യഹോവയുടെ കൈ ഉയർന്നിരിക്കുന്നു
അധ്യായം ഇരുപത്തൊന്ന്
യഹോവയുടെ കൈ ഉയർന്നിരിക്കുന്നു
1. യെശയ്യാവിന് യഹോവയോടു വിലമതിപ്പുള്ളത് എന്തുകൊണ്ട്?
യെശയ്യാവ് യഹോവയെ ആഴമായി സ്നേഹിക്കുകയും അവനെ സ്തുതിക്കുന്നതിൽ ആനന്ദിക്കുകയും ചെയ്യുന്നു. യെശയ്യാവ് ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും.” തന്റെ സ്രഷ്ടാവിനോട് ഇത്രയധികം വിലമതിപ്പുണ്ടായിരിക്കാൻ ആ പ്രവാചകനെ സഹായിക്കുന്നത് എന്താണ്? യഹോവയെയും അവന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള അവന്റെ അറിവാണ് ഒരു പ്രമുഖ ഘടകം. യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകൾ അതു വ്യക്തമാക്കുന്നു: “നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.” (യെശയ്യാവു 25:1) തനിക്കു മുമ്പു ജീവിച്ചിരുന്ന യോശുവ മനസ്സിലാക്കിയതുപോലെ, യഹോവ വിശ്വസ്തനും ആശ്രയയോഗ്യനും ആണെന്നും അവന്റെ എല്ലാ “ആലോചനക”ളും, അതായത് അവൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നിറവേറുമെന്നും യെശയ്യാവിന് അറിയാം.—യോശുവ 23:14.
2. യഹോവയുടെ ഏത് ആലോചനയാണ് യെശയ്യാവ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്, ഈ ആലോചന എന്തിന് എതിരെ ഉള്ളതായിരിക്കാം?
2 ഇസ്രായേലിന്റെ ശത്രുക്കൾക്ക് എതിരെയുള്ള ന്യായവിധി പ്രഖ്യാപനങ്ങളും യഹോവയുടെ ആലോചനകളിൽ ഉൾപ്പെടുന്നു. അവയിൽ ഒരെണ്ണമാണ് യെശയ്യാവ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്: “നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അതു ഒരുനാളും പണികയില്ല [“പുതുക്കി പണിയുകയുമില്ല,” “ഓശാന ബൈ.”].” (യെശയ്യാവു 25:2) പേര് പറഞ്ഞിട്ടില്ലാത്ത ഈ നഗരം ഏതാണ്? ഒരുപക്ഷേ, ദീർഘകാലമായി ദൈവജനത്തോടു ശത്രുത പുലർത്തുന്ന മോവാബ് രാജ്യത്തിലെ ആർ എന്ന നഗരത്തെ ആയിരിക്കാം യെശയ്യാവ് പരാമർശിക്കുന്നത്. a അല്ലെങ്കിൽ, മറ്റൊരു നഗരത്തെ—കുറച്ചുകൂടെ ശക്തമായ ബാബിലോണിനെ—ആകാം അവൻ പരാമർശിക്കുന്നത്.—യെശയ്യാവു 15:1; സെഫന്യാവു 2:8, 9.
3. യഹോവയുടെ ശത്രുക്കൾ അവനെ മഹത്ത്വപ്പെടുത്തുന്നത് ഏതർഥത്തിൽ?
3 തങ്ങളുടെ ശക്തമായ നഗരത്തിനെതിരെയുള്ള യഹോവയുടെ ആലോചന നടപ്പാകുമ്പോൾ ശത്രുക്കൾ എങ്ങനെ പ്രതികരിക്കും? “ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ [“മർദക ജനതകളുടെ,” NW] പട്ടണം നിന്നെ ഭയപ്പെടും.” (യെശയ്യാവു 25:3) സർവശക്തനാം ദൈവത്തിന്റെ ശത്രുക്കൾ അവനെ ഭയപ്പെടും എന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, അവർ എങ്ങനെയാണ് അവനെ മഹത്ത്വപ്പെടുത്തുന്നത്? വ്യാജദൈവങ്ങളെ ഉപേക്ഷിച്ച് അവർ നിർമല ആരാധന സ്വീകരിക്കും എന്ന അർഥത്തിലാണോ? ഒരിക്കലുമല്ല! മറിച്ച്, ഫറവോനെയും നെബൂഖദ്നേസരിനെയും പോലെ യഹോവയുടെ അതുല്യ ശ്രേഷ്ഠതയെ അംഗീകരിക്കാൻ നിർബന്ധിതരാകുമ്പോഴാണ് അവർ അവനെ മഹത്ത്വപ്പെടുത്തുന്നത്.—പുറപ്പാടു 10:16, 17; 12:30-33; ദാനീയേൽ 4:37.
4. ഇപ്പോഴത്തെ “മർദക ജനതകളുടെ പട്ടണം” ഏത്, അവൾ പോലും യഹോവയെ മഹത്ത്വപ്പെടുത്തേണ്ടി വരുന്നത് എങ്ങനെ?
4 “ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം” അതായത്, വ്യാജമത ലോകസാമ്രാജ്യമായ “മഹാബാബിലോൺ” ആണ് ഇന്ന് “മർദക ജനതകളുടെ പട്ടണം.” (വെളിപ്പാടു 17:5, 18, NW) ആ സാമ്രാജ്യത്തിന്റെ മുഖ്യ ഭാഗം ക്രൈസ്തവലോകമാണ്. ക്രൈസ്തവലോകത്തിലെ മതനേതാക്കന്മാർ യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെയാണ്? തന്റെ സാക്ഷികൾക്കുവേണ്ടി യഹോവ ചെയ്തിരിക്കുന്ന അത്ഭുതപ്രവൃത്തികളെ മനസ്സില്ലാമനസ്സോടെ ആണെങ്കിലും അംഗീകരിക്കാൻ നിർബന്ധിതരാകുന്നതിലൂടെ. പ്രത്യേകിച്ചും, യഹോവ തന്റെ ദാസന്മാരെ 1919-ൽ ‘മഹാബാബിലോണി’ന്റെ [NW] ആത്മീയ അടിമത്തത്തിൽനിന്നു മോചിപ്പിച്ച് ഊർജിത പ്രവർത്തനത്തിലേക്കു പുനഃസ്ഥിതീകരിച്ചപ്പോൾ ആ നേതാക്കന്മാർ “ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.”—വെളിപ്പാടു 11:13. b
5. തന്നിൽ പൂർണമായി ആശ്രയിക്കുന്നവരെ യഹോവ സംരക്ഷിക്കുന്നത് എങ്ങനെ?
5 യഹോവയുടെ ശത്രുക്കൾ അവനെ ഭയത്തോടെ വീക്ഷിക്കുന്നെങ്കിലും, യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന സൗമ്യതയും താഴ്മയും ഉള്ളവർക്ക് അവൻ ഒരു സങ്കേതമാണ്. സത്യാരാധകരുടെ വിശ്വാസം തകർക്കാൻ മത-രാഷ്ട്രീയ മേഖലകളിലെ മർദകർ കിണഞ്ഞു പരിശ്രമിച്ചേക്കാമെങ്കിലും യഹോവയിൽ സമ്പൂർണ ആശ്രയം വെച്ചിരിക്കുന്നതിനാൽ അവന്റെ ജനത്തെ പരാജയപ്പെടുത്താൻ അവർക്കു കഴിയുന്നില്ല. മരുഭൂമിയിൽ ചുട്ടുപൊള്ളുന്ന സൂര്യനെ മറയ്ക്കുന്ന ഒരു മേഘം പോലെയോ കൊടുങ്കാറ്റിനെ തടഞ്ഞു നിറുത്തുന്ന ഒരു കോട്ടമതിൽ പോലെയോ വർത്തിച്ചുകൊണ്ടു യഹോവ ഒടുവിൽ നിഷ്പ്രയാസം ശത്രുക്കളുടെ വായടയ്ക്കുന്നു.—യെശയ്യാവു 25:4, 5 വായിക്കുക.
‘സകലജാതികൾക്കുമുള്ള ഒരു വിരുന്ന്’
6, 7. (എ) ഏതു തരത്തിലുള്ള വിരുന്നാണ് യഹോവ ഒരുക്കുന്നത്, ആർക്കു വേണ്ടി? (ബി) യെശയ്യാവ് പ്രവചിച്ച വിരുന്ന് എന്തിന്റെ പൂർവചിത്രം നൽകുന്നു?
6 സ്നേഹനിധിയായ ഒരു പിതാവിനെ പോലെ, യഹോവ തന്റെ മക്കളെ സംരക്ഷിക്കുക മാത്രമല്ല അവരെ പോറ്റിപ്പുലർത്തുകയും ചെയ്യുന്നു, വിശേഷിച്ചും ആത്മീയമായി. 1919-ൽ തന്റെ ജനത്തെ മോചിപ്പിച്ചശേഷം അവർക്കുവേണ്ടി അവൻ ഒരു വിജയവിരുന്ന്, സമൃദ്ധമായ ഒരു ആത്മീയ വിരുന്ന് ഒരുക്കി. അതേക്കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.”—യെശയ്യാവു 25:6.
7 വിരുന്നൊരുക്കുന്നത് യഹോവയുടെ “പർവ്വതത്തി”ലാണ്. ഏതാണ് ഈ പർവതം? ‘അന്ത്യകാലത്ത്’ സകല ജനതകളും ഒഴുകിച്ചെല്ലുന്ന “യഹോവയുടെ ആലയമുള്ള പർവ്വത”മാണ് അത്. യഹോവയുടെ വിശ്വസ്ത ആരാധകരിൽ ആരും ഒരു ദോഷമോ നാശമോ ചെയ്യുകയില്ലാത്ത അവന്റെ “വിശുദ്ധപർവ്വത”മാണ് അത്. (യെശയ്യാവു 2:2; 11:9) ഉന്നതമായ ഈ ആരാധനാസ്ഥലത്തു വിശ്വസ്തർക്കു വേണ്ടി യഹോവ വിഭവസമൃദ്ധമായ വിരുന്നു നൽകുന്നു. ആത്മീയമായി ഇപ്പോൾ ലഭിക്കുന്ന ഉത്തമ വസ്തുക്കൾ, മുഴു മനുഷ്യവർഗത്തിന്മേലും ഭരണം നടത്താനിരിക്കുന്ന ഏക ഗവൺമെന്റായ ദൈവരാജ്യത്തിൻ കീഴിൽ അക്ഷരാർഥത്തിൽ സമൃദ്ധമായി ലഭിക്കാനിരിക്കുന്ന നല്ല വസ്തുക്കളുടെ ഒരു പൂർവചിത്രം നൽകുന്നു. അപ്പോൾ ആരും പട്ടിണി അനുഭവിക്കുകയില്ല. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.”—സങ്കീർത്തനം 72:8, 16.
8, 9. (എ) മാനവരാശിയുടെ ഏറ്റവും വലിയ ഏതു രണ്ടു ശത്രുക്കളെ യഹോവ നീക്കം ചെയ്യും? (ബി) തന്റെ ജനത്തിന്റെ നിന്ദ നീക്കിക്കളയാൻ ദൈവം എന്തു ചെയ്യും?
8 ദൈവം പ്രദാനം ചെയ്യുന്ന ആത്മീയ വിരുന്നിൽ ഇപ്പോൾ പങ്കെടുക്കുന്നവർക്ക് മഹത്തായ ഒരു ഭാവിപ്രത്യാശ ഉണ്ട്. യെശയ്യാവിന്റെ തുടർന്നുള്ള വാക്കുകൾ ശ്രദ്ധിക്കുക. പാപത്തെയും മരണത്തെയും, ശ്വാസം മുട്ടിക്കുന്ന ഒരു “മൂടുപട”ത്തോട് അല്ലെങ്കിൽ ‘മറവി’നോടു താരതമ്യം ചെയ്തുകൊണ്ട് അവൻ ഇങ്ങനെ പറയുന്നു: ‘സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ [യഹോവ] ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും. അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കും.’—യെശയ്യാവു 25:7, 8എ.
9 അതേ, പാപവും മരണവും മേലാൽ ഉണ്ടായിരിക്കില്ല! (വെളിപ്പാടു 21:3-5എ) കൂടാതെ, ആയിരക്കണക്കിനു വർഷങ്ങളായി യഹോവയുടെ ദാസന്മാർ അനുഭവിക്കേണ്ടി വന്നിരിക്കുന്ന നിന്ദ അവൻ നീക്കിക്കളയും. ‘തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു [അവൻ] നീക്കിക്കളയും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.’ (യെശയ്യാവു 25:8ബി) അത് എങ്ങനെ സംഭവിക്കും? നിന്ദയുടെ ഉറവിടമായ സാത്താനെയും അവന്റെ സന്തതികളെയും യഹോവ നീക്കിക്കളയും. (വെളിപ്പാടു 20:1-3) ദൈവജനം ഇങ്ങനെ ഘോഷിക്കാൻ പ്രേരിതരാകുന്നതിൽ തെല്ലും അതിശയമില്ല: “ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം.”—യെശയ്യാവു 25:9.
ഗർവിഷ്ഠർ താഴ്ത്തപ്പെടുന്നു
10, 11. മോവാബിന് എന്തു കഠിന ശിക്ഷയാണ് യഹോവ നൽകാനിരിക്കുന്നത്?
10 താഴ്മ പ്രകടിപ്പിക്കുന്ന തന്റെ ആരാധകരെ യഹോവ സംരക്ഷിക്കുന്നു. എന്നാൽ, ഇസ്രായേല്യരുടെ അയൽദേശക്കാരായ മോവാബ്യരുടെ കാര്യമോ? അഹങ്കാരികൾ ആയതിനാൽ യഹോവ അവരെ വെറുക്കുന്നു. (സദൃശവാക്യങ്ങൾ 16:18) തന്മൂലം, മോവാബ്യർ നിശ്ചയമായും താഴ്ത്തപ്പെടും. “യഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും. നീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ അവൻ അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ ഗർവ്വവും കൈമിടുക്കും അവൻ താഴ്ത്തിക്കളയും. നിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവൻ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.”—യെശയ്യാവു 25:10-12.
11 യഹോവയുടെ കൈ മോവാബ് പർവതത്തിൽ ‘ആവസിക്കും.’ ഫലമോ? ഗർവിഷ്ഠരായ മോവാബ്യർക്കു പ്രഹരമേൽക്കുകയും “ചാണകക്കുഴിയി”ലിട്ടു ചവിട്ടുന്നതുപോലെ അവർ മെതിക്കപ്പെടുകയും ചെയ്യും. യെശയ്യാവിന്റെ നാളിൽ വളമാക്കാനായി വൈക്കോൽ ചാണകത്തിലിട്ടു ചവിട്ടിമെതിക്കുക പതിവായിരുന്നു. സമാനമായി, നല്ല ഉറപ്പും ഉയരവുമുള്ള മതിലുകളോടു കൂടിയ ദേശമായി കാണപ്പെട്ടാലും മോവാബ് താഴ്ത്തപ്പെടുകതന്നെ ചെയ്യും എന്ന് യെശയ്യാവ് മുൻകൂട്ടി പറയുന്നു.
12. കഠിന ശിക്ഷയ്ക്കായി യഹോവ മോവാബിനെ വേർതിരിക്കുന്നത് എന്തുകൊണ്ട്?
12 ഇത്തരമൊരു കഠിന ശിക്ഷയ്ക്ക് യഹോവ മോവാബിനെ വേർതിരിക്കുന്നത് എന്തുകൊണ്ടാണ്? അബ്രാഹാമിന്റെ സഹോദരപുത്രനും യഹോവയുടെ ആരാധകനും ആയിരുന്ന ലോത്തിന്റെ പിൻതലമുറക്കാരാണു മോവാബ്യർ. ആ സ്ഥിതിക്ക്, അവർ ദൈവത്തിന്റെ ഉടമ്പടി ജനതയുടെ അയൽക്കാർ മാത്രമല്ല, ബന്ധുക്കൾ കൂടിയാണ്. എന്നിട്ടും അവർ വ്യാജദൈവങ്ങളെ ആരാധിക്കുകയും ഇസ്രായേല്യരോടു കടുത്ത ശത്രുത പുലർത്തുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ കഠിന ശിക്ഷയ്ക്ക് അർഹരാണ്. ഇക്കാര്യത്തിൽ, മോവാബ്യർ ഇന്നുള്ള യഹോവയുടെ ദാസന്മാരുടെ ശത്രുക്കളെ പോലെയാണ്, വിശേഷിച്ചും ക്രൈസ്തവലോകത്തെ പോലെ. കാരണം, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിൽനിന്ന് ഉടലെടുത്തതാണ് തങ്ങളെന്ന് അവർ അവകാശപ്പെടുന്നെങ്കിലും മുമ്പു പരിചിന്തിച്ചതുപോലെ ക്രൈസ്തവലോകം മഹാബാബിലോണിന്റെ മുഖ്യഭാഗമാണ്.
ഒരു രക്ഷാഗീതം
13, 14. ഇന്നു ദൈവജനത്തിന് ഏത് “ഉറപ്പേറിയ നഗര”മാണ് ഉള്ളത്, അതിൽ പ്രവേശിക്കാൻ അനുവാദമുള്ളത് ആർക്ക്?
13 ദൈവജനത്തിന്റെ കാര്യമോ? യഹോവയുടെ പ്രീതിയും സംരക്ഷണവും ലഭിക്കുന്നതിൽ ആവേശഭരിതരായി അവർ ഗീതം ആലപിക്കുന്നു: “അന്ന് യെഹൂദാദേശത്ത് ഈ ഗാനം ആലപിക്കപ്പെടും: ‘ഞങ്ങൾക്ക് ഉറപ്പേറിയ ഒരു നഗരമുണ്ട്; ഞങ്ങളെ രക്ഷിക്കാൻ അവൻ കോട്ടകൾ, കൊത്തളങ്ങൾ എന്നിവ ഞങ്ങൾക്കു ചുറ്റും നിർമിച്ചിരിക്കുന്നു. പടിവാതിലുകൾ തുറക്കൂ; വിശ്വസ്തതാപൂർവം പെരുമാറുന്ന നീതിയുള്ള ജനത കടന്നുവരട്ടെ.’” (യെശയ്യാവു 26:1, 2, “ഓശാന ബൈ.”) പുരാതന കാലത്ത് ഈ വാക്കുകൾക്കു നിവൃത്തി ഉണ്ടായി എന്നതിനു സംശയമില്ല. എന്നാൽ, ഇന്ന് ആ വാക്കുകൾ പൂർവാധികം വ്യക്തതയോടെ നിവൃത്തിയേറുന്നതായി നമുക്കു കാണാൻ കഴിയും. യഹോവയുടെ “നീതിയുള്ള ജനത,” അതായത് ആത്മീയ ഇസ്രായേൽ, ശക്തമായ ഒരു നഗരംപോലെ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ആനന്ദിച്ചു പാടാൻ എത്ര മതിയായ കാരണം!
14 ഏതു തരത്തിലുള്ള ആളുകളാണ് ഈ “നഗര”ത്തിലേക്കു വരുന്നത്? പ്രസ്തുത ഗീതം അതിന് ഉത്തരം നൽകുന്നു: “സ്ഥിരമാനസൻ നിന്നിൽ [ദൈവത്തിൽ] ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു. യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.” (യെശയ്യാവു 26:3, 4) ഈ ലോകത്തിലെ കുഴഞ്ഞുമറിഞ്ഞ വ്യാപാര, രാഷ്ട്രീയ, മത വ്യവസ്ഥിതിയിൽ അല്ല, മറിച്ച് യഹോവയിൽ ആശ്രയിക്കുകയും അവന്റെ നീതിനിഷ്ഠമായ തത്ത്വങ്ങൾ അനുസരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന “സ്ഥിരമാനസ”നെയാണ് യഹോവ പിന്തുണയ്ക്കുന്നത്. സുരക്ഷിതത്വമേകുന്ന ആശ്രയയോഗ്യമായ ഏക പാറ ‘യഹോവയാം യാഹ്’ ആണ്. യഹോവയിൽ പൂർണ വിശ്വാസമുള്ളവർക്ക് അവന്റെ സംരക്ഷണം ലഭിക്കുകയും അവർ ‘പൂർണസമാധാനം’ ആസ്വദിക്കുകയും ചെയ്യുന്നു.—സദൃശവാക്യങ്ങൾ 3:5, 6; ഫിലിപ്പിയർ 4:6, 7.
15. ഇന്ന് “ഉന്നതനഗരം” താഴ്ത്തപ്പെട്ടിരിക്കുന്നത് എങ്ങനെ, ‘എളിയവരുടെ കാലുകൾ’ അതിനെ ചവിട്ടിമെതിക്കുന്നത് ഏതു വിധത്തിൽ?
15 എന്നാൽ, ദൈവജനത്തിന്റെ ശത്രുക്കളുടെ അവസ്ഥ അതിൽനിന്ന് എത്രയോ വ്യത്യസ്തം! “അവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.” (യെശയ്യാവു 26:5, 6) ഇവിടെയും, മോവാബിലെ ഏതെങ്കിലും ഒരു “ഉന്നതനഗരത്തെ”യാകാം യെശയ്യാവ് പരാമർശിക്കുന്നത്. അല്ലെങ്കിൽ, ഗർവുകൊണ്ട് ‘ഉയർന്നിരിക്കുന്ന’ ബാബിലോൺ പോലുള്ള മറ്റേതെങ്കിലും നഗരത്തെയാകാം അവൻ അർഥമാക്കുന്നത്. ഈ നഗരം ഏതുതന്നെ ആയിരുന്നാലും, ‘എളിയവരുടെ കാലുകൾ’ ഈ “ഉന്നതനഗരത്തെ” ചവിട്ടിക്കളയാൻ അനുവദിച്ചുകൊണ്ട് യഹോവ അതിനെ താഴ്ത്തിയിരിക്കുന്നു. ഇന്ന് മഹാബാബിലോണിന്റെ, പ്രത്യേകിച്ചും ക്രൈസ്തവലോകത്തിന്റെ കാര്യത്തിൽ ഈ പ്രവചനം അതുപടി നിവൃത്തിയേറുന്നു. 1919-ൽ യഹോവയുടെ ജനത്തെ വിടുവിക്കാൻ ഈ ‘ഉന്നതനഗരം’ നിർബന്ധിതയായി. അത് അവളെ സംബന്ധിച്ചിടത്തോളം അപമാനകരമായ ഒരു വീഴ്ചയായിരുന്നു. തുടർന്ന്, ദൈവജനം തങ്ങളെ ബന്ധനത്തിൽ വെച്ചവരെ ചവിട്ടിമെതിക്കാൻ തുടങ്ങി. (വെളിപ്പാടു 14:8) എങ്ങനെ? അവളുടെ മേലുള്ള യഹോവയുടെ ആസന്നമായ പ്രതികാരത്തെ കുറിച്ചു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്.—വെളിപ്പാടു 8:7-12; 9:14-19.
നീതിക്കായും യഹോവയുടെ ‘സ്മരണയ്ക്കായും’ വാഞ്ഛിക്കുന്നു
16. ഭക്തിയുടെ ഏതു നല്ല മാതൃകയാണ് യെശയ്യാവ് പ്രദാനം ചെയ്യുന്നത്?
16 ഈ വിജയഗീതത്തിനു ശേഷം, യെശയ്യാവ് തന്റെതന്നെ ഭക്തിയുടെ ആഴവും നീതിയുള്ള ദൈവത്തെ സേവിക്കുന്നതിന്റെ പ്രതിഫലവും വെളിപ്പെടുത്തുന്നു. (യെശയ്യാവു 26:7-9 വായിക്കുക.) ‘യഹോവയിൽ പ്രത്യാശ’ വെക്കുന്നതിലും (NW) യഹോവയുടെ “നാമത്തിന്നായിട്ടും” “സ്മരണയ്ക്കായിട്ടും” വാഞ്ഛിക്കുന്നതിലും യെശയ്യാ പ്രവാചകൻ നല്ലൊരു മാതൃകയാണ്. യഹോവയുടെ സ്മരണ എന്താണ്? പുറപ്പാടു 3:15 ഇങ്ങനെ പറയുന്നു: “യഹോവ . . . എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും [സ്മരണയും] ആകുന്നു.” യഹോവയുടെ നാമവും അവന്റെ നീതിയുള്ള പ്രമാണങ്ങളും വഴികളും ഉൾപ്പെടെ അതുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും യെശയ്യാവ് പ്രിയങ്കരമായി കരുതുന്നു. യഹോവയോടു സമാനമായ സ്നേഹം നട്ടുവളർത്തുന്നവർക്കു തീർച്ചയായും അവന്റെ അനുഗ്രഹം ലഭിക്കും.—സങ്കീർത്തനം 5:8; 25:4, 5; 135:13; ഹോശേയ 12:5.
17. ദുഷ്ടന്മാർക്ക് എന്തെല്ലാം പദവികൾ നിഷേധിക്കപ്പെടും?
17 എന്നിരുന്നാലും, എല്ലാവരുമൊന്നും യഹോവയെയും അവന്റെ ഉന്നത നിലവാരങ്ങളെയും പ്രിയപ്പെടുന്നില്ല. (യെശയ്യാവു 26:10 വായിക്കുക.) ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ള യഹോവയുടെ ജനം വസിക്കുന്ന “നേരുള്ള ദേശത്തു” പ്രവേശിക്കേണ്ടതിനു നീതിനിഷ്ഠമായ വഴികൾ പഠിക്കാൻ ദുഷ്ടന്മാർക്കു ക്ഷണം ലഭിക്കുമ്പോൾ അവർ അതു മനഃപൂർവം നിരസിക്കുന്നു. തന്നിമിത്തം, ദുഷ്ടന്മാർ ‘യഹോവയുടെ മഹത്വം കാണുകയില്ല.’ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെട്ട ശേഷം മനുഷ്യവർഗത്തിനു ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാൻ അവർ ഉണ്ടായിരിക്കുകയില്ല. മുഴു ഭൂമിയും “നേരുള്ള ദേശ”മായിരിക്കുന്ന പുതിയ ലോകത്തിൽ പോലും ചിലർ യഹോവയുടെ സ്നേഹദയയോടു വിലമതിപ്പു പ്രകടിപ്പിക്കാൻ പരാജയപ്പെടും. അത്തരക്കാരുടെ പേര് ജീവപുസ്തകത്തിൽ ഉണ്ടായിരിക്കില്ല.—യെശയ്യാവു 65:20; വെളിപ്പാടു 20:12, 15.
18. യെശയ്യാവിന്റെ നാളിൽ ചിലർ അന്ധരായിരിക്കാൻ മനഃപൂർവം ശ്രമിക്കുന്നത് എങ്ങനെ, യഹോവയെ ‘കാണാൻ’ അവർ നിർബന്ധിതരാകുന്നത് എപ്പോൾ?
18 “യഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.” (യെശയ്യാവു 26:11) യെശയ്യാവിന്റെ നാളിൽ യഹോവ തന്റെ ജനത്തിന്റെ ശത്രുക്കൾക്കെതിരെ പ്രവർത്തിക്കുമ്പോൾ അവന്റെ കരം ഉയർന്നിരിക്കുന്നു എന്നു വ്യക്തമായും പറയാൻ കഴിയുമായിരുന്നു. എന്നാൽ പലരും അതു തിരിച്ചറിഞ്ഞിട്ടില്ല. ആത്മീയമായി അന്ധരായിരിക്കാൻ മനഃപൂർവം ശ്രമിക്കുന്ന അത്തരക്കാർ ഒടുവിൽ അവന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയാകുമ്പോൾ അതു ‘കാണാൻ’ അല്ലെങ്കിൽ തിരിച്ചറിയാൻ നിർബന്ധിതരാകും. (സെഫന്യാവു 1:18) ദൈവം പിന്നീട് യെഹെസ്കേലിനോട് പറയുന്നു: ‘ഞാൻ യഹോവ എന്ന് അവർ അറിയും [“അറിയേണ്ടിവരും,”NW].’—യെഹെസ്കേൽ 38:23.
‘യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു’
19, 20. (എ) യഹോവ തന്റെ ജനത്തെ ശിക്ഷിക്കുന്നത് എന്തുകൊണ്ട്, എങ്ങനെ? (ബി) അത്തരം ശിക്ഷയിൽനിന്ന് ആർ പ്രയോജനം അനുഭവിച്ചു?
19 യഹോവയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണു തന്റെ ദേശക്കാർ സമാധാനവും സമൃദ്ധിയും ആസ്വദിക്കുന്നത് എന്ന് യെശയ്യാവിന് നന്നായി അറിയാം. “യഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.” (യെശയ്യാവു 26:12) യഹോവ യഹൂദാ നിവാസികൾക്കു സമാധാനവും സമൃദ്ധിയും നൽകുകയും “പുരോഹിതരാജത്വവും വിശുദ്ധജനവും” ആയിരിക്കാനുള്ള അവസരം നൽകുകയും ചെയ്തിട്ടും, അവർ പലപ്പോഴും യഹോവയോട് അവിശ്വസ്തത കാട്ടുകയുണ്ടായി. (പുറപ്പാടു 19:6) അവർ വീണ്ടും വീണ്ടും വ്യാജദൈവങ്ങളിലേക്കു തിരിഞ്ഞു. തന്നിമിത്തം, പലവട്ടം യഹോവ അവരെ ശിക്ഷിച്ചു. എന്നാൽ, അത്തരം ശിക്ഷ യഹോവയുടെ സ്നേഹത്തിന്റെ തെളിവാണ്. കാരണം, “[യഹോവ] താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.”—എബ്രായർ 12:6.
20 മിക്കപ്പോഴും, ഇസ്രായേല്യരുടെമേൽ ആധിപത്യം നടത്താൻ മറ്റു ജനതകളെ, ‘മററ് അധിപൻമാരെ’ (“പി.ഒ.സി. ബൈ.”) അനുവദിച്ചുകൊണ്ടാണ് യഹോവ തന്റെ ജനത്തെ ശിക്ഷിക്കുന്നത്. (യെശയ്യാവു 26:13 വായിക്കുക.) പൊ.യു.മു. 607-ൽ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകാൻ ബാബിലോണിയരെ അവൻ അനുവദിക്കുന്നു. അത് അവർക്കു പ്രയോജനം ചെയ്യുന്നുണ്ടോ? യാതന അതിൽത്തന്നെ ഒരു വ്യക്തിക്കു പ്രയോജനം ചെയ്യുന്നില്ല. എന്നാൽ, അത് അനുഭവിക്കുന്ന വ്യക്തി, തനിക്കു നേരിടുന്ന സംഗതികളിൽനിന്ന് ഒരു പാഠം പഠിക്കുകയും അനുതപിച്ച് യഹോവയ്ക്ക് സമ്പൂർണ ഭക്തി നൽകുകയും ചെയ്യുന്നപക്ഷം അത് അയാൾക്കു പ്രയോജനം ചെയ്യും. (ആവർത്തനപുസ്തകം 4:25-31) യഹൂദന്മാരിൽ ആരെങ്കിലും ദൈവിക അനുതാപം പ്രകടിപ്പിക്കുന്നുണ്ടോ? തീർച്ചയായും! യെശയ്യാവ് അതേക്കുറിച്ച് പ്രാവചനിക ഭാഷയിൽ ഇങ്ങനെ പറയുന്നു: “എന്നാൽ അങ്ങയുടെ നാമം മാത്രമാണ് ഞങ്ങൾ ഏറ്റുപറയുന്നത്.” (“പി.ഒ.സി. ബൈ.”) പൊ.യു.മു. 537-ൽ ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന ശേഷം പല പാപങ്ങൾക്കും യഹൂദന്മാർക്കു ശിക്ഷണം വേണ്ടിവന്നെങ്കിലും വിഗ്രഹ ദൈവങ്ങളുടെ ആരാധനയിലേക്ക് അവർ വീണ്ടുമൊരിക്കലും മടങ്ങിപ്പോകുന്നില്ല.
21. ദൈവജനത്തെ അടിച്ചമർത്തിയവർക്ക് എന്തു സംഭവിക്കും?
21 യഹൂദാ നിവാസികളെ ബന്ദികളാക്കിയവരുടെ കാര്യമോ? “മരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.” (യെശയ്യാവു 26:14) യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട ജനതയെ ദ്രോഹിച്ച ബാബിലോൺ തീർച്ചയായും യാതന അനുഭവിക്കും. മേദ്യരെയും പേർഷ്യക്കാരെയും ഉപയോഗിച്ച് അഹങ്കാരിയായ ബാബിലോണിനെ തകർത്തു നശിപ്പിച്ചുകൊണ്ട് പ്രവാസത്തിലുള്ള തന്റെ ജനതയെ യഹോവ വിടുവിക്കും. ആ മഹാനഗരമായ ബാബിലോൺ മൃതമാകും, അക്ഷരാർഥത്തിൽ നാമാവശേഷമാകും.
22. ആധുനിക നാളിൽ ദൈവജനം എങ്ങനെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു?
22 ആ പ്രവചനത്തിന് ഒരു ആധുനിക നിവൃത്തിയുണ്ട്. മഹാബാബിലോണിന്റെ അടിമത്തത്തിലായിരുന്ന ആത്മീയ ഇസ്രായേലിന്റെ ഒരു ശേഷിപ്പിനു ശിക്ഷണം ലഭിക്കുകയും 1919-ൽ അവർ അടിമത്തത്തിൽനിന്നു മോചിതരായി യഹോവയുടെ സേവനത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തു. പുനരുജ്ജീവിപ്പിക്കപ്പെട്ട അഭിഷിക്ത ക്രിസ്ത്യാനികൾ സജീവമായി പ്രസംഗവേലയിൽ ഏർപ്പെട്ടു. (മത്തായി 24:14) തത്ഫലമായി, നല്ല വർധനവു നൽകിക്കൊണ്ട് യഹോവ അവരെ അനുഗ്രഹിച്ചു. “വേറെ ആടുകളു”ടെ ഒരു മഹാപുരുഷാരത്തെ അവൻ അവരോടു കൂട്ടിച്ചേർക്കുകപോലും ചെയ്തു. (യോഹന്നാൻ 10:16) “നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു. യഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവർക്കു തട്ടിയപ്പോൾ ജപംകഴിക്കയും ചെയ്തു.”—യെശയ്യാവു 26:15, 16.
‘അവർ എഴുന്നേൽക്കും’
23. (എ) പൊ.യു.മു. 537-ൽ യഹോവയുടെ ശക്തിയുടെ ശ്രദ്ധേയമായ എന്തു പ്രകടനം നടക്കുന്നു? (ബി) അവന്റെ ശക്തിയുടെ സമാനമായ എന്തു പ്രകടനം 1919-ൽ ഉണ്ടായി?
23 യഹൂദാ നിവാസികൾ ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന സാഹചര്യത്തെ കുറിച്ച് യെശയ്യാവ് വീണ്ടും പ്രതിപാദിക്കുന്നു. അവൻ ആ ജനതയെ പരസഹായം കൂടാതെ പ്രസവിക്കാൻ കഴിയാത്ത, പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയോടു താരതമ്യം ചെയ്യുന്നു. (യെശയ്യാവു 26:17, 18 വായിക്കുക.) പൊ.യു.മു. 537-ൽ യഹോവയുടെ ജനത്തിന് ആ സഹായം ലഭിക്കുകയും അങ്ങനെ അവർ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങുകയും ചെയ്യുന്നു. ആലയം പുതുക്കിപ്പണിയാനും നിർമല ആരാധന പുനഃസ്ഥാപിക്കാനും അവർ അത്യന്തം ഉത്സുകരാണ്. ആ ജനത മരിച്ച അവസ്ഥയിൽനിന്നു ജീവനിലേക്കു വന്നതു പോലെയാണിപ്പോൾ. “നിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ [“മൃതന്മാരെ,” NW] പ്രസവിക്കുമല്ലോ.” (യെശയ്യാവു 26:19) യഹോവയുടെ ശക്തിയുടെ എന്തൊരു പ്രകടനമാണ് അത്! കൂടാതെ, 1919-ൽ ആത്മീയ അർഥത്തിൽ ഈ വാക്കുകൾ നിവൃത്തിയേറിയപ്പോൾ എത്ര മഹത്തായ വിധത്തിലാണ് അവന്റെ ശക്തി പ്രകടമായത്! (വെളിപ്പാടു 11:7-11) പുതിയ ലോകത്തിൽ ഈ വാക്കുകൾ അക്ഷരാർഥത്തിൽ നിവൃത്തിയേറുന്ന സമയത്തിനായി, “മൃതന്മാർ” സ്മാരകക്കല്ലറകളിൽനിന്ന് ‘യേശുവിന്റെ ശബ്ദം കേട്ടു പുനരുത്ഥാനം ചെയ്യുന്ന’ സമയത്തിനായി നാം എത്ര ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്!—യോഹന്നാൻ 5:28, 29.
24, 25. (എ) ഒളിച്ചിരിക്കാനുള്ള യഹോവയുടെ കൽപ്പന പൊ.യു.മു. 539-ലെ യഹൂദന്മാർക്ക് അനുസരിക്കാനാകുന്നത് എങ്ങനെ? (ബി) ആധുനിക നാളിൽ ‘ഉൾമുറികൾ’ എന്തിനെയാകാം സൂചിപ്പിക്കുന്നത്, അവയോടുള്ള ബന്ധത്തിൽ നമ്മുടെ മനോഭാവം എന്തായിരിക്കണം?
24 യെശയ്യാവിലൂടെ ദൈവം വാഗ്ദാനം ചെയ്ത ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിന് വിശ്വസ്തരായ വ്യക്തികൾ യഹോവയുടെ കൽപ്പനകൾ തീർച്ചയായും അനുസരിക്കേണ്ടതുണ്ട്: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ [“ഉൾമുറികളിൽ,” NW] കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക. യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.” (യെശയ്യാവു 26:20, 21; സെഫന്യാവു 1:14 താരതമ്യം ചെയ്യുക.) പൊ.യു.മു. 539-ൽ, കോരെശ് (സൈറസ്) രാജാവിന്റെ നേതൃത്വത്തിൽ മേദ്യരും പേർഷ്യക്കാരും ബാബിലോൺ കീഴടക്കിയപ്പോൾ ഈ വാക്യങ്ങളുടെ പ്രാരംഭ നിവൃത്തി സംഭവിച്ചിരിക്കണം. ഗ്രീക്കു ചരിത്രകാരനായ സെനോഫോൺ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച്, ബാബിലോണിൽ പ്രവേശിക്കുന്ന കോരെശ് എല്ലാവരും അവരവരുടെ വീടുകൾക്കുള്ളിൽ ആയിരിക്കാൻ കൽപ്പന പുറപ്പെടുവിക്കുന്നു. “വീടിനു വെളിയിൽ കാണുന്ന ഏതൊരാളെയും വെട്ടിക്കൊല്ലാൻ അശ്വസൈന്യത്തിന് ആജ്ഞ” നൽകിയിരുന്നത്രേ. ഇന്ന്, ലോകവ്യാപകമായുള്ള യഹോവയുടെ ജനത്തിന്റെ പതിനായിരക്കണക്കിനു വരുന്ന സഭകളെയാകാം ഈ പ്രവചനത്തിലെ ‘ഉൾമുറികൾ’ സൂചിപ്പിക്കുന്നത്. ആ സഭകൾ തുടർന്നും—‘മഹോപദ്രവ’ സമയത്തു പോലും—നമ്മുടെ ജീവിതത്തിൽ മുഖ്യ പങ്കുവഹിക്കുന്നതായിരിക്കും. (വെളിപ്പാടു 7:14, NW) സഭയോടുള്ള ബന്ധത്തിൽ നമുക്കു നല്ലൊരു മനോഭാവം ഉണ്ടായിരിക്കുന്നതും അതോടൊത്തു ക്രമമായി സഹവസിക്കുന്നതും എത്ര ജീവത്പ്രധാനമാണ്!—എബ്രായർ 10:24, 25.
25 സാത്താന്യ ലോകത്തിന്റെ നാശം ആസന്നമാണ്. ഭയജനകമായ ആ സമയത്തു തന്റെ ജനത്തെ യഹോവ എങ്ങനെ സംരക്ഷിക്കുമെന്നു നമുക്ക് അറിഞ്ഞുകൂടാ. (സെഫന്യാവു 2:3) എന്നാൽ ഒരു കാര്യം നമുക്കു വ്യക്തമായി അറിയാം: അതിജീവനം യഹോവയിലുള്ള നമ്മുടെ വിശ്വാസത്തെയും അവനോടുള്ള നമ്മുടെ വിശ്വസ്തതയെയും അനുസരണത്തെയും ആശ്രയിച്ചിരിക്കുന്നു.
26. ഇസ്രായേല്യരുടെയും നമ്മുടെയും കാലത്തെ ‘ലിവ്യാഥാൻ’ ആരാണ്, ‘സമുദ്രത്തിലെ’ ഈ ‘മഹാസർപ്പ’ത്തിന് എന്തു സംഭവിക്കുന്നു?
26 ആ കാലത്തെ ദൃഷ്ടിപഥത്തിൽ കണ്ടുകൊണ്ട് യെശയ്യാവ് പ്രവചിക്കുന്നു: “അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും സന്ദർശിക്കും; സമുദ്രത്തിലെ മഹാസർപ്പത്തെ അവൻ കൊന്നുകളയും.” (യെശയ്യാവു 27:1) ഈ പ്രവചനത്തിന്റെ പ്രാരംഭ നിവൃത്തിയിൽ ബാബിലോൺ, ഈജിപ്ത്, അസീറിയ തുടങ്ങി ഇസ്രായേല്യർ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളെയാണു ‘ലിവ്യാഥാൻ’ അർഥമാക്കുന്നത്. തക്കസമയത്തു സ്വദേശത്തേക്കു മടങ്ങുന്നതിൽനിന്ന് യഹോവയുടെ ജനത്തെ തടയാൻ ഈ രാജ്യങ്ങൾക്കു കഴിയുകയില്ല. എന്നാൽ, ആധുനികകാലത്തു ലിവ്യാഥാൻ ആരാണ്? അത് ‘പഴയ പാമ്പായ’ സാത്താനും ആത്മീയ ഇസ്രായേല്യരോടു പോരാടുന്നതിനുള്ള ഉപകരണമായ ഭൂമിയിലെ അവന്റെ ദുഷ്ട വ്യവസ്ഥിതിയും ആണെന്നു തോന്നുന്നു. (വെളിപ്പാടു 12:9, 10; 13:14, 16, 17; 18:24) ‘ലിവ്യാഥാന്’ 1919-ൽ ദൈവജനത്തിന്മേലുള്ള പിടി നഷ്ടപ്പെട്ടു. യഹോവ ‘സമുദ്രത്തിലെ മഹാസർപ്പത്തെ കൊന്നുകളയു’ന്നതോടെ ലിവ്യാഥാനു സമ്പൂർണ നാശം ഭവിക്കും. അതിനിടെ യഹോവയുടെ ജനത്തിനെതിരെ ‘ലിവ്യാഥാൻ’ എന്തു ചെയ്യാൻ മുതിർന്നാലും അവൻ അതിൽ സമ്പൂർണ ജയം നേടുകയില്ല.—യെശയ്യാവു 54:17.
‘മനോഹരമായോരു മുന്തിരിത്തോട്ടം’
27, 28. (എ) യഹോവയുടെ മുന്തിരിത്തോട്ടം എന്തിനാൽ ഭൂമിയെ നിറച്ചിരിക്കുന്നു? (ബി) യഹോവ തന്റെ മുന്തിരിത്തോട്ടത്തെ സംരക്ഷിക്കുന്നത് എങ്ങനെ?
27 യഹോവയുടെ സ്വതന്ത്ര ജനത്തിനു കൈവരുന്ന ഫലസമൃദ്ധിയെ യെശയ്യാവ് ഇപ്പോൾ മറ്റൊരു ഗീതത്തിലൂടെ മനോഹരമായി വർണിക്കുന്നു: “അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പററി പാട്ടു പാടുവിൻ. യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.” (യെശയ്യാവു 27:2, 3) ആത്മീയ ഇസ്രായേലിന്റെ അഭിഷിക്ത ശേഷിപ്പും കഠിനാധ്വാനികളായ അവരുടെ സഹകാരികളും മുഴു ഭൂമിയെയും ആത്മീയ ഫലങ്ങൾ കൊണ്ടു നിറച്ചിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ആഘോഷിക്കാൻ, അതേ സന്തോഷിക്കാൻ എത്ര നല്ല കാരണം! അതിനുള്ള എല്ലാ ബഹുമതിയും യഹോവയ്ക്കുള്ളതാണ്. കാരണം, തന്റെ മുന്തിരിത്തോട്ടത്തെ സ്നേഹപുരസ്സരം കാത്തുപരിപാലിക്കുന്നത് അവനാണ്.—യോഹന്നാൻ 15:1-8 താരതമ്യം ചെയ്യുക.
28 തീർച്ചയായും, യഹോവയുടെ ക്രോധം സന്തോഷത്തിനു വഴിമാറുന്നു! “എനിക്കു ക്രോധമില്ല. മുള്ളുകളും മുൾച്ചെടികളും മുളച്ചുവന്നാൽ ഞാൻ അവയോടു പൊരുതും. ഞാൻ അവയെ ഒന്നിച്ചു ദഹിപ്പിക്കും. അവയ്ക്ക് എന്റെ സംരക്ഷണം വേണമെങ്കിൽ എന്നോടു സമാധാനയുടമ്പടി ചെയ്യട്ടെ; എന്നോടു സമാധാനത്തിൽ കഴിയട്ടെ!” (യെശയ്യാവു 27:4, 5, “പി.ഒ.സി. ബൈ.”) തന്റെ മുന്തിരത്തോട്ടം സമൃദ്ധമായി മുന്തിരി ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്താൻ മുന്തിരിത്തോട്ടത്തിനു ഹാനി വരുത്തുന്ന കളസമാനമായ എന്തിനെയും യഹോവ ചവിട്ടിമെതിക്കുകയും തീയിലിട്ട് ചുട്ടുകളയുകയും ചെയ്യുന്നു. അതുകൊണ്ട്, ക്രിസ്തീയ സഭയുടെ ക്ഷേമത്തിന് ആരും വിഘാതമാകാതിരിക്കട്ടെ! മറിച്ച്, എല്ലാവരും യഹോവയുടെ പ്രീതിയും സംരക്ഷണവും നേടുന്നതിന് ‘അവനിൽ അഭയം പ്രാപിക്കട്ടെ.’ അങ്ങനെ ചെയ്യുന്നതിലൂടെ അവർ ദൈവവുമായി സമാധാനത്തിൽ ആകുകയായിരിക്കും ചെയ്യുന്നത്. പ്രധാനപ്പെട്ട ഒന്നായതിനാൽ യെശയ്യാവ് രണ്ടു തവണ അക്കാര്യം ആവർത്തിക്കുന്നു. ഫലമോ? “വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിർത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂർണ്ണമാകയും ചെയ്യും.” (യെശയ്യാവു 27:6) c ഈ വാക്കുകളുടെ നിവൃത്തി യഹോവയുടെ ശക്തിയുടെ എത്ര അത്ഭുതകരമായ തെളിവാണ്! 1919 മുതൽ അഭിഷിക്ത ക്രിസ്ത്യാനികൾ ‘ഫലം’കൊണ്ട്, പോഷകപ്രദമായ ആത്മീയ ആഹാരംകൊണ്ടു ഭൂമിയെ നിറച്ചിരിക്കുന്നു. തത്ഫലമായി, വിശ്വസ്തരായ ദശലക്ഷക്കണക്കിനു വേറെ ആടുകൾ അവരോടു ചേർന്നിരിക്കുന്നു. ഇരു കൂട്ടരും ചേർന്ന് “[ദൈവത്തിന്റെ] ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു.” (വെളിപ്പാടു 7:15) ഒരു ദുഷിച്ച ലോകത്തിന്മധ്യേ അവർ സസന്തോഷം ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങൾ പിൻപറ്റുന്നു. തന്മൂലം, യഹോവ വർധനവു നൽകി അവരെ തുടർന്നും അനുഗ്രഹിക്കുന്നു. “ഫല”ത്തിൽ പങ്കുപറ്റുന്നതും യഹോവയ്ക്കു സ്തുതി കരേറ്റുന്ന വിധത്തിൽ അതു മറ്റുള്ളവരുമായി പങ്കിടുന്നതും മഹത്തായ പദവിയാണെന്നതു നമുക്ക് ഒരിക്കലും മറക്കാതിരിക്കാം!
[അടിക്കുറിപ്പുകൾ]
a ആർ എന്നതിന് “നഗരം” എന്നായിരിക്കാം അർഥം.
b വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 170-ാം പേജ് കാണുക.
c യെശയ്യാവു 27:7-13, 285-ാം പേജിലെ ചതുരത്തിൽ ചർച്ച ചെയ്തിരിക്കുന്നു.
[അധ്യയന ചോദ്യങ്ങൾ]
[285-ാം പേജിലെ ചതുരം]
ഒരു “മഹാകാഹളം” വിമോചനം പ്രഖ്യാപിക്കുന്നു
പൊ.യു.മു. 607-ൽ, പ്രവാസത്തിലേക്ക് അയച്ചുകൊണ്ട് വഴിപിഴച്ച യഹൂദ ജനതയെ യഹോവ ശിക്ഷിക്കുമ്പോൾ ആ ജനതയ്ക്കു വലിയ വേദന അനുഭവപ്പെടുന്നു. (യെശയ്യാവു 27:7-11 വായിക്കുക.) മൃഗബലികളാൽ പരിഹരിക്കാനാവാത്ത വിധം അത്ര കൊടിയതാണ് ആ ജനതയുടെ അകൃത്യം. അതുകൊണ്ട്, യഹോവ അവരെ സ്വദേശത്തുനിന്നു തുരത്തും. ചെമ്മരിയാടുകളെയോ കോലാടുകളെയോ ‘ഓടിച്ചു പുറത്താക്കുന്നതു’ പോലെയോ (ഓശാന ബൈ.) ശക്തമായ കാറ്റത്ത് ഇലകൾ ദൂരേക്കു ‘പാറ്റിക്കളയുന്നതു’ പോലെയോ ആയിരിക്കും അത്. അതേത്തുടർന്ന്, ദേശത്ത് അവശേഷിക്കുന്ന വസ്തുക്കൾ കൊള്ളയടിക്കാൻ സ്ത്രീകളാൽ ചിത്രീകരിക്കപ്പെടുന്ന ബലഹീനർക്കുപോലും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുകയില്ല.
എന്നിരുന്നാലും, തന്റെ ജനത്തെ പ്രവാസത്തിൽനിന്നു വിടുവിക്കാനുള്ള യഹോവയുടെ സമയം വന്നെത്തുന്നു. ഒരു കർഷകൻ ഒലിവു മരത്തിന്റെ ശാഖകളിൽ തല്ലി പഴങ്ങൾ വിടുവിച്ചെടുക്കുന്നതുപോലെ, യഹോവ അവരെ വിടുവിക്കുന്നു. “അന്നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ [യൂഫ്രട്ടീസ് വരെ] കററ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും. അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപർവ്വതത്തിൽ യഹോവയെ നമസ്കരിക്കും.” (യെശയ്യാവു 27:12, 13) പൊ.യു.മു. 539-ലെ വിജയത്തെ തുടർന്നു കോരെശ് തന്റെ സാമ്രാജ്യത്തിലുള്ള എല്ലാ യഹൂദന്മാരെയും മോചിപ്പിക്കാനുള്ള കൽപ്പന പുറപ്പെടുവിക്കുന്നു. അതിൽ അസീറിയയിലും ഈജിപ്തിലും ഉള്ള യഹൂദന്മാരും ഉൾപ്പെടുന്നു. (എസ്രാ 1:1-4) അത് “മഹാകാഹളം” മുഴക്കി, ദൈവജനത്തിന്റെ സ്വാതന്ത്ര്യത്തെ വിളംബരം ചെയ്യുന്നതു പോലെയാണ്.
[275-ാം പേജിലെ ചിത്രങ്ങൾ]
‘മൃഷ്ടഭോജനങ്ങൾ കൊണ്ടുള്ള ഒരു വിരുന്ന്’
[277-ാം പേജിലെ ചിത്രം]
പ്രവാസികൾതന്നെ ബാബിലോണിനെ ചവിട്ടിമെതിക്കുന്നു
[278-ാം പേജിലെ ചിത്രം]
‘നിന്റെ ഉൾമുറികളിൽ പ്രവേശിക്ക’