വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും

മിശിഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും

അധ്യായം പതിമൂന്ന്‌

മിശി​ഹൈക ഭരണത്തിൻ കീഴിൽ രക്ഷയും ആനന്ദവും

യെശയ്യാവു 11:1–12:6

1. യെശയ്യാ​വി​ന്റെ നാളിലെ ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയു​ടെ ആത്മീയ അവസ്ഥ വർണി​ക്കുക.

 യെശയ്യാ​വി​ന്റെ നാളിൽ ദൈവ​ത്തി​ന്റെ ഉടമ്പടി ജനതയു​ടെ ആത്മീയ അവസ്ഥ വളരെ മോശ​മാ​യി​രു​ന്നു. ഉസ്സീയാവ്‌, യോഥാം തുടങ്ങിയ വിശ്വസ്‌ത രാജാ​ക്ക​ന്മാ​രു​ടെ ഭരണകാ​ല​ത്തു​പോ​ലും നിരവധി പേർ പൂജാ​ഗി​രി​ക​ളിൽ ആരാധന നടത്തി​യി​രു​ന്നു. (2 രാജാ​ക്ക​ന്മാർ 15:1-4, 34, 35; 2 ദിനവൃ​ത്താ​ന്തം 26:1, 4) ഹിസ്‌കീ​യാവ്‌ രാജാ​വാ​യ​പ്പോൾ ബാൽ ആരാധന ദേശത്തു​നി​ന്നു നീക്കം ചെയ്യാൻ അവനു നടപടി സ്വീക​രി​ക്കേ​ണ്ടി​വന്നു. (2 ദിനവൃ​ത്താ​ന്തം 31:1) തന്നി​ലേക്കു മടങ്ങാൻ യഹോവ തന്റെ ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അവർക്കു ലഭിക്കാൻ പോകുന്ന ശിക്ഷയെ കുറിച്ച്‌ മുന്നറി​യി​പ്പു നൽകു​ക​യും ചെയ്‌ത​തിൽ തെല്ലും അതിശ​യ​മില്ല!

2, 3. അവിശ്വ​സ്‌തത വ്യാപ​ക​മാ​യി​രു​ന്നി​ട്ടും തന്നെ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർക്ക്‌ യഹോവ എന്തു പ്രോ​ത്സാ​ഹ​ന​മേ​കു​ന്നു?

2 എന്നിരുന്നാലും, എല്ലാവ​രും കടുത്ത മത്സരികൾ ആയിരു​ന്നില്ല. യഹോ​വ​യ്‌ക്ക്‌ വിശ്വ​സ്‌ത​രായ പ്രവാ​ച​ക​ന്മാർ ഉണ്ടായി​രു​ന്നു, അവർക്കു ചെവി​കൊ​ടുത്ത ചില യഹൂദ​ന്മാ​രും ദേശത്ത്‌ ഉണ്ടായി​രു​ന്നി​രി​ക്കാൻ ഇടയുണ്ട്‌. യഹോ​വ​യ്‌ക്ക്‌ അവരോട്‌ ആശ്വാ​സ​ക​ര​മായ ചില കാര്യങ്ങൾ പറയാ​നു​ണ്ടാ​യി​രു​ന്നു. അസീറി​യൻ ആക്രമ​ണ​സ​മ​യത്ത്‌ യഹൂദ​യ്‌ക്ക്‌ ഉണ്ടാകാൻ പോകുന്ന കഷ്‌ട​തകൾ വിവരി​ച്ച​ശേഷം, മിശി​ഹാ​യു​ടെ ഭരണത്തിൻ കീഴിൽ വരാനി​രി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങളെ കുറി​ച്ചുള്ള വിശദാം​ശങ്ങൾ രേഖ​പ്പെ​ടു​ത്താൻ പ്രവാ​ച​ക​നായ യെശയ്യാവ്‌ നിശ്വ​സ്‌ത​നാ​ക്ക​പ്പെട്ടു. a ഇത്‌ ബൈബി​ളി​ലെ ഏറ്റവും മനോ​ഹ​ര​മായ ഭാഗങ്ങ​ളി​ലൊ​ന്നാണ്‌. ഈ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ ചില വശങ്ങൾക്ക്‌, ബാബി​ലോ​ണി​യൻ പ്രവാ​സ​ത്തിൽനി​ന്നു യഹൂദ​ന്മാർ മടങ്ങി​വ​ന്ന​പ്പോൾ ചെറിയ തോതി​ലുള്ള ഒരു നിവൃത്തി ഉണ്ടായി. എന്നാൽ ആ പ്രവച​ന​ത്തിന്‌ നമ്മുടെ കാലത്ത്‌ പ്രമു​ഖ​മായ ഒരു നിവൃ​ത്തി​യുണ്ട്‌. അതിന്റെ നിവൃത്തി കാണാൻ യെശയ്യാ​വും അക്കാലത്തെ വിശ്വ​സ്‌ത​രായ മറ്റു യഹൂദ​ന്മാ​രും അതിയാ​യി ആഗ്രഹി​ച്ചി​രു​ന്നെ​ങ്കി​ലും അവർക്ക്‌ അതിനു കഴിഞ്ഞില്ല. എങ്കിലും, പുനരു​ത്ഥാ​നം പ്രാപി​ക്കു​മ്പോൾ അവർ അതിന്റെ നിവൃത്തി കാണും.—എബ്രായർ 11:35.

3 യഹോവയുടെ ആധുനി​ക​കാല ജനത്തി​നും പ്രോ​ത്സാ​ഹനം ആവശ്യ​മാണ്‌. കാരണം, ധാർമിക മൂല്യങ്ങൾ വളരെ വേഗം ക്ഷയിച്ചു​വ​രുന്ന ഒരു ലോക​ത്തി​ലാണ്‌ അവർ ജീവി​ക്കു​ന്നത്‌. പലപ്പോ​ഴും അവർക്ക്‌ രാജ്യ​സ​ന്ദേ​ശ​ത്തോ​ടുള്ള ശക്തമായ എതിർപ്പി​നെ അഭിമു​ഖീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു. കൂടാതെ, വ്യക്തി​പ​ര​മായ ബലഹീ​ന​ത​ക​ളും അവർക്കെ​ല്ലാ​മുണ്ട്‌. ഈ വെല്ലു​വി​ളി​കളെ തരണം ചെയ്യാ​നാ​വ​ശ്യ​മായ ബലവും സഹായ​വും ദൈവ​ജ​ന​ത്തി​നു പ്രദാനം ചെയ്യാൻ മിശി​ഹാ​യെ​യും അവന്റെ ഭരണ​ത്തെ​യും കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ അത്ഭുത​ക​ര​മായ വാക്കു​കൾക്കു കഴിയും.

മിശിഹാ—കഴിവുറ്റ ഒരു നായകൻ

4, 5. മിശി​ഹാ​യു​ടെ വരവിനെ കുറിച്ച്‌ യെശയ്യാവ്‌ എന്തു പ്രവചി​ച്ചു, യെശയ്യാ​വി​ന്റെ ആ വാക്കുകൾ ഏതു വിധത്തിൽ മത്തായി ബാധക​മാ​ക്കി?

4 യെശയ്യാവിന്റെ നാളി​നും നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌, മിശി​ഹാ​യു​ടെ—യഹോവ ഇസ്രാ​യേ​ലി​ലേക്ക്‌ അയയ്‌ക്കാ​നി​രുന്ന യഥാർഥ നായകന്റെ—വരവിനെ കുറിച്ച്‌ മറ്റ്‌ എബ്രായ എഴുത്തു​കാർ ചൂണ്ടി​ക്കാ​ട്ടി​യി​രു​ന്നു. (ഉല്‌പത്തി 49:10; ആവർത്ത​ന​പു​സ്‌തകം 18:18; സങ്കീർത്തനം 118:22, 26) ഇപ്പോൾ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ കൂടു​ത​ലായ വിശദാം​ശങ്ങൾ കൂട്ടി​ച്ചേർക്കു​ന്നു. യെശയ്യാവ്‌ ഇങ്ങനെ എഴുതു​ന്നു: “എന്നാൽ യിശ്ശാ​യി​യു​ടെ കുററി​യിൽനി​ന്നു ഒരു മുള പൊട്ടി പുറ​പ്പെ​ടും; അവന്റെ വേരു​ക​ളിൽനി​ന്നുള്ള ഒരു കൊമ്പു ഫലം കായി​ക്കും.” (യെശയ്യാ​വു 11:1; സങ്കീർത്തനം 132:11 താരത​മ്യം ചെയ്യുക.) “മുള,” ‘കൊമ്പ്‌’ എന്നീ വാക്കുകൾ, ഇസ്രാ​യേൽ രാജാ​വെന്ന നിലയിൽ തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യപ്പെട്ട ദാവീ​ദി​ലൂ​ടെ, അവന്റെ പിതാ​വായ യിശ്ശാ​യി​യു​ടെ പിൻത​ല​മു​റ​ക്കാ​രൻ ആയിട്ട്‌ ആയിരി​ക്കും മിശിഹാ വരുന്നത്‌ എന്നു സൂചി​പ്പി​ക്കു​ന്നു. (1 ശമൂവേൽ 16:13; യിരെ​മ്യാ​വു 23:5; വെളി​പ്പാ​ടു 22:16) ദാവീ​ദ്‌ഗൃ​ഹ​ത്തി​ലെ ‘കൊമ്പ്‌’ ആയ യഥാർഥ മിശിഹാ നല്ല ഫലം പുറ​പ്പെ​ടു​വി​ക്കേ​ണ്ട​താണ്‌.

5 വാഗ്‌ദത്ത മിശിഹാ യേശു​വാണ്‌. അവൻ “നസറായൻ” എന്നു വിളി​ക്ക​പ്പെ​ട്ട​പ്പോൾ പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ നിവൃ​ത്തി​യേ​റി​യ​താ​യി യെശയ്യാ​വു 11:1-ലെ വാക്കു​കളെ പരാമർശി​ച്ചു​കൊണ്ട്‌ സുവി​ശേഷ എഴുത്തു​കാ​ര​നായ മത്തായി പറഞ്ഞു. നസറെത്ത്‌ എന്ന പട്ടണത്തിൽ വളർന്ന​തി​നാ​ലാണ്‌ യേശു​വിന്‌ നസറായൻ എന്ന പേരു ലഭിച്ചത്‌. ആ പേരിന്‌ ‘കൊമ്പ്‌’ എന്നതിനു യെശയ്യാ​വു 11:1-ൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ പദവു​മാ​യി ബന്ധമുണ്ട്‌. bമത്തായി 2:23, NW അടിക്കു​റിപ്പ്‌; ലൂക്കൊസ്‌ 2:39, 40.

6. വാഗ്‌ദത്ത മിശിഹാ എങ്ങനെ​യുള്ള ഒരു ഭരണാ​ധി​പൻ ആയിരി​ക്കും?

6 മിശിഹാ എങ്ങനെ​യുള്ള ഒരു ഭരണാ​ധി​പൻ ആയിരി​ക്കും? പത്തു-ഗോത്ര വടക്കേ രാജ്യ​മായ ഇസ്രാ​യേ​ലി​നെ നശിപ്പി​ക്കുന്ന അഹങ്കാ​രി​യായ അസീറി​യ​യെ​പ്പോ​ലെ അവൻ ക്രൂരൻ ആയിരി​ക്കു​മോ? തീർച്ച​യാ​യും ഇല്ല. മിശി​ഹാ​യെ കുറിച്ച്‌ യെശയ്യാവ്‌ ഇങ്ങനെ പറയുന്നു: “അവന്റെ മേൽ യഹോ​വ​യു​ടെ ആത്മാവു ആവസി​ക്കും; ജ്ഞാനത്തി​ന്റെ​യും വിവേ​ക​ത്തി​ന്റെ​യും ആത്മാവു, ആലോ​ച​ന​യു​ടെ​യും ബലത്തി​ന്റെ​യും ആത്മാവു, പരിജ്ഞാ​ന​ത്തി​ന്റെ​യും യഹോ​വ​ഭ​ക്തി​യു​ടെ​യും [“യഹോ​വാ​ഭ​യ​ത്തി​ന്റെ​യും,” NW] ആത്മാവു തന്നേ. അവന്റെ പ്രമോ​ദം യഹോ​വാ​ഭ​ക്തി​യിൽ [“യഹോ​വാ​ഭ​യ​ത്തിൽ,” NW] ആയിരി​ക്കും.” (യെശയ്യാ​വു 11:2, 3എ) മിശിഹാ അഭി​ഷേകം ചെയ്യ​പ്പെ​ടു​ന്നത്‌ തൈലം കൊണ്ടല്ല, മറിച്ച്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ കൊണ്ടാണ്‌. യേശു​വി​ന്റെ സ്‌നാപന സമയത്താണ്‌ അതു സംഭവി​ക്കു​ന്നത്‌. അപ്പോൾ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ ഒരു പ്രാവി​ന്റെ രൂപത്തിൽ യേശു​വി​ന്റെ​മേൽ ഇറങ്ങി​വ​രു​ന്നത്‌ യോഹ​ന്നാൻ സ്‌നാ​പകൻ കാണുന്നു. (ലൂക്കൊസ്‌ 3:22) യഹോ​വ​യു​ടെ ആത്മാവ്‌ യേശു​വി​ന്റെ​മേൽ ‘ആവസി​ക്കു​ന്നു.’ തന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ജ്ഞാനവും വിവേ​ക​വും ആലോ​ച​ന​യും ശക്തിയും പരിജ്ഞാ​ന​വും പ്രകട​മാ​ക്കി​ക്കൊണ്ട്‌ അവൻ അതിനു തെളിവു നൽകുന്നു. ഒരു ഭരണാ​ധി​പനു വേണ്ട എത്ര വിശി​ഷ്‌ട​മായ ഗുണങ്ങൾ!

7. യേശു തന്റെ വിശ്വസ്‌ത അനുഗാ​മി​കൾക്ക്‌ എന്തു വാഗ്‌ദാ​നം നൽകി?

7 യേശുവിന്റെ അനുഗാ​മി​കൾക്കും പരിശു​ദ്ധാ​ത്മാ​വു ലഭ്യമാണ്‌. താൻ നടത്തിയ പ്രസം​ഗ​ങ്ങ​ളിൽ ഒന്നിൽ യേശു ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ദോഷി​ക​ളായ നിങ്ങൾ നിങ്ങളു​ടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടു​പ്പാൻ അറിയു​ന്നു എങ്കിൽ സ്വർഗ്ഗ​സ്ഥ​നായ പിതാവു തന്നോടു യാചി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ എത്ര അധികം കൊടു​ക്കും.” (ലൂക്കൊസ്‌ 11:13) അതു​കൊണ്ട്‌, പരിശു​ദ്ധാ​ത്മാ​വി​നു വേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​തിൽ നാം ഒരിക്ക​ലും വിമുഖത കാണി​ക്ക​രുത്‌. അതിന്റെ നല്ല ഫലങ്ങൾ—“സ്‌നേഹം, സന്തോഷം, സമാധാ​നം, ദീർഘക്ഷമ, ദയ, പരോ​പ​കാ​രം, വിശ്വ​സ്‌തത, സൌമ്യത, ഇന്ദ്രി​യ​ജയം”—നട്ടുവ​ളർത്താൻ നാം എല്ലായ്‌പോ​ഴും ശ്രമി​ക്കു​ക​യും വേണം. (ഗലാത്യർ 5:22, 23) ജീവിത വെല്ലു​വി​ളി​കളെ വിജയ​പ്ര​ദ​മാ​യി തരണം ചെയ്യാൻ സഹായി​ക്കുന്ന “ഉയരത്തിൽനി​ന്നുള്ള ജ്ഞാന”ത്തിനു വേണ്ടി യേശു​വി​ന്റെ അനുഗാ​മി​കൾ അപേക്ഷി​ക്കു​ന്ന​പക്ഷം ഉത്തരം നൽകു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്യുന്നു.—യാക്കോബ്‌ 1:5; 3:17.

8. യേശു എങ്ങനെ യഹോ​വാ​ഭ​യ​ത്തിൽ ആനന്ദം കണ്ടെത്തു​ന്നു?

8 മിശിഹാ പ്രകട​മാ​ക്കുന്ന യഹോ​വാ​ഭയം എന്താണ്‌? യേശു ദൈവ​ത്തി​ന്റെ മുമ്പാകെ പേടിച്ചു വിറയ്‌ക്കു​ന്നു​വെ​ന്നോ തന്നെ കുറ്റം വിധി​ക്കു​മെന്നു ഭയപ്പെ​ടു​ന്നു​വെ​ന്നോ അല്ല ഇതിനർഥം. മറിച്ച്‌, മിശി​ഹാ​യ്‌ക്ക്‌ ദൈവ​ത്തോട്‌ ഭക്ത്യാ​ദ​ര​വുണ്ട്‌, സ്‌നേ​ഹ​പൂർവ​ക​മായ ഭയമുണ്ട്‌ എന്നാണ്‌. ദൈവ​ഭ​യ​മുള്ള ഒരാൾ എപ്പോ​ഴും യേശു​വി​നെ പോലെ “അവന്നു പ്രസാ​ദ​മു​ള്ളതു” ചെയ്യാൻ ആഗ്രഹി​ക്കു​ന്നു. (യോഹ​ന്നാൻ 8:29) യഹോ​വ​യോ​ടുള്ള ആരോ​ഗ്യാ​വ​ഹ​മായ ഭയത്തിൽ ദിവസ​വും നടക്കു​ന്ന​തി​നെ​ക്കാൾ വലിയ സന്തോഷം ഇല്ല എന്നാണ്‌ യേശു​വി​ന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും തെളി​യി​ക്കു​ന്നത്‌.

നീതി​യും കരുണ​യു​മുള്ള ഒരു ന്യായാ​ധി​പൻ

9. ക്രിസ്‌തീയ സഭയിൽ നീതി​ന്യാ​യ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​വർക്കാ​യി യേശു എങ്ങനെ​യുള്ള മാതൃക വെക്കുന്നു?

9 മിശിഹായുടെ ഗുണങ്ങളെ കുറിച്ച്‌ യെശയ്യാവ്‌ കൂടുതൽ വിവരങ്ങൾ മുൻകൂ​ട്ടി പറയുന്നു: “അവൻ [കേവലം] കണ്ണു​കൊ​ണ്ടു കാണു​ന്ന​തു​പോ​ലെ ന്യായ​പാ​ലനം ചെയ്‌ക​യില്ല; [കേവലം] ചെവി​കൊ​ണ്ടു കേൾക്കു​ന്നതു പോലെ വിധി​ക്ക​യു​മില്ല.” (യെശയ്യാ​വു 11:3ബി) നിങ്ങൾ ഒരു കോടതി മുമ്പാ​കെ​യാ​ണെ​ങ്കിൽ, അത്തരത്തി​ലുള്ള ഒരു ന്യായാ​ധി​പനെ പ്രതി നിങ്ങൾ നന്ദിയു​ള്ളവൻ ആയിരി​ക്കി​ല്ലേ? മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും ന്യായാ​ധി​പ​നായ മിശിഹാ, തെറ്റായ വാദഗ​തി​കൾ, വഞ്ചനാത്മക വാദങ്ങൾ, കിംവ​ദ​ന്തി​കൾ എന്നിവ​യാ​ലോ സമ്പത്തു പോലുള്ള മറ്റു ഘടകങ്ങ​ളാ​ലോ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നില്ല. അവൻ വഞ്ചന കണ്ടുപി​ടി​ക്കു​ന്നു, ബാഹ്യ​മായ കാര്യ​ങ്ങൾക്കും അപ്പുറ​ത്തേക്കു കടന്നു​ചെന്ന്‌ ‘ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യ​നെ’ കാണുന്നു. (1 പത്രൊസ്‌ 3:4) ക്രിസ്‌തീയ സഭയിൽ നീതി​ന്യാ​യ കാര്യങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​വർക്ക്‌ അനുക​രി​ക്കാ​വുന്ന അതി​ശ്രേഷ്‌ഠ മാതൃ​ക​യാണ്‌ യേശു​വി​ന്റേത്‌.—1 കൊരി​ന്ത്യർ 6:1-4.

10, 11. (എ) ഏതു വിധത്തി​ലാണ്‌ യേശു തന്റെ അനുഗാ​മി​കളെ തിരു​ത്തു​ന്നത്‌? (ബി) യേശു ദുഷ്‌ട​ന്മാ​രു​ടെ​മേൽ എന്തു ന്യായ​വി​ധി നടത്തുന്നു?

10 മിശിഹായുടെ അതി​ശ്രേഷ്‌ഠ ഗുണങ്ങൾ അവൻ എടുക്കുന്ന നീതി​ന്യാ​യ തീരു​മാ​ന​ങ്ങളെ എങ്ങനെ സ്വാധീ​നി​ക്കും? യെശയ്യാവ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “അവൻ ദരി​ദ്ര​ന്മാർക്കു നീതി​യോ​ടെ ന്യായം പാലി​ച്ചു​കൊ​ടു​ക്ക​യും ദേശത്തി​ലെ സാധു​ക്കൾക്കു നേരോ​ടെ വിധി​ക​ല്‌പി​ക്ക​യും ചെയ്യും; തന്റെ വായ്‌ എന്ന വടി​കൊ​ണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങ​ളു​ടെ ശ്വാസം​കൊ​ണ്ടു ദുഷ്ടനെ കൊല്ലും. നീതി അവന്റെ നടു​ക്കെ​ട്ടും വിശ്വ​സ്‌തത അവന്റെ അരക്കച്ച​യും ആയിരി​ക്കും.”—യെശയ്യാ​വു 11:4, 5.

11 തന്റെ അനുഗാ​മി​കൾക്കു തിരുത്തൽ ആവശ്യ​മാ​യി​രി​ക്കു​മ്പോൾ, അവർക്ക്‌ ഏറ്റവും പ്രയോ​ജനം ചെയ്യുന്ന വിധത്തിൽ യേശു അതു നൽകുന്നു. അതു ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ ഒരു ഉത്‌കൃഷ്ട മാതൃ​ക​യാണ്‌. എന്നാൽ, ദുഷ്‌ടത പ്രവർത്തി​ക്കു​ന്ന​വർക്ക്‌ കടുത്ത ന്യായ​വി​ധി പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌. ദൈവം ഈ വ്യവസ്ഥി​തി​യോ​ടു കണക്കു ചോദി​ക്കുന്ന സമയത്ത്‌ സകല ദുഷ്‌ട​ന്മാർക്കും എതിരെ നാശത്തി​ന്റെ ന്യായ​വി​ധി പ്രഖ്യാ​പി​ച്ചു​കൊണ്ട്‌ തന്റെ ആധികാ​രിക ശബ്ദത്താൽ മിശിഹാ “ഭൂമിയെ അടിക്കും.” (സങ്കീർത്തനം 2:9; വെളി​പ്പാ​ടു 19:15 താരത​മ്യം ചെയ്യുക.) പിന്നീട്‌, മനുഷ്യ​വർഗ​ത്തി​ന്റെ സമാധാ​നം കെടു​ത്താൻ ദുഷ്‌ട​ന്മാ​രാ​രും ഉണ്ടായി​രി​ക്കു​ക​യില്ല. (സങ്കീർത്തനം 37:10, 11) നീതി​യും വിശ്വ​സ്‌ത​ത​യും കൊണ്ട്‌ നടുവും അരയും കെട്ടി​യി​രി​ക്കുന്ന യേശു​വിന്‌ അവരെ നീക്കം ചെയ്യാ​നുള്ള അധികാ​ര​മുണ്ട്‌.—സങ്കീർത്തനം 45:3-7.

ഭൂമി​യി​ലെ മാറ്റംവന്ന അവസ്ഥകൾ

12. ബാബി​ലോ​ണിൽനിന്ന്‌ വാഗ്‌ദത്ത ദേശ​ത്തേക്കു മടങ്ങി​പ്പോ​കു​ന്ന​തി​നെ കുറിച്ചു ചിന്തി​ക്കു​മ്പോൾ, എന്തെല്ലാം ആകുല​തകൾ യഹൂദ​ന്മാ​രു​ടെ മനസ്സി​ലേക്കു വന്നേക്കാം?

12 യഹൂദന്മാർ യെരൂ​ശ​ലേ​മി​ലേക്കു മടങ്ങി​പ്പോ​യി ആലയം പുനർനിർമി​ക്ക​ണ​മെന്ന കോ​രെ​ശി​ന്റെ (സൈറ​സി​ന്റെ) കൽപ്പനയെ കുറിച്ച്‌ അറിഞ്ഞ ഇസ്രാ​യേ​ല്യ​രു​ടെ മാനസിക അവസ്ഥ ഭാവന​യിൽ കാണുക. ബാബി​ലോ​ണി​ലെ സുരക്ഷി​ത​ത്വം വിട്ടെ​റിഞ്ഞ്‌ സ്വദേ​ശ​ത്തേ​ക്കുള്ള ദീർഘ​യാ​ത്ര​യ്‌ക്ക്‌ അവർ മുതി​രു​മോ? 70 വർഷമാ​യി ഉപേക്ഷി​ക്ക​പ്പെട്ടു കിടന്നി​രുന്ന വയലു​ക​ളിൽ കളകൾ വളർന്നി​രി​ക്കു​ന്നു. ചെന്നാ​യ്‌ക്ക​ളും പുള്ളി​പ്പു​ലി​ക​ളും സിംഹ​ങ്ങ​ളും കരടി​ക​ളും ഇപ്പോൾ അവിടെ സ്വത​ന്ത്ര​മാ​യി വിഹരി​ക്കു​ക​യാണ്‌. അവിടം സർപ്പങ്ങ​ളു​ടെ​യും താവള​മാ​യി​ത്തീർന്നി​രി​ക്കു​ന്നു. മടങ്ങി​യെ​ത്തുന്ന യഹൂദർ ജീവിതം കഴിച്ചു​കൂ​ട്ടു​ന്ന​തിന്‌ വളർത്തു​മൃ​ഗ​ങ്ങളെ ആശ്രയി​ക്കേ​ണ്ടി​വ​രും—ആടിൽനി​ന്നും കന്നുകാ​ലി​യിൽനി​ന്നും പാലും രോമ​വും മാംസ​വും കിട്ടും, കാളയെ വയൽ ഉഴാൻ ഉപയോ​ഗി​ക്കാം. എന്നാൽ, ഈ മൃഗങ്ങളെ ഇരപി​ടി​യ​ന്മാർ കൊല്ലു​മോ? കൊച്ചു​കു​ട്ടി​കളെ പാമ്പു കടിക്കു​മോ? യാത്രാ​മ​ധ്യേ കൊള്ള​ക്കാ​രു​ടെ ആക്രമണം ഉണ്ടാ​യേ​ക്കു​മോ?

13. (എ) വിശി​ഷ്ട​മായ എന്ത്‌ അവസ്ഥകളെ കുറി​ച്ചാണ്‌ യെശയ്യാവ്‌ വർണി​ക്കു​ന്നത്‌? (ബി) യെശയ്യാവ്‌ വർണി​ക്കുന്ന സമാധാ​ന​ത്തിൽ കാട്ടു​മൃ​ഗ​ങ്ങ​ളിൽ നിന്നുള്ള സുരക്ഷ​യെ​ക്കാൾ അധികം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

13 ദൈവം ദേശത്തു വരുത്താൻ പോകുന്ന വിശി​ഷ്ട​മായ അവസ്ഥകളെ കുറിച്ച്‌ യെശയ്യാവ്‌ തുടർന്നു വർണി​ക്കു​ന്നു. അവൻ പറയുന്നു: “ചെന്നായി കുഞ്ഞാ​ടി​നോ​ടു​കൂ​ടെ പാർക്കും; പുള്ളി​പ്പു​ലി കോലാ​ട്ടു​കു​ട്ടി​യോ​ടു​കൂ​ടെ കിടക്കും; പശുക്കി​ടാ​വും ബാലസിം​ഹ​വും തടിപ്പിച്ച മൃഗവും ഒരുമി​ച്ചു പാർക്കും; ഒരു ചെറി​യ​കു​ട്ടി അവയെ നടത്തും. പശു കരടി​യോ​ടു​കൂ​ടെ മേയും; അവയുടെ കുട്ടികൾ ഒരുമി​ച്ചു കിടക്കും; സിംഹം കാള എന്നപോ​ലെ വൈ​ക്കോൽ തിന്നും. മുലകു​ടി​ക്കുന്ന ശിശു സർപ്പത്തി​ന്റെ പോതി​ങ്കൽ കളിക്കും; മുലകു​ടി​മാ​റിയ പൈതൽ അണലി​യു​ടെ പൊത്തിൽ കൈ ഇടും. സമുദ്രം വെള്ളം​കൊ​ണ്ടു നിറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ ഭൂമി യഹോ​വ​യു​ടെ പരിജ്ഞാ​നം​കൊ​ണ്ടു പൂർണ്ണ​മാ​യി​രി​ക്ക​യാൽ എന്റെ വിശു​ദ്ധ​പർവ്വ​ത​ത്തിൽ എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.” (യെശയ്യാ​വു 11:6-9) ഹൃദയ​ഹാ​രി​യല്ലേ ഈ വാക്കുകൾ? ഇവിടെ പരാമർശി​ച്ചി​രി​ക്കുന്ന സമാധാ​നം യഹോ​വയെ കുറി​ച്ചുള്ള പരിജ്ഞാ​ന​ത്തിൽനി​ന്നു വരുന്ന​താണ്‌. അതിനാൽ, കാട്ടു​മൃ​ഗ​ങ്ങ​ളിൽനി​ന്നുള്ള സുരക്ഷ​യെ​ക്കാൾ അധികം അതിൽ ഉൾപ്പെ​ട്ടി​ട്ടുണ്ട്‌. യഹോ​വയെ കുറി​ച്ചുള്ള പരിജ്ഞാ​നം മൃഗങ്ങ​ളി​ലല്ല, മനുഷ്യ​രി​ലാ​ണു മാറ്റമു​ണ്ടാ​ക്കു​ന്നത്‌. അതിനാൽ സ്വദേ​ശ​ത്തേ​ക്കുള്ള യാത്രാ​മ​ധ്യേ​യോ പുനഃ​സ്ഥാ​പിത ദേശത്തോ ഇസ്രാ​യേ​ല്യർ മൃഗങ്ങളെ അല്ലെങ്കിൽ മൃഗതു​ല്യ​രായ മനുഷ്യ​രെ ഭയക്കേ​ണ്ട​തില്ല.—എസ്രാ 8:21, 22; യെശയ്യാ​വു 35:8-10; 65:25.

14. യെശയ്യാ​വു 11:6-9-ന്റെ വലിയ നിവൃത്തി എന്താണ്‌?

14 എങ്കിലും, ഈ പ്രവച​ന​ത്തിന്‌ ഒരു വലിയ നിവൃ​ത്തി​യുണ്ട്‌. 1914-ൽ യേശു​ക്രി​സ്‌തു സ്വർഗീയ സീയോൻ പർവത​ത്തിൽ സിംഹാ​സ​ന​സ്ഥ​നാ​യി. 1919-ൽ ‘ദൈവ​ത്തി​ന്റെ യിസ്രാ​യേലി’ൽ ശേഷി​ക്കു​ന്നവർ ബാബി​ലോ​ണി​യൻ അടിമ​ത്ത​ത്തിൽനി​ന്നു വിടുതൽ പ്രാപി​ക്കു​ക​യും സത്യാ​രാ​ധ​ന​യു​ടെ പുനഃ​സ്ഥാ​പ​ന​ത്തിൽ പങ്കെടു​ക്കു​ക​യും ചെയ്‌തു. (ഗലാത്യർ 6:16) തത്‌ഫ​ല​മാ​യി, പറുദീ​സയെ കുറി​ച്ചുള്ള യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​ന്റെ ആധുനി​ക​കാല നിവൃ​ത്തിക്ക്‌ വഴി തുറക്ക​പ്പെട്ടു. യഹോ​വയെ കുറി​ച്ചുള്ള സൂക്ഷ്‌മ ‘പരിജ്ഞാ​നം’ ആളുക​ളു​ടെ വ്യക്തി​ത്വ​ത്തി​നു മാറ്റം വരുത്തു​ക​യു​ണ്ടാ​യി. (കൊ​ലൊ​സ്സ്യർ 3:9, 10) മുമ്പ്‌ ആക്രമ​ണ​കാ​രി​ക​ളാ​യി​രുന്ന ആളുകൾ സമാധാ​ന​പ്രി​യർ ആയിത്തീർന്നു. (റോമർ 12:2; എഫെസ്യർ 4:17-24) ഭൗമിക പ്രത്യാ​ശ​യുള്ള ക്രിസ്‌ത്യാ​നി​കൾ—അവരുടെ സംഖ്യ ത്വരി​ത​ഗ​തി​യിൽ വർധി​ച്ചു​വ​രു​ന്നു—യെശയ്യാ​വി​ന്റെ പ്രവചന നിവൃ​ത്തി​യിൽ ഉൾപ്പെ​ടു​ന്ന​തി​നാൽ ഈ സംഭവ​വി​കാ​സങ്ങൾ ഇപ്പോൾ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ ബാധി​ച്ചി​രി​ക്കു​ന്നു. (സങ്കീർത്തനം 37:29; യെശയ്യാ​വു 60:22) ദൈവ​ത്തി​ന്റെ ആദിമ ഉദ്ദേശ്യ​പ്ര​കാ​രം സുരക്ഷി​ത​ത്വ​വും സമാധാ​ന​വും കളിയാ​ടുന്ന പറുദീ​സ​യാ​യി മുഴു ഭൂമി​യും മാറുന്ന കാലത്തി​നാ​യി കാത്തി​രി​ക്കാൻ ഇവർ പഠിച്ചി​രി​ക്കു​ന്നു.—മത്തായി 6:9, 10; 2 പത്രൊസ്‌ 3:13.

15. യെശയ്യാ​വി​ന്റെ വാക്കു​കൾക്കു പുതിയ ലോക​ത്തിൽ അക്ഷരീയ നിവൃത്തി ഉണ്ടായി​രി​ക്കു​മെന്ന്‌ നമുക്കു ന്യായ​മാ​യും പ്രതീ​ക്ഷി​ക്കാൻ കഴിയു​മോ? വിശദീ​ക​രി​ക്കുക.

15 ആ പുനഃ​സ്ഥാ​പിത പറുദീ​സ​യിൽ, യെശയ്യാ​വി​ന്റെ പ്രവച​ന​ത്തി​നു കൂടു​ത​ലായ, അക്ഷരീ​യ​മായ ഒരു നിവൃത്തി ഉണ്ടായി​രി​ക്കു​മോ? അങ്ങനെ ചിന്തി​ക്കു​ന്നത്‌ ന്യായ​യു​ക്ത​മാ​യി തോന്നു​ന്നു. ആ പ്രവചനം മിശി​ഹാ​യു​ടെ ഭരണത്തിൻ കീഴിൽ ജീവി​ക്കാൻ പോകുന്ന സകലർക്കും, സ്വദേ​ശ​ത്തേക്കു മടങ്ങിയ ഇസ്രാ​യേ​ല്യർക്കു നൽകിയ അതേ ഉറപ്പു​ത​ന്നെ​യാ​ണു നൽകു​ന്നത്‌; അവർക്കോ അവരുടെ കുട്ടി​കൾക്കോ യാതൊ​രു ഉറവി​ട​ത്തിൽനി​ന്നും—മനുഷ്യ​രിൽനി​ന്നോ മൃഗങ്ങ​ളിൽനി​ന്നോ—ദ്രോഹം ഉണ്ടാകു​ക​യില്ല. മിശി​ഹാ​യു​ടെ രാജ്യ​ഭ​ര​ണ​ത്തിൻ കീഴിൽ ഭൂമി​യി​ലെ മുഴു നിവാ​സി​ക​ളും ആദാമും ഹവ്വായും ഏദെനിൽ ആസ്വദി​ച്ച​തി​നു സമാന​മായ സമാധാ​ന​പൂർണ​മായ അവസ്ഥകൾ ആസ്വദി​ക്കും. ഏദെനി​ലെ ജീവിതം എങ്ങനെ ആയിരു​ന്നു​വെ​ന്നോ പറുദീസ എങ്ങനെ ആയിരി​ക്കു​മെ​ന്നോ ഉള്ളതിന്റെ മുഴു വിശദാം​ശ​ങ്ങ​ളും തിരു​വെ​ഴു​ത്തു​കൾ പ്രദാനം ചെയ്യു​ന്നില്ല. എന്നിരു​ന്നാ​ലും, രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ ജ്ഞാനപൂർവ​ക​വും സ്‌നേ​ഹ​നിർഭ​ര​വു​മായ ഭരണത്തിൻ കീഴിൽ, സകലതും ആയിരി​ക്കേ​ണ്ടതു പോ​ലെ​തന്നെ ആയിരി​ക്കും എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.

മിശി​ഹാ​യി​ലൂ​ടെ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ന്നു

16. പൊ.യു.മു. 537-ൽ ദൈവ​ജ​ന​ത്തിന്‌ ഒരു കൊടി​മ​ര​മാ​യി വർത്തി​ച്ചത്‌ എന്ത്‌?

16 യഹോവയോട്‌ അനുസ​ര​ണ​ക്കേടു കാണി​ക്കാൻ ഏദെനിൽ വെച്ച്‌ ആദാമി​നെ​യും ഹവ്വാ​യെ​യും സ്വാധീ​നി​ക്കു​ന്ന​തിൽ സാത്താൻ വിജയി​ച്ച​പ്പോൾ നിർമ​ലാ​രാ​ധന ആദ്യമാ​യി ആക്രമ​ണ​വി​ധേ​യ​മാ​യി. കഴിയു​ന്നത്ര ആളുകളെ ദൈവ​ത്തിൽനിന്ന്‌ അകറ്റുക എന്ന ലക്ഷ്യത്തിൽനിന്ന്‌ സാത്താൻ ഇതുവരെ പിന്മാ​റി​യി​ട്ടില്ല. നിർമ​ലാ​രാ​ധന ഭൂമി​യിൽനി​ന്നു നിലച്ചു​പോ​കാൻ യഹോവ ഒരിക്ക​ലും അനുവ​ദി​ക്കു​ക​യില്ല. അതിൽ അവന്റെ നാമം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. തന്നെ സേവി​ക്കു​ന്ന​വർക്കാ​യി അവൻ കരുതു​ന്നു. തന്മൂലം യെശയ്യാ​വി​ലൂ​ടെ അവൻ ശ്രദ്ധേ​യ​മായ ഈ വാഗ്‌ദാ​നം നൽകുന്നു: “അന്നാളിൽ വംശങ്ങൾക്കു കൊടി​യാ​യി നില്‌ക്കുന്ന യിശ്ശാ​യി​വേ​രാ​യ​വനെ ജാതികൾ അന്വേ​ഷി​ച്ചു​വ​രും; അവന്റെ വിശ്രാ​മ​സ്ഥലം മഹത്വ​മു​ള്ള​താ​യി​രി​ക്കും.” (യെശയ്യാ​വു 11:10) ദാവീദ്‌ ദേശീയ തലസ്ഥാ​ന​മാ​ക്കിയ യെരൂ​ശ​ലേം പൊ.യു.മു. 537-ൽ ഒരു കൊടി​മരം പോലെ വർത്തിച്ചു. മടങ്ങി​വന്ന്‌ ആലയം പുനർനിർമി​ക്കാൻ ചിതറി​പ്പോയ യഹൂദ​ന്മാ​രു​ടെ ശേഷി​പ്പിന്‌ ആ നഗരം ഒരു പ്രചോ​ദ​ന​മാ​യി ഉതകി.

17. ഒന്നാം നൂറ്റാ​ണ്ടി​ലും നമ്മുടെ നാളി​ലും യേശു ‘ജാതി​കളെ ഭരിക്കാൻ എഴു​ന്നേ​റ്റത്‌’ എങ്ങനെ?

17 എന്നാൽ, പ്രസ്‌തുത പ്രവചനം അതി​നെ​ക്കാൾ കവിഞ്ഞ ഒന്നി​ലേക്കു വിരൽ ചൂണ്ടുന്നു. നാം ഇതി​നോ​ടകം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ അത്‌ മിശി​ഹാ​യി​ലേക്ക്‌, സകല ജനതക​ളി​ലെ​യും ആളുക​ളു​ടെ യഥാർഥ നായക​നി​ലേക്കു വിരൽ ചൂണ്ടുന്നു. തന്റെ നാളിൽ വിജാ​തീ​യർക്ക്‌ ക്രിസ്‌തീയ സഭയിൽ സ്ഥാനമു​ണ്ടാ​യി​രി​ക്കു​മെന്നു കാണി​ക്കാൻ പൗലൊസ്‌ അപ്പൊ​സ്‌തലൻ യെശയ്യാ​വു 11:10 ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി. ആ വാക്യ​ത്തി​ന്റെ സെപ്‌റ്റു​വ​ജിന്റ്‌ വിവർത്തനം ഉദ്ധരി​ച്ചു​കൊണ്ട്‌ അവൻ എഴുതി: “യിശ്ശാ​യി​യു​ടെ വേരും ജാതി​കളെ ഭരിപ്പാൻ എഴു​ന്നേ​ല്‌ക്കു​ന്ന​വ​നു​മാ​യവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാ​ശ​വെ​ക്കും.” (റോമർ 15:12) സകല ജനതക​ളി​ലു​മുള്ള ആളുകൾ മിശി​ഹാ​യു​ടെ അഭിഷിക്ത സഹോ​ദ​ര​ന്മാ​രെ പിന്തു​ണ​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടുള്ള തങ്ങളുടെ സ്‌നേഹം പ്രകട​മാ​ക്കുന്ന ഇക്കാല​ത്തും പ്രസ്‌തുത പ്രവചനം ബാധക​മാണ്‌.—യെശയ്യാ​വു 61:5-9; മത്തായി 25:31-40.

18. നമ്മുടെ നാളിൽ, യേശു ആളുകൾക്കു കൂടി​വ​രു​ന്ന​തി​നുള്ള ഒരു കേന്ദ്ര​സ്ഥാ​നം ആയിരി​ക്കു​ന്നത്‌ എങ്ങനെ?

18 ആധുനികകാല നിവൃത്തി എടുത്താൽ, യെശയ്യാവ്‌ പരാമർശിച്ച ‘അന്നാൾ’ എന്ന കാലഘട്ടം തുടങ്ങി​യത്‌ 1914-ൽ മിശിഹാ ദൈവ​ത്തി​ന്റെ സ്വർഗീയ രാജ്യ​ത്തി​ന്റെ രാജാ​വാ​യി സിംഹാ​സ​നസ്ഥൻ ആയപ്പോ​ഴാണ്‌. (ലൂക്കൊസ്‌ 21:10; 2 തിമൊ​ഥെ​യൊസ്‌ 3:1-5; വെളി​പ്പാ​ടു 12:10) അപ്പോൾ മുതൽ യേശു, ആത്മീയ ഇസ്രാ​യേ​ലി​നെ​യും നീതി​നി​ഷ്‌ഠ​മായ ഒരു ഗവൺമെന്റ്‌ സ്ഥാപി​ത​മാ​യി കാണാൻ ആഗ്രഹി​ക്കുന്ന സകല ജനതക​ളി​ലെ​യും ആളുക​ളെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം വ്യക്തമാ​യും ഒരു കൊടി​മരം, കൂടി​വ​രു​ന്ന​തി​നുള്ള കേന്ദ്ര​സ്ഥാ​നം ആണ്‌. യേശു മുൻകൂ​ട്ടി പറഞ്ഞതു​പോ​ലെ, മിശി​ഹാ​യു​ടെ മാർഗ​ദർശ​ന​ത്തിൻ കീഴിൽ രാജ്യ​സു​വാർത്ത സകല ജനതക​ളോ​ടും പ്രസം​ഗി​ക്ക​പ്പെ​ടു​ന്നു. (മത്തായി 24:14; മർക്കൊസ്‌ 13:10) ഈ സുവാർത്ത​യ്‌ക്കു ശക്തമായ സ്വാധീ​ന​മുണ്ട്‌. ‘സകല ജാതി​ക​ളി​ലും നിന്ന്‌ ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം’ നിർമ​ലാ​രാ​ധ​ന​യിൽ അഭിഷിക്ത ശേഷി​പ്പി​നോ​ടു ചേർന്നു​കൊണ്ട്‌ മിശി​ഹാ​യ്‌ക്കു കീഴ്‌പെ​ടു​ന്നു. (വെളി​പ്പാ​ടു 7:9) യഹോ​വ​യു​ടെ ആത്മീയ “പ്രാർത്ഥ​നാ​ലയ”ത്തിൽ ശേഷി​പ്പി​നോ​ടൊ​പ്പം നിരവധി പുതിയ ആളുകൾ കൂടി​വ​രു​ന്നത്‌ മിശി​ഹാ​യു​ടെ “വിശ്രാ​മസ്ഥല”മായ ദൈവ​ത്തി​ന്റെ വലിയ ആത്മീയ ആലയത്തി​ന്റെ മഹത്ത്വം വർധി​പ്പി​ക്കു​ന്നു.—യെശയ്യാ​വു 56:7; ഹഗ്ഗായി 2:7.

ഒരു ഏകീകൃത ജനം യഹോ​വയെ സേവി​ക്കു​ന്നു

19. ഭൂമി​യി​ലെ​ങ്ങും ചിതറി​പ്പോയ തന്റെ ജനത്തിന്റെ ശേഷി​പ്പി​നെ ഏതു രണ്ടു സന്ദർഭ​ങ്ങ​ളി​ലാണ്‌ യഹോവ കൂട്ടി​ച്ചേർക്കു​ന്നത്‌?

19 ഒരിക്കൽ ഒരു പ്രബല ശത്രു ഇസ്രാ​യേൽ ജനതയെ ആക്രമി​ച്ച​പ്പോൾ യഹോവ രക്ഷ പ്രദാനം ചെയ്‌ത​താ​യി യെശയ്യാവ്‌ തുടർന്ന്‌ അവരെ ഓർമി​പ്പി​ക്കു​ന്നു. ഇസ്രാ​യേ​ലി​ന്റെ ചരി​ത്ര​ത്തി​ലെ ആ സംഭവം—ഈജി​പ്‌തി​ലെ അടിമ​ത്ത​ത്തിൽനിന്ന്‌ യഹോവ അവരെ വിടു​വി​ച്ചത്‌—വിശ്വ​സ്‌ത​രായ യഹൂദ​ന്മാർ വളരെ പ്രിയ​ത്തോ​ടെ ഓർക്കുന്ന ഒരു കാര്യ​മാണ്‌. യെശയ്യാവ്‌ ഇങ്ങനെ എഴുതു​ന്നു: “അന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷി​ച്ചി​രി​ക്കുന്ന ശേഷി​പ്പി​നെ അശ്ശൂരിൽനി​ന്നും മിസ്ര​യീ​മിൽനി​ന്നും പത്രോ​സിൽനി​ന്നും കൂശിൽനി​ന്നും ഏലാമിൽ നിന്നും ശിനാ​രിൽനി​ന്നും ഹമാത്തിൽനി​ന്നും സമു​ദ്ര​ത്തി​ലെ ദ്വീപു​ക​ളിൽനി​ന്നും വീണ്ടു​കൊൾവാൻ രണ്ടാം പ്രാവ​ശ്യം കൈ നീട്ടും. അവൻ ജാതി​കൾക്കു ഒരു കൊടി ഉയർത്തി, യിസ്രാ​യേ​ലി​ന്റെ ഭ്രഷ്ടന്മാ​രെ ചേർക്കു​ക​യും യെഹൂ​ദ​യു​ടെ ചിതറി​പ്പോ​യ​വരെ ഭൂമി​യു​ടെ നാലും ദിക്കു​ക​ളിൽനി​ന്നും ഒന്നിച്ചു​കൂ​ട്ടു​ക​യും ചെയ്യും.” (യെശയ്യാ​വു 11:11, 12) ജനതക​ളു​ടെ ഇടയിൽ ചിതറി​പ്പോയ ഇസ്രാ​യേ​ലി​ലെ​യും യഹൂദ​യി​ലെ​യും വിശ്വസ്‌ത ശേഷി​പ്പി​നെ യഹോവ കൈ പിടി​ച്ചെ​ന്ന​പോ​ലെ, സുരക്ഷി​ത​മാ​യി സ്വദേ​ശ​ത്തേക്കു കൊണ്ടു​വ​രും. പൊ.യു.മു. 537-ൽ ഇതിനു ചെറി​യൊ​രു നിവൃത്തി ഉണ്ടാകു​ന്നു. എന്നിരു​ന്നാ​ലും, ഇതിന്റെ മുഖ്യ നിവൃത്തി എത്ര മഹത്തര​മാണ്‌! 1914-ൽ യഹോവ സിംഹാ​സ​ന​സ്ഥ​നായ യേശു​ക്രി​സ്‌തു​വി​നെ ‘ജാതി​കൾക്കുള്ള ഒരു കൊടി’യായി ഉയർത്തി. ദൈവ​രാ​ജ്യ ഭരണത്തിൻ കീഴിൽ നിർമ​ലാ​രാ​ധ​ന​യിൽ പങ്കുപ​റ്റാ​നുള്ള അതീവ താത്‌പ​ര്യ​ത്തോ​ടെ ‘ദൈവ​ത്തി​ന്റെ യിസ്രാ​യേലി’ൽ പെട്ട ശേഷി​ക്കുന്ന അംഗങ്ങൾ 1919 മുതൽ അതി​ലേക്കു കൂടി​വ​രാൻ തുടങ്ങി. അതുല്യ​മായ ഈ ആത്മീയ ജനത “സർവ്വ​ഗോ​ത്ര​ത്തി​ലും ഭാഷയി​ലും വംശത്തി​ലും ജാതി​യി​ലും നിന്നു” വരുന്ന​താണ്‌.—വെളി​പ്പാ​ടു 5:9.

20. ബാബി​ലോ​ണിൽനി​ന്നു മടങ്ങി​വ​രു​മ്പോൾ ദൈവ​ജ​ന​ത്തിന്‌ എങ്ങനെ​യുള്ള ഐക്യം ഉണ്ടായി​രി​ക്കും?

20 പുനഃസ്ഥിതീകരിക്കപ്പെട്ട ഈ ജനതയു​ടെ ഐക്യത്തെ കുറി​ച്ചാണ്‌ യെശയ്യാവ്‌ തുടർന്നു പറയു​ന്നത്‌. വടക്കേ രാജ്യ​മാ​യി എഫ്രയീ​മി​നെ​യും തെക്കേ രാജ്യ​മാ​യി യഹൂദ​യെ​യും പരാമർശി​ച്ചു​കൊണ്ട്‌ അവൻ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “എഫ്രയീ​മി​ന്റെ അസൂയ നീങ്ങി​പ്പോ​കും; യെഹൂ​ദയെ അസഹ്യ​പ്പെ​ടു​ത്തു​ന്നവർ ഛേദി​ക്ക​പ്പെ​ടും; എഫ്രയീം യെഹൂ​ദ​യോ​ടു അസൂയ​പ്പെ​ടു​ക​യില്ല; യെഹൂദാ എഫ്രയീ​മി​നെ അസഹ്യ​പ്പെ​ടു​ത്തു​ക​യു​മില്ല. അവർ പടിഞ്ഞാ​റു ഫെലി​സ്‌ത്യ​രു​ടെ മലഞ്ചരി​വി​ന്മേൽ ചാടും; കിഴക്കു​ള്ള​വരെ ഒക്കെയും കൊള്ള​യി​ടും; ഏദോ​മി​ന്മേ​ലും മോവാ​ബി​ന്മേ​ലും കൈ​വെ​ക്കും; അമ്മോ​ന്യർ അവരെ അനുസ​രി​ക്കും.” (യെശയ്യാ​വു 11:13, 14) ബാബി​ലോ​ണിൽനിന്ന്‌ മടങ്ങി​വ​രുന്ന യഹൂദ​ന്മാർ മേലാൽ രണ്ടു ജനതക​ളാ​യി വിഭജി​ത​രാ​യി​രി​ക്കില്ല. എല്ലാ ഇസ്രാ​യേല്യ ഗോ​ത്ര​ങ്ങ​ളി​ലും പെട്ടവർ ഏകീകൃ​ത​രാ​യി തങ്ങളുടെ ദേശ​ത്തേക്കു മടങ്ങും. (എസ്രാ 6:17) അവർ ഇനി തങ്ങളുടെ ഇടയിൽ നീരസ​മോ ശത്രു​ത​യോ വെച്ചു​കൊ​ണ്ടി​രി​ക്കില്ല. ഒരു ഏകീകൃത ജനത എന്ന നിലയിൽ, അവർ ചുറ്റു​മുള്ള രാഷ്‌ട്ര​ങ്ങ​ളി​ലെ തങ്ങളുടെ ശത്രു​ക്ക​ളു​ടെ മേൽ വിജയം വരിക്കും.

21. ദൈവ​ജ​ന​ത്തി​ന്റെ ഐക്യം ഇന്നു തികച്ചും ശ്രദ്ധേ​യ​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

21 എന്നാൽ അതി​നെ​ക്കാൾ ശ്രദ്ധേ​യ​മാണ്‌ ‘ദൈവ​ത്തി​ന്റെ യിസ്രാ​യേലി’ന്റെ ഐക്യം. ആത്മീയ ഇസ്രാ​യേ​ലി​ന്റെ ഈ 12 പ്രതീ​കാ​ത്മക ഗോ​ത്രങ്ങൾ ഏകദേശം 2,000 വർഷമാ​യി ദൈവ​ത്തോ​ടും തങ്ങളുടെ ആത്മീയ സഹോ​ദ​ര​ങ്ങ​ളോ​ടു​മുള്ള സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മായ ഐക്യം ആസ്വദി​ച്ചി​രി​ക്കു​ന്നു. (കൊ​ലൊ​സ്സ്യർ 3:14; വെളി​പ്പാ​ടു 7:4-8) ഇന്ന്‌ യഹോ​വ​യു​ടെ ജനം—ആത്മീയ ഇസ്രാ​യേ​ലും ഭൗമിക പ്രത്യാശ ഉള്ളവരും—മിശി​ഹൈക ഭരണത്തിൻ കീഴിൽ സമാധാ​ന​വും ആഗോള ഐക്യ​വും ആസ്വദി​ക്കു​ന്നു. ഈ സമാധാ​ന​വും ഐക്യ​വും ക്രൈ​സ്‌ത​വ​ലോക സഭകൾക്ക്‌ അന്യമാണ്‌. തങ്ങളുടെ ആരാധ​നയെ തടസ്സ​പ്പെ​ടു​ത്താ​നുള്ള സാത്താന്റെ ശ്രമങ്ങൾക്കെ​തി​രെ യഹോ​വ​യു​ടെ സാക്ഷികൾ ഒറ്റക്കെ​ട്ടാ​യി പോരാ​ടു​ന്നു. ഒരു ഏകീകൃത ജനത എന്ന നിലയിൽ അവർ, മിശി​ഹൈക രാജ്യത്തെ കുറി​ച്ചുള്ള സുവാർത്ത സകല ജനതക​ളി​ലെ​യും ആളുക​ളോ​ടു പ്രസം​ഗി​ക്കാ​നും അതേക്കു​റിച്ച്‌ അവരെ പഠിപ്പി​ക്കാ​നു​മുള്ള യേശു​വി​ന്റെ കൽപ്പന അനുസ​രി​ക്കു​ന്നു.—മത്തായി 28:19, 20.

തരണം ചെയ്യേണ്ട പ്രതി​ബ​ന്ധ​ങ്ങൾ

22. യഹോവ എങ്ങനെ ‘മിസ്ര​യീം​ക​ട​ലി​ന്റെ നാവിന്‌ ഉന്മൂല​നാ​ശം വരുത്തുക’യും ‘നദിയു​ടെ മീതെ കൈ ഓങ്ങുക’യും ചെയ്യും?

22 പ്രവാസത്തിൽനിന്നു മടങ്ങുന്ന ഇസ്രാ​യേ​ല്യർക്കു മുന്നിൽ അക്ഷരീ​യ​വും ആലങ്കാ​രി​ക​വു​മായ നിരവധി പ്രതി​ബ​ന്ധങ്ങൾ ഉണ്ട്‌. അവർ അവയെ എങ്ങനെ തരണം ചെയ്യും? യെശയ്യാവ്‌ ഇപ്രകാ​രം പറയുന്നു: “യഹോവ മിസ്ര​യീം​ക​ട​ലി​ന്റെ നാവിന്നു ഉന്മൂല​നാ​ശം വരുത്തും; അവൻ ഉഷ്‌ണ​ക്കാ​റേ​റാ​ടു​കൂ​ടെ നദിയു​ടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവ​ഴി​ക​ളാ​ക്കി ചെരിപ്പു നനയാതെ കടക്കു​മാ​റാ​ക്കും.” (യെശയ്യാ​വു 11:15) മടങ്ങി​വ​രുന്ന തന്റെ ജനത്തിന്റെ മുന്നി​ലുള്ള പ്രതി​ബ​ന്ധങ്ങൾ നീക്കം ചെയ്യു​ന്നത്‌ യഹോ​വ​യാണ്‌. ആലങ്കാ​രി​ക​മാ​യി പറഞ്ഞാൽ, ചെങ്കട​ലി​ന്റെ നാവ്‌ എന്നു വിശേ​ഷി​പ്പി​ക്കാ​വുന്ന സൂയസ്‌ കടലി​ടു​ക്കു പോലുള്ള വലിയ പ്രതി​ബ​ന്ധ​ങ്ങ​ളും ശക്തമായ യൂഫ്ര​ട്ടീസ്‌ നദിയു​മൊ​ക്കെ ഉണങ്ങി​പ്പോ​കും. അങ്ങനെ ചെരി​പ്പു​പോ​ലും ഊരാതെ ഒരുവന്‌ അവ കുറുകെ കടക്കാൻ സാധി​ക്കും!

23. ‘അശ്ശൂരിൽനിന്ന്‌ ഒരു പെരു​വ​ഴി​യു​ണ്ടാ​കു’ന്നത്‌ ഏത്‌ അർഥത്തിൽ?

23 മോശെയുടെ നാളിൽ, ഈജി​പ്‌തിൽനിന്ന്‌ രക്ഷപ്പെട്ട്‌ വാഗ്‌ദത്ത ദേശ​ത്തേക്കു പ്രയാണം ചെയ്യു​ന്ന​തിന്‌ യഹോവ ഇസ്രാ​യേ​ല്യർക്ക്‌ വഴി ഒരുക്കി. സമാന​മായ ഒന്ന്‌ അവൻ ഇപ്പോൾ ചെയ്യാൻ പോകു​ക​യാണ്‌: “മിസ്ര​യീ​മിൽനി​ന്നു പുറപ്പെട്ട നാളിൽ യിസ്രാ​യേ​ലി​ന്നു​ണ്ടാ​യി​രു​ന്ന​തു​പോ​ലെ, അശ്ശൂരിൽനി​ന്നു [അസീറി​യ​യിൽ നിന്ന്‌] അവന്റെ ജനത്തിൽ ശേഷി​ക്കുന്ന ശേഷി​പ്പി​ന്നു ഒരു പെരു​വ​ഴി​യു​ണ്ടാ​കും.” (യെശയ്യാ​വു 11:16) പ്രവാ​സ​ത്തിൽനിന്ന്‌ മടങ്ങുന്ന തന്റെ ജനത്തെ യഹോവ വിശാ​ല​മായ ഒരു വഴിയി​ലൂ​ടെ എന്നപോ​ലെ അനായാ​സം അവരുടെ സ്വദേ​ശ​ത്തേക്കു നയിക്കും. അവരെ തടയാൻ ശത്രുക്കൾ ശ്രമി​ക്കു​മെ​ങ്കി​ലും, അവരുടെ ദൈവ​മായ യഹോവ അവരോ​ടു​കൂ​ടെ ഉണ്ടായി​രി​ക്കും. സമാന​മാ​യി ഇന്ന്‌, അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളും അവരുടെ സഹകാ​രി​ക​ളും ഉഗ്രമാ​യി ആക്രമി​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും, അവർ സുധീരം മുന്നോ​ട്ടു നീങ്ങുന്നു! ആധുനിക അസീറി​യ​യിൽനിന്ന്‌, അതായത്‌ സാത്താന്റെ ലോക​ത്തിൽനിന്ന്‌, പുറത്തു വന്നിരി​ക്കുന്ന അവർ അങ്ങനെ ചെയ്യാൻ മറ്റുള്ള​വരെ സഹായി​ക്കു​ന്നു. നിർമ​ലാ​രാ​ധന വിജയിച്ച്‌ പ്രബല​പ്പെ​ടു​മെന്ന്‌ അവർക്ക്‌ അറിയാം. മനുഷ്യ​ന്റെ ശ്രമം കൊണ്ടല്ല, മറിച്ച്‌ ദൈവ​മാ​യി​രി​ക്കും അതിന്റെ പിന്നിൽ.

മിശി​ഹാ​യു​ടെ പ്രജകൾക്കു നിത്യ​സ​ന്തോ​ഷം!

24, 25. യഹോ​വ​യ്‌ക്കു സ്‌തു​തി​യും കൃതജ്ഞ​ത​യും കരേറ്റാൻ അവന്റെ ജനം ഏതെല്ലാം പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ക്കു​ന്നു?

24 യഹോവയുടെ വചനത്തി​ന്റെ നിവൃ​ത്തി​യിൽ അവന്റെ ജനത്തി​നുള്ള സന്തോ​ഷത്തെ കുറിച്ച്‌ യെശയ്യാവ്‌ മനോ​ഹ​ര​മായ ഭാഷയിൽ വർണി​ക്കു​ന്നു: “അന്നാളിൽ നീ പറയു​ന്നതു എന്തെന്നാൽ: യഹോവേ, നീ എന്നോടു കോപി​ച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസി​പ്പി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു.” (യെശയ്യാ​വു 12:1) വഴിപി​ഴച്ച തന്റെ ജനത്തിനു യഹോവ കഠിന ശിക്ഷ നൽകുന്നു. അത്‌ അതിന്റെ ഉദ്ദേശ്യം സാധി​ക്കു​ന്നു. കാരണം, അവനു​മാ​യുള്ള ആ ജനതയു​ടെ ബന്ധം നേരെ ആക്കാനും നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാ​നും അത്‌ ഉതകുന്നു. തന്റെ വിശ്വസ്‌ത ആരാധ​ക​രോട്‌, താൻ ഒടുവിൽ അവരെ രക്ഷിക്കു​മെന്ന്‌ യഹോവ ഉറപ്പിച്ചു പറയുന്നു. അതിനാൽ, അവർക്കു കൃതജ്ഞത തോന്നു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല!

25 പുനഃസ്ഥിതീകരിക്കപ്പെട്ട ഇസ്രാ​യേ​ല്യർക്ക്‌ യഹോ​വ​യി​ലുള്ള വിശ്വാ​സം സുദൃ​ഢ​മാ​കു​ന്നു. അതിനാൽ അവർ ഇങ്ങനെ ഘോഷി​ക്കു​ന്നു: “ഇതാ, ദൈവം എന്റെ രക്ഷ; യഹോ​വ​യായ യാഹ്‌ എന്റെ ബലവും എന്റെ ഗീതവും ആയിരി​ക്ക​കൊ​ണ്ടും അവൻ എന്റെ രക്ഷയാ​യ്‌തീർന്നി​രി​ക്ക​കൊ​ണ്ടും ഞാൻ ഭയപ്പെ​ടാ​തെ ആശ്രയി​ക്കും. അതു​കൊ​ണ്ടു നിങ്ങൾ സന്തോ​ഷ​ത്തോ​ടെ രക്ഷയുടെ ഉറവു​ക​ളിൽനി​ന്നു വെള്ളം കോരും.” (യെശയ്യാ​വു 12:2, 3) 2-ാം വാക്യ​ത്തിൽ ‘ഗീതം’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ പദത്തെ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ “സ്‌തുതി” എന്നാണു വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌. ‘യഹോ​വ​യായ യാഹിൽ’ നിന്നുള്ള രക്ഷയെ കുറിച്ച്‌ അവന്റെ ആരാധകർ ഹൃദയം തുറന്നു സ്‌തു​തി​ഗീ​തങ്ങൾ പാടുന്നു. അതിരറ്റ സ്‌തു​തി​യെ​യും കൃതജ്ഞ​ത​യെ​യും സൂചി​പ്പി​ക്കാ​നാണ്‌ ബൈബി​ളിൽ യഹോവ എന്ന നാമത്തി​ന്റെ ചുരു​ക്ക​രൂ​പ​മായ “യാഹ്‌” ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​നാ​മ​ത്തി​ന്റെ “യഹോ​വ​യായ യാഹ്‌” എന്ന ഇരട്ട​പ്ര​യോ​ഗം ദൈവ​ത്തി​നുള്ള സ്‌തു​തി​യെ വളരെ ഉയർന്ന ഒരു തലത്തി​ലേക്ക്‌ എത്തിക്കു​ന്നു.

26. ഇന്നു ജനതക​ളു​ടെ ഇടയിൽ ദൈവ​ത്തി​ന്റെ പ്രവൃ​ത്തി​കളെ അറിയി​ക്കു​ന്നത്‌ ആർ?

26 യഹോവയുടെ സത്യാ​രാ​ധ​കർക്കു തങ്ങളുടെ സന്തോഷം തങ്ങളിൽത്തന്നെ ഒതുക്കി​നി​റു​ത്താൻ കഴിയു​ന്നില്ല! യെശയ്യാവ്‌ ഇങ്ങനെ മുൻകൂ​ട്ടി പറയുന്നു: “അന്നാളിൽ നിങ്ങൾ പറയു​ന്നതു: യഹോ​വെക്കു സ്‌തോ​ത്രം ചെയ്‌വിൻ; അവന്റെ നാമത്തെ വിളി​ച്ച​പേ​ക്ഷി​പ്പിൻ; ജാതി​ക​ളു​ടെ ഇടയിൽ അവന്റെ പ്രവൃ​ത്തി​കളെ അറിയി​പ്പിൻ; അവന്റെ നാമം ഉന്നതമാ​യി​രി​ക്കു​ന്നു എന്നു പ്രസ്‌താ​വി​പ്പിൻ. യഹോ​വെക്കു കീർത്തനം ചെയ്‌വിൻ; അവൻ ശ്രേഷ്‌ഠ​മാ​യതു ചെയ്‌തി​രി​ക്കു​ന്നു; ഇതു ഭൂമി​യിൽ എല്ലാട​വും പ്രസി​ദ്ധ​മാ​യ്‌വ​രട്ടെ.” (യെശയ്യാ​വു 12:4, 5) അഭിഷിക്ത ക്രിസ്‌ത്യാ​നി​കൾ 1919 മുതൽ—പിന്നീട്‌ തങ്ങളുടെ സഹകാ​രി​ക​ളായ “വേറെ ആടുക”ളുടെ സഹായ​ത്തോ​ടെ—‘തന്റെ അത്ഭുത പ്രകാ​ശ​ത്തി​ലേക്കു തങ്ങളെ വിളി​ച്ച​വന്റെ സൽഗു​ണ​ങ്ങളെ ഘോഷി​ച്ചി​രി​ക്കു​ന്നു.’ അവർ ആ ഉദ്ദേശ്യ​ത്തി​നാ​യി വേർതി​രി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന “തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരു ജാതി​യും . . . വിശു​ദ്ധ​വം​ശ​വും” ആണ്‌. (യോഹ​ന്നാൻ 10:16; 1 പത്രൊസ്‌ 2:9) അഭിഷി​ക്തർ യഹോ​വ​യു​ടെ വിശുദ്ധ നാമം ഉന്നതമാ​യി​രി​ക്കു​ന്നു എന്ന്‌ ഘോഷി​ക്കു​ക​യും അതു ഭൂമി​യി​ലെ​ങ്ങും പ്രസി​ദ്ധ​മാ​ക്കു​ന്ന​തിൽ പങ്കെടു​ക്കു​ക​യും ചെയ്യുന്നു. യെശയ്യാവ്‌ പിൻവ​രുന്ന പ്രകാരം ഘോഷി​ക്കു​ന്നതു പോലെ, തങ്ങളുടെ രക്ഷയ്‌ക്കാ​യി യഹോവ ചെയ്‌തി​രി​ക്കുന്ന കരുത​ലു​ക​ളിൽ സന്തോ​ഷി​ക്കു​ന്ന​തിന്‌ അവന്റെ എല്ലാ ആരാധ​കർക്കും ഈ അഭിഷി​ക്തർ നേതൃ​ത്വം നൽകുന്നു: “സീയോൻ നിവാ​സി​കളേ, യിസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ നിങ്ങളു​ടെ മദ്ധ്യേ വലിയ​വ​നാ​യി​രി​ക്ക​യാൽ ഘോഷി​ച്ചു​ല്ല​സി​പ്പിൻ”! (യെശയ്യാ​വു 12:6) ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധൻ യഹോ​വ​യാം ദൈവം ആണെന്ന​തിൽ സംശയ​മില്ല.

ഉറച്ച വിശ്വാ​സ​ത്തോ​ടെ ഭാവി​യി​ലേക്കു നോക്കുക!

27. തങ്ങളുടെ പ്രത്യാ​ശ​യു​ടെ സാക്ഷാ​ത്‌കാ​ര​ത്തി​നാ​യി കാത്തി​രി​ക്കവെ, ക്രിസ്‌ത്യാ​നി​കൾ എന്ത്‌ സംബന്ധിച്ച്‌ ഉറപ്പു​ള്ള​വ​രാണ്‌?

27 ഇന്നു ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ “വംശങ്ങൾക്കു കൊടി​യായ,” ദൈവ​രാ​ജ്യ​ത്തി​ന്റെ സിംഹാ​സനസ്ഥ രാജാ​വായ യേശു​ക്രി​സ്‌തു​വി​ന്റെ അടുക്ക​ലേക്കു വന്നിരി​ക്കു​ന്നു. ആ രാജ്യ​ത്തി​നു കീഴ്‌പെ​ട്ടി​രി​ക്കു​ന്ന​തിൽ അവർ സന്തോ​ഷി​ക്കു​ന്നു. യഹോ​വ​യാം ദൈവ​ത്തെ​യും അവന്റെ പുത്ര​നെ​യും കുറിച്ച്‌ അറിയു​ന്ന​തിൽ അവർ പുളകം കൊള്ളു​ന്നു. (യോഹ​ന്നാൻ 17:3) തങ്ങളുടെ ഏകീകൃത ക്രിസ്‌തീയ കൂട്ടാ​യ്‌മ​യിൽ അവർ വലിയ സന്തോഷം കണ്ടെത്തു​ക​യും യഹോ​വ​യു​ടെ യഥാർഥ ദാസന്മാ​രു​ടെ അടയാ​ള​മായ സമാധാ​നം നിലനി​റു​ത്താൻ കഠിന​മാ​യി യത്‌നി​ക്കു​ക​യും ചെയ്യുന്നു. (യെശയ്യാ​വു 54:13) യഹോ​വ​യായ യാഹ്‌ തന്റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കുന്ന ദൈവ​മാ​ണെന്ന്‌ ബോധ്യ​മുള്ള അവർ തങ്ങളുടെ പ്രത്യാശ സംബന്ധിച്ച്‌ ഉറപ്പു​ള്ള​വ​രാണ്‌. ആ പ്രത്യാശ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്ന​തിൽ അവർ വലിയ സന്തോഷം കണ്ടെത്തു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ ഓരോ ആരാധ​ക​നും ദൈവത്തെ സേവി​ക്കാ​നും അതിനു മറ്റുള്ള​വരെ സഹായി​ക്കാ​നും തന്റെ മുഴു ശക്തിയും ചെലവ​ഴി​ക്കു​ന്ന​തിൽ തുടരു​മാ​റാ​കട്ടെ. ഏവരും യെശയ്യാ​വി​ന്റെ വചനങ്ങൾ ഹൃദയ​ത്തിൽ സംഗ്ര​ഹി​ക്കു​ക​യും യഹോ​വ​യു​ടെ മിശി​ഹാ​യി​ലൂ​ടെ വരുന്ന രക്ഷയിൽ ആനന്ദി​ക്കു​ക​യും ചെയ്യട്ടെ!

[അടിക്കു​റി​പ്പു​കൾ]

a “അഭിഷി​ക്തൻ” എന്നർഥ​മുള്ള മഷിയാഹ്‌ എന്ന എബ്രായ പദത്തിൽനി​ന്നാണ്‌ “മിശിഹാ” എന്ന വാക്കു വന്നിരി​ക്കു​ന്നത്‌. അതിന്റെ തത്തുല്യ ഗ്രീക്കു പദം ക്രിസ്‌തോസ്‌ (“ക്രിസ്‌തു”) എന്നാണ്‌.—മത്തായി 2:4, NW, അടിക്കു​റിപ്പ്‌.

b “മുള” എന്നതിന്റെ എബ്രായ പദം നെത്‌സെർ എന്നാണ്‌, “നസറായൻ” എന്നതി​ന്റേത്‌ നോത്‌സ്‌റി എന്നും.

[അധ്യയന ചോദ്യ​ങ്ങൾ]

[158-ാം പേജിലെ ചിത്രങ്ങൾ]

ദാവീദ്‌ രാജാ​വി​ന്റെ വംശത്തിൽ ജനിച്ച മിശിഹാ യിശ്ശാ​യി​യിൽ നിന്നുള്ള “ഒരു മുള” ആണ്‌

[162-ാം പേജിലെ ചിത്രം]

[170-ാം പേജിലെ ചിത്രം]

യെശയ്യാവു 12:4, 5, ചാവു​കടൽ ചുരു​ളു​ക​ളിൽ കാണുന്ന പ്രകാരം (ദൈവ​നാ​മ​മുള്ള ഭാഗങ്ങൾ എടുത്തു​കാ​ണി​ച്ചി​രി​ക്കു​ന്നു)