വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവിശ്വസ്‌തത സംബന്ധിച്ച പാഠങ്ങൾ

അവിശ്വസ്‌തത സംബന്ധിച്ച പാഠങ്ങൾ

അധ്യായം പതി​നെട്ട്‌

അവിശ്വ​സ്‌തത സംബന്ധിച്ച പാഠങ്ങൾ

യെശയ്യാവു 22:1-25

1. ഉപരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു പുരാതന നഗരത്തി​നു​ള്ളിൽ ആയിരി​ക്കു​ന്നത്‌ എങ്ങനെ​യുള്ള ഒരു അനുഭവം ആയിരി​ക്കാം?

 ഉപരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു പുരാതന നഗരത്തി​നു​ള്ളിൽ ആയിരി​ക്കുന്ന അവസ്ഥ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. നഗരമ​തി​ലു​കൾക്കു വെളി​യിൽ കരുത്ത​നും നിർദ​യ​നു​മായ ശത്രു​വാ​ണു​ള്ളത്‌. അവൻ ഇതി​നോ​ടകം മറ്റു പല നഗരങ്ങ​ളെ​യും അടിയറ പറയി​ച്ചി​രി​ക്കു​ന്നു​വെന്നു നിങ്ങൾക്ക്‌ അറിയാം. ഇപ്പോൾ നിങ്ങളു​ടെ നഗരത്തെ പിടി​ച്ച​ട​ക്കാ​നും അതിനെ കൊള്ള ചെയ്യാ​നും അതിലെ നിവാ​സി​കളെ ബലാത്‌ക്കാ​രം ചെയ്യാ​നും കൊല്ലാ​നും ആ ശത്രു ദൃഢചി​ത്ത​നാണ്‌. നേരിട്ടു യുദ്ധം ചെയ്‌തു തോൽപ്പി​ക്കാ​നാ​വാത്ത വിധം അത്ര കരുത്തുറ്റ സൈന്യ​ങ്ങ​ളാണ്‌ അവനു​ള്ളത്‌; അവർ അകത്തേക്കു കടക്കാ​തി​രി​ക്ക​ത്ത​ക്ക​വണ്ണം മതിലു​കൾ ഒരു പ്രതി​ബ​ന്ധ​മാ​യി വർത്തി​ക്കട്ടെ എന്ന്‌ ആശിക്കാ​നേ നിങ്ങൾക്കു കഴിയു​ന്നു​ള്ളൂ. മതിലി​നു പുറ​ത്തേക്കു നോക്കു​മ്പോൾ ശത്രുക്കൾ കൊണ്ടു​വ​ന്നി​രി​ക്കുന്ന ഉപരോധ ഗോപു​രങ്ങൾ നിങ്ങൾക്കു കാണാം. നിങ്ങളു​ടെ പ്രതി​രോധ സംവി​ധാ​ന​ങ്ങളെ തകർക്കുന്ന വിധത്തിൽ വലിയ കല്ലുകൾ പായി​ച്ചു​വി​ടാൻ കഴിയുന്ന സംവി​ധാ​ന​ങ്ങ​ളും അവർക്കുണ്ട്‌. മതിൽ പൊളി​ക്കാ​നാ​യി കൂർത്ത ലോഹാ​ഗ്ര​ങ്ങ​ളോ​ടു കൂടിയ വൻതടി​ക​ളും മതിലിൽ കയറാ​നുള്ള ഏണിക​ളും മാത്രമല്ല വില്ലാ​ളി​ക​ളെ​യും രഥങ്ങ​ളെ​യും അവരുടെ സൈന്യ​ങ്ങ​ളെ​യും ഒക്കെ നിങ്ങൾക്കു കാണാം. എത്ര ഭീതി​ജ​ന​ക​മായ ദൃശ്യം!

2. യെശയ്യാ​വു 22-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന ഉപരോ​ധം എപ്പോൾ നടക്കുന്നു?

2 അത്തരമൊരു ഉപരോ​ധത്തെ കുറിച്ച്‌ യെശയ്യാ​വു 22-ാം അധ്യാ​യ​ത്തിൽ നാം വായി​ക്കു​ന്നു. യെരൂ​ശ​ലേ​മിന്‌ എതി​രെ​യാണ്‌ ആ ഉപരോ​ധം. എപ്പോ​ഴാണ്‌ അതു സംഭവി​ക്കു​ന്നത്‌? മേൽപ്പറഞ്ഞ എല്ലാ യുദ്ധരീ​തി​ക​ളും ഉൾപ്പെ​ടുന്ന ഒരു ഉപരോ​ധം യെരൂ​ശ​ലേ​മി​നെ​തി​രെ ഉണ്ടായത്‌ എപ്പോ​ഴാ​ണെന്നു ചൂണ്ടി​ക്കാ​ട്ടുക ദുഷ്‌ക​ര​മാണ്‌. തെളി​വ​നു​സ​രിച്ച്‌, ആ നഗരത്തി​ന്മേൽ വരാൻ പോകുന്ന നാനാ​തരം ഉപരോ​ധ​ങ്ങ​ളു​ടെ ഒരു പൊതു വർണന അല്ലെങ്കിൽ സംഭവി​ക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ ഒരു പൊതു മുന്നറി​യിപ്പ്‌ എന്ന നിലയിൽ ആ പ്രവചനം മനസ്സി​ലാ​ക്കു​ന്ന​താ​യി​രി​ക്കും ഏറ്റവും ഉചിതം.

3. യെശയ്യാവ്‌ വിവരി​ക്കുന്ന ഉപരോ​ധ​ത്തോട്‌ യെരൂ​ശ​ലേം നിവാ​സി​കൾ പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ?

3 യെശയ്യാവ്‌ വിവരി​ക്കുന്ന ഉപരോ​ധം നടക്കു​മ്പോൾ യെരൂ​ശ​ലേം നിവാ​സി​കൾ എന്തു ചെയ്യു​ക​യാണ്‌? ദൈവ​ത്തി​ന്റെ ഉടമ്പടി​ജനത എന്ന നിലയിൽ അവർ തങ്ങളെ രക്ഷിക്കാ​നാ​യി യഹോ​വ​യോ​ടു വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു​ണ്ടോ? ഇല്ല. അവർ ബുദ്ധി​ശൂ​ന്യ​മായ ഒരു മനോ​ഭാ​വ​മാ​ണു പ്രകട​മാ​ക്കു​ന്നത്‌. ഇന്നു ദൈവത്തെ ആരാധി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടുന്ന പലരും പ്രകട​മാ​ക്കുന്ന അതേ മനോ​ഭാ​വം തന്നെ.

ഉപരോ​ധ​ത്തി​ലായ ഒരു നഗരം

4. (എ) എന്താണു “ദർശന​ത്താ​ഴ്‌വര,” അതിനെ അങ്ങനെ വിളി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യെരൂ​ശ​ലേം നിവാ​സി​ക​ളു​ടെ ആത്മീയ അവസ്ഥ എന്താണ്‌?

4 യെശയ്യാവു 21-ാം അധ്യാ​യ​ത്തിൽ, “പ്രവാ​ചകം” എന്ന പ്രയോ​ഗ​ത്തോ​ടെ​യാണ്‌ ഓരോ ന്യായ​വി​ധി സന്ദേശ​വും തുടങ്ങു​ന്നത്‌. (യെശയ്യാ​വു 21:1, 11, 13) അതേ വിധത്തി​ലാണ്‌ 22-ാം അധ്യാ​യ​വും ആരംഭി​ക്കു​ന്നത്‌: “ദർശന​ത്താ​ഴ്‌വ​ര​യെ​ക്കു​റി​ച്ചുള്ള പ്രവാ​ചകം: നിങ്ങൾ എല്ലാവ​രും വീടു​ക​ളു​ടെ മുകളിൽ കയറേ​ണ്ട​തി​ന്നു നിങ്ങൾക്കു എന്തു ഭവിച്ചു?” (യെശയ്യാ​വു 22:1) “ദർശന​ത്താ​ഴ്‌വര” എന്ന്‌ ഇവിടെ പരാമർശി​ക്കു​ന്നത്‌ യെരൂ​ശ​ലേ​മി​നെ​യാണ്‌. ആ നഗരം ഉയർന്ന സ്ഥാനത്താ​ണെ​ങ്കി​ലും, അതിനു ചുറ്റും വളരെ ഉയരമുള്ള പർവതങ്ങൾ ഉള്ളതു​കൊ​ണ്ടാണ്‌ അതിനെ താഴ്‌വര എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. കൂടാതെ, പല ദിവ്യ ദർശന​ങ്ങ​ളും വെളി​പാ​ടു​ക​ളും ഇവി​ടെ​വെച്ച്‌ ലഭിച്ചി​രി​ക്കു​ന്ന​തി​നാൽ അതിനെ “ദർശന”ത്തോടും ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു. അക്കാര​ണ​ത്താൽ നഗരവാ​സി​കൾ യഹോ​വ​യു​ടെ വചനങ്ങൾക്കു സൂക്ഷ്‌മ ശ്രദ്ധ നൽകേ​ണ്ട​തുണ്ട്‌. പകരം, അവർ അവനെ തള്ളിക്ക​ള​യു​ക​യും വ്യാജാ​രാ​ധ​ന​യി​ലേക്കു തിരി​യു​ക​യും ചെയ്‌തി​രി​ക്കു​ന്നു. തന്റെ വഴിപി​ഴച്ച ജനത്തി​നെ​തി​രെ ന്യായ​വി​ധി നിർവ​ഹി​ക്കു​ന്ന​തി​നു ദൈവം ഉപയോ​ഗി​ക്കുന്ന ഒരു ഉപകര​ണ​മാണ്‌ ആ നഗരത്തെ ഉപരോ​ധി​ക്കുന്ന ശത്രു.—ആവർത്ത​ന​പു​സ്‌തകം 28:45, 49, 50, 52.

5. സാധ്യ​ത​യ​നു​സ​രിച്ച്‌, ആളുകൾ പുരമു​ക​ളിൽ കയറു​ന്നത്‌ എന്തിന്‌?

5 യെരൂശലേം നിവാ​സി​കൾ തങ്ങളുടെ ‘വീടു​ക​ളു​ടെ മുകളിൽ കയറി​യി​രി​ക്കു​ന്നു’ എന്നതു ശ്രദ്ധി​ക്കുക. പുരാതന നാളു​ക​ളിൽ, ഇസ്രാ​യേല്യ ഭവനങ്ങ​ളു​ടെ മേൽക്കൂ​രകൾ പരന്നതാ​യി​രു​ന്നു. കുടും​ബാം​ഗങ്ങൾ മിക്ക​പ്പോ​ഴും അവിടെ ഒന്നിച്ചു​കൂ​ടാ​റു​ണ്ടാ​യി​രു​ന്നു. എന്നാൽ ഈ പ്രത്യേക അവസര​ത്തിൽ അവർ അവിടെ കൂടി​വ​രു​ന്ന​തി​ന്റെ കാരണം യെശയ്യാവ്‌ പറയു​ന്നില്ല. അത്‌ ഒരു നല്ല കാര്യ​ത്തി​നാ​ണെന്ന ധ്വനി അവന്റെ വാക്കു​ക​ളിൽ ഇല്ല എന്നതു സ്‌പഷ്ടം. ഒരുപക്ഷേ മറ്റു ദൈവ​ങ്ങ​ളോ​ടു പ്രാർഥി​ക്കാ​നാ​യി​രി​ക്കാം അവർ പുരമു​ക​ളിൽ കയറി​യി​രി​ക്കു​ന്നത്‌. പൊ.യു.മു. 607-ൽ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ന്നതു വരെയുള്ള കാലയ​ള​വിൽ അവർ ആ രീതി തുടർന്നു​പോ​ന്നു.—യിരെ​മ്യാ​വു 19:13; സെഫന്യാ​വു 1:5.

6. (എ) യെരൂ​ശ​ലേം നഗരത്തി​നു​ള്ളി​ലെ അവസ്ഥ എന്ത്‌? (ബി) ചിലർ ആനന്ദി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌, എന്നാൽ എന്തു സംഭവി​ക്കാൻ പോകു​ന്നു?

6 യെശയ്യാവ്‌ തുടരു​ന്നു: “അയ്യോ, കോലാ​ഹലം നിറഞ്ഞും ആരവപൂർണ്ണ​മാ​യും ഇരിക്കുന്ന പട്ടണമേ! ഉല്ലസി​ത​ന​ഗ​രമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ല​പ്പെ​ട്ട​വരല്ല, പടയിൽ പട്ടു​പോ​യ​വ​രും അല്ല.” (യെശയ്യാ​വു 22:2) നഗരത്തിൽ ആളുകൾ തടിച്ചു​കൂ​ടി​യി​രി​ക്കു​ന്നു, നഗരം പ്രക്ഷു​ബ്ധാ​വ​സ്ഥ​യിൽ ആണ്‌. ചകിത​രായ നഗരവാ​സി​കൾ ഒച്ചവെ​ക്കു​ന്നു. എന്നിരു​ന്നാ​ലും, അപകടം ഒഴിഞ്ഞു​പോ​കു​ക​യാ​ണെ​ന്നും തങ്ങൾ സുരക്ഷി​ത​രാ​ണെ​ന്നും കരുതു​ന്ന​തു​കൊ​ണ്ടാ​കാം ചിലർ ആനന്ദി​ക്കു​ന്നു. a എന്നാൽ ഇപ്പോൾ ആനന്ദി​ക്കു​ന്നത്‌ മണ്ടത്തര​മാണ്‌. നഗരത്തി​ലുള്ള പലരും വാളാൽ കൊല്ല​പ്പെ​ടു​ന്ന​തി​ലും ക്രൂര​മായ വിധത്തിൽ വധിക്ക​പ്പെ​ടാൻ പോകു​ക​യാണ്‌. ഉപരോ​ധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ആ നഗരത്തി​നു​ള്ളിൽ ഭക്ഷ്യ​ശേ​ഖരം കുറഞ്ഞു​വ​രു​ക​യാണ്‌. പുറം ലോക​വു​മാ​യി അതിനു ബന്ധമി​ല്ലാ​ത്ത​തി​നാൽ ഭക്ഷ്യവ​സ്‌തു​ക്കൾ ശേഖരി​ക്കാ​നും നിർവാ​ഹ​മില്ല. പട്ടിണി​യും അതു​പോ​ലെ​തന്നെ ആളുകൾ തിങ്ങി​ക്കൂ​ടിയ അവസ്ഥയും പകർച്ച​വ്യാ​ധി​കൾക്കു കാരണ​മാ​കു​ന്നു. അതു​കൊണ്ട്‌ ക്ഷാമവും പകർച്ച​വ്യാ​ധി​യും മൂലം യെരൂ​ശ​ലേ​മി​ലുള്ള പലരും മരിക്കും. പൊ.യു.മു. 607-ലും പൊ.യു. 70-ലും അപ്രകാ​രം സംഭവി​ക്കു​ന്നു.—2 രാജാ​ക്ക​ന്മാർ 25:3; വിലാ​പങ്ങൾ 4:9, 10. b

7. ഉപരോ​ധ​സ​മ​യത്ത്‌ യെരൂ​ശ​ലേ​മി​ലെ ഭരണാ​ധി​കാ​രി​കൾ എന്തു ചെയ്യുന്നു, അവർക്ക്‌ എന്തു സംഭവി​ക്കു​ന്നു?

7 ഈ പ്രതി​സ​ന്ധി​ഘ​ട്ട​ത്തിൽ യെരൂ​ശ​ലേ​മി​ലെ ഭരണാ​ധി​കാ​രി​കൾ എന്തു നേതൃ​ത്വ​മാ​ണു നൽകു​ന്നത്‌? യെശയ്യാവ്‌ ഉത്തരം നൽകുന്നു: “നിന്റെ അധിപ​തി​മാർ എല്ലാവ​രും ഒരു​പോ​ലെ ഓടി​പ്പോ​യി​രി​ക്കു​ന്നു; അവർ വില്ലി​ല്ലാ​ത്ത​വ​രാ​യി ബന്ധിക്ക​പ്പെ​ട്ടി​രി​ക്കു​ന്നു; നിന്നിൽ ഉണ്ടായി​രു​ന്ന​വ​രൊ​ക്കെ​യും ദൂരത്തു ഓടി​പ്പോ​യി​ട്ടും ഒരു​പോ​ലെ ബദ്ധരാ​യി​രി​ക്കു​ന്നു.” (യെശയ്യാ​വു 22:3) ഭരണാ​ധി​പ​ന്മാ​രും വീരന്മാ​രും പലായനം ചെയ്യു​ന്നെ​ങ്കി​ലും പിടി​ക്ക​പ്പെ​ടു​ന്നു! അവരുടെ നേർക്ക്‌ ഒരു വില്ലു​പോ​ലും കുലയ്‌ക്കേണ്ടി വരാ​തെ​തന്നെ അവർ ബന്ദിക​ളാ​ക്ക​പ്പെ​ടു​ന്നു. അതു സംഭവി​ക്കു​ന്നത്‌ പൊ.യു.മു. 607-ൽ ആണ്‌. യെരൂ​ശ​ലേ​മി​ന്റെ മതിൽ തകർക്ക​പ്പെ​ടു​മ്പോൾ സിദെ​ക്കീ​യാവ്‌ രാത്രി​യിൽ തന്റെ വീരന്മാ​രോ​ടൊ​പ്പം അവി​ടെ​നി​ന്നു പലായനം ചെയ്യുന്നു. അതു മനസ്സി​ലാ​ക്കുന്ന ശത്രുക്കൾ പിന്നാലെ ചെന്ന്‌ യെരീ​ഹോ സമഭൂ​മി​യിൽവെച്ച്‌ അവരെ പിടി​കൂ​ടു​ന്നു. വീരന്മാർ ചിതറി​യോ​ടു​ന്നു. സിദെ​ക്കീ​യാവ്‌ പിടി​ക്ക​പ്പെ​ടു​ന്നു, ശത്രുക്കൾ അവന്റെ കണ്ണു കുത്തി​പ്പൊ​ട്ടി​ക്കു​ന്നു, എന്നിട്ട്‌ അവനെ താമ്ര​ച്ച​ങ്ങ​ല​കൊണ്ട്‌ ബന്ധിച്ച്‌ വലിച്ചി​ഴച്ചു ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​ന്നു. (2 രാജാ​ക്ക​ന്മാർ 25:2-7) അവന്റെ അവിശ്വസ്‌ത ഗതിയു​ടെ അനന്തര​ഫലം എത്രയോ ദാരുണം!

വിപത്തിൽ നടുങ്ങു​ന്നു

8. (എ) യെരൂ​ശ​ലേ​മി​ന്മേൽ വരാനി​രി​ക്കുന്ന വിപത്തി​നെ കുറി​ച്ചുള്ള പ്രവച​ന​ത്തോട്‌ യെശയ്യാവ്‌ പ്രതി​ക​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) അപ്പോൾ യെരൂ​ശ​ലേ​മി​ലെ അവസ്ഥ എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കും?

8 ഈ പ്രവചനം യെശയ്യാ​വി​നെ ആഴമായി ബാധി​ക്കു​ന്നു. അവൻ ഇങ്ങനെ പറയുന്നു: “അതു​കൊ​ണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്ക​രു​തു; ഞാൻ കൈ​പ്പോ​ടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശ​ത്തെ​ച്ചൊ​ല്ലി എന്നെ ആശ്വസി​പ്പി​പ്പാൻ ബദ്ധപ്പെ​ട​രു​തു.” (യെശയ്യാ​വു 22:4) മോവാ​ബി​നെ​യും ബാബി​ലോ​ണി​നെ​യും കുറിച്ചു പ്രവചി​ക്ക​പ്പെട്ട കാര്യത്തെ ഓർത്ത്‌ യെശയ്യാ​വി​നു ദുഃഖം തോന്നി​യി​രു​ന്നു. (യെശയ്യാ​വു 16:11; 21:3) ഇപ്പോൾ തന്റെ സ്വന്തം ജനത്തി​ന്മേൽ വരാൻ പോകുന്ന വിപത്തി​നെ കുറിച്ച്‌ ഓർക്കു​മ്പോ​ഴുള്ള അവന്റെ നടുങ്ങ​ലും വിലാ​പ​വും അതി​നെ​ക്കാൾ തീവ്ര​മാണ്‌. ആർക്കും അവനെ ആശ്വസി​പ്പി​ക്കാ​നാ​വില്ല. എന്തു​കൊണ്ട്‌? “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ കർത്താ​വി​ങ്കൽനി​ന്നു ദർശന​ത്താ​ഴ്‌വ​ര​യിൽ പരാഭ​വ​വും [‘കുഴപ്പ​വും,’ “ഓശാന ബൈ.”] സംഹാ​ര​വും പരി​ഭ്ര​മ​വു​മു​ള്ളോ​രു നാൾ വരുന്നു; മതിലു​കളെ ഇടിച്ചു​ക​ള​യു​ന്ന​തും മലക​ളോ​ടു നിലവി​ളി​ക്കു​ന്ന​തും ആയ നാൾ തന്നേ.” (യെശയ്യാ​വു 22:5) യെരൂ​ശ​ലേം ഇപ്പോൾ ആകെ കുഴഞ്ഞു​മ​റിഞ്ഞ ഒരവസ്ഥ​യി​ലാണ്‌. ആളുകൾ പരി​ഭ്രാ​ന്ത​രാ​യി യാതൊ​രു ലക്ഷ്യവു​മി​ല്ലാ​തെ അങ്ങുമി​ങ്ങും നടക്കും. ശത്രുക്കൾ നഗരമ​തിൽ തകർക്കു​മ്പോൾ, അവിടത്തെ നിവാ​സി​കൾ ‘മലയോ​ടു നിലവി​ളി​ക്കും.’ അതിന്റെ അർഥം, മോരി​യാ​മ​ല​യി​ലെ വിശുദ്ധ ആലയത്തിൽ ചെന്ന്‌ അവർ ദൈവ​ത്തോ​ടു നിലവി​ളി​ക്കും എന്നാണോ? ഒരുപക്ഷേ ആയിരി​ക്കാം. എന്നിരു​ന്നാ​ലും അവിശ്വ​സ്‌തർ ആയതു​കൊണ്ട്‌, ഭീതി കലർന്ന അവരുടെ നിലവി​ളി​കൾ ചുറ്റു​മുള്ള പർവത​ങ്ങ​ളിൽ തട്ടി പ്രതി​ധ്വ​നി​ക്കും എന്ന അർഥമാ​യി​രി​ക്കാം അതിനു​ള്ളത്‌.

9. യെരൂ​ശ​ലേ​മി​നു ഭീഷണി ആയിരി​ക്കുന്ന സൈന്യ​ത്തെ കുറിച്ചു വിവരി​ക്കുക.

9 എങ്ങനെയുള്ള ശത്രു​വാണ്‌ യെരൂ​ശ​ലേ​മി​നു ഭീഷണി ആയിത്തീർന്നി​രി​ക്കു​ന്നത്‌? യെശയ്യാവ്‌ നമ്മോട്‌ ഇപ്രകാ​രം പറയുന്നു: “ഏലാം, കാലാ​ളും കുതി​ര​പ്പ​ട​യും ഉള്ള സൈന്യ​ത്തോ​ടു​കൂ​ടെ ആവനാ​ഴിക എടുക്ക​യും കീർ പരിച​യു​ടെ ഉറ നീക്കു​ക​യും ചെയ്‌തു.” (യെശയ്യാ​വു 22:6) ശത്രുക്കൾ ശരിക്കും ആയുധ​സ​ജ്ജ​രാണ്‌. അവരുടെ വില്ലാ​ളി​ക​ളു​ടെ ആവനാ​ഴി​കൾ നിറയെ അമ്പുകൾ ഉണ്ട്‌. യോദ്ധാ​ക്കൾ യുദ്ധത്തി​നാ​യി തങ്ങളുടെ പരിചകൾ ഒരുക്കു​ക​യാണ്‌. രഥങ്ങളും പടക്കു​തി​ര​ക​ളു​മുണ്ട്‌. ഇപ്പോ​ഴത്തെ പേർഷ്യൻ ഉൾക്കട​ലി​ന്റെ വടക്കായി സ്ഥിതി ചെയ്‌തി​രുന്ന ഏലാമിൽനി​ന്നും സാധ്യ​ത​യ​നു​സ​രിച്ച്‌ അതിന്റെ സമീപ ദേശമാ​യി​രുന്ന കീരിൽനി​ന്നു​മുള്ള പട്ടാള​ക്കാർ സൈന്യ​ത്തിൽ ഉണ്ട്‌. ആ ദേശങ്ങളെ കുറി​ച്ചുള്ള പരാമർശം ആക്രമ​ണ​കാ​രി​കൾ എത്ര അകലെ​നി​ന്നു വരുന്നു എന്നു സൂചി​പ്പി​ക്കു​ന്നു. ഹിസ്‌കീ​യാവ്‌ രാജാ​വാ​യി​രുന്ന അക്കാലത്ത്‌ യെരൂ​ശ​ലേ​മി​നു ഭീഷണി ആയിരി​ക്കുന്ന സൈന്യ​ത്തിൽ ഏലാമ്യ​രായ വില്ലാ​ളി​ക​ളും ഉണ്ടായി​രു​ന്നി​രി​ക്കാ​മെ​ന്നും അതു സൂചി​പ്പി​ക്കു​ന്നു.

ചെറു​ത്തു​നിൽക്കാ​നുള്ള ശ്രമങ്ങൾ

10. നഗരത്തി​ന്റെ നാശത്തെ അർഥമാ​ക്കുന്ന എന്താണു സംഭവി​ക്കു​ന്നത്‌?

10 അവിടെ തുടർന്നു​ണ്ടാ​കുന്ന സ്ഥിതി​വി​ശേഷം യെശയ്യാവ്‌ വിവരി​ക്കു​ന്നു: ‘അങ്ങനെ നിന്റെ മനോ​ഹ​ര​മായ താഴ്‌വ​രകൾ രഥങ്ങൾകൊ​ണ്ടു നിറയും; കുതി​രപ്പട വാതി​ല്‌ക്കൽ അണിനി​ര​ത്തും. അവൻ യെഹൂ​ദ​യു​ടെ മൂടു​പടം നീക്കി​ക്ക​ള​യും.’ (യെശയ്യാ​വു 22:7, 8എ) യെരൂ​ശ​ലേം നഗരത്തി​നു വെളി​യി​ലുള്ള സമഭൂമി രഥങ്ങ​ളെ​യും കുതി​ര​ക​ളെ​യും കൊണ്ടു നിറഞ്ഞി​രി​ക്കു​ന്നു. നഗരക​വാ​ട​ങ്ങളെ ആക്രമി​ക്കാൻ സജ്ജരാ​യാണ്‌ അവർ നില​കൊ​ള്ളു​ന്നത്‌. നീക്കം ചെയ്യ​പ്പെ​ടുന്ന “യെഹൂ​ദ​യു​ടെ മൂടു​പടം” എന്താണ്‌? ഒരുപക്ഷേ അത്‌ നഗരത്തി​ന്റെ ഒരു കവാടം ആയിരി​ക്കാം. ശത്രുക്കൾ അതു പിടി​ച്ച​ട​ക്കു​ന്നത്‌ നഗരവാ​സി​കൾക്കു നാശത്തെ അർഥമാ​ക്കും. c പ്രതി​രോ​ധ​മാ​യി വർത്തി​ക്കുന്ന ആ മൂടു​പടം നീങ്ങി​ക്കി​ട്ടു​മ്പോൾ, ആ നഗരത്തെ ആക്രമി​ക്കാൻ ശത്രു​ക്കൾക്ക്‌ എളുപ്പ​മാ​യി​രി​ക്കും.

11, 12. യെരൂ​ശ​ലേം നിവാ​സി​കൾ ഏതെല്ലാം പ്രതി​രോധ നടപടി​കൾ സ്വീക​രി​ക്കു​ന്നു?

11 തങ്ങളുടെ സംരക്ഷ​ണാർഥം ആളുകൾ ചെയ്യുന്ന കാര്യ​ങ്ങളെ കുറി​ച്ചാണ്‌ യെശയ്യാവ്‌ തുടർന്നു പറയു​ന്നത്‌. അവർ ആദ്യം​തന്നെ ചിന്തി​ക്കു​ന്നത്‌ ആയുധ​ങ്ങളെ കുറി​ച്ചാണ്‌! ‘അന്നു നിങ്ങൾ വനഗൃ​ഹ​ത്തി​ലെ ആയുധ​വർഗ്ഗത്തെ നോക്കി, ദാവീ​ദിൻന​ഗ​ര​ത്തി​ന്റെ ഇടിവു​കൾ അനവധി​യെന്നു കണ്ട്‌ താഴത്തെ കുളത്തി​ലെ വെള്ളം കെട്ടി​നിർത്തും.’ (യെശയ്യാ​വു 22:8ബി, 9) വനഗൃ​ഹ​ത്തി​ലെ ആയുധ​പ്പു​ര​യി​ലാണ്‌ ആയുധങ്ങൾ സൂക്ഷി​ച്ചി​രി​ക്കു​ന്നത്‌. ആ ആയുധ​പ്പുര ശലോ​മോൻ ഉണ്ടാക്കി​യ​താണ്‌. ലെബാ​നോ​നി​ലെ ദേവദാ​രു​കൊണ്ട്‌ ഉണ്ടാക്കി​യ​തി​നാ​ലാണ്‌ ‘ലെബാ​നോൻവ​ന​ഗൃ​ഹം’ എന്ന്‌ അത്‌ അറിയ​പ്പെ​ടാൻ ഇടയാ​യത്‌. (1 രാജാ​ക്ക​ന്മാർ 7:2-5) ആളുകൾ മതിലി​ലെ വിള്ളലു​കൾ പരി​ശോ​ധി​ക്കു​ന്നു, ഒരു പ്രധാന പ്രതി​രോധ ഉപാധി​യായ വെള്ളം കെട്ടി​നി​റു​ത്തു​ന്നു. ജീവൻ നിലനി​റു​ത്താ​നും വെള്ളം അത്യന്താ​പേ​ക്ഷി​ത​മാണ്‌. അതില്ലാ​തെ ഒരു നഗരത്തി​നും നില​കൊ​ള്ളാ​നാ​വില്ല. എന്നുവ​രി​കി​ലും, വിടു​ത​ലി​നാ​യി ആളുകൾ യഹോ​വ​യി​ലേക്കു തിരി​യു​ന്ന​തി​നെ കുറി​ച്ചൊ​ന്നും പറഞ്ഞി​ട്ടില്ല എന്നതു ശ്രദ്ധി​ക്കുക. പകരം, അവർ തങ്ങൾക്കുള്ള ഭൗതിക വസ്‌തു​ക്ക​ളി​ലാണ്‌ ആശ്രയി​ക്കു​ന്നത്‌. ഒരിക്ക​ലും അത്തര​മൊ​രു തെറ്റ്‌ വരുത്താ​തി​രി​ക്കാൻ നമുക്ക്‌ ശ്രദ്ധി​ക്കാം!—സങ്കീർത്തനം 127:1.

12 നഗരമതിലിലെ വിള്ളലു​ക​ളു​ടെ കാര്യ​മോ? ‘യെരൂ​ശ​ലേ​മി​ലെ വീടുകൾ എണ്ണി, മതിൽ ഉറപ്പി​പ്പാൻ വീടു​കളെ പൊളി​ച്ചു​ക​ള​യും.’ (യെശയ്യാ​വു 22:10) മതിലി​ലെ വിടവു​ക​ളും മറ്റും അടയ്‌ക്കു​ന്ന​തി​നുള്ള സാമ​ഗ്രി​കൾക്കാ​യി ഏതെല്ലാം വീടുകൾ പൊളി​ക്ക​ണ​മെന്ന്‌ അവർ നിർണ​യി​ക്കു​ന്നു. ശത്രുക്കൾ പെട്ടെന്നു മതിൽ നശിപ്പി​ക്കാ​തി​രി​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌ ഇങ്ങനെ ചെയ്യു​ന്നത്‌.

വിശ്വാ​സ​മി​ല്ലാത്ത ഒരു ജനത

13. ജലലഭ്യത ഉറപ്പു വരുത്താൻ ആളുകൾ എന്തു ചെയ്യുന്നു, എന്നാൽ ആരെയാണ്‌ അവർ മറന്നു​ക​ള​യു​ന്നത്‌?

13 “പഴയ കുളത്തി​ലെ വെള്ളം സൂക്ഷി​പ്പാൻ രണ്ടു മതിലു​ക​ളു​ടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തി​യ​വ​ങ്ക​ലേക്കു നിങ്ങൾ തിരി​ഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂ​പി​ച്ച​വനെ ഓർത്ത​തു​മില്ല.” (യെശയ്യാ​വു 22:11) ഈ വാക്യ​ത്തി​ലും 9-ാം വാക്യ​ത്തി​ലും വിവരി​ച്ചി​രി​ക്കുന്ന ജലം കെട്ടി​നി​റു​ത്താ​നാ​യി നടത്തുന്ന ശ്രമങ്ങൾ, അസീറി​യൻ ആക്രമ​ണ​ത്തിൽനിന്ന്‌ നഗരത്തെ സംരക്ഷി​ക്കാൻ ഹിസ്‌കീ​യാ രാജാവ്‌ സ്വീക​രിച്ച നടപടി​യെ നമ്മുടെ ഓർമ​യി​ലേക്കു കൊണ്ടു​വ​രു​ന്നു. (2 ദിനവൃ​ത്താ​ന്തം 32:2-5) ഹിസ്‌കീ​യാ​വിന്‌ യഹോ​വ​യിൽ നല്ല വിശ്വാ​സം ഉണ്ടായി​രു​ന്നു. എന്നാൽ, യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽ വിവരി​ക്കുന്ന ഈ ജനത്തിന്‌ യഹോ​വ​യിൽ തീർത്തും വിശ്വാ​സ​മില്ല. നഗര സംരക്ഷ​ണാർഥം പലതും ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും, തങ്ങളുടെ സ്രഷ്‌ടാ​വി​നെ കുറിച്ച്‌ അവർ ചിന്തി​ക്കു​ന്നേ​യില്ല.

14. യഹോവ മുന്നറി​യി​പ്പു നൽകി​യി​ട്ടും, ജ്ഞാനര​ഹി​ത​മായ എന്തു മനോ​ഭാ​വ​മാണ്‌ ആളുകൾ കൈ​ക്കൊ​ള്ളു​ന്നത്‌?

14 യെശയ്യാവ്‌ തുടരു​ന്നു: ‘അന്നു സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ കർത്താവു കരച്ചി​ലി​ന്നും വിലാ​പ​ത്തി​ന്നും മൊട്ട​യ​ടി​ക്കു​ന്ന​തി​ന്നും രട്ടുടു​ക്കു​ന്ന​തി​ന്നും വിളി​ച്ച​പ്പോൾ ആനന്ദവും സന്തോ​ഷ​വും കാള അറുക്കുക, ആടറു​ക്കുക, ഇറച്ചി​തി​ന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കു​മ​ല്ലോ എന്നിങ്ങനെ ആയിരു​ന്നു.’ (യെശയ്യാ​വു 22:12, 13) യഹോ​വ​യോ​ടുള്ള മത്സരത്തെ പ്രതി യെരൂ​ശ​ലേം നിവാ​സി​കൾ തെല്ലും അനുത​പി​ക്കു​ന്നില്ല. അനുതാ​പ​ത്തി​ന്റെ പ്രതീ​ക​മാ​യി അവർ വിലപി​ക്കു​ക​യോ തല മൊട്ട​യ​ടി​ക്കു​ക​യോ രട്ടുടു​ക്കു​ക​യോ ചെയ്യു​ന്നില്ല. അവർ അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ, വരാനി​രി​ക്കുന്ന വിപത്തു​ക​ളിൽനിന്ന്‌ യഹോവ ഒരുപക്ഷേ അവരെ രക്ഷിക്കു​മാ​യി​രു​ന്നു. എന്നാൽ അവർ ജഡിക ഉല്ലാസ​ങ്ങ​ളിൽ മുഴു​കു​ന്നു. ഇക്കാലത്ത്‌ ദൈവ​വി​ശ്വാ​സ​മി​ല്ലാത്ത അനേകർക്കും സമാന​മായ ഒരു മനോ​ഭാ​വ​മാണ്‌ ഉള്ളത്‌. മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​മോ വരാൻ പോകുന്ന പറുദീ​സാ​ഭൂ​മി​യി​ലെ ജീവി​ത​മോ സംബന്ധിച്ച്‌ അവർക്കു യാതൊ​രു പ്രത്യാ​ശ​യും ഇല്ലാത്ത​തി​നാൽ, “നാം തിന്നുക, കുടിക്ക, നാളെ ചാകു​മ​ല്ലോ” എന്നു പറഞ്ഞു​കൊണ്ട്‌ അവർ സുഖ​ലോ​ലു​പ​ത​യു​ടെ ഗതി സ്വീക​രി​ക്കു​ന്നു. (1 കൊരി​ന്ത്യർ 15:32) എന്തൊരു സങ്കുചിത വീക്ഷണം! അവർ യഹോ​വ​യിൽ ആശ്രയി​ച്ചി​രു​ന്നെ​ങ്കിൽ, ശാശ്വത പ്രത്യാശ അവർക്കു ലഭിക്കു​മാ​യി​രു​ന്നു!—സങ്കീർത്തനം 4:6-8; സദൃശ​വാ​ക്യ​ങ്ങൾ 1:33.

15. (എ) യെരൂ​ശ​ലേ​മിന്‌ എതി​രെ​യുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി സന്ദേശം എന്താണ്‌, അവന്റെ ന്യായ​വി​ധി നടപ്പി​ലാ​ക്കു​ന്നത്‌ ആർ? (ബി) യെരൂ​ശ​ലേ​മി​ന്റേ​തി​നു സമാന​മായ ഒരു ദുരന്തം ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു സംഭവി​ക്കാ​നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

15 ഉപരോധിക്കപ്പെട്ടിരിക്കുന്ന യെരൂ​ശ​ലേം നിവാ​സി​കൾക്ക്‌ സുരക്ഷി​ത​ത്വം ഉണ്ടായി​രി​ക്കു​ക​യില്ല. യെശയ്യാവ്‌ ഇപ്രകാ​രം പറയുന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോവ എനിക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നതു: നിങ്ങൾ മരിക്കും​വരെ ഈ അകൃത്യം നിങ്ങൾക്കു മോചി​ക്ക​പ്പെ​ടു​ക​യില്ല എന്നു സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ കർത്താവു അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 22:14) കഠിന​ഹൃ​ദ​യ​രായ ആ ജനത്തിനു ക്ഷമ ലഭിക്കു​ക​യില്ല. അവരുടെ നാശം ഉറപ്പാണ്‌. പരമാ​ധി​കാ​രി​യാം കർത്താ​വായ സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യാണ്‌ അതു പറഞ്ഞി​രി​ക്കു​ന്നത്‌. യെശയ്യാ​വി​ന്റെ പ്രാവ​ച​നിക വാക്കു​ക​ളു​ടെ നിവൃ​ത്തി​യാ​യി അവിശ്വസ്‌ത യെരൂ​ശ​ലേ​മി​ന്മേൽ രണ്ടു പ്രാവ​ശ്യം അനർഥം വരുന്നു. ബാബി​ലോ​ണി​യൻ സൈന്യ​ങ്ങ​ളും പിന്നീട്‌ റോമൻ സൈന്യ​ങ്ങ​ളും ആ നഗരത്തെ നശിപ്പി​ക്കു​ന്നു. ദൈവത്തെ ആരാധി​ക്കു​ന്നു എന്ന്‌ പറയു​ന്നെ​ങ്കി​ലും, യഥാർഥ​ത്തിൽ പ്രവൃ​ത്തി​ക​ളാൽ അവനെ ത്യജി​ക്കുന്ന അവിശ്വസ്‌ത ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ​മേ​ലും സമാന​മായ വിപത്തു വരിക​തന്നെ ചെയ്യും. (തീത്തൊസ്‌ 1:16) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ​യും ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങളെ വിട്ടു പ്രവർത്തി​ക്കുന്ന ലോക​ത്തി​ലെ മറ്റു മതങ്ങളു​ടെ​യും പാപങ്ങൾ “ആകാശ​ത്തോ​ളം കുന്നി​ച്ചി​രി​ക്കു​ന്നു.” വിശ്വാ​സ​ത്യാ​ഗി​നി​യായ യെരൂ​ശ​ലേ​മി​ന്റെ പാപ​ത്തെ​പ്പോ​ലെ, അവരുടെ പാപവും ക്ഷമിക്ക​പ്പെ​ടു​ക​യില്ല. അത്രയ്‌ക്കു കഠിന​മാണ്‌ അത്‌.—വെളി​പ്പാ​ടു 18:5, 8, 21.

സ്വാർഥ​നായ ഒരു വിചാ​ര​കൻ

16, 17. (എ) യഹോ​വ​യു​ടെ മുന്നറി​യി​പ്പിൻ സന്ദേശം ലഭിക്കു​ന്നത്‌ ആർക്ക്‌, എന്തു​കൊണ്ട്‌? (ബി) സ്വാർഥത നിമിത്തം ശെബ്‌ന​യ്‌ക്ക്‌ എന്തു സംഭവി​ക്കും?

16 ഇപ്പോൾ യെശയ്യാ പ്രവാ​ചകൻ അവിശ്വസ്‌ത ജനതയിൽനിന്ന്‌ ഒരു അവിശ്വസ്‌ത വ്യക്തി​യി​ലേക്ക്‌ തന്റെ ശ്രദ്ധ തിരി​ക്കു​ന്നു. അവൻ എഴുതു​ന്നു: “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ കർത്താവു ഇപ്രകാ​രം കല്‌പി​ക്കു​ന്നു: നീ ചെന്നു ഭണ്ഡാര​പ​തി​യും രാജധാ​നി​വി​ചാ​ര​ക​നു​മായ ശെബ്‌നെയെ കണ്ടു പറയേ​ണ്ടതു; നീ എന്താകു​ന്നു ഈ ചെയ്യു​ന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടി​ക്കു​ന്നതു ആർക്കാ​യി​ട്ടു? ഉയർന്നോ​രു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടി​ക്കു​ന്നു; പാറയിൽ തനിക്കു ഒരു പാർപ്പി​ടം കൊത്തി​യു​ണ്ടാ​ക്കു​ന്നു.”—യെശയ്യാ​വു 22:15, 16.

17 ശെബ്‌ന ‘രാജധാ​നി’യിലെ, ഒരുപക്ഷേ ഹിസ്‌കീ​യാ രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലെ ‘വിചാ​രകൻ’ ആണ്‌. അതിലെ ഗൃഹവി​ചാ​രകൻ ആയിരി​ക്കുന്ന ശെബ്‌ന​യ്‌ക്ക്‌ വലിയ അധികാ​ര​മുണ്ട്‌. രാജാവ്‌ കഴിഞ്ഞാൽ അടുത്ത സ്ഥാനം അയാൾക്കാണ്‌. ശെബ്‌ന​യിൽനി​ന്നു വളരെ​യ​ധി​കം പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. (1 കൊരി​ന്ത്യർ 4:2) രാജ്യ​കാ​ര്യ​ങ്ങൾക്കു പ്രഥമ ശ്രദ്ധ കൊടു​ക്കേണ്ട ശെബ്‌ന ഇപ്പോൾ സ്വന്തം മഹത്ത്വ​മാ​ണു തേടു​ന്നത്‌. മലമു​ക​ളിൽ തനിക്കാ​യി, രാജാ​വി​ന്റേ​തി​നു സമാന​മായ ആഡംബ​ര​പൂർണ​മായ ഒരു ശവക്കല്ലറ അവൻ കൊത്തി​യു​ണ്ടാ​ക്കി​ക്കു​ക​യാണ്‌. അതു കാണുന്ന യഹോവ ആ അവിശ്വസ്‌ത വിചാ​ര​കനു മുന്നറി​യി​പ്പു കൊടു​ക്കാൻ യെശയ്യാ​വി​നെ നിശ്വ​സ്‌ത​നാ​ക്കു​ന്നു: “എടോ, നിന്നെ യഹോവ തൂക്കി​യെ​ടു​ത്തു ചുഴററി എറിഞ്ഞു​ക​ള​യും. അവൻ നിന്നെ ഒരു പന്തു പോലെ വിശാ​ല​മാ​യോ​രു ദേശത്തി​ലേക്കു ഉരുട്ടി​ക്ക​ള​യും; നിന്റെ യജമാ​നന്റെ ഗൃഹത്തി​ന്റെ ലജ്ജയാ​യു​ള്ളോ​വേ, അവിടെ നീ മരിക്കും; നിന്റെ മഹത്വ​മുള്ള രഥങ്ങളും അവി​ടെ​യാ​കും. ഞാൻ നിന്നെ നിന്റെ ഉദ്യോ​ഗ​ത്തിൽനി​ന്നു നീക്കി​ക്ക​ള​യും; നിന്റെ സ്ഥാനത്തു​നി​ന്നു അവൻ നിന്നെ പറിച്ചു​ക​ള​യും.” (യെശയ്യാ​വു 22:17-19) തന്റെ സ്വാർഥത നിമിത്തം ശെബ്‌ന​യ്‌ക്കു യെരൂ​ശ​ലേ​മിൽ ഒരു സാധാരണ ശവക്കല്ലറ പോലും ലഭിക്കു​ക​യില്ല. പകരം, ഒരു പന്തു​പോ​ലെ എറിയ​പ്പെ​ടുന്ന അവൻ ഒരു അന്യ​ദേ​ശ​ത്തു​വെച്ചു മരിക്കും. ഈ വൃത്താ​ന്ത​ത്തിൽ, ദൈവ​ജ​ന​ത്തി​നി​ട​യിൽ അധികാ​ര​മുള്ള സകലർക്കും ഒരു മുന്നറി​യി​പ്പുണ്ട്‌. അധികാര ദുർവി​നി​യോ​ഗം അധികാ​രം നഷ്‌ട​പ്പെ​ടു​ന്ന​തി​ലേ​ക്കോ, അധികാ​ര​സ്ഥാ​ന​ത്തു​ള്ളവൻ ബഹിഷ്‌ക​രി​ക്ക​പ്പെ​ടു​ന്ന​തി​ലേക്കു പോലു​മോ നയി​ച്ചേ​ക്കാം.

18. ശെബ്‌ന​യ്‌ക്കു പകരം ആർ ഗൃഹവി​ചാ​ര​കന്റെ സ്ഥാനത്തു നിയമി​ക്ക​പ്പെ​ടും, ശെബ്‌ന​യു​ടെ ഔദ്യോ​ഗിക അങ്കിക​ളും ദാവീ​ദ്‌ഗൃ​ഹ​ത്തി​ന്റെ താക്കോ​ലും അവനു ലഭിക്കു​ന്ന​തി​ന്റെ അർഥ​മെന്ത്‌?

18 എന്നാൽ, എങ്ങനെ ആയിരി​ക്കും ശെബ്‌ന തന്റെ സ്ഥാനത്തു​നി​ന്നു നീക്കം ചെയ്യ​പ്പെ​ടുക? യെശയ്യാവ്‌ മുഖാ​ന്തരം യഹോവ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “അന്നാളിൽ ഞാൻ ഹില്‌ക്കീ​യാ​വി​ന്റെ മകനായി എന്റെ ദാസനായ എല്യാ​ക്കീ​മി​നെ വിളി​ക്കും. അവനെ ഞാൻ നിന്റെ അങ്കി ധരിപ്പി​ക്കും; നിന്റെ കച്ചകൊ​ണ്ടു അവനെ അര കെട്ടും; നിന്റെ അധികാ​രം ഞാൻ അവന്റെ കയ്യിൽ ഏല്‌പി​ക്കും; അവൻ യെരൂ​ശ​ലേം നിവാ​സി​കൾക്കും യെഹൂ​ദാ​ഗൃ​ഹ​ത്തി​ന്നും ഒരു അപ്പനാ​യി​രി​ക്കും. ഞാൻ ദാവീ​ദ്‌ഗൃ​ഹ​ത്തി​ന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കു​ക​യില്ല; അവൻ അടെച്ചാൽ ആരും തുറക്കു​ക​യു​മില്ല.” (യെശയ്യാ​വു 22:20-22) ശെബ്‌നയെ ഗൃഹവി​ചാ​ര​കന്റെ സ്ഥാനത്തു​നി​ന്നു മാറ്റി​യിട്ട്‌ എല്യാ​ക്കീ​മിന്‌ ഗൃഹവി​ചാ​ര​കന്റെ ഔദ്യോ​ഗിക അങ്കിക​ളും ദാവീ​ദ്‌ഗൃ​ഹ​ത്തി​ന്റെ താക്കോ​ലും നൽകുന്നു. അധികാ​ര​ത്തി​ന്റെ​യോ ഭരണത്തി​ന്റെ​യോ ശക്തിയു​ടെ​യോ പ്രതീ​ക​മാ​യാണ്‌ ബൈബിൾ “താക്കോൽ” എന്ന പദം ഉപയോ​ഗി​ക്കു​ന്നത്‌. (മത്തായി 16:19 താരത​മ്യം ചെയ്യുക.) പുരാതന നാളു​ക​ളിൽ, രാജോ​പ​ദേ​ഷ്‌ടാ​വി​നു താക്കോ​ലു​കൾ ലഭിച്ചി​രു​ന്നു. രാജ​കൊ​ട്ടാ​ര​ത്തി​ലെ മുറി​ക​ളു​ടെ പൊതു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ അയാൾ ആയിരു​ന്നി​രി​ക്കാം. രാജശു​ശ്രൂ​ഷ​യ്‌ക്ക്‌ ആളുകളെ നിയമി​ച്ചി​രു​ന്നതു പോലും സാധ്യ​ത​യ​നു​സ​രിച്ച്‌ അയാളാണ്‌. (വെളി​പ്പാ​ടു 3:7, 8 താരത​മ്യം ചെയ്യുക.) അതിനാൽ ഗൃഹവി​ചാ​ര​കന്റെ സ്ഥാനം വളരെ പ്രധാ​ന​പ്പെട്ട ഒന്നായി​രു​ന്നു. ആ സ്ഥാനം വഹിച്ചി​രു​ന്ന​യാ​ളിൽനിന്ന്‌ വളരെ​യ​ധി​കം പ്രതീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. (ലൂക്കൊസ്‌ 12:48) ശെബ്‌ന കഴിവുള്ള ആൾ ആയിരി​ക്കാം, പക്ഷേ അവൻ അവിശ്വ​സ്‌ത​നാണ്‌. അതു​കൊണ്ട്‌ യഹോവ അവനെ മാറ്റി തത്‌സ്ഥാ​നത്ത്‌ മറ്റൊ​രാ​ളെ നിയമി​ക്കും.

രണ്ടു പ്രതീ​കാ​ത്മക ആണികൾ

19, 20. (എ) എല്യാ​ക്കീം തന്റെ ജനത്തിന്‌ ഒരു അനു​ഗ്ര​ഹ​മാ​ണെന്നു തെളി​യു​ന്നത്‌ എങ്ങനെ? (ബി) ശെബ്‌നയെ തുടർന്നും ആശ്രയി​ക്കു​ന്ന​വർക്ക്‌ എന്തു സംഭവി​ക്കും?

19 ഒടുവിൽ, ശെബ്‌ന​യിൽനിന്ന്‌ എല്യാ​ക്കീ​മി​ലേ​ക്കുള്ള അധികാ​ര​മാ​റ്റത്തെ വർണി​ക്കാൻ യഹോവ പ്രതീ​കാ​ത്മക ഭാഷ ഉപയോ​ഗി​ക്കു​ന്നു. അവൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ഉറപ്പുള്ള സ്ഥലത്തു ഒരു ആണി​പോ​ലെ ഞാൻ അവനെ [എല്യാ​ക്കീ​മി​നെ] തറെക്കും; അവൻ തന്റെ പിതൃ​ഭ​വ​ന​ത്തി​ന്നു മഹത്വ​മു​ള്ളോ​രു സിംഹാ​സനം ആയിരി​ക്കും. അവർ അവന്റെ​മേൽ അവന്റെ പിതൃ​ഭ​വ​ന​ത്തി​ന്റെ സകലമ​ഹ​ത്വ​ത്തെ​യും സന്തതി​യെ​യും പ്രജ​യെ​യും കിണ്ണം​മു​തൽ തുരു​ത്തി​വ​രെ​യുള്ള സകലവിധ ചെറു പാത്ര​ങ്ങ​ളെ​യും തൂക്കി​യി​ടും. അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചി​രുന്ന ആണി ഇളകി​പ്പോ​കും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു; അതു മുറി​ഞ്ഞു​വീ​ഴു​ക​യും അതി​ന്മേ​ലുള്ള ഭാരം തകർന്നു പോക​യും ചെയ്യും; യഹോ​വ​യ​ല്ലോ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നതു.”—യെശയ്യാ​വു 22:23-25.

20 ഈ വാക്യ​ങ്ങ​ളി​ലെ ആദ്യത്തെ ആണി എല്യാ​ക്കീം ആണ്‌. അവൻ തന്റെ പിതാ​വായ ഹില്‌ക്കീ​യാ​വി​ന്റെ ഭവനത്തി​നു “മഹത്വ​മു​ള്ളോ​രു സിംഹാ​സനം” ആയിത്തീ​രും. ശെബ്‌നയെ പോ​ലെയല്ല എല്യാ​ക്കീം. അവൻ തന്റെ പിതാ​വി​ന്റെ ഭവനത്തി​നോ സത്‌പേ​രി​നോ അപമാനം വരുത്തു​ക​യില്ല. എല്യാ​ക്കീം വീട്ടു​പാ​ത്ര​ങ്ങൾക്ക്‌, അതായത്‌ രാജാ​വി​ന്റെ സേവന​ത്തി​ലുള്ള മറ്റുള്ള​വർക്ക്‌ ആയുഷ്‌പ​ര്യ​ന്തം ഒരു പിന്തുണ ആയിരി​ക്കും. (2 തിമൊ​ഥെ​യൊസ്‌ 2:20, 21) നേരെ മറിച്ച്‌, രണ്ടാമത്തെ ആണി ശെബ്‌നയെ പരാമർശി​ക്കു​ന്നു. സുരക്ഷി​ത​നെന്നു തോന്നി​യാ​ലും, അവൻ തന്റെ സ്ഥാനത്തു​നി​ന്നു നീക്ക​പ്പെ​ടും. അവനെ ആശ്രയി​ക്കുന്ന ഏതൊ​രാ​ളും വീഴു​ക​തന്നെ ചെയ്യും.

21. ആധുനിക നാളു​ക​ളിൽ ശെബ്‌ന​യെ​പ്പോ​ലെ ആരെയാ​ണു തത്‌സ്ഥാ​ന​ത്തു​നി​ന്നു നീക്കി​യി​രി​ക്കു​ന്നത്‌, അതു ചെയ്‌തത്‌ ആർ, എന്തു​കൊണ്ട്‌?

21 ദൈവത്തെ ആരാധി​ക്കു​ന്നു എന്ന്‌ പറയു​ന്ന​വ​രു​ടെ ഇടയിൽ, സേവന​പ​ദ​വി​കൾ ഉള്ളവർ മറ്റുള്ള​വരെ സേവി​ക്കാ​നും യഹോ​വ​യ്‌ക്കു സ്‌തുതി കരേറ്റാ​നും ആയിരി​ക്കണം അവ ഉപയോ​ഗി​ക്കേ​ണ്ടത്‌ എന്ന്‌ ശെബ്‌ന​യു​ടെ അനുഭവം നമുക്കു കാട്ടി​ത്ത​രു​ന്നു. ധനസമ്പാ​ദ​ന​ത്തി​നോ വ്യക്തി പ്രാമു​ഖ്യ​ത​യ്‌ക്കോ വേണ്ടി തങ്ങളുടെ സ്ഥാനത്തെ അവർ ദുരു​പ​യോ​ഗം ചെയ്യാൻ പാടില്ല. ഉദാഹ​ര​ണ​ത്തിന്‌, നിയമിത ഗൃഹവി​ചാ​ര​കന്റെ അതായത്‌ യേശു​ക്രി​സ്‌തു​വി​ന്റെ ഭൗമിക പ്രതി​നി​ധി​യു​ടെ സ്ഥാനം അലങ്കരി​ക്കു​ന്നതു തങ്ങളാ​ണെന്ന്‌ ക്രൈ​സ്‌ത​വ​ലോ​കം ദീർഘ​കാ​ല​മാ​യി അവകാ​ശ​പ്പെ​ട്ടി​രു​ന്നു. എന്നാൽ സ്വന്തം മഹത്ത്വം തേടി​ക്കൊണ്ട്‌ ശെബ്‌ന തന്റെ പിതാ​വി​ന്റെ​മേൽ അപമാനം വരുത്തി​വെ​ച്ച​തു​പോ​ലെ, തങ്ങൾക്കാ​യി സമ്പത്തും അധികാ​ര​വും സ്വരു​ക്കൂ​ട്ടി​ക്കൊണ്ട്‌ ക്രൈ​സ്‌ത​വ​ലോക നേതാ​ക്ക​ന്മാർ സ്രഷ്‌ടാ​വി​നെ അപമാ​നി​ച്ചി​രി​ക്കു​ന്നു. അതിനാൽ, ന്യായ​വി​ധി “ദൈവ​ഗൃ​ഹ​ത്തിൽ ആരംഭി”ക്കാനുള്ള സമയം 1918-ൽ വന്നപ്പോൾ യഹോവ ക്രൈ​സ്‌ത​വ​ലോ​കത്തെ ഗൃഹവി​ചാ​രക സ്ഥാനത്തു​നി​ന്നു മാറ്റി. തുടർന്ന്‌ അവൻ മറ്റൊരു ഗൃഹവി​ചാ​ര​കനെ കണ്ടെത്തി യേശു​വി​ന്റെ ഭൗമിക ഗൃഹത്തി​ന്റെ ചുമതല ഏൽപ്പിച്ചു. “വിശ്വ​സ്‌ത​നും ബുദ്ധി​മാ​നു​മായ ഗൃഹവി​ചാ​രകൻ” എന്നു ബൈബിൾ അവനെ വിളി​ക്കു​ന്നു. (1 പത്രൊസ്‌ 4:17; ലൂക്കൊസ്‌ 12:42-44) ഈ സംയുക്ത വർഗം ദാവീ​ദി​ന്റെ ഭവനത്തി​ലെ രാജകീയ “താക്കോൽ” വഹിക്കു​ന്ന​തി​നു തങ്ങൾ യോഗ്യ​രാ​ണെന്നു പ്രകട​മാ​ക്കി. ആശ്രയ​യോ​ഗ്യ​മായ ഒരു “ആണി” പോലെ, അത്‌ വ്യത്യ​സ്‌ത​ങ്ങ​ളായ എല്ലാ ‘പാത്രങ്ങൾ’ക്കും, അതായത്‌ ആത്മീയ പോഷ​ണ​ത്തി​നാ​യി അതി​ലേക്കു നോക്കുന്ന വ്യത്യസ്‌ത ചുമത​ലകൾ വഹിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾക്കെ​ല്ലാം ഉറപ്പുള്ള ഒരു പിന്തു​ണ​യാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. പുരാതന യെരൂ​ശ​ലേം ‘പടിവാ​തി​ലു​കൾക്കു​ള്ളി​ലെ പരദേശി’യെ പോലുള്ള “വേറെ ആടുക”ളും ആധുനി​ക​കാല എല്യാ​ക്കീം ആയ ഈ “ആണി”യെ ആശ്രയി​ക്കു​ന്നു.—യോഹ​ന്നാൻ 10:16; ആവർത്ത​ന​പു​സ്‌തകം 5:14, NW.

22. (എ) ശെബ്‌നയെ ഗൃഹവി​ചാ​രക സ്ഥാനത്തു​നി​ന്നു മാറ്റി​യത്‌ സമയോ​ചി​ത​മായ ഒരു നടപടി ആയിരു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ആധുനിക നാളിൽ, “വിശ്വ​സ്‌ത​നും ബുദ്ധി​മാ​നു​മായ ഗൃഹവി​ചാ​രകൻ” നിയമി​ക്ക​പ്പെ​ട്ട​തും തക്കസമ​യത്ത്‌ ആയിരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

22 ശെബ്‌നയെ മാറ്റി തത്‌സ്ഥാ​നത്ത്‌ എല്യാ​ക്കീ​മി​നെ നിയമി​ച്ചത്‌ സൻഹേ​രീ​ബും അവന്റെ സൈന്യ​ങ്ങ​ളും യെരൂ​ശ​ലേ​മി​നെ​തി​രെ ഭീഷണി ഉയർത്തി​യ​പ്പോ​ഴാണ്‌. സമാന​മാ​യി, “വിശ്വ​സ്‌ത​നും ബുദ്ധി​മാ​നു​മായ ഗൃഹവി​ചാ​രകൻ” സേവന​ത്തി​നാ​യി നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഈ വ്യവസ്ഥി​തി​യു​ടെ അന്ത്യകാ​ല​ത്താണ്‌. ഈ അന്ത്യകാ​ലം സമാപ്‌തി​യി​ലേക്കു വരുന്നത്‌ ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേലി’നെയും വേറെ ആടുക​ളാ​കുന്ന അവരുടെ സഹകാ​രി​ക​ളെ​യും അന്തിമ​മാ​യി ആക്രമി​ക്കാൻ സാത്താ​നും അവന്റെ കൂട്ടാ​ളി​ക​ളും ശ്രമി​ക്കു​മ്പോ​ഴാ​യി​രി​ക്കും. (ഗലാത്യർ 6:16) ഹിസ്‌കീ​യാ​വി​ന്റെ നാളി​ലേ​തു​പോ​ലെ, നീതി​യു​ടെ ശത്രുക്കൾ നശിക്കു​ന്ന​തോ​ടെ ആ ആക്രമണം അവസാ​നി​ക്കും. യെരൂ​ശ​ലേ​മി​ലെ വിശ്വസ്‌ത നിവാ​സി​കൾ യഹൂദ​യു​ടെ മേലുള്ള അസീറി​യൻ ആക്രമ​ണത്തെ അതിജീ​വി​ച്ച​തു​പോ​ലെ, ‘ഉറപ്പുള്ള സ്ഥലത്തെ ആണി’യെ, വിശ്വ​സ്‌ത​നായ ഗൃഹവി​ചാ​ര​കനെ, ആശ്രയി​ക്കു​ന്നവർ അതിജീ​വി​ക്കും. നേരെ​മ​റിച്ച്‌, യഥാർഥ യോഗ്യ​ത​ക​ളി​ല്ലാത്ത ക്രൈ​സ്‌ത​വ​ലോ​ക​മാ​കുന്ന “ആണി”യെ ആശ്രയി​ക്കു​ന്നത്‌ എത്രയോ മൗഢ്യ​മാ​യി​രി​ക്കും!

23. ശെബ്‌ന​യ്‌ക്ക്‌ ഒടുവിൽ എന്തു സംഭവി​ക്കു​ന്നു, ഇതിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

23 പിന്നീട്‌ ശെബ്‌ന​യ്‌ക്ക്‌ എന്താണു സംഭവി​ക്കു​ന്നത്‌? അവനെ കുറിച്ച്‌ യെശയ്യാ​വു 22:18-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രവചനം എങ്ങനെ നിവൃ​ത്തി​യേറി എന്നതു സംബന്ധിച്ച്‌ നമുക്കു യാതൊ​രു രേഖയു​മില്ല. തന്നെത്തന്നെ ഉയർത്തു​ക​യും പിന്നീടു താഴ്‌ത്ത​പ്പെ​ടു​ക​യും ചെയ്യു​മ്പോൾ അവൻ ക്രൈ​സ്‌ത​വ​ലോ​കത്തെ പോ​ലെ​യാണ്‌. എന്നാൽ തനിക്കു ലഭിച്ച ശിക്ഷണ​ത്തിൽനിന്ന്‌ അവൻ ഒരു പാഠം പഠിച്ചി​രി​ക്കാം. ഇക്കാര്യ​ത്തിൽ അവൻ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽനി​ന്നു വളരെ വ്യത്യ​സ്‌ത​നാണ്‌. യെരൂ​ശ​ലേം കീഴട​ങ്ങ​ണ​മെന്ന്‌ അസീറി​യ​ക്കാ​ര​നായ രബ്‌-ശാക്കേ ആവശ്യ​പ്പെ​ടു​മ്പോൾ, ഹിസ്‌കീ​യാ​വി​ന്റെ പുതിയ ഗൃഹവി​ചാ​ര​ക​നായ എല്യാ​ക്കീം ഒരു പ്രതി​നി​ധി സംഘത്തെ നയിച്ചു​കൊണ്ട്‌ അവന്റെ അടുക്കൽ ചെല്ലുന്നു. രാജാ​വി​ന്റെ രായസ​ക്കാ​രൻ (സെക്ര​ട്ടറി) എന്ന നിലയിൽ ശെബ്‌ന​യും എല്യാ​ക്കീ​മി​നോ​ടൊ​പ്പ​മുണ്ട്‌. തെളി​വ​നു​സ​രിച്ച്‌, ശെബ്‌ന ഇപ്പോ​ഴും രാജ​സേ​വ​ന​ത്തി​ലാണ്‌. (യെശയ്യാ​വു 36:2, 22) ദൈവ​ത്തി​ന്റെ സംഘട​ന​യിൽ സേവന​പ​ദ​വി​കൾ നഷ്‌ട​പ്പെ​ടു​ന്ന​വർക്ക്‌ എത്ര നല്ലൊരു പാഠം! നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നു പകരം, ലഭിക്കുന്ന ഏതു പദവി​യി​ലും യഹോ​വയെ സേവി​ക്കു​ന്ന​തിൽ തുടരു​ന്നത്‌ ജ്ഞാനമാണ്‌. (എബ്രായർ 12:6) അങ്ങനെ ചെയ്‌താൽ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്മേൽ വരാൻ പോകുന്ന ദുരന്തം അവർക്ക്‌ ഒഴിവാ​ക്കാ​നാ​കും. മാത്രമല്ല, സകല നിത്യ​ത​യി​ലും ദൈവ​ത്തി​ന്റെ കൃപയും അനു​ഗ്ര​ഹ​വും അവർക്ക്‌ ഉണ്ടായി​രി​ക്കു​ക​യും ചെയ്യും.

[അടിക്കു​റി​പ്പു​കൾ]

a പൊ.യു. 66-ൽ, യെരൂ​ശ​ലേ​മി​നെ ഉപരോ​ധിച്ച റോമൻ സൈന്യ​ങ്ങൾ പിൻവാ​ങ്ങി​യ​പ്പോൾ പല യഹൂദ​ന്മാ​രും സന്തോ​ഷി​ച്ചു.

b ഒന്നാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, പൊ.യു. 70-ൽ യെരൂ​ശ​ലേ​മി​ലെ ആളുകൾ പുല്ലും വൈ​ക്കോ​ലും തോലും തിന്നുന്ന അവസ്ഥ സംജാ​ത​മാ​കു​മാറ്‌ അത്രയ്‌ക്കു രൂക്ഷമാ​യി​രു​ന്നു അവിടത്തെ ക്ഷാമം. ഒരു സ്‌ത്രീ തന്റെ കുഞ്ഞിനെ വറുത്തു​തി​ന്ന​താ​യും റിപ്പോർട്ടുണ്ട്‌.

c “യെഹൂ​ദ​യു​ടെ മൂടു​പടം” എന്നത്‌ ഒരുപക്ഷേ നഗരത്തി​ന്റെ സംരക്ഷ​ണാർഥം ആയുധങ്ങൾ സൂക്ഷി​ച്ചി​രി​ക്കു​ന്ന​തും പട്ടാള​ക്കാർ താമസി​ക്കു​ന്ന​തു​മായ കോട്ടകൾ പോലുള്ള മറ്റെ​ന്തെ​ങ്കി​ലു​മാ​കാം.

[അധ്യയന ചോദ്യ​ങ്ങൾ]

[231-ാം പേജിലെ ചിത്രം]

സിദെക്കീയാവ്‌ പലായനം ചെയ്യവെ, ശത്രുക്കൾ അവനെ പിടിച്ച്‌ കണ്ണുകൾ കുത്തി​പ്പൊ​ട്ടി​ച്ചു

[232, 233 പേജു​ക​ളി​ലെ ചിത്രം]

യെരൂശലേമിൽ കുടു​ങ്ങി​പ്പോയ യഹൂദ​ന്മാ​രു​ടെ ഭാവി ഇരുള​ട​ഞ്ഞ​താണ്‌

[239-ാം പേജിലെ ചിത്രം]

എല്യാക്കീമിനെ ഹിസ്‌കീ​യാവ്‌ ‘ഉറപ്പുള്ള സ്ഥലത്തെ ഒരു ആണി’ ആക്കുന്നു

[241-ാം പേജിലെ ചിത്രം]

ശെബ്‌നയെ പോലെ, പല ക്രൈ​സ്‌ത​വ​ലോക നേതാ​ക്ക​ന്മാ​രും സ്വത്തുക്കൾ സ്വരു​ക്കൂ​ട്ടി​ക്കൊണ്ട്‌ സ്രഷ്‌ടാ​വിന്‌ അപമാനം വരുത്തി​വെ​ച്ചി​രി​ക്കു​ന്നു

[242-ാം പേജിലെ ചിത്രങ്ങൾ]

ആധുനിക നാളിൽ, യേശു​വി​ന്റെ ഗൃഹത്തി​ന്റെ ചുമതല ഒരു വിശ്വസ്‌ത ഗൃഹവി​ചാ​രക വർഗത്തി​നു ലഭിച്ചി​രി​ക്കു​ന്നു