“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല”
അധ്യായം ഇരുപത്താറ്
“എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല”
1. യെശയ്യാവു 33:24-ലെ വാക്കുകൾ ആശ്വാസപ്രദം ആയിരിക്കുന്നത് എന്തുകൊണ്ട്?
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈററുനോവോടിരിക്കുന്നു” എന്ന് അപ്പൊസ്തലനായ പൗലൊസ് പ്രസ്താവിച്ചു. (റോമർ 8:22) വൈദ്യശാസ്ത്ര രംഗത്ത് വളരെയേറെ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും, രോഗവും മരണവും മാനവരാശിയുടെ സന്തതസഹചാരികളായി തുടരുന്നു. ആ സ്ഥിതിക്ക്, യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗത്തിന്റെ പാരമ്യമായി നൽകിയിരിക്കുന്ന ഈ വാഗ്ദാനം എത്ര അത്ഭുതകരമാണ്! ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറയുകയില്ലാത്ത’ ആ കാലത്തെ കുറിച്ചു ചിന്തിക്കുക. (യെശയ്യാവു 33:24) പ്രസ്തുത പ്രവചനം എപ്പോൾ, എങ്ങനെ നിവൃത്തിയേറും?
2, 3. (എ) ഇസ്രായേൽ ജനത ഏതു വിധത്തിലാണ് ‘ദീനം പിടിച്ച’ അവസ്ഥയിൽ ആയിരിക്കുന്നത്? (ബി) ശിക്ഷണം നൽകുന്നതിനുള്ള ദൈവത്തിന്റെ ‘കോൽ’ ആയി അസീറിയ വർത്തിക്കുന്നത് എങ്ങനെ?
2 ദൈവത്തിന്റെ ഉടമ്പടിജനതയ്ക്ക് ആത്മീയമായി ദീനം ബാധിച്ചിരിക്കുന്ന ഒരു സമയത്താണ് യെശയ്യാവ് തന്റെ പ്രവചനം എഴുതുന്നത്. (യെശയ്യാവു 1:5, 6) ആ ജനത വിശ്വാസത്യാഗത്തിലേക്കും അധാർമികതയിലേക്കും കൂപ്പുകുത്തിയിരിക്കുന്നതിനാൽ യഹോവയാം ദൈവത്തിൽനിന്ന് അവർക്കു കടുത്ത ശിക്ഷണം ആവശ്യമാണ്. ആ ശിക്ഷണം നൽകുന്നതിനുള്ള യഹോവയുടെ ‘കോൽ’ ആയി അസീറിയ വർത്തിക്കുന്നു. (യെശയ്യാവു 7:17; 10:5, 15) ആദ്യം, പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിനെ അസീറിയക്കാർ പൊ.യു.മു. 740-ൽ കീഴടക്കുന്നു. (2 രാജാക്കന്മാർ 17:1-18; 18:9-11) ഏതാനും വർഷങ്ങൾക്കു ശേഷം, അസീറിയൻ രാജാവായ സൻഹേരീബ് തെക്കേ രാജ്യമായ യഹൂദയ്ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടുന്നു. (2 രാജാക്കന്മാർ 18:13; യെശയ്യാവു 36:1) യഹൂദയുടെ മേലുള്ള അസീറിയൻ സൈന്യത്തിന്റെ പ്രസ്തുത ആക്രമണം അതിശക്തമായതിനാൽ, ആ ദേശത്തിന്റെ സമ്പൂർണ നാശം ആസന്നമായിരിക്കുന്നതായി കാണപ്പെടുന്നു.
3 ദൈവജനത്തിനു ശിക്ഷണം നൽകുക എന്നതാണ് അസീറിയയെ കൊണ്ടുള്ള ദൈവോദ്ദേശ്യമെങ്കിലും, അത്യാഗ്രഹത്തോടെ ലോകത്തെ ജയിച്ചടക്കാനാണ് അത് ശ്രമിക്കുന്നത്. (യെശയ്യാവു 10:7-11) തന്റെ ജനത്തോടു മൃഗീയമായി പെരുമാറുമ്പോൾ യഹോവ അവരെ ശിക്ഷിക്കാതെ വെറുതെ വിടുമോ? യഹോവയുടെ ജനത്തിന്റെ ആത്മീയ രോഗം സുഖപ്പെടുമോ? ഈ ചോദ്യങ്ങൾക്കുള്ള യഹോവയുടെ ഉത്തരങ്ങൾ യെശയ്യാവു 33-ാം അധ്യായത്തിൽ നാം കാണുന്നു.
ദ്രോഹി ദ്രോഹിക്കപ്പെടുന്നു
4, 5. (എ) അസീറിയയ്ക്ക് എന്ത് അനർഥം ഭവിക്കും? (ബി) യഹോവയുടെ ജനത്തിനു വേണ്ടി യെശയ്യാവ് എന്താണു പ്രാർഥിക്കുന്നത്?
4 യെശയ്യാവു 33-ാം അധ്യായത്തിലെ പ്രവചനം ഇങ്ങനെ തുടങ്ങുന്നു: “സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.” (യെശയ്യാവു 33:1) ദ്രോഹം പ്രവർത്തിക്കുന്ന അസീറിയയെ യെശയ്യാവ് അഭിസംബോധന ചെയ്യുന്നു. അധികാരത്തിന്റെ നെറുകയിൽ ആയിരിക്കെ ആ നിഷ്ഠുര രാഷ്ട്രം അജയ്യമായി കാണപ്പെടുന്നു. ‘സാഹസം അനുഭവിക്കാതെ അതു സാഹസം ചെയ്തിരിക്കുന്നു.’ അതായത്, അത് യഹൂദാ നഗരങ്ങളെ ആക്രമിക്കുകയും യഹോവയുടെ ആലയത്തിലെ സമ്പത്ത് കവർച്ച ചെയ്ത് കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അതിനു യാതൊരു ശിക്ഷയും ലഭിക്കാതിരിക്കുന്നതായി തോന്നുന്നു! (2 രാജാക്കന്മാർ 18:14-16 2 ദിനവൃത്താന്തം 28:21) എന്നാൽ, ആ അവസ്ഥയ്ക്ക് മാറ്റം വരാൻ പോകുകയാണ്. “നിന്നെയും സാഹസം ചെയ്യും” എന്ന് യെശയ്യാവ് ധീരമായി പ്രഖ്യാപിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തർക്ക് എത്ര ആശ്വാസപ്രദമാണ് ഈ പ്രവചനം!
5 ആ ഭയാനക നാളുകളിൽ, യഹോവയുടെ വിശ്വസ്ത ആരാധകർ സഹായത്തിനായി അവനിലേക്കു തിരിയേണ്ടതുണ്ട്. അതിനാൽ യെശയ്യാവ് ഇങ്ങനെ പ്രാർഥിക്കുന്നു: “യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലേതോറും നീ അവർക്കു [ബലത്തിന്റെയും ആശ്രയത്തിന്റെയും] ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ. കോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേററപ്പോൾ ജാതികൾ ചിതറിപ്പോയി.” (യെശയ്യാവു 33:2, 3) മുൻകാലങ്ങളിൽ യഹോവ പലപ്പോഴും ചെയ്തിട്ടുള്ളതുപോലെ, അവന്റെ ജനത്തെ വിടുവിക്കേണമേയെന്ന് യെശയ്യാവ് പ്രാർഥിക്കുന്നു. (സങ്കീർത്തനം 44:3; 68:1) ഉടൻതന്നെ അതിനുള്ള യഹോവയുടെ ഉത്തരവും യെശയ്യാവ് മുൻകൂട്ടി പറയുന്നു!
6. അസീറിയയ്ക്ക് എന്തു സംഭവിക്കും, അത് തികച്ചും ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
6 “നിങ്ങളുടെ [അസീറിയക്കാരുടെ] കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അതിന്മേൽ ചാടിവീഴും.” (യെശയ്യാവു 33:4) നാശകരമായ വെട്ടുക്കിളി ആക്രമണങ്ങൾ യഹൂദാ നിവാസികൾക്കു സുപരിചിതമാണ്. എന്നാൽ ഇത്തവണ നശിപ്പിക്കപ്പെടുന്നത് യഹൂദയുടെ ശത്രുക്കൾ ആയിരിക്കും. അസീറിയയ്ക്കു കനത്ത പരാജയം സംഭവിക്കും. അതിന്റെ സൈനികർ തങ്ങൾക്കു കിട്ടിയ കൊള്ള ഉപേക്ഷിച്ച് പലായനം ചെയ്യും! ആ കൊള്ള യഹൂദയിലെ നിവാസികൾ ശേഖരിക്കും. ക്രൂരതയ്ക്കു പേരുകേട്ട അസീറിയ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് തികച്ചും ഉചിതമാണ്.—യെശയ്യാവു 37:36.
ആധുനിക അസീറിയ
7. (എ) ആത്മീയ രോഗം ബാധിച്ച ഇസ്രായേൽ ജനതയോട് ഇന്ന് ആരെ ഉപമിക്കാൻ കഴിയും? (ബി) ക്രൈസ്തവലോകത്തെ നശിപ്പിക്കാൻ യഹോവയുടെ ‘കോൽ’ ആയി വർത്തിക്കുന്നത് ആരായിരിക്കും?
7 യെശയ്യാവിന്റെ പ്രവചനം നമ്മുടെ നാളിൽ എങ്ങനെയാണു ബാധകമാകുന്നത്? ആത്മീയ രോഗം ബാധിച്ച ഇസ്രായേൽ ജനതയെ അവിശ്വസ്ത ക്രൈസ്തവലോകത്തോടു താരതമ്യം ചെയ്യാൻ കഴിയും. ഇസ്രായേലിനെ ശിക്ഷിക്കാൻ യഹോവ അസീറിയയെ ഒരു ‘കോൽ’ ആയി ഉപയോഗിച്ചതു പോലെ, ക്രൈസ്തവലോകത്തെയും വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോണി’ന്റെ (NW) ശേഷിക്കുന്ന ഭാഗത്തെയും ശിക്ഷിക്കാൻ അവൻ ഒരു ‘കോൽ’ ഉപയോഗിക്കും. (യെശയ്യാവു 10:5; വെളിപ്പാടു 18:2-8) ആ ‘കോൽ’ ഐക്യരാഷ്ട്രങ്ങളിലെ—വെളിപ്പാടു പുസ്തകത്തിൽ ഈ സംഘടനയെ ഏഴു തലയും പത്തു കൊമ്പുമുള്ള കടുഞ്ചുവപ്പു നിറമുള്ള ഒരു കാട്ടുമൃഗമായി ചിത്രീകരിച്ചിരിക്കുന്നു—അംഗരാജ്യങ്ങൾ ആയിരിക്കും.—വെളിപ്പാടു 17:3, 15-17.
8. (എ) ഇക്കാലത്ത് ആരെ സൻഹേരീബിനോടു താരതമ്യം ചെയ്യാൻ കഴിയും? (ബി) ആധുനികകാല സൻഹേരീബ് ആരെ ആക്രമിക്കാൻ ധൈര്യപ്പെടും, അതിന്റെ അനന്തരഫലം എന്തായിരിക്കും?
8 ആധുനികകാല അസീറിയ മുഴു വ്യാജമത മണ്ഡലത്തെയും നശിപ്പിക്കുമ്പോൾ അതിനെ ആർക്കും തടയാനാവാത്തതു പോലെ തോന്നും. സൻഹേരീബിന്റേതു പോലുള്ള ഒരു മനോഭാവത്തോടെ പിശാചായ സാത്താൻ, ശിക്ഷ അർഹിക്കുന്ന വിശ്വാസത്യാഗം ഭവിച്ച സംഘടനകളെ മാത്രമല്ല സത്യക്രിസ്ത്യാനികളെയും ആക്രമിക്കാൻ ധൈര്യപ്പെടും. മഹാബാബിലോൺ ഭാഗമായിരിക്കുന്ന സാത്താന്റെ ലോകത്തിൽനിന്നു പുറത്തുവന്നിരിക്കുന്ന ദശലക്ഷങ്ങൾ യഹോവയുടെ ആത്മാഭിഷിക്ത പുത്രന്മാരിൽ ശേഷിക്കുന്നവരോടൊപ്പം യഹോവയുടെ രാജ്യത്തിന് അനുകൂലമായ ഒരു നിലപാട് സ്വീകരിക്കുന്നു. സത്യക്രിസ്ത്യാനികൾ “ഈ ലോകത്തിന്റെ ദൈവ”മായ സാത്താനെ ആരാധിക്കുന്നില്ല. (2 കൊരിന്ത്യർ 4:4) അതിൽ കുപിതനായ അവൻ അവർക്കെതിരെ ഉഗ്രമായ ആക്രമണം അഴിച്ചുവിടും. (യെഹെസ്കേൽ 38:10-16) ഈ ആക്രമണം വളരെ ഉഗ്രമായിരിക്കുമെങ്കിലും, യഹോവയുടെ ജനം ഭയന്നുവിറയ്ക്കേണ്ടതില്ല. (യെശയ്യാവു 10:24, 25) താൻ ‘കഷ്ടകാലത്തു രക്ഷ’ ആയിരിക്കുമെന്ന ദൈവത്തിന്റെ ഉറപ്പ് അവർക്കുണ്ട്. സാത്താനും കൂട്ടാളികൾക്കും അനർഥം വരുത്തിക്കൊണ്ട് ദൈവം കാര്യാദികളിൽ ഇടപെടും. (യെഹെസ്കേൽ 38:18-23) പുരാതന കാലങ്ങളിലെപ്പോലെ, ഇന്നും ദൈവജനത്തിനെതിരെ സാഹസം പ്രവർത്തിക്കുന്നവർക്കു സാഹസം അനുഭവിക്കേണ്ടിവരും! (സദൃശവാക്യങ്ങൾ 13:22ബി താരതമ്യം ചെയ്യുക.) യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടും. മാത്രമല്ല, ‘ജ്ഞാനവും പരിജ്ഞാനവും യഹോവാഭക്തിയും’ തേടിയതിനെ പ്രതി അതിജീവകർക്കു പ്രതിഫലം ലഭിക്കുകയും ചെയ്യും.—യെശയ്യാവു 33:5, 6 വായിക്കുക.
വിശ്വാസരഹിതർക്ക് ഒരു മുന്നറിയിപ്പ്
9. (എ) യഹൂദയിലെ “ശൌര്യവാന്മാ”രും “സമാധാനത്തിന്റെ ദൂതന്മാ”രും എന്തു ചെയ്യും? (ബി) സമാധാനം സ്ഥാപിക്കാനുള്ള യഹൂദയുടെ ശ്രമങ്ങളോട് അസീറിയ എങ്ങനെ പ്രതികരിക്കും?
9 എന്നാൽ യഹൂദയിലുള്ള വിശ്വാസരഹിതർക്ക് എന്തു സംഭവിക്കും? അസീറിയ അവരുടെമേൽ വരുത്താൻ പോകുന്ന ആസന്നമായ നാശത്തെ കുറിച്ചാണ് യെശയ്യാവ് തുടർന്നു പറയുന്നത്. (യെശയ്യാവു 33:7 വായിക്കുക.) അസീറിയൻ ആക്രമണത്തെ ഭയന്ന് യഹൂദാ സൈന്യത്തിലെ “ശൌര്യവാന്മാർ” നിലവിളിക്കുന്നു. യുദ്ധപ്രിയരായ അസീറിയക്കാരുടെ അടുത്തേക്ക് അയയ്ക്കപ്പെടുന്ന ‘സമാധാനത്തിന്റെ ദൂതന്മാർക്ക്’ അഥവാ നയതന്ത്രജ്ഞർക്കു പരിഹാസവും അപമാനവും സഹിക്കേണ്ടിവരുന്നു. തങ്ങളുടെ പരാജയത്തെ ചൊല്ലി അവർ അതിദുഃഖത്തോടെ കരയും. (യിരെമ്യാവു 8:15 താരതമ്യം ചെയ്യുക.) ക്രൂരരായ അസീറിയക്കാർക്ക് അവരോടു മനസ്സലിവു തോന്നുകയില്ല. (യെശയ്യാവു 33:8, 9 വായിക്കുക.) യഹൂദയിലെ നിവാസികളുമായി തങ്ങൾ ഉണ്ടാക്കിയ ഉടമ്പടികൾ അസീറിയക്കാർ നിർദയം മറന്നുകളയും. (2 രാജാക്കന്മാർ 18:14-16) അവർ യഹൂദയിലെ ‘പട്ടണങ്ങളെ നിന്ദിച്ച്’ അവയെ വെറുപ്പോടും അവജ്ഞയോടും കൂടെ വീക്ഷിക്കുകയും മനുഷ്യജീവനു യാതൊരു വിലയും കൽപ്പിക്കാതിരിക്കുകയും ചെയ്യും. ആലങ്കാരികമായി പറഞ്ഞാൽ, ദേശം പോലും നിലവിളിക്കുമാറ് അത്ര ശോചനീയമായിരിക്കും അതിലെ അവസ്ഥ. അതിന്റെ ശൂന്യമാക്കലിനെ പ്രതി ലെബാനോനും ശാരോനും ബാശാനും കർമ്മേലും വിലപിക്കും.
10. (എ) ക്രൈസ്തവലോകത്തിലെ ‘ശൗര്യവാന്മാർ’ നിസ്സഹായർ ആണെന്ന് എങ്ങനെ തെളിയും? (ബി) ക്രൈസ്തവലോകത്തിന് കഷ്ടത ഉണ്ടാകുന്ന സമയത്ത് യഥാർഥ ക്രിസ്ത്യാനികളുടെ സംരക്ഷണത്തിന് എത്തുന്നത് ആർ?
10 സമീപ ഭാവിയിൽ രാഷ്ട്രങ്ങൾ മതത്തെ ആക്രമിച്ചുതുടങ്ങുമ്പോൾ സമാനമായ സാഹചര്യങ്ങൾ തീർച്ചയായും ഉടലെടുക്കും. ഹിസ്കീയാവിന്റെ നാളിലെപ്പോലെ, ഈ നാശോന്മുഖ ശക്തികളോടു ചെറുത്തുനിൽക്കുന്നത് യാതൊരു ഫലവും ചെയ്യുകയില്ല. ക്രൈസ്തവലോകത്തിലെ ‘ശൗര്യവാന്മാർക്ക്’—അതിലെ രാഷ്ട്രീയക്കാർക്കും പണമിടപാടുകാർക്കും സ്വാധീനമുള്ള മറ്റുള്ളവർക്കും—അവളെ സഹായിക്കാൻ കഴിയാതാകും. ക്രൈസ്തവലോകത്തിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ ‘ഉടമ്പടികൾ’ അഥവാ കരാറുകൾ ലംഘിക്കപ്പെടും. (യെശയ്യാവു 28:15-18) നയതന്ത്രശ്രമങ്ങളിലൂടെ നാശത്തെ ഒഴിവാക്കാനുള്ള ഉദ്യമങ്ങൾ വിജയിക്കുകയില്ല. ക്രൈസ്തവലോകത്തിന്റെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടുകെട്ടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യുന്നതിനാൽ അതിന്റെ വാണിജ്യ പ്രവർത്തനങ്ങൾ നിലയ്ക്കും. ഇത്രയൊക്കെ ആയിട്ടും ക്രൈസ്തവലോകത്തോടു തുടർന്നും താത്പര്യമുള്ളവർ സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് അതിന്റെ നാശത്തെ ചൊല്ലി വിലപിക്കുന്നതിലധികം ഒന്നും ചെയ്യുകയില്ല. (വെളിപ്പാടു 18:9-19) വ്യാജമതങ്ങളോടു കൂടെ സത്യക്രിസ്ത്യാനിത്വം തുടച്ചുനീക്കപ്പെടുമോ? ഇല്ല. എന്തെന്നാൽ യഹോവതന്നെ ഈ ഉറപ്പു നൽകുന്നു. “ഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നേ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 33:10) ഒടുവിൽ ഹിസ്കീയാവിനെ പോലുള്ള വിശ്വസ്തർക്കു വേണ്ടി യഹോവ ഇടപെടുകയും “അസീറിയൻ” മുന്നേറ്റത്തെ തടയുകയും ചെയ്യും.—സങ്കീർത്തനം 12:5.
11, 12. (എ) യെശയ്യാവു 33:11-14-ലെ വാക്കുകൾ എപ്പോൾ, എങ്ങനെ നിവൃത്തിയേറുന്നു? (ബി) യഹോവയുടെ വാക്കുകൾ നമ്മുടെ നാളിലേക്ക് എന്തു മുന്നറിയിപ്പു നൽകുന്നു?
11 അവിശ്വസ്തരായ ആളുകൾക്ക് അത്തരം സംരക്ഷണം ലഭിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും. വംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും. ദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾപ്പിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിപ്പിൻ. സീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?” (യെശയ്യാവു 33:11-14) ഈ വാക്കുകൾ നിവൃത്തിയേറുന്നത് യഹൂദയെ ഒരു പുതിയ ശത്രു, അതായത് ബാബിലോൺ, ആക്രമിക്കുന്ന സമയത്ത് ആയിരിക്കുമെന്നു വ്യക്തമാണ്. ഹിസ്കീയാവിന്റെ മരണശേഷം, യഹൂദ ദുഷ്ടവഴികളിലേക്കു മടങ്ങുന്നു. തുടർന്നുവരുന്ന ഏതാനും പതിറ്റാണ്ടുകളിൽ, മുഴു ജനതയും ദൈവത്തിന്റെ കോപാഗ്നിക്ക് ഇരയാകുമാറ് യഹൂദയിലെ അവസ്ഥകൾ അത്ര വഷളാകുന്നു.—ആവർത്തനപുസ്തകം 32:22.
12 ദൈവത്തിന്റെ ന്യായവിധിയെ ഒഴിവാക്കാനുള്ള അനുസരണം കെട്ടവരുടെ ആസൂത്രണങ്ങളും പദ്ധതികളും വ്യർഥമെന്ന്, വെറും താളടിയെന്ന് തെളിയുന്നു. വാസ്തവത്തിൽ, ജനങ്ങളുടെ അഹങ്കാരവും മത്സരാത്മക മനോഭാവവും ആ ജനതയുടെ നാശത്തിലേക്കു നയിക്കുന്ന സംഭവങ്ങൾക്കു തിരികൊളുത്തും. (യിരെമ്യാവു 52:3-11) ദുഷ്ടന്മാർ, “കുമ്മായം ചുടുന്നതുപോലെ ആകും,” അതായത് അവർ പാടേ നശിച്ചുപോകും! ഈ ആസന്ന നാശത്തെ കുറിച്ചു ചിന്തിക്കവെ, മത്സരികളായ യഹൂദാ നിവാസികൾ ചകിതരാകുന്നു. അവിശ്വസ്ത യഹൂദയോടുള്ള യഹോവയുടെ വാക്കുകൾ ക്രൈസ്തവലോകത്തിലെ അംഗങ്ങളുടെ ഇന്നത്തെ അവസ്ഥയെ എടുത്തുകാട്ടുന്നു. ദൈവത്തിന്റെ മുന്നറിയിപ്പിന് ചെവി കൊടുക്കാത്തപക്ഷം അവരുടെ ഭാവി ഇരുളടഞ്ഞത് ആയിരിക്കും.
‘നീതിനിഷ്ഠരായി നടക്കുന്നു’
13. ‘നീതിയിൽ നടക്കുന്നവന്’ എന്തു വാഗ്ദാനം ലഭിക്കുന്നു, യിരെമ്യാവിന്റെ കാര്യത്തിൽ അതിനു നിവൃത്തി ഉണ്ടാകുന്നത് എങ്ങനെ?
13 എന്നാൽ അവരിൽനിന്നു വ്യത്യസ്തനായ ഒരുവനെ കുറിച്ച് യഹോവ അടുത്തതായി പറയുന്നു: “നീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞുകളകയും രക്തപാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ; ഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും; അവന്നു വെള്ളം മുട്ടിപ്പോകയുമില്ല.” (യെശയ്യാവു 33:15, 16) പത്രൊസ് അപ്പൊസ്തലൻ പിൽക്കാലത്ത് പറയുന്നതുപോലെ, “കർത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ . . . ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.” (2 പത്രൊസ് 2:9, 10) അത്തരം വിടുതൽ അനുഭവിച്ച ഒരു വ്യക്തിയാണ് യിരെമ്യാവ്. ബാബിലോണിയൻ പ്രവാസകാലത്ത് ആളുകൾക്ക് ‘തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നേ’ണ്ടിവന്നു. (യെഹെസ്കേൽ 4:17) ചില സ്ത്രീകൾ സ്വന്തം കുട്ടികളുടെ മാംസം പോലും ഭക്ഷിച്ചു. (വിലാപങ്ങൾ 2:20) അത്തരമൊരു സ്ഥിതിവിശേഷത്തിലും യിരെമ്യാവ് സുരക്ഷിതനാണെന്ന് യഹോവ ഉറപ്പുവരുത്തി.
14. ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ ‘നീതിനിഷ്ഠരായി നടക്കാൻ’ കഴിയും?
14 സമാനമായി ഇന്നു ക്രിസ്ത്യാനികൾ അനുദിനം യഹോവയുടെ നിലവാരങ്ങൾ പാലിച്ചുകൊണ്ട് ‘നീതിനിഷ്ഠരായി നടക്കേ’ണ്ടതുണ്ട്. (സങ്കീർത്തനം 15:1-5) അവർ ‘നേരു പറയുക’യും ഭോഷ്കും അസത്യവും ഒഴിവാക്കുകയും വേണം. (സദൃശവാക്യങ്ങൾ 3:32) പല ദേശങ്ങളിലും ഇന്നു വഞ്ചനയും കൈക്കൂലിയും സാധാരണമായിരുന്നേക്കാം. അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ ‘നീതിനിഷ്ഠരായി നടക്കുന്ന’വരോട് അവജ്ഞയോടെ പെരുമാറുന്നു. ബിസിനസ് ഇടപാടുകളിൽ ക്രിസ്ത്യാനികൾ “നല്ല മനസ്സാക്ഷി” കാത്തുസൂക്ഷിക്കുകയും വഞ്ചനയും കള്ളത്തരവും ഒഴിവാക്കുകയും വേണം. (എബ്രായർ 13:18; 1 തിമൊഥെയൊസ് 6:9, 10) ‘രക്തപാതകത്തെക്കുറിച്ചു കേൾക്കാതിരിക്കാൻ ചെവി പൊത്തുകയും ദോഷം കാണാതിരിക്കാൻ കണ്ണു അടെച്ചുകളകയും’ ചെയ്തിരിക്കുന്നവൻ സംഗീതവും വിനോദവും തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ശ്രദ്ധാലു ആയിരിക്കും. (സങ്കീർത്തനം 119:37) യഹോവയുടെ അത്തരം നിലവാരങ്ങളനുസരിച്ചു ജീവിക്കുന്നവരെ അവൻ ന്യായവിധി ദിവസത്തിൽ കാത്തുപരിപാലിക്കും.—സെഫന്യാവു 2:3.
തങ്ങളുടെ രാജാവിനെ കാണുന്നു
15. വിശ്വസ്ത യഹൂദാ പ്രവാസികൾക്ക് ആശ്വാസം പകരുന്നത് ഏതു വാഗ്ദാനമാണ്?
15 യെശയ്യാവ് തുടർന്ന് ശോഭനമായ ഒരു ഭാവിയെ കുറിച്ചു പറയുന്നു: “നിന്റെ കണ്ണു രാജാവിനെ അവന്റെ സൌന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും. പണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും. നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.” (യെശയ്യാവു 33:17-19) മിശിഹൈക രാജാവിനെയും അവന്റെ രാജ്യത്തെയും കുറിച്ചുള്ള വാഗ്ദാനം വിദൂര ഭാവിയിൽ നിവൃത്തിയേറാനിരുന്ന ഒന്നാണെങ്കിലും പതിറ്റാണ്ടുകൾ നീളുന്ന ബാബിലോണിയൻ പ്രവാസകാലത്ത് വിശ്വസ്തരായ യഹൂദന്മാർക്ക് അത് ആശ്വാസം പകരും. (എബ്രായർ 11:13) മിശിഹൈക ഭരണം ഒടുവിൽ ഒരു യാഥാർഥ്യം ആയിത്തീരുമ്പോൾ ബാബിലോണിയൻ നിഷ്ഠുര ഭരണത്തെ കുറിച്ച് ആരും ഓർക്കുകപോലുമില്ല. അസീറിയൻ ആക്രമണത്തെ അതിജീവിക്കുന്നവർ സന്തോഷത്തോടെ ഇങ്ങനെ ചോദിക്കും: “ഞങ്ങളുടെമേൽ നികുതി ചുമത്തിയ, ഞങ്ങളെ ഭാരപ്പെടുത്തിയ, ഞങ്ങളിൽനിന്നു കപ്പം വാങ്ങിയ ഏകാധിപതിയുടെ ഉദ്യോഗസ്ഥർ എവിടെ?”—യെശയ്യാവു 33:18, മോഫറ്റ്.
16. എപ്പോൾ മുതലാണ് ദൈവജനത്തിനു മിശിഹൈക രാജാവിനെ ‘ദർശിക്കാൻ’ കഴിഞ്ഞിട്ടുള്ളത്, അതിന്റെ ഫലമെന്ത്?
16 ബാബിലോണിയൻ പ്രവാസത്തിൽ നിന്നുള്ള വിടുതലിനെ കുറിച്ച് യെശയ്യാവിന്റെ വാക്കുകൾ ഉറപ്പു നൽകുന്നുണ്ടെങ്കിലും, ഈ പ്രവചന ഭാഗത്തിന്റെ പൂർണമായ നിവൃത്തി ആസ്വദിക്കാൻ യഹൂദാ പ്രവാസികൾ പുനരുത്ഥാനത്തിനു വേണ്ടി കാത്തിരിക്കേണ്ടതുണ്ട്. ഇന്നത്തെ ദൈവദാസന്മാരുടെ കാര്യമോ? 1914 മുതൽ മിശിഹൈക രാജാവായ യേശുക്രിസ്തുവിനെ അവന്റെ മുഴു ആത്മീയ സൗന്ദര്യത്തോടും കൂടെ ‘ദർശിക്കാൻ,’ അതായത് വിവേചിച്ചറിയാൻ, യഹോവയുടെ ജനത്തിനു കഴിഞ്ഞിട്ടുണ്ട്. (സങ്കീർത്തനം 45:2; 118:22-26) തത്ഫലമായി, മർദനത്തിൽനിന്നും സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ നിയന്ത്രണത്തിൽനിന്നും ഉള്ള വിടുതൽ അനുഭവിക്കാൻ അവർക്കു കഴിഞ്ഞിരിക്കുന്നു. ദൈവരാജ്യത്തിന്റെ ഇരിപ്പിടമായ സ്വർഗീയ സീയോനു കീഴിൽ അവർ യഥാർഥമായ ആത്മീയ സുരക്ഷിതത്വം ആസ്വദിക്കുന്നു.
17. (എ) സീയോനെ കുറിച്ചുള്ള വാഗ്ദാനങ്ങൾ എന്തെല്ലാം? (ബി) സീയോനെ സംബന്ധിച്ച യഹോവയുടെ വാഗ്ദാനങ്ങൾ മിശിഹൈക രാജ്യത്തിലും ഭൂമിയിൽ അതിനെ പിന്താങ്ങുന്നവരിലും നിവൃത്തിയേറുന്നത് എങ്ങനെ?
17 യെശയ്യാവ് തുടരുന്നു: “നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുററി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും. അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതിൽ നടക്കയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോകയുമില്ല.” (യെശയ്യാവു 33:20, 21) ദൈവത്തിന്റെ മിശിഹൈക രാജ്യത്തെ ആർക്കും പറിച്ചുമാറ്റാനോ നശിപ്പിക്കാനോ സാധിക്കുകയില്ല എന്ന് യെശയ്യാവ് നമുക്ക് ഉറപ്പു നൽകുന്നു. മാത്രമല്ല, ഇന്നു ഭൂമിയിൽ ആ രാജ്യത്തെ പിന്താങ്ങുന്ന വിശ്വസ്തരായ സകലർക്കും വ്യക്തമായും ആ സംരക്ഷണം വെച്ചുനീട്ടപ്പെടുന്നുണ്ട്. പലരും വ്യക്തിപരമായി കടുത്ത പരിശോധനകൾക്കു വിധേയരാകുമെങ്കിലും, ഒരു സഭ എന്ന നിലയിൽ അവരെ നശിപ്പിക്കാനുള്ള യാതൊരു ശ്രമവും വിജയിക്കുകയില്ല എന്ന് ദൈവരാജ്യത്തിന്റെ പ്രജകൾക്ക് ഉറപ്പു ലഭിച്ചിരിക്കുന്നു. (യെശയ്യാവു 54:17) ചുറ്റുമുള്ള ജലകിടങ്ങോ കനാലോ ഒരു നഗരത്തെ സംരക്ഷിക്കുന്നതുപോലെ, യഹോവ തന്റെ ജനത്തെ സംരക്ഷിക്കും. അവർക്കെതിരെ വരുന്ന ഏതൊരു ശത്രുവും—‘തണ്ടുവെച്ച പടകോ’ ‘പ്രതാപമുള്ള കപ്പലോ’ പോലെ ശക്തമായവ പോലും—നശിപ്പിക്കപ്പെടും!
18. യഹോവ ഏതു ചുമതല ഏറ്റെടുക്കുന്നു?
18 എന്നിരുന്നാലും, ദിവ്യ സംരക്ഷണം സംബന്ധിച്ച് ദൈവരാജ്യ സ്നേഹികൾക്ക് എന്തുകൊണ്ട് ഉറപ്പുണ്ടായിരിക്കാൻ കഴിയും? യെശയ്യാവ് വിശദീകരിക്കുന്നു: “യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും.” (യെശയ്യാവു 33:22) തന്റെ അഖിലാണ്ഡ പരമാധികാരത്തെ അംഗീകരിക്കുന്ന ജനത്തെ സംരക്ഷിക്കാനും വഴിനടത്താനുമുള്ള ചുമതല യഹോവ ഏറ്റെടുക്കുന്നു. നിയമങ്ങൾ ഉണ്ടാക്കാൻ മാത്രമല്ല അവ നടപ്പാക്കാനുമുള്ള അധികാരം യഹോവയ്ക്ക് ഉണ്ടെന്നു തിരിച്ചറിഞ്ഞുകൊണ്ട് മിശിഹൈക രാജാവ് മുഖാന്തരമുള്ള അവന്റെ ഭരണത്തിന് അവർ മനസ്സോടെ കീഴ്പെടുന്നു. എന്നിരുന്നാലും, യഹോവ നീതിയെയും ന്യായത്തെയും സ്നേഹിക്കുന്നവൻ ആകയാൽ പുത്രൻ മുഖാന്തരമുള്ള അവന്റെ ഭരണത്തിനു കീഴ്പെടുന്നത് അവന്റെ ആരാധകർക്ക് ഒരു ഭാരമായിരിക്കുന്നില്ല. പകരം, ആ ഭരണത്തിനു കീഴ്പെടുന്നത് അവർക്കു “ശുഭകരമായി”ത്തീരുന്നു. (യെശയ്യാവു 48:17) യഹോവ തന്റെ വിശ്വസ്തരെ ഒരിക്കലും ഉപേക്ഷിക്കുകയില്ല.—സങ്കീർത്തനം 37:28, NW.
19. യഹോവയുടെ വിശ്വസ്ത ജനത്തോടു പോരാടുന്നവരുടെ പരാജയത്തെ യെശയ്യാവ് വർണിക്കുന്നത് എങ്ങനെ?
19 യഹോവയുടെ വിശ്വസ്ത ജനത്തിന്റെ ശത്രുക്കളോട് യെശയ്യാവ് ഇങ്ങനെ പറയുന്നു: “നിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചുപറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.” (യെശയ്യാവു 33:23) കയറുകൾ അയഞ്ഞ, പായ്മരം ഇളകുന്ന, പായ്കൾ ഇല്ലാത്ത ഒരു യുദ്ധക്കപ്പൽ പോലെ, യഹോവയോടു പോരാടുന്ന ഏതൊരു ശത്രുവും നിസ്സഹായനും ഒന്നും ചെയ്യാൻ കഴിവില്ലാത്തവനും ആയിരിക്കും. ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നതിന്റെ ഫലമായി ധാരാളം കൊള്ള ഉണ്ടായിരിക്കും. തത്ഫലമായി, വൈകല്യമുള്ളവർ പോലും കൊള്ളയിൽ പങ്കുപറ്റും. വരാൻ പോകുന്ന “മഹോപദ്രവ”ത്തിൽ, രാജാവായ യേശുക്രിസ്തു മുഖാന്തരം യഹോവ ശത്രുക്കളുടെമേൽ ജയം നേടുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—വെളിപ്പാടു 7:14.
സൗഖ്യമാക്കൽ
20. ദൈവജനത്തിന് എങ്ങനെയുള്ള സൗഖ്യമാകൽ ഉണ്ടാകും, എപ്പോൾ?
20 ഹൃദയോഷ്മളമായ ഒരു വാഗ്ദാനത്തോടെയാണ് യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം അവസാനിക്കുന്നത്: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.” (യെശയ്യാവു 33:24) യെശയ്യാവ് ഇവിടെ പറയുന്നത് പ്രധാനമായും ആത്മീയ രോഗത്തെ കുറിച്ചാണ്. കാരണം, അതു പാപത്തോട് അഥവാ “അകൃത്യ”ത്തോടു ബന്ധപ്പെട്ടിരിക്കുന്നതായി ശ്രദ്ധിക്കുക. ഈ വാക്കുകളുടെ ആദ്യ നിവൃത്തി എന്ന നിലയിൽ, ദൈവജനത ബാബിലോണിയൻ പ്രവാസത്തിൽനിന്നു വിടുവിക്കപ്പെട്ടശേഷം ആത്മീയമായി സുഖം പ്രാപിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 35:5, 6; യിരെമ്യാവു 33:6; സങ്കീർത്തനം 103:1-5 താരതമ്യം ചെയ്യുക.) തങ്ങളുടെ മുൻ പാപങ്ങൾക്കു ക്ഷമ ലഭിച്ചു മടങ്ങിവരുന്ന യഹൂദന്മാർ യെരൂശലേമിൽ നിർമലാരാധന പുനഃസ്ഥാപിക്കും.
21. ഇന്ന് യഹോവയുടെ ആരാധകർ ഏതു വിധങ്ങളിലാണ് ആത്മീയ രോഗശാന്തി അനുഭവിക്കുന്നത്?
21 എന്നിരുന്നാലും, യെശയ്യാവിന്റെ പ്രവചനത്തിന് ഒരു ആധുനിക നിവൃത്തിയുണ്ട്. ഇന്നത്തെ യഹോവയുടെ ജനവും ആത്മീയരോഗശാന്തി പ്രാപിച്ചിരിക്കുന്നു. ആത്മാവിന്റെ അമർത്യത, ത്രിത്വം, നരകാഗ്നി എന്നിങ്ങനെയുള്ള വ്യാജ പഠിപ്പിക്കലുകളിൽനിന്ന് അവർ മോചിക്കപ്പെട്ടിരിക്കുന്നു. അവർക്കു ധാർമിക മാർഗനിർദേശം ലഭിക്കുന്നു. അതിന്റെ ഫലമായി അധാർമിക നടപടികളിൽ ഏർപ്പെടാതിരിക്കാൻ അവർക്കു സാധിക്കുന്നു. മാത്രമല്ല, നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ അവർക്കു സഹായം ലഭിക്കുകയും ചെയ്യുന്നു. യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ ഫലമായി അവർക്ക് ദൈവമുമ്പാകെ ശുദ്ധമായ ഒരു നിലയും നല്ല മനസ്സാക്ഷിയും ഉണ്ട്. (കൊലൊസ്സ്യർ 1:13, 14; 1 പത്രൊസ് 2:24; 1 യോഹന്നാൻ 4:10) ഈ ആത്മീയ രോഗശാന്തിക്കു ശാരീരിക പ്രയോജനങ്ങളും ഉണ്ട്. ഉദാഹരണത്തിന്, അധാർമികത ഒഴിവാക്കുകയും പുകയില ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ഫലമായി ലൈംഗിക രോഗങ്ങളിൽനിന്നും ചിലതരം കാൻസറുകളിൽനിന്നും ക്രിസ്ത്യാനികൾക്കു സംരക്ഷണം ലഭിക്കുന്നു.—1 കൊരിന്ത്യർ 6:18; 2 കൊരിന്ത്യർ 7:1.
22, 23. (എ) ഭാവിയിൽ യെശയ്യാവു 33:24-ന് എന്തു മഹത്തായ നിവൃത്തി ഉണ്ടാകും? (ബി) ഇന്നത്തെ സത്യാരാധകർ എന്തു ദൃഢനിശ്ചയമാണു ചെയ്യുന്നത്?
22 എങ്കിലും, യെശയ്യാവു 33:24-ലെ വാക്കുകൾക്ക് അർമഗെദോനു ശേഷം, ദൈവത്തിന്റെ പുതിയ ലോകത്തിൽ മഹത്തായ ഒരു നിവൃത്തി ഉണ്ടായിരിക്കും. മിശിഹൈക രാജ്യഭരണത്തിൻ കീഴിൽ, മനുഷ്യർ ആത്മീയ രോഗശാന്തിയോടൊപ്പം വലിയ അളവിലുള്ള ശാരീരിക രോഗശാന്തിയും അനുഭവിക്കും. (വെളിപ്പാടു 21:3-5എ) സാത്താന്റെ വ്യവസ്ഥിതിയുടെ നാശത്തിനുശേഷം പെട്ടെന്നുതന്നെ, യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്തതു പോലുള്ള അത്ഭുതങ്ങൾ ഗോളവ്യാപകമായി നടക്കുമെന്നതിൽ സംശയമില്ല. അന്ധർ കാണും, ബധിരർ കേൾക്കും, മുടന്തർ നടക്കും! (യെശയ്യാവു 35:5, 6) അത്തരം അനുഗ്രഹങ്ങളുടെ ഫലമായി, മഹോപദ്രവത്തെ അതിജീവിക്കുന്ന എല്ലാവർക്കും ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുന്ന മഹത്തായ വേലയിൽ പങ്കുപറ്റാനാകും.
23 പിന്നീട് പുനരുത്ഥാനം നടക്കുമ്പോൾ, ജീവനിലേക്കു വരുന്നവർക്ക് തീർച്ചയായും നല്ല ആരോഗ്യം ഉണ്ടായിരിക്കും. എന്നാൽ, മറുവിലയാഗത്തിന്റെ മൂല്യം കൂടുതലായി ബാധകമാക്കപ്പെടവെ വർധിച്ച പ്രയോജനങ്ങൾ അവർ തുടർന്നും ആസ്വദിക്കും. ഒടുവിൽ മനുഷ്യവർഗം പൂർണത കൈവരിക്കും. അങ്ങനെ നീതിമാന്മാർ പൂർണമായ അർഥത്തിൽ ‘ജീവനിലേക്കു വരും.’ (വെളിപ്പാടു 20:5, 6) അപ്പോൾ ആത്മീയവും ശാരീരികവുമായ അർഥത്തിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” എത്ര മഹത്തായ വാഗ്ദാനം! അതിന്റെ നിവൃത്തി കാണുന്നവരോടൊപ്പം ആയിരിക്കാൻ ഇന്നത്തെ സത്യാരാധകർ എല്ലാവരും ദൃഢനിശ്ചയം ചെയ്യട്ടെ!
[അധ്യയന ചോദ്യങ്ങൾ]
[344-ാം പേജിലെ ചിത്രം]
യെശയ്യാവ് യഹോവയോട് ഉറച്ച വിശ്വാസത്തോടെ പ്രാർഥിക്കുന്നു
[353-ാം പേജിലെ ചിത്രങ്ങൾ]
മറുവിലയാഗം നിമിത്തം യഹോവയുടെ ജനത്തിന് അവന്റെ മുമ്പാകെ ശുദ്ധമായ ഒരു നിലയുണ്ട്
[354-ാം പേജിലെ ചിത്രം]
പുതിയ ലോകത്തിൽ ആളുകൾ വലിയ അളവിലുള്ള ശാരീരിക രോഗശാന്തി അനുഭവിക്കും