എനിക്ക് ഡെയിററിംഗ് ആരംഭിക്കാറായോ?
അധ്യായം 29
എനിക്ക് ഡെയിററിംഗ് ആരംഭിക്കാറായോ?
അനേകം രാജ്യങ്ങളിൽ ഡെയിററിംഗ് പ്രേമ വിനോദത്തിനുളള ഒരു മാർഗ്ഗമായി, രസമുളള ഒരു പ്രവർത്തനമായി, വീക്ഷിക്കപ്പെടുന്നു. അപ്രകാരം ഡെയിററിംഗ് പല രൂപങ്ങളിൽ കാണപ്പെടുന്നു. ചിലർക്ക് ഒരു ഡെയിററ് വളരെ ഔദ്യോഗികമായ, പല ഘടകങ്ങളുളള ഒരു ഏർപ്പാടാണ്. ബൊക്കെ നൽകുന്നതും ഒരു നല്ല ഡിന്നറും കൂട്ടുപിരിയുന്ന സമയത്ത് ചുംബിക്കുന്നതും എല്ലാം ആ കാര്യപരിപാടിയുടെ ഭാഗമാണ്. മററു ചിലരെ സംബന്ധിച്ചിടത്തോളം ഒരു ഡെയിററ് എന്നു പറഞ്ഞാൽ നിങ്ങൾ ഇഷ്ടപ്പെടുന്ന വിപരീതലിംഗവർഗ്ഗത്തിൽ പെട്ട ഒരാളുമായി കുറെ സമയം ചെലവഴിക്കുക എന്നാണ് അതിന്റെ അർത്ഥം. മിക്കപ്പോഴും ഒരുമിച്ച് കാണപ്പെടുന്നവരും എന്നാൽ തങ്ങൾ ‘വെറും സുഹൃത്തുക്കളാണ്’ എന്ന് അവകാശപ്പെടുന്നവരുമായ ഇണകളുമുണ്ട്. കൊളളാം, നിങ്ങൾ അതിനെ ഡെയിററിംഗ് എന്നോ, ഒന്നിച്ചു പോകലെന്നോ അല്ലെങ്കിൽ വെറും കൂടിക്കാണലെന്നോ വിളിച്ചാലും സംഗതി ഏതാണ്ട് ഒന്നു തന്നെയാണ്: ഒരു ആൺകുട്ടിയും പെൺകുട്ടിയും മിക്കപ്പോഴും മററാരുടെയും മേൽനോട്ടമില്ലാതെ സാമൂഹികമായി വളരെയധികം സമയം ഒന്നിച്ചു ചെലവഴിക്കുന്നു.
ബൈബിൾ കാലങ്ങളിൽ ഡെയിററിംഗ് ഒരു സമ്പ്രദായമായിരുന്നില്ല. എന്നിരുന്നാലും ബുദ്ധിപൂർവ്വകമായും ജാഗ്രതയോടെയും മാന്യമായും നിർവ്വഹിക്കപ്പെടുമ്പോൾ രണ്ടു പേർക്ക് അന്യോന്യം അടുത്തു പരിചയപ്പെടാനുളള ഉചിതമായ ഒരു മാർഗ്ഗമാണത്. അതെ, അതു ആസ്വാദ്യകരവുമായിരിക്കാൻ കഴിയും. എന്നാൽ നിങ്ങൾ ഡെയിററിംഗിലേർപ്പെടണമെന്ന് അതിന് അർത്ഥമുണ്ടോ?
ഡെയിററിംഗ് നടത്താനുളള സമ്മർദ്ദം
ഡെയിററിംഗ് നടത്താനുളള സമ്മർദ്ദം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ സമപ്രായക്കാർ മിക്കവരും ഡെയിററിംഗ് നടത്തുന്നു, സ്വാഭാവികമായി വിചിത്ര സ്വഭാവക്കാരോ തികച്ചും വ്യത്യസ്തരോ ആയിക്കാണപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുമില്ല. ഡെയിററിംഗിലേർപ്പെടാനുളള സമ്മർദ്ദം സദുദ്ദേശ്യമുളള നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കൂടെ ഉണ്ടായേക്കാം. 15 വയസ്സുകാരി മേരി ആൻ ഒരു ഡെയിററിന് ക്ഷണിക്കപ്പെട്ടപ്പോൾ അവളുടെ അമ്മാവി ഇപ്രകാരമാണ് ഉപദേശിച്ചത്: “നീ ആ കുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നോ ഇല്ലയോ എന്നുളളതിന് അതുമായി യാതൊരു ബന്ധവുമില്ല. ഒരു വ്യക്തിയെന്നനിലയിലുളള നിങ്ങളുടെ സ്വാഭാവിക വളർച്ചയുടെ ഒരു ഭാഗമാണ് ഡെയിററിംഗ്. . . . നീ അവരെ എല്ലായ്പ്പോഴും നിരസിച്ചാൽ നിന്റെ ജനപ്രീതി നഷ്ടപ്പെടുകയും ആരും നിന്നെ ക്ഷണിക്കാതെയാവുകയും ചെയ്യും.” മേരി ആൻ ഇപ്രകാരം അനുസ്മരിക്കുന്നു: “ആൻറിയുടെ വാക്കുകൾ
എന്റെ മനസ്സിൽ ആഴമായി പതിഞ്ഞു. ഞാൻ ഒരു നല്ല അവസരം നഷ്ടമാക്കിക്കൊണ്ട് എന്നെത്തന്നെ കബളിപ്പിക്കുകയായിരിക്കുമോ? ആ ആൺകുട്ടിക്ക് സ്വന്തം കാറുണ്ടായിരുന്നു, ധാരാളം പണവും; അതു വളരെ ഉല്ലാസകരമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ആ ഡെയിററിന് പോകണമോ വേണ്ടായോ?”പല യുവജനങ്ങൾക്കും ഊഷ്മളതക്കും സ്നേഹത്തിനും വേണ്ടിയുളള അവരുടെ തന്നെ ആഗ്രഹങ്ങളിൽ നിന്നാണ് സമ്മർദ്ദം അനുഭവപ്പെടുന്നത്. 18 വയസ്സുകാരി ആൻ വിശദീകരിക്കുന്നു: “സ്നേഹിക്കപ്പെടുന്നതിനും വിലമതിക്കപ്പെടുന്നതിനുമുളള അത്യാവശ്യം എനിക്കുണ്ടായിരുന്നു. എനിക്ക് എന്റെ മാതാപിതാക്കളോട് അത്ര അടുപ്പമില്ലായിരുന്നതിനാൽ അടുപ്പത്തിനും എന്റെ വികാരങ്ങൾ പകരാൻ കൊളളാവുന്നവനും എന്നെ യഥാർത്ഥത്തിൽ മനസ്സിലാക്കുന്നവനുമായ ഒരാളെ കണ്ടെത്തുന്നതിനും ഞാൻ എന്റെ ബോയ്ഫ്രണ്ടിലേക്ക് തിരിഞ്ഞു.”
എന്നിരുന്നാലും, ഡെയിററിംഗിലേർപ്പെടാനുളള സമ്മർദ്ദം അനുഭവപ്പെടുന്നു എന്നതിന്റെ പേരിൽമാത്രം ഒരു കൗമാരപ്രായക്കാരനോ കൗമാരപ്രായക്കാരിയോ അത് ആരംഭിക്കരുത്! ഡെയിററിംഗ് ഗൗരവമുളള ഒരു കാര്യമാണ്—ഒരു വിവാഹ ഇണയെ തെരഞ്ഞെടുക്കാനുളള പ്രക്രിയയുടെ ഭാഗമാണത് എന്നതാണ് ഒരു സംഗതി. വിവാഹമോ? ഡെയിററിംഗിലേർപ്പെടുന്ന മിക്ക യുവജനങ്ങളുടെയും മനസ്സിൽ അങ്ങനെയൊരു സംഗതിയേയില്ല എന്നത് വാസ്തവമാണ്. എന്നാൽ വാസ്തവത്തിൽ പരസ്പരം വിവാഹിതരാകുന്നതിനുളള സാദ്ധ്യത ആരായാനല്ലാതെ വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ട രണ്ടു പേർക്ക് ഒരുമിച്ച് വളരെയധികം സമയം ചെലവഴിക്കാൻ എന്തു ന്യായീകരണമാണുളളത്? മറെറന്തെങ്കിലും കാരണത്തിനുവേണ്ടിയുളള ഡെയിററിംഗ് അവസാനം “രസമേ” ആയിരിക്കുകയില്ല. എന്തുകൊണ്ട്?
ഡെയിററിംഗിന്റെ ഇരുണ്ട വശം
“പ്രഫുല്ല യൗവനം” എന്നു ബൈബിൾ വിളിക്കുന്ന കാലഘട്ടത്തിലാണ് യുവജനങ്ങൾ എന്നതാണ് ഒരു സംഗതി. (1 കൊരിന്ത്യർ 7:36) ഈ കാലഘട്ടത്തിൽ ലൈംഗികാഗ്രഹത്തിന്റെ ശക്തമായ വേലിയേററങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. അതിൽ തെറെറാന്നുമില്ല; അതു വളർച്ച പ്രാപിക്കുന്നതിന്റെ ഒരു ഭാഗമാണ്.
എന്നാൽ കൗമാരപ്രായക്കാർക്കിടയിലെ ഡെയിററിംഗിൽ ഒരു വലിയ പ്രശ്നമുളളത് അവിടെയാണ്: ഈ ലൈംഗികാഗ്രഹങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെയെന്ന് ഈ കൗമാരപ്രായക്കാർ പഠിച്ചു വരുന്നതേയുളളു. ലൈംഗികത സംബന്ധിച്ച ദൈവനിയമം നിങ്ങൾക്ക് നന്നായി അറിയാമെന്നതും നിർമ്മലരായിരിക്കാൻ നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്നതും സത്യമാണ്. (അദ്ധ്യായം 23 കാണുക.) എന്നിരുന്നാലും ജീവശാസ്ത്രപരമായ ഒരു ജീവിത യാഥാർത്ഥ്യം അതിൽ ഉൾപ്പെട്ടിരിക്കുന്നു: വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായി നിങ്ങൾ എത്രത്തോളം സഹവസിക്കുന്നുവോ അത്രത്തോളം—നിങ്ങൾ അത് ആഗ്രഹിച്ചാലും ഇല്ലെങ്കിലും—നിങ്ങളുടെ ലൈംഗികാഗ്രഹം വികാസം പ്രാപിക്കുന്നു. (232-3 പേജുകൾ കാണുക.) ആ വിധത്തിലാണ് നാം എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്! നിങ്ങൾക്ക് അല്പം കൂടി പ്രായമായി നിങ്ങൾ വികാരങ്ങളെ
നിയന്ത്രിക്കാൻ പഠിക്കുന്നതുവരെ ഡെയിററിംഗ് നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലപ്പുറമായ ഒരു സംഗതിയായിരിക്കാം. ദുഃഖകരമെന്നു പറയട്ടെ, അനേകം യുവജനങ്ങൾ കഠിനമായ ഒരു വിധത്തിലാണ് ഇത് മനസ്സിലാക്കുന്നത്.“ഡെയിററിംഗ് ആരംഭിച്ചപ്പോൾ . . . ഞങ്ങൾ പരസ്പരം ചുംബിക്കുകയോ കരങ്ങൾ ഗ്രസിക്കുകപോലുമോ ചെയ്തില്ല. അവളുടെ സഹവാസം ആസ്വദിക്കാനും സംസാരിക്കാനുമേ ഞാൻ ആഗ്രഹിച്ചുളളു,” ഒരു യുവാവ് പറഞ്ഞു. “എന്നാൽ അവൾക്ക് എന്നോട് വളരെ പ്രിയമായിരുന്നു, എന്റെ തൊട്ടടുത്ത് വന്നിരിക്കുകയും ചെയ്യുമായിരുന്നു. കാലക്രമത്തിൽ ഞങ്ങൾ കരം ഗ്രസിക്കുകയും ചുംബിക്കുകയും ചെയ്തു. ഇത് എന്നിൽ കൂടുതൽ ശക്തമായ ലൈംഗിക തൃഷ്ണ ഉളവാക്കി. അത് വെറുതെ സംസാരിക്കാനല്ല മറിച്ച് അവളെ ചുററിപ്പിടിക്കാനും സ്പർശിക്കാനും ചുംബിക്കാനും വേണ്ടി അവളുടെ കൂടെ ആയിരിക്കാൻ ആഗ്രഹിക്കത്തക്കവണ്ണം എന്റെ ചിന്തയെ ബാധിച്ചു. എന്നിട്ടും എനിക്ക് മതിയായില്ല! വികാരം കൊണ്ട് അക്ഷരാർത്ഥത്തിൽ എനിക്ക് ഭ്രാന്തു പിടിക്കുകയായിരുന്നു. ചിലപ്പോൾ എനിക്ക് ലജ്ജയും ഞാൻ വിലകെട്ടവനാണ് എന്ന തോന്നലും ഉണ്ടാകുമായിരുന്നു.”
അപ്പോൾ ഡെയിററിംഗ് പലപ്പോഴും നിയമവിരുദ്ധ ലൈംഗിക ബന്ധങ്ങളിൽ അവസാനിക്കുന്നത് അതിശയമല്ല. പെൺകുട്ടികളിൽ 87 ശതമാനവും ആൺകുട്ടികളിൽ 95 ശതമാനവും ഡെയിററിംഗിൽ ലൈംഗികതയ്ക്കു “മിതമായ തോതിലോ അധികമായോ” പ്രാധാന്യം ഉണ്ട് എന്ന് വിചാരിച്ചതായി നൂറുകണക്കിന് കൗമാരപ്രായക്കാർക്കിടയിൽ
നടത്തപ്പെട്ട ഒരു സർവ്വേ കണ്ടെത്തി. എന്നിരുന്നാലും പെൺകുട്ടികളിൽ 65 ശതമാനവും ആൺകുട്ടികളിൽ 43 ശതമാനവും ഡെയിററിംഗിനിടയിൽ തങ്ങൾ ആഗ്രഹിക്കാഞ്ഞപ്പോൾ ലൈംഗികസമ്പർക്കത്തിൽ ഏർപ്പെട്ടതായി സമ്മതിച്ചു!ഇരുപതു വയസ്സുകാരി ലൊറേററ അനുസ്മരിക്കുന്നു: “ഞങ്ങൾ പരസ്പരം കൂടുതൽ കൂടുതൽ കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ കൂടുതൽ അടുപ്പത്തിലായി. ചുംബനത്തിൽ പെട്ടെന്നുതന്നെ രസമില്ലാതെയായപ്പോൾ ഞങ്ങൾ സ്വകാര്യ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. ഞാൻ വളരെ വൃത്തികെട്ടവളാണ് എന്ന വിചാരത്തിൽ ഞാൻ വളരെ അസ്വസ്ഥയായിത്തീർന്നു. കാലക്രമത്തിൽ, എന്നോടൊപ്പം ഡെയിററിംഗ് നടത്തിയ ചെറുപ്പക്കാരൻ ഞാൻ ‘അങ്ങേയററം വരെ പോകാൻ’ പ്രതീക്ഷിച്ചു . . . എന്തു ചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു. ‘അയാളെ നഷ്ടപ്പെടുത്താൻ എനിക്ക് ആഗ്രഹമില്ല,’ എന്നു മാത്രമേ എനിക്ക് ചിന്തിക്കാൻ കഴിയുമായിരുന്നുളളു. ഞാൻ വല്ലാത്ത കഷ്ടത്തിലായിരുന്നു!”
എല്ലാ ജോടികളും ലൈംഗികബന്ധത്തിലേർപ്പെടുന്ന ഘട്ടം വരെ പോകുന്നില്ല എന്നത് വാസ്തവമാണ്; ചിലർ അവരുടെ പ്രേമപ്രകടനങ്ങൾ അതിനിപ്പുറം കൊണ്ട് അവസാനിപ്പിക്കുന്നു. എന്നാൽ ഒരാൾ
വൈകാരികമായി ഉണർത്തപ്പെട്ടശേഷം അത്തരം വികാരങ്ങൾക്ക് മാന്യമായ ഒരു ശമനം ലഭിക്കുന്നില്ലെങ്കിൽ അതിന്റെ ഫലമെന്താണ്? ഉറപ്പാക്കപ്പെട്ട മോഹഭംഗം. അത്തരം മോഹഭംഗങ്ങൾ ലൈംഗിക വികാരങ്ങൾക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നില്ല.പിച്ചിച്ചീന്തപ്പെട്ട വികാരങ്ങൾ
ഒരു ചെറുപ്പക്കാരന്റെ വികല്പം പരിഗണിക്കുക: ‘ആദ്യമൊക്കെ കാത്തിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. കൊളളാം, ശരിയല്ലെന്ന് അവൾ വിചാരിച്ച ചില കാര്യങ്ങൾ ചെയ്യാൻ ഞാൻ അവളെ അനുനയിപ്പിച്ചു എന്ന് ഞാൻ സമ്മതിക്കുന്നു. എനിക്ക് താല്പര്യം നഷ്ടമായതിനാൽ ഞാൻ കാണിച്ചത് വൃത്തികേടായിപ്പോയി എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നു. അവളുടെ വികാരങ്ങൾ വ്രണപ്പെടുത്താതെ എനിക്ക് അവളെ എങ്ങനെ ഉപേക്ഷിക്കാൻ കഴിയും?’ എത്ര കുഴഞ്ഞ ഒരു സാഹചര്യം! നിങ്ങൾ കാത്തിയുടെ സ്ഥാനത്താണെങ്കിൽ നിങ്ങൾക്ക് എന്തുതോന്നും?
കൗമാരപ്രായക്കാരുടെ ഹൃദയതകർച്ച ഒരു സാധാരണ രോഗമാണ്. രണ്ടു ചെറുപ്പക്കാർ കൈകോർത്തുപിടിച്ചു നടക്കുന്നത് ആകർഷകമായ ഒരു രംഗമാണ് എന്നത് വാസ്തവംതന്നെ. എന്നാൽ ആ ചെറുപ്പക്കാർ ഒരു വർഷം കഴിഞ്ഞും ഇങ്ങനെ തന്നെ നടക്കാൻ എന്തു സാദ്ധ്യതയാണുളളത്! അല്ലെങ്കിൽ അവർ വിവാഹിതരാകും എന്നതിന് അത്രയുംപോലും സാദ്ധ്യതയുണ്ടോ? ഒട്ടുംതന്നെയില്ല. കൗമാരക്കാരുടെ പ്രേമബന്ധങ്ങൾ മിക്കവാറും എല്ലായ്പ്പോഴും തകരാൻ നിർണ്ണയിക്കപ്പെട്ട
ബന്ധങ്ങളാണ്, അതു നന്നാ ചുരുക്കമായിട്ടേ വിവാഹത്തിലേക്ക് നയിക്കുന്നുളളു, മിക്കപ്പോഴും ഹൃദയ തകർച്ചയിൽ അവസാനിക്കുന്നു.ഏതായാലും, കൗമാരപ്രായത്തിൽ നിങ്ങളുടെ വ്യക്തിത്വം കൃത്യമായി രൂപം പ്രാപിച്ചിട്ടില്ല. നിങ്ങൾ ആരാണെന്നും നിങ്ങൾ വാസ്തവത്തിൽ എന്ത് ഇഷ്ടപ്പെടുന്നുവെന്നും നിങ്ങളുടെ ജീവിതം കൊണ്ട് എന്തു ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കി വരുന്നതേയുളളു. നിങ്ങൾ ഇപ്പോൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ഒരു മുഷിപ്പനായി നാളെ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ പ്രേമവികാരങ്ങൾ വളരാൻ അനുവദിക്കപ്പെടുമ്പോൾ തീർച്ചയായും ആർക്കെങ്കിലും പരിക്ക് ഏല്ക്കും. യുവജനങ്ങൾക്കിടയിലെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെ പല ഗവേഷണ പഠനങ്ങളും “ഗേൾ ഫ്രണ്ടുമായുളള വഴക്ക്” അല്ലെങ്കിൽ “പ്രേമനൈരാശ്യം” എന്നിവയോട് ബന്ധപ്പെടുത്തിയിരിക്കുന്നത് അതിശയമല്ല.
എനിക്ക് അതിനുളള പ്രായമായോ?
യുവജനങ്ങളോട് ദൈവം പറയുന്നു: “യൗവനക്കാരാ [അല്ലെങ്കിൽ യൗവനക്കാരി] നിന്റെ യൗവനത്തിൽ സന്തോഷിക്ക, നിന്റെ യൗവനനാളുകളിൽ നിന്റെ ഹൃദയം നിനക്ക് നൻമ ചെയ്യട്ടെ. നിന്റെ ഹൃദയത്തിനിഷ്ടപ്പെട്ട വഴികളിലും നിനക്ക് ബോധിച്ചപ്രകാരവും നടന്നുകൊൾക.” യുവജനങ്ങൾ [അവരുടെ] “ഹൃദയത്തിനിഷ്ടപ്പെട്ട വഴിയെ നടക്കാൻ” ചായ്വ് കാണിക്കുന്നു. എന്നിരുന്നാലും വളരെ രസമായി തോന്നുന്ന ആ “വഴികൾ” വ്യസനത്തിലും കഷ്ടപ്പാടിലും അവസാനിക്കുന്നു. അടുത്തുവരുന്ന വാക്യത്തിൽ ബൈബിൾ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “നിന്റെ ഹൃദയത്തിൽ നിന്ന് വ്യസനം അകററി നിന്റെ ശരീരത്തിൽ നിന്ന് കഷ്ടപ്പാട് നീക്കിക്കളയുക; എന്തുകൊണ്ടെന്നാൽ ബാല്യവും യൗവനവും മായയത്രേ.” (സഭാപ്രസംഗി 11:9, 10) “വ്യസനം” ആഴമായ മന:പ്രയാസം അല്ലെങ്കിൽ കഠിനമായ ദുഃഖം അനുഭവപ്പെടുന്നതിനെ പരാമർശിക്കുന്നു. “കഷ്ടപ്പാട്” വ്യക്തിപരമായ ഒരു ആപത്തിനെ കുറിക്കുന്നു. രണ്ടിനും ജീവിതം ദുരിതപൂർണ്ണമാക്കാൻ കഴിയും.
അപ്പോൾ ഡെയിററിംഗ് അതിൽത്തന്നെ വ്യസനത്തിന്റെയും ദുരിതത്തിന്റെയും ഒരു ഉറവാണ് എന്നാണോ ഇതിന്റെ അർത്ഥം? അവശ്യം അങ്ങനെയല്ല. എന്നാൽ നിങ്ങൾ തെററായ ഒരു ഉദ്ദേശ്യത്തിൽ (‘രസത്തിനുവേണ്ടി’) അല്ലെങ്കിൽ നിങ്ങൾക്ക് അതിനുളള പ്രായമാകുന്നതിനു മുമ്പ് ഡെയിററിംഗിൽ ഏർപ്പെടുന്നുവെങ്കിൽ അങ്ങനെയായിരിക്കാൻ കഴിയും! അതുകൊണ്ട് നിങ്ങളുടെ സ്വന്തം സാഹചര്യം
വിലയിരുത്തുന്നതിന് താഴെപ്പറയുന്ന ചോദ്യങ്ങൾ സഹായകമെന്ന് തെളിഞ്ഞേക്കാം.ഡെയിററിംഗ് വൈകാരികമായ എന്റെ വളർച്ചയെ സഹായിക്കുമോ അതോ തടസ്സപ്പെടുത്തുമോ? ഡെയിററിംഗ് നിങ്ങളുടെ ബന്ധത്തെ ഒരു ആൺകുട്ടിക്ക് ഒരു പെൺകുട്ടി എന്ന നിലയിൽ പരിമിതപ്പെടുത്തിയേക്കാം. മറിച്ച് മററുളളവരുമായുളള നിങ്ങളുടെ സഹവാസം കൂടുതൽ വിശാലമാക്കുന്നത് നിങ്ങൾക്ക് പ്രയോജനകരമായിരിക്കില്ലേ? (2 കൊരിന്ത്യർ 6:12, 13 താരതമ്യം ചെയ്യുക.) സൂസൻ എന്നു പേരായ ഒരു യുവതി പറയുന്നു: “ക്രിസ്തീയ സഭയിലെ പ്രായമുളള സ്ത്രീകളുമായി അടുത്ത സൗഹൃദം വികസിപ്പിച്ചെടുക്കാൻ ഞാൻ പഠിച്ചു. അവർക്ക് സഹവാസം ആവശ്യമായിരുന്നു, എനിക്ക് എന്നെ ഉറപ്പിച്ചു നിറുത്താൻ അവരുടെ സ്വാധീനവും. അതുകൊണ്ട് ഞാൻ വല്ലപ്പോഴുമൊക്കെ അവരെ സന്ദർശിച്ച് അവരോടൊപ്പം ഒരു കപ്പ് കാപ്പി കുടിക്കും. ഞങ്ങൾ സംസാരിക്കുകയും ചിരിക്കുകയും ചെയ്യും. ഞാൻ അവരുമായി യഥാർത്ഥത്തിലുളള ആയുഷ്ക്കാല സൗഹൃദം വളർത്തിയെടുത്തു.”
എല്ലാതരത്തിലുമുളള സുഹൃത്തുക്കളുണ്ടായിരിക്കുന്നതിനാൽ—പ്രായമായവരും ചെറുപ്പക്കാരും, ഏകാകികളും വിവാഹിതരും, പുരുഷൻമാരും സ്ത്രീകളും—വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവർ ഉൾപ്പെടെ, ആളുകളോട് ഇടപെടുമ്പോൾ ഒരു ഡെയിററിംഗിലേർപ്പെടുമ്പോഴത്തെപ്പോലെ സമ്മർദ്ദം അനുഭവപ്പെടാതെ സമനിലയോടെ ഇടപെടാൻ നിങ്ങൾ പഠിക്കുന്നു. കൂടാതെ വിവാഹിത ദമ്പതികളുമായി സഹവസിക്കുന്നതിനാൽ നിങ്ങൾ വിവാഹത്തെ സംബന്ധിച്ച് കുറച്ചുകൂടി യഥാർത്ഥമായ ഒരു വീക്ഷണം സമ്പാദിക്കുന്നു. പിൽക്കാലത്ത് ഒരു നല്ല ഇണയെ തെരഞ്ഞെടുക്കുന്നതിനും വിവാഹത്തിൽ നിങ്ങളുടെ പങ്കു നിർവ്വഹിക്കുന്നതിനും നിങ്ങൾ കൂടുതൽ സജ്ജരായിരിക്കും. (സദൃശവാക്യങ്ങൾ 31:10) ഗയിൽ എന്നു പേരായ യുവാവ് ഇപ്രകാരം നിഗമനം ചെയ്യുന്നു: “വിവാഹം ചെയ്ത് ഒരു കുടുംബജീവിതം ആരംഭിക്കാൻ ഞാൻ ഇപ്പോഴും തയ്യാറല്ല. ഞാൻ ഇപ്പോഴും എന്നെത്തന്നെ മനസ്സിലാക്കുന്നതേയുളളു, എനിക്ക് ഇനിയും പല ആത്മീയ ലക്ഷ്യങ്ങളും നേടാനുമുണ്ട്. അതുകൊണ്ട് ഞാൻ യഥാർത്ഥത്തിൽ എതിർലിംഗവർഗ്ഗത്തിൽപ്പെട്ട ആരെങ്കിലുമായി വളരെ അടുപ്പത്തിലാകേണ്ടതില്ല.”
വ്രണിത വികാരങ്ങൾക്ക് ഇടയാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവോ? വിവാഹത്തിനുളള സാദ്ധ്യത ദൃഷ്ടിപഥത്തിലില്ലാതെ പ്രേമബന്ധങ്ങൾ സ്ഥാപിക്കുന്നുവെങ്കിൽ നിങ്ങളുടെയും മറേറയാളിന്റെയും വികാരങ്ങൾ തകർക്കപ്പെട്ടേക്കാം. വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവരുമായി കൂടുതൽ അനുഭവപരിചയം നേടാൻ വേണ്ടി മാത്രം ആരുടെയെങ്കിലും മേൽ പ്രേമസംബന്ധമായ ശ്രദ്ധ കുന്നിക്കുന്നത് വാസ്തവത്തിൽ ന്യായമാണോ?—മത്തായി 7:12 കാണുക.
എന്റെ മാതാപിതാക്കൾ എന്തു പറയുന്നു? നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത അപകടങ്ങൾ മിക്കപ്പോഴും മാതാപിതാക്കൾ കാണുന്നു. ഏതായാലും അവരും ഒരു കാലത്ത് ചെറുപ്പമായിരുന്നു. വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ട എഫേസ്യർ 6:1-3) സാദ്ധ്യതയനുസരിച്ച്, നിങ്ങൾ കുറച്ചുകൂടെ പ്രായമാകുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട് എന്ന് അവർ വിചാരിക്കുന്നു.
രണ്ടു യുവജനങ്ങൾ വളരെയധികം സമയം ഒരുമിച്ച് ചെലവഴിക്കാൻ തുടങ്ങുമ്പോൾ എന്തു പ്രശ്നങ്ങൾ വികാസം പ്രാപിച്ചേക്കാമെന്ന് അവർക്കറിയാം! അതുകൊണ്ട് നിങ്ങൾ ഡെയിററിംഗിലേർപ്പെടുന്നതിനെ നിങ്ങളുടെ മാതാപിതാക്കൾ എതിർക്കുന്നുവെങ്കിൽ അവർക്കെതിരെ മത്സരിക്കരുത്. (ബൈബിൾ ധാർമ്മികത പിൻപററാൻ എനിക്ക് കഴിയുമോ? ഒരുവൻ “പ്രഫുല്ലയൗവനം പിന്നിട്ടുകഴിയുമ്പോൾ” അയാൾക്ക് ലൈംഗികവികാരങ്ങളെ കുറച്ചുകൂടി മെച്ചമായി നേരിടാൻ കഴിയും—അപ്പോൾ പോലും അത് എളുപ്പമല്ല. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായി അടുത്ത് ഇടപഴകാനും ആ ബന്ധം നിർമ്മലമാക്കി നിർത്താനും നിങ്ങൾ വാസ്തവത്തിൽ സജ്ജനാണോ?
രസാവഹമായി, അനേകം യുവജനങ്ങൾ തങ്ങളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുകയും (നേരത്തെ ഉദ്ധരിച്ച) മേരി ആനിന്റെ നിഗമനത്തിൽ തന്നെ എത്തിച്ചേരുകയും ചെയ്യുന്നു. അവൾ പറഞ്ഞു: “ഡെയിററിംഗു സംബന്ധിച്ച് മററുളളവരുടെ മനോഭാവങ്ങളാൽ സ്വാധീനിക്കപ്പെടുകയില്ല എന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് വേണ്ടത്ര പ്രായമാവുകയും വിവാഹത്തിന് സജ്ജയാവുകയും ഒരു ഭർത്താവിൽ ഞാൻ ആഗ്രഹിക്കുന്ന തരം ഗുണങ്ങൾ ഉളള ഒരാളെ കണ്ടെത്തുകയും ചെയ്യുന്നതുവരെ ഞാൻ ഡെയിററിംഗിലേർപ്പെടുകയില്ലായിരുന്നു.”
അപ്രകാരം, ഡെയിററിംഗിലേർപ്പെടുന്നതിനു മുൻപ് നിങ്ങൾ നിങ്ങളോടുതന്നെ ചോദിക്കേണ്ട നിർണ്ണായകമായ ആ ചോദ്യം മേരി ആൻ ഉന്നയിക്കുന്നു.
ചർച്ചക്കുളള ചോദ്യങ്ങൾ
◻ “ഡെയിററിംഗ്” എന്ന പദം നിങ്ങൾക്ക് എന്താണ് അർത്ഥമാക്കുന്നത്?
◻ ചില യുവജനങ്ങൾക്ക് ഡെയിററിംഗിലേർപ്പെടാനുളള സമ്മർദ്ദം അനുഭവപ്പെടുന്നതെന്തുകൊണ്ട്?
◻ “പ്രഫുല്ലയൗവനത്തിലുളള” ഒരാളെ സംബന്ധിച്ചിടത്തോളം ഡെയിററിംഗിലേർപ്പെടുന്നത് ബുദ്ധിപൂർവ്വകമല്ലാത്തത് എന്തുകൊണ്ട്?
◻ ഡെയിററിംഗിന്റെ സംഗതിയിൽ ഒരു യുവാവിന് “കഷ്ടപ്പാട് നീക്കാൻ” കഴിയുന്നത് എങ്ങനെയാണ്?
◻ ഒരു ആൺകുട്ടിയും പെൺകുട്ടിയും ‘വെറുതെ സുഹൃത്തുക്കളായി’രിക്കുമ്പോൾ വികാസം പ്രാപിക്കാവുന്ന ചില പ്രശ്നങ്ങൾ ഏവ?
◻ ഡെയിററിംഗിലേർപ്പെടാൻ നിങ്ങൾ സജ്ജനാണോയെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
[231-ാം പേജിലെ ആകർഷകവാക്യം]
“ചുംബനത്തിൽ പെട്ടെന്നുതന്നെ രസമില്ലാതായപ്പോൾ ഞങ്ങൾ സ്വകാര്യ ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ തുടങ്ങി. ഞാൻ വളരെ വൃത്തികെട്ടവളാണെന്നുളള വിചാരത്തിൽ ഞാൻ വളരെ അസ്വസ്ഥയായിത്തീർന്നു. കാലക്രമത്തിൽ, എന്നോടൊപ്പം ഡെയിററിംഗ് നടത്തിയ ചെറുപ്പക്കാരൻ ഞാൻ ‘അങ്ങേയററം വരെ പോകാൻ’ പ്രതീക്ഷിച്ചു”
[234-ാം പേജിലെ ആകർഷകവാക്യം]
‘അവളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ എനിക്ക് എങ്ങനെ കാത്തിയെ ഉപേക്ഷിക്കാൻ കഴിയും?’
[232, 233 പേജുകളിലെ ചതുരം/ചിത്രം]
ഒരു ആൺകുട്ടിക്കും പെൺകുട്ടിക്കും ‘വെറുതെ സുഹൃത്തുക്കളായിരിക്കാൻ’ കഴിയുമോ?
പ്ലേറേറാണിക് ബന്ധങ്ങൾ എന്നു വിളിക്കപ്പെടുന്നവ (ലൈംഗികത എന്ന ഘടകം കടന്നുവരാതെ സ്ത്രീപുരുഷൻമാർക്കിടയിലുളള സ്നേഹബന്ധം) യുവജനങ്ങൾക്കിടയിൽ വളരെ പ്രീതി നേടിയിട്ടുണ്ട്. 17 വയസ്സുകാരൻ ഗ്രിഗരി ഇങ്ങനെ അവകാശപ്പെടുന്നു: “പെൺകുട്ടികളോട് സംസാരിക്കുന്നതാണ് എനിക്ക് കൂടുതൽ എളുപ്പം. കാരണം അവർ കൂടുതൽ സൂക്ഷ്മവേദികളും സഹാനുഭൂതിയുളളവരുമാണ്.” അത്തരം സുഹൃദ്ബന്ധങ്ങൾ കൂടുതൽ വടിവുററ വ്യക്തിത്വം വികസിപ്പിച്ചെടുക്കാൻ തങ്ങളെ സഹായിക്കുന്നു എന്ന് മററു ചെറുപ്പക്കാർ വാദിക്കുന്നു.
“ഇളയ സ്ത്രീകളെ സകല നിർമ്മലതയോടും കൂടെ സഹോദരിമാരെപ്പോലെ കണക്കാക്കാൻ” ബൈബിൾ യുവാക്കൻമാരെ പ്രബോധിപ്പിക്കുന്നു. (1 തിമൊഥെയോസ് 5:2) ഈ തത്വം ബാധകമാക്കുന്നതിനാൽ വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരുമായി ശുദ്ധവും ആരോഗ്യാവഹവുമായ സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കുക വാസ്തവത്തിൽ സാദ്ധ്യമാണ്. ഉദാഹരണത്തിന് പല ക്രിസ്തീയ സ്ത്രീകളുമായി സുഹൃദ്ബന്ധം ആസ്വദിച്ച ഏകാകിയായ ഒരു മനുഷ്യനായിരുന്നു അപ്പോസ്തലനായ പൗലോസ്. (റോമർ 16:1, 3, 6, 12 കാണുക.) “സുവാർത്തയിൽ എന്നോടൊപ്പം നിന്ന് കഠിനാദ്ധ്വാനം ചെയ്ത” രണ്ടു സ്ത്രീകളെപ്പററി പൗലോസ് എഴുതി. (ഫിലിപ്യർ 4:3) യേശുക്രിസ്തുവും സ്ത്രീകളുമായി സന്തുലിതവും ആരോഗ്യാവഹവുമായ സഹവാസം ആസ്വദിച്ചു. അനവധി സന്ദർഭങ്ങളിൽ അവൻ മാർത്തയുടെയും മറിയയുടെയും ആതിഥ്യവും സംഭാഷണവും ആസ്വദിച്ചു.—ലൂക്കോസ് 10:38, 39; യോഹന്നാൻ 11:5.
എന്നിരുന്നാലും “പ്ലേറേറാണിക്” ബന്ധം മിക്കപ്പോഴും നേരിയ മുഖംമൂടി ധരിച്ച പ്രേമമോ ഉത്തരവാദിത്വം ഏൽക്കാതെ വിപരീത ലിംഗവർഗ്ഗത്തിലുളളവരിൽ നിന്ന് ശ്രദ്ധ പിടിച്ചു പററാനുളള ഒരു മാർഗ്ഗമോ ആണ്. കൂടാതെ വികാരങ്ങൾക്ക് പെട്ടെന്ന് മാററം സംഭവിക്കാമെന്നുളളതുകൊണ്ട് അതു സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ട ആവശ്യമുണ്ട്. ഡോക്ടർ മാരിയൺ ഹില്ലിയാർഡ് ഇപ്രകാരം മുന്നറിയിപ്പ് നൽകി: “മണിക്കൂറിൽ പത്തു മൈൽ എന്ന വേഗതയിൽ നീങ്ങുന്ന ഒരു സുഹൃദ്ബന്ധത്തിന് ചിലപ്പോൾ മുന്നറിയിപ്പൊന്നും കൂടാതെ മണിക്കൂറിൽ നൂറു മൈൽ വേഗതയിൽ ചീറിപ്പായുന്ന ഒരു ആവേശമായി മാറാൻ കഴിയും.”
പതിനാറു വയസ്സുകാരൻ മൈക്ക് ഒരു 14 വയസ്സുകാരി പെൺകുട്ടിയുമായി “സൗഹൃദ”ത്തിലായപ്പോൾ ഇതു മനസ്സിലാക്കി: “തമ്മിൽതമ്മിൽ മാത്രം കണ്ടുകൊണ്ടിരിക്കുമ്പോൾ രണ്ടു ചെറുപ്പക്കാർക്ക് വെറുതെ സുഹൃത്തുക്കളായിരിക്കാൻ കഴിയുകയില്ല എന്ന് ഞാൻ പെട്ടെന്നു തന്നെ മനസ്സിലാക്കി. ഞങ്ങളുടെ ബന്ധം വളർന്നുകൊണ്ടേയിരുന്നു. പെട്ടെന്നു തന്നെ ഞങ്ങൾക്ക് അന്യോന്യം ചില പ്രത്യേക വികാരങ്ങൾ അനുഭവപ്പെടാൻ തുടങ്ങി, ഞങ്ങൾക്ക് ഇപ്പോഴും അങ്ങനെ തന്നെയാണ്.” ഇരുവർക്കും വിവാഹിതരാകാൻ പ്രായമാകാത്തതുകൊണ്ട് അതു മോഹഭംഗത്തിന്റെ ഒരു ഉറവാണ്.
വളരെ അധികം അടുത്തബന്ധങ്ങൾക്ക് ഇതിലും സങ്കടകരമായ ഫലങ്ങൾ ഉണ്ടായിരിക്കാൻ കഴിയും.
തന്റെ പ്രശ്നങ്ങളെപ്പററി തുറന്നു പറഞ്ഞ ഒരു പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ഒരു യുവാവ് ശ്രമിച്ചു. താമസിയാതെ അവർ പരസ്പരം താലോലിക്കാൻ തുടങ്ങി. ഫലമോ? മനസ്സാക്ഷിക്കുത്തും അവർ തമ്മിൽ പിണക്കവും. മററു ചിലർ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. സൈക്കോളജി ററുഡേ നടത്തിയ ഒരു സർവ്വേ പ്രകടമാക്കിയത് “പങ്കെടുത്തവരിൽ ഏതാണ്ട് പകുതി (49 ശതമാനം) പേരുടെ സംഗതിയിൽ ഒരു സുഹൃദ്ബന്ധം ലൈംഗികബന്ധമായി മാറി എന്നാണ്.” വാസ്തവത്തിൽ ഏതാണ്ട് “മൂന്നിലൊന്ന് (31 ശതമാനം) കഴിഞ്ഞ ഒരു മാസത്തിനുളളിൽ ഒരു സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ടു ചെയ്തു.”‘എന്നാൽ ഞാൻ എന്റെ സുഹൃത്തിനോട് ആ തരത്തിൽ ആകർഷിക്കപ്പെട്ടിട്ടില്ല, ഞാൻ അയാളോട് [അല്ലെങ്കിൽ അവളോട്] പ്രേമത്തിലാവുകയുമില്ല.’ പക്ഷേ അതു ശരിയായിരിക്കാം. എന്നാൽ ഭാവിയിൽ നിങ്ങളുടെ വികാരം എന്തായിരിക്കും? മാത്രവുമല്ല, “സ്വന്തം ഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢനാണ്.” (സദൃശവാക്യങ്ങൾ 28:26) നമ്മുടെ യഥാർത്ഥ ആന്തരങ്ങളെ മറച്ചുകൊണ്ട് നമ്മുടെ ഹൃദയത്തിന് നമ്മെ ചതിക്കാൻ, വഞ്ചിക്കാൻ കഴിയും. നിങ്ങളുടെ സുഹൃത്തിന് നിങ്ങളോടുളള വികാരമെന്താണെന്ന് നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാമോ?
ദി ഫ്രണ്ട്ഷിപ്പ് ഫാക്ററർ എന്ന തന്റെ [ഇംഗ്ലീഷ്] പുസ്തകത്തിൽ അലൻ ലോയ് മാക്ഗിന്നിസ് ബുദ്ധിയുപദേശിക്കുന്നു: “അതിരുവിട്ട് നിങ്ങളെത്തന്നെ വിശ്വസിക്കരുത്.” നിങ്ങളുടെ സഹവാസം നന്നായി മേൽനോട്ടം വഹിക്കപ്പെടുന്ന കൂട്ടായ പ്രവർത്തനങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് മുൻ കരുതലെടുക്കുക. സ്നേഹത്തിന്റെ അനുചിതമായ പ്രകടനങ്ങളും പ്രേമവികാരങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളിൽ ഒററയ്ക്കായിരിക്കുന്നതും ഒഴിവാക്കുക. എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ എതിർലിംഗവർഗ്ഗത്തിൽ പെട്ട ചെറുപ്പക്കാരിലല്ല, നിങ്ങളുടെ മാതാപിതാക്കളിലും മുതിർന്നവരിലും വിശ്വാസം അർപ്പിക്കുക.
ഈ സുരക്ഷിതത്വ നടപടികളെല്ലാമെടുത്തിട്ടും ഏകപക്ഷീയമായ പ്രേമ വികാരങ്ങൾ വികാസം പ്രാപിക്കുന്നുവെങ്കിലെന്ത്? “സത്യം സംസാരിക്കുകയും” നിങ്ങൾ എവിടെ നിൽക്കുന്നുവെന്ന് മറേറയാളെ അറിയിക്കുകയും ചെയ്യുക. (എഫേസ്യർ 4:25) ഇതു കാര്യങ്ങൾ നേരെയാക്കുന്നില്ലെങ്കിൽ അകന്നു നിൽക്കുന്നതായിരിക്കും ഏററവും നല്ലത്. “അനർത്ഥം കണ്ടിട്ട് തന്നെത്തന്നെ മറച്ചുകൊളളുന്നവൻ ആണ് വിവേകമുളളവൻ.” (സദൃശവാക്യങ്ങൾ 22:3) അല്ലെങ്കിൽ ദി ഫ്രണ്ട്ഷിപ്പ് ഫാക്ററർ എന്ന പുസ്തകം പറയുന്നതുപോലെ: “ആവശ്യമെങ്കിൽ ജാമ്യത്തിലിറങ്ങുക. ചിലപ്പോൾ നാം എത്ര ശ്രമിച്ചാലും എതിർലിംഗവർഗ്ഗത്തിൽപ്പെട്ട ഒരാളുമായുളള സൗഹൃദം നിയന്ത്രണം വിട്ട് പോകുന്നു, അതു എങ്ങോട്ടാണ് നയിക്കുന്നതെന്ന് നമുക്ക് അറിയുകയും ചെയ്യാം.” അപ്പോൾ അതു “പിന്തിരിയാനുളള” സമയമാണ്.
[227-ാം പേജിലെ ചിത്രങ്ങൾ]
ഡെയിററിംഗിലേർപ്പെടാനോ ജോടി തിരിയാനോ ഉളള സമ്മർദ്ദം മിക്കപ്പോഴും യുവജനങ്ങൾക്ക് അനുഭവപ്പെടുന്നു
[228-ാം പേജിലെ ചിത്രം]
ഡെയിററിംഗ് മിക്കപ്പോഴും യുവജനങ്ങളെ അവർ ആഗ്രഹിക്കാത്ത പ്രേമപ്രകടനങ്ങൾ അനുവദിച്ചുകൊടുക്കാനുളള സമ്മർദ്ദത്തിൻ കീഴിലാക്കുന്നു
[229-ാം പേജിലെ ചിത്രം]
ഡെയിററിംഗിന്റെ സമ്മർദ്ദം ഇല്ലാത്ത സാഹചര്യങ്ങളിൽ ഒരുവന് വിപരീതലിംഗവർഗ്ഗത്തിൽപ്പെട്ടവരുടെ സഹവാസം ആസ്വദിക്കാൻ കഴിയും
[230-ാം പേജിലെ ചിത്രം]
പ്ലേറേറാണിക് ബന്ധങ്ങൾ എന്നു വിളിക്കപ്പെടുന്നവ മിക്കപ്പോഴും ഹൃദയതകർച്ചയിൽ അവസാനിക്കുന്നു