വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആഗോള പ്രസംഗ-പഠിപ്പിക്കൽ

ആഗോള പ്രസംഗ-പഠിപ്പിക്കൽ

ആഗോള പ്രസംഗ-പഠിപ്പി​ക്കൽ

ആഫ്രിക്ക

ദേശങ്ങൾ 57

ജനസംഖ്യ 82,73,87,930

പ്രസാധകർ 10,86,653

ബൈബിളധ്യയനം 20,27,124

കോറ്റ്‌-ഡീ ഐവോർ

രാജ്യ​ത്തി​ന്റെ കിഴക്കു​ഭാ​ഗ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ബീയെ​ന്യു​വാൻ എന്ന ഗ്രാമം സത്യത്തി​നാ​യി ദാഹി​ക്കു​ക​യാണ്‌. കൃഷി​യി​ട​ങ്ങ​ളി​ലേക്കു പോകു​ന്ന​തി​നു മുമ്പ്‌ ബൈബിൾചർച്ച നടത്താ​നാ​യി ചിലർ രാവിലെ 6 മണിക്കു​വന്ന്‌ പ്രസാ​ധ​കരെ വിളി​ച്ചു​ണർത്താ​റുണ്ട്‌. സഭാ​യോ​ഗ​ങ്ങ​ളൊ​ക്കെ കഴിഞ്ഞ്‌ വൈകി​ട്ടു വന്ന്‌ തങ്ങളെ ബൈബിൾ പഠിപ്പി​ക്കാ​നാ​ണു ചിലർ ആവശ്യ​പ്പെ​ടു​ന്നത്‌. ഒരിക്കൽ, വായി​ക്കാൻ അറിയി​ല്ലാത്ത ഒരു സ്‌ത്രീ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം നമ്മുടെ ഒരു സഹോ​ദ​ര​നോട്‌ ആവശ്യ​പ്പെട്ടു. ഭർത്താവ്‌ അത്‌ വായി​ച്ചു​കേൾപ്പി​ക്കു​മെന്ന്‌ അവർ പറഞ്ഞു. സഹോ​ദരൻ പുസ്‌തകം കൊടു​ത്തു. എന്നിട്ട്‌ പിറ്റേന്ന്‌ അവരുടെ വീട്ടിൽച്ചെന്നു. ആ സ്‌ത്രീ​യും ഭർത്താ​വും സഹോ​ദരൻ വരുന്ന​തും​കാത്ത്‌ ഇരിക്കു​ക​യാ​യി​രു​ന്നു. തലേ രാത്രി​മു​ഴു​വൻ രണ്ടു​പേ​രും പുസ്‌തകം വായി​ച്ച​തി​നാൽ ഭർത്താ​വിന്‌ കൃഷി​യി​ട​ത്തി​ലെ ജോലി​ക്കു പോകാ​നാ​യി​ല്ല​ത്രേ. വായിച്ച കാര്യങ്ങൾ സഹോ​ദ​ര​നു​മാ​യി ചർച്ച​ചെ​യ്യാൻ അദ്ദേഹ​ത്തിന്‌ ആഗ്രഹ​മാ​യി. തുടർന്ന്‌ ഈ ദമ്പതി​കൾക്ക്‌ ഒരു അധ്യയനം തുടങ്ങി.

ബെനിൻ

അങ്ങകലെ താമസി​ക്കുന്ന ഒരു വലിയ കുടും​ബം ബൈബിൾ പഠിക്കാൻ ആരംഭി​ച്ചു. പിതാവ്‌ പള്ളിയി​ലെ ഒരു പാസ്റ്ററാ​യി​രു​ന്നു. അധ്യയനം തുടങ്ങി രണ്ടാഴ്‌ച കഴിഞ്ഞ​പ്പോൾ, ഈ കുടും​ബം നമ്മുടെ ക്ഷണം സ്വീക​രിച്ച്‌ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷനു വന്നു. ശനിയാഴ്‌ച വൈകു​ന്നേരം ഈ കുടം​ബ​ത്തി​ലെ മൂത്തമകൾ പെട്ടെന്നു രോഗം​ബാ​ധി​ച്ചു മരിച്ചു. എന്നിട്ടും പിതാവ്‌ ഞായറാ​ഴ്‌ചത്തെ സെഷനു​കൾക്കു ഹാജരാ​യി. മരണം സംഭവി​ച്ച​തി​നെ​ക്കു​റിച്ച്‌ തിങ്കളാഴ്‌ച അദ്ദേഹം പറഞ്ഞു: “ഞങ്ങളെ തകർക്കാൻ സാത്താൻ ചെയ്‌ത​താ​ണിത്‌, പക്ഷേ ഞങ്ങളുടെ അടുത്ത്‌ അതു നടക്കില്ല.” അദ്ദേഹ​വും പള്ളിയി​ലെ ഒരു സജീവ അംഗമാ​യി​രുന്ന ഭാര്യ​യും ചേർന്ന്‌ പള്ളിയു​മാ​യി ബന്ധപ്പെട്ട്‌ തങ്ങളുടെ കൈവ​ശ​മു​ണ്ടാ​യി​രുന്ന തിരു​വ​സ്‌ത്രം, തൊപ്പി, ബെൽറ്റ്‌, അഭി​ഷേ​ക​തൈലം, അംശവടി എന്നിങ്ങ​നെ​യുള്ള സകല സാമ​ഗ്രി​ക​ളും വീടിനു വെളി​യിൽതള്ളി. “പള്ളിയു​മാ​യുള്ള സകലതും ഇതോടെ തീർന്നു,” പാസ്റ്റർ പറഞ്ഞു. തുടർന്ന്‌ പ്രവൃ​ത്തി​കൾ 19:19-ൽ നാം വായി​ക്കു​ന്ന​തു​പോ​ലെ, എല്ലാം പരസ്യ​മാ​യി ചുട്ടു​ക​ളഞ്ഞു. ഈ കുടും​ബം നന്നായി പുരോ​ഗ​മി​ക്കു​ന്നുണ്ട്‌.

മഡഗാസ്‌കർ

കഴിഞ്ഞ​വർഷം, 500-ഓളം പേർ മാത്രം താമസി​ക്കുന്ന ഒരു ഗ്രാമ​ത്തി​ലെ സുവി​ശേ​ഷ​കന്‌ മറ്റൊരു ഗ്രാമ​ത്തി​ലുള്ള ഒരു സാക്ഷി​യിൽനിന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം കിട്ടി. അതു ശ്രദ്ധാ​പൂർവം വായിച്ച അദ്ദേഹ​ത്തിന്‌ താൻ സത്യം കണ്ടെത്തി​യി​രി​ക്കു​ന്നു​വെന്നു മനസ്സി​ലാ​യി. അദ്ദേഹം എന്തു ചെയ്‌തെ​ന്നോ? മനസ്സി​ലാ​ക്കിയ കാര്യങ്ങൾ സഭാം​ഗ​ങ്ങ​ളു​മാ​യി പങ്കു​വെച്ചു. ഉടൻതന്നെ അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും മറ്റ്‌ 20 പേരും പള്ളിയിൽനി​ന്നു രാജി​വെച്ച്‌ യഹോ​വ​യു​ടെ സാക്ഷികൾ ചെയ്യു​ന്ന​തു​പോ​ലെ യോഗങ്ങൾ നടത്താൻ തുടങ്ങി. അവരെ സഹായി​ക്കാൻ പ്രത്യേക പയനി​യർമാർ എത്തി. ഈ പയനി​യർമാർ പല താത്‌പ​ര്യ​ക്കാ​രു​മാ​യി ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു; സഭാപു​സ്‌ത​കാ​ധ്യ​യ​ന​വും വീക്ഷാ​ഗോ​പുര അധ്യയ​ന​വും ക്രമമാ​യി നടത്താ​നുള്ള ക്രമീ​ക​ര​ണ​ങ്ങ​ളും ചെയ്‌തു. ഒക്ടോ​ബ​റിൽ അഞ്ചുപേർ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രാ​യി​ത്തീർന്നു. ഇപ്പോൾ പരസ്യ​പ്ര​സം​ഗ​ത്തി​നും ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ സ്‌കൂ​ളി​നും ഉള്ള ഏർപ്പാടു ചെയ്‌തി​രി​ക്കു​ക​യാണ്‌ ഈ പയനി​യർമാർ. ശരാശരി 40 പേർ യോഗ​ങ്ങൾക്കു കൂടി​വ​രു​ന്നു, 20 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും നടക്കു​ന്നുണ്ട്‌.

ദക്ഷിണാഫ്രിക്ക

ഹെനീ​യും ഭാര്യ​യും വീടു​തോ​റു​മുള്ള വേലയിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അവർ ഒരു വീടിന്റെ വേലി​ക്ക​രി​കി​ലൂ​ടെ നടന്നു​പോ​കു​മ്പോൾ ഒരു നായ അഴിക്കി​ട​യി​ലൂ​ടെ തലയിട്ട്‌ ഹെനീ​യു​ടെ കയ്യിൽ കടിച്ചു. വല്ലാതെ രക്തമൊ​ഴു​കാൻ തുടങ്ങി​യ​തു​കൊണ്ട്‌ അദ്ദേഹം വീട്ടി​ലേ​ക്കോ​ടി. ഭാര്യ മുറിവ്‌ വൃത്തി​യാ​ക്കി മരുന്നു​വെ​ച്ചു​കെട്ടി. പിന്നെ അദ്ദേഹം ഡോക്ടറെ കാണാ​നുള്ള ഏർപ്പാ​ടും ചെയ്‌തു. ‘എന്റെ വയൽസേ​വ​നത്തെ തടയാൻ ഒരു നായയെ ഞാൻ അനുവ​ദി​ക്കില്ല,’ അദ്ദേഹം ഭാര്യ​യോ​ടു പറഞ്ഞു. പിന്നെ ഒരു മണിക്കൂ​റോ​ളം കഴിഞ്ഞ​പ്പോൾ അവർ പ്രദേ​ശ​ത്തേക്കു തിരി​കെ​പ്പോ​യി. ‘കടിയൻ പട്ടി’യുടെ വീടിന്‌ അടുത്തുള്ള വീട്ടി​ലാണ്‌ അവർ തുടങ്ങി​യത്‌. അങ്ങനെ ഏതാനും വീടു​ക​ഴി​ഞ്ഞ​പ്പോൾ, ഒരാൾ അവരെ വീടി​ന​ക​ത്തേക്കു ക്ഷണിച്ചു. അദ്ദേഹം ശ്രദ്ധ​യോ​ടെ കേൾക്കു​ക​യും വീണ്ടും​വ​രാൻ അവരോട്‌ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. അങ്ങനെ ഒരു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു, അദ്ദേഹം യോഗ​ങ്ങൾക്കെ​ല്ലാം ഹാജരാ​കാ​നും തുടങ്ങി. ഡച്ച്‌ റിഫോംഡ്‌ ചർച്ചിൽ രാജി​ക്ക​ത്തു​കൊ​ടു​ത്ത​പ്പോൾ, ഡീക്കൻ ആക്കാമെന്ന വാഗ്‌ദാ​ന​വു​മാ​യി അവിടത്തെ ഒരു മുതിർന്ന അംഗം അദ്ദേഹത്തെ സമീപി​ച്ചു. പക്ഷേ അതു വില​പ്പോ​യില്ല. ഇപ്പോൾ അദ്ദേഹം നല്ല ആത്മീയ പുരോ​ഗതി വരുത്തു​ന്നു, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ ഒരു വിദ്യാർഥി​യു​മാണ്‌.

ടാൻസാനിയ

ഒറ്റപ്പെട്ട പ്രദേ​ശത്തു പ്രവർത്തി​ക്കാ​നുള്ള ഒരു പ്രത്യേക ക്രമീ​ക​ര​ണ​ത്തി​ന്റെ ഭാഗമാ​യി 2005 ഒക്ടോ​ബ​റിൽ ഇറിങ്‌ഗാ സഭയിലെ ഒമ്പതു സഹോ​ദ​ര​ന്മാർ 75 കിലോ​മീ​റ്റർ അകലെ​യുള്ള പാവാ​ഗാ​യി​ലേക്കു പുറ​പ്പെട്ടു. ആ പ്രദേ​ശത്ത്‌ ഒരു പ്രസാ​ധകൻ ഒറ്റപ്പെട്ടു കഴിയു​ന്നു​ണ്ടെന്ന്‌ വിവരം ലഭിച്ചി​രു​ന്ന​തി​നാൽ അവർ അദ്ദേഹത്തെ കണ്ടെത്താ​നുള്ള ശ്രമം ആരംഭി​ച്ചു. ഒടുവിൽ അദ്ദേഹത്തെ കണ്ടെത്തി. താൻ ഇവി​ടെ​വ​ന്നിട്ട്‌ 20 വർഷമാ​യെ​ന്നും ടാൻസാ​നി​യ​യി​ലെ പ്രവർത്തനം ഇപ്പോ​ഴും നിരോ​ധ​ന​ത്തി​ലാ​ണെ​ന്നാ​ണു കരുതി​യി​രു​ന്ന​തെ​ന്നും അദ്ദേഹം സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു. ഇക്കാല​മ​ത്ര​യും മറ്റുള്ള​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അദ്ദേഹം. ബൈബിൾ സന്ദേശ​ത്തിൽ ആത്മാർഥ താത്‌പ​ര്യ​മുള്ള ചിലർ അവി​ടെ​യു​ണ്ടെന്ന്‌ അദ്ദേഹ​ത്തിൽനി​ന്നു സഹോ​ദ​രങ്ങൾ മനസ്സി​ലാ​ക്കി. അവിടം സന്ദർശി​ക്കുന്ന ഇറിങ്‌ഗാ സഭയിലെ സഹോ​ദ​രങ്ങൾ താത്‌പ​ര്യ​ക്കാ​രെ​പ്രതി രണ്ടാഴ്‌ച തങ്ങിയി​ട്ടേ മടങ്ങാ​റു​ള്ളൂ. ഫലഭൂ​യി​ഷ്‌ഠ​മായ ഈ പ്രദേ​ശ​ത്തേക്ക്‌ 2006-ൽ രണ്ടു സാധാരണ പയനി​യർമാർ താമസം​മാ​റ്റി. ഒറ്റപ്പെട്ടു കഴിഞ്ഞി​രുന്ന സഹോ​ദ​രനെ ആത്മീയ​മാ​യി സഹായി​ച്ചു, അവിടെ ഇപ്പോൾ ഒമ്പതു പ്രസാ​ധ​ക​രുള്ള ഒരു ചെറിയ കൂട്ടമുണ്ട്‌. മരത്തണ​ലി​ലാണ്‌ അവർ യോഗം നടത്തു​ന്നത്‌. എങ്കിലും പ്രാ​ദേ​ശിക നിർമാ​ണ​വ​സ്‌തു​ക്കൾ ഉപയോ​ഗിച്ച്‌ ഒരു ഹാൾ നിർമി​ക്കാ​നുള്ള ഒരുക്കങ്ങൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

റുവാണ്ട

ജെന്റെല ഒരു ചെറു​പ്പ​ക്കാ​രി​യാണ്‌. ഫുട്‌ബോൾ കളിയിൽ ഗോള​ടി​ക്കാ​നുള്ള കഴിവു നിമിത്തം അവൾക്കു പേരായി. ആളുകൾ അവളെ ‘മനായി​ബി​ന്റെ​ഗോ’ എന്നാണു വിളി​ച്ചി​രു​ന്നത്‌. “ഗോളു​ക​ളു​ടെ ദൈവം” എന്നാണ്‌ അതിനർഥം. ചില ഇറ്റലി​ക്കാർ അവളുടെ കഴിവു കണ്ടറിഞ്ഞ്‌ കൂടു​ത​ലായ പരിശീ​ലനം നൽകി. ഇറ്റലി​യിൽ കളിക്കാ​നുള്ള ക്ഷണം​പോ​ലും അവർ വെച്ചു​നീ​ട്ടി. യൂറോ​പ്പി​ലേക്കു പോകാ​നും ലോകം അറിയുന്ന ഒരു കളിക്കാ​രി​യാ​യി​ത്തീ​രാ​നു​മുള്ള സുവർണാ​വ​സ​ര​മാ​യി​രു​ന്നു അവളുടെ മുമ്പിൽ തുറന്നു​കി​ട​ന്നത്‌. എങ്കിലും ആ വഴിക്കു​പോ​യാൽ വീട്ടു​കാ​രെ പിരി​യേ​ണ്ടി​വ​രു​മ​ല്ലോ എന്നോർത്ത​പ്പോൾ അവൾക്കു മനസ്സു​വ​ന്നില്ല. അവളുടെ അമ്മ സാക്ഷി​യാണ്‌. ജെന്റെല ബൈബിൾ പഠിച്ചി​രു​ന്നെ​ങ്കി​ലും അതിനെ ഗൗരവ​മാ​യി കണ്ടിരു​ന്നില്ല. ഫുട്‌ബോൾ ആയിരു​ന്നു അവളുടെ എല്ലാ​മെ​ല്ലാം. അമ്മയു​മാ​യി ഇക്കാര്യം സംസാ​രിച്ച അവൾ, പതിയി​രി​ക്കുന്ന ആത്മീയ അപകടം തിരി​ച്ച​റി​ഞ്ഞു. യൂറോ​പ്പി​ലേ​ക്കുള്ള ക്ഷണം നിരസിച്ച അവൾ തുടർന്ന്‌ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം കൊടു​ക്കാൻ തീരു​മാ​ന​മെ​ടു​ത്തു. ഈയിടെ നടന്ന ഒരു സമ്മേള​ന​ത്തിൽ അവൾ സ്‌നാ​ന​മേറ്റു.

അമേരി​ക്ക​കൾ

ദേശങ്ങൾ 55

ജനസംഖ്യ 89,33,57,181

പ്രസാധകർ 33,67,544

ബൈബിളധ്യയനങ്ങൾ 32,36,692

കുറെസോ

ഒരു ദിവസം നമ്മുടെ ഒരു സഹോ​ദരൻ ബൈബി​ള​ധ്യ​യ​ന​ത്തി​നു ചെന്ന​പ്പോൾ ഒരു വെടി​യുണ്ട കാണി​ച്ചിട്ട്‌ അത്‌ എന്താ​ണെ​ന്ന​റി​യാ​മോ​യെന്നു വീട്ടു​കാ​രൻ ചോദി​ച്ചു. എന്നിട്ട്‌ വീട്ടു​കാ​രൻ കാര്യം പറഞ്ഞു. സഹോ​ദരൻ അദ്ദേഹത്തെ കണ്ടുമു​ട്ടു​ന്ന​തി​നു​മുമ്പ്‌ മാസങ്ങ​ളോ​ളം അദ്ദേഹം ആത്മഹത്യ​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ക​യാ​യി​രു​ന്ന​ത്രേ; ജോലി​യും കുടും​ബ​വും നഷ്ടമാ​യ​താ​യി​രു​ന്നു കാരണം. പ്രശ്‌ന​ങ്ങൾക്ക്‌ ഉത്തരവാ​ദി​ക​ളെന്നു കരുതിയ നാലു​പേ​രോട്‌ അടങ്ങാത്ത പകയാ​യി​രു​ന്നു അദ്ദേഹ​ത്തിന്‌. അതു​കൊണ്ട്‌ അവരെ വകവരു​ത്താൻ തീരു​മാ​നി​ച്ചു. അതിനാ​യി തോക്കിൽ നാലു വെടി​യുണ്ട നിറച്ചു; വേണ്ടി​വ​ന്നാൽ സ്വന്തജീ​വൻ ഒടുക്കാ​നാ​യി അഞ്ചാമ​തൊ​ന്നു മാറ്റി​വെച്ചു. എന്തു​കൊ​ണ്ടോ, വീട്ടിൽനിന്ന്‌ ഇറങ്ങു​ന്ന​തി​നു​മുമ്പ്‌ ദൈവ​ത്തി​ന്റെ സഹായം തേടണ​മെന്ന്‌ അദ്ദേഹ​ത്തി​നു തോന്നി. ടെലി​വി​ഷൻ തുറന്ന്‌ മതപര​മായ കാര്യങ്ങൾ അവതരി​പ്പി​ക്കുന്ന ഒരു ചാനലി​നാ​യി പരതു​മ്പോ​ഴാണ്‌ രണ്ടു സാക്ഷികൾ വാതി​ലിൽ മുട്ടുന്ന ശബ്ദം കേട്ടത്‌. അങ്ങനെ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങി. ആ നാലു വെടി​യു​ണ്ടകൾ എറിഞ്ഞു​ക​ള​ഞ്ഞെ​ങ്കി​ലും അഞ്ചാമ​ത്തേ​തി​ന്റെ കാര്യം അദ്ദേഹം മറന്നു​പോ​യി​രു​ന്നു. ഇപ്പോൾ അത്‌ പോക്ക​റ്റിൽനി​ന്നു കിട്ടി​യ​പ്പോൾ സഹോ​ദ​രനെ കാണി​ക്കു​ക​യാ​യി​രു​ന്നു. ബൈബിൾപ​ഠനം തന്റെ ജീവി​ത​ത്തിൽ എത്ര​ത്തോ​ളം മാറ്റം​വ​രു​ത്തി​യെന്ന്‌ സഹോ​ദ​ര​നോ​ടു പറഞ്ഞു​കൊണ്ട്‌ അഞ്ചുപേർ തങ്ങളുടെ ജീവന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു. ഇപ്പോൾ ആ വ്യക്തി സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കു​ന്നുണ്ട്‌.

ഉറുഗ്വേ

തന്റെ വീട്ടിൽവന്ന രണ്ടു സാക്ഷി​കളെ നിറക​ണ്ണു​ക​ളോ​ടെ​യാണ്‌ ഒരു സ്‌ത്രീ സ്വാഗതം ചെയ്‌തത്‌. ദൈ​വേഷ്ടം വെളി​പ്പെ​ടു​ത്തി​ത്ത​ര​ണ​മേ​യെന്നു രാത്രി മുഴുവൻ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു താനെന്ന്‌ അവർ സഹോ​ദ​ര​ന്മാ​രോ​ടു പറഞ്ഞു. പള്ളിയി​ലെ പാസ്റ്റർമാർ ആ സ്‌ത്രീ​യെ സന്ദർശി​ച്ചി​രു​ന്നു​വ​ത്രേ. ആയിടെ കിട്ടിയ ഒരു വലിയ തുകയു​ടെ ദശാംശം കൈപ്പ​റ്റാ​നാ​യി​രു​ന്നു അത്‌. വീട്ടു​കാ​രിക്ക്‌ കടുത്ത നിരാശ തോന്നി. കാരണം മുമ്പൊ​രി​ക്ക​ലും പാസ്റ്റർമാർ ആ സ്‌ത്രീ​യെ സന്ദർശി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു, സഹായം ചോദി​ച്ചു​ചെന്ന ദുരി​ത​പൂർണ​മായ നാളു​ക​ളിൽപ്പോ​ലും. അവർ പള്ളിയിൽ പോയിട്ട്‌ ഒരു മാസത്തി​ല​ധി​ക​മാ​യി​രു​ന്നു. ഉപദേ​ശ​ങ്ങ​ളി​ലെ വൈരു​ധ്യ​ങ്ങൾ തന്നെ വഴി​തെ​റ്റി​ക്കു​ന്ന​താ​യി തോന്നി​യെന്ന്‌ അവർ ഒരു പാസ്റ്റ​റോ​ടു പറഞ്ഞു. എന്നാൽ വൈരു​ധ്യ​ങ്ങൾ എന്താ​ണെന്നു ചോദിച്ച്‌ സംശയം ദൂരീ​ക​രി​ക്കു​ന്ന​തി​നു​പ​കരം പള്ളി ഉപേക്ഷി​ച്ച​തി​നു ശിക്ഷയാ​യി അവർക്ക്‌ ഏഴു ശാപങ്ങൾ വരു​മെന്നു പറയു​ക​യാ​ണു ചെയ്‌തത്‌. സഹോ​ദ​ര​ന്മാ​രാ​കട്ടെ, സത്യ​ദൈവം ദൂതന്മാ​രെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ സത്യാ​ന്വേ​ഷി​ക​ളാ​യ​വരെ കണ്ടെത്തു​ക​യാ​ണെന്നു വിശദീ​ക​രി​ച്ചു. ആ സ്‌ത്രീക്ക്‌ ധാരാളം ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ഉപയോ​ഗിച്ച്‌ അധ്യയനം ആരംഭി​ച്ചു. പിന്നീട്‌ ഭർത്താ​വും അധ്യയ​ന​ത്തി​നി​രി​ക്കാൻ തുടങ്ങി. രണ്ടു​പേ​രും സ്‌മാ​ര​ക​ത്തി​നും പ്രത്യേക പരസ്യ​പ്ര​സം​ഗ​ത്തി​നും ഹാജരാ​യി. രാജ്യ​ഹാ​ളി​ലെ പഠിപ്പി​ക്ക​ലി​ന്റെ ഗുണനി​ല​വാ​രം ഇരുവ​രെ​യും വല്ലാതെ സ്‌പർശി​ച്ചു. പണപ്പി​രി​വി​ല്ലെ​ന്നതു വിശ്വ​സി​ക്കാൻ അവർക്കു പ്രയാസം തോന്നി. രണ്ടു​പേ​രും പുരോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു; അവർക്ക്‌ സഭയിൽ ധാരാളം സുഹൃ​ത്തു​ക്ക​ളു​മുണ്ട്‌.

ചിലി

അങ്ങകലെ കേപ്‌ഹോ​ണിൽ താമസി​ക്കുന്ന ഒരു സ്‌ത്രീ ബൈബിൾ പഠിക്കു​ന്നുണ്ട്‌. ഭൂഗോ​ള​ത്തി​ന്റെ ഏറ്റവും തെക്കേ അറ്റത്തു നടക്കുന്ന അധ്യയ​ന​മാ​യി​രി​ക്കാം ഇത്‌. ഇവിടത്തെ ലൈറ്റ്‌ഹൗ​സി​ന്റെ സൂക്ഷി​പ്പു​കാ​ര​നാണ്‌ ഇവരുടെ ഭർത്താവ്‌. പൂൻറ്റാ ആറേയ്‌നാ​സിൽവെ​ച്ചാണ്‌ ഈ സ്‌ത്രീ സത്യം അറിഞ്ഞത്‌. സഹായ​പ​യ​നി​യ​റായ ഒരു സഹോ​ദരി ഇവർക്ക്‌ നാലാഴ്‌ച അധ്യയനം നടത്തി. അപ്പോ​ഴേ​ക്കും ഇവർ കേപ്‌ഹോ​ണി​ലേക്കു മാറി. അന്നുമു​തൽ ഫോണി​ലൂ​ടെ ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കുന്ന ഇവർ നല്ല പുരോ​ഗതി വരുത്തു​ന്നുണ്ട്‌.

കോസ്റ്ററിക്ക

10,000-ത്തോളം ഗ്വൈമീ ഇന്ത്യക്കാ​രുണ്ട്‌ ഈ രാജ്യത്ത്‌. പാനമ​യു​ടെ അതിർത്തിക്ക്‌ അടുത്തുള്ള സിക്‌സോല എന്നൊരു കൊച്ചു​പ​ട്ട​ണ​ത്തി​ലാ​ണു ഭൂരി​ഭാ​ഗ​വും അധിവ​സി​ക്കു​ന്നത്‌. ബൈബി​ളി​നെ​ക്കു​റി​ച്ച​റി​യാൻ പലർക്കും താത്‌പ​ര്യ​മുണ്ട്‌. ഇവരെ സഹായി​ക്കു​ന്ന​തി​നു​വേണ്ടി ഒരു പ്രത്യേ​ക​പ​യ​നി​യർ ദമ്പതി​കളെ ഈ പ്രദേ​ശ​ത്തേക്കു നിയമി​ച്ചു. അവർ അവിടത്തെ ഭാഷ പഠിച്ചു. 26 ഗ്വൈമീ സഹോ​ദ​ര​ങ്ങ​ളു​ടെ പിന്തുണ പ്രവർത്ത​ന​ത്തിന്‌ ആക്കംകൂ​ട്ടി. അങ്ങനെ, ഗ്വൈ​മീ​യിൽ ആദ്യത്തെ സ്‌മാ​രകം നടന്നു. ഹാജർ എത്രയാ​യി​രു​ന്നെ​ന്നോ? 264! അന്നുമു​തൽ നല്ല പുരോ​ഗ​തി​യുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 13 പ്രസാ​ധ​ക​രുള്ള ഒരു പുസ്‌ത​ക​ധ്യ​യന കൂട്ടത്തിൽ തുടക്ക​ത്തി​ലെ ഹാജർ ശരാശരി 20 ആയിരു​ന്നു. ഇപ്പോൾ അത്‌ 40 ആയി. അങ്ങനെ, രണ്ടു പുസ്‌ത​കാ​ധ്യ​യ​ന​ക്കൂ​ട്ടങ്ങൾ കൂടി രൂപീ​ക​രി​ക്ക​പ്പെട്ടു.

പാനമ

ഒരു ഡ്രിൽ അധ്യാ​പ​ക​നാ​യി ജോലി​നോ​ക്കുന്ന റാമീ​റോ 2004-ൽ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ആറു ഗ്രൂപ്പിന്‌ ക്ലാസ്സെ​ടു​ക്ക​ണ​മാ​യി​രു​ന്നു അദ്ദേഹ​ത്തിന്‌. ആഴ്‌ച​യിൽ 24 മണിക്കൂ​റാ​യി​രു​ന്നു പ്രവൃ​ത്തി​സ​മ​യ​മെ​ങ്കി​ലും റാമീ​റോ​യ്‌ക്ക്‌ 12 മണിക്കൂർ ക്ലാസ്സെ​ടു​ത്താൽ മതിയാ​യി​രു​ന്നു. ശേഷി​ക്കുന്ന 12 മണിക്കൂർ ആ ആറു ഗ്രൂപ്പി​നെ മതപര​മായ കാര്യങ്ങൾ പഠിപ്പി​ക്കാൻ ഡയറക്ടർ റാമീ​റോ​യോട്‌ ആവശ്യ​പ്പെട്ടു. “ദൈവ​ത്തെ​യും യേശു​വി​നെ​യും ബൈബി​ളി​നെ​യും കുറി​ച്ചൊ​ക്കെ സംസാ​രി​ച്ചാൽ മതി,” അദ്ദേഹം പറഞ്ഞു. റാമീ​റോ എന്തു ചെയ്‌തെ​ന്നോ? താൻ പഠിച്ചു​കൊ​ണ്ടി​രു​ന്നത്‌ കുട്ടി​കളെ പഠിപ്പി​ക്കാൻ തുടങ്ങി. ആ വർഷം പരിജ്ഞാ​നം പുസ്‌തകം ഉപയോ​ഗിച്ച്‌ 6 മുതൽ 8 വരെ ക്ലാസ്സു​ക​ളി​ലെ 150 കുട്ടി​കളെ അദ്ദേഹം പഠിപ്പി​ച്ചു. പിറ്റേ​വർഷം, ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം പുറത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അദ്ദേഹം സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​നാ​യി​ത്തീർന്നി​രു​ന്നു. അങ്ങനെ ആ പുസ്‌ത​ക​ത്തി​ലേക്ക്‌ അധ്യയനം മാറ്റി. കുട്ടി​ക​ളു​ടെ എണ്ണം 160 ആയി. ഇതി​ന്റെ​യൊ​ക്കെ ഫലമോ? റാമീ​റോ​യും മറ്റു പ്രസാ​ധ​ക​രും ഇന്ന്‌ പല കുട്ടി​കൾക്കും അധ്യയനം നടത്തു​ന്നുണ്ട്‌. മക്കളുടെ സ്വഭാവം മെച്ച​പ്പെ​ടാൻ ഇടയാ​ക്കി​യ​തിൽ ചില വിദ്യാർഥി​ക​ളു​ടെ മാതാ​പി​താ​ക്കൾ റാമീ​റോ​യോ​ടു നന്ദിപ​റ​യു​ക​യു​ണ്ടാ​യി. മാതാ​പി​താ​ക്ക​ളിൽ ചിലർ യോഗ​ങ്ങൾക്കും എന്തിന്‌ നമ്മുടെ സമ്മേള​ന​ങ്ങൾക്കു​പോ​ലും ഹാജരാ​യി. 2006 നവംബ​റിൽ സ്‌നാ​ന​മേറ്റ റാമീ​റോ ബൈബിൾ പഠിപ്പി​ക്കാ​നുള്ള എല്ലാ അവസര​ങ്ങ​ളും നന്നായി പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഗ്വാട്ടിമാല

ഗ്വാട്ടി​മാല നഗരത്തി​ലെ ജെറെമീ എന്ന ഒരു പ്രസാ​ധകൻ താൻ അധ്യയനം നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു ചെറു​പ്പ​ക്കാ​രന്റെ വീട്ടി​ലേക്കു പോയി. ഒരു ഇടവഴി​യി​ലാ​യി​രു​ന്നു വീട്‌. വാതി​ലിൽ മുട്ടി​യ​പ്പോൾ ആ ചെറു​പ്പ​ക്കാ​രന്റെ ചേച്ചി വന്നിട്ട്‌ അദ്ദേഹം വീട്ടി​ലി​ല്ലെന്നു പറഞ്ഞു. ആ സമയത്ത്‌ രണ്ടു ചെറു​പ്പ​ക്കാർ അങ്ങോട്ടു വന്നു. ഒരാൾ ഒരു തോ​ക്കെ​ടുത്ത്‌ ജെറെ​മീ​യു​ടെ തലയ്‌ക്കു​നേരെ ചൂണ്ടി. “നിന്നെ വകവരു​ത്താൻ വന്ന വാടക​ക്കൊ​ല​യാ​ളി​യാ​ണു ഞാൻ,” അയാൾ പറഞ്ഞു. (ഇരകളെ ഭയപ്പെ​ടു​ത്തു​ന്ന​തി​നുള്ള കൊള്ള​ക്കാ​രു​ടെ അടവാ​ണ​തെന്ന്‌ പിന്നീ​ടാണ്‌ ജെറെ​മീ​ക്കു മനസ്സി​ലാ​യത്‌.) ജെറെ​മീ​യു​ടെ വാക്കുകൾ: “ആ സ്‌ത്രീ വാതി​ല​ടച്ചു. അപ്പോൾ ഞാൻ ആ ചെറു​പ്പ​ക്കാ​രോ​ടു ചോദി​ച്ചു: ‘എന്തു​വേണം?’ അവരി​ലൊ​രാൾ തിരി​ച്ചു​ചോ​ദി​ച്ചു: ‘നിനക്ക്‌ ഇവിടെ എന്താ കാര്യം?’ ഞാൻ യഹോ​വ​യു​ടെ വചനം പ്രസം​ഗി​ക്കു​ക​യാ​ണെന്ന്‌ എന്റെ മറുപടി. ‘പറയാ​നു​ള്ളത്‌ എന്താ​ണെന്ന്‌ ഞാനും കേൾക്കട്ടെ!’ അയാൾ മുരണ്ടു. എനിക്ക്‌ വല്ലാത്ത പരി​ഭ്രമം തോന്നി; എന്തു ചെയ്യണ​മെന്നു നിശ്ചയ​മില്ല. ബാഗു​തു​റന്ന്‌ ഞാൻ ബൈബി​ളെ​ടു​ത്തു. അതുക​ണ്ട​പ്പോൾ തോക്കു​പി​ടി​ച്ചി​രു​ന്ന​യാൾ, ചെയ്‌തു​കൊ​ണ്ടി​രി​ക്കുന്ന തെറ്റു​ക​ളെ​ക്കു​റി​ച്ചോർത്ത്‌ കരയാൻ തുടങ്ങി. സഹായി​ക്ക​ണ​മെന്ന്‌ അയാൾ എന്നോടു കെഞ്ചി. എന്റെ ബാഗിൽ പരതിയ അയാൾക്ക്‌ പണത്തെ​ക്കു​റി​ച്ചുള്ള ഒരു ഉണരുക! മാസി​ക​യാ​ണു കിട്ടി​യത്‌. ആ സമയത്ത്‌ മറ്റേയാൾ പേഴ്‌സി​നാ​യി എന്റെ പോക്കറ്റ്‌ പരി​ശോ​ധി​ക്കാൻ തുടങ്ങി. പക്ഷേ തോക്കു​പി​ടി​ച്ചി​രു​ന്ന​യാൾ പറഞ്ഞു: ‘ഒന്നും ചെയ്യേണ്ട, അയാളെ വിട്ടേക്കൂ.’ തുടർന്ന്‌, എനിക്കു നന്ദിപ​റ​ഞ്ഞിട്ട്‌ അയാൾ എന്നെ​യൊ​ന്നു കെട്ടി​പ്പി​ടി​ച്ചു. പിന്നെ രണ്ടു​പേ​രും സ്ഥലംവി​ട്ടു. എനിക്ക്‌ എന്തെന്നി​ല്ലാത്ത പ്രശാന്തത തോന്നി. ആ സാഹച​ര്യ​ത്തിൽനി​ന്നു രക്ഷിച്ച​തിന്‌ ഞാൻ യഹോ​വ​യ്‌ക്ക്‌ എത്ര നന്ദിപ​റ​ഞ്ഞെ​ന്നോ!”

ഡൊമിനിക്കൻ റിപ്പബ്ലിക്‌

ദന്തഡോ​ക്ട​റായ നമ്മുടെ ഒരു സഹോ​ദരി ഒരു ദിവസത്തെ ഒരു സെമി​നാ​റിൽ പങ്കെടു​ത്തു. ഹാജരാ​യി​രുന്ന 250-ലേറെ ദന്തഡോ​ക്ടർമാർക്കും, യൂറോ​പ്പിൽവെച്ചു നടക്കുന്ന ഒരു ഉപരി​പഠന കോഴ്‌സിൽ സംബന്ധി​ക്കു​ന്ന​തി​നു​വേണ്ടി അപേക്ഷ സമർപ്പി​ക്കാ​നുള്ള അവസര​മു​ണ്ടാ​യി​രു​ന്നു. എന്നാൽ എട്ടു​പേരെ മാത്രമേ എടുക്കു​മാ​യി​രു​ന്നു​ള്ളൂ. സഹോ​ദ​രി​യെ തിര​ഞ്ഞെ​ടു​ത്തെന്നു മാത്രമല്ല സഹോ​ദ​രിക്ക്‌ സൗജന്യ​മാ​യി കോഴ്‌സിൽ പങ്കെടു​ക്കാ​മെ​ന്നും ചുമത​ല​പ്പെ​ട്ടവർ അന്നു വൈകു​ന്നേരം സഹോ​ദ​രി​യെ അറിയി​ച്ചു. സഹോ​ദ​രിക്ക്‌ ആശ്ചര്യം​തോ​ന്നി. എന്നാൽ എന്തായി​രു​ന്നു സഹോ​ദ​രി​യു​ടെ പ്രതി​ക​രണം? “എനിക്ക്‌ ഈ അവസരം നൽകി​യ​തി​നു നന്ദി. പക്ഷേ ഞാൻ ആ അപേക്ഷ പൂരി​പ്പി​ച്ചില്ല. ഈ ക്ഷണം സ്വീക​രി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടുണ്ട്‌. കുടും​ബ​ത്തി​ന്റെ ആത്മീയ​ത​യാണ്‌ യഹോ​വ​യു​ടെ സാക്ഷി​യായ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറ്റവും പ്രധാനം. ഇതു സ്വീക​രി​ച്ചാൽ നന്നായി പഠിക്കണം; അതിനു നല്ല സമയവും ശ്രമവും വേണം. പക്ഷേ എനിക്ക്‌ ആഴ്‌ച​യിൽ അഞ്ചു ബൈബിൾ സെഷനു​ക​ളിൽ സംബന്ധി​ക്കേ​ണ്ട​തുണ്ട്‌; അതു പിന്തള്ളാൻ എനിക്കാ​വില്ല. പരിശീ​ലനം സിദ്ധിച്ച്‌ ബിരു​ദ​വു​മാ​യി മടങ്ങി​വ​രു​മ്പോൾ ഇവിടെ എന്നെ കാത്തി​രി​ക്കു​ന്നത്‌ എന്റെ കുട്ടികൾ മയക്കു​മ​രു​ന്നാ​സ​ക്ത​രും വഴിവി​ട്ട​വ​രു​മാ​യി​ത്തീർന്നെന്ന വാർത്ത​യാ​ണെ​ങ്കി​ലോ, അവി​ടെ​ത്തീ​രി​ല്ലേ എന്റെ എല്ലാ സന്തോ​ഷ​വും?”

ഏഷ്യയും മധ്യപൂർവ​ദേ​ശ​ങ്ങ​ളും

ദേശങ്ങൾ 47

ജനസംഖ്യ 399,36,86,009

പ്രസാധകർ 6,07,112

ബൈബിളധ്യയനങ്ങൾ 4,96,577

ഇസ്രയേൽ

പ്രായ​മുള്ള ഒരു സ്‌ത്രീ ഗാർബേജ്‌ എടുത്തു​കൊ​ണ്ടു​പോ​കാൻ ബുദ്ധി​മു​ട്ടു​ന്നത്‌ ഏല എന്ന യുവ സഹായ പയനിയർ ശ്രദ്ധിച്ചു. ഏല അവരുടെ സഹായ​ത്തി​നെത്തി അതോ​ടൊ​പ്പം ചുരു​ക്ക​മാ​യി സാക്ഷീ​ക​രി​ക്കു​ക​യും ചെയ്‌തു. ആ സ്‌ത്രീ തന്റെ മേൽവി​ലാ​സം ഏലയ്‌ക്കു കൊടു​ത്തു. അവരുടെ വീട്ടിൽ ഏല പലപ്രാ​വ​ശ്യം ചെന്നെ​ങ്കി​ലും അവരെ കാണാ​നാ​യില്ല. ഒടുവിൽ, ഒരുദി​വസം അവർ വാതിൽതു​റന്നു. കേൾവി​ശക്തി ഭാഗി​ക​മാ​യി നഷ്ടപ്പെ​ട്ടി​രു​ന്ന​തി​നാൽ മുമ്പ്‌ ഏല വന്ന്‌ വാതി​ലിൽ മുട്ടി​യ​പ്പോ​ഴൊ​ന്നും അവർ അതു കേട്ടി​രു​ന്നില്ല. ഏല അവർക്കൊ​രു ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. തുടക്ക​ത്തിൽ നിരീ​ശ്വ​ര​വാ​ദി ആയിരു​ന്നെ​ങ്കി​ലും പിന്നീ​ടവർ ദൈവ​ത്തോ​ടും അവന്റെ വചന​ത്തോ​ടും നല്ല മതിപ്പു പ്രകട​മാ​ക്കി. രണ്ടു വർഷത്തി​നു​ശേഷം തന്റെ ജീവിതം അവർ യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു, അടുത്ത​കാ​ലത്ത്‌ 92-ാം വയസ്സിൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

മംഗോളിയ

ജീവി​ത​കാ​ല​മൊ​ക്കെ​യും പുസ്‌ത​ക​ശാ​ല​യിൽ ജോലി​ചെയ്‌ത ടെർബിഷ്‌ എന്ന സ്‌ത്രീ​യെ 18 വയസ്സുള്ള പയനി​യ​റായ മുങ്‌സയ കണ്ടുമു​ട്ടി. താൻ വളരെ​യ​ധി​കം പുസ്‌ത​കങ്ങൾ വായി​ച്ചി​ട്ടു​ണ്ടെ​ന്നും അതു​കൊണ്ട്‌ ഒരു പുസ്‌തകം വായി​ച്ചു​മ​ന​സ്സി​ലാ​ക്കാൻ തനിക്കു വളരെ എളുപ്പം സാധി​ക്കു​മെ​ന്നും അവർ മുങ്‌സ​യ​യോ​ടു പറഞ്ഞു. അതിന്‌ പുസ്‌തകം തുടക്കം​മു​തൽ വായി​ക്ക​ണ​മെ​ന്നില്ല, ഇടയ്‌ക്കു​നി​ന്നോ അല്ലെങ്കിൽ അവസാ​ന​ഭാ​ഗ​ത്തു​നി​ന്നോ വായി​ച്ചാ​ലും മതി​യെന്ന്‌ അവർ പറഞ്ഞു. എന്നാൽ ബൈബിൾ ഇതി​നൊ​രു അപവാ​ദ​മാ​യി​രു​ന്നു. പലയാ​വർത്തി വായി​ച്ചി​ട്ടും അതു മനസ്സി​ലാ​ക്കാൻ ടെർബി​ഷി​നാ​യില്ല. പള്ളിയിൽപോ​യി​ട്ടും പ്രയോ​ജനം ഉണ്ടായില്ല. അതു​കൊണ്ട്‌ ഓരോ വാക്യ​ത്തി​നും കുറി​പ്പു​കൾ ഉണ്ടാക്കി​ക്കൊണ്ട്‌ അവർ സ്വയം ബൈബിൾ പഠിക്കാൻ ആരംഭി​ച്ചി​രു​ന്നു. എബ്രായർ 11:6-ന്റെ അർഥം മനസ്സി​ലാ​ക്കാൻ അവർക്കു പ്രത്യേക താത്‌പ​ര്യം ഉണ്ടായി​രു​ന്നു. അതിന്റെ അർഥം വിശദീ​ക​രി​ച്ചു​കൊ​ടുത്ത മുങ്‌സയ ഒരു ബൈബി​ള​ധ്യ​യനം അവർക്കു വാഗ്‌ദാ​നം ചെയ്‌തു. കൂടാതെ രാജ്യ​ഹാ​ളി​ലേക്ക്‌ അവരെ ക്ഷണിക്കു​ക​യും ചെയ്‌തു. രാജ്യ​ഹാ​ളി​ന്റെ സ്ഥലം പറഞ്ഞു​കൊ​ടു​ത്ത​പ്പോൾ ടെർബിഷ്‌ ചോദി​ച്ചു: പുറത്തു നല്ല പൂക്കളുള്ള ആ കെട്ടി​ട​മാ​ണോ? ഓരോ പ്രാവ​ശ്യ​വും അതുവഴി പോകു​മ്പോൾ ഞാനവ നോക്കി​നിൽക്കാ​റുണ്ട്‌. ആ പൂച്ചെ​ടി​കൾ പരിപാ​ലി​ക്കുന്ന ആളെ എനി​ക്കൊ​ന്നു പരിച​യ​പ്പെ​ടു​ത്താ​മോ?” അതു ചെയ്യാൻ മുങ്‌സ​യ​യ്‌ക്കു സന്തോ​ഷമേ ഉണ്ടായി​രു​ന്നു​ള്ളൂ. സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചു വളരെ ഉത്സാഹ​ത്തോ​ടെ പഠിക്കുന്ന ടെർബിഷ്‌ ഇപ്പോൾ യോഗ​ങ്ങൾക്കും വരുന്നുണ്ട്‌. മുങ്‌സയ പറയുന്നു, “എനിക്ക്‌ എത്ര​യോ​മുമ്പ്‌ ആ പൂക്കൾ ഇവർക്കു സാക്ഷ്യം നൽകി​യി​രി​ക്കു​ന്നു.”

ജപ്പാൻ

കാലു​ക​ളി​ലെ വേദന​കാ​രണം 78 വയസ്സുള്ള ഹിരോ​കോ​യ്‌ക്ക്‌ മുമ്പ​ത്തെ​പ്പോ​ലെ വയൽസേ​വ​ന​ത്തിൽ പങ്കെടു​ക്കാൻ സാധി​ക്കു​ന്നില്ല. യഹോ​വ​യോ​ടു പ്രാർഥിച്ച ഹിരോ​കോ വളരെ തിരക്കുള്ള ഒരു ബസ്റ്റോപ്പ്‌ കണ്ടുപി​ടി​ച്ചു. സഹോ​ദ​രിക്ക്‌ അവിടെ തുടർച്ച​യാ​യി അരമണി​ക്കൂർവരെ ചെലവ​ഴി​ക്കാൻ സാധി​ക്കും. ഹൃദ്യ​മായ ഒരു ചിരി​യോ​ടെ ആളുക​ളോ​ടു കുശലം ചോദി​ക്കും. അടു​ത്തൊ​രു ആശുപ​ത്രി​യുണ്ട്‌, ആളുകൾ മരുന്നു​മാ​യി നിൽക്കു​ന്ന​തു​ക​ണ്ടാൽ അവരുടെ ആരോ​ഗ്യ​ത്തെ​പ്പറ്റി ചോദി​ക്കും. ബസ്സിന്റെ ടൈം​ടേ​ബിൾ വായി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രെ​യും സഹോ​ദരി സഹായി​ക്കും, പുതു​താ​യി ആ സ്ഥലത്ത്‌ എത്തിയ​വ​രാ​ണെ​ങ്കിൽ അവി​ടെ​യുള്ള പ്രധാ​ന​പ്പെട്ട സ്ഥലങ്ങ​ളെ​ക്കു​റി​ച്ചും​മ​റ്റും വിശദീ​ക​രി​ച്ചു​കൊ​ടു​ക്കും. അവർ സംസാ​രി​ക്കു​മ്പോൾ ശ്രദ്ധ​യോ​ടെ കേൾക്കും, എന്നിട്ട്‌ മാസി​കകൾ സമർപ്പി​ക്കും. ക്രമമാ​യി കാണാ​റു​ള്ള​വർക്കു മടക്കസ​ന്ദർശ​ന​ങ്ങ​ളും നടത്തുന്നു.

മ്യാൻമാർ

ലാസറു മയക്കു​മ​രു​ന്നു കള്ളക്കട​ത്തു​കാ​ര​നാ​യി​രു​ന്നു. മയക്കു​മ​രുന്ന്‌, കൊല​പാ​തകം തുടങ്ങി എല്ലാ അസാന്മാർഗിക പ്രവർത്ത​ന​ങ്ങ​ളും അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. ഇങ്ങനെ​യൊ​ക്കെ​യാ​യി​ട്ടും, ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാ​ണെന്ന്‌ ഒരു പയനിയർ സഹോ​ദരി ബൈബി​ളിൽനി​ന്നു കാണി​ച്ച​പ്പോൾ ലാസറു ഉടനടി സത്യം തിരി​ച്ച​റി​യു​ക​യും ബൈബിൾ പഠിക്കാൻ സമ്മതി​ക്കു​ക​യും ചെയ്‌തു. വളരെ​ക്കാ​ലം ബൈബിൾ പഠി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും അദ്ദേഹം ആത്മീയ​മാ​യി പുരോ​ഗ​മി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ജീവിതം ഉടച്ചു​വാർക്കു​ക​യെ​ന്നത്‌ ഏറ്റവും പ്രയാ​സ​ക​ര​മായ സംഗതി​യാ​യി​രു​ന്നു. മയക്കു​മ​രുന്ന്‌ കള്ളക്കടത്ത്‌ ഉപേക്ഷി​ക്കു​ക​യാ​ണെന്ന്‌ സഹപ്ര​വർത്ത​ക​രോ​ടു പറഞ്ഞ​പ്പോൾ അവർ ആശങ്കയി​ലാ​യി, കാരണം അവരുടെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചു വളരെ​യ​ധി​കം കാര്യങ്ങൾ ലാസറു​വിന്‌ അറിയാ​മാ​യി​രു​ന്നു. ലാസറു​വി​നെ കൊല്ലാൻ പലവട്ടം അവർ കൊല​യാ​ളി​കളെ അയച്ചു​വെ​ങ്കി​ലും അപ്പോ​ഴെ​ല്ലാം അവരുടെ കയ്യിൽനി​ന്നു രക്ഷപ്പെ​ടാൻ അദ്ദേഹ​ത്തി​നാ​യി. ഒടുവിൽ മറ്റൊരു സ്ഥലത്തേക്കു മാറി​ത്താ​മ​സി​ക്കു​ക​യും ഭാര്യ​യോ​ടൊ​പ്പം സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

തായ്‌വാൻ

അസാധാ​ര​ണ​മായ പേരുള്ള ഒരു കാപ്പി​ക്ക​ട​യു​ടെ മുമ്പിൽ ആ സഹോ​ദ​രങ്ങൾ കുറച്ചു​നേരം നിന്നു. ആ കടയുടെ പേര്‌ “എസ്രാ​യു​ടെ പുസ്‌തകം കാപ്പിക്കട” എന്നാണ്‌. ജിജ്ഞാസ അടക്കാ​നാ​വാ​തെ സഹോ​ദ​ര​ങ്ങ​ളി​ലൊ​രാൾ, കടയ്‌ക്ക്‌ ഈ പേരി​ട്ടി​രി​ക്കു​ന്ന​തി​ന്റെ കാരണ​മെ​ന്താ​ണെന്ന്‌ ഉടമസ്ഥ​നോ​ടു ചോദി​ച്ചു. സത്യാ​രാ​ധ​ന​യോ​ടുള്ള എസ്രാ​യു​ടെ തീക്ഷ്‌ണത തന്നെ എന്നും ആകർഷി​ച്ചി​ട്ടു​ണ്ടെന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. വർഷങ്ങ​ളാ​യി പള്ളിയിൽ പോകുന്ന ഒരാളാ​യി​രു​ന്നു കടയുടമ, എന്നാൽ വിയറ്റ്‌ന​മീ​സു​കാ​രി​യായ ഭാര്യ​യ്‌ക്ക്‌ പള്ളിയി​ലെ കുർബാ​ന​യും മറ്റും മനസ്സി​ലാ​കാ​ത്ത​തി​നാൽ ഇരുവ​രും പള്ളിയിൽപോക്ക്‌ നിറു​ത്തി​വെച്ചു. ഒരു വിയറ്റ്‌ന​മീസ്‌ ബൈബിൾ കൊടു​ക്കാ​മെന്ന്‌ സഹോ​ദരൻ വാഗ്‌ദാ​നം ചെയ്‌തു, ഉച്ചതി​രിഞ്ഞ്‌ അതു കൊണ്ടു​ചെന്ന്‌ കൊടു​ക്കു​ക​യും ചെയ്‌തു. മുഴു കുടും​ബ​ത്തോ​ടൊ​പ്പം അധ്യയ​ന​വും ആരംഭി​ച്ചു.

ഇന്ത്യ

സാക്ഷീ​കരണ പ്രവർത്ത​ന​ത്തിന്‌ ശക്തമായ എതിർപ്പു നേരി​ടുന്ന ഒരു പട്ടണത്തിൽ, അഞ്ചു സഹോ​ദ​രി​മാ​രെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ന്റെ പേരിൽ നാലു ദിവസം തടവി​ലി​ട്ടു. തുടക്ക​ത്തിൽ ജയിൽവാർഡൻ വളരെ നിർദ​യ​മാ​യി​ട്ടാ​ണു പെരു​മാ​റി​യത്‌, ജയിലിൽ ക്രിസ്‌ത്യാ​നി​ത്വം പ്രസം​ഗി​ക്ക​രു​തെ​ന്നും താക്കീതു ചെയ്‌തു. എന്നാൽ ദിവസങ്ങൾ കടന്നു​പോ​യ​തോ​ടെ സൗമ്യ​ത​യോ​ടും സ്‌നേ​ഹ​ത്തോ​ടും കൂടെ​യുള്ള അവരുടെ പെരു​മാ​റ്റം​കണ്ട വാർഡന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം​വന്നു. സഹോ​ദ​രങ്ങൾ എത്തിച്ചു​കൊ​ടുത്ത പഴങ്ങളും ആഹാര​സാ​ധ​ന​ങ്ങ​ളും അവർ മറ്റ്‌ അന്തേവാ​സി​ക​ളു​മാ​യും വാർഡ​നു​മാ​യും പങ്കു​വെച്ചു. ഒരു രാത്രി, യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​ക​ത്തി​ലെ ആശയങ്ങൾ സഹോ​ദ​രി​മാർ ചർച്ച​ചെ​യ്യു​ന്നത്‌ വാർഡൻ കേട്ടു. സെല്ലിനു വെളി​യിൽ ഒരു കസേര​യിൽ ഇരുന്ന്‌ ആ വാർഡ​നും സഹോ​ദ​രി​മാ​രോ​ടൊ​പ്പം ചർച്ചക​ളിൽ പങ്കു​കൊ​ള്ളാൻ തുടങ്ങി. സഹോ​ദ​രി​മാ​രെ ജയിലിൽനി​ന്നു വിട്ടയ​യ്‌ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ വാർഡന്റെ ഒരു ബന്ധു മരണമ​ടഞ്ഞു. പുനരു​ത്ഥാന പ്രത്യാ​ശ​യെ​ക്കു​റിച്ച്‌ പറഞ്ഞു​കൊണ്ട്‌ ആ വാർഡനെ ആശ്വസി​പ്പി​ക്കാൻ സഹോ​ദ​രി​മാർക്കാ​യി.

അതിനു​മുമ്പ്‌, എന്തു കുറ്റമാ​ണു ചെയ്‌ത​തെന്ന്‌ മറ്റൊരു വാർഡൻ അവരോ​ടു ചോദി​ക്കു​ക​യു​ണ്ടാ​യി. പ്രസം​ഗ​പ്ര​വർത്ത​നത്തെ നിയമ​വി​രുദ്ധ മതപരി​വർത്ത​ന​മാ​ണെന്നു തെറ്റി​ദ്ധ​രി​ച്ച​താ​ണു കാരണ​മെന്നു സഹോ​ദ​രി​മാ​രി​ലൊ​രാൾ വിശദീ​ക​രി​ച്ചു. കേട്ടകാ​ര്യ​ത്തിൽ മതിപ്പു​തോ​ന്നിയ വാർഡൻ പറഞ്ഞു: “ഈയൊ​രു സാഹച​ര്യ​ത്തി​ലും നിങ്ങൾ എത്ര ശാന്തമാ​യി സംസാ​രി​ക്കു​ന്നു. ഞാനൊ​രു മുൻകോ​പി​യാണ്‌, നിങ്ങളു​ടെ മുമ്പിൽനിൽക്കാൻ എനിക്കു ലജ്ജ തോന്നു​ന്നു. ഞാൻ പരുഷ​മാ​യി സംസാ​രി​ക്കു​മ്പോൾ നിങ്ങളതു പറഞ്ഞു​ത​രണം, എന്നിട്ട്‌ നിങ്ങ​ളെ​പ്പോ​ലെ സംസാ​രി​ക്കാൻ എന്നെ പഠിപ്പി​ക്കു​ക​യും വേണം. ഇത്തരം നല്ല ആളുകളെ എന്തിനാ​ണു ജയിലി​ലി​ട്ടി​രി​ക്കു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല.” സമയം ലഭിക്കു​മ്പോ​ഴൊ​ക്കെ​യും അവർ സഹോ​ദ​രി​മാ​രോ​ടു പറയും: “എനിക്കു ബൈബി​ളി​നെ​ക്കു​റി​ച്ചു പറഞ്ഞു​ത​രിക, അത്‌ എന്റെ ഹൃദയത്തെ തണുപ്പി​ക്കു​ന്നു.” കൊല​പാ​ത​ക​ക്കു​റ്റ​ത്തി​നു ജയിലി​ല​ട​ച്ചി​രുന്ന മറ്റു രണ്ടു​പേ​രും ബൈബിൾ സന്ദേശ​ത്തിൽ ആകൃഷ്ട​രാ​യി. ജാഗ്ര​ത​യോ​ടെ ഇവരോ​ടും മറ്റു തടവു​കാ​രോ​ടും സഹോ​ദ​രി​മാർ സാക്ഷീ​ക​രി​ച്ചു. ജയിലിൽവെച്ചു ബൈബി​ളിൽ താത്‌പ​ര്യം കാണി​ച്ച​വ​രു​ടെ അടുത്ത്‌ മടങ്ങി​ച്ചെ​ല്ലാൻ ഉചിത​മായ വഴികൾ ആരായു​ക​യാണ്‌ ജയിലിൽനി​ന്നു പുറത്തു​വന്ന ഈ സഹോ​ദ​രി​മാർ ഇപ്പോൾ.

ഇന്തൊനീഷ്യ

പ്രത്യേക പയനി​യ​റായ രെസ്‌മാ​വതി വയൽസേ​വനം നിറുത്തി വീട്ടി​ലേക്കു മടങ്ങാൻ തുടങ്ങു​ക​യാ​യി​രു​ന്നു; അപ്പോൾ ഒരു സ്‌ത്രീ ബൈബിൾ ചർച്ച​ചെ​യ്യാൻ അവരെ വീട്ടി​ലേക്കു ക്ഷണിച്ചു. വീണ്ടും അവരെ കാണാൻ രെസ്‌മാ​വതി മൂന്നു ദിവസ​ത്തി​നു​ശേഷം മടങ്ങി​ച്ചെന്നു. ഇത്തവണ അവർ കരയാ​നും ഭർത്താ​വി​ന്റെ ഉപദ്ര​വ​ത്തെ​പ്പറ്റി പറയാ​നും തുടങ്ങി. രെസ്‌മാ​വതി എബ്രായർ 4:12 വായിച്ചു, എന്നിട്ട്‌ ബൈബിൾ പഠിക്കു​ന്നത്‌ മാറ്റങ്ങൾ വരുത്താൻ സഹായി​ക്കും എന്നു പറഞ്ഞു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കലണ്ടർ 2003-ൽ പ്രസി​ദ്ധീ​ക​രിച്ച ടോണി​യു​ടെ ജീവി​താ​നു​ഭ​വ​വും രെസ്‌മാ​വതി പറഞ്ഞു​കൊ​ടു​ത്തു. അത്‌ അവർക്കു വലിയ താത്‌പ​ര്യ​മാ​യി, 2003-ലെ ഒരു കലണ്ടർ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. പിന്നീടു ചെന്ന​പ്പോൾ രെസ്‌മാ​വതി ഒരു കലണ്ടർ കൊടു​ത്തു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം അവർ പഠിക്കാൻ ആരംഭി​ച്ചു. അടുത്ത തവണ ചെന്ന​പ്പോൾ, തനിക്കും അധ്യയ​ന​ത്തിൽ പങ്കുപ​റ്റാ​നാ​കു​മോ​യെന്ന്‌ അവരുടെ ഭർത്താവ്‌ ചോദി​ച്ചു. അദ്ദേഹം കലണ്ടറിൽനിന്ന്‌ ടോണി​യു​ടെ അനുഭവം വായി​ച്ചി​രു​ന്നു, അത്‌ അദ്ദേഹത്തെ ശക്തമായി സ്വാധീ​നി​ച്ചു. രസകര​മെന്നു പറയട്ടെ, ഈ വ്യക്തി​യു​ടെ പേരും ടോണി എന്നായി​രു​ന്നു, കലണ്ടറി​ലെ ടോണിക്ക്‌ സത്യം പഠിക്കു​ന്ന​തി​നു​മുമ്പ്‌ ഉണ്ടായി​രുന്ന സ്വഭാ​വ​ങ്ങ​ളൊ​ക്കെ അദ്ദേഹ​ത്തി​നു​മു​ണ്ടാ​യി​രു​ന്നു. കലണ്ടറി​ലെ ടോണി​യു​ടെ അനുഭവം വായിച്ച അദ്ദേഹം ഭാര്യ​യോ​ടും കുട്ടി​ക​ളോ​ടും ചോദി​ച്ചു. “ഇതെന്റെ പേരല്ലേ? എന്നെക്കു​റിച്ച്‌ അവരെ​ങ്ങനെ അറിഞ്ഞു?” ഭാര്യ പറഞ്ഞു: സാക്ഷി​കൾക്കു നിങ്ങളു​ടെ പേര്‌ അറിയില്ല. ഇനി അറിയാ​മെ​ങ്കിൽത്തന്നെ ഇത്ര പെട്ടെ​ന്നൊ​ന്നും കലണ്ടറിൽ ഇടാൻ കഴിയില്ല. എന്തായാ​ലും ഈ കലണ്ടർ 2003-ലേത്‌ അല്ലേ, 2007-ലേത്‌ അല്ലല്ലോ!” ഭർത്താ​വി​ന്റെ അസാധാ​ര​ണ​മായ താത്‌പ​ര്യം കണ്ട്‌ അവർ നയപൂർവം ചോദി​ച്ചു: “കലണ്ടറി​ലെ ടോണി​യെ​പ്പോ​ലെ നിങ്ങൾക്കും ആകണമോ?” പ്രതീ​ക്ഷി​ക്കാത്ത മറുപ​ടി​യാ​ണു വന്നത്‌: “ഒന്ന്‌ ശ്രമിച്ചു നോക്ക​ണ​മെ​ന്നുണ്ട്‌.” കലണ്ടറി​ലെ ടോണി​യെ​പ്പോ​ലെ, ഇന്തൊ​നീ​ഷ്യ​യി​ലെ ടോണി​യും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി, നീണ്ട മുടി​യൊ​ക്കെ വെട്ടി​യൊ​തു​ക്കി വൃത്തി​യും വെടി​പ്പു​മാ​യി നടക്കാൻ തുടങ്ങി. മുഴു കുടും​ബ​വും ഇപ്പോൾ ബൈബിൾ പഠനം തുടരു​ന്നു.

മലേഷ്യ

ബോർണി​യോ​യി​ലെ ചില പ്രദേ​ശ​ങ്ങ​ളിൽ, ഇന്റർനെ​റ്റി​ലെ ഉപഗ്ര​ഹ​ചി​ത്ര​ങ്ങ​ളു​ടെ സഹായ​ത്തോ​ടെ​യാണ്‌ സഹോ​ദ​രങ്ങൾ വീടുകൾ കണ്ടുപി​ടി​ക്കു​ന്നത്‌. അവരുടെ റിപ്പോർട്ട്‌ പറയുന്നു: “മഴക്കാ​ടു​ക​ളിൽ വീടുകൾ കണ്ടെത്താൻ ഇതു ഞങ്ങളെ സഹായി​ക്കു​ന്നു. എന്നാൽ ചിത്ര​ങ്ങ​ളി​ലെ ‘മേൽക്കൂ​രകൾ’ നോക്കി വീട്‌ അന്വേ​ഷിച്ച്‌ ചെല്ലുന്ന ഞങ്ങൾക്കു ചില​പ്പോ​ഴൊ​ക്കെ കാണാ​നാ​യത്‌ കോലാ​ട്ടിൻതൊ​ഴു​ത്തു​ക​ളാ​യി​രു​ന്നു, അപ്പോൾ, ‘കോലാ​ടു​ക​ളോ​ടു’ പ്രസം​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറഞ്ഞ്‌ ഞങ്ങൾ ചിരി​ക്കു​മാ​യി​രു​ന്നു. എന്നാൽ ചില മേൽക്കൂ​രകൾ ആളുകൾ താമസി​ക്കുന്ന വീടു​ക​ളു​ടേതു തന്നെയാ​യി​രു​ന്നു. ഈ മലമ്പ്ര​ദേ​ശത്ത്‌ മുമ്പൊ​രി​ക്ക​ലും പ്രവർത്തി​ച്ചി​ട്ടില്ല. മഴക്കാ​ടു​ക​ളിൽ മരങ്ങൾ ഇടതൂർന്നു വളരു​ന്ന​തി​നാ​ലും വഴികൾ കണ്ടെത്തുക ബുദ്ധി​മു​ട്ടാ​യ​തി​നാ​ലും ഉപഗ്ര​ഹ​ചി​ത്രങ്ങൾ ഞങ്ങൾക്കു വളരെ സഹായ​ക​മാണ്‌.”

യൂറോപ്പ്‌

ദേശങ്ങൾ 47

ജനസംഖ്യ 73,26,10,687

പ്രസാധകർ 15,33,790

ബൈബിളധ്യയനങ്ങൾ 7,49,911

ഹംഗറി

12 വയസ്സുള്ള ഒരു സഹോ​ദരി പറയു​ന്നത്‌ എന്താ​ണെന്നു ശ്രദ്ധിക്കൂ: “ഒമ്പതു​മാ​സം മുമ്പാണ്‌ ഞാൻ സ്‌നാ​ന​മേ​റ്റത്‌, കഴിഞ്ഞ മൂന്നു മാസമാ​യി സഹായ പയനി​യ​റി​ങ്ങും ചെയ്യുന്നു. എന്റെ അമ്മ എന്നെ ഒത്തിരി സഹായി​ക്കു​ന്നുണ്ട്‌. സ്‌കൂ​ളിൽ പഠിക്കു​മ്പോൾ എങ്ങനെ​യാ​ണു സഹായ പയനി​യ​റിങ്‌ നടത്തു​ന്ന​തെന്ന്‌ പലരും ചോദി​ച്ചി​ട്ടുണ്ട്‌, എന്നാൽ സ്‌കൂ​ളി​ല​ല്ലാ​യി​രു​ന്നെ​ങ്കിൽ ശുശ്രൂഷ നിർവ​ഹി​ക്കാൻ ബുദ്ധി​മു​ട്ടാ​യേനെ എന്നാണു ഞാൻ കരുതു​ന്നത്‌. ക്ലാസ്സു​കൾക്കി​ട​യി​ലുള്ള ഒഴിവു​സ​മയം ഞാൻ സാക്ഷീ​ക​ര​ണ​ത്തി​നാ​യി ഉപയോ​ഗി​ക്കു​ന്നു. എന്റെ അഞ്ചു സഹപാ​ഠി​ക​ളോ​ടു ക്രമമാ​യി ഞാൻ ബൈബി​ളി​നെ​പ്പറ്റി സംസാ​രി​ക്കാ​റുണ്ട്‌. രണ്ടു​പേ​രു​മാ​യി ബൈബി​ള​ധ്യ​യ​ന​വും നടത്തുന്നു. അതു​കൊ​ണ്ടു​തന്നെ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​വും ഇപ്പോൾ അനുഭ​വി​ച്ച​റി​യാ​നാ​കു​ന്നു. പയനി​യ​റിങ്‌ ഒരു ഭാരമല്ല മറിച്ച്‌ സന്തോ​ഷ​മാണ്‌. എന്റെ അമ്മ ഒരു സാധാരണ പയനി​യ​റാണ്‌, എന്റെ ആഗ്രഹ​വും സാധാരണ പയനിയർ ആകണ​മെ​ന്നാണ്‌. മുഴു​സ​മ​യ​വും എനിക്ക്‌ യഹോ​വയെ സേവി​ക്കണം.”

ബ്രിട്ടൻ

2001-ലാണു സൂസൻ ബൈബിൾ പഠിക്കാൻ ആരംഭി​ക്കു​ന്നത്‌, ഏതാണ്ട്‌ രണ്ടുവർഷ​ത്തോ​ളം അത്‌ തുടർന്നു. ഈ കാല​മൊ​ക്കെ​യും പുകവലി ഉപേക്ഷി​ക്കാൻ അവൾ കഠിന​ശ്രമം നടത്തി​നോ​ക്കി, പല പ്രാവ​ശ്യം ശ്രമി​ച്ചി​ട്ടും വിജയി​ക്കാ​നാ​യില്ല. അതു​കൊണ്ട്‌ അവൾ ബൈബി​ള​ധ്യ​യനം ഉപേക്ഷി​ച്ചു, എന്നാൽ സഭാ​യോ​ഗ​ങ്ങ​ളിൽ തുടർന്നും പങ്കെടു​ത്തു​പോ​ന്നു. നാലു വർഷത്തി​നു​ശേഷം, ആത്മീയ​മാ​യി പുരോ​ഗതി നേടണ​മെന്ന്‌ ആഗ്രഹിച്ച അവൾ സഭയുടെ സഹായം അഭ്യർഥി​ച്ചു. അധ്യയനം പുനരാ​രം​ഭി​ച്ചു, യഹോ​വ​യോട്‌ അടുത്തു​ചെ​ല്ലു​വിൻ എന്ന പുസ്‌തകം അവൾക്കു നന്നേ ഇഷ്ടമായി. യഹോ​വ​യ്‌ക്കു നമ്മോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കു​റി​ച്ചും അതു​പോ​ലെ നമുക്ക്‌ യഹോ​വയെ എങ്ങനെ സ്‌നേ​ഹി​ക്കാ​മെ​ന്ന​തി​ന്റെ​യും വിശദ​മായ ചർച്ച അവളിൽ വലിയ സ്വാധീ​നം​ചെ​ലു​ത്തി. എട്ട്‌ ആഴ്‌ച​യ്‌ക്കു​ള്ളിൽ പുകവലി പൂർണ​മാ​യി ഉപേക്ഷി​ച്ചു. യഹോ​വ​യിൽ ആശ്രയി​ക്കാൻ തന്നെ പഠിപ്പി​ച്ചത്‌ ഈ പുസ്‌ത​ക​മാ​ണെന്ന്‌ അവൾ കരുതു​ന്നു. അവൾ നല്ല പുരോ​ഗതി കൈവ​രു​ത്തി, തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു, “ക്രിസ്‌തു​വി​നെ അനുഗ​മി​ക്കുക!” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

എസ്‌തോണിയ

വിവാ​ഹ​മോ​ചനം നേടിയ മാതാ​പി​താ​ക്ക​ളിൽനി​ന്നു വേറിട്ടു താമസി​ക്കു​ക​യാ​യി​രു​ന്നു 17 വയസ്സുള്ള വിദ്യാർഥി​നി​യായ ഹെൽഗി. ബൈബിൾസ​ത്യ​ത്തോ​ടു താത്‌പ​ര്യം തോന്നിയ അവൾ അതു പഠിക്കാൻ ആരംഭി​ച്ചു. ഒരു പ്രാ​ദേ​ശിക ഗായക​സം​ഘ​ത്തി​ന്റെ കൂടെ പാടി​യി​രു​ന്ന​തി​നാൽ ആദ്യകാ​ല​ങ്ങ​ളി​ലൊ​ന്നും അവൾക്കു യോഗ​ങ്ങ​ളിൽ ഹാജരാ​കാൻ സാധി​ച്ചി​രു​ന്നില്ല. എന്നാൽ പഠിക്കുന്ന കാര്യങ്ങൾ കൂടുതൽ വിലമ​തി​ച്ചു തുടങ്ങി​യ​പ്പോൾ തന്റെ ജീവി​ത​ത്തിൽ അവൾ മാറ്റങ്ങൾ വരുത്താൻ ആരംഭി​ച്ചു. യോഗ​ദി​വ​സ​ങ്ങ​ളിൽ വരാനാ​കി​ല്ലെന്ന്‌ ഗായക​സം​ഘ​ത്തി​ലെ അംഗങ്ങ​ളോ​ടു പറഞ്ഞു. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പേർചാർത്തിയ അവൾ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധി​ക​യു​മാ​യി. ദേശവ്യാ​പ​ക​മാ​യി നടത്തുന്ന ഒരു സംഗീ​ത​മ​ത്സ​ര​ത്തിൽ പങ്കുപ​റ്റാൻ അവൾ പേരു​കൊ​ടു​ത്തു, വിജയി​യെ കാത്തി​രു​ന്നത്‌ പ്രസി​ദ്ധ​മായ ഒരു റെക്കോർഡിങ്‌ കമ്പനി​ക്കു​വേണ്ടി പാടാ​നുള്ള കരാറാണ്‌. പ്രാരം​ഭ​ഘ​ട്ട​ത്തിൽ പലരും പുറന്ത​ള്ള​പ്പെ​ട്ടെ​ങ്കി​ലും ഹെൽഗി ജഡ്‌ജി​മാ​രു​ടെ പ്രശംസ പിടി​ച്ചു​പ​റ്റു​ക​യും അടുത്ത ഘട്ടത്തി​ലേക്കു തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെയ്‌തു. എന്നാൽ അടുത്ത​ഘട്ടം മത്സരം നടക്കു​ന്നത്‌ അവളുടെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ ആദ്യ പ്രസം​ഗ​ത്തി​ന്റെ ദിവസ​മാ​യി​രു​ന്നു. എന്തു ചെയ്യും? യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാള​ല്ലാത്ത അവളുടെ അമ്മ നിർദേ​ശി​ച്ചത്‌ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലെ പ്രസംഗം വേണ്ടെ​ന്നു​വെ​ക്കുക അല്ലെങ്കിൽ മാറ്റി​വെ​ക്കുക എന്നാണ്‌. എന്നാൽ ഹെൽഗി പറഞ്ഞത്‌ ഇത്‌ പ്രസംഗം നടത്തണ​മോ വേണ്ടയോ എന്ന ചോദ്യ​മല്ല, അതിലു​പ​രി​യാ​യി ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​നം എന്തിന്‌, ആത്മീയ കാര്യ​ങ്ങൾക്കോ ഭൗതിക കാര്യ​ങ്ങൾക്കോ എന്ന ചോദ്യ​മാണ്‌ ഉയർത്തു​ന്നത്‌ എന്നാണ്‌. അവൾ അതേക്കു​റി​ച്ചു ഗൗരവ​മാ​യി ചിന്തി​ക്കു​ക​യും സംഗീത മത്സരത്തി​നു പോകാ​തെ പ്രസംഗം നടത്താൻ തീരു​മാ​നി​ക്കു​ക​യും ചെയ്‌തു. ഹെൽഗി പ്രസംഗം നടത്തി, അവളുടെ അമ്മ ആ തീരു​മാ​നത്തെ അംഗീ​ക​രി​ക്കു​ക​യും ചെയ്‌തു.

“ക്രിസ്‌തു​വി​നെ അനുഗ​മി​ക്കുക!” ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ ഹെൽഗി സ്‌നാ​ന​മേറ്റു. കൺ​വെൻ​ഷ​നെ​യും അവിടെ നടക്കുന്ന സ്‌നാ​ന​ത്തെ​യും കുറിച്ച്‌ ഒരു വാർത്ത ക്യാമ​റ​യിൽ പകർത്താ​നാ​യി ഒരു ടിവി റിപ്പോർട്ടർ എത്തിയി​രു​ന്നു. ഹെൽഗി സ്‌നാ​ന​ക്കു​ള​ത്തി​ലേക്കു പോകു​ന്നതു കണ്ട അദ്ദേഹം അവളുടെ സ്‌നാനം ക്യാമ​റ​യിൽ പകർത്തി, തുടർന്ന്‌ അവളു​മാ​യി ഒരു അഭിമു​ഖ​വും നടത്തി. അന്നു വൈകു​ന്നേ​രത്തെ വാർത്ത​യി​ലെ മുഖ്യാ​കർഷണം അതായി​രു​ന്നു. അവൾ പങ്കെടുത്ത ഒരു മത്സരത്തി​ന്റെ രംഗവും അവർ പ്രദർശി​പ്പി​ച്ചു. ഒടുവി​ലാ​യി, അവളുടെ സ്‌നാ​ന​വും നിറപു​ഞ്ചി​രി​യോ​ടെ​യുള്ള പിൻവ​രുന്ന വാക്കു​ക​ളും അവർ കാണിച്ചു: “ഇതാണ്‌ എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും നല്ല തീരു​മാ​നം.”

ബൾഗേറിയ

ബെലൻ ജയിലി​ലെ ഒരു തടവു​പു​ള്ളി​യാണ്‌ ഇവ്‌ലിൻ. അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സിന്‌ എഴുതി: “ജയിലിൽനിന്ന്‌ യാദൃ​ച്ഛി​ക​മാ​യി ഒരു വീക്ഷാ​ഗോ​പു​രം മാസിക കിട്ടി. വായി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ മനസ്സിൽ പല ചോദ്യ​ങ്ങ​ളു​മു​യർന്നു. എന്റെ പാപങ്ങ​ളെ​പ്രതി എനിക്ക്‌ അനുതാ​പ​മുണ്ട്‌, ജീവി​ത​ത്തിൽ സമൂല​മായ മാറ്റം​വ​രു​ത്താൻ ആഗ്രഹി​ക്കു​ക​യും ചെയ്യുന്നു. ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധി​മു​ട്ടുള്ള ഒരു കാര്യം, നടക്കു​മെന്ന്‌ എനിക്കു വലിയ പ്രതീ​ക്ഷ​യൊ​ന്നു​മി​ല്ലാത്ത ഒരു കാര്യ​മാ​ണു ഞാൻ ചോദി​ക്കാൻ പോകു​ന്നത്‌. യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ കത്തിലൂ​ടെ നിങ്ങൾക്ക്‌ എന്നെ സഹായി​ക്കാ​നാ​കു​മോ? മറുപടി ലഭിക്കു​മോ എന്ന്‌ എനിക്ക​റി​യില്ല, പക്ഷേ യഹോ​വയെ ഒന്നറി​യാൻ കഴിഞ്ഞാൽ ഞാൻ കൃതാർഥ​നാ​യി. വായി​ച്ച​റിഞ്ഞ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, ഞാൻ മാത്രമല്ല സഹതട​വു​കാ​രും. മറുപടി ലഭിച്ചി​ല്ലെ​ങ്കിൽ, ഒരുനാൾ ഞാൻ ഇവി​ടെ​നി​ന്നു പുറത്തു​വ​രു​മ്പോൾ തീർച്ച​യാ​യും നിങ്ങളെ തേടി​വ​രും!” സഹോ​ദ​രങ്ങൾ താമസം​വി​നാ ഇവ്‌ലി​നെ സന്ദർശി​ക്കു​ക​യും നിലവിൽ അദ്ദേഹം ഉൾപ്പെടെ പത്തു തടവു​കാർക്ക്‌ ബൈബി​ള​ധ്യ​യനം എടുക്കു​ക​യും ചെയ്യുന്നു.

പോർട്ടുഗൽ

പ്രത്യേക പയനി​യ​റായ ജാന പറയുന്നു: “ഒരിക്കൽ ഒരു ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വന്നിറ​ങ്ങി​യ​പ്പോൾ, ഞാൻ ഒരു ചൈന​ക്കാ​രനെ കണ്ടു. സുവാർത്ത അറിയി​ക്കാൻ അദ്ദേഹത്തെ സമീപി​ച്ച​പ്പോൾ ഞാൻ ചൈനീ​സിൽ സംസാ​രി​ക്കു​ന്നതു കേട്ട്‌ അദ്ദേഹം അത്ഭുതം​കൂ​റി. അടിയ​ന്തിര പ്രസവ ശസ്‌ത്ര​ക്രി​യ​യ്‌ക്കാ​യി ഭാര്യയെ ആശുപ​ത്രി​യിൽ പ്രവേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാൽ അങ്ങോ​ട്ടേക്കു പോകു​ക​യാ​ണെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹ​ത്തി​നും ഭാര്യ​ക്കും പോർച്ചു​ഗീസ്‌ ഭാഷ വശമി​ല്ലാ​ത്ത​തി​നാൽ ഭാഷ അറിയാ​വുന്ന ആരെ​യെ​ങ്കി​ലും കണ്ടുപി​ടി​ക്കാൻ ആശുപ​ത്രി​യിൽനിന്ന്‌ അവരോ​ടു പറഞ്ഞി​രു​ന്നു. നിരാ​ശ​നാ​യി​രുന്ന അദ്ദേഹം സഹായി​ക്കാ​മോ എന്ന്‌ എന്നോടു ചോദി​ച്ചു. അടുത്ത ദിവസം, ഡോക്ടർമാർ ആവശ്യ​പ്പെ​ട്ട​ത​നു​സ​രിച്ച്‌ പ്രത്യേക വസ്‌ത്രം ധരിച്ച്‌ ഞാൻ അവരോ​ടൊ​പ്പം ഓപ്പ​റേഷൻ തീയേ​റ്റ​റിൽ കയറി. മുഴുവൻ സമയവും ഞാൻ ആ സ്‌ത്രീ​യു​ടെ കൈപി​ടിച്ച്‌ ഒപ്പമി​രു​ന്നു. ബൈബി​ളി​നെ​യും നമ്മുടെ വേല​യെ​യും കുറിച്ച്‌ അവർ എന്നോട്‌ ഒരുപാ​ടു ചോദ്യ​ങ്ങൾ ചോദി​ച്ചു. ഒടുവിൽ ഒരു കൊച്ചു​മി​ടു​ക്കി പിറന്നു. എന്റെ സഹായത്തെ ഒരുപാ​ടു നന്ദി​യോ​ടെ കണ്ട ആ അമ്മ കുഞ്ഞി​നൊ​രു പേരി​ടാൻ എന്നോടു പറഞ്ഞു. ഒരു നിമിഷം ആലോ​ചി​ച്ചിട്ട്‌ ഞാൻ സാറാ എന്ന പേരു നിർദേ​ശി​ച്ചു. ആ പേര്‌ അവർക്കു വലിയ ഇഷ്ടമായി. ബൈബിൾ കഥാപാ​ത്ര​മായ സാറാ​യെ​ക്കു​റി​ച്ചും അവളുടെ ദൈവ​ത്തെ​ക്കു​റി​ച്ചും കൂടു​ത​ല​റി​യാൻ അവർ താത്‌പ​ര്യം കാണിച്ചു. ആശുപ​ത്രി വിടാൻനേരം ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റിച്ച്‌ ഞാൻ അവരോ​ടു പറഞ്ഞു. സാക്ഷി​ക​ളോ​ടു സംസാ​രി​ക്കാൻപോ​ലും കൂട്ടാ​ക്കാ​തി​രു​ന്ന​വ​രാണ്‌ ആ ദമ്പതികൾ. ശസ്‌ത്ര​ക്രി​യ​യു​ടെ നേരത്തു ഞാൻ ചെയ്‌ത ഉപകാരം അവരുടെ മനോ​ഭാ​വത്തെ ആകെ മാറ്റി​മ​റി​ച്ചു. ഉടൻതന്നെ അധ്യയനം സ്വീക​രിച്ച അവർ ഇപ്പോൾ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കു​ക​യും ചെയ്യുന്നു.”

സ്ലൊവാക്യ

ഒരു പ്രത്യേക പയനിയർ ദമ്പതികൾ അഫ്‌ഗാ​നി​സ്ഥാ​നിൽനി​ന്നുള്ള രണ്ടു ചെറു​പ്പ​ക്കാ​രെ കണ്ടുമു​ട്ടി. സ്ലൊവാ​ക്യ​യിൽ ഏതാനും നാളു​കൾമാ​ത്രം തങ്ങിയ അവർ ബൈബി​ളിൽ താത്‌പ​ര്യം കാണിച്ചു. പയനിയർ ദമ്പതികൾ പലവട്ടം അവരെ സന്ദർശിച്ച്‌ അവർക്കൊ​രു ബൈബി​ളും ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​വും നൽകി. സ്വന്തമാ​യി ബൈബിൾ പഠിക്കാ​നും മറ്റുള്ള​വരെ പഠിപ്പി​ക്കാ​നും കഴി​യേ​ണ്ട​തിന്‌, എങ്ങനെ​യാണ്‌ അധ്യയനം നടത്തു​ന്ന​തെന്ന്‌ ആ പയനി​യർമാർ അവർക്കു കാണി​ച്ചു​കൊ​ടു​ത്തു.

ഓഷ്യാ​നി​യ

ദേശങ്ങൾ 30

ജനസംഖ്യ 3,68,29,259

പ്രസാധകർ 96,691

ബൈബിളധ്യയനങ്ങൾ 51,122

ന്യൂസിലൻഡ്‌

ഉച്ചകഴിഞ്ഞ സമയം. വീടു​തോ​റും സാക്ഷീ​ക​രി​ക്കു​ക​യാ​യി​രുന്ന പോൾ സഹോ​ദരൻ ഒരു സ്‌ത്രീ​യെ കണ്ടുമു​ട്ടി. സഹോ​ദരൻ കൊടുത്ത ലഘുപ​ത്രിക സ്വീക​രി​ക്കു​ന്ന​തി​നി​ടെ, താൻ സത്യം കണ്ടെ​ത്തേ​ണ്ടത്‌ ആവശ്യ​മാ​ണെന്ന്‌ അടുത്ത​യി​ടെ ഒരു ബന്ധു തന്നോടു പറഞ്ഞി​രു​ന്നു​വെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. അന്നു രാവിലെ, ആരെ​യെ​ങ്കി​ലും വീട്ടി​ലേക്ക്‌ അയയ്‌ക്ക​ണ​മേ​യെന്ന്‌ യഹോ​വ​യാം ദൈവ​ത്തോട്‌ അവന്റെ പേരു വിളിച്ച്‌ ആ സ്‌ത്രീ പ്രാർഥി​ച്ചി​രു​ന്നു. “മൂന്നു മണിക്കൂർ കഴിഞ്ഞ​പ്പോൾ ഞാൻ അവി​ടെ​യെത്തി. എന്നാൽ സാധാരണ അവർ ആ സമയത്ത്‌ വീട്ടിൽ കാണാ​റി​ല്ല​ത്രേ,” പോൾ പറയുന്നു. ബൈബിൾ പഠിക്കാൻ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തിന്‌ അവർക്കു രണ്ടാമ​തൊന്ന്‌ ആലോ​ചി​ക്കേ​ണ്ടി​വ​ന്നില്ല. ഇപ്പോൾ നല്ല പുരോ​ഗതി വരുത്തു​ന്നുണ്ട്‌.

ഓസ്‌ട്രേലിയ

ഓസ്‌​ട്രേ​ലി​യാ ബ്രാഞ്ചി​ന്റെ പരിധി​യിൽ വരുന്ന ഈസ്റ്റ്‌ റ്റിമോ​റി​ലാണ്‌ ആർമാൻഡോ-എൽവീരാ ദമ്പതികൾ താമസി​ക്കു​ന്നത്‌. 2006-ൽ മറ്റൊരു വംശത്തി​ന്റെ തുടർച്ച​യായ ആക്രമ​ണ​ത്തിൽനി​ന്നു രക്ഷനേ​ടാൻ ഒരു അഭയാർഥി ക്യാമ്പി​ലേക്കു പലായനം ചെയ്യേ​ണ്ടി​വന്നു അവർക്ക്‌. രണ്ടു സാധനങ്ങൾ മാത്ര​മാണ്‌ അവർ കൂടെ​ക്കൊ​ണ്ടു​പോ​യത്‌—ആർമാൻഡോ​യു​ടെ ബൈബി​ളും ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​ക​യും. സഹോ​ദ​ര​ങ്ങ​ളു​മാ​യി സമ്പർക്ക​ത്തിൽ വരാൻ അവസരം ലഭിച്ച​തി​നെ​ത്തു​ടർന്ന്‌ അവർ ആഴ്‌ച​യിൽ രണ്ടു തവണ അധ്യയ​ന​ത്തി​നി​രി​ക്കാൻ തുടങ്ങി, സഭാ​യോ​ഗ​ങ്ങൾക്കു ഹാജരാ​കാ​നും. ആർമാൻഡോ, ഡിലി​യിൽനിന്ന്‌ നാലര​മ​ണി​ക്കൂർ ദൂരെ​യുള്ള ഒരു കൊച്ചു​ഗ്രാ​മ​ത്തിൽ താമസി​ച്ചി​രുന്ന ബന്ധുക്ക​ളോ​ടു സാക്ഷീ​ക​രി​ച്ചു. അവർക്കു താത്‌പ​ര്യ​മു​ണ്ടെന്നു കണ്ടപ്പോൾ ആർമാൻഡോ​യു​ടെ കുടും​ബം താമസി​ച്ചി​രുന്ന കൊച്ചു​ഗ്രാ​മ​ത്തിൽനിന്ന്‌ ഒന്നരമ​ണി​ക്കൂർ അകലെ സ്ഥിതി​ചെ​യ്യുന്ന ബവുകാ​വു നഗരത്തിൽനി​ന്നുള്ള പയനി​യർമാർ അവരെ സന്ദർശി​ക്കാൻ വേണ്ട ഏർപ്പാ​ടു​ചെ​യ്‌തു. 20-ലധികം പേരാണ്‌ പയനി​യർമാ​രെ ശ്രദ്ധി​ക്കാൻ കൂടി​വ​ന്നത്‌. വിഗ്ര​ഹങ്ങൾ എടുത്തു​ക​ള​യാൻ തങ്ങൾ തയ്യാറാ​ണെന്ന്‌ കൂട്ടത്തെ പ്രതി​നി​ധാ​നം​ചെ​യ്‌തു​കൊണ്ട്‌ ആർമാൻഡോ​യു​ടെ പിതാവു പറഞ്ഞു. എന്നാൽ വിഗ്ര​ഹങ്ങൾ കളഞ്ഞാൽ തുടർന്നും ഭൂതങ്ങ​ളിൽനി​ന്നുള്ള സംരക്ഷണം ലഭിക്കു​മോ എന്ന്‌ അദ്ദേഹം ചോദി​ച്ചു. യഹോവ തീർച്ച​യാ​യും സഹായി​ക്കു​മെന്ന്‌ പയനി​യർമാർ ഉറപ്പു​കൊ​ടു​ത്തു. അങ്ങനെ എല്ലാവ​രും വിഗ്ര​ഹങ്ങൾ എറിഞ്ഞു​ക​ളഞ്ഞു. ഇന്നി​പ്പോൾ ഗ്രാമ​ത്തി​ലെ 25-ലധികം പേർ ബൈബിൾ പഠിക്കു​ന്നുണ്ട്‌. ആർമാൻഡോ സ്‌നാ​ന​മേൽക്കാ​നുള്ള തയ്യാ​റെ​ടു​പ്പി​ലാണ്‌. എൽവീ​രാ​യും നന്നായി പുരോ​ഗ​മി​ക്കു​ന്നു.

ഗ്വാം

സയ്‌പാൻ ദ്വീപു​ക​ളു​ടെ മേൽനോ​ട്ടം ഗ്വാം ബ്രാഞ്ചി​നാണ്‌. അവിടത്തെ ഒരു സഹോ​ദ​രിക്ക്‌ രസകര​മായ ഒരു അനുഭ​വ​മു​ണ്ടാ​യി. സഹോ​ദ​രി​യു​ടെ ഭർത്താവ്‌ സാക്ഷി​കളെ എതിർത്തി​രുന്ന ഒരു വ്യക്തി​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ തന്റെ ഭർത്താവ്‌ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ രഹസ്യ​ത്തിൽ വായി​ക്കു​ന്നു​ണ്ടെന്ന കാര്യം സഹോ​ദ​രി​ക്കു മനസ്സി​ലാ​യി. വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും കൂടാതെ വാർഷി​ക​പു​സ്‌ത​ക​ങ്ങ​ളും കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​ക​വും അദ്ദേഹം വായി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഒരുദി​വസം “പ്രധാ​ന​പ്പെട്ട ഒരു കുടും​ബ​യോഗ”മുണ്ടെന്ന്‌ അദ്ദേഹം ഭാര്യ​യോ​ടും അഞ്ചു മക്കളോ​ടും പറഞ്ഞു. അങ്ങനെ​യൊ​ന്നു മുമ്പു പതിവി​ല്ലാ​യി​രു​ന്നു. തന്റെ മൂന്നു പെൺമ​ക്കൾക്ക്‌ വിവാ​ഹ​ത്തെ​ക്കു​റി​ച്ചു ചില ഉപദേ​ശങ്ങൾ നൽകു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു യോഗം. ഭർത്താ​വിന്‌ ഉണ്ടായി​രി​ക്കേണ്ട യോഗ്യ​തകൾ രേഖ​പ്പെ​ടു​ത്തിയ ഒരു പോസ്റ്റർ അദ്ദേഹം തയ്യാറാ​ക്കി​യി​രു​ന്നു. 2006 നവംബർ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽവന്ന, ഷീല വിൻഫിൽഡ്‌ എന്ന സഹോ​ദ​രി​യു​ടെ ജീവി​തകഥ അദ്ദേഹ​ത്തി​നു നന്നേ ഇഷ്ടപ്പെട്ടു. ഷീല​യെ​പ്പോ​ലെ അദ്ദേഹ​വും ഒരു ഭർത്താ​വി​നു​വേണ്ട യോഗ്യ​ത​ക​ളു​ടെ ഒരു ലിസ്റ്റ്‌ ഉണ്ടാക്കി. യഹോ​വ​യു​ടെ സാക്ഷി​യാ​യി​രി​ക്കുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്നു പറഞ്ഞ അദ്ദേഹം യഹോ​വയെ സ്‌നേ​ഹി​ക്കുന്ന, ബൈബി​ളി​നെ​ക്കു​റിച്ച്‌ അവരെ​ക്കാൾ കൂടുതൽ അറിവുള്ള ഒരു വ്യക്തി​യെ​യാ​യി​രി​ക്കണം ഭർത്താ​വാ​യി തിര​ഞ്ഞെ​ടു​ക്കേ​ണ്ട​തെന്നു മക്കളെ ഉപദേ​ശി​ച്ചു. മാസി​ക​യിൽ താൻ വായി​ച്ച​തു​പോ​ലെ സന്തോ​ഷ​മുള്ള ഒരു ജീവിതം തന്റെ മക്കൾക്കും കിട്ടാ​നാണ്‌ താൻ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അദ്ദേഹം പറഞ്ഞു. ഇതു​കേട്ട്‌ മക്കൾ വികാ​രാ​ധീ​ന​രാ​യി. ഒരുനാൾ, യഹോ​വയെ ആരാധി​ക്കു​ന്ന​തിൽ ഡാഡി​യും തങ്ങളോ​ടു ചേരു​മെന്ന പ്രതീ​ക്ഷ​യി​ലാണ്‌ അവരി​പ്പോൾ.

സമോവ

മറ്റൊരു ബ്രാഞ്ചിൽനി​ന്നുള്ള ഒരു സഹോ​ദ​ര​നും ഭാര്യ​ക്കും അടുത്ത​യി​ടെ സമോ​വ​യി​ലേക്കു നിയമനം ലഭിച്ചു. ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ സന്ദർശിച്ച ആദ്യത്തെ വീട്ടിൽ അദ്ദേഹം ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം കാണിച്ചു. അകത്തേക്കു ക്ഷണിച്ചിട്ട്‌ “45 മിനി​ട്ടിൽ കൂടുതൽ എടുക്ക​രുത്‌” എന്ന്‌ വീട്ടു​കാ​രി പറഞ്ഞ​പ്പോൾ സഹോ​ദരൻ അതിശ​യി​ച്ചു​പോ​യി. കാരണം മുമ്പ്‌ സഹോ​ദ​രന്‌ അങ്ങനെ​യൊ​രു അനുഭവം ഉണ്ടായി​ട്ടി​ല്ലാ​യി​രു​ന്നു. ഉടൻതന്നെ അധ്യയനം തുടങ്ങി. പിറ്റേ​യാഴ്‌ച മടങ്ങി​ച്ചെന്ന സഹോ​ദ​ര​നും ഭാര്യ​യും കണ്ടത്‌ ബൈബി​ളും ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​വും കയ്യിൽപ്പി​ടി​ച്ചു​കൊണ്ട്‌ തങ്ങളെ കാത്തി​രി​ക്കുന്ന വീട്ടു​കാ​രി​യെ​യാണ്‌. അധ്യയനം തുടരു​മെന്ന പ്രതീ​ക്ഷ​യി​ലാണ്‌ സഹോ​ദ​ര​നും സഹോ​ദ​രി​യും.

സോളമൻ ദ്വീപു​കൾ

സാൻ ക്രി​സ്റ്റോ​ബൽ ദ്വീപി​ലെ ഒരേ​യൊ​രു സാക്ഷി​യാണ്‌ സാധാരണ പയനി​യ​റായ എമിലി. സഹോ​ദരി 20 ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നുണ്ട്‌. സഹോ​ദ​രി​യു​ടെ മാതാ​പി​താ​ക്കൾ ഉൾപ്പെടെ മൂന്നു​പേർ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രസാ​ധ​ക​രാണ്‌. സ്‌മാ​ര​ക​ത്തോ​ടു ബന്ധപ്പെട്ട്‌ എമിലി​യെ സഹായി​ക്കു​ന്ന​തി​നാ​യി അന്താരാ​ഷ്‌ട്ര സേവക​രായ ലാൻസും ഭാര്യ ഡയനും സന്നദ്ധരാ​യി. ഒരു കൊച്ചു​ച​ര​ക്കു​ക​പ്പ​ലിൽ 14 മണിക്കൂർ യാത്ര​ചെ​യ്‌താണ്‌ അവർ അവി​ടെ​യെ​ത്തി​യത്‌. ലാൻസ്‌ പറയുന്നു: “‘ആദ്യ​മൊന്ന്‌ ഉറങ്ങണം. ബാക്കി​യെ​ല്ലാം പിന്നെ’ എന്ന ചിന്തയാ​യി​രു​ന്നു സ്ഥലത്തെ​ത്തി​യ​പ്പോൾ. പക്ഷേ ആദ്യം ഗ്രാമ​മു​ഖ്യ​നെ ചെന്നു​കാ​ണു​ന്ന​താ​ണു നല്ലതെന്നു തോന്നി​യ​തി​നെ​ത്തു​ടർന്ന്‌ ഞങ്ങൾ തീരു​മാ​നം മാറ്റി. ഞങ്ങൾ എന്തിനാണ്‌ ആ പ്രദേ​ശത്തു വന്നതെന്നു വിശദീ​ക​രി​ച്ച​പ്പോൾ ഗ്രാമ​മു​ഖ്യൻ പറഞ്ഞത്‌ എന്താ​ണെ​ന്നോ? ‘പലർക്കും ക്ഷണം കിട്ടി​യി​ട്ടില്ല. അവർ ഹാജരാ​കു​ന്ന​തിൽ കുഴപ്പ​മു​ണ്ടോ?’ അവർക്കും സ്വാഗ​ത​മു​ണ്ടെന്ന്‌ നിറപു​ഞ്ചി​രി​യോ​ടെ ഞങ്ങൾ പറഞ്ഞു.

“സ്‌മാ​രകം തുടങ്ങാ​റാ​യ​പ്പോൾ രണ്ടു സ്‌ത്രീ​ക​ളും ഏതാനും കുട്ടി​ക​ളു​മാണ്‌ ഉണ്ടായി​രു​ന്നത്‌. എന്നാൽ അടുത്തുള്ള മരങ്ങളു​ടെ ചുവട്ടി​ലും മറ്റുമാ​യി കുറെ​പ്പേർ നിൽക്കു​ന്നതു ഞങ്ങൾ ശ്രദ്ധിച്ചു. അകത്തേക്കു കടന്നി​രി​ക്കാൻ ഞങ്ങൾ അവരെ ക്ഷണിച്ചു. ഇരുട്ടാ​യ​പ്പോൾ ഞങ്ങളൊ​രു കൊച്ചു ജനറേറ്റർ പ്രവർത്തി​പ്പി​ച്ചു, അതോടെ വെളിച്ചം വന്നു. കൂടിവന്ന എല്ലാവ​രും പ്രസംഗം നന്നായി ശ്രദ്ധിച്ചു.” ഏതാണ്ട്‌ 130 പേരു​ണ്ടാ​യി​രു​ന്നു. സെവൻത്‌ ഡേ അഡ്‌വെ​ന്റിസ്റ്റ്‌ ശുശ്രൂ​ഷ​ക​നും ഉണ്ടായി​രു​ന്നു കൂട്ടത്തിൽ. അദ്ദേഹം പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഒരു കോപ്പി ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. അദ്ദേഹം ഉപയോ​ഗി​ച്ചു​കൊ​ണ്ടി​രുന്ന ബൈബി​ളി​നെ​ക്കാൾ മനസ്സി​ലാ​ക്കാൻ എളുപ്പ​മാ​ണ​ത്രേ അത്‌. സ്‌മാ​ര​ക​ത്തോ​ടു ബന്ധപ്പെട്ട്‌ അഞ്ചു ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കു​ക​യു​ണ്ടാ​യി.

പാപ്പുവ ന്യുഗി​നി

ഇവിടത്തെ ഒരു പട്ടണത്തി​നു പുറത്തുള്ള രണ്ട്‌ ഗ്രാമങ്ങൾ കത്തോ​ലി​ക്കാ സഭയുടെ നിയ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു. അവിടെ പ്രസം​ഗി​ക്കാൻ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. അടുത്ത​യി​ടെ സഹോ​ദ​രങ്ങൾ ഗ്രാമ​പ്ര​തി​നി​ധി​കളെ പോയി​ക്കണ്ട്‌ നമ്മുടെ പ്രവർത്ത​ന​ത്തെ​ക്കു​റി​ച്ചും എല്ലാ ആളുക​ളോ​ടും സംസാ​രി​ക്കാൻ നമ്മൾ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണ​ത്തെ​ക്കു​റി​ച്ചും വിശദീ​ക​രി​ച്ചു. പെരു​മാ​റ്റ​രീ​തി​കൾ മെച്ച​പ്പെ​ടു​ത്താൻ യുവജ​ന​ങ്ങളെ എങ്ങനെ സഹായി​ക്കണം എന്നതി​നെ​ക്കു​റിച്ച്‌ അതി​ലൊ​രു ഗ്രാമ​ത്തിൽ ഒരു യോഗം നടത്തി​ക്ക​ഴി​ഞ്ഞതേ ഉണ്ടായി​രു​ന്നു​ള്ളു എന്നു കേട്ട​പ്പോൾ, ബൈബിൾപ​രി​ജ്ഞാ​നം സഹായ​ക​മാ​യി​രി​ക്കു​മെന്ന്‌ സഹോ​ദ​രങ്ങൾ അവരോ​ടു പറഞ്ഞു.

പ്രസം​ഗി​ക്കാ​നു​ള്ള അനുമതി ലഭിച്ചു. ഏതാനും യുവ​പ്രാ​യ​ക്കാർ ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യുള്ള സഹവാസം നിമിത്തം ഈ യുവജ​ന​ങ്ങ​ളു​ടെ സ്വഭാവം മെച്ച​പ്പെ​ട്ടെന്നു കണ്ട്‌ ഗ്രാമ​ത്തി​ലു​ള്ളവർ നമ്മുടെ പ്രവർത്ത​നത്തെ എതിർക്കു​ന്നതു നിറുത്തി. ക്രമേണ ആ യുവജ​ന​ങ്ങ​ളു​ടെ മാതാ​പി​താ​ക്ക​ളും കൂട്ടു​കാ​രും പഠിക്കാൻ തുടങ്ങി. വേദപാ​ഠം പഠിപ്പി​ച്ചു​കൊ​ണ്ടി​രുന്ന ഒരു വ്യക്തി​യു​ടെ മകളും ഇക്കൂട്ട​ത്തിൽപ്പെ​ടു​ന്നു. അയാൾ മുമ്പ്‌ സഹോ​ദ​ര​ങ്ങളെ ഭീഷണി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. “അന്ന്‌ എനി​ക്കൊ​രു തെറ്റു​പ​റ്റി​യ​താണ്‌; ദൈവ​വും യഹോ​വ​യു​ടെ സാക്ഷി​ക​ളും അതു ക്ഷമിക്കു​മെന്നു പ്രതീ​ക്ഷി​ക്കാം,” അദ്ദേഹം മകളോ​ടു പറഞ്ഞു. ഇപ്പോൾ ഈ രണ്ടു ഗ്രാമ​ങ്ങ​ളിൽനി​ന്നു​മാ​യി 27 പേർ ക്രമമാ​യി യോഗ​ങ്ങൾക്കു ഹാജരാ​കു​ന്നുണ്ട്‌. നാലു​പേർ സ്‌നാ​ന​മേറ്റ്‌ സഹായ പയനി​യ​റിങ്‌ ചെയ്യുന്നു. സാധാരണ പയനി​യർമാ​രാ​യി​ത്തീ​രാ​നുള്ള ലക്ഷ്യത്തി​ലാണ്‌ അവർ.

[44-ാം പേജിലെ ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

[ചിത്രം]

കേപ്‌ഹോണിലെ ലൈറ്റ്‌ഹൗസ്‌

[63-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

സാൻ ക്രി​സ്റ്റോ​ബൽ

[44-ാം പേജിലെ ചിത്രം]

മഡഗാസ്‌കറിലെ അന്റാനാ​ണ്ടവ ഗ്രാമ​ത്തിൽ നടക്കുന്ന “വീക്ഷാ​ഗോ​പുര” അധ്യയനം

[46-ാം പേജിലെ ചിത്രം]

ടാൻസാനിയയിലെ പാവാ​ഗാ​യി​ലുള്ള ചെറിയ കൂട്ടത്തിന്‌ “ബൈബിൾ പഠിപ്പി​ക്കു​ന്നു” പുസ്‌ത​ക​ത്തിൽനിന്ന്‌ അധ്യയ​ന​മെ​ടു​ക്കു​ന്നു

[49-ാം പേജിലെ ചിത്രം]

കോസ്റ്ററിക്കയിലെ സിക്‌സോ​ല​യി​ലുള്ള പുസ്‌ത​കാ​ധ്യ​യ​ന​ക്കൂ​ട്ടം

[50-ാം പേജിലെ ചിത്രം]

റാമീറോ, “ബൈബിൾ പഠിപ്പി​ക്കു​ന്നു” പുസ്‌ത​ക​ത്തി​ന്റെ ഒരു കോപ്പി​യു​മാ​യി

[53-ാം പേജിലെ ചിത്രം]

ഹിരോകോ, ബസ്റ്റോ​പ്പിൽ സാക്ഷീ​ക​രി​ക്കു​ന്നു

[58-ാം പേജിലെ ചിത്രം]

ഹെൽഗി (വലത്ത്‌) ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ പ്രസംഗം നടത്തുന്നു

[64-ാം പേജിലെ ചിത്രം]

ലാൻസ്‌, ഡയൻ, എമിലി