വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ഗർവിഷ്‌ഠ നഗരത്തെ യഹോവ താഴ്‌ത്തുന്നു

ഒരു ഗർവിഷ്‌ഠ നഗരത്തെ യഹോവ താഴ്‌ത്തുന്നു

അധ്യായം പതിന്നാല്‌

ഒരു ഗർവിഷ്‌ഠ നഗരത്തെ യഹോവ താഴ്‌ത്തു​ന്നു

യെശയ്യാവു 13:1–14:23

1. എപ്പോൾ നടക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ കുറി​ച്ചു​പോ​ലും യെശയ്യാ​വി​ന്റെ പുസ്‌തകം മുൻകൂ​ട്ടി പറയുന്നു?

 പൊ.യു.മു. എട്ടാം നൂറ്റാ​ണ്ടിൽ അസീറിയ വാഗ്‌ദ​ത്ത​ദേശം ആക്രമിച്ച കാലഘ​ട്ട​ത്തി​ലാണ്‌ യെശയ്യാവ്‌ തന്റെ പ്രവച​ന​പു​സ്‌തകം എഴുതി​യത്‌. അതിന്റെ 12 വരെയുള്ള അധ്യാ​യ​ങ്ങ​ളിൽ നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, നടക്കാ​നി​രി​ക്കുന്ന സംഭവങ്ങൾ തികഞ്ഞ കൃത്യ​ത​യോ​ടെ​യാണ്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറയു​ന്നത്‌. അസീറി​യൻ ആധിപ​ത്യ​ത്തി​നു ശേഷം നടക്കാ​നി​രി​ക്കുന്ന കാര്യ​ങ്ങളെ കുറിച്ചു പോലും ആ പുസ്‌തകം പറയുന്നു. ബാബി​ലോൺ നഗരം സ്ഥിതി ചെയ്യുന്ന ശിനാർ ഉൾപ്പെ​ടെ​യുള്ള നിരവധി ദേശങ്ങ​ളിൽനിന്ന്‌ പ്രവാ​സി​ക​ളായ യഹോ​വ​യു​ടെ ഉടമ്പടി​ജനം മടങ്ങി​വ​രു​ന്ന​തി​നെ കുറി​ച്ചും അതു മുൻകൂ​ട്ടി പറയുന്നു. (യെശയ്യാ​വു 11:11) യെശയ്യാ​വു 13-ാം അധ്യാ​യ​ത്തി​ലെ ശ്രദ്ധേ​യ​മായ ഒരു പ്രവചനം നിവർത്തി​ക്കു​മ്പോ​ഴാ​യി​രി​ക്കും യഹോ​വ​യു​ടെ ജനത്തിന്റെ ആ മടങ്ങി​വ​രവ്‌ നടക്കുക. പിൻവ​രുന്ന വാക്കു​ക​ളോ​ടെ​യാണ്‌ യെശയ്യാവ്‌ ആ പ്രവചനം അവതരി​പ്പി​ക്കു​ന്നത്‌: “ആമോ​സി​ന്റെ മകനായ യെശയ്യാ​വു ബാബേ​ലി​നെ​ക്കു​റി​ച്ചു ദർശിച്ച പ്രവാ​ചകം.”—യെശയ്യാ​വു 13:1.

‘ഞാൻ നിഗളത്തെ താഴ്‌ത്തും’

2. (എ) ഹിസ്‌കീ​യാവ്‌ ബാബി​ലോ​ണു​മാ​യി സൗഹൃദം സ്ഥാപി​ക്കാൻ ഇടയാ​കു​ന്നത്‌ എങ്ങനെ? (ബി) ഉയർത്ത​പ്പെ​ടാ​നി​രി​ക്കുന്ന “കൊടി” എന്താണ്‌?

2 യെശയ്യാവിന്റെ കാലത്ത്‌ യഹൂദാ രാജ്യം ബാബി​ലോ​ണു​മാ​യി സൗഹൃദം സ്ഥാപി​ക്കു​ന്നു. ഹിസ്‌കീ​യാ രാജാ​വി​നു ഗുരു​ത​ര​മായ രോഗം പിടി​പെ​ടു​ന്നെ​ങ്കി​ലും, അവൻ പിന്നീട്‌ സുഖം പ്രാപി​ക്കു​ന്നു. ബാബി​ലോ​ണിൽനിന്ന്‌ രാജ​പ്ര​തി​നി​ധി​കൾ എത്തി, ഹിസ്‌കീ​യാവ്‌ രോഗ​വി​മു​ക്ത​നാ​യ​തി​ലുള്ള തങ്ങളുടെ സന്തോഷം അറിയി​ക്കു​ന്നു. അസീറി​യ​യ്‌ക്ക്‌ എതി​രെ​യുള്ള യുദ്ധത്തിൽ ഹിസ്‌കീ​യാ​വി​നെ കൂട്ടു​ചേർക്കുക എന്ന ഗൂഢോ​ദ്ദേ​ശ്യം ആയിരി​ക്കാം അതിന്റെ പിന്നിൽ. ഹിസ്‌കീ​യാവ്‌ വിവേ​ക​മി​ല്ലാ​തെ അവരെ തന്റെ നിക്ഷേ​പ​ങ്ങ​ളെ​ല്ലാം കാണി​ക്കു​ന്നു. തത്‌ഫ​ല​മാ​യി രാജാ​വി​ന്റെ മരണ​ശേഷം ആ സമ്പത്തെ​ല്ലാം അവർ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കു​മെന്ന്‌ യെശയ്യാവ്‌ ഹിസ്‌കീ​യാ​വി​നോ​ടു പറയുന്നു. (യെശയ്യാ​വു 39:1-7) ബാബി​ലോ​ണി​യർ യെരൂ​ശ​ലേ​മി​നെ നശിപ്പി​ക്കു​ക​യും യഹൂദരെ പ്രവാ​സി​ക​ളാ​യി കൊണ്ടു​പോ​കു​ക​യും ചെയ്‌ത പൊ.യു.മു. 607-ൽ അതു സംഭവി​ക്കു​ന്നു. എന്നിരു​ന്നാ​ലും, ദൈവ​ത്തി​ന്റെ തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ജനതയ്‌ക്ക്‌ എക്കാല​വും ബാബി​ലോ​ണിൽ കഴി​യേ​ണ്ടി​വ​രില്ല. സ്വദേ​ശ​ത്തേ​ക്കുള്ള അവരുടെ മടങ്ങി​വ​ര​വി​നാ​യി താൻ എങ്ങനെ വഴി തുറക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി പറയുന്നു: “മൊട്ട​ക്കു​ന്നി​ന്മേൽ കൊടി ഉയർത്തു​വിൻ; അവർ പ്രഭു​ക്ക​ന്മാ​രു​ടെ വാതി​ലു​കൾക്ക​കത്തു കടക്കേ​ണ്ട​തി​ന്നു ശബ്ദം ഉയർത്തി അവരെ കൈകാ​ട്ടി വിളി​പ്പിൻ.” (യെശയ്യാ​വു 13:2) ബാബി​ലോ​ണി​നെ അതിന്റെ പ്രമുഖ സ്ഥാനത്തു​നി​ന്നു നീക്കം ചെയ്യാ​നി​രി​ക്കുന്ന ഒരു ലോക​ശ​ക്തി​യാണ്‌ ഈ വാക്യ​ത്തിൽ പറയുന്ന “കൊടി.” അത്‌ ഒരു “മൊട്ട​ക്കു​ന്നി​ന്മേൽ” ഉയർത്ത​പ്പെ​ടും. അപ്പോൾ ദൂരത്തു​നി​ന്നു പോലും അതു ദൃശ്യ​മാ​യി​രി​ക്കും. ബാബി​ലോ​ണി​നെ ആക്രമി​ക്കാൻ വിളി​ച്ചു​വ​രു​ത്ത​പ്പെ​ടുന്ന ആ പുതിയ ലോക​ശക്തി ‘പ്രഭു​ക്ക​ന്മാ​രു​ടെ വാതി​ലു​ക​ളി​ലൂ​ടെ,’ ആ വലിയ നഗരത്തി​ന്റെ കവാട​ങ്ങ​ളി​ലൂ​ടെ, ഉള്ളി​ലേക്കു തള്ളിക്ക​യറി അതിനെ കീഴട​ക്കും.

3. (എ) യഹോവ എഴു​ന്നേൽപ്പി​ക്കാൻ പോകുന്ന ‘വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടവർ’ ആരാണ്‌? (ബി) ഏത്‌ അർഥത്തി​ലാണ്‌ പുറജാ​തി സൈന്യ​ങ്ങൾ ‘വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌’?

3 യഹോവ തുടർന്ന്‌ പറയുന്നു: “ഞാൻ എന്റെ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടു കല്‌പി​ച്ചു, ഗർവ്വ​ത്തോ​ടെ ഉല്ലസി​ക്കുന്ന എന്റെ വീരന്മാ​രെ ഞാൻ എന്റെ കോപത്തെ നിവർത്തി​ക്കേ​ണ്ട​തി​ന്നു വിളി​ച്ചി​രി​ക്കു​ന്നു. ബഹുജ​ന​ത്തി​ന്റെ ഘോഷം​പോ​ലെ പർവ്വത​ങ്ങ​ളിൽ പുരു​ഷാ​ര​ത്തി​ന്റെ ഒരു ഘോഷം! കൂടി​യി​രി​ക്കുന്ന ജാതി​ക​ളു​ടെ രാജ്യ​ങ്ങ​ളു​ടെ ആരവം! സൈന്യ​ങ്ങ​ളു​ടെ യഹോവ യുദ്ധ​സൈ​ന്യ​ത്തെ പരി​ശോ​ധി​ക്കു​ന്നു [“അണിനി​ര​ത്തു​ന്നു,” “പി.ഒ.സി. ബൈ.”].” (യെശയ്യാ​വു 13:3, 4) ഗർവി​ഷ്‌ഠ​മായ ബാബി​ലോ​ണി​നെ താഴ്‌ത്താൻ നിയോ​ഗി​ക്ക​പ്പെ​ടുന്ന ഈ ‘വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടവർ’ ആരാണ്‌? അവ സംയുക്ത സൈന്യ​ങ്ങ​ളാണ്‌, ‘കൂടി​യി​രി​ക്കുന്ന ജാതി​ക​ളാണ്‌.’ ഒരു വിദൂര പർവത​പ്ര​ദേ​ശ​ത്തു​നിന്ന്‌ അത്‌ ബാബി​ലോ​ണി​നു നേരെ പുറ​പ്പെ​ട്ടു​വ​രു​ന്നു. ‘ദൂര​ദേ​ശ​ത്തു​നി​ന്നും ആകാശ​ത്തി​ന്റെ അററത്തു​നി​ന്നും അവ വരുന്നു.’ (യെശയ്യാ​വു 13:5) ഏത്‌ അർഥത്തി​ലാണ്‌ അവർ വിശു​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌? ആത്മീയ​മാ​യി ശുദ്ധി​യു​ള്ളവർ എന്ന അർഥത്തി​ലല്ല എന്നതു തീർച്ച​യാണ്‌. കാരണം, യഹോ​വയെ സേവി​ക്കാൻ യാതൊ​രു താത്‌പ​ര്യ​വു​മി​ല്ലാത്ത പുറജാ​തി സൈന്യ​ങ്ങ​ളാണ്‌ അവ. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ‘വിശു​ദ്ധീ​ക​രി​ക്കുക’ എന്നതിന്റെ അർഥം ‘ദൈവ​ത്താ​ലുള്ള ഉപയോ​ഗ​ത്തിന്‌ വേർതി​രി​ക്കുക’ എന്നാണ്‌. രാഷ്‌ട്ര​ങ്ങ​ളു​ടെ സൈന്യ​ങ്ങളെ വിശു​ദ്ധീ​ക​രി​ക്കാ​നും തന്റെ ക്രോധം പ്രകടി​പ്പി​ക്കു​ന്ന​തി​നാ​യി അവരുടെ സ്വാർഥ താത്‌പ​ര്യ​ങ്ങളെ ഉപയോ​ഗ​പ്പെ​ടു​ത്താ​നും യഹോ​വ​യ്‌ക്കു കഴിയും. ആ വിധത്തിൽ അവൻ അസീറി​യയെ ഉപയോ​ഗ​പ്പെ​ടു​ത്തി. സമാന​മാ​യി അവൻ ബാബി​ലോ​ണി​നെ​യും പിന്നീട്‌ ബാബി​ലോ​ണി​നെ ശിക്ഷി​ക്കാൻ മറ്റു രാഷ്‌ട്ര​ങ്ങ​ളെ​യും ഉപയോ​ഗ​പ്പെ​ടു​ത്തും.—യെശയ്യാ​വു 10:5; യിരെ​മ്യാ​വു 25:9.

4, 5. (എ) ബാബി​ലോ​ണിന്‌ എന്തു സംഭവി​ക്കു​മെന്ന്‌ യഹോവ മുൻകൂ​ട്ടി പറയുന്നു? (ബി) ബാബി​ലോ​ണി​നെ ആക്രമി​ക്കു​ന്ന​വർക്ക്‌ എന്തു ചെയ്യേ​ണ്ടി​വ​രും?

4 ബാബിലോൺ ഇപ്പോ​ഴും ഒരു പ്രമുഖ ലോക​ശ​ക്തി​യല്ല. എന്നിരു​ന്നാ​ലും, ബാബി​ലോൺ അത്തര​മൊ​രു സ്ഥാനം അലങ്കരി​ക്കുന്ന കാല​ത്തെ​യും പിന്നീ​ടുള്ള അതിന്റെ പതന​ത്തെ​യും കുറിച്ച്‌ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ മുൻകൂ​ട്ടി പറയുന്നു. അവൻ ഇപ്രകാ​രം പറയുന്നു: “യഹോ​വ​യു​ടെ ദിവസം സമീപി​ച്ചി​രി​ക്ക​കൊ​ണ്ടു മുറയി​ടു​വിൻ; അതു സർവ്വശ​ക്ത​ങ്കൽനി​ന്നു സർവ്വനാ​ശം​പോ​ലെ വരുന്നു.” (യെശയ്യാ​വു 13:6) അതേ, അഹങ്കരിച്ച്‌ തിമിർക്കു​ന്ന​തി​നു പകരം ബാബി​ലോൺ ദുഃഖിച്ച്‌ മുറയി​ടും. എന്തു​കൊണ്ട്‌? “യഹോ​വ​യു​ടെ ദിവസം” അതായത്‌ യഹോവ അതി​നെ​തി​രെ ന്യായ​വി​ധി നടത്തുന്ന ദിവസം നിമിത്തം.

5 എന്നാൽ, ബാബി​ലോ​ണി​നെ എങ്ങനെ നശിപ്പി​ക്കാൻ കഴിയും? അതിനുള്ള യഹോ​വ​യു​ടെ സമയം വരു​മ്പോൾ, ആ നഗരം സുരക്ഷി​ത​മാ​യി കാണ​പ്പെ​ടും. അതിന്റെ മധ്യത്തി​ലൂ​ടെ ഒഴുകുന്ന യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളം കുടി​ക്കാൻ മാത്രമല്ല നഗരത്തി​ന്റെ സംരക്ഷ​ണാർഥ​മുള്ള കിടങ്ങു​ക​ളിൽ നിറയ്‌ക്കാ​നും ഉപയോ​ഗി​ക്കു​ന്നു. അതിനാൽ, ആക്രമി​ച്ചു ചെല്ലു​ന്ന​വർക്ക്‌ സ്വാഭാ​വിക പ്രതി​രോധ ഘടകങ്ങ​ളാ​യി വർത്തി​ക്കുന്ന ആ നദി​യെ​യും കിടങ്ങു​ക​ളെ​യും ആദ്യം മറിക​ട​ക്കേ​ണ്ട​തുണ്ട്‌. അതിനു പുറമേ, തകർക്കാ​നാ​വാ​ത്ത​താ​യി തോന്നുന്ന ഒരു ഇരട്ടമ​തിൽ സംവി​ധാ​ന​വും ആ നഗരത്തി​നു ചുറ്റു​മുണ്ട്‌. നഗരവാ​സി​കൾക്കാ​യി വേണ്ടത്ര ഭക്ഷ്യ​ശേ​ഖ​ര​വും ഉണ്ട്‌. ബാബി​ലോ​ണി​ന്റെ അവസാ​നത്തെ രാജാ​വായ നബോ​ണീ​ഡസ്‌ “വളരെ​യ​ധി​കം കഷ്ടപ്പെട്ട്‌ ആ നഗരത്തിൽ ഭക്ഷ്യസാ​ധ​നങ്ങൾ ശേഖരി​ച്ചു​വെച്ചു, നഗരവാ​സി​കൾക്ക്‌ ഇരുപതു വർഷ​ത്തേക്കു കഴിക്കാ​നുള്ള സാധനങ്ങൾ അതിൽ ഉണ്ടായി​രു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു” എന്ന്‌ ഡെയ്‌ലി ബൈബിൾ ഇല്ലസ്‌​ട്രേ​ഷൻസ്‌ എന്ന ഗ്രന്ഥം പറയുന്നു.

6. മുൻകൂ​ട്ടി പറയപ്പെട്ട ആക്രമണം ബാബി​ലോ​ണി​ന്റെ​മേൽ ഉണ്ടാകു​മ്പോൾ അപ്രതീ​ക്ഷി​ത​മാ​യി എന്തെല്ലാം സംഭവി​ക്കും?

6 എന്നിരുന്നാലും, ഈ സുരക്ഷാ സംവി​ധാ​ന​ങ്ങ​ളൊ​ന്നും നഗരത്തി​ന്റെ സംരക്ഷ​ണ​ത്തിന്‌ ഉതകു​ക​യില്ല. യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “അതു​കൊ​ണ്ടു എല്ലാ കൈക​ളും തളർന്നു​പോ​കും; സകലഹൃ​ദ​യ​വും ഉരുകി​പ്പോ​കും. അവർ ഭ്രമി​ച്ചു​പോ​കും; വേദന​യും ദുഃഖ​വും അവർക്കു പിടി​പെ​ടും; നോവു​കി​ട്ടിയ സ്‌ത്രീ​യെ​പ്പോ​ലെ അവർ വേദന​പ്പെ​ടും; അവർ അന്യോ​ന്യം തുറി​ച്ചു​നോ​ക്കും; അവരുടെ മുഖം ജ്വലി​ച്ചി​രി​ക്കും.” (യെശയ്യാ​വു 13:7, 8) ശത്രു സൈന്യം നഗരത്തെ ആക്രമി​ക്കു​മ്പോൾ, അതിലെ നിവാ​സി​കൾക്കു സുഖത്തി​നു പകരം ദുഃഖം അനുഭ​വ​പ്പെ​ടും. ഗർഭി​ണി​ക്കു പ്രസവ​വേദന വരുന്ന​തു​പോ​ലെ ശീഘ്ര​വും തീവ്ര​വു​മാ​യി​രി​ക്കും അത്‌. അവരുടെ ഹൃദയം ഭയം​കൊണ്ട്‌ ഉരുകും. അവരുടെ കൈകൾ തളർന്നു​പോ​കും, സംരക്ഷ​ണ​ത്തി​നാ​യി അവർക്കത്‌ ഉയർത്താ​നാ​കില്ല. ഭയത്താ​ലും വേദന​യാ​ലും അവരുടെ മുഖങ്ങൾ “ജ്വലി​ച്ചി​രി​ക്കും.” തങ്ങളുടെ മഹാന​ഗരം എങ്ങനെ വീണു​പോ​യി എന്ന്‌ അമ്പരന്ന്‌ അവർ പരസ്‌പരം തുറി​ച്ചു​നോ​ക്കും.

7. ‘യഹോ​വ​യു​ടെ’ ഏതു ‘ദിവസ’മാണു വരുന്നത്‌, അതു ബാബി​ലോൺ നഗരത്തെ എങ്ങനെ ബാധി​ക്കും?

7 ആ നഗരം വീഴു​ക​തന്നെ ചെയ്യും. ബാബി​ലോൺ, കണക്കു ബോധി​പ്പി​ക്കേ​ണ്ടി​വ​രുന്ന ഒരു ദിവസത്തെ അതേ, “യഹോ​വ​യു​ടെ ദിവസ”ത്തെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. തീർച്ച​യാ​യും അതു വേദനാ​കരം ആയിരി​ക്കും. മഹോന്നത ന്യായാ​ധി​പൻ നിശ്ചയ​മാ​യും തന്റെ കോപം പ്രകടി​പ്പി​ക്കു​ക​യും ബാബി​ലോ​ണി​ലെ പാപി​ക​ളായ നിവാ​സി​ക​ളു​ടെ​മേൽ ഉചിത​മായ ന്യായ​വി​ധി നിർവ​ഹി​ക്കു​ക​യും ചെയ്യും. പ്രവചനം ഇങ്ങനെ പറയുന്നു: “ദേശത്തെ ശൂന്യ​മാ​ക്കു​വാ​നും പാപി​കളെ അതിൽനി​ന്നു മുടി​ച്ചു​ക​ള​വാ​നും യഹോ​വ​യു​ടെ ദിവസം ക്രൂര​മാ​യി​ട്ടു ക്രോ​ധ​ത്തോ​ടും അതി​കോ​പ​ത്തോ​ടും​കൂ​ടെ വരുന്നു.” (യെശയ്യാ​വു 13:9) ബാബി​ലോ​ണി​ന്റെ ഭാവി ഇരുള​ട​ഞ്ഞി​രി​ക്കു​ന്നു. സൂര്യ​നും ചന്ദ്രനും നക്ഷത്ര​ങ്ങ​ളു​മെ​ല്ലാം പ്രകാശം നൽകാ​തി​രി​ക്കു​ന്നതു പോ​ലെ​യാണ്‌ അത്‌. “ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങ​ളും നക്ഷത്ര​രാ​ശി​ക​ളും പ്രകാശം തരിക​യില്ല; സൂര്യൻ ഉദയത്തി​ങ്കൽ തന്നേ ഇരുണ്ടു​പോ​കും; ചന്ദ്രൻ പ്രകാശം നല്‌കു​ക​യു​മില്ല.”—യെശയ്യാ​വു 13:10.

8. ബാബി​ലോ​ണി​ന്റെ​മേൽ യഹോവ നാശം വരുത്തു​ന്നത്‌ എന്തു​കൊണ്ട്‌?

8 ആ ഗർവിഷ്‌ഠ നഗരത്തിന്‌ അത്തര​മൊ​രു ഗതി വരുന്നത്‌ എന്തു​കൊ​ണ്ടാണ്‌? യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ ഭൂതലത്തെ ദോഷം​നി​മി​ത്ത​വും ദുഷ്ടന്മാ​രെ അവരുടെ അകൃത്യം​നി​മി​ത്ത​വും സന്ദർശി​ക്കും; അഹങ്കാ​രി​ക​ളു​ടെ ഗർവ്വത്തെ ഞാൻ ഇല്ലാതാ​ക്കും; ഉഗ്രന്മാ​രു​ടെ നിഗളത്തെ താഴ്‌ത്തും.” (യെശയ്യാ​വു 13:11) ദൈവ​ജ​ന​ത്തോ​ടു കാണി​ക്കുന്ന ക്രൂരത നിമി​ത്ത​മാണ്‌ ബാബി​ലോ​ണി​ന്റെ​മേൽ യഹോവ ക്രോധം ചൊരി​യു​ന്നത്‌. ബാബി​ലോ​ണി​യ​രു​ടെ അകൃത്യം മൂലം അവരുടെ മുഴു ദേശവും കഷ്‌ടം അനുഭ​വി​ക്കും. മേലാൽ ഗർവി​ഷ്‌ഠ​രായ ഈ ഏകാധി​പ​തി​കൾ യഹോ​വയെ വെല്ലു​വി​ളി​ക്കു​ക​യില്ല!

9. യഹോ​വ​യു​ടെ ന്യായ​വി​ധി ദിവസ​ത്തിൽ ബാബി​ലോ​ണിന്‌ എന്തു സംഭവി​ക്കും?

9 യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ ഒരു പുരു​ഷനെ തങ്കത്തെ​ക്കാ​ളും ഒരു മനുഷ്യ​നെ ഓഫീർത​ങ്ക​ത്തെ​ക്കാ​ളും ദുർല്ല​ഭ​മാ​ക്കും.” (യെശയ്യാ​വു 13:12) അതേ, ബാബി​ലോൺ നഗരം ആൾപ്പാർപ്പി​ല്ലാ​തെ പാഴായി കിടക്കും. യഹോവ തുടരു​ന്നു: “അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങു​മാ​റാ​ക്കും; സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ലും അവന്റെ ഉഗ്ര​കോ​പ​ത്തി​ന്റെ നാളി​ലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകി​പ്പോ​കും.” (യെശയ്യാ​വു 13:13) ബാബി​ലോ​ണി​ന്റെ ‘ആകാശം’ നടുങ്ങും, അതായത്‌ അതിലെ നിരവധി ദേവീ​ദേ​വ​ന്മാർക്ക്‌ അരിഷ്ട​ത​യു​ടെ സമയത്ത്‌ ആ നഗരത്തെ സഹായി​ക്കാൻ കഴിയാ​താ​കും. “ഭൂമി,” ബാബി​ലോ​ണി​യൻ സാമ്രാ​ജ്യം, ഇളകി​പ്പോ​കും. അതു നാമാ​വ​ശേ​ഷ​മായ, ചരി​ത്ര​ത്താ​ളു​ക​ളിൽ മാത്രം അവശേ​ഷി​ക്കുന്ന ഒന്നായി മാറും. “ഓടി​ച്ചു​വിട്ട ഇളമാ​നി​നെ​പ്പോ​ലെ​യും ആരും കൂട്ടി​ച്ചേർക്കാത്ത ആടുക​ളെ​പ്പോ​ലെ​യും അവർ ഓരോ​രു​ത്തൻ താന്താന്റെ ജാതി​യു​ടെ അടുക്ക​ലേക്കു തിരി​യും; ഓരോ​രു​ത്തൻ താന്താന്റെ സ്വദേ​ശ​ത്തി​ലേക്കു ഓടി​പ്പോ​കും.” (യെശയ്യാ​വു 13:14) ബാബി​ലോ​ണി​ന്റെ വിദേശ പിന്തു​ണ​ക്കാ​രെ​ല്ലാം അതിനെ ഉപേക്ഷിച്ച്‌ ഓടി​പ്പോ​കും. ജയിക്കുന്ന ലോക​ശ​ക്തി​യു​മാ​യി സൗഹൃദം സ്ഥാപി​ക്കാ​നാ​യി​രി​ക്കും അവ ആഗ്രഹി​ക്കുക. ഒടുവിൽ ബാബി​ലോൺ ശൂന്യ​മാ​ക്ക​പ്പെട്ട ഒരു നഗരത്തി​ന്റെ ദുഃഖം അനുഭ​വി​ക്കും. തന്റെ പ്രതാപ നാളു​ക​ളിൽ മറ്റുള്ള​വ​രിൽ അത്‌ ഉളവാ​ക്കിയ ദുഃഖ​ത്തി​നു സമാന​മാ​യി​രി​ക്കും അത്‌: “കണ്ടുകി​ട്ടു​ന്ന​വനെ ഒക്കെയും കുത്തി​ക്കൊ​ല്ലും; പിടി​പെ​ടു​ന്ന​വ​നൊ​ക്കെ​യും വാളാൽ വീഴും. അവർ കാൺകെ അവരുടെ ശിശു​ക്കളെ അടിച്ചു​ത​കർത്തു​ക​ള​യും; അവരുടെ വീടു​കളെ കൊള്ള​യി​ടും; അവരുടെ ഭാര്യ​മാ​രെ അപമാ​നി​ക്കും.”—യെശയ്യാ​വു 13:15, 16.

നശിപ്പി​ക്കു​ന്ന​തി​നുള്ള ദൈവ​ത്തി​ന്റെ ഉപകരണം

10. ബാബി​ലോ​ണി​നെ പരാജ​യ​പ്പെ​ടു​ത്താൻ യഹോവ ആരെ ഉപയോ​ഗി​ക്കും?

10 ബാബിലോണിനെ വീഴി​ക്കാൻ യഹോവ ഏതു ശക്തിയെ ആയിരി​ക്കും ഉപയോ​ഗി​ക്കുക? ഏതാണ്ട്‌ 200 വർഷങ്ങൾക്കു മുമ്പു​തന്നെ യഹോവ അതിന്‌ ഉത്തരം നൽകുന്നു: “ഞാൻ മേദ്യരെ അവർക്കു വിരോ​ധ​മാ​യി ഉണർത്തും; അവർ വെള്ളിയെ കാര്യ​മാ​ക്കു​ക​യില്ല; പൊന്നിൽ അവർക്കു താല്‌പ​ര്യ​വു​മില്ല. അവരുടെ വില്ലുകൾ യുവാ​ക്കളെ തകർത്തു​ക​ള​യും; ഗർഭഫ​ല​ത്തോ​ടു അവക്കു കരുണ തോന്നു​ക​യില്ല; പൈത​ങ്ങ​ളെ​യും അവർ ആദരി​ക്ക​യില്ല. രാജ്യ​ങ്ങ​ളു​ടെ മഹത്വ​വും കല്‌ദ​യ​രു​ടെ പ്രശം​സാ​ല​ങ്കാ​ര​വു​മായ ബാബേൽ, ദൈവം സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും മറിച്ചു​ക​ള​ഞ്ഞ​തു​പോ​ലെ ആയിത്തീ​രും.” (യെശയ്യാ​വു 13:17-19) പ്രൗഢ​ഗം​ഭീ​ര​മായ ബാബി​ലോൺ നിലം​പ​തി​ക്കാൻ യഹോവ ഇടയാ​ക്കും. അതിന്‌ അവൻ ഉപയോ​ഗി​ക്കു​ന്നത്‌ വിദൂര പർവത​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഒരു രാജ്യ​മായ മേദ്യ​യി​ലെ സൈന്യ​ങ്ങളെ ആയിരി​ക്കും. a അധാർമി​ക​ത​യു​ടെ കൂത്തര​ങ്ങാ​യി​രുന്ന സൊ​ദോം ഗൊ​മോറ എന്നീ നഗരങ്ങളെ പോലെ ഒടുവിൽ ബാബി​ലോ​ണും ശൂന്യ​മാ​യി​ത്തീ​രും.—ഉല്‌പത്തി 13:13; 19:13, 24.

11, 12. (എ) മേദ്യ ഒരു ലോക​ശക്തി ആയിത്തീ​രു​ന്നത്‌ എങ്ങനെ? (ബി) മേദ്യ സൈന്യ​ങ്ങൾക്ക്‌ അസാധാ​ര​ണ​മായ എന്തു പ്രത്യേ​കത ഉണ്ടായി​രി​ക്കു​മെന്ന്‌ പ്രവചനം മുൻകൂ​ട്ടി പറയുന്നു?

11 യെശയ്യാവിന്റെ നാളിൽ, മേദ്യ​യും ബാബി​ലോ​ണും അസീറി​യൻ നുകത്തി​നു കീഴി​ലാണ്‌. എന്നാൽ ഏകദേശം ഒരു നൂറ്റാണ്ടു കഴിഞ്ഞ​പ്പോൾ, അതായത്‌ പൊ.യു.മു. 632-ൽ, മേദ്യ​യും ബാബി​ലോ​ണും സഖ്യം ചേർന്ന്‌ അസീറി​യൻ തലസ്ഥാ​ന​മായ നീനെ​വേയെ മറിച്ചി​ടു​ന്നു. അങ്ങനെ ഒരു പ്രമുഖ ലോക​ശ​ക്തി​യാ​യി മാറു​ന്ന​തി​നുള്ള അവസരം ബാബി​ലോ​ണി​നു തുറന്നു കിട്ടുന്നു. എന്നാൽ ഏകദേശം 100 വർഷം കഴിയു​മ്പോൾ മേദ്യ, ബാബി​ലോ​ണി​നെ നശിപ്പി​ക്കു​മെന്ന്‌ അതിലെ നിവാ​സി​കൾ സ്വപ്‌ന​ത്തിൽ പോലും വിചാ​രി​ക്കു​ന്നില്ല! അത്തരം ധീരമായ ഒരു പ്രവചനം നടത്താൻ യഹോ​വ​യാം ദൈവ​ത്തി​ന​ല്ലാ​തെ ആർക്കു കഴിയും?

12 ബാബിലോണിനെ നശിപ്പി​ക്കാ​നാ​യി താൻ തിര​ഞ്ഞെ​ടു​ക്കുന്ന മേദ്യ സൈന്യ​ങ്ങൾ “വെള്ളിയെ കാര്യ​മാ​ക്കു​ക​യില്ല; പൊന്നിൽ അവർക്കു താല്‌പ​ര്യ​വു​മില്ല” എന്ന്‌ യഹോവ പറയുന്നു. സാധാരണ സൈനി​ക​രിൽനിന്ന്‌ എത്ര വ്യത്യ​സ്‌തം! ബൈബിൾ പണ്ഡിത​നായ ആൽബെർട്ട്‌ ബാൺസ്‌ ഇങ്ങനെ പറയുന്നു: “കൊള്ള​യിൽ കണ്ണു​വെ​ക്കാത്ത സൈന്യ​ങ്ങൾ അധിക​മൊ​ന്നും ഉണ്ടായി​രു​ന്നി​ട്ടില്ല.” എന്നാൽ, മേദ്യ സൈന്യ​ത്തെ കുറി​ച്ചുള്ള യഹോ​വ​യു​ടെ വാക്കുകൾ സത്യ​മെന്നു തെളി​യു​മോ? തീർച്ച​യാ​യും. ജെ. ഗ്ലെന്റ്‌വർത്ത്‌ ബട്ട്‌ലർ തയ്യാറാ​ക്കിയ ദ ബൈബിൾ-വർക്ക്‌ എന്ന കൃതി​യിൽ കാണുന്ന ഈ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “യുദ്ധം നടത്തി​യി​ട്ടുള്ള മിക്ക രാഷ്‌ട്ര​ങ്ങ​ളിൽനി​ന്നും വ്യത്യ​സ്‌ത​മാ​യി മേദ്യ​രും, പ്രത്യേ​കി​ച്ചു പേർഷ്യ​ക്കാ​രും സ്വർണ​ത്തെ​ക്കാൾ പ്രാധാ​ന്യം കൽപ്പി​ച്ചി​രു​ന്നത്‌ യുദ്ധജ​യ​ത്തി​നും കീർത്തി​ക്കും ആയിരു​ന്നു.” b അതു കണക്കി​ലെ​ടു​ക്കു​മ്പോൾ, ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനിന്ന്‌ ഇസ്രാ​യേ​ല്യ​രെ വിടു​വി​ക്കുന്ന അവസര​ത്തിൽ പേർഷ്യൻ രാജാ​വായ സൈറസ്‌, യെരൂ​ശ​ലേ​മി​ലെ ആലയത്തിൽനി​ന്നു നെബൂ​ഖ​ദ്‌നേസർ കൊള്ള​യാ​യി എടുത്ത ആയിര​ക്ക​ണ​ക്കി​നു സ്വർണ​പ്പാ​ത്ര​ങ്ങ​ളും വെള്ളി​പ്പാ​ത്ര​ങ്ങ​ളും അവർക്കു തിരികെ കൊടു​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.—എസ്രാ 1:7-11.

13, 14. (എ) കൊള്ള​യിൽ താത്‌പ​ര്യ​മി​ല്ലെ​ങ്കി​ലും, മേദോ-പേർഷ്യൻ സൈന്യ​ങ്ങൾ എന്തു സംബന്ധിച്ച്‌ അത്യാ​ഗ്ര​ഹി​ക​ളാണ്‌? (ബി) ബാബി​ലോൺ അഹങ്കരി​ക്കുന്ന അതിന്റെ പ്രതി​രോധ സംവി​ധാ​ന​ങ്ങളെ സൈറസ്‌ മറിക​ട​ക്കു​ന്നത്‌ എങ്ങനെ?

13 മേദോ-പേർഷ്യൻ യോദ്ധാ​ക്കൾക്ക്‌ കൊള്ള​യിൽ വലിയ താത്‌പ​ര്യ​മൊ​ന്നും ഇല്ലെങ്കി​ലും, അവർ തീർച്ച​യാ​യും അധികാ​ര​മോ​ഹി​ക​ളാണ്‌. ആഗോള രംഗത്ത്‌ മറ്റൊരു രാഷ്‌ട്ര​ത്തി​ന്റെ​യും പിന്നിൽ ആയിരി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നില്ല. മാത്രമല്ല, ‘സർവവും നശി’പ്പിക്കു​ക​യെന്ന ചിന്ത യഹോവ അവരുടെ ഹൃദയ​ങ്ങ​ളിൽ നടുന്നു. (യെശയ്യാ​വു 13:6) അതിനാൽ, തങ്ങളുടെ ലോഹ​വി​ല്ലു​കൾകൊണ്ട്‌ ബാബി​ലോ​ണി​നെ ജയിച്ച​ട​ക്കാൻ അവർ ദൃഢചി​ത്ത​രാണ്‌. അസ്‌ത്രങ്ങൾ എയ്യുന്ന​തി​നു മാത്രമല്ല, ബാബി​ലോ​ണി​യൻ വംശജ​രായ ശത്രു​സൈ​നി​കർക്കു മാരക​മായ പ്രഹര​മേൽപ്പി​ക്കാ​നും ഈ വില്ലുകൾ ഉപയോ​ഗി​ക്കാൻ കഴിയും.

14 മേദോ-പേർഷ്യൻ സൈന്യ​ങ്ങ​ളു​ടെ തലവനായ സൈറസ്‌ ബാബി​ലോ​ണി​ന്റെ ശക്തിദുർഗങ്ങൾ കണ്ട്‌ പിന്തി​രി​യു​ന്നില്ല. പൊ.യു.മു. 539 ഒക്‌ടോ​ബർ 5/6 തീയതി രാത്രി യൂഫ്ര​ട്ടീസ്‌ നദിയി​ലെ വെള്ളം വഴിതി​രി​ച്ചു​വി​ടാൻ അദ്ദേഹം കൽപ്പന നൽകുന്നു. നദിയി​ലെ ജലനി​രപ്പു കുറയു​മ്പോൾ, തുടയ്‌ക്കൊ​പ്പം വെള്ളമുള്ള നദിയി​ലൂ​ടെ നടന്ന്‌ അവർ നഗരത്തിൽ പ്രവേ​ശി​ക്കു​ന്നു. അങ്ങനെ, ബാബി​ലോ​ണി​ലെ നിവാ​സി​കൾ ഒരിക്ക​ലും പ്രതീ​ക്ഷി​ക്കാത്ത ഒരു സമയത്ത്‌ ബാബി​ലോൺ വീഴുന്നു. (ദാനീ​യേൽ 5:30) യാതൊ​രു സംശയ​വും അവശേ​ഷി​പ്പി​ക്കാത്ത വിധം ഈ സംഭവ​ങ്ങളെ കുറിച്ചു പ്രവചി​ക്കാൻ യഹോ​വ​യാം ദൈവം തന്നെയാണ്‌ യെശയ്യാ​വി​നെ നിശ്വ​സ്‌ത​നാ​ക്കു​ന്നത്‌.

15. ബാബി​ലോ​ണി​ന്റെ ഭാവി എന്തായി​രി​ക്കും?

15 ബാബിലോണിന്റെ നാശം എങ്ങനെ​യു​ള്ളത്‌ ആയിരി​ക്കും? യഹോ​വ​യു​ടെ പ്രഖ്യാ​പ​ന​ത്തി​നു ശ്രദ്ധ കൊടു​ക്കുക: “അതിൽ ഒരു നാളും കുടി​പാർപ്പു​ണ്ടാ​ക​യില്ല; തലമു​റ​ത​ല​മു​റ​യോ​ളം അതിൽ ആരും വസിക്ക​യു​മില്ല; അറബി​ക്കാ​രൻ അവിടെ കൂടാരം അടിക്ക​യില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തു​ക​യും ഇല്ല. മരുമൃ​ഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടു​ക​ളിൽ മൂങ്ങാ നിറയും; ഒട്ടകപ്പ​ക്ഷി​കൾ അവിടെ പാർക്കും; ഭൂതങ്ങൾ അവിടെ നൃത്തം ചെയ്യും. അവരുടെ അരമന​ക​ളിൽ ചെന്നാ​യ്‌ക്ക​ളും അവരുടെ മനോ​ഹ​ര​മ​ന്ദി​ര​ങ്ങ​ളിൽ കുറു​ന​രി​ക​ളും ഓളി​യി​ടും; അതിന്റെ സമയം അടുത്തി​രി​ക്കു​ന്നു; അതിന്റെ കാലം ദീർഘി​ച്ചു​പോ​ക​യു​മില്ല.” (യെശയ്യാ​വു 13:20-22) സമ്പൂർണ നാശമാ​ണു ബാബി​ലോ​ണി​നു സംഭവി​ക്കാൻ പോകു​ന്നത്‌.

16. ബാബി​ലോ​ണി​ന്റെ ഇപ്പോ​ഴത്തെ അവസ്ഥ നമുക്ക്‌ എന്ത്‌ ഉറപ്പേ​കു​ന്നു?

16 പൊ.യു.മു. 539-ൽത്തന്നെ അതു സംഭവി​ച്ചില്ല. എന്നാൽ, ബാബി​ലോ​ണി​നെ കുറിച്ച്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞ​തെ​ല്ലാം സത്യമാ​യി ഭവിച്ചി​രി​ക്കു​ന്നു എന്നത്‌ ഇന്നു വളരെ വ്യക്തമാണ്‌. ബാബി​ലോൺ “ഇപ്പോൾ ശൂന്യ​മായ ഒരു സ്ഥലമാണ്‌, നാശാ​വ​ശി​ഷ്‌ട​ങ്ങ​ളു​ടെ ഒരു കൂമ്പാ​ര​മാണ്‌. നൂറ്റാ​ണ്ടു​ക​ളാ​യി അതിന്റെ അവസ്ഥ അതുതന്നെ” എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഈ ദൃശ്യങ്ങൾ കണ്ടിട്ട്‌ യെശയ്യാ​വി​ന്റെ​യും യിരെ​മ്യാ​വി​ന്റെ​യും പ്രവച​നങ്ങൾ എത്ര കൃത്യ​മാ​യി നിവർത്തി​ച്ചി​രി​ക്കു​ന്നു എന്നു ചിന്തി​ക്കാ​തി​രി​ക്കാ​നാ​വില്ല.” വ്യക്തമാ​യും, യെശയ്യാ​വി​ന്റെ നാളിൽ യാതൊ​രു മനുഷ്യ​നും ബാബി​ലോ​ണി​ന്റെ പതന​ത്തെ​യും അതിന്റെ ക്രമേ​ണ​യുള്ള ശൂന്യ​മാ​ക്ക​ലി​നെ​യും കുറിച്ച്‌ പ്രവചി​ക്കാൻ കഴിയു​മാ​യി​രു​ന്നില്ല. വാസ്‌ത​വ​ത്തിൽ, യെശയ്യാവ്‌ തന്റെ പുസ്‌തകം എഴുതി ഏതാണ്ട്‌ 200 വർഷം കഴിഞ്ഞാണ്‌ മേദോ-പേർഷ്യ ബാബി​ലോ​ണി​നെ കീഴട​ക്കു​ന്നത്‌! എന്നാൽ അവളുടെ അന്തിമ​മായ ശൂന്യ​മാ​ക്ക​ലാ​ണെ​ങ്കിൽ പിന്നെ​യും പല നൂറ്റാ​ണ്ടു​കൾ കഴിഞ്ഞാ​ണു സംഭവി​ക്കു​ന്നത്‌. ബൈബിൾ ദൈവ​ത്തി​ന്റെ നിശ്വസ്‌ത വചനമാ​ണെ​ന്നുള്ള നമ്മുടെ വിശ്വാ​സത്തെ അതു ബലപ്പെ​ടു​ത്തു​ന്നി​ല്ലേ? (2 തിമൊ​ഥെ​യൊസ്‌ 3:16) മാത്രമല്ല, കഴിഞ്ഞ കാലങ്ങ​ളിൽ യഹോ​വ​യു​ടെ നിരവധി പ്രവച​നങ്ങൾ നിവൃ​ത്തി​യേ​റി​യി​രി​ക്കു​ന്ന​തി​നാൽ, ശേഷി​ച്ചി​രി​ക്കുന്ന ബൈബിൾ പ്രവച​ന​ങ്ങ​ളും ദൈവ​ത്തി​ന്റെ തക്കസമ​യത്ത്‌ നിവൃ​ത്തി​യേ​റും എന്ന കാര്യ​ത്തിൽ നമുക്കു പൂർണ​മായ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

‘വ്യസനം നീക്കി വിശ്രാ​മം നൽകുന്നു’

17, 18. ബാബി​ലോ​ണി​ന്റെ പരാജയം ഇസ്രാ​യേ​ലിന്‌ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളിൽ കലാശി​ക്കും?

17 ബാബിലോണിന്റെ പതനം ഇസ്രാ​യേ​ലിന്‌ ഒരു ആശ്വാ​സ​മാ​യി​രി​ക്കും. പ്രവാ​സ​ത്തിൽനി​ന്നുള്ള വിടു​ത​ലും വാഗ്‌ദത്ത ദേശ​ത്തേക്കു മടങ്ങു​ന്ന​തി​നുള്ള അവസര​വും അതു പ്രദാനം ചെയ്യും. അതിനാൽ, യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “യഹോവ യാക്കോ​ബി​നോ​ടു മനസ്സലി​ഞ്ഞു യിസ്രാ​യേ​ലി​നെ വീണ്ടും തിര​ഞ്ഞെ​ടു​ത്തു സ്വദേ​ശത്തു അവരെ പാർപ്പി​ക്കും; അന്യജാ​തി​ക്കാ​രും അവരോ​ടു യോജി​ച്ചു യാക്കോബ്‌ ഗൃഹ​ത്തോ​ടു ചേർന്നു​കൊ​ള്ളും. ജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടു​വ​രും; യിസ്രാ​യേൽഗൃ​ഹം അവരെ യഹോ​വ​യു​ടെ ദേശത്തു ദാസന്മാ​രാ​യും ദാസി​മാ​രാ​യും അടക്കി​ക്കൊ​ള്ളും; തങ്ങളെ ബദ്ധന്മാ​രാ​ക്കി​യ​വരെ അവർ ബദ്ധന്മാ​രാ​ക്കു​ക​യും തങ്ങളെ പീഡി​പ്പി​ച്ച​വരെ വാഴു​ക​യും ചെയ്യും.” (യെശയ്യാ​വു 14:1, 2) ഈ വാക്യ​ത്തി​ലെ ‘യാക്കോബ്‌’ എന്ന പ്രയോ​ഗം മുഴു ഇസ്രാ​യേ​ല്യ​രെ​യും—12 ഗോ​ത്ര​ങ്ങ​ളെ​യും—സൂചി​പ്പി​ക്കു​ന്നു. സ്വദേ​ശ​ത്തേക്കു മടങ്ങാൻ അനുവ​ദി​ച്ചു​കൊണ്ട്‌ യഹോവ ‘യാക്കോ​ബി’നോടു കരുണ കാണി​ക്കും. അവരോ​ടൊ​പ്പം ആയിര​ക്ക​ണ​ക്കി​നു വിദേ​ശി​ക​ളും ഉണ്ടായി​രി​ക്കും. അവരിൽ പലരും ആലയദാ​സ​ന്മാർ എന്ന നിലയിൽ സേവനം അനുഷ്‌ഠി​ക്കും. ചില ഇസ്രാ​യേ​ല്യർ തങ്ങളെ മുമ്പ്‌ ബന്ദിക​ളാ​ക്കി​യ​വ​രു​ടെ മേൽ അധികാ​രം നടത്തുക പോലും ചെയ്യും. c

18 പ്രവാസത്തിൽ കഴിയു​ന്ന​തി​ന്റെ ദുഃഖം അവർക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വ​രില്ല. പകരം, യഹോവ തന്റെ ജനത്തിന്റെ ‘വ്യസന​വും കഷ്ടതയും [അവർ] ചെയ്യേ​ണ്ടി​വന്ന കഠിന​ദാ​സ്യ​വും നീക്കി [അവർക്ക്‌] വിശ്രാ​മം നല്‌കും.’ (യെശയ്യാ​വു 14:3) അടിമ​ത്ത​ത്തി​ന്റെ യാതന​ക​ളിൽനി​ന്നു മുക്തമായ ഇസ്രാ​യേ​ലിന്‌ വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രു​ടെ ഇടയിൽ വസിക്കു​ന്ന​തി​ന്റെ കഷ്‌ട​വും വേദന​യും മേലാൽ സഹി​ക്കേ​ണ്ടി​യും വരില്ല. (എസ്രാ 3:1; യെശയ്യാ​വു 32:18) അതേക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ടു​കൊണ്ട്‌ ബൈബി​ളി​ലെ ദേശങ്ങ​ളും ജനങ്ങളും (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “ബാബി​ലോ​ണി​യരെ പോലെ ആയിരു​ന്നു അവരുടെ ദൈവ​ങ്ങ​ളും. അവരുടെ ഏറ്റവും ഹീനമായ സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളെ​ല്ലാം അവയ്‌ക്കും ഉണ്ടായി​രു​ന്നു. ആ ദൈവങ്ങൾ ഭീരു​ക്ക​ളും മദ്യപ​ന്മാ​രും മടയന്മാ​രു​മാ​യി ചിത്രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.” അത്തരം അധമമായ ഒരു മതപശ്ചാ​ത്ത​ല​ത്തിൽനി​ന്നു രക്ഷപ്പെ​ടു​ന്നത്‌ എത്ര ആശ്വാ​സ​ക​ര​മാ​യി​രു​ന്നു!

19. യഹോ​വ​യു​ടെ ക്ഷമ ലഭിക്ക​ണ​മെ​ങ്കിൽ ഇസ്രാ​യേൽ എന്തു ചെയ്യണം, ഇതിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു?

19 എന്നിരുന്നാലും, യഹോ​വ​യു​ടെ കരുണ ചില വ്യവസ്ഥ​ക​ളിൽ അധിഷ്‌ഠി​ത​മാണ്‌. തന്റെ ജനത്തെ ദൈവം കഠിന​മാ​യി ശിക്ഷി​ക്കാൻ ഇടയാ​ക്കിയ ദുഷ്ടതയെ പ്രതി അവർ അനുതാ​പം പ്രകടി​പ്പി​ക്കേ​ണ്ട​തുണ്ട്‌. (യിരെ​മ്യാ​വു 3:25) ഹൃദയം​ഗ​മ​മായ അനുതാ​പം യഹോ​വ​യു​ടെ ക്ഷമ കൈവ​രു​ത്തു​ന്നു. (നെഹെ​മ്യാ​വു 9:6-37; ദാനീ​യേൽ 9:5 എന്നിവ കാണുക.) അതേ തത്ത്വം ഇന്നും സത്യമാണ്‌. “പാപം ചെയ്യാത്ത മനുഷ്യൻ ഇല്ല” എന്നതി​നാൽ നമു​ക്കേ​വർക്കും യഹോ​വ​യു​ടെ കരുണ ആവശ്യ​മാണ്‌. (2 ദിനവൃ​ത്താ​ന്തം 6:36) ആത്മീയ​മാ​യി സുഖം പ്രാപി​ക്കു​ന്ന​തിന്‌ നമ്മുടെ പാപങ്ങൾ ഏറ്റുപ​റഞ്ഞ്‌ അനുത​പി​ക്കാ​നും തെറ്റായ ഗതി ഉപേക്ഷി​ക്കാ​നും കരുണാ​മ​യ​നായ യഹോ​വ​യാം ദൈവം സ്‌നേ​ഹ​പൂർവം നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു. (ആവർത്ത​ന​പു​സ്‌തകം 4:31; യെശയ്യാ​വു 1:18; യാക്കോബ്‌ 5:16) വീണ്ടും ദൈവ​പ്രീ​തി​യി​ലേക്കു വരാൻ അതു നമ്മെ സഹായി​ക്കു​ക​യും നമുക്ക്‌ ആശ്വാസം കൈവ​രു​ത്തു​ക​യും ചെയ്യുന്നു.—സങ്കീർത്തനം 51:1; സദൃശ​വാ​ക്യ​ങ്ങൾ 28:13; 2 കൊരി​ന്ത്യർ 2:7.

ബാബി​ലോ​ണിന്‌ എതി​രെ​യുള്ള ‘പാട്ട്‌’

20, 21. ബാബി​ലോ​ണി​ന്റെ അയൽക്കാർ ആ രാജ്യ​ത്തി​ന്റെ പതനത്തിൽ സന്തോ​ഷി​ക്കു​ന്നത്‌ എങ്ങനെ?

20 ഒരു പ്രമുഖ ലോക​ശ​ക്തി​യാ​യുള്ള ബാബി​ലോ​ണി​ന്റെ ഉയർച്ച​യ്‌ക്കു നൂറി​ല​ധി​കം വർഷങ്ങൾക്കു മുമ്പ്‌, അവളുടെ പതനത്തെ ലോകം എങ്ങനെ വീക്ഷി​ക്കു​മെന്ന്‌ യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്നു. ബാബി​ലോ​ണി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​രാ​ക്ക​പ്പെട്ട ഇസ്രാ​യേ​ല്യ​രോട്‌ പ്രാവ​ച​നി​ക​മാ​യി അവൻ ഇങ്ങനെ പറയുന്നു: “നീ ബാബേൽരാ​ജാ​വി​നെ​ക്കു​റി​ച്ചു ഈ പാട്ടു​ചൊ​ല്ലും; പീഡി​പ്പി​ക്കു​ന്നവൻ എങ്ങനെ ഇല്ലാ​തെ​യാ​യി! സ്വർണ്ണ​ന​ഗരം എങ്ങനെ മുടിഞ്ഞു പോയി! യഹോവ ദുഷ്ടന്മാ​രു​ടെ വടിയും വാഴു​ന്ന​വ​രു​ടെ ചെങ്കോ​ലും ഒടിച്ചു​ക​ളഞ്ഞു. വംശങ്ങളെ ഇടവി​ടാ​തെ ക്രോ​ധ​ത്തോ​ടെ അടിക്ക​യും ആർക്കും അടുത്തു​കൂ​ടാത്ത ഉപദ്ര​വ​ത്താൽ ജാതി​കളെ കോപ​ത്തോ​ടെ ഭരിക്ക​യും ചെയ്‌ത​വനെ തന്നേ.” (യെശയ്യാ​വു 14:4-6) ഒരു ജേതാ​വും സ്വതന്ത്ര ജനങ്ങളെ അടിമ​ക​ളാ​ക്കുന്ന മർദക​നും എന്ന ഖ്യാതി​യാണ്‌ ബാബി​ലോൺ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. ബാബി​ലോൺ എന്ന മഹാന​ഗ​ര​ത്തി​ന്റെ പ്രതാപ നാളു​ക​ളിൽ അവിടെ ഭരണം നടത്തി​യി​രുന്ന ബാബി​ലോ​ണി​യൻ രാജവം​ശത്തെ—നെബൂ​ഖ​ദ്‌നേ​സ​റിൽ തുടങ്ങി നബോ​ണീ​ഡ​സി​ന്റെ​യും ബേൽശ​സ്സ​റി​ന്റെ​യും കാലത്ത്‌ അവസാ​നി​ക്കു​ന്നു—കുറി​ച്ചുള്ള ഒരു ‘പാട്ട്‌ ചൊല്ലി​ക്കൊണ്ട്‌’ അവളുടെ പതനം ആഘോ​ഷി​ക്കു​ന്നത്‌ എത്ര ഉചിത​മാ​യി​രി​ക്കും!

21 അവളുടെ പതനം എത്ര വലിയ ഒരു മാറ്റമാ​യി​രി​ക്കും കൈവ​രു​ത്തുക! “സർവ്വഭൂ​മി​യും വിശ്ര​മി​ച്ചു സ്വസ്ഥമാ​യി​രി​ക്കു​ന്നു; അവർ ആർത്തു​പാ​ടു​ന്നു. സരളവൃ​ക്ഷ​ങ്ങ​ളും ലെബാ​നോ​നി​ലെ ദേവദാ​രു​ക്ക​ളും നിന്നെ​ക്കു​റി​ച്ചു സന്തോ​ഷി​ച്ചു: നീ വീണു​കി​ട​ന്ന​തു​മു​തൽ ഒരു വെട്ടു​കാ​ര​നും ഞങ്ങളുടെ നേരെ കയറി​വ​രു​ന്നില്ല എന്നു പറയുന്നു.” (യെശയ്യാ​വു 14:7, 8) ബാബി​ലോ​ണി​യൻ ഭരണാ​ധി​കാ​രി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം, ചുറ്റു​മു​ണ്ടാ​യി​രുന്ന ജനതക​ളി​ലെ രാജാ​ക്ക​ന്മാർ തങ്ങളുടെ ആവശ്യ​ങ്ങൾക്കാ​യി വെട്ടി ഉപയോ​ഗി​ക്കാൻ കഴിയുന്ന വൃക്ഷങ്ങൾ പോലെ ആയിരു​ന്നു. എന്നാൽ ഇപ്പോൾ സ്ഥിതി​ഗ​തി​കൾക്കു മാറ്റം വന്നിരി​ക്കു​ന്നു. ഈ ബാബി​ലോ​ണി​യൻ മരം​വെ​ട്ടു​കാ​രന്റെ മരം​വെട്ട്‌ അവസാ​നി​ച്ചി​രി​ക്കു​ന്നു!

22. ബാബി​ലോ​ണി​യൻ രാജവം​ശ​ത്തി​ന്റെ പതനത്തി​നു ഷിയോ​ളി​ന്റെ മേലുള്ള ഫലത്തെ കുറിച്ച്‌ യെശയ്യാവ്‌ കാവ്യാ​ത്മ​ക​മാ​യി വർണി​ക്കു​ന്നത്‌ എങ്ങനെ?

22 ശവക്കുഴി (ഷിയോൾ) പോലും പിൻവ​രുന്ന പ്രകാരം പ്രതി​ക​രി​ക്കുന്ന വിധം അത്ര ആശ്ചര്യ​പ്പെ​ടു​ത്തുന്ന ഒന്നാണ്‌ ബാബി​ലോ​ണി​ന്റെ പതനം: “നിന്റെ വരവിങ്കൽ നിന്നെ എതി​രേ​ല്‌പാൻ താഴേ പാതാളം [“ഷിയോൾ,” NW] നിന്റെ നിമിത്തം ഇളകി​യി​രി​ക്കു​ന്നു; അതു നിന്നെ​ച്ചൊ​ല്ലി സകലഭൂ​പാ​ല​ന്മാ​രു​മായ പ്രേത​ന്മാ​രെ ഉണർത്തു​ക​യും ജാതി​ക​ളു​ടെ സകലരാ​ജാ​ക്ക​ന്മാ​രെ​യും സിംഹാ​സ​ന​ങ്ങ​ളിൽനി​ന്നു എഴു​ന്നേ​ല്‌പി​ക്ക​യും ചെയ്‌തി​രി​ക്കു​ന്നു. അവരൊ​ക്കെ​യും നിന്നോ​ടു: നീയും ഞങ്ങളെ​പ്പോ​ലെ ബലഹീ​ന​നാ​യോ? നീയും ഞങ്ങൾക്കു തുല്യ​നാ​യ്‌തീർന്നു​വോ? എന്നു പറയും. നിന്റെ ആഡംബ​ര​വും വാദ്യ​ഘോ​ഷ​വും പാതാ​ള​ത്തി​ലേക്കു ഇറങ്ങി​പ്പോ​യി; നിന്റെ കീഴെ പുഴു​ക്കളെ വിരി​ച്ചി​രി​ക്കു​ന്നു; കൃമികൾ നിനക്കു പുതെ​പ്പാ​യി​രി​ക്കു​ന്നു.” (യെശയ്യാ​വു 14:9-11) കാവ്യ​രൂ​പ​ത്തി​ലുള്ള എത്ര ശക്തമായ വർണന! ഈ നവാഗ​തനെ വരവേൽക്കാൻ, ബാബി​ലോ​ണി​യൻ രാജവം​ശം അസ്‌തി​ത്വ​ത്തിൽ വരുന്ന​തി​നു മുമ്പ്‌ മരിച്ചു​പോയ രാജാ​ക്ക​ന്മാ​രെ​യെ​ല്ലാം മനുഷ്യ​വർഗ​ത്തി​ന്റെ പൊതു​ശ​വ​ക്കു​ഴി വിളി​ച്ചു​ണർത്തു​ന്നതു പോ​ലെ​യാണ്‌ ഇത്‌. ഒരിക്കൽ വാഴ്‌ച നടത്തി​യി​രുന്ന, ഇപ്പോൾ നിസ്സഹാ​യാ​വ​സ്ഥ​യിൽ ആയിരി​ക്കുന്ന ബാബി​ലോ​ണി​നെ അവർ പരിഹ​സി​ക്കു​ന്നു. ഇപ്പോൾ അതു വില​യേ​റിയ കിടക്ക​യ്‌ക്കു പകരം പുഴു​ക്കളെ മെത്തയാ​ക്കി, വില കൂടിയ പുതപ്പു​കൾക്കു പകരം കൃമി​കളെ പുതപ്പാ​ക്കി കിടക്കു​ക​യാണ്‌.

“ചവിട്ടി​മെ​തിച്ച ശവം​പോ​ലെ”

23, 24. ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാർ എത്ര വലിയ അഹങ്കാ​ര​മാ​ണു പ്രകട​മാ​ക്കു​ന്നത്‌?

23 യെശയ്യാവ്‌ ബാബി​ലോ​ണി​നെ കുറി​ച്ചുള്ള തന്റെ പാട്ടു തുടരു​ന്നു: “അരു​ണോ​ദ​യ​പു​ത്ര​നായ ശുക്രാ, നീ എങ്ങനെ ആകാശ​ത്തു​നി​ന്നു വീണു! ജാതി​കളെ താഴ്‌ത്തി​ക്ക​ള​ഞ്ഞ​വനേ, നീ എങ്ങനെ വെട്ടേ​ററു നിലത്തു വീണു!” (യെശയ്യാ​വു 14:12) ചുറ്റു​മു​ള്ള​വ​രെ​ക്കാൾ തങ്ങളെ​ത്തന്നെ ഉയർത്താൻ ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാ​രെ പ്രേരി​പ്പി​ക്കു​ന്നത്‌ സ്വാർഥ​മായ ദുരഭി​മാ​ന​മാണ്‌. വെളു​പ്പിന്‌ ആകാശ​ത്തിൽ തീവ്ര​മാ​യി ശോഭി​ക്കുന്ന ഒരു നക്ഷത്രം പോലെ, അവർ അഹങ്കാ​ര​പൂർവം ശക്തിയും അധികാ​ര​വും പ്രയോ​ഗി​ക്കു​ന്നു. നെബൂ​ഖ​ദ്‌നേസർ അഹങ്കരി​ക്കു​ന്ന​തി​നുള്ള ഒരു പ്രധാന കാരണം യെരൂ​ശ​ലേ​മി​നെ ജയിച്ച​ട​ക്കി​യ​താണ്‌. അസീറി​യ​യ്‌ക്ക്‌ കഴിയാഞ്ഞ കാര്യ​മാണ്‌ അതെന്ന്‌ ഓർക്കണം. ഗർവി​ഷ്‌ഠ​മായ ബാബി​ലോ​ണി​യൻ രാജവം​ശം പിൻവ​രുന്ന പ്രകാരം പറയു​ന്ന​താ​യി യെശയ്യാ​വി​ന്റെ പാട്ട്‌ വെളി​പ്പെ​ടു​ത്തു​ന്നു: “ഞാൻ സ്വർഗ്ഗ​ത്തിൽ കയറും; എന്റെ സിംഹാ​സനം ദൈവ​ത്തി​ന്റെ നക്ഷത്ര​ങ്ങൾക്കു മീതെ വെക്കും; ഉത്തരദി​ക്കി​ന്റെ അതൃത്തി​യിൽ സമാഗ​മ​പർവ്വ​ത​ത്തി​ന്മേൽ ഞാൻ ഇരുന്ന​രു​ളും; ഞാൻ മേഘോ​ന്ന​ത​ങ്ങൾക്കു മീതെ കയറും; ഞാൻ അത്യു​ന്ന​ത​നോ​ടു സമനാ​കും.” (യെശയ്യാ​വു 14:13, 14) അതി​നെ​ക്കാൾ ഗർവി​ഷ്‌ഠ​മായ എന്തെങ്കി​ലും ആഗ്രഹം ഉണ്ടായി​രി​ക്കാൻ കഴിയു​മോ?

24 ബൈബിളിൽ, ദാവീ​ദി​ന്റെ രാജകീയ വംശത്തി​ലെ രാജാ​ക്ക​ന്മാ​രെ നക്ഷത്ര​ങ്ങ​ളോട്‌ ഉപമി​ച്ചി​രി​ക്കു​ന്നു. (സംഖ്യാ​പു​സ്‌തകം 24:17) ദാവീ​ദി​ന്റെ കാലം മുതൽ ആ “നക്ഷത്രങ്ങൾ” സീയോൻ പർവത​ത്തിൽ നിന്നാണു ഭരണം നടത്തി​യി​രു​ന്നത്‌. ശലോ​മോൻ യെരൂ​ശ​ലേ​മിൽ ആലയം പണിത​തി​നു ശേഷം, ആ മുഴു നഗരവും സീയോൻ എന്ന പേരിൽ അറിയ​പ്പെ​ടാൻ ഇടയായി. ന്യായ​പ്ര​മാണ ഉടമ്പടി​യിൻ പ്രകാരം എല്ലാ ഇസ്രാ​യേല്യ പുരു​ഷ​ന്മാ​രും വർഷത്തിൽ മൂന്നു പ്രാവ​ശ്യം സീയോ​നി​ലേക്കു യാത്ര ചെയ്യാൻ ബാധ്യ​സ്ഥ​രാ​യി​രു​ന്നു. അങ്ങനെ അത്‌ ‘സമാഗ​മ​പർവതം’ ആയിത്തീർന്നു. യഹൂദാ രാജാ​ക്ക​ന്മാ​രെ കീഴ്‌പെ​ടു​ത്തി​ക്കൊണ്ട്‌ ആ പർവത​ത്തിൽനിന്ന്‌ അവരെ നീക്കം ചെയ്യാൻ ദൃഢനി​ശ്ചയം ചെയ്യു​ക​വഴി ആ “നക്ഷത്രങ്ങൾ”ക്കു മീതെ തന്നെത്തന്നെ ഉയർത്താ​നുള്ള ഉദ്ദേശ്യ​മാണ്‌ നെബൂ​ഖ​ദ്‌നേസർ പ്രഖ്യാ​പി​ക്കു​ന്നത്‌. അവരുടെ മേലുള്ള വിജയ​ത്തിന്‌ അവൻ യഹോ​വ​യ്‌ക്കു ബഹുമതി നൽകു​ന്നില്ല. പകരം, അവൻ ഗർവ​ത്തോ​ടെ തന്നെത്തന്നെ യഹോ​വ​യു​ടെ സ്ഥാനത്ത്‌ ആക്കി​വെ​ക്കു​ന്നു.

25, 26. ബാബി​ലോ​ണി​യൻ രാജവം​ശ​ത്തി​നു നിന്ദ്യ​മായ അന്ത്യം സംഭവി​ക്കു​ന്നത്‌ എങ്ങനെ?

25 ബാബിലോണിയൻ രാജാ​ക്ക​ന്മാ​രു​ടെ അവസ്ഥയ്‌ക്ക്‌ എത്ര വലിയ മാറ്റമാ​ണു വരാൻ പോകു​ന്നത്‌! ബാബി​ലോൺ മേലാൽ ദൈവ​ത്തി​ന്റെ നക്ഷത്ര​ങ്ങ​ളെ​ക്കാൾ ഉന്നതമായ അവസ്ഥയിൽ ആയിരി​ക്കു​ക​യില്ല. പകരം, അതിനെ കുറിച്ച്‌ യഹോവ ഇപ്രകാ​രം പറയുന്നു: “എന്നാൽ നീ പാതാ​ള​ത്തി​ലേക്കു, നാശകൂ​പ​ത്തി​ന്റെ അടിയി​ലേക്കു തന്നേ വീഴും. നിന്നെ കാണു​ന്നവർ നിന്നെ ഉററു​നോ​ക്കി: ഭൂമിയെ നടുക്കു​ക​യും രാജ്യ​ങ്ങളെ കുലു​ക്കു​ക​യും ഭൂതലത്തെ മരുഭൂ​മി​പോ​ലെ ആക്കുക​യും അതിലെ പട്ടണങ്ങളെ ഇടിച്ചു​ക​ള​ക​യും തന്റെ ബദ്ധന്മാരെ വീട്ടി​ലേക്കു അഴിച്ചു​വി​ടാ​തി​രി​ക്ക​യും ചെയ്‌തവൻ ഇവനല്ല​യോ എന്നു നിരൂ​പി​ക്കും.” (യെശയ്യാ​വു 14:15-17) ദുരാ​ഗ്ര​ഹ​ത്തോ​ടെ പ്രവർത്തി​ക്കുന്ന ആ രാജവം​ശം ഏതൊരു മനുഷ്യ​നെ​യും പോലെ, പാതാ​ള​ത്തി​ലേക്ക്‌ (ഷിയോ​ളി​ലേക്ക്‌) ഇറങ്ങും.

26 രാജ്യങ്ങളെ ജയിച്ച​ട​ക്കു​ക​യും വിളനി​ലങ്ങൾ നശിപ്പി​ക്കു​ക​യും നിരവധി പട്ടണങ്ങളെ ഇടിച്ചു​ക​ള​യു​ക​യും ചെയ്‌ത ആ ശക്തി എവിടെ ആയിരി​ക്കും? ആളുകളെ ബന്ദിക​ളാ​ക്കു​ക​യും സ്വദേ​ശ​ത്തേക്കു മടങ്ങാൻ അവരെ അനുവ​ദി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌ത ആ ലോക​ശ​ക്തിക്ക്‌ എന്തു സംഭവി​ക്കും? ബാബി​ലോ​ണി​യൻ രാജവം​ശ​ത്തിന്‌ മാന്യ​മായ ഒരു ശവസം​സ്‌കാ​രം പോലും ലഭിക്കു​ക​യില്ല! യഹോവ ഇങ്ങനെ പറയുന്നു: “ജാതി​ക​ളു​ടെ സകലരാ​ജാ​ക്ക​ന്മാ​രും ഒട്ടൊ​ഴി​യാ​തെ താന്താന്റെ ഭവനത്തിൽ മഹത്വ​ത്തോ​ടെ കിടന്നു​റ​ങ്ങു​ന്നു. നിന്നെ​യോ നിന്ദ്യ​മാ​യോ​രു ചുള്ളി​യെ​പ്പോ​ലെ​യും വാൾകൊ​ണ്ടു കുത്തേ​ററു മരിച്ചു കുഴി​യി​ലെ കല്ലുക​ളോ​ളം ഇറങ്ങി​യ​വ​രെ​ക്കാ​ണ്ടു പൊതി​ഞ്ഞി​രി​ക്കു​ന്ന​വ​നാ​യി ചവിട്ടി​മെ​തിച്ച ശവം​പോ​ലെ​യും നിന്റെ കല്ലറയിൽനി​ന്നും എറിഞ്ഞു​ക​ള​ഞ്ഞി​രി​ക്കു​ന്നു. നീ നിന്റെ ദേശത്തെ നശിപ്പി​ച്ചു, നിന്റെ ജനത്തെ കൊന്നു​ക​ള​ഞ്ഞ​തു​കൊ​ണ്ടു നിനക്കു അവരെ​പ്പോ​ലെ ശവസം​സ്‌കാ​രം ഉണ്ടാക​യില്ല; ദുഷ്ടന്മാ​രു​ടെ സന്തതി​യു​ടെ പേർ എന്നും നിലനി​ല്‌ക്ക​യില്ല.” (യെശയ്യാ​വു 14:18-20) പുരാതന നാളു​ക​ളിൽ, ഒരു രാജാ​വി​നു മാന്യ​മായ ശവസം​സ്‌കാ​രം ലഭിക്കാ​തി​രി​ക്കു​ന്നത്‌ അപമാ​ന​മാ​യി കരുത​പ്പെ​ട്ടി​രു​ന്നു. ബാബി​ലോ​ണി​യൻ രാജവം​ശ​ത്തി​ന്റെ കാര്യ​മോ? അതിലെ ചില രാജാ​ക്ക​ന്മാർക്കു മാന്യ​മായ ശവസം​സ്‌കാ​രം ലഭിക്കു​ന്നു എന്നതു ശരിയാണ്‌. എന്നാൽ, നെബൂ​ഖ​ദ്‌നേ​സ​റി​നെ തുടർന്നുള്ള രാജാ​ക്ക​ന്മാർ “നിന്ദ്യ​മാ​യോ​രു ചുള്ളി” പോലെ അവഗണി​ക്ക​പ്പെ​ടു​ന്നു. ഒരു പൊതു ശവക്കു​ഴി​യി​ലേക്ക്‌ ആ രാജവം​ശത്തെ എറിയു​ന്നതു പോലെ, യുദ്ധത്തിൽ കേവല​മൊ​രു കാലാൾഭടൻ വധിക്ക​പ്പെ​ടു​ന്നതു പോലെ ആണ്‌ അത്‌. എത്ര വലിയ അപമാനം!

27. പൂർവ​പി​താ​ക്ക​ന്മാ​രു​ടെ അകൃത്യം നിമിത്തം ബാബി​ലോ​ണി​യ​രു​ടെ ഭാവി തലമു​റകൾ ഏതു വിധത്തിൽ കഷ്‌ടം അനുഭ​വി​ക്കും?

27 ജയിച്ചടക്കുന്ന മേദ്യർക്കും പേർഷ്യ​ക്കാർക്കു​മുള്ള അന്തിമ കൽപ്പന​യോ​ടെ യെശയ്യാ​വി​ന്റെ പാട്ട്‌ അവസാ​നി​ക്കു​ന്നു: “അവന്റെ മക്കൾ എഴു​ന്നേ​ററു ഭൂമിയെ കൈവ​ശ​മാ​ക്കു​ക​യും ഭൂതല​ത്തി​ന്റെ ഉപരി​ഭാ​ഗത്തെ പട്ടണങ്ങൾകൊ​ണ്ടു നിറെ​ക്ക​യും ചെയ്യാ​തി​രി​ക്കേ​ണ്ട​തി​ന്നു അവർക്കു അവരുടെ പിതാ​ക്ക​ന്മാ​രു​ടെ അകൃത്യം​നി​മി​ത്തം ഒരു കുലനി​ലം ഒരുക്കി​ക്കൊൾവിൻ.” (യെശയ്യാ​വു 14:21) ബാബി​ലോ​ണി​ന്റെ പതനം ശാശ്വ​ത​മാ​യി​രി​ക്കും. ബാബി​ലോ​ണി​യൻ രാജവം​ശം പിഴു​തെ​റി​യ​പ്പെ​ടും. അതിന്‌ ഒരു നവോ​ത്ഥാ​നം ഉണ്ടാകു​ക​യില്ല. “പിതാ​ക്ക​ന്മാ​രു​ടെ അകൃത്യം​നി​മി​ത്തം” ബാബി​ലോ​ണി​യ​രു​ടെ ഭാവി തലമു​റകൾ കഷ്‌ടം അനുഭ​വി​ക്കും.

28. ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാ​രു​ടെ പാപത്തി​ന്റെ മൂലകാ​രണം എന്തായി​രു​ന്നു, അതിൽനിന്ന്‌ നാം എന്തു പഠിക്കു​ന്നു?

28 ബാബിലോണിയൻ രാജവം​ശ​ത്തി​നെ​തി​രെ​യുള്ള ന്യായ​വി​ധി നമുക്കു വിലപ്പെട്ട ഒരു പാഠമാ​യി ഉതകുന്നു. ബാബി​ലോ​ണി​യൻ രാജാ​ക്ക​ന്മാ​രു​ടെ പാപത്തി​ന്റെ മൂലകാ​രണം അവരുടെ അന്തമി​ല്ലാത്ത അത്യാ​ഗ്രഹം ആയിരു​ന്നു. (ദാനീ​യേൽ 5:23) അവരുടെ ഹൃദയങ്ങൾ അധികാ​ര​മോ​ഹം​കൊ​ണ്ടു നിറഞ്ഞി​രു​ന്നു. മറ്റുള്ള​വ​രു​ടെ​മേൽ അധീശ​ത്വം പുലർത്താൻ അവർ അഭില​ഷി​ച്ചു. (യെശയ്യാ​വു 47:5, 6) ദൈവ​ത്തിന്‌ അർഹത​പ്പെട്ട മഹത്ത്വം തങ്ങൾക്കു കിട്ടാൻ അവർ വാഞ്‌ഛി​ച്ചു. (വെളി​പ്പാ​ടു 4:11) അധികാ​ര​സ്ഥാ​ന​ത്തുള്ള എല്ലാവർക്കും, ക്രിസ്‌തീയ സഭയി​ലു​ള്ള​വർക്കു പോലു​മുള്ള ഒരു മുന്നറി​യി​പ്പാണ്‌ ഇത്‌. അത്യാ​ഗ്ര​ഹ​വും സ്വാർഥ​മായ ദുരഭി​മാ​ന​വും പോലുള്ള ദുർഗു​ണങ്ങൾ ആരുതന്നെ പ്രകടി​പ്പി​ച്ചാ​ലും—വ്യക്തി​ക​ളോ രാഷ്‌ട്ര​ങ്ങ​ളോ ആയിരു​ന്നാ​ലും—ദൈവം ഒരിക്ക​ലും പൊറു​ക്കു​ക​യില്ല.

29. ബാബി​ലോ​ണി​യൻ ഭരണാ​ധി​കാ​രി​ക​ളു​ടെ അഹങ്കാ​ര​വും ദുരാ​ഗ്ര​ഹ​വും എന്തിന്റെ പ്രതി​ഫ​ലനം ആയിരു​ന്നു?

29 ബാബിലോണിയൻ ഭരണാ​ധി​കാ​രി​ക​ളു​ടെ അഹങ്കാരം “ഈ ലോക​ത്തി​ന്റെ ദൈവ”മായ പിശാ​ചായ സാത്താന്റെ മനോ​ഭാ​വ​ത്തി​ന്റെ ഒരു പ്രതി​ഫ​ലനം ആയിരു​ന്നു. (2 കൊരി​ന്ത്യർ 4:4) അവനും അധികാ​രം മോഹി​ക്കു​ക​യും യഹോ​വ​യാം ദൈവ​ത്തി​നു മീതെ തന്നെത്തന്നെ ആക്കി​വെ​ക്കാൻ വാഞ്‌ഛി​ക്കു​ക​യും ചെയ്യുന്നു. ബാബി​ലോ​ണി​ലെ രാജാ​വി​ന്റെ​യും അവൻ അധീന​ത​യി​ലാ​ക്കിയ ജനങ്ങളു​ടെ​യും കാര്യ​ത്തി​ലെന്ന പോലെ, സാത്താന്റെ ദുരാ​ഗ്രഹം മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും ദുരി​ത​ത്തി​ലും കഷ്‌ട​ത​യി​ലും കലാശി​ച്ചി​രി​ക്കു​ന്നു.

30. മറ്റ്‌ ഏതു ബാബി​ലോ​ണി​നെ കുറി​ച്ചാ​ണു ബൈബി​ളിൽ പരാമർശി​ച്ചി​രി​ക്കു​ന്നത്‌, ഏതു മനോ​ഭാ​വ​മാണ്‌ അതു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌?

30 മാത്രമല്ല, വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ മറ്റൊരു ബാബി​ലോ​ണി​നെ—‘മഹാബാ​ബി​ലോ​ണി’നെ—കുറിച്ചു നാം വായി​ക്കു​ന്നു. (വെളി​പ്പാ​ടു 18:2, NW) വ്യാജമത ലോക​സാ​മ്രാ​ജ്യ​മായ ഈ സംഘടന ഗർവി​ഷ്‌ഠ​വും മർദക​വും ക്രൂര​വു​മായ ഒരു മനോ​ഭാ​വം പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. തത്‌ഫ​ല​മാ​യി, അവളും “യഹോ​വ​യു​ടെ ദിവസ”ത്തെ അഭിമു​ഖീ​ക​രി​ക്കു​ക​യും ദൈവ​ത്തി​ന്റെ തക്കസമ​യത്ത്‌ നശിപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യേ​ണ്ട​തുണ്ട്‌. (യെശയ്യാ​വു 13:6) “മഹാബാ​ബി​ലോൺ വീണി​രി​ക്കു​ന്നു” എന്ന സന്ദേശം 1919 മുതൽ ഭൂമി​യി​ലെ​മ്പാ​ടും മുഴക്ക​പ്പെ​ടു​ക​യാണ്‌. (വെളി​പ്പാ​ടു 14:8, NW) ദൈവ​ജ​നത്തെ അടിമ​ത്ത​ത്തിൽ നിറു​ത്താൻ കഴിയാ​തെ വന്നപ്പോ​ഴാണ്‌ അവൾ വീണത്‌. എന്നാൽ, പെട്ടെ​ന്നു​തന്നെ അവൾ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടും. പുരാതന ബാബി​ലോ​ണി​നെ കുറിച്ച്‌ യഹോവ ഇങ്ങനെ കൽപ്പി​ച്ചി​രു​ന്നു: “അതിന്റെ പ്രവൃ​ത്തി​ക്കു തക്കവണ്ണം അതിന്നു പകരം കൊടു​പ്പിൻ; അതു ചെയ്‌ത​തു​പോ​ലെ ഒക്കെയും അതി​നോ​ടും ചെയ്‌വിൻ; അതു യഹോ​വ​യോ​ടു, യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോ​ടു തന്നേ, അഹങ്കാരം കാണി​ച്ചി​രി​ക്കു​ന്നു.” (യിരെ​മ്യാ​വു 50:29; യാക്കോബ്‌ 2:13) മഹാബാ​ബി​ലോ​ണി​നും സമാന​മായ ഒരു ന്യായ​വി​ധി ആയിരി​ക്കും ലഭിക്കുക.

31. മഹാബാ​ബി​ലോ​ണിന്‌ പെട്ടെ​ന്നു​തന്നെ എന്തു സംഭവി​ക്കും?

31 അതിനാൽ, യെശയ്യാ പുസ്‌ത​ക​ത്തി​ലെ ഈ പ്രവച​ന​ത്തിൽ കാണുന്ന യഹോ​വ​യു​ടെ അന്തിമ പ്രസ്‌താ​വന പുരാതന ബാബി​ലോ​ണി​നു മാത്രമല്ല, മഹാബാ​ബി​ലോ​ണി​നും ബാധക​മാണ്‌: “ഞാൻ അവർക്കു വിരോ​ധ​മാ​യി എഴു​ന്നേ​ല്‌ക്കും . . . ബാബേ​ലിൽ നിന്നു പേരി​നെ​യും ശേഷി​പ്പി​നെ​യും പുത്ര​നെ​യും പൌ​ത്ര​നെ​യും ഛേദി​ച്ചു​ക​ള​യും . . . ഞാൻ അതിനെ മുള്ളൻപ​ന്നി​യു​ടെ അവകാ​ശ​വും നീർപ്പൊ​യ്‌ക​ക​ളും ആക്കും; ഞാൻ അതിനെ നാശത്തി​ന്റെ ചൂലു​കൊ​ണ്ടു തൂത്തു​വാ​രും.” (യെശയ്യാ​വു 14:22, 23) പുരാതന ബാബി​ലോ​ണി​ന്റെ ശൂന്യ​ശി​ഷ്‌ടങ്ങൾ യഹോവ പെട്ടെ​ന്നു​തന്നെ മഹാബാ​ബി​ലോ​ണി​നെ​തി​രെ എന്തു ചെയ്യു​മെ​ന്നു​ള്ള​തി​ന്റെ സൂചന​യാണ്‌. സത്യാ​രാ​ധ​നയെ പ്രിയ​പ്പെ​ടു​ന്ന​വർക്ക്‌ അത്‌ എത്ര ആശ്വാ​സ​പ്ര​ദ​മാണ്‌! ദുരഭി​മാ​ന​വും അഹങ്കാ​ര​വും ക്രൂര​ത​യും പോലുള്ള സാത്താന്യ സ്വഭാ​വങ്ങൾ നമ്മുടെ ഉള്ളിൽ വളരാൻ അനുവ​ദി​ക്കാ​തി​രി​ക്കു​ന്ന​തി​നുള്ള എത്ര നല്ല പ്രോ​ത്സാ​ഹനം!

[അടിക്കു​റി​പ്പു​കൾ]

a മേദ്യരെ കുറിച്ചു മാത്രമേ യെശയ്യാവ്‌ പറയു​ന്നു​ള്ളു​വെ​ങ്കി​ലും, ബാബി​ലോ​ണി​നെ​തി​രെ സഖ്യം ചേരുന്ന നിരവധി രാജ്യങ്ങൾ ഉണ്ടായി​രി​ക്കും. മേദ്യ​യും പേർഷ്യ​യും ഏലാമും മറ്റു ചെറിയ രാഷ്‌ട്ര​ങ്ങ​ളു​മൊ​ക്കെ അതിൽ ഉൾപ്പെ​ടും. (യിരെ​മ്യാ​വു 50:9; 51:24, 27, 28) അയൽരാ​ഷ്‌ട്രങ്ങൾ മേദ്യ​രെ​യും പേർഷ്യ​ക്കാ​രെ​യും ചേർത്ത്‌ ‘മേദ്യൻ’ എന്നാണു വിളി​ക്കു​ന്നത്‌. മാത്രമല്ല, യെശയ്യാ​വി​ന്റെ നാളിൽ പ്രമുഖ ശക്തിയാ​യി​രി​ക്കു​ന്നത്‌ മേദ്യ ആണ്‌. കോ​രെ​ശി​ന്റെ (സൈറസ്‌) കീഴിൽ മാത്ര​മാണ്‌ പേർഷ്യ ഒരു പ്രമുഖ ശക്തിയാ​യി മാറു​ന്നത്‌.

b എന്നാൽ, പിൽക്കാ​ലത്ത്‌ മേദ്യ​രും പേർഷ്യ​ക്കാ​രും ആഡംബര വസ്‌തു​ക്ക​ളോ​ടു പ്രിയം വളർത്തി​യെ​ടു​ത്ത​താ​യി തോന്നു​ന്നു.—എസ്ഥേർ 1:1-7.

c ഉദാഹരണത്തിന്‌, മേദ്യ​രു​ടെ​യും പേർഷ്യ​ക്കാ​രു​ടെ​യും ഭരണകാ​ലത്ത്‌ ബാബി​ലോ​ണിൽ ഒരു ഉയർന്ന ഉദ്യോ​ഗ​സ്ഥ​നാ​യി ദാനീ​യേൽ നിയമി​ക്ക​പ്പെട്ടു. ഏകദേശം 60 വർഷം കഴിഞ്ഞ്‌ എസ്ഥേർ, പേർഷ്യൻ രാജാ​വായ അഹശ്വേ​രോ​ശി​ന്റെ രാജ്ഞി​യാ​യി​ത്തീർന്നു. മൊർദ്ദെ​ഖാ​യി മുഴു പേർഷ്യൻ സാമ്രാ​ജ്യ​ത്തി​ന്റെ​യും പ്രധാ​ന​മ​ന്ത്രി ആയി.

[അധ്യയന ചോദ്യ​ങ്ങൾ]

[178-ാം പേജിലെ ചിത്രം]

വീണുപോയ ബാബി​ലോൺ മരുമൃ​ഗ​ങ്ങ​ളു​ടെ ആവാസ​കേ​ന്ദ്രം ആയിത്തീ​രും

[186-ാം പേജിലെ ചിത്രങ്ങൾ]

പുരാതന ബാബി​ലോ​ണി​നെ പോലെ, മഹാബാ​ബി​ലോൺ നാശശി​ഷ്‌ട​ങ്ങ​ളു​ടെ ഒരു കൂമ്പാരം ആയിത്തീ​രും