വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

ഞാൻ ‘എന്റെ പിതാവിനെയും എന്റെ മാതാവിനെയും ബഹുമാനിക്കേണ്ടത്‌’ എന്തുകൊണ്ട്‌?

അധ്യായം 1

ഞാൻ ‘എന്റെ പിതാ​വി​നെ​യും എന്റെ മാതാ​വി​നെ​യും ബഹുമാ​നി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

“നിന്റെ പിതാ​വി​നെ​യും നിന്റെ മാതാ​വി​നെ​യും ബഹുമാ​നി​ക്കുക.” ഈ വാക്കുകൾ അന്ധകാര യുഗത്തിൽ നിന്നുളള എന്തോ ആണ്‌ എന്ന്‌ അനേക യുവജ​ന​ങ്ങൾക്ക്‌ തോന്നു​ന്നു.

മയക്കു​മ​രു​ന്നി​ന്റെ​യും മദ്യത്തി​ന്റെ​യും ദുരു​പ​യോ​ഗം ഉണ്ടായി​രുന്ന ഒരു ആൺകു​ട്ടി​യു​മാ​യി ഡെയി​റ​റിം​ഗി​ലേർപ്പെ​ട്ടു​കൊണ്ട്‌ വെഡാ എന്ന യുവതി തന്റെ പിതാ​വി​നെ​തി​രെ തുറന്ന മത്സരം പ്രഖ്യാ​പി​ച്ചു. പിതാ​വി​ന്റെ അധികാ​രത്തെ വെല്ലു​വി​ളി​ച്ചു​കൊണ്ട്‌ അവൾ പുറത്തു​പോ​യി വെളു​പ്പാൻകാ​ലം വരെ ഡാൻസി​ങ്ങി​ലേർപ്പെട്ടു. “അദ്ദേഹം വളരെ കർക്കശ​ക്കാ​ര​നാ​ണെന്ന്‌ എനിക്കു തോന്നി,” വെഡാ വിശദീ​ക​രി​ക്കു​ന്നു. “എനിക്ക്‌ 18 വയസ്സാ​യി​രു​ന്നു, എനിക്ക്‌ എല്ലാം അറിയാം എന്നു ഞാൻ കരുതി. എന്റെ പിതാവ്‌ ഒരു ഹീനനാ​ണെ​ന്നും ഞാൻ ജീവിതം ആസ്വദി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചി​ല്ലെ​ന്നും എനിക്കു തോന്നി. അതു​കൊണ്ട്‌ ഞാൻ പുറത്തു​പോ​യി എനിക്കി​ഷ്ട​മു​ള​ള​തെ​ല്ലാം ചെയ്‌തു.”

മിക്ക യുവജ​ന​ങ്ങ​ളും വെഡാ​യു​ടെ പ്രവർത്ത​നത്തെ അംഗീ​ക​രി​ക്കു​ക​യി​ല്ലാ​യി​രി​ക്കാം. എന്നിരു​ന്നാ​ലും മുറി വൃത്തി​യാ​ക്കാ​നോ ഗൃഹപാ​ഠം ചെയ്യാ​നോ ഒരു നിശ്ചിത സമയത്ത്‌ വീട്ടിൽ തിരി​ച്ചെ​ത്താ​നോ മാതാ​പി​താ​ക്കൾ ആവശ്യ​പ്പെ​ട്ടാൽ അനേകർക്കും എതിർപ്പു തോന്നു​ന്നു, അല്ലെങ്കിൽ അതിലും മോശ​മാ​യി അവർ മാതാ​പി​താ​ക്കളെ തുറന്നു വെല്ലു​വി​ളി​ക്കു​ന്നു! എന്നിരു​ന്നാ​ലും ഒരു യുവാവ്‌ തന്റെ മാതാ​പി​താ​ക്കളെ എങ്ങനെ വീക്ഷി​ക്കു​ന്നു എന്നത്‌ ഭവനത്തിൽ യുദ്ധമാ​ണോ സമാധാ​ന​മാ​ണോ ഉണ്ടായി​രി​ക്കുക എന്നതി​നേ​ക്കാ​ളു​പ​രി​യാ​യി അയാളു​ടെ ജീവനെ തന്നെ ബാധി​ക്കു​ന്നു. എന്തു​കൊ​ണ്ടെ​ന്നാൽ ‘മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കാ​നു​ളള’ കല്‌പന ദൈവ​ത്തിൽ നിന്നാണ്‌ വരുന്നത്‌. തന്റെ കല്‌പന അനുസ​രി​ക്കാൻ അവൻ ഈ പ്രചോ​ദ​ന​വും കൂടി നൽകുന്നു: “നിനക്കു നൻമയു​ണ്ടാ​കു​വാ​നും നീ ഭൂമി​യിൽ ദീർഘാ​യു​സ്സോ​ടെ ഇരിക്കാ​നും.” (എഫേസ്യർ 6:2, 3) വില​യേ​റിയ കാര്യ​ങ്ങ​ളാണ്‌ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. അതു​കൊണ്ട്‌ നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥ​മെ​ന്താ​ണെ​ന്ന​റി​യാൻ നമുക്ക്‌ അതു ഒന്നുകൂ​ടി പരി​ശോ​ധി​ക്കാം.

അവരെ ‘ബഹുമാ​നി​ക്കു​ന്ന​തി​ന്റെ’ അർത്ഥം

“ബഹുമാ​നി​ക്കു​ന്ന​തിൽ” യഥോ​ചി​തം സ്ഥാപി​ത​മാ​യി​രി​ക്കുന്ന അധികാ​രത്തെ അംഗീ​ക​രി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ “രാജാ​വി​നോട്‌ ബഹുമാ​നം ഉണ്ടായി​രി​ക്കാൻ” ക്രിസ്‌ത്യാ​നി​ക​ളോട്‌ കല്‌പി​ച്ചി​രി​ക്കു​ന്നു. (1 പത്രോസ്‌ 2:17) നിങ്ങൾ ഒരുപക്ഷേ എല്ലായ്‌പ്പോ​ഴും ഒരു ദേശീയ ഭരണാ​ധി​പ​നോട്‌ യോജി​ക്കാ​തി​രു​ന്നേ​ക്കാ​മെ​ങ്കി​ലും അയാളു​ടെ സ്ഥാനത്തെ അല്ലെങ്കിൽ ഉദ്യോ​ഗത്തെ ആദരി​ക്കേ​ണ്ട​തുണ്ട്‌. അതു​പോ​ലെ​തന്നെ കുടും​ബ​ത്തിൽ മാതാ​പി​താ​ക്കൾക്ക്‌ ദൈവം ചില അധികാ​രങ്ങൾ നൽകി​യി​ട്ടുണ്ട്‌. അതിന്റെ അർത്ഥം നിങ്ങൾക്കാ​യി നിയമങ്ങൾ വയ്‌ക്കാ​നു​ളള അവരുടെ ദൈവ​ദ​ത്ത​മായ അധികാ​രത്തെ നിങ്ങൾ അംഗീ​ക​രി​ക്കണം എന്നാണ്‌. ഒരുപക്ഷേ മററു മാതാ​പി​താ​ക്കൾ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളെ​ക്കാൾ കുറച്ചു​കൂ​ടി ദാക്ഷി​ണ്യ​മു​ള​ള​വ​രാ​യി​രു​ന്നേ​ക്കാം എന്നത്‌ സത്യം തന്നെ. എന്നിരു​ന്നാ​ലും നിങ്ങൾക്ക്‌ ഏററം മെച്ചമാ​യി​രി​ക്കു​ന്നത്‌ എന്താണ്‌ എന്ന്‌ തീരു​മാ​നി​ക്കുന്ന ജോലി നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടേ​താണ്‌. കൂടാതെ വ്യത്യസ്‌ത കുടും​ബ​ങ്ങൾക്ക്‌ വ്യത്യസ്‌ത നിലവാ​ര​ങ്ങ​ളാ​ണു​ള​ളത്‌.

ഏററം നല്ല മാതാ​പി​താ​ക്കൾപോ​ലും ചില​പ്പോൾ സ്വേച്ഛാ​പ​ര​മാ​യും ഉചിത​മ​ല്ലാ​തെ​യും പെരു​മാ​റി​യേ​ക്കാം എന്നതും സത്യം​തന്നെ. എന്നാൽ സദൃശ​വാ​ക്യ​ങ്ങൾ 7:1, 2-ൽ ജ്ഞാനി​യായ ഒരു പിതാവ്‌ പറഞ്ഞു: “എന്റെ മകനെ [അല്ലെങ്കിൽ മകളെ] . . . എന്റെ കല്‌പ​ന​ക​ള​നു​സ​രിച്ച്‌ തുടർന്ന്‌ ജീവി​ച്ചി​രി​ക്കുക.” അതു​പോ​ലെ, നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ നിയമങ്ങൾ അഥവാ “കല്‌പ​നകൾ” സാധാ​ര​ണ​യാ​യി നിങ്ങളു​ടെ നൻമ ഉദ്ദേശി​ച്ചു​ള​ള​വ​യാണ്‌, അവ അവർക്ക്‌ നിങ്ങ​ളോ​ടു​ളള യഥാർത്ഥ സ്‌നേ​ഹ​ത്തി​ന്റെ​യും താല്‌പ​ര്യ​ത്തി​ന്റെ​യും പ്രകട​ന​വു​മാണ്‌.

ഉദാഹ​ര​ണ​ത്തിന്‌ ജോണി​നോട്‌ അവരുടെ വീടിനു സമീപ​ത്തു​ളള ആറു ലെയി​നു​ളള ഹൈവേ കുറുകെ കടക്കു​ന്ന​തിന്‌ അതിന്റെ മുകളി​ലൂ​ടെ​യു​ളള നടപ്പാത ഉപയോ​ഗി​ക്ക​ണ​മെന്ന്‌ അവന്റെ അമ്മ ആവർത്തിച്ച്‌ ആവശ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം അവന്റെ സ്‌കൂ​ളിൽ നിന്നുളള രണ്ട്‌ പെൺകു​ട്ടി​കൾ കുറു​ക്കു​വ​ഴിക്ക്‌ റോഡി​ലൂ​ടെ തന്നെ കുറു​കെ​ക്ക​ട​ക്കാൻ അവനെ വെല്ലു​വി​ളി​ച്ചു. അവർ അവനെ “ഭീരു!” എന്ന്‌ വിളിച്ചു പരിഹ​സി​ച്ചത്‌ അവഗണി​ച്ചു​കൊണ്ട്‌ അവൻ നടപ്പാ​ത​യി​ലൂ​ടെ തന്നെ പോയി. അല്‌പ ദൂരം പോയ​പ്പോൾ ഒരു വാഹനം പെട്ടെന്ന്‌ ബ്രേക്കി​ടു​ന്ന​തി​ന്റെ ശബ്ദം അവൻ കേട്ടു. താഴേക്ക്‌ നോക്കി​യ​പ്പോൾ ഒരു കാർ ആ പെൺകു​ട്ടി​കളെ തട്ടി​ത്തെ​റി​പ്പി​ക്കുന്ന കാഴ്‌ച കണ്ട്‌ അവൻ ഞെട്ടി​പ്പോ​യി! നിങ്ങളു​ടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ന്നത്‌ മിക്ക​പ്പോ​ഴും ഒരു ജീവൻമരണ പ്രശ്‌നമല്ല എന്നത്‌ സത്യം​തന്നെ. എന്നിരു​ന്നാ​ലും അനുസ​രണം സാധാ​ര​ണ​യാ​യി നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യുന്നു.

‘നിങ്ങളു​ടെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ന്നത്‌’ തിരുത്തൽ ലഭിക്കു​മ്പോൾ ദുർമ്മു​ഖം കാട്ടാ​തെ​യും കോപാ​വേശം കൂടാ​തെ​യും അതു സ്വീക​രി​ക്കു​ന്ന​തി​നെ​യും അർത്ഥമാ​ക്കു​ന്നു. ഒരു ഭോഷൻ മാത്രമേ “തന്റെ പിതാ​വി​ന്റെ ശിക്ഷണ​ത്തോട്‌ അനാദ​രവ്‌ കാണി​ക്കുക”യുളളു എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 15:5 പറയുന്നു.

അവസാ​ന​മാ​യി, ബഹുമാ​നം കാണി​ക്കു​ന്നത്‌ ഔപചാ​രി​ക​മാ​യി ആദരവു കാണി​ക്കു​ന്ന​തി​നെ​യും അല്ലെങ്കിൽ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ അനുസ​രി​ക്കു​ന്ന​തി​നെ​യും​കാൾ അധികം അർത്ഥമാ​ക്കു​ന്നു. ബൈബി​ളിൽ “ബഹുമാ​നി​ക്കുക” എന്നതിന്റെ മൂല​ഗ്രീക്ക്‌ ക്രിയാ​രൂ​പ​ത്തി​ന്റെ അടിസ്ഥാ​ന​പ​ര​മായ അർത്ഥം ആരെ​യെ​ങ്കി​ലും വളരെ വില​പ്പെ​ട്ട​വ​നാ​യി കണക്കാ​ക്കുക എന്നാണ്‌. അതു​കൊണ്ട്‌ മാതാ​പി​താ​ക്കളെ വില​പ്പെ​ട്ട​വ​രാ​യി, ബഹുമാ​ന്യ​രാ​യി, നിങ്ങൾക്ക്‌ പ്രിയ​പ്പെ​ട്ട​വ​രാ​യി വീക്ഷി​ക്കണം. ഇതിൽ അവരോട്‌ ഊഷ്‌മ​ള​വും വിലമ​തി​പ്പി​ന്റേ​തു​മായ വികാ​രങ്ങൾ ഉണ്ടായി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും ചില യുവജ​ന​ങ്ങൾക്ക്‌ തങ്ങളുടെ മാതാ​പി​താ​ക്ക​ളോട്‌ ഊഷ്‌മള വികാ​രങ്ങൾ അശേഷം ഇല്ല.

പ്രശ്‌ന​ക്കാ​രായ മാതാ​പി​താ​ക്കൾ— ബഹുമാ​ന​ത്തിന്‌ അർഹരോ?

ജിന എന്നു പേരായ ഒരു കുട്ടി ഇപ്രകാ​രം എഴുതി: “എന്റെ പിതാവ്‌ വളരെ​യ​ധി​കം മദ്യപി​ച്ചി​രു​ന്നു. എന്റെ മാതാ​പി​താ​ക്കൾ വളരെ​യ​ധി​കം തർക്കി​ക്കു​ക​യും ശബ്ദം വയ്‌ക്കു​ക​യും ചെയ്‌തി​രു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ ഉറങ്ങാൻ കഴിഞ്ഞി​രു​ന്നില്ല. ഞാൻ കിടക്ക​യിൽ കിടന്ന്‌ വെറുതെ കരയു​മാ​യി​രു​ന്നു. ഞാൻ എന്തു വിചാ​രി​ക്കു​ന്നു എന്ന്‌ എനിക്ക്‌ അവരോട്‌ പറയാൻ കഴിയു​മാ​യി​രു​ന്നില്ല, പറഞ്ഞാൽ എന്റെ അമ്മ എന്നെ തല്ലാനാണ്‌ സാദ്ധ്യത. എന്റെ ‘പിതാ​വി​നെ ബഹുമാ​നി​ക്കാൻ’ ബൈബിൾ ആവശ്യ​പ്പെ​ടു​ന്നു. എന്നാൽ എനിക്ക്‌ അതു കഴിയു​ന്നില്ല.”

കോപ പ്രകൃ​ത​ക്കാ​രോ അല്ലെങ്കിൽ അധാർമ്മിക നടത്തയു​ള​ള​വ​രോ മദ്യപാ​നി​ക​ളോ അതുമ​ല്ലെ​ങ്കിൽ അന്യോ​ന്യം കലഹി​ക്കു​ന്ന​വ​രോ ആയ മാതാ​പി​താ​ക്കൾ യഥാർത്ഥ​ത്തിൽ ബഹുമാ​ന​ത്തിന്‌ അർഹരാ​ണോ? അതെ, എന്തു​കൊ​ണ്ടെ​ന്നാൽ ഏതു അപ്പനെ​യും അഥവാ അമ്മയെ​യും “പരിഹ​സി​ക്കു​ന്ന​തി​നെ” ബൈബിൾ കുററം​വി​ധി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 30:17) കൂടാതെ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളെ “ജനിപ്പി​ച്ചി​രി​ക്കു​ന്നു” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 23:22 നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. അതുതന്നെ അവരെ ബഹുമാ​നി​ക്കാൻ കാരണ​മാണ്‌. ഒരു കാലത്ത്‌ ഒട്ടും ആദരവി​ല്ലാ​തി​രുന്ന ഗ്രിഗറി ഇപ്പോൾ പറയുന്നു: “[എന്റെ അമ്മ] ഗർഭച്ഛി​ദ്രം നടത്തു​ക​യോ ഞാൻ ഒരു ശിശു​വാ​യി​രു​ന്ന​പ്പോൾ എന്നെ കുപ്പക്കു​ഴി​യിൽ എറിഞ്ഞു കളയു​ക​യോ ചെയ്യാ​ഞ്ഞ​തിന്‌ ഞാൻ യഹോ​വ​യാം ദൈവ​ത്തിന്‌ നന്ദി പറയുന്നു. അമ്മ തനി​യെ​യാണ്‌ ഞങ്ങളെ വളർത്തി​ക്കൊണ്ട്‌ വന്നത്‌, ഞങ്ങൾ ആറു പേരു​ണ്ടാ​യി​രു​ന്നു. അമ്മയ്‌ക്ക്‌ അതു വലിയ ഭാരമാ​യി​രു​ന്നു എന്ന്‌ എനിക്ക​റി​യാം.”

നിങ്ങളു​ടെ മാതാ​പി​താ​ക്കൾ പൂർണ്ണ​ര​ല്ലെ​ങ്കി​ലും അവർ നിങ്ങൾക്കു​വേണ്ടി വളരെ​യ​ധി​കം ത്യാഗങ്ങൾ സഹിച്ചി​ട്ടുണ്ട്‌. ഗ്രിഗറി ഇപ്രകാ​രം തുടരു​ന്നു: “ഒരു സന്ദർഭ​ത്തിൽ ഞങ്ങൾക്ക്‌ ആകെക്കൂ​ടി ഭക്ഷിക്കാൻ അവശേ​ഷി​ച്ചി​രു​ന്നത്‌ ഒരു ടിന്നിൽ കുറച്ചു ധാന്യ​വും അല്‌പം ധാന്യ​പ്പൊ​ടി​യും മാത്ര​മാ​യി​രു​ന്നു. എന്റെ അമ്മ അതു കുട്ടി​ക​ളായ ഞങ്ങൾക്ക്‌ പാക​പ്പെ​ടു​ത്തി തന്നു, എന്നാൽ അമ്മ ഒന്നും കഴിച്ചില്ല. ഞാൻ നിറഞ്ഞ വയറോ​ടെ ഉറങ്ങാൻ പോയി, എന്നാൽ എന്തു​കൊ​ണ്ടാണ്‌ അമ്മ ഒന്നും കഴിക്കാ​ഞ്ഞത്‌ എന്ന്‌ ഞാൻ ചിന്തി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഇപ്പോൾ എനിക്ക്‌ എന്റെ സ്വന്തം കുടും​ബം ഉളളതു​കൊണ്ട്‌ അമ്മ ഞങ്ങൾക്കു​വേണ്ടി ത്യാഗം സഹിക്കു​ക​യാ​യി​രു​ന്നു​വെന്ന്‌ ഞാൻ തിരി​ച്ച​റി​യു​ന്നു.” (ഒരു കുട്ടിയെ 18 വയസ്സു വരെ വളർത്തു​ന്ന​തി​ന്റെ ചെലവ്‌ 9,96,000 രൂപാ എന്ന്‌ ഒരു ഗവേഷണ പഠനം കണക്കാ​ക്കി​യി​രി​ക്കു​ന്നു.)

ഒരു പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ മാതൃക ഏററം നല്ലതല്ലാ​ത്ത​തു​കൊണ്ട്‌ മാത്രം അവർ നിങ്ങ​ളോട്‌ പറയു​ന്ന​തെ​ല്ലാം തെററാണ്‌ എന്നർത്ഥ​മില്ല എന്നും കൂടെ തിരി​ച്ച​റി​യുക. യേശു​വി​ന്റെ നാളിലെ മതനേ​താ​ക്കൻമാർ അഴിമതി നിറഞ്ഞ​വ​രാ​യി​രു​ന്നു. എന്നാൽ യേശു ജനങ്ങ​ളോട്‌ പറഞ്ഞു: “അവർ നിങ്ങ​ളോട്‌ പറയു​ന്ന​തൊ​ക്കെ​യും ചെയ്യു​വിൻ; എന്നാൽ അവരുടെ പ്രവൃ​ത്തി​കൾപോ​ലെ ചെയ്യരു​തു​താ​നും.” (മത്തായി 23:1-3, 25, 26) ഈ തത്വം ചില മാതാ​പി​താ​ക്ക​ളു​ടെ കാര്യ​ത്തിൽ ബാധക​മാ​ക്കി​കൂ​ടേ?

അമർഷത്തെ നേരിടൽ

ഒരു പിതാ​വോ മാതാ​വോ തന്റെ അധികാ​രത്തെ ഗൗരവ​ത​ര​മായ ഒരു വിധത്തിൽ ദുർവി​നി​യോ​ഗം ചെയ്യുന്നു എന്ന്‌ നിങ്ങൾക്ക്‌ തോന്നു​ന്നു​വെ​ങ്കി​ലെന്ത്‌? a ശാന്തരാ​യി​രി​ക്കുക. മത്‌സ​രി​ക്കു​ന്ന​തു​കൊ​ണ്ടോ വിദ്വേ​ഷ​മോ ദ്രോ​ഹ​ബു​ദ്ധി​യോ പ്രകട​മാ​ക്കു​ന്ന​തു​കൊ​ണ്ടോ യാതൊ​രു നേട്ടവു​മു​ണ്ടാ​ക​യില്ല. (സഭാ​പ്ര​സം​ഗി 8:3, 4; സഭാ​പ്ര​സം​ഗി 10:4 താരത​മ്യം ചെയ്യുക.) തന്റെ മാതാ​പി​താ​ക്കൾ തമ്മിൽ വഴക്കടി​ക്കു​ന്ന​തിൽ ഉത്സുക​രാ​യി​രി​ക്കു​ക​യും തന്റെ കാര്യ​ത്തിൽ താല്‌പ​ര്യം കാട്ടാ​തി​രി​ക്കു​ക​യും ചെയ്‌ത​തി​നാൽ ഒരു 17 വയസ്സു​കാ​രി പെൺകു​ട്ടിക്ക്‌ അവളുടെ മാതാ​പി​താ​ക്ക​ളോട്‌ വിദ്വേ​ഷം തോന്നി​ത്തു​ടങ്ങി. ഈ വിദ്വേ​ഷം ക്രമേണ അവർ അവളെ പഠിപ്പി​ക്കാൻ ശ്രമി​ച്ചി​രുന്ന ബൈബിൾ തത്വങ്ങ​ളോ​ടാ​യി മാറി. അവരോ​ടു​ളള വിരോ​ധം നിമിത്തം മാത്രം അവൾ ലൈം​ഗിക അധാർമ്മി​ക​ത​യി​ലേ​ക്കും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ലേ​ക്കും തിരിഞ്ഞു. “ഞാൻ എന്റെ മാതാ​പി​താ​ക്ക​ളോട്‌ അങ്ങനെ ചെയ്യേ​ണ്ടി​യി​രു​ന്നു എന്ന്‌ എനിക്കു തോന്നി,” എന്നായി​രു​ന്നു അവളുടെ വിദ്വേ​ഷം നിറഞ്ഞ വിശദീ​ക​രണം. എന്നാൽ ആ വിദ്വേ​ഷം കൊണ്ട്‌ അവൾ അവളെ​ത്ത​ന്നെ​യാണ്‌ ദ്രോ​ഹി​ച്ചത്‌.

ബൈബിൾ മുന്നറി​യിപ്പ്‌ നൽകുന്നു: “കോപം നിന്നെ വിദ്വേ​ഷ​പൂർവ്വ​ക​മാ​യി [പ്രവർത്ത​ന​ത്തിന്‌] വശീക​രി​ക്കാ​തി​രി​ക്കാൻ സൂക്ഷി​ക്കുക . . . ദ്രോ​ഹ​പ്ര​വൃ​ത്തി​ക​ളി​ലേക്ക്‌ തിരി​യാ​തി​രി​ക്കാൻ നിന്നെ​ത്തന്നെ സൂക്ഷി​ച്ചു​കൊൾക.” (ഇയ്യോബ്‌ 36:18-21) അവരുടെ പെരു​മാ​ററം സംബന്ധിച്ച്‌ മാതാ​പി​താ​ക്കൾ യഹോ​വ​യു​ടെ മുമ്പാകെ ഉത്തരവാ​ദി​ക​ളാ​ണെ​ന്നും ഗൗരവ​ത​ര​മായ ഏതു നീതി​കേ​ടി​നും അവർ ഉത്തരം പറയേ​ണ്ടി​വ​രു​മെ​ന്നും തിരി​ച്ച​റി​യുക.—കൊ​ലോ​സ്യർ 3:25.

സദൃശ​വാ​ക്യ​ങ്ങൾ 19:11 പറയുന്നു: “ഒരു മമനു​ഷ്യ​ന്റെ ഉൾക്കാഴ്‌ച്ച തീർച്ച​യാ​യും അവന്റെ കോപത്തെ ശമിപ്പി​ക്കു​ന്നു, ലംഘനം ക്ഷമിക്കു​ന്നത്‌ അവന്‌ ഭൂഷണ​മാണ്‌.” ചില​പ്പോൾ ഒരു പിതാ​വി​ന്റെ​യോ മാതാ​വി​ന്റെ​യോ ദ്രോ​ഹ​പ്ര​വൃ​ത്തി​കൾ പൊറു​ക്കു​ക​യും മറക്കു​ക​യും ചെയ്യു​ന്ന​താണ്‌ ഉത്തമം. അദ്ദേഹ​ത്തി​ന്റെ തെററു​ക​ളെ​പ്പ​ററി ചിന്തി​ക്കു​ന്ന​തി​നു പകരം നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌ ഡോഡിക്ക്‌ ഔചി​ത്യ​ബോ​ധ​മി​ല്ലാത്ത ഒരു അമ്മയും മദ്യപാ​നി​യായ ഒരു വളർത്ത​ച്ഛ​നു​മാണ്‌ ഉണ്ടായി​രു​ന്നത്‌. അവരുടെ കുറവു​കൾ സംബന്ധിച്ച അവളുടെ ഉൾക്കാഴ്‌ച വിദ്വേ​ഷത്തെ എങ്ങനെ അമർച്ച ചെയ്‌തു എന്നു കാണുക. അവൾ പറയുന്നു: “എന്റെ അമ്മ ഞങ്ങളോട്‌ സ്‌നേഹം കാണി​ക്കാ​ഞ്ഞത്‌ ഒരുപക്ഷേ ഒരു കുട്ടി​യാ​യി​രി​ക്കെ ദ്രോ​ഹി​ക്ക​പ്പെ​ട്ടതു കൊണ്ടും സ്‌നേഹം കാണി​ക്കേ​ണ്ട​തെ​ങ്ങ​നെ​യെന്ന്‌ ആരും അവരെ പഠിപ്പി​ക്കാ​ഞ്ഞ​തു​കൊ​ണ്ടും ആയിരി​ക്കാം. സുബോ​ധ​മു​ളള അവസര​ങ്ങ​ളിൽ ഞങ്ങളുടെ വളർത്തച്ഛൻ ഞങ്ങളിൽ താല്‌പ​ര്യ​മെ​ടു​ത്തു, എന്നാൽ അതു വല്ലപ്പോ​ഴും ഒരിക്കൽ മാത്ര​മാ​യി​രു​ന്നു. എന്നാൽ എന്റെ സഹോ​ദ​രി​ക്കും എനിക്കും എല്ലായ്‌പ്പോ​ഴും ഞങ്ങളുടെ തലക്കു മുകളിൽ ഒരു മേൽക്കൂ​ര​യും റെഫ്രി​ജ​റേ​റ​റ​റി​ന​കത്ത്‌ വേണ്ടത്ര ഭക്ഷണവു​മു​ണ്ടാ​യി​രു​ന്നു.”

വഴിപി​ഴ​ച്ച​വ​രും കുട്ടി​കളെ അവഗണി​ക്കു​ന്ന​വ​രു​മായ മാതാ​പി​താ​ക്കൾ എണ്ണത്തിൽ കുറവാണ്‌ എന്നത്‌ സന്തോ​ഷ​കരം തന്നെ. സർവ്വസാ​ദ്ധ്യ​ത​യു​മ​നു​സ​രിച്ച്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിങ്ങളിൽ താല്‌പ​ര്യ​മെ​ടു​ക്കു​ക​യും നല്ല മാതൃക വയ്‌ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യുന്നു. എന്നിരു​ന്നാ​ലും നിങ്ങൾക്ക്‌ ചില​പ്പോൾ അവരോട്‌ അമർഷം തോന്നി​യേ​ക്കാം. “ചില​പ്പോൾ ഞാൻ മമ്മിയു​മാ​യി എന്തെങ്കി​ലും ചർച്ച ചെയ്യു​മ്പോൾ മമ്മിക്ക്‌ ഞാൻ പറയു​ന്നത്‌ മനസ്സി​ലാ​കു​ന്നില്ല,” എന്ന്‌ റോജർ എന്ന ചെറു​പ്പ​ക്കാ​രൻ സമ്മതിച്ചു പറയുന്നു, “എനിക്ക്‌ ഭ്രാന്തു പിടി​ക്കു​ക​യും അമ്മയെ വേദനി​പ്പി​ക്കാൻ വേണ്ടി മാത്രം ഞാൻ എന്തെങ്കി​ലും പറയു​ക​യും ചെയ്യും. പകരം വീട്ടാ​നു​ളള എന്റെ മാർഗ്ഗം അതായി​രു​ന്നു. വഴക്കടിച്ച്‌ പിരി​യു​മ്പോൾ അതെന്നെ വിഷമി​പ്പി​ക്കു​മാ​യി​രു​ന്നു, അമ്മയ്‌ക്കും വിഷമം ഉണ്ടെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു.”

ചിന്താ​ശൂ​ന്യ​മാ​യ വാക്കുകൾ ‘കുത്തി മുറി​വേൽപ്പി​ക്കു​ക​യും’ ‘വേദനി​പ്പി​ക്കു​ക​യും’ ചെയ്‌തേ​ക്കാം, എന്നാൽ അതു നിങ്ങളു​ടെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ക​യില്ല. “ജ്ഞാനി​ക​ളു​ടെ നാവ്‌ സൗഖ്യം വരുത്തു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 12:18; 15:1) “അതു പ്രയാ​സ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും ഞാൻ മടങ്ങി​ച്ചെന്ന്‌ ക്ഷമാപണം നടത്തു​മാ​യി​രു​ന്നു,” റോജർ വിശദീ​ക​രി​ക്കു​ന്നു. “പിന്നീട്‌ എനിക്ക്‌ പ്രശ്‌നം ശാന്തമാ​യി ചർച്ച ചെയ്യു​ന്ന​തി​നും ഞങ്ങൾക്ക്‌ അതു പരിഹ​രി​ക്കു​ന്ന​തി​നും കഴിഞ്ഞി​രു​ന്നു.”

‘എന്റെ ഡാഡി പറഞ്ഞത്‌ ശരിയാ​യി​രു​ന്നു’

രസാവ​ഹ​മാ​യി, ചില ചെറു​പ്പ​ക്കാർ മാതാ​പി​താ​ക്ക​ളു​ടെ നിർദ്ദേ​ശ​ങ്ങളെ ചെറു​ത്തു​കൊണ്ട്‌ തങ്ങളെ​ത്ത​ന്നെ​യും അവരെ​യും മടുപ്പി​ക്കു​ന്നു, എന്നാൽ പിന്നീട്‌ മാതാ​പി​താ​ക്കൾ പറഞ്ഞ​തൊ​ക്കെ​യും ശരിയാ​യി​രു​ന്നു എന്ന്‌ തിരി​ച്ച​റി​യു​ന്നു. ഉദാഹ​ര​ണ​മാ​യി (ആരംഭ​ത്തിൽ പരാമർശിച്ച) വെഡാ​യെ​പ്പ​ററി ചിന്തി​ക്കുക. അവൾ ഒരു ദിവസം അവളുടെ ബോയ്‌ഫ്ര​ണ്ടി​നോ​ടു​കൂ​ടെ പുറത്തു​പോ​യി. അവൻ കഞ്ചാവും ബീയറും കൊണ്ട്‌ മത്തുപി​ടിച്ച അവസ്ഥയി​ലാ​യി​രു​ന്നു. കാർ നിയ​ന്ത്രണം വിട്ട്‌ 60 മൈൽ (100 കിലോ​മീ​ററർ) വേഗത​യിൽ ഒരു വിളക്കു​മ​ര​ത്തിൽ ചെന്നി​ടി​ച്ചു. നെററി​യിൽ ആഴമുളള ഒരു മുറി​വോ​ടെ വെഡാ രക്ഷപ്പെട്ടു. ബോയ്‌ഫ്രണ്ട്‌ രംഗത്തു​നിന്ന്‌ ഓടി ഒളിച്ചു. അവളെ സഹായി​ക്കാൻ ഒരിക്ക​ലും ആശുപ​ത്രി​യിൽ ചെല്ലു​ക​പോ​ലും ചെയ്‌തില്ല.

“എന്റെ മാതാ​പി​താ​ക്കൾ ആശുപ​ത്രി​യി​ലെ​ത്തി​യ​പ്പോൾ എന്റെ പിതാവ്‌ പറഞ്ഞ​തെ​ല്ലാം ശരിയാ​യി​രു​ന്നു എന്നും ഞാൻ നേര​ത്തെ​തന്നെ അദ്ദേഹത്തെ ശ്രദ്ധി​ക്കേ​ണ്ട​താ​യി​രു​ന്നു എന്നും ഞാൻ അവരോട്‌ പറഞ്ഞു. . . . ഞാൻ വലിയ ഒരു അബദ്ധം കാണിച്ചു. അതെന്റെ ജീവൻ നഷ്ടമാ​ക്കി​യേനെ.” അതിനു​ശേഷം അവളുടെ മാതാ​പി​താ​ക്ക​ളോ​ടു​ളള മനോ​ഭാ​വ​ത്തിൽ വെഡാ ചില വലിയ മാററങ്ങൾ വരുത്തി.

ഒരുപക്ഷേ നിങ്ങളു​ടെ ഭാഗത്തും ചില മാററങ്ങൾ ഉചിത​മാ​യി​രി​ക്കാം. ‘മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ന്നത്‌’ വാസ്‌ത​വ​ത്തിൽ ഒരു പഴഞ്ചൻ ആശയമാ​യി തോന്നി​യേ​ക്കാം. എന്നാൽ അതു ഏററം ബുദ്ധി​പൂർവ്വ​ക​മായ സംഗതി മാത്രമല്ല ദൈവ​ത്തി​ന്റെ ദൃഷ്ടി​യിൽ ശരിയായ സംഗതി​യും കൂടി​യാണ്‌. എന്നാൽ നിങ്ങൾ മാതാ​പി​താ​ക്കൻമാ​രോട്‌ ആദരവ്‌ കാണി​ക്കാൻ ആഗ്രഹി​ക്കു​ന്നു​വെ​ങ്കി​ലും മററു​ള​ളവർ നിങ്ങളെ തെററി​ദ്ധ​രി​ക്കു​ക​യാ​ണെ​ന്നും അല്ലെങ്കിൽ നിയ​ന്ത്ര​ണ​ങ്ങ​ളാൽ നിങ്ങൾ ഞെരു​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും നിങ്ങൾക്കു തോന്നു​ന്നു​വെ​ങ്കി​ലെന്ത്‌? അത്തരം സാഹച​ര്യ​ങ്ങ​ളിൽ നിങ്ങളു​ടെ അവസ്ഥ എങ്ങനെ മെച്ച​പ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ നമുക്ക്‌ പരി​ശോ​ധി​ക്കാം.

[അടിക്കു​റി​പ്പു​കൾ]

a ഭവനത്തിന്‌ വെളി​യിൽനി​ന്നു​ളള വിദഗ്‌ദ്ധ സഹായം തേടേ​ണ്ടത്‌ ആവശ്യ​മാ​യി വരുന്ന തരം ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ ദ്രോ​ഹ​പ്ര​വൃ​ത്തി​കളെ അല്ല ഞങ്ങൾ ഇവിടെ പരാമർശി​ക്കു​ന്നത്‌.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ഒരുവന്റെ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കുക എന്നാൽ അതിന്റെ അർത്ഥ​മെ​ന്താണ്‌?

◻ മാതാ​പി​താ​ക്കൾ ഇത്രയ​ധി​കം നിയമങ്ങൾ വയ്‌ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിങ്ങൾക്ക്‌ പ്രയോ​ജനം ചെയ്യാൻ ആ നിയമ​ങ്ങൾക്കു കഴിയു​മോ?

◻ മാതാ​പി​താ​ക്ക​ളു​ടെ പെരു​മാ​ററം ആക്ഷേപാർഹ​മാ​ണെ​ങ്കിൽ നിങ്ങൾ അവരെ ബഹുമാ​നി​ക്കേ​ണ്ട​തു​ണ്ടോ? എന്തു​കൊണ്ട്‌?

◻ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ ചില​പ്പോൾ നിങ്ങൾക്ക്‌ തോന്നുന്ന അമർഷത്തെ നേരി​ടു​ന്ന​തി​നു​ളള ചില ക്രിയാ​ത്മ​ക​മായ മാർഗ്ഗ​ങ്ങ​ളേവ? ചില ബുദ്ധി​ശൂ​ന്യ​മായ വഴികൾ ഏവയാണ്‌?

[16-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഏന്റെ പിതാവ്‌ ഒരു ഹീനനാ​ണെ​ന്നും ഞാൻ ജീവിതം ആസ്വദി​ക്കാൻ അദ്ദേഹം ആഗ്രഹി​ച്ചി​ല്ലെ​ന്നും ഞാൻ വിചാ​രി​ച്ചു, അതു​കൊണ്ട്‌ ഞാൻ പുറത്തു​പോ​യി എനിക്ക്‌ ഇഷ്‌ട​മു​ള​ള​തെ​ല്ലാം ചെയ്‌തു”

[12-ാം പേജിലെ ചിത്രം]

നിങ്ങളുടെ മാതാ​പി​താ​ക്കൾ വയ്‌ക്കുന്ന നിയമ​ങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷി​ക്കണം?

[14-ാം പേജിലെ ചിത്രം]

ആക്ഷേപാർഹമായ പെരു​മാ​റ​റ​മു​ളള മാതാ​പി​താ​ക്കളെ നിങ്ങൾ ബഹുമാ​നി​ക്ക​ണ​മോ?