ഞാൻ എന്തു വായിക്കുന്നു എന്നത് പ്രധാനമാണോ?
അധ്യായം 35
ഞാൻ എന്തു വായിക്കുന്നു എന്നത് പ്രധാനമാണോ?
ശലോമോൻ രാജാവ് ഇപ്രകാരം മുന്നറിയിപ്പ് നൽകി: “പുസ്തകം നിർമ്മിക്കുന്നതിന് അവസാനമില്ല, അവയിലുളള അധികമായ താല്പര്യം ശരീരത്തിന് ക്ഷീണമാണ്.” (സഭാപ്രസംഗി 12:12) ശലോമോൻ പുസ്തകങ്ങൾ വായിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല; പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ ഉപദേശിക്കുക മാത്രമായിരുന്നു.
പതിനേഴാം നൂററാണ്ടിലെ ഒരു ഫ്രഞ്ച് തത്വജ്ഞാനിയായിരുന്ന റെനി ഡെക്കാർത്തസ്സ് ഇപ്രകാരം പറഞ്ഞു: “ഒരുവൻ നല്ല പുസ്തങ്ങൾ വായിക്കുന്നത് കഴിഞ്ഞ കാലത്ത് ജീവിച്ചിരുന്ന സംസ്ക്കാരമുളള ആളുകളുമായി സംഭാഷിക്കുന്നതുപോലെയാണ്. എഴുത്തുകാരൻ തന്റെ ഏററം കുലീനമായ ചിന്തകൾ മാത്രം അവതരിപ്പിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട ഒരു സംഭാഷണമെന്നുപോലും നമുക്ക് അതിനെ വിളിക്കാം.” എന്നാൽ എല്ലാ എഴുത്തുകാരും ‘സംഭാഷിക്കാൻ’ കൊളളാവുന്നവരല്ല, അവരുടെ ചിന്തകളെല്ലാം “കുലീന”വുമല്ല.
അതുകൊണ്ട് മിക്കപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു ബൈബിൾ തത്വം ഇവിടെയും ബാധകമാകുന്നു: “ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33) അതെ, നിങ്ങൾ ആരോട് സഹവസിക്കുന്നുവോ ആ ആളുകൾക്ക് നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താൻ കഴിയും. നിങ്ങൾ നിങ്ങളുടെ ഒരു സുഹൃത്തിനെപ്പോലെ പ്രവർത്തിക്കാനും സംസാരിക്കാനും ചിന്തിക്കാനും പോലും തുടങ്ങിയിരിക്കുന്നതായി കണ്ടെത്തത്തക്കവണ്ണം നിങ്ങൾ ഒരു സുഹൃത്തിനോടൊപ്പം അത്രയധികം സമയം ചെലവഴിച്ചിട്ടുണ്ടോ? കൊളളാം, ഒരു പുസ്തകം വായിക്കുന്നത് അതു എഴുതിയ ആളുമായി അനേകം മണിക്കൂറുകൾ സംഭാഷണത്തിൽ ചെലവഴിക്കുന്നതു പോലെയാണ്.
അതുകൊണ്ട് മത്തായി 24:15-ൽ യേശു പറഞ്ഞ തത്വം ഉചിതമാണ്: “വായിക്കുന്നവൻ വിവേചന പ്രയോഗിക്കട്ടെ.” നിങ്ങൾ വായിക്കുന്നത് അപഗ്രഥിക്കാനും തൂക്കിനോക്കാനും പഠിക്കുക. എല്ലാ മനുഷ്യരും ഒരളവിലുളള മുൻവിധികളാൽ ബാധിക്കപ്പെടുന്നു. അവർ ആരും വസ്തുതകൾ ചിത്രീകരിക്കുന്നതിൽ എല്ലായ്പ്പോഴും പൂർണ്ണമായി സത്യസന്ധരല്ല. അതുകൊണ്ട് നിങ്ങൾ വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന കാര്യങ്ങൾ എല്ലാം ചോദ്യം ചെയ്യാതെ മുഴുവനായി അംഗീകരിക്കരുത്: “അനുഭവജ്ഞാനമില്ലാത്തവൻ എല്ലാ വാക്കും വിശ്വസിക്കുന്നു, എന്നാൽ സൂക്ഷ്മബുദ്ധിയോ തന്റെ കാലടികളെ സൂക്ഷിക്കുന്നു.”—സദൃശവാക്യങ്ങൾ 14:15.
ജീവിതം സംബന്ധിച്ച് ഒരു തത്വജ്ഞാനം അവതരിപ്പിക്കുന്ന എന്തും വായിക്കുന്നതിൽ നിങ്ങൾ വിശേഷാൽ ശ്രദ്ധാലുക്കളായിരിക്കണം. ഉദാഹരണത്തിന്, ററീൻ മാസികകളിൽ നിറയെ ഡെയിററിംഗ് മുതൽ വിവാഹത്തിനു മുമ്പേയുളള ലൈംഗികത വരെയുളള സകല കാര്യങ്ങളും സംബന്ധിച്ച ഉപദേശങ്ങളാണ്—എന്നിരുന്നാലും അതു മിക്കപ്പോഴും ഒരു ക്രിസ്ത്യാനിക്ക് സ്വീകരിക്കാവുന്ന ഉപദേശങ്ങളല്ല. ഈടുററ തത്വജ്ഞാനപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലേക്ക് എടുത്തു ചാടുന്ന പുസ്തകങ്ങളെ സംബന്ധിച്ചെന്ത്?
ബൈബിൾ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “ക്രിസ്തുവിന് ഒത്തവണ്ണമല്ല. . . . മനുഷ്യരുടെ പാരമ്പര്യത്തിന് ഒത്തവണ്ണം തത്വജ്ഞാനവും പൊളളയായ വഞ്ചനയുംകൊണ്ട് നിങ്ങളെ ഇരയായി പിടിച്ചുകൊണ്ടു പോകുന്നവർ ഉണ്ടായിരുന്നേക്കാം എന്നതുകൊണ്ട് സൂക്ഷിക്കുക.” (കൊലോസ്യർ 2:8) ബൈബിളും ഇതുപോലുളള ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും അതിലും വളരെ മെച്ചമായ ഉപദേശം വച്ചുനീട്ടുന്നു.—2 തിമൊഥെയോസ് 3:16.
പ്രേമാത്മക നോവലുകളുടെ വായന നിരുപദ്രവകരമോ?
ഐക്യനാടുകളിൽ തന്നെ പ്രേമാത്മക നോവലുകൾ വായിക്കുന്നത് ഏതാണ്ട് രണ്ട് കോടി ജനങ്ങൾക്ക് ആസക്തി ഉളവാക്കുന്ന ശീലമായിത്തീർന്നിരിക്കുന്നു. തീർച്ചയായും പ്രേമബദ്ധരാകാനും വിവാഹം ചെയ്യാനുമുളള ആഗ്രഹം പുരുഷനിലും സ്ത്രീയിലും നിക്ഷേപിച്ചത് ദൈവം തന്നെയാണ്. (ഉല്പത്തി 1:27, 28; 2:23, 24) അതുകൊണ്ട് മിക്ക സങ്കല്പ കഥകളിലും പ്രേമത്തിന് ഒരു പ്രമുഖ സ്ഥാനം നൽകപ്പെട്ടിരിക്കുന്നത് അതിശയമല്ല, അത് അവശ്യം അത്ര പ്രതിഷേധാർഹവുമല്ല. ചില പ്രേമാത്മക നോവലുകൾ ഒന്നാംതരം സാഹിത്യത്തിന്റെ പദവിയിൽ എത്തിച്ചേർന്നിട്ടുപോലുമുണ്ട്. എന്നാൽ പഴയ കാലത്തെ നോവലുകൾ ഇന്നത്തെ നിലവാരം വച്ചു നോക്കുമ്പോൾ വളരെ സൗമ്യതയുളളതായി പരിഗണിക്കപ്പെടുന്നതിനാൽ ഒരു പുതിയതരം പ്രേമാത്മക നോവലുകൾ ചമയ്ക്കുന്നത് ആദായകരമാണ് എന്ന് ഈയിടെ എഴുത്തുകാർ കണ്ടെത്തിയിരിക്കുന്നു. തങ്ങളുടെ കഥകൾക്ക് നാടകീയതയും ഭാവവും നൽകുന്നതിന് ചിലർ ഇപ്പോഴും പുരാതനമോ മദ്ധ്യയുഗങ്ങളിലേതോ ആയ പശ്ചാത്തലങ്ങൾ ഉപയോഗിക്കുന്നു. മററുളളവർ തങ്ങളുടെ രചനാരീതിയിലും പശ്ചാത്തലത്തിലും സമകാലികരാണ്. എന്നിരുന്നാലും നിസ്സാരമായ ചില മാററങ്ങളോടെ ഈ പ്രേമാത്മക നോവലുകളെല്ലാം, നമുക്ക് ഏതാണ്ട് മുൻകൂട്ടിപ്പറയാൻ കഴിയുന്ന ഒരു ഫോർമുല തന്നെ പിൻപററുന്നു: തളിരിട്ട തങ്ങളുടെ പ്രേമത്തിന് ഭീഷണിയായിരിക്കുന്ന ഭീകര പ്രതിബന്ധങ്ങളെ നായികാനായകൻമാർ തരണം ചെയ്യുന്നു.
സാധാരണയായി, നായകൻ ശക്തനും ധാർഷ്ട്യക്കാരനും ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുന്നവനുമാണ്. നായികയാകട്ടെ സാധാരണയായി മൃദുലഗാത്രയും നിസ്സഹായയും നായകനേക്കാൾ പത്തോ പതിനഞ്ചോ വയസ്സ് കുറഞ്ഞവളുമായിരിക്കും. അയാൾ മിക്കപ്പോഴും അവളോട് അവജ്ഞയോടെ പെരുമാറുന്നെങ്കിലും അവൾ അപ്രതിരോധ്യമാംവണ്ണം അയാളിൽ ആകൃഷ്ടയാണ്.
മിക്കപ്പോഴും അവളുടെ സ്നേഹം തേടുന്ന ഒരു എതിരാളിയുണ്ട്. അയാൾ ദയയും പരിഗണനയും ഉളളവനാണെങ്കിലും നായികയെ വികാരഭരിതയാക്കുന്നതിൽ അല്ലെങ്കിൽ അവളെ ആകർഷിക്കുന്നതിൽ അയാൾ പരാജയപ്പെടുന്നു. അതുകൊണ്ട് തന്റെ വീരപുരുഷനെ മൃദുല
ഹൃദയമുളളവനാക്കി മാററുന്നതിന് അവൾ തന്റെ വശീകരണശക്തി പ്രയോഗിക്കുകയും അയാൾ അവളോടുളള തന്റെ സ്ഥായിയായ പ്രേമം തുറന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. നേരത്തെയുണ്ടായിരുന്ന സംശയങ്ങളെല്ലാം നീങ്ങുന്നു, പരസ്പരം പൊറുക്കുന്നു. സന്തോഷത്തോടെ അവർ വിവാഹിതരാവുകയും തുടർന്ന് സന്തുഷ്ടരായി ജീവിക്കുകയും ചെയ്യുന്നു . . .സ്നേഹം പ്രണയ കഥകളിലേതുപോലെയാണോ?
അത്തരം സങ്കല്പ കഥകൾ വായിക്കുന്നത് യാഥാർത്ഥ്യം സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെ മറയ്ക്കാൻ ഇടയാക്കുമോ? പതിനാറാമത്തെ വയസ്സിൽ പ്രേമാത്മക നോവലുകൾ വായിക്കാൻ തുടങ്ങിയ ബോണി അനുസ്മരിക്കുന്നു: “ദീർഘകായനും ഇരുണ്ട നിറമുളളവനും സുന്ദരനുമായ യുവാവിനെ ഞാൻ തേടി; ഉത്തേജനം പകരുന്ന, മേധാശക്തിയുളള വ്യക്തിത്വത്തോടുകൂടിയ ഒരുവനെ തന്നെ.” അവൾ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ഞാൻ ഒരു ചെറുപ്പക്കാരനുമായി ഡെയിററിംഗിലേർപ്പെട്ടാൽ അയാൾ പരിഗണനയും ദയയുമുളളവനായിരുന്നെങ്കിലും അയാൾ സ്പർശിക്കാനും ചുംബിക്കാനും ആഗ്രഹിച്ചില്ലെങ്കിൽ അയാൾ ഒരു അരസികനായിരുന്നു. ഞാൻ നോവലുകളിൽ വായിച്ചതുപോലുളള ഉത്തേജനമായിരുന്നു എനിക്കു വേണ്ടിയിരുന്നത്.”
വിവാഹത്തിനുശേഷവും ബോണി പ്രേമാത്മക നോവലുകളുടെ വായന തുടർന്നു. അവൾ പറയുന്നു: “എനിക്ക് ഒരു നല്ല ഭവനവും കുടുംബവും ഉണ്ടായിരുന്നു, എന്നാൽ എനിക്ക് അതുകൊണ്ട് തൃപ്തിയായില്ല . . . നോവലുകളിൽ അത്യാകർഷകമായി വർണ്ണിച്ചിരുന്ന തരത്തിലുളള സാഹസികതയും ഉത്തേജനവും ഹർഷോൻമാദവുമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എന്റെ വിവാഹജീവിതത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി.” എന്നാൽ ഒരു ഭർത്താവ് തന്റെ ഭാര്യക്ക് ആകർഷണീയതയേക്കാൾ അല്ലെങ്കിൽ “ഉത്തേജന”ത്തേക്കാൾ അധികം നൽകേണ്ടതുണ്ടെന്ന് വിലമതിക്കാൻ ബൈബിൾ ബോണിയെ സഹായിച്ചു. അതു ഇപ്രകാരം പറയുന്നു: “ഭർത്താക്കൻമാർ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. തന്റെ ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു, ആരും ഒരുനാളും സ്വന്തം ശരീരത്തെ ദ്വേഷിച്ചിട്ടില്ലല്ലോ; എന്നാൽ അതിനെ പോററിപുലർത്തുകയത്രേ ചെയ്യുന്നത്.”—എഫേസ്യർ 5:28, 29.
പ്രേമാത്മക നോവലുകളുടെ സാധാരണ വിഷയമായ അലൗകിക അന്ത്യങ്ങളും എളുപ്പത്തിലുളള പ്രശ്നപരിഹാരങ്ങളും സംബന്ധിച്ചെന്ത്? കൊളളാം, അവ യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലത്തിലാണ്. ബോണി അനുസ്മരിക്കുന്നു: “എനിക്ക് എന്റെ ഭർത്താവുമായി ഒരു അഭിപ്രായ ഭിന്നത ഉണ്ടായപ്പോൾ അത് അദ്ദേഹവുമായി ചർച്ച ചെയ്യുന്നതിനുപകരം ഞാൻ വായിച്ചിരുന്ന നോവലിലെ നായികയുടെ തന്ത്രങ്ങൾ അനുകരിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. നോവലിലെ നായകനെപ്പോലെ എന്റെ ഭർത്താവ് പ്രതികരിക്കാഞ്ഞപ്പോൾ ഞാൻ ദുർമ്മുഖം കാട്ടി.” “ഭാര്യമാരെ നിങ്ങളുടെ ഭർത്താക്കൻമാർക്ക് കൊലോസ്യർ 3:18.
കീഴടങ്ങിയിരിപ്പിൻ” എന്നു പറയുമ്പോൾ ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ഇതിനേക്കാൾ ഏറെ യാഥാർത്ഥ്യബോധത്തോടെയുളളതും പ്രായോഗികവുമല്ലേ?—ഉളളടക്കത്തിലെ ലൈംഗികത
രസാവഹമായി, ചില നഗരങ്ങളിലെ പബ്ലിക്ക് ലൈബ്രറികളിൽ ലഭ്യമായ ലൈംഗിക പ്രധാനമായ നോവലുകളാണ് കൗമാരപ്രായക്കാർക്ക് ഏററം അധികം താല്പര്യമുളളത്. അവ നിങ്ങൾക്ക് ദ്രോഹം ചെയ്യുമോ? പതിനെട്ടു വയസ്സുകാരി കാരൻ വിശദീകരിക്കുന്നു: “ആ പുസ്തകങ്ങൾ വാസ്തവത്തിൽ എന്നിൽ ശക്തമായ ലൈംഗിക വികാരങ്ങളും ജിജ്ഞാസയും ഉണർത്തി. നായികയ്ക്ക് നായകനുമായുളള വികാരോജ്വലമായ കൂടിക്കാഴ്ചകളിൽ അനുഭവപ്പെട്ട സുഖാനുഭൂതിയും നിർവൃതിയും ഞാൻ അത്തരം വികാരാനുഭവങ്ങൾ ആഗ്രഹിക്കാനിടയാക്കി. അതുകൊണ്ട് ഞാൻ ഡെയിററിംഗിലേർപ്പെട്ടപ്പോൾ,” അവൾ തുടരുന്നു, “അത്തരം അനുഭൂതികൾ പുനർസൃഷ്ടിക്കാൻ ഞാൻ ശ്രമിച്ചു. അത് ഞാൻ ദുർവൃത്തിയിൽ ഏർപ്പെടുന്നതിലേക്ക് നയിച്ചു.” എന്നാൽ അവളുടെ അനുഭവം അവൾ വായിച്ച ആ സങ്കല്പ കഥകളിലെ നായികമാരുടെതുപോലെയായിരുന്നോ? “ഈ വികാരങ്ങൾ എഴുത്തുകാരുടെ മനസ്സിന്റെ സങ്കൽപ സൃഷ്ടികളാണ്. അവ യഥാർത്ഥമല്ല” എന്ന് കാരൻ കണ്ടെത്തി.
അത്തരം ലൈംഗിക മനോരഥ സൃഷ്ടി നടത്തുക എന്നതു തന്നെയാണ് ചില എഴുത്തുകാരുടെ ലക്ഷ്യം. പ്രേമാത്മക നോവലുകളുടെ എഴുത്തുകാർക്ക് ഒരു പുസ്തക പ്രസാധകൻ നൽകുന്ന നിർദ്ദേശങ്ങൾ പരിഗണിക്കുക: “ലൈംഗിക കൂടിക്കാഴ്ച്ചകളിൽ നായകന്റെ ചുംബനത്താലും തലോടലിനാലും ഉണർത്തപ്പെടുന്ന വികാരങ്ങളിലും കാമഹർഷത്തിലും വേണം ശ്രദ്ധകേന്ദ്രീകരിക്കാൻ.” കൂടാതെ “പ്രണയ കഥകൾ ഉത്തേജനവും പിരിമുറുക്കവും ഉണർത്തുകയും വായനക്കാരിൽ ആഴമായ വികാരവും വിഷയസുഖവും ഉളവാക്കുകയും ചെയ്യണ”മെന്ന് എഴുത്തുകാർ ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു. പ്രകടമായും അത്തരം വിവരങ്ങൾ വായിക്കുന്നത് “ദുർവൃത്തി, അശുദ്ധി, ലൈംഗികതൃഷ്ണ ദ്രോഹകരമായ ആഗ്രഹങ്ങൾ എന്നിവ സംബന്ധിച്ച് ഭൂമിയിലുളള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ” എന്നുളള ബൈബിളിന്റെ പ്രബോധനം അനുസരിക്കാൻ ഒരുവനെ സഹായിക്കുകയില്ല.—കൊലോസ്യർ 3:5.
തെരഞ്ഞെടുക്കൽ
അപ്പോൾ അധാർമ്മിക വികാരങ്ങൾ ഉണർത്തുകയോ അയഥാർത്ഥ
പ്രതീക്ഷകൾ വളർത്തുകയോ ചെയ്യുന്ന നോവലുകൾ ഒഴിവാക്കുകയാണ് ഏററം നല്ലത്. എന്തുകൊണ്ട് അവ വിട്ടിട്ട് ചരിത്രമോ ശാസ്ത്രഗ്രന്ഥങ്ങളോപോലെയുളള മററ് പുസ്തകങ്ങൾ വായിച്ചുകൂടാ? സങ്കല്പ കലാസൃഷ്ടികളെ പാടെ വർജ്ജിക്കണമെന്നല്ല, കാരണം അത്തരം ചില പുസ്തകങ്ങൾ വിനോദം മാത്രമല്ല വിജ്ഞാനവും പ്രദാനം ചെയ്യുന്നു. എന്നാൽ ഒരു നോവൽ ലൈംഗികതക്കും നിരർത്ഥകമായ അക്രമ പ്രവർത്തനങ്ങൾക്കും മാന്ത്രിക വിദ്യകൾക്കും അഴിഞ്ഞ നടത്തയുളളവരോ ക്രൂരൻമാരോ അല്ലെങ്കിൽ അത്യാഗ്രഹികളോ ആയ “വീരപുരുഷൻമാർക്കും” പ്രാധാന്യം നൽകുന്നുവെങ്കിൽ അതു വായിച്ച് നിങ്ങൾ സമയം നഷ്ടപ്പെടുത്തണമോ?അതുകൊണ്ട് ശ്രദ്ധയുളളവരായിരിക്കുക. ഒരു പുസ്തകം വായിക്കുന്നതിന് മുൻപ് അതിന്റെ പുറംചട്ട പരിശോധിച്ച് അതിൽ അസ്വീകാര്യമായ എന്തെങ്കിലും ഉണ്ടോ എന്ന് കാണുക. ഇങ്ങനെ മുൻകരുതൽ സ്വീകരിച്ചശേഷവും അതു നല്ലതല്ല എന്ന് കാണുന്നുവെങ്കിൽ വായന നിറുത്താനുളള മനഃധൈര്യം ഉണ്ടായിരിക്കുക.
അതിന് വിപരീതമായി, ബൈബിളും ബൈബിളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിനാൽ നിങ്ങൾക്ക് ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാവുകയില്ല. ഉദാഹരണത്തിന് ഒരു ജപ്പാൻകാരി പെൺകുട്ടി പറയുന്നത് ബൈബിൾ വായന ലൈംഗിക കാര്യങ്ങളിൽനിന്ന് മനസ്സ് അകററി നിറുത്താൻ അവളെ സഹായിച്ചു എന്നാണ്—അതു മിക്കപ്പോഴും യുവജനങ്ങൾക്ക് ഒരു പ്രശ്നമാണ്. “ഞാൻ എല്ലായ്പ്പോഴും ബൈബിൾ എന്റെ കിടക്കയ്ക്കരുകിൽ സൂക്ഷിക്കുകയും ഉറങ്ങാൻ പോകുന്നതിനു മുൻപ് അത് വായിക്കുകയും ചെയ്യുന്നു,” എന്ന് അവൾ പറയുന്നു. “ഞാൻ ഒററയ്ക്കായിരിക്കുമ്പോഴും (കിടക്കാൻ പോകുമ്പോഴത്തെപ്പോലെ) ഒന്നും ചെയ്യാനില്ലാത്തപ്പോഴുമാണ് എന്റെ മനസ്സ് ചിലപ്പോൾ ലൈംഗിക കാര്യങ്ങളിലേക്ക് തിരിയുന്നത്. അതുകൊണ്ട് ബൈബിൾ വായിക്കുന്നത് യഥാർത്ഥത്തിൽ എന്നെ സഹായിക്കുന്നു!” അതെ, ബൈബിളിൽ വിവരിച്ചിരിക്കുന്ന വിശ്വാസമുളള ആളുകളുമായി “സംഭാഷിക്കുന്നത്” നിങ്ങൾക്ക് ധാർമ്മിക ശക്തിനൽകുകയും നിങ്ങളുടെ സന്തോഷം വളരെ വർദ്ധിപ്പിക്കുകയും ചെയ്യും.—റോമർ 15:4.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ നിങ്ങൾ എന്തു വായിക്കുന്നു എന്ന സംഗതിയിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്തുകൊണ്ട്?
◻ പ്രേമാത്മക നോവലുകൾ അനേകം യുവജനങ്ങൾക്ക് വളരെ ആകർഷകമായിരിക്കുന്നത് എന്തുകൊണ്ട്? എന്നാൽ അതിലെ അപകടങ്ങൾ എന്താണ്?
◻ വായിക്കുന്നതിന് നിങ്ങൾക്ക് ഉചിതമായ വിവരങ്ങൾ എങ്ങനെ തെരഞ്ഞെടുക്കാൻ കഴിയും?
◻ ബൈബിളും ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്?
[287-ാം പേജിലെ ആകർഷകവാക്യം]
“എനിക്ക് ഒരു നല്ല ഭവനവും കുടുംബവും ഉണ്ടായിരുന്നു, എന്നാൽ എന്തോ എനിക്ക് അതുകൊണ്ട് തൃപ്തിയായില്ല . . . എനിക്ക് നോവലുകളിൽ അത്യാകർഷകമായി വർണ്ണിച്ചിരിക്കുന്ന തരത്തിലുളള സാഹസികതയും ഉത്തേജനവും ഹർഷോൻമാദവുമായിരുന്നു വേണ്ടിയിരുന്നത്. എന്റെ വിവാഹജീവിതത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് ഞാൻ വിചാരിച്ചു”
[283-ാം പേജിലെ ചിത്രം]
അനേകായിരം പുസ്തകങ്ങൾ ലഭ്യമായിരിക്കുന്നതിനാൽ നിങ്ങൾ പുസ്തകങ്ങൾ തെരഞ്ഞെടുക്കേണ്ടയാവശ്യമുണ്ട്
[285-ാം പേജിലെ ചിത്രങ്ങൾ]
പ്രേമാത്മക നോവലുകൾ ആകർഷകങ്ങളായിരുന്നേക്കാം, എന്നാൽ അവ സ്നേഹത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ആരോഗ്യകരമായ വീക്ഷണമുണ്ടായിരിക്കാൻ പഠിപ്പിക്കുന്നുണ്ടോ?