യഹോവയാം ദൈവം തന്റെ വിശുദ്ധ മന്ദിരത്തിൽ ഉണ്ട്
അധ്യായം എട്ട്
യഹോവയാം ദൈവം തന്റെ വിശുദ്ധ മന്ദിരത്തിൽ ഉണ്ട്
1, 2. (എ) യെശയ്യാ പ്രവാചകന് ആലയ ദർശനം ലഭിക്കുന്നത് എപ്പോൾ? (ബി) ഉസ്സീയാ രാജാവിനു യഹോവയുടെ പ്രീതി നഷ്ടമായത് എന്തുകൊണ്ട്?
“ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ [ആലയം] നിറച്ചിരുന്നു.” (യെശയ്യാവു 6:1) ഈ വാക്കുകളോടെയാണ് യെശയ്യാവ് തന്റെ പുസ്തകത്തിന്റെ 6-ാം അധ്യായം ആരംഭിക്കുന്നത്. ഇവിടെ പരാമർശിക്കുന്ന വർഷം പൊ.യു.മു. 778 ആണ്.
2 യഹൂദയുടെ രാജാവ് എന്ന നിലയിലുള്ള ഉസ്സീയാവിന്റെ 52 വർഷത്തെ ഭരണം പൊതുവെ വൻ വിജയമായിരുന്നു. “യഹോവെക്കു പ്രസാദമായുള്ളതു ചെയ്ത”തിനാൽ യുദ്ധങ്ങളിലും നിർമാണ പ്രവർത്തനങ്ങളിലും കൃഷിയിലും മറ്റും അവന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, ഉസ്സീയാവിന്റെ ഭരണവിജയം അവന്റെ നാശത്തിനും കാരണമായി. ഒടുവിൽ, ‘തന്റെ ദൈവമായ യഹോവയോടു കുററം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെല്ലുന്ന’ അളവോളം അവൻ നിഗളിച്ചു. ഈ വിധത്തിൽ ഗർവോടെ പ്രവർത്തിക്കുകയും തന്നെ ശാസിച്ച പുരോഹിതന്മാരോട് ഉഗ്രമായി കോപിക്കുകയും ചെയ്തതു നിമിത്തം ഉസ്സീയാവ് ശേഷിച്ച കാലം മുഴുവൻ ഒരു കുഷ്ഠരോഗിയായിരുന്നു. (2 ദിനവൃത്താന്തം 26:3-22) ഈ കാലഘട്ടത്തോട് അടുത്താണ് യെശയ്യാവ് പ്രവാചകനെന്ന നിലയിലുള്ള തന്റെ സേവനം തുടങ്ങിയത്.
3. (എ) യെശയ്യാവ് യഹോവയെ നേരിട്ടു കാണുന്നുണ്ടോ? വിശദീകരിക്കുക. (ബി) ഏതു രംഗമാണ് യെശയ്യാവ് കാണുന്നത്, എന്തു കാരണത്താൽ?
3 യെശയ്യാവ് അക്ഷരീയ നേത്രങ്ങൾകൊണ്ട് കാണുന്നത് ഒരു ദർശനം—ഈ ദർശനം കാണുമ്പോൾ യെശയ്യാവ് എവിടെയാണു നിൽക്കുന്നതെന്ന് ബൈബിൾ നമ്മോടു പറയുന്നില്ല—ആണ്, അവൻ സർവശക്തനെ നേരിട്ടു കാണുന്നില്ല. കാരണം, “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല” എന്നു ബൈബിൾ പറയുന്നു. (യോഹന്നാൻ 1:18; പുറപ്പാടു 33:20) എന്നാൽ, സ്രഷ്ടാവായ യഹോവയെ ഒരു ദർശനത്തിൽ കാണുന്നതു പോലും ഗംഭീരമാണ്. കാരണം, അഖിലാണ്ഡ ഭരണാധിപനും നീതിനിഷ്ഠമായ സകല ഭരണക്രമീകരണങ്ങളുടെയും ഉറവിടവുമായ വ്യക്തിയാണ് ഉന്നതമായ സിംഹാസനത്തിലിരിക്കുന്നത്! ആ സിംഹാസനം നിത്യരാജാവും ന്യായാധിപനും എന്ന നിലയിലുള്ള യഹോവയുടെ സ്ഥാനത്തിന്റെ പ്രതീകമായി വർത്തിക്കുന്നു. അവന്റെ നീണ്ട വസ്ത്രത്തിന്റെ വിളുമ്പുകൾ ആലയത്തെ നിറയ്ക്കുന്നു. ഇവിടെ, യഹോവയുടെ പരമാധികാര ശക്തിയെയും നീതിയെയും എടുത്തുകാട്ടുന്ന ഒരു പ്രാവചനിക സേവനം അനുഷ്ഠിക്കാനാണ് യെശയ്യാവിനെ വിളിച്ചിരിക്കുന്നത്. അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, അവന് ദൈവത്തിന്റെ വിശുദ്ധിയുടെ ഒരു ദർശനം ലഭിക്കാൻ പോകുകയാണ്.
4. (എ) ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ദർശനങ്ങളിലെ യഹോവയുടെ ആകാരത്തെ കുറിച്ചുള്ള വർണനകൾ പ്രതീകാത്മകമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) യെശയ്യാവിന്റെ ദർശനത്തിൽനിന്ന് യഹോവയെ കുറിച്ച് നാം എന്തു പഠിക്കുന്നു?
4 യെഹെസ്കേലും ദാനീയേലും യോഹന്നാനും റിപ്പോർട്ടു ചെയ്ത ദർശനങ്ങളിൽനിന്നു വ്യത്യസ്തമായി യെശയ്യാവ് യഹോവയുടെ ആകാരത്തെ കുറിച്ചുള്ള വർണനകളൊന്നും നൽകുന്നില്ല. സ്വർഗത്തിലെ കാര്യങ്ങളെ കുറിച്ച് അവരുടെ ഓരോരുത്തരുടെയും ദർശനത്തിൽ കാണുന്ന സംഗതികൾ വ്യത്യസ്തങ്ങളാണ്. (യെഹെസ്കേൽ 1:26-28; ദാനീയേൽ 7:9, 10; വെളിപ്പാടു 4:2, 3) എന്നിരുന്നാലും, ഈ ദർശനങ്ങളുടെ സ്വഭാവവും അവയുടെ ഉദ്ദേശ്യവും മനസ്സിൽ പിടിക്കേണ്ടതാണ്. യഹോവയുടെ സന്നിധാനത്തിന്റെ ഒരു അക്ഷരീയ വർണന അല്ല അവ. ആത്മീയ കാര്യങ്ങൾ കാണാൻ ഭൗതിക നേത്രങ്ങൾക്ക് ആവില്ല. വളരെ പരിമിതിയുള്ള മനുഷ്യമനസ്സിന് ആത്മ മണ്ഡലത്തെ പൂർണമായി ഗ്രഹിക്കാനും സാധ്യമല്ല. അതുകൊണ്ട് ഈ ദർശനങ്ങൾ, മനുഷ്യർ അറിയേണ്ട കാര്യങ്ങൾ അവർക്കു മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുന്നു എന്നു മാത്രം. (വെളിപ്പാടു 1:1 താരതമ്യം ചെയ്യുക.) യെശയ്യാവിന്റെ ദർശനത്തിൽ ദൈവത്തിന്റെ ആകാരത്തെ കുറിച്ചുള്ള ഒരു വർണന ആവശ്യമില്ല. യഹോവ തന്റെ വിശുദ്ധ ആലയത്തിൽ ഉണ്ടെന്നും അവൻ വിശുദ്ധിയുള്ളവനാണെന്നും അവന്റെ ന്യായവിധികൾ നിർമലമാണെന്നും ഈ ദർശനം യെശയ്യാവിനെ അറിയിക്കുന്നു.
സാറാഫുകൾ
5. (എ) സാറാഫുകൾ ആരാണ്, ആ പദത്തിന്റെ അർഥമെന്ത്? (ബി) സാറാഫുകൾ മുഖങ്ങളും കാലുകളും മൂടിയിരിക്കുന്നത് എന്തുകൊണ്ട്?
5 യെശയ്യാവ് തുടർന്നു വിവരിക്കുന്നതു ശ്രദ്ധിക്കൂ: “സാറാഫുകൾ അവന്നു ചുററും നിന്നു; [“അവനു മീതെ നിന്നു,” NW] ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.” (യെശയ്യാവു 6:2) സാറാഫുകളെ കുറിച്ചു ബൈബിൾ യെശയ്യാവു 6-ാം അധ്യായത്തിൽ മാത്രമേ പരാമർശിക്കുന്നുള്ളൂ. യഹോവയുടെ സേവനത്തിലായിരിക്കുന്ന ദൂതസൃഷ്ടികളാണ് ഇവർ. സ്വർഗീയ സിംഹാസനത്തിനു ചുറ്റും നിൽക്കുന്ന ഇവർക്ക് വളരെ ഉയർന്ന പദവികളും സ്ഥാനങ്ങളുമാണ് ഉള്ളത്. നിഗളിയായ ഉസ്സീയാ രാജാവിൽനിന്നു വ്യത്യസ്തരായി, ഈ സാറാഫുകൾ അത്യധികം താഴ്മയോടും എളിമയോടും കൂടെ തങ്ങളുടെ നിയമിത സ്ഥാനങ്ങളിൽ നിൽക്കുന്നതായി യെശയ്യാവു കാണുന്നു. സ്വർഗീയ പരമാധികാരിയുടെ അടുക്കൽ നിൽക്കുന്നതിനാൽ, അവർ രണ്ടു ചിറകുകൊണ്ട് മുഖം മറച്ചിരിക്കുന്നു. വിശുദ്ധ സ്ഥലത്തോടുള്ള ആദരവു മൂലം മറ്റു രണ്ടു ചിറകുകൊണ്ട് അവർ കാലുകളും മറച്ചിട്ടുണ്ട്. അഖിലാണ്ഡ പരമാധികാരിയുടെ അടുക്കൽ നിൽക്കുന്ന അവർ, ഒരു പ്രകാരത്തിലും തങ്ങളിലേക്കു ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നില്ല. അവർ മുഴു മഹത്ത്വവും ദൈവത്തിനു കൊടുക്കുന്നു. “സാറാഫുകൾ” എന്നാൽ “കത്തുന്നവർ” അഥവാ “ജ്വലിക്കുന്നവർ” എന്നാണർഥം. അവർ പ്രകാശം പരത്തുന്നതായി ഇതു സൂചിപ്പിക്കുന്നു. എങ്കിലും, അവർ യഹോവയുടെ ശോഭയിൽനിന്നും മഹത്ത്വത്തിൽനിന്നും തങ്ങളുടെ മുഖങ്ങൾ മറയ്ക്കുന്നു, അത്രയ്ക്കു തീവ്രമാണ് അവന്റെ ശോഭ.
6. യഹോവയോടുള്ള ബന്ധത്തിൽ സാറാഫുകളുടെ സ്ഥാനം എന്ത്?
6 സാറാഫുകൾ അവയുടെ മൂന്നാമത്തെ ജോടി ചിറകുകൾ ഉപയോഗിക്കുന്നത് പറക്കാനും അതുപോലെതന്നെ അവയുടെ സ്ഥാനങ്ങളിൽ പറന്നു ‘നിൽക്കാ’നുമാണ്. (ആവർത്തനപുസ്തകം 31:15 താരതമ്യം ചെയ്യുക.) അവയുടെ സ്ഥാനം സംബന്ധിച്ച് പ്രൊഫസർ ഫ്രാന്റ്സ് ഡെലിറ്റ്ഷ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സിംഹാസനത്തിൽ ഇരിക്കുന്നവന്റെ ശിരസ്സിനു മീതെ സാറാഫുകൾ പറന്നുയരുന്നില്ല. അവർ ആലയത്തെ നിറച്ചിരുന്ന അവന്റെ അങ്കിയുടെ മേലായി പറന്നുനിൽക്കുകയാണ്.” (പഴയനിയമ ഭാഷ്യം, [ഇംഗ്ലീഷ്]) അതു ന്യായയുക്തമായ ഒരു സംഗതിയായി തോന്നുന്നു. അവർ ‘മീതെ നിൽക്കുന്നത്’ യഹോവയെക്കാൾ ശ്രേഷ്ഠരാണെന്ന അർഥത്തിലല്ല. മറിച്ച്, അവന്റെ ആജ്ഞകൾക്കായി കാത്തിരിക്കുന്നു, അവനെ അനുസരിക്കുന്നു, അവനെ സേവിക്കാൻ സജ്ജരായി നിൽക്കുന്നു എന്ന അർഥത്തിലാണ്.
7. (എ) സാറാഫുകൾക്ക് എന്തു നിയമനമാണ് ഉള്ളത്? (ബി) സാറാഫുകൾ ദൈവത്തിന്റെ വിശുദ്ധി മൂന്നു പ്രാവശ്യം ഘോഷിക്കുന്നത് എന്തിന്?
7 യഹോവയുടെ സന്നിധിയിൽ നിൽക്കാൻ പദവിയുള്ള ഈ സാറാഫുകളെ ശ്രദ്ധിക്കുക! “ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു.” (യെശയ്യാവു 6:3) ഭൂമി ഉൾപ്പെടെ മുഴു അഖിലാണ്ഡത്തിലും യഹോവയുടെ വിശുദ്ധി ഘോഷിക്കപ്പെടുകയും അവന്റെ മഹത്ത്വം അംഗീകരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക എന്നതാണ് അവരുടെ നിയമനം. യഹോവയുടെ മഹത്ത്വം അവൻ സൃഷ്ടിച്ച സകലത്തിലും കാണാം, ഭൂമിയിലെ സകല നിവാസികളും അതു പെട്ടെന്നുതന്നെ തിരിച്ചറിയുകയും ചെയ്യും. (സംഖ്യാപുസ്തകം 14:21; സങ്കീർത്തനം 19:1-3; ഹബക്കൂക് 2:14) “പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു മൂന്നു പ്രാവശ്യം ഈ വാക്യത്തിൽ ആവർത്തിച്ചിരിക്കുന്നത് ത്രിത്വത്തിനു തെളിവു നൽകുന്നില്ല. മറിച്ച്, ദൈവത്തിന്റെ വിശുദ്ധിയെ മൂന്നു തവണ ഊന്നിപ്പറയുന്നു എന്നു മാത്രം. (വെളിപ്പാടു 4:8 താരതമ്യം ചെയ്യുക.) ഏറ്റവും വിശുദ്ധിയുള്ള വ്യക്തിയാണ് യഹോവ.
8. സാറാഫുകളുടെ പ്രഖ്യാപനഫലമായി എന്തു സംഭവിക്കുന്നു?
8 സാറാഫുകളുടെ എണ്ണം എത്രയെന്നു ബൈബിൾ പറയുന്നില്ല. എങ്കിലും, സിംഹാസനത്തിന് അടുത്തായി സാറാഫുകളുടെ ഗണങ്ങൾതന്നെ ഉണ്ടായിരിക്കാം. ശ്രുതിമധുരമായ സ്വരത്തിൽ, ദൈവത്തിന്റെ വിശുദ്ധിയെയും മഹത്ത്വത്തെയും കുറിച്ചു ഘോഷിക്കുന്നതിൽ അവർ തുടരുന്നു. അതിന്റെ ഫലം എന്താണ്? യെശയ്യാവ് തുടർന്നു പറയുന്നതു നമുക്കു ശ്രദ്ധിക്കാം: “അവർ ആർക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങൾ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.” (യെശയ്യാവു 6:4) പുക അല്ലെങ്കിൽ മേഘം ദൈവത്തിന്റെ സാന്നിധ്യത്തിന്റെ ദൃശ്യ തെളിവായി ബൈബിളിൽ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്നുണ്ട്. (പുറപ്പാടു 19:18; 40:34, 35; 1 രാജാക്കന്മാർ 8:10, 11; വെളിപ്പാടു 15:5-8) മനുഷ്യരായ നമുക്കു സമീപിക്കാൻ കഴിയാത്തത്ര ശ്രേഷ്ഠമായ മഹത്ത്വത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
അയോഗ്യനെങ്കിലും ശുദ്ധീകരിക്കപ്പെടുന്നു
9. (എ) ദർശനം യെശയ്യാവിന്റെമേൽ എങ്ങനെയുള്ള പ്രഭാവം ചെലത്തുന്നു? (ബി) യെശയ്യാവും ഉസ്സീയാ രാജാവും തമ്മിൽ എന്തു വ്യത്യാസം കാണാം?
9 യഹോവയുടെ സിംഹാസനത്തെ കുറിച്ചുള്ള ഈ ദർശനം യെശയ്യാവിന്റെമേൽ ആഴമായ പ്രഭാവം ചെലത്തുന്നു. അവൻ ഇങ്ങനെ രേഖപ്പെടുത്തുന്നു: “അപ്പോൾ ഞാൻ: എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധിയില്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്റെ നടുവിൽ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.” (യെശയ്യാവു 6:5) യെശയ്യാവും ഉസ്സീയാ രാജാവും തമ്മിൽ എന്തൊരു വ്യത്യാസം! ഉസ്സീയാവ് അഭിഷിക്ത പുരോഹിതന്മാരുടെ സ്ഥാനം ബലപ്രയോഗത്തിലൂടെ കയ്യടക്കുകയും ആലയത്തിലെ വിശുദ്ധ സ്ഥലത്ത് അതിക്രമിച്ചു കയറുകയും ചെയ്തു. പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകളും ധൂപയാഗപീഠവും “കാഴ്ചയപ്പം” വെക്കുന്ന പൊൻമേശകളും കണ്ടെങ്കിലും അവൻ യഹോവയുടെ അംഗീകാരത്തിന്റെ മുഖം കാണുകയോ പ്രത്യേകമായ എന്തെങ്കിലും ഒരു ദിവ്യ നിയമനം അവനു ലഭിക്കുകയോ ചെയ്തില്ല. (1 രാജാക്കന്മാർ 7:48-50) അതേസമയം, യെശയ്യാ പ്രവാചകൻ പൗരോഹിത്യ ക്രമീകരണത്തെ അവഗണിക്കുകയോ ആലയത്തിലേക്ക് അതിക്രമിച്ചു കയറുകയോ ചെയ്തില്ല. എന്നുവരികിലും, വിശുദ്ധ ആലയത്തിൽ യഹോവ ഉപവിഷ്ഠനായിരിക്കുന്ന ദർശനം അവനു ലഭിക്കുന്നു. കൂടാതെ, ദൈവത്തിൽനിന്നു നേരിട്ടുള്ള ഒരു നിയമനം ലഭിക്കുന്നതിലൂടെ അവൻ ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു. സിംഹാസനസ്ഥനായ ആലയാധിപനെ നോക്കാൻ സാറാഫുകൾ പോലും മുതിരുന്നില്ല. എന്നാൽ, യെശയ്യാവിനു ദർശനത്തിൽ “സൈന്യങ്ങളുടെ യഹോവയായ രാജാവിനെ” കാണാനുള്ള പദവി ലഭിക്കുന്നു!
10. ദർശനം യെശയ്യാവിനെ ഭയപരവശനാക്കിയത് എന്തുകൊണ്ട്?
10 ദൈവത്തിന്റെ വിശുദ്ധിയും തന്റെ പാപപൂർണതയും തമ്മിൽ യെശയ്യാവു കാണുന്ന വ്യത്യാസം താൻ തീർത്തും അശുദ്ധനാണെന്ന ബോധം അവനിൽ ഉളവാക്കുന്നു. താൻ മരിച്ചുപോകും എന്നു പോലും ഭയപരവശനായ അവൻ കരുതുന്നു. (പുറപ്പാടു 33:20) സാറാഫുകൾ ശുദ്ധമായ അധരങ്ങളോടെ ദൈവത്തെ സ്തുതിക്കുന്നത് അവൻ കേൾക്കുന്നു. എന്നാൽ, അവന്റെ അധരങ്ങൾ അശുദ്ധമാണ്. മാത്രമല്ല, അവൻ ഒരു അശുദ്ധ ജനത്തിന്റെ ഇടയിൽ വസിക്കുന്നതിനാലും അവരുടെ അശുദ്ധ സംസാരം നിരന്തരം കേൾക്കുന്നതിനാലും ഒന്നുകൂടി അശുദ്ധനായിത്തീരുന്നു. യഹോവ വിശുദ്ധനാണ്, അതിനാൽ അവന്റെ ദാസന്മാരും വിശുദ്ധരായിരിക്കണം. (1 പത്രൊസ് 1:15, 16) ദൈവത്തിന്റെ വക്താവായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നെങ്കിലും, സ്വന്തം പാപാവസ്ഥ സംബന്ധിച്ച് യെശയ്യാവ് തികച്ചും ബോധവാനാണ്. മഹത്ത്വവും വിശുദ്ധിയുമുള്ള രാജാവിന്റെ വക്താവായിരിക്കാൻ ആവശ്യമായ ശുദ്ധമായ അധരങ്ങൾ തനിക്ക് ഇല്ല എന്ന വസ്തുത അവനെ വിഷമത്തിലാക്കുന്നു. സ്വർഗത്തിൽനിന്നുള്ള പ്രതികരണം എന്തായിരിക്കും?
11. (എ) ഒരു സാറാഫ് എന്തു ചെയ്യുന്നു, ഈ പ്രവൃത്തി എന്തിനെ പ്രതീകപ്പെടുത്തുന്നു? (ബി) ദൈവത്തിന്റെ ദാസന്മാരായിരിക്കാൻ നാം അയോഗ്യരാണെന്നു തോന്നുമ്പോഴൊക്കെ, സാറാഫ് യെശയ്യാവിനോടു പറയുന്നതിനെ കുറിച്ചു ചിന്തിക്കുന്നത് നമ്മെ എങ്ങനെ സഹായിക്കും?
11 യഹോവയുടെ സന്നിധിയിൽനിന്ന് എളിയവനായ യെശയ്യാവിനെ വിരട്ടിയോടിക്കുന്നതിനു പകരം സാറാഫുകൾ അവനെ സഹായിക്കുന്നു. ബൈബിൾ വിവരണം ഇപ്രകാരം പറയുന്നു: “അപ്പോൾ സാറാഫുകളിൽ ഒരുത്തൻ യാഗപീഠത്തിൽ നിന്നു കൊടിൽകൊണ്ടു ഒരു തീക്കനൽ എടുത്തു കയ്യിൽ പിടിച്ചുകൊണ്ടു എന്റെ അടുക്കൽ പറന്നുവന്നു, അതു എന്റെ വായ്ക്കു തൊടുവിച്ചു; ഇതാ, ഇതു നിന്റെ അധരങ്ങളെ തൊട്ടതിനാൽ നിന്റെ അകൃത്യം നീങ്ങി നിന്റെ പാപത്തിന്നു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.” (യെശയ്യാവു 6:6, 7) പ്രതീകാത്മക അർഥത്തിൽ തീക്ക് ശുദ്ധീകരണ ശക്തിയുണ്ട്. യാഗപീഠത്തിലെ വിശുദ്ധമായ തീയിൽനിന്ന് എടുത്ത കനൽ യെശയ്യാവിന്റെ അധരങ്ങളെ തൊടുവിക്കുമ്പോൾ, ദൈവത്തിന്റെ പ്രീതി ലഭിക്കാനും ഒരു നിയമനം സ്വീകരിക്കാനും കഴിയുന്ന അളവോളം അവന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു സാറാഫ് അവന് ഉറപ്പു നൽകുന്നു. ഇതു നമുക്ക് എത്ര ആശ്വാസപ്രദമാണ്! നാമും പാപികളും ദൈവത്തെ സമീപിക്കാൻ അയോഗ്യരുമാണ്. എന്നാൽ, യേശുവിന്റെ മറുവിലയാഗത്തിന്റെ മൂല്യത്താൽ നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ദൈവത്തിന്റെ പ്രീതി നേടാനും പ്രാർഥനയിൽ അവനെ സമീപിക്കാനും നമുക്കു സാധിക്കുന്നു.—2 കൊരിന്ത്യർ 5:18, 21; 1 യോഹന്നാൻ 4:10.
12. യെശയ്യാവ് കാണുന്ന യാഗപീഠം ഏത്, അതിലെ തീക്ക് എന്തു ഫലമുണ്ട്?
12 ‘യാഗപീഠത്തെ’ കുറിച്ചുള്ള പരാമർശം, ഇതൊരു ദർശനമാണെന്നു നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. (വെളിപ്പാടു 8:3; 9:13 എന്നിവ താരതമ്യം ചെയ്യുക.) യെരൂശലേമിലെ ആലയത്തിൽ രണ്ടു യാഗപീഠങ്ങൾ—അതിവിശുദ്ധ സ്ഥലത്തിന്റെ തിരശ്ശീലയ്ക്കു തൊട്ടുമുന്നിലായി ഒരു ചെറിയ ധൂമയാഗപീഠവും ആലയത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലായി മൃഗങ്ങളെയും മറ്റും ബലി അർപ്പിക്കുന്നതിനുള്ള ഒരു വലിയ യാഗപീഠവും—ഉണ്ടായിരുന്നു. രണ്ടാമത്തെ യാഗപീഠത്തിൽ സദാ തീ കത്തിക്കൊണ്ടിരുന്നു. (ലേവ്യപുസ്തകം 6:12, 13; 16:12, 13) എന്നാൽ, ഈ ഭൗമിക യാഗപീഠങ്ങൾ വലിയ ചില കാര്യങ്ങളുടെ പ്രതിമാതൃകകൾ ആയിരുന്നു. (എബ്രായർ 8:5; 9:23; 10:5-10) ശലോമോൻ രാജാവ് ആലയം സമർപ്പിച്ചപ്പോൾ, യാഗപീഠത്തിലെ യാഗവസ്തുവിനെ ദഹിപ്പിച്ചത് സ്വർഗത്തിൽനിന്നു തീ ഇറങ്ങിയാണ്. (2 ദിനവൃത്താന്തം 7:1-3) എന്നാൽ ഇപ്പോൾ, യഥാർഥ സ്വർഗീയ യാഗപീഠത്തിലെതന്നെ തീയാണ് യെശയ്യാവിന്റെ അധരങ്ങളിലെ അശുദ്ധി നീക്കം ചെയ്യുന്നത്.
13. യഹോവ എന്തു ചോദ്യം ഉന്നയിക്കുന്നു, ‘നമുക്ക്’ എന്നു പറയുമ്പോൾ അവൻ ആരെ കൂടി ഉൾപ്പെടുത്തുന്നു?
13 യെശയ്യാവിനോടൊപ്പം നമുക്കും ശ്രദ്ധിക്കാം. “അനന്തരം ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും? എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം കേട്ടിട്ടു: അടിയൻ ഇതാ അടിയനെ അയക്കേണമേ എന്നു ഞാൻ പറഞ്ഞു.” (യെശയ്യാവു 6:8) യഹോവ ഈ ചോദ്യം ഉന്നയിക്കുന്നത് യെശയ്യാവിന്റെ പ്രതികരണം പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ്. കാരണം, ദർശനത്തിൽ വേറൊരു മാനുഷ പ്രവാചകനും ഉള്ളതായി കാണുന്നില്ല. നിസ്സംശയമായും യഹോവയുടെ സന്ദേശവാഹകൻ ആയിരിക്കാൻ യെശയ്യാവിനു ലഭിക്കുന്ന ഒരു ക്ഷണമാണത്. എന്നാൽ ‘ആർ നമുക്കു വേണ്ടി പോകും?’ എന്ന് യഹോവ ചോദിക്കുന്നത് എന്തുകൊണ്ടാണ്? “എനിക്ക്” എന്ന ഏകവചന ഉത്തമപുരുഷ സർവനാമം ഉപയോഗിക്കുന്നതിനു പകരം “നമുക്ക്” എന്ന ബഹുവചന സർവനാമം ഉപയോഗിച്ചുകൊണ്ട് യഹോവ തന്നോടൊപ്പം ചുരുങ്ങിയത് ഒരാളെ കൂടി ഉൾപ്പെടുത്തുന്നു. ആരാണത്? പിൽക്കാലത്ത് യേശുക്രിസ്തു എന്ന പേരിൽ മനുഷ്യനായി പിറന്ന അവന്റെ ഏകജാത പുത്രൻ തന്നെയല്ലേ അത്? തീർച്ചയായും, ‘നാം നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കുക’ എന്നു ദൈവം പറഞ്ഞതും അതേ പുത്രനോടുതന്നെയാണ്. (ഉല്പത്തി 1:26; സദൃശവാക്യങ്ങൾ 8:30, 31) അതേ, സ്വർഗീയ സദസ്സിൽ യഹോവയോടൊപ്പം ഉള്ളത് അവന്റെ ഏകജാത പുത്രനാണ്.—യോഹന്നാൻ 1:14.
14. യഹോവ നൽകുന്ന ക്ഷണത്തോട് യെശയ്യാവ് എങ്ങനെ പ്രതികരിക്കുന്നു, നമുക്കായി അവൻ എന്തു മാതൃക വെക്കുന്നു?
14 ‘ആർ നമുക്കു വേണ്ടി പോകും?’ എന്ന ചോദ്യത്തിനു മറുപടി പറയാൻ യെശയ്യാവ് വിമുഖത കാണിക്കുന്നില്ല! അറിയിക്കേണ്ട സന്ദേശം എന്തുതന്നെ ആയിരുന്നാലും, അവൻ സത്വരം ഇങ്ങനെ പ്രതിവചിക്കുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” പ്രസ്തുത നിയമനം സ്വീകരിച്ചാൽ തനിക്ക് എന്തു പ്രയോജനം കിട്ടുമെന്ന് അവൻ ചോദിക്കുന്നില്ല. യെശയ്യാവിന്റെ മനസ്സൊരുക്കം ഇന്ന് ‘രാജ്യത്തിന്റെ സുവിശേഷം ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കാൻ’ നിയമനമുള്ള എല്ലാ ദൈവദാസർക്കും നല്ലൊരു മാതൃകയാണ്. (മത്തായി 24:14) അനുകൂല പ്രതികരണം കുറവായിരുന്നിട്ടും അവർ യെശയ്യാവിനെ പോലെ, തങ്ങളുടെ നിയമനത്തോടു വിശ്വസ്തമായി പറ്റിനിൽക്കുകയും ‘സകലജാതികൾക്കും സാക്ഷ്യം’ നൽകുകയും ചെയ്യുന്നു. തങ്ങൾക്ക് ഈ നിയമനം ലഭിച്ചിരിക്കുന്നത് അഖിലാണ്ഡ പരമാധികാരിയിൽനിന്ന് ആണെന്ന ബോധ്യത്തോടെ യെശയ്യാവിനെ പോലെ അവർ തങ്ങളുടെ സേവനത്തിൽ നിശ്ചയദാർഢ്യത്തോടെ മുന്നേറുന്നു.
യെശയ്യാവിന്റെ നിയമനം
15, 16. (എ) “ഈ ജന”ത്തോട് യെശയ്യാവ് എന്താണു പറയേണ്ടത്, അവരുടെ പ്രതികരണം എന്തായിരിക്കും? (ബി) യെശയ്യാവിന്റെ ഭാഗത്തെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ആളുകൾ അങ്ങനെ പ്രതികരിക്കുന്നത്? വിശദീകരിക്കുക.
15 യെശയ്യാവ് എന്തു പറയണമെന്നും ആളുകൾ എങ്ങനെ പ്രതികരിക്കുമെന്നും യഹോവ പറയുന്നു: “അപ്പോൾ അവൻ അരുളിച്ചെയ്തതു: നീ ചെന്നു, ഈ ജനത്തോടു പറയേണ്ടതു: നിങ്ങൾ കേട്ടുകൊണ്ടിട്ടും [“നിങ്ങൾ വീണ്ടും വീണ്ടും കേൾക്കും,” “പി.ഒ.സി. ബൈ.”] തിരിച്ചറികയില്ല; നിങ്ങൾ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൌഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിന്നു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണു അടെച്ചുകളകയും ചെയ്ക.” (യെശയ്യാവു 6:9, 10) യഹൂദർ യഹോവയ്ക്ക് എതിരെ തിരിയത്തക്കവണ്ണം യാതൊരു മയവുമില്ലാതെ വിവേകശൂന്യമായി യെശയ്യാവ് സംസാരിക്കണം എന്നാണോ ഇതിന്റെ അർഥം? തീർച്ചയായും അല്ല! യെശയ്യാവിന്റെ സ്വന്തം ആളുകളാണ് അവർ. അവന് അവരോട് ഒരു പ്രത്യേക മമതയുണ്ട്. എന്നാൽ, യെശയ്യാവ് തന്റെ ദൗത്യം എത്ര വിശ്വസ്തമായി നിർവഹിച്ചാലും ആ സന്ദേശത്തോടുള്ള ആളുകളുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് യഹോവയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
16 ഇവിടെ തെറ്റുകാർ യഹൂദരാണ്. യെശയ്യാവ് അവരോടു “വീണ്ടും വീണ്ടും” സംസാരിക്കുമെങ്കിലും അവർ ആ സന്ദേശം സ്വീകരിക്കുകയോ ഗ്രാഹ്യം നേടുകയോ ഇല്ല. പൂർണമായി അന്ധതയോ ബധിരതയോ ബാധിച്ചതുപോലെ, മിക്കവരും ശാഠ്യക്കാരും പ്രതികരിക്കാത്തവരും ആയിരിക്കും. കൂടെക്കൂടെ അവരുടെ അടുക്കലേക്കു പോകുന്നതിനാൽ, തങ്ങൾ ഗ്രഹിക്കാൻ ആഗ്രഹിക്കുന്നില്ല എന്നു പ്രകടമാക്കാൻ “ഈ ജന”ത്തിന് യെശയ്യാവ് ഒരു അവസരം കൊടുക്കുകയായിരിക്കും ചെയ്യുന്നത്. തങ്ങൾക്കായുള്ള യെശയ്യാവിന്റെ സന്ദേശത്തിനു നേരെ, ഫലത്തിൽ ദൈവത്തിന്റെതന്നെ സന്ദേശത്തിനു നേരെ, തങ്ങളുടെ മനസ്സും ഹൃദയവും അടച്ചുകളഞ്ഞിരിക്കുകയാണ് എന്ന് അവർ തെളിയിക്കും. ഇന്നത്തെ ആളുകളെ സംബന്ധിച്ച് ഇത് എത്ര സത്യം! ആസന്നമായ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുമ്പോൾ അതു ശ്രദ്ധിക്കാൻ പലരും ഇന്നു കൂട്ടാക്കുന്നില്ല.
17. “എത്രത്തോളം?” എന്ന് ചോദിക്കുമ്പോൾ യെശയ്യാവ് എന്തിനെയാണു പരാമർശിക്കുന്നത്?
17 യെശയ്യാവിന് ഉത്കണ്ഠ തോന്നുന്നു: “കർത്താവേ, എത്രത്തോളം? എന്നു ഞാൻ ചോദിച്ചതിന്നു അവൻ: പട്ടണങ്ങൾ നിവാസികളില്ലാതെയും വീടുകൾ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും യഹോവ മനുഷ്യരെ ദൂരത്തു അകററീട്ടു ദേശത്തിന്റെ നടുവിൽ വലിയോരു നിർജ്ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നേ എന്നു ഉത്തരം പറഞ്ഞു.” (യെശയ്യാവു 6:11, 12) “എത്രത്തോളം?” എന്നു ചോദിക്കുന്നതിനാൽ, അനുകൂലമായി പ്രതികരിക്കാത്ത ജനതയോട് താൻ എത്രകാലം പ്രസംഗിച്ചുകൊണ്ടിരിക്കണം എന്നല്ല യെശയ്യാവ് ഇവിടെ അർഥമാക്കുന്നത്. പകരം, അവൻ ആളുകളെ കുറിച്ച് ഉത്കണ്ഠയുള്ളവനാണ്. അവരുടെ മോശമായ ആത്മീയ അവസ്ഥ എത്രകാലം തുടരുമെന്നും ഭൂമിയിൽ എത്രകാലം യഹോവയുടെ നാമം ദുഷിക്കപ്പെടുമെന്നുമാണ് അവൻ ഇവിടെ ചോദിക്കുന്നത്. (സങ്കീർത്തനം 74:9-11 കാണുക.) ആ സ്ഥിതിക്ക്, മോശമായ ഈ അവസ്ഥ എത്രകാലം തുടരും?
18. എത്രകാലം ആളുകളുടെ മോശമായ ആത്മീയ അവസ്ഥ തുടരും, ആ പ്രവചനത്തിന്റെ സമ്പൂർണ നിവൃത്തി കാണാൻ യെശയ്യാവ് ജീവിച്ചിരിക്കുമോ?
18 തന്നോടുള്ള അനുസരണക്കേടിന്റെ ഫലങ്ങൾ എന്തായിരിക്കുമെന്ന് യഹോവ തന്റെ ഉടമ്പടിയിൽ വിവരിച്ചിരുന്നു. അത് പൂർണമായി സംഭവിക്കുന്നതുവരെ ആളുകളുടെ മോശമായ ആത്മീയ അവസ്ഥ തുടരുമെന്ന് അവന്റെ ഉത്തരം വ്യക്തമാക്കുന്നു. (ലേവ്യപുസ്തകം 26:21-33; ആവർത്തനപുസ്തകം 28:49-68) ആ ജനത നശിക്കും, ആളുകൾ നാടുകടത്തപ്പെടും, ദേശം ശൂന്യമായിത്തീരും. യെശയ്യാവ് 40 വർഷത്തിലധികം—അതായത് ഉസ്സീയാവിന്റെ പ്രപൗത്രനായ ഹിസ്കീയാവിന്റെ കാലംവരെ—പ്രവചനം നടത്തുമെങ്കിലും, പൊ.യു.മു. 607-ൽ ബാബിലോണിയൻ സൈന്യം യെരൂശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കുന്നതു കാണാൻ അവൻ ജീവിച്ചിരിക്കുകയില്ല. എന്നിരുന്നാലും, ആ ദേശീയ ദുരന്തം സംഭവിക്കുന്നതിന് 100-ലധികം വർഷങ്ങൾക്കു മുമ്പ് യെശയ്യാവ് മരിക്കുന്നതുവരെ അവൻ തന്റെ നിയമനത്തിൽ വിശ്വസ്തനായി തുടരും.
19. ഒരു വൃക്ഷത്തെപ്പോലെ ആ ജനത വെട്ടിയിടപ്പെടുമെങ്കിലും, യഹോവ യെശയ്യാവിന് എന്ത് ഉറപ്പു നൽകുന്നു?
19 ‘ദേശം ശൂന്യമായി പാഴായിപ്പോകുന്ന’ തരത്തിൽ അതിന്മേൽ നാശം സംഭവിക്കുമെന്നതു തീർച്ചയാണ്. എന്നാൽ എല്ലാ പ്രത്യാശയും അസ്തമിച്ച ഒരു സ്ഥിതിവിശേഷമല്ല ഇത്. (2 രാജാക്കന്മാർ 25:1-26) യഹോവ യെശയ്യാവിന് ഈ ഉറപ്പു നൽകുന്നു: “അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന്നു ഇരയായ്തീരും; എങ്കിലും കരിമരവും കരുവേലവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.” (യെശയ്യാവു 6:13) വെട്ടിയിടപ്പെടുന്ന ഒരു കൂറ്റൻ വൃക്ഷത്തിന്റെ കുറ്റിപോലെ “ദശാംശം” അതായത് “വിശുദ്ധസന്തതി” അവശേഷിക്കും. ഈ ഉറപ്പ് നിസ്സംശയമായും യെശയ്യാവിന് ആശ്വാസമേകുന്നു—അതായത്, അവന്റെ ജനത്തിന്റെ ഒരു ശേഷിപ്പ് നിലനിൽക്കും. ഇസ്രായേൽ വീണ്ടും കത്തിക്കപ്പെടുന്നെങ്കിലും, വിറകിനായി വെട്ടിയിടുന്ന ഒരു വലിയ വൃക്ഷത്തിന്റെ കാര്യത്തിലെന്ന പോലെ, ആ ജനതയാകുന്ന പ്രതീകാത്മക വൃക്ഷത്തിന്റെ കുറ്റി ശേഷിക്കും. അത് യഹോവയ്ക്കു വിശുദ്ധമായ ഒരു സന്തതി ആയിരിക്കും. കാലക്രമത്തിൽ, ആ കുറ്റി വീണ്ടും മുളച്ച് ഒരു വൃക്ഷമായിത്തീരും.—ഇയ്യോബ് 14:7-9; ദാനീയേൽ 4:26 എന്നിവ താരതമ്യം ചെയ്യുക.
20. യെശയ്യാ പ്രവചനത്തിന്റെ അവസാന ഭാഗം പ്രാഥമികമായി നിവൃത്തിയേറിയത് എങ്ങനെ?
20 ആ പ്രവചനത്തിൽ പറഞ്ഞിരുന്നതു പോലെതന്നെ സംഭവിച്ചോ? ഉവ്വ്. യഹൂദയെ ശൂന്യമാക്കി എഴുപതു വർഷം കഴിഞ്ഞശേഷം, ദൈവത്തെ ഭയപ്പെടുന്ന ഒരു ശേഷിപ്പ് ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിയെത്തി. അവർ ആലയവും നഗരവും പുതുക്കിപ്പണിയുകയും ദേശത്തു സത്യാരാധന പുനഃസ്ഥാപിക്കുകയും ചെയ്തു. ദൈവദത്ത ദേശത്തേക്കുള്ള യഹൂദന്മാരുടെ പുനഃസ്ഥിതീകരണം, യഹോവ യെശയ്യാവിനു നൽകിയ ഈ പ്രവചനത്തിന്റെ രണ്ടാമതൊരു നിവൃത്തി സാധ്യമാക്കി. അത് എങ്ങനെയുള്ളത് ആയിരുന്നു?—എസ്രാ 1:1-4.
മറ്റു നിവൃത്തികൾ
21-23. (എ) യെശയ്യാവിന്റെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ ആരിൽ നിവൃത്തിയേറി, എങ്ങനെ? (ബി) ഒന്നാം നൂറ്റാണ്ടിലെ “വിശുദ്ധസന്തതി” ആരായിരുന്നു, അത് പരിരക്ഷിക്കപ്പെട്ടത് എങ്ങനെ?
21 യെശയ്യാവിന്റെ പ്രവാചക ദൗത്യം, ഏതാണ്ട് 800 വർഷത്തിനു ശേഷം മിശിഹായായ യേശു ചെയ്യുമായിരുന്ന വേലയെ മുൻനിഴലാക്കി. (യെശയ്യാവു 8:18; 61:1, 2; ലൂക്കൊസ് 4:16-21; എബ്രായർ 2:13, 14) യെശയ്യാവിനെക്കാളും വലിയവൻ ആണെങ്കിലും, യേശു “നിന്റെ ഇഷ്ടം ചെയ്വാൻ ഞാൻ വരുന്നു” എന്നു പറഞ്ഞുകൊണ്ട് തന്റെ സ്വർഗീയ പിതാവിനാൽ അയയ്ക്കപ്പെടുന്നതിന് യെശയ്യാവിന്റെ അതേ മനോഭാവം പ്രകടമാക്കി.—എബ്രായർ 10:5-9; സങ്കീർത്തനം 40:6-8.
22 യെശയ്യാവിനെ പോലെ, വിശ്വസ്തതയോടെ തന്റെ നിയുക്ത വേല നിർവഹിച്ച യേശുവിന് ആളുകളിൽനിന്ന് യെശയ്യാവിനു കിട്ടിയ അതേ പ്രതികരണമാണു ലഭിച്ചത്. യെശയ്യാവ് പ്രസംഗിച്ച സന്ദേശം കേൾക്കാൻ അവന്റെ നാളിലെ ആളുകൾ വിസമ്മതിച്ചതുപോലെ യേശുവിന്റെ നാളിലെ യഹൂദരും അവന്റെ സന്ദേശം കേൾക്കാൻ കൂട്ടാക്കിയില്ല. (യെശയ്യാവു 1:4) ഉപമകൾ യേശുവിന്റെ പഠിപ്പിക്കലിന്റെ ഒരു മുഖ്യ സവിശേഷത ആയിരുന്നു. ‘ഉപമകളായി സംസാരിക്കുന്നത് എന്ത്?’ എന്നു ചോദിക്കാൻ ഇതു ശിഷ്യന്മാരെ പ്രേരിപ്പിച്ചു. അതിന് യേശു ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല. അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു. “നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊളളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ” എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരിൽ നിവൃത്തിവരുന്നു.’—മത്തായി 13:10, 11, 13-15; മർക്കൊസ് 4:10-12; ലൂക്കൊസ് 8:9, 10.
23 യെശയ്യാവിന്റെ പ്രവചനം ഉദ്ധരിച്ച യേശു, പ്രസ്തുത പ്രവചനം തന്റെ നാളിൽ നിവൃത്തിയേറുന്നതായി പ്രകടമാക്കി. യെശയ്യാവിന്റെ നാളിലെ യഹൂദന്മാരുടെ അതേ മനോഭാവമാണ് ഒന്നാം നൂറ്റാണ്ടിലെ ആളുകൾക്കും ഉണ്ടായിരുന്നത്. യേശുവിന്റെ സന്ദേശത്തിനു നേരെ കണ്ണും കാതും കൊട്ടിയടച്ച അവരും നശിച്ചുപോയി. (മത്തായി 23:35-38; 24:1, 2) പൊ.യു. 70-ൽ സൈന്യാധിപനായ ടൈറ്റസിന്റെ കീഴിൽ റോമൻ സൈന്യങ്ങളെത്തി യെരൂശലേമിനെ ആക്രമിച്ച് ആ നഗരത്തെയും അതിലെ ആലയത്തെയും നശിപ്പിച്ചപ്പോൾ യെശയ്യാവിന്റെ പ്രവചനം പൂർണമായി നിവൃത്തിയേറി. എന്നിരുന്നാലും, ചിലർ യേശു പറഞ്ഞതു ശ്രദ്ധിക്കുകയും അവന്റെ ശിഷ്യന്മാർ ആയിത്തീരുകയും ചെയ്തിരുന്നു. യേശു അവരെ “സന്തുഷ്ടർ” എന്നു വിളിച്ചു. (മത്തായി 13:16-23, 51, NW) ‘സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ മലകളിലേക്ക് ഓടിപ്പോകാൻ’ അവൻ അവരോടു പറഞ്ഞിരുന്നു. (ലൂക്കൊസ് 21:20-22) അങ്ങനെ വിശ്വാസം പ്രകടമാക്കിയതും ‘ദൈവത്തിന്റെ യിസ്രായേൽ’ എന്ന പേരിൽ ഒരു ആത്മീയ ജനത ആയിത്തീർന്നതുമായ “വിശുദ്ധസന്തതി” രക്ഷിക്കപ്പെട്ടു. a—ഗലാത്യർ 6:16.
24. യെശയ്യാവിന്റെ പ്രവചനം ആരിൽ നിവൃത്തിയേറുന്നതായി പൗലൊസ് പറഞ്ഞു, അത് എന്തു സൂചിപ്പിക്കുന്നു?
24 പൊ.യു. 60-നോടടുത്ത് പൗലൊസ് അപ്പൊസ്തലൻ റോമിൽ വീട്ടുതടങ്കലിലായി. അവൻ അവിടെ “യെഹൂദന്മാരിൽ പ്രധാനി”കളും മറ്റുള്ളവരുമായി ഒരു യോഗം ക്രമീകരിക്കുകയും അവർക്കു ‘ദൈവരാജ്യത്തെ കുറിച്ചു സാക്ഷ്യം’ നൽകുകയും ചെയ്തു. പലരും അവന്റെ സന്ദേശം കൈക്കൊണ്ടില്ല. യെശയ്യാവിന്റെ പ്രവചനം അവരിൽ നിവൃത്തിയേറുന്നതായി പൗലൊസ് വിശദീകരിച്ചു. (പ്രവൃത്തികൾ 28:17-27; യെശയ്യാവു 6:9, 10) അതുകൊണ്ട്, യേശുവിന്റെ ശിഷ്യന്മാർ യെശയ്യാവിന്റേതിനു സമാനമായ ഒരു നിയമനമാണു നിർവഹിച്ചത്.
25. ദൈവത്തിന്റെ ആധുനികകാല സാക്ഷികൾ എന്തു തിരിച്ചറിഞ്ഞിരിക്കുന്നു, അവർ എങ്ങനെ പ്രതികരിക്കുന്നു?
25 സമാനമായി, യഹോവ ഇന്നു തന്റെ വിശുദ്ധ മന്ദിരത്തിൽ ഉണ്ടെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. (മലാഖി 3:1) യെശയ്യാവിനെ പോലെ “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്ന് അവർ പറയുന്നു. ഈ ദുഷ്ട വ്യവസ്ഥിതിയുടെ ആസന്നമായ അന്ത്യത്തെ കുറിച്ചുള്ള മുന്നറിയിപ്പിൻ സന്ദേശം അവർ മുഴക്കുന്നു. എന്നാൽ, യേശു സൂചിപ്പിച്ചതുപോലെ താരതമ്യേന കുറച്ചു പേർ മാത്രമേ കാണാനും കേൾക്കാനുമായി തങ്ങളുടെ കണ്ണുകളും കാതുകളും തുറക്കുകയും രക്ഷ പ്രാപിക്കുകയും ചെയ്യുന്നുള്ളൂ. (മത്തായി 7:13, 14) ശ്രദ്ധിക്കാനായി ഹൃദയം ചായിക്കുകയും ‘സൗഖ്യം പ്രാപിക്കുകയും’ ചെയ്യുന്നവർ തീർച്ചയായും സന്തുഷ്ടരാകുന്നു!—യെശയ്യാവു 6:8, 10.
[അടിക്കുറിപ്പ്]
a പൊ.യു. 66-ൽ, യഹൂദാ വിപ്ലവത്തോടു പ്രതികരിച്ചുകൊണ്ട് സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിൽ യെരൂശലേമിനെ വളഞ്ഞ റോമൻ സൈന്യങ്ങൾ നഗരത്തിനുള്ളിലേക്കു കടന്ന് ആലയത്തിന്റെ മതിലിനടുത്തുവരെ ആക്രമിച്ചുചെന്നു. എങ്കിലും അവർ പിൻവാങ്ങി. അങ്ങനെ, പൊ.യു. 70-ൽ റോമാക്കാർ മടങ്ങിവരുന്നതിനു മുമ്പായി യേശുവിന്റെ ശിഷ്യന്മാർക്ക് പെരെയ പ്രദേശത്തെ പർവതങ്ങളിലേക്ക് ഓടിപ്പോകാൻ അവസരം ലഭിക്കുകയുണ്ടായി.
[അധ്യയന ചോദ്യങ്ങൾ]
[94-ാം പേജിലെ ചിത്രം]
“അടിയൻ ഇതാ അടിയനെ അയക്കേണമേ”
[97-ാം പേജിലെ ചിത്രം]
‘പട്ടണങ്ങൾ നിവാസികളില്ലാതെ ശൂന്യമാകുവോളം’