വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

മയക്കുമരുന്നുകൾ ഉപയോഗിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

അധ്യായം 34

മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

“ഞാൻ ശക്തമായ വികാ​ര​ങ്ങ​ളു​ളള ഒരു കുട്ടി​യാണ്‌,” 24 വയസ്സുളള മൈക്ക്‌ എന്ന യുവാവ്‌ പറയുന്നു. “ചില​പ്പോൾ എനിക്കു ഭയമാണ്‌. എന്റെ സമപ്രാ​യ​ക്കാ​രായ മററു​ള​ള​വർപോ​ലും എന്നിൽ ഭീതി ഉളവാ​ക്കു​ന്നു. എനിക്ക്‌ വിഷാ​ദ​വും അരക്ഷി​ത​ബോ​ധ​വും അനുഭ​വ​പ്പെ​ടു​ന്നു, ചില സമയങ്ങ​ളിൽ ഞാൻ ആത്മഹത്യ ചെയ്യു​ന്ന​തി​നെ​പ്പ​ററി പോലും ചിന്തി​ച്ചി​ട്ടുണ്ട്‌.”

മുപ്പത്തി​യാ​റു വയസ്സുളള ആൻ “ആത്മവി​ശ്വാ​സം കുറഞ്ഞ, വൈകാ​രി​ക​മാ​യി വളരെ ചെറുപ്പ”മായവൾ എന്നാണ്‌ തന്നെത്തന്നെ വർണ്ണി​ക്കു​ന്നത്‌. “ഒരു സാധാരണ ജീവിതം നയിക്കു​ന്നത്‌ എനിക്ക്‌ വളരെ പ്രയാ​സ​മാണ്‌,” എന്നവൾ കൂട്ടി​ച്ചേർക്കു​ന്നു.

മൈക്കും ആനും അവർ വളരെ ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ എടുത്ത ഒരു തീരു​മാ​ന​ത്തി​ന്റെ അനന്തര​ഫ​ല​ങ്ങ​ളാണ്‌ ഇപ്പോൾ കൊയ്യു​ന്നത്‌, അതായത്‌ മയക്കു​മ​രു​ന്നു​കൾ പരീക്ഷി​ച്ചു നോക്കാൻ തന്നെ. ഇന്ന്‌ ദശലക്ഷ​ക്ക​ണ​ക്കിന്‌ യുവജ​നങ്ങൾ അങ്ങനെ ചെയ്യു​ന്നുണ്ട്‌—കൊ​ക്കെ​യിൻ മുതൽ മാരി​ഹ്വാ​ന വരെയു​ളള സകലതും കുത്തി​വ​യ്‌ക്കു​ക​യും വിഴു​ങ്ങു​ക​യും മണക്കു​ക​യും വലിക്കു​ക​യും ചെയ്യുന്നു. ചില യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം, ‘മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്നത്‌’ പ്രശ്‌ന​ങ്ങ​ളിൽ നിന്ന്‌ രക്ഷപെ​ടാ​നു​ളള ഒരു മാർഗ്ഗ​മാണ്‌. മററു ചിലർ തങ്ങളുടെ ജിജ്ഞാ​സയെ തൃപ്‌തി​പ്പെ​ടു​ത്താൻ വേണ്ടി അതിൽ ഉൾപ്പെ​ടു​ന്നു. ഇനിയും ചിലർ മ്ലാനത​യും മുഷി​പ്പും അകററാൻ വേണ്ടി മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്നു. തുടക്ക​മി​ട്ടു കഴിഞ്ഞാൽ പിന്നെ ചിലർ അതിന്റെ ഉല്ലാസ​ത്തി​നു​വേണ്ടി മാത്രം മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്നു. 17 വയസ്സുളള ഗ്രാൻറ്‌ പറയുന്നു: “ഞാൻ [മാരി​ഹ്വാ​നാ] വലിക്കു​ന്നത്‌ അതിന്‌ എന്റെ മേലുളള ഫലത്തി​നു​വേണ്ടി തന്നെയാണ്‌. അംഗീ​ക​രി​ക്ക​പ്പെ​ടാ​നോ മററ്‌ സാമൂ​ഹിക കാരണ​ങ്ങ​ളാ​ലോ അല്ല . . . കൂട്ടു​കാ​രിൽ നിന്നുളള സമ്മർദ്ദം നിമിത്തം ഞാൻ ഒരിക്ക​ലും വലിച്ചി​ട്ടില്ല, മറിച്ച്‌ എനിക്ക്‌ അതു വേണ​മെന്ന്‌ തോന്നി​യിട്ട്‌ മാത്രം.”

ഏതായാ​ലും ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങൾ മയക്കു​മ​രു​ന്നു​ക​ളു​മാ​യി പരിച​യ​പ്പെ​ടാ​നോ അല്ലെങ്കിൽ ആരെങ്കി​ലും നിങ്ങൾക്ക്‌ അവ വച്ചു നീട്ടാ​നോ ഉളള എല്ലാ സാദ്ധ്യ​ത​യും ഉണ്ട്‌. “ഞങ്ങളുടെ സ്‌കൂ​ളി​ലെ കാവൽക്കാർ പോലും പോട്ട്‌ [മാരി​ഹ്വാ​ന] വില്‌ക്കു​ന്നുണ്ട്‌” എന്ന്‌ ഒരു യുവാവ്‌ പറയുന്നു. വിവി​ധ​യി​നം മയക്കു​മ​രു​ന്നു​കൾ പരസ്യ​മാ​യി പ്രദർശി​പ്പി​ക്ക​പ്പെ​ടു​ക​യും വിൽക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. അവയ്‌ക്കു ഇത്ര പ്രചാ​ര​മു​ണ്ടെ​ങ്കി​ലും മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കാ​തി​രി​ക്കാൻ നിങ്ങൾക്ക്‌ നല്ല കാരണ​മുണ്ട്‌. അതെങ്ങ​നെ​യാണ്‌?

മയക്കു​മ​രു​ന്നു​കൾ വളർച്ചയെ തടസ്സ​പ്പെ​ടു​ത്തു​ന്നു

മൈക്കി​നെ​യും ആനി​നെ​യും പോലെ പ്രശ്‌ന​ങ്ങ​ളിൽ നിന്ന്‌ രക്ഷപെ​ടാൻ വേണ്ടി മയക്കു​മ​രു​ന്നു ഉപയോ​ഗി​ക്കുന്ന യുവജ​ന​ങ്ങ​ളെ​പ്പ​ററി ചിന്തി​ക്കുക. മുൻ അദ്ധ്യാ​യ​ത്തിൽ നാം കണ്ടതു​പോ​ലെ വിജയ​ങ്ങളെ കൈകാ​ര്യം ചെയ്‌തു​കൊ​ണ്ടും പരാജ​യ​ങ്ങളെ അതിജീ​വി​ച്ചു​കൊ​ണ്ടും ജീവി​ത​ത്തി​ലെ വെല്ലു​വി​ളി​കളെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നാ​ലാണ്‌ വൈകാ​രി​ക​മായ വളർച്ച ഉണ്ടാകു​ന്നത്‌. പ്രശ്‌ന​ങ്ങ​ളിൽ നിന്ന്‌ രക്ഷപെ​ടാൻ രസത​ന്ത്ര​പ​ര​മായ അഭയത്തിൽ ആശ്രയി​ക്കുന്ന യുവജ​നങ്ങൾ തങ്ങളുടെ വൈകാ​രിക വളർച്ചയെ തടസ്സ​പ്പെ​ടു​ത്തു​ന്നു. പ്രശ്‌ന​ങ്ങളെ നേരി​ടു​ന്ന​തി​നു​ളള പ്രാപ്‌തി വികസി​പ്പി​ക്കു​ന്ന​തിൽ അവർ പരാജ​യ​പ്പെ​ടു​ന്നു.

മറേറ​തൊ​രു പ്രാപ്‌തി​യു​ടെ​യും കാര്യ​ത്തി​ലെ​ന്ന​തു​പോ​ലെ പ്രശ്‌ന​ങ്ങളെ നേരി​ടാ​നു​ളള പ്രാപ്‌തി​ക്കും പരിശീ​ലനം ആവശ്യ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌: നിങ്ങൾ എന്നെങ്കി​ലും നല്ല പ്രാപ്‌ത​നായ ഒരു ഫുട്ട്‌ബോൾ കളിക്കാ​രനെ നിരീ​ക്ഷി​ച്ചി​ട്ടു​ണ്ടോ? അയാൾക്ക്‌ അയാളു​ടെ തലയും കാലു​ക​ളും ആശ്ചര്യ​ക​ര​മായ രീതി​യിൽ തന്നെ ഉപയോ​ഗി​ക്കാൻ കഴിയു​ന്നു! എന്നാൽ ഈ കളിക്കാ​രൻ എങ്ങനെ​യാണ്‌ ആ പ്രാപ്‌തി​കൾ വികസി​പ്പി​ച്ചെ​ടു​ത്തത്‌? വർഷങ്ങ​ളി​ലൂ​ടെ​യു​ളള പരിശീ​ല​ന​ത്താൽ. അയാൾ പന്തു തൊഴി​ക്കു​ന്ന​തി​നും അതും​കൊണ്ട്‌ ഓടു​ന്ന​തി​നും എതിർ കളിക്കാ​രെ കബളി​പ്പി​ക്കത്തക്ക വ്യാജ​ഭാ​വം കാട്ടു​ന്ന​തി​നും മററും പഠിച്ച്‌ കളിയിൽ വിദഗ്‌ദ്ധ​നാ​യി​ത്തീർന്നു.

പ്രശ്‌ന​ങ്ങ​ളെ നേരി​ടാ​നു​ളള പ്രാപ്‌തി വികസി​പ്പി​ക്കു​ന്ന​തും അതു​പോ​ലെ​ത​ന്നെ​യാണ്‌. അതിന്‌ പരിശീ​ലനം, അനുഭ​വ​പ​രി​ചയം ആവശ്യ​മാണ്‌! എന്നാൽ ബൈബിൾ സദൃശ​വാ​ക്യ​ങ്ങൾ 1:22-ൽ ഇപ്രകാ​രം ചോദി​ക്കു​ന്നു: “അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​വരെ നിങ്ങൾ എത്ര​ത്തോ​ളം അനുഭ​വ​പ​രി​ച​യ​മി​ല്ലാ​യ്‌മയെ സ്‌നേ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കും . . . മൂഢൻമാ​രെ നിങ്ങൾ എത്ര​ത്തോ​ളം അറിവി​നെ വെറു​ത്തു​കൊ​ണ്ടി​രി​ക്കും?” മയക്കു​മ​രു​ന്നിൽ നിന്ന്‌ ലഭിക്കുന്ന സുഖാ​നു​ഭൂ​തിക്ക്‌ പിന്നിൽ ഒളിക്കുന്ന യുവാവ്‌ ‘അനുഭ​വ​പ​രി​ച​യ​മി​ല്ലാ​യ്‌മയെ സ്‌നേ​ഹി​ക്കു​ന്നു’; ജീവി​ത​പ്ര​ശ്‌ന​ങ്ങളെ നേരി​ടു​ന്ന​തിന്‌ ആവശ്യ​മായ അറിവും പ്രാപ്‌തി​ക​ളും വികസി​പ്പി​ക്കു​ന്ന​തിൽ അയാൾ പരാജ​യ​പ്പെ​ടു​ന്നു. മയക്കു​മ​രു​ന്നു ഉപയോ​ഗി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രെ​ക്കു​റിച്ച്‌ ടോക്കിംഗ്‌ വിത്ത്‌ യുവർ ററീ​നേജർ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം പറയു​ന്ന​പ്ര​കാ​രം: “ജീവി​ത​ത്തി​ലെ വേദനാ​ജ​ന​ക​മായ നിമി​ഷ​ങ്ങളെ ഈ വസ്‌തു​ക്കൾ കൂടാതെ അതിജീ​വി​ക്കാം എന്ന പാഠം അവർ ഒരിക്ക​ലും പഠിക്കു​ന്നില്ല.”

പ്രശ്‌ന​ങ്ങ​ളിൽ നിന്ന്‌ രക്ഷപെ​ടാൻ വേണ്ടി മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗിച്ച ആൻ ഇപ്രകാ​രം സമ്മതിച്ചു പറയുന്നു: “കഴിഞ്ഞ 14 വർഷമാ​യി എന്റെ പ്രശ്‌ന​ങ്ങളെ ഞാൻ അഭിമു​ഖീ​ക​രി​ച്ചി​ട്ടില്ല.” ഇങ്ങനെ പറഞ്ഞു​കൊണ്ട്‌ മൈക്ക്‌ ആ ആശയ​ത്തോട്‌ യോജി​ക്കു​ന്നു: “ഞാൻ 11-ാമത്തെ വയസ്സു​മു​തൽ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചി​രു​ന്നു. ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ഞാൻ അതു നിറു​ത്തി​യ​പ്പോൾ ഞാൻ ഒരു കൊച്ചു​കു​ട്ടി​യെ​പ്പോ​ലെ​യാ​യി​രു​ന്നു. സുരക്ഷി​ത​ത്വ​ത്തി​നു​വേണ്ടി എനിക്കു മററു​ള​ള​വരെ ആശ്രയി​ക്കേണ്ടി വന്നു. ഞാൻ മയക്കു​മ​രു​ന്നു​പ​യോ​ഗി​ക്കാൻ തുടങ്ങി​യ​പ്പോൾ എന്റെ വൈകാ​രിക വളർച്ച അവസാ​നി​ച്ചു എന്ന്‌ ഞാൻ തിരി​ച്ച​റി​ഞ്ഞു.”

പതിമൂ​ന്നാ​മ​ത്തെ വയസ്സു മുതൽ മയക്കു​മ​രു​ന്നു​കൾ ദുരു​പ​യോ​ഗിച്ച ഫ്രാങ്ക്‌ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “വളർച്ച​യു​ടെ ആ വർഷങ്ങ​ളെ​ല്ലാം ഞാൻ പാഴാക്കി. ഞാൻ അതു നിറു​ത്തി​യ​പ്പോൾ ജീവിത പ്രശ്‌ന​ങ്ങളെ നേരി​ടാൻ ഞാൻ ഒട്ടും തന്നെ സജ്ജനല്ലാ​യി​രു​ന്നു എന്ന്‌ ഞാൻ വേദന​യോ​ടെ തിരി​ച്ച​റി​ഞ്ഞു. കൗമാര പ്രായ​ക്കാർ അനുഭ​വി​ക്കേണ്ടി വരുന്ന അതേ കുഴഞ്ഞ വൈകാ​രിക അവസ്ഥ​യോ​ടെ ഞാൻ വീണ്ടും ഒരു 13 വയസ്സു​കാ​ര​നാ​യി മാറി.”

മയക്കു​മ​രു​ന്നു​കൾക്ക്‌ എന്റെ ആരോ​ഗ്യ​ത്തെ നശിപ്പി​ക്കാൻ കഴിയു​മോ?

ഉൽക്കണ്‌ഠ​യ്‌ക്കി​ട​യാ​ക്കുന്ന മറെറാ​രു മണ്ഡലമാ​ണിത്‌. കടുപ്പ​മേ​റിയ മയക്കു​മ​രു​ന്നു​കൾ എന്ന്‌ വിളി​ക്ക​പ്പെ​ടു​ന്ന​വ​യ്‌ക്ക്‌ നിങ്ങളെ കൊല്ലാൻ കഴിയും എന്ന്‌ അനേകം യുവജ​ന​ങ്ങൾക്കും അറിയാം. എന്നാൽ മാരി​ഹ്വാ​ന പോ​ലെ​യു​ളള കാഠി​ന്യം കുറഞ്ഞവ എന്നു വിളി​ക്ക​പ്പെ​ടുന്ന മയക്കു​മ​രു​ന്നു​കളെ സംബന്ധി​ച്ചെന്ത്‌? അവയെ സംബന്ധിച്ച്‌ നിങ്ങൾ കേൾക്കുന്ന മുന്നറി​യി​പ്പു​ക​ളെ​ല്ലാം നിങ്ങളെ ഭയപ്പെ​ടു​ത്താ​നു​ളള തന്ത്രങ്ങ​ളാ​ണോ? അതിനു​ളള ഉത്തരത്തി​നു​വേണ്ടി നമുക്ക്‌ മാരി​ഹ്വാ​ന​യെ​പ്പ​ററി മാത്രം ചിന്തി​ക്കാം.

മാരി​ഹ്വാ​ന (പോട്ട്‌, റീഫർ, ഗ്രാസ്സ്‌, ഗഞ്ചാവ്‌, വീഡ്‌ എന്നും കൂടെ അതു അറിയ​പ്പെ​ടു​ന്നു) വിദഗ്‌ദ്ധ​രു​ടെ​യി​ട​യിൽ വളരെ​യേറെ തർക്കത്തി​ന്റെ വിഷയ​മാ​യി​രു​ന്നി​ട്ടുണ്ട്‌. ജനപ്രീ​തി​നേ​ടി​യി​ട്ടു​ളള ഈ മയക്കു​മ​രു​ന്നി​നെ​പ്പ​ററി ഇപ്പോ​ഴും വളരെ​യേറെ കാര്യങ്ങൾ നമുക്ക്‌ അറിഞ്ഞു​കൂ​ടാ എന്ന്‌ സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. മാരി​ഹ്വാ​ന വളരെ സങ്കീർണ്ണ​മാണ്‌ എന്നതാണ്‌ ഒരു സംഗതി; ഒരു മാരി​ഹ്വാ​ന സിഗറ​റ​റി​ന്റെ പുകയിൽ 400-ലധികം രാസസം​യു​ക്തങ്ങൾ കലർന്നി​രി​ക്കു​ന്നു. സിഗറ​ററ്‌ പുക ക്യാൻസ​റിന്‌ ഇടയാ​ക്കു​ന്നു എന്ന്‌ തിരി​ച്ച​റി​യാൻ ഡോക്ടർമാർക്ക്‌ 60-ലധികം വർഷങ്ങൾ വേണ്ടി​വന്നു. അതു​പോ​ലെ മാരി​ഹ്വാ​ന​യി​ലു​ളള 400-ലധികം രാസസം​യു​ക്തങ്ങൾ മനുഷ്യ​ശ​രീ​ര​ത്തോട്‌ എന്തു ചെയ്യുന്നു എന്ന്‌ നിശ്ചയ​പ്പെ​ടു​ത്താൻ ദശകങ്ങൾതന്നെ വേണ്ടി വന്നേക്കാം.

എന്നിരു​ന്നാ​ലും, ആയിര​ക്ക​ണ​ക്കിന്‌ ഗവേഷക പ്രബന്ധങ്ങൾ പഠിച്ച​ശേഷം പ്രസി​ദ്ധ​മായ യു. എസ്സ്‌. ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെഡി​സി​നി​ലെ വിദഗ്‌ദ്ധ​രു​ടെ ഒരു സംഘം ഇപ്രകാ​രം നിഗമനം ചെയ്‌തു. “ഇന്നുവരെ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ളള ശാസ്‌ത്രീയ തെളി​വു​കൾ കാണി​ക്കു​ന്നത്‌ മാരി​ഹ്വാ​ന​യ്‌ക്ക്‌ മനഃശാ​സ്‌ത്ര​പ​ര​വും ജീവശാ​സ്‌ത്ര​പ​ര​വു​മായ വളരെ​യേറെ ഫലങ്ങൾ ഉണ്ട്‌ എന്നാണ്‌; അവയിൽ ചിലത്‌ ചില അവസ്ഥക​ളി​ലെ​ങ്കി​ലും മമനു​ഷ്യ​ന്റെ ആരോ​ഗ്യ​ത്തിന്‌ ഹാനി​ക​ര​മാണ്‌.” ഈ ഹാനി​ക​ര​മായ ഫലങ്ങളിൽ ചിലത്‌ എന്തൊ​ക്കെ​യാണ്‌?

മാരി​ഹ്വാ​ന—അതു നിങ്ങളു​ടെ ശരീര​ത്തോട്‌ ചെയ്യു​ന്നത്‌

ഉദാഹ​ര​ണ​മാ​യി ശ്വാസ​കോ​ശ​ങ്ങ​ളു​ടെ കാര്യം തന്നെ പരിഗ​ണി​ക്കുക. മാരി​ഹ്വാ​ന​യു​ടെ പുക വലിക്കു​ന്നത്‌ നല്ലതല്ല എന്ന്‌ അതിന്റെ ഉപയോ​ഗത്തെ ഏററം ശക്തമായി പിന്താ​ങ്ങു​ന്ന​വർപോ​ലും സമ്മതി​ക്കു​ന്നു. പുകയി​ല​പു​ക​യു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ മാരി​ഹ്വാ​ന​യു​ടെ പുകയി​ലും താർമ​ഷി​പോ​ലു​ളള ചില വിഷാം​ശ​ങ്ങ​ളുണ്ട്‌.

ഡോക്ടർ ഫോറ​സ്‌ററ്‌ എസ്സ്‌. റെറനൻറ്‌, ജൂനിയർ മാരി​ഹ്വാ​ന ഉപയോ​ഗി​ച്ചി​ട്ടു​ണ്ടാ​യി​രുന്ന 492 യു. എസ്സ്‌. ഭടൻമാർക്കി​ട​യിൽ ഒരു സർവ്വേ നടത്തി. അവരിൽ 25 ശതമാ​ന​ത്തോ​ളം ആളുകൾക്ക്‌ “കനാബിസ്‌ വലിച്ച​തിൽ നിന്ന്‌ തൊണ്ട​വേദന അനുഭ​വ​പ്പെട്ടു, ഏതാണ്ട്‌ 6 ശതമാനം പേർക്ക്‌ ബ്രോ​ങ്കൈ​റ​റിസ്‌ ബാധിച്ചു.” മറെറാ​രു പഠനത്തിൽ 30 പേരിൽ 24 പേർക്ക്‌ ശ്വാസ​നാ​ള​ങ്ങ​ളിൽ “ക്യാൻസ​റി​ന്റെ പ്രാരംഭ ദശയി​ലെ​പ്പോ​ലെ വ്രണങ്ങൾ ഉളളതാ​യി കണ്ടെത്തി.”

അത്തരം ആളുകൾക്ക്‌ ഭാവി​യിൽ ക്യാൻസർ ബാധ ഉണ്ടാകും എന്ന്‌ ആരും തീർത്തു പറയു​ന്നില്ല എന്നത്‌ വാസ്‌ത​വ​മാണ്‌. എന്നാൽ അത്തരം ഒരു അപകട​ത്തി​ലാ​യി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​മോ? കൂടാതെ ദൈവം “എല്ലാവർക്കും ജീവനും ശ്വാസ​വും കൊടു​ക്കു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (പ്രവൃ​ത്തി​കൾ 17:25) നിങ്ങൾ നിങ്ങളു​ടെ ശ്വാസ​കോ​ശ​ങ്ങ​ളെ​യും തൊണ്ട​യെ​യും തകരാ​റി​ലാ​ക്കുന്ന എന്തെങ്കി​ലും വലിക്കു​ന്നു​വെ​ങ്കിൽ അതു ജീവദാ​താ​വി​നോട്‌ ആദരവ്‌ പ്രകട​മാ​ക്ക​ലാ​യി​രി​ക്കു​മോ?

സഭാ​പ്ര​സം​ഗി 12:6-ൽ മാനുഷ മസ്‌തി​ഷ്‌ക്കത്തെ കാവ്യാ​ത്മ​ക​മാ​യി “പൊൻ കിണ്ണം” എന്നാണ്‌ വിളി​ച്ചി​രി​ക്കു​ന്നത്‌. ഏതാണ്ട്‌ നിങ്ങളു​ടെ ചുരു​ട്ടിയ മുഷ്ടി​യോ​ളം മാത്രം വലിപ്പ​മു​ള​ള​തും കഷ്ടിച്ച്‌ മൂന്നു റാത്തൽ മാത്രം തൂക്കമു​ള​ള​തു​മായ നിങ്ങളു​ടെ മസ്‌തി​ഷ്‌ക്കം നിങ്ങളു​ടെ ഓർമ്മ​ക​ളു​ടെ വിലപ്പെട്ട സംഭരണ കേന്ദ്രം മാത്രമല്ല അതു നിങ്ങളു​ടെ സിരാ​വ്യൂ​ഹം മുഴു​വ​ന്റെ​യും നിയ​ന്ത്ര​ണ​കേ​ന്ദ്ര​വും കൂടെ​യാണ്‌. അതു മനസ്സിൽ പിടി​ച്ചു​കൊണ്ട്‌ ദി ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെഡി​സി​ന്റെ മുന്നറി​യിപ്പ്‌ കുറി​ക്കൊ​ള​ളുക. “മാരി​ഹ്വാ​ന​യ്‌ക്ക്‌ മസ്‌തി​ഷ്‌ക്ക​ത്തിൻമേൽ രാസപ​ര​വും വൈദ്യു​ത ശരീര ക്രിയാ​ത്‌മ​ക​വു​മായ മാററങ്ങൾ ഉൾപ്പെടെ കഠിന​മായ ഫലങ്ങൾ ഉണ്ടെന്ന്‌ ഞങ്ങൾക്ക്‌ ധൈര്യ​മാ​യി പറയാൻ കഴിയും.” മാരി​ഹ്വാ​ന തലച്ചോ​റി​നെ എന്നേക്കു​മാ​യി തകരാ​റി​ലാ​ക്കും എന്നതിന്‌ ഇപ്പോൾ വ്യക്തമായ തെളി​വൊ​ന്നു​മില്ല. എന്നിരു​ന്നാ​ലും മാരി​ഹ്വാ​ന ഏതെങ്കി​ലും വിധത്തിൽ “പൊൻകി​ണ്ണ​ത്തിന്‌” തകരാറ്‌ വരുത്തി​യേ​ക്കാ​നു​ളള സാദ്ധ്യ​തയെ നിസ്സാ​ര​മാ​യി തളളി​ക്ക​ള​യാ​വു​ന്നതല്ല.

എന്നെങ്കി​ലും വിവാ​ഹി​ത​രാ​വു​ക​യും കുട്ടികൾ ഉണ്ടായി​രി​ക്കു​ക​യും ചെയ്യാ​നു​ളള നിങ്ങളു​ടെ ഭാവി പ്രതീക്ഷ സംബന്ധി​ച്ചെന്ത്‌? “പരീക്ഷണ മൃഗങ്ങ​ളിൽ മാരി​ഹ്വാ​ന കൂടിയ അളവിൽ ഉപയോ​ഗി​ച്ച​പ്പോൾ അതു ജനന വൈക​ല്യ​ങ്ങൾക്ക്‌ ഇടയാ​ക്കി​യ​താ​യി” ദി ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെഡി​സിൻ റിപ്പോർട്ട്‌ ചെയ്യുന്നു. മനുഷ്യ​രു​ടെ​മേൽ അതിന്‌ അതേ ഫലം ഉണ്ടോ എന്ന്‌ ഇതുവ​രെ​യും തെളി​യി​ക്ക​പ്പെ​ട്ടി​ട്ടില്ല. എന്നാൽ ജനന വൈക​ല്യ​ങ്ങൾ (DES ഹോർമോൺമൂ​ലം ഉണ്ടാകു​ന്നതു പോലു​ളളവ) പ്രത്യ​ക്ഷ​പ്പെ​ടാൻ അനേകം വർഷങ്ങൾതന്നെ വേണ്ടി​വ​രു​ന്നു എന്ന്‌ ഓർമ്മി​ക്കുക. അതു​കൊണ്ട്‌ മാരി​ഹ്വാ​ന വലിക്കു​ന്ന​വ​രു​ടെ മക്കൾക്കും കൊച്ചു മക്കൾക്കും ഭാവി എന്തു​കൈ​വ​രു​ത്തും എന്ന്‌ കാത്തി​രു​ന്നു കാണേ​ണ്ടി​യി​രി​ക്കു​ന്നു. മാരി​ഹ്വാ​ന വലിക്കു​ന്നത്‌ ഒരുതരം “ജനിതക ചൂതു​കളി” ആയിരി​ക്കാം എന്ന്‌ ഡോക്ടർ ഗബ്രി​യേൽ നാഹാസ്‌ പറയുന്നു. കുട്ടി​കളെ “യഹോ​വ​യിൽ നിന്നുളള ഒരു അവകാ​ശ​മാ​യി” വീക്ഷി​ക്കുന്ന ആരെങ്കി​ലും അത്തരം ഒരപകടം ക്ഷണിച്ചു​വ​രു​ത്താൻ തയ്യാറാ​കു​മോ?—സങ്കീർത്തനം 127:3.

മയക്കു​മ​രു​ന്നു​കൾ—ബൈബി​ളി​ന്റെ വീക്ഷണം

തീർച്ച​യാ​യും, മാരി​ഹ്വാ​ന ജനപ്രീ​തി നേടി​യി​ട്ടു​ളള അനേകം മയക്കു​മ​രു​ന്നു​ക​ളിൽ ഒന്നു മാത്ര​മാണ്‌. എന്നാൽ നമ്മുടെ മാനസ്സിക നിലക്ക്‌ മാററം വരുത്തുന്ന വസ്‌തു​ക്കൾ ഉല്ലാസ​ത്തി​നു​വേണ്ടി ഉപയോ​ഗി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ മതിയായ കാരണ​മുണ്ട്‌ എന്ന്‌ അതു നന്നായി ദൃഷ്ടാ​ന്തീ​ക​രി​ക്കു​ന്നു. “യൗവന​ക്കാ​രു​ടെ സൗന്ദര്യം അവരുടെ ബലത്തി​ലാണ്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 20:29) ഒരു യുവാ​വെ​ന്ന​നി​ല​യിൽ നിസ്സം​ശ​യ​മാ​യും നിങ്ങൾ നല്ല ആരോ​ഗ്യം ആസ്വദി​ക്കു​ന്നു. അതു നഷ്ടമാ​ക​ത്ത​ക്ക​വണ്ണം അതിനെ എന്തിന്‌ അപകട​പ്പെ​ടു​ത്തണം?

എന്നാൽ അതിലും പ്രധാ​ന​മാ​യി നമുക്ക്‌ ഇതു സംബന്ധി​ച്ചു​ളള ബൈബി​ളി​ന്റെ വീക്ഷണ​മുണ്ട്‌. “ചിന്താ​പ്രാ​പ്‌തി . . . കാത്തു​സൂ​ക്ഷി​ക്കാൻ,” അതു നമ്മോടു പറയുന്നു, രാസപ​ദാർത്ഥ​ങ്ങ​ളു​ടെ ദുരു​പ​യോ​ഗ​ത്താൽ അതിനെ നശിപ്പി​ക്കാ​നല്ല. (സദൃശ​വാ​ക്യ​ങ്ങൾ 3:21) അതു കൂടു​ത​ലാ​യി ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “ദൈവ​ഭ​യ​ത്തിൽ വിശു​ദ്ധി​യെ തികച്ചു​കൊണ്ട്‌ നമുക്ക്‌ ശരീര​ത്തി​ലെ​യും ആത്മാവി​ലെ​യും സകല അശുദ്ധി​യും നീക്കി നമ്മെത്തന്നെ വെടി​പ്പാ​ക്കാം.” വാസ്‌ത​വ​ത്തിൽ മയക്കു​മ​രു​ന്നു​ക​ളു​ടെ ദുരു​പ​യോ​ഗം പോ​ലെ​യു​ളള ശീലങ്ങൾ ഒഴിവാ​ക്കി​ക്കൊണ്ട്‌, ‘അശുദ്ധി​യിൽ നിന്ന്‌ തങ്ങളെ​ത്തന്നെ വെടി​പ്പാ​ക്കി​യി​ട്ടു​ളള’വരോ​ടാണ്‌ “‘ഞാൻ നിങ്ങളെ കൈ​ക്കൊ​ള​ളു​ക​യും’ ‘ഞാൻ നിങ്ങൾക്ക്‌ പിതാ​വാ​യി​രി​ക്കു​ക​യും’ ചെയ്യും” എന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്യു​ന്നത്‌.—2 കൊരി​ന്ത്യർ 6:17-7:1.

എന്നിരു​ന്നാ​ലും മയക്കു​മ​രു​ന്നു​കൾ വർജ്ജി​ക്കു​ന്നത്‌ എളുപ്പ​മ​ല്ലാ​തി​രു​ന്നേ​ക്കാം.

സമപ്രാ​യ​ക്കാ​രും അവരിൽനി​ന്നു​ളള സമ്മർദ്ദ​വും

ശീതള സുന്ദര​മായ ഒരു വേനൽക്കാല സായാ​ഹ്ന​ത്തിൽ മച്ചുനൻമാ​രും അടുത്ത സുഹൃ​ത്തു​ക്ക​ളു​മായ ജോയും ഫ്രാങ്കും ഒരു കരാറു​ണ്ടാ​ക്കി. “മററ്‌ ആര്‌ എന്തു ചെയ്‌താ​ലും” ആ രണ്ടു പേരിലെ പ്രായം​കു​റഞ്ഞ ജോ നിർദ്ദേ​ശി​ച്ചു, “നമുക്ക്‌ ഒരിക്ക​ലും മയക്കു​മ​രു​ന്നു​ക​ളു​മാ​യി യാതൊ​രു ബന്ധവും വേണ്ട.” ഈ തീരു​മാ​ന​ത്തിൻമേൽ യുവാക്കൾ രണ്ടു​പേ​രും ഹസ്‌ത​ദാ​നം നൽകി പിരിഞ്ഞു. എന്നാൽ അഞ്ചു വർഷങ്ങൾക്ക്‌ ശേഷം മയക്കു​മ​രു​ന്നു​മാ​യി ബന്ധപ്പെട്ട ഒരു അപകട​ത്തി​ന്റെ ഫലമായി ജോ അവന്റെ കാറി​നു​ള​ളിൽ മരിച്ച​നി​ല​യിൽ കാണ​പ്പെട്ടു. ഫ്രാങ്കും അതി​നോ​ടകം കഠിന​മായ വിധത്തിൽ മയക്കു​മ​രു​ന്നിന്‌ അടിമ​യാ​യി​രു​ന്നു.

എവി​ടെ​യാണ്‌ തകരാറ്‌ സംഭവി​ച്ചത്‌? ബൈബി​ളിൽ കാണുന്ന ഈ അടിയന്തര മുന്നറി​യി​പ്പിൽ അതിനു​ളള ഉത്തരം കണ്ടെത്താൻ കഴിയും: “വഞ്ചിക്ക​പ്പെ​ടാ​തി​രി​പ്പിൻ. ചീത്ത സഹവാ​സങ്ങൾ പ്രയോ​ജ​ന​പ്ര​ദ​ങ്ങ​ളായ ശീലങ്ങളെ പാഴാ​ക്കു​ന്നു.” (1 കൊരി​ന്ത്യർ 15:33) ജോയും ഫ്രാങ്കും കൊള​ള​രു​താത്ത ഒരു കൂട്ടത്തിൽ ചെന്നു ചേർന്നു. മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്ന​വ​രു​മാ​യി അവർ കൂടുതൽ കൂടുതൽ സഹവസി​ച്ച​പ്പോൾ അവർത​ന്നെ​യും അതു​കൊണ്ട്‌ പരീക്ഷ​ണങ്ങൾ നടത്താൻ തുടങ്ങി.

സെൽഫ്‌ ഡിസ്‌റ്ര​റ​ക്‌റ​റീവ്‌ ബിഹേ​വി​യർ ഇൻ ചിൽഡ്രൻ ആൻഡ്‌ അഡോ​ലെ​സ്സെൻസ്‌ എന്ന [ഇംഗ്ലീഷ്‌] ഗ്രന്ഥം ഇപ്രകാ​രം നിരീ​ക്ഷി​ക്കു​ന്നു: “മിക്ക​പ്പോ​ഴും യുവജ​നങ്ങൾ വിവിധ മയക്കു​മ​രു​ന്നു​ക​ളു​മാ​യി പരിച​യ​ത്തി​ലാ​കു​ന്നത്‌ ഒരു അടുത്ത സുഹൃ​ത്തി​ലൂ​ടെ​യാണ്‌ . . . “ഉദ്വേ​ഗ​ജ​ന​ക​മായ അല്ലെങ്കിൽ ഉല്ലാസ​ക​ര​മായ ഒരു അനുഭവം പങ്കുവ​യ്‌ക്കുക എന്നതാ​യി​രി​ക്കാം അയാളു​ടെ ലക്ഷ്യം.” പ്രാരം​ഭ​ത്തിൽ പരാമർശിച്ച മൈക്ക്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ അതി​നോട്‌ യോജി​ക്കു​ന്നു: “ഞാൻ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വന്ന ഏററം പ്രയാ​സ​ക​ര​മായ കാര്യ​ങ്ങ​ളി​ലൊന്ന്‌ കൂട്ടു​കാ​രിൽ നിന്നുളള സമ്മർദ്ദ​മാ​യി​രു​ന്നു. . . . ഞാൻ ആദ്യം മാരി​ഹ്വാ​ന വലിച്ചത്‌ എന്റെ കൂടെ ഉണ്ടായി​രുന്ന കൂട്ടി​ക​ളെ​ല്ലാം വലിച്ച​തു​കൊ​ണ്ടും ഞാൻ അവരോ​ടൊ​പ്പം ആയിരി​ക്കാൻ ആഗ്രഹി​ച്ച​തു​കൊ​ണ്ടും ആയിരു​ന്നു.”

തുറന്നു പറഞ്ഞാൽ, നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കാൻ തുടങ്ങു​ന്നു​വെ​ങ്കിൽ നിങ്ങൾ അതി​നോട്‌ യോജി​ക്കാൻ, അവരെ​പ്പോ​ലെ ആയിരി​ക്കാൻ, വലിയ വൈകാ​രിക സമ്മർദ്ദ​ത്തിൻ കീഴി​ലാ​യി​രി​ക്കും. നിങ്ങൾ സുഹൃ​ത്തു​ക്ക​ളു​ടെ ആ വലയം ഉപേക്ഷി​ക്കു​ന്നി​ല്ലെ​ങ്കിൽ സർവ്വസാ​ദ്ധ്യ​ത​യു​മ​നു​സ​രിച്ച്‌ നിങ്ങളും കാല​ക്ര​മ​ത്തിൽ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കുന്ന ഒരാളാ​യി​ത്തീ​രും.

“ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്കു​ന്നവൻ”

“ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്കു​ന്നവൻ ജ്ഞാനി​യാ​യി​ത്തീ​രും, ഭോഷൻമാ​രോട്‌ ഇടപാ​ടു​ള​ള​വ​നോ ദോഷം ഭവിക്കും” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 13:20 പറയുന്നു. ഉദാഹ​ര​ണ​മാ​യി ജലദോ​ഷം പിടി​ക്കു​ന്നത്‌ ഒഴിവാ​ക്കാൻ നിങ്ങൾ ശ്രമി​ക്കു​ക​യാ​ണെ​ങ്കിൽ ജലദോ​ഷ​മു​ള​ള​വ​രു​മാ​യു​ളള അടുത്ത സഹവാസം നിങ്ങൾ ഒഴിവാ​ക്കു​ക​യി​ല്ലേ? “അതു​പോ​ലെ,” അഡൊ​ലെ​സ്സെൻറ്‌ പിയർ പ്രെഷർ എന്ന പുസ്‌തകം പറയുന്നു, “മയക്കു​മ​രു​ന്നു​ക​ളു​ടെ ദുരു​പ​യോ​ഗം നാം തടയണ​മെ​ങ്കിൽ നാം ആരോ​ഗ്യാ​വ​ഹ​വും സന്തുലി​ത​വു​മായ അവസ്ഥകൾ നിലനിർത്തു​ക​യും ദോഷ​ക​ര​മായ സ്വാധീ​ന​ങ്ങ​ളിൽനിന്ന്‌ കഴിയു​ന്നത്ര ഒഴിഞ്ഞു​നിൽക്കു​ക​യും വേണം.”

അതു​കൊണ്ട്‌ മയക്കു​മ​രു​ന്നു​കൾ ഒഴിവാ​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? അപ്പോൾ നിങ്ങൾ ആരുമാ​യി സഹവസി​ക്കു​ന്നു എന്നത്‌ സൂക്ഷി​ക്കുക. മയക്കു​മ​രു​ന്നു​ക​ളിൽ നിന്ന്‌ അകന്നു നിൽക്കാ​നു​ളള നിങ്ങളു​ടെ തീരു​മാ​നത്തെ പിന്താ​ങ്ങുന്ന ദൈവ​ഭ​യ​മു​ളള ക്രിസ്‌ത്യാ​നി​ക​ളു​മാ​യു​ളള സൗഹൃദം തേടുക. (1 ശമുവേൽ 23:15, 16 താരത​മ്യം ചെയ്യുക.) പുറപ്പാട്‌ 23:2-ലെ വാക്കു​ക​ളും കുറി​ക്കൊ​ള​ളുക. അത്‌ സത്യം ചെയ്‌തു സാക്ഷ്യം ബോധി​പ്പി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചാണ്‌ അന്ന്‌ എഴുത​പ്പെ​ട്ട​തെ​ങ്കി​ലും അത്‌ യുവാ​ക്കൾക്ക്‌ പററിയ ഉപദേ​ശ​മാണ്‌. “നീ ദുഷ്ടല​ക്ഷ്യ​ങ്ങൾക്കാ​യി ജനക്കൂ​ട്ട​ത്തി​ന്റെ പിന്നാലെ പോക​രുത്‌.”

യാതൊ​ന്നും ചോദ്യം ചെയ്യാതെ കൂട്ടു​കാ​രു​ടെ പിന്നാലെ പോകു​ന്നവൻ ഒരു അടിമ​യേ​ക്കാൾ ഒട്ടും മെച്ചമല്ല. ബൈബിൾ റോമർ 6:16-ൽ (ന്യൂ ഇൻറർ നാഷണൽ വേർഷൻ) പറയുന്നു: “അടിമ​ക​ളെ​പ്പോ​ലെ ആരെ​യെ​ങ്കി​ലും അനുസ​രി​ക്കാൻ നിങ്ങൾ നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കു​മ്പോൾ നിങ്ങൾ അയാളു​ടെ അടിമ​ക​ളാ​കു​ന്നു എന്ന്‌ നിങ്ങൾ അറിയു​ന്നി​ല്ല​യോ?” അതു​കൊ​ണ്ടാണ്‌ “ചിന്താ​പ്രാ​പ്‌തി” വികസി​പ്പി​ച്ചെ​ടു​ക്കാൻ ബൈബിൾ യുവജ​ന​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (സദൃശ​വാ​ക്യ​ങ്ങൾ 2:10-12) സ്വന്തം നിലയിൽ ചിന്തി​ക്കാൻ പഠിക്കുക, അപ്പോൾ വഴി​തെ​ററി നടക്കുന്ന ചെറു​പ്പ​ക്കാ​രു​ടെ പിന്നാലെ പോകാൻ നിങ്ങൾക്ക്‌ ചായ്‌വ്‌ ഉണ്ടായി​രി​ക്കു​ക​യില്ല.

മയക്കു​മ​രു​ന്നു​ക​ളെ​ക്കു​റി​ച്ചും അവയുടെ ഫലങ്ങ​ളെ​ക്കു​റി​ച്ചും നിങ്ങൾക്ക്‌ ജിജ്ഞാസ ഉണ്ടായി​രി​ക്കാം എന്നതു സത്യം​തന്നെ. എന്നാൽ മയക്കു​മ​രു​ന്നു​കൾ ആളുകളെ എങ്ങനെ ബാധി​ക്കു​ന്നു എന്നറി​യാൻ നിങ്ങൾ നിങ്ങളു​ടെ മനസ്സി​നെ​യും ശരീര​ത്തെ​യും മലിന​മാ​ക്കേ​ണ്ട​തില്ല. മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗം ചെയ്യു​ന്ന​വ​രായ നിങ്ങളു​ടെ പ്രായ​ക്കാ​രെ നിരീ​ക്ഷി​ക്കുക—വിശേ​ഷിച്ച്‌ ദീർഘ​കാ​ല​മാ​യി അതു ഉപയോ​ഗി​ച്ചു പോന്നി​ട്ടു​ള​ള​വരെ. അവർ ജാഗ്ര​ത​യും ബുദ്ധി​കൂർമ്മ​ത​യും ഉളളവ​രാ​യി കാണ​പ്പെ​ടു​ന്നു​വോ? അവർ ഉയർന്ന ഗ്രെയിഡ്‌ നിലനിർത്തു​ന്നു​ണ്ടോ? അതോ അവർ മന്ദഗതി​ക്കാ​രും ശ്രദ്ധയി​ല്ലാ​ത്ത​വ​രും ചില​പ്പോൾ അവരുടെ ചുററും നടക്കു​ന്നത്‌ എന്താ​ണെന്ന്‌ തിരി​ച്ച​റി​യാ​ത്ത​വ​രു​മാ​ണോ? അത്തരം ആളുകളെ വർണ്ണി​ക്കാൻ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്ന​വർക്കി​ട​യിൽതന്നെ ഒരു പേര്‌ അവർ ഉണ്ടാക്കി​യെ​ടു​ത്തി​രി​ക്കു​ന്നു: “കത്തിത്തീർന്നവർ.” എന്നാൽ ഇങ്ങനെ “കത്തിത്തീർന്ന” പലരും സാദ്ധ്യ​ത​യ​നു​സ​രിച്ച്‌ ജിജ്ഞാസ നിമി​ത്ത​മാണ്‌ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ച്ചു തുടങ്ങി​യത്‌. അപ്പോൾ അനാ​രോ​ഗ്യ​ക​ര​മായ ജിജ്ഞാ​സയെ അമർച്ച ചെയ്യാ​നും “തിൻമ സംബന്ധിച്ച്‌ ശിശു​ക്ക​ളാ​യി​രി​ക്കാ​നും” ബൈബിൾ ക്രിസ്‌ത്യാ​നി​കളെ ഉത്സാഹി​പ്പി​ക്കു​ന്നത്‌ ആശ്ചര്യമല്ല.—1 കൊരി​ന്ത്യർ 14:20.

വേണ്ട എന്ന്‌ നിങ്ങൾക്ക്‌ പറയാൻ കഴിയും!

മയക്കു​മ​രു​ന്നു​ക​ളു​ടെ ദുരു​പ​യോ​ഗം സംബന്ധിച്ച്‌ യു. എസ്സ്‌. ദേശീയ സ്ഥാപനം പ്രസി​ദ്ധീ​ക​രി​ച്ചി​രി​ക്കുന്ന ഒരു ചെറു​പു​സ്‌തകം നമ്മെ ഇപ്രകാ​രം അനുസ്‌മ​രി​പ്പി​ക്കു​ന്നു: “മയക്കു​മ​രു​ന്നു ഉപയോ​ഗി​ക്കാ​നു​ളള ഒരു അവസരം വേണ്ടെന്ന്‌ വയ്‌ക്കാൻ നിങ്ങൾക്ക്‌ അവകാ​ശ​മുണ്ട്‌. നിങ്ങളു​ടെ തീരു​മാ​ന​ത്തി​നെ​തി​രെ സമ്മർദ്ദം ചെലു​ത്തുന്ന ഏതൊരു സുഹൃ​ത്തും ഒരു സ്വതന്ത്ര വ്യക്തി​യെ​ന്ന​നി​ല​യി​ലു​ളള നിങ്ങളു​ടെ അവകാ​ശ​ത്തിൻമേൽ കയ്യേററം നടത്തു​ക​യാണ്‌.” ആരെങ്കി​ലും നിങ്ങൾക്ക്‌ മയക്കു​മ​രുന്ന്‌ വച്ചുനീ​ട്ടു​ന്നു​വെ​ങ്കി​ലെന്ത്‌? വേണ്ട എന്നു പറയാ​നു​ളള ധൈര്യം ഉണ്ടായി​രി​ക്കുക! മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ന്റെ ദോഷം സംബന്ധിച്ച്‌ ഒരു പ്രസംഗം നടത്തണം എന്ന്‌ ഇതിന്‌ അവശ്യം അർത്ഥമില്ല. “വേണ്ട, നന്ദി ഞാൻ വലിക്കാൻ ആഗ്രഹി​ക്കു​ന്നില്ല” എന്നോ “വേണ്ട, എനിക്ക്‌ ഹാസ്സൽ ആവശ്യ​മില്ല” എന്നോ ഒരു കുത്തു വാക്കായി “ഞാൻ ശരീരത്തെ മലിന​മാ​ക്കാ​റില്ല” എന്നോ ലളിത​മാ​യി മറുപടി പറയാം എന്ന്‌ ആ ചെറു​പു​സ്‌തകം നിർദ്ദേ​ശി​ക്കു​ന്നു. അവർ വീണ്ടും വച്ചു നീട്ടു​ന്നു​വെ​ങ്കിൽ ബോദ്ധ്യ​ത്തോ​ടെ നിങ്ങൾ വേണ്ട എന്നു പറയേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം! നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി​യാണ്‌ എന്ന്‌ മററു​ള​ള​വരെ അറിയി​ക്കു​ന്ന​തും ഒരു സംരക്ഷ​ണ​മാ​ണെന്ന്‌ തെളി​ഞ്ഞേ​ക്കാം.

വളർച്ച​പ്രാ​പി​ക്കുക എന്നത്‌ എളുപ്പ​മു​ളള ഒരു സംഗതി​യല്ല. എന്നാൽ മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ആ കാലഘ​ട്ട​ത്തി​ന്റെ വേദന ഒഴിവാ​ക്കാൻ നിങ്ങൾ ശ്രമി​ക്കു​ന്നു​വെ​ങ്കിൽ ഉത്തരവാ​ദി​ത്വ​ബോ​ധ​വും പക്വത​യു​മു​ളള ഒരാളാ​യി വളരു​ന്ന​തി​നു​ളള സാദ്ധ്യ​തയെ നിങ്ങൾ ഗൗരവ​ത​ര​മാ​യി തടസ്സ​പ്പെ​ടു​ത്തി​യേ​ക്കാം. പ്രശ്‌ന​ങ്ങളെ നേരി​ടാൻ പഠിക്കുക. സമ്മർദ്ദങ്ങൾ നിങ്ങളെ കീഴ്‌പ്പെ​ടു​ത്തി​യേ​ക്കാം എന്നു തോന്നു​ന്നു​വെ​ങ്കിൽ രാസവ​സ്‌തു​ക്കൾ കൊണ്ട്‌ അതിൽ നിന്ന്‌ രക്ഷപ്പെ​ടാൻ ശ്രമി​ക്ക​രുത്‌. കാര്യങ്ങൾ സംബന്ധിച്ച്‌ ശരിയായ ഒരു വീക്ഷണം ഉണ്ടായി​രി​ക്കാൻ നിങ്ങളെ സഹായി​ക്കാൻ കഴിയുന്ന മാതാ​പി​താ​ക്ക​ളിൽ ഒരാളു​മാ​യോ ഉത്തരവാ​ദി​ത്വ​മു​ളള മറെറാ​രു മുതിർന്ന​യാ​ളു​മാ​യി​ട്ടോ പ്രശ്‌നം ചർച്ച ചെയ്യുക. ബൈബി​ളി​ന്റെ ഉദ്‌ബോ​ധ​ന​വും ഓർമ്മി​ക്കുക: “ഒന്നി​നെ​ക്കു​റി​ച്ചും ഉൽക്കണ്‌ഠ​പ്പെ​ടാ​തെ എല്ലാറ​റി​ലും പ്രാർത്ഥ​ന​യാ​ലും അപേക്ഷ​യാ​ലും നിങ്ങളു​ടെ ആവശ്യങ്ങൾ നന്ദി​യോ​ടെ ദൈവ​ത്തോട്‌ അറിയി​ക്കു​ക​യ​ത്രേ വേണ്ടത്‌; എന്നാൽ സകല ബുദ്ധി​യെ​യും കവിയുന്ന ദൈവിക സമാധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും മാനസ്സിക പ്രാപ്‌തി​ക​ളെ​യും കാത്തു​കൊ​ള​ളും.”—ഫിലി​പ്യർ 4:6, 7.

അതെ വേണ്ട എന്ന്‌ പറയാ​നു​ളള ശക്തി യഹോ​വ​യാം ദൈവം നിങ്ങൾക്ക്‌ തരും! നിങ്ങളു​ടെ തീരു​മാ​നം ദുർബ​ല​മാ​ക്കാൻ തക്കവണ്ണം നിങ്ങളു​ടെ മേൽ സമ്മർദ്ദം പ്രയോ​ഗി​ക്കാൻ മററു​ള​ള​വരെ അനുവ​ദി​ക്ക​രുത്‌. മൈക്ക്‌ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “മയക്കു​മ​രു​ന്നു​കൾകൊണ്ട്‌ പരീക്ഷ​ണങ്ങൾ നടത്തരുത്‌. ശിഷ്ടജീ​വി​തം മുഴുവൻ നിങ്ങൾ ദുരിതം അനുഭ​വി​ക്കേ​ണ്ടി​വ​രും!”

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ അനേകം യുവജ​നങ്ങൾ മയക്കു​മ​രു​ന്നു​മാ​യി ബന്ധപ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◻ മയക്കു​മ​രു​ന്നു ഉപയോ​ഗി​ക്കു​ന്നത്‌ നിങ്ങളു​ടെ വൈകാ​രിക വളർച്ചയെ തടസ്സ​പ്പെ​ടു​ത്തി​യേ​ക്കാ​വു​ന്നത്‌ എങ്ങനെ​യാണ്‌?

◻ മാരി​ഹ്വാ​ന ശരീരത്തെ ബാധി​ക്കു​ന്ന​വി​ധം സംബന്ധിച്ച്‌ എന്താണ്‌ അറിവാ​യി​ട്ടു​ള​ളത്‌?

◻ ഉല്ലാസ​ത്തി​നു​വേണ്ടി മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്കു​ന്നതു സംബന്ധിച്ച്‌ ബൈബി​ളി​ന്റെ വീക്ഷണ​മെന്ത്‌?

◻ മയക്കു​മ​രു​ന്നിൽ നിന്ന്‌ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്ന​തിന്‌ നിങ്ങളു​ടെ സഹവാസം സംബന്ധിച്ച്‌ ജാഗ്രത പുലർത്തു​ന്നത്‌ ജീവൽപ്ര​ധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ മയക്കു​മ​രു​ന്നു​കൾ വേണ്ട എന്നു വയ്‌ക്കാ​നു​ളള ചില മാർഗ്ഗ​ങ്ങ​ളേവ?

[274-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഞങ്ങളുടെ സ്‌കൂ​ളി​ലെ കാവൽക്കാ​രൻപോ​ലും മാരി​ഹ്വാ​ന വിൽക്കു​ന്നു,” ഒരു യുവാവ്‌ പറയുന്നു

[279-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഞാൻ മയക്കു​മ​രു​ന്നു ഉപയോ​ഗി​ക്കാൻ ആരംഭി​ച്ച​പ്പോൾ എന്റെ വൈകാ​രിക വളർച്ച അവസാ​നി​ച്ചു എന്ന്‌ ഞാൻ തിരി​ച്ച​റി​യാ​നി​ട​യാ​യി.”—മുൻപ്‌ മയക്കു​മ​രു​ന്നു ഉപയോ​ഗി​ച്ചി​രുന്ന മൈക്ക്‌

[278-ാം പേജിലെ ചതുരം]

മാരിഹ്വാന—ഒരു പുതിയ അത്ഭുത ഔഷധം

ഗ്ലോ​ക്കോ​മാ, ആസ്‌തമ മുതലായ രോഗങ്ങൾ ചികി​ത്സി​ക്കു​ന്ന​തി​നും കെമോ​തെ​റ​പ്പി​യ്‌ക്കി​ട​യിൽ ക്യാൻസർ രോഗി​കൾക്കു​ണ്ടാ​കുന്ന മനം പിരട്ടൽ കുറയ്‌ക്കു​ന്ന​തി​നും മാരി​ഹ്വാ​ന പററി​യ​താണ്‌ എന്ന അവകാ​ശ​വാ​ദം വളരെ​യ​ധി​കം ഒച്ചപ്പാട്‌ ഉണ്ടാക്കി​യി​ട്ടുണ്ട്‌. യു. എസ്സ്‌. ഇൻസ്‌റ​റി​റ​റ്യൂട്ട്‌ ഓഫ്‌ മെഡി​സി​ന്റെ ഒരു റിപ്പോർട്ട്‌ ഈ അവകാ​ശ​വാ​ദ​ത്തിൽ അല്‌പം സത്യം ഉണ്ട്‌ എന്ന്‌ സമ്മതി​ക്കു​ന്നു. എന്നാൽ താമസി​യാ​തെ രോഗി​കൾ മാരി​ഹ്വാ​ന സിഗറ​റ​റു​കൾ വലിക്കാൻ ഡോക്‌ടർമാർ ശുപാർശ​ചെ​യ്യും എന്ന്‌ ഇതിന്‌ അർത്ഥമു​ണ്ടോ?

അതിന്‌ സാദ്ധ്യ​ത​യില്ല, കാരണം മാരി​ഹ്വാ​ന​യു​ടെ 400 ലധികം രാസസം​യു​ക്ത​ങ്ങ​ളിൽ ചിലത്‌ പ്രയോ​ജ​ന​ക​ര​മെന്ന്‌ തെളി​ഞ്ഞേ​ക്കാ​മെ​ങ്കി​ലും അത്തരം മരുന്നു ഉൾക്കൊ​ള​ളു​ന്ന​തി​നു​ളള യുക്ത്യാ​നു​സൃ​ത​മായ രീതി മാരി​ഹ്വാ​ന കത്തിച്ച്‌ വലിയ്‌ക്ക​ലാ​യി​രി​ക്കു​ക​യില്ല. ഒരു പ്രാമാ​ണി​ക​നായ ഡോക്ടർ കാൾട്ടൺ ടേണർ പറയു​ന്നത്‌ “മാരി​ഹ്വാ​ന ഉപയോ​ഗി​ക്കു​ന്നത്‌ പെൻസി​ലിൻ കിട്ടാൻവേണ്ടി ആളുകൾക്ക്‌ പൂത്ത റൊട്ടി തിന്നാൻ കൊടു​ക്കു​ന്ന​തു​പോ​ലെ ആയിരി​ക്കും” എന്നാണ്‌. അതു​കൊണ്ട്‌ എന്നെങ്കി​ലും ഏതെങ്കി​ലും മാരി​ഹ്വാ​ന സംയു​ക്തങ്ങൾ യഥാർത്ഥ ഔഷധ​ങ്ങ​ളാ​യി​ത്തീ​രു​ന്നു​വെ​ങ്കിൽ മാരി​ഹ്വാ​ന​യിൽ നിന്ന്‌ “എടുത്തി​ട്ടു​ള​ള​തോ അല്ലെങ്കിൽ അവയോ​ടു സാദൃ​ശ്യ​മു​ള​ള​തോ” ആയ രാസസം​യു​ക്തങ്ങ”ളായി​രി​ക്കും ഡോക്ടർമാർ നിർദ്ദേ​ശി​ക്കുക. അതു​കൊണ്ട്‌ “സാദ്ധ്യ​മായ ഏതെങ്കി​ലും ചികി​ത്സാ​പ​ര​മായ പ്രയോ​ജ​നങ്ങൾ മാരി​ഹ്വാ​ന​യു​ടെ ദോഷ​ഫ​ല​ങ്ങ​ളു​ടെ പ്രാധാ​ന്യ​ത്തിന്‌ മാററം വരുത്തു​ന്നില്ല എന്ന സംഗതി ഊന്നി​പ്പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു” എന്ന്‌ യു. എസ്സ്‌. സെക്ര​ട്ടറി ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൻ സേർവീ​സസ്സ്‌ എഴുതി​യത്‌ അതിശ​യമല്ല.

[275-ാം പേജിലെ ചിത്രം]

മയക്കുമരുന്നുകൾ വേണ്ട എന്നു പറയാ​നു​ളള ധൈര്യം കാണി​ക്കുക!

[276, 277 പേജു​ക​ളി​ലെ ചിത്രങ്ങൾ]

മയക്കുമരുന്നുകളിലൂടെ ഇപ്പോൾ പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ രക്ഷപെ​ടു​ന്നു​വെ​ങ്കിൽ . . . പ്രായപൂർത്തിയായിക്കഴിയുമ്പോൾ പ്രശ്‌ന​ങ്ങളെ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌ പ്രയാ​സ​മെന്ന്‌ നിങ്ങൾ കണ്ടെത്തി​യേ​ക്കാം