വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’

‘എന്റെ ജനത്തെ ആശ്വസിപ്പിക്കുവിൻ’

അധ്യായം മുപ്പത്‌

‘എന്റെ ജനത്തെ ആശ്വസി​പ്പി​ക്കു​വിൻ’

യെശയ്യാവു 40:1-31

1. യഹോവ നമ്മെ ആശ്വസി​പ്പി​ക്കുന്ന ഒരു വിധം ഏത്‌?

 ‘ആശ്വാസം നൽകുന്ന ദൈവ’മാണ്‌ യഹോവ. അവൻ നമ്മെ ആശ്വസി​പ്പി​ക്കുന്ന ഒരു വിധം അവന്റെ വചനത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വാഗ്‌ദാ​ന​ങ്ങ​ളി​ലൂ​ടെ ആണ്‌. (റോമർ 15:5, 6) ഉദാഹ​ര​ണ​ത്തിന്‌, നിങ്ങളു​ടെ പ്രിയ​പ്പെട്ട ഒരാൾ മരണത്തിൽ വേർപി​രി​യു​മ്പോൾ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ ആ വ്യക്തി പുനരു​ത്ഥാ​നം പ്രാപി​ക്കു​മെന്ന പ്രത്യാ​ശ​യെ​ക്കാൾ ആശ്വാസം പകരു​ന്ന​താ​യി എന്തുണ്ട്‌? (യോഹ​ന്നാൻ 5:28, 29) പെട്ടെ​ന്നു​തന്നെ ദുഷ്‌ട​ത​യ്‌ക്ക്‌ അറുതി വരുത്തു​ക​യും ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാറ്റു​ക​യും ചെയ്യു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​നം സംബന്ധി​ച്ചോ? ആസന്നമായ ആ പറുദീ​സ​യി​ലേക്ക്‌ അതിജീ​വി​ക്കാ​നും ഒരിക്ക​ലും മരിക്കാ​തെ ജീവി​ക്കാ​നും കഴിയു​മെന്ന പ്രത്യാശ ഉണ്ടായി​രി​ക്കു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മല്ലേ?—സങ്കീർത്തനം 37:9-11, 29; വെളി​പ്പാ​ടു 21:3-5.

2. ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ നമുക്ക്‌ ആശ്രയി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

2 ദൈവത്തിന്റെ വാഗ്‌ദാ​ന​ങ്ങ​ളിൽ നമുക്ക്‌ യഥാർഥ​ത്തിൽ ആശ്രയി​ക്കാൻ കഴിയു​മോ? തീർച്ച​യാ​യും! ആ വാഗ്‌ദാ​നങ്ങൾ നൽകുന്ന ദൈവം തികച്ചും ആശ്രയ​യോ​ഗ്യ​നാണ്‌. പറയുന്ന കാര്യങ്ങൾ നിവർത്തി​ക്കാ​നുള്ള പ്രാപ്‌തി​യും മനസ്സൊ​രു​ക്ക​വും അവനുണ്ട്‌. (യെശയ്യാ​വു 55:10, 11) യെരൂ​ശ​ലേ​മിൽ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​മെന്ന്‌ യെശയ്യാ പ്രവാ​ചകൻ മുഖാ​ന്തരം യഹോവ നടത്തിയ പ്രസ്‌താ​വ​ന​യിൽ അക്കാര്യം വളരെ വ്യക്തമാ​യി പ്രകട​മാ​ക്ക​പ്പെട്ടു. യെശയ്യാ​വു 40-ാം അധ്യാ​യ​ത്തിൽ കാണുന്ന ആ പ്രവചനം നമുക്കി​പ്പോൾ പരി​ശോ​ധി​ക്കാം. അങ്ങനെ ചെയ്യു​ന്നത്‌ വാഗ്‌ദാ​ന​ങ്ങളെ നിവർത്തി​ക്കു​ന്ന​വ​നായ യഹോ​വ​യി​ലുള്ള നമ്മുടെ വിശ്വാ​സത്തെ ബലപ്പെ​ടു​ത്തും.

ആശ്വാ​സ​പ്ര​ദ​മായ ഒരു വാഗ്‌ദാ​നം

3, 4. (എ) പിൽക്കാ​ലത്ത്‌ ദൈവ​ജ​ന​ത്തിന്‌ ആവശ്യ​മാ​യി​വ​രുന്ന ഏത്‌ ആശ്വാസ വചനങ്ങൾ യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തു​ന്നു? (ബി) യഹൂദ​യി​ലെ​യും യെരൂ​ശ​ലേ​മി​ലെ​യും നിവാ​സി​കൾ ബാബി​ലോ​ണിൽ പ്രവാ​സി​കൾ ആയിത്തീ​രു​ന്നത്‌ എന്തു​കൊണ്ട്‌, അവിടത്തെ അവരുടെ ദാസ്യ​വേല എത്ര കാലം നീണ്ടു​നിൽക്കും?

3 പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടിൽ, യഹോ​വ​യു​ടെ ജനത്തിന്‌ പിൽക്കാ​ലത്ത്‌ ആവശ്യ​മാ​യി വരുമാ​യി​രുന്ന ആശ്വാ​സ​വ​ച​നങ്ങൾ യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തു​ന്നു. യെരൂ​ശ​ലേ​മി​ന്റെ ആസന്ന നാശ​ത്തെ​യും യഹൂദ​ന്മാ​രെ പ്രവാ​സി​ക​ളാ​യി ബാബി​ലോ​ണി​ലേക്കു പിടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​നെ​യും കുറിച്ച്‌ ഹിസ്‌കീ​യാ​വി​നോ​ടു പറഞ്ഞ ഉടനെ​തന്നെ പുനഃ​സ്ഥി​തീ​ക​രണം വാഗ്‌ദാ​നം ചെയ്യുന്ന യഹോ​വ​യു​ടെ വാക്കുകൾ യെശയ്യാവ്‌ അറിയി​ക്കു​ന്നു: “എന്റെ ജനത്തെ ആശ്വസി​പ്പി​പ്പിൻ, ആശ്വസി​പ്പി​പ്പിൻ എന്നു നിങ്ങളു​ടെ ദൈവം അരുളി​ച്ചെ​യ്യു​ന്നു. യെരൂ​ശ​ലേ​മി​നോ​ടു ആദര​വോ​ടെ സംസാ​രി​ച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചി​ക്ക​പ്പെ​ട്ടും അവൾ തന്റെ സകലപാ​പ​ങ്ങൾക്കും പകരം യഹോ​വ​യു​ടെ കയ്യിൽനി​ന്നു ഇരട്ടി​യാ​യി പ്രാപി​ച്ചു​മി​രി​ക്കു​ന്നു.”—യെശയ്യാ​വു 40:1, 2.

4 40-ാം അധ്യാ​യ​ത്തി​ന്റെ തുടക്ക​ത്തിൽ കാണുന്ന “ആശ്വസി​പ്പി​പ്പിൻ” എന്ന പദം യെശയ്യാ പ്രവച​ന​ത്തി​ന്റെ ശേഷി​ക്കുന്ന ഭാഗത്ത്‌ അടങ്ങി​യി​രി​ക്കുന്ന വെളി​ച്ച​ത്തി​ന്റെ​യും പ്രത്യാ​ശ​യു​ടെ​യും സന്ദേശ​ത്തിന്‌ അടിവ​ര​യി​ടു​ന്നു. വിശ്വാ​സ​ത്യാ​ഗം മൂലം യെരൂ​ശ​ലേ​മി​ലും യഹൂദ​യു​ടെ മറ്റു ഭാഗങ്ങ​ളി​ലു​മുള്ള നിവാ​സി​കൾ പൊ.യു.മു. 607-ൽ ബാബി​ലോ​ണിൽ പ്രവാ​സി​കൾ ആയിത്തീ​രും. എന്നാൽ, ആ യഹൂദാ പ്രവാ​സി​കൾ ബാബി​ലോ​ണി​യരെ എക്കാല​വും സേവി​ക്കു​ക​യില്ല. മറിച്ച്‌, അവരുടെ അകൃത്യം “മോചിക്ക”പ്പെടു​ന്നതു വരെ മാത്ര​മാ​യി​രി​ക്കും ആ ദാസ്യ​വേല. അത്‌ എത്രകാ​ലം ആയിരി​ക്കും? യിരെ​മ്യാ പ്രവാ​ചകൻ പറയു​ന്ന​ത​നു​സ​രിച്ച്‌ 70 വർഷക്കാ​ലം. (യിരെ​മ്യാ​വു 25:11, 12) അതിനു​ശേഷം, അനുതാ​പ​മുള്ള ഒരു ശേഷി​പ്പി​നെ യഹോവ ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേക്കു മടക്കി​വ​രു​ത്തും. യഹൂദ​യു​ടെ ശൂന്യ​മാ​ക്ക​ലി​ന്റെ 70-ാം വർഷത്തിൽ വാഗ്‌ദത്ത വിടു​ത​ലി​നുള്ള സമയമാ​യി​രി​ക്കു​ന്നു എന്നറി​യു​മ്പോൾ പ്രവാ​സി​കൾക്ക്‌ എന്തൊ​രാ​ശ്വാ​സം ആയിരി​ക്കും തോന്നുക!—ദാനീ​യേൽ 9:1, 2.

5, 6. (എ) ബാബി​ലോ​ണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേ​ക്കുള്ള ദീർഘ​യാ​ത്ര ദൈവ​ത്തി​ന്റെ വാഗ്‌ദാന നിവൃ​ത്തി​ക്കു വിഘാ​ത​മാ​യി​രി​ക്കു​ക​യി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) യഹൂദ​ന്മാർ സ്വദേ​ശ​ത്തേക്ക്‌ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടു​മ്പോൾ, അതു മറ്റു ജനതക​ളു​ടെ​മേൽ എന്തു ഫലം ഉളവാ​ക്കും?

5 ബാബിലോണിൽനിന്ന്‌ യെരൂ​ശ​ലേ​മി​ലേക്ക്‌ 800 മുതൽ 1,600 വരെ കിലോ​മീ​റ്റർ ദൂരമുണ്ട്‌, അത്‌ ഏതു വഴി തിര​ഞ്ഞെ​ടു​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ആ ദീർഘ​യാ​ത്ര ദൈവ​ത്തി​ന്റെ വാഗ്‌ദാന നിവൃ​ത്തി​ക്കു വിഘാ​ത​മാ​കു​മോ? തീർച്ച​യാ​യും ഇല്ല! യെശയ്യാവ്‌ ഇങ്ങനെ എഴുതു​ന്നു: “കേട്ടോ ഒരുത്തൻ വിളി​ച്ചു​പ​റ​യു​ന്നതു: മരുഭൂ​മി​യിൽ യഹോ​വെക്കു വഴി ഒരുക്കു​വിൻ; നിർജ്ജ​ന​പ്ര​ദേ​ശത്തു നമ്മുടെ ദൈവ​ത്തി​ന്നു ഒരു പെരു​വഴി നിരപ്പാ​ക്കു​വിൻ. എല്ലാ താഴ്‌വ​ര​യും നികന്നും എല്ലാമ​ല​യും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വാ​യും ദുർഘ​ടങ്ങൾ സമമാ​യും തീരേണം. യഹോ​വ​യു​ടെ മഹത്വം വെളി​പ്പെ​ടും, സകലജ​ഡ​വും ഒരു​പോ​ലെ അതിനെ കാണും; യഹോ​വ​യു​ടെ വായല്ലോ അരുളി​ച്ചെ​യ്‌തി​രി​ക്കു​ന്നതു.”—യെശയ്യാ​വു 40:3-5.

6 പൂർവ ദേശങ്ങ​ളി​ലെ ഭരണാ​ധി​കാ​രി​കൾ ഒരു യാത്ര പുറ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌, വഴിയിൽനിന്ന്‌ വലിയ കല്ലുകൾ നീക്കം ചെയ്യാ​നും റോഡു​കൾ നിർമി​ക്കാ​നും കുന്നുകൾ നിരപ്പാ​ക്കാ​നു​മൊ​ക്കെ തങ്ങൾക്കു മുമ്പായി മിക്ക​പ്പോ​ഴും ആളുകളെ അയയ്‌ക്കു​മാ​യി​രു​ന്നു. എന്നാൽ മാതൃ​ദേ​ശ​ത്തേക്കു മടങ്ങി​വ​രുന്ന ഈ യഹൂദ​ന്മാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അവരുടെ മുന്നി​ലുള്ള എല്ലാ തടസ്സങ്ങ​ളും ദൈവം​തന്നെ നീക്കം ചെയ്യു​മാ​യി​രു​ന്നു. എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, അവർ യഹോ​വ​യു​ടെ നാമം വഹിക്കുന്ന ജനമാ​ണ​ല്ലോ. മാത്രമല്ല, അവരെ തങ്ങളുടെ സ്വദേ​ശത്തു പുനഃ​സ്ഥി​തീ​ക​രി​ക്കു​മെന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ന്റെ നിവൃത്തി, സകല ജനതക​ളു​ടെ​യും മുമ്പാകെ അവന്റെ മഹത്ത്വം പ്രകട​മാ​കാൻ ഇടയാ​ക്കും. അവരുടെ മനോ​ഭാ​വം എന്തായി​രു​ന്നാ​ലും യഹോവ തന്റെ വാഗ്‌ദാ​ന​ങ്ങളെ നിവർത്തി​ക്കു​ന്നതു കാണാൻ അവർ നിർബ​ന്ധി​ത​രാ​കും.

7, 8. (എ) യെശയ്യാ​വു 40:3-ന്‌ പൊ.യു. ഒന്നാം നൂറ്റാ​ണ്ടിൽ എന്തു നിവൃത്തി ഉണ്ടായി? (ബി) യെശയ്യാ പ്രവച​ന​ത്തിന്‌ 1919-ൽ എന്തു വലിയ നിവൃ​ത്തി​യാണ്‌ ഉണ്ടായത്‌?

7 പൊ.യു.മു. ആറാം നൂറ്റാ​ണ്ടി​ലെ പുനഃ​സ്ഥി​തീ​ക​രണം മാത്ര​മാ​യി​രു​ന്നില്ല ഈ പ്രവച​ന​ത്തി​ന്റെ നിവൃത്തി. അതിന്‌ പൊ.യു. ഒന്നാം നൂറ്റാ​ണ്ടി​ലും ഒരു നിവൃത്തി ഉണ്ടായി. യെശയ്യാ​വു 40:3-ന്റെ നിവൃ​ത്തി​യാ​യി ‘മരുഭൂ​മി​യിൽ വിളി​ച്ചു​പ​റ​യുന്ന’ ഒരുവൻ യോഹ​ന്നാൻ സ്‌നാ​പകൻ ആയിരു​ന്നു. (ലൂക്കൊസ്‌ 3:1-6) നിശ്വ​സ്‌ത​ത​യിൽ യോഹ​ന്നാൻ യെശയ്യാ​വി​ന്റെ വാക്കുകൾ തനിക്കു​തന്നെ ബാധക​മാ​ക്കി. (യോഹ​ന്നാൻ 1:19-23) പൊ.യു. 29 മുതൽ യോഹ​ന്നാൻ യേശു​ക്രി​സ്‌തു​വി​നു വഴി ഒരുക്കാൻ തുടങ്ങി. a യോഹ​ന്നാൻ മുൻകൂ​ട്ടി നൽകിയ അറിയിപ്പ്‌ വാഗ്‌ദത്ത മിശി​ഹാ​യെ കണ്ടെത്താ​നുള്ള ആളുക​ളു​ടെ താത്‌പ​ര്യ​ത്തെ ഉണർത്തി. അങ്ങനെ, അവർക്ക്‌ അവനെ അനുഗ​മി​ക്കു​ന്ന​തി​നും അവന്റെ വാക്കുകൾ ചെവി​ക്കൊ​ള്ളു​ന്ന​തി​നും സാധി​ക്കു​മാ​യി​രു​ന്നു. (ലൂക്കൊസ്‌ 1:13-17, 76, 77) യേശു മുഖാ​ന്തരം, ദൈവ​രാ​ജ്യ​ത്തി​നു മാത്രം നൽകാൻ കഴിയുന്ന സ്വാത​ന്ത്ര്യ​ത്തി​ലേക്ക്‌—പാപത്തിൽനി​ന്നും മരണത്തിൽ നിന്നു​മുള്ള വിമോ​ച​ന​ത്തി​ലേക്ക്‌—അനുതാ​പ​മു​ള്ള​വരെ യഹോവ നയിക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. (യോഹ​ന്നാൻ 1:29; 8:32) 1919-ൽ മഹാബാ​ബി​ലോ​ണിൽ നിന്ന്‌ ആത്മീയ ഇസ്രാ​യേ​ലി​ന്റെ ശേഷിപ്പ്‌ വിടു​വി​ക്ക​പ്പെട്ട്‌ സത്യാ​രാ​ധ​ന​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ട​പ്പോൾ യെശയ്യാ​വി​ന്റെ വാക്കു​കൾക്കു കൂടു​ത​ലായ നിവൃത്തി ഉണ്ടായി.

8 എന്നാൽ, പ്രസ്‌തുത പ്രവച​ന​ത്തി​ന്റെ പ്രാരംഭ നിവൃ​ത്തി​യിൽനി​ന്നു പ്രയോ​ജനം നേടാൻ പോകുന്ന ബാബി​ലോ​ണി​ലെ യഹൂദാ പ്രവാ​സി​ക​ളു​ടെ കാര്യ​മോ? തങ്ങളുടെ പ്രിയ​പ്പെട്ട സ്വദേ​ശ​ത്തേക്ക്‌ അവരെ മടക്കി​വ​രു​ത്തു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ അവർക്കു വാസ്‌ത​വ​ത്തിൽ ആശ്രയി​ക്കാൻ കഴിയു​മാ​യി​രു​ന്നോ? തീർച്ച​യാ​യും! വ്യക്തമായ വാക്കു​ക​ളും അനുദിന ജീവി​ത​ത്തിൽ നിന്ന്‌ എടുത്ത ദൃഷ്‌ടാ​ന്ത​ങ്ങ​ളും ഉപയോ​ഗി​ച്ചു​കൊണ്ട്‌ യെശയ്യാവ്‌, യഹോവ തന്റെ വാഗ്‌ദാ​നം നിവർത്തി​ക്കു​മെന്ന പൂർണ ബോധ്യം ഉണ്ടായി​രി​ക്കാൻ കഴിയു​ന്ന​തി​ന്റെ ഈടുറ്റ കാരണങ്ങൾ നിരത്തു​ന്നു.

ദൈവ​ത്തി​ന്റെ വചനം എന്നേക്കും നിലനിൽക്കു​ന്നു

9, 10. യെശയ്യാവ്‌ മനുഷ്യ​ജീ​വി​ത​ത്തി​ന്റെ ക്ഷണിക​തയെ ദൈവ​വ​ച​ന​ത്തി​ന്റെ ശാശ്വ​ത​ത്വ​വു​മാ​യി വിപരീത താരത​മ്യം ചെയ്യു​ന്നത്‌ എങ്ങനെ?

9 ഒന്നാമതായി, പുനഃ​സ്ഥി​തീ​ക​രണം വാഗ്‌ദാ​നം ചെയ്യുന്ന ദൈവ​ത്തി​ന്റെ വചനം എന്നേക്കും നിലനിൽക്കു​ന്ന​താണ്‌. യെശയ്യാവ്‌ എഴുതു​ന്നു: “കേട്ടോ, വിളി​ച്ചു​പറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളി​ച്ചു​പ​റ​യേണ്ടു എന്നു ചോദി​ച്ചു; സകലജ​ഡ​വും പുല്ലു​പോ​ലെ​യും അതിന്റെ ഭംഗി​യെ​ല്ലാം വയലിലെ പൂപോ​ലെ​യും ആകുന്നു. യഹോ​വ​യു​ടെ ശ്വാസം അതിന്മേൽ ഊതു​ക​യാൽ പുല്ലു​ണ​ങ്ങു​ന്നു. പൂ വാടുന്നു; അതേ ജനം പുല്ലു​തന്നേ. പുല്ലു​ണ​ങ്ങു​ന്നു, പൂ വാടുന്നു; നമ്മുടെ ദൈവ​ത്തി​ന്റെ വചനമോ എന്നേക്കും നിലനി​ല്‌ക്കും.”—യെശയ്യാ​വു 40:6-8.

10 പുല്ല്‌ എന്നേക്കും നിലനിൽക്കു​ന്ന​ത​ല്ലെന്ന്‌ ഇസ്രാ​യേ​ല്യർക്കു നന്നായി അറിയാം. വേനൽക്കാല സൂര്യന്റെ കൊടും​ചൂ​ടിൽ അത്‌ ഉണങ്ങി​പ്പോ​കു​ന്നു. ചില വിധങ്ങ​ളിൽ മനുഷ്യ​ജീ​വി​തം അതിനു സമാന​മാണ്‌, അത്‌ വെറും താത്‌കാ​ലി​ക​മാണ്‌. (സങ്കീർത്തനം 103:15, 16; യാക്കോബ്‌ 1:10, 11) മനുഷ്യ​ജീ​വി​ത​ത്തി​ന്റെ ക്ഷണിക​തയെ ദൈവ​ത്തി​ന്റെ ‘വചന’ത്തിന്റെ അഥവാ പ്രഖ്യാ​പിത ഉദ്ദേശ്യ​ത്തി​ന്റെ ശാശ്വ​ത​ത്വ​വു​മാ​യി യെശയ്യാവ്‌ വിപരീത താരത​മ്യം ചെയ്യുന്നു. അതേ, ‘നമ്മുടെ ദൈവ​ത്തി​ന്റെ വചനം’ എന്നേക്കും നിലനിൽക്കു​ന്നു. ദൈവ​ത്തി​ന്റെ വചനങ്ങളെ അസാധു​വാ​ക്കാ​നോ നിവർത്തി​ക്കു​ന്ന​തിൽനിന്ന്‌ തടയാ​നോ യാതൊ​ന്നി​നും സാധ്യമല്ല.—യോശുവ 23:14.

11. തന്റെ ലിഖിത വചനത്തിൽ അടങ്ങി​യി​രി​ക്കുന്ന വാഗ്‌ദാ​നങ്ങൾ യഹോവ നിവർത്തി​ക്കു​മെന്നു നമുക്കു വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

11 ഇന്ന്‌, തന്റെ ഉദ്ദേശ്യ​ങ്ങൾ സംബന്ധിച്ച യഹോ​വ​യു​ടെ പ്രസ്‌താ​വ​നകൾ ലിഖി​ത​രൂ​പ​ത്തിൽ ബൈബി​ളിൽ നമുക്കു ലഭ്യമാണ്‌. കഴിഞ്ഞ നൂറ്റാ​ണ്ടു​ക​ളിൽ, ബൈബി​ളി​നു കടുത്ത എതിർപ്പു​കൾ നേരി​ടേണ്ടി വന്നിട്ടുണ്ട്‌. നിർഭ​യ​രായ പരിഭാ​ഷ​ക​രും മറ്റുള്ള​വ​രും തങ്ങളുടെ ജീവൻ പണയ​പ്പെ​ടു​ത്തി പോലും അതിനെ പരിര​ക്ഷി​ക്കാൻ ശ്രമി​ച്ചി​ട്ടുണ്ട്‌. എന്നാൽ, അവരുടെ ശ്രമം​കൊ​ണ്ടു മാത്ര​മാണ്‌ ബൈബിൾ ഇക്കാലം​വ​രെ​യും നിലനി​ന്നി​ട്ടു​ള്ളത്‌ എന്നു പറയാ​നാ​വില്ല. അതിന്റെ അതിജീ​വ​ന​ത്തി​ന്റെ സകല ബഹുമ​തി​യും ‘ജീവനു​ള്ള​വ​നും നിലനി​ല്‌ക്കു​ന്ന​വ​നു​മായ ദൈവ’വും തന്റെ വചനത്തി​ന്റെ പരിര​ക്ഷ​ക​നു​മായ യഹോ​വ​യ്‌ക്കു​ള്ള​താണ്‌. (1 പത്രൊസ്‌ 1:23-25, NW) ഇതേക്കു​റി​ച്ചു ചിന്തി​ക്കുക: യഹോവ തന്റെ നിശ്വസ്‌ത വചനം പരിര​ക്ഷി​ച്ചി​രി​ക്കു​ന്ന​തി​നാൽ, അതിൽ അടങ്ങി​യി​രി​ക്കുന്ന തന്റെ വാഗ്‌ദാ​നങ്ങൾ അവൻ നിവർത്തി​ക്കു​മെന്നു നമുക്കു വിശ്വ​സി​ക്കാൻ കഴിയി​ല്ലേ?

ആടുകളെ ആർദ്ര​മാ​യി പരിപാ​ലി​ക്കുന്ന ബലിഷ്‌ഠ​നായ ദൈവം

12, 13. (എ) പുനഃ​സ്ഥി​തീ​കരണ വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) യഹൂദാ പ്രവാ​സി​കൾക്ക്‌ എന്തു സുവാർത്ത​യുണ്ട്‌, അവർക്ക്‌ അതു സംബന്ധിച്ച്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

12 പുനഃസ്ഥിതീകരണം സംബന്ധിച്ച വാഗ്‌ദാ​ന​ത്തിൽ വിശ്വ​സി​ക്കാൻ കഴിയു​ന്ന​തി​ന്റെ രണ്ടാമത്തെ കാരണം യെശയ്യാവ്‌ നൽകുന്നു. ഈ വാഗ്‌ദാ​നം നൽകു​ന്നത്‌ തന്റെ ജനത്തെ ആർദ്ര​മാ​യി പരിപാ​ലി​ക്കുന്ന ശക്തനായ ദൈവ​മാണ്‌. യെശയ്യാവ്‌ തുടരു​ന്നു: “സുവാർത്താ​ദൂ​തി​യായ സീയോ​നേ, നീ ഉയർന്ന പർവ്വത​ത്തി​ലേക്കു കയറി​ച്ചെ​ല്ലുക; സുവാർത്താ​ദൂ​തി​യായ യെരൂ​ശ​ലേമേ, നിന്റെ ശബ്ദം ശക്തി​യോ​ടെ ഉയർത്തുക; ഭയപ്പെ​ടാ​തെ ഉയർത്തുക; യെഹൂ​ദാ​ന​ഗ​ര​ങ്ങ​ളോ​ടു: ഇതാ, നിങ്ങളു​ടെ ദൈവം എന്നു പറക. ഇതാ, യഹോ​വ​യായ കർത്താ​വും ബലശാ​ലി​യാ​യി [“ബലത്തോ​ടെ,” NW, അടിക്കു​റിപ്പ്‌] വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതി​ഫലം അവന്റെ കയ്യിലും ഉണ്ടു. ഒരു ഇടയ​നെ​പ്പോ​ലെ അവൻ തന്റെ ആട്ടിൻകൂ​ട്ടത്തെ മേയി​ക്ക​യും കുഞ്ഞാ​ടു​കളെ ഭുജത്തിൽ എടുത്തു മാർവ്വി​ട​ത്തിൽ ചേർത്തു വഹിക്ക​യും തള്ളകളെ പതുക്കെ നടത്തു​ക​യും ചെയ്യും.”—യെശയ്യാ​വു 40:9-11.

13 ബൈബിൾ കാലങ്ങ​ളിൽ, യുദ്ധജ​യ​ത്തെ​യോ ആസന്നമായ ആശ്വാ​സ​കാ​ല​ത്തെ​യോ കുറിച്ച്‌ ആർപ്പി​ടു​ക​യോ പാടു​ക​യോ ചെയ്‌തു​കൊണ്ട്‌ സ്‌ത്രീ​കൾ വിജയം ആഘോ​ഷി​ക്കുന്ന ഒരു പതിവു​ണ്ടാ​യി​രു​ന്നു. (1 ശമൂവേൽ 18:6, 7; സങ്കീർത്തനം 68:11) യഹൂദ പ്രവാ​സി​കൾക്കു പർവത​മു​ക​ളിൽനി​ന്നു പോലും നിർഭയം ഘോഷി​ക്കാൻ കഴിയുന്ന ഒരു വാർത്ത, ഒരു സുവാർത്ത ഉണ്ടെന്ന്‌ യെശയ്യാവ്‌ പ്രാവ​ച​നി​ക​മാ​യി സൂചി​പ്പി​ക്കു​ന്നു. തങ്ങളുടെ പ്രിയ നഗരമായ യെരൂ​ശ​ലേ​മി​ലേക്ക്‌ യഹോവ തന്റെ ജനത്തെ നയിക്കും എന്നതാണ്‌ ആ വാർത്ത! അതു സംബന്ധിച്ച്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും, കാരണം യഹോവ “ബലത്തോ​ടെ” വരും. അവന്റെ വാഗ്‌ദത്ത നിവൃ​ത്തിക്ക്‌ യാതൊ​ന്നും പ്രതി​ബ​ന്ധ​മാ​കു​ക​യില്ല.

14. (എ) യഹോവ തന്റെ ജനത്തെ നയിക്കുന്ന ആർദ്ര​മായ വിധത്തെ യെശയ്യാവ്‌ ദൃഷ്‌ടാ​ന്തീ​ക​രി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഇടയന്മാർ ആടുക​ളോട്‌ ആർദ്ര​മാ​യി ഇടപെ​ടുന്ന വിധം ചിത്രീ​ക​രി​ക്കുന്ന ഒരു ഉദാഹ​രണം നൽകുക. (405-ാം പേജിലെ ചതുരം കാണുക.)

14 ദൈവം അതിശ​ക്ത​നാ​ണെ​ങ്കി​ലും, അവന്റെ സ്വഭാ​വ​ത്തിന്‌ ആർദ്ര​മായ ഒരു വശം കൂടി​യുണ്ട്‌. യഹോവ തന്റെ ജനത്തെ അവരുടെ സ്വദേ​ശ​ത്തേക്ക്‌ നയിക്കു​ന്നത്‌ എങ്ങനെ എന്നതിന്റെ ഊഷ്‌മ​ള​മായ ഒരു വിവരണം യെശയ്യാവ്‌ നൽകുന്നു. ആടുകളെ ഒരുമി​ച്ചു കൂട്ടി “മാർവ്വി​ട​ത്തിൽ” ചേർത്തു​പി​ടി​ച്ചു കൊണ്ടു​പോ​കുന്ന സ്‌നേ​ഹ​വാ​നായ ഒരു ഇടയനെ പോ​ലെ​യാണ്‌ യഹോവ. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘മാർവി​ടം’ എന്ന പദം അങ്കിയു​ടെ മേൽമ​ട​ക്കി​നെ സൂചി​പ്പി​ക്കു​ന്നു. മറ്റ്‌ ആടുകൾക്കൊ​പ്പം നടക്കാൻ കഴിയാത്ത കുഞ്ഞാ​ടു​കളെ ഇടയന്മാർ ചില​പ്പോൾ അങ്കിയു​ടെ മേൽമ​ട​ക്കിൽ എടുത്തു​കൊ​ണ്ടു പോകാ​റുണ്ട്‌. (2 ശമൂവേൽ 12:3, NW) ഒരു ഇടയന്‌ കുഞ്ഞാ​ടു​ക​ളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ ഹൃദയ​സ്‌പർശി​യായ അത്തര​മൊ​രു രംഗം യഹോ​വ​യ്‌ക്ക്‌ തങ്ങളോ​ടുള്ള സ്‌നേ​ഹ​പു​ര​സ്സ​ര​മായ താത്‌പ​ര്യം സംബന്ധിച്ച്‌ അവന്റെ പ്രവാ​സിത ജനതയ്‌ക്ക്‌ ഉറപ്പു നൽകു​ന്ന​താണ്‌. ശക്തനും ആർദ്ര​ത​യു​ള്ള​വ​നു​മായ അത്തര​മൊ​രു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ നിവർത്തി​ക്കു​മെന്ന്‌ അവർക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും!

15. (എ) യഹോവ “ബലത്തോ​ടെ” വന്നത്‌ എപ്പോൾ, ‘അവനു വേണ്ടി ഭരണം നടത്തുന്ന ഭുജം’ ആരാണ്‌? (ബി) നിർഭയം ഘോഷി​ക്കേണ്ട സുവാർത്ത എന്ത്‌?

15 പ്രാവചനിക അർഥം നിറഞ്ഞ യെശയ്യാ​വി​ന്റെ ഈ വാക്കുകൾ നമ്മുടെ നാളു​കൾക്കു ബാധക​മാണ്‌. 1914-ൽ യഹോവ “ബലത്തോ​ടെ” വരുക​യും സ്വർഗ​ത്തിൽ തന്റെ രാജ്യം സ്ഥാപി​ക്കു​ക​യും ചെയ്‌തു. ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘അവനു വേണ്ടി ഭരണം നടത്തുന്ന ഭുജം’ യേശു​ക്രി​സ്‌തു​വാണ്‌. സ്വർഗീയ സിംഹാ​സ​ന​ത്തിൽ യഹോവ അവനെ വാഴി​ച്ചി​രി​ക്കു​ന്നു. 1919-ൽ യഹോവ ഭൂമി​യി​ലെ തന്റെ അഭിഷിക്ത ദാസന്മാ​രെ മഹാബാ​ബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു വിടു​വി​ക്കു​ക​യും ജീവനുള്ള സത്യ​ദൈ​വ​ത്തി​ന്റെ നിർമ​ലാ​രാ​ധ​ന​യി​ലേക്ക്‌ അവരെ പൂർണ​മാ​യി പുനഃ​സ്ഥി​തീ​ക​രി​ക്കാൻ തുടങ്ങു​ക​യും ചെയ്‌തു. അതിദൂ​രം കേൾക്ക​ത്ത​ക്ക​വണ്ണം പർവത​മു​ക​ളിൽ നിന്നെ​ന്ന​പോ​ലെ നിർഭയം ഘോഷി​ക്കേണ്ട ഒരു സുവാർത്ത​യാ​ണിത്‌. അതിനാൽ, നമുക്കു ശബ്‌ദം ഉയർത്തി യഹോ​വ​യാം ദൈവം ഭൂമി​യിൽ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ച്ചി​രി​ക്കു​ന്നു എന്നു സധൈ​ര്യം മറ്റുള്ള​വരെ അറിയി​ക്കാം!

16. യഹോവ ഇന്നു തന്റെ ജനത്തെ നയിക്കു​ന്നത്‌ എങ്ങനെ, അത്‌ എന്തു മാതൃക പ്രദാനം ചെയ്യുന്നു?

16 യെശയ്യാവു 40:10, 11-ലെ വാക്കു​കൾക്ക്‌ നമ്മുടെ നാളിൽ കൂടു​ത​ലായ പ്രാ​യോ​ഗിക മൂല്യ​മുണ്ട്‌. യഹോവ തന്റെ ജനത്തെ നയിക്കുന്ന ആർദ്ര​മായ വിധം ശ്രദ്ധി​ക്കു​ന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. മറ്റ്‌ ആടുക​ളു​ടെ ഒപ്പമെ​ത്താൻ കഴിയാത്ത കുഞ്ഞാ​ടു​കൾ ഉൾപ്പെടെ ഓരോ ആടി​ന്റെ​യും ആവശ്യങ്ങൾ ഒരു ഇടയൻ മനസ്സി​ലാ​ക്കു​ന്നതു പോലെ, തന്റെ ഓരോ വിശ്വസ്‌ത ദാസ​ന്റെ​യും പരിമി​തി​കൾ യഹോവ മനസ്സി​ലാ​ക്കു​ന്നു. മാത്രമല്ല, ആർദ്ര​ത​യുള്ള ഒരു ഇടയൻ എന്ന നിലയിൽ അവൻ ക്രിസ്‌തീയ ഇടയന്മാർക്ക്‌ ഒരു മാതൃക വെക്കു​ക​യും ചെയ്യുന്നു. യഹോവ പ്രകട​മാ​ക്കി​യി​രി​ക്കുന്ന സ്‌നേ​ഹ​പൂർവ​ക​മായ ഈ കരുത​ലി​നെ അനുക​രി​ച്ചു​കൊണ്ട്‌ ആട്ടിൻകൂ​ട്ട​ത്തോട്‌ ആർദ്ര​ത​യോ​ടെ ഇടപെ​ടാൻ മൂപ്പന്മാർ ശ്രമി​ക്കണം. ആട്ടിൻകൂ​ട്ട​ത്തി​ലെ ഓരോ അംഗ​ത്തെ​യും യഹോവ എങ്ങനെ വീക്ഷി​ക്കു​ന്നു എന്ന സംഗതി അവർ എപ്പോ​ഴും മനസ്സിൽ പിടി​ക്കണം. ആ ആട്ടിൻകൂ​ട്ട​ത്തിൽ ഓരോ​ന്നി​നെ​യും ദൈവം സ്വന്തപു​ത്രന്റെ ‘രക്തത്താൽ സമ്പാദി​ച്ചി​രി​ക്കു​ന്ന​താണ്‌’ എന്ന കാര്യം അവർ മറക്കരുത്‌.—പ്രവൃ​ത്തി​കൾ 20:28.

സർവശ​ക്ത​നും സർവജ്ഞാ​നി​യും

17, 18. (എ) പുനഃ​സ്ഥി​തീ​കരണ വാഗ്‌ദാ​നം സംബന്ധിച്ച്‌ യഹൂദ പ്രവാ​സി​കൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഭയാദ​രവ്‌ ഉണർത്തുന്ന ഏതു ചോദ്യ​ങ്ങൾ യെശയ്യാവ്‌ ചോദി​ക്കു​ന്നു?

17 പുനഃസ്ഥിതീകരണം സംബന്ധിച്ച വാഗ്‌ദാ​ന​ത്തിൽ യഹൂദ പ്രവാ​സി​കൾക്ക്‌ വിശ്വാ​സ​മു​ണ്ടാ​യി​രി​ക്കാൻ കഴിയും. കാരണം, വാഗ്‌ദാ​നം നൽകിയ ദൈവം സർവശ​ക്ത​നും സർവജ്ഞാ​നി​യു​മാണ്‌. യെശയ്യാവ്‌ ഇപ്രകാ​രം പറയുന്നു: “തന്റെ ഉള്ള​ങ്കൈ​കൊ​ണ്ടു വെള്ളം അളക്കു​ക​യും ചാണു​കൊ​ണ്ടു ആകാശ​ത്തി​ന്റെ പരിമാ​ണ​മെ​ടു​ക്ക​യും ഭൂമി​യു​ടെ പൊടി നാഴി​യിൽ കൊള്ളി​ക്ക​യും പർവ്വതങ്ങൾ വെള്ളി​ക്കോൽകൊ​ണ്ടും കുന്നുകൾ തുലാ​സി​ലും തൂക്കു​ക​യും ചെയ്‌തവൻ ആർ? യഹോ​വ​യു​ടെ മനസ്സു ആരാഞ്ഞ​റി​ക​യോ അവന്നു മന്ത്രി​യാ​യി അവനെ ഗ്രഹി​പ്പി​ക്ക​യോ ചെയ്‌ത​വ​നാർ? അവനെ ഉപദേ​ശി​ച്ചു ന്യായ​ത്തി​ന്റെ പാതയെ പഠിപ്പി​ക്ക​യും അവനെ പരിജ്ഞാ​നം പഠിപ്പി​ച്ചു വിവേ​ക​ത്തി​ന്റെ മാർഗ്ഗം കാണി​ക്ക​യും ചെയ്‌തു​കൊ​ടു​ക്കേ​ണ്ട​തി​ന്നു അവൻ ആരോ​ടാ​കു​ന്നു ആലോചന കഴിച്ചതു?”—യെശയ്യാ​വു 40:12-14.

18 ഭയാദരവ്‌ ഉണർത്തുന്ന ഈ ചോദ്യ​ങ്ങളെ കുറിച്ച്‌ യഹൂദാ പ്രവാ​സി​കൾ ചിന്തി​ക്കേ​ണ്ട​താണ്‌. വൻസമു​ദ്ര​ത്തി​ലെ ശക്തി​യേ​റിയ തിരകളെ തിരി​ച്ച​യ​യ്‌ക്കാൻ ഇത്തിരി​പ്പോന്ന മനുഷ്യർക്കു സാധി​ക്കു​മോ? തീർച്ച​യാ​യു​മില്ല! എന്നാൽ യഹോ​വയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഭൂമിയെ മൂടുന്ന സമു​ദ്രങ്ങൾ അവന്റെ കൈ​വെ​ള്ള​യി​ലെ ഒരു തുള്ളി വെള്ളം പോ​ലെയേ ഉള്ളൂ. b നിസ്സാ​ര​രായ മനുഷ്യർക്കു നക്ഷത്രങ്ങൾ നിറഞ്ഞ ബൃഹത്തായ ആകാശ​മ​ണ്ഡ​ലത്തെ അളക്കാ​നോ ഭൂമി​യി​ലെ പർവത​ങ്ങ​ളെ​യും കുന്നു​ക​ളെ​യും തൂക്കി​നോ​ക്കാ​നോ കഴിയു​മോ? സാധ്യമല്ല. എന്നാൽ, മനുഷ്യർ ഒരു ചാൺ നീളമുള്ള വസ്‌തു​വി​നെ അളക്കുന്ന അത്ര അനായാ​സ​മാ​യി യഹോവ ആകാശ​മ​ണ്ഡ​ലത്തെ അളക്കുന്നു. ഫലത്തിൽ, ദൈവ​ത്തിന്‌ പർവത​ങ്ങ​ളെ​യും കുന്നു​ക​ളെ​യും ഒരു തുലാ​സ്സിൽ തൂക്കി​നോ​ക്കാൻ കഴിയും. ഇപ്പോൾ എന്തു ചെയ്യണം അല്ലെങ്കിൽ ഭാവി​യിൽ എന്താണു ചെയ്യേ​ണ്ടത്‌ എന്നൊക്കെ ദൈവ​ത്തോ​ടു പറയാൻ ഏറ്റവും ജ്ഞാനി​യായ ആളിനു പോലും കഴിയു​മോ? തീർച്ച​യാ​യും ഇല്ല!

19, 20. യഹോ​വ​യു​ടെ മഹത്ത്വം ഊന്നി​പ്പ​റ​യാൻ യെശയ്യാവ്‌ വ്യക്തമായ ഏതു ദൃഷ്‌ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​ന്നു?

19 ഭൂമിയിലുള്ള പ്രബല​മായ രാഷ്‌ട്ര​ങ്ങ​ളു​ടെ കാര്യ​മോ? ദൈവം തന്റെ വാഗ്‌ദാ​നം നിവർത്തി​ക്കവെ, അവനെ ചെറു​ത്തു​നിൽക്കാൻ അവയ്‌ക്കു കഴിയു​മോ? രാഷ്‌ട്ര​ങ്ങളെ പിൻവ​രു​ന്ന​പ്ര​കാ​രം വർണി​ച്ചു​കൊണ്ട്‌ യെശയ്യാവ്‌ അതിന്‌ ഉത്തരം നൽകുന്നു: “ഇതാ ജാതികൾ തുലാ​ക്കൊ​ട്ട​യി​ലെ [‘തൊട്ടി​യി​ലെ,’ “പി.ഒ.സി. ബൈ.”] ഒരു തുള്ളി​പോ​ലെ​യും, തുലാ​സി​ലെ ഒരു പൊടി​പോ​ലെ​യും അവന്നു തോന്നു​ന്നു; ഇതാ, അവൻ ദ്വീപു​കളെ ഒരു മണൽത​രി​യെ​പ്പോ​ലെ എടുത്തു പൊക്കു​ന്നു. ലെബാ​നോൻ വിറകി​ന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമ​യാ​ഗ​ത്തി​ന്നു മതിയാ​കു​ന്നില്ല. സകലജാ​തി​ക​ളും അവന്നു ഏതുമി​ല്ലാ​ത്തു​പോ​ലെ ഇരിക്കു​ന്നു; അവന്നു വെറു​മ​യും ശൂന്യ​വു​മാ​യി തോന്നു​ന്നു.”—യെശയ്യാ​വു 40:15-17.

20 യഹോവയെ സംബന്ധി​ച്ചി​ട​ത്തോ​ളം, ലോക​ത്തി​ലെ മുഴു രാഷ്‌ട്ര​ങ്ങ​ളും ഒരു തൊട്ടി​യി​ലെ ഒരു നീർത്തു​ള്ളി പോ​ലെ​യാണ്‌. ഒരു തുലാ​സ്സി​ലെ നേർത്ത പൊടി തൂക്കത്തിൽ യാതൊ​രു വ്യത്യാ​സ​വും വരുത്തു​ന്നി​ല്ലാ​ത്തതു പോ​ലെ​യാണ്‌ ഇത്‌. c ഒരാൾ ഒരു വലിയ യാഗപീ​ഠം പണിതിട്ട്‌ ലെബാ​നോൻ പർവത​ങ്ങ​ളി​ലുള്ള മുഴു വൃക്ഷങ്ങ​ളും ആ യാഗപീ​ഠ​ത്തി​ലെ വിറകി​നാ​യി ഉപയോ​ഗി​ക്കു​ന്നു എന്നു കരുതുക. എന്നിട്ട്‌, യാഗത്തി​നാ​യി ആ പർവത​ങ്ങ​ളിൽ വിഹരി​ക്കുന്ന എല്ലാ മൃഗങ്ങ​ളെ​യും ഉപയോ​ഗി​ക്കു​ന്നു എന്നും വിചാ​രി​ക്കുക. അത്തരം ബൃഹത്തായ ഒരു യാഗം പോലും യഹോ​വ​യു​ടെ മുന്നിൽ യാതൊ​ന്നു​മല്ല. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ദൃഷ്‌ടാ​ന്തം പോര എന്നതു​പോ​ലെ, യെശയ്യാവ്‌ ശക്തമായ ഭാഷയിൽ ഇങ്ങനെ പറയുന്നു—യഹോ​വ​യു​ടെ ദൃഷ്‌ടി​യിൽ സകല ജനതക​ളും “ഏതുമില്ല.”—യെശയ്യാ​വു 40:17.

21, 22. (എ) യഹോ​വ​യ്‌ക്കു തുല്യ​നാ​യി മറ്റാരു​മി​ല്ലെന്ന കാര്യം യെശയ്യാവ്‌ ഊന്നി​പ്പ​റ​യു​ന്നത്‌ എങ്ങനെ? (ബി) യെശയ്യാ​വി​ന്റെ വ്യക്തമായ വിവര​ണങ്ങൾ ഏതു നിഗമ​ന​ത്തിൽ നമ്മെ എത്തിക്കു​ന്നു? (സി) ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യുള്ള ഏതു വിവരം യെശയ്യാ പ്രവാ​ചകൻ രേഖ​പ്പെ​ടു​ത്തു​ന്നു? (412-ാം പേജിലെ ചതുരം കാണുക.)

21 യഹോവയ്‌ക്കു തുല്യ​നാ​യി മറ്റാരു​മില്ല എന്ന കാര്യം കൂടു​ത​ലാ​യി ഊന്നി​പ്പ​റ​യാൻ സ്വർണ​വും വെള്ളി​യും മരവും കൊണ്ട്‌ വിഗ്ര​ഹങ്ങൾ ഉണ്ടാക്കു​ന്ന​വ​രു​ടെ ഭോഷ​ത്വം യെശയ്യാവ്‌ തുറന്നു​കാ​ട്ടു​ന്നു. ‘ഭൂമണ്ഡ​ല​ത്തി​ന്മീ​തെ അധിവ​സി​ക്കു​ക​യും’ അതിലെ നിവാ​സി​ക​ളു​ടെ​മേൽ അധീശ​ത്വം പുലർത്തു​ക​യും ചെയ്യു​ന്ന​വന്റെ ഉചിത​മായ പ്രതീകം എന്നവണ്ണം അത്തര​മൊ​രു വിഗ്രഹം ഉപയോ​ഗി​ക്കു​ന്നത്‌ എത്ര ഭോഷ​ത്വ​മാണ്‌!യെശയ്യാ​വു 40:18-24 വായി​ക്കുക.

22 ഈ സുവ്യ​ക്ത​മായ വിവര​ണ​ങ്ങ​ളെ​ല്ലാം നമ്മെ ഒരു നിഗമ​ന​ത്തിൽ എത്തിക്കു​ന്നു—തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​ന്ന​തിൽനി​ന്നു സർവശ​ക്ത​നും സർവജ്ഞാ​നി​യും അതുല്യ​നു​മായ യഹോ​വയെ തടയാൻ യാതൊ​ന്നി​നു​മാ​വില്ല. സ്വദേ​ശ​ത്തേക്കു മടങ്ങാൻ അതിയാ​യി ആഗ്രഹിച്ച ബാബി​ലോ​ണി​ലെ യഹൂദാ പ്രവാ​സി​കൾക്ക്‌ യെശയ്യാ​വി​ന്റെ വാക്കുകൾ എത്രമാ​ത്രം ആശ്വാ​സ​വും കരുത്തും പകർന്നി​രി​ക്കണം! ഭാവി സംബന്ധിച്ച യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ നിവൃ​ത്തി​യാ​കു​മെന്ന ബോധ്യം ഇന്നു നമുക്കും ഉണ്ടായി​രി​ക്കാൻ കഴിയും.

“ഇവയെ സൃഷ്ടി​ച്ച​താർ?”

23. പ്രോ​ത്സാ​ഹനം തോന്നാൻ യഹൂദാ പ്രവാ​സി​കൾക്ക്‌ എന്തു കാരണ​മുണ്ട്‌, യഹോവ തന്നെക്കു​റി​ച്ചു​തന്നെ എന്ത്‌ ഊന്നി​പ്പ​റ​യു​ന്നു?

23 യഹൂദാ പ്രവാ​സി​കൾക്കു പ്രോ​ത്സാ​ഹനം തോന്നാൻ മറ്റൊരു കാരണ​മുണ്ട്‌. വിടുതൽ വാഗ്‌ദാ​നം ചെയ്യു​ന്നത്‌ സകലത്തി​ന്റെ​യും സ്രഷ്‌ടാ​വും മുഴു ചലനാത്മക ഊർജ​ത്തി​ന്റെ​യും ഉറവി​ട​വു​മായ യഹോ​വ​യാണ്‌. തന്റെ അത്ഭുത​ക​ര​മായ കഴിവിന്‌ അടിവ​ര​യി​ടാ​നെന്ന പോലെ സൃഷ്‌ടി​യിൽ പ്രകട​മായ തന്റെ ശക്തിയി​ലേക്ക്‌ യഹോവ ശ്രദ്ധ തിരി​ക്കു​ന്നു: “ആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശ​മാ​ക്കും? ഞാൻ ആരോടു തുല്യ​നാ​കും എന്നു പരിശു​ദ്ധ​നാ​യവൻ അരുളി​ച്ചെ​യ്യു​ന്നു. നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ; ഇവയെ സൃഷ്ടി​ച്ച​താർ? അവൻ അവയുടെ സൈന്യ​ത്തെ സംഖ്യാ​ക്ര​മ​ത്തിൽ പുറ​പ്പെ​ടു​വി​ക്ക​യും അവയെ എല്ലാം പേർ ചൊല്ലി വിളി​ക്ക​യും ചെയ്യുന്നു; അവന്റെ വീര്യ​മാ​ഹാ​ത്മ്യം​നി​മി​ത്ത​വും [“ചലനാത്മക ഊർജം,” NW] അവന്റെ ശക്തിയു​ടെ ആധിക്യം​നി​മി​ത്ത​വും അവയിൽ ഒന്നും കുറഞ്ഞു കാണു​ക​യില്ല.”—യെശയ്യാ​വു 40:25, 26.

24. തനിക്കു വേണ്ടി​ത്തന്നെ സംസാ​രി​ക്കവെ, തനിക്കു തുല്യ​നാ​യി മറ്റാരു​മി​ല്ലെന്ന്‌ യഹോവ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

24 ഇസ്രായേലിന്റെ പരിശു​ദ്ധൻ തനിക്കു വേണ്ടി​ത്തന്നെ സംസാ​രി​ക്കു​ക​യാണ്‌. തനിക്കു തുല്യ​നാ​യി മറ്റാരു​മി​ല്ലെന്നു പ്രകട​മാ​ക്കാൻ ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളി​ലേക്ക്‌ അവൻ ശ്രദ്ധ തിരി​ക്കു​ന്നു. തന്റെ സേനകളെ അണിനി​ര​ത്തുന്ന ഒരു സൈനിക മേധാ​വി​യെ പോലെ, യഹോവ നക്ഷത്ര​ങ്ങൾക്കു കൽപ്പന കൊടു​ക്കു​ന്നു. അവൻ അവയെ കൂട്ടി​വ​രു​ത്തി​യാൽ “അവയിൽ ഒന്നും കുറഞ്ഞു കാണു​ക​യില്ല.” നക്ഷത്ര​ങ്ങ​ളു​ടെ എണ്ണം അസംഖ്യ​മാ​ണെ​ങ്കി​ലും, അവയിൽ ഓരോ​ന്നി​നെ​യും അവൻ പേര്‌—ഒരു പേരോ അതിനു തുല്യ​മായ ഒരു സംജ്ഞയോ—ചൊല്ലി വിളി​ക്കു​ന്നു. അനുസ​ര​ണ​മുള്ള സൈനി​കരെ പോലെ അവ അതതു സ്ഥാനത്തു നിൽക്കു​ക​യും ഉചിത​മായ ക്രമം പാലി​ക്കു​ക​യും ചെയ്യുന്നു. കാരണം അവയെ നയിക്കുന്ന യഹോ​വ​യ്‌ക്ക്‌ “ചലനാത്മക ഊർജ”ത്തിന്റെ സമൃദ്ധി​യും “ശക്തിയു​ടെ ആധിക്യ”വും ഉണ്ട്‌. അതിനാൽ, അവൻ തങ്ങളെ പിന്താ​ങ്ങു​മെന്ന്‌ യഹൂദാ പ്രവാ​സി​കൾക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. നക്ഷത്ര​ങ്ങൾക്കു കൽപ്പന കൊടു​ക്കുന്ന സ്രഷ്‌ടാ​വിന്‌ തീർച്ച​യാ​യും തന്റെ ദാസന്മാ​രെ പിന്താ​ങ്ങു​ന്ന​തി​നുള്ള ശക്തിയുണ്ട്‌.

25. യെശയ്യാ​വു 40:26-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ദിവ്യ ക്ഷണത്തോട്‌ നാം എങ്ങനെ പ്രതി​ക​രി​ക്കണം, അതിന്റെ ഫലം എന്തായി​രി​ക്കും?

25 യെശയ്യാവു 40:26-ൽ കൊടു​ത്തി​രി​ക്കുന്ന, “നിങ്ങൾ കണ്ണു മേലോ​ട്ടു ഉയർത്തി നോക്കു​വിൻ” എന്ന ദിവ്യ ക്ഷണം തിരസ്‌ക​രി​ക്കാൻ ആർക്കാണു കഴിയുക? നക്ഷത്ര​നി​ബി​ഡ​മായ ആകാശം യെശയ്യാ​വി​ന്റെ കാലത്ത്‌ കാണ​പ്പെ​ട്ട​തി​ലും ഭയാദ​രവ്‌ ഉളവാ​ക്കു​ന്ന​താ​ണെന്ന്‌ ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ ആധുനി​ക​കാ​ലത്തു നടത്തിയ കണ്ടുപി​ടി​ത്തങ്ങൾ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. ശക്തി​യേ​റിയ ദൂരദർശി​നി​കൾ ഉപയോ​ഗിച്ച്‌ ആകാശത്തെ നിരീ​ക്ഷി​ക്കുന്ന ഈ ജ്യോ​തി​ശ്ശാ​സ്‌ത്രജ്ഞർ, ദൃശ്യ പ്രപഞ്ച​ത്തിൽ 12,500 കോടി താരാ​പ​ഥങ്ങൾ ഉള്ളതായി കണക്കാ​ക്കു​ന്നു. എന്തിന്‌, ചില കണക്കുകൾ പ്രകാരം അതിൽ ഒരു താരാ​പ​ഥ​മായ ക്ഷീരപ​ഥ​ത്തിൽത്തന്നെ 10,000 കോടി നക്ഷത്രങ്ങൾ ഉണ്ടത്രേ! അത്തരം അറിവ്‌ നമ്മുടെ ഹൃദയ​ങ്ങ​ളിൽ സ്രഷ്‌ടാ​വി​നോ​ടുള്ള ഭയാദ​രവ്‌ ഉണർത്തു​ക​യും അവന്റെ വാഗ്‌ദാ​ന​ത്തിൽ പൂർണ​മാ​യി ആശ്രയി​ക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ക​യും വേണം.

26, 27. ബാബി​ലോ​ണി​ലെ പ്രവാ​സി​ക​ളു​ടെ വികാ​ര​ങ്ങളെ എങ്ങനെ വർണി​ച്ചി​രി​ക്കു​ന്നു, എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ അവർ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?

26 നിരവധി വർഷങ്ങൾ പ്രവാ​സ​ത്തിൽ കഴിഞ്ഞു​കൂ​ടുന്ന യഹൂദാ നിവാ​സി​ക​ളു​ടെ ഉത്സാഹം തണുത്തു​പോ​കും എന്നു മനസ്സി​ലാ​ക്കുന്ന യഹോവ, പ്രത്യാശ പകരുന്ന ഈ വാക്കുകൾ മുന്ന​മേ​തന്നെ രേഖ​പ്പെ​ടു​ത്താൻ യെശയ്യാ​വി​നെ നിശ്വ​സ്‌ത​നാ​ക്കു​ന്നു: “എന്നാൽ എന്റെ വഴി യഹോ​വെക്കു മറഞ്ഞി​രി​ക്കു​ന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നു​പോ​യി​രി​ക്കു​ന്നു എന്നു, യാക്കോ​ബേ, നീ പറകയും യിസ്രാ​യേലേ, നീ സംസാ​രി​ക്ക​യും ചെയ്യു​ന്ന​തെന്തു? നിനക്ക​റി​ഞ്ഞു​കൂ​ട​യോ? നീ കേട്ടി​ട്ടി​ല്ല​യോ? യഹോവ നിത്യ​ദൈവം; ഭൂമി​യു​ടെ അറുതി​കളെ സൃഷ്ടി​ച്ചവൻ തന്നേ; അവൻ ക്ഷീണി​ക്കു​ന്നില്ല, തളർന്നു​പോ​കു​ന്ന​തു​മില്ല; അവന്റെ ബുദ്ധി അപ്ര​മേ​യ​മ​ത്രേ.”—യെശയ്യാ​വു 40:27, 28.

27 സ്വദേശത്തുനിന്ന്‌ നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റ​റു​കൾ അകലെ ബാബി​ലോ​ണിൽ പ്രവാ​സി​കൾ ആയിരി​ക്കുന്ന യഹൂദ​ന്മാ​രു​ടെ വികാ​രങ്ങൾ വ്യക്തമാ​ക്കുന്ന യഹോ​വ​യു​ടെ വാക്കുകൾ അടുത്ത​താ​യി യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തു​ന്നു. തങ്ങളുടെ “വഴി”—തങ്ങളുടെ ദുഷ്‌ക​ര​മായ ജീവി​ത​ഗതി—ദൈവം കാണു​ന്നില്ല, അവന്‌ അറിയില്ല എന്നു ചിലർ കരുതു​ന്നു. തങ്ങൾ അനുഭ​വി​ക്കുന്ന അനീതി​ക്കു നേരെ അവൻ കണ്ണടയ്‌ക്കു​ക​യാണ്‌ എന്ന്‌ അവർ വിചാ​രി​ക്കു​ന്നു. സ്വന്തം അനുഭ​വ​ത്തിൽനിന്ന്‌, അല്ലെങ്കിൽ ചുരു​ങ്ങി​യ​പക്ഷം മറ്റുള്ള​വ​രിൽ നിന്നെ​ങ്കി​ലും, അവർ അറിഞ്ഞി​രി​ക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച്‌ അവൻ അവരെ ഓർമി​പ്പി​ക്കു​ക​യാണ്‌. യഹോവ തന്റെ ജനത്തെ വിടു​വി​ക്കാൻ പ്രാപ്‌ത​നും മനസ്സൊ​രു​ക്ക​മു​ള്ള​വ​നും ആണ്‌. അവൻ നിത്യ​ദൈ​വ​വും മുഴു ഭൂമി​യു​ടെ​യും സ്രഷ്‌ടാ​വു​മാണ്‌. അക്കാര​ണ​ത്താൽ സൃഷ്‌ടി​യിൽ താൻ പ്രകട​മാ​ക്കിയ അതേ ശക്തി അവന്റെ പക്കൽ ഇപ്പോ​ഴു​മുണ്ട്‌. പ്രബല​ശ​ക്തി​യായ ബാബി​ലോൺ പോലും അവന്റെ മുമ്പിൽ ഒന്നുമല്ല. അത്തര​മൊ​രു ദൈവം തളർന്നു​പോ​കു​ക​യോ തന്റെ ജനത്തെ നിരാ​ശ​പ്പെ​ടു​ത്തു​ക​യോ ഇല്ല. യഹോ​വ​യു​ടെ പ്രവൃ​ത്തി​കളെ പൂർണ​മാ​യി മനസ്സി​ലാ​ക്കാ​മെന്ന്‌ അവന്റെ ജനം വിചാ​രി​ക്കേ​ണ്ട​തില്ല. കാരണം, അവന്റെ ഗ്രാഹ്യം—അല്ലെങ്കിൽ ഉൾക്കാഴ്‌ച, വിവേകം, വിവേചന—അവർക്ക്‌ ഉൾക്കൊ​ള്ളാ​വു​ന്ന​തിന്‌ അതീത​മാണ്‌.

28, 29. (എ) ക്ഷീണി​തരെ താൻ സഹായി​ക്കു​മെന്ന്‌ യഹോവ തന്റെ ജനത്തെ എങ്ങനെ ഓർമി​പ്പി​ക്കു​ന്നു? (ബി) യഹോവ തന്റെ ദാസന്മാ​രെ ശക്തീക​രി​ക്കുന്ന വിധം കാണി​ക്കാൻ ഏതു ദൃഷ്‌ടാ​ന്തം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു?

28 നിരാശരായ പ്രവാ​സി​കൾക്ക്‌ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ തുടർന്നും പ്രോ​ത്സാ​ഹനം നൽകുന്നു: “അവൻ ക്ഷീണി​ച്ചി​രി​ക്കു​ന്ന​വന്നു ശക്തി നല്‌കു​ന്നു; ബലമി​ല്ലാ​ത്ത​വന്നു ബലം വർദ്ധി​പ്പി​ക്കു​ന്നു. ബാല്യ​ക്കാർ ക്ഷീണിച്ചു തളർന്നു​പോ​കും; യൌവ​ന​ക്കാ​രും ഇടറി​വീ​ഴും. എങ്കിലും യഹോ​വയെ കാത്തി​രി​ക്കു​ന്നവർ ശക്തിയെ പുതു​ക്കും; അവർ കഴുക​ന്മാ​രെ​പ്പോ​ലെ ചിറകു അടിച്ചു കയറും; അവർ തളർന്നു​പോ​കാ​തെ ഓടു​ക​യും ക്ഷീണി​ച്ചു​പോ​കാ​തെ നടക്കു​ക​യും ചെയ്യും.”—യെശയ്യാ​വു 40:29-31.

29 ക്ഷീണിതർക്കു ശക്തി നൽകേ​ണ്ട​തി​ന്റെ ആവശ്യത്തെ കുറിച്ച്‌ പറയു​മ്പോൾ, സ്വദേ​ശ​ത്തേക്കു മടങ്ങാൻ പ്രവാ​സി​കൾ നടത്തേണ്ട ദുഷ്‌ക​ര​മായ യാത്ര ആയിരി​ക്കാം യഹോ​വ​യു​ടെ മനസ്സി​ലു​ള്ളത്‌. സഹായ​ത്തി​നാ​യി തന്നി​ലേക്കു നോക്കുന്ന ക്ഷീണി​തരെ താൻ ഒരു കാരണ​വ​ശാ​ലും കൈവി​ടി​ല്ലെന്ന്‌ യഹോവ തന്റെ ജനത്തെ ഓർമി​പ്പി​ക്കു​ന്നു. ഏറ്റവും ഊർജ​സ്വ​ല​രായ ആളുകൾ—‘ബാല്യ​ക്കാ​രും യൗവന​ക്കാ​രും’—പോലും ക്ഷീണിച്ചു വലഞ്ഞ്‌ ഇടറി​വീ​ണേ​ക്കാം. എന്നിരു​ന്നാ​ലും, തന്നിൽ ആശ്രയി​ക്കു​ന്ന​വർക്കു ശക്തി—ഓടി​യാ​ലോ നടന്നാ​ലോ ക്ഷയിച്ചു​പോ​കു​ക​യി​ല്ലാത്ത ശക്തി—നൽകു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു. യഹോവ തന്റെ ദാസന്മാ​രെ ശക്തീക​രി​ക്കുന്ന വിധം ചിത്രീ​ക​രി​ക്കാൻ കഴുകന്റെ പ്രത്യ​ക്ഷ​ത്തി​ലുള്ള അനായാ​സ​ക​ര​മായ പറക്കലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. d വളരെ ശക്തിയുള്ള ഈ പക്ഷിക്ക്‌ മണിക്കൂ​റു​ക​ളോ​ളം തുടർച്ച​യാ​യി പറക്കാൻ കഴിയും. ദിവ്യ പിന്തുണ ഉള്ളതി​നാൽ യഹൂദാ പ്രവാ​സി​കൾക്കു നിരാ​ശ​പ്പെ​ടാൻ യാതൊ​രു കാരണ​വും ഇല്ല.

30. യെശയ്യാ​വു 40-ാം അധ്യാ​യ​ത്തി​ലെ അവസാന വാക്യ​ങ്ങ​ളിൽനി​ന്നു സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ എങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിയും?

30 യെശയ്യാവു 40-ാം അധ്യാ​യ​ത്തി​ലെ അവസാന വാക്യ​ങ്ങ​ളിൽ ഈ ദുഷ്‌ട വ്യവസ്ഥി​തി​യു​ടെ അന്ത്യനാ​ളു​ക​ളിൽ ജീവി​ക്കുന്ന സത്യ​ക്രി​സ്‌ത്യാ​നി​കൾക്കുള്ള ആശ്വാസ വാക്കുകൾ അടങ്ങി​യി​രി​ക്കു​ന്നു. നിരു​ത്സാ​ഹ​പ്പെ​ടു​ത്തുന്ന നാനാ​തരം സമ്മർദ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും ഉള്ളതി​നാൽ, നാം സഹിക്കുന്ന കഷ്‌ട​ത​ക​ളും അനുഭ​വി​ക്കുന്ന അനീതി​ക​ളും ദൈവം ശ്രദ്ധി​ക്കു​ന്നു എന്നത്‌ ആശ്വാ​സ​പ്ര​ദ​മാണ്‌. സകലത്തി​ന്റെ​യും സ്രഷ്‌ടാ​വും ‘അന്തമി​ല്ലാത്ത വിവേകം’ ഉള്ളവനു​മായ യഹോവ തക്കസമ​യത്ത്‌ തന്റേതായ രീതി​യിൽ എല്ലാ അനീതി​യും ഇല്ലാതാ​ക്കു​മെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും. (സങ്കീർത്തനം 147:5, 6) അതുവരെ നമുക്കു സഹിച്ചു​നിൽക്കു​ന്ന​തിന്‌ നാം സ്വന്ത ശക്തിയിൽ ആശ്രയി​ക്കേ​ണ്ട​തില്ല. അക്ഷയ ശക്തിയുള്ള യഹോ​വ​യ്‌ക്ക്‌ തന്റെ ദാസന്മാർ പരി​ശോ​ധി​ക്ക​പ്പെ​ടുന്ന ഏതു സമയത്തും അവർക്കു ശക്തി നൽകാ​നാ​കും—‘സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി’ പോലും.—2 കൊരി​ന്ത്യർ 4:7, NW.

31. ബാബി​ലോ​ണി​ലെ യഹൂദാ പ്രവാ​സി​കൾക്കാ​യി യെശയ്യാ പ്രവച​ന​ത്തിൽ പ്രത്യാശ പകരുന്ന എന്തു വാഗ്‌ദാ​നം അടങ്ങി​യി​രു​ന്നു, നമുക്ക്‌ എന്തിനെ കുറിച്ചു പൂർണ ബോധ്യം ഉണ്ടായി​രി​ക്കാൻ കഴിയും?

31 പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽ ബാബി​ലോ​ണിൽ ആയിരുന്ന യഹൂദാ പ്രവാ​സി​കളെ കുറിച്ചു ചിന്തി​ക്കുക. നൂറു​ക​ണ​ക്കി​നു കിലോ​മീ​റ്റർ അകലെ അവരുടെ പ്രിയ നഗരവും അതിലെ ആലയവും ശൂന്യ​മാ​യി കിടന്നി​രു​ന്നു. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം യെശയ്യാ​വി​ന്റെ പ്രവച​ന​ത്തിൽ വെളി​ച്ച​വും പ്രത്യാ​ശ​യും പകരുന്ന ആശ്വാ​സ​ക​ര​മായ ഒരു വാഗ്‌ദാ​നം അടങ്ങി​യി​രു​ന്നു. അതായത്‌, യഹോവ അവരെ മാതൃ​ദേ​ശത്ത്‌ പുനഃ​സ്ഥി​തീ​ക​രി​ക്കും എന്ന വാഗ്‌ദാ​നം! പൊ.യു.മു. 537-ൽ, യഹോവ തന്റെ ജനത്തെ അവരുടെ മാതൃ​ദേ​ശ​ത്തേക്കു നയിച്ചു. അങ്ങനെ അവൻ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കു​ന്നവൻ ആണെന്നു തെളിഞ്ഞു. നമുക്കും യഹോ​വയെ സമ്പൂർണ​മാ​യി ആശ്രയി​ക്കാൻ കഴിയും. യെശയ്യാ പ്രവചനം വളരെ മനോ​ഹ​ര​മാ​യി വർണി​ക്കുന്ന അവന്റെ രാജ്യ​വാ​ഗ്‌ദാ​നങ്ങൾ യാഥാർഥ്യ​മാ​യി​ത്തീ​രും. അതു തീർച്ച​യാ​യും ഒരു സുവാർത്ത​യാണ്‌, മുഴു മനുഷ്യ​വർഗ​ത്തി​നും വെളിച്ചം പകരുന്ന സന്ദേശ​മാണ്‌!

[അടിക്കു​റി​പ്പു​കൾ]

a യഹോവയ്‌ക്ക്‌ വഴി ഒരുക്കു​ന്ന​തി​നെ കുറിച്ച്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു. (യെശയ്യാ​വു 40:3) എന്നിരു​ന്നാ​ലും, യേശു​ക്രി​സ്‌തു​വി​നു വേണ്ടി യോഹ​ന്നാൻ സ്‌നാ​പകൻ വഴി ഒരുക്കി​യ​തി​നാണ്‌ സുവി​ശേ​ഷങ്ങൾ ആ പ്രവചനം ബാധക​മാ​ക്കു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളു​ടെ നിശ്വസ്‌ത എഴുത്തു​കാർ പ്രസ്‌തുത പ്രവചനം അങ്ങനെ ബാധക​മാ​ക്കി​യത്‌ യേശു തന്റെ പിതാ​വി​നെ പ്രതി​നി​ധാ​നം ചെയ്‌തു​കൊണ്ട്‌ അവന്റെ നാമത്തിൽ വന്നതി​നാ​ലാണ്‌.—യോഹ​ന്നാൻ 5:43; 8:29.

b “സമു​ദ്ര​ങ്ങ​ളി​ലെ മൊത്തം ജലത്തിന്റെ ദ്രവ്യ​മാ​നം ഏകദേശം 135 ദശസഹ​സ്ര​ലക്ഷം കോടി (135 x 1016) മെട്രിക്‌ ടൺ, അതായത്‌ ഭൂമി​യു​ടെ മൊത്ത പിണ്ഡത്തി​ന്റെ ഏകദേശം 1/4400” വരു​മെന്നു കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.—എൻകാർട്ടാ 97 എൻ​സൈ​ക്ലോ​പീ​ഡിയ.

c ദി എക്‌സ്‌പോ​സി​റ്റേ​ഴ്‌സ്‌ ബൈബിൾ കമന്ററി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “സമീപ പൂർവ​ദേ​ശത്തെ കമ്പോ​ള​ത്തിൽ കച്ചവടം നടക്കു​മ്പോൾ അളന്നു​കൊ​ടു​ക്കാൻ ഉപയോ​ഗി​ക്കുന്ന തൊട്ടി​യി​ലെ ഒരു തുള്ളി വെള്ളമോ മാംസ​വും പഴങ്ങളും മറ്റും തൂക്കി​ക്കൊ​ടു​ത്തി​രുന്ന തുലാ​സ്സി​ലുള്ള ഇത്തിരി പൊടി​യോ ആരും ഗൗനി​ക്കു​മാ​യി​രു​ന്നില്ല.”

d കഴുകന്‌ ഉയരത്തിൽ പറന്നു​നിൽക്കാൻ വളരെ കുറഞ്ഞ ഊർജം മതി. തെർമ​ലു​കൾ അഥവാ ഉയർന്നു​പോ​കുന്ന ഉഷ്‌ണ​വാ​യു​പി​ണ്ഡം ഉപയോ​ഗ​പ്പെ​ടു​ത്തി​യാണ്‌ അവയ്‌ക്ക്‌ ഇതു സാധി​ക്കു​ന്നത്‌.

[അധ്യയന ചോദ്യ​ങ്ങൾ]

[404, 405 പേജു​ക​ളി​ലെ ചതുരം/ചിത്രം]

യഹോവ, സ്‌നേ​ഹ​വാ​നായ ഇടയൻ

മാർവി​ട​ത്തിൽ കുഞ്ഞാ​ടി​നെ എടുത്തു​കൊ​ണ്ടു പോകുന്ന സ്‌നേ​ഹ​വാ​നായ ഒരു ഇടയ​നോ​ടാണ്‌ യെശയ്യാവ്‌ യഹോ​വയെ ഉപമി​ക്കു​ന്നത്‌. (യെശയ്യാ​വു 40:10, 11) യെശയ്യാവ്‌ ഈ ഊഷ്‌മ​ള​മായ ദൃഷ്‌ടാ​ന്തം ഇടയന്മാ​രു​ടെ യഥാർഥ അനുഭ​വ​ങ്ങളെ അധിഷ്‌ഠി​ത​മാ​ക്കി ആയിരി​ക്കാം ഉപയോ​ഗി​ക്കു​ന്നത്‌. ഹെർമോൻ പർവത​ച്ചെ​രി​വു​ക​ളി​ലെ ഇടയന്മാ​രെ അടുത്തു വീക്ഷിച്ച ഒരു ആധുനിക നിരീ​ക്ഷകൻ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഓരോ ഇടയനും തന്റെ ആട്ടിൻകൂ​ട്ടത്തെ ആർദ്ര​മാ​യി പരിപാ​ലി​ച്ചി​രു​ന്നു. പിറന്നിട്ട്‌ അധിക​മാ​കാത്ത കുഞ്ഞാട്‌ അതിന്റെ തള്ളയുടെ ഒപ്പമെ​ത്താൻ കഴിയാ​ത്ത​വി​ധം ദുർബ​ല​മാ​യി​രി​ക്കും. അതിനെ ആ ഇടയൻ തന്റെ വലിയ കുപ്പാ​യ​ത്തി​ന്റെ മടക്കു​കൾക്കു​ള്ളിൽ എടുത്തു​കൊ​ണ്ടു പോകു​മാ​യി​രു​ന്നു. മാർവി​ട​ത്തിൽ വെക്കാൻ ഇടമി​ല്ലാ​തെ വരു​മ്പോൾ കുഞ്ഞാ​ടി​നെ അയാൾ തോളി​ലേറ്റി കാലു​ക​ളിൽ പിടിച്ചു കൊണ്ടു​പോ​കു​മാ​യി​രു​ന്നു. അതുമ​ല്ലെ​ങ്കിൽ, ഒരു സഞ്ചിയി​ലോ കുട്ടയി​ലോ വെച്ച്‌ ഒരു കഴുത​യു​ടെ പുറ​ത്തേറ്റി കൊണ്ടു​പോ​കു​മാ​യി​രു​ന്നു. കുഞ്ഞാ​ടു​കൾക്കു തള്ളയ്‌ക്കൊ​പ്പം എത്താറാ​കു​ന്ന​തു​വരെ അയാൾ അങ്ങനെ ചെയ്യു​മാ​യി​രു​ന്നു.” തന്റെ ജനത്തോട്‌ അത്തരം ആർദ്ര കരുത​ലുള്ള ഒരു ദൈവ​ത്തെ​യാ​ണു നാം സേവി​ക്കു​ന്നത്‌ എന്നത്‌ ആശ്വാ​സ​പ്ര​ദ​മല്ലേ?

[412-ാം പേജിലെ ചതുരം/ചിത്രം]

ഭൂമിയുടെ ആകൃതി എന്ത്‌?

ഭൂമി പരന്നതാണ്‌ എന്നായി​രു​ന്നു പുരാതന കാലങ്ങ​ളിൽ ആളുകൾ പൊതു​വെ വിശ്വ​സി​ച്ചി​രു​ന്നത്‌. എന്നാൽ, പൊ.യു.മു. ആറാം നൂറ്റാ​ണ്ടിൽത്തന്നെ ഗ്രീക്കു തത്ത്വചി​ന്ത​ക​നായ പൈത​ഗോ​റസ്‌ ഭൂമി ഒരു ഗോള​മാ​യി​രി​ക്ക​ണ​മെന്ന്‌ സിദ്ധാ​ന്തി​ച്ചി​രു​ന്നു. എന്നാൽ പൈത​ഗോ​റസ്‌ ഈ സിദ്ധാന്തം മുന്നോ​ട്ടു വെക്കു​ന്ന​തി​നു മുമ്പ്‌, അസാധാ​ര​ണ​മായ കൃത്യ​ത​യോ​ടും ഉറപ്പോ​ടും കൂടെ യെശയ്യാ പ്രവാ​ചകൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: ‘അവൻ ഭൂമണ്ഡ​ല​ത്തി​ന്മീ​തെ അധിവ​സി​ക്കു​ന്നു.’ (യെശയ്യാ​വു 40:22) ‘മണ്ഡലം’ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ച്യുഗ്‌ എന്ന എബ്രായ പദത്തെ “ഗോളം” എന്നും വിവർത്തനം ചെയ്യാ​വു​ന്ന​താണ്‌. രസാവ​ഹ​മെന്നു പറയട്ടെ, ഗോളാ​കാ​ര​ത്തി​ലുള്ള ഒരു വസ്‌തു മാത്രമേ ഏത്‌ ദിശയിൽനി​ന്നു നോക്കി​യാ​ലും മണ്ഡലാ​കൃ​തി​യിൽ അഥവാ വൃത്താ​കൃ​തി​യിൽ കാണ​പ്പെടൂ. e ശാസ്‌ത്രീ​യ​മാ​യി കൃത്യ​ത​യു​ള്ള​തും കെട്ടു​ക​ഥ​ക​ളിൽനിന്ന്‌ മുക്തവു​മായ ഒരു വസ്‌തു​ത​യാണ്‌ യെശയ്യാ പ്രവാ​ചകൻ ഇവിടെ രേഖ​പ്പെ​ടു​ത്തു​ന്നത്‌. അവൻ ജീവി​ച്ചി​രുന്ന കാലഘട്ടം കണക്കി​ലെ​ടു​ക്കു​മ്പോൾ അതു തികച്ചും അതിശ​യ​ക​രം​തന്നെ!

[അടിക്കു​റിപ്പ്‌]

e സാങ്കേതികമായി പറഞ്ഞാൽ, ധ്രുവങ്ങൾ അൽപ്പം പരന്നി​രി​ക്കുന്ന ഒരു ഗോള​ത്തി​ന്റെ ആകൃതി​യാണ്‌ ഭൂമി​ക്കു​ള്ളത്‌.

[403-ാം പേജിലെ ചിത്രം]

“മരുഭൂ​മി​യിൽ വിളി​ച്ചു​പ​റ​യുന്ന” ഒരുവൻ യോഹ​ന്നാൻ സ്‌നാ​പകൻ ആയിരു​ന്നു