വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു മതിമോഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

ഒരു മതിമോഹത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

അധ്യായം 28

ഒരു മതി​മോ​ഹത്തെ എനിക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?

“മിക്ക കൗമാ​ര​പ്രാ​യ​ക്കാർക്കും മതി​മോ​ഹങ്ങൾ ജലദോ​ഷം പോലെ സാധാ​ര​ണ​മാണ്‌,” എന്ന്‌ യുവജ​ന​ങ്ങൾക്കു​വേ​ണ്ടി​യു​ളള ഒരു മാസിക എഴുതി. ഏതാണ്ട്‌ എല്ലാ യുവജ​ന​ങ്ങൾക്കും തന്നെ ഈ അനുഭ​വ​മുണ്ട്‌, ഏതാണ്ട്‌ എല്ലാവ​രും തന്നെ അവരുടെ ആത്മാഭി​മാ​ന​വും നർമ്മ​ബോ​ധ​വും നഷ്ടമാ​ക്കാ​തെ പ്രായ​പൂർത്തി​യി​ലെ​ത്തു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും നിങ്ങൾ ഒരു മതി​മോ​ഹ​ത്തി​ന്റെ പിടി​യി​ല​മ​രു​മ്പോൾ അത്‌ ഒരു തമാശ​യാ​യി തോന്നു​ക​യില്ല. “എനിക്ക്‌ അതു സംബന്ധിച്ച്‌ ഒന്നും ചെയ്യാൻ കഴിയാ​ത്ത​തി​നാൽ എനിക്ക്‌ നിരാശ തോന്നി,” എന്ന്‌ ഒരു യുവാവ്‌ അനുസ്‌മ​രി​ക്കു​ന്നു. “അവൾക്ക്‌ എന്നെക്കാൾ പ്രായ​മു​ണ്ടെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു, എന്നാലും എനിക്ക്‌ അവളോട്‌ ഇഷ്ടമാ​യി​രു​ന്നു. ആ സംഗതി​യിൽ ഞാൻ യഥാർത്ഥ​ത്തിൽ എന്റെ പ്രകൃതം വിട്ട്‌ പെരു​മാ​റി.”

ഒരു മതി​മോ​ഹ​ത്തി​ന്റെ ശരീരാ​പ​ഗ്ര​ഥ​നം

ആരോ​ടെ​ങ്കി​ലും തീവ്ര​മായ വികാ​രങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌—(വിവാ​ഹി​ത​രാ​യ​വ​രോ​ടെ​ന്ന​പോ​ലെ) അധാർമ്മി​ക​മോ അനുചി​ത​മോ അല്ല എങ്കിൽ—ഒരു പാപമല്ല. (സദൃശ​വാ​ക്യ​ങ്ങൾ 5:15-18) എന്നിരു​ന്നാ​ലും നിങ്ങൾ ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾ “യൗവന​ക്കാ​രു​ടെ​തായ മോഹങ്ങൾ” മിക്ക​പ്പോ​ഴും നിങ്ങളു​ടെ ചിന്തക​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും ഭരിക്കു​ന്നു. (2 തിമൊ​ഥെ​യോസ്‌ 2:22) താരു​ണ്യാ​രം​ഭ​ത്തിൽ അഴിച്ചു​വി​ട​പ്പെ​ടുന്ന നവവും ശക്തവു​മായ മോഹ​ങ്ങളെ നിയ​ന്ത്രി​ക്കാൻ പഠിക്കു​മ്പോൾത്തന്നെ ഒരു യൗവന​ക്കാ​രന്‌ നിറയെ പതഞ്ഞു പൊന്തുന്ന പ്രേമ​വി​കാ​രങ്ങൾ ഉണ്ടായി​രി​ക്കു​ക​യും അതിന്‌ വിഷയ​മാ​ക്കാൻ ഒരു ആൾ ഇല്ലാതെ വരിക​യും ചെയ്‌തേ​ക്കാം.

കൂടാതെ “ആൺകു​ട്ടി​ക​ളെ​ക്കാൾ ചെറു​പ്പ​ത്തിൽ തന്നെ പെൺകു​ട്ടി​കൾ സമനി​ല​യു​ള​ള​വ​രും സമൂഹ​ത്തിൽ അംഗീ​കാ​ര​മു​ള​ള​വ​രു​മാ​യി​ത്തീ​രു​ന്നു.” അതിന്റെ ഫലമായി “തങ്ങളുടെ അദ്ധ്യാ​പ​ക​രോ​ടൊ അല്ലെങ്കിൽ തങ്ങളുടെ എത്തുപാ​ടി​ല​ല്ലാത്ത പ്രായ​മു​ളള മററു പുരു​ഷൻമാ​രോ​ടൊ ഉളള താരത​മ്യ​ത്തിൽ തങ്ങളോ​ടൊ​പ്പം പഠിക്കുന്ന ആൺകു​ട്ടി​കൾ അപക്വ​രും അരസി​ക​രു​മാ​ണെന്ന്‌ അവർ കണ്ടെത്തു​ന്നു.” (സെവൻറീൻ മാസിക) അതു​കൊണ്ട്‌ തനിക്കി​ഷ്ട​പ്പെട്ട ഒരു അദ്ധ്യാ​പ​ക​നോ ഒരു ഗായക​നോ തനിക്ക്‌ പരിച​യ​മു​ളള അല്‌പം​കൂ​ടി പ്രായ​മു​ളള ഒരാളോ ആണ്‌ “ആദർശ” പുരുഷൻ എന്ന്‌ ഒരു പെൺകു​ട്ടി കരുതി​യേ​ക്കാം. ആൺകു​ട്ടി​ക​ളും മിക്ക​പ്പോ​ഴും അതു​പോ​ലെ മോഹ​ത്തി​ന​ടി​മ​യാ​യേ​ക്കാം. എന്നിരു​ന്നാ​ലും അകലത്തിൽ കാണ​പ്പെ​ടുന്ന അത്തരം വ്യക്തി​ക​ളോട്‌ തോന്നുന്ന പ്രേമം പ്രകട​മാ​യും യാഥാർത്ഥ്യ​ത്തി​ലെ​ന്ന​തി​നേ​ക്കാൾ ഭാവന​യിൽ വേരൂ​ന്നി​യി​ട്ടു​ള​ള​താണ്‌.

മതി​മോ​ഹങ്ങൾ—അവ ഉപദ്ര​വ​ക​ര​മാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

മിക്ക മതി​മോ​ഹ​ങ്ങ​ളും അതിശ​യ​ക​ര​മാം​വണ്ണം ഹ്രസ്വ​കാ​ല​ത്തേ​യ്‌ക്കു​ള​ള​താ​ണെ​ങ്കി​ലും അവ ഒരു യുവാ​വിന്‌ വളരെ​യ​ധി​കം ദോഷം ചെയ്‌തേ​ക്കാം. കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ പ്രേമം പിടി​ച്ചു​പ​റ​റുന്ന പലരും ആദരവിന്‌ അർഹരേ അല്ല എന്നതാണ്‌ ഒരു സംഗതി. ജ്ഞാനി​യായ ഒരു മനുഷ്യൻ പറഞ്ഞു: “മൗഢ്യം പല ഉന്നത സ്ഥാനങ്ങ​ളി​ലും വയ്‌ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.” (സഭാ​പ്ര​സം​ഗി 10:6) അപ്രകാ​രം ഒരു ഗായകൻ അയാളു​ടെ സ്വരമാ​ധു​ര്യ​മോ രൂപലാ​വ​ണ്യ​മോ നിമിത്തം പൂജി​ക്ക​പ്പെ​ടു​ന്നു. എന്നാൽ അയാളു​ടെ ധാർമ്മി​കത പ്രശം​സാർഹ​മാ​ണോ? അയാളോ അവരോ ഒരു സമർപ്പിത ക്രിസ്‌ത്യാ​നി​യെ​ന്ന​നി​ല​യിൽ “കർത്താ​വി​ലാ​ണോ?”—1 കൊരി​ന്ത്യർ 7:39.

ബൈബി​ളും ഇപ്രകാ​രം മുന്നറി​യിപ്പ്‌ നല്‌കു​ന്നു: “ലോക​ത്തോ​ടു​ളള സൗഹൃദം ദൈവ​ത്തോ​ടു​ളള ശത്രു​ത​യാ​കു​ന്നു.” (യാക്കോബ്‌ 4:4) ദൈവം കുററം​വി​ധി​ക്കുന്ന നടത്തയു​ളള ഒരാളിൽ നിങ്ങൾ ആകൃഷ്ട​നാ​യി​ത്തീ​രു​ന്നു​വെ​ങ്കിൽ അതു ദൈവ​വു​മാ​യു​ളള നിങ്ങളു​ടെ സൗഹൃ​ദത്തെ അപകട​ത്തി​ലാ​ക്കു​ക​യി​ല്ലേ? “വിഗ്ര​ഹ​ങ്ങ​ളിൽ നിന്ന്‌ നിങ്ങ​ളെ​ത്തന്നെ സൂക്ഷിച്ചു കൊള​ളു​വിൻ” എന്നും ബൈബിൾ കല്‌പി​ക്കു​ന്നു. (1 യോഹ​ന്നാൻ 5:21) ഒരു യുവാ​വോ യുവതി​യോ തന്റെ മുറി​യു​ടെ ഭിത്തി മുഴുവൻ ഒരു ഗായകന്റെ ചിത്രങ്ങൾ കൊണ്ട്‌ അലങ്കരി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ അതിനെ എന്തു വിളി​ക്കും? “വിഗ്ര​ഹാ​രാ​ധന” എന്ന പദം അതിന്‌ യോജി​ക്കു​ക​യി​ല്ലേ? ഇതെങ്ങ​നെ​യാണ്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്നത്‌?

ചില യുവജ​നങ്ങൾ തങ്ങളുടെ വിചി​ത്ര​ഭ്രമം സകല ന്യായ​ബോ​ധ​ത്തി​നും അപ്പുറം പോകാൻ അനുവ​ദി​ക്കു​ന്നു. ഒരു യുവതി പറയുന്നു: “അയാൾക്ക്‌ എന്നോ​ടു​ളള വികാ​ര​മെ​ന്താ​ണെന്ന്‌ ഞാൻ ചോദി​ക്കു​മ്പോ​ഴെ​ല്ലാം യാതൊ​ന്നു​മില്ല എന്ന്‌ പറഞ്ഞ്‌ അയാൾ നിഷേ​ധി​ക്കു​ന്നു. എന്നാൽ അയാൾ നോക്കു​ക​യും പെരു​മാ​റു​ക​യും ചെയ്യുന്ന വിധത്തിൽ നിന്ന്‌ അതു സത്യമ​ല്ലെന്ന്‌ എനിക്ക്‌ പറയാൻ കഴിയും.” ഇവിടെ പരാമർശി​ക്ക​പ്പെട്ട ചെറു​പ്പ​ക്കാ​രൻ തന്റെ താല്‌പ​ര്യ​മി​ല്ലായ്‌മ ദയാപൂർവ്വം പ്രകടി​പ്പി​ക്കാൻ ശ്രമിച്ചു. എന്നാൽ അയാളു​ടെ ആ നിഷേധം അവൾ സ്വീക​രി​ക്കു​മാ​യി​രു​ന്നില്ല.

ജനപ്രീ​തി​യു​ളള ഒരു ഗായക​നോട്‌ തനിക്കു തോന്നിയ ഭ്രമ​ത്തെ​പ്പ​ററി മറെറാ​രു പെൺകു​ട്ടി പറയുന്നു: ‘അയാൾ എന്റെ ബോയ്‌ ഫ്രണ്ടാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു, അതു ഒരു യാഥാർത്ഥ്യ​മാ​യി​ത്തീ​രാൻവേണ്ടി ഞാൻ പ്രാർത്ഥി​ച്ചി​ട്ടുണ്ട്‌! അദ്ദേഹ​ത്തി​ന്റെ ആൽബം എന്റെ അടുത്തു വച്ചു​കൊണ്ട്‌ ഞാൻ കിടന്നു​റ​ങ്ങു​മാ​യി​രു​ന്നു. കാരണം എനിക്ക്‌ അദ്ദേഹ​ത്തോട്‌ അടുത്താ​യി​രി​ക്കാൻ അങ്ങനെ മാത്രമേ കഴിയു​മാ​യി​രു​ന്നു​ളളു. എനിക്ക്‌ അദ്ദേഹത്തെ കിട്ടു​ന്നി​ല്ലെ​ങ്കിൽ ഞാൻ എന്നെത്തന്നെ കൊല്ലും എന്ന അവസ്ഥയിൽ ഞാൻ എത്തിയി​രി​ക്കു​ന്നു.’ തന്നെ “സുബോ​ധ​ത്തോ​ടെ” സേവി​ക്കാൻ കല്‌പി​ക്കുന്ന ദൈവ​ത്തിന്‌ അത്തരം ബോധ​മി​ല്ലാത്ത തരം വികാ​രങ്ങൾ പ്രസാ​ദ​ക​ര​മാ​യി​രി​ക്കു​മോ?—റോമർ 12:3.

സദൃശ​വാ​ക്യ​ങ്ങൾ 13:12-ൽ ബൈബിൾ പറയുന്നു: “നീട്ടി​വ​യ്‌ക്ക​പ്പെ​ടുന്ന പ്രതീക്ഷ ഹൃദയ​ത്തിന്‌ രോഗ​ഹേതു.” അപ്രകാ​രം അസാദ്ധ്യ​മായ ഒരു ബന്ധത്തി​നു​വേണ്ടി പ്രേമ പ്രതീ​ക്ഷകൾ വളർത്തു​ന്നത്‌ അനാ​രോ​ഗ്യ​ക​ര​മാണ്‌. ഏകപക്ഷീ​യ​മായ പ്രേമം “വിഷാദം, ഉൽക്കണ്‌ഠ, ദുഃഖം . . . ഉറക്കമി​ല്ലായ്‌മ, ക്ഷീണം, നെഞ്ചു​വേദന, ശ്വാസം മുട്ടൽ” എന്നിവ​യ്‌ക്ക്‌ കാരണ​മാ​ണെന്ന്‌ ഡോക്ടർമാർ പറയുന്നു. (2 ശമുവേൽ 13:1, 2 താരത​മ്യം ചെയ്യുക.) പ്രേമ​ബ​ദ്ധ​യായ ഒരു പെൺകു​ട്ടി സമ്മതിച്ചു പറയുന്നു: “എനിക്ക്‌ ഭക്ഷണം കഴിക്കാൻ സാധി​ക്കു​ന്നില്ല. . . . എനിക്ക്‌ ഇപ്പോൾ പഠിക്കാൻ കഴിയു​ന്നില്ല . . . ഞാൻ അയാളെ സംബന്ധിച്ച്‌ ദിവാ​സ്വ​പ്‌നം കാണുന്നു. . . . ഞാൻ കഷ്ടത്തി​ലാ​യി​രി​ക്കു​ന്നു.”

ഒരു ഭ്രമം നിങ്ങളു​ടെ ജീവി​തത്തെ ഭരിക്കാൻ അനുവ​ദി​ക്കു​മ്പോൾ നിങ്ങൾ വരുത്തുന്ന നാശ​ത്തെ​പ്പ​ററി ചിന്തി​ക്കുക. പിടി​വി​ട്ടു​പോയ ഒരു മതി​മോ​ഹ​ത്തി​ന്റെ ആദ്യ ലക്ഷണങ്ങ​ളി​ലൊന്ന്‌ “സ്‌കൂൾ പഠനത്തിൽ കാണുന്ന മാന്ദ്യ”മാണെന്ന്‌ ഡോക്ടർ ലോറൻസ്‌ ബോമൻ നിരീ​ക്ഷി​ക്കു​ന്നു. സുഹൃ​ത്തു​ക്ക​ളിൽ നിന്നും കുടും​ബ​ത്തിൽ നിന്നും ഒററ​പ്പെ​ടു​ന്ന​താണ്‌ മറെറാ​രു സാധാരണ ഫലം. അവമാ​ന​വും ഉണ്ടായി​രി​ക്കാം. ഗ്രന്ഥകാ​ര​നായ ഗിൽ ഷ്വാർട്ട്‌സ്‌ പറയുന്നു: “എനിക്ക്‌ ഇത്‌ സമ്മതി​ക്കാൻ ലജ്ജയുണ്ട്‌, എന്നാൽ ജൂഡി​യു​മാ​യി പ്രേമ​ത്തി​ലാ​യി​രു​ന്ന​പ്പോൾ ഞാൻ ഒരു കോമാ​ളി​യെ​പ്പോ​ലെ പെരു​മാ​റി.” മതി​മോ​ഹം ശമിച്ച്‌ ദീർഘ​കാ​ലം കഴിഞ്ഞാ​ലും നിങ്ങൾ സകലരു​ടെ​യും മുമ്പിൽ ഒരു രംഗം സൃഷ്ടി​ച്ചു​കൊണ്ട്‌ ആരു​ടെ​യെ​ങ്കി​ലും പുറകെ നടന്നതി​ന്റെ, പൊതു​വെ പറഞ്ഞാൽ നിങ്ങ​ളെ​ത്തന്നെ ഒരു വിഡ്‌ഢി​യാ​ക്കി​യ​തി​ന്റെ ഓർമ്മകൾ നിലനിൽക്കാം.

യാഥാർത്ഥ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കൽ

ജീവി​ച്ചി​രു​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററം ബുദ്ധി​മാൻമാ​രിൽ ഒരാളായ ശലോ​മോൻ രാജാവ്‌ തന്റെ വികാ​ര​ങ്ങ​ളോട്‌ യാതൊ​രു പ്രതി​ക​ര​ണ​വും കാണി​ക്കാഞ്ഞ ഒരു പെൺകു​ട്ടി​യോട്‌ കലശലായ പ്രേമ​ത്തി​ലാ​യി. അവൾ “പൂർണ്ണ ചന്ദ്ര​നെ​പ്പോ​ലെ സുന്ദരി​യാ​ണെ​ന്നും ജ്വലി​ക്കുന്ന സൂര്യ​നെ​പ്പോ​ലെ നിർമ്മ​ല​യാ​ണെ​ന്നും” പറഞ്ഞു​കൊണ്ട്‌ അയാൾ എഴുത​പ്പെ​ട്ടി​ട്ടു​ള​ള​തി​ലേ​ക്കും ഏററം സുന്ദര​മായ കാവ്യ​ങ്ങ​ളിൽ ചിലത്‌ അവളു​ടെ​മേൽ ചൊരി​ഞ്ഞു—എന്നാൽ അതു​കൊ​ണ്ടൊ​ന്നും അയാൾക്ക്‌ യാതൊ​ന്നും നേടാൻ കഴിഞ്ഞില്ല!—ശലോ​മോ​ന്റെ ഗീതം 6:10.

എന്നിരു​ന്നാ​ലും ശലോ​മോൻ പിന്നീട്‌ അവളെ സ്വന്തമാ​ക്കാ​നു​ളള തന്റെ ശ്രമങ്ങൾ ഉപേക്ഷി​ച്ചു. നിങ്ങൾക്ക്‌ നിങ്ങളു​ടെ വികാ​ര​ങ്ങ​ളു​ടെ​മേൽ ഒരു നിയ​ന്ത്രണം ചെലു​ത്താൻ കഴിയു​ന്ന​തെ​ങ്ങ​നെ​യാണ്‌? “സ്വന്തം ഹൃദയ​ത്തിൽ ആശ്രയി​ക്കു​ന്നവൻ മൂഢനാണ്‌,” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 28:26) നിങ്ങൾ ഒരു പ്രണയ ഭ്രമത്തിൽ അകപ്പെ​ടു​മ്പോൾ ഇത്‌ വിശേ​ഷാൽ സത്യമാണ്‌. എന്നിരു​ന്നാ​ലും, “ജ്ഞാന​ത്തോ​ടെ നടക്കു​ന്ന​വ​നാണ്‌ രക്ഷപ്രാ​പി​ക്കു​ന്നത്‌.” അതിന്റെ അർത്ഥം കാര്യ​ങ്ങളെ ആയിരി​ക്കുന്ന രീതി​യിൽ മനസ്സി​ലാ​ക്കുക എന്നാണ്‌.

“ന്യായ​മായ പ്രതീ​ക്ഷയെ അടിസ്ഥാന രഹിത​മായ പ്രതീ​ക്ഷ​യിൽ നിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും?” എന്ന്‌ ഡോക്ടർ ഹൊവാർഡ്‌ ഹാൾപേൺ ചോദി​ക്കു​ന്നു: “ശ്രദ്ധാ​പൂർവ്വ​ക​വും വികാ​ര​ത്തി​ന​ടി​മ​യാ​കാ​തെ​യും വസ്‌തു​ത​കളെ നിരീ​ക്ഷി​ക്കു​ന്ന​തി​നാൽ തന്നെ.” ഇതു പരിഗ​ണി​ക്കുക: ആ വ്യക്തി​യു​മാ​യി ഒരു യഥാർത്ഥ പ്രേമം വികാ​സം​പ്രാ​പി​ക്കു​ന്ന​തി​നു​ളള എന്തു സാദ്ധ്യ​ത​യാ​ണു​ള​ളത്‌? ആ വ്യക്തി വളരെ പേരെ​ടുത്ത ഒരാളാ​ണെ​ങ്കിൽ നിങ്ങൾ അയാളെ നേരിൽ കണ്ടുമു​ട്ടാ​നു​ളള സാദ്ധ്യ​ത​പോ​ലും കുറവാണ്‌! ഒരു അദ്ധ്യാ​പ​ക​നെ​പ്പോ​ലെ പ്രായ​കൂ​ടു​ത​ലു​ളള ഒരാൾ ഉൾപ്പെ​ട്ടി​രി​ക്കു​മ്പോ​ഴും നിങ്ങളു​ടെ പ്രതീക്ഷ വളരെ മങ്ങിയ​താണ്‌.

കൂടാതെ, നിങ്ങൾ ഇഷ്ടപ്പെ​ടുന്ന ആ വ്യക്തി ഇന്നോളം നിങ്ങളിൽ എന്തെങ്കി​ലും താല്‌പ​ര്യം കാണി​ച്ചി​ട്ടു​ണ്ടോ? ഇല്ലെങ്കിൽ ഭാവി​യിൽ കാര്യ​ങ്ങൾക്ക്‌ മാററം സംഭവി​ക്കും എന്ന്‌ വിശ്വ​സി​ക്കാൻ എന്തെങ്കി​ലും യഥാർത്ഥ കാരണ​മു​ണ്ടോ? അതോ നിങ്ങൾ അയാളു​ടെ​യോ അവളു​ടെ​യോ നിരു​പ​ദ്ര​വ​ക​ര​മായ വാക്കു​ക​ളി​ലും പെരു​മാ​റ​റ​ത്തി​ലും പ്രണയ​പ​ര​മായ താല്‌പ​ര്യം കണ്ടെത്താൻ ശ്രമി​ക്കു​ക​യാ​ണോ? മിക്ക രാജ്യ​ങ്ങ​ളി​ലും പ്രണയ​ബ​ന്ധ​ങ്ങ​ളിൽ പുരു​ഷൻമാർ മുൻകൈ എടുക്കുക എന്നതാണ്‌ സാധാ​ര​ണ​രീ​തി. കേവലം താല്‌പ​ര്യ​മി​ല്ലാത്ത ആരെ​യെ​ങ്കി​ലും സ്വന്തമാ​ക്കാൻ വേണ്ടി പിന്നാലെ നടന്നു​കൊണ്ട്‌ ഒരു പെൺകു​ട്ടി തന്നെത്തന്നെ അവമാ​നി​ച്ചേ​ക്കാം.

മാത്ര​വു​മല്ല ആ വ്യക്തി നിങ്ങ​ളോട്‌ തിരിച്ച്‌ സ്‌നേഹം കാണി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യും? വിവാ​ഹ​ത്തി​ന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ ഏറെറ​ടു​ക്കാൻ നിങ്ങൾ തയ്യാറാ​ണോ? അല്ലാ​യെ​ങ്കിൽ ഇത്തരം പ്രേമ​വി​ചാ​രങ്ങൾ മനസ്സിൽ വച്ചുപു​ലർത്താൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ “നിന്റെ ഹൃദയ​ത്തിൽ നിന്ന്‌ വ്യസനം അകററുക.” “സ്‌നേ​ഹി​ക്കാൻ ഒരു സമയമുണ്ട്‌,” അത്‌ വർഷങ്ങൾക്കു​ശേഷം നിങ്ങൾക്ക്‌ കുറച്ചു​കൂ​ടെ പ്രായ​മാ​യി​ട്ടാ​യി​രി​ക്കാം.—സഭാ​പ്ര​സം​ഗി 3:8; 11:10.

നിങ്ങളു​ടെ വികാ​ര​ങ്ങളെ അപഗ്ര​ഥി​ക്കൽ

ഡോക്ടർ ചാൾസ്‌ സാസ്‌ട്രോ ഇപ്രകാ​രം നിരീ​ക്ഷി​ക്കു​ന്നു: “ഒരു വ്യക്തി താൻ പ്രേമി​ക്കുന്ന ആളെ ‘പൂർണ്ണ​നായ ഒരു കമിതാ​വാ​യി,’ ഒരു മാതൃ​ക​യാ​യി വീക്ഷി​ക്കു​മ്പോൾ, അതായത്‌ ഒരു ഇണയ്‌ക്ക്‌ ഉണ്ടായി​രി​ക്കേണ്ട എല്ലാ സവിശേഷ ഗുണങ്ങ​ളും ആ വ്യക്തി​ക്കുണ്ട്‌ എന്ന്‌ നിഗമനം ചെയ്യു​മ്പോ​ഴാണ്‌ മതി​മോ​ഹം ഉണ്ടാകു​ന്നത്‌.” എന്നിരു​ന്നാ​ലും അങ്ങനെ “പൂർണ്ണ​നായ ഒരു കമിതാവ്‌” ഒരിട​ത്തും ഇല്ല. “എന്തു​കൊ​ണ്ടെ​ന്നാൽ എല്ലാവ​രും പാപം ചെയ്‌ത്‌ ദൈവ​തേ​ജ​സ്സിൽ കുറവു​ള​ള​വ​രാ​യി​ത്തീർന്നി​രി​ക്കു​ന്നു,” എന്ന്‌ ബൈബിൾ പറയുന്നു.—റോമർ 3:23.

അതു​കൊണ്ട്‌ നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: “ഞാൻ കാംക്ഷി​ക്കുന്ന ഈ വ്യക്തിയെ എനിക്ക്‌ യഥാർത്ഥ​ത്തിൽ എത്ര നന്നായി​ട്ട​റി​യാം? ഞാൻ വെറു​മൊ​രു സങ്കല്‌പ​വു​മാ​യി​ട്ടാ​ണോ പ്രേമ​ത്തി​ലാ​യി​രി​ക്കു​ന്നത്‌? ഈ വ്യക്തി​യു​ടെ കുറവു​കൾക്ക്‌ നേരെ ഞാൻ കണ്ണടച്ചു കളയു​ക​യാ​ണോ? നിങ്ങളു​ടെ സ്വപ്‌ന കാമു​കനെ നിഷ്‌പ​ക്ഷ​മാ​യി ഒന്നു നോക്കി​യാൽ മതിയാ​കും നിങ്ങളെ നിങ്ങളു​ടെ പ്രേമ​പാ​ര​വ​ശ്യ​ത്തിൽനിന്ന്‌ രക്ഷിക്കാൻ! ഈ വ്യക്തി​യോട്‌ നിങ്ങൾക്കു തോന്നുന്ന സ്‌നേഹം ഏതു തരത്തി​ലു​ള​ള​താണ്‌ എന്ന്‌ അപഗ്ര​ഥി​ക്കു​ന്ന​തും സഹായ​ക​മാ​യി​രി​ക്കും. എഴുത്തു​കാ​രി​യായ കാതി മാക്‌ക്കോയ്‌ പറയുന്നു: “അപക്വ​മായ പ്രേമം ഒരു നിമിഷം കൊണ്ട്‌ വരിക​യും പോവു​ക​യും ചെയ്യുന്നു . . . നിങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു, പ്രേമ​ത്തി​ലാ​യി​രി​ക്കുക എന്ന ആശയ​ത്തോ​ടാണ്‌ നിങ്ങൾ പ്രേമ​ത്തി​ലാ​യി​രി​ക്കു​ന്നത്‌ . . . അപക്വ​മായ പ്രേമം പിടിച്ചു തൂങ്ങാൻ, സ്വന്തമാ​ക്കാൻ ആഗ്രഹി​ക്കു​ന്നു; അതു ശങ്കയു​ള​ള​താണ്‌ . . . അപക്വ പ്രേമം പൂർണ്ണത ആവശ്യ​പ്പെ​ടു​ന്നു.—1 കൊരി​ന്ത്യർ 13:4, 5 വിപരീത താരത​മ്യം ചെയ്യുക.

അവനെ അല്ലെങ്കിൽ അവളെ നിങ്ങളു​ടെ മനസ്സിൽ നിന്ന്‌ അകററി​ക്ക​ള​യൽ

ലോക​ത്തി​ലു​ളള സകല ന്യായ​വാ​ദ​ങ്ങ​ളു​മു​പ​യോ​ഗി​ച്ചാ​ലും നിങ്ങളു​ടെ വികാ​ര​ങ്ങളെ മുഴു​വ​നാ​യും മായി​ച്ചു​ക​ള​യാൻ കഴിയു​ക​യില്ല എന്നത്‌ വാസ്‌തവം തന്നെ. എന്നാൽ ആ പ്രശ്‌നം വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങൾക്ക്‌ കഴിയും. പ്രേമ​രം​ഗ​ങ്ങ​ള​ട​ങ്ങിയ നോവ​ലു​കൾ വായി​ക്കു​ന്ന​തും ററി. വി.യിൽ പ്രേമ​ക​ഥകൾ നിരീ​ക്ഷി​ക്കു​ന്ന​തും അല്ലെങ്കിൽ ചില തരം സംഗീതം ശ്രവി​ക്കു​ന്ന​തും നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടുന്ന ഏകാന്ത​തയെ കൂടുതൽ വഷളാ​ക്കാൻ ഉപകരി​ക്കും. അതു​കൊണ്ട്‌ ആ സാഹച​ര്യ​ത്തെ​പ്പ​ററി ചിന്തി​ക്കാൻ വിസമ്മ​തി​ക്കുക. “വിറക്‌ ഇല്ലാഞ്ഞാൽ തീ കെട്ടു​പോ​കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 26:20.

യഥാർത്ഥ​ത്തിൽ നിങ്ങളെ സ്‌നേ​ഹി​ക്കു​ക​യും നിങ്ങൾക്കു​വേണ്ടി കരുതു​ക​യും ചെയ്യുന്ന ആളുകൾക്ക്‌ പകരം ഒരു വിചിത്ര പ്രേമം ഉണ്ടായി​രു​ന്നാൽ മതിയാ​വു​ക​യില്ല. ‘നിങ്ങ​ളെ​ത്തന്നെ ഒററ​പ്പെ​ടു​ത്താ​തി​രി​ക്കുക.’ (സദൃശ​വാ​ക്യ​ങ്ങൾ 18:1) നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ നിങ്ങളെ കാര്യ​മാ​യി സഹായി​ക്കാൻ കഴിയും എന്ന്‌ നിങ്ങൾ കണ്ടെത്തി​യേ​ക്കാൻ സാദ്ധ്യ​ത​യുണ്ട്‌. നിങ്ങളു​ടെ വികാ​രങ്ങൾ മറയ്‌ക്കാൻ നിങ്ങൾ ശ്രമി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എന്തോ നിങ്ങളെ കാർന്നു തിന്നു​ന്നുണ്ട്‌ എന്ന്‌ അവർ ഇതി​നോ​ടകം തിരി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്തു​കൊണ്ട്‌ അവരെ സമീപിച്ച്‌ അവരുടെ മുമ്പാകെ നിങ്ങളു​ടെ ഹൃദയം തുറന്നു​കൂ​ടാ? (സദൃശ​വാ​ക്യ​ങ്ങൾ 23:26 താരത​മ്യം ചെയ്യുക.) പക്വത​യു​ളള ഒരു ക്രിസ്‌ത്യാ​നിക്ക്‌ ശ്രദ്ധി​ക്കുന്ന ഒരു നല്ല കാതുണ്ട്‌ എന്നും തെളി​ഞ്ഞേ​ക്കാം.

“തിരക്കു​ള​ള​വ​രാ​യി​രി​ക്കുക,” എന്ന്‌ കൗമാ​ര​പ്രാ​യ​ക്കാർക്കു​വേ​ണ്ടി​യു​ളള എഴുത്തു​കാ​രി എസ്ഥേർ ഡേവി​ഡോ​വി​റ​റ്‌സ്‌ ഉൽബോ​ധി​പ്പി​ക്കു​ന്നു. ഒരു ഹോബി ഉണ്ടായി​രി​ക്കുക, ചില വ്യായാ​മങ്ങൾ ചെയ്യുക, ഒരു പുതിയ ഭാഷ പഠിക്കുക, ഒരു ബൈബിൾ ഗവേഷണ പദ്ധതി ആരംഭി​ക്കുക. പ്രയോ​ജ​ന​ക​ര​മായ പ്രവർത്ത​ന​ങ്ങ​ളിൽ മുഴു​കു​ന്നത്‌ പ്രേമ​ബ​ന്ധങ്ങൾ ഉപേക്ഷി​ച്ചു​പോ​രു​ന്ന​തി​ന്റെ വേദന ഒട്ടൊക്കെ ശമിപ്പി​ക്കും.

ഒരു മതി​മോ​ഹത്തെ അതിജീ​വി​ക്കുക എന്നത്‌ എളുപ്പമല്ല. എന്നാൽ കാലം കടന്നു പോകു​മ്പോൾ വേദന​യും കുറയും. നിങ്ങ​ളെ​പ്പ​റ​റി​യും നിങ്ങളു​ടെ വികാ​ര​ങ്ങ​ളെ​പ്പ​റ​റി​യും നിങ്ങൾ വളരെ​യ​ധി​കം പഠിക്കും, ഭാവി​യിൽ യഥാർത്ഥ സ്‌നേ​ഹ​ത്തി​നു​ളള സന്ദർഭം വരു​ന്നെ​ങ്കിൽ അതിനെ എങ്ങനെ നേരി​ട​ണ​മെ​ന്നതു സംബന്ധിച്ച്‌ നിങ്ങൾ മെച്ചമാ​യി തയ്യാറാ​യി​രി​ക്കു​ക​യും ചെയ്യും! എന്നാൽ ‘യഥാർത്ഥ സ്‌നേ​ഹത്തെ’ നിങ്ങൾക്ക്‌ എങ്ങനെ തിരി​ച്ച​റി​യാൻ കഴിയും?

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ മതി​മോ​ഹങ്ങൾ യുവജ​ന​ങ്ങൾക്കി​ട​യിൽ സാധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ മിക്ക​പ്പോ​ഴും യുവാ​ക്ക​ളു​ടെ ഇത്തരം പ്രേമങ്ങൾ ആരി​ലേക്ക്‌ തിരി​ച്ചു​വി​ട​പ്പെ​ടു​ന്നു, എന്തു​കൊണ്ട്‌?

◻ മതി​മോ​ഹങ്ങൾ ഉപദ്ര​വ​ക​രമാ​യി​രി​ക്കാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ ഒരു മതി​മോ​ഹത്തെ അതിജീ​വി​ക്കാൻ ഒരു യുവാ​വിന്‌ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ ഒരു വിചിത്ര മതി​മോ​ഹം വളർത്തു​ന്നത്‌ ഒഴിവാ​ക്കാൻ ഒരു യുവാ​വിന്‌ എന്തു ചെയ്യാൻ കഴിയും?

[223-ാം പേജിലെ ആകർഷ​ക​വാ​ക്യം]

‘എനിക്ക്‌ ഭക്ഷണം കഴിക്കാൻ സാധി​ക്കു​ന്നില്ല. എനിക്ക്‌ ഇപ്പോൾ പഠിക്കാൻ കഴിയു​ന്നില്ല. ഞാൻ അയാളെ സംബന്ധിച്ച്‌ ദിവാ​സ്വ​പ്‌നം കാണുന്നു. ഞാൻ കഷ്‌ട​ത്തി​ലാ​യി​രി​ക്കു​ന്നു’

[220-ാം പേജിലെ ചിത്രം]

വിപരീത ലിംഗ​വർഗ്ഗ​ത്തിൽപ്പെട്ട, ലഭ്യമ​ല്ലാ​ത്ത​വ​രും പ്രായ​ക്കൂ​ടു​ത​ലു​ള​ള​വ​രു​മാ​യ​വ​രോ​ടു​ളള മതി​മോ​ഹങ്ങൾ വളരെ സാധാരണ യാണ്‌

[221-ാം പേജിലെ ചിത്രം]

നിഷ്‌പക്ഷവും വികാ​ര​ത്തിന്‌ അടിമ​പ്പെ​ടാ​ത്ത​തു​മായ ഒരു വിധത്തിൽ ആ വ്യക്തിയെ ഒന്ന്‌ നിരീ​ക്ഷി​ക്കു​ന്നത്‌ പ്രേമ​പാ​ര​വ​ശ്യ​ത്തിൽ നിന്ന്‌ നിങ്ങളെ സൗഖ്യ​മാ​ക്കി​യേ​ക്കാം