ഭരണസംഘത്തിന്റെ കത്ത്
ഭരണസംഘത്തിന്റെ കത്ത്
യഹോവയുടെ സാക്ഷികളായ പ്രിയ സഹോദരങ്ങളേ,
സകലതിന്റെയും അധീശനായ യഹോവയെ പ്രതിനിധാനം ചെയ്യുക, അവന്റെ നാമം വഹിക്കുക—എത്ര മഹത്തരമായ പദവി! സനാതനവും അനശ്വരവും അനുപമവുമായ ആ നാമം വഹിക്കാൻ യഹോവ നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ 1931 മുതൽ ആ വ്യതിരിക്ത നാമത്തിൽ നാം അറിയപ്പെടുന്നു. (യെശ. 43:10) അതെ, നമ്മൾ യഹോവയുടെ സാക്ഷികളാണെന്ന് അങ്ങേയറ്റം അഭിമാനത്തോടെതന്നെ നാം പറയും.
ദൈവനാമം തുടച്ചുനീക്കാൻ സാത്താൻ അക്ഷീണം ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്. അവന്റെ അധീനതയിലുള്ള, ഇന്നത്തെ രാഷ്ട്രങ്ങളെല്ലാം യഹോവ എന്ന നാമത്തെ പുച്ഛിച്ചു തള്ളിയിരിക്കുന്നു. വ്യാജമതലോകസാമ്രാജ്യമായ മഹതിയാം ബാബിലോൺ ദിവ്യനാമത്തോട് കടുത്ത വൈരം പുലർത്തുന്നു, അനേകം ബൈബിൾ പരിഭാഷകളിൽനിന്ന് ആ നാമം നീക്കിക്കളഞ്ഞുകൊണ്ട് അവൾ അത് പ്രകടിപ്പിച്ചിരിക്കുന്നു. എന്നാൽ ഇതിനു വിപരീതമായി യേശു തന്റെ പിതാവിന്റെ നാമത്തെ സമുന്നതമായി കരുതി. അവൻ പഠിപ്പിച്ച മാതൃകാപ്രാർഥനയിൽ പ്രഥമസ്ഥാനം ദിവ്യനാമത്തിനായിരുന്നു. അവൻ പറഞ്ഞു: “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.’” (മത്താ. 6:9) തന്റെ പിതാവിനോട് അകമഴിഞ്ഞു പ്രാർഥിച്ച മറ്റൊരു സന്ദർഭത്തിൽ അവൻ ഇങ്ങനെ പറഞ്ഞു: “ലോകത്തിൽനിന്നു നീ എനിക്കു തന്നിട്ടുള്ളവർക്ക് ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹ. 17:6) യേശുവിന്റെ ശ്രേഷ്ഠമാതൃക അനുകരിക്കുന്നവരെന്നനിലയിൽ യഹോവയുടെ നാമം ഭൂവിലെങ്ങും വർധിച്ച ഉത്സാഹത്തോടെ ഉദ്ഘോഷിക്കാൻ നാം മനസ്സിലുറച്ചിരിക്കുന്നു.
‘സുവിശേഷത്തിനു സമഗ്രസാക്ഷ്യം നൽകുക’ എന്ന 2009-ലെ വാർഷികവാക്യം ശുശ്രൂഷ പൂർണമായി നിറവേറ്റുന്നതിന് നമുക്കു പ്രചോദനം പകർന്നു. (പ്രവൃ. 20:24) കഴിഞ്ഞ സേവനവർഷത്തിലെ നമ്മുടെ ശ്രമങ്ങളെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു എന്നതിനു യാതൊരു സംശയവുമില്ല. യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി ബൃഹത്തായ സാക്ഷ്യമാണ് ഗോളമെമ്പാടും നൽകപ്പെട്ടത്. പ്രസംഗ-പഠിപ്പിക്കൽ വേലയിൽ പങ്കെടുത്ത പ്രസാധകരുടെ എണ്ണം 73,13,173 എന്ന ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. ജീവിതപ്രശ്നങ്ങളാൽ ഭാരപ്പെട്ടുകഴിഞ്ഞിരുന്ന നീതിഹൃദയരായ അനേകരെ അവർ അങ്ങനെ സഹായിച്ചു. ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം ആചരിക്കാൻ 1,81,68,323 പേർ വന്നുചേർന്നു. ഈ ദുഷ്ടവ്യവസ്ഥിതിക്കു തിരശ്ശീല വീഴുന്നതിനുമുമ്പ് ദശലക്ഷങ്ങൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിൽ നമ്മോടൊപ്പം ചേരാൻ സാധ്യതയുണ്ടെന്നല്ലേ ഇതു കാണിക്കുന്നത്?
യഹോവ അനുവദിക്കുന്നിടത്തോളംകാലം രാജ്യത്തിന്റെ സുവാർത്ത തീക്ഷ്ണതയോടെ പ്രസംഗിക്കുന്നതിൽ നാം തുടരും. ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാനുള്ള എല്ലാ മാർഗങ്ങളും നാം പ്രയോജനപ്പെടുത്തും. (മത്താ. 24:14; മർക്കോ. 13:10) വീടുതോറും മാത്രമല്ല തെരുവിലും കത്തുകൾ മുഖേനയും ടെലിഫോണിലൂടെയും അനൗപചാരികമായും സാക്ഷീകരിക്കാൻ നമുക്കു സർവശ്രമവും ചെയ്യാം. അങ്ങനെ യഹോവയുടെ നാമവും ഉദ്ദേശ്യവും സാധ്യമാകുന്നത്ര ആളുകളെ അറിയിക്കുന്നതിൽ നമുക്കു തുടരാം.
യെഹെ. 36:23) അവന്റെ നാമത്തെ നിന്ദിക്കുന്ന സകലരും നിശ്ശബ്ദരാക്കപ്പെടുന്നതിനുള്ള സമയം ശീഘ്രം അടുത്തുകൊണ്ടിരിക്കുന്നു. യഹോവയുടെ നാമത്തെ പ്രസിദ്ധപ്പെടുത്തുന്ന, അവന്റെ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്ന വിശ്വസ്ത ദാസർക്കെല്ലാം എത്ര മഹത്തായ ദിനമായിരിക്കും അത്!
തന്റെ നാമവിശുദ്ധീകരണത്തിനായി യഹോവ ഉടനടി പ്രവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. (തന്റെ ജനത്തോടുള്ള യഹോവയുടെ സ്നേഹപുരസ്സരമായ കരുതലിന്റെ തെളിവു നൽകുന്ന ഒന്നായിരുന്നു 2009-ലെ “സദാ ജാഗരൂകരായിരിക്കുവിൻ!” ഡിസ്ട്രിക്റ്റ്, അന്താരാഷ്ട്ര കൺവെൻഷനുകൾ. ലോകമെമ്പാടുമായി നടന്ന ഈ കൺവെൻഷൻ നമ്മുടെ ദിവ്യാധിപത്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. യഹോവയുടെ ദിവസത്തിനായി കൂടുതൽ ജാഗ്രതയോടെ കാത്തിരിക്കാൻ അതു നമ്മെയെല്ലാം പ്രചോദിപ്പിച്ചു.—മർക്കോ. 13:37; 1 തെസ്സ. 5:1, 2, 4.
അതെ, യഹോവ നല്ലവനാണ്. പച്ചയായ പുൽപ്പുറങ്ങളിൽ നമ്മെ കിടത്തുകയും സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്കു നമ്മെ നടത്തുകയും ചെയ്തുകൊണ്ട് അവൻ നമ്മുടെ ഹൃദയം സന്തോഷത്താൽ നിറയ്ക്കുന്നു.—സങ്കീ. 23:1, 2; 100:2, 5.
വരുംമാസങ്ങളിലും രാജ്യപ്രസംഗവേലയിൽ തിരക്കോടെ ഏർപ്പെടുക; യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടായിരിക്കും, നിശ്ചയം!
ലോകമെമ്പാടുമുള്ള ഞങ്ങളുടെ സഹോദരങ്ങൾക്ക് ക്രിസ്തീയ സ്നേഹാശംസകൾ,
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം