പാഠം 15
മൂപ്പന്മാർ സഭയെ സേവിക്കുന്നത് എങ്ങനെ?
ഞങ്ങളുടെ സംഘടനയിൽ ശമ്പളം പറ്റുന്ന ഒരു പുരോഹിതഗണമില്ല. പകരം, ക്രിസ്തീയ സഭ സ്ഥാപിതമായ കാലത്തെന്നപോലെ, യോഗ്യതയുള്ള മേൽവിചാരകന്മാരാണ് ‘ദൈവത്തിന്റെ സഭയെ മേയ്ക്കുന്നത്.’ (പ്രവൃത്തികൾ 20:28) ഇവരെ മൂപ്പന്മാർ എന്നു വിളിക്കുന്നു. സഭയിൽ നേതൃത്വമെടുക്കുകയും സഭയെ മേയ്ക്കുകയും ചെയ്യുന്ന ആത്മീയ പക്വതയുള്ള പുരുഷന്മാരാണ് ഇവർ. ഈ ക്രിസ്തീയ മൂപ്പന്മാർ “നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും, അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല, അതീവതാത്പര്യത്തോടെയും” ആണ് അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നത്. (1 പത്രോസ് 5:1-3) അവർ നമുക്കുവേണ്ടി എന്തു സേവനമാണു ചെയ്യുന്നത്?
അവർ ഞങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മൂപ്പന്മാർ സഭയെ വഴിനടത്തുകയും ആത്മീയമായി സംരക്ഷിക്കുകയും ചെയ്യുന്നു. ദൈവമാണ് ഈ വലിയ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നതെന്ന് അവർക്ക് അറിയാം. അതുകൊണ്ട്, അവർ ഞങ്ങളെ ഭരിക്കാൻനോക്കുന്നില്ല; പകരം ഞങ്ങളുടെ ക്ഷേമവും സന്തോഷവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. (2 കൊരിന്ത്യർ 1:24) ഒരു ആട്ടിടയൻ തന്റെ ഓരോ ആടിനും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതുപോലെ, മൂപ്പന്മാർ ഓരോ സഭാംഗത്തെയും അടുത്ത് അറിയാൻ ശ്രമിക്കുകയും അവർക്ക് ആവശ്യമായ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നു.—സുഭാഷിതങ്ങൾ 27:23.
ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് അവർ ഞങ്ങളെ പഠിപ്പിക്കുന്നു. ഞങ്ങളുടെ വിശ്വാസം ശക്തമാക്കുകയെന്ന ലക്ഷ്യത്തിൽ മൂപ്പന്മാർ സഭായോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നു. (പ്രവൃത്തികൾ 15:32) അർപ്പിതരായ ഈ പുരുഷന്മാർ സുവിശേഷപ്രവർത്തനത്തിലും നേതൃത്വമെടുക്കുന്നു. അവർ ഞങ്ങളുടെകൂടെ പ്രവർത്തിച്ച് ശുശ്രൂഷയുടെ എല്ലാ മേഖലകളിലും ആവശ്യമായ പരിശീലനം തരുന്നു.
അവർ ഞങ്ങളെ വ്യക്തിപരമായി പ്രോത്സാഹിപ്പിക്കുന്നു. ആത്മീയസഹായവും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസവും നൽകിക്കൊണ്ട് അവർ ഓരോ സഭാംഗത്തിന്റെയും ആത്മീയാവശ്യങ്ങൾക്കു ശ്രദ്ധ തരുന്നു. രാജ്യഹാളിൽവെച്ചോ ഞങ്ങളുടെ വീട്ടിൽ വന്നോ ആണ് അവർ ഞങ്ങൾക്ക് ഈ സഹായം തരുന്നത്.—യാക്കോബ് 5:14, 15.
സഭയിലെ ഉത്തരവാദിത്വങ്ങൾക്കു പുറമേ മിക്ക മൂപ്പന്മാർക്കും, ജോലിയും കുടുംബോത്തരവാദിത്വങ്ങളും ഉണ്ട്. ആ ചുമതലകൾ നിർവഹിക്കുന്നതിലും അവർ വീഴ്ചവരുത്താറില്ല. കഠിനാധ്വാനികളായ ഈ സഹോദരന്മാർ സഭയിലെ എല്ലാവരുടെയും ബഹുമാനം അർഹിക്കുന്നു.—1 തെസ്സലോനിക്യർ 5:12, 13.
-
സഭാമൂപ്പന്മാരുടെ ഉത്തരവാദിത്വങ്ങൾ എന്തെല്ലാമാണ്?
-
മൂപ്പന്മാർ സഭാംഗങ്ങളിൽ വ്യക്തിപരമായ താത്പര്യമെടുക്കുന്നത് എങ്ങനെ?