ലോകവ്യാപക റിപ്പോർട്ട്
ലോകവ്യാപക റിപ്പോർട്ട്
ഏഷ്യ മധ്യപൂർവദേശം
ദേശങ്ങൾ 47
ജനസംഖ്യ 393,03,43,401
പ്രസാധകർ 5,91,750
ബൈബിളധ്യയനങ്ങൾ 4,77,609
ജപ്പാൻ
മിഹോയ്ക്ക് പ്രസവസമയം അടുത്തതോടെ, സാധാരണപോലെ ശുശ്രൂഷയിൽ പങ്കെടുക്കുക ബുദ്ധിമുട്ടായിത്തീർന്നു. പക്ഷേ പയനിയറിങ് നിറുത്താൻ അവർക്കു മനസ്സുവന്നില്ല. അതുകൊണ്ട് ടെലിഫോൺ സാക്ഷീകരണം നടത്താൻ തീരുമാനിച്ച അവർ, കനത്ത സുരക്ഷാസംവിധാനമുള്ള അപ്പാർട്ടുമെന്റുകൾപോലെ പ്രസംഗവേല ഏറെക്കുറെ അസാധ്യമായിരുന്ന വീടുകളുടെ മേൽവിലാസം തരാമോയെന്ന് സേവന മേൽവിചാരകനോടു ചോദിച്ചു. അദ്ദേഹം നൂറോളം മേൽവിലാസം കൊടുത്തു. വീട്ടിലിരുന്നുകൊണ്ട് മിഹോ സാധിക്കുന്നവരെയെല്ലാം ഫോണിൽ വിളിച്ചു. ആദ്യശ്രമത്തിനു കാര്യമായ ഫലമുണ്ടായില്ല; ആർക്കും കേൾക്കാൻ താത്പര്യമില്ലാതിരുന്നതിനാൽ ഫോൺവിളി 30 മിനിട്ടിൽ ഒതുങ്ങി. എന്നാൽ പിറ്റേത്തവണ മിഹോ, തന്റെ ശ്രമം ഫോൺവിളിയിൽ ഒതുക്കുന്നതിനുപകരം ഹ്രസ്വമായ കത്തുകളുമെഴുതി. കുട്ടി കരയുന്ന ശബ്ദം തുടങ്ങി ഫോൺവിളിയിൽനിന്നു ലഭിച്ച സൂചനകളെ അടിസ്ഥാനമാക്കിയായിരുന്നു കത്തുകൾ എഴുതിയിരുന്നത്. കത്ത് അവർക്കു കിട്ടാൻ സാധ്യതയുള്ള സമയം കണക്കുകൂട്ടി, മിഹോ വീട്ടുകാരെ ഫോണിൽ വിളിച്ച് കത്തിൽ പരാമർശിച്ചിരിക്കുന്ന ബൈബിൾ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചു ചർച്ച ചെയ്യുമായിരുന്നു. ഒരു വീട്ടുകാരി ഫോണിൽ സംസാരിക്കാൻ വിസമ്മതിച്ചെങ്കിലും മിഹോ അവർക്ക് ഒരു കത്തെഴുതി. വീണ്ടും ഫോൺചെയ്തപ്പോൾ സ്കൂളിൽ പഠിക്കുന്ന അവരുടെ മകളാണ് ഫോണെടുത്തത്. ആ കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കത്ത് വായിച്ചിട്ടുണ്ടായിരുന്ന അവളോട് മിഹോ സാക്ഷീകരിക്കുകയും സ്കൂൾ ജീവിതത്തോടു ബന്ധപ്പെട്ട ചില തിരുവെഴുത്ത് ഉപദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു കത്ത് അയയ്ക്കാമെന്നു പറയുകയും ചെയ്തു. വീണ്ടും വിളിക്കാനുള്ള ക്രമീകരണവും ചെയ്തു. ഇത്തവണ ഫോണെടുത്തത് അമ്മയാണ്; തന്റെ
മകൾക്ക് സ്കൂളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും മിഹോ പറഞ്ഞ കാര്യങ്ങൾ വലിയ സഹായമായെന്നും ആ സ്ത്രീ പറഞ്ഞു. തുടർന്ന് ഏതാനും ഫോൺവിളികൾക്കും കത്തുകൾക്കും ശേഷം അമ്മയും മകളും ബൈബിൾ പഠിക്കാൻ തുടങ്ങി.നേപ്പാൾ
സ്കൂൾ അധ്യാപകനായിരുന്ന പ്രേം സത്യത്തിനായുള്ള അന്വേഷണം തുടങ്ങിയിട്ട് നാളേറെയായിരുന്നു. അദ്ദേഹം ബൈബിൾ വായിച്ചിരുന്നു; താൻ പഠിപ്പിക്കുന്ന സ്കൂളിനടുത്തുള്ള ഒരു പള്ളിയിലും പോകുമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം ലഭിച്ചില്ല; പാസ്റ്ററാണെങ്കിൽ എപ്പോഴും സംഭാവനയ്ക്കായി കേണുകൊണ്ടിരുന്നു. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സത്യം മനസ്സിലാക്കാൻ സഹായിക്കാനാകുന്ന ഒരു സഭയിലേക്കു നയിക്കണമേയെന്ന് പ്രേം ദൈവത്തോടു പ്രാർഥിച്ചു. അങ്ങനെയിരിക്കെ, പ്രേം മറ്റൊരു സ്ഥലത്തേക്കു മാറി; വേറൊരു സ്കൂളിൽ പഠിപ്പിക്കാനും തുടങ്ങി. പള്ളി എവിടെയാണെന്ന് അദ്ദേഹം തന്റെ പുതിയ അയൽക്കാരോട് അന്വേഷിച്ചു. പ്രേം താമസിച്ചിരുന്ന അതേ അപ്പാർട്ടുമെന്റിൽ താമസിച്ചിരുന്ന ഒരു കുട്ടി പ്രേമിനെ അവിടത്തെ രാജ്യഹാളിൽ കൂട്ടിക്കൊണ്ടുപോയി; കാരണം അവന്റെ അമ്മ അവിടത്തെ ഏതാനും യോഗങ്ങൾക്കു പോയിട്ടുണ്ടായിരുന്നു. ദൈവരാജ്യത്തെ കുറിച്ചുള്ളതായിരുന്നു അന്നത്തെ പരസ്യപ്രസംഗം. പ്രേം അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയമായിരുന്നു അത്. അധ്യയനത്തിനുള്ള ക്രമീകരണം ചെയ്യപ്പെട്ടു. ഇപ്പോൾ അദ്ദേഹവും കുടുംബവും യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്; തങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കുന്നതിൽ അവർ സന്തുഷ്ടരാണ്. യഹോവയുടെ സാക്ഷികളായിത്തീരാൻ ആഗ്രഹിക്കുന്ന അവർ പള്ളിയിലേക്കു രാജിക്കത്ത് അയച്ചിരിക്കുകയാണ്.
തായ്വാൻ
വാർഷിക എഴുത്തു മത്സരത്തിന്റെ ഭാഗമായി ഒരു ഉപന്യാസം എഴുതാൻ പ്രൈമറി സ്കൂൾ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. “എന്റെ പ്രിയപ്പെട്ട പുസ്തകം” എന്നതായിരുന്നു വിഷയം. പത്തു വയസ്സുകാരി വേജെൻ ബൈബിളിനെക്കുറിച്ചാണ് എഴുതിയത്. ബൈബിളിലെ പ്രവചനങ്ങളുടെ കൃത്യതയെയും അതു നൽകുന്ന മികച്ച മാർഗനിർദേശത്തെയും കുറിച്ച് അവൾ എഴുതിയിരുന്നു. അതിനുപുറമേ, അധ്യാപകർക്കോ സഹപാഠികൾക്കോ ഉത്തരം നൽകാൻ കഴിയാതെപോയ തന്റെ ചോദ്യങ്ങൾക്ക ബൈബിൾ തൃപ്തികരമായ ഉത്തരം നൽകിയെന്ന് അവൾ ഉപന്യാസത്തിൽ വിശദമാക്കി. “മനുഷ്യന്റെ പൂർവികർ കുരങ്ങിൽനിന്ന് പരിണമിച്ചുണ്ടായതാണെന്നാണ് ഞങ്ങളുടെ അധ്യാപകൻ പറഞ്ഞത്,” വേജെൻ എഴുതി. “ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘മനുഷ്യൻ കുരങ്ങിൽനിന്ന് ഉണ്ടായതാണെങ്കിൽ നാം അവയോട് ഭക്തിയും ആത്മാർഥമായ നന്ദിയും കാണിക്കേണ്ടതല്ലേ? നാം എന്തിനാണ് അവയെ മൃഗശാലകളിലെ കൂട്ടിലിടുന്നത്? അപ്പോൾ, നമ്മൾ വലിയ തെറ്റല്ലേ ചെയ്യുന്നത്?’ പക്ഷേ ബൈബിൾ വ്യക്തമായി ഇങ്ങനെ എബ്രായർ 4:12 ഉദ്ധരിച്ചിട്ട് അവൾ പറയുന്നു: “എല്ലാ ബഹുമതിയും ഞാൻ യഹോവയാം ദൈവത്തിനു കൊടുക്കുന്നു.”
ഉത്തരം നൽകുന്നു: വാസ്തവത്തിൽ നാം കുരങ്ങിൽനിന്ന് ഉണ്ടായതല്ല. മറിച്ച് നമ്മുടെ പൂർവികർ നിലത്തെ പൊടിയിൽനിന്ന്, ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണ്.” അവൾ തന്റെ ഉപന്യാസം അവസാനിപ്പിച്ചത് പിൻവരുന്ന വാക്കുകളോടെയാണ്: “‘ഒരു പുസ്തകം വായിക്കുന്നത് ഒരു നിധിപ്പെട്ടി തുറക്കുന്നതുപോലെയാണ്’ എന്നു പണ്ടുള്ളവർ പറയുമായിരുന്നു. എന്റെ അഭിപ്രായത്തിൽ ബൈബിൾ സ്വർണത്തെക്കാളൊക്കെ വിലപിടിച്ചതാണ്. അതുകൊണ്ടുതന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകം ബൈബിളാണ്.” നാലാം ക്ലാസ്സിലായിരുന്നു വേജെൻ; അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥികളുടെ ഉപന്യാസങ്ങൾ ഉൾപ്പെടുത്തിയാണ് മാർക്കിട്ടതെങ്കിലും വേജെന്റെ ഉപന്യാസത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. തന്റെ അനുഭവം വിവരിക്കവേമംഗോളിയ
അടുത്തയിടെ സ്നാപനമേറ്റ ഒരു സഹോദരിയാണ് ബൊലൊർറ്റ്സെറ്റ്സെക്. തന്റെ ഒരു ബന്ധു മരിച്ചെന്നും അദ്ദേഹത്തിന്റെ വിധവ കടുത്ത നിരാശയിലാണെന്നും കേട്ടപ്പോൾ മംഗോളിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നമ്മുടെ എല്ലാ പ്രസിദ്ധീകരണങ്ങളും സഹോദരി അവർക്ക് അയച്ചുകൊടുത്തു. എവൂസനാ എന്നായിരുന്നു അവരുടെ പേര്; അവരതെല്ലാം ഒറ്റ രാത്രികൊണ്ടു വായിച്ചുതീർത്തു. പിറ്റേദിവസം, തനിക്കു സംസാരിക്കണമെന്നും അതുകൊണ്ടു പെട്ടെന്നുതന്നെ അങ്ങോട്ടു ചെല്ലണമെന്നും പറഞ്ഞുകൊണ്ട് അവർ സഹോദരിക്കു ഫോൺ ചെയ്തു. ബൊലൊർറ്റ്സെറ്റ്സെക് മറ്റൊരു സഹോദരിയോടൊപ്പം എവൂസനായെ സന്ദർശിച്ചു. സഹോദരിയോടു ചോദിക്കാനായി എവൂസനാ ധാരാളം ചോദ്യങ്ങൾ തയ്യാറാക്കിവെച്ചിരുന്നു. സഹോദരിമാർ ബൈബിളിൽനിന്ന് ഉത്തരങ്ങൾ നൽകിയപ്പോൾ വലിയ താത്പര്യത്തോടെ അവർ കേട്ടിരുന്നു. വിഷയങ്ങൾ ഒന്നൊന്നായി വിശദമായി ചർച്ച ചെയ്യുന്നപക്ഷം എവൂസനായ്ക്ക് അതു കൂടുതൽ പ്രയോജനം ചെയ്യുമെന്ന് നീണ്ട ഒരു ചർച്ചയ്ക്കുശേഷം സഹോദരിമാർ പറഞ്ഞു. ഒരു ഭവന ബൈബിളധ്യയനം തുടങ്ങുന്നതു നന്നായിരിക്കുമെന്ന് അവർ നിർദേശിച്ചു. പെട്ടെന്നുതന്നെ എവൂസനാ, ആഴ്ചയിൽ മൂന്നു പ്രാവശ്യം അധ്യയനത്തിനിരിക്കാമെന്നു സമ്മതിച്ചു. ഒരു മാസത്തിനുള്ളിൽ അവർ വീട്ടിൽനിന്നു വിഗ്രഹങ്ങളെല്ലാം നീക്കംചെയ്യുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തു. പ്രസാധകയായി രണ്ടു മാസം കഴിഞ്ഞപ്പോൾത്തന്നെ അവർ സഹായ പയനിയറിങ് ചെയ്യാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. സ്നാപനമേറ്റതിനുശേഷമേ പയനിയറിങ് ചെയ്യാനാവൂ എന്നു വിശദീകരിച്ചപ്പോഴും, മാസംതോറും വയലിൽ കുറഞ്ഞപക്ഷം 50 മണിക്കൂർ പ്രവർത്തിക്കുക എന്ന തീരുമാനത്തിൽ അവർ ഉറച്ചുനിന്നു. അടുത്ത കൺവെൻഷനാകാൻ കാത്തിരിക്കുകയാണ് അവർ, സ്നാപനമേൽക്കുന്നതിന്.
കസാഖ്സ്ഥാൻ
റൂഡ്നി നഗരത്തിൽവെച്ച് ഒരു പയനിയർ നിക്കൊലൈ എന്ന ഒരു യുവാവിനെ കണ്ടുമുട്ടി. ഭവന ബൈബിളധ്യയനത്തിനു താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു. നിക്കൊലൈയും കുടുംബവും ദൂരെ ഒരു ഗ്രാമത്തിലാണു താമസിച്ചിരുന്നത്. ബന്ധുക്കളെ കാണാനായി വല്ലപ്പോഴും മാത്രമേ അദ്ദേഹം റൂഡ്നിയിൽ വരാറുണ്ടായിരുന്നുള്ളൂ. ഗ്രാമത്തിൽ ചെന്നു നിക്കൊലൈയെ കാണാനാകുമോ എന്നു സഹോദരൻ ചോദിച്ചു. പക്ഷേ അവിടേക്ക് 200 കിലോമീറ്റർ ദൂരമുണ്ടെന്നും എത്തിപ്പെടാൻ പ്രയാസമാണെന്നും നിക്കൊലൈ പറഞ്ഞു.
എന്തായാലും സഹോദരൻ മേൽവിലാസം എഴുതിയെടുത്തു; വീണ്ടും കണ്ടുമുട്ടാമെന്നു പറഞ്ഞിട്ടാണ് അദ്ദേഹം പിരിഞ്ഞത്. പ്രാദേശിക സഭയിലെ രണ്ടു സഹോദരിമാരെയും ഒരു സഹോദരനെയും കൂട്ടി ഗ്രാമത്തിലേക്കു പോകാൻ അദ്ദേഹം ക്രമീകരണം ചെയ്തു. രണ്ടാഴ്ചയ്ക്കു ശേഷം അവർ ട്രെയിനിൽ അങ്ങോട്ടു യാത്രയായി. നിക്കൊലൈയുടെ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള സ്റ്റേഷനിൽ എത്തിയ അവർക്ക് ഒരു കാര്യം മനസ്സിലായി—ആ ഗ്രാമത്തിലേക്ക് അവിടെനിന്ന് പിന്നെയും 18 കിലോമീറ്റർ ദൂരമുണ്ട്, മാത്രമല്ല അങ്ങോട്ടു പൊതുവാഹനങ്ങളൊന്നും ഇല്ലതാനും. അവർ നടക്കാൻതന്നെ തീരുമാനിച്ചു. ശൈത്യകാലമായതിനാൽ അതത്ര എളുപ്പമല്ലായിരുന്നു; തണുത്ത കാറ്റുമടിക്കുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിനുശേഷം ഒരു വലിയ പാൽ ടാങ്കുമായി ഒരു ട്രാക്റ്റർ അതുവഴി വന്നു. ട്രാക്റ്റർ നിറുത്തിയിട്ട് ടാങ്കിനുള്ളിൽ കയറുന്നോയെന്ന് ഡ്രൈവർ അവരോടു ചോദിച്ചു! ഡ്രൈവർ തമാശ പറയുകയാണെന്നാണ് സഹോദരങ്ങൾ കരുതിയത്; പക്ഷേ അല്ലായിരുന്നു. ടാങ്ക് ശൂന്യമായിരുന്നു; നനവുമില്ലായിരുന്നു. അങ്ങനെ അവർ അതിനകത്തു കയറി. ടാങ്കിനകത്ത് തണുപ്പായിരുന്നെങ്കിലും തണുത്ത കാറ്റേൽക്കില്ല എന്നൊരു ഗുണമുണ്ടായിരുന്നു. അവർക്കു പോകേണ്ട സ്ഥലത്തിന് ഏഴു കിലോമീറ്റർ അടുത്തുവരെ ആ ട്രക്കിൽ യാത്രചെയ്യാമെന്ന് ഡ്രൈവർ പറഞ്ഞു. അവിടെനിന്ന് അവർ വീണ്ടും നടക്കണമായിരുന്നു. അങ്ങനെ പിന്നെയും രണ്ടു മണിക്കൂർ നടന്ന് അവർ നിക്കൊലൈയുടെ ഗ്രാമത്തിലെത്തി.
തങ്ങളുടെ വീട്ടുമുറ്റത്ത് സഹോദരന്മാരെയും സഹോദരിമാരെയും കണ്ട് നിക്കൊലൈക്കും ഭാര്യ വാല്യായ്ക്കും അത്ഭുതവും ആഹ്ലാദവും അടക്കാനായില്ല. തണുപ്പകറ്റാനുള്ള ക്രമീകരണം ചെയ്തിട്ട് അവർ അതിഥികൾക്ക് ഭക്ഷണം കൊടുത്തു. തുടർന്ന് അവർ ബൈബിൾചർച്ചയിലേക്കു കടന്നു. രണ്ടാഴ്ചയ്ക്കു ശേഷം റൂഡ്നിയിൽനിന്ന് സഹോദരങ്ങൾ വീണ്ടും അവരെ സന്ദർശിച്ചു. പയനിയർ സഹോദരൻ പറയുന്നു: “ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാനായി നിക്കൊലൈ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽപ്പുണ്ടായിരുന്നു. ഗ്രാമത്തിലെ പലർക്കും ‘പാൽടാങ്കിൽ കയറിവന്ന’ ഞങ്ങളോടു സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് നിക്കൊലൈ താത്പര്യമുള്ള എല്ലാവർക്കും
ഞങ്ങളെ കാണുന്നതിനു വേണ്ട ക്രമീകരണം ചെയ്തു. അതിനുവേണ്ടി ഒരു ലിസ്റ്റുമുണ്ടാക്കി. ലിസ്റ്റിൽ ഉണ്ടായിരുന്ന എല്ലാവരും അവർക്ക് അനുവദിച്ചിരുന്ന സമയത്തു വരികയും ബൈബിൾ പഠിക്കാൻ സമ്മതിക്കുകയും ചെയ്തു.” ബൈബിൾ പഠനം ആരംഭിച്ച അവിടത്തെ എല്ലാവരുംതന്നെ കാലക്രമത്തിൽ നല്ല ആത്മീയ പുരോഗതി വരുത്തി. രണ്ടുവർഷത്തിനു ശേഷം നിക്കൊലൈയും വാല്യായും സ്നാപനമേറ്റു. അവരുടെ രണ്ട് ആൺകുട്ടികൾ ഇപ്പോൾ സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരാണ്. അടുത്തയിടെ അവിടത്തെ ഒറ്റപ്പെട്ട കൂട്ടത്തെ പരിപാലിക്കാൻ നിക്കൊലൈയെ ഒരു മൂപ്പനായി നിയമിച്ചു.ജോർജിയ
ജോർജിയയിലെ ഒറ്റപ്പെട്ട പർവതപ്രദേശത്തു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പയനിയർമാർ. ഒരു മലമ്പാത അവസാനിക്കുന്നിടത്തായി സ്ഥിതിചെയ്യുന്ന, 8 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമത്തിലേക്ക് രണ്ടു പയനിയർ സഹോദരിമാർ കാൽനടയായിച്ചെന്ന് വീടുതോറും പ്രസംഗിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു വൃദ്ധൻ കെറ്റെവാൻ എന്ന ഒരു സഹോദരിയെ തടഞ്ഞുനിറുത്തി. ഒരു ഓർത്തഡോക്സ് സഭാംഗം അല്ലാത്ത സഹോദരി പ്രസംഗിക്കുന്നതിന്റെ കാരണം വിശദീകരിക്കണമെന്നായി അദ്ദേഹം. സഹോദരി പറയാൻ ശ്രമിച്ചെങ്കിലും ശ്രദ്ധിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. തുടർന്ന് ആ മനുഷ്യൻ സഹോദരിയെ താഴെ തള്ളിയിട്ടിട്ട് തന്റെ വടികൊണ്ട് അടിച്ചു. പലരും ഇതു കണ്ടു; സംഭവം ഗ്രാമത്തിലെങ്ങും പാട്ടായി. പിന്നീട്, പ്രസംഗിക്കുന്നതിനായി കെറ്റെവാൻ അതേ ഗ്രാമത്തിൽ മടങ്ങിച്ചെന്നു. മുമ്പ് എതിർപ്പു കാണിച്ച ഒരു സ്ത്രീ സഹോദരിയെ കണ്ട് വിസ്മയത്തോടെ ഇങ്ങനെ പറഞ്ഞു: “അടി കൊണ്ടിട്ട് നിങ്ങൾ വീണ്ടും വന്നിരിക്കുന്നോ! നിങ്ങളുടെ ധൈര്യം എന്നെ അത്ഭുതപ്പെടുത്തുന്നു! എന്റെ വീട്ടിലേക്കു വരൂ, നിങ്ങൾക്കു പറയാനുള്ളതെല്ലാം എനിക്കു കേൾക്കണം.” സന്ദേശം ശ്രദ്ധിച്ചശേഷം എപ്പോൾ വേണമെങ്കിലും തന്റെ വീട്ടിൽവന്ന് തന്നോടു സംസാരിക്കാമെന്ന് ആ സ്ത്രീ കെറ്റെവാനോടു പറഞ്ഞു.
ആഫ്രിക്ക
ദേശങ്ങൾ 57
ജനസംഖ്യ 80,22,32,357
പ്രസാധകരുടെ എണ്ണം 10,43,396
ബൈബിളധ്യയനങ്ങൾ 19,03,665
റുവാണ്ട
കുറച്ചു നാളുകൾക്കുമുമ്പ്, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകത്തിന്റെ ഒരു കോപ്പി റോഡിൽ കിടക്കുന്നത് അതുവഴി പോയ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. പ്രൊട്ടസ്റ്റന്റുകാരായിരുന്ന അവർ അതുമായി തങ്ങളുടെ സഭയിലെ ഒരു മൂപ്പന്റെ അടുത്തേക്കു പോയി. വലിയ താത്പര്യത്തോടെ അതു വായിച്ച അദ്ദേഹം സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലായി. അവസാനം സാക്ഷികൾ അദ്ദേഹവുമായി ഒരു ബൈബിളധ്യയനം ആരംഭിച്ചു. ബൈബിൾസത്യത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കിയപ്പോൾ അദ്ദേഹം പള്ളിയിൽനിന്നു രാജിവെക്കുകയും സ്നാപനമേൽക്കുകയും ചെയ്തു. ഇതിനിടെ അദ്ദേഹം പള്ളിയിലെ മറ്റുള്ളവരോടു സത്യത്തെക്കുറിച്ചു തീക്ഷ്ണതയോടെ സംസാരിച്ചു. അതിന്റെ ഫലമായി 25 പേർ പള്ളി ഉപേക്ഷിച്ച് യഹോവയുടെ സാക്ഷികളായിത്തീർന്നു. അദ്ദേഹത്തിനു പകരം പ്രൊട്ടസ്റ്റന്റ് സഭാമൂപ്പനായിത്തീർന്ന വ്യക്തിയും സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുകയും പള്ളിയിൽനിന്നു രാജിവെക്കുകയും ചെയ്തു. ഇപ്പോൾ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകുന്ന
അദ്ദേഹം പ്രസാധകനാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ അടുത്തയിടെ നടന്ന പ്രത്യേക സമ്മേളന ദിനത്തിൽ സ്നാപനമേറ്റു. റോഡിൽനിന്നു കിട്ടിയ ആ ഒരൊറ്റ പുസ്തകമാണ് ഇതിനൊക്കെ തുടക്കമിട്ടത് എന്നോർക്കണം!ഐവറി കോസ്റ്റ്
തലസ്ഥാന നഗരിയായ അബിജാനിൽ വയൽസേവനത്തിൽ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു ബെറെൻഷേ എന്ന യുവസാക്ഷി. വഴിമധ്യേ, റൊട്ടി വിൽപ്പനക്കാരിയായ ഒരു സ്ത്രീയുടെ കയ്യിൽനിന്ന് 5,000 ഫ്രാങ്കിന്റെ ഒരു നോട്ട് (10 യു.എസ്. ഡോളർ) താഴെ വീഴുന്നതു ബെറെൻഷേ കണ്ടു. ആ സ്ത്രീ അത് അറിഞ്ഞിട്ടില്ലായിരുന്നു. അവർക്കു കൊടുക്കുന്നതിനായി അദ്ദേഹം അത് എടുത്തപ്പോഴേക്കും “അതെന്റെ പണമാണ്; ഇങ്ങു തരൂ!” എന്ന് അലറിവിളിച്ചുകൊണ്ട് എതിർദിശയിൽനിന്ന് മറ്റൊരു സ്ത്രീ വന്നു. എന്നാൽ നഷ്ടപ്പെട്ട പണം എത്രയാണെന്നു പറയാൻ ബെറെൻഷേ ആവശ്യപ്പെട്ടപ്പോൾ അവർ ദേഷ്യത്തോടെ സ്ഥലംവിട്ടു. അദ്ദേഹം പെട്ടെന്നുതന്നെ പണത്തിന്റെ ഉടമസ്ഥയുടെ അടുത്തേക്ക് ഓടിച്ചെന്നു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് പണം തന്റേതല്ലെന്ന് അവർ തീർത്തുപറഞ്ഞു, എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്നെ കൊള്ളയടിക്കാനുള്ള വിദ്യയല്ലേ ഇത്?” എന്നാൽ ബെറെൻഷേ ശ്രമം ഉപേക്ഷിച്ചില്ല; ഒടുവിൽ അവന്റെ ആത്മാർഥത തിരിച്ചറിഞ്ഞ ആ സ്ത്രീ തന്റെ കയ്യിലുള്ള പണം പരിശോധിച്ചു; തന്റെ 5,000 ഫ്രാങ്ക്—50 റൊട്ടിക്കു തുല്യമായ പണം—നഷ്ടപ്പെട്ടിരിക്കുന്നതായി അവർ കണ്ടു.
ബെറെൻഷേ പറയുന്നു: “ആ പണം ഞാൻ അവരെ ഏൽപ്പിച്ചു. സത്യസന്ധരായിരിക്കാനാണ് എന്റെ ദൈവമായ യഹോവ തന്റെ ദാസരെ പഠിപ്പിക്കുന്നതെന്നും അതുകൊണ്ടാണ് പണം തിരിച്ചു തന്നതെന്നും ഞാൻ അവരോടു പറയുകയും ചെയ്തു. എനിക്കു നന്ദി പറഞ്ഞിട്ട് അവർ പറഞ്ഞു: ‘എല്ലാവരും യഹോവയുടെ സാക്ഷികളെപ്പോലെ ആയിരുന്നെങ്കിൽ മനുഷ്യരെല്ലാം സുഹൃത്തുക്കൾ ആയിരിക്കുമായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു ചെറുപ്പക്കാരൻ ഈ വിധത്തിൽ പെരുമാറുന്നതു ഞാൻ കാണുന്നത്.’ ഞാൻ അവർക്ക് ഒരു ലഘുലേഖ കൊടുത്തു. ഇനിമുതൽ യഹോവയുടെ സാക്ഷികൾ പറയുന്നതു ശ്രദ്ധിക്കുമെന്ന് അവർ എന്നോടു പറഞ്ഞു. അന്നത്തെ ചെലവിനായി എന്റെ പോക്കറ്റിൽ ആകെയുണ്ടായിരുന്നത് വെറും 50 ഫ്രാങ്കായിരുന്നു. എങ്കിലും ശരിയായ ഒരു കാര്യം ചെയ്തതിൽ എനിക്കു സന്തോഷം തോന്നി.”
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്
വജ്രത്തിന്റെ ബിസിനസ്സ് നടത്തുന്ന ഒരു സ്ഥാപനത്തിൽ കാവൽക്കാരനായി ജോലി നോക്കുകയാണ് യൂജിൻ എന്ന മൂപ്പൻ. അദ്ദേഹം പറയുന്നു: “ഒരു വൈകുന്നേരം ഒരാൾ വജ്രം വിൽക്കുന്നതിനുവേണ്ടി കടയിലേക്കു വന്നു; 22,000 ഡോളർ വില മതിക്കുന്ന വജ്രത്തിന്റെ ഇടപാടുമായിട്ടാണ് അദ്ദേഹം വന്നത്.
എന്നാൽ വജ്രങ്ങൾ സൂക്ഷിച്ചിരുന്ന പായ്ക്കറ്റ് അദ്ദേഹത്തിന്റെ പോക്കറ്റിൽനിന്നു വീണുപോയിരുന്നു. പരിഭ്രാന്തനായ ആ മനുഷ്യൻ അവിടമൊക്കെ അരിച്ചുപെറുക്കിയെങ്കിലും പായ്ക്കറ്റ് കിട്ടിയില്ല. പിറ്റേദിവസം അദ്ദേഹത്തിന്റെ മുതലാളിയും ഒരു സഹപ്രവർത്തകനും കൂടി തെരുവിലെങ്ങും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഞാൻ കടയ്ക്കു പുറത്തുള്ള ഭാഗം അടിച്ചു വാരിയപ്പോൾ അതാ, ഞങ്ങളുടെ കടയുടെ വാതിലിനു മുന്നിലായി വജ്രത്തിന്റെ പായ്ക്കറ്റ്! അതുമായി ഞാൻ ബെൽജിയംകാരനായിരുന്ന എന്റെ മുതലാളിയുടെ അടുത്തേക്ക് ഓടി. ഞാൻ അങ്ങനെ ചെയ്തുവെന്നത് അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും എന്റെ ദൈവത്തോട് എനിക്ക് ആദരവും ഭയഭക്തിയും ഉണ്ടെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. വജ്രത്തിന്റെ ഉടമ എന്റെ സത്യസന്ധത കണ്ട് വികാരാധീനനായിപ്പോയി. ‘എനിക്കിതു വിശ്വസിക്കാനാവുന്നില്ല!’ അദ്ദേഹം പറഞ്ഞു.“എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വ്യക്തി പറഞ്ഞു: ‘യൂജിൻ, താങ്കൾ ഞങ്ങളുടെ മാനം രക്ഷിച്ചു!’
“ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘നന്ദി! ഇതിനുള്ള ബഹുമതി യഹോവയ്ക്ക് ഉള്ളതാണ്, കാരണം അവനാണ് എന്നെ സത്യസന്ധത പഠിപ്പിച്ചത്.’”
അംഗോള
സർക്കിട്ട് മേൽവിചാരകനായി സേവിക്കുന്ന ഒരു മിഷനറിയായിരുന്നു ഷ്വാവു സഹോദരൻ. ഒരു നാട്ടിൻപുറം സന്ദർശിക്കവേ പ്രാദേശിക സഹോദരങ്ങളെയും താത്പര്യക്കാരെയും നോഹ ദൈവത്തോടുകൂടെ നടന്നു—ദാവീദ് ദൈവത്തിൽ ആശ്രയിച്ചു (മലയാളത്തിൽ ലഭ്യമല്ല) എന്ന ഡിവിഡി കാണിക്കാൻ തീരുമാനിച്ചു. ലാപ്ടോപ്പ് കമ്പ്യൂട്ടറിനു പുറമേ ഒരു ചെറിയ ജനറേറ്റർ, രണ്ട് ലൗഡ് സ്പീക്കർ, അൽപ്പം പെട്രോൾ എന്നിവ അദ്ദേഹം കരുതിയിട്ടുണ്ടായിരുന്നു. ആദ്യത്തെ ഗ്രാമത്തിൽ, മണ്ണിഷ്ടികകൊണ്ട് ഉണ്ടാക്കിയ ഒരു കൊച്ചുവീട്ടിലാണ് അദ്ദേഹം താമസിച്ചത്. വൈകുന്നേരം ഡിവിഡി കാണിക്കാനുള്ള ക്രമീകരണം അദ്ദേഹം ചെയ്തു. “ഞാൻ അത്ഭുതപ്പെട്ടുപോയി,” അദ്ദേഹം പറയുന്നു. “ഏകദേശം 38 പേർ വന്നു; കസേരകൾ, ബെഞ്ചുകൾ, കല്ലുകൾ, പാൽപ്പാത്രങ്ങൾ, ഇരിക്കാൻ പറ്റിയ മറ്റു സാധനങ്ങൾ എന്നിവയൊക്കെ അവർ കൂടെക്കൊണ്ടുവന്നിരുന്നു. പകുതി പേർക്കു പോലും ഇരിക്കാനുള്ള സ്ഥലമില്ലായിരുന്നു ആ വീട്ടിൽ. അതുകൊണ്ട് പുറത്തിരുന്നുകൊണ്ട് ഡിവിഡി കാണേണ്ടിവന്നു ഞങ്ങൾക്ക്. നക്ഷത്രനിബിഡമായ ആകാശത്തിനു കീഴെ, ഏതാനും മണ്ണിഷ്ടികകൾക്കു മീതെ ഞാനെന്റെ കമ്പ്യൂട്ടർ വെച്ചു. ഹാജരായിരുന്ന പലരും നിറപ്പകിട്ടാർന്ന ആഫ്രിക്കൻ തുണികൾ നിലത്തു വിരിച്ചിട്ട് അതിലാണ് ഇരുന്നത്.” വാർത്ത പ്രദേശത്തെങ്ങും പരന്നു. പലരും ഷ്വാവു സഹോദരൻ സന്ദർശിച്ച ഗ്രാമങ്ങളിലെത്തി. “പ്രദർശനം കഴിഞ്ഞിട്ടും ആർക്കും പോകാൻ
താത്പര്യമില്ലായിരുന്നു,” അദ്ദേഹം ഓർമിക്കുന്നു. “അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ രാത്രിയായിരുന്നു അതെന്ന് പലരും പറഞ്ഞു; മാത്രമല്ല ഈ ആത്മീയ കരുതലിനെ പ്രതി അവർ യഹോവയ്ക്കു നന്ദി പറഞ്ഞു.” ഷ്വാവു സഹോദരന്റെ മൂന്നാഴ്ചത്തെ ആ സന്ദർശനത്തിനിടെ 1,568 പേർ ഡിവിഡി കണ്ടു!ഘാന
കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചുകൊടുക്കുന്നതായിരുന്നു അക്രായിലെ വിഡയുടെ ജോലി. പക്ഷേ ഘാന ബ്രാഞ്ച് ഓഫീസിലേക്ക് ആവശ്യമായ പച്ചക്കറികൾ കൊടുക്കാൻ വിഡയ്ക്കു വൈമനസ്യമായിരുന്നു. കാരണം എന്താണെന്നോ? സാക്ഷികൾക്ക് മറ്റുള്ളവരോടു ശത്രുതയാണെന്ന് അവരുടെ പാസ്റ്റർ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കളുടെ ആദ്യത്തെ ലോഡുമായി വന്നപ്പോൾ താൻ കണ്ട പുഞ്ചിരിക്കുന്ന മുഖങ്ങളും അടുക്കളയിൽ ജോലി ചെയ്യുന്നവരുടെ വിലമതിപ്പു തുളുമ്പുന്ന വാക്കുകളും ഒക്കെ വിഡയെ അത്ഭുതപ്പെടുത്തി. തുടർന്നുവന്ന ആഴ്ചകളിൽ വിഡ ബ്രാഞ്ചിലെ സഹോദരങ്ങളുമായി പരിചയത്തിലായി; ഓരോരുത്തരും തന്നോട് എത്ര പരിഗണനയോടെയാണ് ഇടപെടുന്നതെന്ന കാര്യം വിഡ ശ്രദ്ധിച്ചു. അതോടെ പാസ്റ്റർ പറഞ്ഞത് നുണയാണെന്ന് അവർക്കു മനസ്സിലായി.
വായിക്കാൻ അറിയില്ലായിരുന്നെങ്കിലും, കൂടുതൽ അറിയാൻ ആഗ്രഹിച്ച വിഡ ബൈബിൾ പഠിക്കാനുള്ള താത്പര്യത്തെക്കുറിച്ചു പറഞ്ഞു. ആറു മാസത്തിനുള്ളിൽ വിഡയ്ക്ക് ബൈബിളിൽനിന്നു സ്വന്തമായി കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാമെന്നായി; അടുത്തയിടെ നടന്ന ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ അവർ സ്നാപനമേറ്റു. കുടുംബാംഗങ്ങളിൽനിന്നും മുൻസുഹൃത്തുക്കളിൽനിന്നും ഉള്ള പരിഹാസശരങ്ങൾ ഏൽക്കേണ്ടിവന്നിട്ടും, തന്റെ അമ്മാവന്റെ മകളെ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകയായിത്തീരുന്ന ഘട്ടത്തോളം പുരോഗമിക്കുന്നതിനു സഹായിക്കാനും വിഡയ്ക്കു കഴിഞ്ഞു.
സുഡാൻ
വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഒരു സഹോദരി; രണ്ടു പെൺകുട്ടികൾ സഹോദരിയെ സ്വീകരിച്ചു. എന്നാൽ രസകരമെന്നു പറയട്ടെ, അവരുടെ ബൈബിളിൽനിന്നു തിരുവെഴുത്തുകൾ കണ്ടുപിടിക്കുന്നതിനു സഹായിക്കാൻ അവർ സഹോദരിയെ അനുവദിച്ചില്ല. പിന്നീടല്ലേ കാര്യം മനസ്സിലായത്, യഹോവയുടെ സാക്ഷികൾ അവരുടെ ബൈബിൾ തൊട്ടാൽ ബൈബിളിന്റെ ഉള്ളടക്കത്തിനു രൂപാന്തരണം സംഭവിച്ച് സാക്ഷികളുടെ ഉപദേശങ്ങൾക്കു ചേർച്ചയിലുള്ളതായിത്തീരുമെന്ന് സ്ഥലത്തെ പുരോഹിതൻ അവരോടു പറഞ്ഞിട്ടുണ്ടായിരുന്നത്രേ. സഹോദരിക്ക് കൈകൊടുക്കാൻ പോലും കുട്ടികൾ വിസമ്മതിച്ചു. എങ്കിലും തിരുവെഴുത്തുകൾ കണ്ടുപിടിച്ചു വായിച്ചപ്പോൾ അതു സഹോദരി പറഞ്ഞതിനു
ചേർച്ചയിലാണെന്ന് അവർക്കു മനസ്സിലായി. പുരോഹിതൻ നുണ പറയുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞ അവർ ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. ഞെട്ടിപ്പോയ പുരോഹിതൻ, ബൈബിൾ പഠനം നിറുത്തിയാൽ റേഷൻ വാങ്ങാനുള്ള പണം നൽകാമെന്ന് അവരോടു പറഞ്ഞു. അവരുടെ മറുപടി എന്തായിരുന്നു? “ഭക്ഷണംകൊണ്ടു വയറുനിറയ്ക്കുന്നതിനെക്കാൾ ദൈവവചനംകൊണ്ട് ഞങ്ങളെത്തന്നെ നിറയ്ക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” ഈ പെൺകുട്ടികൾ ഇപ്പോൾ യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്.എത്യോപ്യ
ഭാര്യ സാക്ഷിയായിട്ട് ഏകദേശം പത്തു വർഷമായിരുന്നെങ്കിലും അവോക്കിന് സത്യത്തിൽ വലിയ താത്പര്യമൊന്നും ഇല്ലായിരുന്നു. എന്നിരുന്നാലും രണ്ടു മാസത്തെ ഒരു കോഴ്സിൽ സംബന്ധിക്കുന്നതിനായി മറ്റൊരു രാജ്യത്തേക്കു പോകേണ്ടിവന്നപ്പോൾ സാക്ഷികളെ കണ്ടുപിടിക്കാൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ നമ്മുടെ ഒരു സഹോദരി ജോലിചെയ്യുന്ന ഓഫീസിൽ അദ്ദേഹം എത്തി. അവിടത്തെ സഭയെ സഹായിക്കുന്നതിനായി ഒരു സഹോദരനെ അയയ്ക്കണമേയെന്നു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു സഹോദരി. യഹോവയുടെ സാക്ഷികളെ അന്വേഷിച്ച് ഒരാൾ വന്നിരിക്കുന്നുവെന്നു കേട്ടപ്പോൾ സഹോദരി തന്റെ പ്രാർഥനയെക്കുറിച്ച് ഓർത്തു. മാന്യമായി വസ്ത്രധാരണം ചെയ്ത അവോക്കിനെ കണ്ടപ്പോൾ തന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമെന്ന നിലയിൽ യഹോവ അയച്ച സഹോദരനാണ് അതെന്ന് സഹോദരി ഉറപ്പിച്ചു. ആഹ്ലാദം അടക്കാനാവാതെ സഹോദരി ഓടിച്ചെന്ന് അവോക്കിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. ആ സന്തോഷം കണ്ടപ്പോൾ അവരുടെ തെറ്റിദ്ധാരണ തിരുത്താൻ അദ്ദേഹത്തിനു മനസ്സുവന്നില്ല. മറ്റു സഹോദരങ്ങൾക്ക് അവോക്കിനെ പരിചയപ്പെടുത്തിയപ്പോൾ സഹോദരിയെ നിരാശപ്പെടുത്താനും അദ്ദേഹത്തിനു തോന്നിയില്ല. അവിടെയുണ്ടായിരുന്ന സമയത്ത് എല്ലാ യോഗങ്ങൾക്കും അവോക്ക് ഹാജരായി. അങ്ങനെ കോഴ്സ് കഴിഞ്ഞു തിരിച്ചുപോകേണ്ട സമയം വന്നപ്പോൾ ഒരു കൂട്ടം സഹോദരിമാർ അദ്ദേഹത്തെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. പ്രാർഥിക്കാൻ അവർ അദ്ദേഹത്തോടു പറഞ്ഞു. തലയിൽ തുണിയിട്ട്, ഭക്ഷണത്തിനു നന്ദി പറഞ്ഞുകൊണ്ട് യേശുവിന്റെ നാമത്തിൽ തന്റെ ഭാര്യ പ്രാർഥിക്കാറുള്ളത് അദ്ദേഹം ഓർത്തു. അങ്ങനെ പ്രാർഥനയും ഭക്ഷണവുമെല്ലാം ഭംഗിയായി അവസാനിച്ചു. തനിക്കു ലഭിച്ച പരിഗണന അവോക്കിനെ സ്പർശിച്ചു. ശരിക്കും ഒരു സഹോദരനായിത്തീരാൻ അദ്ദേഹം തീരുമാനമെടുത്തു. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി; അടുത്തയിടെ ഒരു സമ്മേളനത്തിൽവെച്ചു സ്നാപനമേൽക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ വലിയ സന്തോഷത്തിലാണ്. അവോക്കാണെങ്കിൽ താൻ സന്ദർശിച്ച സഭയിലുള്ളവരോടു തന്റെ കഥ പറയാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്.
യൂറോപ്പ്
ദേശങ്ങൾ 46
ജനസംഖ്യ 73,07,76,667
പ്രസാധകർ 15,06,019
ബൈബിളധ്യയനങ്ങൾ 7,44,319
ഉക്രെയ്ൻ
ഇലക്ട്രിക് മീറ്റർ നന്നാക്കാനായി സ്ഥലത്തെ ഒരു ഇലക്ട്രീഷ്യൻ രാജ്യഹാളിലെത്തി. ഗ്രാമത്തിലെ പേരുകേട്ട ഒരു മദ്യപാനിയായിരുന്നു ആ മനുഷ്യൻ. മീറ്റർ ശരിയാക്കുന്നതിനിടെ നമ്മുടെ വാർഷിക വാക്യം അദ്ദേഹം ശ്രദ്ധിച്ചു, “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” (യാക്കോ. 4:8) അൽപ്പമൊന്നു നിറുത്തിയിട്ട് അയാൾ ഒരു സഹോദരനോടു ചോദിച്ചു: “ദൈവത്തോട് ശരിക്കും അടുത്തു ചെല്ലാൻ സാധിക്കുമോ? പാപികൾക്കു ദൈവത്തോട് അടുക്കാൻ കഴിയുമോ?” സഹോദരൻ ബൈബിളിൽനിന്ന് ഉത്തരം കൊടുക്കുകയും യോഗത്തിനു ക്ഷണിക്കുകയും ചെയ്തു. ഞായറാഴ്ച മറ്റൊരു ഗ്രാമത്തിൽ യോഗത്തിനു പോകാൻ അയാൾ തീരുമാനിച്ചു; കാരണം താൻ സ്വന്തം ഗ്രാമത്തിലെ രാജ്യഹാളിൽ പോകുന്നത് അയൽക്കാർ കാണാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാൽ ഈ മനുഷ്യന്റെ ഗ്രാമത്തിൽനിന്നുള്ള ഒരു മൂപ്പനായിരുന്നു അന്നവിടെ പരസ്യ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ കണ്ണിൽപ്പെടാതിരിക്കാൻ ശ്രമിച്ചെങ്കിലും മൂപ്പൻ ഈ മനുഷ്യനെ തിരിച്ചറിയുകയും സ്വാഗതമരുളുകയും ചെയ്തു. അങ്ങനെ സ്വന്തം ഗ്രാമത്തിൽത്തന്നെ യോഗങ്ങൾക്കു ഹാജരാകാൻ അദ്ദേഹം തീരുമാനിച്ചു. പെട്ടെന്നുതന്നെ ബൈബിളധ്യയനം ആരംഭിച്ചു; ഒരു വർഷത്തിനുശേഷം അദ്ദേഹം സ്നാപനമേറ്റു.
ആ സമയത്ത് അയാളുടെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയായിരുന്നു. തന്റെ ഭർത്താവ് മദ്യപാനം നിറുത്തിയെന്നും യഹോവയുടെ സാക്ഷിയായെന്നും കേട്ടപ്പോൾ അവർക്കു വിശ്വസിക്കാനായില്ല. എന്തായാലും എല്ലാം നേരിൽ കാണാനായി അവർ വീട്ടിലേക്കു തിരിച്ചു. തന്റെ ഭർത്താവ് മദ്യപാനം നിറുത്തി, കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കുന്നതു കണ്ടപ്പോൾ അവർക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാൽ അദ്ദേഹം യഹോവയുടെ സാക്ഷിയായിത്തീർന്നത് അവർക്ക് ഇഷ്ടപ്പെട്ടില്ല. എന്തായാലും ഒരു ദിവസം അദ്ദേഹം അവരോടു ചോദിച്ചു, “നമുക്കെല്ലാവർക്കും ഒരുമിച്ച് രാജ്യഹാളിൽ പോയാലോ?” അവർ
സമ്മതിച്ചു. അവരും ബൈബിൾ പഠിക്കാൻ തുടങ്ങി; താമസിയാതെ അവരും മൂന്നു പെൺമക്കളും സ്നാപനമേറ്റു. അതേ, ഒരു തിരുവെഴുത്ത് ദൈവത്തോട് അടുക്കാൻ അഞ്ചുപേരെ സഹായിച്ചു.ഗ്രീസ്
ഒരു സഹോദരൻ ജോലിക്കു പോകുന്ന വഴി, ദിവസവും ഒരു സ്ത്രീ ഒരു ചാപ്പൽ സന്ദർശിക്കുന്നതു കാണാറുണ്ടായിരുന്നു. ഗ്രീസിലെ വഴിവക്കിൽ കാണുന്ന ഇത്തരം ചാപ്പലുകൾ ആ സ്ഥലത്തുണ്ടായ ദുരന്തങ്ങളുടെ സ്മാരകങ്ങളായിരുന്നു. സഹോദരൻ, മരിച്ചവരുടെ അവസ്ഥയെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള സാന്ത്വനദായകമായ തിരുവെഴുത്താശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഹ്രസ്വമായ ഒരു കത്തെഴുതി; തന്റെ പേരും ടെലിഫോൺ നമ്പരും എഴുതിയതിനുശേഷം അത് ചാപ്പലിനകത്തു വെച്ചു. പിറ്റേന്നുതന്നെ ആ സ്ത്രീ സഹോദരനെ ഫോണിൽ വിളിക്കുകയും സുവാർത്തയിൽ വലിയ താത്പര്യം കാണിക്കുകയും ചെയ്തു. ഇപ്പോൾ അവർക്ക് ക്രമമായി മടക്കസന്ദർശനം നടത്തുന്നുണ്ട്.
നോർവേ
വയൽസേവനത്തിനുശേഷം ആറു സഹോദരിമാർ ഒരു റസ്റ്ററന്റിൽ പോയി. രണ്ടു ദിവസം മുമ്പ് രാജ്യഹാളിൽ കേട്ട ഒരു നല്ല പരസ്യ പ്രസംഗത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അവർ. പുനരുത്ഥാന പ്രത്യാശയെക്കുറിച്ചുള്ളതായിരുന്നു അത്. അൽപ്പസമയം കഴിഞ്ഞ് ആ സംഭാഷണം ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ അവരുടെ മേശയ്ക്കരുകിലേക്കു വന്നു. അവർ സംസാരിച്ചുകൊണ്ടിരുന്ന വിഷയത്തെപ്പറ്റി കേൾക്കുന്നതിനായി താനും അവിടെ ഇരുന്നോട്ടേ എന്ന് ആ സ്ത്രീ അവരോടു ചോദിച്ചു. ആയിടെയാണ് അവർക്ക് അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടതെന്ന് അവർ സഹോദരിമാരോടു പറഞ്ഞു. അത് നല്ലൊരു സംഭാഷണത്തിലേക്കു വഴി തുറന്നു. സഹോദരിമാർ ആ സ്ത്രീയുടെ ഫോൺ നമ്പർ വാങ്ങി; അവരിലൊരാൾ പിന്നീട് ആ സ്ത്രീയുമായി ബന്ധപ്പെടുകയും ബൈബിളധ്യയനം ആരംഭിക്കുകയും ചെയ്തു.
ലിത്വാനിയ
ഓൽഗ എന്ന ഒരു യുവ മുഴുസമയ ശുശ്രൂഷക റഷ്യക്കാരിയായ ഒരു സ്ത്രീക്ക് ബൈബിളധ്യയനം തുടങ്ങി. വീട്ടുവാതിൽക്കൽവെച്ചാണ് അധ്യയനം നടത്തിയിരുന്നത്. തുടക്കത്തിൽ നടന്ന ഒരു ചർച്ചയിൽ ബൈബിളിൽ കാണുന്ന ‘അന്ത്യകാലം’ എന്ന പദത്തെക്കുറിച്ച് വിശദീകരിച്ചുതരാമോ എന്ന് അവർ ഓൽഗയോടു ചോദിച്ചു. (2 തിമൊ. 3:1) പിറ്റേത്തവണ അതിനെക്കുറിച്ചു ചർച്ച ചെയ്യാമെന്ന് ഓൽഗ അവരോടു പറഞ്ഞു. പല പ്രാവശ്യം പോയെങ്കിലും ഒരു മാസത്തോളം ആ സ്ത്രീയെ കാണാൻ കഴിഞ്ഞില്ല. എന്നാൽ അടച്ചിട്ട വാതിലിന്റെ പീപ്ഹോളിലൂടെ ആരോ തന്നെ നോക്കുന്നത് ഓൽഗ ശ്രദ്ധിച്ചിരുന്നു. ഓൽഗ പറയുന്നു: “ഈ സ്ത്രീക്ക് ബൈബിൾ ചർച്ച തുടരാൻ താത്പര്യമില്ലെന്നു വിശ്വസിക്കാൻ എനിക്കു മനസ്സുവന്നില്ല. ഒരുപക്ഷേ അതു മറ്റാരെങ്കിലുമാണെങ്കിലോ? അതുകൊണ്ട് അവരെ കുഴപ്പിച്ചിരുന്ന വിഷയത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് ഒരു കത്തെഴുതാൻ ഞാൻ തീരുമാനിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഞാൻ വീണ്ടും അവരെ കാണാനായി ആ വീട്ടിൽ പോയി. അവർ വാതിൽ തുറന്നപ്പോൾ എനിക്കെത്ര സന്തോഷം തോന്നിയെന്നോ! ആ കത്തും ഞാൻ അവരോടു കാണിച്ച താത്പര്യവും അവരെ വല്ലാതെ സ്പർശിച്ചു.”
ഓൽഗയ്ക്കു നന്ദി പറഞ്ഞിട്ട് അവർ പറഞ്ഞു: “നിങ്ങളുടെ കത്ത് ഞാൻ പല പ്രാവശ്യം വായിച്ചു; എല്ലാം എനിക്കു മനസ്സിലായി.” അങ്ങനെ വാതിൽക്കൽവെച്ചു തുടങ്ങിയ ഒരു അധ്യയനം ക്രമമുള്ള ഒരു ഭവന ബൈബിളധ്യയനമായി മാറി. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചാണ് അധ്യയനം നടത്തുന്നത്. ഇപ്പോൾ ഓരോ തവണ അധ്യയനത്തിനു ചെല്ലുമ്പോഴും എത്ര സന്തോഷത്തോടെയാണെന്നോ അവർ ഓൽഗയെ സ്വീകരിക്കുന്നത്!
സ്വിറ്റ്സർലൻഡ്
പല രാജ്യങ്ങളിൽനിന്നുള്ള ആളുകൾ താമസിക്കുന്ന ഒരു നഗരമായ ജനീവയിൽ മേരി എന്നു പേരുള്ള ഒരു സഹോദരി മധ്യപൂർവദേശത്തു നിന്നുള്ള ഒരു സ്ത്രീയോടു സംസാരിച്ചു. അറബി ഭാഷ പഠിച്ചുകൊണ്ടിരിക്കുന്ന മേരി ആ ഭാഷയിലാണ് അവരോടു സംസാരിച്ചത്. താൻ ഏക സത്യദൈവത്തിൽ വിശ്വസിക്കുന്ന വ്യക്തിയാണെന്ന് മേരി പറഞ്ഞു. അതുകേട്ട അവർ മേരിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട്, താൻ വലിയ ദുഃഖത്തിലാണെന്നും മേരി സംസാരിച്ച സമയത്ത് പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും പറഞ്ഞു. പിറ്റേ ദിവസം സ്വന്തം രാജ്യത്തേക്കു തിരിച്ചുപോകാനിരിക്കുകയാണെന്ന് അവർ മേരിയോടു പറഞ്ഞു. മേരി ബൈബിൾ തുറന്ന് 1 പത്രൊസ് 3:7 വായിച്ചിട്ട് ദൈവം സ്ത്രീകളെ വളരെയധികം വിലമതിക്കുന്നുവെന്നു വിശദീകരിച്ചു. തുടർന്ന്, ഓരോ ഭർത്താവും തന്റെ ഭാര്യയെ ആദരിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അത്ഭുതം അടക്കാനാവാതെ ആ സ്ത്രീ ചോദിച്ചു: “നിങ്ങൾ ഒരു മനുഷ്യസ്ത്രീയോ അതോ മാലാഖയോ? ഈ തിരുവെഴുത്തിൽ ദൈവം ആവശ്യപ്പെടുന്ന കാര്യം എന്റെ ഭർത്താവ് ചെയ്യുന്നില്ല എന്നതാണ് എന്റെ ദുഃഖം. സഹായത്തിനായി ഞാൻ എന്നും ദൈവത്തോടു പ്രാർഥിക്കും. അങ്ങനെയിരിക്കെയാണ് നിങ്ങൾ ഈ പുസ്തകം തുറന്ന് ഈ ഭാഗം എന്നെ വായിച്ചു കേൾപ്പിച്ചത്.” ആ തിരുവെഴുത്ത് ഒരു കടലാസിൽ എഴുതിക്കൊടുക്കാൻ അവർ മേരിയോട് ആവശ്യപ്പെട്ടു. ആ കടലാസ് വീട്ടിൽ കൊണ്ടുപോയി എല്ലാവരെയും കാണിക്കുമെന്നും തനിക്കുണ്ടായ ഈ നല്ല അനുഭവം അവരോടു വിവരിക്കുമെന്നും ആ സ്ത്രീ പറഞ്ഞു. ആ സ്ത്രീക്ക് അവിടെ തങ്ങാൻ കഴിയാത്തതിൽ മേരിക്കു വിഷമം തോന്നിയെങ്കിലും ക്രമമായി ബന്ധപ്പെടാമെന്ന വ്യവസ്ഥയിലാണ് ഇരുവരും പിരിഞ്ഞത്.
നെതർലൻഡ്സ്
റോട്ടർഡാം നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നു സ്ഥിതിചെയ്യുന്നത്. കടൽമാർഗം എത്തുന്ന ചരക്ക് യൂറോപ്യൻ യൂണിയനിലോ അതിനപ്പുറത്തോ ഉള്ള രാജ്യങ്ങളിലേക്ക് അയയ്ക്കുന്നത് ട്രക്കുകളിലാണ്. അതുകൊണ്ട് നെതർലൻഡ്സിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് കയ്യും കണക്കുമില്ല. അയൽരാജ്യമായ ജർമനിയിലേക്കുള്ള ഒരു പ്രധാന ഹൈവേയിൽ ഒരു വലിയ ട്രക്ക് സ്റ്റോപ്പുണ്ട്. മണിക്കൂറിൽ 1,500 വരെ ട്രാക്റ്റർ-ട്രെയിലറുകൾ അതുവഴി കടന്നുപോകുന്നു. ട്രക്ക് ഡ്രൈവർമാർ അവിടെ വണ്ടി നിറുത്തും എന്നതിനാൽ നമ്മുടെ സഹോദരങ്ങൾ ഈ അവസരം ട്രക്കുകൾ തോറും സാക്ഷീകരിക്കുന്നതിന് വിനിയോഗിക്കുന്നു. യൂറോപ്പ്, മധ്യപൂർവദേശം, മുൻസോവിയറ്റ് റിപ്പബ്ലിക്കിനു കീഴിലുള്ള രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം ഉള്ള ഡ്രൈവർമാരോട് അവർ സംസാരിക്കാറുണ്ട്. നമ്മുടെ മാസികകൾ വായിക്കാൻ ഈ ഡ്രൈവർമാർക്ക് വളരെ ഇഷ്ടമാണ്. കഴിഞ്ഞ വർഷം, 82 തവണ ട്രക്ക് സ്റ്റോപ്പിൽ സാക്ഷീകരിക്കാനും 35 ഭാഷകളിലുള്ള 10,000-ത്തിലേറെ മാസികകൾ സമർപ്പിക്കാനും സഹോദരങ്ങൾക്കു കഴിഞ്ഞു.
അമേരിക്കകൾ
ദേശങ്ങൾ 56
ജനസംഖ്യ 88,37,82,291
പ്രസാധകർ 32,56,287
ബൈബിളധ്യയനങ്ങൾ 31,11,358
പെറു
സാധാരണ പയനിയറായി സേവിക്കുന്ന ഹോർഹേ, ചിത്രങ്ങൾ പെയ്ന്റ് ചെയ്താണ് ഉപജീവനത്തിനുള്ള വക കണ്ടെത്തുന്നത്. കൂടെ ജോലി ചെയ്യുന്ന ഹൂബെർട്ട് എന്ന കലാകാരനോട് ഹോർഹേ സാക്ഷീകരിച്ചു. അദ്ദേഹം ബൈബിളധ്യയനത്തിനു സമ്മതിച്ചു. കുടുംബത്തിൽനിന്നും കൂട്ടുകാരിൽനിന്നും അയൽക്കാരിൽനിന്നും കടുത്ത എതിർപ്പ് ഉണ്ടായിരുന്നിട്ടും ഹൂബെർട്ട് വെറും ആറു മാസത്തിനുള്ളിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം പഠിച്ചുതീർത്തു. സത്യം മനസ്സിലാക്കാൻ തന്റെ കുടുംബത്തെ സഹായിക്കേണമേയെന്ന് അദ്ദേഹം യഹോവയോടു പ്രാർഥിക്കുമായിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ ചേട്ടൻ ജോൻ അധ്യയനത്തിൽ സംബന്ധിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തു. അത് ഹൂബെർട്ടിനെ എത്രമാത്രം സന്തോഷിപ്പിച്ചെന്നോ! പിറ്റേ ആഴ്ച ജോനിന്റെ അളിയൻ സിസാറും അധ്യയനത്തിനിരുന്നു. ആദ്യം എതിർത്തെങ്കിലും സിസാറിന്റെ ഭാര്യയും പഠിക്കാൻ തുടങ്ങി. പിന്നീട്, ഹൂബെർട്ടിന്റെ സഹപാഠിയായിരുന്ന റേനാൽഡോയ്ക്കും ബൈബിൾ പഠിക്കണമെന്നായി. കടുത്ത എതിർപ്പുമൂലം ഹൂബെർട്ടിന്റെ വീട്ടിൽവെച്ചു വേണമായിരുന്നു റേനാൽഡോയ്ക്കു പഠിക്കാൻ. തുടർന്ന് അധികം താമസിയാതെ, ഹൂബെർട്ടിന്റെ അനുജൻ മിൽട്ടണും പഠിക്കാൻ തുടങ്ങി. ആദ്യത്തെ പാഠം പഠിച്ചുകഴിഞ്ഞപ്പോൾ മിൽട്ടൺ സഹപാഠികളായ ഡാർവിനോടും ക്രിസ്റ്റ്യാനോടും സാക്ഷീകരിച്ചു; അവരും ബൈബിൾ പഠിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. ഹൂബെർട്ടിന് രണ്ടു ചേട്ടന്മാർ കൂടി ഉണ്ട്
—റോനൽഡും മാർട്ടിനും. ഹൂബെർട്ടിന്റെ അധ്യയന സമയത്ത് റോനൽഡ്, സംശയങ്ങളുടെ ഒരു നീണ്ട ലിസ്റ്റുമായി വന്നു, ബൈബിളധ്യയനത്തിലൂടെ ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിക്കുമെന്ന് ഹോർഹേ വിശദീകരിച്ചു. റോനൽഡ് അതിനു സമ്മതിച്ചു. അടുത്തതായി മാർട്ടിനും ബൈബിൾ പഠിക്കാൻ തുടങ്ങി, രണ്ടു പെൺമക്കളും അദ്ദേഹത്തോടൊപ്പം അധ്യയനത്തിന് ഇരുന്നു. “വിടുതൽ സമീപം!” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽവെച്ച് ഹൂബെർട്ടും ജോനും സ്നാപനമേറ്റു. ആദ്യം പറഞ്ഞ ആ ഒരൊറ്റ സാക്ഷീകരണത്തിന്റെ ഫലമായി, ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് അനുസരിച്ച്, 18 പേർ യഹോവയെക്കുറിച്ച് മനസ്സിലാക്കാൻ ഇടയായി.ബ്രസീൽ
രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഒരു ഫാമിലാണ് പൗലൂ താമസിക്കുന്നത്. കൂടെ താമസിച്ചിരുന്ന, പിന്നീട് അദ്ദേഹം വിവാഹം കഴിച്ച സ്ത്രീ ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു. അവരുടെ സന്തോഷത്തിനുവേണ്ടി മാത്രമാണ് ബൈബിൾ പഠിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത്. അങ്ങനെയിരിക്കെ ഒരു ദിവസം ഫാമിൽ ജോലി ചെയ്തിരുന്ന ചിലർ കന്നുകാലികളെ കൊന്നൊടുക്കിക്കൊണ്ടിരുന്ന ഒരു ജഗ്വാർപുലിയെ ഓടിച്ചിട്ടുപിടിച്ചു കൊന്നു. ഈ അവസരം മുതലാക്കുന്നതിനുവേണ്ടി അവർ ഫാമിന്റെ ഉടമയെ ഫോണിൽ വിളിച്ച് പുലിയെ വകവരുത്തുന്നതിന് ഒരു വേട്ടക്കാരനെ വാടകയ്ക്ക് എടുക്കേണ്ടിവന്നെന്നും അദ്ദേഹത്തിനു പണം കൊടുക്കണമെന്നും പറഞ്ഞു. പൗലൂവും ഈ നുണക്കഥ പറഞ്ഞുകൊണ്ട് കൂട്ടുകാരോടൊപ്പം കൂടി. പക്ഷേ ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ നിമിത്തം പൗലൂവിന് മനസ്സാക്ഷിക്കുത്തു തോന്നി. കൂട്ടുകാരുടെ വിദ്വേഷത്തിനു പാത്രമാകുമെന്നും ജോലി നഷ്ടമായേക്കുമെന്നും അറിയാമായിരുന്നിട്ടും, പൗലൂ ഫോൺ ചെയ്ത് എന്താണു നടന്നതെന്നു മുതലാളിയോടു പറഞ്ഞു. ഫലമോ? സത്യസന്ധത നിമിത്തം പൗലൂവിന് ഫാമിന്റെ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. പൗലൂവും ഭാര്യയും ഇന്ന് സ്നാപനമേറ്റ പ്രസാധകരാണ്. സത്യസന്ധനായ ഈ മനുഷ്യൻ ഭാര്യയെയും രണ്ടു പെൺമക്കളെയും കൂട്ടി രാജ്യഹാളിലേക്ക് ട്രാക്റ്ററിൽ രാജ്യഹാളിൽ വരുന്ന കാഴ്ച എത്ര സന്തോഷപ്രദമാണെന്നോ!
മെക്സിക്കോ
തീക്ഷ്ണതയുള്ള ഒരു സാധാരണ പയനിയറാണ് മാരിയാ. അവർ ഒരിക്കൽ ഒരു സ്കൂളിലെ അധ്യാപക-രക്ഷാകർതൃ യോഗത്തിൽ പങ്കെടുക്കാനായി പോയി; മാരിയായുടെ രണ്ടു പെൺകുട്ടികൾ ആ സ്കൂളിലാണു പഠിച്ചിരുന്നത്. ചില വിദ്യാർഥികളുടെ ധിക്കാര മനോഭാവത്തിലും അധാർമിക സ്വഭാവത്തിലും അധ്യാപകർ ആശങ്കാകുലരാണെന്ന കാര്യം മാരിയാ ശ്രദ്ധിച്ചു. ഒരു അധ്യാപിക ഇപ്രകാരം പറഞ്ഞു: “അച്ഛനമ്മമാരേ, തെരുവിലെ തെമ്മാടികളുടെ കൂട്ടത്തിൽ നിങ്ങളുടെ കുട്ടിയെ കാണാൻ നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ ദയവായി ഞങ്ങളെ സഹായിക്കൂ. നിങ്ങളുടെ കുട്ടികളോടു സംസാരിക്കൂ. അവർക്ക് ഒരു പുസ്തകം വാങ്ങിക്കൊടുക്കൂ. അവരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ അതു ചെയ്യാൻ ശ്രമിക്കൂ; കാരണം അവർക്ക് ധാരാളം ചോദ്യങ്ങളുണ്ട്. ഉത്തരത്തിനായി അവരെ തെരുവിലേക്ക് അയയ്ക്കരുത്.” തന്റെ കുട്ടികൾ എങ്ങനെയുണ്ടെന്ന് മാരിയാ പ്രിൻസിപ്പലിന്റെ ഓഫീസിൽ അന്വേഷിച്ചു. അവർ കുഴപ്പക്കാരല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന്, കുട്ടികളെ വഴിനയിക്കുന്ന വളരെ നല്ല ഒരു സഹായിയെന്ന നിലയിൽ, മാരിയ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം ശുപാർശ ചെയ്തു. നന്നായി ശ്രദ്ധിച്ച പ്രിൻസിപ്പൽ ഒരു കോപ്പി തരാമോയെന്ന് മാരിയായോടു ചോദിച്ചു. പിറ്റേ ദിവസംതന്നെ മാരിയാ പുസ്തകവുമായി ചെന്നു. പ്രിൻസിപ്പൽ പുസ്തകമൊന്ന് ഓടിച്ചുനോക്കി; അവരുടെ മുഖത്ത് വിലമതിപ്പ് ദൃശ്യമായിരുന്നു. എന്നിട്ട് സ്കൂളിലെ മനശ്ശാസ്ത്രജ്ഞയ്ക്കു കൊടുക്കുന്നതിനായി മറ്റൊരു കോപ്പി ആവശ്യപ്പെട്ടു. അതു വായിച്ച മനശ്ശാസ്ത്രജ്ഞ പുസ്തകം സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചു. പ്രിൻസിപ്പൽ 12 അധ്യാപകർക്കുവേണ്ടി 12 കോപ്പിയും സ്കൂൾ ലൈബ്രറിക്കുവേണ്ടി 50 കോപ്പിയും ഓർഡർ ചെയ്തു.
ഉറുഗ്വേ
ഒരിക്കൽ ഒരാൾ അയൽരാജ്യമായ അർജന്റീനയിൽനിന്ന് ഉറുഗ്വേയിലുള്ള തന്റെ വീട്ടിലേക്കു പോകുകയായിരുന്നു; നേരം പുലർന്നിട്ടില്ലായിരുന്നു. റിയോ ദേ ലാ പ്ലാറ്റാ കടന്നുപോകുന്ന ഒരു ബോട്ടിലേക്കു കയറാൻ തുടങ്ങുകയായിരുന്നു അദ്ദേഹം; അപ്പോഴാണ് ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്ന് “ഭാവി എന്തായിത്തീരും?” എന്ന ആമുഖലേഖനത്തോടു കൂടിയ 2006 ജനുവരി ലക്കം ഉണരുക! പരിചയപ്പെടുത്തിയത്. സൗഹാർദം നിഴലിക്കുന്ന പെരുമാറ്റമായിരുന്നു അവളുടേത്; അദ്ദേഹം ആ മാസിക സന്തോഷത്തോടെ സ്വീകരിച്ചു. മോൻറ്റിവിഡേയോ എന്ന സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരെ പ്രധാന ബസ്റ്റാന്റിലേക്കു കൊണ്ടുപോയി. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് മറ്റൊരു സാക്ഷി അദ്ദേഹത്തെ സമീപിച്ചു; ഇത്തവണ പക്ഷേ പ്രായമുള്ള ഒരു സ്ത്രീയായിരുന്നു; കയ്യിൽ ഒരു ഊന്നുവടിയും ഉണ്ടായിരുന്നു. അവരും ആ മാസിക തന്നെയാണു കൊടുത്തത്. അദ്ദേഹം അതു സ്വീകരിച്ചു. അന്നു വൈകുന്നേരം വീട്ടിലെത്തി അധികം കഴിയുംമുമ്പേ വാതിലിൽ
ആരോ മുട്ടുന്ന ശബ്ദം കേട്ടു. അതും ഒരു യഹോവയുടെ സാക്ഷിയായിരുന്നു. ഹ്രസ്വമായ ഒരു അവതരണത്തിനുശേഷം അവരും അദ്ദേഹത്തിന് അതേ മാസിക നൽകി. അങ്ങനെ അന്നത്തെ മൂന്നാമത്തെ മാസികയും അദ്ദേഹം സ്വീകരിച്ചു. ലോകവ്യാപക വേലയ്ക്കുവേണ്ടി നാം സംഭാവനകൾ സ്വീകരിക്കാറുണ്ടെന്നു പറഞ്ഞപ്പോൾ അതേക്കുറിച്ച് തനിക്ക് അറിയാമായിരുന്നു എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പണം എടുക്കാനായി അകത്തേക്കു പോയി. തിരിച്ചുവന്നപ്പോൾ തനിക്ക് അന്നേദിവസം കിട്ടിയിരുന്ന മറ്റു രണ്ടു മാസികകളും അദ്ദേഹം കൊണ്ടുവന്നു. “ഭാവി എന്തായിത്തീരും?” എന്ന ചോദ്യം പരാമർശിച്ചിട്ട് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു: “എന്തായാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം: ഭാവി, യഹോവയുടെ സാക്ഷികളിൽ ഒരാളെ നിങ്ങളുടെ മുന്നിലെത്തിക്കും!”പോർട്ടോറിക്കോ
തന്റെ മകളുടെ വീട്ടിൽ പോയതായിരുന്നു ഒരു സഹോദരി. പെട്ടെന്ന് രണ്ടു കൊള്ളക്കാർ വീട്ടിലേക്കു തള്ളിക്കയറി. ഒരാളുടെ കൈയിൽ ഒരു തോക്കുണ്ടായിരുന്നു. പണം ആവശ്യപ്പെട്ടപ്പോൾ തങ്ങളുടെ കൈവശം ഒന്നുമില്ലെന്ന് അവർ പറഞ്ഞു. ഒരു കൊള്ളക്കാരൻ അവിടമാകെ അരിച്ചുപെറുക്കാൻ തുടങ്ങി; മറ്റേയാൾ അവരുടെ നേരെ തോക്കു ചൂണ്ടിപ്പിടിച്ചിട്ടുണ്ടായിരുന്നു. പെട്ടെന്നുതന്നെ സഹോദരിമാർ യഹോവയോടു പ്രാർഥിക്കാൻ തുടങ്ങി. “നിങ്ങളെന്താ ചെയ്യുന്നത്?” കൊള്ളക്കാരൻ ചോദിച്ചു. തങ്ങൾ യഹോവയുടെ സാക്ഷികളാണെന്നും തങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കുകയാണെന്നും അവർ പറഞ്ഞു. സഹോദരിമാർ അയാളോടു സംസാരിച്ചുകൊണ്ടിരിക്കവേ മറ്റേയാൾ താൻ കണ്ടുപിടിച്ച എറ്റിഎം കാർഡുമായി തിരിച്ചുവന്നു. പെട്ടെന്നുതന്നെ ആ അമ്മയുടെ കാറിൽ എല്ലാവരും കൂടെ ബാങ്കിലേക്കു പുറപ്പെട്ടു. സഹോദരിമാർ കൊള്ളക്കാരോടു സാക്ഷീകരിച്ചുകൊണ്ടിരുന്നു; വളരെ ആദരവോടെയാണ് അവർ സംസാരിച്ചത്. തോക്കു ചൂണ്ടിപ്പിടിച്ചിരുന്ന കൊള്ളക്കാരനോട് അതു മാറ്റാമോയെന്ന് അമ്മ ചോദിച്ചു. അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ അതു മാറ്റി. അവരുടെ പ്രശാന്തത തനിക്ക് ഇഷ്ടമായെന്ന് അയാൾ പറഞ്ഞു. അപ്പോൾ തനിക്ക് അവരുടെ പ്രായത്തിലുള്ള ഒരു മകൻ ഉണ്ടെന്നും പക്ഷേ അവന് ശോഭനമായ ഒരു ഭാവിയാണുള്ളതെന്നും ആ അമ്മ പറഞ്ഞു. ഭാവി ശോഭനമാക്കുന്നതിനുവേണ്ടി യഹോവയുടെ വഴിയിൽ ജീവിക്കാൻ അവർ കൊള്ളക്കാരോടു പറഞ്ഞു. എന്നിരുന്നാലും അവർ ബാങ്കിലേക്കു പോയി, മകൾ ബാങ്കിൽനിന്ന് കുറച്ചു പണമെടുത്ത് അവർക്കു കൊടുത്തു. കൊള്ളക്കാർ സഹോദരിമാരെ ഒരു ഇടവഴിയിലേക്കു കൊണ്ടുപോയി. അവിടെ അവരെ വിട്ടു. ഒരു കൊള്ളക്കാരന് അവരെ കെട്ടിയിടണമെന്നുണ്ടായിരുന്നു. പക്ഷേ തോക്കു പിടിച്ചിരുന്ന കൊള്ളക്കാരൻ അതിനു സമ്മതിച്ചില്ല. വളരെ ശക്തനായ ആരോ അവരെ സംരക്ഷിക്കുന്നുണ്ടെന്ന് അയാൾ സഹോദരിമാരോടു പറഞ്ഞു. മുമ്പ് ഈ മനുഷ്യർ അയൽപക്കങ്ങളിലുള്ള മറ്റുള്ളവരെ കൊള്ളയടിക്കുകയും കെട്ടിയിടുകയും അടിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടത്രേ.
ഓഷ്യാനിയ
ദേശങ്ങൾ 30
ജനസംഖ്യ 3,59,14,649
പ്രസാധകർ 94,323
ബൈബിളധ്യയനങ്ങൾ 49,667
പാപ്പുവ ന്യുഗിനി
യുദ്ധത്തിന്റെ ഭീകരത നേരിട്ടറിഞ്ഞിട്ടുള്ള വ്യക്തിയാണ് മുൻപട്ടാളക്കാരനായ റ്റോം. തന്റെ ഗ്രാമത്തിൽവെച്ച് അദ്ദേഹം കണ്ടുമുട്ടിയ യഹോവയുടെ സാക്ഷികൾ യുദ്ധമില്ലാത്ത ഒരു ലോകം വരുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ അത് അദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. റ്റോം ബൈബിൾ പഠിക്കുകയും ആത്മീയമായി പുരോഗമിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു സ്മാരകദിനത്തിൽ, റ്റോമിന്റെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കുന്ന ഒരു സംഭവം ഉണ്ടായി. സ്മാരകത്തിനു സംബന്ധിക്കാൻ റ്റോം തീരുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ് മുമ്പ് യുണൈറ്റഡ് ചർച്ചിലെ ഒരു പാസ്റ്ററായിരുന്നു, റ്റോമാണെങ്കിൽ അതിന്റെ ഇപ്പോഴത്തെ ചെയർമാനും. രാജ്യഹാളിന്റെ തൊട്ടടുത്തായിരുന്നു ഈ പള്ളി. രാജ്യഹാളിലേക്കു കയറുമ്പോൾ തന്റെ ഉറ്റമിത്രങ്ങൾ, മുൻസഹപ്രവർത്തകർ, പുരോഹിതൻ എന്നിങ്ങനെ സഭാംഗങ്ങൾ തന്നെ തുറിച്ചു നോക്കുന്നതാണ് റ്റോം കണ്ടത്. അവരിൽനിന്ന് ഒളിക്കാൻ ആഗ്രഹിച്ചെങ്കിലും അദ്ദേഹം ചിന്തിച്ചു: ‘ഞാനെന്തിനാ ഒളിക്കാൻ ശ്രമിക്കുന്നത്? ഞാൻ യഹോവയുടെ സാക്ഷിയാകാൻ പോകുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാൻ പറ്റിയ സമയം ഇതാണ്.’ ഈസ്റ്റർ അവധി കഴിഞ്ഞപ്പോൾ അദ്ദേഹം പുരോഹിതനെ സമീപിച്ച് ചോദിച്ചു: “ഞാൻ രാജ്യഹാളിലേക്കു പോകുന്നത് താങ്കൾ കണ്ടോ?”
“ഉവ്വ്, ഞാൻ കണ്ടു” എന്ന് പുരോഹിതൻ പറഞ്ഞു; എന്നിട്ട് രണ്ടുപേരും ചിരിച്ചു.
റ്റോം തുടർന്ന് ഇങ്ങനെ പറഞ്ഞു: “എന്റെ ചങ്ങാതീ, എനിക്കറിയാവുന്ന ഒരു പഴയ റസ്റ്ററന്റുണ്ട്. അവിടത്തെ ഭക്ഷണമാണ് ഏറ്റവും നല്ലതെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അവിടത്തെ ഭക്ഷണത്തിൽ വിഷമുണ്ടെന്ന് പിന്നീട് എനിക്കു മനസ്സിലായി. അങ്ങനെയിരിക്കെ ഞാൻ നല്ല പോഷകപ്രദമായ ഭക്ഷണം ലഭിക്കുന്ന പുതിയൊരു
റസ്റ്ററന്റ് കണ്ടുപിടിച്ചു. അവിടത്തെ നല്ല ഭക്ഷണം കഴിച്ചതിനുശേഷം എനിക്ക് എങ്ങനെ ആ പഴയ റസ്റ്ററന്റിലേക്കു തിരിച്ചു പോകാൻ പറ്റും?”പുരോഹിതന് റ്റോം പറഞ്ഞതിന്റെ സാരം പിടികിട്ടി; അദ്ദേഹം റ്റോമിനോടു പറഞ്ഞു: “റ്റോം, മറ്റാരും അറിയേണ്ട, ഞാനൊരു കാര്യം പറയാം; ഞാൻ സ്ഥിരം ഉണരുക! വായിക്കാറുണ്ടടോ.” റ്റോം പള്ളിയിൽനിന്നു രാജിവെച്ചു. പല പരിശോധനകൾ നേരിട്ടെങ്കിലും യഹോവയുടെ ഒരു സമർപ്പിത സാക്ഷിയായിത്തീരുകയും ചെയ്തു.
സോളമൻ ദ്വീപുകൾ
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസ് സംഘടിപ്പിച്ച ആദ്യത്തെ ഓസ്ട്രേലിയൻ ആംഗ്യഭാഷാ കോഴ്സിൽനിന്ന് 2006 ഫെബ്രുവരി 18-ന് 58 പ്രസാധകർ പരിശീലനം പൂർത്തിയാക്കി. അതിനുശേഷം, ബധിരരായ പത്തുപേർ ബൈബിളധ്യയനം സ്വീകരിച്ചു; അവർ സഭായോഗങ്ങൾക്കു ഹാജരാകുന്നുമുണ്ട്. മോസെസാണ് അതിലൊരാൾ. “മോസെസിന് മൂക്കിൻ തുമ്പത്താണ് ദേഷ്യം; അയാളോട് സംസാരിക്കാനേ പറ്റില്ല” എന്ന് അദ്ദേഹത്തിന്റെ അയൽക്കാരൻ അദ്ദേഹത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. എന്നാൽ ആംഗ്യഭാഷാ കോഴ്സിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ ഒരു ബന്ധു ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ മോസെസ് ഉടനെ സമ്മതം മൂളി. ഒരു മാസത്തിനുശേഷം അദ്ദേഹം ആദ്യമായി രാജ്യഹാളിൽ യോഗത്തിനു പോയി. മുഷിഞ്ഞ വസ്ത്രം, നീണ്ട മുടി, വെട്ടിയൊതുക്കാത്ത താടി—ഇതായിരുന്നു വേഷം. എന്നാൽ അവിടെ തനിക്കു ലഭിച്ച സ്വാഗതവും താൻ പഠിച്ച സത്യവും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു. വസ്ത്രധാരണത്തിനും ചമയത്തിനും വേണ്ടത്ര ശ്രദ്ധ നൽകുന്നതുവഴി ഒരു വ്യക്തി ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു ചെയ്യുന്നതെന്ന് ബൈബിളിൽനിന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് അതിശയം തോന്നി. പിറ്റേ ആഴ്ച, ഷേവു ചെയ്ത്, മുടി വെട്ടിയൊതുക്കി, വൃത്തിയുള്ള വസ്ത്രം ധരിച്ച് രാജ്യഹാളിൽ എത്തിയ അദ്ദേഹത്തെ സഹോദരങ്ങൾക്കു തിരിച്ചറിയാനേ കഴിഞ്ഞില്ല. സ്വഭാവത്തിലും അദ്ദേഹം മാറ്റം വരുത്തിയിരുന്നു. മോസെസിന്റെ അയൽക്കാരൻ പറയുന്നതു കേൾക്കുക: “ഇപ്പോൾ എത്ര വൃത്തിയും വെടിപ്പുമാണ് അദ്ദേഹത്തിന്; ആ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുണ്ട്.” ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന മോസെസ് ബധിരരായ മറ്റുള്ളവരെ സുവാർത്ത മനസ്സിലാക്കാൻ സഹായിച്ചുകൊണ്ടിരിക്കുകയാണ്.
തഹീതി
തഹീതിയിൽനിന്ന് 600-ലേറെ കിലോമീറ്റർ അകലെയായി ഒറ്റപ്പെട്ടു കിടക്കുന്ന മാകേമോ എന്ന കൊച്ചു പവിഴദ്വീപിൽ വെറും 720 നിവാസികളേയുള്ളൂ. ഇവിടത്തുകാരിയായ റാവാഹെറെ, തഹീതിയിലുള്ള തന്റെ ബന്ധുക്കളോടൊപ്പം താമസിച്ച സമയത്ത് ബൈബിൾസത്യത്തെ കുറിച്ച് അറിയാനിടയായി. മാകേമോയിൽ തിരിച്ചെത്തിയ അവർ ബൈബിൾ പഠിക്കാൻ തുടങ്ങി. ആദ്യം കത്തിലൂടെയും പിന്നെ
ഫാക്സിലൂടെയും അതിനുശേഷം ഫോണിലൂടെയുമായിരുന്നു പഠനം. മോർമൻ മതത്തിൽ നിലനിൽക്കാൻ പറഞ്ഞുകൊണ്ട് കുടുംബാംഗങ്ങളിൽ ചിലർ റാവാഹെറെയുടെമേൽ സമ്മർദം ചെലുത്തിയെങ്കിലും അവർ യഹോവയുടെ നിലവാരങ്ങളുമായി പൊരുത്തപ്പെടുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും തന്റെ വിവാഹം നിയമാനുസൃതമാക്കുകയും ചെയ്തു. തുടർന്ന് തഹീതിയിലുള്ള ഒരു സഭയിൽവെച്ച് അവർ സ്നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധകയായിത്തീർന്നു. രണ്ടാഴ്ച കൂടുമ്പോൾ ആ സഭയിലെ പ്രസാധകരിൽനിന്ന് പ്രോത്സാഹനം തുളുമ്പുന്ന കത്തുകൾ റാവാഹെറെയ്ക്കു ലഭിക്കുന്നു.2006 ജൂണിൽ സർക്കിട്ട് മേൽവിചാരകനും ഭാര്യയും റാവാഹെറെയെ സന്ദർശിച്ചു. എല്ലാ വാരാന്തങ്ങളിലും റാവാഹെറെ വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടുന്നുവെന്ന് അദ്ദേഹം റിപ്പോർട്ടു ചെയ്തു. റാവാഹെറെ തന്റെ പ്രദേശത്തിന്റെ ഒരു മാപ്പ് വരച്ചുണ്ടാക്കി; പലർക്കും ബൈബിളധ്യയനം നടത്തുന്നുമുണ്ട്. തന്റെ കൊച്ചുകടയുടെ അടുത്തായി അവർ നമ്മുടെ മാസികകൾ പ്രദർശിപ്പിക്കുന്നു. റാവാഹെറെ ഒരു പുസ്തകാധ്യയനവും നടത്തുന്നു; അതിൽ അവരുടെ ഭർത്താവും സംബന്ധിക്കുന്നുണ്ട്.
ഫിജി
ഗിലെയാദ് പരിശീലനം നേടിയ ഒരു മൂപ്പനാണ് മാത്യു. എല്ലാ ആഴ്ചയും അദ്ദേഹം അധ്യാപകരാകാനുള്ള പരിശീലനം നൽകുന്ന ഒരു കോളെജിലെ നാലു വിദ്യാർഥികൾക്ക് അധ്യയനം നടത്തുന്നു. സായാഹ്നങ്ങളിൽ വ്യത്യസ്ത സഭകളിലെ ശുശ്രൂഷകർ കോളെജിൽ വന്ന് പതിവായി തങ്ങളുടെ സഭാംഗങ്ങൾക്കുവേണ്ടി
ബൈബിൾ പ്രഭാഷണങ്ങൾ നടത്താറുണ്ട്. ക്യാംപസിൽ നിറഞ്ഞുനിൽക്കുന്ന ദുശ്ശീലങ്ങൾക്കെതിരെ പൊരുതുന്ന സ്കൂൾ അധികാരികളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്.ഒരു വൈകുന്നേരം, കൈയിൽ ബൈബിളും നോട്ടുബുക്കും പേനയും ഒക്കെയായി ഏതാണ്ട് 250 വിദ്യാർഥികൾ കാന്റീനിൽ ഇരിക്കുന്നതു മാത്യു ശ്രദ്ധിച്ചു. എല്ലാവരും നിശ്ശബ്ദരായിരുന്നു. ഒരു പ്രമുഖ സഭയിൽനിന്നുള്ള ഒരു ശുശ്രൂഷകന്റെ പ്രസംഗം കേൾക്കാനായി അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു അവർ. പക്ഷേ അദ്ദേഹം വന്നില്ല; അങ്ങനെ ഈ കൂട്ടത്തോടു സംസാരിക്കാൻ മാത്യുവിനെ ക്ഷണിച്ചു. ഒരു ഗീതത്തോടെ ആരംഭിക്കാറുള്ള ‘നരക-യാതന’ പ്രസംഗത്തിനു പകരം തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് മാത്യു തികച്ചും വ്യത്യസ്തമായ ഒരു പ്രസംഗം നടത്തി. ആ പ്രസംഗത്തിൽ യൗവനപ്രായത്തിൽ തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കാൻ മാത്യു വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു. യാതൊരു തയ്യാറെടുപ്പുമില്ലാതെ നടത്തിയ ആ പ്രസംഗത്തിന്റെ വിഷയവും അതായിരുന്നു. പ്രസംഗം കഴിഞ്ഞ് മാത്യുവിനു നന്ദി പറയാനും ഹസ്തദാനം ചെയ്യാനുമായി വിദ്യാർഥികളെല്ലാവരും നിരനിരയായി നിന്നു. നിനച്ചിരിക്കാതെ വീണുകിട്ടിയ ഈ അവസരം തിരികൊളുത്തിയ താത്പര്യം കെട്ടുപോകാതെ നിലനിറുത്താനുള്ള പ്രതീക്ഷയിലാണു മാത്യു.
ഓസ്ട്രേലിയ
വീടുതോറും സാക്ഷീകരിക്കുകയായിരുന്ന രണ്ടു സഹോദരിമാർ രോഗിയായ ഒരു സ്ത്രീയെ കണ്ടുമുട്ടി. തനിക്ക് മാരകമായ കാൻസർ ആണെന്നും താൻ മരിച്ചതിനുശേഷം ആരും തന്റെ വസ്തുവകകളെക്കുറിച്ചു വിഷമിക്കാൻ ആഗ്രഹമില്ലാത്തതിനാൽ അവ പാക്കുചെയ്യുന്നതിന്റെ തിരക്കിലാണ് താനെന്നും അവർ സഹോദരിമാരോടു പറഞ്ഞു. കുടുംബമോ കൂട്ടുകാരോ ഇല്ലാത്ത താൻ ജീവിതത്തിൽ തനിച്ചാണെന്നും അവർ പറഞ്ഞു. മറ്റു മതങ്ങളോടുള്ള ബന്ധത്തിൽ ദുഃഖകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ദൈവം തന്നെ കൈവിട്ടതായി തോന്നുന്നെന്നും അവർ വിശദീകരിച്ചു. പിന്നീട്, അതിലൊരു സഹോദരി ഒരു ബൊക്കെയുമായി അവരെ കാണാൻ ചെന്നു. എന്നാൽ ആ സ്ത്രീ വീട്ടിൽ ഇല്ലായിരുന്നതിനാൽ സഹോദരി ഒരു കുറിപ്പെഴുതി അതും ബൊക്കെയും കൂടെ അവരുടെ വാതിൽക്കൽ വെച്ചിട്ടുപോന്നു. അന്ന് ഉച്ചകഴിഞ്ഞ് ആ സ്ത്രീ സഹോദരിയെ ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു. ജീവിതത്തിൽ ഒരിക്കലും ആരും തന്നോട് ആ വിധത്തിൽ പരിഗണന കാണിക്കുകയോ തനിക്കു പൂക്കൾ തരുകയോ ചെയ്തിട്ടില്ലെന്ന് അവർ പറഞ്ഞു. സഹോദരി വന്നപ്പോൾ വീട്ടിലില്ലാതെ പോയതിൽ ദുഃഖമുണ്ടെന്നും അവർ പറഞ്ഞു. അടുത്ത തവണ സഹോദരിമാർ ചെന്നപ്പോൾ ആ സ്ത്രീ കാത്തിരിക്കുകയായിരുന്നു. സഹോദരിമാർ ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം അവരെ കാണിക്കുകയും ഒരു ബൈബിളധ്യയനം ക്രമീകരിക്കുകയും ചെയ്തു.
[43-ാം പേജിലെ ചിത്രം]
മിഹോ
[47-ാം പേജിലെ ചിത്രം]
ഞങ്ങൾ ഒരു പാൽടാങ്കിൽ വന്നിറങ്ങി
[47-ാം പേജിലെ ചിത്രം]
കെറ്റെവാൻ
[48-ാം പേജിലെ ചിത്രം]
മുമ്പ് പള്ളിയിലെ അംഗങ്ങളായിരുന്ന ചിലർ
[55-ാം പേജിലെ ചിത്രം]
ഓൽഗ
[55-ാം പേജിലെ ചിത്രം]
മേരി
[57-ാം പേജിലെ ചിത്രം]
ഹൂബെർട്ട്, ഹോർഹേ, ജോൻ
[58-ാം പേജിലെ ചിത്രം]
പൗലൂവും കുടുംബവും
[63-ാം പേജിലെ ചിത്രങ്ങൾ]
റാവാഹെറെ മാകേമോയിലുള്ള തന്റെ കടയിൽ
[63-ാം പേജിലെ ചിത്രം]
മാത്യു