വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ആലയം ഉന്നതമാക്കപ്പെടുന്നു

യഹോവയുടെ ആലയം ഉന്നതമാക്കപ്പെടുന്നു

അധ്യായം നാല്‌

യഹോ​വ​യു​ടെ ആലയം ഉന്നതമാ​ക്ക​പ്പെ​ടു​ന്നു

യെശയ്യാവു 2:1-5

1, 2. ഐക്യ​രാ​ഷ്‌ട്ര മന്ദിര​ത്തി​ന്റെ ചുവരിൽ ആലേഖനം ചെയ്‌തി​രി​ക്കുന്ന വാക്കുകൾ ഏവ, അവയുടെ ഉറവിടം ഏത്‌?

 “അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കും, കുന്തങ്ങളെ വാക്കത്തി​ക​ളാ​യും. ജനത ജനതയ്‌ക്കെ​തി​രെ വാൾ ഉയർത്തു​ക​യില്ല. അവർ മേലാൽ യുദ്ധം അഭ്യസി​ക്കു​ക​യു​മില്ല.” ന്യൂ​യോർക്ക്‌ നഗരത്തി​ലുള്ള ഐക്യ​രാ​ഷ്‌ട്ര മന്ദിര​ത്തി​ന്റെ ചുവരിൽ ഈ വാക്കുകൾ ആലേഖനം ചെയ്‌തി​രി​ക്കു​ന്നു. ആ ഉദ്ധരണി എവി​ടെ​നിന്ന്‌ എടുത്ത​താ​ണെന്നു ദശകങ്ങ​ളോ​ളം അതിൽ സൂചി​പ്പി​ച്ചി​രു​ന്നില്ല. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ലക്ഷ്യം ആഗോള സമാധാ​നം കൈവ​രി​ക്കുക എന്നത്‌ ആയതി​നാൽ, 1945-ൽ അതു സ്ഥാപി​ച്ച​വ​രു​ടേത്‌ തന്നെയാണ്‌ ആ ഉദ്ധരണി​യും എന്ന്‌ ആളുകൾ നിശ്ചയ​മാ​യും നിഗമനം ചെയ്‌തി​ട്ടു​ണ്ടാ​കണം.

2 എന്നാൽ, 1975-ൽ ആ ഉദ്ധരണി​ക്കു കീഴി​ലാ​യി യെശയ്യാവ്‌ എന്ന പേര്‌ കൊത്തി​വെച്ചു. ആ വാക്കുകൾ ആധുനിക കാലത്തുള്ള ആരു​ടേ​തു​മ​ല്ലെന്ന്‌ അപ്പോൾ വ്യക്തമാ​യി. വാസ്‌ത​വ​ത്തിൽ, 2,700-ലധികം വർഷങ്ങൾക്കു മുമ്പ്‌ രേഖ​പ്പെ​ടു​ത്ത​പ്പെട്ട ഒരു പ്രവച​ന​മാണ്‌ അത്‌. ബൈബി​ളി​ലെ യെശയ്യാ​വു എന്ന പുസ്‌ത​ക​ത്തി​ന്റെ രണ്ടാം അധ്യാ​യ​ത്തിൽ അതു കാണാ​നാ​കും. യെശയ്യാവ്‌ മുൻകൂ​ട്ടി പറഞ്ഞ കാര്യങ്ങൾ എങ്ങനെ സംഭവി​ക്കും, എപ്പോൾ സംഭവി​ക്കും എന്നൊക്കെ സമാധാന സ്‌നേ​ഹി​കൾ സഹസ്രാ​ബ്‌ദ​ങ്ങ​ളാ​യി അമ്പരന്നി​ട്ടുണ്ട്‌. എന്നാൽ, ഇന്ന്‌ അതിന്റെ ആവശ്യ​മില്ല. കാരണം, ആ പുരാതന പ്രവചനം ഇന്ന്‌ നമ്മുടെ കൺമു​ന്നിൽ അത്ഭുത​ക​ര​മായ വിധത്തിൽ ഇതൾവി​രി​യു​ക​യാണ്‌.

3. വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കുന്ന ജനതകൾ ആരാണ്‌?

3 വാളുകളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കുന്ന ഈ ജനതകൾ ആരാണ്‌? തീർച്ച​യാ​യും, അവ ആധുനിക രാഷ്‌ട്ര​ങ്ങ​ളോ ഗവൺമെ​ന്റു​ക​ളോ അല്ല. കാരണം, അവ എല്ലായ്‌പോ​ഴും​തന്നെ കൊഴു​ക്കളെ വാളു​ക​ളാ​യി അഥവാ ആയുധ​ങ്ങ​ളാ​യി അടിച്ചു​തീർക്കാ​നാണ്‌ താത്‌പ​ര്യം കാട്ടി​യി​ട്ടു​ള്ളത്‌! ഇക്കാലം​വരെ രാഷ്‌ട്രങ്ങൾ യുദ്ധം ചെയ്യാ​നും ആയുധ​ശ​ക്തി​യി​ലൂ​ടെ “സമാധാ​നം” നിലനി​റു​ത്താ​നും ശ്രമി​ച്ചി​രി​ക്കു​ന്നു. എന്നാൽ, യെശയ്യാ​വി​ന്റെ പ്രവചനം നിവർത്തി​ച്ചി​രി​ക്കു​ന്നത്‌ സകല ജനതക​ളിൽനി​ന്നു​മുള്ള വ്യക്തി​ക​ളിൽ, അതായത്‌ “സമാധാ​ന​ത്തി​ന്റെ ദൈവ”മായ യഹോ​വയെ ആരാധി​ക്കുന്ന ജനങ്ങളിൽ ആണ്‌.—ഫിലി​പ്പി​യർ 4:9.

നിർമ​ലാ​രാ​ധ​ന​യി​ലേക്ക്‌ ഒഴുകി​യെ​ത്തുന്ന ജനതകൾ

4, 5. യെശയ്യാ​വു 2-ാം അധ്യാ​യ​ത്തി​ന്റെ പ്രാരംഭ വാക്യങ്ങൾ എന്തു മുൻകൂ​ട്ടി പറയുന്നു, ആ വാക്കു​ക​ളു​ടെ ആശ്രയ​യോ​ഗ്യ​തയെ എന്ത്‌ അരക്കി​ട്ടു​റ​പ്പി​ക്കു​ന്നു?

4 യെശയ്യാവു രണ്ടാം അധ്യായം തുടങ്ങു​ന്നത്‌ ഈ വാക്കു​ക​ളോ​ടെ​യാണ്‌: “ആമോ​സി​ന്റെ മകനായ യെശയ്യാ​വു യെഹൂ​ദ​യെ​യും യെരൂ​ശ​ലേ​മി​നെ​യും പററി ദർശിച്ച വചനം. അന്ത്യകാ​ലത്തു യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപി​ത​വും കുന്നു​കൾക്കു മീതെ ഉന്നതവു​മാ​യി​രി​ക്കും; സകലജാ​തി​ക​ളും [“എല്ലാ ജനതക​ളും,” “ഓശാന ബൈ.”] അതി​ലേക്കു ഒഴുകി​ച്ചെ​ല്ലും.”യെശയ്യാ​വു 2:1, 2.

5 നടക്കാൻ സാധ്യത വളരെ കുറഞ്ഞ ഒരു സംഗതി എന്ന നിലയി​ലല്ല യെശയ്യാവ്‌ ഇത്‌ എഴുതു​ന്നത്‌ എന്നതു ശ്രദ്ധി​ക്കുക. തീർച്ച​യാ​യും നിറ​വേ​റാ​നി​രി​ക്കുന്ന സുനി​ശ്ചി​ത​മായ ഒന്നായി​ട്ടാണ്‌ അവൻ ഇവിടെ കാര്യങ്ങൾ രേഖ​പ്പെ​ടു​ത്തു​ന്നത്‌. തന്റെ ഉദ്ദേശ്യ​ങ്ങ​ളെ​ല്ലാം യഹോവ ‘സാധി​പ്പി​ക്കു​ക​തന്നെ’ ചെയ്യും. (യെശയ്യാ​വു 55:11) യെശയ്യാ​വു 2:2-4-ൽ കാണുന്ന അതേ പ്രവചനം രേഖ​പ്പെ​ടു​ത്താൻ യെശയ്യാ​വി​ന്റെ സമകാ​ലിക പ്രവാ​ച​ക​നായ മീഖാ​യെ​യും ദൈവം നിശ്വ​സ്‌ത​നാ​ക്കി. യെശയ്യാവ്‌ മുഖാ​ന്തരം അവൻ നൽകിയ വാഗ്‌ദാ​ന​ത്തി​ന്റെ ആശ്രയ​യോ​ഗ്യ​തയെ അരക്കി​ട്ടു​റ​പ്പി​ക്കു​ന്ന​താണ്‌ അത്‌.—മീഖാ 4:1-3.

6. യെശയ്യാ​വി​ന്റെ പ്രവചനം എപ്പോൾ നിവൃ​ത്തി​യേ​റും?

6 യെശയ്യാവിന്റെ പ്രവചനം എപ്പോ​ഴാ​ണു നിവൃ​ത്തി​യേ​റു​ന്നത്‌? “അന്ത്യകാ​ലത്തു” എന്നു ബൈബിൾ പറയുന്നു. “അവസാ​ന​നാ​ളു​ക​ളിൽ” എന്നാണ്‌ പി.ഒ.സി. ബൈബി​ളിൽ നാം വായി​ക്കു​ന്നത്‌. ഈ കാലഘ​ട്ടത്തെ തിരി​ച്ച​റി​യി​ക്കുന്ന ചില ഘടകങ്ങൾ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ മുൻകൂ​ട്ടി പറഞ്ഞി​ട്ടുണ്ട്‌. യുദ്ധങ്ങ​ളും ഭൂകമ്പ​ങ്ങ​ളും മഹാമാ​രി​ക​ളും ഭക്ഷ്യക്ഷാ​മ​ങ്ങ​ളും ‘ദുർഘ​ട​സ​മ​യ​ങ്ങ​ളും’ അവയിൽ ഉൾപ്പെ​ടും. a (2 തിമൊ​ഥെ​യൊസ്‌ 3:1-5; ലൂക്കൊസ്‌ 21:10, 11) അത്തരം പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി, നാം ‘അന്ത്യകാ​ലത്ത്‌,’ ഈ ലോക​വ്യ​വ​സ്ഥി​തി​യു​ടെ അവസാന നാളു​ക​ളിൽ ജീവി​ക്കു​ന്നു എന്നതിനു മതിയായ തെളിവു നൽകുന്നു. അപ്പോൾ, ന്യായ​മാ​യും യെശയ്യാവ്‌ മുൻകൂ​ട്ടി പറയുന്ന കാര്യ​ങ്ങ​ളു​ടെ​യും നിവൃത്തി ഉണ്ടായി​ക്കാ​ണാൻ നാം ആഗ്രഹി​ക്കു​ന്നു.

ആരാധ​നാ​സ്ഥ​ല​മാ​യി ഒരു പർവതം

7. യെശയ്യാവ്‌ വരയ്‌ക്കുന്ന പ്രാവ​ച​നിക ചിത്രം എന്ത്‌?

7 യെശയ്യാവ്‌ ചുരു​ങ്ങിയ വാക്കു​ക​ളിൽ വ്യക്തമായ ഒരു പ്രാവ​ച​നിക ചിത്രം വരയ്‌ക്കു​ന്നു. ഉയർന്ന ഒരു പർവതം, അതിന്റെ മുകളിൽ മഹത്ത്വ​മാർന്ന ഒരു ഭവനമുണ്ട്‌, അത്‌ യഹോ​വ​യു​ടെ ആലയമാണ്‌. ഈ പർവതം ചുറ്റു​മുള്ള പർവത​ങ്ങ​ളെ​ക്കാ​ളും കുന്നു​ക​ളെ​ക്കാ​ളും ഉയർന്നു​നിൽക്കു​ന്നു. അത്‌ ഒരു അപശകു​നമല്ല, ഭയപ്പെ​ടു​ത്തുന്ന ഒന്നുമല്ല. മറിച്ച്‌ ആകർഷ​ക​മായ ഒന്നാണ്‌. സകല ജനതക​ളി​ലും പെട്ട ആളുകൾ യഹോ​വ​യു​ടെ ആലയമാ​കുന്ന പർവത​ത്തി​ലേക്കു കയറി​ച്ചെ​ല്ലാൻ വാഞ്‌ഛി​ക്കു​ന്നു; അവർ അതി​ലേക്ക്‌ ഒഴുകി​ച്ചെ​ല്ലു​ക​യാണ്‌. ആ ദൃശ്യം ഭാവന​യിൽ കാണാൻ എളുപ്പ​മാണ്‌, എന്നാൽ എന്താണ്‌ അതിന്റെ അർഥം?

8. (എ) യെശയ്യാ​വി​ന്റെ നാളു​ക​ളിൽ മലകളും പർവത​ങ്ങ​ളും എന്തി​നോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു? (ബി) “യഹോ​വ​യു​ടെ ആലയമുള്ള പർവ്വത”ത്തിലേ​ക്കുള്ള ജനതക​ളു​ടെ ഒഴുക്ക്‌ എന്തിനെ ചിത്രീ​ക​രി​ക്കു​ന്നു?

8 യെശയ്യാവിന്റെ നാളു​ക​ളിൽ മിക്ക​പ്പോ​ഴും മലകളും പർവത​ങ്ങ​ളും ആരാധ​ന​യോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വിഗ്ര​ഹാ​രാ​ധന നടത്താ​നും വ്യാജ​ദേ​വ​ന്മാ​രെ പൂജി​ക്കാ​നു​മുള്ള ഇടങ്ങളാ​യി അവ ഉതകുന്നു. (ആവർത്ത​ന​പു​സ്‌തകം 12:2; യിരെ​മ്യാ​വു 3:6) എന്നാൽ, യഹോ​വ​യു​ടെ ഭവനം അഥവാ ആലയം യെരൂ​ശ​ലേ​മി​ലെ മോരി​യാ പർവത​മു​ക​ളിൽ ഒരു അലങ്കാ​ര​മാ​യി വർത്തി​ക്കു​ന്നു. വിശ്വസ്‌ത ഇസ്രാ​യേ​ല്യർ സത്യ​ദൈ​വത്തെ ആരാധി​ക്കാ​നാ​യി വർഷത്തിൽ മൂന്നു പ്രാവ​ശ്യം യെരൂ​ശ​ലേ​മി​ലേക്കു പോയി മോരി​യാ പർവത​ത്തിൽ കയറാ​റുണ്ട്‌. (ആവർത്ത​ന​പു​സ്‌തകം 16:16) അതു​കൊണ്ട്‌, “യഹോ​വ​യു​ടെ ആലയമുള്ള പർവ്വത”ത്തിലേ​ക്കുള്ള ജനതക​ളു​ടെ ഒഴുക്ക്‌ സത്യാ​രാ​ധ​ന​യി​ലേക്ക്‌ ഇന്ന്‌ അനേകർ കൂടി​വ​രു​ന്ന​തി​നെ ചിത്രീ​ക​രി​ക്കു​ന്നു.

9. “യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം” എന്തിനെ പ്രതി​നി​ധാ​നം ചെയ്യുന്നു?

9 തീർച്ചയായും, ഇന്ന്‌ ദൈവ​ജനം ഒരു അക്ഷരീയ പർവത​ത്തിൽ കല്ലു​കൊ​ണ്ടു പണിതീർത്ത ആലയത്തിൽ കൂടി​വ​രു​ന്നില്ല. യെരൂ​ശ​ലേ​മിൽ ഉണ്ടായി​രുന്ന യഹോ​വ​യു​ടെ ആലയം പൊ.യു. 70-ൽ റോമൻ സൈന്യ​ങ്ങൾ നശിപ്പി​ച്ചു. മാത്രമല്ല, യെരൂ​ശ​ലേ​മി​ലെ ആലയവും അതിനു മുമ്പു​ണ്ടാ​യി​രുന്ന സമാഗമന കൂടാ​ര​വും മറ്റു ചിലതി​നെ മുൻനി​ഴ​ലാ​ക്കു​ന്നു​വെന്ന്‌ പൗലൊസ്‌ അപ്പൊ​സ്‌തലൻ വ്യക്തമാ​ക്കി. വലിയ ഒരു ആത്മീയ യാഥാർഥ്യ​ത്തെ, ‘മനുഷ്യ​നല്ല മറിച്ച്‌ കർത്താവു സ്ഥാപിച്ച സത്യകൂ​ടാ​രത്തെ,’ അവ പ്രതി​നി​ധാ​നം ചെയ്‌തു. (എബ്രായർ 8:2) യേശു​ക്രി​സ്‌തു​വി​ന്റെ മറുവി​ല​യാ​ഗ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ, ആരാധ​ന​യിൽ യഹോ​വയെ സമീപി​ക്കു​ന്ന​തി​നുള്ള ക്രമീ​ക​ര​ണ​മാണ്‌ ഈ ആത്മീയ കൂടാരം. (എബ്രായർ 9:2-10, 23) അതിനു ചേർച്ച​യിൽ, യെശയ്യാ​വു 2:2-ൽ പറഞ്ഞി​രി​ക്കുന്ന “യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം” നമ്മുടെ നാളിലെ യഹോ​വ​യു​ടെ ഉന്നതമായ നിർമ​ലാ​രാ​ധ​നയെ പ്രതി​നി​ധാ​നം ചെയ്യുന്നു. നിർമ​ലാ​രാ​ധ​ന​യി​ലേക്കു വരുന്ന​വ​രെ​ല്ലാം അക്ഷരീ​യ​മായ ഏതെങ്കി​ലു​മൊ​രു സ്ഥലത്തു കൂടി​വ​രു​ന്നില്ല; ആരാധ​ന​യിൽ ഏകീകൃ​ത​രാ​ണെന്ന അർഥത്തി​ലാണ്‌ അവർ കൂടി​വ​രു​ന്നത്‌.

നിർമ​ലാ​രാ​ധന ഉന്നതമാ​ക്ക​പ്പെ​ടു​ന്നു

10, 11. ഏത്‌ അർഥത്തി​ലാ​ണു നമ്മുടെ നാളിൽ യഹോ​വ​യു​ടെ ആരാധന ഉന്നതമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നത്‌?

10 “യഹോ​വ​യു​ടെ ആലയമുള്ള പർവ്വതം” അഥവാ നിർമ​ലാ​രാ​ധന “പർവ്വത​ങ്ങ​ളു​ടെ ശിഖര​ത്തിൽ സ്ഥാപി​ത​വും കുന്നു​കൾക്കു മീതെ ഉന്നതവു​മാ​യി​രി​ക്കും” എന്നു പ്രവാ​ചകൻ പറയുന്നു. യെശയ്യാവ്‌ ജീവി​ച്ചി​രു​ന്ന​തി​നു ദീർഘ​കാ​ലം മുമ്പ്‌, ദാവീദ്‌ രാജാവ്‌ സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 2,500 അടി ഉയരത്തി​ലുള്ള യെരൂ​ശ​ലേ​മി​ലെ സീയോൻ പർവത​ത്തിൽ ഉടമ്പടി പെട്ടകം എത്തിക്കു​ക​യു​ണ്ടാ​യി. പിന്നീട്‌ അതു മോരി​യാ പർവത​ത്തിൽ പണിത ആലയത്തി​ലേക്കു മാറ്റു​ക​യു​ണ്ടാ​യി. (2 ശമൂവേൽ 5:7; 6:14-19; 2 ദിനവൃ​ത്താ​ന്തം 3:1; 5:1-10) അങ്ങനെ, യെശയ്യാ​വി​ന്റെ കാലം ആയപ്പോ​ഴേ​ക്കും വിശുദ്ധ പെട്ടകത്തെ അക്ഷരാർഥ​ത്തിൽ ഉയർത്തി ആലയത്തിൽ സ്ഥാപിച്ചു കഴിഞ്ഞി​രു​ന്നു. ആ വിധത്തിൽ, വ്യാജാ​രാ​ധ​ന​യ്‌ക്കാ​യി ഉപയോ​ഗി​ച്ചി​രുന്ന ചുറ്റു​മുള്ള നിരവധി കുന്നു​ക​ളെ​ക്കാ​ളും ഉയർന്ന ഒരു സ്ഥാനത്താ​യി​രു​ന്നു അത്‌ എന്നു പറയാൻ കഴിയും.

11 ആത്മീയ അർഥത്തിൽ, യഹോ​വ​യു​ടെ ആരാധന വ്യാജ​ദൈ​വ​ങ്ങളെ ആരാധി​ക്കു​ന്ന​വ​രു​ടെ മതാനു​ഷ്‌ഠാ​ന​ങ്ങ​ളെ​ക്കാൾ എല്ലായ്‌പോ​ഴും ശ്രേഷ്‌ഠ​മാ​യി​രു​ന്നി​ട്ടുണ്ട്‌. എന്നാൽ, നമ്മുടെ നാളിൽ യഹോവ തന്റെ ആരാധ​നയെ സ്വർഗ​ത്തോ​ളം, എല്ലാ ‘കുന്നുകൾ’ക്കും ‘പർവത​ങ്ങ​ളു​ടെ ശിഖര​ങ്ങൾക്കും’ മീതെ, അതായത്‌ അശുദ്ധ​മായ എല്ലാ ആരാധനാ രീതി​കൾക്കും മീതെ ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു. അതെങ്ങനെ? പ്രധാ​ന​മാ​യും അവനെ “ആത്മാവി​ലും സത്യത്തി​ലും” ആരാധി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ കൂട്ടി​വ​രു​ത്തി​യി​രി​ക്കു​ന്ന​തി​ലൂ​ടെ.—യോഹ​ന്നാൻ 4:23.

12. ആരാണ്‌ “രാജ്യ​ത്തി​ന്റെ പുത്ര​ന്മാർ,” എന്തു കൂട്ടി​ച്ചേർപ്പ്‌ നടന്നി​രി​ക്കു​ന്നു?

12 “ലോകാ​വ​സാന” കാലം കൊയ്‌ത്തി​ന്റെ ഒരു സമയമാ​യി​രി​ക്കു​മെന്ന്‌ യേശു​ക്രി​സ്‌തു പറഞ്ഞു. ആ സമയത്ത്‌ ദൂതന്മാർ ‘രാജ്യ​ത്തി​ന്റെ പുത്ര​ന്മാ​രെ’—യേശു​വി​നോ​ടു കൂടെ സ്വർഗീയ മഹത്ത്വ​ത്തിൽ ഭരിക്കാൻ പ്രത്യാ​ശ​യു​ള്ള​വരെ—കൂട്ടി​ച്ചേർക്കു​മെ​ന്നും അവൻ വ്യക്തമാ​ക്കി. (മത്തായി 13:36-43) 1919 മുതൽ ദൂതന്മാ​രോ​ടൊ​പ്പം ഈ കൊയ്‌ത്തു വേലയിൽ പങ്കെടു​ക്കാൻ ആ പുത്ര​ന്മാ​രിൽ ‘ശേഷി​പ്പു​ള്ള​വരെ’ യഹോവ ശക്തീക​രി​ച്ചി​രി​ക്കു​ന്നു. (വെളി​പ്പാ​ടു 12:17) “രാജ്യ​ത്തി​ന്റെ പുത്ര​ന്മാർ” അഥവാ യേശു​വി​ന്റെ അഭിഷിക്ത സഹോ​ദ​ര​ന്മാർ ആണ്‌ ആദ്യം കൂട്ടി​ച്ചേർക്ക​പ്പെ​ടു​ന്നത്‌. തുടർന്ന്‌, അവർ കൂടു​ത​ലായ ഒരു കൂട്ടി​ച്ചേർക്കൽ വേലയിൽ പങ്കെടു​ക്കു​ന്നു.

13. യഹോവ അഭിഷിക്ത ശേഷി​പ്പി​നെ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

13 ഈ കൊയ്‌ത്തു​കാ​ലത്ത്‌ തന്റെ വചനമായ ബൈബിൾ ഗ്രഹി​ക്കാ​നും അതു ബാധക​മാ​ക്കാ​നും യഹോവ അഭിഷിക്ത ശേഷി​പ്പി​നെ പടിപ​ടി​യാ​യി സഹായി​ച്ചി​രി​ക്കു​ന്നു. നിർമ​ലാ​രാ​ധന ഉന്നതമാ​ക്ക​പ്പെ​ടു​ന്ന​തിൽ അതും ഒരു പങ്കു വഹിച്ചി​ട്ടുണ്ട്‌. “അന്ധകാരം ഭൂമി​യെ​യും കൂരി​രു​ട്ടു ജാതി​ക​ളെ​യും മൂടുന്നു”വെങ്കി​ലും, യഹോവ ശുദ്ധീ​ക​രി​ച്ചെ​ടു​ത്തി​രി​ക്കുന്ന അഭിഷി​ക്തർ മനുഷ്യ​വർഗ​ത്തി​ന്റെ ഇടയിൽ “ജ്യോ​തി​സ്സു​ക​ളെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു.” (യെശയ്യാ​വു 60:2; ഫിലി​പ്പി​യർ 2:15) ‘ആത്മിക​മായ സകല ജ്ഞാനത്തി​ലും വിവേ​ക​ത്തി​ലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാ​നം​കൊ​ണ്ടു നിറഞ്ഞു​വ​ന്നി​രി​ക്കുന്ന’ ഈ ആത്മാഭി​ഷി​ക്തർ ‘തങ്ങളുടെ പിതാ​വി​ന്റെ രാജ്യ​ത്തിൽ സൂര്യ​നെ​പ്പോ​ലെ പ്രകാ​ശി​ക്കു​ന്നു.’—കൊ​ലൊ​സ്സ്യർ 1:10; മത്തായി 13:43.

14, 15. ‘രാജ്യ​ത്തി​ന്റെ പുത്ര​ന്മാ​രെ’ കൂട്ടി​ച്ചേർത്ത​തി​നു പുറമേ മറ്റെന്തു കൂട്ടി​ച്ചേർക്കൽ കൂടി നടന്നി​രി​ക്കു​ന്നു, ഹഗ്ഗായി അതേക്കു​റി​ച്ചു മുൻകൂ​ട്ടി പറഞ്ഞത്‌ എങ്ങനെ?

14 അഭിഷിക്തരെ കൂടാതെ വേറെ ചിലരും “യഹോ​വ​യു​ടെ ആലയമുള്ള പർവ്വത”ത്തിലേക്ക്‌ ഒഴുകി​വ​ന്നി​രി​ക്കു​ന്നു. “വേറെ ആടുകൾ” എന്ന്‌ യേശു വിളിച്ച അവർക്ക്‌ ഒരു പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യുണ്ട്‌. (യോഹ​ന്നാൻ 10:16; വെളി​പ്പാ​ടു 21:3-5എ) 1930-കളുടെ തുടക്ക​ത്തിൽ അവർ ഏതാനും ആയിര​ങ്ങളേ ഉണ്ടായി​രു​ന്നു​ള്ളൂ, പിന്നീട്‌ അവർ ലക്ഷങ്ങളാ​യി വളർന്നു, ഇപ്പോ​ഴാ​കട്ടെ ദശലക്ഷ​ങ്ങ​ളാ​യി​രി​ക്കു​ന്നു! യോഹ​ന്നാൻ അപ്പൊ​സ്‌ത​ലനു ലഭിച്ച ഒരു ദർശന​ത്തിൽ, അവരെ “സകല ജാതി​ക​ളി​ലും ഗോ​ത്ര​ങ്ങ​ളി​ലും വംശങ്ങ​ളി​ലും ഭാഷക​ളി​ലും​നി​ന്നു ഉള്ളതായി ആർക്കും എണ്ണിക്കൂ​ടാത്ത ഒരു മഹാപു​രു​ഷാ​രം” എന്നു വിളി​ച്ചി​രി​ക്കു​ന്നു.—വെളി​പ്പാ​ടു 7:9.

15 ഈ മഹാപു​രു​ഷാ​ര​ത്തി​ന്റെ ആവിർഭാ​വത്തെ കുറിച്ച്‌ പ്രവാ​ച​ക​നായ ഹഗ്ഗായി മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. അവൻ ഇങ്ങനെ എഴുതി: “സൈന്യ​ങ്ങ​ളു​ടെ യഹോവ ഇപ്രകാ​രം അരുളി​ച്ചെ​യ്യു​ന്നു: ഇനി കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ഞാൻ ആകാശ​ത്തെ​യും ഭൂമി​യെ​യും കടലി​നെ​യും കരയെ​യും ഇളക്കും. ഞാൻ സകല ജാതി​ക​ളെ​യും ഇളക്കും; സകല ജാതി​ക​ളു​ടെ​യും മനോ​ഹ​ര​വ​സ്‌തു [നിർമ​ലാ​രാ​ധ​ന​യിൽ അഭിഷിക്ത ക്രിസ്‌ത്യാ​നി​ക​ളോ​ടു ചേരു​ന്നവർ] വരിക​യും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വ​പൂർണ്ണ​മാ​ക്കും എന്നു സൈന്യ​ങ്ങ​ളു​ടെ യഹോവ അരുളി​ച്ചെ​യ്യു​ന്നു.” (ഹഗ്ഗായി 2:6, 7) സദാ വർധി​ച്ചു​വ​രുന്ന ഈ “മഹാപു​രു​ഷാര”വും കൂടാതെ അവരുടെ അഭിഷിക്ത സഹകാ​രി​ക​ളും ഇക്കാലത്ത്‌ അസ്‌തി​ത്വ​ത്തി​ലി​രി​ക്കു​ന്നു എന്ന വസ്‌തുത യഹോ​വ​യു​ടെ ഭവനത്തി​ലെ ശുദ്ധാ​രാ​ധ​നയെ ഉന്നതമാ​ക്കു​ന്നു, അതിനെ മഹത്ത്വ​പ്പെ​ടു​ത്തു​ന്നു. മുമ്പൊ​രി​ക്ക​ലും ഇത്രയ​ധി​കം ആളുകൾ ഏകസത്യ​ദൈ​വത്തെ ആരാധി​ക്കു​ന്ന​തിൽ ഏകീകൃ​ത​രാ​യി​രു​ന്നി​ട്ടില്ല. അവരുടെ ബാഹു​ല്യം യഹോ​വ​യാം ദൈവ​ത്തി​നും അവൻ സിംഹാ​സ​ന​സ്ഥ​നാ​ക്കിയ രാജാ​വായ യേശു​ക്രി​സ്‌തു​വി​നും മഹത്ത്വം കരേറ്റു​ന്നു. “പ്രജാ​ബാ​ഹു​ല്യം രാജാ​വി​ന്നു ബഹുമാ​നം” എന്നു ശലോ​മോൻ രാജാവ്‌ എഴുതി.—സദൃശ​വാ​ക്യ​ങ്ങൾ 14:28.

സത്യാ​രാ​ധ​ന​യ്‌ക്ക്‌ പ്രഥമ​സ്ഥാ​നം

16-18. യഹോ​വയെ സ്വീകാ​ര​യോ​ഗ്യ​മാ​യി ആരാധി​ക്കു​ന്ന​തിന്‌ ചിലർ ജീവി​ത​ത്തിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തി​യി​രി​ക്കു​ന്നു?

16 നമ്മുടെ കാലത്തു നിർമ​ലാ​രാ​ധന ഉന്നതമാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നുള്ള സകല ബഹുമ​തി​യും യഹോ​വ​യ്‌ക്കു​ള്ള​താണ്‌. എന്നിരു​ന്നാ​ലും അവന്റെ ആരാധ​കർക്കും സത്യാ​രാ​ധ​നയെ ഉന്നമി​പ്പി​ക്കു​ന്ന​തിൽ പങ്കെടു​ക്കു​ക​യെന്ന പദവി​യുണ്ട്‌. ഒരു പർവത​ത്തിൽ കയറാൻ നല്ല ശ്രമം ആവശ്യ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ, ദൈവ​ത്തി​ന്റെ നീതി​നി​ഷ്‌ഠ​മായ നിലവാ​ര​ങ്ങളെ കുറിച്ചു പഠിക്കാ​നും അതനു​സ​രി​ച്ചു ജീവി​ക്കാ​നും നല്ല ശ്രമം ആവശ്യ​മാണ്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ പോലെ, ഇന്നത്തെ ദൈവ​ദാ​സ​രും സത്യാ​രാ​ധ​ന​യ്‌ക്കു നിരക്കാത്ത ജീവി​ത​രീ​തി​ക​ളും ആചാര​ങ്ങ​ളും ഉപേക്ഷി​ച്ചി​രി​ക്കു​ന്നു. പരസം​ഗ​ക്കാ​രും വിഗ്ര​ഹാ​രാ​ധി​ക​ളും വ്യഭി​ചാ​രി​ക​ളും കള്ളന്മാ​രും അത്യാ​ഗ്ര​ഹി​ക​ളും മദ്യപ​ന്മാ​രും മറ്റു പല ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രും ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്തി​ക്കൊണ്ട്‌ ദൈവ​ദൃ​ഷ്‌ടി​യിൽ തങ്ങളെ​ത്തന്നെ ‘കഴുകി ശുദ്ധീ​ക​രണം’ പ്രാപി​ച്ചി​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 6:9-11.

17 മുമ്പ്‌ അധമജീ​വി​തം നയിച്ചി​രുന്ന ഒരു യുവതി​യു​ടെ കാര്യ​മെ​ടു​ക്കുക. അവൾ ഇങ്ങനെ എഴുതി: “ഒരുകാ​ലത്ത്‌ എനിക്കു യാതൊ​രു പ്രത്യാ​ശ​യും ഇല്ലായി​രു​ന്നു. ഞാൻ അധാർമി​ക​ത​യിൽ ഏർപ്പെ​ട്ടി​രു​ന്നു, മദ്യത്തിന്‌ അടിമ​യാ​യി​രു​ന്നു. എനിക്കു ലൈം​ഗിക രോഗങ്ങൾ പിടി​പെട്ടു. ഞാൻ മയക്കു​മ​രു​ന്നു​കൾ വിറ്റി​രു​ന്നു. തോന്നി​യ​തു​പോ​ലുള്ള ഒരു ജീവി​ത​മാ​യി​രു​ന്നു എന്റേത്‌.” എന്നാൽ, ബൈബിൾ പഠിക്കു​ക​യും ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവി​ത​ത്തിൽ വലിയ മാറ്റങ്ങൾ വരുത്തു​ക​യും ചെയ്‌ത അവൾ ഇങ്ങനെ പറയുന്നു: “എനിക്ക്‌ ഇപ്പോൾ മനസ്സമാ​ധാ​ന​വും ആത്മാഭി​മാ​ന​വും ഉണ്ട്‌, ഭാവിയെ കുറിച്ച്‌ ഒരു പ്രത്യാ​ശ​യും. മാത്രമല്ല, എന്റെ കുടും​ബ​ജീ​വി​തം ഇപ്പോൾ വളരെ സന്തുഷ്‌ട​മാണ്‌. സർവോ​പരി, നമ്മുടെ പിതാ​വായ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധവും ഞാൻ ആസ്വദി​ക്കു​ന്നു.”

18 യഹോവയുടെ മുമ്പാകെ ഒരു അംഗീ​കൃത നില കൈവ​രി​ച്ച​ശേ​ഷ​വും, സത്യാ​രാ​ധ​ന​യ്‌ക്കു ജീവി​ത​ത്തിൽ മുന്തിയ സ്ഥാനം കൊടു​ത്തു​കൊണ്ട്‌ അതിനെ ഉന്നതമാ​ക്കാൻ നാം തുടർന്നും ശ്രമി​ക്കണം. സത്യാ​രാ​ധ​ന​യ്‌ക്കു ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​നം നൽകാൻ ആകാം​ക്ഷ​യുള്ള നിരവധി പേർ അന്ത്യകാ​ലത്ത്‌ ഉണ്ടായി​രി​ക്കു​മെന്ന്‌ ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു മുമ്പു​തന്നെ യെശയ്യാവ്‌ മുഖാ​ന്തരം യഹോവ പറഞ്ഞി​രു​ന്നു. നിങ്ങൾ അവരിൽ ഒരാളാ​ണോ?

യഹോ​വ​യു​ടെ മാർഗത്തെ കുറിച്ചു പഠിക്കുന്ന ഒരു ജനത

19, 20. ദൈവ​ജനം എന്തു പഠിക്കു​ന്നു, എവിടെ വെച്ച്‌?

19 ഇക്കാലത്തു നിർമ​ലാ​രാ​ധന സ്വീക​രി​ക്കു​ന്ന​വരെ കുറിച്ച്‌ യെശയ്യാവ്‌ കൂടു​ത​ലാ​യി ഇങ്ങനെ പറയുന്നു: “അനേക​വം​ശ​ങ്ങ​ളും ചെന്നു: വരുവിൻ, നമുക്കു യഹോ​വ​യു​ടെ പർവ്വത​ത്തി​ലേക്കു, യാക്കോ​ബിൻ ദൈവ​ത്തി​ന്റെ ആലയത്തി​ലേക്കു കയറി​ച്ചെ​ല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേ​ശി​ച്ചു​ത​രി​ക​യും നാം അവന്റെ പാതക​ളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോ​നിൽനി​ന്നു ഉപദേ​ശ​വും യെരൂ​ശ​ലേ​മിൽനി​ന്നു യഹോ​വ​യു​ടെ വചനവും പുറ​പ്പെ​ടും.”—യെശയ്യാ​വു 2:3.

20 കൂട്ടംവിട്ട ആടുക​ളെ​പ്പോ​ലെ തന്റെ ജനം അലഞ്ഞു​തി​രി​യാൻ യഹോവ അനുവ​ദി​ക്കു​ന്നില്ല. തന്റെ വഴികളെ കുറിച്ച്‌ അവർ മനസ്സി​ലാ​ക്കേ​ണ്ട​തിന്‌ ബൈബി​ളി​ലൂ​ടെ​യും ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും അവൻ അവർക്ക്‌ “ഉപദേ​ശ​വും” “വചനവും” പ്രദാനം ചെയ്യുന്നു. അങ്ങനെ ലഭിക്കുന്ന പരിജ്ഞാ​നം, ‘അവന്റെ പാതക​ളിൽ നടക്കാൻ’ അവരെ സഹായി​ക്കു​ന്നു. വിലമ​തി​പ്പു നിറഞ്ഞ ഹൃദയ​ത്തോ​ടെ, ദിവ്യ​മാർഗ​നിർദേ​ശ​ത്തി​നു ചേർച്ച​യിൽ, യഹോ​വ​യു​ടെ വഴിക​ളിൽ നടക്കാൻ അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ദൈവിക വഴികൾ കേട്ടു പഠിക്കാൻ അവർ വലിയ കൺ​വെൻ​ഷ​നു​കൾക്കും രാജ്യ​ഹാ​ളു​ക​ളി​ലും സ്വകാര്യ ഭവനങ്ങ​ളി​ലും നടത്തുന്ന യോഗ​ങ്ങൾക്കും കൂടി​വ​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 31:12, 13) അങ്ങനെ അവർ ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ മാതൃക അനുക​രി​ച്ചു​കൊണ്ട്‌ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും “സ്‌നേ​ഹ​ത്തി​ന്നും സൽപ്ര​വൃ​ത്തി​കൾക്കും” ഉത്സാഹം വർധി​പ്പി​ക്കാ​നും കൂടി​വ​രു​ന്നു.—എബ്രായർ 10:24, 25.

21. യഹോ​വ​യു​ടെ ദാസന്മാർ ഏതു വേല നിർവ​ഹി​ക്കു​ന്നു?

21 യഹോവയാം ദൈവ​ത്തി​ന്റെ ഉന്നതമായ ആരാധ​ന​യി​ലേക്കു ‘കയറി​ച്ചെ​ല്ലാൻ’ അവർ മറ്റുള്ള​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. സ്വർഗാ​രോ​ഹ​ണ​ത്തി​നു മുമ്പ്‌, യേശു തന്റെ ശിഷ്യ​ന്മാർക്കു നൽകിയ കൽപ്പന​യു​മാ​യി ഇതു നന്നായി യോജി​ക്കു​ന്നു! അവൻ അവരോ​ടു പറഞ്ഞു: “ആകയാൽ നിങ്ങൾ പുറ​പ്പെട്ടു, പിതാ​വി​ന്റെ​യും പുത്ര​ന്റെ​യും പരിശു​ദ്ധാ​ത്മാ​വി​ന്റെ​യും നാമത്തിൽ സ്‌നാനം കഴിപ്പി​ച്ചും ഞാൻ നിങ്ങ​ളോ​ടു കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു സകലജാ​തി​ക​ളെ​യും ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.” (മത്തായി 28:19, 20) ദിവ്യ പിന്തു​ണ​യോ​ടെ ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ, ആളുകളെ പഠിപ്പി​ക്കു​ക​യും സ്‌നാ​പ​ന​പ്പെ​ടു​ത്തി ശിഷ്യ​രാ​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ലോക​മെ​മ്പാ​ടും പ്രവർത്തി​ക്കു​ന്നു.

വാളു​കളെ കൊഴു​ക്ക​ളാ​ക്കി മാറ്റുന്നു

22, 23. യെശയ്യാ​വു 2:4 എന്തു മുൻകൂ​ട്ടി പറയുന്നു, ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യി​ലെ ഒരു ഉദ്യോ​ഗസ്ഥൻ അതേക്കു​റിച്ച്‌ എന്തു പറഞ്ഞു?

22 ഇനി നമുക്ക്‌ അടുത്ത വാക്യം പരി​ശോ​ധി​ക്കാം. ആ വാക്യ​ത്തി​ന്റെ ഒരു ഭാഗമാണ്‌ ഐക്യ​രാ​ഷ്‌ട്ര മന്ദിര​ത്തി​ന്റെ ചുവരിൽ എഴുതി​യി​രി​ക്കു​ന്നത്‌. യെശയ്യാവ്‌ ഇങ്ങനെ എഴുതു​ന്നു: “അവൻ ജാതി​ക​ളു​ടെ ഇടയിൽ ന്യായം വിധി​ക്ക​യും ബഹുവം​ശ​ങ്ങൾക്കു വിധി​ക​ല്‌പി​ക്ക​യും ചെയ്യും; അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കും; ജാതി ജാതിക്കു നേരെ വാളോ​ങ്ങു​ക​യില്ല; അവർ ഇനി യുദ്ധം അഭ്യസി​ക്ക​യും ഇല്ല.”—യെശയ്യാ​വു 2:4.

23 ഈ വാക്യ​ത്തിൽ പറയുന്ന കാര്യം സാധി​ക്കുക എന്നത്‌ അത്ര എളുപ്പമല്ല. ‘ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘടന’യുടെ ഡയറക്‌ടർ-ജനറലായ ഫാഡാ​റി​ക്കോ മായോർ ഒരിക്കൽ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “ഇക്കാലത്ത്‌ ദൃശ്യ-ശ്രവ്യ മാധ്യ​മങ്ങൾ യുദ്ധത്തി​ന്റെ കൊടും​ക്രൂ​ര​തകൾ നമ്മുടെ മുന്നി​ലെ​ത്തി​ക്കു​ന്നു. എങ്കിലും, നൂറ്റാ​ണ്ടു​കൾകൊണ്ട്‌ കെട്ടി​പ്പ​ടു​ക്കു​ക​യും ഇക്കാലം വരെയും നിലനി​റു​ത്തു​ക​യും ചെയ്‌തി​ട്ടുള്ള സേനക​ളു​ടെ യുദ്ധ​പ്ര​വ​ണ​തയെ തടയാൻ അത്തരം ക്രൂര​ത​കൾക്കു കഴിയാ​ത്ത​താ​യി തോന്നു​ന്നു. ബൈബിൾ പറയു​ന്ന​തു​പോ​ലെ ‘വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കുക’യും സ്‌മര​ണാ​തീ​ത​കാ​ലം മുതൽ മനുഷ്യന്‌ ഉണ്ടായി​രു​ന്നി​ട്ടുള്ള യുദ്ധവാ​സ​ന​യിൽനി​ന്നു സമാധാ​ന​ത്തി​ലേ​ക്കുള്ള പരിവർത്തനം സാധ്യ​മാ​ക്കു​ക​യും ചെയ്യു​ക​യെന്ന ഏറെക്കു​റെ അസാധ്യ​മായ ദൗത്യ​മാണ്‌ ഇന്നത്തെ തലമു​റ​യ്‌ക്കു​ള്ളത്‌. നിറ​വേ​റ്റാൻ കഴിയു​ന്ന​പക്ഷം ‘ആഗോള ഗ്രാമ’ത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും ശ്രേഷ്‌ഠ​വും കുലീ​ന​വു​മായ ഒരു ദൗത്യ​മാ​യി​രി​ക്കും അത്‌, വരും​ത​ല​മു​റ​കൾക്കു കൈമാ​റാൻ കഴിയുന്ന ഒരു ഉത്തമ പൈതൃ​ക​വും.”

24, 25. യെശയ്യാ​വി​ന്റെ വാക്കുകൾ ആരിൽ നിവൃ​ത്തി​യേ​റു​ന്നു, ഏതു വിധത്തിൽ?

24 രാഷ്‌ട്രങ്ങൾക്ക്‌ ഒരിക്ക​ലും കൈവ​രി​ക്കാ​നാ​കാ​ത്തത്ര ഉന്നതമായ ഒരു ലക്ഷ്യമാണ്‌ അത്‌. അവരുടെ പ്രാപ്‌തി​കൾക്ക്‌ അതീത​മാ​ണത്‌. എന്നാൽ, യെശയ്യാ​വി​ന്റെ വാക്കുകൾ നിവൃ​ത്തി​യേ​റു​ന്നത്‌ അനേകം ജനതക​ളിൽ നിന്നുള്ള, സത്യാ​രാ​ധ​ന​യിൽ ഏകീകൃ​ത​രായ വ്യക്തി​ക​ളി​ലാണ്‌. യഹോവ അവരുടെ ഇടയിൽ ‘രമ്യത’ വരുത്തി​യി​രി​ക്കു​ന്നു. സമാധാന സഹവർത്തി​ത്വം ഉണ്ടായി​രി​ക്കാൻ അവൻ അവരെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, ഭിന്നി​ച്ച​തും വിദ്വേ​ഷം നിറഞ്ഞ​തു​മായ ഈ ലോക​ത്തിൽ അവർ ആലങ്കാ​രി​ക​മാ​യി തങ്ങളുടെ ‘വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർത്തി​രി​ക്കു​ന്നു.’ എങ്ങനെ?

25 രാഷ്‌ട്രങ്ങളുടെ യുദ്ധങ്ങ​ളിൽ അവർ ആരു​ടെ​യും പക്ഷം ചേരു​ന്നില്ല എന്നതാണ്‌ ഒരു സംഗതി. യേശു മരിക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ അവനെ അറസ്റ്റു ചെയ്യാൻ സായു​ധ​രായ ആളുകൾ എത്തി. തന്റെ യജമാ​നനെ രക്ഷിക്കു​ന്ന​തി​നാ​യി പത്രൊസ്‌ വാളെ​ടു​ത്തു വീശി​യ​പ്പോൾ, യേശു അവനോട്‌ ഇങ്ങനെ പറഞ്ഞു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കു​ന്നവർ ഒക്കെയും വാളാൽ നശിച്ചു​പോ​കും.” (മത്തായി 26:52) അന്നു മുതൽ, യേശു​വി​ന്റെ പാദാ​നു​ഗാ​മി​കൾ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർക്കു​ക​യും സഹമനു​ഷ്യ​നെ കൊല്ലു​ന്ന​തിന്‌ ആയുധങ്ങൾ എടുക്കു​ന്ന​തിൽനി​ന്നും മറ്റു വിധങ്ങ​ളിൽ യുദ്ധത്തെ പിന്താ​ങ്ങു​ന്ന​തിൽനി​ന്നും ഒഴിഞ്ഞു​നിൽക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. അവർ ‘എല്ലാവ​രോ​ടും സമാധാ​നം ആചരി​ക്കു​ന്നു.’—എബ്രായർ 12:14.

സമാധാ​ന​മാർഗം പിന്തു​ട​രൽ

26, 27. ദൈവ​ജനം ‘സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രു​ന്നത്‌’ എങ്ങനെ? ഒരു ഉദാഹ​രണം നൽകുക.

26 ദൈവജനം സമാധാ​ന​മു​ള്ളവർ ആയിരി​ക്കു​ന്ന​തിൽ, കേവലം യുദ്ധം ചെയ്യാൻ വിസമ്മ​തി​ക്കു​ന്ന​തി​ലും വളരെ​യ​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. 230-ലധികം ദേശങ്ങ​ളിൽ പാർക്കുന്ന അവർ നാനാ ഭാഷക​ളി​ലും സംസ്‌കാ​ര​ങ്ങ​ളി​ലും പെട്ടവ​രാ​ണെ​ങ്കി​ലും, അവർക്കി​ട​യിൽ സമാധാ​ന​മുണ്ട്‌. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യ​ന്മാർ എന്നു എല്ലാവ​രും അറിയും” എന്ന്‌ ഒന്നാം നൂറ്റാ​ണ്ടിൽ യേശു തന്റെ ശിഷ്യ​ന്മാ​രോ​ടു പറയു​ക​യു​ണ്ടാ​യി. (യോഹ​ന്നാൻ 13:35) ആ വാക്കു​ക​ളു​ടെ ആധുനിക നിവൃത്തി ദൈവ​ജ​ന​ത്തി​നി​ട​യിൽ കാണാം. ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ “സമാധാ​നം ഉണ്ടാക്കു​ന്നവർ” ആണ്‌. (മത്തായി 5:9) അവർ ‘സമാധാ​നം അന്വേ​ഷി​ച്ചു പിന്തു​ട​രു​ന്നു.’ (1 പത്രൊസ്‌ 3:11) അവർക്കു തുണ നൽകു​ന്നത്‌ “സമാധാ​ന​ത്തി​ന്റെ ദൈവ”മായ യഹോ​വ​യാണ്‌.—റോമർ 15:33.

27 സമാധാനമുണ്ടാക്കാൻ പഠിച്ച വ്യക്തി​ക​ളു​ടെ വിശിഷ്‌ട ദൃഷ്‌ടാ​ന്തങ്ങൾ ഇന്നു കാണാൻ കഴിയും. തന്റെ ചെറു​പ്പ​കാ​ലത്തെ കുറിച്ച്‌ ഒരു യുവാവ്‌ ഇങ്ങനെ എഴുതു​ന്നു: “കയ്‌പേ​റിയ അനുഭ​വങ്ങൾ എന്നെ പരുക്ക​നും കോപാ​കു​ല​നു​മാ​ക്കി. ഞാൻ സദാ വഴക്കു​ക​ളിൽ ചെന്നു​ചാ​ടു​മാ​യി​രു​ന്നു. അയൽപ​ക്ക​ത്തുള്ള ഏതെങ്കി​ലു​മൊ​രു കുട്ടി​യു​മാ​യി വഴക്കടി​ക്കാത്ത ഒരു ദിവസം പോലും ഉണ്ടായി​രു​ന്നി​ട്ടില്ല. ചില​പ്പോൾ ഞാൻ അവരെ മുഷ്‌ടി ചുരുട്ടി ഇടിക്കു​മാ​യി​രു​ന്നു, മറ്റു ചില​പ്പോൾ ആക്രമണം കല്ലു​കൊ​ണ്ടോ കുപ്പി​കൊ​ണ്ടോ ഒക്കെ ആകും. അങ്ങനെ വളരെ അക്രമ​സ്വ​ഭാ​വ​ത്തോ​ടെ​യാ​ണു ഞാൻ വളർന്നു വന്നത്‌.” എന്നിരു​ന്നാ​ലും, “യഹോ​വ​യു​ടെ ആലയമുള്ള പർവ്വത”ത്തിലേക്കു കയറി​ച്ചെ​ല്ലാ​നുള്ള ക്ഷണം സ്വീക​രിച്ച അവൻ ദൈവ​ത്തി​ന്റെ വഴികളെ കുറിച്ചു പഠിച്ചു, അങ്ങനെ ആ യുവാവ്‌ സമാധാ​ന​സ്‌നേ​ഹി​യായ ഒരു ദൈവ​ദാ​സൻ ആയിത്തീർന്നു.

28. സമാധാ​നം പിന്തു​ട​രു​ന്ന​തി​നു ക്രിസ്‌ത്യാ​നി​കൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

28 മേൽപ്പറഞ്ഞതുപോലുള്ള അക്രമാ​സ​ക്ത​മായ ഒരു ചുറ്റു​പാ​ടിൽ വളർന്നു​വ​ന്ന​വരല്ല യഹോ​വ​യു​ടെ ദാസരിൽ മിക്കവ​രും. എങ്കിലും, മറ്റുള്ള​വ​രു​മാ​യി സമാധാ​ന​ത്തിൽ കഴിയു​ന്ന​തിന്‌ ചെറിയ കാര്യ​ങ്ങ​ളിൽ പോലും ദയയും ക്ഷമയും സഹാനു​ഭൂ​തി​യും പ്രകട​മാ​ക്കാൻ അവർ ശ്രദ്ധി​ക്കു​ന്നു. അപൂർണ​രെ​ങ്കി​ലും, “അന്യോ​ന്യം പൊറു​ക്ക​യും ഒരുവ​നോ​ടു ഒരുവന്നു വഴക്കു​ണ്ടാ​യാൽ തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ” എന്ന ബൈബിൾ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കാൻ അവർ ശ്രമി​ക്കു​ന്നു.—കൊ​ലൊ​സ്സ്യർ 3:13.

സമാധാ​ന​പൂർണ​മായ ഒരു ഭാവി​കാ​ലം

29, 30. ഭൂമി​യിൽ എന്തവസ്ഥ സംജാ​ത​മാ​കും?

29 ഈ ‘അന്ത്യകാ​ലത്ത്‌’ തികച്ചും അത്ഭുത​ക​ര​മായ ഒരു സംഗതി​യാണ്‌ യഹോവ സാധ്യ​മാ​ക്കി​യി​രി​ക്കു​ന്നത്‌. തന്നെ സേവി​ക്കാൻ ആഗ്രഹി​ക്കുന്ന ആളുകളെ സകല ജനതക​ളിൽനി​ന്നും അവൻ കൂട്ടി​ച്ചേർത്തി​രി​ക്കു​ന്നു. തന്റെ വഴിക​ളിൽ, സമാധാ​ന​ത്തി​ന്റെ വഴിക​ളിൽ, നടക്കാൻ അവൻ അവരെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. ആസന്നമായ “മഹോ​പ​ദ്രവ”ത്തെ അതിജീ​വിച്ച്‌ മേലാൽ യുദ്ധം ഉണ്ടായി​രി​ക്കു​ക​യി​ല്ലാത്ത, സമാധാ​നം കളിയാ​ടുന്ന ഒരു പുതിയ ലോക​ത്തി​ലേക്ക്‌ അതിജീ​വി​ക്കു​ന്നത്‌ അവരാ​യി​രി​ക്കും.—വെളി​പ്പാ​ടു 7:14, NW.

30 മേലാൽ വാളുകൾ—ആയുധങ്ങൾ—ഉണ്ടായി​രി​ക്കു​ക​യില്ല. ആ കാലത്തെ കുറിച്ച്‌ സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “വരുവിൻ യഹോ​വ​യു​ടെ പ്രവൃ​ത്തി​കളെ നോക്കു​വിൻ; അവൻ ഭൂമി​യിൽ എത്ര ശൂന്യത വരുത്തി​യി​രി​ക്കു​ന്നു! അവൻ ഭൂമി​യു​ടെ അററം​വ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു; അവൻ വില്ലൊ​ടി​ച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടു​ക​ള​യു​ന്നു.” (സങ്കീർത്തനം 46:8, 9) ആ സ്ഥിതിക്ക്‌, യെശയ്യാവ്‌ തുടർന്നു നൽകുന്ന ഉദ്‌ബോ​ധനം അന്നത്തെ​പ്പോ​ലെ​തന്നെ ഇന്നും പ്രസക്തി​യു​ള്ള​താണ്‌: “യാക്കോ​ബ്‌ഗൃ​ഹമേ, വരുവിൻ; നമുക്കു യഹോ​വ​യു​ടെ വെളി​ച്ച​ത്തിൽ നടക്കാം.” (യെശയ്യാ​വു 2:5) അതേ, യഹോ​വ​യു​ടെ വെളിച്ചം നമ്മുടെ പാതയെ പ്രകാ​ശ​മാ​ന​മാ​ക്കട്ടെ, നമുക്ക്‌ അവന്റെ മാർഗ​ത്തിൽ എന്നെന്നും നടക്കാം.—മീഖാ 4:5.

[അടിക്കു​റിപ്പ്‌]

a വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈറ്റി ഓഫ്‌ ഇൻഡ്യ പ്രസി​ദ്ധീ​ക​രിച്ച നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​ക​ത്തി​ന്റെ “ഇവ അന്ത്യനാ​ളു​കൾ ആകുന്നു!” എന്ന ശീർഷ​ക​ത്തോ​ടു കൂടിയ 11-ാം അധ്യായം കാണുക.

[അധ്യയന ചോദ്യ​ങ്ങൾ]