യഹോവയാം ദൈവം ഒരു ശേഷിപ്പിനോട് കരുണ കാണിക്കുന്നു
അധ്യായം ആറ്
യഹോവയാം ദൈവം ഒരു ശേഷിപ്പിനോട് കരുണ കാണിക്കുന്നു
1, 2. യഹൂദയെയും യെരൂശലേമിനെയും കുറിച്ച് യെശയ്യാവ് എന്തു മുൻകൂട്ടി പറയുന്നു?
ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു പ്രദേശത്ത് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. ഉഗ്രമായ കാറ്റിലും കോരിച്ചൊരിയുന്ന മഴയിലും ശക്തമായ വെള്ളപ്പാച്ചലിലും വീടുകളും വിളകളും നശിക്കുന്നു. ദേശത്തു മറ്റു പല നാശനഷ്ടങ്ങളും ഉണ്ടാകുന്നു. പലർക്കും തങ്ങളുടെ ജീവനും നഷ്ടമാകുന്നു. എന്നാൽ, പെട്ടെന്ന് കൊടുങ്കാറ്റും പേമാരിയും ശമിക്കുന്നു, ദേശത്തെങ്ങും ശാന്തത കളിയാടുന്നു. ആ ദുരന്തത്തെ അതിജീവിച്ചവർക്ക് അത് പുനഃസ്ഥാപനത്തിനും പുനർനിർമാണത്തിനുമുള്ള സമയമാണ്.
2 സമാനമായ ഒരു സംഗതിയാണ് യഹൂദയെയും യെരൂശലേമിനെയും സംബന്ധിച്ചു യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറയുന്നത്. ദിവ്യ ന്യായവിധിയുടെ മേഘങ്ങൾ അശുഭസൂചകമായി വളരെ വേഗത്തിൽ അടുത്തുവരികയാണ്—അതിനു നല്ല കാരണമുണ്ടുതാനും! ജനതയുടെ പാപഭാരം വലുതാണ്. ഭരണാധികാരികളും ജനങ്ങളും അനീതിയും രക്തപാതകവും കൊണ്ടു ദേശത്തെ നിറച്ചിരിക്കുന്നു. യെശയ്യാവ് മുഖാന്തരം യഹോവ, യഹൂദയുടെ പാപത്തെ വെളിപ്പെടുത്തുകയും കുറ്റവാസനയുള്ള ആ ജനതയുടെമേൽ ന്യായവിധി നടപ്പാക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്യുന്നു. (യെശയ്യാവു 3:25) ഈ കൊടുങ്കാറ്റിനെത്തുടർന്ന് യഹൂദാദേശം പൂർണമായി ശൂന്യമായിരിക്കും. ആ സന്ദേശം യെശയ്യാവിനെ എത്രമാത്രം ദുഃഖിപ്പിച്ചിരിക്കും!
3. യെശയ്യാവു 4:2-6-ലെ നിശ്വസ്ത സന്ദേശത്തിൽ എന്തു സുവാർത്ത അടങ്ങിയിരിക്കുന്നു?
3 എന്നാൽ ഒരു സുവാർത്തയുണ്ട്! യഹോവയുടെ നീതിനിഷ്ഠ ന്യായവിധിയാകുന്ന കൊടുങ്കാറ്റു കടന്നുപോകുമ്പോൾ ഒരു ശേഷിപ്പ് അതിജീവിക്കും. അതേ, യഹൂദയുടെമേൽ യഹോവ ന്യായവിധി നടപ്പാക്കുമെങ്കിലും അവൻ അവരോടു കരുണ കാണിക്കാതിരിക്കില്ല. അനുഗൃഹീതമായ അത്തരമൊരു കാലത്തിലേക്കാണ്, യെശയ്യാവു 4:2-6-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിശ്വസ്ത സന്ദേശം വിരൽ ചൂണ്ടുന്നത്. സൂര്യൻ മേഘങ്ങളുടെ മറവിൽനിന്നു പുറത്തുവരുന്നതു പോലെയാണ് അത്; രംഗം ഇപ്പോൾ, യെശയ്യാവു 2:6-4:1-ൽ വിവരിച്ചിരിക്കുന്ന ന്യായവിധിയുടെ ദൃശ്യങ്ങളിൽനിന്നും ശബ്ദങ്ങളിൽനിന്നും മാറി, മനോഹരമായ ഒരു പുതിയ ദേശത്തെയും ജനതയെയും കുറിച്ചുള്ളതായിത്തീരുന്നു.
4. ഒരു ശേഷിപ്പിന്റെ പുനഃസ്ഥിതീകരണത്തെ കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തെ സംബന്ധിച്ച് നാം ചർച്ച ചെയ്യേണ്ടത് എന്തുകൊണ്ട്?
4 ഒരു ശേഷിപ്പിന്റെ പുനഃസ്ഥിതീകരണത്തെയും തുടർന്ന് അവർ അനുഭവിക്കുന്ന സുരക്ഷിതത്വത്തെയും കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനത്തിനു നമ്മുടെ ഈ ‘അന്ത്യകാലത്ത്’ ഒരു നിവൃത്തിയുണ്ട്. (യെശയ്യാവു 2:2-4) അതുകൊണ്ട്, ആ കാലോചിത സന്ദേശത്തെ കുറിച്ചു നമുക്കു ചർച്ച ചെയ്യാം. അതിനു പ്രാവചനിക പ്രാധാന്യം ഉണ്ടെന്നു മാത്രമല്ല യഹോവയുടെ കരുണയെ കുറിച്ച് അതു നമ്മെ പഠിപ്പിക്കുകയും വ്യക്തികൾ എന്നനിലയിൽ അതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നു പറയുകയും ചെയ്യുന്നു.
“യഹോവയുടെ മുള”
5, 6. (എ) ആസന്നമായ കൊടുങ്കാറ്റിനെ തുടർന്നുള്ള സമാധാനപൂർണമായ കാലത്തെ കുറിച്ച് യെശയ്യാവ് എങ്ങനെ വിവരിക്കുന്നു? (ബി) “മുള” എന്ന വാക്കിന്റെ അർഥമെന്ത്, യഹൂദാദേശത്തെ കുറിച്ച് അത് എന്തു സൂചിപ്പിക്കുന്നു?
5 ആസന്നമായ കൊടുങ്കാറ്റിനെ തുടർന്നു വരാനിരിക്കുന്ന ഏറെ സമാധാനമുള്ള ഒരു കാലഘട്ടത്തെ കുറിച്ചു പറയവെ, യെശയ്യാവിന്റെ ശബ്ദം ഹൃദ്യമായിത്തീരുന്നു. അവൻ ഇങ്ങനെ എഴുതുന്നു: “അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.”—യെശയ്യാവു 4:2.
6 പുനഃസ്ഥിതീകരണത്തെ കുറിച്ചാണ് യെശയ്യാവ് ഇവിടെ പറയുന്നത്. “മുള” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ നാമം ‘മുളച്ചുവരുന്ന ഒന്നിനെ, അങ്കുരത്തെ, അല്ലെങ്കിൽ ശാഖ’യെ സൂചിപ്പിക്കുന്നു. യഹോവയിൽ നിന്നുള്ള സമൃദ്ധിയോടും വർധനവിനോടും അനുഗ്രഹത്തോടും അതു ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യാശയുടെ ഒരു ചിത്രമാണ് യെശയ്യാവ് ഇവിടെ നൽകുന്നത്—ആസന്നമായ ശൂന്യമാക്കലിന്റെ നാളുകൾ എക്കാലത്തേക്കും നീണ്ടുനിൽക്കുകയില്ല. ഒരിക്കൽ സമ്പന്നമായിരുന്ന യഹൂദാദേശം യഹോവയുടെ അനുഗ്രഹത്താൽ വീണ്ടും സമൃദ്ധി കൈവരിക്കും. a—ലേവ്യപുസ്തകം 26:3-5.
7. യഹോവയുടെ മുള ഏത് അർഥത്തിലാണ് “ഭംഗിയും മഹത്വവും” ഉള്ളത് ആയിരിക്കുന്നത്?
7 സംഭവിക്കാൻ പോകുന്ന സമൂലമാറ്റത്തിന്റെ മഹത്ത്വം വർണിക്കാൻ വളരെ വ്യക്തമായ ചില പദപ്രയോഗങ്ങൾ യെശയ്യാവ് ഉപയോഗിക്കുന്നു. യഹോവയുടെ മുള “ഭംഗിയും മഹത്വവും” ഉള്ളതായിരിക്കും. നൂറ്റാണ്ടുകൾക്കു മുമ്പ് യഹോവ ഇസ്രായേല്യർക്കു നൽകിയ വാഗ്ദത്ത ദേശത്തിന്റെ മനോഹാരിതയെ മനസ്സിലേക്കു കൊണ്ടുവരുന്ന ഒരു വാക്കാണ് “ഭംഗി.” ‘സർവദേശങ്ങളുടെയും മഹത്വം’ [“രത്നം,” ന്യൂ അമേരിക്കൻ ബൈബിൾ] ആയി കരുതപ്പെടത്തക്കവണ്ണം അത് അതീവ സുന്ദരമായിരുന്നു. (യെഹെസ്കേൽ 20:6) യഹൂദാദേശം അതിന്റെ മുൻകാല മഹത്ത്വത്തിലേക്കും മനോഹാരിതയിലേക്കും പുനഃസ്ഥാപിക്കപ്പെടും എന്ന് യെശയ്യാവിന്റെ വാക്കുകൾ ഉറപ്പേകുന്നു. അതു തീർച്ചയായും ഭൂമിയിൽ മനോജ്ഞമായ ഒരു രത്നംപോലെ ആയിരിക്കും.
8. പുനഃസ്ഥാപിത ദേശത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ആരാണ് ഉണ്ടായിരിക്കുക, അവരുടെ വികാരത്തെ യെശയ്യാവ് വർണിക്കുന്നത് എങ്ങനെ?
8 പുനഃസ്ഥാപിത ദേശത്തിന്റെ മനോഹാരിത ആസ്വദിക്കാൻ ആരാണ് ഉണ്ടായിരിക്കുക? ‘യിസ്രായേലിലെ രക്ഷിതഗണം’ എന്ന് യെശയ്യാവ് എഴുതുന്നു. അതേ, നേരത്തേ മുൻകൂട്ടി പറഞ്ഞ ലജ്ജാവഹമായ നാശത്തെ അതിജീവിക്കുന്ന കുറച്ചു പേർ ഉണ്ടായിരിക്കും. (യെശയ്യാവു 3:25, 26) അതിജീവകരുടെ ഒരു ശേഷിപ്പ് യഹൂദയിലേക്കു മടങ്ങിവന്ന് അതിന്റെ പുനഃസ്ഥാപനത്തിൽ പങ്കുചേരും. മടങ്ങിവരുന്ന ഇവർക്ക്—‘രക്ഷിതഗണ’ത്തിന്—പുനഃസ്ഥാപിത ദേശം നൽകുന്ന സമൃദ്ധമായ ഫലം “അഭിമാനവും മഹത്ത്വവും” ആയിരിക്കും. (യെശയ്യാവു 4:2, ഓശാന ബൈ.) ശൂന്യമാക്കലിന്റെ അപമാനത്തിനു പകരം അഭിമാനം ആയിരിക്കും അവർക്ക് ഉണ്ടാകുക.
9. (എ) യെശയ്യാവിന്റെ വാക്കുകളുടെ നിവൃത്തിയായി പൊ.യു.മു. 537-ൽ എന്തു സംഭവിച്ചു? (ബി) പ്രവാസകാലത്ത് ജനിച്ച ചിലരെയും ‘രക്ഷിതഗണ’ത്തിൽ ഉൾപ്പെടുത്താവുന്നത് എന്തുകൊണ്ട്? (അടിക്കുറിപ്പ് കാണുക.)
9 യെശയ്യാവ് പറഞ്ഞതുപോലെതന്നെ, ന്യായവിധിയുടെ കൊടുങ്കാറ്റ് പൊ.യു.മു. 607-ൽ വീശിയടിച്ചു. ബാബിലോണിയർ യെരൂശലേമിനെ നശിപ്പിക്കുകയും നിരവധി ഇസ്രായേല്യരെ വധിക്കുകയും ചെയ്തു. വധിക്കപ്പെടാതിരുന്ന ചിലരെ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോയി. ദൈവം കരുണ കാണിച്ചില്ലായിരുന്നെങ്കിൽ ആരും ജീവനോടെ ശേഷിക്കുമായിരുന്നില്ല. (നെഹെമ്യാവു 9:31) ക്രമേണ, യഹൂദാദേശം പൂർണമായും ശൂന്യമായിത്തീർന്നു. (2 ദിനവൃത്താന്തം 36:17-21) തുടർന്ന്, പൊ.യു.മു. 537-ൽ, സത്യാരാധന പുനഃസ്ഥാപിക്കാനായി യഹൂദയിലേക്കു മടങ്ങാൻ ‘രക്ഷിതഗണത്തെ’ കരുണാസമ്പന്നനായ ദൈവം അനുവദിച്ചു. b (എസ്രാ 1:1-4; 2:1) മടങ്ങിയെത്തുന്ന ആ പ്രവാസികളുടെ ഹൃദയംഗമമായ അനുതാപം 137-ാം സങ്കീർത്തനത്തിൽ ഭംഗിയായി വർണിച്ചിരിക്കുന്നതു കാണാം. സാധ്യതയനുസരിച്ച്, അവർ പ്രവാസത്തിൽ ആയിരിക്കുമ്പോഴോ അതിനുശേഷം അധികം താമസിയാതെയോ ആയിരിക്കാം ആ സങ്കീർത്തനം എഴുതപ്പെട്ടത്. യഹൂദയിൽ എത്തിയ അവർ നിലം ഉഴുത് വിത്തു വിതച്ചു. ദൈവം തങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചുകൊണ്ട് ദേശത്തെ “ഏദെൻതോട്ടം” പോലെ ആക്കുന്നു എന്നു കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷം ഒന്നു സങ്കൽപ്പിക്കുക!—യെഹെസ്കേൽ 36:34-36.
10, 11. (എ) 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏത് അർഥത്തിലാണ് ബൈബിൾ വിദ്യാർഥികൾ ‘മഹാബാബിലോണി’ന്റെ അടിമത്തത്തിൽ ആയിരുന്നത്? (ബി) ആത്മീയ ഇസ്രായേല്യരുടെ ശേഷിപ്പിനെ യഹോവ അനുഗ്രഹിച്ചിരിക്കുന്നത് എങ്ങനെ?
10 സമാനമായ ഒരു പുനഃസ്ഥാപനം നമ്മുടെ നാളിലും സംഭവിച്ചിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോണിന്റെ’ ആത്മീയ അടിമത്തത്തിലായിരുന്നു. (വെളിപ്പാടു 17:5, NW) വ്യാജമത പഠിപ്പിക്കലുകൾ പലതും തള്ളിക്കളഞ്ഞെങ്കിലും, ചില ബാബിലോണിയൻ ആശയങ്ങളും ആചാരങ്ങളും അവർ അപ്പോഴും വെച്ചുപുലർത്തിയിരുന്നു. പുരോഹിതവർഗം ഇളക്കിവിട്ട എതിർപ്പിന്റെ ഫലമായി, അവരിൽ ചിലർ അക്ഷരീയമായി തടവിലായി. അവരുടെ ആത്മീയ ദേശം—മതപരമായ അഥവാ ആത്മീയമായ സ്വത്ത്—ശൂന്യമായിത്തീർന്നു.
11 എന്നാൽ, 1919-ലെ വസന്തത്തിൽ ആത്മീയ ഇസ്രായേല്യരുടെ ശേഷിപ്പിനോട് യഹോവ കരുണ കാട്ടി. (ഗലാത്യർ 6:16) അവരുടെ അനുതാപവും തന്നെ സത്യത്തിൽ ആരാധിക്കാനുള്ള ആഗ്രഹവും അവൻ കണ്ടു. അതുകൊണ്ട് അവൻ അക്ഷരീയ തടവിൽനിന്ന്, അതിലും പ്രധാനമായി ആത്മീയ തടവിൽനിന്ന്, അവരെ വിടുവിച്ചു. ഈ ‘രക്ഷിതഗണ’ത്തിന് അവരുടെ ദൈവദത്ത ആത്മീയ സ്വത്തുക്കൾ അഥവാ ആത്മീയ അവസ്ഥ പുനഃസ്ഥാപിച്ചു കിട്ടി. അതു സമൃദ്ധമായി പെരുകാൻ ദൈവം അനുവദിച്ചു. തുടർന്ന് അവരുടെ ആത്മീയ അവസ്ഥ ആകർഷകമായ ഒരു നില കൈവരിക്കുകയും ദൈവഭയമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സത്യാരാധനയിൽ ശേഷിപ്പിനോടു ചേരാൻ ഇടയാകുകയും ചെയ്തു.
12. യെശയ്യാവിന്റെ വാക്കുകൾ, യഹോവയ്ക്കു തന്റെ ജനത്തോടുള്ള കരുണയെ എടുത്തുകാണിക്കുന്നത് എങ്ങനെ?
12 യെശയ്യാവിന്റെ വാക്കുകൾ, ദൈവത്തിനു തന്റെ ജനത്തോടുള്ള കരുണയെ എടുത്തുകാണിക്കുന്നതാണ്. ഒരു ജനത എന്ന നിലയിൽ ഇസ്രായേല്യർ യഹോവയോടു മത്സരിച്ചെങ്കിലും, അനുതാപം പ്രകടമാക്കിയ ശേഷിപ്പിനോട് അവൻ കരുണ കാണിച്ചു. ഗുരുതരമായ പാപങ്ങൾ ചെയ്യുന്നവർക്കു പോലും പ്രത്യാശയോടെ യഹോവയിലേക്കു തിരിയാൻ കഴിയുമെന്ന അറിവിൽനിന്നു നമുക്ക് ആശ്വാസം കണ്ടെത്താനാകും. തങ്ങൾക്കു യഹോവയിൽനിന്നു കരുണ ലഭിക്കുകയില്ല എന്ന് അനുതാപമുള്ളവർ വിചാരിക്കേണ്ടതില്ല. കാരണം, പശ്ചാത്താപവിവശമായ ഒരു ഹൃദയത്തെ യഹോവ തള്ളിക്കളയുകയില്ല. (സങ്കീർത്തനം 51:17) ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.” (സങ്കീർത്തനം 103:8, 13) കാരുണ്യവാനായ അത്തരമൊരു ദൈവം തീർച്ചയായും നമ്മുടെ മുഴു സ്തുതിയും അർഹിക്കുന്നു!
ഒരു ശേഷിപ്പ് യഹോവയ്ക്കു വിശുദ്ധമായിത്തീരുന്നു
13. യെശയ്യാവു 4:4-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യഹോവ കരുണ കാണിക്കുന്ന ശേഷിപ്പിനെ യെശയ്യാവ് എങ്ങനെ വർണിക്കുന്നു?
13 യഹോവ കരുണ കാണിക്കുന്ന ശേഷിപ്പിനെ കുറിച്ച് നാം ഇതിനോടകം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. എന്നാൽ, യെശയ്യാവ് അവരെ കുറിച്ചു കൂടുതലായ വിശദാംശങ്ങൾ ഇപ്പോൾ നൽകുന്നു. അവൻ ഇപ്രകാരം എഴുതുന്നു: “സീയോനിൽ മിഞ്ചിയിരിക്കുന്നവനും [ബാക്കിയുള്ളവനും] യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.”—യെശയ്യാവു 4:4.
14. ‘ബാക്കിയുള്ള’വരും ‘ശേഷിച്ചിരിക്കുന്ന’വരും ആരാണ്, യഹോവയ്ക്ക് അവരോടു കരുണ തോന്നുന്നത് എന്തുകൊണ്ട്?
14 ‘ബാക്കിയുള്ള’വരും ‘ശേഷിച്ചിരിക്കുന്ന’വരും ആരാണ്? 2-ാം വാക്യത്തിൽ പരാമർശിച്ച രക്ഷിതഗണം ആണ് അവർ, അതായത് യഹൂദയിലേക്കു മടങ്ങാൻ അനുവാദം ലഭിക്കുന്ന യഹൂദാ പ്രവാസികൾ. യഹോവയ്ക്ക് അവരോടു കരുണ തോന്നുന്നത് എന്തുകൊണ്ടാണെന്ന് യെശയ്യാവ് വിശദീകരിക്കുന്നു—അവർ അവന് ‘വിശുദ്ധർ’ ആയിരിക്കും. വിശുദ്ധിക്ക് “മതപരമായ ശുദ്ധി അല്ലെങ്കിൽ നിർമലത; പാവനത്വം” എന്നൊക്കെ അർഥമുണ്ട്. വാക്കിലും പ്രവൃത്തിയിലും ശുദ്ധിയുള്ളവൻ അഥവാ നിർമലൻ ആയിരിക്കുന്നത് വിശുദ്ധിയിൽ ഉൾപ്പെട്ടിരിക്കുന്നു. അതിൽ, ശരിയായ, ഉചിതമായ കാര്യങ്ങൾ സംബന്ധിച്ച് യഹോവയുടെ നിലവാരങ്ങളിൽ എത്തിച്ചേരുന്നതും ഉൾപ്പെടുന്നു. ‘വിശുദ്ധർ’ ആയിരിക്കുന്നവരോട് യഹോവയ്ക്കു കരുണ തോന്നും. “വിശുദ്ധനഗരമായ” യെരൂശലേമിലേക്കു മടങ്ങാൻ അവൻ അവരെ അനുവദിക്കും.—നെഹെമ്യാവു 11:1.
15. (എ) ‘യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്നു’ എന്ന പ്രയോഗം ഏത് യഹൂദാ സമ്പ്രദായത്തെ കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നു? (ബി) യെശയ്യാവിന്റെ വാക്കുകളിൽ ഗൗരവമായ എന്തു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നു?
15 ഈ വിശ്വസ്ത ശേഷിപ്പ് യെരൂശലേമിൽ തുടർന്നും ഉണ്ടായിരിക്കുമോ? അവരുടെ പേരുകൾ ‘യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ എഴുതിയിരിക്കും.’ ഇസ്രായേലിലെ കുടുംബങ്ങളുടെയും ഗോത്രങ്ങളുടെയും കൃത്യതയുള്ള രേഖകൾ സൂക്ഷിക്കുന്ന യഹൂദാ സമ്പ്രദായത്തെ കുറിച്ച് ഇതു നമ്മെ ഓർമിപ്പിക്കുന്നു. (നെഹെമ്യാവു 7:5) ഒരാളുടെ പേര് രേഖയിൽ ഉണ്ടെങ്കിൽ അയാൾ ജീവിച്ചിരിക്കുന്നു എന്നർഥം. കാരണം, മരിക്കുന്ന ആളിന്റെ പേര് രേഖയിൽനിന്നു നീക്കം ചെയ്തിരുന്നു. യഹോവയിൽ നിന്ന് ജീവന്റെ സമ്മാനം ലഭിക്കുന്നവരുടെ പേരുകൾ അടങ്ങുന്ന പ്രതീകാത്മക രേഖയെ കുറിച്ച്, അഥവാ പുസ്തകത്തെ കുറിച്ചു ബൈബിളിന്റെ ചില ഭാഗങ്ങളിൽ നാം വായിക്കുന്നു. ഈ പുസ്തകത്തിൽ പേരുണ്ടായിരിക്കുന്നതിന് ചില വ്യവസ്ഥകൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം യഹോവയ്ക്ക് അതിൽനിന്നു പേരുകൾ ‘മായിച്ചുകളയാൻ’ സാധിക്കും. (പുറപ്പാടു 32:32, 33; സങ്കീർത്തനം 69:28) അപ്പോൾ, യെശയ്യാവിന്റെ വാക്കുകളിൽ ഗൗരവമായ ഒരു മുന്നറിയിപ്പ് അടങ്ങിയിരിക്കുന്നതു കാണാം—ദൈവദൃഷ്ടിയിൽ വിശുദ്ധരായി നിലകൊള്ളുന്നെങ്കിൽ മാത്രമേ പ്രവാസത്തിൽനിന്നു മടങ്ങിവരുന്നവർക്കു പുനഃസ്ഥാപിത ദേശത്ത് ജീവിച്ചിരിക്കാനാവൂ.
16. (എ) പൊ.യു.മു. 537-ൽ, യഹൂദയിലേക്കു മടങ്ങാൻ താൻ അനുവദിക്കുന്നവർ എങ്ങനെയുള്ളവർ ആയിരിക്കണമെന്ന് യഹോവ ആവശ്യപ്പെട്ടു? (ബി) അഭിഷിക്തരോടും “വേറെ ആടുക”ളോടും യഹോവ കാണിച്ച കരുണ വൃഥാവായിരുന്നിട്ടില്ല എന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
16 പൊ.യു.മു. 537-ൽ യഹൂദാ പ്രവാസികളിൽ ഒരു ശേഷിപ്പ് യെരൂശലേമിലേക്കു മടങ്ങിയത് സത്യാരാധന പുനഃസ്ഥാപിക്കുക എന്ന ശുദ്ധമായ ആന്തരത്തോടെ ആയിരുന്നു. യെശയ്യാവ് ശക്തമായി കുറ്റംവിധിച്ച പുറജാതീയ മതാചാരങ്ങളാലോ അശുദ്ധമായ നടത്തയാലോ മലിനരായ ആർക്കും മടങ്ങുന്നതിനുള്ള അവകാശമില്ലായിരുന്നു. (യെശയ്യാവു 1:15-17) യഹോവയുടെ ദൃഷ്ടിയിൽ വിശുദ്ധരായവർക്കു മാത്രമേ യഹൂദയിലേക്കു മടങ്ങാൻ സാധിക്കുമായിരുന്നുള്ളൂ. (യെശയ്യാവു 35:8) സമാനമായി, 1919-ൽ ആത്മീയ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ട അഭിഷിക്ത ശേഷിപ്പും ഇപ്പോൾ അവരോടു ചേർന്നിരിക്കുന്ന, ഭൗമിക നിത്യജീവന്റെ പ്രത്യാശയുള്ള ദശലക്ഷക്കണക്കിനു വരുന്ന “വേറെ ആടുക”ളും ദൈവദൃഷ്ടിയിൽ വിശുദ്ധരായിരിക്കാൻ എല്ലാ ശ്രമവും നടത്തിയിരിക്കുന്നു. (യോഹന്നാൻ 10:16) ബാബിലോണിയൻ പഠിപ്പിക്കലുകളും ആചാരങ്ങളും അവർ ഉപേക്ഷിച്ചിരിക്കുന്നു. ധാർമികത സംബന്ധിച്ച ദൈവത്തിന്റെ ഉന്നത നിലവാരങ്ങളോടു പറ്റിനിൽക്കാൻ അവർ വ്യക്തിപരമായി ശ്രമിക്കുന്നു. (1 പത്രൊസ് 1:14-16) യഹോവ അവരോടു കാട്ടിയ കരുണ വൃഥാവായിരുന്നിട്ടില്ല.
17. ആരുടെ പേരുകളാണ് യഹോവ “ജീവപുസ്തകത്തിൽ” എഴുതുന്നത്, നമുക്ക് എന്തു ദൃഢനിശ്ചയം ഉണ്ടായിരിക്കണം?
17 ഇസ്രായേലിലെ വിശുദ്ധരെ യഹോവ ശ്രദ്ധിക്കുകയും അവരുടെ പേരുകൾ ‘ജീവനുള്ളവരുടെ കൂട്ടത്തിൽ എഴുതു’കയും ചെയ്തതായി ഓർക്കുക. ഇന്നും, ‘നമ്മുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിക്കവെ,’ മനസ്സും ശരീരവും ശുദ്ധിയുള്ളതായി കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ ശ്രദ്ധിക്കുന്നു. (റോമർ 12:1) അത്തരം ശുദ്ധമായ ജീവിതം നയിക്കുന്ന എല്ലാവരുടെയും പേരുകൾ ദൈവം “ജീവപുസ്തകത്തിൽ” എഴുതുകയും ചെയ്യുന്നു. സ്വർഗത്തിൽ അല്ലെങ്കിൽ ഭൂമിയിൽ നിത്യജീവൻ ലഭിക്കുന്നവരുടെ പേരുകളാണ് ഈ പ്രതീകാത്മക രേഖയിൽ അടങ്ങിയിരിക്കുന്നത്. (ഫിലിപ്പിയർ 4:3; മലാഖി 3:16) അതുകൊണ്ട്, ദൈവദൃഷ്ടിയിൽ വിശുദ്ധരായി നിലകൊള്ളാൻ നമുക്കു പരമാവധി ശ്രമിക്കാം. അങ്ങനെ ചെയ്തുകൊണ്ട് ആ “പുസ്തക”ത്തിൽ നമ്മുടെ പേരുകൾ നിലനിറുത്താൻ നമുക്കു സാധിച്ചേക്കും.—വെളിപ്പാടു 3:5.
സ്നേഹപൂർവകമായ പരിപാലനത്തിന്റെ ഒരു വാഗ്ദാനം
18, 19. യെശയ്യാവു 4:3, 5 പറയുന്നതനുസരിച്ച്, യഹോവ നടത്തുന്ന ശുദ്ധീകരണം എന്ത്, അത് നടത്തപ്പെടുന്നത് എങ്ങനെ?
18 പുനഃസ്ഥാപിത ദേശത്തെ നിവാസികൾ എങ്ങനെ വിശുദ്ധർ ആയിത്തീരുമെന്നും അവർക്കു ലഭിക്കാൻ പോകുന്ന അനുഗ്രഹങ്ങൾ എന്തെല്ലാം ആയിരിക്കുമെന്നും യെശയ്യാവ് വ്യക്തമാക്കുന്നു. അവൻ ഇങ്ങനെ പറയുന്നു: “ന്യായവിധിയുടെ കാററുകൊണ്ടും ദഹനത്തിന്റെ കാററുകൊണ്ടും സീയോൻപുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം . . . യഹോവ സീയോൻപർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.”—യെശയ്യാവു 4:3, 5.
19 പുറമേ ആകർഷകമായ ആഭരണങ്ങൾ അണിഞ്ഞവർ എങ്കിലും ഉള്ളിൽ ധാർമിക ദുഷിപ്പ് നിറഞ്ഞിരുന്ന ‘സീയോൻപുത്രിമാരെ’ മുമ്പ് യെശയ്യാവ് ശാസിക്കുകയുണ്ടായി. കൂടാതെ, ജനത്തിനു പൊതുവെയുള്ള രക്തപാതകത്തെ അവൻ തുറന്നുകാട്ടുകയും സ്വയം കഴുകിവെടിപ്പാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (യെശയ്യാവു 1:15, 16; 3:16-23) എന്നാൽ ഇവിടെ, ദൈവംതന്നെ അവരുടെ “മലിനത” അഥവാ ധാർമിക അശുദ്ധി “കഴുകിക്കളയുകയും” ‘രക്തക്കറകൾ തുടച്ചുമാറ്റുകയും’ ചെയ്യുന്ന ഒരു സമയത്തിനായി അവൻ കാത്തിരിക്കുകയാണ്. (യെശയ്യാവു 4:4, പി.ഒ.സി. ബൈ.) ഈ ശുദ്ധീകരണം എങ്ങനെയായിരിക്കും നടക്കുക? “ന്യായവിധിയുടെ കാററുകൊണ്ടും ദഹനത്തിന്റെ കാററുകൊണ്ടും” ആയിരിക്കും. അശുദ്ധ ജനതയുടെ മേലുള്ള ദൈവത്തിന്റെ ന്യായവിധിയുടെയും ഉഗ്രകോപത്തിന്റെയും പ്രകടനങ്ങൾ ആയിരിക്കും യെരൂശലേമിന്റെ ആസന്ന നാശവും ബാബിലോണിയൻ പ്രവാസവും. ഈ ദുരന്തങ്ങളെ അതിജീവിച്ച് സ്വദേശത്തേക്കു മടങ്ങുന്നവർ താഴ്മയുള്ള, ശുദ്ധീകരണം പ്രാപിച്ച വ്യക്തികൾ ആയിരിക്കും. അതുകൊണ്ടാണ് അവർ യഹോവയ്ക്കു വിശുദ്ധരായിരിക്കുന്നതും അവന്റെ കരുണ പ്രാപിക്കുന്നതും.—മലാഖി 3:2, 3 താരതമ്യം ചെയ്യുക.
20. (എ) ‘മേഘം,’ ‘പുക’ ‘അഗ്നിജ്വാല’ എന്നീ വാക്കുകൾ എന്തിനെ കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നു? (ബി) ശുദ്ധീകരിക്കപ്പെട്ട പ്രവാസികൾ ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
20 ശുദ്ധീകരിക്കപ്പെട്ട ഈ ശേഷിപ്പിനെ താൻ സ്നേഹപൂർവം പരിപാലിക്കുമെന്ന് യെശയ്യാവ് മുഖാന്തരം യഹോവ വാഗ്ദാനം ചെയ്യുന്നു. ‘മേഘം,’ ‘പുക’ ‘അഗ്നിജ്വാല’ എന്നീ വാക്കുകൾ, ഈജിപ്തിൽനിന്നു പോന്ന ഇസ്രായേല്യർക്കായി യഹോവ എങ്ങനെ കരുതി എന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു. ഒരു ‘അഗ്നിമേഘസ്തംഭം,’ പിൻതുടർന്നുവന്ന ഈജിപ്തുകാരിൽനിന്ന് ഇസ്രായേല്യരെ സംരക്ഷിക്കുകയും മരുഭൂമിയിൽ അവരെ വഴിനയിക്കുകയും ചെയ്തു. (പുറപ്പാടു 13:21, 22; 14:19, 20, 24) യഹോവ സീനായി പർവതത്തിൽ ഇറങ്ങിയപ്പോൾ പർവതം “മുഴുവനും പുകകൊണ്ടു മൂടി.” (പുറപ്പാടു 19:18) അതുകൊണ്ട്, ശുദ്ധീകരിക്കപ്പെട്ട പ്രവാസികൾ ഭയപ്പെടേണ്ടതില്ല. കാരണം, യഹോവ അവരുടെ സംരക്ഷകൻ ആയിരിക്കും. അവർ കൂടിവരുന്നത് ഭവനങ്ങളിൽ ആയിരുന്നാലും വിശുദ്ധ കൺവെൻഷനുകളിൽ ആയിരുന്നാലും അവൻ അവരോടു കൂടെ ഉണ്ടായിരിക്കും.
21, 22. (എ) സാധാരണഗതിയിൽ ഒരു കൂടാരം അഥവാ മാടം കെട്ടിയിരുന്നത് എന്തിനു വേണ്ടിയാണ്? (ബി) എന്തു പ്രതീക്ഷയാണ് ശുദ്ധീകരണം പ്രാപിച്ച ശേഷിപ്പിന്റെ മുമ്പാകെയുള്ളത്?
21 അനുദിന ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദിവ്യ സംരക്ഷണത്തെ കുറിച്ചുള്ള തന്റെ വർണന യെശയ്യാവ് ഇങ്ങനെ ഉപസംഹരിക്കുന്നു: “പകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുങ്കാററും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.” (യെശയ്യാവു 4:6) ഉഷ്ണകാലത്തെ കൊടുംചൂടിൽനിന്നും അതുപോലെ മഴക്കാലത്തെ തണുപ്പിൽനിന്നും ശക്തമായ കാറ്റിൽ നിന്നുമുള്ള സംരക്ഷണത്തിനായി മുന്തിരിത്തോട്ടങ്ങളിലും വയലുകളിലും കൂടാരം അഥവാ മാടം കെട്ടിയിരുന്നു.—യോനാ 4:5 താരതമ്യം ചെയ്യുക.
22 പീഡനത്തിന്റെ ഉഗ്രമായ ചൂടും എതിർപ്പിന്റെ ഉഗ്രമായ കാറ്റുകളും നേരിടുമ്പോൾ ശുദ്ധീകരണം പ്രാപിച്ച ശേഷിപ്പ്, യഹോവ തങ്ങളുടെ സംരക്ഷണത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഉറവിടവും യഥാർഥ സങ്കേതവുമാണെന്നു കണ്ടെത്തും. (സങ്കീർത്തനം 91:1, 2; 121:5) സന്തോഷകരമായ ഒരു പ്രതീക്ഷയാണ് അവർക്കു മുമ്പാകെയുള്ളത്: അശുദ്ധമായ ബാബിലോണിയൻ വിശ്വാസങ്ങളും ആചാരങ്ങളും അവർ ഉപേക്ഷിക്കുകയും ശുദ്ധീകരണാർഥം യഹോവ നടത്തുന്ന ന്യായവിധിക്കു വിധേയമാകുകയും ശുദ്ധിയുള്ളവരായി നിലകൊള്ളാൻ ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ, ദിവ്യ സംരക്ഷണത്തിന്റെ ആലങ്കാരിക “മറവിട”ത്തിൽ അവർ സുരക്ഷിതരായിരിക്കും.
23. യഹോവ അഭിഷിക്ത ശേഷിപ്പിനെയും അവരുടെ സഹകാരികളെയും അനുഗ്രഹിച്ചിരിക്കുന്നത് എന്തുകൊണ്ട്?
23 ശുദ്ധീകരണം നടന്ന ശേഷമാണ് അനുഗ്രഹങ്ങൾ ലഭിക്കുന്നത് എന്നതു ശ്രദ്ധിക്കുക. നമ്മുടെ നാളിലും അതു സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. 1919-ൽ അഭിഷിക്ത ശേഷിപ്പ് ശുദ്ധീകരണത്തിനു വിധേയമായി, യഹോവ അവരുടെ അശുദ്ധി ‘കഴുകിക്കളഞ്ഞു.’ അന്നു മുതൽ, വേറെ ആടുകളുടെ “മഹാപുരുഷാരം” യഹോവയാൽ ശുദ്ധീകരിക്കപ്പെടുന്നതിനു തങ്ങളെത്തന്നെ അർപ്പിച്ചിരിക്കുന്നു. (വെളിപ്പാടു 7:9) ഇങ്ങനെ ശുദ്ധീകരിക്കപ്പെട്ട ശേഷിപ്പിനും അവരുടെ സഹകാരികൾക്കും അനുഗ്രഹം ലഭിച്ചിരിക്കുന്നു—യഹോവ അവരെ തന്റെ സംരക്ഷണാത്മക കരുതലിൽ ആക്കിവെച്ചിരിക്കുന്നു. അവർ തളർന്നുപോകാതിരിക്കാൻ പീഡനത്തിന്റെ ചൂടിനെയോ എതിർപ്പിന്റെ ഉഗ്രമായ കാറ്റുകളെയോ യഹോവ അത്ഭുതകരമായി തടയുന്നില്ല. എന്നാൽ ‘വെയിൽ കൊള്ളാതിരിക്കാനുള്ള തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിക്കാനുള്ള മറവിടമായും ഒരു കൂടാരം’ പണിതാലെന്ന പോലെ അവൻ അവരെ സംരക്ഷിക്കുന്നു. എങ്ങനെ?
24. ഒരു സംഘടന എന്ന നിലയിൽ യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു എന്നതിന് എന്തു തെളിവുണ്ട്?
24 ഇതു പരിചിന്തിക്കുക: ചരിത്രത്തിലെ ഏറ്റവും പ്രബലമായ ചില ഗവൺമെന്റുകൾ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല നിരോധിക്കുകയോ അവരെത്തന്നെ പാടേ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, സാക്ഷികൾ ഉറച്ച നിലപാടു സ്വീകരിക്കുകയും അവിരാമം തങ്ങളുടെ പ്രസംഗവേലയിൽ തുടരുകയും ചെയ്തിരിക്കുന്നു! പ്രത്യക്ഷത്തിൽ നിസ്സഹായരായി കാണപ്പെടുന്ന ഈ ചെറിയ കൂട്ടത്തിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കാൻ ശക്തമായ രാഷ്ട്രങ്ങൾക്കു സാധിക്കാഞ്ഞത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, യാതൊരു മനുഷ്യനും നശിപ്പിക്കാൻ കഴിയാത്ത സംരക്ഷണത്തിന്റെ ഒരു “കൂടാര”ത്തിൽ യഹോവ തന്റെ ശുദ്ധിയുള്ള ദാസരെ ആക്കിവെച്ചിരിക്കുന്നു!
25. യഹോവ സംരക്ഷകനായി ഉള്ളത് വ്യക്തിപരമായി നമുക്ക് ഓരോരുത്തർക്കും എന്ത് അർഥമാക്കുന്നു?
25 വ്യക്തിപരമായി നമ്മെ സംബന്ധിച്ചെന്ത്? യഹോവ നമ്മുടെ സംരക്ഷകനായിരിക്കുന്നതു നിമിത്തം ഈ ലോകത്തിൽ നമ്മുടെ ജീവിതം തികച്ചും പ്രശ്നരഹിതമായിരിക്കും എന്ന് അർഥമില്ല. വിശ്വസ്ത ക്രിസ്ത്യാനികളിൽ അനേകർക്കും, ദാരിദ്ര്യം, പ്രകൃതി വിപത്തുകൾ, യുദ്ധം, രോഗം, മരണം എന്നിങ്ങനെ കഠിനമായ പല പ്രതികൂലാവസ്ഥകളെയും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. അത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ, ദൈവം നമ്മോടു കൂടെ ഉണ്ടെന്ന കാര്യം നമുക്കു മറക്കാതിരിക്കാം. അവൻ നമ്മെ ആത്മീയമായി സംരക്ഷിക്കുകയും കഷ്ടപ്പാടുകൾ വിശ്വസ്തമായി സഹിച്ചുനിൽക്കാൻ നമുക്ക് ആവശ്യമായത്—“അത്യന്തശക്തി” പോലും—നൽകുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 4:7) അവൻ നമ്മോടുകൂടെ ഉള്ളതിനാൽ നാം ഭയപ്പെടേണ്ടതില്ല. ദൈവദൃഷ്ടിയിൽ നിർമലരായി തുടരുന്നിടത്തോളം കാലം, യാതൊന്നിനും “ദൈവസ്നേഹത്തിൽനിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല.”—റോമർ 8:38, 39.
[അടിക്കുറിപ്പുകൾ]
a “യഹോവയുടെ മുള” എന്ന പദപ്രയോഗം മിശിഹായെ—യെരൂശലേമിന്റെ പുനഃസ്ഥാപനത്തിനു ശേഷമേ അവൻ പ്രത്യക്ഷപ്പെടുകയുള്ളൂ—പരാമർശിക്കുന്നുവെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എബ്രായ തിരുവെഴുത്തുകളുടെ അരമായ ഭാഷാന്തരങ്ങളിൽ ഈ പദപ്രയോഗത്തെ പരാവർത്തനം ചെയ്യുന്നത് “യഹോവയുടെ മിശിഹാ [ക്രിസ്തു]” എന്നാണ്. യഹോവ ദാവീദിന് ഉത്ഭവിപ്പിക്കുന്ന “നീതിയുള്ളോരു മുള”യായ മിശിഹായെ കുറിച്ചു പറയുമ്പോൾ യിരെമ്യാവ് അതേ എബ്രായ നാമപദംതന്നെ (റ്റ്സെമാച്ച്) ഉപയോഗിക്കുന്നു എന്നതു രസാവഹമാണ്.—യിരെമ്യാവു 23:5; 33:15.
b പ്രവാസകാലത്ത് ജനിച്ച ചിലരും ‘രക്ഷിതഗണ’ത്തിൽ ഉൾപ്പെടുന്നു. കാരണം, അവരുടെ പൂർവികർ അതിജീവിച്ചില്ലായിരുന്നെങ്കിൽ അവർ ഒരിക്കലും ജനിക്കുമായിരുന്നില്ല. അതുകൊണ്ട് അവരെയും ‘രക്ഷിക്ക’പ്പെട്ടവരായി കണക്കാക്കാവുന്നതാണ്.—എസ്രാ 9:13-15; എബ്രായർ 7:9, 10 താരതമ്യം ചെയ്യുക.
[അധ്യയന ചോദ്യങ്ങൾ]
[63-ാം പേജിലെ ചിത്രം]
ദിവ്യ ന്യായവിധിയുടെ കൊടുങ്കാറ്റ് യഹൂദയുടെമേൽ വരുകയാണ്