“നമുക്കു രമ്യതപ്പെടാം”
അധ്യായം മൂന്ന്
“നമുക്കു രമ്യതപ്പെടാം”
1, 2. യെരൂശലേമിലെയും യഹൂദയിലെയും ഭരണാധിപന്മാരെയും നിവാസികളെയും യഹോവ ആരോടു താരതമ്യം ചെയ്യുന്നു, അത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
യെശയ്യാവു 1:1-9-ൽ രേഖപ്പെടുത്തിയിരിക്കുന്ന അപലപനം കേൾക്കുമ്പോൾ യെരൂശലേം നിവാസികൾക്കു സ്വയം ന്യായീകരിക്കാനുള്ള ഒരു ചായ്വ് തോന്നുന്നുണ്ടാകാം. തങ്ങൾ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങൾ അഭിമാനപൂർവം ചൂണ്ടിക്കാട്ടാൻ അവർ ആഗ്രഹിക്കുന്നു എന്നതിനു സംശയമില്ല. എന്നാൽ അത്തരം മനോഭാവത്തോടുള്ള യഹോവയുടെ ശക്തമായ പ്രതികരണമാണ് 10 മുതൽ 15 വരെയുള്ള വാക്യങ്ങളിൽ നാം കാണുന്നത്. അത് ഇപ്രകാരം തുടങ്ങുന്നു: “സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ.”—യെശയ്യാവു 1:10.
2 ദൈവം സൊദോമിനെയും ഗൊമോറയെയും നശിപ്പിച്ചത് ആ നഗരങ്ങളിലെ ജനങ്ങൾ ലൈംഗിക വികടത്തരം പ്രവർത്തിച്ചതുകൊണ്ടു മാത്രമല്ല, അവർ കഠിനഹൃദയരും അഹങ്കാരികളും ആയിരുന്നതുകൊണ്ടും കൂടിയാണ്. (ഉല്പത്തി 18:20, 21; 19:4, 5, 23-25; യെഹെസ്കേൽ 16:49, 50) ശാപഗ്രസ്തമായ ആ നഗരങ്ങളിലെ ആളുകളോടു യെശയ്യാവ് തങ്ങളെ തുലനം ചെയ്യുന്നതു കേട്ടപ്പോൾ യെരൂശലേമിലെയും യഹൂദയിലെയും നിവാസികൾ പകച്ചുപോയിക്കാണണം. a എന്നാൽ, യഹോവ തന്റെ ജനത്തെ അവർ ആയിരിക്കുന്നതു പോലെതന്നെ കാണുന്നു. അതിനാൽ, ദൈവസന്ദേശത്തിൽ ‘കർണരസം’ പകരുന്ന വിധം വെള്ളം ചേർക്കാൻ യെശയ്യാവ് മുതിരുന്നില്ല.—2 തിമൊഥെയൊസ് 4:3.
3. ഇസ്രായേല്യർ അർപ്പിക്കുന്ന യാഗങ്ങളുടെ കാര്യത്തിൽ തനിക്കു “മതി വന്നിരിക്കുന്നു” എന്നു പറയുമ്പോൾ യഹോവ എന്താണ് അർഥമാക്കുന്നത്, അവൻ അങ്ങനെ പറയുന്നത് എന്തുകൊണ്ട്?
3 തന്റെ ജനത്തിന്റെ പൊള്ളയായ ആരാധനയെ കുറിച്ച് യഹോവ പറയുന്നതു ശ്രദ്ധിക്കുക: “നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിനു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊററന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.” (യെശയ്യാവു 1:11) യഹോവയ്ക്ക് തങ്ങളുടെ യാഗങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല എന്ന കാര്യം ആളുകൾ വിസ്മരിച്ചിരിക്കുന്നു. (സങ്കീർത്തനം 50:8-13) വാസ്തവത്തിൽ, മനുഷ്യർ നൽകുന്ന യാതൊന്നും അവന് ആവശ്യമില്ല. അതുകൊണ്ട്, അർധഹൃദയത്തോടു കൂടിയ വഴിപാടുകൾ അർപ്പിക്കുകവഴി തങ്ങൾ യഹോവയ്ക്ക് എന്തെങ്കിലും ഉപകാരം ചെയ്യുകയാണെന്ന് അവർ വിചാരിക്കുന്നെങ്കിൽ, അവർക്കു തെറ്റുപറ്റിയിരിക്കുന്നു. അതു വ്യക്തമാക്കാൻ വളരെ ശക്തമായ ഒരു ആലങ്കാരിക പ്രയോഗം യഹോവ ഉപയോഗിക്കുന്നു. “എനിക്കു മതി വന്നിരിക്കുന്നു” എന്ന ആ പ്രയോഗം “എനിക്കു ചെകിടിച്ചിരിക്കുന്നു” അല്ലെങ്കിൽ “എന്റെ വയറു നിറഞ്ഞിരിക്കുന്നു” എന്നും പരിഭാഷപ്പെടുത്താവുന്നതാണ്. വയറ് വല്ലാതെ നിറഞ്ഞിരിക്കുമ്പോൾ, പാത്രത്തിൽ പിന്നെയും ഭക്ഷണം കാണുന്നതുതന്നെ വെറുപ്പ് ഉളവാക്കുകയില്ലേ? ഇസ്രായേല്യർ അർപ്പിച്ച യാഗങ്ങളുടെ കാര്യത്തിൽ യഹോവയ്ക്കു തോന്നിയതും അതുതന്നെ—അങ്ങേയറ്റത്തെ വെറുപ്പ്!
4. ആളുകൾ യെരൂശലേമിലെ ആലയത്തിൽ വരുന്നതിന്റെ നിരർഥകത യെശയ്യാവു 1:12 തുറന്നുകാട്ടുന്നത് എങ്ങനെ?
4 യഹോവ തുടരുകയാണ്: “നിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ?” (യെശയ്യാവു 1:12) ആളുകൾ ‘യഹോവയുടെ മുമ്പാകെ വരണമെന്ന്,’ അതായത് യെരൂശലേമിലെ അവന്റെ ആലയത്തിൽ ചെല്ലണമെന്ന് അവന്റെ നിയമംതന്നെയല്ലേ ആവശ്യപ്പെടുന്നത്? (പുറപ്പാടു 34:23, 24) ശരിതന്നെ. എന്നാൽ, അവർ അവിടെ വരുന്നത് ശുദ്ധമായ ആന്തരത്തോടെ അല്ല, മറിച്ച് വെറുമൊരു ചടങ്ങ് എന്ന നിലയിലാണ്. യഹോവയുടെ ദൃഷ്ടിയിൽ, അവർ അവന്റെ പ്രാകാരങ്ങളിൽ ‘ചവിട്ടു’ന്നതുകൊണ്ട്, അതായത് ആലയത്തിൽ നിരവധി സന്ദർശനങ്ങൾ നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല, തറയ്ക്കു തേയ്മാനം സംഭവിക്കുന്നതേ ഉള്ളൂ.
5. യഹൂദന്മാർ അനുഷ്ഠിച്ചിരുന്ന ചില ആരാധനാക്രിയകൾ ഏവ, അവ യഹോവയ്ക്ക് ‘അസഹ്യ’മായിത്തീർന്നത് എന്തുകൊണ്ട്?
5 വളരെ ശക്തമായ ഭാഷയിൽത്തന്നെ യഹോവ ഇങ്ങനെ പറയുന്നതിൽ അതിശയിക്കാനില്ല: “ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും—നീതികേടും [“പ്രകൃത്യതീത ശക്തി ഉപയോഗിക്കുന്നതും,” NW] ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ. നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു [“ഞാൻ അവ ചുമന്നു മടുത്തിരിക്കുന്നു,” NW].” (യെശയ്യാവു 1:13, 14) ഭോജനയാഗം (ധാന്യ വഴിപാട്) അർപ്പിക്കാനും ധൂപം കാട്ടാനും ശബത്ത് ആചരിക്കാനും സഭായോഗം കൂടാനുമൊക്കെ ഇസ്രായേല്യർക്കു കൊടുത്ത ന്യായപ്രമാണത്തിൽ ദൈവം ആവശ്യപ്പെട്ടിരുന്നു. “അമാവാസ്യ”യുടെ (പുതുചന്ദ്രദിനം) കാര്യമെടുത്താൽ, അത് ആചരിക്കണമെന്നു മാത്രമേ ന്യായപ്രമാണം നിഷ്കർഷിച്ചിരുന്നുള്ളൂ. എങ്കിലും, കാലാന്തരത്തിൽ അതോടനുബന്ധിച്ച് ആരോഗ്യാവഹമായ മറ്റു പല സമ്പ്രദായങ്ങളും നിലവിൽ വന്നു. (സംഖ്യാപുസ്തകം 10:10; 28:11) അമാവാസ്യ ഒരു പ്രതിമാസ ശബത്തായി കരുതപ്പെട്ടിരുന്നു. ആ ദിവസം ആളുകൾ ജോലിയിൽനിന്നു വിരമിക്കുകയും പ്രവാചകന്മാരുടെയും പുരോഹിതന്മാരുടെയും പ്രബോധനം കേൾക്കാൻ കൂടിവരുകയും ചെയ്തിരുന്നു. (2 രാജാക്കന്മാർ 4:23; യെഹെസ്കേൽ 46:3; ആമോസ് 8:5) അത്തരം ആചാരങ്ങൾ തെറ്റല്ല. എന്നാൽ, അവ കേവലമൊരു ചടങ്ങായി അനുഷ്ഠിക്കുമ്പോഴാണു പ്രശ്നം. യഹൂദന്മാർ ദൈവത്തിന്റെ ന്യായപ്രമാണം ഔപചാരികമായി അനുഷ്ഠിക്കുന്നതോടൊപ്പം, “പ്രകൃത്യതീത ശക്തി”യെയും ആശ്രയിക്കുന്നു, അഥവാ ആത്മവിദ്യാ ചടങ്ങുകളിൽ ഏർപ്പെടുന്നു. b അതുകൊണ്ട്, തന്നെ ആരാധിക്കാനായി അവർ ചെയ്യുന്ന കാര്യങ്ങൾ യഹോവയ്ക്ക് ‘അസഹ്യമാണ്.’
6. യഹോവ ‘മടുത്തിരിക്കുന്നത്’ ഏത് അർഥത്തിലാണ്?
6 പക്ഷേ, യഹോവയ്ക്ക് എങ്ങനെ ‘മടുപ്പ്’ അനുഭവപ്പെടും? അവൻ “ശക്തിയുടെ ആധിക്യം” ഉള്ളവനും ‘തളരുകയോ ക്ഷീണിക്കയോ ചെയ്യുന്നില്ലാ’ത്തവനും അല്ലേ? (യെശയ്യാവു 40:26, 28, ഓശാന ബൈ.) തന്റെ ജനത്തിന്റെ കപടഭക്തി കാണുമ്പോഴുള്ള യഹോവയുടെ വികാരം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന് അവൻ ഇവിടെ വളരെ വ്യക്തമായ ഒരു ആലങ്കാരിക പ്രയോഗം ഉപയോഗിക്കുകയാണ്. വളരെ ഭാരമുള്ള ഒരു ചുമട് ദീർഘനേരം ചുമന്നുവലഞ്ഞ്, അത് എവിടെയെങ്കിലുമൊന്ന് ഇറക്കിവെച്ചാൽ മതിയെന്ന് ആശിച്ചുപോയിട്ടുള്ള ഒരു സന്ദർഭം എപ്പോഴെങ്കിലും നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? തന്റെ ജനത്തിന്റെ കപടഭക്തിയോടു കൂടിയ ആരാധന കാണുമ്പോൾ യഹോവയ്ക്കു തോന്നുന്നത് അത്തരത്തിലുള്ള മടുപ്പാണ്.
7. യഹോവ തന്റെ ജനത്തിന്റെ പ്രാർഥനകൾ കേൾക്കുന്നതു നിറുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
7 തുടർന്ന്, തന്റെ ജനത്തിന്റെ വ്യക്തിപരമായ പ്രാർഥനകളെ കുറിച്ച് യഹോവ പറയുന്നു. “നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.” (യെശയ്യാവു 1:15) കൈ മലർത്തുന്നത്, അതായത് ഉള്ളംകൈ മുകളിലേക്കു വരത്തക്ക വിധത്തിൽ കൈ വിരിച്ചുപിടിക്കുന്നത്, അപേക്ഷ നടത്തുന്നതിനെ സൂചിപ്പിക്കുന്നു. എന്നാൽ, തന്റെ ജനം അങ്ങനെ ചെയ്യുമ്പോൾ യഹോവ അതിനു വില കൽപ്പിക്കുന്നില്ല. കാരണം, അവരുടെ കൈകൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. ദേശത്ത് അക്രമം നടമാടുകയാണ്, ദുർബലരോടുള്ള അതിക്രമം സാധാരണമായിത്തീർന്നിരിക്കുന്നു. ദുഷ്ടരും സ്വാർഥരുമായ അത്തരം ആളുകൾ തന്നോടു പ്രാർഥിക്കുന്നതും അനുഗ്രഹത്തിനായി അപേക്ഷിക്കുന്നതും യഹോവയ്ക്കു വെറുപ്പുളവാക്കുന്ന സംഗതിയാണ്. അതുകൊണ്ട്, “ഞാൻ കേൾക്കയില്ല” എന്ന് യഹോവ പറയുന്നതിൽ അതിശയിക്കാനില്ല.
8. ഇന്നു ക്രൈസ്തവലോകം എന്തു തെറ്റു ചെയ്യുന്നു, ചില ക്രിസ്ത്യാനികൾ സമാനമായ ഒരു കെണിയിൽ വീഴുന്നത് എങ്ങനെ?
8 സമാനമായി നമ്മുടെ നാളിൽ, ക്രൈസ്തവലോകം വ്യർഥമായ പ്രാർഥനകളുടെ അന്തമില്ലാത്ത ആവർത്തനത്തിലൂടെയും മതപരമായ മറ്റു “പ്രവൃത്തിക”ളിലൂടെയും ദൈവപ്രീതി നേടാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതിൽ പരാജയപ്പെട്ടിരിക്കുന്നു. (മത്തായി 7:21-23) അതേ കെണിയിൽ നാം വീണുപോകാതിരിക്കാൻ സൂക്ഷിക്കുന്നതു വളരെ പ്രധാനമാണ്. ചില ക്രിസ്ത്യാനികൾ ഗുരുതരമായ പാപം ചെയ്യുകയും അതു മറച്ചുവെക്കുകയും ചെയ്യുന്നു. ക്രിസ്തീയ സഭയിൽ സജീവമായി പ്രവർത്തിക്കുന്നതിനാൽ തങ്ങൾ ചെയ്യുന്ന പാപം കണക്കിടാതെ പോകുമെന്ന് അവർ വിചാരിക്കുന്നു. എന്നാൽ അത്തരം കപടഭക്തിയിൽ യഹോവ ഒരിക്കലും പ്രസാദിക്കുകയില്ല. ആത്മീയ രോഗത്തിന് ഒരു പരിഹാരമേ ഉള്ളൂ. അതാണു യെശയ്യാ പുസ്തകത്തിലെ തുടർന്നുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നത്.
ആത്മീയ രോഗത്തിനുള്ള ചികിത്സ
9, 10. യഹോവയ്ക്കുള്ള നമ്മുടെ ആരാധനയിൽ ശുദ്ധി എത്ര പ്രധാനമാണ്?
9 ആർദ്രാനുകമ്പയുള്ള ദൈവമായ യഹോവ ഇപ്പോൾ അപേക്ഷാസ്വരത്തിൽ പറയുന്നു: “നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; [“നിങ്ങളെത്തന്നെ കഴുകുവിൻ; നിങ്ങളെത്തന്നെ ശുദ്ധരാക്കുവിൻ,” NW] നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. നന്മ ചെയ്വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ.” (യെശയ്യാവു 1:16, 17) ഒമ്പത് സുപ്രധാന കാര്യങ്ങൾ അഥവാ കൽപ്പനകൾ നാം ഇവിടെ കാണുന്നു. ആദ്യത്തെ നാലെണ്ണം പാപത്തോടു ബന്ധപ്പെട്ടിരിക്കുന്നു; എന്നാൽ അവസാനത്തെ അഞ്ചെണ്ണം യഹോവയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കുന്ന നടപടികളെ കുറിച്ചു പറയുന്നു.
10 കഴുകലും ശുദ്ധീകരണവും എപ്പോഴും നിർമലാരാധനയുടെ ഒരു സുപ്രധാന ഭാഗം ആയിരുന്നിട്ടുണ്ട്. (പുറപ്പാടു 19:10, 11; 30:20; 2 കൊരിന്ത്യർ 7:1) എന്നാൽ തന്റെ ആരാധകർ ബാഹ്യമായ ശുദ്ധീകരണം നടത്തുന്നതിലുമധികം ചെയ്യാൻ, അതായത് അവർ തങ്ങളുടെ ഹൃദയം നിർമലമാക്കാൻ, യഹോവ പ്രതീക്ഷിക്കുന്നു. ധാർമികവും ആത്മീയവുമായ ശുദ്ധിയാണ് ഏറ്റവും പ്രധാനം. അതിനെയാണ് യഹോവ പരാമർശിക്കുന്നതും. 16-ാം വാക്യത്തിൽ കാണുന്ന ആദ്യത്തെ രണ്ടു കൽപ്പനകൾ കേവലം ആവർത്തനമല്ല. ‘കഴുകുക’ എന്ന ആദ്യ പ്രയോഗം ശുദ്ധീകരിക്കാനുള്ള പ്രഥമ നടപടിയെയും ‘ശുദ്ധരാക്കുക’ എന്ന പ്രയോഗം ശുദ്ധമായ ആ അവസ്ഥ നിലനിർത്താനുള്ള തുടർച്ചയായ ശ്രമങ്ങളെയും സൂചിപ്പിക്കുന്നു എന്ന് ഒരു എബ്രായ വൈയാകരണൻ പറയുന്നു.
11. പാപത്തോടു പോരാടാൻ നാം എന്തു ചെയ്യണം, നാം ഒരിക്കലും എന്തു ചെയ്യാൻ പാടില്ല?
11 നമുക്ക് യഹോവയിൽനിന്നു യാതൊന്നും ഒളിച്ചുവെക്കാനാവില്ല. (ഇയ്യോബ് 34:22; സദൃശവാക്യങ്ങൾ 15:3; എബ്രായർ 4:13) അതുകൊണ്ട്, “നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ” എന്ന കൽപ്പനയ്ക്ക് തിന്മ ചെയ്യുന്നതു നിറുത്തുക എന്ന ഒരു അർഥമേ ഉള്ളൂ. അപ്പോൾ, തീർച്ചയായും ഗുരുതരമായ പാപങ്ങൾ മറച്ചുവെക്കരുതെന്നാണ് അതിന്റെ അർഥം. പാപങ്ങൾ മറച്ചുവെക്കുന്നതുതന്നെ ഒരു പാപമാണ്. സദൃശവാക്യങ്ങൾ 28:13 ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏററുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.”
12. (എ) ‘നന്മ ചെയ്യാൻ പഠിക്കുന്നത്’ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ‘ന്യായം അന്വേഷിക്കാ’നും ‘പീഡിപ്പിക്കുന്നവനെ നേർവഴിക്കാക്കാ’നുമുള്ള നിർദേശങ്ങൾ പ്രത്യേകിച്ചു മൂപ്പന്മാർക്ക് എങ്ങനെ ബാധകമാക്കാനാകും?
12 യെശയ്യാവു 1-ാം അധ്യായത്തിന്റെ 17-ാം വാക്യത്തിൽ യഹോവ കൽപ്പിച്ചിരിക്കുന്ന ക്രിയാത്മക നടപടികളിൽനിന്നു നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാൻ സാധിക്കും. ‘നന്മ ചെയ്യുക’ എന്നല്ല, മറിച്ച് ‘നന്മ ചെയ്യാൻ പഠിപ്പിൻ’ എന്നാണ് അവൻ പറയുന്നത് എന്നതു ശ്രദ്ധിക്കുക. ദൈവദൃഷ്ടിയിൽ നല്ലത് എന്താണെന്ന് അറിയാനും അതു ചെയ്യാനും ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം അനിവാര്യമാണ്. മാത്രമല്ല, ‘ന്യായം പ്രവർത്തിപ്പിൻ’ എന്നല്ല യഹോവ പറയുന്നത്, ‘ന്യായം അന്വേഷിപ്പിൻ’ എന്നാണ്. സങ്കീർണമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നീതിനിഷ്ഠമായ ഗതി എന്താണെന്ന് അറിയാൻ അനുഭവസമ്പന്നരായ മൂപ്പന്മാർ പോലും ദൈവവചനം സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. തുടർന്ന് യഹോവ കൽപ്പിക്കുന്നതുപോലെ, ‘പീഡിപ്പിക്കുന്നവനെ നേർവഴിക്കാക്കുക’ എന്ന ചുമതലയും അവർക്കുണ്ട്. ഈ നിർദേശങ്ങൾ ഇന്നത്തെ ക്രിസ്തീയ ഇടയന്മാർ പിൻപറ്റുന്നതു പ്രധാനമാണ്. കാരണം, “കൊടിയ ചെന്നായ്ക്ക”ളിൽനിന്ന് ആട്ടിൻകൂട്ടത്തെ രക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു.—പ്രവൃത്തികൾ 20:28-30.
13. അനാഥനെയും വിധവയെയും കുറിച്ചുള്ള കൽപ്പനകൾ നമുക്ക് ഇന്ന് എങ്ങനെ ബാധകമാക്കാൻ കഴിയും?
13 അവസാനത്തെ രണ്ടു കൽപ്പനകൾ ദൈവജനത്തിന്റെ ഇടയിലെ ഏറെ ദുർബലരായ രണ്ടു കൂട്ടം ആളുകൾ ഉൾപ്പെടുന്നതാണ്—അനാഥരും വിധവമാരും. ഇവരെ മുതലെടുക്കാൻ ലോകം സദാ കച്ചകെട്ടി നിൽക്കുകയാണ്; എന്നാൽ ദൈവജനത്തിന്റെ ഇടയിലെ അവസ്ഥ അതായിരിക്കരുത്. സ്നേഹസമ്പന്നരായ മൂപ്പന്മാർ സഭയിലെ പിതാവില്ലാത്ത കുട്ടികൾക്കായി ‘ന്യായം നടത്തുന്നു.’ അവർ ഇതു ചെയ്യുന്നത്, ഈ കുട്ടികളെ മുതലെടുക്കാനും ദുഷിപ്പിക്കാനും തക്കം പാർത്തിരിക്കുന്ന ഈ ലോകത്തിൽ നീതിയും സംരക്ഷണവും ലഭിക്കാൻ അവരെ സഹായിച്ചുകൊണ്ടാണ്. മൂപ്പന്മാർ വിധവയ്ക്കു വേണ്ടി ‘വ്യവഹരിക്കുന്നു,’ അഥവാ ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം വ്യക്തമാക്കുന്നതുപോലെ, അവൾക്കു വേണ്ടി “പോരാടുന്നു.” വാസ്തവത്തിൽ, സഹായം ആവശ്യമുള്ളവർക്ക് അഭയവും ആശ്വാസവും നീതിയും ലഭിച്ചുകാണാൻ എല്ലാ ക്രിസ്ത്യാനികളും ആഗ്രഹിക്കുന്നു. കാരണം, അവർ യഹോവയ്ക്കു വളരെ വിലപ്പെട്ടവരാണ്.—മീഖാ 6:8; യാക്കോബ് 1:27.
14. യെശയ്യാവു 1:16, 17-ൽ ഏതു ക്രിയാത്മക സന്ദേശം അടങ്ങിയിരിക്കുന്നു?
14 ഈ ഒമ്പതു കൽപ്പനകളിലൂടെ എത്ര ദൃഢവും ക്രിയാത്മകവുമായ സന്ദേശമാണ് യഹോവ നൽകുന്നത്! ശരിയായതു ചെയ്യാൻ തങ്ങൾക്ക് ആവില്ലെന്നു ദുഷ്പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ കരുതിയേക്കാം. അത്തരം ചിന്ത നിരുത്സാഹജനകമാണ്, മാത്രമല്ല തെറ്റുമാണ്. തന്റെ സഹായമുണ്ടെങ്കിൽ, തെറ്റായ ഗതി ഉപേക്ഷിക്കാനും തിരിഞ്ഞുവരാനും ശരിയായതു ചെയ്യാനും ഏതൊരാൾക്കും സാധിക്കുമെന്ന് യഹോവയ്ക്ക് അറിയാം, നാം അതു മനസ്സിലാക്കാൻ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
അനുകമ്പാർദ്രവും നീതിനിഷ്ഠവുമായ ഒരു അപേക്ഷ
15. “നമുക്കു രമ്യതപ്പെടാം” എന്ന പ്രയോഗം ആളുകൾ ചിലപ്പോഴൊക്കെ തെറ്റിദ്ധരിക്കുന്നത് എങ്ങനെ, എന്നാൽ അതിന്റെ യഥാർഥ അർഥമെന്ത്?
15 ഊഷ്മളതയും അനുകമ്പയും സ്ഫുരിക്കുന്ന സ്വരത്തിൽ യഹോവ പിൻവരുന്നപ്രകാരം പറയുന്നു: “വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം [“രമ്യതപ്പെടാം,” “പി.ഒ.സി. ബൈ.”] എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.” (യെശയ്യാവു 1:18) ഈ മനോഹരമായ വാക്യത്തിന്റെ ആരംഭത്തിൽ നൽകിയിരിക്കുന്ന ക്ഷണം മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഉദാഹരണത്തിന്, “നമുക്കു വാദിച്ചുതീർക്കാം” എന്നു ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ പറയുന്നു. യോജിപ്പിലെത്താൻ ഇരുകക്ഷികളും വിട്ടുവീഴ്ച ചെയ്യണം എന്ന ധ്വനിയാണ് അതിനുള്ളത്. എന്നാൽ, യഥാർഥത്തിൽ അതിന്റെ അർഥം അതല്ല! യഹോവ യാതൊരു തെറ്റും ചെയ്തിട്ടില്ല, മത്സരികളും കപടഭക്തരുമായ തന്റെ ജനത്തോട് ഇടപെട്ടപ്പോൾ പോലും. (ആവർത്തനപുസ്തകം 32:4, 5) തുല്യരായ രണ്ടു പേർ തമ്മിൽ ചർച്ചകൾ നടത്തി വിട്ടുവീഴ്ച ചെയ്യുന്ന കാര്യത്തെ കുറിച്ചല്ല ഈ വാക്യം പറയുന്നത്. മറിച്ച്, നീതി സ്ഥാപിക്കാനുള്ള ഒരു വേദിയെ കുറിച്ചാണ്. ഒരു കോടതിവിചാരണയ്ക്കായി യഹോവ ഇസ്രായേലിനെ വെല്ലുവിളിക്കുന്നതു പോലെയാണ് ഇത്.
16, 17. ഗുരുതരമായ പാപങ്ങൾ പോലും ക്ഷമിക്കാൻ യഹോവ മനസ്സൊരുക്കമുള്ളവനാണെന്ന് നമുക്കെങ്ങനെ അറിയാം?
16 യഹോവയുടെ മുമ്പാകെ കോടതിവിചാരണയ്ക്കായി ചെല്ലുക എന്നത് ഭയപ്പെടുത്തുന്ന ഒരു സംഗതിയായി തോന്നിയേക്കാം. എന്നാൽ ഏറ്റവും കരുണയും അനുകമ്പയും ഉള്ള ന്യായാധിപനാണ് യഹോവ. അവനെപ്പോലെ ക്ഷമ പ്രകടിപ്പിക്കുന്നവരായി മറ്റാരുമില്ല. (സങ്കീർത്തനം 86:5) ഇസ്രായേലിന്റെ ‘കടുഞ്ചുവപ്പ്’ ആയ പാപങ്ങൾ കഴുകിക്കളഞ്ഞ് അവരെ “ഹിമംപോലെ” വെളുപ്പിക്കാൻ അവനു മാത്രമേ സാധിക്കൂ. മനുഷ്യരുടെ ശ്രമങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ യാഗങ്ങൾക്കോ പ്രാർഥനകൾക്കോ ഒന്നും പാപക്കറ നീക്കം ചെയ്യാനാവില്ല. യഹോവയിൽ നിന്നുള്ള ക്ഷമയ്ക്കു മാത്രമേ പാപം കഴുകിക്കളയാനാകൂ. ആ ക്ഷമ ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും അവൻ വെക്കുന്നു. അവയിൽ ഹൃദയംഗമവും ആത്മാർഥവുമായ അനുതാപം ഉൾപ്പെട്ടിരിക്കുന്നു.
17 ഈ സത്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് അവൻ അതു കാവ്യാത്മക ശൈലിയിൽ വീണ്ടും ആവർത്തിക്കുന്നു. അതായത്, “രക്താംബരം” പോലുള്ള പാപങ്ങൾ പോലും പുതിയ, നിറംകൊടുക്കാത്ത, തൂവെള്ളയായ പഞ്ഞിപോലെ ആയിത്തീരുമെന്ന് അവൻ പറയുന്നു. നാം യഥാർഥ അനുതാപം പ്രകടമാക്കുന്നെങ്കിൽ, ഗുരുതരമായ പാപങ്ങൾ പോലും ക്ഷമിക്കുന്നവനാണ് യഹോവയെന്ന് നാം അറിയാൻ അവൻ ആഗ്രഹിക്കുന്നു. തങ്ങളുടെ കാര്യത്തിൽ അതു സത്യമായിരിക്കുമോ എന്നു സംശയമുള്ളവർ മനശ്ശെയുടെ ദൃഷ്ടാന്തം പരിചിന്തിക്കുന്നതു നല്ലതാണ്. അവൻ വർഷങ്ങളോളം കൊടിയ പാപങ്ങൾ ചെയ്തു. എന്നിട്ടും, അനുതപിച്ചപ്പോൾ അവനു ക്ഷമ ലഭിച്ചു. (2 ദിനവൃത്താന്തം 33:9-16) താനുമായി ‘രമ്യതപ്പെടാൻ’ സമയം വൈകിപ്പോയിട്ടില്ല എന്നു നാമെല്ലാം, ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുള്ളവർ പോലും, തിരിച്ചറിയാൻ യഹോവ ആഗ്രഹിക്കുന്നു.
18. മത്സരികളായ തന്റെ ജനത്തിനു മുമ്പാകെ യഹോവ എന്തു തിരഞ്ഞെടുപ്പാണ് വെച്ചത്?
18 തങ്ങൾ ദൈവത്തെ അനുസരിക്കണമോ വേണ്ടയോ എന്ന ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടെന്ന് യഹോവ തന്റെ ജനത്തെ ഓർമിപ്പിക്കുന്നു. “നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും. മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.” (യെശയ്യാവു 1:19, 20) യഹോവ ഇവിടെ ഊന്നൽ നൽകുന്നത് ആളുകളുടെ മനോഭാവത്തിനാണ്. അനന്തരഫലങ്ങൾ ആ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു എന്നു വ്യക്തമാക്കാൻ അവൻ യഹൂദയുടെ മുമ്പാകെ ഒരു തിരഞ്ഞെടുപ്പ് വെക്കുന്നു: ഒന്നുകിൽ സമൃദ്ധി അനുഭവിക്കുക, അല്ലെങ്കിൽ വാളിനിരയാകുക. യഹോവ പറയുന്നത് കേട്ടനുസരിക്കാനുള്ള മനസ്സൊരുക്കം ഉണ്ടെങ്കിൽ, അവർ ദേശത്തെ നല്ല ഫലം അനുഭവിക്കും. എന്നാൽ മത്സരഗതിയിൽ തുടരുന്നെങ്കിലോ, ശത്രുക്കളുടെ വാളിനിരയാകും. ക്ഷമ പ്രകടമാക്കുന്ന ദൈവത്തിന്റെ കരുണയും അനുഗ്രഹവും പ്രാപിക്കുന്നതിനു പകരം, ഒരു ജനത ശത്രുക്കളുടെ വാളിനിരയാകാൻ ആഗ്രഹിക്കുന്നത് അചിന്തനീയമായി തോന്നുന്നു. എന്നിരുന്നാലും, തുടർന്നുള്ള വാക്യങ്ങളിൽ യെശയ്യാവ് വ്യക്തമാക്കുന്നതു പോലെ, യെരൂശലേം അതാണ് തിരഞ്ഞെടുത്തത്.
പ്രിയ നഗരത്തെ ചൊല്ലിയുള്ള വിലാപം
19, 20. (എ) യഹോവയോട് അവന്റെ ജനം കാട്ടിയ വിശ്വാസവഞ്ചന അവൻ എങ്ങനെ അറിയിക്കുന്നു? (ബി) ഏതു വിധത്തിലാണ് യെരൂശലേമിൽ ‘നീതി വസിച്ചിരുന്നത്’?
19 യെരൂശലേമിൽ ഇപ്പോൾ ദുഷ്ടത എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്ന് യെശയ്യാവു 1:21-23-ൽനിന്നു കാണാം. ഇപ്പോൾ യെശയ്യാവ് നിശ്വസ്തതയിൽ ഒരു വിലാപഗീതം എഴുതാൻ തുടങ്ങുന്നു: “വിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നതു എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാർ.”—യെശയ്യാവു 1:21.
20 യെരൂശലേം നഗരം എത്രയോ അധഃപതിച്ചിരിക്കുന്നു! ഒരു വിശ്വസ്ത ഭാര്യ ആയിരുന്ന അവൾ ഇതാ ഒരു വേശ്യയെ പോലെ ആയിത്തീർന്നിരിക്കുന്നു. യഹോവയോട് അവന്റെ ജനം കാട്ടിയ വിശ്വാസവഞ്ചനയും അവനുണ്ടായ ദുഃഖവും ഇത്ര ശക്തമായി പ്രതിഫലിപ്പിക്കാൻ മറ്റേതു ദൃഷ്ടാന്തത്തിനു കഴിയും? ആ നഗരത്തിൽ “നീതി വസിച്ചിരുന്നു.” എപ്പോൾ? ഇസ്രായേൽ അസ്തിത്വത്തിൽ വരുന്നതിനു മുമ്പ്, അബ്രാഹാമിന്റെ നാളിൽത്തന്നെ ആ നഗരം ശാലേം എന്നു വിളിക്കപ്പെട്ടിരുന്നു. രാജാവും പുരോഹിതനുമായ ഒരുവനാണ് അതിൽ ഭരണം നടത്തിയിരുന്നത്. അവന്റെ പേര് മൽക്കീസേദെക് എന്നായിരുന്നു. ‘നീതിയുടെ രാജാവ്’ എന്നർഥമുള്ള ആ പേര് അവനു ശരിക്കും യോജിക്കുന്നതായിരുന്നു. (എബ്രായർ 7:2; ഉല്പത്തി 14:18-20) മൽക്കീസേദെക്കിന്റെ കാലത്തിനും 1,000 വർഷത്തിനു ശേഷം, ദാവീദിന്റെയും ശലോമോന്റെയും ഭരണകാലത്ത് യെരൂശലേം സമൃദ്ധിയുടെ നെറുകയിൽ എത്തി. പ്രത്യേകിച്ചും അവിടത്തെ രാജാക്കന്മാർ യഹോവയുടെ വഴികളിൽ നടന്നുകൊണ്ട് ജനങ്ങൾക്കു നല്ല മാതൃക വെച്ചപ്പോൾ “അതിൽ . . . നീതി വസിച്ചിരുന്നു.” എന്നിരുന്നാലും, യെശയ്യാവിന്റെ കാലം ആയപ്പോഴേക്കും അതെല്ലാം ഒരു വിദൂരസ്മരണ മാത്രമായിരുന്നു.
21, 22. കിട്ടവും വെള്ളം ചേർന്ന വീഞ്ഞും എന്തിനെ സൂചിപ്പിക്കുന്നു, അത്തരമൊരു വിശേഷണം യഹൂദയിലെ നേതാക്കന്മാർക്കു ശരിക്കും യോജിക്കുന്നത് എന്തുകൊണ്ട്?
21 യെരൂശലേമിലെ പ്രശ്നങ്ങളുടെ മുഖ്യ കാരണക്കാർ ജനത്തിന്റെ ഇടയിലെ നേതാക്കന്മാരാണെന്നു തോന്നുന്നു. യെശയ്യാവ് തന്റെ വിലാപം തുടരുന്നു: “നിന്റെ വെള്ളി കീടമായും [“കിട്ടം ആയി,” “ഓശാന ബൈ.”] നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു. നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നേ; അവർ ഒക്കെയും സമ്മാനപ്രിയരും [“കൈക്കൂലിപ്രിയർ,” “ഓശാന ബൈ.”] പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.” (യെശയ്യാവു 1:22, 23) യെശയ്യാവ് ഇവിടെ വായനക്കാരുടെ മുമ്പിൽ ഒന്നിനു പുറകെ ഒന്നായി രണ്ടു വാങ്മയ ചിത്രങ്ങൾ അവതരിപ്പിക്കുകയാണ്. നടക്കാനിരിക്കുന്ന സംഗതികൾക്കായി അവ അവരെ മാനസികമായി ഒരുക്കുന്നു. ആലയിലെ കൊല്ലൻ, ഉരുക്കിയ വെള്ളിലോഹത്തിൽനിന്ന് പാടപോലുള്ള കിട്ടം നീക്കം ചെയ്യുന്നു. ഇസ്രായേലിലെ പ്രഭുക്കന്മാരും ന്യായാധിപന്മാരും കിട്ടം പോലെയാണ്. അവരെ നീക്കം ചെയ്യേണ്ടതുണ്ട്. വെള്ളം ചേർന്ന് ഗുണവും രുചിയും നഷ്ടപ്പെട്ട വീഞ്ഞു പോലെയാണ് അവർ. അത്തരം പാനീയം ഓടയിൽ ഒഴിക്കാനേ കൊള്ളൂ!
22 ഈ വിശേഷണങ്ങൾ ആ നേതാക്കന്മാർക്കു ശരിക്കും യോജിക്കുന്നതായി 23-ാം വാക്യം പ്രകടമാക്കുന്നു. മോശൈക ന്യായപ്രമാണം ദൈവജനത്തെ ശ്രേഷ്ഠരാക്കുകയും മറ്റു ജനതകളിൽനിന്നു വേർതിരിച്ചു നിറുത്തുകയും ചെയ്തു. ഉദാഹരണത്തിന്, അനാഥരെയും വിധവമാരെയും സംരക്ഷിക്കണമെന്ന് അത് അവരോടു കൽപ്പിച്ചിരുന്നു. (പുറപ്പാടു 22:22-24) എന്നാൽ യെശയ്യാവിന്റെ നാളിൽ, അനുകൂലമായ എന്തെങ്കിലും ന്യായവിധി ലഭിക്കുമെന്ന പ്രതീക്ഷ അനാഥർക്ക് ഉണ്ടായിരുന്നില്ല. വിധവയുടെ കാര്യത്തിലാണെങ്കിൽ, അവൾക്കു വേണ്ടി പോരാടുന്നതു പോയിട്ട് അവളുടെ സങ്കടം കേൾക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. ഈ ന്യായാധിപന്മാരും നേതാക്കന്മാരും സ്വാർഥപൂർവം പ്രവർത്തിക്കുന്നതിൽ വ്യാപൃതരാണ്. അവർ കൈക്കൂലി വാങ്ങുന്നു, സമ്മാനങ്ങൾ കാംക്ഷിക്കുന്നു, കള്ളന്മാർക്കു കൂട്ടുനിൽക്കുന്നു, ദ്രോഹിക്കപ്പെടുന്നവർ കഷ്ടത അനുഭവിക്കുമ്പോൾ ദ്രോഹിക്കുന്നവർക്ക് അവർ സംരക്ഷണമേകുന്നു. തങ്ങളുടെ ദുർഗതിയിൽ അവർ ‘മത്സരികൾ’ അഥവാ കഠിനഹൃദയർ ആയിത്തീർന്നിരിക്കുന്നു എന്നതാണ് ഏറെ മോശമായ സംഗതി. എത്ര ദയനീയമായ സ്ഥിതിവിശേഷം!
യഹോവ തന്റെ ജനത്തെ ശുദ്ധീകരിക്കും
23. പ്രതിയോഗികളോടുള്ള എന്തു വികാരം യഹോവ പ്രകടിപ്പിക്കുന്നു?
23 അത്തരം അധികാര ദുർവിനിയോഗം യഹോവ എക്കാലവും വെച്ചുപൊറുപ്പിക്കുകയില്ല. യെശയ്യാവ് തുടർന്നു പറയുന്നു: “അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.” (യെശയ്യാവു 1:24) യഹോവയ്ക്ക് ഇവിടെ ‘കർത്താവ്,’ ‘യിസ്രായേലിന്റെ വല്ലഭൻ,’ ‘സൈന്യങ്ങളുടെ യഹോവ’ എന്നീ മൂന്നു സ്ഥാനപ്പേരുകൾ നൽകിയിരിക്കുന്നു. അവന്റെ ഉചിതമായ കർതൃത്വത്തെയും വലിയ അധികാരത്തെയും ഊന്നിപ്പറയുന്നവയാണ് അവ. യഹോവയ്ക്കു സഹതാപം തോന്നുന്നെങ്കിലും ക്രോധം പ്രകടിപ്പിക്കാനുള്ള അവന്റെ ദൃഢനിശ്ചയത്തെ ധ്വനിപ്പിക്കുന്നതായിരിക്കാം ഈ വാക്യത്തിലെ “ഹാ” എന്ന പ്രയോഗം. യഹോവയ്ക്ക് അങ്ങനെ തോന്നുന്നതിനു നിശ്ചയമായും കാരണമുണ്ടുതാനും.
24. തന്റെ ജനത്തിനായി യഹോവ എന്തു ശുദ്ധീകരണ പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്?
24 യഹോവയുടെ ജനം തങ്ങളെത്തന്നെ അവന്റെ ശത്രുക്കൾ ആക്കിയിരിക്കുന്നു. അവർ ശരിക്കും ദിവ്യക്രോധം അർഹിക്കുന്നു. യഹോവ അവരോടു ‘പകവീട്ടും,’ അതായത് അവരെ നശിപ്പിക്കും. തന്റെ നാമം വഹിക്കുന്ന ജനത്തെ അവൻ പാടേ ഇല്ലാതാക്കും എന്നാണോ അതിന്റെ അർഥം? അല്ല. കാരണം, യഹോവ ഇങ്ങനെ തുടർന്നു പറയുന്നു: “ഞാൻ നിനക്ക് എതിരെ എന്റെ കരം തിരിക്കും. ക്ഷാരജലംകൊണ്ട് എന്നപോലെ നിന്നിലെ കിട്ടം ഞാൻ ഉരുക്കിക്കളയും; നിന്നിലെ കലർപ്പെല്ലാം നീക്കിക്കളയും.” (യെശയ്യാവു 1:25, “ഓശാന ബൈ.”) യഹോവ ഇവിടെ ശുദ്ധീകരണ പ്രക്രിയയെ ഒരു ദൃഷ്ടാന്തമായി ഉപയോഗിക്കുകയാണ്. അമൂല്യമായ ലോഹത്തിൽനിന്ന് കിട്ടം നീങ്ങിക്കിട്ടാൻ പ്രാചീന കാലങ്ങളിലെ ശുദ്ധീകരണ വിദഗ്ധർ ഒരുതരം ക്ഷാരജലം ഉപയോഗിച്ചിരുന്നു. തന്റെ ജനത്തിലെ എല്ലാവരെയും ദുഷ്ടരായി യഹോവ വീക്ഷിക്കുന്നില്ലാത്തതിനാൽ, സമാനമായ ഒരു വിധത്തിൽ, അവൻ ‘അവരെ ഉചിതമായി ശിക്ഷിക്കും.’ അവൻ അവരുടെ ഇടയിൽനിന്ന് ‘കലർപ്പ്’ അഥവാ മാലിന്യങ്ങൾ, അതായത് പഠിക്കാനും അനുസരിക്കാനും വിസമ്മതിക്കുന്ന മത്സരികളും അനഭികാമ്യരുമായ വ്യക്തികളെ, മാത്രമേ നീക്കിക്കളയൂ. c (യിരെമ്യാവു 46:28) ഇങ്ങനെ ചരിത്രം മുൻകൂട്ടി എഴുതാനുള്ള പദവി യെശയ്യാവിനു ലഭിച്ചിരിക്കുന്നു.
25. (എ) പൊ.യു.മു. 607-ൽ യഹോവ തന്റെ ജനത്തെ ശുദ്ധീകരിച്ചത് എങ്ങനെ? (ബി) ആധുനിക നാളുകളിൽ എപ്പോഴാണ് യഹോവ തന്റെ ജനത്തെ ശുദ്ധീകരിച്ചത്?
25 യഹോവ തന്റെ ജനത്തെ ശുദ്ധീകരിക്കുകതന്നെ ചെയ്തു. അവരുടെ ഇടയിൽനിന്നു കിട്ടമായ ദുഷിച്ച നേതാക്കന്മാരെയും മറ്റു മത്സരികളെയും നീക്കം ചെയ്തുകൊണ്ടാണ് അവൻ അതു ചെയ്തത്. യെശയ്യാവു മരിച്ച് വർഷങ്ങൾക്കു ശേഷം, അതായത് പൊ.യു.മു. 607-ൽ, യെരൂശലേം നശിപ്പിക്കപ്പെട്ടു, ശത്രുക്കൾ അതിലെ നിവാസികളെ ബാബിലോണിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോയി. ഈ സംഭവത്തിന്, വളരെ കാലത്തിനു ശേഷം ദൈവം കൈക്കൊണ്ട മറ്റൊരു നടപടിയുമായി കുറെയൊക്കെ സാമ്യമുണ്ട്. ഇസ്രായേല്യരുടെ ബാബിലോണിയൻ പ്രവാസം കഴിഞ്ഞ് വളരെ കാലത്തിനു ശേഷം എഴുതപ്പെട്ട മലാഖി 3:1-5-ലെ പ്രവചനം, ദൈവം വീണ്ടും ഒരു ശുദ്ധീകരണ പ്രക്രിയ കൂടെ നടത്തുമെന്നു വ്യക്തമാക്കി. “നിയമദൂത”നായ യേശുക്രിസ്തുവിന്റെ കൂടെ യഹോവയാം ദൈവം ആത്മീയ ആലയത്തിലേക്കു വരുന്ന ഒരു കാലത്തേക്കാണ് അതു വിരൽ ചൂണ്ടിയത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവിലാണ് അതു സംഭവിച്ചതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. യഹോവ, ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട എല്ലാവരെയും പരിശോധിച്ച് സത്യക്രിസ്ത്യാനികളെ വ്യാജക്രിസ്ത്യാനികളിൽനിന്നു വേർതിരിച്ചു. ഫലം എന്തായിരുന്നു?
26-28. (എ) യെശയ്യാവു 1:26-ന്റെ പ്രാരംഭ നിവൃത്തി എന്ത്? (ബി) നമ്മുടെ കാലത്ത് ഈ പ്രവചനം നിവൃത്തിയേറിയിരിക്കുന്നത് എങ്ങനെ? (സി) ഈ പ്രവചനം ഇന്നത്തെ മൂപ്പന്മാർക്ക് എങ്ങനെ പ്രയോജനം ചെയ്തേക്കാം?
26 യഹോവ ഉത്തരം നൽകുന്നു: “ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും. സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.” (യെശയ്യാവു 1:26, 27) പുരാതന യെരൂശലേമിൽ ഈ പ്രവചനത്തിന്റെ പ്രാരംഭ നിവൃത്തി ഉണ്ടായി. പൊ.യു.മു. 537-ൽ ആ പ്രവാസികൾ തങ്ങളുടെ പ്രിയ നഗരത്തിലേക്കു മടങ്ങി. മുൻകാലത്തെപ്പോലെ വിശ്വസ്തരായ ന്യായാധിപന്മാരും ആലോചനക്കാരും അവരുടെ ഇടയിൽ പിന്നെയും ഉണ്ടായി. മടങ്ങിയെത്തിയ ആ വിശ്വസ്ത ശേഷിപ്പിന് ദൈവത്തിന്റെ വഴികളിൽ നടക്കാൻ ആവശ്യമായ സഹായവും മാർഗനിർദേശവും നൽകുന്നതിൽ പ്രവാചകന്മാരായ ഹഗ്ഗായിയും സെഖര്യാവും പുരോഹിതനായ യോശുവയും ശാസ്ത്രിയായ എസ്രായും ഗവർണറായ സെരുബ്ബാബേലുമൊക്കെ പങ്കുചേർന്നു. എന്നിരുന്നാലും, 20-ാം നൂറ്റാണ്ടിൽ അതിനെക്കാൾ സുപ്രധാനമായ ഒരു നിവൃത്തി പ്രസ്തുത പ്രവചനത്തിന് ഉണ്ടായി.
27 ഇക്കാലത്തെ യഹോവയുടെ ജനം 1919-ൽ പരിശോധനയുടെ ഒരു കാലഘട്ടത്തെ അതിജീവിച്ച് പുറത്തുവന്നു. വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിന്റെ ആത്മീയ അടിമത്തത്തിൽനിന്ന് അവർ വിടുവിക്കപ്പെട്ടു. ആ വിശ്വസ്ത അഭിഷിക്ത ശേഷിപ്പും ക്രൈസ്തവലോകത്തിലെ വിശ്വാസത്യാഗികളായ പുരോഹിതവർഗവും തമ്മിലുള്ള വ്യത്യാസം സ്പഷ്ടമായിത്തീർന്നു. ദൈവം വീണ്ടും തന്റെ ജനത്തെ അനുഗ്രഹിച്ചുകൊണ്ട് അവരുടെമേൽ ‘ആദ്യത്തെപ്പോലെ ന്യായാധിപന്മാരെയും ആലോചനക്കാരെയും ആക്കിവെച്ചു.’ ഈ വിശ്വസ്ത പുരുഷന്മാർ മനുഷ്യരുടെ പാരമ്പര്യങ്ങൾ അനുസരിച്ചല്ല, മറിച്ച് ദൈവത്തിന്റെ വചനപ്രകാരമാണ് അവന്റെ ജനത്തെ ബുദ്ധിയുപദേശിക്കുന്നത്. ഇന്ന് എണ്ണം കുറഞ്ഞുവരുന്ന “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെയും അവരുടെ സഹകാരികളായ, ദശലക്ഷങ്ങളായി വർധിച്ചുകൊണ്ടിരിക്കുന്ന “വേറെ ആടുക”ളുടെയും ഇടയിൽ ഇത്തരത്തിലുള്ള ആയിരക്കണക്കിനു പുരുഷന്മാരുണ്ട്.—ലൂക്കൊസ് 12:32; യോഹന്നാൻ 10:16; യെശയ്യാവു 32:1, 2; 60:17; 61:3, 4.
28 സഭയെ ധാർമികവും ആത്മീയവുമായി ശുദ്ധമായി സൂക്ഷിക്കുന്നതിനും ദുഷ്പ്രവൃത്തിക്കാരെ തിരുത്തുന്നതിനുമായി തങ്ങൾ ചിലപ്പോഴൊക്കെ ‘ന്യായാധിപന്മാരായി’ പ്രവർത്തിക്കുന്നു എന്ന് മൂപ്പന്മാർ തിരിച്ചറിയുന്നു. കരുണയും നീതിയും സംബന്ധിച്ച ദൈവത്തിന്റെ സമനിലയുള്ള വീക്ഷണം അനുകരിച്ചുകൊണ്ട് ദൈവിക വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നതിൽ അവർ ആഴമായ താത്പര്യമെടുക്കുന്നു. മിക്കപ്പോഴും ‘ആലോചനക്കാരാ’യും അവർ സേവിക്കുന്നു. പ്രഭുക്കന്മാരോ ഏകാധിപതികളോ ആയിരിക്കുന്നതിൽനിന്നു വളരെ വ്യത്യസ്തമാണ് ഇത്. ‘അജഗണത്തിന്റെമേൽ ആധിപത്യം’ നടത്തുന്നു എന്നൊരു തോന്നൽ പോലും ഉളവാകാത്ത വിധത്തിൽ പ്രവർത്തിക്കാൻ അവർ ആത്മാർഥമായി ശ്രമിക്കുന്നു.—1 പത്രൊസ് 5:3, പി.ഒ.സി. ബൈ.
29, 30. (എ) ശുദ്ധീകരണ പ്രവർത്തനത്തിൽനിന്നു പ്രയോജനം നേടാൻ വിസമ്മതിക്കുന്നവർക്ക് എന്തു സംഭവിക്കുമെന്ന് യഹോവ പ്രഖ്യാപിക്കുന്നു? (ബി) ഏത് അർഥത്തിൽ ആളുകൾ തങ്ങളുടെ വൃക്ഷങ്ങളെയും തോട്ടങ്ങളെയും കുറിച്ചു ‘നാണിക്കുന്നു’?
29 യെശയ്യാവിന്റെ പ്രവചനത്തിൽ പരാമർശിച്ചിരിക്കുന്ന “കിട്ട”ത്തിന്റെ കാര്യമോ? ദൈവത്തിന്റെ ശുദ്ധീകരണ പ്രവർത്തനത്തിൽനിന്നു പ്രയോജനം നേടാൻ വിസമ്മതിക്കുന്നവർക്ക് എന്തു സംഭവിക്കും? യെശയ്യാവ് തുടരുന്നു: “എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും. നിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.” (യെശയ്യാവു 1:28, 29) യഹോവയുടെ പ്രവാചകന്മാർ നൽകിയ മുന്നറിയിപ്പിൻ സന്ദേശങ്ങളെ അവഗണിച്ചുകൊണ്ട് അവനെതിരെ അതിക്രമം കാട്ടുകയും പാപപ്രവൃത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് പൊ.യു.മു. 607-ൽ തീർച്ചയായും ‘നാശം ഭവിക്കുന്നു,’ അവർ ‘മുടിഞ്ഞുപോകുന്നു.’ എന്നിരുന്നാലും, ഈ വാക്യങ്ങൾ കരുവേലകങ്ങളെയും തോട്ടങ്ങളെയും പരാമർശിക്കുന്നത് എന്തുകൊണ്ടാണ്?
30 ഇസ്രായേൽ ജനത വീണ്ടും വീണ്ടും വിഗ്രഹാരാധനയിൽ ഏർപ്പെടുന്നു. വൃക്ഷങ്ങളും ഉദ്യാനങ്ങളും തോപ്പുകളുമൊക്കെ അവരുടെ ഈ അധമ പ്രവൃത്തികളോടു ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ബാലിനെയും അവന്റെ പത്നിയായ അസ്തോരെത്തിനെയും ആരാധിക്കുന്നവർ, വേനൽക്കാലത്ത് ഈ ദേവനും ദേവിയും മൃതാവസ്ഥയിലാണെന്നും അവരെ കുഴിച്ചുമൂടിയിരിക്കുകയാണെന്നും വിശ്വസിക്കുന്നു. അവരുടെ വിശ്വാസപ്രകാരം ദേശത്ത് സമൃദ്ധി ഉണ്ടാകണമെങ്കിൽ, അവർ ഉണർന്ന് സംഭോഗത്തിലേർപ്പെടണം. അവരെ ഉണർത്താനായി, വിഗ്രഹാരാധകർ വൃക്ഷത്തോപ്പുകളിലെയും തോട്ടങ്ങളിലെയും “വിശുദ്ധ” വൃക്ഷങ്ങൾക്കു കീഴിൽ കൂടിവന്ന് വികടമായ കാമകേളികളിൽ മുഴുകുന്നു. ദേശത്തു മഴ കിട്ടുകയും ഫലസമൃദ്ധി ഉണ്ടാകുകയും ചെയ്യുമ്പോൾ, അതിനുള്ള ബഹുമതി ആ ദേവനും ദേവിക്കും ലഭിക്കുന്നു; അങ്ങനെ ആ മഴയും ഫലസമൃദ്ധിയുമൊക്കെ അവരുടെ അന്ധവിശ്വാസങ്ങളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണു ചെയ്യുന്നത്. എന്നാൽ മത്സരികളായ ആ വിഗ്രഹാരാധകരെ യഹോവ നശിപ്പിക്കുമ്പോൾ ഒരു വിഗ്രഹദേവനും അവരുടെ രക്ഷയ്ക്കെത്തുന്നില്ല. അപ്പോൾ, ആ മത്സരികൾ പ്രസ്തുത വൃക്ഷങ്ങളെയും തോട്ടങ്ങളെയും കുറിച്ചു ‘നാണിക്കുന്നു.’
31. വിഗ്രഹാരാധകർക്ക് നാണക്കേടിനെക്കാൾ മോശമായ എന്തു സംഭവിക്കുന്നു?
31 വിഗ്രഹാരാധകരായ യഹൂദാ നിവാസികൾക്ക് നാണക്കേടിനെക്കാൾ മോശമായ ഒന്നു സംഭവിക്കാൻ പോകുകയാണ്. തന്റെ ദൃഷ്ടാന്തത്തിന് അൽപ്പം മാറ്റം വരുത്തിക്കൊണ്ട് ആ വിഗ്രഹാരാധകരെ യഹോവ ഒരു വൃക്ഷത്തോട് ഉപമിക്കുന്നു. “നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.” (യെശയ്യാവു 1:30) മധ്യപൂർവ ദേശത്തെ വരണ്ട കാലാവസ്ഥയിൽ ഈ ഉദാഹരണം വളരെ അനുയോജ്യമാണ്. സ്ഥിരമായി വെള്ളം ലഭിക്കാത്തപക്ഷം ഏതൊരു വൃക്ഷവും തോട്ടവും താമസിയാതെ ഉണങ്ങിപ്പോകും. ഉണങ്ങിപ്പോയ അത്തരം വൃക്ഷങ്ങൾക്കും തോട്ടങ്ങൾക്കും തീ പിടിക്കാൻ വളരെ എളുപ്പമാണ്. അതുകൊണ്ട്, തുടർന്നുവരുന്ന 31-ാം വാക്യത്തിലെ ദൃഷ്ടാന്തം നന്നായി ഇണങ്ങുന്നതാണ്.
32. (എ) 31-ാം വാക്യത്തിൽ പരാമർശിച്ചിരിക്കുന്ന “ബലവാൻ” ആരാണ്? (ബി) ഏത് അർഥത്തിൽ അവൻ ‘ചണനാര്’ ആയിത്തീരും, ഏത് “തീപ്പൊരി”യിൽ അവൻ വെന്തുപോകും, അതിന്റെ ഫലമെന്തായിരിക്കും?
32 “ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.” (യെശയ്യാവു 1:31) ഈ “ബലവാൻ” ആരാണ്? പണവും പ്രതാപവുമുള്ള ഒരുവനെയാണ് ഈ വാക്യത്തിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം സൂചിപ്പിക്കുന്നത്. സമ്പദ്സമൃദ്ധിയുള്ള, അഹങ്കാരിയായ വ്യാജദൈവ ആരാധകനെ ആയിരിക്കാം അതുകൊണ്ട് ഉദ്ദേശിക്കുന്നത്. യഹോവയെയും സത്യാരാധനയെയും ഉപേക്ഷിക്കുന്നവർ ഇന്ന് അനവധിയാണ്, യെശയ്യാവിന്റെ കാലത്തും അങ്ങനെ ആയിരുന്നു. അവരിൽ ചിലർ പ്രത്യക്ഷത്തിൽ തങ്ങളുടെ ഉദ്യമങ്ങളിൽ വിജയം കൈവരിക്കുക പോലും ചെയ്യുന്നു. എന്നാൽ, അത്തരക്കാർ ‘ചണനാര്’ പോലെ ആയിത്തീരുമെന്ന് യഹോവ മുന്നറിയിപ്പു നൽകുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ, ദുർബലമായ, ഉണങ്ങിയ പരുക്കൻ ചണനാരുകൾ അറ്റുപോകാൻ തീ ഒന്നു തൊട്ടാൽ മതി. (ന്യായാധിപന്മാർ 16:8, 9) വിഗ്രഹാരാധകന്റെ പണി—അവന്റെ വിഗ്രഹദേവന്മാരോ സമ്പത്തോ യഹോവയ്ക്കു പകരം അയാൾ ആരാധിക്കുന്ന എന്തുതന്നെയോ ആയിക്കൊള്ളട്ടെ അത്—“തീപ്പൊരി” പോലെ ആയിത്തീരും. ഈ തീപ്പൊരിയും ചണവും ഒരുപോലെ കത്തിയമരും, ആർക്കും കെടുത്താനാകാത്ത തീയിൽ അത് എരിഞ്ഞമർന്ന് ഇല്ലാതാകും. യഹോവയുടെ കുറ്റമറ്റ ന്യായത്തീർപ്പുകളെ തകിടം മറിക്കാൻ പ്രപഞ്ചത്തിൽ ഒരു ശക്തിക്കുമാവില്ല.
33. (എ) ദൈവത്തിന്റെ ആസന്നമായ ന്യായവിധിയെ കുറിച്ചുള്ള മുന്നറിയിപ്പുകൾ അവന്റെ കരുണയുടെ പ്രതിഫലനം കൂടി ആയിരിക്കുന്നത് എങ്ങനെ? (ബി) യഹോവ ഇപ്പോൾ മനുഷ്യവർഗത്തിന് എന്ത് അവസരം വെച്ചുനീട്ടുന്നു, അതു നമ്മെ ഓരോരുത്തരെയും എങ്ങനെ ബാധിക്കുന്നു?
33 18-ാം വാക്യത്തിൽ കാണുന്ന കരുണയുടെയും ക്ഷമയുടെയും സന്ദേശത്തോടു നിരക്കുന്നതാണോ ഈ അന്തിമ സന്ദേശം? തീർച്ചയായും! യഹോവ തന്റെ ദാസന്മാരെ ഉപയോഗിച്ച് അത്തരം മുന്നറിയിപ്പുകൾ രേഖപ്പെടുത്തുകയും അവർ മുഖാന്തരം അവ അറിയിക്കുകയും ചെയ്തിരിക്കുന്നത് അവൻ കാരുണ്യവാൻ ആയതുകൊണ്ടാണ്. ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടാനാണ്’ അവൻ ആഗ്രഹിക്കുന്നത്. (2 പത്രൊസ് 3:9) ദൈവത്തിന്റെ മുന്നറിയിപ്പിൻ സന്ദേശങ്ങൾ പ്രഖ്യാപിക്കുകയെന്ന പദവി ഇന്നത്തെ ഓരോ സത്യക്രിസ്ത്യാനിക്കും ഉണ്ട്. അങ്ങനെ ചെയ്യുകവഴി, അനുതാപം പ്രകടമാക്കുന്ന ഏവർക്കും യഹോവയുടെ ഉദാരമായ ക്ഷമയിൽനിന്നു പ്രയോജനം നേടാനും തത്ഫലമായി നിത്യജീവൻ പ്രാപിക്കാനുമുള്ള അവസരം ലഭിക്കുന്നു. വൈകുന്നതിനു മുമ്പ്, താനുമായി ‘രമ്യതപ്പെടാനുള്ള’ അവസരം യഹോവ എല്ലാവർക്കും വെച്ചുനീട്ടുന്നത് അവൻ മനുഷ്യരോടു കാണിക്കുന്ന എത്ര വലിയ ദയയാണ്!
[അടിക്കുറിപ്പുകൾ]
a പുരാതന യഹൂദാ പാരമ്പര്യ വിശ്വാസം അനുസരിച്ച്, ദുഷ്ട രാജാവായ മനശ്ശെയുടെ ഉത്തരവിൻ പ്രകാരം യെശയ്യാവിനെ ഈർച്ചവാളാൽ അറുത്തുകൊന്നു. (എബ്രായർ 11:37 താരതമ്യം ചെയ്യുക.) യെശയ്യാവിനു വധശിക്ഷ ലഭിക്കാനായി ഒരു കള്ളപ്രവാചകൻ പിൻവരുന്ന ആരോപണം ഉന്നയിച്ചുവെന്ന് ഒരു ഗ്രന്ഥം പറയുന്നു: “അവൻ യെരൂശലേമിനെ സൊദോം എന്നു വിളിക്കുക മാത്രമല്ല യഹൂദയിലെയും യെരൂശലേമിലെയും രാജകുമാരന്മാർ ഗൊമോറയിലെ ആളുകളെ പോലെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.”
b “പ്രകൃത്യതീത ശക്തി” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തെ “ഹാനികരം,” “ഗൂഢം,” അല്ലെങ്കിൽ “അബദ്ധജഡിലം” എന്നും തർജമ ചെയ്യാവുന്നതാണ്. പഴയനിയമ ദൈവശാസ്ത്ര നിഘണ്ടു (ഇംഗ്ലീഷ്) പറയുന്ന പ്രകാരം, “അധികാര ദുർവിനിയോഗം മൂലമുണ്ടാകുന്ന തിന്മ”യെ കുറ്റം വിധിക്കാൻ എബ്രായ പ്രവാചകന്മാർ ഈ പദം ഉപയോഗിച്ചിരുന്നു.
c “ഞാൻ നിനക്ക് എതിരെ എന്റെ കരം തിരിക്കും” എന്ന പ്രയോഗത്തിന്റെ അർഥം യഹോവ അവരെ സംരക്ഷിക്കുന്നതിനു പകരം ശിക്ഷിക്കും എന്നാണ്.
[അധ്യയന ചോദ്യങ്ങൾ]