നിങ്ങൾ കേൾക്കാൻ അവർ ആഗ്രഹിക്കുന്ന സുവാർത്ത
നിങ്ങൾ കേൾക്കാൻ അവർ ആഗ്രഹിക്കുന്ന സുവാർത്ത
യേശു ഭൂമിയിലായിരുന്നപ്പോൾ ശിഷ്യൻമാർ അവിടുത്തെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളമെന്തായിരിക്കും?” അനേകം രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, മഹാമാരികൾ, ഭൂകമ്പങ്ങൾ, നിയമരാഹിത്യത്തിന്റെ വർധനവ്, അനേകരെ വഴിതെററിക്കുന്ന വ്യാജമതോപദേഷ്ടാക്കൾ, തന്റെ യഥാർഥ മത്തായി 24:3-14.
അനുഗാമികളോടുളള വിദ്വേഷവും പീഡനവും, പല വ്യക്തികളിലും നീതിയോടുളള സ്നേഹം തണുത്തുപോകൽ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് ഉത്തരം നൽകി. ഈ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങുമ്പോൾ അതു ക്രിസ്തുവിന്റെ അദൃശ്യ സാന്നിധ്യത്തെ സൂചിപ്പിക്കും, മാത്രമല്ല സ്വർഗീയരാജ്യം സമീപമായിരിക്കുന്നുവെന്നും അതു സൂചിപ്പിക്കും. ഇതായിരിക്കും വാർത്ത—സുവാർത്ത! അതുകൊണ്ട് അടയാളത്തിന്റെ ഭാഗമായി യേശു ഈ വാക്കുകൾ കൂട്ടിച്ചേർത്തു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യത്തിനായി നിവസിത ഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—അടുത്ത കാലത്തെ ലോകസംഭവങ്ങൾ അതിൽത്തന്നെ മോശമാണ്, എന്നാൽ അവ അർഥമാക്കുന്നതെന്തോ അത്, അതായത്, ക്രിസ്തുവിന്റെ സാന്നിധ്യം, നല്ലതാണ്. അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “ഈ കാര്യങ്ങൾ സംഭവിച്ചു തുടങ്ങുമ്പോൾ നിവർന്നുനിന്നു നിങ്ങളുടെ തലകൾ ഉയർത്തുവിൻ, എന്തെന്നാൽ നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു.” (ലൂക്കോസ് 21:28) വ്യാപകമായി പ്രഖ്യാപിക്കപ്പെട്ട വർഷമായ 1914-ൽ ഈ കാര്യങ്ങൾ സംഭവിച്ചു തുടങ്ങി! വിജാതീയരുടെ കാലങ്ങളുടെ അന്ത്യത്തെയും മാനുഷ ഭരണത്തിൽനിന്നു ക്രിസ്തുവിന്റെ ആയിരംവർഷ (സഹസ്രാബ്ദ) വാഴ്ചയിലേക്കുളള പരിവർത്തന കാലയളവിന്റെ തുടക്കത്തെയും അത് അടയാളപ്പെടുത്തി.
110-ാം സങ്കീർത്തനത്തിന്റെ 1-ഉം 2-ഉം വാക്യങ്ങളും വെളിപ്പാട് 12:7-12-ഉം സൂചിപ്പിക്കുന്നതുപോലെ ഒരു പരിവർത്തന കാലയളവ് ഉണ്ടായിരിക്കേണ്ടിയിരുന്നു. തന്റെ രണ്ടാമത്തെ വരവിന്റെ സമയംവരെ ക്രിസ്തു സ്വർഗത്തിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുമെന്ന് അവിടെ കാണിച്ചിരിക്കുന്നു. അതിനുശേഷം സ്വർഗത്തിലെ യുദ്ധം സാത്താൻ ഭൂമിയിലേക്ക് എറിയപ്പെടുന്നതിൽ കലാശിക്കും, അതു ഭൂമിക്കു കഷ്ടം വരുത്തിവെക്കും. മാത്രമല്ല, ഒരു തലമുറയിൽ കവിഞ്ഞുപോകാത്ത ഒരു കാലഘട്ടം ശത്രുക്കൾക്കു മധ്യേ ക്രിസ്തു വാഴ്ച നടത്തും. ദുഷ്ടതയുടെ പരിപൂർണ അവസാനം ഹാർമഗെദോൻ യുദ്ധത്തിൽ പര്യവസാനിക്കുന്ന “മഹോപദ്രവ”ത്താൽ വരും, അനന്തരം ക്രിസ്തുവിന്റെ സമാധാനമുളള ആയിരംവർഷ വാഴ്ച ഉണ്ടായിരിക്കും.—മത്തായി 24:21, 33, 34; വെളിപാട് 16:14-16.
“എന്നാൽ അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും എന്നറിയുക. എന്തുകൊണ്ടെന്നാൽ മനുഷ്യർ സ്വസ്നേഹികളും, പണസ്നേഹികളും, അഹംഭാവികളും, ഉദ്ധതരും, ദൂഷകൻമാരും, മാതാപിതാക്കളെ അനുസരിക്കാത്തവരും, നന്ദിയില്ലാത്തവരും, അവിശ്വസ്തരും, സ്വാഭാവിക പ്രിയമില്ലാത്തവരും, എന്തെങ്കിലും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും, ഏഷണിക്കാരും, ആത്മനിയന്ത്രണമില്ലാത്തവരും, ഉഗ്രൻമാരും, നൻമപ്രിയമില്ലാത്തവരും, വിശ്വാസഘാതകരും, തന്റേടികളും, അഹന്തയാൽ ചീർത്തവരും, ദൈവപ്രിയരായിരിക്കുന്നതിലുപരി ഉല്ലാസപ്രിയരും, ദൈവഭക്തിയുടെ ഒരു രൂപം ഉളളവരും എന്നാൽ അതിന്റെ ശക്തിയില്ലെന്നു തെളിയുന്നവരും ആയിരിക്കും; ഇവരിൽനിന്ന് അകന്നുമാറുക” എന്നു ബൈബിൾ പറയുന്നു. (2 തിമൊഥെയോസ് 3:1-5) ഈ കാര്യങ്ങൾ മാനവചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ടെന്നു ചിലർ വാദിച്ചേക്കാം.
എന്നാൽ ചരിത്രകാരൻമാരും നിരൂപകൻമാരും പറയുന്നതുപോലെ 1914 മുതലിങ്ങോട്ട് അനുഭവിച്ചിട്ടുളളതു പോലുളള ഒരു കാലം ഭൂമിയിൽ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. കഷ്ടങ്ങൾ മുമ്പെന്നത്തെക്കാളും കൂടുതൽ വ്യാപകമായിരുന്നിട്ടുണ്ട്. മാത്രവുമല്ല, അന്ത്യനാളുകളെ സംബന്ധിച്ച ക്രിസ്തുവിന്റെ അടയാളത്തിന്റെ മററു സവിശേഷതകൾ സംബന്ധിച്ച് ഈ വസ്തുതകൾ പരിചിന്തിക്കപ്പെടണം: ക്രിസ്തുവിന്റെ സാന്നിധ്യത്തെയും രാജ്യത്തെയും കുറിച്ചുളള ഭൂവ്യാപക പ്രഘോഷണം ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അളവിൽ നടന്നിരിക്കുന്നു. പ്രസംഗിക്കുന്നതു നിമിത്തം യഹോവയുടെ സാക്ഷികളെ മഥിച്ചതിനു തുല്യമായ പീഡനം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഹിററ്ലറിന്റെ തടങ്കൽപ്പാളയങ്ങളിൽ വച്ച് അവരിൽ നൂറുകണക്കിനു പേർ വധിക്കപ്പെട്ടു. പല രാജ്യങ്ങളിലും യഹോവയുടെ സാക്ഷികൾ ഇന്നോളം നിരോധനത്തിൻ കീഴിലാണ്. മററു ചില രാജ്യങ്ങളിൽ അവർ അറസ്ററു ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം യേശു നൽകിയ അടയാളത്തിന്റെ ഭാഗമാണ്.
വെളിപാട് 11:18-ൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതുപോലെ യഹോവയുടെ വിശ്വസ്ത സാക്ഷികൾക്കെതിരെ ‘രാഷ്ട്രങ്ങൾ കോപിച്ചിരിക്കുന്നു.’ ആ രാഷ്ട്രങ്ങൾക്കെതിരെ യഹോവയുടെ “സ്വന്ത കോപം” പ്രകടമാകും എന്നതിന്റെ സൂചനയാണിത്. ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്ന് അതേ തിരുവെഴുത്തു തന്നെ പറയുന്നു. ജീവനെ നിലനിർത്താനുളള ഭൂമിയുടെ പ്രാപ്തിക്കു ഭീഷണി ഉയർന്നുവന്നിട്ടുളള ഒരു കാലം ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ല. എന്നിരുന്നാലും, ഇപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു! മനുഷ്യൻ തുടർന്നും ഭൂമിയെ മലിനീകരിച്ചാൽ അതു നിവാസയോഗ്യമല്ലാതായിത്തീരുമെന്നു പല ശാസ്ത്രജ്ഞരും മുന്നറിയിപ്പു നൽകിയിരിക്കുന്നു. എന്നാൽ “നിവസിക്കപ്പെടാൻതന്നെ [യഹോവ] അതിനെ രൂപപ്പെടുത്തി.” ഭൂമിയെ നിശ്ശേഷം നശിപ്പിക്കുന്നതിനു മുമ്പു മലിനീകരിക്കുന്നവരെ അവിടുന്ന് നീക്കം ചെയ്യും.—യശയ്യാ 45:18.
രാജ്യത്തിൻ കീഴിലെ ഭൗമിക അനുഗ്രഹങ്ങൾ
രക്ഷിക്കപ്പെടുന്നവരെല്ലാം സ്വർഗത്തിലാണെന്നു ചിന്തിക്കുന്ന ബൈബിൾ വിശ്വാസികളായ അനേകർക്കു ദൈവരാജ്യത്തിന്റെ പ്രജകളെന്ന നിലയിൽ ആളുകൾ ഭൂമിയിൽ ജീവിക്കുന്നതിനെക്കുറിച്ചുളള ചിന്ത വിചിത്രമായി തോന്നിയേക്കാം. ഒരു പരിമിതഗണം ആളുകൾ മാത്രമേ സ്വർഗത്തിലേക്കു പോകുന്നുളളുവെന്നും ഭൂമിയിൽ എന്നേക്കും ജീവിക്കാനിരിക്കുന്നവർ സംഖ്യാപരിമിതി ഇല്ലാത്ത ഒരു മഹാപുരുഷാരമായിരിക്കുമെന്നും ബൈബിൾ പ്രകടമാക്കുന്നു. (വെളിപാട് 14:1-5; 7:9; സങ്കീർത്തനം 37:11, 29) ക്രിസ്തുവിൻ കീഴിലുളള ദൈവരാജ്യം ഭൂമിയെ നിറയ്ക്കുകയും അതിൻമേൽ ഭരണം നടത്തുകയും ചെയ്യുമെന്നു ദാനിയേൽ എന്ന ബൈബിൾ പുസ്തകത്തിലെ ഒരു പ്രവചനം പ്രകടമാക്കുന്നു.
യഹോവയുടെ പർവതസമാനമായ പരമാധികാരത്വത്തിൽനിന്ന് അടർന്നുവരുന്ന ഒരു കല്ലായി ക്രിസ്തുവിന്റെ രാജ്യത്തെ അവിടെ പ്രതിനിധാനം ചെയ്തിരിക്കുന്നു. ഭൂമിയിലെ ശക്തമായ രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു ബിംബത്തെ അതു തകർത്തു നശിപ്പിക്കുന്നു. “ബിംബത്തെ തകർത്തുകളഞ്ഞ കല്ല് . . . ഒരു വലിയ പർവതമായിത്തീരുകയും മുഴു ഭൂമിയിലും നിറയുകയും ചെയ്തു.” പ്രവചനം ഇങ്ങനെ തുടരുന്നു: “ആ രാജാക്കൻമാരുടെ നാളുകളിൽ സ്വർഗത്തിലെ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം വേറെ ഒരു ജനതക്കും കൈമാറപ്പെടുകയില്ല. അത് ഈ രാജ്യങ്ങളെയൊക്കെയും തകർത്തു നശിപ്പിക്കുകയും അതുതന്നെ അനിശ്ചിത കാലത്തോളം നിലനിൽക്കുകയും ചെയ്യും.”—യഹോവയുടെ സാക്ഷികൾ നിങ്ങളോടു സംസാരിക്കാൻ ആഗ്രഹിക്കുന്നത് ഈ രാജ്യത്തെക്കുറിച്ചും ശുദ്ധീകരിക്കപ്പെട്ടതും സുന്ദരമാക്കപ്പെട്ടതുമായ ഒരു ഭൂമിയിലെ നിത്യജീവന്റെ തിരുവെഴുത്തു പിന്തുണയുളള പ്രത്യാശയെക്കുറിച്ചുമാണ്. ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾക്കും മരിച്ചുപോയിരിക്കുന്ന അനേകമനേകം ദശലക്ഷങ്ങൾക്കും അതിൽ എന്നേക്കും വസിക്കാനുളള അവസരമുണ്ടായിരിക്കും. അന്ന്, ക്രിസ്തുയേശുവിന്റെ ആയിരംവർഷ വാഴ്ചക്കാലത്ത്, ഭൂമിയെ നിർമിച്ച് ആദ്യമനുഷ്യ ജോടിയെ അതിൽ ആക്കിവെച്ചപ്പോൾ യഹോവയ്ക്കുണ്ടായിരുന്ന ആദിമോദ്ദേശ്യം യാഥാർഥ്യമായിത്തീരും. ഈ ഭൗമിക പറുദീസ ഒരിക്കലും വിരസത ജനിപ്പിക്കുകയില്ല. ഏദൻതോട്ടത്തിൽ ആദാമിനു ജോലി നിയമിക്കപ്പെട്ടതുപോലെതന്നെ ഭൂമിയെയും അതിലെ സസ്യ-മൃഗജാലങ്ങളെയും പരിപാലിക്കുന്നതിൽ മനുഷ്യവർഗത്തിനു വെല്ലുവിളി പകരുന്ന പദ്ധതികളുണ്ടായിരിക്കും. അവർ “തങ്ങളുടെ കരങ്ങളുടെ പ്രവൃത്തി ദീർഘകാലം ആസ്വദിക്കും.”—യെശയ്യാവ് 65:22, റിവൈസ്ഡ് സ്ററാൻഡേർഡ് വേർഷൻ; ഉൽപ്പത്തി 2:15.
“അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു യേശു നമ്മെ പഠിപ്പിച്ച പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുമ്പോൾ ഉണ്ടായിരിക്കുന്ന അവസ്ഥകൾ ചൂണ്ടിക്കാണിക്കാൻ അനേകം തിരുവെഴുത്തുകൾ അവതരിപ്പിക്കാൻ കഴിയും. (മത്തായി 6:10) എന്നാൽ ഇപ്പോഴത്തേക്ക് ഇതു മതിയായതായിരിക്കും: “സിംഹാസനത്തിൽനിന്ന് ഉച്ചത്തിലുളള ഒരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: ‘നോക്കൂ! മനുഷ്യവർഗത്തോടു കൂടെ ദൈവത്തിന്റെ കൂടാരം, അവിടുന്ന് അവരോടൊത്തു വസിക്കും, അവർ അവിടുത്തെ ജനമായിരിക്കും. ദൈവം തന്നെ അവരോടു കൂടെയുണ്ടായിരിക്കും. അവിടുന്ന് അവരുടെ കണ്ണുകളിൽനിന്ന് എല്ലാ കണ്ണുനീരും തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കയില്ല. പൂർവകാര്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു.’ സിംഹാസനത്തിലിരിക്കുന്നവൻ പറഞ്ഞു: ‘നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു.’ അവിടുന്ന് ഇങ്ങനെയും പറയുന്നു: ‘എഴുതുക, എന്തെന്നാൽ ഈ വചനങ്ങൾ വിശ്വസ്തവും സത്യവുമാകുന്നു.’”—വെളിപാട് 21:3-5.
[15-ാം പേജിലെ ആകർഷകവാക്യം]
“ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ,” എന്നാൽ “നിങ്ങളുടെ വിടുതൽ അടുത്തുവരുന്നു”