ജനതകളെ സംബന്ധിച്ച യഹോവയുടെ നിർണയം
അധ്യായം പതിനഞ്ച്
ജനതകളെ സംബന്ധിച്ച യഹോവയുടെ നിർണയം
1. അസീറിയയ്ക്ക് എതിരെയുള്ള ഏതു ന്യായവിധിയാണ് യെശയ്യാവ് രേഖപ്പെടുത്തുന്നത്?
തന്റെ ജനത്തിന്റെ ദുഷ്ടതയെപ്രതി അവരെ ശിക്ഷിക്കാൻ യഹോവയ്ക്കു രാഷ്ട്രങ്ങളെ ഉപയോഗിക്കാനാകും. എന്നുവരികിലും, ആ രാഷ്ട്രങ്ങളുടെ കൊടിയ ക്രൂരതയ്ക്കും അഹങ്കാരത്തിനും സത്യാരാധനയോടുള്ള വിദ്വേഷത്തിനും അവൻ അവയോടു കണക്കു ചോദിക്കാതിരിക്കുന്നില്ല. അതിനാൽ, ദീർഘകാലത്തിനു ശേഷം നിവൃത്തിയേറാനുള്ളതാണെങ്കിൽ പോലും “ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം” രേഖപ്പെടുത്താനായി യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കുന്നു. (യെശയ്യാവു 13:1) യെശയ്യാവിന്റെ നാളിൽ ബാബിലോൺ ദൈവജനത്തിന് ഒരു ഭീഷണിയല്ല. ഇപ്പോൾ ദൈവത്തിന്റെ ഉടമ്പടിജനത്തെ ദ്രോഹിക്കുന്നത് അസീറിയ ആണ്. അസീറിയ വടക്കേ രാജ്യമായ ഇസ്രായേലിനെയും യഹൂദയുടെ മിക്ക പ്രദേശങ്ങളെയും നശിപ്പിക്കുന്നു. എന്നാൽ അസീറിയയുടെ ജയത്തിനു ദീർഘായുസ്സില്ല. യെശയ്യാവ് ഇങ്ങനെ എഴുതുന്നു: “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; . . . എന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും.” (യെശയ്യാവു 14:24, 25) യെശയ്യാവ് ആ പ്രവചനം ഉച്ചരിച്ച് അധികനാൾ കഴിയുന്നതിനു മുമ്പ്, യഹൂദയുടെ മേലുള്ള അസീറിയൻ ഭീഷണി നീങ്ങിക്കിട്ടുന്നു.
2, 3. (എ) പുരാതന നാളുകളിൽ ആർക്കെതിരെയാണ് യഹോവ തന്റെ കൈ നീട്ടുന്നത്? (ബി) ‘സകലജാതികൾ’ക്കും എതിരെ യഹോവ കൈ നീട്ടുന്നു എന്നതിന്റെ അർഥമെന്ത്?
2 ദൈവത്തിന്റെ ഉടമ്പടിജനത്തിന്റെ ശത്രുക്കളായ മറ്റു രാഷ്ട്രങ്ങളുടെ കാര്യമോ? അവയും ന്യായം വിധിക്കപ്പെടണം. യെശയ്യാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സർവ്വഭൂമിയെയും കുറിച്ചു നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ. സൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?” (യെശയ്യാവു 14:26, 27) ഇവിടെ പറഞ്ഞിരിക്കുന്ന യഹോവയുടെ ‘നിർണയം’ അവന്റെ ദൃഢനിശ്ചയത്തെ, അവന്റെ ആജ്ഞയെ സൂചിപ്പിക്കുന്നു. (യിരെമ്യാവു 49:20, 30) ഈ വാക്യത്തിലെ ദൈവത്തിന്റെ “കൈ” അവൻ പ്രയോഗിക്കുന്ന ശക്തിയെ അർഥമാക്കുന്നു. യെശയ്യാവു 14-ാം അധ്യായത്തിന്റെ അവസാന വാക്യങ്ങളിലും 15 മുതൽ 19 വരെയുള്ള അധ്യായങ്ങളിലും ഫെലിസ്ത്യ, മോവാബ്, ദമ്മേശെക്ക് (ദമസ്കൊസ്), കൂശ് (എത്യോപ്യ), മിസ്രയീം (ഈജിപ്ത്) എന്നീ രാഷ്ട്രങ്ങൾക്ക് എതിരെയാണ് യഹോവ തന്റെ നിർണയം അറിയിക്കുന്നത്.
3 എങ്കിലും, യഹോവ തന്റെ കൈ “സകലജാതിക”ൾക്കും എതിരെ നീട്ടിയിരിക്കുന്നതായി യെശയ്യാവ് പറയുന്നു. അക്കാരണത്താൽ, യെശയ്യാവിലെ ഈ പ്രവചനങ്ങൾക്കു പുരാതന കാലത്ത് പ്രാഥമിക നിവൃത്തി ഉണ്ടായെങ്കിലും തത്ത്വത്തിൽ അവ, ഭൂമിയിലെ സകല രാഷ്ട്രങ്ങൾക്കുമെതിരെ യഹോവ തന്റെ കൈ നീട്ടുന്ന ‘അന്ത്യകാലത്തും’ ബാധകമാണ്. (ദാനീയേൽ 2:44; 12:9; റോമർ 15:4; വെളിപ്പാടു 19:11, 19-21) സർവശക്തനായ യഹോവയാം ദൈവം ദീർഘകാലം മുമ്പുതന്നെ തന്റെ നിർണയം വ്യക്തമായും വെളിപ്പെടുത്തുന്നു. അവന്റെ നീട്ടിയ കൈ മടക്കാൻ ആർക്കും സാധ്യമല്ല.—സങ്കീർത്തനം 33:11; യെശയ്യാവു 46:10.
ഫെലിസ്ത്യർക്കു നേരെ ‘പറക്കുന്ന അഗ്നിസർപ്പം’
4. ഫെലിസ്ത്യക്ക് എതിരെയുള്ള യഹോവയുടെ പ്രഖ്യാപനത്തിന്റെ ചില വിശദാംശങ്ങൾ ഏവ?
4 ഫെലിസ്ത്യരെ കുറിച്ചാണു പ്രവാചകൻ ആദ്യം പറയുന്നത്. “ആഹാസ്രാജാവു മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി: സകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ വേരിൽനിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും.”—യെശയ്യാവു 14:28, 29.
5, 6. (എ) ഉസ്സീയാവ് ഫെലിസ്ത്യർക്ക് ഒരു സർപ്പത്തെ പോലെ ആയിരിക്കുന്നത് ഏതു വിധത്തിൽ? (ബി) ഫെലിസ്ത്യക്ക് എതിരെ ഹിസ്കീയാവ് എങ്ങനെയുള്ളവൻ എന്നു തെളിയുന്നു?
5 ഫെലിസ്ത്യരുടെ ഭീഷണിയെ ചെറുത്തുനിൽക്കാൻ പോന്നത്ര കരുത്തനായിരുന്ന ഉസ്സീയാ രാജാവ് അവരെ സംബന്ധിച്ചിടത്തോളം ഒരു സർപ്പത്തെ പോലെ ആയിരുന്നു. (2 ദിനവൃത്താന്തം 26:6-8) വാക്യത്തിൽ പറയുന്ന ഉസ്സീയാവിന്റെ വടി ആ അയൽശത്രുവിനെ പ്രഹരിച്ചുകൊണ്ടിരുന്നു. ഉസ്സീയാവ് മരിച്ചപ്പോൾ—‘അവന്റെ വടി ഒടിഞ്ഞപ്പോൾ’—വിശ്വസ്തനായ യോഥാം ഭരണച്ചുമതല ഏറ്റു. എങ്കിലും, ‘ജനം വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു.’ പിന്നീട്, ആഹാസ് രാജാവായപ്പോൾ സ്ഥിതിവിശേഷത്തിനു മാറ്റം വന്നു. യഹൂദയ്ക്കെതിരെ സൈനിക ആക്രമണം നടത്തുന്നതിൽ ഫെലിസ്ത്യർ വിജയിച്ചു. (2 ദിനവൃത്താന്തം 27:2; 28:17, 18) എന്നാൽ ഇപ്പോൾ കാര്യങ്ങൾക്കു വീണ്ടും മാറ്റം വരുകയാണ്. പൊ.യു.മു. 746-ലെ ആഹാസിന്റെ മരണത്തെ തുടർന്ന് യുവാവായ ഹിസ്കീയാവ് അധികാരമേൽക്കുന്നു. യഹൂദയുടെമേൽ തുടർന്നും ജയം നേടാമെന്ന ഫെലിസ്ത്യരുടെ കണക്കുകൂട്ടൽ തീർത്തും അസ്ഥാനത്തായിരിക്കും. ഹിസ്കീയാവ് ഉഗ്രനായ ഒരു ശത്രുവെന്നു തെളിയുന്നു. ഉസ്സീയാവിന്റെ പിൻതലമുറക്കാരനായ (അവന്റെ ‘വേരിൽ’നിന്നുള്ള “ഫലം”) ഹിസ്കീയാവ് ഒരു ‘അഗ്നിസർപ്പം’ പോലെയാണ്. ഒരു സർപ്പം മിന്നൽ വേഗത്തിൽ ശക്തിയായി ആഞ്ഞുകൊത്തി ഉഗ്രവിഷം കുത്തിവെക്കുന്നതു പോലെയാണ് അവൻ പ്രവർത്തിക്കുന്നത്.
6 പുതിയ രാജാവിനു ശരിക്കും ചേരുന്ന ഒരു വിവരണമാണിത്. “[ഹിസ്കീയാവ്] ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; . . . അതിന്റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.” (2 രാജാക്കന്മാർ 18:8) അസീറിയൻ രാജാവായ സൻഹേരീബിന്റെ വൃത്താന്തങ്ങളനുസരിച്ച്, ഫെലിസ്ത്യർ ഹിസ്കീയാവിന്റെ ഭരണത്തിൻ കീഴിലാകുന്നു. ഫെലിസ്ത്യ ദേശം ക്ഷാമത്തിന്റെ പിടിയിൽ അമരുമ്പോൾ ‘എളിയവർ’—ദുർബലമായ യഹൂദാ രാജ്യം—സുരക്ഷിതത്വവും ഭൗതിക സമൃദ്ധിയും ആസ്വദിക്കുന്നു.—യെശയ്യാവു 14:30, 31 വായിക്കുക.
7. യെരൂശലേമിൽ വന്നിരിക്കുന്ന രാജപ്രതിനിധികളോടു ഹിസ്കീയാവ് വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന എന്തു വസ്തുത പറയേണ്ടതുണ്ട്?
7 ഇപ്പോൾ ബാബിലോണിൽനിന്നു രാജപ്രതിനിധികൾ യഹൂദയിൽ എത്തിയിരിക്കുകയാണ്—അസീറിയയ്ക്ക് എതിരെ ഒരു കൂട്ടുകെട്ട് ഉണ്ടാക്കുക എന്നതായിരിക്കാം അവരുടെ ഉദ്ദേശ്യം. അവർക്ക് എന്തു മറുപടി നൽകണം? “ജാതികളുടെ ദൂതന്മാർക്കു കിട്ടുന്ന മറുപടി” എന്തായിരിക്കും? വിദേശ രാജ്യങ്ങളുമായി സഖ്യം ചേർന്നുകൊണ്ട് ഹിസ്കീയാവ് സുരക്ഷിതത്വം തേടണമോ? വേണ്ട! പകരം അവൻ സന്ദേശവാഹകരോട് ഇങ്ങനെ പറയണം: “യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും.” (യെശയ്യാവു 14:32) രാജാവ് യഹോവയിൽ പൂർണമായി ആശ്രയിക്കണം. സീയോൻ നഗരത്തിന്റെ അടിസ്ഥാനം കെട്ടുറപ്പുള്ളതാണ്. ഒരു പോറൽപോലും ഏൽക്കാതെ ആ നഗരം അസീറിയൻ ആക്രമണത്തെ അതിജീവിക്കും.—സങ്കീർത്തനം 46:1-7.
8. (എ) ഇക്കാലത്ത് ചില രാഷ്ട്രങ്ങൾ ഫെലിസ്ത്യയെ പോലെ ആയിരുന്നിട്ടുള്ളത് എങ്ങനെ? (ബി) പുരാതന കാലങ്ങളിലെ പോലെ, തന്റെ ആധുനികകാല ജനത്തെ സംരക്ഷിക്കാൻ യഹോവ എന്തു ചെയ്തിരിക്കുന്നു?
8 ഫെലിസ്ത്യയെ പോലെ ചില രാഷ്ട്രങ്ങൾ ഇന്ന് ദൈവത്തിന്റെ ആരാധകരെ ശക്തമായി എതിർക്കുന്നു. യഹോവയുടെ ക്രിസ്തീയ സാക്ഷികൾക്ക് ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും കഴിയേണ്ടിവന്നിട്ടുണ്ട്. അവരുടെ പ്രവർത്തനം നിരോധിക്കപ്പെട്ടിട്ടുണ്ട്, അവരിൽ പലരും വധിക്കപ്പെട്ടിട്ടുണ്ട്. ശത്രുക്കൾ ഇപ്പോഴും ‘നീതിമാന്റെ പ്രാണന്നു വിരോധമായി കൂട്ടംകൂടുന്നു.’ (സങ്കീർത്തനം 94:21) ശത്രുക്കൾക്ക് ഈ ക്രിസ്തീയ കൂട്ടം ‘എളിയവരും’ ‘ദരിദ്ര’രുമായി കാണപ്പെട്ടേക്കാം. എന്നിരുന്നാലും, യഹോവയുടെ പിന്തുണയുള്ള അവർ ആത്മീയ സമൃദ്ധി അനുഭവിക്കുമ്പോൾ അവരുടെ ശത്രുക്കൾ ക്ഷാമം അനുഭവിക്കുന്നു. (യെശയ്യാവു 65:13, 14; ആമോസ് 8:11) ആധുനികകാല ഫെലിസ്ത്യർക്കെതിരെ യഹോവ തന്റെ കൈ നീട്ടുമ്പോൾ ഈ ‘എളിയവർ’ സുരക്ഷിതരായിരിക്കും. എവിടെ? യേശു മൂലക്കല്ല് ആയിരിക്കുന്ന അടിസ്ഥാനത്തിൽ പണിയപ്പെട്ട ‘ദൈവത്തിന്റെ ഭവന’ത്തിൽ. (എഫെസ്യർ 2:19, 20) അവർ ‘സ്വർഗ്ഗീയ യെരൂശലേമിന്റെ,’ യേശുക്രിസ്തു രാജാവായുള്ള യഹോവയുടെ സ്വർഗീയ രാജ്യത്തിന്റെ, സംരക്ഷണത്തിൻ കീഴിൽ ആയിരിക്കും.—എബ്രായർ 12:22; വെളിപ്പാടു 14:1.
മോവാബ് നശിപ്പിക്കപ്പെടുന്നു
9. അടുത്ത പ്രഖ്യാപനം ആർക്ക് എതിരെയാണ്, അവർ ദൈവജനത്തിന്റെ ശത്രുക്കളെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
9 ഇസ്രായേലിന്റെ മറ്റൊരു അയൽരാജ്യമാണ് ചാവുകടലിനു കിഴക്കായി സ്ഥിതി ചെയ്യുന്ന മോവാബ്. ഫെലിസ്ത്യരിൽനിന്നു വ്യത്യസ്തരായി, മോവാബ്യർ ഇസ്രായേല്യരുമായി ബന്ധമുള്ളവരാണ്. കാരണം, അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ പിൻതലമുറക്കാരാണ് അവർ. (ഉല്പത്തി 19:37) എന്നിട്ടും, മോവാബ്യർ ഇസ്രായേല്യരോടു ദീർഘകാലമായി ശത്രുതയിലാണ്. ഉദാഹരണത്തിന്, മോശെയുടെ നാളുകളിൽ, ബിലെയാം എന്ന പ്രവാചകൻ ഇസ്രായേല്യരെ ശപിക്കും എന്ന ധാരണയിൽ മോവാബ്യ രാജാവ് അവനെ കൂലിക്കെടുത്തു. ആ ദൗത്യം പരാജയപ്പെട്ടപ്പോൾ, ഇസ്രായേല്യരെ കെണിയിൽ പെടുത്താൻ മോവാബ് അധാർമികതയും ബാൽ ആരാധനയും ആയുധമാക്കി. (സംഖ്യാപുസ്തകം 22:4-6; 25:1-5) അതുകൊണ്ടുതന്നെ അടുത്തതായി, “മോവാബിനെക്കുറിച്ചുള്ള പ്രവാചകം” രേഖപ്പെടുത്താൻ യഹോവ യെശയ്യാവിനെ നിശ്വസ്തനാക്കുന്നു!—യെശയ്യാവു 15:1എ.
10, 11. മോവാബിന് എന്തു സംഭവിക്കും?
10 മോവാബിലെ ആർ, കീർ (കീർ-ഹരേശെത്ത്), ദീബോൻ എന്നിങ്ങനെയുള്ള നിരവധി നഗരങ്ങൾക്കും സ്ഥലങ്ങൾക്കും എതിരെയാണ് യെശയ്യാവിന്റെ പ്രവചനം. (യെശയ്യാവു 15:1ബി, 2എ) മോവാബ്യർ കീർ-ഹരേശെത്തിലെ മുന്തിരിയടകളെക്കുറിച്ചു ദുഃഖിക്കും—ആ നഗരത്തിലെ പ്രധാന ഭക്ഷണം അതായിരുന്നിരിക്കാം. (യെശയ്യാവു 16:6, 7) മുന്തിരികൃഷിക്കു പേരുകേട്ട സ്ഥലങ്ങളായ ശിബ്മയും യസേരും നശിച്ചുപോകും. (യെശയ്യാവു 16:8-10) എഗ്ലത്ത്ശെളീശീയ—സാധ്യതയനുസരിച്ച് “മൂന്നു വയസ്സുള്ള പശുക്കിടാവ്” എന്ന് അർഥം—വേദനയോടെ നിലവിളിക്കുന്ന കരുത്തുറ്റ ഒരു പശുക്കിടാവിനെ പോലെ ആയിരിക്കും. (യെശയ്യാവു 15:5) വധിക്കപ്പെടുന്ന മോവാബ്യരുടെ രക്തത്താൽ “ദീമോനിലെ ജലാശയങ്ങൾ” നിറയവെ ദേശത്തിലെ പുല്ല് ഉണങ്ങിപ്പോകും. ‘നിമ്രീമിലെ ജലാശയങ്ങൾ വരണ്ടുപോകും.’ ഇത് ആലങ്കാരിക അർഥത്തിൽ ആയിരിക്കാം, അല്ലെങ്കിൽ സാധ്യതയനുസരിച്ച് ശത്രുക്കൾ തോടുകളിൽ ചിറ കെട്ടി വെള്ളം തടഞ്ഞു നിറുത്തുന്നതുകൊണ്ട് അക്ഷരീയ അർഥത്തിലുമാകാം.—യെശയ്യാവു 15:6-9.
11 മോവാബ്യർ വിലാപ വസ്ത്രമായ രട്ടുടുക്കും. അപമാനത്തെയും വിലാപത്തെയും സൂചിപ്പിക്കാൻ അവർ തല മുണ്ഡനം ചെയ്യും. തീവ്ര ദുഃഖത്തിന്റെയും നാണക്കേടിന്റെയും പ്രതീകമായി അവർ താടി ‘കത്രിക്കും.’ (യെശയ്യാവു 15:2ബി-4) ഈ ന്യായവിധികളുടെ നിവൃത്തി സംബന്ധിച്ച് ഉറപ്പുള്ള യെശയ്യാവിനുതന്നെ ദുഃഖം തോന്നുന്നു. ഒരു കിന്നരത്തിന്റെ പ്രകമ്പിത തന്ത്രികൾ പോലെ, മോവാബിന് എതിരെയുള്ള സന്ദേശം നിമിത്തം അവന്റെ ഹൃദയം അസ്വസ്ഥമാണ്.—യെശയ്യാവു 16:11, 12.
12. മോവാബിനെതിരെയുള്ള യെശയ്യാവിന്റെ വാക്കുകൾ നിവൃത്തിയേറിയത് എങ്ങനെ?
12 ഈ പ്രവചനം എപ്പോഴാണു നിവൃത്തിയേറുക? വളരെ പെട്ടെന്നുതന്നെ. “ഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം. ഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.” (യെശയ്യാവു 16:13, 14) ഇതിനു ചേർച്ചയിൽ പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ മോവാബിനു കനത്ത നാശം നേരിടുകയും അതിലെ പല സ്ഥലങ്ങളും ആൾപ്പാർപ്പില്ലാത്തത് ആയിത്തീരുകയും ചെയ്തു എന്നതിനു പുരാവസ്തുശാസ്ത്രപരമായ തെളിവുണ്ട്. തനിക്കു കപ്പം നൽകിയ ഭരണാധികാരികളിൽ മോവാബിലെ സാലമാനുവും ഉൾപ്പെടുന്നുവെന്ന് തിഗ്ലത്ത്-പിലേസർ മൂന്നാമൻ പറയുകയുണ്ടായി. മോവാബിലെ രാജാവായ കാമ്മുസുനാദ്ബി സൻഹേരീബിനു കപ്പം കൊടുത്തിരുന്നു. മോവാബ്യ രാജാക്കന്മാരായ മുസൂരിയും കാമാഷാൽതുവും തങ്ങളുടെ പ്രജകൾ ആയിരുന്നതായി അസീറിയൻ സാമ്രാട്ടുകളായ ഏസെർ-ഹദ്ദോനും അസ്നപ്പാരും (അശൂർബാനിപ്പാൽ) പറഞ്ഞിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ മോവാബ്യ ജനത നാമാവശേഷമായി. മോവാബ്യരുടേതെന്നു കരുതപ്പെടുന്ന നഗരങ്ങളുടെ ശൂന്യശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഒരിക്കൽ ഇസ്രായേലിന്റെ ശത്രുവായിരുന്ന ഈ പ്രബല ജനതയെ സംബന്ധിച്ച കാര്യമായ തെളിവുകളൊന്നും ഇതുവരെ കുഴിച്ചെടുത്തിട്ടില്ല.
ആധുനികകാല ‘മോവാബ്’ നശിക്കുന്നു
13. ഇന്നത്തെ ഏതു സംഘടനയെ മോവാബിനോട് താരതമ്യം ചെയ്യാൻ കഴിയും?
13 പുരാതന മോവാബിനു സമാനമായ ഒരു ലോകവ്യാപക സംഘടന ഇന്നുണ്ട്. ‘മഹാബാബിലോണി’ന്റെ പ്രമുഖ ഭാഗമായ ക്രൈസ്തവലോകമാണ് അത്. (വെളിപ്പാടു 17:5, NW) അബ്രാഹാമിന്റെ പിതാവായ തേരഹിന്റെ പിൻതലമുറക്കാരായിരുന്നു മോവാബ്യരും ഇസ്രായേല്യരും. സമാനമായി ക്രൈസ്തവലോകം, ഇന്നത്തെ അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെപ്പോലെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽനിന്നു വന്നതാണെന്ന് അവകാശപ്പെടുന്നു. (ഗലാത്യർ 6:16) എന്നിരുന്നാലും, ക്രൈസ്തവലോകം മോവാബിനെ പോലെ ദുഷിച്ചതാണ്. അത് ആത്മീയ അധാർമികത പ്രോത്സാഹിപ്പിക്കുകയും സത്യദൈവമായ യഹോവയ്ക്കു പകരം മറ്റു ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നു. (യാക്കോബ് 4:4; 1 യോഹന്നാൻ 5:21) ഒരു കൂട്ടമെന്ന നിലയിൽ, ക്രൈസ്തവലോകത്തിലെ നേതാക്കന്മാർ രാജ്യ സുവാർത്ത പ്രസംഗിക്കുന്നവരെ എതിർക്കുന്നു.—മത്തായി 24:9, 14.
14. ആധുനികകാല ‘മോവാബി’നെതിരെ യഹോവ നിർണയം നടത്തിയിരിക്കുന്നെങ്കിലും, വ്യക്തികൾ എന്ന നിലയിൽ ആ സംഘടനയിലെ അംഗങ്ങൾക്ക് എന്തു പ്രത്യാശയുണ്ട്?
14 ഒടുവിൽ മോവാബ് സമ്പൂർണമായി നശിപ്പിക്കപ്പെട്ടു. അതുതന്നെ ക്രൈസ്തവലോകത്തിനും സംഭവിക്കും. അസീറിയയ്ക്കു തുല്യമായ ഒരു ആധുനികകാല ഘടകത്തെ ഉപയോഗിച്ചുകൊണ്ട് യഹോവ അവളെ ശൂന്യമാക്കും. (വെളിപ്പാടു 17:16, 17) എങ്കിലും, ഈ ആധുനികകാല ‘മോവാബി’ലെ ആളുകൾക്കു പ്രത്യാശയുണ്ട്. മോവാബിനെതിരെ പ്രവചനം നടത്തുമ്പോൾത്തന്നെ, യെശയ്യാവ് ഇങ്ങനെ പറയുന്നു: “അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതി നടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.” (യെശയ്യാവു 16:5) 1914-ൽ, ദാവീദ് രാജാവിന്റെ വംശത്തിലുള്ള ഭരണാധികാരിയായ യേശുവിന്റെ സിംഹാസനം യഹോവ സുസ്ഥിരമാക്കി. യേശുവിന്റെ രാജത്വം യഹോവയുടെ സ്നേഹദയയുടെ ഒരു പ്രകടനമാണ്. ദാവീദ് രാജാവുമായുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ നിവൃത്തി എന്ന നിലയിൽ അത് എന്നേക്കും നിലനിൽക്കുകയും ചെയ്യും. (സങ്കീർത്തനം 72:2; 85:10, 11; 89:3, 4; ലൂക്കൊസ് 1:32) സൗമ്യരായ പലരും ആധുനികകാല ‘മോവാബി’നെ ഉപേക്ഷിച്ചുപോരുകയും ജീവൻ പ്രാപിക്കുന്നതിനായി തങ്ങളെത്തന്നെ യേശുവിനു കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. (വെളിപ്പാടു 18:4) യേശു “ജാതികൾക്കു ന്യായവിധി അറിയിക്കും” എന്നത് അവർക്ക് എത്രമാത്രം ആശ്വാസപ്രദമാണ്!—മത്തായി 12:17; യിരെമ്യാവു 33:15.
ദമ്മേശെക്ക് ഒരു ശൂന്യശിഷ്ടം ആയിത്തീരുന്നു
15, 16. (എ) ദമ്മേശെക്കും ഇസ്രായേലും യഹൂദയ്ക്കെതിരെ ഏതു ശത്രുതാ നിലപാടു സ്വീകരിക്കുന്നു, അതിന്റെ ഫലമായി ദമ്മേശെക്കിന് എന്തു സംഭവിക്കുന്നു? (ബി) ദമ്മേശെക്കിന് എതിരെയുള്ള പ്രഖ്യാപനത്തിൽ ആരെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നു? (സി) ഇസ്രായേലിന്റെ മാതൃകയിൽനിന്ന് ഇന്നു ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാൻ കഴിയും?
15 അടുത്തതായി യെശയ്യാവ് “ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം” രേഖപ്പെടുത്തുന്നു. (യെശയ്യാവു 17:1-6 വായിക്കുക.) ഇസ്രായേലിനു വടക്കുള്ള ദമ്മേശെക്ക് “അരാമിന്നു തല” ആണ്. (യെശയ്യാവു 7:8) യഹൂദയിലെ ആഹാസ് രാജാവിന്റെ വാഴ്ചക്കാലത്ത് ദമ്മേശെക്കിലെ രെസീൻ ഇസ്രായേലിലെ പേക്കഹുമായി കൂട്ടുചേർന്ന് യഹൂദയെ ആക്രമിക്കുന്നു. എന്നിരുന്നാലും, ആഹാസിന്റെ അഭ്യർഥനപ്രകാരം തിഗ്ലത്ത്-പിലേസർ മൂന്നാമൻ ദമ്മേശെക്കിനോട് യുദ്ധം ചെയ്ത് അതിനെ കീഴടക്കുകയും അതിലെ നിവാസികളിൽ പലരെയും പ്രവാസികളായി കൊണ്ടുപോകുകയും ചെയ്യുന്നു. അതിനുശേഷം, ദമ്മേശെക്ക് യഹൂദയ്ക്ക് ഭീഷണിയേ അല്ലാതാകുന്നു.—2 രാജാക്കന്മാർ 16:5-9; 2 ദിനവൃത്താന്തം 28:5, 16.
16 ദമ്മേശെക്കിന് എതിരെയുള്ള യഹോവയുടെ പ്രഖ്യാപനത്തിൽ അവിശ്വസ്ത വടക്കേ രാജ്യത്തിന് എതിരെയുള്ള ന്യായവിധിയും ഉൾപ്പെടുന്നു. അതിനു കാരണം ഇസ്രായേൽ ദമ്മേശെക്കുമായി സഖ്യം ചേർന്നതാകാം. (യെശയ്യാവു 17:3-6) അത് കൊയ്ത്തുകാലത്ത് കതിരുകളിൽ ധാന്യം വളരെ കുറവുള്ള ഒരു വയൽ പോലെയോ ഒലിവുപഴങ്ങൾ മിക്കവയും കുലുക്കിപ്പറിച്ച ശേഷമുള്ള ഒരു ഒലിവുവൃക്ഷം പോലെയോ ആയിത്തീരും. (യെശയ്യാവു 17:4-6) യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം എത്ര ഗൗരവമായ ഒരു മുന്നറിയിപ്പ്! അനന്യഭക്തി നിഷ്കർഷിക്കുന്ന യഹോവ ആളുകളുടെ ഹൃദയംഗമമായ വിശുദ്ധ സേവനം മാത്രമേ സ്വീകരിക്കുന്നുള്ളൂ. ഇസ്രായേല്യരെപ്പോലെ തങ്ങളുടെ സഹോദരങ്ങൾക്ക് എതിരെ തിരിയുന്നവരെ അവൻ വെറുക്കുന്നു.—പുറപ്പാടു 20:5; യെശയ്യാവു 17:10, 11; മത്തായി 24:48-50.
യഹോവയിലുള്ള സമ്പൂർണ വിശ്വാസം
17, 18. (എ) ഇസ്രായേലിലെ ചിലർ യഹോവയുടെ പ്രഖ്യാപനങ്ങളോടു പ്രതികരിക്കുന്നത് എങ്ങനെ, എന്നാൽ ആളുകളുടെ പൊതുവായ പ്രതികരണം എന്ത്? (ബി) ഇന്നത്തെ സംഭവങ്ങൾ ഹിസ്കീയാവിന്റെ നാളിലേതിനോടു സമാനമായിരിക്കുന്നത് എങ്ങനെ?
17 യെശയ്യാവ് തുടർന്ന് ഇപ്രകാരം പറയുന്നു: “അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.” (യെശയ്യാവു 17:7, 8) അതേ, ഇസ്രായേലിലുള്ള ചിലർ യഹോവയുടെ മുന്നറിയിപ്പിൻ പ്രഖ്യാപനത്തിനു ചെവികൊടുക്കുന്നു. ഉദാഹരണത്തിന്, തങ്ങളോടൊപ്പം പെസഹാ ആഘോഷിക്കുന്നതിനായി ഹിസ്കീയാവ് ഇസ്രായേൽ നിവാസികൾക്കു ക്ഷണം വെച്ചുനീട്ടുമ്പോൾ ചില ഇസ്രായേല്യർ അനുകൂലമായി പ്രതികരിച്ചുകൊണ്ട് ശുദ്ധാരാധനയിൽ തങ്ങളുടെ സഹോദരങ്ങളോടു ചേരാനായി യഹൂദയിലേക്കു യാത്ര തിരിക്കുന്നു. (2 ദിനവൃത്താന്തം 30:1-12) എന്നിരുന്നാലും, ഇസ്രായേൽ നിവാസികളിൽ മിക്കവരും ക്ഷണം വെച്ചുനീട്ടുന്ന സന്ദേശവാഹകരെ പരിഹസിക്കുകയാണു ചെയ്യുന്നത്. ആ രാജ്യം ഇപ്പോൾ വിശ്വാസത്യാഗത്തിൽ ആമഗ്നമാണ്. അക്കാരണത്താൽ, ആ ദേശത്തിന് യഹോവ നിർണയിച്ചതുപോലെതന്നെ സംഭവിക്കുന്നു. അസീറിയ ഇസ്രായേൽ നഗരങ്ങളെ നശിപ്പിക്കുന്നു, ദേശം പാഴായും മേച്ചിൽപ്പുറങ്ങൾ ഊഷരമായും തീരുന്നു.—യെശയ്യാവു 17:9-11 വായിക്കുക.
18 ഇസ്രായേൽ വിശ്വാസത്യാഗം ഭവിച്ച ഒരു ജനത ആയിരുന്നു. സത്യാരാധനയിലേക്കു മടങ്ങിവരാൻ ആ ജനതയിലെ ആളുകളെ സഹായിക്കുന്നതിനു ഹിസ്കീയാവ് ഒരു ശ്രമം നടത്തുകയുണ്ടായി. സമാനമായി, ഇന്ന് വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തിലെ ആളുകളെ സഹായിക്കാൻ സത്യക്രിസ്ത്യാനികൾ ശ്രമം നടത്തുന്നു. 1919 മുതൽ ‘ദൈവത്തിന്റെ ഇസ്രായേലി’ൽ നിന്നുള്ള സന്ദേശവാഹകർ ക്രൈസ്തവലോകത്തിലെ ആളുകളുടെ അടുക്കലേക്കു ചെന്ന് സത്യാരാധനയിൽ പങ്കുപറ്റാൻ അവരെ ക്ഷണിക്കുന്നു. (ഗലാത്യർ 6:16) എന്നാൽ അവരിൽ മിക്കവരും ആ ക്ഷണം നിരസിച്ചിരിക്കുന്നു. പലരും ആ സന്ദേശവാഹകരെ പരിഹസിച്ചിരിക്കുന്നു. എങ്കിലും, ക്രൈസ്തവലോകത്തിലെ ചില ആളുകൾ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇപ്പോൾ അവരുടെ സംഖ്യ ദശലക്ഷങ്ങൾ വരും. അവർ ‘യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുന്നതിൽ,’ അവനാൽ പഠിപ്പിക്കപ്പെടുന്നതിൽ ആനന്ദിക്കുന്നു. (യെശയ്യാവു 54:13) അശുദ്ധമായ ബലിപീഠങ്ങളിലെ ആരാധന—മനുഷ്യനിർമിത ദൈവങ്ങളോടുള്ള ഭക്തിയും അവയിലുള്ള ആശ്രയവും—ഉപേക്ഷിച്ച് അവർ യഹോവയിലേക്ക് ആകാംക്ഷയോടെ തിരിയുന്നു. (സങ്കീർത്തനം 146:3, 4) യെശയ്യാവിന്റെ സമകാലികനായ മീഖായെ പോലെ, അവരിൽ ഓരോരുത്തനും ഇങ്ങനെ പറയുന്നു: “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.”—മീഖാ 7:7.
19. യഹോവ ആരെ ശാസിക്കും, അത് അവർക്ക് എന്ത് അർഥമാക്കും?
19 മർത്യനിൽ ആശ്രയിക്കുന്നവരിൽനിന്ന് എത്രയോ വ്യത്യസ്തം! അക്രമവും പ്രക്ഷുബ്ധതയും ഈ അന്ത്യകാലത്തു മാനവരാശിയെ പിടിച്ചുലയ്ക്കുന്നു. അശാന്തരും മത്സരികളുമായ മനുഷ്യസമൂഹമാകുന്ന “കടൽ” അതൃപ്തിയും വിപ്ലവവും നുരച്ചുതള്ളുന്നു. (യെശയ്യാവു 57:20; വെളിപ്പാടു 8:8, 9; 13:1) ബഹളം കൂട്ടുന്ന ഈ ആളുകളെ യഹോവ “ശാസിക്കും.” പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സകല സംഘടനകളെയും വ്യക്തികളെയും അവന്റെ സ്വർഗീയ രാജ്യം നീക്കിക്കളയും. അവർ “പതിർപോലെയും കൊടുങ്കാററിൻമുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.”—യെശയ്യാവു 17:12, 13; വെളിപ്പാടു 16:14, 16.
20. രാഷ്ട്രങ്ങൾ തങ്ങളെ ‘കൊള്ള’യിടുന്നെങ്കിലും, സത്യക്രിസ്ത്യാനികൾക്ക് എന്തു ബോധ്യമുണ്ട്?
20 അതിന്റെ ഫലമോ? യെശയ്യാവ് ഇങ്ങനെ പറയുന്നു: “സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.” (യെശയ്യാവു 17:14) പലരും യഹോവയുടെ ജനത്തെ കൊള്ളയിടുകയും അവരോടു നിർദയമായി, അനാദരവോടെ ഇടപെടുകയും ചെയ്യുന്നു. ലോകത്തിലെ മുഖ്യധാരാ മതങ്ങളുടെ ഭാഗമല്ലാത്തതിനാൽ—അവർ അതിന് ആഗ്രഹിക്കുന്നുമില്ല—മുൻവിധിയുള്ള വിമർശകർക്കും മതഭ്രാന്തരായ ശത്രുക്കൾക്കും എളുപ്പം ആക്രമിക്കാവുന്നവരായി സത്യക്രിസ്ത്യാനികൾ കാണപ്പെടുന്നു. എന്നാൽ സകല കഷ്ടതകളും അവസാനിക്കാൻ പോകുന്ന ‘പ്രഭാതം’ അതിവേഗം അടുത്തുവരുകയാണെന്ന് ദൈവജനത്തിന് അറിയാം.—2 തെസ്സലൊനീക്യർ 1:6-9; 1 പത്രൊസ് 5:6-11.
യഹോവയ്ക്ക് എത്യോപ്യയുടെ തിരുമുൽക്കാഴ്ച
21, 22. അടുത്തതായി ഏതു രാഷ്ട്രത്തിനാണു ന്യായവിധി സന്ദേശം ലഭിക്കുന്നത്, യെശയ്യാവിന്റെ നിശ്വസ്ത മൊഴികൾ നിവൃത്തിയേറുന്നത് എങ്ങനെ?
21 ചുരുങ്ങിയത് രണ്ട് സന്ദർഭങ്ങളിലെങ്കിലും മിസ്രയീമിനു തെക്കുള്ള കൂശ് (എത്യോപ്യ) യഹൂദയ്ക്ക് എതിരെ സൈനിക ആക്രമണം നടത്തുകയുണ്ടായി. (2 ദിനവൃത്താന്തം 12:2, 3; 14:1, 9-15; 16:8) ഇപ്പോൾ യെശയ്യാവ് ആ ജനതയുടെമേൽ ന്യായവിധി ഉച്ചരിക്കുന്നു: “അയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയ ദേശമേ!” (യെശയ്യാവു 18:1-6 വായിക്കുക.) a കൂശിനെ ‘മുറിച്ച് ചെത്തിക്കള’യേണ്ടതാണെന്ന് യഹോവ കൽപ്പിക്കുന്നു.
22 പൊ.യു.മു. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എത്യോപ്യ ഈജിപ്തിനെ കീഴടക്കുകയും തുടർന്ന് 60 വർഷത്തോളം അതിന്മേൽ ഭരണം നടത്തുകയും ചെയ്തതായി ലൗകിക ചരിത്രം നമ്മോടു പറയുന്നു. ഈജിപ്തിന്റെ മേലുള്ള എത്യോപ്യൻ അധീശത്വം അവസാനിപ്പിക്കാൻ അസീറിയൻ ചക്രവർത്തിമാരായ ഏസെർ-ഹദ്ദോനിനും അശൂർബാനിപ്പാലിനും സാധിച്ചു. ഈജിപ്തിലെ തിബ്സിനെ ആക്രമിച്ചുകൊണ്ട് അശൂർബാനിപ്പാൽ നൈൽ താഴ്വര പ്രദേശം അസീറിയൻ അധീനതയിലാക്കി. (യെശയ്യാവു 20:3-6 കൂടി കാണുക.) ആധുനിക കാലം സംബന്ധിച്ചെന്ത്?
23. ആധുനികകാല ‘എത്യോപ്യ’ എന്തിനോടു ചേർന്നു പ്രവർത്തിക്കുന്നു, അതു നശിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?
23 ‘അന്ത്യകാലത്തെ’ കുറിച്ചുള്ള ദാനീയേലിന്റെ പ്രവചനത്തിൽ, എത്യോപ്യയും ലിബിയയും (ലൂബ്യ) ആക്രമണകാരിയായ ‘വടക്കെദേശത്തിലെ രാജാവിന്റെ’ “അനുചാരിക”ളായി സേവിക്കുന്നുവെന്നു പറഞ്ഞിരിക്കുന്നു. (ദാനീയേൽ 11:40-43) എത്യോപ്യ “മാഗോഗ്ദേശത്തിലെ ഗോഗിന്റെ” സൈന്യത്തിന്റെ ഭാഗമായിരിക്കുന്നതായും ബൈബിൾ പറയുന്നു. (യെഹെസ്കേൽ 38:2-5, 8) വടക്കേ ദേശത്തിലെ രാജാവ് ഉൾപ്പെടെയുള്ള ഗോഗിന്റെ സൈന്യങ്ങൾ യഹോവയുടെ വിശുദ്ധ ജനതയെ ആക്രമിക്കുമ്പോൾ അവർ നശിപ്പിക്കപ്പെടും. അതുകൊണ്ട്, തന്റെ പരമാധികാരത്തെ എതിർക്കുന്നതിനാൽ ആധുനികകാല ‘കൂശി’നു (എത്യോപ്യ) നേരെയും യഹോവ തന്റെ കൈ നീട്ടും.—യെഹെസ്കേൽ 38:21-23; ദാനീയേൽ 11:44.
24. ഏതു വിധങ്ങളിലാണ് യഹോവയ്ക്കു രാഷ്ട്രങ്ങളിൽനിന്ന് “തിരുമുൽക്കാഴ്ച” ലഭിച്ചിരിക്കുന്നത്?
24 എന്നാൽ പ്രവചനം ഇങ്ങനെയും പറയുന്നു: “ആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജാതി . . . സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻപർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.” (യെശയ്യാവു 18:7) രാഷ്ട്രങ്ങൾ യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുന്നില്ലെങ്കിലും, യഹോവയുടെ ജനത്തിനു സഹായകമാകുന്ന വിധത്തിൽ അവ ചിലപ്പോഴൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. ചില ദേശങ്ങളിൽ, അധികാരികൾ യഹോവയുടെ വിശ്വസ്ത ആരാധകരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുകയും അവർക്ക് അനുകൂലമായി കോടതി വിധികൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. (പ്രവൃത്തികൾ 5:29; വെളിപ്പാടു 12:15, 16) വേറെ തരത്തിലുള്ള തിരുമുൽക്കാഴ്ചകളും ഉണ്ട്. “രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും. . . . മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.” (സങ്കീർത്തനം 68:29-31) ഇന്ന്, ആധുനികകാല ‘കൂശ്യർ’—യഹോവയെ ഭയപ്പെടുന്ന ദശലക്ഷക്കണക്കിനു വ്യക്തികൾ—ആരാധനയുടെ രൂപത്തിൽ “തിരുമുൽക്കാഴ്ച” കൊണ്ടുവരികയാണ്. (മലാഖി 1:11) ഭൂമിയിലെങ്ങും രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയെന്ന ബൃഹത്തായ വേലയിൽ അവർ പങ്കുപറ്റുകയാണ്. (മത്തായി 24:14; വെളിപ്പാടു 14:6, 7) യഹോവയ്ക്കുള്ള എത്ര ഉത്കൃഷ്ഠമായ തിരുമുൽക്കാഴ്ച!—എബ്രായർ 13:15.
ഉരുകുന്ന ഹൃദയവുമായി ഈജിപ്ത്
25. യെശയ്യാവു 19:1-11-ന്റെ നിവൃത്തിയായി, പുരാതന ഈജിപ്തിന് എന്തു സംഭവിക്കുന്നു?
25 യഹൂദയുടെ തെക്കുള്ള അയൽരാജ്യമായ ഈജിപ്ത് ദൈവത്തിന്റെ ഉടമ്പടി ജനതയുമായി ദീർഘകാലമായി ശത്രുതയിലാണ്. യെശയ്യാവു -ാം അധ്യായത്തിൽ യെശയ്യാവിന്റെ കാലത്തെ ഈജിപ്തിന്റെ ദുഷിച്ച അവസ്ഥയെ കുറിച്ചുള്ള വിവരണം അടങ്ങിയിരിക്കുന്നു. ഈജിപ്തിൽ ആഭ്യന്തര യുദ്ധം നടക്കുകയാണ്, ‘പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടു യുദ്ധം ചെയ്യുന്നു.’ ( 19യെശയ്യാവു 19:2, 13, 14) ശത്രുതയിലായിരുന്ന രാജവംശങ്ങൾ ഒരേ സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭരണം നടത്തിയിരുന്നതിന്റെ തെളിവുകൾ ചരിത്രകാരന്മാർ നിരത്തുന്നു. ഈജിപ്തിലെ ‘മിത്ഥ്യാമൂർത്തികളോ മന്ത്രവാദിക’ളോ ഈജിപ്തുകാർ വളരെ അഹങ്കരിക്കുന്ന അവരുടെ ജ്ഞാനമോ ഒന്നും “ക്രൂരയജമാനന്റെ കയ്യിൽ”നിന്ന് അവളെ രക്ഷിക്കുന്നില്ല. (യെശയ്യാവു 19:3, 4) അസീറിയ, ബാബിലോൺ, പേർഷ്യ, ഗ്രീസ്, റോം തുടങ്ങിയ രാഷ്ട്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഈജിപ്തിനെ കീഴടക്കുന്നു. ആ സംഭവങ്ങളെല്ലാം യെശയ്യാവു 19:1-11-ലെ പ്രവചനങ്ങളുടെ നിവൃത്തിയാണ്.
26. വലിയ നിവൃത്തിയിൽ, ആധുനികകാല ‘ഈജിപ്തിലെ’ നിവാസികൾ യഹോവയുടെ ന്യായവിധി നിർവഹണത്തോട് എങ്ങനെ പ്രതികരിക്കും?
26 ബൈബിൾ മിക്കപ്പോഴും ഈജിപ്തിനെ സാത്താന്റെ ലോകത്തിന്റെ പ്രതീകമായാണ് ചിത്രീകരിക്കുന്നത്. (യെഹെസ്കേൽ 29:3; യോവേൽ 3:19; വെളിപ്പാടു 11:8) അതുകൊണ്ട്, യെശയ്യാവ് അറിയിക്കുന്ന ‘മിസ്രയീമിനെ [ഈജിപ്തിനെ] കുറിച്ചുള്ള പ്രവാചകത്തിന്’ ഒരു വലിയ നിവൃത്തി ഉണ്ടോ? തീർച്ചയായും! വാസ്തവത്തിൽ, സകലരും ആ പ്രവചനത്തിലെ പ്രാരംഭ വാക്കുകൾക്ക് ഗൗരവമായ ശ്രദ്ധ നൽകേണ്ടതുണ്ട്: “യഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂർത്തികൾ അവന്റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.” (യെശയ്യാവു 19:1) സാത്താന്റെ സംഘടനയ്ക്കെതിരെ യഹോവ പെട്ടെന്നുതന്നെ നടപടിയെടുക്കുമ്പോൾ ഈ വ്യവസ്ഥിതിയുടെ ദൈവങ്ങൾ ഒന്നിനും കൊള്ളാത്തവയാണെന്നു തെളിയും. (സങ്കീർത്തനം 96:5; 97:7) ഭയം നിമിത്തം ‘മിസ്രയീമിന്റെ ഹൃദയം ഉരുകും.’ ആ കാലം യേശു മുൻകൂട്ടി പറയുകയുണ്ടായി: “കടലിന്റെയും ഓളത്തിന്റെയും മുഴക്കംനിമിത്തം ഭൂമിയിലെ ജാതികൾക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. . . . ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവന്മാർ ആകും.”—ലൂക്കൊസ് 21:25, 26.
27. ഈജിപ്തിൽ എന്തെല്ലാം ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി പറയപ്പെട്ടു, അത് ഇന്നു നിവൃത്തിയേറുന്നത് എങ്ങനെ?
27 ന്യായവിധി നിർവഹണത്തിലേക്കു നയിക്കുന്ന സമയത്തെ കുറിച്ച് യഹോവ പ്രാവചനികമായി ഇങ്ങനെ പറയുന്നു: “ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.” (യെശയ്യാവു 19:2) 1914-ൽ ദൈവരാജ്യം സ്ഥാപിക്കപ്പെട്ടതു മുതൽ യേശുവിന്റെ “സാന്നിധ്യത്തിന്റെ അടയാള”മെന്ന നിലയിൽ രാഷ്ട്രങ്ങൾ തമ്മിലും ജനതകൾ തമ്മിലുമുള്ള യുദ്ധങ്ങൾ വർധിച്ചിരിക്കുന്നു. വർഗീയ കൂട്ടക്കൊല, രക്തപങ്കിലമായ വംശഹത്യ, ‘വർഗീയ വെടിപ്പാക്കൽ’ തുടങ്ങിയവ ഈ അന്ത്യനാളുകളിൽ ദശലക്ഷങ്ങളുടെ ജീവൻ അപഹരിച്ചിരിക്കുന്നു. അന്ത്യം അടുത്തുവരവെ, അത്തരം “കൊടിയ വേദനകൾ” വർധിക്കുകയേ ഉള്ളൂ.—മത്തായി 24:3, 7, 8, NW.
28. ന്യായവിധി ദിവസത്തിൽ വ്യാജമതങ്ങൾക്ക് എന്തു ചെയ്യാൻ കഴിയില്ല?
28 “മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിത്ഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.” (യെശയ്യാവു 19:3) മോശെ ഫറവോന്റെ മുമ്പാകെ വന്നപ്പോൾ ഈജിപ്തിലെ പുരോഹിതന്മാർ യഹോവയുടെ ശക്തിയോടു കിടപിടിക്കാനാകാതെ ലജ്ജിതരാക്കപ്പെട്ടു. (പുറപ്പാടു 8:18, 19; പ്രവൃത്തികൾ 13:8; 2 തിമൊഥെയൊസ് 3:8) സമാനമായി, ന്യായവിധി ദിവസത്തിൽ വ്യാജമതങ്ങൾക്ക് ഈ വ്യവസ്ഥിതിയെ രക്ഷിക്കാനാവില്ല. (യെശയ്യാവു 47:1, 11-13 താരതമ്യം ചെയ്യുക.) ഒടുവിൽ ഈജിപ്ത് “ഒരു ക്രൂരയജമാനന്റെ,” അസീറിയയുടെ കീഴിലാകുന്നു. (യെശയ്യാവു 19:4) അത് ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ ഇരുണ്ട ഭാവിയെ മുൻനിഴലാക്കുന്നു.
29. യഹോവയുടെ ദിവസം വരുമ്പോൾ, രാഷ്ട്രീയക്കാർക്കു സഹായിക്കാൻ കഴിയുമോ?
29 എന്നാൽ രാഷ്ട്രീയ നേതാക്കന്മാരുടെ കാര്യമോ? അവർക്കു സഹായിക്കാനാകുമോ? “സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീർന്നിരിക്കുന്നു.” (യെശയ്യാവു 19:5-11 വായിക്കുക.) ന്യായവിധി ദിവസത്തിൽ മനുഷ്യ ഉപദേഷ്ടാക്കന്മാർ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നത് എത്ര മൗഢ്യമായിരിക്കും! അവർക്കു ലോകത്തിലെ മുഴു ജ്ഞാനവും ഉണ്ടെന്നുവരികിലും ദൈവിക ജ്ഞാനം ഇല്ല. (1 കൊരിന്ത്യർ 3:19) ലോകത്തിലുള്ളവർ യഹോവയെ തള്ളിക്കളഞ്ഞ് ശാസ്ത്രത്തിലേക്കും തത്ത്വജ്ഞാനത്തിലേക്കും സമ്പത്തിലേക്കും സുഖഭോഗങ്ങളിലേക്കും വ്യാജദൈവാരാധനയിലേക്കും തിരിഞ്ഞിരിക്കുന്നു. അതിനാൽ അവർക്കു ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച പരിജ്ഞാനമില്ല. വഞ്ചിതരായ അവർ ആശയക്കുഴപ്പത്തിലാണ്, അവരുടെ പ്രവൃത്തികൾ വ്യർഥമാണ്. (യെശയ്യാവു 19:12-15 വായിക്കുക.) “ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവർ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവർക്കു എന്തൊരു ജ്ഞാനമുള്ളു?”—യിരെമ്യാവു 8:9.
യഹോവയ്ക്ക് ഒരു അടയാളവും സാക്ഷ്യവും
30. ഏതു വിധത്തിൽ ‘യഹൂദാദേശം മിസ്രയീമിനു ഭയങ്കരമായിരിക്കും’?
30 എന്നാൽ, ‘ഈജിപ്തി’ലെ നേതാക്കന്മാർ “സ്ത്രീകൾക്കു തുല്യരായി” ബലഹീനരാണെങ്കിലും, ദൈവിക ജ്ഞാനം തേടുന്ന ചിലർ ഇപ്പോഴും അവിടെയുണ്ട്. യഹോവയുടെ അഭിഷിക്തരും അവരുടെ സഹകാരികളും ‘ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുന്നു.’ (യെശയ്യാവു 19:16; 1 പത്രൊസ് 2:9) സാത്താന്റെ സംഘടനയുടെ ആസന്നമായ അന്ത്യത്തെ കുറിച്ച് തങ്ങളാലാവും വിധം അവർ മുന്നറിയിപ്പു കൊടുക്കുന്നു. അത്തരമൊരു സ്ഥിതിവിശേഷത്തിലേക്കു നോക്കിക്കൊണ്ട് യെശയ്യാവ് ഇപ്രകാരം പറയുന്നു: “യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.” (യെശയ്യാവു 19:17) യഹോവയുടെ വിശ്വസ്ത സന്ദേശവാഹകർ ആളുകളോടു സത്യം ഘോഷിക്കുന്നു. യഹോവ മുൻകൂട്ടി പറഞ്ഞിരിക്കുന്ന ബാധകൾ അറിയിക്കുന്നതും അതിൽ ഉൾപ്പെടുന്നു. (വെളിപ്പാടു 8:7-12; 16:2-12) ലോകത്തിലെ മതനേതാക്കന്മാരെ അത് അസ്വസ്ഥരാക്കുന്നു.
31. (എ) പുരാതന നാളുകളിൽ ഈജിപ്തിലെ നഗരങ്ങളിൽ “കനാൻഭാഷ” സംസാരിക്കപ്പെട്ടത് എങ്ങനെ? (ബി) ആധുനിക കാലത്ത് അവിടെ അതു സംസാരിക്കപ്പെടുന്നത് എങ്ങനെ?
31 ഈ പ്രസംഗവേലയുടെ അത്ഭുതകരമായ ഫലം എന്താണ്? “അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈർ ഹഹേരെസ്) [“ശൂന്യമാക്കലിന്റെ നഗരം,” NW] എന്നു പേർ വിളിക്കപ്പെടും.” (യെശയ്യാവു 19:18) ഈജിപ്തിലെ നഗരങ്ങളിലേക്ക് ഓടിപ്പോയ യഹൂദന്മാർ അവിടെ എബ്രായ ഭാഷ സംസാരിച്ചപ്പോൾ പുരാതന നാളുകളിൽ ഈ പ്രവചനത്തിനു നിവൃത്തി ഉണ്ടായി. (യിരെമ്യാവു 24:1, 8-10; 41:1-3; 42:9-43:7; 44:1) ഇന്ന്, ആധുനികകാല ‘ഈജിപ്തി’ന്റെ പ്രദേശത്ത് ബൈബിൾ സത്യമാകുന്ന “നിർമല ഭാഷ” സംസാരിക്കാൻ പഠിച്ചിട്ടുള്ളവർ ഉണ്ട്. (സെഫന്യാവു 3:9, NW) അഞ്ചു പ്രതീകാത്മക നഗരങ്ങളിൽ ഒന്നിനെ വിളിച്ചിരിക്കുന്നത് “ശൂന്യമാക്കലിന്റെ നഗരം” എന്നാണ്. അതിന്റെ അർഥം, സാത്താന്റെ സംഘടനയെ തുറന്നുകാട്ടുകയും ‘ശൂന്യമാക്കുകയും’ ചെയ്യുന്നത് “നിർമല ഭാഷ”യിൽ ഉൾപ്പെടുന്നു എന്നാണ്.
32. (എ) ഈജിപ്ത് ദേശത്തിന്റെ മധ്യത്തിലുള്ള ‘യാഗപീഠം’ എന്താണ്? (ബി) അഭിഷിക്തർ ഒരു ‘തൂൺ’ പോലെ ഈജിപ്തിന്റെ അതിർത്തിയിൽ ആയിരിക്കുന്നത് എങ്ങനെ?
32 യഹോവയുടെ ജനത്തിന്റെ സാക്ഷീകരണ പ്രവർത്തനത്തിന്റെ ഫലമായി, അവന്റെ മഹാനാമം ആളുകൾ അറിയാൻ ഇടയാകും. “അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവെക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയിൽ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും.” (യെശയ്യാവു 19:19) ദൈവവുമായി ഉടമ്പടി ബന്ധത്തിൽ ആയിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ സ്ഥാനത്തെ കുറിച്ചാണ് ഈ വാക്കുകൾ പറയുന്നത്. (സങ്കീർത്തനം 50:5) അവർ ‘ഒരു യാഗപീഠം’ എന്ന നിലയിൽ തങ്ങളുടെ യാഗങ്ങൾ അർപ്പിക്കുകയാണ്; ‘സത്യത്തിന്റെ തൂണും അടിസ്ഥാനവും’ എന്ന നിലയിൽ അവർ യഹോവയ്ക്കു സാക്ഷ്യം വഹിക്കുകയാണ്. (1 തിമൊഥെയൊസ് 3:15; റോമർ 12:1; എബ്രായർ 13:15, 16) തങ്ങളുടെ സഹകാരികളായ ‘വേറെ ആടുക’ളോടൊപ്പം അവർ “ദേശത്തിന്റെ നടുവിൽ,” അതായത് 230-ലധികം രാജ്യങ്ങളിലും ദ്വീപുകളിലും, നിൽക്കുന്നതായി കാണപ്പെടുന്നു. എന്നാൽ, അവർ ഈ “ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 10:16; 17:15, 16, NW) പ്രതീകാത്മകമായി പറഞ്ഞാൽ, ഈ അഭിഷിക്തർ തങ്ങളുടെ സ്വർഗീയ പ്രതിഫലം പ്രാപിക്കാൻ ഈ ലോകത്തിനും ദൈവരാജ്യത്തിനും ഇടയ്ക്കുള്ള അതിർത്തിയിൽ ഒരുങ്ങിനിൽക്കുകയാണ്.
33. അഭിഷിക്തർ ഏതു വിധങ്ങളിലാണ് ‘ഈജിപ്തിൽ’ “ഒരു അടയാളവും ഒരു സാക്ഷ്യവും” ആയിരിക്കുന്നത്?
33 യെശയ്യാവ് തുടരുന്നു: “അതു മിസ്രയീംദേശത്തു [ഈജിപ്തിൽ] സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കു ഒരു രക്ഷകനെ അയക്കും; അവൻ പൊരുതു അവരെ വിടുവിക്കും.” (യെശയ്യാവു 19:20) “ഒരു അടയാളവും ഒരു സാക്ഷ്യവും” എന്ന നിലയിൽ അഭിഷിക്തർ പ്രസംഗവേലയിൽ നേതൃത്വമെടുക്കുകയും ഈ വ്യവസ്ഥിതിയിൽ യഹോവയുടെ നാമം മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. (യെശയ്യാവു 8:18; എബ്രായർ 2:13) ലോകത്തിലുടനീളം മർദിതരുടെ നിലവിളി ഉയർന്നു കേൾക്കാം. എന്നാൽ, മനുഷ്യ ഗവൺമെന്റുകൾക്ക് അവരെ സഹായിക്കാൻ കഴിയുന്നില്ല. എന്നിരുന്നാലും സൗമ്യരായ സകലരെയും വിടുവിക്കാൻ യഹോവ ഒരു മഹാ രക്ഷകനെ, രാജാവായ യേശുക്രിസ്തുവിനെ അയയ്ക്കും. ഈ അന്ത്യനാളുകൾ അർമഗെദോൻ യുദ്ധത്തിൽ അവയുടെ പാരമ്യത്തിൽ എത്തുമ്പോൾ, ദൈവഭയം ഉള്ളവർക്ക് അവൻ സമാശ്വാസവും നിത്യാനുഗ്രഹങ്ങളും കൈവരുത്തും.—സങ്കീർത്തനം 72:2, 4, 7, 12-14.
34. (എ) “മിസ്രയീമ്യർ” എങ്ങനെ യഹോവയെ അറിയാൻ ഇടയാകും, അവർ അവന് എന്തു യാഗവും വഴിപാടും കഴിക്കും? (ബി) യഹോവ എപ്പോൾ ‘മിസ്രയീമിനെ’ അടിക്കും, തുടർന്ന് എന്തു സൗഖ്യമാക്കൽ നടക്കും?
34 എല്ലാ തരത്തിലും പെട്ട ആളുകൾ സൂക്ഷ്മ പരിജ്ഞാനം നേടുകയും രക്ഷ പ്രാപിക്കുകയും ചെയ്യുക എന്നത് ദൈവഹിതമാണ്. (1 തിമൊഥെയൊസ് 2:4) അതുകൊണ്ട്, യെശയ്യാവ് ഇപ്രകാരം എഴുതുന്നു: “അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവെക്കു ഒരു നേർച്ച നേർന്നു അതിനെ നിവർത്തിക്കയും ചെയ്യും. യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവൻ വീണ്ടും അവരെ സൌഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.” (യെശയ്യാവു 19:21, 22) “മിസ്രയീമ്യർ,” സാത്താന്റെ ലോകത്തിലെ സകല ജനതകളിലും നിന്നുള്ള ആളുകൾ, യഹോവയെ അറിയുകയും “അവന്റെ നാമത്തെ ഏററു പറയുന്ന അധരഫലം” എന്ന യാഗം അവന് അർപ്പിക്കുകയും ചെയ്യും. (എബ്രായർ 13:15) യഹോവയ്ക്കു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് അവർ ഒരു നേർച്ച നേരുകയും വിശ്വസ്ത സേവനത്തിന്റേതായ ഒരു ജീവിതഗതി പിൻപറ്റിക്കൊണ്ട് അതു നിറവേറ്റുകയും ചെയ്യുന്നു. അർമഗെദോൻ യുദ്ധത്തിൽ ഈ വ്യവസ്ഥിതിയെ ‘അടിച്ച’ശേഷം മനുഷ്യവർഗത്തെ സൗഖ്യമാക്കാൻ യഹോവ തന്റെ രാജ്യത്തെ ഉപയോഗിക്കും. യേശുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് മനുഷ്യവർഗം ആത്മീയവും മാനസികവും ധാർമികവും ശാരീരികവുമായ പൂർണത കൈവരിക്കും. അതേ, അവർ എല്ലാ അർഥത്തിലും സൗഖ്യം പ്രാപിച്ചിരിക്കും!—വെളിപ്പാടു 22:1, 2.
‘എന്റെ ജനം അനുഗ്രഹിക്കപ്പെടുമാറാകട്ടെ’
35, 36. യെശയ്യാവു 19:23-25-ന്റെ നിവൃത്തി എന്ന നിലയിൽ, പുരാതന നാളുകളിൽ ഈജിപ്തും അസീറിയയും ഇസ്രായേലും തമ്മിൽ എങ്ങനെയുള്ള ബന്ധങ്ങൾ നിലവിൽ വന്നു?
35 തുടർന്ന് പ്രവാചകൻ ശ്രദ്ധേയമായ ഒരു സംഭവവികാസം മുൻകൂട്ടി കാണുന്നു: “അന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടെ ആരാധന കഴിക്കും. അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും. സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.” (യെശയ്യാവു 19:23-25) അതേ, ഒരിക്കൽ മിസ്രയീമും അസീറിയയും തമ്മിൽ സൗഹൃദബന്ധം നിലവിൽ വരും. എങ്ങനെ?
36 കഴിഞ്ഞ കാലങ്ങളിൽ യഹോവ മറ്റു ജനതകളിൽനിന്നു തന്റെ ജനത്തെ രക്ഷിച്ചപ്പോൾ, ആലങ്കാരികമായി പറഞ്ഞാൽ അവൻ അവർക്കു വേണ്ടി സ്വാതന്ത്ര്യത്തിലേക്കുള്ള പെരുവഴികൾ പണിതു. (യെശയ്യാവു 11:16; 35:8-10; 49:11-13; യിരെമ്യാവു 31:21) ബാബിലോൺ പരാജയപ്പെട്ടശേഷം അവിടെനിന്നും അതുപോലെ അസീറിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിൽനിന്നും പ്രവാസികൾ വാഗ്ദത്ത ദേശത്തേക്കു തിരികെ വന്നപ്പോൾ ആ പ്രവചനത്തിന് ഒരു ചെറിയ നിവൃത്തി ഉണ്ടായി. (യെശയ്യാവു 11:11) ആധുനിക നാളിലെ കാര്യമെടുത്താലോ?
37. ‘അശ്ശൂരിനും മിസ്രയീമിനും’ ഇടയിൽ ഒരു പെരുവഴി ഉണ്ടായിരുന്നാലെന്നതു പോലെ ദശലക്ഷങ്ങൾ ഇന്നു ജീവിക്കുന്നത് എങ്ങനെ?
37 ഇന്ന് ആത്മാഭിഷിക്ത ഇസ്രായേല്യരുടെ ശേഷിപ്പ് “ഭൂമിയുടെ മദ്ധ്യേ ഒരു അനുഗ്രഹ”മാണ്. അവർ സത്യാരാധന ഉന്നമിപ്പിക്കുകയും ലോകത്തിലെ സകല രാഷ്ട്രങ്ങളിലെയും ആളുകളോടു രാജ്യസന്ദേശം ഘോഷിക്കുകയും ചെയ്യുന്നു. അവയിൽ ചില രാഷ്ട്രങ്ങൾ അസീറിയയെ പോലെ വളരെ സ്വേച്ഛാധിപത്യ സ്വഭാവമുള്ളവയാണ്. മറ്റു ചില രാഷ്ട്രങ്ങളാകട്ടെ, ദാനീയേൽ പ്രവചനം വ്യക്തമാക്കുന്ന പ്രകാരം ഒരിക്കൽ ‘തെക്കേദേശത്തെ രാജാവ്’ ആയിരുന്ന ഈജിപ്തിനെ പോലെ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്നവയാണ്. (ദാനീയേൽ 11:5, 8) സ്വേച്ഛാധിപത്യ സ്വഭാവമുള്ള രാഷ്ട്രങ്ങളിലെയും കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന രാഷ്ട്രങ്ങളിലെയും ദശലക്ഷക്കണക്കിന് ആളുകൾ സത്യാരാധന സ്വീകരിച്ചിട്ടുണ്ട്. അങ്ങനെ, സകല ജനതകളിലും നിന്നുള്ളവർ ‘ആരാധന കഴിക്കുന്നതിൽ’ ഏകീകൃതർ ആയിത്തീർന്നിരിക്കുന്നു. അവരുടെ ഇടയിൽ ദേശീയത്വപരമായ ഭിന്നതകൾ ഇല്ല, അവർ അന്യോന്യം സ്നേഹിക്കുന്നു. അതുകൊണ്ട് ‘അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലുന്നു’ എന്നു വാസ്തവമായി പറയാൻ കഴിയും. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഒരു പെരുവഴി ഉള്ളതുപോലെയാണ് അത്.—1 പത്രൊസ് 2:17.
38. (എ) ഇസ്രായേൽ “മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കു”ന്നത് എങ്ങനെ? (ബി) ‘എന്റെ ജനം അനുഗ്രഹിക്കപ്പെടുമാറാകട്ടെ’ എന്ന് യഹോവ പറയുന്നത് എന്തുകൊണ്ട്?
38 ഇസ്രായേൽ “മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കു”ന്നത് എങ്ങനെയാണ്? “അന്ത്യകാല”ത്തിന്റെ ആരംഭഘട്ടത്തിൽ ഭൂമിയിൽ യഹോവയെ സേവിച്ചിരുന്ന മിക്കവരും ‘ദൈവത്തിന്റെ ഇസ്രായേലി’ലെ അംഗങ്ങൾ ആയിരുന്നു. (ദാനീയേൽ 12:9; ഗലാത്യർ 6:16) 1930-കൾ മുതൽ, ഭൗമിക പ്രത്യാശയുള്ള “വേറെ ആടുക”ളുടെ ഒരു മഹാപുരുഷാരം രംഗപ്രവേശം ചെയ്തിരിക്കുന്നു. (യോഹന്നാൻ 10:16എ; വെളിപ്പാടു 7:9) ഈജിപ്തും അസീറിയയും മുൻനിഴലാക്കിയ ജനതകളിൽനിന്നു വരുന്ന അവർ യഹോവയുടെ ആരാധനാലയത്തിലേക്കു പ്രവഹിക്കുകയും തങ്ങളോടു ചേരാൻ മറ്റുള്ളവരെ ക്ഷണിക്കുകയും ചെയ്യുന്നു. (യെശയ്യാവു 2:2-4) തങ്ങളുടെ അഭിഷിക്ത സഹോദരന്മാരെ പോലെതന്നെ അവരും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകയും സമാനമായ പരിശോധനകൾ സഹിച്ചുനിൽക്കുകയും വിശ്വസ്തതയും നിർമലതയും പ്രകടമാക്കുകയും ഒരേ ആത്മീയ മേശയിങ്കൽനിന്നു ഭക്ഷിക്കുകയും ചെയ്യുന്നു. തീർച്ചയായും, അഭിഷിക്തരുടെയും ‘വേറെ ആടുകളു’ടെയും കാര്യത്തിൽ “ഒരാട്ടിൻകൂട്ടവും ഒരിടയനും” എന്ന വാക്കുകൾ സത്യമാണ്. (യോഹന്നാൻ 10:16ബി) അവർ പ്രകടമാക്കുന്ന തീക്ഷ്ണതയും സഹിഷ്ണുതയും കണക്കിലെടുക്കുമ്പോൾ, അവരുടെ പ്രവർത്തനം യഹോവയെ പ്രസാദിപ്പിക്കുന്നുവോ എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയിക്കാൻ കാരണമുണ്ടോ? ‘എന്റെ ജനം അനുഗ്രഹിക്കപ്പെടുമാറാകട്ടെ’ എന്ന് അവൻ അവരെ ആശീർവദിക്കുന്നതിൽ തെല്ലും അതിശയിക്കാനില്ല!
[അടിക്കുറിപ്പ്]
a ‘ചിറകു കിരുകിരുക്കുന്ന ദേശം’ എന്ന പ്രയോഗം കൂശിൽ ഇടയ്ക്കിടെ കൂട്ടമായി എത്തുന്ന വെട്ടുക്കിളികളെ പരാമർശിക്കുന്നതായി ചില പണ്ഡിതന്മാർ പറയുന്നു. “കിരുകിരുക്കുന്ന” എന്നതിനു വേണ്ടി ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദമായ റ്റ്സലാറ്റ്സാൽ, ഇന്നത്തെ എത്യോപ്യയിൽ വസിക്കുന്ന ഹാമിന്റെ വംശജരായ ഗാല്ല എന്ന ജനവിഭാഗം സെറ്റ്സി ഈച്ചയ്ക്കു നൽകിയിരിക്കുന്ന പേരായ റ്റ്സാൽറ്റ്സാല്യയുമായി ശബ്ദംകൊണ്ട് സാമ്യമുണ്ടെന്നു ചിലർ ചൂണ്ടിക്കാട്ടുന്നു.
[അധ്യയന ചോദ്യങ്ങൾ]
[191-ാം പേജിലെ ചിത്രം]
ഫെലിസ്ത്യ യോദ്ധാക്കൾ ശത്രുക്കളെ തുരത്തുന്നു (പൊ.യു.മു. 12-ാം നൂറ്റാണ്ടിലെ ഈജിപ്ഷ്യൻ ശിൽപ്പവേല)
[192-ാം പേജിലെ ചിത്രം]
ഒരു മോവാബ്യ യോദ്ധാവിന്റെ അഥവാ ദേവന്റെ ശിലാശിൽപ്പം (പൊ.യു.മു. 11-ാം നൂറ്റാണ്ടിനും പൊ.യു.മു. 8-ാം നൂറ്റാണ്ടിനും ഇടയ്ക്ക്)
[196-ാം പേജിലെ ചിത്രം]
ഒരു സിറിയൻ യോദ്ധാവ് കുതിരപ്പുറത്തു സവാരി ചെയ്യുന്നു (പൊ.യു.മു. 9-ാം നൂറ്റാണ്ട്)
[198-ാം പേജിലെ ചിത്രം]
മത്സരികളായ മനുഷ്യസമൂഹമാകുന്ന “കടൽ” അതൃപ്തിയും വിപ്ലവവും നുരച്ചുതള്ളുന്നു
[203-ാം പേജിലെ ചിത്രം]
ഈജിപ്തിലെ പുരോഹിതന്മാർക്ക് യഹോവയുടെ ശക്തിയോടു കിടപിടിക്കാനായില്ല