യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ ആധുനിക നാളിൽ
സമോവ
ദൈവഭക്തിയുടെയും ധീരമായ വിശ്വസ്തതയുടെയും സാക്ഷ്യപത്രമാണ് ‘പോളിനേഷ്യയുടെ പിള്ളത്തൊട്ടിലായ’ ഇവിടത്തെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനരേഖ. നല്ല ബൈബിൾപരിജ്ഞാനമുള്ള, തികഞ്ഞ മതഭക്തരായ, ദൈവികവിഷയങ്ങൾക്കായി ഒരു പ്രത്യേക പദാവലിപോലുമുള്ള ഒരു ജനതതിയോട് സാക്ഷീകരിക്കുന്നത് എങ്ങനെയുള്ള അനുഭവമാണെന്ന് വായിച്ചറിയൂ. കടുത്ത ആരോഗ്യപ്രശ്നങ്ങൾ മറികടന്ന് യഹോവയുടെ സേവനത്തിൽ മുന്നേറിയ ഒട്ടേറെ സാക്ഷികളെ നിങ്ങൾ ഈ പുസ്തകത്തിന്റെ താളുകളിൽ കണ്ടുമുട്ടും. ഒരു പർവതപ്രദേശത്തുകൂടെ ഏതാണ്ട് 22 കിലോമീറ്റർ നടന്ന് യോഗങ്ങളിൽ സംബന്ധിച്ച ഒരു കുടുംബത്തെ നിങ്ങൾ പരിചയപ്പെടും. “അർമഗെദോൻ വരുന്നേ!” എന്ന് വിളിച്ചുപറയാൻ ഒരുകൂട്ടം കുട്ടികളെ പ്രചോദിപ്പിച്ചതെന്താണെന്നും ഈ ഭാഗം നിങ്ങളോടു പറയും.
മുൻയൂഗോസ്ലാവിയൻ ദേശങ്ങൾ
വംശീയവും മതപരവുമായ വ്യത്യാസങ്ങൾ വിദ്വേഷത്തിനും രക്തച്ചൊരിലിനും വഴിമരുന്നിട്ട ഒരു രാജ്യത്ത് വിശ്വാസവും ധൈര്യവും പൊട്ടിമുളച്ച കഥ. ആധുനികകാലത്തെ ഏറ്റവും ദീർഘമായ ഉപരോധത്തിന് ഇരയായ ഒരു നഗരത്തിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സാക്ഷികളെപ്പറ്റി ഒരു സഹോദരൻ പറയുന്നതു ശ്രദ്ധിക്കുക: “ക്രൊയേഷ്യയിൽനിന്നും സെർബിയയിൽനിന്നും ബോസ്നിയയിൽനിന്നും ഉള്ളവരായിരുന്നെങ്കിലും ഞങ്ങളേവരും സത്യാരാധനയിൽ ഏകീകൃതരായിരുന്നു—അതും, പുറത്ത് ഈ മൂന്നുകൂട്ടരും പരസ്പരം കൊന്നൊടുക്കുമ്പോൾ.” സമാധാനകാലത്തും യുദ്ധകാലത്തും സഹോദരങ്ങൾ നിർമലത പാലിച്ചത് എങ്ങനെയെന്ന് അറിയുന്നത് നിങ്ങളുടെ വിശ്വാസം കരുത്തുറ്റതാക്കും.