ആധുനിക സന്ദേശവുമായി ഒരു പുരാതന പ്രവാചകൻ
അധ്യായം ഒന്ന്
ആധുനിക സന്ദേശവുമായി ഒരു പുരാതന പ്രവാചകൻ
1, 2. (എ) ഇന്നത്തെ ലോകത്തിലെ സ്ഥിതിവിശേഷം എത്ര ശോചനീയമാണ്? (ബി) ഒരു അമേരിക്കൻ പാർലമെന്റ് അംഗം ഇന്നത്തെ സമൂഹത്തിന്റെ അധഃപതനത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത് എങ്ങനെ?
ഇക്കാലത്ത് മാനവരാശിയെ ഗ്രസിച്ചിരിക്കുന്ന പ്രശ്നങ്ങളിൽനിന്നു വിടുതൽ ലഭിക്കാൻ അതിയായി ആഗ്രഹിക്കാത്തവർ ആരാണുള്ളത്? എങ്കിലും, പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ സഫലമാകാറില്ല എന്നതാണു വാസ്തവം. സമാധാനത്തെ കുറിച്ചു നാം സ്വപ്നം കാണുന്നു, എന്നാൽ ജീവിക്കുന്നതോ യുദ്ധപങ്കിലമായ ഒരു ലോകത്തിലും. ക്രമസമാധാനം ഉണ്ടായിക്കാണാൻ തീവ്രമായി അഭിലഷിക്കുന്ന നമുക്ക്, അടിക്കടി ഏറിവരുന്ന കവർച്ചയും ബലാത്സംഗവും കൊലപാതകവും തടയാൻ കഴിയുന്നില്ല. അയൽക്കാരെ വിശ്വസിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിലും, വാതിലുകൾ പൂട്ടാതെ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് നാമിന്ന്. മക്കളെ അതിയായി സ്നേഹിക്കുകയും അവരിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നമുക്ക്, അവർ ചീത്ത കൂട്ടുകെട്ടുകളിൽ അകപ്പെടുന്നത് പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്നു.
2 മനുഷ്യൻ അൽപ്പായുസ്സുള്ളവനും “കഷ്ടസമ്പൂർണ്ണനും” ആണെന്ന ഇയ്യോബിന്റെ പ്രസ്താവനയോടു നമുക്കാർക്കും വിയോജിപ്പു കാണില്ല. (ഇയ്യോബ് 14:1) അത് ഇന്ന് ഏറെ സത്യമാണെന്നു പറയേണ്ടിയിരിക്കുന്നു. കാരണം, മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തിൽ സമൂഹം ഇന്ന് അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയെ കുറിച്ച് ഒരു അമേരിക്കൻ പാർലമെന്റ് അംഗം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ശീതയുദ്ധം അവസാനിച്ചെങ്കിലും, ലോകം ഇന്ന് വംശീയവും ഗോത്രപരവും മതപരവുമായ പകവീട്ടലിന്റെയും മൃഗീയതയുടെയും വിളനിലമായി മാറിക്കഴിഞ്ഞിരിക്കുന്നു. . . . ധാർമിക നിലവാരങ്ങളിൽ നാം വെള്ളം ചേർത്തിരിക്കുന്നു. തത്ഫലമായി, യുവജനങ്ങളിൽ അനേകരും ആശയക്കുഴപ്പത്തിലാണ്, അവർ നിരുത്സാഹിതരുമാണ്. ഗുരുതരമായ പ്രശ്നങ്ങളിൽ പെട്ട് അവർ നട്ടംതിരിയുന്നു. മാതാപിതാക്കൾ കുട്ടികളോടു കാണിക്കുന്ന അവഗണന, വിവാഹമോചനം, ശിശുദ്രോഹം, കൗമാര ഗർഭധാരണം, പഠിത്തം നിറുത്തൽ, മയക്കുമരുന്നു ദുരുപയോഗം, തെരുക്കളിൽ നടമാടുന്ന അക്രമം എന്നിവയുടെയെല്ലാം തിക്തഫലങ്ങൾ നാം ഇന്ന് അനുഭവിക്കുകയാണ്. ശീതയുദ്ധമെന്ന വൻഭൂകമ്പത്തിൽ തകരാഞ്ഞ നമ്മുടെ ഭവനത്തെ ചിതൽ നശിപ്പിക്കുന്നതു പോലെയാണിത്.”
3. ഏതു ബൈബിൾ പുസ്തകം ഭാവി സംബന്ധിച്ച് പ്രത്യാശ പകരുന്നു?
3 എങ്കിലും, പ്രത്യാശയ്ക്കു വകയുണ്ട്. എന്തെന്നാൽ നമ്മുടെ നാളുകൾക്കു പ്രത്യേകിച്ചും ബാധകമാകുന്ന പ്രാവചനിക സന്ദേശങ്ങൾ പ്രഖ്യാപിക്കാൻ 2,700-ഓളം വർഷങ്ങൾക്കു മുമ്പ് മധ്യപൂർവ ദേശത്തെ യെശയ്യാവ് എന്ന മനുഷ്യനെ ദൈവം നിശ്വസ്തനാക്കി. അവന്റെ പേരു വഹിക്കുന്ന ബൈബിൾ പുസ്തകത്തിൽ ആ പ്രാവചനിക സന്ദേശങ്ങൾ കാണാം. എന്നാൽ യെശയ്യാവ് ആരായിരുന്നു? ഏകദേശം മൂവായിരം വർഷം മുമ്പ് രേഖപ്പെടുത്തപ്പെട്ട അവന്റെ പ്രവചനം ഇന്ന് മാനവരാശിക്കു പ്രകാശമേകുന്നു എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
പ്രക്ഷുബ്ധകാലത്ത് ഒരു നീതിമാൻ
4. യെശയ്യാവ് ആരായിരുന്നു, യഹോവയുടെ പ്രവാചകനായി അവൻ സേവിച്ചത് ഏതു കാലഘട്ടത്തിൽ?
4 ‘ആമോസിന്റെ മകൻ’ a എന്നാണു തന്റെ പുസ്തകത്തിന്റെ ആദ്യ വാക്യത്തിൽത്തന്നെ യെശയ്യാവ് സ്വയം പരിചയപ്പെടുത്തുന്നത്. കൂടാതെ, “യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു [അഥവാ, ഹിസ്കീയാവ്] എന്നിവരുടെ കാലത്തു” താൻ ദൈവത്തിന്റെ പ്രവാചകനായി സേവിച്ചെന്നും അവൻ പറയുന്നു. (യെശയ്യാവു 1:1) അതിന്റെ അർഥം യഹൂദാ രാജ്യത്ത് കുറഞ്ഞത് 46 വർഷമെങ്കിലും ദൈവത്തിന്റെ പ്രവാചകനായി യെശയ്യാവ് സേവിച്ചിരുന്നു എന്നാണ്. അവൻ ശുശ്രൂഷ തുടങ്ങിയത് ഉസ്സീയാവിന്റെ വാഴ്ചയുടെ അവസാനത്തോടടുത്ത് പൊ.യു.മു. 778-ൽ ആയിരിക്കണം.
5, 6. യെശയ്യാവിന്റെ കുടുംബജീവിതം സംബന്ധിച്ച് എന്തു സത്യമായിരുന്നിരിക്കണം, എന്തുകൊണ്ട്?
5 മറ്റു പല പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തമായി, യെശയ്യാവിന്റെ വ്യക്തിഗത ജീവിതത്തെ കുറിച്ചു നമുക്കു കാര്യമായി ഒന്നും അറിയില്ല. അവൻ വിവാഹിതൻ ആയിരുന്നെന്നും ഭാര്യയെ “പ്രവാചകി” എന്നു പരാമർശിച്ചിരുന്നെന്നും നമുക്കറിയാം. (യെശയ്യാവു 8:3) യെശയ്യാവിന്റെ ദാമ്പത്യജീവിതം “അവന്റെ സേവനത്തോടു പൊരുത്തപ്പെട്ടിരുന്നെന്നു മാത്രമല്ല അതുമായി ഇഴുകിച്ചേർന്നിരുന്നെന്നും” ആ പരാമർശം സൂചിപ്പിക്കുന്നതായി മക്ലിന്റോക്കും സ്ട്രോങ്ങും തയ്യാറാക്കിയ ബൈബിളിനെയും ദൈവശാസ്ത്രത്തെയും പൗരോഹിത്യത്തെയും കുറിച്ചു പ്രതിപാദിക്കുന്ന സാഹിത്യവിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. പുരാതന ഇസ്രായേലിലെ ദൈവഭക്തരായ ചില സ്ത്രീകളുടേതിനു സമാനമായി, യെശയ്യാവിന്റെ ഭാര്യയ്ക്കും ഒരു പ്രവാചകി എന്നനിലയിലുള്ള നിയമനം ഉണ്ടായിരുന്നിരിക്കാം.—ന്യായാധിപന്മാർ 4:4; 2 രാജാക്കന്മാർ 22:14.
6 ഈ പ്രവാചക ദമ്പതികൾക്കു ചുരുങ്ങിയത് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഇരുവർക്കും പ്രാവചനിക അർഥമുള്ള പേരുകളാണ് അവർ നൽകിയത്. ദുഷ്ട രാജാവായ ആഹാസിനെ ദൈവസന്ദേശങ്ങൾ അറിയിക്കാൻ പോയപ്പോൾ യെശയ്യാവിനോടൊപ്പം ആദ്യജാതനായ ശെയാർ-യാശൂബും ഉണ്ടായിരുന്നു. (യെശയ്യാവു 7:3) ഇതിന്റെയെല്ലാം വെളിച്ചത്തിൽ, യെശയ്യാവും ഭാര്യയും മക്കളോടൊപ്പം ദൈവത്തെ ആരാധിച്ചിരുന്നു എന്നതു സ്പഷ്ടമാണ്—ഇന്നത്തെ ഭാര്യാഭർത്താക്കന്മാർക്ക് എത്ര നല്ല മാതൃക!
7. യെശയ്യാവിന്റെ കാലത്ത് യഹൂദയിൽ നിലവിലിരുന്ന അവസ്ഥ വിവരിക്കുക.
7 യഹൂദാ രാജ്യത്തിന്റെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലാണ് യെശയ്യാവും കുടുംബവും ജീവിച്ചിരുന്നത്. ദേശത്ത് അരാജകത്വം നടമാടി, നീതിപാലകർ കോഴ വാങ്ങി ന്യായം മറിച്ചുകളഞ്ഞു, കാപട്യം മതസമുദായത്തിന്റെ ചട്ടക്കൂടിനെ ദുർബലമാക്കി, എല്ലാ മലമുകളിലും ആളുകൾ വ്യാജദേവന്മാർക്കായി ബലിപീഠങ്ങൾ പണിതു, ചില രാജാക്കന്മാർ പോലും വ്യാജാരാധനയ്ക്കു പ്രോത്സാഹനമേകി. ഉദാഹരണത്തിന്, ആഹാസ് രാജാവ് പ്രജകളുടെ ഇടയിൽ വിഗ്രഹാരാധന പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കനാന്യ ദേവനായ മോലേക്കിനുള്ള ബലിയായി സ്വന്തം മകനെ ‘അഗ്നിപ്രവേശം’ നടത്തുക പോലും ചെയ്തു. b (2 രാജാക്കന്മാർ 16:3, 4; 2 ദിനവൃത്താന്തം 28:3, 4) ഇതെല്ലാം സംഭവിച്ചതോ, യഹോവയുമായി ഉടമ്പടി ബന്ധത്തിൽ ആയിരുന്ന ഒരു ജനതയുടെ ഇടയിലും!—പുറപ്പാടു 19:5-8.
8. (എ) ഉസ്സീയാവും യോഥാമും എങ്ങനെയുള്ള മാതൃക വെച്ചു, ജനം അവരുടെ നേതൃത്വം പിൻപറ്റിയോ? (ബി) മത്സരികളായ ജനത്തിന്റെ ഇടയിൽ യെശയ്യാവ് ധീരത കാട്ടിയത് എങ്ങനെ?
8 എന്നാൽ, യെശയ്യാവിന്റെ സമകാലികരിൽ ചിലർ സത്യാരാധന ഉന്നമിപ്പിക്കാൻ ശ്രമിച്ചിരുന്നു. ചില രാജാക്കന്മാരും അവരിൽ ഉൾപ്പെടും. അത്തരമൊരു രാജാവായിരുന്നു ഉസ്സീയാവ് (അസര്യാവ് എന്നും വിളിക്കപ്പെടുന്നു). അവൻ ‘യഹോവയ്ക്കു പ്രസാദമുള്ളതു ചെയ്തെ’ങ്കിലും, അവന്റെ വാഴ്ചക്കാലത്ത് “ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.” (2 രാജാക്കന്മാർ 15:3, 4) ‘യഹോവെക്കു പ്രസാദമുള്ളതു ചെയ്ത’ മറ്റൊരു രാജാവാണ് യോഥാം. എന്നാൽ, അവന്റെ കാലത്തും ‘ജനം വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു.’ (2 ദിനവൃത്താന്തം 27:2) യെശയ്യാവിന്റെ പ്രവാചക ശുശ്രൂഷയുടെ ഏറിയ കാലത്തും യഹൂദയിലെ ജനങ്ങളുടെ ആത്മീയവും ധാർമികവുമായ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ആളുകൾ പൊതുവെ രാജാക്കന്മാരുടെ ക്രിയാത്മക സ്വാധീനം അവഗണിച്ചുകളഞ്ഞു. അങ്ങനെയുള്ള മത്സരികളായ ഒരു ജനത്തെ ദൈവത്തിന്റെ സന്ദേശങ്ങൾ അറിയിക്കുക എന്നത് തീർച്ചയായും ദുഷ്കരമായിരുന്നു. എന്നിരുന്നാലും, “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു യഹോവ ചോദിച്ചപ്പോൾ യെശയ്യാവ് മടിച്ചുനിൽക്കാതെ “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു പ്രതിവചിച്ചു.—യെശയ്യാവു 6:8.
ഒരു രക്ഷാസന്ദേശം
9. യെശയ്യാവ് എന്ന പേരിന്റെ അർഥമെന്ത്, അത് അവന്റെ പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
9 യെശയ്യാവ് എന്ന പേരിന്റെ അർഥം “യഹോവയുടെ രക്ഷ” എന്നാണ്. വ്യക്തമായും, അവന്റെ സന്ദേശത്തിന്റെ വിഷയവും അതുതന്നെയാണെന്നു പറയാം. യെശയ്യാവിന്റെ പ്രവചനങ്ങളിൽ ചിലതു ന്യായവിധിയെ കുറിച്ചുള്ളതാണെന്നതു ശരിതന്നെ. എങ്കിലും, രക്ഷ എന്ന വിഷയം അവയിൽ തെളിഞ്ഞു നിൽക്കുന്നതായി കാണാം. യഹോവ തക്കസമയത്ത് ബാബിലോണിയൻ അടിമത്തത്തിൽനിന്ന് ഇസ്രായേല്യരെ വിടുവിക്കുകയും ഒരു ശേഷിപ്പ് സീയോനിൽ മടങ്ങിയെത്തി ആ ദേശത്തെ അതിന്റെ പൂർവ മഹത്ത്വത്തിലേക്കു പുനഃസ്ഥാപിക്കാൻ അനുവദിക്കുകയും ചെയ്യുമെന്നുള്ള സന്ദേശം യെശയ്യാവ് ആവർത്തിക്കുന്നു. തന്റെ പ്രിയ നഗരമായ യെരൂശലേമിന്റെ പുനഃസ്ഥാപനത്തെ കുറിച്ചുള്ള പ്രവചനങ്ങൾ അറിയിക്കാനും എഴുതിവെക്കാനും ലഭിച്ച പദവി യെശയ്യാവിന് ഏറ്റവും സന്തോഷം കൈവരുത്തി എന്നതിൽ തെല്ലും സംശയമില്ല!
10, 11. (എ) യെശയ്യാ പുസ്തകത്തിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) യെശയ്യാ പുസ്തകം മിശിഹായിലേക്കു ശ്രദ്ധ ക്ഷണിക്കുന്നത് എങ്ങനെ?
10 ന്യായവിധിയുടെയും രക്ഷയുടെയും ഈ സന്ദേശങ്ങൾ നമ്മെ എങ്ങനെ ബാധിക്കുന്നു? രണ്ടു-ഗോത്ര രാജ്യമായ യഹൂദയുടെ മാത്രം പ്രയോജനത്തിനു വേണ്ടിയല്ല യെശയ്യാവ് പ്രവചിക്കുന്നത് എന്നതു സന്തോഷകരമാണ്. അവന്റെ സന്ദേശങ്ങൾക്കു നമ്മുടെ നാളിലും വളരെ പ്രസക്തിയുണ്ട്. ദൈവരാജ്യം മുഖാന്തരം ഭൂമിയിൽ വരാനിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങളുടെ അതീവ ഹൃദ്യമായ ഒരു വാങ്മയ ചിത്രമാണ് യെശയ്യാവ് അവതരിപ്പിക്കുന്നത്. അവൻ എഴുതിയ കാര്യങ്ങളിൽ ഏറെയും ദൈവരാജ്യത്തിന്റെ രാജാവായി ഭരണം നടത്താനിരുന്ന മുൻകൂട്ടി പറയപ്പെട്ട മിശിഹായെ സംബന്ധിച്ചുള്ളതാണ്. (ദാനീയേൽ 9:25; യോഹന്നാൻ 12:41) യേശു, യെശയ്യാവ് എന്നീ പേരുകൾ ഫലത്തിൽ ഒരേ ആശയം തന്നെയാണ് എടുത്തുകാണിക്കുന്നത്. “യഹോവ രക്ഷയാകുന്നു” എന്നാണ് യേശു എന്ന പേരിന്റെ അർഥം.
11 യെശയ്യാവിന്റെ കാലത്തിന് ഏഴു നൂറ്റാണ്ടുകൾക്കു ശേഷമാണ് യേശു ജനിക്കുന്നത്. എങ്കിലും, മിശിഹായെ കുറിച്ച് യെശയ്യാ പുസ്തകത്തിലുള്ള പ്രവചനങ്ങൾ വളരെ വിശദവും കൃത്യതയുള്ളതുമാണ്. അവ വായിച്ചാൽ യേശുവിന്റെ ഭൗമിക ജീവിതത്തെ കുറിച്ചുള്ള ഒരു ദൃക്സാക്ഷി വിവരണം ആണെന്നേ തോന്നൂ. അക്കാരണത്താൽ യെശയ്യാ പുസ്തകത്തെ ചിലപ്പോഴൊക്കെ “അഞ്ചാമത്തെ സുവിശേഷം” എന്നു വിളിക്കാറുള്ളതായി ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടു. മിശിഹാ ആരാണെന്നു വ്യക്തമാക്കാൻ യേശുവും അപ്പൊസ്തലന്മാരും ഏറ്റവുമധികം പരാമർശിച്ച ബൈബിൾ പുസ്തകം യെശയ്യാവ് ആണെന്നതിൽ ഒട്ടും അതിശയിക്കാനില്ല.
12. നാം യെശയ്യാ പുസ്തകം ഉത്സാഹത്തോടെ പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
12 ‘ഒരു രാജാവു നീതിയോടെ വാഴു’കയും പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തുകയും ചെയ്യാനിരിക്കുന്ന ‘പുതിയ ആകാശത്തെയും പുതിയ ഭൂമി’യെയും കുറിച്ചുള്ള മനോജ്ഞമായ ഒരു വർണന യെശയ്യാവു എന്ന ബൈബിൾ പുസ്തകത്തിൽ കാണാം. (യെശയ്യാവു 32:1, 2; 65:17, 18; 2 പത്രൊസ് 3:13) മിശിഹായായ യേശു സിംഹാസനസ്ഥ രാജാവെന്ന നിലയിൽ ഭരിക്കുന്ന ദൈവരാജ്യം വെച്ചുനീട്ടുന്ന ഹൃദയോഷ്മളമായ അനുഗ്രഹങ്ങളിലേക്ക് ആ ബൈബിൾ പുസ്തകം വിരൽചൂണ്ടുന്നു. “[യഹോവയുടെ] രക്ഷ” അടുത്തിരിക്കുന്നു എന്ന ആനന്ദകരമായ പ്രതീക്ഷ നമുക്ക് എത്ര പ്രോത്സാഹനമേകുന്നതാണ്! (യെശയ്യാവു 25:9; 40:28-31) അതിനാൽ, യെശയ്യാവു എന്ന പുസ്തകത്തിൽ അടങ്ങിയിരിക്കുന്ന അമൂല്യ സന്ദേശം നമുക്ക് ഉത്സാഹത്തോടെ പരിശോധിക്കാം. അങ്ങനെ ചെയ്യവെ, ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസം ഏറെ ബലിഷ്ഠമായിത്തീരും. അതോടൊപ്പം, യഹോവ നിശ്ചയമായും രക്ഷയുടെ ദൈവമാണ് എന്ന നമ്മുടെ ബോധ്യവും വർധിക്കും.
[അടിക്കുറിപ്പുകൾ]
a ഉസ്സീയാവിന്റെ വാഴ്ചയുടെ തുടക്കത്തിൽ പ്രവാചകനായി സേവിക്കുകയും സ്വന്തം പേരിൽത്തന്നെ ബൈബിളിലെ ഒരു പുസ്തകം എഴുതുകയും ചെയ്ത ആമോസ് ആണ് യെശയ്യാവിന്റെ പിതാവ് എന്നു ധരിക്കരുത്.
b ‘അഗ്നിപ്രവേശം’ കേവലം ഒരു ശുദ്ധീകരണ ചടങ്ങിനെയാണു സൂചിപ്പിക്കുന്നതെന്നു ചിലർ പറയുന്നു. എങ്കിലും, ഈ സന്ദർഭത്തിൽ പ്രസ്തുത പ്രയോഗം ഒരു അക്ഷരീയ യാഗത്തെ സൂചിപ്പിക്കുന്നതായി തോന്നുന്നു. കനാന്യരും വിശ്വാസത്യാഗികളായ ഇസ്രായേല്യരും ശിശുബലി നടത്തിയിരുന്നു എന്നതിനു യാതൊരു സംശയവും ഇല്ല.—ആവർത്തനപുസ്തകം 12:31; സങ്കീർത്തനം 106:37, 38.
[അധ്യയന ചോദ്യങ്ങൾ]
[7-ാം പേജിലെ ചതുരം/ചിത്രം]
യെശയ്യാവ് ആരായിരുന്നു?
പേരിന്റെ അർഥം: “യഹോവയുടെ രക്ഷ”
കുടുംബ പശ്ചാത്തലം: വിവാഹിതൻ, ചുരുങ്ങിയത് രണ്ടു പുത്രന്മാരുടെ പിതാവ്
സ്വന്തനാട്: യെരൂശലേം
സേവനകാലം: ചുരുങ്ങിയത് 46 വർഷം, പൊ.യു.മു. 778 മുതൽ പൊ.യു.മു. 732 വരെയുള്ള കാലത്തായിരിക്കാനാണു സാധ്യത
യഹൂദയിലെ സമകാലിക രാജാക്കന്മാർ: ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ്
സമകാലിക പ്രവാചകന്മാർ: മീഖാ, ഹോശേയ, ഓദേദ്
[6-ാം പേജിലെ ചിത്രം]
യെശയ്യാവും ഭാര്യയും മക്കളോടൊപ്പം ദൈവത്തെ ആരാധിച്ചു