യഹോവ തന്റെ ജനത്തെ വേലക്കുവേണ്ടി കൂട്ടിച്ചേർക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു
യഹോവ തന്റെ ജനത്തെ വേലക്കുവേണ്ടി കൂട്ടച്ചേർക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു
നൂററാണ്ടുകളിലുടനീളം വിശ്വാസത്യാഗം ഭൂമിയിലെങ്ങും പരന്നിരുന്നു. അനേകം സഭാവിഭാഗങ്ങൾക്ക് ചില ബൈബിളുപദേശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവ മുഖ്യമായി മനുഷ്യപാരമ്പര്യങ്ങളും വിജാതീയ ഉത്ഭവമുളള അനേകം ആചാരങ്ങളും അനുസരിച്ചുപോന്നു. ക്രിസ്തുവിന്റെ തിരിച്ചുവരവ് സംബന്ധിച്ച പ്രതീക്ഷകൾ പൊതുവേ പിന്തളളപ്പെട്ടിരുന്നു.—മത്തായി 13:24-30, 37-43 താരതമ്യപ്പെടുത്തുക.
എന്നുവരികിലും, തന്റെ തിരിച്ചുവരവിനുവേണ്ടി ഉണർന്നിരിക്കാൻ യേശു പറഞ്ഞിരുന്നു! ഇതു ചെയ്തിരുന്ന ഒരു സംഘം യു. എസ്. എ. പെൻസിൽവേനിയായിലെ അല്ലഗനി (പിററ്സ്ബർഗ്) യിലുണ്ടായിരുന്നു. 1870-കളുടെ ആദ്യഘട്ടത്തിൽ ചാൾസ് റെറയ്സ് റസ്സലും അയാളുടെ ചില സുഹൃത്തുക്കളും സഭാ വിഭാഗങ്ങളോട് ബന്ധപ്പെടാതെ ക്രിസ്തുവിന്റെ തിരിച്ചുവരവ് സംബന്ധിച്ച് സമ്പൂർണ്ണമായ ഒരു ബൈബിൾ പഠനം നടത്താൻ തുടങ്ങി. അവർ മററനേകം അടിസ്ഥാന ഉപദേശങ്ങൾ സംബന്ധിച്ചുമുളള ബൈബിൾ സത്യം ആരായാൻ തുടങ്ങി. ഇതായിരുന്നു യഹോവയുടെ സാക്ഷികളുടെ ആധുനികനാളിലെ പ്രവർത്തനങ്ങളുടെ തുടക്കം.—മത്തായി 24:42.
ത്രിത്വോപദേശം ബൈബിൾപരമല്ലെന്നും എന്നാൽ യഹോവ മാത്രമാണ് സർവ്വശക്തനായ ദൈവവും സ്രഷ്ടാവുമെന്നും, യേശുക്രിസ്തു അവന്റെ ഒന്നാമത്തെ സൃഷ്ടിയും ഏകജാതനായ പുത്രനുമാണെന്നും, പരിശുദ്ധാത്മാവ് ഒരു ആൾ അല്ലെന്നും, പിന്നെയോ ദൈവത്തിന്റെ അദൃശ്യമായ പ്രവർത്തനശക്തിയാണെന്നും, ഈ സംഘം മനസ്സിലാക്കാനിടയായി. ദേഹി അമർത്ത്യമല്ലെന്നും എന്നാൽ മർത്ത്യമാണെന്നും മരിച്ചവരുടെ പ്രത്യാശ പുനരുത്ഥാനമാണെന്നും അനുതാപമില്ലാത്ത ദുഷ്ടതയ്ക്കുളള ശിക്ഷ നിത്യദണ്ഡനമല്ലെന്നും നിർമ്മൂലനാശമാണെന്നും ഈ സംഘം കാണുകയുണ്ടായി.
മനുഷ്യവർഗ്ഗത്തിനുവേണ്ടി യേശു തന്റെ ജീവനെ മോചനദ്രവ്യമായി കൊടുത്തുവെന്നത് ഒരു അടിസ്ഥാന ബൈബിളുപദേശമാണെന്നു കാണപ്പെട്ടു. ഒന്നാമതായി, ഒന്നാം നൂററാണ്ടുമുതൽ നമ്മുടെ കാലംവരെ തെരഞ്ഞെടുക്കപ്പെടുന്ന 1,44,000 സ്ത്രീപുരുഷൻമാർ സ്വർഗ്ഗീയ രാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളായിരിക്കാൻ ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെടും. പിന്നീട് യേശുവിന്റെ മോചനദ്രവ്യം മുഖാന്തരം മനുഷ്യവർഗ്ഗത്തിലെ ശതകോടികൾ ആ രാജ്യഭരണത്തിൻ കീഴിൽ ഭൂമിയിലെ നിത്യജീവന്റെ പ്രതീക്ഷയോടെ മാനുഷപൂർണ്ണത പ്രാപിക്കും. അവരിൽ ഭൂരിപക്ഷവും മരിച്ചവരിൽ നിന്ന് പുനരുത്ഥാനം പ്രാപിക്കുന്നവരായിരിക്കും.
റസ്സലും അയാളുടെ കൂട്ടുകാരും ക്രിസ്തുവിന്റെ സാന്നിദ്ധ്യം അദൃശ്യമായി ആത്മാവിലാണെന്നും മനസ്സിലാക്കുകയുണ്ടായി. ദൈവത്തിന്റെ പരമാധികാരം ഭൂമിയിലെ ഏതെങ്കിലും ഗവൺമെൻറിലൂടെ പ്രകടമാക്കപ്പെടാത്ത കാലഘട്ടമായ ജാതികളുടെ കാലങ്ങൾ 1914-ൽ അവസാനിക്കേണ്ടതായിരുന്നു. അപ്പോൾ ദൈവരാജ്യം സ്വർഗ്ഗത്തിൽ സ്ഥാപിക്കപ്പെടും. ഈ ഉപദേശങ്ങൾ ഇന്നത്തെ യഹോവയുടെ സാക്ഷികളുടേതായി തിരിച്ചറിയപ്പെടുന്നു.
റസ്സലും അയാളുടെ സഹപ്രവർത്തകരും പ്രസംഗങ്ങൾ വഴിയായും അച്ചടിച്ച പേജിലൂടെയും ഈ സത്യങ്ങൾ വ്യാപകമായി പ്രഖ്യാപിച്ചു. 1879 ജൂലൈയിൽ റസ്സൽ സീയോന്റെ വീക്ഷാഗോപുരം (ഇപ്പോൾ വീക്ഷാഗോപുരം എന്നു വിളിക്കപ്പെടുന്നത്) പ്രസിദ്ധീകരിക്കാൻ തുടങ്ങി. ബൈബിൾ വിദ്യാർത്ഥികളുടെ പ്രസംഗപ്രവർത്തനങ്ങൾ സ്വമേധയാ നൽകപ്പെടുന്ന സംഭാവനകളെ മാത്രം ആശ്രയിച്ചു നടത്തണമെന്നും യാതൊരു പിരിവും നടത്താവുന്നതല്ലെന്നും അയാൾ തീരുമാനിച്ചു. കൂടാതെ, ഈ സന്ദേശം ശമ്പളം പററാത്ത വിശ്വാസികളുടെ സ്വമേധയായുളള ശ്രമങ്ങളാൽ പ്രചരിപ്പിക്കപ്പെടണമെന്നും. റസ്സൽതന്നെ അന്നുവരെ ബിസിനസ്സിൽ നിന്ന് സ്വരൂപിച്ചിരുന്ന സ്വത്തിൽ നിന്ന് സംഭാവന ചെയ്യുകയുണ്ടായി.
ബൈബിൾ വിദ്യാർത്ഥികൾ ക്ലാസ്സുകളായി കൂടിവന്നു, അന്ന് അവരുടെ സഭകൾ അങ്ങനെയാണ് വിളിക്കപ്പെട്ടിരുന്നത്. അവർ പ്രസംഗങ്ങൾക്കും തിരുവെഴുത്തു പഠനത്തിനും സാക്ഷ്യയോഗങ്ങൾക്കുംവേണ്ടി വാരത്തിൽ മൂന്നു പ്രാവശ്യം സമ്മേളിച്ചു. ഓരോ ക്ലാസ്സിന്റെയും ആത്മീയ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് അവർ ഉത്തരവാദിത്തമുളള പുരുഷൻമാരെ ക്രമമായി മൂപ്പൻമാരായി തെരഞ്ഞെടുത്തുപോന്നു.
ആയിരത്തിഎണ്ണൂററിഎൺപത്തിനാലിൽ സീയോന്റെ വാച്ച്ററവർ ട്രാക്ററ്
സൊസൈററി പെൻസിൽവേനിയായിൽ ലാഭവീതമില്ലാത്ത ഒരു കോർപ്പറേഷനായി സംഘടിപ്പിക്കപ്പെട്ടു. വർഷംതോറും കോർപ്പറേഷന്റെ ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കേണ്ടിയിരുന്നു. ഉവ്വ്, ബൈബിൾ വിദ്യാഭ്യാസവേല മുമ്പോട്ടു നടത്തിക്കൊണ്ട് പോകുന്നതിന് ഇത് ഏതെങ്കിലും വ്യക്തിയുടെ ജീവിതത്തെ ആശ്രയിക്കാതെയുളള ഒരു നിയമപരമായ ഉപകരണം പ്രദാനം ചെയ്തു. ചാൾസ് ററി. റസ്സൽ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അയാളുടെ ഓഫീസ് മുഖ്യ ആസ്ഥാനമായി വീക്ഷിക്കപ്പെട്ടു.വേല മററ് രാജ്യങ്ങളിലേക്ക് വികസിപ്പിക്കാൻ വലിയ ശ്രമങ്ങൾ ചെയ്യപ്പെട്ടു. 1880-കളുടെ ആദ്യഘട്ടത്തിൽ കാനഡായിലും ഇംഗ്ലണ്ടിലും വേല എത്തിച്ചേർന്നു. 1891-ൽ യൂറോപ്പിലും മദ്ധ്യപൂർവ്വദേശത്തും സത്യം കൂടുതലായി പ്രചരിപ്പിക്കുന്നതിന് എന്തു ചെയ്യാൻ കഴിയുമെന്നു കാണാൻ റസ്സൽ അവിടെ ഒരു പര്യടനം നടത്തി. 1900-ങ്ങളുടെ ആരംഭത്തിൽ ബ്രിട്ടനിലും ജർമ്മനിയിലും ആസ്ത്രേലിയായിലും സൊസൈററിയുടെ ബ്രാഞ്ചാഫീസുകൾ സ്ഥാപിക്കപ്പെട്ടു.
പ്രസംഗവേല സാർവ്വദേശീയമായ ഒരു തോതിൽ കൂടുതലായി വികസിപ്പിക്കുന്നതിന് 1909-ൽ വാച്ച്ററവർ സൊസൈററിയുടെ മുഖ്യ ആസ്ഥാനം ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് മാററുകയുണ്ടായി. ന്യൂയോർക്ക് സ്റേറററ് നിയമമനുസരിച്ച് ഒരു കൂട്ടു കോർപ്പറേഷൻ രൂപവൽക്കരിക്കേണ്ടതാവശ്യമായിത്തീർന്നു. അത് ഇപ്പോൾ വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് ഇൻക്. എന്ന് അറിയപ്പെടുന്നു. ബ്രിട്ടീഷ് കോമൺവെൽത്തിൽ ഉടനീളം ബൈബിൾ വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ പുരോഗമിപ്പിക്കുന്നതിന് 1914-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ഇൻറർ നാഷണൽ ബൈബിൾ സ്ററുഡൻസ് അസോസിയേഷൻ രൂപവൽക്കരിക്കപ്പെട്ടു. ഇക്കാലത്ത് ലോകത്തിനു ചുററുമുളള അനേകം രാജ്യങ്ങളിലായി നിയമപരമായി രൂപവൽക്കരിക്കപ്പെട്ട ഏതാണ്ട് 70 കോർപ്പറേഷനുകളും അസോസിയേഷനുകളും വാച്ച്ററവർ സൊസൈററിയുടെ ഉദ്ദേശ്യങ്ങൾക്കുവേണ്ടി സേവനമനുഷ്ഠിക്കുന്നുണ്ട്. എല്ലാം സ്വമേധയായുളള സംഭാവനകളാലും സന്നദ്ധപ്രവർത്തകരാലും പിന്താങ്ങപ്പെടുന്ന മനുഷ്യസ്നേഹപരമായ സ്ഥാപനങ്ങളാണ്.
ചാൾസ് റെറയ്സ് റസ്സൽ 1916-ൽ മരിച്ചു. വാച്ച്ററവർ സൊസൈററിയുടെ പ്രസിഡണ്ടെന്ന നിലയിൽ ജോസഫ് ഫ്രാങ്ക്ളിൻ റതർഫോർഡ് അയാളുടെ പിൻഗാമിയായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനവർഷങ്ങളിൽ ബൈബിൾ വിദ്യാർത്ഥികൾ പീഡനത്താൽ കഠിനമായി പരിശോധിക്കപ്പെട്ടു. അതിന്റെ മൂർദ്ധന്യത്തിൽ സൊസൈററിയുടെ അമേരിക്കയിലെ മുഖ്യ ആസ്ഥാനത്തിൽ ഉത്തരവാദിത്തസ്ഥാനങ്ങളിൽ സേവിച്ചിരുന്ന എട്ടു സഹോദരൻമാർ അന്യായമായി തടവിലാക്കപ്പെട്ടു. ബൈബിൾ വിദ്യാർത്ഥികളുടെ വേല അപകടത്തിലായതായി തോന്നി. എന്നിരുന്നാലും 1919-ൽ ഈ സഹോദരൻമാർ വിമോചിതരും കുററവിമുക്തരുമായി. ഇപ്പോൾ പ്രസംഗവേലയുടെ വർദ്ധിച്ച വികസനത്തിന് തുടക്കമിട്ടു.
അഭിഷിക്ത ക്രിസ്തീയ ബൈബിൾ വിദ്യാർത്ഥികളുടെ ഏകീകൃതസംഘം സൊസൈററിയുടെ മുഖ്യ ആസ്ഥാനം വഴി സ്ഥാപനത്തോട് സഹവസിച്ച സകല വ്യക്തികൾക്കുംവേണ്ടി തക്കസമയത്തെ ആത്മീയാഹാരം പ്രദാനം ചെയ്യുന്നതിൽ തുടർന്നുപോന്നു. ഒന്നാം നൂററാണ്ടിലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭ യേശു പറഞ്ഞ “വിശ്വസ്തനും വിവേകിയുമായ അടിമ” ആയിരുന്നതുപോലെ രാജ്യവേലയിൽ ഏർപ്പെട്ടിരിക്കുന്ന സമർപ്പിത ബൈബിൾ വിദ്യാർത്ഥികളുടെ അഭിഷിക്ത സംഘം നമ്മുടെ കാലത്തെ “വിശ്വസ്തനും വിവേകിയുമായ അടിമ” ആയിരിക്കുന്നു. സഭയെ പരിശോധിക്കാൻ യേശു വന്നപ്പോൾ ഈ വർഗ്ഗം വീട്ടുകാർക്ക് ആഹാരം കൊടുക്കുന്നതായി അവൻ കണ്ടെത്തി; അപ്പോൾ അവൻ അതിനെ തന്റെ സകല സ്വത്തുക്കളിൻമേലും നിയമിക്കുകയുണ്ടായി.—മത്തായി 24:45-47; ലൂക്കോസ് 12:42.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞയുടനെ, 1914-ൽ ക്രിസ്തുയേശുമൂലമുളള ദൈവരാജ്യം സ്വർഗ്ഗങ്ങളിൽ സ്ഥാപിക്കപ്പെട്ടതായി വ്യക്തമായി കാണപ്പെട്ടു. അങ്ങനെ യേശുവിന്റെ വാക്കുകൾക്ക് ഇപ്പോൾ സമ്പൂർണ്ണ നിവൃത്തിയുണ്ടാകുവാൻ കഴിയുമായിരുന്നു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ഈ രാജ്യസന്ദേശം വളരെയേറെ ആളുകൾക്കുകൂടെ ലഭ്യമാക്കാൻ ജോസഫ് എഫ്. റതർഫോർഡ് മുൻകൈ എടുത്തു.—മത്തായി 24:14.
അതുകൊണ്ട്, സാദ്ധ്യമാകുന്നതിലേക്കും കുറഞ്ഞ ചെലവിൽ ബൈബിൾ സാഹിത്യത്തിന്റെ നിരന്തര ഉല്പാദനം ഉറപ്പുവരുത്തുന്നതിന്, സമർപ്പിത പുരുഷൻമാരായിരുന്ന സന്നദ്ധവേലക്കാരെ ഉപയോഗിച്ചുകൊണ്ട് സ്വന്ത അച്ചടി നിർവ്വഹിക്കാൻ സൊസൈററി തീരുമാനിച്ചു. രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ ക്രമമായ പങ്കുവഹിക്കാൻ സകല ബൈബിൾ വിദ്യാർത്ഥികളും പ്രോത്സാഹിപ്പിക്കപ്പെട്ടു. പല രാജ്യങ്ങളിലും ബൈബിൾ പ്രസംഗങ്ങളുടെ റേഡിയോ പ്രക്ഷേപണം നടത്തപ്പെട്ടു.
തങ്ങളുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം സ്വർഗ്ഗത്തിൽ ക്രിസ്തുയേശുവിനോടുകൂടെ ആയിരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരുടെ ശേഷിപ്പിനെ കൂട്ടിച്ചേർക്കുകയും ദൈവത്തിന്റെ വരുവാനുളള ന്യായവിധിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പുകൊടുക്കുകയും ചെയ്യുകയെന്നതാണെന്ന് 1918-നു മുമ്പ് ബൈബിൾ വിദ്യാർത്ഥികൾ മനസ്സിലാക്കിയിരുന്നു. ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയെ അതിജീവിച്ച് ഭൂമിയിൽ ജീവിക്കാനുളളവരെ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് അധികമൊന്നും ചിന്തിച്ചിരുന്നില്ല. പിന്നീട് 1918 മുതൽ “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കാതിരുന്നേക്കാം!” എന്ന പ്രസംഗം വ്യാപകമായി നടത്തപ്പെട്ടു.
സ്വർഗ്ഗീയരാജ്യത്തിന്റെ നിരയിലല്ലാത്ത നീതിപ്രകൃതമുളള ആളുകളും അർമ്മഗെദ്ദോനു മുമ്പ് ദൈവാംഗീകാരം പ്രാപിക്കുമെന്നും അർമ്മഗെദ്ദോനെ അതിജീവിക്കുമെന്നും 1923-ൽ മത്തായി 25:31-46-ലെ ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുളള യേശുവിന്റെ ഉപമയുടെ ഒരു പഠനം തെളിയിച്ചു. ഈ ചെമ്മരിയാട് തുല്യർ വെളിപ്പാട് 7:9-17 വരെ വർണ്ണിക്കപ്പെട്ടിരിക്കുന്ന എണ്ണപ്പെടാത്ത വലിയ ജനക്കൂട്ടം തന്നെയാണെന്ന് 1935-ൽ കൂടുതലായ പഠനം പ്രകടമാക്കി. ഇവർ സകല ജനതകളിൽ നിന്നും കൂട്ടിച്ചേർക്കപ്പെടേണ്ടവരായിരുന്നു. മഹോപദ്രവത്തെ അതിജീവിച്ച് ഭൂമിയിലെ നിത്യജീവൻ പ്രാപിക്കാനുളള പ്രതീക്ഷ ഇവർക്കുണ്ടായിരിക്കുമായിരുന്നു. ഈ ഗ്രാഹ്യം പ്രസംഗവേലയ്ക്കു വലിയ പ്രചോദനമേകി.—യോഹന്നാൻ 10:16.
ബൈബിൾ വിദ്യാർത്ഥികൾ 1931-ൽ യഹോവയുടെ സാക്ഷികളെന്ന പേർ സ്വീകരിച്ചു. അതിനു മുൻപ്, അവർ ബൈബിൾ വിദ്യാർത്ഥികളെന്നും സാർവ്വദേശീയ ബൈബിൾ വിദ്യാർത്ഥികളെന്നും സഹസ്രാബ്ദോദയക്കാർ എന്നും വീക്ഷാഗോപുരക്കാർ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. റസ്സലുകാരെന്നും റതർഫോർഡുകാരെന്നും പോലും അവർ ഹാസ്യമായി വിളിക്കപ്പെട്ടു. ഈ പേരുകളൊന്നും അവരെ ശരിയായി തിരിച്ചറിയിച്ചില്ല. ഒന്നാം നൂററാണ്ടിൽ ദിവ്യഹിതത്താൽ യേശുവിന്റെ ശിഷ്യൻമാർക്ക് കൊടുക്കപ്പെട്ട ക്രിസ്ത്യാനി എന്ന പേർ തീർച്ചയായും പ്രായോഗികമായിരുന്നെങ്കിലും വ്യാജോപദേശങ്ങൾ പിൻതുടർന്നിരുന്ന അനേകം സംഘങ്ങളും അത് ഉപയോഗിക്കുന്നുണ്ടായിരുന്നു. ദശലക്ഷക്കണക്കിനുളള
നാമധേയ ക്രിസ്ത്യാനികളിൽ നിന്ന് തങ്ങളേത്തന്നെ വ്യത്യാസപ്പെടുത്തിക്കാണിക്കുന്നതിന് ക്രിസ്തുവിന്റെ ഈ നാളിലെ യഥാർത്ഥ അനുഗാമികളെ വ്യക്തമായി തിരിച്ചറിയിക്കുന്ന ഒരു നാമം വേണമായിരുന്നു.യഹോവ തന്റെ യിസ്രായേൽ ജനത്തെ തന്റെ സാക്ഷികൾ എന്ന് വിളിച്ചിരുന്നതുപോലെ, തന്റെ നാമത്തെയും ഉദ്ദേശ്യത്തെയും പ്രസിദ്ധമാക്കുന്നതിന് സമർപ്പിതരായിരിക്കുന്ന, വ്യവസ്ഥിതിയുടെ സമാപനകാലത്തെ തന്റെ ജനം ഉചിതമായി യഹോവയുടെ സാക്ഷികൾ എന്നു വിളിക്കപ്പെടണമെന്ന് തിരുവെഴുത്തുകളുടെ ഒരു പരിചിന്തനം വ്യക്തമാക്കി. ഈ നാമം ഇക്കാലത്ത് ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന മറെറല്ലാവരിൽ നിന്നും യഹോവയുടെ സത്യക്രിസ്തീയാരാധകരെ ഉചിതമായി തിരിച്ചറിയിച്ചിരിക്കുന്നു.—സങ്കീർത്തനം 83:18; യെശയ്യാവ് 43:10-12.
രണ്ടാം ലോകമഹായുദ്ധകാലത്ത് 1942-ൽ ജോസഫ് എഫ്. റതർഫോർഡ് മരിച്ചു. വാച്ച്ററവർ സൊസൈററിയുടെ പ്രസിഡണ്ട് എന്ന നിലയിൽ നാഥാൻ എച്ച്. നോർ അയാളുടെ പിൻഗാമിയായി. ഈ വ്യവസ്ഥിതിയുടെ അവസാനത്തിനു മുൻപ് പ്രസംഗവേലയുടെ വലിയ വികസനത്തിന് അനുവദിക്കുന്ന തരത്തിൽ ആപേക്ഷികസമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഒരു യുദ്ധാനന്തര കാലഘട്ടം ഉണ്ടായിരിക്കുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി ഇപ്പോൾ കാണപ്പെട്ടു. 1943 ഫെബ്രുവരിയിൽ വിദേശരാജ്യങ്ങളിലെ മിഷനറി പ്രവർത്തനത്തിനായി മുഴുസമയ പ്രവർത്തകരെ പരിശീലിപ്പിക്കാൻ വാച്ച്ററവർ ഗിലയാദ് ബൈബിൾ സ്കൂൾ സ്ഥാപിക്കപ്പെട്ടു. പിന്നീട് ആ വർഷം യഹോവയുടെ സാക്ഷികളുടെ പ്രതിവാര യോഗപ്പട്ടികയോട് ഒരു പ്രത്യേക ശൂശ്രൂഷാപരിശീലന പരിപാടി കൂട്ടപ്പെട്ടു.
സൊസൈററി 1950-ൽ വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരത്തിന്റെ ഭാഗങ്ങൾ പ്രകാശനം ചെയ്യാൻ തുടങ്ങി. ഇത് മൂലഭാഷാപാഠങ്ങളിൽനിന്ന് ആധുനിക ഇംഗ്ലീഷിൽ ചെയ്തിരിക്കുന്ന ഒരു ബൈബിൾ വിവർത്തനമാണ്. കൃത്യതയോടെ വിവർത്തനം ചെയ്യപ്പെട്ടതും സുഗ്രാഹ്യവുമായ ഈ ബൈബിൾ സൊസൈററിയുടെ പ്രസ്സുകളിൽ കുറഞ്ഞ ചെലവിൽ ഉല്പാദിപ്പിക്കപ്പെട്ടു. ഇത് പ്രസംഗവേലയ്ക്ക് വലിയ സഹായമായിട്ടാണിരിക്കുന്നത്. ഇന്നോളം 7,00,00,000-യിൽ പരം പ്രതികൾ 12 ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1992-ന്റെ അവസാനമായപ്പോഴേക്ക് 229-ലധികം രാജ്യങ്ങളിലും സമുദ്രങ്ങളിലെ ദ്വീപുകളിലുമായി ഏകദേശം 45 ലക്ഷത്തോളം യഹോവയുടെ സാക്ഷികൾ പ്രസംഗവേലയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. ഏതാണ്ട് 69,000 സഭകളിൽ 1992-ൽ ഏററവും വലിയ ഹാജരോടെ നടത്തിയ യോഗം ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകാഘോഷമായിരുന്നു, അതിന് മൊത്തം 1,14,31,171 പേർ ഹാജരുണ്ടായിരുന്നു.
യഹോവയുടെ സാക്ഷികൾ അവന്റെ സജീവ സേവനത്തിലും, അവരുടെ ലോകവ്യാപകമായ ഐക്യത്തിലും, യഹോവയുടെ നാമത്തെ ഉയർത്തിപ്പിടിക്കുന്നതിലും അവന്റെ രാജ്യം പ്രസംഗിക്കുന്നതിലുമുളള അവരുടെ തീക്ഷ്ണതയിലും, അവരുടെ നിർമ്മല ധാർമ്മിക നിലവാരങ്ങളിലും, ദൈവത്തിന്റെ തെററുപററാത്ത വചനമായി മുഴു ബൈബിളും അവർ സ്വീകരിക്കുന്നതിലും, അന്ധവിശ്വാസത്തിൽനിന്നും ആത്മവിദ്യയിൽനിന്നുമുളള അവരുടെ സ്വാതന്ത്ര്യത്തിലും, തുടരുന്നതിനാൽ ദൈവം അവരെ യഥാർത്ഥമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന് കാണപ്പെടുന്നു.
സത്യദൈവാരാധനയുടെ ഈ പുന:സ്ഥിതീകരണത്തിൽ നിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയുമെന്ന് തുടർന്നുവരുന്ന ഭാഗങ്ങൾ പ്രകടമാക്കുന്നു.
• ഏത് അടിസ്ഥാന ബൈബിളുപദേശങ്ങൾ ബൈബിൾ വിദ്യാർത്ഥികളെ സഭാവിഭാഗങ്ങളിൽനിന്ന് വേർതിരിച്ച് കാണിച്ചു?
• ബൈബിൾ വിദ്യാർത്ഥികൾക്ക് 1918 വരെ ഏതു സംഘടനാപരമായ വികാസങ്ങൾ അനുഭവപ്പെട്ടു?
• അഭിഷിക്ത ബൈബിൾ വിദ്യാർത്ഥികളുടെ സംഘം മത്തായി 24:45-47-ലെ “വിശ്വസ്തനും വിവേകിയുമായ അടിമ”യാണെന്ന് പറയാൻ കഴിയുന്നതെങ്ങനെ?
• ദൈവോദ്ദേശ്യങ്ങളുടെ ഏതു ഗ്രാഹ്യം പ്രസംഗവേലയെ വികസിപ്പിക്കുന്നതിന് വലിയ പ്രചോദനമേകി?
• യഹോവയുടെ സാക്ഷികളെന്ന നാമം ഏത് ഉദ്ദേശ്യത്തിന് ഉതകുന്നു?
• ദൈവം യഹോവയുടെ സാക്ഷികളെ സത്യമായി ഉപയോഗിക്കുന്നുണ്ടെന്നുളളതിന് ഏതെല്ലാം തെളിവുകളുണ്ട്?
[8-ാം പേജിലെ ചിത്രങ്ങൾ]
സി. ററി. റസ്സൽ 1879-ൽ
1879 ജൂലൈ ലക്കം
ബൈബിൾ വിദ്യാർത്ഥികളുടെ ആദിമസംഘം പിററ്സ് ബർഗ്, പെൻ.
[9-ാം പേജിലെ ചിത്രങ്ങൾ]
മുഖ്യ ആസ്ഥാനം, 1889-1909 വരെ, പിററ്സ് ബർഗ്ഗ്, പെൻ.
മുഖ്യ ഓഫീസുകൾ, 1909-1918 വരെ, ബ്രൂക്ലിൻ, ന്യൂയോർക്ക്
മുഖ്യ ആസ്ഥാന വസതി, 1909-1926, ബ്രൂക്ക്ളിൻ, ന്യൂയോർക്ക്
[10-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനം,ബ്രൂക്ക്ളിൻ, ന്യൂയോർക്ക്, യു. എസ്. എ.
മുകളിൽ ഇടതുവശത്ത്: ഓഫീസ് സംഘാതം
മുകളിൽ വലതു വശത്ത്: പാർപ്പിടങ്ങൾ
താഴെ ഇടതുവശത്ത്: ഫാക്ടറി സംഘാതം
താഴെ വലതുവശത്ത്: കയററിയയക്കൽ കേന്ദ്രം
[11-ാം പേജിലെ ചിത്രങ്ങൾ]
ജെ. എഫ്. റതർഫോർഡ് നടത്തുന്ന റേഡിയോ പ്രക്ഷേപണം
സന്നദ്ധസേവകർ പ്രവർത്തിപ്പിച്ച വാച്ച്ററവർ സൊസൈററിയുടെ ആദ്യത്തെ റോട്ടറിപ്രസ്സ്
12 ഭാഷകളിൽ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന പുതിയലോകഭാഷാന്തരം ബൈബിൾ