വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?

ഞാൻ എന്തു ജീവിതവൃത്തി തെരഞ്ഞെടുക്കണം?

അധ്യായം 22

ഞാൻ എന്തു ജീവി​ത​വൃ​ത്തി തെര​ഞ്ഞെ​ടു​ക്കണം?

‘ശേഷി​ച്ചി​രി​ക്കുന്ന എന്റെ ജീവി​തം​കൊണ്ട്‌ ഞാൻ എന്തു ചെയ്യണം?’ ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങൾ ഈ വെല്ലു​വി​ളി​യിൻ ചോദ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കു​ന്നു. നിങ്ങളെ കുഴപ്പി​ക്കാൻ തക്കവണ്ണം ഒരു പററം കാര്യങ്ങൾ നിങ്ങളു​ടെ മുമ്പി​ലുണ്ട്‌—വൈദ്യ​ശാ​സ്‌ത്രം, വ്യാപാ​രം, കലകൾ, വിദ്യാ​ഭ്യാ​സ​മ​ണ്ഡലം, കമ്പ്യൂട്ടർ സയൻസ്‌, എൻജി​നീ​യ​റിംഗ്‌, വിവിധ കൈ​ത്തൊ​ഴി​ലു​കൾ. ഇങ്ങനെ പറഞ്ഞ യുവാ​വി​നെ​പ്പോ​ലെ നിങ്ങൾക്കും തോന്നി​യേ​ക്കാം: “നിങ്ങൾ വളർന്നു വന്ന ചുററു​പാ​ടു​ക​ളി​ലെ ജീവിത സൗകര്യ​ങ്ങൾ നിലനിർത്തു​ന്ന​താണ്‌ . . . വിജയ​മാ​യി ഞാൻ കണക്കാ​ക്കു​ന്നത്‌.” അല്ലെങ്കിൽ മററു​ള​ള​വ​രെ​പ്പോ​ലെ ജീവി​ത​ത്തിൽ നിങ്ങളു​ടെ സാമ്പത്തി​ക​നില മെച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​പ്പ​ററി നിങ്ങൾക്ക്‌ സ്വപ്‌ന​ങ്ങ​ളു​ണ്ടാ​യി​രി​ക്കാം.

എന്നാൽ ജീവി​ത​വി​ജ​യ​ത്തിൽ ഭൗതിക നേട്ട​ത്തേ​ക്കാൾ അധിക​മാ​യി എന്തെങ്കി​ലു​മു​ണ്ടോ? ഏതെങ്കി​ലും ലൗകിക ജീവി​ത​വൃ​ത്തി നിങ്ങൾക്ക്‌ യഥാർത്ഥ സംതൃ​പ്‌തി കൈവ​രു​ത്തു​മോ?

‘അതിൽ ഒരർത്ഥ​വു​മി​ല്ലാ​യി​രു​ന്നു’

മോഹനം, ആവേശ​ജ​നകം, ആദായ​കരം! ഈ വിധത്തി​ലാണ്‌ സിനി​മ​യും ടെലി​വി​ഷ​നും പുസ്‌ത​ക​ങ്ങ​ളും മിക്ക​പ്പോ​ഴും ലൗകിക ജീവി​ത​വൃ​ത്തി​കളെ ചിത്രീ​ക​രി​ക്കു​ന്നത്‌. എന്നാൽ വിജയം എന്ന്‌ വിളി​ക്കു​ന്ന​തിൽ എത്തിപ്പി​ടി​ക്കാൻ തൊഴിൽ രംഗത്ത്‌ പ്രവർത്തി​ക്കു​ന്നവർ അംഗീ​കാ​ര​ത്തി​നു​വേണ്ടി മററു​ള​ള​വ​രു​മാ​യി ഒരു ജീവൻ മരണ പോരാ​ട്ട​ത്തിൽ ഏർപ്പെ​ടേ​ണ്ടി​വ​രു​ന്നു. “ഉദ്യോഗ കയററ​ത്തിന്‌ നല്ല സാദ്ധ്യ​ത​യു​ളള ഉയർന്ന സാങ്കേ​തിക തൊഴി​ലു​ക​ളിൽ ഏർപ്പെ​ട്ടി​രി​ക്കുന്ന ചെറു​പ്പ​ക്കാർക്ക്‌ അസംതൃ​പ്‌തി​യും ഉൽക്കണ്‌ഠ​യും മ്ലാനത​യും ശൂന്യ​ത​യും ഒരു തരം ചിത്ത​ഭ്ര​മ​വും കൂടാതെ ഒട്ടനവധി ശാരീ​രി​ക​രോ​ഗ​ങ്ങ​ളും അനുഭ​വ​പ്പെ​ടു​ന്ന​താ​യി റിപ്പോർട്ടു ചെയ്‌തി​ട്ടുണ്ട്‌” എന്ന്‌ ഡോക്ടർ ഡഗ്ലസ്‌ ലാബിയർ പറയുന്നു.

ദീഘനാൾ മുമ്പ്‌ ശലോ​മോൻ രാജാവ്‌ ലോക​പ്ര​കാ​ര​മു​ളള ജീവിത വിജയ​ത്തി​ന്റെ നിഷ്‌ഫലത തുറന്നു​കാ​ട്ടി. ഫലത്തിൽ അപരി​മി​ത​മായ ധനത്തിന്റെ പിന്തു​ണ​യോ​ടെ ശലോ​മോൻ അത്ഭുതാ​വ​ഹ​മായ വളരെ​യ​ധി​കം നേട്ടങ്ങൾ കൈവ​രി​ച്ചു. (സഭാ​പ്ര​സം​ഗി 2:4-10 വായി​ക്കുക.) എന്നിരു​ന്നാ​ലും ശലോ​മോൻ ഈ നിഗമ​ന​ത്തി​ലെത്തി: “ഞാൻ, ഞാൻ തന്നെ, എന്റെ കൈകൾ ചെയ്‌തി​രുന്ന എല്ലാ പ്രവൃ​ത്തി​ക​ളി​ലേ​ക്കും ഞാൻ ചെയ്യാൻ കഠിന​ശ്രമം ചെയ്‌ത എല്ലാ കഠിന പ്രയത്‌ന​ങ്ങ​ളി​ലേ​ക്കും തിരി​ഞ്ഞു​നോ​ക്കി, എന്നാൽ നോക്കൂ! എല്ലാം മായയും [“അതിന്‌ ഒരർത്ഥ​വു​മില്ല എന്ന്‌ ഞാൻ മനസ്സി​ലാ​ക്കി” ററു​ഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ] കാററി​നെ പിടി​ക്കാ​നു​ളള ശ്രമവു​മാ​യി​രു​ന്നു.”—സഭാ​പ്ര​സം​ഗി 2:11.

ഒരു ജോലി പണവും അംഗീ​കാ​ര​വും കൈവ​രു​ത്തി​യേ​ക്കാം, എന്നാൽ അതിന്‌ ഒരുവന്റെ ‘ആത്മീയാ​വ​ശ്യ​ങ്ങൾ’ തൃപ്‌തി​പ്പെ​ടു​ത്താൻ കഴിയു​ക​യില്ല. (മത്തായി 5:3) അപ്രകാ​രം തങ്ങളുടെ ജീവിതം ലൗകിക നേട്ടത്തെ ചുററി​പ്പ​റ​റി​മാ​ത്രം കെട്ടി​പ്പ​ടു​ക്കു​ന്ന​വർക്ക്‌ സംതൃ​പ്‌തി ലഭിക്കു​ന്നില്ല.

സംതൃ​പ്‌തി​ദാ​യ​ക​മായ ഒരു തൊഴിൽ

ശലോ​മോൻ രാജാവ്‌ ഇപ്രകാ​രം ബുദ്ധി​യു​പ​ദേ​ശി​ക്കു​ന്നു: “എല്ലാം കേട്ട​ശേഷം കാര്യ​ത്തി​ന്റെ അവസാനം ഇതാകു​ന്നു; സത്യ​ദൈ​വത്തെ ഭയപ്പെട്ട്‌ അവന്റെ കല്‌പ​ന​കളെ അനുസ​രി​ച്ചു​കൊൾക. അതു മാത്ര​മാണ്‌ മമനു​ഷ്യ​ന്റെ കടമ.” (സഭാ​പ്ര​സം​ഗി 12:13) ഇന്ന്‌ ക്രിസ്‌ത്യാ​നി​കൾക്കു​ളള മുഖ്യ ഉത്തരവാ​ദി​ത്വം രാജ്യ ദൂത്‌ ഘോഷി​ക്കുക എന്നതാണ്‌. (മത്തായി 24:14) ദൈവ​ത്തോ​ടു​ളള തങ്ങളുടെ ഉത്തരവാ​ദി​ത്വം ഗൗരവ​മാ​യി​ട്ടെ​ടു​ക്കുന്ന യുവജ​ന​ങ്ങൾക്ക്‌ ഈ വേലയിൽ തങ്ങൾക്ക്‌ സാദ്ധ്യ​മാ​കു​ന്നി​ട​ത്തോ​ളം പൂർണ്ണ​മായ ഒരു പങ്ക്‌ ഉണ്ടായി​രി​ക്കാൻ നിർബന്ധം തോന്നു​ന്നു—പ്രസം​ഗി​ക്കു​ന്നത്‌ അവർക്ക്‌ സ്വാഭാ​വി​ക​മാ​യി ചായ്‌വു​ളള സംഗതി​യ​ല്ലെ​ങ്കിൽ കൂടി അവർ അങ്ങനെ ചെയ്യുന്നു. (2 കൊരി​ന്ത്യർ 5:14 താരത​മ്യം ചെയ്യുക.) മുഴു​സമയ ലൗകിക ജോലി​യിൽ ഏർപ്പെ​ടു​ന്ന​തി​നു​പ​കരം ആയിര​ക്ക​ണ​ക്കിന്‌ ആളുകൾ മുഴു​സമയ പയനിയർ സുവി​ശേ​ഷ​ക​രാ​യി​രി​ക്കു​ന്നത്‌ തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. മററു​ള​ളവർ വിദേശ മിഷന​റി​മാ​രാ​യോ അല്ലെങ്കിൽ വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ ഏതെങ്കി​ലും ബ്രാഞ്ചാ​ഫീ​സു​ക​ളി​ലോ സേവി​ക്കു​ന്നു.

ഒരു പയനി​യ​റാ​യി​ത്തീ​രാൻ വേണ്ടി ഒരു എക്‌സി​ക്യൂ​ട്ടീവ്‌ സെക്ര​ട്ട​റി​യു​ടെ ജോലി ഉപേക്ഷിച്ച എമിലി പറയുന്നു: “ഞാൻ ഈ വേല​യോട്‌ ഒരു യഥാർത്ഥ സ്‌നേഹം വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നു.” അതെ, നമുക്ക്‌ വിഭാ​വനം ചെയ്യാൻ കഴിയു​ന്ന​തി​ലേ​ക്കും ഏററം സംതൃ​പ്‌തി​ദാ​യ​ക​വും ഉല്ലാസ​ക​ര​വു​മായ തൊഴിൽ മുഴു​സമയ ശുശ്രൂ​ഷ​യാണ്‌! “ദൈവ​ത്തി​ന്റെ ഒരു കൂട്ടു​വേ​ല​ക്കാ​രനാ”യിരി​ക്കു​ന്ന​തി​നേ​ക്കാൾ വലിയ എന്തു പദവി​യാണ്‌ നമുക്ക്‌ ലഭിക്കാ​വു​ന്നത്‌?—1 കൊരി​ന്ത്യർ 3:9.

കോ​ളേജ്‌ വിദ്യാ​ഭ്യാ​സം—ഒരു നേട്ടമാ​ണോ?

മിക്ക പയനിയർ ശുശ്രൂ​ഷ​ക​രും വെറും അംശകാല ജോലി​കൊണ്ട്‌ തങ്ങളുടെ ആവശ്യങ്ങൾ നിറ​വേ​റ​റു​ന്നു. എന്നാൽ പിന്നീട്‌ നിങ്ങൾ ഒരു കുടു​ബത്തെ പോ​റേ​റ​ണ്ട​തു​ണ്ടെ​ങ്കി​ലെന്ത്‌? തീർച്ച​യാ​യും തങ്ങളുടെ യൗവന​കാ​ലം ദൈവ​സേ​വ​ന​ത്തിൽ ചെലവ​ഴി​ച്ച​തി​നെ​പ്പ​ററി ആർക്കും ഖേദം തോന്നു​ക​യില്ല! എന്നിരു​ന്നാ​ലും ഒരു യൗവന​ക്കാ​രൻ ആദ്യം ഒരു യൂണി​വേ​ഴ്‌സി​ററി ഡിഗ്രി സമ്പാദി​ക്കു​ക​യും ഒരുപക്ഷേ പിന്നീട്‌ ശുശ്രൂ​ഷ​യി​ലേർപ്പെ​ടു​ക​യും ചെയ്യു​ന്നത്‌ ബുദ്ധി​പൂർവ്വ​ക​മാ​യി​രി​ക്കി​ല്ലേ?

തീർച്ച​യാ​യും, ഒരു ക്രിസ്‌തീയ യുവാവ്‌ എത്ര വർഷം സ്‌കൂ​ളിൽ പഠിക്കണം എന്ന്‌ ബൈബിൾ കൃത്യ​മാ​യി പറയു​ന്നില്ല. അതു വിദ്യാ​ഭ്യാ​സത്തെ കുററം​വി​ധി​ക്കു​ന്ന​തു​മില്ല; “മഹോ​പ​ദേ​ഷ്ടാ​വായ” യഹോവ നന്നായി വായി​ക്കാ​നും വ്യക്തമാ​യി ആശയവി​നി​യമം നടത്താ​നും തന്റെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (യെശയ്യാവ്‌ 30:20; സങ്കീർത്തനം 1:2; എബ്രായർ 5:12) കൂടാതെ വിദ്യാ​ഭ്യാ​സ​ത്തിന്‌ ആളുകളെ സംബന്ധി​ച്ചും നമുക്കു ചുററു​മു​ളള ലോകത്തെ സംബന്ധി​ച്ചു​മു​ളള നമ്മുടെ ഗ്രാഹ്യം കൂടുതൽ വിശാ​ല​മാ​ക്കാൻ കഴിയും.

എന്നിരു​ന്നാ​ലും ഒരു യൂണി​വേ​ഴ്‌സി​ററി ഡിഗ്രി എപ്പോ​ഴും അതിനു​വേണ്ടി ചെലവി​ട​പ്പെ​ടുന്ന സമയത്തി​നും പണത്തി​നും മാത്രം മൂല്യ​വ​ത്താ​ണോ? a കോ​ളേജ്‌ വിദ്യാ​ഭ്യാ​സ​മു​ള​ളവർ സാധാ​ര​ണ​യാ​യി കൂടുതൽ ശമ്പളം പററു​ക​യും അവർക്ക്‌ സ്‌കൂൾ വിദ്യാ​ഭ്യാ​സം മാത്ര​മു​ള​ള​വ​രോ​ടൊ​പ്പം തൊഴി​ലി​ല്ലായ്‌മ അനുഭ​വ​പ്പെ​ടാ​തി​രി​ക്കു​ക​യും ചെയ്യുന്നു എന്ന്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നു​വെ​ങ്കി​ലും അതു വെറും ശരാശ​രി​കൾ മാത്ര​മാണ്‌ എന്ന്‌ പ്ലാനിംഗ്‌ യുവർ കോ​ളേജ്‌ എഡ്യൂ​ക്കേഷൻ എന്ന [ഇംഗ്ലീഷ്‌] പുസ്‌തകം നമ്മെ അനുസ്‌മ​രി​പ്പി​ക്കു​ന്നു. ഡിഗ്രി​ക്കാ​രിൽ ഒരു ചെറിയ ന്യൂന​പക്ഷം മാത്രമേ വളരെ ഉയർന്ന ശമ്പളം വാങ്ങു​ന്നു​ളളു. മററു​ള​ള​വർക്ക്‌ അതിലും വളരെ കുറഞ്ഞ ശമ്പളമേ ലഭിക്കു​ന്നു​ളളു. കൂടാതെ ഡിഗ്രി​ക്കാർക്ക്‌ കിട്ടുന്നു എന്ന്‌ അവകാ​ശ​പ്പെ​ടുന്ന ശമ്പളം “അസാധാ​രണ കഴിവ്‌, ഉൾ​പ്രേരണ, പ്രാ​ദേ​ശി​ക​മായ തൊഴിൽ അവസരങ്ങൾ . . . പ്രത്യേക പ്രാപ്‌തി​കൾ എന്നിവ​പോ​ലു​ളള ഘടകങ്ങ​ളു​ടെ ഫലമാ​യി​രി​ക്കാം”—അവരുടെ വിദ്യാ​ഭ്യാ​സ​ത്തി​ന്റെ വലിപ്പം മാത്രം നിമി​ത്ത​മാ​യി​രി​ക്ക​ണ​മെ​ന്നില്ല.

“ഒരു [യൂണി​വേ​ഴ്‌സി​ററി] ഡിഗ്രി മേലാൽ ഒരു ജോലി ലഭിക്കു​മെ​ന്നു​ള​ള​തിന്‌ ഒരു ഉറപ്പല്ല,” എന്ന്‌ യു. എസ്‌. തൊഴിൽ ഡിപ്പാർട്ടു​മെൻറ്‌ പറയുന്നു. “പ്രൊ​ഫ​ഷ​ന​ലും ടെക്‌നി​ക്ക​ലു​മായ ജോലി​ക​ളി​ലും മാനേജർ പദവി​ക​ളി​ലും ഉളള [ഡിഗ്രി​ക്കാ​രു​ടെ] അനുപാ​തം . . . കുറഞ്ഞി​രി​ക്കു​ന്നു, കാരണം യൂണി​വേ​ഴ്‌സി​റ​റി​ക​ളിൽ നിന്ന്‌ പുറത്തു​വ​രുന്ന ഡിഗ്രി​ക്കാ​രെ​യെ​ല്ലാം ഉൾക്കൊ​ള​ളാൻ തക്കവണ്ണം ഇങ്ങനെ​യു​ളള തൊഴി​ല​വ​സ​രങ്ങൾ വർദ്ധി​ക്കു​ന്നില്ല. അതിന്റെ ഫലമായി 1970-നും 1984-നുമി​ട​യ്‌ക്ക്‌ തൊഴിൽ രംഗ​ത്തേക്ക്‌ കടന്നു വന്ന ഡിഗ്രി​ക്കാ​രിൽ ഏതാണ്ട്‌ അഞ്ചിൽ ഒരാൾ വീതം ഡിഗ്രി ആവശ്യ​മി​ല്ലാത്ത തൊഴി​ലാണ്‌ ഏറെറ​ടു​ത്തത്‌. ഡിഗ്രി​ക്കാ​രു​ടെ ആവശ്യ​ത്തി​ല​ധി​ക​മു​ളള ഈ പെരുപ്പം 1990കളുടെ മദ്ധ്യത്തി​ലും തുടരാ​നാണ്‌ സാദ്ധ്യത.”

ചിന്തി​ക്കാൻ കൂടു​ത​ലായ വസ്‌തു​ത​കൾ

ഒരു യൂണി​വേ​ഴ്‌സി​ററി ഡിഗ്രി ഒരു തൊഴിൽ ലഭിക്കാ​നു​ളള നിങ്ങളു​ടെ സാദ്ധ്യത മെച്ച​പ്പെ​ടു​ത്തു​ക​യോ മെച്ച​പ്പെ​ടു​ത്താ​തി​രി​ക്കു​ക​യോ ചെയ്‌തേ​ക്കാം. എന്നാൽ ഒരു വസ്‌തുത നിഷേ​ധി​ക്കാ​നാ​വാ​ത്ത​താണ്‌: “ശേഷി​ച്ചി​രി​ക്കുന്ന സമയം ചുരു​ങ്ങി​യി​രി​ക്കു​ന്നു!” (1 കൊരി​ന്ത്യർ 7:29) അതിന്റെ സാങ്കല്‌പിക പ്രയോ​ജ​നങ്ങൾ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും നാലോ അതില​ധി​ക​മോ വർഷങ്ങൾ യൂണി​വേ​ഴ്‌സി​റ​റി​യിൽ ചെലവ​ഴി​ക്കു​ന്നത്‌ ശേഷി​ച്ചി​രി​ക്കുന്ന സമയത്തി​ന്റെ ഏററം നല്ല ഉപയോ​ഗ​മാ​യി​രി​ക്കു​മോ?—എഫേസ്യർ 5:16.

യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സം നിങ്ങളെ നിങ്ങളു​ടെ ആത്‌മീയ ലക്ഷ്യങ്ങ​ളി​ലേക്ക്‌ നയിക്കു​മോ അതോ അവയിൽ നിന്ന്‌ അകററി​ക്ക​ള​യു​മോ? കൂടിയ വരുമാ​ന​ത്തിന്‌ ഒരു ക്രിസ്‌ത്യാ​നി മുൻഗണന കൊടു​ക്കു​ന്നില്ല എന്നത്‌ ഓർമ്മി​ക്കുക. (1 തിമൊ​ഥെ​യോസ്‌ 6:7, 8) എന്നിരു​ന്നാ​ലും ഇന്നത്തെ വിദ്യാർത്ഥി​കളെ ‘തൊഴിൽ ലക്ഷ്യമാ​ക്കി​യി​ട്ടു​ള​ള​വ​രും ഭൗതി​ക​മായ നേട്ടങ്ങ​ളി​ലും അവനവ​നി​ലും താല്‌പ​ര്യ​മു​ള​ള​വ​രു​മാ​യി’ യു. എസ്‌. യൂണി​വേ​ഴ്‌സി​ററി അധികൃ​തർക്കി​ട​യിൽ നടത്തിയ ഒരു സർവ്വേ വിവരി​ക്കു​ന്നു. ഒരു കൂട്ടം വിദ്യാർത്ഥി​കൾ പറഞ്ഞു: “പണം. ഞങ്ങൾ പണത്തെ​പ്പ​ററി മാത്രമേ സംസാ​രി​ക്കു​ന്നു​ളളു എന്ന്‌ തോന്നു​ന്നു.” ശക്തമായ മത്‌സ​ര​ത്തി​ന്റെ​യും സ്വാർത്ഥ​മായ ഭൗതി​ക​ത്വ​ത്തി​ന്റെ​യും ഒരു അന്തരീ​ക്ഷ​ത്തിൽ മുഴു​കു​ന്നത്‌ നിങ്ങളെ എങ്ങനെ ബാധി​ക്കും?

ഇന്നു യൂണി​വേ​ഴ്‌സി​റ​റി​കൾ 1960-കളി​ലേ​തു​പോ​ലെ കലാപ കലുഷി​ത​മ​ല്ലാ​യി​രി​ക്കാം. എന്നാൽ യൂണി​വേ​ഴ്‌സി​റ​റി​ക​ളി​ലെ ബഹളത്തി​ന്റെ കുറവ്‌ അവിടത്തെ സാഹച​ര്യം ആരോ​ഗ്യ​ക​ര​മാണ്‌ എന്ന്‌ അർത്ഥമാ​ക്കു​ന്നില്ല. കോ​ളേജ്‌ ജീവി​ത​ത്തെ​പ്പ​റ​റി​യു​ളള ഒരു പഠനം ഇപ്രകാ​രം നിഗമനം ചെയ്‌തു: “വ്യക്തി​പ​ര​വും സാമൂ​ഹ്യ​വു​മായ കാര്യ​ങ്ങ​ളിൽ വിദ്യാർത്ഥി​കൾക്ക്‌ ഇന്നും ഏതാണ്ട്‌ അപരി​മി​ത​മായ സ്വാത​ന്ത്ര്യ​മുണ്ട്‌.” മയക്കു​മ​രു​ന്നു​ക​ളും മദ്യവും യഥേഷ്ടം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു, അയഞ്ഞ നടത്തയാണ്‌ നിയമം—അപവാ​ദമല്ല. നിങ്ങളു​ടെ രാജ്യത്തെ യൂണി​വേ​ഴ്‌സി​റ​റി​കളെ സംബന്ധി​ച്ചും ഇതു സത്യമാ​ണെ​ങ്കിൽ അവിടെ ജീവി​ക്കു​ന്നത്‌ ധാർമ്മി​ക​മാ​യി ശുദ്ധി​യു​ള​ള​വ​രാ​യി​രി​ക്കാ​നു​ളള നിങ്ങളു​ടെ ശ്രമങ്ങളെ തകർക്കു​ക​യി​ല്ലേ?—1 കൊരി​ന്ത്യർ 6:18.

ഉന്നത വിദ്യാ​ഭ്യാ​സം ലഭിക്കു​ന്ന​വർക്ക്‌ “മതവി​ശ്വാ​സം” കുറഞ്ഞു​പോ​കു​ന്ന​താ​യി തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നതാണ്‌ ഉൽക്കണ്‌ഠ​ക്കു​ളള മറെറാ​രു കാരണം. (സേക്രട്ട്‌ ഇൻ ഏ സെക്യൂ​ലർ ഏജ്‌) ഉയർന്ന ഗ്രെയി​ഡു​കൾ നിലനിർത്താ​നു​ളള സമ്മർദ്ദം ചില ക്രിസ്‌തീയ യുവാക്കൾ തങ്ങളുടെ ആത്മീയ പ്രവർത്ത​നങ്ങൾ അവഗണി​ക്കാ​നി​ട​യാ​ക്കു​ക​യും അങ്ങനെ യൂണി​വേ​ഴ്‌സി​റ​റി​കൾ പ്രചരി​പ്പി​ക്കുന്ന മതേതര ചിന്തയു​ടെ ആക്രമ​ണ​ത്തിന്‌ ഇരയാ​യി​ത്തീ​രു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ചിലരു​ടെ വിശ്വാ​സ​ക്കപ്പൽ തകർന്നു പോയി​ട്ടുണ്ട്‌.—കൊ​ലോ​സ്യർ 2:8.

യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സ​ത്തിന്‌ പകരം

ഈ വസ്‌തു​ത​ക​ളു​ടെ വീക്ഷണ​ത്തിൽ അനേകം ക്രിസ്‌തീയ യുവജ​നങ്ങൾ യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സം വേണ്ട എന്ന്‌ തീരു​മാ​നി​ച്ചി​ട്ടുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭകളിൽ ലഭിക്കുന്ന പരിശീ​ലനം—പ്രത്യേ​കി​ച്ചും വാരം തോറു​മു​ളള ദിവ്യാ​ധി​പത്യ സ്‌കൂൾ—ഒരു തൊഴിൽ കണ്ടെത്തു​ന്ന​തി​നു​ളള അവരുടെ പ്രാപ്‌തി വർദ്ധി​പ്പി​ച്ചി​ട്ടുണ്ട്‌ എന്ന്‌ അനേകർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഒരു യൂണി​വേ​ഴ്‌സി​ററി ഡിഗ്രി ഇല്ലെങ്കി​ലും അത്തരം യുവജ​നങ്ങൾ സമനി​ല​യു​ള​ള​വ​രാ​യി​രി​ക്കാ​നും ആശയവി​നി​യമം നടത്തു​ന്ന​തിൽ വിദഗ്‌ദ്ധ​രാ​യി​രി​ക്കാ​നും ഉത്തരവാ​ദി​ത്വ​ങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​തിൽ പ്രാപ്‌ത​രാ​യി​രി​ക്കാ​നും പഠിച്ചി​ട്ടുണ്ട്‌. കൂടാതെ ഹൈസ്‌കൂ​ളി​ലാ​യി​രി​ക്കു​മ്പോൾ ചിലർ ടൈപ്പിംഗ്‌, കമ്പ്യൂട്ടർ പ്രോ​ഗ്രാ​മിംഗ്‌, വാഹനങ്ങൾ നന്നാക്കൽ, ലഘുയ​ന്ത്ര​നിർമ്മാ​ണം എന്നിവ പോലു​ളള കാര്യ​ങ്ങ​ളിൽ പരിശീ​ലനം നേടുന്നു. അത്തരം വൈദ​ഗ്‌ദ്ധ്യ​ങ്ങൾ ഒരു അംശകാല ജോലി സമ്പാദി​ക്കുക എളുപ്പ​മാ​ക്കി​ത്തീർക്കു​ന്നു, മിക്ക​പ്പോ​ഴും അത്തരം വിദഗ്‌ദ്ധരെ വളരെ​യ​ധി​കം ആവശ്യ​വു​മാണ്‌. ചില യുവജ​ന​ങ്ങൾക്ക്‌ ‘കൈ​കൊണ്ട്‌ വേല ചെയ്യു​ന്ന​തി​നെ’പ്പററി പുച്‌ഛ​മാ​ണെ​ങ്കി​ലും “കഠിന​മാ​യി അദ്ധ്വാ​നി​ക്കു​ന്ന​തി​നെ” ബൈബിൾ മാന്യ​മാ​യി​ത്തന്നെ കണക്കാ​ക്കു​ന്നു. (എഫേസ്യർ 4:28; സദൃശ​വാ​ക്യ​ങ്ങൾ 22:29 താരത​മ്യം ചെയ്യുക.) എന്തിന്‌, യേശു​ക്രി​സ്‌തു​പോ​ലും “ഒരു തച്ചൻ” എന്നറി​യ​പ്പെ​ടാൻ തക്കവണ്ണം ആ തൊഴിൽ നന്നായി പഠിച്ചി​രു​ന്നു!—മർക്കോസ്‌ 6:3.

ചില രാജ്യ​ങ്ങ​ളിൽ തൊഴിൽ രംഗത്ത്‌ ഡിഗ്രി​ക്കാ​രു​ടെ ഒരു പ്രളയം തന്നെ ഉളളതു​കൊണ്ട്‌ സാധാരണ ജോലി​കൾ പോലും കൂടു​ത​ലായ എന്തെങ്കി​ലും പരിശീ​ലനം കൂടാതെ കിട്ടുക പ്രയാ​സ​മാണ്‌. എന്നാൽ മിക്ക​പ്പോ​ഴും അപ്രൻറിസ്‌ പരിപാ​ടി​ക​ളും തൊഴിൽ പരിശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളോ ടെക്‌നി​ക്കൽ സ്‌കൂ​ളു​ക​ളോ പോലു​ളള സ്ഥാപന​ങ്ങ​ളും കൂടാതെ കുറഞ്ഞ സമയവും പണവും ചെലവി​ട്ടു​കൊണ്ട്‌ എന്തെങ്കി​ലും ഉപകാ​ര​പ്ര​ദ​മായ തൊഴിൽ പഠിപ്പി​ക്കുന്ന ഹ്രസ്വ​കാല യൂണി​വേ​ഴ്‌സി​ററി കോഴ്‌സു​ക​ളു​മുണ്ട്‌. മാത്ര​വു​മല്ല തൊഴിൽ രംഗത്തെ കണക്കുകൾ കണക്കി​ലെ​ടു​ക്കാത്ത മറെറാ​രു ഘടകം ഉണ്ടെന്ന​തും മറക്കരുത്‌: ആത്മീയ കാര്യ​ങ്ങൾക്ക്‌ ഒന്നാം സ്ഥാനം നൽകു​ന്ന​വർക്കു​വേണ്ടി കരുതു​മെ​ന്നു​ളള ദൈവ​ത്തി​ന്റെ വാഗ്‌ദാ​നം.—മത്തായി 6:33.

തൊഴിൽ സാദ്ധ്യ​ത​ക​ളും വിദ്യാ​ഭ്യാ​സ പദ്ധതി​ക​ളും വിവിധ സ്ഥലങ്ങളിൽ വ്യത്യ​സ്‌ത​മാ​യി​രി​ക്കും. യുവജ​ന​ങ്ങൾക്കാ​കട്ടെ വ്യത്യസ്‌ത പ്രാപ്‌തി​ക​ളും താല്‌പ​ര്യ​ങ്ങ​ളു​മാ​ണു​ള​ളത്‌. ക്രിസ്‌തീയ ശുശ്രൂ​ഷ​യു​ടെ​തായ ഒരു ജീവിതം പ്രയോ​ജ​ന​ക​ര​മെ​ന്ന​നി​ല​യിൽ ശുപാർശ ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ങ്കി​ലും അതു വ്യക്തി​പ​ര​മാ​യി തീരു​മാ​നം ചെയ്യേണ്ട ഒരു കാര്യ​മാണ്‌. എത്ര​ത്തോ​ളം വിദ്യാ​ഭ്യാ​സ​മാണ്‌ നിങ്ങൾക്ക്‌ ഉചിത​മാ​യി​രി​ക്കു​ന്നത്‌ എന്ന്‌ തീരു​മാ​നി​ക്കു​ന്ന​തിന്‌ നിങ്ങളും നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളും, ഉൾപ്പെ​ട്ടി​രി​ക്കുന്ന എല്ലാ ഘടകങ്ങ​ളും ശ്രദ്ധാ​പൂർവ്വം തൂക്കി​നോ​ക്കണം. അത്തരം തീരു​മാ​നം ചെയ്യു​ന്ന​തിൽ ‘ഓരോ​രു​ത്ത​രും താന്താന്റെ ചുമട്‌ ചുമക്കണം.’—ഗലാത്യർ 6:5.

ഉദാഹ​ര​ണ​ത്തിന്‌ നിങ്ങൾ യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സം സമ്പാദി​ക്ക​ണ​മെന്ന്‌ നിങ്ങളു​ടെ മാതാ​പി​താ​ക്കൾ നിർബന്ധം പിടി​ക്കു​ന്നു​വെ​ങ്കിൽ നിങ്ങൾ അവരുടെ മേൽനോ​ട്ട​ത്തിൻകീ​ഴി​ലാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം കാലം നിങ്ങൾ അവരെ അനുസ​രി​ക്കു​ക​യ​ല്ലാ​തെ മററ്‌ മാർഗ്ഗ​മൊ​ന്നു​മില്ല. b (എഫേസ്യർ 6:1-3) ഒരുപക്ഷേ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ സാമൂഹ്യ ജീവി​ത​ത്തിൽ അധികം മുഴു​കാ​തെ നിങ്ങൾക്ക്‌ വീട്ടിൽതന്നെ തുടർന്ന്‌ ജീവി​ക്കാൻ കഴി​ഞ്ഞേ​യ്‌ക്കും. പഠന പരിപാ​ടി​കൾ തെര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ വിവേചന ഉപയോ​ഗി​ക്കുക, ഉദാഹ​ര​ണ​ത്തിന്‌ ഈ ലോക​ത്തി​ന്റെ തത്വജ്ഞാ​നം പഠിക്കു​ന്ന​തി​നേ​ക്കാൾ അധിക​മാ​യി എന്തെങ്കി​ലും തൊഴിൽ വൈദ​ഗ്‌ദ്ധ്യം സമ്പാദി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. നിങ്ങളു​ടെ സഹവാ​സങ്ങൾ സൂക്ഷി​ക്കുക. (1 കൊരി​ന്ത്യർ 15:33) മീററിം​ഗു​ക​ളിൽ സംബന്ധി​ച്ചു​കൊ​ണ്ടും വയൽസേ​വ​ന​ത്തിൽ ഏർപ്പെ​ട്ടു​കൊ​ണ്ടും വ്യക്തി​പ​ര​മായ പഠനത്തി​ലൂ​ടെ​യും നിങ്ങ​ളെ​ത്തന്നെ ആത്മീയ ബലമു​ള​ള​വ​രാ​ക്കി നിർത്തുക. യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സം സമ്പാദി​ക്കാൻ നിർബ്ബ​ന്ധി​ത​രായ ചില യുവജ​നങ്ങൾ പയനി​യ​റിം​ഗിന്‌ സമയം അനുവ​ദി​ക്കു​ന്ന​തരം കോഴ്‌സു​കൾ തെര​ഞ്ഞെ​ടു​ത്തു​കൊണ്ട്‌ പയനി​യ​റിംഗ്‌ നടത്തു​ന്ന​തി​ലും വിജയി​ച്ചി​ട്ടുണ്ട്‌.

നിങ്ങൾക്ക്‌ വ്യക്തി​പ​ര​മാ​യി സന്തുഷ്ടി കൈവ​രു​ത്തുക മാത്രമല്ല മറിച്ച്‌ ‘സ്വർഗ്ഗ​ത്തിൽ നിക്ഷേപം സംഭരി​ക്കാൻ’ നിങ്ങളെ പ്രാപ്‌ത​രാ​ക്കു​ക​യും കൂടെ ചെയ്യേ​ണ്ട​തിന്‌ നിങ്ങളു​ടെ തൊഴിൽ ശ്രദ്ധാ​പൂർവ്വ​ക​വും പ്രാർത്ഥ​നാ​പൂർവ്വ​ക​വും തെര​ഞ്ഞെ​ടു​ക്കുക.—മത്തായി 6:20.

[അടിക്കു​റി​പ്പു​കൾ]

a ഐക്യനാടുകളിൽ യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സ​ത്തി​നു ശരാശരി ഒരു വർഷം 1,50,000-ത്തിലേറെ രൂപാ ചെലവാ​കു​ന്നു! വിദ്യാർത്ഥി​കൾക്ക്‌ പലപ്പോ​ഴും തങ്ങളുടെ കടബാ​ദ്ധ്യത തീർക്കാൻ പല വർഷങ്ങൾ വേണ്ടി വരുന്നു.

b നിങ്ങളുടെ മാതാ​പി​താ​ക്കളെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തിന്‌ ഒരു നാലു​വർഷം ഡിഗ്രി സമ്പാദി​ക്കേ​ണ്ട​യാ​വ​ശ്യ​മി​ല്ലാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ഐക്യ​നാ​ടു​ക​ളിൽ പല പ്രൊ​ഫ​ഷ​നി​ലും തൊഴിൽ സംബന്ധ​മായ മണ്ഡലങ്ങ​ളി​ലും ഒരു അസ്സോ​ഷി​യേ​ററ്‌ ഡിഗ്രി സ്വീകാ​ര്യ​മാണ്‌, അതു രണ്ടു വർഷം കൊണ്ട്‌ സമ്പാദി​ക്കു​ക​യും ചെയ്യാം.

ചർച്ചക്കുളള ചോദ്യ​ങ്ങൾ

◻ ലൗകിക ജോലി​കൾ മിക്ക​പ്പോ​ഴും വ്യക്തി​പ​ര​മായ സന്തുഷ്ടി കൈവ​രു​ത്തു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ ദൈവ​ഭ​യ​മു​ളള എല്ലാ യുവജ​ന​ങ്ങ​ളും മുഴു​സ​മ​യ​ശു​ശ്രൂ​ഷയെ ഒരു ജീവി​ത​വൃ​ത്തി എന്ന നിലയിൽ പരിഗ​ണി​ക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

◻ ഉന്നത വിദ്യാ​ഭ്യാ​സം കൊണ്ട്‌ ലഭിക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ടുന്ന നേട്ടങ്ങൾ എന്തൊ​ക്കെ​യാണ്‌? അത്തരം അവകാ​ശ​വാ​ദങ്ങൾ എല്ലായ്‌പ്പോ​ഴും സത്യമാ​ണോ?

◻ യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സം സമ്പാദി​ക്കു​ന്ന​തിൽ എന്ത്‌ അപകട​ങ്ങ​ളുണ്ട്‌?

◻ ഒരു യുവാ​വിന്‌ യൂണി​വേ​ഴ്‌സി​ററി വിദ്യാ​ഭ്യാ​സ​ത്തിന്‌ പകരമാ​യി മറെറ​ന്തി​നേ​പ്പ​റ​റി​യൊ​ക്കെ ചിന്തി​ക്കാൻ കഴിയും?

[175-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ഒരു ജോലി പണവും അംഗീ​കാ​ര​വും നേടി​ത്ത​ന്നേ​ക്കാം, എന്നാൽ അതിന്‌ ‘ആത്‌മീ​യാ​വശ്യ’ങ്ങളെ തൃപ്‌തി​പ്പെ​ടു​ത്താൻ കഴിയില്ല

[177-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ഒരു [യൂണി​വേ​ഴ്‌സി​ററി] ഡിഗ്രി ഒരു ജോലി ലഭിക്കു​മെന്ന്‌ ഉറപ്പു നൽകു​ന്നില്ല”