വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ മാതാപിതാക്കൾ എന്തുകൊണ്ട്‌ എന്നെ മനസ്സിലാക്കുന്നില്ല?

എന്റെ മാതാപിതാക്കൾ എന്തുകൊണ്ട്‌ എന്നെ മനസ്സിലാക്കുന്നില്ല?

അധ്യായം 2

എന്റെ മാതാ​പി​താ​ക്കൾ എന്തു​കൊണ്ട്‌ എന്നെ മനസ്സി​ലാ​ക്കു​ന്നില്ല?

മനസ്സി​ലാ​ക്ക​പ്പെ​ടാൻ ആഗ്രഹി​ക്കുക എന്നത്‌ തികച്ചും മാനു​ഷി​ക​മാണ്‌. നിങ്ങൾ ഇഷ്ടപ്പെ​ടു​ന്ന​തും പ്രധാ​ന​മെന്ന്‌ കരുതു​ന്ന​തു​മായ കാര്യ​ങ്ങളെ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ വിമർശി​ക്കു​ക​യോ അതിൽ ഒട്ടും താല്‌പ​ര്യം കാട്ടാ​തി​രി​ക്കു​ക​യോ ചെയ്‌താൽ അതു നിങ്ങളെ വല്ലാതെ നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം.

താൻ തെര​ഞ്ഞെ​ടു​ക്കു​ന്ന​തരം സംഗീതം തന്റെ പിതാ​വിന്‌ മനസ്സി​ലാ​കു​ന്നില്ല എന്ന്‌ 16 വയസ്സു​കാ​ര​നായ റോബർട്ടിന്‌ തോന്നു​ന്നു. “എന്റെ നേരെ ശബ്ദം ഉയർത്തു​ക​യും ‘അതു ഓഫ്‌ ചെയ്യ്‌!’ എന്ന്‌ ആക്രോ​ശി​ക്കു​ക​യും മാത്ര​മാണ്‌, അദ്ദേഹം ചെയ്യു​ന്നത്‌” എന്ന്‌ റോബർട്ട്‌ പറഞ്ഞു. “അതു​കൊണ്ട്‌ ഞാൻ അതും അദ്ദേഹ​ത്തെ​യും ഓഫ്‌ ചെയ്യുന്നു.” അനേകം യുവജ​നങ്ങൾ ഇതു​പോ​ലെ മാതാ​പി​താ​ക്കൾ തങ്ങളെ മനസ്സി​ലാ​ക്കു​ന്നില്ല എന്ന്‌ കാണു​മ്പോൾ വൈകാ​രി​ക​മാ​യി, തങ്ങളു​ടേ​തായ ഒരു സ്വകാര്യ ലോക​ത്തി​ലേക്ക്‌ വലിയു​ന്നു. യുവജ​ന​ങ്ങൾക്കി​ട​യിൽ നടത്തിയ വ്യാപ​ക​മായ ഒരു പഠനത്തിൽ ഉൾപ്പെ​ട്ടി​രുന്ന യുവജ​ന​ങ്ങ​ളിൽ 26 ശതമാനം ഇപ്രകാ​രം സമ്മതിച്ചു പറഞ്ഞു: “മിക്കവാ​റും സമയം ഞാൻ വീട്ടിൽ നിന്ന്‌ അകന്നു നിൽക്കാൻ ശ്രമി​ക്കും.”

അനേകം ഭവനങ്ങ​ളിൽ മാതാ​പി​താ​ക്കൾക്കും യുവജ​ന​ങ്ങൾക്കു​മി​ട​യിൽ ഒരു വലിയ അകൽച്ച അല്ലെങ്കിൽ വിടവ്‌ ഉണ്ട്‌. അതിന്റെ കാരണ​മെ​ന്താണ്‌?

“നരച്ച തല”യ്‌ക്ക്‌ എതിരെ “ബലം”

“യുവാ​ക്ക​ളു​ടെ [അല്ലെങ്കിൽ യുവതി​ക​ളു​ടെ] സൗന്ദര്യം അവരുടെ ബലമാണ്‌” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 20:29 പ്രസ്‌താ​വി​ക്കു​ന്നു. ഈ ശക്തിക്ക്‌ അല്ലെങ്കിൽ “ബല”ത്തിന്‌ നിങ്ങളും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും തമ്മിലു​ളള എല്ലാത്തരം സംഘട്ട​ന​ത്തി​നും അടിത്തറ പാകാൻ കഴിയും. “വൃദ്ധൻമാ​രു​ടെ നരച്ചതല അവരുടെ ഭൂഷണം,” എന്ന്‌ ആ സദൃശ​വാ​ക്യം തുടർന്ന്‌ പറയുന്നു. നിങ്ങളു​ടെ മാതാ​പി​താ​ക്കൾ അക്ഷരാർത്ഥ​ത്തിൽ ‘നരച്ച’വരല്ലാ​യി​രി​ക്കാം, എന്നാൽ അവർക്ക്‌ പ്രായ​ക്കൂ​ടു​ത​ലുണ്ട്‌. ജീവി​തത്തെ ഒരു വ്യത്യസ്‌ത വിധത്തിൽ വീക്ഷി​ക്കാൻ അവർ ചായ്‌വ്‌ കാണി​ക്കു​ക​യും ചെയ്യുന്നു. ജീവി​ത​ത്തി​ലെ എല്ലാ സാഹച​ര്യ​ങ്ങ​ളും സന്തോ​ഷ​പ​ര്യ​വ​സാ​യി​യല്ല എന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. യുവജ​ന​ങ്ങ​ളാ​യി​രു​ന്ന​പ്പോൾ അവർക്കു​ണ്ടാ​യി​രുന്ന ആദർശ​വാ​ദം കയ്‌പ്പേ​റിയ വ്യക്തി​പ​ര​മായ അനുഭ​വ​ങ്ങ​ളാൽ പതം വരുത്ത​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രി​ക്കാം. “നരച്ച തല” എന്നപോ​ലെ ഉളള ഈ അനുഭ​വ​ജ്ഞാ​നം നിമിത്തം ചില കാര്യ​ങ്ങ​ളിൽ നിങ്ങൾക്കു​ളള അത്രയും ഉത്സാഹം അവർക്ക്‌ തോന്നു​ക​യി​ല്ലാ​യി​രി​ക്കാം.

യുവാ​വാ​യ ജിം പറയുന്നു: “എന്റെ മാതാ​പി​താ​ക്കൾ (സാമ്പത്തിക മാന്ദ്യ കാലത്തെ കുട്ടികൾ) കരുതു​ന്നത്‌ പ്രധാ​ന​പ്പെട്ട എന്തെങ്കി​ലും വാങ്ങു​ന്ന​തി​നോ അങ്ങനെ​യു​ളള കാര്യ​ങ്ങൾക്കാ​യി ചെലവി​ടു​ന്ന​തി​നോ പണം സൂക്ഷിച്ചു വയ്‌ക്കണം എന്നാണ്‌. എന്നാൽ ഞാൻ ഇപ്പോ​ഴ​ത്തേക്കു വേണ്ടി​യും കൂടി​യാണ്‌ ജീവി​ക്കു​ന്നത്‌. . . . ധാരാളം യാത്ര​ചെ​യ്യാൻ ഞാൻ ആഗ്രഹി​ക്കു​ന്നു.” അതെ, ഒരുവന്റെ യൗവന “ബല”ത്തിനും ഒരുവന്റെ മാതാ​പി​താ​ക്ക​ളു​ടെ “നരച്ച തല”യ്‌ക്കും മദ്ധ്യേ ഒരു വലിയ വിടവ്‌ ഉണ്ടായി​രു​ന്നേ​ക്കാം. അനേകം കുടും​ബ​ങ്ങ​ളിൽ വസ്‌ത്ര​ധാ​രണം, ചമയം, വിപരീത ലിംഗ​വർഗ്ഗ​ത്തിൽപ്പെ​ട്ട​വ​രോ​ടു​ളള പെരു​മാ​ററം, മയക്കു​മ​രു​ന്നി​ന്റെ​യും മദ്യത്തി​ന്റെ​യും ഉപയോ​ഗം, വീട്ടിൽ തിരി​ച്ചെ​ത്തേണ്ട സമയം, സഹവാസം, വീട്ടു ജോലി​കൾ തുടങ്ങിയ പ്രശ്‌ന​ങ്ങ​ളിൽ രൂക്ഷമായ ഭിന്നത​യുണ്ട്‌. ഈ തലമു​റ​വി​ടവ്‌ നികത്താ​നാ​വും. എന്നാൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളെ മനസ്സി​ലാ​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്ന​തിന്‌ മുമ്പ്‌ നിങ്ങൾ അവരെ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കണം.

മാതാ​പി​താ​ക്ക​ളും മനുഷ്യ​രാണ്‌

“ഞാൻ കുറച്ചു​കൂ​ടി ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ അമ്മ ‘പൂർണ്ണ​യാ​ണെ​ന്നും’ എനിക്കു​ള​ള​തു​പോ​ലു​ളള ബലഹീ​ന​ത​ക​ളോ വികാ​ര​ങ്ങ​ളോ ഇല്ല എന്നും സ്വാഭാ​വി​ക​മാ​യി എനിക്കു​തോ​ന്നി,” എന്ന്‌ ജോൺ പറയുന്നു. പിന്നീട്‌ അവന്റെ മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടി, അമ്മ തനിച്ച്‌ ഏഴു കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രേ​ണ്ട​താ​യും വന്നു. ജോണി​ന്റെ സഹോ​ദരി ഏപ്രിൽ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “എല്ലാം വേണ്ടതു​പോ​ലെ ചെയ്യാൻ കഴിയാ​ഞ്ഞ​തി​ലു​ളള നിരാശ നിമിത്തം അമ്മ കരയു​ന്ന​താ​യി കണ്ടതു ഞാൻ ഓർമ്മി​ക്കു​ന്നു. അപ്പോൾ ഞങ്ങൾക്ക്‌ ഒരു തെററായ വീക്ഷണ​മാ​ണു​ണ്ടാ​യി​രു​ന്നത്‌ എന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു. അവർക്ക്‌ എല്ലാക്കാ​ര്യ​വും എല്ലായ്‌പ്പോ​ഴും കൃത്യ​സ​മ​യ​ത്തും ശരിയാ​യും ചെയ്യാൻ കഴിയില്ല. അവർക്കും വികാ​ര​ങ്ങ​ളും മാനുഷ ബലഹീ​ന​ത​ക​ളും ഉണ്ടായി​രു​ന്നെന്ന്‌ ഞങ്ങൾ കണ്ടു.”

നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങ​ളെ​പ്പോ​ലെ വികാ​ര​ങ്ങ​ളു​ളള വെറും മനുഷ്യ​രാ​ണെന്ന്‌ തിരി​ച്ച​റി​യു​ന്നത്‌ അവരെ മനസ്സി​ലാ​ക്കുന്ന ദിശയി​ലു​ളള ഒരു വലിയ ചുവടു​വ​യ്‌പാണ്‌. ഉദാഹ​ര​ണ​ത്തിന്‌ നിങ്ങളെ ഉചിത​മാ​യി വളർത്തി​ക്കൊ​ണ്ടു വരുന്ന​തി​ലു​ളള അവരുടെ പ്രാപ്‌തി സംബന്ധിച്ച്‌ അവർക്ക്‌ വേണ്ടത്ര ആത്മ​ധൈ​ര്യം ഇല്ലാതി​രു​ന്നേ​ക്കാം. അല്ലെങ്കിൽ നിങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന അപകട​ങ്ങ​ളും പരീക്ഷ​ണ​ങ്ങ​ളു​മെ​ല്ലാം നിമിത്തം അവർ ചില​പ്പോൾ കാര്യ​ങ്ങ​ളോട്‌ അതിരു​ക​ടന്ന്‌ പ്രതി​ക​രി​ച്ചേ​ക്കാം. അവർ ഒരുപക്ഷേ ശാരീ​രി​ക​വും സാമ്പത്തി​ക​വും വൈകാ​രി​ക​വു​മായ പ്രശ്‌ന​ങ്ങളെ നേരി​ടു​ന്നു​ണ്ടാ​യി​രി​ക്കാം. ഒരു പിതാവ്‌ ഒരുപക്ഷേ താൻ ചെയ്യുന്ന ജോലി വെറു​ക്കു​ന്നു​വെ​ങ്കി​ലും അതേപ്പ​ററി ഒരിക്ക​ലും പരാതി​പ്പെ​ടു​ന്നി​ല്ലാ​യി​രി​ക്കാം. അതു​കൊണ്ട്‌ അയാളു​ടെ കുട്ടി “എനിക്ക്‌ സ്‌കൂ​ളിൽ പോകാൻ വയ്യ” എന്നു പറയു​മ്പോൾ സഹതാ​പ​പൂർവ്വം പ്രതി​ക​രി​ക്കു​ന്ന​തി​നു പകരം “നിന​ക്കെന്താ കുഴപ്പം? നിങ്ങൾ കുട്ടി​കൾക്ക്‌ എന്തു സുഖമാ!” എന്ന്‌ കയർത്ത്‌ പറയു​ന്നത്‌ അതിശ​യമല്ല.

“വ്യക്തി​പ​ര​മായ താല്‌പര്യ”മെടു​ക്കു​ക

അപ്പോൾ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ എന്തു വിചാ​രി​ക്കു​ന്നു​വെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ കണ്ടുപി​ടി​ക്കാൻ കഴിയും? “സ്വന്തം കാര്യ​ങ്ങ​ളിൽ മാത്രം വ്യക്തി​പ​ര​മായ താല്‌പ​ര്യ​ത്തോ​ടെയല്ല, പിന്നെ​യോ മററു​ള​ള​വ​രു​ടേ​തി​ലും വ്യക്തി​പ​ര​മായ താല്‌പ​ര്യ​ത്തോ​ടെ ദൃഷ്ടി വയ്‌ക്കു​ന്ന​തി​നാൽ.” (ഫിലി​പ്യർ 2:4) നിങ്ങളു​ടെ അമ്മ കൗമാ​ര​പ്രാ​യ​ത്തിൽ എങ്ങനെ​യാ​യി​രു​ന്നു എന്ന്‌ അവരോട്‌ ഒന്നു ചോദി​ച്ചു നോക്കൂ. അവരുടെ വികാ​ര​ങ്ങ​ളും ലക്ഷ്യങ്ങ​ളും എന്തായി​രു​ന്നു? “നിങ്ങൾക്ക്‌ താല്‌പ​ര്യ​മു​ണ്ടെ​ന്നും അവരുടെ ചില വികാ​ര​ങ്ങ​ളു​ടെ കാരണം സംബന്ധിച്ച്‌ നിങ്ങൾക്ക്‌ അറിവു​ണ്ടെ​ന്നും അവർക്കു തോന്നു​മ്പോൾ നിങ്ങളു​ടെ വികാ​രങ്ങൾ സംബന്ധിച്ച്‌ കൂടുതൽ ഗ്രാഹ്യ​മു​ള​ള​വ​ളാ​യി​രി​ക്കാൻ അവർ ശ്രമി​ക്കാ​നാണ്‌ സാദ്ധ്യത” എന്ന്‌ ററീൻ മാസിക പറയുന്നു. നിസ്സം​ശ​യ​മാ​യും നിങ്ങളു​ടെ പിതാ​വി​നെ സംബന്ധി​ച്ചും ഇത്‌ സത്യമാ​യി​രി​ക്കും.

ഒരു അഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​കു​മ്പോൾ വീട്ടി​ലു​ള​ള​വർക്ക്‌ കാര്യം മനസ്സി​ലാ​കില്ല എന്നു പറഞ്ഞ്‌ അവരെ കുററ​പ്പെ​ടു​ത്താൻ തിടുക്കം കൂട്ടരുത്‌. നിങ്ങ​ളോ​ടു​തന്നെ ചോദി​ക്കുക: ‘എന്റെ പിതാ​വിന്‌ അല്ലെങ്കിൽ മാതാ​വിന്‌ എന്തെങ്കി​ലും അസുഖ​മോ ഉൽക്കണ്‌ഠ​യോ ഉണ്ടായി​രു​ന്നി​ല്ലേ? അദ്ദേഹം അല്ലെങ്കിൽ അവർ എന്റെ ഭാഗത്തെ ഏതെങ്കി​ലും ചിന്താ​ശൂ​ന്യ​മായ വാക്കി​നാ​ലോ പ്രവൃ​ത്തി​യാ​ലോ വ്രണി​ത​രാ​യി​രു​ന്നി​ല്ലേ? ഞാൻ പറഞ്ഞതു ഒരുപക്ഷേ അവർക്ക്‌ മനസ്സി​ലാ​കാ​ഞ്ഞ​താ​യി​രി​ക്കി​ല്ലേ?’ (സദൃശ​വാ​ക്യ​ങ്ങൾ 12:18) അത്തരം സഹാനു​ഭൂ​തി കാട്ടു​ന്നത്‌ തലമുറ വിടവ്‌ നികത്താ​നു​ളള ഒരു നല്ല തുടക്ക​മാണ്‌. ഇനിയും നിങ്ങൾക്ക്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളെ മനസ്സി​ലാ​ക്കുന്ന സംഗതി​യിൽ പുരോ​ഗതി നേടാൻ കഴിയും! എന്നാൽ അനേകം യുവജ​നങ്ങൾ അതു വളരെ പ്രയാ​സ​ക​ര​മാ​ക്കു​ന്നു. എങ്ങനെ?

ഒരു കപട ജീവിതം നയിച്ചു​കൊണ്ട്‌

പതി​നേഴു വയസ്സു​കാ​രി വിക്കി അവളുടെ മാതാ​പി​താ​ക്ക​ളു​ടെ ഇഷ്ടത്തിന്‌ വിപരീ​ത​മാ​യി രഹസ്യ​ത്തിൽ ഒരു ആൺകു​ട്ടി​യു​മാ​യി ഡെയി​റ​റിംഗ്‌ നടത്തി​ക്കൊണ്ട്‌ അതാണ്‌ ചെയ്‌തത്‌. അവളുടെ ബോയ്‌ ഫ്രണ്ടി​നോ​ടു​ളള അവളുടെ വികാ​രങ്ങൾ തന്റെ മാതാ​പി​താ​ക്കൾക്ക്‌ മനസ്സി​ലാ​വു​ക​യില്ല എന്ന്‌ അവൾക്ക്‌ ഉറപ്പാ​യി​രു​ന്നു. സ്വാഭാ​വി​ക​മാ​യി അവളും അവരും തമ്മിലു​ളള അകൽച്ച വർദ്ധിച്ചു. “ഞങ്ങൾ അന്യോ​ന്യം കഷ്ടപ്പെ​ടു​ത്തി​യി​രു​ന്നു,” വിക്കി പറയുന്നു. “വീട്ടി​ലേക്ക്‌ വരുന്ന​തു​തന്നെ എനിക്ക്‌ വെറു​പ്പാ​യി​ത്തീർന്നു.” അവൾ വിവാ​ഹി​ത​യാ​കാൻ തീരു​മാ​നി​ച്ചു—വീട്ടിൽ നിന്ന്‌ രക്ഷപെ​ടു​ന്ന​തിന്‌ എന്തും ചെയ്യാൻ അവൾ തയ്യാറാ​യി​രു​ന്നു!

അനേകം യുവജ​നങ്ങൾ സമാന​മാ​യി തങ്ങളുടെ മാതാ​പി​താ​ക്ക​ള​റി​യാ​തെ അവർ വിലക്കി​യി​രി​ക്കുന്ന കാര്യങ്ങൾ ചെയ്‌തു​കൊണ്ട്‌ കപടജീ​വി​തം നയിക്കു​ക​യും എന്നിട്ട്‌ തങ്ങളുടെ മാതാ​പി​താ​ക്കൾ ‘അവരെ മനസ്സി​ലാ​ക്കു​ന്നില്ല!’ എന്ന്‌ വിലപി​ക്കു​ക​യും ചെയ്യുന്നു. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, വിക്കിയെ പ്രായ​മു​ളള ഒരു ക്രിസ്‌തീയ വനിത സഹായി​ച്ചു. അവർ അവളോട്‌ പറഞ്ഞു: “വിക്കി, നിന്റെ മാതാ​പി​താ​ക്ക​ളെ​പ്പ​ററി ചിന്തി​ക്കുക . . . അവർ നിന്നെ വളർത്തി. അവരു​മാ​യു​ളള ഈ ബന്ധം നിനക്ക്‌ ശരിയാ​യി കൈകാ​ര്യം ചെയ്യാൻ കഴിയു​ന്നി​ല്ലെ​ങ്കിൽ ഇങ്ങനെ 17 വർഷം നിന്നെ സ്‌നേ​ഹി​ച്ചി​ട്ടി​ല്ലാത്ത നിന്റെ സമപ്രാ​യ​ക്കാ​ര​നായ ഒരാളു​മാ​യു​ളള ബന്ധം നിനക്ക്‌ എങ്ങനെ കൈകാ​ര്യം ചെയ്യാൻ കഴിയും?”

വിക്കി സത്യസ​ന്ധ​മായ ഒരു വിധത്തിൽ അവളെ​ത്തന്നെ കണ്ടു. തന്റെ മാതാ​പി​താ​ക്ക​ളു​ടെ ഭാഗം ശരിയാ​യി​രു​ന്നെ​ന്നും തന്റെ ഹൃദയം തന്നെ വഴി​തെ​റ​റി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അവൾ പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. അവൾ ആ ബോയ്‌ഫ്ര​ണ്ടു​മാ​യു​ളള സഹവാസം അവസാ​നി​പ്പി​ക്കു​ക​യും അവളും മാതാ​പി​താ​ക്ക​ളു​മാ​യു​ളള വിടവ്‌ നികത്തി​ത്തു​ട​ങ്ങു​ക​യും ചെയ്‌തു. ഇതു​പോ​ലെ നിങ്ങളു​ടെ ജീവി​ത​ത്തി​ലെ ഒരു പ്രമു​ഖ​ഭാ​ഗം നിങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളിൽ നിന്ന്‌ മറച്ചു വച്ചിട്ടു​ണ്ടെ​ങ്കിൽ ഇപ്പോൾ അവരു​മാ​യി സത്യസ​ന്ധ​രാ​യി​രി​ക്കാ​നു​ളള സമയമല്ലേ?—“എനിക്ക്‌ എന്റെ മാതാ​പി​താ​ക്ക​ളോട്‌ എങ്ങനെ പറയാൻ കഴിയും?” എന്ന അനുബന്ധം കാണുക.

സംസാ​രി​ക്കാൻ സമയ​മെ​ടു​ക്കു​ക

ജോണും അവന്റെ പിതാ​വും കൂടി നടത്തിയ ഒരു വിനോ​ദ​യാ​ത്ര​യെ​പ്പ​ററി ജോൺ പറഞ്ഞു: ‘ഞാൻ എന്റെ പിതാ​വി​നോ​ടൊ​പ്പം ചെലവ​ഴിച്ച ഏററം നല്ല സമയമ​താ​യി​രു​ന്നു!’ “ഞാൻ അതിന്‌ മുമ്പൊ​രി​ക്ക​ലും എന്റെ പിതാ​വി​നോ​ടൊ​പ്പം അങ്ങനെ ആറുമ​ണി​ക്കൂർ സമയം ചെലവ​ഴി​ച്ചി​രു​ന്നില്ല. ആറുമ​ണി​ക്കൂർ അങ്ങോ​ട്ടും ആറുമ​ണി​ക്കൂർ ഇങ്ങോ​ട്ടും. കാറിലെ റേഡി​യോ പ്രവർത്തി​പ്പി​ച്ചില്ല. ഞങ്ങൾ യഥാർത്ഥ​ത്തിൽ തുറന്നു സംസാ​രി​ച്ചു. ഞങ്ങൾ പരസ്‌പരം മനസ്സി​ലാ​ക്കി​യ​തു​പോ​ലെ തോന്നി. അദ്ദേഹം ഞാൻ വിചാ​രി​ച്ച​തു​പോ​ലെ​യൊ​ന്നു​മല്ല. അതു ഞങ്ങളെ സുഹൃ​ത്തു​ക്ക​ളാ​ക്കി.” ഇതു​പോ​ലെ നിങ്ങളു​ടെ പിതാ​വി​നോ​ടൊ മാതാ​വി​നോ​ടൊ ക്രമമാ​യി ഒരു നല്ല സംഭാ​ഷണം നടത്താൻ എന്തു​കൊണ്ട്‌ ശ്രമി​ച്ചു​കൂ​ടാ?

മററു മുതിർന്ന​വ​രു​മാ​യി സുഹൃ​ത്തു​ക്ക​ളാ​കു​ന്ന​തും സഹായി​ക്കു​ന്നു. വിക്കി ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “എനിക്ക്‌ മുതിർന്ന​വ​രു​മാ​യി യാതൊ​രു അടുപ്പ​വു​മി​ല്ലാ​യി​രു​ന്നു. എന്നാൽ എന്റെ മാതാ​പി​താ​ക്കൾ മററു മുതിർന്ന​വ​രു​മാ​യി സഹവസി​ക്കു​മ്പോൾ അവരോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്നത്‌ ഞാനൊ​രു ശീലമാ​ക്കി. കാല​ക്ര​മ​ത്തിൽ എന്റെ മാതാ​പി​താ​ക്ക​ളു​ടെ പ്രായ​ത്തി​ലു​ള​ള​വ​രു​മാ​യി ഞാൻ സൗഹൃദം വളർത്തി​യെ​ടു​ത്തു; അതു ജീവി​ത​ത്തെ​പ്പ​ററി എനിക്കു കുറച്ചു​കൂ​ടെ വ്യക്തമായ ഒരു വീക്ഷണം നൽകി. എന്റെ മാതാ​പി​താ​ക്ക​ളു​മാ​യി സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ടു​ന്നത്‌ കൂടുതൽ എളുപ്പ​മാ​യി​ത്തീർന്നു. വീട്ടിലെ അന്തരീക്ഷം നാടകീ​യ​മാം വിധം മെച്ച​പ്പെട്ടു.”

വർഷങ്ങ​ളി​ലൂ​ടെ ജ്ഞാനം സമ്പാദി​ച്ചി​ട്ടു​ള​ള​വ​രു​മാ​യി സഹവസി​ക്കു​ന്നത്‌ വളരെ ഇടുങ്ങിയ, പരിമി​ത​മായ ഒരു വീക്ഷണം സ്വീക​രി​ക്കു​ന്ന​തിൽ നിന്ന്‌ നിങ്ങളെ തടയു​ക​യും ചെയ്യും. സമപ്രാ​യ​ക്കാ​രായ യൗവന​ക്കാ​രു​മാ​യി മാത്രം സഹവസി​ച്ചാൽ മറിച്ചാ​യി​രി​ക്കും സംഭവി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 13:20.

നിങ്ങളു​ടെ വികാ​രങ്ങൾ അറിയി​ക്കു​ക

“ഞാൻ എന്റെ ഹൃദയ​ത്തിൽനി​ന്നു തന്നെ സംസാ​രി​ക്കും; എന്റെ അധരങ്ങ​ളു​ടെ അറിവ്‌ ഞാൻ ആത്മാർത്ഥ​ത​യോ​ടെ സംസാ​രി​ക്കും” എന്ന്‌ ചെറു​പ്രാ​യ​ക്കാ​ര​നായ എലീഹൂ പറഞ്ഞു. (ഇയ്യോബ്‌ 33:3, വില്ല്യം ബെക്കി​നാ​ലു​ളള ഇന്നത്തെ ഭാഷയി​ലു​ളള വിശുദ്ധ ബൈബിൾ) വസ്‌ത്ര​ധാ​രണം, വീട്ടി​ലെ​ത്തേണ്ട സമയം, സംഗീതം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച്‌ തർക്കമു​ള​ള​പ്പോൾ നിങ്ങൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ സംസാ​രി​ക്കു​ന്നത്‌ അങ്ങനെ​യാ​ണോ?

തന്റെ മമ്മിക്ക്‌ യാതൊ​രു ന്യായ​ബോ​ധ​വു​മില്ല എന്ന്‌ യുവാ​വായ ഗ്രിഗ​റിക്ക്‌ തോന്നി. അവർ തമ്മിലു​ളള പിണക്കത്തെ അവൻ നേരി​ട്ടത്‌ കഴിവ​തും വീട്ടിൽനിന്ന്‌ അകന്നു നിന്നു​കൊ​ണ്ടാ​യി​രു​ന്നു. എന്നാൽ പിന്നീട്‌ അവൻ ചില ക്രിസ്‌തീയ മൂപ്പൻമാ​രു​ടെ ഉപദേശം അനുസ​രി​ച്ചു. അവൻ പറയുന്നു: “എന്റെ വികാ​ര​ങ്ങ​ളെ​ന്താ​ണെന്ന്‌ ഞാൻ മമ്മി​യോട്‌ പറഞ്ഞു​തു​ടങ്ങി. അമ്മയ്‌ക്ക്‌ അറിയാ​മാ​യി​രി​ക്കും എന്ന്‌ ഊഹി​ക്കാ​തെ എന്തു​കൊ​ണ്ടാണ്‌ ഞാൻ ചിലകാ​ര്യ​ങ്ങൾ ചെയ്യാ​നാ​ഗ്ര​ഹി​ച്ചത്‌ എന്ന്‌ ഞാൻ അമ്മയോട്‌ പറഞ്ഞു. ഞാൻ എന്തെങ്കി​ലും തെററു ചെയ്യാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നി​ല്ലെ​ന്നും മമ്മി ഒരു കൊച്ചു​കു​ട്ടി​യോട്‌ എന്നപോ​ലെ എന്നോട്‌ പെരു​മാ​റി​യ​പ്പോൾ അത്‌ എന്നെ എത്ര വേദനി​പ്പി​ച്ചു എന്നും വിശദീ​ക​രി​ച്ചു​കൊണ്ട്‌ ഞാൻ മിക്ക​പ്പോ​ഴും എന്റെ ഹൃദയം മമ്മിയു​ടെ മുമ്പാകെ പകർന്നു. അപ്പോൾ അമ്മയ്‌ക്കു മനസ്സി​ലാ​യി​ത്തു​ടങ്ങി. കാര്യങ്ങൾ വളരെ മെച്ച​പ്പെ​ടു​ക​യും ചെയ്‌തു.”

ഇതു​പോ​ലെ ‘ഹൃദയ​ത്തിൽ നിന്ന്‌’ സംസാ​രി​ക്കു​ന്നത്‌ അനേകം തെററി​ദ്ധാ​ര​ണകൾ മാററാൻ സഹായി​ക്കും എന്ന്‌ നിങ്ങളും കണ്ടെത്തി​യേ​ക്കാം.

തർക്കങ്ങൾ പരിഹ​രി​ക്കൽ

പെട്ടെ​ന്നു​തന്നെ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളു​ടെ രീതി​യിൽ കാര്യങ്ങൾ വീക്ഷി​ക്കാൻ ഇടയാ​കും എന്ന്‌ ഇതിനർത്ഥ​മില്ല. അതു​കൊണ്ട്‌ നിങ്ങളു​ടെ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാൻ നിങ്ങൾക്ക്‌ കഴിയണം. “മൂഢൻ തന്റെ മുഴു ആത്മാവി​നെ​യും [പ്രചോ​ദ​ന​ങ്ങളെ] വെളി​പ്പെ​ടു​ത്തു​ന്നു; ജ്ഞാനി​യോ അവസാ​ന​ത്തോ​ളം അതിനെ അടക്കി വയ്‌ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 29:11) നിങ്ങളു​ടെ വീക്ഷണ​ഗ​തി​യു​ടെ നേട്ടങ്ങളെ സംബന്ധിച്ച്‌ ശാന്തമാ​യി ചർച്ച​ചെ​യ്യുക. “എല്ലാവ​രും അങ്ങനെ​യാണ്‌ ചെയ്യു​ന്നത്‌!” എന്നുമാ​ത്രം പറയു​ന്ന​തി​നു​പ​കരം അതിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രശ്‌നങ്ങൾ വ്യക്തമാ​ക്കുക.

ചില​പ്പോൾ അതു വേണ്ട എന്ന്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങ​ളോട്‌ പറയും. അവർ നിങ്ങളെ മനസ്സി​ലാ​ക്കു​ന്നില്ല എന്ന്‌ അതിനർത്ഥ​മില്ല. ഒരു അനർത്ഥം ഒഴിവാ​ക്കാൻ മാത്ര​മാ​യി​രി​ക്കും അവർ ആഗ്രഹി​ക്കു​ന്നത്‌. “എന്റെ അമ്മ എന്നോട്‌ വളരെ കർശന​മാ​യി​ട്ടാണ്‌ ഇടപെ​ടു​ന്നത്‌,” എന്ന്‌ ഒരു 16 വയസ്സു​കാ​രി പെൺകു​ട്ടി സമ്മതി​ക്കു​ന്നു. “ഞാൻ ചില കാര്യങ്ങൾ ചെയ്യരു​തെ​ന്നോ ഒരു നിശ്ചിത സമയത്ത്‌ [ഞാൻ] വീട്ടി​ലെ​ത്ത​ണ​മെ​ന്നോ അമ്മ പറയു​മ്പോൾ അത്‌ എന്നെ അസ്വസ്ഥ​യാ​ക്കു​ന്നു. എന്നാൽ ഉളളിന്റെ ഉളളിൽ അമ്മ എനിക്കു​വേണ്ടി കരുതു​ന്നു. . . . എനിക്കു​വേണ്ടി ജാഗ്രത പാലി​ക്കു​ന്നു.”

പരസ്‌പര ധാരണ ഒരു കുടും​ബ​ത്തിന്‌ കൈവ​രു​ത്തുന്ന സുരക്ഷി​ത​ത്വ​വും ഊഷ്‌മ​ള​ത​യും വർണ്ണനാ​തീ​ത​മാണ്‌. പ്രയാ​സ​ഘ​ട്ട​ങ്ങ​ളിൽ അതു ഭവനത്തെ ഒരു സങ്കേത​സ്ഥ​ല​മാ​ക്കു​ന്നു. എന്നാൽ അതിന്‌ ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രു​ടെ​യും ഭാഗത്ത്‌ യഥാർത്ഥ ശ്രമം ആവശ്യ​മാണ്‌.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ യുവജ​ന​ങ്ങ​ളും മാതാ​പി​താ​ക്ക​ളും തമ്മിൽ മിക്ക​പ്പോ​ഴും ഭിന്നത ഉണ്ടാകു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

◻ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ സംബന്ധിച്ച കൂടുതൽ മെച്ചമായ ഗ്രാഹ്യം അവരോ​ടു​ളള നിങ്ങളു​ടെ വീക്ഷണത്തെ എങ്ങനെ ബാധി​ച്ചേ​ക്കാം?

◻ നിങ്ങൾക്ക്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ എങ്ങനെ കൂടുതൽ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ കഴിയും?

◻ ഒരു കപടജീ​വി​തം നയിക്കു​ന്നത്‌ നിങ്ങളും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും തമ്മിലു​ളള വിടവ്‌ കൂടുതൽ ആഴമു​ള​ള​താ​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാണ്‌?

◻ നിങ്ങൾക്ക്‌ ഗൗരവ​ത​ര​മായ പ്രശ്‌ന​ങ്ങ​ളു​ള​ള​പ്പോൾ മാതാ​പി​താ​ക്കളെ അറിയി​ക്കു​ന്നത്‌ ഏററം മെച്ചമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾക്ക്‌ അത്‌ അവരോട്‌ എങ്ങനെ പറയാൻ കഴിയും?

◻ നിങ്ങളെ കൂടുതൽ മെച്ചമാ​യി മനസ്സി​ലാ​ക്കാൻ നിങ്ങൾക്ക്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കളെ എങ്ങനെ സഹായി​ക്കാൻ കഴിയും?

[22-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“നിങ്ങൾക്കു അമ്മയുടെ വികാ​രങ്ങൾ മനസ്സി​ലാ​കു​ന്നു, നിങ്ങൾക്ക​തിൽ താല്‌പ​ര്യ​മുണ്ട്‌ എന്ന്‌ [നിങ്ങളു​ടെ അമ്മയ്‌ക്ക്‌] തോന്നു​ന്നു​വെ​ങ്കിൽ നിങ്ങളു​ടെ വികാ​രങ്ങൾ മനസ്സി​ലാ​ക്കാൻ അമ്മയും കൂടു​ത​ലാ​യി ശ്രമി​ക്കും.”—ററീൻ മാസിക

[20, 21 പേജു​ക​ളി​ലെ ചതുരം/ചിത്രം]

എനിക്ക്‌ എന്റെ മാതാ​പി​താ​ക്ക​ളോട്‌ എങ്ങനെ പറയാൻ കഴിയും?

ഒരു തെററ്‌ നിങ്ങളു​ടെ വീട്ടി​ലു​ള​ള​വ​രോട്‌ ഏററു​പ​റ​യുക എന്ന ജോലി ഒട്ടും തന്നെ സുഖക​രമല്ല. വിൻസി എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു: “എന്റെ മാതാ​പി​താ​ക്കൾ എന്നെ വളരെ​യ​ധി​കം വിശ്വ​സി​ച്ചി​രു​ന്നു എന്ന്‌ എനി​ക്കെ​പ്പോ​ഴും അറിയാ​മാ​യി​രു​ന്നു. അത്‌ അവരെ സമീപി​ക്കുക എനിക്ക്‌ പ്രയാ​സ​മാ​ക്കി​ത്തീർത്തു, കാരണം അവരെ വേദനി​പ്പി​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല.”

കാര്യങ്ങൾ മൂടി വയ്‌ക്കുന്ന ചെറു​പ്പ​ക്കാർ മിക്ക​പ്പോ​ഴും ഒരു മുറി​പ്പെട്ട മനസ്സാ​ക്ഷി​യു​ടെ വേദന അനുഭ​വി​ക്കു​ന്നു. (റോമർ 2:15) അവരുടെ തെററു​കൾ അവർക്ക്‌ താങ്ങാ​വു​ന്ന​തി​ല​ധി​കം “ഒരു വലിയ ഭാര”മായി​ത്തീർന്നേ​ക്കാം. (സങ്കീർത്തനം 38:4) മിക്ക​പ്പോ​ഴും നുണപ​റ​ഞ്ഞു​കൊണ്ട്‌ തങ്ങളുടെ മാതാ​പി​താ​ക്കളെ വഞ്ചിക്കു​ന്ന​തി​നും അതുവഴി കൂടു​ത​ലായ തെററ്‌ ചെയ്യു​ന്ന​തി​നും അവർ നിർബ​ന്ധി​ത​രാ​യി​ത്തീ​രു​ന്നു. അങ്ങനെ ദൈവ​വു​മാ​യു​ളള അവരുടെ ബന്ധം തകരാ​റി​ലാ​കു​ന്നു.

ബൈബിൾ പറയുന്നു: “തന്റെ ലംഘന​ങ്ങളെ മൂടി വയ്‌ക്കു​ന്നവൻ വിജയി​ക്കു​ക​യില്ല, അവയെ ഏററു​പ​റഞ്ഞ്‌ ഉപേക്ഷി​ക്കു​ന്ന​വ​നോ കരുണ ലഭിക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 28:13) 19 വയസ്സു​കാ​രി ബെററി പറഞ്ഞതു​പോ​ലെ: “ഏതായാ​ലും യഹോവ എല്ലാം കാണുന്നു.”

സംഗതി​യിൽ ഗൗരവ​ത​ര​മായ തെററ്‌ ഉൾപ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ തെററ്‌ ഏററു​പ​റ​ഞ്ഞു​കൊണ്ട്‌ പ്രാർത്ഥ​ന​യിൽ യഹോ​വ​യു​ടെ ക്ഷമ തേടുക. (സങ്കീർത്തനം 62:8) അടുത്ത​താ​യി നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ പറയുക. (സദൃശ​വാ​ക്യ​ങ്ങൾ 23:26) അവർക്ക്‌ അനുഭവ പരിച​യ​മു​ള​ള​തി​നാൽ തെററ്‌ ഉപേക്ഷി​ച്ചു​ക​ള​യു​ന്ന​തി​നും അത്‌ ആവർത്തി​ക്കു​ന്നത്‌ ഒഴിവാ​ക്കു​ന്ന​തി​നും മിക്ക​പ്പോ​ഴും അവർക്ക്‌ നിങ്ങളെ സഹായി​ക്കാൻ കഴിയും. “അതേപ്പ​ററി സംസാ​രി​ക്കു​ന്നത്‌ യഥാർത്ഥ​ത്തിൽ നിങ്ങളെ സഹായി​ക്കും,” എന്ന്‌ 18 വയസ്സുളള ക്രിസ്സ്‌ റിപ്പോർട്ടു ചെയ്യുന്നു. “അതു നിങ്ങളു​ടെ മനസ്സിൽ നിന്ന്‌ മാറി​ക്കി​ട്ടു​ന്നത്‌ അവസാനം ഒരു വലിയ ആശ്വാ​സ​മാണ്‌.” നിങ്ങൾ മാതാ​പി​താ​ക്ക​ളോട്‌ എങ്ങനെ പറയും എന്നതാണ്‌ പ്രശ്‌നം.

ബൈബിൾ “ഉചിത​മായ സമയത്ത്‌ പറയ​പ്പെ​ടുന്ന ഒരു വാക്കി”നെപ്പററി പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 25:11; സഭാ​പ്ര​സം​ഗി 3:1, 7 താരത​മ്യം ചെയ്യുക.) അത്‌ എപ്പോ​ഴാ​യി​രി​ക്കാം? ക്രിസ്‌ ഇപ്രകാ​രം തുടരു​ന്നു: “ഞാൻ അത്താഴ സമയം വരെ കാത്തി​രി​ക്കു​ന്നു, എന്നിട്ട്‌ എനിക്ക്‌ ഡാഡി​യോട്‌ സംസാ​രി​ക്കേണ്ട അത്യാ​വ​ശ്യ​മു​ണ്ടെന്ന്‌ ഞാൻ അദ്ദേഹ​ത്തോട്‌ പറയുന്നു.” അമ്മ തനിയെ വളർത്തി​ക്കൊ​ണ്ടു വന്ന ഒരു മകൻ മറെറാ​രു സമയമാണ്‌ പരീക്ഷി​ച്ചു നോക്കി​യത്‌: “ഞാൻ സാധാ​ര​ണ​യാ​യി കിടക്കാൻ പോകു​ന്ന​തിന്‌ മുൻപ്‌ അമ്മയോട്‌ സംസാ​രി​ക്കു​മാ​യി​രു​ന്നു; അപ്പോൾ അമ്മ കൂടുതൽ പ്രശാ​ന്ത​യാ​യി​രി​ക്കും. ജോലി കഴിഞ്ഞ്‌ വീട്ടി​ലെ​ത്തു​മ്പോ​ഴാ​ണെ​ങ്കിൽ അമ്മയ്‌ക്കു വല്ലാത്ത പിരി​മു​റു​ക്കം അനുഭ​വ​പ്പെ​ടു​ന്നു.”

ഒരുപക്ഷേ നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴി​ഞ്ഞേ​ക്കും: “മമ്മി, ഡാഡി, എന്നെ ശല്യ​പ്പെ​ടു​ത്തുന്ന ഒരു സംഗതി ഉണ്ട്‌.” അതു ശ്രദ്ധി​ക്കാൻ കഴിയാ​ത്ത​വണ്ണം നിങ്ങളു​ടെ മാതാ​പി​താ​ക്കൻമാർ വളരെ തിരക്കി​ലാ​ണെ​ന്നു​തോ​ന്നു​ന്നു​വെങ്കി​ലോ? നിങ്ങൾക്ക്‌ ഇങ്ങനെ പറയാൻ കഴി​ഞ്ഞേ​ക്കും: “നിങ്ങൾ വളരെ തിരക്കി​ലാ​ണെന്ന്‌ എനിക്ക​റി​യാം, എന്നാൽ എന്നെ വാസ്‌ത​വ​ത്തിൽ ശല്യ​പ്പെ​ടു​ത്തുന്ന ഒരു സംഗതി ഉണ്ട്‌. നമുക്ക്‌ അതേപ്പ​ററി ഒന്ന്‌ സംസാ​രി​ക്ക​രു​തോ?” അതിനു​ശേഷം നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാൻ കഴി​ഞ്ഞേ​ക്കും: “തുറന്നു പറയാൻ ലജ്ജതോ​ന്നിയ എന്തെങ്കി​ലും കാര്യം നിങ്ങൾ എന്നെങ്കി​ലും ചെയ്‌തി​ട്ടു​ണ്ടോ?”

അടുത്ത​താണ്‌ പ്രയാ​സ​ക​ര​മായ ഭാഗം: ആ തെററി​നെ​പ്പ​റ​റി​ത്തന്നെ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ പറയു​ന്നത്‌. നിങ്ങളു​ടെ തെററി​ന്റെ ഗൗരവ​ത്തിൽ വെളളം ചേർക്കാ​തെ​യും അല്ലെങ്കിൽ കൂടുതൽ അസുഖ​ക​ര​മായ വിശദാം​ശങ്ങൾ മറച്ചു​വ​യ്‌ക്കാ​തെ​യും താഴ്‌മ​യോ​ടെ “സത്യം പറയുക.” (എഫേസ്യർ 4:25; ലൂക്കോസ്‌ 15:21 താരത​മ്യം ചെയ്യുക.) യുവജ​ന​ങ്ങൾക്കു​മാ​ത്രം ചില പ്രത്യേക അർത്ഥമു​ളള പദങ്ങൾ ഉപയോ​ഗി​ക്കാ​തെ മാതാ​പി​താ​ക്കൾക്ക്‌ മനസ്സി​ലാ​കുന്ന വാക്കുകൾ ഉപയോ​ഗി​ക്കുക.

സ്വാഭാ​വി​ക​മാ​യും തുടക്ക​ത്തിൽ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ വേദന​യും നിരാ​ശ​യും തോന്നി​യേ​ക്കാം. അതു​കൊണ്ട്‌ അവർ നിങ്ങളു​ടെ​മേൽ ശകാര​വർഷം ചൊരി​യു​ന്നു​വെ​ങ്കിൽ ആശ്ചര്യ​പ്പെ​ടു​ക​യോ ദേഷ്യം തോന്നു​ക​യോ അരുത്‌! അവരുടെ നേര​ത്തെ​യു​ളള മുന്നറി​യി​പ്പു​കൾ ശ്രദ്ധി​ച്ചി​രു​ന്നെ​ങ്കിൽ സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾ ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ ചെന്നെ​ത്തു​ക​യി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ശാന്തരാ​യി​രി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 17:27) നിങ്ങളു​ടെ മാതാ​പി​താ​ക്കളെ ശ്രദ്ധി​ക്കു​ക​യും അവരുടെ ചോദ്യ​ങ്ങൾ എങ്ങനെ​യു​ള​ള​താ​യി​രു​ന്നാ​ലും ഉത്തരം പറയു​ക​യും ചെയ്യുക.

കാര്യങ്ങൾ നേരെ​യാ​ക്കു​ന്ന​തി​നു​ളള നിങ്ങളു​ടെ താല്‌പ​ര്യം അവർക്ക്‌ ഒരു നല്ല ധാരണ ഉളവാ​ക്കും എന്ന കാര്യ​ത്തിൽ സംശയ​മില്ല. (2 കൊരി​ന്ത്യർ 7:11 താരത​മ്യം ചെയ്യുക.) എന്നിരു​ന്നാ​ലും യഥാർത്ഥ​ത്തിൽ അർഹി​ക്കുന്ന കുറെ ശിക്ഷണം സ്വീക​രി​ക്കാൻ തയ്യാറാ​യി​രി​ക്കുക. “ഏതൊരു ശിക്ഷണ​വും ആദ്യം സന്തോ​ഷ​ക​രമല്ല ദുഃഖ​കരം എന്നു തോന്നും എന്നതു വാസ്‌ത​വ​മാണ്‌; എന്നാൽ അതിനാൽ പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ട​വർക്ക്‌ അതു പിന്നീട്‌ നീതി എന്ന സമാധാ​ന​ഫലം കൈവ​രു​ത്തും.” (എബ്രായർ 12:11) നിങ്ങൾക്ക്‌ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ സഹായ​വും പക്വമായ ഉപദേ​ശ​വും ഇനിയും ആവശ്യ​മാ​യി​രി​ക്കും എന്നും കൂടെ ഓർമ്മി​ക്കുക. ചെറിയ പ്രശ്‌നങ്ങൾ പോലും അവരോട്‌ പറയുന്ന സ്വഭാവം വളർത്തി​യെ​ടു​ക്കുക. അപ്പോൾ പിന്നെ വലിയ പ്രശ്‌നങ്ങൾ ഉളള​പ്പോൾ നിങ്ങളു​ടെ മനസ്സി​ലു​ള​ള​തെ​ന്താ​ണെന്ന്‌ അവരോട്‌ പറയാൻ നിങ്ങൾക്ക്‌ ഭയം തോന്നു​ക​യില്ല.

[ചിത്രങ്ങൾ]

നിങ്ങളുടെ മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കാൻ കൂടുതൽ ചായ്‌വ്‌ കാണി​ക്കുന്ന ഒരു സമയം തെര​ഞ്ഞെ​ടു​ക്കു​ക