വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവിശേഷതകൾ

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​ത​കൾ

യഹോവയുടെ സാക്ഷികൾ മുമ്പെ​ന്ന​ത്തെ​ക്കാ​ളും അടിയ​ന്തി​ര​ത​യോ​ടെ രാജ്യ​ത്തി​ന്റെ സുവി​ശേഷം ‘സകല ജനതകൾക്കും ഒരു സാക്ഷ്യ​ത്തി​നാ​യി ഭൂലോ​ക​ത്തി​ലെ​ങ്ങും പ്രസംഗി’ച്ചുകൊണ്ട്‌ മുന്നേ​റു​ന്ന​താ​യി ലോക​വ്യാ​പക റിപ്പോർട്ടു​കൾ വ്യക്തമാ​ക്കു​ന്നു. (മത്താ. 24:14) അവരുടെ സഹിഷ്‌ണു​ത​യു​ടെ​യും ഒരുമ​യോ​ടെ​യുള്ള നിസ്സ്വാർഥ പരി​ശ്ര​മ​ത്തി​ന്റെ​യും ഫലമായി ‘യഹോ​വ​യു​ടെ വചനം പ്രതി​ധ്വ​നി​ക്കു​ക​യും ദൈവ​ത്തി​ലുള്ള അവരുടെ വിശ്വാ​സം എല്ലായി​ട​ത്തും പ്രസി​ദ്ധ​മാ​കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.’—1 തെസ്സ. 1:8.

നവോ​ന്മേഷം പകരുന്ന കുടും​ബാ​രാ​ധന

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗ​ത്തി​നുള്ള പ്രതി​വാര പട്ടിക​യിൽ 2009 ജനുവരി 1-ന്‌ ശ്രദ്ധേ​യ​മായ ഒരു മാറ്റം വന്നു. സഭാപു​സ്‌ത​കാ​ധ്യ​യ​ന​ത്തി​ന്റെ പേര്‌ സഭാ ബൈബി​ള​ധ്യ​യനം എന്നാക്കി മാറ്റു​ക​യും അത്‌ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​നോ​ടും സേവന​യോ​ഗ​ത്തോ​ടു​മൊ​പ്പം നടത്താൻ തുടങ്ങു​ക​യും ചെയ്‌തു. മുമ്പ്‌ സഭാ പുസ്‌ത​കാ​ധ്യ​യനം നടന്നി​രുന്ന സായാഹ്നം കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി മാറ്റി​വെ​ക്കാൻ എല്ലാവ​രും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു.

യഹോ​വ​യു​ടെ ജനം ഈ മാറ്റത്തെ ഇരു​കൈ​യും നീട്ടി സ്വീക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നാണ്‌ പല അഭി​പ്രാ​യ​ങ്ങ​ളും വ്യക്തമാ​ക്കു​ന്നത്‌. ഒരു ഭർത്താവ്‌ ഇങ്ങനെ എഴുതി: “നന്ദി! നന്ദി! നന്ദി! കുടും​ബാ​രാ​ധ​ന​യി​ലൂ​ടെ എനിക്കും ഭാര്യ​ക്കും ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ എത്ര പറഞ്ഞാ​ലും മതിയാ​വില്ല. അത്‌ യഹോ​വ​യോ​ടുള്ള ഞങ്ങളുടെ സ്‌നേ​ഹ​ത്തി​ന്റെ ആഴം വർധി​പ്പി​ച്ചി​രി​ക്കു​ന്നു; അതു​പോ​ലെ, ഞങ്ങൾ തമ്മിലുള്ള അടുപ്പ​വും. എത്ര ഉത്‌കൃ​ഷ്ട​വും ജ്ഞാനപൂർവ​ക​വു​മായ ഒരു ക്രമീ​ക​ര​ണ​മാണ്‌ യഹോവ ചെയ്‌തി​രി​ക്കു​ന്നത്‌!”

ഇപ്പോൾ ലഭ്യമാ​യി​രി​ക്കുന്ന അധിക​സ​മയം പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്താൻ കുടും​ബങ്ങൾ എന്താണ്‌ ചെയ്യു​ന്നത്‌? ഒരു കുടും​ബ​നാഥ എഴുതി​യത്‌ ഇങ്ങനെ: “കുടും​ബാ​രാ​ധ​ന​യ്‌ക്കുള്ള സായാ​ഹ്ന​ങ്ങ​ളിൽ ചില​പ്പോൾ ഉണരുക!യുടെ 31-ാം പേജാ​യി​രി​ക്കും ഞങ്ങൾ നോക്കു​ന്നത്‌. മറ്റുചി​ല​പ്പോൾ സംഘട​ന​യു​ടെ ഏതെങ്കി​ലു​മൊ​രു വീഡി​യോ കാണും. കുട്ടികൾ സ്വന്തമാ​യി ഗവേഷണം ചെയ്യു​ന്ന​തി​നാൽ അവർക്കു പഠനം ഏറെ രസകര​മാ​യി​ത്തീ​രു​ന്നു. അവർ കുടും​ബാ​രാ​ധന വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു. ഓരോ മാസവും ഓരോ ബൈബിൾ കഥാപാ​ത്ര​ത്തെ​ക്കു​റിച്ച്‌ ഗവേഷണം ചെയ്യാ​നും പിറ്റേ മാസം അതേക്കു​റിച്ച്‌ ഒരു പ്രസംഗം നടത്താ​നു​മുള്ള നിയമനം കുട്ടി​കൾക്കു നൽകി​യി​ട്ടുണ്ട്‌. എനിക്കും ഭർത്താ​വി​നും ഇതേ നിയമ​നം​ത​ന്നെ​യുണ്ട്‌. ഞങ്ങളുടെ പത്തുവ​യ​സ്സു​കാ​രൻ മകൻ ആദ്യം ഗവേഷണം നടത്തി​യത്‌ നോഹ​യെ​ക്കു​റി​ച്ചാണ്‌. ഗംഭീ​ര​മാ​യി​രു​ന്നു അവന്റെ പ്രസംഗം! ആ വിവരങ്ങൾ ഇന്ന്‌ എങ്ങനെ ബാധക​മാ​ക്കാ​മെ​ന്നു​പോ​ലും അവൻ പറഞ്ഞു. നോഹ​യു​ടെ പെട്ടക​ത്തി​ന്റെ ഒരു ചെറു​മാ​തൃ​ക​യും അവൻ കാണിച്ചു. അത്‌ അവൻതന്നെ ഉണ്ടാക്കി​യ​താ​യി​രു​ന്നു. തൊട്ട​ടുത്ത ആഴ്‌ച ഞങ്ങളുടെ മകൾ നടത്തിയ പ്രസംഗം, പൗലോസ്‌ അപ്പൊ​സ്‌ത​ലന്റെ മിഷനറി യാത്ര​ക​ളെ​ക്കു​റി​ച്ചാ​യി​രു​ന്നു. അവൾ പ്രസംഗം പൂർത്തി​യാ​ക്കി​യ​പ്പോൾ ഞങ്ങളെ​ല്ലാ​വ​രും കൈയ​ടി​ച്ചു. പിന്നീട്‌ ‘നിങ്ങൾ ഓർമി​ക്കു​ന്നു​വോ?’ എന്ന പേരിൽ അവളുടെ വക ക്വിസ്സും ഉണ്ടായി​രു​ന്നു. കുടും​ബാ​രാ​ധ​ന​യ്‌ക്കുള്ള സായാ​ഹ്നങ്ങൾ എത്ര രസകര​മാ​ണെ​ന്നോ!” കുടും​ബാ​രാ​ധ​ന​യ്‌ക്കു​വേ​ണ്ടി​യുള്ള ക്രമീ​ക​ര​ണത്തെ ഈ കുടും​ബം യഹോ​വ​യിൽനി​ന്നുള്ള ഒരു അനു​ഗ്ര​ഹ​മാ​യി കരുതു​ന്നു. “എനിക്കും ഭർത്താ​വി​നും പലതര​ത്തി​ലുള്ള പ്രശ്‌ന​ങ്ങ​ളും പ്രതി​സ​ന്ധി​ക​ളും നേരി​ടേ​ണ്ടി​വന്ന ഒരു വർഷമാണ്‌ കടന്നു​പോ​യത്‌. തളരാതെ മുന്നോ​ട്ടു​പോ​കാൻ കുടും​ബാ​രാ​ധന ഞങ്ങളെ ഏറെ സഹായി​ച്ചു,” ആ കുടും​ബ​നാഥ പറയുന്നു.

മറ്റൊരു സഹോ​ദരി പറയുന്നു: “ഈ ക്രമീ​ക​ര​ണ​ത്തി​നാ​യി എനിക്ക്‌ ഒരുപാ​ടൊ​രു​പാട്‌ നന്ദിയുണ്ട്‌. ആത്മീയ​മാ​യി ഉണരാൻ അത്‌ എന്നെ സഹായി​ച്ചു. മക്കൾ വേറെ താമസി​ക്കാൻ തുടങ്ങി​യ​തിൽപ്പി​ന്നെ ഞാനും ഭർത്താ​വും ക്രമമാ​യി കുടും​ബാ​ധ്യ​യനം നടത്തു​ന്നി​ല്ലാ​യി​രു​ന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾ അതു ചെയ്യുന്നു. മിക്ക​പ്പോ​ഴും അധ്യയനം രണ്ടുമ​ണി​ക്കൂർവരെ നീണ്ടു​പോ​കു​മെ​ങ്കി​ലും സമയം പോകു​ന്നത്‌ അറിയാ​റേ​യില്ല!”

മഹാകഷ്ടം ഒന്നി​നൊന്ന്‌ അടുത്തു​വ​രവെ, ദൈവ​വ​ചനം ആഴത്തിൽ പഠിച്ചു​കൊണ്ട്‌ സാത്താന്റെ തന്ത്രങ്ങളെ ചെറു​ക്കാ​നുള്ള ആത്മീയ​ബലം കൂടു​തൽക്കൂ​ടു​തൽ നേടാൻ കുടും​ബാ​രാ​ധന നിങ്ങളെ സഹായി​ക്കട്ടെ. ‘ദൈവ​ത്തോട്‌ അടുത്തു ചെല്ലുക’ എന്ന ലക്ഷ്യത്തിൽ കുടും​ബാ​രാ​ധ​ന​യ്‌ക്കാ​യി ലഭ്യമാ​യി​രി​ക്കുന്ന സമയം പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. അങ്ങനെ​യാ​കു​മ്പോൾ ‘ദൈവ​വും നിങ്ങ​ളോട്‌ അടുത്തു വരും.’—യാക്കോ. 4:7, 8.

കൂടുതൽ ബൈബി​ള​ധ്യ​യ​നങ്ങൾ

2009 ജനുവ​രി​മു​തൽ മറ്റൊരു പുതിയ ക്രമീ​ക​ര​ണം​കൂ​ടെ നിലവിൽവന്നു. ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ന്ന​തി​നു​മാ​ത്ര​മാ​യി മാസത്തി​ലെ ഒരു ശനിയാ​ഴ്‌ച​യോ ഞായറാ​ഴ്‌ച​യോ നീക്കി​വെ​ക്കാൻ സഭകൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെട്ടു. അതിന്റെ ഫലമെ​ന്താ​യി​രു​ന്നു? ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ന്നത്‌ വിചാ​രി​ച്ച​തി​നെ​ക്കാൾ എളുപ്പ​മാ​ണെന്നു പല പ്രസാ​ധ​ക​രും കണ്ടെത്തി​യി​രി​ക്കു​ന്നു. വ്യത്യസ്‌ത തുറക​ളി​ലുള്ള ആളുകൾ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌തകം സ്വീക​രി​ക്കു​ന്ന​തും ബൈബിൾ പഠിക്കു​ന്ന​തും കാണു​ന്ന​തി​ന്റെ സന്തോ​ഷ​വും അവർക്കുണ്ട്‌. ഈ പുതിയ ക്രമീ​ക​ര​ണത്തെ സഹോ​ദ​രങ്ങൾ ആവേശ​ത്തോ​ടെ​യാണ്‌ പിന്തു​ണ​യ്‌ക്കു​ന്ന​തെ​ന്നും ഫലങ്ങൾ ആശാവ​ഹ​മാ​യി​രു​ന്നെ​ന്നും സഞ്ചാര മേൽവി​ചാ​ര​ക​ന്മാർ റിപ്പോർട്ടു ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, ഈ ക്രമീ​ക​രണം തുടങ്ങി ആദ്യത്തെ അഞ്ചുമാ​സം​കൊ​ണ്ടു​തന്നെ ഇറ്റലി​യിൽ 8,000-ത്തിലധി​കം ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാൻ കഴിഞ്ഞു.

മുമ്പ്‌ ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തി​യി​ട്ടി​ല്ലാത്ത പല പ്രസാ​ധ​ക​രും ഇപ്പോൾ മടക്കസ​ന്ദർശ​ന​ങ്ങ​ളും ബൈബി​ള​ധ്യ​യ​ന​ങ്ങ​ളും നടത്തുന്നു. പെറു​വിൽനി​ന്നുള്ള കരോ​ലിന പറയുന്നു: “ഈ ക്രമീ​ക​രണം നിലവിൽവ​രു​ന്ന​തി​നു​മുമ്പ്‌ എനിക്ക്‌ ബൈബി​ള​ധ്യ​യ​ന​ങ്ങ​ളൊ​ന്നും ഉണ്ടായി​രു​ന്നില്ല. പക്ഷേ, മാസത്തിൽ ഒരു ദിവസം ബൈബി​ള​ധ്യ​യനം തുടങ്ങു​ന്ന​തി​നു​മാ​ത്ര​മാ​യി മാറ്റി​വെ​ക്കാ​നുള്ള നിർദേശം ലഭിച്ച​തോ​ടെ ഞാൻ ഒരുകൈ നോക്കാ​മെ​ന്നു​വെച്ചു. ബൈബി​ള​ധ്യ​യനം വലിയ ബുദ്ധി​മു​ട്ടുള്ള കാര്യ​മ​ല്ലെ​ന്നും അതിന്‌ അധികം സമയ​മൊ​ന്നും വേണ്ടെ​ന്നും ആളുകളെ ബോധ്യ​പ്പെ​ടു​ത്താൻ എനിക്കു കഴിഞ്ഞി​രി​ക്കു​ന്നു. ലഭിച്ച നിർദേ​ശങ്ങൾ പ്രാ​യോ​ഗി​ക​മാ​ക്കി​യ​തു​കൊണ്ട്‌ നല്ല ഫലങ്ങൾ ലഭിക്കു​ക​യും ചെയ്‌തു. ഞാനി​പ്പോൾ രണ്ടു​ബൈ​ബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്നുണ്ട്‌. സകലതി​നു​മുള്ള ബഹുമതി യഹോ​വ​യ്‌ക്കാണ്‌.”

ബ്രിട്ട​നി​ലു​ള്ള ഒരു പയനി​യ​റാണ്‌ സത്യ. ആദ്യസ​ന്ദർശ​ന​ത്തിൽ ആളുക​ളോട്‌ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റി​ച്ചു പറയാൻ ഈ സഹോ​ദ​രി​ക്കു സങ്കോ​ച​മാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ അതിനു​വേണ്ടി നീക്കി​വെ​ച്ചി​രുന്ന ദിവസം വന്നെത്തി. ഈ രീതി പരീക്ഷി​ച്ചു​നോ​ക്കാ​തെ താൻ വീട്ടി​ലേക്കു മടങ്ങു​ക​യി​ല്ലെന്ന തീരു​മാ​ന​ത്തോ​ടെ​യാണ്‌ അന്ന്‌ സഹോ​ദരി വയൽസേ​വ​ന​ത്തി​നു പോയത്‌. കണ്ടുമു​ട്ടിയ ഒരു സ്‌ത്രീ​യോട്‌ സത്യ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു. ഉടനെ​തന്നെ അവർ അതിന്‌ സമ്മതിച്ചു. സത്യയ്‌ക്കു​ണ്ടായ ആശ്ചര്യം ഒന്ന്‌ ഊഹി​ച്ചു​നോ​ക്കൂ. അതെ, വിചാ​രി​ച്ച​തി​നെ​ക്കാൾ എളുപ്പ​മാ​യി​രു​ന്നു കാര്യങ്ങൾ!

സിസി​ലി​യി​ലെ പാലെർമോ​യി​ലുള്ള ചെറു​പ്പ​ക്കാ​ര​നായ ഒരു സഹോ​ദ​ര​നാണ്‌ ലൂക്ക. അദ്ദേഹം ഒരു വിധവ​യ്‌ക്ക്‌ ക്രമമാ​യി മാസി​കകൾ കൊണ്ടു​പോ​യി കൊടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ വിധവ​യ്‌ക്കാ​ണെ​ങ്കിൽ ആളുകളെ വീട്ടിൽ കയറ്റാൻ ഭയമാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ പട്ടിക​പ്പെ​ടു​ത്തി​യി​രുന്ന ഒരു ശനിയാഴ്‌ച ആ സ്‌ത്രീ​യെ ചെന്നു​കാ​ണാൻ ലൂക്ക തീരു​മാ​നി​ച്ചു. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​വും തുറന്നു​പി​ടി​ച്ചാണ്‌ ലൂക്ക ആ സ്‌ത്രീ​യെ സമീപി​ച്ച​തു​തന്നെ. എന്നിട്ട്‌, പുസ്‌ത​ക​ത്തിൽനിന്ന്‌ ഒരു ഭാഗം അവരെ വായി​ച്ചു​കേൾപ്പി​ച്ചു. താത്‌പ​ര്യം തോന്നിയ അവർ കുറച്ചു​സ​മയം ലൂക്ക​യോ​ടു സംസാ​രി​ച്ചു. മരിച്ചു​പോയ ഭർത്താ​വി​നെ ഇനി എന്നെങ്കി​ലും കാണാ​നാ​കു​മോ എന്ന ചോദ്യം ഉൾപ്പെടെ ആ സ്‌ത്രീ​യെ അലട്ടി​യി​രുന്ന പല ചോദ്യ​ങ്ങൾക്കു​മുള്ള ഉത്തരം തന്റെ പക്കലു​ണ്ടെന്ന്‌ ലൂക്ക പറഞ്ഞു. പുസ്‌ത​ക​ത്തി​ലെ 72-ാം പേജിൽനിന്ന്‌ ആരൊ​ക്കെ​യാ​യി​രി​ക്കും പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​തെന്ന്‌ ലൂക്ക അവർക്ക്‌ വിശദീ​ക​രി​ച്ചു കൊടു​ത്തു. അത്‌ അവരുടെ ഹൃദയത്തെ സ്‌പർശി​ച്ചു. അവർ ഒരു ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതി​ക്കു​ക​യും ചെയ്‌തു. ഇപ്പോൾ അധ്യയനം ക്രമമാ​യി നടക്കുന്നു. സാക്ഷി​കളെ വീട്ടിൽ കയറ്റാൻ അവർക്കി​പ്പോൾ ഭയമില്ല!

“ഈ ക്രമീ​ക​രണം നിലവിൽവ​ന്ന​തോ​ടെ മിക്ക സഭകൾക്കും കൂടുതൽ ബൈബി​ള​ധ്യ​യ​നങ്ങൾ റിപ്പോർട്ടു ചെയ്യാൻ കഴിയു​ന്നു,” പെറു​വിൽനി​ന്നുള്ള ഒരു സഞ്ചാര​മേൽവി​ചാ​രകൻ പറയുന്നു. “ചിക്ലെ​യൊ​യി​ലെ ഒരു സഭ ഒരു മാസത്തിൽത്തന്നെ 25 പുതിയ അധ്യയ​നങ്ങൾ റിപ്പോർട്ടു​ചെ​യ്‌തു. ചേപ്പൻ സഭയും 24 പുതിയ അധ്യയ​നങ്ങൾ റിപ്പോർട്ടു​ചെ​യ്‌തു.”

ഈ ക്രമീ​ക​രണം നിലവിൽവ​ന്ന​തോ​ടെ ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ കുട്ടി​കൾക്കും സാധി​ച്ചി​രി​ക്കു​ന്നു. ബ്രസീ​ലി​ലെ സാവൊ പൗലോ​യി​ലുള്ള ജൊവാ​ന​യ്‌ക്ക്‌ 11 വയസ്സേ​യു​ള്ളൂ. അവൾ പറയുന്നു: “ഒരു ശനിയാഴ്‌ച ഞാനും എന്റെ അമ്മയും വയൽസേ​വ​ന​ത്തി​നു പോയി. പ്രമു​ഖ​നായ ഒരു ബിസി​ന​സ്സു​കാ​രന്റെ വീട്ടി​ലാണ്‌ ഞങ്ങൾ ആദ്യം ചെന്നത്‌. ബൈബിൾ ദൈവ​നി​ശ്വ​സ്‌ത​മാ​ണെന്ന്‌ വിശ്വ​സി​ക്കു​ന്നു​ണ്ടോ എന്ന്‌ ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. ‘ഉണ്ട്‌’ എന്നായി​രു​ന്നു മറുപടി. തുടർന്ന്‌ ഞാൻ അദ്ദേഹ​ത്തിന്‌ 2 തിമൊ​ഥെ​യൊസ്‌ 3:16 കാണി​ച്ചു​കൊ​ടു​ത്തു. ഒരു കൊച്ചു​കു​ട്ടി ഇതു​പോ​ലുള്ള കാര്യങ്ങൾ സംസാ​രി​ക്കു​ന്നത്‌ തന്നെ അതിശ​യി​പ്പി​ക്കു​ന്നു​വെന്ന്‌ അദ്ദേഹം പറഞ്ഞു. അദ്ദേഹം ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സ്വീക​രി​ച്ചു.

“അടുത്ത തവണ എന്റെ മുത്തച്ഛ​നെ​യും കൂട്ടി​യാണ്‌ ഞാൻ അദ്ദേഹ​ത്തി​ന്റെ വീട്ടിൽ ചെന്നത്‌. മുത്തച്ഛന്‌ അദ്ദേഹത്തെ പരിച​യ​മു​ണ്ടാ​യി​രു​ന്നു. അദ്ദേഹം ഞങ്ങളെ അകത്തേക്കു ക്ഷണിച്ചി​രു​ത്തി. ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌ത​ക​ത്തി​ന്റെ ഉള്ളടക്കം കാണി​ച്ചിട്ട്‌ അതിൽ ഏറ്റവും താത്‌പ​ര്യം തോന്നുന്ന വിഷയം ഏതാ​ണെന്ന്‌ ഞാൻ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. ‘ദൈവം കഷ്ടപ്പാട്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?’ എന്ന 11-ാം അധ്യാ​യ​മാണ്‌ അദ്ദേഹം തിര​ഞ്ഞെ​ടു​ത്തത്‌. ആദ്യത്തെ രണ്ടുഖ​ണ്ഡി​കകൾ വായിച്ചു നിറു​ത്തി​യ​പ്പോൾത്തന്നെ അദ്ദേഹ​ത്തി​നും ഭാര്യ​ക്കും നിരവധി ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഉത്തരങ്ങ​ളെ​ല്ലാം ബൈബി​ളിൽനി​ന്നു കാണി​ച്ചു​കൊ​ടു​ത്ത​പ്പോൾ അവർക്കു സന്തോ​ഷ​മാ​യി. അധ്യയ​ന​ത്തി​നു താത്‌പ​ര്യ​മു​ണ്ടെ​ന്നും പറഞ്ഞു. ചെന്ന ആദ്യ വീട്ടിൽത്തന്നെ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാ​നാ​യ​തിൽ എനിക്ക്‌ എത്ര സന്തോ​ഷ​മു​ണ്ടെ​ന്നോ!”

എല്ലാവ​രും ബൈബി​ള​ധ്യ​യ​ന​ത്തി​നു സമ്മതി​ക്കു​മെ​ന്നോ പഠിച്ചു​തു​ട​ങ്ങുന്ന എല്ലാവ​രും അതു തുടർന്നു​കൊ​ണ്ടു​പോ​കു​മെ​ന്നോ നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​വില്ല. എങ്കിലും, സാത്താന്റെ വ്യവസ്ഥി​തി നശിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നു​മുമ്പ്‌ ചെമ്മരി​യാ​ടു​തു​ല്യ​രെ യഹോവ തന്റെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ക്കു​ക​യാ​ണെന്ന കാര്യം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ കൂട്ടു​വേ​ല​ക്കാ​രായ നാം കഴിയു​ന്നത്ര ആളുക​ളോട്‌ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റി​ച്ചു പറയാൻ ശ്രമി​ക്കു​ന്നു.—യോഹ. 6:44; 1 കൊരി. 3:9.

സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്തോ​ടെ ‘ശീഘ്ര​മാ​യി നിവർത്തി​ക്കു​ന്നു’

“കുറഞ്ഞവൻ ആയിര​വും ചെറി​യവൻ മഹാജാ​തി​യും ആയിത്തീ​രും; യഹോ​വ​യായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്ര​മാ​യി നിവർത്തി​ക്കും” എന്ന പ്രവചനം നിവൃ​ത്തി​യേറി കാണു​ന്ന​തി​ന്റെ ആവേശ​ത്തി​ലാണ്‌ യഹോ​വ​യു​ടെ ജനം. (യെശ. 60:22) ഈ നിർണാ​യക കാലഘ​ട്ട​ത്തിൽ യഹോ​വ​യു​ടെ ജനത്തി​നി​ട​യി​ലെ ആത്മീയ​വ​ളർച്ച ത്വരി​ത​ഗ​തി​യി​ലാ​ണെന്നു സംശയ​ലേ​ശ​മെ​ന്യേ പറയാ​നാ​കും. നൂതന സങ്കേതി​ക​വി​ദ്യ​കൾ അതിന്‌ വലി​യൊ​രു സഹായ​മാണ്‌. ഭരണസം​ഘ​ത്തി​ന്റെ അംഗീ​കാ​ര​ത്തോ​ടെ ഇപ്പോൾ, ലോക​മെ​മ്പാ​ടു​മുള്ള ബ്രാഞ്ചു​കൾക്ക്‌ പ്രയോ​ജ​ന​പ്പെ​ടു​ത്താ​നാ​കുന്ന ഒരു അഡ്‌മി​നി​സ്‌​ട്രേഷൻ സോഫ്‌റ്റ്‌വെയർ സിസ്റ്റം വികസി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു.

ഇതിനു​വേ​ണ്ടി പ്രവർത്തിച്ച സംഘം ദക്ഷിണാ​ഫ്രിക്ക ബ്രാഞ്ചി​ലാ​യി​രു​ന്നു. എന്നാൽ അടുത്ത​കാ​ലത്ത്‌ അവരെ ബ്രുക്ലി​നി​ലുള്ള ലോകാ​സ്ഥാ​ന​ത്തേക്കു മാറ്റി. സോഫ്‌റ്റ്‌വെയർ സിസ്റ്റത്തി​ന്റെ കാര്യ​ക്ഷമത ഉറപ്പു​വ​രു​ത്തു​ക​യും നവീക​രി​ക്കു​ക​യും മറ്റുമാണ്‌ അവരുടെ ചുമതല. റീജി​യണൽ സപ്പോർട്ട്‌ സെന്ററു​ക​ളാ​യി പ്രവർത്തി​ക്കുന്ന 20-ഓളം ബ്രാഞ്ചു​കൾ അടുത്തുള്ള മറ്റു ബ്രാഞ്ചു​കളെ പ്രസ്‌തുത സോഫ്‌റ്റ്‌വെയർ പ്രയോ​ജ​ന​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്നു.

ഇതു​കൊണ്ട്‌ എന്തു ഗുണമു​ണ്ടാ​യി? എല്ലാ ബ്രാഞ്ചു​ക​ളും ഒരേ സോഫ്‌റ്റ്‌വെയർ ഉപയോ​ഗി​ക്കു​ന്ന​തി​നാൽ പരസ്‌പരം വിവരങ്ങൾ കൈമാ​റാൻ സാധി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മറ്റു ബ്രാഞ്ചു​ക​ളിൽ ഏതെല്ലാം സാഹി​ത്യ​ങ്ങൾ സ്റ്റോക്കു​ണ്ടെന്ന്‌ പ്രിന്റിങ്‌ നടക്കുന്ന ബ്രാഞ്ചു​കൾക്കെ​ല്ലാം അറിയാ​നാ​കും. ഒരു ബ്രാഞ്ചിൽ ഏതെങ്കി​ലു​മൊ​രു പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ സ്റ്റോക്ക്‌ അധികം ഉണ്ടെങ്കിൽ മറ്റൊരു ബ്രാഞ്ചിന്‌ അത്‌ ആവശ്യ​പ്പെ​ടാ​നാ​കും; പുതി​യ​താ​യി അത്‌ അച്ചടി​ക്കേണ്ട കാര്യ​മില്ല! മുമ്പ്‌ വയലിൽനി​ന്നു ലഭിച്ചി​ട്ടുള്ള സാഹിത്യ അപേക്ഷ​ക​ളു​ടെ അടിസ്ഥാ​ന​ത്തിൽ ഭാവി​യിൽ ആവശ്യ​മാ​യി​വ​രുന്ന സാഹി​ത്യ​ങ്ങൾ തിട്ട​പ്പെ​ടു​ത്താ​നും ഈ സോഫ്‌റ്റ്‌വെ​യ​റി​ന്റെ സഹായ​ത്തോ​ടെ സാധി​ക്കും. ബ്രാഞ്ചു​ക​ളിൽ സാഹി​ത്യ​ങ്ങൾ കുന്നു​കൂ​ടു​ന്നതു തടയാൻ ഇതുമൂ​ലം സാധി​ക്കു​ന്നു.

സാഹി​ത്യ​ത്തി​ന്റെ​യും മാസി​ക​യു​ടെ​യും മറ്റും ഓർഡ​റു​കൾ കൈകാ​ര്യം​ചെ​യ്യുക, വാർഷിക വയൽസേവന റിപ്പോർട്ടു​കൾ ക്രോ​ഡീ​ക​രി​ക്കുക, സമ്മേള​ന​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും ക്രമീ​ക​രി​ക്കുക, സഞ്ചാര മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും പ്രത്യേക പയനി​യർമാ​രു​ടെ​യും രേഖക​ളും മറ്റും കൈകാ​ര്യം ചെയ്യുക തുടങ്ങി ബെഥേ​ലിൽ നടക്കുന്ന മറ്റു ജോലി​ക​ളും കാര്യ​ക്ഷ​മ​മാ​യി ചെയ്യാൻ ഈ പ്രോ​ഗ്രാം സഹായി​ക്കു​ന്നു. സാധന​സാ​മ​ഗ്രി​കൾ വാങ്ങുക, കണക്കുകൾ കൈകാ​ര്യം ചെയ്യുക, സാധന​ങ്ങ​ളു​ടെ ഇനവി​വ​ര​പ്പ​ട്ടിക സൂക്ഷി​ക്കുക തുടങ്ങിയ കാര്യ​ങ്ങ​ളി​ലും ഈ സോഫ്‌റ്റ്‌വെയർ പ്രയോ​ജ​ന​ക​ര​മാണ്‌. ഇതു വികസി​പ്പി​ച്ചെ​ടു​ത്ത​തു​കൊണ്ട്‌ മാർക്ക​റ്റിൽ ലഭ്യമായ ചെല​വേ​റിയ സോഫ്‌റ്റ്‌വെ​യ​റു​കളെ നമുക്ക്‌ അധികം ആശ്രയി​ക്കേ​ണ്ടി​വ​രു​ന്നില്ല.

ആത്മീയ പ്രകാശം ഓൺ​ലൈ​നി​ലൂ​ടെ

സൂര്യ​പ്ര​കാ​ശം ഭൂമി​യു​ടെ മുക്കി​ലും​മൂ​ല​യി​ലും എത്തുന്ന​തു​പോ​ലെ, യഹോ​വ​യു​ടെ ജനം പ്രകാ​ശി​പ്പി​ക്കുന്ന ആത്മീയ “വെളിച്ചം” ഇന്ന്‌ ഭൂമി​യു​ടെ അറ്റംവ​രെ​യും എത്തുന്നു. (മത്താ. 5:16) വിദൂരസ്ഥ പ്രദേ​ശ​ങ്ങ​ളിൽ ആത്മീയ വെളിച്ചം എത്തിക്കു​ന്ന​തിൽ ഏറ്റവും ഫലപ്ര​ദ​മെന്നു തെളി​ഞ്ഞി​ട്ടുള്ള ഒരു ഉപാധി​യാണ്‌ നമ്മുടെ ഔദ്യോ​ഗിക വെബ്‌സൈറ്റ്‌, www.watchtower.org. ഏതാണ്ട്‌ 383 ഭാഷക​ളിൽ ലഘു​ലേ​ഖ​ക​ളും ലഘുപ​ത്രി​ക​ക​ളും മാസി​ക​ക​ളിൽനി​ന്നുള്ള ലേഖന​ങ്ങ​ളും 11 ഭാഷക​ളിൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക ഭാഷാ​ന്ത​ര​വും ഈ വെബ്‌​സൈ​റ്റിൽ ലഭ്യമാണ്‌. മൊത്തം 700-ലധികം ലേഖനങ്ങൾ ഇതിലുണ്ട്‌. ആഴ്‌ച​തോ​റും പുതു​ക്കുന്ന ഹോം​പേ​ജിൽ, പ്രസക്ത​മായ വിഷയ​ങ്ങളെ ആധാര​മാ​ക്കി അടുത്ത​യി​ടെ പ്രസി​ദ്ധീ​ക​രിച്ച ലേഖനങ്ങൾ കാണാം. വ്യത്യസ്‌ത ഭാഷക​ളിൽ അച്ചടി​ക്ക​പ്പെ​ടുന്ന പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഓൺ​ലൈ​നി​ലൂ​ടെ ലഭിക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

യു.എസ്‌.എ.-യിലെ ഫ്‌ളോ​റി​ഡ​യിൽ താമസി​ക്കുന്ന പാറ്റിന്റെ അഭി​പ്രാ​യ​ത്തിൽ മറ്റുഭാ​ഷ​ക​ളിൽ സാഹി​ത്യ​ങ്ങൾ ലഭിക്കാ​നുള്ള ഏറ്റവും എളുപ്പ​മാർഗ​മാണ്‌ വെബ്‌​സൈറ്റ്‌. അവർ പറയുന്നു: “സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യു​ടെ ഇംഗ്ലീ​ഷി​ലുള്ള കോപ്പി​കൾ വിതര​ണം​ചെ​യ്‌ത​ശേഷം, വെബ്‌​സൈ​റ്റിൽനിന്ന്‌ ആ ലഘു​ലേ​ഖ​യു​ടെ മറ്റു ഭാഷക​ളി​ലുള്ള പ്രിന്റു​കൾ ഞാൻ എടുത്തു. ഇംഗ്ലീ​ഷി​ലുള്ള കോപ്പി​കൾ സ്വീക​രിച്ച ചിലർക്ക്‌ വേറെ​യും ഭാഷകൾ അറിയാ​മാ​യി​രു​ന്നു. അവർക്കു നൽകാ​നാ​യി​രു​ന്നു അത്‌.” എന്തായി​രു​ന്നു ഫലം?

ഒരു ചെറിയ കട നടത്തു​ക​യാ​യി​രുന്ന ഒരു സ്‌ത്രീക്ക്‌ പാറ്റ്‌ തായ്‌ ഭാഷയി​ലുള്ള ഒരു ലഘുലേഖ കൊടു​ത്തു. അത്ര വേഗം തായ്‌ ഭാഷയി​ലുള്ള ലഘു​ലേ​ഖ​യു​മാ​യി പാറ്റ്‌ വരു​മെന്ന്‌ അവർ പ്രതീ​ക്ഷി​ച്ച​തേ​യില്ല. സ്വന്തം ഭാഷയി​ലുള്ള ലഘുലേഖ കണ്ടപ്പോൾ അവർക്കു സന്തോ​ഷ​മാ​യി. വെബ്‌​സൈറ്റ്‌ സന്ദർശി​ക്ക​ണ​മെന്ന ആഗ്രഹം പ്രകടി​പ്പിച്ച ആ സ്‌ത്രീ​ക്കും സാധനങ്ങൾ വാങ്ങാൻ വന്ന മറ്റുള്ള​വർക്കും പാറ്റ്‌ നമ്മുടെ വെബ്‌​സൈ​റ്റി​ന്റെ മേൽവി​ലാ​സം പറഞ്ഞു​കൊ​ടു​ത്തു. സംഭാ​ഷണം തുട​രേ​ണ്ട​തിന്‌ അവരി​ലൊ​രാൾ പാറ്റിനെ വീട്ടി​ലേക്കു ക്ഷണിക്കു​ക​പോ​ലും ചെയ്‌തു. വ്യത്യസ്‌ത ഭാഷക​ളി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ ഏതാനും പേജുകൾ വെബ്‌​സൈ​റ്റിൽനിന്ന്‌ പ്രിന്റു​ചെ​യ്യു​ന്നത്‌ നല്ലതാ​ണെന്ന്‌ പലരും കണ്ടെത്തി​യി​രി​ക്കു​ന്നു. ബൈബി​ളിൽ താത്‌പ​ര്യം കാണി​ക്കുന്ന അന്യഭാ​ഷ​ക്കാ​രെ സഹായി​ക്കാൻ അതു പ്രയോ​ജ​ന​ക​ര​മാണ്‌!

കഴിഞ്ഞ വർഷം 24 ദശലക്ഷ​ത്തി​ല​ധി​കം പേരാണ്‌ നമ്മുടെ വെബ്‌​സൈറ്റ്‌ സന്ദർശി​ച്ചത്‌. 2007 മുതലി​ങ്ങോട്ട്‌ സന്ദർശ​ക​രു​ടെ എണ്ണം 33 ശതമാനം വർധി​ച്ചി​രി​ക്കു​ന്നു. ലോക​ത്തി​ന്റെ വ്യത്യസ്‌ത കോണു​ക​ളിൽനി​ന്നുള്ള നിരവ​ധി​പേർ, ആരെങ്കി​ലും തങ്ങളെ സന്ദർശി​ക്കു​ന്ന​തി​നോ ഭവന​ബൈ​ബി​ള​ധ്യ​യ​ന​ത്തി​നോ ഉള്ള കൂപ്പൺ പൂരി​പ്പി​ച്ച​യ​യ്‌ക്കു​ന്നുണ്ട്‌. ഒറ്റപ്പെട്ട ദ്വീപു​ക​ളിൽനി​ന്നു​ള്ള​വ​രും അതിൽപ്പെ​ടു​ന്നു. 2007 മുതലി​ങ്ങോട്ട്‌ ലഭിച്ച ഇലക്‌​ട്രോ​ണിക്‌ കൂപ്പണു​ക​ളു​ടെ എണ്ണത്തിൽ ഏതാണ്ട്‌ 55 ശതമാ​ന​ത്തി​ന്റെ വർധന​യുണ്ട്‌. അതെ, സ്വർഗ​സ്ഥ​നായ പിതാ​വിന്‌ മഹത്ത്വ​മേ​റ്റി​ക്കൊണ്ട്‌ ഇന്ന്‌ ഭൂമി​യു​ടെ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽപ്പോ​ലും ആത്മീയ പ്രകാശം വിളങ്ങു​ക​യാണ്‌.—മത്താ. 5:16.

www.watchtower.org എന്ന വെബ്‌​സൈ​റ്റി​നു​പു​റമേ നമുക്ക്‌ www.pr418.com എന്നൊരു വെബ്‌​സൈ​റ്റും​കൂ​ടെ​യുണ്ട്‌. ഇതിൽ പ്രധാ​ന​പ്പെട്ട ചില പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്‌. എന്താണ്‌ ഇതിന്റെ പ്രയോ​ജ​നങ്ങൾ?

യു.എസ്‌.എ.-യിലെ മിസൗ​റി​യിൽ താമസി​ക്കുന്ന ട്രിഷ പറയുന്നു: “വ്യാഴാഴ്‌ച ആകാൻ ഞാൻ കാത്തി​രി​ക്കും.” കാരണം? സാധാ​ര​ണ​ഗ​തി​യിൽ വ്യാഴാ​ഴ്‌ച​യാണ്‌ www.pr418.com -ൽനിന്ന്‌ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും പുതിയ ലക്കങ്ങളു​ടെ റെക്കോർഡി​ങ്ങു​കൾ ഡൗൺലോഡ്‌ ചെയ്യാൻ അവൾക്കു സാധി​ക്കു​ന്നത്‌. ആത്മീയ വിഭവ​ങ്ങ​ളു​ടെ കലവറ​യായ ഈ വെബ്‌​സൈറ്റ്‌ കൂടെ​ക്കൂ​ടെ സന്ദർശി​ക്കുന്ന ആയിര​ക്ക​ണ​ക്കി​നു സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രുണ്ട്‌. മാസി​കകൾ, ബൈബിൾ, നാടകങ്ങൾ, പുസ്‌ത​കങ്ങൾ, ലഘുപ​ത്രി​കകൾ, ലഘു​ലേ​ഖകൾ എന്നിവ​യു​ടെ ഓഡി​യോ റെക്കോർഡി​ങ്ങു​കൾ അവർ ഡൗൺലോഡ്‌ ചെയ്യുന്നു. 27 ഭാഷക​ളിൽ അവ ലഭ്യമാണ്‌. അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യി​ലുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും രണ്ടുതരം വീഡി​യോ ഫോർമാ​റ്റിൽ ലഭ്യമാണ്‌.

ആരൊ​ക്കെ​യാണ്‌ ഈ വെബ്‌​സൈ​റ്റിൽനിന്ന്‌ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോഡ്‌ ചെയ്യു​ന്നത്‌? മുഖ്യ​മാ​യും 200-ലധികം രാജ്യ​ങ്ങ​ളി​ലുള്ള നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ. സാക്ഷി​ക​ള​ല്ലാ​ത്ത​വ​രും ഇത്‌ പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്നുണ്ട്‌. നമ്മുടെ വേലയ്‌ക്ക്‌ നിയ​ന്ത്രണം ഏർപ്പെ​ടു​ത്തി​യി​ട്ടുള്ള രാജ്യ​ങ്ങ​ളിൽനി​ന്നു​ള്ള​വ​രും ഇതിൽപ്പെ​ടു​ന്നു. പാപ്പുവ ന്യൂഗി​നി, സെന്റ്‌ ഹെലീന, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിൽനി​ന്നു​ള്ള​വ​രും ഈ സൈറ്റി​ന്റെ നിത്യ​സ​ന്ദർശ​ക​രാണ്‌. ഈ സൈറ്റ്‌ സഹോ​ദ​ര​ങ്ങൾക്ക്‌ എങ്ങനെ​യാണ്‌ പ്രയോ​ജനം ചെയ്യു​ന്നത്‌? ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യു​ടെ കാര്യം​ത​ന്നെ​യെ​ടു​ക്കാം. അവിടെ മാസി​കകൾ എത്തി​ച്ചേ​രു​ന്ന​തിന്‌ പലപ്പോ​ഴും വളരെ​യ​ധി​കം കാലതാ​മസം നേരി​ടാ​റുണ്ട്‌. എങ്കിലും, ഒറ്റപ്പെട്ട ദ്വീപു​ക​ളി​ലെ പ്രസാ​ധ​കർക്കു​പോ​ലും അവിടെ ഇന്റർനെറ്റ്‌ ലഭ്യമാണ്‌. അതു​കൊണ്ട്‌ ഏറ്റവും പുതിയ ലക്കങ്ങൾ സൈറ്റിൽ പോസ്റ്റു​ചെ​യ്യുന്ന ദിവസം​തന്നെ അവർക്ക്‌ അതിന്റെ റെക്കോർഡി​ങ്ങു​കൾ കേൾക്കാ​നാ​കു​ന്നു.

യു.എസ്‌.എ.-യിലെ ഇല്ലി​നോ​യി​സ്സി​ലുള്ള ഒരു സഹോ​ദ​രി​യാണ്‌ ദെബോര. ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾനി​മി​ത്തം യോഗ​ങ്ങൾക്കു പോകാൻ സഹോ​ദ​രി​ക്കു ബുദ്ധി​മു​ട്ടാണ്‌. വായി​ക്കു​ന്നത്‌ ഓർത്തി​രി​ക്കാ​നും പ്രയാ​സ​മാണ്‌. സഹോ​ദരി എങ്ങനെ​യാണ്‌ പ്രശ്‌ന​ത്തി​നു പരിഹാ​രം കാണു​ന്നത്‌? അവർ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോ​ഡു ചെയ്‌ത്‌ അതു കേൾക്കു​ന്നു. സഹോ​ദരി പറയുന്നു: “എന്റെ ഓർമ​ശക്തി മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു. മാത്രമല്ല, കേൾക്കുന്ന കാര്യങ്ങൾ ആത്മവി​ശ്വാ​സ​ത്തോ​ടെ മറ്റുള്ള​വ​രു​മാ​യി സംസാ​രി​ക്കാ​നും ഇപ്പോൾ എനിക്കു സാധി​ക്കു​ന്നു.”

യു.എസ്‌.എ.-യിലെ ടെക്‌സാ​സി​ലുള്ള ഒരു ദമ്പതികൾ സൈബീ​രി​യ​യിൽനി​ന്നുള്ള ഒരു സ്‌ത്രീക്ക്‌ ബൈബി​ള​ധ്യ​യനം നടത്തു​ന്നുണ്ട്‌. റഷ്യൻ ഭാഷയി​ലുള്ള മാസി​ക​ക​ളു​ടെ ഓഡി​യോ റെക്കോർഡി​ങ്ങു​കൾ ഡൗൺലോഡ്‌ ചെയ്‌തു​കി​ട്ടു​ന്ന​തിൽ ആ സ്‌ത്രീ ഏറെ സന്തുഷ്ട​യാണ്‌. യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യി​ലുള്ള ഒരു സഹോ​ദരൻ എന്താണ്‌ ചെയ്യു​ന്ന​തെന്നു നോക്കൂ. രാവിലെ ഓടാൻ പോകു​ന്നത്‌ സഹോ​ദ​രന്റെ ഒരു പതിവാണ്‌. നമ്മുടെ മാസി​ക​ക​ളു​ടെ റെക്കോർഡി​ങ്ങു​കൾ കേട്ടു​കൊ​ണ്ടാണ്‌ സഹോ​ദരൻ ഓടു​ന്നത്‌. അതിനാ​യി സഹോ​ദരൻ ഒരു ഡിജിറ്റൽ പ്ലെയറും ഇയർഫോ​ണു​ക​ളും കൂടെ​ക്ക​രു​തു​ന്നു.

വടക്കൻ ന്യൂസി​ലൻഡി​ലുള്ള ഒരു ദമ്പതികൾ, വാരം​തോ​റു​മുള്ള യോഗ​ങ്ങ​ളിൽ ചർച്ച​ചെ​യ്യുന്ന വിവരങ്ങൾ ഡൗൺലോ​ഡു​ചെ​യ്യാ​റുണ്ട്‌. വീക്ഷാ​ഗോ​പു​ര​ത്തി​ലെ അധ്യയന ലേഖനം, “ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ,” മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്നീ പുസ്‌ത​ക​ങ്ങ​ളിൽനി​ന്നുള്ള അധ്യാ​യങ്ങൾ, ബൈബിൾ വായനാ ഭാഗം തുടങ്ങി​യ​വ​യു​ടെ ഓഡി​യോ റെക്കോർഡിങ്‌ ഡൗൺലോ​ഡു​ചെ​യ്‌ത്‌ ആഴ്‌ച​യി​ലു​ട​നീ​ളം അവർ അത്‌ കേൾക്കു​ന്നു. ഭർത്താവ്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌, “മുമ്പു ഞങ്ങൾ ഏറെ നേരവും സംസാ​രി​ച്ചി​രു​ന്നത്‌ ജോലി​യു​ടെ പിരി​മു​റു​ക്ക​ങ്ങ​ളെ​പ്പ​റ്റി​യാ​യി​രു​ന്നു; ഇപ്പോ​ഴാ​കട്ടെ ആത്മീയ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും.” ലോക​മെ​മ്പാ​ടു​മുള്ള അനേകം കുടും​ബങ്ങൾ ഇതേ രീതി പിൻപ​റ്റു​ന്നു.

ഓരോ ആഴ്‌ച​യും ആയിര​ക്ക​ണ​ക്കിന്‌ ആളുക​ളാണ്‌ ബൈബിൾ വായനാ​ഭാ​ഗം ഡൗൺലോ​ഡു ചെയ്യു​ന്നത്‌. ചൊവ്വാ​ഴ്‌ച​ക​ളി​ലാണ്‌ ഇതു കൂടുതൽ ഊർജി​ത​മാ​യി നടക്കു​ന്നത്‌. ഏറ്റവു​മ​ധി​കം ആളുകൾ ഡൗൺലോ​ഡു ചെയ്യു​ന്നത്‌ പ്രസ്‌തുത ആഴ്‌ച​യിൽ പഠിക്കാ​നുള്ള വീക്ഷാ​ഗോ​പുര ലേഖന​മാണ്‌. ഇത്‌ കൂടു​ത​ലും നടക്കു​ന്നത്‌ ശനിയാ​ഴ്‌ച​ക​ളി​ലും ഞായറാ​ഴ്‌ച​ക​ളി​ലു​മാണ്‌. ഇതിനു​പു​റമേ, മൂപ്പന്മാർക്ക്‌ സംഘട​ന​യു​ടെ ഫോറ​ങ്ങ​ളും പ്രസം​ഗ​ങ്ങ​ളു​ടെ ബാഹ്യ​രേ​ഖ​ക​ളും സൈറ്റിൽനിന്ന്‌ നേരിട്ട്‌ പ്രിന്റ്‌ ചെയ്‌തെ​ടു​ക്കാ​നാ​കും. സംഘട​ന​യ്‌ക്ക്‌ ഏറെ പണവും സമയവും അധ്വാ​ന​വും ലാഭി​ക്കു​ന്ന​തിന്‌ ഈ സൈറ്റു​കൾ ഇടയാ​ക്കു​ന്നു.

‘അത്‌ സാക്ഷ്യം നൽകാൻ അവസര​മേ​കും’

“തികഞ്ഞ ദൈവ​ഭ​ക്തി​യോ​ടും കാര്യ​ഗൗ​ര​വ​ത്തോ​ടും​കൂ​ടെ ശാന്തത​യും സമാധാ​ന​വു​മുള്ള ജീവിതം നയിക്കാൻ” ശ്രമി​ക്കു​ന്ന​വ​രാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. എങ്കിലും നമുക്ക്‌ ഉപദ്ര​വ​ങ്ങ​ളും പീഡന​ങ്ങ​ളും നേരി​ടേ​ണ്ടി​വ​രു​ന്നു. (1 തിമൊ. 2:1, 2) പക്ഷേ, അതു നമ്മെ തെല്ലും അതിശ​യി​പ്പി​ക്കു​ന്നില്ല. കാരണം തന്റെ ശിഷ്യ​ന്മാർ മറ്റുള്ള​വ​രു​ടെ വിദ്വേ​ഷ​ത്തി​നു പാത്ര​മാ​കു​മെന്ന്‌ യേശു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. അവൻ പറഞ്ഞു: “എന്റെ നാമം​നി​മി​ത്തം ആളുകൾ നിങ്ങളെ പിടി​കൂ​ടി പീഡി​പ്പി​ക്കു​ക​യും സിന​ഗോ​ഗു​ക​ളി​ലും കാരാ​ഗൃ​ഹ​ങ്ങ​ളി​ലും ഏൽപ്പി​ച്ചു​കൊ​ടു​ക്കു​ക​യും രാജാ​ക്ക​ന്മാ​രു​ടെ​യും ദേശാ​ധി​പ​തി​ക​ളു​ടെ​യും മുമ്പാകെ കൊണ്ടു​പോ​കു​ക​യും ചെയ്യും.” എന്നാൽ യേശു അവിടം​കൊണ്ട്‌ പറഞ്ഞു​നി​റു​ത്തി​യില്ല. സത്യാ​രാ​ധന തുടച്ചു​നീ​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ അഴിച്ചു​വി​ടുന്ന പീഡനങ്ങൾ വിപരീ​ത​ഫലം ഉളവാ​ക്കു​മെ​ന്നും​കൂ​ടെ അവൻ സൂചി​പ്പി​ച്ചു. അവൻ പറഞ്ഞു: “നിങ്ങൾക്കത്‌ സാക്ഷ്യം നൽകാൻ അവസര​മേ​കും.”—ലൂക്കോ. 21:12, 13, 17.

യേശു പറഞ്ഞതു​പോ​ലെ​തന്നെ ഇന്നു പലയി​ട​ത്തും യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അന്യായം നേരി​ടേ​ണ്ടി​വ​രു​ന്നു; എങ്കിലും പ്രത്യാ​ശ​യ്‌ക്കു വക നൽകുന്ന കാര്യ​ങ്ങ​ളു​മുണ്ട്‌. പല രാജ്യ​ങ്ങ​ളി​ലും സാക്ഷി​കൾക്ക്‌ അനുകൂ​ല​മായ കോടതി വിധി​ക​ളു​ണ്ടാ​യി. വീടു​തോ​റും പ്രസം​ഗി​ക്കാ​നുള്ള അവകാശം, സ്വത​ന്ത്ര​മാ​യി ആരാധ​ന​യ്‌ക്കു കൂടി​വ​രാ​നുള്ള അവകാശം തുടങ്ങി തങ്ങളുടെ നിയമ​പ​ര​മായ അവകാ​ശങ്ങൾ ആ സഹോ​ദ​ര​ങ്ങൾക്ക്‌ സ്ഥാപി​ച്ചു​കി​ട്ടി. തടസ്സങ്ങൾ പൂർണ​മാ​യി മാറി​യി​ട്ടി​ല്ലെ​ങ്കി​ലും, നമ്മുടെ പ്രവർത്ത​നങ്ങൾ തികച്ചും മതപര​മാ​ണെന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടുന്ന ശ്രദ്ധേ​യ​മായ കോട​തി​വി​ധി​ക​ളാണ്‌ ഈ വർഷം നമുക്കു ലഭിച്ചത്‌.

ഓസ്‌ട്രിയ

ഓസ്‌ട്രി​യ​യി​ലെ വിദ്യാ​ഭ്യാ​സ-കലാ-സാംസ്‌കാ​രിക വകുപ്പ്‌ 2009 മേയിൽ യഹോ​വ​യു​ടെ സാക്ഷി​കളെ ഒരു മതവി​ഭാ​ഗ​മാ​യി അംഗീ​ക​രി​ച്ചു—ലഭിക്കാ​വു​ന്ന​തി​ലേ​ക്കും വലിയ അംഗീ​കാ​ര​മാ​യി​രു​ന്നു അത്‌. ഈ അംഗീ​കാ​രം നേടി​യെ​ടു​ക്കാൻ 30 വർഷമാ​യി സഹോ​ദ​രങ്ങൾ അക്ഷീണം യത്‌നി​ക്കു​ക​യാ​യി​രു​ന്നു. ഓസ്‌ട്രി​യ​യിൽ ഈ പദവി ലഭിക്കുന്ന 14-ാമത്തെ മതസം​ഘ​ട​ന​യാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ. 2008 ജൂ​ലൈ​യിൽ പുറ​പ്പെ​ടു​വിച്ച വിധി​ക്കു​പു​റമേ ഓസ്‌ട്രി​യ​യി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ അനുകൂ​ല​മായ മൂന്നു വിധി​കൾകൂ​ടി യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി പ്രസ്‌താ​വി​ച്ചു. യഹോ​വ​യു​ടെ സാക്ഷികൾ ഒരു അംഗീ​കൃത മതസം​ഘ​ട​ന​യാ​ണെന്ന്‌ അസന്ദി​ഗ്‌ധ​മാ​യി സ്ഥാപി​ക്കു​ന്ന​താണ്‌ ഈ വിധികൾ.

ദക്ഷിണാഫ്രിക്ക

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ സൗത്ത്‌ ആഫ്രി​ക്ക​യ്‌ക്കും സൗത്ത്‌ ആഫ്രിക്ക ബെഥേ​ലിൽ സേവി​ക്കുന്ന പ്രത്യേക മുഴു​സമയ ശുശ്രൂ​ഷ​കർക്കും വേണ്ടി 2005-ൽ അവിടത്തെ ലേബർ കോർട്ടിൽ ഒരു കേസ്‌ ഫയൽ ചെയ്‌തി​രു​ന്നു. ദക്ഷിണ ആഫ്രി​ക്ക​യി​ലെ തൊഴിൽ വകുപ്പാ​യി​രു​ന്നു പ്രതി​സ്ഥാ​നത്ത്‌. ബെഥേൽ അംഗങ്ങളെ വേതനം​പറ്റി ജോലി ചെയ്യു​ന്ന​വ​രു​ടെ ഗണത്തിൽ പെടു​ത്ത​രു​തെന്ന അഭ്യർഥ​ന​യു​മാ​യാണ്‌ കോട​തി​യെ സമീപി​ച്ചത്‌. അത്‌ ശരി​വെ​ച്ചു​കൊണ്ട്‌ 2009 മാർച്ചിൽ ലേബർ കോർട്ടിൽനിന്ന്‌ അനുകൂ​ല​മായ വിധി​യു​ണ്ടാ​യി. ബെഥേ​ലിൽ നടക്കുന്ന പ്രവർത്ത​നങ്ങൾ തികച്ചും മതപര​മാ​ണെ​ന്നും വിധി​ന്യാ​യ​ത്തിൽ പ്രസ്‌താ​വി​ക്കു​ന്നുണ്ട്‌.

യുഗാണ്ട

2007-ൽ യുഗാണ്ട റവന്യൂ അതോ​റി​റ്റി (യുആർഎ) ഒരു ഉത്തരവ്‌ പുറ​പ്പെ​ടു​വി​ച്ചു: യുഗാ​ണ്ട​യി​ലെ ആദായ​നി​കു​തി നിയമ​പ്ര​കാ​രം വേതനം​പറ്റി ജോലി​ചെ​യ്യു​ന്ന​വ​രു​ടെ ഗണത്തിൽപ്പെ​ടു​ന്ന​വ​രാണ്‌ യുഗാണ്ട ബെഥേ​ലിൽ സേവി​ക്കുന്ന പ്രത്യേക മുഴു​സമയ ശുശ്രൂ​ഷകർ. ഈ ഉത്തരവി​നെ​തി​രെ ഇന്റർനാ​ഷണൽ ബൈബിൾ സ്റ്റുഡന്റ്‌സ്‌ അസോ​സി​യേഷൻ (ഐബി​എസ്‌എ) യുഗാ​ണ്ട​യി​ലെ ഹൈ​ക്കോ​ട​തി​യെ സമീപി​ച്ചു. യുഗാണ്ട ബെഥേ​ലിൽ സേവി​ക്കു​ന്നവർ വേതനം​പറ്റി ജോലി ചെയ്യു​ന്ന​വ​ര​ല്ലെന്ന്‌ കണ്ടെത്തിയ കോടതി 2009 ജൂണിൽ ഐബി​എ​സ്‌എ​യ്‌ക്ക്‌ അനുകൂ​ല​മായ വിധി പുറ​പ്പെ​ടു​വി​ച്ചു. ബെഥേ​ലിൽ അവർ ഏതു ജോലി ചെയ്‌താ​ലും​ശരി ഒരേ ഭക്ഷണവും താമസ​സൗ​ക​ര്യ​വും മറ്റുമാണ്‌ അവർക്കു ലഭിക്കു​ന്ന​തെന്ന കാര്യം കോടതി പ്രത്യേ​കം പരിഗ​ണി​ച്ചു. ബെഥേ​ലം​ഗങ്ങൾ മതപര​മായ പ്രവർത്ത​ന​ങ്ങ​ളി​ലും ജീവകാ​രു​ണ്യ​പ്ര​വർത്ത​ന​ങ്ങ​ളി​ലും ഏർപ്പെ​ടുന്ന മതശു​ശ്രൂ​ഷ​ക​രെ​ന്ന​നി​ല​യിൽ അവരുടെ അത്യാ​വ​ശ്യ​ങ്ങൾ നടന്നു​പോ​കു​ന്ന​തി​നു​മാ​ത്ര​മുള്ള സഹായമേ അവർക്കു ലഭിക്കു​ന്നു​ള്ളൂ എന്നും കോടതി എടുത്തു​പ​റഞ്ഞു.

അർമേനിയ

മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനി​ക​സേ​വ​ന​ത്തി​നു വിസമ്മ​തി​ക്കുന്ന സഹോ​ദ​ര​ന്മാ​രെ അറസ്റ്റു​ചെ​യ്‌ത്‌ ജയിലി​ല​ട​യ്‌ക്കുന്ന രീതി അധികാ​രി​കൾ ഇപ്പോ​ഴും തുടരു​ന്നു. 2009 ആഗസ്റ്റിലെ കണക്കനു​സ​രിച്ച്‌ 74 സഹോ​ദ​ര​ന്മാ​രാണ്‌ ജയിൽവാ​സ​മ​നു​ഭ​വി​ക്കു​ന്നത്‌. അർമേ​നി​യ​യി​ലെ കോട​തി​കൾ പുറ​പ്പെ​ടു​വിച്ച വിധി​ക​ളെ​ല്ലാം സഹോ​ദ​ര​ന്മാർക്ക്‌ എതിരാ​യി​രു​ന്ന​തി​നാൽ പരിഹാ​രം തേടി യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യിൽ നാലു​നി​വേ​ദ​നങ്ങൾ സമർപ്പി​ച്ചി​ട്ടുണ്ട്‌. മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നു വരുന്ന സാഹി​ത്യ​ങ്ങ​ളു​ടെ​മേൽ ഗവൺമെന്റ്‌ അന്യായ നികു​തി​യാണ്‌ ചുമത്തു​ന്നത്‌. ഈ സ്ഥിതിക്ക്‌ മാറ്റം​വ​ന്നാ​ലും ഇല്ലെങ്കി​ലും നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ സമൃദ്ധ​മായ ആത്മീയ​ഭ​ക്ഷണം തുടർന്നും ലഭിക്കു​മെന്ന്‌ നമുക്കു​റ​പ്പുണ്ട്‌.—യെശ. 65:13.

അസർബൈജാൻ

ഇവിടെ സഹോ​ദ​ര​ങ്ങ​ളു​ടെ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തി​ന്മേ​ലുള്ള ഗവൺമെ​ന്റി​ന്റെ കൈക​ടത്തൽ കൂടി​ക്കൂ​ടി​വ​രു​ക​യാണ്‌. തത്‌ഫ​ല​മാ​യി ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​ന്ന​തും സാഹി​ത്യ​ങ്ങൾ ലഭിക്കു​ന്ന​തു​മെ​ല്ലാം സഹോ​ദ​ര​ങ്ങൾക്ക്‌ ഒന്നി​നൊന്ന്‌ ബുദ്ധി​മു​ട്ടാ​യി​ത്തീർന്നി​രി​ക്കു​ന്നു. സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽവെച്ചു നടത്തുന്ന യോഗങ്ങൾ പോലീസ്‌ റെയ്‌ഡു ചെയ്യു​ന്ന​തും സഹോ​ദ​ര​ങ്ങളെ മണിക്കൂ​റു​ക​ളോ​ളം കസ്റ്റഡി​യിൽ വെക്കു​ന്ന​തു​മെ​ല്ലാം ഇവിടെ തുടർക്ക​ഥ​യാ​യി​രി​ക്കു​ക​യാണ്‌. തലസ്ഥാ​ന​മായ ബാക്കൂ​വി​ലൊ​ഴി​കെ മറ്റു നഗരങ്ങ​ളി​ലൊ​ന്നും സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​ര​മില്ല എന്ന ന്യായ​മാണ്‌ പോലീസ്‌ അതിനു പറയു​ന്നത്‌. എന്നാൽ സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രു​ന്ന​തിന്‌ നിയമ​പ്ര​കാ​രം റജിസ്‌​ട്രേഷൻ ആവശ്യ​മില്ല എന്നതാണ്‌ വാസ്‌തവം. സാക്ഷി​കൾക്ക്‌ രാജ്യ​മെ​ങ്ങും നിയമാം​ഗീ​കാ​രം ലഭിക്കു​ന്ന​തി​നുള്ള ഒരു അപേക്ഷ 2009 ഏപ്രിൽ 9-ന്‌ ഗവൺമെ​ന്റി​നു സമർപ്പി​ച്ചു. ഗവൺമെ​ന്റി​ന്റെ ഭാഗത്തു​നിന്ന്‌ അനുകൂ​ല​മായ നടപടി​യു​ണ്ടാ​കു​മെ​ന്നും അവിടത്തെ സഹോ​ദ​ര​ങ്ങ​ളു​ടെ ദുരി​ത​ങ്ങൾക്ക്‌ ഒരയവ്‌ വരു​മെ​ന്നു​മുള്ള പ്രതീ​ക്ഷ​യി​ലാണ്‌ ഞങ്ങൾ.

ഈജിപ്‌റ്റ്‌

നമ്മുടെ പ്രവർത്ത​ന​ങ്ങൾക്കു നിയമാം​ഗീ​കാ​രം നേടി​യെ​ടു​ക്കാൻ, കഴിഞ്ഞ മൂന്നു​വർഷ​മാ​യി പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാ​രും അതു​പോ​ലെ​തന്നെ ബെൽജി​യം, ഇറ്റലി, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളി​ലെ സഹോ​ദ​ര​ന്മാ​രും നിരന്തരം ശ്രമി​ക്കു​ക​യാ​യി​രു​ന്നു. പലപ്രാ​വ​ശ്യം അവർ അധികാ​രി​കളെ ചെന്നു​കണ്ട്‌ സംസാ​രി​ച്ചു. തത്‌ഫ​ല​മാ​യി, സ്വകാ​ര്യ​ഭ​വ​ന​ങ്ങ​ളിൽ ആരാധ​ന​യ്‌ക്കാ​യി കൂടി​വ​രാ​നുള്ള സ്വാത​ന്ത്ര്യം ഈജി​പ്‌റ്റി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ അനുവ​ദി​ച്ചു​കി​ട്ടി. (കൂടി​വ​രു​ന്ന​വ​രു​ടെ എണ്ണം 30-ൽ കവിയാൻ പാടി​ല്ലെ​ന്നു​മാ​ത്രം.) എങ്കിലും ഇപ്പോ​ഴും സഹോ​ദ​ര​ങ്ങൾക്ക്‌ ചില പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​ന്നുണ്ട്‌. ദേശീയ സുരക്ഷാ വകുപ്പ്‌ സഹോ​ദ​ര​ങ്ങ​ളു​ടെ നീക്കങ്ങൾ അടുത്തു നിരീ​ക്ഷി​ക്കു​ക​യും നിനച്ചി​രി​ക്കാ​തെ അവരെ ചോദ്യം​ചെ​യ്യു​ക​യും ഭീഷണി​പ്പെ​ടു​ത്തു​ക​യു​മൊ​ക്കെ ചെയ്യുന്നു. ഈ സാഹച​ര്യ​ത്തിൽ സഹോ​ദ​ര​ന്മാർ അധികൃ​തരെ നേരിൽ കണ്ട്‌ സംസാ​രി​ക്കു​ക​യു​ണ്ടാ​യി. കൂടാതെ കോടതി മുഖേന നിയമാം​ഗീ​കാ​രം നേടി​യെ​ടു​ക്കാ​നുള്ള ശ്രമങ്ങ​ളും നടന്നു​വ​രു​ന്നു.

എറിട്രിയ

2009 ജൂൺ 28-ന്‌ ഇവി​ടെ​യുള്ള ഒരു സഭയിലെ 23 പേരെ അധികാ​രി​കൾ അറസ്റ്റു​ചെ​യ്‌തു. പ്രായം​ചെന്ന സഹോ​ദ​രി​മാ​രും രണ്ടിനും നാലി​നും ഇടയ്‌ക്ക്‌ പ്രായ​മുള്ള മൂന്നു​കു​ട്ടി​ക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. മനുഷ്യാ​വ​കാ​ശങ്ങൾ ചവിട്ടി​മെ​തി​ക്കുന്ന ഒരു നടപടി​യാ​യി​രു​ന്നു അത്‌. പ്രായം​ചെന്ന സഹോ​ദ​രി​മാ​രെ പിന്നീട്‌ മോചി​പ്പി​ച്ചെ​ങ്കി​ലും കുഞ്ഞുങ്ങൾ ഇപ്പോ​ഴും അവരുടെ അമ്മമാ​രോ​ടൊ​പ്പം ജയിലി​ലാണ്‌. അവരുടെ അച്ഛന്മാ​രാ​കട്ടെ ജയിലി​ലാ​യിട്ട്‌ വളരെ​ക്കാ​ല​മാ​യി. അങ്ങനെ ഒന്നൊ​ഴി​യാ​തെ എല്ലാ കുടും​ബാം​ഗ​ങ്ങ​ളും ഇപ്പോൾ ജയിൽവാ​സ​മ​നു​ഭ​വി​ക്കു​ക​യാണ്‌. ഇതോടെ തടവി​ലുള്ള നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ എണ്ണം 64 ആയി. അക്കൂട്ട​ത്തിൽ, സൈനിക സേവന​ത്തി​നു വിസമ്മ​തി​ച്ച​തി​ന്റെ പേരിൽ 1994 മുതൽ ജയിൽവാ​സ​മ​നു​ഭ​വി​ക്കുന്ന 3 സഹോ​ദ​ര​ന്മാ​രു​മുണ്ട്‌. ഏതു നിയമം ലംഘി​ച്ച​തി​ന്റെ പേരി​ലാണ്‌ ശിക്ഷ അനുഭ​വി​ക്കു​ന്ന​തെന്ന്‌ അവരോ​ടു വ്യക്തമാ​ക്കി​യി​ട്ടില്ല.

ഇന്ത്യ

പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രുന്ന നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ ജനക്കൂട്ടം കയ്യേറ്റം​ചെയ്‌ത പല സംഭവ​ങ്ങ​ളും കഴിഞ്ഞ ഏതാനും വർഷങ്ങ​ളിൽ ഇവിടെ ഉണ്ടായി. പോരാ​ത്ത​തിന്‌ വാക്കാ​ലുള്ള അധി​ക്ഷേപം, ശാരീ​രിക ഉപദ്ര​വങ്ങൾ, തടവു​ശിക്ഷ എന്നിങ്ങനെ പലതും അവർക്കു സഹി​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. സഹോ​ദ​ര​ങ്ങ​ളു​ടെ കൈവ​ശ​മു​ണ്ടാ​യി​രുന്ന സാഹി​ത്യ​ങ്ങൾ ചില​പ്പോൾ കത്തിച്ചു​ക​ള​ഞ്ഞി​ട്ടു​മുണ്ട്‌. പ്രശ്‌ന​ങ്ങ​ളു​ണ്ടായ മിക്ക അവസര​ങ്ങ​ളി​ലും ജനക്കൂ​ട്ട​ത്തി​ന്റെ മർദന​മേറ്റ സഹോ​ദ​ര​ങ്ങളെ അറസ്റ്റു​ചെ​യ്‌ത്‌ ജയിലി​ലാ​ക്കു​ക​യും അവർക്കെ​തി​രെ ക്രിമി​നൽകേസ്‌ ചാർജു​ചെ​യ്യു​ക​യും ചെയ്‌തു. സാക്ഷികൾ നിയമ​ലം​ഘനം നടത്തുന്നു എന്ന വ്യാജാ​രോ​പ​ണങ്ങൾ ഉന്നയിച്ച്‌ അതിന്റെ അടിസ്ഥാ​ന​ത്തിൽ അവർക്കെ​തി​രെ നടപടി​യെ​ടു​ക്കാൻ ജനക്കൂട്ടം അധികാ​രി​കളെ സ്വാധീ​നി​ക്കു​ന്നു.

2008 ഡിസം​ബ​റിൽ ഉണ്ടായ ഒരു സംഭവ​മാ​ണിത്‌. കർണാ​ട​ക​യി​ലെ കുന്താ​പു​ര​യി​ലുള്ള മൂന്നു​സാ​ക്ഷി​കൾ (അമ്മയും മകളും പത്തുവ​യ​സ്സുള്ള പേരക്കു​ട്ടി​യും) ബൈബിൾ പഠിക്കാൻ താത്‌പ​ര്യം പ്രകടി​പ്പിച്ച ഒരു സ്‌ത്രീക്ക്‌ മടക്കസ​ന്ദർശനം നടത്തു​ക​യാ​യി​രു​ന്നു. (കോനി ഗ്രാമ​ത്തി​ലാ​യി​രു​ന്നു ആ സ്‌ത്രീ​യു​ടെ വീട്‌.) കുറെ​ക്ക​ഴി​ഞ്ഞ​പ്പോൾ അഞ്ചാറ്‌ പുരു​ഷ​ന്മാർ അവി​ടെ​യെത്തി. അവർ ഈ സഹോ​ദ​രി​മാ​രെ ബലം​പ്ര​യോ​ഗിച്ച്‌ പോലീസ്‌ സ്റ്റേഷനിൽ കൊണ്ടു​പോ​യി. താമസി​യാ​തെ​തന്നെ ജനം അവിടെ തടിച്ചു​കൂ​ടി. പോലീസ്‌ ആ സഹോ​ദ​രി​മാർക്കെ​തി​രെ കേസെ​ടു​ക്കു​ക​യും ചെയ്‌തു. അതി​ക്ര​മി​ച്ചു കടന്നു, ജാതി​സ്‌പർധ ഊട്ടി​വ​ളർത്തു​ന്നു, മറ്റു മതങ്ങളെ അവഹേ​ളി​ക്കു​ന്നു എന്നിവ​യാ​യി​രു​ന്നു സഹോ​ദ​രി​മാ​രു​ടെ പേരി​ലുള്ള കുറ്റം. ഏതായാ​ലും പിന്നീട്‌ അവരെ വിട്ടയച്ചു. ഇന്ത്യയിൽ ഇത്തരം പ്രശ്‌ന​ങ്ങ​ളിൽ അകപ്പെ​ട്ടി​ട്ടുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്ക്‌ നിയമ​സ​ഹാ​യം നൽകി​വ​രു​ക​യാണ്‌.

മൊൾഡോവ

ട്രാൻസ്‌നി​സ്‌ട്രി​യ​യിൽ (ഇത്‌ മോൾഡോ​വ​യി​ലെ ഒരു തർക്ക​പ്ര​ദേ​ശ​മാണ്‌) സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ നിരോ​ധി​ക്കു​മെന്ന ഭീഷണി 12 വർഷമാ​യി നിലനിൽക്കു​ന്നു​ണ്ടെ​ങ്കി​ലും അതൊ​ന്നും അവി​ടെ​യുള്ള സഹോ​ദ​ര​ങ്ങ​ളു​ടെ തീക്ഷ്‌ണ​ത​യ്‌ക്കു മങ്ങലേൽപ്പി​ച്ചി​ട്ടില്ല. ഒട്ടനവധി വെല്ലു​വി​ളി​കൾ ഉണ്ടായി​രു​ന്നി​ട്ടും യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ പല കേസു​ക​ളി​ലും അവർക്ക്‌ അനുകൂ​ല​മായ വിധി നേടി​യെ​ടു​ക്കാ​നാ​യി. അതിന്റെ മൂന്ന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌ ഇവിടെ കൊടു​ത്തി​രി​ക്കു​ന്നത്‌: ഒർഡാഷെ ഗ്രാമ​ത്തിൽ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലേർപ്പെ​ട്ടി​രുന്ന രണ്ടുസ​ഹോ​ദ​രി​മാ​രെ അവഹേ​ളി​ക്കു​ക​യും കയ്യേറ്റം ചെയ്യു​ക​യും ചെയ്‌ത ഒരു ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​തനെ കുറ്റക്കാ​ര​നെന്നു കണ്ടെത്തി കോടതി പിഴ ഈടാക്കി; സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം ലഭിക്കു​ന്ന​തി​നോ​ടു ബന്ധപ്പെട്ട്‌ അനുകൂ​ല​മായ ഒരു ഉത്തരവ്‌ ടിറാ​സ്‌പോ​ളി​ലെ കോടതി പുറ​പ്പെ​ടു​വി​ക്കു​ക​യു​ണ്ടാ​യി; കൂടാതെ, രാജ്യ​ഹാൾ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ടി​രുന്ന സ്വമേ​ധാ​സേ​വ​കർക്കുള്ള ഭക്ഷണസാ​ധ​ന​ങ്ങ​ളു​ടെ​മേൽ നിയമ​വി​രു​ദ്ധ​മാ​യി നികുതി ചുമത്തിയ ഇൻസ്‌പെ​ക്‌ടർമാ​രു​ടെ (റിബ്‌നിറ്റ സിറ്റി ടാക്‌സ്‌ ഇൻസ്‌പെ​ക്‌ട​റേറ്റ്‌) നടപടി​ക്കെ​തി​രെ​യും കോടതി വിധി പ്രഖ്യാ​പി​ച്ചു.

കസാഖ്‌സ്ഥാൻ

ഇവിടു​ത്തെ ജനറൽ പ്രോ​സി​ക്യൂ​ട്ടേ​ഴ്‌സ്‌ ഓഫീസ്‌ ഉയർത്തിയ പ്രതി​ഷേധം നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ അനുകൂ​ല​മായ ഉത്തരവു​കൾ ലഭിക്കു​ന്ന​തി​ലാണ്‌ കലാശി​ച്ചത്‌. മുമ്പ്‌ ആറുമാ​സ​ത്തേക്ക്‌ നമ്മുടെ മതപര​മായ പ്രവർത്ത​നങ്ങൾ നിറു​ത്തി​വെ​ക്കാൻ കിസി​ലോർഡ, ഷിം​കെന്റ്‌, സാര്യാ​ഗാഷ്‌ എന്നിവി​ട​ങ്ങ​ളി​ലെ കോട​തി​കൾ ഉത്തരവി​ട്ടി​രു​ന്നു. എന്നാൽ 2008 നവംബ​റിൽ കോടതി പുറ​പ്പെ​ടു​വിച്ച ഉത്തരവു​പ്ര​കാ​രം കിസി​ലോർഡ​യി​ലും ഷിം​കെ​ന്റി​ലും അതു​പോ​ലെ കസാഖ്‌സ്ഥാ​ന്റെ തെക്കൻ പ്രദേ​ശ​ങ്ങ​ളി​ലും നമുക്ക്‌ മതസ്വാ​ത​ന്ത്ര്യം വീണ്ടും അനുവ​ദി​ച്ചു​കി​ട്ടി. കൂടാതെ 2008 ഡിസം​ബ​റിൽ, യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ നിയമാം​ഗീ​കാ​രം ലഭിക്കാ​നുള്ള അവകാ​ശ​മു​ണ്ടെന്ന്‌ അറ്റേറാ കോടതി വിധിച്ചു. നിയമാം​ഗീ​കാ​ര​ത്തി​നുള്ള നിവേ​ദ​നങ്ങൾ ഗവൺമെന്റ്‌ 7 വർഷം തുടർച്ച​യാ​യി നിരസി​ച്ച​തി​നൊ​ടു​വി​ലാണ്‌ ഈ അനുകൂല വിധി.

റഷ്യ

കഴിഞ്ഞ സേവന​വർഷം റഷ്യയി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണ​കേ​ന്ദ്ര​ത്തിൽ, പ്രോ​സി​ക്യൂ​ട്ട​റി​ന്റെ​യും മറ്റ്‌ സർക്കാർ ഉദ്യോ​ഗ​സ്ഥ​രു​ടെ​യും നേതൃ​ത്വ​ത്തിൽ പല തവണ പരി​ശോ​ധ​നകൾ നടന്നു. നമ്മുടെ മതപര​മായ പ്രവർത്ത​ന​ങ്ങൾക്കു തടയി​ടു​ക​യാ​യി​രു​ന്നു അവരുടെ ഗൂഢല​ക്ഷ്യം. റഷ്യയി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌ ദേഹോ​പ​ദ്രവം സഹി​ക്കേ​ണ്ടി​വ​രു​ന്ന​തോ​ടൊ​പ്പം നൂറു​ക​ണ​ക്കി​നു പ്രാവ​ശ്യം അടിസ്ഥാ​ന​ര​ഹി​ത​മായ ചോദ്യം​ചെ​യ്യ​ലു​കൾക്കും വിധേ​യ​രാ​കേ​ണ്ടി​വ​രു​ന്നു. അധികാ​രി​ക​ളിൽനിന്ന്‌ അവർക്ക്‌ വളരെ​യേറെ ഉപദ്ര​വങ്ങൾ സഹി​ക്കേ​ണ്ടി​വ​രു​ന്നുണ്ട്‌. ഒരിക്കൽ പോലീസ്‌ ഒരു യോഗ​സ്ഥലം അനധി​കൃ​ത​മാ​യി റെയ്‌ഡു ചെയ്‌ത​തി​നെ​ത്തു​ടർന്ന്‌ ഒരു സഹോ​ദ​രി​യു​ടെ ഗർഭം അലസി​പ്പോ​യി. യോഗ​ത്തിൽ സംബന്ധി​ക്കാ​നെ​ത്തിയ ഒരു 15 വയസ്സു​കാ​രനെ പോലീസ്‌ അന്യാ​യ​മാ​യി തടഞ്ഞു​വെച്ചു. തീവ്ര​വാ​ദ​പ്ര​വർത്ത​ന​ങ്ങൾക്കു തടയി​ടാൻ ഉദ്ദേശി​ച്ചുള്ള ഒരു നിയമ​ത്തി​ന്റെ മറപി​ടി​ച്ചാണ്‌ അധികാ​രി​കൾ പ്രാ​ദേ​ശിക സഭകൾ പിരി​ച്ചു​വി​ടു​ക​യും നമ്മുടെ സാഹി​ത്യ​ങ്ങൾക്ക്‌ നിരോ​ധനം ഏർപ്പെ​ടു​ത്തു​ക​യും ചെയ്യു​ന്നത്‌. അതി​ന്റെ​പേ​രും പറഞ്ഞ്‌ അന്യാ​യ​മായ അറസ്റ്റു​ക​ളും നാടു​ക​ട​ത്ത​ലു​മൊ​ക്കെ നടന്നു. നിയമ​സ​ഹാ​യം നൽകാൻ വിദേ​ശ​ത്തു​നി​ന്നെ​ത്തിയ നാലു​പ്ര​തി​നി​ധി​കൾക്ക്‌ രാജ്യത്തു പ്രവേ​ശി​ക്കാ​നുള്ള അനുമതി നിഷേ​ധി​ച്ച​തും അവരി​ലൊ​രാ​ളെ മോസ്‌കോ​യിൽ 23 മണിക്കൂർ കസ്റ്റഡി​യിൽ വെച്ചതും ഇതിന്റെ പേരും​പ​റ​ഞ്ഞാണ്‌.

പലയി​ട​ത്തും വാടക​ക്കെ​ട്ടി​ട​ങ്ങ​ളി​ലാണ്‌ യോഗ​ങ്ങ​ളും കൺ​വെൻ​ഷ​നു​ക​ളും നടക്കു​ന്നത്‌. എന്നാൽ ഫെഡറൽ സെക്യൂ​രി​റ്റി സർവീസ്‌ ഇടപെട്ട്‌ പല വാടക കരാറു​ക​ളും റദ്ദാക്കു​ക​യാണ്‌. പുതിയ രാജ്യ​ഹാ​ളു​കൾ പണിയു​ന്ന​തി​നും അധികൃ​തർ വിലക്ക്‌ ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. സഹോ​ദ​ര​ങ്ങൾക്കെ​തി​രെ ക്രിമി​നൽ കേസുകൾ കെട്ടി​ച്ച​മച്ച്‌ അവരെ കസ്റ്റഡി​യി​ലെ​ടു​ക്കു​ക​യും കസ്റ്റഡി​യി​ലാ​യി​രി​ക്കെ അവരെ പീഡി​പ്പി​ക്കു​ക​യും ചെയ്യു​ന്നത്‌ ഇവിടെ സാധാ​ര​ണ​മാണ്‌.

ദക്ഷിണ കൊറിയ

മനസ്സാ​ക്ഷി​പ​ര​മായ കാരണ​ത്താൽ സൈനി​ക​സേ​വനം തിരസ്‌ക​രി​ക്കു​ന്ന​വർക്ക്‌, പകരം​പൊ​തു​ജ​ന​സേ​വനം അനുവ​ദി​ച്ചു​കൊ​ടു​ക്കു​മെന്ന്‌ 2008 മേയ്‌ 7-ന്‌ ഗവൺമെന്റ്‌ പ്രഖ്യാ​പി​ച്ചി​രു​ന്നു. എന്നാൽ പിന്നീട്‌ ഗവൺമെ​ന്റി​ന്റെ നിലപാ​ടിൽ മാറ്റം​വന്നു. ജൂൺ 16-ന്‌ ഗവൺമെന്റ്‌ ഇങ്ങനെ​യൊ​രു പ്രഖ്യാ​പനം നടത്തി: ‘ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ പഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഏകകണ്‌ഠ​മായ ഒരു തീരു​മാ​ന​ത്തി​നാണ്‌ ഞങ്ങൾ ശ്രമി​ക്കു​ന്നത്‌.’ പൊതു​ജ​ന​സേ​വ​ന​ത്തെ​ക്കു​റി​ച്ചുള്ള ബില്ല്‌ കൊറി​യൻ നാഷണൽ അസംബ്ലി ഇതുവ​രെ​യും പരിഗ​ണ​ന​യ്‌ക്കെ​ടു​ത്തി​ട്ടില്ല. മുമ്പ്‌ ഇതി​നോ​ടു ബന്ധപ്പെട്ട രണ്ടുനി​വേ​ദ​ന​ങ്ങൾക്ക്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ മനുഷ്യാ​വ​കാശ കമ്മിറ്റി അനുകൂല വിധി പ്രസ്‌താ​വി​ച്ചി​രു​ന്നു. കമ്മിറ്റി​യു​ടെ തീരു​മാ​ന​വും കാത്തി​രി​ക്കു​ക​യാണ്‌ ഇപ്പോൾ ഇവിടു​ത്തെ സഹോ​ദ​രങ്ങൾ. സൈന്യ​ത്തി​ലെ ദുരൂ​ഹ​മ​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ കൊറി​യൻ പ്രസി​ഡന്റ്‌ അധികാ​ര​പ്പെ​ടു​ത്തിയ കമ്മിഷൻ 2009 ജനുവ​രി​യിൽ ഒരു കാര്യം വെളി​പ്പെ​ടു​ത്തി: 1970-കൾക്കും 1980-കൾക്കും മധ്യേ നിർബ​ന്ധിച്ച്‌ സൈന്യ​ത്തിൽ ചേർത്ത അഞ്ച്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദാരു​ണ​മായ മരണത്തി​നു പിന്നിൽ കൊറി​യൻ ഗവൺമെ​ന്റാ​യി​രു​ന്നു. ആദ്യമാ​യി​ട്ടാണ്‌, സൈന്യ​ത്തി​ലെ ഇത്തരം മരണങ്ങൾക്ക്‌ ഗവൺമെ​ന്റി​നെ ഉത്തരവാ​ദി​യാ​ക്കുന്ന വളരെ നിർണാ​യ​ക​മായ വെളി​പ്പെ​ടു​ത്തൽ ഉണ്ടാകു​ന്നത്‌.

തജികിസ്ഥാൻ

ഇവിടെ 2007-ൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മതസം​ഘ​ട​നയെ നിരോ​ധി​ച്ചു. ജർമനി​യിൽനി​ന്നു വന്ന സാഹി​ത്യ​ങ്ങൾ കസ്റ്റംസ്‌ ഓഫീ​സർമാർ കണ്ടു​കെ​ട്ടു​ക​യും ചെയ്‌തു. സൈനിക കോട​തി​യിൽ അപ്പീലി​നു പോ​യെ​ങ്കി​ലും 2008 സെപ്‌റ്റം​ബ​റിൽ അതു തള്ളി. സുപ്രീം കോട​തി​യിൽ മറ്റൊരു അപ്പീലി​നു പോയി; പക്ഷേ, വിധി നമുക്ക്‌ എതിരാ​യി​രു​ന്നു. നിരോ​ധ​ന​ത്തി​നും സാഹി​ത്യ​ങ്ങ​ളു​ടെ കണ്ടു​കെ​ട്ട​ലി​നു​മെ​ല്ലാം അനുവാ​ദം നൽകു​ന്ന​താണ്‌ ഈ വിധികൾ. ഇവി​ടെ​യുള്ള നമ്മുടെ സഹോ​ദ​ര​ങ്ങളെ സഹായി​ക്കാ​നുള്ള മറ്റു വഴികൾ തേടു​ക​യാണ്‌ ഇപ്പോൾ.

ടർക്കി

സൈനിക സേവന​ത്തോ​ടു ബന്ധപ്പെട്ട വെല്ലു​വി​ളി​ക​ളാണ്‌ ഇവി​ടെ​യുള്ള സഹോ​ദ​രങ്ങൾ നേരി​ടു​ന്നത്‌. സൈനിക സേവന​ത്തി​നു വിസമ്മ​തി​ച്ച​തി​ന്റെ​പേ​രിൽ ഒരു സഹോ​ദരൻ രണ്ടുവർഷ​മാ​യി ജയിലി​ലാണ്‌. ജയിൽവാ​സ​വും ജോലി​ന​ഷ്ട​വു​മൊ​ക്കെ നേരി​ടേ​ണ്ടി​വ​രു​മോ എന്ന ഭീതി​യി​ലാണ്‌ മറ്റു സഹോ​ദ​ര​ന്മാ​രും. ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ മനുഷ്യാ​വ​കാശ കമ്മിറ്റി യഹോ​വ​യു​ടെ സാക്ഷികൾ സമർപ്പിച്ച രണ്ടുപ​രാ​തി​കൾ പരിഗ​ണ​ന​യ്‌ക്കെ​ടു​ത്തി​രി​ക്കു​ന്നു​വെന്ന്‌ 2009 മാർച്ചിൽ സഹോ​ദ​ര​ങ്ങൾക്ക്‌ അറിവു കിട്ടി.

കൂടാതെ, തീർപ്പു​കൽപ്പി​ക്കാ​തി​രുന്ന മൂന്നു​നി​വേ​ദ​നങ്ങൾ ഒരുമി​ച്ചു പരിഗ​ണി​ക്കാൻ 2009 മേയിൽ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി തീരു​മാ​നി​ച്ചു. ജയിൽവാ​സ​മ​നു​ഭ​വിച്ച നാലു​പേർ ഉൾപ്പെടെ ആറുസ​ഹോ​ദ​ര​ന്മാ​രു​ടെ മനുഷ്യാ​വ​കാ​ശങ്ങൾ ലംഘി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നാണ്‌ കോടതി അന്വേ​ഷി​ക്കു​ന്നത്‌. ഈ രണ്ടുനീ​തി​പീ​ഠ​ങ്ങ​ളും ഈ കേസു​ക​ളിൽ താത്‌പ​ര്യ​മെ​ടു​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷികൾ നന്ദിയു​ള്ള​വ​രാണ്‌. വേഗം​തന്നെ തങ്ങളുടെ ദുരി​ത​ങ്ങൾക്ക്‌ ഒരയവു വരുമെന്ന പ്രതീ​ക്ഷ​യി​ലാണ്‌ ഇവിടു​ത്തെ സഹോ​ദ​രങ്ങൾ.

ഉസ്‌ബക്കിസ്ഥാൻ

ഇവിടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്ഥിതി ഒന്നി​നൊന്ന്‌ വഷളാ​കു​ക​യാണ്‌. നമ്മുടെ സഹോ​ദ​ര​ങ്ങൾക്കെ​തി​രെ​യുള്ള രാഷ്‌ട്രീ​യ​പ്രേ​രി​ത​മായ പീഡനങ്ങൾ ഏറിവ​രു​ന്നു. മതത്തെ​ക്കു​റി​ച്ചു പഠിപ്പി​ച്ചു എന്ന കുറ്റം ചുമത്തി രണ്ടുവർഷം ജയിലി​ല​ട​ച്ചി​രുന്ന ഒരു സഹോ​ദ​രനെ 2009 മേയ്‌ 14-ന്‌ മോചി​പ്പി​ച്ചു. പിറ്റേ​ന്നു​തന്നെ അദ്ദേഹത്തെ മാതൃ​രാ​ജ്യ​മായ തജികി​സ്ഥാ​നി​ലേക്കു നാടു​ക​ടത്തി. അദ്ദേഹ​ത്തിന്‌ ഭാര്യ​യും രണ്ടുകു​ട്ടി​ക​ളു​മുണ്ട്‌. വേറെ മൂന്നു​സ​ഹോ​ദ​ര​ന്മാ​രും ജയിൽവാ​സ​മ​നു​ഭ​വി​ക്കു​ന്നുണ്ട്‌. “നിയമ​വി​രു​ദ്ധ​മായ മതപ്ര​വർത്ത​നങ്ങൾ” സംഘടി​പ്പി​ച്ചു എന്നതാണ്‌ അവരുടെ പേരി​ലുള്ള കുറ്റം. ഈ സഹോ​ദ​ര​ന്മാർക്കു​വേണ്ടി ഉസ്‌ബ​ക്കി​സ്ഥാ​നി​ലെ സുപ്രീം കോട​തി​യിൽ അപ്പീലി​നു പോകു​ന്ന​തി​നുള്ള തയ്യാ​റെ​ടു​പ്പു​കൾ നടന്നു​വ​രി​ക​യാണ്‌. പ്രശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​രം തേടി പ്രാ​ദേ​ശിക സഹോ​ദ​ര​ന്മാ​രും വിദേ​ശ​ത്തു​നി​ന്നുള്ള സഹോ​ദ​ര​ന്മാർ അടങ്ങുന്ന ഒരു പ്രതി​നി​ധി​സം​ഘ​വും ഉസ്‌ബ​ക്കി​സ്ഥാ​നി​ലെ മതകാ​ര്യ​വ​കു​പ്പു​മാ​യും അതിന്റെ പ്രതി​നി​ധി​ക​ളു​മാ​യും പലവട്ടം ചർച്ച നടത്തി​ക്ക​ഴി​ഞ്ഞു.

യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി

അർമേ​നിയ, അസർ​ബൈ​ജാൻ, ഓസ്‌ട്രിയ, ജോർജിയ, ടർക്കി, ഫ്രാൻസ്‌, സെർബിയ, സൈ​പ്രസ്‌, റഷ്യ എന്നിവി​ട​ങ്ങ​ളി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 22 നിവേ​ദ​നങ്ങൾ ഫ്രാൻസി​ലെ സ്‌ട്രാ​സ്‌ബുർഗി​ലുള്ള യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോട​തി​യു​ടെ പരിഗ​ണ​ന​യിൽ ഇപ്പോ​ഴു​മുണ്ട്‌. യൂറോ​പ്യൻ മനുഷ്യാ​വ​കാശ കരാറി​ന്റെ പരിധി​യിൽ വരുന്ന എല്ലാ പൗരന്മാർക്കും അനുവ​ദി​ച്ചു​കൊ​ടു​ത്തി​ട്ടുള്ള അടിസ്ഥാന അവകാ​ശ​ങ്ങ​ളോ​ടു ബന്ധപ്പെ​ട്ട​താണ്‌ ഈ നിവേ​ദ​ന​ങ്ങ​ളിൽ ചിലത്‌. മനസ്സാ​ക്ഷി​പ​ര​മായ കാരണ​ങ്ങ​ളാൽ സൈനിക സേവനം നിരസി​ക്കാ​നുള്ള അവകാ​ശ​ത്തോ​ടു ബന്ധപ്പെട്ട്‌ ഒമ്പതും മതത്തിന്റെ പേരി​ലുള്ള പീഡനം, വിവേ​ചനം എന്നിവ​യോ​ടു ബന്ധപ്പെട്ട്‌ ഏഴും വേലയു​ടെ സംഘാ​ട​ന​ത്തി​നാ​യി യഹോ​വ​യു​ടെ സാക്ഷികൾ ഉപയോ​ഗി​ക്കുന്ന നിയമാ​നു​സൃത കോർപ്പ​റേ​ഷന്റെ റജിസ്‌​ട്രേഷൻ റദ്ദാക്കു​ക​യോ നിരോ​ധി​ക്കു​ക​യോ ചെയ്‌ത​തി​നോ​ടു ബന്ധപ്പെട്ട്‌ നാലും സമാധാ​ന​പ​ര​മാ​യി ആരാധ​ന​യ്‌ക്ക്‌ കൂടി​വ​രാ​നുള്ള അവകാ​ശ​ത്തി​ന്മേ​ലുള്ള ഗവൺമെ​ന്റി​ന്റെ കൈക​ട​ത്ത​ലി​നോ​ടു ബന്ധപ്പെട്ട്‌ രണ്ടും കേസു​ക​ളാണ്‌ ഇപ്പോൾ കോട​തി​യു​ടെ പരിഗ​ണ​ന​യി​ലു​ള്ളത്‌.

ഫ്രാൻസി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘടന (എറ്റിജെ) ഫ്രഞ്ച്‌ ഗവൺമെ​ന്റിന്‌ എതിരെ സമർപ്പിച്ച നിവേ​ദനം 2008 ജൂൺ 17-ന്‌ യൂറോ​പ്യൻ മനുഷ്യാ​വ​കാശ കോടതി ഫയലിൽ സ്വീക​രി​ച്ചു. 1993 മുതൽ 1996 വരെ എറ്റിജെ-ക്ക്‌ ലഭിച്ച മതപര​മായ സംഭാ​വ​ന​ക​ളു​ടെ​മേൽ ഗവൺമെന്റ്‌ അന്യാ​യ​മാ​യി 60 ശതമാനം നികുതി ചുമത്തി​യ​തി​നെ​തി​രെ​യാണ്‌ നിവേ​ദനം നൽകി​യി​രി​ക്കു​ന്നത്‌. മനുഷ്യാ​വ​കാശ കരാറി​ലെ, മതസ്വാ​ത​ന്ത്ര്യ​ത്തോ​ടു ബന്ധപ്പെട്ട 9-ാം വകുപ്പി​ന്റെ ലംഘനം നടന്നി​രി​ക്കാ​നുള്ള സാധ്യത തള്ളിക്ക​ള​യാ​നാ​വി​ല്ലെന്ന്‌ കോടതി പ്രസ്‌താ​വി​ച്ചു. ഫ്രാൻസി​ലെ​യും യൂറോ​പ്യൻ കൗൺസി​ലി​ലെ മറ്റു രാജ്യ​ങ്ങ​ളി​ലെ​യും യഹോ​വ​യു​ടെ സാക്ഷികൾ ഈ കേസ്‌ പരിഗ​ണ​ന​യ്‌ക്കെ​ടു​ക്കു​ന്ന​തും പ്രതീ​ക്ഷി​ച്ചി​രി​ക്കു​ക​യാണ്‌.

‘നിയമം​വഴി ദുരി​ത​മു​ണ്ടാ​ക്കി​ക്കൊണ്ട്‌’ സത്യാ​രാ​ധ​ന​യ്‌ക്ക്‌ തടയി​ടാൻ സാത്താൻ കിണഞ്ഞ്‌ ശ്രമി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യഹോ​വ​യു​ടെ ദാസന്മാർ ‘ലോക​മെ​ങ്ങു​മുള്ള അവരുടെ സഹോ​ദ​ര​വർഗ​ത്തി​നും ഇതേ കഷ്ടതകൾ നേരി​ടേ​ണ്ടി​വ​രു​ന്നു​വെന്ന്‌ അറിഞ്ഞ്‌ വിശ്വാ​സ​ത്തിൽ ഉറപ്പു​ള്ള​വ​രാ​യി’ മുന്നോ​ട്ടു പോകു​ന്നു. സത്യാ​രാ​ധ​ക​രായ നിങ്ങൾ തുടർന്നും സാത്താ​നെ​തി​രെ അചഞ്ചല​രാ​യി നില​കൊ​ള്ളു​ക​യും നിങ്ങളു​ടെ ഉത്‌ക​ണ്‌ഠകൾ യഹോ​വ​യു​ടെ​മേൽ ഇടുക​യും ചെയ്യുക. കൃപാ​നി​ധി​യായ ദൈവം തീർച്ച​യാ​യും നിങ്ങൾക്കാ​യി കരുതു​ക​യും നിങ്ങളെ ഉറപ്പി​ക്കു​ക​യും ശക്തരാ​ക്കു​ക​യും ചെയ്യും.—സങ്കീ. 94:20; 1 പത്രോ. 5:7-11.

‘മറ്റുള്ള​വരെ പഠിപ്പി​ക്കാൻ സജ്ജർ’

പരിശീ​ലനം നൽകു​ക​യെ​ന്നത്‌ തുടക്കം​മു​തൽതന്നെ ക്രിസ്‌തീ​യ​സ​ഭ​യു​ടെ ഒരു സവി​ശേ​ഷ​ത​യാ​യി​രു​ന്നു. പൗലോസ്‌ അപ്പൊ​സ്‌തലൻ തിമൊ​ഥെ​യൊ​സി​നോ​ടു പറഞ്ഞു: ഈ “കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു പകർന്നു​കൊ​ടു​ക്കുക; അങ്ങനെ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ സജ്ജരാ​യി​ത്തീ​രും.” (2 തിമൊ. 2:2) യഹോ​വ​യു​ടെ സംഘടന ഇന്നും പല പരിശീ​ല​ന​പ​രി​പാ​ടി​ക​ളും സംഘടി​പ്പി​ക്കു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 2008 മുതൽ അലാസ്‌ക, ടർക്കസ്‌ & കേക്കസ്‌ ദ്വീപു​കൾ, ബെർമുഡ എന്നിവ ഉൾപ്പെടെ, ഐക്യ​നാ​ടു​ക​ളി​ലെ ബ്രാഞ്ചി​ന്റെ പരിധി​യിൽവ​രുന്ന പ്രദേ​ശ​ങ്ങ​ളിൽനി​ന്നുള്ള മൂപ്പന്മാർക്കു​വേണ്ടി ന്യൂ​യോർക്കി​ലെ പാറ്റേ​ഴ്‌സ​ണി​ലുള്ള വാച്ച്‌ടവർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തിൽവെച്ച്‌ ‘സഭാമൂ​പ്പ​ന്മാർക്കുള്ള സ്‌കൂൾ’ നടത്തു​ക​യു​ണ്ടാ​യി. 6,528 മൂപ്പന്മാ​രാണ്‌ 70 ക്ലാസ്സു​ക​ളി​ലാ​യി പങ്കെടു​ത്തത്‌.

മൂപ്പന്മാ​രു​ടെ ജീവി​ത​ത്തി​ന്റെ സമസ്‌ത​മേ​ഖ​ല​ക​ളെ​യും സ്‌പർശി​ക്കു​ന്ന​താണ്‌ ഈ സ്‌കൂൾ: പ്രസം​ഗ​വേ​ല​യിൽ നേതൃ​ത്വ​മെ​ടു​ക്കാ​നും സഭയിൽ വൈദ​ഗ്‌ധ്യ​ത്തോ​ടെ പഠിപ്പി​ക്കാ​നു​മുള്ള പരിശീ​ലനം ഒരാഴ്‌ച നീണ്ടു​നിൽക്കുന്ന ഈ സ്‌കൂ​ളി​ലൂ​ടെ മൂപ്പന്മാർക്കു ലഭിക്കു​ന്നു. (2 തിമൊ. 4:5; 1 പത്രോ. 5:2, 3) സ്വന്തം ആത്മീയ​ത​യും കുടും​ബ​ത്തി​ന്റെ ആത്മീയ​ത​യും കരുത്തു​റ്റ​താ​ക്കാ​നും സ്‌കൂൾ മൂപ്പന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. മറ്റുള്ള​വരെ ആത്മീയ​മാ​യി സഹായി​ക്കു​മ്പോൾ “സത്യവ​ച​നത്തെ ശരിയാം​വണ്ണം കൈകാ​ര്യം” ചെയ്യാൻ ആവശ്യ​മായ പരിശീ​ല​ന​വും സ്‌കൂ​ളി​ലൂ​ടെ ലഭിക്കു​ന്നു. (2 തിമൊ. 2:15) സ്‌കൂ​ളിൽ പങ്കെടുത്ത മൂപ്പന്മാ​രിൽ ചിലരു​ടെ അഭി​പ്രാ​യ​ങ്ങ​ളാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌:

“അധ്യാ​പകർ എത്ര താഴ്‌മ​യു​ള്ള​വ​രാ​യി​രു​ന്നു! സഭയിലെ സഹോ​ദ​ര​ങ്ങ​ളോട്‌ ഇടപെ​ടുന്ന കാര്യ​ത്തിൽ അവർ ഞങ്ങൾക്ക്‌ നല്ലൊരു മാതൃ​ക​യാണ്‌. ഭരണസം​ഘ​ത്തോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​വില്ല. എനിക്കു ലഭിച്ചി​ട്ടു​ള്ള​തി​ലേ​ക്കും അതിമ​ഹ​ത്തായ പരിശീ​ലന പരിപാ​ടി​യാ​ണിത്‌. ഇതിൽ പങ്കെടു​ക്കാ​നാ​യത്‌ ഒരു വലിയ ബഹുമ​തി​യാ​യി ഞാൻ കാണുന്നു.”

“നമുക്ക്‌ എപ്പോൾ, എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്ന​തെന്ന്‌ നമ്മുടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അറിയാം. എന്റെ വിശ്വാ​സം പുതു​ക്കാ​നും ആത്മീയ​മാ​യി കൂടുതൽ കരുത്താർജി​ക്കാ​നും ഈ സ്‌കൂൾ എന്നെ സഹായി​ച്ചു. തന്റെ സംഘട​ന​യു​ടെ ദൃശ്യ​ഭാ​ഗം മുഖാ​ന്തരം യഹോവ ചെയ്‌തി​രി​ക്കുന്ന കാര്യ​ങ്ങ​ളും തന്റെ ജനത്തെ അവൻ പരിപാ​ലി​ക്കുന്ന വിധവും മനസ്സി​ലാ​ക്കാൻ ഈ സ്‌കൂൾ എനിക്ക്‌ അവസര​മേകി.”

“അതുല്യ​മായ ഒരനു​ഭ​വ​മാ​യി​രു​ന്നു അത്‌. പഠിക്കു​ന്തോ​റും എന്റെ അറിവ്‌ എത്ര പരിമി​ത​മാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി. ഇപ്പോൾ വ്യക്തി​പ​ര​മായ പഠനത്തെ ഞാൻ തികഞ്ഞ ഗൗരവ​ത്തോ​ടെ​യാണ്‌ കാണു​ന്നത്‌. പഠിക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം സ്വന്തം ജീവി​ത​ത്തിൽ പ്രയോ​ഗ​ത്തിൽ വരു​ത്തേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​വും എനിക്കു മനസ്സി​ലാ​യി.”

“ക്രിസ്‌തു​വി​ന്റെ അതേ മനസ്സോ​ടെ സ്വന്തം കുടും​ബ​ത്തെ​യും സഭയെ​യും പരിപാ​ലി​ക്കാൻ സ്‌കൂ​ളിൽനി​ന്നു ലഭിച്ച പരിശീ​ലനം എന്നെ സജ്ജനാക്കി. (1 കൊരി. 2:16) ഞാൻ ഏതുതരം വ്യക്തി​യാ​ണെന്ന്‌ ആത്മപരി​ശോ​ധന നടത്താ​നും അത്‌ എന്നെ സഹായി​ച്ചു.”

“ഈ ഒരാഴ്‌ച യഹോ​വ​യിൽനി​ന്നു ലഭിച്ച പ്രബോ​ധ​ന​ത്തി​നു പകരം​വെ​ക്കാ​വുന്ന ഒരു യൂണി​വേ​ഴ്‌സി​റ്റി വിദ്യാ​ഭ്യാ​സ​വു​മില്ല.”

“നിരു​പ​മ​മായ ഒരു അനുഭ​വ​മാ​യി​രു​ന്നു അത്‌! യഹോ​വ​യു​ടെ സേവന​ത്തിൽ തുടരാ​നുള്ള ശക്തി അത്‌ എനിക്കു നൽകി. ആത്മത്യാഗ മനോ​ഭാ​വം ഉള്ളവനാ​യി​രി​ക്കേ​ണ്ട​തി​ന്റെ​യും സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർക്കു നവോ​ന്മേഷം പകരേ​ണ്ട​തി​ന്റെ​യും പ്രാധാ​ന്യം ഞാൻ തിരി​ച്ച​റി​ഞ്ഞു. (യെശ. 32:2) യഹോ​വ​യോട്‌ എത്ര നന്ദി പറഞ്ഞാ​ലും മതിയാ​വില്ല!”

“യഹോവ എത്ര സ്‌നേ​ഹ​വാ​നാ​ണെന്ന്‌ രുചി​ച്ച​റി​യാ​നുള്ള അവസര​മാണ്‌ ഈ കോഴ്‌സി​ലൂ​ടെ ലഭിച്ചത്‌. യഹോവ ഒരു ഇടയസ​ന്ദർശനം നടത്തി​യ​തു​പോ​ലെ​യാണ്‌ അനുഭ​വ​പ്പെ​ട്ടത്‌.”

“യഹോ​വ​യ്‌ക്ക്‌ മഹത്ത്വ​വും സ്‌തു​തി​യും കരേറ്റുന്ന വിധത്തിൽ എന്റെ ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ ഈ സ്‌കൂ​ളി​ലൂ​ടെ പഠിക്കാൻ കഴിഞ്ഞു. ഈയൊ​രു അവസരം നൽകി​യ​തിന്‌ എനിക്ക്‌ യഹോ​വ​യോട്‌ അത്യധി​കം നന്ദിയുണ്ട്‌.”

മറ്റിട​ങ്ങ​ളി​ലു​ള്ള മൂപ്പന്മാർക്കു​വേ​ണ്ടി​യും ഈ സ്‌കൂൾ നടത്തു​ന്ന​താ​യി​രി​ക്കും. അതേക്കു​റിച്ച്‌ ഭരണസം​ഘം പിന്നീട്‌ അറിയി​ക്കു​ന്ന​താണ്‌.

ബ്രാഞ്ച്‌ സമർപ്പ​ണ​ങ്ങൾ

2009 ജനുവരി 24-ന്‌ ഭരണസം​ഘാം​ഗ​മായ സാമു​വെൽ ഹെർഡ്‌, പൂർവാ​ഫ്രി​ക്ക​യി​ലെ ടാൻസാ​നി​യ​യിൽ പുതു​താ​യി പണിത ബ്രാഞ്ചി​ന്റെ സമർപ്പ​ണ​പ്ര​സം​ഗം നടത്തി. 25 വർഷം​മുമ്പ്‌ ബ്രാഞ്ച്‌ പ്രവർത്തി​ച്ചു​തു​ട​ങ്ങി​യത്‌ ഒരു മൂന്നു​മു​റി കെട്ടി​ട​ത്തി​ലാണ്‌. ഹൗസ്‌ നമ്പർ 46, മാഗോ​മീ​നീ ക്വാർട്ടേ​ഴ്‌സ്‌ എന്നാണ്‌ സാക്ഷി​കൾക്കി​ട​യിൽ അത്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. 22 രാജ്യ​ങ്ങ​ളിൽനിന്ന്‌ 779 പേർ സമർപ്പ​ണ​ത്തിന്‌ അതിഥി​ക​ളാ​യെ​ത്തി​യി​രു​ന്നു. 1987-ൽ നിരോ​ധനം നീക്കി​യ​തിൽപ്പി​ന്നെ ഉണ്ടായ പുരോ​ഗ​തി​യെ​ക്കു​റി​ച്ചു കേട്ട​പ്പോൾ അവരിൽ പലരു​ടെ​യും കണ്ണുകൾ ഈറന​ണി​ഞ്ഞു. “ഈ നാട്ടിൽ ഇതു​പോ​ലൊ​രു വളർച്ച സാധ്യ​മാ​ക്കാൻ യഹോ​വ​യ്‌ക്കു മാത്രമേ കഴിയൂ,” വർഷങ്ങ​ളാ​യി സത്യത്തി​ലുള്ള ഒരു സഹോ​ദരൻ പറഞ്ഞു. പ്രസം​ഗ​വേല അഭിവൃ​ദ്ധി പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഇവി​ടെ​യി​പ്പോൾ 14,000-ത്തിലധി​കം പ്രസാ​ധ​ക​രുണ്ട്‌. യഹോ​വ​യു​ടെ പ്രവൃ​ത്തി​കണ്ട്‌ സന്തോ​ഷി​ക്കുന്ന അവർ അവന്‌ സ്‌തോ​ത്രം ചെയ്യു​ക​യും അവന്റെ നാമത്തെ കീർത്തി​ക്കു​ക​യും ചെയ്യു​ന്ന​തിൽ തുടരു​ന്നു.—സങ്കീ. 92:1, 4.

2009 മേയ്‌ 2 ശനിയാഴ്‌ച, നെതർലൻഡ്‌സ്‌ ബ്രാഞ്ചിൽ ഭരണസം​ഘാം​ഗ​മായ തിയോ​ഡർ ജാരറ്റ്‌സ്‌ നടത്തിയ സമർപ്പ​ണ​പ്ര​സം​ഗം കേൾക്കാ​നാ​യി 31 രാജ്യ​ങ്ങ​ളിൽനി​ന്നുള്ള 600 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ കൂടി​വന്നു. 1983-ൽ പണിത കെട്ടി​ട​ത്തി​ന്റെ കൂടെ, ബെഥേൽ അംഗങ്ങൾക്ക്‌ താമസി​ക്കു​ന്ന​തി​നാ​യി ഒരു കെട്ടി​ടം​കൂ​ടെ പണിതു. മാസി​കകൾ അച്ചടി​ച്ചി​രുന്ന സ്ഥലം പുനഃ​ക്ര​മീ​ക​രിച്ച്‌ ഓഫീ​സു​ക​ളും റീജി​യണൽ ഓഡി​യോ-വീഡി​യോ സെന്ററി​ന്റെ (ആർഎവി​സി) വീഡി​യോ സ്റ്റുഡി​യോ​യും ആക്കിമാ​റ്റി. 24 ഭാഷക​ളിൽ സിഡി-കളും ഡിവിഡി-കളും തയ്യാറാ​ക്കു​ന്ന​തിൽ (മിക്കതും യൂറോ​പ്പി​ലെ ഭാഷക​ളാണ്‌) ആർഎവി​സി സഹായി​ക്കു​ന്നു. കൂടാതെ 20-ഓളം ആംഗ്യ​ഭാ​ഷ​ക​ളിൽ വീഡി​യോ​കൾ നിർമി​ക്കു​ന്ന​തി​ലും അവർ സഹായി​ക്കു​ന്നു. ലോക​മെ​മ്പാ​ടു​മാ​യി നടക്കുന്ന ഡിവിഡി നിർമാ​ണ​വും യൂറോ​പ്പി​ലും ആഫ്രി​ക്ക​യി​ലും ഓഷ്യാ​നി​യ​യി​ലും നടക്കുന്ന സിഡി നിർമാ​ണ​വും ഏകോ​പി​പ്പി​ക്കേണ്ട ചുമത​ല​യും ഇവർക്കാണ്‌. നെതർലൻഡ്‌സ്‌ ബ്രാഞ്ച്‌ ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലുള്ള ബ്രാഞ്ചു​കൾക്ക്‌ ആവശ്യ​മായ സാധനങ്ങൾ വാങ്ങി കയറ്റി അയയ്‌ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. പുനഃ​ക്ര​മീ​ക​രിച്ച കെട്ടി​ട​ത്തി​ലാണ്‌ ഈ പ്രവർത്ത​ന​ങ്ങ​ളെ​ല്ലാം നടക്കു​ന്നത്‌.

“ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ”

നമുക്ക്‌ സന്തോ​ഷി​ക്കാൻ തീർച്ച​യാ​യും പല കാരണ​ങ്ങ​ളു​മുണ്ട്‌. ഈ നിർണാ​യക കാലഘ​ട്ട​ത്തിൽ ജീവി​ച്ചി​രി​ക്കു​ന്ന​തു​തന്നെ വലി​യൊ​രു പദവി​യാണ്‌. എങ്കിലും ഈ ‘അന്ത്യകാ​ലം’ “വിശേ​ഷാൽ ദുഷ്‌ക​ര​മായ” സമയമാ​ണെ​ന്നു​ള്ള​തിൽ സംശയ​മില്ല. (2 തിമൊ. 3:1) അന്ത്യം ആസന്നമാ​യി​രി​ക്കുന്ന ഈ കാലത്ത്‌ നാമോ​രോ​രു​ത്ത​രും യൂദാ​യു​ടെ പിൻവ​രുന്ന ഉദ്‌ബോ​ധനം അനുസ​രി​ക്കാൻ ദൃഢചി​ത്ത​രാ​യി​രി​ക്കണം: “നിങ്ങളോ പ്രിയരേ, നിത്യ​ജീ​വൻ പ്രാപി​ക്കാൻ തക്കവണ്ണം നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ കരുണ​യ്‌ക്കാ​യി കാത്തി​രി​ക്കവെ, നിങ്ങളു​ടെ അതിവി​ശു​ദ്ധ​വി​ശ്വാ​സത്തെ ആധാര​മാ​ക്കി നിങ്ങൾക്കു​തന്നെ ആത്മീയ​വർധന വരുത്തി​യും പരിശു​ദ്ധാ​ത്മാ​വിൽ പ്രാർഥി​ച്ചും​കൊണ്ട്‌ ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ.”—യൂദാ 20, 21.

[13-ാം പേജിലെ ഗ്രാഫ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

നിത്യവും www.watchtower.org സന്ദർശി​ക്കു​ന്ന​വർ

70,000

50,000

30,000

10,000

1999 2001 2003 2005 2007 2009

[21-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

സുപ്രധാനമായ നിയമ​പോ​രാ​ട്ടങ്ങൾ നടക്കുന്ന രാജ്യങ്ങൾ

ഓസ്‌ട്രിയ

ഈജിപ്‌റ്റ്‌

എറിട്രിയ

യുഗാണ്ട

ദക്ഷിണാഫ്രിക്ക

മൊൾഡോവ

അർമേനിയ

ടർക്കി

അസർബൈജാൻ

റഷ്യ

കസാഖ്‌സ്ഥാൻ

ഉസ്‌ബക്കിസ്ഥാൻ

തജികിസ്ഥാൻ

ഇന്ത്യ

ദക്ഷിണ കൊറിയ

[11-ാം പേജിലെ ചിത്രം]

കുട്ടികൾക്കുപോലും ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാ​നാ​കു​ന്നു

[26-ാം പേജിലെ ചിത്രങ്ങൾ]

സഭാമൂ​പ്പ​ന്മാർക്കുള്ള സ്‌കൂൾ, ദിവ്യാ​ധി​പത്യ ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ മൂപ്പന്മാ​രെ സജ്ജരാ​ക്കു​ന്നു

[28-ാം പേജിലെ ചിത്രങ്ങൾ]

നെതർലൻഡ്‌സ്‌ ബ്രാഞ്ചിൽ ജാരറ്റ്‌സ്‌ സഹോ​ദരൻ സമർപ്പ​ണ​പ്ര​സം​ഗം നടത്തുന്നു

[29-ാം പേജിലെ ചിത്രങ്ങൾ]

ടാൻസാനിയ ബ്രാഞ്ചിൽ സാമു​വെൽ ഹെർഡ്‌ സഹോ​ദരൻ സമർപ്പ​ണ​പ്ര​സം​ഗം നടത്തുന്നു