അവർ ആരാണ്?
അവർ ആരാണ്?
നിങ്ങൾ യഹോവയുടെ സാക്ഷികളുമായി സുപരിചിതരായിത്തീരണമെന്നുളളത് അവരുടെ ആഗ്രഹമാണ്. അയൽക്കാരും സഹജോലിക്കാരും എന്നനിലയിൽ നിങ്ങൾ അവരെ കണ്ടുമുട്ടിയിരിക്കാം, അല്ലെങ്കിൽ ജീവിതത്തിന്റെ ദൈനംദിന ഇടപാടുകളിൽ ഏതിലെങ്കിലും വെച്ച്. കടന്നുപോകുന്നവർക്ക് അവർ തങ്ങളുടെ മാസികകൾ സമർപ്പിച്ചുകൊണ്ടിരിക്കെ തെരുവിൽവെച്ചു നിങ്ങൾ അവരെ കണ്ടിരിക്കാനിടയുണ്ട്. അല്ലെങ്കിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ നിങ്ങൾ അവരുമായി ഹ്രസ്വമായി സംസാരിച്ചിരിക്കാം.
യഥാർഥത്തിൽ യഹോവയുടെ സാക്ഷികൾ നിങ്ങളിലും നിങ്ങളുടെ ക്ഷേമത്തിലും തത്പരരാണ്. നിങ്ങളുടെ സ്നേഹിതരായിരുന്ന് തങ്ങളെയും തങ്ങളുടെ വിശ്വാസങ്ങളെയും സ്ഥാപനത്തെയും കുറിച്ചധികമായി നിങ്ങളോടു സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നു. ആളുകളെക്കുറിച്ചും നാമെല്ലാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും തങ്ങൾ എന്തു വിചാരിക്കുന്നു എന്നു നിങ്ങളോടു സംസാരിക്കാനും അവർ ആഗ്രഹിക്കുന്നു. ഈ ഉദ്ദേശ്യം സാധിക്കുന്നതിനാണ് നിങ്ങൾക്കായി അവർ ഈ ലഘുപത്രിക തയ്യാറാക്കിയിരിക്കുന്നത്.
മിക്ക വിധങ്ങളിലും യഹോവയുടെ സാക്ഷികൾ മറേറതൊരാളെയുംപോലെയാണ്. അവർക്ക് അവരുടേതായ സാമ്പത്തികവും ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങളുണ്ട്. ചിലപ്പോൾ അവർ തെററുകൾ വരുത്തുന്നു, കാരണം അവർ പൂർണരോ നിശ്വസ്തരോ അപ്രമാദിത്വമുളളവരോ അല്ല. എന്നാൽ തങ്ങളുടെ അനുഭവങ്ങളിൽനിന്നു ജ്ഞാനം ആർജിക്കാൻ അവർ ശ്രമിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്താൻ ഉത്സാഹത്തോടെ ബൈബിൾ പഠിക്കുകയും ചെയ്യുന്നു. ദൈവേഷ്ടം ചെയ്യാൻ അവർ അവിടുത്തേക്കു സമർപ്പണം നടത്തിയിരിക്കുന്നു. ഈ സമർപ്പണത്തെ നിറവേററാൻ അവർ ആത്മാർപ്പണം ചെയ്യുന്നു. തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളിലും അവർ ദൈവത്തിന്റെ വചനത്തിൽനിന്നും അവിടുത്തെ പരിശുദ്ധാത്മാവിൽനിന്നുമുളള മാർഗനിർദേശം തേടുന്നു.
തങ്ങളുടെ വിശ്വാസങ്ങൾ വെറും മാനുഷ ഊഹാപോഹങ്ങളിലോ മതപരമായ വിശ്വാസപ്രമാണങ്ങളിലോ അടിസ്ഥാനപ്പെട്ടിരിക്കാതെ ബൈബിളിൽ അധിഷ്ഠിതമായിരിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ജീവത്പ്രധാനമാണ്. നിശ്വസ്തതയിൻ കീഴിൽ പിൻവരുന്നവിധം പറഞ്ഞ അപ്പോസ്തലനായ പൗലോസ് വിചാരിച്ചതുപോലെ അവരും വിചാരിക്കുന്നു: “ഏതു മനുഷ്യനും ഭോഷ്കു പറയുന്നവനെന്നു കണ്ടെത്തപ്പെട്ടാലും ദൈവം സത്യവാനെന്നു കണ്ടെത്തപ്പെടട്ടെ.” (റോമർ 3:4, പുതിയലോക ഭാഷാന്തരം a) ബൈബിൾസത്യം എന്നനിലയിൽ അവതരിപ്പിക്കപ്പെടുന്ന പഠിപ്പിക്കലുകളുടെ കാര്യം വരുമ്പോൾ, അപ്പോസ്തലനായ പൗലോസ് പ്രസംഗിക്കുന്നതു കേട്ടപ്പോൾ ബരോവക്കാർ പിന്തുടർന്ന അതേ ഗതി അവർ സനിഷ്കർഷം പിൻപററുന്നു: “ഈ കാര്യങ്ങൾ അങ്ങനെയായിരുന്നുവോ എന്നതു സംബന്ധിച്ചു ദൈനംദിനം ശ്രദ്ധാപൂർവം തിരുവെഴുത്തുകളെ പരിശോധിച്ചുകൊണ്ട് അത്യന്തം വലിയ മനോവാഞ്ഛയോടെ അവർ വചനം സ്വീകരിച്ചു.” (പ്രവൃത്തികൾ 17:11) പഠിപ്പിക്കൽ തങ്ങളുടേതായിരുന്നാലും മറേറതൊരാളുടേതായിരുന്നാലും മതപരമായ എല്ലാ ഉപദേശങ്ങളും തിരുവെഴുത്തുകളോടുളള ചേർച്ചയുടെ ഈ പരിശോധനക്കു വിധേയമാകണമെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അവരുമായുളള നിങ്ങളുടെ ചർച്ചകളിൽ ഇതു ചെയ്യാൻ അവർ നിങ്ങളെ ക്ഷണിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ വചനമെന്നനിലയിൽ ബൈബിളിൽ വിശ്വസിക്കുന്നു എന്നത് ഇതിൽനിന്നു സ്പഷ്ടമാണ്. അതിലെ 66 പുസ്തകങ്ങൾ ദൈവനിശ്വസ്തവും ചരിത്രകൃത്യതയുളളതുമാണെന്ന് അവർ കണക്കാക്കുന്നു. പൊതുവേ പുതിയനിയമം എന്നു വിളിക്കുന്നതിനെ അവർ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളെന്നും പഴയനിയമത്തെ എബ്രായ തിരുവെഴുത്തുകളെന്നും വിളിക്കുന്നു. അവർ എബ്രായ തിരുവെഴുത്തുകളിലും ഗ്രീക്കു തിരുവെഴുത്തുകളിലും ആശ്രയിക്കുന്നു. ആലങ്കാരികമാണെന്നോ പ്രതീകാത്മകമാണെന്നോ പദപ്രയോഗങ്ങളോ പശ്ചാത്തലങ്ങളോ സ്പഷ്ടമായി സൂചിപ്പിക്കുന്ന ഭാഗങ്ങളൊഴികെയുളള തിരുവെഴുത്തുകളെ അവർ അക്ഷരീയമായിത്തന്നെ കണക്കാക്കുന്നു. ബൈബിളിലെ അനേകം പ്രവചനങ്ങൾ നിവൃത്തിയേറിക്കഴിഞ്ഞുവെന്നും മററു ചിലതു നിവൃത്തിയേറിക്കൊണ്ടിരിക്കുന്നുവെന്നും ഇനിയും മററുളളവ നിവൃത്തിയേറാനിരിക്കുന്നുവെന്നും അവർ മനസ്സിലാക്കുന്നു.
അവരുടെ നാമം
യഹോവയുടെ സാക്ഷികൾ എന്നോ? അതേ, അവർ സ്വയം വിളിക്കുന്നത് അങ്ങനെയാണ്. അതൊരു വർണനാത്മകമായ നാമമാണ്, യഹോവയെയും അവിടുത്തെ ദൈവത്വത്തെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയും കുറിച്ച് അവർ സാക്ഷ്യം വഹിക്കുന്നുവെന്ന് അതു സൂചിപ്പിക്കുന്നു. “ദൈവം,” “കർത്താവ്,” “സ്രഷ്ടാവ്” തുടങ്ങിയവ “പ്രസിഡൻറ്,” “രാജാവ്,” “ജനറൽ” എന്നിവപോലുളള സ്ഥാനപ്പേരുകളാണ്, അധികാരമലങ്കരിക്കുന്ന വ്യത്യസ്ത വ്യക്തികൾക്ക് അവ ഉപയോഗിക്കാവുന്നതുമാണ്. എന്നാൽ “യഹോവ” എന്നതു വ്യക്തിപരമായ നാമം ആണ്. അതു പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ സർവശക്തനായ ദൈവത്തെ പരാമർശിക്കുന്നു. ഇതു സങ്കീർത്തനം 83:18-ൽ കാണിച്ചിരിക്കുന്നു, ജയിംസ് രാജാവിന്റെ ബൈബിൾ ഭാഷാന്തരമനുസരിച്ച് അതിങ്ങനെ വായിക്കുന്നു: “യഹോവ എന്നു നാമമുളള ഒരേയൊരുവനായ നീയല്ലോ സർവഭൂമിക്കും മീതെ അത്യുന്നതൻ എന്നു മനുഷ്യർ അറിയേണ്ടതിന്.”
യഹോവ (അല്ലെങ്കിൽ റോമൻ കത്തോലിക്കാ ജെറൂസലേം ബൈബിളും ചില ആധുനിക പണ്ഡിതൻമാരും ഇഷ്ടപ്പെടുന്നതുപോലെ യാഹ്വേ) എന്ന നാമം മൂല എബ്രായ തിരുവെഴുത്തുകളിൽ ഏതാണ്ട് 7,000 പ്രാവശ്യം കാണപ്പെടുന്നു. മിക്ക ബൈബിളുകളും അത് അതേരൂപത്തിൽ കാണിക്കാതെ പകരം “God” (“ദൈവം”) അല്ലെങ്കിൽ “Lord” (“കർത്താവ്”) എന്ന പദങ്ങൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും ഈ ബൈബിളുകളിൽപ്പോലും മൂല എബ്രായതിരുവെഴുത്തുകൾ യഹോവ എന്ന് ഉപയോഗിക്കുന്നത് ഏതു ഭാഗത്താണെന്ന് ഒരു വ്യക്തിക്കു സാധാരണനിലയിൽ പറയാൻ കഴിയും. കാരണം ആ യശയ്യാ 42:8-ൽ വായിക്കുന്നത് അതുകൊണ്ടാണ്.
സ്ഥലങ്ങളിൽ പകരമുപയോഗിച്ചിരിക്കുന്ന പദങ്ങൾ വലിപ്പം കൂടിയതും കുറഞ്ഞതുമായ വല്യക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്, അതായത് ഇപ്രകാരം: GOD, LORD. നിരവധി ആധുനിക ഭാഷാന്തരങ്ങൾ യഹോവ എന്ന നാമമോ യാഹ്വേ എന്ന നാമമോ ഉപയോഗിക്കുക തന്നെ ചെയ്യുന്നു. “ഞാൻ യഹോവ ആകുന്നു, അതാകുന്നു എന്റെ നാമം” എന്നു പുതിയലോക ഭാഷാന്തരംതങ്ങളുടെ പേരിനു വേണ്ടി യഹോവയുടെ സാക്ഷികൾ അവലംബിക്കുന്ന തിരുവെഴുത്തുവിവരണം യശയ്യാ 43-ാം അധ്യായത്തിലാണ്. അവിടെ ലോകരംഗം ഒരു കോടതിമുറിയിൽ അരങ്ങേറുന്ന നാടകംപോലെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു: ഒന്നുകിൽ തങ്ങളുടെ നീതി സംസ്ഥാപിക്കുന്നവയെന്ന് അവകാശമുന്നയിച്ച കേസുകൾ തെളിയിക്കുന്നതിനു സാക്ഷികളെ കൊണ്ടുവരാൻ, അല്ലാത്തപക്ഷം യഹോവയുടെ പക്ഷം തെളിയിക്കുന്ന സാക്ഷികളെ കേട്ട് സത്യം അംഗീകരിക്കാൻ രാഷ്ട്രങ്ങളുടെ ദൈവങ്ങൾ ക്ഷണിക്കപ്പെടുന്നു. അവിടെ യഹോവ തന്റെ ജനത്തോട് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിങ്ങൾ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവ പറയുന്നു: എനിക്കു മുമ്പ് ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല. ഞാൻ, ഞാൻ തന്നെ യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.”—യെശയ്യാവ് 43:10, 11, അമേരിക്കൻ പ്രമാണ ഭാഷാന്തരം.
ക്രിസ്തുവിനു മുമ്പുളള ആയിരക്കണക്കിനു വർഷങ്ങളിൽ യഹോവയാം ദൈവത്തിനു ഭൂമിയിൽ സാക്ഷികൾ ഉണ്ടായിരുന്നു. എബ്രായർ 11-ാം അധ്യായത്തിൽ വിശ്വാസികളായ മനുഷ്യരിൽ ചിലരെ പട്ടികപ്പെടുത്തിയശേഷം എബ്രായർ 12:1 ഇപ്രകാരം പറയുന്നു: “അതുകൊണ്ട്, നമുക്കു ചുററും സാക്ഷികളുടെ വലിയൊരു മേഘം ഉളളതുകൊണ്ട് എല്ലാ ഭാരവും നമ്മെ എളുപ്പത്തിൽ കുരുക്കുന്ന പാപവും വിട്ട് നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഓട്ടം നമുക്കു സഹിഷ്ണുതയോടെ ഓടാം.” പൊന്തിയോസ് പീലാത്തോസിന്റെ മുമ്പാകെവെച്ചു യേശു ഇങ്ങനെ പറഞ്ഞു: “ഇതിനായി ഞാൻ ജനിച്ചിരിക്കുന്നു, ഇതിനായി ഞാൻ ലോകത്തിലേക്കു വന്നുമിരിക്കുന്നു, ഞാൻ സത്യത്തിനു സാക്ഷ്യം വഹിക്കേണ്ടതിനു തന്നെ.” (യോഹന്നാൻ 18:37; വെളിപാട് 3:14) “പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ട് യരുശലേമിലും യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അതിവിദൂര ഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും” എന്ന് യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു.—പ്രവൃത്തികൾ 1:8.
അതുകൊണ്ട്, ക്രിസ്തുവിനാലുളള യഹോവയുടെ രാജ്യത്തെക്കുറിച്ച് 230-ലധികം ദേശങ്ങളിൽ സുവാർത്ത പറയുന്ന 40,00,000-ത്തിലധികം പേർ തങ്ങളേത്തന്നെ യഹോവയുടെ സാക്ഷികളായി പരാമർശിക്കുന്നത് ഉചിതമാണെന്നു വിചാരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a മററു പ്രകാരത്തിൽ പ്രസ്താവിക്കാത്തപക്ഷം ഈ ലഘുപത്രികയിലെ ബൈബിൾ ഉദ്ധരണികൾ ഈ ഭാഷാന്തരത്തിൽ നിന്നാണ്.
[3-ാം പേജിലെ ആകർഷകവാക്യം]
അവർ നിങ്ങളിൽ തത്പരരാണ്
[3-ാം പേജിലെ ആകർഷകവാക്യം]
ദൈവേഷ്ടം ചെയ്യാൻ അവർ സമർപ്പിതരാണ്
[4-ാം പേജിലെ ആകർഷകവാക്യം]
ബൈബിൾ ദൈവവചനമാണെന്ന് അവർ വിശ്വസിക്കുന്നു
[5-ാം പേജിലെ ആകർഷകവാക്യം]
നാമം ഒരു കോടതിമുറിയിലെ നാടകരംഗത്തോടു ബന്ധപ്പെട്ടിരിക്കുന്ന പ്രകാരം
[5-ാം പേജിലെ ആകർഷകവാക്യം]
230-ലധികം ദേശങ്ങളിൽ 40,00,000-ത്തിലധികം സാക്ഷികൾ
[4-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ വ്യക്തിപരമായ നാമം പുരാതന എബ്രായയിൽ