യഹോവയ്ക്കായി കാത്തിരിപ്പിൻ
അധ്യായം ഇരുപത്തിമൂന്ന്
യഹോവയ്ക്കായി കാത്തിരിപ്പിൻ
1, 2. (എ) യെശയ്യാവു 30-ാം അധ്യായത്തിൽ എന്ത് അടങ്ങിയിരിക്കുന്നു? (ബി) നാം ഇപ്പോൾ ഏതു ചോദ്യങ്ങൾ പരിചിന്തിക്കുന്നതാണ്?
യെശയ്യാവു 30-ാം അധ്യായത്തിൽ ദുഷ്ടന്മാർക്ക് എതിരെയുള്ള ദൈവത്തിന്റെ കൂടുതലായ ന്യായവിധികൾ അടങ്ങിയിരിക്കുന്നു. എന്നുവരികിലും, യെശയ്യാ പ്രവചനത്തിന്റെ ഈ ഭാഗം യഹോവയുടെ ഹൃദയോഷ്മള ഗുണങ്ങളിൽ ചിലത് എടുത്തുകാട്ടുന്നു. പ്രതീകാത്മകമായി പറഞ്ഞാൽ, അവൻ മാർഗദർശനമേകുന്നതു കേൾക്കാനും അവന്റെ സാന്ത്വനദായക സാന്നിധ്യം കണ്ടറിയാനും സുഖദായക സ്പർശനം അനുഭവിച്ചറിയാനും ഒരുവനു കഴിയത്തക്ക വിധത്തിൽ അത്ര സ്പഷ്ടമായാണ് ആ ഗുണങ്ങളെ കുറിച്ച് അതിൽ വിവരിക്കുന്നത്.—യെശയ്യാവു 30:20, 21, 26.
2 എന്നിട്ടും, യെശയ്യാവിന്റെ നാളിലെ വിശ്വാസത്യാഗികളായ യഹൂദർ യഹോവയിലേക്കു തിരിയാൻ വിസമ്മതിക്കുന്നു. പകരം, അവർ മനുഷ്യരിലാണ് ആശ്രയം വെക്കുന്നത്. അതു സംബന്ധിച്ച് യഹോവ എന്തു വിചാരിക്കുന്നു? യഹോവയ്ക്കായി കാത്തിരിക്കാൻ യെശയ്യാ പ്രവചനത്തിലെ ഈ ഭാഗം എങ്ങനെയാണ് ഇന്നു ക്രിസ്ത്യാനികളെ സഹായിക്കുന്നത്? (യെശയ്യാവു 30:18) നമുക്കതു പരിശോധിക്കാം.
വിഡ്ഢിത്തവും വിനാശവും
3. ഏതു ഗൂഢാലോചന യഹോവ വെളിച്ചത്തു കൊണ്ടുവരുന്നു?
3 അസീറിയൻ നുകക്കീഴിൽ ആകാതിരിക്കേണ്ടതിന് യഹൂദയിലെ നേതാക്കന്മാർ കുറെക്കാലമായി ഒരു ഗൂഢാലോചന നടത്തിവരുകയാണ്. എന്നാൽ, യഹോവ അതു വീക്ഷിക്കുന്നുണ്ടെന്ന കാര്യം അവർ അറിയുന്നില്ല. അവൻ അവരുടെ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരുന്നു: “പാപത്തോടു പാപം കൂട്ടുവാൻ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും . . . മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിന്നും എന്റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കൾക്കു അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.”—യെശയ്യാവു 30:1, 2ബി.
4. മത്സരികളായ ദൈവജനത ഈജിപ്തിനെ ദൈവത്തിന്റെ സ്ഥാനത്തു വെക്കുന്നത് എങ്ങനെ?
4 തങ്ങളുടെ ഗൂഢാലോചന വെളിച്ചത്തായെന്ന് അറിഞ്ഞപ്പോൾ തന്ത്രശാലികളായ ആ നേതാക്കന്മാർ ഞെട്ടിപ്പോയി! ഈജിപ്തിലേക്കു പോയി അവരുമായി സഖ്യം ചേരുന്നത് അസീറിയയ്ക്ക് എതിരെയുള്ള മത്സരമാണ് എന്നതു ശരിതന്നെ. എന്നാൽ, അതിനെക്കാൾ ഗൗരവമായ സംഗതി അത് യഹോവയാം ദൈവത്തിന് എതിരെയുള്ള മത്സരമാണ് എന്നതാണ്. ദാവീദ് രാജാവിന്റെ കാലത്ത് ആ ജനത യഹോവയെ തങ്ങളുടെ ശക്തിദുർഗമായി കരുതുകയും ‘അവന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കു’കയും ചെയ്തിരുന്നു. (സങ്കീർത്തനം 27:1; 36:7) എന്നാൽ, ഇപ്പോൾ അവർ “ഫറവോയെ അഭയംപ്രാപിക്കുകയും ഈജിപ്തിന്റെ തണലിൽ സങ്കേതം തേടുകയും” ചെയ്യുന്നു. (യെശയ്യാവു 30:2, “പി.ഒ.സി. ബൈ.”) അവർ ഈജിപ്തിനെ ദൈവത്തിന്റെ സ്ഥാനത്തു വെക്കുന്നു! എന്തൊരു കൊടിയ വിശ്വാസവഞ്ചന!—യെശയ്യാവു 30:3-5 വായിക്കുക.
5, 6. (എ) ഈജിപ്തുമായി ഇസ്രായേല്യർ സഖ്യം ചേരുന്നതു തികച്ചും നാശകരമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ഈജിപ്തിലേക്കുള്ള ഈ യാത്ര, ദൈവജനം മുമ്പു നടത്തിയ യാത്രയോടുള്ള താരതമ്യത്തിൽ ബുദ്ധിശൂന്യമായ ഒരു നടപടി ആയിരിക്കുന്നത് എന്തുകൊണ്ട്?
5 ഈജിപ്തിലേക്കുള്ള യാത്ര വെറുമൊരു ആകസ്മിക യാത്രയല്ല എന്നു വ്യക്തമാക്കാൻ എന്നവണ്ണം യെശയ്യാവ് കൂടുതലായ ഈ വിശദാംശങ്ങൾ നൽകുന്നു. ‘തെക്കെ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസർപ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവർ ഇളംകഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയററി കൊണ്ടുപോകുന്നു.’ (യെശയ്യാവു 30:6എ) നിശ്ചയമായും, ആ യാത്ര ശരിക്കും ആസൂത്രിതമായ ഒന്നാണ്. ഇസ്രായേല്യ പ്രതിനിധികൾ ഒട്ടകങ്ങളുടെയും കഴുതകളുടെയും പുറത്തു വിലയേറിയ സാധനങ്ങൾ കയറ്റി മുരളുന്ന സിംഹങ്ങളും വിഷപ്പാമ്പുകളും നിറഞ്ഞ ഊഷരഭൂമിയിലൂടെ ഈജിപ്തിലേക്കു പോകുന്നു. ഒടുവിൽ, ആ പ്രതിനിധികൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തി തങ്ങളുടെ അമൂല്യ വസ്തുക്കൾ ഈജിപ്തുകാരെ ഏൽപ്പിക്കുന്നു. അങ്ങനെ, തങ്ങൾ സംരക്ഷണം വിലയ്ക്കു വാങ്ങിയതായി അവർ കരുതുന്നു. എന്നാൽ, യഹോവ പറയുന്നതു ശ്രദ്ധിക്കൂ: “തങ്ങൾക്കു ഉപകാരം വരാത്ത ഒരു ജാതി” ആയ “മിസ്രയീമ്യരുടെ സഹായം വ്യർത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാൻ അതിന്നു: അനങ്ങാതിരിക്കുന്ന സാഹസക്കാർ [“അനങ്ങാതിരിക്കുന്ന രഹബ്,” “ഓശാന ബൈ.”] എന്നു പേർ വിളിക്കുന്നു.” (യെശയ്യാവു 30:6ബി, 7) ഒരു “മഹാസർപ്പ”മായ ‘രഹബ്’ ഈജിപ്തിനെ ചിത്രീകരിക്കുന്നു. (യെശയ്യാവു 51:9, 10) അവൾ പലതും വാഗ്ദാനം ചെയ്യുന്നെങ്കിലും അതൊന്നും നിവർത്തിക്കുന്നില്ല. ഈജിപ്തുമായി ഇസ്രായേൽ സഖ്യം ചേരുന്നതു തികച്ചും നാശകരംതന്നെ.
6 ഇസ്രായേല്യ പ്രതിനിധികളുടെ യാത്രയെ കുറിച്ചുള്ള യെശയ്യാവിന്റെ വിവരണത്തിനു ചെവികൊടുക്കുന്നവർ മോശെയുടെ കാലത്ത് ദൈവജനം നടത്തിയ മറ്റൊരു യാത്രയെ കുറിച്ച് ഓർമിക്കാൻ ഇടയുണ്ട്. ‘ഭയങ്കരമായ’ ആ “മരുഭൂമിയി”ലൂടെ അവരുടെ പൂർവപിതാക്കന്മാരും നടന്നിട്ടുള്ളതാണ്. (ആവർത്തനപുസ്തകം 8:14-16) എന്നാൽ, മോശെയുടെ നാളിൽ ഇസ്രായേല്യർ ഈജിപ്തിന്റെ ബന്ധനത്തിൽനിന്നു രക്ഷപ്പെട്ടുപോരുകയായിരുന്നു. ഇത്തവണയാകട്ടെ, അവർ ഈജിപ്തിലേക്ക്, ഫലത്തിൽ അടിമത്തത്തിലേക്കു മടങ്ങുന്നതാണു കാണുന്നത്. എത്ര ബുദ്ധിശൂന്യമായ ഒരു നടപടി! ഇതു നമുക്കൊരു മുന്നറിയിപ്പാണ്. നമ്മിലാരും ബുദ്ധിശൂന്യമായ അത്തരമൊരു തീരുമാനമെടുത്തുകൊണ്ട് ആത്മീയ അടിമത്തത്തിലേക്കു മടങ്ങിപ്പോകാതിരിക്കട്ടെ!—ഗലാത്യർ 5:1 താരതമ്യം ചെയ്യുക.
പ്രവാചകന്റെ സന്ദേശത്തോട് എതിർപ്പ്
7. യഹൂദയ്ക്കുള്ള തന്റെ മുന്നറിയിപ്പു രേഖപ്പെടുത്താൻ യഹോവ യെശയ്യാവിനോട് ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
7 യെശയ്യാവ് അറിയിച്ചു കഴിഞ്ഞ ആ സന്ദേശം രേഖപ്പെടുത്തി വെക്കാൻ യഹോവ അവനോട് ആവശ്യപ്പെടുന്നു. അങ്ങനെ അത് “വരുങ്കാലത്തേക്കു ഒരു ശാശ്വതസാക്ഷ്യമായി” ഉതകും. (യെശയ്യാവു 30:8) തന്നിൽ ആശ്രയിക്കുന്നതിനു പകരം മനുഷ്യനെ ആശ്രയിക്കുന്നത് യഹോവയ്ക്ക് ഒട്ടും അംഗീകരിക്കാനാവില്ല. ആ വസ്തുത ഭാവിതലമുറകളുടെ—നമ്മുടെ തലമുറയുൾപ്പെടെ—പ്രയോജനത്തിനായി രേഖപ്പെടുത്തണം. (2 പത്രൊസ് 3:1-4) എന്നാൽ ആ വിവരങ്ങൾ രേഖപ്പെടുത്തി വെക്കുന്നതിന് അതിനെക്കാളൊക്കെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാരണമുണ്ട്. “അവർ മത്സരമുള്ളോരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.” (യെശയ്യാവു 30:9) ഇസ്രായേല്യർ ദൈവത്തിന്റെ അനുശാസനം തള്ളിക്കളഞ്ഞിരിക്കുന്നു. തങ്ങൾക്കു തക്കതായ ഒരു മുന്നറിയിപ്പു ലഭിച്ചില്ല എന്നു പിന്നീട് അവർ പറയാതിരിക്കേണ്ടതിന് ആ വസ്തുത രേഖപ്പെടുത്തേണ്ടതുണ്ട്.—സദൃശവാക്യങ്ങൾ 28:9; യെശയ്യാവു 8:1, 2.
8, 9. (എ) ഏതു വിധത്തിലാണ് യഹൂദയിലെ നേതാക്കന്മാർ യഹോവയുടെ പ്രവാചകന്മാരെ ദുഷിപ്പിക്കാൻ ശ്രമിക്കുന്നത്? (ബി) താൻ ഭയന്നു പിന്മാറുകയില്ലെന്ന് യെശയ്യാവ് എങ്ങനെ പ്രകടമാക്കുന്നു?
8 ജനങ്ങളുടെ മത്സരാത്മക മനോഭാവത്തിന് യെശയ്യാവ് ഒരു ഉദാഹരണം നൽകുന്നു: ‘അവർ ദർശകന്മാരോടു: ദർശിക്കരുതു; പ്രവാചകന്മാരോടു: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ; വ്യാജങ്ങളെ പ്രവചിപ്പിൻ എന്നു പറയുന്നു.’ (യെശയ്യാവു 30:10) മേലാൽ ‘നേരുള്ളത്’ അഥവാ സത്യം പറയുന്നതിനു പകരം ‘മധുരവാക്കും’ ‘വ്യാജവും’ പറയാൻ വിശ്വസ്ത പ്രവാചകന്മാരോട് ആവശ്യപ്പെടുന്നതിലൂടെ, കർണരസം പകരുന്ന കാര്യങ്ങൾ കേൾക്കാനേ തങ്ങൾക്കു താത്പര്യമുള്ളു എന്ന് യഹൂദയിലെ നേതാക്കന്മാർ വ്യക്തമാക്കുന്നു. അവരെ പുകഴ്ത്തിയാൽ മാത്രം മതി, കുറ്റപ്പെടുത്തിക്കൂടാ. അവരുടെ അഭിപ്രായത്തിൽ, തങ്ങളുടെ ഇഷ്ടപ്രകാരം പ്രവചിക്കാത്ത ഏതൊരു പ്രവാചകനും തന്റെ ‘വഴിയിൽ നിന്ന് മാറണം’; ‘പാതയിൽനിന്ന് വ്യതിചലിക്കണം.’ (യെശയ്യാവു 30:11എ, “ഓശാന ബൈ.”) അതായത്, പ്രവാചകൻ ഒന്നുകിൽ കേൾക്കാൻ സുഖമുള്ള കാര്യങ്ങൾ പറയണം, അല്ലെങ്കിൽ മിണ്ടാതിരിക്കണം!
9 യെശയ്യാവിന്റെ എതിരാളികൾ ഇങ്ങനെ നിർബന്ധം പിടിക്കുന്നു: “യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിൻ” (യെശയ്യാവു 30:11ബി) “യിസ്രായേലിന്റെ പരിശുദ്ധ”നായ യഹോവയുടെ നാമത്തിൽ യെശയ്യാവ് ഇനിമേൽ സംസാരിക്കരുതുപോലും! ‘യിസ്രായേലിന്റെ പരിശുദ്ധൻ’ എന്ന പ്രയോഗംതന്നെ അവരെ അലോസരപ്പെടുത്തുന്നു. യഹോവയുടെ ഉയർന്ന നിലവാരങ്ങൾ അവരുടെ അധമാവസ്ഥയെ വെളിപ്പെടുത്തുന്നു എന്നതാണ് അതിനു കാരണം. എന്നാൽ, യെശയ്യാവ് എങ്ങനെയാണു പ്രതികരിക്കുന്നത്? അവൻ പ്രഖ്യാപിക്കുന്നു: “യിസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു” (യെശയ്യാവു 30:12എ) തന്റെ എതിരാളികൾ കേൾക്കാൻ ആഗ്രഹിക്കാത്ത അതേ വാക്കുകൾതന്നെ യെശയ്യാവ് തെല്ലും മടികൂടാതെ ആവർത്തിക്കുന്നു. അവൻ ഭയന്നു പിന്മാറുകയില്ല. നമുക്ക് അനുകരിക്കാൻ പറ്റിയ എത്ര നല്ല ദൃഷ്ടാന്തം! ദൈവസന്ദേശം പ്രഖ്യാപിക്കുന്ന കാര്യത്തിൽ ക്രിസ്ത്യാനികൾ ഒരിക്കലും വിട്ടുവീഴ്ച വരുത്തരുത്. (പ്രവൃത്തികൾ 5:27-29) യെശയ്യാവിനെ പോലെ, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന് അവർ പ്രഖ്യാപിക്കുന്നതിൽ തുടരുന്നു!
മത്സരത്തിന്റെ അനന്തരഫലങ്ങൾ
10, 11. യഹൂദയുടെ മത്സരത്തിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമായിരിക്കും?
10 യഹൂദ ദൈവവചനം തള്ളിക്കളയുകയും വ്യാജത്തിൽ വിശ്വസിക്കുകയും ‘വക്രതയിൽ’ ആശ്രയിക്കുകയും ചെയ്തിരിക്കുന്നു. (യെശയ്യാവു 30:12ബി) അതിന്റെ അനന്തരഫലങ്ങൾ എന്തെല്ലാമാണ്? യഹൂദ ജനത ആഗ്രഹിക്കുന്ന പ്രകാരം യഹോവ രംഗം വിടുന്നതിനു പകരം അവൻ ആ ജനതയെ ഇല്ലായ്മ ചെയ്യും! ശീഘ്രവും സമഗ്രവുമായ ഒരു വിധത്തിലായിരിക്കും അവൻ അതു ചെയ്യുക. ഒരു ദൃഷ്ടാന്തത്തിലൂടെ യെശയ്യാവ് അത് ഊന്നിപ്പറയുന്നു. ആ ജനതയുടെ മത്സരം, “ഉയർന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടന്നു ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽ പോലെ ആയിരിക്കും.” (യെശയ്യാവു 30:13) ഒരു ചുവരിലെ വീർത്ത് ഉന്തിനിൽക്കുന്ന ഭാഗം ഒടുവിൽ ചുവർ വീഴാൻ ഇടയാക്കും. അതുപോലെതന്നെ, യെശയ്യാവിന്റെ സമകാലികരുടെ വർധിച്ച മത്സരം ആ ജനതയുടെ നാശത്തിന് ഇടവരുത്തും.
11 വരാനിരിക്കുന്ന നാശം എത്ര പൂർണമായിരിക്കും എന്നു കാണിക്കാൻ യെശയ്യാവ് മറ്റൊരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു: “അടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവൻ കുശവന്റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടെച്ചുകളയുന്നതുപോലെ അവൻ അതിനെ ഉടെച്ചുകളയും.” (യെശയ്യാവു 30:14) മൂല്യവത്തായ ഒന്നും അവശേഷിക്കാത്തവിധം യഹൂദയുടെ നാശം അത്ര പൂർണമായിരിക്കും. വെള്ളം കോരിയെടുക്കാനോ അടുപ്പിൽനിന്നു ചാരമെടുക്കാനോ ഉതകുന്ന ഒരു കലക്കഷണം പോലും അവശേഷിക്കുകയില്ല. എത്ര ലജ്ജാകരമായ അന്ത്യം! അതുപോലെ ഇക്കാലത്ത് സത്യാരാധനയെ എതിർക്കുന്നവരുടെമേൽ വരാനിരിക്കുന്ന അന്ത്യവും ശീഘ്രവും സമഗ്രവുമായിരിക്കും.—എബ്രായർ 6:4-8; 2 പത്രൊസ് 2:1.
യഹോവയുടെ ക്ഷണം നിരസിക്കപ്പെടുന്നു
12. യഹൂദയിലെ ജനങ്ങൾക്ക് എങ്ങനെ നാശം ഒഴിവാക്കാനാകും?
12 യെശയ്യാവിന്റെ വാക്കുകൾ കേൾക്കുന്നവർക്ക് വേണമെങ്കിൽ നാശം ഒഴിവാക്കാനാകും. അതിനുള്ള മാർഗം പ്രവാചകൻ വിശദീകരിക്കുന്നു: “യിസ്രായേലിന്റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം.” (യെശയ്യാവു 30:15എ) ‘അടങ്ങിയിരി’ക്കുകയും അതായത്, മനുഷ്യരുമായി സഖ്യം ചേർന്നു രക്ഷപ്രാപിക്കാൻ ശ്രമിക്കാതിരിക്കുകയും, ‘വിശ്രമിക്കുകയും’ അതായത്, ഭയത്തിനു കീഴ്പെടാതെ ദൈവത്തിന്റെ സംരക്ഷണാത്മക ശക്തിയിൽ ആശ്രയിക്കുകയും ചെയ്യുന്ന തന്റെ ജനത്തെ രക്ഷിക്കാൻ യഹോവ സന്നദ്ധനാണ്. “എന്നാൽ,” യെശയ്യാവ് ജനങ്ങളോട് ഇങ്ങനെ പറയുന്നു, “നിങ്ങൾ അതിന്ന് ഒരുക്കമല്ല.”—യെശയ്യാവു 30:15, “ഓശാന ബൈ.”
13. യഹൂദയിലെ നേതാക്കന്മാർ എന്തിലാണ് ആശ്രയം അർപ്പിക്കുന്നത്, അതു ന്യായീകരിക്കത്തക്കതാണോ?
13 യെശയ്യാവ് അതു സംബന്ധിച്ചു കൂടുതലായി വിശദീകരിക്കുന്നു: “അല്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടിപ്പോകും എന്നു നിങ്ങൾ പറഞ്ഞു; അതുകൊണ്ടു നിങ്ങൾ ഓടിപ്പോകേണ്ടിവരും; ഞങ്ങൾ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.” (യെശയ്യാവു 30:16) യഹോവയല്ല, മറിച്ച് വേഗമേറിയ തുരഗങ്ങൾ അഥവാ പടക്കുതിരകൾ തങ്ങൾക്കു രക്ഷയേകുമെന്ന് യഹൂദർ കരുതുന്നു. (ആവർത്തനപുസ്തകം 17:16; സദൃശവാക്യങ്ങൾ 21:31) എന്നാൽ, ആ വാദത്തെ ഖണ്ഡിച്ചുകൊണ്ട് അവരുടെ ആശ്രയം വെറും പൊള്ളയായിരിക്കും എന്നു പ്രവാചകൻ പറയുന്നു. കാരണം, ശത്രുക്കൾ അവരെ കീഴടക്കും. അനവധി സൈനികർ ഉണ്ടായിരുന്നാലും അതുകൊണ്ട് ഫലമുണ്ടാകില്ല. “ഏകന്റെ ഭീഷണിയാൽ ആയിരം പേരും അഞ്ചു പേരുടെ ഭീഷണിയാൽ നിങ്ങൾ ഒക്കെയും ഓടിപ്പോകും.” (യെശയ്യാവു 30:17ബി) ഏതാനും ശത്രുക്കളുടെ ആരവം നിമിത്തം യഹൂദാസൈന്യം ഭയന്നോടും. a “മലമുകളിൽ ഒരു കൊടിമരം പോലെയും കുന്നിമ്പുറത്തു ഒരു കൊടിപോലെയും” അവരിൽ ചുരുക്കം ചിലരേ ഒടുവിൽ അവശേഷിക്കൂ. (യെശയ്യാവു 30:17എ) ആ പ്രവചനത്തിന്റെ നിവൃത്തിയായി പൊ.യു.മു. 607-ൽ യെരൂശലേം നശിപ്പിക്കപ്പെടുമ്പോൾ കുറച്ചു പേർ മാത്രമേ അതിജീവിക്കുന്നുള്ളൂ.—യിരെമ്യാവു 25:8-11.
കുറ്റവിധിയുടെ സമയത്തും സാന്ത്വനം
14, 15. യെശയ്യാവു 30:18-ലെ വാക്കുകൾ പുരാതന കാലത്തെ യഹൂദർക്കും ഇന്നത്തെ സത്യക്രിസ്ത്യാനികൾക്കും എന്ത് ആശ്വാസം പകരുന്നു?
14 ശ്രോതാക്കളുടെ കാതുകളിൽ ഈ വാക്കുകൾ മുഴുങ്ങുമ്പോൾത്തന്നെ യെശയ്യാവ് മറ്റൊരു സന്ദേശം പ്രഖ്യാപിക്കുന്നു. നാശത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്കു പകരം അനുഗ്രഹങ്ങളെ കുറിച്ചാണ് അവൻ ഇപ്പോൾ പറയുന്നത്: “[യഹോവ] നിങ്ങളിൽ പ്രസാദിക്കാൻ കാത്തിരിക്കുന്നു; നിങ്ങളോട് കരുണ കാണിക്കാൻ അവൻ എഴുന്നേല്ക്കുന്നു. കാരണം, [യഹോവ] നീതിയുടെ ദൈവമാണ്; അവന്നുവേണ്ടി കാത്തിരിക്കുന്നവരെല്ലാം അനുഗൃഹീതരാണ്.” (യെശയ്യാവു 30:18, “ഓശാന ബൈ.”) എത്ര പ്രോത്സാഹജനകമായ വാക്കുകൾ! മക്കളെ സഹായിക്കാൻ വാഞ്ഛിക്കുന്ന, ആർദ്രാനുകമ്പയുള്ള ഒരു പിതാവാണ് യഹോവ. കരുണ കാണിക്കുന്നതിൽ അവൻ ആനന്ദിക്കുന്നു.—സങ്കീർത്തനം 103:13; യെശയ്യാവു 55:7.
15 പൊ.യു.മു. 607-ൽ യെരൂശലേമിനുണ്ടായ നാശത്തെ അതിജീവിക്കാൻ കരുണ ലഭിച്ച യഹൂദ ശേഷിപ്പും പൊ.യു.മു. 537-ൽ വാഗ്ദത്തദേശത്തേക്കു മടങ്ങിയ യഹൂദരുടെ ചെറിയ ഗണവും ഈ വാക്കുകളുടെ നിവൃത്തി അനുഭവിക്കുന്നു. എന്നിരുന്നാലും, യെശയ്യാ പ്രവാചകന്റെ വാക്കുകൾ ഇന്നു ക്രിസ്ത്യാനികളായ നമുക്കും ആശ്വാസമേകുന്നു. ഈ ദുഷ്ടവ്യവസ്ഥിതിക്ക് അന്ത്യം വരുത്തിക്കൊണ്ട് യഹോവ നമുക്കുവേണ്ടി ‘എഴുന്നേല്ക്കും’ എന്ന് ഇതു നമ്മെ ഓർമിപ്പിക്കുന്നു. “നീതിയുടെ ദൈവമാ”യ യഹോവ, നീതി നിഷ്കർഷിക്കുന്നതിനെക്കാൾ ഒരു ദിവസംപോലും കൂടുതൽ നിലനിൽക്കാൻ സാത്താന്റെ ലോകത്തെ അനുവദിക്കുകയില്ല എന്ന് അവന്റെ വിശ്വസ്ത ആരാധകർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്. തന്മൂലം, “അവന്നുവേണ്ടി കാത്തിരിക്കുന്ന” ഏവർക്കും സന്തോഷിക്കാൻ മതിയായ കാരണമുണ്ട്.
പ്രാർഥനയ്ക്ക് ഉത്തരമേകിക്കൊണ്ട് യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു
16. യഹോവ നിരുത്സാഹിതരെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
16 പ്രതീക്ഷിച്ചത്ര പെട്ടെന്നു വിമോചനം ലഭിക്കാത്തതിൽ ചിലർക്കു നിരുത്സാഹം തോന്നിയേക്കാം. (സദൃശവാക്യങ്ങൾ 13:12; 2 പത്രൊസ് 3:9) അത്തരക്കാർ, യെശയ്യാവിന്റെ തുടർന്നുവരുന്ന വാക്കുകളിൽനിന്ന് ആശ്വാസംകൊള്ളട്ടെ. യഹോവയുടെ വ്യക്തിത്വത്തിന്റെ ഒരു സവിശേഷ വശത്തെയാണ് ആ വാക്കുകൾ എടുത്തുകാട്ടുന്നത്. “ജെറൂശലേമിൽ വസിക്കുന്ന സീയോൻകാരേ, നിങ്ങൾ ഇനി വിലപിക്കയില്ല; നിന്റെ നിലവിളിയുടെ ശബ്ദം കേൾക്കുമ്പോൾ അവൻ നിശ്ചയമായും നിന്നിൽ പ്രസാദിക്കും. അതു കേൾക്കുമ്പോൾ [“കേൾക്കുന്ന മാത്രയിൽ,” NW] അവൻ നിനക്ക് ഉത്തരമരുളും.” (യെശയ്യാവു 30:19, “ഓശാന ബൈ.”) യെശയ്യാവിന്റെ വാക്കുകളിൽ ആർദ്രത കളിയാടുന്നു. കാരണം, 18-ാം വാക്യത്തിൽ ‘നിങ്ങൾ’ എന്ന ബഹുവചനം ഉപയോഗിക്കുമ്പോൾ 19-ാം വാക്യത്തിൽ ‘നീ’ എന്ന ഏകവചനമാണ് അവൻ ഉപയോഗിക്കുന്നത്. യാതന അനുഭവിക്കുന്ന ഓരോരുത്തരെയും വ്യക്തിപരമായിട്ടാണ് യഹോവ ആശ്വസിപ്പിക്കുന്നത്. ഒരു പിതാവെന്ന നിലയിൽ അവൻ നിരാശിതനായ ഒരു മകനോട്, ‘നിനക്ക് നിന്റെ ജ്യേഷ്ഠനെ പോലെ ആയിരുന്നുകൂടേ?’ എന്നു ചോദിക്കുന്നില്ല. (ഗലാത്യർ 6:4) മറിച്ച്, ഓരോരുത്തർക്കും പറയാനുള്ളത് അവൻ കാതോർത്തു കേൾക്കുന്നു. വാസ്തവത്തിൽ, ‘കേൾക്കുന്ന മാത്രയിൽ അവൻ ഉത്തരമരുളും.’ എത്ര ഉറപ്പേകുന്ന വാക്കുകൾ! അതേ, യഹോവയോടു പ്രാർഥിക്കുന്നപക്ഷം നമുക്കു നിരുത്സാഹത്തെ കീഴടക്കാനാകും.—സങ്കീർത്തനം 65:2.
ദൈവത്തിന്റെ വചനം വായിച്ചുകൊണ്ട് അവന്റെ മാർഗനിർദേശത്തിനു ചെവി ചായ്ക്കുക
17, 18. ദുഷ്കര സമയങ്ങളിൽ പോലും യഹോവ നമുക്ക് എങ്ങനെ മാർഗനിർദേശം പ്രദാനം ചെയ്യുന്നു?
17 തുടർന്ന്, വരാനിരിക്കുന്ന വിനാശത്തെ കുറിച്ച് യെശയ്യാവ് ജനങ്ങളെ ഓർമിപ്പിക്കുന്നു. അവർക്ക് “കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും” ലഭിക്കാനിരിക്കുകയാണ്. (യെശയ്യാവു 30:20എ) ഉപരോധത്തിൽ ആയിരിക്കുമ്പോൾ കഷ്ടവും ഞെരുക്കവും അവർക്ക് അപ്പവും വെള്ളവും പോലെ അത്ര പരിചിതമായിരിക്കും. എന്നാൽ, അപ്പോഴും പരമാർഥ ഹൃദയരുടെ രക്ഷയ്ക്കെത്താൻ യഹോവ സന്നദ്ധനാണ്. “ഇനി നിന്റെ ഉപദേഷ്ടാവു [“മഹാപ്രബോധകൻ,” NW] മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ [“മഹാപ്രബോധകനെ,” NW] കണ്ടുകൊണ്ടിരിക്കും. നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശയ്യാവു 30:20ബി, 21. b
18 യഹോവയാണ് “മഹാപ്രബോധകൻ.” പ്രബോധകൻ എന്ന നിലയിൽ അവനു തുല്യനായി ആരുമില്ല. എന്നാൽ, ആളുകൾക്ക് അവനെ ‘കാണാ’നും അവന്റെ വാക്കുകൾ ‘കേൾക്കാ’നും എങ്ങനെ കഴിയും? പ്രവാചകന്മാർ മുഖാന്തരം യഹോവ തന്നെക്കുറിച്ചു വെളിപ്പെടുത്തുന്നു. അവർ അവന്റെ വാക്കുകൾ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. (ആമോസ് 3:6, 7) ഇന്നു ദൈവത്തിന്റെ വിശ്വസ്ത ആരാധകർ ബൈബിൾ വായിക്കുമ്പോൾ ഒരു പിതാവിനെ പോലെ, പോകേണ്ട വഴി ഏതാണെന്നു ദൈവം തങ്ങളോടു പറയുന്നതായും അതിലൂടെ നടക്കുന്നതിനു തങ്ങളുടെ പ്രവർത്തന ഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ അവൻ ആഹ്വാനം ചെയ്യുന്നതായും അവർക്ക് അനുഭവപ്പെടുന്നു. ബൈബിളിന്റെ താളുകളിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ” (NW) പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും യഹോവ സംസാരിക്കുമ്പോൾ ഓരോ ക്രിസ്ത്യാനിയും ദത്തശ്രദ്ധ നൽകണം. (മത്തായി 24:45-47) ഓരോരുത്തരും അനുദിനം ബൈബിൾ വായിക്കേണ്ടതുണ്ട്. എന്തെന്നാൽ, അതു നമ്മുടെ ‘ജീവനെ അർഥമാക്കുന്നു.’—ആവർത്തനപുസ്തകം 32:46, 47; യെശയ്യാവു 48:17.
ഭാവി അനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കുക
19, 20. മഹാപ്രബോധകന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നവർ എത്ര സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കും?
19 മഹാപ്രബോധകന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നവർ വിഗ്രഹങ്ങളെ തകർത്തുനശിപ്പിക്കുകയും അതിനെ മലിനവസ്തുവായി വീക്ഷിക്കുകയും ചെയ്യും. (യെശയ്യാവു 30:22 വായിക്കുക.) തുടർന്ന് അവർ അത്ഭുതകരമായ അനുഗ്രഹങ്ങൾ ആസ്വദിക്കും. ആ അനുഗ്രഹങ്ങളെ കുറിച്ച് യെശയ്യാവു 30:23-26 വർണിക്കുന്നു. പൊ.യു.മു. 537-ൽ ബാബിലോണിയൻ പ്രവാസത്തിൽനിന്നു മടങ്ങിയെത്തുന്ന യഹൂദ ശേഷിപ്പ് ഹൃദ്യമായ ആ പുനഃസ്ഥിതീകരണ പ്രവചനത്തിന്റെ ആദ്യ നിവൃത്തി ആസ്വദിക്കുന്നു. ഇപ്പോൾ നാം ആസ്വദിക്കുന്ന ആത്മീയ പറുദീസയിലും ഭാവിയിൽ സ്ഥാപിതമാകാനിരിക്കുന്ന അക്ഷരീയ പറുദീസയിലും മിശിഹാ മുഖാന്തരം കൈവരുന്ന മഹത്തായ അനുഗ്രഹങ്ങളെ കുറിച്ചു മനസ്സിലാക്കാൻ ഈ പ്രവചനം ഇന്നു നമ്മെ സഹായിക്കുന്നു.
20 “നീ നിലത്തു വിതെക്കുന്ന വിത്തിന്നു മഴയും നിലത്തിലെ വിളവായ അപ്പവും അവൻ നിനക്കു തരും; അതു പുഷ്ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്റെ കന്നുകാലികൾ വിസ്താരമായ മേച്ചൽപുറങ്ങളിൽ മേയും. നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേർത്തതുമായ തീൻ തിന്നും.” (യെശയ്യാവു 30:23, 24) “പുഷ്ടിയും സമൃദ്ധിയും ഉള്ള” അപ്പം—പോഷകസമൃദ്ധമായ ആഹാരം—മനുഷ്യർക്ക് അനുദിനം ലഭ്യമാകും. ദേശത്തെ ഫലസമൃദ്ധിയിൽനിന്നു മൃഗങ്ങൾ പോലും പ്രയോജനം അനുഭവിക്കും. കന്നുകാലികൾ ‘ഉപ്പു ചേർത്ത തീൻ’—രുചിയേറിയ തീറ്റ—തിന്നും. അത് മുറംകൊണ്ടു “വീശി വെടിപ്പാക്കിയ” തീറ്റയാണെന്ന് ഓർക്കണം. മനുഷ്യർക്കു കഴിക്കാനുള്ള ധാന്യങ്ങളുടെ കാര്യത്തിലാണു സാധാരണഗതിയിൽ ഇങ്ങനെ ചെയ്യാറുള്ളത്. വിശ്വസ്ത മാനവരാശിയെ യഹോവ എത്ര സമൃദ്ധമായി അനുഗ്രഹിക്കും എന്നു ചിത്രീകരിക്കുന്ന എത്ര ഹൃദ്യമായ വിശദാംശങ്ങളാണ് യെശയ്യാവ് ഇവിടെ അവതരിപ്പിക്കുന്നത്!
21. ഭാവി അനുഗ്രഹങ്ങൾ എത്ര സമ്പൂർണമായിരിക്കും എന്നു വിശദീകരിക്കുക.
21 “എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.” (യെശയ്യാവു 30:25ബി) c യഹോവയുടെ അനുഗ്രഹങ്ങൾ എത്ര സമ്പൂർണമായിരിക്കും എന്ന് എടുത്തുകാണിക്കുന്ന ഉചിതമായ ഒരു വിവരണമാണ് യെശയ്യാവ് ഇവിടെ അവതരിപ്പിക്കുന്നത്. വെള്ളത്തിന് ഒരു ക്ഷാമവുമുണ്ടായിരിക്കില്ല. സമതലത്തിൽ മാത്രമല്ല എല്ലാ പർവതങ്ങളിന്മേലും നീരൊഴുക്കുണ്ടാകും. അതേ, “എല്ലാമലയിലും പൊക്കമുള്ള എല്ലാകുന്നിന്മേലും”തന്നെ. മേലാൽ ഭക്ഷ്യക്ഷാമം ഉണ്ടായിരിക്കില്ല. (സങ്കീർത്തനം 72:16) തുടർന്ന്, പർവതങ്ങളെക്കാൾ ഉയർന്ന സംഗതികളിലേക്ക് യെശയ്യാ പ്രവാചകൻ ശ്രദ്ധ തിരിക്കുന്നു. “യഹോവ തന്റെ ജനത്തിന്റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണർ പൊറുപ്പിക്കയും ചെയ്യുന്ന നാളിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശം പോലെയാകും; സൂര്യന്റെ പ്രകാശം ഏഴുപകലിന്റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.” (യെശയ്യാവു 30:26) ഈ ഹൃദ്യമായ പ്രവചനത്തിന് എത്ര പുളകപ്രദമായ പാരമ്യം! യഹോവയുടെ മഹത്ത്വം പൂർണ തേജസ്സോടെ വിളങ്ങും. ദൈവത്തിന്റെ വിശ്വസ്ത ആരാധകർക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ നിരവധിയായി—ഏഴിരട്ടിയായി—വർധിക്കും. അഭൂതപൂർവമായ ഒരനുഭവം ആയിരിക്കും അത്.
ന്യായവിധിയും സന്തോഷവും
22. വിശ്വസ്തരായവർക്കു ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമായി, യഹോവ ദുഷ്ടന്മാരെ എന്തു ചെയ്യും?
22 യെശയ്യാവിന്റെ സന്ദേശത്തിനു വീണ്ടും കർക്കശഭാവം കൈവരുന്നു. “ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്റെ നാവു ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.” (യെശയ്യാവു 30:27) തങ്ങൾക്കിഷ്ടമുള്ള ഗതി സ്വീകരിക്കാൻ ശത്രുക്കളെ അനുവദിച്ചുകൊണ്ട് ഇതുവരെ യഹോവ അവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ ഇടിമിന്നലുകളുടെ അകമ്പടിയോടു കൂടിയ പെരുമഴപോലെ അവൻ ന്യായം വിധിക്കാൻ അടുത്തുവരികയാണ്. “ജാതികളെ നാശത്തിന്റെ അരിപ്പകൊണ്ടു അരിക്കേണ്ടതിന്നു അവന്റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജാതികളുടെ വായിൽ അവരെ തെററിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.” (യെശയ്യാവു 30:28) ‘കവിഞ്ഞൊഴുകുന്ന തോടുകൾ’ ദൈവജനത്തിന്റെ ശത്രുക്കളെ വളയുന്നു, ദൈവം അവരെ ‘അരിപ്പകൊണ്ട്’ അരിക്കുന്നു, ‘കടിഞ്ഞാൺ’ ഇട്ടു നിയന്ത്രിക്കുന്നു. അതേ, അവർ നശിപ്പിക്കപ്പെടുകതന്നെ ചെയ്യും.
23. ക്രിസ്ത്യാനികൾ ഇന്ന് ‘ഹൃദയപൂർവം സന്തോഷിക്കു’ന്നതിന്റെ കാരണങ്ങൾ എന്തെല്ലാം?
23 അടുത്തതായി യെശയ്യാവു പ്രഖ്യാപിക്കുന്ന സന്ദേശം സന്തോഷകരമായ ഒന്നാണ്. ഒരു നാൾ സ്വദേശത്തു മടങ്ങിയെത്തുന്ന യഹോവയുടെ വിശ്വസ്ത ആരാധകർ അനുഭവിക്കാനിരിക്കുന്ന സന്തോഷകരമായ അവസ്ഥയെ കുറിച്ച് അവൻ ഇപ്പോൾ വിവരിക്കുന്നു. “നിങ്ങൾ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പർവ്വതത്തിൽ യിസ്രായേലിൻ പാറയായവന്റെ അടുക്കൽ ചെല്ലേണ്ടതിന്നു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂർവ്വം സന്തോഷിക്കയും ചെയ്യും.” (യെശയ്യാവു 30:29) ഇന്നു സത്യക്രിസ്ത്യാനികൾ സാത്താന്യ ലോകത്തിന്റെ ആസന്നമായ നാശം, ‘രക്ഷയുടെ പാറ’യായ യഹോവയിൽ നിന്നുള്ള സംരക്ഷണം, വരാനിരിക്കുന്ന രാജ്യാനുഗ്രഹങ്ങൾ എന്നിവയെ കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ ‘ഹൃദയപൂർവം സന്തോഷിക്കു’ന്നു.—സങ്കീർത്തനം 95:1.
24, 25. അസീറിയയ്ക്ക് എതിരെയുള്ള ന്യായവിധി തീർച്ചയായും സംഭവിക്കുമെന്ന് യെശയ്യാ പ്രവചനം എടുത്തുകാണിക്കുന്നത് എങ്ങനെ?
24 സന്തോഷപ്രദമായ ഈ സന്ദേശം അറിയിച്ചശേഷം യെശയ്യാവ് വീണ്ടും യഹോവയുടെ ന്യായവിധിയെ കുറിച്ചു പ്രഖ്യാപിക്കുകയും ദൈവക്രോധത്തിനു പാത്രമാകുന്നത് ആരാണെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. “ഇടിമുഴക്കം, കൊടുങ്കാറ്റ്, ഹിമശകലവർഷം എന്നിവയോടുകൂടെ ഉഗ്രകോപത്തിലും എല്ലാം വിഴുങ്ങുന്ന അഗ്നിജ്വാലയിലും [യഹോവ] തന്റെ ഗംഭീരശബ്ദം കേൾപ്പിക്കും; തന്റെ കൈകൊണ്ടുള്ള പ്രഹരം കാണിക്കും. [യഹോവയുടെ] സ്വരം കേൾക്കുമ്പോൾ അസീറിയക്കാർ ഭയചകിതരാകും. അവൻ തന്റെ ദണ്ഡുകൊണ്ട് അവരെ പ്രഹരിക്കും.” (യെശയ്യാവു 30:30, 31, “ഓശാന ബൈ.”) വ്യക്തമായ ഈ വിവരണത്തിലൂടെ, അസീറിയയ്ക്ക് എതിരെയുള്ള ദൈവത്തിന്റെ ന്യായവിധി എത്ര സുനിശ്ചിതമാണെന്ന് യെശയ്യാവ് ഊന്നിപ്പറയുന്നു. ഫലത്തിൽ, ദൈവമുമ്പാകെ നിൽക്കുന്ന അസീറിയ, ന്യായവിധിക്കായി അവൻ “കൈ” നീട്ടുന്നതു കണ്ട് വിറയ്ക്കുന്നു.
25 പ്രവാചകൻ ഇങ്ങനെ തുടരുന്നു: “യഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഓരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവൻ അവരോടു തകർത്ത പടവെട്ടും. പണ്ടു തന്നേ ഒരു ദഹനസ്ഥലം [തോഫെത്ത്] ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവൻ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയിൽ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.” (യെശയ്യാവു 30:32, 33) തീ കത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമെന്ന നിലയിൽ ഹിന്നോം താഴ്വരയിലെ തോഫെത്തിനെ കുറിച്ചുള്ള ഇവിടത്തെ പരാമർശം പ്രതീകാത്മകമാണ്. അസീറിയ അവിടെ ചെന്നെത്തുമെന്നു പറയുമ്പോൾ ആ ദേശത്തിനു ശീഘ്രവും സമ്പൂർണവുമായ നാശം സംഭവിക്കുമെന്ന് യെശയ്യാവ് എടുത്തുകാണിക്കുകയാണ്.—യിരെമ്യാവു 7:31 താരതമ്യം ചെയ്യുക.
26. (എ) അസീറിയയ്ക്ക് എതിരെയുള്ള യഹോവയുടെ പ്രഖ്യാപനങ്ങൾക്ക് എന്ത് ആധുനികകാല പ്രസക്തിയുണ്ട്? (ബി) ക്രിസ്ത്യാനികൾ ഇന്ന് യഹോവയ്ക്കായി കാത്തിരിക്കുന്നത് എങ്ങനെ?
26 ഈ ന്യായവിധി സന്ദേശം അസീറിയയ്ക്കെതിരെ ഉള്ളതാണെങ്കിലും യെശയ്യാ പ്രവചനത്തിന്റെ പ്രസക്തി അവിടംകൊണ്ട് അവസാനിക്കുന്നില്ല. (റോമർ 15:4) യഹോവ വീണ്ടും മഹാമാരിയോടും ക്ഷോഭത്തോടും കൂടെ വന്ന് തന്റെ ജനത്തെ മർദിക്കുന്നവരെ കടിഞ്ഞാണിട്ടു നിയന്ത്രിക്കും. (യെഹെസ്കേൽ 38:18-23; 2 പത്രൊസ് 3:7; വെളിപ്പാടു 19:11-21) ആ ദിനം പെട്ടെന്നു വന്നെത്തട്ടെ! ക്രിസ്ത്യാനികൾ ആ വിമോചന ദിവസത്തിനായി അത്യാകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. യെശയ്യാവു 30-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സുസ്പഷ്ടമായ വാക്കുകൾ ധ്യാനിക്കുന്നതിൽനിന്ന് അവർ കരുത്താർജിക്കുന്നു. പ്രാർഥിക്കാനുള്ള പദവിയെ നിധിപോലെ കരുതാനും ബൈബിൾ പഠനത്തിൽ ഉറ്റിരിക്കാനും വരാൻ പോകുന്ന രാജ്യാനുഗ്രഹങ്ങളെ കുറിച്ചു ധ്യാനിക്കാനും ഈ വാക്കുകൾ ദൈവദാസന്മാരെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 42:1, 2; സദൃശവാക്യങ്ങൾ 2:1-6; റോമർ 12:12) അങ്ങനെ, യെശയ്യാവിന്റെ വാക്കുകൾ യഹോവയ്ക്കായി കാത്തിരിക്കാൻ നമ്മെയെല്ലാം സഹായിക്കുന്നു.
[അടിക്കുറിപ്പുകൾ]
a യഹൂദർ വിശ്വസ്തരായിരുന്നെങ്കിൽ നേർ വിപരീതമായിരുന്നു സംഭവിക്കുക എന്നതു മനസ്സിൽപ്പിടിക്കുക.—ലേവ്യപുസ്തകം 26:7, 8.
b ബൈബിളിൽ യഹോവയെ “മഹാപ്രബോധകൻ” എന്നു വിളിക്കുന്ന ഒരേയൊരു ഭാഗം ഇതാണ്.
c യെശയ്യാവു 30:25എ-യിൽ “മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ” എന്നു നാം വായിക്കുന്നു. പ്രാരംഭ നിവൃത്തിയിൽ ഇത് ബാബിലോണിന്റെ നാശത്തെ പരാമർശിച്ചിരിക്കാം. യെശയ്യാവു 30:18-26-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാൻ അത് ഇസ്രായേല്യർക്കു വഴിതുറന്നു. (19-ാം ഖണ്ഡിക കാണുക.) അർമഗെദോനിൽ സംഭവിക്കാനിരിക്കുന്ന നാശത്തെയും അതു പരാമർശിച്ചേക്കാം. അതേത്തുടർന്ന് പുതിയ ലോകത്തിൽ എല്ലാവർക്കും എല്ലാ അർഥത്തിലും ഈ അനുഗ്രഹങ്ങൾ ആസ്വദിക്കാനാകും.
[അധ്യയന ചോദ്യങ്ങൾ]
[305-ാം പേജിലെ ചിത്രങ്ങൾ]
മോശെയുടെ നാളിൽ ഇസ്രായേല്യർ ഈജിപ്തിൽനിന്നു രക്ഷപ്പെട്ടുപോന്നു. യെശയ്യാവിന്റെ നാളിൽ സഹായത്തിനായി യഹൂദ ഈജിപ്തിലേക്കു തിരിയുന്നു
[311-ാം പേജിലെ ചിത്രം]
‘പൊക്കമുള്ള എല്ലാ കുന്നിന്മേലും നീരൊഴുക്കുകൾ ഉണ്ടാകും’
[312-ാം പേജിലെ ചിത്രം]
“കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു” യഹോവ വരും