കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
നമുക്കു സന്തോഷിക്കാൻ ഏറെ കാരണങ്ങൾ നൽകിയിട്ടാണ് വിശുദ്ധസേവനത്തിന്റെ അനുഗ്രഹപൂർണമായ ഒരു വർഷംകൂടി കടന്നുപോയത്. നമ്മുടെ ദൈവം തന്റെ ദാസന്മാരെ ഉപയോഗിച്ച് ചെയ്യുന്ന ബൃഹത്തായ വേലയുടെ ചില സവിശേഷതകളിലൂടെ കണ്ണോടിക്കവെ, “നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ ഏറ്റുപാടാൻ നാമും പ്രചോദിതരായിത്തീരും.—സങ്കീ. 65:11.
ഇന്റർനെറ്റിലെ “സുവാർത്ത”
അന്ത്യം വരുന്നതിനുമുമ്പ് ‘രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കുക’ എന്ന ഉത്തരവാദിത്വം ഗൗരവമായി എടുക്കുന്നവരാണ് നമ്മൾ യഹോവയുടെ സാക്ഷികൾ. (മത്താ. 24:14) സാങ്കേതികവിദ്യയിൽ അടുത്ത കാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ വികാസങ്ങൾ “രാജ്യത്തിന്റെ വചനം” വ്യാപിക്കുന്നതിന്റെ ആക്കം മുമ്പെന്നത്തെക്കാളധികം വർധിപ്പിച്ചിരിക്കുന്നു. (മത്താ. 13:18-23) കഴിഞ്ഞ 11 വർഷമായി www.watchtower.org എന്ന ഔദ്യോഗിക വെബ്സൈറ്റ് നാം ഉപയോഗിച്ചുവരുകയാണ്. ആത്മീയവിവരങ്ങൾ ഇന്റർനെറ്റിലൂടെ പൊതുജനത്തിനു ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണിത്. ഈ വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് അതിൽ കൊടുത്തിരിക്കുന്ന 314 ഭാഷകളിൽ ഏതിൽ വേണമെങ്കിലും ബൈബിൾസത്യം പഠിക്കാനാകും. അതിലെ ചില തലക്കെട്ടുകൾ പിൻവരുന്നവയാണ്: “വിശ്വാസവും പ്രവർത്തനങ്ങളും,” “സമീപകാല വിഷയങ്ങൾ,” “ദൈവവും നിങ്ങളുടെ ഭാവിയും,” “വൈദ്യപരിചരണവും രക്തവും,” “ലഭ്യമായ പ്രസിദ്ധീകരണങ്ങൾ.”
പലരും www.watchtower.org സന്ദർശിക്കുന്നത് ബൈബിൾ വായിക്കുന്നതിനുവേണ്ടിയാണ്. ദിവസവും 6,300-ൽപ്പരം ആളുകൾ സൈറ്റിൽ കൊടുത്തിരിക്കുന്ന പത്തുഭാഷകളിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിളുകളിൽ ഏതെങ്കിലുമൊന്ന് പരിശോധിക്കാറുണ്ട്. സങ്കീർത്തനങ്ങൾ, സദൃശവാക്യങ്ങൾ, യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സുവിശേഷവിവരണങ്ങൾ എന്നിവയാണ് ആളുകൾ അധികവും പരിശോധിക്കാറുള്ള ബൈബിൾപുസ്തകങ്ങൾ.
ഓരോ ആഴ്ചയും വീക്ഷാഗോപുരം, ഉണരുക! എന്നിവയിൽനിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങൾ 12 ഭാഷകളിൽ വെബ്സൈറ്റിൽ ചേർക്കാറുണ്ട്. പൊതുജനങ്ങളെ മനസ്സിൽക്കണ്ട് തയ്യാറാക്കിയ, അച്ചടിച്ചുവന്ന ലേഖനങ്ങളായിരിക്കും പലപ്പോഴും ഇവ. നമ്മുടെ വിശ്വാസങ്ങൾ, യോഗങ്ങൾ നടക്കുന്ന വിധം, പ്രസംഗവേലയ്ക്കുള്ള സാമ്പത്തിക പിന്തുണ ഇവയെക്കുറിച്ചൊക്കെ അറിയാൻ പലരും ആകാംക്ഷയുള്ളവരാണ്. വെബ്സൈറ്റ് സന്ദർശിക്കുന്ന ഒരാൾക്ക് യഹോവയുടെ സാക്ഷികൾ അവർ ആരാണ്? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രികയിൽനിന്ന് ഇവയ്ക്കുള്ള ഉത്തരം ലഭിക്കും. മതത്തിന്റെ പേരിൽ ചെയ്യുന്ന ഹീനകൃത്യങ്ങൾ അവസാനിക്കുമോ? എന്ന പ്രസിദ്ധീകരണം www.watchtower.org -യിൽ, 252 ഭാഷകളിൽ ലഭ്യമാണ്. ഇവയിൽ അഞ്ചെണ്ണം ആംഗ്യഭാഷകളിൽ, ഭാഗികമായുള്ള വീഡിയോ ആണ്.
ഇന്റർനെറ്റിൽനിന്ന് സത്യം കിട്ടുന്നു
ഈ പ്രസിദ്ധീകരണങ്ങൾ ഓൺലൈനിൽ ലഭ്യമാക്കിയതിന്റെ ഫലമെന്താണ്? ദിവസവും ശരാശരി 60,000-ത്തിലേറെ ആളുകളാണ് www.watchtower.org സന്ദർശിക്കുന്നത്! സാക്ഷികൾ തീരെക്കുറവുള്ള സ്ഥലങ്ങളിലോ നമ്മുടെ വേലയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉള്ള രാജ്യങ്ങളിലോ ആണ് പലരും താമസിക്കുന്നത്. എന്നിട്ടും, സത്യത്തിനായി ദാഹിക്കുന്നവർക്ക് നമ്മുടെ വെബ്സൈറ്റിൽനിന്ന് സത്യത്തിന്റെ ജലം കുടിച്ച് ദാഹം ശമിപ്പിക്കാനാകുന്നു.
ബ്രയൻ പറയുന്നതു ശ്രദ്ധിക്കുക: “ബൈബിളിനെക്കുറിച്ച് പഠിക്കാൻ എനിക്കെന്നും ഇഷ്ടമായിരുന്നു. എന്നാൽ സുഹൃത്തുക്കളുടെ കൂടെ പള്ളിയിൽ പോയപ്പോഴൊക്കെ അവർ പാട്ടുപാടുന്നതും ഗെയിം കളിക്കുന്നതും മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ.” ബ്രയൻ പഠനവും കായികരംഗവുമൊക്കെയായി മുന്നോട്ടുപോയി. അദ്ദേഹം അഞ്ചുഭാഷ പഠിച്ചു. കോളെജിലായിരിക്കെ ഒരു സ്കോളർഷിപ്പും നേടി; പക്ഷേ, ഒന്നും അദ്ദേഹത്തിന് ഒരു ആത്മീയസംതൃപ്തി നൽകിയില്ല. അതുകൊണ്ട് സത്യം കണ്ടെത്താനായി അദ്ദേഹം പ്രാർഥിച്ചു.
ബ്രയൻ തുടരുന്നു: “എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനുള്ള വെമ്പലായിരുന്നു എനിക്ക്. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് സാക്ഷികളായ ചില സുഹൃത്തുക്കൾ ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നു പറഞ്ഞത് എനിക്കറിയാമായിരുന്നു. അതുകൊണ്ട് യഹോവയുടെ സാക്ഷികളെക്കുറിച്ച് ഞാൻ ഇന്റർനെറ്റിൽ അന്വേഷിച്ചു. സംഘടനയുടെ വെബ്സൈറ്റ് തുറന്ന് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഞാൻ വായിക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി.” ബ്രയൻ ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു. സത്വരം പുരോഗതി വരുത്തി. 2004-ൽ അദ്ദേഹം തന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. അദ്ദേഹം ഇപ്പോൾ ഒരു സാധാരണ പയനിയറായി സേവിക്കുകയാണ്. തന്റെ ബഹുഭാഷാപ്രാവീണ്യം മിഷനറി വേലയിൽ ഉപയോഗിക്കാമെന്ന പ്രത്യാശയിലാണ് അദ്ദേഹം.
‘ദൈവം നിങ്ങളോടുകൂടെ ഉണ്ട്’
“ജാതികളുടെ സകലഭാഷകളിലുംനിന്ന്” ആയിരങ്ങളാണ് നിത്യവും www.watchtower.org എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നത്. എത്ര രോമാഞ്ചജനകമായ അനുഭവം! ദിവസവും ശരാശരി 94 പേരെങ്കിലും ഓൺലൈനിലെ “ആരെങ്കിലും നിങ്ങളെ സന്ദർശിക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നുവോ?” എന്നുള്ള കൂപ്പൺ പൂരിപ്പിക്കുന്നുണ്ട്.—സെഖ. 8:23
ഡെനിസ് എന്ന സ്ത്രീക്ക് യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ച് ചില ചോദ്യങ്ങളുണ്ടായിരുന്നു; പക്ഷേ, ആ പ്രദേശത്തുളള രാജ്യഹാളിൽ പോകാൻ അവർക്കൊരു വൈമനസ്യം. അതുകൊണ്ട് അവർ ഇന്റർനെറ്റിൽ പരതി www.watchtower.org കണ്ടുപിടിച്ചു. അവിടെ കണ്ട വിവരങ്ങളിൽനിന്ന് ഇതാണ് സത്യം എന്ന് ഡെനിസ് മനസ്സിലാക്കി; പക്ഷേ, ബൈബിൾ നിലവാരങ്ങളനുസരിച്ച് ജീവിക്കണമെങ്കിൽ താൻ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ ഡെനിസ് ഒരു ബൈബിളധ്യയനം ആവശ്യപ്പെടാൻ വിമുഖതകാട്ടി. “ആരെങ്കിലും നിങ്ങളെ സന്ദർശിക്കാൻ നിങ്ങൾ താത്പര്യപ്പെടുന്നുവോ?” എന്ന ഇലക്ട്രോണിക് കൂപ്പൺ അവർ നാലുതവണ പൂരിപ്പിച്ചെങ്കിലും അത്
അയയ്ക്കാനുള്ള ബട്ടണിൽ വിരലമർത്താൻ അവർക്കു ധൈര്യംപോരായിരുന്നു.ഒടുവിൽ 2007 മാർച്ചിൽ, അഞ്ചാമതും അവർ കൂപ്പൺ പൂരിപ്പിച്ചു. ഇത്തവണ ധൈര്യം സംഭരിച്ച് അവർ അത് ക്ലിക്ക് ചെയ്തു. ഡെനിസിന്റെ ആ അഭ്യർഥന പ്രാദേശിക സഭയിലെത്തി; മൂപ്പന്മാർ വോണി എന്ന ഒരു സഹോദരിയെ ഡെനിസിന്റെ അടുക്കൽ പറഞ്ഞയച്ചു. വോണിസഹോദരി വന്ന ആഴ്ചമുതൽതന്നെ ഡെനിസ് രാജ്യഹാളിൽ യോഗങ്ങൾക്കുപോയിത്തുടങ്ങി.
സെപ്റ്റംബർ അവസാനമായപ്പോഴേക്കും ഡെനിസ് തനിക്കുണ്ടായിരുന്ന മതപരമായ സാമഗ്രികളെല്ലാം നശിപ്പിച്ചുകളയുകയും മുമ്പത്തെ മതത്തിൽനിന്നു രാജിവെക്കുകയും ചെയ്തു. താമസിയാതെ അവർ സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രസാധികയായിത്തീർന്നു. ഡെനിസും രണ്ട് ആൺമക്കളും സത്വരം പുരോഗമിച്ചു. എട്ടുവയസ്സുകാരനായ മകൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തി. 2008 ജനുവരിയിൽ ഡെനിസ് സ്നാനമേറ്റു. രണ്ടുമാസംകൂടി കഴിഞ്ഞ് അതായത്, ആ കൂപ്പൺ പൂരിപ്പിച്ച് കൃത്യം ഒരു വർഷമായപ്പോൾ അവർ ഒരു സഹായപയനിയറായി സേവിക്കാനുള്ള യോഗ്യതയിലെത്തി. “ഞാൻ ആ വെബ്സൈറ്റ് നോക്കിയില്ലായിരുന്നെങ്കിൽ ഇപ്പോൾ ഈ അനുഭവം പറയാൻ എനിക്കു കഴിയുമായിരുന്നില്ല,” ഡെനിസ് പറയുന്നു.
2008 ജനുവരിയിൽ പുതിയൊരു സൗകര്യംകൂടി ലഭ്യമാക്കുകയുണ്ടായി. www.pr418.com എന്ന വെബ്സൈറ്റ്. ചില പ്രസിദ്ധീകരണങ്ങളുടെ 17 ഭാഷകളിലുള്ള ഓഡിയോ പതിപ്പ് ഇതിൽ നൽകിയിട്ടുണ്ട്. ആവേശജനകമായിരുന്നു ഇതിനോടുള്ള പ്രതികരണം! പത്തുലക്ഷത്തിലധികം പ്രസിദ്ധീകരണങ്ങളും ലേഖനങ്ങളുമാണ് ഓരോ മാസവും ഇതിൽനിന്നു ഡൗൺലോഡു ചെയ്യുന്നത്. പല പ്രസാധകരും ജോലിസ്ഥലത്തേക്കോ സ്കൂളിലേക്കോ ഉള്ള യാത്രാമധ്യേ മാസികാലേഖനങ്ങളുടെ ഓഡിയോ കേൾക്കാറുണ്ട്.
പരിഭാഷകൾ—വലിയ സഹായം
ദൈവത്തിനു മഹത്ത്വം കൊടുക്കാൻ ‘സകലജാതിയിലും ഗോത്രത്തിലും ഭാഷയിലും വംശത്തിലും പെട്ടവരെ’ നാം ആഹ്വാനം ചെയ്യുമ്പോൾ നമുക്ക് ദൂതന്മാരുടെ പിന്തുണയുണ്ടെന്നറിയുന്നത് എത്ര രോമാഞ്ചജനകമാണ്! (വെളി. 14:6, 7) ബൈബിൾ സന്ദേശം ആളുകൾക്ക് നന്നായി മനസ്സിലാകുന്ന ഭാഷകളിൽ ലഭ്യമാണെങ്കിൽ അതിനോട് അവർ സത്വരം പ്രതികരിക്കും. ആ ലക്ഷ്യത്തിലാണ് യഹോവയുടെ സാക്ഷികൾ 450-ഓളം ഭാഷകളിൽ സാഹിത്യങ്ങൾ പുറത്തിറക്കുന്നത്.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം അടുത്തകാലത്ത് ഈസ്റ്റ് റ്റിമോറിലെ റ്റെറ്റം ഭാഷയിൽ
പ്രസിദ്ധീകരിക്കുകയുണ്ടായി; പക്ഷേ, ആവശ്യത്തിനു കോപ്പികൾ കിട്ടാനില്ലായിരുന്നു. ഇൻഡൊനീഷ്യൻ ഭാഷയിലുള്ള, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ച് ബൈബിൾ പഠിച്ചുകൊണ്ടിരുന്ന മരിയയ്ക്ക് റ്റെറ്റം ഭാഷയിലുള്ള പുസ്തകം കിട്ടിയില്ല. അതുകൊണ്ട്, തന്നെ ബൈബിൾ പഠിപ്പിക്കുന്നയാളിന്റെ പുസ്തകം അവൾ രണ്ടുദിവസത്തേക്ക് കടംവാങ്ങി. പഠിച്ചതെല്ലാം അവൾ ഈ പുസ്തകത്തിൽനിന്ന് ഒന്നുകൂടി വായിച്ചുമനസ്സിലാക്കി. ഇൻഡൊനീഷ്യൻ പുസ്തകം ഉപയോഗിച്ചു പഠിച്ചതിനെക്കാൾ ഏറെ വ്യക്തമായി തന്റെ മാതൃഭാഷയിൽ അവൾക്ക് പല ബൈബിൾസത്യങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു എന്നതായിരുന്നു കാരണം. റ്റെറ്റം ഭാഷയിലുള്ള ഈ പുസ്തകം തന്റെ വിദ്യാർഥിനിയോടു മടക്കിച്ചോദിക്കാൻ അധ്യാപികയ്ക്കു മനസ്സുവന്നില്ല. മരിയ പഠനം തുടരുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്നു.കെനിയയിൽ, ഗവണ്മെന്റു കാര്യാദികൾക്കും ബിസിനസ് ഇടപാടുകൾക്കും സാധാരണ ഉപയോഗിക്കുന്നത് ഇംഗ്ലീഷും സ്വാഹിലിയും ആണ്. എന്നാൽ, ലക്ഷക്കണക്കിന് കെനിയക്കാർക്ക് കിക്കുയു, കികാംബാ, ലൂവോ എന്നിവയും മറ്റുചില തദ്ദേശീയ ഭാഷകളുമാണ് ഏറെ വഴങ്ങുന്നത്. ഈ ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ അച്ചടിച്ചത് സത്യാരാധനയിൽ ആളുകളുടെ താത്പര്യം വർധിക്കാൻ ഇടയാക്കി. സിയായാ എന്ന സഭ, ലൂവോ ഭാഷയിലുള്ള സാഹിത്യങ്ങൾ ഉപയോഗിക്കാനും ആ ഭാഷയിൽ യോഗങ്ങൾ നടത്താനും തുടങ്ങിയപ്പോൾ വന്ന മാറ്റത്തെക്കുറിച്ച് ഒരു മൂപ്പൻ പറയുന്നു: “പഠിപ്പിക്കുന്ന കാര്യങ്ങൾ സഹോദരങ്ങൾക്കിപ്പോൾ ഏറെ നന്നായി മനസ്സിലാകുന്നുണ്ട്. കുട്ടികളും നന്നായി ശ്രദ്ധിച്ചിരിക്കും. ലൂവോ ഭാഷയിലുള്ള ബാഹ്യരേഖ ഉപയോഗിച്ച് പ്രസംഗങ്ങൾ നടത്താൻ തുടങ്ങിയതിൽപ്പിന്നെ ഞങ്ങളുടെ യോഗഹാജർ 60 ശതമാനം വർധിച്ചു.”
നിക്കരാഗ്വയിൽ സ്പാനിഷിനു പുറമേ മിസ്കിറ്റോ ഭാഷ സംസാരിക്കുന്ന അനേകരുണ്ട്. മിസ്കിറ്റോ ഡിസ്ട്രിക്റ്റ് കൺവെൻഷന് 200-ലേറെപ്പേർ ഹാജരായി. ചിലർ അതിനുവേണ്ടി വലിയ ത്യാഗങ്ങളാണ് ചെയ്തത്. കോക്കോ നദീതീരത്തുള്ള ആസാങ് എന്ന കൊച്ചുഗ്രാമത്തിലെ 13 സഹോദരന്മാർ എന്താണു ചെയ്തതെന്നോ? അവർ ഒരു ചങ്ങാടമുണ്ടാക്കി രണ്ടുദിവസം നദിയിലൂടെ യാത്രചെയ്ത് വാസ്പാം എന്ന പട്ടണത്തിലെത്തി. അവിടെനിന്ന് ഒരു ട്രക്കിന്റെ പുറകിൽ കയറി അഞ്ചുമണിക്കൂർ യാത്രചെയ്ത് കൺവെൻഷൻ നഗരിയിലെത്തി. ഇവരിൽ ഭൂരിപക്ഷവും ആദ്യമായിട്ടായിരുന്നു ഒരു കൺവെൻഷനിൽ സംബന്ധിക്കുന്നത്. സ്വന്തം ഭാഷയിൽ പരിപാടികൾ കേട്ടത് അവരെ അത്യന്തം സന്തോഷിപ്പിച്ചു. കൈവശമുണ്ടായിരുന്ന പണം മുഴുവൻ കൺവെൻഷൻസ്ഥലത്തേക്കുള്ള യാത്രയ്ക്കായി ചെലവിട്ടതിനാൽ അവിടെ കൂടിവന്ന മറ്റു സഹോദരങ്ങൾ അവരുടെ മടക്കയാത്രയ്ക്കുള്ള പണം സമാഹരിച്ചുകൊടുത്തു.
ആ കൺവെൻഷനിൽവെച്ച് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം മിസ്കിറ്റോ ഭാഷയിൽ പ്രകാശനം ചെയ്തപ്പോൾ സഹോദരങ്ങൾ ആഹ്ലാദഭരിതരായി. വിശേഷിച്ചും പയനിയർമാർ അതിന് ഏറെ നന്ദിയുള്ളവരായിരുന്നു. അതുവരെ അവർക്ക് സ്പാനിഷിലുള്ള, ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചു വേണമായിരുന്നു അധ്യയനമെടുക്കാൻ. പഠിപ്പിക്കുമ്പോൾ ഖണ്ഡികകളും ചോദ്യവും അവർ മിസ്കിറ്റോയിലേക്കു പരിഭാഷ ചെയ്യുകയായിരുന്നു പതിവ്. ഇനിയിപ്പോൾ അവർക്ക് ബൈബിൾ സത്യങ്ങൾ ഫലകരമായി പഠിപ്പിക്കുന്നതിൽമാത്രം ശ്രദ്ധിച്ചാൽമതി, പരിഭാഷപ്പെടുത്തുന്നതിനെക്കുറിച്ചോർത്ത് വിഷമിക്കേണ്ടതില്ല.
തെക്കേ അമേരിക്കയിലെ ഒരു അമേരിന്ത്യൻ ഭാഷയാണ് ക്വെച്ചുവ. പെറുവിലെ, ക്വെച്ചുവ സംസാരിക്കുന്ന ചില പ്രസാധകർ എഴുതി: “വീടുകളിൽ, ഞങ്ങൾ സന്ദേശം ഉപസംഹരിക്കുമ്പോൾ ക്വെച്ചുവ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ ഞങ്ങളുടെ കൈവശമുണ്ടെന്ന് വീട്ടുകാരനോടു പറയും. ചിലരുടെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ. സന്തോഷംകൊണ്ട് അവർ വിതുമ്പുകയും പ്രസിദ്ധീകരണത്തിൽ ചുംബിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.” പെറുവിലെ ബ്രാഞ്ച് ഓഫീസ് എഴുതി: “ക്വെച്ചുവ സംസാരിക്കുന്ന സ്ഥലങ്ങളിലുള്ള ചില സഹോദരങ്ങൾ തങ്ങളുടെ അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കാൻ തങ്ങളാലാവതു ചെയ്തിട്ടുണ്ട്.
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വായിച്ചശേഷം ഒരു സഹോദരൻ പറഞ്ഞത്, ക്രിസ്തുവിന്റെ മറുവിലയുടെ അർഥവും മൂല്യവും സഹോദരന് ഇപ്പോഴാണ് നല്ലവണ്ണം മനസ്സിലായതെന്നാണ്. പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവർ നന്ദിപ്രകടനമെന്നോണം ബ്രാഞ്ച് ഓഫീസിലേക്ക് ഉരുളക്കിഴങ്ങും പലഹാരവും പെട്ടിക്കണക്കിന് പഴങ്ങളും മറ്റു സാധനങ്ങളുമൊക്കെ കൊടുത്തയയ്ക്കാറുണ്ട്.”വിദൂര പസിഫിക് ദ്വീപുകളിലെ ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ പരിഭാഷചെയ്യുന്നതിന് സംഘടന ഇപ്പോൾ നല്ല ശ്രമം നടത്തിവരുകയാണ്. “ഞങ്ങളെ ഓർത്തതിന് ഞാൻ യഹോവയ്ക്കു നന്ദി നൽകുന്നു” എന്ന് പോൺപെ എന്ന മൈക്രോനേഷ്യൻ ദ്വീപിലെ ഒരു മിഷനറിയോട് ഒരു സഹോദരി പറയുകയുണ്ടായി. “ഇതിനുമുമ്പ് വീക്ഷാഗോപുരം ഇംഗ്ലീഷിൽ ഇറങ്ങിക്കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കുശേഷമാണ് പോണപേയൻ ഭാഷയിൽ ഞങ്ങൾക്കു കിട്ടിക്കൊണ്ടിരുന്നത്.” “മിക്കവാറും അർമഗെദോനും ഈ ഭാഗത്തേക്ക് താമസിച്ചേ വരുകയുള്ളൂ എന്നാണ് ഞങ്ങൾ വിചാരിച്ചത്” എന്ന് തമാശയായി പറഞ്ഞിട്ട് സഹോദരി തുടർന്നു: “ഇപ്പോൾ ലോകത്തിന്റെ ഇതരഭാഗങ്ങളിൽ ഈ മാസിക പഠിക്കുന്ന അതേസമയത്ത് ഞങ്ങൾക്കും പഠിക്കാനാകുന്നു. ഇംഗ്ലീഷ് മാസികപോലെതന്നെ മനോഹരമാണ് ഇതും. ഞങ്ങൾക്കുവേണ്ടി കരുതൽ കാണിക്കുന്ന ഭരണസംഘത്തോട് ഞങ്ങൾക്ക് അകമഴിഞ്ഞ നന്ദിയുണ്ട്.”
ഉത്തരപസിഫിക്കിലുള്ള മാർഷൽ ദ്വീപുകളിലെ സഹോദരീസഹോദരന്മാർ വീക്ഷാഗോപുരം മാസികയുടെ പൊതുജന പതിപ്പ് മാർഷലീസിൽ ലഭിച്ചപ്പോൾ സന്തോഷഭരിതരായി. ഈ സഹോദരങ്ങൾക്ക് ജീവിത കഥകൾ വായിക്കാൻ വലിയ ഇഷ്ടമാണ്; പക്ഷേ, അവർക്കു കിട്ടിക്കൊണ്ടിരുന്ന വീക്ഷാഗോപുരത്തിൽ ജീവിത കഥകൾ ഉൾപ്പെടുത്താനുള്ള സ്ഥലമില്ലായിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് മാസികയിൽ വരുന്ന ജീവിത കഥകൾ ആരെങ്കിലുമൊക്കെ ഇവർക്കു പരിഭാഷപ്പെടുത്തിക്കൊടുക്കണമായിരുന്നു. എന്നാലിപ്പോൾ തങ്ങളുടെതന്നെ ഭാഷയിലുള്ള പൊതുജന പതിപ്പിൽ ആദ്യമായി ജീവിത കഥ പ്രസിദ്ധീകരിച്ചതു കണ്ട് അവർക്ക് സന്തോഷം അടക്കാനായില്ല! ഒരു പതിനാറുവയസ്സുകാരൻ പറഞ്ഞു: “വർഷങ്ങളോളം, ഇംഗ്ലീഷ് മാസികയിലെ ജീവിത കഥകൾ മറിച്ചുനോക്കി ചിത്രങ്ങൾ കണ്ട് തൃപ്തിപ്പെടേണ്ടിവന്നു എനിക്ക്. ലേഖനമൊന്നു വായിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്നോ. ഇനി എനിക്ക് അതിനു കഴിയുമല്ലോ.”
ഇനി, ഒരു ഭാഷയിൽ ഒരേയൊരു പ്രസിദ്ധീകരണം മാത്രമേ ലഭ്യമായിട്ടുള്ളൂവെങ്കിൽപ്പോലും അതിന് ആളുകളുടെ ജീവിതത്തിൽ സമൂലപരിവർത്തനം വരുത്താനാകുമെന്നാണ് അനുഭവങ്ങൾ കാണിക്കുന്നത്. നമ്മുടെ വേലയ്ക്ക് നിയന്ത്രണം ഉള്ള ഒരു മധ്യേഷ്യൻ ദേശത്ത് ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക വ്യാപകമായി
വിതരണം ചെയ്യുകയുണ്ടായി. അതു കിട്ടിയ ഒരു ചെറുപ്പക്കാരൻ അതു മുഴുവനും വായിച്ചു. അറിഞ്ഞ കാര്യങ്ങളിൽ വളരെ മതിപ്പുതോന്നിയ അദ്ദേഹം അടുത്തുള്ള ഒരു നദിയിൽപ്പോയി തനിയെ “സ്നാനമേറ്റു.” എന്നാൽ ഒരു ബൈബിളധ്യയനം ആവശ്യമാണെന്ന് മനസ്സിലാക്കിയപ്പോൾ അദ്ദേഹം അത് മനസ്സോടെ സ്വീകരിച്ചു; പെട്ടെന്നുതന്നെ ശരിയായ വിധത്തിൽ സ്നാനമേൽക്കുകയും ചെയ്തു. ഇപ്പോൾ തനിക്കുള്ള സമയത്തിന്റെ ഏറിയപങ്കും സുവാർത്ത മറ്റുള്ളവരോട് അറിയിക്കുന്നതിനുവേണ്ടി അദ്ദേഹം ചെലവിടുന്നു.ബൈബിൾ പരിഭാഷയിലെ പുരോഗതി
ദൈവവചനമായ ബൈബിളിനെ അമൂല്യമായി കണക്കാക്കുന്നവരാണ് യഹോവയുടെ സാക്ഷികൾ. കൃത്യതയും വ്യക്തതയുമുള്ള ഒരു പരിഭാഷ അവർ അങ്ങേയറ്റം വിലമതിക്കുന്നു. അങ്ങനെയൊരു ബൈബിളാണ് പുതിയ ലോക ഭാഷാന്തരം. പൂർണമായോ ഭാഗികമായോ 70-ലധികം ഭാഷകളിൽ അതു ലഭ്യമാണ്. ഓരോ ഭാഷയിലും അതിന്റെ ആദ്യപ്രകാശനം ആവേശജനകമായ ഒരു അനുഭവമാണ്. എന്നാൽ അനുദിനമുള്ള വ്യക്തിപരമായ പഠനത്തിലും സഭായോഗങ്ങളിലും വയൽസേവനത്തിലും ഉപയോഗിക്കുമ്പോഴാണ് അതു വാസ്തവത്തിൽ ആളുകളുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കുകയും ചിന്തയെ രൂപപ്പെടുത്തുകയും ചെയ്യുന്നത്.
റഷ്യൻഭാഷയിൽ പുതിയ ലോക ഭാഷാന്തരത്തിന്റെ സമ്പൂർണപതിപ്പ് ലഭിക്കുകയുണ്ടായി. അതോടെ റഷ്യയിലെ ബ്രാഞ്ച് ഓഫീസിലേക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള കത്തുകളുടെ പ്രവാഹമാണ്. “ഞാൻ പലതവണ ബൈബിൾ വായിച്ചിട്ടുണ്ടെങ്കിലും ഈ പരിഭാഷ വായിച്ചപ്പോൾ ബൈബിൾ ആദ്യമായി വായിക്കുന്നതുപോലെ തോന്നി എനിക്ക്! ബൈബിൾ സന്ദേശം എന്റെ ഹൃദയത്തെ സ്പർശിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു; ഞാൻ കോരിത്തരിച്ചുപോയി” എന്ന് ഒരു സ്ത്രീ എഴുതി.
ഉല്പത്തി 18-ാം അധ്യായം വായിച്ചു. അതാണ് ഈ കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. 23-32 വാക്യങ്ങളിലെ, അബ്രാഹാമും യഹോവയുമായുള്ള ആ സംഭാഷണം എന്നെ കോരിത്തരിപ്പിച്ചു. ഞാൻ ബൈബിൾ വായിക്കുന്നത് ഇത് അഞ്ചാംതവണയാണ്. സത്യത്തിൽ, ഇപ്പോഴാണ് ഞാൻ ഈ സംഭാഷണത്തെക്കുറിച്ച് ശരിക്കും ചിന്തിച്ചത്. അബ്രാഹാമിനോട് എനിക്ക് അലിവുതോന്നി. രണ്ടുപേരുടെയും സംസാരം ഞാൻ നന്നായി “ശ്രദ്ധിച്ചു”. യഹോവ ശ്രദ്ധിച്ചുകേട്ടവിധം എന്റെ കണ്ണു നനയിച്ചു. സംഭവങ്ങൾക്ക് ജീവൻപകരുന്ന ഒരു പരിഭാഷയാണിത്. ഇവിടെ ഞാൻ യഹോവയുടെ ഗുണങ്ങൾ ദർശിക്കുക മാത്രമല്ല, അനുഭവിച്ചറിയുകയും ചെയ്തു.”
പരിഭാഷയുടെ വ്യക്തതയിൽ മതിപ്പുതോന്നിയ മറ്റൊരു വായനക്കാരി പറയുന്നു: “ഇന്നു ഞാൻമോസ്കോയിൽനിന്ന് അലീഷ്യ എഴുതി: “പുതിയ ലോക ഭാഷാന്തരം സമ്പൂർണ ബൈബിളിന് നന്ദി! യുഗപ്പഴക്കമുള്ള ശൈലിയിൽ എഴുതപ്പെട്ട ‘പഴയ നിയമം’ വായിക്കുമ്പോൾ മനസ്സിലാകാറേയില്ലായിരുന്നു. പോരാത്തതിന് ആശയക്കുഴപ്പവും. അതെല്ലാം മാറിക്കിട്ടി! ഇത് എത്ര ലളിതമായ പരിഭാഷയാണ്!”
മറ്റൊരു വായനക്കാരി പറയുന്നു: “ഇറീന എന്ന ജോലിക്കാരിയോട് ഒരിക്കൽ ഞാൻ ജോലിസ്ഥലത്തുവെച്ച് സത്യത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ആദ്യമൊക്കെ ഞാൻ തിരുവെഴുത്തുകൾ വെറുതെ ഉദ്ധരിച്ചതേയുള്ളൂ. എന്നാൽ യേശുവിന്റെ മാതൃകാപ്രാർഥന ബൈബിളിൽനിന്നു കാണിച്ചുകൊടുത്തപ്പോൾ ‘സ്വർഗസ്ഥനായ പിതാവേ എന്നുള്ള പ്രാർഥനയാണോ ഇത്?’ എന്ന് ആ സ്ത്രീ ചോദിച്ചു. യേശുവിന്റെ വാക്കുകൾ വായിച്ച അവർ ആവേശഭരിതയായി: ‘എത്ര മനോഹരമാണിത്! എത്ര വ്യക്തമാണിത്! ഞാൻ മിക്കപ്പോഴും ഈ പ്രാർഥന കേട്ടിട്ടുണ്ടെങ്കിലും അർഥം മനസ്സിലായിട്ടില്ലായിരുന്നു. ഈ ബൈബിളിൽ ഇതെത്ര വ്യക്തവും ലളിതവുമാണ്. ഇങ്ങനെയൊരു ബൈബിളാണ് എനിക്കുവേണ്ടത്. എനിക്കൊരെണ്ണം കൊണ്ടുവന്നു തരുമോ? മറക്കരുതേ!’ അപ്പോൾ ഞാൻ പറഞ്ഞു: ‘വായിക്കാൻ നല്ല താത്പര്യമുള്ളവർക്കേ ഞങ്ങൾ ബൈബിൾ കൊടുക്കാറുള്ളൂ.’ അതുകേട്ടപ്പോൾ ആ സ്ത്രീ പറഞ്ഞു: ‘മുമ്പെങ്ങും ബൈബിൾ വായിക്കണമെന്ന് ഒരാഗ്രഹം തോന്നിയിട്ടേയില്ല. എന്റെ കൈവശം പല ബൈബിളുകൾ ഉണ്ടായിരുന്നതാണ്. അതെല്ലാം ഞാൻ ഓരോരുത്തർക്കു കൊടുത്തു; പക്ഷേ, ഇപ്പോൾ എനിക്ക് ബൈബിൾ വായിക്കണമെന്ന് ശരിക്കും തോന്നുന്നുണ്ട്.’”
പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ യൂക്രേനിയൻ ഭാഷയിൽ ലഭ്യമായി. അതേക്കുറിച്ച് ഒരു സഹോദരൻ എഴുതി: “യഹോവയിൽനിന്നും സംഘടനയിൽനിന്നും ലഭിച്ച ഈ സ്നേഹോപഹാരത്തിന് ഒരുപാട് നന്ദി! ഓരോ പേജും ഞാൻ ആസ്വദിക്കുകയാണ്. ഞാൻ പോകുന്നിടത്തൊക്കെ ഇതും കൊണ്ടുപോകും. ഇതിന്റെ ഭാഷ ലളിതവും നന്നായി മനസ്സിലാകുന്നതുമാണ്. വാക്കുകൾ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങുന്നു. ബൈബിളുപദേശങ്ങൾ നന്നായി ഗ്രഹിക്കാൻ ഈ പരിഭാഷ സഹായിക്കുന്നു.”സെർബിയൻ, ക്രൊയേഷ്യൻ എന്നീ ഭാഷകളിലും ഈ പരിഭാഷയ്ക്ക് നല്ല സ്വീകരണം ലഭിച്ചു. “വായിക്കാൻ എളുപ്പമാണിത്. വർഷങ്ങളായി ഞങ്ങൾ ഉപയോഗിച്ചുവന്ന ബൈബിളിനെ അപേക്ഷിച്ചുനോക്കുമ്പോൾ ഇത് എത്ര നന്നായി മനസ്സിലാകുന്നു! തിരുവെഴുത്ത് ബുദ്ധിയുപദേശങ്ങൾ എത്രയെളുപ്പത്തിലാണ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. മുമ്പെന്നത്തെക്കാളുമധികം ഞാൻ യഹോവയെ അടുത്തറിയുകയാണെന്നു തോന്നുന്നു,” ക്രൊയേഷ്യക്കാരിയായ ഒരു സഹോദരി എഴുതി.
2007 നവംബർ 2-ന് ഭരണസംഘാംഗമായ ജഫ്രി ജാക്സൺ സമോവൻ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പ്രകാശനം ചെയ്തു. പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന സമോവൻ ബൈബിളിന്റെ കോപ്പികൾ കിട്ടാനില്ലായിരുന്നു. ഉണ്ടെങ്കിൽത്തന്നെ നല്ല വിലയും. അതുകൊണ്ട് ഈ ബൈബിൾ ലഭിച്ചതിൽ സഹോദരങ്ങൾ അത്യധികം സന്തോഷിച്ചു. ഇത് ഏതാനും മാസം ഉപയോഗിച്ചശേഷം ഒരു പ്രസാധകൻ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഉപയോഗിച്ചുവന്ന ബൈബിൾ, ആശയങ്ങൾ മുക്കിക്കളയുന്നതായിരുന്നു. എന്നാൽ ഈ ബൈബിൾ മറഞ്ഞുകിടക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരുകയും കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു.”
വേറൊരു സഹോദരി, അധ്യയനം എടുത്തുകൊണ്ടിരുന്നപ്പോഴത്തെ ഒരു സാഹചര്യം വിവരിക്കുന്നു; പ്രസിദ്ധീകരണത്തിൽ യാക്കോബ് 4:8 പരാമർശിച്ചിട്ടുണ്ടായിരുന്നു. “നമുക്ക് ഈ വാക്യം സുപരിചിതമാണെങ്കിലും പുതിയ ലോക ഭാഷാന്തരത്തിൽനിന്ന് ഒന്നു വായിക്കാമെന്ന് ഞാൻ വീട്ടുകാരനോടു പറഞ്ഞു. ആദ്യം വായിച്ചപ്പോൾ വാക്യം തെറ്റിപ്പോയോ എന്നു ഞങ്ങൾ സംശയിച്ചു; ഒന്നുകൂടി പരിശോധിച്ചപ്പോൾ വാക്യം അതുതന്നെയാണെന്നു മനസ്സിലായി. അപ്പോൾ എന്റെ കൂടെവന്ന സഹോദരി ഒരു ഞെട്ടലോടെ പറഞ്ഞു: ‘വാക്യം മാറ്റിയിട്ടുണ്ട്.’ ‘ദൈവത്തോട് അടുത്തുചെല്ലുക’ എന്നതിന്റെ അർഥം യഹോവയുമായി ഒരു ഉറ്റബന്ധത്തിലേക്കു വരുക എന്നാണെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാനായി. ഈ ആശയം ഞങ്ങൾ ഉപയോഗിച്ചുവന്ന ബൈബിളിൽ ഇല്ലായിരുന്നു. ഈ ആശയം ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. യഹോവയുമായുള്ള ഒരു ഉറ്റബന്ധം വളർത്തിയെടുക്കാൻ അതു ഞങ്ങൾക്ക് പ്രചോദനമായി,” അധ്യയനം നടത്തിയ സഹോദരി പറയുന്നു.
ചൈനീസിലുള്ള പുതിയ ലോക ഭാഷാന്തരം പുറത്തിറങ്ങി കുറച്ചുനാൾ കഴിഞ്ഞ് തായ്വാനിൽ സേവിക്കുന്ന മിഷനറിമാർ ഇപ്രകാരം എഴുതി: “നമ്മുടെ മാസികകൾ പതിവായി വായിക്കുന്ന ഒരു വക്കീലിന് ഞങ്ങൾ പുതിയ ലോക ഭാഷാന്തരം കൊടുത്തു. ഒരു പുതിയ പരിഭാഷയുടെ ആവശ്യമെന്താണെന്ന് അറിയാൻ അദ്ദേഹത്തിന്
ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ ഏതാനും വാക്യങ്ങൾ ഈ പരിഭാഷയിൽനിന്നു കാണിച്ചുകൊടുത്തപ്പോൾത്തന്നെ അദ്ദേഹത്തിന് ഏറെ മതിപ്പായി. താൻ വായിക്കുന്ന യൂണിയൻ വേർഷൻ ബൈബിളിനെ അപേക്ഷിച്ച് ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.” അവർ ഈ ബൈബിൾ ഒരു പാർലമെന്റ് അംഗത്തിനും കൊടുക്കുകയുണ്ടായി. ആ സ്ത്രീ അത് ഓഫീസിൽ വെച്ചിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളെ വിമർശിച്ചിരുന്ന ഒരു റേഡിയോ അവതാരകൻ അവരുടെ ഓഫീസിൽ ആ ബൈബിൾ കണ്ടപ്പോൾ അതെടുത്ത് ഒരു ഭാഗം വായിച്ചുനോക്കി. അദ്ദേഹത്തിന് അതു വളരെ ഇഷ്ടമായി. ഉടൻതന്നെ അദ്ദേഹം മിഷനറിമാരെ വിളിച്ച് തനിക്കും ഒരു കോപ്പി തരണമെന്ന് ആവശ്യപ്പെട്ടു.മതിയായ കാഴ്ചശക്തിയില്ലാത്തതിനാൽ കിർഗിസ്ഥാനിലുള്ള ഒരു സഹോദരി, ബൈബിൾവായനയെ വളരെ ശ്രമകരമായ ഒരു ജോലിപോലെയാണ് കണ്ടിരുന്നത്. എന്നാൽ പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ കിർഗിസ് ഭാഷയിൽ ലഭ്യമായതോടെ സഹോദരിയുടെ ആ വീക്ഷണം അപ്പാടെ മാറി. സുഗ്രാഹ്യവും വ്യക്തവുമായ ഈ ബൈബിൾ വായിക്കുന്നത് സഹോദരിക്കിപ്പോൾ വളരെയേറെ സംതൃപ്തി നൽകുന്നു.
“അത്യുദാത്തമായ ഒരു പരിഭാഷ!” മറ്റൊരു സഹോരി ഇതിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. “തെറ്റുകൂടാതെ ഉച്ചത്തിൽ വായിക്കാനാകുന്നു. വീണ്ടുംവീണ്ടും വായിക്കാൻ തോന്നും. ഒരിക്കൽക്കൂടെ സത്യം പഠിക്കുന്നതുപോലെ തോന്നുന്നു,” സഹോദരി തുടർന്നു.
കേൾവിത്തകരാറുള്ള ഒരു സഹോദരി ഭരണസംഘത്തിന് എഴുതി: “അമേരിക്കൻ ആംഗ്യഭാഷയിലുള്ള (ASL) മത്തായിയുടെ സുവിശേഷത്തെക്കുറിച്ചു പറയാൻ എനിക്കു വാക്കുകളില്ല. ബൈബിൾ ഇപ്പോൾ ജീവസ്സുറ്റതായിരിക്കുന്നു. അത് എന്റെ ഹൃദയത്തെ സ്പർശിക്കുന്നത് എനിക്കറിയാം. യേശുവിന്റെ വ്യക്തിത്വം, മുഖഭാവം, കനിവ്, ആളുകളോടുള്ള അഗാധ സ്നേഹം ഇതൊക്കെ എനിക്കിപ്പോൾ എത്ര വ്യക്തമായി കാണാനാകുന്നുവെന്നോ! മത്തായിയുടെ സുവിശേഷം എനിക്കു ജീവനാണ്. എന്നാൽ . . . ആംഗ്യഭാഷയിലുള്ള മറ്റു ബൈബിൾപുസ്തകങ്ങൾകൂടെ വേഗം ലഭ്യമാക്കാമോ?”
അതെ, നന്നായി വിവർത്തനം ചെയ്തിരിക്കുന്ന ഒരു ബൈബിളിന് ദൈവവചനത്തിന്റെ അർഥം മറനീക്കി പുറത്തുകൊണ്ടുവരാനാകും. സത്യവചനത്തിന്റെ പ്രകാശം വായനക്കാരന്റെ ഹൃദയത്തിലേക്ക് ചുഴിഞ്ഞിറങ്ങുന്നതിന് അതിടയാക്കും. അതുകൊണ്ടാണ്, പുതിയ ലോക ഭാഷാന്തരം തങ്ങളുടെ മാതൃഭാഷയിൽ, ഹൃദയത്തെ തൊട്ടുണർത്തുന്ന ഭാഷയിൽ, ലഭ്യമാകുമ്പോൾ സ്വർഗീയ പിതാവിനോട് അടുത്തുചെല്ലാൻ ആഗ്രഹിക്കുന്നവർ അതിയായി സന്തോഷിക്കുന്നത്.
കൊയ്ത്തിനായി ഏറെ വേലക്കാരെ അയയ്ക്കുന്നു
ബ്രാഞ്ച് പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ഐക്യനാടുകളിലെ ചില ബെഥേൽ കുടുംബാംഗങ്ങൾക്ക് മറ്റു ചില നിയമനങ്ങൾ നൽകുകയുണ്ടായി. ചിലരെ മറ്റു ബ്രാഞ്ചുകളിലേക്ക് അയച്ചു. നൂറുകണക്കിനു പേരെ രാജ്യമെമ്പാടും പ്രത്യേക-സാധാരണ പയനിയർമാരായി നിയമിച്ചു. അവരെ തിരിച്ച് വയലിലേക്കു വിട്ടപ്പോൾ അവർക്കെന്തു തോന്നി? പുതിയ നിയമനത്തിന്റെ വെല്ലുവിളികളുമായി അവർ പൊരുത്തപ്പെട്ടത് എങ്ങനെയാണ്? സഭകൾ ഈ ക്രമീകരണത്തിൽനിന്നു പ്രയോജനം നേടിയത് എങ്ങനെയാണ്?
റ്റോഡും ലെസ്ലിയും പറയുന്നത് ഇതാണ്: “‘വയലിലേക്ക് വേലക്കാരെ അയയ്ക്കണമേയെന്ന് കൊയ്ത്തിന്റെ യജമാനനോട്’ വർഷങ്ങളായി ഞങ്ങൾ പ്രാർഥിക്കുകയായിരുന്നു; പക്ഷേ, ആ പ്രാർഥനയ്ക്കുള്ള ഉത്തരമായി യഹോവ ഞങ്ങളെത്തന്നെ ഉപയോഗിക്കുമെന്ന് സ്വപ്നേപി കരുതിയില്ല. യഹോവയാണ് കാര്യങ്ങൾ നയിക്കുന്നതെന്ന് ഞങ്ങൾക്കിപ്പോൾ കാണാനാകുന്നു. ക്രിസ്തു ഞങ്ങളെ ‘വിശ്വസ്തർ എന്ന് എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു’ ഞങ്ങളുടെ നിയമനത്തെ ഒരു പദവിയായിട്ടാണ് ഞങ്ങൾ കരുതുന്നത്.—മത്താ. 9:37, 38; 1 തിമൊ. 1:12.
പുതിയ നിയമനത്തിലെ ആദ്യമാസങ്ങളെക്കുറിച്ച് ഫ്രാങ്കോ പറയുന്നു: “ഐക്യനാടുകളിൽ ഇത്രയേറെ ആവശ്യമുണ്ടെന്ന് ഞാനും ഭാര്യയും വിചാരിച്ചതേയില്ല. നിയമനസ്ഥലത്ത് പ്രവർത്തനം തുടങ്ങിയപ്പോഴാണ് അറിയുന്നത് ബൈബിളധ്യയനം ആഗ്രഹിക്കുന്ന ഇത്രമാത്രം ആളുകളുണ്ടെന്ന്!” കർറ്റിസിന്റെയും കരോളിന്റെയും വാക്കുകളിൽ നിഴലിക്കുന്നത് മറ്റനേകം പയനിയർമാരുടെയും വികാരങ്ങളാണ്: “നിയമന സ്ഥലത്തേക്കു പോകാൻ ഞങ്ങൾക്കെന്ത് ആവേശമായിരുന്നെന്നോ! യഹോവയ്ക്കുള്ള സമർപ്പണവേളയിൽ ഞങ്ങൾ സ്വയം ത്യജിച്ച് ജീവിതം അവനു സമർപ്പിച്ചത് ആത്മാർഥമായിട്ടായിരുന്നുവെന്ന് യഹോവയെ കാണിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞങ്ങൾ ഇതിനെ കണ്ടത്.”
‘കൊയ്ത്തിന്റെ യജമാനനിൽ’ ആശ്രയം വെക്കുന്നു
വർഷങ്ങളോളം ബെഥേലിൽ സേവിച്ചതിനുശേഷം വയലിലേക്കു മടങ്ങിയപ്പോൾ ചില ആശങ്കകളൊക്കെയുണ്ടായിരുന്നു. “കൊക്കിലൊതുങ്ങുന്ന ഒരു താമസസൗകര്യം കിട്ടുമോ? ഇതുവരെ പ്രസാധകരായിരുന്നിട്ട് പെട്ടെന്ന് 120-ഓ 130-ഓ മണിക്കൂർ മാസന്തോറും വയലിൽ പ്രവർത്തിക്കാനും സഭയ്ക്ക് ഒരു പ്രോത്സാഹനമായിരിക്കാനുമൊക്കെ എങ്ങനെ കഴിയും?” ഇതൊക്കെയായിരുന്നു ഒരു ദമ്പതികളുടെ ചിന്ത. ആകട്ടെ, ഇവരൊക്കെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടത് എങ്ങനെയാണ്?
നിയമനസ്ഥലത്ത് ദിവസങ്ങളോളം തിരഞ്ഞിട്ടും കിട്ടാതെ, തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങിയപ്പോഴാണ് ചിലർക്ക് പറ്റിയ ഒരു താമസസൗകര്യം തരപ്പെട്ടത്. ജെസിക്ക എന്ന ഏകാകിനിയായ ഒരു സഹോദരി തന്റെ നിയമനസ്ഥലത്ത് രണ്ടാഴ്ച തിരഞ്ഞിട്ടും പറ്റിയൊരു താമസസൗകര്യം കിട്ടിയില്ല. തന്റെ സാധനങ്ങളെല്ലാം എടുത്തുകൊണ്ടുവരാനായി ബെഥേലിലേക്കു തിരിച്ചുപോകാൻ പ്ലാനിട്ടതിന്റെ തലേന്ന് ആ പ്രദേശത്തുള്ള ഒരു മൂപ്പൻ, നിസ്സാര വാടകയ്ക്ക് ഒരു കൊച്ചുവീട് കൊടുക്കാമെന്നേറ്റു. ജെസിക്കയ്ക്ക് എത്ര സന്തോഷമായെന്നോ!
ജെഫും സിന്ധ്യയും അപ്പാർട്ടുമെന്റുകൾ വാടകയ്ക്കു കൊടുക്കുന്ന ഒരു സ്ത്രീയോട് തങ്ങൾ യഹോവയുടെ സാക്ഷികളാണെന്ന് അറിയിച്ചു. “യഹോവയുടെ സാക്ഷികളെ എനിക്കറിയാം. നിങ്ങളുടെ കാര്യത്തിൽ എനിക്കു ശങ്കയൊന്നുമില്ല. നിങ്ങളുടെ വാടകക്കാര്യം യഹോവ നോക്കിക്കൊള്ളും!” ആ സ്ത്രീ പറഞ്ഞു.
എറിക്കും മെലനിയും പറയുന്നതിങ്ങനെ: “എല്ലായ്പോഴും യഹോവയിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നവയാണ് ഞങ്ങളുടെ അനുഭവങ്ങൾ. യഹോവയുടെ കരുതൽ ഞങ്ങൾ നിത്യേന അനുഭവിച്ചറിയുന്നു. ഞങ്ങളുടെ വിശ്വാസത്തെ ഇത് ഏറെ ബലിഷ്ഠമാക്കി.”
പിന്തുണയുമായി സഭകൾ
സഭകളിൽനിന്നുള്ള സ്നേഹാർദ്രമായ പിന്തുണ ഈ പയനിയർമാരെ പുതിയ നിയമനവുമായി ഒത്തുപോകാൻ ഏറെ സഹായിച്ചിട്ടുണ്ട്. പല സഭകളും അവരെക്കുറിച്ച് “ഞങ്ങളുടെ പ്രത്യേക പയനിയർമാർ” എന്ന് സ്നേഹപൂർവം പറയാറുണ്ടെന്ന് ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. “സർക്കിട്ട് ഒന്നാകെ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു” അദ്ദേഹം പറഞ്ഞു. ഒരു സഹോദരൻ ബ്രാഞ്ചിന് എഴുതി: “ബ്രാഞ്ചിന് ഞാൻ നന്ദി പറയാനാഗ്രഹിക്കുന്നു. ഞങ്ങൾക്കെല്ലാം ഈ പയനിയർമാർ എത്ര വലിയ അനുഗ്രഹമാണെന്നോ!”
കൻസാസിലുള്ള ഒരു സഭയ്ക്ക് മാസങ്ങളായി പ്രവർത്തിക്കാതെ കിടക്കുന്ന 100 പ്രദേശമുണ്ടായിരുന്നു. എന്നാൽ ഒരു പ്രത്യേക പയനിയർ ദമ്പതികൾ എത്തിയതോടെ ആ പ്രദേശങ്ങളിൽ അധികവും ക്രമമായ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയുന്നു. “ഈ ക്രമീകരണം ഇത്രമാത്രം ഗുണകരമായിത്തീരുമെന്ന് ഞങ്ങൾ ഒട്ടും കരുതിയില്ല” എന്ന് ആവിടത്തെ മൂപ്പന്മാർ എഴുതുകയുണ്ടായി.
സഭ പയനിയർമാരെ ബലപ്പെടുത്തിയപ്പോൾ പ്രാദേശിക സഹോദരങ്ങളും പ്രയോജനം നേടി. (കൊലൊ. 4:11) “പയനിയർമാരുടെ ഉത്സാഹവും തീക്ഷ്ണതയും സഭയിലെ സഹോദരങ്ങൾക്ക് വലിയൊരു പ്രോത്സാഹനമായി” എന്ന് ഒരു സർക്കിട്ട് മേൽവിചാരകൻ എഴുതുന്നു. “പ്രത്യേക പയനിയർമാരുടെ മുഖമുദ്രയാണ് അവരുടെ സ്നേഹവും സന്തോഷവും. അത് സഭയിലെ മറ്റു സഹോദരങ്ങളിലേക്കും വേഗത്തിൽ പടർന്നു,” മറ്റൊരു സഞ്ചാരമേൽവിചാരകന്റെ വാക്കുകൾ.
മറ്റൊരു ദമ്പതികൾ നിഷ്ക്രിയരായിരുന്ന പത്തുപേരെയാണ് ക്രമമുള്ള പ്രസാധകരായിത്തീരാൻ സഹായിച്ചത്. സഭയിലെ മറ്റു മൂപ്പന്മാർക്കും ഇവരുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുന്നു. ഒരു മൂപ്പൻ എഴുതി: “കാര്യങ്ങളെ സമനിലയോടെ വീക്ഷിക്കുന്ന നല്ല പരിശീലനം ലഭിച്ച ഒരു സഹോദരൻ ഉള്ളത് എത്ര ആശ്വാസമാണെന്നോ! സഭയ്ക്കും മൂപ്പന്മാരുടെ സംഘത്തിനും ഇങ്ങനെയുള്ളവരെയാണ് ആവശ്യം.”
“ദൈവത്തിന്റെ കൂട്ടുവേലക്കാർ”
രാജ്യപ്രസംഗകരെ നല്ലനല്ല അനുഭവങ്ങൾ നൽകി യഹോവ അനുഗ്രഹിച്ചിരിക്കുന്നു. ശൈത്യകാലത്തെ നല്ല തണുപ്പുള്ള ഒരു ദിവസം സ്റ്റീവും ഗേയും വയൽസേവനത്തിനു പുറപ്പെട്ടു. ആദ്യത്തെ വീട്ടിൽത്തന്നെ വയസ്സുചെന്ന ഒരാൾക്ക് അവർ ബൈബിളധ്യയനം തുടങ്ങി. വിഷാദമഗ്നനായിരുന്നു ആ മനുഷ്യൻ. രണ്ടാഴ്ചയായപ്പോൾ അദ്ദേഹം രാജ്യഹാളിൽ യോഗത്തിനു വന്നു. അവിടെവെച്ച് യദൃച്ഛയാ ഈ ദമ്പതികൾ, അദ്ദേഹം എത്ര നല്ലയാളാണെന്നും ആദ്യം കണ്ടപ്പോൾത്തന്നെ തങ്ങളെ വീട്ടിൽ കയറ്റിയതിന് നന്ദിയുണ്ടെന്നും അറിയിച്ചു. ഇതുകേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നല്ലയാളായതുകൊണ്ടല്ല നിങ്ങളെ വീട്ടിൽ കയറ്റിയത്. നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു; കാരണം, മൂന്നുദിവസമായി ഞാൻ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.” ഇപ്പോൾ പതിവായി യോഗങ്ങൾക്കു വരുന്ന അദ്ദേഹം നന്നായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു; താമസിയാതെ സ്നാനമേൽക്കാനുള്ള ഒരുക്കത്തിലുമാണ്.
റേയും ജില്ലും ഒരു ദിവസം രാവിലെ വാഹനമോടിച്ചു പോകുമ്പോൾ റോഡിന്റെ മറുവശത്തുകൂടെ ഒരാൾ പോകുന്നതുകണ്ടു. അദ്ദേഹത്തോടു സംസാരിക്കാൻ അവർ തീരുമാനിച്ചു. അവർ ചില സാഹിത്യങ്ങൾ അദ്ദേഹത്തെ കാണിച്ചിട്ട് ബൈബിളധ്യയനത്തെക്കുറിച്ചും പറഞ്ഞു. മാസികകൾ അദ്ദേഹം സ്വീകരിച്ചു; എന്നിട്ട്, താൻ മുമ്പ് യഹോവയുടെ സാക്ഷികളുടെകൂടെ ബൈബിൾ പഠിച്ചുകൊണ്ടിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തയിടെ അദ്ദേഹം താമസം മാറി അവിടേക്കു വന്നതേയുണ്ടായിരുന്നുള്ളൂ. ബൈബിളധ്യയനം തുടരാൻ അദ്ദേഹത്തിനു സന്തോഷമായിരുന്നു.
യഹോവയെ സേവിക്കാനായി ത്യാഗങ്ങൾ ചെയ്യുന്നവർക്ക് ദൈവം “തങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്ന കാര്യം നന്നായി അറിയാം. (എബ്രാ. 6:10) മനുഷ്യശരീരത്തിൽ പല അവയവങ്ങളുണ്ട്; ഓരോന്നിനും ഓരോ ധർമമുണ്ട്. അതുപോലെ സഭയിൽ പല അംഗങ്ങളുണ്ട്; സഭയുടെ ആത്മീയ വളർച്ചയ്ക്കും അഴകിനും വേണ്ടി ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ നൽകാനാകും. “ദൈവമോ തന്റെ ഇഷ്ടപ്രകാരം [അംഗങ്ങളെ സഭയിൽ] വെവ്വേറായി വെച്ചിരിക്കുന്നു.” ഓരോ അംഗവും സഹകരിച്ചു പ്രവർത്തിക്കുമ്പോൾ “[അംഗങ്ങൾ] ഒക്കെയുംകൂടെ സന്തോഷിക്കുന്നു.” (1 കൊരി. 12:18, 26) “ദൈവത്തിന്റെ കൂട്ടുവേലക്കാർ”ക്കിടയിലെ ഈ സഹകരണവും ഒരുമയും, എല്ലാം ‘വളരുമാറാക്കുന്ന’ യഹോവയ്ക്ക് മഹത്ത്വം കരേറ്റുന്നു.—1 കൊരി. 3:6, 9.
സുവാർത്തയ്ക്ക് നിയമാംഗീകാരം നേടുന്നു
യേശു തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞു: “എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും.” (മത്താ. 10:22) അതുകൊണ്ട് യേശുനിമിത്തം എതിരാളികൾ “എല്ലാ തിന്മയും കളവായി പറ”യുമെന്ന കാര്യം യേശുവിന്റെ ശിഷ്യന്മാർ പ്രതീക്ഷിക്കുന്നു. (മത്താ. 5:11) ആകട്ടെ, ‘സുവിശേഷത്തിന്റെ സ്ഥിരീകരണത്തിനായി’ അതായത്, സുവിശേഷത്തിന് നിയമാംഗീകാരം നേടിയെടുക്കാനായി ക്രിസ്തുവിന്റെ ആധുനികകാല ശിഷ്യന്മാർ എന്താണ് ചെയ്തിട്ടുള്ളത്?—ഫിലി. 1:7.
അർമേനിയ
2007 ഏപ്രിലിനും 2008 ഏപ്രിലിനും ഇടയ്ക്കാണ് സംഭവം. ഏഴുടണ്ണിൽ കൂടുതൽ ബൈബിളും ബൈബിൾ സാഹിത്യങ്ങളും അർമേനിയയിലെ കസ്റ്റംസ് അധികൃതർ പിടിച്ചുവെച്ചു. അവ വിട്ടുതരണമെങ്കിൽ കനത്ത നികുതി അടയ്ക്കണമെന്ന് അവർ ശഠിച്ചു. 2008 ഏപ്രിലിൽ, ഈ നടപടി നിയമവിരുദ്ധമാണെന്നും തങ്ങൾ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് സഹോദരങ്ങൾ നികുതി അടച്ചു. അങ്ങനെ, സാഹിത്യങ്ങളുടെ ആദ്യലോഡ് ഇറക്കാൻകഴിഞ്ഞു. ഈ പ്രശ്നം പരിഹരിക്കാൻ സഹോദരന്മാർ നിയമസഹായം തേടിയിരിക്കുകയാണ്.
കസാഖ്സ്ഥാൻ
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തുനിന്നുള്ള രണ്ടുസഹോദരന്മാർ കസാഖ്സ്ഥാനിലുള്ള തങ്ങളുടെ സഹാരാധകർക്ക് ആത്മീയ നവോന്മേഷം പ്രദാനം ചെയ്യുന്നതിനായി എത്തിയതായിരുന്നു. അതിനോടനുബന്ധിച്ച് ആൽമാറ്റിയിൽവെച്ച് ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിരുന്നു. യോഗത്തെത്തുടർന്ന് ഇരുവരും അറസ്റ്റുചെയ്യപ്പെട്ടു. അവരെ പോലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ചു, ചോദ്യംചെയ്തിട്ട് അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ കൊണ്ടുവന്നു; കോടതി അവരെ കുറ്റക്കാരെന്നു വിധിച്ചു. “മിഷനറിപ്രവർത്തനം” നടത്തി എന്നതായിരുന്നു അവർക്കെതിരെയുള്ള കുറ്റം. അവർ പിന്നീട് മോചിതരായെങ്കിലും അവരുടെമേൽ ചുമത്തപ്പെട്ട കുറ്റം അന്യായമാണെന്നു തെളിയിക്കാനുള്ള നടപടികൾ നടന്നുവരുകയാണ്. അടുത്തകാലത്ത്, അധികാരികൾ സഹോദരങ്ങളുടെ വീടുകളിൽ റെയ്ഡു നടത്തിക്കൊണ്ട്
പ്രാർഥനയ്ക്കും ബൈബിൾ പഠനത്തിനുമായുള്ള കൂടിവരവുകൾക്കു തടയിടാൻ ശ്രമിച്ചിരിക്കുന്നു. നിയമപരമായി രജിസ്റ്റർ ചെയ്ത മൂന്നു സഭകളുടെ മതപരമായ പ്രവർത്തനങ്ങൾക്ക് കോടതികൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാസ്പിയൻ കടലിന്റെ വടക്കുഭാഗത്തുള്ള ഒരു പ്രദേശത്തെ ദിവ്യാധിപത്യ പ്രവർത്തനങ്ങളെ പലപ്രാവശ്യം അധികാരികൾ തടസ്സപ്പെടുത്തി.തജികിസ്ഥാൻ
1994-ൽ, യഹോവയുടെ സാക്ഷികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങനെ ആരാധനയ്ക്കായി കൂടിവരാനുള്ള സ്വാതന്ത്ര്യം അവർക്ക് അനുവദിച്ചുകിട്ടി; പക്ഷേ, 2007 ഒക്ടോബർ 11-ന് അവിടത്തെ സാംസ്കാരിക മന്ത്രാലയം സാക്ഷികളുടെ ആരാധനയ്ക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഒരു ഉത്തരവു പുറപ്പെടുവിച്ചു. യഹോവയുടെ സാക്ഷികൾ സമാധാനപ്രിയരാണെന്നും അവർ ക്രമസമാധാനത്തിന് യാതൊരു ഭീഷണിയും ഉയർത്തുകയില്ലെന്നുമുള്ള വസ്തുത അധികാരികളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ് ഇപ്പോൾ അവിടെ.
ഉസ്ബക്കിസ്ഥാൻ
ഉസ്ബക്കിസ്ഥാനിലെ യഹോവയുടെ സാക്ഷികളുടെ സ്ഥിതി ഒന്നിനൊന്ന് പരിതാപകരമാകുകയാണ്. 2008-ന്റെ തുടക്കത്തിൽ, മതവിശ്വാസത്തിന്റെപേരിൽ ഒരു സാക്ഷിയെ നാലുവർഷം തൊഴിൽപ്പാളയത്തിൽ നിർബന്ധിത തൊഴിലിനു വിധിച്ചു. മതസംഘടനകളോടും മതവിശ്വാസങ്ങൾ പഠിപ്പിക്കുന്നതിനോടും ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചു എന്നതിന്റെപേരിൽ മറ്റു പലരെയും അറസ്റ്റുചെയ്യുകയും കസ്റ്റഡിയിൽ വെക്കുകയും കുറ്റംചുമത്തുകയും പിഴയിടുകയുമൊക്കെ ചെയ്തു. യോഗസ്ഥലങ്ങൾ റെയ്ഡ് ചെയ്യുകയും, സ്വകാര്യഭവനങ്ങൾ പരിശോധിക്കുകയും, സാഹിത്യങ്ങൾ കണ്ടുകെട്ടുകയും
പ്രസാധകരെ കസ്റ്റഡിയിൽ വെക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. നമ്മുടെ പല സഹോദരീസഹോദരന്മാർക്കും പോലീസ് ഉദ്യോഗസ്ഥന്മാരിൽനിന്ന് വാക്കാലുള്ള അധിക്ഷേപവും ശാരീരിക ഉപദ്രവവും നേരിടേണ്ടിവന്നിട്ടുണ്ട്.ഈ ഹീനവൃത്തികൾക്ക് ചുക്കാൻ പിടിക്കുന്നത് പ്രാദേശിക പുരോഹിതവൃന്ദമാണെന്ന് ഇവിടത്തെ ഒട്ടനവധി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. അധികാരികൾ താമസിയാതെതന്നെ തങ്ങളുടെ പെരുമാറ്റത്തിന്റെ അനൗചിത്യം മനസ്സിലാക്കി “സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള” ഒരു ജീവിതം നയിക്കാൻ നമ്മുടെ സഹോദരങ്ങൾക്ക് അവസരമൊരുക്കട്ടെയെന്ന് നമുക്കു പ്രാർഥിക്കാം.—1 തിമൊ. 2:1, 2.
ഗ്രീസ്
ഗ്രീസിൽ ഹൈക്കോടതിയുടെ രണ്ട് അനുകൂല വിധിയുണ്ടായി. മതവിശ്വാസങ്ങളുടെ പേരിൽ സൈനികസേവനം തിരസ്കരിക്കുന്നതിന് മനസ്സാക്ഷിപരമായി തീരുമാനമെടുക്കുന്നതിനോടു ബന്ധപ്പെട്ടായിരുന്നു അവ. കോൺസ്റ്റാന്റിനോസ് കോറ്റിഡിസ് എന്നയാൾ ചില വർഷങ്ങൾക്കുമുമ്പ് സോവിയറ്റ് യൂണിയന്റെ സായുധസേനയിലായിരുന്നു. പിന്നീട് അദ്ദേഹം ഗ്രീസിലേക്കു വരുകയും ഒരു സാക്ഷിയായിത്തീരുകയും ചെയ്തു. അധികാരികൾ ഈ സഹോദരനോട് സൈനികസേവനം ചെയ്യാൻ ആവശ്യപ്പെട്ടു; പകരമായി പൊതുജനസേവനം ചെയ്യാൻ അദ്ദേഹത്തെ അനുവദിച്ചുമില്ല. മുമ്പ് സൈന്യത്തിൽ സേവിച്ചിട്ടുള്ള സ്ഥിതിക്ക് ഇപ്പോൾ മനസ്സാക്ഷിനിമിത്തം ഇതു തിരസ്കരിക്കാൻ സഹോദരന് അവകാശമില്ലെന്നായിരുന്നു അവരുടെ പക്ഷം. എന്നാൽ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനം മറ്റൊന്നായിരുന്നു: മുമ്പ് സൈന്യത്തിൽ സേവിച്ചിട്ടുണ്ടെങ്കിലും പിന്നീട് മതവിശ്വാസങ്ങളുടെപേരിൽ ഒരുവന്റെ മനസ്സാക്ഷി അതിന് അനുവദിക്കുന്നില്ലെങ്കിൽ
അത് അംഗീകരിക്കുകയും പകരം പൊതുജനസേവനം ചെയ്യാൻ അയാളെ അനുവദിക്കുകയും ചെയ്യണമെന്നായിരുന്നു വിധി.സ്റ്റിലിയാനോസ് യോവേനീത്തീസ് എന്നയാൾ ഉൾപ്പെട്ടതായിരുന്നു മറ്റൊരു കേസ്. അദ്ദേഹത്തിന് ഒരു പൊതുസ്ഥാപനത്തിൽ ജോലി നിഷേധിക്കപ്പെട്ടു. മനസ്സാക്ഷിപരമായ കാരണത്താൽ സൈനികസേവനം ചെയ്യാത്തതിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ട അദ്ദേഹം തന്റെ സൈനിക ഉത്തരവാദിത്വങ്ങൾ നിറവേറ്റിയിട്ടില്ല എന്നതായിരുന്നു കാരണം. എന്നാൽ സ്റ്റേറ്റ് കൗൺസിലിന്റെ തീരുമാനം മറ്റൊന്നായിരുന്നു. മനസ്സാക്ഷിനിമിത്തം സൈനികസേവനത്തിനു വിസമ്മതിച്ച് ജയിൽശിക്ഷ അനുഭവിച്ച ഒരാൾ സൈനികസേവനത്തിൽനിന്ന് ഒഴിവുള്ളവനാണ് എന്നായിരുന്നു അത്. അങ്ങനെയുള്ളവരുടെ, സൈനികസേവനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അതോടെ സ്ഥിരമായി പരിഹരിക്കപ്പെടുമെന്നും പൊതുസ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നതിന് മേലാൽ ഒരു തടസ്സവുമുണ്ടായിരിക്കില്ലെന്നും കൂടെ കോടതി വിധിന്യായത്തിൽ പ്രസ്താവിച്ചു. സ്റ്റേറ്റ് കൗൺസിൽ ആദ്യമായിട്ടാണ് മതസ്വാതന്ത്ര്യത്തിന്റെപേരിൽ ഇങ്ങനെയൊരു വിധിപ്രഖ്യാപിക്കുന്നത്. മനസ്സാക്ഷിനിമിത്തം സൈനികസേവനത്തിനു വിസമ്മതിച്ച ഒരു സാക്ഷിക്ക് ജോലി നിഷേധിച്ചതിനോടുള്ള ബന്ധത്തിൽ മുമ്പ് യൂറോപ്യൻ മനുഷ്യാവകാശ കോടതിയും സമാനമായ വിധി പ്രഖ്യാപിച്ചിട്ടുണ്ട്.
എറിട്രിയ
ഇവിടെയും നമ്മുടെ സഹോദരങ്ങൾ അനീതിയും ഉപദ്രവവും സഹിക്കുകയാണ്. സാക്ഷികളിൽ കുറെപ്പേർ തടങ്കൽപ്പാളയങ്ങളിലാണ്; അവരിൽ ചിലരുടെ സ്ഥിതിയാകട്ടെ അങ്ങേയറ്റം ദുഷ്കരമാണ്. 2008 ജൂലൈയിൽ വേറെ എട്ടുപേരെക്കൂടെ അറസ്റ്റുചെയ്തു. അവരിൽ ചിലർ രാജ്യത്തെ വേലയ്ക്കു നേതൃത്വം വഹിക്കുന്ന മൂപ്പന്മാരാണ്. സഹോദരങ്ങളുടെ മോചനത്തിനായി നിരവധി ശ്രമങ്ങൾ നടത്തുകയും ഗോളമെമ്പാടുനിന്നും നിവേദനങ്ങൾ അയയ്ക്കുകയുമൊക്കെ ചെയ്തിട്ടും സത്യദൈവമായ യഹോവയെ ആരാധിക്കുന്നത് എതിർക്കാൻതന്നെയാണ് ഭരണകൂടത്തിന്റെ ഭാവം.
ദക്ഷിണകൊറിയ
മനസ്സാക്ഷിപരമായ കാരണത്താൽ സൈനികസേവനം തിരസ്കരിക്കാനുള്ള അടിസ്ഥാന അവകാശം ഇവിടെ അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ സാഹചര്യം മെല്ലെ മെച്ചപ്പെടുന്നുണ്ട്. കഴിഞ്ഞ 50-ലേറെ വർഷക്കാലം ആയിരക്കണക്കിന് സഹോദരങ്ങളാണ് ഇതിന്റെ പേരിൽ ജയിൽവാസമനുഭവിച്ചത്. ഇപ്പോൾ ഏകദേശം 500 പേർ തടവിലുണ്ട്. അവരുടെ നിശ്ചയദാർഢ്യവും നല്ല ക്രിസ്തീയ പെരുമാറ്റവും ജയിലധികാരികളിലും ഗവണ്മെന്റ് അധികാരികളിലും അങ്ങേയറ്റം മതിപ്പുളവാക്കിയിട്ടുണ്ട്; ഒപ്പം യഹോവയുടെ ഹൃദയത്തെ പ്രസാദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (1 പത്രൊ. 2:20) ഇതുവരെ ഐക്യരാഷ്ട്രങ്ങളുടെ മനുഷ്യാവകാശ കമ്മിറ്റിക്ക് 488 നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അവയിൽ രണ്ടെണ്ണത്തിന് 2006-ൽ അനുകൂല വിധി ലഭിക്കുകയുണ്ടായി. സൈനികസേവനത്തിനു പകരം സ്വീകാര്യമായ ഒരു പൊതുജനസേവനം അനുവദിച്ചുകൊണ്ടുള്ള ഒരു നിയമം കൊണ്ടുവരാൻ ഗവണ്മെന്റിന് ഉദ്ദേശ്യമുണ്ട്. കാലാന്തരത്തിൽ, അധികാരികൾ ആ നിയമം നടപ്പിൽവരുത്തുമെന്ന് സഹോദരങ്ങൾ പ്രത്യാശിക്കുന്നു.
റുവാണ്ട
2008 ഏപ്രിലിൽ നടക്കുന്ന ഒരു സെമിനാറിൽ റുവാണ്ടയിലെ എല്ലാ അധ്യാപകരും പങ്കെടുക്കണമെന്ന് ഉത്തരവു വന്നു. യഹോവയുടെ സാക്ഷികളായ നിരവധി അധ്യാപകർക്കും ബാധകമായിരുന്നു ആ ഉത്തരവ്. സെമിനാറിലെ പ്രവർത്തനങ്ങൾ തങ്ങളുടെ ബൈബിളധിഷ്ഠിത മനസ്സാക്ഷിക്കു വിരുദ്ധമാണെന്ന് ആർക്കെങ്കിലും തോന്നിയാൽപ്പോലും അതിൽനിന്നു വിട്ടുനിൽക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. ഫലമോ? അതിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനാൽ 215 സാക്ഷികളെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. രണ്ടുസഹോദരിമാരെ ആഴ്ചകളോളം തടവിലുമാക്കി. രാഷ്ട്രീയ-സൈനിക കാര്യങ്ങളും ഉൾപ്പെട്ടതായിരുന്നു സെമിനാർ. പങ്കെടുത്തവർക്ക് രാഷ്ട്രീയ പ്രവർത്തനങ്ങളിലും ദേശീയ ചടങ്ങുകളിലും ഉൾപ്പെടേണ്ടിവന്നു. സെമിനാറിൽനിന്നു പുറത്തുപോകാൻ തുനിഞ്ഞവരെ പട്ടാളം തടുക്കുകയും ചെയ്തു. തുടർന്ന് ദേശീയഗാനം പാടാനും പതാകയെ വന്ദിക്കാനും വിസമ്മതിച്ചതിന്റെ പേരിൽ യഹോവയുടെ സാക്ഷികളുടെ 90 കുട്ടികളെ സ്കൂളിൽനിന്നു പുറത്താക്കി. പീഡനത്തിന്റെ ഈ പുതിയ അലകൾ ആഞ്ഞടിക്കുമ്പോൾ നിർമലതപാലിക്കാൻ ഈ സഹോദരങ്ങളെയും അവരുടെ മക്കളെയും യഹോവ സഹായിക്കുമെന്ന് നമുക്കുറപ്പുണ്ട്.
സ്പെയിൻ
യഹോവയുടെ സാക്ഷികൾക്കിടയിൽലെ പ്രത്യേക മുഴുസമയ സേവനത്തിൽ ആയിരിക്കുന്ന ബെഥേൽ അംഗങ്ങൾ, സഞ്ചാരമേൽവിചാരകന്മാർ തുടങ്ങിയവരോടു ബന്ധപ്പെട്ട ഒരു രാജകീയ ഉത്തരവിന് സ്പെയിനിലെ ഭരണകൂടം അംഗീകാരം നൽകി. ഇത്തരത്തിൽ പ്രത്യേക മുഴുസമയ സേവനത്തിലായിരിക്കുന്നവരെ, “മിഷനറിവേല, ക്രിസ്തീയ ശുശ്രൂഷ, മതബോധനം, അതുപോലെ മതപരമായ കാര്യങ്ങളോടു ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി പൂർണമായി അർപ്പിതരായ . . . നിയമിത ശുശ്രൂഷകരായി” അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ ഉത്തരവ്. എന്നാൽ യഹോവയുടെ സാക്ഷികൾക്കിടയിലെ ഈ പ്രത്യേക മുഴുസമയ സേവകർ, വാസ്തവത്തിൽ മറ്റു മതവിഭാഗങ്ങളിൽപ്പെട്ട ശുശ്രൂഷകർക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ പറ്റാൻ യോഗ്യരായ ശുശ്രൂഷകരാണോ എന്ന് ചില ദേശങ്ങളിലെ അധികാരികൾ സംശയം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
യൂറോപ്യൻ മനുഷ്യാവകാശ കോടതി
അർമേനിയ, അസർബൈജാൻ, ഓസ്ട്രിയ, ജോർജിയ, ടർക്കി, ഫ്രാൻസ്, യൂക്രെയിൻ, റഷ്യ എന്നിവിടങ്ങളിലെ യഹോവയുടെ സാക്ഷികളുടെ 24 നിവേദനങ്ങൾ ഫ്രാൻസിലെ സ്ട്രാസ്ബുർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ പരിഗണനയിൽ ഇപ്പോഴുണ്ട്. യൂറോപ്യൻ മനുഷ്യാവകാശ കരാറിന്റെ പരിധിയിൽ വരുന്ന പൗരന്മാർക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള അടിസ്ഥാന അവകാശങ്ങളോടു ബന്ധപ്പെട്ടതാണ് ഈ നിവേദനങ്ങളിൽ ചിലത്. മനസ്സാക്ഷിപരമായ കാരണങ്ങളാൽ പൗരന്മാർക്ക് സൈനിക സേവനം നിരസിക്കാനുള്ള
അവകാശവുംമറ്റും ഈ കരാർ ഉറപ്പുവരുത്തുന്നു. മറ്റ് നിവേദനങ്ങളിൽ, മതത്തിന്റെ പേരിലുള്ള വിവേചനം, പീഡനം, വേലയുടെ സംഘാടനത്തിനായി യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമാനുസൃത കോർപ്പറേഷന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയോ നിരോധിക്കുകയോ ചെയ്യൽ, സമാധാനപരമായി ആരാധനയ്ക്ക് കൂടിവരാനുള്ള അവകാശത്തിന്മേലുള്ള ഗവണ്മെന്റിന്റെ കൈകടത്തൽ, സാക്ഷിയായ ഒരു മാതാവിന് തന്റെ കുട്ടിയെ ഒരു യഹോവയുടെ സാക്ഷിയായി വളർത്തിക്കൊണ്ടുവരുന്നതിനുള്ള അവകാശം എന്നിവ ഉൾപ്പെടുന്നു.ഓസ്ട്രിയ
യഹോവയുടെ സാക്ഷികളും ഓസ്ട്രിയയും കക്ഷികളായുള്ള കേസിൽ 2008 ജൂലൈ 31-ന് യൂറോപ്യൻ മനുഷ്യാവകാശ കോടതി സാക്ഷികൾക്ക് അനുകൂലമായ ഒരു വിധി പ്രഖ്യാപിക്കുകയുണ്ടായി. ആരാധനാസ്വാതന്ത്ര്യത്തിനുള്ള സാക്ഷികളുടെ അവകാശത്തെ ലംഘിക്കുന്നതാണ് ഓസ്ട്രിയയുടെ മതനിയമം എന്ന് കോടതി ആരോപിച്ചു. മതാചാരങ്ങളോടു ബന്ധപ്പെട്ട ഓസ്ട്രിയയുടെ ചിറ്റമ്മനയം സമൂഹത്തിൽ രണ്ടുതട്ടിലുള്ള മതവിഭാഗങ്ങളെ വാർത്തെടുക്കുകയാണെന്നും അങ്ങനെ, ഒരുകൂട്ടം മതങ്ങളെ താഴേക്കിടയിലുള്ള മതങ്ങളെന്നു മുദ്രകുത്തി അതുവഴി അധഃകൃത പൗരന്മാരെ സൃഷ്ടിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. ഓസ്ട്രിയയിൽ സാക്ഷികൾക്ക് ഒരു അംഗീകൃത മതമെന്ന അംഗീകാരം ലഭിക്കാൻ നമ്മുടെ സഹോദരങ്ങൾ 30 വർഷമായി അക്ഷീണം പ്രയത്നിക്കുകയായിരുന്നു. കോടതിയുടെ പ്രസ്താവന ഇതാണ്: “[സുദീർഘമായ ഈ കാത്തിരിപ്പിനെ] ന്യായീകരിക്കാൻ യാതൊരു കാരണവുമില്ല; അതും യഹോവയുടെ സാക്ഷികളെപ്പോലെ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നതും ഈ രാജ്യത്തുതന്നെ ദീർഘനാളായി പ്രവർത്തനത്തിലിരിക്കുന്നതും അധികാരികൾക്ക് സുപരിചിതവുമായ മതവിഭാഗങ്ങളുടെ കാര്യത്തിൽ.” ഓസ്ട്രിയയിലെ മുഖ്യധാരാ മതവിഭാഗങ്ങളുടെ അതേ അവകാശങ്ങൾ നമ്മുടെ സഹോദരങ്ങൾക്കും ലഭ്യമാകുംവിധം അവിടത്തെ ഭരണകൂടത്തിന് ചില നിയമഭേദഗതികൾ വരുത്തേണ്ടതായിട്ടുണ്ട്.
അസർബൈജാൻ
2007 നവംബറിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി. ആരാധനയ്ക്കുള്ള നമ്മുടെ അവകാശത്തിന്മേൽ പോലീസുകാർ കൈകടത്തിയതിനായിരുന്നു അത്. അസർബൈജാനിൽ യഹോവയുടെ സാക്ഷികൾക്ക് നിയമാംഗീകാരമുണ്ടെങ്കിലും നിരവധി അറസ്റ്റുകളും ഉപദ്രവങ്ങളും സഹോദരങ്ങൾക്കു നേരിടേണ്ടിവന്നിട്ടുണ്ട്. സാക്ഷികൾ സമാധാനത്തോടെ യോഗങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ സായുധരായ പോലീസുകാർ കൂട്ടത്തോടെ വന്ന് റെയ്ഡുചെയ്യുകയും സാഹിത്യങ്ങളും സ്വകാര്യവസ്തുക്കളും കണ്ടുകെട്ടുകയും ചെയ്തു. അതുപോലെ അവിടെ കൂടിവന്നിരിക്കുന്നവരെ അറസ്റ്റുചെയ്യുകയും കസ്റ്റഡിയിൽവെക്കുകയും
സഹോദരീസഹോദരന്മാരെ ശാരീരികമായി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. പോലീസ് റെയ്ഡുകൾ തുടർക്കഥയായതോടെ കാര്യത്തിന്റെ ഗൗരവം കോടതിക്ക് മനസ്സിലായി. ഇക്കാര്യം പരിഗണിക്കാനുള്ള നടപടിക്രമങ്ങൾ അടിയന്തിരതയോടെ പുരോഗമിച്ചുവരുന്നു. പോലീസുകാരുടെ ഭീഷണിയില്ലാതെ നമ്മുടെ സഹോദരങ്ങൾക്ക് സമാധാനത്തോടെ യോഗങ്ങൾ നടത്താൻ പെട്ടെന്നുതന്നെ കഴിയുമെന്ന് നമുക്കു പ്രത്യാശിക്കാം.ഫ്രാൻസ്
യഹോവയുടെ സാക്ഷികളുടെമേൽ ഫ്രഞ്ചുഗവണ്മെന്റ് ന്യായരഹിതവും നിയമവിരുദ്ധവുമായ രീതിയിൽ നികുതി ചുമത്തുകയുണ്ടായി. ഇതിനെതിരെ സാക്ഷികൾ 2005 ഫെബ്രുവരിയിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഒരു നിവേദനം സമർപ്പിച്ചു. കോടതി ഈ കേസ് പരിഗണനയ്ക്കെടുക്കുമോയെന്ന് ഇതുവരെ അറിവായിട്ടില്ല. ഇതിനിടയ്ക്ക്, എതിരാളികൾ നമ്മുടെ വിശ്വാസങ്ങളെ കരിതേച്ചുകാണിച്ചതിന്റെ ഫലമായി കഴിഞ്ഞവർഷം നമ്മുടെ രാജ്യഹാളുകൾ അടിച്ചുതകർത്ത ഏതാണ്ട് 70 സംഭവങ്ങളുണ്ടായി. എന്നാൽ ഗവണ്മെന്റ് വിവേചനാപരമായി ഇടപെട്ടുവെന്ന് കോടതി ചൂണ്ടിക്കാട്ടുമെന്നും അങ്ങനെ ഫ്രാൻസിൽ സാഹചര്യം മെച്ചപ്പെടുമെന്നുമുള്ള പ്രതീക്ഷയിലാണ് അവിടത്തെ സഹോദരങ്ങൾ.
റഷ്യ
2001 ഡിസംബറിൽ റഷ്യയിലെ യഹോവയുടെ സാക്ഷികൾ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ ഒരു നിവേദനം സമർപ്പിച്ചു. യഹോവയുടെ സാക്ഷികൾക്ക് എതിരെ ക്രിമിനൽ-സിവിൽ കേസുകൾ ചാർജുചെയ്യുന്നത് ഒരു പതിവായതോടെയാണ് അവർ ഇത്തരത്തിൽ നിയമസഹായം തേടിയത്. മോസ്കോയിൽ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിക്കാനും അവർ നിയമപരമായി ഉപയോഗിക്കുന്ന കോർപ്പറേഷനെ പിരിച്ചുവിടാനും ഒരു കീഴ്ക്കോടതി തീരുമാനിച്ചിരുന്നു. 2004 ജൂണിൽ, മോസ്കോ സിറ്റി കോടതിയാകട്ടെ, കീഴ്ക്കോടതിയുടെ ആ തീരുമാനം ശരിവെക്കുകയാണുണ്ടായത്. മോസ്കോയിൽ മിക്കയിടങ്ങളിലും സഹോദരങ്ങൾക്ക് ആരാധനയ്ക്കു കൂടിവരാനും സുവാർത്ത പ്രസംഗിക്കാനുമുള്ള ഒരു സാഹചര്യം ഇപ്പോഴുണ്ട്. എന്നിരുന്നാലും, മോസ്കോയിൽത്തന്നെയും റഷ്യയുടെ മറ്റുചില ഭാഗങ്ങളിലും, യോഗങ്ങളും സമ്മേളനങ്ങളും നടക്കുമ്പോൾ അധികാരികൾ ഇടപെടുകയും നമ്മുടെ സഹോദരീസഹോദരന്മാരെ മറ്റു വിധങ്ങളിൽ ഉപദ്രവിക്കുകയും ചെയ്യുന്നതായുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി. അങ്ങനെയൊന്നാണ് ജൂലൈ മാസത്തിൽ ചെക്കോവ് പട്ടണത്തിൽ നടന്നത്. മോസ്കോയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കു മാറിയാണ് ചെക്കോവ്. അവിടത്തെ രാജ്യഹാൾ ഒരുകൂട്ടം ആളുകൾ തീവെച്ചുനശിപ്പിച്ചു. അഗ്നിശമനസേനയെ ഉടൻ വിവരമറിയിച്ചെങ്കിലും തീയണയ്ക്കാൻ അവർ കാര്യമായി ഒന്നും
ചെയ്തില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതേക്കുറിച്ചുള്ള ഒരന്വേഷണം ആരംഭിക്കാൻപോലും പോലീസുകാർ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ബുദ്ധിമുട്ടും എതിർപ്പുകളുമൊക്കെ ഉണ്ടെങ്കിലും റഷ്യയിലെ നമ്മുടെ സഹോദരീസഹോദരന്മാർ വിശ്വസ്തരായി നിലകൊള്ളുകയും പിന്തുണയ്ക്കായി യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നു.തന്റെ ജനത്തിനെതിരെ ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കുകയില്ലെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട്. (യെശ. 54:17) ചിലപ്പോൾ അങ്ങേയറ്റം പ്രതികൂലമായ സാഹചര്യങ്ങൾപോലും “സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായി”ത്തീർന്നേക്കാം. “ഏകാത്മാവിൽ നിലനിന്നു എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം”കഴിക്കാൻ ദൃഢചിത്തരാണ് ദൈവദാസന്മാർ. (ഫിലി. 1:12, 16, 18, 27, 28) ലോകമെമ്പാടുമുള്ള നമ്മുടെ ഈ സഹോദരീസഹോദരന്മാർ തങ്ങളുടെ ‘കോട്ടയും രക്ഷകനുമായ’ യഹോവയിൽ ആശ്രയിക്കുമ്പോൾ സഹോദരങ്ങളേ, നിങ്ങൾ അവർക്കുവേണ്ടി പ്രാർഥിക്കുമല്ലോ.—2 തെസ്സ. 3:2; സങ്കീ. 18:2.
ബ്രാഞ്ച് സമർപ്പണങ്ങൾ
2007 നവംബർ 10 ശനിയാഴ്ച, ദക്ഷിണാഫ്രിക്ക ബ്രാഞ്ചിനെ സംബന്ധിച്ചിടത്തോളം ഒരു അവിസ്മരണീയ ദിനം. അവിടത്തെ വിപുലീകരിച്ച അച്ചടിശാല, ഡൈനിങ് ഹാൾ, താമസസൗകര്യങ്ങൾ എന്നിവയുടെ സമർപ്പണത്തിനായി ഏകദേശം 4,000 സഹോദരങ്ങൾ എത്തിച്ചേർന്നു.
വിപുലീകരിച്ച അച്ചടിശാല സന്ദർശിച്ചവർ, അവിടത്തെ എംഎഎൻ റോളണ്ട് ലിഥോമൻ പ്രസ്സിൽനിന്നും പതിനായിരക്കണക്കിനു ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും ഇടതടവില്ലാതെ ‘ഒഴുകുന്നത്’ അതിശയത്തോടെയാണ് കണ്ടുനിന്നത്. പുസ്തകങ്ങളും മറ്റും ബയന്റു ചെയ്യുന്ന പുതിയ ബയന്ററി 16 ആഫ്രിക്കൻ ഭാഷകളിലായി പുതിയ ലോക ഭാഷാന്തരത്തിന്റെ പത്തുലക്ഷത്തിലേറെ കോപ്പികൾ ഇതിനോടകം തയ്യാറാക്കിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ പത്തുരാജ്യങ്ങളിലുള്ള 8,000-ത്തോളം സഭകൾക്ക് ആവശ്യമായ ബൈബിൾ സാഹിത്യങ്ങൾ സൂക്ഷിക്കുന്ന ബ്രാഞ്ച് ഓഫീസിലെ പുതുതായി വിപുലീകരിച്ച ഷിപ്പിങ് വിഭാഗവും സന്ദർശകർക്ക് കാണാൻ കഴിഞ്ഞു.
നൈജീരിയയിലെ വിപുലീകരിച്ച ബ്രാഞ്ച് സൗകര്യങ്ങളുടെ സമർപ്പണം 2008 ജൂൺ 7-ന് നടന്നു. നൈജീരിയയിലെ ഇഗേദൂമായിലുള്ള ബെഥേലിൽ നിന്ന് 360 കിലോമീറ്റർ തെക്കുപടിഞ്ഞാറായിട്ടാണ് ലാഗോസിലെ ഈ പുതിയ ബ്രാഞ്ച് കെട്ടിടം. താമസത്തിനായുള്ള 24 മുറികൾ, ഒരു സംഭരണശാല, ഒരു ഓഫീസ് കെട്ടിടം ഇത്രയുമടങ്ങുന്നതാണ് ലാഗോസിലെ ഓഫീസ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ഇവിടെയാണ്
ബ്രാഞ്ചിന്റെ പല ജോലികളും നിർവഹിക്കുന്നത്. തുറമുഖത്തുനിന്ന് ചരക്കുകൾ എടുക്കുകയും ബ്രാഞ്ചിലേക്കുളള സാധനങ്ങൾ വാങ്ങുകയും ചെയ്യുന്ന ബെഥേൽ അംഗങ്ങൾക്കും അതുപോലെ വിമാനമാർഗം വന്നുപോകുന്ന മറ്റുള്ളവർക്കും ഉള്ള താമസസൗകര്യവും ഇവിടെയുണ്ട്. ഇഗേദൂമായിലെ ബ്രാഞ്ച് വിപുലീകരണം പൂർത്തിയാകുന്നതുവരെ ഇപ്പോൾ ശുശ്രൂഷാ പരിശീലന സ്കൂൾ നടത്തുന്നതും ലാഗോസിലാണ്. അതെ, യഹോവ പ്രസംഗവേലയുടെമേൽ അനുഗ്രഹം വർഷിക്കുകയാണ്, ഭൂമിയുടെ മറ്റു ഭാഗങ്ങളിലേതുപോലെ ഇവിടെ ആഫ്രിക്കയിലും.ദൈവേഷ്ടം ചെയ്യാൻ സജ്ജർ
തന്റെ “ഇഷ്ടം ചെയ്വാൻതക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവർത്തി”ക്കാൻ യഹോവ നമ്മെ സജ്ജരാക്കുന്നതിൽ അവനോട് എത്ര നന്ദിയുള്ളവരാണു നാം! (എബ്രാ. 13:21) “നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്വാൻ . . . കഴിയുന്ന”വനാണ് താനെന്ന് യഹോവ തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ട് അവന് “സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ” എന്ന് നാം ഹൃദയംഗമമായി ഘോഷിക്കുന്നു.—എഫെ. 3:20, 21.
[25-ാം പേജിലെ ചതുരം]
മതം രജിസ്റ്റർ ചെയ്യുന്നത് എന്തിന്, എങ്ങനെ?
പല രാജ്യത്തും പല രീതിയിലാണ് മതം രജിസ്റ്റർ ചെയ്യുന്നത്. അർമേനിയ, അസർബൈജാൻ പോലുള്ള ചില രാജ്യങ്ങളിൽ മതസംഘടനകളുടെ നിയമപരമായ രജിസ്ട്രേഷനും അംഗീകാരത്തിനും വേണ്ടി അപേക്ഷിക്കാൻ അനുവദിക്കുന്ന വ്യക്തമായ നിയമങ്ങളുണ്ട്. അപേക്ഷ അംഗീകരിക്കപ്പെടുന്നപക്ഷം ആ മതം രാജ്യത്തെ ഒരു ഔദ്യോഗിക മതമായിത്തീരും. മറ്റു ചില രാജ്യങ്ങളിൽ രണ്ടുതരത്തിലുള്ള രജിസ്ട്രേഷനുണ്ട്. ആദ്യത്തേത് പ്രമുഖ, പരമ്പരാഗത മതങ്ങൾക്കുള്ളതാണ്. ഈ രജിസ്ട്രേഷൻ ലഭിക്കുന്ന മതങ്ങൾക്ക് നികുതി ഒഴിവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ടാമത്തെ രജിസ്ട്രേഷൻ താരതമ്യേന ചെറിയതും പുതിയതുമായ മതങ്ങൾക്കുള്ളതാണ്.
ജോർജിയയും അമേരിക്കൻ ഐക്യനാടുകളും പോലുള്ള രാജ്യങ്ങളിലാകട്ടെ, മതങ്ങളുടെ രജിസ്ട്രേഷൻ സംബന്ധിച്ച് നിയമവ്യവസ്ഥകളൊന്നും നിലവിലില്ല, ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. എന്നാൽ അവിടെ മതവിഭാഗങ്ങൾക്ക് ഔദ്യോഗികമതം ആയിട്ടുള്ള അംഗീകാരമൊന്നും ലഭിക്കില്ലെങ്കിലും ഒരു നിയമാനുസൃത കോർപ്പറേഷനെന്ന നിലയിലുള്ള രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. അങ്ങനെ രജിസ്റ്റർ ചെയ്യപ്പെടുന്നപക്ഷം ആ കോർപ്പറേഷന്റെ പേരിൽ അവർക്ക് സാഹിത്യങ്ങൾ അച്ചടിച്ചു പ്രസിദ്ധീകരിക്കാനും സ്വത്തുക്കൾ വാങ്ങാനും മറ്റു പ്രവർത്തനങ്ങൾ നടത്താനും സാധിക്കും.
[11-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഓസ്ട്രിയ
ഫ്രാൻസ്
സ്പെയിൻ
ഗ്രീസ്
എറിട്രിയ
റുവാണ്ട
അർമേനിയ
അസർബൈജാൻ
റഷ്യ
കസാഖ്സ്ഥാൻ
ഉസ്ബക്കിസ്ഥാൻ
തജികിസ്ഥാൻ
ദക്ഷിണ കൊറിയ
[11-ാം പേജിലെ ചിത്രം]
ലൂവോഭാഷ സംസാരിക്കുന്ന സിയായാ സഭ
[13-ാം പേജിലെ ചിത്രം]
പൂർണമായോ ഭാഗികമായോ “പുതിയ ലോക ഭാഷാന്തരം” 70-ലധികം ഭാഷകളിൽ ലഭ്യമാണ്
[22-ാം പേജിലെ ചിത്രം]
സ്റ്റിലിയാനോസ് യോവേനീത്തീസ്
[22-ാം പേജിലെ ചിത്രം]
കോൺസ്റ്റാന്റിനോസ് കോറ്റിഡിസ്
[29-ാം പേജിലെ ചിത്രം]
നൈജീരിയയിലെ ലാഗോസിലുള്ള പുതിയ താമസസ്ഥലം
[29-ാം പേജിലെ ചിത്രം]
അച്ചടിശാല, ദക്ഷിണാഫ്രിക്ക ബ്രാഞ്ച്