വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

സമപ്രായക്കാരിൽനിന്നുളള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരിടാൻ കഴിയും?

അധ്യായം 9

സമപ്രാ​യ​ക്കാ​രിൽനി​ന്നു​ളള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?

പതിനാ​ലാ​മത്തെ വയസ്സിൽ കാരെൻ മയക്കു​മ​രു​ന്നിന്‌ അടിമ​യാ​യി​ത്തീ​രു​ക​യും പതിവാ​യി ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യും ചെയ്‌തു. 17 വയസ്സാ​യ​പ്പോ​ഴേ​ക്കും ജിം ഒരു മുഴു​ക്കു​ടി​യ​നാ​യി​ത്തീ​രു​ക​യും ഒരു അധാർമ്മി​ക​ജീ​വി​തം നയിക്കു​ക​യും ചെയ്‌തി​രു​ന്നു. അവർ നയിച്ച തരം ജീവി​ത​മോ അവർ ചെയ്‌ത കാര്യ​ങ്ങ​ളോ അവർ രണ്ടു പേരും ഇഷ്ടപ്പെ​ട്ടില്ല എന്ന്‌ അവർ സമ്മതി​ക്കു​ന്നു. അപ്പോൾ പിന്നെ അവർ അങ്ങനെ പ്രവർത്തി​ച്ച​തെ​ന്തു​കൊ​ണ്ടാ​യി​രു​ന്നു? സമപ്രാ​യ​ക്കാ​രിൽ നിന്നുളള സമ്മർദ്ദം!

“എന്നോ​ടൊ​പ്പം ഉണ്ടായി​രുന്ന എല്ലാവ​രും അതിൽ ഏർപ്പെ​ട്ടി​രു​ന്നു, അതിന്‌ എന്റെമേൽ ഒരു വലിയ സ്വാധീ​നം ഉണ്ടായി​രു​ന്നു,” എന്ന്‌ കാരെൻ വിശദീ​ക​രി​ക്കു​ന്നു. “വ്യത്യ​സ്‌ത​നാ​യി​രു​ന്നു​കൊണ്ട്‌ എന്റെ സുഹൃ​ത്തു​ക്കളെ നഷ്ടപ്പെ​ടു​ത്താൻ ഞാൻ ആഗ്രഹി​ച്ചില്ല” എന്ന്‌ ജിം സമ്മതിച്ചു പറഞ്ഞു.

ചെറു​പ്പ​ക്കാർ തങ്ങളുടെ സമപ്രാ​യ​ക്കാ​രെ പിൻപ​റ​റു​ന്ന​തി​ന്റെ കാരണം

ചില ചെറു​പ്പ​ക്കാർക്ക്‌ അല്‌പം​കൂ​ടി പ്രായ​മാ​കു​ന്ന​തോ​ടെ അവരു​ടെ​മേ​ലു​ളള മാതാ​പി​താ​ക്ക​ളു​ടെ സ്വാധീ​നം കുറയു​ന്നു, ജനപ്രീ​തി​നേ​ടാ​നും സമപ്രാ​യ​ക്കാ​രാൽ അംഗീ​ക​രി​ക്ക​പ്പെ​ടാ​നും ഉളള ഒരു ആഗ്രഹം കൂടുതൽ ശക്തമാ​യി​ത്തീ​രു​ന്നു. മററു ചിലർക്കാ​കട്ടെ തങ്ങളെ “മനസ്സി​ലാ​ക്കുന്ന” അല്ലെങ്കിൽ തങ്ങൾ സ്‌നേ​ഹി​ക്ക​പ്പെ​ടു​ന്നു, തങ്ങൾ വേണ്ട​പ്പെ​ട്ട​വ​രാണ്‌ എന്ന തോന്നൽ ഉളവാ​ക്കുന്ന ആരെങ്കി​ലു​മാ​യി സംസാ​രി​ക്കാ​നു​ളള ഒരാ​ഗ്രഹം അനുഭ​വ​പ്പെ​ടു​ന്നു. അത്തരം ആശയവി​നി​യമം സ്വന്തം ഭവനത്തിൽ ഇല്ലാ​തെ​പോ​കു​മ്പോൾ—മിക്ക​പ്പോ​ഴും അതാണ്‌ അവസ്ഥ—അവർ തങ്ങളുടെ സമപ്രാ​യ​ക്കാർക്കി​ട​യിൽ അതു അന്വേ​ഷി​ക്കു​ന്നു. മിക്ക​പ്പോ​ഴും ഒരു ആത്മ​ധൈ​ര്യ​മി​ല്ലാ​യ്‌മ​യും അരക്ഷി​ത​ബോ​ധ​വും ചിലർ സമപ്രാ​യ​ക്കാ​രിൽനി​ന്നു​ളള സമ്മർദ്ദ​ത്തിന്‌ അടി​പ്പെ​ട്ടു​പോ​കാൻ ഇടയാ​ക്കു​ന്നു.

സമപ്രാ​യ​ക്കാ​രിൽ നിന്നുളള സ്വാധീ​നം അവശ്യം ചീത്തയാ​യി​രി​ക്കു​ന്നില്ല. ഒരു സദൃശ​വാ​ക്യം പറയുന്നു: “ഇരുമ്പ്‌ ഇരുമ്പിന്‌ മൂർച്ച കൂട്ടുന്നു. അതു​പോ​ലെ ഒരു മനുഷ്യൻ മറെറാ​രു​വന്റെ മുഖത്തിന്‌ മൂർച്ച കൂട്ടുന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 27:17) ഒരു ഇരുമ്പു കത്തിക്ക്‌ മൂർച്ച​കു​റഞ്ഞ മറെറാ​രു കത്തിക്ക്‌ മൂർച്ച​കൂ​ട്ടാൻ കഴിയു​ന്ന​തു​പോ​ലെ മററ്‌ ചെറു​പ്പ​ക്കാ​രു​മാ​യു​ളള സഹവാ​സ​ത്തിന്‌ നിങ്ങളു​ടെ വ്യക്തി​ത്വ​ത്തിന്‌ ‘മൂർച്ച​കൂ​ട്ടാ​നും’ നിങ്ങളെ കുറച്ചു​കൂ​ടെ നല്ല ഒരു വ്യക്തി ആക്കാനും കഴിയും. എന്നാൽ അതിന്‌ അവർ പക്വത​യും ആരോ​ഗ്യ​ക​ര​മായ മനോ​ഭാ​വ​ങ്ങ​ളും ഉളളവ​രാ​യി​രി​ക്കേ​ണ്ട​തുണ്ട്‌.

എന്നാൽ, സങ്കടക​ര​മെന്നു പറയട്ടെ, മിക്ക​പ്പോ​ഴും യുവജ​ന​ങ്ങൾക്ക്‌ അത്തരം മാനസി​ക​വും ആത്മീയ​വു​മായ പക്വത​യില്ല. അനേകം യുവജ​ന​ങ്ങൾക്ക്‌ അനാ​രോ​ഗ്യ​ക​ര​വും ആശ്രയി​ക്കാൻ കൊള​ളാ​ത്ത​തും സാഹസി​ക​വു​മായ വീക്ഷണ​ങ്ങ​ളും അഭി​പ്രാ​യ​ങ്ങ​ളു​മാ​ണു​ള​ളത്‌. അതു​കൊണ്ട്‌ ഒരു യുവാവ്‌ യാതൊ​രു ചെറു​ത്തു​നിൽപും കൂടാതെ സമപ്രാ​യ​ക്കാ​രു​ടെ സ്വാധീ​ന​ത്തിൽ ആകു​മ്പോൾ അത്‌ അന്ധൻ അന്ധനെ വഴിന​ട​ത്തു​ന്ന​തി​നേ​ക്കാൾ ഒട്ടും​തന്നെ മെച്ചമ​ല്ലാ​തി​രു​ന്നേ​ക്കാം. (മത്തായി 15:14 താരത​മ്യം ചെയ്യുക.) അതിന്റെ ഫലങ്ങൾ വിപൽക്ക​ര​മാ​യി​രി​ക്കാൻ കഴിയും.

സമപ്രാ​യ​ക്കാർ നിങ്ങളെ കൊടും ദ്രോ​ഹ​പൂർവ്വ​ക​മായ പെരു​മാ​റ​റ​ത്തി​ലേക്ക്‌ തളളി​വി​ടാ​ത്ത​പ്പോൾ പോലും അവരുടെ സ്വാധീ​നം നിങ്ങളു​ടെ​മേൽ സമ്മർദ്ദം ചെലു​ത്തി​യേ​ക്കാം. “മററു കുട്ടി​ക​ളാൽ അംഗീ​ക​രി​ക്ക​പ്പെ​ടാൻ നിങ്ങൾ വളരെ​യ​ധി​കം ആഗ്രഹി​ക്കു​ന്നു” എന്ന്‌ ഡെബി പറഞ്ഞു. “പതി​നെട്ടു വയസ്സാ​യി​രു​ന്ന​പ്പോൾ കൂട്ടു​കാർ ഇല്ലാ​തെ​യാ​കു​ന്ന​തി​നെ ഞാൻ ഭയപ്പെട്ടു. കാരണം അങ്ങനെ​യാ​യാൽ ഒരു ഉല്ലാസ​വേ​ള​യ്‌ക്കാ​യി എന്നെ ക്ഷണിക്കാൻ ആരുമു​ണ്ടാ​വു​ക​യില്ല. ഞാൻ ഒററ​പ്പെ​ടു​ത്ത​പ്പെ​ട്ടേ​ക്കു​മോ എന്ന്‌ ഞാൻ ഭയപ്പെട്ടു.” അതു​കൊണ്ട്‌, സമപ്രാ​യ​ക്കാ​രു​ടെ അംഗീ​കാ​രം പിടിച്ചു പററു​ന്ന​തിന്‌ ഡെബി കഠിന​ശ്രമം നടത്തി.

ഞാൻ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു​ണ്ടോ?

മററു​ള​ള​വ​രെ​പ്പോ​ലെ​യാ​യി​രി​ക്കു​ന്ന​തിന്‌ നിങ്ങളും ഒരു പ്രത്യേ​ക​വി​ധ​ത്തിൽ വസ്‌ത്ര​ധാ​രണം ചെയ്യാ​നും സംസാ​രി​ക്കാ​നും പെരു​മാ​റാ​നും തുടങ്ങി​യി​ട്ടു​ണ്ടോ? “നിങ്ങൾ ചെയ്യാൻ ആഗ്രഹി​ക്കാത്ത ഒരു കാര്യം നിങ്ങ​ളെ​ക്കൊണ്ട്‌ ചെയ്യി​ക്കാൻ മറെറാ​രു കുട്ടിക്ക്‌ വാസ്‌ത​വ​ത്തിൽ സാധി​ക്കു​ക​യില്ല,” എന്ന്‌ പതി​നേഴു വയസ്സു​കാ​രി സൂസി അവകാ​ശ​പ്പെ​ടു​ന്നു. ശരിയാണ്‌, എന്നാൽ സമപ്രാ​യ​ക്കാ​രിൽ നിന്നുളള സമ്മർദ്ദം വളരെ കൗശല​പൂർവ്വം പ്രയോ​ഗി​ക്ക​പ്പെ​ടു​ന്ന​താ​ക​യാൽ അത്‌ എത്ര​ത്തോ​ളം നിങ്ങളെ ബാധി​ക്കു​ന്നു എന്നത്‌ നിങ്ങൾ തിരി​ച്ച​റി​യാ​തി​രു​ന്നേ​ക്കാം. അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ ദൃഷ്‌ടാ​ന്തം പരിഗ​ണി​ക്കുക. ശക്തമായ ബോദ്ധ്യ​ങ്ങ​ളു​ണ്ടാ​യി​രുന്ന കരുത്ത​നായ ഒരു മനുഷ്യൻ, അദ്ദേഹം ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ഒരു നെടും​തൂ​ണാ​യി​രു​ന്നു. എല്ലാ ജനതക​ളിൽനി​ന്നും വർഗ്ഗങ്ങ​ളിൽനി​ന്നു​മു​ളള ആളുകൾക്ക്‌ ദൈവ​ത്തി​ന്റെ പ്രീതി​നേ​ടാൻ കഴിയു​മെന്ന്‌ ദൈവം പത്രോ​സിന്‌ വെളി​പ്പെ​ടു​ത്തി​കൊ​ടു​ത്തു. അങ്ങനെ പത്രോസ്‌ ആദ്യത്തെ പുറജാ​തി വിശ്വാ​സി​കളെ ക്രിസ്‌ത്യാ​നി​ക​ളാ​കാൻ സഹായി​ച്ചു.—പ്രവൃ​ത്തി​കൾ 10:28.

എന്നിരു​ന്നാ​ലും കുറേ​ക്കാ​ല​ങ്ങൾക്കു​ശേഷം പത്രോസ്‌ വളരെ​യ​ധി​കം യഹൂ​ദേ​തരർ ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്ന ഒരു നഗരമാ​യി​രുന്ന അന്ത്യോ​ക്ക്യ​യിൽ താമസി​ക്കു​ക​യാ​യി​രു​ന്നു. ഈ പുറജാ​തി വിശ്വാ​സി​ക​ളു​മാ​യി പത്രോസ്‌ സ്വത​ന്ത്ര​മാ​യി സഹവസി​ച്ചു​പോ​ന്നു. ഒരു ദിവസം അപ്പോ​ഴും യഹൂ​ദേ​ത​ര​രോട്‌ ചില മുൻവി​ധി​കൾ വച്ചുപു​ലർത്തി​യി​രുന്ന ചില യഹൂദ​ക്രി​സ്‌ത്യാ​നി​കൾ യെരൂ​ശ​ലേ​മിൽനിന്ന്‌ അന്ത്യോ​ക്ക്യ​യിൽ എത്തി. തന്റെ സമൻമാ​രായ ഈ യഹൂദ്യ​രു​ടെ​യി​ട​യിൽ പത്രോസ്‌ ഇപ്പോൾ എങ്ങനെ പെരു​മാ​റും?

കൊള​ളാം, പുറജാ​തി ക്രിസ്‌ത്യാ​നി​ക​ളോ​ടൊത്ത്‌ ഭക്ഷണം കഴിക്കാൻ വിസമ്മ​തി​ച്ചു​കൊണ്ട്‌ പത്രോസ്‌ അവരിൽ നിന്ന്‌ തന്നെത്തന്നെ വേർപെ​ടു​ത്തി! എന്തു​കൊണ്ട്‌? പ്രത്യ​ക്ഷ​ത്തിൽ തന്റെ സമൻമാ​രാ​യ​വരെ പിണക്കാൻ പത്രോസ്‌ ഭയപ്പെട്ടു. ‘അവർ ഇവി​ടെ​യു​ള​ള​പ്പോൾ ഞാനൊ​ര​ല്‌പം വഴങ്ങി​ക്കൊ​ടു​ത്തിട്ട്‌ അവർ പോയി​ക്ക​ഴി​യു​മ്പോൾ വീണ്ടും ജാതി​ക​ളോ​ടു​കൂ​ടെ ഭക്ഷണം കഴിക്കു​ന്നത്‌ തുടരും’ എന്ന്‌ അവൻ ന്യായ​വാ​ദം ചെയ്‌തി​രി​ക്കണം. ‘ഈ ഒരു നിസ്സാ​ര​കാ​ര്യ​ത്തി​നു​വേണ്ടി അവരു​മാ​യു​ളള എന്റെ ബന്ധം എന്തിന്‌ തകരാ​റി​ലാ​ക്കണം?’ അപ്രകാ​രം പത്രോസ്‌ കപടഭാ​വം കാണിച്ചു—താൻ വാസ്‌ത​വ​ത്തിൽ വിശ്വ​സി​ക്കാത്ത ഒരു കാര്യം ചെയ്‌തു​കൊണ്ട്‌ തന്റെ തന്നെ തത്വങ്ങൾ തളളി​ക്ക​ളഞ്ഞു. (ഗലാത്യർ 2:11-14) അപ്പോൾ പ്രകട​മാ​യും ആരും​തന്നെ സമൻമാ​രിൽനി​ന്നു​ളള സമ്മർദ്ദ​ത്തിന്‌ അതീതരല്ല.

ഞാൻ എങ്ങനെ പ്രതി​ക​രി​ക്കു​മാ​യി​രു​ന്നു?

‘മററു​ള​ളവർ എന്തു വിചാ​രി​ക്കു​ന്നു എന്നതി​നെ​പ്പ​ററി എനിക്കു ഭയമില്ല!’ എന്നു പറയുക എളുപ്പ​മാ​ണെ​ങ്കി​ലും സമൻമാ​രിൽനി​ന്നു​ളള സമ്മർദ്ദത്തെ അഭിമു​ഖീ​ക​രി​ച്ചു​കൊണ്ട്‌ ആ തീരു​മാ​ന​ത്തിൽ ഉറച്ചു നിൽക്കു​ന്നത്‌ അത്ര എളുപ്പമല്ല. ഉദാഹ​ര​ണ​ത്തിന്‌ താഴെ​പ്പ​റ​യുന്ന സാഹച​ര്യ​ങ്ങ​ളിൽ നിങ്ങൾ എന്തു ചെയ്യും?

നിങ്ങളു​ടെ സ്‌കൂ​ളി​ലെ ഒരു കുട്ടി മററ്‌ ചെറു​പ്പ​ക്കാ​രു​ടെ മുമ്പിൽ വച്ച്‌ നിങ്ങൾക്ക്‌ ഒരു സിഗറ​ററ്‌ വച്ചുനീ​ട്ടു​ന്നു. പുകവ​ലി​ക്കു​ന്നത്‌ തെററാ​ണെന്ന്‌ നിങ്ങൾക്ക​റി​യാം. എന്നാൽ നിങ്ങൾ എന്തു ചെയ്യും എന്നു കാണാൻ അവരെ​ല്ലാ​വ​രും നോക്കി നിൽക്കു​ക​യാണ്‌ . . .

നിങ്ങളു​ടെ സ്‌കൂ​ളി​ലെ പെൺകു​ട്ടി​കൾ അവരുടെ ബോയി​ഫ്ര​ണ്ടു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടു​ന്ന​തി​നെ​പ്പ​ററി സംസാ​രി​ക്കു​ക​യാണ്‌. പെൺകു​ട്ടി​ക​ളി​ലൊ​രാൾ നിങ്ങ​ളോട്‌ ചോദി​ക്കു​ന്നു: “ഇപ്പോ​ഴും നിങ്ങൾ ഒരു കന്യകയല്ല, ആണോ?”

മററു പെൺകു​ട്ടി​കൾ ധരിക്കുന്ന തരത്തി​ലു​ളള വസ്‌ത്രം ധരിക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു, എന്നാൽ അതിന്‌ തീരെ ഇറക്കമില്ല എന്ന്‌ മമ്മി പറയുന്നു. മമ്മി ആവശ്യ​പ്പെ​ടുന്ന തരത്തി​ലു​ളള വസ്‌ത്രം ധരിച്ചാൽ നിങ്ങൾക്ക്‌ ഒരു ആറു വയസ്സ്‌ കൂടു​ത​ലു​ള​ള​തു​പോ​ലെ തോന്നി​ക്കും. നിങ്ങളു​ടെ ക്ലാസ്സി​ലു​ള​ളവർ നിങ്ങളെ പരിഹ​സി​ക്കു​ന്നു. ഒരു പെൺകു​ട്ടി ചോദി​ക്കു​ന്നു: “ഉച്ചഭക്ഷ​ണ​ത്തി​നു​ളള പണത്തിൽ കുറെ മിച്ചം വച്ച്‌ നിനക്ക്‌ എന്തു​കൊണ്ട്‌ ഒരു നല്ല വസ്‌ത്രം വാങ്ങി​ക്കൂ​ടാ? നിന്റെ അമ്മയെ അറിയി​ക്കേ​ണ്ട​തില്ല. നിന്റെ സ്‌കൂൾ വസ്‌ത്രങ്ങൾ നിന്റെ ലോക്ക​റിൽ സൂക്ഷി​ച്ചാൽ മതി.”

ഇവ അഭിമു​ഖീ​ക​രി​ക്കാൻ എളുപ്പ​മു​ളള സാഹച​ര്യ​ങ്ങ​ളാ​ണോ? അല്ല, എന്നാൽ നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രോട്‌ ഇല്ല എന്ന്‌ പറയാൻ നിങ്ങൾക്ക്‌ ഭയമാ​ണെ​ങ്കിൽ നിങ്ങൾ നിങ്ങ​ളോ​ടു​ത​ന്നെ​യും നിങ്ങളു​ടെ നിലവാ​ര​ങ്ങ​ളോ​ടും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോ​ടു​മാ​യി​രി​ക്കും ഇല്ല എന്ന്‌ പറയു​ന്നത്‌. സമപ്രാ​യ​ക്കാ​രിൽ നിന്നുളള സമ്മർദ്ദത്തെ ചെറു​ത്തു​നിൽക്കാ​നു​ളള ശക്തി നിങ്ങൾക്ക്‌ എങ്ങനെ വികസി​പ്പി​ച്ചെ​ടു​ക്കാൻ കഴിയും?

“ചിന്താ​പ്രാ​പ്‌തി”

പതിനഞ്ചു വയസ്സു​കാ​രി റോബിൻ പുകവലി ആരംഭി​ച്ചത്‌ അവൾക്ക്‌ ആഗ്രഹ​മു​ണ്ടാ​യി​ട്ടല്ല, മറിച്ച്‌ എല്ലാവ​രും അങ്ങനെ ചെയ്‌തി​രു​ന്നു എന്നതു​കൊ​ണ്ടാണ്‌. അവൾ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “പിന്നീട്‌ ഞാൻ ഇങ്ങനെ ചിന്തിച്ചു തുടങ്ങി, ‘എനിക്കത്‌ ഇഷ്ടമല്ല. ഞാൻ എന്തിനാണ്‌ ഇതു ചെയ്യു​ന്നത്‌?’ അതു​കൊണ്ട്‌ ഇപ്പോൾ ഞാൻ പുകവ​ലി​ക്കാ​റില്ല.” സ്വന്തനി​ല​യിൽ ചിന്തി​ച്ച​തി​നാൽ അവൾക്ക്‌ തന്റെ സമപ്രാ​യ​ക്കാ​രിൽനിന്ന്‌ വ്യത്യ​സ്‌ത​യാ​യി നിൽക്കാൻ കഴിഞ്ഞു!

അപ്പോൾ ഉചിത​മാ​യി “അറിവും ചിന്താ​പ്രാ​പ്‌തി​യും” വികസി​പ്പി​ച്ചെ​ടു​ക്കാൻ ബൈബിൾ യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:1-5) ചിന്താ​പ്രാ​പ്‌തി​യു​ളള ഒരാൾക്ക്‌ മാർഗ്ഗ​നിർദ്ദേ​ശ​ത്തി​നു​വേണ്ടി അനുഭ​വ​പ​രി​ച​യ​മി​ല്ലാത്ത സമപ്രാ​യ​ക്കാ​രെ ആശ്രയി​ക്കേ​ണ്ടി​വ​രു​ന്നില്ല. അതേസ​മയം അങ്ങനെ​യു​ളള ഒരു വ്യക്തി ആത്മ​ധൈ​ര്യ​ത്തി​ന്റെ കൂടു​തൽകൊണ്ട്‌ മററു​ള​ള​വ​രു​ടെ അഭി​പ്രാ​യ​ങ്ങളെ അവഗണി​ച്ചു കളയു​ന്നില്ല. (സദൃശ​വാ​ക്യ​ങ്ങൾ 14:16) അയാൾക്ക്‌ അല്ലെങ്കിൽ അവൾക്ക്‌ “ജ്ഞാനി​യാ​യി​ത്തീ​രേ​ണ്ട​തിന്‌” “ബുദ്ധി​യു​പ​ദേശം ശ്രദ്ധി​ക്കാ​നും ശിക്ഷണം സ്വീക​രി​ക്കാ​നും” മനസ്സുണ്ട്‌.—സദൃശ​വാ​ക്യ​ങ്ങൾ 19:20.

നിങ്ങളു​ടെ ചിന്താ​പ്രാ​പ്‌തി ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ പേരിൽ മററു​ള​ളവർ നിങ്ങളെ ദ്വേഷി​ക്കു​ക​യോ പരിഹ​സി​ക്കു​ക​പോ​ലു​മോ ചെയ്‌താ​ലും അതിൽ ആശ്ചര്യ​പ്പെ​ട​രുത്‌. “ചിന്താ​പ്രാ​പ്‌തി​യു​ളള പുരുഷൻ [അല്ലെങ്കിൽ സ്‌ത്രീ] ദ്വേഷി​ക്ക​പ്പെ​ടു​ന്നു” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 14:17 പറയുന്നു. എന്നാൽ വാസ്‌ത​വ​ത്തിൽ ആർക്കാണ്‌ കൂടുതൽ ശക്തിയു​ള​ളത്‌, തങ്ങളുടെ ആവേശ​ങ്ങൾക്കും വികാ​ര​ങ്ങൾക്കും അടിമ​പ്പെട്ടു പോകു​ന്ന​വർക്കോ അതോ അനുചി​ത​മായ ആഗ്രഹ​ങ്ങ​ളോട്‌ ഇല്ല എന്ന്‌ പറയാൻ കഴിയു​ന്ന​വർക്കോ? (സദൃശ​വാ​ക്യ​ങ്ങൾ 16:32 താരത​മ്യം ചെയ്യുക.) നിങ്ങളെ പരിഹ​സി​ക്കു​ന്നവർ ജീവി​ത​ത്തിൽ എങ്ങോ​ട്ടാണ്‌ പോകു​ന്നത്‌? നിങ്ങളു​ടെ ജീവി​ത​വും അവി​ടെ​ച്ചെന്ന്‌ അവസാ​നി​ക്കാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? അത്തരം ആളുകൾ നിങ്ങ​ളോട്‌ അസൂയ​പ്പെ​ടു​ക​യും പരിഹാ​സ​ത്തി​ലൂ​ടെ അവരു​ടെ​തന്നെ അരക്ഷി​താ​വസ്ഥ മൂടി​വ​യ്‌ക്കാൻ ശ്രമി​ക്കു​ക​യു​മാ​യി​രി​ക്കു​മോ?

കെണി​യിൽ നിന്ന്‌ രക്ഷപെടൽ

“മനുഷ്യ​രു​ടെ മുമ്പാകെ വിറയ്‌ക്കു​ന്ന​താണ്‌ ഒരു കെണി വയ്‌ക്കു​ന്നത്‌” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 29:25 പറയുന്നു. ബൈബിൾ കാലങ്ങ​ളിൽ കെണി മനസ്സി​ലാ​ക്കാ​തെ അതിൽ കൊരു​ത്തു വച്ചിരുന്ന ഇര എടുക്കാൻ ശ്രമി​ക്കുന്ന ഏതൊരു മൃഗവും കെണി​യിൽ കുരു​ങ്ങു​മാ​യി​രു​ന്നു. ഇന്ന്‌ നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രാൽ സ്വീക​രി​ക്ക​പ്പെ​ടാ​നു​ളള ആഗ്രഹ​ത്തിന്‌ അതു​പോ​ലെ ഒരു ഇരയാ​യി​രി​ക്കാൻ കഴിയും. അതിന്‌ ദൈവിക നിലവാ​രങ്ങൾ തളളി​ക്ക​ള​യു​ന്ന​തി​ന്റെ കെണി​യി​ലേക്ക്‌ നിങ്ങളെ ആകർഷി​ക്കാൻ കഴിയും. അപ്പോൾ പിന്നെ മാനുഷ ഭയമാ​കുന്ന കെണി​യിൽനിന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ രക്ഷപെ​ടാൻ—അല്ലെങ്കിൽ അതിനെ എങ്ങനെ ഒഴിവാ​ക്കാൻ—കഴിയും?

ഒന്നാമ​താ​യി, നിങ്ങളു​ടെ സുഹൃ​ത്തു​ക്കളെ ശ്രദ്ധാ​പൂർവ്വം തെര​ഞ്ഞെ​ടു​ക്കുക! (സദൃശ​വാ​ക്യ​ങ്ങൾ 13:20) ക്രിസ്‌തീയ മൂല്യ​ങ്ങ​ളും നിലവാ​ര​ങ്ങ​ളും ഉളളവ​രു​മാ​യി സഹവസി​ക്കുക. ഇതു നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾക്ക്‌ പരിമി​തി വയ്‌ക്കു​ന്നു എന്നത്‌ വാസ്‌ത​വ​മാണ്‌. ഒരു കൗമാ​ര​പ്രാ​യ​ക്കാ​രൻ ഇപ്രകാ​രം പറയുന്നു: “ഞാൻ സ്‌കൂ​ളി​ലു​ളള മററു​ള​ള​വ​രു​മാ​യി മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗ​വും ലൈം​ഗി​ക​ത​യും സംബന്ധിച്ച അവരുടെ അഭി​പ്രാ​യ​ങ്ങ​ളിൽ യോജി​ക്കാ​താ​യ​പ്പോൾ അവർ പെട്ടെന്ന്‌ എന്നെ ഒററ​പ്പെ​ടു​ത്തി. അതു അവരു​മാ​യി പൊരു​ത്ത​പ്പെ​ടാ​നു​ളള വളരെ​യ​ധി​കം സമ്മർദ്ദം എന്നിൽനിന്ന്‌ നീക്കി​യെ​ങ്കി​ലും അത്‌ എനിക്ക്‌ അല്‌പം ഏകാന്തത അനുഭ​വ​പ്പെ​ടാൻ ഇടയാക്കി.” എന്നാൽ സമപ്രാ​യ​ക്കാ​രിൽ നിന്നുളള സ്വാധീ​നം നിങ്ങളെ ആത്മീയ​മാ​യും ധാർമ്മി​ക​മാ​യും അധഃപ​തി​പ്പി​ക്കു​ന്ന​തി​നേ​ക്കാൾ നല്ലത്‌ അല്‌പം ഏകാന്തത അനുഭ​വ​പ്പെ​ടു​ന്ന​തു​ത​ന്നെ​യാണ്‌. കുടും​ബ​ത്തി​നു​ള​ളി​ലെ​യും ക്രിസ്‌തീയ സഭയ്‌ക്കു​ള​ളി​ലെ​യും സഹവാസം ആ ഏകാന്ത​ത​യിൽനി​ന്നു​ളള ശൂന്യത നിറയ്‌ക്കാൻ നിങ്ങളെ സഹായി​ക്കും.

നിങ്ങളു​ടെ മാതാ​പി​താ​ക്കളെ ശ്രദ്ധി​ക്കു​ന്ന​തും സമപ്രാ​യ​ക്കാ​രിൽ നിന്നുളള സമ്മർദ്ദത്തെ ചെറുത്തു നിൽക്കാൻ നിങ്ങളെ സഹായി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 23:22) നിങ്ങളെ ഉചിത​മായ മൂല്യങ്ങൾ പഠിപ്പി​ക്കാൻ അവർ കഠിന​മാ​യി പ്രയത്‌നി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. ഒരു കൊച്ചു പെൺകു​ട്ടി പറഞ്ഞു: “എന്റെ മാതാ​പി​താ​ക്കൾ എന്നോട്‌ ദൃഢമായ ഒരു വിധത്തിൽ ഇടപെട്ടു. ചില​പ്പോൾ എനിക്ക്‌ അത്‌ ഇഷ്‌ട​മാ​യില്ല, എന്നാൽ അവർ ഉറച്ച ഒരു നിലപാട്‌ സ്വീക​രി​ക്കു​ക​യും എന്റെ സഹവാ​സങ്ങൾ പരിമി​ത​പ്പെ​ടു​ത്തു​ക​യും ചെയ്‌ത​തിൽ എനിക്ക്‌ സന്തോ​ഷ​മേ​യു​ളളു.” മാതാ​പി​താ​ക്ക​ളിൽ നിന്നുളള ആ സഹായം നിമിത്തം മയക്കു​മ​രു​ന്നു​പ​യോ​ഗി​ക്കാ​നും ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളി​ലേർപ്പെ​ടാ​നു​മു​ളള സമ്മർദ്ദ​ത്തിന്‌ അവൾ വഴങ്ങി​യില്ല.

കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ഉപദേ​ഷ്ടാ​വായ ബെത്ത്‌ വിൻഷിപ്പ്‌ കൂടു​ത​ലാ​യി ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “എന്തി​ലെ​ങ്കി​ലും അല്‌പം പ്രാപ്‌തി​യു​ളള കൗമാ​ര​പ്രാ​യ​ക്കാർ സ്വന്തനി​ല​യിൽ തങ്ങൾക്ക്‌ ഒരു പ്രമു​ഖ​സ്ഥാ​ന​മു​ണ്ടെന്ന്‌ കരുതു​ന്നു. ഒരു നല്ല മുഖഛായ ഉണ്ടായി​രി​ക്കു​ന്ന​തിന്‌ അവർ സമപ്രാ​യ​ക്കാ​രു​ടെ അംഗീ​കാ​രത്തെ ആശ്രയി​ക്കേ​ണ്ട​തില്ല.” എങ്കിൽ പിന്നെ സ്‌കൂ​ളി​ലും വീട്ടി​ലും നിങ്ങൾ ചെയ്യുന്ന കാര്യ​ങ്ങ​ളിൽ വൈദ​ഗ്‌ദ്ധ്യ​വും പ്രാപ്‌തി​യും സമ്പാദി​ക്കാൻ എന്തു​കൊണ്ട്‌ ശ്രമി​ച്ചു​കൂ​ടാ? യഹോ​വ​യു​ടെ യുവസാ​ക്ഷി​കൾ പ്രത്യേ​കി​ച്ചും തങ്ങളുടെ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ ‘സത്യത്തി​ന്റെ വചനം ഉചിത​മാ​യി കൈകാ​ര്യം ചെയ്‌തു​കൊണ്ട്‌ യാതൊ​ന്നി​ലും ലജ്ജിക്കാൻ കാരണ​മി​ല്ലാത്ത വേലക്കാ​രാ​യി​രി​ക്കാൻ’ കഠിന​ശ്രമം ചെയ്യുന്നു.—2 തിമൊ​ഥെ​യോസ്‌ 2:15.

മനുഷ്യ​രെ ഭയപ്പെ​ടു​ന്ന​തി​ലെ “കെണി”യെപ്പററി മുന്നറി​യിപ്പ്‌ നൽകി​യ​ശേഷം സദൃശ​വാ​ക്യ​ങ്ങൾ 29:25 ഇപ്രകാ​രം തുടരു​ന്നു: “യഹോ​വ​യിൽ ആശ്രയി​ക്കു​ന്നവൻ സംരക്ഷി​ക്ക​പ്പെ​ടും.” ഒരുപക്ഷേ മറെറ​ല്ലാ​റ​റി​നും മേലായി ദൈവ​വു​മാ​യു​ളള ഒരു ബന്ധത്തിന്‌ സമപ്രാ​യ​ക്കാ​രിൽനി​ന്നു​ളള സമ്മർദ്ദ​ത്തി​നെ​തി​രെ ചെറു​ത്തു​നിൽക്കാൻ നിങ്ങളെ ശക്തീക​രി​ക്കാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌ (നേരത്തെ പരാമർശിച്ച) ഡെബി മുഴു​ക്കു​ടി​യി​ലും മയക്കു​മ​രുന്ന്‌ ദുരു​പ​യോ​ഗ​ത്തി​ലും ഏർപ്പെ​ട്ടു​കൊണ്ട്‌ കുറേ​ക്കാ​ലം കൂട്ടത്തി​ന്റെ പിന്നാലെ പോകുന്ന ഒരുവ​ളാ​യി​രു​ന്നു. എന്നാൽ പിന്നീട്‌ അവൾ ബൈബി​ളി​ന്റെ ഒരു ഗൗരവ​മായ പഠനം ആരംഭി​ച്ചു, യഹോ​വ​യിൽ ആശ്രയി​ക്കാ​നും തുടങ്ങി. അതിന്റെ ഫലമോ? “കുട്ടി​ക​ളു​ടെ ആ ചെറിയ കൂട്ടം ചെയ്‌ത​തെ​ല്ലാം മേലാൽ ഞാൻ ചെയ്‌ക​യില്ല എന്ന്‌ ഞാൻ തീരു​മാ​നി​ച്ചു” എന്ന്‌ ഡെബി പറഞ്ഞു. അവൾ അവളുടെ മുൻകൂ​ട്ടു​കാ​രോട്‌ പറഞ്ഞു: “നിങ്ങൾ നിങ്ങളു​ടെ വഴിയെ പൊയ്‌ക്കൊ​ള​ളുക, ഞാൻ എന്റെ വഴി​യെ​യും പൊയ്‌ക്കൊ​ള​ളാം. നിങ്ങൾക്ക്‌ എന്റെ സൗഹൃദം ആവശ്യ​മു​ണ്ടെ​ങ്കിൽ ഞാൻ ആദരി​ക്കുന്ന അതേ നിലവാ​രങ്ങൾ നിങ്ങളും ആദരി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. എനിക്ക്‌ ഖേദമുണ്ട്‌, എന്നാൽ നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു എന്നത്‌ ഞാൻ കണക്കാ​ക്കു​ന്നില്ല. ഇതാണ്‌ ഞാൻ ചെയ്യാൻ പോകു​ന്നത്‌.” ഡെബി​യു​ടെ എല്ലാ സുഹൃ​ത്തു​ക്ക​ളും അവളുടെ പുതിയ വിശ്വാ​സത്തെ ആദരി​ച്ചില്ല. എന്നാൽ ഡെബി പറയുന്നു: “ഞാൻ ആ തീരു​മാ​നം ചെയ്‌ത​ശേഷം തീർച്ച​യാ​യും ഞാൻ എന്നെത്തന്നെ കൂടുതൽ ഇഷ്ടപ്പെട്ടു.”

സമപ്രാ​യ​ക്കാ​രു​ടെ സമ്മർദ്ദ​ത്തി​ന്റെ കെണി​യിൽനിന്ന്‌ രക്ഷപെ​ടു​ന്നെ​ങ്കിൽ നിങ്ങളും ‘നിങ്ങ​ളെ​ത്തന്നെ കൂടുതൽ ഇഷ്ടപ്പെ​ടു​ക​യും’ വളരെ​യ​ധി​കം കഷ്ടങ്ങളിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കു​ക​യും ചെയ്യും!

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ചെറു​പ്പ​ക്കാർ അവരുടെ സമപ്രാ​യ​ക്കാ​രാൽ സ്വാധീ​നി​ക്ക​പ്പെ​ടാൻ ചായ്‌വു​ള​ള​വ​രാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌? ഇത്‌ അവശ്യം മോശ​മാ​ണോ?

◻ സമൻമാ​രിൽ നിന്നുളള സമ്മർദ്ദ​ത്തെ​പ്പ​ററി അപ്പോ​സ്‌ത​ല​നായ പത്രോ​സി​ന്റെ അനുഭവം എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

◻ ഇല്ല എന്നു പറയാ​നു​ളള നിങ്ങളു​ടെ പ്രാപ്‌തി​യെ പരി​ശോ​ധി​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ എന്തൊ​ക്കെ​യാണ്‌? (ഒരുപക്ഷേ വ്യക്തി​പ​ര​മായ ചില അനുഭ​വങ്ങൾ ഉൾപ്പെ​ടു​ത്താം)

◻ ചങ്കൂററം കാട്ടാൻ നിങ്ങളെ ആരെങ്കി​ലും വെല്ലു​വി​ളി​ച്ചാൽ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ പരിഗ​ണി​ക്കും?

◻ മാനു​ഷ​ഭ​യ​ത്തി​ന്റെ കെണി​യിൽ നിന്ന്‌ രക്ഷപെ​ടു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന ചില കാര്യങ്ങൾ എന്തൊ​ക്കെ​യാണ്‌?

[74-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“മററു കുട്ടി​ക​ളാൽ അംഗീ​ക​രി​ക്ക​പ്പെ​ടാൻ നിങ്ങൾ വളരെ​യ​ധി​കം ആഗ്രഹി​ക്കു​ന്നു,” എന്ന്‌ ഡെബി പറഞ്ഞു. “കൂട്ടു​കാർ ഇല്ലാ​തെ​യാ​കു​ന്ന​തി​നെ ഞാൻ ഭയപ്പെട്ടു . . . ഞാൻ ഒററ​പ്പെ​ടു​ത്ത​പ്പെ​ട്ടേ​ക്കു​മോ​യെന്ന്‌ ഞാൻ ഭയപ്പെട്ടു”

[75-ാം പേജിലെ ചതുരം]

‘ഞാൻ നിന്നെ വെല്ലു​വി​ളി​ക്കു​ന്നു!’

“ചെല്ല്‌, ചെന്ന്‌ ററീച്ച​റി​ന്റെ വായ്‌ നാറുന്നു എന്ന്‌ അവരോട്‌ പറയൂ!” ലിസ്സാ​യു​ടെ സഹപാ​ഠി​കൾ അവളെ നിർബ​ന്ധി​ച്ചു. ഇല്ല, വായുടെ ശുചിത്വ പ്രശ്‌ന​മാ​യി​രു​ന്നില്ല ഇവിടെ ഉൾപ്പെ​ട്ടി​രു​ന്നത്‌. ലിസ്സാ​യ്‌ക്കു ധൈര്യ​മു​ണ്ടോ എന്നൊരു വെല്ലു​വി​ളി​യാ​യി​രു​ന്നു അത്‌—അല്‌പം അപകടം പിടിച്ച ഒരു വെല്ലു​വി​ളി! അതെ ചില ചെറു​പ്പ​ക്കാർ ചില്ലറ കുസൃ​തി​ത്ത​രങ്ങൾ മുതൽ കേവലം ആത്മഹത്യാ​പ​ര​മായ പ്രവൃ​ത്തി​കൾ വരെ ചെയ്യാൻ മററു​ള​ള​വരെ വെല്ലു​വി​ളി​ക്കു​ന്ന​തിൽ ഒരുതരം വികല​മായ സന്തോഷം കണ്ടെത്തു​ന്ന​താ​യി തോന്നു​ന്നു.

കഥയി​ല്ലാ​ത്ത​തോ നിർദ്ദ​യ​മോ അല്ലെങ്കിൽ തികച്ചും അപകട​ക​ര​മോ ആയ എന്തെങ്കി​ലും ചെയ്യാൻ നിങ്ങൾ വെല്ലു​വി​ളി​ക്ക​പ്പെ​ടു​മ്പോൾ അതു രണ്ടുവട്ടം ചിന്തി​ക്കാ​നു​ളള സമയമാണ്‌. ജ്ഞാനി​യായ ഒരു മനുഷ്യൻ പറഞ്ഞു: “ചത്ത ഈച്ചയാണ്‌ സുഗന്ധ​തൈ​ല​ക്കാ​രന്റെ തൈലം നാറാൻ, അതു പുളിച്ചു പൊന്താൻ ഇടയാ​ക്കു​ന്നത്‌. ജ്ഞാനവും മഹത്വ​വും ഉളളവ​നോട്‌ അല്‌പം ഭോഷ​ത്വ​വും അതുതന്നെ ചെയ്യുന്നു.” (സഭാ​പ്ര​സം​ഗി 10:1) പുരാതന കാലങ്ങ​ളിൽ, ഒരു ചത്ത ഈച്ച​യെ​പ്പോ​ലെ നിസ്സാ​ര​മായ എന്തെങ്കി​ലും മതിയാ​യി​രു​ന്നു വിലപ്പെട്ട ഒരു തൈല​ത്തെ​യോ സുഗന്ധ​കൂ​ട്ടി​നെ​യോ നശിപ്പി​ക്കാൻ. അതു​പോ​ലെ ഒരുവൻ കഷ്ടപ്പെട്ട്‌ സമ്പാദിച്ച സൽപ്പേര്‌ നശിപ്പി​ക്കാൻ “അല്‌പം ഭോഷ​ത്വം” മതിയാ​കും.

ബാലി​ശ​മായ കുസൃ​തി​ത്ത​രങ്ങൾ മിക്ക​പ്പോ​ഴും പഠനത്തിൽ പിന്നോ​ക്കം പോകു​ന്ന​തി​നും ചില​പ്പോൾ സ്‌കൂ​ളിൽ നിന്ന്‌ പുറത്താ​ക്ക​പ്പെ​ടു​ന്ന​തി​നും ചില​പ്പോൾ അറസ്‌ററ്‌ ചെയ്യ​പ്പെ​ടു​ന്ന​തി​നു​പോ​ലും ഇടയാ​ക്കു​ന്നു! നിങ്ങൾ പിടി​ക്ക​പ്പെ​ടാൻ പോകു​ന്നില്ല എന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നെ​ങ്കി​ലെന്ത്‌? നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക, എന്നോട്‌ ചെയ്യാൻ ആവശ്യ​പ്പെ​ട്ടി​രി​ക്കുന്ന കാര്യം ന്യായ​യു​ക്ത​മാ​ണോ? അതു സ്‌നേ​ഹ​പൂർവ്വ​ക​മാ​ണോ? അതു ബൈബിൾ നിലവാ​ര​ങ്ങൾക്കും എന്റെ മാതാ​പി​താ​ക്കൾ എന്നെ പഠിപ്പി​ച്ചി​രി​ക്കുന്ന നിലവാ​ര​ങ്ങൾക്കും വിരു​ദ്ധ​മാ​ണോ? ആണെങ്കിൽ തമാശ തേടുന്ന ചെറു​പ്പ​ക്കാർ എന്റെ ജീവി​തത്തെ നിയ​ന്ത്രി​ക്കാൻ ഞാൻ യഥാർത്ഥ​ത്തിൽ ആഗ്രഹി​ക്കു​ന്നു​വോ? എന്റെ ജീവനും സൽപ്പേ​രും അപകട​ത്തി​ലാ​ക്കാൻ എന്നോട്‌ ആവശ്യ​പ്പെ​ടുന്ന യുവജ​നങ്ങൾ ഏതായാ​ലും വാസ്‌ത​വ​ത്തിൽ എന്റെ സുഹൃ​ത്തു​ക്ക​ളാ​ണോ?—സദൃശ​വാ​ക്യ​ങ്ങൾ 18:24.

അപ്പോൾ നിങ്ങളെ വെല്ലു​വി​ളി​ക്കുന്ന ചെറു​പ്പ​ക്കാ​ര​നു​മാ​യി ന്യായ​വാ​ദം ചെയ്യാൻ ശ്രമി​ക്കുക. ‘ഞാൻ എന്തിന്‌ അതു ചെയ്യണം? ഞാൻ അതു ചെയ്‌താൽ അത്‌ എന്തു തെളി​യി​ക്കും?’ എന്ന്‌ ചോദി​ച്ചു​കൊണ്ട്‌ “അതിൽ നിന്ന്‌ രസം കവർന്നു​ക​ളയാ”നാണ്‌ പതി​നെട്ടു വയസ്സു​കാ​രൻ റെററി ഇഷ്ടപ്പെ​ടു​ന്നത്‌. കൂടാതെ നിങ്ങൾ ജീവി​ത​ത്തിൽ പ്രാവർത്തി​ക​മാ​ക്കാ​നാ​ഗ്ര​ഹി​ക്കുന്ന ചില നിശ്ചിത നിലവാ​രങ്ങൾ നിങ്ങൾക്കു​ണ്ടെന്ന്‌ ആളുകൾ അറിയട്ടെ. “നിങ്ങൾക്ക്‌ നഷ്ടമാ​കു​ന്ന​തെ​ന്താ​ണെന്ന്‌ നിങ്ങൾക്ക​റി​ഞ്ഞു​കൂ​ടാ” എന്നു പറഞ്ഞു​കൊണ്ട്‌ ഒരു യുവതി തന്നോ​ടൊ​പ്പം അധാർമ്മിക പ്രവൃ​ത്തി​യി​ലേർപ്പെ​ടാൻ ഒരു യുവാ​വി​നെ പ്രേരി​പ്പി​ച്ചു. “എനിക്ക​റി​യാം,” അയാൾ പ്രതി​വ​ചി​ച്ചു. “ഹെർപ്പീസ്‌, ഗൊ​ണോ​റിയ, സിഫി​ലിസ്‌ . . . ”

അതെ, നിങ്ങളു​ടെ സമപ്രാ​യ​ക്കാ​രോട്‌ ഇല്ല എന്നു പറയാ​നു​ളള ധൈര്യം ഉണ്ടായി​രി​ക്കു​ന്ന​തി​നാൽ പിന്നീട്‌ നിങ്ങൾ ഖേദി​ക്കേ​ണ്ടി​വ​രു​ന്ന​തായ കാര്യങ്ങൾ ചെയ്യു​ന്നത്‌ നിങ്ങൾക്ക്‌ ഒഴിവാ​ക്കാൻ കഴിയും!

[76-ാം പേജിലെ ചിത്രം]

ചെറുപ്പക്കാർ മിക്ക​പ്പോ​ഴും പരസ്‌പര പിന്തു​ണ​ക്കു​വേണ്ടി ഒന്നിച്ചു നിൽക്കു​ന്നു

[77-ാം പേജിലെ ചിത്രം]

ശരിയെന്ന്‌ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തി​നെ​തി​രാ​യി പ്രവർത്തി​ക്കാൻ സമപ്രാ​യ​ക്കാർ എന്നെങ്കി​ലും നിങ്ങളു​ടെ​മേൽ സമ്മർദ്ദം പ്രയോ​ഗി​ച്ചി​ട്ടു​ണ്ടോ?

[78-ാം പേജിലെ ചിത്രം]

സമപ്രായക്കാരിൽ നിന്നുളള സമ്മർദ്ദ​ത്തി​നെ​തി​രെ ചെറുത്തു നിൽക്കാ​നു​ളള ശക്തി ഉണ്ടായി​രി​ക്കുക!