അവരുടെ ആധുനികകാല വികസനവും വളർച്ചയും
അവരുടെ ആധുനികകാല വികസനവും വളർച്ചയും
യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം രൂപംകൊണ്ടത് നൂറു വർഷങ്ങൾക്കൽപ്പകാലം മുമ്പാണ്. അറിയപ്പെടാത്ത ഒരു ബൈബിൾ പഠനസംഘം യു.എസ്.എ.യിലെ പെൻസിൽവേനിയയിലുളള അലിഗണി നഗരത്തിൽ 1870-കളുടെ പ്രാരംഭത്തിൽ പ്രവർത്തനമാരംഭിച്ചു, ആ സ്ഥലം ഇപ്പോൾ പിററ്സ്ബർഗിന്റെ ഒരു ഭാഗമാണ്. ചാൾസ് റെറയ്സ് റസ്സൽ ആയിരുന്നു ഈ സംഘത്തിന്റെ മുഖ്യ പ്രയോക്താവ്. സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തു സാന്നിദ്ധ്യഘോഷകനും എന്ന പത്രികയുടെ ആദ്യലക്കം 1879 ജൂലൈയിൽ പുറത്തിറങ്ങി. 1880 ആയപ്പോഴേക്കും ആ ഒരു ചെറിയ ബൈബിൾ പഠനസംഘത്തിൽനിന്നു ബഹുദശം സഭകൾ അടുത്തുളള സംസ്ഥാനങ്ങളിലേക്കു വ്യാപിച്ചുകഴിഞ്ഞിരുന്നു. 1881-ൽ സയൺസ് വാച്ച് ടവർ ആൻഡ് ട്രാക്ററ് സൊസൈററി രൂപംകൊണ്ടു. 1884-ൽ അത് റസ്സൽ പ്രസിഡൻറ് ആയുളള ഒരു കോർപ്പറേഷനായിത്തീർന്നു. പിന്നീട് സൊസൈററിയുടെ പേര് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി എന്നാക്കി മാററി. ബൈബിൾ സാഹിത്യങ്ങൾ സമർപ്പിച്ചുകൊണ്ട് പലരും വീടുതോറും സാക്ഷീകരണം നടത്തിക്കൊണ്ടിരുന്നു. 1888-ൽ 50 പേർ ഈ വേല മുഴുസമയം ചെയ്തുകൊണ്ടിരുന്നു—ഇപ്പോൾ ലോകവ്യാപകമായുളള അവരുടെ ശരാശരി എണ്ണം 6,20,000-ത്തിലധികമാണ്.
1909 ആയപ്പോഴേക്കും പ്രവർത്തനം അന്തർദേശീയ മാനം കൈവരിച്ചുകഴിഞ്ഞു. സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സ് ന്യൂയോർക്കിലെ ബ്രുക്ക്ളിനിലുളള അതിന്റെ ഇപ്പോഴത്തെ സ്ഥാനത്തേക്കു മാററി. അച്ചടിച്ച പ്രസംഗങ്ങൾ ന്യൂസ് ഏജൻസികൾ മുഖാന്തരം പത്രങ്ങൾക്കു നൽകി, 1913 ആയപ്പോഴേക്കും ഐക്യനാടുകളിലും കാനഡയിലും യൂറോപ്പിലും 3,000 പത്രങ്ങളിൽ നാലു ഭാഷകളിലായി ഇവ പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകങ്ങൾ, ചെറുപുസ്തകങ്ങൾ, ലഘുലേഖകൾ എന്നിവയുടെ കോടിക്കണക്കിനു കോപ്പികൾ വിതരണം ചെയ്യപ്പെട്ടു.
1912-ൽ സൃഷ്ടിപ്പിൻ ഫോട്ടോ നാടകത്തിന്റെ ജോലിയാരംഭിച്ചു. നിശ്ചലചിത്രങ്ങളും ചലിക്കുന്ന ശബ്ദചിത്രങ്ങളുമുളള ആ പ്രദർശനം ഭൂമിയുടെ സൃഷ്ടി മുതൽ ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയുടെ അവസാനം വരെയുളള കാര്യങ്ങളെ അവതരിപ്പിച്ചു. പ്രദർശനം 1914-ൽ ആരംഭിച്ചു, ദിവസവും 35,000 പേർ അതു കണ്ടു. ചലിക്കുന്ന ശബ്ദചിത്രങ്ങളുടെ ഒരു മുന്നോടിയായിരുന്നു അത്.
1914 എന്ന വർഷം
ഒരു നിർണായക സമയം അടുത്തുവരികയായിരുന്നു. ന്യൂയോർക്കിലെ ബ്രുക്ക്ളിനിൽ പ്രസിദ്ധീകരിക്കപ്പെട്ട ബൈബിൾ എക്സാമിനറിന് 1876-ൽ ബൈബിൾ വിദ്യാർഥിയായ ചാൾസ് റെറയ്സ് റസ്സൽ “വിജാതീയരുടെ കാലങ്ങൾ: അവ എപ്പോൾ അവസാനിക്കുന്നു?” എന്ന ലേഖനം സംഭാവന ചെയ്തു. “ഏഴു കാലങ്ങൾ എ.ഡി. 1914-ൽ അവസാനിക്കും” എന്ന് അതിന്റെ ഒക്ടോബർ ലക്കത്തിന്റെ 27-ാം പേജിൽ അതു പ്രസ്താവിച്ചു. “ജനതകളുടെ നിയമിത കാലങ്ങൾ” എന്ന് യേശു പരാമർശിച്ച കാലയളവാണ് വിജാതീയരുടെ കാലങ്ങൾ. (ലൂക്കോസ് 21:24) 1914-ൽ സംഭവിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന എല്ലാ കാര്യങ്ങളും സംഭവിച്ചില്ല, എന്നാൽ അതു വിജാതീയരുടെ കാലങ്ങളുടെ അന്ത്യം കുറിക്കുകതന്നെ ചെയ്തു. പ്രത്യേക പ്രാധാന്യമുളള ഒരു വർഷവും കൂടിയായിരുന്നു അത്. 1914 മാനവചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നുവെന്നു പല ചരിത്രകാരൻമാരും നിരൂപകൻമാരും സമ്മതിക്കുന്നു. പിൻവരുന്ന ഉദ്ധരണികൾ അതു കാണിച്ചുതരുന്നു:
“ചരിത്രത്തിലെ ആദിയോടന്തം ‘സാധാരണ’നിലയിലായിരുന്ന ഒടുവിലത്തെ വർഷം ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനു മുമ്പത്തെ വർഷമായ 1913 ആയിരുന്നു.”—1949 മാർച്ച് 13-ലെ വാഷിങ്ടൺ, ഡി.സി, ടൈംസ്-ഹെറാൾഡിലെ മുഖപ്രസംഗം.
“1914 മുതലിന്നോളം, മേൽക്കുമേൽ വിനാശകരമായ വിപത്തുകളിലേക്കുളള, വിധിക്കപ്പെട്ടതുപോലെയും മുൻനിശ്ചയിക്കപ്പെട്ടതുപോലെയും തോന്നിച്ച ലോകത്തിന്റെ പ്രയാണം, ലോകസംഭവഗതികൾ സംബന്ധിച്ചു ബോധമുളള ഏതൊരാൾക്കും ആഴമായ അസ്വസ്ഥത ജനിപ്പിച്ചു. നാശത്തിലേക്കുളള ഈ പതനത്തെ തടുക്കാനായി ഒന്നും ചെയ്യാനാവില്ലെന്നു ഗൗരവബോധത്തോടെ ചിന്തിക്കുന്ന പലരും വിചാരിക്കാനിടയായിരിക്കുന്നു.”—ബെർട്രൻണ്ട് റസ്സൽ, ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ, സെപ്ററംബർ 27, 1953.
“ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്തു മുഴുലോകവും വാസ്തവത്തിൽ പൊട്ടിത്തെറിച്ചു, എന്തുകൊണ്ടെന്ന് ഇപ്പോഴും നമുക്കറിയില്ല. ഒരു ആദർശലോകം വിദൂരത്തിലല്ലെന്ന് അതിനു തൊട്ടുമുമ്പ് ആളുകൾ ചിന്തിച്ചിരുന്നു. സമാധാനവും ഐശ്വര്യവും അന്നുണ്ടായിരുന്നു. അപ്പോൾ സകലവും പൊട്ടിത്തെറിച്ചു. അന്നുമുതൽ ജീവിതം തുലാസ്സിൽ തൂങ്ങുന്ന ഒരു സ്ഥിതിയിലാണു നാം . . . മുഴു ചരിത്രത്തിലും കൊല്ലപ്പെട്ടിട്ടുളളവരെക്കാൾ കൂടുതൽ ആളുകൾ ഈ നൂററാണ്ടിൽ കൊല്ലപ്പെട്ടിട്ടുണ്ട്.”—ഡോ. വാക്കർ പേഴ്സി, അമേരിക്കൻ മെഡിക്കൽ ന്യൂസ്, നവംബർ 21, 1977.
1914-നുശേഷം 50 വർഷത്തിലേറെക്കാലം പിന്നിട്ടപ്പോൾ ജർമൻ രാജ്യതന്ത്രജ്ഞനായ കോൺറഡ് അഡനോവർ ഇപ്രകാരം എഴുതി: “1914 മുതൽ സുരക്ഷിതത്വവും ശാന്തതയും മനുഷ്യജീവിതത്തിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.”—ദ വെസ്ററ് പാർക്കർ, ക്ലീവ്ലൻഡ്, ഒഹായോ, ജനുവരി 20, 1966.
സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറ് സി. ററി. റസ്സൽ 1916-ൽ നിര്യാതനായതിനെത്തുടർന്ന് അടുത്ത വർഷം ജോസഫ് എഫ്. റഥർഫോർഡ് പ്രസിഡൻറായി സ്ഥാനമേറെറടുത്തു. മാററങ്ങൾ അനേകമുണ്ടായി. വീക്ഷാഗോപുരത്തിന്റെ ഒരു കൂട്ടുമാസിക പുറത്തിറങ്ങി, അതു സുവർണ്ണയുഗം എന്നു വിളിക്കപ്പെട്ടു. (അതിപ്പോൾ 60-ലധികം
ഭാഷകളിലായി 1,20,00,000-ത്തിലധികം പ്രതികൾ പ്രചാരമുളള ഉണരുക! എന്നു വിളിക്കപ്പെടുന്നു.) വീടുതോറുമുളള സാക്ഷീകരണത്തിനു വർധിച്ച പ്രാമുഖ്യത ലഭിച്ചു. ക്രൈസ്തവലോകത്തിലെ മതവിഭാഗങ്ങളിൽനിന്നു സ്വയം വേർതിരിച്ചുനിർത്താൻ ഈ ക്രിസ്ത്യാനികൾ 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു. ഈ പേര് യശയ്യാ 43:10-12-ൽ അധിഷ്ഠിതമാണ്.1920-കളിലും 1930-കളിലും റേഡിയോ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. 1933 ആയപ്പോഴേക്കും ബൈബിൾ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യാൻ സൊസൈററി 403 റേഡിയോ നിലയങ്ങൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. പിന്നീട് റേഡിയോ ഉപയോഗിക്കുന്നതിനു പകരം കൊണ്ടുനടക്കാവുന്ന ഫോണോഗ്രാഫുകളും റെക്കോർഡു ചെയ്ത ബൈബിൾ പ്രസംഗങ്ങളുമായി സാക്ഷികൾ വീടുതോറും വർധിച്ച തോതിൽ സന്ദർശിക്കാൻ തുടങ്ങി. താത്പര്യമുണ്ടായിരുന്നിടത്ത് ബൈബിളധ്യയനങ്ങൾ ആരംഭിച്ചു.
കോടതിവിജയങ്ങൾ
ഈ വേല ചെയ്തതുനിമിത്തം 1930-കളിലും 1940-കളിലും അനവധി സാക്ഷികൾ അറസ്ററു ചെയ്യപ്പെട്ടു. സംസാരം, അച്ചടി, സമ്മേളനം, ആരാധന എന്നിവയ്ക്കുളള സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനു വേണ്ടി അനേകം കോടതിക്കേസുകളിൽ പോരാടേണ്ടിവന്നു. ഐക്യനാടുകളിൽ കീഴ്ക്കോടതികളിൽനിന്നുളള ഹർജികൾ സുപ്രീം കോടതിക്കു മുമ്പാകെ വന്നപ്പോൾ 43 കേസുകളിൽ സാക്ഷികൾ വിജയിക്കാനിടയായി. സമാനമായി മററു ദേശങ്ങളിലും ഹൈക്കോടതികളിൽനിന്ന് അനുകൂല വിധികൾ ലഭിച്ചിട്ടുണ്ട്. ഈ കോടതിവിജയങ്ങളെക്കുറിച്ച് ഇവരും വിശ്വസിക്കുന്നു എന്ന തന്റെ [ഇംഗ്ലീഷ്] ഗ്രന്ഥത്തിൽ പ്രൊഫസർ സി. എസ്. ബ്രാഡെൻ സാക്ഷികളെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുളള പോരാട്ടത്താൽ അവർ ജനാധിപത്യത്തിന് ഉത്കൃഷ്ടമായ ഒരു സേവനം ചെയ്തിരിക്കുന്നു, കാരണം തങ്ങളുടെ പോരാട്ടത്തിൽ അമേരിക്കയിലെ എല്ലാ ന്യൂനപക്ഷങ്ങളുടെയും അതേ അവകാശങ്ങളെ സംരക്ഷിക്കാൻ അവർ വളരെയധികം ചെയ്തിരിക്കുന്നു.”
പ്രത്യേക പരിശീലന പരിപാടികൾ
1942-ൽ ജെ. എഫ്. റഥർഫോർഡ് മരിച്ചതിനെത്തുടർന്ന് എൻ. എച്ച്. നോർ പ്രസിഡൻറ് സ്ഥാനത്തേക്കു വന്നു. ആലോചിച്ചു തീരുമാനിച്ച ഒരു പരിശീലന പരിപാടി ആരംഭിച്ചു. 1943-ൽ മിഷനറിമാർക്കു വേണ്ടി വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ എന്നു വിളിക്കപ്പെട്ട ഒരു പ്രത്യേക പരിശീലന സ്കൂൾ സ്ഥാപിതമായി. ആ സമയംമുതൽ ഈ സ്കൂളിൽനിന്നുളള ബിരുദധാരികൾ ഭൂമിയിലെ 140-ലധികം
രാജ്യങ്ങളിലേക്ക് അയയ്ക്കപ്പെട്ടിട്ടുണ്ട്. സഭകളൊന്നുമില്ലാതിരുന്ന രാജ്യങ്ങളിൽ പുതിയ സഭകൾ ഉടലെടുത്തു. അന്തർദേശീയമായി സ്ഥാപിതമായ ബ്രാഞ്ചുകൾ ഇന്നേക്ക് 100-ലധികമായി വർധിക്കുകയും ചെയ്തു. സഭാമൂപ്പൻമാരെയും ബ്രാഞ്ചുകളിലെ സ്വമേധയാ സേവകരെയും സാക്ഷീകരണവേലയിൽ (പയനിയർമാരെന്ന നിലയിൽ) മുഴുസമയം പ്രവർത്തിക്കുന്നവരെയും പരിശീലിപ്പിക്കുന്നതിനു വേണ്ടി ഇടയ്ക്കിടയ്ക്കു പ്രത്യേക കോഴ്സുകൾ നടത്തിയിട്ടുണ്ട്.1977-ൽ എൻ. എച്ച്. നോർ മരിച്ചു. തന്റെ മരണത്തിനു മുമ്പ് അദ്ദേഹം പങ്കുപററിയ സംഘടനാപരമായ മാററങ്ങളിൽ ഒന്ന് ബ്രുക്ക്ളിനിലെ ലോക ആസ്ഥാനത്തുളള ഭരണസംഘത്തിന്റെ വിപുലനമായിരുന്നു. 1976-ൽ ഭരണപരമായ ചുമതലകൾ തരംതിരിച്ചു ഭരണസംഘത്തിലെ അംഗങ്ങൾ ഉൾപ്പെട്ട വ്യത്യസ്ത കമ്മിററികൾക്കു നിയമിച്ചുകൊടുത്തു. അതിലെ 11 അംഗങ്ങൾ (1993-ൽ) 50-ഓ അതിലധികമോ വർഷങ്ങളായി സാക്ഷീകരണവേലയിൽ മുഴുസമയവും അർപ്പിച്ചു പ്രവർത്തിക്കുന്നവരാണ്.
അച്ചടിസൗകര്യങ്ങൾ വിപുലമാകുന്നു
ആധുനിക കാലത്തെ യഹോവയുടെ സാക്ഷികളുടെ ചരിത്രം നാടകീയ സംഭവങ്ങൾ നിറഞ്ഞതാണ്. 1870-ൽ പെൻസിൽവേനിയയിൽ ഉണ്ടായിരുന്ന ആ ചെറിയ ബൈബിൾ പഠനസംഘത്തിൽനിന്ന് 1993 എന്ന വർഷമായപ്പോഴേക്കും ലോകമൊട്ടുക്കും 73,000-ത്തിലധികം സഭകളായി സാക്ഷികൾ വളർന്നുകഴിഞ്ഞിരുന്നു. സാഹിത്യങ്ങളെല്ലാം ആദ്യം അച്ചടിച്ചിരുന്നതു കൂലിക്ക് അച്ചടി നിർവഹിക്കുന്ന അച്ചുകൂടങ്ങളിലായിരുന്നു; പിന്നീട് 1920-ൽ വാടകയ്ക്കെടുത്ത ഫാക്ടറി കെട്ടിടങ്ങളിൽ കുറെ സാഹിത്യം സാക്ഷികൾ ഉത്പാദിപ്പിച്ചു. എന്നാൽ 1927 മുതൽ ന്യൂയോർക്കിലെ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി സ്വന്തമാക്കിയ ന്യൂയോർക്കിലെ ബ്രുക്ക്ളിനിലുളള എട്ടുനില ഫാക്ടറി കെട്ടിടത്തിൽ കൂടുതൽ സാഹിത്യങ്ങൾ ഉത്പാദിപ്പിക്കാൻ തുടങ്ങി. ഇതിപ്പോൾ ഏഴ് ഫാക്ടറി കെട്ടിടങ്ങളിലേക്കും ഒരു വലിയ ഓഫീസ് കെട്ടിടസമുച്ചയത്തിലേക്കും വികസിച്ചിരിക്കുന്നു. ബ്രുക്ക്ളിനു സമീപമുളള മററു കെട്ടിടങ്ങൾ ഈ പ്രസിദ്ധീകരണ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിനു വേണ്ടിവരുന്ന ഏതാണ്ട് 3,000 സ്വമേധയാ സേവകരെ പാർപ്പിക്കുന്നു. ഇനിയും നൂറുകണക്കിനു സ്വമേധയാ സേവകർ ന്യൂയോർക്കിലെ പാറേറഴ്സണിലുളള ഒരു വിദ്യാഭ്യാസ കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നു. കൂടാതെ, വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ അച്ചടി നിർവഹിക്കുകയും ആയിരക്കണക്കിനു വരുന്ന സ്വമേധയാ സേവകർക്കു വേണ്ടിയുളള ഭക്ഷണം ഉത്പാദിപ്പിക്കുകയും ചെയ്യുന്നത് ന്യൂയോർക്കിലെ വാൾക്കില്ലിനടുത്തുളള കൃഷിയിടവും ഫാക്ടറിയും ചേർന്ന സ്ഥലത്താണ്, അവിടെ ഏതാണ്ട് ആയിരം സ്വമേധയാ സേവകരാണുളളത്. വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി ഓരോ സ്വമേധയാ സേവകനും ന്യായമായ ഒരു അലവൻസ് ലഭിക്കുന്നു.
അന്തർദേശീയ കൺവെൻഷനുകൾ
1893-ൽ യു.എസ്.എ. ഇല്ലിനോയിസിലുളള ചിക്കാഗോയിൽ ആദ്യത്തെ പ്രമുഖ കൺവെൻഷൻ നടന്നു. അതിൽ 360 പേർ ഹാജരായി, പുതിയ 70 പേർ സ്നാപനമേററു. ഒടുവിലത്തെ വലിയ ഏക അന്തർദേശീയ കൺവെൻഷൻ നടന്നത് 1958-ലാണ്. അതിനു യാങ്കീ സ്റേറഡിയവും അന്നുണ്ടായിരുന്ന പോളോ ഗ്രൗണ്ട്സും ഉപയോഗപ്പെടുത്തി. അത്യുച്ച ഹാജർ 2,53,922 ആയിരുന്നു; പുതുതായി സ്നാപനമേററവരുടെ എണ്ണം 7,136 ആയിരുന്നു. അന്നുമുതൽ അന്തർദേശീയ കൺവെൻഷനുകൾ അനേകരാജ്യങ്ങളിൽ സമ്മേളനപരമ്പരയായി നടത്തിവരുന്നു. ഇപ്പോൾ അന്തർദേശീയ കൺവെൻഷൻ പരമ്പരകളിൽ 100-ലധികം രാജ്യങ്ങളിലെ ഏതാണ്ട് 1,500-ലധികം സമ്മേളനങ്ങൾ ഉൾപ്പെടുന്നു.
[6-ാം പേജിലെ ആകർഷകവാക്യം]
ശബ്ദലേഖനം ചെയ്ത ആദ്യകാല സിനിമകൾ
[7-ാം പേജിലെ ആകർഷകവാക്യം]
മാനവചരിത്രത്തിലെ ഒരു വഴിത്തിരിവ്
[8-ാം പേജിലെ ആകർഷകവാക്യം]
പൗരസ്വാതന്ത്ര്യങ്ങൾക്ക് ഒരു ഉത്കൃഷ്ട സേവനം
[6-ാം പേജിലെ ചിത്രം]
“വീക്ഷാഗോപുരം,” ഒരു ഭാഷയിലെ 6,000 പ്രതികളിൽനിന്ന് 115-ലധികം ഭാഷകളിലെ 1,60,00,000-ത്തിലധികം പ്രതികളിലേക്ക്
[10-ാം പേജിലെ ചിത്രങ്ങൾ]
അച്ചടിശാലകൾ, ന്യൂയോർക്കിലുളള വാൾക്കില്ലിലെയും
. . . ന്യൂയോർക്കിലുളള ബ്രുക്ക്ളിനിലെയും