വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബെലീസ്‌

ബെലീസ്‌

ബെലീസ്‌

യൂക്കാറ്റൻ ഉപദ്വീ​പി​ന്റെ മടിത്ത​ട്ടിൽ മരതക​ക്ക​മ്പളം പുതച്ചു മയങ്ങുന്ന ഒരു കൊച്ചു രാജ്യ​മാണ്‌ ബെലീസ്‌. മെക്‌സി​ക്കോ, ഗ്വാട്ടി​മാല, കരീബി​യൻ കടൽ എന്നിവ​യാണ്‌ അതിരു​കൾ. മുമ്പ്‌ ബ്രിട്ടീഷ്‌ ഹോണ്ടു​റാസ്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഈ രാജ്യം ഭാഷകൾ, സംസ്‌കാ​രങ്ങൾ, ആചാരങ്ങൾ, രുചി​ഭേ​ദങ്ങൾ, മതവി​ശ്വാ​സങ്ങൾ എന്നിവ​കൊണ്ട്‌ വൈവി​ധ്യ​ങ്ങ​ളു​ടെ ഒരു ലോകം​തന്നെ സൃഷ്ടി​ച്ചി​രി​ക്കു​ന്നു.

മധ്യ അമേരി​ക്ക​യി​ലെ ഇതര രാജ്യ​ങ്ങളെ അപേക്ഷിച്ച്‌ ബെലീ​സിൽ ജനവാസം തീരെ കുറവാണ്‌. കഷ്ടിച്ച്‌ 3,00,000 ആളുകളേ ഇവി​ടെ​യു​ള്ളൂ. ഇവിടു​ത്തെ കൊടു​ങ്കാ​ടു​കൾ വൈവി​ധ്യ​മാർന്ന പക്ഷിമൃ​ഗാ​ദി​ക​ളു​ടെ അധിവാ​സ​കേ​ന്ദ്ര​മാണ്‌. അപൂർവ​മാ​യി​മാ​ത്രം പ്രത്യ​ക്ഷ​പ്പെ​ടുന്ന ജഗ്വാർപു​ള്ളി​പ്പു​ലി​ക​ളു​ടെ ഒളിസ​ങ്കേ​ത​മാണ്‌ ഈ ഉഷ്‌ണ​മേ​ഖലാ വനങ്ങൾ. പുരാതന മായൻ സംസ്‌കാ​ര​ത്തി​ന്റെ ധാരാളം ശേഷി​പ്പു​കൾ ഇവി​ടെ​യുണ്ട്‌. തലയെ​ടു​പ്പോ​ടെ നിൽക്കുന്ന മാമലകൾ ബെലീ​സി​ന്റെ ഭൂപ്ര​കൃ​തി​യെ പ്രൗഢ​മാ​ക്കു​ന്നു. പതഞ്ഞൊ​ഴു​കുന്ന വെള്ളച്ചാ​ട്ട​ങ്ങ​ളും കൂറ്റൻ പനമര​ങ്ങ​ളും ഈ ഗിരി​നി​ര​കൾക്ക്‌ അലങ്കാ​രം​ചാർത്തു​ന്നു. ഗുഹാ​ശൃം​ഖ​ല​ക​ളാണ്‌ ബെലീ​സി​ലെ പ്രധാ​ന​പ്പെട്ട മറ്റൊരു ഭൂവി​ശേഷത. പാഞ്ഞൊ​ഴു​കുന്ന നദികൾ ഇവയിൽ ചിലതി​നെ ബന്ധിപ്പി​ക്കു​ന്നു. പവിഴ​പ്പു​റ്റു​ക​ളു​ടെ വിസ്‌മ​യ​ക്കാ​ഴ്‌ച​യൊ​രു​ക്കുന്ന ബെലീസ്‌ ബാരിയർ റീഫ്‌ ബെലീസ്‌ തീരത്തി​നു സമാന്ത​ര​മാ​യി അത്രയും​തന്നെ നീളത്തിൽ വ്യാപി​ച്ചു​കി​ട​ക്കു​ന്നു. പവിഴ​പ്പു​റ്റു​പ​ട​ല​ങ്ങ​ളും കീയ്‌ക​ളും—പഞ്ചാര​മ​ണൽവി​രിച്ച കടലോ​ര​ങ്ങ​ളും തെങ്ങു​ക​ളും നിറഞ്ഞ കടൽത്തു​രു​ത്തു​കൾ—ചേർന്നാണ്‌ ബെലീസ്‌ ബാരിയർ റീഫ്‌ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌.

ബെലീ​സി​ന്റെ ചരിത്രം

തെക്കേ അമേരി​ക്ക​യിൽനിന്ന്‌ കുടി​യേ​റിയ അരവാക്ക്‌, കരീബ്‌ ഗോ​ത്ര​ക്കാ​രാണ്‌ ബെലീ​സിൽ ആദ്യം താമസ​മു​റ​പ്പി​ച്ചത്‌. യൂറോ​പ്യ​ന്മാർ വരുന്ന​തി​നു നൂറ്റാ​ണ്ടു​കൾക്കു​മു​മ്പേ മായൻ സംസ്‌കാ​ര​ത്തി​ന്റെ ഹൃദയ​ഭൂ​മി​യാ​യി​രു​ന്ന​ത്രേ ബെലീസ്‌. ആചാര​കേ​ന്ദ്ര​ങ്ങ​ളും ക്ഷേത്ര​ങ്ങ​ളും പണ്ട്‌ ഇവിടെ പ്രൗഢി​യോ​ടെ നില​കൊ​ണ്ടി​രു​ന്നു.

ബെലീ​സി​നെ കോള​നി​വ​ത്‌ക​രി​ക്കാൻ യൂറോ​പ്യ​ന്മാർ തുടക്ക​ത്തിൽ നടത്തിയ ശ്രമങ്ങ​ളെ​ക്കു​റി​ച്ചുള്ള കാര്യ​മായ രേഖക​ളൊ​ന്നു​മില്ല. മായന്മാ​രു​ടെ​മേൽ മേൽക്കോയ്‌മ സ്ഥാപി​ക്കാ​നുള്ള സ്‌പെ​യ്‌നി​ന്റെ ശ്രമങ്ങൾ പരാജ​യ​പ്പെട്ടു എന്നുമാ​ത്രം ചരി​ത്ര​കാ​ര​ന്മാർക്ക​റി​യാം. 1638-ൽ ബ്രിട്ടീഷ്‌ കടൽക്കൊ​ള്ള​ക്കാർ ബെലീസ്‌ തീരങ്ങ​ളിൽ സ്ഥിരവാ​സ​മു​റ​പ്പി​ച്ചു. 17-ാം നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ ലോഗ്‌വുഡ്‌ (വിലകൂ​ടിയ ചായം ഇതിൽനിന്ന്‌ ഉത്‌പാ​ദി​പ്പി​ച്ചി​രു​ന്നു) മുറി​ച്ചു​ക​ട​ത്താ​നാ​യി കോള​നി​കൾ സ്ഥാപി​ക്ക​പ്പെട്ടു.

ലോഗ്‌വു​ഡും മഹാഗ​ണി​യും മുറി​ച്ചു​ക​ട​ത്തു​ന്ന​തി​നാ​യി ബ്രിട്ടീ​ഷു​കാർ ജമൈക്ക, ഐക്യ​നാ​ടു​കൾ, ആഫ്രിക്ക എന്നിവി​ട​ങ്ങ​ളി​ലെ അടിമ​ച്ച​ന്ത​ക​ളിൽനിന്ന്‌ അടിമ​കളെ കൊണ്ടു​വന്നു. അമേരി​ക്ക​യി​ലെ മറ്റിട​ങ്ങ​ളെ​പ്പോ​ലെ ചാട്ടവാ​റും ചുഴറ്റി​നിൽക്കുന്ന അടിമ​ക്ക​ങ്കാ​ണി​കൾ ഇവിടെ അത്ര സാധാ​ര​ണ​മ​ല്ലാ​യി​രു​ന്നെ​ങ്കി​ലും അടിമ​ക​ളു​ടെ സാഹച​ര്യം ശോച​നീ​യം​ത​ന്നെ​യാ​യി​രു​ന്നു. പല അടിമ​ക​ളും അതി​നെ​തി​രെ പ്രതി​ക​രി​ച്ചു. ചിലർ സമരം ചെയ്‌തു, വേറെ ചിലർ ആത്മഹത്യ ചെയ്‌തു, മറ്റുചി​ല​രാ​കട്ടെ രക്ഷപ്പെട്ട്‌ സ്വതന്ത്ര സമാജങ്ങൾ സ്ഥാപിച്ചു. 1862-ൽ ബെലീസ്‌ ഒരു ബ്രിട്ടീഷ്‌ കോള​നി​യാ​യി പ്രഖ്യാ​പി​ക്ക​പ്പെട്ടു. 1981-ൽ അതിന്‌ സ്വാത​ന്ത്ര്യം ലഭിച്ചു. a

സത്യത്തി​ന്റെ വിത്തുകൾ വേരെ​ടു​ക്കു​ന്നു

ബെലീ​സിൽ കാലു​കു​ത്തിയ ആദ്യ സാക്ഷി​ക​ളിൽ (അന്ന്‌ സാക്ഷികൾ അറിയ​പ്പെ​ട്ടി​രു​ന്നത്‌ അന്താരാ​ഷ്‌ട്ര ബൈബിൾ വിദ്യാർഥി​കൾ എന്നാണ്‌) ഒരാൾ ജെയിംസ്‌ ഗോർഡൻ ആയിരു​ന്നു. 1918-ൽ ജമൈ​ക്ക​യിൽവെ​ച്ചാണ്‌ അദ്ദേഹം സ്‌നാ​ന​മേ​റ്റത്‌. 1923-ൽ അദ്ദേഹം അവി​ടെ​നിന്ന്‌ ബെലീ​സിൽ വന്നു താമസ​മാ​ക്കി. മെലിഞ്ഞ ശരീര​പ്ര​കൃ​ത​മുള്ള ജെയിംസ്‌ ഒരു മൃദു​ഭാ​ഷി​യാ​യി​രു​ന്നു. ബോമ്പാ എന്ന ഒരു ഉൾനാടൻ മായൻഗ്രാ​മ​ത്തി​ലാണ്‌ അദ്ദേഹം വാസമു​റ​പ്പി​ച്ചത്‌. ഇവി​ടെ​വെച്ച്‌ അദ്ദേഹം വിവാ​ഹി​ത​നാ​യി. ക്രിസ്‌തീയ സഹോ​ദ​ര​ന്മാ​രിൽനിന്ന്‌ അകലെ ഒറ്റപ്പെട്ടു കഴിയു​ക​യാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം സുഹൃ​ത്തു​ക്ക​ളോ​ടും അയൽക്കാ​രോ​ടും സുവാർത്ത അറിയി​ച്ചു​കൊ​ണ്ടി​രു​ന്നു.

ബെലീ​സി​ന്റെ മറ്റുഭാ​ഗ​ങ്ങ​ളിൽ രാജ്യ​വാർത്ത എത്തിയത്‌ എങ്ങനെ​യാണ്‌? 1931-ൽ ഫ്രീഡ ജോൺസൺ മധ്യ അമേരി​ക്കൻ പ്രദേ​ശ​ങ്ങ​ളിൽ പ്രസം​ഗി​ക്കാൻതു​ടങ്ങി. 55 വയസ്സി​നു​മേൽ പ്രായ​മുള്ള പൊക്കം​കു​റഞ്ഞ ഒരു സഹോ​ദ​രി​യാ​യി​രു​ന്നു ഫ്രീഡ. ഒറ്റയ്‌ക്ക്‌ (ചില​പ്പോൾ കുതി​ര​പ്പു​റ​ത്താണ്‌ അവർ സഞ്ചരി​ച്ചത്‌) അവർ കരീബി​യൻ തീരത്തുള്ള പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും വാഴ​ത്തോ​ട്ട​ങ്ങ​ളി​ലും സുവാർത്ത അറിയി​ച്ചു.

1933-ൽ ബെലീസ്‌ സിറ്റി​യി​ലെ​ത്തിയ ഫ്രീഡ ഒരു കൊച്ചു മുറി വാടക​യ്‌ക്കെ​ടു​ത്തു. രാവിലെ പുറത്തു​പോ​കു​ന്ന​തി​നു​മുമ്പ്‌ എന്നും ഫ്രീഡ ബൈബിൾ വായി​ക്കു​ന്ന​തും പാട്ടു​പാ​ടു​ന്ന​തും ആ മുറി​യു​ടെ ഉടമസ്ഥ​യാ​യി​രുന്ന ബീക്‌സ്‌ എന്ന സ്‌ത്രീ കേൾക്കാ​റു​ണ്ടാ​യി​രു​ന്നു. ഫ്രീഡ​യു​ടെ തീക്ഷ്‌ണത മറ്റു പലരും ശ്രദ്ധിച്ചു: ഉഷ്‌ണ​മേ​ഖ​ല​യിൽ മിക്കവർക്കും ഉച്ചയ്‌ക്കൊ​രു വിശ്രമം പതിവു​ള്ള​താണ്‌; എന്നാൽ ഫ്രീഡ​യ്‌ക്ക്‌ വിശ്രമം ഇല്ലായി​രു​ന്നു. ആറുമാ​സമേ അവർ ബെലീ​സിൽ ഉണ്ടായി​രു​ന്നു​ള്ളു​വെ​ങ്കി​ലും താഡി​യസ്‌ ഹാജ്‌സൺ എന്നൊരു ജമൈക്കൻ ബേക്കറി​ക്കാ​ര​നിൽ സത്യത്തി​ന്റെ വിത്തു​പാ​കാൻ അവർക്കു കഴിഞ്ഞു. ബെലീസ്‌ സിറ്റി കേന്ദ്രീ​ക​രി​ച്ചാണ്‌ ഫ്രീഡ പ്രവർത്തി​ച്ചി​രു​ന്നത്‌. എന്നാൽ അവർ ചില ഉൾപ്ര​ദേ​ശ​ങ്ങ​ളും സന്ദർശി​ച്ചി​രു​ന്നു. ബോമ്പാ​യിൽ അവർ ജെയിംസ്‌ ഗോർഡനെ ചെന്നു​കണ്ടു. സത്യ​ത്തോ​ടു താത്‌പ​ര്യം കാണി​ച്ച​വർക്കു തമ്മിൽ പരിച​യ​പ്പെ​ടാ​നും കൂടി​വ​രാ​നും ഫ്രീഡ​യു​ടെ പ്രവർത്ത​നങ്ങൾ വഴി​യൊ​രു​ക്കി.

കൂടുതൽ ആളുകൾ സത്യം അറിയാൻ ഇടയാ​കു​ന്നു

അക്കാലത്ത്‌ പരസ്‌പരം ബന്ധപ്പെ​ടാ​നുള്ള സൗകര്യ​ങ്ങൾ വളരെ കുറവാ​യി​രു​ന്നെ​ങ്കി​ലും ജെയിം​സും താഡി​യ​സും പരസ്‌പരം സമ്പർക്കം പുലർത്തു​ക​യും അവരവ​രു​ടെ പ്രദേ​ശ​ങ്ങ​ളിൽ സുവാർത്ത വ്യാപി​പ്പി​ക്കു​ക​യും ചെയ്‌തു. 1934-ൽ ഒരു ട്രാൻസ്‌ക്രി​പ്‌ഷൻ മെഷീ​നും റെക്കോർഡു​ചെയ്‌ത ബൈബിൾ പ്രസം​ഗ​ങ്ങ​ളും ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ താഡി​യസ്‌ ബ്രുക്ലി​നി​ലെ ഹെഡ്‌ക്വാർട്ടേ​ഴ്‌സി​ലേക്ക്‌ ഒരു കത്തെഴു​തി.

ശനിയാ​ഴ്‌ച രാത്രി​ക​ളിൽ താഡി​യസ്‌ സുപ്രീം കോട​തി​യു​ടെ മുമ്പി​ലുള്ള പാർക്കിൽ, റെക്കോർഡു​ചെയ്‌ത പ്രസം​ഗങ്ങൾ കേൾപ്പി​ക്കു​മാ​യി​രു​ന്നു. ഈ പാർക്കി​ലാണ്‌ സൈനി​കർ പരിശീ​ലനം നടത്തി​യി​രു​ന്നത്‌. “ബാറ്റിൽ ഫീൽഡ്‌” എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഈ പാർക്ക്‌ പിന്നീട്‌ ഒരർഥ​ത്തിൽ അങ്ങനെ​ത​ന്നെ​യാ​യി​ത്തീർന്നു. ഒരുവ​ശത്ത്‌ താഡി​യസ്‌, റഥർഫോർഡ്‌ സഹോ​ദ​രന്റെ പ്രസം​ഗങ്ങൾ കേൾപ്പി​ക്കു​മ്പോൾ മറുവ​ശത്ത്‌ സാൽവേഷൻ ആർമി​യു​ടെ ബാൻഡു​മേളം പൊടി​പൊ​ടി​ക്കു​ക​യാ​യി​രി​ക്കും. മേളം കൊഴു​പ്പി​ക്കാൻ ചെണ്ട​കൊ​ട്ടി​യി​രു​ന്നത്‌ ബോമാന്റ്‌ ബോമൻ എന്ന ഒരാളാ​യി​രു​ന്നു. താമസി​യാ​തെ ബോമാന്റ്‌ രാജ്യ​സ​ന്ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കു​ക​യും താഡി​യ​സി​ന്റെ പക്ഷം ചേരു​ക​യും ചെയ്‌തു. “ആ ചെണ്ട താഴെ​വെ​ക്കാൻ ഇടയാ​ക്കി​യ​തിന്‌ ഞാൻ എന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു നന്ദിപ​റ​യു​ന്നു” എന്നാണ്‌ ബോമാന്റ്‌ പിന്നീടു പറഞ്ഞത്‌.

പ്രസംഗം നടത്താൻ പറ്റിയ മറ്റൊരു സ്ഥലമാ​യി​രു​ന്നു മ്യൂൾ പാർക്ക്‌. ഒരു ചന്തയുടെ മുൻവ​ശ​ത്താ​യി​രു​ന്നു ഈ സ്ഥലം. ഇവി​ടെ​യാ​യി​രു​ന്നു പട്ടണത്തി​ന്റെ വിവിധ ഭാഗങ്ങ​ളി​ലേക്ക്‌ ചരക്കു കൊണ്ടു​പോ​കാൻ ഉപയോ​ഗി​ച്ചി​രുന്ന കോവർക​ഴു​ത​കളെ കെട്ടി​യി​ട്ടി​രു​ന്നത്‌. താഡി​യസ്‌ ഹാജ്‌സൺ ഇവിടെ പലപ്പോ​ഴും പ്രസം​ഗങ്ങൾ നടത്തി​യി​രു​ന്നു. ഒത്ത ഉയരവും ഇരുനി​റ​വു​മുള്ള സുമു​ഖ​നായ താഡി​യസ്‌ ഒന്നാന്ത​ര​മൊ​രു പ്രാസം​ഗി​ക​നു​മാ​യി​രു​ന്നു. ബെലീ​സിൽ ക്രൈ​സ്‌ത​വ​സ​ഭ​കൾക്ക്‌ വിശ്വാ​സി​ക​ളു​ടെ​മേൽ വലിയ നിയ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. എങ്കിലും ദൈവ​വ​ച​നത്തെ സ്‌നേ​ഹി​ച്ചി​രുന്ന പലരും സുവാർത്ത​യ്‌ക്കു ചെവി​കൊ​ടു​ത്തു. അവരിൽ രണ്ടു​പേ​രാ​യി​രു​ന്നു ജമൈ​ക്ക​ക്കാ​രായ ജെയിംസ്‌ ഹയറ്റും ആർതർ റാൻഡ​ലും.

ബെലീസ്‌ സിറ്റി​യു​ടെ വടക്കൻ ഭാഗത്ത്‌ തന്റെ ബേക്കറി​യിൽത്തന്നെ താഡി​യസ്‌ ക്രിസ്‌തീയ യോഗങ്ങൾ നടത്താൻതു​ടങ്ങി. വളരെ രസകര​മായ ഒരുവി​ധ​ത്തി​ലാണ്‌ അദ്ദേഹം ഇരിപ്പി​ടങ്ങൾ ഒരുക്കി​യത്‌. ബേക്കറി​യി​ലെ സെർവിങ്‌ കൗണ്ടർ അദ്ദേഹം ഒരു വശത്തേക്കു മാറ്റി​യി​ടും. എന്നിട്ട്‌ രണ്ടുക​സേ​രകൾ അകത്തി​യി​ട്ടിട്ട്‌ അതിന്മേൽ ഒരു പലക വെക്കും. ഒന്നാന്തരം ബെഞ്ച്‌ തയ്യാർ! ബെലീസ്‌ സിറ്റി​യു​ടെ തെക്കൻ ഭാഗത്ത്‌ യോഗങ്ങൾ നടന്നി​രു​ന്നത്‌ കോറ ബ്രൗണി​ന്റെ വീട്ടി​ലാ​യി​രു​ന്നു. നോറ ഫയാഡ്‌ എന്ന മറ്റൊരു സഹോ​ദരി, താൻ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ തന്റെ പ്രദേ​ശ​ത്തുള്ള സാക്ഷികൾ ആർതർ റാൻഡ​ലി​ന്റെ വീട്ടു​മു​റ്റത്ത്‌ കൂടി​വ​ന്നി​രു​ന്ന​താ​യി ഓർക്കു​ന്നു.

ഊർജി​ത​മായ പ്രസം​ഗ​വേ​ല​യ്‌ക്ക്‌ ഫലമു​ണ്ടാ​കു​ന്നു

ബെലീ​സി​ലെ ആദ്യകാല സാക്ഷി​ക​ളിൽ പലരും അതീവ തീക്ഷ്‌ണ​ത​യോ​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ട്ടി​രു​ന്നു. അവരിൽ ഒരാളാ​യി​രു​ന്നു ജിമ്‌സി എന്നു മറു​പേ​രു​ണ്ടാ​യി​രുന്ന ജെയിംസ്‌ ജെങ്കിൻസ്‌. അന്ധനാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം സുവാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌ ബെലീസ്‌ സിറ്റി​യി​ലു​ട​നീ​ളം നടക്കു​മാ​യി​രു​ന്നു. വടി​കൊണ്ട്‌ തപ്പിത്ത​പ്പി​യാണ്‌ അദ്ദേഹം നടന്നി​രു​ന്നത്‌. ജെയിംസ്‌ ചന്തയിൽനി​ന്നു പ്രസം​ഗി​ക്കു​ന്നത്‌ ദൂരേ​ക്കു​പോ​ലും കേൾക്കാ​മാ​യി​രു​ന്നെന്ന്‌ മോളി ടില്ലെറ്റ്‌ പറയുന്നു. യോഗ​ങ്ങ​ളിൽ അതീവ ശ്രദ്ധ​യോ​ടെ​യാണ്‌ അദ്ദേഹം ഇരുന്നി​രു​ന്ന​തെ​ന്നും പലരും അനുസ്‌മ​രി​ക്കു​ന്നു. വടിയൂ​ന്നി അൽപ്പം മുന്നോ​ട്ടാഞ്ഞ്‌ കാതും​കൂർപ്പി​ച്ചി​രി​ക്കുന്ന ജെയിം​സി​ന്റെ ചിത്രം എല്ലാവ​രു​ടെ​യും മനസ്സി​ലുണ്ട്‌. പല ബൈബിൾ വാക്യ​ങ്ങ​ളും അദ്ദേഹ​ത്തി​നു മനഃപാ​ഠ​മാ​യി​രു​ന്നു. അദ്ദേഹം അവ പ്രസം​ഗ​വേ​ല​യിൽ ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു.

ബോമ്പാ​യ്‌ക്ക​ടു​ത്തുള്ള ഗ്രാമ​ങ്ങ​ളി​ലാ​യി​രു​ന്നു ജെയിംസ്‌ ഗോർഡന്റെ പ്രവർത്തനം. അവിടെ കണ്ടുമു​ട്ടുന്ന എല്ലാവ​രോ​ടും അദ്ദേഹം സുവാർത്ത അറിയി​ക്കു​മാ​യി​രു​ന്നു. സാഹി​ത്യ​ങ്ങൾ നിറച്ച മഹാഗ​ണി​കൊ​ണ്ടുള്ള പെട്ടി ഒരു കയ്യിലും ട്രാൻസ്‌ക്രി​പ്‌ഷൻ മെഷീൻ മറ്റേ കയ്യിലു​മാ​യി​ട്ടാണ്‌ അദ്ദേഹം നടന്നി​രു​ന്നത്‌. എല്ലാ ഞായറാ​ഴ്‌ച​യും വെളു​ക്കു​ന്ന​തി​നു​മു​മ്പു​തന്നെ അദ്ദേഹം വള്ളം തുഴഞ്ഞ്‌ തന്റെ പ്രദേ​ശത്ത്‌ എത്തിയി​രു​ന്നു. മൈലു​ക​ളോ​ളം നടന്നാണ്‌ അദ്ദേഹം ആളുക​ളു​മാ​യി സുവാർത്ത പങ്കു​വെ​ച്ചി​രു​ന്നത്‌. സന്ധ്യയാ​കു​മ്പോൾ അരണ്ട വെളി​ച്ച​ത്തിൽ പുഴക​ടന്ന്‌ അദ്ദേഹം വീട്ടി​ലെ​ത്തും. അത്താഴ​ത്തി​നു​ശേഷം ജെയിംസ്‌ തന്റെ ആറുമ​ക്കൾക്കും ബൈബി​ള​ധ്യ​യനം എടുക്കും. അധ്യയനം തീരു​മ്പോ​ഴേ​ക്കും പുസ്‌തകം കൈയിൽ പിടി​ക്കാ​നാ​വാ​ത്ത​വി​ധം അദ്ദേഹം ക്ഷീണി​ച്ചി​ട്ടു​ണ്ടാ​കും.

ആ സമയത്ത്‌ ജെയിം​സി​ന്റെ ഭാര്യ ഒരു സാക്ഷി​യ​ല്ലാ​യി​രു​ന്നു. ഒരു ദിവസം ജെയിംസ്‌ വീട്ടി​ലി​ല്ലാത്ത തക്കം​നോ​ക്കി അവർ അദ്ദേഹ​ത്തി​ന്റെ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഒട്ടുമു​ക്കാ​ലും കത്തിച്ചു​ക​ളഞ്ഞു. തിരി​ച്ചെ​ത്തിയ ജെയിംസ്‌ തന്റെ ഭാര്യ ചെയ്‌തത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കി​യെ​ങ്കി​ലും സംയമ​നം​പാ​ലി​ച്ചു. എങ്കിലും, “ഇനി ഇത്‌ ആവർത്തി​ക്ക​രുത്‌” എന്നൊരു താക്കീത്‌ നൽകാൻ അദ്ദേഹം മറന്നില്ല. അദ്ദേഹം കാണിച്ച സംയമനം കുട്ടി​ക​ളിൽ മതിപ്പു​ള​വാ​ക്കി. അമ്മയുടെ പ്രവൃത്തി തങ്ങളുടെ പിതാ​വി​നെ എത്രയ​ധി​കം വേദനി​പ്പി​ച്ചു​വെന്ന്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു.

യഹോ​വ​യു​ടെ ആത്മാവി​നാൽ ആകർഷി​ക്ക​പ്പെ​ടു​ന്നു

ഒരു ഞായറാഴ്‌ച രാവിലെ ജെയിംസ്‌ ആംഗ്ലിക്കൻ വിശ്വാ​സി​യായ ഡറിൻ ലൈറ്റ്‌ബർണി​നോട്‌ സാക്ഷീ​ക​രി​ച്ചു. അവർ ജെയിം​സിൽനിന്ന്‌ ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌തകം സ്വീക​രി​ച്ചു. അദ്ദേഹം പറഞ്ഞ എല്ലാ​മൊ​ന്നും ഡറിനി​നു കേൾക്കാ​നാ​യി​ല്ലെ​ങ്കി​ലും അദ്ദേഹം പറയു​ന്ന​തിൽ എന്തോ കാര്യ​മു​ണ്ടെന്ന്‌ അവർക്കു മനസ്സി​ലാ​യി. പിന്നീ​ടൊ​രി​ക്കൽ ഡറിൻ, ബെലീസ്‌ സിറ്റി​യിൽ തന്റെ വല്യമ്മ​യായ അൽഫോൻസിന റോബാ​റ്റോ​യോ​ടൊ​പ്പം താമസി​ക്കു​മ്പോൾ ഒരു മനുഷ്യൻ ഗേറ്റി​ന​ടു​ത്തു വന്നു. താൻ അകത്തേക്കു വരട്ടെ എന്ന്‌ അദ്ദേഹം അനുവാ​ദം ചോദി​ച്ചു.

“എനിക്ക്‌ ആ പുസ്‌തകം കൊണ്ടു​ത​ന്നത്‌ ഇദ്ദേഹ​മാ​ണെന്നു തോന്നു​ന്നു,” ഡറിൻ വല്യമ്മ​യോ​ടു പറഞ്ഞു.

പുസ്‌ത​കം കൊടു​ത്തത്‌ വാസ്‌ത​വ​ത്തിൽ ജെയിംസ്‌ ഗോർഡ​നാ​യി​രു​ന്നു. എന്നാൽ അവരുടെ വീട്ടി​ലേ​ക്കി​പ്പോൾ വന്നിരി​ക്കു​ന്ന​താ​കട്ടെ ജെയിംസ്‌ ഹയറ്റാ​യി​രു​ന്നു. അദ്ദേഹം തന്റെ ട്രാൻസ്‌ക്രി​പ്‌ഷൻ മെഷീൻ പ്രവർത്തി​പ്പിച്ച്‌ ഇരുവ​രെ​യും പ്രസം​ഗങ്ങൾ കേൾപ്പി​ച്ചു. അൽഫോൻസി​ന​യ്‌ക്ക്‌ അദ്ദേഹം ദൈവ​ത്തി​ന്റെ കിന്നരം എന്ന പുസ്‌തകം സമർപ്പി​ച്ചു. രാഷ്‌ട്രീയ പ്രവർത്ത​ക​രാ​യി​രു​ന്നെ​ങ്കി​ലും അൽഫോൻസി​ന​യും അനിയ​ത്തി​യായ ഒക്‌റ്റാ​ബെൽ ഫ്‌ള​വേ​ഴ്‌സും സത്യം അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ജെയിം​സി​ന്റെ സാക്ഷീ​ക​രണം കേട്ട അൽഫോൻസിന അന്നുതന്നെ അനിയ​ത്തി​യോ​ടു പറഞ്ഞു: “അറിയാ​മോ, ഒരു മനുഷ്യൻ ഇവിടെ വന്ന്‌ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. നമ്മൾ അന്വേ​ഷി​ക്കുന്ന സത്യം ഇതുത​ന്നെ​യാണ്‌.” ജെയിംസ്‌ തിരി​ച്ചു​വ​രു​മ്പോൾ അദ്ദേഹത്തെ കാണണ​മെന്ന്‌ ഒക്‌റ്റാ​ബെൽ തീരു​മാ​നി​ച്ചു. അവർ മൂന്നു​പേ​രും—അൽഫോൻസി​ന​യും ഒക്‌റ്റാ​ബെ​ല്ലും ഡറിനും—സത്യം സ്വീക​രിച്ച്‌ 1941-ൽ സ്‌നാ​ന​മേറ്റു.

അൽഫോൻസി​ന​യു​ടെ​യും ഒക്‌റ്റാ​ബെ​ല്ലി​ന്റെ​യും അമ്മ ആയിട​യ്‌ക്കാ​ണു മരിച്ചു​പോ​യത്‌. മരിച്ച്‌ സ്വർഗ​ത്തിൽ അമ്മയോ​ടൊ​പ്പ​മാ​യി​രി​ക്കാൻ താൻ ആഗ്രഹി​ക്കു​ന്ന​താ​യി അൽഫോൻസി​ന​യു​ടെ ഏറ്റവും ഇളയ സഹോ​ദ​രി​യായ ഏമിബെൽ അലൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചി​രു​ന്നു. “മരിച്ചവർ എവി​ടെ​യാണ്‌?’ എന്ന പ്രസംഗം കേൾക്കാൻ ഒക്‌റ്റാ​ബെൽ ഏമി​ബെ​ല്ലി​നെ ക്ഷണിച്ചു. ഏമിബെൽ ക്ഷണം സ്വീക​രി​ച്ചു. അന്നുമു​തൽ അവർ ക്രമമാ​യി യോഗ​ങ്ങൾക്കു പോകാൻതു​ടങ്ങി.

“പ്രസി​ദ്ധീ​ക​ര​ണങ്ങൾ വായി​ക്കു​ക​യും യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ക​യും ചെയ്‌താണ്‌ അവരെ​ല്ലാ​വ​രും സത്യത്തി​ലേക്കു വന്നത്‌. അവരെ ആകർഷി​ച്ചത്‌ ദൈവാ​ത്മാ​വാണ്‌,” ഡറിന്റെ മകളായ ഓൾഗ നൈറ്റ്‌ പറയുന്നു. “ഉത്സാഹ​ഭ​രി​ത​രാ​യി​രുന്ന അവർ, പഠിച്ച കാര്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ ഒട്ടും അമാന്തി​ച്ചില്ല.”

ഓൾഗ​യു​ടെ പിതാവ്‌ ഹെർമൻ ലൈറ്റ്‌ബർൺ കുട്ടികൾ എന്ന പുസ്‌തകം വായി​ച്ചാണ്‌ സത്യത്തി​ലേക്ക്‌ ആകൃഷ്ട​നാ​യത്‌. ആശുപ​ത്രി​യിൽ കിടക്കു​മ്പോ​ഴാണ്‌ അദ്ദേഹം ആ പുസ്‌തകം വായി​ക്കു​ന്നത്‌. പഠിച്ച കാര്യങ്ങൾ അദ്ദേഹത്തെ ആവേശ​ഭ​രി​ത​നാ​ക്കി. എല്ലാ വെള്ളി​യാ​ഴ്‌ച​യും അദ്ദേഹം ഒരു ട്രക്ക്‌ വാടക​യ്‌ക്കെ​ടുത്ത്‌ ഒരു സംഘം പ്രസാ​ധ​ക​രെ​യും കൂട്ടി അടുത്തുള്ള ഗ്രാമ​ങ്ങ​ളിൽ പോയി സാക്ഷീ​ക​രി​ക്കു​മാ​യി​രു​ന്നു. ബ്ലാക്ക്‌ ക്രീക്കി​ന്റെ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലും അദ്ദേഹം സമഗ്ര​മായ സാക്ഷീ​ക​രണം നടത്തി. അവിടെ അദ്ദേഹ​ത്തി​നൊ​രു ഫാം ഉണ്ടായി​രു​ന്നു.

“എന്റെ മാതാ​പി​താ​ക്കൾ ബെലീസ്‌ നദീതീ​ര​ത്തു​ട​നീ​ളം സാക്ഷീ​ക​രി​ച്ചു,” ഓൾഗ അനുസ്‌മ​രി​ക്കു​ന്നു. “ആളുകൾ വൈകു​ന്നേരം റാന്തൽവി​ള​ക്കു​ക​ളും​കൊണ്ട്‌ പ്രസംഗം കേൾക്കാ​നെ​ത്തും. ഫാമിൽ അവധി​ക്കാ​ലം ചെലവ​ഴി​ക്കാൻ ചെല്ലു​മ്പോൾ രാവി​ലെ​തന്നെ ഞാനും എന്റെ മാതാ​പി​താ​ക്ക​ളും ഏമിബെൽ ആന്റിയും അവരുടെ മകൾ മോളി ടില്ലെ​റ്റും കൂടെ കുതി​ര​പ്പു​റത്ത്‌ വരിവ​രി​യാ​യി യാത്ര​യാ​കും. ഒടുവിൽ ഞങ്ങൾ ക്രുക്കഡ്‌ ട്രീയി​ലെ​ത്തും. കുതി​ര​കളെ മേയാൻ വിട്ടിട്ട്‌ ഞങ്ങൾ അവി​ടെ​യുള്ള ആളുകൾക്ക്‌ ബൈബി​ള​ധ്യ​യ​ന​മെ​ടു​ക്കും. അതിൽ ചില കുടും​ബങ്ങൾ സത്യം സ്വീക​രി​ച്ചു.”

പുതിയ പ്രസാ​ധ​ക​രു​ടെ ആദ്യ സംഘം 1941-ൽ ബെലീസ്‌ സിറ്റി​യിൽവെച്ച്‌ സ്‌നാ​ന​മേറ്റു. അവരിൽ ഒരാളാ​യി​രു​ന്നു ജോർജ്‌ ലോങ്ങ്‌സ്‌വർത്ത്‌. ആ വർഷം​മു​തൽ 1967-ൽ മരിക്കു​ന്ന​തു​വ​രെ​യും അദ്ദേഹം ഒരു പയനി​യ​റാ​യി സേവിച്ചു. മരിക്കു​മ്പോൾ അദ്ദേഹ​ത്തിന്‌ 87 വയസ്സാ​യി​രു​ന്നു. ഉൾനാടൻ പ്രദേ​ശ​ങ്ങ​ളി​ലാണ്‌ അദ്ദേഹം പ്രധാ​ന​മാ​യും സാക്ഷീ​ക​രി​ച്ചി​രു​ന്നത്‌. പുതി​യ​പു​തിയ പ്രദേ​ശ​ങ്ങ​ളിൽ അദ്ദേഹം സത്യം എത്തിച്ചു. കിലോ​മീ​റ്റ​റു​ക​ളോ​ളം കുതി​ര​പ്പു​റത്തു സഞ്ചരി​ച്ചാണ്‌ അദ്ദേഹം പട്ടണങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും സുവാർത്ത പ്രസം​ഗി​ച്ചി​രു​ന്നത്‌. ശുശ്രൂ​ഷ​യി​ലും യോഗ​ങ്ങ​ളി​ലും പങ്കെടു​ക്കാൻ ജോർജ്‌ കാണിച്ച സ്ഥിരോ​ത്സാ​ഹം പുതി​യ​വർക്ക്‌ ഏറെ പ്രോ​ത്സാ​ഹനം പകർന്നു. തീക്ഷ്‌ണ​ത​യുള്ള ഈ വിശ്വസ്‌ത ദാസരെ ഉപയോ​ഗിച്ച്‌ യഹോവ പരമാർഥ​ഹൃ​ദ​യ​രായ ആളുകളെ തന്റെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ച്ചു.

ആദ്യത്തെ മിഷനി​മാർ എത്തുന്നു

1945 ഒക്‌ടോ​ബർ 5-ന്‌ ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ ആദ്യ ബാച്ചിൽനി​ന്നുള്ള എൽമർ ഐറി​ഗും ചാൾസ്‌ ഹേയനും ബെലീ​സി​ലെത്തി. അവർ വന്നതിന്റെ തലേദി​വസം ബെലീസ്‌ സിറ്റി​യിൽനിന്ന്‌ 160 കിലോ​മീ​റ്റർ തെക്കു​മാ​റി ഒരു കൊടു​ങ്കാ​റ്റു​ണ്ടാ​യി. വിമാ​ന​ത്താ​വ​ള​ത്തിൽനിന്ന്‌ സിറ്റി​യി​ലേ​ക്കുള്ള റോഡ്‌ വെള്ളത്തി​ന​ടി​യി​ലാ​യി. അതു​കൊണ്ട്‌ രണ്ടുമി​ഷ​ന​റി​മാ​രും സൈനി​ക​രു​ടെ ട്രക്കി​ലാണ്‌ ബെലീസ്‌ സിറ്റി​യി​ലെ​ത്തി​യത്‌. കാൽ നനയാതെ മിഷന​റി​മാർക്ക്‌ തന്റെ വീട്ടി​ലേക്കു നടന്നു​വ​രാ​നാ​യി താഡി​യസ്‌ ഹാജ്‌സൺ വീടി​നു​മു​മ്പിൽ സിമന്റ്‌ കട്ടകളും തടി​പ്പെ​ട്ടി​ക​ളും നിരത്തി.

മിഷന​റി​മാ​രു​ടെ വരവും കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു ബെലീ​സി​ലെ സഹോ​ദ​രങ്ങൾ. പുതിയ മിഷന​റി​മാ​രെ വരവേൽക്കാ​നാ​യി ജെയിംസ്‌ ഗോർഡ​നും ലേയോൺ റേക്കേ​ന​യും റാഫേൽ മെഡി​ന​യും ബെലീ​സി​ന്റെ വടക്കു​ഭാ​ഗ​ത്തു​നിന്ന്‌ ബെലീസ്‌ സിറ്റി​യി​ലെത്തി. അന്ന്‌ അത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. “രാജ്യ​ത്തി​ന്റെ വടക്കു​ഭാ​ഗ​ത്തെ​യും ബെലീസ്‌ സിറ്റി​യെ​യും ബന്ധിപ്പി​ക്കുന്ന ഹൈവേ അന്ന്‌ ഇല്ലായി​രു​ന്നു,” റാഫേ​ലി​ന്റെ കൊച്ചു​മ​ക​നായ ഇസ്‌മ​യേൽ മെഡിന പറയുന്നു. “പിക്കാ​ഡോസ്‌ അഥവാ നിരത്തു​കൾ കുണ്ടും കുഴി​യും നിറഞ്ഞ​വ​യാ​യി​രു​ന്നു. കോവർക​ഴു​തകൾ വലിച്ചി​രുന്ന വണ്ടികൾ മാത്രമേ ഈ വഴിക​ളി​ലൂ​ടെ ഓടി​യി​രു​ന്നു​ള്ളൂ. ആ വഴി​ക്കൊ​ന്നും വീടു​ക​ളു​ണ്ടാ​യി​രു​ന്നില്ല. പാമ്പു​ക​ളു​ടെ ശല്യം ഉണ്ടായി​രു​ന്നി​ട്ടും വഴി​യോ​രത്ത്‌ അവർക്ക്‌ രാത്രി കഴിച്ചു​കൂ​ട്ടേ​ണ്ടി​വന്നു. മിഷന​റി​മാ​രെ കണ്ട്‌ അവരിൽനിന്ന്‌ നിർദേ​ശ​ങ്ങ​ളും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​മൊ​ക്കെ സ്വീക​രി​ച്ച​ശേഷം മൂന്നു​സ​ഹോ​ദ​ര​ന്മാ​രും തിരിച്ച്‌ നടപ്പു​തു​ടങ്ങി. തിരി​ച്ചെ​ത്താൻ ദിവസ​ങ്ങ​ളെ​ടു​ത്തു.”

മ്യൂൾ പാർക്കിൽവെച്ച്‌ അസാധാ​ര​ണ​മായ ഒരു വിധത്തി​ലാണ്‌ മിഷന​റി​മാ​രെ പൊതു​ജ​ന​ത്തി​നു പരിച​യ​പ്പെ​ടു​ത്തി​യത്‌. വ്യാ​ജോ​പ​ദേ​ശങ്ങൾ പഠിപ്പി​ക്കുന്ന വൈദി​കരെ വിമർശി​ച്ചു​കൊ​ണ്ടാണ്‌ ജെയിംസ്‌ ഹയറ്റ്‌ പരിപാ​ടി തുടങ്ങി​യത്‌. ഇതു കേട്ടു​കൊ​ണ്ടു​നിന്ന ചിലർ അദ്ദേഹത്തെ ചീത്തവി​ളി​ക്കാൻ തുടങ്ങി. പ്രസം​ഗ​ത്തി​ന്റെ ഒടുവിൽ പുതിയ മിഷന​റി​മാ​രെ ചൂണ്ടി​ക്കാ​ട്ടി​ക്കൊണ്ട്‌ അദ്ദേഹം പറഞ്ഞു: “ഈ രണ്ടു​പേരെ ഞാൻ നിങ്ങൾക്കു വിട്ടു​ത​രു​ന്നു.” ആ സഹോ​ദ​ര​ന്മാ​രെ​ക്കു​റിച്ച്‌ അത്ര വിവര​ങ്ങളേ പൊതു​ജ​ന​ത്തി​നു ലഭിച്ചു​ള്ളൂ!

ആ ആദ്യകാല സാക്ഷി​കൾക്ക്‌ യഹോ​വ​യോ​ടും ബൈബിൾസ​ത്യ​ത്തോ​ടും കറയറ്റ സ്‌നേഹം ഉണ്ടായി​രു​ന്നു, അതേസ​മയം വ്യാ​ജോ​പ​ദേ​ശ​ങ്ങ​ളോട്‌ കടുത്ത വെറു​പ്പും. അനുഭ​വ​സ​മ്പ​ന്ന​രായ മിഷന​റി​മാ​രിൽനിന്ന്‌ പലതും പഠിക്കാൻ പ്രസാ​ധ​കർക്കാ​കു​മാ​യി​രു​ന്നു, അങ്ങനെ കൂടുതൽ ഫലപ്ര​ദ​രായ ശുശ്രൂ​ഷ​ക​രാ​കാ​നും.

ആ രണ്ടുമി​ഷ​ന​റി​മാ​രും ബെലീസ്‌ സിറ്റി​യിൽ പ്രവർത്തി​ക്കാൻതു​ടങ്ങി. അക്കാലത്ത്‌ അവിടെ 26,700-ഓളം പേർ മാത്ര​മാണ്‌ ഉണ്ടായി​രു​ന്നത്‌. കല്ലും മണ്ണു​മൊ​ക്കെ​യിട്ട്‌ നികത്തി സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ ഒരടി പൊക്ക​ത്തി​ലാ​യി​രു​ന്നു ബെലീസ്‌ സിറ്റി പണിതു​യർത്തി​യി​രു​ന്നത്‌. വെള്ളം ഒഴുകി​പ്പോ​കാ​നുള്ള സൗകര്യ​ങ്ങ​ളും കുറവാ​യി​രു​ന്നു. ഇതിനു​പു​റമേ ചൂടും ഈർപ്പ​വു​മുള്ള കാലാ​വ​സ്ഥ​യാ​യി​രു​ന്നു അവിടെ. വീടു​ക​ളിൽ പൈപ്പ്‌ വെള്ളം ഇല്ലായി​രു​ന്നു. എന്നാൽ എല്ലാ വീടു​ക​ളു​ടെ​യും മുറ്റത്ത്‌ മഴക്കാ​ലത്തു വെള്ളം ശേഖരി​ക്കു​ന്ന​തി​നാ​യി തടി​കൊ​ണ്ടുള്ള വലി​യൊ​രു വീപ്പയു​ണ്ടാ​യി​രു​ന്നു. എന്നാൽ ചില​പ്പോൾ മഴ നാശം വിതയ്‌ക്കാ​റുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ 1931-ൽ പേമാ​രി​യും ചുഴലി​ക്കാ​റ്റും നഗരത്തെ കശക്കി​യെ​റി​ഞ്ഞു. 2,000-ത്തിലധി​കം ആളുകൾക്ക്‌ അന്നു ജീവൻ നഷ്ടമായി.

വിലക്കു​കൾക്കു മധ്യേ​യും പുരോ​ഗ​തി

ബെലീ​സിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നെ​തി​രെ ഒരിക്ക​ലും നിരോ​ധനം ഉണ്ടായി​ട്ടി​ല്ലെ​ങ്കി​ലും രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നി​ട​യ്‌ക്ക്‌ കുറച്ചു​കാ​ല​ത്തേക്ക്‌ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഗവൺമെന്റ്‌ നിരോ​ധി​ച്ചു. മിഷന​റി​മാർ എത്തി​ച്ചേ​രു​ന്ന​തി​നു കുറച്ചു​കാ​ലം​മുമ്പ്‌ ഈ നിരോ​ധ​നങ്ങൾ പിൻവ​ലി​ച്ചു.

1946 ജൂലൈ 15 ലക്കം വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) ബെലീ​സി​ലെ രണ്ടുമി​ഷ​ന​റി​മാ​രു​ടെ​യും പ്രവർത്ത​ന​ത്തെ​ക്കു​റിച്ച്‌ ഇപ്രകാ​രം റിപ്പോർട്ടു​ചെ​യ്‌തു: “തപാലി​ലൂ​ടെ ലഭിക്കുന്ന സാഹി​ത്യ​ങ്ങൾ തുടർന്നും നിരോ​ധി​ക്ക​ണ​മെന്ന്‌ ആവശ്യ​പ്പെട്ട്‌ ഉൾനാടൻ പ്രദേ​ശ​ത്തുള്ള ഒരു റോമൻ കത്തോ​ലി​ക്കാ പുരോ​ഹി​തൻ അധികൃ​ത​രു​ടെ​മേൽ സമ്മർദം ചെലു​ത്തു​ന്നുണ്ട്‌. ഈ രണ്ടുമി​ഷ​ന​റി​മാർ അവി​ടെ​യു​ള്ളത്‌ റോമൻ കത്തോ​ലി​ക്കാ വൈദി​കർക്ക്‌ തീരെ സഹിക്കു​ന്നില്ല. ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ ഈ മിഷന​റി​മാർക്ക്‌ പ്രവേ​ശ​നാ​നു​മതി നൽകി​യ​തിൽ ഒരു ഐറിഷ്‌-അമേരി​ക്കൻ വൈദി​കൻ രോഷാ​കു​ല​നാണ്‌. . . . വൈദി​കൻ ഒരു അമേരി​ക്ക​ക്കാ​ര​നാ​യ​തു​കൊണ്ട്‌ അമേരി​ക്കൻ ജയിലു​ക​ളിൽ കഴിയുന്ന കുറ്റവാ​ളി​ക​ളു​ടെ എണ്ണം മിഷന​റി​മാർ അദ്ദേഹ​ത്തി​ന്റെ ശ്രദ്ധയിൽപ്പെ​ടു​ത്തി. ഐക്യ​നാ​ടു​ക​ളി​ലെ പൗരന്മാ​രു​ടെ ധാർമിക അധഃപ​ത​ന​ത്തി​നു തടയി​ടാൻ റോമൻ കത്തോ​ലി​ക്കാ സഭയ്‌ക്കു കഴിഞ്ഞി​ട്ടി​ല്ലെന്ന്‌ അവർ തെളി​യി​ച്ച​പ്പോൾ വൈദി​കന്‌ തലകു​നിച്ച്‌ ഇറങ്ങി​പ്പോ​കേ​ണ്ടി​വന്നു.”

1944-ൽ ബെലീ​സിൽ ഏഴു​പ്ര​സാ​ധകർ ഉള്ളതായി റിപ്പോർട്ടു ചെയ്യ​പ്പെട്ടു. കൃത്യ​മായ ആദ്യത്തെ റിപ്പോർട്ടാ​യി​രു​ന്നു അത്‌. ഫലപ്ര​ദ​മായ സാക്ഷ്യം നൽകു​ന്ന​തിന്‌ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ പ്രസാ​ധകർ സാക്ഷ്യ​ക്കാർഡു​കൾ ഉപയോ​ഗി​ക്കാൻതു​ടങ്ങി. മിഷന​റി​മാർ എത്തി ഒരു വർഷത്തി​നു​ള്ളിൽ പ്രസാ​ധ​ക​രു​ടെ എണ്ണം 16 ആയി ഉയർന്നു.

1946-ൽ ലോകാ​സ്ഥാ​ന​ത്തു​നി​ന്നുള്ള നേഥൻ എച്ച്‌. നോറും ഫ്രെഡ​റിക്‌ ഡബ്ല്യു. ഫ്രാൻസും ബെലീസ്‌ സന്ദർശിച്ച്‌ അവിടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിച്ചു. സംഘട​ന​യെ​ക്കു​റിച്ച്‌ പ്രസംഗം നടത്തിയ നോർ സഹോ​ദരൻ ഫാറങ്ങ​ളിൽ വയൽസേ​വനം റിപ്പോർട്ടു ചെയ്യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം വിശദീ​ക​രി​ച്ചു. രാജ്യ​വാർത്ത ഘോഷി​ച്ചു​കൊണ്ട്‌ മറ്റുള്ള​വ​രോട്‌ തുടർന്നും കരുണ കാണി​ക്കാൻ ഫ്രാൻസ്‌ സഹോ​ദരൻ സഭയെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അതേ ആഴ്‌ച​തന്നെ 102 പേരെ സംബോ​ധന ചെയ്‌തു​കൊണ്ട്‌ ഫ്രാൻസ്‌ സഹോ​ദരൻ മറ്റൊരു പ്രസംഗം നടത്തി. സത്യത​ത്‌പ​ര​രായ അനേകം ആളുകൾ സദസ്സി​ലു​ണ്ടാ​യി​രു​ന്നു. അവർ യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പം ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ നോർ സഹോ​ദരൻ വിശദീ​ക​രി​ച്ചു. സാക്ഷി​ക​ളോ​ടൊ​പ്പം ക്രമമാ​യി ബൈബിൾ പഠിക്കാൻ അദ്ദേഹം അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

അതേവർഷം​ത​ന്നെ ചാൾസ്‌ പാരി​ഷും ഭാര്യ ആനി രൂത്തും കോർഡിസ്‌ സോ​റെ​ലും ഭാര്യ മിൽഡ്ര​ഡും ബെലീ​സിൽ എത്തി​ച്ചേർന്നു. 1948-ൽ ട്രൂമാൻ ബ്രൂബാ​ക്ക​റും ചാൾസ്‌ ഹോ​മോൽക്ക​യും ഭാര്യ ഫ്‌ളോ​റൻസും അവരോ​ടു ചേർന്നു. അവർക്ക്‌ അവിടെ ചെയ്യാൻ വളരെ​യ​ധി​കം കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ചെയ്യാൻ ഏറെ

“അന്ന്‌ അവിടെ ചെറി​യൊ​രു സഭ മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ,” എൽമർ ഐറിഗ്‌ എഴുതു​ന്നു. മറ്റിട​ങ്ങ​ളിൽ സഭക​ളൊ​ന്നും ഇല്ലായി​രു​ന്ന​തി​നാൽ ഞാൻ ഈ സ്ഥലങ്ങളിൽ പോയി രണ്ടോ മൂന്നോ ആഴ്‌ച അവിടെ താമസിച്ച്‌ പ്രസം​ഗ​വേല നടത്തു​മാ​യി​രു​ന്നു. പുസ്‌ത​കങ്ങൾ സമർപ്പി​ക്കു​ക​യും മാസി​ക​ക​ളു​ടെ വരിസം​ഖ്യ​കൾ സ്വീക​രി​ക്കു​ക​യും പ്രസം​ഗങ്ങൾ നടത്തു​ക​യും ചെയ്‌തു​കൊണ്ട്‌ ഞാൻ അവിടെ സത്യത്തി​ന്റെ വിത്തുകൾ വിതച്ചു.” ആദ്യവർഷം ചാൾസ്‌ ഹേയൻ ഓറഞ്ച്‌ വാക്കി​ലേക്ക്‌ ട്രക്കി​ലാണ്‌ പൊയ്‌ക്കൊ​ണ്ടി​രു​ന്നത്‌. അദ്ദേഹം അവിടെ പ്രവർത്തി​ക്കു​ക​യും ക്രമമാ​യി യോഗങ്ങൾ നടത്താൻ അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.

തെക്കുള്ള പട്ടണങ്ങ​ളി​ലെ​ത്താൻ ബോട്ടു​ക​ളെ​ത്തന്നെ ആശ്രയി​ക്ക​ണ​മാ​യി​രു​ന്നു. എൽമറും ചാൾസും ഹെറോൻ എച്ച്‌ എന്ന ബോട്ടിൽ സ്റ്റാൻ ക്രീക്കി​ലെ​യും (ഇപ്പോൾ ഡാൻഗ്രീഗ) പാന്റ ഗോർഡ​യി​ലെ​യും തീരദേശ പട്ടണങ്ങൾ സന്ദർശി​ക്കു​മാ​യി​രു​ന്നു. ഗാരി​ഫ്യൂ​ണ ഗോ​ത്ര​ക്കാർ വസിച്ചി​രുന്ന ഈ പ്രദേ​ശ​ങ്ങ​ളിൽ സുവാർത്ത​യു​ടെ വിത്തു​പാ​കു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം. അന്നൊക്കെ ബെലീസ്‌ സിറ്റി​യിൽനിന്ന്‌ പാന്റ ഗോർഡ​യിൽ എത്തണ​മെ​ങ്കിൽ 30 മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യണ​മാ​യി​രു​ന്നു. അവിടെ എത്തിയ എൽമർ ഒരു ഹോട്ട​ലിൽ താമസിച്ച്‌ അതിന്റെ ലോബി​യിൽവെച്ച്‌ ഒരു പരസ്യ​പ്ര​സം​ഗം നടത്തി. അതു കേൾക്കാൻ 20-ഓളം പേർ എത്തിയി​രു​ന്നു.

തന്റെ കുടും​ബ​ത്തോ​ടൊ​പ്പം എൽമർ, ക്രുക്കഡ്‌ ട്രീയി​ലേക്ക്‌ വന്നിരു​ന്നത്‌ ഓൾഗ നൈറ്റ്‌ ഓർക്കു​ന്നു. അവിടെ അവരുടെ പിതാവ്‌ നദീതീ​ര​ത്തു​വെച്ച്‌ യോഗങ്ങൾ നടത്തി​യി​രു​ന്നു. മിഷന​റി​മാ​രു​ടെ കഠിനാ​ധ്വാ​ന​ത്തെ​യും താഴ്‌മ​യെ​യും സ്ഥലത്തെ സഹോ​ദ​രങ്ങൾ വളരെ വിലമ​തി​ച്ചി​രു​ന്നു.

1948-ഓടെ പ്രസാ​ധ​ക​രു​ടെ എണ്ണം ഏതാണ്ട്‌ 38 ആയി. ബെലീസ്‌ സിറ്റിക്കു പുറത്ത്‌ നാലു പുതിയ സഭകൾ രൂപീ​ക​രി​ച്ചു. വിരലി​ലെ​ണ്ണാ​വുന്ന പ്രസാ​ധ​കരേ ഓരോ സഭയി​ലും ഉണ്ടായി​രു​ന്നു​ള്ളൂ; ബ്ലാക്ക്‌ ക്രീക്കിൽ ലൈറ്റ്‌ബർൺ കുടും​ബം; ബോമ്പാ​യിൽ ഗോർഡൻ കുടും​ബം; സാന്റാ​നാ​യിൽ ഹ്യൂമ്‌സ്‌ കുടും​ബ​വും ആൽഡാനാ കുടും​ബ​വും; ഓറഞ്ച്‌ വാക്കിൽ ലേയോ​ണും റാഫേ​ലും. മിഷന​റി​മാ​രും പ്രത്യേക പയനി​യർമാ​രും തങ്ങൾക്കു ലഭിച്ച നിർദേ​ശ​മ​നു​സ​രിച്ച്‌ ബെലീസ്‌ സിറ്റി​യി​ലാണ്‌ മുഖ്യ​മാ​യും പ്രവർത്തി​ച്ചി​രു​ന്നത്‌. യഹോവ അവരുടെ ശ്രമങ്ങളെ അനു​ഗ്ര​ഹി​ച്ചു. യഹോ​വ​യു​ടെ സംഘട​ന​യി​ലേക്ക്‌ കൂടുതൽ ആളുകൾ ഒഴുകി​യെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.

1949 ഡിസം​ബ​റിൽ നോർ സഹോ​ദരൻ വീണ്ടും ബെലീസ്‌ സന്ദർശി​ച്ചു. സമയോ​ചി​ത​മായ ആ സന്ദർശനം സഹോ​ദ​ര​ന്മാർക്ക്‌ ഏറെ പ്രോ​ത്സാ​ഹനം നൽകി. ഒരു സായാഹ്നം അദ്ദേഹം മിഷനറി ഭവനത്തിൽ ചെലവ​ഴി​ച്ചു. മിഷനറി വേലയു​ടെ വെല്ലു​വി​ളി​ക​ളെ​ക്കു​റിച്ച്‌ ആ അവസര​ത്തിൽ അദ്ദേഹം സംസാ​രി​ച്ചു. അന്നൊക്കെ യഹോ​വയെ സേവി​ക്കാൻ ആഗ്രഹിച്ച്‌ പലരും മുന്നോ​ട്ടു വന്നെങ്കി​ലും സമർപ്പിച്ച്‌ സ്‌നാ​ന​മേൽക്കാൻ അവർ തയ്യാറ​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ക്ഷമയും സഹിഷ്‌ണു​ത​യും മിഷന​റി​മാർക്ക്‌ ആവശ്യ​മാ​ണെന്ന്‌ നോർ സഹോ​ദരൻ വ്യക്തമാ​ക്കി. ആളുക​ളോ​ടുള്ള സ്‌നേ​ഹ​വും മിഷനറി വേലയിൽ പ്രധാ​ന​മാ​ണെന്ന്‌ അദ്ദേഹം ഓർമി​പ്പി​ച്ചു. അവർക്ക്‌ നല്ല ഫലങ്ങൾ കൊയ്യാൻ കഴിഞ്ഞി​ട്ടു​ണ്ടെന്ന കാര്യ​വും അദ്ദേഹം അവരെ അനുസ്‌മ​രി​പ്പി​ച്ചു.

മിഷന​റി​മാർക്ക്‌ പ്രവേ​ശനം നിഷേ​ധി​ക്കു​ന്നു

1957-ഓടെ, ബെലീ​സി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നങ്ങൾ ഗവൺമെന്റ്‌ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെന്ന്‌ സഹോ​ദ​ര​ന്മാർക്കു മനസ്സി​ലാ​യി. ഓറഞ്ച്‌ വാക്കിൽ സൊ​സൈ​റ്റി​യു​ടെ ഒരു ഫിലിം പ്രദർശി​പ്പി​ച്ചു​കൊ​ണ്ടി​രുന്ന സന്ദർഭ​ത്തിൽ ബ്രാഞ്ചിൽനി​ന്നുള്ള സഹോ​ദ​ര​ന്മാ​രെ ഒരു പോലീസ്‌ ഓഫീസർ ചോദ്യം ചെയ്യാൻതു​ടങ്ങി. അവർ ഗ്രാമ​ത്തിൽ എത്തിയത്‌ എപ്പോ​ഴാ​ണെ​ന്നും എപ്പോ​ഴാ​യി​രി​ക്കും മടങ്ങു​ന്ന​തെ​ന്നു​മൊ​ക്കെ അയാൾ ചോദി​ച്ചു. പോലീസ്‌ സൂപ്ര​ണ്ടിന്‌ റിപ്പോർട്ട്‌ ചെയ്യാ​നാണ്‌ ഈ വിവരങ്ങൾ ചോദി​ച്ച​റി​യു​ന്ന​തെന്ന്‌ അയാൾ പറഞ്ഞു. അടുത്ത​കാ​ലത്തു നടന്ന ഒരു സമ്മേള​ന​ത്തിൽ ഒരു പോലീസ്‌ ഓഫീസർ മഫ്‌തി​യിൽ സന്നിഹി​ത​നാ​യി​രു​ന്നെ​ന്നും വിവരങ്ങൾ ശേഖരി​ക്കാ​നാണ്‌ അയാളും എത്തിയ​തെ​ന്നും ആ പോലീ​സു​കാ​രൻ വെളി​പ്പെ​ടു​ത്തി.

1951-നും 1957-നും ഇടയ്‌ക്ക്‌ പത്തു മിഷന​റി​മാർക്കു​കൂ​ടെ രാജ്യത്തു പ്രവേ​ശി​ക്കാ​നുള്ള അനുമതി ലഭിച്ചു. പെട്ടെന്ന്‌ 1957 ജൂണിൽ സഹോ​ദ​ര​ന്മാർക്ക്‌ ഇമി​ഗ്ര​ഷേൻ ഹെഡ്‌ക്വാർട്ടേ​ഴ്‌സിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: “നിങ്ങളു​ടെ സൊ​സൈ​റ്റി​യു​ടെ ശുശ്രൂ​ഷ​കർക്ക്‌ മേലാൽ ബ്രിട്ടീഷ്‌ ഹോണ്ടു​റാ​സിൽ [ഇന്നത്തെ ബെലീസ്‌] പ്രവേ​ശനം അനുവ​ദി​ക്കു​ന്ന​ത​ല്ലെന്ന്‌ ബ്രിട്ടീഷ്‌ ഹോണ്ടു​റാസ്‌ ഗവൺമെന്റ്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇത്‌ ഉടനടി പ്രാബ​ല്യ​ത്തിൽ വരുന്ന​താ​യി​രി​ക്കും.” ഈ തീരു​മാ​ന​ത്തി​നു പിന്നിലെ കാരണ​ത്തെ​ക്കു​റിച്ച്‌ ആരായു​ന്ന​തിന്‌ ഗവർണറെ കാണാൻ സഹോ​ദ​ര​ന്മാർ അപേക്ഷി​ച്ചെ​ങ്കി​ലും അത്‌ നിരസി​ക്ക​പ്പെട്ടു.

പുതിയ മിഷന​റി​മാ​രെ കൊണ്ടു​വ​രാ​നുള്ള അനുവാ​ദം മറ്റുചില മതങ്ങൾക്കും നിഷേ​ധി​ക്ക​പ്പെട്ടു. എന്നാൽ രാജ്യം വിട്ട മിഷന​റി​മാർക്കു​പ​കരം വേറെ മിഷന​റി​മാ​രെ കൊണ്ടു​വ​രാൻ അവർക്ക്‌ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അതിനു​പോ​ലും അനുവാ​ദം ലഭിച്ചില്ല. 1960-ൽ സഹോ​ദ​ര​ന്മാർ ബെലീ​സി​ലെ​യും ലണ്ടനി​ലെ​യും അധികൃ​തർക്ക്‌ കത്തെഴു​തി. പുതിയ മിഷന​റി​മാർക്കു പ്രവേ​ശ​നാ​നു​മതി നൽകാനല്ല, മറിച്ച്‌ രാജ്യം വിടേ​ണ്ടി​വന്ന രണ്ടുമി​ഷ​ന​റി​മാർക്കു പകരം രണ്ടു​പേർക്ക്‌ പ്രവേ​ശ​നാ​നു​മതി നൽകാ​നാണ്‌ തങ്ങൾ അപേക്ഷി​ക്കു​ന്നത്‌ എന്നതാ​യി​രു​ന്നു കത്തിന്റെ ഉള്ളടക്കം.

എന്നാൽ അവർക്കു ലഭിച്ച മറുപടി ഇതായി​രു​ന്നു: “വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി​യു​ടെ മിഷന​റി​മാർക്ക്‌ ഇനിമേൽ ബ്രിട്ടീഷ്‌ ഹോണ്ടു​റാ​സിൽ പ്രവേ​ശി​ക്കാൻ അനുമതി നൽകേണ്ട എന്നാണ്‌ ഗവർണർ-ഇൻ-കൗൺസി​ലി​ന്റെ ഉറച്ച തീരു​മാ​നം.”

സഹോ​ദ​ര​ന്മാർ ഗവർണ​റു​മാ​യി ഒരു കൂടി​ക്കാ​ഴ്‌ച​യ്‌ക്ക്‌ അഭ്യർഥി​ച്ച​പ്പോൾ അവർക്ക്‌ ഇങ്ങനെ​യൊ​രു കത്ത്‌ ലഭിച്ചു: “നിങ്ങളു​ടെ സൊ​സൈ​റ്റി​യു​ടെ മിഷന​റി​മാർക്ക്‌ മേലാൽ ബ്രിട്ടീഷ്‌ ഹോണ്ടു​റാ​സിൽ പ്രവേ​ശനം നൽകേണ്ട എന്ന്‌ 1957-ൽ ഗവർണർ-ഇൻ-കൗൺസിൽ ഉറച്ച തീരു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. സാഹച​ര്യം ഇതായി​രി​ക്കെ, നിങ്ങൾ അദ്ദേഹത്തെ കാണു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജനം ഉണ്ടാകു​മെന്ന്‌ അദ്ദേഹം കരുതു​ന്നില്ല.” ആകെ വഴിമു​ട്ടിയ അവസ്ഥയി​ലാ​യി​രു​ന്നു സഹോ​ദ​ര​ന്മാർ.

ഏതാണ്ട്‌ അഞ്ചുവർഷത്തെ തുടർച്ച​യായ അഭ്യർഥ​ന​യ്‌ക്കു​ശേഷം 1961 ഒക്‌ടോ​ബ​റിൽ ബെലീസ്‌ സെക്ര​ട്ട​റി​യേ​റ്റിൽനിന്ന്‌ ബ്രാഞ്ച്‌ ഓഫീ​സിന്‌ ഒരു കത്തു ലഭിച്ചു: “അടുത്തി​ടെ ലഭിച്ച നിങ്ങളു​ടെ അപേക്ഷകൾ ബ്രിട്ടീഷ്‌ ഹോണ്ടു​റാസ്‌ ഗവൺമെന്റ്‌ പരിഗ​ണി​ച്ചി​രി​ക്കു​ന്നു. ഇപ്പോ​ഴുള്ള മിഷന​റി​മാ​രി​ലാ​രെ​ങ്കി​ലും രാജ്യം വിടു​ന്ന​പക്ഷം പകരം പുതിയ മിഷന​റി​മാ​രെ അനുവ​ദി​ക്കാൻ തത്‌കാ​ല​ത്തേക്കു ഞങ്ങൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.” അങ്ങനെ 1962-ൽ മാർട്ടിൻ തോം​പ്‌സ​ണും ഭാര്യ ആലിസും ജമൈ​ക്ക​യിൽനിന്ന്‌ ബെലീ​സിൽ മിഷന​റി​മാ​രാ​യെത്തി.

പ്രസം​ഗ​വേല നിർബാ​ധം തുടരു​ന്നു

നമ്മുടെ പ്രവർത്തനം മന്ദീഭ​വി​പ്പി​ക്കാൻ മത​വൈ​രി​കൾ ശ്രമി​ച്ചു​വെ​ന്നു​ള്ളത്‌ വ്യക്തമാ​യി​രു​ന്നു. പക്ഷേ, അവർക്ക്‌ വിജയി​ക്കാ​നാ​യോ? 1957-ലെ റിപ്പോർട്ട്‌ അനുസ​രിച്ച്‌ ബെലീ​സിൽ ഏഴുസ​ഭ​ക​ളി​ലാ​യി 176 പ്രസാ​ധ​ക​രു​ടെ അത്യു​ച്ച​മു​ണ്ടാ​യി. അന്ന്‌ ബെലീ​സി​ലെ ജനസംഖ്യ 75,000 ആയിരു​ന്നു; 400 പേർക്ക്‌ ഒരു പ്രസാ​ധകൻ എന്ന അനുപാ​തം. 1961-ലെ റിപ്പോർട്ട​നു​സ​രിച്ച്‌ പ്രസാ​ധ​ക​രു​ടെ എണ്ണം 236 ആയിരു​ന്നു; അതായത്‌ 34 ശതമാനം വർധന. 383 പേർക്ക്‌ ഒരു പ്രസാ​ധകൻ എന്ന അനുപാ​തം. യഹോവ തന്റെ ജനത്തിനു നൽകിയ വാഗ്‌ദാ​നം സത്യമാ​യി ഭവിച്ചു: “നിനക്കു വിരോ​ധ​മാ​യി ഉണ്ടാക്കുന്ന യാതൊ​രു ആയുധ​വും ഫലിക്ക​യില്ല; ന്യായ​വി​സ്‌താ​ര​ത്തിൽ നിനക്കു വിരോ​ധ​മാ​യി എഴു​ന്നേ​ല്‌ക്കുന്ന എല്ലാനാ​വി​നെ​യും നീ കുറ്റം വിധി​ക്കും.” (യെശ. 54:17) പ്രസം​ഗ​വേല നിർബാ​ധം തുടർന്നു.

ബൈബിൾ പഠിച്ചു​കൊ​ണ്ടി​രുന്ന പലരും നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കാ​തെ ഒരുമി​ച്ചു താമസി​ക്കു​ന്ന​വ​രാ​യി​രു​ന്നു. ചിലരാ​കട്ടെ കൂടെ​ക്കൂ​ടെ പങ്കാളി​കളെ മാറു​ക​യും ചെയ്‌തു. എന്നാൽ യഹോ​വ​യു​ടെ ഉന്നതനി​ല​വാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കിയ ഉടനെ പലരും വളരെ പണം ചെലവാ​ക്കി​യാ​ണെ​ങ്കി​ലും നിയമ​പ​ര​മാ​യി വിവാ​ഹി​ത​രാ​കാ​നുള്ള നടപടി​കൾ സ്വീക​രി​ച്ചു. അവരിൽ ചിലർക്ക്‌ 80-നുമേൽ പ്രായ​മു​ണ്ടാ​യി​രു​ന്നു!

പുതിയ രാജ്യ​ഹാൾ ആവശ്യ​മാ​യി​വ​രു​ന്നു

ബെലീസ്‌ സിറ്റി​യി​ലെ ലിബർട്ടി ഹാൾ വാടക​യ്‌ക്കെ​ടു​ക്കാ​നാ​യി 1949 ഡിസം​ബ​റിൽ സഹോ​ദ​ര​ന്മാർ അഡ്വാൻസ്‌ നൽകി. 1950 ജനുവ​രി​യിൽ നാലു പ്രത്യേക പ്രസം​ഗങ്ങൾ നടത്താ​നാ​യി​രു​ന്നു അത്‌. അവസാ​നത്തെ പ്രസം​ഗ​ത്തി​ന്റെ തലേന്ന്‌ റേഡി​യോ​യി​ലൂ​ടെ ഒരു അറിയി​പ്പു​ണ്ടാ​യി. പിറ്റേന്ന്‌ അവി​ടെ​വെച്ച്‌ ഹാളിന്റെ അധികൃ​ത​രിൽ ഒരാളു​ടെ ശവസം​സ്‌കാര ശുശ്രൂഷ നടക്കു​മ​ത്രേ. ആ ചടങ്ങ്‌ മറ്റെവി​ടേ​ക്കെ​ങ്കി​ലും മാറ്റണ​മെന്ന്‌ സഹോ​ദ​ര​ന്മാർ ഹാളു​ട​മ​ക​ളോട്‌ പലവട്ടം അഭ്യർഥി​ച്ചെ​ങ്കി​ലും ഫലമു​ണ്ടാ​യില്ല. പ്രത്യേക പ്രസംഗം നടക്കു​ന്ന​തി​നി​ടെ ഒരുകൂ​ട്ടം ആളുകൾ ഹാളി​ലേക്ക്‌ ഇരച്ചു​ക​യറി ശുശ്രൂ​ഷ​യ്‌ക്കുള്ള ഒരുക്കങ്ങൾ നടത്താൻതു​ടങ്ങി. ഹാളി​ലാ​കെ ഒച്ചപ്പാ​ടും ബഹളവു​മാ​യി. ഒടുവിൽ സഹോ​ദ​ര​ന്മാർക്ക്‌ പോലീ​സി​ന്റെ സഹായം തേടേ​ണ്ടി​വന്നു. ബെലീ​സിൽ ഹാളു​ക​ളെ​ല്ലാം​തന്നെ ക്ലബ്ബുക​ളോ ഡാൻസ്‌ ഹാളു​ക​ളോ ആയിട്ടാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌. വാടക താങ്ങാ​വു​ന്ന​തി​ല​പ്പു​റ​വു​മാ​യി​രു​ന്നു. സ്വന്തമാ​യി ഒരു രാജ്യ​ഹാൾ ഉണ്ടായി​രി​ക്കേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​ണെന്ന്‌ സഹോ​ദ​ര​ന്മാർക്കു ബോധ്യ​മാ​യി.

“കഴിഞ്ഞ ഞായറാഴ്‌ച വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തിന്‌ 174 പേർ ഹാജരു​ണ്ടാ​യി​രു​ന്നു,” ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ച്ചി​രുന്ന ഡൊണാൾഡ്‌ സ്‌​നൈഡർ എഴുതി. “അത്രയും ആളുകൾക്ക്‌ ഇരിക്കാ​നുള്ള സ്ഥലം ഹാളി​ലി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ കുറെ പേർക്ക്‌ നിൽക്കേ​ണ്ടി​വന്നു. ഹാളിൽ ആളുകൾ തിങ്ങി​നി​റ​ഞ്ഞി​രു​ന്ന​തു​കൊണ്ട്‌ ഭയങ്കര ചൂടു​മാ​യി​രു​ന്നു.” ബ്രാഞ്ച്‌ ഓഫീ​സും മിഷനറി ഭവനവും പലതവണ മാറ്റേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌, വാടക​ക്കെ​ട്ടി​ട​ങ്ങ​ളി​ലേക്ക്‌.

1958 സെപ്‌റ്റം​ബ​റിൽ ഒരു ഇരുനില കെട്ടി​ട​ത്തി​ന്റെ നിർമാ​ണം ആരംഭി​ച്ചു. താഴത്തെ നിലയിൽ ബ്രാഞ്ച്‌ ഓഫീ​സും മിഷനറി ഭവനവും, മുകളി​ലത്തെ നിലയിൽ ഒരു വലിയ ഓഡി​റ്റോ​റി​യ​വും. 1959-ൽ പണി പൂർത്തി​യാ​യി. അങ്ങനെ ബെലീസ്‌ സിറ്റി സഭയ്‌ക്ക്‌ സ്വന്തമാ​യി ഒരു രാജ്യ​ഹാ​ളു​ണ്ടാ​യി.

സ്‌പാ​നിഷ്‌ വയലിൽ അഭൂത​പൂർവ​മായ വളർച്ച

ബെലീ​സിൽ സ്‌പാ​നിഷ്‌ വയലിൽ അഭൂത​പൂർവ​മായ വളർച്ച​യു​ണ്ടാ​യി. 1949-ൽ സ്‌പാ​നിഷ്‌ ഭാഷക്കാർ താമസി​ച്ചി​രുന്ന ചില പ്രദേ​ശങ്ങൾ ബെലീ​സിൽ ഉണ്ടായി​രു​ന്നു. എന്നാൽ ആ ഭാഷ സംസാ​രി​ക്കുന്ന മിഷന​റി​മാർ ആരും അന്ന്‌ ഇല്ലായി​രു​ന്നു. എന്നാൽ പിന്നീട്‌ സ്‌പാ​നിഷ്‌ അറിയാ​വുന്ന ചിലരെ ബെലീ​സി​ലേക്ക്‌ അയച്ചു. അവരിൽ ഒരാളാ​യി​രു​ന്നു 1955-ൽ അവി​ടെ​യെ​ത്തിയ ലെസ്‌ലി പിച്ചർ. സ്‌പാ​നിഷ്‌ സംസാ​രി​ക്കു​ന്നവർ താമസി​ച്ചി​രുന്ന ബെൻക്കി വ്യെഹോ എന്ന പട്ടണത്തി​ലാണ്‌ അദ്ദേഹ​ത്തി​നു നിയമനം ലഭിച്ചത്‌. ഗ്വാട്ടി​മാ​ല​യു​ടെ അതിർത്തി​ക്ക​ടുത്ത്‌ പശ്ചിമ ബെലീ​സി​ലാ​യി​രു​ന്നു ഈ പട്ടണം. അദ്ദേഹം എത്തിയ​പ്പോൾ സ്ഥലത്തെ ചിലയാ​ളു​കൾ അദ്ദേഹ​ത്തെ​യും കാത്തു​നിൽപ്പു​ണ്ടാ​യി​രു​ന്നു. കാരണം?

ബെൻക്കി വ്യെ​ഹോ​യ്‌ക്ക്‌ കുറെ പടിഞ്ഞാ​റാ​യി ഗ്വാട്ടി​മാ​ല​യിൽ സ്ഥിതി​ചെ​യ്യുന്ന സാൻ ബെനീ​റ്റോ പട്ടണത്തി​ലുള്ള നതാലിയ കോൺ​ട്രേ​റാസ്‌ ഒരു വർഷം​മുമ്പ്‌ സത്യം സ്വീക​രിച്ച്‌ സ്‌നാ​ന​മേ​റ്റി​രു​ന്നു. ബെൻക്കി വ്യെ​ഹോ​യി​ലുള്ള ബന്ധുക്ക​ളോട്‌ സാക്ഷീ​ക​രി​ക്കാ​നാ​യി അവർ ബെലീ​സി​ലെത്തി. അവരി​ലൊ​രാ​ളായ സെർവി​ല്യാ​നോ കോൺ​ട്രേ​റാ​സിന്‌ വിഗ്ര​ഹാ​രാ​ധ​ന​യെ​ക്കു​റിച്ച്‌ ബൈബി​ളിൽനി​ന്നു നതാലിയ പറഞ്ഞ കാര്യങ്ങൾ നന്നേ ബോധി​ച്ചു. അദ്ദേഹം സത്യം സ്വീക​രി​ച്ചു. 1998-ൽ മരിക്കു​ന്ന​തു​വരെ അദ്ദേഹം വിശ്വ​സ്‌ത​നാ​യി സേവിച്ചു. മരിക്കു​മ്പോൾ അദ്ദേഹ​ത്തിന്‌ 101 വയസ്സാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തിൽ പലരും സാക്ഷി​ക​ളാണ്‌. ബെൻക്കി വ്യെ​ഹോ​യി​ലെ ചെറിയ കൂട്ടം പ്രസാ​ധകർ പ്രവർത്തി​ക്കേ​ണ്ടി​യി​രുന്ന പ്രദേശം രാജ്യ​ത്തി​ന്റെ അതിർത്തി​യും കടന്ന്‌ ഗ്വാട്ടി​മാ​ല​യി​ലെ മെൽക്കോർ ഡെ മെൻക്കോ​സ്‌വ​രെ​യു​ണ്ടാ​യി​രു​ന്നു. അവി​ടെ​യാണ്‌ അവർ യോഗങ്ങൾ നടത്തി​യി​രു​ന്നത്‌. കാലാ​ന്ത​ര​ത്തിൽ മെൽക്കോർ ഡെ മെൻക്കോ​സിൽ ഒരു സഭ രൂപീ​ക​രി​ച്ചു. ബെൻക്കി വ്യെഹോ സഭയി​ലു​ള്ളവർ ഇന്നും അതേ തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ന്നു.

1956 മുതൽ ഡിസ്‌ട്രി​ക്‌റ്റ്‌, സർക്കിട്ട്‌ സമ്മേളന പരിപാ​ടി​ക​ളു​ടെ കുറെ ഭാഗങ്ങൾ സ്‌പാ​നി​ഷിൽ അവതരി​പ്പി​ക്കാൻതു​ടങ്ങി. 1968 ഫെബ്രു​വ​രി​യിൽ സർക്കിട്ട്‌ സമ്മേളന പരിപാ​ടി​കൾ മുഴു​വ​നാ​യി സ്‌പാ​നി​ഷ്‌ഭാ​ഷ​യിൽ നടത്തി. ഓറഞ്ച്‌ വാക്കിലെ രാജ്യ​ഹാ​ളിൽവെ​ച്ചാണ്‌ അതു നടന്നത്‌. 85 പേർ സന്നിഹി​ത​രാ​യി​രു​ന്നു. നാലു​പേർ സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു.

ഓറഞ്ച്‌ വാക്കിൽ മാർസെ​ലോ ഡോമി​ങ്കെസ്‌, റാഫേൽ മെഡിന, ഡിയോ​നി​സ്യോ ടെക്ക്‌, ഭാര്യ കാറ്റാ​ലീന തുടങ്ങി സ്‌പാ​നി​ഷ്‌ഭാ​ഷ​ക്കാ​രായ ഏതാനും സാക്ഷികൾ, ഇംഗ്ലീഷ്‌ പരിജ്ഞാ​നം കുറവാ​യി​രു​ന്നെ​ങ്കി​ലും വിശ്വ​സ്‌ത​ത​യോ​ടെ ഇംഗ്ലീ​ഷി​ലുള്ള യോഗ​ങ്ങ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും പങ്കെടു​ത്തു​കൊ​ണ്ടി​രു​ന്നു. 1964 ഒക്‌ടോ​ബ​റിൽ അവിടെ ഒരു സ്‌പാ​നിഷ്‌ സഭ സ്ഥാപി​ത​മാ​യി. ഇംഗ്ലീഷ്‌ സഭയോ​ടൊത്ത്‌ സഹവസി​ച്ചി​രുന്ന 20 പ്രസാ​ധ​ക​രാ​യി​രു​ന്നു ആദ്യം ആ സഭയി​ലു​ണ്ടാ​യി​രു​ന്നത്‌.

1980-കളിൽ അയൽരാ​ജ്യ​ങ്ങ​ളായ എൽ സാൽവ​ഡോ​റി​ലും ഗ്വാട്ടി​മാ​ല​യി​ലും ആഭ്യന്ത​ര​ക​ലഹം കൊടു​മ്പി​രി​കൊ​ണ്ടു. ഒട്ടനവ​ധി​പേർ ബെലീ​സി​ലേക്കു പലായ​നം​ചെ​യ്‌തു. മൂപ്പന്മാ​രും ശുശ്രൂ​ഷാ​ദാ​സ​ന്മാ​രും പയനി​യർമാ​രു​മൊ​ക്കെ​യുള്ള സ്‌പാ​നി​ഷ്‌കു​ടും​ബങ്ങൾ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇവരും മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സ്‌പാ​നി​ഷ്‌ഭാ​ഷ​ക്കാ​രായ മിഷന​റി​മാ​രും ചേർന്ന്‌ സ്‌പാ​നി​ഷ്‌വ​യ​ലി​ലെ സുവാർത്താ​വ്യാ​പനം ത്വരി​ത​പ്പെ​ടു​ത്തി.

“സത്യ​ക്രി​സ്‌ത്യാ​നി​കൾ വീടു​തോ​റും പ്രസം​ഗി​ക്കും”

ഒരു ദിവസം അപരി​ചി​ത​രായ രണ്ടുപേർ ഓറഞ്ച്‌ വാക്കിൽ മാർഗ​രീ​റ്റാ സലാസാ​റി​ന്റെ വീട്ടിൽ ചെന്നു. “മാർഗ​രീ​റ്റാ സലാസാർ എന്നു പേരുള്ള ഒരു സ്‌ത്രീ​യെ അറിയു​മോ?” അവർ ചോദി​ച്ചു. “അവർ യഹോ​വ​യു​ടെ സാക്ഷി​യാണ്‌” എന്നും അവർ കൂട്ടി​ച്ചേർത്തു. 23-കാരി​യായ ടെയോ​ഫീ​ലാ മൈയും അമ്മയു​മാ​യി​രു​ന്നു ആ വന്നവർ. ഓറഞ്ച്‌ വാക്കിനു തെക്കു​പ​ടി​ഞ്ഞാറ്‌ 34 കിലോ​മീ​റ്റർ അകലെ​യാ​യി സ്ഥിതി​ചെ​യ്യുന്ന ഓഗസ്റ്റ്‌ പൈൻ റിഡ്‌ജ്‌ എന്ന ഗ്രാമ​ത്തിൽനി​ന്നാണ്‌ അവർ വന്നത്‌. ആകട്ടെ എന്തിനാണ്‌ അവർ മാർഗ​രീ​റ്റാ​യെ അന്വേ​ഷി​ച്ചെ​ത്തി​യത്‌?

ടെയോ​ഫീ​ലാ പറയുന്നു: “തലേവർഷം ഒമ്പതു​മാ​സം പ്രായ​മുള്ള എന്റെ കുഞ്ഞിന്‌ അസുഖം പിടി​പെട്ടു. അവനെ സാന്റാ ക്ലാരാ പുണ്യ​വാ​ള​ത്തിക്ക്‌ ‘അടിമ​വെ​ക്കാ​നാ​യി’ ഞാൻ ബോ​ട്ടെസ്‌ ഗ്രാമ​ത്തി​ലേക്കു പോകു​ക​യാ​യി​രു​ന്നു. ട്രക്കിൽ ഡ്രൈ​വ​റി​ന്റെ സീറ്റി​ന​ടു​ത്താണ്‌ ഞാൻ ഇരുന്നത്‌. ഡ്രൈവർ ഞങ്ങളുടെ സ്ഥലത്തു​ത​ന്നെ​യുള്ള ആളായി​രു​ന്നു. അദ്ദേഹം എന്നോടു സാക്ഷീ​ക​രി​ക്കാൻതു​ടങ്ങി. കുഞ്ഞിനെ ബോ​ട്ടെ​സ്സി​ലേക്കു കൊണ്ടു​പോ​കു​ന്നത്‌ എന്തിനാ​ണെന്നു ചോദി​ച്ച​റിഞ്ഞ അദ്ദേഹം ബൈബിൾ വിഗ്ര​ഹാ​രാ​ധ​നയെ കുറ്റം​വി​ധി​ക്കു​ന്നു​വെന്നു പറഞ്ഞു. കൂടുതൽ കാര്യങ്ങൾ അറിയാൻ എനിക്കു താത്‌പ​ര്യം തോന്നി. പിന്നീട്‌ പല അവസര​ങ്ങ​ളി​ലാ​യി അദ്ദേഹം, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽനി​ന്നു മനസ്സി​ലാ​ക്കിയ പല ബൈബിൾസ​ത്യ​ങ്ങ​ളും എന്നോടു പറഞ്ഞു.

“ഒരു ദിവസം ട്രക്കിൽ യാത്ര​ചെ​യ്യവെ, സത്യ​ക്രി​സ്‌ത്യാ​നി​കൾ വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​വ​രാ​യി​രി​ക്കു​മെന്ന്‌ ആ ഡ്രൈവർ എന്നോടു പറഞ്ഞു. യഹോ​വ​യു​ടെ സാക്ഷികൾ അങ്ങനെ ചെയ്യു​ന്ന​വ​രാ​ണെ​ന്നും വീടു​ക​ളിൽ പോകു​മ്പോൾ അവർ സെഫന്യാ​വു 1:14; 2:2, 3 എന്നിങ്ങ​നെ​യുള്ള വാക്യങ്ങൾ ആളുകളെ വായി​ച്ചു​കേൾപ്പി​ക്കാ​റു​ണ്ടെ​ന്നും അദ്ദേഹം വിശദീ​ക​രി​ച്ചു. അതു​കൊണ്ട്‌ മൂത്ത മകന്റെ കൈയും പിടിച്ച്‌ ഇളയ കുഞ്ഞിനെ എളിയി​ലും​വെച്ച്‌ ഞാൻ ഓഗസ്റ്റ്‌ പൈൻ റിഡ്‌ജി​ലുള്ള വീടു​കൾതോ​റും കയറി​യി​റങ്ങി ആ വാക്യങ്ങൾ ആളുകളെ വായി​ച്ചു​കേൾപ്പി​ച്ചു. സത്യം അറിയ​ണ​മെ​ന്നു​ണ്ടെ​ങ്കിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊത്ത്‌ ബൈബിൾ പഠിക്ക​ണ​മെന്ന്‌ പിന്നീ​ടൊ​രി​ക്കൽ ആ ട്രക്ക്‌ ഡ്രൈവർ എന്നോടു പറഞ്ഞു. അദ്ദേഹ​മാണ്‌ സലാസാർ കുടും​ബ​ത്തെ​പ്പറ്റി എന്നോടു പറഞ്ഞത്‌. അവരുടെ മേൽവി​ലാ​സ​വും അദ്ദേഹം എനിക്കു പറഞ്ഞു​തന്നു. ഞാൻ മുമ്പ്‌ ഓറഞ്ച്‌ വാക്കിൽ പോയി​ട്ടി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അമ്മയെ​യും​കൂ​ട്ടി ഞാൻ അവിടെ പോയത്‌.”

ടെയോ​ഫീ​ലാ​യും അമ്മയും​കൂ​ടെ തന്നെ കാണാൻ വന്ന ദിവസം മാർഗ​രീ​റ്റാ ഇന്നും മറന്നി​ട്ടില്ല. “ബൈബിൾവി​ഷ​യ​ങ്ങ​ളെ​ക്കു​റിച്ച്‌ അനേകം സംശയങ്ങൾ അവർക്കു​ണ്ടാ​യി​രു​ന്നു. കുറെ​സ​മയം ഞങ്ങൾ ചർച്ച​ചെ​യ്‌തു. എത്ര ദൂരം യാത്ര​ചെ​യ്‌തി​ട്ടാ​ണെ​ങ്കി​ലും യഹോ​വ​യു​ടെ സാക്ഷികൾ ചെന്ന്‌ ആളുകളെ ബൈബിൾ പഠിപ്പി​ക്കും എന്നു പറഞ്ഞു​കേ​ട്ടത്‌ ശരിയാ​ണോ എന്ന്‌ അവർ ചോദി​ച്ചു. ശരിയാ​ണെന്നു ഞാൻ പറഞ്ഞു. ബൈബിൾ പഠിക്കു​ന്ന​തിന്‌ അവരെ സഹായി​ക്കാൻ രണ്ടാഴ്‌ച കൂടു​മ്പോൾ അവരുടെ ഗ്രാമ​ത്തിൽ ചെല്ലാ​മെന്ന്‌ ഞങ്ങൾ അവർക്കു വാക്കു​കൊ​ടു​ത്തു.”

മാർഗ​രീ​റ്റാ​യും ഭർത്താവ്‌ റേമോ​ണും ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിൽ ചെന്ന​പ്പോൾ ടെയോ​ഫീ​ലാ തന്റെ കുടും​ബ​ത്തി​ലെ ആറു​പേരെ ബൈബിൾ പഠിക്കാ​നാ​യി വിളി​ച്ചു​വ​രു​ത്തി​യി​രു​ന്നു. പിന്നീട്‌ ഓറഞ്ച്‌ വാക്കിലെ മറ്റു പയനി​യർമാ​രും സലാസാർ ദമ്പതി​ക​ളോ​ടൊ​പ്പം ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിൽ ക്രമമാ​യി പ്രസം​ഗ​വേ​ല​യ്‌ക്കു പോകാൻതു​ടങ്ങി. കുണ്ടും​കു​ഴി​യും നിറഞ്ഞ ഇടുങ്ങിയ റോഡി​ലൂ​ടെ 34 കിലോ​മീ​റ്റർ യാത്ര​ചെ​യ്‌ത്‌ വേണമാ​യി​രു​ന്നു അവർക്ക്‌ അവി​ടെ​യെ​ത്താൻ. സലാസാർ ദമ്പതികൾ ടെയോ​ഫീ​ല​യ്‌ക്കും കുടും​ബ​ത്തി​നും അധ്യയ​ന​മെ​ടു​ക്കു​മ്പോൾ മറ്റുള്ളവർ അവിടെ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെട്ടു. ബൈബി​ള​ധ്യ​യ​നങ്ങൾ നടത്തു​ന്ന​തി​നാ​യി പലപ്പോ​ഴും ഏമിബെൽ അലൻ രാത്രി​യിൽ അവിടെ തങ്ങുമാ​യി​രു​ന്നു. 1972-ൽ ടെയോ​ഫീ​ലാ സ്‌നാ​ന​മേറ്റു, ബൈബി​ള​ധ്യ​യനം തുടങ്ങി അഞ്ചുമാ​സ​ത്തി​നു​ശേഷം. 1980-ൽ ഓഗസ്റ്റ്‌ പൈൻ റിഡ്‌ജിൽ ഒരു സഭ സ്ഥാപി​ത​മാ​യി. ടെയോ​ഫീ​ല​യു​ടെ കുടും​ബ​ത്തിൽനിന്ന്‌ 37 പേരാണ്‌ സത്യം സ്വീക​രി​ച്ചി​ട്ടു​ള്ളത്‌.

പ്രസം​ഗ​വേ​ല​യ്‌ക്കാ​യി ‘കുറ്റി​ക്കാ​ട്ടി​ലേക്ക്‌’

ബെലീസ്‌ സിറ്റി​യി​ലും പ്രധാന പട്ടണങ്ങ​ളി​ലും സമഗ്ര​മായ പ്രവർത്തനം നടന്നി​രു​ന്നെ​ങ്കി​ലും ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ അങ്ങനെ ക്രമമായ ഒരടി​സ്ഥാ​ന​ത്തിൽ ആരും പ്രവർത്തി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ആദ്യകാല മിഷന​റി​മാർ ബോട്ടു​മാർഗ​മാണ്‌ തെക്കൻ പട്ടണങ്ങ​ളിൽ പോയി​രു​ന്നത്‌. എന്നാൽ പിന്നീട്‌ തെക്കൻ ജില്ലക​ളായ സ്റ്റാൻ ക്രീക്കി​നെ​യും റ്റെലീ​ഡോ​യെ​യും രാജ്യ​ത്തി​ന്റെ ഇതരഭാ​ഗ​ങ്ങ​ളു​മാ​യി ബന്ധിപ്പി​ക്കുന്ന ഒരു റോഡ്‌ ഉണ്ടായി. 1971-ന്റെ ആരംഭ​ത്തിൽ ബ്രാഞ്ച്‌ ഓഫീസ്‌ വാർഷിക പ്രസം​ഗ​പ​ര്യ​ടന പരിപാ​ടി ക്രമീ​ക​രി​ച്ചു. ‘ബുഷ്‌ ട്രിപ്പ്‌’ എന്നാണ്‌ അതിനെ വിളി​ച്ചി​രു​ന്നത്‌. ബെലീ​സി​ലെ മഴക്കാ​ടു​ക​ളിൽ പാർക്കുന്ന മോപാൻ, കെക്‌ച്ചി-മായാ എന്നീ ഗോ​ത്ര​ക്കാ​രു​ടെ പക്കൽ രാജ്യ​സ​ന്ദേശം എത്തിക്കു​ക​യാ​യി​രു​ന്നു ലക്ഷ്യം.

വാടക​യ്‌ക്കെ​ടു​ത്ത വാഹന​ങ്ങ​ളി​ലും ഒറ്റത്തടി വള്ളങ്ങളി​ലും യാത്ര​ചെ​യ്‌ത്‌ ഡാൻഗ്രീ​ഗ​മു​തൽ പാന്റ ഗോർഡ​വ​രെ​യുള്ള ഗ്രാമ​ങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും, എന്തിന്‌, തെക്കേ അറ്റത്ത്‌ ഗ്വാട്ടി​മാ​ല​യോട്‌ ചേർന്നു​കി​ട​ക്കുന്ന ബാരാ​ങ്കോ​വ​രെ​പോ​ലും സഹോ​ദ​രങ്ങൾ എത്തിയി​രു​ന്നു. ചില​പ്പോൾ, കുറെ​പ്പേർ ഒരു വാനി​ലും അതിന്റെ പുറകേ മൂന്നോ നാലോ പേർ മോ​ട്ടോർ​സൈ​ക്കി​ളു​ക​ളി​ലു​മാ​യി​ട്ടാണ്‌ പോയി​രു​ന്നത്‌. ഓരോ രാത്രി​യി​ലും വെവ്വേറെ ഗ്രാമ​ങ്ങ​ളി​ലാ​യി​രു​ന്നു അവർ തങ്ങിയി​രു​ന്നത്‌. എന്നിട്ട്‌ പകൽസ​മ​യത്ത്‌, വാനിൽ വന്ന വലിയ കൂട്ടം ആ ഗ്രാമ​ത്തിൽ പ്രവർത്തി​ക്കും, ബൈക്കു യാത്ര​ക്കാർ ഈരണ്ടു​പേ​രാ​യി ഒറ്റപ്പെട്ട കൃഷി​യി​ട​ങ്ങ​ളി​ലേ​ക്കും പോകും.

പാന്റ ഗോർഡ പ്രദേ​ശ​ത്തും സഹോ​ദ​രങ്ങൾ ഗ്രാമം​തോ​റും പോയി പ്രവർത്തി​ച്ചു. മിക്ക​പ്പോ​ഴും, ഗ്രാമ​വാ​സി​ക​ളോ​ടു സാക്ഷീ​ക​രി​ക്കു​ന്ന​തി​നു​മുമ്പ്‌ അവർ, ഗ്രാമ​ത്തി​ലെ മൂപ്പന്മാർ കൂടി​വ​രുന്ന കാബിൽഡോ​യിൽ ചെന്ന്‌ ആൽക്കാൽഡെ​യോട്‌ (മുഖ്യൻ) സംസാ​രി​ക്ക​ണ​മാ​യി​രു​ന്നു.

മിഷന​റി​യാ​യ റേയ്‌നർ തോം​പ്‌സൺ പറയുന്നു: “സഹോ​ദ​രങ്ങൾ ഒരു ഗ്രാമ​ത്തിൽ എത്തിയ​പ്പോൾ, അവിടത്തെ ആണുങ്ങ​ളെ​ല്ലാം കാബിൽഡോ​യിൽ കൂടി​വന്ന്‌ ചോള വിള​വെ​ടുപ്പ്‌ എങ്ങനെ നടത്താ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ ചർച്ച​ചെ​യ്യു​ക​യാ​യി​രു​ന്നു. അവരുടെ യോഗം തീർന്ന​പ്പോൾ ഒരു രാജ്യ​ഗീ​തം പാടാൻ അവർ സഹോ​ദ​ര​ങ്ങ​ളോട്‌ ആവശ്യ​പ്പെട്ടു. സഹോ​ദ​ര​ങ്ങൾക്കാ​ണെ​ങ്കിൽ നല്ല വിശപ്പും ക്ഷീണവും ഉണ്ടായി​രു​ന്നു. മാത്രമല്ല, പാട്ടു​പു​സ്‌ത​ക​വും കൈവ​ശ​മി​ല്ലാ​യി​രു​ന്നു. എന്നിട്ടും അവർ ഹൃദയം​ഗ​മ​മാ​യി പാടി. ആ പുരു​ഷ​ന്മാർക്ക്‌ എത്ര സന്തോ​ഷ​മാ​യെ​ന്നോ!” കാലാ​ന്ത​ര​ത്തിൽ മാങ്കോ ക്രീക്കി​ലും സാൻ അന്റോ​ണി​യോ​യി​ലും സഭകൾ സ്ഥാപി​ത​മാ​യി. വലി​യൊ​രു മായൻ ഗ്രാമ​മാണ്‌ സാൻ അന്റോ​ണി​യോ.

“ചില​പ്പോ​ഴൊ​ക്കെ ഞങ്ങൾ ഒരു ഗ്രാമ​ത്തിൽനിന്ന്‌ അടുത്ത​തി​ലേക്കു പോയി​രു​ന്നത്‌ രാത്രി​യി​ലാണ്‌; എങ്കിലേ ഉദ്ദേശിച്ച അത്രയും പ്രദേശം പ്രവർത്തി​ച്ചു​തീർക്കാൻ ഞങ്ങൾക്കു കഴിയു​മാ​യി​രു​ന്നു​ള്ളൂ. വഴിയു​ടെ ഒത്ത നടുക്കു​കൂ​ടി ഒരാളു​ടെ പുറകെ മറ്റൊ​രാൾ എന്ന കണക്കെ, വരിവ​രി​യാ​യി നടക്കാൻ ഞങ്ങൾ പഠിച്ചു. കാരണം, വശങ്ങളി​ലുള്ള കുറ്റി​ക്കാ​ടു​ക​ളിൽ നിറയെ പാമ്പു​ക​ളു​ണ്ടാ​യി​രു​ന്നു. വെള്ളം തീർന്നു​പോ​കു​മ്പോൾ ‘വാട്ടർ വൈൻ’ എന്ന വള്ളി​ച്ചെ​ടി​യിൽനിന്ന്‌ വെള്ളം കുടി​ക്കാ​നും ഞങ്ങൾ പഠിച്ചു,” സാന്റ്യാ​ഗോ സോസാ പറയുന്നു.

ചില​പ്പോൾ ഗ്രാമ​ത്തി​ന്റെ പലഭാ​ഗ​ങ്ങ​ളി​ലാ​യി പ്രവർത്തി​ക്കു​ന്ന​തിന്‌ കൂട്ടത്തെ രണ്ടോ നാലോ ഒക്കെയാ​യി തിരി​ക്കും; എന്നിട്ട്‌ വൈകു​ന്നേ​ര​മാ​കു​മ്പോൾ എല്ലാവ​രും വീണ്ടും കൂടി​ക്കാ​ണു​ക​യാണ്‌ പതിവ്‌. എല്ലാവ​രും പോകു​മ്പോൾ ആഹാര​മു​ണ്ടാ​ക്കാ​നാ​യി രണ്ടു​പേരെ നിയമി​ക്കും. “പാചക​ത്തി​ന്റെ ‘എ-ബി-സി-ഡി’ പോലും അറിയി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും ചില​പ്പോൾ അതു ചെയ്യു​ന്നത്‌. അതൊരു ദുരന്തം​ത​ന്നെ​യാ​യി​രി​ക്കും,” ചെറു​ചി​രി​യോ​ടെ സാന്റ്യാ​ഗോ പറയുന്നു. “ഒരിക്കൽ ഉണ്ടാക്കി​വെ​ച്ചി​രി​ക്കുന്ന ആഹാരം കണ്ടിട്ട്‌ ‘എന്താണിത്‌?’ എന്നു ഞാൻ ചോദി​ച്ചു​പോ​യി. പാചക​ക്കാ​രൻ പറഞ്ഞു, ‘എന്താ​ണെന്ന്‌ എനിക്കും അറിയില്ല, പക്ഷേ, ആഹാര​മാണ്‌.’ എന്താണ്‌ ഉണ്ടാക്കി​യി​രി​ക്കു​ന്ന​തെന്ന്‌ പാചക​ക്കാ​ര​നു​പോ​ലും പറയാൻ പറ്റാത്ത സ്ഥിതിക്ക്‌ അതുവഴി വന്ന ഒരു ചാവാ​ലി​പ്പ​ട്ടിക്ക്‌ അതിൽ കുറെ ആദ്യം കൊടു​ത്തു​നോ​ക്കാ​മെന്ന്‌ ഞങ്ങൾ തീരു​മാ​നി​ച്ചു. പക്ഷേ, വിശന്നു​വ​ല​ഞ്ഞി​രുന്ന ആ തെരു​വു​പ​ട്ടി​പോ​ലും അത്‌ തിരിഞ്ഞു നോക്കി​യി​ല്ലെ​ന്ന​താണ്‌ സത്യം!”

കെക്‌ച്ചി സത്യം സ്വീക​രി​ക്കു​ന്നു

കൊ​റോ​സ​ലിൽനിന്ന്‌ റോ​ഡൊൾഫോ കോ​ക്കൊ​മും ഭാര്യ ഓഫേ​ല്യാ​യും തെക്കുള്ള കെക്‌ച്ചി ഗ്രാമ​മായ ക്രീക്കെ സാർക്കോ​യി​ലേക്കു താമസം​മാ​റ്റി. ഈ ഗ്രാമ​ത്തി​ലാണ്‌ ഓഫേ​ല്യാ വളർന്നത്‌. വർഷ​ന്തോ​റും നടത്തി​യി​രുന്ന ബുഷ്‌ ട്രിപ്പി​ന്റെ സമയത്തു മാത്ര​മാണ്‌ സാക്ഷികൾ അവിടം സന്ദർശി​ച്ചി​രു​ന്നത്‌. ഓഫേ​ല്യാ​യ്‌ക്ക്‌ 14 വയസ്സു​ള്ള​പ്പോൾ ഒരിക്കൽ ഒരു ഓറഞ്ച്‌ മരത്തിന്റെ ചുവട്ടിൽനിന്ന്‌ അവർക്ക്‌ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം എന്ന പുസ്‌തകം കിട്ടി; അവർ അതു വായി​ക്കാൻ തുടങ്ങി. അതേക്കു​റിച്ച്‌ കൂടുതൽ അറിയാൻ ഓഫേ​ല്യാ ആഗ്രഹി​ച്ചെ​ങ്കി​ലും, പിന്നീട്‌ വിവാ​ഹി​ത​യാ​യി കൊ​റോ​സ​ലിൽ താമസി​ക്കു​മ്പോ​ഴാണ്‌ അവരും ഭർത്താവ്‌ റോ​ഡൊൾഫോ​യും ബൈബിൾ പഠിക്കു​ന്നത്‌. പ്രത്യേക പയനി​യർമാ​രായ മാർത്യാൽ കേയും മാന്വെ​ലാ​യും ആണ്‌ അധ്യയനം നടത്തി​യി​രു​ന്നത്‌.

1981-ൽ, ക്രീക്കെ സാർക്കോ​യി​ലേക്കു താമസം മാറിയ റോ​ഡൊൾഫോ​യും ഓഫേ​ല്യാ​യും സാക്ഷി​കളെ വീണ്ടും കണ്ടുമു​ട്ടാൻ ആഗ്രഹി​ച്ചു. റോ​ഡൊൾഫോ അവരെ തേടി പാന്റ ഗോർഡ​യി​ലേക്കു പോയി. കാൽന​ട​യാ​യും പിന്നെ നദിയി​ലൂ​ടെ​യും കടലി​ലൂ​ടെ​യും ബോട്ടിൽ യാത്ര​ചെ​യ്‌തും ഏതാണ്ട്‌ ആറുമ​ണി​ക്കൂർകൊ​ണ്ടാണ്‌ അദ്ദേഹം അവിടെ എത്തിയത്‌. അവിടെ അദ്ദേഹം ഡോണൾഡ്‌ നീബ്രൂ​ജീ എന്നൊരു പയനി​യറെ കണ്ടുമു​ട്ടി. അദ്ദേഹം അവർക്ക്‌ തപാൽവഴി അധ്യയനം നടത്താ​മെന്നു സമ്മതിച്ചു. എന്നാൽ ക്രീക്കെ സാർക്കോ​യിൽ പോ​സ്റ്റോ​ഫീസ്‌ ഇല്ലാതി​രു​ന്ന​തി​നാൽ അതും അത്ര എളുപ്പ​മാ​യി​രു​ന്നില്ല.

ഡോണൾഡ്‌ പറയുന്നു: “പാന്റ ഗോർഡ​യി​ലെ പോ​സ്റ്റോ​ഫീ​സിൽ ചെന്നിട്ട്‌ ക്രീക്കെ സാർക്കോ​യി​ലേക്ക്‌ കത്തയയ്‌ക്കാൻ എന്താണു മാർഗം എന്നു ഞാൻ ആരാഞ്ഞു. ആഴ്‌ച​തോ​റും ഒരു പുരോ​ഹി​തൻ അവിടെ പോകാ​റു​ണ്ടെന്ന്‌ അവർ എന്നോടു പറഞ്ഞു.” അങ്ങനെ, യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേണ്ടി കൊരി​യർ സർവീസ്‌ നടത്തു​ക​യാ​ണെന്ന്‌ അറിയാ​തെ​യാ​ണെ​ങ്കി​ലും അടുത്ത ആറുമാ​സ​ക്കാ​ലം ആ പുരോ​ഹി​തൻ അവരുടെ കത്തുകൾ കൊണ്ടു​പോ​കു​ക​യും കൊണ്ടു​വ​രു​ക​യും ചെയ്‌തു.

“പിന്നീട്‌ ആ കത്തുകൾ എന്താ​ണെന്ന്‌ മനസ്സി​ലാ​യ​പ്പോൾ പുരോ​ഹി​തനു വലിയ ദേഷ്യ​മാ​യി; തുടർന്ന്‌ അതു കൊണ്ടു​പോ​കാൻ അദ്ദേഹം വിസമ്മ​തി​ച്ചു,” ഡോണൾഡ്‌ പറയുന്നു.

അതു​കൊണ്ട്‌ റോ​ഡൊൾഫോ​യ്‌ക്കും ഓഫേ​ല്യാ​യ്‌ക്കും അധ്യയനം നടത്തു​ന്ന​തി​നാ​യി ഡോണൾഡിന്‌ പല പ്രാവ​ശ്യം ക്രീക്കെ സാർക്കോ​യി​ലേക്കു പോ​കേ​ണ്ടി​വന്നു. അടുത്ത ‘ബുഷ്‌ ട്രിപ്പ്‌’ ക്രമീ​ക​രി​ച്ച​പ്പോൾ റോ​ഡൊൾഫോ​യും വയലിൽ പ്രവർത്തി​ക്കാൻ തുടങ്ങി. “അദ്ദേഹം നാലു​ദി​വസം ഞങ്ങളോ​ടൊ​പ്പം പ്രവർത്തി​ച്ചു. പല ഗ്രാമ​ങ്ങ​ളി​ലും ഞങ്ങൾ പോയി. ആ സമയത്തെ സഹോ​ദ​ര​ങ്ങ​ളു​മൊ​ത്തുള്ള സഹവാസം, പുരോ​ഗ​മി​ക്കാൻ അദ്ദേഹത്തെ ഏറെ സഹായി​ച്ചു,” ഡോണൾഡ്‌ തുടരു​ന്നു.

“ഓഫേ​ല്യാ​യും ഞാനും കൂടി, പഠിച്ച കാര്യ​ങ്ങ​ളെ​ല്ലാം ഞങ്ങളുടെ പ്രദേ​ശ​ത്തുള്ള ആളുക​ളു​ടെ അടുക്കൽപോ​യി പറയു​മാ​യി​രു​ന്നു. ഞങ്ങൾ അധ്യയനം നടത്തിയ പലർക്കും ഞങ്ങൾക്കു നേരി​ട്ട​തി​നെ​ക്കാൾ എതിർപ്പ്‌ നേരി​ടേ​ണ്ടി​വന്നു. ആ ഗ്രാമ​ത്തിൽ, സംഭാ​വ​ന​യാ​യി വസ്‌ത്ര​വും മരുന്നും ആഹാര​സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ ലഭിച്ചി​രു​ന്നു. എന്നാൽ ബൈബിൾ പഠിക്കു​ന്ന​തി​ന്റെ​പേ​രിൽ ചിലർക്ക്‌ അവ നിഷേ​ധി​ക്ക​പ്പെട്ടു. ഞങ്ങളുടെ പ്രവർത്ത​നത്തെ എന്റെ അമ്മായി​യ​മ്മ​യും ശക്തമായി എതിർത്തു. ക്രീക്കെ സാർക്കോ​യിൽ തുടർന്നാൽ ആത്മീയ പുരോ​ഗതി കൈവ​രി​ക്കാ​നാ​വി​ല്ലെന്ന്‌ ഓഫേ​ല്യാ​യും ഞാനും തിരി​ച്ച​റി​ഞ്ഞു. ഞങ്ങൾ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞങ്ങൾ അധ്യയനം തുടരു​ന്ന​തി​നാ​യി പാന്റ ഗോർഡ​യി​ലേക്കു മാറി. അവി​ടെ​വെച്ച്‌ ആത്മീയ​മാ​യി പുരോ​ഗ​മിച്ച ഞങ്ങൾ 1985-ൽ സ്‌നാ​ന​മേറ്റു,” റോ​ഡൊൾഫോ പറയുന്നു. ഇപ്പോൾ അവർ ലേഡി​വി​ല്ലെ സഭയോ​ടൊ​ത്താണ്‌ പ്രവർത്തി​ക്കു​ന്നത്‌. അവിടെ റോ​ഡൊൾഫോ ഒരു ശുശ്രൂ​ഷാ​ദാ​സ​നാ​യി സേവി​ക്കു​ന്നു.

ഫലമണിഞ്ഞ സമു​ദ്ര​യാ​ത്ര​കൾ

കടൽത്തു​രു​ത്തു​ക​ളി​ലും തീരദേശ ഗ്രാമ​ങ്ങ​ളി​ലും ഉള്ള ആളുക​ളോ​ടു പ്രസം​ഗി​ക്കു​ന്ന​തി​നാ​യി വർഷ​ന്തോ​റും സമു​ദ്ര​യാ​ത്രകൾ ക്രമീ​ക​രി​ച്ചി​രു​ന്നു. അക്കാലത്ത്‌ ഹോപ്‌കിൻസ്‌, സേൻ ബൈറ്റ്‌, പ്ലാസെൻസ്യാ, പാന്റ നെഗ്രാ എന്നിവി​ട​ങ്ങ​ളി​ലും അതു​പോ​ലെ മങ്കി റിവർ ടൗണി​ലും കരമാർഗം എത്താനാ​കു​മാ​യി​രു​ന്നില്ല. പോലീ​റ്റോ ബെവൻസ്‌ കൊഞ്ചു പിടി​ക്കാൻ ഉപയോ​ഗി​ക്കുന്ന തന്റെ ബോട്ടിൽ, അത്ര ജോലി​ത്തി​രക്ക്‌ ഇല്ലാത്ത സമയം​നോ​ക്കി രണ്ടാഴ്‌ചത്തെ ഒരു യാത്ര ക്രമീ​ക​രി​ച്ചു. അദ്ദേഹ​ത്തോ​ടൊ​പ്പം രണ്ടു പയനി​യർമാ​രും രണ്ടു മിഷന​റി​മാ​രും ഉണ്ടായി​രു​ന്നു. വടക്കേ അറ്റംമു​തൽ തെക്കേ അറ്റംവ​രെ​യുള്ള ആ യാത്ര​യിൽ വഴിക്കുള്ള ഓരോ സ്ഥലത്തും ബോട്ടു നിറു​ത്തി​നി​റു​ത്തി​യാണ്‌ അവർ പോയത്‌.

വർഷ​ന്തോ​റും ക്രമീ​ക​രി​ച്ചി​രുന്ന ബുഷ്‌ ട്രിപ്പി​ലും സമു​ദ്ര​യാ​ത്ര​യി​ലും മിക്ക​പ്പോ​ഴും പങ്കെടു​ക്കാ​റു​ണ്ടാ​യി​രുന്ന ഡോണൾഡ്‌ നീബ്രൂ​ജീ അത്തര​മൊ​രു യാത്ര​യെ​ക്കു​റിച്ച്‌ കൗതു​ക​ത്തോ​ടെ ഓർക്കു​ന്നു. ആമ്പ്രോൻസ്യോ ഹെർനാൻഡെ​സി​ന്റെ പായ്‌ കെട്ടിയ ബോട്ട്‌ വാടക​യ്‌ക്ക്‌ എടുത്താ​യി​രു​ന്നു ആ സമു​ദ്ര​യാ​ത്ര. അതിന്റെ ഫലമായി ആമ്പ്രോൻസ്യോ (അദ്ദേഹത്തെ സ്‌നേ​ഹ​പൂർവം ബോച്ചോ എന്നാണു വിളി​ച്ചി​രു​ന്നത്‌) ബൈബിൾ പഠിക്കാൻതു​ടങ്ങി.

ഡോണൾഡ്‌ പറയുന്നു: “പിറ്റേ​വർഷം ഞങ്ങൾ നാലു​പേർ രണ്ടാഴ്‌ചത്തെ സമു​ദ്ര​യാ​ത്ര​യ്‌ക്കു പരിപാ​ടി​യി​ട്ടു. പക്ഷേ, അപ്പോ​ഴേ​ക്കും ബോച്ചോ തന്റെ ബോട്ട്‌ വിറ്റി​രു​ന്നു. എന്നാൽ മറ്റൊരു ബോട്ടു​ട​മ​യു​ടെ കാര്യം ബോച്ചോ പറഞ്ഞു; അദ്ദേഹ​വും കൂട്ടാ​ളി​യും ബോ​ച്ചോ​യോ​ടൊ​പ്പം ഞങ്ങളെ കൊണ്ടു​പോ​കാൻ തയ്യാറാ​ണ​ത്രേ. അങ്ങനെ, പ്രത്യേക പയനി​യർമാ​രായ രണ്ടുദ​മ്പ​തി​കൾ ആ മൂന്നു​പേ​രോ​ടൊ​പ്പം യാത്ര​യാ​യി. ആ യാത്ര​യ്‌ക്കി​ട​യിൽ ബോച്ചോ വയൽസേ​വനം ആരംഭി​ച്ചു. ഞങ്ങൾ പ്ലാസെൻസ്യാ തുറമു​ഖത്ത്‌ എത്തിയ​പ്പോൾ ധാരാളം ബോട്ടു​കൾ അവിടെ തീരത്ത്‌ കെട്ടി​യി​ട്ടി​രു​ന്നു. ഞങ്ങൾ ബോട്ടു​കൾതോ​റും പോയി പ്രസം​ഗി​ച്ചു. സാക്ഷി​ക​ള​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആ ബോട്ടു​ട​മ​യും കൂട്ടാ​ളി​യും രണ്ടാഴ്‌ച​ക്കാ​ലം ഞങ്ങൾക്ക്‌ വലിയ സഹായ​മാ​യി​രു​ന്നു. ഒരുദി​വസം പകൽ മുഴുവൻ ഒരു ഗ്രാമ​ത്തിൽ പ്രസം​ഗി​ച്ചിട്ട്‌ ഞങ്ങൾ മടങ്ങി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അവർ രണ്ടു​പേ​രും​കൂ​ടി കോഴി​യെ​യൊ​ക്കെ വാങ്ങി മണ്ണെണ്ണ സ്റ്റൗവിൽ ഞങ്ങൾക്കു​വേണ്ടി ആഹാരം പാകം​ചെ​യ്‌തു വെച്ചി​രു​ന്നു.” പിറ്റേ​വർഷത്തെ സമു​ദ്ര​യാ​ത്ര​യു​ടെ സമയമാ​യ​പ്പോ​ഴേ​ക്കും ബോച്ചോ സ്‌നാ​ന​മേ​റ്റി​രു​ന്നു. കഴിഞ്ഞ 18 വർഷമാ​യി അദ്ദേഹം ബെലീസ്‌ സിറ്റി സഭയിൽ ഒരു മൂപ്പനാ​യി സേവി​ക്കു​ന്നു.

നിയമി​ച്ചു​കൊ​ടു​ക്കാത്ത പ്രദേ​ശ​ത്തു​നി​ന്നും സത്‌ഫ​ല​ങ്ങൾ

കുന്നിൻനി​ര​ക​ളും ഇടതൂർന്ന മഴക്കാ​ടു​ക​ളും നിറഞ്ഞ പ്രദേ​ശ​മാണ്‌ തെക്കൻ ബെലീ​സി​ലെ റ്റെലീ​ഡോ ജില്ല. നിരവധി മോപാൻ, കെക്‌ച്ചി-മായാ ഗ്രാമങ്ങൾ അവി​ടെ​യുണ്ട്‌. പുല്ലു​മേ​ഞ്ഞ​തും മെഴു​കിയ തറയോ​ടു​കൂ​ടി​യ​തു​മായ വീടു​ക​ളാണ്‌ എല്ലാം. മിക്കയി​ട​ങ്ങ​ളി​ലും ജീവിതം വളരെ കഷ്ടപ്പാടു നിറഞ്ഞ​താണ്‌; മൺവെ​ട്ടി​കൊ​ണ്ടാണ്‌ ഗ്രാമ​വാ​സി​കൾ കൃഷി​പ്പ​ണി​യ​ത്ര​യും ചെയ്യു​ന്നത്‌. വറുതി​യു​ടെ സമയത്ത്‌ ചോളം, പയർ, കൊക്കോ തുടങ്ങി​യ​വ​യ്‌ക്കുള്ള വെള്ള​മെ​ല്ലാം ചുമന്നു​കൊ​ണ്ടു പോകണം. സ്‌ത്രീ​ക​ളിൽ പലരും പരമ്പരാ​ഗ​ത​മായ കെക്‌ച്ചി എം​ബ്രോ​യി​ഡറി വേലയി​ലും രാജ്യ​ത്തെ​ങ്ങു​മുള്ള, സ്‌മര​ണി​കകൾ വിൽക്കുന്ന കടകൾക്കു​വേണ്ടി ബാസ്‌ക​റ്റു​കൾ ഉണ്ടാക്കുന്ന തൊഴി​ലി​ലും ഏർപ്പെ​ടു​ന്നു. വളരെ​യ​ധി​കം ചെറു​പ്പ​ക്കാർ പഠനത്തി​നും ജോലി​ക്കു​മാ​യി ഗ്രാമങ്ങൾ വിട്ട്‌ നഗരങ്ങ​ളി​ലേക്കു ചേക്കേ​റു​ന്നുണ്ട്‌.

1995-ൽ, ഏപ്രിൽ, മേയ്‌ മാസങ്ങ​ളിൽ താത്‌കാ​ലിക പ്രത്യേക പയനി​യർമാ​രാ​യി സേവി​ക്കു​ന്ന​തിന്‌ ഫ്രാങ്ക്‌ കാർഡോ​സ​യ്‌ക്കും ആലീസി​നും ക്ഷണം ലഭിച്ചു. “ജീവിതം ഇത്ര പ്രശ്‌ന​പൂ​രി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?” എന്ന രാജ്യ​വാർത്ത നമ്പർ 34 ലഘുലേഖ റ്റെലീ​ഡോ ജില്ലയിൽ വിതരണം ചെയ്യു​ക​യാ​യി​രു​ന്നു അവരുടെ ദൗത്യം. “ബുഷ്‌ ട്രിപ്പി​ന്റെ സമയത്ത്‌ ഒരിക്കൽ ഞാൻ അവിടെ പോയി​ട്ടു​ള്ള​താണ്‌. സാക്ഷി​ക​ളിൽ ആരെങ്കി​ലും അവിടെ താമസ​മാ​ക്കി​യാൽ, സത്യം പഠിക്കു​ന്ന​തിന്‌ മായാ വിഭാ​ഗ​ക്കാ​രെ കുറെ​ക്കൂ​ടെ സഹായി​ക്കാ​നാ​കു​മെന്ന്‌ എനിക്കന്ന്‌ തോന്നി​യി​രു​ന്നു. അവിടെ താമസി​ക്കാൻ ഒരു സ്ഥലം കണ്ടെത്തി, ഒരു ബൈബി​ള​ധ്യ​യ​ന​ക്കൂ​ട്ടം തുടങ്ങാ​നും സാൻ അന്റോ​ണി​യോ​യിൽ ഒരു പ്രത്യേക പ്രസംഗം നടത്താ​നും ബ്രാഞ്ച്‌ എന്നോട്‌ ആവശ്യ​പ്പെട്ടു. അവി​ടെ​യും വേറെ എട്ടു​ഗ്രാ​മ​ങ്ങ​ളി​ലും രാജ്യ​വാർത്ത വിതരണം ചെയ്യേ​ണ്ട​തു​മു​ണ്ടാ​യി​രു​ന്നു,” ഫ്രാങ്ക്‌ പറയുന്നു.

ഫ്രാങ്കും ആലീസും വാടക​യ്‌ക്കെ​ടുത്ത, ബേസ്‌മെ​ന്റി​ലെ ഒറ്റമു​റി​വീ​ട്ടിൽവെച്ച്‌ പ്രതി​വാര ബൈബി​ള​ധ്യ​യനം ആരംഭി​ച്ചു. ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽത്തന്നെ മൂന്നോ നാലോ കുടും​ബങ്ങൾ അതിൽ സംബന്ധി​ക്കാൻതു​ടങ്ങി. ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ലും സേവന​യോ​ഗ​ത്തി​ലും സംബന്ധി​ക്കു​ന്ന​തി​നാ​യി ഈ താത്‌പ​ര്യ​ക്കാർ ഫ്രാങ്കി​നോ​ടും ആലീസി​നോ​ടു​മൊ​പ്പം പാന്റ ഗോർഡ​വരെ പോയി​രു​ന്നു—കുണ്ടും കുഴി​യും നിറഞ്ഞ മൺറോ​ഡി​ലൂ​ടെ ഒരു പഴഞ്ചൻ പിക്ക്‌-അപ്‌ വാനിൽ ഒരു മണിക്കൂർ യാത്ര​ചെ​യ്‌തു വേണമാ​യി​രു​ന്നു അവിടെ എത്താൻ. ഏപ്രിൽമാ​സ​ത്തിൽത്തന്നെ സാൻ അന്റോ​ണി​യോ​യിൽ ഫ്രാങ്ക്‌ പ്രത്യേക പ്രസംഗം നടത്തി. നാസറീൻ സഭക്കാ​ര​നായ ഹാസ്യൂസ്‌ ഈച്ച്‌ എന്നൊ​രാൾ പ്രസംഗം കേൾക്കാ​നെ​ത്തി​യി​രു​ന്നു. അദ്ദേഹം ആ പ്രസംഗം നന്നായി ശ്രദ്ധിച്ചു. നരകാ​ഗ്നി​യെ​ക്കു​റി​ച്ചുള്ള പഠിപ്പി​ക്കൽ പുറജാ​തി​മ​ത​ത്തിൽനി​ന്നു വന്നിരി​ക്കു​ന്ന​താ​ണെ​ന്നും ബൈബി​ളിൽ പറയുന്ന നരകം മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കു​ഴി​യാ​ണെ​ന്നും മനസ്സി​ലാ​ക്കി​യത്‌ അദ്ദേഹ​ത്തിൽ അങ്ങേയറ്റം മതിപ്പു​ള​വാ​ക്കി. യോഗം കഴിഞ്ഞ ഉടനെ അദ്ദേഹം ഫ്രാങ്കി​നെ വിളിച്ചു മാറ്റി​നി​റു​ത്തി അതേപ്പറ്റി കുറെ​യ​ധി​കം ചോദ്യ​ങ്ങൾ ചോദി​ച്ചു. തുടർന്ന്‌ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങു​ക​യും ഒരു വർഷത്തി​നു​ശേഷം സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

രണ്ടുമാ​സം താത്‌കാ​ലിക പ്രത്യേക പയനി​യർമാ​രാ​യി പ്രവർത്തി​ച്ച​ശേഷം ഫ്രാങ്കി​നും ആലീസി​നും സുപ്ര​ധാ​ന​മായ ഒരു തീരു​മാ​നം എടു​ക്കേ​ണ്ടി​വന്നു. “ഞങ്ങൾ നിരവധി ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ച്ചി​രു​ന്നു, ഞങ്ങൾക്കു കൈകാ​ര്യം ചെയ്യാൻ കഴിയാ​ത്തത്ര അധ്യയ​നങ്ങൾ! ലേഡി​വി​ല്ലെ​യി​ലെ എല്ലാ സുഖസൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടിയ സ്വന്തം വീട്ടി​ലേക്കു മടങ്ങാൻ മനസ്സാക്ഷി ഞങ്ങളെ അനുവ​ദി​ച്ചില്ല. സാൻ അന്റോ​ണി​യോ​യിൽ താമസ​മാ​ക്കാൻ തീരു​മാ​നി​ക്കു​ന്ന​പക്ഷം, ബേസ്‌മെ​ന്റിൽ താമസി​ക്കാ​തെ മുകളി​ലത്തെ നിലയി​ലുള്ള കുറെ​ക്കൂ​ടി സൗകര്യ​ങ്ങ​ളുള്ള ഒരു വീട്‌ വാടക​യ്‌ക്കെ​ടു​ക്കാ​മാ​യി​രു​ന്നു. അവിടെ ചെറി​യൊ​രു വാഷ്‌ബേ​സി​നും മഴവെള്ളം ശേഖരി​ക്കാൻ സൗകര്യ​ത്തി​നുള്ള ഒരു പാത്തി​യും കാല​ക്ര​മേണ ഒരുപക്ഷേ, ഫ്‌ളഷ്‌ടാ​ങ്കുള്ള കക്കൂസ്‌, വൈദ്യു​തി​ക്കുള്ള സംവി​ധാ​നം എന്നിവ​യും ക്രമീ​ക​രി​ക്കാ​നാ​കു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ അവിടെ ഒരു സഭ സ്ഥാപി​ക്കാ​നാ​കു​മെന്ന ഉറച്ച​ബോ​ധ്യ​ത്തോ​ടെ​തന്നെ ഞങ്ങൾ അതേക്കു​റിച്ച്‌ പ്രാർഥി​ച്ചു. എന്നിട്ട്‌, സാൻ അന്റോ​ണി​യോ​യിൽ സാധാരണ പയനി​യർമാ​രാ​യി പ്രവർത്തി​ക്കാൻ ഒരുക്ക​മാ​ണെന്നു പറഞ്ഞ്‌ ബ്രാഞ്ചി​ലേക്ക്‌ കത്തെഴു​തി,” ഫ്രാങ്ക്‌ പറയുന്നു.

അവരുടെ തീരു​മാ​ന​ത്തി​ന്മേൽ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു​വെന്ന്‌ പെട്ടെ​ന്നു​തന്നെ തെളിഞ്ഞു. വെറും ആറുമാ​സ​ത്തി​നു​ള്ളിൽ, അതായത്‌ നവംബ​റിൽ, തങ്ങളുടെ വാടക​വീ​ട്ടിൽ അവർ ആദ്യമാ​യി പരസ്യ​യോ​ഗം നടത്തി. പിറ്റേ​വർഷം ഏപ്രിൽ ആയപ്പോ​ഴേക്ക്‌ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളും സേവന​യോ​ഗ​വും നടത്താൻതു​ടങ്ങി. അവി​ടെ​യുള്ള ആ കൊച്ചു​കൂ​ട്ട​ത്തിന്‌, അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​കൂ​ടെ ഏതാണ്ട്‌ 65 കിലോ​മീ​റ്റർ യാത്ര​ചെ​യ്‌തു വേണമാ​യി​രു​ന്നു പാന്റ ഗോർഡ​യി​ലെ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ. ഇനിയി​പ്പോൾ അങ്ങനെ​യൊ​രു യാത്ര​യു​ടെ ആവശ്യ​മി​ല്ലാ​യി​രു​ന്നു. എന്തൊ​രാ​ശ്വാ​സം!

‘ഡാഡി​യു​ടെ ഭീഷണി​യൊ​ന്നും എന്റെയ​ടു​ത്തു ഫലിച്ചില്ല’

സാൻ അന്റോ​ണി​യോ​യി​ലെ ആത്മാർഥ​ഹൃ​ദ​യ​രായ ബൈബിൾ വിദ്യാർഥി​ക​ളു​ടെ കൂട്ടം പെട്ടെ​ന്നു​തന്നെ നല്ല പുരോ​ഗതി കൈവ​രി​ക്കാൻതു​ടങ്ങി. സത്യ​ത്തോ​ടുള്ള അവരുടെ സ്‌നേഹം ശരിക്കും ഹൃദയ​സ്‌പർശി​യാ​യി​രു​ന്നു. “ഈ ഗ്രാമ​ങ്ങ​ളിൽ പ്രത്യേ​കിച്ച്‌ സ്‌ത്രീ​കൾ നാണം​കു​ണു​ങ്ങി​ക​ളാണ്‌. പിതാ​വി​നും ഭർത്താ​വി​നും കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​താണ്‌ അവരുടെ പാരമ്പ​ര്യം. അപരി​ചി​ത​രോട്‌ അവർ സാധാ​ര​ണ​ഗ​തി​യിൽ സംസാ​രി​ക്കാ​റു​മില്ല. അതു​കൊ​ണ്ടു​തന്നെ വീടു​തോ​റു​മുള്ള ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്നത്‌ അവർക്ക്‌ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു,” ഫ്രാങ്ക്‌ പറയുന്നു.

അന്ന്‌ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത ഒരു പ്രസാ​ധി​ക​യാ​യി​രു​ന്നു 20 വയസ്സുള്ള പ്രീസീ​ല്യൻ ഷോ തന്റെ അയൽക്കാ​രോ​ടു പ്രസം​ഗി​ക്കാൻ അവൾ അതിയാ​യി ആഗ്രഹി​ച്ചു. ഒരിക്കൽ, നാത്തൂ​നായ ആമാല്യാ ഷോ​യോ​ടൊ​പ്പം മടക്കസ​ന്ദർശനം നടത്തു​ക​യാ​യി​രുന്ന പ്രീസീ​ല്യൻ ഒരു വിഷമ​സ​ന്ധി​യി​ലാ​യി.

പ്രീസീ​ല്യൻ പറയുന്നു: “പ്രസം​ഗ​വേ​ല​യ്‌ക്കു പോകുന്ന കാര്യം ഞാൻ ഡാഡി​യോ​ടു പറഞ്ഞി​രു​ന്നില്ല; കാരണം അതു പാടി​ല്ലെന്ന്‌ അദ്ദേഹം വിലക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. എനിക്കാ​ണെ​ങ്കിൽ അദ്ദേഹത്തെ വല്ലാത്ത പേടി​യു​മാ​യി​രു​ന്നു. ആ ഞായറാഴ്‌ച രാവിലെ ഞങ്ങൾ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ ഓർക്കാ​പ്പു​റ​ത്താണ്‌ ഡാഡിയെ, അദ്ദേഹം പോകുന്ന ബാപ്‌റ്റിസ്റ്റ്‌ പള്ളിയു​ടെ മുമ്പിൽ കണ്ടത്‌. ഡാഡി​യു​ടെ കണ്ണിൽപ്പെ​ടാ​തി​രി​ക്കാൻ ആദ്യം ഞങ്ങൾ പുല്ലി​നി​ട​യിൽ പമ്മിയി​രു​ന്നു. പക്ഷേ, പെട്ടെ​ന്നു​തന്നെ ഞാൻ പറഞ്ഞു, ‘ആമാല്യാ, യഹോവ നമ്മെ കാണു​ന്നുണ്ട്‌. ഇങ്ങനെ ഡാഡിയെ പേടി​ക്കു​ന്നത്‌ ശരിയല്ല. നമ്മൾ ഭയപ്പെ​ടേ​ണ്ടത്‌ യഹോ​വ​യെ​യാണ്‌.’”

പ്രീസീ​ല്യ​ന്റെ ഡാഡി അങ്ങേയറ്റം രോഷാ​കു​ല​നാ​യി. എന്നാൽ അതിലും വലിയ പ്രശ്‌നം വരാനി​രി​ക്കു​ക​യാ​യി​രു​ന്നു; കാരണം, അവൾ സ്‌നാ​ന​മേറ്റ്‌ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കു​ന്ന​തി​നെ അദ്ദേഹം ശക്തമായി എതിർത്തി​രു​ന്നു. ദിവസ​ങ്ങ​ളോ​ളം അവൾ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. എന്നിട്ട്‌ സമ്മേള​ന​ത്തി​ന്റെ തലേന്ന്‌ ധൈര്യം സംഭരിച്ച്‌ ഡാഡി​യോ​ടു ചെന്ന്‌ സംസാ​രി​ച്ചു.

“നാളെ ഞാൻ ബെലീസ്‌ സിറ്റി​യി​ലേക്കു പോകു​ക​യാണ്‌,” അവൾ ഡാഡി​യോ​ടു പറഞ്ഞു.

“അവിടെ എന്താ പരിപാ​ടി?” അദ്ദേഹം ആരാഞ്ഞു.

“ഞാൻ സ്‌നാ​ന​പ്പെ​ടാൻ പോകു​ക​യാണ്‌. യഹോവ എന്നോട്‌ ആവശ്യ​പ്പെ​ടു​ന്ന​താണ്‌ ഞാൻ ചെയ്യു​ന്നത്‌. എനിക്കു ഡാഡി​യോ​ടു സ്‌നേ​ഹ​മുണ്ട്‌. അതേസ​മയം യഹോ​വ​യെ​യും ഞാൻ സ്‌നേ​ഹി​ക്കേ​ണ്ട​തുണ്ട്‌,” പ്രീസീ​ല്യൻ പറഞ്ഞു.

“നീ ശരിക്കും അങ്ങനെ ചെയ്യാൻപോ​കു​ക​യാ​ണോ?” ദേഷ്യ​ത്തോ​ടെ അദ്ദേഹം ചോദി​ച്ചു.

“അതെ. മനുഷ്യ​നെയല്ല, ദൈവ​ത്തെ​യാണ്‌ അനുസ​രി​ക്കേ​ണ്ടത്‌ എന്നാണ്‌ പ്രവൃ​ത്തി​കൾ 5:29 പറയു​ന്നത്‌,” പ്രീസീ​ല്യൻ.

പ്രീസീ​ല്യ​ന്റെ ഡാഡി അങ്ങേയറ്റം രോഷ​ത്തോ​ടെ അവി​ടെ​നി​ന്നു പോയി. “സമ്മേള​ന​ത്തി​നു പോകാ​നാ​യി വണ്ടിയിൽ കയറി​പ്പ​റ്റു​ന്ന​തു​വരെ എന്താകു​മെന്ന പേടി​യാ​യി​രു​ന്നു എനിക്ക്‌. സമ്മേളനം കഴിഞ്ഞ്‌ വീട്ടിൽ തിരി​ച്ചെ​ത്തു​മ്പോൾ എന്തായി​രി​ക്കും സംഭവി​ക്കുക എന്ന ചിന്തയും എനിക്കു​ണ്ടാ​യി​രു​ന്നു. പക്ഷേ ഒരു കാര്യം ഓർത്ത​പ്പോൾ എനിക്ക്‌ ആശ്വാസം തോന്നി: എന്തായാ​ലും സ്‌നാ​ന​മേ​റ്റി​ട്ടാ​യി​രി​ക്കും ഞാൻ വീട്ടിൽ മടങ്ങി​ച്ചെ​ല്ലു​ന്നത്‌. അതു​കൊണ്ട്‌ അദ്ദേഹം എന്നെ കൊന്നാൽത്തന്നെ ചെയ്യേണ്ട കാര്യം ഞാൻ ചെയ്‌തു​ക​ഴി​ഞ്ഞി​രി​ക്കു​മ​ല്ലോ,” പ്രീസീ​ല്യൻ പറയുന്നു.

സമ്മേളനം കഴിഞ്ഞു വന്നപ്പോൾ ഡാഡി അവളെ ഒന്നും ചെയ്‌തില്ല. പക്ഷേ, പിന്നീട്‌ അദ്ദേഹം അവളെ കൊന്നു​ക​ള​യു​മെന്ന്‌ ഭീഷണി​മു​ഴക്കി. “എന്നാൽ ആ ഭീഷണി​യൊ​ന്നും എന്റെയ​ടു​ത്തു ഫലിക്കി​ല്ലെന്നു കണ്ടതോ​ടെ അദ്ദേഹം അൽപ്പം മയപ്പെട്ടു,” പ്രീസീ​ല്യൻ പറയുന്നു.

ഒരു എതിരാ​ളി യഹോ​വ​യു​ടെ പക്ഷം ചേരുന്നു

തീക്ഷ്‌ണ​രായ പ്രസാ​ധ​ക​രു​ടെ പുതി​യ​താ​യി രൂപീ​കൃ​ത​മായ കൂട്ടം സാൻ അന്റോ​ണി​യോ​യിൽ ആത്മീയാ​ഭി​വൃ​ദ്ധി കൈവ​രി​ക്കു​ക​യാ​യി​രു​ന്നു. അങ്ങനെ​യി​രി​ക്കെ, അവിടം വിട്ടു​പോ​കാൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ പെട്ടെന്ന്‌ ഫ്രാങ്കി​നും ആലീസി​നും ഗ്രാമ​സ​മി​തി​യിൽനിന്ന്‌ ഒരു കത്തു ലഭിച്ചു. ഫ്രാങ്ക്‌ മുമ്പൊ​രി​ക്കൽ ഫീസ്‌ അടച്ച്‌ ആ ഗ്രാമ​ത്തിൽ താമസി​ക്കാ​നുള്ള അനുവാ​ദം സമിതി​യിൽനി​ന്നു നേടി​യ​താണ്‌. എന്നാൽ ഇപ്പോൾ ആ ഗ്രാമ​ത്തി​ലെ ഒരു പ്രമാണി ഇവരെ അവി​ടെ​നിന്ന്‌ തുരത്താൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാമ​സ​മി​തി​യു​ടെ ഒരു യോഗ​ത്തിൽ ഫ്രാങ്കി​ന്റെ അധ്യയ​ന​ത്തി​ലുള്ള മൂന്നു​പേർ അദ്ദേഹ​ത്തി​നു​വേണ്ടി വാദിച്ചു. തുടർന്ന്‌ ഫ്രാങ്കി​ന്റെ വീട്ടു​ട​മ​സ്ഥ​നും അദ്ദേഹ​ത്തി​നു​വേണ്ടി സംസാ​രി​ച്ചു, ഫ്രാങ്കി​നെ​യും ഭാര്യ​യെ​യും അവി​ടെ​നിന്ന്‌ ഓടി​ച്ചാൽ അവർ തനിക്കു നൽകി​ക്കൊ​ണ്ടി​രി​ക്കുന്ന വാടക സമിതി തരേണ്ടി​വ​രു​മെന്ന്‌ അദ്ദേഹം പറഞ്ഞു. ലാൻഡ്‌ ഡിപ്പാർട്ടു​മെ​ന്റിൽനി​ന്നുള്ള ഒരു കത്ത്‌ ഫ്രാങ്കും നൽകി, സ്വകാ​ര്യ​വ്യ​ക്തി​യു​ടെ കെട്ടി​ട​ത്തിൽ വാടക​യ്‌ക്കു താമസി​ക്കു​ന്ന​വ​രോട്‌ ഇത്തരത്തിൽ പോകാൻ ആവശ്യ​പ്പെ​ടാ​നാ​വില്ല എന്ന്‌ അതിൽ വ്യക്തമാ​യി പറഞ്ഞി​രു​ന്നു. അവസാനം, ഫ്രാങ്കി​നും ആലീസി​നും അവി​ടെ​ത്തന്നെ താമസി​ക്കാൻ സമിതി അനുവാ​ദം നൽകി.

മുമ്പ്‌ ഒരു ആൽക്കാൽഡെ (മുഖ്യൻ) ആയിരുന്ന ബാസീ​ല്യോ എന്നയാ​ളാണ്‌ ഫ്രാങ്കി​നെ​യും ഭാര്യ​യെ​യും അവി​ടെ​നി​ന്നു തുരത്താൻ ശ്രമി​ച്ചത്‌. വലിയ രാഷ്‌ട്രീയ പ്രമു​ഖ​നാ​യി​രു​ന്നു അദ്ദേഹം. സാൻ അന്റോ​ണി​യോ​യിൽ തന്റെ സ്വാധീ​നം ഉപയോ​ഗിച്ച്‌ എങ്ങനെ​യും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​നത്തെ എതിർക്കാൻ ബാസീ​ല്യോ ശ്രമിച്ചു. ഒരു രാജ്യ​ഹാൾ പണിയാ​നാ​നാ​യി അവിടത്തെ ചെറിയ കൂട്ടം സ്ഥലം വാങ്ങാൻ ശ്രമി​ച്ച​പ്പോൾ അദ്ദേഹം പറഞ്ഞു: “ഈ ഗ്രാമ​ത്തിൽ ഒരു രാജ്യ​ഹാൾ പണിയാ​മെന്ന്‌ നിങ്ങൾ ഒരുകാ​ല​ത്തും മോഹി​ക്കേണ്ട!” പക്ഷേ, സഹോ​ദ​രങ്ങൾ അവിടെ സ്ഥലം വാങ്ങി ലളിത​വും ആകർഷ​ക​വു​മായ രാജ്യ​ഹാൾ പണിതു. അതിശ​യ​ക​ര​മെന്നു പറയട്ടെ, 1998 ഡിസം​ബ​റിൽ ആ രാജ്യ​ഹാ​ളി​ന്റെ സമർപ്പ​ണ​ത്തി​നു ഹാജരാ​യ​വ​രിൽ ബാസീ​ല്യോ​യും ഉണ്ടായി​രു​ന്നു! അതെങ്ങനെ സംഭവി​ച്ചു?

ബാസീ​ല്യോ​യു​ടെ വിവാ​ഹി​ത​രായ രണ്ട്‌ ആൺമക്കൾക്കും കുടും​ബ​പ്ര​ശ്‌നങ്ങൾ ഉണ്ടായി​രു​ന്നു. അവരെ സഹായി​ക്കാ​മോ​യെന്ന്‌ രണ്ടു​പ്രാ​വ​ശ്യം അദ്ദേഹം തന്റെ പള്ളിക്കാ​രോ​ടു ചോദി​ച്ചു. പക്ഷേ, ആരും തിരി​ഞ്ഞു​നോ​ക്കി​യില്ല. തുടർന്ന്‌ ആ രണ്ടുമ​ക്ക​ളും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻതു​ടങ്ങി. ഇരുവ​രും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തു​ന്ന​തും അവരുടെ കുടും​ബ​ജീ​വി​തം സന്തോ​ഷ​പൂർണ​മാ​കു​ന്ന​തും ബാസീ​ല്യോ​യു​ടെ ഭാര്യ മാരീയാ ശ്രദ്ധിച്ചു. അതോടെ മാരീ​യാ​യ്‌ക്കും സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്ക​ണ​മെ​ന്നാ​യി.

“യഹോ​വ​യാം​ദൈ​വ​ത്തെ​ക്കു​റിച്ച്‌ ശരിക്കും അറിയാൻ ഞാൻ ആഗ്രഹി​ച്ചു; അതു​കൊണ്ട്‌ ദൈവ​ത്തെ​ക്കു​റി​ച്ചു കൂടു​ത​ലാ​യി പഠിക്കാൻ രാജ്യ​ഹാ​ളിൽ പോക​ണ​മെന്ന്‌ ഞാൻ എന്റെ ഭർത്താ​വി​നോ​ടു പറഞ്ഞു,” മാരീയാ പറയുന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടും ഫ്രാങ്ക്‌ കാർഡോ​സ​യോ​ടും (“ആ വിദേശി” എന്നാണ്‌ അദ്ദേഹത്തെ ബാസീ​ല്യോ വിശേ​ഷി​പ്പി​ച്ചി​രു​ന്നത്‌) ഉള്ള ബാസി​ല്യോ​യു​ടെ മനോ​ഭാ​വം അത്ര പെട്ടെ​ന്നൊ​ന്നും മാറി​യി​ല്ലെ​ങ്കി​ലും, ബൈബിൾ സത്യങ്ങൾ ജീവി​ത​ത്തിൽ ബാധക​മാ​ക്കാൻ തുടങ്ങി​യ​തോ​ടെ തന്റെ പുത്ര​ന്മാ​രിൽ ഉണ്ടായ മാറ്റം അദ്ദേഹ​ത്തിൽ വളരെ മതിപ്പു​ള​വാ​ക്കി. അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഒന്നു പഠിക്കാ​മെ​ന്നു​തന്നെ ബാസീ​ല്യോ തീരു​മാ​നി​ച്ചു. ഏതാനും ചർച്ചകൾക്കു​ശേഷം ഒരു ബൈബി​ള​ധ്യ​യ​ന​ത്തിന്‌ അദ്ദേഹം സമ്മതിച്ചു. ആരാണ്‌ അത്‌ നടത്തി​യ​തെ​ന്നോ? “ആ വിദേശി”തന്നെ, അതായത്‌ ഫ്രാങ്ക്‌ കാർഡോസ!

ബാസീ​ല്യോ പറയുന്നു: “ബൈബി​ളിൽ വായിച്ച കാര്യങ്ങൾ എന്റെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുത്തി. 60 വർഷമാ​യി ഞാൻ കത്തോ​ലി​ക്കാ​സ​ഭ​യി​ലാ​യി​രു​ന്നു. പള്ളിയിൽ പോകു​ക​യും വിഗ്ര​ഹ​ത്തി​ന്റെ മുമ്പിൽ കുന്തി​രി​ക്കം കത്തിക്കു​ക​യും ഒക്കെ ചെയ്‌തി​രു​ന്നു. എന്നാൽ ഇപ്പോൾ ഞാൻ യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കു​ന്നു. അതാകട്ടെ, അവന്റെ പുസ്‌ത​ക​മായ ബൈബി​ളിൽനി​ന്നും. ഫ്രാങ്ക്‌ കാർഡോ​സ​യോട്‌ കാണി​ച്ച​തെ​ല്ലാം ഓർക്കു​മ്പോൾ എനിക്ക്‌ ലജ്ജ തോന്നു​ന്നു. അദ്ദേഹം ഇന്ന്‌ എന്റെ സഹോ​ദ​ര​നാണ്‌. ഞാൻ ചെയ്‌തത്‌ തെറ്റാ​യി​രു​ന്നു​വെന്ന്‌ തുറന്നു പറയാൻ എനിക്ക്‌ മടിയില്ല. എന്റെ ഗ്രാമ​ത്തി​നും മതത്തി​നും വേണ്ടി, ശരി​യെന്നു വിശ്വ​സിച്ച കാര്യങ്ങൾ ചെയ്യാൻ ഞാൻ തീക്ഷ്‌ണ​ത​യു​ള്ള​വ​നാ​യി​രു​ന്നു. എന്നാൽ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​തോ​ടെ, ഭൂതവി​ദ്യ​യി​ലൂ​ടെ​യുള്ള രോഗ​ശാ​ന്തി​യും മറ്റും ഉൾപ്പെട്ട മായാ പാരമ്പ​ര്യ​ങ്ങൾ പിൻപ​റ്റു​ന്നത്‌ ഞാൻ ഉപേക്ഷി​ച്ചു. അതു​പോ​ലെ മായാ രാഷ്‌ട്രീ​യ​പ്ര​സ്ഥാ​ന​ങ്ങ​ളിൽ പങ്കു​ചേ​രു​ന്ന​തും ഞാൻ നിറുത്തി.” ഇന്ന്‌ ബാസീ​ല്യോ​യും ഭാര്യ മാരീ​യാ​യും സ്‌നാ​ന​മേറ്റ സാക്ഷി​ക​ളാ​യി സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​ന്നു.

യഹോ​വ​യു​ടെ ദാസന്മാർ തങ്ങളുടെ സ്‌നേ​ഹ​ത്തി​നും സന്തോ​ഷ​ത്തി​നും തീക്ഷ്‌ണ​ത​യ്‌ക്കും പേരു​കേ​ട്ട​വ​രാണ്‌. ബെലീ​സി​ലെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ പ്രസം​ഗ​വേല ചെയ്യു​മ്പോൾ, കുത്ത​നെ​യുള്ള കുന്നിൻപു​റ​ങ്ങ​ളി​ലൂ​ടെ മൂന്നോ അതി​ലേ​റെ​യോ മണിക്കൂ​റു​കൾ നടന്നാണ്‌ അവർ ഓരോ വീടു​ക​ളി​ലും എത്തുന്നത്‌. ഈ സഹോ​ദ​രങ്ങൾ യോഗ​ങ്ങ​ളും മുടക്കാ​റില്ല. ഉദാഹ​ര​ണ​ത്തിന്‌, ഒരു ദിവസം ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ വീട്ടു​കാ​രി​യാ​യി ആൻഡ്രേ ഈച്ചിനു നിയമനം ഉണ്ടായി​രു​ന്നു. അന്നു പകൽ അവർ തന്റെ പുത്ര​ന്മാ​രു​ടെ​കൂ​ടെ വെണ്ണപ്പഴം പറിക്കാ​നാ​യി കാട്ടി​ലൂ​ടെ നാലഞ്ചു കിലോ​മീ​റ്റർ നടന്നതാണ്‌. അതിനി​ടെ 23 പ്രാവ​ശ്യം അവരെ കടന്നൽ കുത്തി. പക്ഷേ, അവർ വീട്ടിൽ ചെന്ന്‌ ആഹാരം ഉണ്ടാക്കി; എന്നിട്ട്‌ നേരെ യോഗ​ത്തി​നു പോയി തന്റെ നിയമനം നിർവ​ഹി​ച്ചു. കടന്നൽ കുത്തി മുഖം നീരു​വെ​ച്ചി​രു​ന്നു; പക്ഷേ, ആ മുഖത്തെ സന്തോ​ഷ​ത്തിന്‌ ഒരു മങ്ങലു​മേ​റ്റി​രു​ന്നില്ല. സമ്മേള​ന​ത്തി​ലും കൺ​വെൻ​ഷ​നി​ലും മറ്റും സംബന്ധി​ക്കു​ന്ന​തി​നാ​യി മായാ സഹോ​ദ​രങ്ങൾ ഒരു ദിവസം മുഴുവൻ ട്രക്കി​ലോ ബസ്സിലോ യാത്ര ചെയ്‌താണ്‌ എത്താറു​ള്ള​തെ​ങ്കി​ലും, സത്യ​ദൈ​വ​മായ യഹോ​വയെ ഐക്യ​ത്തിൽ ആരാധി​ക്കു​ന്ന​തി​ലെ അവരുടെ സന്തോഷം കാണു​ന്നത്‌ അത്യന്തം പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌.

പ്രകൃതി വിപത്തു​ക​ളു​ടെ പ്രഹരം

കഴിഞ്ഞ 115 വർഷത്തി​നു​ള്ളിൽ ബെലീ​സിൽ 51 ചുഴലി​ക്കൊ​ടു​ങ്കാ​റ്റും ഉഷ്‌ണ​മേ​ഖലാ കൊടു​ങ്കാ​റ്റും ഉണ്ടായി. 1930 മുതൽ 12 ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​കൾ ബെലീ​സിൽ നേരിട്ട്‌ അടിക്കു​ക​യോ ജീവനും വസ്‌തു​വ​ക​കൾക്കും ഏറെ നാശം വിതച്ചു​കൊണ്ട്‌ സമീപ​ത്തു​കൂ​ടി കടന്നു​പോ​കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. 1961 ഒക്‌ടോ​ബർ 31-നു പുലർച്ച​യ്‌ക്കാണ്‌ അതിഭീ​ക​ര​മായ ഹാറ്റി ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ വീശി​യത്‌. മണിക്കൂ​റിൽ 300 കിലോ​മീ​റ്റർ വേഗത്തിൽ വീശി​യ​ടിച്ച കാറ്റി​ലും ഉയർന്നു​പൊ​ങ്ങിയ തിരയി​ലും​പെട്ട്‌ നൂറു​ക​ണ​ക്കി​നു ജീവൻ പൊലി​ഞ്ഞു. സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ വെറും ഒരടി​മാ​ത്രം ഉയർന്നു നിൽക്കുന്ന ബെലീസ്‌ സിറ്റി​യിൽ ഒരടി​യോ​ളം കനത്തിൽ ചെളി​നി​റഞ്ഞു. ബ്രാഞ്ചിൽനി​ന്നുള്ള ഒരു റിപ്പോർട്ട്‌ ഇപ്രകാ​രം പറയു​ക​യു​ണ്ടാ​യി: “[ബെലീസ്‌ സിറ്റി​യി​ലെ] സഹോ​ദ​ര​ങ്ങ​ളിൽ മിക്കവ​രു​ടെ​യും വീടു​കൾക്ക്‌ കനത്തനാ​ശം സംഭവി​ക്കു​ക​യോ അവ പൂർണ​മാ​യി നശിക്കു​ക​യോ ചെയ്‌തെ​ങ്കി​ലും ആർക്കും ഗുരു​ത​ര​മായ പരിക്കു​ക​ളൊ​ന്നും പറ്റിയി​ട്ടില്ല. അവരുടെ വസ്‌ത്രങ്ങൾ നഷ്ടപ്പെ​ടു​ക​യോ വെള്ളം കയറി നശിക്കു​ക​യോ ചെയ്‌തു.

“ബുൾഡോ​സർ ഉപയോ​ഗിച്ച്‌ തെരു​വു​കൾ യാത്രാ​യോ​ഗ്യ​മാ​ക്കു​ന്നു. തകർന്നു​പോയ വീടു​ക​ളു​ടെ അവശി​ഷ്ട​ങ്ങ​ളെ​ല്ലാം വലിയ ആഴികൂ​ട്ടി ചുട്ടു​ക​ള​യു​ക​യാണ്‌. ഇവിടെ [മിഷനറി] ഭവനത്തിൽ രണ്ടടി​യോ​ളം വെള്ളം ഉണ്ടായി​രു​ന്നു; തത്‌ഫ​ല​മാ​യി കുറെ​യ​ധി​കം നാശന​ഷ്ട​മു​ണ്ടാ​യി. പുറത്ത്‌ ഒമ്പതടി​യോ​ളം വെള്ളം പൊങ്ങി​യി​രു​ന്നു, . . . മിഷനറി ഭവനം പണിതി​രി​ക്കു​ന്നത്‌ വഴിനി​ര​പ്പിൽനിന്ന്‌ ഉയരത്തി​ലാ​യതു നന്നായി. . . . ആഹാര​സാ​ധ​ന​ങ്ങ​ളും കിട്ടാ​നില്ല . . . , പലയി​ട​ത്തും ഇപ്പോ​ഴും ശവങ്ങൾ കുഴി​ച്ചെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

പത്തുദി​വ​സം കഴിഞ്ഞ്‌ ബ്രാഞ്ച്‌ ഇങ്ങനെ റിപ്പോർട്ടു​ചെ​യ്‌തു: “[ഡാൻഗ്രീ​ഗ​യി​ലെ] സ്ഥിതി [ബെലീസ്‌ സിറ്റി​യി​ലെ​ക്കാൾ] മോശ​മാണ്‌. സാധനങ്ങൾ വാങ്ങാ​നുള്ള കൂപ്പൺ കിട്ടണ​മെ​ങ്കിൽ എട്ടുമ​ണി​ക്കൂർ ജോലി​ചെ​യ്യണം. എല്ലാം സൈന്യ​ത്തി​ന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌, പണം​കൊ​ടുത്ത്‌ ഒന്നും വാങ്ങാ​നാ​വില്ല.” ഒരു വീടു തകർന്ന്‌ രണ്ട്‌ ആൺകു​ട്ടി​കൾ മരിച്ചു; അവരുടെ പിതാ​വി​ന്റെ കാലു രണ്ടും ഒടിഞ്ഞു. കുട്ടികൾ രണ്ടു​പേ​രും നല്ല ശുഷ്‌കാ​ന്തി​യുള്ള പ്രസാ​ധ​ക​രാ​യി​രു​ന്നു. അവരിൽ ഒരാളായ പന്ത്രണ്ടു​വ​യ​സ്സു​കാ​രൻ, സ്‌കൂ​ളിൽ അധ്യാ​പ​ക​രോ​ടും​മ​റ്റും സാക്ഷീ​ക​രി​ക്കു​ന്ന​തിൽ മിടു​ക്ക​നാ​യി​രു​ന്നു.

ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ കേന്ദ്ര​ബി​ന്ദു (eye) ബെലീസ്‌ സിറ്റി​ക്കും ഡാൻഗ്രീ​ഗ​യ്‌ക്കും ഇടയി​ലൂ​ടെ​യാണ്‌ കടന്നു​പോ​യത്‌. ഈ രണ്ടുസ്ഥ​ല​ങ്ങ​ളി​ലും മിക്ക സഹോ​ദ​ര​ങ്ങൾക്കും വീടു​ക​ളും വസ്‌തു​വ​ക​ക​ളും പൂർണ​മാ​യോ ഭാഗി​ക​മാ​യോ നഷ്ടപ്പെട്ടു. ചുഴലി​ക്കാ​റ്റി​നെ തുടർന്ന്‌ ഗവർണർ അടിയ​ന്തി​രാ​വ​സ്ഥ​യും നിശാ​നി​യ​മ​വും പ്രഖ്യാ​പി​ച്ചു. അതു നടപ്പാ​ക്കു​ന്ന​തി​നാ​യി ബ്രിട്ടീഷ്‌ സൈന്യ​ത്തെ ചുമത​ല​പ്പെ​ടു​ത്തി. കവർച്ച​ക്കാ​രെ വെടി​വെ​ക്കാ​നും ഉത്തരവി​ട്ടു. നിശാ​നി​യമം ലംഘി​ക്കു​ന്ന​താ​യി കാണുന്ന പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും കുട്ടി​ക​ളെ​യും രാത്രി​മു​ഴു​വൻ തടവിൽ പാർപ്പി​ച്ചി​രു​ന്നു.

സ്ഥിതി​ഗ​തി​കൾ ഇത്ര​യെ​ല്ലാം വഷളാ​യി​രു​ന്നെ​ങ്കി​ലും സഭാ​യോ​ഗ​ങ്ങ​ളും വയൽപ്ര​വർത്ത​ന​ങ്ങ​ളും പെട്ടെ​ന്നു​തന്നെ പുനരാ​രം​ഭി​ച്ചു. ഇത്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല; കാരണം, ഭൂരി​ഭാ​ഗം ആളുക​ളും താത്‌കാ​ലി​ക​മാ​യി ഒരുക്കിയ താമസ​കേ​ന്ദ്ര​ങ്ങ​ളി​ലാണ്‌ കഴിഞ്ഞി​രു​ന്നത്‌; പരിസ​ര​മാ​ണെ​ങ്കിൽ വെള്ളവും ചെളി​യും കെട്ടി​ക്കി​ട​ക്കുന്ന അവസ്ഥയി​ലും. എന്നാൽ ആളുകൾക്ക്‌ ആശ്വാ​സ​ദൂ​തി​ന്റെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ രാജ്യ​സു​വി​ശേഷം ആളുക​ളു​ടെ പക്കൽ എത്തിക്കു​ന്ന​തി​നാ​യി എന്തു ത്യാഗ​വും ചെയ്യാൻ യഹോ​വ​യു​ടെ സാക്ഷികൾ മനസ്സൊ​രു​ക്ക​മു​ള്ള​വ​രാ​യി​രു​ന്നു.

ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ തികച്ചും ശോച​നീ​യ​മാ​യി​രു​ന്നു. എന്നാൽ അന്യരാ​ജ്യ​ങ്ങ​ളി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സ്‌നേ​ഹ​വും ഔദാ​ര്യ​വും ബെലീ​സി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ അത്യന്തം പ്രോ​ത്സാ​ഹ​ന​മേകി. മറ്റു ബ്രാഞ്ചു​ക​ളിൽനി​ന്നും അയച്ച 25 പെട്ടി തുണി​ക​ളും ഇതര സാധന​ങ്ങ​ളും സാക്ഷി​കൾക്കും സാക്ഷി​ക​ള​ല്ലാത്ത അവരുടെ അയൽക്കാ​രിൽ അനേകർക്കു​മാ​യി വിതര​ണം​ചെ​യ്‌തു. ബ്രാഞ്ച്‌ ഓഫീ​സും രാജ്യ​ഹാ​ളും ഉൾപ്പെടെ ചുരുക്കം ചില കെട്ടി​ട​ങ്ങളേ ചുഴലി​ക്കാ​റ്റിൽ നശിക്കാ​ത്ത​താ​യി ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ദുരി​താ​ശ്വാ​സ​കേ​ന്ദ്ര​മാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നാ​യി രാജ്യ​ഹാൾ വിട്ടു​കൊ​ടു​ക്കു​മോ എന്ന്‌ ഗവണ്മെന്റ്‌ ചോദി​ച്ച​പ്പോൾ സഹോ​ദ​ര​ന്മാർ ഒരു മടിയും കൂടാതെ അതിനു തയ്യാറാ​യി. b

“മിസ്സിസ്‌ പ്രാറ്റ്‌, ഞങ്ങൾക്കു​വേ​ണ്ടി​യൊ​ന്നു പ്രാർഥി​ക്കു​മോ?”

2000 ഒക്‌ടോ​ബ​റിൽ ആംബെർഗ്രിസ്‌ കേ ദ്വീപി​ലെ സാൻ പെ​ഡ്രോ​യിൽ കീത്ത്‌ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ആഞ്ഞടിച്ചു. മണിക്കൂ​റിൽ 205 കിലോ​മീ​റ്റർ വേഗത്തിൽ ചീറി​യ​ടി​ക്കുന്ന കാറ്റ്‌, ഒപ്പം കോരി​ച്ചൊ​രി​യുന്ന മഴയും. ബെലീസ്‌ സിറ്റിക്ക്‌ 16 കിലോ​മീ​റ്റർ വടക്കുള്ള ലേഡി​വി​ല്ലെ​യിൽ മൂന്നു​ദി​വ​സം​കൊണ്ട്‌ 80 സെന്റി​മീ​റ്റർ മഴപെ​യ്‌തു. എങ്ങും വെള്ളം പൊങ്ങി. 42 സഹോ​ദ​രങ്ങൾ ലേഡി​വി​ല്ലെ​യി​ലെ സമ്മേള​ന​ഹാ​ളിൽ അഭയം​തേടി. കേ കോക്ക​റി​ലെ മിക്കവാ​റും വീടു​ക​ളൊ​ക്കെ നശിച്ചു. ആംബെർഗ്രിസ്‌ കേയി​ലെ​യും കേ കോക്ക​റി​ലെ​യും 57 പ്രസാ​ധ​ക​രു​ടെ വസ്‌തു​വ​ക​ക​ളെ​ല്ലാം ഏതാണ്ട്‌ മുഴു​വ​നാ​യും​തന്നെ നശിച്ചു. രണ്ടുസ്ഥ​ല​ങ്ങ​ളി​ലും വൈദ്യു​തി-ജലവി​തരണ സംവി​ധാ​ന​ങ്ങ​ളും ടെലി​ഫോൺ സൗകര്യ​ങ്ങ​ളും ആഴ്‌ച​ക​ളോ​ളം അവതാ​ള​ത്തി​ലാ​യി. ബെലീസ്‌, ഓറഞ്ച്‌ വാക്ക്‌, കൊ​റോ​സൽ, ആംബെർഗ്രിസ്‌ കേ, കേ കോക്കർ എന്നിവയെ ദുരന്ത​ബാ​ധിത മേഖല​ക​ളാ​യി പ്രധാ​ന​മ​ന്ത്രി പ്രഖ്യാ​പി​ച്ചു. കവർച്ച തടയു​ന്ന​തി​നാ​യി ആ പ്രദേ​ശ​ങ്ങ​ളി​ലെ​ല്ലാം നിശാ​നി​യ​മ​വും പ്രാബ​ല്യ​ത്തിൽ കൊണ്ടു​വന്നു.

കേ കോക്ക​റിൽനി​ന്നുള്ള ഒരു പ്രത്യേക പയനി​യ​റാണ്‌ സിസീല്യ പ്രാറ്റ്‌. ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ഉണ്ടാകാൻ പോകു​ന്നു​വെന്ന വാർത്ത അറിഞ്ഞ​യു​ടൻ അവർ, കൊടു​ങ്കാറ്റ്‌ ഉണ്ടാകു​ന്ന​പക്ഷം അഭയാർഥി കേന്ദ്ര​ത്തി​ലേക്കു പോകാൻ തയ്യാറാ​യി തന്റെ ബാഗ്‌ ഒരുക്കി​വെച്ചു. അന്നാണ്‌ അവർ 12 സഹോ​ദ​രി​മാ​രു​ടെ വയൽസേവന റിപ്പോർട്ട്‌ ശേഖരി​ച്ചത്‌. അതുമാ​യി ഉച്ചകഴി​ഞ്ഞുള്ള ബോട്ടിൽ ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു പോകാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. സിസീല്യ ആ റിപ്പോർട്ടു​കൾ പ്ലാസ്റ്റി​ക്കു​കൊ​ണ്ടു പൊതിഞ്ഞ്‌ സുരക്ഷി​ത​മാ​യി തന്റെ ബാഗിൽ വെച്ചു. പ്രതീ​ക്ഷി​ച്ച​തു​പോ​ലെ​തന്നെ, രാത്രി​യിൽ സിസീ​ല്യ​ക്കും സഹോ​ദ​രി​മാ​രിൽ ചിലർക്കും സുരക്ഷി​ത​മായ ഒരു സ്‌കൂൾ കെട്ടി​ട​ത്തിൽ അഭയം​തേ​ടേ​ണ്ട​താ​യി വന്നു. ബാക്കി സഹോ​ദ​രി​മാർ ഒരു കമ്മ്യൂ​ണി​റ്റി സെന്ററി​ലേ​ക്കും പോയി.

സിസീല്യ പറയുന്നു: “ഞങ്ങൾ ഇരുന്നി​രുന്ന ക്ലാസ്‌ മുറി​യു​ടെ തകരം​കൊ​ണ്ടുള്ള മേൽക്കൂര കാറ്റത്ത്‌ പറന്നു​പോ​യി. സാധന​ങ്ങ​ളെ​ല്ലാം എടുത്തു​കൊണ്ട്‌ ഞങ്ങൾ അടുത്ത മുറി​യി​ലേക്ക്‌ ഓടി. നല്ല ബലിഷ്‌ഠ​മായ കെട്ടി​ട​മാ​യി​രു​ന്നെ​ങ്കി​ലും അതു കാറ്റത്ത്‌ ഇളകു​ന്ന​താ​യി തോന്നി. പുറ​ത്തേക്കു നോക്കി​യ​പ്പോൾ ചുറ്റും കടൽപോ​ലെ കാണ​പ്പെട്ടു, കര കാണാനേ ഇല്ലായി​രു​ന്നു. ഞങ്ങൾ സഹോ​ദ​രി​മാ​രെ​ല്ലാ​വ​രും മുട്ടി​പ്പാ​യി പ്രാർഥി​ച്ചു​കൊണ്ട്‌ ഒരുമി​ച്ചു​തന്നെ കഴിഞ്ഞു. പല മതപശ്ചാ​ത്ത​ല​ങ്ങ​ളിൽനി​ന്നുള്ള 40 പേർ ആ മുറി​യിൽ ഉണ്ടായി​രു​ന്നു. എല്ലാവ​രും ഭയന്നു​വി​റ​യ്‌ക്കു​ക​യാ​യി​രു​ന്നു. ‘ഇത്‌ ദൈവം വരുത്തി​യ​താണ്‌’ എന്ന്‌ ചിലർ പറയു​ന്നു​ണ്ടാ​യി​രു​ന്നു. കത്തോ​ലി​ക്ക​സ​ഭ​യി​ലെ ഒരു അൽമായ പ്രസം​ഗകൻ എന്നെ സമീപി​ച്ചിട്ട്‌, ‘മിസ്സിസ്‌ പ്രാറ്റ്‌, ഞങ്ങൾക്കു​വേ​ണ്ടി​യൊ​ന്നു പ്രാർഥി​ക്കു​മോ?’ എന്നു ചോദി​ച്ചു. ‘ഞാനൊ​രു സ്‌ത്രീ​യാ​യ​തി​നാൽ എനിക്കത്‌ ചെയ്യാ​നാ​വില്ല, പ്രാർഥി​ക്കു​മ്പോൾ തലയിൽ വെക്കാ​നാ​യി എന്റെ കൈവശം തൊപ്പി​യു​മില്ല’ എന്നു ഞാൻ പറഞ്ഞു. അപ്പോൾ, തന്റെ കൈവശം ഒരു തൊപ്പി​യുണ്ട്‌ എന്നായി അദ്ദേഹം. ഇത്രയും വലി​യൊ​രു കൂട്ടത്തെ പ്രതി​നി​ധീ​ക​രി​ച്ചു പ്രാർഥി​ക്കു​ന്നത്‌ ശരിയാ​ണോ​യെന്ന്‌ എനിക്ക​റി​യി​ല്ലാ​യി​രു​ന്നു. എന്നാൽ ഈ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ വരുത്തി​യത്‌ യഹോ​വ​യ​ല്ലെന്ന്‌ എല്ലാവ​രും അറിയാൻ ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ സഹോ​ദ​രി​മാ​രു​ടെ ചെറിയ കൂട്ടത്തി​നു​വേണ്ടി എന്നതു​പോ​ലെ, എന്നാൽ ആ മുറി​യി​ലുള്ള എല്ലാവർക്കും കേൾക്കാൻ തക്കവി​ധ​ത്തിൽ, ഞാൻ പ്രാർഥി​ച്ചു. പ്രാർഥി​ച്ചു തീർന്ന​തും അവിടെ ഉണ്ടായി​രുന്ന എല്ലാവ​രും ‘ആമേൻ’ പറഞ്ഞു; പെട്ടെന്ന്‌ കാറ്റും അടങ്ങി! ആ സ്ഥലത്തെ കേന്ദ്ര​മാ​ക്കി വീശി​യി​രുന്ന കാറ്റ്‌ മെല്ലെ അവി​ടെ​നിന്ന്‌ നീങ്ങു​ക​യാ​യി​രു​ന്നു. ‘ആ പ്രാർഥന വളരെ നന്നായി​രു​ന്നു. നിങ്ങളു​ടെ ദൈവ​മാണ്‌ ശരിക്കും സത്യ​ദൈവം,’ ആ കത്തോ​ലിക്ക പ്രസം​ഗകൻ പറഞ്ഞു. അതിനു​ശേഷം, ഞങ്ങൾ അഞ്ചുസാ​ക്ഷി​ക​ളും അവരെ​വിട്ട്‌ എങ്ങോ​ട്ടും പോക​രു​തെന്ന്‌ അവർ പറഞ്ഞു. അടുത്ത മൂന്നു​ദി​വ​സ​ത്തേക്ക്‌ അവർ ഞങ്ങൾക്ക്‌ ആഹാര​വും കാപ്പി​യും തന്നു.

“മറ്റു പ്രസാ​ധ​കർക്ക്‌ എന്തു സംഭവി​ച്ചി​രി​ക്കും എന്ന ചിന്തയാ​യി​രു​ന്നു എനിക്ക്‌. പിറ്റേന്നു രാവിലെ കാറ്റ്‌ നിലച്ച​പ്പോൾ അവരെ അന്വേ​ഷിച്ച്‌ ഞാൻ ഇറങ്ങി. അവിട​വി​ടെ​യാ​യി മരങ്ങൾ കടപു​ഴ​കി​യി​രു​ന്നു. എങ്ങും നാശന​ഷ്ടങ്ങൾ! ചില വീടുകൾ കാറ്റടിച്ച്‌ 40 മുതൽ 50 അടിവരെ മാറി​യി​രു​ന്നു. കമ്മ്യൂ​ണി​റ്റി സെന്ററിൽ ചെന്ന​പ്പോൾ അവിടെ രണ്ടുസ​ഹോ​ദ​രി​മാ​രും അവരുടെ മക്കളും ഉണ്ടായി​രു​ന്നു. മറ്റൊരു സഹോ​ദ​രി​യു​ടെ വീട്‌ പൂർണ​മാ​യും നശിച്ചി​രു​ന്നു; പക്ഷേ, അവർ സുരക്ഷി​ത​യാ​യി​രു​ന്നു”

ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​നെ തുടർന്ന്‌, കൊടു​ങ്കാറ്റ്‌ നാശം വിതച്ച പ്രദേ​ശ​ങ്ങ​ളി​ലെ സഭകളിൽനിന്ന്‌ വയൽസേവന റിപ്പോർട്ട്‌ ശേഖരി​ക്കാൻ ബ്രാഞ്ചിന്‌ എളുപ്പ​മാ​യി​രു​ന്നില്ല. കേ കോക്ക​റിൽനി​ന്നുള്ള റിപ്പോർട്ടാണ്‌ ആദ്യം കിട്ടി​യത്‌. സിസീല്യ അവ ശേഖരിച്ച്‌ തന്റെ ബാഗിൽ സൂക്ഷി​ച്ചി​രു​ന്നു; എന്നിട്ട്‌ സഹോ​ദ​ര​ങ്ങ​ളു​ടെ ക്ഷേമം അന്വേ​ഷി​ക്കാ​നാ​യി ബ്രാഞ്ചിൽനിന്ന്‌ സഹോ​ദ​ര​ന്മാർ വന്നപ്പോൾ അവ അവരുടെ കൈയിൽ കൊടു​ത്തു.

തുടർന്നു​ള്ള ആഴ്‌ച​ക​ളിൽ ദുരന്ത​ബാ​ധിത പ്രദേ​ശ​ങ്ങ​ളി​ലെ സഹോ​ദ​ര​ങ്ങൾക്ക്‌ ദുരി​താ​ശ്വാ​സ സാധനങ്ങൾ ലഭിച്ചു. കൂടാതെ, സ്വമേ​ധാ​സേ​വകർ സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളും ആംബെർഗ്രിസ്‌ കേയിലെ രാജ്യ​ഹാ​ളും ശുചി​യാ​ക്കാ​നും കേടു​പോ​ക്കാ​നും സഹായി​ച്ചു.

കേ കോക്ക​റി​ലെ ദുരി​താ​ശ്വാ​സ​സം​ഘ​ത്തോ​ടൊ​പ്പം പ്രവർത്തിച്ച മെർൽ റിച്ചർട്ട്‌ ഇങ്ങനെ പറയുന്നു: “ആദ്യം പുതിയ താമസ​സൗ​ക​ര്യ​ങ്ങൾ ഒരുക്കു​ന്ന​തി​നും സാധനങ്ങൾ വിതരണം ചെയ്യു​ന്ന​തി​നും ഉള്ള ഏർപ്പാ​ടു​ചെ​യ്‌തു. പിറ്റേന്ന്‌ പ്രസാ​ധ​ക​രു​ടെ വീടു​ക​ളു​ടെ കേടു​പോ​ക്കാൻതു​ടങ്ങി. ഞായറാഴ്‌ച രാവിലെ ഞങ്ങൾ എല്ലാവ​രും വയൽസേ​വ​ന​ത്തി​നു പോയി. അതിനു​ശേഷം ഒരു സഹോ​ദ​രി​യു​ടെ വീട്ടു​മു​റ്റത്ത്‌ യോഗം നടത്താ​നുള്ള ക്രമീ​ക​ര​ണങ്ങൾ ചെയ്‌തു. സദസ്യർക്ക്‌ ഇരിക്കാ​നാ​യി ബെഞ്ചു​ക​ളും പഴയ ഒരു തെങ്ങിൻ തടി​കൊണ്ട്‌ പ്രസം​ഗ​പീ​ഠ​വും ഉണ്ടാക്കി. രാത്രി എട്ടുമ​ണി​മു​തൽ നിശാ​നി​യമം പ്രാബ​ല്യ​ത്തിൽ വരുമാ​യി​രു​ന്ന​തി​നാൽ അതിന​നു​സൃ​ത​മാ​യി യോഗ​സ​മ​യ​ത്തിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തി. പരസ്യ​പ്ര​സം​ഗ​ത്തി​നും വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തി​നും 43 പേർ ഹാജരു​ണ്ടാ​യി​രു​ന്നു.”

യഹോ​വ​യാൽ പഠിപ്പി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി കൂടി​വ​രു​ന്നു

1960-കളുടെ അവസാ​ന​ഭാ​ഗത്ത്‌ കൂടാ​ര​ങ്ങ​ളിൽ സമ്മേള​നങ്ങൾ നടത്തി​യി​രു​ന്ന​തി​നാൽ രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളി​ലും അതു ക്രമീ​ക​രി​ക്കാ​നാ​യി. എന്നാൽ വലി​യൊ​രു കൂടാരം ഉണ്ടാക്കു​ന്ന​തിന്‌ ദിവസ​ങ്ങ​ളോ​ളം നന്നായി കഷ്ടപ്പെ​ട​ണ​മാ​യി​രു​ന്നു. സാന്റ്യാ​ഗോ സോസാ പറയുന്നു: “ആഴ്‌ച​യു​ടെ തുടക്ക​ത്തിൽത്തന്നെ ഞങ്ങൾ പണി തുടങ്ങു​മാ​യി​രു​ന്നു: കൂടാരം ഉണ്ടാക്കുക, രാജ്യ​ഹാ​ളിൽനിന്ന്‌ ബെഞ്ചുകൾ കൊണ്ടു​വ​രുക, കസേരകൾ വാടക​യ്‌ക്കെ​ടു​ക്കുക അങ്ങനെ ഓരോ​രോ പണികൾ. അന്നൊക്കെ സമ്മേള​ന​ത്തോ​ട​നു​ബ​ന്ധിച്ച്‌ ലഘുഭ​ക്ഷ​ണ​ശാ​ല​യും ഉണ്ടായി​രു​ന്നു. അതിനുള്ള പാത്രങ്ങൾ വാടക​യ്‌ക്കെ​ടുത്ത്‌ മിക്ക​പ്പോ​ഴും രാത്രി മുഴുവൻ ഉറക്കമി​ള​ച്ചി​രു​ന്നാണ്‌ ഓരോ സാധന​ങ്ങ​ളും ഉണ്ടാക്കി​യി​രു​ന്നത്‌. ചില​പ്പോൾ എല്ലാ ഒരുക്ക​ങ്ങ​ളും പൂർത്തി​യാ​ക്കി കഴിയു​മ്പോ​ഴാ​യി​രി​ക്കും എല്ലാം നശിപ്പി​ച്ചു​കൊണ്ട്‌ രാത്രി​യിൽ ഒരു കൊടു​ങ്കാറ്റ്‌ വീശു​ന്നത്‌. പിറ്റേന്ന്‌ എല്ലാം വീണ്ടും ചെയ്യേ​ണ്ടി​വ​രും. പക്ഷേ, ആരും ഒരു പരാതി​യും പറഞ്ഞി​രു​ന്നില്ല.”

ബെലീസ്‌ സിറ്റി​ക്കും ഓറഞ്ച്‌ വാക്കി​നും ഇടയ്‌ക്കുള്ള ഒരു ഉൾനാ​ടൻപ്ര​ദേ​ശത്ത്‌ ഒരു കൺ​വെൻ​ഷൻ നടന്ന കാര്യം ജീനീ തോംസൺ ഓർക്കു​ന്നു. കൂടാരം ഉണ്ടാക്കു​ന്ന​തി​നും ബെഞ്ചുകൾ നിരത്തു​ന്ന​തി​നു​മാ​യി രാജ്യ​ഹാ​ളി​നോ​ടു ചേർന്നുള്ള സ്ഥലത്തെ കാടും​പ​ട​ലു​മെ​ല്ലാം തെളി​ക്ക​ണ​മാ​യി​രു​ന്നു. “കൺവൻഷൻ പരിപാ​ടി നടന്ന സമയം മുഴുവൻ മഴയാ​യി​രു​ന്നു. കൂടാ​ര​ത്തി​ന​ക​ത്തു​പോ​ലും വെള്ളം കയറി. അതു​കൊണ്ട്‌ തൊട്ടു​മു​മ്പി​ലുള്ള ബെഞ്ചിൽ കാലു​ക​യ​റ്റി​വെ​ച്ചാണ്‌ ഞങ്ങൾ ഇരുന്നത്‌. ആ പ്രദേ​ശത്ത്‌ ധാരാളം പാമ്പു​ക​ളു​ണ്ടാ​യി​രു​ന്നു. മഴ പെയ്‌തത്‌ ഏതായാ​ലും നന്നായി. അതു​കൊണ്ട്‌ പുറത്തു​പോ​കാ​തെ കൂടാ​ര​ത്തിൽ, രാജ്യ​ഹാ​ളി​ന​ടു​ത്തു​തന്നെ ആയിരി​ക്കാൻ എല്ലാവ​രും നിർബ​ന്ധി​ത​രാ​യി. കുറ്റി​ച്ചെ​ടി​കൾക്കി​ട​യി​ലൂ​ടെ പോയി​രു​ന്നെ​ങ്കിൽ അപകട​മാ​യി​രു​ന്നു.”

1970-കളിൽ ബെലീസ്‌ സിറ്റി​യു​ടെ തെക്കു​കി​ഴക്കേ അറ്റത്തു​നിന്ന്‌ ഏതാണ്ട്‌ 120 മീറ്റർ മാറി​യുള്ള ഒരു ചെറിയ ഉഷ്‌ണ​മേ​ഖലാ ദ്വീപായ ബേർഡ്‌സ്‌ ദ്വീപിൽവെച്ച്‌ സമ്മേള​നങ്ങൾ നടത്താൻ തുടങ്ങി. വിനോ​ദ​പ​രി​പാ​ടി​കൾ നടത്താ​നുള്ള ഉദ്ദേശ്യ​ത്തിൽ പണിത പുല്ലു​മേഞ്ഞ ഒരു ഓഡി​റ്റോ​റി​യം അവിടെ ഉണ്ടായി​രു​ന്നു. വെള്ളവും വൈദ്യു​തി​യും കക്കൂസ്‌ സൗകര്യ​ങ്ങ​ളു​മെ​ല്ലാം സഹിത​മുള്ള ഒരു ഓഡി​റ്റോ​റി​യം. സഹോ​ദ​രങ്ങൾ കരയിൽനിന്ന്‌ ആ ദ്വീപി​ലേക്ക്‌ തടി​കൊ​ണ്ടുള്ള ഒരു പാലം പണിതു. അങ്ങനെ ആളുകൾക്ക്‌ എളുപ്പ​ത്തിൽ അവിടെ എത്താനാ​കു​മാ​യി​രു​ന്നു. പ്രശാ​ന്ത​സു​ന്ദ​ര​മായ ആ സ്ഥലത്ത്‌ പിന്നീട്‌ നിരവധി സമ്മേള​നങ്ങൾ നടത്തി​യി​ട്ടുണ്ട്‌.

1983 മാർച്ചിൽ, ലേഡി​വി​ല്ലെ​യിൽ ഒരു സമ്മേള​ന​ഹാൾ പണിയു​ന്ന​തി​നാ​യി ഗവണ്മെ​ന്റിൽനിന്ന്‌ കുറച്ചു സ്ഥലം പാട്ടത്തി​നെ​ടു​ത്തു. സർക്കിട്ട്‌ സമ്മേള​ന​ങ്ങ​ളും എന്തെങ്കി​ലും പ്രത്യേക പരിപാ​ടി​ക​ളും ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളും നടത്തു​ന്ന​തിന്‌ ആദ്യം അവിടെ താത്‌കാ​ലി​മായ ഒരു കെട്ടിടം ഉണ്ടാക്കി. പിന്നീട്‌ 1988-ൽ ഗ്വാട്ടി​മാ​ല​യിൽനിന്ന്‌ ഒരു സ്റ്റീൽ കെട്ടിടം വാങ്ങി, സ്ഥിരമായ സമ്മേള​ന​ഹാ​ളാ​യി ഉപയോ​ഗി​ക്കു​ന്ന​തിന്‌ അതു കൊണ്ടു​വന്ന്‌ ലേഡി​വി​ല്ലെ​യി​ലെ സ്ഥലത്ത്‌ സ്ഥാപിച്ചു.

ചൈനീസ്‌ വയലിലെ പുരോ​ഗ​തി

ചൈന​ക്കാർ 1920-കൾ മുതൽതന്നെ ബെലീ​സിൽ വന്നു താമസ​മാ​ക്കാൻ തുടങ്ങി​യി​രു​ന്നു. അവരിൽ പലർക്കും സ്വന്തം ഭാഷയിൽ നമ്മുടെ സാഹി​ത്യ​ങ്ങൾ വായി​ക്കാൻ ഇഷ്ടമാണ്‌. അതേക്കു​റി​ച്ചു റോ​ബെർട്ടാ ഗോൺസാ​ലിസ്‌ പറയുന്നു: “ബേക്കറി നടത്തി​ക്കൊ​ണ്ടി​രുന്ന ഒരു തായ്‌വാൻകാ​രി​യോ​ടു സാക്ഷീ​ക​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു. വളരെ സൗഹൃ​ദ​മ​ന​സ്‌ക​യാ​ണെ​ങ്കി​ലും അവർക്ക്‌ മതകാ​ര്യ​ങ്ങ​ളിൽ തീരെ താത്‌പ​ര്യ​മി​ല്ലെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു; മാത്രമല്ല, എപ്പോ​ഴും നല്ല തിരക്കും. അവർക്ക്‌ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള രണ്ടുമക്കൾ ഉണ്ടെന്ന്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ ഒരിക്കൽ ബേക്കറി​യിൽ ചെന്ന​പ്പോൾ ഞാൻ ചൈനീസ്‌ ഭാഷയി​ലുള്ള യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌തകം അവർക്കു കൊടു​ത്തു. എന്നിട്ട്‌ അതു സംബന്ധിച്ച അവരുടെ അഭി​പ്രാ​യം അറിയാൻ ആഗ്രഹ​മു​ണ്ടെന്നു പറഞ്ഞു. ഏതാനും ദിവസം കഴിഞ്ഞ്‌ ആ ബേക്കറി​യു​ടെ മുമ്പി​ലൂ​ടെ വണ്ടി​യോ​ടി​ച്ചു പോകു​മ്പോൾ അവർ കൈവീ​ശി എന്നെ വിളിച്ചു. ഞാൻ വണ്ടി നിറുത്തി. ആ പുസ്‌തകം കൊടു​ത്തി​ട്ടു പോയ​പ്പോൾമു​തൽ എന്നെ കാണാൻ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു​വെന്ന്‌ അവർ ആവേശ​ത്തോ​ടെ പറഞ്ഞു. ബെലീ​സി​ലേക്കു കുടി​യേ​റിയ തായ്‌ കുടും​ബ​ങ്ങ​ളി​ലെ മിക്ക ചെറു​പ്പ​ക്കാർക്കും പ്രശ്‌നങ്ങൾ ഉണ്ടെന്ന്‌ അവർ പറഞ്ഞു. അവരൊ​ക്കെ യുവജ​നങ്ങൾ ചോദി​ക്കു​ന്നു പുസ്‌തകം വായി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അവരുടെ പക്ഷം. കൗമാ​ര​ക്കാ​രായ മക്കളുള്ള തായ്‌ കുടും​ബ​ങ്ങ​ളു​ടെ എണ്ണമെ​ടു​ക്കാൻ അവർ തന്റെ മകനോ​ടു പറഞ്ഞത്രേ. 16 പുസ്‌ത​കങ്ങൾ വേണ​മെന്ന്‌ ആ സ്‌ത്രീ പറഞ്ഞു. ആ വീട്ടു​കാർക്കെ​ല്ലാം ഓരോ പുസ്‌തകം സമ്മാന​മാ​യി കൊടു​ക്കാ​നാ​യി​രു​ന്നു അത്‌.”

2000 ഒക്‌ടോ​ബ​റിൽ, പ്രദേ​ശത്തെ ചൈന​ക്കാ​രെ സഹായി​ക്കാൻ ആഗ്രഹ​മുള്ള പയനി​യർമാ​രെ​യും പ്രസാ​ധ​ക​രെ​യും മാൻഡ​റിൻ ഭാഷ പഠിപ്പി​ക്കു​ന്ന​തി​നാ​യി ബ്രാഞ്ച്‌ മൂന്നു​മാ​സത്തെ ഭാഷാ​പ​രി​ശീ​ലന പരിപാ​ടി ക്രമീ​ക​രി​ച്ചു. അതിന്റെ ഫലമോ? നിരവധി പയനി​യർമാ​രുള്ള ഒരു ചൈനീസ്‌ കൂട്ടം രൂപീ​കൃ​ത​മാ​യി. പിന്നീട്‌ അതൊരു സഭയാ​യി​ത്തീർന്നു. കടുത്ത എതിർപ്പ്‌ ഉണ്ടായി​രു​ന്നി​ട്ടും ചിലർ സുവാർത്ത​യോ​ടും സഭയിൽ ലഭിച്ച സ്‌നേ​ഹ​ത്തോ​ടും നന്നായി പ്രതി​ക​രി​ച്ചു.

അതി​നൊ​രു ഉദാഹ​ര​ണ​മാണ്‌ മോൻജെ ചെനിന്റെ അനുഭവം. 2006-ൽ അദ്ദേഹം ബൈബിൾ പഠിക്കാൻതു​ടങ്ങി. ആദ്യം വീട്ടു​കാർക്കു വലിയ പ്രശ്‌ന​മൊ​ന്നും ഇല്ലായി​രു​ന്നെ​ങ്കി​ലും താമസി​യാ​തെ അവർ അദ്ദേഹത്തെ പരിഹ​സി​ക്കാ​നും എതിർക്കാ​നും തുടങ്ങി. പെട്ടെ​ന്നൊ​രു ദിവസം, മോൻജെ നോക്കി​ന​ട​ത്തി​യി​രുന്ന കട ഉൾപ്പെടെ, കുടും​ബവക സ്വത്തു മുഴുവൻ അവർ വിറ്റു. തന്റെ മതം ഉപേക്ഷിച്ച്‌ അവരോ​ടൊ​പ്പം മറ്റൊരു രാജ്യ​ത്തേക്കു പോകു​ന്ന​തിന്‌ അവർ അദ്ദേഹ​ത്തിന്‌ ഒരു മണിക്കൂർ സമയം അനുവ​ദി​ച്ചു. എന്നാൽ തന്റെ പുതിയ മതവി​ശ്വാ​സങ്ങൾ ഉപേക്ഷി​ക്കാൻ മോൻജെ തയ്യാറാ​യില്ല. അതു​കൊണ്ട്‌ ഒന്നും കൊടു​ക്കാ​തെ അദ്ദേഹത്തെ അവിടെ വിട്ടിട്ട്‌ ആ കുടും​ബം അവി​ടെ​നിന്ന്‌ താമസം​മാ​റി. മോൻജെ ഒരു സഹോ​ദ​ര​ന്റെ​കൂ​ടെ താമസിച്ച്‌ അധ്യയനം തുടർന്നു, യോഗ​ങ്ങൾക്കും ക്രമമാ​യി ഹാജരാ​യി​ക്കൊ​ണ്ടി​രു​ന്നു. “ഞാൻ യഹോ​വ​യു​മാ​യി ഉറ്റബന്ധം വളർത്തി​യെ​ടു​ത്തു; അവൻ എന്നെ പരിപാ​ലി​ച്ചു. ബൈബി​ളി​ന്റെ പഠനവും തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള ധ്യാന​വും സഹോ​ദ​ര​ങ്ങ​ളിൽനി​ന്നുള്ള പ്രോ​ത്സാ​ഹ​ന​വും എല്ലാം എന്നെ സഹായി​ച്ചു,” മോൻജെ പറയുന്നു.

2008 നവംബ​റിൽ മോൻജെ സ്‌നാ​ന​മേറ്റു. അദ്ദേഹ​ത്തി​ന്റെ സ്വഭാ​വ​ത്തി​ലും സംസാ​ര​ത്തി​ലും വന്ന മാറ്റം കണ്ട്‌ കുടും​ബ​ത്തിന്‌ അദ്ദേഹ​ത്തോ​ടുള്ള മനോ​ഭാ​വം മെച്ച​പ്പെട്ടു. “യഹോ​വയെ അനുസ​രി​ച്ച​തി​ന്റെ പേരിൽ എനിക്കു പട്ടിണി കിട​ക്കേണ്ടി വന്നില്ല. മാത്രമല്ല അത്‌ എന്റെ സന്തോഷം ഇരട്ടി​യാ​ക്കു​ക​യും ചെയ്‌തു! യഹോവ എന്നെ കൈവി​ട്ടില്ല, പകരം, ഐക്യ​വും സ്‌നേ​ഹ​വു​മുള്ള സഹോ​ദ​ര​വർഗ​ത്തോ​ടൊ​പ്പം വസിക്കാൻ എന്നെ അനുവ​ദി​ച്ചു,” മോൻജെ കൂട്ടി​ച്ചേർക്കു​ന്നു.

ബെലീ​സി​ലെ വേലയ്‌ക്ക്‌ മെക്‌സി​ക്കോ ബ്രാഞ്ചി​ന്റെ മേൽനോ​ട്ടം

ബെലീ​സി​ലെ രാജ്യ​വേ​ല​യെ​ക്കു​റിച്ച്‌ ബെലീ​സി​ലെ​യും മെക്‌സി​ക്കോ​യി​ലെ​യും ബ്രാഞ്ച്‌ കമ്മിറ്റി​ക​ളു​മാ​യി വിശദ​മാ​യി ചർച്ച​ചെ​യ്‌ത​ശേഷം, അവിടത്തെ വേലയ്‌ക്ക്‌ മേൽനോ​ട്ടം വഹിക്കാൻ ഭരണസം​ഘം മെക്‌സി​ക്കോ ബ്രാഞ്ചി​നെ ചുമത​ല​പ്പെ​ടു​ത്തി. 2001 ജനുവരി 1-ന്‌ അതു പ്രാബ​ല്യ​ത്തിൽ വന്നു. അത്‌ അവിടത്തെ സഹോ​ദ​ര​ങ്ങൾക്ക്‌ വലിയ സന്തോ​ഷ​വും പ്രയോ​ജ​ന​ങ്ങ​ളും കൈവ​രു​ത്തി.

അതേത്തു​ടർന്ന്‌ ബെലീ​സിൽ നിരവധി രാജ്യ​ഹാ​ളു​ക​ളു​ടെ പണിക്ക്‌ മെക്‌സി​ക്കോ ബ്രാഞ്ച്‌ മേൽനോ​ട്ടം വഹിച്ചു. 2002 മാർച്ച്‌ 16-ന്‌ ബെലീസ്‌ സിറ്റി​യിൽ മനോ​ഹ​ര​മായ ഒരു ഇരട്ട രാജ്യ​ഹാ​ളി​ന്റെ സമർപ്പണം നടന്നു. പിറ്റേന്ന്‌ പുതിയ മിഷനറി ഭവനത്തി​ന്റെ​യും ലേഡി​വി​ല്ലെ​യി​ലെ പുതു​ക്കിയ സമ്മേള​ന​ഹാ​ളി​ന്റെ​യും സമർപ്പ​ണ​വും ഉണ്ടായി​രു​ന്നു. ഭരണസം​ഘാം​ഗ​മായ ഗെരിറ്റ്‌ ലോഷ്‌ നടത്തിയ സമർപ്പണ പ്രസംഗം കേൾക്കാൻ അൻപതോ അറുപ​തോ വർഷമാ​യി യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കുന്ന പലരും എത്തിയി​രു​ന്നു. രാജ്യ​ഹാൾ നിർമാണ സംഘത്തി​ന്റെ പ്രവർത്തനം തുടങ്ങി​യ​തോ​ടെ നല്ല പുരോ​ഗതി കൈവ​ന്നി​ട്ടുണ്ട്‌; രാജ്യ​ത്തെ​ങ്ങു​മാ​യി 20 രാജ്യ​ഹാൾ പണിയാൻ അവർ സഹായി​ച്ചി​രി​ക്കു​ന്നു.

2007-ൽ, അധികം പ്രവർത്തി​ച്ചി​ട്ടി​ല്ലാത്ത പ്രദേ​ശത്തു പ്രസം​ഗി​ക്കു​ന്ന​തിൽ സഹായി​ക്കു​ന്ന​തിന്‌ 325 പയനി​യർമാർ മെക്‌സി​ക്കോ​യിൽനിന്ന്‌ ബെലീ​സിൽ എത്തി. അവരുടെ സന്ദർശനം പ്രസം​ഗ​വേ​ല​യി​ലുള്ള ബെലീ​സി​ലെ സഹോ​ദ​ര​ങ്ങ​ളു​ടെ ഉത്സാഹം വർധി​പ്പി​ച്ചു. തത്‌ഫ​ല​മാ​യി, പയനി​യർമാ​രു​ടെ എണ്ണം ശ്രദ്ധേ​യ​മാം​വി​ധം വർധിച്ചു.

ചുഴലി​ക്കൊ​ടു​ങ്കാ​റ്റിൽനിന്ന്‌ ബെലീ​സി​നെ കാത്തു​കൊ​ള്ളേ​ണമേ എന്ന്‌ വർഷ​ന്തോ​റും മതനേ​താ​ക്ക​ന്മാർ പ്രാർഥന നടത്താ​റുണ്ട്‌. എന്നാൽ തികച്ചും വ്യത്യ​സ്‌ത​മാ​യി​രു​ന്നു യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമീപനം. 2007-ലെ ചുഴലി​ക്കാ​റ്റി​നു തൊട്ടു​മു​മ്പാണ്‌ അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ എന്തു ചെയ്യണം എന്നതു സംബന്ധിച്ച പ്രാ​യോ​ഗി​ക​മായ നിർദേ​ശങ്ങൾ സഹോ​ദ​ര​ങ്ങൾക്കു ലഭിച്ചത്‌. ആഗസ്റ്റ്‌ മാസത്തിൽ ഡീൻ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ഉണ്ടായ​പ്പോൾ ഈ നിർദേ​ശങ്ങൾ മുൻകൂ​ട്ടി ലഭിച്ച​തിൽ അവർ അങ്ങേയറ്റം നന്ദിയു​ള്ള​വ​രാ​യി​രു​ന്നു. അപകട​മേ​ഖ​ല​യി​ലുള്ള സഹോ​ദ​ര​ങ്ങ​ളെ​യെ​ല്ലാം സുരക്ഷി​ത​മായ ഇടങ്ങളിൽ താമസി​ക്കുന്ന സഹോ​ദ​ര​ങ്ങ​ളു​ടെ വീടു​ക​ളി​ലേക്കു മാറ്റി. കാറ്റ്‌ അടങ്ങി​യ​ശേഷം രാജ്യ​ത്തെ​മ്പാ​ടു​നി​ന്നു​മുള്ള സാക്ഷികൾ വീടു​ക​ളും രാജ്യ​ഹാ​ളു​ക​ളും കേടു​പോ​ക്കാൻ സഹായി​ച്ചു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഈ മാതൃ​കയെ പ്രശം​സിച്ച പ്രാ​ദേ​ശിക റേഡി​യോ നിലയം എല്ലാവ​രും അത്‌ അനുക​രി​ക്കേ​ണ്ട​താ​ണെ​ന്നും പറഞ്ഞു.

സകല ജനതക​ളിൽനി​ന്നു​മു​ള്ളവർ ഐക്യ​ത്തോ​ടെ

യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ബെലീ​സി​ലെ പ്രസാ​ധ​ക​രു​ടെ എണ്ണം ഇപ്പോൾ 1,800-ലധിക​മാ​യി​രി​ക്കു​ന്നു—149 പേർക്ക്‌ 1 പ്രസാ​ധകൻ എന്നതാണ്‌ അവിടത്തെ അനുപാ​തം. കൂടു​ത​ലായ വളർച്ച​യ്‌ക്കുള്ള സാധ്യ​ത​യു​മുണ്ട്‌; കാരണം, 2009-ലെ സ്‌മാ​ര​ക​ത്തിന്‌ 39 ബെലീ​സു​കാ​രിൽ ഒരാൾവീ​തം ഹാജരാ​യി!

കഴിഞ്ഞ 80-ലധികം വർഷമാ​യി തുടരുന്ന ബെലീ​സി​ലെ ശിഷ്യ​രാ​ക്കൽവേല സത്‌ഫ​ലങ്ങൾ ഉളവാ​ക്കി​യി​രി​ക്കു​ന്നു—പല പശ്ചാത്ത​ല​ങ്ങ​ളിൽനി​ന്നുള്ള ആത്മീയ​മ​ന​സ്‌ക​രായ ആളുകൾ, ദൈവ​ത്തെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറി​ച്ചുള്ള സത്യമാ​കുന്ന ‘നിർമല ഭാഷ’യാൽ ഏകീഭ​വി​ച്ചി​രി​ക്കു​ന്നു. ഭൂവ്യാ​പ​ക​മാ​യുള്ള തങ്ങളുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം “തോ​ളോ​ടു​തോൾ ചേർന്ന്‌” ബെലീ​സി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളും, പരസ്യ സാക്ഷീ​ക​ര​ണ​ത്തി​ലൂ​ടെ നിർമല ഭാഷ നന്നായി ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമ്മുടെ സ്‌നേ​ഹ​വാ​നാം ദൈവ​മായ യഹോ​വ​യ്‌ക്ക്‌ മഹത്ത്വം കരേറ്റു​ന്നു.—സെഫ. 3:9.

[അടിക്കു​റി​പ്പു​കൾ]

a 1973 വരെ ബെലീസ്‌ ബ്രിട്ടീഷ്‌ ഹോണ്ടു​റാസ്‌ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും ഈ പുസ്‌ത​ക​ത്തിൽ മിക്കവാ​റും എല്ലാ സന്ദർഭ​ങ്ങ​ളി​ലും ബെലീസ്‌ എന്നാണ്‌ അതിനെ പരാമർശി​ച്ചി​രി​ക്കു​ന്നത്‌.

b ഈ ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ ഫലമായി തലസ്ഥാനം ബെലീസ്‌ സിറ്റി​യിൽനിന്ന്‌ രാജ്യ​ത്തി​ന്റെ ഉൾഭാ​ഗ​ത്തുള്ള ബെൽമോ​പാ​നി​ലേക്കു മാറ്റി.

[224-ാം പേജിലെ ആകർഷക വാക്യം]

“സത്യ​ക്രി​സ്‌ത്യാ​നി​കൾ വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​വ​രാ​യി​രി​ക്കു​മെന്ന്‌ ആ ഡ്രൈവർ എന്നോടു പറഞ്ഞു”

[234-ാം പേജിലെ ആകർഷക വാക്യം]

“ഡാഡിയെ ഇങ്ങനെ പേടി​ക്കു​ന്നത്‌ ശരിയല്ല. നമ്മൾ ഭയപ്പെ​ടേ​ണ്ടത്‌ യഹോ​വ​യെ​യാണ്‌”

[208-ാം പേജിലെ ചതുരം]

ബെലീസ്‌—ഒരു ആകമാ​ന​വീ​ക്ഷ​ണം

ഭൂപ്രകൃതി

വടക്കു​ഭാ​ഗം സമു​ദ്ര​തീ​ര​മാണ്‌. ഈ നിമ്‌ന​മേഖല പിന്നി​ട്ടാൽ പീഠഭൂ​മി തുടങ്ങു​ക​യാ​യി. ഇത്‌ തെക്കുള്ള മായാ പർവത​നി​ര​യിൽ ചെന്നെ​ത്തു​ന്നു. ജഗ്വാ​റു​കൾ, പ്യൂമകൾ, ബബൂണു​കൾ, പെക്രി​കൾ, പച്ച ഇഗ്വാ​നകൾ, മുതലകൾ എന്നിവ​യ്‌ക്കു​പു​റമേ കൊടും​വി​ഷ​മുള്ള കുഴിയൻ അണലി ഉൾപ്പെടെ 60-ഓളം ഇനം പാമ്പു​ക​ളും ബെലീ​സി​ലെ വനങ്ങളി​ലുണ്ട്‌. കീൽ ബിൽ ടൂക്കൻ, വംശനാശ ഭീഷണി നേരി​ടുന്ന സ്‌കാർലറ്റ്‌ മാക്കൗ തുടങ്ങി ഏതാണ്ട്‌ 600 ഇനം പക്ഷിക​ളും ഈ വനമേ​ഖ​ല​യി​ലെ വാസക്കാ​രാണ്‌. പവിഴ​പോ​ളി​പ്പു​കൾ, സ്‌പോ​ഞ്ചു​കൾ, പാരറ്റ്‌ മത്സ്യം, മനാറ്റി​കൾ, ബാരക്കൂഡ, തിമിം​ഗ​ല​സ്രാ​വു​കൾ എന്നിവ സമു​ദ്ര​സ​മ്പ​ത്തിൽ ഉൾപ്പെ​ടു​ന്നു.

ജനങ്ങൾ

മായന്മാർ (കെക്‌ച്ചി​കൾ), മോപ​ന്മാർ, യൂക്കാ​റ്റെ​ക്കു​കൾ, ക്രി​യോ​ളു​കൾ (ആഫ്രിക്കൻ-യൂറോ​പ്യൻ സങ്കരവം​ശം), മെസ്റ്റി​സോ​കൾ (സ്‌പാ​നിഷ്‌-മായൻ സങ്കരവം​ശം), ഗാരി​ഫ്യൂ​ണകൾ (ആഫ്രിക്കൻ-കരീബ്‌ സങ്കരവം​ശം), ഈസ്റ്റ്‌ ഇൻഡ്യ​ന്മാർ, ലെബനീ​സു​കൾ, ചൈന​ക്കാർ, ജർമൻ-ഡച്ച്‌ മെന​നൈ​റ്റു​കാർ ഉൾപ്പെ​ടെ​യുള്ള യൂറോ​പ്യ​ന്മാർ എന്നിവ​രാണ്‌ ബെലീ​സി​ലെ നിവാ​സി​കൾ.

ഭാഷ

ഇംഗ്ലീ​ഷാണ്‌ ഔദ്യോ​ഗിക ഭാഷ. എങ്കിലും ബെലീസ്‌ ക്രി​യോൾ, സ്‌പാ​നിഷ്‌, ഗാരി​ഫ്യൂ​ണ, കെക്‌ച്ചി, മായൻ, ജർമൻ, മാൻഡ​റിൻ എന്നീ ഭാഷക​ളും ഇവിടെ സംസാ​രി​ച്ചു​കേൾക്കാം.

ഉപജീവനമാർഗം

ഇവിടെ മിക്കവ​രും തൊഴിൽ കണ്ടെത്തു​ന്നത്‌ കാർഷിക, കയറ്റു​മതി മേഖല​യി​ലാണ്‌. കരിമ്പും ഉഷ്‌ണ​മേ​ഖലാ ഫലവർഗ​ങ്ങ​ളു​മാണ്‌ ഇവിടെ കൃഷി ചെയ്‌ത്‌ കയറ്റി അയയ്‌ക്കു​ന്നത്‌. മത്സ്യബ​ന്ധ​ന​വും ടൂറി​സ​വു​മാണ്‌ മറ്റൊരു വരുമാ​ന​മാർഗം.

ഭക്ഷണം

വിവിധ സംസ്‌കാ​ര​ങ്ങ​ളു​ടെ സംഗമ​സ്ഥ​ല​മായ ബെലീസ്‌ രുചി​ഭേ​ദ​ങ്ങ​ളു​ടെ കലവറ​യാണ്‌. തേങ്ങാ​പ്പാ​ലിൽ അരിയും പയറും വേവി​ച്ചെ​ടു​ത്തത്‌ ഒരു ജനപ്രി​യ​വി​ഭ​വ​മാണ്‌. പൊരിച്ച അല്ലെങ്കിൽ കറിവെച്ച കോഴി​യി​റച്ചി, മാട്ടി​റച്ചി, മത്സ്യം, പൊരിച്ച വാഴപ്പഴം എന്നിവ​യാണ്‌ അകമ്പടി​വി​ഭ​വങ്ങൾ. കൊതി​യൂ​റുന്ന കടൽവി​ഭ​വ​ങ്ങ​ളും ബെലീ​സി​ലെ തീൻമു​റി​കളെ സമ്പന്നമാ​ക്കാ​റുണ്ട്‌.

കാലാവസ്ഥ

മധ്യ അമേരി​ക്ക​യു​ടെ കരീബി​യൻ തീരത്ത്‌ സ്ഥിതി​ചെ​യ്യുന്ന ബെലീ​സിൽ ചൂടും ഈർപ്പ​വു​മുള്ള മിതോഷ്‌ണ കാലാ​വ​സ്ഥ​യാണ്‌. ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​ക​ളു​ടെ ഭീഷണി​യും ഇവിടെ ഉണ്ടാകാ​റുണ്ട്‌.

[215-ാം പേജിലെ ചതുരം/ ചിത്രം]

ഗാരിഫ്യൂണ വംശജർ സത്യം സ്വീക​രി​ക്കു​ന്നു

ബെവർളി ആൻ ഫ്‌ളോ​റസ്‌

ജനനം 1961

സ്‌നാനം 1993

സംക്ഷിപ്‌ത വിവരം ഗാരി​ഫ്യൂ​ണ വംശജ​യായ ബെവർളി ആൻ സത്യം സ്വീക​രി​ച്ചു. ഇപ്പോൾ അവർ യഹോ​വ​യെ​ക്കു​റി​ച്ചു പഠിക്കാൻ സ്വന്തം വംശജരെ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

◼ 17-ാം നൂറ്റാ​ണ്ടു​മു​തൽ തുടങ്ങു​ന്നു ഗാരി​ഫ്യൂ​ണ​ക​ളു​ടെ ചരിത്രം. അന്ന്‌ ബെലീ​സി​ലെ​ത്തിയ അടിമകൾ തദ്ദേശീ​യ​രായ കരീബു​കളെ വിവാ​ഹം​ചെ​യ്‌തു. അവരിൽ നിന്നു​ള​വായ സങ്കരവം​ശ​മാണ്‌ ഗാരി​ഫ്യൂ​ണകൾ. ഫ്രഞ്ചി​ന്റെ​യും സ്വാഹി​ലി​യു​ടെ​യും സ്വാധീ​ന​മുള്ള ഒരു അരവാ​ക്കൻഭാ​ഷ​യാണ്‌ ഗാരി​ഫ്യൂ​ണ.

ആഫ്രിക്കൻ, അമരേ​ന്ത്യൻ പാരമ്പ​ര്യ​ങ്ങ​ളു​ടെ മിശ്രി​ത​മാണ്‌ ഗാരി​ഫ്യൂ​ണ മതം, ശക്തമായ കത്തോ​ലി​ക്കാ സ്വാധീ​ന​വു​മുണ്ട്‌. ഗാരി​ഫ്യൂ​ണ​ക​ളു​ടെ ഒരു ആചാര​മാണ്‌ ഡൂഗു. മരിച്ചു​പോയ പൂർവി​കരെ പ്രസാ​ദി​പ്പി​ക്കാ​നാ​യി ഭക്ഷണപാ​നീ​യങ്ങൾ നിവേ​ദി​ക്കുന്ന ഒരു ചടങ്ങാ​ണിത്‌. “എന്റെ അമ്മയ്‌ക്ക്‌ ഈ ആചാര​ത്തിൽ തെല്ലും വിശ്വാ​സ​മി​ല്ലാ​യി​രി​ന്നു,” ബെവർളി പറയുന്നു. ഇത്രയ​ധി​കം ആഹാര​സാ​ധ​നങ്ങൾ മണ്ണിന​ടി​യിൽ കുഴി​ച്ചു​മൂ​ടു​ന്നത്‌ ദൈവം അംഗീ​ക​രി​ക്കുന്ന ഒരു കാര്യ​മാ​ണെന്ന്‌ അമ്മയ്‌ക്കു തോന്നി​യി​രു​ന്നില്ല. അമ്മ പറയു​മാ​യി​രു​ന്നു: ‘ആഹാരം മനുഷ്യർക്ക്‌ കഴിക്കാ​നു​ള്ള​താണ്‌. മാത്രമല്ല, ജീവി​ച്ചി​രു​ന്ന​പ്പോൾ നമ്മെ സ്‌നേ​ഹി​ച്ചി​രു​ന്നവർ മരിച്ചു​ക​ഴി​യു​മ്പോൾ നമ്മെ എന്തിന്‌ ഉപദ്ര​വി​ക്കണം?’”

തനിക്ക്‌ സത്യം ലഭിച്ച​തി​നെ​ത്തു​ടർന്നു​ണ്ടായ സംഭവങ്ങൾ ബെവർളി വിവരി​ക്കു​ന്നു: “ഗാരി​ഫ്യൂ​ണ വംശജ​യാ​യി​രു​ന്ന​തു​കൊണ്ട്‌ ഡാൻഗ്രീ​ഗ​യിൽപോ​യി അവി​ടെ​യുള്ള എന്റെ ആളുക​ളോ​ടു പ്രസം​ഗി​ക്കാൻ ഞാൻ അതിയാ​യി ആഗ്രഹി​ച്ചു. സ്വന്തം വംശത്തിൽനിന്ന്‌ ഒരാൾ ബൈബിൾസ​ന്ദേശം അറിയി​ക്കു​മ്പോൾ ഗാരി​ഫ്യൂ​ണ​ക​ളിൽ പലരും അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​മെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. ഗാരി​ഫ്യൂ​ണ​ഭാ​ഷ​യിൽ ഞാൻ സംസാ​രി​ക്കു​ന്നതു കേൾക്കു​മ്പോൾ മിക്ക ആളുക​ളും ഞാൻ പറയു​ന്നത്‌ ശ്രദ്ധി​ക്കാ​റുണ്ട്‌. നിരവ​ധി​പേർ സഭയോ​ടൊത്ത്‌ സഹവസി​ക്കു​ന്നുണ്ട്‌. തങ്ങളുടെ ആചാരങ്ങൾ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാ​ണെ​ന്നും അവ ഉപേക്ഷി​ച്ചാൽ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ ഉപദ്ര​വ​മൊ​ന്നും ഉണ്ടാകാൻപോ​കു​ന്നി​ല്ലെ​ന്നും അവർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു.”

[218-ാം പേജിലെ ചതുരം/ ചിത്രം]

“യഹോവ എപ്പോ​ഴും ഞങ്ങൾക്കാ​യി കരുതി”

ലില്ലി മില്ലർ

ജനനം 1928

സ്‌നാനം 1960

സംക്ഷിപ്‌ത വിവരം ഒറ്റയ്‌ക്ക്‌ ആറു മക്കളെ വളർത്തി​ക്കൊ​ണ്ടു വന്ന ലില്ലി 47 വർഷമാ​യി മുഴു​സമയ ശുശ്രൂ​ഷ​ക​യാണ്‌.

◼ “1959-ൽ ഏമിബെൽ അലൻ എന്നോടു സാക്ഷീ​ക​രി​ച്ചു,” ലില്ലി ഓർക്കു​ന്നു. “വീടു​തോ​റും പോകുന്ന സാക്ഷികൾ ‘കള്ളപ്ര​വാ​ച​ക​ന്മാ​രാ’ണെന്ന്‌ പള്ളിയിൽനിന്ന്‌ എല്ലാവർക്കും അറിയി​പ്പു ലഭിച്ചി​രു​ന്നു. ബൈബി​ളിൽനി​ന്നാ​ണെ​ങ്കിൽമാ​ത്രം പറയു​ന്നത്‌ ശ്രദ്ധി​ക്കാ​മെന്ന്‌ ഞാൻ സമ്മതിച്ചു. ഞാൻ സത്യം സ്വീക​രി​ച്ചു, പിറ്റേ​വർഷം സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്‌തു.

“ആദ്യ​മൊ​ക്കെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ ഏർപ്പെ​ടാൻ എനിക്കു വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കൈ വിറച്ചിട്ട്‌ എനിക്ക്‌ ബൈബിൾ പിടി​ക്കാൻപോ​ലും സാധി​ച്ചി​രു​ന്നില്ല. പക്ഷേ, എന്റെ വിശ്വാ​സങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാ​നുള്ള ആഗ്രഹം യിരെ​മ്യാ​വു പറഞ്ഞതു​പോ​ലെ “എന്റെ ഹൃദയ​ത്തിൽ തീ കത്തും​പോ​ലെ” ആയിരു​ന്നു. അതു​കൊണ്ട്‌ ആളുകൾ കേട്ടാ​ലു​മി​ല്ലെ​ങ്കി​ലും അത്‌ എനിക്കു പറയാതെ വയ്യായി​രു​ന്നു.—യിരെ. 20:9.

എങ്ങനെ​യാണ്‌ ലില്ലി ആറുമ​ക്കളെ തനിച്ച്‌ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തോ​ടൊ​പ്പം പയനി​റിങ്‌ ചെയ്‌തത്‌? “ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു, അവൻ അത്‌ സാധി​പ്പി​ച്ചു​തന്നു,” ലില്ലി പറയുന്നു. “ആഴ്‌ച​യിൽ മൂന്നു​ദി​വസം രാവിലെ മൂന്നര​യ്‌ക്ക്‌ എഴു​ന്നേറ്റ്‌ ഞാൻ ബിസ്‌ക്ക​റ്റു​കൾ ഉണ്ടാക്കും. എന്നെ സഹായി​ക്കാൻ മക്കളും കൂടും. ചൂടോ​ടെ ബിസ്‌ക്കറ്റ്‌ വാങ്ങി​ക്കൊ​ണ്ടു​പോ​കാ​നാ​യി ആളുക​ളെ​ത്തും. ബിസ്‌ക്ക​റ്റു​ക​ളെ​ല്ലാം വിറ്റു​തീ​രു​മ്പോൾ കുട്ടികൾ സ്‌കൂ​ളി​ലേക്കു പോകും, ഞാൻ വയൽസേ​വ​ന​ത്തി​നും. യഹോവ എപ്പോ​ഴും ഞങ്ങൾക്കാ​യി കരുതി.”

1969 മുതൽ ലില്ലി കൊ​റോ​സ​ലിൽ പയനി​യ​റിങ്‌ ചെയ്യു​ക​യാണ്‌. അവരുടെ മൂത്ത മകനും രണ്ടു​പെൺമ​ക്ക​ളും ഇപ്പോൾ മുഴു​സമയ ശുശ്രൂ​ഷ​ക​രാണ്‌. 69 പേരെ സ്‌നാ​ന​ത്തി​ന്റെ പടിയി​ലെ​ത്താൻ ലില്ലി സഹായി​ച്ചി​ട്ടുണ്ട്‌.

[227, 228 പേജു​ക​ളി​ലെ ചതുരം/ ചിത്രം]

ബുഷ്‌ ട്രിപ്‌—പ്രസം​ഗ​വേ​ല​യ്‌ക്കാ​യി മഴക്കാ​ടു​ക​ളി​ലേക്ക്‌. . .

മാർത്ത സൈമൻസ്‌ പറയുന്നു: “1991 മാർച്ചിൽ, രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനി​ന്നുള്ള 23 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ പാന്റ ഗോർഡ​യിൽ കൂടി​വന്നു. പ്രസം​ഗ​വേ​ല​യ്‌ക്കാ​യി മഴക്കാ​ടു​ക​ളി​ലേക്ക്‌ പത്തുദി​വ​സത്തെ ഒരു സാഹസി​ക​യാ​ത്ര! അതായി​രു​ന്നു ഞങ്ങളുടെ ലക്ഷ്യം. വസ്‌ത്രം, കമ്പിളി​പ്പു​തപ്പ്‌, മരങ്ങൾക്കി​ട​യിൽ കെട്ടി​യി​ടാ​വുന്ന തൂക്കു​മഞ്ചം എന്നിവ​യും ഇംഗ്ലീഷ്‌, സ്‌പാ​നിഷ്‌, കെക്‌ച്ചി ഭാഷക​ളി​ലുള്ള സാഹി​ത്യ​ങ്ങ​ളും ഉണ്ടായി​രു​ന്നു കൊണ്ടു​പോ​കാൻ. കുറെ​ദി​വ​സ​ത്തേക്ക്‌ കേടാ​കാ​തെ ഇരിക്കുന്ന 200 കേക്കുകൾ ഉൾപ്പെടെ, 10 ദിവസ​ത്തേ​ക്കുള്ള ആഹാര​വും ഞങ്ങൾ കൂടെ കരുതി​യി​രു​ന്നു.

“പിറ്റേന്നു രാവിലെ ഇളകി​മ​റി​യുന്ന കടലി​ലൂ​ടെ ഒരു വഞ്ചിയിൽ ഞങ്ങൾ യാത്ര​യാ​രം​ഭി​ച്ചു. വലി​യൊ​രു പരുത്തി​മ​രം​കൊണ്ട്‌ ഉണ്ടാക്കിയ വഞ്ചിയാ​യി​രു​ന്നു അത്‌. ക്രീക്കെ സാർക്കോ​യിൽ എത്തിയ​പ്പോൾ സാധന​ങ്ങ​ളൊ​ക്കെ ഇറക്കി​യിട്ട്‌ ഞങ്ങൾ അവിടെ താവള​മ​ടി​ച്ചു. സഹോ​ദ​ര​ന്മാർ കിടക്കാ​നുള്ള തൂക്കു​മ​ഞ്ചങ്ങൾ വലിച്ചു​കെ​ട്ടി​യ​പ്പോൾ സഹോ​ദ​രി​മാർ ഞങ്ങളുടെ ഒരു ഇഷ്ടവി​ഭവം (പിഗ്‌ടെയ്‌ൽ ബോയ്‌ൽഅപ്‌) ഉണ്ടാക്കി—കപ്പ, ചേന, പച്ച ഏത്തക്കാ, തേങ്ങ, പുഴു​ങ്ങിയ മുട്ട എന്നിവ​യും ഒപ്പം പന്നിയു​ടെ വാലും ചേർത്ത്‌ ഉണ്ടാക്കുന്ന ഒരു സ്റ്റ്യൂ ആണത്‌. ഞങ്ങൾ എത്തിയി​ട്ടു​ണ്ടെന്ന വാർത്ത പരന്ന​തോ​ടെ കെക്‌ച്ചി​കൾ ഓരോ​രു​ത്ത​രാ​യി ഞങ്ങളെ അഭിവാ​ദ്യം ചെയ്യാ​നെത്തി. അങ്ങനെ രണ്ടുമ​ണി​ക്കൂർകൊണ്ട്‌ ആ ഗ്രാമ​ക്കാ​രോ​ടു മൊത്തം സാക്ഷീ​ക​രി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളെ​ല്ലാ​വ​രും അന്തിയു​റ​ങ്ങി​യത്‌ എവി​ടെ​യാ​ണെ​ന്നോ? അവിടെ, ഒരു പോലീസ്‌ സ്റ്റേഷനു​ണ്ടാ​യി​രു​ന്നു. തൂണുകൾ ഉണ്ടാക്കി അതിനു മുകളി​ലാണ്‌ ആ സ്റ്റേഷൻ പണിതി​രു​ന്നത്‌. സഹോ​ദ​ര​ന്മാർ അതിന്റെ അടിവ​ശത്ത്‌ തൂക്കു​മ​ഞ്ചങ്ങൾ കെട്ടി അവിടെ കിടന്നു​റങ്ങി. സഹോ​ദ​രി​മാ​രാ​കട്ടെ, ഗ്രാമ​മു​ഖ്യ​ന്മാർ യോഗം​ചേ​രുന്ന, പുല്ലു മേഞ്ഞ കാബിൽഡോ​യി​ലും.

“പിറ്റേന്ന്‌ വീണ്ടും വള്ളത്തിൽ സാധനങ്ങൾ കയറ്റി ഞങ്ങൾ യാത്ര തുടർന്നു. ചില സ്ഥലങ്ങൾ കണ്ടൽക്കാ​ടു​കൾ തിങ്ങി​വ​ളർന്ന്‌ ഭയാന​ക​മാം​വി​ധം ഇരുണ്ടു​മൂ​ടി​ക്കി​ട​ന്നി​രു​ന്നു. അരമണി​ക്കൂർ യാത്ര​യ്‌ക്കു​ശേഷം ഞങ്ങൾ വള്ളത്തിൽനിന്ന്‌ ഇറങ്ങി കുറ്റി​ച്ചെ​ടി​കൾക്കി​ട​യി​ലൂ​ടെ ഒന്നരമ​ണി​ക്കൂർ നടന്ന്‌ സൺഡേ​വുഡ്‌ ഗ്രാമ​ത്തി​ലെത്തി. ഞാവൽപ്പ​ഴ​ത്തിന്റ നിറമുള്ള ത്വക്കും കറുത്ത കോലൻമു​ടി​യും ഉള്ള കുറിയ മനുഷ്യ​രാ​യി​രു​ന്നു ആ ഗ്രാമ​ക്കാർ. മിക്കവ​രും ചെരിപ്പ്‌ ധരിച്ചി​രു​ന്നില്ല. സ്‌ത്രീ​കൾ അവരുടെ പരമ്പരാ​ഗത രീതി​യി​ലുള്ള പാവാ​ട​യും മുത്തു​കൊ​ണ്ടുള്ള ആഭരണ​ങ്ങ​ളും അണിഞ്ഞി​രു​ന്നു. പുല്ലു മേഞ്ഞ വീടു​ക​ളു​ടെ തറ മണ്ണു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു. മുറികൾ വേർതി​രി​ച്ചി​രു​ന്നില്ല. തൂക്കു​മഞ്ചം ഒഴികെ മറ്റ്‌ ഗൃഹോ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും അവിടെ ഉണ്ടായി​രു​ന്നില്ല. വീടു​ക​ളു​ടെ സമീപ​ത്തു​തന്നെ ആർക്കും എപ്പോൾ വേണ​മെ​ങ്കി​ലും ഉപയോ​ഗി​ക്കാൻ പാകത്തി​നുള്ള പൊതു അടുപ്പ്‌ ഉണ്ടായി​രു​ന്നു.

“ആളുകൾ പൊതു​വെ സൗഹൃ​ദ​മ​ന​സ്‌ക​രാ​യി​രു​ന്നു. അവർ സുവാർത്ത​യോട്‌ നല്ല താത്‌പ​ര്യം കാണിച്ചു. കെക്‌ച്ചി ഭാഷയി​ലുള്ള സാഹി​ത്യ​ങ്ങ​ളും കെക്‌ച്ചി ബൈബി​ളിൽനിന്ന്‌ തിരു​വെ​ഴു​ത്തു​കൾ കാണി​ച്ച​തും അവർക്ക്‌ ഏറെ ഇഷ്ടമായി.

“കോഴി​പ്പൂ​വന്റെ കൂകലും കാട്ടു​പ​ക്ഷി​ക​ളു​ടെ​യും കുരങ്ങ​ന്മാ​രു​ടെ​യും ശബ്ദവും കേട്ടാണ്‌ പിറ്റേന്ന്‌ ഞങ്ങൾ ഉണർന്നത്‌. നല്ലൊരു പ്രാതൽ കഴിച്ച​ശേഷം, തലേന്നു താത്‌പ​ര്യം കാണിച്ച എല്ലാവ​രെ​യും ഞങ്ങൾ വീണ്ടും സന്ദർശി​ച്ചു. നിരവധി ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. പിറ്റേ​വർഷം ഞങ്ങൾ മടങ്ങി​ച്ചെ​ല്ലു​ന്ന​തു​വരെ സ്വന്തമാ​യി പഠിക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടാണ്‌ ഞങ്ങൾ മടങ്ങി​യത്‌. മഴക്കാ​ടു​കൾക്കു​ള്ളി​ലെ വിദൂര ഗ്രാമങ്ങൾ സന്ദർശി​ച്ചു​കൊണ്ട്‌ തുടർന്നുള്ള ദിവസ​ങ്ങ​ളി​ലും ഞങ്ങൾ അതേ രീതി തുടർന്നു.

“അത്യന്തം സന്തോ​ഷ​ക​ര​മാ​യി​രു​ന്നു ആ കാട്ടിൽ ചെലവ​ഴിച്ച പത്തുദി​വസം; ആ ദീർഘ​യാ​ത്ര​യെ​യും സന്ദർശിച്ച ഗ്രാമ​ങ്ങ​ളെ​യും കണ്ടുമു​ട്ടിയ ആളുക​ളെ​യും കുറി​ച്ചുള്ള മധുര​സ്‌മ​ര​ണകൾ ഞങ്ങളുടെ മനസ്സി​ല​ങ്ങനെ മായാ​തെ​നി​ന്നു. പിറ്റേ​വർഷം മടങ്ങി​ച്ചെ​ല്ലു​ന്ന​തു​വരെ ഞങ്ങൾ പാകിയ സത്യത്തി​ന്റെ വിത്തുകൾ യഹോവ സംരക്ഷി​ക്കട്ടെ എന്നായി​രു​ന്നു ഞങ്ങളുടെ പ്രാർഥന. ഞങ്ങളുടെ കാലുകൾ വീങ്ങി, വല്ലാത്ത ക്ഷീണവും അനുഭ​വ​പ്പെട്ടു; പക്ഷേ, ആ വർഷത്തെ ബുഷ്‌ ട്രിപ്പിൽ പങ്കെടു​ക്കാ​നാ​യ​തി​ന്റെ സന്തോ​ഷ​ത്താ​ലും യഹോ​വ​യോ​ടുള്ള കൃതജ്‌ഞ​ത​യാ​ലും ഞങ്ങളുടെ ഹൃദയം തുടി​ക്കു​ക​യാ​യി​രു​ന്നു.”

[235, 236 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

യഹോവയെ സ്‌നേ​ഹി​ക്കുന്ന മായാകൾ

ഹോർഹേ ഷോ, നിക്കോ​ളാസ്‌ ഷോ (അവരുടെ സഹോ​ദരി പ്രീസീ​ല്യ​നോ​ടൊ​പ്പം)

ജനനം 1969, 1971

സ്‌നാനം 1997

പശ്ചാത്തലം മാതാ​പി​താ​ക്ക​ളോ​ടുള്ള സമ്പൂർണ അനുസ​ര​ണ​ത്തി​നും അവരെ ബഹുമാ​നി​ക്കു​ന്ന​തി​നും മായാ പാരമ്പ​ര്യം ഊന്നൽനൽകു​ന്നു. വിവാ​ഹി​ത​രായ മുതിർന്ന മക്കളിൽനി​ന്നു​പോ​ലും അതു പ്രതീ​ക്ഷി​ക്കു​ന്നുണ്ട്‌.

◼ നിക്കോ​ളാ​സും ഹോർഹേ​യും യഹോ​വയെ അറിഞ്ഞ്‌ സ്‌നേ​ഹി​ക്കാൻ തുടങ്ങി​യ​പ്പോൾ അവരുടെ ക്രിസ്‌തീയ പ്രവർത്ത​ന​ങ്ങളെ പിതാവ്‌ ശക്തമായി എതിർത്തു.

നിക്കോ​ളാസ്‌ പറയുന്നു: “വളരെ​യ​ധി​കം ഗുണം​ചെ​യ്യുന്ന കാര്യ​ങ്ങ​ളാണ്‌ പഠിക്കു​ന്ന​തെന്ന്‌ ഞാൻ ഡാഡി​യോ​ടു പറഞ്ഞു. ബാപ്‌റ്റിസ്റ്റ്‌ സഭാം​ഗ​മാ​യി​രുന്ന അദ്ദേഹ​ത്തി​നു പക്ഷേ, എന്റെ ആ ഉത്സാഹ​മൊ​ന്നും ഉൾക്കൊ​ള്ളാ​നാ​യില്ല. ഡാഡിയെ വിഷമി​പ്പി​ക്കാൻ എനിക്കി​ഷ്ട​മി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ പലതവണ ഞാൻ ബൈബിൾ പഠനം ഉപേക്ഷി​ച്ചു. അന്നൊക്കെ ഡാഡി​യു​ടെ കൂടെ​യി​രുന്ന്‌ മത്തുപി​ടി​ക്കു​ന്ന​തു​വരെ ഞാൻ കുടി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എന്നാൽ അങ്ങനെ ചെയ്യു​മ്പോ​ഴൊ​ക്കെ എന്റെ മക്കൾക്ക്‌ നല്ലൊരു മാതൃ​കയല്ല ഞാൻ വെക്കു​ന്ന​തെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. എന്റെ ഭാര്യ​യും മക്കളും ഒട്ടും സന്തുഷ്ട​രാ​യി​രു​ന്നില്ല, അവരൊന്ന്‌ ചിരി​ക്കു​ക​പോ​ലും ഇല്ലായി​രു​ന്നു.

“എന്നാൽ ബൈബിൾ പഠിക്കാ​നും യോഗ​ങ്ങൾക്കു ക്രമമാ​യി ഹാജരാ​കാ​നും തുടങ്ങി​യ​തോ​ടെ മോശ​മായ ശീലങ്ങൾ ഉപേക്ഷി​ക്കാൻ എനിക്കാ​യി. കുടും​ബ​ത്തി​നു​വേണ്ടി ഞാൻ നന്നായി അധ്വാ​നി​ച്ചു. കിട്ടുന്ന പണമെ​ല്ലാം അവർക്കു​വേണ്ടി ചെലവ​ഴി​ക്കാൻതു​ടങ്ങി. ഇപ്പോൾ ഞങ്ങൾ കുടും​ബം ഒത്തൊ​രു​മിച്ച്‌ യഹോ​വ​യു​ടെ സേവന​ത്തിൽ തിര​ക്കോ​ടെ ഏർപ്പെ​ടു​ന്നു. സന്തോ​ഷ​വും ചിരി​യു​മെ​ല്ലാം ഞങ്ങളുടെ വീട്ടിൽ നിറഞ്ഞു​നിൽക്കു​ന്നു.”

ഹോർഹേ​യു​ടെ സ്ഥിതി​യും വ്യത്യ​സ്‌ത​മാ​യി​രു​ന്നില്ല. കുടി​യും മോശ​മായ സംസാ​ര​വും കുടും​ബ​ത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടി​ച്ചി​രു​ന്നു. വാരാ​ന്ത​ത്തിൽ അദ്ദേഹത്തെ വീട്ടിൽ കാണാ​റേ​യി​ല്ലാ​യി​രു​ന്നു. എന്നാൽ ബൈബിൾ പഠിച്ച​തോ​ടെ ആ സ്വഭാ​വ​മെ​ല്ലാം പാടേ മാറി.

ഹോർഹേ പറയുന്നു: “ഞാൻ സത്യത്തിൽ പുരോ​ഗ​മി​ക്കു​ന്തോ​റും ഡാഡി​യു​ടെ എതിർപ്പും കൂടി​ക്കൂ​ടി വന്നു. കള്ളപ്ര​വാ​ച​ക​ന്മാർ എന്നാണ്‌ അദ്ദേഹം ഞങ്ങളെ വിളി​ച്ചി​രു​ന്നത്‌. പലതവണ കഠാര കാണിച്ച്‌ അദ്ദേഹം ഞങ്ങളെ ഭീഷണി​പ്പെ​ടു​ത്തി. എനിക്ക്‌ അധ്യയനം എടുത്തി​രുന്ന കാർഡോസ സഹോ​ദരൻ, ഉണ്ടാകാ​വുന്ന അനന്തര​ഫ​ല​ങ്ങളെ നേരി​ടാൻ നേര​ത്തെ​തന്നെ ഞങ്ങളെ മാനസി​ക​മാ​യി ഒരുക്കി. ‘ഒരുപക്ഷേ, കിട്ടേണ്ട സ്വത്തൊ​ന്നും തരി​ല്ലെന്ന്‌ ഡാഡി പറഞ്ഞാൽ എന്തു​ചെ​യ്യും?’ അദ്ദേഹം ചോദി​ച്ചു. ‘ഡാഡിക്ക്‌ എന്നെ വലിയ കാര്യ​മാണ്‌; അങ്ങനെ​യൊ​ന്നും അദ്ദേഹം ചെയ്യില്ല,’ ഞാൻ പറഞ്ഞു. എന്നാൽ വാസ്‌ത​വ​ത്തിൽ സംഭവി​ച്ചത്‌ അതുത​ന്നെ​യാണ്‌.

ഹോർഹേ തുടരു​ന്നു: “പഠിക്കുന്ന കാര്യങ്ങൾ പക്ഷേ, എനിക്ക്‌ വളരെ ഇഷ്ടമാ​യി​രു​ന്നു. എന്റെ ജീവിതം മെച്ച​പ്പെട്ടു. എന്റെ പുതിയ ക്രിസ്‌തീയ വ്യക്തി​ത്വം കുടും​ബ​ത്തി​നും അനു​ഗ്ര​ഹ​മാ​യി. ഞങ്ങൾ പരസ്‌പരം ബഹുമാ​നി​ക്കു​ക​യും ഒരുമി​ച്ചാ​യി​രി​ക്കു​ന്ന​തിൽ സന്തോഷം കണ്ടെത്തു​ക​യും ചെയ്‌തു. പ്രസം​ഗ​വേല ഞാൻ വളരെ​യ​ധി​കം ആസ്വദി​ക്കു​ന്നു. യഹോ​വ​യു​ടെ അനു​ഗ്ര​ഹ​ത്താൽ ഞാൻ ഒരു സാധാരണ പയനി​യ​റാ​യി പ്രവർത്തി​ക്കു​ക​യാണ്‌.”

[ചിത്രം]

ഫ്രാങ്ക്‌ കാർഡോസ ഹോർഹേ​യോ​ടു സാക്ഷീ​ക​രി​ച്ചു

[238, 239 പേജു​ക​ളി​ലെ ചതുരം/ ചിത്രങ്ങൾ]

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സന്തോ​ഷ​ത്തോ​ടെ സേവി​ക്കു​ന്നു

രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യം അധിക​മുള്ള ഒരു രാജ്യ​ത്തേക്കു മാറി​ത്താ​മ​സി​ക്കുക എന്നത്‌ അത്ര എളുപ്പമല്ല. വർഷങ്ങ​ളോ​ളം ഒരു വിദേശ വയലിൽ പ്രവർത്തി​ക്കു​ന്ന​തിന്‌ വളരെ ശ്രമവും ആത്മത്യാ​ഗ​വും ആവശ്യ​മാണ്‌. നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രിൽ പലരും അതിന്റെ വെല്ലു​വി​ളി​കൾ സന്തോ​ഷ​ത്തോ​ടെ, ധീരമാ​യി തരണം​ചെ​യ്‌തി​രി​ക്കു​ന്നു.

1989-ൽ, ആർതർ ഗോൺസാ​ലി​സും റോ​ബെർട്ടാ​യും മൂന്നു​വ​യ​സ്സുള്ള മകൻ ഡാൽറ്റ​ണോ​ടൊ​പ്പം അമേരി​ക്ക​യിൽനിന്ന്‌ ബെലീ​സിൽ എത്തി. “നല്ല ശമ്പളമുള്ള സ്ഥിരമായ ജോലി വിട്ടിട്ട്‌ അത്ര തൊഴിൽ സാധ്യ​ത​യി​ല്ലാത്ത ഒരു രാജ്യത്തു പോയി താമസി​ക്കു​ന്ന​താ​യി​രു​ന്നു ഏറ്റവും വലിയ പ്രശ്‌നം,” റോ​ബെർട്ടാ പറയുന്നു.

“അതിന്‌ യഹോ​വ​യിൽ അടിയു​റച്ച ആശ്രയം​വെ​ക്കണം. അബ്രാ​ഹാ​മി​നെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവരണം വായി​ച്ച​പ്പോൾ, സ്വന്തം വീട്‌, ബന്ധുജ​നങ്ങൾ, പരിച​യ​മുള്ള ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ എന്നിവ​യെ​ല്ലാം ഉപേക്ഷിച്ച്‌ അവൻ പോയ​തി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ എനിക്ക്‌ അതിശയം തോന്നി. എന്നാൽ യഹോവ അവനെ കാത്തു​പ​രി​പാ​ലി​ച്ചു. ഞങ്ങളുടെ കാര്യ​ത്തിൽ ഉണ്ടായി​രുന്ന ഒരു വെല്ലു​വി​ളി ബെലീസ്‌ ക്രി​യോൾ പഠി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ഞങ്ങൾ യഹോ​വ​യിൽ ആശ്രയം​വെച്ചു; അവൻ ഞങ്ങളെ കാത്തു​പ​രി​പാ​ലി​ക്കു​ക​യും ചെയ്‌തു,” ആർതർ പറയുന്നു.

1991-ൽ, കാലി​ഫോർണി​യ​യിൽനിന്ന്‌ ഫ്രാങ്ക്‌ കാർഡോ​സ​യും ആലീസും പയനി​യ​റിങ്‌ ചെയ്യു​ന്ന​തി​നാ​യി ബെലീ​സിൽ എത്തി. “പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം വായി​ച്ച​പ്പോൾ എനിക്കും ഒരു മിഷന​റി​യാ​ക​ണ​മെന്നു തോന്നി. എന്നാൽ ഞങ്ങൾക്ക്‌ നാലു​മക്കൾ ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌ ഗിലെ​യാദ്‌ പരിശീ​ല​ന​ത്തെ​ക്കു​റിച്ച്‌ സ്വപ്‌നം​കാ​ണാൻപോ​ലും കഴിയു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ ഇളയമ​ക​ളു​ടെ സ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​യ​തോ​ടെ മറ്റൊരു രാജ്യത്തു പോയി പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു ഞങ്ങൾ ചിന്തിച്ചു. വീക്ഷാ​ഗോ​പു​ര​ത്തിൽ ബെലീ​സി​നെ​ക്കു​റി​ച്ചു വായി​ച്ച​തോ​ടെ അങ്ങോട്ടു പോകാ​മെ​ന്നാ​യി ഞങ്ങളുടെ തീരു​മാ​നം,” ഫ്രാങ്ക്‌ പറയുന്നു.

“ഒരു മൂന്നു​വർഷ​ത്തേക്കു നോക്കാം എന്നായി​രു​ന്നു എന്റെ അഭി​പ്രാ​യം. എന്നാലി​പ്പോൾ 18 വർഷമാ​യി ഞങ്ങൾ ഇവി​ടെ​യാണ്‌. എനിക്ക്‌ ഇവിടം എത്ര ഇഷ്ടമാ​ണെ​ന്നോ!” ആലീസ്‌ പറയുന്നു.

“ആളുക​ളോ​ടു ഞങ്ങൾക്കു സ്‌നേ​ഹ​മുണ്ട്‌; കഷ്ടപ്പെ​ടാ​നൊ​ട്ടു മടിയു​മില്ല. യഹോ​വയെ സ്‌നേ​ഹി​ക്കുന്ന ആളുക​ളു​മാ​യി അടുപ്പം വളർത്തി​യെ​ടു​ക്കാൻ ഇത്‌ ഞങ്ങളെ സഹായി​ക്കു​ന്നു. ആളുകൾ സത്യ​ത്തോ​ടു നല്ലരീ​തി​യി​ലാണ്‌ പ്രതി​ക​രി​ക്കു​ന്നത്‌. നടത്താൻ പറ്റുന്ന​തിൽ കൂടുതൽ അധ്യയ​നങ്ങൾ ഞങ്ങൾക്കു ലഭിക്കു​ന്നുണ്ട്‌; അതു​കൊ​ണ്ടു​തന്നെ ഞങ്ങളുടെ ജീവി​ത​ത്തി​ലെ ഏറ്റവും നല്ല സമയം എന്ന്‌ ഈ കാലഘ​ട്ടത്തെ വിശേ​ഷി​പ്പി​ക്കാ​നാ​കും. ലോക​ത്തി​ലെ സമ്പത്തു മുഴുവൻ നൽകാ​മെന്നു പറഞ്ഞാ​ലും ഈ പദവി വിട്ടു​ക​ള​യാൻ ഞങ്ങൾ തയ്യാറല്ല,” ഫ്രാങ്ക്‌ കൂട്ടി​ച്ചേർക്കു​ന്നു.

1988-ൽ കാൾ സൈമൻസും മാർത്ത​യും ടെക്‌സാ​സിൽനിന്ന്‌ ബെലീ​സി​ലെത്തി. മാർത്ത പറയുന്നു: “ഞങ്ങൾ വരു​മ്പോൾ കുട്ടി​കൾക്ക്‌ പത്തും എട്ടും വീതമാ​യി​രു​ന്നു പ്രായം. സഭയോ​ടൊ​പ്പം വിദൂ​ര​ഗ്രാ​മ​ങ്ങ​ളിൽ പോയി പകലന്തി​യോ​ളം ഞങ്ങൾ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ട്ടി​രു​ന്നു. സമ്മേള​ന​ഹാ​ളി​ന്റെ പണിയി​ലും ഞങ്ങൾ ഒരുമി​ച്ചു പങ്കെടു​ത്തു. സമ്മേള​ന​സ​മ​യത്ത്‌ ഞങ്ങളു​ടെ​കൂ​ടെ താമസി​ക്കാൻ എല്ലായ്‌പോ​ഴും ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ ഉണ്ടാകും. ഞങ്ങളുടെ മക്കൾ ഇവിടെ വളരാൻ ഇടയാ​യത്‌ എത്ര നന്നാ​യെ​ന്നോ! കാരണം പ്രത്യേക പയനി​യർമാ​രു​മാ​യും മിഷന​റി​മാ​രു​മാ​യും ഒക്കെ സഹവസി​ക്കാൻ അത്‌ അവർക്ക്‌ അവസര​മേകി. ഒരു വിമാ​ന​ത്തിൽ കയറി എത്രയും പെട്ടെന്ന്‌ ഇവി​ടെ​നിന്ന്‌ പോകണം എന്നു തോന്നി​യി​ട്ടുള്ള സന്ദർഭ​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌—വൈദ്യു​തി​യും പൈപ്പു​വെ​ള്ള​വും ബാറ്ററി​യും ടെലി​ഫോ​ണും ഒന്നും ഇല്ലാ​തെ​വ​രുന്ന സമയങ്ങ​ളിൽ. ഇത്ര​യേറെ ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ഉണ്ടായി​ട്ടു​ണ്ടെ​ങ്കി​ലും, ജീവി​ത​ത്തിൽ ഇനി​യൊ​രു തിര​ഞ്ഞെ​ടു​പ്പു നടത്താൻ അവസരം ലഭിച്ചാൽ ഈ ജീവി​ത​ഗ​തി​ത​ന്നെ​യാ​യി​രി​ക്കും ഞങ്ങൾ തിര​ഞ്ഞെ​ടു​ക്കുക. ആവശ്യം അധിക​മു​ള്ളി​ടത്തു സേവി​ക്കാൻ തയ്യാറാ​യ​തി​നാൽ ഞങ്ങളുടെ ജീവിതം ഇന്ന്‌ എത്ര ധന്യമാ​ണെ​ന്നോ!”

[ചിത്രങ്ങൾ]

ഇടത്തുനിന്ന്‌ വലത്തോട്ട്‌: ഡാൽറ്റൺ, റോ​ബെർട്ടാ, ആർതർ, അദ്ദേഹ​ത്തി​ന്റെ അമ്മ മാർത്ത ഗോൺസാ​ലിസ്‌

ആലീസും ഫ്രാങ്ക്‌ കാർഡോ​സ​യും

കാൾ സൈമൻസും ഭാര്യ മാർത്ത​യും

[250-ാം പേജിലെ ചതുരം]

“ഞങ്ങളുടെ ക്ഷേമം അന്വേ​ഷി​ക്കാൻ ആളുണ്ട്‌!”

അലേഹാൻഡ്രോ ലാ​ക്കൈ​യോ, റിബേക്ക (ബെക്കി)

ജനനം 1950, 1949

സ്‌നാനം 1966, 1959

സംക്ഷിപ്‌ത വിവരം 1972-ൽ ഗിലെ​യാദ്‌ ബിരുദം നേടി​യ​ശേഷം അവർ എൽ സാൽവ​ഡോർ, ബെലീസ്‌, നിക്കരാ​ഗ്വ, മെക്‌സി​ക്കോ, ഹോണ്ടു​റാസ്‌ എന്നിവി​ട​ങ്ങ​ളിൽ മിഷന​റി​മാ​രാ​യി സേവിച്ചു. ഇപ്പോൾ അമേരി​ക്ക​യിൽ സർക്കിട്ട്‌ വേലയി​ലാ​ണെ​ങ്കി​ലും, ബെലീ​സിൽ ദുരി​താ​ശ്വാ​സ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ട്ട​തി​ന്റെ ഓർമ ഇന്നും അവരുടെ മനസ്സിൽ പച്ചപി​ടി​ച്ചു നിൽക്കു​ന്നു.

◼ “കീത്ത്‌ ചുഴലി​ക്കൊ​ടു​ങ്കാ​റ്റി​ന്റെ പിടി​യി​ലാണ്‌ ഞങ്ങൾ!” 2000 ഒക്‌ടോ​ബർ 2 തിങ്കളാഴ്‌ച ബെക്കി എഴുതി. “രണ്ടര ദിവസ​ത്തോ​ള​മാ​യി മഴ തകർത്തു പെയ്യു​ക​യാണ്‌.”

അടുത്ത ദിവസം കാറ്റും മഴയും തെല്ലൊ​ന്നു ശമിച്ച​പ്പോൾ അലേഹാൻ​ഡ്രോ​യും പ്രത്യേക പയനി​യ​റായ ഡോണൾഡ്‌ നീബ്രൂ​ജീ​യും കൂടെ ആംബെർഗ്രിസ്‌ കേയി​ലേക്ക്‌ കുറെ അവശ്യ സാധന​ങ്ങ​ളു​മാ​യി പോയി. അവരും അവി​ടെ​നി​ന്നുള്ള രണ്ടുമൂ​പ്പ​ന്മാ​രും ചേർന്ന്‌ രണ്ടുസ​ഭ​ക​ളി​ലുള്ള എല്ലാ പ്രസാ​ധ​ക​രെ​യും സന്ദർശിച്ച്‌ അവർ സുരക്ഷി​ത​രാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തി.

“ബുധനാഴ്‌ച, രാജ്യ​ത്തി​ന്റെ പല ഭാഗങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ, ദ്വീപു​ക​ളിൽ താമസി​ക്കുന്ന സഹോ​ദ​ര​ങ്ങൾക്കു നൽകാ​നാ​യി ആഹാര​വും വെള്ളവും വസ്‌ത്ര​ങ്ങ​ളും ബ്രാഞ്ചിൽ എത്തിച്ചു. ചുരു​ങ്ങിയ സമയം​കൊണ്ട്‌ സ്വീക​ര​ണ​മു​റി​യും ലൈ​ബ്ര​റി​യു​മെ​ല്ലാം സാധന​ങ്ങൾകൊ​ണ്ടു നിറഞ്ഞു,” ബെക്കി പറയുന്നു.

അതിനി​ടെ, അലേഹാൻ​ഡ്രോ​യും മറ്റു മൂന്നു​പേ​രും​കൂ​ടി സാധന​ങ്ങ​ളു​മാ​യി കേ കോക്ക​റി​ലേക്കു പോയി. അവർ അവി​ടെ​യുള്ള ആ ചെറിയ കൂട്ട​ത്തോ​ടൊ​പ്പം പ്രാർഥി​ക്കു​ക​യും അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്‌തു. സഹോ​ദ​ര​ന്മാർ കാണിച്ച സ്‌നേ​ഹ​വും പരിഗ​ണ​ന​യും സാക്ഷി​ക​ള​ല്ലാ​ത്ത​വ​രു​ടെ ഹൃദയ​ത്തെ​പ്പോ​ലും സ്‌പർശി​ച്ചു. “വർഷങ്ങ​ളാ​യി ഞാൻ ഞങ്ങളുടെ പള്ളിയിൽ സംഭാവന നൽകു​ന്ന​താണ്‌. എന്നാൽ എനിക്ക്‌ എങ്ങനെ​യു​ണ്ടെന്ന്‌ അന്വേ​ഷി​ക്കാൻ ഒരാൾപോ​ലും തിരി​ഞ്ഞു​നോ​ക്കി​യില്ല,” ഒരു സ്‌ത്രീ പരാതി​പ​റഞ്ഞു.

“പുറത്തു​ള്ള​വ​രു​ടെ സ്ഥിതി എത്ര പരിതാ​പ​ക​ര​മാണ്‌! എന്നാൽ ഞങ്ങൾ ഇക്കാര്യ​ത്തിൽ അനുഗൃ​ഹീ​ത​രാണ്‌, ഞങ്ങളുടെ ക്ഷേമം അന്വേ​ഷി​ക്കാൻ ആളുണ്ട്‌!” സന്തോ​ഷാ​ശ്രു​ക്കൾ പൊഴി​ച്ചു​കൊണ്ട്‌ ഒരു സഹോ​ദരി പറഞ്ഞു.

[244, 245 പേജു​ക​ളി​ലെ ചാർട്ട്‌/ ഗ്രാഫ്‌]

ബെലീസ്‌ സുപ്ര​ധാന സംഭവങ്ങൾ

1923 ജെയിംസ്‌ ഗോർഡൻ ബോമ്പാ​യിൽ സാക്ഷീ​ക​രി​ക്കു​ന്നു.

1930

1933 ഫ്രീഡ ജോൺസൺ ബെലീസ്‌ സിറ്റി​യിൽ പ്രസം​ഗ​വേല ചെയ്യുന്നു.

1934 താഡി​യസ്‌ ഹാജ്‌സൺ തന്റെ ബേക്കറി​യിൽവെച്ച്‌ യോഗങ്ങൾ നടത്തുന്നു.

1940

1941 ബെലീസ്‌ സിറ്റി​യിൽ ആദ്യമാ​യി പ്രസാ​ധകർ സ്‌നാ​ന​മേൽക്കു​ന്നു.

1945 ആദ്യത്തെ മിഷന​റി​മാർ എത്തുന്നു.

1946 ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപി​ത​മാ​കു​ന്നു.

1950

1957 മിഷന​റി​മാർക്കു പ്രവേ​ശനം നിഷേ​ധി​ക്കു​ന്നു.

1959 ബ്രാഞ്ച്‌ ഓഫീസ്‌, മിഷനറി ഭവനം, രാജ്യ​ഹാൾ എന്നിവ നിർമി​ക്ക​പ്പെ​ടു​ന്നു.

1960

1961 മിഷന​റി​മാർക്ക്‌ വീണ്ടും പ്രവേ​ശനം അനുവ​ദി​ക്കു​ന്നു.

1961 ഹാറ്റി ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ബെലീ​സി​നെ തകർത്തെ​റി​യു​ന്നു.

1971 ബേർഡ്‌സ്‌ ദ്വീപി​ലെ ആദ്യത്തെ സമ്മേളനം.

1980

1988 ലേഡി​വി​ല്ലെ​യിൽ സമ്മേള​ന​ഹാൾ.

1990

2000 കീത്ത്‌ ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ നാശം വിതയ്‌ക്കു​ന്നു.

2001 ബെലീ​സി​ലെ വേലയു​ടെ മേൽനോ​ട്ടം മെക്‌സി​ക്കോ ബ്രാഞ്ചിന്‌.

2002 ഒരു ഇരട്ട രാജ്യ​ഹാൾ (ഇടത്ത്‌), മിഷനറി ഭവനം, പുതു​ക്കി​പ്പ​ണിത സമ്മേള​ന​ഹാൾ എന്നിവ​യു​ടെ സമർപ്പണം.

2010

[ഗ്രാഫ്‌]

(പ്രസി​ദ്ധീ​ക​രണം കാണുക)

മൊത്തം പ്രസാ​ധ​കർ

മൊത്തം പയനി​യർമാർ

1,800

1,200

400

1930 1940 1950 1960 1980 1990 2000 2010

[ചിത്രം]

സഹോ​ദ​രങ്ങൾ ഒരു ബോട്ടിൽ സമ്മേള​ന​ത്തി​നു പോകു​ന്നു

[209-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മെക്‌സിക്കോ

ഗ്വാട്ടിമാല

മെൽക്കോർ ഡെ മെൻക്കോസ്‌

കരീബിയൻ കടൽ

ബെലീസ്‌

ആംബെർഗ്രിസ്‌ കേ

സാൻ പെഡ്രോ

കേ കോക്കർ

കൊ​റോ​സൽ ഡിസ്‌ട്രി​ക്‌റ്റ്‌

കൊ​റോ​സൽ

ഓറഞ്ച്‌ വാക്ക്‌ ഡിസ്‌ട്രി​ക്‌റ്റ്‌

ഓറഞ്ച്‌ വാക്ക്‌

ഓഗസ്റ്റ്‌ പൈൻ റിഡ്‌ജ്‌

ബെലീസ്‌ ഡിസ്‌ട്രി​ക്‌റ്റ്‌

ബോമ്പാ

സാന്റാനാ

ക്രുക്കഡ്‌ ട്രീ

ബ്ലാക്ക്‌ ക്രീക്ക്‌

ലേഡി​വി​ല്ലെ

ബെലീസ്‌ സിറ്റി

കയോ ഡിസ്‌ട്രി​ക്‌റ്റ്‌

ബെൽമോ​പാൻ

ബെൻക്കി വ്യെഹോ

സ്റ്റാൻ ക്രീക്ക്‌ ഡിസ്‌ട്രി​ക്‌റ്റ്‌

സ്റ്റാൻ ക്രീക്ക്‌ വാലി

ഡാൻഗ്രീ​ഗ

ഹോപ്‌കിൻസ്‌

സേൻ ബൈറ്റ്‌

റ്റെലീ​ഡോ ഡിസ്‌ട്രി​ക്‌റ്റ്‌

മാങ്കോ ക്രീക്ക്‌

പ്ലാസെൻസ്യാ

മങ്കി റിവർ ടൗൺ

പാന്റ നെഗ്രാ

സാൻ അന്റോ​ണി​യോ

പാന്റ ഗോർഡ

സൺഡേ​വുഡ്‌

ബാരാ​ങ്കോ

ക്രീക്കെ സാർക്കോ

ബെലീസ്‌ നദി

മായൻ പർവത​നി​ര

[200-ാം പേജിലെ ചിത്രം]

[206-ാം പേജിലെ ചിത്രം]

അൽഫോൻസിന റോബാ​റ്റോ​യും ഏമിബെൽ അലനും പ്രത്യേക പയനി​യർമാ​രായ മൂന്ന്‌ സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം

[207-ാം പേജിലെ ചിത്രം]

ഹെർമൻ ലൈറ്റ്‌ബർൺ, ഭാര്യ ഡറിൻ, മകൻ സ്റ്റീഫൻ

[210-ാം പേജിലെ ചിത്രം]

ഉച്ചഭാഷിണി ഘടിപ്പിച്ച വണ്ടിയിൽ ഒരു കൂട്ടം സാക്ഷികൾ, ബെലീസ്‌ സിറ്റി, 1940-കളിൽ; (1) താഡി​യസ്‌ ഹാജ്‌സൺ, (2) ജോർജ്‌ ലോങ്ങ്‌സ്‌വർത്ത്‌

[213-ാം പേജിലെ ചിത്രം]

എൽമർ ഐറിഗ്‌ ദൂരെ​യുള്ള പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ സുവാർത്ത വ്യാപി​പ്പി​ച്ചു

[214-ാം പേജിലെ ചിത്രം]

യോഗങ്ങൾ ക്രമമാ​യി നടത്താൻ ചാൾസ്‌ ഹേയൻ സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു

[221-ാം പേജിലെ ചിത്രം]

ബെലീസ്‌ സിറ്റി​യി​ലെ ബ്രാഞ്ച്‌ ഓഫീ​സും മിഷനറി ഭവനവും രാജ്യ​ഹാ​ളും

[223-ാം പേജിലെ ചിത്രം]

മുഴുവനായും സ്‌പാ​നിഷ്‌ ഭാഷയിൽ നടത്തിയ സർക്കിട്ട്‌ സമ്മേളനം, ഓറഞ്ച്‌ വാക്കിലെ രാജ്യ​ഹാൾ, 1968

[229-ാം പേജിലെ ചിത്രം]

പ്രത്യേക പയനി​യർമാ​രായ മാർത്യാൽ കേയും മാന്വെ​ലാ​യും

[230-ാം പേജിലെ ചിത്രം]

ഒരു സാധാരണ മായാ ഗ്രാമം, റ്റെലീ​ഡോ ജില്ല

[240-ാം പേജിലെ ചിത്രം]

മാരീയായും ബാസീ​ല്യോ ആയും

[246-ാം പേജിലെ ചിത്രം]

സിസീല്യ പ്രാറ്റ്‌

[249-ാം പേജിലെ ചിത്രം]

പാന്റ ഗോർഡ​യിൽ ഒരു കൂടാ​ര​ത്തി​ലെ സർക്കിട്ട്‌ സമ്മേളനം, 1960-കളിൽ

[251-ാം പേജിലെ ചിത്രം]

ബെക്കിയും അലേഹാൻഡ്രോ ലാ​ക്കൈ​യോ​യും

[252, 253 പേജു​ക​ളി​ലെ ചിത്രങ്ങൾ]

താഴെയുള്ള സ്റ്റീൽനിർമിത കെട്ടിടം ഇപ്പോൾ സമ്മേള​ന​ഹാ​ളാ​യി ഉപയോ​ഗി​ക്കു​ന്നു (വലത്ത്‌ )

പുതുക്കിപ്പണിത സമ്മേള​ന​ഹാൾ

[254-ാം പേജിലെ ചിത്രം]

ബെലീസ്‌ സിറ്റി​യി​ലെ ഇരട്ട രാജ്യ​ഹാ​ളി​ന്റെ നിർമാ​ണ​വേ​ള​യിൽ