽ നിർമാ​ണം ആരംഭി​ച്ച​പ്പോൾ ദക്ഷിണാ​ഫ്രി​ക്ക​യിൽ മൊത്തം 28,000 സജീവ സാക്ഷി​ക​ളാണ്‌ ഉണ്ടായി​രു​ന്നത്‌. 1987 മാർച്ച്‌ 21-ൽ സമർപ്പണ സമയമാ​യ​പ്പോ​ഴേ​ക്കും അത്‌ 40,000 ആയി വർധി​ച്ചി​രു​ന്നു. എന്നാൽ, ഇത്രയും വലിയ സൗകര്യ​ങ്ങ​ളു​ടെ ആവശ്യ​മു​ണ്ടോ എന്നു ചിലർ ചിന്തിച്ചു. ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ ഒരു നില ഉപയോ​ഗി​ച്ചി​രു​ന്നില്ല, താമസ​സൗ​ക​ര്യ​ത്തി​നുള്ള കെട്ടി​ട​ത്തി​ന്റെ​യും ഒരു ഭാഗം ഒഴിഞ്ഞു​കി​ട​ന്നി​രു​ന്നു. സഹോ​ദ​രങ്ങൾ ഭാവി വളർച്ചയെ മുന്നിൽക്കണ്ട്‌ കാര്യങ്ങൾ ആസൂ​ത്രണം ചെയ്യു​ക​യാ​യി​രു​ന്നു.

ഒരു സുപ്ര​ധാന ആവശ്യം നിറ​വേ​റ്റു​ന്നു

എണ്ണത്തിൽ പെരുകി വരുന്ന സഭകളു​ടെ ആവശ്യം നിറ​വേ​റ്റു​ന്ന​തിന്‌ കൂടുതൽ രാജ്യ​ഹാ​ളു​ക​ളു​ടെ അടിയ​ന്തി​രാ​വ​ശ്യം ഉണ്ടായി​രു​ന്നു. കറുത്ത​വർഗ​ക്കാർ താമസി​ച്ചി​രുന്ന മേഖല​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ യോഗങ്ങൾ നടത്തു​ന്ന​തിന്‌ സൗകര്യ​പ്ര​ദ​മായ സ്ഥലങ്ങൾ ഇല്ലായി​രു​ന്നു. ഗരാജു​ക​ളും വീടു​ക​ളോ​ടു ചേർന്നുള്ള ഷെഡ്ഡു​ക​ളും സ്‌കൂൾ ക്ലാസ്‌ മുറി​ക​ളും മറ്റുമാ​യി​രു​ന്നു അവരുടെ യോഗ​സ്ഥ​ലങ്ങൾ. കൊച്ചു കുട്ടി​കൾക്കാ​യുള്ള ബെഞ്ചു​ക​ളും ഡസ്‌കു​ക​ളു​മാണ്‌ അവിടെ ഉണ്ടായി​രു​ന്നത്‌. കൂടാതെ അതേ സ്‌കൂ​ളിൽത്തന്നെ ഉച്ചത്തിൽ പാടി​യും ചെണ്ട​കൊ​ട്ടി​യും പരിപാ​ടി​കൾ നടത്തി​യി​രുന്ന മറ്റു മതവി​ഭാ​ഗ​ങ്ങ​ളു​ടെ ശല്യം വേറെ​യും.

1980-കളുടെ അവസാ​ന​ത്തോ​ടെ മേഖലാ നിർമാണ കമ്മിറ്റി​കൾ പുതിയ ചില രീതികൾ പരീക്ഷി​ച്ചു തുടങ്ങി, രാജ്യ​ഹാൾ നിർമാ​ണ​ത്തിന്‌ ആക്കം കൂട്ടുക എന്ന ഉദ്ദേശ്യ​ത്തിൽ. 1992-ൽ, കാനഡ​യിൽനി​ന്നുള്ള ശീഘ്ര​നിർമാണ വിദഗ്‌ധ​രായ 11 സഹോ​ദ​ര​ന്മാർ ജോഹാ​ന​സ്‌ബർഗി​ലെ ഹിൽ​ബ്രോ​യിൽ രണ്ടു നിലയുള്ള ഒരു ഇരട്ട രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​ത്തിൽ സഹായി​ക്കാൻ സന്നദ്ധ​സേ​വ​ക​രാ​യി എത്തി. ഈ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങൾക്കു നല്ല പരിശീ​ലനം ലഭിക്കു​ക​യും അങ്ങനെ അവർക്ക്‌ നിർമാ​ണ​രീ​തി​ക​ളിൽ കൂടുതൽ പ്രാവീ​ണ്യം നേടാ​നാ​കു​ക​യും ചെയ്‌തു.

ആദ്യത്തെ ശീഘ്ര​നിർമിത രാജ്യ​ഹാൾ സൊ​വേ​റ്റോ​യി​ലെ ഡിപ്‌ക്ല്വെ​ഫിൽ ആയിരു​ന്നു, 1992-ൽ. അവിടെ ഒരു രാജ്യ​ഹാൾ പണിയു​ന്ന​തി​നുള്ള സ്ഥലം 1962 മുതൽ അന്വേ​ഷി​ക്കു​ന്ന​താണ്‌. അതിനാ​യി നെട്ടോ​ട്ടം ഓടി​യി​രുന്ന സെഖര്യാ സെഡീബെ 1992 ജൂലൈ 11-ലെ രാജ്യ​ഹാൾ സമർപ്പണ വേളയിൽ സന്നിഹി​ത​നാ​യി​രു​ന്നു. വിശാ​ല​മായ ഒരു പുഞ്ചി​രി​യോ​ടെ അദ്ദേഹം പറഞ്ഞു: “ഒരു രാജ്യ​ഹാ​ളി​നാ​യുള്ള സ്വപ്‌നം ഒരിക്ക​ലും പൂവണി​യില്ല എന്നാണു ഞങ്ങൾ കരുതി​യത്‌. അന്നു ഞങ്ങൾ ചെറു​പ്പ​മാ​യി​രു​ന്നു. ഇപ്പോൾ ഞാൻ ജോലി​യിൽനി​ന്നു വിരമി​ച്ചി​രി​ക്കു​ന്നു, എന്നാൽ ഞങ്ങൾക്കു സ്വന്തമാ​യി ഒരു ഹാൾ ഉണ്ട്‌, സൊ​വേ​റ്റോ​യി​ലെ ആദ്യത്തെ ശീഘ്ര​നിർമിത ഹാൾ.”

ദക്ഷിണാ​ഫ്രി​ക്ക ബ്രാഞ്ചി​ന്റെ കീഴി​ലുള്ള രാജ്യ​ങ്ങ​ളിൽ ഇപ്പോൾ 600 രാജ്യ​ഹാ​ളു​കൾ ഉണ്ട്‌. യഹോ​വ​യു​ടെ ശുദ്ധാ​രാ​ധ​ന​യ്‌ക്കുള്ള കേന്ദ്ര​ങ്ങ​ളാ​യി ഇവ വർത്തി​ക്കു​ന്നു. എന്നിരു​ന്നാ​ലും 30-ഓ അതില​ധി​ക​മോ പ്രസാ​ധകർ വീതമുള്ള 300-ഓളം സഭകൾക്ക്‌ ഇനിയും രാജ്യ​ഹാ​ളു​കൾ ഇല്ല.

ബ്രാഞ്ച്‌ ഓഫീ​സി​ന്റെ കീഴിൽ പ്രവർത്തി​ക്കുന്ന 25 മേഖലാ നിർമാണ കമ്മിറ്റി​കൾ രാജ്യ​ഹാൾ നിർമി​ക്കാൻ ആഗ്രഹി​ക്കുന്ന സഭകൾക്ക്‌ പ്രാ​യോ​ഗിക സഹായം നൽകുന്നു. പണിക്കാ​യി സഭകൾക്ക്‌ പലിശ​ര​ഹിത വായ്‌പകൾ ലഭ്യമാണ്‌. ഗൗറ്റങ്ങി​ലെ മേഖലാ നിർമാണ കമ്മിറ്റി​യു​ടെ ചെയർമാ​നാണ്‌ 18-ലേറെ വർഷം രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ സഹായി​ച്ചി​ട്ടുള്ള പീറ്റർ ബട്ട്‌. കുടും​ബ​വും ജോലി​യു​മൊ​ക്കെ​യുള്ള സഹോ​ദ​ര​ന്മാ​രാണ്‌ ഈ കമ്മിറ്റി​യിൽ ഏറെയും പ്രവർത്തി​ക്കു​ന്നത്‌. എന്നിരു​ന്നാ​ലും തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്കാ​യി അവർ സന്തോ​ഷ​ത്തോ​ടെ ത്യാഗങ്ങൾ ചെയ്യുന്നു.

മറ്റൊരു മേഖലാ നിർമാണ കമ്മിറ്റി അംഗമാണ്‌ യാകോപ്‌ റൗട്ടൻബാക്‌. ഒരു ഹാളിന്റെ പണി തുടങ്ങി​യാൽ മിക്കവാ​റും അതു തീരു​ന്ന​തു​വരെ കമ്മിറ്റി അംഗങ്ങൾ അവി​ടെ​ത്തന്നെ കാണും. കൂടാതെ പണി തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ കാര്യ​ങ്ങ​ളെ​ല്ലാം ആസൂ​ത്രണം ചെയ്യു​ന്ന​തി​നും അവർ ഉണ്ടാകും എന്ന്‌ അദ്ദേഹം പറയുന്നു. സ്വമേ​ധയാ സേവകർക്കി​ട​യി​ലെ സന്തോ​ഷ​ക​ര​മായ സഹകരണ മനോ​ഭാ​വ​ത്തെ​ക്കു​റി​ച്ചു പറഞ്ഞ​പ്പോൾ അദ്ദേഹം വാചാ​ല​നാ​യി. സ്വന്തം ചെലവി​ലാണ്‌ അവർ നിർമാ​ണ​സ്ഥ​ല​ത്തേക്ക്‌ യാത്ര ചെയ്‌തി​രു​ന്നത്‌, പലപ്പോ​ഴും അതു വളരെ ദൂരെ​യാ​യി​രു​ന്നു​താ​നും.

പല സഹോ​ദ​ര​ങ്ങ​ളും രാജ്യ​ഹാൾ നിർമാ​ണ​വേ​ല​യ്‌ക്കാ​യി തങ്ങളുടെ സമയവും ആസ്‌തി​ക​ളും സന്തോ​ഷ​പൂർവം സംഭാവന ചെയ്യു​ന്ന​താ​യി യാകോപ്‌ പറഞ്ഞു. പിൻവ​രുന്ന ദൃഷ്ടാന്തം അദ്ദേഹം ചൂണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി: “സ്വന്തമാ​യി ട്രാൻസ്‌പോർട്ട്‌ കമ്പനി​യുള്ള രണ്ടു ജഡിക സഹോ​ദ​രി​മാർ 13 മീറ്റർ നീളമുള്ള കണ്ടെയ്‌ന​റിൽ കൊള്ളു​ന്നത്ര പണിയാ​യു​ധങ്ങൾ രാജ്യത്ത്‌ ഉടനീ​ള​വും മറ്റു രാജ്യ​ങ്ങ​ളി​ലു​മുള്ള നിർമാണ സ്ഥലങ്ങളിൽ എത്തിച്ചു​കൊ​ടു​ക്കു​ന്നു. 1993 മുതൽ അവർ ഇങ്ങനെ ചെയ്‌തു​വ​രു​ന്നു. അതു വലി​യൊ​രു സംഭാ​വ​ന​ത​ന്നെ​യാണ്‌! പണിയു​മാ​യി ബന്ധപ്പെട്ട്‌ ഞങ്ങൾക്ക്‌ ഇടപെ​ടേ​ണ്ടി​വന്ന പല കമ്പനി​ക​ളും ഞങ്ങളുടെ വേല കണ്ടിട്ട്‌ സംഭാ​വ​നകൾ നൽകാ​നോ ഇളവ്‌ അനുവ​ദി​ക്കാ​നോ പ്രേരി​ത​രാ​യി​ട്ടുണ്ട്‌.”

എല്ലായ്‌പോ​ഴും മുന്ന​മേ​തന്നെ കാര്യ​ങ്ങ​ളെ​ല്ലാം ശ്രദ്ധാ​പൂർവം ആസൂ​ത്രണം ചെയ്യു​ക​യും ജോലി​ക്കാ​രെ സംഘടി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കും. എന്നിട്ട്‌ മിക്ക​പ്പോ​ഴും വെറും മൂന്നു ദിവസം​കൊണ്ട്‌ ഹാളിന്റെ പണി പൂർത്തി​യാ​ക്കു​ന്നു. അനേക​രു​ടെ​യും ആദരവു പിടി​ച്ചു​പ​റ്റാൻ ഇത്‌ ഇടയാക്കി. ഒരു സ്ഥലത്ത്‌ ആദ്യ ദിവസത്തെ പണി പൂർത്തി​യാ​കാ​റാ​യ​പ്പോൾ അടുത്തുള്ള ഒരു ബാറിൽനിന്ന്‌ നന്നായി മദ്യപിച്ച രണ്ടുപേർ സഹോ​ദ​ര​ന്മാ​രെ സമീപി​ച്ചു. തുറസ്സായ ഒരു സ്ഥലത്തു​കൂ​ടെ​യാണ്‌ അവർ വീട്ടി​ലേക്കു പോയി​രു​ന്ന​തു​പോ​ലും, എന്നാൽ ഇപ്പോൾ അവിടെ ഒരു കെട്ടിടം വന്നിരി​ക്കു​ന്ന​ത്രേ. തങ്ങൾക്കു വഴി​തെ​റ്റി​പ്പോ​യി എന്നുതന്നെ കരുതിയ അവർ സഹോ​ദ​ര​ന്മാ​രോ​ടു വഴി​ചോ​ദി​ച്ചു.

ആത്മത്യാഗ മനോ​ഭാ​വം

1990-കളുടെ പ്രാരം​ഭ​ത്തി​ലെ രാഷ്‌ട്രീയ മാറ്റങ്ങൾ സമാധാ​ന​വും സുസ്ഥി​ര​ത​യും കൈവ​രു​ത്തി​യില്ല. പകരം മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി അക്രമം തേർവാഴ്‌ച നടത്തി. സാഹച​ര്യം സങ്കീർണ​മാ​യി​രു​ന്നു. അക്രമ​ത്തി​ന്റെ വർധന​യ്‌ക്ക്‌ ആളുകൾ പല കാരണ​ങ്ങ​ളും നിരത്തി. രാഷ്‌ട്രീയ പകപോ​ക്ക​ലി​നോ​ടും സാമ്പത്തിക പ്രശ്‌ന​ങ്ങ​ളോ​ടും ബന്ധപ്പെ​ട്ട​വ​യാ​യി​രു​ന്നു അവയിൽ ഏറെയും.

എന്നിരു​ന്നാ​ലും രാജ്യ​ഹാൾ നിർമാ​ണം നിർബാ​ധം തുടർന്നു. വിവിധ വർഗങ്ങ​ളിൽനി​ന്നുള്ള സന്നദ്ധ​സേ​വകർ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളു​ടെ അകമ്പടി​യോ​ടെ പണിസ്ഥ​ലത്ത്‌ എത്തിയി​രു​ന്നു. ചില സന്നദ്ധ​സേ​വ​കരെ കോപാ​കു​ല​രായ ജനക്കൂട്ടം ആക്രമി​ച്ചു. 1993-ൽ സൊ​വേ​റ്റോ​യിൽ ഒരു രാജ്യ​ഹാ​ളി​ന്റെ നിർമാ​ണം നടക്കു​മ്പോൾ ഒരു അക്രമാ​സക്ത ജനക്കൂട്ടം വെള്ളക്കാ​രായ മൂന്നു സഹോ​ദ​ര​ന്മാ​രു​ടെ നേരെ കല്ലെറി​ഞ്ഞു. നിർമാണ സാമ​ഗ്രി​ക​ളു​മാ​യി വാഹന​ത്തിൽ വരുക​യാ​യി​രു​ന്നു അവർ. വാഹന​ത്തി​ന്റെ ജനാല​ക​ളെ​ല്ലാം തകർത്തു, സഹോ​ദ​ര​ന്മാർക്കും പരി​ക്കേറ്റു. എന്നിട്ടും അവർ വണ്ടി നിറു​ത്താ​തെ നേരെ വിട്ടു​പോ​ന്നു. സുരക്ഷി​ത​മായ മറ്റൊരു വഴിയി​ലൂ​ടെ പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാർ അവരെ ആശുപ​ത്രി​യിൽ എത്തിച്ചു.

ഇതൊ​ന്നും പണിയെ ബാധി​ച്ചില്ല. അടുത്ത വാരാ​ന്ത​ത്തിൽത്തന്നെ എല്ലാ വർഗങ്ങ​ളിൽനി​ന്നു​മുള്ള നൂറു​ക​ണ​ക്കിന്‌ സഹോ​ദ​രങ്ങൾ നിർമാണ വേലയിൽ പങ്കെടു​ത്തു, എന്നാൽ വേണ്ട മുൻക​രു​ത​ലു​കൾ സ്വീക​രി​ച്ചി​രു​ന്നു. പണി നടക്കു​ന്ന​തി​നു ചുറ്റു​മുള്ള പ്രദേ​ശത്ത്‌ പ്രാ​ദേ​ശിക പയനി​യർമാർ തെരു​വു​സാ​ക്ഷീ​ക​ര​ണ​ത്തിൽ ഏർപ്പെട്ടു. എന്തെങ്കി​ലും പന്തി​കേടു തോന്നി​യാൽ അപ്പോൾത്തന്നെ അവർ സഹോ​ദ​ര​ന്മാ​രെ വിവരം അറിയി​ച്ചി​രു​ന്നു. ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ പരിക്കേറ്റ സഹോ​ദ​ര​ന്മാ​രും പണി​ക്കെത്തി.

രാജ്യ​ഹാൾ നിർമാ​ണ​ത്തി​നു​വേണ്ടി സ്വമേ​ധ​യാ​സേ​വ​ക​രാ​യി എത്തുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ അർപ്പണ​മ​നോ​ഭാ​വ​വും ത്യാഗ​ങ്ങ​ളും സഭകൾ വിലമ​തി​ക്കു​ന്നു. 15-ലേറെ വർഷമാ​യി ഈ നിർമാണ വേലയിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വ​രാണ്‌ ഫാനീ സ്‌മി​ത്തും ഭാര്യ എലെയ്‌നും. ഇതി​നോ​ടകം 46 രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തിൽ സഹായി​ച്ചി​ട്ടുള്ള ഇവർക്ക്‌ പലപ്പോ​ഴും അതിനാ​യി വളരെ ദൂരം യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്‌, അതും സ്വന്തം ചെലവിൽ.

ക്വാസു​ളു-നേറ്റലി​ലുള്ള ഒരു സഭ മേഖലാ നിർമാണ കമ്മിറ്റിക്ക്‌ ഇപ്രകാ​രം എഴുതി: “ഇവിടെ വന്ന്‌ ഞങ്ങളുടെ ഈ ഹാൾ പണിയു​ന്ന​തി​നാ​യി നിങ്ങളു​ടെ ഉറക്കം, കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തി​ന്റെ ആ സന്തോഷം, വിനോ​ദം, അങ്ങനെ പലതും നിങ്ങൾ ത്യജി​ച്ചി​രി​ക്കു​ന്നു. ഈ നിർമാ​ണ​ത്തി​ന്റെ വിജയ​ത്തി​നാ​യി ധാരാളം പണവും നിങ്ങൾ സ്വന്തം പോക്ക​റ്റിൽനി​ന്നു ചെലവ​ഴി​ച്ചി​ട്ടുണ്ട്‌ എന്നതിനു സംശയ​മില്ല. ഇത്‌ നിങ്ങളു​ടെ ‘നന്മെക്കാ​യി​ട്ടു’ യഹോവ ഓർക്കട്ടെ.—നെഹെ​മ്യാ​വു 13:31.”

സഭയ്‌ക്ക്‌ സ്വന്തമാ​യി ഒരു രാജ്യ​ഹാൾ ഉള്ളപ്പോൾ ചുറ്റു​വ​ട്ട​ത്തു​ള്ള​വ​രു​ടെ​മേൽ അത്‌ ഒരു ക്രിയാ​ത്മക ഫലം ഉളവാ​ക്കു​ന്നു. ഒരു സഭയിൽനി​ന്നുള്ള ഈ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “രാജ്യ​ഹാ​ളി​ന്റെ പണി പൂർത്തി​യാ​യ​തോ​ടെ യോഗ​ഹാ​ജ​രും കുതി​ച്ചു​യർന്നു. തത്‌ഫ​ല​മാ​യി പരസ്യ​പ്ര​സം​ഗ​വും വീക്ഷാ​ഗോ​പുര അധ്യയ​ന​വും ഞങ്ങൾക്കു രണ്ടായി നടത്തേണ്ടി വന്നു. പെട്ടെ​ന്നു​തന്നെ ഞങ്ങൾക്ക്‌ പുതി​യൊ​രു സഭ രൂപീ​ക​രി​ക്കേണ്ടി വരും.”

ഗ്രാമീണ മേഖല​യി​ലുള്ള ചെറിയ സഭകൾക്ക്‌ ഒരു ഹാൾ പണിയു​ന്ന​തി​ന്റെ ചെലവു താങ്ങാൻ പലപ്പോ​ഴും ബുദ്ധി​മു​ട്ടു​ണ്ടാ​കാ​റുണ്ട്‌. എങ്കിലും ധനശേ​ഖ​ര​ണ​ത്തി​നാ​യി അവർ പല മാർഗ​ങ്ങ​ളും സ്വീക​രി​ക്കു​ന്നു. ഒരു സഭയിലെ സഹോ​ദ​രങ്ങൾ അതിനാ​യി പന്നികളെ വിറ്റു. കൂടുതൽ പണം ആവശ്യ​മാ​യി വന്നപ്പോൾ അവർ ഒരു കാള​യെ​യും ഒരു കുതി​ര​യെ​യും വിറ്റു. പിന്നീട്‌ 15 ആടുക​ളെ​യും മറ്റൊരു കാള​യെ​യും കുതി​ര​യെ​യും കൂടി വിൽക്കു​ക​യു​ണ്ടാ​യി. ഒരു സഹോ​ദരി പെയിന്റ്‌ വാങ്ങാ​മെന്ന്‌ ഏറ്റു. മറ്റൊ​രാൾ കാർപ്പെ​റ്റും വേറൊ​രാൾ കർട്ടനു​ക​ളും വാങ്ങി. അവസാനം കസേര വാങ്ങാ​നാ​യി മറ്റൊരു കാള​യെ​യും അഞ്ച്‌ ആടുക​ളെ​യും കൂടി വിറ്റു.

തങ്ങളുടെ രാജ്യ​ഹാ​ളി​ന്റെ പണി പൂർത്തി​യാ​യ​പ്പോൾ ഗൗറ്റങ്ങി​ലെ ഒരു സഭ എഴുതി: “ഹാളിന്റെ പണി പൂർത്തി​യാ​യ​ശേഷം കുറഞ്ഞത്‌ രണ്ടാഴ്‌ച​ത്തേ​ക്കെ​ങ്കി​ലും വയൽസേ​വനം കഴിഞ്ഞ്‌ ഞങ്ങൾ നേരേ അവി​ടെ​യെ​ത്തു​മാ​യി​രു​ന്നു, അതിന്റെ ഭംഗി ആസ്വദി​ക്കാൻ. വയൽസേ​വ​ന​ത്തി​നു​ശേഷം രാജ്യ​ഹാൾ ഒന്നു കാണാതെ വീട്ടിൽപ്പോ​കാൻ ഞങ്ങൾക്ക്‌ ആകുമാ​യി​രു​ന്നില്ല.”

നാട്ടു​കാ​രു​ടെ​യും ശ്രദ്ധ ആകർഷി​ക്കു​ന്നു

ആരാധ​ന​യ്‌ക്ക്‌ ഉചിത​മായ സ്ഥലം ഉണ്ടായി​രി​ക്കാ​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യുന്ന ശ്രമം പൊതു​വേ ശ്രദ്ധി​ക്ക​പ്പെ​ടാ​റുണ്ട്‌. ക്വാസു​ളു-നേറ്റലി​ലെ ഉംലാസി സഭയ്‌ക്കു ലഭിച്ച ഒരു കത്തിൽ ഇപ്രകാ​രം പറഞ്ഞി​രു​ന്നു: “നിങ്ങളു​ടെ പ്രദേശം ശുചി​യാ​യി സൂക്ഷി​ക്കു​ന്ന​തി​നു ചെയ്യുന്ന ശ്രമങ്ങളെ ദ കീപ്‌ ഡർബൻ ബ്യൂട്ടി​ഫുൾ അസോ​സി​യേഷൻ അഭിന​ന്ദി​ക്കു​ന്നു, അത്‌ ഇനിയും തുടരുക. നിങ്ങളു​ടെ ശ്രമങ്ങൾ ഈ പ്രദേ​ശ​ത്തി​ന്റെ മനോ​ഹാ​രിത വർധി​പ്പി​ച്ചി​രി​ക്കു​ന്നു. ചപ്പുചവർ നിർമാർജ​ന​വും പരിസ്ഥി​തി ശുചീ​ക​ര​ണ​വും ലക്ഷ്യമാ​ക്കി​യുള്ള ഒരു സംഘട​ന​യാണ്‌ ഞങ്ങളു​ടേത്‌. പരിസര ശുചി​ത്വം പ്രദേ​ശത്തെ ആരോ​ഗ്യ​സ്ഥി​തി​യും മെച്ച​പ്പെ​ടു​ത്തു​ക​തന്നെ ചെയ്യും. ഇക്കാര​ണ​ത്താ​ലാണ്‌ ഞങ്ങൾ നിങ്ങളെ അഭിന​ന്ദി​ക്കു​ന്നത്‌. നിങ്ങളു​ടെ ഉത്തമ മാതൃ​ക​യ്‌ക്കു വളരെ നന്ദി. നിങ്ങൾ എന്തുതന്നെ ചെയ്‌താ​ലും ഉംലാസി പ്രദേശം വൃത്തി​യാ​യി സൂക്ഷി​ക്കുന്ന കാര്യം ശ്രദ്ധി​ക്കാൻ ഞങ്ങൾ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.”

ഒരു സഭ ഇപ്രകാ​രം എഴുതു​ന്നു: “ഒരു കള്ളൻ രാജ്യ​ഹാൾ കുത്തി​ത്തു​റന്ന്‌ അകത്തു കടന്ന​പ്പോൾ നാട്ടു​കാർ അയാളെ കൈ​യോ​ടെ പിടി​കൂ​ടി. അയാൾ ‘തങ്ങളുടെ പള്ളി’ നശിപ്പി​ച്ചു​വെ​ന്നാണ്‌ അവർ പറഞ്ഞത്‌, കാരണം ആ പ്രദേ​ശത്തെ ഏക മതസ്ഥാ​പ​ന​മാ​യി​രു​ന്നു അത്‌. പോലീ​സിൽ ഏൽപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ അവർ അയാളെ ശരിക്കു കൈകാ​ര്യം ചെയ്‌തു.”

ആഫ്രി​ക്ക​യിൽ കൂടുതൽ രാജ്യ​ഹാ​ളു​കൾ

1999-ൽ, സാമ്പത്തി​ക​മാ​യി പിന്നോ​ക്കാ​വ​സ്ഥ​യി​ലുള്ള രാജ്യ​ങ്ങ​ളിൽ രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തി​നാ​യി യഹോ​വ​യു​ടെ സംഘടന ഒരു ക്രമീ​ക​രണം ചെയ്‌തു. ആഫ്രി​ക്ക​യി​ലെ വിവിധ രാജ്യ​ങ്ങ​ളിൽ ഈ നിർമാ​ണ​വേല സംഘടി​പ്പി​ക്കു​ന്ന​തി​നാ​യി ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചിൽ ‘മേഖലാ രാജ്യ​ഹാൾ ഓഫീസ്‌’ സ്ഥാപിച്ചു. ‘രാജ്യ​ഹാൾ നിർമാണ വിഭാഗം’ സ്ഥാപി​ക്കു​ന്ന​തിൽ സഹായം നൽകാ​നാ​യി ഓരോ ബ്രാഞ്ചി​ലേ​ക്കും ഒരു പ്രതി​നി​ധി​യെ അയച്ചു. സ്ഥലം വാങ്ങു​ന്ന​തും രാജ്യ​ഹാൾ നിർമാണ കൂട്ടങ്ങളെ സംഘടി​പ്പി​ക്കു​ന്ന​തും ഈ വിഭാ​ഗ​മാണ്‌. പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാ​രെ സഹായി​ക്കു​ന്ന​തി​നും പരിശീ​ലി​പ്പി​ക്കു​ന്ന​തി​നു​മാ​യി സാർവ​ദേ​ശീയ സേവക​ന്മാ​രെ​യും അയച്ചു.

ദക്ഷിണാ​ഫ്രി​ക്ക മേഖലാ ഓഫീസ്‌ ആഫ്രി​ക്ക​യിൽ 25 ‘രാജ്യ​ഹാൾ നിർമാണ വിഭാഗം’ സ്ഥാപി​ച്ചി​ട്ടുണ്ട്‌. 37 രാജ്യ​ങ്ങ​ളി​ലെ രാജ്യ​ഹാൾ നിർമാ​ണ​ത്തി​നു മേൽനോ​ട്ടം വഹിക്കു​ന്നത്‌ അവയാണ്‌. 1999 നവംബർ മുതൽ ഈ ക്രമീ​ക​ര​ണ​പ്ര​കാ​രം 7,207 രാജ്യ​ഹാ​ളു​കൾ പണിതി​രി​ക്കു​ന്നു. 2006-ന്റെ മധ്യഭാ​ഗത്തെ കണക്കനു​സ​രിച്ച്‌ പ്രസ്‌തുത രാജ്യ​ങ്ങ​ളിൽ ഇനിയും 3,305 രാജ്യ​ഹാ​ളു​കൾകൂ​ടെ ആവശ്യ​മുണ്ട്‌.

രാഷ്‌ട്രീയ മാറ്റത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങൾ

മുൻഗ​വൺമെ​ന്റി​ന്റെ വർഗീയ നയങ്ങ​ളോ​ടുള്ള വർധി​ച്ചു​വ​രുന്ന അതൃപ്‌തി എങ്ങും അശാന്തി​ക്കും അക്രമ​ത്തി​നും ഇടയാക്കി. യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചില​രെ​യും ഇതു ദോഷ​ക​ര​മാ​യി ബാധിച്ചു. കറുത്ത​വർഗ​ക്കാർ അധിവ​സി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ആളുകൾ പരസ്‌പരം പോരാ​ടി, അനേകർക്കു ജീവൻ നഷ്ടമായി. എന്നിരു​ന്നാ​ലും സഹോ​ദ​രങ്ങൾ നിതാന്ത ജാഗ്രത പാലി​ക്കു​ക​യും ഈ ദുഷ്‌കര സാഹച​ര്യ​ങ്ങ​ളി​ലും യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തിൽ തുടരു​ക​യും ചെയ്‌തു. ഒരു ദിവസം പാതി​രാ​ത്രിക്ക്‌ ഒരു സഹോ​ദ​ര​നും കുടും​ബ​വും ഉറങ്ങി​ക്കി​ട​ക്കവേ ആരോ ഒരു പെ​ട്രോൾ ബോംബ്‌ അവരുടെ വീടി​നു​ള്ളി​ലേക്ക്‌ എറിഞ്ഞു. അവർ കഷ്ടിച്ചു രക്ഷപ്പെട്ടു. ആ സഹോ​ദരൻ പിന്നീട്‌ ബ്രാഞ്ചിന്‌ ഇങ്ങനെ എഴുതി: “എനിക്കും കുടും​ബ​ത്തി​നും ഇപ്പോൾ പൂർവാ​ധി​കം ശക്തമായ വിശ്വാ​സ​മുണ്ട്‌. വസ്‌തു​വ​ക​ക​ളെ​ല്ലാം നഷ്ടമാ​യെ​ങ്കി​ലും യഹോ​വ​യോ​ടും അവന്റെ ജനത്തോ​ടും ഞങ്ങൾ കൂടു​ത​ലാ​യി അടുത്തി​രി​ക്കു​ന്നു. സഹോ​ദ​രങ്ങൾ ഞങ്ങളെ ഭൗതി​ക​മാ​യി സഹായി​ച്ചു. ഈ വ്യവസ്ഥി​തി​യു​ടെ അവസാ​ന​ത്തി​നാ​യി നോക്കി​പ്പാർത്തി​രി​ക്കവേ നമ്മുടെ ആത്മീയ പറുദീ​സ​യെ​പ്രതി ഞങ്ങൾ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​രാണ്‌.”

1994 മേയ്‌ 10-ന്‌ നെൽസൺ മണ്ടേല അധികാ​ര​ത്തി​ലേറി, കറുത്ത​വർഗ​ക്കാ​രിൽനി​ന്നുള്ള ആദ്യത്തെ പ്രസി​ഡന്റ്‌. രാജ്യത്ത്‌ ജനാധി​പത്യ രീതി​യിൽ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ആദ്യത്തെ പ്രസി​ഡ​ന്റും അദ്ദേഹ​മാ​യി​രു​ന്നു. മാത്ര​വു​മല്ല കറുത്ത​വർഗ​ക്കാർക്ക്‌ വോട്ടു​ചെ​യ്യാൻ കിട്ടിയ ആദ്യ അവസരം കൂടി​യാ​യി​രു​ന്നു അത്‌. എങ്ങും ദേശീ​യ​വി​കാ​രങ്ങൾ അലതല്ലി; ഒപ്പം ശുഭാ​പ്‌തി​വി​ശ്വാ​സ​വും ആഹ്ലാദ​വും നിറഞ്ഞ ഒരു അന്തരീ​ക്ഷ​വും. ഇത്‌ നമ്മുടെ സഹോ​ദ​ര​ങ്ങ​ളിൽ ചിലർക്ക്‌ പുതി​യ​തരം വെല്ലു​വി​ളി​കൾ ഉയർത്തി.

ഖേദക​ര​മെ​ന്നു പറയട്ടെ, ചിലർ തങ്ങളുടെ ക്രിസ്‌തീയ നിഷ്‌പക്ഷത വിട്ടു​ക​ളഞ്ഞു. സമ്മതി​ദാ​യ​കരെ ബോധ​വ​ത്‌ക​രി​ക്കു​ന്ന​തും വോട്ടു​ചെ​യ്യു​ന്ന​തിന്‌ അവരെ പ്രേരി​പ്പി​ക്കു​ന്ന​തു​മായ ജോലി​കൾ അനേകം സാക്ഷികൾ ഏറ്റെടു​ത്തു. മറ്റു ചിലർ പോളിങ്‌ സ്റ്റേഷനു​ക​ളിൽ വോട്ടിങ്‌ ഓഫീ​സർമാ​രാ​യി സേവി​ക്കു​ക​യോ വോട്ടു​ചെ​യ്യു​ക​യോ ചെയ്‌തു. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ ജനത്തിൽ ബഹുഭൂ​രി​പ​ക്ഷ​വും നിഷ്‌പ​ക്ഷ​രാ​യി നില​കൊ​ണ്ടു. നിഷ്‌പ​ക്ഷ​ത​യിൽ വിട്ടു​വീഴ്‌ച കാണിച്ച അനേക​രും തങ്ങൾക്കു പറ്റിയ തെറ്റ്‌ തിരി​ച്ച​റി​യു​ക​യും ആത്മാർഥ​മായ അനുതാ​പം പ്രകട​മാ​ക്കു​ക​യും തിരു​വെ​ഴു​ത്തു ബുദ്ധി​യു​പ​ദേ​ശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ക​യും ചെയ്‌തു.

വളർച്ച ഹൃദയ​ങ്ങ​ളിൽ

രാജ്യ​ഹാ​ളു​ക​ളു​ടെ എണ്ണം വർധി​ച്ചത്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്തി​ന്റെ തെളി​വാണ്‌. എങ്കിലും അത്ഭുത​ക​ര​മായ വളർച്ച ശരിക്കും ഉണ്ടായത്‌ ആളുക​ളു​ടെ ഹൃദയ​ത്തി​ലാണ്‌. (2 കൊരി. 3:3) നാനാ പശ്ചാത്ത​ല​ത്തിൽനി​ന്നു​ള്ള​വരെ സത്യം ആകർഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ചില ഉദാഹ​ര​ണങ്ങൾ നോക്കുക.

റാൽസൺ മുലൗ​ഡ്‌സി 1986-ൽ ജയിലി​ലാ​യി, കൊല​പാ​ത​ക​ക്കു​റ്റ​ത്തിന്‌ വധശി​ക്ഷ​യ്‌ക്കു വിധി​ക്ക​പ്പെട്ടു. നമ്മുടെ ഒരു ലഘുപ​ത്രി​ക​യിൽ ഒരു ബ്രാഞ്ച്‌ ഓഫീ​സി​ന്റെ മേൽവി​ലാ​സം കണ്ട അദ്ദേഹം ബൈബിൾ പഠിക്കാൻ സഹായം ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ കത്തെഴു​തി. ലെസ്‌ ലീ എന്നൊരു പ്രത്യേക പയനിയർ സഹോ​ദരൻ അദ്ദേഹത്തെ സന്ദർശിച്ച്‌ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. റാൽസൺ താൻ പഠിക്കുന്ന കാര്യങ്ങൾ സഹതട​വു​കാ​രോ​ടും കാവൽക്കാ​രോ​ടും സംസാ​രി​ക്കാൻ തുടങ്ങി. 1990 ഏപ്രി​ലിൽ ജയിലിൽവെച്ച്‌ അദ്ദേഹം സ്‌നാ​പ​ന​മേറ്റു. പ്രദേ​ശിക സഭയിൽ നിന്നുള്ള സഹോ​ദ​രങ്ങൾ റാൽസണെ പതിവാ​യി സന്ദർശി​ക്കാ​റുണ്ട്‌. ദിവസ​വും ഒരു മണിക്കൂർവീ​തം തന്റെ ജയില​റ​യ്‌ക്കു പുറത്തു കഴിയാ​നുള്ള അനുവാ​ദ​വും അദ്ദേഹ​ത്തി​നുണ്ട്‌. മറ്റു ജയിൽപ്പു​ള്ളി​ക​ളോ​ടു പ്രസം​ഗി​ക്കു​ന്ന​തിന്‌ അദ്ദേഹം ഈ സമയം വിനി​യോ​ഗി​ക്കു​ന്നു. ഇതി​നോ​ടകം മൂന്നു​പേരെ സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാ​യി​ത്തീ​രാൻ സഹായിച്ച അദ്ദേഹം ഇപ്പോൾ രണ്ടു ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നുണ്ട്‌. അദ്ദേഹ​ത്തി​ന്റെ ശിക്ഷ ജീവപ​ര്യ​ന്ത​മാ​യി കുറച്ചു, പരോ​ളിൽ ഇറങ്ങാ​നുള്ള അനുവാ​ദ​വു​മുണ്ട്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്ന മറ്റു ചിലരു​ടെ പശ്ചാത്തലം തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു. ഒരു താത്‌പ​ര്യ​ക്കാ​രി​യാ​യി​രുന്ന ക്വീനീ റൂസോ ഒരു സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ സംബന്ധി​ച്ചു. വേദപാ​ഠം പഠിച്ചു​കൊ​ണ്ടി​രുന്ന 18 വയസ്സു​കാ​ര​നായ തന്റെ മകനെ കണ്ട്‌ ഒന്നു സംസാ​രി​ക്കാ​മോ എന്ന്‌ അവർ പുസ്‌ത​കാ​ധ്യ​യന മേൽവി​ചാ​ര​ക​നോ​ടു ചോദി​ച്ചു. സഹോ​ദരൻ അവനു​മാ​യി നല്ലൊരു ചർച്ച നടത്തു​ക​യും അമ്മയോ​ടൊ​പ്പം യോഗ​ങ്ങൾക്കു പോകാൻ തുടങ്ങു​ക​യും ചെയ്‌തു. പിന്നീട്‌ തന്റെ ഭർത്താ​വു​മാ​യി ഒന്നു സംസാ​രി​ക്ക​ണ​മെന്ന്‌ ആ സ്‌ത്രീ സഹോ​ദ​ര​നോട്‌ ആവശ്യ​പ്പെട്ടു. ഡച്ച്‌ റിഫോംഡ്‌ ചർച്ചിലെ ഒരു മൂപ്പനും പള്ളിക്ക​മ്മി​റ്റി​യു​ടെ ചെയർമാ​നും ആയിരു​ന്നു അവരുടെ ഭർത്താവ്‌ ജെനീ. അദ്ദേഹ​ത്തി​നു കുറച്ചു ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സഹോ​ദരൻ അദ്ദേഹ​വു​മാ​യി സംസാ​രി​ച്ചു, ഒരു ബൈബി​ള​ധ്യ​യ​ന​വും ക്രമീ​ക​രി​ച്ചു.

ആ ആഴ്‌ച​യാ​യി​രു​ന്നു ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ. സഹോ​ദരൻ ക്വീനീ​യെ അതിനു ക്ഷണിച്ചു. എന്നാൽ ജെനീ​യും അവരോ​ടൊ​പ്പം വന്നു​വെന്നു മാത്രമല്ല, നാലു ദിവസ​വും പരിപാ​ടിക്ക്‌ ഹാജരാ​കു​ക​യും ചെയ്‌തു. സഹോ​ദരൻ അതൊ​ട്ടും പ്രതീ​ക്ഷി​ച്ചി​രു​ന്നതല്ല. കൺ​വെൻ​ഷൻ പരിപാ​ടി​യും സാക്ഷി​ക​ളു​ടെ ഇടയിലെ സ്‌നേ​ഹ​വും അദ്ദേഹത്തെ ഏറെ ആകർഷി​ച്ചു. അവരുടെ 18 വയസ്സുള്ള മകനും പള്ളിയി​ലെ ഒരു ഡീക്കനായ ഏറ്റവും മൂത്തമ​ക​നും ബൈബി​ള​ധ്യ​യ​ന​ത്തിൽ സംബന്ധി​ക്കാൻ തുടങ്ങി.

അവരെ​ല്ലാ​വ​രും പള്ളിയിൽനി​ന്നു രാജി​വെച്ച്‌ ഉടൻതന്നെ യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി. അവർ ഒരു വയൽസേ​വ​ന​യോ​ഗ​ത്തി​നും ഹാജരാ​യി. ജെനീ സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധകൻ അല്ലാത്ത സ്ഥിതിക്ക്‌ അദ്ദേഹ​ത്തിന്‌ സാക്ഷി​ക​ളോ​ടൊ​പ്പം വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കാ​നാ​വില്ല എന്ന്‌ സഹോ​ദരൻ പറഞ്ഞു. ഇതുവരെ താൻ സത്യം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇനി മേലാൽ അത്‌ അടക്കി​വെ​ക്കാ​നാ​വി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു. അതു പറയു​മ്പോൾ അദ്ദേഹ​ത്തി​ന്റെ കണ്ണു നിറ​ഞ്ഞൊ​ഴു​കു​ക​യാ​യി​രു​ന്നു.

അവർക്ക്‌ 22-കാരനായ മറ്റൊരു മകൻ ഉണ്ടായി​രു​ന്നു, മൂന്നാം വർഷ ദൈവ​ശാ​സ്‌ത്ര വിദ്യാർഥി. ഇനിമു​തൽ പഠനത്തി​നുള്ള പണം താൻ അടയ്‌ക്കി​ല്ലെ​ന്നും അതു​കൊണ്ട്‌ വീട്ടി​ലേക്കു തിരിച്ചു പോരു​ന്ന​താണ്‌ നല്ലതെ​ന്നും പറഞ്ഞ്‌ ജെനീ മകനു കത്തെഴു​തി. മകൻ തിരി​ച്ചെത്തി മൂന്നാം ദിവസം ജെനീ​യും മൂന്നു പുത്ര​ന്മാ​രും സഭയോ​ടൊ​പ്പം ക്രൂഗർസ്‌ഡോർപ്പി​ലുള്ള ബെഥേ​ലിൽ ഒരു ദിവസം വേല ചെയ്‌തു. അവിടെ കണ്ട കാര്യ​ങ്ങ​ളിൽ മതിപ്പു തോന്നിയ ദൈവ​ശാ​സ്‌ത്ര വിദ്യാർഥി തന്റെ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ സമ്മതിച്ചു. അധ്യയനം തുടങ്ങി കുറച്ചു​കാ​ലം കഴിഞ്ഞ​പ്പോൾ, യൂണി​വേ​ഴ്‌സി​റ്റി​യിൽനിന്ന്‌ രണ്ടര വർഷം​കൊ​ണ്ടു പഠിച്ച​തി​നെ​ക്കാൾ കാര്യങ്ങൾ ഒറ്റ മാസം​കൊ​ണ്ടു പഠിക്കാ​നാ​യെന്ന്‌ അവൻ പറഞ്ഞു.

കാലാ​ന്ത​ര​ത്തിൽ മുഴു കുടും​ബ​വും സ്‌നാ​പ​ന​മേറ്റു. പിതാവ്‌ ഇപ്പോൾ ഒരു മൂപ്പനാണ്‌. പുത്ര​ന്മാ​രിൽ ചിലർ മൂപ്പന്മാ​രോ ശുശ്രൂ​ഷാ​ദാ​സ​ന്മാ​രോ ആണ്‌, ഒരു മകൾ സാധാരണ പയനി​യ​റും.

“നിന്റെ കയറു​കളെ നീട്ടുക”

ഭാവി​യി​ലെ വികസന സാധ്യ​ത​ക​ളും​കൂ​ടി കണക്കി​ലെ​ടു​ത്താ​യി​രു​ന്നു ക്രൂഗർസ്‌ഡോർപ്പി​ലെ ബെഥേൽ സമുച്ചയം പണിതത്‌. എന്നിരു​ന്നാ​ലും സമർപ്പ​ണത്തെ തുടർന്ന്‌ കേവലം 12 വർഷം കഴിഞ്ഞ​പ്പോ​ഴേ​ക്കും വൻതോ​തി​ലുള്ള വിപു​ലീ​ക​രണം ആവശ്യ​മാ​യി​വന്നു. (യെശ. 54:2) അക്കാലത്ത്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലും ആ ബ്രാഞ്ചി​ന്റെ കീഴി​ലുള്ള രാജ്യ​ങ്ങ​ളി​ലും പ്രസാ​ധ​ക​രു​ടെ എണ്ണത്തിൽ 62 ശതമാനം വർധന ഉണ്ടായി. ഒരു സംഭര​ണ​ശാ​ല​യും താമസ​സൗ​ക​ര്യ​ത്തി​നുള്ള മൂന്നു പുതിയ കെട്ടി​ട​ങ്ങ​ളും പണിതു. അലക്കു​ശാ​ല​യും ഓഫീസ്‌ കെട്ടി​ട​വും വിപു​ലീ​ക​രി​ച്ച​തി​നു പുറമേ രണ്ടാമ​തൊ​രു ഭക്ഷണമു​റി​കൂ​ടി പണിയു​ക​യു​ണ്ടാ​യി. വിപു​ലീ​ക​രിച്ച ഈ സൗകര്യ​ങ്ങൾ 1999 ഒക്ടോബർ 23-ന്‌ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. ഭരണസം​ഘാം​ഗ​മായ ഡാനി​യേൽ സിഡ്‌ലിക്‌ ആണ്‌ സമർപ്പ​ണ​പ്ര​സം​ഗം നിർവ​ഹി​ച്ചത്‌.

ഈ അടുത്ത​കാ​ലത്ത്‌ അച്ചടി​ശാ​ല​യു​ടെ വലുപ്പം 8,000 ചതുരശ്ര മീറ്റർ കൂടി വർധി​പ്പി​ച്ചു. അങ്ങനെ ഒരു പുതിയ മാൻ റോളൻഡ്‌ ലിഥോ​മൻ റോട്ടറി പ്രസ്സും​കൂ​ടി സ്ഥാപി​ക്കു​ന്ന​തി​നുള്ള സൗകര്യം ഉണ്ടായി. കൂടാതെ മാസി​കകൾ മുറി​ക്കാ​നും എണ്ണാനും അടുക്കി​വെ​ക്കാ​നും സഹായ​ക​മായ ഓട്ടോ​മാ​റ്റിക്‌ യന്ത്രങ്ങ​ളും ബ്രാഞ്ചി​നു ലഭ്യമാ​യി. ജർമനി ബ്രാഞ്ച്‌ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചിന്‌ ഒരു ബൈൻഡറി ലൈൻ സംഭാവന ചെയ്‌തു. ഇതിന്റെ സഹായ​ത്താൽ സഹാറ​യ്‌ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേ​ശ​ത്തെ​ങ്ങും ആവശ്യ​മാ​യത്ര പുസ്‌ത​ക​ങ്ങ​ളും ബൈബി​ളും ഉത്‌പാ​ദി​പ്പി​ക്കാൻ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചി​നു കഴിയു​ന്നു.

അനു​യോ​ജ്യ​മായ സമ്മേളന സ്ഥലങ്ങൾ

സമ്മേള​ന​ഹാ​ളു​കൾക്കാ​യുള്ള ആവശ്യം നിറ​വേ​റ്റു​ന്ന​തി​നാ​യി കൂടുതൽ നിർമാണ പ്രവർത്ത​നങ്ങൾ ആസൂ​ത്രണം ചെയ്യു​ക​യു​ണ്ടാ​യി. ഇവയിൽ ആദ്യ​ത്തേത്‌ ജോഹാ​ന​സ്‌ബർഗിന്‌ തെക്കുള്ള ഏകൻഹോ​ഫിൽ ആണു പണിതത്‌. 1982-ൽ ഇതിന്റെ സമർപ്പണം നടന്നു. കേപ്‌ടൗ​ണി​ലെ ബെൽവി​ലിൽ നിർമിച്ച മറ്റൊരു സമ്മേള​ന​ഹാ​ളി​ന്റെ സമർപ്പ​ണ​പ്ര​സം​ഗം നടത്തി​യത്‌ മിൽട്ടൺ ഹെൻഷൽ ആണ്‌. 1996-ൽ ആയിരു​ന്നു അത്‌. 2001 ആയപ്പോ​ഴേ​ക്കും പ്രി​ട്ടോ​റി​യ​യ്‌ക്കും ജോഹാ​ന​സ്‌ബർഗി​നും ഇടയി​ലാ​യി സ്ഥിതി​ചെ​യ്യുന്ന മിഡ്‌റാൻഡിൽ മറ്റൊരു ഹാളിന്റെ നിർമാ​ണം പൂർത്തി​യാ​യി.

മിഡ്‌റാൻഡി​ലെ നിർമാ​ണ​പ​ദ്ധ​തി​യെ ആദ്യ​മൊ​ക്കെ എതിർത്തി​രുന്ന അയൽക്കാർ സഹോ​ദ​ര​ങ്ങളെ അടുത്ത​റി​യു​ക​യും അവരുടെ പ്രവർത്ത​നങ്ങൾ നേരിൽക്കാ​ണു​ക​യും ചെയ്‌ത​പ്പോൾ തങ്ങളുടെ മനോ​ഭാ​വ​ത്തി​നു മാറ്റം​വ​രു​ത്തി. അവരിൽ ഒരാൾ മാസത്തിൽ രണ്ടുതവണ വീതം ഒരു വർഷത്തി​ല​ധി​കം കാലം ധാരാളം പഴങ്ങളും പച്ചക്കറി​ക​ളും സംഭാവന ചെയ്‌തു​പോ​ന്നു. ചില കമ്പനികൾ നിർമാ​ണ​വേ​ല​യ്‌ക്ക്‌ സംഭാ​വ​നകൾ നൽകി. അത്തരം ഒരു കമ്പനി പൂന്തോ​ട്ട​ങ്ങ​ളി​ലേക്ക്‌ ആവശ്യ​മായ കമ്പോസ്റ്റ്‌ വളം സൗജന്യ​മാ​യി നൽകി. മറ്റൊരു കമ്പനി ഈ പദ്ധതി​യി​ലേ​ക്കാ​യി സഹോ​ദ​ര​ങ്ങൾക്ക്‌ 10,000 റാണ്ടിന്റെ (ഏകദേശം 70,000 രൂപ) ഒരു ചെക്ക്‌ നൽകി. സഹോ​ദ​ര​ങ്ങ​ളും സമ്മേള​ന​ഹാ​ളി​നാ​യി ഉദാര​മാ​യി സംഭാവന നൽകി എന്ന കാര്യം പറയേ​ണ്ട​തി​ല്ല​ല്ലോ.

ഈ ഹാൾ നന്നായി ഡിസൈൻ ചെയ്‌ത മനോ​ഹ​ര​മായ ഒരു കെട്ടി​ട​മാണ്‌. എന്നിരു​ന്നാ​ലും ഇതിന്റെ യഥാർഥ സൗന്ദര്യം കുടി​കൊ​ള്ളു​ന്നത്‌ നമ്മുടെ മഹാ​ദൈ​വ​മായ യഹോ​വ​യു​ടെ മഹത്ത്വ​ത്തി​നാ​യി അത്‌ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണെന്ന്‌ ഇതിന്റെ സമർപ്പണ പ്രസംഗം നിർവ​ഹിച്ച ഭരണസം​ഘാം​ഗ​മായ ഗൈ പിയേ​ഴ്‌സ്‌ ചൂണ്ടി​ക്കാ​ട്ടി.—1 രാജാ. 8:27.

മനുഷ്യ നിയമ​ങ്ങൾക്ക്‌ വേർതി​രി​ക്കാ​നാ​വാ​ത്തവർ

കറുത്ത​വർഗ​ക്കാർ അധിവ​സി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ അനു​യോ​ജ്യ​മായ സമ്മേള​ന​സ്ഥ​ലങ്ങൾ ലഭിക്കു​ക​യെ​ന്നത്‌ വർഷങ്ങ​ളോ​ളം വളരെ ദുഷ്‌ക​ര​മാ​യി​രു​ന്നു. ലിം​പോ​പോ പ്രവി​ശ്യ​യിൽ, അക്കാലത്തു വെള്ളക്കാർക്കു പ്രവേ​ശ​നാ​നു​മതി ഇല്ലായി​രുന്ന ‘റിസർവ്‌’ എന്നറി​യ​പ്പെ​ട്ടി​രുന്ന പ്രദേ​ശ​ത്താണ്‌ സഹോ​ദ​രങ്ങൾ താമസി​ച്ചി​രു​ന്നത്‌. ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നായ കൊറീ സീകെർസിന്‌ ഈ പ്രദേ​ശ​ത്തേക്കു കടന്നു​ചെ​ല്ലാ​നുള്ള അനുമതി ലഭിച്ചില്ല. അതുമൂ​ലം സമ്മേള​ന​ത്തി​നുള്ള ഒരു സ്ഥലം കണ്ടെത്താൻ അദ്ദേഹ​ത്തി​നാ​യില്ല.

ഈ റിസർവ്‌ പ്രദേ​ശ​ത്തി​നു തൊട്ട​ടു​ത്തു കിടക്കുന്ന ഒരു കൃഷി​യി​ട​ത്തി​ന്റെ ഉടമയെ സീകെർസ്‌ സഹോ​ദരൻ ചെന്നു​കണ്ടു. എന്നാൽ തന്റെ സ്ഥലത്തു​വെച്ച്‌ സമ്മേളനം നടത്തു​ന്നത്‌ അദ്ദേഹ​ത്തിന്‌ ഇഷ്ടമി​ല്ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും സീകെർസ്‌ സഹോ​ദ​രന്റെ ട്രെയി​ലർ അവിടെ പാർക്കു​ചെ​യ്യാൻ അദ്ദേഹം സമ്മതം​മൂ​ളി. ഒടുവിൽ, കറുത്ത​വർഗ​ക്കാ​രായ സഹോ​ദ​ര​ങ്ങൾക്ക്‌ ആ റിസർവ്‌ പ്രദേ​ശത്തെ കുറ്റി​ക്കാ​ട്ടി​ലെ വെട്ടി​ത്തെ​ളി​ച്ചെ​ടുത്ത ഒരു തുറസ്സായ സ്ഥലത്തു​വെച്ച്‌ സമ്മേളനം നടത്താൻ കഴിഞ്ഞു. ഈ സ്ഥലത്തി​നും കൃഷി​യി​ട​ത്തി​നും ഇടയിൽ മുള്ളു​വേലി കെട്ടി വേർതി​രി​ച്ചി​രു​ന്നു. ഈ തുറസ്സായ സ്ഥലത്തോ​ടു ചേർന്നുള്ള കൃഷി​യി​ട​ത്തിൽ തന്റെ ട്രെയി​ലർ നിറു​ത്തി​യിട്ട്‌ അതിൽ നിന്നു​കൊ​ണ്ടാണ്‌ അദ്ദേഹം പ്രസംഗം നടത്തി​യത്‌. സഹോ​ദ​ര​ങ്ങളെ ഈ “പ്ലാറ്റ്‌ഫോ​മിൽ”നിന്ന്‌ അകറ്റി​നി​റു​ത്താൻ മുള്ളു​വേ​ലി​ക്കു കഴി​ഞ്ഞെ​ങ്കി​ലും സമ്മേളി​ക്കു​ന്ന​തിൽനിന്ന്‌ അകറ്റി​നി​റു​ത്താൻ കഴിഞ്ഞില്ല. ഇങ്ങനെ സീകെർസ്‌ സഹോ​ദ​രന്‌ സഹോ​ദ​ര​ങ്ങളെ അഭിസം​ബോ​ധന ചെയ്യാൻ കഴിഞ്ഞു. അതും നിയമം ലംഘി​ക്കാ​തെ​തന്നെ.

വയലിൽ നേട്ടം​കൊ​യ്യുന്ന ഒരു മാറ്റം

2000 മുതൽ, യഥാർഥ താത്‌പ​ര്യം കാണി​ക്കുന്ന സകലർക്കും സാഹി​ത്യ​ങ്ങൾ വില ഈടാ​ക്കാ​തെ നൽകാ​നുള്ള നിർദേശം ഭരണസം​ഘം ദക്ഷിണാ​ഫ്രി​ക്ക​യി​ലെ എല്ലാ സഭകൾക്കും നൽകു​ക​യു​ണ്ടാ​യി. ‘ആഗ്രഹി​ക്കു​ന്ന​പക്ഷം ലോക​വ്യാ​പക സുവി​ശേഷ വേലയ്‌ക്കാ​യി എളിയ സംഭാവന നൽകാ​വു​ന്ന​താണ്‌’ എന്നു പറയുക മാത്ര​മാണ്‌ ഇപ്പോൾ ചെയ്യു​ന്നത്‌.

സ്വമേ​ധ​യാ സംഭാ​വ​ന​യു​ടെ ഈ ക്രമീ​ക​രണം, വയലിൽ കണ്ടുമു​ട്ടു​ന്ന​വർക്കു മാത്രമല്ല സഹോ​ദ​ര​ങ്ങൾക്കും പ്രയോ​ജ​ന​ക​ര​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നും സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തി​നും ഉപയോ​ഗി​ക്കുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ വില​കൊ​ടു​ത്തു വാങ്ങാൻ മുമ്പ്‌ പലർക്കും കഴിഞ്ഞി​രു​ന്നില്ല. 100 പ്രസാ​ധ​ക​രുള്ള ചില സഭകളിൽ ഏതാണ്ട്‌ 10 പേർക്കു മാത്ര​മാണ്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ സ്വന്തം പ്രതികൾ ഉണ്ടായി​രു​ന്നത്‌. ഇപ്പോ​ഴാ​കട്ടെ, എല്ലാവർക്കും ഓരോ പ്രതി സ്വന്തമാ​ക്കാ​മെന്ന സ്ഥിതി​യാണ്‌.

സമീപ​വർഷ​ങ്ങ​ളിൽ ബെഥേ​ലി​ലെ ഷിപ്പിങ്‌ ഡിപ്പാർട്ടു​മെ​ന്റി​ന്റെ ജോലി ഗണ്യമാ​യി വർധി​ച്ചി​ട്ടുണ്ട്‌. 2002 മേയ്‌ മാസത്തിൽ മൊത്തം 432 ടൺ സാധന​ങ്ങ​ളാണ്‌ മറ്റ്‌ ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലേക്ക്‌ അയച്ചത്‌. ഇതിൽ ഏറിയ​പ​ങ്കും ബൈബിൾ സാഹി​ത്യ​ങ്ങൾ ആയിരു​ന്നു.

മലാവി, മൊസാ​മ്പിക്‌, സാംബിയ, സിംബാ​ബ്‌വേ എന്നീ ബ്രാഞ്ചു​കൾക്ക്‌ ആവശ്യ​മായ സാഹി​ത്യ​ങ്ങൾ സൂക്ഷി​ക്കു​ന്നത്‌ ഇപ്പോൾ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചാണ്‌. ഓരോ രാജ്യ​ത്തെ​യും വ്യത്യസ്‌ത ഭാഷക​ളി​ലുള്ള സാഹി​ത്യ​ങ്ങൾ ഇതിൽ ഉൾപ്പെ​ടു​ന്നു. സഭകളു​ടെ ഓർഡർപ്ര​കാ​ര​മുള്ള സാഹി​ത്യ​ങ്ങ​ളു​മാ​യി ദക്ഷിണാ​ഫ്രി​ക്ക​യിൽനിന്ന്‌ ട്രക്കുകൾ മേൽപ്പറഞ്ഞ ബ്രാഞ്ചു​ക​ളി​ലെ​ത്തു​ന്നു. അവി​ടെ​നിന്ന്‌ അവ ആ ബ്രാഞ്ചി​ന്റെ ട്രക്കു​ക​ളിൽ അതിന്റെ കീഴി​ലുള്ള ഡിപ്പോ​ക​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു. ഒരു ട്രക്കിൽനിന്ന്‌ സാഹി​ത്യ​ങ്ങൾ നേരേ അടുത്ത​തി​ലേക്ക്‌ കയറ്റി അതാതു ഡിപ്പോ​ക​ളിൽ എത്തിക്കാൻ തക്കവണ്ണം തരംതി​രി​ച്ചാണ്‌ അവ കൊണ്ടു​വ​രു​ന്നത്‌.

സംഭാവന ക്രമീ​ക​രണം നിലവിൽവ​ന്ന​തു​മു​തൽ സാഹി​ത്യ​ങ്ങ​ളു​ടെ ഡിമാന്റ്‌ ഗണ്യമാ​യി വർധി​ച്ചി​ട്ടുണ്ട്‌. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ മാസിക ഉത്‌പാ​ദനം പ്രതി​മാ​സം പത്തുല​ക്ഷ​ത്തിൽനിന്ന്‌ 44 ലക്ഷത്തി​ലേക്കു കുതി​ച്ചു​യർന്നു. 1999-ൽ 200 ടൺ സാഹി​ത്യ​ങ്ങൾക്കുള്ള ഓർഡർ ആണു ലഭിച്ചി​രു​ന്ന​തെ​ങ്കിൽ ഇപ്പോൾ അത്‌ പ്രതി​വർഷം 3,800 ടൺ ആയി വർധി​ച്ചി​രി​ക്കു​ന്നു.

ദക്ഷിണാ​ഫ്രി​ക്ക ബ്രാഞ്ച്‌ മറ്റ്‌ ആഫ്രിക്കൻ രാജ്യ​ങ്ങ​ളി​ലേക്കു നിർമാണ സാമ​ഗ്രി​ക​ളും അയയ്‌ക്കു​ന്നുണ്ട്‌. ഇതിനു​പു​റമേ സഹോ​ദ​ര​ങ്ങൾക്കാ​യി ദുരി​താ​ശ്വാ​സ ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തി​രി​ക്കു​ന്നു. കടുത്ത പീഡനത്തെ തുടർന്ന്‌ വീടു​വിട്ട്‌ പലായനം ചെയ്‌ത്‌ ക്യാമ്പു​ക​ളിൽ കഴിഞ്ഞി​രുന്ന മലാവി​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ കൂടെ​ക്കൂ​ടെ സഹായം എത്തിച്ചു​കൊ​ടു​ത്തി​രു​ന്നു. 1990-ലെ കൊടും​വ​രൾച്ച​യിൽ കെടു​തി​യ​നു​ഭ​വിച്ച അംഗോ​ള​യി​ലേക്കു ദുരി​താ​ശ്വാ​സ സാധനങ്ങൾ അയയ്‌ക്കു​ക​യു​ണ്ടാ​യി. ആ രാജ്യത്ത്‌ ആഭ്യന്തര കലാപം അനേകം സഹോ​ദ​ര​ങ്ങളെ ദാരി​ദ്ര്യ​ത്തി​ന്റെ പടുകു​ഴി​യി​ലേക്കു തള്ളിയി​ട്ടു. ലോറി​ക്ക​ണ​ക്കിന്‌ ആഹാര​വും വസ്‌ത്ര​വും അവർക്കാ​യി എത്തിച്ചു​കൊ​ടു​ത്തു. 2000-ാമാണ്ടിൽ, വെള്ള​പ്പൊ​ക്ക​ത്തി​ന്റെ കെടുതി അനുഭ​വിച്ച മൊസാ​മ്പി​ക്കി​ലെ സഹോ​ദ​ര​ങ്ങ​ളെ​യും സഹായി​ക്കു​ക​യു​ണ്ടാ​യി. 2002-ലും 2003-ന്റെ തുടക്ക​ത്തി​ലും കൊടും​വ​രൾച്ച​യാൽ നട്ടംതി​രിഞ്ഞ സിംബാ​ബ്‌വേ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ 800-ലധികം ടൺ ചോള​വും എത്തിച്ചു​കൊ​ടു​ത്തു.

പരിഭാ​ഷാ​രം​ഗത്തെ ഒരു ചുവടു​വെപ്പ്‌

ദക്ഷിണാ​ഫ്രി​ക്കൻ ബ്രാഞ്ചിന്‌ ബൃഹത്തായ ഒരു പരിഭാ​ഷാ വിഭാഗം തന്നെയുണ്ട്‌. ഏതാനും വർഷം​മുമ്പ്‌ ബൈബിൾ പരിഭാ​ഷ​യ്‌ക്കാ​യുള്ള വർധിച്ച ആവശ്യം നേരി​ട്ട​പ്പോൾ അതിനാ​യി ഇത്‌ വിപു​ലീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇപ്പോൾ 13 ഭാഷക​ളിൽ സാഹി​ത്യം ഉത്‌പാ​ദി​പ്പി​ക്കാ​നാ​യി 102 പരിഭാ​ഷകർ ഇവിടെ പ്രവർത്തി​ച്ചു​വ​രു​ന്നു.

വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം ഇപ്പോൾ ഇവിടെ ഏഴ്‌ പ്രാ​ദേ​ശിക ഭാഷക​ളിൽ ലഭ്യമാണ്‌. ത്‌സ്വാന ബൈബി​ളി​നെ​ക്കു​റിച്ച്‌ ഒരു സഹോ​ദരൻ ഇങ്ങനെ പറഞ്ഞു: “മനസ്സി​ലാ​ക്കാൻ വളരെ എളുപ്പ​മാ​ണത്‌. അത്‌ വായി​ക്കു​ന്ന​തും വായിച്ചു കേൾക്കു​ന്ന​തും അത്യന്തം ഇമ്പകര​മാണ്‌. ഇപ്രകാ​രം ഞങ്ങൾ ആത്മീയ​മാ​യി പരി​പോ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന​തിൽ എനിക്കു യഹോ​വ​യോ​ടും പരിശു​ദ്ധാത്മ വഴിന​ട​ത്തി​പ്പിൽ പ്രവർത്തി​ക്കുന്ന സംഘട​ന​യോ​ടും അകമഴിഞ്ഞ നന്ദിയുണ്ട്‌.”

ആധുനിക സാങ്കേ​തി​ക​വി​ദ്യ പരിഭാ​ഷാ​രം​ഗത്ത്‌ വില​യേ​റിയ സംഭാ​വ​ന​യാണ്‌ നൽകി​യി​രി​ക്കു​ന്നത്‌. പരിഭാ​ഷ​കരെ സഹായി​ക്കാ​നുള്ള ഒരു കമ്പ്യൂട്ടർ പ്രോ​ഗ്രാം വികസി​പ്പി​ച്ചെ​ടു​ക്കാൻ ഭരണസം​ഘം ബ്രുക്ലിൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലെ സഹോ​ദ​ര​ങ്ങളെ നിയമി​ക്കു​ക​യു​ണ്ടാ​യി. ഇക്കാര്യ​ത്തിൽ പിന്നീട്‌ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചി​ന്റെ സഹായ​വും അഭ്യർഥി​ച്ചു. കൂട്ടായ ആ ശ്രമത്തി​ന്റെ ഫലമാണ്‌ ലോക​മെ​മ്പാ​ടു​മുള്ള പരിഭാ​ഷകർ ഇന്ന്‌ ഉപയോ​ഗി​ക്കുന്ന വാച്ച്‌ടവർ ട്രാൻസ്ലേഷൻ സിസ്റ്റം.

കമ്പ്യൂ​ട്ട​റി​നെ​ക്കൊണ്ട്‌ പരിഭാഷ ചെയ്യി​ക്കു​ന്ന​തി​നുള്ള പ്രോ​ഗ്രാ​മു​കൾ നിർമി​ക്കാൻ സഹോ​ദ​രങ്ങൾ ശ്രമി​ച്ചി​ട്ടില്ല. ചില സ്വകാര്യ കമ്പനികൾ ഈ രംഗത്ത്‌ നടത്തിയ ശ്രമങ്ങൾക്ക്‌ നാമമാ​ത്ര വിജയമേ കൈവ​രി​ക്കാ​നാ​യു​ള്ളൂ. നേരെ​മ​റിച്ച്‌ പരിഭാ​ഷ​കർക്കുള്ള സാങ്കേ​തി​ക​സ​ഹാ​യം പ്രദാനം ചെയ്യു​ന്ന​തി​ലാണ്‌ അവർ ശ്രദ്ധപ​തി​പ്പി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌ ഇലക്‌​ട്രോ​ണിക്‌ ബൈബി​ളു​കൾ ലഭ്യമാ​ക്കി. പരിഭാ​ഷാ സംഘങ്ങൾക്ക്‌ അവരവ​രു​ടേ​തായ നിഘണ്ടു​ക്കൾ കമ്പ്യൂ​ട്ട​റിൽ ഉണ്ടാക്കു​ന്ന​തി​നു സാധി​ക്കു​ന്നു. ചില പ്രാ​ദേ​ശിക ഭാഷക​ളിൽ നല്ല നിഘണ്ടു​ക്കൾ ആവശ്യ​ത്തി​നു ലഭ്യമ​ല്ലാ​ത്ത​തി​നാൽ ഈ സംവി​ധാ​നം മൂല്യ​വ​ത്താ​ണെന്നു തെളി​ഞ്ഞി​ട്ടുണ്ട്‌.

നിശ്ശബ്ദ വയലിൽ വിത്തു വിതയ്‌ക്കു​ന്നു

സകലർക്കും രാജ്യ​സ​ന്ദേശം എത്തിച്ചു​കൊ​ടു​ക്കാൻ പ്രസാ​ധകർ തീവ്ര​ശ്രമം ചെയ്യുന്നു. ബധിര​രോട്‌ ആശയവി​നി​മയം നടത്തു​ന്നത്‌ ഒരു വെല്ലു​വി​ളി​ത​ന്നെ​യാണ്‌. എന്നാൽ അതിന്റെ ഫലങ്ങളോ ആവേശ​ക​ര​വും. 1960-കളിൽ ജൂൺ കാരി​കസ്‌ സഹോ​ദരി ഒരു ബധിര വനിത​യു​മൊത്ത്‌ ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. അവരുടെ ഭർത്താ​വും ബധിര​നാ​യി​രു​ന്നു. പുരോ​ഗതി പ്രാപിച്ച ഇരുവ​രും സ്‌നാ​പ​ന​മേറ്റു.

അന്നുമു​തൽ അനേകം ബധിരർ സത്യം സ്വീക​രി​ച്ചി​രി​ക്കു​ന്നു. രാജ്യത്ത്‌ അങ്ങോ​ള​മി​ങ്ങോ​ള​മുള്ള പല നഗരങ്ങ​ളി​ലും ബധിരർക്കാ​യുള്ള സഭാക്കൂ​ട്ടങ്ങൾ രൂപീ​ക​രി​ച്ചി​ട്ടുണ്ട്‌. ആംഗ്യ​ഭാ​ഷാ വിഭാഗം, കൺ​വെൻ​ഷ​നു​ക​ളു​ടെ ഒരു സ്ഥിരം സവി​ശേ​ഷ​ത​യാ​യി മാറി​യി​രി​ക്കു​ന്നു. ഹാജരാ​യി​രി​ക്കു​ന്നവർ ആംഗ്യ​ഭാ​ഷ​യിൽ പാട്ടുകൾ പാടു​ന്ന​തും കൈകൾ വീശി​ക്കൊണ്ട്‌ മറ്റുള്ള​വ​രോ​ടു ചേർന്ന്‌ “കൈ​കൊ​ട്ടു​ന്ന​തും” ഹൃദയാ​വർജ​ക​മാണ്‌.

ബധിരർക്കാ​യു​ള്ള ആദ്യത്തെ ആംഗ്യ​ഭാ​ഷാ​ക്കൂ​ട്ടം ജോഹാ​ന​സ്‌ബർഗി​ലെ ബ്രിക്‌സ്‌ടൺ സഭയിൽ ജൂണിന്റെ ഭർത്താ​വും ഒരു മൂപ്പനു​മായ ജോർജി​ന്റെ മേൽനോ​ട്ട​ത്തി​ലാ​ണു രൂപീ​ക​രി​ച്ചത്‌. ചില ബെഥേൽ അംഗങ്ങൾ ഉൾപ്പെടെ ആഗ്രഹം പ്രകടി​പ്പിച്ച സഭാം​ഗ​ങ്ങൾക്ക്‌ ആംഗ്യ​ഭാ​ഷാ പരിശീ​ലനം നൽക​പ്പെട്ടു. ഇപ്പോൾ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചി​ന്റെ കീഴി​ലുള്ള പ്രദേ​ശത്ത്‌ ഒരു ആംഗ്യ​ഭാ​ഷാ​സ​ഭ​യും അഞ്ച്‌ കൂട്ടങ്ങ​ളും പ്രവർത്തി​ച്ചു​വ​രു​ന്നു.

മറ്റു രാജ്യ​ങ്ങ​ളി​ലെ വിളവ്‌

മറ്റ്‌ അഞ്ച്‌ രാജ്യ​ങ്ങ​ളി​ലെ സുവി​ശേഷ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കു​ന്നത്‌ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചാണ്‌. ഈ വയലു​ക​ളി​ലെ രാജ്യ​വേ​ല​യു​ടെ പുരോ​ഗ​തി​യി​ലേക്ക്‌ നമു​ക്കൊന്ന്‌ എത്തി​നോ​ക്കാം.

നമീബിയ

അറ്റ്‌ലാ​ന്റിക്‌ മഹാസ​മു​ദ്രം​മു​തൽ ബോട്‌സ്വാ​ന​യു​ടെ പടിഞ്ഞാ​റൻ അതിർത്തി​വരെ വ്യാപി​ച്ചു​കി​ട​ക്കുന്ന രാജ്യ​മാ​ണിത്‌. ഒന്നാം ലോക​മ​ഹാ​യു​ദ്ധത്തെ തുടർന്ന്‌ സർവരാ​ജ്യ​സ​ഖ്യ​ത്തി​ന്റെ ഒരു തീരു​മാ​ന​പ്ര​കാ​രം നമീബിയ ദക്ഷിണാ​ഫ്രി​ക്ക​യു​ടെ ഭരണത്തിൻ കീഴി​ലാ​യി. ഒടുവിൽ അനേകം കലാപ​ങ്ങൾക്കും രക്തച്ചൊ​രി​ച്ചി​ലി​നും ശേഷം 1990-ൽ നമീബിയ സ്വത​ന്ത്ര​യാ​യി. രാജ്യ​ത്തി​ന്റെ സിംഹ​ഭാ​ഗ​വും ജനവാസം കുറഞ്ഞ തരിശു പ്രദേ​ശ​ങ്ങ​ളാ​ണെ​ങ്കി​ലും വിസ്‌മ​യാ​വ​ഹ​മായ പ്രകൃതി സൗന്ദര്യ​വും ധാരാളം വന്യജീ​വി​ക​ളും അത്യപൂർവ​മായ സസ്യല​താ​ദി​ക​ളും നിറഞ്ഞ പ്രദേ​ശ​ങ്ങ​ളും ഇതിനു സ്വന്തമാണ്‌. ധാരാളം സന്ദർശ​കരെ ആകർഷി​ക്കുന്ന മരു​പ്ര​ദേ​ശ​മാണ്‌ നമീബ്‌. ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങളെ അതിജീ​വി​ക്കാൻ കഴിവുള്ള നിരവധി വന്യജീ​വി​കൾ സന്ദർശ​ക​രിൽ കൗതുകം ജനിപ്പി​ക്കാൻ പോന്ന​വ​യാണ്‌. നമീബി​യ​യു​ടെ വശ്യസു​ന്ദ​ര​മായ ഭൂപ്ര​കൃ​തിക്ക്‌ എന്തു​കൊ​ണ്ടും ഇണങ്ങു​ന്ന​താണ്‌ ഒമ്പത്‌ ദേശീ​യ​ഭാ​ഷകൾ സംസാ​രി​ക്കുന്ന ഇവിടത്തെ വിവിധ ജനവി​ഭാ​ഗങ്ങൾ.

നമീബി​യ​യിൽ രാജ്യ​സ​ന്ദേശം വ്യാപി​പ്പി​ക്കു​ന്ന​തി​നുള്ള ആദ്യ​ശ്ര​മങ്ങൾ നടന്നത്‌ 1928-ൽ ആണ്‌. ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌ ആ വർഷം, നേരിട്ടു സന്ദർശി​ക്കാൻ ബുദ്ധി​മു​ട്ടുള്ള പ്രദേ​ശ​ങ്ങ​ളി​ലു​ള്ള​വർക്ക്‌ ബൈബിൾ സാഹി​ത്യ​ങ്ങ​ളു​ടെ ഒരു വലിയ ശേഖരം​തന്നെ തപാലിൽ അയച്ചു​കൊ​ടു​ത്തു. ഏതാണ്ട്‌ ഈ കാലത്ത്‌ ഒരാൾ അസാധാ​ര​ണ​മായ ഒരു വിധത്തിൽ സത്യം പഠിക്കാ​നി​ട​യാ​യി. നമീബി​യ​യിൽ സമർപ്പിത ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന ആദ്യ വ്യക്തി അദ്ദേഹ​മാ​യി​രു​ന്നു. ബെൻഹാർട്ട്‌ ബാഡെ മുട്ടകൾ വാങ്ങി​യ​പ്പോൾ അത്‌ പൊതി​ഞ്ഞു​കി​ട്ടി​യത്‌ നമ്മുടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽനി​ന്നു കീറി​യെ​ടുത്ത താളു​ക​ളി​ലാ​യി​രു​ന്നു. അവയുടെ ഉറവിടം ഏതാ​ണെന്ന്‌ അറിയി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം ആകാം​ക്ഷ​യോ​ടെ അവ വായിച്ചു. ഒരു മുട്ട പൊതി​ഞ്ഞി​രു​ന്നത്‌ ആ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ അവസാന താളി​ലാ​യി​രു​ന്നു. അതിൽനിന്ന്‌ അദ്ദേഹ​ത്തിന്‌ ജർമനി ബ്രാഞ്ചി​ന്റെ മേൽവി​ലാ​സം കിട്ടി. കൂടുതൽ സാഹി​ത്യ​ങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ അദ്ദേഹം അങ്ങോട്ട്‌ എഴുതി. ബെൻഹാർട്ട്‌ തന്റെ ജീവി​താ​ന്ത്യം​വരെ ഒരു മാസം​പോ​ലും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാ​തി​രു​ന്നി​ട്ടി​ല്ലെന്ന്‌ അദ്ദേഹ​ത്തി​ന്റെ സഭ സന്ദർശിച്ച ഒരു സർക്കിട്ട്‌ മേൽവി​ചാ​രകൻ പറയു​ക​യു​ണ്ടാ​യി.

1929-ൽ ലിനി തെറോ​ണി​നെ നമീബി​യ​യു​ടെ തലസ്ഥാ​ന​ന​ഗ​രി​യായ വിൻഹു​ക്കി​ലേക്ക്‌ അയച്ചു. ഈ പയനിയർ സഹോ​ദരി തീവണ്ടി​യി​ലും തപാലു​രു​പ്പ​ടി​കൾ കൊണ്ടു​പോ​കുന്ന വാഹന​ത്തി​ലും യാത്ര​ചെ​യ്‌ത്‌ നമീബി​യ​യി​ലെ എല്ലാ പ്രമുഖ പട്ടണങ്ങ​ളി​ലും സാക്ഷീ​ക​രി​ച്ചു. നാലു മാസം​കൊണ്ട്‌ സഹോ​ദരി ഇംഗ്ലീഷ്‌, ആഫ്രി​ക്കാൻസ്‌, ജർമൻ എന്നീ ഭാഷക​ളി​ലുള്ള 6,388 പുസ്‌ത​ക​ങ്ങ​ളും ചെറു​പു​സ്‌ത​ക​ങ്ങ​ളും സമർപ്പി​ച്ചു. കാലാ​കാ​ല​ങ്ങ​ളിൽ പയനി​യർമാർ നമീബി​യ​യിൽ പ്രസം​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കണ്ടെത്തുന്ന താത്‌പ​ര്യ​ത്തെ പിന്തു​ട​രാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല. 1950-ൽ ചില മിഷന​റി​മാർ അവിടെ എത്തി​ച്ചേർന്ന​തോ​ടെ ഈ സ്ഥിതിക്കു മാറ്റം വന്നു. ഗസ്‌ എറിക്‌സൺ, ഫ്രഡ്‌ഹേ​ഹ്രസ്റ്റ്‌, ജോർജ്‌ കൂട്ട്‌ എന്നിവർ ഇവരിൽ ഉൾപ്പെ​ടു​ന്നു. മരണപ​ര്യ​ന്തം വിശ്വ​സ്‌ത​സേ​വനം കാഴ്‌ച​വെ​ച്ച​വ​രാ​ണി​വർ.

1953-ഓടെ ഡിക്ക്‌ വോൾ​ഡ്രൊ​ണും ഭാര്യ കോറ​ലീ​യും ഉൾപ്പെടെ എട്ട്‌ മിഷന​റി​മാർ രാജ്യ​ത്തു​ണ്ടാ​യി​രു​ന്നു. ക്രൈ​സ്‌തവ പുരോ​ഹി​ത​ന്മാ​രിൽനി​ന്നും പ്രാ​ദേ​ശിക അധികാ​രി​ക​ളിൽനി​ന്നും ഇവർക്ക്‌ കടുത്ത എതിർപ്പു നേരി​ടേ​ണ്ടി​വന്നു. തദ്ദേശീ​യ​രു​മാ​യി ബൈബിൾ സന്ദേശം പങ്കു​വെ​ക്കാൻ വോൾ​ഡ്രൊൺ ദമ്പതികൾ ആഗ്രഹി​ച്ചെ​ങ്കി​ലും കറുത്ത​വർഗ​ക്കാർ അധിവ​സി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ കടന്നു​ചെ​ല്ലാൻ അവർക്ക്‌ ഗവൺമെ​ന്റി​ന്റെ അനുവാ​ദം വേണ്ടി​യി​രു​ന്നു. അതിനാ​യി ഡിക്ക്‌ നൽകിയ അപേക്ഷ​ക​ളൊ​ന്നും ഫലംക​ണ്ടില്ല.

1955-ൽ മകളുടെ ജനന​ത്തെ​ത്തു​ടർന്ന്‌ അവർക്ക്‌ മിഷന​റി​സേ​വനം വിടേണ്ടി വന്നെങ്കി​ലും ഡിക്ക്‌ കുറച്ചു​കാ​ലം​കൂ​ടെ പയനി​യ​റാ​യി തുടർന്നു. ഒടുവിൽ 1960-ൽ ഡിക്കിന്‌ കറുത്ത​വർഗ​ക്കാർ താമസി​ക്കുന്ന പ്രദേ​ശ​ങ്ങ​ളിൽ ഒന്നായ കാട്ടൂ​ട്ടു​രാ​യിൽ പ്രവേ​ശി​ക്കാ​നുള്ള അനുമതി ലഭിച്ചു. അദ്ദേഹം പറയുന്നു: “ഗംഭീര താത്‌പ​ര്യ​മാണ്‌ അവിടെ ദൃശ്യ​മാ​യത്‌.” ചുരു​ങ്ങിയ കാലത്തി​നു​ള്ളിൽത്തന്നെ ഈ പ്രദേ​ശ​ത്തുള്ള അനേകർ യോഗ​ങ്ങൾക്കു ഹാജരാ​കാൻ തുടങ്ങി. ഇപ്പോൾ 50-ലേറെ വർഷത്തി​നു ശേഷവും ഡിക്കും കോറ​ലീ​യും നമീബി​യ​യിൽ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു. ഈ വയലിലെ രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ പുരോ​ഗ​തി​ക്കാ​യി വില​യേ​റിയ സംഭാ​വ​ന​യാണ്‌ അവർ ചെയ്‌തി​രി​ക്കു​ന്നത്‌.

നമീബി​യ​യി​ലെ വ്യത്യസ്‌ത വംശീയ കൂട്ടങ്ങ​ളു​ടെ പക്കൽ ബൈബിൾ സത്യങ്ങൾ എത്തിക്കു​ക​യെ​ന്നത്‌ ഒരു വെല്ലു​വി​ളി​ത​ന്നെ​യാ​യി​രു​ന്നു. ഹെരെ​രോ, ക്വാങ്കാ​ളി, ഡോങ്ക എന്നിവ​പോ​ലുള്ള പ്രാ​ദേ​ശിക ഭാഷക​ളിൽ യാതൊ​രു ബൈബിൾ സാഹി​ത്യ​ങ്ങ​ളും ലഭ്യമാ​യി​രു​ന്നില്ല. ആദ്യകാ​ലത്ത്‌, ബൈബിൾ പഠിച്ചു​കൊ​ണ്ടി​രുന്ന വിദ്യാ​സ​മ്പ​ന്ന​രായ ആളുകൾ പ്രാ​ദേ​ശിക സഹോ​ദ​ര​ങ്ങ​ളു​ടെ മേൽനോ​ട്ട​ത്തിൽ ചില ലഘു​ലേ​ഖ​ക​ളും ലഘുപ​ത്രി​ക​ക​ളും പരിഭാ​ഷ​പ്പെ​ടു​ത്തി. ആ സമയത്ത്‌ ഒരു പ്രത്യേക പയനി​യ​റാ​യി​രുന്ന എസ്ഥേർ ബൊർമാൻ ക്വാന്യാ​മാ പഠിച്ചു. ക്രമേണ, ആ ഭാഷയും മറ്റൊരു നാട്ടു​ഭാ​ഷ​യും സംസാ​രി​ക്കാൻ എസ്ഥേറി​നു കഴിഞ്ഞു. എസ്ഥേറും ഡോങ്ക ഭാഷക്കാ​രി​യായ ഏന നെക്‌മ​യോ എന്നൊരു സഹോ​ദ​രി​യും ചേർന്ന്‌ വീക്ഷാ​ഗോ​പു​രം പരിഭാ​ഷ​പ്പെ​ടു​ത്താൻ തുടങ്ങി. അധ്യയന ലേഖനങ്ങൾ ക്വാന്യാ​മാ​യി​ലും ഇതര ലേഖനങ്ങൾ ഡോങ്ക​യി​ലു​മാ​യി​ട്ടാണ്‌ അത്‌ പുറത്തി​റ​ങ്ങി​യത്‌. ഓവാം​ബോ​ലാൻഡിൽ ഉപയോ​ഗി​ക്കുന്ന ഈ രണ്ടു ഭാഷക​ളും അവിടത്തെ ഭൂരി​ഭാ​ഗം പേർക്കും മനസ്സി​ലാ​കു​ന്ന​വ​യാണ്‌.

1990-ൽ സർവസ​ജ്ജ​മായ ഒരു പരിഭാ​ഷാ ഓഫീസ്‌ വിൻഹു​ക്കിൽ സ്ഥാപി​ത​മാ​യി. കൂടുതൽ പരിഭാ​ഷ​ക​രെ​യും അവിടെ നിയമി​ച്ചു. മുമ്പു പരാമർശിച്ച ഭാഷകൾ കൂടാതെ ഹെരെ​രോ, ക്വാങ്കാ​ളി, കൂകൂ​കൊ​വാബ്‌, എംബൂ​കൂ​ഷൂ എന്നീ ഭാഷക​ളി​ലേ​ക്കും ഇപ്പോൾ സാഹി​ത്യ​ങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി​വ​രു​ന്നു. ആൻഡ്രേ ബോൺമാ​നും സ്റ്റീഫൻ ജാൻസെ​നും ആണ്‌ ഈ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കു​ന്നത്‌.

വജ്ര ഉത്‌പാ​ദ​ന​ത്തിൽ മുൻനി​ര​യിൽ നിൽക്കുന്ന രാജ്യ​ങ്ങ​ളിൽ ഒന്നാണ്‌ നമീബിയ. 1999 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​രം “നമീബി​യ​യി​ലെ ജീവനുള്ള രത്‌നങ്ങൾ!” എന്ന ലേഖന​ത്തിൽ ഇതു സംബന്ധിച്ച്‌ പരാമർശി​ച്ചി​രു​ന്നു. ആ ലേഖനം ആത്മാർഥ ഹൃദയരെ “ജീവനുള്ള രത്‌ന​ക്ക​ല്ലുക”ളോട്‌ ഉപമിച്ചു. ഇതി​നോ​ടകം ഗണ്യമായ തോതിൽ സുവി​ശേ​ഷ​വേല അവിടെ നടന്നി​ട്ടു​ണ്ടെ​ങ്കി​ലും ചില പ്രദേ​ശ​ങ്ങ​ളിൽ ഇതുവരെ പ്രവർത്തി​ച്ചി​ട്ടേ​യി​ല്ലെന്ന്‌ അത്‌ പ്രസ്‌താ​വി​ക്കു​ക​യു​ണ്ടാ​യി. പിൻവ​രുന്ന ക്ഷണവും അതു വെച്ചു​നീ​ട്ടി: “തീക്ഷ്‌ണ​ത​യുള്ള രാജ്യ​ഘോ​ഷ​കരെ കൂടു​ത​ലാ​യി ആവശ്യ​മുള്ള സ്ഥലങ്ങളിൽ സേവി​ക്കാൻ നിങ്ങൾക്കാ​കു​മോ? അങ്ങനെ​യെ​ങ്കിൽ നമീബി​യ​യി​ലേക്ക്‌ കടന്നു​വന്നു കൂടുതൽ ആത്മീയ രത്‌നങ്ങൾ കണ്ടെത്തി മിനു​ക്കി​യെ​ടു​ക്കാൻ ദയവായി ഞങ്ങളെ സഹായി​ക്കുക.”

ആവേ​ശോ​ജ്ജ്വ​ല​മായ പ്രതി​ക​ര​ണ​മാണ്‌ ഇതിനു ലഭിച്ചത്‌. കൂടുതൽ വിവരങ്ങൾ ആരാഞ്ഞു​കൊണ്ട്‌ ഓസ്‌​ട്രേ​ലിയ, ജർമനി, ജപ്പാൻ, ചില തെക്കേ അമേരി​ക്കൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെ​ടെ​യുള്ള വ്യത്യസ്‌ത രാജ്യ​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങ​ളിൽനിന്ന്‌ 130 സന്ദേശങ്ങൾ ലഭിച്ചു. തത്‌ഫ​ല​മാ​യി 83 സാക്ഷികൾ നമീബിയ സന്ദർശി​ക്കു​ക​യും ഇവരിൽ 18 പേർ അവിടെ തങ്ങുക​യും ചെയ്‌തു. ഇവരിൽ 16 പേർ സാധാരണ പയനി​യർമാ​രാണ്‌, ചിലരാ​കട്ടെ പ്രത്യേക പയനി​യർമാ​രാ​യി യോഗ്യത നേടി. ഇവരുടെ ആവേശം മറ്റുള്ള​വ​രെ​യും ഉത്സാഹ​ഭ​രി​ത​രാ​ക്കി. ആ വീക്ഷാ​ഗോ​പു​ര​ത്തിൽ കണ്ട ക്ഷണത്തെ​പ്പറ്റി തിരക്കി​ക്കൊ​ണ്ടുള്ള കത്തുകൾ ഇപ്പോൾപ്പോ​ലും ബ്രാഞ്ച്‌ ഓഫീ​സി​നു ലഭിച്ചു​കൊ​ണ്ടാ​ണി​രി​ക്കു​ന്നത്‌. 1989 മുതൽ ഉത്തര നമീബി​യ​യിൽ മിഷന​റി​മാ​രാ​യി സേവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ വില്യം ഹീൻഡെ​ലും ഇലനും. ആ പ്രദേ​ശത്ത്‌ അധിവ​സി​ക്കുന്ന ഓവേ​മ്പോ വർഗക്കാ​രു​ടെ ഡോങ്ക ഭാഷ അവർക്കു പഠി​ക്കേ​ണ്ടി​വന്നു. തനതു സവി​ശേ​ഷ​ത​ക​ളോ​ടു കൂടിയ ഈ പ്രദേ​ശത്ത്‌ അവർ പ്രകട​മാ​ക്കിയ സഹിഷ്‌ണു​ത​യും കഠിനാ​ധ്വാ​ന​വും അവർക്ക്‌ തൃപ്‌തി​ക​ര​മായ ധാരാളം പ്രതി​ഫ​ലങ്ങൾ നേടി​ക്കൊ​ടു​ത്തു. വില്യം പറയുന്നു: “ഞങ്ങളുടെ ബൈബിൾ വിദ്യാർഥി​കൾ ഉൾപ്പെടെ പല ആൺകു​ട്ടി​ക​ളും പക്വത​യുള്ള ആത്മീയ പുരു​ഷ​ന്മാ​രാ​യി വളരു​ന്നതു കാണാൻ ഞങ്ങൾക്കു സാധിച്ചു. അവരിൽ ചിലർ ഇപ്പോൾ മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രു​മാണ്‌. സമ്മേള​ന​ങ്ങ​ളി​ലും കൺ​വെൻ​ഷ​നു​ക​ളി​ലും അവർ പ്രസം​ഗങ്ങൾ നടത്തു​ന്നതു കാണു​മ്പോൾ ഞങ്ങളുടെ ഹൃദയം തുടി​ക്കു​ന്നു.”

സമീപ വർഷങ്ങ​ളി​ലാ​യി, ശുശ്രൂ​ഷാ പരിശീ​ലന സ്‌കൂൾ ബിരു​ദ​ധാ​രി​ക​ളായ ധാരാളം പേരെ നമീബി​യ​യി​ലേക്ക്‌ അയച്ചി​ട്ടുണ്ട്‌. താത്‌പ​ര്യം നട്ടുവ​ളർത്തു​ന്ന​തി​ലും സഭകളിൽ ഉത്തരവാ​ദി​ത്വ​ങ്ങൾ വഹിക്കു​ന്ന​തി​ലും അവർ വിജയം​വ​രി​ച്ചി​രി​ക്കു​ന്നു. 2004 മേയിൽ അവിടെ 1,233 പ്രസാ​ധകർ ഉണ്ടായി​രു​ന്നു. മുൻവർഷത്തെ അപേക്ഷിച്ച്‌ 8 ശതമാനം വർധന​യാ​ണിത്‌.

ലെസോത്തോ

പൂർണ​മാ​യും ദക്ഷിണാ​ഫ്രി​ക്ക​യാൽ ചുറ്റ​പ്പെ​ട്ടു​കി​ട​ക്കുന്ന, 22 ലക്ഷം ജനങ്ങൾ അധിവ​സി​ക്കുന്ന ഒരു കൊച്ചു​രാ​ജ്യ​മാണ്‌ ലെസോ​ത്തോ. ഇതു സ്ഥിതി​ചെ​യ്യു​ന്നത്‌ ഡ്രാക്കൻസ്‌ബർഗ്‌ മലനി​ര​ക​ളി​ലാണ്‌. ഇവി​ടെ​നി​ന്നാൽ ഗംഭീര പ്രകൃ​തി​ദൃ​ശ്യ​ങ്ങ​ളാ​ണു നിങ്ങളു​ടെ കണ്ണിനു വിരു​ന്നേ​കുക.

പൊതു​വേ പ്രശാ​ന്ത​മായ അന്തരീ​ക്ഷ​മാ​ണെ​ങ്കി​ലും രാജ്യം രാഷ്‌ട്രീയ കലാപ​ങ്ങ​ളിൽനി​ന്നു പൂർണ​മാ​യി മുക്തമല്ല. 1998-ൽ, ഒരു തെര​ഞ്ഞെ​ടു​പ്പി​നെ​പ്രതി ഉണ്ടായ തർക്കങ്ങൾ തലസ്ഥാന നഗരി​യായ മാസെ​റു​വിൽ സൈന്യ​വും പോലീ​സും തമ്മിലുള്ള ഏറ്റുമു​ട്ട​ലിൽ കലാശി​ച്ചു. അക്കാലത്ത്‌ വീയോ കൊസ്‌മി​നും ഭാര്യ സെർപ​യും അവിടെ മിഷന​റി​മാ​രാ​യി സേവി​ക്കു​ക​യാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ആ കലാപ​ത്തിൽ സഹോ​ദ​ര​ങ്ങൾക്ക്‌ കാര്യ​മായ ആപത്തൊ​ന്നും സംഭവി​ച്ചില്ല. ഭക്ഷണവും ഇന്ധനവും മറ്റും എത്തിച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​യി ഞങ്ങൾ ദുരി​താ​ശ്വാ​സ പ്രവർത്ത​നങ്ങൾ സംഘടി​പ്പി​ച്ചു. ഇത്‌ സഭയിൽ ഐക്യം ഊട്ടി​യു​റ​പ്പി​ച്ചു. മാത്രമല്ല രാജ്യ​മൊ​ട്ടുക്ക്‌ യോഗ​ഹാ​ജ​രും വർധിച്ചു.”

ലെസോ​ത്തോ​യു​ടെ സാമ്പത്തി​ക​നില പ്രധാ​ന​മാ​യും കൃഷിയെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. ഇതൊരു ദരിദ്ര രാഷ്‌ട്ര​മാ​യ​തി​നാൽ ഇവിടത്തെ മിക്ക പുരു​ഷ​ന്മാ​രും ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഖനിക​ളിൽ കുടി​യേറ്റ തൊഴി​ലാ​ളി​ക​ളാ​യി പണി​യെ​ടു​ക്കു​ന്നു. രാജ്യം ഭൗതി​ക​മാ​യി ദരി​ദ്ര​മാ​ണെ​ങ്കി​ലും വില​യേ​റിയ ആത്മീയ സമ്പത്ത്‌ പർവത​ങ്ങ​ളു​ടെ ഈ രാജ്യ​ത്തുണ്ട്‌. ഇതി​നോ​ടകം അനേകർ ബൈബിൾ സത്യ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ച്ചി​രി​ക്കു​ന്നു. 2004 മേയിൽ അവിടെ 2,938 രാജ്യ​ഘോ​ഷകർ ഉണ്ടായി​രു​ന്നു. മുൻവർഷത്തെ അപേക്ഷിച്ച്‌ 1 ശതമാനം വർധന​യാ​ണത്‌. ഇപ്പോൾ, ഹ്യൂട്ടി​ങ്കേ​ഴ്‌സ്‌ ദമ്പതികൾ, ന്യൂ​ഗ്രേൻസ്‌ ദമ്പതികൾ, പാരി​സിസ്‌ ദമ്പതികൾ എന്നിവർ മാസെ​റു​വിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്നു.

ഏബെൽ മൊഡീബ 1974-78 കാലഘ​ട്ട​ത്തിൽ ലെസോ​ത്തോ​യിൽ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നാ​യി​രു​ന്നു. ഇപ്പോൾ അദ്ദേഹ​വും ഭാര്യ റിബേ​ക്ക​യും ദക്ഷിണാ​ഫ്രിക്ക ബെഥേ​ലിൽ ആണ്‌. ലെസോ​ത്തോ​യെ​ക്കു​റി​ച്ചുള്ള സ്‌മര​ണകൾ അദ്ദേഹം ശാന്തമാ​യി തന്റെ സ്വതഃ​സിദ്ധ ശൈലി​യിൽ ഇങ്ങനെ വിവരി​ക്കു​ന്നു: “മിക്ക ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലും റോഡു​ക​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. പ്രസാ​ധ​ക​രു​ടെ ഒറ്റപ്പെട്ട കൂട്ടത്തെ സന്ദർശി​ക്കാൻ ഞാൻ പലപ്പോ​ഴും ഏഴ്‌ മണിക്കൂർവരെ നടന്നി​ട്ടുണ്ട്‌. പലപ്പോ​ഴും സഹോ​ദ​രങ്ങൾ രണ്ടു കുതി​ര​കളെ എനിക്കാ​യി കൊണ്ടു​വ​രു​മാ​യി​രു​ന്നു. ഒന്ന്‌ എനിക്ക്‌ യാത്ര​ചെ​യ്യാ​നും മറ്റൊന്ന്‌ എന്റെ സാമാ​നങ്ങൾ ചുമക്കു​ന്ന​തി​നും. അക്കാലത്ത്‌ ചില​പ്പോ​ഴൊ​ക്കെ സ്ലൈഡ്‌ പ്രദർശ​ന​ത്തി​നുള്ള ഒരു പ്രൊ​ജ​ക്ട​റും 12 വോൾട്ടി​ന്റെ ഒരു ബാറ്ററി​യും ഞങ്ങൾക്ക്‌ കൂടെ കൊണ്ടു​പോ​കു​മാ​യി​രു​ന്നു. ഇനി, ഒരു നദിയിൽ വെള്ള​പ്പൊ​ക്ക​മാ​ണെ​ന്നി​രി​ക്കട്ടെ, അത്‌ താഴു​ന്ന​തു​വരെ ദിവസ​ങ്ങ​ളോ​ളം കാത്തി​രി​ക്കു​ക​യ​ല്ലാ​തെ മറ്റു മാർഗ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ചില ഗ്രാമ​ങ്ങ​ളിൽ ഗ്രാമ​മു​ഖ്യൻ ഗ്രാമ​വാ​സി​കളെ മുഴുവൻ പരസ്യ​പ്ര​സം​ഗ​ത്തി​നാ​യി ക്ഷണിച്ചി​ട്ടുണ്ട്‌.

“മണിക്കൂ​റു​ക​ളോ​ളം നടന്നാണ്‌ ചിലർ യോഗ​ങ്ങൾക്കു വന്നിരു​ന്നത്‌. ഇങ്ങനെ ദൂരെ​നി​ന്നു വരുന്ന സഹോ​ദ​രങ്ങൾ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​വാ​ര​ത്തിൽ രാജ്യ​ഹാ​ളി​ന​ടു​ത്തുള്ള സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം താമസി​ക്കുക പതിവാ​യി​രു​ന്നു. അത്‌ സന്ദർശ​ന​വാ​ര​ത്തി​ന്റെ സന്തോ​ഷ​ത്തി​നു മാറ്റു​കൂ​ട്ടി​യി​രു​ന്നു. വൈകു​ന്നേ​ര​ങ്ങ​ളിൽ എല്ലാവ​രും ഒത്തുകൂ​ടി അനുഭ​വങ്ങൾ പങ്കു​വെ​ക്കു​ക​യും രാജ്യ​ഗീ​തങ്ങൾ പാടു​ക​യും ചെയ്യും. എന്നിട്ട്‌ പിറ്റേന്ന്‌ എല്ലാവ​രും​കൂ​ടെ വയൽ സേവന​ത്തി​നും പോകും.”

1993 മുതൽ പിറോല ന്യൂ​ഗ്രേൻസും ബിർജി​റ്റാ​യും മാസെ​റു​വിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ക​യാണ്‌. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തിൽ മാസി​ക​കൾക്കുള്ള മൂല്യം വരച്ചു​കാ​ട്ടുന്ന ഒരു അനുഭവം ബിർജി​റ്റാ വിവരി​ക്കു​ന്നു: “1997-ൽ മാപലെസ എന്ന ഒരു സ്‌ത്രീ​യു​മൊത്ത്‌ ഞാൻ ഒരു അധ്യയനം ആരംഭി​ച്ചു. അവർ യോഗ​ങ്ങൾക്കു ഹാജരാ​യി​ത്തു​ടങ്ങി. എന്നാൽ അധ്യയ​ന​ത്തി​നു ചെല്ലു​മ്പോൾ പലപ്പോ​ഴും അവരെ വീട്ടിൽ കാണി​ല്ലാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അവർ ഞങ്ങളെ കാണു​മ്പോൾ ഒളിച്ചി​രി​ക്കു​മാ​യി​രു​ന്നു. അവസാനം അവരു​മാ​യുള്ള അധ്യയനം ഞാൻ നിറുത്തി, എങ്കിലും അവരെ എന്റെ മാസികാ റൂട്ടിൽ നിലനി​റു​ത്തി. വർഷങ്ങൾക്കു​ശേഷം പെട്ടെ​ന്നൊ​രു നാൾ അവർ നമ്മുടെ ഒരു യോഗ​ത്തി​നു വന്നു. കോപത്തെ നിയ​ന്ത്രി​ക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട ഒരു വീക്ഷാ​ഗോ​പു​ര​ലേ​ഖനം ഒരു ദിവസം വായി​ക്കാ​നി​ട​യാ​യ​താ​യി അവർ വിവരി​ച്ചു. അവരും ബന്ധുക്ക​ളും തമ്മിൽ നിരന്തരം ശണ്‌ഠ​കൂ​ടു​മാ​യി​രു​ന്ന​തി​നാൽ ഇത്‌ അവരുടെ പ്രശ്‌ന​ത്തിന്‌ യഹോ​വ​യിൽനി​ന്നുള്ള ഉത്തരമാ​യി​രു​ന്നെന്ന്‌ അവർക്കു തോന്നി. അധ്യയനം പുനഃ​രാ​രം​ഭി​ച്ചു. പിന്നീട്‌ ഇന്നേവരെ അവർ ഒരു യോഗ​വും മുടക്കി​യി​ട്ടില്ല. വയൽശു​ശ്രൂ​ഷ​യിൽ സജീവ​മാ​യി പങ്കെടു​ക്കാ​നും തുടങ്ങി.”

വർഷങ്ങ​ളോ​ളം ലെസോ​ത്തോ​യി​ലെ സഹോ​ദ​രങ്ങൾ താത്‌കാ​ലി​ക​മാ​യി കെട്ടി​യു​ണ്ടാ​ക്കുന്ന ഷെഡ്ഡു​ക​ളും മറ്റുമാണ്‌ രാജ്യ​ഹാ​ളു​ക​ളാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌. എന്നിരു​ന്നാ​ലും സമീപ വർഷങ്ങ​ളിൽ രാജ്യ​ഹാ​ളു​കൾ നിർമി​ക്കാൻ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌ സാമ്പത്തിക സഹായം നൽകി​യി​രി​ക്കു​ന്നു.

ഏകദേശം 3,000 മീറ്റർ ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന, മൊക്‌ഹോ​ട്ട്‌ലോ​ങ്ങി​ലു​ള്ള​താണ്‌ ആഫ്രി​ക്ക​യി​ലെ ഏറ്റവും ഉയരത്തിൽ സ്ഥിതി​ചെ​യ്യുന്ന രാജ്യ​ഹാൾ. ഈ ഹാളിന്റെ നിർമാ​ണ​ത്തി​നാ​യി ഓസ്‌​ട്രേ​ലിയ, യു.എസ്‌.എ.-യിലെ കാലി​ഫോർണിയ എന്നീ വിദൂര നാടു​ക​ളിൽനി​ന്നു​പോ​ലും സന്നദ്ധ നിർമാണ പ്രവർത്ത​ക​രെത്തി. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ക്വാസു​ളു-നേറ്റൽ പ്രവി​ശ്യ​യി​ലുള്ള സഹോ​ദ​രങ്ങൾ സാമ്പത്തിക സഹായം നൽകി​യതു കൂടാതെ സാധന​സാ​മ​ഗ്രി​കൾ പണിസ്ഥ​ലത്ത്‌ എത്തിക്കാ​നാ​യി വാഹന​ങ്ങ​ളും വിട്ടു​കൊ​ടു​ത്തു. തികച്ചും ലളിത​മായ താമസ​സൗ​ക​ര്യ​ങ്ങ​ളാ​യി​രു​ന്നു സന്നദ്ധ പ്രവർത്ത​കർക്കാ​യി ഒരുക്കി​യി​രു​ന്നത്‌. ഓരോ​രു​ത്ത​രും അവരവർക്ക്‌ ആവശ്യ​മായ കിടക്ക​യും പാചക​ത്തി​നുള്ള സാമ​ഗ്രി​ക​ളും കൊണ്ടു​വ​രേ​ണ്ടി​യി​രു​ന്നു. പത്തു ദിവസം​കൊണ്ട്‌ ആ ഹാളിന്റെ പണി പൂർത്തി​യാ​യി. 1910-ൽ ജനിച്ച പ്രായ​മേ​റിയ ഒരു പ്രാ​ദേ​ശിക സഹോ​ദരൻ പണിയു​ടെ പുരോ​ഗതി നിരീ​ക്ഷി​ച്ചു​കൊണ്ട്‌ എല്ലാ ദിവസ​വും അവിടെ ഉണ്ടായി​രു​ന്നു. 1920-കളിൽ യഹോ​വ​യു​ടെ ഒരു ദാസനാ​യ​തു​മു​തൽ ഒരു ഹാളി​നാ​യി അദ്ദേഹം കണ്ണി​ലെ​ണ്ണ​യൊ​ഴിച്ച്‌ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. “തന്റെ” രാജ്യ​ഹാ​ളി​ന്റെ പുരോ​ഗതി അദ്ദേഹത്തെ ആനന്ദഭ​രി​ത​നാ​ക്കി.

2002-ൽ ലെസോ​ത്തോ ക്ഷാമത്തി​ന്റെ പിടി​യി​ല​മർന്നു. ദുരി​ത​ബാ​ധിത പ്രദേ​ശ​ങ്ങ​ളി​ലുള്ള സാക്ഷി​കൾക്ക്‌ ചോളം കൊണ്ടുള്ള ഭക്ഷ്യവി​ഭ​വ​ങ്ങ​ളും മറ്റു ചരക്കു​ക​ളും എത്തിച്ചു​കൊ​ടു​ക്കു​ക​യു​ണ്ടാ​യി. വിലമ​തി​പ്പു പ്രകടി​പ്പി​ച്ചു​കൊണ്ട്‌ എഴുതിയ ഒരു കത്തിലെ ഏതാനും വരികൾ ഇങ്ങനെ​യാ​യി​രു​ന്നു: “ആഹാര​സാ​ധ​ന​ങ്ങ​ളു​മാ​യി സഹോ​ദ​രങ്ങൾ എന്റെ വീട്ടിൽ വന്നപ്പോൾ എനിക്കതു വിശ്വ​സി​ക്കാ​നാ​യില്ല. എന്റെ ആവശ്യം അവരെ​ങ്ങനെ അറിഞ്ഞു? ഇങ്ങനെ​യൊ​രു സഹായം കിട്ടു​മെന്നു ഞാൻ സ്വപ്‌ന​ത്തിൽപ്പോ​ലും കരുതി​യതല്ല, അതിനു ഞാൻ യഹോ​വ​യോട്‌ നന്ദിയു​ള്ള​വ​നാണ്‌. ഇത്‌ യഹോ​വ​യി​ലും അവന്റെ സംഘട​ന​യി​ലു​മുള്ള എന്റെ വിശ്വാ​സം ബലിഷ്‌ഠ​മാ​ക്കി​യി​രി​ക്കു​ന്നു. അവനെ മുഴു​ദേ​ഹി​യോ​ടും കൂടെ സേവി​ക്കാൻ ഞാൻ ദൃഢചി​ത്ത​നാണ്‌.”

ബോട്‌സ്വാന

കലഹാരി മരുഭൂ​മി​യു​ടെ ഭൂരി​ഭാ​ഗ​വും ഉൾക്കൊ​ള്ളുന്ന ഈ രാജ്യത്തെ ജനസംഖ്യ 16 ലക്ഷത്തി​നു​മേൽ വരും. പൊതു​വേ ചൂടുള്ള വരണ്ട കാലാ​വ​സ്ഥ​യാണ്‌ ഇവിടെ. ഇവിടത്തെ എണ്ണമറ്റ പാർക്കു​ക​ളും വന്യജീ​വി സങ്കേത​ങ്ങ​ളും സന്ദർശ​കരെ ആകർഷി​ക്കു​ന്നു. പ്രകൃ​തി​ര​മ​ണീ​യ​മായ ഒകാവാൻഗോ ഡൽറ്റ പ്രദേശം, അതിന്റെ പ്രശാ​ന്ത​ത​യ്‌ക്കും എണ്ണമറ്റ വന്യജീ​വി സമ്പത്തി​നും പേരു​കേ​ട്ട​താണ്‌. ഇവിടത്തെ പരമ്പരാ​ഗത ജലഗതാ​ഗ​ത​മാർഗം ഒറ്റത്തടി​യിൽ തീർത്ത മൊ​കോ​റോ എന്ന നാടൻ വഞ്ചിയാണ്‌. പ്രധാ​ന​മാ​യും ബോട്‌സ്വാ​ന​യു​ടെ സാമ്പത്തിക ഭദ്രത​യ്‌ക്കു നിദാനം വജ്രഖ​ന​ന​മാണ്‌. 1967-ൽ കലഹാരി മരുഭൂ​മി​യിൽ വജ്രനി​ക്ഷേപം കണ്ടെത്തി​യ​തി​നെ തുടർന്ന്‌ ബോട്‌സ്വാ​ന ലോക​ത്തി​ലെ പ്രമുഖ വജ്ര കയറ്റു​മതി കേന്ദ്ര​ങ്ങ​ളിൽ ഒന്നായി മാറി.

ബോട്‌സ്വാ​ന​യിൽ ആദ്യമാ​യി രാജ്യ​സ​ന്ദേശം എത്തി​ച്ചേർന്നത്‌ 1929-ലാണെന്നു കരുത​പ്പെ​ടു​ന്നു. ആ വർഷം ഒരു സഹോ​ദരൻ ഏതാനും മാസം അവിടെ പ്രസംഗ പ്രവർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നു. 1956-ൽ ജോഷ്വാ റ്റോം​ഗാന അവിടെ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ക്ക​പ്പെട്ടു. അക്കാലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അവിടെ നിരോ​ധി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രേ.

ഉത്സാഹ​മ​തി​ക​ളാ​യ മിഷന​റി​മാർ ആത്മീയ​മാ​യി ഫലഭൂ​യി​ഷ്‌ഠ​മായ ഈ പ്രദേ​ശ​ത്തു​നിന്ന്‌ നല്ല ഫലങ്ങൾ കൊയ്‌തി​ട്ടുണ്ട്‌. ബ്ലേക്‌ ഫ്രിസ്‌ബീ സഹോ​ദ​ര​നും ഭാര്യ ജ്വെലും റ്റിം ക്രൗച്ച്‌ സഹോ​ദ​ര​നും ഭാര്യ വിർജീ​നി​യ​യും, നല്ല ശ്രമം​ചെ​യ്‌ത്‌ ത്‌സ്വാ​നാ ഭാഷ പഠി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. രാജ്യ​ത്തി​ന്റെ വടക്കൻ പ്രദേ​ശ​ങ്ങ​ളി​ലാ​കട്ടെ, വീയോ കൊസ്‌മിൻ സഹോ​ദ​ര​നും ഭാര്യ സെർപ​യും തദ്ദേശ​വാ​സി​കൾക്ക്‌ ആത്മീയ സഹായം എത്തിക്കു​ന്ന​തിൽ വ്യാപൃ​ത​രാണ്‌.

രാജ്യ​ത്തി​ന്റെ തെക്കു​ഭാ​ഗ​ത്താ​ണെ​ങ്കിൽ ഹ്യൂ കൊർമി​ക്ക​നും ഭാര്യ കാരളും തീക്ഷ്‌ണ​മായ മിഷനറി പ്രവർത്തനം കാഴ്‌ച​വെ​ക്കു​ന്നു. ഹ്യൂ സഹോ​ദരൻ വിവരി​ക്കു​ന്നു: “ഞങ്ങളുടെ സഭയിൽ എഡീ എന്നു പേരുള്ള 12 വയസ്സു​കാ​ര​നായ ഒരു സഹോ​ദ​ര​നുണ്ട്‌. നന്നേ ചെറു​പ്പം​മു​തൽത്തന്നെ വായി​ക്കാൻ പഠിക്കു​ന്ന​തിന്‌ അവൻ ആഗ്രഹി​ച്ചു. എന്തി​നെ​ന്നോ? ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളിൽ പേർചാർത്തു​ന്ന​തി​നും വയൽ ശുശ്രൂ​ഷ​യിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്ന​തി​നും. സ്‌നാ​പ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധ​ക​നാ​യി​ത്തീർന്ന ഉടൻതന്നെ അവൻ വയലിൽ അനേകം മണിക്കൂർ ചെലവി​ടു​ക​യും സഹപാ​ഠി​ക​ളി​ലൊ​രാ​ളു​മാ​യി ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യും ചെയ്‌തു. സ്‌നാ​പ​നത്തെ തുടർന്ന്‌ കൂടെ​ക്കൂ​ടെ അവൻ ഒരു സഹായ​പ​യ​നി​യ​റാ​യി സേവി​ക്കു​ന്നു.”

ബോട്‌സ്വാ​ന​യു​ടെ കിഴക്കൻ അതിർത്തി​യോ​ടു ചേർന്നു​കി​ട​ക്കുന്ന, തഴച്ചു​വ​ള​രുന്ന തലസ്ഥാ​ന​ന​ഗ​രി​യായ ഗാബൊ​റോ​ണി​ലോ സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലോ ആണ്‌ അവിടത്തെ അനേകം സഭകളും സ്ഥിതി​ചെ​യ്യു​ന്നത്‌. ജനസാ​ന്ദ്ര​ത​യേ​റിയ പ്രദേ​ശ​മാ​ണിത്‌. ശേഷി​ക്കുന്ന ജനങ്ങൾ പടിഞ്ഞാ​റൻ ഗ്രാമ​ങ്ങ​ളി​ലും കലഹാരി മരുഭൂ​മി​യി​ലു​മാ​യി കഴിയു​ന്നു. ഇവിടെ ഇപ്പോ​ഴും ചില സാൻ വിഭാ​ഗ​ക്കാർ നാടോ​ടി ജീവിതം നയിക്കു​ന്ന​വ​രും അമ്പും വില്ലും ഉപയോ​ഗിച്ച്‌ വേട്ടയാ​ടു​ന്ന​വ​രു​മാണ്‌. ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ നടക്കുന്ന പ്രത്യേക സാക്ഷീ​കരണ പരിപാ​ടി​യു​ടെ സമയത്ത്‌, ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ ഊരു​ചു​റ്റുന്ന കന്നുകാ​ലി വളർത്ത​ലു​കാ​രു​ടെ ഇടയിൽ ബൈബിൾ സത്യം എത്തിക്കു​ന്ന​തി​നാ​യി ആയിര​ക്ക​ണ​ക്കിന്‌ കിലോ​മീ​റ്റ​റു​കൾ സഞ്ചരി​ച്ചു​കൊണ്ട്‌ പ്രസാ​ധകർ ചെയ്‌തി​രി​ക്കുന്ന ശ്രമം ചില്ലറയല്ല. ഭക്ഷ്യവ​സ്‌തു​ക്കൾ വിളയി​ക്കുക, പ്രാ​ദേ​ശി​ക​മാ​യി കിട്ടുന്ന വസ്‌തു​ക്കൾകൊണ്ട്‌ കുടി​ലു​കൾ കെട്ടുക, വിറകു ശേഖരി​ക്കുക തുടങ്ങിയ പ്രവർത്ത​ന​ങ്ങ​ളിൽ വ്യാപൃ​ത​രാ​യി​രി​ക്കുന്ന ഈ കർഷകർക്ക്‌ വേറൊ​ന്നി​നും സമയം കിട്ടാ​റില്ല. എന്നിരു​ന്നാ​ലും നവോ​ന്മേ​ഷ​ദാ​യ​ക​മായ ബൈബിൾ സന്ദേശ​വു​മാ​യി ഒരു അപരി​ചി​തൻ കടന്നു​ചെ​ല്ലു​മ്പോൾ ഉടൻതന്നെ പുറത്ത്‌ മണലിൽ ഇരുന്നു​കൊണ്ട്‌ നല്ലൊരു ചർച്ച ആസ്വദി​ക്കാൻ അവർ തയ്യാറാ​കും.

ആറു പേരട​ങ്ങിയ ഒരു താത്‌കാ​ലിക പ്രത്യേക പയനിയർ സംഘത്തി​ലെ ഒരാളായ സ്റ്റീഫൻ റോബിൻസ്‌ ഇങ്ങനെ പറയുന്നു: “ഇവിടത്തെ ആളുകൾ സ്ഥിരമാ​യി ഒരിടത്തു താമസി​ക്കു​ന്ന​വരല്ല, സദാ സഞ്ചാരി​ക​ളാണ്‌. നമ്മൾ തെരുവു മുറി​ച്ചു​ക​ട​ക്കുന്ന അതേ ലാഘവ​ത്തോ​ടെ​യാണ്‌ ഇവർ ഒരു രാജ്യ​മോ പ്രദേ​ശ​മോ കടന്നു പോകു​ന്നത്‌! ഒകാവാ​ങ്‌ഗോ നദി കുറുകെ കടക്കവേ ഒരിക്കൽ ചങ്ങാട​ത്തിൽവെച്ച്‌ ഞങ്ങളുടെ ബൈബിൾ വിദ്യാർഥി​ക​ളിൽ ഒരാളാ​യി​രുന്ന മാർക്‌സി​നെ കണ്ടുമു​ട്ടി. ദൂരെ​യുള്ള തന്റെ സുഹൃ​ത്തു​ക്ക​ളോ​ടും ബന്ധുക്ക​ളോ​ടും ബൈബിൾ സത്യങ്ങൾ പങ്കു​വെ​ക്കാ​നാ​യി അദ്ദേഹം ജോലി​യിൽനിന്ന്‌ അവധി​യെ​ടു​ത്തി​രി​ക്കു​ക​യാണ്‌ എന്നു കേട്ട​പ്പോൾ ഞങ്ങൾക്കു​ണ്ടായ സന്തോ​ഷ​ത്തിന്‌ അതിരി​ല്ലാ​യി​രു​ന്നു. മാർക്‌സ്‌ ഒഴിവു​വേ​ള​ക​ളെ​ല്ലാം സുവി​ശേ​ഷ​വേ​ല​യിൽ ചെലവ​ഴി​ക്കു​ന്നു.”

ബോട്‌സ്വാ​ന​യിൽ സുവാർത്ത​യോ​ടുള്ള പ്രതി​ക​രണം പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌. 2004 മേയിൽ, പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ത്ത​വ​രു​ടെ എണ്ണം 1,434 എന്ന ഒരു പുതിയ അത്യു​ച്ച​ത്തി​ലെത്തി. മുൻവർഷത്തെ അപേക്ഷിച്ച്‌ 14 ശതമാനം വർധന​യാ​ണത്‌.

സ്വാസിലാൻഡ്‌

രാജവാഴ്‌ച നിലനിൽക്കുന്ന ഈ കൊച്ചു രാജ്യത്തെ ജനസംഖ്യ ഏകദേശം 11,00,000 ആണ്‌. ഇത്‌ മുഖ്യ​മാ​യും ഒരു കാർഷിക സമൂഹ​മാണ്‌, അനേകം പുരു​ഷ​ന്മാ​രും ജോലി​തേടി ദക്ഷിണാ​ഫ്രി​ക്ക​യിൽ പോകു​ന്നു​ണ്ടെ​ങ്കി​ലും. അനേകം വന്യജീ​വി സങ്കേത​ങ്ങ​ളുള്ള, പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു രാജ്യ​മാ​ണിത്‌. സ്വാസി ജനത സൗഹൃദ മനോ​ഭാ​വ​മു​ള്ള​വ​രും തങ്ങളുടെ പാരമ്പ​രാ​ഗത രീതികൾ പലതും ഇപ്പോ​ഴും പിന്തു​ട​രു​ന്ന​വ​രും ആണ്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളോട്‌ അനുകൂ​ല​മ​നോ​ഭാ​വ​മുള്ള ആളായി​രു​ന്നു മുൻ രാജാ​വായ സോബൂസ രണ്ടാമൻ. നമ്മുടെ പല സാഹി​ത്യ​ങ്ങ​ളും അദ്ദേഹ​ത്തി​ന്റെ കൈവ​ശ​മു​ണ്ടാ​യി​രു​ന്നു. ബൈബി​ളി​നെ​പ്പറ്റി സംസാ​രി​ക്കാ​നാ​യി എല്ലാ വർഷവും പുരോ​ഹി​ത​ന്മാ​രെ കൂടാതെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാ​ളെ​യും അദ്ദേഹം തന്റെ രാജവ​സ​തി​യി​ലേക്കു ക്ഷണിക്കു​മാ​യി​രു​ന്നു. 1956-ൽ ഇപ്രകാ​രം ക്ഷണിക്ക​പ്പെട്ട സാക്ഷി, ദേഹി​യു​ടെ അമർത്യത എന്ന പഠിപ്പി​ക്ക​ലി​നെ​ക്കു​റി​ച്ചും മതനേ​താ​ക്കൾക്കി​ട​യി​ലുള്ള ബഹുമാ​ന​സൂ​ച​ക​മായ സ്ഥാന​പ്പേ​രു​ക​ളു​ടെ ഉപയോ​ഗ​ത്തെ​ക്കു​റി​ച്ചും സംസാ​രി​ച്ചു. അതേത്തു​ടർന്ന്‌, ഇപ്പറഞ്ഞ കാര്യ​ങ്ങ​ളു​ടെ സത്യത സംബന്ധിച്ച്‌ രാജാവ്‌ മതനേ​താ​ക്ക​ന്മാ​രോട്‌ ആരാഞ്ഞു. സഹോ​ദരൻ പറഞ്ഞതി​നെ ഖണ്ഡിക്കാൻ അവർക്കാ​യില്ല.

പൂർവി​കാ​രാ​ധ​ന​യിൽ അടിസ്ഥാ​ന​പ്പെട്ട ആചാര​പ​ര​മായ വിലാ​പ​ത്തി​നെ​തി​രെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ഒരു ഉറച്ച നിലപാട്‌ കൈ​ക്കൊ​ള്ളേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. ആചാര​പ​ര​മായ വിലാ​പ​ത്തി​ന്റെ പരമ്പരാ​ഗത രീതി പിൻപ​റ്റാൻ വിസമ്മ​തി​ക്കു​ന്ന​തു​മൂ​ലം സ്വാസി​ലാൻഡി​ലെ ചില ഭാഗങ്ങ​ളി​ലുള്ള ഗോ​ത്ര​മു​ഖ്യ​ന്മാർ യഹോ​വ​യു​ടെ സാക്ഷി​കളെ അവരുടെ സ്വന്തം ഭവനങ്ങ​ളിൽനിന്ന്‌ ആട്ടിപ്പാ​യി​ച്ചി​രു​ന്നു. അത്തരം സന്ദർഭ​ങ്ങ​ളിൽ മറ്റു പ്രദേ​ശ​ങ്ങ​ളി​ലുള്ള അവരുടെ ആത്മീയ സഹോ​ദ​രങ്ങൾ അവർക്കു സംരക്ഷ​ണ​മേ​കി​യി​രു​ന്നു. ഇക്കാര്യ​ത്തിൽ സ്വാസി​ലാൻഡ്‌ ഹൈ​ക്കോ​ടതി യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അനുകൂ​ല​മായ വിധി പ്രഖ്യാ​പി​ച്ചു. സ്വന്തം ഭവനങ്ങ​ളി​ലേ​ക്കും സ്ഥലങ്ങളി​ലേ​ക്കും മടങ്ങാൻ അവരെ അനുവ​ദി​ക്ക​ണ​മെ​ന്നും കോടതി നിർദേ​ശി​ച്ചു.

സ്വാസി​ലാൻഡി​ന്റെ തലസ്ഥാ​ന​ന​ഗ​രി​യായ എമ്പാബാ​നെ​യി​ലെ മിഷന​റി​മാ​രാണ്‌ ജെയിംസ്‌ ഹോ​ക്കെ​റ്റും ഭാര്യ ഡോണും. അവർ യഥാ​ക്രമം 1971-ലും 1970-ലും ഗിലെ​യാ​ദിൽനി​ന്നു ബിരുദം നേടി​യ​വ​രാണ്‌. വ്യത്യസ്‌ത ആചാര​മ​ര്യാ​ദ​ക​ളോട്‌ മിഷന​റി​മാർക്ക്‌ എങ്ങനെ പൊരു​ത്ത​പ്പെ​ടേ​ണ്ടി​വ​രു​ന്നു​വെന്നു സൂചി​പ്പി​ക്കാൻ ജെയിംസ്‌ താഴെ​പ്പ​റ​യുന്ന അനുഭവം വിവരി​ച്ചു: “ആർക്കും നിയമി​ച്ചു​കൊ​ടു​ത്തി​ട്ടി​ല്ലാത്ത ഒരു പ്രദേ​ശത്ത്‌ ഞങ്ങൾ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കെ അവിടത്തെ ഗ്രാമ​മു​ഖ്യൻ എന്നോട്‌ ഒരു പരസ്യ​പ്ര​സം​ഗം നടത്താൻ ആവശ്യ​പ്പെട്ടു. അദ്ദേഹം ആളുക​ളെ​യെ​ല്ലാം വിളി​ച്ചു​കൂ​ട്ടി. നിർമാ​ണ​വേല നടന്നു​കൊ​ണ്ടി​രുന്ന ഒരു സ്ഥലത്താണ്‌ ഞങ്ങൾ ഇരുന്നി​രു​ന്നത്‌. പണിക്കാ​യി ഉപയോ​ഗി​ക്കുന്ന സിമന്റ്‌ കട്ടകൾ അവിടെ കിടപ്പു​ണ്ടാ​യി​രു​ന്നു. ആ ഗ്രൗണ്ടിൽ ഈർപ്പ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ അവി​ടെക്കണ്ട ഒരു കട്ടയിൽ ഞാൻ ഇരിപ്പു​റ​പ്പി​ച്ചു. എന്റെ തൊട്ട​ടു​ത്താ​യി ഒരു കട്ടയിൽ ഡോണും സ്ഥാനം പിടിച്ചു. ഒരു സ്വാസി സഹോ​ദരി ഡോണി​നെ സമീപിച്ച്‌ ഒരു താഴ്‌ന്ന സ്ഥലം ചൂണ്ടി​ക്കാ​ട്ടി തന്നോ​ടൊ​പ്പം അവിടെ ഇരിക്കാൻ ക്ഷണിച്ചു. താൻ ഇരിക്കു​ന്നി​ടം സൗകര്യ​പ്ര​ദ​മാ​ണെന്ന്‌ ഡോൺ പറഞ്ഞെ​ങ്കി​ലും സഹോ​ദരി നിർബന്ധം തുടർന്നു. പുരു​ഷ​ന്മാ​രിൽ ചിലർ നിലത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്ന​തി​നാൽ സ്‌ത്രീ​കൾ അതിലും ഉയർന്ന സ്ഥലത്ത്‌ ഇരിക്കു​ന്നത്‌ ഉചിത​മ​ല്ലെന്ന്‌ പിന്നീട്‌ ഞങ്ങൾക്കു വിശദീ​ക​രി​ച്ചു​ത​രി​ക​യു​ണ്ടാ​യി. അതാണ്‌ ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളി​ലെ മര്യാദ.”

മുമ്പ്‌ താത്‌പ​ര്യം പ്രകട​മാ​ക്കിയ ഒരു അധ്യാ​പി​ക​യു​മാ​യി സംസാ​രി​ക്കാൻ ജെയിം​സും ഡോണും അവരുടെ സ്‌കൂ​ളിൽ ചെന്നു. അപ്പോൾ സംസാ​രി​ക്കാൻ അസൗക​ര്യ​മു​ണ്ടെന്ന്‌ അറിയി​ക്കാൻ അവർ ഒരു ആൺകു​ട്ടി​യെ പറഞ്ഞയച്ചു. പാട്രിക്‌ എന്ന ആ കുട്ടി​യോ​ടു സംസാ​രി​ച്ചാ​ലോ എന്ന്‌ അവർക്കു തോന്നി. എന്തിനാണ്‌ തങ്ങൾ അവിടം സന്ദർശി​ച്ച​തെന്ന്‌ അറിയാ​മോ എന്ന്‌ അവനോ​ടു ചോദി​ച്ചു. ഒരു ചർച്ചയ്‌ക്കു​ശേഷം അവർ അവന്‌ യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം നൽകി. അവനു​മാ​യി ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യും ചെയ്‌തു. ഒരു അനാഥ​നാ​യി​രുന്ന പാട്രിക്‌ അവന്റെ ഇളയപ്പന്റെ വീടി​നോ​ടു ചേർന്നുള്ള ഒരു മുറി​യി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. അവന്‌ സ്വന്തം കാര്യങ്ങൾ തനിയെ നോക്കി​ന​ട​ത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്നു, സ്വന്തമാ​യി ഭക്ഷണം പാകം ചെയ്യണ​മാ​യി​രു​ന്നു, സ്‌കൂൾ ഫീസ്‌ അടയ്‌ക്കാൻ അംശകാല ജോലി​യും ചെയ്യണ​മാ​യി​രു​ന്നു. നല്ല പുരോ​ഗതി വരുത്തിയ അവൻ സ്‌നാ​പ​ന​മേറ്റു, ഇപ്പോൾ ഒരു സഭാ മൂപ്പനാ​യി സേവി​ക്കു​ന്നു.

1930-കളിൽ വേല തുടങ്ങി​യ​നാൾ മുതൽ സ്വാസി​ലാൻഡി​ലെ സുവി​ശേഷ വേലയ്‌ക്ക്‌ പ്രോ​ത്സാ​ഹ​ജ​ന​ക​മായ പ്രതി​ക​ര​ണ​മാ​ണു ലഭിച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌. 2004 മേയിൽ 2,199 പേരാണ്‌ ഈ പ്രദേ​ശത്ത്‌ ദൈവ​രാ​ജ്യ സുവാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിൽ സജീവ​മാ​യി പങ്കെടു​ത്തത്‌. നടത്തിയ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളാ​കട്ടെ 3,148-ഉം.

സെന്റ്‌ ഹെലീന

ആഫ്രി​ക്ക​യു​ടെ തെക്കു​പ​ടി​ഞ്ഞാ​റൻ തീരത്തി​ന്റെ പശ്ചിമ​ഭാ​ഗത്തു സ്ഥിതി​ചെ​യ്യുന്ന, 17 കിലോ​മീ​റ്റർ നീളവും 10 കിലോ​മീ​റ്റർ വീതി​യു​മുള്ള ഒരു കൊച്ചു ദ്വീപാ​ണിത്‌. പൊതു​വേ മിതവും സുഖ​പ്ര​ദ​വു​മായ കാലാ​വ​സ്ഥ​യാണ്‌ ഇവിട​ത്തേത്‌. ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക എന്നിവി​ട​ങ്ങ​ളിൽ വേരു​ക​ളുള്ള 3,850-ഓളം വരുന്ന ഒരു സമ്മിശ്ര ജനതയാണ്‌ ഇവിടു​ള്ളത്‌. വ്യത്യ​സ്‌ത​മായ ഒരു ഉച്ചാരണ ശൈലി​യി​ലാണ്‌ ഇവിടെ ഇംഗ്ലീഷ്‌ സംസാ​രി​ക്കു​ന്നത്‌. വിമാ​ന​ത്താ​വളം ഇല്ലാത്ത​തി​നാൽ ഈ രാജ്യ​ത്തിന്‌ ദക്ഷിണാ​ഫ്രിക്ക, ഇംഗ്ലണ്ട്‌ എന്നിവി​ട​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടാ​നുള്ള ഏക ആശ്രയം ഒരു വാണിജ്യ കപ്പൽ കമ്പനി​യാണ്‌. ഉപഗ്രഹ ടെലി​വി​ഷൻ സം​പ്രേ​ഷണം സാധ്യ​മാ​യത്‌ 1990-കളുടെ മധ്യത്തിൽ മാത്ര​മാണ്‌.

1930-കളുടെ തുടക്ക​ത്തിൽ പയനി​യർമാ​രായ രണ്ടു സഹോ​ദ​ര​ന്മാർ നടത്തിയ ഒരു ഹ്രസ്വ സന്ദർശ​ന​ത്തോ​ടെ​യാണ്‌ സെന്റ്‌ ഹെലീ​ന​യിൽ ആദ്യമാ​യി ദൈവ​രാ​ജ്യ സുവാർത്ത എത്തുന്നത്‌. ഒരു പോലീ​സു​കാ​ര​നും ബാപ്‌റ്റിസ്റ്റ്‌ സഭയിലെ ഒരു ഡീക്കനും ആയിരുന്ന റ്റോം സ്‌കി​പ്പി​യോ​യ്‌ക്ക്‌ അവരിൽനി​ന്നു ചില സാഹി​ത്യ​ങ്ങൾ ലഭിച്ചു. താൻ പഠിച്ചു​കൊ​ണ്ടി​രു​ന്ന​വ​യെ​ക്കു​റിച്ച്‌ അദ്ദേഹം മറ്റുള്ള​വ​രോ​ടു പറയാൻ തുടങ്ങി. ത്രിത്വം, അഗ്നിന​രകം, അമർത്യ ആത്മാവ്‌ എന്നിവ യഥാർഥ​ത്തിൽ ഇല്ലെന്ന്‌ അദ്ദേഹം അൾത്താ​ര​യിൽനി​ന്നു പ്രസം​ഗി​ക്കു​ക​യും ചെയ്‌തു. അതോടെ അദ്ദേഹ​ത്തോ​ടും ബൈബിൾ സത്യത്തി​നു​വേണ്ടി നില​കൊണ്ട മറ്റുള്ള​വ​രോ​ടും സഭ വിട്ടു​പോ​കാൻ ആവശ്യ​പ്പെട്ടു. പെട്ടെ​ന്നു​തന്നെ റ്റോമും ഒരു ചെറിയ കൂട്ടവും മൂന്ന്‌ ഗ്രാമ​ഫോ​ണു​ക​ളു​ടെ സഹായ​ത്തോ​ടെ വയൽ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ തുടങ്ങി. അവർ കാൽന​ട​യാ​യും കഴുത​പ്പു​റ​ത്തേ​റി​യും ആ ദ്വീപിൽ ഉടനീളം ചുറ്റി​സ​ഞ്ച​രി​ച്ചു. റ്റോം ആറു കുട്ടികൾ ഉൾപ്പെ​ടുന്ന തന്റെ വലിയ കുടും​ബ​ത്തി​നും സത്യത്തി​ന്റെ ഉറച്ച അടിത്തറ പ്രദാനം ചെയ്‌തു.

ദ്വീപി​ലെ വിശ്വസ്‌ത സാക്ഷി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പിന്തു​ണ​യ്‌ക്കാ​നു​മാ​യി 1951-ൽ ദക്ഷിണാ​ഫ്രി​ക്ക​യിൽ നിന്ന്‌ യാക്കോ​ബസ്‌ വാൻ സ്റ്റാഡെനെ അവി​ടേക്ക്‌ അയച്ചു. ശുശ്രൂ​ഷ​യിൽ കൂടുതൽ ഫലപ്ര​ദ​രാ​കു​ന്ന​തിന്‌ അവരെ സഹായിച്ച അദ്ദേഹം ക്രമമായ സഭാ​യോ​ഗങ്ങൾ സംഘടി​പ്പി​ക്കു​ക​യും ചെയ്‌തു. യോഗ​സ്ഥ​ലത്ത്‌ എല്ലാവ​രെ​യും എത്തിക്കു​ന്ന​തിന്‌ അവർ നേരിട്ട ബുദ്ധി​മു​ട്ടു​ക​ളി​ലൊന്ന്‌ റ്റോമി​ന്റെ ഒരു മകനായ ജോർജ്‌ സ്‌കിപ്പിയോ വിവരി​ക്കു​ന്നു: “താത്‌പ​ര്യ​ക്കാ​രിൽ രണ്ടു പേർക്കു മാത്രമേ കാർ ഉണ്ടായി​രു​ന്നു​ള്ളൂ. പ്രദേ​ശ​മാ​കട്ടെ കുന്നും മലയും നിറഞ്ഞ​തും. അക്കാലത്ത്‌ നല്ല വഴികൾ ചുരു​ക്ക​വു​മാ​യി​രു​ന്നു. . . . ചിലർ അതിരാ​വി​ലെ നടക്കാൻ തുടങ്ങും. ഞാൻ മൂന്നു​പേരെ എന്റെ ചെറിയ കാറിൽ കയറ്റി കുറച്ചു ദൂരം കൊണ്ടു​പോ​യി വിടും. അവർ അവിടെ ഇറങ്ങി നടത്തം തുടരും. അപ്പോ​ഴേ​ക്കും ഞാൻ മടങ്ങി​വന്ന്‌ വേറെ മൂന്നു​പേരെ കുറെ ദൂരം കൊണ്ടു​പോ​യി വിടും. എന്നിട്ടു വീണ്ടും മടങ്ങി​വ​രും. അങ്ങനെ ഒടുവിൽ എല്ലാവ​രും യോഗ​സ്ഥ​ലത്ത്‌ എത്തി​ച്ചേർന്നി​രു​ന്നു.” പിന്നീട്‌ വിവാ​ഹി​ത​നും നാലു കുട്ടി​ക​ളു​ടെ പിതാ​വും ആയെങ്കി​ലും ജോർജിന്‌ 14 വർഷം ഒരു പയനി​യ​റാ​യി സേവി​ക്കാ​നാ​യി. അദ്ദേഹ​ത്തി​ന്റെ മൂന്നു പുത്ര​ന്മാർ മൂപ്പന്മാ​രാണ്‌.

1990-കളിൽ ഏതാനും തവണ ഭാര്യ ആനലീ​സു​മൊത്ത്‌ സെന്റ്‌ ഹെലീന സന്ദർശിച്ച ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാണ്‌ യാനീ മളർ. അദ്ദേഹം പറയുന്നു: “നിങ്ങൾ ഒരു പ്രസാ​ധ​ക​നു​മൊത്ത്‌ വയലിൽ പോകു​ക​യാ​ണെ​ങ്കിൽ ഓരോ വീട്ടി​ലും ആരാണു താമസി​ക്കു​ന്ന​തെ​ന്നും അവിടത്തെ പ്രതി​ക​രണം എന്തായി​രി​ക്കു​മെ​ന്നും അദ്ദേഹം കിറു​കൃ​ത്യ​മാ​യി പറഞ്ഞി​രി​ക്കും. ഞങ്ങൾ അവിടം സന്ദർശി​ച്ച​പ്പോൾ “എല്ലാവ​രും അന്യോ​ന്യം സ്‌നേ​ഹി​ക്കുന്ന ഒരു കാലം വരുമോ?” എന്ന തലക്കെ​ട്ടോ​ടു​കൂ​ടിയ രാജ്യ​വാർത്ത രാവിലെ 8:30-നും വൈകിട്ട്‌ 3-നും ഇടയ്‌ക്കുള്ള സമയം​കൊണ്ട്‌ ദ്വീപി​ലെ​മ്പാ​ടും വിതരണം ചെയ്യു​ക​യു​ണ്ടാ​യി.”

സെന്റ്‌ ഹെലീ​ന​യിൽ എത്തി​ച്ചേ​രു​ന്ന​തും തിരികെ പോകു​ന്ന​തും യാനീ പ്രത്യേ​കം ഓർക്കു​ന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “ബോട്ട്‌ എത്തി​ച്ചേ​രു​മ്പോൾ ഞങ്ങളെ സ്വീക​രി​ക്കു​ന്ന​തി​നാ​യി മിക്ക സഹോ​ദ​ര​ങ്ങ​ളും ജെട്ടി​യിൽ ഉണ്ടാകും. ഞങ്ങൾ മടങ്ങി​പ്പോ​കുന്ന ദിവസത്തെ കണ്ണീരി​ന്റെ ദിവസം എന്നാണ്‌ അവർ വിശേ​ഷി​പ്പി​ച്ചത്‌. എല്ലാവ​രും ജെട്ടി​യിൽ വന്ന്‌ ഞങ്ങളെ യാത്ര​യാ​ക്കിയ ആ രംഗം കണ്ടപ്പോൾ അതെത്ര ശരിയാ​ണെന്നു ബോധ്യ​മാ​യി.”

ദ്വീപി​ലെ​മ്പാ​ടും ബൈബിൾ സത്യം വ്യാപി​പ്പി​ക്കു​ന്ന​തിൽ പങ്കെടുത്ത 132 പേരുടെ ഒരു പുതിയ അത്യുച്ചം 2004 മേയിൽ രേഖ​പ്പെ​ടു​ത്തി. മുൻവർഷത്തെ അപേക്ഷിച്ച്‌ 6 ശതമാനം വർധന​യാ​ണിത്‌. ആ മാസം മൂന്ന്‌ സഹായ പയനി​യർമാ​രും ഒരു സാധാരണ പയനി​യ​റും ഉണ്ടായി​രു​ന്നു. ഈ ദ്വീപി​ലെ ജനസം​ഖ്യാ-പ്രസാധക അനുപാ​തം ലോക​ത്തി​ലേ​ക്കും ഏറ്റവും മികച്ച​താണ്‌, 30 പേർക്ക്‌ ഒരു പ്രസാ​ധകൻ.

ഭാവി വികസ​ന​സാ​ധ്യ​ത

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ വർഗീയ പോരാ​ട്ട​ത്തി​ന്റെ നടുവി​ലും യഹോ​വ​യു​ടെ സാക്ഷികൾ അതുല്യ​മായ ഐക്യം ആസ്വദി​ക്കു​ന്നു. (കൊലൊ. 3:14) ഇത്‌ മറ്റുള്ള​വ​രു​ടെ പ്രശംസ നേടി​യി​ട്ടുണ്ട്‌. 1993-ൽ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നാ​യി അനേകം സന്ദർശകർ വിദേശ രാജ്യ​ങ്ങ​ളിൽനിന്ന്‌ എത്തുക​യു​ണ്ടാ​യി. ഐക്യ​നാ​ടു​ക​ളിൽനി​ന്നും ജപ്പാനിൽനി​ന്നു​മുള്ള പ്രതി​നി​ധി​കളെ സ്വാഗതം ചെയ്യാ​നാ​യി ഏതാണ്ട്‌ 2,000 സാക്ഷി​ക​ളാണ്‌ ഡർബൻ വിമാ​ന​ത്താ​വ​ള​ത്തിൽ എത്തിയത്‌. സന്ദർശ​കരെ കണ്ടമാ​ത്ര​യിൽ അവർ രാജ്യ​ഗീ​തങ്ങൾ ആലപിച്ചു. സഹോ​ദ​രങ്ങൾ പരസ്‌പരം ഊഷ്‌മ​ള​മാ​യി അഭിവാ​ദ്യം ചെയ്യു​ക​യും ആലിം​ഗനം ചെയ്യു​ക​യും ചെയ്‌തു. നിരീ​ക്ഷ​ക​രിൽ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാ​വും ഉണ്ടായി​രു​ന്നു. ചില സഹോ​ദ​ര​ങ്ങ​ളു​മാ​യി സംസാ​രി​ക്കവേ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കുള്ള അതേ ഐക്യം ഉണ്ടായി​രു​ന്നെ​ങ്കിൽ എത്രയോ പണ്ടേ ഞങ്ങൾ ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​മാ​യി​രു​ന്നു!”

2003-ൽ നടന്ന “ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കു​വിൻ” അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾ ഹാജരാ​യ​വർക്കെ​ല്ലാം ആത്മീയ ഉത്തേജ​ന​മേകി. ദക്ഷിണാ​ഫ്രി​ക്ക​യിൽ, പ്രമുഖ കേന്ദ്ര​ങ്ങ​ളിൽ അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​ക​ളും കൂടാതെ മറ്റിട​ങ്ങ​ളിൽ അനേകം ചെറിയ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളും നടത്ത​പ്പെട്ടു. അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നു​കൾക്കാ​യി ഭരണസം​ഘ​ത്തിൽനി​ന്നുള്ള സാമു​വെൽ ഹെർഡും ഡേവിഡ്‌ സ്‌പ്ലെ​യ്‌നും എത്തിയി​രു​ന്നു. 18 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള പ്രതി​നി​ധി​കൾ അവിടെ സന്നിഹി​ത​രാ​യി. ചിലർ പരമ്പരാ​ഗത വേഷങ്ങൾ അണി​ഞ്ഞെ​ത്തി​യത്‌ ഈ അന്താരാ​ഷ്‌ട്ര സവി​ശേ​ഷ​ത​യ്‌ക്കു മാറ്റു​കൂ​ട്ടി. എല്ലാ കൺ​വെൻ​ഷ​നു​ക​ളി​ലു​മാ​യി 1,66,873 പേർ ഹാജരാ​യ​പ്പോൾ 2,472 പേർ സ്‌നാ​പ​ന​മേൽക്കു​ക​യു​ണ്ടാ​യി.

കേപ്‌ടൗ​ണിൽ നടന്ന അന്താരാ​ഷ്‌ട്ര കൺ​വെൻ​ഷ​നിൽ പങ്കെടുത്ത ജനീൻ അവിടെ പ്രകാ​ശനം ചെയ്‌ത മഹാനായ അധ്യാ​പ​ക​നിൽനിന്ന്‌ പഠിക്കുക (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തെ​പ്ര​തി​യുള്ള തന്റെ വിലമ​തിപ്പ്‌ ഇപ്രകാ​ര​മാണ്‌ പ്രകടി​പ്പി​ച്ചത്‌: “ഈ സമ്മാനത്തെ ഞാൻ എത്രമാ​ത്രം വിലമ​തി​ക്കു​ന്നു​വെന്നു വർണി​ക്കാൻ വാക്കു​ക​ളില്ല. നമ്മുടെ കുട്ടി​ക​ളു​ടെ ഹൃദയ​ങ്ങ​ളിൽ എത്തി​ച്ചേ​രു​ന്ന​തി​നു​വേണ്ടി തയ്യാറാ​ക്കി​യി​രി​ക്കുന്ന ഒരു പുസ്‌ത​ക​മാ​ണിത്‌. യഹോ​വ​യ്‌ക്ക്‌ അറിയാം തന്റെ ജനത്തിന്‌ എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ന്‌. സഭയുടെ ശിരസ്സായ യേശു​വാ​കട്ടെ ദൈവ​ഭ​യ​മി​ല്ലാത്ത ഈ ലോക​ത്തിൽ നാം നേരി​ടുന്ന ബുദ്ധി​മു​ട്ടു​കൾ കണ്ടു​കൊ​ണ്ടു​മാ​ണി​രി​ക്കു​ന്നത്‌. യഹോ​വ​യോ​ടും ഭൂമി​യി​ലെ അവന്റെ ദാസന്മാ​രോ​ടും ഞാൻ അങ്ങേയറ്റം നന്ദിയു​ള്ള​വ​ളാണ്‌.”

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കഴിഞ്ഞ നൂറ്റാ​ണ്ടി​ലെ ചരി​ത്ര​ത്തി​ലേക്കു പിന്തി​രി​ഞ്ഞു നോക്കു​മ്പോൾ, വിശ്വ​സ്‌ത​രാ​യവർ പ്രകട​മാ​ക്കിയ സഹിഷ്‌ണു​ത​യി​ലും നിശ്ചയ​ദാർഢ്യ​ത്തോ​ടെ​യുള്ള സേവന​ത്തി​ലും നമുക്കു സന്തോ​ഷി​ക്കാൻ കഴിയും. 2004 മേയിൽ അവിടെ 78,877 പ്രസാ​ധ​ക​രാണ്‌ ഉണ്ടായി​രു​ന്നത്‌. അവർ 95,527 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി. 2004-ലെ സ്‌മാരക ഹാജർ 1,93,661 ആയിരു​ന്നു. ലോക​വ്യാ​പക വയലിന്റെ ഈ ഭാഗത്ത്‌ യേശു​വി​ന്റെ പിൻവ​രുന്ന വാക്കുകൾ ഇപ്പോ​ഴും ബാധക​മാ​ണെ​ന്ന​തി​നുള്ള സൂചനകൾ കാണാം: “നിങ്ങൾ തലപൊ​ക്കി നോക്കി​യാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്‌ത്തി​നു വെളു​ത്തി​രി​ക്കു​ന്നതു കാണും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (യോഹ. 4:35) അവിടെ ഇനിയും ധാരാളം പ്രവർത്തി​ക്കാ​നുണ്ട്‌. യഹോ​വ​യു​ടെ വഴിന​ട​ത്തി​പ്പി​നുള്ള എണ്ണമറ്റ തെളി​വു​കൾ, ഭൂലോ​ക​ത്തി​ന്റെ എല്ലാ കോണി​ലു​മുള്ള നമ്മുടെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം ഇപ്രകാ​രം ഉദ്‌ഘോ​ഷി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്നു: “സകല ഭൂവാ​സി​ക​ളു​മാ​യു​ള്ളോ​രേ, യഹോ​വെക്കു ആർപ്പി​ടു​വിൻ. സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​പ്പിൻ; സംഗീ​ത​ത്തോ​ടെ അവന്റെ സന്നിധി​യിൽ വരുവിൻ!”—സങ്കീ. 100:1, 2.

[അടിക്കു​റി​പ്പു​കൾ]

പോൾ സ്‌മി​ത്തി​ന്റെ ജീവി​തകഥ 1985 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ [ഇംഗ്ലീഷ്‌] 10-13 പേജു​ക​ളിൽ കാണാം.

ജോർജ്‌ ഫിലി​പ്‌സി​ന്റെ ജീവി​തകഥ 1956 ഡിസംബർ 1 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ [ഇംഗ്ലീഷ്‌] 712-19 പേജു​ക​ളിൽ കാണാം.

പിറ്റ്‌ വെന്റ്‌സെ​ലി​ന്റെ ജീവി​തകഥ 1986 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 9-13 പേജു​ക​ളിൽ കാണാൻ കഴിയും.

ഫ്രാൻസ്‌ മളറുടെ ജീവി​തകഥ 1993 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 19-23 പേജു​ക​ളിൽ കാണാ​വു​ന്ന​താണ്‌.

വോൾഡ്രൊൺ ദമ്പതി​ക​ളു​ടെ ജീവി​തകഥ 2002 ഡിസംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 24-8 പേജു​ക​ളിൽ കാണാ​വു​ന്ന​താണ്‌.

ജോഷ്വാ റ്റോം​ഗാ​ന​യു​ടെ ജീവി​തകഥ 1993 മേയ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 25-9 പേജു​ക​ളിൽ കാണാ​വു​ന്ന​താണ്‌.

ജോർജ്‌ സ്‌കി​പ്പി​യോ​യു​ടെ ജീവി​തകഥ 1999 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 25-9 പേജു​ക​ളിൽ കാണാ​വു​ന്ന​താണ്‌.

[174-ാം പേജിലെ ആകർഷക വാക്യം]

സെന്റ്‌ ഹെലീ​ന​യി​ലെ ജനസം​ഖ്യാ പ്രസാധക അനുപാ​തം ലോക​ത്തി​ലേ​ക്കും ഏറ്റവും മികച്ച​താണ്‌, 30 പേർക്ക്‌ ഒരു പ്രസാ​ധ​കൻ

[68, 69 പേജു​ക​ളി​ലെ ചതുരം]

വർണവിവേചനത്തിന്റെ കറുത്ത മുഖം

1948-ലെ തെര​ഞ്ഞെ​ടു​പ്പു​കാ​ലത്ത്‌ നാഷണൽ പാർട്ടി​യാണ്‌ വർണവി​വേ​ചനം എന്ന വാക്ക്‌ ആദ്യമാ​യി ഉപയോ​ഗി​ച്ചത്‌. ആ വർഷത്തെ തെര​ഞ്ഞെ​ടു​പ്പിൽ വിജയം നാഷണൽ പാർട്ടി​ക്കാ​യി​രു​ന്നു. അതോടെ, കർശന​മായ വർഗീയ ഒറ്റപ്പെ​ടു​ത്ത​ലു​കൾ ഗവൺമെ​ന്റി​ന്റെ ഔദ്യോ​ഗിക നയമാ​യി​ത്തീർന്നു. ഡച്ച്‌ റിഫോംഡ്‌ ചർച്ചിന്റെ ശക്തമായ പിന്തു​ണ​യോ​ടെ​യാ​യി​രു​ന്നു അത്‌. വെള്ളക്കാ​രു​ടെ മേൽക്കോയ്‌മ ഉറപ്പാ​ക്കാ​നുള്ള തീരു​മാ​ന​മാ​യി​രു​ന്നു ഈ നയത്തിനു പിന്നിൽ. ഫലമോ? താമസം, തൊഴിൽ, വിദ്യാ​ഭ്യാ​സം, പൊതു​സൗ​ക​ര്യ​ങ്ങൾ, രാഷ്‌ട്രീ​യം എന്നിങ്ങനെ ജീവി​ത​ത്തി​ലെ അടിസ്ഥാന സംഗതി​കളെ ഭരിക്കുന്ന നിയമങ്ങൾ നിലവിൽവന്നു. അതായത്‌, ഓരോ വർഗക്കാ​രും എവിടെ ജീവി​ക്കണം, എന്തു ജോലി ചെയ്യണം, എങ്ങനെ​യുള്ള വിദ്യാ​ഭ്യാ​സം നേടണം എന്നൊക്കെ തീരു​മാ​നി​ക്കു​ന്നത്‌ നിയമ​മാ​യി​രു​ന്നു. മാത്രമല്ല, നിയമങ്ങൾ, വർഗങ്ങൾക്കി​ട​യി​ലെ സാമൂ​ഹിക ബന്ധങ്ങൾ നിരോ​ധി​ച്ചു; വേർതി​രിച്ച പൊതു​സൗ​ക​ര്യ​ങ്ങൾ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വന്നു.

വർഗങ്ങളെ പ്രമു​ഖ​മാ​യും വെള്ളക്കാർ, ബാണ്ഡു (കറുത്ത ആഫ്രി​ക്ക​ക്കാർ), മിശ്ര​വർഗ​ക്കാർ, ഏഷ്യക്കാർ (ഇന്ത്യക്കാർ) എന്നിങ്ങനെ നാലായി തിരി​ച്ചി​രു​ന്നു. വർണവി​വേ​ച​ന​ത്തി​ന്റെ വക്താക്കൾ, ഓരോ വർഗത്തിൽപ്പെ​ട്ട​വർക്കും “ഹോം​ലാ​ന്റ്‌സ്‌” എന്നറി​യ​പ്പെ​ടുന്ന വെവ്വേറെ വാസസ്ഥ​ലങ്ങൾ വേണമെന്ന പ്രഖ്യാ​പ​ന​വു​മാ​യി മുന്നോ​ട്ടു​വന്നു; അവിടെ അവർക്ക്‌ സ്വന്തം സംസ്‌കാ​ര​ത്തി​നും ആചാരാ​നു​ഷ്‌ഠാ​ന​ങ്ങൾക്കും അനുസ​രി​ച്ചു ജീവി​ക്കാ​മാ​യി​രു​ന്നു. സൈദ്ധാ​ന്തി​ക​മായ ഒരു തലത്തിൽ ഇതു പ്രാവർത്തി​ക​മാ​ണെന്നു പലരും കരുതി​യെ​ങ്കി​ലും പ്രാ​യോ​ഗിക തലത്തിൽ ഈ നയം പരാജ​യ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യത്‌. തോക്കും കണ്ണീർവാ​ത​ക​വും ഭയങ്കര​ന്മാ​രായ നായ്‌ക്ക​ളെ​യും കണ്ടു പേടിച്ച്‌ കറുത്ത വർഗക്കാ​രിൽ പലരും തങ്ങളുടെ തുച്ഛമായ സമ്പാദ്യ​ങ്ങ​ളും​കൊ​ണ്ടു മറ്റിട​ങ്ങ​ളി​ലേക്കു ചേക്കേറി. ബാങ്ക്‌, പോ​സ്റ്റോ​ഫീസ്‌ തുടങ്ങി മിക്ക പൊതു സൗകര്യ​ങ്ങ​ളി​ലും വെള്ളക്കാർക്കും അല്ലാത്ത​വർക്കു​മാ​യി പ്രത്യേ​കം സ്ഥലങ്ങൾ വേർതി​രി​ച്ചി​രു​ന്നു. റെസ്റ്ററ​ന്റു​ക​ളി​ലും സിനിമാ തീയേ​റ്റ​റു​ക​ളി​ലും വെള്ളക്കാർക്കു മാത്രമേ പ്രവേ​ശ​ന​മു​ണ്ടാ​യി​രു​ന്നു​ള്ളൂ.

ബിസി​ന​സ്സി​നും വീട്ടു​ജോ​ലി​ക്കു​മാ​യി വെള്ളക്കാർ അപ്പോ​ഴും കറുത്ത വർഗക്കാ​രെ​യാണ്‌ ആശ്രയി​ച്ചി​രു​ന്നത്‌; കാരണം അവർക്കു തുച്ഛമായ വേതനം നൽകി​യാൽ മതിയാ​യി​രു​ന്നു. എന്നാൽ ഇതു കുടും​ബാം​ഗ​ങ്ങളെ തമ്മിൽ പിരിച്ചു. ഉദാഹ​ര​ണ​ത്തിന്‌, കറുത്ത​വർക്കി​ട​യി​ലെ പുരു​ഷ​ന്മാർക്ക്‌ ഖനിക​ളി​ലും ഫാക്ടറി​ക​ളി​ലും ജോലി ചെയ്യു​ന്ന​തി​നാ​യി നഗരങ്ങ​ളി​ലേക്കു പോകാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു, അവിടെ പുരു​ഷ​ന്മാർക്കാ​യുള്ള ഹോസ്റ്റ​ലു​ക​ളിൽ ആയിരു​ന്നു അവരുടെ താമസം. എന്നാൽ അവരുടെ ഭാര്യ​മാർ ഹോം​ലാ​ന്റിൽത്തന്നെ താമസി​ക്ക​ണ​മാ​യി​രു​ന്നു. ഇതു കുടും​ബ​ജീ​വി​തം താറു​മാ​റാ​ക്കി, അധാർമി​ക​ത​യ്‌ക്കു വളം​വെച്ചു. വെള്ളക്കാ​രു​ടെ വീട്ടിൽ പണി​യെ​ടു​ത്തി​രുന്ന കറുത്തവർ യജമാ​ന​ന്റെ​തന്നെ സ്ഥലത്താണു താമസി​ച്ചി​രു​ന്നത്‌. എന്നാൽ വെള്ളക്കാർക്കാ​യി വേർതി​രി​ച്ചി​രുന്ന ഈ സ്ഥലത്ത്‌ താമസി​ക്കാൻ കറുത്ത​വർഗ​ക്കാ​രു​ടെ കുടും​ബ​ങ്ങൾക്ക്‌ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും തമ്മിൽ കാണു​ന്ന​തൊ​ക്കെ വിരള​മാ​യി​രു​ന്നു. കറുത്ത​വർക്ക്‌ സദാ തിരി​ച്ച​റി​യൽ രേഖകൾ കൊണ്ടു​ന​ട​ക്ക​ണ​മാ​യി​രു​ന്നു.

വിദ്യാ​ഭ്യാ​സം, വിവാഹം, തൊഴിൽ, ഉടമസ്ഥാ​വ​കാ​ശം എന്നിങ്ങനെ ജീവി​ത​ത്തി​ന്റെ പല മേഖല​ക​ളി​ലും വർണവി​വേ​ചനം കരിനി​ഴൽ വീഴ്‌ത്തി. വർഗ വ്യത്യാ​സ​ങ്ങൾക്കു മധ്യേ​യും യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലുള്ള ഐക്യം ശ്രദ്ധേ​യ​മാ​യി​രു​ന്നു; എങ്കിലും ദൈവ​ത്തി​നു വിശു​ദ്ധ​സേ​വനം അർപ്പി​ക്കു​ന്ന​തി​നു തടസ്സമാ​കാ​തി​രു​ന്ന​പ്പോ​ഴൊ​ക്കെ അവർ ഗവൺമെന്റു നിയമങ്ങൾ അനുസ​രി​ച്ചു. (റോമ. 13:1, 2) സാധ്യ​മാ​യി​രു​ന്ന​പ്പോ​ഴെ​ല്ലാം അവർ, വ്യത്യസ്‌ത വർഗങ്ങ​ളിൽപ്പെട്ട സഹവി​ശ്വാ​സി​ക​ളു​മാ​യി ഇടപഴ​കാ​നുള്ള അവസരങ്ങൾ തേടി.

1970-കളുടെ പകുതി​മു​തൽ വർഗീയ നയങ്ങൾ അൽപ്പ​മൊ​ന്നു മയപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഗവൺമെന്റ്‌ അനേകം ഭേദഗ​തി​കൾ വരുത്തി. 1990 ഫെബ്രു​വരി 2-ന്‌, അന്നത്തെ പ്രസി​ഡന്റ്‌ എഫ്‌. ഡബ്ലിയു. ഡി ക്ലെർക്‌, വർണവി​വേ​ചനം ഇല്ലായ്‌മ ചെയ്യു​ന്ന​തി​നുള്ള നടപടി​ക​ളെ​ക്കു​റിച്ച്‌ പ്രഖ്യാ​പനം നടത്തി. അതിന്റെ ഭാഗമാ​യി, കറുത്ത​വ​രു​ടെ രാഷ്‌ട്രീയ സംഘട​ന​കൾക്ക്‌ ഔദ്യോ​ഗിക അംഗീ​കാ​രം നൽകു​ക​യും നെൽസൺ മണ്ടേലയെ ജയിൽ മോചി​ത​നാ​ക്കു​ക​യും ചെയ്‌തു. 1994-ൽ, കറുത്ത​വർക്ക്‌ ഭൂരി​പ​ക്ഷ​മുള്ള ജനാധി​പത്യ ഗവൺമെന്റ്‌ അധികാ​ര​ത്തിൽ വന്നതോ​ടെ വർണവി​വേ​ച​ന​ത്തിന്‌ ഔദ്യോ​ഗിക തലത്തിൽ തിരശ്ശീല വീണു.

[72, 73 പേജു​ക​ളി​ലെ ചതുരം/ മാപ്പുകൾ]

ദക്ഷിണാഫ്രിക്ക ഒരു ആകമാന വീക്ഷണം

ഭൂപ്രകൃതി

ദക്ഷിണാ​ഫ്രി​ക്ക​യു​ടെ കരപ്ര​ദേ​ശ​ത്തി​ന്റെ ഏറിയ​ഭാ​ഗ​വും ഒരു പീഠഭൂ​മി​യാണ്‌. ഈ പീഠഭൂ​മി​യോ​ടു ചേർന്നുള്ള പർവതങ്ങൾ വീതി​കു​റഞ്ഞ തീര​പ്ര​ദേ​ശ​ത്തിന്‌ അതിരു ചമയ്‌ക്കു​ന്നു. കിഴക്ക്‌ ഇന്ത്യൻ മഹാസ​മു​ദ്ര​ത്തി​ന്റെ ഭാഗത്താണ്‌ ഈ പീഠഭൂ​മിക്ക്‌ ഏറ്റവും ഉയരമു​ള്ളത്‌. ഇവിടെ ഡ്രാ​കെൻസ്‌ബർഗ്‌ പർവത​ത്തിന്‌ 3,400 മീറ്റർ ഉയരമുണ്ട്‌. ദക്ഷിണാ​ഫ്രി​ക്ക​യു​ടെ കരവി​സ്‌തീർണം ബ്രിട്ടീഷ്‌ ദ്വീപു​ക​ളു​ടെ നാലു മടങ്ങു​വ​രും.

ജനങ്ങൾ

രാജ്യത്തെ 46 ദശലക്ഷം വരുന്ന നിവാ​സി​കൾ നാനാ പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നു​ള്ള​വ​രാണ്‌. 2003-ൽ ഗവൺമെന്റ്‌ പുറത്തി​റ​ക്കിയ ഒരു സെൻസ​സിൽ മൊത്തം പൗരന്മാ​രെ നാലു കൂട്ടങ്ങ​ളാ​യി തിരി​ച്ചി​രു​ന്നു: കറുത്ത ആഫ്രി​ക്ക​ക്കാർ: 79 ശതമാനം; വെള്ളക്കാർ: 9.6 ശതമാനം; മിശ്ര​വർഗ​ക്കാർ: 8.9 ശതമാനം; ഇന്ത്യക്കാർ അല്ലെങ്കിൽ ഏഷ്യക്കാർ: 2.5 ശതമാനം.

ഭാഷ

അനേക​രും ഇംഗ്ലീഷ്‌ സംസാ​രി​ക്കു​മെ​ങ്കി​ലും 11 ഔദ്യോ​ഗിക ഭാഷക​ളു​ണ്ടി​വി​ടെ. ഏറ്റവും കൂടുതൽ ആളുകൾ സംസാ​രി​ക്കുന്ന ഭാഷ സുളു ആണ്‌; പിന്നെ ക്രമത്തിൽ ഘോസ, ആഫ്രി​ക്കാൻസ്‌, സെപ്പിടി, ഇംഗ്ലീഷ്‌, ത്‌സ്വാന, സെസോ​ത്തോ, ത്‌സോം​ഗ, സ്വാസി, വെൻഡ, എൻഡ്‌ബീ​ലി എന്നിങ്ങനെ.

ഉപജീവനമാർഗം

പ്രകൃതി സമ്പത്ത്‌ ധാരാ​ള​മുണ്ട്‌ ഇവിടെ, സ്വർണ​ത്തി​ന്റെ​യും പ്ലാറ്റി​ന​ത്തി​ന്റെ​യും ഉത്‌പാ​ദ​ന​ത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യ​മാണ്‌ ദക്ഷിണാ​ഫ്രിക്ക. ലക്ഷക്കണ​ക്കിന്‌ ദക്ഷിണാ​ഫ്രി​ക്ക​ക്കാർ ഖനിക​ളി​ലും ഫാമു​ക​ളി​ലും ഭക്ഷ്യവ​സ്‌തു​ക്കൾ, വാഹനങ്ങൾ, യന്ത്രോ​പ​ക​ര​ണങ്ങൾ, തുണി തുടങ്ങി​യവ ഉത്‌പാ​ദി​പ്പി​ക്കുന്ന ഫാക്ടറി​ക​ളി​ലും മറ്റും ജോലി ചെയ്യുന്നു.

കാലാവസ്ഥ

കേപ്‌ടൗൺ ഉൾപ്പെ​ടെ​യുള്ള രാജ്യ​ത്തി​ന്റെ തെക്കേ​യ​റ്റത്ത്‌ മെഡി​റ്റ​റേ​നി​യൻ കാലാ​വ​സ്ഥ​യാ​ണു​ള്ളത്‌, അതായത്‌ മഴയുള്ള ശൈത്യ​കാ​ല​വും വരണ്ട വേനൽക്കാ​ല​വും. എന്നാൽ മധ്യപീ​ഠ​ഭൂ​മി​യി​ലെ​ത്തു​മ്പോൾ കാലാ​വ​സ്ഥ​യു​ടെ മുഖം മാറുന്നു. ഇടിമി​ന്ന​ലി​ന്റെ അകമ്പടി​സേ​വി​ച്ചെ​ത്തുന്ന കൊടു​ങ്കാ​റ്റു​കൾ വേനലിന്‌ സുഖക​ര​മായ ശീതളിമ പകരു​മ്പോൾ മേഘ​മൊ​ഴിഞ്ഞ ആകാശ​ങ്ങ​ളുള്ള ശൈത്യ​കാ​ലം നിവാ​സി​കൾക്ക്‌ ഊഷ്‌മ​ള​ദി​നങ്ങൾ സമ്മാനി​ക്കു​ന്നു.

[മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

നമീബിയ

നമീബ്‌ മരുഭൂ​മി

കറ്റൂറ്റൂറ

വിൻറ്റ്‌ഹുക്‌

ബോട്‌സ്വാന

കലഹാരി മരൂഭൂ​മി

ഗാബോ​റോ​ണേ

സ്വാസിലാൻഡ്‌

എംബാ​ബാ​നേ

ലെസോത്തോ

മസെറൂ

റ്റെയാ​റ്റെ​യാ​നങ്‌

ദക്ഷിണാഫ്രിക്ക

ക്രൂഗെർ നാഷണൽ പാർക്ക്‌

നാൽസ്‌ട്രൂ​വം

ബുഷ്‌ബ​ക്‌റിജ്‌

പ്രി​റ്റോ​റി​യ

ജോഹാ​നെ​സ്‌ബർഗ്‌

ക്ലെർക്‌സ്‌ഡോർപ്‌

ഡൻഡി

എൻഡ്വേ​ഡ്വേ

പിറ്റർമാ​റി​റ്റ്‌സ്‌ബർഗ്‌

ഡർബൻ

ഡ്രാ​ക്കെൻസ്‌ബർഗ്‌ പർവത​നി​ര

സ്‌ട്രാൻഡ്‌

കേപ്‌ടൗൺ

പ്രി​റ്റോ​റി​യ

മിഡ്രാൻഡ്‌

ക്രൂ​ഗെർസ്‌ഡോർപ്‌

കാഗി​സോ

ജോഹാ​നെ​സ്‌ബർഗ്‌

ഏലാൻഡ്‌സ്‌ഫോൻടെയ്‌ൻ

സോ​വേ​റ്റോ

ഏകെൻഹോഫ്‌

ഹൈഡൽബർഗ്‌

[ചിത്രം]

കേപ്‌ടൗൺ

ഗുഡ്‌ഹോപ്പ്‌ മുനമ്പ്‌

[80, 81 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

സാക്ഷീകരിക്കാനുള്ള എന്റെ ആദ്യത്തെ ശ്രമം

അബേദ്‌നെഗോ റാഡെബെ

ജനനം 1911

സ്‌നാപനം 1939

സംക്ഷിപ്‌ത വിവരം ക്വാസു​ളു-നേറ്റലി​ലുള്ള പീറ്റർമാ​റി​റ്റ്‌സ്‌ബർഗി​ലെ, കറുത്ത​വർഗ​ക്കാ​രു​ടെ ആദ്യത്തെ സഭയിൽ സേവിച്ചു. 1995-ൽ മരിക്കു​ന്ന​തു​വരെ വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു.

പീറ്റർമാ​റി​റ്റ്‌സ്‌ബർഗി​ന​ടു​ത്താണ്‌ ഞാൻ ജനിച്ച​തും വളർന്ന​തും. ഒരു മെഥഡിസ്റ്റ്‌ പ്രസം​ഗ​ക​നാ​യി​രു​ന്നു എന്റെ പിതാവ്‌. 1930-കളുടെ മധ്യത്തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ എനിക്കു ലഭിച്ചു. വായിച്ച കാര്യങ്ങൾ ശരിയാ​ണെന്ന്‌ എനിക്കു തോന്നി. പക്ഷേ സാക്ഷി​ക​ളു​മാ​യി സഹവസി​ക്കാ​നുള്ള അവസരം എനിക്കു ലഭിച്ചില്ല.

ഞാൻ താമസി​ച്ചി​രുന്ന ഹോസ്റ്റ​ലി​ലുള്ള ഒരു വ്യക്തി സ്വർഗ​വും ശുദ്ധീ​ക​ര​ണ​സ്ഥ​ല​വും (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്ന ഒരു ചെറു​പു​സ്‌തകം എനിക്കു തന്നു. അതു​പോ​ലൊന്ന്‌ ഞാൻ മുമ്പു വായി​ച്ചി​ട്ടേ​യി​ല്ലാ​യി​രു​ന്നു. പുനരു​ത്ഥാ​ന​ത്തെ​യും ഭൂമി​യിൽ ജീവി​ക്കാ​നുള്ള പ്രത്യാ​ശ​യെ​യും കുറിച്ച്‌ ബൈബിൾ പറയു​ന്ന​തെ​ന്താ​ണെന്നു മനസ്സി​ലാ​ക്കാൻ അതെന്നെ സഹായി​ച്ചു. ചില പുസ്‌ത​കങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ഞാൻ കേപ്‌ടൗ​ണി​ലെ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ എഴുതി.

പട്ടണത്തിൽവെച്ച്‌ ഞാൻ യഹോ​വ​യു​ടെ സാക്ഷി​കളെ കാണാ​നി​ട​യാ​യി. എന്നാൽ അവരുടെ അടു​ത്തേക്കു ചെല്ലാൻ എനിക്കു മടി​തോ​ന്നി. “ഒരു വെള്ളക്കാ​രനെ കണ്ടാൽ, അദ്ദേഹം നിങ്ങളു​ടെ അടു​ത്തേക്കു വരുന്ന​തു​വരെ കാത്തു​നിൽക്കുക; നിങ്ങളാ​യിട്ട്‌ അദ്ദേഹ​ത്തി​ന്റെ അടു​ത്തേക്കു ചെല്ലരുത്‌,” അതായി​രു​ന്നു ഞങ്ങൾ സുളു​ക്കാർക്കി​ട​യി​ലെ രീതി.

ഒരു ദിവസം ജോലി കഴിഞ്ഞ്‌ വീട്ടി​ലേക്കു മടങ്ങവേ, എന്റെ ഹോസ്റ്റ​ലി​നു മുമ്പി​ലാ​യി സാക്ഷി​ക​ളു​ടെ ഒരു സൗണ്ട്‌ കാർ പാർക്കു ചെയ്‌തി​രി​ക്കു​ന്നതു ഞാൻ കണ്ടു. ഞാൻ ഗേറ്റിന്റെ അടുത്ത്‌ എത്തിയ​പ്പോൾ സമ്മർ സ്യൂട്ട്‌ ധരിച്ച, അരോ​ഗ​ദൃ​ഢ​ഗാ​ത്ര​നായ ഒരു വെള്ളക്കാ​രൻ എന്റെ അടു​ത്തേക്കു വന്നു. ഡാനി​യേൽ യാൻസൻ എന്നു പറഞ്ഞു​കൊണ്ട്‌ അദ്ദേഹം സ്വയം പരിച​യ​പ്പെ​ടു​ത്തി. സാക്ഷി​ക​ളെ​ക്കു​റി​ച്ചു കൂടു​ത​ല​റി​യാൻ പറ്റിയ അവസര​മാ​ണ​തെന്നു ഞാൻ മനസ്സിൽ കരുതി. അതു​കൊണ്ട്‌ റഥർഫോർഡ്‌ സഹോ​ദ​രന്റെ ഒരു പ്രഭാ​ഷണം കേൾപ്പി​ക്കാ​മോ​യെന്ന്‌ ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. ആളുകൾ തടിച്ചു​കൂ​ടി. പ്രഭാ​ഷണം അവസാ​നി​ച്ച​പ്പോൾ ഒരു മൈക്ക്‌ എന്റെ കയ്യിൽ തന്നിട്ട്‌ യാൻസൻ പറഞ്ഞു: “ഈ പ്രഭാ​ഷ​ണ​ത്തി​ന്റെ ഉള്ളടക്കം എന്താ​ണെന്ന്‌ സുളു ഭാഷയിൽ ഈ ആളുക​ളോ​ടു പറയൂ, അവർക്കും അതു പ്രയോ​ജ​ന​പ്പെ​ടട്ടെ.”

“പ്രസം​ഗകൻ പറഞ്ഞ എല്ലാ​മൊ​ന്നും എനിക്ക്‌ ഓർമ​യില്ല,” ഞാൻ മറുപടി പറഞ്ഞു.

യാൻസൻ പറഞ്ഞു, “ഓർമി​ക്കു​ന്നതു മാത്രം പറഞ്ഞാൽ മതി.”

വിക്കി​ക്കൊണ്ട്‌ മൈക്കി​ലൂ​ടെ ഞാൻ ഏതാനും വാക്കുകൾ പറഞ്ഞു, അതു പറയു​മ്പോൾ എന്റെ കൈകൾ വിറയ്‌ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സാക്ഷീ​ക​രി​ക്കാ​നുള്ള എന്റെ ആദ്യത്തെ ശ്രമമാ​യി​രു​ന്നു അത്‌. പിന്നീട്‌ പ്രസം​ഗ​വേ​ല​യിൽ അദ്ദേഹ​ത്തോ​ടൊ​പ്പം പോകാ​നാ​യി യാൻസൻ സഹോ​ദരൻ എന്നെ ക്ഷണിച്ചു. ആദ്യം​തന്നെ, ബൈബിൾ പഠിപ്പി​ക്ക​ലു​കൾ ഞാൻ പൂർണ​മാ​യി മനസ്സി​ലാ​ക്കു​ക​യും അവയോ​ടു യോജി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടോ എന്നറി​യാ​നാ​യി അടിസ്ഥാന വിശ്വാ​സ​ങ്ങ​ളിൽ എനിക്കുള്ള ഗ്രാഹ്യം അദ്ദേഹം പരി​ശോ​ധി​ച്ചു. അദ്ദേഹ​ത്തിന്‌ എന്റെ ഗ്രാഹ്യ​ത്തിൽ കുഴപ്പ​മു​ള്ള​താ​യി തോന്നി​യില്ല. നാലു വർഷ​ത്തോ​ളം ഞാൻ വെള്ളക്കാ​രു​ടെ ഒരു കമ്പനി അഥവാ സഭയു​മാ​യി സഹവസി​ച്ചു, അവിടെ കറുത്ത വർഗത്തിൽപ്പെട്ട ഒരേ​യൊ​രു വ്യക്തി​യാ​യി​രു​ന്നു ഞാൻ. ഒരു ചെറിയ കൂട്ടമാ​യി​രു​ന്നു ഞങ്ങളു​ടേത്‌; ഒരു സഹോ​ദ​രന്റെ വീട്ടി​ലാ​ണു കൂടി​വ​ന്നി​രു​ന്നത്‌.

അന്നൊക്കെ ബൈബിൾ സന്ദേശം വീട്ടു​കാ​ര​നോ​ടു പറയു​ന്ന​തി​നാ​യി ഓരോ പ്രസാ​ധ​ക​നും ഒരു സാക്ഷ്യ​ക്കാർഡ്‌ ഉണ്ടായി​രു​ന്നു. ഞങ്ങൾ ഒരു ഗ്രാമ​ഫോൺ, നാലു മിനിട്ടു നേരത്തെ പ്രഭാ​ഷ​ണ​ങ്ങ​ളു​ടെ ഏതാനും റെക്കോർഡി​ങ്ങു​കൾ, പിന്നെ ഒരു ബാഗു നിറയെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ എന്നിവ കൂടെ കൊണ്ടു​പോ​യി​രു​ന്നു.

സമയം ലാഭി​ക്കു​ന്ന​തി​നാ​യി, പ്രസാ​ധകർ ഗ്രാമ​ഫോൺ ‘കീ’ കൊടുത്ത്‌ തയ്യാറാ​ക്കി​വെ​ക്കു​മാ​യി​രു​ന്നു. വീട്ടു​കാ​രൻ വാതിൽ തുറക്കു​മ്പോൾ പ്രസാ​ധകൻ അദ്ദേഹത്തെ അഭിവാ​ദ്യം ചെയ്‌തിട്ട്‌ സാക്ഷ്യ​ക്കാർഡ്‌ കൊടു​ക്കും; അതിൽ, റെക്കോർഡു ചെയ്‌തി​രി​ക്കുന്ന പ്രഭാ​ഷ​ണ​ത്തെ​ക്കു​റിച്ച്‌ ഒരു സന്ദേശം ഉണ്ടാകും. റെക്കോർഡ്‌ പകുതി​യാ​യ​തി​നു​ശേഷം പ്രസാ​ധകൻ തന്റെ ബാഗു തുറക്കും, റെക്കോർഡ്‌ കഴിയു​മ്പോൾത്തന്നെ പ്രഭാ​ഷ​ണ​ത്തിൽ പരാമർശിച്ച പുസ്‌ത​ക​മെ​ടു​ത്തു വീട്ടു​കാ​രനു കൊടു​ക്കു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു അത്‌.

[88-ാം പേജിലെ ചതുരം/ ചിത്രങ്ങൾ]

വിശ്വസ്‌തതയുടെ ഒരു മാതൃക

ജോർജ്‌ ഫിലി​പ്‌സ്‌

ജനനം 1898

സ്‌നാപനം 1912

സംക്ഷിപ്‌ത വിവരം 1914-ൽ ഒരു സാധാരണ പയനി​യ​റാ​യി. 40 വർഷ​ത്തോ​ളം ദക്ഷിണാ​ഫ്രി​ക്ക​യിൽ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി സേവിച്ചു. 1982-ൽ മരിക്കു​ന്ന​തു​വരെ വിശ്വ​സ്‌ത​നാ​യി നില​കൊ​ണ്ടു.

ജോർജ്‌ ഫിലി​പ്‌സ്‌ ജനിച്ച​തും വളർന്ന​തു​മെ​ല്ലാം സ്‌കോ​ട്ട്‌ലൻഡി​ലെ ഗ്ലാസ്‌ഗോ​യി​ലാണ്‌. 1914-ൽ 16 വയസ്സു​ള്ള​പ്പോൾ പയനി​യ​റിങ്‌ തുടങ്ങി. 1917-ൽ ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യു​ടെ പേരിൽ തടവി​ലാ​യി. 1924-ൽ ദക്ഷിണാ​ഫ്രി​ക്ക​യിൽ സേവി​ക്കു​ന്ന​തി​നാ​യി റഥർഫോർഡ്‌ സഹോ​ദരൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ഇങ്ങനെ​യാ​ണു പറഞ്ഞത്‌: “ജോർജ്‌, ഒരുപക്ഷേ ഒരു വർഷം, അല്ലെങ്കിൽ ഒരൽപ്പം​കൂ​ടെ കൂടുതൽ.”

ദക്ഷിണാ​ഫ്രി​ക്ക​യിൽ എത്തിയ ജോർജി​നു തോന്നി​യത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “ബ്രിട്ട​നു​മാ​യി തട്ടിച്ചു​നോ​ക്കു​മ്പോൾ അവസ്ഥകൾ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു; പ്രസം​ഗ​വേ​ല​യോ​ടു ബന്ധപ്പെട്ട എല്ലാ സംഗതി​ക​ളി​ലും ബ്രിട്ട​നെ​ക്കാൾ പല ചുവടു താഴെ​യാ​യി​രു​ന്നു. മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി ആകെയു​ണ്ടാ​യി​രു​ന്നത്‌ വെറും ആറു പേർ. പ്രസംഗ പ്രവർത്ത​ന​ത്തിൽ ചെറി​യൊ​രു പങ്കുവ​ഹി​ച്ചി​രു​ന്ന​വ​രു​ടെ എണ്ണമാ​ണെ​ങ്കി​ലോ, കൂടി​പ്പോ​യാൽ 40-ഉം. കേപ്‌മു​തൽ കെനി​യ​വ​രെ​യുള്ള പ്രദേ​ശങ്ങൾ ഞങ്ങൾക്കു പ്രവർത്തി​ക്ക​ണ​മാ​യി​രു​ന്നു. ഒരു വർഷം​കൊണ്ട്‌ ഈ പ്രദേ​ശ​ത്തു​ട​നീ​ളം ഫലപ്ര​ദ​മായ ഒരു സാക്ഷ്യം എങ്ങനെ കൊടു​ക്കാ​നാണ്‌? അല്ലാ, ഞാൻ എന്തിന്‌ അതോർത്തു വിഷമി​ക്കണം? ലഭ്യമായ മാർഗങ്ങൾ ഉപയോ​ഗ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ പ്രസം​ഗ​വേല തുടങ്ങുക, അത്രതന്നെ; ബാക്കി​യെ​ല്ലാം യഹോവ നോക്കി​ക്കൊ​ള്ളും.

“ധാരാളം വർഗങ്ങ​ളും ഭാഷക​ളും​കൊ​ണ്ടു സങ്കീർണ​മായ ഒരു രാജ്യ​മാണ്‌ ദക്ഷിണാ​ഫ്രിക്ക. വ്യത്യ​സ്‌ത​രായ ഈ ആളുകളെ അടുത്ത​റി​യു​ക​യെ​ന്നത്‌ രസകര​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു. വിശാ​ല​മായ ഒരു വയലിൽ വേല സംഘടി​പ്പി​ക്കു​ന്ന​തും വേലയു​ടെ പുരോ​ഗ​തിക്ക്‌ ആവശ്യ​മായ അടിത്ത​റ​യി​ടു​ന്ന​തും അത്ര എളുപ്പ​മുള്ള കാര്യ​മ​ല്ലാ​യി​രു​ന്നു.

“ഈ വർഷങ്ങ​ളി​ലെ​ല്ലാം എന്റെ എല്ലാ ആവശ്യ​ങ്ങ​ളും നിറ​വേ​റ്റു​ന്ന​തി​നാ​യി യഹോവ സ്‌നേ​ഹ​പൂർവം ചെയ്‌ത കരുതൽ, അവന്റെ സംരക്ഷണം, വഴിന​ട​ത്തിപ്പ്‌, അനു​ഗ്രഹം എന്നിവ​യൊ​ക്കെ അനുഭ​വി​ച്ച​റി​യാൻ എനിക്കു കഴിഞ്ഞു—മുമ്പെ​ന്ന​ത്തെ​ക്കാൾ അധിക​മാ​യി. “അലംഭാ​വ​ത്തോ​ടു​കൂ​ടിയ ദൈവ​ഭക്തി വലുതായ ആദായം” ആണെന്ന വസ്‌തുത ഞാൻ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു; മാത്രമല്ല, “അത്യു​ന്ന​തന്റെ മറവിൽ വസി”ക്കുന്നതിന്‌ ഒരുവൻ യഹോ​വ​യു​ടെ സംഘട​ന​യോ​ടു പറ്റിനിൽക്കു​ക​യും യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ അവന്റെ വേല ചെയ്യാൻ കഠിന​മാ​യി ശ്രമി​ക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടെ​ന്നും ഞാൻ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.—1 തിമൊ. 6:6; സങ്കീ. 91:1.

[92-94 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

ആത്മീയമായി ബലിഷ്‌ഠ​രാ​കാൻ എന്റെ കുടും​ബത്തെ സഹായി​ക്കു​ന്നു

യോസെഫറ്റ്‌ ബൂസേൻ

ജനനം 1908

സ്‌നാപനം 1942

സംക്ഷിപ്‌ത വിവരം കുടും​ബ​നാ​ഥൻ. ജന്മനാ​ടായ സുളു​ലാൻഡിൽനിന്ന്‌ (ഇപ്പോ​ഴത്തെ ക്വാസു​ളു-നേറ്റൽ) വളരെ അകലെ ജോഹാ​ന​സ്‌ബർഗിൽ ജോലി ചെയ്യവേ സത്യം പഠിച്ചു.

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ സുളു​ലാൻഡിൽ 1908-ലായി​രു​ന്നു എന്റെ ജനനം. ആഡംബ​ര​ങ്ങ​ളൊ​ന്നും ഇല്ലാത്ത ഫാമിലെ എളിയ ജീവി​ത​ത്തിൽ തൃപ്‌ത​രാ​യി​രു​ന്നു ഞങ്ങളുടെ കുടും​ബം; എങ്കിലും 19 വയസ്സു​ള്ള​പ്പോൾ ഡുൺഡീ പട്ടണത്തി​ലെ ഒരു കടയിൽ ക്ലാർക്കാ​യി ഞാൻ ജോലി​നോ​ക്കാൻ തുടങ്ങി. അങ്ങനെ​യി​രി​ക്കെ, ദക്ഷിണാ​ഫ്രി​ക്ക​യി​ലെ സ്വർണ-ഖനന വ്യവസാ​യ​ത്തി​ന്റെ കേന്ദ്ര​മായ ജോഹാ​ന​സ്‌ബർഗിൽ ജോലി​ചെ​യ്‌തു​കൊണ്ട്‌ അനേകം ചെറു​പ്പ​ക്കാർ ധാരാളം പണം സമ്പാദി​ക്കു​ന്നു​വെന്ന്‌ ഞാൻ കേട്ടു. അങ്ങനെ ഞാൻ അവി​ടേക്കു താമസം മാറി. അവിടെ ഞാൻ വർഷങ്ങ​ളോ​ളം, പൊതു​സ്ഥ​ല​ങ്ങ​ളിൽ പരസ്യ​പോ​സ്റ്റർ ഒട്ടിക്കുന്ന ജോലി ചെയ്‌തു. അവിടത്തെ ആകർഷ​ക​മായ സ്ഥലങ്ങളും വിനോദ പ്രവർത്ത​ന​ങ്ങ​ളും സുവർണാ​വ​സ​ര​ങ്ങ​ളും ഒക്കെ എന്നെ വല്ലാതെ അത്ഭുത​പ്പെ​ടു​ത്തി. എന്നാൽ ആ നഗരജീ​വി​തം ഞങ്ങളുടെ ആളുക​ളു​ടെ ധാർമിക മൂല്യ​ങ്ങൾക്കു വിള്ളൽ വീഴ്‌ത്തു​ന്നു​വെന്ന യാഥാർഥ്യം ഞാൻ പെട്ടെ​ന്നു​തന്നെ തിരി​ച്ച​റി​ഞ്ഞു. പല യുവാ​ക്ക​ളും ഗ്രാമ​ങ്ങ​ളിൽ താമസി​ച്ചി​രുന്ന തങ്ങളുടെ കുടും​ബ​ങ്ങളെ മറന്നു. എന്നാൽ ഞാനെന്റെ കുടും​ബത്തെ മറന്നില്ല; പതിവാ​യി വീട്ടി​ലേക്കു പണം അയയ്‌ക്കു​ക​യും ചെയ്‌തു. 1939-ൽ സുളു​ലാൻഡിൽനി​ന്നുള്ള ഒരു പെൺകു​ട്ടി​യെ ഞാൻ വിവാ​ഹം​ക​ഴി​ച്ചു. ക്ലോഡിന എന്നായി​രു​ന്നു അവളുടെ പേര്‌. വിവാ​ഹ​ത്തി​നു​ശേ​ഷ​വും 400 കിലോ​മീ​റ്റർ അകലെ ജോഹാ​ന​സ്‌ബർഗിൽ ഞാൻ ജോലി തുടർന്നു. എന്റെ സമപ്രാ​യ​ക്കാ​രിൽ പലരും അതുത​ന്നെ​യാ​ണു ചെയ്‌തത്‌. ഏറെക്കാ​ലം കുടും​ബത്തെ പിരി​ഞ്ഞി​രി​ക്കു​ന്നതു വേദനാ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും, നല്ല നിലയിൽ ജീവി​ക്കാൻ കുടും​ബത്തെ സഹായി​ക്കേണ്ട കടമയു​ണ്ടെന്ന്‌ എനിക്കു തോന്നി.

ജോഹാ​ന​സ്‌ബർഗിൽവെച്ച്‌ ഏലിയാസ്‌ എന്ന ഒരു സുഹൃ​ത്തും ഞാനും സത്യമതം അന്വേ​ഷി​ച്ചു കണ്ടുപി​ടി​ക്കാൻ തീരു​മാ​നി​ച്ചു. അടുത്തുള്ള പള്ളിക​ളെ​ല്ലാം ഞങ്ങൾ കയറി​യി​റങ്ങി. എന്നാൽ ഞങ്ങളെ തൃപ്‌തി​പ്പെ​ടു​ത്തുന്ന ഒന്നു​പോ​ലും കണ്ടെത്താ​നാ​യില്ല. അങ്ങനെ​യി​രി​ക്കെ ഏലിയാസ്‌ യഹോ​വ​യു​ടെ സാക്ഷി​കളെ കണ്ടുമു​ട്ടി. ഞാനും ഏലിയാ​സും ജോഹാ​ന​സ്‌ബർഗി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സഭയോ​ടൊത്ത്‌ ക്രമമാ​യി സഹവസി​ക്കാൻ തുടങ്ങി. അവിടത്തെ കറുത്ത​വർഗ​ക്കാ​രു​ടെ ആദ്യത്തെ സഭയാ​യി​രു​ന്നു അത്‌. യഹോ​വ​യ്‌ക്ക്‌ ജീവിതം സമർപ്പി​ച്ച​തി​നു​ശേഷം 1942-ൽ സൊ​വേ​റ്റോ​യിൽവെച്ച്‌ ഞാൻ സ്‌നാ​പ​ന​മേറ്റു. സുളു​ലാൻഡി​ലെ വീട്ടി​ലേക്കു പോകു​മ്പോ​ഴൊ​ക്കെ എന്റെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ ക്ലോഡി​ന​യോ​ടു പറയാൻ ഞാൻ ശ്രമി​ച്ചി​രു​ന്നു. പക്ഷേ പള്ളിക്കാ​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു അവളുടെ ശ്രദ്ധ മുഴുവൻ.

എന്നാൽ അവൾ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങളെ അവളുടെ ബൈബി​ളു​മാ​യി താരത​മ്യം ചെയ്യാൻ തുടങ്ങി. ക്രമേണ ദൈവ​വ​ച​ന​ത്തി​ലെ സത്യം അവളുടെ ഹൃദയ​ത്തി​ലെത്തി. 1945-ൽ അവൾ സ്‌നാ​പ​ന​മേറ്റു. ബൈബിൾസ​ത്യം, ഞങ്ങളുടെ കുട്ടി​ക​ളിൽ ഉൾനട്ടു​കൊ​ണ്ടും അയൽക്കാ​രു​മാ​യി പങ്കു​വെ​ച്ചു​കൊ​ണ്ടും അവൾ തീക്ഷ്‌ണ​ത​യുള്ള ഒരു ക്രിസ്‌തീയ ശുശ്രൂ​ഷ​ക​യാ​യി സേവിച്ചു. ഇതിനി​ടെ ബൈബിൾസ​ത്യം മനസ്സി​ലാ​ക്കാൻ ജോഹാ​ന​സ്‌ബർഗിൽ ചിലരെ സഹായി​ക്കു​ന്ന​തിന്‌ എനിക്കു കഴിഞ്ഞു. 1945 ആയപ്പോ​ഴേ​ക്കും ജോഹാ​ന​സ്‌ബർഗി​ന്റെ പ്രാന്ത​പ്ര​ദേ​ശത്ത്‌ കറുത്ത വർഗക്കാ​രു​ടെ നാലു സഭകൾ ഉണ്ടായി. ഞാൻ ‘സ്‌മോൾ മാർക്കറ്റ്‌’ സഭയിൽ കമ്പനി​ദാ​സ​നാ​യി സേവിച്ചു. അങ്ങനെ​യി​രി​ക്കെ, ജോലി​ക്കാ​യി വീട്ടിൽനിന്ന്‌ അകന്നു താമസി​ക്കുന്ന വിവാ​ഹി​ത​രായ പുരു​ഷ​ന്മാർക്ക്‌, കുടും​ബ​നാ​ഥ​ന്മാ​രെന്ന നിലയി​ലുള്ള ഉത്തരവാ​ദി​ത്വ​ങ്ങൾക്ക്‌ കൂടുതൽ ശ്രദ്ധ നൽകു​ന്ന​തി​നാ​യി വീട്ടി​ലേക്കു മടങ്ങി​ച്ചെ​ല്ലാ​നുള്ള തിരു​വെ​ഴു​ത്തു​പ​ര​മായ നിർദേശം ലഭിച്ചു.—എഫെസ്യർ 5:28-31; 6:4.

അങ്ങനെ 1949-ൽ, യഹോവ ആഗ്രഹി​ക്കുന്ന വിധത്തിൽ കുടും​ബത്തെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ഞാൻ ജോഹാ​ന​സ്‌ബർഗി​ലെ ജോലി വിട്ടു. നാട്ടിൽ തിരി​ച്ചെ​ത്തിയ ഞാൻ കന്നുകാ​ലി​കളെ പരി​ശോ​ധി​ക്കുന്ന ഒരു ഉദ്യോ​ഗ​സ്ഥന്റെ സഹായി​യാ​യി ജോലി ചെയ്യാൻ തുടങ്ങി. കിട്ടുന്ന തുച്ഛമായ വരുമാ​നം​കൊണ്ട്‌ ആറു കുട്ടി​ക​ളുള്ള ഒരു കുടും​ബം പോറ്റുക ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ചെലവു നടത്തു​ന്ന​തി​നാ​യി ഞാൻ വീട്ടിൽ കൃഷി​ചെയ്‌ത പച്ചക്കറി​ക​ളും ചോള​വും വിൽക്കാ​നും തുടങ്ങി. ഞങ്ങൾ ഭൗതി​ക​മാ​യി സമ്പന്നര​ല്ലാ​യി​രു​ന്നെ​ങ്കി​ലും, മത്തായി 6:19, 20-ലെ യേശു​വി​ന്റെ വാക്കു​കൾക്കു ശ്രദ്ധ കൊടു​ത്ത​തി​നാൽ ആത്മീയ​മാ​യി ഞങ്ങൾ സമ്പന്നരാ​യി​രു​ന്നു.

ഈ ആത്മീയ നിക്ഷേ​പങ്ങൾ സ്വന്തമാ​ക്കു​ന്ന​തിന്‌ കഠിനാ​ധ്വാ​നം കൂടിയേ തീരൂ, ജോഹാ​ന​സ്‌ബർഗി​ലെ ഖനിക​ളിൽ സ്വർണ​ത്തി​നാ​യി കുഴി​ക്കു​ന്ന​തു​പോ​ലെ​തന്നെ. ദിവസ​വും വൈകു​ന്നേരം ഞാൻ കുട്ടി​ക​ളോ​ടൊ​പ്പം ഒരു ബൈബിൾഭാ​ഗം വായി​ക്കു​മാ​യി​രു​ന്നു. എന്നിട്ട്‌ അതിൽനിന്ന്‌ എന്തു പഠി​ച്ചെന്ന്‌ ഓരോ​രു​ത്ത​രോ​ടും ചോദി​ക്കും. വാരാ​ന്ത​ങ്ങ​ളിൽ ഞാൻ ഓരോ​രു​ത്ത​രെ​യും കൂട്ടി പ്രസം​ഗ​വേ​ല​യ്‌ക്കു പോകു​മാ​യി​രു​ന്നു. ഒരു കളപ്പു​ര​യിൽനിന്ന്‌ അടുത്ത​തി​ലേക്കു പോകു​മ്പോൾ, വഴിമ​ധ്യേ ഞാൻ തിരു​വെ​ഴു​ത്തിൽനി​ന്നുള്ള ആശയങ്ങൾ അവരു​മാ​യി ചർച്ച ചെയ്യു​ക​യും ബൈബി​ളി​ലെ ഉയർന്ന ധാർമിക നിലവാ​രങ്ങൾ അവരുടെ മനസ്സിൽ പതിപ്പി​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.—ആവ. 6:6, 7.

വർഷങ്ങ​ളോ​ളം, സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ ഞങ്ങളുടെ അതിഥി​ക​ളാ​യി. അവർക്ക്‌ ആതിഥ്യ​മ​രു​ളാൻ പറ്റിയ മറ്റു വീടുകൾ ഇല്ലായി​രു​ന്നു എന്നതാണു കാരണം. ഈ സഹോ​ദ​ര​ന്മാ​രും അവരുടെ ഭാര്യ​മാ​രും ഞങ്ങളുടെ മക്കളു​ടെ​മേൽ ഒരു നല്ല സ്വാധീ​ന​മാ​യി​രു​ന്നു. മുഴു​സമയ ശുശ്രൂ​ഷ​ക​രാ​യി​ത്തീ​രു​ന്ന​തി​നുള്ള ആഗ്രഹം കുട്ടി​ക​ളിൽ ഉൾനടാൻ അവർക്കു കഴിഞ്ഞു. ഞങ്ങൾക്ക്‌ അഞ്ച്‌ ആൺകു​ട്ടി​ക​ളും ഒരു പെൺകു​ട്ടി​യു​മാ​യി​രു​ന്നു. അവരെ​ല്ലാം വളർന്ന്‌ ആത്മീയ​മാ​യി ബലിഷ്‌ഠ​രായ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നി​രി​ക്കു​ന്നു. കുടും​ബ​ത്തി​ന്റെ ആത്മീയാ​വ​ശ്യ​ത്തി​നു കൂടുതൽ ശ്രദ്ധ നൽകാൻ എന്നെ​പ്പോ​ലു​ള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന നിർദേശം നൽകി​യ​തിന്‌ യഹോ​വ​യു​ടെ സംഘട​ന​യോ​ടു ഞാൻ എത്ര നന്ദിയു​ള്ള​വ​നാ​ണെ​ന്നോ! അതിലൂ​ടെ ലഭിച്ച അനു​ഗ്ര​ഹങ്ങൾ പണം​കൊ​ടു​ത്തു വാങ്ങാൻ കഴിയുന്ന എന്തി​നെ​ക്കാ​ളും വലുതാണ്‌.—സദൃ. 10:22.

യോസെഫറ്റ്‌ ബൂസേൻ സഹോ​ദരൻ 1998-ൽ മരിക്കു​ന്ന​തു​വരെ വിശ്വ​സ്‌ത​നാ​യി യഹോ​വയെ സേവിച്ചു. അദ്ദേഹ​ത്തി​ന്റെ മക്കളിൽ ഇപ്പോൾ ജീവി​ച്ചി​രി​ക്കുന്ന എല്ലാവ​രും തങ്ങളുടെ ആത്മീയ പൈതൃ​കം വിലമ​തി​ക്കു​ന്ന​തിൽ തുടരു​ന്നു. തിയോ​ഫി​ലസ്‌ എന്ന മകൻ സഞ്ചാര മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു. ബൂസേൻ സഹോ​ദ​ര​നെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്കാ​യി 1993 ഒക്ടോബർ 8 ലക്കം “ഉണരുക!”യുടെ (ഇംഗ്ലീഷ്‌) 19 മുതൽ 22 വരെയുള്ള പേജുകൾ വായി​ക്കുക.

[96, 97 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

“രാജ്യ​സേ​വനം യഹോ​വ​യോട്‌ അടുക്കാൻ എന്നെ സഹായി​ച്ചു”

തോമസ്‌ സ്‌കോ​സോ​നോ

ജനനം 1894

സ്‌നാപനം 1941

സംക്ഷിപ്‌ത വിവരം ഒരു പയനി​യ​റെന്ന നിലയിൽ ആളുകൾക്ക്‌ ആത്മീയ സഹായം നൽകാൻ അഞ്ചു ഭാഷ പഠിച്ചു.

ഒരു സ്‌കൂ​ള​ധ്യാ​പകൻ, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ചില ചെറു​പു​സ്‌ത​കങ്ങൾ എനിക്കു തന്നു, 1938-ലായി​രു​ന്നു അത്‌. ജോഹാ​ന​സ്‌ബർഗിന്‌ ഏകദേശം 60 കിലോ​മീ​റ്റർ കിഴക്ക്‌ ഡെൽമോസ്‌ പട്ടണത്തി​ലുള്ള വെസ്‌ലി​യൻ മെഥഡിസ്റ്റ്‌ സഭയിലെ ഒരു പ്രസം​ഗ​ക​നാ​യി​രു​ന്നു ഞാന​പ്പോൾ. വളരെ​ക്കാ​ല​മാ​യി ബൈബി​ളിൽ താത്‌പ​ര്യ​മുള്ള ഒരു വ്യക്തി​യാ​യി​രു​ന്നു ഞാൻ. ദേഹി അമർത്യ​മാ​ണെ​ന്നാണ്‌ സഭ പഠിപ്പി​ച്ചി​രു​ന്നത്‌, ദുഷ്ടന്മാർ നരകത്തിൽ ദണ്ഡനം അനുഭ​വി​ക്കു​മെ​ന്നും. എന്നാൽ ഇതു സത്യമ​ല്ലെന്ന്‌ ആ ചെറു​പു​സ്‌തകം ബൈബി​ളിൽനിന്ന്‌ എനിക്കു കാണി​ച്ചു​തന്നു. (സങ്കീ. 37:38; യെഹെ. 18:4) സ്വർഗ​ത്തി​ലേക്കു പോകു​ന്ന​തി​നു​പ​കരം ദൈവ​ജ​ന​ത്തിൽ ഭൂരി​ഭാ​ഗ​വും പറുദീ​സാ ഭൂമി​യിൽ നിത്യ​ജീ​വൻ ആസ്വദി​ക്കു​മെ​ന്നും ഞാൻ മനസ്സി​ലാ​ക്കി.—സങ്കീ. 37:29; മത്താ. 6:9, 10.

ഈ സത്യങ്ങൾ അറിഞ്ഞ​പ്പോൾ എനിക്ക്‌ ഒരുപാ​ടു സന്തോഷം തോന്നി. എന്റെ പള്ളിയി​ലു​ള്ള​വ​രോ​ടു പ്രസം​ഗി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. എന്നാൽ എന്റെ കൂട്ടു​വി​ശ്വാ​സി​കൾക്ക്‌ എന്നോട്‌ എതിർപ്പാ​യി​രു​ന്നു, എന്നെ പുറത്താ​ക്കാൻ അവർ പദ്ധതി​യി​ടു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ ഞാൻ പള്ളി ഉപേക്ഷിച്ച്‌, ഡെൽമോ​സി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ചെറിയ കൂട്ട​ത്തോ​ടൊ​പ്പം സഹവസി​ക്കാൻ തുടങ്ങി. 1941-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു, 1943-ൽ പയനി​യ​റിങ്‌ ആരംഭി​ച്ചു.

രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യം ഉണ്ടായി​രുന്ന റുസ്റ്റൻബുർഗി​ലേക്കു ഞാൻ താമസം മാറ്റി. ഒരു അപരി​ചി​ത​നാ​യ​തി​നാൽ, താമസ​സൗ​ക​ര്യ​ത്തി​നും അവിടെ ജീവി​ക്കാ​നുള്ള അനുമതി നേടി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി സ്ഥലത്തെ മുഖ്യന്റെ സഹായം തേടണ​മാ​യി​രു​ന്നു. അനുമ​തി​പ​ത്രം ലഭിക്കു​ന്ന​തിന്‌ 12 പൗണ്ട്‌ കൊടു​ക്കേ​ണ്ടി​വ​രു​മെന്ന്‌ അദ്ദേഹം പറഞ്ഞു. അതു കൊടു​ക്കാൻ എനിക്കു കഴിയി​ല്ലാ​യി​രു​ന്നു, എന്നാൽ അവി​ടെ​യു​ണ്ടാ​യി​രുന്ന വെള്ളക്കാ​ര​നായ ഒരു സഹോ​ദരൻ എന്റെ തുണയ്‌ക്കെത്തി. ദയാലു​വായ അദ്ദേഹം ആ പണം കൊടു​ക്കു​ക​യും പയനിയർ സേവന​ത്തിൽ തുടരാൻ തക്കവണ്ണം എന്നെ സാമ്പത്തി​ക​മാ​യി സഹായി​ക്കു​ക​യും ചെയ്‌തു. ഞാൻ അധ്യയ​ന​മെ​ടുത്ത ഒരാൾ നല്ല പുരോ​ഗതി വരുത്തി. ഞാൻ അവി​ടെ​നി​ന്നു പോന്ന​തി​നു​ശേഷം അദ്ദേഹം ഒരു സഭാദാ​സ​നാ​യി നിയമി​ക്ക​പ്പെട്ടു.

പിന്നീട്‌ ഞാൻ പടിഞ്ഞാറ്‌ ലിച്ച്‌റ്റെൻബുർഗി​ലേക്കു മാറി. ഇത്തവണ പട്ടണത്തിൽ കറുത്ത​വർഗ​ക്കാർ താമസി​ക്കുന്ന പ്രദേ​ശത്തു താമസി​ക്കു​ന്ന​തിന്‌ എനിക്ക്‌ വെള്ളക്കാ​ര​നായ ഒരു സൂപ്ര​ണ്ടി​ന്റെ അനുമതി തേടണ​മാ​യി​രു​ന്നു. എന്നാൽ അദ്ദേഹം അനുമതി നൽകാൻ കൂട്ടാ​ക്കി​യില്ല. അധികം അകലെ​യ​ല്ലാ​തെ, മാഫി​കെൻങ്‌ എന്ന പട്ടണത്തിൽ താമസി​ച്ചി​രുന്ന വെള്ളക്കാ​ര​നായ ഒരു പയനി​യ​റോട്‌ ഞാൻ സഹായം ചോദി​ച്ചു. ഞങ്ങൾ ഒരുമിച്ച്‌ സൂപ്ര​ണ്ടി​നെ കാണാൻ പോയി. അദ്ദേഹം എന്താണു പറഞ്ഞ​തെ​ന്നോ? “നിങ്ങ​ളെ​പ്പോ​ലു​ള്ളവർ ഇവിടെ താമസി​ക്കണ്ട; നരകമി​ല്ലെന്നു പഠിപ്പി​ക്കു​ന്ന​വ​രല്ലേ നിങ്ങൾ? തീനര​ക​ത്തിൽ പോകു​മെന്ന പേടി​യി​ല്ലെ​ങ്കിൽ പിന്നെ ആളുകൾ എങ്ങനെ നന്മ ചെയ്യും?”

അനുമതി കിട്ടാ​തി​രു​ന്ന​തി​നാൽ ഞാൻ മാഫി​കെൻങ്ങി​ലേക്കു താമസം മാറി. അവിടെ ഇപ്പോ​ഴും ഒരു സാധാരണ പയനി​യ​റാ​യി സേവി​ക്കു​ന്നു. എന്റെ മാതൃ​ഭാഷ സുളു​വാണ്‌. എന്നാൽ സത്യം പഠിച്ച ഉടൻതന്നെ ഇംഗ്ലീഷ്‌ പഠിക്കാൻ ഞാൻ തീരു​മാ​നി​ച്ചു; എന്തിനാ​ണെ​ന്നോ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എല്ലാ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കു​ന്ന​തിന്‌. ഇത്‌ ആത്മീയ​മാ​യി വളരാൻ എന്നെ സഹായി​ച്ചു.

ഫലകര​മാ​യി ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തി​നു​വേണ്ടി, ഞാൻ സെസോ​ത്തോ, ഘോസ, ത്‌സ്വാന എന്നീ ഭാഷകൾ സംസാ​രി​ക്കാൻ പഠിച്ചു. പിന്നെ അൽപ്പം ആഫ്രി​ക്കാൻസും. വർഷങ്ങൾകൊണ്ട്‌, ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ന്ന​തിന്‌ അനേകരെ സഹായി​ക്കാ​നുള്ള പദവി എനിക്കു ലഭിച്ചു, അവരിൽ നാലു​പേർ ഇപ്പോൾ മൂപ്പന്മാ​രാ​യി സേവി​ക്കു​ന്നു. മുഴു​സമയ സേവനം എന്റെ ആരോ​ഗ്യ​ത്തി​നും പ്രയോ​ജനം ചെയ്‌തി​രി​ക്കു​ന്നു.

ഈ പ്രായം​വരെ തന്നെ സേവി​ക്കാൻ അനുവ​ദി​ച്ച​തിന്‌ ഞാൻ യഹോ​വ​യോ​ടു നന്ദി പറയുന്നു. എനിക്ക്‌ അറിവു നേടാൻ കഴിഞ്ഞ​തും വയലിൽ വിജയി​ക്കാൻ കഴിഞ്ഞ​തും എന്റെ ശക്തി​കൊ​ണ്ടല്ല. യഹോവ പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. എല്ലാറ്റി​ലും ഉപരി, തുടർച്ച​യായ മുഴു​സമയ രാജ്യ​സേ​വനം യഹോ​വ​യോട്‌ അടുക്കാൻ എന്നെ സഹായി​ച്ചു. അവനിൽ ആശ്രയി​ക്കാൻ അതെന്നെ പഠിപ്പി​ച്ചു.

1982-ലാണ്‌ ഈ അഭിമു​ഖം നടന്നത്‌. യഹോ​വ​യു​ടെ ഒരു അഭിഷി​ക്ത​നെ​ന്ന​നി​ല​യിൽ സ്‌കോ​സോ​നോ സഹോ​ദരൻ വിശ്വ​സ്‌ത​നാ​യി തുടർന്നു. 1992-ൽ അദ്ദേഹം മരിച്ചു.

[100, 101 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​കൻ

മിൽട്ടൺ ബാർട്ട്‌ലെറ്റ്‌

ജനനം 1923

സ്‌നാപനം 1939

സംക്ഷിപ്‌ത വിവരം ദക്ഷിണാ​ഫ്രി​ക്ക​യി​ലെ​ത്തിയ, ഗിലെ​യാദ്‌ പരിശീ​ലനം നേടിയ ആദ്യത്തെ മിഷനറി. രാജ്യ​താ​ത്‌പ​ര്യ​ങ്ങ​ളു​ടെ ഉന്നമന​ത്തി​നാ​യി കഠിനാ​ധ്വാ​നം ചെയ്‌തു, വിശേ​ഷി​ച്ചും കറുത്ത​വർഗ​ക്കാർക്കി​ട​യിൽ.

മിൽട്ടൺ ബാർട്ട്‌ലെറ്റ്‌ 1946 ഡിസം​ബ​റി​ലാണ്‌ കേപ്‌ടൗ​ണി​ലെ​ത്തി​യത്‌, ഗിലെ​യാദ്‌ പരിശീ​ലനം നേടി ദക്ഷിണാ​ഫ്രി​ക്ക​യി​ലെ​ത്തിയ ആദ്യത്തെ മിഷന​റി​യാ​യി​രു​ന്നു അദ്ദേഹം. സർക്കിട്ട്‌, ഡിസ്‌ട്രി​ക്‌റ്റ്‌ വേലയ്‌ക്ക്‌ ആരംഭം കുറി​ക്കു​ക​യെന്ന തന്റെ നിയമനം അദ്ദേഹം ഭംഗി​യാ​യി നിർവ​ഹി​ച്ചു. ആ സമയത്ത്‌ ഡിസ്‌ട്രി​ക്‌റ്റ്‌ മേൽവി​ചാ​ര​ക​നാ​യി അദ്ദേഹം മാത്ര​മാണ്‌ ഉണ്ടായി​രു​ന്നത്‌. തുടർന്നു​വന്ന വർഷങ്ങ​ളിൽ ദക്ഷിണാ​ഫ്രി​ക്ക​യിൽ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന​തിൽ സഞ്ചാര​മേൽവി​ചാ​ര​ക​ന്മാർ വലിയ പങ്കുവ​ഹി​ച്ചു, പ്രത്യേ​കിച്ച്‌ കറുത്ത വർഗക്കാർക്കി​ട​യിൽ.

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ കണ്ണിലു​ണ്ണി​യാ​യി​രു​ന്നു മിൽട്ടൺ സഹോ​ദരൻ. സഹോ​ദ​രങ്ങൾ അവരുടെ പ്രശ്‌നങ്ങൾ അദ്ദേഹ​ത്തോ​ടു പറഞ്ഞ​പ്പോ​ഴൊ​ക്കെ അദ്ദേഹം ക്ഷമയോ​ടെ ശ്രദ്ധ​വെച്ചു കേട്ടി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ സഹോ​ദ​രങ്ങൾ പൊതു​വിൽ അഭിമു​ഖീ​ക​രി​ച്ചി​രുന്ന പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ബ്രാഞ്ച്‌ ഓഫീ​സിന്‌ വിശദ​വും കൃത്യ​വു​മായ റിപ്പോർട്ട്‌ നൽകാൻ അദ്ദേഹ​ത്തി​നു സാധിച്ചു. സഹോ​ദ​ര​ങ്ങ​ളു​ടെ പെരു​മാ​റ്റ​വും ആരാധ​നാ​രീ​തി​യും ബൈബിൾത​ത്ത്വ​ങ്ങ​ളു​മാ​യി കൂടുതൽ ചേർച്ച​യിൽ കൊണ്ടു​വ​രാൻ ഇതു സഹായ​ക​മാ​യി.

തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റിച്ച്‌ നല്ല അറിവുള്ള വ്യക്തി​യാ​യി​രു​ന്നു മിൽട്ടൺ; മാത്രമല്ല അദ്ദേഹം നല്ലൊരു അധ്യാ​പ​ക​നു​മാ​യി​രു​ന്നു. അതാണ്‌ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാൻ അദ്ദേഹത്തെ പ്രാപ്‌ത​നാ​ക്കി​യത്‌. ഒരു വെള്ളക്കാ​ര​നായ അദ്ദേഹ​ത്തിന്‌ കറുത്ത​വർഗ​ക്കാർ താമസി​ക്കുന്ന മേഖല​ക​ളിൽ പ്രവേ​ശി​ക്കു​ന്ന​തിന്‌ വർണവി​വേ​ച​ന​നയം പിൻപ​റ്റി​യി​രുന്ന അധികാ​രി​ക​ളു​ടെ അനുമതി വേണമാ​യി​രു​ന്നു; മിൽട്ടൺ സഹോ​ദ​രന്റെ ദൃഢനി​ശ്ച​യ​വും സ്ഥിരോ​ത്സാ​ഹ​വും ഇക്കാര്യ​ത്തിൽ അദ്ദേഹ​ത്തി​നു തുണയാ​യി. മുൻവി​ധി​യുള്ള ചില അധികാ​രി​കൾ പലപ്പോ​ഴും അനുമതി നൽകാൻ വിസമ്മ​തി​ച്ചു. അപ്പോ​ഴൊ​ക്കെ അദ്ദേഹ​ത്തിന്‌ ടൗൺ കൗൺസിൽ പോലുള്ള ഉന്നതാ​ധി​കാ​രി​ക​ളു​ടെ സഹായം തേടേ​ണ്ടി​വന്നു. അത്തരം സാഹച​ര്യ​ങ്ങ​ളിൽ കൗൺസിൽ അടുത്ത യോഗം കൂടി മറി​ച്ചൊ​രു തീരു​മാ​നം എടുക്കു​ന്ന​തു​വരെ അദ്ദേഹം കാത്തി​രി​ക്ക​ണ​മാ​യി​രു​ന്നു. ഒന്നല്ലെ​ങ്കിൽ മറ്റൊ​രു​വി​ധ​ത്തിൽ അദ്ദേഹം കറുത്ത​വർഗ​ക്കാർ താമസി​ക്കുന്ന മിക്ക സ്ഥലങ്ങളി​ലേ​ക്കും പ്രവേ​ശനം തരപ്പെ​ടു​ത്തി.

ചില​പ്പോൾ മിൽട്ടന്റെ പ്രസം​ഗ​ത്തി​ന്റെ ഉള്ളടക്കം അറിയാ​നാ​യി രഹസ്യ പോലീ​സി​നെ അയയ്‌ക്കു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ കമ്മ്യൂ​ണിസ്റ്റ്‌ പ്രക്ഷോ​ഭ​ക​രാ​ണെ​ന്നുള്ള ക്രൈ​സ്‌തവ പുരോ​ഹി​ത​ന്മാ​രു​ടെ ആരോ​പ​ണ​മാ​യി​രു​ന്നു ഇതിന്റെ ഒരു കാരണം. ഒരിക്കൽ ഒരു സമ്മേള​ന​ത്തി​ന്റെ കുറി​പ്പു​ക​ളെ​ടു​ക്കാ​നാ​യി കറുത്ത​വർഗ​ക്കാ​ര​നായ ഒരു പോലീ​സു​കാ​രനെ അയച്ചു. അതി​നെ​ക്കു​റിച്ച്‌ ഏകദേശം 20 വർഷത്തി​നു​ശേഷം മിൽട്ടൺ എഴുതി: “അതിനു ഗുണമു​ണ്ടാ​യി. ആ വാരാ​ന്ത​ത്തിൽ കേട്ട കാര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ ആ പോലീ​സു​കാ​രൻ സത്യം സ്വീക​രി​ച്ചു, ഇപ്പോ​ഴും അദ്ദേഹം വിശ്വാ​സ​ത്തിൽ ബലിഷ്‌ഠ​നാ​യി നില​കൊ​ള്ളു​ന്നു.”

ദക്ഷിണാ​ഫ്രി​ക്ക​യിൽ എത്തു​മ്പോൾ, 23-കാരനായ ഒരു അവിവാ​ഹി​ത​നാ​യി​രു​ന്നു മിൽട്ടൺ. അന്ന്‌ അവിടത്തെ പ്രസാ​ധ​ക​രു​ടെ എണ്ണം വെറും 3,867. ദക്ഷിണാ​ഫ്രി​ക്ക​യി​ലെ 26 വർഷത്തെ അദ്ദേഹ​ത്തി​ന്റെ സേവന​ത്തി​നു​ശേഷം പ്രസാ​ധ​ക​രു​ടെ എണ്ണം 24,005-ലെത്തി. 1973-ൽ മിൽട്ട​ണും ഭാര്യ ഷീലയ്‌ക്കും ഒരു വയസ്സുള്ള പുത്രൻ ജേസണും മിൽട്ടന്റെ പ്രായ​മായ മാതാ​പി​താ​ക്കളെ പരിപാ​ലി​ക്കു​ന്ന​തി​നു​വേണ്ടി ഐക്യ​നാ​ടു​ക​ളി​ലേക്കു തിരി​കെ​പ്പോ​കേ​ണ്ടി​വന്നു. 1999-ൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ വിപു​ല​മാ​ക്കിയ ബ്രാഞ്ച്‌ സൗകര്യ​ങ്ങ​ളു​ടെ സമർപ്പ​ണ​ത്തിൽ പങ്കെടു​ക്കാ​നെ​ത്തിയ മിൽട്ട​ന്റെ​യും ഷീലയു​ടെ​യും ഫോ​ട്ടോ​യാണ്‌ ഈ പേജിൽ കൊടു​ത്തി​രി​ക്കു​ന്നത്‌. 26 വർഷത്തെ ഇടവേ​ള​യ്‌ക്കു​ശേഷം തങ്ങളുടെ സ്‌നേ​ഹ​പ്ര​വൃ​ത്തി​കൾ മനസ്സിൽ സൂക്ഷി​ക്കുന്ന പഴയ സുഹൃ​ത്തു​ക്കളെ വീണ്ടും കാണാ​നാ​യത്‌ അവരെ എത്ര ആഹ്ലാദ​ഭ​രിത രാക്കി​യെ​ന്നോ!

[ചിത്രം]

മിൽട്ടൺ ബാർട്ട്‌ലെ​റ്റും ഷീലയും, 1999-ൽ

[107-ാം പേജിലെ ചതുരം/ ചിത്രം]

മനം കവരുന്ന ഒരു ദൃശ്യം

കേപ്‌ടൗൺ പട്ടണത്തെ മനോ​ഹ​രി​യാ​ക്കുന്ന ഒരു അതുല്യ സവി​ശേ​ഷ​ത​യാണ്‌ ടേബിൾ മൗണ്ടെയ്‌ൻ. ആഫ്രി​ക്ക​യു​ടെ മുഖം ഏറ്റവും സുന്ദര​മാ​യി​രി​ക്കു​ന്നത്‌ ഇവി​ടെ​യാ​ണെ​ന്നാണ്‌ ചിലരു​ടെ പക്ഷം.

വേനൽക്കാ​ലത്തു ചില​പ്പോൾ ഈ പീഠഭൂ​മി കണ്ടാൽ മനോ​ഹ​ര​മാ​യി വിരി​ച്ചൊ​രു​ക്കിയ ഒരു മേശയാ​ണോ​യെന്നു തോന്നി​പ്പോ​കും. പർവത​ച്ചെ​രി​വു​ക​ളി​ലേക്ക്‌ അടിച്ചു​ക​യ​റുന്ന ശക്തമായ കാറ്റ്‌ കനത്ത മേഘപ​ട​ല​ങ്ങൾക്കു രൂപം​നൽകു​ന്നു. ഈർപ്പം ഘനീഭ​വി​ച്ചു​ണ്ടാ​കുന്ന ഈ മേഘപ​ട​ല​ങ്ങ​ളാണ്‌ ടേബിൾ മൗണ്ടെ​യ്‌നു​മേൽ വിരി​പ്പൊ​രു​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ “മേശവി​രി”യെന്ന വിശേ​ഷണം ഈ മേഘപ​ട​ല​ത്തി​നു നന്നേ ഇണങ്ങും.

[114-117 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

തടവറയിലുംവിശ്വസ്‌തതയോടെ

റോവെൻ ബ്രൂക്‌സു​മാ​യുള്ള അഭിമു​ഖം

ജനനം 1952

സ്‌നാപനം 1969

സംക്ഷിപ്‌ത വിവരം ക്രിസ്‌തീയ നിഷ്‌പ​ക്ഷ​ത​യെ​പ്രതി 1970 ഡിസംബർ മുതൽ 1973 മാർച്ച്‌ വരെ തടവിൽ കഴിഞ്ഞു. 1973-ൽ സാധാരണ പയനി​യ​റി​ങ്ങും 1974-ൽ ബെഥേൽ സേവന​വും ആരംഭി​ച്ചു. ഇപ്പോൾ ബ്രാഞ്ച്‌ കമ്മിറ്റി അംഗമാണ്‌.

തടങ്കൽപ്പാളയത്തിലെ അവസ്ഥ എങ്ങനെ​യു​ള്ള​താ​യി​രു​ന്നു?

രണ്ടു നിരക​ളാ​യി അറകളുള്ള നീണ്ട ബ്ലോക്കു​ക​ളാ​യി​രു​ന്നു പാളയങ്ങൾ. ഓരോ നിരയി​ലും 34 അറകളും അവയോ​ടു ചേർന്ന്‌ മുൻവ​ശത്ത്‌ ഓരോ നടപ്പാ​ത​യും അവയ്‌ക്ക്‌ ഇടയിൽ മധ്യത്തി​ലാ​യി ഒരു അഴുക്കു​ചാ​ലും ഉണ്ടായി​രു​ന്നു. ആ ഏകാന്ത തടവറ​യിൽ 2 x 1.8 മീറ്റർ വിസ്‌തൃ​തി​യുള്ള അറയി​ലാ​ണു ഞങ്ങളെ ഓരോ​രു​ത്ത​രെ​യും പാർപ്പി​ച്ചി​രു​ന്നത്‌. ദിവസം രണ്ടുതവണ മാത്രമേ പുറത്തി​റ​ങ്ങാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ: രാവിലെ കൈയും മുഖവു​മൊ​ക്കെ കഴുകു​ന്ന​തി​നും ഷേവു​ചെ​യ്യു​ന്ന​തി​നും കക്കൂസ്‌ ആയി ഉപയോ​ഗി​ക്കുന്ന തൊട്ടി​കൾ ശുചി​യാ​ക്കു​ന്ന​തി​നും ഉച്ചതി​രിഞ്ഞ്‌ കുളി​ക്കു​ന്ന​തി​നും. കത്തുകൾ എഴുതാ​നോ സ്വീക​രി​ക്കാ​നോ അനുവാ​ദ​മി​ല്ലാ​യി​രു​ന്നു. ബൈബിൾ ഒഴി​കെ​യുള്ള പുസ്‌ത​ക​ങ്ങ​ളോ പേനയോ പെൻസി​ലോ ഒന്നും ഞങ്ങൾക്കു കൈവശം വെക്കാ​നാ​കു​മാ​യി​രു​ന്നില്ല. സന്ദർശ​ക​രെ​യും അനുവ​ദി​ച്ചി​രു​ന്നില്ല.

തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ എത്തുന്ന​തി​നു മുമ്പ്‌ ബൈബിൾ ഗ്രാഹ്യ സഹായി​യോ (ഇംഗ്ലീഷ്‌) അതു​പോ​ലുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളോ ബൈബി​ളു​മാ​യി ചേർത്തു ബൈൻഡു ചെയ്‌തത്‌ മിക്ക സഹോ​ദ​ര​ന്മാ​രു​ടെ​യും കൈവശം ഉണ്ടായി​രു​ന്നു. ബൈബി​ളി​നോ​ടൊ​പ്പം മറ്റൊരു പുസ്‌ത​ക​വും കൂടി ഉള്ളത്‌ ഗാർഡു​ക​ളു​ടെ കണ്ണിൽപ്പെ​ട്ടില്ല, കാരണം വലുപ്പം​കൊണ്ട്‌ അവ ആഫ്രി​ക്കാൻസ്‌, ഡച്ച്‌ ഭാഷക​ളി​ലുള്ള കുടുംബ ബൈബി​ളു​കൾപോ​ലെ തോന്നി​ച്ചു.

നിങ്ങൾക്കു ബൈബിൾ സാഹി​ത്യ​ങ്ങൾ ലഭ്യമാ​യി​രു​ന്നോ?

തീർച്ച​യാ​യും. സാധ്യ​മാ​യ​പ്പോ​ഴൊ​ക്കെ ഞങ്ങൾ സാഹി​ത്യ​ങ്ങൾ ഒളിച്ചു​ക​ട​ത്തു​മാ​യി​രു​ന്നു. സോപ്പ്‌, പേസ്റ്റ്‌ മുതലായ സാധന​ങ്ങ​ളൊ​ക്കെ, ഒഴിഞ്ഞ ഒരു അറയിൽ വെച്ചി​രുന്ന സ്വന്തം പെട്ടി​ക​ളി​ലാ​യി​രു​ന്നു ഞങ്ങൾ സൂക്ഷി​ച്ചി​രു​ന്നത്‌. മാസത്തി​ലൊ​രി​ക്കൽ ഞങ്ങൾക്ക്‌ അവി​ടെ​ച്ചെന്ന്‌ അടുത്ത ഒരു മാസ​ത്തേ​ക്കുള്ള സാധനങ്ങൾ എടുത്തു​കൊ​ണ്ടു​വ​രാ​നുള്ള അനുവാ​ദം ഉണ്ടായി​രു​ന്നു. ഈ പെട്ടി​ക​ളിൽ ഞങ്ങൾ സാഹി​ത്യ​ങ്ങ​ളും സൂക്ഷി​ച്ചി​രു​ന്നു.

ഞങ്ങളിൽ ഒരാൾ ഗാർഡി​നോട്‌ വർത്തമാ​നം പറഞ്ഞ്‌ അയാളു​ടെ ശ്രദ്ധതി​രി​ക്കും. ആ തക്കത്തിന്‌ ആരെങ്കി​ലും ഒരു പുസ്‌തകം തന്റെ നിക്കറി​ന്റെ​യോ ബനിയ​ന്റെ​യോ ഉള്ളിൽ ഒളിപ്പി​ക്കു​മാ​യി​രു​ന്നു. തിരിച്ച്‌ അറയിൽ എത്തു​മ്പോൾ അത്‌ ഒളിപ്പി​ക്കാൻ പാകത്തിന്‌ പല ഭാഗങ്ങ​ളാ​യി വേർതി​രി​ച്ചെ​ടു​ക്കും. തുടർന്ന്‌ ഞങ്ങൾ അവ പരസ്‌പരം കൈമാ​റു​മാ​യി​രു​ന്നു. ആരു​ടെ​യും കണ്ണിൽപ്പെ​ടാ​തെ അവ സൂക്ഷി​ക്കു​ന്ന​തിന്‌ ഞങ്ങൾക്ക്‌ പല സ്ഥലങ്ങളും ഉണ്ടായി​രു​ന്നു. നിരവധി ദ്വാര​ങ്ങ​ളോ​ടു കൂടിയ പരിതാ​പ​ക​ര​മായ നിലയി​ലാ​യി​രു​ന്നു ചില അറകൾ.

ഞങ്ങളുടെ അറകളിൽ കൂടെ​ക്കൂ​ടെ തിരച്ചിൽ നടത്താ​റു​ണ്ടാ​യി​രു​ന്നു, ചില​പ്പോ​ഴൊ​ക്കെ പാതി​രാ​ത്രി​യിൽപ്പോ​ലും. എല്ലായ്‌പോ​ഴും ഗാർഡു​കൾക്ക്‌ എന്തെങ്കി​ലു​മൊ​ക്കെ കിട്ടി​യി​രു​ന്നെ​ങ്കി​ലും ഒരിക്ക​ലും എല്ലാം കണ്ടുപി​ടി​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. ഞങ്ങളോ​ടു സഹാനു​ഭൂ​തി​യുള്ള പട്ടാള​ക്കാ​രിൽ ആരെങ്കി​ലും തിരച്ചിൽ നടക്കാ​നി​ട​യുള്ള സമയം രഹസ്യ​മാ​യി ഞങ്ങളെ അറിയി​ച്ചി​രു​ന്നു. അപ്പോൾ ഞങ്ങൾ സാഹി​ത്യ​ങ്ങൾ പ്ലാസ്റ്റി​ക്കിൽ പൊതിഞ്ഞ്‌ അഴുക്കു​ചാൽ പൈപ്പിൽ തിരു​കി​വെ​ക്കു​മാ​യി​രു​ന്നു. ഒരിക്കൽ വലി​യൊ​രു കാറ്റും മഴയും ഉണ്ടായ​പ്പോൾ ഇവയിൽ ഒന്ന്‌ ജയില​റ​കൾക്കി​ട​യി​ലെ അഴുക്കു​ചാ​ലി​ലൂ​ടെ ഒഴുകി​വന്നു, ഞങ്ങൾ ആകെ പേടി​ച്ചു​പോ​യി. പട്ടാള​ക്കാ​രായ ചില അന്തേവാ​സി​കൾ അതു തട്ടിക്ക​ളി​ക്കാൻ തുടങ്ങി. പൊടു​ന്നനേ ഒരു ഗാർഡ്‌ വന്ന്‌ എല്ലാവ​രോ​ടും സ്വന്തം അറകളി​ലേക്കു പോകാൻ ആവശ്യ​പ്പെട്ടു. അതോടെ ആ പൊതി​ക്കെ​ട്ടി​ന്റെ കാര്യം എല്ലാവ​രും മറന്നു. അൽപ്പം കഴിഞ്ഞ്‌ പുറത്തു​വി​ട്ട​പ്പോൾ ഞങ്ങൾ അത്‌ എടുത്തു​കൊ​ണ്ടു​പോ​ന്നു.

തടവിലായിരുന്നപ്പോൾ നിങ്ങളു​ടെ നിർമലത പരി​ശോ​ധി​ക്ക​പ്പെ​ട്ടോ?

അതൊരു നിത്യ​സം​ഭ​വ​മാ​യി​രു​ന്നു. ഞങ്ങളുടെ നിർമലത തകർക്കാൻ ജയില​ധി​കാ​രി​കൾ എപ്പോ​ഴും തന്ത്രങ്ങൾ മെനഞ്ഞി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ചില​പ്പോൾ അവർ ഞങ്ങൾക്കു കൂടുതൽ ഭക്ഷണം തരുക​യും വ്യായാ​മ​ത്തി​നും സൂര്യ​സ്‌നാ​ന​ത്തി​നും​പോ​ലും കൊണ്ടു​പോ​കു​ക​യും ചെയ്‌തു​കൊണ്ട്‌ വലിയ സൗഹൃദം നടിക്കു​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കു​മ്പോ​ഴാ​യി​രി​ക്കും പെട്ടെ​ന്നൊ​രു ദിവസം പട്ടാള​ക്കാ​രു​ടെ കാക്കി​ക്കു​പ്പാ​യങ്ങൾ ധരിക്കാൻ അവർ ഞങ്ങളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. ഞങ്ങൾ അതിനു വിസമ്മ​തി​ക്കു​മ്പോൾ വീണ്ടും ഞങ്ങളോ​ടുള്ള പെരു​മാ​റ്റം പഴയപടി മോശ​മാ​യി​ത്തീ​രു​മാ​യി​രു​ന്നു.

അതിനു​ശേഷം പ്ലാസ്റ്റിക്‌ പട്ടാള​ത്തൊ​പ്പി ധരിക്കു​ന്ന​തിന്‌ ഞങ്ങളോട്‌ ആവശ്യ​പ്പെട്ടു, ഞങ്ങൾ അതിനു വഴങ്ങി​യില്ല. അതിൽ അത്യന്തം കുപി​ത​നായ പട്ടാള മേധാവി അന്നുമു​തൽ കുളി​ക്കാൻപോ​ലും ഞങ്ങളെ അനുവ​ദി​ച്ചില്ല. പകരം ഓരോ​രു​ത്തർക്കും ഓരോ ബക്കറ്റ്‌ നൽകി, ജയില​റ​യിൽനി​ന്നു പുറത്തു​പോ​കാ​തെ കൈയും മുഖവു​മൊ​ക്കെ കഴുകു​ന്ന​തി​നാ​യി​രു​ന്നു അത്‌.

ഞങ്ങൾക്ക്‌ ഷൂസുകൾ ഉണ്ടായി​രു​ന്നില്ല. ചില സഹോ​ദ​ര​ന്മാ​രു​ടെ കാലു​ക​ളിൽനിന്ന്‌ രക്തം വരുന്നു​ണ്ടാ​യി​രു​ന്നു. അതിനാൽ ഞങ്ങൾ സ്വന്തമാ​യി ഷൂസുകൾ ഉണ്ടാക്കി. തറ പോളീഷ്‌ ചെയ്യാൻ ഉപയോ​ഗി​ച്ചി​രുന്ന പഴയ കമ്പിളി​ക്ക​ഷ​ണങ്ങൾ ഞങ്ങൾ ശേഖരി​ച്ചു. എന്നിട്ട്‌ ഞങ്ങൾ ചില ചെമ്പു​ക​മ്പി​കൾ തപ്പി​യെ​ടുത്ത്‌ അതിന്റെ ഒരറ്റം പരത്തു​ക​യും മറ്റേയറ്റം കൂർപ്പി​ക്കു​ക​യും ചെയ്‌തു. പരന്ന അറ്റത്ത്‌ ഒരു പിൻ ഉപയോ​ഗിച്ച്‌ ഞങ്ങൾ ഒരു ദ്വാരം ഉണ്ടാക്കി, ഈ കമ്പി ഒരു തയ്യൽസൂ​ചി​യാ​യി ഉപയോ​ഗി​ച്ചു. ഞങ്ങളു​ടെ​തന്നെ കമ്പിളി​യിൽനി​ന്നു വലി​ച്ചെ​ടുത്ത നൂലു​കൊണ്ട്‌ ഈ കമ്പിളി​ക്ക​ഷ​ണങ്ങൾ തുന്നി​ച്ചേർത്ത്‌ മൃദു​വായ പാദര​ക്ഷകൾ നിർമി​ച്ചു.

പെട്ടെ​ന്നൊ​രു ദിവസം ഞങ്ങളെ മൂന്നു​പേരെ വീതം ഓരോ അറയി​ലും ആക്കി. മരുങ്ങു​തി​രി​യാൻപോ​ലും സ്ഥലമി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഈ ക്രമീ​ക​രണം പ്രയോ​ജ​ന​ത്തിൽ കലാശി​ച്ചു. ആത്മീയ​മാ​യി ദുർബ​ല​രായ സഹോ​ദ​രങ്ങൾ ഏറെ അനുഭ​വ​പ​രി​ച​യ​മുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു​കൂ​ടെ വരത്തക്ക​വി​ധ​മാണ്‌ ഞങ്ങൾ കൂട്ടം തിരി​ഞ്ഞത്‌. ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും വയൽസേവന പരിശീ​ലന സെഷനു​ക​ളും നടത്താൻ ഞങ്ങൾക്കു കഴിഞ്ഞു. അങ്ങനെ ഞങ്ങളുടെ ആത്മവീ​ര്യം പതിന്മ​ടങ്ങു വർധിച്ചു. അത്‌ പട്ടാള​മേ​ധാ​വി​യെ അമ്പരപ്പി​ച്ചു​ക​ളഞ്ഞു.

ഈ പദ്ധതി പാളി​പ്പോ​യെന്നു തിരി​ച്ച​റി​ഞ്ഞ​പ്പോൾ പട്ടാള​മേ​ധാ​വി, ഓരോ സാക്ഷി​യോ​ടു​മൊ​പ്പം സാക്ഷി​ക​ള​ല്ലാത്ത രണ്ടു പേരെ അറയിൽ അടച്ചു. ഞങ്ങളോ​ടു സംസാ​രി​ക്ക​രു​തെന്ന്‌ കർശന നിർദ്ദേശം ഉണ്ടായി​രു​ന്നെ​ങ്കി​ലും അവർ ചോദ്യ​ങ്ങൾ ചോദി​ക്കാൻ തുടങ്ങി. അങ്ങനെ സാക്ഷ്യം നൽകാൻ ഞങ്ങൾക്കു വേണ്ടു​വോ​ളം അവസരം ലഭിച്ചു. അതേത്തു​ടർന്ന്‌ ഒന്നോ രണ്ടോ അന്തേവാ​സി​കൾ ചില സൈനിക പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കാൻ വിസമ്മ​തി​ച്ചു. പെട്ടെ​ന്നു​തന്നെ ഞങ്ങളെ പഴയപടി ഓരോ​രോ അറകളി​ലാ​ക്കി.

നിങ്ങൾക്ക്‌ യോഗങ്ങൾ നടത്താൻ കഴിഞ്ഞി​രു​ന്നോ?

ഞങ്ങൾ ക്രമമാ​യി യോഗങ്ങൾ നടത്തി​യി​രു​ന്നു. ഓരോ അറയു​ടെ​യും വാതി​ലി​നു മുകളി​ലാ​യി കമ്പി വലയിട്ട, നെടുകെ ഏഴു കമ്പി വീതം പിടി​പ്പിച്ച ജനൽ ഉണ്ടായി​രു​ന്നു. കമ്പിളി​യു​ടെ രണ്ടറ്റങ്ങൾ നെടു​കെ​യുള്ള രണ്ടു കമ്പിക​ളിൽ കൂട്ടി​ക്കെട്ടി, ഇരിക്കാൻ പാകത്തിന്‌ കൊച്ചു​തൊ​ട്ടി​ലു​കൾ ഞങ്ങൾ ഉണ്ടാക്കി. അതിലി​രി​ക്കു​മ്പോൾ എതിർവ​ശത്തെ അറയിലെ സഹോ​ദ​രനെ ഞങ്ങൾക്കു കാണാ​മാ​യി​രു​ന്നു. മാത്രമല്ല ആ ബ്ലോക്കി​ലെ മറ്റുള്ള​വർക്കും കേൾക്ക​ത്ത​ക്ക​വി​ധം ഞങ്ങൾ ഉച്ചത്തിൽ സംസാ​രി​ക്കു​ക​യും ചെയ്‌തി​രു​ന്നു. എല്ലാ ദിവസ​വും ദിനവാ​ക്യ പരിചി​ന്തനം നടത്തി. കൂടാതെ മാസിക ലഭ്യമാ​യി​രു​ന്ന​പ്പോ​ഴൊ​ക്കെ വീക്ഷാ​ഗോ​പുര അധ്യയ​ന​വും. ദിനാ​ന്ത്യ​ത്തിൽ ഊഴമ​നു​സ​രിച്ച്‌ പരസ്യ പ്രാർഥ​ന​യും നടത്തി​യി​രു​ന്നു. ഒരിക്കൽ ഞങ്ങൾ ഒരു സർക്കിട്ട്‌ സമ്മേള​നം​പോ​ലും നടത്തി. സമ്മേളന പരിപാ​ടി​കൾ ഞങ്ങൾ തന്നെയാണ്‌ തയ്യാറാ​ക്കി​യത്‌.

സ്‌മാ​ര​കാ​ച​രണം നിർവ​ഹി​ക്കു​ന്ന​തി​നാ​യി അവിടെ വരാൻ മൂപ്പന്മാ​രിൽ ആർക്കെ​ങ്കി​ലും അനുവാ​ദം കിട്ടു​മോ എന്ന കാര്യ​ത്തിൽ ഞങ്ങൾക്ക്‌ ഉറപ്പി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ സ്വന്തമാ​യി ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. ഏതാനും ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത്‌ വീഞ്ഞു​ണ്ടാ​ക്കു​ക​യും ഞങ്ങൾക്കു റേഷനാ​യി കിട്ടി​യി​രുന്ന റൊട്ടി പരത്തി ഉണക്കി​യെ​ടു​ക്കു​ക​യും ചെയ്‌തു. ഒരവസ​ര​ത്തിൽ പുറ​മേ​നി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളിൽനി​ന്നും ഒരു ചെറിയ കുപ്പി വീഞ്ഞും ഏതാനും പുളി​പ്പി​ല്ലാത്ത അപ്പവും വാങ്ങു​ന്ന​തിന്‌ ഞങ്ങൾക്ക്‌ അനുവാ​ദം ലഭിച്ചു.

പിന്നീട്‌ അവസ്ഥകൾക്കു മാറ്റം​വ​ന്നോ?

അവസ്ഥകൾ യഥാസ​മയം മെച്ച​പ്പെട്ടു. നിയമ​ത്തി​നു മാറ്റം​വ​ന്ന​തു​കൊണ്ട്‌ ഞങ്ങൾ മോചി​ത​രാ​യി. അന്നുമു​തൽ, മതപര​മായ കാരണ​ങ്ങ​ളു​ടെ പേരിൽ തടവി​ലാ​ക്ക​പ്പെ​ടു​ന്ന​വർക്ക്‌ ഒരു നിശ്ചി​ത​കാ​ല​ത്തേക്കു മാത്രം തടവു​ശിക്ഷ നൽക​പ്പെ​ടുന്ന സമ്പ്രദാ​യം നിലവിൽവന്നു, അതേ കുറ്റത്തി​ന്റെ പേരിൽ വീണ്ടും ശിക്ഷി​ക്ക​പ്പെ​ടേണ്ടി വരില്ലാ​യി​രു​ന്നു. 22 സഹോ​ദ​ര​ങ്ങ​ള​ട​ങ്ങിയ ഞങ്ങളുടെ സംഘം മോചി​ത​രാ​യ​ശേഷം, ബാക്കി തടവി​ലു​ണ്ടാ​യി​രുന്ന 88 സഹോ​ദ​ര​ന്മാർക്ക്‌ പിന്നീട്‌ സാധാരണ ജയിൽ സൗകര്യ​ങ്ങൾ അനുവ​ദി​ച്ചു കിട്ടി. മാസത്തി​ലൊ​രി​ക്കൽ അവർക്കു സന്ദർശ​കരെ കാണു​ന്ന​തി​നും കത്തുകൾ എഴുതു​ന്ന​തി​നും അനുവാ​ദം ഉണ്ടായി​രു​ന്നു.

സ്വതന്ത്രനായപ്പോൾ മാറിയ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തിന്‌ ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നോ?

തീർച്ച​യാ​യും. കുറച്ചു കാലം​കൊ​ണ്ടാണ്‌ പുറം​ലോ​ക​വു​മാ​യി പൊരു​ത്ത​പ്പെ​ടാ​നാ​യത്‌. ഉദാഹ​ര​ണ​ത്തിന്‌ ആദ്യ​മൊ​ക്കെ ഒരു കൂട്ട​ത്തോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ ബുദ്ധി​മു​ട്ടു തോന്നി​യി​രു​ന്നു. ക്രമേണ സഭയിൽ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറ്റെടു​ക്കു​ന്ന​തിന്‌ ഞങ്ങളുടെ മാതാ​പി​താ​ക്ക​ളും സഹോ​ദ​ര​ങ്ങ​ളും ദയാപു​ര​സ്സരം ഞങ്ങളെ സഹായി​ച്ചു.

അക്കാലം ദുഷ്‌ക​ര​മാ​യി​രു​ന്നെ​ങ്കി​ലും അതിലൂ​ടെ ഞങ്ങൾ പലതും പഠിച്ചു. വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​നകൾ ഞങ്ങളെ ആത്മീയ​മാ​യി ബലപ്പെ​ടു​ത്തു​ക​യും സഹിഷ്‌ണുത വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ക​യും ചെയ്‌തു. ബൈബി​ളി​നോ​ടുള്ള ഞങ്ങളുടെ വിലമ​തിപ്പ്‌ വർധിച്ചു. മാത്രമല്ല ദിവസ​വും അതു വായി​ക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ മൂല്യം ഞങ്ങൾ തിരി​ച്ച​റി​യു​ക​യും ചെയ്‌തു. യഹോ​വ​യിൽ പൂർണ​മാ​യി ആശ്രയി​ക്കു​ന്ന​തി​നു ഞങ്ങൾ പഠിച്ചു. യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളാൻ തക്കവണ്ണം അത്തരം ത്യാഗങ്ങൾ ചെയ്‌ത ഞങ്ങൾ, സഹിഷ്‌ണു​ത​യോ​ടെ മുന്നേ​റു​ന്ന​തി​നും സാധ്യ​മെ​ങ്കിൽ മുഴു​സമയ ശുശ്രൂഷ ഏറ്റെടു​ത്തു​കൊണ്ട്‌ ഞങ്ങളുടെ ഏറ്റവും നല്ലത്‌ അവനു നൽകു​ന്ന​തി​നും ദൃഢചി​ത്ത​രാ​യി​രു​ന്നു.

[126-128 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ആപത്‌ഘട്ടത്തിലും ഞങ്ങൾ യഹോ​വ​യിൽ ആശ്രയി​ച്ചു

സെബുലാൻ എൻകൂ​മ​ലൊ

ജനനം 1960

സ്‌നാപനം 1985

സംക്ഷിപ്‌ത വിവരം സത്യം പഠിക്കു​ന്ന​തി​നു​മുമ്പ്‌ റസ്റ്റഫെ​രീ​യൻ മതപ്ര​സ്ഥാ​ന​ത്തിൽപ്പെട്ട ഒരാളാ​യി​രു​ന്നു. സ്‌നാ​പ​ന​ത്തെ​ത്തു​ടർന്ന്‌ താമസി​യാ​തെ അദ്ദേഹം മുഴു​സമയ സേവന​ത്തിൽ പ്രവേ​ശി​ച്ചു. ഇപ്പോൾ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കു​ന്നു. ഭാര്യ നൊമുസ.

ക്രു​ഗെർസ്‌ഡോർപ്‌ ബെഥേ​ലി​ന്റെ നിർമാ​ണ​ത്തിൽ സഹായി​ച്ച​തി​നു​ശേഷം എന്നെയും എന്റെ പയനിയർ പങ്കാളി​യെ​യും തുറമുഖ പട്ടണമായ ഡർബന്‌ അടുത്തുള്ള, ആവശ്യം അധികം ഉണ്ടായി​രുന്ന ക്വാഞ്ചൻഡസി പ്രദേ​ശത്തു നിയമി​ച്ചു. അവിടെ എത്തി ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ ഒരു രാഷ്‌ട്രീയ പാർട്ടി അവരുടെ അഞ്ച്‌ യുവാ​ക്കളെ ഞങ്ങളുടെ ആഗമ​നോ​ദ്ദേ​ശ്യം മനസ്സി​ലാ​ക്കുക എന്ന ദൗത്യ​വു​മാ​യി ഞങ്ങളുടെ വീട്ടി​ലേ​ക്ക​യച്ചു. ഒരു എതിർ രാഷ്‌ട്രീയ പാർട്ടി​യിൽനി​ന്നും ആ പ്രദേ​ശത്തെ രക്ഷിക്കു​ന്ന​തിന്‌ അവർ ഞങ്ങളുടെ സഹായം ആവശ്യ​പ്പെട്ടു. സുളു സംസാ​രി​ക്കുന്ന ഈ രണ്ടു ചേരികൾ തമ്മിലുള്ള ശത്രുത ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഈ പ്രദേ​ശത്ത്‌ ധാരാളം രക്തച്ചൊ​രി​ച്ചി​ലിന്‌ ഇടയാ​ക്കി​യി​രു​ന്നു. ഈ അക്രമ​ത്തിന്‌ എന്തു പരിഹാ​ര​മാ​ണു​ള്ള​തെന്ന്‌ ഞങ്ങൾ അവരോ​ടു ചോദി​ച്ചു. വെള്ളക്കാ​രു​ടെ ഭരണമാണ്‌ പ്രശ്‌ന​ത്തി​ന്റെ മൂലകാ​രണം എന്ന്‌ അവർ പറഞ്ഞു. യുദ്ധ​ക്കെ​ടു​തി​കൾ അനുഭ​വി​ക്കുന്ന, ദാരി​ദ്ര്യ​ത്താൽ നട്ടംതി​രി​യുന്ന ആഫ്രി​ക്ക​യി​ലെ മറ്റു രാജ്യ​ങ്ങ​ളി​ലേക്ക്‌ ഞങ്ങൾ അവരുടെ ശ്രദ്ധക്ഷ​ണി​ച്ചു. തുടർന്ന്‌ ചരിത്രം ആവർത്തി​ക്ക​പ്പെ​ടു​ന്നു എന്ന പഴഞ്ചൊല്ല്‌ ഞങ്ങൾ അവരെ ഓർമ​പ്പെ​ടു​ത്തി. കറുത്ത വർഗക്കാർ രാജ്യ​ഭ​രണം ഏറ്റെടു​ത്താ​ലും കുറ്റകൃ​ത്യ​വും അക്രമ​വും രോഗ​വും മാറ്റി​ക്ക​ള​യാൻ കഴിയി​ല്ലെന്ന്‌ അവർ സമ്മതിച്ചു. തുടർന്ന്‌ മനുഷ്യ​വർഗ​ത്തി​ന്റെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിയുന്ന ഏക ഗവണ്മെന്റ്‌ ദൈവ​രാ​ജ്യ​മാ​ണെന്ന്‌ ബൈബി​ളിൽനിന്ന്‌ ഞങ്ങൾ അവർക്കു കാണി​ച്ചു​കൊ​ടു​ത്തു.

ഏതാനും ദിവസ​ത്തി​നു​ശേഷം ഒരു കൂട്ടം യുവാക്കൾ ദേശീയ സ്വാത​ന്ത്ര്യ​ഗീ​തങ്ങൾ ആലപി​ക്കു​ന്നതു കേട്ടു, തോക്കു​ധാ​രി​ക​ളും ഒപ്പം ഉണ്ടായി​രു​ന്നു. തുടർന്ന്‌ കൊല​യും കൊള്ളി​വെ​പ്പും തുടങ്ങി. ഭയചകി​ത​രായ ഞങ്ങൾ ആത്മവീ​ര്യം ചോർന്നു​പോ​കാ​തി​രി​ക്കാ​നും നിർമലത കാക്കാ​നു​മുള്ള ശക്തിക്കാ​യി യഹോ​വ​യോ​ടു പ്രാർഥി​ച്ചു. സമാന​സാ​ഹ​ച​ര്യ​ങ്ങ​ളിൽ യേശു​വി​നെ തള്ളിക്ക​ള​യാ​തി​രുന്ന രക്തസാ​ക്ഷി​കളെ ഞങ്ങൾ അനുസ്‌മ​രി​ക്കു​ക​യും ചെയ്‌തു. (മത്താ. 10:32, 33) പെട്ടെന്ന്‌ യുവാ​ക്ക​ളും മുതിർന്ന​വ​രും അടങ്ങിയ ഒരു സംഘം ഞങ്ങളുടെ വാതി​ലിൽ മുട്ടി. ഒരു അഭിവാ​ദ​നം​പോ​ലും പറയാതെ, ഒരു മന്ത്രവാ​ദി​യിൽനിന്ന്‌ ഇൻറ്റെ​ലെസി വാങ്ങു​ന്ന​തി​നുള്ള പണം അവർ ആവശ്യ​പ്പെട്ടു. സംരക്ഷണം പ്രദാനം ചെയ്യു​മെന്ന്‌ അവർ കരുതി​യി​രുന്ന ഒരു ഔഷധം ആയിരു​ന്നു അത്‌. ശാന്തരാ​കാൻ അപേക്ഷി​ച്ചു​കൊണ്ട്‌ ഞങ്ങൾ അവരോ​ടു ചോദി​ച്ചു, “മന്ത്രവാ​ദി​കൾ ഇങ്ങനെ ദുർമ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ കൊല​പാ​ത​കത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതു ശരിയാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?” ഞങ്ങൾ ഇങ്ങനെ​യും ചോദി​ച്ചു: “നിങ്ങളു​ടെ ഒരു ബന്ധു ഒരു ദുർമ​ന്ത്ര​വാ​ദ​ത്തിന്‌ ഇരയായി എന്നിരി​ക്കട്ടെ. നിങ്ങൾക്ക്‌ എന്തു തോന്നും?” അങ്ങനെ​യൊന്ന്‌ ഒരിക്ക​ലും സംഭവി​ക്കാ​തി​രി​ക്കട്ടെ എന്ന്‌ അവർ ഒരേ സ്വരത്തിൽ പറഞ്ഞു. തുടർന്ന്‌ ഞങ്ങൾ ആവർത്ത​ന​പു​സ്‌തകം 18:10-12 കാണി​ച്ചിട്ട്‌ മന്ത്രവാ​ദ​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ വീക്ഷണം എന്താ​ണെന്നു വായി​ച്ചു​നോ​ക്കാൻ അവരുടെ നേതാ​വി​നോട്‌ ആവശ്യ​പ്പെട്ടു. അദ്ദേഹം അതു വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ, അതി​നെ​ക്കു​റിച്ച്‌ എന്തു വിചാ​രി​ക്കു​ന്നു എന്നു ഞങ്ങൾ അവരോ​ടു ചോദി​ച്ചു. അവർക്കു മിണ്ടാ​ട്ട​മി​ല്ലാ​താ​യി. ആ നിശ്ശബ്ദ​തയെ മുത​ലെ​ടു​ത്തു​കൊണ്ട്‌ യഹോ​വയെ അനുസ​രി​ക്കു​ന്ന​താ​ണോ അതോ അവരെ അനുസ​രി​ക്കു​ന്ന​താ​ണോ അവരുടെ ദൃഷ്ടി​യിൽ ഉചിത​മാ​യി തോന്നു​ന്ന​തെന്ന്‌ ഞങ്ങൾ ചോദി​ച്ചു. ഒരക്ഷരം​പോ​ലും ഉരിയാ​ടാ​തെ അവർ സ്ഥലംവി​ട്ടു.

ഇത്തരം നിരവധി സാഹച​ര്യ​ങ്ങളെ അതിജീ​വിച്ച ഞങ്ങൾക്ക്‌ യഹോവ ഞങ്ങളോ​ടൊ​പ്പ​മു​ണ്ടെന്നു ബോധ്യ​മാ​യി. ഉദാഹ​ര​ണ​ത്തിന്‌ ഒരു വൈകു​ന്നേരം ഒരു കൂട്ടം ആളുകൾ ഞങ്ങളുടെ വീട്ടി​ലേക്കു കടന്നു​വന്ന്‌, തദ്ദേശ​വാ​സി​കളെ “സംരക്ഷി​ക്കുന്ന”തിനായി ആയുധങ്ങൾ വാങ്ങാൻ പണം ആവശ്യ​പ്പെട്ടു. തങ്ങളെ എതിർക്കുന്ന രാഷ്‌ട്രീയ പാർട്ടി​മൂ​ലം പൊറു​തി​മു​ട്ടു​ക​യാ​ണെന്നു പരാതി​പ്പെട്ട അവർ, കൂടുതൽ മെച്ചപ്പെട്ട ആയുധങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഒരു പ്രത്യാ​ക്ര​മണം നടത്തു​ന്ന​താണ്‌ പോം​വ​ഴി​യെ​ന്നും പറഞ്ഞു. ‘ഒന്നുകിൽ ആവശ്യ​പ്പെട്ട പണം നൽകുക അല്ലെങ്കിൽ പ്രത്യാ​ഘാ​തങ്ങൾ അനുഭ​വി​ക്കുക,’ അവർ പറഞ്ഞു. മനുഷ്യാ​വ​കാ​ശങ്ങൾ അംഗീ​ക​രി​ക്കു​ന്ന​തും മറ്റുള്ള​വ​രു​ടെ മനസ്സാ​ക്ഷി​യെ ആദരി​ക്കു​ന്ന​തു​മായ ഒരു ചാർട്ട​റിൽ അവരുടെ സംഘടന ഒപ്പു​വെ​ച്ചി​ട്ടു​ണ്ടെന്ന കാര്യം ഞങ്ങൾ അവരെ ഓർമി​പ്പി​ച്ചു. ഒരുവൻ താൻ അംഗീ​ക​രി​ക്കുന്ന നിയമ​വ്യ​വ​സ്ഥ​യ്‌ക്ക്‌ എതിരാ​യി പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കാൾ മരിക്കു​ന്ന​തല്ലേ ഭേദം എന്നു ഞങ്ങൾ ചോദി​ച്ചു. ഉവ്വ്‌ എന്ന്‌ അവർ പറഞ്ഞു. ഞങ്ങൾ യഹോ​വ​യു​ടെ സംഘട​ന​യിൽപ്പെ​ട്ട​വ​രാ​ണെ​ന്നും ഞങ്ങളുടെ ‘നിയമ​വ്യ​വസ്ഥ’ ബൈബി​ളാ​ണെ​ന്നും ആ ബൈബിൾ കൊല​പാ​ത​കത്തെ കുറ്റം​വി​ധി​ക്കു​ന്നു​വെ​ന്നും ഞങ്ങൾ തുടർന്നു വിശദീ​ക​രി​ച്ചു. ഒടുവിൽ ഈ കൂട്ടത്തി​ന്റെ നേതാവ്‌ അനുയാ​യി​ക​ളോ​ടാ​യി ഇങ്ങനെ പറഞ്ഞു: “ഈ ആളുക​ളു​ടെ നിലപാട്‌ എനിക്കു മനസ്സി​ലാ​കു​ന്നുണ്ട്‌. നമ്മുടെ പ്രദേ​ശ​ത്തി​ന്റെ വികസ​ന​ത്തോ​ടു ബന്ധപ്പെട്ട്‌ വൃദ്ധസ​ദ​നങ്ങൾ പണിയു​ന്ന​തി​നോ അയൽക്കാ​രെ ആശുപ​ത്രി​യിൽ എത്തിക്കു​ന്ന​തി​നോ ആണെങ്കിൽ പണം നൽകാൻ തയ്യാറാ​ണെ​ന്നാണ്‌ അവർ പറഞ്ഞതി​ന്റെ സാരം. എന്നാൽ കൊല്ലു​ന്ന​തി​നു പണം നൽകാൻ അവർ തയ്യാറ​ല്ല​ത്രേ.” അതു കേട്ടാറെ, അവർ എഴു​ന്നേറ്റു. അവരുടെ ക്ഷമയ്‌ക്കു ഞങ്ങൾ നന്ദി പറഞ്ഞു. തുടർന്ന്‌ ഹസ്‌ത​ദാ​നം നൽകി അവർ പിരിഞ്ഞു.

[131-134 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ഏകാകികളായ സഹോദരിമാരും100 വർഷത്തെ പരിഭാ​ഷ​യും

ദക്ഷിണാ​ഫ്രിക്ക ബെഥേൽ കുടും​ബ​ത്തി​ലുള്ള അനേകം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ തങ്ങളുടെ ഏകാകി​ത്വ​മെന്ന വരം മൂല്യ​വ​ത്തായ രാജ്യ​സേ​വനം കാഴ്‌ച​വെ​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. (മത്താ. 19:11, 12) ഇനി പറയുന്ന മൂന്ന്‌ സഹോ​ദ​രി​മാ​രും​കൂ​ടി “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ”യിൽനി​ന്നുള്ള ആത്മീയ ഭക്ഷണം പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മൊത്തം 100 വർഷം വിനി​യോ​ഗി​ച്ചി​രി​ക്കു​ന്നു.—മത്താ. 24:45, NW.

മരിയ മൊളി​പോ

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ലിം​പോ​പോ പ്രവി​ശ്യ​യി​ലാ​ണു ഞാൻ ജനിച്ചത്‌. ഞാനൊ​രു സ്‌കൂൾക്കു​ട്ടി ആയിരി​ക്കെ എന്റെ ചേച്ചി അലെറ്റ്‌ ആണ്‌ എനിക്കു സത്യം പകർന്നു​ത​ന്നത്‌. സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി​യ​പ്പോൾ, ഒരു അധ്യാ​പി​ക​യാ​കു​ന്ന​തി​നാ​യുള്ള മൂന്നു വർഷത്തെ ഒരു കോഴ്‌സിന്‌ എന്നെ സ്വന്തം ചെലവിൽ കോ​ളേ​ജിൽ ചേർത്തു പഠിപ്പി​ച്ചു​കൊ​ള്ളാ​മെന്ന്‌ സാക്ഷി​യ​ല്ലാത്ത എന്റെ മറ്റൊരു ചേച്ചി വാഗ്‌ദാ​നം ചെയ്‌തു. യഹോ​വയെ സേവി​ക്കാൻ ആഗ്രഹി​ച്ച​തി​നാൽ ഞാൻ ചേച്ചി​യു​ടെ ദയാപു​ര​സ്സ​ര​മായ വാഗ്‌ദാ​നം നിരാ​ക​രി​ക്കു​ക​യും എന്റെ ചേച്ചി​മാ​രായ അലെറ്റ​യു​ടെ​യും എലിസ​ബ​ത്തി​ന്റെ​യും പാത പിൻപ​റ്റാൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു, അവർ പയനി​യർമാ​രാ​യി​രു​ന്നു. 1953-ൽ സ്‌നാ​പ​ന​മേറ്റ ഞാൻ പയനി​യ​റി​ങ്ങിന്‌ അപേക്ഷി​ക്കു​ന്ന​തി​നു​മു​മ്പുള്ള ആറു വർഷക്കാ​ലം ഇടയ്‌ക്കി​ടെ പയനിയർ മണിക്കൂർ വ്യവസ്ഥ​യിൽ എത്തി​ച്ചേർന്നി​രു​ന്നു. ഒടുവിൽ 1959-ൽ എന്നെ ഒരു സാധാരണ പയനി​യ​റാ​യി നിയമി​ച്ചു.

1964-ൽ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌ സെപ്പിടി ഭാഷയി​ലേക്ക്‌ ആത്മീയ​ഭ​ക്ഷണം പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തിന്‌ പാർട്ട്‌ ടൈമാ​യി ജോലി ചെയ്യാൻ എന്നെ ക്ഷണിച്ചു. പയനി​യ​റി​ങ്ങി​നോ​ടൊ​പ്പം​ത​ന്നെ​യാണ്‌ ഈ വേലയും ഞാൻ നിർവ​ഹി​ച്ചത്‌. പിന്നീട്‌ 1966-ൽ ദക്ഷിണാ​ഫ്രിക്ക ബെഥേൽ കുടും​ബ​ത്തി​ലെ ഒരംഗ​മാ​യി​ത്തീ​രാ​നുള്ള പദവി എനിക്കു ലഭിച്ചു. ബെഥേൽ സേവനം ഞാൻ പ്രതീ​ക്ഷി​ച്ച​തു​പോ​ലെ ആയിരു​ന്നില്ല. ദിവസ​വും വയൽസേ​വ​ന​ത്തി​നു പോയി​രുന്ന എനിക്ക്‌ ഇത്‌ തികച്ചും വ്യത്യ​സ്‌ത​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു. ശനിയാഴ്‌ച ഉച്ചകഴി​ഞ്ഞു​മു​തൽ ഞായറാഴ്‌ച വൈകു​ന്നേ​രം​വ​രെ​യുള്ള വാരാ​ന്ത​ങ്ങളെ പയനി​യ​റി​ങ്ങു​പോ​ലെ കണക്കാ​ക്കി​ക്കൊണ്ട്‌ ഞാൻ എന്റെ വീക്ഷണ​ത്തിൽ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്തി, പയനിയർ മണിക്കൂർ വ്യവസ്ഥ​യിൽ എത്തി​ച്ചേ​രാ​നാ​യി​രു​ന്നി​ല്ലെ​ങ്കി​ലും. വാരാ​ന്ത​ങ്ങ​ളി​ലെ വയൽസേ​വനം അത്രമാ​ത്രം ആസ്വദി​ച്ചി​രു​ന്ന​തി​നാൽ മിക്ക​പ്പോ​ഴും ശനിയാ​ഴ്‌ച​യും ഞായറാ​ഴ്‌ച​യും അത്താഴ​ത്തിന്‌ ഞാൻ വളരെ വൈകി​യാണ്‌ എത്തിയി​രു​ന്നത്‌. ശനിയാഴ്‌ച രാവി​ലെ​ക​ളിൽ ബെഥേ​ലി​ലെ പ്രായാ​ധി​ക്യ​മുള്ള സഹോ​ദ​രി​മാർക്ക്‌ അവധി​യെ​ടു​ക്കാ​മെ​ന്നുള്ള ക്രമീ​ക​രണം വന്നപ്പോൾ, ആ അധിക​സ​മയം വയൽസേ​വ​ന​ത്തിൽ ഉപയോ​ഗി​ക്കാ​മ​ല്ലോ എന്നതിൽ ഞാൻ വളരെ​യ​ധി​കം സന്തോ​ഷി​ച്ചു.

ബെഥേ​ലി​ലെ എന്റെ ആദ്യത്തെ എട്ടു വർഷക്കാ​ലം ബെഥേൽ ഭവനത്തിൽനി​ന്നു മാറി​യുള്ള ഒരു കെട്ടി​ട​ത്തിൽ മറ്റൊരു പരിഭാ​ഷ​ക​യോ​ടൊ​പ്പ​മാണ്‌ ഞാൻ താമസി​ച്ചി​രു​ന്നത്‌. വർണവി​വേ​ചനം വെച്ചു​പു​ലർത്തി​യി​രുന്ന അധികാ​രി​കൾ ആദ്യ​മൊ​ക്കെ വെള്ളക്കാ​രായ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ അടുത്തു താമസി​ക്കാൻ ഞങ്ങളെ അനുവ​ദി​ച്ചി​രു​ന്നെ​ങ്കി​ലും 1974 ആയപ്പോ​ഴേ​ക്കും അവർ ഈ അവസരം നിഷേ​ധി​ച്ചു. എന്നെ​പ്പോ​ലെ​യുള്ള കറുത്ത​വർഗ​ക്കാ​രായ പരിഭാ​ഷകർ കറുത്ത​വർക്കു മാത്ര​മാ​യി വേർതി​രി​ച്ചി​രുന്ന പ്രദേ​ശ​ങ്ങ​ളിൽ താമസി​ക്കാൻ നിർബ​ന്ധി​ത​രാ​യി. റ്റെംബി​സ​യിൽ ഒരു സാക്ഷി​ക്കു​ടും​ബ​ത്തോ​ടൊ​പ്പം താമസിച്ച എനിക്ക്‌ ദിവസ​വും ബെഥേ​ലി​ലേ​ക്കും തിരി​ച്ചും ദീർഘ​ദൂ​രം യാത്ര​ചെ​യ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ക്രു​ഗെർസ്‌ഡോർപ്പി​ലെ പുതിയ ബെഥേൽ പണിക​ഴി​പ്പി​ച്ച​പ്പോൾ, സർക്കാ​രി​ന്റെ വർണവി​വേചന നയങ്ങളിൽ അയവു​വ​ന്ന​തി​നാൽ എനിക്കു വീണ്ടും ബെഥേൽ കുടും​ബ​ത്തി​ലെ മറ്റുള്ള​വ​രോ​ടൊ​പ്പം താമസി​ക്കാ​നാ​യി.

ഇന്നോളം ബെഥേ​ലിൽ ഒരു പരിഭാ​ഷക എന്ന നിലയിൽ തുടരു​ന്ന​തിന്‌ എന്നെ പ്രാപ്‌ത​യാ​ക്കു​ന്ന​തിൽ ഞാൻ യഹോ​വ​യോട്‌ അകമഴിഞ്ഞ നന്ദിയു​ള്ള​വ​ളാണ്‌. ഏകാകി​ത്വ​മെന്ന വരം ദൈവ​സേ​വ​ന​ത്തി​നാ​യി ഉപയോ​ഗി​ച്ചതു നിമിത്തം യഹോവ നിശ്ചയ​മാ​യും എന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. അതിന്റെ ജീവി​ച്ചി​രി​ക്കുന്ന തെളി​വാണ്‌ എന്റെ അനുജത്തി അന്ന. ഏകാകി​ത്വം തിര​ഞ്ഞെ​ടുത്ത അവൾ കഴിഞ്ഞ 35 വർഷമാ​യി മുഴു​സമയ സുവി​ശേഷ വേല ആസ്വദി​ക്കു​ന്നു.

റ്റ്‌സെലങ്‌ മൊ​കേ​ക്കെ​ലേ

ലെസോ​ത്തോ​യി​ലെ റ്റെയ​റ്റെ​യ​നെങ്‌ പട്ടണത്തി​ലാ​ണു ഞാൻ ജനിച്ചത്‌. ഒരു മതഭക്ത​യാ​യി​രുന്ന എന്റെ അമ്മ തന്നോ​ടൊ​പ്പം പള്ളിയിൽ പോകാൻ എന്നെയും സഹോ​ദ​ര​ങ്ങ​ളെ​യും എപ്പോ​ഴും നിർബ​ന്ധി​ക്കു​മാ​യി​രു​ന്നു. എനിക്കാ​ണെ​ങ്കിൽ പള്ളിയിൽ പോകു​ന്നത്‌ വെറു​പ്പാ​യി​രു​ന്നു. പിന്നീട്‌ എന്റെ ഇളയമ്മ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി​ത്തീ​രു​ക​യും തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ എന്റെ അമ്മയോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തു. അമ്മ പള്ളിയിൽപ്പോ​ക്കു നിറു​ത്തി​യത്‌ എനിക്കു സന്തോ​ഷ​മാ​യി​രു​ന്നു. പക്ഷേ ലോക​ത്തെ​യും അതിന്റെ ഉല്ലാസ​ങ്ങ​ളെ​യും സ്‌നേ​ഹി​ച്ചി​രു​ന്ന​തി​നാൽ ഞാൻ സത്യത്തെ അവഗണി​ച്ചു.

എന്റെ സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കു​ന്ന​തി​നാ​യി ഞാൻ 1960-ൽ ജോഹാ​ന​സ്‌ബർഗി​ലേക്കു പോയി. ഞാൻ വീടു​വിട്ട്‌ ഇറങ്ങാൻ നേരം അമ്മ എന്നോട്‌ ഇങ്ങനെ അഭ്യർഥി​ച്ചു, “നീ ജോഹാ​ന​സ്‌ബർഗിൽ ആയിരി​ക്കു​മ്പോൾ ദയവായി സാക്ഷി​കളെ കണ്ടുപി​ടിച്ച്‌ അവരി​ലൊ​രാ​ളാ​കാൻ ശ്രമി​ക്കി​ല്ലേ?” ഞാൻ ആദ്യമാ​യി ജോഹാ​ന​സ്‌ബർഗിൽ എത്തിയ​പ്പോൾ ഉല്ലാസ​ത്തി​നാ​യി ലഭ്യമാ​യി​രുന്ന അവസരങ്ങൾ എന്നെ അത്യധി​കം ആകർഷി​ച്ചു. എന്നിരു​ന്നാ​ലും ആളുക​ളു​ടെ ജീവിതം അടുത്തു നിരീ​ക്ഷി​ക്കാ​നി​ട​യാ​യ​പ്പോൾ അവി​ടെ​ങ്ങും നടമാ​ടി​യി​രുന്ന ലൈം​ഗിക അധാർമി​കത എന്നെ ഞെട്ടി​ച്ചു​ക​ളഞ്ഞു. അപ്പോൾ ഞാൻ എന്റെ അമ്മയുടെ വാക്കുകൾ ഓർത്തു. തുടർന്ന്‌ ഞാൻ സൊ​വേ​റ്റോ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി. ആദ്യ യോഗ​ത്തി​നി​ടെ ഞാൻ ഇങ്ങനെ പ്രാർഥി​ച്ചത്‌ ഓർക്കു​ന്നു: “യഹോവേ, എന്നെ സഹായി​ക്ക​ണമേ, എന്തു​കൊ​ണ്ടെ​ന്നാൽ അങ്ങയുടെ സാക്ഷി​ക​ളിൽ ഒരാളാ​കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.” പെട്ടെ​ന്നു​തന്നെ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ തുടങ്ങിയ ഞാൻ അതേ വർഷം ജൂ​ലൈ​യിൽ സ്‌നാ​പ​ന​മേറ്റു. എന്റെ സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കി​യ​തി​നു​ശേഷം ഞാൻ ലെസോ​ത്തോ​യിൽ അമ്മയുടെ അടുക്ക​ലേക്കു മടങ്ങി. അതി​നോ​ടകം അമ്മയും സ്‌നാ​പ​ന​മേ​റ്റി​രു​ന്നു.

1968-ൽ ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌ സെസോ​ത്തോ ഭാഷയി​ലുള്ള ഒരു മുഴു​സമയ പരിഭാ​ഷ​ക​യാ​യി എന്നെ ക്ഷണിച്ചു. എന്റെ അമ്മയുടെ വീട്ടിൽ കഴിഞ്ഞു​കൊണ്ട്‌ വർഷങ്ങ​ളോ​ളം ഞാൻ ഈ നിയമനം നിർവ​ഹി​ച്ചു. വീട്ടിൽ സാമ്പത്തി​ക​മാ​യി കുറച്ചു പ്രശ്‌നങ്ങൾ ഉണ്ടായ​പ്പോൾ, ഞാൻ മുഴു​സമയ ശുശ്രൂഷ ഉപേക്ഷിച്ച്‌ ഒരു ജോലി കണ്ടെത്തി​യാ​ലോ എന്നു കുടും​ബാം​ഗ​ങ്ങ​ളോ​ടു പറഞ്ഞു. എന്നാൽ അമ്മയും സ്‌നാ​പ​ന​മേറ്റ ഏറ്റവും ഇളയ അനുജത്തി ഡോ​പെ​ലോ​യും അതി​നോ​ടു തീരെ യോജി​ച്ചില്ല. ഒരു മുഴു​സമയ പരിഭാ​ഷ​ക​യാ​യുള്ള എന്റെ നിയമ​ന​ത്തിൽ എന്നെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നുള്ള മഹത്തായ പദവിയെ അവർ ആഴമായി വിലമ​തി​ച്ചി​രു​ന്നു.

1990-ൽ ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ബെഥേൽ കുടും​ബ​ത്തി​ന്റെ ഭാഗമാ​കാൻ എനിക്കു കഴിഞ്ഞു, ക്രു​ഗെർസ്‌ഡോർപ്പി​ലെ പുതിയ ബ്രാഞ്ച്‌ സമുച്ച​യ​ത്തി​ലാ​യി​രു​ന്നു അത്‌. അവിടെ പരിഭാ​ഷാ​വേല എന്ന എന്റെ വിശി​ഷ്ട​സേ​വനം ഞാൻ ഇപ്പോ​ഴും ആസ്വദി​ച്ചു​വ​രു​ന്നു. ഏകാകി​യാ​യി തുടരാൻ തീരു​മാ​നി​ച്ച​തി​നെ​പ്രതി ഞാൻ ഖേദി​ക്കു​ന്നില്ല. നേരെ​മ​റിച്ച്‌ സന്തുഷ്ട​വും അർഥപൂർണ​വു​മായ ഇത്തര​മൊ​രു ജീവിതം നൽകി എന്നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന​തിൽ ഞാൻ യഹോ​വ​യോട്‌ അഗാധ​മായ നന്ദിയു​ള്ള​വ​ളാണ്‌.

നർസ്‌ ൻകുനെ

ദക്ഷിണാ​ഫ്രി​ക്ക​യു​ടെ വടക്കു​കി​ഴക്ക്‌ ഭാഗത്തുള്ള ബുഷ്‌ബ​ക്‌റിജ്‌ പട്ടണത്തി​ലാ​ണു ഞാൻ ജനിച്ചത്‌. യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്നു എന്റെ അമ്മ. പിതാ​വി​നെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കാൻ മുഴു​സമയ ജോലി ചെയ്യേ​ണ്ടി​യി​രു​ന്നെ​ങ്കി​ലും അമ്മ എന്നെ സത്യത്തിൽ വളർത്തി​ക്കൊ​ണ്ടു​വന്നു. സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങു​ന്ന​തി​നു മുമ്പേ​തന്നെ അമ്മ എന്നെ വായി​ക്കാൻ പഠിപ്പി​ച്ചി​രു​ന്നു. പ്രായ​മുള്ള ഒരു സാധാരണ പയനിയർ സഹോ​ദ​രി​യോ​ടൊ​പ്പം ഇടദി​വ​സ​ങ്ങ​ളിൽ പ്രസം​ഗ​വേ​ല​യിൽ പങ്കെടു​ക്കാൻ ഇതെന്നെ സഹായി​ച്ചു. ആ സഹോ​ദ​രിക്ക്‌ കാഴ്‌ച​ശക്തി കുറവാ​യി​രു​ന്ന​തി​നാൽ എന്റെ വായനാ​പ്രാ​പ്‌തി ശുശ്രൂ​ഷ​യിൽ അവർക്കൊ​രു സഹായ​മാ​യി​രു​ന്നു. സ്‌കൂ​ളിൽ പോകാൻ തുടങ്ങി​യ​തി​നു​ശേ​ഷം​പോ​ലും ഉച്ചതി​രി​ഞ്ഞുള്ള സമയങ്ങ​ളിൽ ഞാൻ അവരോ​ടൊ​പ്പം വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ടു​ന്നതു തുടർന്നു. മുഴു​സമയ സേവക​രു​മാ​യുള്ള സഹവാസം എന്നിൽ ശുശ്രൂ​ഷ​യോ​ടുള്ള സ്‌നേഹം മൊട്ടി​ടാൻ ഇടയാക്കി. ആളുകൾ സത്യത്തി​നു​വേണ്ടി നിലപാ​ടെ​ടു​ക്കു​ന്നതു കാണു​ന്നത്‌ എനിക്കു സന്തോഷം കൈവ​രു​ത്തു​ന്നു. എനിക്ക്‌ ഏതാണ്ടു പത്തു വയസ്സു​ള്ള​പ്പോൾ, മുഴു​സമയ പ്രസം​ഗ​വേ​ല​യിൽ ജീവിതം ചെലവ​ഴി​ക്കാ​നുള്ള എന്റെ ആഗ്രഹം പ്രാർഥ​ന​യിൽ ഞാൻ യഹോ​വയെ അറിയി​ച്ചു. 1983-ൽ ഞാൻ സ്‌നാ​പ​ന​മേറ്റു. കുടും​ബ​ത്തി​ന്റെ ഭൗതി​കാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​നാ​യി ഏതാനും വർഷം ഞാൻ ജോലി ചെയ്‌തു. പണത്തോ​ടുള്ള സ്‌നേഹം മുഴു​സമയ സേവന​ത്തിന്‌ ഒരു വിലങ്ങു​ത​ടി​യാ​യി​ത്തീ​രാ​തി​രി​ക്കേ​ണ്ട​തിന്‌ കിട്ടുന്ന ശമ്പളം മുഴുവൻ ഞാൻ അമ്മയെ ഏൽപ്പി​ച്ചി​രു​ന്നു. പിന്നീട്‌ 1987-ൽ ദക്ഷിണാ​ഫ്രിക്ക ബെഥേൽ കുടും​ബ​ത്തിൽ ഒരു സുളു പരിഭാ​ഷ​ക​യാ​യി എനിക്കു ക്ഷണം കിട്ടി​യ​പ്പോൾ ഞാൻ ജോലി രാജി​വെച്ചു.

ബെഥേ​ലിൽ ഒരു ഏകാകി​യാ​യി സേവി​ക്കു​ന്നത്‌ എനിക്ക്‌ ഒരുപാട്‌ സന്തോഷം കൈവ​രു​ത്തി​യി​രി​ക്കു​ന്നു. പ്രഭാ​താ​രാ​ധനാ വേളയിൽ കേൾക്കുന്ന കാര്യങ്ങൾ വയൽശു​ശ്രൂഷ മെച്ച​പ്പെ​ടു​ത്താൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു. വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള സഹാരാ​ധ​ക​രോ​ടൊ​പ്പം അടുത്തു സേവി​ക്കു​ന്നത്‌ എന്റെ ക്രിസ്‌തീയ വ്യക്തി​ത്വം മെച്ച​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എന്നാൽ വിവാഹം കഴിച്ച്‌ ഒരു കുടും​ബ​മൊ​ക്കെ​യാ​യി ജീവി​ച്ചി​ല്ലെ​ങ്കി​ലെന്ത്‌, അതിലൂ​ടെ ലഭിക്കു​മാ​യി​രു​ന്ന​തി​നെ​ക്കാൾ അധികം ആത്മീയ മക്കളും പേരക്കു​ട്ടി​ക​ളും ഇന്ന്‌ എനിക്കുണ്ട്‌.

ബെഥേലിലെ തങ്ങളുടെ പരിഭാ​ഷാ നിയമ​നങ്ങൾ ശുഷ്‌കാ​ന്തി​യോ​ടെ നിർവ​ഹി​ക്ക​വേ​തന്നെ ഈ മൂന്ന്‌ സഹോ​ദ​രി​മാ​രും​കൂ​ടി മൊത്തം 36 വ്യക്തി​കളെ യഹോ​വ​യു​ടെ സമർപ്പിത സാക്ഷി​ക​ളാ​യി​ത്തീ​രാൻ സഹായി​ച്ചി​രി​ക്കു​ന്നു.

[146, 147 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

വശ്യസുന്ദര ഗിരി​നി​ര​കൾ

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഡ്രാക്കൻസ്‌ബർഗ്‌ പർവത​നി​രകൾ 1,050 കിലോ​മീ​റ്റർ ദൈർഘ്യം ഉള്ളവയാണ്‌. എന്നിരു​ന്നാ​ലും ക്വാസു​ളു-നേറ്റലി​നും ലെസോ​ത്തോ​യ്‌ക്കും ഇടയിൽ പ്രകൃ​തി​ദ​ത്ത​മായ അതിർ സൃഷ്ടി​ക്കുന്ന മലനി​ര​യാണ്‌ ഏറ്റവും സുന്ദര​മായ ഭാഗം. ഇതിനെ പലപ്പോ​ഴും ദക്ഷിണാ​ഫ്രി​ക്ക​യു​ടെ സ്വിറ്റ്‌സർലൻഡ്‌ എന്നാണു വിളി​ക്കു​ന്നത്‌.

ഭീമാ​കാ​ര​മായ സെന്റിനൽ, വഴുവ​ഴു​പ്പുള്ള അപകട​കാ​രി​യായ മങ്ക്‌സ്‌ കൗൾ, കിഴു​ക്കാം​തൂ​ക്കായ ചരിവു​ക​ളുള്ള ചതിയൻ ഡെവിൾസ്‌ ടൂത്ത്‌ തുടങ്ങിയ ദുർഗ​മ​ങ്ങ​ളായ കൊടു​മു​ടി​കൾ സാഹസി​ക​നായ പർവതാ​രോ​ഹ​കനെ ആകർഷി​ക്കു​ന്ന​വ​യാണ്‌. എന്നാൽ അത്‌ അപകട​ക​ര​മാ​യി​രു​ന്നേ​ക്കാം. വിശാ​ല​മായ, കിഴു​ക്കാം​തൂ​ക്കായ മലഞ്ചെ​രു​വി​ലേ​ക്കുള്ള വഴികൾ കുത്ത​നെ​യു​ള്ള​വ​യാ​ണെ​ങ്കി​ലും സുരക്ഷി​ത​വും പ്രത്യേക പർവതാ​രോ​ഹക ഉപകര​ണ​ങ്ങ​ളു​ടെ സഹായ​മി​ല്ലാ​തെ​തന്നെ പോകാ​വു​ന്ന​വ​യു​മാണ്‌. തീർച്ച​യാ​യും പർവത​നി​യ​മങ്ങൾ അനുസ​രി​ക്കേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. ചൂടു പകരുന്ന വസ്‌ത്രം, ഒരു കൂടാരം, ഭക്ഷണം എന്നിവ കൂടിയേ തീരൂ. കിഴു​ക്കാം​തൂ​ക്കായ മലഞ്ചെ​രി​വു​കൾ രാത്രി​കാ​ല​ങ്ങ​ളിൽ ശക്തമായ കാറ്റും കൊടും​ത​ണു​പ്പും ഉള്ളവയാ​യി​രി​ക്കും.

ഓരോ വർഷവും ആയിര​ക്ക​ണ​ക്കി​നു കാൽന​ട​സ​ഞ്ചാ​രി​ക​ളും താവള​മ​ടി​ക്കുന്ന വിനോ​ദ​യാ​ത്രാ​സം​ഘ​ങ്ങ​ളും പർവതാ​രോ​ഹ​ക​രും നഗരങ്ങ​ളി​ലെ മലിനീ​ക​ര​ണ​ത്തിൽനി​ന്നും സമ്മർദ​ങ്ങ​ളിൽനി​ന്നും മോചനം തേടി പർവത​ങ്ങ​ളി​ലെ സ്വച്ഛന്ദ​വാ​യു ശ്വസി​ക്കു​ന്ന​തി​നും നവോ​ന്മേ​ഷ​ദാ​യ​ക​മായ പർവത​ജ​ല​ത്തി​ന്റെ മാധു​ര്യം നുകരു​ന്ന​തി​നും ഗിരി​ശൃം​ഗ​ങ്ങ​ളു​ടെ ഉജ്ജ്വല​മായ മനോ​ഹാ​രിത ആസ്വദി​ക്കു​ന്ന​തി​നും ഇവിടെ എത്താറുണ്ട്‌.

[ചിത്രം]

പാറയിലെ ചിത്ര​രചന, ബുഷ്‌മെൻ

[158, 159 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ആത്മവിദ്യയിൽനിന്നും ബഹുഭാ​ര്യ​ത്വ​ത്തിൽനി​ന്നും സ്വാത​ന്ത്ര്യം

ഐസക്‌ ഷെഹ്‌ല

ജനനം 1916

സ്‌നാപനം 1985

സംക്ഷിപ്‌ത വിവരം: ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളിൽ നിരാ​ശ​നാ​യി​ത്തീർന്ന അദ്ദേഹം സത്യം പഠിക്കു​ന്ന​തി​നു മുമ്പ്‌ ധനാഢ്യ​നായ ഒരു മന്ത്രവാ​ദി-വൈദ്യൻ ആയിരു​ന്നു.

ദക്ഷിണാ​ഫ്രി​ക്ക​യു​ടെ വടക്കു​കി​ഴ​ക്കാ​യി സ്ഥിതി​ചെ​യ്യുന്ന സെകൂ​കൂ​നെ പർവത പ്രദേ​ശ​ത്താണ്‌ ഐസക്കും അദ്ദേഹ​ത്തി​ന്റെ മൂന്ന്‌ ചങ്ങാതി​മാ​രായ മാറ്റാ​ലാ​ബാ​നെ​യും ലൂക്കാ​സും ഫിലി​പ്പും വളർന്നത്‌. പള്ളിക്കാർക്കി​ട​യി​ലെ കാപട്യം മനസ്സി​ലാ​ക്കിയ അവർ അപ്പൊ​സ്‌ത​ലിക സഭ വിടാൻ തീരു​മാ​നി​ച്ചു. നാലു​പേ​രും കൂടി സത്യമ​ത​ത്തി​നാ​യുള്ള തിരച്ചിൽ ആരംഭി​ച്ചു. എന്നാൽ പിന്നീട്‌ നാലു​പേ​രും നാലു വഴിക്കാ​യി.

ഒടുവിൽ ഈ നാലു ചങ്ങാതി​മാ​രിൽ മൂന്നു​പേ​രും അവരുടെ ഭാര്യ​മാ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്നു. എന്നാൽ ഐസക്കിന്‌ എന്തു സംഭവി​ച്ചു? അദ്ദേഹം തന്റെ പിതാ​വി​ന്റെ പാത പിന്തു​ടർന്നു. പേരു​കേട്ട ഒരു മന്ത്രവാ​ദി-വൈദ്യ​നാ​യി​രു​ന്നു പിതാവ്‌. എങ്ങനെ​യും പണമു​ണ്ടാ​ക്കുക എന്ന ഒറ്റ ലക്ഷ്യമേ ഐസക്കിന്‌ ഉണ്ടായി​രു​ന്നു​ള്ളൂ, അതു സാധി​ക്കു​ക​യും ചെയ്‌തു. നൂറു കന്നുകാ​ലി​കളെ സ്വന്തമാ​ക്കിയ അദ്ദേഹ​ത്തിന്‌ വലി​യൊ​രു തുക ബാങ്കി​ലും ഉണ്ടായി​രു​ന്നു. ധനാഢ്യർക്കി​ട​യിൽ പതിവാ​യി​രു​ന്ന​തു​പോ​ലെ അദ്ദേഹ​ത്തി​നും ഉണ്ടായി​രു​ന്നു രണ്ടു ഭാര്യ​മാർ. ഇതിനി​ട​യിൽ മാറ്റാ​ലാ​ബാ​നെ, ഐസക്കി​നെ തേടി​പ്പി​ടിച്ച്‌ അയാളു​ടെ മൂന്ന്‌ മുൻ ചങ്ങാതി​മാർ എങ്ങനെ​യാണ്‌ സത്യമതം കണ്ടെത്തി​യ​തെന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാൻ തീരു​മാ​നി​ച്ചു.

മാറ്റാ​ലാ​ബാ​നെയെ വീണ്ടും കണ്ടുമു​ട്ടി​യ​തിൽ എന്തെന്നി​ല്ലാത്ത സന്തോഷം തോന്നിയ ഐസക്‌ തന്റെ പഴയ ചങ്ങാതി​മാർ എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ത്തീർന്ന​തെന്ന്‌ അറിയാ​നും ആകാം​ക്ഷ​യു​ള്ള​വ​നാ​യി​രു​ന്നു. ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! എന്ന ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ ഐസക്കു​മാ​യി ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. തന്റെ അടുക്കൽ വരുന്ന ഒരാളു​ടെ ചോദ്യ​ത്തിന്‌ ഉത്തരമ​രു​ളാ​നാ​യി ഒരു ആഫ്രിക്കൻ മന്ത്രവാ​ദി-വൈദ്യൻ എല്ലുകൾ നില​ത്തേ​ക്കെ​റി​യു​ന്ന​താ​യി അതിന്റെ പ്രാ​ദേ​ശിക ഭാഷാ​പ​തി​പ്പി​ന്റെ 17-ാം ചിത്ര​ത്തിൽ കാണി​ച്ചി​ട്ടുണ്ട്‌. അത്തരം ആത്മവി​ദ്യാ നടപടി​കൾ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്നു​വെന്ന്‌ അവിടെ പരാമർശി​ച്ചി​രി​ക്കുന്ന ആവർത്ത​ന​പു​സ്‌തകം 18:10, 11-ൽനിന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ഐസക്‌ അതിശ​യി​ച്ചു​പോ​യി. ബഹുഭാ​ര്യ​നായ ഒരാ​ളെ​യും ഭാര്യ​മാ​രെ​യും കാണി​ച്ചി​രി​ക്കുന്ന 25-ാം ചിത്രം അദ്ദേഹത്തെ ആകെ അസ്വസ്ഥ​നാ​ക്കി. ഒരു സത്യ​ക്രി​സ്‌ത്യാ​നിക്ക്‌ ഒന്നില​ധി​കം ഭാര്യ​മാർ ഉണ്ടായി​രി​ക്കാൻ പാടി​ല്ലെന്നു കാണി​ക്കു​ന്ന​തിന്‌ 1 കൊരി​ന്ത്യർ 7:1-4 ആ ചിത്ര​ത്തോ​ടൊ​പ്പം പരാമർശി​ച്ചി​ട്ടുണ്ട്‌.

പ്രസ്‌തുത തിരു​വെ​ഴു​ത്തു​കൾ അനുസ​രി​ക്കു​ന്ന​തിൽ ഐസക്‌ ഒട്ടും അമാന്തി​ച്ചില്ല. 68-ാം വയസ്സിൽ രണ്ടാം ഭാര്യയെ ഉപേക്ഷിച്ച അദ്ദേഹം ആദ്യ ഭാര്യ​യായ ഫ്‌ളോ​റി​നാ​യു​മാ​യുള്ള വിവാഹം നിയമാ​നു​സൃ​ത​മാ​ക്കി. മാത്ര​വു​മല്ല, ഒരു മന്ത്രവാ​ദി-വൈദ്യൻ എന്ന നിലയി​ലുള്ള തന്റെ ജോലി അദ്ദേഹം പാടേ നിറു​ത്തി​ക്ക​ള​യു​ക​യും ഭാവി പ്രവചി​ക്കു​ന്ന​തി​നാ​യി ഉപയോ​ഗി​ച്ചി​രുന്ന എല്ലുകൾ എറിഞ്ഞു​ക​ള​യു​ക​യും ചെയ്‌തു. ഒരിക്കൽ ഐസക്കു​മാ​യുള്ള അധ്യയനം നടന്നു​കൊ​ണ്ടി​രി​ക്കെ, ദൂരെ​നിന്ന്‌ രണ്ടു പേർ അവി​ടെ​യെത്തി. മന്ത്രവാ​ദി-വൈദ്യ​നെന്ന നിലയി​ലുള്ള അദ്ദേഹ​ത്തി​ന്റെ സേവന​ങ്ങൾക്കുള്ള പ്രതി​ഫ​ല​മാ​യി അവർ നൽകാ​നു​ണ്ടാ​യി​രുന്ന 550 റാണ്ട്‌ (അന്നത്തെ കണക്കനു​സ​രിച്ച്‌ 140 ഡോളർ) നൽകാ​നാ​യി​രു​ന്നു അവർ വന്നത്‌. ആ പണം വാങ്ങാൻ വിസമ്മ​തിച്ച അദ്ദേഹം താൻ പഴയ തൊഴിൽ ഉപേക്ഷി​ച്ചെ​ന്നും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവൻ ആകുക​യെന്ന ആഗ്രഹ​ത്തോ​ടെ ഇപ്പോൾ ബൈബിൾ പഠിക്കു​ക​യാ​ണെ​ന്നും വിശദീ​ക​രി​ച്ചു​കൊണ്ട്‌ അവർക്ക്‌ ഒരു നല്ല സാക്ഷ്യം നൽകി. പെട്ടെ​ന്നു​തന്നെ ഐസക്‌ തന്റെ ലക്ഷ്യത്തി​ലെ​ത്തി​ച്ചേർന്നു. 1985-ൽ അദ്ദേഹ​വും ഫ്‌ളോ​റി​ന​യും സ്‌നാ​പ​ന​മേറ്റു. ഇപ്പോൾ 90 വയസ്സുള്ള ഐസക്‌ ഏതാനും വർഷമാ​യി ക്രിസ്‌തീയ സഭയിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ക​യാണ്‌.

[124-ാം പേജിലെ ചിത്രം]

ദക്ഷിണാഫ്രിക്ക സുപ്ര​ധാന സംഭവങ്ങൾ മൊത്തം പ്രസാ​ധകർ മൊത്തം പയനി​യർമാർ

1900

1902 ബൈബിൾ സാഹി​ത്യ​ങ്ങൾ ദക്ഷിണാ​ഫ്രി​ക്ക​യിൽ എത്തുന്നു.

1910 വില്യം ഡബ്ലിയു. ജോൺസ്റ്റൺ ഡർബനിൽ ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ക്കു​ന്നു.

1916 “സൃഷ്ടി​പ്പിൻ ഫോട്ടോ നാടകം” എത്തുന്നു.

1917 ബ്രാഞ്ച്‌ ഓഫീസ്‌ കേപ്‌ടൗ​ണി​ലേക്കു മാറ്റുന്നു.

1920

1924 അച്ചടി കേപ്‌ടൗ​ണി​ലേക്കു മാറ്റുന്നു.

1939 ആശ്വാസം ആഫ്രി​ക്കാൻസിൽ അച്ചടിച്ചു തുടങ്ങു​ന്നു.

1940

1948 കേപ്‌ടൗ​ണി​നു സമീപം പണിത ആദ്യത്തെ രാജ്യ​ഹാൾ.

1949 സുളു​വിൽ വീക്ഷാ​ഗോ​പു​രം അച്ചടി​ക്കു​ന്നു.

1952 ഇലാൻസ്‌ഫോൺടെ​യ്‌നിൽ ബെഥേ​ലി​ന്റെ പണി പൂർത്തി​യാ​കു​ന്നു.

1979 റ്റികെ​എസ്‌ റോട്ടറി പ്രസ്സ്‌ സ്ഥാപി​ക്കു​ന്നു.

1980

1987 ക്രൂഗർസ്‌ഡോർപ്പിൽ പുതിയ ബെഥേൽ പണിയു​ന്നു; 1999-ൽ വികസി​പ്പി​ക്കു​ന്നു.

1992 ആദ്യത്തെ ശീഘ്ര-നിർമിത രാജ്യ​ഹാ​ളി​ന്റെ പണി സൊ​വേ​റ്റോ​യിൽ പൂർത്തി​യാ​കു​ന്നു.

2000

2004 അച്ചടി​ശാല വികസി​പ്പി​ക്കു​ന്നു. മാൻ റോളൻഡ്‌ ലിഥോ​മൻ പ്രസ്സ്‌ പ്രവർത്ത​ന​ത്തിൽ.

2006 78,877 എന്ന പ്രസാധക അത്യു​ച്ച​ത്തിൽ എത്തുന്നു.

[124-ാം പേജിലെ ചിത്രം]

80,000

40,000

1900 1920 1940 1980 2000

[148, 149 പേജു​ക​ളി​ലെ ചാർട്ട്‌/ ചിത്രങ്ങൾ]

അനവധി ഭാഷകൾ

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ അച്ചടി​ശാ​ല​യിൽ 33 ഭാഷക​ളിൽ “വീക്ഷാ​ഗോ​പു​രം” അച്ചടി​ക്കു​ന്നു.

വൈവി​ധ്യ​മാർന്ന​വർണ​ക്കാ​ഴ്‌ചകൾ

ഓരോ വർഗക്കാ​രു​ടെ​യും തനതായ,വർണപ്പ​കി​ട്ടാർന്ന ആടയാ​ഭ​ര​ണങ്ങൾ ആഫ്രി​ക്ക​യ്‌ക്കു സ്വന്തം.

സുളു

അഭിവാദനം “സാനി​ബോ​ണാ”

മാതൃഭാഷ 1,06,77,000 പേരുടെ

പ്രസാധകർ 29,000

സെസോത്തോ

അഭിവാദനം “ലുമേ​ലാങ്‌”

മാതൃഭാഷ 35,55,000 പേരുടെ

പ്രസാധകർ 10,530

സെപ്പിടി

അഭിവാദനം “തൊ​ബേലാ”

മാതൃഭാഷ 42,09,000 പേരുടെ

പ്രസാധകർ 4,410

ത്‌സോംഗ

അഭിവാദനം “സെവാനി”

മാതൃഭാഷ 19,92,000 പേരുടെ

പ്രസാധകർ 2,540

ഘോസ

അഭിവാദനം “മൊൽവേനി”

മാതൃഭാഷ 79,07,000 പേരുടെ

പ്രസാധകർ 10,590

ആഫ്രിക്കാൻസ്‌

അഭിവാദനം “ഹലോ”

മാതൃഭാഷ 59,83,000 പേരുടെ

പ്രസാധകർ 7,510

ത്‌സ്വാന

അഭിവാദനം “ഡുമേ​ലാങ്‌”

മാതൃഭാഷ 36,77,000 പേരുടെ

പ്രസാധകർ 4,070

വെൻഡ

അഭിവാദനം “റിയാ വുസാ”

മാതൃഭാഷ 10,21,800 പേരുടെ

പ്രസാധകർ 480

എല്ലാം ഏകദേശ കണക്ക്‌

[പേജ്‌ 66 ചിത്രം]

[71-ാം പേജിലെ ചിത്രം]

യെല്ലോവുഡ്‌ മരം

[74-ാം പേജിലെ ചിത്രം]

സ്റ്റോഫെൽ ഫുറീ

[74-ാം പേജിലെ ചിത്രം]

“വേദാ​ധ്യ​യന പത്രിക”

[74-ാം പേജിലെ ചിത്രം]

ഡർബൻ സഭയിലെ സഹോ​ദ​രങ്ങൾ വില്യം ഡബ്ലിയു. ജോൺസ്റ്റ​ണോ​ടൊ​പ്പം, 1915

[74, 75 പേജു​ക​ളി​ലെ ചിത്രം]

യോഹാ​നസ്‌ ഷാങ്‌ഗെ​യും കുടും​ബ​വും

[75-ാം പേജിലെ ചിത്രം]

ഈ കെട്ടി​ട​ത്തി​ലെ ഒരു ചെറിയ മുറി​യാ​യി​രു​ന്നു ആദ്യത്തെ ബ്രാഞ്ച്‌ ഓഫീസ്‌

[77-ാം പേജിലെ ചിത്രം]

യാപ്പി തെറോൺ

[79-ാം പേജിലെ ചിത്രം]

ഹെൻറി മിർഡൽ

[79-ാം പേജിലെ ചിത്രം]

പിറ്റ്‌ ഡി യാഹെർ

[82-ാം പേജിലെ ചിത്രം]

ഹെൻറി അങ്കെറ്റിൽ, 1915

[82-ാം പേജിലെ ചിത്രം]

ഗ്രേസ്‌ ടെയ്‌ല​റും ഡേവിഡ്‌ ടെയ്‌ല​റും

[82-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീക​രി​ക്കു​ന്ന​തി​നുള്ള പ്രമേയം അടങ്ങിയ 1931-ലെ ചെറു​പു​സ്‌ത​കം

[84-ാം പേജിലെ ചിത്രം]

ജോർജ്‌ ഫിലി​പ്‌സും ഭാര്യ സ്റ്റെല്ലയും ഉൾപ്പെട്ട, കേപ്‌ടൗ​ണി​ലെ ബെഥേൽ കുടും​ബം, 1931

[87-ാം പേജിലെ ചിത്രം]

ഘോസ ഭാഷയി​ലുള്ള റെക്കോർഡിങ്‌

[87-ാം പേജിലെ ചിത്രം]

ആൻഡ്രൂ ജാക്കും ഫ്രോൻറ്റെ​ക്‌സ്‌ പ്രസ്സും, 1937

[87-ാം പേജിലെ ചിത്രം]

ആഫ്രിക്കാൻസിലെ ആദ്യത്തെ “ആശ്വാസ”വും “വീക്ഷാ​ഗോ​പുര”വും

[90-ാം പേജിലെ ചിത്രം]

സമ്മേളന പ്രതി​നി​ധി​കൾ, ജോഹാ​ന​സ്‌ബർഗ്‌, 1944

[90-ാം പേജിലെ ചിത്രം]

പ്ലാക്കാർഡ്‌ ഉപയോ​ഗിച്ച്‌ ഒരു പ്രസംഗം പരസ്യ​പ്പെ​ടു​ത്തു​ന്നു, 1945

[90-ാം പേജിലെ ചിത്രം]

ഫ്രാൻസ്‌ മളറും പിറ്റ്‌ വെന്റ്‌സെ​ലും ഗ്രാമ​ഫോ​ണു​ക​ളു​മാ​യി, 1945

[95-ാം പേജിലെ ചിത്രം]

സഞ്ചാരദാസനായ ഗെർട്ട്‌ നെൽ, 1943

[95-ാം പേജിലെ ചിത്രം]

ഉൾപ്രദേശങ്ങളിൽ സാക്ഷീ​ക​രി​ക്കു​ന്നു, 1948

[99-ാം പേജിലെ ചിത്രം]

ആൻഡ്രൂ മസോൺഡൊ​യും രണ്ടാം ഭാര്യ ഐവി​യും

[99-ാം പേജിലെ ചിത്രം]

ലൂക്ക്‌ ഡ്‌ലാ​ഡ്‌ലാ​യും ജോയ്‌സും

[99-ാം പേജിലെ ചിത്രം]

ആദ്യത്തെ സുളു “വീക്ഷാ​ഗോ​പു​രം”

[102-ാം പേജിലെ ചിത്രം]

വെല്ലൂ നൈ​ക്കെ​റി​ന്റെ മാതൃക, 190 കുടും​ബാം​ഗ​ങ്ങളെ സത്യം സ്വീക​രി​ക്കാൻ സഹായി​ച്ചു

[102-ാം പേജിലെ ചിത്രങ്ങൾ]

ഗോപൽ കൂപ്‌സാ​മി 21 വയസ്സു​ള്ള​പ്പോൾ; ഭാര്യ സൂശി​ലാ​യോ​ടൊ​പ്പം ഇന്ന്‌; ഇവർ 150 പേരെ സമർപ്പണം എന്ന പടി സ്വീക​രി​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു

[104, 105 പേജു​ക​ളി​ലെ ചിത്രം]

ഇസബെല്ല എലറേ

ഡോറിൻ കിൽഗോർ

[108, 109 പേജു​ക​ളി​ലെ ചിത്രം]

1952-ൽ ഉണ്ടായി​രു​ന്നത്‌

ബെഥേൽ, ഇലാൻസ്‌ഫോൺടെയ്‌ൻ, 1972

[110-ാം പേജിലെ ചിത്രങ്ങൾ]

കൺ​വെൻ​ഷൻ സവി​ശേ​ഷ​ത​കൾ

(മുകളിൽ) “കുട്ടികൾ” എന്ന പുസ്‌ത​ക​ത്തി​ന്റെ പ്രകാ​ശനം, 1942; (മധ്യത്തിൽ) സ്‌നാ​പ​നാർഥി​കൾ, 1959; (താഴെ) ഘോസ സഹോ​ദ​രങ്ങൾ പാട്ടു​പാ​ടി പ്രതി​നി​ധി​കളെ സ്വാഗതം ചെയ്യുന്നു, 1998

കഴിഞ്ഞ വർഷം 3,428 പേർ സ്‌നാ​പ​ന​മേറ്റു!

[120-ാം പേജിലെ ചിത്രം]

ചാട്ടവാറടിയേറ്റ എലൈജാ ഡ്‌ളോ​ഡ്‌ളോ

[121-ാം പേജിലെ ചിത്രം]

ഒരു സാധാരണ പയനി​യ​റായ ഫ്‌ളോ​റാ മലിൻഡാ. അവരുടെ മകൾ മൃഗീ​യ​മാ​യി കൊല​ചെ​യ്യ​പ്പെ​ട്ടു

[122-ാം പേജിലെ ചിത്രം]

അക്രമികൾ വകവരു​ത്തിയ മോസസ്‌ ന്യാമൂ​സ്വാ

[140, 141 പേജു​ക​ളി​ലെ ചിത്രം]

ഊർജിത രാജ്യ​ഹാൾ നിർമാ​ണം

കഗിസോ സഭയ്‌ക്ക്‌ രാജ്യ​ഹാൾ പണിയാൻ സഹായം ലഭിച്ചു

പണിയുന്നതിനു മുമ്പ്‌

പണി നടക്കു​മ്പോൾ

പണി പൂർത്തി​യാ​യ​പ്പോൾ

ഹൈഡൽബർഗിലെ രത്തൻഡാ സഭയ്‌ക്ക്‌ തങ്ങളുടെ പുതിയ രാജ്യ​ഹാൾ വളരെ ഇഷ്ടമാണ്‌

37 ആഫ്രിക്കൻ രാജ്യ​ങ്ങ​ളിൽ 7,207 ഹാളുകൾ പണിതു കഴിഞ്ഞു, 3,305എണ്ണം കൂടി വേണം!

[147-ാം പേജിലെ ചിത്രം]

റൂസോ കുടും​ബം, ഇന്ന്‌

[150-ാം പേജിലെ ചിത്രങ്ങൾ]

മിഡ്‌റാൻഡിലെ സമ്മേളന ഹാൾ

[155-ാം പേജിലെ ചിത്രം]

സിംബാബ്‌വേക്ക്‌ ദുരി​താ​ശ്വാ​സം എത്തിക്കു​ന്നു, 2002

[155-ാം പേജിലെ ചിത്രം]

പരിഭാഷകർക്കായി കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു

[156, 157 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ച്‌, 2006

താമസത്തിനും ഓഫീ​സി​നു​മുള്ള കെട്ടി​ടങ്ങൾ, പുതിയ പ്രസ്സ്‌, ഷിപ്പിങ്‌ ഡിപ്പാർട്ട്‌മെന്റ്‌

[156-ാം പേജിലെ ചിത്രങ്ങൾ]

ബ്രാഞ്ച്‌ കമ്മിറ്റി

പീറ്റ്‌ വെന്റ്‌സൽ

ലോയീസോ പീലീ​സോ

റോവെൻ ബ്രൂക്‌സ്‌

റെയ്‌മണ്ട്‌ താലാനേ

ഫ്രാൻസ്‌ മളർ

പിറ്റർ ഡി ഹീർ

യാനീ ഡിപെ​റിങ്ക്‌

[161, 162 പേജു​ക​ളി​ലെ ചിത്രങ്ങൾ]

നമീബിയ

വില്യം ഹീൻഡെ​ലും ഭാര്യ ഇലനും

ഡിക്ക്‌ വോൾ​ഡ്രൊ​ണും ഭാര്യ കോറ​ലീ​യും, 1951

നമീബിയയിലെ പരിഭാ​ഷാ ഓഫീസ്‌

[167-ാം പേജിലെ ചിത്രങ്ങൾ]

ലെസോത്തോ

(ഏറ്റവും മുകളിൽ) ഏബെൽ മൊഡീബ സർക്കിട്ട്‌ വേലയിൽ; (തൊട്ടു മുകളിൽ) ഗുഹാ​വാ​സി​കൾ ഒരു മിഷന​റി​യു​ടെ ചുറ്റും; (ഇടത്ത്‌) പിറോല ന്യൂ​ഗ്രേൻസും ബിർജി​റ്റാ​യും

[168-ാം പേജിലെ ചിത്രങ്ങൾ]

ബോട്‌സ്വാന

റ്റോംഗാന ദമ്പതികൾ ഒരു തെരുവു കച്ചവട​ക്കാ​ര​നോ​ടു സാക്ഷീ​ക​രി​ക്കു​ന്നു

കുടിലുകൾതോറും പ്രസം​ഗി​ക്കു​ന്നു

[170-ാം പേജിലെ ചിത്രങ്ങൾ]

സ്വാസിലാൻഡ്‌

ജെയിംസ്‌ ഹോ​ക്കെ​റ്റും ഭാര്യ ഡോണും

ഒരു കരകൗശല ചന്തയിൽ സത്യം പങ്കു​വെ​ക്കു​ന്നു, എമ്പാബാ​നെ

[170-ാം പേജിലെ ചിത്രങ്ങൾ]

സെന്റ്‌ ഹെലീന

“രാജ്യ​വാർത്ത” വിതര​ണ​പ​രി​പാ​ടി ഒരു ദിവസം​കൊണ്ട്‌ പൂർത്തി​യാ​യി; (താഴെ) ജെയിംസ്‌ ടൗണിലെ തുറമുഖ നഗരം

[175-ാം പേജിലെ ചിത്രം]

അന്താരാഷ്‌ട്ര കൺ​വെൻ​ഷൻ, 1993