വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾ എന്നെ വെറുതെ വിട്ടേക്കാത്തത്‌ എന്തുകൊണ്ടാണ്‌?

കുട്ടികൾ എന്നെ വെറുതെ വിട്ടേക്കാത്തത്‌ എന്തുകൊണ്ടാണ്‌?

അധ്യായം 19

കുട്ടികൾ എന്നെ വെറുതെ വിട്ടേ​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

ആ കുട്ടി​യു​ടെ നടപ്പു​തന്നെ അവനെ തീർച്ച​യാ​യും തിരി​ച്ച​റി​യി​ക്കു​ന്നു. പിരി​മു​റു​ക്ക​വും തന്നെപ്പ​റ​റി​ത്ത​ന്നെ​യു​ളള ഒരു നിശ്ചയ​മി​ല്ലാ​യ്‌മ​യും അവൻ പുതിയ ചുററു​പാ​ടു​ക​ളിൽ അമ്പരന്നു പോയി​രി​ക്കു​ന്നു എന്ന്‌ വ്യക്തമാ​ക്കു​ന്നു. മുതിർന്ന കുട്ടികൾ പെട്ടെ​ന്നു​തന്നെ അവൻ സ്‌കൂ​ളിൽ ഒരു പുതിയ കുട്ടി​യാ​ണെന്ന്‌ തിരി​ച്ച​റി​യു​ന്നു. നിമി​ഷ​ങ്ങൾക്കകം അശ്ലീല വാക്കു​ക​ളാൽ അവനെ അഭി​ഷേകം ചെയ്യുന്ന യുവജ​ന​ങ്ങ​ളാൽ അവൻ ചുററ​പ്പെ​ടു​ന്നു! ഒരു ചെവി മുതൽ മറെറ ചെവി വരെ ചോര തുടി​ക്കുന്ന മുഖ​ത്തോ​ടെ അവൻ ഏററം അടുത്ത അഭയസ്ഥാ​ന​ത്തേക്ക്‌, വിശ്ര​മ​മു​റി​യി​ലേക്ക്‌ ഓടുന്നു. അവി​ടെ​ങ്ങും കൂട്ടച്ചി​രി മാറെ​റാ​ലി​ക്കൊ​ള​ളു​ന്നു.

മററു​ള​ള​വരെ ശല്യം ചെയ്യു​ന്ന​തും പരിഹ​സി​ക്കു​ന്ന​തും നിന്ദി​ക്കു​ന്ന​തും അനേക യുവജ​ന​ങ്ങ​ളു​ടെ​യും ക്രൂര വിനോ​ദ​മാണ്‌. ബൈബിൾ കാലങ്ങ​ളി​ലും ചില യുവജ​നങ്ങൾ ഹീനമായ ഈ സ്വഭാവം പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ ഒരുപ​ററം കുട്ടികൾ ഒരിക്കൽ എലീശാ പ്രവാ​ച​കനെ ശല്യ​പ്പെ​ടു​ത്തി. അദ്ദേഹ​ത്തി​ന്റെ സ്ഥാനത്തെ നിന്ദി​ച്ചു​കൊണ്ട്‌ യാതൊ​രു ആദരവു​മി​ല്ലാ​തെ ആ യുവജ​നങ്ങൾ “മൊട്ട​ത്ത​ലയാ കയറി​പ്പോ! മൊട്ട​ത്ത​ലയാ കയറി​പ്പോ!” എന്ന്‌ വിളിച്ചു കൂവി. (2 രാജാ​ക്കൻമാർ 2:23-25) ഇന്ന്‌ അതു​പോ​ലെ അനേകം യുവജ​നങ്ങൾ മററു​ള​ള​വ​രെ​പ്പ​ററി നിന്ദി​ക്കു​ന്ന​തും മുറി​പ്പെ​ടു​ത്തു​ന്ന​തു​മായ പരാമർശ​നങ്ങൾ നടത്താൻ ചായ്‌വു​ള​ള​വ​രാണ്‌.

ക്ലസ്സു​മു​റി​യി​ലെ വളർച്ച​യു​ടെ വേദനകൾ എന്ന [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തി​ന്റെ എഴുത്തു​കാ​രിൽ ഒരാൾ ഇപ്രകാ​രം അനുസ്‌മ​രി​ക്കു​ന്നു: “ഞാൻ ഒൻപതാം ക്ലാസ്സിലെ ഏററം ഉയരം കുറഞ്ഞ കുട്ടി​യാ​യി​രു​ന്നു. ആ ക്ലാസ്സിലെ ഏററം സമർത്ഥ​നും ഏററം കുറി​യ​വ​നും ആയിരി​ക്കുക എന്നത്‌ ഹൈസ്‌കൂ​ളി​ലെ ഒരു ജൂണിയർ വിദ്യാർത്ഥി​യെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു അപകട​ക​ര​മായ സവി​ശേ​ഷ​ത​യാ​യി​രു​ന്നു: ഒരു കുളള​നാ​യി​രി​ക്കു​ന്ന​തി​ന്റെ പേരിൽ എനിക്കി​ട്ടി​ടി​ക്കാൻ ആഗ്രഹി​ക്കാ​ഞ്ഞവർ ഞാൻ ഒരു സമർത്ഥ​നാ​യ​തി​ന്റെ പേരിൽ എനിക്കി​ട്ടി​ടി​ച്ചു. ‘നാലു കണ്ണൻ’ എന്നതു കൂടാതെ ‘നടക്കുന്ന നിഘണ്ടു’ എന്നും അതു​പോ​ലെ വേറെ ഒരു 800 വിശേ​ഷ​ണ​ങ്ങ​ളും [നിന്ദാ​വാ​ക്കു​കൾ] അവർ എന്നെ വിളിച്ചു.” കുട്ടി​ക​ളു​ടെ ഏകാന്തത എന്ന [ഇംഗ്ലീഷ്‌] പുസ്‌ത​ക​ത്തി​ന്റെ ഗ്രന്ഥകർത്താവ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ഏതെങ്കി​ലും ശാരീ​രിക വൈക​ല്യ​ങ്ങ​ളോ സംസാര തടസ്സങ്ങ​ളോ അല്ലെങ്കിൽ ശരീര​പ്ര​കൃ​തി​യി​ലോ പെരു​മാ​റ​റ​ത്തി​ലോ എന്തെങ്കി​ലും പ്രത്യേ​ക​ത​ക​ളോ ഉളള കുട്ടികൾ എളുപ്പം മററു കുട്ടി​ക​ളു​ടെ പരിഹാ​സ​ത്തി​ന്റെ ലക്ഷ്യങ്ങ​ളാ​യി​ത്തീ​രു​ന്നു.”

ചില​പ്പോൾ വളരെ ക്രൂര​മായ ഒരു മത്സരത്തിൽ ഏർപ്പെ​ട്ടു​കൊണ്ട്‌ യുവജ​നങ്ങൾ സ്വയസം​ര​ക്ഷണം നടത്തുന്നു: കൂടുതൽ കൂടുതൽ ദ്രോ​ഹ​ക​ര​മായ നിന്ദാ​വാ​ക്കു​കൾ (മിക്ക​പ്പോ​ഴും മറേറ​യാ​ളി​ന്റെ മാതാ​പി​താ​ക്കളെ സംബന്ധിച്ച്‌) പരസ്‌പരം തൊടു​ത്തു വിട്ടു​കൊ​ണ്ടു​തന്നെ. എന്നാൽ സഹപാ​ഠി​ക​ളിൽനി​ന്നു​ളള ശല്യത്തെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ അനേക യുവജ​ന​ങ്ങ​ളും പ്രതി​രോ​ധ​ശ​ക്തി​യി​ല്ലാ​ത്ത​വ​രാണ്‌. ചില ദിവസ​ങ്ങ​ളിൽ സഹപാ​ഠി​ക​ളിൽ നിന്നുളള പരിഹാ​സ​വും ശല്യവും നിമിത്തം താൻ ഭയവി​ഹ്വ​ല​നും അസന്തു​ഷ്ട​നു​മാ​യി​ത്തീർന്നിട്ട്‌ തനിക്ക്‌ ‘മനം പിരട്ടൽ അനുഭ​വ​പ്പെട്ടു’ എന്ന്‌ ഒരു യുവാവ്‌ ഓർമ്മി​ക്കു​ന്നു. മററു കുട്ടികൾ തന്നോട്‌ എന്തു ചെയ്യും എന്നുളള ഉൽക്കണ്‌ഠ നിമിത്തം അയാൾക്ക്‌ പഠനത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ കഴിഞ്ഞില്ല.

തമാശ അല്ല

നിങ്ങൾ സഹപാ​ഠി​ക​ളു​ടെ ക്രൂര​ത​യ്‌ക്ക്‌ ഇരയാ​യി​ത്തീർന്നി​ട്ടു​ണ്ടോ? ദൈവം ഇതിനെ ഒരു തമാശ​യാ​യി വീക്ഷി​ക്കു​ന്നില്ല എന്നറി​യു​ന്നത്‌ നിങ്ങൾക്ക്‌ ആശ്വാ​സ​ക​ര​മാ​യി​രി​ക്കും. അബ്രഹാ​മി​ന്റെ പുത്ര​നായ യിസ്‌ഹാ​ക്കി​ന്റെ മുലകു​ടി​മാ​റൽ ആഘോ​ഷി​ക്കാൻ വേണ്ടി ഒരുക്ക​പ്പെട്ട വിരു​ന്നി​നെ​പ്പ​റ​റി​യു​ളള ബൈബിൾ വിവരണം പരിഗ​ണി​ക്കുക. പ്രത്യ​ക്ഷ​ത്തിൽ യിസ്‌ഹാ​ക്കിന്‌ ലഭിക്കാൻ പോകുന്ന അവകാശം സംബന്ധിച്ച്‌ അസൂയാ​ലു​വാ​യി​ത്തീർന്ന യിശ്‌മാ​യേൽ യിസ്‌ഹാ​ക്കി​നെ “പരിഹ​സി​ക്കാൻ” തുടങ്ങി. എന്നിരു​ന്നാ​ലും അതു വെറും തമാശ ആയിരി​ക്കാ​തെ ആ പരിഹാ​സം ഒരു ‘പീഡന’മായി​രു​ന്നു. (ഗലാത്യർ 4:29) യിസ്‌ഹാ​ക്കി​ന്റെ അമ്മയായ സാറാ​യ്‌ക്ക്‌ ഈ പരിഹാ​സ​ത്തി​ന്റെ പിന്നിലെ ശത്രുത മനസ്സി​ലാ​യി. തന്റെ പുത്ര​നായ യിസ്‌ഹാ​ക്കി​ലൂ​ടെ ഒരു “സന്തതിയെ” അല്ലെങ്കിൽ മശിഹാ​യെ ഉല്‌പാ​ദി​പ്പി​ക്കാ​നു​ളള ദൈ​വോ​ദ്ദേ​ശ്യ​ത്തോ​ടു​ളള ഒരു അധി​ക്ഷേ​പ​മാ​യി അവൾ അതിനെ വീക്ഷിച്ചു. സാറാ​യു​ടെ അപേക്ഷ​പ്ര​കാ​രം യിശ്‌മാ​യേ​ലും അവന്റെ അമ്മയും അബ്രഹാ​മി​ന്റെ ഭവനത്തിൽ നിന്ന്‌ പുറത്താ​ക്ക​പ്പെട്ടു.—ഉല്‌പത്തി 21:8-14.

അതു​പോ​ലെ യുവജ​നങ്ങൾ നിങ്ങളെ വിദ്വേ​ഷ​പൂർവ്വം ശല്യം ചെയ്യു​മ്പോൾ അതു തമാശയല്ല—വിശേ​ഷി​ച്ചും നിങ്ങൾ ബൈബിൾ നിലവാ​രങ്ങൾ അനുസ​രി​ച്ചു ജീവി​ക്കാൻ ശ്രമി​ക്കു​ന്ന​തി​ന്റെ പേരിൽ അവർ അതു ചെയ്യു​മ്പോൾ. ഉദാഹ​ര​ണ​ത്തിന്‌ ക്രിസ്‌തീയ യുവജ​നങ്ങൾ തങ്ങളുടെ വിശ്വാ​സ​ത്തെ​പ്പ​ററി മററു​ള​ള​വ​രോട്‌ സംസാ​രി​ക്കും എന്ന്‌ എല്ലാവർക്കും അറിയാം. എന്നാൽ ഒരു സംഘം യഹോ​വ​യു​ടെ യുവ സാക്ഷികൾ പറഞ്ഞ​പ്ര​കാ​രം: “ഞങ്ങൾ വീടു​തോ​റും പ്രസം​ഗി​ക്കു​ന്ന​തിന്‌ സ്‌കൂ​ളി​ലെ കുട്ടികൾ ഞങ്ങളെ പരിഹ​സി​ക്കു​ന്നു, അതു​കൊണ്ട്‌ അവർക്ക്‌ ഞങ്ങളോട്‌ പുച്ഛമാണ്‌.” അതെ, പുരാതന കാലത്തെ ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസൻമാ​രെ​പ്പോ​ലെ അനേകം ക്രിസ്‌തീയ യുവജ​ന​ങ്ങൾക്ക്‌ “പരിഹാ​സ​ത്താ​ലു​ളള പരി​ശോ​ധന” അഭിമു​ഖീ​ക​രി​ക്കേണ്ടി വരുന്നു. (എബ്രായർ 11:36) അത്തരം നിന്ദകൾ സഹിക്കു​ന്ന​തിൽ അവർ പ്രകട​മാ​ക്കുന്ന ധൈര്യ​ത്തിന്‌ അവർ അഭിന​ന്ദനം അർഹി​ക്കു​ന്നു!

അവർ അതു ചെയ്യു​ന്ന​തി​ന്റെ കാരണം

എന്നിരു​ന്നാ​ലും നിങ്ങളു​ടെ പീഡകർ നിങ്ങളെ വെറുതെ വിട്ടേ​യ്‌ക്കാൻ തക്കവണ്ണം നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും എന്ന്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. ഒന്നാമ​താ​യി എന്തു​കൊ​ണ്ടാണ്‌ അവർ പരിഹ​സി​ക്കു​ന്നത്‌ എന്ന്‌ ചിന്തി​ക്കുക. “ചിരി​ക്കു​മ്പോൾപോ​ലും ഹൃദയം വേദനി​ക്കു​ക​യാ​യി​രി​ക്കാം” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 14:13-ൽ ബൈബിൾ പറയുന്നു. ഒരു പററം യുവജ​നങ്ങൾ ആരെ​യെ​ങ്കി​ലും വിഷമി​പ്പി​ക്കു​മ്പോൾ അവിടെ കൂട്ടച്ചി​രി ഉയരുന്നു. എന്നാൽ അവർ ‘നല്ല ഹൃദയ​നില നിമിത്തം ഉല്ലസി​ച്ചു​ഘോ​ഷി​ക്കു​ന്നതല്ല.’ (യെശയ്യാവ്‌ 65:14) മിക്ക​പ്പോ​ഴും ചിരി ഉളളിലെ പ്രക്ഷു​ബ്‌ധത മറയ്‌ക്കാ​നു​ളള ഒരു തന്ത്രം മാത്ര​മാണ്‌. വീരസ്യ​ഭാ​വ​ത്തി​ന്റെ പിൻപിൽ പീഡകർ വാസ്‌ത​വ​ത്തിൽ ഇങ്ങനെ​യാ​യി​രി​ക്കാം പറയു​ന്നത്‌: ‘ഞങ്ങൾക്ക്‌ ഞങ്ങളെ​ത്തന്നെ ഇഷ്ടമല്ല, എന്നാൽ ആരെ​യെ​ങ്കി​ലും താഴ്‌ത്തി​ക്കെ​ട്ടു​ന്നത്‌ ഞങ്ങൾക്കൊ​രു സുഖമാണ്‌.’

അസൂയ​യും ആക്രമി​ക്കാ​നു​ളള പ്രേരണ നൽകുന്നു. കൗമാ​ര​പ്രാ​യ​ക്കാ​ര​നായ യോ​സേഫ്‌ അവന്റെ പിതാ​വിന്‌ ഇഷ്ടപ്പെ​ട്ട​വ​നാ​യി​രു​ന്ന​തി​നാൽ അവന്റെ സ്വന്തം സഹോ​ദ​രൻമാർ അവനെ​തി​രെ തിരി​ഞ്ഞ​തി​നെ​പ്പ​റ​റി​യു​ളള ബൈബിൾ വിവരണം അനുസ്‌മ​രി​ക്കുക. കഠിന​മായ അസൂയ വാഗ്‌രൂ​പേ​ണ​യു​ളള ആക്രമ​ണ​ത്തി​ലേക്ക്‌ മാത്രമല്ല അവനെ കൊല ചെയ്യാൻ ആലോ​ചി​ക്കു​ന്ന​തി​ലേ​ക്കു​പോ​ലും നയിച്ചു! (ഉല്‌പത്തി 37:4, 11, 20) അതു​പോ​ലെ ഇന്നും അസാധാ​രണ വൈഭ​വ​മു​ളള അല്ലെങ്കിൽ അദ്ധ്യാ​പകർ ഇഷ്ടപ്പെ​ടുന്ന ഒരു വിദ്യാർത്ഥി അവന്റെ സഹപാ​ഠി​ക​ളിൽ അസൂയ ഉണർത്തി​യേ​ക്കാം. നിന്ദാ​വാ​ക്കു​കൾ ‘അവനെ നിലക്ക്‌ നിറു​ത്തും’ എന്നു തോന്നും.

അരക്ഷി​ത​ബോ​ധ​വും അസൂയ​യും ആത്മവി​ശ്വാ​സ​ക്കു​റ​വും ആണ്‌ മിക്ക​പ്പോ​ഴും പരിഹാ​സ​ത്തി​നു​ളള കാരണങ്ങൾ. അതു​കൊണ്ട്‌ അരക്ഷി​ത​ബോ​ധം തോന്നുന്ന ഏതെങ്കി​ലും ഒരു യുവാ​വിന്‌ ആത്മവി​ശ്വാ​സം നഷ്ടപ്പെ​ട്ട​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തിന്‌ ആത്മവി​ശ്വാ​സം നഷ്ടമാ​കണം?

ശല്യത്തെ തടയൽ

“പരിഹാ​സി​ക​ളു​ടെ ഇരിപ്പി​ട​ത്തിൽ ഇരുന്നി​ട്ടി​ല്ലാത്ത മനുഷ്യൻ സന്തുഷ്ടൻ,” എന്ന്‌ സങ്കീർത്ത​ന​ക്കാ​രൻ പറയുന്നു. (സങ്കീർത്തനം 1:1) നിങ്ങളിൽ നിന്ന്‌ ശ്രദ്ധ അകററാൻ വേണ്ടി പരിഹാ​സ​ത്തിൽ പങ്കു​ചേ​രു​ന്നതു പരിഹ​സി​ക്കൽ പരിപാ​ടി തുടരാ​നേ സഹായി​ക്കു​ക​യു​ളളു. “ആരോ​ടും തിൻമ​യ്‌ക്കു പകരം തിൻമ ചെയ്യാതെ . . . തിൻമയെ നൻമ​കൊണ്ട്‌ ജയിച്ച​ട​ക്കുക” എന്നത്‌ ദൈവി​ക​മായ ബുദ്ധി​യു​പ​ദേ​ശ​മാണ്‌.—റോമർ 12:17-21.

സഭാ​പ്ര​സം​ഗി 7:9 കൂടു​ത​ലാ​യി ഇപ്രകാ​രം പറയുന്നു: “നീരസം തോന്നാൻ നിന്റെ ആത്മാവിൽ നീ തിടുക്കം കൂട്ടരുത്‌, എന്തു​കൊ​ണ്ടെ​ന്നാൽ മൂഢൻമാ​രു​ടെ മാർവ്വി​ലാണ്‌ നീരസം വസിക്കു​ന്നത്‌.” അതെ, പരിഹാ​സത്തെ നിങ്ങൾ എന്തിന്‌ അത്ര ഗൗരവ​മാ​യി​ട്ടെ​ടു​ക്കണം? നിങ്ങളു​ടെ ശരീര​ഘടന സംബന്ധിച്ച്‌ ആരെങ്കി​ലും നിങ്ങളെ പരിഹ​സി​ക്കു​ക​യോ അല്ലെങ്കിൽ നിങ്ങളു​ടെ മുഖത്തി​ന്റെ എന്തെങ്കി​ലും വൈരൂ​പ്യ​ത്തിൽ വിനോ​ദം കണ്ടെത്തു​ക​യോ ചെയ്യു​ന്നെ​ങ്കിൽ അതു വേദനാ​ജ​ന​ക​മാ​ണെ​ന്നത്‌ സമ്മതി​ക്കു​ന്നു. എന്നിരു​ന്നാ​ലും അത്തരം പരാമർശ​നങ്ങൾ രുചി​ക​ര​മ​ല്ലെ​ങ്കി​ലും അവശ്യം ദ്രോ​ഹ​പ​ര​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ ആരെങ്കി​ലും നിരു​പ​ദ്ര​വ​ക​ര​മാ​യി—അല്ലെങ്കിൽ ഒരുപക്ഷേ അത്ര നിരു​പ​ദ്ര​വ​ക​ര​മ​ല്ലാ​തെ പോലും—വേദനി​പ്പി​ക്ക​ത്ത​ക്ക​വണ്ണം നിങ്ങളെ സ്‌പർശി​ച്ചാൽ നിങ്ങൾ എന്തിന്‌ തകർന്നു​പോ​കണം? പറയ​പ്പെ​ടു​ന്നത്‌ അശ്ലീല​മോ ദൈവ​നി​ന്ദ​യോ അല്ലെങ്കിൽ അതിലെ നർമ്മരസം കാണാൻ ശ്രമി​ക്കുക. “ചിരി​ക്കാൻ ഒരു സമയ”മുണ്ട്‌, തമാശ​യായ പരിഹാ​സ​ത്തിൽ നീരസം തോന്നു​ന്നത്‌ അതിരു​കടന്ന പ്രതി​ക​ര​ണ​മാ​യി​രു​ന്നേ​ക്കാം.—സഭാ​പ്ര​സം​ഗി 3:4.

പരിഹാ​സം ക്രൂര​വും ദ്രോ​ഹ​പ​രം​പോ​ലു​മാ​ണെ​ങ്കി​ലെന്ത്‌? പരിഹാ​സി നിങ്ങളു​ടെ പ്രതി​ക​രണം കണ്ടു രസിക്കാ​നും നിങ്ങളു​ടെ സങ്കടത്തിൽ ഉല്ലസി​ക്കാ​നും ആഗ്രഹി​ക്കു​ന്നു എന്ന്‌ ഓർമ്മി​ക്കുക. തിരി​ച്ച​ടി​ക്കു​ന്നത്‌, സ്വയ സംരക്ഷ​ണ​ത്തിന്‌ ശ്രമി​ക്കു​ന്നത്‌, അല്ലെങ്കിൽ പൊട്ടി​ക്ക​ര​യു​ന്നത്‌ ശല്യം തുടരാൻ അവനെ അല്ലെങ്കിൽ അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യേ​യു​ളളു. അയാൾക്ക്‌ എന്തിന്‌ നിങ്ങൾ അസ്വസ്ഥ​നാ​യി​ക്കാ​ണു​ന്ന​തി​ന്റെ സംതൃ​പ്‌തി നൽകണം? മിക്ക​പ്പോ​ഴും അധി​ക്ഷേപം തടയാ​നു​ളള ഏററം നല്ല മാർഗ്ഗം യാതൊ​രു ഭാവ​ഭേ​ദ​വും കൂടാതെ അതിനെ അവഗണി​ക്കുക എന്നതാണ്‌.

ശലോ​മോൻ രാജാവ്‌ ഇപ്രകാ​രം കൂട്ടി​ച്ചേർത്തു: “ആളുകൾ പറയുന്ന എല്ലാ വാക്കു​കൾക്കും നിന്റെ ഹൃദയം കൊടു​ക്ക​രുത്‌ [“ആളുകൾ പറയുന്ന എല്ലാറ​റി​നും ശ്രദ്ധ കൊടു​ക്ക​രുത്‌”—ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ], നിന്റെ ദാസൻ നിന്നെ ശപിക്കു​ന്നത്‌ നീ കേൾക്കാ​തി​രി​ക്കേ​ണ്ട​തി​നു തന്നെ. എന്തു​കൊ​ണ്ടെ​ന്നാൽ നീ, അതെ നീ തന്നെയും മററു​ള​ള​വരെ പലപ്രാ​വ​ശ്യം ശപിച്ചി​ട്ടുണ്ട്‌ എന്നുള​ളത്‌ നിന്റെ സ്വന്തം ഹൃദയം നന്നായി അറിയു​ന്നു​വ​ല്ലോ.” (സഭാ​പ്ര​സം​ഗി 7:21, 22) പരിഹാ​സി​ക​ളു​ടെ രൂക്ഷമായ പരാമർശ​ന​ങ്ങൾക്ക്‌ “നിന്റെ ഹൃദയം നൽകുന്ന”തിന്റെ അർത്ഥം നിങ്ങളെ സംബന്ധി​ച്ചു​ളള അവരുടെ വിധി​യെ​പ്പ​ററി വളരെ​യ​ധി​കം ഉൽക്കണ്‌ഠാ​കു​ല​നാ​വുക എന്നാണ്‌. അവരുടെ വിധി സാധു​വാ​യ​താ​ണോ? അസൂയാ​ലു​ക്ക​ളായ സഹപ്ര​വർത്ത​ക​രാൽ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ അന്യാ​യ​മാ​യി ആക്രമി​ക്ക​പ്പെട്ടു, എന്നാൽ അവൻ ഇപ്രകാ​രം മറുപടി പറഞ്ഞു: “നിങ്ങളാ​ലോ ഒരു മാനുഷ ന്യായാ​ധി​പ​സം​ഘ​ത്താ​ലോ വിധി​ക്ക​പ്പെ​ടു​ന്നത്‌ എനിക്ക്‌ നിസ്സാരം. . . . എന്നെ വിധി​ക്കു​ന്നത്‌ യഹോ​വ​യാണ്‌.” (1 കൊരി​ന്ത്യർ 4:3, 4) ദൈവ​വു​മാ​യു​ളള പൗലോ​സി​ന്റെ ബന്ധം വളരെ ശക്തമാ​യി​രു​ന്ന​തി​നാൽ അന്യാ​യ​മായ ആക്രമ​ണ​ങ്ങളെ ചെറുത്തു നിൽക്കാ​നു​ളള ആത്മ​ധൈ​ര്യ​വും ഉൾക്കരു​ത്തും അവനു​ണ്ടാ​യി​രു​ന്നു.

നിങ്ങളു​ടെ വെളിച്ചം പ്രകാ​ശി​പ്പി​ക്കു​ക

ചില​പ്പോൾ ഒരു ക്രിസ്‌ത്യാ​നി​യാ​യു​ളള നിങ്ങളു​ടെ ജീവി​ത​രീ​തി നിമിത്തം നിങ്ങൾ പരിഹ​സി​ക്ക​പ്പെ​ട്ടേ​ക്കാം. യേശു​ക്രി​സ്‌തു തന്നെയും അത്തരം “എതിർ സംസാ​രങ്ങൾ” സഹി​ക്കേ​ണ്ടി​വന്നു. (എബ്രായർ 12:3) യഹോ​വ​യു​ടെ ദൂത്‌ ധൈര്യ​പൂർവ്വം സംസാ​രി​ച്ച​തി​നാൽ യിരെ​മ്യാ​വും “ദിവസം മുഴുവൻ പരിഹാ​സ​പാ​ത്ര​മാ​യി​ത്തീർന്നു.” ശല്യം വളരെ ശക്തമാ​യി​രു​ന്ന​തി​നാൽ യിരെ​മ്യാ​വിന്‌ തൽക്കാ​ല​ത്തേക്ക്‌ സംസാ​രി​ക്കാ​നു​ളള പ്രേരണ ഇല്ലാതാ​യി. “ഞാൻ ഇനി അവനെ (യഹോ​വയെ) പരാമർശി​ക്കു​ക​യില്ല, അവന്റെ നാമത്തിൽ സംസാ​രി​ക്കു​ക​യു​മില്ല” എന്ന്‌ അവൻ തീരു​മാ​നി​ച്ചു. എന്നിരു​ന്നാ​ലും ദൈവ​ത്തോ​ടും സത്യ​ത്തോ​ടു​മു​ളള അവന്റെ സ്‌നേഹം ക്രമേണ അവന്റെ ഭയത്തെ കീഴട​ക്കാൻ അവനെ പ്രേരി​പ്പി​ച്ചു.—യിരെ​മ്യാവ്‌ 20:7-9.

അതു​പോ​ലെ ഇന്ന്‌ ചില ക്രിസ്‌തീയ യുവജ​നങ്ങൾ നിരു​ത്‌സാ​ഹി​ത​രാ​യി​ത്തീർന്നി​ട്ടുണ്ട്‌. പരിഹാ​സം തടയാ​നു​ളള താല്‌പ​ര്യ​ത്തിൽ തങ്ങൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെന്ന വസ്‌തുത മറച്ചു വയ്‌ക്കാൻ ചിലർ ശ്രമി​ച്ചി​ട്ടുണ്ട്‌. എന്നാൽ ദൈവ​ത്തോ​ടു​ളള സ്‌നേഹം മിക്ക​പ്പോ​ഴും അത്തരം ആളുകൾ അവസാനം അവരുടെ ഭയത്തെ കീഴട​ക്കാ​നും തങ്ങളുടെ ‘വെളിച്ചം പ്രകാ​ശി​പ്പി​ക്കാ​നും’ ഇടയാ​ക്കു​ന്നു! (മത്തായി 5:16) ഉദാഹ​ര​ണ​ത്തിന്‌ ഒരു കൗമാ​ര​പ്രാ​യ​ക്കാ​രൻ പറഞ്ഞു: “എന്റെ മനോ​ഭാ​വ​ത്തി​നു മാററം വന്നു. ഒരു ക്രിസ്‌ത്യാ​നി​യാ​യി​രി​ക്കുക എന്നത്‌ ഞാൻ വഹിക്കേണ്ട ഒരു ഭാരമാ​ണെന്ന വീക്ഷണം വിട്ടിട്ട്‌ ഞാൻ അഭിമാ​നം കൊ​ളേളണ്ട ഒരു സംഗതി​യാ​യി ഞാൻ അതിനെ വീക്ഷി​ക്കാൻ തുടങ്ങി.” നിങ്ങൾക്കും ദൈവത്തെ അറിയു​ന്ന​തി​ന്റെ​യും മററു​ള​വരെ സഹായി​ക്കാൻ വേണ്ടി അവനാൽ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ​യും പദവി സംബന്ധിച്ച്‌ “പ്രശം​സി​ക്കാൻ” കഴിയും.—1 കൊരി​ന്ത്യർ 1:31.

എന്നിരു​ന്നാ​ലും, നിരന്തരം മററു​ള​ള​വരെ വിമർശി​ച്ചു​കൊ​ണ്ടും അല്ലെങ്കിൽ നിങ്ങൾ മററു​ള​ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന്‌ വിചാ​രി​ക്കു​ന്ന​താ​യി ഒരു ധാരണ നൽകി​ക്കൊ​ണ്ടും ശത്രുത ക്ഷണിച്ചു വരുത്ത​രുത്‌. നിങ്ങളു​ടെ വിശ്വാ​സം പങ്കുവ​യ്‌ക്കാൻ അവസരം ലഭിക്കു​മ്പോൾ അങ്ങനെ ചെയ്യുക, എന്നാൽ അതു “സൗമ്യ​ത​യോ​ടും ആഴമായ ബഹുമാ​ന​ത്തോ​ടും” കൂടെ വേണം. (1 പത്രോസ്‌ 3:15) നല്ല പെരു​മാ​ററം സംബന്ധിച്ച നിങ്ങളു​ടെ കീർത്തി നിങ്ങൾ സ്‌കൂ​ളി​ലാ​യി​രി​ക്കു​മ്പോൾ നിങ്ങളു​ടെ ഏററം വലിയ സംരക്ഷ​ണ​മാ​ണെന്ന്‌ തെളി​ഞ്ഞേ​ക്കാം. നിങ്ങളു​ടെ ധീരമായ നിലപാട്‌ മററു​ള​ളവർ ഇഷ്ടപ്പെ​ട്ടി​ല്ലെ​ങ്കി​ലും അവർ മിക്ക​പ്പോ​ഴും മനസ്സി​ല്ലാ​മ​ന​സ്സോ​ടെ​യാ​ണെ​ങ്കി​ലും അതിന്റെ പേരിൽ നിങ്ങളെ ആദരി​ക്കും.

വനേസ്സാ എന്ന പെൺകു​ട്ടിക്ക്‌ ഒരു പററം പെൺകു​ട്ടി​ക​ളിൽ നിന്നുളള ശല്യം സഹി​ക്കേണ്ടി വന്നു, അവർ അവളെ ഇടിക്കു​ക​യും പിടിച്ചു തളളു​ക​യും കൈയ്യിൽ നിന്ന്‌ പുസ്‌ത​കങ്ങൾ തട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു—മനപ്പൂർവ്വം ഒരു വഴക്കു​ണ്ടാ​ക്കാൻ വേണ്ടി​തന്നെ. അവർ അവളുടെ ദേഹത്തും വെളള വസ്‌ത്ര​ത്തി​ലും ചോ​ക്ലേ​ററ്‌ മിൽക്ക്‌ ഒഴിക്കുക പോലും ചെയ്‌തു. എന്നിട്ടും അവൾ ഒരിക്കൽപോ​ലും പ്രകോ​പി​ത​യാ​യില്ല. കുറേ നാളു​കൾക്കു​ശേഷം വനേസ്സ ഈ പെൺകു​ട്ടി​ക​ളു​ടെ പ്രമാ​ണി​യെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു സമ്മേള​ന​ത്തിൽ വച്ച്‌ കണ്ടുമു​ട്ടി! “ഞാൻ നിന്നെ വെറു​ത്തി​രു​ന്നു . . . ” മുൻ പീഡക പറഞ്ഞു. “ഒരിക്ക​ലെ​ങ്കി​ലും നീ പ്രകോ​പി​ത​യാ​കു​ന്നതു കാണാൻ ഞാൻ ആഗ്രഹി​ച്ചു.” വനേസ്സ എങ്ങനെ തന്റെ പ്രശാന്തത നിലനിർത്തി എന്ന്‌ അറിയാ​നു​ളള ജിജ്ഞാസ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊത്ത്‌ ബൈബിൾ പഠിക്കു​ന്ന​തി​ലേക്ക്‌ അവളെ നയിച്ചു. “ഞാൻ പഠിച്ച കാര്യങ്ങൾ എനിക്കി​ഷ്ട​മാ​യി,” അവൾ തുടർന്നു, “നാളെ ഞാൻ സ്‌നാ​പനം ഏൽക്കു​ക​യാണ്‌.”

അതു​കൊണ്ട്‌ സഹപാ​ഠി​ക​ളിൽ നിന്നുളള “എതിർ സംസാര”ത്തെ നിങ്ങളു​ടെ ആത്മാവി​നെ തകർക്കാൻ അനുവ​ദി​ക്ക​രുത്‌. ഉചിത​മാ​യി​രി​ക്കു​മ്പോൾ നർമ്മ​ബോ​ധം പ്രകട​മാ​ക്കുക. തിൻമ​യോട്‌ നൻമ​കൊണ്ട്‌ പ്രതി​ക​രി​ക്കുക. എരിതീ​യി​ലേക്ക്‌ എണ്ണ ഒഴിച്ചു കൊടു​ക്കാൻ വിസമ്മ​തി​ക്കുക, ക്രമേണ നിങ്ങളെ ദണ്ഡിപ്പി​ക്കു​ന്ന​വർക്ക്‌ നിങ്ങളെ അവരുടെ പരിഹാ​സ​ത്തി​ന്റെ ലക്ഷ്യമാ​ക്കു​ന്ന​തിൽ ഒട്ടും​തന്നെ രസം ഇല്ലാതാ​കും, കാരണം “വിറക്‌ ഇല്ലാഞ്ഞാൽ തീ കെട്ടു​പോ​കു​ന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 26:20.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ മററു​ള​ള​വരെ ക്രൂര​മാ​യി പരിഹ​സി​ക്കു​ന്ന​വരെ ദൈവം എങ്ങനെ വീക്ഷി​ക്കു​ന്നു?

◻ മിക്ക​പ്പോ​ഴും യുവജ​ന​ങ്ങ​ളു​ടെ ശല്യത്തി​ന്റെ പിമ്പിൽ ഉളള​തെ​ന്താണ്‌?

◻ നിങ്ങൾക്ക്‌ പരിഹാ​സം പരമാ​വധി കുറയ്‌ക്കു​ന്ന​തി​നോ നിറു​ത്തി​ക്കു​ന്ന​തി​നു​പോ​ലു​മോ എങ്ങനെ കഴിയും?

◻ മററു​ള​ളവർ നിങ്ങളെ പരിഹ​സി​ക്കു​മ്പോൾ പോലും സ്‌കൂ​ളിൽ നിങ്ങൾ നിങ്ങളു​ടെ “വെളിച്ചം പ്രകാ​ശി​പ്പി​ക്കു​ന്നത്‌” പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

◻ സ്‌കൂ​ളി​ലെ അക്രമ പ്രവർത്ത​ന​ങ്ങ​ളിൽ നിന്ന്‌ നിങ്ങ​ളെ​ത്തന്നെ സംരക്ഷി​ക്കു​ന്ന​തിന്‌ നിങ്ങൾക്ക്‌ എന്തു നടപടി​കൾ സ്വീക​രി​ക്കാൻ കഴിയും?

[155-ാം പേജിലെ ആകർഷ​ക​വാ​ക്യം]

വീരസ്യഭാവത്തിന്റെ പിന്നിൽ പീഡി​പ്പി​ക്കു​ന്നവർ വാസ്‌ത​വ​ത്തിൽ ഇങ്ങനെ പറയു​ന്നു​ണ്ടാ​യി​രി​ക്കാം: ‘ഞങ്ങൾക്ക്‌ ഞങ്ങളോ​ടു​തന്നെ ഇഷ്‌ട​മില്ല, എന്നാൽ ആരെ​യെ​ങ്കി​ലും താഴ്‌ത്തി​ക്കെ​ട്ടു​ന്നത്‌ ഞങ്ങൾക്കൊ​രു സുഖമാണ്‌’

[152-ാം പേജിലെ ചതുരം]

പ്രഹരമേൽക്കുന്നത്‌ എനിക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?

‘ജീവ​നെ​ടു​ത്തു കൈയിൽ പിടി​ച്ചു​കൊ​ണ്ടാണ്‌ നിങ്ങൾ സ്‌കൂ​ളി​ലേക്കു വരുന്നത്‌.’ അനേകം വിദ്യാർത്ഥി​കൾ അങ്ങനെ പറയാ​റുണ്ട്‌. എന്നാൽ ഒരു ആയുധം കൊണ്ടു നടക്കു​ന്നത്‌ മൗഢ്യ​മാണ്‌, അതു കുഴപ്പം ക്ഷണിച്ചു വരുത്തു​ക​യും ചെയ്യും. (സദൃശ​വാ​ക്യ​ങ്ങൾ 11:27) അപ്പോൾ പിന്നെ നിങ്ങൾക്ക്‌ നിങ്ങ​ളെ​ത്തന്നെ എങ്ങനെ സംരക്ഷി​ക്കാൻ കഴിയും?

അപകട സ്ഥാനങ്ങൾ തിരി​ച്ച​റി​യു​ക​യും ഒഴിവാ​ക്കു​ക​യും ചെയ്യുക. ചില സ്‌കൂ​ളു​ക​ളിൽ ഇടനാ​ഴി​ക​ളും ഗോവ​ണി​യു​ടെ മറയി​ലു​ളള സ്ഥലവും സൂക്ഷി​പ്പു​മു​റി​ക​ളും യഥാർത്ഥ​ത്തിൽ കുഴപ്പം പിടിച്ച സ്ഥാനങ്ങ​ളാണ്‌. ഏററു​മു​ട്ട​ലു​ക​ളു​ടെ​യും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​ത്തി​ന്റെ​യും കേന്ദ്ര​സ്ഥാ​ന​മെ​ന്ന​നി​ല​യിൽ വിശ്രമ മുറി​കൾക്ക്‌ ദുഷ്‌ക്കീർത്തി​യു​ള​ള​തു​കൊണ്ട്‌ പല യുവജ​ന​ങ്ങ​ളും ഈ സൗകര്യ​ങ്ങൾ ഉപയോ​ഗി​ക്കാ​ത്ത​തു​കൊ​ണ്ടു​ളള ബുദ്ധി​മുട്ട്‌ സഹിക്കു​ക​യാണ്‌ ചെയ്യു​ന്നത്‌.

നിങ്ങളു​ടെ സഹവാസം സൂക്ഷി​ക്കുക. മിക്ക​പ്പോ​ഴും മോശ​മായ ഒരു കൂട്ട​ത്തോട്‌ സഹവസി​ക്കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒരു യുവാവ്‌ ഒരു വഴക്കിന്‌ നടുവിൽ തന്നെത്തന്നെ കണ്ടെത്തു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 22:24, 25 കാണുക.) തീർച്ച​യാ​യും നിങ്ങളു​ടെ സ്‌കൂ​ളി​ലു​ള​ള​വ​രോട്‌ അവഗണന കാട്ടു​ന്നത്‌ അവരെ നിങ്ങളിൽനിന്ന്‌ അകററു​ക​യോ നിങ്ങളു​ടെ ശത്രു​ക്ക​ളാ​ക്കു​ക​യോ ചെയ്‌തേ​ക്കാം. നിങ്ങൾ അവരോട്‌ സൗഹൃ​ദ​വും മര്യാ​ദ​യും കാണി​ക്കു​ന്നെ​ങ്കിൽ നിങ്ങളെ ശല്യം ചെയ്യാതെ വിടാൻ അവർ കൂടുതൽ ചായ്‌വ്‌ കാണി​ച്ചേ​ക്കാം.

ശണ്‌ഠ​ക​ളിൽ നിന്ന്‌ അകന്നു മാറുക. “അന്യോ​ന്യം പോരിന്‌ വിളി​ക്കു​ന്നത്‌ ഒഴിവാ​ക്കുക.” (ഗലാത്യർ 5:26, അടിക്കു​റിപ്പ്‌) ഒരു ഏററു​മു​ട്ട​ലിൽ നിങ്ങൾ വിജയി​ക്കു​ന്നു​വെ​ങ്കി​ലും നിങ്ങളു​ടെ എതിരാ​ളി അടുത്ത ഏററു​മു​ട്ട​ലി​നു​വേണ്ടി ഒരു അവസരം നോക്കി​യി​രി​ക്കു​ക​യാ​യി​രി​ക്കും. അതു​കൊണ്ട്‌ ഒന്നാമത്‌ സംസാ​രിച്ച്‌ രമ്യത​യി​ലാ​കാൻ ശ്രമി​ക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 15:1) സംസാരം ഫലിക്കു​ന്നി​ല്ലെ​ങ്കിൽ അക്രമാ​സ​ക്ത​മായ ഒരു ഏററു​മു​ട്ട​ലിൽ നിന്ന്‌ നടന്ന്‌—ഓടി​പോ​ലും—അകലുക. “ചത്ത സിംഹ​ത്തേ​ക്കാൾ ജീവനു​ളള നായ്‌ നല്ലതാണ്‌” എന്ന്‌ ഓർക്കുക. (സഭാ​പ്ര​സം​ഗി 9:4) ഒരു അവസാ​ന​കൈ എന്ന നിലയിൽ നിങ്ങ​ളെ​ത്തന്നെ കാക്കു​ന്ന​തി​നും ജീവര​ക്ഷ​ക്കും വേണ്ടി ന്യായ​മായ എന്തെങ്കി​ലും മാർഗ്ഗം സ്വീക​രി​ക്കുക.—റോമർ 12:18.

നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളോട്‌ സംസാ​രി​ക്കുക. “മാതാ​പി​താ​ക്കൾ തങ്ങളെ ഭീരു​ക്ക​ളാ​യി കരുതു​മെ​ന്നും ശല്യക്കാ​രോട്‌ എതിർത്തു നിൽക്കാ​ത്ത​തിന്‌ തങ്ങളെ ശകാരി​ക്കു​മെ​ന്നും ഭയന്ന്‌ യുവജ​നങ്ങൾ സ്‌കൂ​ളി​ലെ തങ്ങളുടെ ഭയപ്പാ​ടു​ക​ളെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളോട്‌ പറയാ​റില്ല.” (കുട്ടി​ക​ളു​ടെ ഏകാന്തത) [ഇംഗ്ലീഷ്‌] എന്നാൽ മിക്ക​പ്പോ​ഴും മാതാ​പി​താ​ക്ക​ളു​ടെ ഇടപെ​ട​ലാണ്‌ ശല്യം അവസാ​നി​പ്പി​ക്കാ​നു​ളള ഏകമാർഗ്ഗം.

ദൈവ​ത്തോട്‌ പ്രാർത്ഥി​ക്കുക. നിങ്ങൾ ശാരീ​രി​കോ​പ​ദ്ര​വ​ങ്ങ​ളിൽ നിന്ന്‌ ഒഴിവാ​ക്ക​പ്പെ​ടും എന്ന്‌ ദൈവം ഉറപ്പു തരുന്നില്ല. എന്നാൽ പ്രതി​കൂല സാഹച​ര്യ​ങ്ങളെ നേരി​ടു​ന്ന​തി​നു​ളള ധൈര്യ​വും സാഹച​ര്യം ശാന്തമാ​ക്കു​ന്ന​തി​നാ​വ​ശ്യ​മായ ജ്ഞാനവും നിങ്ങൾക്ക്‌ തരാൻ അവന്‌ കഴിയും.—യാക്കോബ്‌ 1:5.

[151-ാം പേജിലെ ചിത്രം]

അനേക യുവജ​നങ്ങൾ സഹപാ​ഠി​ക​ളിൽനി​ന്നു​ളള ശല്യത്തിന്‌ ഇരയാ​യി​ത്തീ​രു​ന്നു

[154-ാം പേജിലെ ചിത്രം]

പരിഹാസി നിങ്ങളു​ടെ ദുഃഖ​ത്തിൽ ഉല്ലസി​ക്കാൻ ആഗ്രഹി​ക്കു​ന്നു. തിരി​ച്ച​ടി​ക്കു​ന്ന​തോ പൊട്ടി​ക്ക​ര​യു​ന്ന​തോ കൂടു​ത​ലാ​യി ശല്യം ചെയ്യാൻ പ്രോ​ത്‌സാ​ഹനം നൽകു​ക​പോ​ലും ചെയ്‌തേ​ക്കാം

[156-ാം പേജിലെ ചിത്രം]

പരിഹസിക്കപ്പെടുമ്പോൾ നർമ്മ​ബോ​ധം പ്രകട​മാ​ക്കാൻ ശ്രമി​ക്കു​ക