വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മത്സരികൾക്ക്‌ അയ്യോ കഷ്‌ടം!

മത്സരികൾക്ക്‌ അയ്യോ കഷ്‌ടം!

അധ്യായം പതി​നൊന്ന്‌

മത്സരി​കൾക്ക്‌ അയ്യോ കഷ്‌ടം!

യെശയ്യാവു 9:8-10:4

1. എത്ര ഗുരു​ത​ര​മായ തെറ്റാണ്‌ യൊ​രോ​ബെ​യാം ചെയ്‌തത്‌?

 യഹോ​വ​യു​ടെ ഉടമ്പടി​ജനത രണ്ടു രാജ്യ​ങ്ങ​ളാ​യി പിരി​ഞ്ഞ​പ്പോൾ, പത്തു-ഗോത്ര വടക്കേ രാജ്യം യൊ​രോ​ബെ​യാ​മി​ന്റെ ഭരണത്തിൻ കീഴി​ലാ​യി. ആ പുതിയ രാജാവ്‌ പ്രാപ്‌ത​നും ഊർജ​സ്വ​ല​നു​മായ ഒരു ഭരണാ​ധി​പൻ ആയിരു​ന്നെ​ങ്കി​ലും, അവന്‌ യഹോ​വ​യിൽ യഥാർഥ വിശ്വാ​സം ഇല്ലായി​രു​ന്നു. തന്നിമി​ത്തം അവൻ കൊടിയ തെറ്റുകൾ ചെയ്യു​ക​യും അങ്ങനെ വടക്കേ രാജ്യ​ത്തി​ന്റെ മുഴു ചരി​ത്ര​ത്തെ​യും കളങ്ക​പ്പെ​ടു​ത്തു​ക​യും ചെയ്‌തു. വർഷത്തിൽ മൂന്നു പ്രാവ​ശ്യം യെരൂ​ശ​ലേ​മി​ലുള്ള ആലയത്തിൽ പോക​ണ​മെന്നു മോ​ശൈക ന്യായ​പ്ര​മാ​ണം ഇസ്രാ​യേ​ല്യ​രോട്‌ ആവശ്യ​പ്പെ​ട്ടി​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 16:16) യെരൂ​ശ​ലേം ഇപ്പോൾ തെക്കേ രാജ്യ​മായ യഹൂദ​യു​ടെ ഭാഗമാണ്‌. ആലയത്തി​ലേ​ക്കുള്ള അത്തരം യാത്രകൾ യഹൂദ​യി​ലെ തങ്ങളുടെ സഹോ​ദ​ര​ന്മാ​രു​മാ​യി വീണ്ടും ലയിക്കു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കാൻ തന്റെ പ്രജകളെ പ്രേരി​പ്പി​ക്കു​മെന്നു ഭയപ്പെട്ട യൊ​രോ​ബെ​യാം “പൊന്നു​കൊ​ണ്ടു രണ്ടു കാളക്കു​ട്ടി​യെ ഉണ്ടാക്കി; നിങ്ങൾ യെരൂ​ശ​ലേ​മിൽ പോയതു മതി; യിസ്രാ​യേലേ, ഇതാ നിന്നെ മിസ്ര​യീം​ദേ​ശ​ത്തു​നി​ന്നു കൊണ്ടു​വന്ന നിന്റെ ദൈവം എന്നു അവരോ​ടു പറഞ്ഞു. അവൻ ഒന്നിനെ ബേഥേ​ലി​ലും മറേറ​തി​നെ ദാനി​ലും പ്രതി​ഷ്‌ഠി​ച്ചു.”—1 രാജാ​ക്ക​ന്മാർ 12:28, 29.

2, 3. യൊ​രോ​ബെ​യാ​മി​ന്റെ തെറ്റു നിമിത്തം ഇസ്രാ​യേൽ അനുഭ​വി​ക്കേ​ണ്ടി​വന്ന ദുരന്ത​ഫ​ലങ്ങൾ എന്തെല്ലാം?

2 കുറെ കാല​ത്തേക്ക്‌ യൊ​രോ​ബെ​യാ​മി​ന്റെ പദ്ധതി വിജയി​ക്കു​ന്ന​താ​യി തോന്നി. ജനങ്ങൾ ക്രമേണ യെരൂ​ശ​ലേ​മി​ലേ​ക്കുള്ള പോക്ക്‌ നിറുത്തി, അവർ യൊ​രോ​ബെ​യാം ഉണ്ടാക്കിയ രണ്ട്‌ കാളക്കു​ട്ടി​കളെ ആരാധി​ക്കാൻ തുടങ്ങി. (1 രാജാ​ക്ക​ന്മാർ 12:30) വിശ്വാ​സ​ത്യാ​ഗ​പ​ര​മായ അത്തരം ആരാധ​നാ​രീ​തി പത്തു-ഗോത്ര രാജ്യത്തെ ദുഷി​പ്പി​ച്ചു. പിൽക്കാല വർഷങ്ങ​ളിൽ, ഇസ്രാ​യേ​ലിൽനിന്ന്‌ ബാൽ ആരാധന തുടച്ചു​നീ​ക്കാൻ ശ്ലാഘനീ​യ​മായ ശുഷ്‌കാ​ന്തി കാട്ടിയ യേഹൂ പോലും ഈ പൊൻകാ​ള​ക്കു​ട്ടി​കളെ വണങ്ങു​ന്ന​തിൽ തുടർന്നു. (2 രാജാ​ക്ക​ന്മാർ 10:28, 29) യൊ​രോ​ബെ​യാ​മി​ന്റെ തെറ്റായ തീരു​മാ​ന​ത്തി​ന്റെ മറ്റു ദുരന്ത​ഫ​ലങ്ങൾ എന്തെല്ലാ​മാ​യി​രു​ന്നു? ദേശത്ത്‌ രാഷ്‌ട്രീയ അസ്ഥിരത നിലനി​ന്നു, ആളുകൾ ദുരി​ത​മ​നു​ഭ​വി​ച്ചു.

3 യൊരോബെയാം വിശ്വാ​സ​ത്യാ​ഗി ആയിത്തീർന്ന​തി​നാൽ, അവന്റെ സന്തതി ദേശം ഭരിക്കു​ക​യി​ല്ലെ​ന്നും ഒടുവിൽ വടക്കേ രാജ്യം വൻദു​ര​ന്തത്തെ അഭിമു​ഖീ​ക​രി​ക്കു​മെ​ന്നും യഹോവ പറഞ്ഞു. (1 രാജാ​ക്ക​ന്മാർ 14:14, 15) യഹോ​വ​യു​ടെ വചനം സത്യ​മെന്നു തെളിഞ്ഞു. ഇസ്രാ​യേ​ലി​ലെ രാജാ​ക്ക​ന്മാ​രിൽ ഏഴു പേർ രണ്ടു വർഷം അല്ലെങ്കിൽ അതിൽ കുറഞ്ഞ സമയമാ​ണു ഭരണം നടത്തി​യത്‌, ചിലർ ഏതാനും ദിവസങ്ങൾ മാത്ര​വും. ഒരു രാജാവ്‌ ആത്മഹത്യ ചെയ്‌തു, ആറു പേരെ അധികാര മോഹി​ക​ളായ ആളുകൾ കൊല​പ്പെ​ടു​ത്തി. പൊ.യു.മു. ഏകദേശം 804-ൽ അവസാ​നിച്ച യൊ​രോ​ബെ​യാം രണ്ടാമന്റെ വാഴ്‌ച​യ്‌ക്കു ശേഷം, യഹൂദ​യിൽ ഉസ്സീയാവ്‌ രാജാ​വാ​യി ഭരിക്കു​മ്പോൾ ഇസ്രാ​യേ​ലിൽ അശാന്തി​യും അക്രമ​വും നടമാടി, ഒപ്പം കൊല​പാ​ത​ക​ങ്ങ​ളും അരങ്ങേറി. അത്തര​മൊ​രു സാഹച​ര്യ​ത്തി​ലാണ്‌ വടക്കേ രാജ്യ​ത്തിന്‌ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ നേരി​ട്ടുള്ള ഒരു മുന്നറി​യിപ്പ്‌ അഥവാ “വചനം” നൽകു​ന്നത്‌. “കർത്താവു യാക്കോ​ബിൽ ഒരു വചനം അയച്ചു; അതു യിസ്രാ​യേ​ലി​ന്മേൽ വീണും ഇരിക്കു​ന്നു.”—യെശയ്യാ​വു 9:8. a

ഡംഭും ഗർവവും യഹോ​വ​യു​ടെ ക്രോധം വിളി​ച്ചു​വ​രു​ത്തു​ന്നു

4. ഇസ്രാ​യേ​ലി​നെ​തി​രെ യഹോവ അയയ്‌ക്കുന്ന “വചനം” എന്ത്‌, അത്‌ അയയ്‌ക്കു​ന്നത്‌ എന്തിന്‌?

4 യഹോവയുടെ “വചനം” അവഗണി​ക്ക​പ്പെ​ടു​ക​യില്ല. “ഡംഭ​ത്തോ​ടും ഹൃദയ​ഗർവ്വ​ത്തോ​ടും​കൂ​ടെ പറയുന്ന എഫ്രയീ​മും ശമര്യ​നി​വാ​സി​ക​ളു​മായ ജനമൊ​ക്കെ​യും അതു അറിയും.” (യെശയ്യാ​വു 9:10) ‘യാക്കോബ്‌,’ ‘യിസ്രാ​യേൽ,’ ‘എഫ്രയീം,’ ‘ശമര്യ’ എന്നീ പേരു​ക​ളെ​ല്ലാം വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​നെ സൂചി​പ്പി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു. അതിൽ പ്രധാന ഗോത്രം എഫ്രയീം ആണ്‌, ശമര്യ തലസ്ഥാ​ന​വും. ആ രാജ്യ​ത്തി​നെ​തി​രായ യഹോ​വ​യു​ടെ വചനം ശക്തമായ ഒരു ന്യായ​വി​ധി സന്ദേശ​മാണ്‌. കാരണം, വിശ്വാ​സ​ത്യാ​ഗ​ത്താൽ എഫ്രയീ​മി​ന്റെ മനം തഴമ്പി​ച്ചു​പോ​കു​ക​യും യഹോ​വ​യു​ടെ നേർക്ക്‌ അവർ അങ്ങേയറ്റം ഗർവോ​ടെ പ്രവർത്തി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. ദുഷ്‌പ്ര​വൃ​ത്തി​ക​ളു​ടെ അനന്തര​ഫ​ല​ങ്ങ​ളിൽനി​ന്നു ദൈവം അവരെ രക്ഷിക്കു​ക​യില്ല. ദൈവ​വ​ചനം കേൾക്കാൻ, അല്ലെങ്കിൽ അതിനു ചെവി കൊടു​ക്കാൻ അവർ നിർബ​ന്ധി​ത​രാ​കും.—ഗലാത്യർ 6:7.

5. യഹോ​വ​യു​ടെ ന്യായ​ത്തീർപ്പു​കൾക്കു തങ്ങളു​ടെ​മേൽ യാതൊ​രു പ്രഭാ​വ​വും ഇല്ലെന്ന്‌ ഇസ്രാ​യേ​ല്യർ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

5 സാധാരണഗതിയിൽ, മണ്ണിഷ്‌ടി​ക​യും വിലകു​റഞ്ഞ തടിയും ഉപയോ​ഗി​ച്ചാണ്‌ അന്നു വീടുകൾ പണിതി​രു​ന്നത്‌. സമൂഹ​ത്തി​ലെ അവസ്ഥകൾ വഷളാ​കു​ന്ന​തോ​ടെ ആളുകൾക്കു തങ്ങളുടെ ഭവനങ്ങൾ ഉൾപ്പെടെ പലതും നഷ്‌ട​മാ​കു​ന്നു. തത്‌ഫ​ല​മാ​യി അവരുടെ ഹൃദയ​കാ​ഠി​ന്യം കുറയു​ന്നു​ണ്ടോ? സത്യ​ദൈ​വ​ത്തി​ന്റെ പ്രവാ​ച​ക​ന്മാർക്കു ചെവി​കൊ​ടുത്ത്‌ അവർ അവനി​ലേക്കു മടങ്ങി​വ​രു​മോ? b ജനത്തിന്റെ ഗർവി​ഷ്‌ഠ​മായ പ്രതി​ക​രണം യെശയ്യാവ്‌ രേഖ​പ്പെ​ടു​ത്തു​ന്നു: “ഇഷ്ടികകൾ വീണു​പോ​യി എങ്കിലും ഞങ്ങൾ വെട്ടു​ക​ല്ലു​കൊ​ണ്ടു പണിയും; കാട്ടത്തി​കളെ വെട്ടി​ക്ക​ളഞ്ഞു എങ്കിലും ഞങ്ങൾ അവെക്കു പകരം ദേവദാ​രു​ക്കളെ നട്ടു​കൊ​ള്ളും.” (യെശയ്യാ​വു 9:9) ഇസ്രാ​യേ​ല്യർ യഹോ​വയെ ധിക്കരി​ക്കു​ക​യും അവരുടെ കഷ്‌ട​ത​ക​ളു​ടെ കാരണം വിശദ​മാ​ക്കുന്ന പ്രവാ​ച​ക​ന്മാ​രെ തള്ളിക്ക​ള​യു​ക​യും ചെയ്യുന്നു. ഫലത്തിൽ, ആളുകൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: ‘മണ്ണിഷ്‌ടി​ക​യും വിലകു​റഞ്ഞ തടിയും കൊണ്ട്‌ ഉണ്ടാക്കിയ വീടുകൾ ഞങ്ങൾക്കു നഷ്‌ട​പ്പെ​ട്ടേ​ക്കാം. എന്നാൽ, അതിന്റെ സ്ഥാനത്ത്‌ മേൽത്തരം വസ്‌തു​ക്കൾകൊണ്ട്‌, വെട്ടി​യെ​ടുത്ത കല്ലു​കൊ​ണ്ടും ദേവദാ​രു​മരം കൊണ്ടും, ഞങ്ങൾ വളരെ നല്ല വീടുകൾ പണിയും!’ (ഇയ്യോബ്‌ 4:19 താരത​മ്യം ചെയ്യുക.) അവരുടെ ഈ മനോ​ഭാ​വം നിമിത്തം യഹോ​വ​യ്‌ക്ക്‌ അവരെ ശിക്ഷി​ക്കു​ക​യ​ല്ലാ​തെ നിർവാ​ഹ​മില്ല.—യെശയ്യാ​വു 48:22 താരത​മ്യം ചെയ്യുക.

6. യഹൂദ​യ്‌ക്ക്‌ എതി​രെ​യുള്ള അരാമ്യ-ഇസ്രാ​യേല്യ ഗൂഢപ​ദ്ധ​തി​യെ യഹോവ തകർക്കു​ന്നത്‌ എങ്ങനെ?

6 യെശയ്യാവ്‌ തുടരു​ന്നു: ‘യഹോവ രെസീന്റെ വൈരി​കളെ അവന്റെ നേരെ ഉയർത്തും.’ (യെശയ്യാ​വു 9:11എ) ഇസ്രാ​യേല്യ രാജാ​വായ പേക്കഹും അരാമ്യ രാജാ​വായ രെസീ​നും സഖ്യം ചേർന്നി​രി​ക്കു​ക​യാണ്‌. രണ്ടു-ഗോത്ര രാജ്യ​മായ യഹൂദയെ കീഴടക്കി തങ്ങളുടെ ഇഷ്‌ട​പ്ര​കാ​രം പ്രവർത്തി​ക്കുന്ന ഒരു രാജാ​വി​നെ, ‘രെമല്യാ​വി​ന്റെ മകനായ’ ഒരുത്തനെ, യെരൂ​ശ​ലേ​മിൽ യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ വാഴി​ക്കാൻ അവർ ആസൂ​ത്രണം ചെയ്യു​ക​യാണ്‌. (യെശയ്യാ​വു 7:6) എന്നാൽ അവരുടെ ഗൂഢപ​ദ്ധതി പൊളി​യും. രെസീന്റെ ശത്രുക്കൾ വളരെ പ്രബല​രാണ്‌. യഹോവ ഈ ശത്രു​ക്കളെ “അവന്റെ” അതായത്‌, ഇസ്രാ​യേ​ലി​ന്റെ നേരെ, ‘ഉയർത്തും.’ ഇവിടെ ‘ഉയർത്തും’ എന്ന പദത്തിന്റെ അർഥം സഖ്യ​ത്തെ​യും അവരുടെ ലക്ഷ്യങ്ങ​ളെ​യും തകർക്കുന്ന വിധത്തിൽ യുദ്ധം നടത്താൻ അവരെ ഉപയോ​ഗി​ക്കും എന്നാണ്‌.

7, 8. സിറി​യ​യു​ടെ മേലുള്ള അസീറി​യ​യു​ടെ ജയം ഇസ്രാ​യേ​ലി​നെ എങ്ങനെ ബാധിച്ചു?

7 അശ്ശൂർ (അസീറിയ) അരാമ്യ​യെ (സിറിയ) ആക്രമി​ക്കു​മ്പോൾ ഈ സഖ്യം തകരാൻ തുടങ്ങു​ന്നു. “അശ്ശൂർരാ​ജാ​വു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാ​ജാ​വു ദമ്മേ​ശെ​ക്കി​ലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാ​സി​കളെ കീരി​ലേക്കു ബദ്ധരായി കൊണ്ടു​പോ​യി രെസീനെ കൊന്നു​ക​ളഞ്ഞു.” (2 രാജാ​ക്ക​ന്മാർ 16:9) ശക്തമായ സഖ്യം നഷ്‌ട​പ്പെട്ട പേക്കഹ്‌, യഹൂദയെ സംബന്ധി​ച്ചുള്ള തന്റെ ആസൂ​ത്ര​ണങ്ങൾ വിഫല​മാ​കു​ന്ന​താ​യി മനസ്സി​ലാ​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, രെസീന്റെ മരണ​ശേഷം പെട്ടെ​ന്നു​തന്നെ ഹോശേയ എന്നയാൾ പേക്കഹി​നെ വധിച്ച്‌ ശമര്യ​യിൽ രാജാ​വാ​യി വാഴുന്നു.—2 രാജാ​ക്ക​ന്മാർ 15:23-25, 30.

8 മുമ്പ്‌ ഇസ്രാ​യേൽ സഖ്യം കൂടി​യി​രുന്ന സിറിയ ഇപ്പോൾ, ആ പ്രദേ​ശത്തെ പ്രമുഖ ശക്തിയായ അസീറി​യ​യു​ടെ കീഴിൽ ഒരു സാമന്ത രാജ്യ​മാണ്‌. ഈ പുതിയ രാഷ്‌ട്രീയ കൂട്ടു​കെ​ട്ടി​നെ യഹോവ എങ്ങനെ ഉപയോ​ഗി​ക്കു​മെന്ന്‌ യെശയ്യാവ്‌ പ്രവചി​ക്കു​ന്നു: [യഹോവ] അവന്റെ [ഇസ്രാ​യേ​ലി​ന്റെ] ശത്രു​ക്കളെ ഇളക്കി​വി​ട്ടി​രി​ക്കു​ന്നു. അരാമ്യർ കിഴക്കും ഫെലി​സ്യർ [ഫെലി​സ്‌ത്യർ] പടിഞ്ഞാ​റും തന്നേ; അവർ യിസ്രാ​യേ​ലി​നെ വായ്‌ പിളർന്നു വിഴു​ങ്ങി​ക്ക​ള​യും. ഇതെല്ലാം​കൊ​ണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടി​യി​രി​ക്കും.” (യെശയ്യാ​വു 9:11, 12) അതേ, സിറിയ ഇപ്പോൾ ഇസ്രാ​യേ​ലി​ന്റെ ശത്രു​വാണ്‌. അസീറി​യ​യു​ടെ​യും സിറി​യ​യു​ടെ​യും ഒത്തു​ചേർന്നുള്ള ആക്രമ​ണത്തെ നേരി​ടാൻ ഇസ്രാ​യേൽ ഇപ്പോൾ തയ്യാ​റെ​ടു​ക്കണം. അവരുടെ ആക്രമണം വിജയി​ക്കു​ന്നു. ഭീമമായ തുക കപ്പം വാങ്ങി​ക്കൊണ്ട്‌ അസീറിയ, ഇസ്രാ​യേ​ലിൽ അധികാ​രം തട്ടി​യെ​ടുത്ത ഹോ​ശേ​യയെ തന്റെ ദാസനാ​ക്കു​ന്നു. (ഏതാനും പതിറ്റാ​ണ്ടു​കൾക്കു മുമ്പ്‌, ഇസ്രാ​യേ​ലി​ലെ മെനഹേം രാജാ​വിൽനിന്ന്‌ അസീറിയ വലി​യൊ​രു തുക കപ്പം വാങ്ങി​യി​രു​ന്നു.) ‘അന്യജാ​തി​കൾ അവന്റെ [എഫ്രയീ​മി​ന്റെ] ബലം തിന്നു​ക​ള​ഞ്ഞി​രി​ക്കു​ന്നു’ എന്ന ഹോശേയ പ്രവാ​ച​കന്റെ വാക്കുകൾ എത്ര സത്യമാണ്‌!—ഹോശേയ 7:9; 2 രാജാ​ക്ക​ന്മാർ 15:19, 20; 17:1-3.

9. ഫെലി​സ്‌ത്യർ ‘പടിഞ്ഞാ​റു​നിന്ന്‌’ ആക്രമി​ക്കു​ന്നു എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

9 ഫെലിസ്‌ത്യർ ‘പടിഞ്ഞാ​റു​നിന്ന്‌’ ആക്രമി​ക്കു​മെ​ന്നും യെശയ്യാവ്‌ പറയുന്നു. ഇവിടെ യെശയ്യാ​വു 9:12-ൽ പരാമർശി​ച്ചി​രി​ക്കുന്ന ‘യിസ്രാ​യേ’ലിൽ യഹൂദ​യും ഉൾപ്പെ​ട്ടി​രി​ക്കാം. കാരണം, പേക്കഹി​ന്റെ സമകാ​ലി​ക​നായ ആഹാസി​ന്റെ വാഴ്‌ച​ക്കാ​ലത്ത്‌ ഫെലി​സ്‌ത്യർ യഹൂദയെ ആക്രമിച്ച്‌ അവിടത്തെ നിരവധി നഗരങ്ങ​ളെ​യും ശക്തിദുർഗ​ങ്ങ​ളെ​യും പിടി​ച്ച​ട​ക്കു​ന്നു. വടക്കുള്ള എഫ്രയീ​മി​നെ പോലെ, യഹൂദ​യ്‌ക്കും യഹോ​വ​യിൽ നിന്നുള്ള ശിക്ഷണ നടപടി ആവശ്യ​മാണ്‌. കാരണം, യഹൂദ​യി​ലും വിശ്വാ​സ​ത്യാ​ഗം നടമാ​ടു​ക​യാണ്‌.—2 ദിനവൃ​ത്താ​ന്തം 28:1-4, 18, 19.

‘തല മുതൽ വാൽ’ വരെ—മത്സരി​ക​ളായ ഒരു ജനത

10, 11. ഇസ്രാ​യേ​ലി​ന്റെ നിരന്തര മത്സരം ഹേതു​വാ​യി അവരു​ടെ​മേൽ യഹോവ എന്തു ശിക്ഷ വരുത്തും?

10 വളരെ യാതനകൾ അനുഭ​വി​ക്കു​ക​യും യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രു​ടെ ശക്തമായ പ്രഖ്യാ​പ​നങ്ങൾ കേൾക്കേ​ണ്ടി​വ​രു​ക​യും ചെയ്‌തി​ട്ടും വടക്കേ രാജ്യം യഹോ​വ​യോ​ടു മത്സരി​ക്കു​ന്ന​തിൽ തുടരു​ന്നു. “എന്നിട്ടും ജനം തങ്ങളെ അടിക്കു​ന്ന​വ​ങ്ക​ലേക്കു തിരി​യു​ന്നില്ല; സൈന്യ​ങ്ങ​ളു​ടെ യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​തു​മില്ല.” (യെശയ്യാ​വു 9:13) അതിനാൽ പ്രവാ​ചകൻ ഇങ്ങനെ പറയുന്നു: “യഹോവ യിസ്രാ​യേ​ലിൽനി​ന്നു തലയും വാലും പനമ്പട്ട​യും പോട്ട​പ്പു​ല്ലും ഒരു ദിവസ​ത്തിൽ തന്നേ ഛേദി​ച്ചു​ക​ള​യും. മൂപ്പനും മാന്യ​പു​രു​ഷ​നും തന്നേ തല; അസത്യം ഉപദേ​ശി​ക്കുന്ന പ്രവാ​ചകൻ തന്നേ വാൽ. ഈ ജനത്തെ നടത്തു​ന്നവർ അവരെ തെററി​ച്ചു​ക​ള​യു​ന്നു; അവരാൽ നടത്ത​പ്പെ​ടു​ന്നവർ നശിച്ചു​പോ​കു​ന്നു.”—യെശയ്യാ​വു 9:14-16.

11 “തലയും” “പനമ്പട്ട​യും” ‘മൂപ്പ​നെ​യും മാന്യ​പു​രു​ഷ​നെ​യും’—ജനനേ​താ​ക്ക​ന്മാ​രെ—സൂചി​പ്പി​ക്കു​ന്നു. “വാലും” “പോട്ട​പ്പു​ല്ലും” തങ്ങളുടെ നേതാ​ക്ക​ന്മാർക്കു രസിക്കുന്ന വചനങ്ങൾ ഘോഷി​ക്കുന്ന കള്ളപ്ര​വാ​ച​ക​ന്മാ​രെ കുറി​ക്കു​ന്നു. ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ എഴുതു​ന്നു: “കള്ളപ്ര​വാ​ച​ക​ന്മാ​രെ വാൽ എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌ അവർ ധാർമി​ക​മാ​യി ഏറ്റവും അധമരും ദുഷ്‌ട ഭരണാ​ധി​പ​ന്മാ​രു​ടെ നീചരായ അനുവർത്തി​ക​ളും പിന്തു​ണ​ക്കാ​രും ആയിരു​ന്ന​തി​നാ​ലാണ്‌.” ഈ കള്ളപ്ര​വാ​ച​ക​ന്മാ​രെ കുറിച്ച്‌ പ്രൊ​ഫസർ എഡ്വേർഡ്‌ ജെ. യങ്‌ ഇങ്ങനെ പറയുന്നു: “അവർ ജനനാ​യകർ ആയിരു​ന്നില്ല, മറിച്ച്‌ നേതാ​ക്ക​ന്മാർ പോകു​ന്നി​ട​ത്തെ​ല്ലാം അവർ പുറകെ പോകു​മാ​യി​രു​ന്നു. അവർ മുഖസ്‌തു​തി പറഞ്ഞ്‌ പ്രീതി നേടി. നായുടെ ആടുന്ന വാൽപോ​ലെ ആയിരു​ന്നു അവർ.”—2 തിമൊ​ഥെ​യൊസ്‌ 4:3 താരത​മ്യം ചെയ്യുക.

‘അനാഥ​രും വിധവ​മാ​രും’ പോലും മത്സരി​ക്കു​ന്നു

12. ദുഷിപ്പ്‌ ഇസ്രാ​യേൽ സമൂഹ​ത്തിൽ എത്ര ആഴത്തിൽ വ്യാപി​ച്ചി​രി​ക്കു​ന്നു?

12 വിധവമാർക്കും അനാഥർക്കും വേണ്ടി പോരാ​ടു​ന്ന​വ​നാണ്‌ യഹോവ. (പുറപ്പാ​ടു 22:22, 23) എന്നാൽ, യെശയ്യാവ്‌ തുടർന്നു പറയു​ന്നതു ശ്രദ്ധി​ക്കുക: “കർത്താവു അവരുടെ യൌവ​ന​ക്കാ​രിൽ സന്തോ​ഷി​ക്ക​യില്ല; അവരുടെ അനാഥ​ന്മാ​രോ​ടും വിധവ​മാ​രോ​ടും അവന്നു കരുണ തോന്നു​ക​യു​മില്ല; എല്ലാവ​രും വഷളന്മാ​രും ദുഷ്‌കർമ്മി​ക​ളും ആകുന്നു; എല്ലാവാ​യും ഭോഷ​ത്വം സംസാ​രി​ക്കു​ന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടി​യി​രി​ക്കും.” (യെശയ്യാ​വു 9:17) സമൂഹ​ത്തി​ന്റെ സമസ്‌ത തലങ്ങളി​ലും വിശ്വാ​സ​ത്യാ​ഗം വ്യാപി​ച്ചി​രി​ക്കു​ക​യാണ്‌, അനാഥ​രു​ടെ​യും വിധവ​മാ​രു​ടെ​യും ഇടയിൽ പോലും! ആളുകൾ തങ്ങളുടെ ഗതിക്കു മാറ്റം വരുത്തു​മെന്നു പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ യഹോവ ക്ഷമയോ​ടെ തന്റെ പ്രവാ​ച​ക​ന്മാ​രെ അവരുടെ അടുക്ക​ലേക്ക്‌ അയയ്‌ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, “യിസ്രാ​യേലേ, നിന്റെ ദൈവ​മായ യഹോ​വ​യു​ടെ അടുക്ക​ലേക്കു മടങ്ങി​ച്ചെ​ല്ലുക; നിന്റെ അകൃത്യം​നി​മി​ത്തം അല്ലോ നീ വീണി​രി​ക്കു​ന്നതു” എന്ന്‌ ഹോശേയ അവരോട്‌ അഭ്യർഥി​ക്കു​ന്നു. (ഹോശേയ 14:1) അനാഥർക്കും വിധവ​മാർക്കും വേണ്ടി പോരാ​ടുന്ന യഹോ​വയെ സംബന്ധി​ച്ചി​ട​ത്തോ​ളം അവർക്കെ​തി​രെ ന്യായ​വി​ധി നടപ്പാ​ക്കു​ന്നത്‌ എത്ര വേദനാ​ജ​നകം ആയിരു​ന്നി​രി​ക്കണം!

13. യെശയ്യാ​വി​ന്റെ നാളിലെ സ്ഥിതി​വി​ശേ​ഷ​ത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാ​നാ​കും?

13 യെശയ്യാവിനെ പോലെ, നാമും ദുഷ്‌ട ലോക​ത്തി​നെ​തി​രെ​യുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി ദിവസ​ത്തി​നു മുമ്പുള്ള “ദുർഘ​ട​സമയ”ത്താണു ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) അതു​കൊണ്ട്‌, ഏതു ജീവിത സാഹച​ര്യ​ങ്ങ​ളിൽ ഉള്ളവരാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ അംഗീ​കാ​രം ലഭിക്കു​മാറ്‌ ആത്മീയ​വും ധാർമി​ക​വും മാനസി​ക​വു​മാ​യി ശുദ്ധി​യു​ള്ള​വ​രാ​യി നില​കൊ​ള്ളു​ന്നത്‌ സത്യ​ക്രി​സ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ പ്രധാ​ന​മാണ്‌. യഹോ​വ​യു​മാ​യുള്ള ബന്ധം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ നാം ഓരോ​രു​ത്ത​രും അത്യധി​കം ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കണം. ‘മഹാബാ​ബി​ലോ​ണി’ൽ നിന്നു രക്ഷപ്പെട്ടു പോന്നി​ട്ടുള്ള ആരും വീണ്ടു​മൊ​രി​ക്ക​ലും ‘അവളുടെ പാപങ്ങ​ളിൽ കൂട്ടാ​ളി​കൾ’ ആകാതി​രി​ക്കട്ടെ.—വെളി​പ്പാ​ടു 18:2, 4.

വ്യാജാ​രാ​ധന അക്രമ​ത്തി​നു വളം​വെ​ക്കു​ന്നു

14, 15. (എ) ഭൂതാ​രാ​ധ​ന​യു​ടെ അനന്തര​ഫ​ലങ്ങൾ എന്തെല്ലാം? (ബി) ഇസ്രാ​യേ​ലിന്‌ തുടർന്നും എന്തെല്ലാം കഷ്‌ട​തകൾ ഉണ്ടാകു​മെന്ന്‌ യെശയ്യാവ്‌ പ്രവചി​ക്കു​ന്നു?

14 വ്യാജാരാധനയിൽ ഏർപ്പെ​ടു​ന്നവർ ഫലത്തിൽ ആരാധി​ക്കു​ന്നതു ഭൂതങ്ങ​ളെ​യാണ്‌. (1 കൊരി​ന്ത്യർ 10:20) ഭൂതസ്വാ​ധീ​നം അക്രമ​ത്തി​ലേക്കു നയിക്കു​ന്നു, ജലപ്ര​ള​യ​ത്തി​നു മുമ്പു​ണ്ടാ​യി​രുന്ന കാലത്തു സംഭവി​ച്ചത്‌ അതായി​രു​ന്ന​ല്ലോ. (ഉല്‌പത്തി 6:11, 12) അതിനാൽ, ഇസ്രാ​യേ​ല്യർ വിശ്വാ​സ​ത്യാ​ഗി​കൾ ആയിത്തീർന്ന്‌ ഭൂതങ്ങളെ ആരാധി​ക്കാൻ തുടങ്ങു​ന്ന​തോ​ടെ ദേശത്ത്‌ അക്രമ​വും ദുഷ്ടത​യും നടമാ​ടു​ന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല.—ആവർത്ത​ന​പു​സ്‌തകം 32:17; സങ്കീർത്തനം 106:35-38.

15 ഇസ്രായേലിലെ ദുഷ്‌ട​ത​യു​ടെ​യും അക്രമ​ത്തി​ന്റെ​യും വ്യാപനം യെശയ്യാവ്‌ വളരെ വ്യക്തമാ​യി വിവരി​ക്കു​ന്നു: “ദുഷ്ടത തീപോ​ലെ ജ്വലി​ക്കു​ന്നു; അതു പറക്കാ​ര​യും മുള്ളും ദഹിപ്പി​ക്കു​ന്നു; വനത്തിലെ പള്ളക്കാ​ടു​ക​ളിൽ കത്തുന്നു; പുകത്തൂ​ണു​ക​ളാ​യി ഉരുണ്ടു​പൊ​ങ്ങും. സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യു​ടെ കോപം​നി​മി​ത്തം ദേശം ദഹിച്ചു​പോ​യി​രി​ക്കു​ന്നു; ജനവും തീക്കു ഇരയാ​യി​രി​ക്കു​ന്നു; ഒരുത്ത​നും തന്റെ സഹോ​ദ​രനെ ആദരി​ക്കു​ന്നില്ല. ഒരുത്തൻ വലത്തു​ഭാ​ഗം കടിച്ചു​പ​റി​ച്ചി​ട്ടും വിശന്നി​രി​ക്കും; ഇടത്തു ഭാഗവും തിന്നും; തൃപ്‌തി​വ​രി​ക​യു​മില്ല; ഓരോ​രു​ത്തൻ താന്താന്റെ ഭുജത്തി​ന്റെ മാംസം തിന്നു​ക​ള​യു​ന്നു. മനശ്ശെ എഫ്രയീ​മി​നെ​യും എഫ്രയീം മനശ്ശെ​യെ​യും തന്നേ; അവർ ഇരുവ​രും യെഹൂ​ദെക്കു വിരോ​ധ​മാ​യി​രി​ക്കു​ന്നു. ഇതെല്ലാം​കൊ​ണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടി​യി​രി​ക്കും.”—യെശയ്യാ​വു 9:18-21.

16. യെശയ്യാ​വു 9:18-21-ലെ വാക്കുകൾ നിവൃ​ത്തി​യേ​റു​ന്നത്‌ എങ്ങനെ?

16 കുറ്റിക്കാടുകളിൽ തീ ആളിപ്പ​ട​രു​ന്നതു പോലെ അക്രമം നിയ​ന്ത്ര​ണാ​തീ​ത​മാ​യി “വനത്തിലെ പള്ളക്കാ​ടു​ക​ളിൽ” കത്തിക്ക​യ​റു​ക​യും അക്രമ​ത്തി​ന്റെ ഒരു വൻകാ​ട്ടു​തീ​യാ​യി മാറു​ക​യും ചെയ്യുന്നു. “അരാജ​ക​ത്വം നടമാ​ടുന്ന ആഭ്യന്തര യുദ്ധകാ​ലത്തെ അതിഹീ​ന​മായ സ്വവി​നാ​ശം” എന്നാണ്‌ ഈ അക്രമത്തെ ബൈബിൾ നിരൂ​പ​ക​രായ കൈലും ഡെലി​റ്റ്‌ഷും വർണി​ക്കു​ന്നത്‌. അവർ തുടർന്നു പറയുന്നു: “യാതൊ​രു മൃദുല വികാ​ര​ങ്ങ​ളു​മി​ല്ലാ​തെ അവർ ആർത്തി​പൂണ്ട്‌ പരസ്‌പരം വിഴു​ങ്ങി​ക്ക​ളഞ്ഞു.” എഫ്രയീം, മനശ്ശെ എന്നീ ഗോ​ത്ര​ങ്ങളെ ഇവിടെ വേർതി​രി​ച്ചു കാണി​ച്ചി​രി​ക്കു​ന്നത്‌ വടക്കേ രാജ്യത്തെ മുഖ്യ​മാ​യും പ്രതി​നി​ധീ​ക​രി​ക്കു​ന്നത്‌ ഈ ഗോ​ത്ര​ങ്ങ​ളാ​യ​തി​നാ​ലാ​കണം. മാത്രമല്ല, യോ​സേ​ഫി​ന്റെ രണ്ടു പുത്ര​ന്മാ​രു​ടെ പിൻഗാ​മി​കൾ എന്ന നിലയിൽ പത്തു ഗോ​ത്ര​ങ്ങ​ളിൽ ഏറ്റവും അടുത്ത ബന്ധമു​ള്ള​തും ഈ ഗോ​ത്ര​ങ്ങൾക്കാണ്‌. എന്നിട്ടും, തെക്കുള്ള യഹൂദ​യു​മാ​യി യുദ്ധം ചെയ്യു​മ്പോൾ മാത്ര​മാണ്‌ അവർ തങ്ങൾക്ക്‌ ഇടയി​ലുള്ള പോരാ​ട്ടം നിറു​ത്തു​ന്നത്‌.—2 ദിനവൃ​ത്താ​ന്തം 28:1-8.

ദുഷിച്ച ന്യായാ​ധി​പ​ന്മാർ ന്യായം വിധി​ക്ക​പ്പെ​ടു​ന്നു

17, 18. ഇസ്രാ​യേ​ലി​ലെ നിയമ​വ്യ​വ​സ്ഥ​യി​ലും ഭരണവ്യ​വ​സ്ഥ​യി​ലും എന്തു ദുഷിപ്പു കാണാം?

17 ഇസ്രായേലിലെ ദുഷിച്ച ന്യായാ​ധി​പ​ന്മാ​രു​ടെ​യും മറ്റ്‌ ഉദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ​യും മേൽ യഹോവ അടുത്ത​താ​യി ന്യായ​വി​ധി നടത്തുന്നു. നീതി തേടി തങ്ങളുടെ അടുക്കൽ വരുന്ന എളിയ​വ​രെ​യും മർദി​ത​രെ​യും കൊള്ള​യി​ട്ടു​കൊണ്ട്‌ അവർ തങ്ങളുടെ അധികാ​രം ദുർവി​നി​യോ​ഗം ചെയ്യുന്നു. യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “ദരി​ദ്ര​ന്മാ​രു​ടെ ന്യായം മറിച്ചു​ക​ള​വാ​നും എന്റെ ജനത്തിലെ എളിയ​വ​രു​ടെ അവകാശം ഇല്ലാതാ​ക്കു​വാ​നും വിധവ​മാർ തങ്ങൾക്കു കൊള്ള​യാ​യ്‌തീ​രു​വാ​നും അനാഥ​ന്മാ​രെ തങ്ങൾക്കു ഇരയാ​ക്കു​വാ​നും തക്കവണ്ണം നീതി​കെട്ട ചട്ടം നിയമി​ക്കു​ന്ന​വർക്കും അനർത്ഥം എഴുതി​വെ​ക്കുന്ന എഴുത്തു​കാർക്കും അയ്യോ കഷ്ടം!”—യെശയ്യാ​വു 10:1, 2.

18 എല്ലാത്തരം അനീതി​യെ​യും യഹോ​വ​യു​ടെ നിയമം വിലക്കു​ന്നു: “ന്യായ​വി​സ്‌താ​ര​ത്തിൽ അന്യായം ചെയ്യരു​തു; എളിയ​വന്റെ മുഖം നോക്കാ​തെ​യും വലിയ​വന്റെ മുഖം ആദരി​ക്കാ​തെ​യും നിന്റെ കൂട്ടു​കാ​രന്നു നീതി​യോ​ടെ ന്യായം വിധി​ക്കേണം.” (ലേവ്യ​പു​സ്‌തകം 19:15) ആ നിയമത്തെ മറിക​ട​ന്നു​കൊണ്ട്‌, ആ ഉദ്യോ​ഗ​സ്ഥ​ന്മാർ ഏറ്റവും ഹീനമായ മോഷ​ണത്തെ—വിധവ​മാ​രു​ടെ​യും അനാഥ​രു​ടെ​യും തുച്ഛമായ സമ്പാദ്യ​ങ്ങൾ അപഹരി​ക്കു​ന്ന​തി​നെ—സാധൂ​ക​രി​ക്കാൻ ‘നീതി​കെട്ട ചട്ടങ്ങൾ’ ഉണ്ടാക്കു​ന്നു. ഇസ്രാ​യേ​ലി​ലെ വ്യാജ​ദൈ​വങ്ങൾ തീർച്ച​യാ​യും നീതി​കേ​ടി​നു നേരെ കണ്ണടയ്‌ക്കു​ന്ന​വ​രാണ്‌, എന്നാൽ യഹോവ അങ്ങനെയല്ല. യെശയ്യാവ്‌ മുഖാ​ന്തരം ആ ദുഷ്‌ട ന്യായാ​ധി​പ​ന്മാ​രി​ലേക്ക്‌ അവൻ തന്റെ ശ്രദ്ധ തിരി​ക്കു​ന്നു.

19, 20. ദുഷിച്ച ഇസ്രാ​യേല്യ ന്യായാ​ധി​പ​ന്മാ​രു​ടെ അവസ്ഥയ്‌ക്ക്‌ എങ്ങനെ മാറ്റം വരും, അവരുടെ ‘മഹത്ത്വ’ത്തിന്‌ എന്തു സംഭവി​ക്കും?

19 “സന്ദർശ​ന​ദി​വ​സ​ത്തി​ലും ദൂരത്തു​നി​ന്നു വരുന്ന വിനാ​ശ​ത്തി​ങ്ക​ലും നിങ്ങൾ എന്തു ചെയ്യും? സഹായ​ത്തി​ന്നാ​യി​ട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടി​പ്പോ​കും? നിങ്ങളു​ടെ മഹത്വം നിങ്ങൾ എവിടെ വെച്ചു​കൊ​ള്ളും? അവർ ബദ്ധന്മാ​രു​ടെ കീഴെ കുനി​ക​യും ഹതന്മാ​രു​ടെ കീഴെ വീഴു​ക​യും ചെയ്‌കേ​യു​ള്ളു.” (യെശയ്യാ​വു 10:3, 4എ) വിധവ​മാ​രു​ടെ​യും അനാഥ​രു​ടെ​യും സങ്കടം കേൾക്കാൻ നിഷ്‌പ​ക്ഷ​രായ ന്യായാ​ധി​പ​ന്മാർ ഇല്ല. അവരെ സഹായി​ക്കാൻ കൂട്ടാ​ക്കാത്ത ആ ദുഷിച്ച ഇസ്രാ​യേല്യ ന്യായാ​ധി​പ​ന്മാ​രോട്‌ കണക്കു ബോധി​പ്പി​ക്കാൻ യഹോവ ഇപ്പോൾ ആവശ്യ​പ്പെ​ടു​ന്നത്‌ എത്ര ഉചിത​മാണ്‌. അതേ, “ജീവനുള്ള ദൈവ​ത്തി​ന്റെ കയ്യിൽ വീഴു​ന്നതു ഭയങ്കരം” ആണെന്ന വസ്‌തുത അവർ പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​ക്കാൻ പോകു​ക​യാണ്‌.—എബ്രായർ 10:31.

20 ഈ ദുഷ്‌ട ന്യായാ​ധി​പ​ന്മാ​രു​ടെ “മഹത്വം”—ലോക​ത്തി​ലെ അവരുടെ സമ്പത്തും സ്ഥാനമാ​ന​വും ഹേതു​വാ​യി അവർക്കു ലഭിക്കുന്ന അന്തസ്സും അഭിമാ​ന​വും—അധിക​നാ​ള​ത്തേക്ക്‌ ഉണ്ടാവില്ല. ചിലർ യുദ്ധത്ത​ട​വു​കാ​രാ​യി മറ്റു തടവു​കാ​രോ​ടൊ​പ്പം ‘കുനി​യും’ അല്ലെങ്കിൽ കമിഴ്‌ന്നു​വീ​ഴും. മറ്റു ചിലർ കൊല്ല​പ്പെ​ടും, അവരുടെ ശവശരീ​രങ്ങൾ യുദ്ധത്തിൽ കൊല്ല​പ്പെ​ട്ട​വ​രെ​ക്കൊണ്ട്‌ മൂടും. അവരുടെ ‘മഹത്ത്വ’ത്തിൽ ദുരാ​ദാ​യ​ത്തി​ലൂ​ടെ ഉണ്ടാക്കിയ പണവും ഉൾപ്പെ​ടും. അതു ശത്രുക്കൾ അപഹരി​ച്ചു​കൊ​ണ്ടു​പോ​കും.

21. ഇസ്രാ​യേ​ലി​നു ലഭിച്ച ശിക്ഷയു​ടെ അടിസ്ഥാ​ന​ത്തിൽ, യഹോ​വ​യു​ടെ ക്രോധം നിലച്ചു​വോ?

21 ശക്തമായ ഒരു മുന്നറി​യി​പ്പോ​ടു​കൂ​ടി​യാണ്‌ യെശയ്യാവ്‌ തന്റെ അവസാന ശ്ലോക​ഖണ്ഡം ഉപസം​ഹ​രി​ക്കു​ന്നത്‌: “ഇതെല്ലാം​കൊ​ണ്ടും [ജനത ഇപ്പോൾവരെ അനുഭ​വി​ച്ചി​ട്ടുള്ള സകല കഷ്‌ട​ങ്ങ​ളും കൊണ്ട്‌] അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടി​യി​രി​ക്കും.” (യെശയ്യാ​വു 10:4ബി) അതേ, യഹോ​വ​യ്‌ക്ക്‌ ഇസ്രാ​യേ​ലി​നോട്‌ ഇനിയും കൂടുതൽ കാര്യങ്ങൾ പറയാ​നുണ്ട്‌. മത്സരി​യായ വടക്കേ രാജ്യ​ത്തി​ന്മേൽ മാരക​മായ ഒരു അന്തിമ പ്രഹരം നടത്താതെ യഹോവ തന്റെ നീട്ടിയ കരം പിൻവ​ലി​ക്കു​ക​യില്ല.

വ്യാജ​ത്തി​നും സ്വാർഥ​ത​യ്‌ക്കും ഒരിക്ക​ലും വഴി​പ്പെ​ടാ​തി​രി​ക്കുക

22. ഇസ്രാ​യേ​ലി​നു സംഭവി​ച്ച​തിൽനിന്ന്‌ നാം എന്തു പാഠം പഠിക്കു​ന്നു?

22 യെശയ്യാവ്‌ മുഖാ​ന്തരം യഹോവ അറിയിച്ച വചനത്തിന്‌ ഇസ്രാ​യേ​ലി​ന്റെ മേൽ ശക്തമായ ഒരു നിവൃത്തി ഉണ്ടായി, അത്‌ ‘വെറുതെ അവന്റെ അടുക്ക​ലേക്കു മടങ്ങി​യില്ല.’ (യെശയ്യാ​വു 55:10, 11) വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​ന്റെ ദാരു​ണ​മായ അന്ത്യത്തെ കുറിച്ച്‌ ചരിത്രം രേഖ​പ്പെ​ടു​ത്തു​ന്നു. അതിലെ നിവാ​സി​കൾ അനുഭ​വിച്ച കഷ്‌ടത്തെ കുറിച്ചു നമുക്കു സങ്കൽപ്പി​ക്കാ​വു​ന്നതേ ഉള്ളൂ. സമാന​മാ​യി ദൈവ​വ​ചനം തീർച്ച​യാ​യും ഇപ്പോ​ഴത്തെ വ്യവസ്ഥി​തി​യു​ടെ മേൽ, പ്രത്യേ​കിച്ച്‌ വിശ്വാ​സ​ത്യാ​ഗി​നി​യായ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്മേൽ നിവൃ​ത്തി​യേ​റും. അപ്പോൾ ക്രിസ്‌ത്യാ​നി​കൾ ഭോഷ്‌കി​നും ദൈവ​വി​രുദ്ധ പ്രചാ​ര​ണ​ങ്ങൾക്കും ശ്രദ്ധ കൊടു​ക്കാ​തി​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാണ്‌! സാത്താന്റെ വിദഗ്‌ധ​മായ തന്ത്രങ്ങൾ ദൈവ​വ​ചനം ദീർഘ​കാ​ലം മുമ്പേ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ആയതി​നാൽ, പുരാതന ഇസ്രാ​യേ​ലി​ലെ ആളുകളെ പോലെ നാം അവയാൽ വഞ്ചിത​രാ​കേ​ണ്ട​തില്ല. (2 കൊരി​ന്ത്യർ 2:11) നമു​ക്കേ​വർക്കും ദൈവത്തെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കു​ന്ന​തിൽ അവിരാ​മം തുടരാം. (യോഹ​ന്നാൻ 4:24) അപ്പോൾ, യഹോ​വ​യു​ടെ നീട്ടിയ ഭുജം എഫ്രയീ​മി​നെ നശിപ്പി​ച്ച​തു​പോ​ലെ അവന്റെ ആരാധ​കരെ നശിപ്പി​ക്കു​ക​യില്ല; അവൻ ആ കരങ്ങൾകൊണ്ട്‌ അവരെ ഗാഢമാ​യി പുണരും; ഭൗമിക പറുദീ​സ​യി​ലെ നിത്യ​ജീ​വന്റെ മാർഗ​ത്തിൽ ചരിക്കാൻ അവൻ അവരെ സഹായി​ക്കും.—യാക്കോബ്‌ 4:8.

[അടിക്കു​റി​പ്പു​കൾ]

a നാല്‌ ശ്ലോക​ഖ​ണ്ഡങ്ങൾ അടങ്ങി​യ​താണ്‌ യെശയ്യാ​വു 9:8-10:4. അവയിൽ ഓരോ​ന്നും “ഇതെല്ലാം​കൊ​ണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടി​യി​രി​ക്കും” എന്ന അശുഭ​സൂ​ച​ക​മായ ഒരു പ്രസ്‌താ​വ​ന​യോ​ടെ അവസാ​നി​ക്കു​ന്നു. (യെശയ്യാ​വു 9:12, 17, 21; 10:4) ഈ എബ്രായ സാഹിത്യ പ്രയോ​ഗം യെശയ്യാ​വു 9:8-10:4-നെ ഒറ്റ “വചന”മായി​ത്തന്നെ എടുത്തു​കാ​ട്ടു​ന്നു. (യെശയ്യാ​വു 9:8) യഹോവ കൈ നീട്ടി​യി​രി​ക്കു​ന്നത്‌ അനുര​ഞ്‌ജ​ന​ത്തി​നല്ല, ന്യായ​വി​ധി​ക്കാണ്‌ എന്ന കാര്യ​വും മനസ്സിൽ പിടി​ക്കുക.—യെശയ്യാ​വു 9:13.

b വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​നാ​യി യഹോവ നിയമിച്ച പ്രവാ​ച​ക​ന്മാ​രിൽ യേഹൂ (രാജാ​വായ യേഹൂവല്ല), ഏലീയാവ്‌, മീഖാ​യാവ്‌, എലീശാ, യോനാ, ഓദേദ്‌, ഹോശേയ, ആമോസ്‌, മീഖാ എന്നിവർ ഉൾപ്പെ​ടു​ന്നു.

[അധ്യയന ചോദ്യ​ങ്ങൾ]

[139-ാം പേജിലെ ചിത്രം]

ദുഷ്‌ടതയും അക്രമ​വും ഇസ്രാ​യേ​ലിൽ കാട്ടു​തീ​പോ​ലെ പടരുന്നു

[141-ാം പേജിലെ ചിത്രം]

മറ്റുള്ള​വരെ ചൂഷണം ചെയ്യു​ന്ന​വ​രോട്‌ യഹോവ കണക്കു ചോദി​ക്കും