വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എനിക്ക്‌ യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?

എനിക്ക്‌ യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ നേടാൻ കഴിയും?

അധ്യായം 8

എനിക്ക്‌ യഥാർത്ഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാൻ കഴിയും?

“ഞാൻ ഈ ഡിസ്‌ട്രി​ക്‌റ​റിൽ സ്‌കൂ​ളിൽ പഠിക്കാൻ തുടങ്ങി​യിട്ട്‌ എട്ടു വർഷങ്ങ​ളാ​യി, ഈ കാലത്തി​നോ​ടി​ട​യ്‌ക്ക്‌ ഒരു സുഹൃ​ത്തി​നെ​പ്പോ​ലും എനിക്ക്‌ നേടാൻ കഴിഞ്ഞില്ല! ഒരാ​ളെ​പ്പോ​ലും.” റോണി എന്നു പേരായ ഒരു ചെറു​പ്പ​ക്കാ​രൻ അപ്രകാ​രം ആവലാ​തി​പ്പെട്ടു. ഒരുപക്ഷേ നിങ്ങൾക്കും ചില​പ്പോൾ അതു​പോ​ലെ സൗഹൃ​ദ​ത്തി​ലെ ഒരു പരാജയം അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കാം. എന്നാൽ യഥാർത്ഥ സുഹൃ​ത്തു​ക്കൾ ആരാണ്‌? അവരെ സമ്പാദി​ക്കു​ന്ന​തി​ന്റെ രഹസ്യ​മെ​ന്താണ്‌?

ഒരു സദൃശ​വാ​ക്യം ഇങ്ങനെ പറയുന്നു: “ഒരു സുഹൃത്ത്‌ എല്ലായ്‌പ്പോ​ഴും സ്‌നേ​ഹി​ക്കു​ന്നു, എന്നാൽ അനർത്ഥ സമയങ്ങ​ളിൽ അയാൾ ഒരു സഹോ​ദ​ര​നാ​യി​ത്തീ​രു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 17:17, ദി ബൈബിൾ ഇൻ ബെയി​സിക്‌ ഇംഗ്ലീഷ്‌) എന്നാൽ സൗഹൃ​ദ​ത്തിൽ മുഖമ​മർത്തി​ക്ക​ര​യാൻ ഒരു തോൾ ഉണ്ടായി​രി​ക്കു​ന്ന​തി​ല​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. മാർവിയ എന്നു പേരായ ഒരു യുവതി ഇപ്രകാ​രം പറയുന്നു: “നിങ്ങൾ സുഹൃ​ത്തെന്ന്‌ വിളി​ക്കുന്ന ഒരാൾ നിങ്ങൾ കുഴപ്പ​ത്തിൽ ചെന്നു ചാടി​യതു കണ്ടിട്ട്‌ പറഞ്ഞേ​ക്കാം, ‘നിങ്ങൾ കുഴപ്പ​ത്തി​ലേക്കു നീങ്ങു​ന്നതു ഞാൻ കണ്ടായി​രു​ന്നു, എന്നാൽ നിങ്ങ​ളോട്‌ അതു പറയാൻ എനിക്ക്‌ ഭയമാ​യി​രു​ന്നു’ എന്ന്‌. എന്നാൽ നിങ്ങൾ തെററായ വഴിയെ പോകു​ന്നത്‌ ഒരു യഥാർത്ഥ സുഹൃത്ത്‌ കാണു​മ്പോൾ സമയം വൈകി​പ്പോ​കു​ന്ന​തിന്‌ മുമ്പേ നിങ്ങൾക്ക്‌ മുന്നറി​യിപ്പ്‌ തരാൻ അവൾ ശ്രമി​ക്കും—അവൾ പറയു​ന്നത്‌ നിങ്ങൾക്കി​ഷ്ട​മാ​കില്ല എന്ന്‌ അവൾക്ക​റി​യാ​മെ​ങ്കിൽപോ​ലും അവൾ അതു ചെയ്യും.”

നിങ്ങ​ളോട്‌ സത്യം പറയാൻ മാത്രം നിങ്ങ​ളോട്‌ താല്‌പ​ര്യ​മു​ളള ഒരാളെ ക്ഷതപ്പെട്ട നിങ്ങളു​ടെ അഹംഭാ​വം തളളി​ക്ക​ള​യാൻ നിങ്ങൾ അനുവ​ദി​ക്കു​മോ? സദൃശ​വാ​ക്യ​ങ്ങൾ 27:6 പറയുന്നു: “സ്‌നേ​ഹി​തൻ വരുത്തുന്ന മുറി​വു​കളെ, ദ്വേഷി​ക്കുന്ന ഒരുവന്റെ ചുംബന പ്രവാ​ഹ​ത്തെ​ക്കാൾ ആശ്രയി​ക്കാം.” (ബൈയി​ങ്‌ടൻ) അതു​കൊണ്ട്‌ നേരെ ചിന്തി​ക്കു​ക​യും നേരെ സംസാ​രി​ക്കു​ക​യും ചെയ്യുന്ന ഒരാളെ സുഹൃ​ത്താ​യി ലഭിക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കേ​ണ്ടത്‌.

യഥാർത്ഥ സുഹൃ​ത്തു​ക്ക​ളും വ്യാജ​സു​ഹൃ​ത്തു​ക്ക​ളും

“എല്ലാ ‘സുഹൃ​ത്തു​ക്ക​ളും’ നിങ്ങളി​ലു​ളള ഏററം മെച്ചമാ​യത്‌ പുറത്തു കൊണ്ടു​വ​രില്ല എന്നതിന്റെ തെളി​വാണ്‌ എന്റെ ജീവിതം,” എന്ന്‌ 23 വയസ്സു​കാ​രി പെഗ്ഗി പറയുന്നു. കൗമാ​ര​പ്രാ​യ​ത്തിൽ പെഗ്ഗി വീട്‌ വിട്ട്‌ പോ​കേ​ണ്ടി​വന്നു. എന്നിരു​ന്നാ​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട രണ്ടുപേർ, ബില്ലും അദ്ദേഹ​ത്തി​ന്റെ ഭാര്യ ലോയി​യും, അവളെ അവരുടെ വീട്ടിൽ സ്വീക​രി​ച്ചു. അവർ പെഗ്ഗിക്ക്‌ ഒരു ബൈബിൾ അദ്ധ്യയനം ആരംഭി​ച്ചു. “ഞാൻ അവരോ​ടൊ​ത്തു ചെലവ​ഴിച്ച മാസങ്ങൾ യഥാർത്ഥ സന്തോ​ഷ​വും സംതൃ​പ്‌തി​യും സമാധാ​ന​വും നിറഞ്ഞ​താ​യി​രു​ന്നു,” എന്ന്‌ പെഗ്ഗി പറഞ്ഞു. എന്നിട്ടും അവൾ കണ്ടുമു​ട്ടിയ ചില ചെറു​പ്പ​ക്കാ​രോ​ടൊ​പ്പം ആയിരി​ക്കാൻ വേണ്ടി അവൾ ബില്ലി​നെ​യും ലോയി​യെ​യും ഉപേക്ഷി​ച്ചു​പോ​യി.

പെഗ്ഗി തുടർന്ന്‌ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “ഞാൻ എന്റെ പുതിയ ‘സുഹൃ​ത്തു​ക്ക​ളിൽ’ നിന്ന്‌ അനേകം കാര്യങ്ങൾ പഠിച്ചു—സ്‌ററീ​രി​യോ സെററു​കൾ മോഷ്ടി​ക്കുക, വ്യാജ​ചെ​ക്കു​കൾ മാറുക, മാരി​ഹ്വാ​ന വലിക്കുക, അവസാനം പ്രതി​ദി​നം 3,000 രൂപാ ആവശ്യ​മാ​യി​രുന്ന ഒരു മയക്കു​മ​രു​ന്നു ശീലം എങ്ങനെ നിലനിർത്താ​മെ​ന്നും.” പതി​നെ​ട്ടാ​മത്തെ വയസ്സിൽ അവൾ റേ എന്നു പേരുളള ഒരു ചെറു​പ്പ​ക്കാ​രനെ കണ്ടുമു​ട്ടി. അവൾക്ക്‌ വേണ്ടു​വോ​ളം മയക്കു​മ​രുന്ന്‌ സൗജന്യ​മാ​യി നൽകാ​മെന്ന്‌ അയാൾ ഏററു. “എന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്ക​പ്പെട്ടു എന്ന്‌ ഞാൻ കരുതി. മേലാൽ എനിക്ക്‌ മോഷ്‌ടി​ക്കു​ക​യും വഞ്ചിക്കു​ക​യും ചെയ്യേണ്ടി വരില്ല​ല്ലോ” എന്ന്‌ ഞാൻ ഓർത്തു. എന്നാൽ റേ അവളെ വേശ്യാ​വൃ​ത്തി​യിൽ ഉൾപ്പെ​ടു​ത്തി. ഒടുവിൽ പെഗ്ഗി ആ നഗരവും വേശ്യ​തെ​രു​വി​ലെ “സുഹൃ​ത്തു​ക്ക​ളെ​യും” വിട്ട്‌ ഓടി രക്ഷപ്പെട്ടു.

അവളുടെ പുതിയ താമസ​സ്ഥ​ലത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട രണ്ടുപേർ അവളെ സന്ദർശി​ച്ചു. “വിസ്‌മ​യ​സ്‌ത​ബ്‌ദ്ധ​രാ​യി നിന്ന ആ സ്‌ത്രീ​കളെ ഞാൻ ആലിം​ഗനം ചെയ്‌ത​പ്പോൾ സന്തോഷം കൊണ്ട്‌ എന്റെ കണ്ണുകൾ നിറ​ഞ്ഞൊ​ഴു​കി,” എന്ന്‌ പെഗ്ഗി വിവരി​ക്കു​ന്നു. “എന്റെ ‘സുഹൃ​ത്തു​ക്കളു’ടെ കാപട്യ​ത്തിൽ എനിക്ക്‌ അവജ്ഞ തോന്നി​യി​രു​ന്നു. എന്നാൽ ഇവർ യഥാർത്ഥ സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.” പെഗ്ഗി അവളുടെ ബൈബിൾ പഠനം പുനരാ​രം​ഭി​ച്ചു.

എന്നാൽ അവളുടെ ജീവി​തത്തെ ദൈവ​ത്തി​ന്റെ വഴിക​ളോട്‌ അനുരൂ​പ​പ്പെ​ടു​ത്തു​ന്നത്‌ എളുപ്പ​മാ​യി​രു​ന്നില്ല. പുകവലി ഉപേക്ഷി​ക്കു​ന്നത്‌ വളരെ പ്രയാ​സ​ക​ര​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും സാക്ഷി​യായ ഒരു സുഹൃത്ത്‌ ഇപ്രകാ​രം ഉപദേ​ശി​ച്ചു എന്ന്‌ പെഗ്ഗി പറയുന്നു: “വീഴ്‌ച ഭവിച്ച​ശേഷം പ്രാർത്ഥി​ക്കു​ക​യും ക്ഷമയാ​ചി​ക്കു​ക​യും ചെയ്യു​ന്ന​തി​നു പകരം പുകവ​ലി​ക്കാ​നു​ളള താല്‌പ​ര്യം തോന്നു​മ്പോൾ എന്തു​കൊണ്ട്‌ മുൻകൂ​ട്ടി പ്രാർത്ഥി​ക്കു​ക​യും ശക്തിക്കു​വേണ്ടി യാചി​ക്കു​ക​യും ചെയ്‌തു​കൂ​ടാ? ദയാപൂർവ്വ​ക​വും പ്രാ​യോ​ഗി​ക​വു​മായ ഈ നിർദ്ദേ​ശ​ത്താൽ കാര്യം സാധിച്ചു . . . അനേക വർഷങ്ങൾക്കു​ശേഷം ഉളള്‌ ശുദ്ധമാ​യ​തായ ഒരു തോന്നൽ എനിക്കു​ണ്ടാ​യി, ആത്മാഭി​മാ​നം ഉണ്ടായി​രി​ക്കുക എന്നാൽ അതിന്റെ അർത്ഥ​മെ​ന്താ​ണെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി.”

പെഗ്ഗി​യു​ടെ അനുഭവം സദൃശ​വാ​ക്യ​ങ്ങൾ 13:20-ലെ ബൈബി​ളി​ന്റെ വാക്കു​ക​ളു​ടെ സത്യതയെ പ്രദീ​പ്‌ത​മാ​ക്കു​ന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​യി​ത്തീ​രും. ഭോഷൻമാ​രോട്‌ ഇടപാ​ടു​ള​ള​വ​നോ ദോഷം ഭവിക്കും.” പെഗ്ഗി പറയുന്നു: “ദൈവത്തെ സ്‌നേ​ഹിച്ച ആ വ്യക്തി​ക​ളു​മാ​യു​ളള എന്റെ സൗഹൃദം തുടർന്നി​രു​ന്നെ​ങ്കിൽ ഇപ്പോൾ ഒരു ബീഭത്സ ഓർമ്മ​യാ​യി​ത്തീർന്നി​രി​ക്കുന്ന കാര്യങ്ങൾ ഒഴിവാ​ക്കാ​മാ​യി​രു​ന്നു.”

സുഹൃ​ത്തു​ക്കളെ കണ്ടെത്തൽ

ദൈവത്തെ സ്‌നേ​ഹി​ക്കുന്ന സുഹൃ​ത്തു​ക്കളെ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും? ക്രിസ്‌തീയ സഭയ്‌ക്കു​ള​ളിൽ. വിശ്വാ​സ​പ്ര​ഖ്യാ​പനം നടത്തുക മാത്രമല്ല മറിച്ച്‌ അവരുടെ വിശ്വാ​സ​ത്തി​നും ഭക്ഷിക്കും പിൻബലം നൽകുന്ന പ്രവർത്ത​ന​വും​കൂ​ടെ ഉളള യുവജ​ന​ങ്ങളെ അന്വേ​ഷിച്ച്‌ കണ്ടുപി​ടി​ക്കുക. (യാക്കോബ്‌ 2:26 താരത​മ്യം ചെയ്യുക.) അത്തരം ചെറു​പ്പ​ക്കാ​രെ കണ്ടെത്തുക പ്രയാ​സ​മാ​ണെ​ങ്കിൽ നിങ്ങ​ളെ​ക്കാൾ പ്രായ​മു​ളള ചില ക്രിസ്‌ത്യാ​നി​കളെ പരിച​യ​പ്പെ​ടുക. പ്രായം സൗഹൃ​ദ​ത്തിന്‌ ഒരു തടസ്സമാ​യി​രി​ക്കേ​ണ്ട​തില്ല. ദാവീ​ദും യോനാ​ഥാ​നും തമ്മിലു​ണ്ടാ​യി​രുന്ന തികച്ചും മാതൃ​കാ​യോ​ഗ്യ​മായ സൗഹൃ​ദ​ത്തെ​പ്പ​ററി ബൈബിൾ പറയുന്നു—യോനാ​ഥാൻ ദാവീ​ദി​ന്റെ പിതാ​വാ​യി​രി​ക്കാൻ തക്ക പ്രായ​മു​ളള ആളായി​രു​ന്നു!—1 ശമുവേൽ 18:1.

എന്നാൽ നിങ്ങൾക്ക്‌ സുഹൃ​ദ്‌ബ​ന്ധങ്ങൾ എങ്ങനെ ആരംഭി​ക്കാൻ കഴിയും?

മററു​ള​ള​വ​രിൽ ഒരു സജീവ താല്‌പ​ര്യം

അവന്റെ സുഹൃ​ത്തു​ക്കൾ അവനു​വേണ്ടി മരിക്കാൻ തയ്യാറാ​ക​ത്ത​ക്ക​വണ്ണം ശക്തമായ സുഹൃ​ദ്‌ബ​ന്ധങ്ങൾ യേശു​ക്രി​സ്‌തു സ്ഥാപിച്ചു. എന്തു​കൊണ്ട്‌? യേശു ആളുകൾക്കു​വേണ്ടി കരുത​ലു​ള​ള​വ​നാ​യി​രു​ന്നു എന്നതാണ്‌ ഒരു സംഗതി. അവൻ വഴിവിട്ട്‌ മററു​ള​ള​വരെ സഹായി​ച്ചു. അവൻ ഉൾപ്പെ​ടാൻ ‘ആഗ്രഹി​ച്ചു.’ (മത്തായി 8:3) വാസ്‌ത​വ​മാ​യും മററു​ള​ള​വ​രിൽ താല്‌പ​ര്യം ഉണ്ടായി​രി​ക്കു​ന്ന​താണ്‌ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്ന​തി​ന്റെ ആദ്യ പടി.

ഉദാഹ​ര​ണ​ത്തിന്‌, ഡേവിഡ്‌ എന്ന ചെറു​പ്പ​ക്കാ​രൻ പറയു​ന്നത്‌ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്ന​തിൽ അയാൾക്ക്‌ വിജയി​ക്കാൻ കഴിഞ്ഞത്‌ “ആളുക​ളോട്‌ യഥാർത്ഥ​സ്‌നേഹം ഉണ്ടായി​രു​ന്ന​തി​നാ​ലും മററു​ള​ള​വ​രിൽ സജീവ​മായ താല്‌പ​ര്യം കാണി​ച്ച​തി​നാ​ലും” ആണെന്നാണ്‌. അയാൾ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ഏററം പ്രമുഖ കാര്യ​ങ്ങ​ളി​ലൊന്ന്‌ ആ വ്യക്തി​യു​ടെ പേര്‌ അറിയുക എന്നതാണ്‌. മററു​ള​ള​വ​രു​ടെ പേര്‌ ഓർത്തി​രി​ക്കാൻ തക്കവണ്ണം നിങ്ങൾ കരുത​ലു​ള​ള​വ​നാണ്‌ എന്നത്‌ അവരിൽ മിക്ക​പ്പോ​ഴും നല്ല ധാരണ ഉളവാ​ക്കു​ന്നു. അക്കാര​ണ​ത്താൽ അവർ ചില അനുഭ​വ​ങ്ങ​ളോ പ്രശ്‌ന​ങ്ങ​ളോ നിങ്ങളു​മാ​യി പങ്കുവ​ച്ചേ​ക്കാം, സൗഹൃദം വളരാൻ തുടങ്ങു​ക​യും ചെയ്യുന്നു.”

ഇതിന്‌ നിങ്ങൾ ഓടി​ന​ടന്ന്‌ എല്ലാവ​രു​ടെ​യും കൈപി​ടിച്ച്‌ കുലു​ക്കുന്ന പ്രകൃ​ത​ക്കാ​ര​നാ​യി​രി​ക്കണം എന്നർത്ഥ​മില്ല. യേശു “ഹൃദയ​ത്തിൽ താഴ്‌മ”യുളള​വ​നാ​യി​രു​ന്നു. വർണ്ണപ്പ​കി​ട്ടാർന്ന​തൊ പ്രകടന പ്രധാ​ന​മൊ ആയ ഒരു വ്യക്തി​ത്വ​മാ​യി​രു​ന്നില്ല അവന്റേത്‌. (മത്തായി 11:28, 29) മററു​ള​ള​വ​രി​ലു​ളള ആത്മാർത്ഥ​മായ താല്‌പ​ര്യ​മാണ്‌ അവരെ ആകർഷി​ക്കു​ന്നത്‌. മിക്ക​പ്പോ​ഴും ഒരുമിച്ച്‌ ഒരു നേരം ആഹാരം കഴിക്കു​ന്ന​തൊ ഏതെങ്കി​ലും ജോലി​യിൽ ആരെ​യെ​ങ്കി​ലും സഹായി​ക്കു​ന്ന​തൊ​പോ​ലെ ഏററം ലളിത​മായ കാര്യ​ങ്ങൾക്ക്‌ സൗഹൃ​ദത്തെ കൂടുതൽ ആഴമു​ള​ള​താ​ക്കാൻ കഴിയും.

“നിങ്ങൾ ശ്രദ്ധി​ക്കുന്ന വിധം”

“നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നതിന്‌ ശ്രദ്ധ കൊടു​പ്പിൻ” എന്ന്‌ യേശു ശുപാർശ ചെയ്‌തു. (ലൂക്കോസ്‌ 8:18) ദൈവ​ത്തി​ന്റെ അരുള​പ്പാ​ടു​കൾക്ക്‌ ശ്രദ്ധ കൊടു​ക്കു​ന്ന​തി​ന്റെ മൂല്യ​മാണ്‌ അവന്‌ മനസ്സി​ലു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും ആ തത്വം സുഹൃ​ദ്‌ബ​ന്ധങ്ങൾ വളർത്തി​യെ​ടു​ക്കുന്ന കാര്യ​ത്തി​ലും ബാധക​മാ​കു​ന്നു. ഒരു നല്ല ശ്രോ​താ​വാ​യി​രി​ക്കു​ന്നത്‌ സൗഹൃദം വളർത്തി​യെ​ടു​ക്കു​ന്ന​തിൽ ജീവൽപ്ര​ധാ​ന​മാണ്‌.

മററു​ള​ള​വർ പറയു​ന്ന​തിൽ നമുക്ക്‌ യഥാർത്ഥ താല്‌പ​ര്യ​മു​ണ്ടെ​ങ്കിൽ അവർ സാധാ​ര​ണ​യാ​യി നമ്മി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ഇതു “സ്വന്തം കാര്യ​ങ്ങ​ളിൽ മാത്രം വ്യക്തി​പ​ര​മായ താല്‌പ​ര്യ​ത്തോ​ടെയല്ല [ഒരുപക്ഷേ നിങ്ങൾ പറയാൻ ആഗ്രഹി​ക്കുന്ന കാര്യ​ങ്ങ​ളിൽ] പിന്നെ​യോ, മററു​ള​ള​വ​രു​ടെ​തി​ലും വ്യക്തി​പ​ര​മായ താൽപ​ര്യ​ത്തോ​ടെ ദൃഷ്ടി​വ​യ്‌ക്കു​ന്നത്‌” ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു.—ഫിലി​പ്യർ 2:4.

വിശ്വ​സ്‌ത​രാ​യി​രി​ക്കുക

യേശു തന്റെ സുഹൃ​ത്തു​ക്ക​ളോട്‌ പററി​നി​ന്നു. അവൻ “അവസാ​ന​ത്തോ​ളം അവരെ സ്‌നേ​ഹി​ച്ചു.” (യോഹ​ന്നാൻ 13:1) ഗോർഡൻ എന്നു പേരായ ചെറു​പ്പ​ക്കാ​രൻ തന്റെ സുഹൃ​ത്തു​ക്ക​ളോട്‌ അങ്ങനെ​തന്നെ ഇടപെ​ടു​ന്നു: “ഒരു സുഹൃ​ത്തി​ന്റെ മുഖ്യ ഗുണം അയാളു​ടെ വിശ്വ​സ്‌ത​ത​യാണ്‌. പ്രയാ​സ​സാ​ഹ​ച​ര്യ​ങ്ങ​ളിൽ അയാൾ നിങ്ങ​ളോട്‌ പററി​നിൽക്കു​മോ? മററു​ള​ളവർ ഞങ്ങളെ പരിഹ​സി​ച്ച​പ്പോൾ ഞാനും എന്റെ സുഹൃ​ത്തും പരസ്‌പരം സംരക്ഷണം നൽകു​മാ​യി​രു​ന്നു. ഞങ്ങൾ ഒററ​ക്കെ​ട്ടാ​യി നിന്നു—എന്നാൽ അതു ഞങ്ങളുടെ ഭാഗം ശരിയാ​യി​രു​ന്ന​പ്പോൾ മാത്ര​മാ​യി​രു​ന്നു.”

എന്നാൽ വ്യാജ​സു​ഹൃ​ത്തു​ക്കൾക്ക്‌ വഞ്ചനാ​പ​ര​മാ​യി അന്യോ​ന്യം പിമ്പിൽനിന്ന്‌ കുത്തു​ന്ന​തിന്‌ യാതൊ​രു മടിയു​മില്ല. “പരസ്‌പരം തകർത്തു​ക​ള​യാൻ മനസ്സുളള സുഹൃ​ത്തു​ക്ക​ളു​മുണ്ട്‌” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 18:24 പറയുന്നു. ദുഷ്ടമായ അപവാദ പ്രചര​ണ​ത്തിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ നിങ്ങൾ ഒരു സുഹൃ​ത്തി​ന്റെ സൽപ്പേര്‌ “തകർത്തു​ക​ളയു”മോ അതോ നിങ്ങൾ വിശ്വ​സ്‌ത​ത​യോ​ടെ അയാൾക്ക്‌ പിന്തുണ നൽകു​മോ?

നിങ്ങളു​ടെ വികാ​രങ്ങൾ പങ്കുവ​യ്‌ക്കു​ക

തന്റെ ഏററം ആഴമായ വികാ​രങ്ങൾ വെളി​പ്പെ​ടു​ത്തി​ക്കൊണ്ട്‌ യേശു തന്നെത്തന്നെ മററു​ള​ള​വർക്ക്‌ പ്രിയ​ങ്ക​ര​നാ​ക്കി. ചില​പ്പോൾ തനിക്ക്‌ “ദയ തോന്നി​യ​താ​യി,” “സ്‌നേഹം തോന്നി​യ​താ​യി” അല്ലെങ്കിൽ “താൻ ആഴമായി ദുഃഖി​ച്ച​താ​യി” യേശു വെളി​പ്പെ​ടു​ത്തി. ഒരു സന്ദർഭ​ത്തി​ലെ​ങ്കി​ലും അവൻ “കരയുക”പോലും ചെയ്‌തു. താൻ വിശ്വ​സ്‌ത​രെന്നു എണ്ണിയ​വരെ തന്റെ ഹൃദയം തുറന്നു കാട്ടു​ന്ന​തിന്‌ യേശു ലജ്ജിച്ചില്ല.—മത്തായി 9:36; 26:38; മർക്കോസ്‌ 10:21; യോഹ​ന്നാൻ 11:35.

നിങ്ങൾ കണ്ടുമു​ട്ടുന്ന ഏതൊ​രു​വ​ന്റെ​യും മുമ്പാകെ നിങ്ങളു​ടെ വികാ​രങ്ങൾ പകരണ​മെന്ന്‌ ഇതിനർത്ഥ​മില്ല! എന്നാൽ നിങ്ങൾക്ക്‌ എല്ലാവ​രോ​ടും സത്യസ​ന്ധ​രാ​യി​രി​ക്കാൻ കഴിയും. നിങ്ങൾ ആളുകളെ അറിയു​ക​യും വിശ്വ​സി​ക്കു​ക​യും ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ ക്രമേണ നിങ്ങൾക്ക്‌ നിങ്ങളു​ടെ അത്യഗാ​ധ​മായ വികാ​രങ്ങൾ കൂടു​ത​ലാ​യി വെളി​പ്പെ​ടു​ത്താൻ കഴിയും. എന്നാൽ അതേസ​മയം മററു​ള​ള​വ​രോട്‌ സഹതാ​പ​വും “സഹാനു​ഭൂ​തി​യും” ഉണ്ടായി​രി​ക്കാൻ പഠിക്കു​ന്നത്‌ അർത്ഥവ​ത്തായ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്ക്‌ അത്യാ​വ​ശ്യ​മാണ്‌.—1 പത്രോസ്‌ 3:8.

പൂർണ്ണത പ്രതീ​ക്ഷി​ക്ക​രുത്‌

ഒരു സുഹൃ​ദ്‌ബ​ന്ധ​ത്തിന്‌ നല്ല തുടക്കം ഇട്ടുക​ഴി​യു​മ്പോൾപോ​ലും പൂർണ്ണത പ്രതീ​ക്ഷി​ക്ക​രുത്‌. “നാമെ​ല്ലാ​വ​രും പലതി​ലും തെററി​പ്പോ​കു​ന്നു, ഒരിക്ക​ലും തെററായ ഒരു സംഗതി പറയു​ന്നില്ല എന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഒരുവന്‌ തന്നെത്തന്നെ പൂർണ്ണ​നെന്ന്‌ കണക്കാ​ക്കാ​വു​ന്ന​താണ്‌.” (യാക്കോബ്‌ 3:2, ഫിലി​പ്പ്‌സ്‌) അതിലു​പരി, സുഹൃ​ദ്‌ബ​ന്ധ​ത്തിന്‌ സമയവും വികാ​ര​ങ്ങ​ളും ചെലവി​ടേ​ണ്ട​തുണ്ട്‌. പ്രെസ്‌ലി എന്ന്‌ പേരായ ചെറു​പ്പ​ക്കാ​രൻ പറയുന്നു: “നിങ്ങൾ കൊടു​ക്കാൻ മനസ്സു​ള​ള​വ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌. സൗഹൃ​ദ​ത്തി​ന്റെ ഒരു പ്രമുഖ ഭാഗം അതാണ്‌. കാര്യങ്ങൾ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ നിങ്ങളു​ടെ സ്വന്തം വികാ​ര​ങ്ങ​ളുണ്ട്‌, എന്നാൽ നിങ്ങളു​ടെ സുഹൃ​ത്തി​ന്റെ വികാ​ര​ങ്ങൾക്കും അഭി​പ്രാ​യ​ങ്ങൾക്കും ഇടം ഉണ്ടാക്കാൻ വേണ്ടി നിങ്ങൾ വിട്ടു​വീഴ്‌ച ചെയ്യാൻ തയ്യാറാണ്‌.”

സ്‌നേ​ഹ​മി​ല്ലാ​ത്ത​തി​ന്റെ ചെലവു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ—ശൂന്യ​മായ ഏകാന്ത​ത​യു​ടെ ഒരു ജീവിതം—സൗഹൃ​ദ​ത്തി​ന്റെ ചെലവ്‌ ഏതുമില്ല. അതു​കൊണ്ട്‌ നിങ്ങൾക്കാ​യി സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കുക. (ലൂക്കോസ്‌ 16:9 താരത​മ്യം ചെയ്യുക.) നിങ്ങ​ളെ​ത്തന്നെ ചെലവി​ടുക. ശ്രദ്ധി​ക്കു​ക​യും മററു​ള​ള​വ​രിൽ യഥാർത്ഥ താല്‌പ​ര്യം കാട്ടു​ക​യും ചെയ്യുക. അപ്പോൾ യേശു​വി​നെ​പ്പോ​ലെ “നിങ്ങൾ എന്റെ സുഹൃ​ത്തു​ക്ക​ളാണ്‌” എന്ന്‌ നിങ്ങൾക്ക്‌ പറയാൻ കഴിയുന്ന ധാരാളം പേർ നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും.—യോഹ​ന്നാൻ 15:14.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ നിങ്ങൾക്ക്‌ ഒരു യഥാർത്ഥ സുഹൃ​ത്തി​നെ എങ്ങനെ തിരി​ച്ച​റി​യാം? എങ്ങനെ​യു​ള​ള​വ​രാണ്‌ വ്യാജ​സു​ഹൃ​ത്തു​ക്കൾ?

◻ സുഹൃ​ത്തു​ക്കൾക്കു​വേണ്ടി നിങ്ങൾക്ക്‌ എവിടെ അന്വേ​ഷി​ക്കാൻ കഴിയും? അവർ നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ?

◻ ഒരു സുഹൃത്ത്‌ ഗൗരവ​ത​ര​മായ ഒരു പ്രശ്‌ന​ത്തിൽ അകപ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം?

◻ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നു​ളള നാലു വിധങ്ങൾ ഏതെല്ലാ​മാണ്‌?

[66-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഞ്ചാൻ എന്റെ പുതിയ ‘സുഹൃ​ത്തു​ക്ക​ളിൽ’നിന്ന്‌ അനേകം കാര്യങ്ങൾ പഠിച്ചു—സ്‌ററീ​രി​യോ സെററു​കൾ മോഷ്‌ടി​ക്കുക, വ്യാജ​ചെ​ക്കു​കൾ മാറുക, മാരി​ഹ്വാ​ന വലിക്കുക, അവസാനം പ്രതി​ദി​നം 3,000 രൂപാ ആവശ്യ​മാ​യി​രുന്ന ഒരു മയക്കു​മ​രു​ന്നു ശീലം എങ്ങനെ നിലനിർത്താ​മെ​ന്നും”

[68, 69 പേജു​ക​ളി​ലെ ചതുരം]

ഞാൻ എന്റെ സുഹൃ​ത്തി​ന്റെ രഹസ്യം വെളി​ച്ച​ത്താ​ക്ക​ണ​മോ?

ഒരു സുഹൃത്ത്‌ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​താ​യോ ലൈം​ഗിക തെററിൽ ഉൾപ്പെ​ടു​ന്ന​താ​യോ വഞ്ചിക്കു​ക​യോ മോഷ്ടി​ക്കു​ക​യോ ചെയ്യു​ന്ന​താ​യോ നിങ്ങൾ അറിഞ്ഞാൽ നിങ്ങൾ അതേപ്പ​ററി ഉത്തരവാ​ദി​ത്വ​പ്പെ​ട്ട​വ​രോട്‌ പറയു​മോ? യുവജ​ന​ങ്ങൾക്കി​ട​യിൽ മിക്ക​പ്പോ​ഴും പ്രാബ​ല്യ​ത്തി​ലി​രി​ക്കുന്ന നിശബ്ദ​ത​യു​ടെ ഒരു പ്രത്യേക പെരു​മാ​ററ ചട്ടത്തോട്‌ പററി​നി​ന്നു​കൊണ്ട്‌ മിക്കവ​രും അങ്ങനെ ചെയ്യു​ക​യില്ല.

“ഒററു​കാ​രൻ” എന്ന്‌ വിളി​ച്ചാ​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​തി​നെ ചിലർ ഭയപ്പെ​ടു​ന്നു. മററു​ള​ള​വർക്ക്‌ വിശ്വ​സ്‌തത സംബന്ധിച്ച ഒരു തെററായ ബോധ​മുണ്ട്‌. ശിക്ഷണത്തെ ഉപദ്ര​വ​ക​ര​മായ ഒരു സംഗതി​യാ​യി വീക്ഷി​ച്ചു​കൊണ്ട്‌, പ്രശ്‌നങ്ങൾ മൂടി​വ​യ്‌ക്കു​ന്ന​തി​നാൽ സുഹൃ​ത്തിന്‌ ഒരു സഹായം ചെയ്യുന്നു എന്ന്‌ അവർ വിചാ​രി​ക്കു​ന്നു. കൂടാതെ നിശബ്ദ​ത​യു​ടെ ആ പെരു​മാ​ററ ചട്ടം ലംഘി​ക്കുക വഴി അവർ സമപ്രാ​യ​ക്കാ​രിൽനി​ന്നു​ളള ആക്ഷേപ​ത്തി​നും സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ അവരുടെ സുഹൃ​ദ്‌ബന്ധം നഷ്ടമാ​ക്കു​ന്ന​തി​നും ഇടയാ​ക്കു​ന്നു.

എന്നിരു​ന്നാ​ലും, ലീ എന്നു പേരായ ഒരു ചെറു​പ്പ​ക്കാ​രൻ തന്റെ ഏററം അടുത്ത സുഹൃ​ത്തായ ക്രിസ്‌ പുകവ​ലി​ക്കു​ന്നുണ്ട്‌ എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ ആവശ്യ​മായ നടപടി സ്വീക​രി​ക്കാൻ തീരു​മാ​നി​ച്ചു. “ഞാൻ ആരോ​ടെ​ങ്കി​ലും പറയേ​ണ്ട​തുണ്ട്‌ എന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ എന്റെ മനസ്സാക്ഷി എന്നെ കാർന്നു​തി​ന്നു​കൊ​ണ്ടി​രു​ന്നു!” എന്ന്‌ ലീ പറയുന്നു. ബൈബിൾ കാലങ്ങ​ളിൽ ഒരു യുവാവ്‌ ഇതു​പോ​ലൊ​രു സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ച്ചു. “പതി​നേ​ഴു​വ​യ​സ്സു​ള​ള​പ്പോൾ യോ​സേഫ്‌ തന്റെ സഹോ​ദ​രൻമാ​രോ​ടൊ​പ്പം ആടുകളെ മേയ്‌ക്കു​ക​യാ​യി​രു​ന്നു . . . യോ​സേഫ്‌ അവരെ സംബന്ധിച്ച്‌ ഒരു മോശ​മായ റിപ്പോർട്ട്‌ പിതാ​വി​ന്റെ അടുക്കൽ എത്തിച്ചു.” (ഉല്‌പത്തി 37:2) താൻ നിശബ്ദത പാലി​ച്ചാൽ തന്റെ സഹോ​ദ​രൻമാ​രു​ടെ ആത്മീയ ക്ഷേമം അപകട​ത്തി​ലാ​കു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു.

പാപം ക്ഷയിപ്പി​ക്കുന്ന, ദുഷി​പ്പി​ക്കുന്ന ഒരു ശക്തിയാണ്‌. തെററി​പ്പോ​കുന്ന ഒരു സുഹൃ​ത്തിന്‌ സഹായം—ഒരുപക്ഷേ തിരു​വെ​ഴു​ത്തിൽ നിന്നുളള ശക്തമായ ശിക്ഷണം—ലഭിക്കു​ന്നി​ല്ലെ​ങ്കിൽ ആ വ്യക്തി ദുഷ്‌പ്ര​വൃ​ത്തി​യി​ലേക്ക്‌ കൂടുതൽ ആഴത്തിൽ ആണ്ടു​പോ​യേ​ക്കാം. (സഭാ​പ്ര​സം​ഗി 8:11) തൽഫല​മാ​യി ഒരു സുഹൃ​ത്തി​ന്റെ ദുഷ്‌പ്ര​വൃ​ത്തി മൂടി​വ​യ്‌ക്കു​ന്നത്‌ യാതൊ​രു നൻമയും കൈവ​രു​ത്തു​ക​യില്ല എന്നു മാത്രമല്ല അതു പരിഹ​രി​ക്കാ​നാ​വാത്ത ഉപദ്ര​വ​വും കൂടെ വരുത്തി വച്ചേക്കാം.

അതു​കൊണ്ട്‌ ബൈബിൾ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “സഹോ​ദ​രൻമാ​രേ, ഒരു മനുഷ്യൻ അബദ്ധവ​ശാൽ വല്ല തെററി​ലും അകപ്പെ​ടു​ന്നു​വെ​ങ്കിൽ ആത്മീയ യോഗ്യ​ത​യു​ള​ള​വ​രായ നിങ്ങൾ ആ മനുഷ്യ​നെ സൗമ്യ​ത​യു​ടെ ആത്‌മാ​വിൽ യഥാസ്ഥാ​ന​പ്പെ​ടു​ത്താൻ ശ്രമി​ക്കു​വിൻ.” (ഗലാത്യർ 6:1) തെററി​പ്പോയ ഒരു സുഹൃ​ത്തി​നെ യഥാസ്ഥാ​ന​പ്പെ​ടു​ത്താ​നു​ളള ആത്‌മീയ യോഗ്യത നിങ്ങൾക്കില്ല എന്ന്‌ നിങ്ങൾ വിചാ​രി​ച്ചേ​ക്കാം. എന്നാൽ സഹായി​ക്കാൻ യോഗ്യ​ത​യു​ളള ആരെ​യെ​ങ്കി​ലും ഈ വിവരം അറിയി​ച്ചു എന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നത്‌ ബുദ്ധി​പൂർവ്വ​ക​മാ​യി​രി​ക്കി​ല്ലേ?

അതു​കൊണ്ട്‌ നിങ്ങൾ ആ സുഹൃ​ത്തി​നെ സമീപിച്ച്‌ അയാളു​ടെ തെററ്‌ അയാളു​ടെ മുമ്പിൽ തുറന്നു കാട്ടേ​ണ്ടത്‌ ആവശ്യ​മാണ്‌. (മത്തായി 18:15 താരത​മ്യം ചെയ്യുക.) അതിന്‌ നിങ്ങളു​ടെ ഭാഗത്ത്‌ ധൈര്യ​വും തന്റേട​വും ആവശ്യ​മാണ്‌. അയാളു​ടെ പാപം സംബന്ധിച്ച്‌ ബോദ്ധ്യം വരുത്തുന്ന തെളി​വു​കൾ നൽകി​ക്കൊ​ണ്ടും നിങ്ങൾക്ക​റി​യാ​വു​ന്ന​തെ​ന്തെ​ന്നും നിങ്ങൾ അതെങ്ങനെ അറിഞ്ഞു എന്നും വ്യക്തമാ​യി പറഞ്ഞു​കൊ​ണ്ടും ഉറപ്പ്‌ പ്രകട​മാ​ക്കുക. (യോഹ​ന്നാൻ 16:8 താരത​മ്യം ചെയ്യുക.) ആരോ​ടും പറയു​ക​യില്ല എന്ന്‌ വാക്കു കൊടു​ക്ക​രുത്‌. കാരണം തെററു​കളെ മൂടി വയ്‌ക്കു​ന്ന​തി​നെ കുററം​വി​ധി​ക്കുന്ന യഹോ​വ​യു​ടെ മുമ്പാകെ അത്തരം വാഗ്‌ദാ​ന​ങ്ങൾക്ക്‌ യാതൊ​രു വിലയു​മില്ല.—സദൃശ​വാ​ക്യ​ങ്ങൾ 28:13.

ചില​പ്പോൾ അതൊരു തെററി​ദ്ധാ​ര​ണ​യാ​യി​രി​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 18:13) അതല്ല, യഥാർത്ഥ​ത്തിൽ ദുഷ്‌പ്ര​വൃ​ത്തി ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ ഈ പ്രശ്‌നം പുറത്തു​കൊ​ണ്ടു​വ​രു​ന്നതു നിങ്ങളു​ടെ സുഹൃ​ത്തിന്‌ ആശ്വാസം കൈവ​രു​ത്തി​യേ​ക്കാം. ഒരു നല്ല ശ്രോ​താ​വാ​യി​രി​ക്കുക. (യാക്കോബ്‌ 1:19) “നിങ്ങൾ അങ്ങനെ ചെയ്യരു​താ​യി​രു​ന്നു!” എന്നതു​പോ​ലെ കുററം​വി​ധി​ക്കുന്ന പദപ്ര​യോ​ഗ​ങ്ങ​ളാ​ലോ “നിങ്ങൾക്ക്‌ എങ്ങനെ അതു ചെയ്യാൻ കഴിഞ്ഞു!” എന്നതു​പോ​ലെ ഞെട്ടൽ സൂചി​പ്പി​ക്കുന്ന പദപ്ര​യോ​ഗ​ങ്ങ​ളാ​ലോ അയാളു​ടെ വികാ​ര​ങ്ങ​ളു​ടെ സ്വത​ന്ത്ര​മായ ബഹിർഗ​മ​നത്തെ തടസ്സ​പ്പെ​ടു​ത്ത​രുത്‌. സഹാനു​ഭൂ​തി പ്രകട​മാ​ക്കി​ക്കൊണ്ട്‌ നിങ്ങളു​ടെ സുഹൃ​ത്തി​ന്റെ വികാ​ര​ങ്ങ​ളിൽ പങ്കു​ചേ​രുക.—1 പത്രോസ്‌ 3:8.

മിക്ക​പ്പോ​ഴും സാഹച​ര്യം, നിങ്ങൾക്ക്‌ കൊടു​ക്കാൻ കഴിയു​ന്ന​തി​ലേറെ സഹായം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. അതു​കൊണ്ട്‌ നിങ്ങളു​ടെ സുഹൃത്ത്‌ തന്റെ തെററ്‌ മാതാ​പി​താ​ക്ക​ളോ​ടോ മററ്‌ ഉത്തരവാ​ദി​ത്വ​പ്പെട്ട മുതിർന്ന​വ​രോ​ടോ വെളി​പ്പെ​ടു​ത്തണം എന്ന്‌ നിർബ്ബ​ന്ധ​പൂർവ്വം ആവശ്യ​പ്പെ​ടുക. അങ്ങനെ ചെയ്യാൻ നിങ്ങളു​ടെ സുഹൃത്ത്‌ വിസമ്മ​തി​ക്കു​ന്നു​വെ​ങ്കി​ലോ? ന്യായ​മായ ഒരു സമയത്തി​നു​ള​ളിൽ അയാൾ കാര്യം നേരെ​യാ​ക്കു​ന്നി​ല്ലെ​ങ്കിൽ അയാൾക്കു​വേണ്ടി മററാ​രെ​യെ​ങ്കി​ലും സമീപി​ക്കാൻ അയാളു​ടെ യഥാർത്ഥ സുഹൃ​ത്തെ​ന്ന​നി​ല​യിൽ നിങ്ങൾ നിർബ്ബ​ന്ധി​ത​നാ​യി​ത്തീ​രു​മെന്ന്‌ അയാ​ളോട്‌ പറയുക.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

നിങ്ങൾ അത്തര​മൊ​രു നടപടി സ്വീക​രി​ച്ച​തെ​ന്തു​കൊ​ണ്ടെന്ന്‌ ഒരുപക്ഷേ ആദ്യം നിങ്ങളു​ടെ സുഹൃ​ത്തിന്‌ മനസ്സി​ലാ​വു​ക​യില്ല. അയാൾ അസ്വസ്ഥ​നാ​യി​ത്തീ​രു​ക​യും അവി​വേ​ക​മാ​യി നിങ്ങളു​മാ​യു​ളള സൗഹൃദം അവസാ​നി​പ്പി​ക്കു​ക​യും ചെയ്‌തേ​ക്കാം. എന്നാൽ ലീ ഇപ്രകാ​രം പറയുന്നു: “അതേപ്പ​ററി പറഞ്ഞതിൽ ഞാൻ ശരിയായ സംഗതി ചെയ്‌തു എന്ന്‌ എനിക്ക​റി​യാം. ക്രിസ്സിന്‌ ആവശ്യ​മായ സഹായം ലഭിച്ച​തി​നാൽ എന്റെ മനസ്സിന്‌ വലിയ ആശ്വാസം തോന്നി. പിന്നീട്‌ അവൻ എന്നെ സമീപിച്ച്‌ ഞാൻ അങ്ങനെ ചെയ്‌ത​തിൽ അവന്‌ എന്നോട്‌ യാതൊ​രു പിണക്ക​വു​മില്ല എന്ന്‌ പറഞ്ഞു. അതും എന്നെ ആശ്വസി​പ്പി​ച്ചു.”

നിങ്ങളു​ടെ ധീരമായ നടപടി​യോട്‌ നിങ്ങളു​ടെ സുഹൃ​ത്തിന്‌ തുടർന്നും നീരസ​മാ​ണെ​ങ്കിൽ അയാൾ ഒരിക്ക​ലും ഒരു യഥാർത്ഥ സുഹൃ​ത്താ​യി​രു​ന്നില്ല എന്നത്‌ വ്യക്തമാണ്‌. എന്നാൽ ദൈവ​ത്തോ​ടു​ളള വിശ്വ​സ്‌തത നിങ്ങൾ തെളി​യി​ച്ചു എന്നും നിങ്ങൾ ഒരു യഥാർത്ഥ സുഹൃ​ത്താ​ണെന്ന്‌ പ്രകട​മാ​ക്കി​യെ​ന്നും അറിയു​ന്ന​തി​ന്റെ സംതൃ​പ്‌തി നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും.

[67-ാം പേജിലെ ചിത്രം]

സുഹൃത്തുക്കളെ സമ്പാദി​ക്കു​ന്ന​തിൽ നിങ്ങൾക്ക്‌ ബുദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടോ?

[70-ാം പേജിലെ ചിത്രം]

മററുളളവരിൽ താല്‌പ​ര്യം കാണി​ക്കു​ന്ന​താണ്‌ സൗഹൃദം ആരംഭി​ക്കു​ന്ന​തി​നു​ളള താക്കോൽ