വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ട്‌?

ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെടാത്തത്‌ എന്തുകൊണ്ട്‌?

അധ്യായം 12

ഞാൻ എന്നെത്തന്നെ ഇഷ്ടപ്പെ​ടാ​ത്തത്‌ എന്തു​കൊണ്ട്‌?

“എനിക്ക്‌ എന്നെപ്പ​റ​റി​ത്തന്നെ ഒരു മതിപ്പും തോന്നു​ന്നില്ല,” ലൂയിസ്‌ ആവലാ​തി​പ്പെട്ടു. നിങ്ങൾക്കും ചില​പ്പോൾ നിങ്ങ​ളെ​പ്പ​ററി മോശ​മായ അഭി​പ്രാ​യം തോന്നാ​റു​ണ്ടോ?

വാസ്‌ത​വ​ത്തിൽ, എല്ലാവർക്കും ഒരളവി​ലു​ളള ആത്മാഭി​മാ​നം ആവശ്യ​മാണ്‌. “മനുഷ്യാ​സ്‌തി​ക്യ​ത്തിന്‌ മാന്യത കൈവ​രു​ത്തുന്ന ഘടകം” എന്ന്‌ അതു വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കൂടാതെ ബൈബിൾ പറയുന്നു: “നീ നിന്നെ​പ്പോ​ലെ നിന്റെ അയൽക്കാ​രനെ സ്‌നേ​ഹി​ക്കണം.” (മത്തായി 19:19) നിങ്ങൾക്ക്‌ നിങ്ങ​ളെ​പ്പ​ററി മോശ​മായ അഭി​പ്രാ​യ​മാ​ണു​ള​ള​തെ​ങ്കിൽ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾക്ക്‌ മററു​ള​ള​വ​രെ​ക്കു​റി​ച്ചും മോശ​മായ അഭി​പ്രാ​യമേ ഉണ്ടായി​രി​ക്കു​ക​യു​ളളു.

‘എനിക്ക്‌ യാതൊ​ന്നും ശരിയാ​യി ചെയ്യാൻ കഴിവില്ല!’

നിങ്ങൾക്ക്‌ നിങ്ങ​ളെ​പ്പ​റ​റി​ത്തന്നെ ഈ നിഷേ​ധാ​ത്മക വിചാ​രങ്ങൾ ഉളളത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? നിങ്ങളു​ടെ പരിമി​തി​കൾ നിങ്ങളെ നിരാ​ശ​രാ​ക്കി​യേ​ക്കാം എന്നതാണ്‌ ഒരു സംഗതി. നിങ്ങൾ വളർച്ച​യു​ടെ പ്രായ​ത്തി​ലാണ്‌, ദിവസേന എന്തെങ്കി​ലും താഴെ ഇട്ടു​കൊ​ണ്ടോ ആരെങ്കി​ലു​മാ​യി കൂട്ടി​യി​ടി​ച്ചു​കൊ​ണ്ടോ നിങ്ങൾക്ക്‌ അമ്പരപ്പു​ള​വാ​ക്കുന്ന ഒരു കാലഘട്ടം മിക്ക​പ്പോ​ഴും ഉണ്ട്‌. കൂടാതെ ഒരു മുതിർന്ന​യാ​ളി​ന്റെ സംഗതി​യി​ലെ​ന്ന​പോ​ലെ ഒരു നിരാ​ശ​യിൽ നിന്നു പെട്ടെന്നു കരകയ​റാ​നു​ളള ജീവി​താ​നു​ഭ​വ​വും നിങ്ങൾക്കില്ല. “ഉപയോ​ഗ​ത്താൽ” നിങ്ങളു​ടെ “ഗ്രഹണ പ്രാപ്‌തി” വേണ്ടത്ര പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാൽ നിങ്ങൾ എല്ലായ്‌പ്പോ​ഴും ഏററം ജ്ഞാനപൂർവ്വ​ക​മായ തീരു​മാ​ന​ങ്ങ​ളാ​യി​രി​ക്കില്ല ചെയ്യു​ന്നത്‌. (എബ്രായർ 5:14) ചില​പ്പോൾ നിങ്ങൾക്ക്‌ യാതൊ​ന്നും ശരിയാ​യി ചെയ്യാൻ കഴിവില്ല എന്ന്‌ നിങ്ങൾക്ക്‌ തോന്നി​യേ​ക്കാം!

ഒരുവന്റെ മാതാ​പി​താ​ക്ക​ളു​ടെ പ്രതീ​ക്ഷ​യ്‌ക്കൊ​ത്തു ഉയരാൻ കഴിയാ​ത്ത​തും ആത്മാഭി​മാ​നം കുറയു​ന്ന​തിന്‌ കാരണ​മാ​യേ​ക്കാം. ഒരു ചെറു​പ്പ​ക്കാ​രൻ പറയുന്നു: “എനിക്ക്‌ സ്‌കൂ​ളിൽ ‘ഏ മൈനസ്‌’ ഗ്രെയി​ഡാണ്‌ കിട്ടു​ന്ന​തെ​ങ്കിൽ അതു ‘ഏ’ ആകാഞ്ഞ​തെ​ന്തു​കൊ​ണ്ടാണ്‌ എന്ന്‌ എന്റെ വീട്ടു​കാർക്ക​റി​യണം, ഞാൻ ഒരു പരാജ​യ​മാ​ണെന്ന്‌ അവർ എന്നോട്‌ പറയു​ക​യും ചെയ്യുന്നു.” തങ്ങളുടെ കുട്ടികൾ ഏററം നന്നായി ചെയ്യാൻ അവരെ പ്രേരി​പ്പി​ക്കുക എന്നത്‌ തീർച്ച​യാ​യും മാതാ​പി​താ​ക്കൾക്ക്‌ സഹജമാ​യു​ളള ഒരു വാസന​യാണ്‌. നിങ്ങൾ അവരുടെ ന്യായ​മായ പ്രതീ​ക്ഷ​കൾക്കൊ​പ്പം പോലും എത്താതെ വരു​മ്പോൾ നിങ്ങൾ അതെപ്പ​ററി കേൾക്കേ​ണ്ടി​വ​രും എന്ന്‌ നിങ്ങൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം ഇതാണ്‌: “മകനെ [അല്ലെങ്കിൽ മകളെ] നിന്റെ പിതാ​വി​ന്റെ ശിക്ഷണ​ത്തിന്‌ ചെവി കൊടു​ക്കുക; നിന്റെ മാതാ​വി​ന്റെ നിയമത്തെ ഉപേക്ഷി​ച്ചു​ക​ള​യു​ക​യു​മ​രുത്‌.” (സദൃശ​വാ​ക്യ​ങ്ങൾ 1:8, 9) നിരാശ തോന്നു​ന്ന​തി​നു പകരം വിമർശ​നത്തെ ഒരു സാധാരണ സംഗതി​യാ​യി വീക്ഷി​ക്കു​ക​യും അതിൽ നിന്ന്‌ പഠിക്കു​ക​യും ചെയ്യുക.

ഒരുവന്റെ മാതാ​പി​താ​ക്കൾ ന്യായ​മ​ല്ലാത്ത വിധത്തിൽ താരത​മ്യം ചെയ്യു​ന്നു​വെ​ങ്കി​ലെന്ത്‌? (“നിനക്ക്‌ നിന്റെ ജ്യേഷ്‌ഠൻ പോളി​നെ​പ്പോ​ലെ​യാ​യി​രി​ക്കാൻ കഴിയാ​ത്ത​തെ​ന്തു​കൊണ്ട്‌? അവൻ എന്നും ക്ലാസ്സിൽ ഒന്നാമ​നാ​യി​രു​ന്നു.”) അത്തരം താരത​മ്യ​ങ്ങൾ ചില​പ്പോൾ മുറി​പ്പെ​ടു​ത്തു​ന്ന​താ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും അതിൽ അല്‌പം കാര്യ​മുണ്ട്‌. നിങ്ങൾക്ക്‌ ഏററം നല്ലതു സംഭവി​ച്ചു കാണാ​നാണ്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്നത്‌. അവർ നിങ്ങളെ വല്ലാതെ ഭാര​പ്പെ​ടു​ത്തു​ന്ന​താ​യി നിങ്ങൾക്ക്‌ തോന്നു​ന്നു​വെ​ങ്കിൽ എന്തു​കൊണ്ട്‌ അവരോട്‌ കാര്യങ്ങൾ ശാന്തമാ​യി ചർച്ച​ചെ​യ്‌തു​കൂ​ടാ?

ആത്മാഭി​മാ​നം വളർത്തൽ

തളരുന്ന ആത്മാഭി​മാ​നത്തെ നിങ്ങൾക്ക്‌ എങ്ങനെ താങ്ങി നിർത്താൻ കഴിയും? ഒന്നാമ​താ​യി, നിങ്ങളു​ടെ ആസ്‌തി​ക​ളും ബാദ്ധ്യ​ത​ക​ളും സത്യസ​ന്ധ​മാ​യി ഒന്നു വിലയി​രു​ത്തുക. ബാദ്ധ്യ​ത​ക​ളെന്ന്‌ നിങ്ങൾ വിളി​ക്കുന്ന പലതും വെറും നിസ്സാര കാര്യ​ങ്ങ​ളാ​ണെന്ന്‌ നിങ്ങൾ കണ്ടെത്തും. ക്ഷിപ്ര​കോ​പ​മോ സ്വാർത്ഥ​ത​യോ പോലു​ളള ഗൗരവ​ത​ര​മായ കുറവു​കൾ സംബന്ധി​ച്ചെന്ത്‌? ഈ പ്രശ്‌നങ്ങൾ പരിഹ​രി​ക്കാൻ മനസ്സാ​ക്ഷി​പൂർവ്വം ശ്രമി​ക്കുക, നിങ്ങളു​ടെ ആത്മാഭി​മാ​നം തീർച്ച​യാ​യും വളർന്നു​വ​രും.

കൂടാതെ നിങ്ങൾക്കി​പ്പോൾത്തന്നെ ചില ആസ്‌തി​ക​ളുണ്ട്‌ എന്ന വസ്‌തു​ത​യ്‌ക്കു നേരെ കണ്ണടയ്‌ക്ക​രുത്‌! ഭക്ഷണം പാകം ചെയ്യാ​നും കാററു​പോയ ഒരു ടയർ ശരിയാ​ക്കാ​നും കഴിയുക എന്നത്‌ അത്ര പ്രധാ​നമല്ല എന്ന്‌ നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ വിശപ്പു​ളള ഒരു മനുഷ്യ​നോ വഴിയിൽ കുടു​ങ്ങി​പ്പോയ ഒരു മോ​ട്ടോർ വാഹന​ക്കാ​ര​നോ അത്തരം പ്രാപ്‌തി​ക​ളു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ നിങ്ങളെ ആദരി​ക്കും! നിങ്ങൾക്കു​ളള ഗുണവ​ശ​ങ്ങ​ളെ​പ്പ​റ​റി​യും​കൂ​ടെ ചിന്തി​ക്കുക. നിങ്ങൾ പഠനത്തിൽ ഉത്സാഹ​മു​ള​ള​യാ​ളാ​ണോ? നിങ്ങൾക്ക്‌ ക്ഷമയു​ണ്ടോ? സഹാനു​ഭൂ​തി​യു​ണ്ടോ? ഔദാ​ര്യ​മു​ണ്ടോ? ദയയു​ണ്ടോ? ഈ ഗുണങ്ങൾ നിസ്സാ​ര​മായ കുറവു​ക​ളേ​ക്കാൾ വളരെ ഈടു​ള​ള​വ​യാണ്‌.

ഹ്രസ്വ​മാ​യ ഈ ലിസ്‌ററ്‌ പരി​ശോ​ധി​ക്കു​ന്ന​തും സഹായി​ച്ചേ​ക്കാം:

യാഥാർത്ഥ്യ​ബോ​ധ​ത്തോ​ടെ​യു​ളള ലാക്കുകൾ വയ്‌ക്കുക: നിങ്ങൾ എല്ലായ്‌പ്പോ​ഴും നക്ഷത്ര​ങ്ങ​ളി​ലാണ്‌ ലക്ഷ്യം വയ്‌ക്കു​ന്ന​തെ​ങ്കിൽ തിക്തമായ നിരാ​ശ​യാ​യി​രി​ക്കും അനുഭ​വ​പ്പെ​ടുക. നേടാ​വുന്ന ലാക്കുകൾ വയ്‌ക്കുക. ടൈപ്പ്‌ ചെയ്യു​ന്ന​തു​പോ​ലെ എന്തെങ്കി​ലും വൈദ​ഗ്‌ദ്ധ്യം നേടു​ന്നതു സംബന്ധി​ച്ചെന്ത്‌? ഒരു സംഗീ​തോ​പ​ക​രണം വായി​ക്കാ​നോ മറെറാ​രു ഭാഷ സംസാ​രി​ക്കാ​നോ പഠിക്കുക. നിങ്ങളു​ടെ വായന മെച്ച​പ്പെ​ടു​ത്തു​ക​യോ അതിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെ​ടു​ത്തു​ക​യോ ചെയ്യുക. ആത്മാഭി​മാ​നം എന്നത്‌ നേട്ടങ്ങ​ളു​ടെ പ്രയോ​ജ​ന​ക​ര​മായ ഒരു ഉൽപ്പന്ന​മാണ്‌.

നല്ല വേല ചെയ്യുക: നിങ്ങൾ ജോലി ചെയ്യു​ന്നത്‌ മോശ​മാ​യി​ട്ടാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ നിങ്ങ​ളെ​പ്പ​ററി വലിയ മതി​പ്പൊ​ന്നും തോന്നാ​നി​ട​യില്ല. തന്റെ സൃഷ്ടി​ക്രി​യ​ക​ളിൽ ദൈവം സന്തോ​ഷി​ക്കു​ക​യും സൃഷ്ടി​യു​ടെ ആ കാലഘ​ട്ട​ങ്ങ​ളു​ടെ അവസാനം “നല്ലത്‌” എന്ന്‌ പ്രഖ്യാ​പി​ക്കു​ക​യും ചെയ്‌തു. (ഉല്‌പത്തി 1:3-31) നിങ്ങൾക്കും, വീട്ടി​ലോ സ്‌കൂ​ളി​ലോ നിങ്ങൾ ചെയ്യുന്ന ജോലി വൈദ​ഗ്‌ദ്ധ്യ​ത്തോ​ടെ​യും മനസ്സാ​ക്ഷി​പൂർവ്വ​ക​വും ചെയ്യുക വഴി അതിൽ സന്തോ​ഷി​ക്കാൻ കഴിയും.—സദൃശ​വാ​ക്യ​ങ്ങൾ 22:29 കാണുക.

മററു​ള​ള​വർക്കു​വേണ്ടി കാര്യങ്ങൾ ചെയ്യുക: നിങ്ങൾ പിന്നോ​ക്കം ചാരി​ക്കി​ട​ക്കു​ക​യും മററു​ള​ളവർ നിങ്ങൾക്കു​വേണ്ടി സകല കാര്യ​ങ്ങ​ളും ചെയ്യാൻ അനുവ​ദി​ക്കു​ക​യും ചെയ്‌താൽ നിങ്ങൾക്ക്‌ ആത്മാഭി​മാ​നം ഉണ്ടാവു​ക​യില്ല. “വലിയ​വ​നാ​യി​രി​ക്കാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും . . . [ഒരു] ശുശ്രൂ​ഷകൻ” അല്ലെങ്കിൽ മററു​ള​ള​വ​രു​ടെ ദാസൻ “ആയിരി​ക്കണ”മെന്ന്‌ യേശു പറഞ്ഞു.—മർക്കോസ്‌ 10:43-45.

ഉദാഹ​ര​ണ​ത്തിന്‌, 17 വയസ്സു​കാ​രി കിം വേനൽ അവധി​ക്കാ​ലത്ത്‌ ഓരോ മാസവും മററു​ള​ള​വരെ ബൈബിൾ സത്യങ്ങൾ പഠിക്കാൻ സഹായി​ക്കു​ന്ന​തിന്‌ 60 മണിക്കൂർ നീക്കി വച്ചു. അവൾ പറയുന്നു: “അതു എന്നെ യഹോ​വ​യോട്‌ കൂടുതൽ അടുപ്പി​ച്ചി​രി​ക്കു​ന്നു. ആളുക​ളോട്‌ ഒരു യഥാർത്ഥ സ്‌നേഹം വളർത്തി​യെ​ടു​ക്കാ​നും അത്‌ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.” ഈ സന്തുഷ്ട യുവതി ആത്മാഭി​മാ​ന​ത്തിൽ കുറവു​ള​ള​വ​ളാ​യി​രി​ക്കാൻ സാദ്ധ്യ​ത​യില്ല!

നിങ്ങളു​ടെ സുഹൃ​ത്തു​ക്കളെ ശ്രദ്ധാ​പൂർവ്വം തെര​ഞ്ഞെ​ടു​ക്കുക: “എന്നോടു തന്നെയു​ളള എന്റെ ബന്ധം വളരെ അസന്തു​ഷ്ട​മാണ്‌,” എന്ന്‌ 17 വയസ്സു​കാ​രി ബാർബരാ പറഞ്ഞു. “എന്നിൽ വിശ്വാ​സം അർപ്പി​ക്കുന്ന ആളുക​ളോ​ടു​കൂ​ടെ​യാ​യി​രി​ക്കു​മ്പോൾ ഞാൻ നല്ല വേല ചെയ്യുന്നു. ഒരു യന്ത്രത്തി​ന്റെ അനുബ​ന്ധ​മാ​യി മാത്രം എന്നെ കണക്കാ​ക്കു​ന്ന​വ​രോ​ടു കൂടെ​യാ​യി​രി​ക്കു​മ്പോൾ ഞാൻ ഒരു മഠയി​യാണ്‌.”

അഹങ്കാ​രി​ക​ളോ അവഹേ​ളി​ക്കു​ന്ന​വ​രോ ആയ ആളുകൾക്ക്‌ നിങ്ങൾക്ക്‌ നിങ്ങ​ളോ​ടു​തന്നെ മതിപ്പി​ല്ലാ​താ​ക്കാൻ കഴിയും. അതു​കൊണ്ട്‌ നിങ്ങളു​ടെ ക്ഷേമത്തിൽ യഥാർത്ഥ താല്‌പ​ര്യ​മു​ളള സുഹൃ​ത്തു​ക്കളെ, നിങ്ങളെ കെട്ടു​പണി ചെയ്യുന്ന സുഹൃ​ത്തു​ക്കളെ തെര​ഞ്ഞെ​ടു​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 13:20.

ദൈവത്തെ നിങ്ങളു​ടെ ഏററം അടുത്ത സുഹൃ​ത്താ​ക്കുക: “യഹോവ എന്റെ പാറയും എന്റെ കോട്ട​യും ആകുന്നു,” എന്ന്‌ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ പ്രഖ്യാ​പി​ച്ചു. (സങ്കീർത്തനം 18:2) അവന്റെ ആത്മവി​ശ്വാ​സം അവന്റെ പ്രാപ്‌തി​ക​ളി​ലാ​യി​രു​ന്നില്ല, മറിച്ച്‌ യഹോ​വ​യു​മാ​യു​ളള അവന്റെ ഉററ സൗഹൃ​ദ​ത്തി​ലാ​യി​രു​ന്നു. അപ്രകാ​രം പിൽക്കാ​ലത്ത്‌ അവന്‌ അനർത്ഥ​കാ​ലം വന്നപ്പോൾ തന്റെ പ്രശാന്തത കൈ​വെ​ടി​യാ​തെ അവന്‌ ക്രൂര​മായ വിമർശ​നത്തെ നേരി​ടാൻ കഴിഞ്ഞു. (2 ശമൂവേൽ 16:7, 10) നിങ്ങൾക്കും “ദൈവ​ത്തോട്‌ അടുത്തു ചെല്ലാ​നും” അങ്ങനെ നിങ്ങളിൽതന്നെ അല്ല യഹോ​വ​യിൽ “പ്രശം​സി​ക്കാ​നും” കഴിയും!—യാക്കോബ്‌ 2:21-23; 4:8; 1 കൊരി​ന്ത്യർ 1:31.

ഊരാ​ക്കു​ടു​ക്കു​കൾ

ഒരു എഴുത്തു​കാ​രൻ ഇപ്രകാ​രം പറഞ്ഞു: “ചില​പ്പോൾ സ്വന്തനി​ല​യിൽ ഒരു വ്യക്തി​ത്വ​മി​ല്ലാത്ത, അല്ലെങ്കിൽ വേണ്ടത്ര ആത്മാഭി​മാ​നം ഇല്ലാത്ത കൗമാ​ര​പ്രാ​യ​ത്തി​ലു​ളള ഒരു വ്യക്തി ലോകത്തെ അഭിമു​ഖീ​ക​രി​ക്കാൻ വേണ്ടി ഒരു കപടമു​ഖം അല്ലെങ്കിൽ മുഖം​മൂ​ടി എടുത്ത​ണി​യാൻ ശ്രമി​ക്കു​ന്നു.” അവർ എടുത്ത​ണി​യുന്ന പൊയ്‌മു​ഖങ്ങൾ പരിചി​ത​ങ്ങ​ളാണ്‌: “ഒരു പരുക്കൻ സ്വഭാ​വ​ക്കാ​രൻ,” അഴിഞ്ഞ നടത്തക്കാ​രൻ, വിചിത്ര വേഷക്കാ​രൻ. എന്നാൽ അത്തരം വേഷങ്ങൾക്ക്‌ പിൻപിൽ ആ ചെറു​പ്പ​ക്കാർ പിന്നെ​യും അപകർഷ​താ​ബോ​ധ​ത്തോട്‌ മല്ലടി​ക്കു​ക​യാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 14:13.

ഉദാഹ​ര​ണ​മാ​യി “മ്ലാനത അകററാ​നും [മററു​ള​ള​വർക്ക്‌ തങ്ങളെ ആവശ്യ​മുണ്ട്‌ എന്ന ചിന്തയാൽ] ആത്മവി​ശ്വാ​സം വളർത്താ​നും വേണ്ടി യഥേഷ്ടം ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​വ​രെ​പ്പ​ററി ചിന്തി​ക്കുക. അടുപ്പം വളർത്തി​യെ​ടു​ക്കു​ന്ന​തി​നും ഗർഭധാ​ര​ണ​ത്തി​ലൂ​ടെ മറെറാ​രു വ്യക്തി​യു​ടെ—ഒരു ശിശു​വി​ന്റെ—സ്‌നേ​ഹ​വും പൂർണ്ണ​മായ അംഗീ​കാ​ര​വും നേടു​ന്ന​തി​നും അവർ ശ്രമി​ക്കു​ന്നു.” (കോപ്പിംഗ്‌ വിത്ത്‌ ററീൻ ഏജ്‌ ഡി​പ്രെഷൻ) [ഇംഗ്ലീഷ്‌]. മിഥ്യാ​ഭ്ര​മ​ത്തിൽ നിന്ന്‌ മോചി​ത​യായ ഒരു യുവതി ഇപ്രകാ​രം എഴുതി: “എന്റെ സ്രഷ്ടാ​വി​നോട്‌ ഒരു ശക്തമായ ബന്ധം വളർത്തി​യെ​ടു​ക്കു​ന്ന​തിന്‌ പകരം ആശ്വാ​സ​ത്തി​നു​വേണ്ടി ഞാൻ ലൈം​ഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു. ഞാൻ കെട്ടി​പ്പെ​ടു​ത്തത്‌ ശൂന്യ​ത​യും ഏകാന്ത​ത​യും കൂടുതൽ മ്ലാനത​യും മാത്ര​മാ​യി​രു​ന്നു.” അത്തരം ഊരാ​ക്കു​ടു​ക്കു​കൾക്കെ​തി​രെ ജാഗ്ര​ത​പാ​ലി​ക്കുക.

ഒരു മുന്നറി​യിപ്പ്‌

രസാവ​ഹ​മാ​യി, അവനവ​നെ​പ്പ​ററി വളരെ ഉന്നതമാ​യി ചിന്തി​ക്കു​ന്ന​തി​നെ​തി​രെ തിരു​വെ​ഴു​ത്തു​കൾ കൂടെ​ക്കൂ​ടെ മുന്നറി​യിപ്പ്‌ നൽകുന്നു! അതെന്തു​കൊ​ണ്ടാണ്‌? പ്രത്യ​ക്ഷ​ത്തിൽ നമ്മിൽ മിക്കവ​രും ആത്മവി​ശ്വാ​സം വളർത്തി​യെ​ടു​ക്കാ​നു​ളള ശ്രമത്തിൽ അതിരു​ക​ട​ന്നു​പോ​കാ​നു​ളള സാദ്ധ്യ​ത​യു​ള​ള​തു​കൊ​ണ്ടാണ്‌. പലരും അഹംഭാ​വി​ക​ളാ​യി​ത്തീ​രു​ക​യും അവരുടെ വൈദ​ഗ്‌ദ്ധ്യ​ങ്ങ​ളും കഴിവു​ക​ളും വളരെ​യ​ധി​കം പെരു​പ്പി​ച്ചു കാണി​ക്കു​ക​യും ചെയ്യുന്നു. ചിലർ മററു​ള​ള​വരെ ഇടിച്ചു​താ​ഴ്‌ത്തി​ക്കൊണ്ട്‌ തങ്ങളെ​ത്തന്നെ ഉയർത്തു​ന്നു.

പണ്ട്‌ ഒന്നാം നൂററാ​ണ്ടിൽ യഹൂദൻമാ​രും പുറജാ​തി​ക​ളും (യഹൂ​ദേ​തരർ) തമ്മിലു​ണ്ടായ രൂക്ഷമായ ഭിന്നത റോമി​ലെ ഒരു ക്രിസ്‌തീയ സഭയെ ബാധിച്ചു. അതു​കൊണ്ട്‌ ദൈവ​ത്തി​ന്റെ “കൃപയാൽ” മാത്ര​മാണ്‌ പുറജാ​തി​കൾ ദൈവ​പ്രീ​തി​യി​ലേക്ക്‌ “കൂട്ടി​ച്ചേർക്ക​പ്പെ​ട്ടത്‌” എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അവരെ ഓർമ്മി​പ്പി​ച്ചു. (റോമർ 11:17-36) സ്വയനീ​തി​ക്കാ​രായ യഹൂദൻമാ​രും അവരുടെ അപൂർണ്ണ​ത​കളെ അഭിമു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. “എന്തെന്നാൽ എല്ലാവ​രും പാപം ചെയ്‌തു ദൈവ​തേ​ജ​സ്സിൽ കുറവു​ള​ള​വ​രാ​യി​ത്തീർന്നു,” എന്ന്‌ പൗലോസ്‌ പറഞ്ഞു.—റോമർ 3:23.

പൗലോസ്‌ അവരുടെ ആത്മാഭി​മാ​നം ഉരിഞ്ഞു കളഞ്ഞില്ല, മറിച്ച്‌ അവൻ ഇപ്രകാ​രം പറഞ്ഞു: “എനിക്ക്‌ ലഭിച്ച അനർഹദയ നിമിത്തം ഞാൻ എല്ലാവ​രോ​ടും പറയുന്നു . . . തന്നെപ്പ​റ​റി​ത്തന്നെ ഭാവി​ക്കേ​ണ്ട​തി​ല​ധി​കം ഭാവി​ക്ക​രുത്‌.” (റോമർ 12:3) അതു​കൊണ്ട്‌ ഒരളവി​ലു​ളള ആത്മാഭി​മാ​നം “ആവശ്യ”മാണെ​ങ്കി​ലും ഈ സംഗതി​യിൽ ഒരുവൻ അതിർക​ടന്നു പോക​രുത്‌.

ഡോ. അലൻ ഫ്രോം നിരീ​ക്ഷി​ക്കു​ന്ന​പ്ര​കാ​രം: “തന്നെപ്പ​റ​റി​ത്തന്നെ മതിയായ ധാരണ​യു​ളള ഒരു വ്യക്തി ദുഃഖി​തനല്ല എന്നാൽ അയാൾ മതിമ​റന്ന്‌ സന്തോ​ഷി​ക്കേ​ണ്ട​തു​മില്ല . . . അയാൾ ഒരു ദോ​ഷൈ​ക​ദൃ​ക്കല്ല, എന്നാൽ അയാളു​ടെ ശുഭാ​പ്‌തി വിശ്വാ​സം കടിഞ്ഞാ​ണി​ല്ലാ​ത്ത​തു​മല്ല. അയാൾ ഒരു അതിസാ​ഹ​സി​ക​നോ ചിലതരം ഭയപ്പാ​ടു​ക​ളിൽ നിന്ന്‌ ഒഴിവു​ള​ള​വ​നോ അല്ല. താൻ സകല കാല​ത്തേ​യും ഏററം മികച്ച ജേതാവ്‌ അല്ല എന്ന്‌ അയാൾ തിരി​ച്ച​റി​യു​ന്നു, അയാൾ ഒരു സ്ഥിര [നിത്യ] പരാജി​ത​നു​മല്ല.”

അതു​കൊണ്ട്‌ താഴ്‌മ​യു​ള​ള​വ​രാ​യി​രി​ക്കുക. “ദൈവം അഹങ്കാ​രി​ക​ളോട്‌ എതിർക്കു​ന്നു, താഴ്‌മ​യു​ള​ള​വർക്കോ അവൻ അനർഹദയ നൽകുന്നു.” (യാക്കോബ്‌ 4:6) നിങ്ങളു​ടെ നല്ല വശങ്ങൾ തിരി​ച്ച​റി​യുക, എന്നാൽ നിങ്ങളു​ടെ കുറവു​കൾ അവഗണി​ക്കു​ക​യും അരുത്‌. മറിച്ച്‌ അവ പരിഹ​രി​ക്കാൻ ശ്രമി​ക്കുക. എന്നാലും ചില​പ്പോൾ നിങ്ങൾ നിങ്ങ​ളേ​ക്കു​റി​ച്ചു​തന്നെ സംശയി​ക്കും. എന്നാൽ നിങ്ങളു​ടെ തന്നെ മൂല്യ​ത്തെ​പ്പ​റ​റി​യോ ദൈവം നിങ്ങൾക്കു​വേണ്ടി കരുതു​ന്നു എന്ന കാര്യ​ത്തി​ലോ അശേഷം സംശയി​ക്കേ​ണ്ട​തില്ല. കാരണം “ആരെങ്കി​ലും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്നു​വെ​ങ്കിൽ ദൈവം അവനെ അറിയു​ന്നു.”—1 കൊരി​ന്ത്യർ 8:3.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ചില യുവജ​ന​ങ്ങൾക്ക്‌ തങ്ങളെ​പ്പ​റ​റി​ത്തന്നെ നിഷേ​ധാ​ത്മക വിചാ​രങ്ങൾ ഉളളത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾക്ക്‌ അത്തരം വിചാ​ര​ങ്ങ​ളു​ണ്ടോ?

◻ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ വയ്‌ക്കുന്ന നിബന്ധ​ന​കളെ നിങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യും?

◻ ആത്മാഭി​മാ​നം വളർത്തി​യെ​ടു​ക്കു​ന്ന​തി​നു​ളള ചില മാർഗ്ഗങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ ആത്മവി​ശ്വാ​സം വളർത്തി​യെ​ടു​ക്കാ​നു​ളള ശ്രമത്തിൽ ഉളള ചില ഊരാ​ക്കു​ടു​ക്കു​കൾ ഏവയാണ്‌?

◻ നിങ്ങ​ളെ​പ്പ​റ​റി​ത്തന്നെ വളരെ ഉന്നതമാ​യി ചിന്തി​ക്കാ​തി​രി​ക്കാൻ നിങ്ങൾ സൂക്ഷി​ക്കേ​ണ്ട​തെ​ന്തു​കൊ​ണ്ടാണ്‌?

[98-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“മനുഷ്യാ​സ്‌തി​ത്വ​ത്തി​നു മാന്യത കൈവ​രു​ത്തുന്ന ഘടകം” എന്ന്‌ ആത്‌മ​വി​ശ്വാ​സത്തെ വിളി​ച്ചി​രി​ക്കു​ന്നു

[99-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ മ്ലാനത അനുഭ​വ​പ്പെ​ടു​ന്നു​വോ? നിങ്ങൾ മററു​ള​ള​വ​രേ​ക്കാൾ മോശ​മാണ്‌ എന്ന വിചാ​ര​മു​ണ്ടോ? അതി​നൊ​രു പരിഹാ​ര​മുണ്ട്‌

[101-ാം പേജിലെ ചിത്രം]

ആത്മാഭിമാനത്തിലെ കുറവ്‌ പരിഹ​രി​ക്കു​ന്ന​തി​നു​ളള മാർഗ്ഗം പൊങ്ങച്ചം പറയു​ക​യോ വീമ്പി​ള​ക്കു​ക​യോ ചെയ്യു​ന്ന​തല്ല

[102-ാം പേജിലെ ചിത്രം]

നിങ്ങൾക്ക്‌ യാതൊ​ന്നും ശരിയാ​യി ചെയ്യാൻ കഴിയില്ല എന്ന്‌ നിങ്ങൾക്ക്‌ ചില​പ്പോൾ തോന്നാ​റു​ണ്ടോ?