വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മദ്യപാനം—എന്തുകൊണ്ടായിക്കൂടാ?

മദ്യപാനം—എന്തുകൊണ്ടായിക്കൂടാ?

അധ്യായം 33

മദ്യപാ​നം—എന്തു​കൊ​ണ്ടാ​യി​ക്കൂ​ടാ?

‘മദ്യപി​ക്കു​ന്നത്‌ തെററാ​ണോ? അത്‌ വാസ്‌ത​വ​ത്തിൽ ഉപദ്ര​വ​ക​ര​മാ​ണോ? അതോ അതു എനിക്കു​മാ​ത്രം തെററും മുതിർന്ന​വർക്ക്‌ ശരിയു​മാ​ണോ?’ ഈ ചോദ്യ​ങ്ങൾ നിങ്ങളു​ടെ മനസ്സി​ലൂ​ടെ കടന്നു പോ​യേ​ക്കാം. ഏതായാ​ലും നിങ്ങളു​ടെ മാതാ​പി​താ​ക്കൾ മദ്യം ഉപയോ​ഗി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. നിങ്ങളു​ടെ പ്രായ​ത്തി​ലു​ളള അനേകം യുവജ​നങ്ങൾ (നിയമ​പ​ര​മായ പ്രായ​പ​രി​ധി പരിഗ​ണി​ക്കാ​തെ) മദ്യപി​ക്കു​ന്നുണ്ട്‌. ടെലി​വി​ഷൻ പ്രദർശ​ന​ങ്ങ​ളും സിനി​മ​ക​ളും അതു ആകർഷ​ക​മാ​യി തോന്നി​ക്കു​ന്നു.

മിതമാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​മ്പോൾ മദ്യത്തിന്‌ വാസ്‌ത​വ​ത്തിൽ ഉല്ലാസ​ത്തി​ന്റെ ഒരു ഉറവാ​യി​രി​ക്കാൻ കഴിയും. വീഞ്ഞിന്‌ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്ന​തിന്‌, അല്ലെങ്കിൽ ഭക്ഷണത്തി​ന്റെ രുചി മെച്ച​പ്പെ​ടു​ത്തു​ന്ന​തിന്‌ കഴിയു​മെന്ന്‌ ബൈബിൾ സമ്മതിച്ചു പറയുന്നു. (സഭാ​പ്ര​സം​ഗി 9:7) എന്നിരു​ന്നാ​ലും ദുരു​പ​യോ​ഗ​പ്പെ​ടു​ത്ത​പ്പെ​ടു​മ്പോൾ മദ്യം മാതാ​പി​താ​ക്ക​ളും അദ്ധ്യാ​പ​ക​രും പോലീ​സ്സു​മാ​യു​ളള ഏററു​മു​ട്ടൽ മുതൽ അകാല മരണം വരെയു​ളള ഗൗരവ​ത​ര​മായ പ്രശ്‌നങ്ങൾ സൃഷ്‌ടി​ക്കു​ന്നു. ബൈബിൾ പറയു​ന്ന​പ്ര​കാ​രം: “വീഞ്ഞു പരിഹാ​സി​യും മദ്യം കലഹക്കാ​ര​നും ആകുന്നു, അതിനാൽ വഴി​തെ​റ​റി​ക്ക​പ്പെ​ടു​ന്ന​വ​രാ​രും ജ്ഞാനി​ക​ളാ​യി​രി​ക്കു​ന്നില്ല.” (സദൃശ​വാ​ക്യ​ങ്ങൾ 20:1) അതു​കൊണ്ട്‌ മദ്യപാ​നം സംബന്ധിച്ച്‌ നിങ്ങൾ ഉത്തരവാ​ദി​ത്വ​പൂർണ്ണ​മായ ഒരു തീരു​മാ​നം ചെയ്യു​ന്നത്‌ പ്രധാ​ന​മാണ്‌.

എന്നാൽ യഥാർത്ഥ​ത്തിൽ മദ്യ​ത്തെ​യും അതിന്റെ ഫലങ്ങ​ളെ​യും കുറിച്ച്‌ നിങ്ങൾക്ക്‌ എത്ര​ത്തോ​ളം അറിയാം? താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന പരി​ശോ​ധന അതു കണ്ടുപി​ടി​ക്കാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കും. ശരിയോ തെറേറാ എന്നു മാത്രം അടയാ​ള​പ്പെ​ടു​ത്തുക.

1. ലഹരി​പാ​നീ​യങ്ങൾ മുഖ്യ​മാ​യും നമ്മെ ഉത്തേജി​പ്പി​ക്കാൻ ഉതകുന്നു ____

2. മദ്യം ഏതളവി​ലാ​യാ​ലും മനുഷ്യ ശരീര​ത്തിന്‌ ഉപദ്ര​വ​ക​ര​മാണ്‌. ____

3. എല്ലാ ലഹരി​പാ​നീ​യ​ങ്ങ​ളും—മദ്യം, വീഞ്ഞ്‌, ബീയർ—ഒരേ വേഗത്തിൽ നിങ്ങളു​ടെ രക്തത്തി​ലേക്ക്‌ ആഗിരണം ചെയ്യ​പ്പെ​ടു​ന്നു. ․․․․․․․․․․․․․․․․․․․ ____

4. ഒരു വ്യക്തി കടും കാപ്പി കുടി​ക്കു​ക​യോ തണുത്ത വെളള​ത്തിൽ കുളി​ക്കു​ക​യോ ചെയ്യു​ന്നു​വെ​ങ്കിൽ അയാൾക്ക്‌ കൂടുതൽ വേഗത്തിൽ ലഹരി​വി​മു​ക്ത​നാ​കാൻ കഴിയും. ․․․․․․․․․․․․․․․․․․․ ____

5. കുടി​ക്കുന്ന എല്ലാവ​രു​ടെ​യും മേൽ ഒരേ അളവി​ലു​ളള മദ്യത്തിന്‌ ഒരേ ഫലമാ​ണു​ള​ളത്‌. ․․․․․․․․․․․․․․․․․․․ ____

6. കുടിച്ചു മത്തരാ​കു​ന്ന​തും മദ്യാ​സ​ക്തി​യും ഒന്നുത​ന്നെ​യാണ്‌. ․․․․․․․․․․․․․․․․․․․ ____

7. മദ്യവും (ബാർബി​റ​റ്യു​റേ​യ്‌റ​റ്‌സ്‌ പോലു​ളള) മയക്കു​മ​രു​ന്നു​ക​ളും ഒരുമി​ച്ചു​പ​യോ​ഗി​ക്കു​മ്പോൾ അവയു​ടെ​ഫലം വളരെ വർദ്ധി​ക്കു​ന്നു. ․․․․․․․․․․․․․․․․․․․ ____

8. പലതര​ത്തി​ലു​ളള ലഹരി​പാ​നീ​യങ്ങൾ മാറി​മാ​റി ഉപയോ​ഗി​ക്കു​ന്ന​താ​യാൽ ഒരുവന്‌ മത്തുപി​ടി​ക്കു​ക​യില്ല. ․․․․․․․․․․․․․․․․․․․ ____

9. ഭക്ഷണം പോ​ലെ​തന്നെ ശരീരം മദ്യ​ത്തെ​യും ദഹിപ്പി​ക്കു​ന്നു. ․․․․․․․․․․․․․․․․․․․ ____

ഇപ്പോൾ നിങ്ങളു​ടെ ഉത്തരങ്ങൾ 270-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന ഉത്തരങ്ങ​ളു​മാ​യി ഒത്തു നോക്കുക. മദ്യം സംബന്ധിച്ച നിങ്ങളു​ടെ ചില വീക്ഷണങ്ങൾ തെററാ​ണെന്ന്‌ തെളി​ഞ്ഞോ? അങ്ങനെ​യെ​ങ്കിൽ മദ്യത്തെ സംബന്ധിച്ച അജ്ഞത മാരക​മാ​യി​രി​ക്കാം എന്ന്‌ തിരി​ച്ച​റി​യുക. അനുചി​ത​മാ​യി ഉപയോ​ഗി​ക്ക​പ്പെ​ട്ടാൽ മദ്യം “സർപ്പ​ത്തെ​പ്പോ​ലെ കടിക്കു​മെ​ന്നും അണലി​യെ​പ്പോ​ലെ വിഷം സ്രവി​പ്പി​ക്കു​മെ​ന്നും” ബൈബിൾ മുന്നറി​യിപ്പ്‌ നൽകുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 23:32.

ഉദാഹ​ര​ണ​ത്തിന്‌, ജോൺ ഒരു കൗമാ​ര​പ്രാ​യ​ക്കാ​രി​യെ വിവാഹം കഴിച്ചു. ഒരു രാത്രി തന്റെ യുവഭാ​ര്യ​യു​മാ​യി വഴക്കടി​ച്ച​ശേഷം കുടിച്ചു മത്തനാ​കാൻ തന്നെ തീരു​മാ​നിച്ച്‌ അയാൾ വീടു വിട്ടി​റ​ങ്ങി​പ്പോ​യി. ഒരു പൈൻറ്‌ വോഡ്‌ക മുഴുവൻ അകത്താ​ക്കി​യ​പ്പോൾ അയാൾ ബോധം​കെട്ടു വീണു. ഡോക്ടർമാ​രു​ടെ​യും നേഴ്‌സു​മാ​രു​ടെ​യും ശ്രമഫ​ല​മാ​യി​ട്ട​ല്ലാ​യി​രു​ന്നെ​ങ്കിൽ അയാൾ മരിച്ചു പോകു​മാ​യി​രു​ന്നു. പ്രത്യ​ക്ഷ​ത്തിൽ പെട്ടെന്നു വളരെ​യ​ധി​കം മദ്യം അകത്താ​ക്കു​ന്നത്‌ മാരകം​പോ​ലു​മാ​യി​രി​ക്കാ​മെന്ന്‌ അയാൾക്ക്‌ അറിഞ്ഞു​കൂ​ടാ​യി​രു​ന്നു. അജ്ഞതയ്‌ക്ക്‌ അയാൾ ജീവൻ വില നൽകേണ്ടി വരുമാ​യി​രു​ന്നു.

തിരി​ച്ച​ടി​ക്കുന്ന ഫലം

ഇതാണ്‌ മദ്യത്തി​ന്റെ ഏററം വഞ്ചകമായ ഫലങ്ങളി​ലൊന്ന്‌. മദ്യം ഉത്തേജി​പ്പി​ക്കു​കയല്ല മയക്കം വരുത്തു​ക​യാണ്‌ ചെയ്യു​ന്നത്‌. കുടി​ച്ചു​ക​ഴി​യു​മ്പോൾ തോന്നുന്ന ഉത്സാഹം മദ്യം നിങ്ങളു​ടെ ഉൽക്കണ്‌ഠ കുറയ്‌ക്കു​ന്ന​തി​നാൽ അല്ലെങ്കിൽ താഴ്‌ത്തു​ന്ന​തി​നാ​ലാണ്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. കുടി​ക്കു​ന്ന​തിന്‌ മുമ്പ​ത്തേ​ക്കാൾ കുറഞ്ഞ ഉൽക്കണ്‌ഠ​യും ആയാസ​വു​മാണ്‌ നിങ്ങൾക്ക്‌ അനുഭ​വ​പ്പെ​ടു​ന്നത്‌. അങ്ങനെ മിതമായ അളവിൽ ഉപയോ​ഗി​ക്ക​പ്പെ​ടു​മ്പോൾ മദ്യത്തിന്‌ ഒരളവു​വരെ തന്റെ ‘ബുദ്ധി​മു​ട്ടു​കൾ മറക്കാൻ’ ഒരുവനെ സഹായി​ക്കു​ന്ന​തിന്‌ കഴിയും. (സദൃശ​വാ​ക്യ​ങ്ങൾ 31:6, 7) ഉദാഹ​ര​ണ​ത്തിന്‌, പോൾ എന്നു പേരായ ഒരു യുവാവ്‌ തന്റെ കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളിൽ നിന്ന്‌ രക്ഷപെ​ടു​ന്ന​തി​നു​വേണ്ടി മദ്യപി​ച്ചു. “എനിക്ക്‌ അനുഭ​വ​പ്പെ​ട്ടി​രുന്ന സമ്മർദ്ദ​ത്തിൽനിന്ന്‌ ആശ്വാസം കിട്ടു​ന്ന​തി​നു​ളള ഒരു വഴി മദ്യപാ​ന​മാ​ണെന്ന്‌ ഞാൻ വളരെ ചെറു​പ്പ​ത്തിൽതന്നെ മനസ്സി​ലാ​ക്കി.” അയാൾ അനുസ്‌മ​രി​ക്കു​ന്നു. “അത്‌ എന്റെ മനസ്സിനെ ആയാസ​ര​ഹി​ത​മാ​ക്കി.”

അതു​കൊണ്ട്‌ ഉപദ്ര​വ​മൊ​ന്നു​മില്ല, അല്ലേ? തെററ്‌! മദ്യത്തിന്‌ തിരി​ച്ച​ടി​ക്കുന്ന ഒരു ഫലമുണ്ട്‌. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞ്‌ മദ്യത്തി​ന്റെ മയക്കുന്ന ഫലം അവസാ​നി​ക്കു​മ്പോൾ നിങ്ങളു​ടെ ഉൽക്കണ്‌ഠ മടങ്ങി​വ​രു​ന്നു—എന്നാൽ നേര​ത്തെ​യു​ണ്ടാ​യി​രുന്ന സാധാരണ നിലയി​ലേ​യ്‌ക്കല്ല. കുടി​ക്കു​ന്ന​തിന്‌ മുമ്പ​ത്തേ​ക്കാൾ കൂടിയ ഒരു നിലയി​ലേക്ക്‌ അത്‌ ഉയരുന്നു! നിങ്ങൾക്ക്‌ മുമ്പ്‌ എന്നത്തേ​ക്കാ​ളും അധികം ഉൽക്കണ്‌ഠ​യും പിരി​മു​റു​ക്ക​വും അനുഭ​വ​പ്പെ​ടു​ന്നു. മദ്യത്തി​ന്റെ ഈ ഫലം 12 മണിക്കൂ​റു​കൾ വരെ നീണ്ടു നിന്നേ​ക്കാം. കുറച്ചു​കൂ​ടെ കുടി​ക്കു​ക​യാ​ണെ​ങ്കിൽ ഉൽക്കണ്‌ഠ​യു​ടെ തോത്‌ വീണ്ടും താഴും എന്നത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ രണ്ടു മണിക്കൂർ കഴിയു​മ്പോൾ വീണ്ടും അത്‌ ഉയരും. അപ്പോൾ അതു മുമ്പ​ത്തേ​ക്കാൾ കൂടു​ത​ലാ​യി​രി​ക്കും! കൃത്രി​മ​മായ ഉല്ലാസ​വേ​ള​ക​ളും കൂടുതൽ കൂടുതൽ ആഴമേ​റിയ നിരാ​ശ​യു​ടെ പടുകു​ഴി​ക​ളു​മാ​യി ആ വിഷമ​വൃ​ത്തം മുമ്പോട്ട്‌ നീങ്ങുന്നു.

അതു​കൊണ്ട്‌ യഥാർത്ഥ​ത്തിൽ നിങ്ങളു​ടെ ഉൽക്കണ്‌ഠ കുറയ്‌ക്കുക എന്നതല്ല മദ്യത്തി​ന്റെ അന്തിമ​ഫലം. അതു ഉൺക്കണ്‌ഠ വർദ്ധി​പ്പി​ക്കു​ക​യും ചെയ്‌തേ​ക്കാം. മദ്യത്തി​ന്റെ കെട്ട്‌ വിട്ടു കഴിയു​മ്പോൾ പ്രശ്‌നങ്ങൾ അപ്പോ​ഴും അവിടെ ഉണ്ടായി​രി​ക്കും.

വൈകാ​രി​ക​മാ​യി മുരടിച്ച അവസ്ഥ

കാര്യ​ക്ഷ​മ​മാ​യി പ്രവർത്തി​ക്കാൻ മദ്യം തങ്ങളെ സഹായി​ക്കു​ന്നു എന്ന്‌ മററു ചിലർ അവകാ​ശ​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ ഡെന്നീസ്‌ വളരെ ലജ്ജാശീ​ല​മു​ള​ള​വ​നാ​യി​രു​ന്ന​തി​നാൽ ഒരു സാധാരണ സംഭാ​ഷ​ണ​ത്തി​ലേർപ്പെ​ടു​ന്ന​തു​പോ​ലും അവന്‌ പ്രയാ​സ​മാ​യി​രു​ന്നു. എന്നാൽ പിന്നീട്‌ അവൻ ഒരു കണ്ടുപി​ടു​ത്തം നടത്തി. “അല്‌പം മദ്യം അകത്തു ചെന്നാൽ എന്റെ നാവിന്റെ കെട്ടഴി​യു​ന്നു,” അയാൾ പറഞ്ഞു.

ഡെന്നീസ്‌ ചെയ്‌ത​തു​പോ​ലെ പ്രയാ​സ​ക​ര​മായ സാഹച​ര്യ​ങ്ങ​ളിൽ നിന്ന്‌ ഒളി​ച്ചോ​ടു​ന്ന​തി​നാ​ലല്ല അവയെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നാ​ലാണ്‌ ഒരുവൻ പക്വത പ്രാപി​ക്കു​ന്നത്‌ എന്നതാണ്‌ പ്രശ്‌നം. ഒരു യുവാ​വെന്ന നിലയിൽ നിങ്ങൾ അഭിമു​ഖീ​ക​രി​ക്കുന്ന പ്രശ്‌ന​ങ്ങളെ നേരി​ടാൻ പഠിക്കു​ന്നത്‌ പ്രായ​പൂർത്തി​യാ​യി​ക്ക​ഴി​യു​മ്പോൾ ഉണ്ടാകാ​വുന്ന പരി​ശോ​ധ​ന​കളെ നേരി​ടു​ന്ന​തി​നു​ളള ഒരു തയ്യാ​റെ​ടു​പ്പാണ്‌. മദ്യത്തി​ന്റെ താല്‌ക്കാ​ലിക ഫലം തന്റെ ലജ്ജാശീ​ലത്തെ ഒടുവിൽ കീഴട​ക്കു​ന്ന​തിന്‌ സഹായി​ച്ചില്ല എന്ന്‌ ഡെന്നീസ്‌ കണ്ടെത്തി. “മദ്യത്തി​ന്റെ മത്ത്‌ വിട്ട​പ്പോൾ ഞാൻ എന്റെ പുറ​ന്തോ​ടി​നു​ള​ളി​ലേക്ക്‌ വലിഞ്ഞു,” എന്ന്‌ അയാൾ റിപ്പോർട്ടു ചെയ്യുന്നു. വർഷങ്ങൾക്കു​ശേഷം, ഇപ്പോ​ഴോ? ഡെന്നീസ്‌ തുടരു​ന്നു: “എന്റെ സ്വന്തനി​ല​യിൽ നിന്നു​കൊണ്ട്‌ ആളുക​ളോട്‌ ആശയവി​നി​യമം ചെയ്യാൻ ഞാൻ യഥാർത്ഥ​ത്തിൽ ഒരിക്ക​ലും പഠിച്ചില്ല. ഈ വിധത്തിൽ എന്റെ വളർച്ച മുരടി​ച്ചു​പോ​യി എന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നു.”

സമ്മർദ്ദ​ങ്ങ​ളെ നേരി​ടാൻ മദ്യത്തെ ഒരു ഊന്നു​വ​ടി​യാ​യി ഉപയോ​ഗി​ക്കു​ന്ന​തി​നെ സംബന്ധി​ച്ചും ഇതു സത്യമാണ്‌. കൗമാ​ര​പ്രാ​യ​ത്തിൽ അങ്ങനെ ചെയ്‌ത ജോവാൻ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “ഈ അടുത്ത​യിട സമ്മർദ്ദ​ത്തിൻ കീഴി​ലാ​യി​രു​ന്ന​പ്പോൾ ഞാൻ ചിന്തിച്ചു: ‘ഇപ്പോൾ അല്‌പം മദ്യം ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കിൽ നന്നായി​രു​ന്നു.’ അല്‌പം മദ്യം സേവി​ച്ചാൽ കാര്യങ്ങൾ നന്നായി കൈകാ​ര്യം ചെയ്യാൻ കഴിയു​മെന്ന്‌ നിങ്ങൾ വിചാ​രി​ക്കു​ന്നു.” എന്നാൽ അങ്ങനെയല്ല!

ന്യൂ​യോർക്ക്‌ സ്‌റേ​റ​ററ്‌ ജേർണൽ ഓഫ്‌ മെഡി​സി​നിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു ലേഖനം പറയുന്നു: “പഠന​ത്തോട്‌ ബന്ധപ്പെ​ട്ട​തോ സാമൂ​ഹി​ക​മോ വ്യക്തി​ബ​ന്ധ​ങ്ങ​ളി​ലേ​തോ ആയ പ്രയാസ സാഹച​ര്യ​ങ്ങളെ നേരി​ടു​ന്ന​തി​നു​ളള മാർഗ്ഗം [മദ്യം ഉൾപ്പെ​ടെ​യു​ളള] മയക്കു​മ​രു​ന്നു​കൾ ആയിത്തീ​രു​മ്പോൾ പ്രശ്‌ന​ങ്ങളെ നേരി​ടാ​നു​ളള ആരോ​ഗ്യാ​വ​ഹ​ങ്ങ​ളായ പ്രാപ്‌തി​കൾ നേടു​ന്ന​തി​ന്റെ ആവശ്യം ഇല്ലാതാ​കു​ന്നു. മുതിർന്ന​വ​രാ​യ​ശേഷം അടുത്ത വ്യക്തി​ബ​ന്ധങ്ങൾ സ്ഥാപി​ക്കു​ന്നത്‌ മിക്ക​പ്പോ​ഴും പ്രയാ​സ​ക​ര​മാ​യി​ത്തീ​രു​ക​യും വ്യക്തി വൈകാ​രി​ക​മാ​യി ഒററപ്പെട്ട നിലയി​ലാ​യി​ത്തീ​രു​ക​യും ചെയ്യു​ന്ന​തു​വരെ അതിന്റെ ഫലങ്ങൾ തിരി​ച്ച​റി​യ​പ്പെ​ടാ​തെ പോ​യേ​ക്കാം.” പ്രശ്‌ന​ങ്ങ​ളെ​യും പ്രയാസ സാഹച​ര്യ​ങ്ങ​ളെ​യും നേരെ അഭിമു​ഖീ​ക​രി​ക്കു​ന്ന​താണ്‌ അതി​നേ​ക്കാൾ ഏറെ നല്ലത്‌!

“അവൻ അത്‌ സ്വീക​രി​ച്ചില്ല”

യേശു​ക്രി​സ്‌തു​വി​ന്റെ ദൃഷ്ടാന്തം പരിഗ​ണി​ക്കുക. തന്റെ ഭൗമിക ജീവി​ത​ത്തി​ന്റെ അവസാ​നത്തെ രാത്രി​യിൽ കഠിന സമ്മർദ്ദ​ത്തി​ന്റെ​തായ ഒരു അഗ്നിപ​രീ​ക്ഷയെ യേശു അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വന്നു. ഒററി​ക്കൊ​ടു​ക്ക​പ്പെ​ടു​ക​യും പിടി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത​ശേഷം വ്യാജ​മായ ആരോ​പ​ണങ്ങൾ അവനെ​തി​രെ കൊണ്ടു​വ​ന്നു​കൊ​ണ്ടു​ളള ചോദ്യം ചെയ്യലു​കളെ അവൻ നേരി​ടേണ്ടി വന്നു. അവസാനം, രാത്രി മുഴുവൻ ഉറക്കമി​ല്ലാ​തെ കഴിച്ച​ശേഷം തൂക്കി​കൊ​ല്ല​പ്പെ​ടാ​നാ​യി അവൻ ഏല്‌പി​ക്ക​പ്പെട്ടു.—മർക്കോസ്‌ 14:43-15:15; ലൂക്കോസ്‌ 22:47-23:25.

അതിനു​ശേ​ഷം യേശു​വിന്‌ അവന്റെ ഇന്ദ്രി​യ​ങ്ങളെ മന്ദീഭ​വി​പ്പി​ക്കുന്ന, ആ പ്രയാസ സാഹച​ര്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ എളുപ്പ​മാ​ക്കാൻ തക്കവണ്ണം, അവന്‌ മയക്കം വരുത്തുന്ന, ഒരു പാനീയം അവർ വച്ചു നീട്ടി. ബൈബിൾ ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “അവർ അവന്‌ മീറാ കൊണ്ടു മയക്കു​മ​രു​ന്നാ​ക്കിയ വീഞ്ഞ്‌ കുടി​ക്കാൻ കൊടു​ത്തു, എന്നാൽ അവൻ അതു സ്വീക​രി​ച്ചില്ല.” (മർക്കോസ്‌ 15:22, 23) തന്റെ മാനസിക പ്രാപ്‌തി​ക​ളെ​ല്ലാം നിലനിർത്താൻ യേശു ആഗ്രഹി​ച്ചു. ആ പ്രയാസ സാഹച​ര്യ​ത്തെ നേരിട്ട്‌ അഭിമു​ഖീ​ക​രി​ക്കാൻ തന്നെയാ​യി​രു​ന്നു അവന്റെ താല്‌പ​ര്യം. അവൻ ഒളി​ച്ചോ​ടുന്ന പ്രകൃ​ത​ക്കാ​ര​നാ​യി​രു​ന്നില്ല! എന്നാൽ പിന്നീട്‌ തന്റെ ദാഹം ശമിപ്പി​ക്കാൻ മയക്കു​മ​രു​ന്നു ചേർക്കാത്ത അല്‌പം വീഞ്ഞ്‌ നൽക​പ്പെ​ട്ട​പ്പോൾ യേശു അതു സ്വീക​രി​ച്ചു.—യോഹ​ന്നാൻ 19:28-30.

യേശു​വി​ന്റേ​തി​നോ​ടു​ളള താരത​മ്യ​ത്തിൽ നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളും പ്രയാ​സ​ങ്ങ​ളും സമ്മർദ്ദ​ങ്ങ​ളു​മൊ​ക്കെ വെറും നിസ്സാ​ര​മാണ്‌. എന്നിരു​ന്നാ​ലും നിങ്ങൾക്ക്‌ യേശു​വി​ന്റെ അനുഭ​വ​ത്തിൽനിന്ന്‌ വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിയും. പ്രശ്‌ന​ങ്ങ​ളെ​യും സമ്മർദ്ദ​ങ്ങ​ളെ​യും അസുഖ​ക​ര​മായ സാഹച​ര്യ​ങ്ങ​ളെ​യും നേരി​ടാൻ (മദ്യം പോലെ) മനസ്സിനെ മന്ദീഭ​വി​പ്പി​ക്കുന്ന വസ്‌തു​ക്കൾ ഉപയോ​ഗി​ക്കു​ന്ന​തിന്‌ പകരം അവയെ നേരിട്ട്‌ അഭിമു​ഖീ​ക​രി​ക്കു​ന്ന​താണ്‌ ഏറെ നല്ലത്‌. ജീവി​ത​പ്ര​ശ്‌ന​ങ്ങളെ നേരി​ടു​ന്ന​തിൽ കൂടുതൽ അനുഭവം ലഭിക്കു​ന്ന​തി​ന​നു​സ​രിച്ച്‌ അവയെ പരിഹ​രി​ക്കു​ന്ന​തിന്‌ നിങ്ങൾ കൂടുതൽ പ്രാപ്‌ത​രാ​യി​ത്തീ​രും. കൂടുതൽ ആരോ​ഗ്യ​ക​ര​മായ വൈകാ​രിക ഘടന ഉണ്ടായി​രി​ക്കുന്ന രീതി​യിൽ നിങ്ങൾ വളർന്നു വരിക​യും ചെയ്യും.

നിങ്ങൾക്ക്‌ പ്രായ​പൂർത്തി​യാ​കു​മ്പോൾ നിങ്ങൾ വല്ലപ്പോ​ഴു​മൊ​ക്കെ—മിതമായ അളവിൽ—മദ്യം ഉപയോ​ഗി​ക്ക​ണ​മോ വേണ്ടയോ എന്നത്‌ നിങ്ങൾ (ഒരുപക്ഷേ നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും​കൂ​ടെ) എടുക്കേണ്ട തീരു​മാ​ന​മാണ്‌. അത്‌ കാര്യ ജ്ഞാനമു​ളള, ബുദ്ധി​പൂർവ്വ​ക​മായ, ഒരു തീരു​മാ​ന​മാ​യി​രി​ക്കട്ടെ. മദ്യം ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്നു​വെ​ങ്കിൽ അതു സംബന്ധിച്ച്‌ നിങ്ങൾ ആരോ​ടും ക്ഷമാപണം നടത്തേ​ണ്ട​തില്ല. നിങ്ങൾ പ്രായ​പൂർത്തി​യി​ലെ​ത്തിയ ആൾ ആയിരി​ക്കു​ക​യും മദ്യം ഉപയോ​ഗി​ക്കാൻ തീരു​മാ​നി​ക്ക​യു​മാ​ണെ​ങ്കിൽ ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ അങ്ങനെ ചെയ്യുക. രക്ഷപെ​ടാ​നോ കൃത്രി​മ​മായ ധൈര്യം സംഭരി​ക്കാ​നോ വേണ്ടി ഒരിക്ക​ലും കുടി​ക്ക​രുത്‌. ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം ലളിത​വും വളച്ചു​കെ​ട്ടി​ല്ലാ​ത്ത​തു​മാണ്‌: “അധികം കുടി​ക്കു​ന്നത്‌ നിങ്ങളെ ബഹളക്കാ​ര​നും മൂഢനു​മാ​ക്കു​ന്നു. കുടിച്ചു മത്തരാ​കു​ന്നത്‌ വിഡ്‌ഢി​ത്ത​മാണ്‌.”—സദൃശ​വാ​ക്യ​ങ്ങൾ 20:1, ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ അനേകം യുവജ​നങ്ങൾ ലഹരി​പാ​നീ​യങ്ങൾ കഴിക്കു​ന്ന​തിൽ ഉൾപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◻ മദ്യത്തെ സംബന്ധിച്ച ചില സാധാരണ തെററി​ദ്ധാ​ര​ണകൾ എന്തൊ​ക്കെ​യാണ്‌?

◻ ഡ്രൈ​വിം​ഗും കുടി​യും കൂട്ടി​ക്ക​ലർത്തു​ന്ന​തി​ലെ അപകടങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ രക്ഷപ്രാ​പി​ക്കു​ന്ന​തി​നു​വേണ്ടി മദ്യം ഉപയോ​ഗി​ക്കു​ന്ന​തി​ലെ അപകടങ്ങൾ എന്തൊ​ക്കെ​യാണ്‌?

◻ പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ഒരു യുവാവ്‌ എന്തു ചെയ്യണം, എന്തു​കൊണ്ട്‌?

[268-ാം പേജിലെ ആകർഷ​ക​വാ​ക്യം]

മദ്യപാനത്തിന്‌ ഒരു ചെറു​പ്പ​ക്കാ​രനെ കൃത്രി​മ​മായ ഉത്തേജി​താ​വ​സ്ഥ​ക​ളു​ടെ​യും കൂടുതൽ കൂടുതൽ ആഴത്തി​ലു​ളള നിരാ​ശ​യു​ടെ പടുകു​ഴി​ക​ളു​ടെ​യും ദുഷ്‌ട​മായ ഒരു വിഷമ വൃത്തത്തിൽ കുരു​ക്കാൻ കഴിയും

[271-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“എന്റെ സ്വന്തം നിലയിൽ ആളുക​ളോട്‌ ആശയവി​നി​യമം ചെയ്യാൻ ഞാൻ വാസ്‌ത​വ​ത്തിൽ ഒരിക്ക​ലും പഠിച്ചില്ല. അത്തരത്തിൽ എന്റെ വളർച്ച മുരടി​ച്ചു​പോ​യി എന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നു.”—കൗമാ​ര​പ്രാ​യ​ത്തിൽ മദ്യം ദുരു​പ​യോ​ഗിച്ച ഒരു ചെറു​പ്പ​ക്കാ​രൻ

[264-ാം പേജിലെ ചതുരം]

‘ഞങ്ങൾ മദ്യപാ​നം തുടങ്ങി​യ​തി​ന്റെ കാരണം’

കൗമാരപ്രായക്കാരായ ചില മുൻ മദ്യപാ​നി​ക​ളു​മാ​യു​ളള അഭിമു​ഖ​സം​ഭാ​ഷണം

സംഭാഷണം നടത്തിയ ആൾ: നിങ്ങൾ എന്തു​കൊ​ണ്ടാണ്‌ മദ്യപി​ച്ചത്‌?

ബിൽ: എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ആദ്യ​മൊ​ക്കെ അത്‌ ഞാൻ ഉൾപ്പെ​ട്ടി​രുന്ന കൂട്ടം നിമി​ത്ത​മാ​യി​രു​ന്നു. അന്ന്‌ അത്‌ ഒരു ഫാഷനാ​യി​രു​ന്നു, വിശേ​ഷിച്ച്‌ വാരാ​ന്ത്യ​ങ്ങ​ളിൽ.

ഡെന്നീസ്‌: ഞാൻ ഏതാണ്ട്‌ 14-ാമത്തെ വയസ്സിൽ മദ്യപി​ക്കാൻ തുടങ്ങി. എന്റെ പിതാവ്‌ ഒരു നല്ല മദ്യപാ​നി​യാ​യി​രു​ന്നു. വീട്ടിൽ എപ്പോ​ഴും കോക്ക്‌ടെ​യിൽ പാർട്ടി​കൾ നടത്തു​മാ​യി​രു​ന്നു. കൊച്ചു​കു​ട്ടി​യാ​യി​രി​ക്കെ​തന്നെ മദ്യപാ​നം സമൂഹ​ത്തിൽ അംഗീ​കാ​ര​മു​ളള ഒരു സംഗതി​യാ​യി ഞാൻ കണ്ടു. അല്‌പം കൂടെ പ്രായ​മാ​യ​പ്പോൾ ഞാൻ യഥേഷ്ടം മദ്യം ഉപയോ​ഗി​ച്ചി​രുന്ന ഒരു കൂട്ടത്തി​ലാ​യി. മററു കുട്ടി​ക​ളാൽ അംഗീ​ക​രി​ക്ക​പ്പെ​ടാൻ വേണ്ടി ഞാൻ മദ്യപി​ക്കു​മാ​യി​രു​ന്നു.

മാർക്ക്‌: ഞാൻ സ്‌പോർട്ട്‌സിൽ ഉൾപ്പെ​ട്ടി​രു​ന്നു. ഏതാണ്ട്‌ 15 വയസ്സു​ള​ള​പ്പോൾ ബാസ്‌ക്ക​ററ്‌ ബോൾ ടീമിലെ കൂട്ടു​കാ​രോ​ടൊ​പ്പം ഞാൻ കുടി​തു​ടങ്ങി എന്ന്‌ ഞാൻ ഊഹി​ക്കു​ന്നു. അതു മുഖ്യ​മാ​യും ജിജ്ഞാ​സ​മൂ​ല​മാ​യി​രു​ന്നു എന്ന്‌ ഞാൻ വിചാ​രി​ക്കു​ന്നു.

ജോവാൻ: ററി. വിയിൽ കണ്ട കാര്യ​ങ്ങ​ളാൽ ഞാൻ വളരെ​യ​ധി​കം സ്വാധീ​നി​ക്ക​പ്പെട്ടു. അതിലെ കഥാപാ​ത്രങ്ങൾ മദ്യപി​ക്കു​ന്നത്‌ ഞാൻ കണ്ടു. അതു ഗംഭീ​ര​മാ​യി തോന്നി.

പോൾ: എന്റെ പിതാവ്‌ ഒരു മദ്യാ​സ​ക്ത​നാണ്‌. ഞങ്ങൾക്ക്‌ വളരെ​യേറെ പ്രശ്‌നങ്ങൾ ഉണ്ടായി​രു​ന്നത്‌ മദ്യാ​സക്തി മൂലമാ​യി​രു​ന്നു എന്ന്‌ ഇപ്പോൾ എനിക്ക്‌ കാണാൻ കഴിയു​ന്നു. ഞാൻ അതിൽ നിന്ന്‌ രക്ഷപെ​ടാൻ ശ്രമി​ക്കു​ക​യാ​യി​രു​ന്നു. വിരോ​ധാ​ഭാ​സം എന്ന്‌ പറയട്ടെ ഞാൻ മദ്യപാ​ന​ത്തി​ലേക്ക്‌ തിരി​ഞ്ഞ​തി​ന്റെ കാരണ​ങ്ങ​ളി​ലൊന്ന്‌ അതായി​രു​ന്നു.

ജോവാൻ: എന്റെ മാതാ​പി​താ​ക്കൾ സാധാ​ര​ണ​യാ​യി അധികം മദ്യപി​ച്ചി​രു​ന്നില്ല. എന്നാൽ എന്റെ ഡാഡി​യെ​പ്പ​ററി ഒരു കാര്യം ഞാൻ ഓർമ്മി​ക്കു​ന്നു, സാമൂ​ഹ്യ​കൂ​ടി​വ​ര​വു​ക​ളിൽ തനിക്ക്‌ എത്ര​ത്തോ​ളം മദ്യം അകത്താ​ക്കാൻ കഴിയും എന്നതു സംബന്ധിച്ച്‌ എന്റെ ഡാഡി വീമ്പി​ള​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഈ സംഗതി​യിൽ ഞാൻ അതുല്യ​മാ​ണെന്ന്‌ ചിന്തിച്ച്‌ ഞാനും ഏതാണ്ട്‌ അതേ മനോ​ഭാ​വം വികസി​പ്പി​ച്ചെ​ടു​ത്തു. ഒരിക്കൽ ഞാനും എന്റെ സുഹൃ​ത്തു​ക്ക​ളും കൂടെ മദ്യത്തിൽ ഒന്നു മുങ്ങാൻ തീരു​മാ​നി​ച്ചു. പല മണിക്കൂ​റു​കൾ തുടർച്ച​യാ​യി ഞങ്ങൾ മദ്യപി​ച്ചു. അതു മററു​ള​ള​വരെ ബാധി​ച്ച​തു​പോ​ലെ എന്നെ അത്രയ​ധി​കം ബാധി​ച്ചില്ല. ‘ഞാൻ ഡാഡി​യെ​പ്പോ​ലെ​ത​ന്നെ​യാണ്‌’ എന്ന്‌ ഞാൻ ചിന്തി​ച്ചത്‌ ഞാൻ ഓർമ്മി​ക്കു​ന്നു. മദ്യം സംബന്ധിച്ച അദ്ദേഹ​ത്തി​ന്റെ മനോ​ഭാ​വം എന്നെ ബാധി​ക്കു​ക​തന്നെ ചെയ്‌തു എന്ന്‌ ഞാൻ കരുതു​ന്നു.

സംഭാഷണം നടത്തിയ ആൾ: എന്നാൽ അനേകർ മത്തുപി​ടി​ക്ക​ത്ത​ക്ക​വണ്ണം മദ്യപി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

മാർക്ക്‌: അതിനു​വേണ്ടി തന്നെയാണ്‌ ഞങ്ങൾ മദ്യപി​ച്ചത്‌—മത്തുപി​ടി​ക്കാൻ. എനിക്ക്‌ വാസ്‌ത​വ​ത്തിൽ അതിന്റെ രുചി ഇഷ്ടമി​ല്ലാ​യി​രു​ന്നു.

സംഭാഷണം നടത്തിയ ആൾ: ലഹരി ആസ്വദി​ക്കാൻവേ​ണ്ടി​യാ​ണോ നിങ്ങൾ മദ്യപി​ച്ചത്‌?

മാർക്ക്‌: അതെ.

ഹാരി: എനിക്കും അതുത​ന്നെ​യാണ്‌ പറയാ​നു​ള​ളത്‌. അത്‌ ഒരു ഗോവണി കയറു​ന്നതു പോ​ലെ​യാണ്‌. മദ്യപി​ക്കുന്ന ഓരോ തവണയും നിങ്ങൾ അല്‌പം​കൂ​ടെ ഉയരാൻ ശ്രമി​ക്കു​ന്നു—ഗോവ​ണി​യി​ലെ അടുത്ത​പടി.

[270-ാം പേജിലെ ചതുരം]

ശരിയോ തെറേറാ പരി​ശോ​ധ​ന​യു​ടെ ഉത്തരങ്ങൾ (പേജ്‌ 263)

1. തെററ്‌. മദ്യത്തിന്‌ മുഖ്യ​മാ​യും മന്ദീഭ​വി​പ്പി​ക്കുന്ന ഫലമാ​ണു​ള​ളത്‌. മദ്യപി​ക്കു​ന്ന​തി​നു മുമ്പ​ത്തേ​ക്കാൾ കുറഞ്ഞ ഉൽക്കണ്‌ഠ​യും ആയാസ​വും തോന്നാ​നി​ട​യാ​ക്കി​ക്കൊണ്ട്‌ നിങ്ങളു​ടെ ഉൽക്കണ്‌ഠ കുറയ്‌ക്കു​ക​യോ ശമിപ്പി​ക്കു​ക​യോ ചെയ്യു​ന്ന​തി​നാ​ലാണ്‌ നിങ്ങൾക്ക്‌ ഉൻമേഷം അനുഭ​വ​പ്പെ​ടു​ന്നത്‌.

2. തെററ്‌. മിതമായ രീതി​യി​ലോ ചെറിയ അളവി​ലോ മദ്യം കഴിക്കു​ന്നത്‌ ശരീര​ത്തിന്‌ ഗൗരവ​ത​ര​മായ ദൂഷ്യ​മൊ​ന്നും ചെയ്യു​ന്ന​താ​യി കാണ​പ്പെ​ടു​ന്നില്ല. എന്നിരു​ന്നാ​ലും വളരെ​യ​ധി​കം മദ്യം ദീർഘ​കാ​ലം ഉപയോ​ഗി​ക്കു​ന്നത്‌ ഹൃദയ​ത്തെ​യും തലച്ചോ​റി​നെ​യും കരളി​നെ​യും മററ്‌ അവയവ​ങ്ങ​ളെ​യും ദോഷ​ക​ര​മാ​യി ബാധി​ക്കു​ന്നു.

3. തെററ്‌. സാധാ​ര​ണ​യാ​യി വീഞ്ഞി​നേ​ക്കാ​ളും ബീയറി​നേ​ക്കാ​ളും വേഗത്തിൽ ആഗിരണം ചെയ്യ​പ്പെ​ടു​ന്നത്‌ ലഹരി​പാ​നീ​യങ്ങൾ അഥവാ സ്‌പി​രി​റ​റു​കൾ ആണ്‌.

4. തെററ്‌. കാപ്പി നിങ്ങളെ ഉണർത്തി​യേ​ക്കാം, തണുത്ത​വെ​ളളം നിങ്ങളെ നനച്ചേ​ക്കാം, എന്നാൽ മദ്യം നിങ്ങളു​ടെ രക്തത്തിൽ തന്നെ ഉണ്ടായി​രി​ക്കും. അതു മണിക്കൂ​റിൽ ഏതാണ്ട്‌ അര ഔൺസ്‌ എന്ന കണക്കിൽ നിങ്ങളു​ടെ കരൾ ശരീര​പോ​ഷ​ണ​ത്തി​നാ​യി ഉപയോ​ഗി​ച്ചു തീർക്കേ​ണ്ട​തുണ്ട്‌.

5. തെററ്‌. നിങ്ങളു​ടെ ശരീര​ത്തി​ന്റെ തൂക്കവും നിങ്ങൾ ഭക്ഷണം കഴിച്ചി​ട്ടു​ണ്ടോ ഇല്ലയോ എന്നതും പോലെ പല ഘടകങ്ങൾ മദ്യം നിങ്ങളെ എങ്ങനെ ബാധി​ക്കും എന്നതിനെ സ്വാധീ​നി​ക്കു​ന്നു.

6. തെററ്‌. മത്ത്‌ അധികം മദ്യം കഴിച്ച​തി​ന്റെ ഫലത്തെ​യാണ്‌ വർണ്ണി​ക്കു​ന്നത്‌. മദ്യപാ​നം സംബന്ധിച്ച്‌ നിയ​ന്ത്രണം ഇല്ലാതാ​കു​ന്നു എന്നതാണ്‌ മദ്യാ​സ​ക്തി​യു​ടെ സവി​ശേഷത. എന്നിരു​ന്നാ​ലും കുടിച്ചു മത്തരാ​കുന്ന എല്ലാവ​രും മദ്യാ​സ​ക്തി​യു​ള​ള​വരല്ല, മദ്യാ​സ​ക്തി​യു​ളള എല്ലാവ​രും കുടിച്ച്‌ മത്തരാ​കു​ന്ന​തു​മില്ല.

7. ശരി. മദ്യവു​മാ​യി കൂട്ടി​ക്ക​ലർത്തു​മ്പോൾ ചില മയക്കു​മ​രു​ന്നു​കൾ സാധാരണ മദ്യത്തിൽ നിന്നോ മയക്കു​മ​രു​ന്നിൽ നിന്നോ ഒററയ്‌ക്കു പ്രതീ​ക്ഷി​ക്കു​ന്ന​തി​നേ​ക്കാൾ കൂടുതൽ പ്രതി​ക​രണം ഉളവാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ മദ്യത്തിൽ ചില ശമന ഔഷധങ്ങൾ കലർത്തി​യാൽ അതിന്‌ കഠിന​മായ അസ്വാ​സ്ഥ്യ​ങ്ങൾക്കും ബോധ​ക്ത​യ​ത്തി​നും മരണത്തി​നും​പോ​ലും ഇടയാ​ക്കാൻ കഴിയും. അപ്രകാ​രം ഒരു ഗ്ലാസ്സ്‌ മദ്യവും ഒരു ഗുളി​ക​യും ചേർന്നാൽ നിങ്ങൾ വിചാ​രി​ക്കു​ന്ന​തി​ലേറെ ഫലം അതിനു​ണ്ടാ​യി​രി​ക്കും. തീർച്ച​യാ​യും ആ മയക്കു​മ​രു​ന്നി​ന്റെ ഫലം മൂന്നു മടങ്ങോ നാലു​മ​ട​ങ്ങോ പത്തുമ​ട​ങ്ങോ അല്ലെങ്കിൽ അതിൽ അധിക​മോ പോലു​മാ​യി വർദ്ധി​ക്കു​ന്നു!

8. തെററ്‌. മത്തുപി​ടി​ക്കു​ന്നത്‌ ജിന്നി​ലൂ​ടെ​യോ വിസ്‌ക്കി​യി​ലൂ​ടെ​യോ വോഡ്‌ക്ക​യി​ലൂ​ടെ​യോ മറെറ​ന്തി​ലെ​ങ്കി​ലൂ​ടെ​യു​മോ അകത്താ​ക്ക​പ്പെ​ടുന്ന മൊത്തം മദ്യത്തി​ന്റെ ഫലമാ​യി​ട്ടാണ്‌.

9. തെററ്‌. മററു ഭക്ഷണ സാധന​ങ്ങ​ളെ​പ്പോ​ലെ മദ്യം സാവകാ​ശം ദഹിപ്പി​ക്ക​പ്പെ​ടേ​ണ്ട​തില്ല. ഏതാണ്ട്‌ 20 ശതമാനം ഉടൻതന്നെ ആമാശയ ഭിത്തി​ക​ളി​ലൂ​ടെ നേരിട്ട്‌ രക്തത്തി​ലേക്ക്‌ വ്യാപി​ക്കു​ന്നു. ബാക്കി​ഭാ​ഗം ചെറു​കു​ട​ലി​ലേക്ക്‌ കടക്കു​ക​യും അവി​ടെ​നിന്ന്‌ രക്തത്തിൽ കലരു​ക​യും ചെയ്യുന്നു.

[266, 267 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ഡ്രൈവിംഗും മദ്യപാ​ന​വും—ഒരു മാരക സംയോ​ഗം

“പതിനാ​റി​നും ഇരുപ​ത്തി​നാ​ലി​നും ഇടയ്‌ക്കു പ്രായ​മു​ളള യുവജ​ന​ങ്ങൾക്കി​ട​യി​ലെ മരണത്തി​ന്റെ മുഖ്യ​കാ​രണം മത്തുപി​ടി​ച്ച​ശേ​ഷ​മു​ളള ഡ്രൈ​വിം​ഗാണ്‌” എന്ന്‌ യുവജ​ന​ങ്ങൾക്കു​വേ​ണ്ടി​യു​ളള മദ്യപാ​ന​വും ഡ്രൈ​വിം​ഗും സംബന്ധിച്ച ദേശീയ കോൺഫെ​റൻസി​ന്റെ റിപ്പോർട്ട്‌ പറയുന്നു. “വാസ്‌ത​വ​ത്തിൽ മററു ഡ്രൈ​വർമാ​രെ അപേക്ഷിച്ച്‌ മദ്യ​ത്തോട്‌ ബന്ധപ്പെട്ട ഒരു വാഹനാ​പ​ക​ട​ത്തിൽ ഉൾപ്പെ​ടാൻ ഒരു കൗമാ​ര​പ്രാ​യ​ക്കാ​രന്‌ നാലു​മ​ടങ്ങ്‌ സാദ്ധ്യ​ത​യാ​ണു​ള​ളത്‌.” (ജസ്‌ററ്‌ എലോംഗ്‌ ഫോർ ദി റൈഡ്‌) അത്തരം അനാവ​ശ്യ​മായ കൂട്ട​ക്കൊല ഭാഗി​ക​മാ​യി​ട്ടെ​ങ്കി​ലും, മദ്യപാ​ന​ത്തി​ന്റെ ഫലങ്ങളെ സംബന്ധിച്ച്‌ ഇപ്പോ​ഴും നിലനിൽക്കുന്ന ചില മിഥ്യാ​ധാ​ര​ണകൾ നിമി​ത്ത​മാണ്‌. ഇതാ ഏതാനും ചില ദൃഷ്ടാ​ന്തങ്ങൾ:

മിഥ്യ: ഒന്നുരണ്ടു ഗ്ലാസ്സ്‌ ബീയർ മാത്രമേ കഴിച്ചി​ട്ടു​ള​ളു​വെ​ങ്കിൽ വാഹനം ഓടി​ക്കു​ന്ന​തിൽ അപകട​മൊ​ന്നു​മില്ല.

വസ്‌തുത: “പന്ത്രണ്ട്‌ ഔൺസ്‌ വീതം കൊള​ളുന്ന രണ്ട്‌ ഗ്ലാസ്സ്‌ ബീയറി​ല​ട​ങ്ങി​യി​രി​ക്കുന്ന മദ്യം ഒരു മണിക്കൂ​റി​നു​ള​ളിൽ അകത്താ​ക്ക​പ്പെ​ടു​ന്നു​വെ​ങ്കിൽ അതിന്‌ ഒരു ഡ്രൈ​വ​റു​ടെ പ്രതി​ക​ര​ണത്തെ ഒരു സെക്കൻറി​ന്റെ 2⁄5 എന്ന തോതിൽ സാവകാ​ശ​ത്തി​ലാ​ക്കാൻ കഴിയും. അത്‌ മണിക്കൂ​റിൽ 55 മൈൽ (90 കി. മീ.) വേഗത്തിൽ സഞ്ചരി​ക്കുന്ന ഒരു കാർ 34 അടി (10 മീററർ) അധിക​മാ​യി മുമ്പോട്ട്‌ പോകാൻ അനുവ​ദി​ക്കും. കഷ്ടിച്ച്‌ രക്ഷപെ​ടു​ന്ന​തും ഇടിച്ച്‌ തകരു​ന്ന​തും തമ്മിലു​ളള വ്യത്യാ​സം അതായി​രി​ക്കാം.”—ഡവലപ്പ്‌മെൻറ്‌ ഓഫ്‌ ഏ ട്രാഫിക്‌ സേഫ്‌ററി ആൻഡ്‌ ആൽക്ക​ഹോൾ പ്രോ​ഗ്രാം ഫോർ സീനിയർ അഡൾട്ട്‌സ്‌, ജെയിംസ്‌ എൽ മാൽഫെ​ററി ഈഡി. ഡി. യാലും ഡാൾനി. ജെ. വിൻറർ, പിഎച്ച്‌. ഡി. യാലും ഉളളത്‌.

മിഥ്യ: മത്തുപി​ടി​ച്ച​താ​യി നിങ്ങൾക്ക്‌ തോന്നാ​ത്തി​ട​ത്തോ​ളം വാഹനം ഓടി​ക്കു​ന്ന​തിൽ കുഴപ്പ​മൊ​ന്നു​മില്ല.

വസ്‌തുത: നിങ്ങളു​ടെ തോന്ന​ലി​നെ ആശ്രയി​ക്കു​ന്നത്‌ അപകട​ക​ര​മാണ്‌. വാസ്‌ത​വ​ത്തിൽ നിങ്ങളു​ടെ പ്രാപ്‌തി​കൾ മന്ദീഭ​വി​ച്ചി​രി​ക്കു​മ്പോൾ തനിക്ക്‌ പൂർണ്ണ​മായ നിയ​ന്ത്രണം പാലി​ക്കാൻ കഴിയും എന്ന്‌ ഡ്രൈ​വർക്ക്‌ ഒരു തോന്നൽ ഉളവാ​ക്കു​മാറ്‌ ഉൻമേ​ഷ​ത്തി​ന്റെ ഒരു മിഥ്യാ​ധാ​രണ മദ്യം ഉളവാ​ക്കു​ന്നു.

മദ്യപാ​ന​വും ഡ്രൈ​വിം​ഗും കൂട്ടി​ക്ക​ലർത്തു​ന്നത്‌ ഏതൊ​രാൾക്കും അപകട​ക​ര​മാ​യി​രി​ക്കാ​മെ​ങ്കി​ലും യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു കൂടുതൽ അപകട​ക​ര​മാണ്‌. മദ്യപി​ക്കുന്ന യുവജ​ന​ങ്ങ​ളു​ടെ “ഡ്രൈ​വിംഗ്‌ പ്രാപ്‌തി​കൾ മുതിർന്ന​വ​രു​ടേ​തി​നേ​ക്കാൾ വേഗം തകരാ​റി​ലാ​കു​ന്നു. കാരണം അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം ഡ്രൈ​വിംഗ്‌ താരത​മ്യേന പുതി​യ​തും ഒരു ശീലമാ​യി​ത്തീ​രാ​ത്ത​തു​മായ ഒരു പ്രാപ്‌തി​യാണ്‌. ചുരു​ക്ക​ത്തിൽ മിക്ക യുവജ​ന​ങ്ങ​ളും പരിചയം കുറഞ്ഞ ഡ്രൈ​വർമാ​രും പരിചയം കുറഞ്ഞ മദ്യപൻമാ​രു​മാണ്‌, ഇവ രണ്ടും കൂടെ സംയോ​ജി​പ്പി​ക്കുന്ന കാര്യ​ത്തിൽ അവർക്ക്‌ അത്രയും പോലും പരിച​യ​മില്ല.”—സീനിയർ അഡൾട്ട്‌സ്‌, ട്രാഫിക്‌ സേഫ്‌ററി ആൻഡ്‌ ആൽക്ക​ഹോൾ പ്രോ​ഗ്രാം ലീഡേ​ഴ്‌സ്‌ ഗൈഡ്‌, ഡാൾനി ജെ. വിൻറർ, പിഎച്ച്‌. ഡി. യാലു​ള​ളത്‌.

ഒരു യുവാ​വി​നെ മത്തുപി​ടി​പ്പി​ക്കു​ന്ന​തിന്‌ മുതിർന്ന​യാ​ളി​നെ മത്തുപ​ടി​പ്പി​ക്കു​ന്ന​തിന്‌ ആവശ്യ​മാ​യ​തി​നേ​ക്കാൾ കുറഞ്ഞ അളവിൽ മദ്യമേ വേണ്ടു. യുവജ​ന​ങ്ങൾക്ക്‌ സാധാ​ര​ണ​യാ​യി മുതിർന്ന​വ​രേ​ക്കാൾ ഭാരം കുറവാണ്‌, ഭാരം കുറയു​ന്ന​ത​നു​സ​രിച്ച്‌ അകത്താ​ക്ക​പ്പെ​ടുന്ന മദ്യം നേർപ്പി​ക്കു​ന്ന​തി​നു​ളള ദ്രാവ​ക​ത്തി​ന്റെ അളവും ശരീര​ത്തിൽ കുറഞ്ഞി​രി​ക്കും. നിങ്ങളു​ടെ രക്തത്തിൽ മദ്യത്തി​ന്റെ സാന്ദ്രത കൂടു​ന്ന​ത​നു​സ​രിച്ച്‌ നിങ്ങൾ കൂടുതൽ മത്തുപി​ടിച്ച അവസ്ഥയി​ലാ​യി​രി​ക്കും.

“അനർത്ഥം കണ്ടു ഒളിച്ചു കൊള​ളാൻ തുടങ്ങു​ന്നവൻ വിവേ​ക​മു​ള​ള​വ​നാണ്‌, എന്നാൽ അനുഭ​വ​ജ്ഞാ​ന​മി​ല്ലാ​ത്തവൻ നേരെ ചെന്ന്‌ ശിക്ഷ ഏൽക്കേ​ണ്ടി​വ​രു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 22:3) മദ്യപാ​ന​വും ഡ്രൈ​വിം​ഗും കൂട്ടി​ക്ക​ലർത്തു​ന്ന​തി​ന്റെ അപകട​ങ്ങ​ളെ​പ്പ​ററി മനസ്സി​ലാ​ക്കിയ സ്ഥിതിക്ക്‌ ഇതു രണ്ടും കൂട്ടി​ക്ക​ലർത്തില്ല എന്ന്‌ നിങ്ങൾ തീരു​മാ​നം ചെയ്യു​ന്നു​വെ​ങ്കിൽ നിങ്ങൾ “വിവേ​ക​മു​ളളവ”നാണ്‌. അതുവഴി നിങ്ങൾ വൈക​ല്യ​മു​ള​വാ​ക്കു​ന്ന​തോ മാരക​മോ ആയ പരിക്കു​ക​ളിൽ നിന്ന്‌ നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കുക മാത്രമല്ല മറിച്ച്‌ മററു​ള​ള​വ​രു​ടെ ജീവ​നോട്‌ ആദരവ്‌ പ്രകടി​പ്പി​ക്കു​ക​യും കൂടെ ചെയ്യുന്നു.

നിങ്ങൾ കൂടു​ത​ലാ​യി (1) മദ്യപി​ക്കാ​റു​ളള ഒരു ഡ്രൈവർ ഓടി​ക്കുന്ന കാറിൽ ഒരിക്ക​ലും കയറു​ക​യി​ല്ലെ​ന്നും (2) മദ്യപിച്ച ഒരു സുഹൃത്ത്‌ വാഹനം ഓടി​ക്കാൻ അനുവ​ദി​ക്കു​ക​യി​ല്ലെ​ന്നും കൂടെ ദൃഢ നിശ്ചയം ചെയ്യണം. ഇത്‌ നിങ്ങളു​ടെ സുഹൃ​ത്തി​നെ അസ്വസ്ഥ​നാ​ക്കി​യേ​ക്കാം. എന്നാൽ സുബോ​ധ​ത്തി​ലേക്ക്‌ മടങ്ങി​വ​രു​മ്പോൾ നിങ്ങൾ ചെയ്‌ത​തി​നെ അയാൾ വിലമ​തി​ച്ചേ​ക്കാം.—സങ്കീർത്തനം 141:5 താരത​മ്യം ചെയ്യുക.

[ചിത്രങ്ങൾ]

മദ്യപിക്കാറുളള ഒരു ഡ്രൈവർ ഓടി​ക്കുന്ന കാറിൽ ഒരിക്ക​ലും കയറരുത്‌, മദ്യപിച്ച്‌ ഒരു സുഹൃത്ത്‌ വാഹനം ഓടി​ക്കാൻ അനുവദി ക്കുകയു​മ​രുത്‌

[262-ാം പേജിലെ ചിത്രങ്ങൾ]

കൂട്ടുകാർ, ടെലി​വി​ഷൻ, ചില​പ്പോൾ മാതാ​പി​താ​ക്കൾ പോലും മദ്യപാ​നം ആരംഭി​ക്കാൻ തക്കവണ്ണം യുവജ​ന​ങ്ങളെ സ്വാധീ​നി​ച്ചേ​ക്കാം

[265-ാം പേജിലെ ചിത്രം]

മദ്യം ദുരു​പ​യോ​ഗി​ക്ക​പ്പെ​ടു​മ്പോൾ ‘സർപ്പത്തേ പ്പോലെ കടിക്കും’

[269-ാം പേജിലെ ചിത്രം]

മദ്യപിച്ചുകൊണ്ടുളള ഡ്രൈ​വിംഗ്‌ മിക്ക​പ്പോ​ഴും ഇതി​ലേക്ക്‌ നയിക്കു​ന്നു