ഒരു സമാധാനപ്രഭുവിനെ കുറിച്ചുള്ള വാഗ്ദാനം
അധ്യായം പത്ത്
ഒരു സമാധാനപ്രഭുവിനെ കുറിച്ചുള്ള വാഗ്ദാനം
1. കയീന്റെ കാലം മുതൽ മനുഷ്യവർഗം എന്തെല്ലാം അനുഭവിച്ചിരിക്കുന്നു?
ഏകദേശം ആറായിരം വർഷം മുമ്പാണ് ആദ്യത്തെ മനുഷ്യ ശിശു പിറന്നത്. അവന്റെ പേര് കയീൻ എന്നായിരുന്നു. അവന്റെ ജനനം വളരെ സവിശേഷതയുള്ളത് ആയിരുന്നു. അവന്റെ മാതാപിതാക്കളോ ദൂതന്മാരോ, എന്തിന് സ്രഷ്ടാവ് പോലുമോ അതിനു മുമ്പ് ഒരു മനുഷ്യ ശിശുവിനെ കണ്ടിരുന്നില്ല. ആ നവജാത ശിശുവിന് കുറ്റംവിധിക്കപ്പെട്ട മനുഷ്യവർഗത്തിനു പ്രത്യാശ പകരാൻ കഴിയുമായിരുന്നു. എന്നാൽ, വളർന്നുവന്നപ്പോൾ അവൻ ഒരു കൊലപാതകൻ ആയിത്തീർന്നു. എത്ര നിരാശാജനകം! (1 യോഹന്നാൻ 3:12) അന്നുമുതൽ ഇങ്ങോട്ട് അസംഖ്യം കൊലപാതകങ്ങൾക്കു മനുഷ്യവർഗം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദോഷപ്രവണതയുള്ള ഈ മനുഷ്യവർഗം പരസ്പരം സമാധാനത്തിലല്ല കഴിയുന്നത്, ദൈവവുമായും അവർ സമാധാനത്തിലല്ല.—ഉല്പത്തി 6:5; യെശയ്യാവു 48:22.
2, 3. യേശുക്രിസ്തു മനുഷ്യവർഗത്തിന് എന്തെല്ലാം പ്രത്യാശകൾ തുറന്നുകൊടുത്തു, ആ അനുഗ്രഹങ്ങൾ ലഭിക്കാൻ നാം എന്തു ചെയ്യണം?
2 കയീൻ ജനിച്ച് ഏതാണ്ട് നാലു സഹസ്രാബ്ദങ്ങൾക്കുശേഷം മറ്റൊരു ശിശു പിറന്നു. യേശു എന്നായിരുന്നു അവന്റെ പേര്. അവന്റെ ജനനവും വളരെ സവിശേഷതയുള്ള ഒന്നായിരുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ഒരു കന്യകയിലാണ് അവൻ ജനിച്ചത്—ചരിത്രത്തിൽ ഇന്നോളം അത്തരത്തിലുള്ള മറ്റൊരു ജനനം ഉണ്ടായിട്ടില്ല. അവന്റെ ജനനസമയത്ത് സന്തുഷ്ടരായ നിരവധി ദൂതന്മാർ “അത്യുന്നതങ്ങളിൽ ദൈവത്തിന്നു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്നു ഘോഷിച്ചുകൊണ്ട് ദൈവത്തിനു സ്തുതി പാടി. (ലൂക്കൊസ് 2:13, 14) ഒരു കൊലപാതകൻ ആയിരിക്കുന്നതിനു പകരം യേശു, മനുഷ്യർക്കു ദൈവവുമായി സമാധാനത്തിൽ ആയിരിക്കാനും നിത്യജീവൻ പ്രാപിക്കാനും വഴി തുറന്നുകൊടുത്തു.—യോഹന്നാൻ 3:16; 1 കൊരിന്ത്യർ 15:55.
3 യേശു “സമാധാനപ്രഭു” എന്നു വിളിക്കപ്പെടുമെന്ന് യെശയ്യാവ് പ്രവചിച്ചു. (യെശയ്യാവു 9:6) മനുഷ്യവർഗത്തിനായി അവൻ തന്റെ ജീവൻ നൽകുകയും അങ്ങനെ പാപമോചനം സാധ്യമാക്കുകയും ചെയ്യുമായിരുന്നു. (യെശയ്യാവു 53:11) ഇന്ന്, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ദൈവവുമായി സമാധാനത്തിൽ വരാനും പാപമോചനം നേടാനും നമുക്കു സാധിക്കും. എന്നാൽ അത്തരം അനുഗ്രഹങ്ങൾ യാന്ത്രികമായി ലഭിക്കുന്നില്ല. (കൊലൊസ്സ്യർ 1:21-23) അവ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ യഹോവയാം ദൈവത്തെ അനുസരിക്കാൻ പഠിക്കേണ്ടതുണ്ട്. (1 പത്രൊസ് 3:11; എബ്രായർ 5:8, 9 താരതമ്യം ചെയ്യുക.) യെശയ്യാവിന്റെ നാളിൽ, ഇസ്രായേലും യഹൂദയും അതിനു നേരെ വിപരീതമായാണു പ്രവർത്തിക്കുന്നത്.
ഭൂതങ്ങളിലേക്കു തിരിയുന്നു
4, 5. യെശയ്യാവിന്റെ നാളിലെ സ്ഥിതിവിശേഷം എന്ത്, സഹായത്തിനായി ചിലർ ആരിലേക്കു തിരിയുന്നു?
4 അനുസരണക്കേടു നിമിത്തം യെശയ്യാവിന്റെ സമകാലികർ ധാർമികമായി ശോചനീയമായ സ്ഥിതിയിലാണ്, ആത്മീയ അന്ധകാരത്തിന്റെ പടുകുഴിയിലാണ്. ദൈവത്തിന്റെ ആലയം സ്ഥിതി ചെയ്യുന്ന തെക്കേ രാജ്യമായ യഹൂദയിൽ പോലും സമാധാനമില്ല. അവിശ്വസ്തത നിമിത്തം യഹൂദർ അസീറിയൻ ആക്രമണത്തിന്റെ ഭീഷണിയിലാണ്. മുമ്പിലുള്ളത് ദുഷ്കരമായ നാളുകൾ ആണെന്നതിനു സംശയമില്ല. സഹായത്തിനായി അവർ ആരിലേക്കാണു തിരിയുന്നത്? ദുഃഖകരമെന്നു പറയട്ടെ, പലരും യഹോവയിലേക്കല്ല തിരിയുന്നത്, സാത്താനിലേക്കാണ്. അവർ സാത്താന്റെ പേരു വിളിച്ചപേക്ഷിക്കുന്നില്ല എന്നതു ശരിതന്നെ. എന്നുവരികിലും, തങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിന് മരിച്ചവരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചുകൊണ്ട് പൂർവകാലത്തെ ശൗലിനെ പോലെ അവർ ആത്മവിദ്യയിൽ ഏർപ്പെടുന്നു.—1 ശമൂവേൽ 28:1-20.
5 ചിലർ ഈ ആചാരത്തെ പ്രോത്സാഹിപ്പിക്കുക പോലും ചെയ്യുന്നു. അത്തരത്തിലുള്ള വിശ്വാസത്യാഗത്തിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് യെശയ്യാവ് പറയുന്നു: “വെളിച്ചപ്പാടന്മാരോടു ചിലെക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിൻ എന്നു അവർ നിങ്ങളോടു പറയുന്നുവെങ്കിൽ—ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടതു? ജീവനുള്ളവർക്കു വേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടതു?” (യെശയ്യാവു 8:19) ‘ചിലയ്ക്കുകയും ജപിക്കുകയും ചെയ്തുകൊണ്ട്’ ആത്മമധ്യവർത്തികൾക്ക് ആളുകളെ വഞ്ചിക്കാൻ കഴിയും. മരിച്ചവരുടെ ആത്മാക്കൾ പുറപ്പെടുവിക്കുന്നതാണെന്നു കരുതപ്പെടുന്ന അത്തരം ശബ്ദങ്ങൾ ജീവിച്ചിരിക്കുന്ന ഒരാൾക്ക് ശബ്ദവിഡംബനത്തിലൂടെ (ventriloquism) ഉളവാക്കാൻ സാധിക്കും. ചിലപ്പോൾ, ഭൂതങ്ങൾ നേരിട്ട് ഇടപെടുകയും മരിച്ചയാളുടെ ആകാരവും ശബ്ദവും സ്വീകരിക്കുകയും ചെയ്തേക്കാം. ഏൻ-ദോരിലെ മന്ത്രവാദിനിയോട് ശൗൽ ആലോചന ചോദിച്ചപ്പോൾ വ്യക്തമായും അതാണു സംഭവിച്ചത്.—1 ശമൂവേൽ 28:8-19.
6. ആത്മവിദ്യയിൽ ഏർപ്പെട്ട ഇസ്രായേല്യർ വിശേഷിച്ചും കുറ്റക്കാർ ആയിരിക്കുന്നത് എന്തുകൊണ്ട്?
6 ആത്മവിദ്യാചാരം യഹോവ വിലക്കിയിട്ടുണ്ടെങ്കിലും, യഹൂദയിൽ അതെല്ലാം ഇപ്പോൾ നടമാടുന്നു. അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർ മോശൈക ന്യായപ്രമാണം അനുസരിച്ച് മരണശിക്ഷയ്ക്ക് അർഹരാണ്. (ലേവ്യപുസ്തകം 19:31; 20:6, 27; ആവർത്തനപുസ്തകം 18:9-12) യഹോവയുടെ പ്രത്യേക സ്വത്തായിരിക്കുന്ന ജനത അത്തരം ഗുരുതരമായ ലംഘനങ്ങളിൽ ഏർപ്പെടുന്നത് എന്തുകൊണ്ടാണ്? അവർ യഹോവയുടെ നിയമവും ബുദ്ധിയുപദേശവും തള്ളിക്കളയുകയും ‘പാപത്തിന്റെ ചതിയാൽ കഠിനപ്പെടുകയും’ ചെയ്തിരിക്കുന്നതുകൊണ്ടു തന്നെ. (എബ്രായർ 3:13) “അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു,” അവർ തങ്ങളുടെ ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു.—സങ്കീർത്തനം 119:70. a
7. യെശയ്യാവിന്റെ നാളിലെ ഇസ്രായേല്യരെ ഇന്നു പലരും അനുകരിക്കുന്നത് എങ്ങനെ, അനുതപിക്കാത്തപക്ഷം അങ്ങനെയുള്ളവരുടെ ഭാവി എന്തായിരിക്കും?
7 ‘അസീറിയക്കാർ ആക്രമിക്കാൻ പോകുന്ന ഈ സമയത്ത് യഹോവയുടെ നിയമംകൊണ്ട് എന്തു ഗുണം?’ എന്ന് അവർ ചിന്തിച്ചിരിക്കാം. തങ്ങളുടെ പ്രശ്നത്തിനു സത്വരവും അനായാസവുമായ ഒരു പരിഹാരമാണ് അവർക്കു വേണ്ടത്. യഹോവയുടെ ഹിതം നടപ്പാകുന്നതുവരെ കാത്തിരിക്കാൻ അവർ സന്നദ്ധരല്ല. നമ്മുടെ കാലത്തും, അനേകർ യഹോവയുടെ നിയമം അവഗണിച്ചുകൊണ്ട് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മമധ്യവർത്തികളുടെ ഉപദേശം തേടുകയും ജാതകം നോക്കുകയും മറ്റു തരത്തിലുള്ള ഗൂഢവിദ്യകളിൽ ഏർപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും, ജീവിച്ചിരിക്കുന്നവർ മരിച്ചവരുടെ ഉപദേശം തേടുന്നത് അന്നത്തെ പോലെതന്നെ ഇന്നും മൗഢ്യമാണ്. അനുതാപമില്ലാതെ അത്തരം കാര്യങ്ങളിൽ ഏർപ്പെടുന്ന ഏതൊരാൾക്കും ലഭിക്കാൻ പോകുന്നത് “കുലപാതകന്മാർ, ദുർന്നടപ്പുകാർ, . . . ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും” ലഭിക്കുന്ന പ്രതിഫലംതന്നെ ആയിരിക്കും. ജീവന്റെ യാതൊരു ഭാവിപ്രതീക്ഷയും അവർക്ക് ഉണ്ടായിരിക്കില്ല.—വെളിപ്പാടു 21:8.
ദൈവത്തിന്റെ ‘നിയമവും സാക്ഷ്യവും’
8. മാർഗനിർദേശത്തിനായി നാം ഇന്ന് ഏതു ‘നിയമത്തിലേക്കും സാക്ഷ്യത്തിലേക്കും’ ആണു തിരിയേണ്ടത്?
8 ആത്മവിദ്യയെ വിലക്കുന്ന യഹോവയുടെ നിയമവും അതുപോലെ അവന്റെ മറ്റു നിയമങ്ങളും യഹൂദർക്കു നന്നായി അറിയാവുന്നതാണ്. അതു ലിഖിതരൂപത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് അവന്റെ മുഴു വചനവും ലിഖിതരൂപത്തിൽ ലഭ്യമാണ്—അതാണു ബൈബിൾ. ദിവ്യ നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല തന്റെ ജനത്തോടുള്ള ദൈവത്തിന്റെ ഇടപെടലുകളെ കുറിച്ചുള്ള വിവരണവും അതിലുണ്ട്. യഹോവയുടെ ഇടപെടലുകളെ കുറിച്ചുള്ള ഈ ബൈബിൾ വിവരണം ഒരു സാക്ഷ്യമാണ്. അവന്റെ വ്യക്തിത്വത്തെയും ഗുണങ്ങളെയും കുറിച്ച് അതു നമ്മെ പഠിപ്പിക്കുന്നു. മരിച്ചവരോട് ആലോചന ചോദിക്കുന്നതിനു പകരം, ഇസ്രായേല്യർ മാർഗനിർദേശത്തിനായി എവിടേക്കാണ് തിരിയേണ്ടത്? യെശയ്യാവ് ഉത്തരം നൽകുന്നു: ‘ഉപദേശത്തിലേക്കും [“നിയമത്തിലേക്കും,” NW] സാക്ഷ്യത്തിലേക്കും.’ (യെശയ്യാവു 8:20എ) അതേ, യഥാർഥ പ്രബുദ്ധത തേടുന്നവർ ദൈവത്തിന്റെ ലിഖിത വചനത്തിലേക്കു തിരിയണം.
9. അനുതാപമില്ലാത്ത പാപികൾ വല്ലപ്പോഴുമൊക്കെ ബൈബിൾ ഉദ്ധരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
9 ആത്മവിദ്യയിൽ ഏർപ്പെടുന്ന ചില ഇസ്രായേല്യർ ദൈവത്തിന്റെ ലിഖിത വചനത്തോടു തങ്ങൾക്ക് ആദരവുള്ളതായി അവകാശപ്പെട്ടേക്കാം. എന്നാൽ അത്തരം അവകാശവാദങ്ങൾ പൊള്ളയും കുടിലവുമാണ്. യെശയ്യാവ് ഇങ്ങനെ പറയുന്നു: “ഈ പ്രസ്താവന അനുസരിച്ച് അരുണോദയത്തിന്റെ പ്രകാശമില്ലാത്ത കാര്യങ്ങൾ അവർ തീർച്ചയായും പറഞ്ഞുകൊണ്ടിരിക്കും.” (യെശയ്യാവു 8:20ബി, NW) ഏതു പ്രസ്താവനയെ ആണ് യെശയ്യാവ് ഇവിടെ പരാമർശിക്കുന്നത്? ‘നിയമത്തിനും സാക്ഷ്യത്തിനും’ എന്ന പ്രസ്താവനയെ ആകാം. ഇന്നു വിശ്വാസത്യാഗികളും മറ്റുള്ളവരും തിരുവെഴുത്തുകൾ ഉദ്ധരിച്ചേക്കാവുന്നതുപോലെ, വിശ്വാസത്യാഗികളായ ചില ഇസ്രായേല്യരും ദൈവവചനം ഉദ്ധരിക്കുന്നുണ്ടാകാം. എന്നാൽ അവ കേവലം വാക്കുകൾ മാത്രമാണ്. യഹോവയുടെ ഹിതം പ്രവർത്തിക്കുകയും അശുദ്ധമായ ആചാരങ്ങൾ വർജിക്കുകയും ചെയ്യാത്തിടത്തോളം കാലം, തിരുവെഴുത്ത് ഉദ്ധരിക്കുന്നതുകൊണ്ട് “അരുണോദയം,” അതായത് യഹോവയിൽ നിന്നുള്ള പ്രബുദ്ധത ഉണ്ടാകുകയില്ല. b
‘വിശപ്പ്, അപ്പത്തിനായല്ല’
10. യഹോവയെ തള്ളിക്കളഞ്ഞതു നിമിത്തം യഹൂദയിലെ ജനങ്ങൾ എങ്ങനെയുള്ള കഷ്ടം അനുഭവിക്കുന്നു?
10 യഹോവയോടുള്ള അനുസരണക്കേട് മാനസിക അന്ധകാരത്തിലേക്കു നയിക്കുന്നു. (എഫെസ്യർ 4:17, 18) ആത്മീയ അർഥത്തിൽ, യഹൂദർ അന്ധരായി തീർന്നിരിക്കുകയാണ്, അവർക്കു ഗ്രാഹ്യമില്ല. (1 കൊരിന്ത്യർ 2:14) അവരുടെ അവസ്ഥയെ യെശയ്യാവ് വർണിക്കുന്നു: “അവർ ഏററവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും.” (യെശയ്യാവു 8:21എ) ജനതയുടെ അവിശ്വസ്തത നിമിത്തം—പ്രത്യേകിച്ചും ആഹാസ് രാജാവിന്റെ വാഴ്ചക്കാലത്ത്—ഒരു സ്വതന്ത്ര രാജ്യം എന്ന നിലയിലുള്ള യഹൂദയുടെ അതിജീവനം അപകടത്തിലാണ്. ആ ജനതയ്ക്കു ചുറ്റും ശത്രുക്കളാണ്. അസീറിയൻ സൈന്യം ഒന്നിനു പുറകെ ഒന്നായി യഹൂദാ നഗരങ്ങളെ ആക്രമിക്കുന്നു. ശത്രുക്കൾ ഫലഭൂയിഷ്ഠമായ ദേശത്തെ ശൂന്യമാക്കുന്നതുകൊണ്ട് അവിടെ ഭക്ഷ്യക്ഷാമമുണ്ട്. പലരും “ഏററവും വലഞ്ഞും വിശന്നും” കഴിയുന്ന അവസ്ഥയിലാണ്. എന്നാൽ, മറ്റൊരു തരത്തിലുള്ള വിശപ്പും അവരെ ബാധിച്ചിരിക്കുന്നു. ഏതാനും ദശകങ്ങൾക്കു മുമ്പ് ആമോസ് ഇങ്ങനെ പ്രവചിച്ചിരുന്നു: “അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (ആമോസ് 8:11) യഹൂദ ഇപ്പോൾ അത്തരം ആത്മീയ ക്ഷാമത്തിൽ പെട്ട് ഉഴലുകയാണ്!
11. ശിക്ഷണത്തിൽനിന്ന് യഹൂദ പാഠം പഠിക്കുമോ?
11 യഹൂദ ഒരു പാഠം പഠിച്ച് യഹോവയിലേക്കു മടങ്ങിവരുമോ? അതിലെ ആളുകൾ ആത്മവിദ്യയും വിഗ്രഹാരാധനയും ഉപേക്ഷിച്ച് ‘നിയമത്തിലേക്കും സാക്ഷ്യത്തിലേക്കും’ മടങ്ങുമോ? അവർ എങ്ങനെ പ്രതികരിക്കുമെന്ന് യഹോവ മുൻകൂട്ടി കാണുന്നു: “അവർക്കു വിശക്കുമ്പോൾ അവർ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.” (യെശയ്യാവു 8:21ബി) അതേ, തങ്ങളെ ഈ അവസ്ഥയിൽ ആക്കിയതിനു പലരും തങ്ങളുടെ മനുഷ്യ രാജാവിനെ കുറ്റപ്പെടുത്തും. മറ്റു ചിലർ തങ്ങളുടെ ദുരന്തത്തിനു യഹോവയെ മൗഢ്യമായി കുറ്റപ്പെടുത്തുകപോലും ചെയ്യും! (യിരെമ്യാവു 44:15-18 താരതമ്യം ചെയ്യുക.) ഇന്നും മനുഷ്യരുടെ ദുഷ്ടത മൂലമുണ്ടാകുന്ന ദുരന്തങ്ങൾക്കു ദൈവത്തെ കുറ്റപ്പെടുത്തിക്കൊണ്ട് പലരും സമാനമായ രീതിയിൽ പ്രതികരിക്കുന്നു.
12. (എ) യഹോവയെ ഉപേക്ഷിച്ചതു നിമിത്തം യഹൂദയ്ക്ക് എന്തു സംഭവിച്ചിരിക്കുന്നു? (ബി) പ്രധാനപ്പെട്ട ഏതു ചോദ്യങ്ങൾ ഉയർന്നുവരുന്നു?
12 ദൈവത്തെ ശപിക്കുന്നതുകൊണ്ട് യഹൂദാ നിവാസികൾക്കു സമാധാനം ലഭിക്കുമോ? ഇല്ല. യെശയ്യാവ് മുൻകൂട്ടി പറയുന്നു: “അവർ ഭൂമിയിൽ നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും [“വേദനയുടെ കാളിമയും,” “ഓശാന ബൈ.”] കാണും; കൂരിരുട്ടിലേക്കു അവരെ തള്ളിക്കളയും.” (യെശയ്യാവു 8:22) ദൈവത്തെ കുറ്റപ്പെടുത്താൻ സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തിയശേഷം അവർ വീണ്ടും ഭൂമിയിലേക്ക്, തങ്ങളുടെ ആശയറ്റ അവസ്ഥയിലേക്കു നോക്കുന്നു. ദൈവത്തെ ഉപേക്ഷിച്ചതു നിമിത്തം അവർക്കു ദുരന്തം സംഭവിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 19:3) എന്നാൽ ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത വാഗ്ദാനങ്ങളുടെ കാര്യമോ? (ഉല്പത്തി 22:15-18; 28:14, 15) യഹോവ അവ നിവർത്തിക്കാതിരിക്കുമോ? യഹൂദയോടും ദാവീദിനോടും വാഗ്ദാനം ചെയ്തിരിക്കുന്ന രാജകീയ വംശാവലിയെ അസീറിയക്കാരോ മറ്റേതെങ്കിലും സൈനിക ശക്തിയോ ഇല്ലാതാക്കുമോ? (ഉല്പത്തി 49:8-10; 2 ശമൂവേൽ 7:11-16) ഇസ്രായേല്യർ സദാ അന്ധകാരാവസ്ഥയിൽ കഴിയേണ്ടിവരുമോ?
‘ഹീനത വരുത്തപ്പെട്ട’ ഒരു ദേശം
13. എന്താണ് ‘ജാതികളുടെ ഗലീല,’ അതിനു ‘ഹീനത വരുത്തിയത്’ എങ്ങനെ?
13 അബ്രാഹാമിന്റെ പിൻതലമുറക്കാരുടെ മേൽ വരുന്ന ദുരന്തപൂർണമായ സംഭവങ്ങളിൽ ഏറ്റവും വലുതിനെ കുറിച്ച് യെശയ്യാവ് തുടർന്നു പരാമർശിക്കുന്നു: “കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നില്ക്കയില്ല [“അന്ധകാരം നീങ്ങിപ്പോകും,” “പി.ഒ.സി. ബൈ.”]; പണ്ടു അവൻ സെബൂലൂൻദേശത്തിന്നും നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു [“ജനതകളുടെ ഗലീല,” NW] മഹത്വം വരുത്തും.” (യെശയ്യാവു 9:1) വടക്കേ രാജ്യമായ ഇസ്രായേലിലെ ഒരു പ്രദേശമാണ് ഗലീല. യെശയ്യാവിന്റെ പ്രവചനം പറയുന്നതനുസരിച്ച്, ‘സെബൂലൂൻദേശവും നഫ്താലിദേശവും’ അതുപോലെതന്നെ “കടൽവഴി”യും—ഗലീലക്കടലിന്റെ സമീപത്തുകൂടി കടന്നു പോയിരുന്ന, മധ്യധരണ്യാഴിയിലേക്കു നയിക്കുന്ന ഒരു പുരാതന പാത—അതിൽ ഉൾപ്പെടുന്നു. യെശയ്യാവിന്റെ നാളിൽ ആ പ്രദേശത്തെ “ജനതകളുടെ ഗലീല” എന്നാണു വിളിക്കുന്നത്. ആ നഗരങ്ങളിൽ പലതിലും ഇസ്രായേല്യരല്ലാത്ത വ്യക്തികൾ വസിക്കുന്നതാകാം അതിനു കാരണം. c ഈ ദേശത്തിനു ‘ഹീനത വരുത്തിയത്’ എങ്ങനെയാണ്? പുറജാതീയരായ അസീറിയക്കാർ അതിനെ കീഴടക്കുകയും ഇസ്രായേല്യരെ പ്രവാസത്തിലേക്കു കൊണ്ടുപോകുകയും ചെയ്യുന്നു. തുടർന്ന് ആ പ്രദേശത്ത് അബ്രാഹാമിന്റെ പിൻതലമുറക്കാരല്ലാത്ത പുറജാതീയരെ പാർപ്പിക്കുന്നു. അങ്ങനെ, പത്തു-ഗോത്ര വടക്കേ രാജ്യം ഒരു വ്യതിരിക്ത ജനത എന്നനിലയിൽ ചരിത്രത്തിൽനിന്നു നാമാവശേഷമാകുന്നു!—2 രാജാക്കന്മാർ 17:5, 6, 18, 23, 24.
14. യഹൂദ ‘അന്ധകാരത്തിൽ’ ആയിരിക്കുന്ന കാലഘട്ടം ഏത് അർഥത്തിലാണ് പത്തു-ഗോത്ര രാജ്യത്തിന്റേതിലും കുറവായിരിക്കുന്നത്?
14 യഹൂദയ്ക്കും അസീറിയക്കാരിൽനിന്നുള്ള സമ്മർദമുണ്ട്. സെബൂലൂനും നഫ്താലിയും പ്രതിനിധാനം ചെയ്ത പത്തു-ഗോത്ര രാജ്യത്തിനു സംഭവിച്ചതുപോലെ, അത് എന്നേക്കും ‘അന്ധകാരത്തിൽ’ ആണ്ടുപോകുമോ? ഇല്ല. “പിന്നത്തേതിൽ” തെക്കേ രാജ്യമായ യഹൂദയുടെ പ്രദേശത്തും മുമ്പ് വടക്കേ രാജ്യം ഭരിച്ചിരുന്ന ദേശത്തുപോലും യഹോവ അനുഗ്രഹം കൈവരുത്തും. എങ്ങനെ?
15, 16. (എ) “സെബൂലൂൻദേശ”ത്തിന്റെയും “നഫ്താലിദേശ”ത്തിന്റെയും അവസ്ഥയ്ക്കു മാറ്റം വരുന്ന “പിന്നത്തേതിൽ” എന്ന കാലം എപ്പോഴായിരിക്കും? (ബി) ഹീനത വരുത്തപ്പെട്ട ദേശത്തിനു മഹത്ത്വം കൈവരുന്നത് എങ്ങനെ?
15 യേശുവിന്റെ ഭൗമിക ശുശ്രൂഷയെ കുറിച്ചുള്ള തന്റെ നിശ്വസ്ത രേഖയിൽ, അപ്പൊസ്തലനായ മത്തായി ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. യേശുവിന്റെ ശുശ്രൂഷയുടെ പ്രാരംഭ നാളുകളെ പരാമർശിച്ചുകൊണ്ട് മത്തായി ഇങ്ങനെ പറയുന്നു: ‘[യേശു] നസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരെയുളള കഫർന്നഹൂമിൽ ചെന്നു പാർത്തു; “സെബൂലൂൻദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുളള നാടും ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു” എന്നു യെശയ്യാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.’—മത്തായി 4:13-16.
16 “പിന്നത്തേതിൽ” എന്നു യെശയ്യാവ് മുൻകൂട്ടി പറഞ്ഞ കാലം ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്തെ കുറിക്കുന്നു. ഭൗമിക ജീവിതത്തിൽ ഏറിയ സമയവും യേശു ഗലീലാ പ്രദേശത്താണു ചെലവഴിച്ചത്. അവൻ ശുശ്രൂഷ തുടങ്ങിയതും ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു’ എന്നു ഘോഷിക്കാൻ തുടങ്ങിയതും അവിടെവെച്ചുതന്നെ ആയിരുന്നു. (മത്തായി 4:17) യേശു പ്രസിദ്ധമായ ഗിരിപ്രഭാഷണം നടത്തിയതും അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്തതും ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചതും പുനരുത്ഥാനശേഷം ഏകദേശം 500 അനുഗാമികൾക്കു പ്രത്യക്ഷനായതുമൊക്കെ ഗലീലയിൽവെച്ചാണ്. (മത്തായി 5:1-7:27; 28:16-20; മർക്കൊസ് 3:13, 14; യോഹന്നാൻ 2:8-11; 1 കൊരിന്ത്യർ 15:6) ഈ വിധത്തിൽ ‘സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും’ മഹത്ത്വം കൈവരുത്തിക്കൊണ്ട് യേശു യെശയ്യാവിന്റെ പ്രവചനം നിവർത്തിച്ചു. തീർച്ചയായും, യേശു തന്റെ ശുശ്രൂഷ ഗലീലയിൽ മാത്രമായി ഒതുക്കിനിറുത്തിയില്ല. ദേശത്തുടനീളം സുവാർത്ത പ്രസംഗിച്ചുകൊണ്ട് അവൻ, യഹൂദ ഉൾപ്പെടെ ഇസ്രായേൽ ജനതയ്ക്കു മുഴുവൻ ‘മഹത്വം വരുത്തി.’
“വലിയൊരു വെളിച്ചം”
17. “വലിയൊരു വെളിച്ചം” ഗലീലയിൽ പ്രകാശിക്കുന്നത് എങ്ങനെ?
17 ഗലീലയിലെ “വലിയൊരു വെളിച്ച”ത്തെ കുറിച്ചുള്ള മത്തായിയുടെ പരാമർശത്തിന്റെ കാര്യമോ? അതും യെശയ്യാവിന്റെ പ്രവചനത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ആയിരുന്നു. യെശയ്യാവ് ഇങ്ങനെ എഴുതി: “ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.” (യെശയ്യാവു 9:2) പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും പുറജാതീയ വ്യാജോപദേശങ്ങൾ സത്യത്തിന്റെ വെളിച്ചത്തെ മറച്ചുകളഞ്ഞു. യഹൂദാ മതനേതാക്കന്മാർ “ദൈവവചനത്തെ ദുർബ്ബലമാക്കിയ” മതപാരമ്പര്യത്തോടു പറ്റിനിന്നപ്പോൾ പ്രസ്തുത പ്രശ്നം ഒന്നുകൂടി വഷളായി. (മത്തായി 15:6) “കുരുടന്മാരായ വഴികാട്ടി”കളെ പിൻതുടർന്ന എളിയവരായ ആളുകൾ ആശയക്കുഴപ്പത്തിലായി, അവർ മതനേതാക്കന്മാരുടെ ചൂഷണത്തിന് ഇരകളുമായി. (മത്തായി 23:2-4, 16) മിശിഹാ ആയ യേശു വന്നപ്പോൾ ആ എളിയവരിൽ പലരുടെയും ഗ്രാഹ്യക്കണ്ണുകൾ അത്ഭുതകരമായ വിധത്തിൽ തുറക്കപ്പെട്ടു. (യോഹന്നാൻ 1:9, 12) ഭൂമിയിൽ ആയിരുന്നപ്പോഴുള്ള യേശുവിന്റെ വേലയെയും അവന്റെ യാഗത്തിന്റെ ഫലമായുള്ള അനുഗ്രഹങ്ങളെയും യെശയ്യാവിന്റെ പ്രവചനത്തിൽ ഉചിതമായും “വലിയൊരു വെളിച്ച”മായി പ്രതിപാദിച്ചിരിക്കുന്നു.—യോഹന്നാൻ 8:12.
18, 19. വെളിച്ചത്തോടു പ്രതികരിച്ചവർക്കു സന്തോഷിക്കുന്നതിന് എന്തു കാരണങ്ങൾ ഉണ്ടായിരുന്നു?
18 ആ വെളിച്ചത്തോടു പ്രതികരിച്ചവർക്കു വാസ്തവത്തിൽ സന്തോഷിക്കുന്നതിനു നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. യെശയ്യാവ് തുടർന്നു പറഞ്ഞു: “നീ വർദ്ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വർദ്ധിപ്പിക്കുന്നു; അവർ നിന്റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.” (യെശയ്യാവു 9:3) യേശുവിന്റെയും അവന്റെ അനുഗാമികളുടെയും പ്രസംഗപ്രവർത്തനത്തിന്റെ ഫലമായി, ആത്മാർഥ ഹൃദയരായ ആളുകൾ സ്വപ്രേരിതരായി യഹോവയെ ആത്മാവിലും സത്യത്തിലും ആരാധിക്കാനുള്ള ആഗ്രഹം പ്രകടമാക്കി. (യോഹന്നാൻ 4:24) നാലു വർഷത്തിൽ കുറഞ്ഞ സമയംകൊണ്ട് നിരവധി പേർ ക്രിസ്ത്യാനിത്വം സ്വീകരിച്ചു. പൊ.യു. 33-ലെ പെന്തക്കോസ്തു നാളിൽ മൂവായിരം പേർ സ്നാപനമേറ്റു. അതിനെ തുടർന്ന് താമസിയാതെ, വിശ്വാസികൾ ആയിത്തീർന്ന “പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.” (പ്രവൃത്തികൾ 2:41; 4:4) ആദിമ ക്രിസ്ത്യാനികൾ തീക്ഷ്ണതയോടെ വെളിച്ചം പ്രതിഫലിപ്പിച്ചപ്പോൾ “യെരൂശലേമിൽ ശിഷ്യന്മാരുടെ എണ്ണം ഏററവും പെരുകി, പുരോഹിതന്മാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.”—പ്രവൃത്തികൾ 6:7.
19 സമൃദ്ധമായ വിളവെടുപ്പിനു ശേഷം ആനന്ദിക്കുന്ന കർഷകരെ പോലെ, അല്ലെങ്കിൽ വലിയൊരു യുദ്ധജയത്തിനുശേഷം പങ്കുവെച്ചു കിട്ടുന്ന വിലപിടിച്ച കൊള്ളയിൽ ആനന്ദിക്കുന്ന സൈനികരെ പോലെ വിശ്വാസികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവിൽ യേശുവിന്റെ അനുഗാമികൾ സന്തോഷിച്ചു. (പ്രവൃത്തികൾ 2:46, 47) ക്രമേണ, ഈ പ്രകാശം ജനതകളുടെ ഇടയിലേക്കും വ്യാപിക്കാൻ യഹോവ ഇടയാക്കി. (പ്രവൃത്തികൾ 14:27) യഹോവയെ സമീപിക്കുന്നതിനുള്ള മാർഗം തുറന്നുകിട്ടിയതിൽ എല്ലാ വംശങ്ങളിലും പെട്ട ആളുകൾ സന്തോഷിച്ചു.—പ്രവൃത്തികൾ 13:48.
“മിദ്യാന്റെ നാളിലെപ്പോലെ”
20. (എ) ഏതു വിധത്തിൽ മിദ്യാന്യർ ഇസ്രായേലിന്റെ ശത്രുക്കളെന്നു തെളിഞ്ഞു, അവരുടെ ഭീഷണിക്ക് യഹോവ അറുതി വരുത്തിയത് എങ്ങനെ? (ബി) ‘മിദ്യാന്റെ നാളി’നു സമാനമായ ഒരു ഭാവി ദിവസത്തിൽ ദൈവജനത്തിന്റെ ശത്രുക്കളുടെ ഭീഷണി യേശു എങ്ങനെ ഇല്ലാതാക്കും?
20 മിശിഹായുടെ പ്രവർത്തനത്തിന്റെ ഫലങ്ങൾ ശാശ്വതമാണ്, യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകളിൽ നാം അതു കാണുന്നു: “അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.” (യെശയ്യാവു 9:4) യെശയ്യാവിന്റെ നാളിനും നൂറ്റാണ്ടുകൾക്കു മുമ്പ്, ഇസ്രായേല്യരെ പാപത്തിലേക്കു വശീകരിക്കാനായി മിദ്യാന്യർ മോവാബ്യരുമായി ഗൂഢാലോചന നടത്തി. (സംഖ്യാപുസ്തകം 25:1-9, 14-18; 31:15, 16) പിന്നീട്, ഏഴു വർഷക്കാലം ഇസ്രായേല്യ ഗ്രാമങ്ങളും കൃഷിയിടങ്ങളും ആക്രമിക്കുകയും കൊള്ളയിടുകയും ചെയ്തുകൊണ്ട് മിദ്യാന്യർ ഇസ്രായേല്യരെ ഭയപ്പെടുത്തി. (ന്യായാധിപന്മാർ 6:1-6) എന്നുവരികിലും, യഹോവ തന്റെ ദാസനായ ഗിദെയോനെ ഉപയോഗിച്ച് മിദ്യാന്യ സൈന്യങ്ങളെ തുരത്തി. “മിദ്യാന്റെ” ആ ‘നാളിനു’ശേഷം, മിദ്യാന്യർ യഹോവയുടെ ജനത്തെ ദ്രോഹിച്ചതായി യാതൊരു തെളിവുമില്ല. (ന്യായാധിപന്മാർ 6:7-16; 8:28) സമീപ ഭാവിയിൽ വലിയ ഗിദെയോനായ യേശുക്രിസ്തു യഹോവയുടെ ജനത്തിന്റെ ആധുനികകാല ശത്രുക്കളെ പാടേ ഇല്ലാതാക്കും. (വെളിപ്പാടു 17:14; 19:11-21) അന്ന്, “മിദ്യാന്റെ നാളിലെപ്പോലെ” സമ്പൂർണവും ശാശ്വതവുമായ വിജയം ഉണ്ടാകും. മനുഷ്യശക്തിയാൽ അല്ല, യഹോവയുടെ ശക്തിയാൽത്തന്നെ. (ന്യായാധിപന്മാർ 7:2-22) ദൈവജനത്തിനു പിന്നീടൊരിക്കലും യാതനയുടെ നുകം പേറേണ്ടി വരില്ല!
21. യുദ്ധത്തെ കുറിച്ചു യെശയ്യാവിന്റെ പ്രവചനം എന്തു സൂചിപ്പിക്കുന്നു?
21 ദൈവം തന്റെ ശക്തി പ്രകടിപ്പിക്കുന്നു എന്നതിന് അവൻ യുദ്ധത്തെ വാഴ്ത്തുന്നു എന്നർഥമില്ല. പുനരുത്ഥാനം പ്രാപിച്ച യേശു സമാധാനപ്രഭു ആണ്. അവൻ ശത്രുക്കളെ നശിപ്പിച്ചുകൊണ്ട് ശാശ്വത സമാധാനം സ്ഥാപിക്കും. യുദ്ധ സാമഗ്രികൾ പൂർണമായി അഗ്നിക്കിരയാകുന്നതിനെ കുറിച്ച് യെശയ്യാവ് തുടർന്നു പറയുന്നു: “ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്കു ഇരയായിത്തീരും.” (യെശയ്യാവു 9:5) മേലാൽ ആർക്കും ബൂട്ടിട്ട സൈനികരുടെ പേടിപ്പെടുത്തുന്ന കാലൊച്ച കേൾക്കേണ്ടിവരികയോ രക്തംപുരണ്ട സൈനിക യൂണിഫോമുകൾ കാണേണ്ടിവരികയോ ഇല്ല. മേലാൽ യുദ്ധം ഉണ്ടായിരിക്കുകയില്ല!—സങ്കീർത്തനം 46:9.
“വിസ്മയാവഹനായ ഉപദേഷ്ടാവ്”
22. യെശയ്യാവിന്റെ പുസ്തകത്തിൽ യേശുവിന് ഏതെല്ലാം പ്രാവചനിക നാമങ്ങൾ നൽകിയിരിക്കുന്നു?
22 തന്റെ അത്ഭുതകരമായ ജനനസമയത്ത്, മിശിഹാ ആകേണ്ടവന് “യഹോവ രക്ഷയാകുന്നു” എന്ന് അർഥമുള്ള യേശു എന്ന പേരു ലഭിച്ചു. എന്നാൽ അവനു പ്രാവചനിക അർഥമുള്ള മറ്റു പേരുകളും ഉണ്ട്. അവൻ വഹിക്കാനിരിക്കുന്ന ഉയർന്ന സ്ഥാനങ്ങളെയും പദവികളെയും സൂചിപ്പിക്കുന്നവയാണ് അവ. അത്തരത്തിലുള്ള ഒരു പേരാണ് “ദൈവം നമ്മോടു കൂടെ” എന്ന് അർഥമുള്ള ഇമ്മാനൂവേൽ. (യെശയ്യാവു 7:14; മത്തായി 1:22 താരതമ്യം ചെയ്യുക.) തുടർന്ന് മറ്റുചില പ്രാവചനിക നാമങ്ങൾ യെശയ്യാവ് വെളിപ്പെടുത്തുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം [“വിസ്മയാവഹനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം,” “ഓശാന ബൈ.”], നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവു 9:6) ഈ പ്രാവചനിക നാമങ്ങളുടെ പൂർണമായ അർഥം പരിചിന്തിക്കുക.
23, 24. (എ) ഏതു വിധത്തിലാണ് യേശു “വിസ്മയാവഹനായ ഉപദേഷ്ടാവ്” ആയിരിക്കുന്നത്? (ബി) ഇന്നു ക്രിസ്തീയ ഉപദേഷ്ടാക്കന്മാർക്ക് യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയുന്നതെങ്ങനെ?
23 ഉപദേഷ്ടാവ് എന്നതിന്റെ അർഥം ഉപദേശം അല്ലെങ്കിൽ മാർഗനിർദേശം നൽകുന്നവൻ എന്നാണ്. ഭൂമിയിൽ ആയിരുന്നപ്പോൾ യേശുക്രിസ്തു അത്ഭുതകരമായ ഉപദേശം നൽകി. “പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു” എന്നു ബൈബിളിൽ നാം വായിക്കുന്നു. (മത്തായി 7:28) ജ്ഞാനവും സമാനുഭാവവും ഉള്ള ഒരു ഉപദേഷ്ടാവാണ് അവൻ. മനുഷ്യരുടെ പ്രകൃതം മനസ്സിലാക്കാനുള്ള അസാധാരണമായ കഴിവ് അവനുണ്ട്. അവന്റെ ഉപദേശം ശാസനയിലും ശിക്ഷയിലും മാത്രം ഒതുങ്ങുന്നില്ല. മിക്കപ്പോഴും പ്രബോധനത്തിലൂടെയും സ്നേഹപുരസ്സരമായ ബുദ്ധിയുപദേശത്തിലൂടെയും ആണ് അവൻ അതു നൽകുന്നത്. യേശുവിന്റെ ഉപദേശം വിസ്മയാവഹമാണ്. കാരണം, അത് എല്ലായ്പോഴും ജ്ഞാനമേറിയതും പൂർണവും അന്യൂനവുമാണ്. അതു പിൻപറ്റുന്നവർക്കു നിത്യജീവൻ ലഭിക്കുന്നു.—യോഹന്നാൻ 6:68.
24 അതീവ ബുദ്ധിശക്തിയുള്ള ഒരാളുടെ ഉപദേശം മാത്രമായി യേശുവിന്റെ ഉപദേശത്തെ കാണേണ്ടതില്ല. പകരം, അവൻ ഇങ്ങനെ പറയുന്നു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.” (യോഹന്നാൻ 7:16) ശലോമോന്റെ കാര്യത്തിലെന്നപോലെ, യേശുവിന്റെ ജ്ഞാനത്തിന്റെ ഉറവിടവും യഹോവയാം ദൈവമാണ്. (1 രാജാക്കന്മാർ 3:7-14; മത്തായി 12:42) തങ്ങളുടെ പഠിപ്പിക്കലുകൾ ദൈവവചനത്തിൽ അധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്താൻ, ക്രിസ്തീയ സഭയിൽ പ്രബോധകരായും ഉപദേശകരായും സേവിക്കുന്നവരെ യേശുവിന്റെ മാതൃക പ്രേരിപ്പിക്കേണ്ടതാണ്.—സദൃശവാക്യങ്ങൾ 21:30.
‘ശക്തനായ ദൈവം, നിത്യപിതാവ്’
25. ‘ശക്തനായ ദൈവം’ എന്ന പേര് സ്വർഗാരോഹണം ചെയ്ത യേശുവിനെ കുറിച്ചു നമ്മോട് എന്തു പറയുന്നു?
25 യേശു ‘ശക്തനായ ദൈവവും’ ‘നിത്യപിതാവും’ കൂടിയാണ്. യഹോവയുടെ, “നമ്മുടെ പിതാവായ ദൈവ”ത്തിന്റെ അധികാരവും സ്ഥാനവും അവൻ കൈയടക്കുന്നു എന്ന് ഇതിന് അർഥമില്ല. (2 കൊരിന്ത്യർ 1:2) ‘അവൻ [യേശു] ദൈവത്തോടുളള സമത്വം മുറുകെ പിടിച്ചുകൊളേളണം എന്നു വിചാരിച്ചില്ല.’ (ഫിലിപ്പിയർ 2:6) ‘ശക്തനായ ദൈവം’ എന്നാണ് അവനെ വിളിച്ചിരിക്കുന്നത്, അല്ലാതെ ‘സർവശക്തനായ ദൈവം’ എന്നല്ല. താൻ സർവശക്തനായ ദൈവമാണെന്ന് യേശു ഒരിക്കലും വിചാരിച്ചില്ല. ‘ഏകസത്യദൈവം’ അതായത്, ആരാധിക്കപ്പെടേണ്ട ഏകദൈവം തന്റെ പിതാവാണ് എന്നാണ് അവൻ പറഞ്ഞത്. (യോഹന്നാൻ 17:3; വെളിപ്പാടു 4:11) തിരുവെഴുത്തുകളിൽ, “ദൈവം” എന്ന പദം ‘ശക്തൻ,’ ‘ബലിഷ്ഠൻ’ എന്ന അർഥത്തിലും ഉപയോഗിക്കുന്നുണ്ട്. (പുറപ്പാടു 12:12; സങ്കീർത്തനം 8:5; 2 കൊരിന്ത്യർ 4:4) ഭൂമിയിൽ വരുന്നതിനു മുമ്പ് യേശു “ഒരു ദൈവം,” ‘ദൈവരൂപത്തിൽ ഇരിക്കുന്നവൻ’ ആയിരുന്നു. പുനരുത്ഥാനശേഷം, സ്വർഗത്തിൽ അതിനെക്കാൾ ഉയർന്ന ഒരു സ്ഥാനത്തേക്ക് അവൻ മടങ്ങി. (യോഹന്നാൻ 1:1, NW; ഫിലിപ്പിയർ 2:6-11) മാത്രമല്ല, “ദൈവം” എന്ന പേരിനു കൂടുതലായ ഒരു പ്രാധാന്യവും ഉണ്ട്. ഇസ്രായേലിലെ ന്യായാധിപന്മാർ “ദൈവങ്ങൾ” എന്നു വിളിക്കപ്പെട്ടിരുന്നു, ഒരിക്കൽ യേശു പോലും അവരെ അങ്ങനെ വിളിച്ചു. (സങ്കീർത്തനം 82:6; യോഹന്നാൻ 10:35; പി.ഒ.സി. ബൈ.) ‘ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ’ യഹോവ നിയമിച്ചിരിക്കുന്ന ന്യായാധിപനാണ് യേശു. (2 തിമൊഥെയൊസ് 4:1, പി.ഒ.സി. ബൈ.; യോഹന്നാൻ 5:30) അതുകൊണ്ട്, ‘ശക്തനായ ദൈവം’ എന്ന പേര് അവനു തികച്ചും അനുയോജ്യമാണ്.
26. യേശുവിനെ ‘നിത്യപിതാവ്’ എന്നു വിളിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
26 മനുഷ്യർക്കു ഭൂമിയിൽ നിത്യജീവൻ നൽകുന്നതിന് മിശിഹൈക രാജാവ് എന്ന നിലയിൽ അവനുള്ള ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നതാണ് ‘നിത്യപിതാവ്’ എന്ന സ്ഥാനപ്പേര്. (യോഹന്നാൻ 11:25, 26) ആദ്യ പിതാവായ ആദാം നമുക്കു പൈതൃകമായി തന്നതു മരണമാണ്. എന്നാൽ, ഒടുക്കത്തെ ആദാമായ യേശു “ജീവിപ്പിക്കുന്ന ആത്മാവായി.” (1 കൊരിന്ത്യർ 15:22, 45; റോമർ 5:12, 18) നിത്യപിതാവായ യേശു എന്നേക്കും ജീവിക്കുന്നതുപോലെതന്നെ അനുസരണമുള്ള മനുഷ്യവർഗം അവന്റെ പിതൃത്വത്തിന്റെ പ്രയോജനങ്ങൾ നിത്യമായി അനുഭവിക്കും.—റോമർ 6:9.
“സമാധാനപ്രഭു”
27, 28. “സമാധാനപ്രഭു”വിന്റെ പ്രജകൾക്ക് ഇപ്പോഴും ഭാവിയിലും എന്തെല്ലാം അത്ഭുതകരമായ പ്രയോജനങ്ങളാണു ലഭിക്കുക?
27 നിത്യജീവനു പുറമേ, മനുഷ്യന് സമാധാനവും ആവശ്യമാണ്, ദൈവവുമായും സഹമനുഷ്യരുമായും ഉള്ള സമാധാനം. ഇന്നു പോലും, “സമാധാനപ്രഭു”വിന്റെ ഭരണത്തിനു കീഴ്പെടുന്നവർ ‘വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തിരിക്കുന്നു.’ (യെശയ്യാവു 2:2-4) രാഷ്ട്രീയമോ ദേശീയമോ വംശീയമോ സാമ്പത്തികമോ ആയ വ്യത്യാസങ്ങളെ പ്രതി അവർ വിദ്വേഷം വെച്ചുപുലർത്തുന്നില്ല. ഏകസത്യ ദൈവമായ യഹോവയെ ആരാധിക്കുന്നതിൽ അവർ ഏകീകൃതരാണ്. ക്രിസ്തീയ സഭയ്ക്ക് ഉള്ളിലും പുറത്തും ഉള്ളവരുമായി സമാധാനപൂർണമായ ബന്ധം നിലനിറുത്താൻ അവർ ശ്രമിക്കുന്നു.—ഗലാത്യർ 6:10; എഫെസ്യർ 4:2, 3; 2 തിമൊഥെയൊസ് 2:24.
28 ദൈവത്തിന്റെ തക്കസമയത്ത്, ക്രിസ്തു സുസ്ഥിരവും ശാശ്വതവുമായ സമാധാനം ഭൂമിയിലെങ്ങും കൈവരുത്തും. (പ്രവൃത്തികൾ 1:7) “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും.” (യെശയ്യാവു 9:7എ) സമാധാനപ്രഭു എന്ന നിലയിൽ തന്റെ അധികാരം പ്രയോഗിക്കുമ്പോൾ, ഒരു സ്വേച്ഛാധിപതിയെ പോലെ യേശു പ്രവർത്തിക്കുകയില്ല എന്നാണ് അതിന്റെ അർഥം. തന്റെ പ്രജകളിൽനിന്ന് അവൻ സ്വതന്ത്ര ഇച്ഛാശക്തി നീക്കം ചെയ്യുകയോ ബലം പ്രയോഗിച്ച് അവരെ തന്റെ അധീനതയിൽ നിറുത്തുകയോ ഇല്ല. മറിച്ച്, “ന്യായത്തോടും നീതിയോടും കൂടെ” ആയിരിക്കും അവൻ സകല കാര്യങ്ങളും ചെയ്യുക. എത്ര അഭിലഷണീയമായ പരിവർത്തനം!
29. നിത്യസമാധാനം ആസ്വദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യണം?
29 യേശുവിന്റെ പ്രാവചനിക നാമങ്ങളുടെ അത്ഭുതകരമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, തന്റെ ഈ പ്രവചന ഭാഗം യെശയ്യാവ് ഉപസംഹരിക്കുന്നത് തികച്ചും പുളകപ്രദമായ വിധത്തിലാണ്. അവൻ എഴുതുന്നു: “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.” (യെശയ്യാവു 9:7ബി) അതേ, യഹോവ തീക്ഷ്ണതയോടെയാണു പ്രവർത്തിക്കുന്നത്. അർധഹൃദയത്തോടെ അവൻ യാതൊന്നും ചെയ്യുന്നില്ല. തന്റെ വാഗ്ദാനങ്ങളെല്ലാം അവൻ പൂർണമായി നിവർത്തിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതുകൊണ്ട്, നാം നിത്യസമാധാനം ആസ്വദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക. യഹോവയാം ദൈവത്തെയും സമാധാനപ്രഭുവായ യേശുവിനെയും പോലെ, ദൈവദാസർ എല്ലാവരും ‘സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ളവർ’ ആയിരിക്കട്ടെ.—തീത്തൊസ് 2:14.
[അടിക്കുറിപ്പുകൾ]
a രാജാവാകുന്നതിനു മുമ്പ് ഹിസ്കീയാവാണ് സങ്കീർത്തനം 119 എഴുതിയതെന്ന് പലരും കരുതുന്നു. അതു ശരിയാണെങ്കിൽ, യെശയ്യാവിന്റെ പ്രവാചക ശുശ്രൂഷയുടെ കാലഘട്ടത്തിൽ അത് എഴുതപ്പെട്ടിരിക്കാനാണു സാധ്യത.
b യെശയ്യാവു 8:20-ലെ “ഈ പ്രസ്താവന” യെശയ്യാവു 8:19-ൽ ഉദ്ധരിച്ചിരിക്കുന്ന, ആത്മവിദ്യയെ കുറിച്ചുള്ള പ്രസ്താവനയെ ആയിരിക്കാം പരാമർശിക്കുന്നത്. സംഗതി അതാണെങ്കിൽ, യഹൂദയിൽ ആത്മവിദ്യ പ്രോത്സാഹിപ്പിക്കുന്നവർ ആത്മമധ്യവർത്തികളുടെ അടുക്കൽ പോകാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ തുടരുമെന്നും തന്മൂലം അവർക്ക് യഹോവയിൽനിന്നു യാതൊരു പ്രബുദ്ധതയും ലഭിക്കുകയില്ലെന്നുമാണ് യെശയ്യാവ് ഈ വാക്യത്തിൽ പറയുന്നത്.
c സോർരാജാവായ ഹീരാമിന് ശലോമോൻ നൽകിയ 20 ഗലീലാ നഗരങ്ങളിൽ ഇസ്രായേല്യരല്ലാത്ത ആളുകൾ വസിച്ചിരിക്കാനാണു സാധ്യത എന്നു ചിലർ അഭിപ്രായപ്പെടുന്നു.—1 രാജാക്കന്മാർ 9:10-13.
[അധ്യയന ചോദ്യങ്ങൾ]
[122-ാം പേജിലെ മാപ്പ്/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കോരസീൻ
കഫർന്നഹൂം
ബേത്ത്സയിദ
ഗന്നേസരെത്ത് താഴ്വര
ഗലീലാക്കടൽ
മഗദാദേശം
തിബെര്യാസ്
യോർദാൻ നദി
ഗദര
ഗദര
[119-ാം പേജിലെ ചിത്രങ്ങൾ]
കയീന്റെയും യേശുവിന്റെയും ജനനം വളരെ സവിശേഷതയുള്ളത് ആയിരുന്നു. എന്നാൽ യേശുവിന്റെ ജനനത്തിനേ സന്തോഷകരമായ ഒരു പരിണതി ഉണ്ടായുള്ളൂ
[121-ാം പേജിലെ ചിത്രങ്ങൾ]
അപ്പത്തിനായുള്ള വിശപ്പിനെക്കാളും വെള്ളത്തിനായുള്ള ദാഹത്തെക്കാളും വലിയൊരു ക്ഷാമം ഉണ്ടാകും
[127-ാം പേജിലെ ചിത്രങ്ങൾ]
യേശു ദേശത്ത് ഒരു വെളിച്ചമായിരുന്നു