യഹോവ ഗർവിഷ്ഠരെ താഴ്ത്തുന്നു
അധ്യായം അഞ്ച്
യഹോവ ഗർവിഷ്ഠരെ താഴ്ത്തുന്നു
1, 2. യെശയ്യാവ് തന്റെ നാളിലെ യഹൂദരെ അറിയിച്ച പ്രാവചനിക സന്ദേശത്തിൽ നാം തത്പരരായിരിക്കുന്നത് എന്തുകൊണ്ട്?
യെരൂശലേമിന്റെയും യഹൂദയുടെയും അവസ്ഥയിൽ മനംമടുത്ത യെശയ്യാ പ്രവാചകൻ യഹോവയാം ദൈവത്തിലേക്കു തിരിഞ്ഞ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നീ യാക്കോബ്ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു.” (യെശയ്യാവു 2:6എ) താൻ “സ്വന്തജനമായി” തിരഞ്ഞെടുത്ത അവരെ തള്ളിക്കളയാൻ യഹോവയെ പ്രേരിപ്പിച്ചത് എന്താണ്?—ആവർത്തനപുസ്തകം 14:2.
2 യെശയ്യാവ് തന്റെ നാളിലെ യഹൂദരെ അപലപിക്കുന്നത് ഇന്നു നമുക്കു വിശേഷാൽ താത്പര്യമുള്ള സംഗതിയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യെശയ്യാവിന്റെ നാളിലെ യഹൂദരുടേതിനോടു വളരെ സമാനമായ അവസ്ഥയിലാണ് ഇന്നത്തെ ക്രൈസ്തവലോകം. തന്മൂലം, സമാനമായ ന്യായവിധിതന്നെ യഹോവ ക്രൈസ്തവലോകത്തിന്മേലും നടപ്പാക്കും. യെശയ്യാവിന്റെ പ്രഖ്യാപനത്തിനു ശ്രദ്ധ നൽകുകവഴി, ദൈവം കുറ്റം വിധിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് നമുക്കു വ്യക്തമായ ഒരു ഗ്രാഹ്യം ലഭിക്കുമെന്നു മാത്രമല്ല അവൻ വെറുക്കുന്ന കാര്യങ്ങൾ വർജിക്കാൻ അതു നമ്മെ സഹായിക്കുകയും ചെയ്യും. അതുകൊണ്ട്, യെശയ്യാവു 2:6–4:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന യഹോവയുടെ പ്രാവചനിക വചനം അതീവ താത്പര്യത്തോടെതന്നെ നമുക്കു പരിശോധിക്കാം.
അവർ ഗർവോടെ കുമ്പിടുന്നു
3. തന്റെ ജനം എന്തു തെറ്റു ചെയ്തതായി യെശയ്യാവ് സമ്മതിച്ചുപറയുന്നു?
3 തന്റെ ജനത്തിന്റെ തെറ്റിനെ കുറിച്ച് യെശയ്യാവ് ഇങ്ങനെ സമ്മതിച്ചുപറയുന്നു: “രാജ്യം കിഴക്കുനിന്നുള്ള ആഭിചാരകൻമാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫിലിസ്ത്യരെപ്പോലെ ഭാവി പറയുന്നവരും അവരുടെ ഇടയിൽ ധാരാളം ഉണ്ട്. അന്യജനതകളുമായി അവർ കൂട്ടുചേരുന്നു.” (യെശയ്യാവു 2:6ബി, “പി.ഒ.സി. ബൈ.”) യെശയ്യാവിന്റെ കാലത്തിന് ഏകദേശം 800 വർഷം മുമ്പ്, തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തോട് യഹോവ ഇങ്ങനെ കൽപ്പിച്ചിരുന്നു: “ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു.” (ലേവ്യപുസ്തകം 18:24) താൻ ഒരു പ്രത്യേക സ്വത്തായി തിരഞ്ഞെടുത്തവരെ കുറിച്ച് ബിലെയാം മുഖാന്തരം യഹോവ ഇങ്ങനെ പറഞ്ഞു: “ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.” (സംഖ്യാപുസ്തകം 23:9, 12) എന്നാൽ യെശയ്യാവിന്റെ നാളുകൾ ആയപ്പോഴേക്കും, യഹോവ തിരഞ്ഞെടുത്ത ജനം ചുറ്റുമുള്ള ജനതകളുടെ മ്ലേച്ഛ ആചാരങ്ങൾ സ്വീകരിച്ചതിനാൽ ‘കിഴക്കുനിന്നുള്ള ആഭിചാരകന്മാരെക്കൊണ്ടു ദേശം നിറഞ്ഞിരിക്കുകയാണ്.’ യഹോവയിലും അവന്റെ വചനത്തിലും വിശ്വാസം അർപ്പിക്കുന്നതിനു പകരം, അവർ ‘ഫിലിസ്ത്യരെപ്പോലെ ഭാവി പറയുന്നവരാണ്.’ മറ്റു ജനതകളിൽനിന്നു വേറിട്ടു നിൽക്കുന്നതിനു പകരം, “അന്യജനതകളുമായി അവർ കൂട്ടുചേരുന്നു.” ഈ അന്യജാതിക്കാർ നിസ്സംശയമായും ദൈവജനത്തിന്റെ ഇടയിലേക്ക് ഭക്തികെട്ട ആചാരങ്ങൾ കൊണ്ടുവരുകയാണ്.
4. സമ്പത്തിനെയും സൈനിക ശക്തിയെയും പ്രതി യഹോവയ്ക്കു നന്ദി കരേറ്റുന്നതിനു പകരം, യഹൂദർ എന്തു മനോഭാവമാണു പ്രകടമാക്കുന്നത്?
4 ഉസ്സീയാ രാജാവിന്റെ വാഴ്ചക്കാലത്തെ യഹൂദയിലെ സാമ്പത്തിക സമൃദ്ധിയെയും സൈനിക ശക്തിയെയും കുറിച്ച് യെശയ്യാവ് എഴുതുന്നു: “അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.” (യെശയ്യാവു 2:7) അത്തരത്തിലുള്ള സാമ്പത്തിക സമൃദ്ധിയെയും സൈനിക ശക്തിയെയും പ്രതി ആളുകൾ യഹോവയ്ക്കു നന്ദി കരേറ്റുന്നുണ്ടോ? (2 ദിനവൃത്താന്തം 26:1, 6-15) അശേഷമില്ല! പകരം, അവർ ആശ്രയം വെക്കുന്നത് സമ്പത്തിലാണ്, അതിന്റെ ഉറവിടമായ യഹോവയാം ദൈവത്തിലല്ല. ഫലമോ? “അവരുടെ ദേശം വിഗ്രഹങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുന്നു; തങ്ങൾതന്നെ നിർമ്മിച്ച ശില്പങ്ങളുടെ മുമ്പിൽ, തങ്ങളുടെതന്നെ കരവേലയുടെ മുമ്പിൽ, അവർ കുമ്പിടുന്നു. മർത്ത്യൻ അവമാനിതനാകുന്നു; മനുഷ്യൻ തന്നെത്തന്നെ തരംതാഴ്ത്തുന്നു. അവരോടു ക്ഷമിക്കരുതേ!” (യെശയ്യാവു 2:8, 9, “പി.ഒ.സി. ബൈ.”) ജീവനുള്ള ദൈവത്തിൽനിന്ന് അവർ മുഖം തിരിക്കുകയും നിർജീവ വിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുകയും ചെയ്യുന്നു.
5. വിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുന്നത് താഴ്മയുടെ അടയാളമല്ലാത്തത് എന്തുകൊണ്ട്?
5 കുമ്പിടൽ താഴ്മയുടെ ഒരു അടയാളമായിരിക്കാൻ കഴിയും. എന്നാൽ നിർജീവ വസ്തുക്കളുടെ മുമ്പാകെ കുമ്പിടുന്നത് വ്യർഥമാണ്. അങ്ങനെ ചെയ്യുന്നത് വിഗ്രഹാരാധകനെ ‘തരംതാഴ്ത്തു’കയേ ഉള്ളൂ, അഥവാ അധമനാക്കുകയേ ഉള്ളൂ. വിഗ്രഹാരാധന പോലുള്ള പാപം ക്ഷമിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും? യഹോവ കണക്കു ചോദിക്കുമ്പോൾ ഈ വിഗ്രഹാരാധകർ എന്തു ചെയ്യും?
‘നിഗളിച്ച കണ്ണു താഴും’
6, 7. (എ) യഹോവയുടെ ന്യായവിധി ദിവസത്തിൽ ഗർവിഷ്ഠർക്ക് എന്തു സംഭവിക്കും? (ബി) യഹോവ ആരുടെമേലും എന്തിന്റെമേലും തന്റെ ക്രോധം ചൊരിയുന്നു, എന്തുകൊണ്ട്?
6 യെശയ്യാവ് തുടരുന്നു: “യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക.” (യെശയ്യാവു 2:10) എന്നാൽ സർവശക്തനായ യഹോവയിൽനിന്ന് അവരെ രക്ഷിക്കാൻ പോന്നത്ര വലിപ്പമുള്ള ഏതെങ്കിലും പാറയോ കവചമോ ഉണ്ടായിരിക്കില്ല. തന്റെ ന്യായവിധി നടപ്പാക്കാൻ അവൻ വരുമ്പോൾ, “മനുഷ്യരുടെ നിഗളിച്ച കണ്ണുതാഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.”—യെശയ്യാവു 2:11.
7 “സൈന്യങ്ങളുടെ യഹോവയുടെ നാൾ” വരുകയാണ്. ‘ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന സകല പർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും ഉന്നതമായ സകല ഗോപുരത്തിന്മേലും ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തർശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാര ഗോപുരത്തിന്മേലും’ കോപം ചൊരിയുന്നതിനുള്ള ദൈവത്തിന്റെ സമയമായിരിക്കും അത്. (യെശയ്യാവു 2:12-16) സ്വാഭിമാനത്തിന്റെ പ്രതീകമായി മനുഷ്യൻ രൂപം കൊടുത്തിരിക്കുന്ന സകല സംഘടനകളും ഭക്തികെട്ടവരായ സകല വ്യക്തികളും യഹോവയുടെ ക്രോധദിവസത്തിൽ നശിക്കും. അങ്ങനെ, “മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.”—യെശയ്യാവു 2:17.
8. മുൻകൂട്ടി പറയപ്പെട്ട ന്യായവിധി നാൾ പൊ.യു.മു. 607-ൽ യെരൂശലേമിന്മേൽ വരുന്നത് എങ്ങനെ?
8 മുൻകൂട്ടി പറയപ്പെട്ട ന്യായവിധി നാൾ യഹൂദരുടെമേൽ വരുന്നത് പൊ.യു.മു. 607-ലാണ്. അന്ന് ബാബിലോൺ രാജാവായ നെബൂഖദ്നേസർ യെരൂശലേമിനെ നശിപ്പിക്കുന്നു. തങ്ങളുടെ പ്രിയനഗരം കത്തിച്ചാമ്പലാകുന്നതും ഗംഭീരമായ കെട്ടിടങ്ങൾ തകരുന്നതും അതിന്റെ ശക്തമായ മതിൽ ഇടിഞ്ഞുവീഴുന്നതും യഹൂദർക്കു കണ്ടുനിൽക്കേണ്ടിവരുന്നു. യഹോവയുടെ ആലയം കേവലം ഒരു കൽക്കൂമ്പാരമായി മാറുന്നു. ‘സൈന്യങ്ങളുടെ യഹോവയുടെ നാളിൽ’ അവരുടെ സമ്പത്തുകൊണ്ടോ രഥങ്ങൾകൊണ്ടോ യാതൊരു പ്രയോജനവുമില്ല. അവരുടെ വിഗ്രഹങ്ങളുടെ കാര്യമോ? യെശയ്യാവ് മുൻകൂട്ടി പറയുന്നതുപോലെ സംഭവിക്കുന്നു: “മിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും.” (യെശയ്യാവു 2:18) പ്രഭുക്കന്മാരും പ്രബലന്മാരും ഉൾപ്പെടെയുള്ള യഹൂദരെ ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോകുന്നു. അടുത്ത 70 വർഷക്കാലം യെരൂശലേം ശൂന്യമായി കിടക്കും.
9. ക്രൈസ്തവലോകത്തിന്റെ അവസ്ഥ യെശയ്യാവിന്റെ നാളിലെ യെരൂശലേമിന്റെയും യഹൂദയുടെയും അവസ്ഥയോടു സമാനമായിരിക്കുന്നത് എങ്ങനെ?
9 യെശയ്യാവിന്റെ നാളിലെ യെരൂശലേമിന്റെയും യഹൂദയുടെയും അവസ്ഥയോട് എത്രയോ സമാനമാണു ക്രൈസ്തവലോകത്തിന്റെ അവസ്ഥ! അത് ഈ ലോകത്തിലെ രാഷ്ട്രങ്ങളുമായി വളരെ അടുത്ത ബന്ധം വളർത്തിയെടുത്തിരിക്കുന്നു. ക്രൈസ്തവലോകം ഐക്യരാഷ്ട്രങ്ങളെ സജീവമായി പിന്തുണയ്ക്കുകയും തന്റെ ഭവനത്തെ വിഗ്രഹങ്ങൾകൊണ്ടും തിരുവെഴുത്തു വിരുദ്ധ ആചാരങ്ങൾകൊണ്ടും നിറയ്ക്കുകയും ചെയ്തിരിക്കുന്നു. അതിലെ അംഗങ്ങൾ ഭൗതികാസക്തരും സൈനിക ശക്തിയിൽ ആശ്രയം വെക്കുന്നവരുമാണ്. അവർ തങ്ങളുടെ പുരോഹിതവർഗത്തെ ശ്രേഷ്ഠ സ്ഥാനങ്ങളിൽ ആക്കിവെക്കുകയും അവർക്കു പ്രത്യേക സ്ഥാനപ്പേരുകളും ബഹുമതികളും നൽകുകയും ചെയ്യുന്നില്ലേ? ഇത്തരം ഗർവിന്റെ ഫലമായി ക്രൈസ്തവലോകം നിശ്ചയമായും നശിപ്പിക്കപ്പെടും. എന്നാൽ അത് എപ്പോഴായിരിക്കും സംഭവിക്കുക?
“യഹോവയുടെ” ആസന്ന “ദിവസം”
10. അപ്പൊസ്തലന്മാരായ പൗലൊസും പത്രൊസും ‘യഹോവയുടെ’ ഏതു ‘ദിവസ’ത്തെ കുറിച്ചാണു പറയുന്നത്?
10 യെരൂശലേമിന്റെയും യഹൂദയുടെയും മേൽ വന്ന ന്യായവിധി ദിവസത്തെക്കാൾ വളരെയേറെ പ്രാധാന്യമുള്ള “യഹോവയുടെ” മറ്റൊരു “ദിവസ”ത്തെ കുറിച്ച് തിരുവെഴുത്തുകൾ പറയുന്നു. നിശ്വസ്തതയിൽ പൗലൊസ് അപ്പൊസ്തലൻ “യഹോവയുടെ ദിവസ”ത്തിന്റെ വരവിനെ സിംഹാസനസ്ഥ രാജാവായ യേശുക്രിസ്തുവിന്റെ സാന്നിധ്യവുമായി ബന്ധപ്പെടുത്തി. (2 തെസ്സലൊനീക്യർ 2:1, 2, NW) ‘നീതി വസിക്കുന്ന പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും’ സ്ഥാപിക്കലിനോടുള്ള ബന്ധത്തിൽ പത്രൊസ് ആ ദിവസത്തെ കുറിച്ചു സംസാരിച്ചു. (2 പത്രൊസ് 3:10-13) ക്രൈസ്തവലോകം ഉൾപ്പെടെ, മുഴു ദുഷ്ട വ്യവസ്ഥിതിയുടെയും മേൽ യഹോവ തന്റെ ന്യായവിധി നടപ്പാക്കുന്ന ദിവസമാണ് അത്.
11. (എ) ‘യഹോവയുടെ’ ആസന്ന ‘ദിവസ’ത്തെ ആർക്കു ‘സഹിക്കാനാ’കും? (ബി) നമുക്ക് യഹോവയെ എങ്ങനെ ശരണമാക്കാൻ കഴിയും?
11 “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു” എന്നു പ്രവാചകനായ യോവേൽ പറയുന്നു. പ്രസ്തുത “ദിവസം” ആസന്നമായിരിക്കുന്നതിനാൽ, ഭയജനകമായ ആ സമയത്തെ നമ്മുടെ സുരക്ഷിതത്വത്തെ കുറിച്ചു നാം ചിന്തയുള്ളവർ ആയിരിക്കേണ്ടതല്ലേ? അതു “സഹിക്കാകുന്നവൻ ആർ?” എന്നു യോവേൽ ചോദിക്കുന്നു. അവൻതന്നെ ഉത്തരവും നൽകുന്നു: ‘യഹോവ തന്റെ ജനത്തിനു ശരണമായിരിക്കും.’ (യോവേൽ 1:15; 2:11; 3:16) ഗർവോടെ പ്രവർത്തിക്കുകയും സമ്പത്തിലും സൈനിക ബലത്തിലും മനുഷ്യനിർമിത ദൈവങ്ങളിലും ആശ്രയം വെക്കുകയും ചെയ്യുന്നവർക്കു യഹോവയാം ദൈവം ശരണമായിരിക്കുമോ? നിശ്ചയമായുമില്ല! അങ്ങനെ പ്രവർത്തിച്ച തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ പോലും ദൈവം ഉപേക്ഷിക്കുകയാണു ചെയ്തത്. ദൈവദാസരെല്ലാം ‘നീതിയും സൗമ്യതയും അന്വേഷിക്കു’ന്നതും തങ്ങളുടെ ജീവിതത്തിൽ യഹോവയുടെ ആരാധനയ്ക്കുള്ള സ്ഥാനം ഗൗരവപൂർവം പരിചിന്തിക്കുന്നതും എത്രയോ പ്രധാനമാണ്!—സെഫന്യാവു 2:2, 3.
“തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും”
12, 13. യഹോവയുടെ ദിവസത്തിൽ വിഗ്രഹാരാധകർ തങ്ങളുടെ ദൈവങ്ങളെ “തുരപ്പനെലിക്കും നരിച്ചീറിന്നും” എറിഞ്ഞുകളയുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
12 യഹോവയുടെ മഹാദിവസത്തിൽ വിഗ്രഹാരാധകർ തങ്ങളുടെ വിഗ്രഹങ്ങളെ എങ്ങനെയായിരിക്കും വീക്ഷിക്കുക? യെശയ്യാവ് ഉത്തരം നൽകുന്നു: “യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും. യഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു . . . വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും. മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളു?”—യെശയ്യാവു 2:19-22.
13 തുരപ്പനെലി നിലത്തെ മാളങ്ങളിലും നരിച്ചീറ് പാഴായി കിടക്കുന്ന ഇരുണ്ട ഗുഹകളിലുമാണു വസിക്കുന്നത്. വളരെ നരിച്ചീറുകൾ കൂടിയിരിക്കുന്നിടത്തു രൂക്ഷഗന്ധം ഉണ്ടായിരിക്കും, അവിടെ കാഷ്ഠം കുന്നുകൂടിക്കിടക്കുന്നതും കാണാം. അത്തരം സ്ഥലങ്ങളിലേക്കു വിഗ്രഹങ്ങൾ വലിച്ചെറിയുന്നത് ഉചിതമാണ്. കാരണം, അന്ധകാരവും അശുദ്ധിയും നിറഞ്ഞ അത്തരം സ്ഥലങ്ങളാണ് അവ അർഹിക്കുന്നത്. മനുഷ്യരുടെ കാര്യമോ? യഹോവയുടെ ന്യായവിധി ദിവസത്തിൽ ഗുഹകളിലും പാറയിലെ വിള്ളലുകളിലുമായിരിക്കും അവർ അഭയം തേടുക. അതു കാണിക്കുന്നത്, വിഗ്രഹങ്ങളുടെയും അവയെ ആരാധിക്കുന്നവരുടെയും ഗതി ഒന്നുതന്നെ ആയിരിക്കുമെന്നാണ്. യെശയ്യാവ് പ്രവചിച്ചതുപോലെതന്നെ, നിർജീവ വിഗ്രഹങ്ങൾക്ക് അവയെ ആരാധിക്കുന്നവരെയോ യെരൂശലേം നഗരത്തെയോ പൊ.യു.മു. 607-ൽ നെബൂഖദ്നേസറിന്റെ കയ്യിൽനിന്നു രക്ഷിക്കാൻ കഴിഞ്ഞില്ല.
14. വ്യാജമത ലോകസാമ്രാജ്യത്തിന്മേൽ ന്യായവിധി നടത്താനിരിക്കുന്ന ആസന്നമായ യഹോവയുടെ ദിവസത്തിൽ ലൗകിക ചിന്താഗതിക്കാരായ ആളുകൾ എന്തു ചെയ്യും?
14 യഹോവ ക്രൈസ്തവലോകത്തിന്മേലും വ്യാജമത ലോകസാമ്രാജ്യത്തിന്റെ ശിഷ്ട ഭാഗത്തിന്മേലും ന്യായവിധി നടത്തുന്ന ദിവസത്തിൽ—അത് ആസന്നമാണ്—ആളുകൾ എന്തു ചെയ്യും? ലോകവ്യാപകമായി അവസ്ഥകൾ അധഃപതിക്കുന്നതിന്റെ ഫലമായി, തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന് മിക്കവരും തിരിച്ചറിയാനിടയുണ്ട്. അവയ്ക്കു പകരം, വെളിപ്പാടു 17-ാം അധ്യായത്തിലെ ‘കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗ’മായ ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെയുള്ള മതേതരവും ലൗകികവുമായ സംഘടനകളിൽ അവർ അഭയവും സംരക്ഷണവും തേടിയേക്കാം. ക്രൈസ്തവലോകം മുഖ്യ ഭാഗമായിരിക്കുന്ന വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോണിനെ നശിപ്പിക്കുന്നത് ഈ പ്രതീകാത്മക കാട്ടുമൃഗത്തിന്റെ ‘പത്തു കൊമ്പുകൾ’ ആയിരിക്കും.—വെളിപ്പാടു 17:3, 8-12, 16, 17.
15. തന്റെ ന്യായവിധി നാളിൽ യഹോവ മാത്രം “ഉന്നതനായിരിക്കു”ന്നത് എങ്ങനെ?
15 മഹാബാബിലോണിനെ നേരിട്ട് തീവെച്ചു നശിപ്പിക്കുന്നത് ആ പ്രതീകാത്മക കൊമ്പുകൾ ആയിരിക്കുമെങ്കിലും, അതു വാസ്തവത്തിൽ യഹോവ നടപ്പാക്കുന്ന ന്യായവിധി ആയിരിക്കും. മഹാബാബിലോണിനെ കുറിച്ചു വെളിപ്പാടു 18:8 ഇങ്ങനെ പ്രസ്താവിക്കുന്നു: “അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽ തന്നേ വരും; അവളെ തീയിൽ ഇട്ടു ചുട്ടുകളയും; അവളെ ന്യായംവിധിച്ച ദൈവമായ കർത്താവു ശക്തനല്ലോ.” അതുകൊണ്ട്, വ്യാജമതത്തിന്റെ അധീനതയിൽനിന്നു മനുഷ്യവർഗത്തെ വിടുവിക്കുന്നതിന്റെ ബഹുമതി സർവശക്തനായ യഹോവയ്ക്ക് ഉള്ളതായിരിക്കും. യെശയ്യാവ് പ്രസ്താവിക്കുന്നതു പോലെ, “യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ” ആയിരിക്കും അത്.—യെശയ്യാവു 2:11ബി, 12എ.
‘നിങ്ങൾ അലഞ്ഞുതിരിയാൻ നേതാക്കന്മാർ ഇടയാക്കുന്നു’
16. (എ) ഒരു സമൂഹത്തിന്റെ ‘ആധാരത്തിലും ആശ്രയത്തിലും’ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു? (ബി) സമൂഹത്തിന്റെ “ആധാരവും ആശ്രയവും” നീക്കം ചെയ്തതിന്റെ ഫലമായി യെശയ്യാവിന്റെ കാലത്തെ ജനം എങ്ങനെ കഷ്ടം അനുഭവിക്കും?
16 ഏതു മനുഷ്യസമൂഹവും കെട്ടുറപ്പുള്ളത് ആയിരിക്കണമെങ്കിൽ, അതിന് “ആധാരവും ആശ്രയവും”—ആഹാരവും വെള്ളവും പോലുള്ള അവശ്യ സംഗതികളും, അധികം പ്രധാനമായി, ആളുകളെ നയിക്കാനും സാമൂഹിക ക്രമസമാധാനം നിലനിറുത്താനും പ്രാപ്തിയുള്ള ആശ്രയയോഗ്യരായ നേതാക്കന്മാരും—ഉണ്ടായിരിക്കണം. എന്നാൽ, പുരാതന ഇസ്രായേലിനെ കുറിച്ച് യെശയ്യാവ് ഇങ്ങനെ മുൻകൂട്ടി പറയുന്നു: “സൈന്യങ്ങളുടെ യഹോവയായ കർത്താവു യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും വീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ, അമ്പതുപേർക്കു അധിപതി, മാന്യൻ, മന്ത്രി, കൌശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.” (യെശയ്യാവു 3:1-3) വെറും കുട്ടികൾ പ്രഭുക്കന്മാരായി ബുദ്ധിചാപല്യത്തോടെ ഭരണം നടത്തും. ഭരണാധികാരികൾ ജനത്തെ അടിച്ചമർത്തും. തന്നെയുമല്ല, “ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.” (യെശയ്യാവു 3:4, 5) കുട്ടികൾ മുതിർന്നവരോടു “കയർക്കും,” അതായത് അവരോട് അനാദരവോടെ പെരുമാറും. ഭരിക്കാൻ യോഗ്യതയില്ലാത്ത ഒരുത്തനോടു മറ്റൊരുത്തൻ പിൻവരുന്നപ്രകാരം പറയത്തക്കവിധം ജീവിതം വളരെ അധഃപതിച്ചുപോയിരിക്കും: “നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ.” (യെശയ്യാവു 3:6) മുറിവേറ്റ ദേശത്തെ സൗഖ്യമാക്കാനുള്ള പ്രാപ്തിയോ ഉത്തരവാദിത്വം കൈകാര്യം ചെയ്യാനുള്ള സമ്പത്തോ തനിക്ക് ഇല്ല എന്നു പറഞ്ഞുകൊണ്ട്, അധിപതി ആയിരിക്കാൻ ക്ഷണിക്കപ്പെടുന്നവൻ അതു നിരസിക്കും. അവൻ പറയുന്നത് ഇങ്ങനെ ആയിരിക്കും: “വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു.”—യെശയ്യാവു 3:7.
17. (എ) ഏത് അർഥത്തിലാണു യെരൂശലേമിന്റെയും യഹൂദയുടെയും പാപങ്ങൾ ‘സൊദോമിന്റെ പാപങ്ങൾ പോലെ’ ആയിരുന്നത്? (ബി) തന്റെ ജനത്തിന്റെ അവസ്ഥയെ പ്രതി യെശയ്യാവ് ആരെ കുറ്റപ്പെടുത്തുന്നു?
17 യെശയ്യാവ് തുടരുന്നു: “യഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും. അവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.” (യെശയ്യാവു 3:8, 9) ദൈവജനം വാക്കിലും പ്രവൃത്തിയിലും സത്യദൈവത്തിനെതിരെ മത്സരിച്ചിരിക്കുന്നു. അവരുടെ നിർലജ്ജവും അനുതാപരഹിതവുമായ മുഖഭാവങ്ങൾ അവരുടെ പാപത്തെ വെളിപ്പെടുത്തുന്നു. സൊദോമിന്റെ പാപങ്ങൾ പോലെതന്നെ വെറുപ്പുളവാക്കുന്നവയാണ് അവരുടെ പാപങ്ങളും. അവർ യഹോവയാം ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലാണെങ്കിലും, അവർക്കു വേണ്ടി അവൻ തന്റെ നിലവാരങ്ങളിൽ മാറ്റം വരുത്തുകയില്ല. “നീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും. ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും. എന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെററിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.”—യെശയ്യാവു 3:10-12.
18. (എ) യെശയ്യാവിന്റെ നാളിലെ മൂപ്പന്മാരുടെയും പ്രഭുക്കന്മാരുടെയും മേൽ യഹോവ എന്തു ന്യായവിധി ഉച്ചരിക്കുന്നു? (ബി) അവരുടെമേൽ യഹോവ നടത്തുന്ന ന്യായവിധിയിൽനിന്ന് നാം എന്തു പാഠം പഠിക്കുന്നു?
18 യഹൂദയിലെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും യഹോവ ‘വിധിക്കുക’യും ‘ന്യായവിസ്താരം’ നടത്തുകയും ചെയ്യുന്നു: “നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു; എന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം”? (യെശയ്യാവു 3:13-15) ജനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിനു പകരം, നേതാക്കന്മാർ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. തങ്ങളുടെ കീശ വീർപ്പിച്ചുകൊണ്ടും പാവങ്ങളുടെയും ദരിദ്രരുടെയും സമ്പത്ത് അപഹരിച്ചുകൊണ്ടും അവർ അധികാര ദുർവിനിയോഗം ചെയ്യുന്നു. എന്നാൽ എളിയവരെ ഇങ്ങനെ ചൂഷണം ചെയ്യുന്നതിനാൽ ഈ നേതാക്കന്മാർ സൈന്യങ്ങളുടെ യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടിവരും. ഇന്ന് ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ആയിരിക്കുന്നവർക്ക് ഇത് എത്ര വലിയ ഒരു മുന്നറിയിപ്പാണ്! തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്യാതിരിക്കാൻ അവർ സദാ ജാഗരൂകർ ആയിരിക്കട്ടെ.
19. ക്രൈസ്തവലോകം ദ്രോഹത്തിന്റെയും പീഡനത്തിന്റെയും കുറ്റം വഹിക്കുന്നത് എങ്ങനെ?
19 ക്രൈസ്തവലോകം—പ്രത്യേകിച്ചും അതിലെ പുരോഹിതവർഗവും പ്രമാണിമാരും—സാധാരണക്കാരെ ഞെരുക്കിക്കൊണ്ട് വഞ്ചനയിലൂടെ അവരുടെ സമ്പത്ത് വാരിക്കൂട്ടിയിരിക്കുന്നു. ഇപ്പോഴും ആ അവസ്ഥയ്ക്കു മാറ്റമില്ല. അവൾ ദൈവജനത്തെ തല്ലുകയും പീഡിപ്പിക്കുകയും ദ്രോഹിക്കുകയും യഹോവയുടെ നാമത്തിന്മേൽ വലിയ നിന്ദ വരുത്തിവെക്കുകയും ചെയ്തിരിക്കുന്നു. തന്റെ തക്കസമയത്ത് യഹോവ അവൾക്കെതിരെ ന്യായവിധി നടത്തുകതന്നെ ചെയ്യും.
‘സൗന്ദര്യത്തിനു പകരം കരിവാളിപ്പ്’
20. യഹോവ ‘സീയോൻപുത്രിമാരെ’ അപലപിക്കുന്നത് എന്തുകൊണ്ട്?
20 നേതാക്കന്മാരുടെ ദുഷ്പ്രവൃത്തികളെ അപലപിച്ചശേഷം, യഹോവ സീയോനിലെ അഥവാ യെരൂശലേമിലെ സ്ത്രീകളിലേക്കു ശ്രദ്ധ തിരിക്കുന്നു. “സീയോൻപുത്രിമാർ” ഒരു ഫാഷനു വേണ്ടി ചിലമ്പൊലി കേൾപ്പിക്കുന്ന “കാൽത്തള” അതായത് പാദസരം ധരിച്ചിട്ടുണ്ട്. ഈ സ്ത്രീകൾ മനഃപൂർവം ‘തത്തിത്തത്തി’ നടക്കുന്നു. സ്ത്രീസഹജമായ രീതിയിൽ വിനീതമായി നടക്കാനാണ് അവർ അതുവഴി ശ്രമിക്കുന്നത്. അതിന് എന്താണു കുഴപ്പം? കുഴപ്പമുള്ളത് ഈ സ്ത്രീകളുടെ മനോഭാവത്തിനാണ്. യഹോവ ഇങ്ങനെ പറയുന്നു: ‘സീയോൻപുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കുന്നു.’ (യെശയ്യാവു 3:16) അത്തരം നിഗളത്തിനു ശിക്ഷ ലഭിക്കാതിരിക്കില്ല.
21. യഹോവ യെരൂശലേമിന്മേൽ വരുത്തുന്ന ന്യായവിധി യഹൂദാ സ്ത്രീകളെ എങ്ങനെ ബാധിക്കുന്നു?
21 അതുകൊണ്ട്, ദേശത്തിന്മേൽ യഹോവയുടെ ന്യായവിധി വരുമ്പോൾ നിഗളിച്ചുനടക്കുന്ന ഈ “സീയോൻപുത്രിമാർ”ക്ക് സകലതും, അവർ വളരെ അഭിമാനം കൊള്ളുന്ന സൗന്ദര്യം പോലും, നഷ്ടപ്പെടും. യഹോവ ഇങ്ങനെ പ്രവചിക്കുന്നു: “അതുകൊണ്ട്, സീയോൻപുത്രിമാരുടെ ശിരസ്സുകൾ കർത്താവു [യഹോവ] ചൊറി കൊണ്ട് നശിപ്പിക്കും; അവരുടെ ശിരസ്സുകൾ നഗ്നമാക്കും. അന്നു കർത്താവ്, അവരുടെ കാൽച്ചിലമ്പുകളും കിരീടങ്ങളും ചന്ദ്രക്കലകളും പതക്കങ്ങളും വളകളും ഉത്തരീയങ്ങളും ശിരോവസ്ത്രങ്ങളും തോൾവളകളും അരക്കച്ചകളും പരിമളപ്പെട്ടികളും ഏലസ്സുകളും മുദ്രമോതിരങ്ങളും മൂക്കുത്തികളും ഉത്സവവസ്ത്രങ്ങളും മേലങ്കികളും മുഴുക്കുപ്പായങ്ങളും കൈസഞ്ചികളും സുതാര്യവസ്ത്രങ്ങളും ലിനൻവസ്ത്രങ്ങളും തലപ്പാവുകളും മൂടുപടങ്ങളും അവരിൽനിന്ന് എടുത്തുമാറ്റും.” (യെശയ്യാവു 3:17-23, “ഓശാന ബൈ.”) എത്ര ദാരുണമായ മാറ്റം!
22. യെരൂശലേമിലെ സ്ത്രീകൾക്ക് ആഭരണങ്ങൾക്കു പുറമേ, മറ്റെന്തു കൂടി നഷ്ടമാകുന്നു?
22 പ്രാവചനിക സന്ദേശം തുടരുന്നു: “അപ്പോൾ സുഗന്ധത്തിന്നു പകരം ദുർഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.” (യെശയ്യാവു 3:24) പൊ.യു.മു. 607-ൽ യെരൂശലേമിലെ നിഗളികളായ ഈ സ്ത്രീകൾ സമ്പത്തെല്ലാം നശിച്ച് ദരിദ്രർ ആയിത്തീരുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവർക്കു ലഭിക്കുന്നതോ അടിമത്തത്തിന്റെ ‘കരിവാളിപ്പ്,’ അതായത് ലോഹം പഴുപ്പിച്ചുവെച്ചതിന്റെ മുദ്ര.
‘അതു ശൂന്യമാകും’
23. യെരൂശലേമിനെ കുറിച്ച് യഹോവ എന്തു പ്രഖ്യാപിക്കുന്നു?
23 തുടർന്ന് യഹോവ യെരൂശലേം നഗരത്തോടു പ്രഖ്യാപിക്കുന്നു: “നിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും. അതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.” (യെശയ്യാവു 3:25, 26) യെരൂശലേമിലെ പുരുഷന്മാർ, വീരന്മാർ പോലും, യുദ്ധത്തിൽ കൊല്ലപ്പെടും. നഗരം നിലംപരിചാകും. “അതിന്റെ വാതിലുക”ളുടെ കാര്യമെടുത്താൽ, അത് “വിലപിച്ചു ദുഃഖിക്കു”ന്നതിനുള്ള സമയമായിരിക്കും. യെരൂശലേം ‘ശൂന്യമായിത്തീരും,’ അതു പാഴായി കിടക്കും.
24. പുരുഷന്മാർ വാളിന് ഇരയാകുന്നതിനാൽ, യെരൂശലേമിലെ സ്ത്രീകൾക്ക് എന്തെല്ലാം കഷ്ടങ്ങൾ അനുഭവിക്കേണ്ടിവരുന്നു?
24 പുരുഷന്മാർ വാളിന് ഇരയാകുന്നതിനാൽ, യെരൂശലേമിലെ സ്ത്രീകൾക്കു വളരെ കഷ്ടം സഹിക്കേണ്ടിവരുന്നു. തന്റെ പ്രാവചനിക ഗ്രന്ഥത്തിന്റെ ഈ ഭാഗം ഉപസംഹരിച്ചുകൊണ്ട് യെശയ്യാവ് ഇങ്ങനെ മുൻകൂട്ടി പറയുന്നു: “അന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു; ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.” (യെശയ്യാവു 4:1) വിവാഹപ്രായമെത്തിയ പുരുഷന്മാർ കുറവായതിനാൽ ഒരു പുരുഷന്റെതന്നെ പേരിൽ വിളിക്കപ്പെടാൻ—അവന്റെ ഭാര്യമാരായി അറിയപ്പെടാനും അങ്ങനെ ഒരു ഭർത്താവില്ല എന്ന അപമാനത്തിൽനിന്നു മോചിതരാകാനും—പല സ്ത്രീകളും അവനുമായി സംബന്ധം കൂടും. ഭർത്താവ് ഭാര്യക്ക് ആഹാരവും വസ്ത്രവും കൊടുക്കണമെന്നു മോശൈക ന്യായപ്രമാണം വ്യവസ്ഥ ചെയ്തിരുന്നു. (പുറപ്പാടു 21:10) എന്നാൽ ‘സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും വസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം’ എന്നു സമ്മതിച്ചുകൊണ്ട് ഈ സ്ത്രീകൾ നിയമപരമായ കടമകളിൽനിന്നു പുരുഷനെ ഒഴിവാക്കാൻ തയ്യാറാണ്. ഒരിക്കൽ നിഗളികളായിരുന്ന ‘സീയോൻപുത്രിമാരു’ടെ അവസ്ഥ ഇപ്പോൾ എത്ര ദയനീയം!
25. ഗർവിഷ്ഠർക്ക് എന്തു സംഭവിക്കും?
25 യഹോവ ഗർവിഷ്ഠരെ താഴ്ത്തുന്നു. പൊ.യു.മു. 607-ൽ, അവൻ തിരഞ്ഞെടുക്കപ്പെട്ട തന്റെ ജനത്തിന്റെ ഗർവം ‘താഴ്ത്തുക’യും അവരുടെ “ഉന്നതഭാവം” ‘കുനിയാൻ’ ഇടയാക്കുകയും ചെയ്യുന്നു. “ദൈവം നിഗളികളോടു എതിർത്തുനില്ക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” എന്ന വസ്തുത സത്യക്രിസ്ത്യാനികൾ ഒരിക്കലും മറക്കാതിരിക്കട്ടെ.—യാക്കോബ് 4:6.
[അധ്യയന ചോദ്യങ്ങൾ]
[50-ാം പേജിലെ ചിത്രം]
യഹോവയുടെ ന്യായവിധി ദിവസത്തിൽ വിഗ്രഹങ്ങൾക്കോ സമ്പത്തിനോ സൈനിക ബലത്തിനോ ഒന്നും യെരൂശലേമിനെ രക്ഷിക്കാനാകുന്നില്ല
[55-ാം പേജിലെ ചിത്രം]
“യഹോവയുടെ ദിവസ”ത്തിൽ വ്യാജമത ലോകസാമ്രാജ്യം നശിപ്പിക്കപ്പെടും