വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അസീറിയയെ ഭയപ്പെടരുത്‌

അസീറിയയെ ഭയപ്പെടരുത്‌

അധ്യായം പന്ത്രണ്ട്‌

അസീറി​യയെ ഭയപ്പെ​ട​രുത്‌

യെശയ്യാവു 10:5-34

1, 2. (എ) മാനു​ഷിക കാഴ്‌ച​പ്പാ​ടിൽ നോക്കി​യാൽ, അസീറി​യ​ക്കാ​രോ​ടു പ്രസം​ഗി​ക്കാ​നുള്ള നിയമനം നിരസി​ക്കാൻ യോനാ​യ്‌ക്കു നല്ല കാരണം ഉണ്ടായി​രു​ന്ന​താ​യി നമുക്കു തോന്നി​യേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യോനാ​യു​ടെ സന്ദേശ​ത്തോട്‌ നീനെ​വേ​ക്കാർ എങ്ങനെ​യാ​ണു പ്രതി​ക​രി​ച്ചത്‌?

 പൊ.യു.മു. ഒമ്പതാം നൂറ്റാ​ണ്ടി​ന്റെ മധ്യം. അമിത്ഥാ​യി​യു​ടെ മകനും എബ്രായ പ്രവാ​ച​ക​നു​മായ യോനാ ധൈര്യം സംഭരിച്ച്‌ അസീറി​യൻ സാമ്രാ​ജ്യ​ത്തി​ന്റെ തലസ്ഥാ​ന​മായ നീനെ​വേ​യി​ലേക്കു പുറ​പ്പെട്ടു. അവന്‌ അവിടത്തെ ജനങ്ങളെ വളരെ ഗൗരവ​മായ ഒരു സന്ദേശം അറിയി​ക്കാ​നു​ണ്ടാ​യി​രു​ന്നു. യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “നീ പുറ​പ്പെട്ടു മഹാന​ഗ​ര​മായ നീനെ​വേ​യി​ലേക്കു ചെന്നു അതിന്നു വിരോ​ധ​മാ​യി പ്രസം​ഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധി​യിൽ എത്തിയി​രി​ക്കു​ന്നു.”—യോനാ 1:2, 3.

2 ആദ്യം യോനാ​യ്‌ക്ക്‌ ഈ നിയമനം ലഭിച്ച​പ്പോൾ അവൻ അതു സ്വീക​രി​ക്കാ​തെ തർശീ​ശി​ലേക്ക്‌ ഓടി​പ്പോ​കു​ക​യാ​ണു ചെയ്‌തത്‌. മാനു​ഷിക കാഴ്‌ച​പ്പാ​ടിൽ നോക്കി​യാൽ അങ്ങനെ ചെയ്യു​ന്ന​തിന്‌ അവനു കാരണം ഉണ്ടായി​രു​ന്നു​താ​നും. അസീറി​യ​ക്കാർ ക്രൂര​ന്മാർ ആയിരു​ന്നു. ഒരു അസീറി​യൻ സാമ്രാട്ട്‌ തന്റെ ശത്രു​ക്ക​ളോട്‌ ഇടപെട്ട വിധത്തെ കുറിച്ചു പറയു​ന്നതു ശ്രദ്ധി​ക്കുക: “ഞാൻ ഉദ്യോ​ഗ​സ്ഥ​രു​ടെ അവയവങ്ങൾ ഛേദി​ച്ചു​ക​ളഞ്ഞു . . . ബന്ദിക​ളാ​യി പിടിച്ച പലരെ​യും ഞാൻ ചുട്ടു​കൊ​ന്നു, ചിലരു​ടെ കൈക​ളും വിരലു​ക​ളും മുറി​ച്ചു​ക​ളഞ്ഞു, മറ്റു ചിലരു​ടെ മൂക്ക്‌ ഞാൻ ചെത്തി​ക്ക​ളഞ്ഞു.” എന്നിരു​ന്നാ​ലും, യോനാ ഒടുവിൽ യഹോ​വ​യു​ടെ സന്ദേശം നീനെ​വേ​ക്കാ​രെ അറിയി​ച്ച​പ്പോൾ തങ്ങളുടെ പാപങ്ങൾ സംബന്ധിച്ച്‌ അവർ അനുത​പി​ച്ചു. അക്കാര​ണ​ത്താൽ യഹോവ അവരുടെ നഗരത്തെ അന്നു നശിപ്പി​ച്ചില്ല.—യോനാ 3:3-10; മത്തായി 12:41.

യഹോവ ‘കോലെ’ടുക്കുന്നു

3. യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാർ നൽകുന്ന മുന്നറി​യി​പ്പു​ക​ളോട്‌ ഇസ്രാ​യേ​ല്യർ പ്രതി​ക​രി​ക്കുന്ന വിധം നീനെ​വേ​ക്കാ​രു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

3 എന്നാൽ, യോനാ​യു​ടെ പ്രസംഗം കേട്ട ഇസ്രാ​യേ​ല്യർ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നു​ണ്ടോ? (2 രാജാ​ക്ക​ന്മാർ 14:25) ഇല്ല. അവർ നിർമ​ലാ​രാ​ധ​ന​യ്‌ക്കു പുറം​തി​രി​ഞ്ഞു​ക​ള​യു​ക​യാ​ണു ചെയ്യു​ന്നത്‌. അവർ ‘ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തെ​യും നമസ്‌ക​രി​ക്കു​ക​യും ബാലിനെ സേവി​ക്കു​ക​യും’ ചെയ്യുന്നു. മാത്ര​മോ, “അവർ തങ്ങളുടെ പുത്ര​ന്മാ​രെ​യും പുത്രി​മാ​രെ​യും അഗ്നി​പ്ര​വേശം ചെയ്യിച്ചു പ്രശ്‌ന​വും ആഭിചാ​ര​വും പ്രയോ​ഗി​ച്ചു യഹോ​വയെ കോപി​പ്പി​ക്കേ​ണ്ട​തി​ന്നു അവന്നു അനിഷ്ട​മാ​യു​ള്ളതു ചെയ്‌വാൻ തങ്ങളെ​ത്തന്നേ വിററു​ക​ളഞ്ഞു.” (2 രാജാ​ക്ക​ന്മാർ 17:16, 17) മുന്നറി​യി​പ്പു നൽകാൻ യഹോവ പ്രവാ​ച​ക​ന്മാ​രെ അയയ്‌ക്കു​മ്പോൾ, നീനെ​വേ​ക്കാ​രെ പോലെ ഇസ്രാ​യേ​ല്യർ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്നില്ല. അതു​കൊണ്ട്‌ അവർക്കെ​തി​രെ ശക്തമായ നടപടി​കൾ സ്വീക​രി​ക്കു​ന്ന​തിന്‌ യഹോവ ദൃഢനി​ശ്ചയം ചെയ്യുന്നു.

4, 5. (എ) യഹോവ അസീറി​യയെ ഒരു ‘കോലാ​യി’ എങ്ങനെ ഉപയോ​ഗി​ക്കും? (ബി) ശമര്യ വീഴു​ന്നത്‌ എപ്പോൾ?

4 യോനാ നീനെവേ സന്ദർശി​ച്ച​തി​നു​ശേഷം കുറെ കാല​ത്തേക്ക്‌ അസീറി​യ​ക്കാ​രു​ടെ ശത്രു​ത​യ്‌ക്ക്‌ ഒരു അയവു വന്നിട്ടുണ്ട്‌. a എന്നിരു​ന്നാ​ലും, പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ അസീറിയ വീണ്ടും ഒരു സൈനിക ശക്തിയാ​യി ഉയർന്നു​വ​രി​ക​യും യഹോവ അതിനെ അതിശ​യ​ക​ര​മായ വിധത്തിൽ ഉപയോ​ഗി​ക്കു​ക​യും ചെയ്യുന്നു. യെശയ്യാ പ്രവാ​ചകൻ യഹോ​വ​യിൽനി​ന്നുള്ള ഒരു മുന്നറി​യിപ്പ്‌ വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​നെ അറിയി​ക്കു​ന്നു: “എന്റെ കോപ​ത്തി​ന്റെ കോലായ അശ്ശൂരി​ന്നു [അസീറി​യ​യ്‌ക്ക്‌] അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു. ഞാൻ അവനെ അശുദ്ധ​മാ​യോ​രു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോ​ധ​മാ​യി ഞാൻ അവന്നു കല്‌പ​ന​കൊ​ടു​ക്കും; അവരെ കൊള്ള​യി​ടു​വാ​നും കവർച്ച ചെയ്‌വാ​നും തെരു​വീ​ഥി​യി​ലെ ചെളി​യെ​പ്പോ​ലെ ചവിട്ടി​ക്ക​ള​വാ​നും തന്നേ.”—യെശയ്യാ​വു 10:5, 6.

5 ഇസ്രായേല്യർക്ക്‌ എന്തൊരു നാണ​ക്കേട്‌! ദൈവം അവരെ ശിക്ഷി​ക്കാൻ ഒരു ‘കോലാ​യി’ ഒരു പുറജാ​തി​യെ—‘അസീറി​യയെ’—ഉപയോ​ഗി​ക്കു​ന്നു. പൊ.യു.മു. 742-ൽ അസീറി​യൻ രാജാ​വായ ശൽമ​നേ​സെർ അഞ്ചാമൻ വിശ്വാ​സ​ത്യാ​ഗം ഭവിച്ച ഇസ്രാ​യേൽ രാഷ്‌ട്ര​ത്തി​ന്റെ തലസ്ഥാ​ന​മായ ശമര്യ​യു​ടെ​മേൽ ഉപരോ​ധം ഏർപ്പെ​ടു​ത്തു​ന്നു. 300 അടി ഉയരമുള്ള ഒരു കുന്നിൻമു​ക​ളിൽ സ്ഥിതി ചെയ്യുന്ന ശമര്യ നഗരത്തി​ലെ നിവാ​സി​കൾക്കു മൂന്നു വർഷ​ത്തോ​ളം ശത്രു​ക്കളെ ചെറു​ത്തു​നിൽക്കാൻ കഴിയു​ന്നു. എന്നാൽ മനുഷ്യ​രു​ടെ തന്ത്രങ്ങൾക്കൊ​ന്നും ദൈ​വോ​ദ്ദേ​ശ്യ​ത്തെ തടയാ​നാ​വില്ല. പൊ.യു.മു. 740-ൽ ശമര്യ വീഴു​ക​യും അസീറിയ അതിനെ ചവിട്ടി​മെ​തി​ക്കു​ക​യും ചെയ്യുന്നു.—2 രാജാ​ക്ക​ന്മാർ 18:10.

6. അസീറി​യയെ സംബന്ധിച്ച യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിന്‌ അപ്പുറം പോകാൻ അതു തുനി​യു​ന്നത്‌ ഏതു വിധത്തിൽ?

6 തന്റെ ജനത്തെ ഒരു പാഠം പഠിപ്പി​ക്കാൻ യഹോ​വ​യാണ്‌ അസീറി​യൻ ജനതയെ ഉപയോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും, അവർ അവനെ അംഗീ​ക​രി​ക്കു​ന്നില്ല. അതു​കൊ​ണ്ടാണ്‌ യഹോവ ഇങ്ങനെ പറയു​ന്നത്‌: “[അസീറി​യ​യോ] അങ്ങനെയല്ല നിരൂ​പി​ക്കു​ന്നതു; തന്റെ ഹൃദയ​ത്തിൽ അങ്ങനെയല്ല വിചാ​രി​ക്കു​ന്നതു; നശിപ്പി​പ്പാ​നും അനേകം ജാതി​കളെ ഛേദി​ച്ചു​ക​ള​വാ​നു​മ​ത്രേ അവന്റെ താല്‌പ​ര്യം.” (യെശയ്യാ​വു 10:7) തന്റെ കയ്യിലെ ഒരു ഉപകര​ണ​മാ​യി മാത്ര​മാണ്‌ യഹോവ അസീറി​യയെ ഉപയോ​ഗി​ക്കു​ന്നത്‌. എന്നാൽ തങ്ങൾ അതി​നെ​ക്കാൾ കവിഞ്ഞ എന്തോ ആണെന്ന്‌ അസീറിയ കരുതു​ന്നു. ഗംഭീ​ര​മായ ഒരു കാര്യം സാധി​ക്കാൻ, മുഴു ലോക​ത്തെ​യും ജയിച്ച​ട​ക്കാൻ, അഹങ്കാരം അതിനെ പ്രേരി​പ്പി​ക്കു​ന്നു!

7. (എ) “എന്റെ പ്രഭു​ക്ക​ന്മാർ ഒക്കെയും രാജാ​ക്ക​ന്മാ​ര​ല്ല​യോ?” എന്ന്‌ അസീറി​യൻ രാജാവ്‌ വമ്പു പറയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഇക്കാലത്ത്‌ യഹോ​വയെ ഉപേക്ഷി​ക്കു​ന്നവർ എന്തു മനസ്സിൽ പിടി​ക്കേ​ണ്ട​താണ്‌?

7 അസീറിയ കീഴട​ക്കിയ ഇസ്രാ​യേ​ല്യേ​തര നഗരങ്ങ​ളിൽ പലതി​ലും രാജവാ​ഴ്‌ച​യാണ്‌ നിലവി​ലി​രു​ന്നത്‌. അവിട​ങ്ങ​ളി​ലെ മുൻ രാജാ​ക്ക​ന്മാർക്ക്‌ ഇപ്പോൾ സാമന്ത പ്രഭു​ക്ക​ന്മാർ എന്ന നിലയിൽ അസീറി​യൻ രാജാ​വി​നു കീഴ്‌പെ​ടേണ്ടി വരുന്നു. അതു​കൊ​ണ്ടാണ്‌ അസീറി​യൻ രാജാ​വി​നു വാസ്‌ത​വ​മാ​യും ഇങ്ങനെ വമ്പു പറയാൻ കഴിയു​ന്നത്‌: “എന്റെ പ്രഭു​ക്ക​ന്മാർ ഒക്കെയും രാജാ​ക്ക​ന്മാ​ര​ല്ല​യോ?” (യെശയ്യാ​വു 10:8) ജനതക​ളു​ടെ പ്രധാന നഗരങ്ങ​ളി​ലെ വ്യാജ ദൈവ​ങ്ങൾക്കു തങ്ങളുടെ ആരാധ​കരെ നാശത്തിൽനി​ന്നു രക്ഷിക്കാ​നാ​യില്ല. ശമര്യ​ക്കാർ ആരാധി​ക്കുന്ന ബാൽ, മോ​ലേക്ക്‌, സ്വർണ കാളക്കു​ട്ടി​കൾ എന്നിങ്ങ​നെ​യുള്ള ദൈവ​ങ്ങ​ളും ആ നഗരത്തെ സംരക്ഷി​ക്കു​ക​യില്ല. യഹോ​വയെ ഉപേക്ഷിച്ച സ്ഥിതിക്ക്‌ അവൻ തങ്ങളെ രക്ഷിക്കു​മെന്ന്‌ പ്രതീ​ക്ഷി​ക്കാ​നും ശമര്യ​ക്കാ​വില്ല. ഇക്കാലത്ത്‌ യഹോ​വയെ ഉപേക്ഷി​ക്കുന്ന ഏതൊ​രാ​ളും ശമര്യ​യു​ടെ ദുർഗതി മനസ്സിൽ പിടി​ക്കട്ടെ! തങ്ങൾ ജയിച്ച​ട​ക്കിയ ശമര്യ​യെ​യും മറ്റു നഗരങ്ങ​ളെ​യും കുറിച്ച്‌ അസീറി​യ​യ്‌ക്ക്‌ ഇങ്ങനെ അഹങ്കരി​ക്കാൻ കഴിയും: “കല്‌നോ കർക്കെ​മീ​ശി​നെ​പ്പോ​ലെ​യ​ല്ല​യോ? ഹമാത്ത്‌ അർപ്പാ​ദി​നെ​പ്പോ​ലെ​യ​ല്ല​യോ? ശമര്യ ദമ്മേ​ശെ​ക്കി​നെ​പ്പോ​ലെ​യ​ല്ല​യോ?” (യെശയ്യാ​വു 10:9) അസീറി​യയെ സംബന്ധി​ച്ചി​ട​ത്തോ​ളം അവയെ​ല്ലാം ഒരു​പോ​ലെ​യാണ്‌—കേവലം കൊള്ള​മു​തൽ.

8, 9. യെരൂ​ശ​ലേ​മി​നെ കീഴട​ക്കാൻ പദ്ധതി​യി​ടു​മ്പോൾ അസീറിയ വല്ലാതെ അഹങ്കരി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

8 എന്നിരുന്നാലും, അസീറിയ വല്ലാതെ അഹങ്കരി​ക്കു​ന്നു. അവൻ ഇങ്ങനെ പറയുന്നു: “യെരൂ​ശ​ലേ​മി​ലും ശമര്യ​യി​ലും ഉള്ളവ​യെ​ക്കാൾ വിശേ​ഷ​മായ ബിംബങ്ങൾ ഉണ്ടായി​രുന്ന മിത്ഥ്യാ​മൂർത്തി​ക​ളു​ടെ രാജ്യ​ങ്ങളെ എന്റെ കൈ എത്തിപ്പി​ടി​ച്ചി​രി​ക്കെ, ഞാൻ ശമര്യ​യോ​ടും അതിലെ മിത്ഥ്യാ​മൂർത്തി​ക​ളോ​ടും ചെയ്‌ത​തു​പോ​ലെ ഞാൻ യെരൂ​ശ​ലേ​മി​നോ​ടും അതിലെ വിഗ്ര​ഹ​ങ്ങ​ളോ​ടും ചെയ്‌ക​യി​ല്ല​യോ?” (യെശയ്യാ​വു 10:10, 11) യെരൂ​ശ​ലേ​മി​ലോ ശമര്യ​യിൽ പോലു​മോ ഉണ്ടായി​രു​ന്ന​തി​ല​ധി​കം വിഗ്ര​ഹങ്ങൾ അസീറിയ ജയിച്ച​ട​ക്കിയ മറ്റു രാജ്യ​ങ്ങ​ളിൽ ഉണ്ടായി​രു​ന്നു. ‘ആ സ്ഥിതിക്ക്‌, ഞാൻ ശമര്യ​യോ​ടു ചെയ്‌ത​തു​പോ​ലെ യെരൂ​ശ​ലേ​മി​നോ​ടു ചെയ്യു​ന്ന​തിൽനിന്ന്‌ എന്നെ തടയു​ന്നത്‌ എന്താണ്‌?’ എന്ന്‌ അവൻ അഹങ്കരി​ക്കു​ന്നു.

9 യെരൂശലേമിനെ കീഴട​ക്കാൻ വമ്പു പറയുന്ന അസീറി​യയെ യഹോവ അനുവ​ദി​ക്കു​ക​യില്ല. സത്യാ​രാ​ധന ഉന്നമി​പ്പി​ക്കു​ന്ന​തിൽ കളങ്കര​ഹി​ത​മായ ഒരു ചരി​ത്രമല്ല യഹൂദ​യ്‌ക്ക്‌ ഉള്ളത്‌. (2 രാജാ​ക്ക​ന്മാർ 16:7-9; 2 ദിനവൃ​ത്താ​ന്തം 28:24) അവിശ്വ​സ്‌തത നിമിത്തം അസീറി​യ​യു​ടെ ആക്രമ​ണ​സ​മ​യത്ത്‌ യഹൂദ കഷ്‌ടം അനുഭ​വി​ക്കു​മെന്ന്‌ യഹോവ മുന്നറി​യി​പ്പു നൽകി​യി​ട്ടു​മുണ്ട്‌. എന്നാൽ യെരൂ​ശ​ലേ​മി​നെ ശത്രുക്കൾ പിടി​ച്ച​ട​ക്കു​ക​യില്ല. (യെശയ്യാ​വു 1:7, 8) അസീറിയ ആക്രമി​ക്കുന്ന സമയത്ത്‌ യെരൂ​ശ​ലേ​മിൽ ഭരണം നടത്തു​ന്നത്‌ ഹിസ്‌കീ​യാവ്‌ ആണ്‌. തന്റെ പിതാ​വായ ആഹാസി​നെ പോ​ലെയല്ല അവൻ. തന്റെ ഭരണത്തി​ന്റെ ആദ്യ മാസത്തിൽത്തന്നെ ഹിസ്‌കീ​യാവ്‌ ആലയ വാതി​ലു​കൾ വീണ്ടും തുറക്കു​ക​യും നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്യുന്നു!—2 ദിനവൃ​ത്താ​ന്തം 29:3-5.

10. അസീറി​യയെ കുറിച്ച്‌ യഹോവ എന്തു തറപ്പിച്ചു പറയുന്നു?

10 യെരൂശലേമിന്റെ മേൽ അസീറിയ നടത്താൻ ഉദ്ദേശി​ക്കുന്ന ആക്രമ​ണ​ത്തി​നു യഹോ​വ​യു​ടെ അംഗീ​കാ​ര​മില്ല. അഹങ്കാ​രി​യായ ആ ലോക​ശ​ക്തി​യോ​ടു കണക്കു ചോദി​ക്കു​മെന്ന്‌ യഹോവ തറപ്പിച്ചു പറയുന്നു: “കർത്താവു സീയോൻപർവ്വ​ത​ത്തി​ലും യെരൂ​ശ​ലേ​മി​ലും തന്റെ പ്രവൃ​ത്തി​യൊ​ക്കെ​യും തീർത്ത​ശേഷം, ഞാൻ അശ്ശൂർരാ​ജാ​വി​ന്റെ അഹങ്കാ​ര​ത്തി​ന്റെ ഫലത്തെ​യും അവന്റെ ഉന്നതഭാ​വ​ത്തി​ന്റെ മഹിമ​യെ​യും സന്ദർശി​ക്കും.”—യെശയ്യാ​വു 10:12.

യഹൂദ​യി​ലേ​ക്കും യെരൂ​ശ​ലേ​മി​ലേ​ക്കും മുന്നേ​റു​ന്നു!

11. യെരൂ​ശ​ലേ​മി​നെ അനായാ​സം ജയിച്ച​ട​ക്കാ​നാ​കു​മെന്ന്‌ അസീറിയ ചിന്തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

11 പൊ.യു.മു. 740-ൽ വടക്കേ രാജ്യ​ത്തിന്‌ പതനം സംഭവിച്ച്‌ എട്ടു വർഷം കഴിഞ്ഞ്‌ പുതിയ അസീറി​യൻ ഭരണാ​ധി​കാ​രി​യായ സൻഹേ​രീബ്‌ യെരൂ​ശ​ലേ​മി​നെ ആക്രമി​ക്കാൻ സൈന്യ​വു​മാ​യി എത്തി. സൻഹേ​രീ​ബി​ന്റെ ഗർവി​ഷ്‌ഠ​മായ ആസൂ​ത്ര​ണത്തെ കുറിച്ച്‌ യെശയ്യാവ്‌ കാവ്യ​രൂ​പ​ത്തിൽ ഇങ്ങനെ പറയുന്നു: “എന്റെ കയ്യുടെ ശക്തി​കൊ​ണ്ടും ജ്ഞാനം​കൊ​ണ്ടും ഞാൻ ഇതു ചെയ്‌തു; ഞാൻ ബുദ്ധി​മാൻ; ഞാൻ ജാതി​ക​ളു​ടെ അതിരു​കളെ മാററു​ക​യും അവരുടെ ഭണ്ഡാര​ങ്ങളെ കവർന്നു​ക​ള​ക​യും പരാ​ക്ര​മി​യെ​പ്പോ​ലെ സിംഹാ​സ​ന​സ്ഥ​ന്മാ​രെ താഴ്‌ത്തു​ക​യും ചെയ്‌തി​രി​ക്കു​ന്നു. എന്റെ കൈ ജാതി​ക​ളു​ടെ ധനത്തെ ഒരു പക്ഷിക്കൂ​ടി​നെ​പ്പോ​ലെ എത്തിപ്പി​ടി​ച്ചു; ഉപേക്ഷി​ച്ചു​കളഞ്ഞ മുട്ടകളെ ശേഖരി​ക്കു​ന്ന​തു​പോ​ലെ, ഞാൻ സർവ്വഭൂ​മി​യെ​യും കൂട്ടി​ച്ചേർത്തു; ചിറകു അനക്കു​ക​യോ ചുണ്ടു തുറക്കു​ക​യോ ചിലെ​ക്കു​ക​യോ ചെയ്‌വാൻ ഒന്നും ഉണ്ടായി​രു​ന്നില്ല എന്നു അവൻ പറയു​ന്നു​വ​ല്ലോ.” (യെശയ്യാ​വു 10:13, 14) സൻഹേ​രീബ്‌ ചിന്തി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌, ‘മറ്റു നഗരങ്ങൾ വീണി​രി​ക്കു​ന്നു. ശമര്യ​യും ഞങ്ങളുടെ മുന്നിൽ മുട്ടു​മ​ടക്കി. അതു​കൊണ്ട്‌ യെരൂ​ശ​ലേ​മി​നെ ജയിച്ച​ട​ക്കാ​നാ​കും! നഗരവാ​സി​കൾ ചെറു​താ​യി ചെറു​ത്തു​നി​ന്നേ​ക്കാം. എങ്കിലും, അവരെ അനായാ​സം കീഴടക്കി അവരുടെ സ്വത്തുക്കൾ കാവലി​ല്ലാത്ത പക്ഷിക്കൂ​ട്ടിൽനിന്ന്‌ മുട്ടകൾ അപഹരി​ക്കു​ന്ന​തു​പോ​ലെ നിഷ്‌പ്ര​യാ​സം കവർച്ച ചെയ്യാൻ സാധി​ക്കും.’

12. അസീറി​യ​യു​ടെ അഹങ്കാ​ര​ത്തോ​ടുള്ള ബന്ധത്തിൽ കാര്യ​ങ്ങളെ വീക്ഷി​ക്കേണ്ട ശരിയായ വിധം സംബന്ധിച്ച്‌ യഹോവ എന്തു പ്രകട​മാ​ക്കു​ന്നു?

12 എന്നിരുന്നാലും, സൻഹേ​രീബ്‌ ഒരു കാര്യം മറന്നു​ക​ള​യു​ക​യാണ്‌. വിശ്വാ​സ​ത്യാ​ഗം ഭവിച്ച ശമര്യക്ക്‌ ലഭിച്ച ശിക്ഷ അത്‌ അർഹി​ക്കു​ന്ന​താ​യി​രു​ന്നു. എന്നാൽ, ഹിസ്‌കീ​യാ​വി​ന്റെ കീഴിൽ യെരൂ​ശ​ലേം ഒരിക്കൽ കൂടി നിർമ​ലാ​രാ​ധ​ന​യു​ടെ ഒരു ശക്തിദുർഗ​മാ​യി മാറി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. യെരൂ​ശ​ലേ​മി​നെ തൊടാൻ ആഗ്രഹി​ക്കുന്ന ഏതൊ​രാ​ളും തീർച്ച​യാ​യും യഹോ​വ​യോ​ടു കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രും! രോഷാ​കു​ല​നാ​യി യെശയ്യാവ്‌ ഇങ്ങനെ ചോദി​ക്കു​ന്നു: “വെട്ടു​ന്ന​വ​നോ​ടു കോടാ​ലി വമ്പു പറയു​മോ? വലിക്കു​ന്ന​വ​നോ​ടു ഈർച്ച​വാൾ വലിപ്പം കാട്ടു​മോ? അതോ, പിടി​ക്കു​ന്ന​വനെ വടി പൊക്കു​ന്നതു പോ​ലെ​യും മരമല്ലാ​ത്ത​വനെ കോൽ പൊന്തി​ക്കു​ന്ന​തു​പോ​ലെ​യും ആകുന്നു.” (യെശയ്യാ​വു 10:15) മരപ്പണി​ക്കാ​രൻ കോടാ​ലി​യും അറുക്കു​ന്നവൻ വാളും ആട്ടിടയൻ വടിയും ഉപയോ​ഗി​ക്കു​ന്ന​തു​പോ​ലെ, അസീറി​യൻ സാമ്രാ​ജ്യ​ത്തെ യഹോവ ഒരു ഉപകര​ണ​മാ​യി ഉപയോ​ഗി​ക്കു​ക​യാണ്‌. വടി അതിനെ ഉപയോ​ഗി​ക്കുന്ന വ്യക്തി​യെ​ക്കാൾ വലുതാ​കാൻ മാത്രം അതിന്‌ അത്ര ധൈര്യ​മോ!

13. (എ) ‘പുഷ്‌ട​ന്മാർ,’ (ബി) “മുള്ളും പറക്കാ​ര​യും,” (സി) ‘കാടിന്റെ മഹത്വം’ ഇവ ഓരോ​ന്നും എന്താണ്‌, ഇവയ്‌ക്ക്‌ എന്തു സംഭവി​ക്കു​ന്നു?

13 അസീറിയയ്‌ക്ക്‌ എന്തു സംഭവി​ക്കും? “സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ കർത്താവു അവന്റെ പുഷ്ടന്മാ​രു​ടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വ​ത്തിൽ കീഴെ തീ കത്തും​പോ​ലെ ഒന്നു കത്തും. യിസ്രാ​യേ​ലി​ന്റെ വെളിച്ചം ഒരു തീയാ​യും അവന്റെ പരിശു​ദ്ധൻ ഒരു ജ്വാല​യാ​യും ഇരിക്കും; അതു കത്തി, ഒരു ദിവസം​കൊ​ണ്ടു അവന്റെ മുള്ളും പറക്കാ​ര​യും ദഹിപ്പി​ച്ചു​ക​ള​യും. അവൻ അവന്റെ കാട്ടി​ന്റെ​യും തോട്ട​ത്തി​ന്റെ​യും മഹത്വത്തെ ദേഹി​ദേ​ഹ​വു​മാ​യി നശിപ്പി​ക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകു​ന്നതു പോ​ലെ​യി​രി​ക്കും. അവന്റെ കാട്ടിൽ ശേഷി​ച്ചി​രി​ക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരി​ക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.” (യെശയ്യാ​വു 10:16-19) അതേ, അസീറിയ എന്ന ‘കോലി’നെ യഹോവ ചീകി ചെറു​താ​ക്കും! അസീറി​യൻ സൈന്യ​ത്തി​ലെ ‘പുഷ്‌ട​ന്മാർ’ക്ക്‌, അവന്റെ തടിച്ചു​കൊ​ഴുത്ത പടയാ​ളി​കൾക്ക്‌ “ക്ഷയം” പിടി​പെ​ടും. അവർ അശക്തരാ​യി​ത്തീ​രും! മുള്ളും പറക്കാ​ര​യും പോലെ, അവന്റെ സൈന്യ​ങ്ങൾ യിസ്രാ​യേ​ലി​ന്റെ വെളി​ച്ച​ത്താൽ, യഹോ​വ​യാം ദൈവ​ത്താൽ ചാമ്പലാ​ക്ക​പ്പെ​ടും. ‘അവന്റെ കാടിന്റെ മഹത്വ’മായ സൈനിക ഉദ്യോ​ഗ​സ്ഥ​ന്മാർ നശിക്കും. യഹോവ അസീറി​യയെ നശിപ്പി​ച്ചു​ക​ഴി​യു​മ്പോൾ, ഈ ഉദ്യോ​ഗ​സ്ഥ​രിൽ വളരെ കുറച്ചു പേർ മാത്രമേ ശേഷി​ക്കു​ക​യു​ള്ളൂ, അതായത്‌ വിരലി​ലെ​ണ്ണാൻ മാത്രം!യെശയ്യാ​വു 10:33, 34 കൂടി കാണുക.

14. പൊ.യു.മു. 732-ഓടെ യഹൂദ​യി​ലെ ഏതെല്ലാം നഗരങ്ങൾ അസീറിയ പിടി​ച്ച​ടക്കി?

14 പൊ.യു.മു. 732-ൽ യെരൂ​ശ​ലേ​മിൽ താമസി​ക്കുന്ന യഹൂദർക്ക്‌ അസീറിയ തോൽപ്പി​ക്ക​പ്പെ​ടും എന്നു വിശ്വ​സി​ക്കാ​നാ​വു​ന്നില്ല. അതിശ​ക്ത​മായ അസീറി​യൻ സൈന്യം നിർദയം മുന്നേ​റു​ക​യാണ്‌. യഹൂദ​യിൽ അസീറി​യൻ സൈന്യ​ത്തോ​ടു തോറ്റി​രി​ക്കുന്ന നഗരങ്ങ​ളു​ടെ പട്ടിക ശ്രദ്ധി​ക്കുക: ‘അവൻ അയ്യാത്ത്‌, മി​ഗ്രോൻ, മിക്‌മാശ്‌, ഗേബ, റാമാ, ശൌലി​ന്റെ ഗിബെയാ, ഗല്ലീം, ലയേശ്‌, അനാ​ഥോത്ത്‌, മദ്‌മേനാ, ഗെബീം, നോബ്‌ എന്നിവി​ട​ങ്ങ​ളിൽ എത്തിയി​രി​ക്കു​ന്നു.’ (യെശയ്യാ​വു 10:28-32എ) b ഒടുവിൽ ശത്രുക്കൾ യെരൂ​ശ​ലേ​മിൽനിന്ന്‌ വെറും 50 കിലോ​മീ​റ്റർ അകലെ​യുള്ള ലാഖീശ്‌ വരെ എത്തുന്നു. തുടർന്ന്‌, വലി​യൊ​രു അസീറി​യൻ സൈന്യം നഗരത്തി​നു ഭീഷണി ഉയർത്തു​ക​യാണ്‌. “യെരൂ​ശ​ലേം​ഗി​രി​യായ സീയോൻപു​ത്രി​യു​ടെ പർവ്വത​ത്തി​ന്റെ നേരെ അവൻ കൈ കുലു​ക്കു​ന്നു [“മുഷ്ടി ചുരു​ട്ടും,” “പി.ഒ.സി. ബൈ.”].” (യെശയ്യാ​വു 10:32ബി) ഈ അസീറി​യയെ തടയാ​നാ​കുന്ന എന്തെങ്കി​ലു​മു​ണ്ടോ?

15, 16. (എ) ഹിസ്‌കീ​യാ രാജാ​വി​നു ശക്തമായ വിശ്വാ​സം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? (ബി) തന്നെ യഹോവ സഹായി​ക്കു​മെന്ന ഹിസ്‌കീ​യാ​വി​ന്റെ വിശ്വാ​സ​ത്തിന്‌ എന്ത്‌ അടിസ്ഥാ​ന​മുണ്ട്‌?

15 നഗരത്തിലെ തന്റെ കൊട്ടാ​ര​ത്തിൽ ഹിസ്‌കീ​യാ രാജാവ്‌ വളരെ ഉത്‌ക​ണ്‌ഠാ​കു​ല​നാ​കു​ന്നു. അവൻ തന്റെ വസ്‌ത്രം കീറി രട്ടുടു​ക്കു​ന്നു. (യെശയ്യാ​വു 37:1) യഹൂദ​യ്‌ക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ യഹോ​വ​യോട്‌ അന്വേ​ഷി​ക്കാൻ അവൻ യെശയ്യാ പ്രവാ​ച​കന്റെ അടുക്ക​ലേക്ക്‌ ആളുകളെ അയയ്‌ക്കു​ന്നു. പെട്ടെ​ന്നു​തന്നെ അവർ യഹോ​വ​യു​ടെ മറുപ​ടി​യു​മാ​യി മടങ്ങി​യെ​ത്തു​ന്നു: “ഭയപ്പെ​ടേണ്ടാ . . . ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും.” (യെശയ്യാ​വു 37:6, 35) അപ്പോ​ഴും, അസീറി​യ​ക്കാ​രു​ടെ ഭീഷണി വർധി​ച്ചു​വ​രു​ക​യാണ്‌, അവർക്ക്‌ അങ്ങേയ​റ്റത്തെ വിജയ​പ്ര​തീ​ക്ഷ​യാണ്‌ ഉള്ളത്‌.

16 വിശ്വാസം—അതാണ്‌ ഈ പ്രതി​സ​ന്ധി​യെ തരണം ചെയ്യാൻ ഹിസ്‌കീ​യാ രാജാ​വി​നെ സഹായി​ക്കു​ന്നത്‌. ‘വിശ്വാ​സം കാണാത്ത കാര്യ​ങ്ങ​ളു​ടെ നിശ്ചയം ആകുന്നു.’ (എബ്രായർ 11:1, NW) പ്രത്യ​ക്ഷ​ത്തിൽ കാണുന്ന കാര്യ​ങ്ങൾക്ക്‌ അപ്പുറ​ത്തേക്ക്‌ നോക്കു​ന്നത്‌ അതിൽ ഉൾപ്പെ​ടു​ന്നു. എന്നാൽ, വിശ്വാ​സം പരിജ്ഞാ​ന​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്കണം. വളരെ നാളു​കൾക്കു മുമ്പു​തന്നെ ആശ്വാ​സ​പ്ര​ദ​മായ പിൻവ​രുന്ന വാക്കുകൾ യഹോവ പറഞ്ഞതാ​യി ഹിസ്‌കീ​യാവ്‌ ഒരുപക്ഷേ ഇപ്പോൾ ഓർക്കു​ന്നു: “സീയോ​നിൽ വസിക്കുന്ന എന്റെ ജനമേ, . . . നീ അവനെ [അശ്ശൂരി​നെ] ഭയപ്പെ​ടേണ്ടാ. ഇനി കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു എന്റെ ക്രോ​ധ​വും അവരുടെ സംഹാ​ര​ത്തോ​ടെ എന്റെ കോപ​വും തീർന്നു പോകും. ഓറേ​ബ്‌പാ​റെ​ക്ക​രി​കെ വെച്ചുള്ള മിദ്യാ​ന്റെ സംഹാ​ര​ത്തിൽ എന്നപോ​ലെ സൈന്യ​ങ്ങ​ളു​ടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമു​ദ്ര​ത്തി​ന്മേൽ നീട്ടും; മിസ്ര​യീ​മിൽ ചെയ്‌ത​തു​പോ​ലെ അതിനെ ഓങ്ങും.” (യെശയ്യാ​വു 10:24-26) c അതേ, മുമ്പും ദൈവ​ജനം ദുഷ്‌ക​ര​മായ സാഹച​ര്യ​ങ്ങളെ നേരി​ട്ടി​ട്ടുണ്ട്‌. ചെങ്കട​ലിൽവെച്ച്‌ ഹിസ്‌കീ​യാ​വി​ന്റെ പൂർവി​കർ ഈജി​പ്‌ഷ്യൻ സൈന്യ​ത്തി​ന്റെ മുന്നിൽ നിസ്സഹാ​യ​രാ​യി കാണ​പ്പെട്ടു. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌, മിദ്യാ​ന്യ​രും അമാ​ലേ​ക്യ​രും ഇസ്രാ​യേ​ലി​നെ ആക്രമി​ച്ച​പ്പോൾ ഗിദെ​യോൻ ഒരു വലിയ പ്രതി​സ​ന്ധി​യിൽ അകപ്പെട്ടു. എന്നിരു​ന്നാ​ലും, ആ രണ്ട്‌ അവസര​ങ്ങ​ളി​ലും യഹോവ തന്റെ ജനത്തെ വിടു​വി​ക്കു​ക​യു​ണ്ടാ​യി.—പുറപ്പാ​ടു 14:7-9, 13, 28; ന്യായാ​ധി​പ​ന്മാർ 6:33; 7:21, 22.

17. അസീറി​യൻ നുകം “തകർന്നു​പോ​കു”ന്നത്‌ എങ്ങനെ, എന്തു കാരണ​ത്താൽ?

17 ആ അവസര​ങ്ങ​ളി​ലേ​തു​പോ​ലെ യഹോവ ഇവി​ടെ​യും പ്രവർത്തി​ക്കു​മോ? ഉവ്വ്‌. അവൻ ഇങ്ങനെ വാഗ്‌ദാ​നം ചെയ്യുന്നു: “അന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനി​ന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങി​പ്പോ​കും; പുഷ്ടി​നി​മി​ത്തം [“തൈലം നിമിത്തം,” NW] നുകം തകർന്നു​പോ​കും.” (യെശയ്യാ​വു 10:27) അസീറി​യൻ നുകം ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയു​ടെ തോളിൽനി​ന്നും കഴുത്തിൽനി​ന്നും എടുത്തു​മാ​റ്റ​പ്പെ​ടും. വാസ്‌ത​വ​ത്തിൽ, ആ നുകം “തകർന്നു​പോ​കും”—തകർന്നു​പോ​കു​ക​തന്നെ ചെയ്യുന്നു! ഒറ്റ രാത്രി​യിൽത്തന്നെ യഹോ​വ​യു​ടെ ദൂതൻ 1,85,000 അസീറി​യ​ക്കാ​രെ കൊല്ലു​ന്നു. അങ്ങനെ ഭീഷണി നീങ്ങി​ക്കി​ട്ടു​ന്നു. പിന്മാ​റിയ അസീറി​യ​ക്കാർ പിന്നെ​യൊ​രി​ക്ക​ലും യഹൂദയെ ആക്രമി​ക്കു​ന്നില്ല. (2 രാജാ​ക്ക​ന്മാർ 19:35, 36) എന്തു​കൊണ്ട്‌? “തൈലം നിമിത്തം.” ദാവീദ്‌ വംശത്തി​ലെ രാജാവ്‌ എന്ന നിലയിൽ ഹിസ്‌കീ​യാ​വി​നെ അഭി​ഷേകം ചെയ്യാൻ ഉപയോ​ഗിച്ച തൈല​ത്തെ​യാ​കാം ഇതു പരാമർശി​ക്കു​ന്നത്‌. അങ്ങനെ യഹോവ തന്റെ പിൻവ​രുന്ന വാഗ്‌ദാ​നം നിവർത്തി​ക്കു​ന്നു: “എന്റെ നിമി​ത്ത​വും എന്റെ ദാസനായ ദാവീ​ദി​ന്റെ നിമി​ത്ത​വും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും.”—2 രാജാ​ക്ക​ന്മാർ 19:34.

18. (എ) യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിന്‌ ഒന്നി​ലേറെ നിവൃത്തി ഉണ്ടോ? വിശദീ​ക​രി​ക്കുക. (ബി) ഏതു സംഘട​ന​യാണ്‌ ഇന്നു പുരാതന ശമര്യയെ പോലെ ആയിരി​ക്കു​ന്നത്‌?

18 2,700-ലധികം വർഷങ്ങൾക്കു മുമ്പ്‌ യഹൂദ​യിൽ നടന്ന സംഭവ​ങ്ങ​ളാണ്‌ യെശയ്യാവ്‌ ഈ അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌തി​രി​ക്കു​ന്നത്‌. എന്നാൽ, അവയ്‌ക്കു നമ്മുടെ നാളിൽ വലിയ പ്രസക്തി​യുണ്ട്‌. (റോമർ 15:4) അതിന്റെ അർഥം, ഈ ശ്രദ്ധേ​യ​മായ വിവര​ണ​ത്തി​ലെ മുഖ്യ കഥാപാ​ത്ര​ങ്ങ​ളു​ടെ—ശമര്യ​യി​ലെ​യും യെരൂ​ശ​ലേ​മി​ലെ​യും നിവാ​സി​ക​ളു​ടെ​യും അതു​പോ​ലെ​തന്നെ അസീറി​യ​ക്കാ​രു​ടെ​യും—പ്രതി​മാ​തൃക ആധുനിക നാളിൽ ഉണ്ടായി​രി​ക്കും എന്നാണോ? അതേ, തീർച്ച​യാ​യും. ക്രൈ​സ്‌ത​വ​ലോ​കം സത്യ​ദൈ​വത്തെ ആരാധി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടു​ന്നെ​ങ്കി​ലും, വിഗ്ര​ഹാ​രാ​ധന നടത്തി​യി​രുന്ന ശമര്യയെ പോലെ അവൾക്കു പൂർണ​മാ​യും വിശ്വാ​സ​ത്യാ​ഗം സംഭവി​ച്ചി​രി​ക്കു​ന്നു. ക്രിസ്‌തീയ ഉപദേ​ശ​ത്തി​ന്റെ ആവിർഭാ​വം സംബന്ധിച്ച ഒരു ഉപന്യാ​സം (ഇംഗ്ലീഷ്‌) എന്ന കൃതി​യിൽ റോമൻ കത്തോ​ലി​ക്ക​നായ ജോൺ ഹെൻട്രി കാർഡി​നൽ ന്യൂമാൻ, ക്രൈ​സ്‌ത​വ​ലോ​കം നൂറ്റാ​ണ്ടു​ക​ളാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന കുന്തി​രി​ക്കം, മെഴുകു തിരികൾ, ആനാം​വെള്ളം, ളോഹ, ബിംബങ്ങൾ എന്നിവ “എല്ലാം ഉത്ഭവി​ച്ചത്‌ പുറജാ​തീയ മതങ്ങളി​ലാണ്‌” എന്നു സമ്മതി​ക്കു​ന്നു. ശമര്യ​യു​ടെ വിഗ്ര​ഹാ​രാ​ധ​ന​യിൽ അപ്രീ​ത​നാ​യി​രു​ന്ന​തു​പോ​ലെ, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ പുറജാ​തീയ ആരാധ​ന​യി​ലും യഹോവ അസന്തു​ഷ്‌ട​നാണ്‌.

19. എന്തിനെ കുറിച്ചു ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു മുന്നറി​യി​പ്പു നൽകി​യി​രി​ക്കു​ന്നു, അതു നൽകി​യത്‌ ആര്‌?

19 യഹോവയുടെ ഈ അപ്രീ​തി​യെ കുറിച്ച്‌ നൂറ്റാ​ണ്ടു​ക​ളാ​യി യഹോ​വ​യു​ടെ സാക്ഷികൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​നു മുന്നറി​യി​പ്പു നൽകി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, 1955-ൽ “‘ലോക​ത്തി​ന്റെ വെളിച്ചം’ ഏത്‌—ക്രൈ​സ്‌ത​വ​ലോ​ക​മോ ക്രിസ്‌ത്യാ​നി​ത്വ​മോ?” എന്ന ശീർഷ​ക​ത്തി​ലുള്ള പരസ്യ​പ്ര​സം​ഗം ലോക​വ്യാ​പ​ക​മാ​യി നടത്ത​പ്പെ​ടു​ക​യു​ണ്ടാ​യി. യഥാർഥ ക്രിസ്‌തീയ ഉപദേ​ശ​ങ്ങ​ളിൽനി​ന്നും രീതി​ക​ളിൽനി​ന്നും ക്രൈ​സ്‌ത​വ​ലോ​കം എങ്ങനെ വ്യതി​ച​ലി​ച്ചി​രി​ക്കു​ന്നു എന്ന്‌ ആ പ്രസംഗം വളരെ വ്യക്തമാ​യി വിശദീ​ക​രി​ച്ചു. തുടർന്ന്‌, ശക്തമായ ആ പ്രസം​ഗ​ത്തി​ന്റെ പ്രതികൾ പല രാജ്യ​ങ്ങ​ളി​ലെ​യും പുരോ​ഹി​ത​ന്മാർക്ക്‌ അയച്ചു​കൊ​ടു​ത്തു. ആ മുന്നറി​യി​പ്പു ചെവി​ക്കൊ​ള്ളാൻ ഒരു സംഘടന എന്ന നിലയിൽ ക്രൈ​സ്‌ത​വ​ലോ​കം ഒന്നടങ്കം പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. അതിനാൽ യഹോ​വ​യ്‌ക്ക്‌ അവരെ ‘കോൽ’കൊണ്ട്‌ ശിക്ഷി​ക്കു​ക​യ​ല്ലാ​തെ നിർവാ​ഹ​മില്ല.

20. (എ) എന്തായി​രി​ക്കും ആധുനി​ക​കാല അസീറി​യ​യാ​യി വർത്തി​ക്കു​ന്നത്‌, ഭാവി​യിൽ അതൊരു കോലാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌ എങ്ങനെ? (ബി) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ശിക്ഷ എത്ര വലുതാ​യി​രി​ക്കും?

20 മത്സരിയായ ക്രൈ​സ്‌ത​വ​ലോ​കത്തെ ശിക്ഷി​ക്കാൻ യഹോവ ആരെ ഉപയോ​ഗി​ക്കും? വെളി​പ്പാ​ടു 17-ാം അധ്യാ​യ​ത്തിൽ ആ ചോദ്യ​ത്തി​നുള്ള ഉത്തരം നമുക്കു കാണാം. ക്രൈ​സ്‌ത​വ​ലോ​കം ഉൾപ്പെടെ ലോക​ത്തി​ലെ എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും പ്രതി​നി​ധാ​നം ചെയ്യുന്ന വേശ്യ​യായ ‘മഹാബാ​ബി​ലോ​നെ’ കുറിച്ച്‌ നാം അതിൽ കാണുന്നു. ആ വേശ്യ ഏഴു തലയും പത്തു കൊമ്പു​മുള്ള ഒരു കടുഞ്ചു​വപ്പു നിറമുള്ള മൃഗത്തി​ന്റെ മുകളി​ലി​രു​ന്നു സവാരി ചെയ്യു​ക​യാണ്‌. (വെളി​പ്പാ​ടു 17:3, 5, 7-12) ഈ കാട്ടു​മൃ​ഗം ഐക്യ​രാ​ഷ്‌ട്ര സംഘട​നയെ പ്രതി​നി​ധാ​നം ചെയ്യുന്നു. d പുരാതന അസീറിയ, ശമര്യയെ നശിപ്പി​ച്ചതു പോലെ, കടുഞ്ചു​വപ്പു നിറമുള്ള ഈ കാട്ടു​മൃ​ഗം “വേശ്യയെ ദ്വേഷി​ച്ചു ശൂന്യ​വും നഗ്നവു​മാ​ക്കി അവളുടെ മാംസം തിന്നു​ക​ള​യും; അവളെ തീകൊ​ണ്ടു ദഹിപ്പി​ക്ക​യും ചെയ്യും.” (വെളി​പ്പാ​ടു 17:16) അങ്ങനെ, ആധുനി​ക​കാല അസീറിയ (ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളോ​ടു ചേർന്നു പ്രവർത്തി​ക്കുന്ന രാഷ്‌ട്രങ്ങൾ) ക്രൈ​സ്‌ത​വ​ലോ​കത്തെ ശക്തമായി പ്രഹരി​ക്കു​ക​യും അവൾക്ക്‌ ഉന്മൂല​നാ​ശം വരുത്തു​ക​യും ചെയ്യും.

21, 22. ദൈവ​ജ​നത്തെ ആക്രമി​ക്കാൻ കാട്ടു​മൃ​ഗത്തെ പ്രേരി​പ്പി​ക്കു​ന്നത്‌ ആരായി​രി​ക്കും?

21 മഹാബാബിലോണിന്റെ ഒപ്പം യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷികൾ നശിച്ചു​പോ​കു​മോ? ഇല്ല. ദൈവ​ത്തിന്‌ അവരോട്‌ അപ്രീ​തി​യില്ല. നിർമ​ലാ​രാ​ധന എക്കാല​വും നിലനിൽക്കും. എന്നിരു​ന്നാ​ലും, മഹാബാ​ബി​ലോ​ണി​നെ നശിപ്പി​ക്കുന്ന കാട്ടു​മൃ​ഗം അത്യാ​ഗ്ര​ഹ​ത്തോ​ടെ യഹോ​വ​യു​ടെ ജനത്തിന്റെ നേർക്കും തിരി​യും. അങ്ങനെ ചെയ്യു​മ്പോൾ, ആ മൃഗം നിർവ​ഹി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ ഹിതം ആയിരി​ക്കില്ല, മറ്റൊ​രാ​ളു​ടെ ഹിതം ആയിരി​ക്കും. ആരുടെ? പിശാ​ചായ സാത്താന്റെ.

22 സാത്താന്റെ ഗർവി​ഷ്‌ഠ​മായ പദ്ധതിയെ യഹോവ മറനീക്കി കാണി​ക്കു​ന്നു: ‘അന്നാളിൽ നിന്റെ [സാത്താന്റെ] ഹൃദയ​ത്തിൽ ചില ആലോ​ച​നകൾ തോന്നും; നീ ഒരു ദുരു​പാ​യം നിരൂ​പി​ക്കും; കൊള്ള​യി​ടേ​ണ്ട​തി​ന്നും കവർച്ച ചെയ്യേ​ണ്ട​തി​ന്നും [സംരക്ഷണ] മതിൽ കൂടാതെ നിർഭയം വസിച്ചു സ്വൈ​ര​മാ​യി​രി​ക്കു​ന്ന​വ​രു​ടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.’ (യെഹെ​സ്‌കേൽ 38:10-12) സാത്താൻ ചിന്തി​ക്കു​ന്നത്‌ ഇങ്ങനെ ആയിരി​ക്കും: ‘എന്തു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷി​കളെ ആക്രമി​ക്കാൻ രാഷ്‌ട്ര​ങ്ങളെ പ്രകോ​പി​പ്പി​ച്ചു​കൂ​ടാ? അവരെ ആക്രമി​ക്കാൻ വളരെ എളുപ്പ​മാണ്‌, അവർക്കു സംരക്ഷ​ണ​മില്ല, രാഷ്‌ട്രീയ സ്വാധീ​ന​മില്ല, അവർ ചെറു​ത്തു​നിൽക്കു​ക​യില്ല. കാവലി​ല്ലാത്ത പക്ഷിക്കൂ​ട്ടി​ലെ മുട്ടകൾ പോലെ അവരെ എളുപ്പ​ത്തിൽ പെറു​ക്കി​യെ​ടു​ക്കാം!’

23. ആധുനി​ക​കാല അസീറിയ ക്രൈ​സ്‌ത​വ​ലോ​കത്തെ നശിപ്പി​ക്കു​ന്നതു പോലെ ദൈവ​ജ​നത്തെ നശിപ്പി​ക്കു​ന്ന​തിൽ വിജയി​ക്കി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

23 പക്ഷേ, രാഷ്‌ട്ര​ങ്ങളേ, ജാഗ്രത പാലി​ക്കു​വിൻ! യഹോ​വ​യു​ടെ ജനത്തെ തൊട്ടാൽ നിങ്ങൾ കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രു​ന്നത്‌ ദൈവ​ത്തോ​ടാ​ണെന്ന്‌ മനസ്സി​ലാ​ക്കി​ക്കൊ​ള്ളു​വിൻ! യഹോവ തന്റെ ജനത്തെ സ്‌നേ​ഹി​ക്കു​ന്നു. ഹിസ്‌കീ​യാ​വി​ന്റെ നാളിൽ അവൻ യെരൂ​ശ​ലേ​മി​നു വേണ്ടി പോരാ​ടി​യതു പോലെ, അവൻ തന്റെ ആധുനി​ക​കാല ജനത്തിനു വേണ്ടി​യും പോരാ​ടും. ആധുനി​ക​കാല അസീറിയ യഹോ​വ​യു​ടെ ദാസന്മാ​രെ ഉന്മൂലനം ചെയ്യാൻ ശ്രമി​ക്കു​മ്പോൾ, വാസ്‌ത​വ​ത്തിൽ യഹോ​വ​യാം ദൈവ​ത്തോ​ടും കുഞ്ഞാ​ടായ യേശു​ക്രി​സ്‌തു​വി​നോ​ടും ആയിരി​ക്കും അവർ പോരാ​ടുക. അസീറിയ ആ പോരാ​ട്ട​ത്തിൽ വിജയി​ക്കു​ക​യില്ല. മറിച്ച്‌, ‘കുഞ്ഞാട്‌ അവരെ ജയിക്കും.’ കാരണം, അവൻ ‘കർത്താ​ധി​കർത്താ​വും രാജാ​ധി​രാ​ജാ​വും’ ആണെന്നു ബൈബിൾ പറയുന്നു. (വെളി​പ്പാ​ടു 17:14; മത്തായി 25:40 താരത​മ്യം ചെയ്യുക.) പുരാ​ത​ന​കാ​ലത്തെ അസീറി​യയെ പോലെ, കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗം ‘നാശത്തി​ലേക്കു പോകും.’ പിന്നെ, ആർക്കും അതിനെ ഭയപ്പെ​ടേ​ണ്ടി​വ​രില്ല.—വെളി​പ്പാ​ടു 17:11.

24. (എ) ഭാവിക്കു വേണ്ടി തയ്യാറാ​കു​ന്ന​തിന്‌ സത്യ​ക്രി​സ്‌ത്യാ​നി​കൾ എന്തു ചെയ്യാൻ ദൃഢചി​ത്ത​രാണ്‌? (ബി) യെശയ്യാവ്‌ വിദൂര ഭാവി​യി​ലേക്ക്‌ നോക്കു​ന്നത്‌ എങ്ങനെ? (155-ാം പേജിലെ ചതുരം കാണുക.)

24 യഹോവയുമായുള്ള തങ്ങളുടെ ബന്ധം ശക്തമാക്കി നിലനി​റു​ത്തു​ക​യും അവന്റെ ഹിതത്തി​നു ജീവി​ത​ത്തിൽ പ്രഥമ സ്ഥാനം നൽകു​ക​യും ചെയ്യു​ന്നെ​ങ്കിൽ, സത്യ​ക്രി​സ്‌ത്യാ​നി​കൾക്കു ഭാവിയെ നിർഭയം അഭിമു​ഖീ​ക​രി​ക്കാൻ സാധി​ക്കും. (മത്തായി 6:33) അപ്പോൾ അവർ “ഒരു അനർത്ഥ​വും” ഭയപ്പെ​ടേ​ണ്ട​തില്ല. (സങ്കീർത്തനം 23:4) ശിക്ഷി​ക്കാ​നല്ല മറിച്ച്‌, ശത്രു​ക്ക​ളിൽനി​ന്നു രക്ഷിക്കാ​നാ​യി ദൈവം തന്റെ ബലിഷ്‌ഠ​മായ കൈ ഉയർത്തി​യി​രി​ക്കു​ന്നത്‌ വിശ്വാസ നേത്ര​ങ്ങൾകൊണ്ട്‌ അവർ കാണും. “ഭയപ്പെ​ടേണ്ടാ” എന്ന ഉറപ്പേ​കുന്ന ശബ്ദം അവരുടെ കാതു​ക​ളിൽ പതിയും.—യെശയ്യാ​വു 10:24.

[അടിക്കു​റി​പ്പു​കൾ]

a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) വാല്യം 1, പേജ്‌ 203 കാണുക.

b കാര്യങ്ങൾ വ്യക്തമാ​ക്കാ​നാ​യി യെശയ്യാ​വു 10:28-32, യെശയ്യാ​വു 10:20-27-നു മുമ്പായി ചർച്ച ചെയ്‌തി​രി​ക്കു​ന്നു.

c യെശയ്യാവു 10:20-23-ന്റെ ചർച്ചയ്‌ക്കാ​യി 155-ാം പേജിലെ “യെശയ്യാവ്‌ വിദൂര ഭാവി​യി​ലേക്കു നോക്കു​ന്നു” എന്ന ഭാഗം കാണുക.

d ഈ വേശ്യ​യെ​യും കടുഞ്ചു​വപ്പു നിറമുള്ള കാട്ടു​മൃ​ഗ​ത്തെ​യും കുറി​ച്ചുള്ള കൂടുതൽ വിവരങ്ങൾ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തി​ന്റെ 3435 അധ്യാ​യ​ങ്ങ​ളിൽ കാണാം.

[അധ്യയന ചോദ്യ​ങ്ങൾ]

[155, 156 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

യെശയ്യാവ്‌ വിദൂര ഭാവി​യി​ലേക്കു നോക്കു​ന്നു

യെശയ്യാവു 10:20-23

ഇസ്രാ​യേ​ലി​ന്റെ മേൽ ന്യായ​വി​ധി നടത്താ​നാ​യി യഹോവ അസീറി​യയെ ഉപയോ​ഗി​ക്കുന്ന വിധത്തെ കുറി​ച്ചും യെരൂ​ശ​ലേ​മി​നെ സംരക്ഷി​ക്കു​മെന്ന അവന്റെ വാഗ്‌ദാ​നത്തെ കുറി​ച്ചു​മാണ്‌ യെശയ്യാ​വു 10-ാം അധ്യായം പ്രധാ​ന​മാ​യും പ്രതി​പാ​ദി​ക്കു​ന്നത്‌. 20 മുതൽ 23 വരെയുള്ള വാക്യങ്ങൾ ഈ പ്രവച​ന​ത്തി​ന്റെ മധ്യഭാ​ഗ​ത്താ​യി കാണു​ന്ന​തി​നാൽ, അതേ കാലയ​ള​വിൽ അവയ്‌ക്കും ഒരു പൊതു നിവൃത്തി ഉള്ളതായി കരുതാ​വു​ന്ന​താണ്‌. (യെശയ്യാ​വു 1:7-9 താരത​മ്യം ചെയ്യുക.) എന്നിരു​ന്നാ​ലും, തന്നിലെ നിവാ​സി​ക​ളു​ടെ പാപങ്ങൾക്ക്‌ യെരൂ​ശ​ലേ​മും കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രുന്ന പിൽക്കാല സമയങ്ങ​ളിൽ ആ വാക്യ​ങ്ങൾക്കു കൂടു​ത​ലായ നിവൃത്തി ഉള്ളതായി അതിലെ പദങ്ങൾ സൂചി​പ്പി​ക്കു​ന്നു.

സഹായ​ത്തി​നാ​യി അസീറി​യ​യി​ലേക്കു തിരി​ഞ്ഞു​കൊണ്ട്‌ ആഹാസ്‌ രാജാവ്‌ സുരക്ഷി​ത​ത്വം തേടുന്നു. ഇസ്രാ​യേൽ ഗൃഹത്തിൽ ശേഷി​ക്കു​ന്നവർ പിന്നീ​ടൊ​രി​ക്ക​ലും മൂഢമായ അത്തര​മൊ​രു ഗതി പിൻപ​റ്റു​ക​യില്ല എന്ന്‌ യെശയ്യാ പ്രവാ​ചകൻ മുൻകൂ​ട്ടി പറയുന്നു. അവർ “യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നായ യഹോ​വയെ പരമാർത്ഥ​മാ​യി ആശ്രയി​ക്കും” എന്ന്‌ യെശയ്യാ​വു 10:20 പറയുന്നു. എന്നിരു​ന്നാ​ലും, വളരെ കുറച്ചു പേരേ അങ്ങനെ ചെയ്യു​ക​യു​ള്ളു​വെന്ന്‌ 21-ാം വാക്യം പ്രകട​മാ​ക്കു​ന്നു: “ഒരു ശേഷിപ്പു മടങ്ങി​വ​രും.” ഇസ്രാ​യേ​ലിൽ ഒരു അടയാ​ള​മാ​യി​രി​ക്കുന്ന, യെശയ്യാ​വി​ന്റെ ശെയാർ-യാശൂബ്‌ എന്ന പുത്രനെ കുറിച്ച്‌ ഇതു നമ്മെ ഓർമി​പ്പി​ക്കു​ന്നു. ആ പേരിന്റെ അർഥം “കേവലം ഒരു ശേഷിപ്പു മടങ്ങി​വ​രും” എന്നാണ്‌. (യെശയ്യാ​വു 7:3) 10-ാം അധ്യാ​യ​ത്തി​ന്റെ 22-ാം വാക്യം നിർണ​യി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ആസന്നമായ “സംഹാര”ത്തെ കുറിച്ചു പറയുന്നു. അത്തര​മൊ​രു സംഹാരം നീതി​നി​ഷ്‌ഠ​മാ​യി​രി​ക്കും. കാരണം, മത്സരി​യായ ഒരു ജനതയു​ടെ മേലുള്ള ന്യായ​യു​ക്ത​മായ ശിക്ഷയാ​യി​രി​ക്കും അത്‌. തത്‌ഫ​ല​മാ​യി, “കടല്‌ക്ക​ര​യി​ലെ മണൽപോ​ലെ” നിരവധി ആയിരി​ക്കുന്ന ആ ജനതയിൽ ഒരു ശേഷിപ്പു മാത്രമേ മടങ്ങി​വ​രു​ക​യു​ള്ളൂ. ആസന്നമായ ഈ സംഹാരം മുഴു ദേശ​ത്തെ​യും ബാധി​ക്കു​മെന്ന്‌ 23-ാം വാക്യം മുന്നറി​യി​പ്പു നൽകുന്നു. ഇത്തവണ യെരൂ​ശ​ലേം അതിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കു​ക​യില്ല.

യഹോവ പൊ.യു.മു. 607-ൽ ബാബി​ലോ​ണി​യൻ സാമ്രാ​ജ്യ​ത്തെ തന്റെ ‘കോൽ’ ആയി ഉപയോ​ഗി​ച്ച​പ്പോൾ സംഭവി​ച്ച​തി​നെ ഈ വാക്യങ്ങൾ നന്നായി വർണി​ക്കു​ന്നു. യെരൂ​ശ​ലേം ഉൾപ്പെടെ മുഴു ദേശവും ശത്രു​ക്ക​ളു​ടെ ആക്രമ​ണ​ത്തി​നു വിധേ​യ​മാ​യി. യഹൂദ​ന്മാ​രെ ബന്ദിക​ളാ​യി ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​യി. 70 വർഷം അവർക്ക്‌ അവിടെ കഴി​യേ​ണ്ടി​വന്നു. എങ്കിലും, അതിനു​ശേഷം കുറച്ചു പേർ—‘കേവലം ഒരു ശേഷിപ്പ്‌’—യെരൂ​ശ​ലേ​മിൽ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ മടങ്ങി.

യെശയ്യാ​വു 10:20-23-ലെ പ്രവച​ന​ത്തിന്‌ ഒന്നാം നൂറ്റാ​ണ്ടി​ലും ഒരു നിവൃത്തി ഉണ്ടായി. റോമർ 9:27, 28 അതു പ്രകട​മാ​ക്കു​ന്നു. (യെശയ്യാ​വു 1:9; റോമർ 9:29 എന്നിവ താരത​മ്യം ചെയ്യുക.) വിശ്വസ്‌ത യഹൂദ​ന്മാർ അടങ്ങുന്ന ചെറി​യൊ​രു കൂട്ടം ആളുകൾ യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​കൾ ആയിത്തീർന്നു​കൊണ്ട്‌ “ആത്മാവി​ലും സത്യത്തി​ലും” യഹോ​വയെ ആരാധി​ക്കാൻ തുടങ്ങി​യ​പ്പോൾ, പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ യഹൂദ​ന്മാ​രു​ടെ ഒരു ‘ശേഷിപ്പ്‌’ ആത്മീയ അർഥത്തിൽ യഹോ​വ​യി​ലേക്കു ‘മടങ്ങിവന്ന’തായി പൗലൊസ്‌ വിശദീ​ക​രി​ക്കു​ന്നു. (യോഹ​ന്നാൻ 4:24) പിന്നീട്‌, വിശ്വാ​സി​ക​ളായ പുറജാ​തീ​യ​രും അവരോ​ടു ചേർന്നു. അങ്ങനെ, ഒരു ആത്മീയ ജനത, ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ അസ്‌തി​ത്വ​ത്തിൽ വന്നു. (ഗലാത്യർ 6:16) ആ അവസര​ത്തിൽ യെശയ്യാ​വു 10:20-ലെ വാക്കു​കൾക്കു നിവൃ​ത്തി​യു​ണ്ടാ​യി. യഹോ​വ​യ്‌ക്കു സമർപ്പി​ക്ക​പ്പെട്ട ജനത ‘പിന്നീ​ടൊ​രി​ക്ക​ലും’ (NW) അവനെ ഉപേക്ഷിച്ച്‌ മനുഷ്യ ഉറവി​ട​ങ്ങ​ളി​ലേക്കു തിരി​ഞ്ഞില്ല.

[147-ാം പേജിലെ ചിത്രം]

ഒരു കൂട്ടിൽനി​ന്നു മുട്ടകൾ ശേഖരി​ക്കു​ന്ന​തു​പോ​ലെ അത്ര അനായാ​സ​മാ​യി ജനതകളെ കൂട്ടി​ച്ചേർക്കാ​നാ​കു​മെന്ന്‌ സൻഹേ​രീബ്‌ കരുതു​ന്നു