വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു പിതാവും മത്സരികളായ പുത്രന്മാരും

ഒരു പിതാവും മത്സരികളായ പുത്രന്മാരും

അധ്യായം രണ്ട്‌

ഒരു പിതാ​വും മത്സരി​ക​ളായ പുത്ര​ന്മാ​രും

യെശയ്യാവു 1:2-9

1, 2. തന്റെ പുത്ര​ന്മാർ തന്നോടു മത്സരി​ച്ചി​രി​ക്കു​ന്നു എന്ന്‌ യഹോവ പറയു​ന്നത്‌ എന്തു​കൊണ്ട്‌?

 സ്‌നേ​ഹ​വാ​നായ ആ പിതാവ്‌ തന്റെ മക്കൾക്കാ​യി കരുതി. അവർക്കു ഭക്ഷിക്കാൻ ആഹാര​വും ധരിക്കാൻ വസ്‌ത്ര​വും താമസി​ക്കാൻ പാർപ്പി​ട​വും അവൻ വർഷങ്ങ​ളോ​ളം പ്രദാനം ചെയ്‌തു. ആവശ്യ​മാ​യി വന്നപ്പോൾ അവൻ അവരെ ശിക്ഷിച്ചു. ഒരിക്ക​ലും അമിത​മാ​യി​ട്ടല്ല, “ന്യായ​മായ തോതിൽ” മാത്രം. (യിരെ​മ്യാ​വു 30:11, ഓശാന ബൈബിൾ) അങ്ങനെ​യുള്ള ഒരു പിതാ​വി​നു പിൻവ​രു​ന്ന​പ്ര​കാ​രം പറയേ​ണ്ടി​വ​രു​മ്പോ​ഴുള്ള മാനസി​ക​വ്യഥ ഒന്ന്‌ ഓർത്തു നോക്കൂ: “ഞാൻ മക്കളെ [“പുത്ര​ന്മാ​രെ,” “ഓശാന ബൈ.”] പോറ​റി​വ​ളർത്തി; അവരോ എന്നോടു മത്സരി​ച്ചി​രി​ക്കു​ന്നു.”—യെശയ്യാ​വു 1:2ബി.

2 ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന മത്സരി​ക​ളായ പുത്ര​ന്മാർ യഹൂദ​യി​ലെ ജനങ്ങളും ദുഃഖി​ത​നായ പിതാവ്‌ യഹോ​വ​യാം ദൈവ​വു​മാണ്‌. എത്രയോ ദാരുണം! യഹോവ, യഹൂദ്യ​രെ പോറ്റി​വ​ളർത്തു​ക​യും മറ്റു ജനതക​ളെ​ക്കാൾ ഉന്നതമായ ഒരു സ്ഥാനത്ത്‌ അവരെ ആക്കി​വെ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. പിന്നീ​ടൊ​രി​ക്കൽ യെഹെ​സ്‌കേൽ പ്രവാ​ചകൻ മുഖാ​ന്തരം അവൻ അവരെ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “ഞാൻ നിന്നെ ചിത്ര​ത്ത​യ്യ​ലുള്ള വസ്‌ത്രം ധരിപ്പി​ക്ക​യും തോൽകൊ​ണ്ടുള്ള ചെരിപ്പ്‌ അണിയി​ക്ക​യും ചെയ്‌തു; ഞാൻ നിന്നെ നല്ല തുണി​കൊണ്ട്‌ അരപ്പട്ട കെട്ടിച്ചു; പട്ടുടുപ്പ്‌ അണിയി​ച്ചു.” (യെഹെ​സ്‌കേൽ 16:10, ഓശാന ബൈ.) എന്നാൽ, ഇപ്പോൾ യഹൂദാ നിവാ​സി​ക​ളിൽ ബഹുഭൂ​രി​പ​ക്ഷ​വും യഹോവ തങ്ങൾക്കാ​യി ചെയ്‌ത കാര്യ​ങ്ങ​ളോ​ടു വിലമ​തിപ്പ്‌ ഉള്ളവരല്ല. പകരം, അവർ അവനോ​ടു ‘മത്സരിക്കു’കയാണു ചെയ്യു​ന്നത്‌.

3. യഹൂദ​യു​ടെ മത്സരത്തി​നു സാക്ഷ്യം വഹിക്കാൻ യഹോവ ആകാശ​ത്തോ​ടും ഭൂമി​യോ​ടും ആഹ്വാനം ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

3 “ആകാശമേ, കേൾക്ക; ഭൂമിയേ, ചെവി​ത​രിക; യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (യെശയ്യാ​വു 1:2എ) മത്സരി​ക​ളായ പുത്ര​ന്മാ​രെ കുറി​ച്ചുള്ള തന്റെ പ്രസ്‌താ​വ​ന​യു​ടെ ആമുഖ​മാ​യി യഹോവ അങ്ങനെ പറയു​ന്ന​തി​നു നല്ല കാരണ​മുണ്ട്‌. നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌, അനുസ​ര​ണ​ക്കേ​ടി​ന്റെ അനന്തര​ഫ​ല​ങ്ങളെ കുറിച്ച്‌ ഇസ്രാ​യേ​ല്യർക്കു വ്യക്തമായ മുന്നറി​യി​പ്പു​കൾ ലഭിച്ച​പ്പോൾ പ്രതീ​കാ​ത്മക അർഥത്തിൽ ആകാശ​വും ഭൂമി​യും അതിനു സാക്ഷ്യം വഹിച്ചു. പ്രസ്‌തുത അവസര​ത്തിൽ മോശെ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കൈവ​ശ​മാ​ക്കേ​ണ്ട​തി​ന്നു യോർദ്ദാൻ കടന്നു​ചെ​ല്ലുന്ന ദേശത്തു നിന്നു നിങ്ങൾ വേഗത്തിൽ നശിച്ചു​പോ​കു​മെന്നു ഞാൻ ഇന്നു ആകാശ​ത്തെ​യും ഭൂമി​യെ​യും നിങ്ങൾക്കു വിരോ​ധ​മാ​യി സാക്ഷി​നിർത്തി പറയുന്നു.” (ആവർത്ത​ന​പു​സ്‌തകം 4:26) യെശയ്യാ​വി​ന്റെ നാളിലെ യഹൂദ​യു​ടെ മത്സരത്തി​നു സാക്ഷ്യം വഹിക്കാൻ യഹോവ ഇവിടെ ആകാശ​ത്തോ​ടും ഭൂമി​യോ​ടും ആഹ്വാനം ചെയ്യു​ക​യാണ്‌.

4. ഏതു വിധത്തി​ലാണ്‌ യഹോവ യഹൂദ​യോട്‌ ഇടപെ​ടു​ന്നത്‌?

4 കർശനമായ സമീപനം ആവശ്യ​മാ​ക്കി​ത്തീർക്കുന്ന ഒരു സന്ദർഭ​മാ​ണിത്‌. എന്നാൽ, ഈ സാഹച​ര്യ​ത്തിൽ പോലും, അവരെ വിലയ്‌ക്കു വാങ്ങി​യവൻ എന്നതി​ലു​പരി സ്‌നേ​ഹ​വാ​നായ ഒരു പിതാ​വി​നെ പോ​ലെ​യാണ്‌ യഹോവ യഹൂദ​യോട്‌ ഇടപെ​ടു​ന്നത്‌ എന്നതു ശ്രദ്ധേ​യ​വും ഹൃദയ​സ്‌പർശ​ക​വു​മാണ്‌. വഴിപി​ഴച്ച മക്കളെ ചൊല്ലി ദുഃഖി​ക്കുന്ന ഒരു പിതാ​വി​ന്റെ സ്ഥാനത്തു​നി​ന്നു കാര്യ​ങ്ങളെ വീക്ഷി​ക്കാ​നാണ്‌ യഹോവ ഫലത്തിൽ തന്റെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. അങ്ങനെ, ആ പിതാ​വി​ന്റെ അപ്പോ​ഴത്തെ മാനസി​കാ​വസ്ഥ മനസ്സി​ലാ​ക്കി അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കാൻ യഹൂദ​യി​ലെ ചില പിതാ​ക്ക​ന്മാർക്കു കഴി​ഞ്ഞേ​ക്കും. എന്തുതന്നെ ആയിരു​ന്നാ​ലും, യഹൂദയെ സംബന്ധിച്ച തന്റെ നിലപാട്‌ യഹോവ വ്യക്തമാ​ക്കാൻ പോകു​ക​യാണ്‌.

മൃഗങ്ങൾ ഏറെ വിശ്വ​സ്‌തർ

5. ഇസ്രാ​യേ​ലിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, കാളയും കഴുത​യും വിശ്വ​സ്‌തത കാട്ടു​ന്നത്‌ എങ്ങനെ?

5 യെശയ്യാവ്‌ മുഖാ​ന്തരം യഹോവ പറയുന്നു: “കാള തന്റെ ഉടയവ​നെ​യും കഴുത തന്റെ യജമാ​നന്റെ പുല്‌തൊ​ട്ടി​യെ​യും അറിയു​ന്നു; യിസ്രാ​യേ​ലോ അറിയു​ന്നില്ല; എന്റെ ജനം ഗ്രഹി​ക്കു​ന്ന​തു​മില്ല.” (യെശയ്യാ​വു 1:3) a മധ്യപൂർവ​ദേ​ശത്തെ ആളുകൾക്കു പരിചി​ത​മായ ചുമട്ടു​മൃ​ഗ​ങ്ങ​ളാണ്‌ കാളയും കഴുത​യും. ഈ താണതരം ജീവികൾ പോലും വിശ്വ​സ്‌തത—തങ്ങൾ ഒരു ഉടമസ്ഥന്റെ വകയാ​ണെന്ന ബോധം—പ്രകട​മാ​ക്കു​ന്നു എന്ന കാര്യം യഹൂദാ നിവാ​സി​കൾ ഒരിക്ക​ലും നിഷേ​ധി​ക്കില്ല. ഈ മൃഗങ്ങ​ളു​ടെ വിശ്വ​സ്‌ത​തയെ സ്ഥിരീ​ക​രി​ക്കുന്ന ഒരു സായാഹ്ന ദൃശ്യം ഒരു ബൈബിൾ ഗവേഷകൻ മധ്യപൂർവ​ദേ​ശ​ത്തുള്ള ഒരു നഗരത്തിൽ കാണു​ക​യു​ണ്ടാ​യി. അദ്ദേഹം പറയുന്നു: “നഗര മതിലു​കൾക്കു​ള്ളിൽ കടന്നയു​ടനെ മൃഗങ്ങൾ പിരി​ഞ്ഞു​പോ​കാൻ തുടങ്ങി. ഓരോ കാളയ്‌ക്കും അതിന്റെ യജമാ​നനെ വളരെ നന്നായി അറിയാ​മാ​യി​രു​ന്നു, അതു​പോ​ലെ​തന്നെ അതിന്റെ വീട്ടി​ലേ​ക്കുള്ള വഴിയും. ഇടുങ്ങി​യ​തും വളവും തിരി​വു​മു​ള്ള​തു​മായ വഴിക​ളിൽ അവ ഒരു നിമിഷം പോലും അന്ധാളി​ച്ചു​നി​ന്നില്ല. കഴുത​യാ​ണെ​ങ്കിൽ, നേരെ ചെന്നു​നി​ന്നത്‌ ‘അതിന്റെ യജമാ​നന്റെ പുൽത്തൊ​ട്ടി’യുടെ അടുത്താണ്‌.”

6. യഹൂദ​യി​ലെ ജനങ്ങൾ ഗ്രാഹ്യ​ത്തോ​ടെ പ്രവർത്തി​ക്കാൻ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

6 യെശയ്യാവിന്റെ നാളിൽ അതു​പോ​ലുള്ള ദൃശ്യങ്ങൾ സാധാ​രണം ആയിരി​ക്കു​ന്ന​തി​നാൽ, യഹോവ ഉദ്ദേശി​ക്കുന്ന ആശയം വ്യക്തമാണ്‌: ഒരു മൃഗത്തി​നു പോലും അതിന്റെ യജമാ​ന​നെ​യും പുൽത്തൊ​ട്ടി​യെ​യും തിരി​ച്ച​റി​യാൻ കഴിയു​ന്നെ​ങ്കിൽ, യഹോ​വയെ ഉപേക്ഷി​ക്കു​ന്ന​തി​നു യഹൂദ​യി​ലെ ജനങ്ങൾക്ക്‌ എന്തു ന്യായീ​ക​ര​ണ​മാണ്‌ ഉള്ളത്‌? തീർച്ച​യാ​യും, അവർ ‘ഗ്രാഹ്യ​ത്തോ​ടെ’ അല്ല പെരു​മാ​റി​യി​രി​ക്കു​ന്നത്‌. തങ്ങളുടെ സമൃദ്ധി, എന്തിന്‌ അസ്‌തി​ത്വം പോലും, യഹോ​വയെ ആശ്രയി​ച്ചി​രി​ക്കു​ന്നു എന്ന ബോധം ഇല്ലാത്ത വിധത്തി​ലാണ്‌ അവരുടെ പെരു​മാ​റ്റം. എന്നിട്ടും, “എന്റെ ജനം” എന്ന്‌ യഹൂദ്യ​രെ യഹോവ പരാമർശി​ക്കു​ന്നത്‌ വ്യക്തമാ​യും അവന്‌ അവരോ​ടു കരുണ ഉള്ളതു​കൊ​ണ്ടാണ്‌!

7. യഹോ​വ​യു​ടെ കരുത​ലു​കളെ നാം വിലമ​തി​ക്കു​ന്നു​വെന്നു പ്രകട​മാ​ക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

7 യഹോവ നമുക്കു വേണ്ടി ചെയ്‌തി​ട്ടുള്ള കാര്യ​ങ്ങളെ വിലമ​തി​ക്കാൻ പരാജ​യ​പ്പെ​ട്ടു​കൊണ്ട്‌ ഗ്രാഹ്യ​മി​ല്ലാ​തെ പ്രവർത്തി​ക്കാ​നല്ല, മറിച്ച്‌, പിൻവ​രുന്ന പ്രകാരം പറഞ്ഞ സങ്കീർത്ത​ന​ക്കാ​ര​നായ ദാവീ​ദി​നെ അനുക​രി​ക്കാ​നാണ്‌ നാം ആഗ്രഹി​ക്കു​ന്നത്‌: “ഞാൻ പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സ്‌തു​തി​ക്കും; നിന്റെ അത്ഭുത​ങ്ങളെ ഒക്കെയും ഞാൻ വർണ്ണി​ക്കും.” (സങ്കീർത്തനം 9:1) അങ്ങനെ ചെയ്യാൻ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌ യഹോ​വയെ കുറി​ച്ചുള്ള പരിജ്ഞാ​ന​മാണ്‌. നാം അതു സമ്പാദി​ക്കു​ന്ന​തിൽ തുട​രേ​ണ്ട​തുണ്ട്‌. കാരണം, ‘പരിശു​ദ്ധ​നെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം വിവേകം ആകുന്നു’ എന്നു ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 9:10) യഹോവ നമുക്കു നൽകുന്ന അനു​ഗ്ര​ഹ​ങ്ങളെ കുറിച്ചു ദിവസ​വും ധ്യാനി​ക്കു​ന്നത്‌ കൃതജ്ഞ​ത​യു​ള്ളവർ ആയിരി​ക്കാ​നും സ്വർഗീയ പിതാ​വി​നെ അത്യധി​കം വിലമ​തി​ക്കാ​നും നമ്മെ സഹായി​ക്കും. (കൊ​ലൊ​സ്സ്യർ 3:15) “കൃതജ്ഞത, യാഗമാ​യി കൊണ്ടു​വ​രു​ന്നവൻ എന്നെ ബഹുമാ​നി​ക്കു​ന്നു, സ്വന്തം മാർഗം ശരിയാ​യി ക്രമ​പ്പെ​ടു​ത്തു​ന്ന​വന്ന്‌ ഞാൻ ദൈവ​ത്തി​ന്റെ രക്ഷ കാണി​ച്ചു​കൊ​ടു​ക്കും” എന്ന്‌ യഹോവ പറയുന്നു.—സങ്കീർത്തനം 50:23, ഓശാന ബൈ.

“യിസ്രാ​യേ​ലി​ന്റെ പരിശുദ്ധ”നോടുള്ള കടുത്ത അനാദ​രവ്‌

8. യഹൂദ​യി​ലെ ജനങ്ങളെ “പാപമുള്ള ജാതി” എന്നു വിളി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

8 യെശയ്യാവ്‌ ശക്തമായ ഈ വാക്കു​ക​ളോ​ടെ യഹൂദാ ജനതയ്‌ക്കുള്ള തന്റെ സന്ദേശം പ്രഖ്യാ​പി​ക്കു​ന്ന​തിൽ തുടരു​ന്നു: “അയ്യോ പാപമുള്ള ജാതി! അകൃത്യ​ഭാ​രം ചുമക്കുന്ന ജനം! ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോ​വയെ ഉപേക്ഷി​ച്ചു യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധനെ നിരസി​ച്ചു പുറ​കോ​ട്ടു മാറി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു.” (യെശയ്യാ​വു 1:4) ദുഷ്‌ചെ​യ്‌തി​കൾ പെരുകി അതിഭാ​ര​മുള്ള ഒരു ചുമടു​പോ​ലെ ആയിത്തീർന്നേ​ക്കാം. അബ്രാ​ഹാ​മി​ന്റെ നാളിൽ, സൊ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും പാപങ്ങളെ ‘അതിക​ഠി​നം’ [അഥവാ, അതിഭാ​ര​മു​ള്ളത്‌] എന്ന്‌ യഹോവ വിളിച്ചു. (ഉല്‌പത്തി 18:20) യഹൂദാ ജനതയു​ടെ അവസ്ഥയും സമാന​മാണ്‌. അവർ ‘അകൃത്യ​ഭാ​രം’ ചുമക്കുന്ന ഒരു ജനതയാ​ണെന്ന്‌ യെശയ്യാവ്‌ പറയുന്നു. മാത്രമല്ല, “ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രു​ടെ സന്തതി” എന്നും “വഷളായി നടക്കുന്ന മക്കൾ” എന്നും അവൻ അവരെ വിളി​ക്കു​ന്നു. അതേ, യഹൂദ്യർ കുറ്റവാ​സ​ന​യുള്ള കുട്ടി​കളെ പോലെ പെരു​മാ​റു​ന്നു. അവർ “പുറ​കോ​ട്ടു മാറി​ക്ക​ള​ഞ്ഞി​രി​ക്കു​ന്നു,” അഥവാ ഓശാന ബൈബിൾ പറയു​ന്ന​തു​പോ​ലെ, തങ്ങളുടെ പിതാ​വിൽനിന്ന്‌ “തീർത്തും അകന്നു​പോ​യി​രി​ക്കു​ന്നു.”

9. ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ’ എന്ന പ്രയോ​ഗ​ത്തി​ന്റെ പ്രാധാ​ന്യ​മെന്ത്‌?

9 തങ്ങളുടെ വഴിപി​ഴച്ച ഗതിയാൽ യഹൂദ​യി​ലെ ജനങ്ങൾ “യിസ്രാ​യേ​ലി​ന്റെ പരിശുദ്ധ”നോട്‌ കടുത്ത അനാദ​രവു കാണി​ക്കു​ക​യാണ്‌. യെശയ്യാ​വി​ന്റെ പുസ്‌ത​ക​ത്തിൽ 25 പ്രാവ​ശ്യം കാണുന്ന ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ’ എന്ന പ്രയോ​ഗ​ത്തി​ന്റെ പ്രാധാ​ന്യം എന്താണ്‌? ‘പരിശു​ദ്ധം’ എന്നാൽ ശുദ്ധവും നിർമ​ല​വു​മായ അവസ്ഥ എന്നർഥം. യഹോവ പരിശു​ദ്ധി​യു​ടെ പര്യാ​യ​മാണ്‌. (വെളി​പ്പാ​ടു 4:8) “യഹോ​വെക്കു വിശുദ്ധം” എന്നു മഹാപു​രോ​ഹി​തന്റെ തിളങ്ങുന്ന തങ്കനെ​റ്റി​പ്പ​ട്ട​ത്തിൽ ആലേഖനം ചെയ്‌തി​രുന്ന വാക്കുകൾ കാണുന്ന ഓരോ തവണയും ഇസ്രാ​യേ​ല്യർ ആ വസ്‌തുത സംബന്ധിച്ച്‌ ഓർമി​പ്പി​ക്ക​പ്പെ​ടു​ന്നു. (പുറപ്പാ​ടു 39:30) അതു​കൊണ്ട്‌, യഹോ​വയെ ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ’ എന്നു വിളി​ക്കു​ക​വഴി യെശയ്യാവ്‌ യഹൂദ​യു​ടെ പാപത്തി​ന്റെ ഗൗരവ​ത്തിന്‌ ഊന്നൽ കൊടു​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌. “ഞാൻ വിശു​ദ്ധ​നാ​ക​യാൽ നിങ്ങൾ നിങ്ങളെ തന്നേ വിശു​ദ്ധീ​ക​രി​ച്ചു വിശു​ദ്ധ​ന്മാ​രാ​യി​രി​ക്കേണം” എന്നു പൂർവ​പി​താ​ക്ക​ന്മാർക്കു ദൈവം നൽകിയ കൽപ്പന ഈ മത്സരികൾ മനഃപൂർവം ലംഘി​ക്കു​ക​യാണ്‌!—ലേവ്യ​പു​സ്‌തകം 11:44.

10. ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌’ അനാദ​രവു കാണി​ക്കു​ന്നില്ല എന്ന്‌ നമുക്ക്‌ എങ്ങനെ പ്രകട​മാ​ക്കാൻ കഴിയും?

10 ‘യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌’ അനാദ​രവു കാണിച്ച യഹൂദാ ജനതയെ ഇന്നു ക്രിസ്‌ത്യാ​നി​കൾ ഒരു പ്രകാ​ര​ത്തി​ലും അനുക​രി​ക്ക​രുത്‌. അവർ അനുക​രി​ക്കേ​ണ്ടത്‌ യഹോ​വ​യു​ടെ വിശു​ദ്ധി​യെ​യാണ്‌. (1 പത്രൊസ്‌ 1:15, 16) കൂടാതെ, അവർ ‘ദോഷത്തെ വെറു​ക്കുക’യും വേണം. (സങ്കീർത്തനം 97:10) ലൈം​ഗിക അധാർമി​കത, വിഗ്ര​ഹാ​രാ​ധന, മോഷണം, മദ്യാ​സക്തി എന്നിങ്ങ​നെ​യുള്ള അശുദ്ധ നടപടി​കൾ ക്രിസ്‌തീയ സഭയെ ദുഷി​പ്പി​ക്കും. അക്കാര​ണ​ത്താൽ, അവയെ വർജി​ക്കാൻ വിസമ്മ​തി​ക്കു​ന്ന​വരെ സഭയിൽനി​ന്നു പുറത്താ​ക്കു​ന്നു. ആത്യന്തി​ക​മാ​യി, അനുതാ​പ​മി​ല്ലാ​തെ അശുദ്ധി​യു​ടെ മാർഗ​ത്തിൽ തുടരു​ന്ന​വർക്കു ദൈവ​രാ​ജ്യ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ ആസ്വദി​ക്കാ​നാ​കില്ല. വാസ്‌ത​വ​ത്തിൽ, അത്തരം ദുഷ്‌പ്ര​വൃ​ത്തി​ക​ളിൽ ഏർപ്പെ​ടു​ന്നവർ ‘യിസ്രാ​യേ​ലി​ന്റെ പരിശുദ്ധ’നോട്‌ കടുത്ത അനാദ​രവ്‌ കാണി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.—റോമർ 1:26, 27; 1 കൊരി​ന്ത്യർ 5:6-11; 6:9, 10.

ആപാദ​ചൂ​ഡം രോഗം ബാധി​ച്ച​വർ

11, 12. (എ) യഹൂദാ ജനതയു​ടെ രോഗ​ഗ്ര​സ്‌ത​മായ അവസ്ഥ വർണി​ക്കുക. (ബി) അവരോ​ടു നമുക്കു സഹതാപം തോ​ന്നേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 യഹൂദാ ജനതയെ കാര്യങ്ങൾ ബോധ്യ​പ്പെ​ടു​ത്താ​നാ​യി യെശയ്യാവ്‌ അവരുടെ രോഗ​ഗ്ര​സ്‌ത​മായ അവസ്ഥ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. അവൻ അവരോട്‌ ഇപ്രകാ​രം പറയുന്നു: “ഇനി നിങ്ങളെ അടിച്ചി​ട്ടു എന്തു? നിങ്ങൾ അധികം പിന്മാ​റു​കേ​യു​ള്ളു.” ഫലത്തിൽ യെശയ്യാവ്‌ ചോദി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘ഇത്രയും കഷ്‌ട​ത​കൊണ്ട്‌ നിങ്ങൾ പഠിച്ചി​ല്ലേ? ഈ മത്സരഗ​തി​യിൽ തുടർന്നു​കൊണ്ട്‌ നിങ്ങൾക്കു​തന്നെ ഹാനി വരുത്തി​വെ​ക്കു​ന്നത്‌ എന്തിന്‌?’ യെശയ്യാവ്‌ തുടരു​ന്നു: “തല മുഴു​വ​നും ദീനവും ഹൃദയം മുഴു​വ​നും രോഗ​വും പിടി​ച്ചി​രി​ക്കു​ന്നു. അടി​തൊ​ട്ടു മുടി​വരെ ഒരു സുഖവും ഇല്ല.” (യെശയ്യാ​വു 1:5, 6എ) അറപ്പു​ള​വാ​ക്കുന്ന, രോഗ​ഗ്ര​സ്‌ത​മായ അവസ്ഥയി​ലാണ്‌ യഹൂദാ ജനത ഇപ്പോൾ—അവരെ ആപാദ​ചൂ​ഡം ആത്മീയ രോഗം ബാധി​ച്ചി​രി​ക്കു​ന്നു. എത്ര ദാരു​ണ​മായ അവസ്ഥ!

12 യഹൂദാ ജനത​യോ​ടു നമുക്കു സഹതാപം തോന്ന​ണ​മോ? അശേഷം വേണ്ട! അനുസ​ര​ണ​ക്കേ​ടി​നുള്ള ശിക്ഷ എന്തായി​രി​ക്കു​മെന്നു നൂറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ മുഴു ഇസ്രാ​യേൽ ജനതയ്‌ക്കും മുന്നറി​യി​പ്പു ലഭിച്ചി​രു​ന്ന​താണ്‌. ആ മുന്നറി​യി​പ്പി​ന്റെ ഒരു ഭാഗം ശ്രദ്ധി​ക്കുക: “സൌഖ്യ​മാ​കാത്ത പരുക്ക​ളാൽ യഹോവ നിന്നെ ഉള്ളങ്കാൽതു​ടങ്ങി നെറു​ക​വരെ ബാധി​ക്കും.” (ആവർത്ത​ന​പു​സ്‌തകം 28:35) യഹൂദാ ജനത പ്രകട​മാ​ക്കിയ മത്സരഗ​തി​യു​ടെ അനന്തര​ഫ​ലങ്ങൾ പ്രതീ​കാ​ത്മക അർഥത്തിൽ അവർ ഇപ്പോൾ അനുഭ​വി​ക്കു​ക​യാണ്‌. അവർ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ച്ചി​രു​ന്നെ​ങ്കിൽ ഇതെല്ലാം ഒഴിവാ​ക്കാ​നാ​കു​മാ​യി​രു​ന്നു.

13, 14. (എ) യഹൂദ​യ്‌ക്കേറ്റ ക്ഷതങ്ങൾ എന്തെല്ലാം? (ബി) ഇവ മത്സരഗതി ഉപേക്ഷി​ക്കാൻ യഹൂദാ ജനതയെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ?

13 യഹൂദാ ജനതയു​ടെ ശോച്യാ​വസ്ഥ യെശയ്യാവ്‌ തുടർന്നു വർണി​ക്കു​ന്നു: “മുറി​വും ചതവും പഴുത്ത​വ്ര​ണ​വും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീ​ട്ടില്ല, വെച്ചു​കെ​ട്ടീ​ട്ടില്ല, എണ്ണപു​രട്ടി ശമിപ്പി​ച്ചി​ട്ടു​മില്ല.” (യെശയ്യാ​വു 1:6ബി) ഇവിടെ മൂന്നു തരം ക്ഷതങ്ങളെ കുറിച്ച്‌ പ്രവാ​ചകൻ പറയുന്നു: മുറി​വു​കൾ (വാളോ കത്തിയോ കൊണ്ട്‌ ഉണ്ടാകു​ന്നവ), ചതവ്‌ (അടിയു​ടെ കരുവാ​ളിച്ച പാടുകൾ), പഴുത്ത വ്രണം (പ്രത്യ​ക്ഷ​ത്തിൽ സൗഖ്യ​മാ​കാത്ത പുണ്ണുകൾ). അതിഭ​യ​ങ്ക​ര​മാ​യി ശിക്ഷി​ക്ക​പ്പെട്ട, ശരീര​മാ​സ​കലം ക്ഷതമേറ്റ ഒരു മനുഷ്യ​ന്റെ ചിത്ര​മാണ്‌ നമുക്ക്‌ ഇവി​ടെ​നി​ന്നു ലഭിക്കു​ന്നത്‌. അതേ, യഹൂദാ രാജ്യം തകർന്ന ഒരു അവസ്ഥയി​ലാ​ണെ​ന്ന​തി​നു സംശയ​മില്ല.

14 യഹൂദാ ജനതയു​ടെ ഈ ദയനീ​യാ​വസ്ഥ യഹോ​വ​യി​ലേക്കു മടങ്ങാൻ അവരെ പ്രേരി​പ്പി​ക്കു​ന്നു​ണ്ടോ? ഇല്ല! സദൃശ​വാ​ക്യ​ങ്ങൾ 29:1-ൽ വിവരി​ച്ചി​രി​ക്കുന്ന മത്സരിയെ പോ​ലെ​യാണ്‌ അവർ: “കൂടെ​ക്കൂ​ടെ ശാസന കേട്ടി​ട്ടും ശാഠ്യം കാണി​ക്കു​ന്നവൻ നീക്കു​പോ​ക്കി​ല്ലാ​തെ പെട്ടെന്നു നശിച്ചു​പോ​കും.” യഹൂദ നീക്കു​പോ​ക്കി​ല്ലാത്ത, സുഖ​പ്പെ​ടു​ക​യി​ല്ലാത്ത അവസ്ഥയിൽ ആയിരി​ക്കു​ന്ന​താ​യി തോന്നു​ന്നു. യെശയ്യാവ്‌ പറയു​ന്ന​തു​പോ​ലെ, അവളുടെ മുറി​വു​കൾ “ഞെക്കി കഴുകീ​ട്ടില്ല, വെച്ചു​കെ​ട്ടീ​ട്ടില്ല, എണ്ണപു​രട്ടി ശമിപ്പി​ച്ചി​ട്ടു​മില്ല.” b ഒരർഥ​ത്തിൽ, ശരീര​മാ​സ​കലം വെച്ചു​കെ​ട്ടീ​ട്ടി​ല്ലാ​ത്ത​തും സൗഖ്യ​മാ​കാ​ത്ത​തു​മായ വ്രണങ്ങൾ ഉള്ള ഒരു മനുഷ്യ​നെ പോ​ലെ​യാണ്‌ യഹൂദ.

15. ആത്മീയ രോഗം ബാധി​ക്കാ​തി​രി​ക്കാൻ നാം എന്തെല്ലാം ചെയ്യേ​ണ്ട​തുണ്ട്‌?

15 യഹൂദയ്‌ക്കു സംഭവി​ച്ച​തിൽനി​ന്നു പാഠം പഠിച്ചു​കൊണ്ട്‌, ആത്മീയ രോഗ​ത്തി​നെ​തി​രെ നാം ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കണം. ഒരു ശാരീ​രിക രോഗം​പോ​ലെ അതു നമ്മിൽ ഏതൊ​രാ​ളെ​യും ബാധി​ച്ചേ​ക്കാം. ജഡിക മോഹ​ങ്ങൾക്കു വഴി​പ്പെ​ടാൻ സാധ്യത ഇല്ലാത്ത​വ​രാ​യി നമ്മിൽ ആരാണു​ള്ളത്‌? അത്യാ​ഗ്ര​ഹ​വും അമിത ഉല്ലാസ​ത്തി​നു വേണ്ടി​യുള്ള വാഞ്‌ഛ​യും നമ്മുടെ ഹൃദയ​ങ്ങ​ളിൽ നാമ്പെ​ടു​ത്തേ​ക്കാം. അതു​കൊണ്ട്‌, ‘തിന്മയെ വെറുക്കാ’നും ‘നന്മയെ മുറു​കെ​പ്പി​ടി​ക്കാ’നും നാം നമ്മെത്തന്നെ പരിശീ​ലി​പ്പി​ക്കേ​ണ്ട​തുണ്ട്‌. (റോമർ 12:9, ഓശാന ബൈ.) കൂടാതെ, അനുദിന ജീവി​ത​ത്തിൽ ദൈവാ​ത്മാ​വി​ന്റെ ഫലങ്ങൾ പ്രകടി​പ്പി​ക്കു​ക​യും വേണം. (ഗലാത്യർ 5:22, 23) അങ്ങനെ ചെയ്‌താൽ, ആപാദ​ചൂ​ഡം ആത്മീയ രോഗം ബാധിച്ച യഹൂദയെ പോലെ ആകാതി​രി​ക്കാൻ നമുക്കു കഴിയും.

ശൂന്യ​മാ​ക്ക​പ്പെട്ട ഒരു ദേശം

16. (എ) യഹൂദ​യു​ടെ ഭൂപ്ര​ദേ​ശ​ത്തി​ന്റെ അവസ്ഥയെ യെശയ്യാവ്‌ വർണി​ക്കു​ന്നത്‌ എങ്ങനെ? (ബി) ആഹാസി​ന്റെ വാഴ്‌ച​ക്കാ​ല​ത്താ​യി​രി​ക്കാം യെശയ്യാവ്‌ ആ വർണന നടത്തി​യ​തെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌ എന്തു​കൊണ്ട്‌, അതു സംബന്ധിച്ച്‌ നാം എന്തു മനസ്സി​ലാ​ക്കു​ന്നു?

16 യെശയ്യാവ്‌ ഇപ്പോൾ രോഗ​ചി​കി​ത്സയെ കുറി​ച്ചുള്ള പരാമർശം വിട്ടിട്ട്‌ യഹൂദ​യു​ടെ ഭൂപ്ര​ദേ​ശ​ത്തി​ന്റെ അവസ്ഥയി​ലേക്കു ശ്രദ്ധ തിരി​ക്കു​ന്നു. യുദ്ധം നാശം വിതച്ച ഒരു പ്രദേശം നോക്കി​ക്കാ​ണു​ന്ന​തു​പോ​ലെ അവൻ പറയുന്നു: “നിങ്ങളു​ടെ ദേശം ശൂന്യ​മാ​യി നിങ്ങളു​ടെ പട്ടണങ്ങൾ തീക്കി​ര​യാ​യി; നിങ്ങൾ കാൺകെ അന്യജാ​തി​ക്കാർ നിങ്ങളു​ടെ നാടു തിന്നു​ക​ള​യു​ന്നു; അതു അന്യജാ​തി​ക്കാർ ഉന്മൂല​നാ​ശം ചെയ്‌തതു പോലെ ശൂന്യ​മാ​യി​രി​ക്കു​ന്നു.” (യെശയ്യാ​വു 1:7) യെശയ്യാ പുസ്‌ത​ക​ത്തി​ന്റെ ആദ്യ ഭാഗത്താ​യി​ട്ടാണ്‌ ഈ വാക്കുകൾ കാണു​ന്ന​തെ​ങ്കി​ലും, പ്രവാചക ശുശ്രൂഷ തുടങ്ങി കുറെ കാലം കഴിഞ്ഞ്‌, ഒരുപക്ഷേ ദുഷ്‌ട രാജാ​വായ ആഹാസി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌, ആയിരി​ക്കാം അവൻ അതു പറഞ്ഞ​തെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഉസ്സീയാ​വി​ന്റെ ഭരണകാ​ലത്ത്‌ യഹൂദ സമ്പദ്‌സ​മൃ​ദ്ധ​മായ ഒരു ദേശമാ​യി​രു​ന്ന​തി​നാൽ യെശയ്യാ​വു 1:7-ലെ വർണന ആ ദേശത്തി​ന്റെ അപ്പോ​ഴത്തെ അവസ്ഥയു​മാ​യി യോജി​ക്കു​ന്ന​ത​ല്ലെന്ന്‌ അവർ വാദി​ക്കു​ന്നു. യെശയ്യാ പുസ്‌ത​ക​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ, അവ നടന്ന ക്രമം അനുസ​രി​ച്ചു​ത​ന്നെ​യാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌ എന്ന്‌ ഉറപ്പിച്ചു പറയാ​നാ​വില്ല. എന്നുവ​രി​കി​ലും, യഹൂദ​യു​ടെ ശൂന്യാ​വ​സ്ഥയെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ ഈ വാക്കുകൾ സാധ്യ​ത​യ​നു​സ​രിച്ച്‌ പ്രാവ​ച​നിക സ്വഭാ​വ​മു​ള്ള​വ​യാണ്‌. ബൈബി​ളി​ന്റെ ചില ഭാഗങ്ങ​ളിൽ, നടക്കാ​നി​രി​ക്കുന്ന ഒരു സംഭവം നടന്നു​ക​ഴി​ഞ്ഞ​തു​പോ​ലെ പറഞ്ഞി​രി​ക്കു​ന്നതു കാണാം. ഒരു പ്രവചനം ഉറപ്പാ​യും നിവൃ​ത്തി​യേ​റും എന്നു കാണി​ക്കാ​നാണ്‌ ആ രീതി അവലം​ബി​ക്കു​ന്നത്‌. സകല സാധ്യ​ത​യു​മ​നു​സ​രിച്ച്‌, യഹൂദ​യു​ടെ ശൂന്യ​മാ​ക്ക​ലി​നെ കുറിച്ച്‌ മുകളിൽ കൊടു​ത്തി​രി​ക്കുന്ന പ്രസ്‌താ​വ​ന​യി​ലും ഈ രീതി​യാണ്‌ യെശയ്യാവ്‌ ഉപയോ​ഗി​ക്കു​ന്നത്‌.—വെളി​പ്പാ​ടു 11:15 താരത​മ്യം ചെയ്യുക.

17. ശൂന്യ​മാ​ക്ക​ലി​നെ കുറി​ച്ചുള്ള പ്രാവ​ച​നിക വർണന യഹൂദാ ജനതയെ അതിശ​യി​പ്പി​ക്കേ​ണ്ട​തി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

17 എന്തുതന്നെ ആയിരു​ന്നാ​ലും, യഹൂദ​യു​ടെ ശൂന്യ​മാ​ക്ക​ലി​നെ കുറി​ച്ചുള്ള ഈ പ്രാവ​ച​നിക വർണന ശാഠ്യ​വും അനുസ​ര​ണ​ക്കേ​ടു​മുള്ള ആ ജനതയെ ആശ്ചര്യ​പ്പെ​ടു​ത്തി​യി​രി​ക്കാൻ സാധ്യ​ത​യില്ല. തന്നോടു മത്സരി​ക്കു​ന്ന​പക്ഷം എന്തു സംഭവി​ക്കു​മെന്നു നൂറ്റാ​ണ്ടു​കൾക്കു മുമ്പു​തന്നെ യഹോവ അവർക്കു മുന്നറി​യി​പ്പു നൽകി​യി​രു​ന്നു. അവൻ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ദേശത്തെ ശൂന്യ​മാ​ക്കും; അതിൽ വസിക്കുന്ന നിങ്ങളു​ടെ ശത്രുക്കൾ അതിങ്കൽ ആശ്ചര്യ​പ്പെ​ടും. ഞാൻ നിങ്ങളെ ജാതി​ക​ളു​ടെ ഇടയിൽ ചിതറി​ച്ചു നിങ്ങളു​ടെ പിന്നാലെ വാൾ ഊരും; നിങ്ങളു​ടെ ദേശം ശൂന്യ​മാ​യും നിങ്ങളു​ടെ പട്ടണങ്ങൾ പാഴ്‌നി​ല​മാ​യും കിടക്കും.”—ലേവ്യ​പു​സ്‌തകം 26:32, 33; 1 രാജാ​ക്ക​ന്മാർ 9:6-8.

18-20. യെശയ്യാ​വു 1:7, 8-ലെ വാക്കുകൾ നിവൃ​ത്തി​യേ​റു​ന്നത്‌ എപ്പോൾ, യഹോവ അപ്പോൾ ‘അൽപ്പമാ​യൊ​രു ശേഷി​പ്പി​നെ വെക്കു​ന്നത്‌’ ഏതു വിധത്തിൽ?

18 ഇസ്രായേലിനെ അസീറിയ ആക്രമി​ക്കു​മ്പോൾ യെശയ്യാ​വു 1:7, 8-ലെ വാക്കു​കൾക്കു പ്രത്യ​ക്ഷ​ത്തിൽ നിവൃത്തി ഉണ്ടാകു​ന്നു. പ്രസ്‌തുത ആക്രമ​ണ​ഫ​ല​മാ​യി ഇസ്രാ​യേൽ നശിപ്പി​ക്ക​പ്പെ​ടു​ക​യും യഹൂദ​യിൽ വ്യാപ​ക​മാ​യി നാശന​ഷ്‌ട​ങ്ങ​ളും ദുരി​ത​ങ്ങ​ളും ഉണ്ടാകു​ക​യും ചെയ്യുന്നു. (2 രാജാ​ക്ക​ന്മാർ 17:5, 18; 18:11, 13; 2 ദിനവൃ​ത്താ​ന്തം 29:8, 9) എന്നിരു​ന്നാ​ലും, ഈ ആക്രമ​ണ​ത്തിൽ യഹൂദ പൂർണ​മാ​യി നശിപ്പി​ക്ക​പ്പെ​ടു​ന്നില്ല. യെശയ്യാവ്‌ തുടരു​ന്നു: “സീയോൻ പുത്രി, മുന്തി​രി​ത്തോ​ട്ട​ത്തി​ലെ കുടിൽപോ​ലെ​യും വെള്ളരി​ത്തോ​ട്ട​ത്തി​ലെ മാടം​പോ​ലെ​യും നിരോ​ധിച്ച പട്ടണം​പോ​ലെ​യും ശേഷി​ച്ചി​രി​ക്കു​ന്നു.”—യെശയ്യാ​വു 1:8.

19 ശൂന്യമാക്കലിന്റെ സമയത്ത്‌, “സീയോൻ പുത്രി” അതായത്‌ യെരൂ​ശ​ലേം നശിപ്പി​ക്ക​പ്പെ​ടു​ക​യില്ല. എങ്കിലും അവൾ, മുന്തി​രി​ത്തോ​ട്ട​ത്തി​ലെ കുടിൽ പോ​ലെ​യോ വെള്ളരി​ത്തോ​ട്ട​ത്തി​ലെ കാവൽമാ​ടം പോ​ലെ​യോ വളരെ ദുർബ​ല​യാ​യി കാണ​പ്പെ​ടും. 19-ാം നൂറ്റാ​ണ്ടി​ലെ ഒരു പണ്ഡിതൻ ഒരിക്കൽ നൈൽ നദിയി​ലൂ​ടെ യാത്ര ചെയ്യവെ, അത്തരം ദുർബ​ല​മായ കുടി​ലു​കൾ കണ്ടപ്പോൾ യെശയ്യാ​വി​ന്റെ ആ വാക്കുകൾ ഓർത്തു​പോ​യി. യഹൂദ​യിൽ വിള​വെ​ടു​പ്പു​കാ​ലം കഴിയു​മ്പോൾ ആളുകൾ ഉപേക്ഷി​ച്ചു​പോ​കുന്ന ഇത്തരം കുടി​ലു​കൾ നിലം​പൊ​ത്തു​മാ​യി​രു​ന്നു. അജയ്യശ​ക്തി​യുള്ള അസീറി​യൻ സൈന്യ​ത്തി​ന്റെ മുന്നിൽ യെരൂ​ശ​ലേം ഇത്തരം കുടി​ലു​കൾ പോലെ ദുർബ​ല​മാ​യി കാണ​പ്പെ​ടു​ന്നെ​ങ്കി​ലും, അത്‌ അതിജീ​വി​ക്കു​ക​തന്നെ ചെയ്യും.

20 യെശയ്യാവ്‌ തന്റെ പ്രാവ​ച​നിക സന്ദേശം അവസാ​നി​പ്പി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “സൈന്യ​ങ്ങ​ളു​ടെ യഹോവ നമുക്കു അത്യല്‌പ​മാ​യോ​രു ശേഷിപ്പു വെച്ചി​രു​ന്നി​ല്ലെ​ങ്കിൽ നാം സൊ​ദോം​പോ​ലെ ആകുമാ​യി​രു​ന്നു; ഗൊ​മോ​റെക്കു സദൃശ​മാ​കു​മാ​യി​രു​ന്നു.” (യെശയ്യാ​വു 1:9) c അസീറിയ ആക്രമി​ക്കു​മ്പോൾ, യഹൂദ​യു​ടെ സഹായ​ത്തി​നാ​യി യഹോവ എത്തും. സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും പോലെ, യഹൂദ എന്നെ​ന്നേ​ക്കു​മാ​യി നശിപ്പി​ക്ക​പ്പെ​ടു​ക​യില്ല.

21. ബാബി​ലോൺ യെരൂ​ശ​ലേ​മി​നെ നശിപ്പി​ച്ച​ശേഷം ‘കുറച്ചു പേർ ശേഷി​ക്കാൻ’ യഹോവ ഇടയാ​ക്കി​യത്‌ എന്തു​കൊണ്ട്‌?

21 നൂറിലധികം വർഷം കഴിഞ്ഞ​പ്പോൾ യഹൂദ വീണ്ടും ആക്രമണ ഭീഷണി​യി​ലാ​യി. അസീറിയ ആക്രമി​ച്ച​പ്പോൾ അവർ പാഠം പഠിച്ചില്ല. “അവരോ ദൈവ​ത്തി​ന്റെ ദൂതന്മാ​രെ പരിഹ​സി​ച്ചു അവന്റെ വാക്കു​കളെ നിരസി​ച്ചു . . . അവന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദി​ച്ചു​ക​ളഞ്ഞു.” തത്‌ഫ​ല​മാ​യി, ‘ഉപശാ​ന്തി​യി​ല്ലാ​താ​കും​വണ്ണം യഹോ​വ​യു​ടെ കോപം അവർക്കു നേരെ ഉജ്ജ്വലി​ച്ചു.’ (2 ദിനവൃ​ത്താ​ന്തം 36:16) ബാബി​ലോ​ണി​യൻ സാമ്രാ​ജ്യാ​ധി​പ​നായ നെബൂ​ഖ​ദ്‌നേസർ യഹൂദയെ കീഴടക്കി. ഇത്തവണ “മുന്തി​രി​ത്തോ​ട്ട​ത്തി​ലെ കുടിൽപോ​ലെ” യാതൊ​ന്നും അവശേ​ഷി​ച്ചില്ല. യെരൂ​ശ​ലേം പോലും നശിപ്പി​ക്ക​പ്പെട്ടു. (2 ദിനവൃ​ത്താ​ന്തം 36:17-21) എങ്കിലും, ‘കുറച്ചു പേർ ശേഷി​ക്കാൻ’ യഹോവ ഇടയാക്കി. യഹൂദാ നിവാ​സി​കൾക്ക്‌ 70 വർഷക്കാ​ലം പ്രവാ​സ​ത്തിൽ കഴി​യേ​ണ്ടി​വ​ന്നെ​ങ്കി​ലും, ആ ജനതയിൽ പെട്ട കുറെ പേരുടെ, പ്രത്യേ​കി​ച്ചും വാഗ്‌ദത്ത മിശിഹാ പ്രത്യ​ക്ഷ​പ്പെ​ടാ​നി​രുന്ന ദാവീ​ദി​ന്റെ വംശത്തിൽ പെട്ടവ​രു​ടെ അതിജീ​വനം യഹോവ ഉറപ്പു​വ​രു​ത്തി.

22, 23. ഒന്നാം നൂറ്റാ​ണ്ടിൽ, ‘കുറച്ചു പേർ ശേഷി​ക്കാൻ’ യഹോവ ഇടയാ​ക്കി​യത്‌ എന്തു​കൊണ്ട്‌?

22 ദൈവത്തിന്റെ ഉടമ്പടി ജനതയെന്ന നിലയിൽ ഇസ്രാ​യേൽ അന്തിമ പ്രതി​സ​ന്ധി​യെ നേരി​ടു​ന്നത്‌ ഒന്നാം നൂറ്റാ​ണ്ടി​ലാണ്‌. വാഗ്‌ദത്ത മിശി​ഹാ​യായ യേശു​വി​നെ തള്ളിക്കളഞ്ഞ ആ ജനതയെ യഹോ​വ​യും തള്ളിക്ക​ളഞ്ഞു. (മത്തായി 21:43; 23:37-39; യോഹ​ന്നാൻ 1:11) എന്നാൽ, അതുമൂ​ലം ഭൂമി​യിൽ യഹോ​വ​യ്‌ക്ക്‌ മേലാൽ ഒരു പ്രത്യേക ജനത ഇല്ലാ​തെ​പോ​യോ? ഇല്ല. യെശയ്യാ​വു 1:9-ന്‌ മറ്റൊരു നിവൃത്തി ഉള്ളതായി പൗലൊസ്‌ അപ്പൊ​സ്‌തലൻ പ്രകട​മാ​ക്കി. സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ ഉദ്ധരി​ച്ചു​കൊണ്ട്‌ അവൻ എഴുതി: ‘“സൈന്യ​ങ്ങ​ളു​ടെ കർത്താവു നമുക്കു സന്തതിയെ ശേഷി​പ്പി​ച്ചി​ല്ലെ​ങ്കിൽ നാം സൊ​ദോ​മെ​പ്പോ​ലെ ആകുമാ​യി​രു​ന്നു, ഗൊ​മോ​റെക്കു സദൃശ​മാ​കു​മാ​യി​രു​ന്നു” എന്നു യെശയ്യാ മുമ്പു​കൂ​ട്ടി പറഞ്ഞി​രി​ക്കു​ന്നു​വ​ല്ലോ.’—റോമർ 9:29.

23 ഇത്തവണ അതിജീ​വി​ച്ചവർ യേശു​ക്രി​സ്‌തു​വിൽ വിശ്വാ​സം അർപ്പിച്ച അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ ആയിരു​ന്നു. അങ്ങനെ അതിജീ​വി​ച്ച​വ​രിൽ ആദ്യ കൂട്ടർ വിശ്വാ​സി​ക​ളായ യഹൂദ​ന്മാർ ആയിരു​ന്നു. പിന്നീട്‌, വിശ്വാ​സി​ക​ളായ പുറജാ​തീ​യർ അവരോ​ടു ചേർന്നു. അവർ ഇരു കൂട്ടരും ചേർന്ന്‌ പുതിയ ഇസ്രാ​യേൽ അഥവാ ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ ആയിത്തീർന്നു. (ഗലാത്യർ 6:16; റോമർ 2:29) പൊ.യു. 70-ലെ യഹൂദാ വ്യവസ്ഥി​തി​യു​ടെ നാശത്തെ ഈ “സന്തതി” അതിജീ​വി​ച്ചു. വാസ്‌ത​വ​ത്തിൽ, ‘ദൈവ​ത്തി​ന്റെ യിസ്രാ​യേൽ’ ഇന്നും നമ്മോടു കൂടെ​യുണ്ട്‌. വിവിധ ജനതക​ളിൽനി​ന്നുള്ള ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ, “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ളതായി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം,” ഇപ്പോൾ അവരോ​ടു ചേർന്നി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 7:9.

24. മനുഷ്യ​വർഗം അഭിമു​ഖീ​ക​രി​ക്കാൻ പോകുന്ന ഏറ്റവും വലിയ വിപത്തി​നെ അതിജീ​വി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, നാമെ​ല്ലാം എന്തിനു ശ്രദ്ധ കൊടു​ക്കേ​ണ്ട​തുണ്ട്‌?

24 താമസിയാതെ, ഇന്നത്തെ ലോകം അർമ​ഗെ​ദോൻ യുദ്ധത്തെ അഭിമു​ഖീ​ക​രി​ക്കും. (വെളി​പ്പാ​ടു 16:14, 16, NW) അസീറി​യ​ക്കാ​രും ബാബി​ലോ​ണി​യ​രും യഹൂദ​യു​ടെ​മേൽ നടത്തിയ ആക്രമ​ണ​ങ്ങ​ളെ​ക്കാ​ളും പൊ.യു. 70-ൽ റോമാ​ക്കാർ അതി​ന്റെ​മേൽ വരുത്തിയ നാശ​ത്തെ​ക്കാ​ളും വലുതാ​യി​രി​ക്കും ആ വിപത്ത്‌. എങ്കിലും, ചിലർ അതിനെ അതിജീ​വി​ക്കും. (വെളി​പ്പാ​ടു 7:14) അക്കാര​ണ​ത്താൽ, യഹൂദ​യോ​ടുള്ള യെശയ്യാ​വി​ന്റെ വാക്കുകൾ നാമെ​ല്ലാം അവധാ​ന​പൂർവം പരിചി​ന്തി​ക്കേ​ണ്ടതു വളരെ പ്രധാ​ന​മാണ്‌! ആ വാക്കു​കൾക്കു ചെവി കൊടു​ത്ത​തി​ന്റെ ഫലമായി യെശയ്യാ​വി​ന്റെ നാളിൽ വിശ്വ​സ്‌ത​രാ​യവർ അതിജീ​വി​ച്ചു. അതേ വിധത്തിൽ, യഥാർഥ വിശ്വാ​സ​മു​ള്ള​വർക്ക്‌ ഇക്കാല​ത്തും അതിജീ​വി​ക്കാൻ കഴിയും.

[അടിക്കു​റി​പ്പു​കൾ]

a ഇവിടെ ‘യിസ്രാ​യേൽ’ എന്ന പദം രണ്ടു-ഗോത്ര രാജ്യ​മായ യഹൂദയെ സൂചി​പ്പി​ക്കു​ന്നു.

b യെശയ്യാവിന്റെ വാക്കുകൾ അക്കാലത്തെ ചികി​ത്സാ​രീ​തി​യെ കുറി​ച്ചുള്ള ഒരു പരാമർശ​മാണ്‌. ബൈബിൾ ഗവേഷ​ക​നായ ഇ. എച്ച്‌. പ്ലംറ്റർ ഇങ്ങനെ പറയുന്നു: “പഴുപ്പു കളയാൻ ആദ്യം ചെയ്‌തി​രു​ന്നത്‌ പൊട്ടി​യൊ​ലി​ക്കുന്ന വ്രണം ‘അമർത്തുക’യോ ‘ഞെക്കുക’യോ ആയിരു​ന്നു; അതിനു​ശേഷം, ഹിസ്‌കീ​യാ​വി​ന്റെ (അധ്യാ. 38:21) കാര്യ​ത്തിൽ ചെയ്‌ത​തു​പോ​ലെ, തൈലം പുരട്ടിയ തുണി​കൊണ്ട്‌ അതു ‘കെട്ടി​വെ​ച്ചി​രു​ന്നു.’ അതിനു പുറമേ, വ്രണം ശുദ്ധി​യാ​ക്കാൻ എണ്ണയോ കുഴമ്പോ—ചില​പ്പോൾ, ലൂക്കൊസ്‌ 10:34-ൽ കാണു​ന്നതു പോലെ എണ്ണയും വീഞ്ഞും—ഉപയോ​ഗി​ച്ചി​രു​ന്നു.”

c സി. എഫ്‌. കൈലും എഫ്‌. ഡെലി​റ്റ്‌ഷും തയ്യാറാ​ക്കിയ പഴയനി​യമ ഭാഷ്യം (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “പ്രവാ​ചകൻ നൽകുന്ന ഈ പ്രത്യേക സന്ദേശ​ത്തി​ന്റെ ഒരു ഭാഗം ഇവിടെ അവസാ​നി​ക്കു​ക​യും മറ്റൊരു ഭാഗം തുടങ്ങു​ക​യും ചെയ്യുന്നു എന്ന്‌ മൂലപാ​ഠ​ത്തിൽ 9-ഉം 10-ഉം വാക്യ​ങ്ങൾക്ക്‌ ഇടയി​ലാ​യി അൽപ്പം സ്ഥലം ഇട്ടിരി​ക്കു​ന്ന​തിൽ നിന്നു മനസ്സി​ലാ​ക്കാ​വു​ന്ന​താണ്‌. ഇങ്ങനെ സ്ഥലമോ ഒരു വരയോ ഇട്ടു​കൊണ്ട്‌ ചെറു​തോ വലുതോ ആയ ഭാഗങ്ങളെ വേർതി​രി​ക്കുന്ന സമ്പ്രദാ​യം, സ്വരാ​ക്ഷ​ര​ക്കു​റി​ക​ളും ഉച്ചാര​ണ​ചി​ഹ്ന​ങ്ങ​ളും ഉപയോ​ഗി​ക്കുന്ന രീതി​യെ​ക്കാൾ പഴക്കമു​ള്ള​തും അതി​പ്രാ​ചീ​ന​മായ ഒരു സമ്പ്രദാ​യ​ത്തിൽ അധിഷ്‌ഠി​ത​വു​മാണ്‌.”

[അധ്യയന ചോദ്യ​ങ്ങൾ]

[20-ാം പേജിലെ ചിത്രം]

യഹൂദ, സൊ​ദോ​മി​നെ​യും ഗൊ​മോ​റ​യെ​യും പോലെ എക്കാല​വും ആൾപ്പാർപ്പി​ല്ലാ​തെ കിടക്കു​ക​യി​ല്ല