മാർഗനിർദേശത്തിനും സംരക്ഷണത്തിനുമായി യഹോവയിലേക്കു തിരിയുക
അധ്യായം പതിനാറ്
മാർഗനിർദേശത്തിനും സംരക്ഷണത്തിനുമായി യഹോവയിലേക്കു തിരിയുക
1, 2. പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ദൈവജനം എന്ത് അപകടത്തെ അഭിമുഖീകരിക്കുന്നു, സംരക്ഷണാർഥം ആരിലേക്കു തിരിയാനാണ് പലരും ചായ്വു കാണിക്കുന്നത്?
ഈ പുസ്തകത്തിന്റെ മുൻ അധ്യായങ്ങളിൽ കണ്ടതുപോലെ, പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ ദൈവജനം വലിയ ഒരു ഭീഷണിയെ നേരിടുകയാണ്. രക്തദാഹികളായ അസീറിയക്കാർ ഒന്നിനു പുറകെ ഒന്നായി ഓരോ ദേശത്തെയും നശിപ്പിക്കുന്നു. താമസിയാതെ അവർ തെക്കേ രാജ്യമായ യഹൂദയെ ആക്രമിക്കും. അവിടത്തെ ജനങ്ങൾ സംരക്ഷണാർഥം ആരിലേക്കു തിരിയും? യഹോവയുമായി ഉടമ്പടിബന്ധത്തിൽ ആയിരിക്കുന്ന അവർ അവനിൽ ആശ്രയിക്കേണ്ടതാണ്. (പുറപ്പാടു 19:5, 6) അതുതന്നെയാണ് ദാവീദ് രാജാവ് ചെയ്തത്. അവൻ ഇങ്ങനെ പറഞ്ഞു: “യഹോവ എന്റെ ശൈലവും എൻകോട്ടയും [“ശക്തിദുർഗവും,” NW] എന്റെ രക്ഷകനും ആകുന്നു.” (2 ശമൂവേൽ 22:2) എങ്കിലും, പൊ.യു.മു. എട്ടാം നൂറ്റാണ്ടിൽ പലരും തങ്ങളുടെ ശക്തിദുർഗമെന്ന നിലയിൽ യഹോവയിൽ ആശ്രയിക്കുന്നില്ല, പകരം ഈജിപ്തിനെയും എത്യോപ്യയെയും ആശ്രയിക്കാനാണ് അവർ ചായ്വു കാണിക്കുന്നത്. ആ രണ്ടു രാഷ്ട്രങ്ങളും അസീറിയൻ ആക്രമണത്തിനെതിരെ തങ്ങൾക്ക് ഒരു പ്രതിരോധമായി വർത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. എന്നാൽ അവർക്കു തെറ്റി.
2 ഈജിപ്തിലോ എത്യോപ്യയിലോ അഭയം തേടുന്നതു വിപത്കരമായിരിക്കും എന്ന് പ്രവാചകനായ യെശയ്യാവ് മുഖാന്തരം യഹോവ മുന്നറിയിപ്പു നൽകുന്നു. പ്രവാചകന്റെ നിശ്വസ്ത വചനങ്ങൾ അവന്റെ സമകാലികർക്ക് ഒരു ഗുണപാഠമായി വർത്തിക്കുന്നു. യഹോവയിൽ ആശ്രയിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച് അതു നമുക്കും ഒരു വിലപ്പെട്ട പാഠമാണ്.
ഒരു രക്തപങ്കില ദേശം
3. അസീറിയ സൈനിക ശക്തിക്ക് എത്രമാത്രം ഊന്നൽ കൊടുത്തിരുന്നു എന്നു വിവരിക്കുക.
3 സൈനിക ശക്തിക്കു പുകഴ്പെറ്റവരാണ് അസീറിയക്കാർ. പ്രാചീന നഗരങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “അവർ ശക്തിയെ ആരാധിച്ചു. സിംഹങ്ങളുടെയും കാളകളുടെയും പടുകൂറ്റൻ ശിലാവിഗ്രഹങ്ങളോടു മാത്രമേ അവർ പ്രാർഥിച്ചിരുന്നുള്ളൂ. ആ വിഗ്രഹങ്ങൾക്കുണ്ടായിരുന്ന വലിയ കൈകാലുകളും കഴുകിൻ ചിറകുകളും മനുഷ്യശിരസ്സുകളും ശക്തിയുടെയും ധീരതയുടെയും ജയത്തിന്റെയും പ്രതീകങ്ങൾ ആയിരുന്നു. അസീറിയക്കാരുടെ മുഖ്യ താത്പര്യം യുദ്ധം ചെയ്യുന്നതിലായിരുന്നു. പുരോഹിതന്മാർ നിരന്തരം യുദ്ധത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.” അസീറിയയുടെ തലസ്ഥാനമായ നീനവേയെ ‘രക്തപങ്കില നഗരം’ എന്നു പ്രവാചകനായ നഹൂം വിളിച്ചത് തക്ക കാരണത്തോടെയാണ്.—നഹൂം 3:1, ഓശാന ബൈ.
4. അസീറിയക്കാർ മറ്റു ജനതകളിൽ ഭീതി ഉളവാക്കിയത് എങ്ങനെ?
4 സാധാരണഗതിയിൽ അസീറിയക്കാർ അതിക്രൂരമായ യുദ്ധരീതികളാണ് അവലംബിച്ചിരുന്നത്. അസീറിയൻ പടയാളികൾ ബന്ദികളുടെ മൂക്കിലും ചുണ്ടിലും മറ്റും കൊളുത്തിട്ട് അവരെ വലിച്ചുകൊണ്ടുപോകുന്ന ദൃശ്യം അക്കാലത്തെ ചുവർശിൽപ്പങ്ങളിൽ കാണാം. അവർ ബന്ദികളിൽ ചിലരുടെ കണ്ണുകൾ കുന്തംകൊണ്ട് കുത്തിപ്പൊട്ടിച്ചു. ഒരു ആലേഖനം പറയുന്നതനുസരിച്ച്, അസീറിയൻ സൈന്യം ഒരു യുദ്ധത്തിനു ശേഷം ബന്ദികളുടെ ശരീരഭാഗങ്ങൾ ഛേദിച്ച് ശിരസ്സുകളുടെയും മറ്റ് അവയവങ്ങളുടെയും രണ്ടു കൂമ്പാരങ്ങൾ നഗരത്തിനു വെളിയിലായി കൂട്ടുകയുണ്ടായി. യുദ്ധത്തിൽ പിടിക്കപ്പെട്ടവരുടെ കുഞ്ഞുങ്ങളെ അവർ ചുട്ടെരിച്ചു. അത്തരം ക്രൂരതകൾ ശത്രുക്കളിൽ ഭീതി ഉളവാക്കുകയും അസീറിയൻ സൈന്യത്തെ ചെറുത്തുനിൽക്കുന്നതിൽനിന്ന് അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരിക്കണം. അത് അവർക്ക് ഒരു സൈനിക നേട്ടമായി ഉതകി.
അശ്ദോദിനെതിരെയുള്ള യുദ്ധം
5. യെശയ്യാവിന്റെ നാളിലെ ശക്തനായ അസീറിയൻ ഭരണാധികാരി ആരായിരുന്നു, ബൈബിൾ അവനെ കുറിച്ചു പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
5 യെശയ്യാവിന്റെ നാളിൽ, രാജാവായ സർഗോന്റെ a ഭരണത്തിനു കീഴിൽ അസീറിയൻ സാമ്രാജ്യം അധികാരത്തിന്റെ നെറുകയിൽ എത്തി. ബൈബിൾ പരാമർശിക്കുന്ന ഈ ഭരണാധികാരി യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്നു വർഷങ്ങളോളം വിമർശകർ സംശയിച്ചിരുന്നു. അവരുടെ അറിവിൽ ലൗകിക രേഖകളിൽ ആ രാജാവിനെ കുറിച്ച് യാതൊരു പരാമർശവും ഇല്ലാത്തതായിരുന്നു അതിനു കാരണം. എന്നിരുന്നാലും, പിൽക്കാലത്ത് സർഗോന്റെ കൊട്ടാരത്തിന്റെ ശൂന്യശിഷ്ടങ്ങൾ കണ്ടെടുത്തപ്പോൾ ആ രാജാവിനെ കുറിച്ചുള്ള ബൈബിൾ വിവരണം സത്യമെന്നു തെളിഞ്ഞു.
6, 7. (എ) സാധ്യതയനുസരിച്ച്, അശ്ദോദ് നഗരത്തെ ആക്രമിക്കാൻ സർഗോൻ ഉത്തരവിടുന്നതിന്റെ കാരണങ്ങൾ ഏവ? (ബി) അശ്ദോദിന്റെ പതനം ഫെലിസ്ത്യയുടെ അയൽരാഷ്ട്രങ്ങളെ എങ്ങനെ ബാധിക്കുന്നു?
6 സർഗോൻ നടത്തിയ ഒരു സൈനിക ആക്രമണത്തെ കുറിച്ച് യെശയ്യാവ് ഹ്രസ്വമായി വിവരിക്കുന്നു: ‘അശ്ശൂർരാജാവായ സർഗോന്റെ കല്പന പ്രകാരം തർത്താൻ അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു.’ (യെശയ്യാവു 20:1) b അശ്ദോദ് എന്ന ഫെലിസ്ത്യ നഗരത്തെ ആക്രമിക്കാൻ സർഗോൻ ഉത്തരവിടുന്നത് എന്തുകൊണ്ടാണ്? ഫെലിസ്ത്യ ഈജിപ്തുമായി സഖ്യത്തിലാണെന്നതാണ് ഒരു കാരണം. കൂടാതെ, ദാഗോന്റെ ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന അശ്ദോദ്, ഈജിപ്തിൽനിന്നു പാലസ്തീനിലേക്കുള്ള തീരദേശ പാതയോടു ചേർന്നു കിടക്കുന്നതിനാൽ അത് ഒരു തന്ത്രപ്രധാന സ്ഥാനമായി വർത്തിക്കുന്നു. അതു പിടിച്ചെടുക്കുന്നത് ഈജിപ്തിനെ കീഴടക്കുന്നതിന്റെ ആദ്യ പടിയായിരിക്കും. മാത്രമല്ല, അശ്ദോദിലെ രാജാവായ അസ്സൂരി അസീറിയയ്ക്കെതിരെ ഗൂഢാലോചന നടത്തിയതായും അസീറിയൻ വൃത്താന്തങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അങ്ങനെ സർഗോൻ, മത്സരിയായ അസ്സൂരിയെ അധികാരത്തിൽനിന്നു നീക്കി അദ്ദേഹത്തിന്റെ ഇളയ സഹോദരനായ അഹിമിത്തിയെ തത്സ്ഥാനത്തു വാഴിക്കുന്നു. എന്നിരുന്നാലും, പ്രശ്നങ്ങൾ അവിടംകൊണ്ട് അവസാനിക്കുന്നില്ല. മറ്റൊരു വിപ്ലവം പൊട്ടിപ്പുറപ്പെടുന്നു. ഇത്തവണ സർഗോൻ കുറെക്കൂടെ ശക്തമായ നടപടിയാണു സ്വീകരിക്കുന്നത്. അശ്ദോദിനെ ആക്രമിക്കാൻ അദ്ദേഹം ഉത്തരവിടുന്നു. അദ്ദേഹത്തിന്റെ സൈന്യങ്ങൾ ആ നഗരത്തെ ഉപരോധിച്ച് കീഴടക്കുന്നു. ഒരുപക്ഷേ യെശയ്യാവു 20:1 പരാമർശിക്കുന്നത് ഈ സംഭവത്തെയാകാം.
7 സർഗോൻ അശ്ദോദ്ദേശം പിടിച്ചെടുത്തത് അയൽരാഷ്ട്രങ്ങളിൽ, വിശേഷിച്ചും യഹൂദയിൽ ഭീതിയുണർത്തുന്നു. തെക്കുള്ള ഈജിപ്തോ അസീറിയയോ പോലുള്ള ഒരു “മാംസഭുജ”ത്തെ ആശ്രയിക്കാൻ തന്റെ ജനം ചായ്വു കാണിക്കുന്നുവെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് ശക്തമായ ഒരു മുന്നറിയിപ്പായി ഉതകുന്ന ഒന്ന് തന്റെ ജനത്തെ അഭിനയിച്ചുകാണിക്കാൻ യഹോവ യെശയ്യാവിനെ നിയോഗിക്കുന്നു.—2 ദിനവൃത്താന്തം 32:7, 8.
“നഗ്നനായും ചെരിപ്പിടാതെയും”
8. യെശയ്യാവ് പ്രാവചനിക അർഥമുള്ള എന്താണു ചെയ്യുന്നത്?
8 യഹോവ യെശയ്യാവിനോട് ഇപ്രകാരം പറയുന്നു: “നീ ചെന്നു നിന്റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവെച്ചു കാലിൽനിന്നു ചെരിപ്പും ഊരിക്കളക.” യഹോവ കൽപ്പിച്ചതുപോലെതന്നെ യെശയ്യാവ് ചെയ്യുന്നു. “അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.” (യെശയ്യാവു 20:2) പ്രവാചകന്മാർ ധരിക്കാറുള്ള പരുക്കൻ വസ്ത്രമാണ് രട്ടുശീല. ചിലപ്പോഴൊക്കെ അവർ അറിയിക്കുന്ന മുന്നറിയിപ്പിനോട് അതു ബന്ധപ്പെട്ടിരുന്നു. പ്രതിസന്ധി നേരിടുമ്പോഴും വിപത്കരമായ വാർത്ത കേൾക്കുമ്പോഴുമൊക്കെ ആളുകൾ അതു ധരിക്കുക പതിവാണ്. (2 രാജാക്കന്മാർ 19:2; സങ്കീർത്തനം 35:13; ദാനീയേൽ 9:3) പൂർണ നഗ്നനായാണോ യെശയ്യാവ് നടക്കുന്നത്? അങ്ങനെ ആയിരിക്കണമെന്നില്ല. ഇവിടെ ‘നഗ്നനായ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ പദത്തിനു ഭാഗികമായോ നാമമാത്രമായോ വസ്ത്രം ധരിച്ച ഒരാളെ പരാമർശിക്കാനും കഴിയും. (1 ശമൂവേൽ 19:24, NW അടിക്കുറിപ്പ്) സാധ്യതയനുസരിച്ച്, യെശയ്യാവ് ഊരിമാറ്റിയത് തന്റെ മേൽവസ്ത്രം ആയിരിക്കാം. അക്കാലത്ത് ആളുകൾ സാധാരണ ധരിക്കാറുണ്ടായിരുന്ന, ശരീരത്തോട് ഒട്ടിക്കിടക്കുന്ന ചെറിയൊരു അടിവസ്ത്രം അവൻ അപ്പോഴും ധരിച്ചിരുന്നിരിക്കാം. ഇത്തരം വസ്ത്രം ധരിച്ച നിലയിലാണ് ബന്ദികളായി പിടിച്ച പുരുഷന്മാരെ അസീറിയൻ ശിൽപ്പങ്ങൾ മിക്കപ്പോഴും ചിത്രീകരിക്കുന്നത്.
9. യെശയ്യാവ് സ്വീകരിക്കുന്ന നടപടിയുടെ പ്രാവചനിക അർഥമെന്ത്?
9 യെശയ്യാവ് ഈ അസാധാരണ നടപടി സ്വീകരിക്കുന്നതിന്റെ കാരണം തുടർന്നു വിശദീകരിച്ചിരിക്കുന്നു: “പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ, അശ്ശൂർരാജാവു മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.” (യെശയ്യാവു 20:3, 4) അതേ, പെട്ടെന്നുതന്നെ ഈജിപ്തുകാരും (മിസ്രയീമ്യർ) എത്യോപ്യക്കാരും (കൂശ്യർ) ബന്ദികളായി പിടിച്ചുകൊണ്ടുപോകപ്പെടും. ആർക്കും രക്ഷപ്പെടാനാവില്ല. “ആബാലവൃദ്ധം” ജനങ്ങൾക്കും സകലവും നഷ്ടപ്പെട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും. സംഭവിക്കാൻ പോകുന്ന ആ ദുരന്തത്തെ എടുത്തുപറഞ്ഞുകൊണ്ട്, ഈജിപ്തിനെയും എത്യോപ്യയെയും ആശ്രയിക്കുന്നതു വ്യർഥമായിരിക്കുമെന്ന് യഹോവ യഹൂദാ നിവാസികൾക്കു മുന്നറിയിപ്പു നൽകുന്നു. ആ രാഷ്ട്രങ്ങളുടെ പതനം അവയുടെ ‘നഗ്നത’യിലേക്ക് നയിക്കും. അതേ, ആത്യന്തികമായി അത് അവയുടെ ലജ്ജയ്ക്കു കാരണമാകും!
പ്രത്യാശ തകരുന്നു, സൗന്ദര്യം നശിക്കുന്നു
10, 11. (എ) ഈജിപ്തും എത്യോപ്യയും അസീറിയയുടെ മുമ്പാകെ അശക്തരാണെന്നു തിരിച്ചറിയുമ്പോൾ യഹൂദയുടെ പ്രതികരണം എന്തായിരിക്കും? (ബി) യഹൂദാ നിവാസികൾ ഈജിപ്തിനെയും എത്യോപ്യയെയും ആശ്രയിക്കാൻ ചായ്വു കാണിക്കുന്നതിന്റെ കാരണം എന്തായിരിക്കാം?
10 തങ്ങൾക്ക് ആശ്രയമായി ഉതകുമെന്ന് ദൈവജനം കരുതിയിരുന്ന ഈജിപ്തും എത്യോപ്യയും അസീറിയക്കാരുടെ മുമ്പാകെ അശക്തരാണെന്നു മനസ്സിലാക്കുമ്പോഴത്തെ അവരുടെ പ്രതികരണം യഹോവ തുടർന്ന് പ്രാവചനികമായി വിവരിക്കുന്നു. “അങ്ങനെ അവർ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും. ഈ കടല്ക്കരയിലെ നിവാസികൾ അന്നു: അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിന്നായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.”—യെശയ്യാവു 20:5, 6.
11 പ്രബലശക്തികളായ ഈജിപ്തിനോടും എത്യോപ്യയോടുമുള്ള താരതമ്യത്തിൽ യഹൂദ ചെറിയൊരു തീരപ്രദേശം പോലെയാണ്. ഈ “കടല്ക്കരയിലെ” നിവാസികളിൽ ചിലർ ഈജിപ്തിന്റെ മനോഹാരിതയിൽ—അവിടത്തെ മതിപ്പുളവാക്കുന്ന പിരമിഡുകളിലും ഉയരമുള്ള ക്ഷേത്രങ്ങളിലും ചുറ്റും ഉദ്യാനങ്ങളോടു കൂടിയ വിശാലമായ ഉല്ലാസഗൃഹങ്ങളിലും ഫലവൃക്ഷത്തോപ്പുകളിലും കുളങ്ങളിലും മറ്റും—ആകൃഷ്ടരാണ്. ഈജിപ്തിലെ ഗംഭീരമായ കെട്ടിടങ്ങൾ കെട്ടുറപ്പിന്റെയും സ്ഥിരതയുടെയും തെളിവാണെന്നും ആ ദേശം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലെന്നും അവർ കരുതുന്നു. കൂടാതെ, എത്യോപ്യയിലെ വില്ലാളികളുടെയും രഥങ്ങളുടെയും അശ്വഭടന്മാരുടെയും കാര്യത്തിലും യഹൂദന്മാർക്കു മതിപ്പു തോന്നുന്നുണ്ടാകാം.
12. യഹൂദ ആരിലാണ് ആശ്രയിക്കേണ്ടത്?
12 യെശയ്യാവ് അഭിനയിച്ചുകാണിച്ച മുന്നറിയിപ്പിന്റെയും യഹോവ നൽകിയ പ്രാവചനിക വചനങ്ങളുടെയും വീക്ഷണത്തിൽ, ഈജിപ്തിനെയും എത്യോപ്യയെയും ആശ്രയിക്കാൻ ചായ്വ് കാണിക്കുന്ന, ദൈവത്തെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്ന ഏതൊരാളും സഗൗരവം ചിന്തിക്കേണ്ട ഒന്നുണ്ട്. ഭൗമിക മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് എത്രയോ മെച്ചമാണ്! (സങ്കീർത്തനം 25:2; 40:4) എന്നാൽ പിന്നീട്, അസീറിയൻ രാജാവ് യഹൂദയെ ആക്രമിക്കുന്നു, പിൽക്കാലത്ത് അവിടത്തെ ആലയത്തെയും തലസ്ഥാന നഗരിയെയും ബാബിലോൺ നശിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഒരു പടുകൂറ്റൻ വൃക്ഷത്തിന്റെ കുറ്റിപോലെ “ഒരു ദശാംശം,” അതായത് ഒരു “വിശുദ്ധസന്തതി” അവശേഷിക്കുന്നു. (യെശയ്യാവു ) തക്കസമയം വരുമ്പോൾ, യഹോവയെ ആശ്രയിക്കുന്നതിൽ തുടരുന്ന ആ ചെറിയ കൂട്ടത്തിന്റെ വിശ്വാസത്തെ യെശയ്യാവിന്റെ സന്ദേശം വളരെയധികം ബലപ്പെടുത്തുകതന്നെ ചെയ്യും! 6:13
യഹോവയിൽ ആശ്രയിപ്പിൻ
13. യഹോവയെ ആരാധിക്കുന്നവർ ആയിരുന്നാലും അല്ലെങ്കിലും ഏതു സമ്മർദങ്ങൾ ഇക്കാലത്ത് സകലരെയും ബാധിക്കുന്നു?
13 ഈജിപ്തിനെയും എത്യോപ്യയെയും ആശ്രയിക്കുന്നതിന്റെ വ്യർഥത സംബന്ധിച്ച യെശയ്യാ പുസ്തകത്തിലുള്ള മുന്നറിയിപ്പ് വെറുമൊരു ചരിത്രമായി നാം തള്ളിക്കളയരുത്. അതിനു നമ്മുടെ നാളിൽ പ്രായോഗിക മൂല്യമുണ്ട്. ‘അന്ത്യകാലത്തെ ദുർഘടസമയത്താണ്’ നാം ജീവിക്കുന്നത്. (2 തിമൊഥെയൊസ് 3:1) സാമ്പത്തിക തകർച്ച, വ്യാപകമായ ദാരിദ്ര്യം, രാഷ്ട്രീയ അനിശ്ചിതത്വം, ആഭ്യന്തര കലഹങ്ങൾ, ചെറുതോ വലുതോ ആയ യുദ്ധങ്ങൾ എന്നിവയൊക്കെ ദൈവഭരണത്തെ നിന്ദിക്കുന്നവരെ മാത്രമല്ല യഹോവയെ ആരാധിക്കുന്നവരെ പോലും ബാധിക്കുന്നു. ‘ഞാൻ സഹായത്തിനായി ആരിലേക്കു തിരിയും?’ എന്ന് നാമോരോരുത്തരും സ്വയം ചോദിക്കേണ്ടതാണ്.
14. നാം യഹോവയിൽ മാത്രം ആശ്രയിക്കേണ്ടത് എന്തുകൊണ്ട്?
14 മനുഷ്യന്റെ കഴിവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചു സംസാരിക്കുന്ന സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും ഇന്നു ചിലരിലൊക്കെ അത്യധികം മതിപ്പുളവാക്കിയേക്കാം. എന്നാൽ, “പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു” എന്ന് ബൈബിൾ വ്യക്തമായി പ്രസ്താവിക്കുന്നു. (സങ്കീർത്തനം 118:9) സമാധാനവും സുരക്ഷിതത്വവും കൈവരിക്കാനുള്ള മനുഷ്യ പദ്ധതികളെല്ലാം വൃഥാവാകും. അതിന്റെ കാരണം യിരെമ്യാ പ്രവാചകൻ ഉചിതമായിത്തന്നെ പറയുകയുണ്ടായി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.
15. അരിഷ്ടത അനുഭവിക്കുന്ന മനുഷ്യവർഗത്തിനു പ്രത്യാശ നൽകാൻ ആർക്കു മാത്രമേ കഴിയൂ?
15 അതിനാൽ, ലോകത്തിന്റെ ശക്തിയിലോ ജ്ഞാനത്തിലോ മയങ്ങിപ്പോകാതിരിക്കാൻ ദൈവദാസർ ശ്രദ്ധിക്കുന്നത് വളരെ പ്രധാനമാണ്. (സങ്കീർത്തനം 33:10; 1 കൊരിന്ത്യർ 3:19, 20) അരിഷ്ടത അനുഭവിക്കുന്ന മനുഷ്യവർഗത്തിനു പ്രത്യാശ നൽകാൻ സ്രഷ്ടാവായ യഹോവയ്ക്കു മാത്രമേ കഴിയൂ. അവനിൽ ആശ്രയിക്കുന്നവർ രക്ഷിക്കപ്പെടും. യോഹന്നാൻ അപ്പൊസ്തലൻ നിശ്വസ്തതയിൽ ഇങ്ങനെ എഴുതിയതുപോലെ, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
[അടിക്കുറിപ്പുകൾ]
a ഈ രാജാവിനെ സർഗോൻ രണ്ടാമൻ എന്നാണ് ചരിത്രകാരന്മാർ വിളിക്കുന്നത്. “സർഗോൻ ഒന്നാമൻ” എന്നു വിളിക്കുന്നത് മുമ്പ് ബാബിലോണിൽ—അസീറിയയിൽ അല്ല—ഭരണം നടത്തിയിരുന്ന ഒരു രാജാവിനെയാണ്.
b “തർത്താൻ” എന്നത് ഒരാളുടെ പേരല്ല, അസീറിയൻ സൈന്യത്തിലെ മുഖ്യ സൈന്യാധിപന്റെ പദവിനാമമാണ്. സാധ്യതയനുസരിച്ച്, സാമ്രാജ്യത്തിൽ രാജാവു കഴിഞ്ഞാൽ ഏറ്റവും അധികാരം ഉണ്ടായിരുന്ന ആൾ ഈ സൈന്യാധിപൻ ആയിരുന്നു.
[അധ്യയന ചോദ്യങ്ങൾ]
[209-ാം പേജിലെ ചിത്രം]
അസീറിയക്കാർ ബന്ദികളായി പിടിച്ച ചിലരുടെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചിരുന്നു
[213-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യ ശ്രമങ്ങൾ ചിലരിൽ അത്യധികം മതിപ്പുളവാക്കിയേക്കാം, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നതാണ് ഏറെ മെച്ചം