താത്പര്യമുളള വ്യക്തികൾ മിക്കപ്പോഴും ഉന്നയിക്കുന്ന ചോദ്യങ്ങൾ
താത്പര്യമുളള വ്യക്തികൾ മിക്കപ്പോഴും ഉന്നയിക്കുന്ന ചോദ്യങ്ങൾ
ചില ചോദ്യങ്ങൾ മററുളളവയെക്കാൾ കൂടെക്കൂടെ ഉയർന്നുവരുന്നു. അത്തരം ചില ചോദ്യങ്ങൾ ഇവിടെ പരിഗണിച്ചിരിക്കുന്നു.
ദൈവം സ്നേഹമാണെങ്കിൽ അവിടുന്ന് ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്?
ദൈവം ദുഷ്ടത അനുവദിക്കുകതന്നെ ചെയ്യുന്നു, ഭൂമിയിലെ ദശലക്ഷക്കണക്കിനാളുകൾ മനഃപൂർവം ദുഷ്ടത പ്രവർത്തിക്കുന്നു. ദൃഷ്ടാന്തത്തിന്, അവർ യുദ്ധങ്ങൾ പ്രഖ്യാപിക്കുകയും കുട്ടികളുടെമേൽ ബോംബിടുകയും ഭൂമിയെ ചുട്ടുകരിക്കുകയും ഭക്ഷ്യക്ഷാമങ്ങൾക്ക് ഇടവരുത്തുകയും ചെയ്യുന്നു. പുകവലി നിമിത്തം ദശലക്ഷക്കണക്കിനാളുകൾക്ക് അർബുദം പിടിപെടുന്നു, വ്യഭിചാരം ചെയ്യുന്നതു നിമിത്തം ഗുഹ്യരോഗം ഉണ്ടാകുന്നു, അമിതമായി കുടിക്കുന്നതുകൊണ്ട് കരൾവീക്കം ബാധിക്കുന്നു, അങ്ങനെ ആ പട്ടിക നീളുന്നു. അത്തരം വ്യക്തികൾ വാസ്തവത്തിൽ എല്ലാത്തരം ദുഷ്ടതയും അവസാനിച്ചുകാണാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ ശിക്ഷകൾ നീങ്ങിക്കിട്ടാനേ അവർ അഭിലഷിക്കുന്നുളളു. അവർ വിതച്ചിരിക്കുന്നതു കൊയ്യുമ്പോൾ ഇങ്ങനെ നിലവിളിക്കുന്നു, “എനിക്കിത് എന്തുകൊണ്ട്?” സദൃശവാക്യങ്ങൾ 19:3 പറയുന്നതുപോലെ അവർ ദൈവത്തെ കുററപ്പെടുത്തുകയും ചെയ്യുന്നു: “ഒരു മമനുഷ്യന്റെ സ്വന്തം ഭോഷത്വം അവന്റെ ജീവനെ തകർക്കുന്നു, എന്നിട്ട് അവൻ കർത്താവിനെതിരെ പക വെച്ചുപുലർത്തുന്നു.” (ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഇനി, ദൈവം അവരുടെ ദുഷ്പ്രവൃത്തി നിർത്തിയാൽത്തന്നെ അങ്ങനെ ചെയ്യാനുളള സ്വാതന്ത്ര്യനഷ്ടത്തിനെതിരെ അവർ പ്രതിഷേധിക്കും!
ഇയ്യോബ് 1:6-12; 2:1-10) തന്റെ വെല്ലുവിളി തെളിയിക്കാൻ അവസരം ഉണ്ടായിരിക്കുന്നതിനു തുടർന്നു നിലനിൽക്കാൻ യഹോവ സാത്താനെ അനുവദിക്കുന്നു. (പുറപ്പാട് 9:16 താരതമ്യപ്പെടുത്തുക.) തന്റെ വെല്ലുവിളി തെളിയിക്കാൻ സാത്താൻ ശ്രമിക്കവേ ദൈവത്തിനെതിരെ മനുഷ്യരെ തിരിക്കാൻ അവൻ ഇപ്പോൾ തുടർന്നും കഷ്ടങ്ങൾ വരുത്തിവയ്ക്കുന്നു. (വെളിപാട് 12:12) എന്നാൽ ഇയ്യോബ് നിർമലത പാലിച്ചു. യേശുവും അങ്ങനെതന്നെ ചെയ്തു. സത്യക്രിസ്ത്യാനികളും ഇപ്പോൾ അതുതന്നെ ചെയ്യുന്നു.—ഇയ്യോബ് 27:5; 31:6; മത്തായി 4:1-11; 1 പത്രോസ് 1:6, 7.
യഹോവ ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ പ്രമുഖ കാരണം സാത്താന്റെ വെല്ലുവിളിക്ക് ഉത്തരം കൊടുക്കുകയെന്നതാണ്. പരിശോധനയിൻ കീഴിൽ ദൈവത്തോടു വിശ്വസ്തമായി നിൽക്കുന്ന മനുഷ്യരെ ഭൂമിയിൽ ആക്കിവെക്കാൻ ദൈവത്തിനു കഴിയില്ലെന്നു പിശാചായ സാത്താൻ പറഞ്ഞു. (ആളുകൾ എന്നേക്കും ജീവിക്കുന്ന ഒരു ഭൗമിക പറുദീസയിൽ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, എന്നാൽ അതു അവിശ്വസനീയമല്ലേ?
ബൈബിളനുസരിച്ച് അല്ല. അനേക നൂററാണ്ടുകളായി മനുഷ്യവർഗം തിൻമയെക്കുറിച്ചു മാത്രം അറിയുന്നതുകൊണ്ട് അത് അവിശ്വസനീയമായി തോന്നുകയാണ്. യഹോവ ഭൂമിയെ സൃഷ്ടിച്ചിട്ട് അതിലെ സസ്യ-മൃഗജാലങ്ങളെ പരിപാലിക്കുകയും അതിനെ നശിപ്പിക്കുന്നതിനു പകരം സംരക്ഷിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ സ്ത്രീപുരുഷൻമാരെക്കൊണ്ടു നിറയ്ക്കാൻ മനുഷ്യവർഗത്തോടു പറഞ്ഞു. (12-ഉം 17-ഉം പേജുകൾ കാണുക.) വാഗ്ദത്തം ചെയ്യപ്പെട്ട പറുദീസ അവിശ്വസനീയമായിരിക്കുന്നതിനു പകരം, ദുഃഖപൂർണമായ ഇപ്പോഴത്തെ അവസ്ഥയാണു തുടരാനാകാത്തത്ര മോശമായിരിക്കുന്നത്. അതിന്റെ സ്ഥാനത്തു പറുദീസ വരും.
ഈ വാഗ്ദത്തങ്ങളിലെ വിശ്വാസം ക്ഷണികവിശ്വാസത്തിന്റെ ഒരു കാര്യമല്ല. “കേട്ട കാര്യത്തെ വിശ്വാസം പിന്തുടരുന്നു.” ദൈവവചനം പഠിക്കുന്നതിനാൽ അതിന്റെ ജ്ഞാനം സ്പഷ്ടമായിത്തീരുകയും വിശ്വാസം വളരുകയും ചെയ്യുന്നു.—റോമർ 10:17; എബ്രായർ 11:1.
കെട്ടുകഥയും അശാസ്ത്രീയവുമാണു ബൈബിളെന്നു പരിഹാസപൂർവം പറയുന്ന ആളുകൾക്ക് ഉത്തരം കൊടുക്കാൻ എനിക്കെങ്ങനെ കഴിയും?
ബൈബിൾ പുരാവസ്തുശാസ്ത്രം ബൈബിളിന്റെ ചരിത്രപരമായ കൃത്യതയെ ഏറിയ പങ്കും സ്ഥിരീകരിക്കുന്നു. യഥാർഥ ശാസ്ത്രം ബൈബിളിനോടു യോജിക്കുന്നു. ലോക പണ്ഡിതൻമാർ കണ്ടുപിടിക്കുന്നതിനു ദീർഘകാലം മുമ്പുതന്നെ പിൻവരുന്ന വസ്തുതകൾ ബൈബിളിലുണ്ടായിരുന്നു: ഭൂമി അതിന്റെ രൂപവത്കരണത്തിൽ കടന്നുപോയ ഘട്ടങ്ങളുടെ ക്രമം സംബന്ധിച്ച വിവരങ്ങളെക്കൂടാതെ, ഭൂമി ഉരുണ്ടതാണെന്നും അതു നഭോമണ്ഡലത്തിൽ ശൂന്യത്തിൻമേൽ തങ്ങിനിൽക്കുന്നുവെന്നും പക്ഷികൾ ദേശാന്തരഗമനം നടത്തുന്നുവെന്നുമുളളവ.—ഉൽപ്പത്തി, 1-ാം അധ്യായം; യശയ്യാ 40:22; ഇയ്യോബ് 26:7; യിരെമ്യാ 8:7.
നിവൃത്തിയേറിയ പ്രവചനങ്ങളാൽ ബൈബിളിന്റെ നിശ്വസ്തത പ്രകടമാണ്. ലോകശക്തികളുടെ ഉയർച്ചയും പതനവും അതുപോലെതന്നെ മിശിഹാ വരുന്നതും മരണത്തിനേൽപ്പിക്കപ്പെടുന്നതുമായ സമയവും ദാനിയേൽ വളരെനാൾ മുമ്പേ മുൻകൂട്ടിപ്പറഞ്ഞു. (ദാനിയേൽ 2-ഉം 8-ഉം അധ്യായങ്ങൾ; 9:24-27) ഈ നാളുകളെ “അന്ത്യനാളുക”ളായി തിരിച്ചറിയിച്ചുകൊണ്ട് ഇന്നു മററു പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു. (2 തിമൊഥെയോസ് 3:1-5; മത്തായി 24-ാം അധ്യായം) അത്തരം മുൻകൂട്ടിയുളള അറിവു മനുഷ്യപ്രാപ്തിയുടെ വരുതിയിലൊതുങ്ങുന്നില്ല. (യശയ്യാ 41:23) കൂടുതൽ ഉറപ്പിനായി വാച്ച് ടവറിന്റെ ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്നീ [ഇംഗ്ലീഷ്] പുസ്തകങ്ങൾ കാണുക.
ബൈബിളിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു പ്രാപ്തനായിത്തീരാൻ എനിക്കെങ്ങനെ കഴിയും?
നിങ്ങൾ ബൈബിൾ പഠിക്കുകയും അതിനെക്കുറിച്ചു ധ്യാനിക്കുകയും വേണം, അതേസമയം നിങ്ങളെ നയിക്കാൻ ദൈവാത്മാവിനു വേണ്ടി അപേക്ഷിക്കുകയും വേണം. (സദൃശവാക്യങ്ങൾ 15:28; ലൂക്കോസ് 11:9-13) “നിങ്ങളിലാർക്കെങ്കിലും ജ്ഞാനം കുറവാകുന്നു എങ്കിൽ, അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ, എന്തെന്നാൽ നീരസപ്പെടാതെ അവിടുന്ന് എല്ലാവർക്കും ഉദാരമായി കൊടുക്കുന്നു; അത് അവനു നൽകപ്പെടും.” (യാക്കോബ് 1:5) കൂടാതെ പരിശോധനാർഹമായ ബൈബിൾ പഠനസഹായികളുണ്ട്. ഫിലിപ്പോസ് എത്യോപ്യനോടൊത്തു പഠിച്ചപ്പോഴത്തേതുപോലെ സാധാരണമായി മററുളളവരിൽനിന്നുളള സഹായം ആവശ്യമാണ്. (പ്രവൃത്തികൾ 8:26-35) യഹോവയുടെ സാക്ഷികൾ താത്പര്യമുളള വ്യക്തികളോടൊത്ത് അവരുടെ ഭവനങ്ങളിൽവച്ച് സൗജന്യമായി ബൈബിളധ്യയനങ്ങൾ നടത്തുന്നു. ഈ സേവനം ആവശ്യപ്പെടാൻ മടിക്കാതിരിക്കുക.
അനേകർ യഹോവയുടെ സാക്ഷികളെ എതിർക്കുകയും അവരോടൊത്തു പഠിക്കരുതെന്ന് എന്നോടു പറയുകയും ചെയ്യുന്നതെന്തുകൊണ്ട്?
യേശുവിന്റെ പ്രസംഗത്തോട് എതിർപ്പുണ്ടായിരുന്നു. തന്റെ അനുഗാമികളോടും എതിർപ്പുണ്ടാകുമെന്ന് അവിടുന്ന് പറഞ്ഞു. യേശുവിന്റെ പഠിപ്പിക്കലിൽ ചിലർക്കു മതിപ്പു തോന്നിയപ്പോൾ മതവിരോധികൾ ഇപ്രകാരം തിരിച്ചടിച്ചു: “നിങ്ങളും വഴിതെററിപ്പോയോ? ഭരണാധികാരികളിലോ പരീശൻമാരിലോ ഒരുത്തനെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?” (യോഹന്നാൻ 7:46-48; 15:20) സാക്ഷികളോടൊത്തു പഠിക്കരുതെന്നു നിങ്ങളെ ഉപദേശിക്കുന്ന പലരും ഒന്നുകിൽ അറിവില്ലാത്തവരോ അല്ലെങ്കിൽ മുൻവിധിയുളളവരോ ആണ്. സാക്ഷിളോടൊത്തു പഠിച്ചിട്ട് നിങ്ങളുടെ ബൈബിൾ ഗ്രാഹ്യം വർധിക്കുന്നുവോ ഇല്ലയോ എന്നു നിങ്ങൾത്തന്നെ കാണുക.—മത്തായി 7:17-20.
തങ്ങളുടെ സ്വന്തം മതമുളള വ്യക്തികളെ സാക്ഷികൾ സന്ദർശിക്കുന്നത് എന്തുകൊണ്ട്?
ഇതു ചെയ്യുന്നതിൽ അവർ യേശുവിന്റെ മാതൃക പിൻപററുന്നു. അവിടുന്ന് യഹൂദരുടെ അടുക്കലേക്കു പോയി. യഹൂദർക്ക് അവരുടെ സ്വന്തം മതമുണ്ടായിരുന്നു, എന്നാൽ അനേകം വിധങ്ങളിൽ അതു ദൈവവചനത്തിൽനിന്ന് അകന്നുപോയിരുന്നു. (മത്തായി 15:1-9) എല്ലാ ജനതകൾക്കും ക്രിസ്തീയമെന്നോ ക്രിസ്ത്യേതരമെന്നോ വിളിക്കപ്പെടുന്ന ഏതെങ്കിലും തരത്തിലുളള മതങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം വചനത്തോടു പൊരുത്തമുളള വിശ്വാസങ്ങൾ പിടിച്ചുകൊളളുന്നത് ആളുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഇതു ചെയ്യുന്നതിൽ അവരെ സഹായിക്കാനുളള സാക്ഷികളുടെ ശ്രമങ്ങൾ അയൽസ്നേഹത്തിന്റെ ഒരു പ്രകടനമാണ്.
ശരിയായ ഒരേ ഒരു മതം തങ്ങളുടേതാണെന്നു സാക്ഷികൾ വിശ്വസിക്കുന്നുവോ?
തന്റെ മതത്തെ കാര്യമായി എടുക്കുന്ന ഏതൊരുവനും അതാണു ശരിയായതെന്നു ചിന്തിക്കണം. അല്ലാത്തപക്ഷം അവനോ അവളോ എന്തിനാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്? ക്രിസ്ത്യാനികളെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചിരിക്കുന്നു: “എല്ലാ കാര്യങ്ങളും നിശ്ചയപ്പെടുത്തുക; നല്ലതു മുറുകെ പിടിച്ചുകൊളളുക.” (1 തെസലോനിക്യർ 5:21) തന്റെ വിശ്വാസങ്ങൾക്കു തിരുവെഴുത്തുകളുടെ പിന്തുണയുണ്ടെന്ന് ഒരുവൻ ഉറപ്പുവരുത്തണം. കാരണം ശരിയായ വിശ്വാസം ഒന്നു മാത്രമേയുളളൂ. “ഒരു കർത്താവ്, ഒരു വിശ്വാസം, ഒരു സ്നാപനം” എന്നു പരാമർശിച്ചുകൊണ്ട് എഫേസ്യർ 4:5 ഇതിനെ സ്ഥിരീകരിക്കുന്നു. രക്ഷയിലേക്കു നയിക്കുന്ന അനേകം വഴികൾ, അനേകം മതങ്ങൾ ഉണ്ടെന്ന അയഞ്ഞ ആധുനിക വീക്ഷണത്തോടു യേശു യോജിച്ചില്ല. മറിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞു: “ജീവനിലേക്കു നയിക്കുന്ന കവാടം ഇടുങ്ങിയതും പാത ഞെരുക്കമുളളതും ആകുന്നു, അതു കണ്ടെത്തുന്നവർ ചുരുക്കവുമാണ്.” തങ്ങൾ അതു കണ്ടെത്തിയതായി യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. അല്ലാത്തപക്ഷം മറെറാരു മതത്തിനായി അവർ അന്വേഷിക്കുമായിരുന്നു.—മത്തായി 7:14.
രക്ഷിക്കപ്പെടുന്നവർ തങ്ങൾ മാത്രമാണെന്ന് അവർ വിശ്വസിക്കുന്നുവോ?
ഇല്ല. കഴിഞ്ഞുപോയ നൂററാണ്ടുകളിൽ ജീവിച്ചിരുന്നിട്ടുളള യഹോവയുടെ സാക്ഷികളല്ലാതിരുന്ന ബഹുദശലക്ഷങ്ങൾ ഒരു പുനരുത്ഥാനത്തിൽ മടങ്ങിവരികയും അവർക്കു ജീവന്റെ ഒരവസരം ലഭിക്കുകയും ചെയ്യും. “മഹോപദ്രവ”ത്തിനു മുമ്പുതന്നെ ഇപ്പോൾ ജീവിക്കുന്ന പലരും സത്യത്തിനും നീതിക്കും വേണ്ടി ഇനിയും ഒരു നിലപാടു സ്വീകരിക്കുകയും അങ്ങനെ രക്ഷ നേടുകയും ചെയ്തേക്കാം. മാത്രമല്ല നാം അന്യോന്യം വിധിക്കരുതെന്നു യേശു പറഞ്ഞു. നാം പുറമേയുളള ആകാരത്തെയാണു നോക്കുന്നത്; ദൈവമോ ഹൃദയത്തെ നോക്കുന്നു. അവിടുന്ന് കൃത്യമായി കാണുകയും കരുണാപൂർവം ന്യായംവിധിക്കുകയും ചെയ്യുന്നു. അവിടുന്ന് ന്യായവിധി ഏൽപ്പിച്ചിരിക്കുന്നത് യേശുവിന്റെ കരങ്ങളിലാണ്, നമ്മുടെ കൈകളിലല്ല.—മത്തായി 7:1-5; 24:21.
യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകുന്നവരിൽനിന്ന് എന്തു സാമ്പത്തിക സംഭാവനകൾ പ്രതീക്ഷിക്കുന്നു?
പണപരമായ സംഭാവനകളെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ഓരോരുത്തൻ ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരിക്കുന്നതു പോലെതന്നെ ചെയ്യട്ടെ, വിമുഖതയോടെയോ നിർബന്ധത്തിൻ കീഴിലോ അല്ല, എന്തെന്നാൽ സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.” (2 കൊരിന്ത്യർ 9:7) യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളിലും കൺവെൻഷനുകൾ നടക്കുന്ന ഓഡിറേറാറിയങ്ങളിലും യാതൊരു പണപ്പിരിവുകളും ഒരിക്കലും നടത്താറില്ല. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും അങ്ങനെ ചെയ്യാൻ സൗകര്യപ്രദമായിരിക്കത്തക്കവണ്ണം പെട്ടികൾ വച്ചിരിക്കുന്നു. മററുളളവർ എന്തു കൊടുക്കുന്നുവെന്ന് ആരും അറിയുന്നില്ല. ചിലർ മററുളളവരെക്കാൾ കൂടുതൽ കൊടുക്കാൻ പ്രാപ്തരാണ്; ചിലർക്ക് എന്തെങ്കിലുമൊട്ടു കൊടുക്കാൻ കഴിയാതെയുമിരുന്നേക്കാം. യരുശലേമിലെ ആലയത്തിലുണ്ടായിരുന്ന ഭണ്ഡാരത്തെയും സംഭാവന നൽകുന്നവരെയും സംബന്ധിച്ച് അഭിപ്രായം പറഞ്ഞപ്പോൾ യേശു ശരിയായ വീക്ഷണം പ്രകടമാക്കി: പ്രാധാന്യമർഹിക്കുന്നത് കൊടുക്കാനുളള ഒരുവന്റെ പ്രാപ്തിയും കൊടുക്കൽ ആത്മാവുമാണ്, അല്ലാതെ പണത്തിന്റെ അളവല്ല.—ലൂക്കോസ് 21:1-4.
ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീർന്നാൽ അവർ ചെയ്യുന്നതുപോലെ ഞാൻ പ്രസംഗിക്കണമോ?
ക്രിസ്തുവിന്റെ രാജ്യത്തിൻ കീഴിലെ വാഗ്ദത്തം ചെയ്യപ്പെട്ട ഭൗമിക പറുദീസയെക്കുറിച്ചുളള പരിജ്ഞാനംകൊണ്ടു നിറയുമ്പോൾ അതു മററുളളവരുമായി പങ്കുവയ്ക്കാൻ ഒരുവൻ ആഗ്രഹിക്കുന്നു. നിങ്ങളും അങ്ങനെ ചെയ്യാൻ ആഗ്രഹിക്കും. അതു സുവാർത്തയാണ്!—പ്രവൃത്തികൾ 5:41, 42.
നിങ്ങൾ യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനാണെന്നു കാണിക്കുന്നതിനുളള ഒരു പ്രധാന മാർഗം ഇതു ചെയ്യുന്നതാണ്. ബൈബിളിൽ യേശുവിനെ “വിശ്വസ്തനും സത്യവാനുമായ സാക്ഷി” എന്നു വിളിച്ചിരിക്കുന്നു. “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ഭൂമിയിലായിരിക്കെ അവിടുന്ന് പ്രസംഗിച്ചു, മാത്രമല്ല അതേ വേല ചെയ്യാൻ അവിടുന്ന് തന്റെ ശിഷ്യൻമാരെയും അയച്ചു. (വെളിപാട് 3:14; മത്തായി 4:17; 10:7) പിന്നീട് യേശു തന്റെ അനുഗാമികളോട് ഇപ്രകാരം കൽപ്പിച്ചു: “അതുകൊണ്ട് പോയി . . . അവരെ പഠിപ്പിച്ച്, സകല ജനതകളിലെയും ആളുകളെ ശിഷ്യരാക്കുവിൻ.” അന്ത്യത്തിനു മുമ്പ് “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടു”മെന്നും അവിടുന്ന് മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 28:19, 20; 24:14.
ഈ സുവാർത്ത പ്രഖ്യാപിക്കുന്നതിനു ധാരാളം മാർഗങ്ങളുണ്ട്. സ്നേഹിതരോടും പരിചയക്കാരോടുമുളള സംഭാഷണം അപ്രകാരം ചെയ്യാനുളള മാർഗം മിക്കപ്പോഴും തുറന്നുതരുന്നു. എഴുത്തുകൾ എഴുതിക്കൊണ്ടോ ടെലഫോൺ ഉപയോഗിച്ചുകൊണ്ടോ മററുചിലർ ഇതു ചെയ്യുന്നു. പരിചയമുളള ഒരു വ്യക്തിക്കു വിശേഷാൽ താത്പര്യം തോന്നാനിടയുളളത് എന്നു തങ്ങൾ വിചാരിക്കുന്ന വിവരങ്ങൾ അടങ്ങിയ സാഹിത്യങ്ങൾ മററു ചിലർ അയച്ചുകൊടുക്കുന്നു. ആരെയും വിട്ടുകളയരുതെന്നുളള ഒരാഗ്രഹം നിമിത്തം സാക്ഷികൾ ഈ സന്ദേശവുമായി വാതിൽതോറും പോകുന്നു.
ഊഷ്മളമായ ഈ ക്ഷണം ബൈബിളിൽ അടങ്ങിയിരിക്കുന്നു: “ആത്മാവും മണവാട്ടിയും തുടർന്നു പറഞ്ഞുകൊണ്ടേയിരിക്കുന്നു: ‘വരുവിൻ!’ കേൾക്കുന്ന ഏവനും പറയട്ടെ: ‘വരുവിൻ!’ ദാഹിക്കുന്ന ഏവനും വരട്ടെ; ഇച്ഛിക്കുന്ന ഏവനും ജീവജലം സൗജന്യമായി സ്വീകരിക്കട്ടെ.” (വെളിപാട് 22:17) പറുദീസാഭൂമിയെയും അതിലെ അനുഗ്രഹങ്ങളെയും കുറിച്ചു മററുളളവരോടു പറയുക എന്നത് ഈ സുവാർത്ത പങ്കുവയ്ക്കാനുളള ഒരാഗ്രഹംകൊണ്ടു നിറഞ്ഞ ഒരു ഹൃദയത്തിൽനിന്നു മനസ്സോടെ ചെയ്യേണ്ടതാണ്.
യഹോവയുടെ സാക്ഷികളെയും അവരുടെ വിശ്വാസങ്ങളെയും സംബന്ധിച്ചു നിങ്ങൾക്കു മററു ചോദ്യങ്ങളും ഉണ്ടെന്നു ഞങ്ങൾക്കുറപ്പുണ്ട്. ഒരുപക്ഷേ അവയിൽ ചിലത് സ്വഭാവത്തിൽ വിവാദപരമായിരിക്കാം. അവയ്ക്ക് ഉത്തരം നൽകാൻ ഞങ്ങളാഗ്രഹിക്കുന്നു. ഈ ലഘുപത്രികയിൽ സ്ഥലം കുറവാണ്; അതുകൊണ്ട് അവ നിങ്ങളുടെ പ്രദേശത്തുളള സാക്ഷികളോടു ചോദിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു, ഒന്നുകിൽ
അവരുടെ രാജ്യഹാളിലെ യോഗങ്ങളിൽവച്ചോ അല്ലെങ്കിൽ അവർ നിങ്ങളുടെ വീട്ടിൽ നിങ്ങളെ സന്ദർശിക്കുമ്പോഴോ. അല്ലെങ്കിൽ നിങ്ങളുടെ ചോദ്യങ്ങൾ നിങ്ങളുടെ ഏററവുമടുത്തുളള വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കാവുന്നതാണ്; താഴെക്കൊടുത്തിരിക്കുന്ന ലിസ്ററു കാണുക.