സോരിന്റെ ഗർവത്തെ യഹോവ ഇല്ലാതാക്കുന്നു
അധ്യായം പത്തൊമ്പത്
സോരിന്റെ ഗർവത്തെ യഹോവ ഇല്ലാതാക്കുന്നു
1, 2. (എ) പുരാതന കാലത്തെ സോർ എങ്ങനെയുള്ള ഒരു നഗരമായിരുന്നു? (ബി) ആ നഗരത്തെ കുറിച്ച് യെശയ്യാവ് എന്തു പ്രവചിച്ചു?
അവളുടെ ‘സൗന്ദര്യം പരിപൂർണം’ ആയിരുന്നു, അവളിൽ ‘സകലവിധ സമ്പത്തും’ സമൃദ്ധമായി ഉണ്ടായിരുന്നു. (യെഹെസ്കേൽ 27:4, 12) അവളുടെ നിരവധി കപ്പലുകൾ വിദൂര ദേശങ്ങളിലേക്കു സഞ്ചാരം നടത്തി. അവൾ “സമുദ്രമദ്ധ്യേ അതിധനിക” ആയിത്തീർന്നു, അവളുടെ ‘സമ്പത്തു’കൊണ്ട് അവൾ “ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.” (യെഹെസ്കേൽ 27:25, 33) പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ, മെഡിറ്ററേനിയൻ കടലിന്റെ പൂർവതീരത്തുള്ള ഫൊയ്നിക്യ നഗരമായ സോർ സാമ്പത്തികമായി അത്തരം ഒരു അവസ്ഥയിലായിരുന്നു.
2 അങ്ങനെയൊരു അവസ്ഥയിൽ ആയിരുന്നെങ്കിലും, സോരിന്റെ നാശം ആസന്നമായിരുന്നു. ആ നഗരത്തെ കുറിച്ചു മേൽപ്പറഞ്ഞ പ്രകാരം യെഹെസ്കേൽ വർണിക്കുന്നതിന് ഏകദേശം 100 വർഷം മുമ്പ്, ഒരു ശക്തിദുർഗമായ ഈ ഫൊയ്നിക്യ നഗരത്തിന്റെ പതനത്തെയും അവളെ ആശ്രയിക്കുന്നവരുടെ ദുഃഖത്തെയും കുറിച്ചു പ്രവാചകനായ യെശയ്യാവ് മുൻകൂട്ടി പറഞ്ഞിരുന്നു. കുറെ കാലത്തിനു ശേഷം ദൈവം ആ നഗരത്തിലേക്കു തന്റെ ശ്രദ്ധ തിരിക്കുമെന്നും അതിനു വീണ്ടും സമൃദ്ധി കൈവരുത്തുമെന്നും കൂടി യെശയ്യാവ് പ്രവചിച്ചു. എങ്ങനെയാണ് പ്രവാചകന്റെ ആ വാക്കുകൾ നിവൃത്തിയേറിയത്? സോർ നഗരത്തിനു സംഭവിച്ച കാര്യങ്ങളിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും? ആ നഗരത്തിന് എന്തു സംഭവിച്ചു എന്നതും അതിന്റെ കാരണവും വ്യക്തമായി മനസ്സിലാക്കുന്നത് യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തും.
“തർശീശ്കപ്പലുകളേ, മുറയിടുവിൻ”!
3, 4. (എ) തർശീശ് എവിടെ ആയിരുന്നു, തർശീശും സോരും തമ്മിൽ എങ്ങനെയുള്ള ഒരു ബന്ധമായിരുന്നു നിലവിലിരുന്നത്? (ബി) തർശീശുമായി കച്ചവടം ചെയ്യുന്ന നാവികർക്ക് മുറയിടാൻ കാരണമുണ്ടായിരിക്കുന്നത് എന്തുകൊണ്ട്?
3 “സോരിനെക്കുറിച്ചുള്ള പ്രവാചകം” എന്നു പറഞ്ഞശേഷം യെശയ്യാവ് ഇങ്ങനെ പ്രസ്താവിക്കുന്നു: “തർശീശ്കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു.” (യെശയ്യാവു 23:1എ) തർശീശ്, പൂർവ മെഡിറ്ററേനിയൻ തീരത്തുള്ള സോരിൽനിന്നു വളരെ ദൂരെ സ്ഥിതി ചെയ്യുന്ന സ്പെയിനിന്റെ ഭാഗമായിരുന്നതായി വിശ്വസിക്കപ്പെടുന്നു. a ഫൊയ്നിക്യർ വിദഗ്ധ നാവികരായിരുന്നു. അവരുടെ കപ്പലുകളാകട്ടെ വലുതും സമുദ്രയാത്രയ്ക്കു പറ്റിയതും ആയിരുന്നു. ചന്ദ്രനും വേലിയേറ്റവും തമ്മിലുള്ള ബന്ധം ആദ്യം നിരീക്ഷിച്ചതും സമുദ്രസഞ്ചാരത്തിനായി ജ്യോതിശ്ശാസ്ത്രത്തെ ആദ്യമായി ഉപയോഗപ്പെടുത്തിയതും ഫൊയ്നിക്യരാണെന്നു ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. തന്മൂലം, സോർ മുതൽ തർശീശ് വരെയുള്ള ദീർഘമായ ദൂരം അവർക്ക് ഒരു പ്രതിബന്ധമേ അല്ലായിരുന്നു.
4 യെശയ്യാവിന്റെ നാളിൽ, സോർ പ്രമുഖമായി വാണിജ്യബന്ധം പുലർത്തിയിരുന്ന ഒരു വിദൂര നഗരമായിരുന്നു തർശീശ്. ഒരുകാലത്ത് ആ നഗരം സോരിലെ സമ്പത്തിന്റെ പ്രധാന ഉറവിടം ആയിരുന്നിരിക്കാം. തർശീശ് സ്ഥിതി ചെയ്തിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന സ്പെയിനിൽ വെള്ളിയും ഇരുമ്പും വെളുത്തീയവും മറ്റു ലോഹങ്ങളുമൊക്കെ സമൃദ്ധമായുള്ള ഖനികൾ ഉണ്ട്. (യിരെമ്യാവു 10:9; യെഹെസ്കേൽ 27:12 താരതമ്യം ചെയ്യുക.) ‘തർശീശ്കപ്പലുകൾക്ക്,’ സാധ്യതയനുസരിച്ച് തർശീശുമായി വാണിജ്യബന്ധം നടത്തുന്ന സോരിൽ നിന്നുള്ള കപ്പലുകൾക്ക് സോർ തുറമുഖത്തിന്റെ നാശത്തിൽ വിലപിച്ചുകൊണ്ട് ‘മുറയിടുന്നതിന്’ നല്ല കാരണമുണ്ടായിരിക്കും.
5. തർശീശിൽനിന്നു വരുന്ന നാവികർ സോരിന്റെ പതനത്തെ കുറിച്ച് എവിടെവെച്ചു മനസ്സിലാക്കും?
5 സമുദ്രത്തിൽ ആയിരിക്കുന്ന നാവികർ സോരിന്റെ വീഴ്ചയെ കുറിച്ച് എങ്ങനെയാണ് അറിയുക? യെശയ്യാവ് ഇങ്ങനെ ഉത്തരം നൽകുന്നു: “കിത്തീംദേശത്തുവെച്ചു അവർക്കു അറിവു കിട്ടിയിരിക്കുന്നു.” (യെശയ്യാവു 23:1ബി) ഫൊയ്നിക്യയുടെ തീരത്തിന് 100 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സൈപ്രസ് ദ്വീപിനെ ആകാം ‘കിത്തീം ദേശം’ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. തർശീശിൽനിന്നു കിഴക്കോട്ടു പോകുന്ന കപ്പലുകൾ സോരിൽ എത്തുന്നതിനു മുമ്പ് അവസാനമായി നിറുത്തിയിടുന്നത് ഇവിടെയാണ്. അതുകൊണ്ട്, സൈപ്രസിൽ എത്തുമ്പോൾത്തന്നെ തങ്ങളുടെ സ്വന്ത തുറമുഖനഗരത്തിന്റെ പതനത്തെ കുറിച്ചുള്ള വാർത്ത നാവികർക്കു ലഭിക്കും. അതു കേൾക്കുമ്പോൾ അവർ ഞെട്ടിത്തരിക്കും! അന്ധാളിച്ചു പോകുന്ന അവർ അതിദുഃഖത്തോടെ ‘മുറയിടും.’
6. സോരും സീദോനും തമ്മിലുള്ള ബന്ധം വിവരിക്കുക.
6 ഫൊയ്നിക്യ സമുദ്രതീരത്തെ ആളുകൾക്കും അന്ധാളിപ്പ് ഉണ്ടാകും. പ്രവാചകൻ ഇങ്ങനെ പറയുന്നു: “സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവർത്തകന്മാർ [‘സീദോന്യ കച്ചവടക്കാർ,’ “ഓശാന ബൈ.”] നിന്നെ പരിപൂർണ്ണയാക്കിയല്ലോ. വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ [നൈൽ നദിയിലെ] കൊയ്ത്തും അതിന്നു ആദായമായ്വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.” (യെശയ്യാവു 23:2, 3) ‘സമുദ്രതീരനിവാസികൾ’—സോരിന്റെ അയൽക്കാർ—സോരിന്റെ വിപത്കരമായ പതനത്തിൽ സ്തബ്ധരായിത്തീരും, അവർ നിശ്ശബ്ദരായിരിക്കും. ഈ നിവാസികളെ ‘പരിപൂർണ’മാക്കിയിരിക്കുന്ന, അതായത് സമ്പന്നമാക്കിയിരിക്കുന്ന ‘സീദോന്യ കച്ചവടക്കാർ’ ആരാണ്? സോർ ആദ്യം, 35 കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന തുറമുഖപട്ടണമായ സീദോന്റെ ഒരു കോളനി ആയിരുന്നു. സീദോൻ പുറത്തിറക്കിയ നാണയങ്ങളിൽ സോരിന്റെ മാതാവായി അതു സ്വയം ചിത്രീകരിക്കുന്നുണ്ട്. സമ്പത്തിന്റെ കാര്യത്തിൽ സോർ സീദോനെ കടത്തിവെട്ടിയെങ്കിലും, അത് ഇപ്പോഴും ‘സീദോൻപുത്രി’ ആണെന്നു മാത്രമല്ല അതിലെ നിവാസികൾ തങ്ങളെ സീദോന്യർ എന്നാണു വിളിക്കുന്നതും. (യെശയ്യാവു 23:12) അതുകൊണ്ട്, ‘സീദോന്യ കച്ചവടക്കാർ’ എന്ന പ്രയോഗം വാണിജ്യക്കാരായ സോർ നിവാസികളെ ആയിരിക്കാം സൂചിപ്പിക്കുന്നത്.
7. സീദോന്യ കച്ചവടക്കാർ ആദായം നേടിക്കൊടുക്കുന്നത് എങ്ങനെ?
7 സമ്പന്നരായ സീദോന്യ വ്യാപാരികൾ മെഡിറ്ററേനിയൻ കടൽ കുറുകെ കടന്നാണ് വാണിജ്യ ഇടപാടുകളിൽ ഏർപ്പെടുന്നത്. അവർ സീഹോർ പ്രദേശത്തു നിന്നുള്ള വിത്തുകൾ അഥവാ ധാന്യങ്ങൾ പല ദേശങ്ങളിലും എത്തിക്കുന്നു. നൈൽ നദിയുടെ ഏറ്റവും കിഴക്കേ ശാഖ ഒഴുകുന്ന ഈജിപ്തിലെ ഡെൽറ്റാ പ്രദേശമാണു സീഹോർ. (യിരെമ്യാവു 2:18 താരതമ്യം ചെയ്യുക.) ‘നൈൽ നദിയിലെ കൊയ്ത്തിൽ’ ഈജിപ്തിൽ നിന്നുള്ള മറ്റ് ഉത്പന്നങ്ങളും ഉൾപ്പെടുന്നു. വാണിജ്യം നടത്തുന്നതും ചരക്കുകൾ കൈമാറ്റം നടത്തുന്നതും നാവികരായ ഈ വ്യവസായികൾക്കും അവർ കച്ചവടം നടത്തുന്ന രാഷ്ട്രങ്ങൾക്കും വളരെ ലാഭകരമാണ്. തങ്ങളുടെ വാണിജ്യത്തിലൂടെ സീദോന്യ കച്ചവടക്കാർ സോരിനു വലിയ ആദായം നേടിക്കൊടുക്കുന്നു. ആ നഗരം നശിക്കുമ്പോൾ അവർ തീവ്രമായി ദുഃഖിക്കും!
8. സോരിന്റെ നാശത്തിനു സീദോന്റെമേൽ എങ്ങനെയുള്ള ഫലമാണുണ്ടായിരിക്കുക?
8 യെശയ്യാവ് തുടർന്നു പറയുന്ന കാര്യങ്ങൾ സീദോനെ ഉദ്ദേശിച്ചുള്ളതാണ്: “സീദോനേ, ലജ്ജിച്ചുകൊൾക; എനിക്കു നോവു കിട്ടീട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോററീട്ടില്ല, കന്യകമാരെ വളർത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.” (യെശയ്യാവു 23:4) സോർ നശിപ്പിക്കപ്പെടുമ്പോൾ, ആ നഗരം സ്ഥിതി ചെയ്തിരുന്ന സമുദ്രതീരം പാഴായും ശൂന്യമായും കിടക്കും. മക്കളെ നഷ്ടപ്പെട്ട ഒരമ്മ ഒരു ഭ്രാന്തിയെ പോലെ തനിക്ക് ആ കുട്ടികൾ ജനിച്ചിട്ടില്ല എന്നു വിളിച്ചുപറയുന്നതുപോലെ, സമുദ്രം വേദനപ്പെട്ട് നിലവിളിക്കുന്നതായി തോന്നും. തന്റെ പുത്രിയായ സോരിനു സംഭവിക്കുന്ന കാര്യത്തെ പ്രതി സീദോൻ ലജ്ജിക്കും.
9. സോരിന്റെ പതനത്തെ ചൊല്ലി ആളുകൾക്കുള്ള ദുഃഖം ഏതു സംഭവങ്ങളെ തുടർന്ന് ആളുകൾ പ്രകടമാക്കിയ വികാരത്തിനു സമാനം ആയിരിക്കും?
9 അതേ, സോരിന്റെ നാശത്തെ ചൊല്ലി നിരവധി പേർ ദുഃഖിക്കുമെന്നതിൽ സംശയമില്ല. യെശയ്യാവ് പറയുന്നു: “ഈജിപ്തിനെ കുറിച്ചുള്ള വാർത്തയുടെ കാര്യത്തിൽ എന്നതുപോലെ, സോരിനെ കുറിച്ചുള്ള വാർത്തയിൽ ആളുകൾ ഏറ്റവും വേദനിക്കും.” (യെശയ്യാവു 23:5, NW) സോരിനെ കുറിച്ചുള്ള വാർത്ത കേൾക്കുമ്പോൾ ആളുകൾക്ക് ഉണ്ടാകുന്ന ദുഃഖം, ഈജിപ്തിനെ കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ആളുകൾക്കുണ്ടായ ദുഃഖത്തിനു സമാനമായിരിക്കും. പ്രവാചകൻ ഇവിടെ ഉദ്ദേശിക്കുന്നത് ഏതു വാർത്തയാണ്? ഒരുപക്ഷേ, ‘മിസ്രയീമി’നെ (ഈജിപ്തിനെ) കുറിച്ച് മുമ്പു ‘പ്രവചിച്ച’ കാര്യത്തിന്റെ നിവൃത്തിയാകാം. b (യെശയ്യാവു 19:1-25) അല്ലെങ്കിൽ, മോശെയുടെ കാലത്ത് അനേകർക്കും വിസ്മയം ഉളവാക്കുന്ന വിധത്തിൽ ഫറവോന്റെ സൈന്യത്തിനുണ്ടായ നാശത്തെ കുറിച്ചുള്ള വാർത്തയാകാം. (പുറപ്പാടു 15:4, 5, 14-16; യോശുവ 2:9-11) ഇതിൽ ഏതായാലും, സോരിന്റെ നാശത്തെ കുറിച്ചുള്ള വാർത്ത കേൾക്കുന്നവർക്കു വലിയ ദുഃഖം തോന്നും. അഭയത്തിനായി വിദൂരത്തുള്ള തർശീശിലേക്ക് ഓടിപ്പോകാനും തങ്ങളുടെ ദുഃഖം ഉച്ചത്തിൽ അറിയിക്കാനും അവരോടു കൽപ്പിച്ചിരിക്കുന്നു: “തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, മുറയിടുവിൻ.”—യെശയ്യാവു 23:6.
‘പണ്ടേതന്നെ’ ഉല്ലസിക്കുന്നു
10-12. സോരിലെ സമ്പത്തിനെയും അതിന്റെ പൗരാണികതയെയും സ്വാധീനത്തെയും കുറിച്ച് വിവരിക്കുക.
10 സോർ ഒരു പുരാതന നഗരമാണ്. പിൻവരുന്നപ്രകാരം ചോദിക്കുമ്പോൾ യെശയ്യാവ് അക്കാര്യമാണ് നമ്മെ ഓർമിപ്പിക്കുന്നത്: “പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ?” (യെശയ്യാവു 23:7എ) യോശുവയുടെ കാലം മുതലേ സമ്പന്നമായ ഒരു നഗരമാണ് സോർ. (യോശുവ 19:29) ലോഹംകൊണ്ടും സ്ഫടികംകൊണ്ടും ഉള്ള വസ്തുക്കളും ധൂമ്രവർണ ഡൈകളുമൊക്കെ ഉത്പാദിപ്പിക്കുന്നതിൽ നിരവധി വർഷങ്ങളായി പ്രസിദ്ധമാണ് ആ നഗരം. അവിടെ ഉണ്ടാക്കുന്ന ധൂമ്രവർണത്തുണികൾ വളരെ വിലപിടിപ്പുള്ളവയാണ്. സോരിൽ ഉണ്ടാക്കുന്ന ഇത്തരം വിലകൂടിയ വസ്ത്രങ്ങൾ സമ്പന്നർക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു. (യെഹെസ്കേൽ 27:7, 24 താരതമ്യം ചെയ്യുക.) വൻകരയുടെ മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്ന കച്ചവടക്കാരുടെ വാണിജ്യകേന്ദ്രമായ സോർ നഗരം കയറ്റിറക്കുമതി ധാരാളം നടക്കുന്ന ഒരു സ്ഥലം കൂടിയാണ്.
11 മാത്രമല്ല, സൈനികമായി നോക്കിയാലും ഈ നഗരം പ്രബലമാണ്. എൽ. സ്പ്രേഗ് ഡി ക്യാമ്പ് ഇങ്ങനെ എഴുതുന്നു: “ഫൊയ്നിക്യർ പട്ടാളക്കാർ ആയിരുന്നില്ല, അവർ ബിസിനസുകാരായിരുന്നു. യുദ്ധോന്മുഖർ അല്ലായിരുന്നെങ്കിലും, ചങ്കുറപ്പോടും വീറോടും കൂടെത്തന്നെ അവർ തങ്ങളുടെ നഗരങ്ങളെ സംരക്ഷിച്ചിരുന്നു. ഈ ഗുണങ്ങളും ഒപ്പം അവരുടെ നാവിക ശക്തിയും അക്കാലത്തെ ഏറ്റവും പ്രബല ശക്തിയായ അസീറിയൻ സൈന്യത്തോടു പൊരുതിനിൽക്കാൻ അവരെ പ്രാപ്തരാക്കി.”
12 തീർച്ചയായും, മെഡിറ്ററേനിയൻ മേഖലയിൽ സോരിനു നിർണായകമായ സ്ഥാനമുണ്ട്. “സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്വാൻ വഹിച്ചു കൊണ്ടുപോകും.” (യെശയ്യാവു 23:7ബി) ഇപ്പോൾത്തന്നെ ഫൊയ്നിക്യർ ദൂരസ്ഥലങ്ങളിലേക്കു യാത്ര ചെയ്യുകയും ആ സ്ഥലങ്ങളിൽ പലതിനെയും വാണിജ്യ കേന്ദ്രങ്ങളും കപ്പലുകൾക്കുള്ള ഇടക്കാല താവളങ്ങളുമാക്കി മാറ്റുകയും ചെയ്യുന്നു. ചിലപ്പോഴൊക്കെ, അത്തരം താവളങ്ങളിൽ ചിലത് കോളനികളായി വികാസം പ്രാപിക്കാറുണ്ട്. ഉദാഹരണത്തിന്, സോരിന്റെ ഒരു കോളനിയാണ് ആഫ്രിക്കയുടെ വടക്കൻ തീരത്തുള്ള കാർത്തേജ്. ഭാവിയിൽ കാർത്തേജിന് സോരിനെക്കാൾ പ്രാമുഖ്യത കൈവരുകയും മെഡിറ്ററേനിയൻ മേഖലയിലുള്ള സ്വാധീനത്തിന്റെ കാര്യത്തിൽ റോമിനോട് അതു കിടപിടിക്കുകയും ചെയ്യും.
അതിന്റെ അഭിമാനം നിന്ദയായി മാറും
13. ‘സോരിനെതിരെ ന്യായവിധി ഉച്ചരിക്കാൻ ആരാണു ധൈര്യപ്പെടുക’ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത് എന്തുകൊണ്ട്?
13 സോരിന്റെ പൗരാണികതയും സമ്പത്തും കണക്കിലെടുക്കുമ്പോൾ, യെശയ്യാവിന്റെ തുടർന്നുള്ള ചോദ്യം ഉചിതമാണ്: “കിരീടം നല്കുന്നതും വർത്തകന്മാർ [“കച്ചവടക്കാർ,” “ഓശാന ബൈ.”] പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?” (യെശയ്യാവു 23:8) സോർ അതിന്റെ കോളനികളിലും മറ്റിടങ്ങളിലും ശക്തരായ വ്യക്തികളെയാണ് അധികാരസ്ഥാനങ്ങളിൽ ആക്കിവെച്ചിരിക്കുന്നത്. അങ്ങനെ “കിരീടം നല്കുന്ന” സോരിനെതിരെ സംസാരിക്കാൻ ആരാണു ധൈര്യപ്പെടുക? കച്ചവടക്കാർ പ്രഭുക്കന്മാരും വ്യാപാരികൾ മഹാന്മാരുമായുള്ള മഹാനഗരത്തിനെതിരെ സംസാരിക്കാൻ ആരാണു ധൈര്യപ്പെടുക? ലബാനോനിലെ ബെയ്റൂട്ടിലുള്ള നാഷണൽ മ്യൂസിയത്തിലെ പൗരാണിക വിഭാഗത്തിന്റെ മുൻ ഡയറക്ടറായ മോറിസ് ഷേഹാബ് ഇപ്രകാരം പറഞ്ഞു: “ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടന് ഉണ്ടായിരുന്ന പ്രാധാന്യമാണ്, ക്രിസ്തുവിന് മുമ്പ് ഒമ്പതു മുതൽ ആറു വരെയുള്ള നൂറ്റാണ്ടുകളിൽ സോരിന് ഉണ്ടായിരുന്നത്.” അങ്ങനെയുള്ള ഈ നഗരത്തിനെതിരെ സംസാരിക്കാൻ ആരാണു ധൈര്യപ്പെടുക?
14. ആരാണ് സോരിനെതിരെ ന്യായവിധി പ്രഖ്യാപിക്കുന്നത്, എന്തുകൊണ്ട്?
14 ആ ചോദ്യത്തിനു ദൈവം നൽകുന്ന ഉത്തരം സോരിനെ അന്ധാളിപ്പിക്കും. യെശയ്യാവ് ഇപ്രകാരം പറയുന്നു: “സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.” (യെശയ്യാവു 23:9) സമ്പന്നമായ ഈ പുരാതന നഗരത്തിനെതിരെ യഹോവ എന്തുകൊണ്ടാണു ന്യായവിധി ഉച്ചരിക്കുന്നത്? ആ നഗരത്തിലെ നിവാസികൾ വ്യാജദൈവമായ ബാലിനെ ആരാധിക്കുന്നതു കൊണ്ടാണോ? അതോ ഇസ്രായേലിലെ ആഹാബ് രാജാവിനെ വിവാഹം കഴിക്കുകയും യഹോവയുടെ പ്രവാചകന്മാരെ വധിക്കുകയും ചെയ്ത ഈസേബെലുമായി—സീദോന്റെയും സോരിന്റെയും രാജാവായ ഏത്ത്-ബാലിന്റെ പുത്രിയുമായി—സോരിനു ബന്ധമുള്ളതുകൊണ്ടാണോ? (1 രാജാക്കന്മാർ 16:29, 31; 18:4, 13, 19) അതു രണ്ടുമല്ല കാരണം. കടുത്ത അഹങ്കാരം കാട്ടിയതും ഇസ്രായേല്യർ ഉൾപ്പെടെ മറ്റു ജനതകളെ ദ്രോഹിച്ച് അതിന്റെ സമ്പത്തു വർധിപ്പിച്ചതും നിമിത്തമാണ് സോരിനെ ദൈവം കുറ്റം വിധിച്ചിരിക്കുന്നത്. പൊ.യു.മു. ഒമ്പതാം നൂറ്റാണ്ടിൽ പ്രവാചകനായ യോവേൽ മുഖാന്തരം യഹോവ സോരിനോടും മറ്റു നഗരങ്ങളോടും ഇങ്ങനെ പ്രസ്താവിച്ചു: “യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്തു അകററുവാൻ തക്കവണ്ണം നിങ്ങൾ അവരെ യവനന്മാർക്കു വിററുകളഞ്ഞു.” (യോവേൽ 3:6) കേവലം കച്ചവടച്ചരക്കുകൾ എന്നപോലെ തന്റെ ഉടമ്പടിജനത്തോടു സോർ പെരുമാറുന്നത് ദൈവത്തിന് എങ്ങനെ സഹിക്കാനാകും?
15. യെരൂശലേം നെബൂഖദ്നേസരിന്റെ മുമ്പാകെ തോൽക്കുമ്പോൾ, സോർ എങ്ങനെ പ്രതികരിക്കും?
15 ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും സോരിന്റെ മനോഭാവത്തിനു മാറ്റം വരുന്നില്ല. പൊ.യു.മു. 607-ൽ ബാബിലോണിയൻ രാജാവായ നെബൂഖദ്നേസരിന്റെ സൈന്യം യെരൂശലേമിനെ നശിപ്പിക്കുമ്പോൾ, സോർ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് സന്തോഷിക്കും: “നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവൾ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും.” (യെഹെസ്കേൽ 26:2) യെരൂശലേമിന്റെ നാശംകൊണ്ട് ഗുണമുണ്ടാകുമെന്ന പ്രതീക്ഷയിൽ സോർ സന്തോഷിക്കും. യഹൂദയുടെ തലസ്ഥാനമായ യെരൂശലേം മേലാൽ വാണിജ്യരംഗത്ത് തന്നോടു മത്സരിക്കുകയില്ലെന്നും തനിക്കു കൂടുതൽ കച്ചവടം ലഭിക്കുമെന്നും അവൾ കരുതും. അഹങ്കാരപൂർവം തന്റെ ജനത്തിന്റെ ശത്രുക്കളുടെ പക്ഷം ചേരുന്ന, ‘മഹാന്മാർ’ എന്നു സ്വയം പ്രഖ്യാപിക്കുന്ന ആളുകളോട് യഹോവ അവജ്ഞയോടെ ഇടപെടും.
16, 17. സോർ നഗരം നശിക്കുമ്പോൾ അതിലെ നിവാസികൾക്ക് എന്തു സംഭവിക്കും? (അടിക്കുറിപ്പ് കാണുക.)
16 സോരിന്റെ മേലുള്ള യഹോവയുടെ കുറ്റവിധിയെ കുറിച്ച് യെശയ്യാവ് തുടർന്നു പറയുന്നു: “തർശീശ്പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക. അവൻ സമുദ്രത്തിന്മേൽ കൈനീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പനകൊടുത്തിരിക്കുന്നു. ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേററു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവൻ കല്പിച്ചിരിക്കുന്നു.”—യെശയ്യാവു 23:10-12.
17 “തർശീശ്പുത്രി” എന്നു സോരിനെ വിളിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരുപക്ഷേ സോരിന്റെ പരാജയത്തിനുശേഷം, തർശീശ് ഇരു നഗരങ്ങളിലും വെച്ച് പ്രബലമായ ഒന്നായിത്തീരും എന്നതുകൊണ്ടാകാം. c പ്രളയസമയത്ത് കരകൾ തകർന്ന് ചുറ്റുമുള്ള സമതലപ്രദേശങ്ങളിലേക്കു വെള്ളം കവിഞ്ഞൊഴുകുന്നതു പോലെ, ശൂന്യമാക്കപ്പെടുന്ന സോരിലെ നിവാസികൾ ചിതറിക്കപ്പെടും. “തർശീശ്പുത്രി”ക്കുള്ള യെശയ്യാവിന്റെ സന്ദേശം, സോരിനു സംഭവിക്കാനിരിക്കുന്ന കാര്യത്തിന്റെ ഗൗരവത്തിന് അടിവരയിടുന്നു. യഹോവതന്നെ കൈനീട്ടി കൽപ്പന കൊടുക്കുന്നു. ആർക്കും അതിന്റെ പരിണതിക്കു മാറ്റം വരുത്താനാവില്ല.
18. സോരിനെ ‘കന്യകയായ സീദോൻപുത്രി’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്, സോരിന്റെ അവസ്ഥയ്ക്ക് എങ്ങനെ മാറ്റം വരും?
18 യെശയ്യാവ് സോരിനെ കുറിച്ച് ‘കന്യകയായ സീദോൻപുത്രി’ എന്നൊരു പരാമർശം നടത്തുന്നുണ്ട്. മുമ്പൊരിക്കലും ഒരു വിദേശ രാജ്യവും സോരിനെ പിടിച്ചടക്കുകയോ കൊള്ളയിടുകയോ ചെയ്തിട്ടില്ല എന്നും ഇപ്പോഴും അത് അങ്ങനെതന്നെ തുടരുന്നുവെന്നുമാണ് പ്രസ്തുത പ്രയോഗം സൂചിപ്പിക്കുന്നത്. (2 രാജാക്കന്മാർ 19:21; യെശയ്യാവു 47:1; യിരെമ്യാവു 46:11 എന്നിവ താരതമ്യം ചെയ്യുക.) ഇനിയാകട്ടെ, സോരിനെ ശത്രുക്കൾ നശിപ്പിക്കാൻ പോകുകയാണ്. തന്മൂലം, അവിടത്തെ നിവാസികളിൽ ചിലർ അഭയാർഥികളെ പോലെ ഫൊയ്നിക്യ കോളനിയായ കിത്തീമിലേക്കു പോകും. എന്നാൽ, സാമ്പത്തികശേഷി നഷ്ടപ്പെട്ട അവർക്ക് അവിടെയും സമാധാനം കണ്ടെത്താനാവില്ല.
കൽദയർ അതിനെ നശിപ്പിക്കും
19, 20. പ്രവചനം അനുസരിച്ച് സോരിനെ ആർ ജയിച്ചടക്കും, ആ പ്രവചനം എങ്ങനെ നിവൃത്തിയേറുന്നു?
19 ഏതു രാഷ്ട്രമായിരിക്കും സോരിന്റെമേൽ യഹോവയുടെ ന്യായവിധി നടപ്പാക്കുക? യെശയ്യാവ് ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ തങ്ങളുടെ കാവൽമാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. തർശീശ്കപ്പലുകളേ, മുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.” (യെശയ്യാവു 23:13, 14) സോരിനെ പിടിച്ചടക്കുന്നത് അസീറിയക്കാർ അല്ല, മറിച്ച് കൽദയർ ആയിരിക്കും. അവർ ഉപരോധ ഗോപുരങ്ങൾ തീർക്കുകയും സോരിലെ പാർപ്പിടങ്ങളെ നശിപ്പിക്കുകയും തർശീശ് കപ്പലുകളുടെ ശക്തിദുർഗമായ അതിനെ ശൂന്യശിഷ്ടങ്ങളുടെ ഒരു കൂമ്പാരമാക്കി മാറ്റുകയും ചെയ്യും.
20 പ്രവചിക്കപ്പെട്ടതു പോലെതന്നെ, യെരൂശലേം കീഴടക്കപ്പെട്ട് അധികകാലം കഴിയുന്നതിനു മുമ്പ് സോർ ബാബിലോണിനെതിരെ വിപ്ലവം നടത്തുന്നു. തന്മൂലം നെബൂഖദ്നേസർ ആ നഗരത്തെ ഉപരോധിക്കുന്നു. അജയ്യമെന്നു സ്വയം കരുതിയിരുന്ന സോർ അവനോടു ചെറുത്തുനിൽക്കുന്നു. ഉപരോധസമയത്ത്, ശിരോകവചം തുടർച്ചയായി ധരിച്ചതിന്റെ ഫലമായി ബാബിലോണിയൻ സൈനികരുടെ തലകൾ “കഷണ്ടിയായി,” ഉപരോധ സംബന്ധമായ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ ചുമന്ന് അവരുടെ തോളുകളിലെ “തോലുരിഞ്ഞുപോയി.” (യെഹെസ്കേൽ 29:18) പ്രസ്തുത ഉപരോധം ഏർപ്പെടുത്താൻ നെബൂഖദ്നേസരിന് ഭീമമായ ചെലവുണ്ടായി. വൻകരയുടെ തീരത്തുള്ള സോർ നഗരത്തെ നശിപ്പിക്കാൻ കഴിഞ്ഞെങ്കിലും, അവിടെനിന്നു കൊള്ള കൊണ്ടുപോകാൻ അവനു കഴിയുന്നില്ല. സോർ നിവാസികൾ തങ്ങളുടെ നഗരത്തിലെ സമൃദ്ധമായ സ്വത്തുക്കൾ തീരത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഒരു ചെറുദ്വീപിലേക്കു മാറ്റുന്നു. കപ്പലുകൾ ഇല്ലാഞ്ഞ കൽദയ രാജാവിന് ആ ദ്വീപിനെ ആക്രമിക്കാൻ കഴിയുന്നില്ല. കൽദയരുടെ 13 വർഷത്തെ ഉപരോധത്തിനു ശേഷം, സോർ കീഴടങ്ങുന്നു. എന്നിരുന്നാലും, സോർ ആ തോൽവിയെ അതിജീവിച്ച് മറ്റു പ്രവചനങ്ങളുടെ നിവൃത്തി കാണും.
‘അതു തന്റെ ആദായത്തിന്നായി തിരിയും’
21. ഏത് അർഥത്തിലാണ് സോർ ‘വിസ്മരിക്കപ്പെടുന്നത്,’ എത്ര കാലത്തേക്ക്?
21 യെശയ്യാവ് തന്റെ പ്രവചനം തുടരുന്നു: “അന്നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും.” (യെശയ്യാവു 23:15എ) ബാബിലോണിയർ വൻകരയുടെ തീരത്തുള്ള സോർ നഗരത്തെ നശിപ്പിച്ചുകഴിയുമ്പോൾ, ദ്വീപനഗരമായ സോർ “മറന്നുകിടക്കും” അഥവാ വിസ്മരിക്കപ്പെട്ടു കിടക്കും. പ്രവചിക്കപ്പെട്ടതു പോലെ “ഒരു രാജാവിന്റെ” കാലത്ത്, അതായത് ബാബിലോണിയൻ സാമ്രാജ്യത്തിന്റെ നാളുകളിൽ ദ്വീപനഗരമായ സോർ ഒരു പ്രമുഖ സാമ്പത്തിക ശക്തിയായിരിക്കില്ല. തന്റെ ക്രോധമദ്യം കുടിക്കാൻ വേർതിരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ സോരും ഉണ്ടായിരിക്കുമെന്ന് യിരെമ്യാവ് മുഖാന്തരം യഹോവ വെളിപ്പെടുത്തുന്നു. അവൻ ഇങ്ങനെ പറയുന്നു: “ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും.” (യിരെമ്യാവു 25:8-17, 22, 27) പൊ.യു.മു. 539-ൽ ബാബിലോണിയൻ സാമ്രാജ്യം തകർന്നതിനാൽ, സോർ എന്ന ദ്വീപരാഷ്ട്രം എഴുപതു വർഷം തികച്ച് ബാബിലോണിന് അധീനമായിരിക്കുന്നില്ല. “ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു” മീതെ പോലും സിംഹാസനം സ്ഥാപിക്കുമെന്ന് അഹങ്കരിക്കുന്ന ബാബിലോണിയൻ രാജവംശത്തിന്റെ ഏറ്റവും പ്രബലമായ അധീശത്വ കാലഘട്ടത്തെയാണ് തെളിവനുസരിച്ച് ഈ 70 വർഷങ്ങൾ പ്രതിനിധാനം ചെയ്യുന്നത്. (യെശയ്യാവു 14:13) പല സമയങ്ങളിലായിട്ടാണ് പല രാജ്യങ്ങൾ ബാബിലോണിന്റെ അധീനതയിൽ ആകുന്നത്. എന്നാൽ, 70 വർഷത്തിന്റെ ഒടുവിൽ ബാബിലോണിന്റെ ഈ അധീശത്വം അവസാനിക്കും. അപ്പോൾ സോരിന് എന്തു സംഭവിക്കും?
22, 23. ബാബിലോണിയൻ അധീശത്വത്തിൽനിന്ന് സോർ പുറത്തുവരുമ്പോൾ അതിന് എന്തു സംഭവിക്കും?
22 യെശയ്യാവ് തുടർന്നു പറയുന്നു: “എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും: മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തിൽ ചുററിനടക്ക; നിന്നെ ഓർമ്മ വരേണ്ടതിന്നു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക. എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.”—യെശയ്യാവു 23:15ബി-17.
23 പൊ.യു.മു. 539-ലെ ബാബിലോണിന്റെ തകർച്ചയെ തുടർന്ന് ഫൊയ്നിക്യ മേദോ-പേർഷ്യ സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു പ്രവിശ്യ ആയിത്തീരുന്നു. പേർഷ്യൻ സാമ്രാജ്യാധിപനായ കോരെശ് (സൈറസ്) വിശാലമനസ്കനായ ഒരു ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ സോർ അതിന്റെ വ്യാപാര പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുകയും ലോകരംഗത്തെ ഒരു പ്രമുഖ വാണിജ്യകേന്ദ്രമെന്ന അതിന്റെ ഖ്യാതി വീണ്ടെടുക്കാൻ കഠിനമായി യത്നിക്കുകയും ചെയ്യും. ആളുകൾ വിസ്മരിച്ച, ഇടപാടുകാരെയെല്ലാം നഷ്ടപ്പെട്ട ഒരു വേശ്യ വീണയുമെടുത്ത് നഗരം ചുറ്റിനടന്ന് പാട്ടുകൾ പാടി പുതിയ ഇടപാടുകാരെ ആകർഷിക്കാൻ ശ്രമിക്കുന്നതിനു സമാനമാണ് ഇത്. ഈ ശ്രമത്തിൽ സോർ വിജയിക്കുമോ? ഉവ്വ്, യഹോവ അതിനു വിജയം നൽകും. കാലാന്തരത്തിൽ, ആ ദ്വീപനഗരം വളരെ സമ്പന്നമായിത്തീരും. അതിന്റെ ഫലമായി പ്രവാചകനായ സെഖര്യാവ് പൊ.യു.മു. ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് ഇപ്രകാരം പ്രഖ്യാപിക്കും: “സോർ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.”—സെഖര്യാവു 9:3.
‘അതിന്റെ ആദായം വിശുദ്ധമായിരിക്കും’
24, 25. (എ) സോരിന്റെ ലാഭം യഹോവയ്ക്കു വിശുദ്ധമായിത്തീരുന്നത് എങ്ങനെ? (ബി) ദൈവജനത്തെ സോർ സഹായിക്കുന്നെങ്കിലും, അതിനെ കുറിച്ച് യഹോവ എന്തു പ്രവചിക്കുന്നു?
24 പ്രവാചകന്റെ പിൻവരുന്ന വാക്കുകൾ എത്ര ശ്രദ്ധേയമാണ്! “അതിന്റെ വ്യാപാരവും ആദായവും യഹോവെക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചുവെക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിന്നും മോടിയുള്ള ഉടുപ്പിനുമായി ഉതകും.” (യെശയ്യാവു 23:18) സോരിന്റെ ഭൗതിക ലാഭം വിശുദ്ധമായിത്തീരുന്നത് എങ്ങനെയാണ്? തന്റെ ഹിതത്തിനു ചേർച്ചയിൽ, അതായത് തന്റെ ജനത്തിന് ആവശ്യമായ ഭക്ഷണവും വസ്ത്രവും ലഭിക്കാൻ ഇടയാകുംവിധം യഹോവ കാര്യങ്ങളെ നയിക്കുന്നു. ബാബിലോണിയൻ പ്രവാസത്തിൽനിന്ന് ഇസ്രായേല്യർ മടങ്ങിവരുമ്പോഴാണ് ഇതു സംഭവിക്കുന്നത്. ആലയ പുനർനിർമാണത്തിനു ദേവദാരു വൃക്ഷത്തിന്റെ തടികൾ നൽകിക്കൊണ്ട് സോരിലെ ആളുകൾ അവരെ സഹായിക്കുന്നു. യെരൂശലേം നഗരവാസികളുമായുള്ള വാണിജ്യ ബന്ധവും അവർ പുനഃരാരംഭിക്കുന്നു.—എസ്രാ 3:7; നെഹെമ്യാവു 13:16.
25 കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, സോരിനെതിരെ യഹോവ മറ്റൊരു പ്രഖ്യാപനം നടത്തുകയാണ്. ഇപ്പോൾ സമ്പന്നമായ ആ ദ്വീപനഗരത്തെ കുറിച്ച് സെഖര്യാവ് ഇങ്ങനെ പ്രവചിക്കുന്നു: “കർത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവൾ തീക്കു ഇരയായ്തീരുകയും ചെയ്യും.” (സെഖര്യാവു 9:4) പൊ.യു.മു. 332-ൽ ഗർവിഷ്ഠമായ ആ ദ്വീപനഗരത്തെ മഹാനായ അലക്സാണ്ടർ നശിപ്പിക്കുമ്പോൾ പ്രസ്തുത പ്രവചനത്തിനു നിവൃത്തി ഉണ്ടാകുന്നു.
ഭൗതികാസക്തിയും അഹങ്കാരവും ഒഴിവാക്കുക
26. ദൈവം സോരിനെ കുറ്റം വിധിച്ചത് എന്തുകൊണ്ട്?
26 ഗർവത്തെ യഹോവ വെറുക്കുന്നു. അക്കാരണത്താലാണ് അവൻ സോരിനെ കുറ്റം വിധിക്കുന്നത്. യഹോവ വെറുക്കുന്ന ഏഴു കാര്യങ്ങളിൽ ആദ്യം പട്ടികപ്പെടുത്തിയിരിക്കുന്നത് ‘ഗർവമുള്ള കണ്ണ്’ ആണ്. (സദൃശവാക്യങ്ങൾ 6:16-19) ഗർവ് പിശാചായ സാത്താന്റെ ഒരു ഗുണമാണെന്ന് പൗലൊസ് പറഞ്ഞു. ഗർവിഷ്ഠമായ സോരിനെ കുറിച്ചുള്ള യെഹെസ്കേലിന്റെ വിവരണം സാത്താനുതന്നെ ബാധകമാണ്. (യെഹെസ്കേൽ 28:13-15; 1 തിമൊഥെയൊസ് 3:6) സോർ ഗർവ് കാട്ടിയത് എന്തുകൊണ്ടാണ്? സോരിനോടായി യെഹെസ്കേൽ ഇപ്രകാരം പറയുന്നു: ‘നിന്റെ ഹൃദയം ധനംനിമിത്തം ഗർവിച്ചിരിക്കുന്നു.’ (യെഹെസ്കേൽ 28:5) വാണിജ്യത്തിലും സമ്പത്തു സ്വരുക്കൂട്ടുന്നതിലും ആയിരുന്നു ആ നഗരത്തിന്റെ ദത്തശ്രദ്ധ. ഇതിലുള്ള വിജയം സോരിനെ അങ്ങേയറ്റം ഗർവുള്ളതാക്കുന്നു. യെഹെസ്കേൽ മുഖാന്തരം യഹോവ ‘സോർപ്രഭുവിനോട്’ ഇപ്രകാരം പറഞ്ഞു. “നിന്റെ ഹൃദയം നിഗളിച്ചുപോയി; . . . ഞാൻ ദൈവമാകുന്നു; ഞാൻ . . . ദൈവാസനത്തിൽ ഇരിക്കുന്നു എന്നു [നീ] പറഞ്ഞു.”—യെഹെസ്കേൽ 28:2.
27, 28. മനുഷ്യർ ഏതു കെണിയിൽ വീണുപോയേക്കാം, ഇക്കാര്യം യേശു ഒരു ഉപമയിലൂടെ വ്യക്തമാക്കിയത് എങ്ങനെ?
27 രാഷ്ട്രങ്ങളെപ്പോലെതന്നെ വ്യക്തികളും ഗർവിഷ്ഠരായിരിക്കുകയും സമ്പത്തു സംബന്ധിച്ച് തെറ്റായ ഒരു വീക്ഷണം പുലർത്തുകയും ചെയ്തേക്കാം. ഈ കെണി എത്ര കുടിലമായിരിക്കാൻ കഴിയുമെന്നു കാണിക്കുന്ന ഒരു ഉപമ യേശു നൽകുകയുണ്ടായി. ഒരു ധനികനെ കുറിച്ചുള്ളതായിരുന്നു അത്. അയാളുടെ വയലുകൾ നന്നായി വിളഞ്ഞിരുന്നു. അതിൽ വളരെ സന്തോഷിച്ച അയാൾ ധാന്യം ശേഖരിച്ചുവെക്കാൻ വലിയ കളപ്പുരകൾ പണിയാനും ദീർഘകാലം സുഖമായി ജീവിക്കാനും ആഗ്രഹിച്ചു. എന്നാൽ അയാളുടെ ആഗ്രഹം പോലെ കാര്യങ്ങൾ നടന്നില്ല. ദൈവം അയാളോട് ഇങ്ങനെ ചോദിച്ചു: “മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും?” അതേ, അയാൾ മരിച്ചപ്പോൾ സ്വരുക്കൂട്ടിയ സമ്പത്തുകൊണ്ട് യാതൊരു ഗുണവും ഉണ്ടായില്ല.—ലൂക്കൊസ് 12:16-20.
28 പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് യേശു തന്റെ ഉപമ ഉപസംഹരിച്ചു: “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.” (ലൂക്കൊസ് 12:21) സമ്പത്തുണ്ടായിരിക്കുന്നതോ നല്ല വിളവു കിട്ടുന്നതോ ഒന്നും അതിൽത്തന്നെ തെറ്റല്ല. എന്നാൽ അയാൾക്കു പറ്റിയ തെറ്റ് ഭൗതിക സംഗതികൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകി എന്നതാണ്. അയാൾ തന്റെ മുഴു ആശ്രയവും വെച്ചത് സമ്പത്തിലാണ്. ഭാവിയെക്കുറിച്ച് കണക്കു കൂട്ടിയപ്പോൾ അയാൾ യഹോവയാം ദൈവത്തെക്കുറിച്ചു ചിന്തിച്ചതേയില്ല.
29, 30. ദൈവത്തെ മറന്ന് തന്നിൽത്തന്നെ ആശ്രയിക്കുന്നതിനെതിരെ യാക്കോബ് എന്തു മുന്നറിയിപ്പു നൽകി?
29 അതേ ആശയംതന്നെ യേശുവിന്റെ ശിഷ്യനായ യാക്കോബും ഊന്നിപ്പറയുന്നുണ്ട്. അവൻ ഇപ്രകാരം പ്രസ്താവിച്ചു: “ഇന്നോ നാളെയോ ഞങ്ങൾ ഇന്ന പട്ടണത്തിൽ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേൾപ്പിൻ: നാളെത്തേതു നിങ്ങൾ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. കർത്താവിന്നു ഇഷ്ടമുണ്ടങ്കിൽ ഞങ്ങൾ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു.” (യാക്കോബ് 4:13-15) തുടർന്ന്, സമ്പത്തും ഗർവും തമ്മിലുള്ള ബന്ധം എടുത്തുകാട്ടിക്കൊണ്ട് യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; “ഈവക പ്രശംസ [ഗർവ്] എല്ലാം ദോഷം ആകുന്നു.”—യാക്കോബ് 4:16.
30 ബിസിനസ് ചെയ്യുന്നതിലല്ല തെറ്റ്. പണസമ്പാദനം മൂലം ഉണ്ടായേക്കാവുന്ന ഗർവും അഹങ്കാരവും ദൈവത്തെ മറന്നുകൊണ്ട് തന്നിൽത്തന്നെ ആശ്രയിക്കാൻ ഇടയാക്കുമ്പോഴാണ് അതു തെറ്റായിരിക്കുന്നത്. ‘ദാരിദ്ര്യവും സമ്പത്തും എനിക്കു തരരുതേ’ എന്നു പറയുന്ന സദൃശവാക്യം എത്ര ജ്ഞാനപൂർവകമാണ്! ദാരിദ്ര്യം മൂലം ജീവിതം വളരെ ദുഷ്കരം ആയിത്തീർന്നേക്കാം. എന്നാൽ സമ്പത്ത് ഒരു വ്യക്തിയെ ‘യഹോവ ആർ എന്നു [പറഞ്ഞ് അവനെ] നിഷേധിക്കു’ന്നതിലേക്കു നയിച്ചേക്കാം.—സദൃശവാക്യങ്ങൾ 30:8, 9.
31. ഒരു ക്രിസ്ത്യാനി ഏതെല്ലാം ചോദ്യങ്ങൾ തന്നോടുതന്നെ ചോദിക്കുന്നത് ഉചിതമാണ്?
31 നിരവധി ആളുകൾ അത്യാഗ്രഹത്തിനും സ്വാർഥതയ്ക്കും അടിമകൾ ആയിരിക്കുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. ഇന്നു നിലനിൽക്കുന്ന വാണിജ്യാന്തരീക്ഷം നിമിത്തം ആളുകൾ സമ്പത്തിനു വലിയ പ്രാധാന്യം കൽപ്പിക്കുന്നു. അക്കാരണത്താൽ, വാണിജ്യ നഗരമായിരുന്ന സോർ വീണുപോയ അതേ കെണിയിൽ വീഴാതിരിക്കാൻ ഒരു ക്രിസ്ത്യാനി ആത്മപരിശോധന നടത്തുന്നതു ജ്ഞാനമായിരിക്കും. ഭൗതിക വസ്തുക്കൾ സമ്പാദിക്കാൻ വളരെയധികം സമയവും ഊർജവും ചെലവഴിച്ചുകൊണ്ട് അയാൾ അവയ്ക്ക് അടിമ ആയിത്തീരുന്നുവോ? (മത്തായി 6:24) തന്നെക്കാൾ കൂടുതൽ സ്വത്തുള്ളവരോട് അല്ലെങ്കിൽ ഏറെ മെച്ചപ്പെട്ട വസ്തുക്കൾ ഉള്ളവരോട് അയാൾക്ക് അസൂയ ഉണ്ടോ? (ഗലാത്യർ 5:26) സമ്പത്ത് ഉള്ളതിനാൽ, മറ്റുള്ളവരെക്കാൾ ശ്രദ്ധയും സ്ഥാനമാനങ്ങളും താൻ അർഹിക്കുന്നുവെന്ന് അയാൾ ഗർവോടെ കരുതുന്നുവോ? (യാക്കോബ് 2:1-9 താരതമ്യം ചെയ്യുക.) ധനികനല്ലെങ്കിൽ, എന്തു വില കൊടുത്തും ‘ധനികൻ ആകാൻ’ അയാൾ ആഗ്രഹിക്കുന്നുവോ? (1 തിമൊഥെയൊസ് 6:9) ദൈവത്തെ സേവിക്കാൻ സമയം ദുർലഭമായിരിക്കുമാറ് ബിസിനസ് കാര്യങ്ങളിൽ അയാൾ ആമഗ്നനാകുന്നുവോ? (2 തിമൊഥെയൊസ് 2:4) എങ്ങനെയും പണം സമ്പാദിക്കാനുള്ള ബദ്ധപ്പാടിൽ അയാൾ ക്രിസ്തീയ തത്ത്വങ്ങൾ അവഗണിക്കുന്ന തരത്തിലുള്ള ബിസിനസ് ഇടപാടുകളിൽ ഏർപ്പെടുന്നുവോ?—1 തിമൊഥെയൊസ് 6:10.
32. യോഹന്നാൻ എന്തു ബുദ്ധിയുപദേശം നൽകി, അതു നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും?
32 നമ്മുടെ സാമ്പത്തിക നില എങ്ങനെയുള്ളത് ആയിരുന്നാലും, ദൈവരാജ്യത്തിന് ആയിരിക്കണം ജീവിതത്തിൽ എപ്പോഴും പ്രഥമ സ്ഥാനം. യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞ കാര്യം നാം എപ്പോഴും ഓർത്തിരിക്കുന്നതു വളരെ പ്രധാനമാണ്: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.” (1 യോഹന്നാൻ 2:15) ലോകത്തിലെ സമ്പദ്വ്യവസ്ഥയെ ആശ്രയിക്കാതെ നമുക്കു ജീവിക്കാനാവില്ല എന്നതു സത്യംതന്നെ. (2 തെസ്സലൊനീക്യർ 3:10) അക്കാരണത്താൽ നാം ‘ലോകത്തെ ഉപയോഗിക്കുന്നു.’ എന്നാൽ നാം അതിനെ “പൂർണമായി” ഉപയോഗിക്കുന്നില്ല. (1 കൊരിന്ത്യർ 7:31, NW) ഭൗതിക വസ്തുക്കളോട്, ലോകത്തിലുള്ള സംഗതികളോട്, നമുക്ക് അമിത താത്പര്യം ഉണ്ടെങ്കിൽ നാം മേലാൽ യഹോവയെ സ്നേഹിക്കുന്നവർ ആയിരിക്കില്ല. “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം [“പ്രതാപ പ്രകടനം,” NW]” എന്നിവയുടെ പിന്നാലെ പോകുമ്പോൾ ദൈവഹിതം ചെയ്യാൻ സാധിക്കുകയില്ല. d എന്നാൽ, ദൈവഹിതം ചെയ്യുന്നവർക്കേ നിത്യജീവൻ ലഭിക്കുകയുള്ളൂ.—1 യോഹന്നാൻ 2:16, 17.
33. സോരിന് അപകടമായിത്തീർന്ന കെണി ക്രിസ്ത്യാനികൾക്ക് എങ്ങനെ ഒഴിവാക്കാൻ കഴിയും?
33 മറ്റെല്ലാറ്റിനെക്കാളും ഭൗതിക വസ്തുക്കളുടെ സമ്പാദനത്തിനു പ്രാധാന്യം കൊടുത്തതാണ് സോരിന് കെണി ആയിത്തീർന്നത്. ഭൗതികമായ അർഥത്തിൽ നേട്ടങ്ങൾ കൊയ്ത അതു വളരെ അഹങ്കരിച്ചു, അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. അവളുടെ ദൃഷ്ടാന്തം ഇന്നത്തെ രാഷ്ട്രങ്ങൾക്കും വ്യക്തികൾക്കും ഒരു മുന്നറിയിപ്പാണ്. പൗലൊസ് അപ്പൊസ്തലന്റെ ബുദ്ധിയുപദേശം പിൻപറ്റുന്നത് എത്രയോ മെച്ചമാണ്! “ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും നന്മ ചെയ്വാനും” അവൻ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു.—1 തിമൊഥെയൊസ് 6:17, 18.
[അടിക്കുറിപ്പുകൾ]
a മെഡിറ്ററേനിയൻ കടലിന്റെ പശ്ചിമ തീരത്തുള്ള ഒരു ദ്വീപായ സാർഡിനിയയാണ് തർശീശ് എന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. സാർഡിനിയയും സോർ നഗരത്തിൽനിന്നു വളരെ ദൂരെയാണു സ്ഥിതി ചെയ്തിരുന്നത്.
b ഈ പുസ്തകത്തിന്റെ 15-ാം അധ്യായം കാണുക, 200-207 പേജുകൾ.
c അല്ലെങ്കിൽ, “തർശീശ്പുത്രി” എന്ന പ്രയോഗം തർശീശിലെ നിവാസികളെ പരാമർശിച്ചുള്ളതാകാം. ഒരു പരാമർശകൃതി ഇങ്ങനെ പറയുന്നു: “നൈൽ നദി സകല ദിശകളിലേക്കും ഒഴുകുമ്പോഴുള്ള അത്രയും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും വാണിജ്യം നടത്താനും തർശീശ് നിവാസികൾക്ക് ഇപ്പോൾ സ്വാതന്ത്ര്യമുണ്ട്.” എങ്കിലും, സോരിന്റെ പതനം വരുത്തിവെക്കുന്ന ദാരുണമായ പ്രത്യാഘാതങ്ങൾക്കാണ് ഇവിടെ ഊന്നൽ നൽകുന്നത്.
d “പ്രതാപ പ്രകടനം” എന്നത് ആലാസോണിയ എന്ന ഗ്രീക്കു പദത്തിന്റെ തർജമയാണ്. “ഭൗതികമായ സംഗതികളുടെ സ്ഥിരതയിൽ ആശ്രയിക്കാനിടയാക്കുന്ന തരത്തിലുള്ള ഭക്തിവിരുദ്ധവും പൊള്ളയുമായ ഗർവ്” എന്ന് ആ ഗ്രീക്കു പദത്തിനു വിശദീകരണം നൽകപ്പെട്ടിരിക്കുന്നു.—ദ ന്യൂ തായേഴ്സ് ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ.
[അധ്യയന ചോദ്യങ്ങൾ]
[256-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
യൂറോപ്പ്
സ്പെയിൻ (തർശീശ് ആയിരുന്നിരിക്കാൻ ഇടയുള്ള സ്ഥലം)
മെഡിറ്ററേനിയൻ കടൽ
സാർഡിനിയ
സൈപ്രസ്
ഏഷ്യ
സീദോൻ
സോർ
ആഫ്രിക്ക
ഈജിപ്ത്
[250-ാം പേജിലെ ചിത്രം]
സോർ കീഴ്പെടുന്നത് അസീറിയയ്ക്ക് അല്ല, ബാബിലോണിന് ആണ്
[256-ാം പേജിലെ ചിത്രം]
സോരിലെ മുഖ്യദേവനായ മെൽക്കാർട്ടിന്റെ രൂപം കൊത്തിയ നാണയം
[256-ാം പേജിലെ ചിത്രം]
ഒരു ഫൊയ്നിക്യൻ കപ്പലിന്റെ മാതൃക