വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹത്തിലും ഐക്യത്തിലും കെട്ടുപണിചെയ്യുന്നതിനുളള സഭകൾ

സ്‌നേഹത്തിലും ഐക്യത്തിലും കെട്ടുപണിചെയ്യുന്നതിനുളള സഭകൾ

സ്‌നേഹത്തിലും ഐക്യത്തിലും കെട്ടപണിചെയ്യുന്നതിനുളള സഭകൾ

നിങ്ങളുടെ താമസസ്ഥലത്തിനടുത്ത്‌ യഹോവയുടെ സാക്ഷികളുടെ ചില സഭാമീററിംഗുകളിൽ നിങ്ങൾ സംബന്ധിച്ചിട്ടുണ്ടായിരിക്കാം. എല്ലാ ജീവിതതുറകളിൽനിന്നുമുളള ആളുകൾ—കുടുംബകൂട്ടങ്ങളും അവിവാഹിതരും പ്രായമുളളവരും ചെറുപ്പക്കാരും—അവിടെ ഉണ്ടായിരുന്നു. അവരെല്ലാം തങ്ങളുടെ ആരാധനയിൽ ഐക്യമുളളവരും മററുളളവരെ സഹായിക്കുന്നതിൽ തല്‌പരരുമായിരുന്നു.

വളരെയധികമാളുകൾ ഐക്യത്തിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഏതു ക്രമീകരണത്തിലും കുറെ മേൽനോട്ടം ആവശ്യമാണ്‌. ദൈവം ക്രമമുളള ഒരു ദൈവമാകുന്നു; അതുകൊണ്ട്‌ ആ ക്രമം അവന്റെ ജനത്തിന്റെ സഭയിൽ പ്രതിഫലിക്കണം. ഒന്നാം നൂററാണ്ടിലേതുപോലെ ഇന്നും യോഗ്യതയുളളവരും പക്വമതികളും പരിചയസമ്പന്നരുമായ ക്രിസ്‌തീയ പുരുഷൻമാർ മൂപ്പൻമാരോ മേൽവിചാരകൻമാരോ ആയി നിയോഗിക്കപ്പെടുന്നു. അവർ സഭയുടെ മേൽനോട്ടം വഹിക്കുകയും അതിന്റെ ആത്മീയാവശ്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ശുശ്രൂഷാദാസൻമാരെന്നറിയപ്പെടുന്ന മററു വിശ്വസ്‌ത പുരുഷൻമാർ അവരെ സഹായിക്കുന്നു. ഈ പുരുഷൻമാർ ശമ്പളമോ മററു സാമ്പത്തിക പ്രയോജനമോ സ്വീകരിക്കാതെ സാധാരണയായി ലൗകിക തൊഴിലിൽനിന്ന്‌ സ്വന്തം ചെലവുകൾ വഹിച്ചുകൊണ്ട്‌ സ്വമേധയാ സേവിക്കുന്നു.—1 കൊരിന്ത്യർ 14:33, 40; ഫിലിപ്യർ 1:1; 1 തിമൊഥെയോസ്‌ 3:8, 9.

ഇവർ എങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നു? ഇവർ തിരുവെഴുത്തുപരമായ ചില യോഗ്യതകൾ പ്രകടമാക്കുന്ന വിശ്വസ്‌ത ദൈവദാസൻമാരായിരിക്കേണ്ടതുണ്ട്‌. അവയിൽ ചിലത്‌ ഇവയാണ്‌: ‘ശീലങ്ങളിലെ മിതത്വം, സുബോധം, ക്രമം, അതിഥിപ്രിയം, പഠിപ്പിക്കാനുളള യോഗ്യത, ന്യായബോധം, എന്നിവ ഉണ്ടായിരിക്കുക; പണസ്‌നേഹി ആയിരിക്കാവുന്നതല്ല; കുടുംബത്തെ നല്ല രീതിയിൽ ഭരിക്കണം; പുതുതായി പരിവർത്തനം ചെയ്‌ത മനുഷ്യൻ ആയിരിക്കരുത്‌; പുറത്തുളളവരിൽ നിന്ന്‌ നല്ല സാക്ഷ്യം ഉണ്ടായിരിക്കണം’; ‘പഠിപ്പിക്കൽ വൈദഗ്‌ദ്ധ്യം സംബന്ധിച്ച്‌ വിശ്വസ്‌തവചനത്തോട്‌ ദൃഢമായി പററിനിൽക്കുകയും വേണം.’—1 തിമൊഥെയോസ്‌ 3:1-15; തീത്തോസ്‌ 1:7-9.

മിക്കപ്പോഴും ഭൂരിപക്ഷവും പുതിയ ക്രിസ്‌ത്യാനികൾ ആയിരുന്നേക്കാവുന്ന സഭ, ഈ പുരുഷൻമാരെ പദവിയിൽ വോട്ട്‌ ചെയ്‌ത്‌ ആക്കിവെക്കുന്നില്ല. പകരം, പക്വതയും അനുഭവപരിചയവുമുളളവരും, പരിഗണിക്കപ്പെടുന്നവർ ഏതളവിൽ തിരുവെഴുത്തു യോഗ്യതകളിൽ എത്തുന്നുവെന്നത്‌ സംബന്ധിച്ച്‌ വിവേചനയുളളവരുമായ മൂപ്പൻമാരായ പുരുഷൻമാരാൽ അവർ ശുപാർശ ചെയ്യപ്പെടുന്നു. അനന്തരം യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ മേൽനോട്ടത്തിൽ മൂപ്പൻമാരുടെയും ശുശ്രൂഷാദാസൻമാരുടെയും നിയമനങ്ങൾ നടത്തപ്പെടുന്നു. ഒന്നാം നൂററാണ്ടിലെ ക്രിസ്‌തീയസഭ വെച്ച മാതൃക അനുസരിച്ചാണിത്‌.

ഈ മൂപ്പൻമാർ അഥവാ മേൽവിചാരകൻമാർ ഒരു വൈദിക വർഗ്ഗമായിരിക്കുന്നില്ല; അവർ മററുളളവരുടെമേൽ യജമാനൻമാരായിരിക്കുന്നില്ല; യേശു പറഞ്ഞതുപോലെ, നേതൃത്വം വഹിക്കുന്ന ഏവരും എല്ലാവരുടെയും അടിമകളായിരിക്കണം. യഹോവയുടെ സാക്ഷികളുടെ സഭയിൽ യഥാർത്ഥത്തിൽ മൂപ്പൻമാർ ദൈവരാജ്യത്തിനുവേണ്ടിയുളള സഹപ്രവർത്തകരാണ്‌.—മത്തായി 20:26, 27; 23:8-11; റോമർ 12:8; 1 കൊരിന്ത്യർ 3:5; 4:1, 2; കൊലോസ്യർ 4:11; 1 തെസ്സലോനീക്യർ 5:12-14.

മേൽവിചാരകൻമാരെന്നനിലയിൽ അവർ യോഗങ്ങളിൽ പ്രദാനം ചെയ്യപ്പെടുന്ന പ്രബോധനത്തിന്‌ മേൽനോട്ടംവഹിക്കുകയും പ്രസംഗപ്രവർത്തനത്തിന്‌ നേതൃത്വം വഹിക്കുകയും ചെയ്യുന്നു. സഭയുടെ നിയമിത പ്രദേശത്തെല്ലാം രാജ്യസുവാർത്ത പ്രസംഗിക്കുകയെന്നതാണ്‌ സഭയുടെ ഒരു മുഖ്യലക്ഷ്യം. മേൽവിചാരകൻമാർ സഭയിലെ അംഗങ്ങളെ ആവശ്യാനുസരണം പ്രോത്സാഹിപ്പിക്കുന്നതിന്‌ അവരെ സന്ദർശിക്കുന്ന ഇടയൻമാരായും കൂടെ സേവിക്കുന്നു.—മത്തായി 24:14; പ്രവൃത്തികൾ 1:8; 1 തെസ്സലോനീക്യർ 2:11, 12; 5:14, 15; 2 തിമൊഥെയോസ്‌ 2:24-26; എബ്രായർ 13:17; യാക്കോബ്‌ 5:13-16; 1 പത്രോസ്‌ 5:1-4.

ഒരു തെററായ ഗതി പിന്തുടരുകയും സഭയുടെ ആത്മീയവും ധാർമ്മികവുമായ ശുദ്ധിയ്‌ക്കും ഐക്യത്തിനും അപകടമായിത്തീരുകയും ചെയ്‌തേക്കാവുന്ന ഏതൊരാൾക്കും ശാസനയും ശിക്ഷണവും കൊടുക്കുന്നതിനുളള ഉത്തരവാദിത്തവും മൂപ്പൻമാർക്കുണ്ട്‌.—1 കൊരിന്ത്യർ 5:4, 5, 7, 11-13; തീത്തോസ്‌ 1:9; 2:15; 3:10, 11.

സഭയുമായുളള ക്രമമായ സംസർഗ്ഗം നിങ്ങൾക്ക്‌ നല്ല സഹവാസവും അനേകം ആത്മീയ പ്രയോജനങ്ങളും നൽകും.—സങ്കീർത്തനം 35:18; 84:10.

• ഓരോ സഭയുടെയും കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതാര്‌?

• ഏതടിസ്ഥാനത്തിൽ മേൽവിചാരകൻമാർ തെരഞ്ഞെടുക്കപ്പെടുന്നു?

• അവരുടെ ഉത്തരവാദിത്തങ്ങൾ ഏവ?

[13-ാം പേജിലെ ചിത്രങ്ങൾ]

മേൽവിചാരകൻമാർ സഭയെ പഠിപ്പിക്കുന്നു, വീടുതോറും പോകുന്നതിൽ നേതൃത്വം വഹിക്കുന്നു, ഇടയസന്ദർശനങ്ങളാൽ പ്രോത്സാഹിപ്പിക്കുന്നു. ആവശ്യമുളളപ്പോൾ ബുദ്ധിയുപദേശവും ശാസനയും കൊടുക്കുന്നു