വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാവി എനിക്ക്‌ എന്തു കൈവരുത്തും?

ഭാവി എനിക്ക്‌ എന്തു കൈവരുത്തും?

അധ്യായം 38

ഭാവി എനിക്ക്‌ എന്തു കൈവരുത്തും?

“എനിക്ക്‌ ഭാവി സംബന്ധിച്ച്‌ ഭയമാണ്‌, ന്യൂക്ലിയർ ഭീഷണി നിറഞ്ഞ ഒരു ഭാവി.” തന്റെ രാജ്യത്തെ ഏററം ഉന്നതനായ രാഷ്‌ട്രീയ ഉദ്യോഗസ്ഥനെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ഒരു ജർമ്മൻ യുവാവ്‌ പറഞ്ഞു.

ഒരു ന്യൂക്ലിയർ അഗ്നി ഗോളത്തിൽ പെട്ട്‌ നശിക്കുന്നതിനെപ്പററിയുളള ഭയം ഒരുപക്ഷേ ഭാവി സംബന്ധിച്ച നിങ്ങളുടെ വീക്ഷണത്തെയും ശല്യപ്പെടുത്തുന്നു. “നല്ല ഗ്രെയിഡുകൾ സമ്പാദിക്കുന്നതിനെപ്പററി ഞാൻ എന്തിന്‌ ഉൽക്കണ്‌ഠപ്പെടണം?” ഒരു യുവാവ്‌ ചോദിച്ചു. “ഏതായാലും ഈ ലോകം നശിക്കാൻ പോവുകയാണ്‌.” സ്‌കൂൾ കുട്ടികൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ അവരെ ഏററം ഭയപ്പെടുത്തിയ സംഗതിയായി ആൺകുട്ടികൾ പറഞ്ഞത്‌ ന്യൂക്ലിയർ യുദ്ധമാണ്‌. പെൺകുട്ടികൾ അത്‌ രണ്ടാം സ്ഥാനത്ത്‌ വച്ചു, ഒന്നാം സ്ഥാനത്ത്‌ അവർ വച്ചത്‌ “എന്റെ മാതാപിതാക്കൾ മരിച്ചുപോകും” എന്ന ഭയമായിരുന്നു.

എന്നിരുന്നാലും ചക്രവാളത്തിൽ കാണപ്പെടുന്ന ഇരുണ്ടമേഘം ഒരു ന്യൂക്ലിയർ ധൂപപടലം മാത്രമല്ല. “അമിത ജനസംഖ്യയുടെയും പ്രകൃതിവിഭവങ്ങൾ തീർന്നു പോകുന്നതിന്റെയും പരിസരമലിനീകരണത്തിന്റെയും വരാനിരിക്കുന്ന മററു വിപത്തുകളുടെയും” ഭീഷണികൾ പ്രശസ്‌ത മന:ശാസ്‌ത്രജ്ഞനായ ബി. എഫ്‌. സ്‌കിന്നർ ഇപ്രകാരം നിഗമനം ചെയ്യുന്നതിലേക്ക്‌ നയിച്ചു: “നമ്മുടെ വംശം ഇപ്പോൾ ഭീഷണിയിൻ കീഴിലായിരിക്കുന്നതായി കാണപ്പെടുന്നു.” പിന്നീട്‌ അദ്ദേഹം ഇപ്രകാരം ഏററുപറഞ്ഞു: “എനിക്ക്‌ ഏറെയും അശുഭാപ്‌തിവിശ്വാസമാണുളളത്‌. നാം യഥാർത്ഥത്തിൽ നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോകുന്നില്ല.”

കാര്യജ്ഞാനമുളള നിരീക്ഷകർപോലും ഭാവിയെ ഭയത്തോടെ വീക്ഷിക്കുമ്പോൾ “നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം നാളെ നാം ചാകുമല്ലോ” എന്ന മനോഭാവം അനേകം യുവജനങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഒട്ടും അതിശയമില്ല. (1 കൊരിന്ത്യർ 15:32) വാസ്‌തവത്തിൽ, നിങ്ങളുടെ ഭാവി രാഷ്‌ട്രീയക്കാരുടെയും ശാസ്‌ത്രജ്ഞൻമാരുടെയും പ്രാപ്‌തിയെ ആശ്രയിച്ചിരിക്കുന്നുവെങ്കിൽ അതു ഇരുളടഞ്ഞതുതന്നെ. എന്തുകൊണ്ടെന്നാൽ യിരെമ്യാവ്‌ 10:23 പറയുന്നു: “ഭൗമിക മനുഷ്യനുളളതല്ല അവന്റെ വഴി, തന്റെ കാലടികളെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല.”

മനുഷ്യന്‌ തന്നെത്തന്നെ ഭരിക്കാൻ പ്രാപ്‌തിയില്ല എന്നുമാത്രമല്ല. അതു “മനുഷ്യനുളളതല്ല” എന്നു കുറിക്കൊളളുക—ഭൂമിയുടെ ഭാവി കൈകാര്യം ചെയ്യാൻ അവന്‌ അവകാശമില്ല. അതുകൊണ്ട്‌ അവന്റെ ശ്രമങ്ങൾ പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നു. അക്കാരണത്താൽ യിരെമ്യാവ്‌ ദിവ്യ ഇടപെടലിനുവേണ്ടി പ്രാർത്ഥിച്ചു: “എന്നിരുന്നാലും യഹോവേ വിവേചനയോടെ എന്നെ തിരുത്തേണമേ.” (യിരെമ്യാവ്‌ 10:24) അതിന്റെ അർത്ഥം നമ്മുടെ സ്രഷ്ടാവ്‌ നമ്മുടെ ഭാവി തീരുമാനിക്കുമെന്നാണ്‌. എന്നാൽ ആ ഭാവി എന്തായിരിക്കും?

ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം—നിങ്ങളുടെ ഭാവിയും

മനുഷ്യനെ സൃഷ്ടിച്ച്‌ അല്‌പം കഴിഞ്ഞ്‌ ആദ്യ മാനുഷ ദമ്പതികളോട്‌ ദൈവം പറഞ്ഞു: “സന്താനപുഷ്ടിയുളളവരായി പെരുകി ഭൂമിയെ നിറച്ച്‌ അതിനെ അടക്കി സമുദ്രത്തിലെ മത്‌സ്യത്തെയും ആകാശത്തിലെ പറവജാതികളെയും ഭൂമിയിൽ ചരിക്കുന്ന എല്ലാ ജന്തുക്കളെയും അധീനപ്പെടുത്തുക.” (ഉല്‌പത്തി 1:28) അങ്ങനെ ഒരു ആഗോള പറുദീസയിൽ ജീവിക്കുന്നതിനുളള പ്രത്യാശ മനുഷ്യന്‌ നൽകപ്പെട്ടു.

എന്നിരുന്നാലും ആദ്യ ദമ്പതികൾ ദൈവത്തിന്റെ ഭരണത്തോട്‌ മത്സരിച്ചു. ശലോമോൻ പിൽക്കാലത്ത്‌ പറഞ്ഞപ്രകാരം, “സത്യദൈവം മനുഷ്യവർഗ്ഗത്തെ നേരുളളവരായി സൃഷ്ടിച്ചു. എന്നാൽ അവർ തന്നെ അനേകം പദ്ധതികൾ അന്വേഷിച്ചിരിക്കുന്നു.” (സഭാപ്രസംഗി 7:29) ഈ തലമുറയ്‌ക്കു ദുരിതവും അത്യന്തം ഇരുണ്ട ഭാവിയും സമ്മാനിച്ചുകൊണ്ട്‌ മാനുഷപദ്ധതികൾ വിപൽക്കരമെന്ന്‌ തെളിഞ്ഞിരിക്കുന്നു.

മലിനീകൃതവും റേഡിയോ ആക്‌ററീവതയുളളതും—ഒരുപക്ഷേ നിർജ്ജീവവും—ആയ ഒരു ഗോളമായിത്തീരാൻ ദൈവം ഭൂമിയെ ഉപേക്ഷിച്ചു കളഞ്ഞിരിക്കുന്നു എന്നാണോ ഇതിന്റെ അർത്ഥം? അസാദ്ധ്യം! അവൻ “ഭൂമിയെ രൂപപ്പെടുത്തിയവനും അതിനെ നിർമ്മിച്ചവനുമാണ്‌, അവനാണ്‌ അതിനെ ഉറപ്പായി സ്ഥാപിച്ചവൻ, അവൻ കേവലം വ്യർത്ഥമായിട്ടല്ല അതിനെ സൃഷ്ടിച്ചത്‌, പാർപ്പിനായിട്ടത്രേ അതിനെ രൂപപ്പെടുത്തിയത്‌.” ഭൂമിയെ സംബന്ധിച്ച അവന്റെ പ്രഖ്യാപിതോദ്ദേശ്യം തീർച്ചയായും നിവൃത്തിയാകും!—യെശയ്യാവ്‌ 45:18; 55:10, 11.

എന്നാൽ എപ്പോൾ—എങ്ങനെ? നിങ്ങൾതന്നെ ലൂക്കോസ്‌ 21-ാം അദ്ധ്യായം വായിക്കുക. അവിടെ ഈ നൂററാണ്ടിൽ മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുന്ന പ്രശ്‌നങ്ങൾ, അന്താരാഷ്‌ട്രയുദ്ധങ്ങൾ, ഭൂകമ്പങ്ങൾ, രോഗം, ഭക്ഷ്യദൗർലഭ്യം, വ്യാപകമായ കുററകൃത്യങ്ങൾ എന്നിവ യേശു മുൻകൂട്ടി പറഞ്ഞു. ഈ സംഭവങ്ങൾ എന്താണ്‌ അർത്ഥമാക്കുന്നത്‌? യേശുതന്നെ വിശദീകരിക്കുന്നു: “ഇവ സംഭവിക്കുന്നതു കാണുമ്പോൾ നിങ്ങളുടെ വിടുതൽ അടുത്തിരിക്കുന്നതിനാൽ നിവർന്ന്‌ നിങ്ങളുടെ തലകളെ ഉയർത്തുക. . . . ഇവ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്ന്‌ അറിഞ്ഞുകൊൾക.”—ലൂക്കോസ്‌ 21:10, 11, 28, 31.

ആ രാജ്യമാണ്‌ നിങ്ങളുടെ ഭാവിയുടെ താക്കോൽ. ലളിതമായി പറഞ്ഞാൽ അതൊരു ഗവൺമെൻറാണ്‌, ഭൂമിയെ ഭരിക്കാനുളള ദൈവത്തിന്റെ ഉപാധി. ആ രാജ്യ ഗവൺമെൻറ്‌ മനുഷ്യരുടെ കൈകളിൽ നിന്ന്‌ ഭൂമിയുടെ നിയന്ത്രണം പിടിച്ചെടുക്കും. (ദാനിയേൽ 2:44) മനുഷ്യരുടെ ദുഷ്‌പ്രവൃത്തികളുടെ ആക്രമണത്തിൽനിന്ന്‌ ഭൂമിയെ—മനുഷ്യവർഗ്ഗത്തെയും—രക്ഷപെടുത്തിക്കൊണ്ട്‌ “ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നവർ” തന്നെ ദൈവത്തിന്റെ കയ്യാലുളള നാശത്തെ അഭിമുഖീകരിക്കും.—വെളിപ്പാട്‌ 11:18; സഭാപ്രസംഗി 1:4.

ദൈവരാജ്യത്തിന്റെ കാര്യനിർവ്വഹണത്തിൻ കീഴിൽ സുരക്ഷിതമായ ഭൂമി സാവകാശം ഒരു ആഗോള പറുദീസയായിത്തീരും. (ലൂക്കോസ്‌ 23:43) അങ്ങനെ ഒരു പൂർണ്ണമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുന:സ്ഥാപിക്കപ്പെടും. എന്തിന്‌, മനുഷ്യനും മൃഗവും തമ്മിൽ പോലും ഐക്യം ഉണ്ടായിരിക്കും. (യെശയ്യാവ്‌ 11:6-9) യുദ്ധവും യുദ്ധായുധങ്ങളും അപ്രത്യക്ഷമാകും. (സങ്കീർത്തനം 46:8, 9) കുററകൃത്യം, പട്ടിണി, പാർപ്പിടമില്ലായ്‌മ, രോഗം—മരണംപോലും—നീക്കം ചെയ്യപ്പെടും. ഭൂവാസികൾ “തീർച്ചയായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.”—സങ്കീർത്തനം 37:10, 11; 72:16; യെശയ്യാവ്‌ 65:21, 22; വെളിപ്പാട്‌ 21:3, 4.

ദൈവത്തിന്റെ വാഗ്‌ദാനങ്ങളെ ‘പരീക്തിക്കൽ’

പറുദീസയിലെ നിത്യജീവൻ—നിങ്ങളുടെ ഭാവി അതായിരിക്കാൻ കഴിയും! എന്നാൽ ആ ആശയം ആകർഷകമായി തോന്നിയേക്കാമെങ്കിലും, ഒരുപക്ഷേ, എല്ലാ നല്ല ആളുകളും സ്വർഗ്ഗത്തിൽ പോകും എന്ന വിശ്വാസം ഉപേക്ഷിച്ചു കളയാൻ നിങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ട്‌, അല്ലെങ്കിൽ ബൈബിളിനെപ്പററി തന്നെ നിങ്ങൾക്ക്‌ സംശയങ്ങളുണ്ട്‌. യഹോവയുടെ സാക്ഷികൾക്കിടയിലുളള ചില ചെറുപ്പക്കാർപോലും ചിലപ്പോൾ തങ്ങളുടെ വിശ്വാസം ആശങ്കാജനകമാംവണ്ണം ഇളക്കമുളളതാണ്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌ മിച്ചൽ സാക്ഷികളായ മാതാപിതാക്കളാൽ വളർത്തപ്പെട്ടവളായിരുന്നു. ബൈബിൾ സത്യമാണ്‌ എന്ന്‌ അംഗീകരിക്കുന്നത്‌ രാത്രികഴിഞ്ഞാൽ പകൽ വരുന്നു എന്ന്‌ അംഗീകരിക്കുന്നതു പോലെയായിരുന്നു. എന്നാൽ അവൾ എന്തുകൊണ്ട്‌ ബൈബിൾ സത്യമാണെന്ന്‌ വിശ്വസിക്കുന്നു എന്ന്‌ അവൾക്കറിയില്ല എന്ന്‌ ഒരു ദിവസം പെട്ടെന്ന്‌ അവൾക്കുതോന്നി. “എന്റെ മാതാവും പിതാവും അതു വിശ്വസിക്കുന്നതുകൊണ്ട്‌ ഞാനും ഇതുവരെ അതു വിശ്വസിച്ചു എന്ന്‌ ഞാൻ ഊഹിക്കുന്നു,” അവൾ പറഞ്ഞു.

“വിശ്വാസം കൂടാതെ [ദൈവത്തെ] നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്‌,” എന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 11:6) എന്നിരുന്നാലും വിശ്വാസം എന്നത്‌ നിങ്ങളുടെ മാതാവിനോ പിതാവിനോ ഉണ്ടായിരിക്കുന്നതുകൊണ്ട്‌ നിങ്ങൾക്കും ഉണ്ടായിരിക്കുന്ന ഒന്നല്ല. നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കണമെങ്കിൽ നിങ്ങൾ ഈടുററ തെളിവിനെ അടിസ്ഥാനമാക്കി ഒരു വിശ്വാസം കെട്ടുപണി ചെയ്യണം—“പ്രത്യാശിക്കുന്ന കാര്യങ്ങളുടെ ഒരു ഉറപ്പു ലഭിച്ച പ്രതീക്ഷ.” (എബ്രായർ 11:1) ബൈബിൾ പറയും പ്രകാരം നിങ്ങൾ “സകലതും നിശ്ചയപ്പെടു”ത്തണം. അല്ലെങ്കിൽ ദി ലിവിംഗ്‌ ബൈബിളിലെ പരാവർത്തനം പറയും പ്രകാരം: “ഉറപ്പാണ്‌ എന്നു പറയപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നു പരിശോധിച്ചറിയുക.”—1 തെസ്സലോനിക്യർ 5:21.

ബൈബിൾ സത്യമാണെന്ന്‌ നിങ്ങൾക്കുതന്നെ ബോദ്ധ്യം വരുത്തൽ

ബൈബിൾ യഥാർത്ഥത്തിൽ “ദൈവനിശ്വസ്‌ത”മാണോയെന്ന്‌ നിങ്ങൾ ആദ്യംതന്നെ പരിശോധിക്കേണ്ടയാവശ്യമുണ്ടായിരിക്കാം. (2 തിമൊഥെയോസ്‌ 3:16) നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാൻ കഴിയും? കൊളളാം സർവ്വശക്തനായ ദൈവത്തിനു മാത്രമേ തെററുപററാതെ ‘ആരംഭത്തിങ്കൽതന്നെ അവസാനവും പറയാൻ’ കഴിയുകയുളളു. (യെശയ്യാവ്‌ 43:9; 46:10) ബൈബിളിൽ അവൻ ആവർത്തിച്ച്‌ അങ്ങനെ ചെയ്യുന്നു. യെരുശലേമിന്റെ വീഴ്‌ചയെ സംബന്ധിച്ച്‌ ലൂക്കോസ്‌ 19:41-44-ലും ലൂക്കോസ്‌ 21:20, 21-ലും രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ വായിക്കുക. അല്ലെങ്കിൽ യെശയ്യാവ്‌ 44:27, 28-ലെയും യെശയ്യാവ്‌ 45:1-4-ലെയും, ബാബിലോന്റെ വീഴ്‌ച സംബന്ധിച്ച പ്രവചനങ്ങൾ. ഈ സംഭവങ്ങൾ എത്ര കൃത്യമായി ബൈബിൾ മുൻകൂട്ടി പറഞ്ഞു എന്ന്‌ ലൗകിക ചരിത്രം തെളിയിക്കുന്നു! “അതിലെ ചില പ്രവചനങ്ങൾ പരിശോധിച്ചശേഷം അതിന്‌ ഇത്രത്തോളം കാര്യങ്ങൾ മുൻകൂട്ടിപ്പറയാൻ കഴിഞ്ഞതെങ്ങനെയെന്ന്‌ ഞാൻ ആശ്ചര്യപ്പെട്ടു.” എന്ന്‌ 14 വയസ്സുളള ജാനി പറഞ്ഞു.

ബൈബിളിന്റെ ചരിത്രപരമായ കൃത്യതയും സത്യസന്ധതയും കാപട്യമില്ലായ്‌മയും വൈരുദ്ധ്യമില്ലായ്‌മയും അതിൽ വിശ്വാസമർപ്പിക്കാൻ കൂടുതലായ കാരണങ്ങളാണ്‌.* എന്നാൽ യഹോവയുടെ സാക്ഷികൾ ബൈബിൾ മനസ്സിലാക്കുന്നവിധം ശരിയാണെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ അറിയാം? പുരാതന ബെരോവയിലെ നിവാസികൾ ബൈബിൾ സംബന്ധിച്ചുളള അപ്പോസ്‌തലനായ പൗലോസിന്റെ വിശദീകരണം ചോദ്യം ചെയ്യാതെ സ്വീകരിച്ചില്ല. മറിച്ച്‌ ‘ഈ കാര്യങ്ങൾ അങ്ങനെതന്നെയോ എന്ന്‌ അവർ ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു.’—പ്രവൃത്തികൾ 17:11

അതുപോലെ ബൈബിൾ ഉപദേശങ്ങളുടെ ആഴത്തിലുളള ഒരു പഠനം നടത്താൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾക്ക്‌ ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്നീ പുസ്‌തകങ്ങൾ (വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൊസൈററി ഓഫ്‌ ഇൻഡ്യ പ്രസിദ്ധീകരിച്ചവ.) വളരെ വ്യക്തമായ രീതിയിൽ ഈ ഉപദേശങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ യഹോവയുടെ സാക്ഷികളാണെങ്കിൽ നിങ്ങൾക്ക്‌ ഉണ്ടായിരുന്നേക്കാവുന്ന ഏതു ചോദ്യം സംബന്ധിച്ചും നിങ്ങളെ സഹായിക്കാൻ നിസ്സംശയമായും അവർക്കു കഴിയും. “ഈ സംഗതിയിൽ നിങ്ങൾക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ നിങ്ങളുടെ മാതാപിതാക്കളോട്‌ തുറന്നു പറയുക.” ജാനൽ എന്ന്‌ പേരായ യുവതി നിർദ്ദേശിക്കുന്നു. “നിങ്ങൾക്ക്‌ വിശ്വസിക്കാൻ പ്രയാസമുളള എന്തെങ്കിലും നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക.” (സദൃശവാക്യങ്ങൾ 15:22) ബൈബിൾ സത്യങ്ങളുടെ അത്ഭുതകരമായ ഗ്രാഹ്യത്താൽ യഹോവ തന്റെ സാക്ഷികളെ വാസ്‌തവമായും അനുഗ്രഹിച്ചിരിക്കുന്നു എന്ന്‌ കാലക്രമത്തിൽ നിങ്ങൾ വിലമതിക്കാനിടയാകും എന്നതിന്‌ സംശയമില്ല!

പ്രെൻറിസ്‌ എന്നു പേരായ ഒരു യുവാവ്‌ പറയുന്നു: “ചിലപ്പോൾ ലോകാവസ്ഥകൾ നിമിത്തം എനിക്ക്‌ വിഷാദം തോന്നും. വെളിപ്പാട്‌ 21:4 പോലുളള തിരുവെഴുത്തുകൾ ഞാൻ എടുത്തു നോക്കുന്നു, അത്‌ എനിക്ക്‌ പ്രത്യാശിക്കാൻ വക നൽകുന്നു.” അതെ, ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുളള അടിയുറച്ച വിശ്വാസം നിങ്ങളുടെ വീക്ഷണത്തെ തീർച്ചയായും ബാധിക്കും. ഭാവിയെ നിങ്ങൾ വിഷാദത്തോടെയല്ല സന്തുഷ്‌ടമായ പ്രതീക്ഷയോടെ വീക്ഷിക്കും. ഇപ്പോഴത്തെ നിങ്ങളുടെ ജീവിതം ലക്ഷ്യബോധമില്ലാത്ത ഒരു പോരാട്ടമല്ല, മറിച്ച്‌ ‘യഥാർത്ഥ ജീവനെ പിടിച്ചു കൊളളുന്നതിന്‌ ഭാവിക്കുവേണ്ടി ഒരു നല്ല അടിസ്ഥാനം നിങ്ങൾക്കായിത്തന്നെ നിക്ഷേപിച്ചുകൊളളുന്നതിനുളള’ ഒരു മാർഗ്ഗമായിത്തീരുന്നു.—1 തിമൊഥെയൊസ്‌ 6:19.

എന്നാൽ “യഥാർത്ഥ ജീവൻ” നേടുന്നതിൽ വെറുതെ ബൈബിൾ ഉപദേശങ്ങൾ പഠിക്കുന്നതിലും അതു വിശ്വസിക്കുന്നതിലും അധികമായി എന്തെങ്കിലുമുണ്ടോ?

[അടിക്കുറിപ്പുകൾ]

ബൈബിളിന്റെ ആധികാരികത സംബന്ധിച്ച്‌ കൂടുതൽ വിശദമായ വിവരങ്ങൾക്ക്‌ (വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌ററ്‌ സൈസൈററി പ്രസിദ്ധീകരിച്ചിരിക്കുന്ന) തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ എന്ന പുസ്‌തകത്തിന്റെ 58-68 വരെയുളള പേജുകൾ കാണുക.

ചർച്ചക്കുളള ചോദ്യങ്ങൾ

◻ തങ്ങളുടെ ഭാവിയെ സംബന്ധിച്ച്‌ അനേകം യുവജനങ്ങൾക്കും എന്തു ഭയമുണ്ട്‌?

◻ ഭൂമിയെ സംബന്ധിച്ച്‌ ദൈവത്തിന്റെ ആദിമോദ്ദേശ്യം എന്തായിരുന്നു? ദൈവത്തിന്റെ ഉദ്ദേശ്യത്തിന്‌ മാററംവന്നിട്ടില്ല എന്നതിൽ നമുക്ക്‌ ആത്മവിശ്വാസമുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്‌?

◻ ഭൂമിയെ സംബന്ധിച്ചുളള ദൈവോദ്ദേശ്യം നിവർത്തിക്കുന്നതിൽ രാജ്യം എന്തു പങ്കുവഹിക്കുന്നു?

◻ ബൈബിൾ ഉപദേശങ്ങളുടെ സത്യത നിങ്ങൾ പരിശോധിക്കേണ്ടത്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, നിങ്ങൾക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

◻ ബൈബിൾ ദൈവനിശ്വസ്‌തമാണെന്ന്‌ നിങ്ങൾക്ക്‌ നിങ്ങളെത്തന്നെ എങ്ങനെ ബോദ്ധ്യപ്പെടുത്താം?

[306-ാം പേജിലെ ആകർഷകവാക്യം]

“എനിക്ക്‌ ഏറെയും അശുഭാപ്‌തി വിശ്വാസമാണുളളത്‌. നാം യഥാർത്ഥത്തിൽ നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പോകുന്നില്ല.”—മന:ശാസ്‌ത്രജ്ഞൻ ബി. എഫ്‌. സ്‌കിന്നർ

[307-ാം പേജിലെ ചിത്രം]

മനുഷ്യൻ നമ്മുടെ ഗ്രഹത്തെ നശിപ്പിക്കാൻ ഭൂമിയുടെ സ്രഷ്‌ടാവ്‌ അനുവദിക്കുകയില്ല

[309-ാം പേജിലെ ചിത്രം]

ബൈബിളിന്റെ സത്യത സംബന്ധിച്ച്‌ നിങ്ങൾ നിങ്ങളെത്തന്നെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടോ?